Saturday, February 8, 2014

ലണ്ടന്‍ ബ്രിഡ്ജ്

ഐഡിയ ഈസ്‌ ഗുഡ് ബട്ട്‌ ലെഗ് ഈസ്‌ മൈന്‍

എന്ന് വെച്ചാല്‍............... മനസിലായില്ല

അനിയാ തികച്ചും ലളിതം കഴിഞ്ഞ ആഴ്ച ഇറങ്ങിയ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രത്തെ പറ്റി ഉറക്കെ ചിന്തിച്ചു പോയതാ.


പിന്നെയും മനസിലായില്ല സന്ദര്‍ഭം വ്യക്തമാക്കി ആശയം വിശദമാക്കാമോ?

മുംബൈ പോലീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളിലെ പോലീസ് വേഷങ്ങള്‍ക്ക് ശേഷം വ്യത്യസ്തമായ ഒരു ചിത്രത്തില്‍ അഭിനയിക്കുക എന്ന നടന്‍ പ്രിത്വിരാജിന്‍റെ ചുവടു വെയ്പ്പിനെയും അതിനു തിരഞ്ഞെടുത്തത് ബെന്‍ ജോണ്‍സണ്‍,രാഷ്ട്രം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്ത അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത പ്രണയകഥ ആയ ലണ്ടന്‍ ബ്രിഡ്ജ് ആയതിനെ പറ്റി ഓര്‍ത്തപ്പോള്‍ പറഞ്ഞു പോയതാ.

പ്രസ്തുത ചിത്രത്തില്‍ പ്രിഥ്വി രാജിനെ കൂടാതെ അന്ദ്രിയ ജെര്‍മിയ , പുതുമുഖം നന്ദിത രാജ്, മുകേഷ്, ലെന, പ്രതാപ്‌ പോത്തന്‍, സുനില്‍ സുഖദ തുടങ്ങിയവര്‍ അഭിനയിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ ഒരു മുഴു നീള പ്രണയകഥ ആയ ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജിനു അബ്രഹമാണ്. കഥയുടെ ഏതാണ്ട് പ്രധാന ഭാഗങ്ങളെല്ലാം ലണ്ടന്‍ നഗരത്തില്‍ ആണ് നടക്കുന്നത്

ശരി..അപ്പോള്‍ പ്രവാസി ലൈന്‍.... അവരുടെ ആത്മനൊമ്പരങ്ങളുടെ.... ആ ഒരു ലൈന്‍ പിടിക്കാം അല്ലേ.


അത് നീ എന്തോ ചെയ്തോ അനിയാ. പ്രവാസിയുടെ നൊമ്പരം ഒക്കെ പണ്ടായിരുന്നു അനിയാ അതായിത് നമ്മുടെ ഒരുകാലത്തെ സ്വപ്ന ഭൂമിയായ ദുബായിലേക്ക് ഏതാണ്ട് എന്പതുകളുടെ അവസാനം വരെ പോയവരെ പറ്റിയൊക്കെ പറയാന്‍ കൊള്ളാം
അത് വിട്. വെറുതെ കാടു കേറുന്നില്ല .ലണ്ടന്‍ നഗരത്തില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്റ്റുഡന്റ്റ് വിസയില്‍ വന്നു അവിടെ പറ്റികൂടിയ വിജയ്‌ ദാസ് (പ്രിഥ്വി രാജ്) ആണ് കേന്ദ്ര കഥാപാത്രം ഇന്നു അയാള്‍ സ്വന്തമായി കോര്‍ണര്‍ ഷോപ്പുകളും പണം കടം കൊടുക്കുന്ന ബിസ്നെസ്സ്മായി ഭേദപ്പെട്ട നിലയിലാണ്.പണം സമ്പാദിക്കുന്നതില്‍ പൂര്‍ണ ശ്രദ്ധയും കേന്ദ്രീകരിക്കുന്ന ഇയാള്‍ക്ക് ......

ഈ പണം പലിശക്ക് കൊടുക്കുന്നവര്‍ അങ്ങനെ ആയിരിക്കണം എന്ന മലയാള സിനിമയിലെ ക്ലീഷേക്കു മുഖമടച്ചു കൊടുത്ത അടി ആയിരുന്നു നമ്മുടെ ലാലേട്ടന്‍ അഭിനയിച്ചു ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന് ഞാന്‍ പറഞ്ഞാല്‍.........

