Thursday, September 29, 2011

സ്നേഹവീട്

അനിയാ ഒന്ന് നിന്നേ ...?

അയ്യോ ഇതാര് അണ്ണനോ.കണ്ടിട്ട് മനസിലായില്ലല്ലോ.ഇതെന്തോന്ന് ജുബ്ബ,കണ്ണാടി, സഞ്ചി ഇയാള്‍ ആരു സര്‍വകലാശാലയിലെ മണിയന്‍ പിള്ള രാജുവോ ?

അനിയാ അവസാനം എനിക്ക് മനസിലായി ഈ ബൂലോകത്ത് ജീവിക്കണമെങ്കില്‍ ബുദ്ധിജീവി ആയാല്‍ മാത്രമേ പറ്റു എന്ന് . അത് കൊണ്ട് എന്ന് മുതല്‍ ഒരു ബുദ്ധിജീവി ആയിട്ടെ എന്നിക്ക് വിശ്രമം ഉള്ളു. ശ്രീ മോഹന്‍ലാലിന്‍റെ അടിവസ്ത്രങ്ങള്‍ അദേഹത്തിന്റെ സിനിമകളുടെ ചൂണ്ടു പലകകള്‍ അഥവാ വിഭാഗ ബിംബങ്ങള്‍ (അതാണ് ഈ ബുദ്ധി ജീവികളുടെ ഒരു വാക്ക്) ആകുന്നത്‌ എങ്ങനെ എന്നൊരു പഠനത്തില്‍ ആണ് ഇപ്പോള്‍

ഛീ അണ്ണന്‍ എന്താ ഇങ്ങനെ വൃത്തികെട് പറയുന്നേ.

അനിയാ സംഗതി സത്യമാ. ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ അദേഹം മുണ്ടിനകത്തു ധരിക്കുന്ന നിക്കര്‍ (വരയുള്ളതായാല്‍ തികഞ്ഞു) പുറത്തു കാണത്തക്ക രീതിയില്‍ കൈലിയോ,മുണ്ടോ മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റുകളില്‍ കാണിച്ചിരിക്കുന്നത് എന്നിരിക്കട്ടെ.കാണികളായ നമ്മളോട് അദേഹം പറയാന്‍ ശ്രമിക്കുന്നത് ഇതു നരസിംഹം മോഡല്‍ ചിത്രമാണ് അത് കാണാന്‍ (സഹിക്കാന്‍ എന്ന് പറഞ്ഞാല്‍ ഞ്ഞാന്‍ ദിലീപ്/പ്രിത്വിരാജ് ഫാനാകും) തയ്യാറാകാന്‍ ആണ് ആ പടത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.എന്നാല്‍ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഷര്‍ട്ടിന്‍റെ രണ്ടു ബട്ടണ്‍ തുറന്നിടുകയും അതിനകത്ത് കൂടി അദേഹം ധരിച്ചിരിക്കുന്ന ബനിയന്‍ ദൃശ്യം ആകുകയും ചെയ്യുന്നു എങ്കില്‍ ഉറപ്പിച്ചു കൊള്ളൂ സംഗതി കുടുംബ ചിത്രമാണ് എന്ന്.നിക്കറിനെ വന്നു വന്നു ജനത്തിന് ഭയങ്കര പേടിയായതിനാല്‍ അത് കണ്ടാല്‍ മിണ്ടാതിരിക്കയാണ് ബുദ്ധി.പക്ഷെ ബനിയന്‍ കണ്ടാല്‍ വിടരുത് കുസൃതിക്കാരനായ (?) പഴയ ലാലേട്ടനെ ദാണ്ടേ കളഞ്ഞു കിട്ടിയേ എന്ന് എന്നാര്‍ത്തു വിളിക്കുക എന്നതാണ് നമ്മുടെ കടമ .നമ്മുക്ക് നഷ്ട്ടമായി കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളുടെ ഊഷ്മളതയുടെ ....... ആ ഒരു ലൈന്‍. മനസ്സിലായോ ?

മനസിലായി അണ്ണന്‍ സ്നേഹ വീട് കണ്ടു അല്ലെ? അപ്പോള്‍ പിന്നെ നാട്ടിന്‍പുറത്തെ നന്മകളുമായി എന്ന് കൂടി പറയാമായിരുന്നു.സത്യന്‍ അന്തിക്കാടല്ലിയോ സംവിധാനം?

അനിയാ ചൈന ടൌണ്‍ എന്ന പരിപൂര്‍ണ വിനോദചിത്രത്തിന് ശേഷം പെരുമ്പാവൂര്‍ സാര്‍ വീണ്ടും നിര്‍മ്മിച്ച്‌ നമ്മെ ധന്യര്‍ ആക്കുന്ന ചിത്രമാണ് സ്നേഹവീട്.ഇന്നത്തെ ചിന്താവിഷയം എന്ന മുഴുനീള ഉപദേശ ചിത്രത്തിന് ശേഷം കുടുംബ ചിത്രങ്ങളുടെ സ്ഥിരം സംവിധായകന്‍ സത്യന്‍ അന്തിക്കാടും ലാലും ഒരുമിക്കുന്ന ചിത്രം എന്നൊരു ദുഷ്പേരും ഈ ചിത്രത്തിനുണ്ട്. സംഗീതം ഇളയ രാജാ.അഭിനയിക്കുന്നവര്‍ മോഹന്‍ലാല്‍,ഷീല,പദ്മപ്രിയ,ചെമ്പില്‍ അശോകന്‍,ശശി കലിംഗ,ഇന്നസെന്‍റ്,കെ പി എസ് സി ലളിത , ബിജു മേനോന്‍,ലെന അങ്ങനെ പോകുന്നു താര നിര

അതൊക്കെ ഇരിക്കട്ടെ അണ്ണന്‍ കഥയെ പറ്റി ഒന്ന് പറയാമോ ?

അമ്മുകുട്ടിയമ്മ (ഷീല) എന്ന അമ്മയും അവരുടെ അജയന്‍ (മോഹന്‍ലാല്‍) ആണ് ഈ ചിത്രത്തിലെ പ്രധാന കഥാ പാത്രങ്ങള്‍.ചെന്നയിലും , മുബയിലും ഒക്കെ പണിയെടുത്തു അവിടെ നിന്ന് ഗള്‍ഫിലെത്തി അവിടെ നിന്നും കാശുകാരനായി മടങ്ങി , നാട്ടില്‍ കുറെ നെല്‍പ്പാടങ്ങള്‍,കമുക്,ചക്ക,വാഴ തുടങ്ങിയ കൃഷി ഒക്കെ നടത്തി (ചെയിച്ചു) സുഖിമാനായി ജീവിക്കുകയാണ് അജയന്‍.(ഇതൊക്കെ ചെയ്യുന്നവന് ഇന്നത്തെ കേരളത്തില്‍ ഇങ്ങനെ ജീവിക്കാന്‍ പറ്റുമോ എന്നാ ചോദ്യം കണ്ടിട്ടാകണം ഇരുമ്പ് പണിയായുധങ്ങള്‍ ഉണ്ടാക്കുന്ന ഒരു ചെറിയ യുണിറ്റ് വാങ്ങുന്നതായി കാണിക്കുന്നുണ്ട് (സത്യന്‍റെ ഒരു ബുദ്ധിയെ !!)) അയല്‍ക്കാര്‍ ചെത്തുകാരന്‍ ചെമ്പില്‍ അശോകനും ഭാര്യയും മകള്‍ പദ്മപ്രിയയും .കൊച്ചു പ്ലസ്‌ ടു കഴിഞ്ഞു മുഖത്ത് ഒരു കുട്ട പവ്ഡറും ഇട്ടു കുടുംബ ശ്രീ യുണിട്ടില്‍ സോപ്പ് ഉണ്ടാക്കുന്നു ( അല്ലാത്തപ്പോള്‍ പവ്ഡര്‍ കുറവാണു). ലാലേട്ടനെ വേണേല്‍ പ്രേമിക്കാം എന്നൊരു ലൈന്‍ . ഈ മൂക പ്രണയമേ ....അത് തന്നെ .മറ്റൊരു അയല്‍ക്കാരന്‍ കരിം കണ്ണന്‍ മത്തായി (ഇന്നസെന്‍റ്).മകള് (ലെന) അന്യജാതികാരന്‍ പോലീസ്കാരനോട് (ബിജു മേനോന്‍) ഒത്തു ഒളിച്ചോടി പോയതിന്‍റെ വിഷമം ഉള്ളിലൊതുക്കി ജീവിക്കുന്നു. പിന്നെ ബ്ലെസിയുടെ പ്രണയത്തിന്റെ കാര്യം പറഞ്ഞത് പോലെ ഈ സിനിമയില്‍ എല്ലാവര്ക്കും എല്ലാരോടും സ്നേഹമാണ് .അത് പിന്നെ ചിത്രം തന്നെ സ്നേഹ വിരുന്നാണല്ലോ!!!.(വല്ലതും പറഞ്ഞു പോയാല്‍ നീ നാട്ടിന്‍ പുറത്തു പോയി നോക്കെടാ അവിടെ സ്നേഹം ഇങ്ങനെ പതഞ്ഞു ഒഴുകുന്നത്‌ കാണാം എന്ന് പറയും)

ശരി ശരി കഥയെ പറ്റി എന്തെങ്കിലും .....

ഇങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ആ സ്നേഹ വീട്ടിലേക്കു കുറച്ചു കൂടി സ്നേഹവുമായി ഒരു പയ്യന്‍ കാര്‍ത്തിക് (രാഹുല്‍ പിള്ള) വരുന്നു.താന്‍ അജയന്റെ മകന്‍ ആണെന്ന് അവകാശപ്പെട്ടാണ് പയ്യന്‍ വരുന്നത്.തെളിവായി അജയന്‍റെ ചെറുപ്പകാലത്തെ ഫോട്ടോ പയ്യന്റെ കൈയിലുണ്ട്.അജയന്‍ കുറ്റം നിഷേധിക്കുന്നു.എങ്കിലും പയ്യനും തന്‍റെ മകനെ പോലെ ഇഡടലിയുടെ കൂടെ സാംബാര്‍ ആണ് ഇഷ്ട്ടം എന്നാ ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കുന്ന അമ്മുകുട്ടിയമ്മ പയ്യനെ കൊച്ചു മകനായി സ്വീകരിക്കുന്നു.ആരോപണങ്ങള്‍ കേട്ട് മടുത്തു അജയന്‍ ഏതാണ്ട് ചിത്രം തീരാന്‍ കുറച്ചു സമയം കൂടെ ബാക്കിയുള്ളപ്പോള്‍ പയ്യന്‍റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ചെന്നയ്ക്ക് തിരിക്കുന്നു (അത് വരെ കാണികള്‍ക്ക് സ്നേഹം പല രൂപത്തില്‍ ഒഴുകുന്നത്‌ കാണാം ) അവിടെ ചെന്ന് പഴയ സുഹൃത്തായ സെയ്ത് അലവിയെ (മമ്മുക്കോയ) കാണുമ്പോളാണ് ഈ പയ്യനെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍ അറിയുന്നത്.ഈ പയ്യന്‍റെ അമ്മ ഒരു എക്സ്ട്രാ നടി ആയിരുന്നു.കാര്‍ത്തിയുടെ അച്ഛന്‍ ആരെന്നു ആരോടും അവര്‍ പറഞ്ഞിട്ടില്ല . ഒറ്റയ്ക്ക് മകനെ വളര്‍ത്തിയ അവര്‍ ഒരു ദിവസം ഷൂട്ടിംഗ്ഗിനിടയില്‍ അപകടത്തില്‍ പെട്ട് മരിച്ചു.അരുമില്ലതായ കാര്‍ത്തി ആത്മഹത്യക്ക് തുനിഞ്ഞപ്പോള്‍ സെതലവി പയ്യനെ സമാധാനിപ്പിക്കാനായി ഇയാളാണ് നിന്‍റെ അച്ഛന്‍ എന്ന് പറഞ്ഞു അജയന്‍റെ പഴയ ഫോട്ടോയും സ്ഥലവും പറഞ്ഞു വിടുകയായിരുന്നു (സ്ഥലം പറഞ്ഞു എന്ന് പറയുന്നില്ല . അല്ലാതെ ഒരു പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ white ഫോട്ടോയും പിടിച്ചു കേരളം അങ്ങോളം ഇങ്ങോളം അന്വേഷിച്ചാണ് പയ്യന്‍ ഇവിടെ എത്തിയത് എന്നാണോ ഉദേശിക്കുന്നത് എന്നറിയില്ല. എന്തായാലും നല്ല ബെസ്റ്റ് സുഹൃത്ത്‌ !!! എന്തായാലും സത്യന്‍റെ അയല്‍പക്കത്ത്‌ ഒന്നും ആരും അനാഥന്‍ ആയതിന്‍റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാന്‍ ഇടയകാതിരിക്കട്ടെ ഇടയാല്‍ തന്നെ ശ്രീ സത്യന്‍ ആ വിവരം അറിയാതിരിക്കട്ടെ എന്നൊരു പ്രാര്‍ഥന മാത്രമേ എനിക്കുള്ളൂ !!! ) സത്യങ്ങള്‍ എല്ലാം അറിയുന്ന അജയന്‍ സെയ്തു അലവിയെയും കൂട്ടി നാട്ടില്‍ എത്തുകയും ക്ലൈമാക്സില്‍ ഇയാള്‍ പറഞ്ഞപ്പോളാണ് എനിക്ക് എല്ലാ സത്യവും മനസിലായത് വരൂ മകനെ എന്ന് പറഞ്ഞു പയ്യനെ മകനായി സ്വീകരിച്ചു അമ്മയും മകനും കൊച്ചു മകനും സ്നേഹവീടിന്‍റെ ഉമ്മറത്ത്‌ വന്നിരുന്നു ഗിത്താര്‍ വായിച്ചു ഗാനമേള നടത്തുന്നതോടെ ചിത്രം അവസാനിക്കുന്നു . ഡേ..... ഡേ എണീക്കെടെ.

