Friday, December 24, 2010

മന്മഥന്‍ അംബു (Manmadhan Ambu)

നമസ്കാരം അനിയാ..

ഹാ..... അണ്ണന്റെ കാര്യം ഇപ്പോള്‍ സ്മരിച്ചതെ ഉള്ളു .അപ്പോളേക്കും ആളു എത്തി ..

അതെന്താടെ നീ ഇപ്പോള്‍ സ്മരിക്കാന്‍? നമ്മുടെ ലീഡര്‍ പോയപ്പോള്‍ ഇനി ഞാന്‍ എന്ന് കട്ടില്‍ ഒഴിയും എന്ന് എങ്ങാനും ആണോ?

ചുമ്മാതെ ഇരി അണ്ണാ . നിങ്ങള്‍ പറയുന്ന ഓരോന്ന് കേട്ട് റിവ്യൂ എഴുതി മിക്കവാറും കാളകൂടം ദിനപത്രം എന്നെ പിരിച്ചു വിടും എന്നാ തോന്നുന്നേ.പുറത്തു ആണെങ്കില്‍ കുഴല്‍ ഉതുകാര്‍ നൂറു പേര് റെഡി ആയി നില്കുവാ.

എന്നാല്‍ നീയും പോയി ഈ കൂതറ ചിത്രങ്ങള്‍ എല്ലാം കണ്ടു റിവ്യൂ എഴുതിക്കോ ആരു വേണ്ട എന്ന് പറഞ്ഞു?

അതിനുള്ള സഹന ശക്തി ഉണ്ടായിരുന്നു എങ്കില്‍ നിങ്ങളുടെ ഒക്കെ കാല് പിടിക്കുമോ ? അതിരിക്കട്ടെ ഇപ്പോള്‍ വന്നത് .....

അനിയാ ഇന്നലെ മന്മഥന്‍ അംബു എന്ന ചിത്രം കാണാന്‍ ഇടയായി .

ഹോ തകര്‍ത്തു ഒന്നാമത് ഉലക നായകന്‍ കമല്‍ സാറിന്റെ പടം .. പോരാത്തതിനു നിങ്ങള്‍ അന്യഭാഷാ ചിത്രങ്ങളുടെ ആരാധകനും പറ പറ .. ഇന്നെങ്കിലും ഒരു നല്ല റിവ്യൂ എഴുതി ആ എഡിറ്റര്‍ തെണ്ടിക്ക് കൊടുത്തിട്ട് വേറെ കാര്യം .

അനിയാ ഇതാണ് നമ്മുടെ കുഴപ്പം ഒരുത്തനെ ഒരു ബ്രാന്‍ഡ്‌ ചെയ്തു തുലചില്ലെങ്കില്‍ ഇവനൊന്നും ഉറക്കം വരില്ലെടെ?

അത് നില്കട്ടെ.പടത്തിന്റെ കാര്യം ആദ്യം അങ്ങ് പറഞ്ഞെ .

സംവിധാനം കെ എസ് രവികുമാര്‍ , നിര്‍മാണം റെഡ് ജയന്റ് മുവീസ് സംഗീതം ദേവി ശ്രീ പ്രസാദ്‌ അഭിനയിക്കുന്നവര്‍ കമല്‍ , തൃഷ , മാധവന്‍ , സംഗീത , ഉര്‍വശി ,കുഞ്ചന്‍, മഞ്ജു പിള്ള, രമേശ്‌ അരവിന്ദ് തുടങ്ങിയവര്‍
ശരി കഥ ....?
മദന ഗോപാലന്‍ (മാധവന്‍) എന്ന വ്യവസായ പ്രമുഖന്‍ മുന്‍ നിര നായിക അംബുജാക്ഷി അഥവാ നിഷയുമായി (തൃഷ) ഭയങ്കര പ്രേമം. സംശയ രോഗിയായ മദന്‍ അമ്പുവുമായി സ്ഥിരം വഴക്കിലാണ്. തുടക്കത്തില്‍ മൂന്ന് കൊല്ലം മുന്‍പുള്ള ഒരു സംഭവം അതായിത് ഷൂട്ടിംഗ് കാണാന്‍ മാതാ പിതാക്കളോട് ഒത്തു വരുന്ന മദന്‍ (പറയാന്‍ വിട്ടു മദന്‍ ന്‍റെ അമ്മക്ക് (ഉഷാ ഉതുപ്പ്) അംബുവിനെ തീരെ ഇഷ്ടമല്ല ) ചിത്രത്തിലെ നായകന്‍ സൂര്യ (അതിഥി താരം) യുമായുള്ള അമ്പുവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥനാകുന്നു മാതാ പിതാക്കളെ വിട്ടു തിരിച്ചു പോകുന്ന ഇവര്‍ പതിവ് പോലെ വഴക്കടിക്കുകയും അതിനിടയില്‍ എതിരെ വരുന്ന ഒരു വാഹനവുമായി ഇടിച്ചു ഇടിച്ചില്ല എന്ന അവസ്ഥയില്‍ രക്ഷപ്പെടുകയും ചെയ്യുന്നു .