 ഞാന്‍ പാവം കരുതി കേട്ടെന്നിരിക്കും വേറെ വല്ലവനും ആണേല്‍ മുഖമടച്ചുള്ള അടി നിനക്കയിരിക്കും കിട്ടുന്നത്.മിണ്ടാതിരുന്നു കേള്‍ക്കെടെ........ഇയാള്‍ക്ക് യാദ്രിശ്ചികമായി ലണ്ടനിലെ ഒരു കോടീശ്വരന്‍റെ മകളെ വിവാഹം കഴിക്കാന്‍ ഉള്ള അവസരം ലഭിക്കുന്നു. കാശുള്ളവര്‍ക്കുള്ള എല്ലാ വട്ടുമുള്ള അയാളുടെ മകള്‍ പവിത്രക്ക് (അന്ദ്രിയ) ഇയാളെ ഇഷ്ട്ട്ടപ്പെടണം എന്ന് മാത്രം.കാശേ എന്ന് പറഞ്ഞു നടക്കുന്ന നായകന്‍ കോച്ചിന്‍റെ മനസില്‍ കയറിപ്പറ്റാനായി സജീവമായി രംഗത്ത്‌ ഇറങ്ങുന്നു (ഇതല്ലാം കൂടി ആദ്യ ഒരു കഷ്ട്ടി അരമണിക്കുറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ്). ഇതിനിടയില്‍ ഇയാളുടെ വണ്ടി തട്ടി മെറിന്‍ (നന്ദിത രാജ്) എന്ന മലയാളി നേര്സ് ആശുപത്രിയില്‍ ആകുന്നു അവരുടെ ഉത്തരവാദിത്വം ഇയാള്‍ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അവരങ്ങനെ മാണി ഗ്രൂപ്പും ഇടതു പക്ഷവും പോലെ അങ്ങനെ അടുത്ത് കൊണ്ടിരിക്കുമ്പോള്‍ മറ്റേ കൊച്ചിനും (പവിത്ര) ഇയാളോട് താല്പര്യം ഉണ്ടാകുന്നു. അഥവാ ഉണ്ടായിരിക്കുന്നു എന്ന് ആരോ പറഞ്ഞറിയുന്നു അല്ലാതെ അന്നയും റസൂലും മുതല്‍ അന്ദ്രിയ എന്ന ടിയുടെ മുഖത്ത് എന്തെങ്കിലും ഒരു ഭാവം ഞാന്‍ കണ്ടിട്ടില്ല. ചുരുക്കത്തില്‍ സംഗതി ത്രികോണേ ത്രികോണേ എന്ന് നീങ്ങുന്നു.അല്ലേലും കഥ പറയുന്നു എന്നൊരു ആരോപണം എന്റെ പേരില്‍ ഉള്ളത് കൊണ്ട് ഞാന്‍ കൂടുതല്‍ വിസ്തരിക്കുന്നില്ല. ഏതൊക്കെ നീയൊക്കെ നേരിട്ട് കണ്ടു ബോധിച്ചാല്‍ മതി (അതിനു ശക്തി ഉണ്ടെങ്കില്‍!!)

ഈ സിനിമയുടെ പരാജയം എന്ന് പറയുന്നത്, എന്‍റെ അഭിപ്രായത്തില്‍, ഈ ചിത്രം വിടെ ചെന്ന് അവസാനിക്കും എന്ന് ആദ്യ ഒരു ഇരുപതു മുതല്‍ മുപ്പതു മിനിട്ട് വരെ കഴിയുമ്പോള്‍ ഇതു മന്ദ ബുദ്ധിക്കും മനസ്സിലാകും. അത് അങ്ങനെ തന്നെ അവസാനിക്കുന്നിടത്താണ് ഈ ചിത്രം പരാജയപ്പെടുന്നത്.ട്വിസ്റ്റ്‌കളും മറ്റുമായി ഒത്തിരി സാധ്യതകള്‍ ഉണ്ടായിരുന്നത് ഒഴിവാക്കി ലണ്ടന്‍ എന്ന കുപ്പിയില്‍ (പുതിയ കുപ്പി എന്ന് പറയാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല) ഒഴിച്ച പഴയ അറു പഴഞ്ചന്‍ വീഞ്ഞായി പോയി ഈ ചിത്രം എന്നിടത്താണ്.ചുരുക്കത്തില്‍ സംവിധായകന് ഏതോ ലണ്ടന്‍ നിര്‍മാതാവിനെ ഒത്തു കിട്ടിയതിന്‍റെ പരിണിത ഫലം ആകാന്‍ എല്ലാ സാധ്യതയും ഉണ്ട് ഈ ചിത്രത്തിന്.അത് കൊണ്ട് തന്നെ ആകണം സുനില്‍ സുഖദ അവതരിപ്പിക്കുന്ന തമ്പിച്ചായന്‍ ഒഴിച്ചാല്‍ ബാക്കി എല്ലാവരും നന്മയുടെ ചക്കര കുടങ്ങളാണ് അഥവാ മമ്മൂട്ടി ചിത്രങ്ങളില്‍ നിന്ന് നേരിട്ട് ഇറങ്ങി വന്നവരാണ്.