സോറി അണ്ണാ. അപ്പോള്‍ നമ്മള്‍ എവിടെ ആയിരുന്നു? നാട്ടിന്‍ പുറം, കൃഷി , സ്നേഹം,പയ്യന്‍,....

അനിയാ,നിന്നെ ഞാന്‍ കുറ്റം പറയില്ല.കടുത്ത ആരാധകര്‍ക്ക് പോലും ഈ സംഗതി താങ്ങാന്‍ പാടാണ്.ഈ പാവം കൊച്ചു നിത്യ മേനോനെ ഒക്കെ വിലക്കുന്നതിനു പകരം അമ്മയോ,അച്ഛനോ,മക്ടയോ,ഉണ്ടയോ,ആരെങ്കിലും ഈ സത്യന്‍ അന്തിക്കാടിനെ തിരകഥ എഴുതുന്നതില്‍ നിന്നും ഒന്ന് വിലക്കിയിരുന്നെകില്‍ മലയാള സിനിമ അത്രയെങ്കിലും രക്ഷപ്പെട്ടേനെ.

അത്രക്ക് മോശമാണോ അണ്ണാ ?

നീ പോയി നേരില്‍ കണ്ടു നോക്ക്.എടേ തമിഴ്നാട്ടില്‍ ജീവിച്ചു പഠിച്ചു വളര്‍ന്നു പയ്യന്‍ . അവന്‍ പാടുന്ന പട്ടു കേള്‍ക്കണം . ജനനീ , ജന്മഭൂമീ എന്നാ ലൈനിലാണ് പാട്ട് പോകുന്നത്.പിന്നെ പടം സത്യന്‍ അന്തികാടിന്റെ ആയതു കൊണ്ടും നാട്ടിന്‍ പുറം ആയതു കൊണ്ടും മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു നാനോ ആണ് ഓടിക്കുന്നത്. നനോക്കാര്‍ക്ക് ഈ രംഗം പരസ്യത്തിനു ഉപയോഗിക്കാവുന്നതാണ്.(ഒരു രംഗത്ത് പോലും ശ്രീ ലാല്‍ ആ കാറില്‍ കയറുന്നതോ ഇറങ്ങുന്നതോ ആയി കാണിക്കുന്നില്ല എന്നത് ഇനി കാണുമ്പോള്‍ ശ്രദ്ധിക്കാവുന്നതാണ്).പിന്നെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ പറയുന്ന ഒരു സത്യന്‍ വക ലോക തത്വം വീണ്ടും ഒരിക്കല്‍ കൂടി ഈ ചിത്രത്തില്‍ ആവര്‍ത്തിക്കുന്നു .(നിങ്ങളുടെ തലയില്‍ തേങ്ങ വീഴുകയോ പമ്പ് കടിക്കുകയോ മറ്റോ ചെയ്താലേ നിങ്ങളുടെ കുടുംബത്തില്‍ ഉണ്ടായ ഒരു പ്രശനം തീരു :പറഞ്ഞത് ഞാനല്ല ചിന്താ വിഷയം കണ്ടു ജയകൃഷ്ണന്‍ എഴുതിയതാണ് ).ഇവിടെ ബിജു മേനോനും ആയുള്ള മത്തായിയുടെ പ്രശ്നം തീര്‍ക്കാന്‍ ബിജു മേനോന്‍ -ലെന ദമ്പതികളുടെ കുട്ടികളെ സ്കൂള്‍ ബസ്‌ മറിഞ്ഞു ആശുപത്രിയില്‍ ആക്കുന്നുണ്ട്‌.

ഇടവേളക്കു തൊട്ടു മുന്‍പ് വരെ കാര്‍ത്തി എന്ന പയ്യനോട് തികഞ്ഞ വെറുപ്പ്‌ പ്രകടിപ്പിക്കുന്ന പദ്മപ്രിയ , ഇടവേള കൊണ്ട് നിര്‍ത്തുന്ന സമയത്ത് അജയന്‍റെ ജീപ്പില്‍ കയറി ഹൈറേഞ്ചിലുള്ള കൃഷി സ്ഥലത്തേക്ക് പോകുന്ന കര്‍ത്തിയെ കണ്ടു സന്തോഷവതിയായി ടാറ്റാ പറയുന്നതൊക്കെ എന്തിനാണാവോ ? ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരു നൂറു പാളിച്ചകള്‍ ഈ അനുഭവ സമ്പന്നനായ സംവിധായകന്‍ പടച്ചു വിട്ട സൃഷ്ടിയില്‍ കാണാം.ഇങ്ങേര്‍ക്ക് തിരകഥക്കുള്ള സംസ്ഥാന അവാര്‍ഡ്‌ ഏതോ വര്ഷം കൊടുത്തപ്പോള്‍ തന്നെ എനിക്ക് തോന്നിയതാ ഇങ്ങേര്‍ ഇനി ഈ പണി സ്ഥിരമാക്കും എന്ന്.നമുക്കൊക്കെ ഇത്രയും കിട്ടിയാല്‍ പോരെടെ .

അത് സത്യം തന്നെ . അതിരിക്കട്ടെ അഭിനയം .. അതല്ലേ നമുക്ക് അറിയേണ്ടത് ?

അനിയാ ഈ നടി മീര ജാസ്മിന്‍ സത്യന്‍ ചിത്രങ്ങളില്‍ നിന്ന് പോയി തുടങ്ങിയപ്പോള്‍ സത്യത്തില്‍ എന്നിക്കൊരു ആശ്വാസം തോന്നിതുടങ്ങിയതായിരുന്നു . അച്ചുവിന്റെ അമ്മ ഒഴികെയുള്ള എല്ലാ സത്യന്‍ ചിത്രങ്ങളിലും അവരെ സഹിക്കാന്‍ എന്നിക്ക് പാടായിരുന്നു . പക്ഷെ പറഞ്ഞിട്ടെന്താ പിടിച്ചതിലും വലുതാ അളയില്‍ ഇരിക്കുന്നത് എന്ന അവസ്ഥയിലാണ് ഈ ചിത്രത്തിലെ ഷീലയുടെ അഭിനയം. പഴയ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളിലെ "കൊച്ചു മുതലാളി ളി ളി ളി .........ളി " ലൈന്‍ അഭിനയം ആണ് ഇപ്പോളും ആ നടി കാഴ്ച വൈക്കുന്നത് എന്നാണ് എന്നിക്ക് തോന്നിയിട്ടുള്ളത് . പിന്നെ ഉള്ളത് മഹാ നടനായ ലാലേട്ടന്‍.ദോഷം പറയരുതല്ലോ അദ്ദേഹം ഈ ചിത്രത്തില്‍ ഒന്ന് അഭിനയിക്കാന്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട് .നല്ല കാലത്ത് അനായാസമായി ചെയ്തിരുന്ന സംഗതികള്‍ ഇന്നു പരമാവധി ശ്രമിച്ചിട്ട് പോലും നടക്കുന്നില്ല എന്നത് തികച്ചും ദുഖകരമാണ്. പൊതുവേ എല്ലാ ചിത്രങ്ങളിലും തടിയനായി തോന്നിക്കുന്ന ബിജു മേനോന്‍ ഈ ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിക്കുമ്പോള്‍ വലിയ തടി തോന്നിക്കുന്നില്ല എന്നത് വേറൊരു സത്യം.ബാക്കി ആര്‍ക്കും പ്രത്യേകിച്ച് പുതിയതായി ഒന്നും ചെയ്യാനില്ല കാരണം മിക്ക സന്ദര്ഭാഗലും പല സത്യന്‍ ചിത്രങ്ങളും നമ്മള്‍ മുന്‍പ് കണ്ടിട്ടുള്ളത് തന്നെയാണ്.

ഈ ചിത്രം കണ്ടു കൊണ്ടിരുന്നപ്പോള്‍ ഏറ്റവും സഹതാപം തോന്നിയത് തീയറ്റെറില്‍ ഉണ്ടായിരുന്ന ശ്രീ മോഹന്‍ലാല്‍ ആരാധകര്‍ എന്നു തോന്നിപ്പിക്കുന്ന കുറെ ആള്‍ക്കാരോടാണ്. ലാലേട്ടന്‍ കുട്ടുകാരോട് വെടി പറയുമ്പോള്‍ പഴയ പട്ടാളക്കാര്‍ പറയുന്ന പോലെ തന്‍റെ സ്ത്രീ സംബന്ധമായ സാഹസങ്ങള്‍ വിവരിക്കുമ്പോള്‍ അതായിത് ഞാന്‍ ഇഷ്ട്ടം പോലെ സ്ത്രീകളെ അനുഭവിച്ചിട്ടുണ്ട് എന്നര്‍ഥം വരുന്ന ഡയലോഗുകള്‍ അടിക്കു ബോള്‍ ഈ സംഘം തകര്‍ത്തു കൈയടിക്കുന്നത് അവരുടെ ഗതികെടാനെന്നു ഞാന്‍ വിശ്വസിക്കുന്നു

അപ്പോള്‍ ചുരുക്കത്തില്‍ ....

സത്യന്‍ അന്തിക്കാട്‌ തോണ്ണൂര്കള്‍ക്ക് ശേഷം എടുത്ത ഏറ്റവും മോശം ചിത്രം എന്നു ഇതിനെ നിസംശയം പറയാം എന്നു ഞാന്‍ കരുതുന്നു . ഈ ചിത്രം ഇങ്ങനെ ആക്കിയതിന്റെ ഒന്നാം പ്രതി തീര്‍ച്ചയായും ഒരു വികല സൃഷ്ടിയും ആയി എത്തിയ ശ്രീ സത്യന്‍ തന്നെയാണ്.നന്ദിയുണ്ട് മാഷെ ഒരായിരം നന്ദി .മലയാളികള്‍ക്ക് കുറെ നല്ല സിനിമകള്‍ തന്ന ഒരു പഴയ നല്ല നടന്‍റെ പുക മുഴുവന്‍ കണ്ടേ നിര്‍ത്താവൂ.അല്ലെങ്കില്‍ തന്നെ അദ്ദേഹത്തിന് സ്വയം ഇല്ലാത്ത ആത്മാര്‍ത്ഥത വേറെ ആര്‍ക്കു ഉണ്ടായിട്ടു എന്ത് കാര്യം ?

Friday, September 23, 2011

എന്ത് കൊണ്ട് ?????

പ്രബുദ്ധരായ സിനിമാ ആസ്വാദകരും അതിലുപരി ബൌധികതയുടെ അടിത്തട്ടു കണ്ട നിരൂപകരും കൊണ്ട് സമ്പന്നം ആണല്ലോ നമ്മുടെ ഈ കൊച്ചു കേരളം.ഇതൊക്കെ ആയിട്ടും മലയാള സിനിമയുടെ നിലവാരം നാള്‍ക്കു നാള്‍ താഴോട്ട് വരുന്ന കാഴ്ച ആണ് നാമെല്ലാം കാണുന്നത്.അതിന്‍റെ കാരണങ്ങള്‍ എന്തോ ആകട്ടെ ഒരു സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ യുണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ഡോ. പ്രേക്ഷകന് മനസിലാകാത്ത അഥവാ ഉത്തരം അറിയാത്ത ചില സംശയങ്ങള്‍/ചോദ്യങ്ങള്‍ ആണ് ഈ പോസ്റ്റിനു ആധാരം .

സമത്വ സുന്ദര സാഹോദര്യം വിളയുന്ന ഈ നാട്ടില്‍ പ്രമുഖ പത്രങ്ങള്‍,ചാനലുകള്‍,ബ്ലോഗുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ പിന്നെ പ്രബുദ്ധരായ സിനിമാ ആസ്വാദക സിംഹങ്ങള്‍ തുടങ്ങിയവര്‍ എന്ത് കൊണ്ട് ........

1 ) ജയരാജ്‌ സംവിധാനം ചെയ്ത മമ്മുട്ടി ചിത്രമായ ലൌഡ് സ്പീക്കര്‍ ആ വര്‍ഷത്തെ ഭയങ്കര സംഭവമായി ആഘോഷിച്ചപ്പോള്‍ . സമാനമായ വിഷയം തികച്ചും മര്യാദക്കും വൃത്തിയായും ഒരുക്കിയ പുതുമുഖ സംവിധായകനും ജയസൂര്യയും (ചിത്രം : ജനപ്രിയന്‍)പൂര്‍ണമായി അവഗണിക്കപ്പെട്ടത് എന്ത് കൊണ്ട്?
(രണ്ടു ചിത്രങ്ങളിലും പ്രതിപാദിച്ച വിഷയം പറഞ്ഞു പഴകിയതാണ് എന്ന സത്യം നമുക്ക് തല്ക്കാലം വിടാം )

2 ) 2010 ദിലീപ് എന്ന നടന്‍റെ വര്‍ഷം ആയിരുന്നു എന്ന സത്യം (മേരിക്കുണ്ടൊരു കുഞ്ഞാട്,കാര്യസ്ഥന്‍ എന്നീ വന്‍ വിജയങ്ങളും പാപ്പി അപ്പച്ചാ എന്ന ചെറിയ വിജയവും) അവഗണിച്ചു പ്രാഞ്ചിയേട്ടനും,ശിക്കാരും മഹാവിജയങ്ങള്‍ ആയിരുന്നു എന്ന് സ്ഥാപിക്കാന്‍ വീര്‍പ്പു മുട്ടുന്നത് എന്ത് കൊണ്ട്?