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ കാണുന്നത് മദന്‍ അമ്പു ജോടികള്‍ പ്രണയ കലഹങ്ങളുമായി തുടരുന്നതാണ് .അമ്പു വിദേശത്തുള്ള ഒരു സുഹൃത്തിനോടൊപ്പം (സംഗീത , വിവാഹ മോചിത , രണ്ടു കുട്ടികള്‍)ടെന്‍ഷന്‍ മോചനാര്‍ധം ഒരു ഉല്ലാസ കപ്പലില്‍ യുറോപ്യന്‍ പര്യടനം നടത്തുകയാണ് .സംശയരോഗി അയ മദന്‍ ആകട്ടെ ഒരു സ്വകാര്യ കുറ്റാന്വേഷകന്‍ ആയ മേജര്‍ മന്നാര്‍ (കമല്‍) നെ അവരെ പിന്തുടര്‍ന്ന് അമ്പു വിന്റെ വിശ്വാസ വഞ്ചനക്ക് തെളിവുകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്നു.അതിനായി മേജര്‍ മന്നാര്‍ അംബുവിനും സംഘത്തിനും പിന്നാലെ ഉല്ലാസ കപ്പലില്‍ എത്തുന്നു . ഇതു കൂടാതെ അമ്പുവിന്റെ ഡേറ്റ് കിട്ടാനായി സ്ക്രിപ്റ്റും കൊണ്ട് പുറകെ കൂടിയിരിക്കുന്ന നിര്‍മാതാവ് കുഞ്ചു കുറുപ്പും (കുഞ്ചന്‍) ഭാര്യ മഞ്ജു കുറുപ്പും (മഞ്ജു പിള്ള) ഈ കപ്പലില്‍ ഉണ്ട് . ഇതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ട് പോകുന്നത് .

അപ്പോള്‍ ചിത്രം എങ്ങനെ ഉണ്ട് ?
ഒരു തമാശ പടം എന്ന് ചിന്തിക്കുമ്പോള്‍ തന്നെ കമലും രവികുമാറും (കമല്‍ ചിത്രങ്ങളില്‍ സംവിധായകന് പ്രസക്തി ഇല്ല എന്നാണ് കേട്ടിട്ട് ഉള്ളത്.അതെന്തോ ആകട്ടെ ) ചെയുന്നത് തെന്നാലി എന്ന ചിത്രത്തിന്റെ ടെമ്പ്ലേറ്റ് ഉപയോഗിച്ച് ഒരു ചിത്രം പടച്ചു വിടുക എന്നതാണ് . പമ്മല്‍ കെ സംബന്ധം,പഞ്ച തന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ നമ്മള്‍ ഇതു കണ്ടതാണ് . ഈ പറഞ്ഞ ജനുസില്‍ പെട്ട എന്നാല്‍ മേല്പറഞ്ഞ ചിത്രങ്ങളെക്കാളും നിലവാരം കുറഞ്ഞ ഒരു ചിത്രം ആയി ആണ് എനിക്ക് തോന്നിയത് .

എന്നാലും സകലകലാവല്ലഭനും ,ഉലക നായകനും അഭിനയ പ്രതിഭയും ആയ കമല്‍ അഭിനയിച്ച ഒരു ചിത്രമല്ലേ ഇതു .. അതിനെ കുറിച്ച് ഇങ്ങനെ പറയാമോ?

എടേ ഈ കമലഹാസന്‍ എന്ന നടന് സ്ക്രിപ്റ്റ് എന്ന സാധനം വഴങ്ങില്ല എന്ന സത്യത്തിനു മികച്ച ഉദാഹരണം ആണ് ഈ ചിത്രം. പിന്നെ മികച്ച സംവിധായകര്‍ അദേഹത്തെ വെച്ച് ചെയ്ത ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സ്വന്തം കഥാപാത്രം കഴിയുന്നത്ര കൊഴുപ്പികുക എന്ന ഒരു നടന്‍റെ പ്രാഥിമികം ആയ ധര്‍മം മാത്രമേ അദേഹം ചെയ്തു വരുന്നുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അത് പോലും ചെയ്യാത്ത സുഖിമാന്‍മാരാണ് നമ്മുടെ നായകന്മാര്‍ എന്നത് വേറെ കാര്യം).അമ്പതു വര്ഷം പ്രവര്‍ത്തിച്ചു പരിചയം ഉള്ള ഒരു നടന്‍ അത്ര മാത്രം ചെയ്താല്‍ മതിയോ? അല്ലെങ്കില്‍ അദേഹത്തിന്റെ ഇടപെടലുകള്‍ ചിത്രത്തിന്റെ മൊത്തം ഗുണത്തിന് വേണ്ടി ആയിരിക്കണ്ടേ? അവിടെയാണ് തികച്ചും ചോക്ലേറ്റ് ആയി തുടങ്ങിയ അമീര്‍ഖാന്‍ എന്ന നടന്‍ കമലിനും മുകളില്‍ നില്‍ക്കുന്നത്.ലളിതം ആയ ഒരു സത്യം ചോദിച്ചോട്ടെ.വ്യക്തിത്വം ഉള്ള ഒരു കഥാപാത്രത്തെ ഇദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സഹനടന്‍ അവസാനമായി അവതരിപ്പിക്കുന്നത്‌ കണ്ടത് എന്നാണ്? ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ദ്രോഹകാല്‍ എന്ന ചിത്രവും അതിനെ റീ മേക്ക് ചെയ്ത കുരുതിപുനല്‍ എന്ന ചിത്രവും കണ്ടിട്ടുള്ളവര്‍ക്ക് ഈ പറയുന്നത് മനസിലാകും. മുന്നാഭായ്ലെ സര്‍ക്യുട്ട് നായകനൊപ്പം തന്നെ ഹിറ്റ്‌ ആയപ്പോള്‍ വസൂല്‍ രാജായില്‍ ആ കഥാപാത്രം ചെയ്തത് ആരാണെന്നു ആലോചിക്കേണ്ടി വരുന്നത് പ്രഭുവിന് അഭിനയിക്കാന്‍ അറിയാഞ്ഞിട്ടല്ല.ലഗാനും,രംഗ് ദേ ബസന്തിയും,ത്രീ idiots ലെയും കഥാപാത്രങ്ങള്‍ എല്ലാം നമ്മുടെ മുന്നില്‍ സജീവം ആയി നില്‍ക്കുന്നത് ചേര്‍ത്ത് വായിച്ചാല്‍ എന്ത് കൊണ്ട് അമീര്‍ഖാന്‍ കമലിന് മുകളില്‍ നില്‍ക്കുന്നു ( ഒരു പൂര്‍ണ ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ) എന്ന് മനസിലാകും . ഒരു മസാല ചിത്രമായ ദില്‍ ചാഹ്ത ഹൈ എന്ന പടത്തില്‍ പോലും മറിച്ചകുന്നില്ല സംഗതികള്‍ ..