അല്ല അഭിനയം

ഏറ്റവും മാരകമായി അഭിനയിച്ചിരിക്കുന്നത് അന്ദ്രിയ ജെര്‍മിയ ആണെന് പറയാതെ വയ്യ. തല്ലി കൊന്നാല്‍ പോലും ഒരു ഭാവവും വരില്ല എന്ന് ഞാന്‍ കരുതുന്ന ഈ നടി അന്നയും റസൂലും എന്ന ചിത്രത്തില്‍ എന്തോ മല മറിച്ചു എന്നാണ് ലോകത്തെ സകല നിരൂപകരും ഒറ്റ ശ്വാസത്തില്‍ കൂവുന്നത് . പിന്നെ പുതു മുഖം നന്ദിത രാജ് ഇവരെ വെച്ച് നോക്കുമ്പോള്‍ നൂറു മടങ്ങ്‌ ഭേദം ആണെന്നെ പറയാന്‍ പറ്റു . പല കഥാപത്രങ്ങളും പാതി വെന്ത അവസ്ഥയില്‍ ആയതും കൊണ്ട് ഗുണവും ഇല്ല ദോഷവും ഇല്ല എന്ന അവസ്ഥയില്‍ ആണ്.അവസാനമായി നായകന്‍ പ്രിത്വിരാജിനോട് നല്ല സിനിമകള്‍ തിരഞ്ഞെടുത്തു ചെയ്തത് കൊണ്ട് മാത്രം പോയ വര്‍ഷം ശ്രദ്ധേയനായ ഒരു നടനാണ് നിങ്ങള്‍. അതെ സൂക്ഷ്മത ഇനിയും കാണിച്ചാല്‍ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകാതെ കഴിക്കാം

ലണ്ടനില്‍ ചിത്രീകരിക്കുന്നത് കൊണ്ടുള്ള ഫ്രെഷ്നെസ് ആണ് സംവിധായകന്‍ ഉദ്ദേശിച്ചതു എങ്കില്‍ ഓര്‍ഡിനറി എന്ന സിനിമയില്‍ ഉള്ള ഫ്രെഷ്നെസ് പോലും ഈ ചിത്രത്തിന് ഇല്ല എന്ന് പറഞ്ഞു കൊള്ളട്ടെ.വലിഞ്ഞു നീണ്ടു മനുഷ്യന്‍റെ ക്ഷമ പരീക്ഷിക്കുന്ന രണ്ടാം പകുതി ആണ് ഈ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയാതെ വയ്യ

അപ്പോള്‍ ചുരുക്കത്തില്‍......

സുരുക്കമാ സോന്നാല്‍ മറ്റൊരു സ്പാനിഷ്‌ മസാല

Wednesday, February 5, 2014

സലാല മൊബൈൽസ് (ചൈനീസ്‌ മൊബൈല്‍നേക്കാള്‍ കഷ്ട്ടം !!!)



 വിജയങ്ങൾ , എന്നും വിജയങ്ങൾ  മാത്രം കൊയ്ത്തു കൂട്ടിയ മലയാളത്തിന്‍റെ കൂൾ സ്റ്റാർ ..ഇതാ   വന്നെത്തി കഴിഞ്ഞു

അനിയാ  നിന്നേ , ഇതെന്ന്  തുടങ്ങി  ഈ പുതിയ പണി ?