3 ) അന്‍വര്‍ എന്ന ചിത്രത്തിന് മികച്ച തുടക്കം ലഭിച്ചു എന്ന നടന്‍ പ്രിഥ്വിരാജിന്‍റെ വാചകം അയാളുടെ വിവരകേടിന്റെയും അഹങ്കാരത്തിന്റെയും പ്രതീകം ആകുമ്പോള്‍ പഴശ്ശിരാജാ എന്ന ചിത്രം ബെന്‍ഹറിനെകാല്‍ മികച്ച ചിത്രമാണെന്ന് പറഞ്ഞ എം ടി യുടെ വാചകം വിനയത്തിന്‍റെ നേര്‍ രൂപവും ആകുന്നത്‌ എന്ത് കൊണ്ട് ?

4 ) ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെ പാടി പുകഴ്ത്താന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ അതിനൊപ്പം ഇറങ്ങിയ,അത്രയും തന്നെ അഥവാ അതിലും നന്നായ സഹസ്രം എന്ന സുരേഷ്ഗോപി ചിത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെടുന്നത് എന്ത് കൊണ്ട് ?

5 ) 2010 ലെ വാര്‍ഷിക കണക്കെടുപ്പില്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹാപ്പി ഹസ്ബെന്‍സ് എന്ന ചിത്രം നേടിയ മികച്ച വിജയത്തെ അവഗണിക്കുകയും അതിനു ശേഷം അദേഹം സംവിധാനം ചെയ്ത ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിന്‍റെ പരാജയം ആഘോഷം ആക്കുകയും ചെയ്യപ്പെടുന്നത് എന്ത് കൊണ്ട് ?

6 ) പ്രണയം എന്ന ചിത്രത്തെ വിജയിപ്പിക്കാന്‍,അതില്‍ മോഹന്‍ലാല്‍ എന്ന നടന്‍റെ കഥാപാത്രമാണ് അത്യുഗ്രന്‍ എന്ന് സ്ഥാപിക്കാന്‍ അഹോരാത്രം വിശ്രമം ഇല്ലാതെ പണിയെടുക്കുമ്പോള്‍ ദേശീയ അംഗീകാരം പോലും നേടിയ ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു പകുതി ശ്രമം പോലും നടത്തി കാണാത്തത് എന്ത് കൊണ്ട് ?
(ഏതു അളവ് കോല്‍ ഉപയോഗിച്ചാലും പ്രണയത്തിനു മുകളില്‍ ആണ് പുതുമുഖം സംവിധാനം ചെയ്ത അബു എന്ന് ഞാന്‍ വിശ്വസിക്കുന്നു ).

7 ) ഈ വര്‍ഷം ഇറങ്ങിയ നാലു മമ്മുട്ടി ചിത്രങ്ങളും (ഓഗസ്റ്റ്‌ 15,doubles,മുംബൈ,ദ ട്രെയിന്‍) രണ്ടാഴ്ച തികയ്ക്കാതെ
തീയട്ടെര്‍ വിട്ടു എന്ന സത്യത്തെ "പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിയാതെ പോയി" എന്ന മൃദുവാചകത്തില്‍ ഒതുക്കുമ്പോള്‍ സുപ്പര്‍ താരങ്ങള്‍ അല്ലാത്ത നടന്‍മാരുടെ ഇതിലും ഭേദപ്പെട്ട പരാജയങ്ങളെ (ഇത്രയും വലിയ ഗതികേട് ഈ വര്‍ഷം അറിയപ്പെടുന്ന ഒരു നായകനടനും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നത് സത്യം) ഉത്സവം ആക്കുകയും വിജയങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?
(ഒറ്റയ്ക്ക് പടം ഇറക്കിയാല്‍ ഓടുമോ എന്നത് തര്‍ക്ക വിഷയമായ മറ്റേ അമ്മാവനെ തല്ക്കാലം ഇവിടെ വിടാം) .

8 )കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച വിജയം എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രം ആയിരുന്നു എന്ന് (കുറഞ്ഞ ചെലവില്‍ എടുത്തു കൂടുതല്‍ കാശു നേടിയ ചിത്രം എന്ന മാനദന്ധം വെച്ച് ) സമ്മതിക്കാന്‍ വാര്‍ഷിക കണക്കെടുപ്പുക്കാര്‍ ഭയപ്പെടുന്നത് എന്ത് കൊണ്ട് ?

9 ) ശ്രേയ ഘോഷലിനെ പോലുള്ള അന്യഭാഷാ ഗായികമാരുടെ മുന്നില്‍ മലയാള സിനിമ ഓചാനിച്ചു നില്‍ക്കുകയാണ് അഥവാ മലയാളികളായ ഗായികമാര്‍ക്ക് അതേ പരിഗണന കിട്ടുന്നില്ല എന്ന ഗായിക ഗായത്രിയുടെ അഭിപ്രായം കൊതി കെറുവ് ആകുമ്പോള്‍ ജെ പി ദത്ത എന്ന സംവിധായകന്‍ ബോംബയിലെ മേജര്‍ രവി ആണെന്ന സംവിധായകന്‍ രഞ്ജിത്ന്‍റെ പ്രസ്താവന പക്വതയുള്ള യാഥാര്‍ത്ഥ്യ ബോധത്തിന്‍റെ പ്രതീകം ആകുന്നതും സംഗതി എത്രയും പെട്ടന്ന് കുഴിച്ചു മൂടപ്പെടുന്നതും എന്ത് കൊണ്ട് ?

10 ) ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാരായ റാഫി മെക്കാര്‍ട്ടിന്‍,മോഹന്‍ലാല്‍,ദിലീപ്,ജയറാം എന്നിവര്‍ അഭിനയിച്ച ചൈനാ ടൌണ്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട അവധിക്കാല ആഘോഷ ചിത്രമായി ഒരു പ്രതീക്ഷയും ഇല്ലാതെ കാണുമ്പോള്‍.ജീവിതത്തില്‍ ആദ്യമായി ഒരു ഹാസ്യചിത്രം ചെയ്യുന്ന പ്രിത്വിരാജും ഒരു നിലവാരവും ഇല്ലന്നു തെളിയിച്ച ദീപു കരുണാകരനും ഒരുക്കുന്ന തേജാഭായ് മാനം മുട്ടുന്ന പ്രതീക്ഷകളുമായി ഒരു ഉദാത്ത ഹാസ്യ ചിത്രം ആസ്വദിക്കാനായി കാണുന്നത് എന്ത് കൊണ്ട്?
(ഏതാണ്ട് ഒരേ നിലവാരത്തില്‍ ഉള്ള രണ്ടു ചിത്രങ്ങളില്‍ ആദ്യതെത് മൃദുവായി വിമര്‍ശിക്കപ്പെടുമ്പോള്‍ രണ്ടാമതെതിനെ വലിച്ചു കീറി ഒട്ടിക്കുന്നു.എന്ത് കൊണ്ട് ?)

11 ) മേല്‍ പറഞ്ഞ ചോദ്യത്തിന് രണ്ടു ചിത്രങ്ങളെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല എന്ന് പറയുന്ന നിക്ഷ്പക്ഷ,നല്ല സിനിമക്ക് വേണ്ടി പടപോരുതുന്ന ആസ്വാദകന്‍ എന്തിനു വിമര്‍ശിക്കേണ്ടി വരുമ്പോള്‍ ഒന്ന് പറഞ്ഞു രണ്ടാമതെതിനു വടക്കന്‍ വീരഗാഥ,കിരീടം,മൃഗയ,ദശരഥം,കിലുക്കം ......... തുടങ്ങി ഏതോ കാലത്ത് നമ്മെ എല്ലാം രസിപ്പിച്ച ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തുന്നത് എന്ത് കൊണ്ട്?

12 ) കഴിഞ്ഞ കൊല്ലം ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ കരയിലേക്ക് ഒരു കടല്‍ ദൂരം എന്ന ചിത്രത്തിലേത് ആയിരുന്നു എന്ന് പറയാന്‍ മടിക്കുന്നത് എന്ത് കൊണ്ട് ?

13 )സുരാജ് എന്ന നടന്‍ എല്ലാ സിനിമയിലും അഭിനയിക്കുന്നത് ഒരു പോലെ ആണ് എന്നിരിക്കെ കാര്യസ്ഥന്‍,തേജാഭായി എന്നീ ചിത്രങ്ങളിലെ അഭിനയം രൂക്ഷ വിമര്‍ശനത്തിനു ഇരയാവുകയും ശിക്കാര്‍,ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്നീ ചിത്രങ്ങളിലെ സമാന നിലവാരത്തിലുള്ള അഭിനയം ഒരു വരി വിമര്‍ശനം പോലും ഉണ്ടാക്കാതെ കടന്നു പോകുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?

14 ) ഡോ ലവ് എന്ന ചിത്രത്തില്‍ പ്രിത്വിരാജും എന്ന നടനും തുളസിദാസ്‌ എന്ന സംവിധായകന്‍റെ കുട്ടനാടന്‍ എക്സ്പ്രസ്സ്‌ എന്ന ചിത്രത്തില്‍ ദിലീപും അഭിനയിക്കാന്‍ വിസമ്മതിച്ചത് വാര്‍ത്തയും ചര്‍ച്ചയും ആഘോഷവും ആകുമ്പോള്‍ ചിത്രീകരണം തുടങ്ങിയിട്ട് ഉപേക്ഷിച്ച ചക്രവും അത് പോലെ പ്രഖ്യാപിച്ചിട്ടു ഉപേക്ഷിച്ച നിരവധി സൂപ്പര്‍ താര ചിത്രങ്ങളും ഒരു ചോദ്യം പോലും ഉയര്‍ത്താത്തത് എന്ത് കൊണ്ട് ?

15 )കേരളത്തില്‍ ഏറ്റവും വെറുക്കപ്പെടുന്ന മനുഷ്യന്‍ പ്രിത്വിരാജ് എന്ന നടന്‍ ആണെങ്കില്‍ അയാളുടെ വിവാഹം ആരെയും അറിയിക്കാതെ രഹസ്യമായി നടത്തിയത് വിവാദം ആകുന്നത്‌ എന്ത് കൊണ്ട് ?

16 ) സുപ്പര്‍ താരം ചൈനാ ടൌണ്‍ പോലുള്ള നൂറാംകിട സിനിമകള്‍ എടുക്കുമ്പോള്‍ ആര്‍പ്പു വിളികളും ജയ് വിളികളും മുഴങ്ങുമ്പോള്‍ ഓസ്കാറിനു വേണ്ടിയുള്ള ഇന്ത്യയുടെ എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെടുന്നതിന്‍റെ തൊട്ടടുത്ത്‌ വരെ എത്തിയ ഉറുമി,ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല സിനിമക്ക് വേണ്ടിയുള്ള ശ്രമം ആയി എങ്കിലും കാണാന്‍ കഴിയാത്തത് എന്ത് കൊണ്ട് ?

17 ) മഹനീയം എന്നും ഉദാത്തം എന്നും അതതു കാലത്ത് മത്സരിച്ചു വാഴ്ത്തപ്പെടുന്ന പല സൂപ്പര്‍ താര ചിത്രങ്ങളും (ഭ്രമരം , പ്രാഞ്ചി,ഇപ്പോള്‍ പ്രണയവും) കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ആര്‍ക്കും വേണ്ടാതെ ആകുന്നതും.ആദാമിന്‍റെ മകന്‍ അബു പോലുള്ള ചിത്രങ്ങള്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് എന്ത് കൊണ്ട് ?

18) ഈ കഴിഞ്ഞ ഓണത്തിന് കേരളത്തില്‍ ഏറ്റവും മികച്ച വിജയം നേടിയ സിനിമ ,കളക്ഷന്‍ നോക്കിയാല്‍ ,മങ്കാത്ത ആകുന്നത് എന്ത് കൊണ്ട് ?

19) അനാദി കാലത്ത് ഗള്‍ഫ് തുടങ്ങി മറ്റനേകം വിദേശ രാജ്യങ്ങളിലേക്കും ,ബംഗ്ലൂര്‍ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിലേക്കുംകുടിയേറി,തിയറ്ററില്‍ അവസാനം കണ്ട സിനിമകളായ മണിച്ചിത്രത്താഴ്, മമ്മൂട്ടിയുടെ ഏതെങ്കിലും നല്ല പടം (സമാന സമയത്തെ അങ്ങനെ ഒരു സാധനം കിട്ടുന്നില്ല ) എന്നിവയുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കി,ഈ രണ്ട് വെപ്പ് പല്ല് വെച്ച സിംഹങ്ങളുടെ പുതിയ ബൂലോക കൂറ പടപ്പുകള്‍ ഒന്ന് കാണാന്‍ പോലും മിനക്കെടാതെ ഏതെങ്കിലും കൂലി എഴുത്തുകാരന്‍ പറഞ്ഞത് വെച്ച് മാത്രം അവയെ ഉദാത്തം എന്ന് വിളിക്കുന്ന ജീവികളുടെ എണ്ണം കൂടി വരുന്നത് എന്ത് കൊണ്ട് ?

20) ദിലീപിന്റെയും, പ്രിഥ്വിരാജ് , കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പുതിയ നിര നായകന്മാരുടെ പടങ്ങളില്‍ ഇഷ്ട്ടപ്പെട്ടതും ,അല്ലാത്തതുമായ സിനിമകളെ കുറിച്ച് , അതാത് അഭിപ്രായങ്ങള്‍ , സത്യസന്ധമായി (ഇത് അപേക്ഷികമാകം .പക്ഷെ എനിക്ക് മനസ്സില്‍ തോന്നുന്നത് പറയുന്നതാണ് എന്റെ സത്യസന്ധത ) ഈ ബ്ലോഗില്‍ പറയുമ്പോള്‍ എന്നെ ദിലീപ് /പ്രിഥ്വിരാജ് തുടങ്ങി പാവം വിനു മോഹന്‍റെ വരെ ഫാന്‍ ആയി ബ്രാന്‍ഡ്‌ ചെയ്യാന്‍ ചില വിവരദോഷികള്‍ ശ്രമിക്കുന്നത് എന്ത് കൊണ്ട് ?