ഇയാളെ വിട്ടാല്‍ അപ്പോള്‍ കേറുമല്ലോ കട്ടിലോട്ടു ...? ഒന്ന് തിരിച്ചു വന്നു ഈ ചിത്രത്തിനെ പറ്റി പറഞ്ഞെ .. നല്ലതെന്തെങ്കിലും ...?

ഈ ചിത്രത്തില്‍ ഫ്ലാഷ് ബാക്ക് ആയി കമലും അദേഹത്തിന്റെ ഭാര്യ ആയിരുന്ന (മരിച്ചു) ഫ്രഞ്ച് കാരിയും ചേര്‍ന്നുള്ള ഒരു ഗാനം ഉണ്ട് . തികച്ചും പുതുമ ഉള്ളതാണ് ഇതിന്റെ ചിത്രീകരണം. ഭാര്യ അപകടത്തില്‍ പെട്ട് മരിക്കുന്ന രംഗം മുതല്‍ പുറകോട്ടു rewind ചെയ്താണ് കാണിക്കുനത്. ഒടുവില്‍ പുറകോട്ടു പോയി അവര്‍ കണ്ടു മുട്ടുന്ന (തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാനായി എത്തുന്ന പട്ടാളകാരനായി വരുന്ന കമല്‍) രംഗത്തില്‍ പാട്ട് അവസാനിപ്പിക്കുന്നു . സാധാരണ രീതില്‍ ബോര്‍ ആയേക്കാവുന്ന ഒരു ഗാന രംഗം ഈ ഒരു പൊടികൈയിലൂടെ രക്ഷിച്ചെടുക്കാന്‍ കമലിന് കഴിഞ്ഞിട്ടുണ്ട്.(ഈ ഒരു സംഗതി ഇല്ലായിരുന്നു എങ്കില്‍ ആ രംഗം വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ പാര്‍ത്ത മുതല്‍ നാളേ ... എന്ന ഗാന ചിത്രീകരണത്തെ ഓര്‍മിപ്പി ചേനെ എന്നത് വേറെ കാര്യം )കുഞ്ചനും മഞ്ജുപിള്ളൈക്കും പകരം ശേന്തിലും ഗൌണ്ട മണിയും ആയിരുന്നെങ്കില്‍ പോലും ഇതിലും ഭേദം ആയേനെ . പിന്നെ ഇതില്‍ അഭിനയിക്കുന്ന ആരെയും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .കൂട്ടി കെട്ടി തികച്ചും അലക്ഷ്യമായി ഉണ്ടാക്കിയ ഒരു തിരകഥ വെച്ച് എന്ത് ചെയ്യാന്‍ ? ഉര്‍വശിക്ക് സ്ഥിരമായി പറയാനുള്ള ഒരു ഡയലോഗും ഭാവവും കൊടുത്തിട്ടുണ്ട്‌ .രണ്ടാം പകുതി കുറച്ചു കഴിയുമ്പോള്‍ ഇതു കഴിയില്ലേ എന്ന് തോന്നിയാല്‍ കാണികളെ നിങ്ങളെ ഞാന്‍ കുറ്റം പറയില്ല . മാധവന്റെ ഒക്കെ കഥ പാത്രത്തെ ഒക്കെ എത്ര അപക്വമായി ആണ് ചിത്രീകരിച്ചു വെച്ചിരിക്കുനത് എന്ന് നോക്കിയാല്‍ മതി ഒരു തിരകഥാകൃത്ത് എന്ന നിലയില്‍ കമലിന്‍റെ മേന്മ അറിയാന്‍.

അപ്പോള്‍ കാണികളെ രോമാഞ്ചം കൊള്ളിക്കുന്ന അഭിനയ മുഹൂര്‍ ത്തങ്ങള്‍ എങ്കിലും ...?

മം ഇരിക്കുന്നു ഓടി ചെല്ല് . എടാ പമ്മല്‍ കെ സംബന്ധം എന്ന ചിത്രത്തില്‍ ഉള്ളത് പോലെ ഒക്കെ ഇതിലും കാണിക്കുന്നുണ്ട് . അത് അഭിനയം ആണെങ്ങില്‍ ഇതും അഭിനയം .

അപ്പോള്‍ ചുരുക്കമാ സോന്നാല്‍

അനിയാ ഈ ചിത്രത്തിന്റെ പേര് ഇംഗ്ലീഷില്‍ ആക്കിയാല്‍ cupids arrow എന്ന് വായിക്കേണ്ടി വരും എന്നാണ് എന്‍റെ പരിമിതമായ അറിവ് പറയുന്നത് . അങ്ങനെ ആണെങ്കില്‍ stupids arrow എന്ന വിശേഷണം ആകും ഈ ചിത്രത്തിന് കൂടുതല്‍ യോജിക്കുക

18 comments:

 1. താങ്കള്‍ പറഞ്ഞത് ശരിയാണ് കമലിന്റെ പടത്തില്‍ സഹനടന്മാര്‍ എത്രതെന്നെ പരിശ്രമിച്ചാലും അദ്ധേഹത്തിന്റെ പ്രഭാവലായത്തില്‍ ഒതുങ്ങി പോവുകയേ ഉള്ളു, ഇയ്യാം പാറ്റകളുടെ ജന്‍മംപോലെ, പ്രകാശത്തിനു ചുറ്റും പറന്നു നടന്നു അതില്‍ വീണു മരിക്കാനെ അവര്‍ക്ക് വിധിച്ചിട്ടുള്ളൂ
  By.Sadique M Koya

  ReplyDelete
 2. കമല്‍ ഹാസ്സന് സ്ക്രിപ്റ്റ്‌ വഴങ്ങില്ല എന്ന് പറയാമോ ... അന്പേ ശിവം, തേവര്‍ മകന്‍ ,മഹാനദി തുടങ്ങിയവയുടെ സ്ക്രിപ്റ്റ്‌ കമല്‍ ചെയ്തതാണ് ..