നിങ്ങൾ ഇതു ഏതു ലോകത്ത് ജീവിക്കുവാ ? ഈ പണി ഒക്കെ പണ്ടേ ഉണ്ട് . പണ്ട് ഇതു റോഡിലൂടെ കാളവണ്ടി  മുതൽ കാർ വരെയുള്ള വാഹനങ്ങളിൽ  വിളിച്ചു കൊണ്ട് പോകും . ഇന്ന്  ഇത് വാർത്ത‍ പോലെ പത്രത്തിൽ കൊടുക്കും . തീരെ മണ്ടന്മാർ എന്ന് സ്വയം തോന്നാതിരിക്കാൻ നമ്മൾ അതിനെ  പെയിഡ്  ന്യൂസ്‌  എന്ന് സ്വകാര്യമായി  വിളിക്കും അത്രേയുള്ളൂ

അത് ശരി നീ ആരെ പറ്റിയാ ഇങ്ങനെ അലക്കുന്നേ നമ്മുടെ രജനീകാന്ത്  മലയാളത്തിൽ എങ്ങാനും ....

പാവം ആ മനുഷ്യന്  എഴുനേറ്റു നിന്ന് തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള ആരോഗ്യം കൊടുക്കണേ എന്നാണ്  അവരുടെ പ്രാർത്ഥന  ...അപ്പഴാ  മലയാളം ...അണ്ണാ  ഇതു നമ്മുടെ ന്യൂ  ജനറേഷൻ  താര  കുമാരൻ  ദുൽക്കർ സൽമാൻ ... പിന്നെ  മലയാളത്തിന്റെ മരുമകൾ  (  സ്ഥാനം നമ്മൾ ഉടനെ കൊടുക്കും ....) നസ്രിയ നസീം  ഇവര്‍ ഒന്നിക്കുന്ന  പുതിയ ചിത്രം സലാല മൊബൈൽസ്  ഇതാ  ഒരു തരംഗമായി കേരളം ഒട്ടാകെ ആഞ്ഞടിക്കുന്നു .

ആകെ കണ്‍ഫ്യുഷൻ  അടിക്കുന്നല്ലോ ? ഈ വിജയ ചിത്രങ്ങൾ മാത്രം നല്കിയ എന്ന് പറഞ്ഞത് ...... തീവ്രം , നീല ആകാശം , പട്ടം പോലെ  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച  അതെ ദുൽക്കർ സൽമാനെ പറ്റി  തന്നല്ലോ അല്ലേ ?


അതൊക്കെ ആര് നോക്കുന്നു അണ്ണാ . ഇതു നമ്മൾ മാധ്യമങ്ങള അങ്ങ്  തീരുമാനിക്കുന്നു ആരാധകർ  ഏറ്റു എടുക്കുന്നു .സിനിമ ഇറങ്ങുന്നതിനു മുൻപേ ലാഭം ആകുന്ന ഈ കാലത്ത് ആർക്ക്  വേണം പൊതു ജനം എന്ന കഴുതയെ? പിന്നെ ഒരു ചടങ്ങിന്‍റെ പേരില് ഇവനെ ഒക്കെ കാണിക്കുന്നു എന്ന് മാത്രം .അണ്ണൻ പത്രമൊന്നും വായിക്കത്തില്ലെ  ഒളിപ്പോരു , റെഡ്  വൈൻ തുടങ്ങിയ മഹത്തായ ചിത്രങ്ങളിൽ അഭിനയിച്ച ഫഹദ് ഫാസിലിന്റെ വര്‍ഷം ആയിരുന്നു 2013 എന്ന് ഒരു ഉളുപ്പും ഇല്ലാതെ എഴുതുന്ന മുൻ നിര പത്രങ്ങൾ ഈ നാട്ടിലെ കാണു (അത് വായിച്ചു കുളിര്  അണിയുന്നവരും). ഇനി ഈ ചിത്രം . സംഗതി എന്തായാലും തരംഗം ആയി കഴിഞ്ഞു .പിന്നെ ഈ ചിത്രത്തിൽ എന്താ ഒരു കുറവ്  നായകൻ  പോരെങ്കിൽ  കലക്കാൻ പതിവ് പോലെ വേറെ ആളെ നിർത്തിയിട്ടുണ്ട്  (നായകൻ മുഴുവൻ സമയ  കൂൾ ആയതു കൊണ്ട് വേണ്ട പോലെ കലങ്ങി മറിഞ്ഞില്ല  എങ്കിലോ ..?) സണ്ണി വെയിൻ  ശേ .. തെറ്റി  ജേക്കബ്‌  ഗ്രിഗറി  (പറഞ്ഞു വരുമ്പോൾ ഇവർ രണ്ടും ആണല്ലോ രണ്ടു ആസ്ഥാന കലക്കൽക്കാർ ).പിന്നെ  മലയാളത്തിലെ ഭാഗ്യ നായിക നസ്രിയ നസീം , ഇനി  സ്വല്പ്പം നൊസ്റ്റൽജിയ  വേണമെങ്കിൽ  ജോസ് , രവീന്ദ്രൻ  ഒരു ന്യൂ  ജനറേഷൻ  ഫീൽ കിട്ടാനായി  ഉമ്മച്ചി റോക്ക്സ്  ഗാനം ബൈ  ഗോപി സുന്ദർ . തമിഴ്  നടൻ  സന്താനം ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം  സംവിധാനം  വർഷങ്ങളായി  നിരവധി  ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു തഴക്കവും പഴക്കവും വന്ന ശരത് എ ഹരിഹരൻ .ഈ മലയാളത്തിലെ മന്ദ ബുദ്ധി കാണികള്‍ക്ക് ഇനി എന്നാ വേണമെന്നാ?

