Saturday, January 17, 2015

I (വിക്രം ...വിക്രം ...വിക്രം മാത്രം)

അനിയാ...

അണ്ണാ എന്നെ വിളിക്കണ്ട ഞാന്‍ ബിസി

എന്ത് പറ്റി അനിയാ?

നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ലല്ലോ. എഴുതിയാല്‍ എഴുതി ഇല്ലങ്കില്‍ ഇല്ല. വലിയ താരങ്ങള്‍ വരെ ഫീല്‍ഡ് ഔട്ട്‌ ആകാതിരിക്കാന്‍ സ്വന്തമായി മഹത്തായ സൃഷ്ട്ടികള്‍ പടച്ചു വിട്ടു നമ്മളെ ആനന്ദ പുളകിതരാക്കുന്ന കാലം.നിങ്ങള്ക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ.നമുക്ക് പച്ചരി വാങ്ങണ്ടേ.ബൈ ദ വേ ഞാന്‍ ചിത്രവിദ്വേഷം വിട്ടു ഇപ്പോ ഉച്ചപ്പടം എന്നൊരു ഭീമനാണ് അന്നദാതാവ്.

അനിയാ തികച്ചും ഗ്രാമ്യമായ,പള്ളിയിലെ കാര്യം പടച്ചോന് അറിയാം എന്നാ പഴംചൊല്ല് പറയാന്‍ ഉയിര് പേടി ഉള്ളത് കൊണ്ട് പറയുന്നില്ല. എന്‍റെ കാര്യം അത്രയെ പറയാനുള്ളൂ. അതിരിക്കട്ടെ അനിയന്‍ എങ്ങോട്ടാ?

അണ്ണാ എന്നല്ലേ ഭാരതം മാത്രമല്ല ലോകം മുഴുവന്‍ കാത്തിരിക്കുന്ന ദിവസം. നമ്മുടെ ശങ്കറിന്‍റെ ഐ ഇറങ്ങിയത്‌? രജനീകാന്ത്, വിജയ്‌, ശങ്കര്‍ ഇവരുടെ ഒക്കെ പടം ഇറങ്ങുന്ന ദിവസം നല്ലൊരു സമരം പ്ലാന്‍ ചെയ്യാന്‍ പോലും പാടാണെന്ന് നമ്മുടെ അടുത്ത രാഷ്ട്രീയ സുഹൃത്ത്‌ ഈയിടെ രഹസ്യമായി പറഞ്ഞതാ.

മലയാളിക്ക് പ്രതീക്ഷ വാനോളം ഉയരാന്‍ പ്രത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ. അമരത്തില്‍ കെ പി എസ് സി ലളിത പറഞ്ഞ പോലെ സൂര്യന്‍ ഉദിച്ചാല്‍ സന്തോഷം, ഉദിച്ചില്ലേല്‍ സന്തോഷം കടലി പോയാല്‍ സന്തോഷം പോയില്ലേല്‍ സന്തോഷം അങ്ങനെ....” .വന്നു വന്നു മലയാളത്തിലെ അത്ഭുദ ബാലന്‍”(ഇതൊരു പ്രമുഖ പത്രം ചാര്‍ത്തി കൊടുത്ത പട്ടമാണ്) പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായി ആയി ജോലി ചെയ്യുന്നത് പോലും നമ്മുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തി കൊള്ളണം എന്നാണ് മാധ്യമ കല്‍പ്പന എന്തുവാടെ ഇതു?

അണ്ണാ ഇത് അങ്ങനെ അല്ല. റിലീസ് ദിവസം രാവിലെ വരെ ഈ സിനിമയെ പറ്റി വലുതായി ഒന്നും ആര്‍ക്കും അറിയില്ല എന്നതാണ് സത്യം.മൂന്നു വര്ഷം കൊണ്ട് ചെയ്തു തീര്‍ത്ത ചിത്രം. വിക്രം എന്ന നടന്‍റെ ആത്മ സമര്‍പ്പണം.ഒടുവില്‍ ഇറങ്ങിയ ട്രെയിലര്‍ അമി ജാക്ക്സണ്‍ എന്ന സുന്ദരിക്കുട്ടി നായിക (ശങ്കര്‍ നായികമാര്‍ക്ക് ആ ചിത്രം കഴിഞ്ഞാല്‍ പിന്നെ വലിയ ആയുസ്സില്ല എന്ന ചരിത്രപരമായ വസ്തുത ഓര്‍ക്കുമ്പോള്‍ വിഷമം ഉണ്ട്). എ. ആര്‍ റെഹ്മാന്‍ ഒരുക്കുന്ന സംഗീതവും പി സി ശ്രീരാമിന്‍റെ ക്യാമറയും.പിന്നെ മലയാളിയെ ഒന്ന് ഇക്കിളി ആക്കാനായി സുരേഷ് ഗോപി ഉണ്ടോ ഇല്ലയോ പോലുള്ള ലോക്കല്‍ വിവാദങ്ങളും.ഞാന്‍ എന്തായാലും വാനോളം ഉയര്‍ത്തി ക്കഴിഞ്ഞു എന്‍റെ പ്രതീക്ഷ.

അനിയാ ഈ ചിത്രം നായകന്‍ വിക്രത്തിനും സംവിധായകന്‍ ശങ്കറിനും ഒരല്‍പം നിര്‍ണായകമാണ് സ്റ്റോക്ക്‌ തീര്‍ന്നോ എന്ന് സംശയം ഉളവാക്കുന്ന റോബോ, നന്‍പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സ്വയം തെളിയിക്കേണ്ടത് ശങ്കറിന്‍റെ അവശ്യം ആകുമ്പോള്‍,ഒരു നീണ്ട കാലം വന്‍ വാണിജ്യ വിജയങ്ങള്‍ ഇല്ലാതെ ഉഴലുന്ന സമയത്ത് ഒരു ചിത്രത്തിന് വേണ്ടി 3കൊല്ലത്തോളം നീക്കി വയ്ക്കാനും അതിനു വേണ്ടി കഠിനമായി അധ്വനിക്കാനും ഉള്ള വിക്രത്തിന്‍റെ മനോധൈര്യം സമ്മതിക്കണം.പക്ഷെ സംഗതി അവസാനം എങ്ങാനും കേറി കന്തസ്വാമി ആയി പ്പോകുമോ എന്നൊരു ചെറിയ ഭയം ഈ ചിത്രത്തിന് പോകുമ്പോള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഓ ഹോ അപ്പൊ അണ്ണന്‍ പടം കണ്ടു എന്നിട്ടാണ് ഈ തത്വം വിടുന്നെ അല്ലേ. വേഗം പറഞ്ഞേ എങ്ങനുണ്ട് സംഗതി? മലയാളികള്‍ മാത്രമല്ല ലോകം മുഴുവന്‍ അണ്ണന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