കേരളത്തില്‍ (നെറ്റിലും,പുറത്തും ) അമ്മാവന്‍സ് ഫാന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ലെസ്സ് അസോസിയേഷന്‍ കൂതറകളുടെ അവനവന്‍മാരുടെ അമ്മാവന്മാര്‍ക്ക് ശേഷം പ്രളയം എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയുള്ള പരാക്രമങ്ങള്‍ നിത്യേന കാണുന്ന (ഏറ്റവും പുതിയ ഉദാഹരണം പ്രണയം മലയാളത്തിലെ ഇതു വരെ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയ ചിത്രം എന്ന പ്രചരണം
),സാമാന്യ ബോധം വല്ലവര്‍ക്കും പണയം വെച്ചിട്ടില്ലാത്ത ആര്‍ക്കും ഈ ചോദ്യങ്ങളുടെ ശരിയായ ഉത്തരങ്ങള്‍ അറിയാം . അല്ലാത്തവന്മാരെ ഉണര്‍ത്തി ബോധവത്കരിക്കാന്‍ ഒന്നും എനിക്ക് ഉദ്ദേശമില്ല.പക്ഷെ സാമാന്യബോധമുള്ള പ്രേക്ഷകര്‍ ഉണ്ടായാല്‍ മലയാള സിനിമ രക്ഷപ്പെടും എന്നര് തോന്നല്‍ എവിടെയോ കിടന്ന് കുത്തുന്നു ,അത് കൊണ്ട് ഇത്രയും ചോദിച്ചു എന്ന് മാത്രം .
ഇന്ത്യയില്‍ നിന്ന് ഓസ്കാര്‍ എന്‍ട്രി ആയി തിരഞ്ഞെടുക്കപ്പെട്ട ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ശ്രീ സലിം അഹമ്മദിനും ഈ ചിത്രം നമുക്ക് കാണാന്‍ അവസരം ഒരുക്കിത്തന്ന ശ്രീ സലിം കുമാറിനും ഒപ്പം അവസാനഘട്ടം വരെ പരിഗണയില്‍ ഉണ്ടായിരുന്ന ഉറുമി എന്ന ചിത്രത്തിന്‍റെ പ്രവര്‍ത്തകര്‍ക്കും ഈ ബ്ലോഗിന്‍റെ പേരിലും യുണിവേര്‍സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍റെ പേരിലും ഹാര്‍ദവമായ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊള്ളുന്നു

Monday, September 12, 2011

ഡോക്ടര്‍ ലൗ

അണ്ണാ ഇതു വളരെ മോശമായിപ്പോയി

എന്തുവാടെ?

ഞാനിവിടെ എന്‍റെ ജീവിതത്തില്‍ ആദ്യമായി കഷ്ട്ടപെട്ടു പോയിരുന്നു ഒന്ന് രണ്ടു പടം കണ്ടു നിരൂപണം എഴുതിയിട്ട് അണ്ണന്‍ ഒന്നും പറയാത്തത് ....

നന്നായി അനിയാ അങ്ങനെ തന്നെ വേണം ഒന്നുമില്ലെങ്കില്‍ ഞാനൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ട് നിനക്ക് മനസിലാകുമല്ലോ.

സംഗതി കുറച്ചു പാടുള്ള പണി തന്നെ.എങ്ങനെ ഇതൊക്കെ സാധിക്കുന്നു?

അനിയാ,ഇതു വല്ല നാട്ടിലും പോയി സായിപ്പിന്റെയോ അറബിയുടെയോ അടിവസ്ത്രം കഴുകി പണ്ട് കണ്ട പടത്തിന്‍റെ ഓര്‍മയില്‍ അഭിപ്രായം ഇറക്കുന്ന പോലെ അല്ല എന്ന് ഇപ്പോളെങ്കിലും മനസിലായല്ലോ അല്ലെ

അത് ശരി .പുതിയ പടം വല്ലതും കണ്ടായിരുന്നോ ? ഈ ഓണത്തിനിടയില്‍ വേറെ ജോലിയില്ലേ എനിക്ക് ?

ഇന്നലെ ഓണത്തിരക്കിനിടയില്‍ കണ്ട ചിത്രം ഡോക്ടര്‍ ലൗ.സംവിധാനം പുതു മുഖ (?) സംവിധായകന്‍ ബിജു അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍,ഭാവന,അനന്യ,വിദ്യ ഉണ്ണി (ദിവ്യ ഉണ്ണിയുടെ സഹോദരി.പുതു മുഖം),ഇന്നസെന്റ്,മണിക്കുട്ടന്‍, നെടുമുടി തുടങ്ങിയവര്‍ .

അത് നന്നായി. ഇന്നു ഈ സംഗതി കൂടെ കൊണ്ട് കൊടുത്താല്‍ പിന്നെ കുറച്ചു ദിവസത്തേക്ക് മനസമാധാനം ആയി.ഈ പടത്തിന്‍റെ പോസ്റ്റര്‍ ഞാന്‍ ശ്രദ്ധിച്ചായിരുന്നു.മറ്റൊരു നിറം ആയി മലയാളിയെ ഇളക്കി മറിക്കുമോ ഈ ഡോക്ടര്‍ ലൗ?

അനിയാ പേരും പോസ്റ്ററും സൂചിപ്പിക്കുന്നത് പോലെ ഇതൊരു ക്യാമ്പസ്‌ ചുറ്റിപറ്റിയുള്ള കഥയാണ്.ഇങ്ങനത്തെ ഒരു തീം എടുക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഒരു സംവിധായകന്‍/തിരകഥാകൃത്ത് എന്നിവര്‍ എന്താണ് ഇന്നത്തെ ക്യാമ്പസ്‌ ഇന്നു അറിഞ്ഞിരിക്കണം അഥവാ ഒരു പത്തോ പതിനഞ്ചോ കൊല്ലം മുന്‍പത്തെ ക്യാംപസ്സില്‍ നിന്ന് ഇന്നു വന്ന മാറ്റങ്ങള്‍ എന്തൊക്കെ ആണെന്ന് അറിയാനെങ്കിലും ശ്രമിക്കണം.ഈ ബിജുവിന് അറിയില്ലെങ്കില്‍ എനിക്ക് തോന്നുന്ന ഒന്ന് രണ്ടു കാര്യങ്ങള്‍ പറയാം .
ഈ മുകാനുരാഗം അഥവാ ഒരുത്തന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രേമപൂര്‍വ്വം നോക്കുന്നു.കുറെ നാള്‍ നോക്കി കഴിയുമ്പോള്‍ പെങ്കൊച്ചു നാണിച്ചു മുഖം കുനിച്ചു കാലിന്‍റെ തള്ളവിരല്‍ കൊണ്ട് തറയില്‍ ജാവ എന്നെഴുതുന്ന പ്രേമം (പ്രയോഗം സ്വന്തമല്ല.ആരുടെതെന്ന് ഓര്‍മ്മ വരുന്നില്ല) കേരളത്തില്‍ അട്ടപ്പാടിയിലുള്ള കോളേജുകളില്‍ നിന്ന് പോലും പടി ഇറങ്ങി പോയിട്ട് കുറെയധികം കാലമായി എന്നാണ് എന്‍റെ വിശ്വാസം ഇങ്ങനെയുള്ള ഔട്ട്‌ dated എന്നു പറയാവുന്ന കുറെയധികം സംഗതികള്‍ കുത്തി നിറച്ചതാണ് ഈ ചിത്രത്തിലെ ക്യാമ്പസ്‌.വെസ്പ സ്കൂട്ടര്‍ ഓടിച്ചു വരുന്ന കോളേജ് വിദ്യാര്‍ഥി ഒക്കെ ഇന്നും ഈ ക്യാമ്പസില്‍ ഉണ്ട്.ഈ കോളേജിലെ ഏതൊരു ആഘോഷവും വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് വേണേലും ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് ചെയ്യാനുള്ള ഒരു വേദി മാത്രമാണ് അധ്യാപകന്‍ എന്ന ഒരു വര്‍ഗത്തെ അവിടെങ്ങും കാണില്ല.ഗുണ്ടകളെ ഇറക്കി നായികയെ പേടിപ്പിച്ചു ഇറക്കിയ നായകന്‍ തന്നെ അവളെ രക്ഷിക്കുന്നതായി അഭിനയിച്ചു പ്രേമം പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതൊക്കെ പഴയ ശ്രീനിവാസന്‍ പടങ്ങളില്‍ പോലും തമാശ ആയാണ് കാണിക്കാറുള്ളത്. ഈ ക്യാംപസ്സില്‍ അതും ഉണ്ട് .(തികഞ്ഞു !!).മലയാളികളുടെ കോളേജ് കഥകളിലെ ഒരു സ്ഥിരം ചേരുവയാണ് ആണുങ്ങളുടെ സ്വഭാവം ഉള്ള (അഥവാ ഉണ്ടെന്നു പറയപ്പെടുന്ന)നായികയും അവളെ മര്യാദ പഠിപ്പിക്കുന്ന നായകനും.ആണുങ്ങള്‍ ഒരു ഗ്രൂപ്പ്‌ ആയും പെണ്‍ പിള്ളേര്‍ മറ്റൊരു ഗ്രൂപ്പ്‌ ആയും നടക്കുകയും ഈ ഗ്രൂപ്പുകള്‍ എതിരെ പോകുമ്പോള്‍ ഇരു ഗ്രൂപ്പ്‌ അംഗങ്ങളില്‍ പലരും പരസ്പരം അര്‍ഥം വെച്ചുള്ള ഒളിഞ്ഞു നോട്ടവും ഒക്കെ ബിജു പഠിച്ചിരുന്നപ്പോള്‍ (പഠിച്ചിട്ടുണ്ടെങ്കില്‍)വരെ കോളേജില്‍ ഒക്കെ ഉണ്ടായിരുന്നു എന്നു കരുതാം.അദേഹത്തിന്റെ കണ്‍സപ്റ്റ് അനുസരിച്ച് കുറച്ചു ആധുനിക വേഷം (എന്ന് വെച്ചാല്‍ ജീന്‍സ് പോലുള്ളവ ) കയറ്റി സി ഡി ലാപ്പിലുണ്ട് (ലാപ്‌ടോപ്പ്) തുടങ്ങിയ വാചകങ്ങളും പറഞ്ഞാല്‍ നല്ല പൊളപ്പന്‍ ആധുനിക ക്യാമ്പസ്‌ ആയി .
ഇന്നത്തെ ക്യാമ്പസ്‌ പശ്ചാത്തലമാക്കി ഒരു സിനിമാക്കഥ ചിത്രീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാകണം ലാല്‍ ജോസിനെ പോലുള്ളവര്‍ കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള ഒരു കോളേജ് ക്യാമ്പസില്‍ നടക്കുന്ന കഥയായി ക്ലാസ്സ്‌ മേറ്റ്സ് എടുത്തത്‌.ഫലം മലയാളിയുടെ ഒടുക്കത്തെ നോസ്റ്റാല്‍ജിയയില്‍ കേറി പിടച്ച പടം ഓടിയ ഓട്ടം ചില്ലറയാണോ? ഇതൊന്നും മനസിലാക്കാത്തിടത് തുടങ്ങുന്നു ബിജു എന്ന സംവിധായകന്‍റെ ആദ്യ പരാജയം.ഇങ്ങനെ ഒക്കെയാണ് കോളേജ് എന്നതിനെ കുറിച്ചുള്ള ധാരണ എങ്കില്‍ വല്ല പോഷ് കോളനി യോ ഫ്ലാറ്റോ മറ്റോ പശ്ചാത്തലം ആക്കി ചില്ലറ മാറ്റങ്ങളോടെ എടുത്തിരുന്നെങ്കില്‍ ഇതിലും നന്നായേനെ

അണ്ണാ ചെറുതായി കാട്ടിലോട്ടു കേറിയോ എന്നൊരു സംശയം.കഥയെ പറ്റി കുറച്ചു ......