ഒന്നും വേണ്ട അനിയാ. എത്ര ഭയങ്കരമായ ചിത്രം തുടങ്ങുന്നത് ശ്രീനിവാസന്‍റെ ഒരു വോയിസ്‌ഓവറില്‍ കൂടെയാണ്. അതിലൂടെ നമ്മളെ അഫ്സല്‍ എന്ന അലസനായ ചെറുപ്പക്കാരനെ പരിചയപ്പെടുത്തുന്നു (ജീവിത പാഠം തുടങ്ങാന്‍ പോകുന്നു എല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കണം...) പകല്‍ ചുമ്മാ കിടന്നുറങ്ങും എന്നല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ലാത്ത ഈ യുവാവ്‌ ഒരു ദിവസം അമ്മാവന്‍ കുറെ കാശു ഓഫര്‍ ചെയുന്നതോടെ മൊബൈല്‍ കട തുടങ്ങാന്‍ തീരുമാനിക്കുന്നു പിന്നെ മടി എന്നൊന്ന് അദ്ദേഹം കേട്ടിട്ടുള്ള ഭാവം പോലുമില്ല. പറഞ്ഞ പോലെ സംഗതി പ്രണയകഥയാണല്ലോ. അതാ തട്ടമിട്ട നായിക എതിര്‍ വശത്തെ ബസ്‌ സ്റ്റോപ്പില്‍ എന്നും വന്നു ബസ്‌ കയറി കോളേജിലേക്ക് പോകുന്നു നായകന് പ്രേമം. പക്ഷെ പ്രേമം എന്ന് പറഞ്ഞു നായികയുടെ പുറകെ നടക്കാനൊന്നും ഇദ്ദേഹത്തെ കിട്ടില്ല. അദ്ദേഹം ചുമ്മാ എലി പുന്നെല്ലു കണ്ട മാതിരി നായികയെ       എങ്ങനെ നോക്കി വെള്ളമിറക്കി കൊണ്ടിരിക്കും . പശ്ചാത്തലത്തില്‍ നമ്മുടെ സംഗീത സംവിധായകന്‍ തലങ്ങും വിലങ്ങും അറബി വാക്കുകള്‍ വാരി എറിഞ്ഞു എന്തൊക്കെയോ ആക്രോശിക്കുന്നു.ഇതു എത്ര നേരം കാണിക്കും എന്നത് കൊണ്ടാകണം കഥയില്‍ ഇടി വെട്ടു പോലെ ഒരു ട്വിസ്റ്റ്‌. നായകന്‍ കടയിലേക്ക് സാധനം എടുക്കാനായി കോയമ്പത്തൂരില്‍ പോകുന്ന വഴിക്ക് പരിചയപ്പെടുന്ന അഴകര്‍സ്വാമി (സന്താനം) എന്ന തമിഴനാണ് ആ വഴിത്തിരിവ്. മഹാ ബുദ്ധിശാലി ആയ അദ്ദേഹം ഒരു മൊബൈല്‍ വൈറസ്‌ അഫ്സലിന് കൊടുക്കുന്നു .ഫോണ്‍ ടാപ്പ് ചെയ്യാനുള്ള ഈ വൈറസ്‌ എന്തോ അല്ഭുട യന്ത്രം പോലെയാണ് അവതരിപ്പിക്കുന്നത്‌. നായകന്‍ ഭക്തി പുരസരം സംഗതി ഏറ്റു വാങ്ങി നാട്ടിലെ സകല മൊബൈലിലും അത് സ്ഥാപിക്കുന്നു. എന്നിട്ട് രാത്രി വീട്ടില്‍ ഇരുന്നു നാട്ടുകാരുടെ സ്വകാര്യ സംഭാഷണം കേട്ട് രസിക്കുന്നു.