അനിയാ ഈ ചിത്രം കാണാന്‍ നില്‍ക്കുമ്പോള്‍ ഇതിന്‍റെ കഥ എന്തായിരിക്കും എന്ന് ഒന്ന് ഊഹിക്കാന്‍ ശ്രമിച്ചു നോക്കി.അറിയാവുന്ന ചിലറ കഷ്ണങ്ങള്‍ വെച്ച് ചിന്തിച്ചപ്പോള്‍ തോന്നിയത് ഇങ്ങനെ.മിസ്റ്റര്‍ ചെന്നൈ ആകാന്‍ വാശിയോടെ ശ്രമിക്കുന്ന യുവാവ്‌., വാണിജ്യ താല്പര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ അറിഞ്ഞോ, അറിയാതെയോ ഉത്തേജക മരുന്നുകള്‍ ഉപയോഗിപ്പിക്കുന്ന സ്പോര്‍ട്സ് മെഡിസിന്‍ മാഫിയ, മത്സരം വിജയിക്കുന്നു എങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം,കഴിച്ച മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ ആയി രോഗങ്ങള്‍ പിടിപെട്ടു വികൃത രൂപത്തില്‍ ആകുന്ന നായകന്‍.പിന്നീടു തന്നെ ഇങ്ങനെ ആക്കിയവര്‍ക്കെതിരെ അയാളുടെ പ്രതികാരം. കാണട്ടെ മോനെ ശങ്കറെ നിന്‍റെ കളി എന്ന ഭാവത്തില്‍ ആണ് ഞാന്‍ തീയട്ടെറില്‍ കയറിയത്.

എന്നിട്ടോ?

അനിയാ മേല്‍പ്പറഞ്ഞത്‌ ആയിരുന്നു ഇതിന്‍റെ കഥ എങ്കില്‍ ഇതിലും ബധം ആയിരുന്നുന്നെനെ എന്നാണ് എനിക്ക് തോന്നിയത്.വിക്രം എന്നാ നടനും അങ്ങേരുടെ ആത്മ സമര്‍പ്പണവും അല്ലാതെ മറ്റൊന്നും ഈ ചിത്രത്തില്‍ ഇല്ല എന്നതാണ് സത്യം. പിന്നെ പറയാന്‍ ആണെങ്കില്‍ പി സി ശ്രീരാമിന്‍റെ ക്യാമറയും നായികയെ കാണാന്‍ ഭംഗി ഉണ്ട് എന്നതും കൂടെ ഇരിക്കട്ടെ കഴിഞ്ഞു കഥ.

അല്ല അപ്പൊ...

ഒരു വിവാഹ വേളയില്‍ കല്യാണ പെണ്ണിനെ തട്ടി കൊണ്ട് പോകുന്ന വികൃത രൂപിയായ കൂനനില്‍ നിന്നാണ് കഥയുടെ തുടക്കം.ദോഷം പറയരുതല്ലോ സിനിമയുടെ തുടക്കം നന്നായിട്ടുണ്ട്. പ്രതീക്ഷ തരുന്നതും ആണ്. പിന്നെ ഇന്നും ഇന്നലെകളും (വര്‍ത്തമാനവും, ഫ്ലാഷ് ബാക്കും) സമാന്തരമായി കാണിച്ചു കഥ മുന്നോട്ടു പോകുന്നു ഒടുവില്‍ ഭാവി ഭൂതമായി കാണികളെ കടിച്ചു തിന്നാന്‍ വരുമ്പോള്‍ പടം തീരുന്നു. നമ്മള്‍ ഇറങ്ങി ഓടുന്നു.

പോര വ്യക്തമാക്കണം

അനിയാ ചെന്നൈയില്‍ ലിംഗേശ്വരന്‍ (വിക്രം) എന്ന മിസ്റ്റര്‍ ഇന്ത്യ ആകാന്‍ ആഗ്രഹിച്ചു നടക്കുന്ന ബോഡി ബില്‍ഡര്‍. അയാള്‍ ദിയ (എമി ജാക്ക്സണ്‍) എന്ന മോഡലിന്‍റെ ആരാധകന്‍ ആണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ദിയക്ക്‌ നായകനെ ലീ എന്ന പേരില്‍ മോഡല്‍ ആക്കേണ്ടി വരുന്നു.(സാഹചര്യം എന്നൊക്കെ പറഞ്ഞാല്‍ ഈ പഴയ തമിഴ് സിനിമയിലും ഇന്നത്തെ മലയാളം സുപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളിലും മാത്രം കാണപ്പെടുന്ന സാഹചര്യം) അഭിനയത്തിന്‍റെ സ്വാഭാവികതക്കു വേണ്ടി നായകനോട് പ്രേമം അഭിനയിക്കുന്ന നായിക അവസാനം ശരിക്കും പ്രണയത്തില്‍ ആകുന്നു. ഇവരുടെ ജോഡി പരസ്യ രംഗത്ത്‌ ഹിറ്റ്‌ ആകുന്നതോടെ ലീക്ക് ശത്രുക്കളുടെ എണ്ണം കൂടുന്നു ഒടുവില്‍ അവരെല്ലാം ചേര്‍ന്ന് നായകന് മാരകമായ ഒരു വൈറസ് കുത്തിവെച്ചു പതുക്കെ ഇന്നത്തെ കൂനന്‍ ആക്കുന്നു.യാദ്രിശ്ചികമായി തനിക്കു വന്നത് അസുഖമല്ല മറിച്ചു വില്ലന്‍മാരുടെ ചതി ആണ് എന്ന് മനസിലാക്കിയ നായകന്‍ വില്ലന്മാരെ ഒന്നൊന്നായി ചിത്ര വധം ചെയ്തു പ്രതികാരം നിര്‍വഹിക്കുന്നു.നായികയുടെ സ്നേഹ പൂര്‍ണമായ ശിശ്രൂഷയിലൂടെ നായകന്‍ സുഖപ്പെട്ടു പഴയ പോലെ ജിംഘാന ആകും എന്ന സൂചന നല്‍കി പടം തീരുന്നു.

അല്ല ഈ ചിത്രത്തില്‍ നായികാ നായകന്മാര്‍ മോഡല്‍ രംഗത്ത്‌ നിന്ന് എന്നതിനേക്കാള്‍ വല്ല സിനിമ/സീരിയല്‍ രംഗത്ത്‌ നിന്ന് ആകുന്നതയിരുന്നില്ലേ കൂടുതല്‍ അഭികാമ്യം?