അനിയാ, വിനയചന്ദ്രന്‍ എന്നൊരു കഥാപാത്രത്തെയാണ് നായകനായ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത് റോമയോക്കെ പല സിനിമയിലും അവതരിപ്പിച്ച കോളേജിലെ തന്‍ന്റെടി പെണ്‍ കൊച്ചു എബിന്‍ ആയി ഭാവന, കുടുംബത്തിനു വേണ്ടി (എന്ന് വെച്ചാല്‍ സദാ സമയവും മുട്ടും തിരുമ്മി പ്രാരാബ്ദം പറഞ്ഞിരിക്കുന്ന നെടുമുടി വേണുവിനു വേണ്ടി) അഹോരാത്രം കഷ്ട്ടപ്പെടുന്ന നാടന്‍ ശാലീന സെമി തന്റെടി പെണ്‍കുട്ടിയായി അനന്യ അഭിനയിക്കുന്നു.വിനയചന്ദ്രന്‍ എന്താണ് എന്ന് ചോദിച്ചാല്‍ എന്തുമാകാം എന്നതാണ് ഉത്തരം.പുസ്തക കച്ചവടം,പൈങ്കിളി സാഹിത്യം അങ്ങനെ കുറെ വേഷങ്ങളില്‍ കഥ തുടങ്ങുമ്പോള്‍ നമ്മള്‍ ഇയാളെ കാണുന്നു.പ്രേമിക്കുന്നവര്‍ ഇയാള്‍ക്ക് ഒരു ബലഹീനത ആണ്.(ഇക്കാലത്തെ തികച്ചും പ്രാക്റ്റിക്കല്‍ പ്രണയങ്ങള്‍ക്ക് ഒരു സഹായിയുടെ ആവശ്യമില്ല എന്നത് മറക്കാം) മേല്‍പ്പറഞ്ഞ കോളേജില്‍ ഒരു അധ്യാപകന് (ക്രോണിക് അവിവാഹിതന്‍)പ്രേമം ശരിയാക്കാന്‍ ആണ് വിനയന്‍ എത്തുന്നത്‌ .കോളേജ് കാന്‍റീന്‍ ജീവനക്കാരനായി ഇവിടെയെത്തുന്ന ഇയാള്‍ തുടക്കം തന്നെ സുധി എന്ന വായിനോക്കിയുടെ (അക്ഷരര്ധത്തില്‍ എടുത്താല്‍ മതി.വിനയന്‍ വരുന്നത് വരെ മഞ്ജു (വിദ്യ ഉണ്ണി) എന്ന പെണ്‍കുട്ടിയുടെ പുറകെ മണപ്പിച്ചു നടക്കലായിരുന്നു ഇങ്ങേരുടെ പണി ) പ്രണയം ശരിയാക്കി കൊടുക്കുന്നതോടെ വിനയന്‍ കോളേജില്‍ ഹിറ്റ്‌ ആകുന്നു.മറ്റൊരു മൂകപ്രണയെതാവായ റോയിയുടെ കേസ് ഏറ്റെടുത്തു കോളേജിലെ ഡെവിള്‍ എന്നറിയപ്പെടുന്ന എബിനുമായി റോയിയെ പ്രണയിപ്പിക്കാന്‍ ശ്രമിക്കുന്നതോടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുന്നു
അന്നോ ?
എന്ന് കരുതി അങ്ങനെ ഇങ്ങനെ ഒന്നും ഈ സംഭവം തീര്‍ന്നു എന്ന് കരുതരുത്. വിനയന്‍ എന്ന കഥാപാത്രത്തെ ചുറ്റി പറ്റി കുറെയധികം നിഗൂഡതകള്‍ ഉണ്ട് എന്നൊരു സൂചന ചിത്രത്തിലുടനീളം നല്‍കുന്നുണ്ട്. ഒടുവില്‍ അനിയാ,നീ ആ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിയുമ്പോള്‍ തകര്‍ന്നു പോകും.ഈ വിനയചന്ദ്രന്‍ ഒരു അനാഥാലയത്തില്‍ വളര്‍ന്ന ആളാണ്. കുട്ടിക്കാലത്ത്, ഒരു കുടുംബം ഇയാളെ ദത്തെടുക്കാന്‍ വന്നപ്പോള്‍ സ്വന്തം കളികൂട്ടുകാരി ശ്രീകുട്ടിക്ക് വേണ്ടി മാറി കൊടുത്ത ത്യാഗിയാണ് ഇയാള്‍ !! വളര്‍ന്നു വലുതായിട്ടും തന്‍റെ കളികൂട്ടുകാരിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇയാള്‍. എടേ കണ്ണ് തുടക്കെടെ . ഇങ്ങനെ കരഞ്ഞാലോ ?

ഇല്ല അണ്ണാ എന്നിക്ക് സങ്കടം സഹിക്കുന്നില്ല . പാവം വിനയന്‍ ഒടുവില്‍ അയാള്‍ ........

അടങ്ങേടെ ഒന്ന് പറഞ്ഞോട്ടെ.അവസാനം ആണ് വിനയന് ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നത്. എബിന്‍ ആണ് അയാളുടെ പഴയ കളികൂട്ടുകാരിയായ ശ്രീകുട്ടി.ഒരു വശത്ത് റോയ് എന്ന സുഹൃത്തിനോടുള്ള സ്നേഹം മറുവശത്ത് വര്‍ഷങ്ങളായി തേടി നടന്ന കളികൂട്ടുകാരി.ഒടുവില്‍ ...

മതി അണ്ണാ ഇനി എനിക്ക് താങ്ങാനുള്ള ശക്തിയില്ല . ഇതിലും ഭേദം വല്ല സീരിയലും കാണുന്നതായിരിക്കും .

ഇത്രയും കൊണ്ട് നിനക്ക് തൃപ്തി ആയില്ലേല്‍ തൂലിക സുഹൃത്തിനു വേണ്ടി കോളേജ് പയ്യന്മാര്‍ (സുധി അടക്കം) ശ്രേയ എന്ന പെണ്‍കുട്ടിക്ക് കത്തെഴുതി ഒടുവില്‍ ശ്രേയംസ് കുമാര്‍ എന്ന് പറഞ്ഞു വരുന്ന സലിം കുമാറിന്‍റെ കഥാപാത്രം ഉണ്ട്. (തൂലികാ സൌഹൃതമേ!! ഇക്കാലത്ത് !!!! എന്‍റെ പോന്നു ബിജു !!! ഇയാള് വല്ല പ്രവാസിയും ആണോ? ഈ നാട്ടിലൊന്നും അല്ലെ ?)

അയ്യോ ....

അത് കൊണ്ടും പോരെങ്കില്‍ അനന്ന്യ അവതരിപ്പിക്കുന്ന കഥാപാത്ര ത്തിന്‍റെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മുറചെറുക്കനും അവനെ വര്‍ഷങ്ങളായി ആരാധനയോടെ കാത്തിരിക്കുന്ന അനന്ന്യയും.ഏതാണ്ട് ചിത്രത്തിന്‍റെ മുക്കാല്‍ ഭാഗവും അനന്ന്യ,ചേട്ടന്‍ ഒന്ന് വന്നു കിട്ടിയെങ്കില്‍ പ്രേമിച്ചു മരിക്കാമായിരുന്നു എന്ന ലൈനിലാണ് .

അല്ല അണ്ണാ അപ്പോള്‍ അഭിനേതാക്കള്‍ ബോറാണെന്ന് ധൈര്യമായി കാച്ചട്ടോ?

പാവങ്ങള്‍, നായകന്‍ അടക്കം എല്ലാരും അവര്‍ അവരുടെ റോളുകള്‍ വൃത്തിയായി ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.ഇങ്ങനത്തെ ഒരു തിരകഥയും സംവിധാനവും വെച്ച് എന്ത് കാണിക്കാനാ?പിന്നെ പറയുബോള്‍ എല്ലാം പറയണമല്ലോ . രാക്ഷസീ എന്ന നമ്മള്‍ ചിത്രത്തിലെ പാട്ടിനെ അനുകരിച്ചു എടുത്ത നന്നാവുല്ല എന്ന പാട്ടൊഴികെയുള്ള ഗാനങ്ങള്‍ നിലവാരം പുലര്‍ത്തി

അല്ല ഒരു പുതു മുഖ സംവിധായകന്‍ ആകുമ്പോള്‍ .....

അനിയാ ഒരു പുതുമുഖ സംവിധായന്‍ മലയാളത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നല്ലൊരു നിര്‍മാതാവാണ് എന്നാണ് ഞാന്‍ കരുതുന്നത്.ഈ ചിത്രത്തില്‍ അങ്ങനെ ഒരു പ്രശ്നം നേരിട്ടിട്ടുണ്ടെന്ന് ആര്‍ക്കും തോന്നില്ല.ചിത്രത്തിന്റെ പോസ്റ്റ‍റുകള്‍ ,ചിത്രത്തില്‍ ഉടനീളം ഉള്ള richness, അഭിനേതാക്കളുടെ ആത്മാര്‍ത്ഥമായ ശ്രമം (പുതുമുഖം വിദ്യ ഉണ്ണി പോലും ഒരു പതര്‍ച്ചയും ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്)എന്നിവയാണ് ഒരു പരിധി വരെയെങ്കിലും ചിത്രത്തിന്‍റെ നിലവാരമില്ലയിമ്മയെ മൂടി വെക്കാന്‍ സഹായിച്ചിട്ടുണ്ട്.

എന്നാലും ഇതു ഏതോ ഹോളിവൂഡ്‌ ചിത്രത്തിന്റെ അനുകരണം.ഏതാണ്ട് ഹിച്ചോ,എയര്‍ട്ടെല്ലോ .....?

അനിയാ സത്യമായും എനിക്കറിയില്ല.ഇങ്ങനെ ഒക്കെയാണ് സായിപ്പു പടം എടുക്കുന്നത് എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടാണ് . ഇനി അങ്ങനെ ആണെങ്കില്‍ ദൈവം സായിപ്പിനെ രക്ഷിക്കട്ടെ.എന്തായാലും ഈ വര്‍ഷത്തെ കൊമ്പ് കോര്‍ക്കല്‍ തികച്ചും ഗംഭീരം ആയി എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.വേണമെങ്കില്‍ ഈ അങ്കത്തില്‍ ഏതു ചേകവര്‍ ആണ് ജയിച്ചത്‌ എന്ന് അറിയാന്‍ ബുദ്ധി ജീവികളായ പ്രബുദ്ധ മലയാളികള്‍ക്കിടയില്‍ നിനക്കൊക്കെ വേണേല്‍ ഒരു പോള്‍ നടത്താവുന്നതാണ്.

അപ്പോള്‍ ചുരുക്കത്തില്‍ ...

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ കൂറപടങ്ങള്‍ നിര്‍വികാരമായി ഇരുന്നു കാണുന്ന ശീലം വളര്‍ന്നു വന്‍മരമായി നില്‍ക്കുന്ന മലയാളിയുടെ മനസില്‍ ഈ ചിത്രം കാണുമ്പോളും പ്രത്യേകിച്ചു ഒന്നും തോന്നാന്‍ പാടില്ലാത്തതാണ് . പക്ഷെ ഒരു മനുഷ്യന്‍ , ഒരേ ഒരു മനുഷ്യന്‍,അയാളുടെ വിവരക്കേട് മൂലം എത്ര പേരുടെ പ്രയത്നം പഴകുന്നു എന്നോര്‍ക്കുമ്പോള്‍ എവിടെയോ ഒരു വിഷമം പോലെ

Friday, September 9, 2011

സെവന്‍സ് (Sevens)

വീണ്ടും ഒരു ഓണക്കാലം വരവായി.പൊന്നോണത്തിന് പ്രേക്ഷകരെ ഹരം പിടിപ്പിക്കാന്‍ ഇതാ മലയാളത്തിലെ അനിഷേധ്യ താരങ്ങള്‍ അങ്കത്തട്ടില്‍ കൊമ്പ് കോര്‍ക്കുന്നു .

എന്താടെ ഈ കാച്ചുന്നത്?

ഒന്നുമില്ല അണ്ണാ ഓണമല്ലേ.എന്തേലും ഓളം ഒക്കെ വേണ്ടേ .

ആവശ്യത്തിനു ഓളം നിനക്ക് പ്രണയത്തില്‍ നിന്നും കിട്ടിയില്ലേ .

അതല്ല അണ്ണാ നിങ്ങള്‍ പുതിയ പടം ഏതെങ്കിലും ഒക്കെ കണ്ടു വരുമ്പോളേക്കും ഞാന്‍ ഒരു പശ്ചാത്തലം ഒരുക്കി വെച്ചാല്‍ പിന്നെ എന്നെ പോലയുള്ള നിരൂപകരുടെ സര്‍ഗശേഷി ഉപയോഗിച്ച് കഴിഞ്ഞാല്‍ സംഗതി അങ്ങ് കേറ്റാം.

ഈ അവസാനം പറഞ്ഞത് മാത്രം മനസിലായില്ല എന്തോന്ന് ശേഷി അനിയാ?

സര്‍ഗശേഷി.സംഗതി നിസാരം.ഇപ്പോള്‍ എല്ലാരും ഉഗ്രന്‍ എന്ന് പറയുന്ന ഒരു പരമ കൂറ സൂപ്പര്‍ താരമോ അല്ലാത്തതോ അയ ചിത്രം ഇറങ്ങുന്നു എന്ന് വിചാരിക്കുക.മറ്റേ ശേഷി ഉള്ള എന്നെ പോലെ ഉള്ള ഒരു നിരൂപകന്‍ എന്ത് ചെയും?വളരെ നിസാരം. റേറ്റിംഗ് , മാര്‍ക്കിടല്‍ എന്നൊക്കെ നിങ്ങള്‍ പരിഹസിക്കുന്ന സംഗതി ഉണ്ടല്ലോ.അത് വെറുതെ വെച്ചിരിക്കുന്നത് ആണ് എന്നാണോ വിചാരം?പടത്തിനെ അടിമുടി തെറി പറഞ്ഞിട്ട് കുഴപ്പം ഇല്ലാത്തൊരു റേറ്റിംഗ് കൊടുക്കും അല്ലെങ്കില്‍ തിരിച്ചും.ഇത്രയും ഓളം ഉണ്ടാക്കിയിട്ടും പടം പൊട്ടിയാല്‍ എന്നിക്ക് പിടിച്ചു നില്‍ക്കണ്ടേ അണ്ണാ ?

വേണമെടാ.നീ ഇവിടെ ഒന്നും ജനിക്കേണ്ടാവനെ അല്ല.അതിരിക്കട്ടെ നീ എന്തോ അങ്കം എന്നോ കൊമ്പ് എന്നോ ഒക്കെ പറയുന്നത് കേട്ടല്ലോ.അപ്പോള്‍ നീ സിനിമ എഴുത്തു നിര്‍ത്തിയോ?