  ReplyDelete
 3. തേവര്‍ മകന്‍ സംവിധാനം ഭരതന്‍ ആയിരുന്നല്ലോ . അന്പേ ശിവം കുറെ നല്ല സംഭാഷനങ്കല്‍ ഒഴിച്ചാല്‍ ദുര്‍ബലമായ ഒരു രചന യാണ് എനിക്ക് തോന്നിയത് . പിന്നെ ഈ ചിത്രവും തൊട്ടു പുറകെ വന്ന ദശാവതാരവും എന്നാ ഫാന്‍സി ഡ്രസ്സ്‌ ചിത്രവും കണ്ട ആര്‍ക്കും സ്ക്രിപ്റ്റ് കമലിന് വഴങ്ങും എന്ന് പറയാനാവും എന്ന് തോന്നുന്നില്ല . എന്തായാലും ചിത്രം കണ്ടിട്ട് തീരുമാനികുന്നതല്ലേ നല്ലത് ?

  ReplyDelete
 4. thanikk blog ezhuthu vazhangilla ennathanu sariyaya karyam

  ReplyDelete
 5. @ പ്രേക്ഷകന്‍ : സ്ക്രിപ്റ്റ് കമലിന് വഴങ്ങുന്നില്ല എന്ന താങ്കളുടെ പരാമര്‍ശത്തെ തേവര്‍ മകന്റെ സൂചനയിലൂടെ ശ്രീ ടോമി നല്‍കിയ കമെന്റിനു തേവര്‍ മകന്‍ സംവിധാനം ഭരതന്‍ ആണല്ലോ എന്ന പ്രതിരോധം ബാലിശമല്ലേ. കമല്‍ ഹാസന്റെ തിരക്കഥയില്‍ 1994 ല്‍ റിലീസ് ചെയ്ത മഹാനദി ആയിരുന്നു ആ വര്‍ഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയത്. അത് പോലെ തന്നെ അദ്ദേഹം സ്ക്രിപ്റ്റ് ചെയ്ത മറ്റു ചില ചിത്രങ്ങളാണ്‌ വിരുമാണ്ടി , നമ്മവര്‍, അപൂര്‍വ സഹോദരര്‍ഗല്‍, മൈകില്‍ മദന കാമരാജന്‍ , കാതല കാതല, ആളവന്താന്‍ തുടങ്ങിയവ. ഇവയെല്ലാം തന്നെ മികച്ച വിജയങ്ങളും അതോടൊപ്പം പല പുരസ്കാരങ്ങള്‍ നേടിയവയുമാണ്. 2004 ല്‍ സൌത്ത് കൊറിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലില്‍ മികച്ച ഏഷ്യന്‍ ചിത്രമായി തിരഞ്ഞെടുത്തത് വിരുമാണ്ടിയെ ആണ്. നമ്മവര്‍ എന്ന ചിത്രം നാഗേഷ് എന്ന മികച്ച നടന് ദേശീയ പുരസ്‌കാരം നേടി കൊടുത്തു. 1984 ല്‍ കമല്‍ തന്നെ രചിച്ച ഏറെ പ്രശംസ നേടിയ ദയം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം ആയിരുന്നു ആളവന്താന്‍. നോവല്‍ നേടിയത്രയും പ്രേക്ഷക പ്രീതി നേടിയില്ലെങ്കിലും ചിത്രം വിജയമായിരുന്നു. 2010 ല്‍ ബോളിവുഡ് കണ്ട ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായ ഹൌസ് ഫുള്‍ കാതല കാതലയുടെ റീ മേക് ആയിരുന്നു. മന്മഥന്‍ അമ്പ്‌ മികച്ചതാനു എന്നല്ല പറഞ്ഞു വരുന്നത്. ചിത്രം ഞാന്‍ കണ്ടിട്ടില്ല. പക്ഷെ കമലിന് എഴുത്ത് വഴങ്ങില്ല എന്ന താങ്കളുടെ അഭിപ്രായത്തിനോട് മാത്രം വിയോജിച്ച്‌ കൊണ്ട്, താങ്കള്‍ക്ക് എല്ലാ നന്മയും നേര്‍ന്നു കൊണ്ട്.