അനിയാ, നീ പറഞ്ഞത് സത്യം പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ കുറഞ്ഞത്‌ ഒരു പത്തു പരസ്യം എങ്കിലും ഗാനങ്ങളുടെ മറവില്‍ നമ്മെ കാണിക്കാന്‍ പറ്റില്ലല്ലോ.ശങ്കറിനെ പോലുള്ള ഒരു സംവിധായകന്‍ ഇങ്ങനെയുള്ള തരം താണ പരിപാടികളിലേക്ക് പോകുമ്പോള്‍ സിനിമയുടെ നിലവാരത്തെ ബാധിക്കുന്നു എന്നത് ഒന്ന് രണ്ടാമതായി മറ്റു സംവിധയകന്മാര്‍ക്ക് തെറ്റായ ഒരു മാത്രുക കാണിച്ചു കൊടുക്കുന്നു. (ആശിക് അബുവിനെ പോലുള്ള സംവിധായകര്‍ക്ക് വെറുതെ ഇരിക്കുമ്പോള്‍ പ്രതികരിക്കാന്‍ ഒരവസരം ഇവിടെ ഉണ്ട്. അല്ലാതെ കാര്യങ്ങള്‍ വളച്ചൊടിച്ചു എഴുതി എന്തിനാ വെറുതെ ആളുകളുടെ തെറി കേള്‍ക്കുന്നേ!!!)

അണ്ണാ എത്രയും പോര. ഒരു വിവാദം എങ്കിലും ഇല്ലങ്കില്‍ ഉച്ചപ്പടം വര്‍ക്കിച്ചന്‍ ഇതു എടുക്കില്ല. ഈ പടത്തില്‍ നായകന് എതിരെ തിരിയുന്ന ആള്‍ക്കാരില്‍ ഒരു ട്രാന്‍സ് ജെന്റെര്‍ വിഭാഗത്തില്‍ പെട്ട ഒരു വ്യക്തിയും ഉള്‍പ്പെടുന്നു. അപ്പോള്‍ ആ വിഭാഗക്കാരെ അവഹേളിക്കുന്നു എന്ന് കാച്ചിയാലോ. എങ്ങാനും വിവാദം ആയാലോ? ഞാന്‍ രക്ഷപെട്ടില്ലേ?

ആ വിഭാഗത്തില്‍ പെട്ടവരോട് വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ഒരു സാധാരണ തമിഴന്‍ പ്രതികര്‍ക്കുന്നത് പോലെയേ നായകന്‍ പ്രതികരിക്കുന്നുള്ളു. (പ്രത്യേകിച്ചു നായകനെ വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍) . വേറെ ഒന്നും പറയാന്‍ ഇല്ലങ്കില്‍ ഇതു വെച്ച് ജീവിക്ക് .കിടക്കട്ടെ നിനക്കും ഒരു ബുജി പരിവേഷം.

ഒരു കാര്യം കൂടി അണ്ണന്‍ പറഞ്ഞത് അനുസരിച്ച് നായക കഥാപാത്രത്തിന് രണ്ടു രൂപ ഭേദങ്ങളെ ഉള്ളു ബോഡി ബില്‍ഡറും കൂനനും ഇതില്‍ വിക്രം ഒരു സിംഹംപോലത്തെ മനുഷ്യന്‍ ആയും മറ്റും വരുന്നു എന്നൊക്കെ പ്രചരണം ഉണ്ടല്ലോ അതോ?

അനിയാ മേല്‍പ്പറഞ്ഞ രണ്ടു രണ്ടു ഭാഗങ്ങള്‍ ആണ് കഥാപാത്രത്തിന് ഉള്ളത് പിന്നെ മോഡല്‍ ആയി ഉയരുമ്പോള്‍ രൂപ ഭാവങ്ങളില്‍ വരുന്ന മാറ്റം . ഈ സിംഹവും പുലിയുമൊക്കെ അല്ലേ പറ്റിക്കാന്‍ ഗാന രംഗങ്ങളില്‍ മാത്രമുള്ള വേഷങ്ങള്‍ ആണ്

ഇനി അടുത്ത ചോദ്യം മലയാള നടന്‍ സുരേഷ് ഗോപി ഈ ചിത്രത്തില്‍.....

സുരേഷ് ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.പ്രധാന വില്ലന്‍ അദ്ദേഹമാണ് എന്നാല്‍ അദ്ദേഹത്തെ കുറെ കൂടി നന്നായി ഉപയോഗിക്കാമായിരുന്നു എന്ന് പറയേണ്ടി വരും.ഉദാഹരണമായി ഈ നടന്‍റെ ഒരു ശക്തിയായി ഞാന്‍ കാണുന്നത് വികാര തീവ്രതയുള്ള രംഗങ്ങളാണ്(ഇന്നലെ പോലുള്ള ചിത്രങ്ങള്‍ മറക്കുന്നില്ല) . ഈ സിനിമയില്‍ നായികയുമായുള്ള ബന്ധം വെളിവാക്കുന്ന പോലുള്ള രംഗങ്ങളില്‍ അത് നന്നായി ഉപയോഗിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്

മറ്റുള്ളവര്‍

വിക്രം ആണ് ഈ ചിത്രത്തെ ചുമലില്‍ എറ്റുന്നത് ബോഡി ബില്‍ഡര്‍ ആയി മറ്റുജിംഘാനകളുടെഒപ്പം നില്‍ക്കുമ്പോള്‍ ഒട്ടും മോശമവുന്നില്ല ഈ നടന്‍ അതെ മനുഷ്യന്‍ തന്നെ മെലിഞ്ഞു ഉണങ്ങി വികൃതമായ കൂനന്‍ ആകുമ്പോള്‍ തികച്ചും അതേ സ്വാഭാവികത പുലര്‍ത്തുന്നു. ഒരു പക്ഷെ വിക്രം എന്ന നടന്‍ ഈ ചിത്രത്തില്‍ ഇല്ലായിരുന്നു എങ്കില്‍ ഇതൊരു മൂന്നാം കിട ചിത്രമായി വിധി എഴുതപ്പെട്ടെനെ.വേറെ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല.നായികയെ കാണാന്‍ നല്ല ഭംഗി ഉണ്ട്.സുരേഷ് ഗോപി ഒപ്പിച്ചു പോയി

ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍?