നിങ്ങള്ക്ക് അല്ലേലും സിനിമകളുടെ ചരിത്ര പ്രാധന്യം അറിയില്ല.ഈ ഓണം റമദാന്‍ ക്രിസ്മസ് ഈ സമയങ്ങളിലൊക്കെ ഞങ്ങള്‍ മാധ്യമ പുലികളുടെ ചരിത്രപരമായ കടമയാണ് ഈ അങ്കം അനവുന്‍സ്മെന്‍റ് എങ്കിലല്ലേ ഈ പൊട്ടന്മാരായ ആരാധകര്‍ക്ക് ഒരു ഇതു വരൂ .

അത് ശരി ഈ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഇതു സിനിമയാണ് ഓണത്തിന് ഒന്നും പറഞ്ഞു കേട്ടില്ലല്ലോ ?

ഇപ്രാവശ്യം പുതുമയുള്ള കൊമ്പ് കോര്‍ക്കല്‍ ആണ്.മോഹന്‍ലാലിന്‍റെ മാക്സ് ലാബും മമ്മുട്ടിയുടെ പ്ലേ ഹൌസും ആണ് അങ്കത്തിനു.ആദ്യത്തെയാള്‍ (മാക്സ് ലാബും) ഇറക്കുന്ന ഡോക്ടര്‍ ലൌ രണ്ടാമത്തെ ആള്‍ ഇറക്കുന്ന സെവന്‍സ് എന്ന ചിത്രവുമാണ് ചേകവന്മാര്‍ ആയി ഇറങ്ങുന്നത്.ഈ ഗതി ആയോ എന്ന് ചോദിക്കല്ലേ പ്ലീസ് . ഇതില്‍ ഏതെങ്കിലും കണ്ടോ?

കണ്ടെടെ മലയാളത്തിലെ സംവിധാന ഭീഷ്മാചാര്യന്‍ ജോഷി വളരെ കാലത്തിനു ശേഷം (അതോ ആദ്യമായോ?) മുന്‍ നിര താരങ്ങളില്ലാതെ ഒരുക്കുന്ന സെവന്‍സ് എന്ന സിനിമയാണ് ഞാന്‍ കണ്ടത് .

ശരി അതെങ്കില്‍ അത് പറഞ്ഞേ.

ആദ്യം സ്ഥിതി വിവരകണക്കുകള്‍ സംവിധാനം ജോഷി തിരകഥ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം അഭിനേതാക്കള്‍ കുഞ്ചാക്കോ ബോബന്‍ , ആസിഫലി , നവീന്‍ പോളി , ഭാമ , റീമ കല്ലിങ്കല്‍, നദിയ മൊയ്തു, വിനീത് കുമാര്‍ , ഗസല്‍ ഖാന്‍. ക്യാമറ അജയന്‍ വിന്‍സെന്റ് സംഗീതം ബിജിബാല്‍ ഇത്ര ഒക്കെയേ എനിക്കറിയു .

ശരി അതിരിക്കട്ടെ . കഥ ...

ഫുട്ബാള്‍ കളിയ്ക്കാന്‍ ഇഷ്ടമുള്ള മധ്യ വര്‍ഗ കുടുംബങ്ങളില്‍ നിന്നും വരുന്ന ഏഴു ചെറുപ്പക്കാര്‍ (കുഞ്ചാക്കോ ബോബന്‍ , ആസിഫലി,നവീന്‍ പോളി ,........). മിക്കവര്‍ക്കും (എന്നുവെച്ചാല്‍ ഈ ഗ്രൂപ്പിലെ പ്രമുഖ നടന്മാര്‍ക്ക്) അവരവരുടേതായ പ്രശ്നങ്ങള്‍ ഉണ്ട് .ഈ സംഘത്തിലെ അനാഥനായ ശ്യാമും (കുഞ്ചാക്കോ) നഗരത്തിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയി ജോലി ചെയുന്ന ഗൌരിയും (ഭാമ) ആയുള്ള പ്രണയം ഒരു ട്രാക്ക്.പോരാത്തതിനു ഗൌരിയുടെ ചേട്ടന്‍ അശോകന്‍ ഒരു ഗുണ്ടയും . പോരെ?. മാതാപിതാക്കള്‍ ഉള്ള അസിഫലിയുടെ അമ്മക്ക് കിഡ്നി പ്രശനം. ഡയാലിസിസ്നു വേണ്ടിയുള്ള കാശിനു ബുദ്ധിമുട്ട് ആണ് അങ്ങേരുടെ പ്രശ്നം .ഒരു മാച്ചിനിടയില്‍ ആളു മാറി ഫുള്‍ ചെയ്തു വീഴ്ത്തുന്ന അരവിന്ദന്‍ (വിനീത് കുമാര്‍) എന്ന വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആയാണ് ഈ സംഘം ആദ്യമായി, നഗരത്തിലെ എന്തിനും ബ്രോക്കെര്‍ അയ ഹബീബിന്റെ (മണിയന്‍പിള്ള രാജു )സഹായത്തോടെ ആദ്യത്തെ ഗുണ്ടാ പണി അഥവാ കൊട്ടേഷന്‍ പണി ഏറ്റെടുക്കുന്നത്.അറിഞ്ഞോ അറിയാതെയോ ഇവര്‍ ഏറ്റെടുക്കുന്ന പണി അവിടുത്തെ അധോലോക നേതാവായ ബേപ്പൂര്‍ ശ്രീധരന്‍ (ജനകന്‍ എന്ന സിനിമയിലെ പോലിസ്.മുരളി) എന്ന ഗുണ്ടാ തലവനു എതിരെ ഉള്ളത് ആയിരുന്നു.പിന്നീടു എളുപ്പത്തില്‍ പണം കിട്ടും എന്നതിനാല്‍ ഇവരുടെ ഓരോ പ്രശ്നങ്ങള്‍ പരിഹരിക്കാനായി വീണ്ടും ഓരോ പണികള്‍ ഏറ്റെടുക്കുന്നു . അതില്‍ ഒരെണ്ണം കര്‍ണാടകത്തിലെ ഒരു അധോലോക രാജാവിന്റെ മകന്‍റെ കൊലപാതകത്തില്‍ അവസാനിക്കുന്നതോടെ കഥ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. നിയമവും അധോലോക ഗുണ്ടകളും ഇവരുടെ പുറകെ ആകുന്നതോടെ ഈ സംഘം കൂടുതല്‍ പ്രശ്നത്തില്‍ ആകുന്നു.ഇവരെ കൂടാതെ അരവിന്ദന്റെ പെങ്ങളായി റീമ കല്ലിങ്കലും, സിറ്റി പോലിസ് കമ്മിഷണാര്‍ അമല വിശ്വനാഥ് ആയി നദിയ മോയ്തുവും രംഗത്ത് വരുന്നു.

ശരി. കേട്ടിട്ട് കൊള്ളാമല്ലോ പടം എങ്ങനെയുണ്ട് ?


ഈ ചിത്രത്തില്‍ വില്ലന്‍ എന്ന് വിളിക്കാവുന്ന ഒരാളെ ഉള്ളു . തിരകഥ രചിച്ചു നമ്മെ ധന്യമാക്കിയ ശ്രീ ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപുറം. പിന്നെ ഈ സംവിധാനം എന്ന പണിയില്‍ തിരകഥ ഒന്ന് വായിച്ചു നോക്കുന്നത് ഉള്‍പ്പെടില്ല എന്ന് വിശ്വസിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ശ്രീ ജോഷിക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ആകില്ല എന്നാണ് എന്‍റെ അഭിപ്രായം

ശരി അതിലേക്കു നമുക്ക് വരാം അഭിനയം ....?

അനിയാ ഈ ചിത്രത്തിലെ പിള്ളേര്‍ എല്ലാരും അവര്‍ക്ക് കഴിയുന്ന ആത്മാര്‍ഥമായി അഭിനയിച്ചിട്ടുണ്ട് . താന്‍ അഭിനയം തുടങ്ങുന്ന കാലത്ത് ഡയപ്പെര്‍ ഇട്ടു നടന്ന അസിഫലിയുടെ ഒക്കെ കൂട്ടുകാരനായി അഭിനയിക്കുമ്പോള്‍ ഒരിടത്തും കുഞ്ചാക്കോ കല്ല്‌ കടിയാകുന്നില്ല.ആസിഫലി,നിതിന്‍ പോളി മറ്റു പുതുമുഖങ്ങള്‍ ഇവരൊക്കെ നന്നായി അഭിനയിച്ചു.ഇങ്ങനത്തെ ഒരു ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കുറവായിരിക്കണം എന്നാ ഒരു വിശ്വാസം കൊണ്ടായിരിക്കണം ഭാമ,റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ക്ക് കാര്യമായ പണിയൊന്നും ഇല്ല.സഹിക്കാന്‍ തീരെ പറ്റാത്തത് നദിയ അവതരിപ്പിച്ച പോലീസ് കമ്മിഷണറിനെയാണ് . വാണി വിശ്വനാഥ് മര്യാദക്ക് ചെയ്തു പോകുമായിരുന്ന എന്തിനു ശ്വേത മേനോന്‍ പോലും ഇതിലും നന്നാകുമായിരുന്ന വേഷം ഈ ആയമ്മ കൊളമാക്കി.ആദ്യ സീന്‍ മുതല്‍ (കളിക്കാരെ പരിചയ പ്പെടുന്ന രംഗം മുതല്‍) ഈ പണി എനിക്ക് പറ്റിയതല്ല എന്ന് വിളിച്ചു പറയുന്നതായിരുന്നു അവരുടെ പ്രകടനം.എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം ശ്രീ മണിയന്‍ പിള്ള രാജു അവതരിപ്പിച്ച ഹബീബ് എന്ന കഥാപാത്രമാണ്.ജഗതി കഴിഞ്ഞാല്‍ ഒരു പക്ഷെ ഏറ്റവും കഴിവുള്ള ഹാസ്യ നടന്മാരില്‍ ഒരാളാണെന്ന് ഞാന്‍ കരുതുന്ന ശ്രീ രാജുവിനെ എന്ത് കൊണ്ട് മലയാള സിനിമ കൂടുതല്‍ ഉപയോഗിച്ചില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .സര്‍വകലാശാല എന്ന ചിത്രത്തില്‍ ബാക്കി എല്ലാ മികച്ച പ്രകടനങ്ങല്‍ക്കൊപ്പം ഞാന്‍ എണ്ണുന്ന ഒന്നാണ് രാജു അവതരിപ്പിച്ച ചക്കര (ആ കഥാപാത്രത്തിന്റെ ശരിക്കുള്ള പേര് ഒരിടത്തും പറയുന്നില്ല എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ ആവൊ ?).ശ്രീ രാജു കുറെ അധികം കാലം കൂടി അവതരിപ്പിച്ച നല്ല കഥാപാത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലെത് .പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ ബോംബെ അധോലോകം പശ്ചാത്തലം ആക്കി എഴുതിയ ഇവിടെ എല്ലാവര്ക്കും സുഖം എന്ന നോവലിലെ റുസ്തം എന്നൊരു കഥാപത്രം ഉണ്ട് .മുംബൈയിലെ ഏറ്റവും ഉന്നതങ്ങള്‍ മുതല്‍ ഏറ്റവും താഴെ തട്ട് വരെ പരിചയവും ബന്ധങ്ങളും ഉള്ള , ആ നഗരത്തിന്റെ ആത്മാവു പോലെയുള്ള ഒരു സാധാരണ റിപ്പോര്‍ട്ടര്‍.(വായിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ കാണണം). ആ ഒരു നിലവാരത്തിലേക്ക് വളര്‍ത്തിയെടുക്കാന്‍ സാധ്യത ഉള്ള ഒരു കഥാപാത്രം ആയിരുന്നു ഈ ഹബീബ് . പറഞ്ഞിട്ടെന്തു കാര്യം?അല്ല അതിരിക്കട്ടെ തിരകഥ .. എന്തോ ?