അല്ല ഇന്നത്തെ കാലത്ത് പ്രേമിക്കുന്ന പെണ്ണിന്‍റെ മനസറിയാന്‍ ഏറ്റവും നല്ല വഴി അവളുടെ മൊബൈല്‍ ചോര്‍ത്തുക എന്നതല്ലേ.... അപ്പൊ അതിനായിട്ട്‌.....

അനിയാ.. നീ ഈ പറഞ്ഞത് ചെയ്തു എന്ന ആരോപണത്തിന്‍റെ പേരില്‍ ഭാരതത്തിലെ ഒരു പ്രമുഖ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വരെ പാട് പെട്ട് കൊണ്ടിരിക്കുകയാണ് എന്നറിയാമോ? അമേരിക്കയില്‍ പണ്ടൊരു പ്രസിഡണ്ട്‌ ഇത്തരം ഒരു ആരോപണത്തിന്‍റെ പേരില്‍ രാജി വെച്ചിട്ട് പോലും ഉണ്ട്. ഇനി ഈ പറഞ്ഞത് വാദത്തിനു വേണ്ടി മുഖ വിലയ്ക്ക് എടുക്കുകയാണെങ്കില്‍ തന്നെ നാട്ടുകാരുടെ മുഴുവന്‍ മൊബൈലില്‍ അത് സ്ഥാപിച്ചു അവരുടെ സംഭാഷണം കേട്ടു രസിക്കുന്നത് സത്യത്തില്‍ ഒരു തരം മാനസിക രോഗമാണ് എന്നതാണ് എനിക്ക് തോന്നുന്നത്. പിന്നെ അയല്‍ക്കാരന്‍റെ കുളിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു അവിടുത്തെ സ്ത്രീകളുടെ കുളിസീന്‍ പിടിക്കുന്ന മനോരോഗിയും ഫോണ്‍ ചോര്‍ത്തി അത് കേട്ട് രസിക്കുന്ന ആളും ചെയുന്നത് ഒന്ന് തന്നെയാണ്. പക്ഷെ സിനിമയില്‍ ആകുമ്പോള്‍ നായകന്‍റെ അമ്മ ഗദ്ഗദത്തോടെ പറയും മോനെ നീ അയല്‍പക്കത്തെ ട്രീസയുടെ/കല്യാണിയുടെ/ നബീസയുടെ കുളിസീന്‍ റെക്കോര്‍ഡ്‌ ചെയ്തു കാണാറുണ്ട് എന്ന് എനിക്കറിയാം. പക്ഷെ നീ കര്‍ത്താവിനു/ദൈവത്തിനു/പടച്ചോന് നിരക്കാത്തത് ഒന്നും ചെയില്ല എന്ന് എനിക്ക് ഉറപ്പുണ്ട് .(ഇവിടെ മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്ക് നിരക്കാത്തത് എന്ന് വിവക്ഷിക്കുന്നത് അവരെ അത് ഉപയോഗിച്ച് ബ്ലാക്ക്‌ മെയില്‍ ചെയുന്നില്ല, അവരോടു സംഗതി നെറ്റില്‍ ഇടതിരിക്കാന്‍ കാശു ചോദിക്കുന്നില്ല തുടങ്ങിയ സല്‍കര്‍മ്മങ്ങളാണ്‌!!പോലീസും സമാനമായ ഒരു നിലപാടു ആണ് ചിത്രത്തില്‍.) ആരോ അവരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന് സംശയം തോന്നുന്ന പൊതു ജനം പോലീസില്‍ പരാതിപ്പെടുന്നു (അതെങ്ങനെ എന്ന് മാത്രം മനസിലായില്ല. നമ്മുടെ നാട് പോലെ കുത്തഴിഞ്ഞ രാജ്യത്ത് ക്രോസ്connection എന്ന പ്രതിഭാസം അനുഭാവിച്ചിട്ടില്ലാത്തവര്‍ വിരളം ആയിരിക്കും. ഇവരെല്ലാം തങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നു എന്ന് പറഞ്ഞു പരാതിപ്പെട്ടു തുടങ്ങിയാല്‍.......