ശങ്കറിനെ തിരക്കഥയില്‍ സഹായിക്കാറുള്ള സുജാതയുടെ അഭാവം ഈ ചിത്രത്തില്‍ അറിയാനുണ്ട്.തിരക്കഥ/സംഭാഷണം എന്നിവ പലപ്പോളും സില്ലി ആകുന്നു. ഏ ആര്‍ റഹിമാന്‍റെ ഗാനങ്ങള്‍ എനിക്ക് വളരെയൊന്നും നന്നായി തോന്നിയില്ല (ശ്രീനി പറയുന്നുണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ കുറഞ്ഞത്‌ ഇരുപത്തി അഞ്ചു പ്രാവശ്യം എങ്കിലും കേട്ടാലെ ഇഷ്ടപ്പെടു എന്ന്)..സാധാരണ ശങ്കര്‍ ചിത്രങ്ങളില്‍ കാണാത്ത. ഇനി കണ്ടാലും അരോചകമായി തോന്നാത്ത തമിഴ് വളിപ്പുകള്‍, നീണ്ടു നീണ്ടു പോകുന്ന സംഘട്ടന രംഗങ്ങള്‍ (ഒരെണ്ണം ആണെങ്കില്‍ സഹിക്കാം ഇതു എല്ലാം അങ്ങനെ ആയാലോ?)

അപ്പൊ ചുരുക്കത്തില്‍..

വിക്രം എന്ന നടന്‍റെ ആത്മാര്‍ത്ഥതയെയും ശ്രീ രാം എന്ന മനുഷ്യന്‍റെ ക്യാമറയെയും നമിച്ചു കൊണ്ട് പറയട്ടെ സംവിധായകന്‍ ശങ്കറിന്‍റെ ഏറ്റവും മോശപ്പെട്ട ചിത്രം. ഒരു ബ്രഹ്മാണ്ട ചിത്രം ആണെന് കരുതി സംഗതി അങ്ങനെ അകാതിരിക്കുന്നില്ല.

അണ്ണാ അവസാനം പറഞ്ഞത്..എന്തുവാ? ബ്രഹ്മ.....

അനിയാ അത്യാവശ്യം മലയാളം അറിയാതെ ഈ ക്ഷൌരത്തിന് ഇറങ്ങുന്നത് കൊണ്ടുള്ള പ്രശ്നമാ ഇതൊക്കെ. നീ തല്ക്കാലം വലിയ എന്ന് എഴുതി നോക്കു.

അണ്ണാ തമിഴ് പടമല്ലേ ഒരു പഞ്ച് ഡയലോഗ് കൂടെ

ലിംഗ അല്ലെടാ ലിംഗേശ്വരന്‍ അതുക്കും മേലെ !!!
 

Saturday, January 3, 2015

പി കെ........ ഒരു വിയോജനക്കുറിപ്പ്

തൊഴില്‍പരമായ ചില തിരക്കുകളും മറ്റു ചില അസൌകര്യങ്ങളും കാരണം ഏതാണ്ട് ഒരു കൊല്ലത്തോളമായി ഈ ബ്ലോഗില്‍......

അണ്ണോ.. ഇതാര് ഇപ്പോ എത്തി?നിങ്ങള്‍ പിന്നെയും ബാല്‍ക്കണിയില്‍ കേറിയോ

ഇല്ല അനിയാ....ഇതു പുതിയൊരു സിനിമയെ പറ്റി എഴുതാനല്ല മറിച്ചു ഇന്നു നല്ല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിവാദ ചിത്രത്തെ പറ്റിയാണ്.
അതേതു പടം ? നരകവാരിധി...കസിന്‍സ്......
ചുമ്മാതിരിയെടെ ആ പാവങ്ങള്‍ ഒക്കെ ജീവിച്ചു പോട്ടെ. ഇവിടെ എനിക്ക് പറയാനുള്ളത് ഇന്ത്യന്‍ സിനിമാ രംഗത്തെ തന്നെ ദൈവങ്ങള്‍ ആയ ശ്രീ അമീര്‍ഖാനും രാജ് കുമാര്‍ ഹിരാനിയും ഒക്കെ ചേര്‍ന്ന് ഒരുക്കിയ പി കെ എന്ന ചിത്രത്തെ പറ്റിയാണ്.

ഓ അതിനിത്ര പറയാന്‍ എന്തിരിക്കുന്നുആള്‍ ദൈവങ്ങള്‍കെതിരെ അഞ്ഞടിക്കുന്ന ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ ശക്തമായ സന്ദേശം. അമീര്‍ഖാന്‍ ഒരിക്കല്‍ കൂടി ഒരു മികച്ച ചിത്രവുമായി എത്തുന്നു.പടം എതിര്‍പ്പുകളെ അതിജീവിച്ചു അഞ്ഞൂറ് കോടി ക്ലബ്ബില്‍ എത്തി ഇത്രയൊക്കെ പോരെ... ഞാന്‍ ദാ എഴുതി റെഡി ആക്കി വെച്ചിട്ടുണ്ട്.എത്രയും പോരെ?അതിരിക്കട്ടെ എന്താ ഇതിന്‍റെ കഥ?

അനിയാനീ ഇപ്പോഴും പഴയ പരിപാടി നിര്‍ത്തിയില്ലേ.

അണ്ണാ നമ്മുടെ മുഖ്യമന്ത്രിമാര്‍ വരെ പടം ഡൌണ്‍ ലോഡ് ചെയ്തു കാണുന്ന കാലം.. അങ്ങനെ എന്തേലും തടഞ്ഞാലോ എന്നോര്‍ത്ത്....

അനിയാ ആദ്യമായി ഈ പറയുന്നത് സിനിമ കാണാത്തവര്‍ക്ക് വേണ്ടി അല്ല മറിച്ചു ഈ സിനിമ കണ്ടു അത് ശക്തമായ ഒരു സന്ദേശം നല്‍ക്കുന്നു എന്ന് ഗര്‍ജിക്കുന്ന സിംഹങ്ങള്‍ വായിക്കാന്‍ വേണ്ടിയാണു.ഒപ്പം എന്‍റെ ചില ചെറിയ സംശയങ്ങളും. പി കെ ക്ക് മാത്രം അല്ലാലോ നമുക്കും ആകാമല്ലോ സംശയങ്ങള്‍?

സംശയമോ എന്തിനുമതവിശ്വാസം ചൂഷണം ചെയ്തു തടിച്ചു കൊഴുകുന്ന ആള്‍ ദൈവങ്ങള്‍തിരെ........

നില്‍ അനിയാ കത്തി കേറാന്‍ വരട്ടെ. ഭൂമിയില്‍ എത്തുന്ന അന്യഗ്രഹ ജീവി (പി കെ : അമീര്‍ഖാന്‍) തിരിച്ചു പോകാനുള്ള റിമോട്ട് നഷ്ട്ടപെടുതുന്നതും അത് നേടാന്‍ ഉള്ള ശ്രമവും അതിന്‍റെ പരിണാമവും ആണല്ലോ പി കെ എന്നാ ചിത്രത്തിന്‍റെ കഥാ ബീജം. ഈ ചിത്രത്തിന് എതിരെ ഉയര്‍ന്ന ആരോപണം ഹിന്ദു മത വിശ്വാസങ്ങളെ (മാത്രം/അഥവാ വളരെ കൂടുതല്‍ വിമര്‍ശിക്കുമ്പോള്‍) മറ്റു മതങ്ങളോട് മൃദു സമീപനം കാണിക്കുന്നു എന്നതാണല്ലോ.ഈ ആരോപണത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് അങ്ങനെ അല്ല എന്നും എല്ലാ മതങ്ങളെ പറ്റിയും ഒരുപോലെ പറയുന്നു എന്നുമാണ്

തന്നെ അതിനു......