  ReplyDelete
 6. സ്വപ്നാടകന്‍ , പ്രതിരോടിക്കാന്‍ വേണ്ടി അല്ല മറിച്ചു "മികച്ച സംവിധായകര്‍ അദേഹത്തെ വെച്ച് ചെയ്ത ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ....." എന്ന് പറഞ്ഞത് ഓര്‍മ്മിപ്പിക്ക മാത്രമേ ചെയ്തുള്ളൂ . പിന്നെ ഈ ചിത്രവും തൊട്ടു മുന്നേ വന്ന ഫാന്‍സി ഡ്രസ്സ്‌ ചിത്രവും കണ്ടപ്പോള്‍ എനിക്ക് തോന്നിയതാണ് പോസ്റ്റ്‌ ല്‍ ചേര്‍ത്തിരുന്നത് .നമ്മവര്‍ എന്നത് ചെപ്പ്‌ എന്നാ പ്രിയദര്‍ശന്‍ ചിത്രത്തിന്റെ വികൃത അനുകരണം ആയി ആണ് എനിക്ക് തോന്നിയത് . അപൂര്‍വ സഹോദരര്‍ഗല്‍, മൈകില്‍ മദന കാമരാജന്‍ crazy മോഹന്‍ ആണ് സ്ക്രിപ്റ്റ് എന്ന് ഓര്‍മ.ആളവന്താന്‍ എന്നത് കമല്‍ തന്നെ എഴുതിയ വലിയ തെറ്റില്ലാത്ത ഒരു ത്രില്ലെര്‍ നോവലിന്റെ മോശമായ ആവിഷ്കാരമാണ് . (ആ നോവല്‍ വായിച്ച ധൈര്യത്തില്‍ ആണ് മോശം എന്ന് പറയുന്നത് )നമ്മവര്‍,ആളവന്താന്‍,വിരുമാണ്ടി , കാതലാ കാതലാ എന്നിവ എല്ലാം പരാജയം ആയിരുന്നു എന്നാണ് ഞാന്‍ ഇതു വരെ കരുതിയിരുന്നത് . കൂടാതെ കമല്‍ മൊഴി മാറ്റം ചെയ്ത എല്ലാ ചിത്രങ്ങളിലും അദേഹം നടത്തിയ ഇടപെടലുകള്‍ (ഒരു തിരകഥാകൃത്ത് എന്ന നിലയില്‍ ) ചിത്രത്തെ മോശം അക്കിയിട്ടെ ഉള്ളു (വസൂല്‍ രാജാ , കുരുതി പുനല്‍,സത്യ,ഉന്നൈ പോല്‍ ഒരുവന്‍ എന്നിവ ഉദാഹരണം ) തെന്നാലി പോലെ നമുക്കറിയാത്ത ഒര്‍ജിനല്‍ ചിത്രങ്ങള്‍ (തെന്നാലി ഒരു സ്പാനിഷ്‌ ചിത്രം അടിച്ചു മറ്റിയതനെന്നും. ചിത്രത്തിന്റെ കഥ പറയ്ന്നതിനു പകരം കമല്‍ ഒര്‍ജിനല്‍ സ്പാനിഷ്‌ ചിത്രത്തിന്റെ ഡി വി ഡി കൊടുക്കുകയായിരുന്നു എന്ന് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു ) കണ്ടാല്‍ ഒരു പക്ഷെ കൂടുതല്‍ ഉദാഹരണങ്ങള്‍ കിട്ടിയേക്കും . ഏക അപവാദം ആയി എനിക്ക് തോന്നിയത് മഹാ നദി എന്ന ചിത്രമാണ് . സത്യമായും തര്‍ക്കിക്കാന്‍ അല്ല ,പക്ഷെ അഭിപ്രായം വ്യക്തമാക്കി എന്ന് മാത്രം . അത് ഓരോ ആളുകളെയും അനുസരിച്ച് മാറുമല്ലോ . so തര്‍ക്കം വേണ്ട . അഭിപ്രായം പറഞ്ഞതിനും ആശംസകള്‍ക്കും നന്ദി .

  universal അന്നോണി ,കളിച്ചു കളിച്ചു universal ബ്ലോഗര്‍ പ്രേക്ഷകനോടായി കളി അല്ലെ :)

  ReplyDelete
 7. കമലിന്റെ പ്രഭാവലയത്തില്‍ മറ്റുള്ളവര്‍ മുങ്ങി പോകുന്നു എന്നുള്ളതിനോട് ഞാന്‍ ജോജിക്കുന്നില്ല. ഉന്നൈപോല്‍ ഒരുവനില്‍ മോഹന്‍ലാല്‍ കമലിനെക്കാലും ഒരു പടി മുകളില്‍ സ്‌കോര്‍ ചെയ്ത കാര്യം മറന്നു പോകരുത്. കാരണം അതിന്റെ തെലുങ്ക് പതിപ്പില്‍ അഭിനയിച്ചത് വെങ്കിടേഷാണ്. തെലുങ്കും തമിഴും കൂടി കണ്ടുകഴിയുമ്പോള്‍ കാര്യം മനസിലാകും.
  അതുപോലെ നമ്മവര്‍ ഒരിക്കും പരാജയ ചിത്രമല്ല. തമിഴ്‌നാട്ടില്‍ അത് നല്ലൊരു വിജയം തന്നെയായിരുന്നു.

  ReplyDelete
 8. കമലഹാസന്റെ പകുതിയെങ്ങിലും കഴിവുള്ള (തിരകഥ എഴുതുന്ന കാര്യത്തില്) എത്ര തിരകഥ കൃത്തുക്കള് ഇന്ന് മലയാളം സിനിമയില് ഉണ്ട്? ഒരു മലയാളിയായിട്ടും ഇങ്ങനെഒക്കെ എഴുതാന് എങ്ങിനെ തോന്നി? അല്ലെങ്ങില് ഒരു മലയാളിയായ താങ്ങള്ക്ക് അങ്ങിനെ എഴുതാന് എന്ത് അര്ഹാതയാനുള്ളത്.

  തന്റേതായ ഒരു Style കലലിനു ഉണ്ട്. അത് എല്ലാ തിരക്കഥകളിലും അദ്ദേഹം കീപ് ചെയ്യുന്നുമുണ്ട്. ആ style അത്ര മോശപെട്ടതാണ് എന്ന് എനിക്ക് അഭിപ്രായമില്ല.