പിന്നെ സംഗതി അഫ്സല്‍ നായകന്‍ ആയതു കൊണ്ട് ഈ ഫോണ്‍ ചോര്‍ത്തലിനു ഇടയില്‍ കിട്ടുന്ന ഹവാല പണം അവരുടെ കോഡ് പറഞ്ഞു അടിച്ചു മാറ്റി നിര്‍ധനയായ പെണ്‍കുട്ടിയുടെ ചികിത്സക്ക് കൊടുക്കുക, മന്ത്രി സഭയെ മറിച്ചിടാനുള്ള പരിപാടി മുഖ്യ മന്ത്രിയെ അറിയിക്കുക തുടങ്ങിയ പൊതു ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ( നിങ്ങളും ഏതൊക്കെ ചെയ്യാമെങ്കില്‍ ഫോണ്‍ ചോര്‍ത്താം !!!) പിന്നെ കോഡ് പറഞ്ഞു അടിച്ചു മാറ്റി കൊടുക്കുന്നത് ഹവാല പണത്തിനു പകരം കള്ള നോട്ട് ആയിന്നെങ്കിലോ? (കഥ കുറച്ചു കൂടി ജെനുവിന്‍ ആയേനെ എന്ന് മാത്രം) മുഖ്യമന്ത്രി ഒരു മഹ കള്ളന്‍ ആയിരുന്നു എങ്കിലോ തുടങ്ങിയ ചോദ്യങ്ങള്‍ ഈ മന്ദ ബുദ്ധി മലയാളികള്‍ എവിടെ ചോദിയ്ക്കാന്‍?


ഏതായാലും പോലീസ് അന്വേഷിച്ചു അവസാനം തികച്ചും ബുദ്ധിപരമായി നായകനെ അറ്റസ്റ്റ് ചെയ്യുന്നു. പക്ഷെ അതിനു തൊട്ടു മുന്‍പ് അവസാനമായി നായികയുടെ ഫോണ്‍ ചോര്‍ത്തുന്ന നായകന്‍ നായിക പ്രത്യേകിച്ചു ഒരു പ്രകോപനവും കൂടാതെ തന്നെ ഇഷ്ടപ്പെട്ടു കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലാക്കുന്നു.നായകന്‍ ഹാപ്പി ആയി, തന്‍റെ പതിവ് ഭാവത്തിനു ഒരു മാറ്റവും വരുത്താതെ ജയിലേക്ക്


എന്നിട്ട്.....

എന്നിട്ട് എന്താ നമ്മുടെ ടി പി വധ കേസിലെ പോലെ വാദികള്‍ (സാക്ഷികളല്ല) മൊത്തമായി കൂറ് മാറുന്നു. പിന്നെ ചുമ്മാ ഒരു മൂന്ന് മാസത്തെ തടവ്‌ ശിക്ഷ കഴിഞ്ഞു നായകന്‍ പുല്ലു പോലെ പുറത്തിറങ്ങി  നായികയെ നിഖാഹ് കഴിച്ചു പിന്നെയും സംഗീത സംവിധായകനെ എന്തൊക്കെയോ അലറി വിളിക്കാന്‍ വിടുന്നു ശുഭം


അല്ല അപ്പൊ....