ഇനി ഞാന്‍ എന്‍റെ കുറച്ചു സംശയങ്ങള്‍ ചോദിക്കട്ടെ. ഈ സംശയങ്ങള്‍ ഞാന്‍ പലയിടത്തും ചോദിച്ചതാണ്.ആവര്‍ത്തനം ക്ഷമിക്കുമല്ലോ

1) പി കെകാണാനില്ല എന്ന് പോസ്റ്റര്‍ അടിച്ചു വിതരണം ചെയുന്നത് മുഴുവന്‍ ഹിന്ദു ദൈവങ്ങളുടെ മാത്രം ആണ് . (ശരിയോ തെറ്റോ)?

2) പ്രതി നായക സ്ഥാനത്തു വരുന്ന സന്യാസി ഒരിടത്തും തന്‍ ദൈവം ആണെന്ന് അവകാശപ്പെടുന്നില്ല.അപ്പോള്‍ അയാള്‍ എങ്ങനെ ആള്‍ ദൈവം ആകും
ദൈവത്തോട് അടുത്ത് നില്‍ക്കുന്ന ആള്‍ എന്ന നിലയ്ക്കാണ് എങ്കില്‍ മാര്‍പ്പാപ്പ മുതലുള്ള ക്രിസ്തീയ പുരോഹിതന്മാരും പാസ്റ്റര്‍മാരും മറ്റു മതവിഭാഗങ്ങളിലെ മത നേതാക്കന്മാരും എങ്ങനെ അതില്‍ നിന്ന് വ്യത്യാസപ്പെടുന്നുഅവരും അപ്പോള്‍ ആള്‍ ദൈവങ്ങള്‍ ആണോ?

3)അന്തരീക്ഷത്തില്‍ നിന്നു മാല എടുത്തു കൊടുക്കുന്നത് തട്ടിപ്പാണ് എങ്കില്‍ മുടന്തന്‍ ധ്യാനം കൂടി കഴിയുമ്പോള്‍ ഓടി നടക്കുന്ന അത്ഭുദം എങ്ങനെ തട്ടിപ്പ് അല്ലാതെ ആകും.ഒന്ന് കൂടി കടന്നു ചിന്തിച്ചാല്‍ ശാസ്ത്രീയമായ തെളിവുകള്‍ ഇല്ലാത്ത സ്ഥിതിക്ക് ദൈവ വിശ്വാസം തന്നെ അന്ധ വിശ്വാസം അല്ലേ
?

4) സ്വന്തം വിഷമങ്ങള്‍ പറയുന്ന ഒരു സാധാരണക്കാരനോട് ഈ ചിത്രത്തിലെ വില്ലന്‍ ആയി കാണിക്കുന്ന ആത്മീയ ഗുരു ഒരു തീര്‍ഥയാത്ര പോകാന്‍ നിര്‍ദേശിക്കുന്നു. അപ്പോള്‍ പി കെ അയാളോട് “നിങ്ങളുടെ കുട്ടി നിങ്ങളോട് ഒരു പ്രശ്നം പറഞ്ഞാല്‍ നിങ്ങള്‍ അത് പരിഹരിക്കുമോ. അതോ കഠിനമായ ഒരു കാര്യം ചെയ്തിട്ടു വരാന്‍ പറയുമോ എന്ന ബൌധിക ചോദ്യം എറിഞ്ഞു മിടുക്കന്‍ ആകുന്നു.ഇതേ ചോദ്യം ഹജ്ജിനു പോകുന്ന ഒരാളോട് ചോദിച്ചാല്‍ പി കെയുടെ അവസ്ഥ വിഗത കുമാരന്‍റെ ആകും(അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു ആരും കണ്ടിട്ടില്ല) എന്നതു അകുമായിരുന്നില്ലേ സത്യം???

5) നമുക്ക് വിശദീകരിക്കാന്‍ കഴിയാത്ത എല്ലാം ദൈവത്തിന്‍റെ തലയില്‍ വയ്ക്കുന്നത് മനുഷ്യ സ്വഭാവമാണ്. പി കെ യുടെ റിമോട്ട് കൈയില്‍ കിട്ടുന്ന so called വില്ലനും അത് മാത്രമല്ലേ ചെയ്യുന്നുള്ളൂ.അല്ലാതെ ദൈവത്തിന്‍റെ പ്രതിമയില്‍ നിന്ന് വരുന്നത് ഓട വെള്ളം ആണെന്ന് ശാസ്ത്രീയമായി തെളിയിച്ച മനുഷ്യനെതിരെ പത്തു ഇരുനൂറു കേസ് കൊടുത്തില്ലല്ലോ? (പത്രത്തില്‍ വായിച്ചതു ആണേ.തെറ്റാണെങ്കില്‍ ക്ഷമിക്കുക)

6) പിന്നെ ദൈവത്തെ/വിശ്വാസത്തെ രക്ഷിക്കാന്‍ മനുഷ്യന്‍ പടവെട്ടേണ്ട കാര്യമില്ല എന്ന് ഒരു അഹിന്ദു ആയ മതനേതാവിനോട് പി കെ പറയുകയും അവര്‍ ചൂളി നില്‍ക്കുന്നതായും ഈ ചിത്രത്തില്‍ കാണിച്ചാല്‍ അമീര്‍ഖാനും ഹിരാനിയും ഇത്ര വലിയ ദൈവങ്ങള്‍ ആയാലും അവരൊക്കെ അന്യഗ്രഹത്തിലേക്ക് താമസം മാറേണ്ടി വരും എന്ന് ഞ്ഞാന്‍ കരുതുന്നു.

7) ഇനി ചിത്രം എന്ന നിലയില്‍ നോക്കിയാല്‍.. ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌........ പി കെ ക്ക് എങ്ങനെയാണു നായികക്ക് ആള് മാറിയാണ് കത്ത് കിട്ടിയത് എന്ന് മനസ്സിലാകുന്നത്‌ എന്ന് മനസിലായില്ല. നായികയുടെ മനസ്സില്‍ അപ്പോളും അയാള്‍ ചതിച്ചു എന്ന് തന്നെയാണ്. (അതിനുള്ള സാധ്യതയും ഉണ്ട്) .(പറഞ്ഞു വരുമ്പോള്‍ അവിടെ ആണല്ലോ പി കെ ജയിക്കുന്നതും വില്ലന്‍ തോല്‍ക്കുന്നതും).