  ReplyDelete
 9. ഷാജു ,തങ്ങളുടെ അഭിപ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നു . എനിക്ക് മന്മഥന്‍ അംബു എന്നാ ചിത്രം കണ്ടപ്പോള്‍ തോന്നിയ അഭിപ്രായം ആണ് ഞാന്‍ പറഞ്ഞത്.തങ്ങള്‍ക്കു ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് അതി മനോഹരം ആണെന്ന് തോന്നിയെങ്കില്‍ നല്ലത് .മുന്‍പ് പലവട്ടം പറഞ്ഞത് പോലെ കാശു മുതലായെങ്കില്‍ സന്തോഷം.നമ്മവര്‍ ചെപ്പു എന്ന ചിത്രത്തിന്റെ വികൃത അനുകരണം മാത്രമാണ് എന്നതിനോട് യോജിക്കുന്നോ എന്ന് പറഞ്ഞില്ല .തമിഴിലും എന്തിനു തെലുങ്കില്‍ പോലും കമല്‍ നെകളും നന്നായി തിരക്കഥ എഴുതുന്നവര്‍ ഇഷ്ടം പോലെയുണ്ട് .മലയാളത്തില്‍ ഇല്ലാത്തത് നമ്മുടെ ഗതികേട് . പിന്നെ ഇന്ത്യന്‍ ഭാഷയില്‍ നിന്നും കമല്‍ remake ചെയ്തിട്ടുള്ള ഏതു ചിത്രവും തിരകഥയില്‍ വരുത്തുന്ന ഇടപെടലുകള്‍ കൊണ്ട് മോശം അക്കിയിട്ടെ ഉള്ളു എന്ന് തന്നെയാണ് എന്റെ വിശ്വാസം .ഒറിജിനല്‍ നെകാല്‍ നന്നായ (അല്ലെങ്ങില്‍ അത്രയും തന്നെ നന്നായ കമല്‍ Remake ചിത്രം ഏതാണ് എന്നറിയാന്‍ താല്പര്യം ഉണ്ട് .
  കള അനിയന്മാരെ, കമല്‍ നന്നായാല്‍ അയാള്‍ക്ക് കൊള്ളാം പടം നന്നായാല്‍ നമുക്ക് കൊള്ളാം അത്രേയുള്ളൂ സംഗതി

  ReplyDelete
 10. ഷാജു, മലയാളത്തില്‍ തിരക്കഥാകൃത്തുക്കള്‍ ഇല്ലാ എന്നു പറയരുത്. നല്ല തിരക്കഥയുള്ള പടങ്ങളൊക്കെ അവാര്‍ഡ് ഫിലിം, ആര്‍ട്ട് ഫിലിം എന്നൊക്കെ പറഞ്ഞ് നമ്മള്‍ മാറ്റിനിര്‍ത്തുന്നു. മന്‍മദന്‍ അമ്പിന്റെ തിരക്കഥ ഒരു വലിയ സംഭവമാണെന്ന് പടം കണ്ട ആരും പറയില്ല. അതിനെക്കാള്‍ എത്ര മികച്ച തിരക്കഥയാണ് TD ദാസന്റേത്. നമ്മുടെ മലയാള സിനിമയ്ക്ക് വിപണി കുറവാണ്. പക്ഷെ ഒന്നു കൊള്ളാം എന്നു തോന്നുന്ന പടങ്ങളൊക്കെ മറ്റു സംസ്ഥാനക്കാര്‍ റീമേക്കിനായി കൊണ്ടു പോകുന്നുമുണ്ട്. അതുതന്നെ നമുക്ക് കിട്ടുന്ന ഒരംഗീകാരമല്ലേെ

  ReplyDelete
 11. പ്രിയപ്പെട്ട പ്രേക്ഷകാ , ചെപ്പ് എന്ന ചിത്രത്തിന്റെ അനുകരണം ആണ് നമ്മവര്‍ എന്ന് അറിയില്ലായിരുന്നു. ഞാന്‍ കണ്ടിട്ടില്ല ചെപ്പ്. ഒരു ചിത്രം നമ്മുടെ മനസ്സില്‍ ഒളി മങ്ങാതെ നില്പുണ്ടെങ്കില്‍ അതിന്റെ പുന: സൃഷ്ടി നമ്മളില്‍ അത്ര സ്വാധീനം ചെലുത്തില്ല. പ്രിയദര്‍ശന്‍ ഹിന്ദിയില്‍ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ നമ്മളില്‍ സ്വാധീനം ചെലുതാത്തതും അത് കൊണ്ട് തന്നെയാണ്. അത് കൊണ്ട് തന്നെ നമ്മവരെ പറ്റിയുള്ള പ്രേക്ഷകന്റെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. എ വെനെസ്ടെ എന്ന ബോളിവുഡ് ചിത്രം ആയിരത്തില്‍ ഒരുവനയപ്പോള്‍ എനിക്കും നിരാശ തോന്നിയിരുന്നു. പിന്നെ അപൂര്‍വ സഹോദരര്‍ഗല്‍, മൈകില്‍ മദന കാമരാജന്‍ എന്നിവയുടെ തിരക്കഥ കമല്‍ ആണ്. കഥ crazy മോഹന്റെതും.

  ReplyDelete
 12. പ്രേക്ഷക സുഹൃത്തെ,
  ഞാന് Manmadan Ambu എന്ന ചിത്രം കണ്ടില്ല. എന്റെ അഭിപ്രായം കമലഹാസന് എന്ന "നടന്റെ" മറ്റു സ്ക്രിപ്ടുകളെ കുറിച്ചാണ്. അദ്ദേഹത്തിന് script writing വഴങ്ങില്ല എന്നാ തങ്ങളുടെ അഭിപ്രായത്തോട് ഞാന് യോജിക്കുന്നില്ല എന്നാണ് ഉദേശിച്ചത്. ചെപ്പു എന്നാ സിനിമ തന്നെ To sir with love എന്ന ഇംഗ്ലീഷ് സിനിമയുടെ remake ആണ്. ആ English ചിത്രത്തെ കമല് അദ്ധേഹത്തിന്റെ style-lil എടുത്തു. പ്രിയന് അദ്ധേഹത്തിന്റെ style-lilum എടുത്തു. നമ്മ്മവര് ഒരു മോശം പടമാണെന്ന് എനുക്കു തോന്നിയിട്ടില്ല. വികലമായ അനുകരണം എന്നൊക്കെ പറയുന്നത് കടുത്ത വാക്കല്ലേ.