അനിയാ ചില്ലറ കല്ല്‌ കടികള്‍ ( ഈ മലര്‍വാടിയിലെ സംഗീതം പോലെയാണ് ഇതിലെ ഫുട് ബാള്‍ എന്നത് പോലെ ഉള്ളവ) ഒഴിച്ചാല്‍ ഈ ചിത്രത്തിന്‍റെ ഒന്നാം പകുതി കണ്ടിരിക്കാവുന്നതാണ്.യുവ തലമുറയില്‍ പെണ്‍കുട്ടികള്‍ക്ക് മാംസ വ്യാപാരം എളുപ്പം പണം ഉണ്ടാക്കാനുള്ള വഴി ആകുന്നത്‌ പോലെ ചെറുപ്പക്കാരില്‍ കൊട്ടേഷന്‍ പണി എങ്ങനെ അവരെ പതിയെ ആകര്‍ഷിച്ചു എടുക്കുന്നു എന്നിതില്‍ നന്നായി കാണിച്ചിട്ടുണ്ട് .കുട്ടിക്കാലം മുതല്‍ അധോലോക പരിസരത്ത് ജനിച്ചു ജീവിച്ചു വളരുന്ന ഗുണ്ടകള്‍ക്ക് ഒപ്പം തന്നെ മധ്യവര്‍ഗ്ഗ , ഭേദപ്പെട്ട പശ്ചാത്തലത്തില്‍ നിന്നും വരുന്ന പിള്ളേരെ ഗുണ്ട സംഘങ്ങളും ആയി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്ന ഈ കാലത്ത് ഈ ചിത്രത്തിന്റെ ഒന്നാം പകുതി തികച്ചു സമകാലീനം ആണെന്നാണ് എന്‍റെ വിശ്വാസം . .അധോലോക രാജാവിന്‍റെ മകന്റെ കൊലപാതകത്തില്‍ കൊണ്ട് നിര്‍ത്തുന്ന ഒന്നാം പകുതി കഴിയുമ്പോള്‍ തിരകഥാകൃത്ത് തന്റെ വിശ്വരൂപം പുറത്തെടുക്കുന്നു. തിരകഥാകൃത്ത് എഴുതി തരുന്നത് ചിത്രീകരിക്കുക അന്നതല്ലാതെ തന്‍റെ കുറെയധികം കാലത്തേ പരിചയം ഒരു തുള്ളി പോലും ഈ ചിത്രത്തിന് വേണ്ടി ഉപയോഗിക്കില്ല എന്ന വാശിയോടെ പ്രവര്‍ത്തിക്കുന്ന സംവിധായകനും കൂടെയാകുമ്പോള്‍ ദുരന്തം പൂര്‍ണ്ണം.ഏറ്റവും വൃത്തികേടായി എനിക്ക് തോന്നിയത് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌ ആണ്.വിറ്റ്നെസ് എന്ന ചിത്രത്തിലേത് പോലെ ഒരു ക്ലൈമാക്സ്‌ രംഗമോ(അന്വേഷകന്‍ പ്രധാന സൂത്രധാരന്‍ ആകുന്ന രീതി) . അല്ലെങ്കില്‍ അശോകന്‍റെ സുഹൃത്ത്‌ ഒരു ഗുണ്ടയുണ്ട് .അയാളിലേക്ക് എത്തുന്ന ഒരു ക്ലൈമാക്സ്‌ പോലും ഇതിലും ഭേദം ആയിരുന്നു.രണ്ടാം പകുതിയില്‍ ഉടനീളം മനുഷ്യനെ വടിയാക്കുന്ന രംഗങ്ങള്‍ കൊണ്ട് നിറച്ചു വെച്ചിരിക്കുന്നു.ഉദാഹരണം.ഈ സംഘത്തിനു കിട്ടുന്ന മൂനാമത്തെ പണി സൂരജ് (ആസിഫലി) മറ്റു സുഹൃത്തുക്കളെ അറിയിക്കാതെ ഒറ്റയ്ക്ക് ചെയ്യുന്നുണ്ട്.പതിനാറു ലക്ഷം ആണ് അതിനു പ്രതിഫലം.അത് കഴിഞ്ഞു രണ്ടു ലക്ഷം രൂപ പ്രതിഫലം കിട്ടുന്ന,കൊലപാതകത്തില്‍ അവസാനിക്കുന്ന പണി വരുമ്പോള്‍ ആസിഫലി പഴയ കിഡ്നി സെന്ടിമെന്റുമായി മുന്നിലുണ്ട്. (നേരത്തെ കിട്ടിയ കാശു ഇയാള്‍ എന്ത് ചെയ്തു ആവൊ ?) അത് പോലെ നാദിയയോടു ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കുമ്പോള്‍ പറയുന്നു ബേപ്പൂര്‍ ശ്രീധരന്‍റെ പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലും ഇല്ല എന്ന് .തൊട്ടടുത്ത സീന്‍ കാണിക്കുന്നത് ശ്രീധരന്റെ ഒളിത്താവളം വളഞ്ഞു ആകെ വെടിയും ബഹളവും ഉണ്ടാക്കുനതാണ്.വഴിയെ പോയ വിനീത് കുമാര്‍ ഒരു ഘട്ടം കഴിയുമ്പോള്‍ ഈ സംഘത്തിന്റെ കൂടെയാകുന്നു (പ്രകോപനം എന്താണാവോ?) അവസാനം വില്ലന്മാരെയും അവരുടെ ബന്ധുക്കളെയും എല്ലാവരെയും അകത്താക്കി കഴിയുമ്പോള്‍ സംഘത്തില്‍ ഒരുത്തനെ അച്ഛന്‍ പിടിച്ചു ഗള്‍ഫില്‍ കൊണ്ട് പോകുന്നു. അവന്‍റെ കൊല സെന്റി കഴിഞ്ഞു പോയി തരുമ്പോള്‍ ഓട്ടോയില്‍ ഭാമ വന്നിറങ്ങുന്നു. നിങ്ങള്ക്ക് വേറൊരാളെ തരാം എന്ന് പറയുമ്പോള്‍ അവളുടെ ഗുണ്ട ചേട്ടന്‍ അശോകന്‍ (ശ്രീധരന്‍റെ കൂടെ ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പോലീസ് വെടിയേറ്റ്‌ ഇടയ്ക്ക് കുറെ കാലം തളര്‍ന്നു കിടക്കുവായിരുന്നു) ഇറങ്ങുന്നു ഗുണ്ട ആണെങ്കിലും എനിക്കും ഫുട്ബാള്‍ അറിയാം എന്ന് പറയുന്നു. സംഘത്തില്‍ ഒരാള്‍ മരിച്ച ഒഴിവില്‍ ഇയാളെ എടുക്കുന്നതോടെ സിനിമ തീര്‍ന്നു പണ്ടാരം അടങ്ങുന്നു . പോരെ അനിയാ നിനക്ക് ?

ഇങ്ങനെ ചൂടാവല്ലേ അണ്ണാ?

പിന്നെ ചൂടാവാതെ എന്ത് ചെയ്യും ? മലയാളത്തിലെ ഏറ്റവും സീനിയര്‍ സംവിധായകരില്‍ ഒരാള്‍ കാണിച്ചു വെച്ചിരിക്കുന്ന ഉത്തരവാദിത്വം കണ്ടാല്‍ പിന്നെ രോമാഞ്ചം കൊള്ളണോ? താരങ്ങളുടെ ഭാരം ഇല്ലേല്‍ പാവം ഷാജി കൈലാസ് പോലും ഇതിലും നന്നായി പടമെടുക്കും എന്നാണ് എന്‍റെ വിശ്വാസം .പിന്നെ ആകെ കുളം എന്ന് പറയാവുന്ന രണ്ടാം പകുതിയില്‍ എനിക്ക് ആകെ നന്നായി തോന്നിയത് അമല വിശ്വനാഥ് (നദിയ) ഒരു വികലാംഗനായ മനുഷ്യന്‍റെ പടം കൊടുത്തിട്ട് ഏഴംഗ സംഘത്തോട് അയാളെ ഒരു ദിവസം മുഴുവന്‍ നിരീക്ഷിച്ചിട്ടു വരന്‍ പറയുന്ന ഭാഗമാണ്. സംഗതി സാരോപദേശം ലൈന്‍ ആണെങ്കിലും ഒരു മൈതന പ്രസംഗത്തെക്കാള്‍ വളരെ ഭേദം ആയിരുന്നു

ചുരുക്കത്തില്‍ ...

അനിയാ ഗതികേടിന്‍റെ അങ്ങേയറ്റത്ത്‌ നില്‍ക്കുന്ന മലയാളിക്ക് ഈ ചിത്രമൊക്കെ ഒരു നിര്‍വികാരതയോടെ കണ്ടിരിക്കാവുന്നത്തെ ഉള്ളു .പിന്നെ ജോഷി എന്ന വലിയൊരു സംവിധായകനെയും ഈ ചിത്രത്തിന്റെ നല്ല ഒന്നാം പകുതിക്ക് ശേഷം എടുത്തു നശിപ്പിച്ച രണ്ടാം പകുതിയും ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു എന്ന് മാത്രം

Monday, September 5, 2011

പ്രണയ - ലേഖനങ്ങള്‍ക്ക് ഒരു മറുപടി

പ്രണയം എന്ന ലോകോത്തര ചിത്രം ഇഷ്ട്ടപ്പെട്ടില്ല എന്ന കുറ്റത്തിന് സൂപ്പര്‍ താര ആരാധകരുടെ വളരെ രസകരമായ കുറെ പ്രതികരണങ്ങള്‍ വായിക്കാന്‍ ഇടയായി.പലതു സഭ്യതയുടെ പരിധി ബഹുദൂരം പിന്നില്‍ ആക്കുന്നത് ആയതിനാല്‍ വായനക്കാരുമായി പങ്കു വയ്ക്കാന്‍ കഴിഞ്ഞില്ല.എങ്കിലും കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞില്ലങ്കില്‍ മോശമല്ലേ എന്ന ചിന്തയാണ് ഈ പോസ്റ്റിനു പ്രചോദനം .

ചോദ്യം ഒന്ന് :പ്രണയം എന്ന മഹത്തായ സിനിമയെ,ബ്ലെസി എന്ന പ്രതിഭാശാലിയായ സംവിധായകന്‍ ഒരുക്കിയ,അഭിനയ സാമ്രാട്ട് ശ്രീ ലാലേട്ടന്‍ അഭിനയിക്കുന്ന,ഒരു ചിത്രം മോശമായി എന്ന് എങ്ങനെ പറയാന്‍ കഴിയുന്നു ?

ഈ ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരം എനിക്ക് അങ്ങനെയാണ് തോന്നിയത് എന്നാണ്.അതിനു കാരണം അല്ലെങ്കില്‍ ഈ ചിത്രത്തെ കുറിച്ച് എനിക്കുള്ള അഭിപ്രായം,ഇതാണ് ശ്രീ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് കൊടുത്ത അമിതമായ പ്രാധാന്യം ഒരു (മറ്റൊരു) നല്ല ചിത്രത്തെ നശിപ്പിക്കുന്ന കാഴ്ചയാണ് പ്രണയം എനിക്ക് തന്നത് ..
ഒരു സിനിമയില്‍ നായകന്‍ ഒരു പാവം ഇടത്തരം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കുടുംബനാഥന്‍ ആണ് എന്നിരിക്കട്ടെ . അയാള്‍ ഒരു ദിവസം ഓഫീസ് വിട്ടു കുറച്ചു മലക്കറി ഒക്കെ വാങ്ങി വീടിലേക്ക്‌ പോകുമ്പോള്‍ കീരിക്കാടന്‍ ജോസിനെ പോലെയുള്ള ഒരാള്‍ കത്തിയുമായി അലറികൊണ്ട് ഇയാളുടെ അടുത്തേക്ക് ഓടി വരുന്നു (ഇവര് തമ്മില്‍ ഒരു മുന്‍ പരിചയവും ഇല്ല എന്നും ഇരിക്കട്ടെ).സ്വാഭാവികമായും അയാളുടെ മുഖത്ത് വരേണ്ട ഭാവം എന്തായിരിക്കും?ഭയം,അമ്പരപ്പ് ഇതു പോലെ എന്തെങ്കിലും ഒക്കെ ആണ് ഞാന്‍ അവിടെ പ്രതീക്ഷിക്കുക.ഇനി അയാള്‍ നിര്‍വികാരനായി ഓടി അടുക്കുന്ന ഗുണ്ടയെ നോക്കി നില്‍ക്കുന്നു എന്നിരിക്കട്ടെ.അതിനു വ്യക്തമായ ഒരു കാരണം പറയാന്‍ തിരകഥ കൃത്തും സംവിധായകനും ബാദ്ധ്യസ്തര്‍ ആണ് എന്നാണ് എന്‍റെ വിശ്വാസം.
ഇനി നമുക്ക് ഈ ചിത്രത്തിലേക്ക് വരാം.ഇതിലെ മാത്യൂസ്‌ എന്ന കഥാപാത്രം ഒരു rtd പ്രൊഫസര്‍ ആണ്.ഒരു വശം തളര്‍ന്നു കിടക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്‌.(അഥവാ ഭാര്യ ഇല്ലെങ്കില്‍ ഇയാള്‍ ജീവിക്കുന്ന ഒരു ശവത്തിനു തുല്യമാണ്)അങ്ങനെ പൂര്‍ണമായും ഭാര്യയെ ആശ്രയിച്ചു ജീവിക്കുന്ന ഇയാളുടെ ജീവിതത്തിലേക്ക് ഭാര്യയുടെ പഴയ ഭര്‍ത്താവു കടന്നു വരുന്നു.ഇയാളെ പോലെ തന്നെ സഹതാപം അര്‍ഹിക്കുന്ന ഒരവസ്ഥയിലാണ് അയാളും.ഭാര്യക്ക്‌ അയാളോട് വളരെ പ്രകടമായ ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ട് എന്നത് വ്യക്തവുമാണ്.അത് പോലെ അയാള്‍ക്ക് ഇങ്ങോട്ടും. ഈ ചിത്രത്തില്‍ എവിടെയെങ്കിലും മാത്യൂസ്‌ എന്ന കഥാപാത്രത്തിന്,മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍,ഒരു അരക്ഷിതാ ബോധം,ഭാര്യ തന്നെ ഉപേക്ഷിക്കുമോ അല്ലെങ്കില്‍ അവഗണിക്കുമോ എന്ന ഭയം ഉള്ളതായി തോന്നുമോ? ഇവിടെയാണ് മോഹന്‍ലാല്‍ എന്ന താരം മോഹന്‍ലാല്‍ എന്ന നടനെ ദേനീയമായി പരാജയപ്പെടുത്തുന്നത് .മേല്‍പ്പറഞ്ഞ പോലത്തെ കഥാപാത്രത്തെ ശ്രീ അനുപംഖേര്‍ തന്നെ മഹേഷ്‌ ഭട്ട് സംവിധാനം ചെയ്ത കാഷ് (Kaash ) എന്നൊരു പടത്തില്‍,വീല്‍ ചെയറും,തളര്‍വാതവും,മുട്ടിനു മുട്ടിനു തത്വവും ഇല്ലാതെ വൃത്തിയായി അവതരിപ്പിച്ചിട്ടുണ്ട്.
ഈ ചിത്രത്തില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്ന ചോദ്യം പടം കഴിഞ്ഞു പുറത്തു വന്നപ്പോളും എന്‍റെ മനസ്സില്‍ അവശേഷിച്ചു. അങ്ങനെ ഒരു ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയവര്‍ ദയവായി ഒന്ന് പറഞ്ഞു തരാമല്ലോ .മുന്‍പ് പറഞ്ഞത് പോലെ ഈ ചിത്രത്തില്‍ എല്ലാര്‍ക്കും എല്ലാരോടും പ്രണയമാണ് എന്ന് മാത്രം പറയാതിരുന്നാല്‍ ഉപകാരം !.