8) ഇനി നായികയുടെ പ്രണയത്തെ കുറിച്ചുള്ള വീക്ഷണം. വിദേശത്ത് പഠിക്കാന്‍ പോകുന്ന നിങ്ങളുടെ മകള്‍ ഒരു പാകിസ്ഥാനി മുസ്ലിമുമായി പ്രണയത്തില്‍ ആണെന്ന് അറിഞ്ഞാല്‍ നിങ്ങളോ നിങ്ങളുടെ മകള്‍ക്ക് പിതൃ സ്ഥനീയരായ വ്യക്തികളോ പറയുന്നതേ നായികയുടെ അച്ഛനും ഗുരുവും പറയുന്നുള്ളൂ. (സമാനമായ സാഹചര്യത്തില്‍ “ഇന്‍ഡോ പാക്‌ ബന്ധത്തില്‍ എന്‍റെ മകള്‍ അവളുടെ സംഭാവന നടത്തുന്നതില്‍ എനിക്ക് അഭിമാനം ഉണ്ട്”. എന്നാണ് പ്രതികരിക്കുന്നത് എങ്കില്‍ എനിക്കൊന്നും പറയാനില്ല).
ഇനി പാകിസ്ഥാന്‍ മുസ്ലിം എന്നൊക്കെ പറഞ്ഞത് കൊണ്ട് ആര്‍ക്കും കൊള്ളണ്ട. റഷ്യയില്‍ മെഡിസിന്‍ പഠിക്കാന്‍ പോകുന്ന മലയാളി പയ്യന്‍റെ റഷ്യാക്കാരിയും ആയുള്ള പ്രണയം അറിഞ്ഞാന്‍ അവളുടെ മാതാ പിതാക്കളും മറ്റും ഇതു തന്നെയേ പറയു........

9) അഫ്ഗാനില്‍ തീവ്രവാദം ചിത്രീകരിച്ചപ്പോള്‍ ഇവിടെ വൃണപ്പെട്ട പലരും ഈ ചിത്രത്തിന് ആവേശത്തോടെ കൈ അടിക്കുന്നുണ്ട്. ആരാന്‍റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ അല്ലെങ്കിലും നല്ല രസമാണല്ലോ!!!!

10) ദൈവത്തിനു ബ്രോക്കര്‍മാരുടെ ആവശ്യമുണ്ടോ എന്നൊരു ചോദ്യം പലയിടത്തും കണ്ടു.രാഷ്ട്രീയം മുതല്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ വരെ ഉള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുന്ന മത ബ്രോക്കര്‍മാര്‍ ഇല്ലാത്ത ഏതു വിശ്വാസമാണ് ഉള്ളത് എന്ന് പറയാമോ?

അല്ല അണ്ണാ ഇതില്‍ ഇത്തരം ആളുകളെ വിമര്‍ശിക്കാന്‍ കാണിക്കുന്ന ധീരത.. അത് ബഹുമാനിക്കപെടതല്ലേ.

പൊന്നനിയാ ഈ നാട്ടില്‍ ഹിന്ദു മത നേതാക്കന്മാരെ എന്തു പുലഭ്യവും പറയാന്‍ ധൈര്യം വേണം എങ്കില്‍ മലയാളികളെ പോലെ ധീരന്മാര്‍ വേറെആരും ഉണ്ടാകില്ല. വളരെ കാലം അവരുടെ ആശ്രമത്തില്‍ സുഖിച്ചു ജീവിച്ച ഒരു സ്ത്രീ ഒരു സുപ്രഭാതത്തില്‍ ആ ആശ്രമത്തിനെതിരെ പുസ്തകം എഴുതിയപ്പോള്‍ അത് ആഘോഷം അക്കിയവര്‍ അല്ലേ നമ്മള്‍ മലയാളികള്‍. ഇത്ര ധീരന്മാരായ മലയാള ചാനല്‍കള്‍ക്ക് സിസ്റ്റര്‍ ജെസ്മിയുടെയോ ചേകനൂര്‍ മൌലവിയുടെയോ ഒരു അഭിമുഖം ഇതു പോലെ ആഘോഷം ആക്കാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടാകുമോ? (ഉദാഹരണത്തിന് പെട്ടന്നു ഓര്‍മ്മ വന്ന രണ്ടു പേരുകള്‍ പറഞ്ഞു എന്നേ ഉള്ളു).കൈവെട്ടു കേസിലെ ഒന്നാം പ്രതി ഇന്ന് സുഖ ചികിതസക്കായി ആശുപത്രിയില്‍ പ്രവേശിച്ചു (അതും രണ്ടു പ്രാവശ്യം ആശുപത്രി മുറി സന്ദര്‍ശിച്ചു സുഖ സൌകര്യങ്ങള്‍ ബോധിച്ചതിനു ശേഷം!!!! പത്രത്തില്‍ വന്നതാണേ) എന്ന് ഓര്‍മയിരിക്കുന്നത് നന്ന്.നമുക്കിപ്പോലും പ്രശ്നം ബഹു ദൈവ വിശ്വാസവും ആത്മീയ ഗുരുക്കന്മാരും ആണ്.

അപ്പോള്‍ നിങ്ങള്‍ തീവ്ര ഹിന്ദു.....

കളഞ്ഞിട്ടു പോടെ..നിന്‍റെ ഒലക്കേടെ മൂട്..അനിയാ നിനക്കറിയാം അമ്പലത്തില്‍ പോയി പ്രാര്‍ഥിക്കുക മാത്രം ചെയ്യുന്ന ഒരു സാധാരണ മത വിശ്വാസി ആണ് ഞാന്‍ . ഇന്നേ ദിവസം വരെ നിങള്‍ പറയുന്ന പോലുള്ള ഒരു ആത്മീയ ഗുരുവിന്‍റെ അടുത്തും ഞാന്‍ പോയിട്ടില്ല. എന്ന് വെച്ച് അവിടെ പോയി ഇരിക്കുന്നവരോട് എനിക്ക് പുച്ഛമോ ബഹുമാനക്കുറവോ ഇല്ല.അവിടെ പോകുന്നത് കൊണ്ട് അവര്‍ക്ക് മനസമാധാനം കിട്ടുന്നു എങ്കില്‍അത് ഒരു വ്യക്തി എന്ന നിലയില്‍, സമാനമായ മനസ്സമാധാനം എനിക്ക് കൊടുക്കാന്‍ കഴിയില്ല എങ്കില്‍ അതിനെ കുറ്റം പറയാന്‍ എനിക്ക് ഒരു അധികാരവും ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.എനിക്ക് മനസമാധാനം കിട്ടുന്ന വഴിയില്‍ കൂടെ തന്നെ അവരും വാങ്ങിച്ചോണം എന്ന് വാശിയൊന്നുമില്ല. ഇനി അവന്‍റെ ഒരു വിഷമത്തിലും പങ്കു ചേരാത്ത ഞാന്‍ എന്തിനു അവന്‍ സമധാനം കണ്ടെത്തുന്ന വഴിയെ മാത്രം വിമര്‍ശിക്കണം?