  "മുന്നാഭായ്" യെക്കാള് നല്ല ചിത്രം തന്നെയാണ് “വസൂല് രാജ” എന്നാണ് എന്റെ അഭിപ്രായം. Sunjay Dutt ക്കാല് എന്തുകൊണ്ടും കമല് നന്നായി. പ്രഭു നന്നാവാത്തത് കമലിന്റെ കുറ്റം അല്ല. ആ പടം സൂപ്പര് ഹിറ്റും ആയിരുന്നു. പിന്നെ ആര് തന്നെ പടങ്ങള് remake ചെയ്താലും original-ine കവച്ചുവക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനടുതെങ്ങിലും എതിയെങ്ങില് അത് അത് ചെയ്തയാളിന്റെ കഴിവ് മാത്രം. പടം വിജയിപ്പിച്ചോ അതാണ് മുഖ്യം. അങ്ങിനെയനെങ്ങില് kamal is 100% successful.

  തേവര് മകന് എന്നാ ഒറ്റ പടം മതി കമലിന്റെ കഴിവ് മനസിലാക്കാന്. ഭരതന് അക്കാലത്ത് ചെയ്ത മറ്റു ചിത്രങ്ങള് തേവര് മകനുമായി താരതമ്യം ചെയ്യുക. കമലിന്റെ കഴിവു പിടികിട്ടും. അന്പേ ശിവം എന്റെ favourite സിനിമകളില് ഒന്നാണ് communism ത്തെ Love story യുമായി blend ചെയ്തെടുത്ത ഒരു നല്ല ചിത്രം. പടം critically നല്ല അഭിപ്രായം നേടിയിരുന്നു.

  ReplyDelete
 13. പ്രിയദര്‍ശന്‍ ഹിന്ദി ചിത്രങ്ങള്‍ പലപ്പോഴും ബോര്‍ ആയി തോനുന്നതിനു കാരണം ആയി എനിക്ക് തോന്നുന്നത് അവ ഒരുതരത്തില്‍ ഹിന്ദി നടന്മാരെ കൊണ്ട് ചെയുന്ന dubbing ചിത്രങ്ങള്‍ പോലെ ആയതു കൊണ്ടാണ് . ഒരു അന്യ ഭാഷ ചിത്രം വേറൊരു ഭാഷയിലേക്ക് remake ചെയുമ്പോള്‍ ആ ചിത്രം ഉള്‍കൊള്ളുന്ന ആശയം അത് പോലെ വെച്ച് കൊണ്ട് ഭാഷയ്ക്കും സംസ്കാരത്തിനും അനുസരിച്ച് മാറ്റുക എന്നത് ഒരു കഴിവാണ് .മലയാളത്തില്‍ അത് ഏറ്റവും നന്നായി ചെയ്തിട്ടുള്ളത് ശ്രീ ഐ വി ശശി ആണെന്ന് തോന്നുന്നു . അമിതാബ് നായകനായി അഭിനയിച്ച കുറെ ചിത്രങ്ങള്‍ ജയനെ വെച്ച് നന്നായി എടുത്തിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത് .ഒരു തരത്തിലും ഒറിജിനല്‍നെ ഓര്‍മിപ്പിക്കാത്ത ചിത്രങ്ങള്‍
  മീന്‍ -ത്രിശൂല്‍ , കാലാ പത്തര്‍ -- അങ്ങാടി തുടങ്ങിയവ പെട്ടന്ന് ഓര്മ വരുന്ന ഉദാഹരണങ്ങള്‍ ആണ് . എന്തിനു അധികം ബാഷ എന്ന തട്ട് പൊളിപ്പന്‍ രജനികാന്ത് ചിത്രം പോലും ഹം എന്ന അമിതാബ് ചിത്രം കണ്ടവര്‍ക്ക് ബോര്‍ അടിക്കാതെ കണ്ടിരിക്കാന്‍ പറ്റുന്നതല്ലേ ? (എനിക്ക് പറ്റി) . എന്ത് കൊണ്ട് സമാനമായ ഒരു അനുഭവം കമല്‍ remake ചെയ്ത ചിത്രങ്ങളില്‍ നിന്നും കിട്ടുന്നില്ല എന്ന ചോദ്യത്തിന് എന്നിക്ക് കിട്ടിയ ഉത്തരം ആണ് നേരത്തെ പറഞ്ഞ ആശയത്തില്‍ എന്നേ കൊണ്ട് എത്തിച്ചത് .
  അപൂര്‍വ സഹോദര്‍കള്‍ , മദനകമരാജന്‍ ചിത്രങ്ങളെ കുറിച്ച് ഞാന്‍ തിരിച്ചാണ് കരുതിയിരുന്നത് . (കഥ കമലും തിരകഥ മോഹനനും )
  ഇതൊരിക്കലും ഒരു തര്‍ക്കമായി കാണരുത് .ദയവായി ഒരു നല്ല ചര്‍ച്ചയായി കാണുക