അനിയാ പണ്ട് ഷോലെ എന്ന പടം സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടു പ്രസ്തുത ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ മാറ്റി ചിത്രീകരികേണ്ടി വന്നു എന്നൊരു കഥ ഞാന്‍ പണ്ട് കേട്ടിട്ടുണ്ട്.ഇതിനെ മറി കടക്കാന്‍ ആകണം പലപ്പോഴും നായകന്‍ പോലീസില്‍ ഏല്‍പ്പിക്കുന്ന വില്ലന്‍ അവസാന നിമിഷം ഒരു കത്തിയോ തോക്കോ എടുത്തു നടന്നകലുന്ന നായകന്‍റെ നേരെ പഞ്ഞടുക്കുമ്പോള്‍ നായകന്‍ തിരിഞ്ഞു നിന്ന് കൂള്‍ ആയി വില്ലനെ തട്ടുന്നത് പോലുള്ള ക്ലൈമാക്സ്‌ ഉണ്ടാകുന്നതു എന്ന് കരുതുന്നു. നമ്മുടെ ഇപ്പോളത്തെ ദ്രിശ്യ വിസ്മയവും, ഈ ചിത്രവുമൊക്കെ കാണുന്ന സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശാലു മേനോനെ പോലുള്ളവര്‍ ആയതു കൊണ്ടാകണം തൊക്കെ ഒരു പോറല്‍ പോലും ഇല്ലാതെ പ്രദര്‍ശനത്തിനു എത്തുന്നത്‌

അല്ല അഭിനയം

എലി പുന്നെല്ലു കണ്ട മുഖഭാവവുമായി സിനിമയില്‍ ഉടനീളം തന്‍റെ കൂള്‍ ഇമേജില്‍ നിന്ന് കിടു കിടെ മാറാതെ ദുല്‍ക്കര്‍ സല്‍മാന്‍ അഭിനയിച്ചു തകര്‍ക്കുന്നു. നല്ല ഭംഗിയുള്ള കുറെ ചുരിദാറുകള്‍ അണിയുന്നു എന്നതല്ലാതെ നായിക നസ്രിയക്ക്‌ വലിയ പണിയൊന്നുമില്ല. പ്രത്യേകിച്ചു അങ്ങനെ ഒരു കഥ ഇല്ലാത്തത് കൊണ്ട് പിന്നണിക്കാരും ഹാപ്പി. ആകെയുള്ള ഉപദ്രവം ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകനാണ്. സമാധാനമായി ഒന്ന് മയങ്ങാന്‍ പോലും സമ്മതിക്കില്ലന്നേ

അതിരിക്കട്ടെ നിങ്ങള്‍ ഇനി കുറച്ചു കാലത്തേക്ക് പരിപാടി നിര്‍ത്തുക ആണെന്ന് പറഞ്ഞു പൂട്ടും താക്കോലും ഒക്കെ വാങ്ങി പോയതാണല്ലോ എപ്പോ എന്നാ പറ്റി?

എന്ത് പറ്റാന്‍ അനിയാ ഈ ജാതി കലാസ്രിഷ്ട്ടി കണ്ടാല്‍ പിന്നെ എന്ത് പറയാനാ നമ്മള്‍ മലയാളി പ്രേക്ഷകരുടെ ഗതികേട്. വേറെ എന്തോന്ന്? നമ്മുടെ കാലത്തെ യാന്ത്രിക ജീവിതത്തില്‍ പ്രണയം പോലുള്ള സംഗതികള്‍ക്ക് പ്രസക്തി തീരെ കുറഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, (ആകെ പാടെ ഉള്ളത് ഇന്‍സ്റ്റന്റ് നൂഡില്‍സ് പോലുള്ള ഉണ്ടാക്കപ്പെടുന്ന പ്രണയങ്ങളും പിന്നെ ആക്രാന്തം മൂത്ത് ഉള്ള എടുത്തു ചാട്ടങ്ങളും ആണെന്ന് ആണ് ഞാന്‍ കരുതുന്നത്)  പ്രണയം മാത്രം പറഞ്ഞു രണ്ടു രണ്ടര മണികൂര്‍ തള്ളി നീക്കാന്‍ ഒരല്‍പം കഴിവ് വേണം അല്ലെങ്കില്‍ മാര്‍ക്കെറ്റിംഗ് മികവു ( ലൈക്‌ തട്ടത്തിന്‍ മറയത്തു) .നിര്‍ഭാഗ്യവശാല്‍  ഈ ചിത്രത്തില്‍ ഏവ രണ്ടും ല്ലാ എന്നതാണ് കഷ്ട്ടം.