അല്ല ഇങ്ങനെ ഉള്ള മത നേതാക്കള്‍ ചെയ്തുകൂട്ടുന്ന വൃത്തികേടുകള്‍...അവരൊക്കെ ആളുകളെ കബളിപ്പിക്കുകല്ലേ ചെയ്യുന്നത്?

പലരുടെയും കാര്യത്തില്‍ (ഏതു മതത്തില്‍ ആയാലും) ഇതു ശരി ആയിരിക്കാം ആയിരിക്കാം.എന്നാല്‍ നമ്മള്‍ ജീവിക്കുന്ന ഇന്നത്തെ കാലത്ത് നമ്മളെ സൂക്ഷികേണ്ടത് നമ്മള്‍ ആണ്.അതിനു ആദ്യം ഈ മതം നമുക്ക് വേണ്ടി ആണ് അല്ലാതെ നമ്മള്‍ മതത്തിനു വേണ്ടി ആല്ല എന്ന ചിന്താഗതി എല്ലായിടത്തും ഉണ്ടാകണം.അല്ലാതെ ഒരു വിഭാഗത്തിന്‍റെ തലയില്‍ എഴുത്താക്കി മാറ്റിയാല്‍ അതൊരിക്കലും നമ്മെ നല്ലതിലേക്ക് നയിക്കും എന്ന് ഞാന്‍ കരുതുന്നില്ല.നമ്മള്‍ സൂക്ഷിച്ചില്ല എങ്കില്‍ നമ്മെ ആര്‍ക്കും പറ്റിക്കാം. ഡോക്ടര്‍ വേഷധാരി ആയ ആള്‍ പരസ്യത്തില്‍ വന്നു അവരുടെ പൊടി പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കുട്ടിക്ക് ബുദ്ധി വര്‍ധിക്കും എന്ന് പറയും. എന്നോ പരണത്തു വെച്ച വിപ്ലവത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തുന്ന ഗാനങ്ങള്‍ ഉച്ചത്തില്‍ വെച്ച് വിപ്ലവ പാര്‍ട്ടികള്‍ വോട്ട് പിടിക്കും.ഇതിനീടയില്‍ എവിടെയോ മതങ്ങളും അതിന്‍റെ ദല്ലാള്‍മാരും.ഇത്രയെ ഉള്ളു സംഗതി.മേല്‍പ്പറഞ്ഞ എല്ലാ ഉദാഹരണങ്കളിലും ഇവരൊക്കെ മത വിശ്വാസങ്ങളെ പോലെ നല്‍കുന്നത് പ്രതീക്ഷകളാണ്. പിന്നെ നിയമംഅത് കാര്യക്ഷമം ആയി പ്രവര്‍ത്തിച്ചാല്‍ നിയമ വിരുദ്ധമായ കാര്യം ചെയുന്ന ആരും ശിക്ഷിക്കപ്പെടും.പിന്നെ നമ്മള്‍ പത്രത്തില്‍ ഒരധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചു എന്ന് കരുതി എല്ലാ അധ്യാപകരെയും അങ്ങനെ കാണുന്നില്ലല്ലോ?

അല്ല ഇതില്‍ എല്ലാ മതങ്ങളെയുംവിമര്‍ശിക്കുന്നുണ്ടല്ലോ പിന്നെ...

ഒരു ഉദാഹരണമായി ഈ ചിത്രത്തില്‍ ഇസ്ലാം മതത്തെ എങ്ങനെ സമീപിക്കുന്നു എന്ന് നോക്കാം.(ഉദാഹരണത്തിന് വേണ്ടി മാത്രമാണ് ഇവിടെ ഈ മത വിശ്വാസത്തെ പറ്റി പറയുന്നത് ഇസ്ലാം മതത്തോടു ആ മതത്തിലെ ഒരു സാധാരണ മതവിശ്വസിക്കുള്ള പ്രതിബദ്ധതയോടും ആത്മ സമര്‍പ്പണത്തോടും എനിക്ക് തികഞ്ഞ ബഹുമാനം ആണുള്ളത്) ആദ്യം അമീര്‍ഖാന്‍ വൈന്‍ ഉം വാങ്ങി മുസ്ലിം ആരാധനാ ആലയത്തില്‍ പോകുമ്പോള്‍ അയാളെ ഓടിച്ചു വിടുന്നു (പിന്നെ എന്ത് ചെയ്യണംമദ്യം ഹറാം ആണെന്ന് വിശ്വസിക്കുന്ന മത വിശ്വാസി ‘വാ ഭായിജാന്‍ രണ്ടെണ്ണം അടിച്ചിട്ട് പോകാം”എന്ന് പറയണോ?) പിന്നെ ഉള്ളത് റോങ്ങ്‌ നമ്പര്‍ എന്ന പ്രസ്ഥാനത്തില്‍ ഒരിടത്ത് പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യരുത് എന്ന് വിലക്കുന്നു അത് തെറ്റാണു എന്ന് പറയുന്നു (ഒരു മിന്നല്‍ പോലെ ഒരു മിനിറ്റില്‍ താഴെ ഉള്ള രംഗമാണ് ഇതു) ഇതു നടക്കുന്നത് പാകിസ്ഥാനിലാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം സംഘടനയും സ്ത്രീ വിദ്യാഭ്യാസത്തെ വിലക്കുന്നില്ല.സമാനമായ സമീപനമാണ് ക്രിസ്ത്യന്‍ മത വിശ്വാസത്തെ പറ്റിയും.ചുരുക്കത്തില്‍ പി കെ യുടെ പ്രധാന പ്രശ്നങ്ങള്‍ വിഗ്രഹ ആരാധനയും ഹൈന്ദവ ആചാരങ്ങളും ആത്മീയ ഗുരുക്കന്മാരും ആണ്.

രാജ് കുമാര്‍ ഹിരനിയുടെ എല്ലാ ചിത്രങ്ങളും ഇതൊക്കെ നടക്കുമോ എന്ന ചോദ്യം ഉയര്തനുന്നത് തന്നെയാണ്. എന്നാല്‍ ആ ചിത്രങ്ങളില്‍ ഉള്ള സത്യസന്ധത പി കെ യില്‍ എല്ലാ എന്നതാണ് എനിക്ക് തോന്നിയത്.