  ReplyDelete
 14. ഷാജു , മുന്നാ ഭായി എന്ന ചിത്രത്തെ കാലും മികച്ചത് വസൂല്‍ രാജാ ആണ് എന്ന് അഭിപ്രായം ഉള്ള ഒരാളോട് പറയാന്‍ എനിക്ക് ഇത്രയെ ഉള്ളു . സുഹൃത്തേ നമ്മുടെ ആസ്വാദന നിലവാരം രണ്ടാണ് നമ്മള്‍ സംസാരിച്ചിട്ടു ഒരു കാര്യവും ഇല്ല. മന്മതന്‍ അമ്പു കണ്ടു ഇസ്ടപെട്ടെങ്കില്‍, അതൊരു നല്ല സ്ക്രിപ്റ്റ് ആണെന്ന് തോന്നിയാല്‍ സന്തോഷം . അല്ലെങ്കില്‍ എന്നെ പോലെ ഒരാള്‍ക്കും കൂടി കാശു പോയി എന്ന ദുഖവും അത്രേയുള്ളൂ

  ReplyDelete
 15. പ്രേക്ഷക,
  എല്ലാ തിരക്കധകാരന്മാരും നല്ലത് മാത്രം എഴുതിയവരല്ല. മന്മദന് അമ്പു ഒരു നല്ല ചിത്രം ആയിരിക്കില്ല. സമ്മതിച്ചു അതിനര്ത്ഥം കമലിന്റെ തിര്കതകലെല്ലാം മോശം എന്നല്ല. നല്ല കുറേ തിരകഥകള് അദ്ദേഹം സിനിമ മേഖലക്ക് സമ്മാനിച്ചിട്ടുണ്ട് (മഹാനദി, തേവര് മകന്, അന്പേ ശിവം, ഹേ റാം etc.). ഇതൊന്നും ഒരു ഇന്ത്യന് സിനിമയുടെയും remake - ഉം അല്ല. അതുകൊണ്ട് കമലഹാസന് സ്ക്രിപ്റ്റ് വഴങ്ങില്ല എന്നാ തങ്ങളുടെ അഭിപ്രായത്തോട് യോജിക്കാന് കഴിയില്ല എന്നെ പറഞ്ഞുള്ളൂ.

  കാല പദ്ധരും, ഹമും remake ചെയ്തപ്പോള് ഒരുപാട് വെത്യാസങ്ങള് വരുത്തി. മീന് (ത്രിശൂലിന്റെ വികലമായ അനുകരണം) കണ്ടിട്ട് ത്രിശൂല് ഓര്മ വന്നില്ലെങ്ങില് .......എനിക്ക് ഒന്നും പറയാനില്ല (may be ആസ്വാദന നിലവാരം).

  "മീന് -ത്രിശൂല് , കാലാ പത്തര് -- അങ്ങാടി തുടങ്ങിയവ പെട്ടന്ന് ഓര്മ വരുന്ന ഉദാഹരണങ്ങള് ആണ് " - ഇതിന്റെ ഒന്നും തിരക്കഥ ഐ. വി. ശശി യുടെതല്ല. ദാമോദരന് മാഷിന്റെയാണ്. കമലുമായി എന്തിനു ഐ . വി. ശശിയെ ഉപമിക്കണം ?

  ReplyDelete
 16. ഹാ .. സുഹൃത്തേ ആളെ വിടെന്നെ...... കമലഹാസ്സന്‍ ഒരു മികച്ച തിരകഥ ക്രിത്തായി എനിക്ക് തോന്നിയില്ല (താങ്കള്‍ക്ക് തോന്നിയെങ്കില്‍ സന്തോഷം . മന്മത അമ്പു കണ്ടു ആ വിശ്വാസം ഉറപ്പിക്കു) മീന്‍, അങ്ങാടി എന്നിവ ശശിയുടെയും ജയന്റെയും പേരിലാണ് കൂടുതല്‍ അറിയപ്പെടുന്നത് . പാവം ദാമോദരന്‍ മാഷിനെ ആരോര്‍ക്കുന്നു? ഇനി ഈ തര്‍ക്കം ചുമ്മാ കൊണ്ട് പോയിട്ട് കാര്യമില്ല. വിട്ടേക്ക് . നേരത്തെ പറഞ്ഞത് പോലെ കമല്‍ നന്നായാല്‍ അയാള്‍ക്ക് കൊള്ളാം പടം നന്നായാല്‍ നമുക്കും കൊള്ളാം അത്ര തന്നെ .ഒരൊറ്റ ചോദ്യം കൂടി കമലിന് ഈയിടെയായി സ്ക്രിപ്റ്റ് തീരെ വഴങ്ങുന്നില്ല എന്ന് തിരുത്തി പറഞ്ഞാല്‍ തങ്ങള്‍ക്കു സമാധാനം ആകുമോ? .നന്നാക്കിയ ചിത്രങ്ങളെ ക്കാള്‍ നശിപ്പിച്ച ചിത്രങ്ങള്‍ കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് മേല്‍ പറഞ്ഞ അഭിപ്രായം ഉണ്ടായതു .

  ReplyDelete
 17. അമീറിനെക്കുറിച്ച് പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു

  തരക്കേടില്ലാത്ത ചിത്രം എന്നാണല്ലോ കേട്ടത്.......

  ReplyDelete
 18. "മുന്നാഭായ്" യെക്കാള് നല്ല ചിത്രം തന്നെയാണ് “വസൂല് രാജ” എന്നാണ് എന്റെ അഭിപ്രായം.

  അത് ഞാന്‍ കണ്ടില്ല, കണ്ടിരുന്നേല്‍ എന്നെ ഓടിയേനെ

  സഞ്ജയ ദത്ത് എന്ന നടന്റെ നല്ലൊരു പ്രകടനം കണ്ട ചിത്രമാണ് മുന്നാഭായ്
  ഇതേ സംഭവം മലയാളത്തില്‍ വരുന്നെന്ന് കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയായിരുന്നു....

  ReplyDelete