അപ്പോള്‍ അണ്ണന്‍ പറയുന്നത് മറ്റു മതങ്ങളെ കൂടി തുല്യമായി വിമര്‍ശിച്ചിരുന്നു എങ്കില്‍ ഇതു ഒരു നല്ല ചിത്രം ആകുമായിരുന്നു എന്നാണോ?
ഒരിക്കലും ആല്ല. അപ്പോള്‍ അത് മലയാളത്തില്‍ നമ്മുടെ സത്യന്‍ അന്തിക്കടൊക്കെ ചിലപ്പോള്‍ ചെയുന്ന പോലത്തെ ഒരു സാരോപദേശ ചിത്രം മാത്രമേ ആകുകയുള്ളൂ

അല്ല അണ്ണാ ഈ മത വിശ്വാസങ്ങളെ പറ്റിയൊക്കെ പടം എടുക്കുമ്പോള്‍ എവിടെ എങ്കിലും ഒക്കെ കൊള്ളില്ലേ....
 
കൊള്ളിക്കലും വിമര്ശിക്കലും ആയിരുന്നില്ല ഇദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളുടെ രീതി അത് കൊണ്ടാണ് അത് മികച്ചതാകുന്നത്തും അത് ഓടിക്കാന്‍ വിവാദങ്ങളെ കൂട്ട് പിടികേണ്ടി വരാത്തതും. ഇനി ഈ ചിത്രത്തില്‍ ആയിരുന്നെങ്കില്‍  ദൈവത്തിനു രൂപം ഇല്ലാ എന്ന് പറയുന്നതും.ദൈവത്തിനെ ഏതു രൂപത്തിലും കാണാം എന്ന് പറയുന്നതിലും എന്താണ് വ്യത്യാസം എന്നൊരു ഒറ്റ ചോദ്യം ഈ കാണിച്ചിരിക്കുന്ന സര്‍ക്കസ്സിനെകാളും നമ്മെ ചിന്തിപ്പിക്കില്ലേമതങ്ങള്‍ തമ്മിലുള്ള വ്യതസ്തതകളെ കുറിച്ച് ചുഴിഞ്ഞു ചിന്തിക്കുന്ന നമുക്ക് എല്ലാവര്‍ക്കും എന്ത് കൊണ്ട് സാമ്യതകളെ കുറിച്ച് ചിന്തിച്ചു കൂടെഎന്ത് കൊണ്ട് ഭര്‍ത്താവു കമ്പ്യൂട്ടര്‍ ഗെയിം കളിച്ചു രസിക്കുമ്പോള്‍ ഭാര്യ സീരിയല്‍ കാണുന്ന പോലെ രണ്ടു ആരാധനലയങ്ങളില്‍ പോയി സന്തോഷമായി ജീവിച്ചു കൂടെ എന്ന് ചോദിക്കുന്നില്ലഉത്തരം ലളിതം ഇതൊന്നും ഇത്ര എളുപ്പത്തില്‍ അഞ്ഞൂറ് കോടി രൂപ നേടിത്തരില്ല എന്നത് തന്നെ.

അവസാനമായി അമീര്‍ ഖാന്‍ എന്ന നല്ല നടന്‍റെ ധീരമായ ഒരു പരിശ്രമമായി ഇതിനെ കണ്ടു കൂടെ?

അമീര്‍ ഖാന്‍ ഒരു നല്ല നടന്‍ തന്നെയാണ്.അദേഹത്തിന്റെ നല്ല ചിത്രങ്ങള്‍ ഞാന്‍ അസ്വദിച്ചിട്ടും ഉണ്ട്. പക്ഷെ അത് കൊണ്ട് അദ്ദേഹം ചെയുന്ന എല്ലാം നല്ലത് എന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. ഉദാഹരണമായി എം എഫ് ഹുസൈന്‍ എന്ന കലാകാരന്‍ ഒരു വര വരച്ചിട്ടു ഇതു ദൈവമാണ് എന്ന് സങ്കല്‍പ്പിക്കു എന്ന് പറയുന്നത് പോലും തെറ്റാണു എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസത്തില്‍ നിന്ന് വരുന്ന ആള്‍ ആണ്. ആ അദ്ദേഹം ഇതര വിശ്വാസങ്ങളിലെ ദൈവ ബിംബങ്ങളെ നഗ്ന രൂപത്തില്‍ വരയ്ക്കുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നു ഇതേ കാര്യം അദേഹത്തിന്‍റെ വിശ്വാസത്തില്‍ ആണ് ചെയ്യുന്നത് എങ്കില്‍ എങ്ങനെ ഇരുന്നേനെ എന്ന് കൂടി ചിന്തിക്കുന്നത് നന്നായിരിക്കും.

പ്രിയപ്പെട്ട രാജ്കുമാര്‍ ഹിരനി / അമീര്‍ഖാന്‍ അഞ്ഞൂറ് കോടി
രൂപ തീര്‍ച്ചയായും ഒരു ചെറിയ സംഖ്യയല്ല. പക്ഷെ അത് കൈവരിക്കാന്‍ ജനങ്ങളില്‍ മത ചിന്ത വേര് പിടിപ്പിക്കാന്‍ മാത്രമേ ഇന്നത്തെ കാലത്ത് ഇത്തരം ചിത്രങ്ങള്‍ ഉപകരിക്കു എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ.രാജ്യത്തെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ക്ക് കരുക്കള്‍ ആകുന്നത്‌ അറിഞ്ഞോ അറിയാതെയോ നിങ്ങളെ പോലുള്ള കഴിവുള്ള കലാകാരന്‍മാര്‍ ആണെന്നത് ഖേദകരം തന്നെ.

വിഷമത്തോടെ പറയട്ടെ നിങ്ങള്‍ നിങ്ങള്‍ മാത്രമാണ് ഇവിടെ വര്‍ഗീയത വളര്‍ത്തുന്നത്.

അടിക്കുറിപ്പ്:കുട്ടിച്ചാത്തന്‍ സുഖപ്പെടുതിയാല്‍ അത് അന്ധവിശ്വാസം സംഘടിത മതങ്ങളിലെ ദൈവ രൂപങ്ങള്‍ സുഖപ്പെടുതിയാല്‍ അത് വിശ്വാസം എന്ന് വിശ്വസിക്കുന്ന ഒരു ബൌധിക സമൂഹത്തിലാണ് നമ്മളിന്നു ജീവിക്കുന്നത് എന്ന് അറിയാഞ്ഞല്ല..പാവം കുട്ടിച്ചാത്തന്‍!!!!!