ലാലേട്ടന്‍ കഴിഞ്ഞാല്‍ ഈ ചിത്രത്തിലെ ഏറ്റവും മോശമായ പ്രകടനം ജയപ്രദ എന്ന നടിയുടെതാണ് എന്നാണ് എനിക്ക് തോന്നിയത്. ഹിന്ദി സിനിമയിലെ സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളെ പോലെ ആണ് ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.പിന്നെ ഈ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റില്‍ പറഞ്ഞ പോലെ അച്ചുതമേനോനും ഗ്രേസും പ്രേമത്തില്‍ ആകുന്ന രംഗങ്ങള്‍,ലാലേട്ടന്‍ ജയപ്രദയും ആയി കടലില്‍ ഉരുളുന്ന രംഗം,മാത്യൂസ്‌ ആദ്യമായി അച്യുതനെ കാണുന്ന രംഗം അപ്പോളുള്ള ഭാര്യയോടുള്ള അയാളുടെ പെരുമാറ്റം അതിനു അവരുടെ പ്രതികരണം (ഈ ഇച്ചായന്‍റെ ഓരോ തമാശയേ എന്ന ലൈന്‍) ഇവയൊക്കെ ബ്ലെസി എന്ന സംവിധായകന്‍റെ പ്രതിഭാ ദാരിദ്രത്തിന്റെ സാക്ഷിപത്രങ്ങള്‍ ആയി ആണ് എനിക്ക് തോന്നിയത് (കടല്‍പ്പുറത്തെ രംഗം ഇവരുടെ അടുപ്പം അഥവാ ബന്ധത്തിന്റെ തീക്ഷ്ണത കാണിക്കാന്‍ ആണ് എന്ന് പറയുന്നവരോട് മധ്യവയസ്സിലെ പ്രണയം മനോഹരമായി എടുത്തിട്ടുള്ള മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലുള്ള സിനിമകള്‍ കാണാന്‍ അപേക്ഷ).അനുപം ഖേര്‍ എന്ന നടന്‍ ആണ് അഭിനേതാക്കളില്‍ ഏക ആശ്വാസം.അദേഹം താരം അല്ലാത്തത് ഭാഗ്യം.ഈ ചിത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ കണ്ട പ്രതികരണങ്ങളില്‍ എനിക്ക് രസകരമായി തോന്നിയത്,ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പല മലയാളികളും ഈ ചിത്രത്തെ കുറിച്ച് രണ്ടാം ദിവസം ആധികാരികമായി അഭിപ്രായം പറയുകയും എന്നെ തെറി പറയുകയും ചെയ്തു എന്നതാണ്. ഇവരില്‍ എത്ര പേര്‍ ഈ ചിത്രം കണ്ടിട്ടുണ്ട് എന്ന് ദൈവത്തിനറിയാം

ചോദ്യം രണ്ട് : പ്രണയം എന്ന ചിത്രം മോശമാണ് എന്ന് പറയാന്‍ ധൈര്യപ്പെട്ട നിങ്ങള്‍ തേജാഭായി എന്ന ചിത്രം കണ്ടിരിക്കാം എന്ന് പറഞ്ഞത് തികച്ചും പോക്രിത്തരമല്ലേ ?

ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുന്ന കാലത്ത്,(തിരുവനന്തപുരം എസ് എം വി എന്ന സ്കൂളിലാണ് ഞാന്‍ പഠിച്ചത്) നഗര ഹൃദയത്തില്‍ സ്ഥിതി ചെയുന്ന ഞങ്ങളുടെ സ്കൂളിന്റെ നാലു ഭാഗത്തും തീയറ്റര്‍ ആയിരുന്നു.എങ്കില്‍ പോലും സാറന്മാരെ പേടിച്ചു ക്ലാസ് കട്ട്‌ ചെയ്തു സിനിമ കാണാന്‍ പോകുന്ന പരിപാടി വ്യാപകം ആയിരുന്നില്ല.അങ്ങനെ പോകുന്നവന്‍ ക്ലാസിലെ ലോക്കല്‍ ഹീറോ ആയിരുന്നു.അങ്ങനെ ഇരിക്കുമ്പോള്‍ പത്മരാജന്റെ തൂവാനതുമ്പികള്‍ റിലീസ് ആകുന്നു.പതിവ് പോലെ സ്കൂളിലെ തലതെറിച്ചവര്‍ എന്നറിയപ്പെടുന്ന ലോക്കല്‍ ഹീറോസ് പടം കാണാന്‍ പോകുന്നു.വിജയികളായി തിരിച്ചെത്തുന്നു.ആകാംഷയോടെ കാത്തിരിക്കുന്ന ഞങ്ങള്‍ ചോദിക്കുന്നു പടം എങ്ങനെയുണ്ട്? ഉത്തരം "കിടിലം പടമെടെ. കണ്ടില്ലെങ്കില്‍ നഷ്ടമാണ്".അത് കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞു കിന്നാരതുമ്പികള്‍ (അത് പോലൊരു പടം)റിലീസ് ആകുന്നു.പടം കണ്ടു വരുന്ന അണ്ണന്മാരോട് പതിവ് ചോദ്യം ഞങ്ങള്‍ ചോദിക്കുന്നു .ഉത്തരം "കിടിലം പടമെടെ.കണ്ടില്ലെങ്കില്‍ നഷ്ടമാണ്".ഈ രണ്ട് അഭിപ്രായങ്ങളും കേട്ടിട്ട് പടം കാണാന്‍ പോയ ഒരാളും തൂവാന തുമ്പികള്‍ എന്ന ചിത്രത്തിലുള്ള മനോഹരമായ തിരകഥയും ഗാനങ്ങളും അഭിനയവും ഒന്നും മറ്റേ തുമ്പിയില്‍ ഇല്ലല്ലോ പിന്നെ എന്താ രണ്ടിനെ പറ്റിയും ഒരേ അഭിപ്രായം പറഞ്ഞത് എന്ന് ചോദിച്ചിട്ടില്ല.അന്നുള്ള സ്കൂള്‍ പിള്ളേരുടെ വിവരം പോലും ഇന്നത്തെ ആരാധകര്‍ക്ക് ഇല്ലാതെ പോകുന്നതും മലയാള സിനിമയുടെ ഗതികേടിനു ഒരു കാരണം ആകാം.

ഇനി തേജാഭായ് എന്ന ചിത്രം അടുതിരിക്കുന്നവന്‍റെ മുഖത്ത് നോക്കാന്‍ പോലും കഴിയാത്ത വിധം ലജ്ജിപ്പിക്കുന്ന സിനിമ ആകുമ്പോള്‍ എന്ത് കൊണ്ടാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്, ചൈന ടൌണ്‍, എന്നിവ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നിരുന്നു കണ്ടു ആസ്വദിക്കേണ്ട അവധിക്കാല entertaining ചിത്രങ്ങള്‍ ആകുന്നത്‌? ഇങ്ങനെ പറയുന്നവര്‍ എന്ത് കൊണ്ട് നിക്ഷ്പക്ഷരായ സിനിമ ആസ്വാദകര്‍ ആകുന്നു? ഇവ എല്ലാം ഒരേ നിലവാരം ആണെന്ന് സമ്മതിച്ചാല്‍ തന്നെ ഹാസ്യ ചിത്രങ്ങളുടെ രാജാക്കന്മാരായ (കുറഞ്ഞ പക്ഷം കുറെ വിജയ ചിത്രങ്ങള്‍ എങ്കിലും സ്വന്തമായുള്ള)റാഫി മെക്കാര്‍ട്ടിന്‍,മോഹന്‍ലാല്‍, ദിലീപ്,ജയറാം എന്നിവര്‍ അഭിനയിച്ച (ഇതില്‍ ഒരെണ്ണം സൂപ്പര്‍ താരം നേരിട്ട് ഉണ്ടാക്കി ഇറക്കിയതുമാണ്),താരങ്ങളെ കൊണ്ട് നിറച്ച,രണ്ട് ചിത്രങ്ങളുടെ അതെ നിലവാരത്തില്‍ ഒരു ചിത്രം ചെയ്തതില്‍ ആക്ഷന്‍ നായകന്‍ എന്ന് പറയപ്പെടുന്ന പ്രിത്വിരാജിനും ദീപു കരുണാകരനും അഭിമാനിച്ചു കൂടെ ?

ഇനി മൂന്നാമതും അവസാനവും ആയി ഈയുള്ളവന്‍റെ സൂപ്പര്‍താര വിരോധത്തെ പറ്റി.(ആവര്‍ത്തനം കഷമിക്കുക) എന്‍റെ ആദ്യ പോസ്റ്റില്‍ പറഞ്ഞത് പോലെ സൂപ്പര്‍ താരങ്ങളോട് എന്നിക്ക് ഒരു വിരോധവും ഇല്ല.മറ്റാരെയും പോലെ സ്വന്തം സ്ഥാനവും പദവിയും അവസാനം വരെ നില നിര്‍ത്തണം എന്ന ആഗ്രഹമേ അവര്‍ക്കും ഉള്ളു എന്നാണ് എന്‍റെ വിശ്വാസം.പക്ഷെ ഇന്നും മലയാള സിനിമയില്‍ , ഒരു സിനിമയുടെ എല്ലാ ഘടകങ്ങളെയും (കഥ , തിരകഥ , സംവിധാനം അങ്ങനെ എന്തും ) ആധികാരികമായി നിയന്ത്രിക്കാന്‍ ശക്തിയുള്ളതു ഇവര്‍ക്ക് രണ്ട് പേര്‍ക്കുമാണ് എന്നാണ് എന്‍റെ വിശ്വാസം.മലയാളത്തില്‍ എന്ന് മറ്റു ഏതൊരു താരത്തിനും ഇങ്ങനെ മാറ്റിയാലേ ഞാന്‍ അഭിനയിക്കു എന്ന് പറയാനുള്ള സ്റ്റാര്‍ പവര്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല . (അങ്ങനെ പറഞ്ഞത് കൊണ്ടാണ് ശ്രീ സുരേഷ് ഗോപി അഞ്ചു കൊല്ലം വീട്ടില്‍ ഇരുന്നത് ).സുരേഷ് ഗോപിക്കോ,ദിലീപിനോ, പ്രിത്വിരാജിനോ,ജയറാമിനോ അങ്ങനെ ഒരു സ്റ്റാര്‍ പവര്‍ ഉണ്ടെന്നു പറയുന്നവര്‍ അവരുടെ സിനിമകള്‍ പരാജയം ആണെന്ന് പറയുന്നത് തെറ്റാണ് എന്ന് സമ്മതിക്കേണ്ടി വരും.(രണ്ടും കൂടി എങ്ങനെയാ ?).വ്യക്തിബന്ധങ്ങളുടെ പേരില്‍ എന്തെങ്കിലും നിര്‍ദേശം വെക്കാം എന്നല്ലാതെ ഇവര്‍ക്ക് എല്ലാവര്‍ക്കും കിട്ടുന്നത് അഭിനയിക്കുക .രക്ഷപെടാന്‍ പ്രാര്‍ത്ഥിക്കുക എന്നതിനപ്പുറം ഒന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.അങ്ങനെ കുറെയധികം പരിമിതികള്‍ക്കുള്ളില്‍ നിന്നും ചെയുന്ന ചിത്രങ്ങളെ കുറിച്ച് പറയുമ്പോള്‍ ഒരല്‍പം മൃദുവായെ വിമര്‍ശിക്കാന്‍ പോകാറുള്ളൂ എന്നത് സത്യമാണ് (അത് സഹസ്രം ആയാലും മേരിക്കുണ്ടൊരു കുഞ്ഞാട് ആയാലും അന്‍വര്‍ ആയാലും മേക്കപ്പ്മാന്‍ ആയാലും ട്രാഫിക്‌ ആയാലും ശരി).അതില്‍ എന്തെങ്കിലും നല്ലത് കണ്ടാല്‍ അത് പറയാനും ശ്രമിക്കാറുണ്ട് .ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു സൂപ്പര്‍ താരരഹിത ചിത്രം മോശമാകാന്‍ പണി അറിയില്ല എന്നതല്ലാതെ ഒത്തിരി കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഒരു സൂപ്പര്‍ താര ചിത്രം മോശമാകാന്‍ എങ്ങനെയായാലും ഓടികൊള്ളും എന്ന ധാരണ മാത്രം ആകാം

അവസാനമായി ബ്ലെസി പത്ര സമ്മേളനം നടത്തി ഇനി മധ്യവയസ്കരെ വെച്ച് പടമെടുക്കില്ല എന്ന് പറഞ്ഞതിനെ പറ്റി. ഇതു തന്നെയാണ് മലയാള സിനിമ ഈ അവസ്ഥയില്‍ ആകാന്‍ കാരണം എന്ന് തോന്നുന്നു. മധ്യവയസുള്ള ഒരാളുടെയോ ആളുകളുടെയോ കഥയാണ് നന്നായി തോന്നുന്നത് എങ്കില്‍ അതെടുക്കണം.അല്ലാതെ ഇനി ഞാന്‍ ചെറുപ്പക്കാരെ വെച്ച് മാത്രമേ സിനിമ എടുക്കു എന്ന് പറയുന്നത് അല്‍പ്പത്തരം ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഇതേ കാര്യം മമ്മൂട്ടിയോ ലാലോ അല്ലാത്ത ഒരു നടനെ കുറിച്ച്,അവരെ വെച്ച് സമീപ ഭാവിയില്‍ പടമെടുത്ത ഒരു സംവിധായകന്‍ പറഞ്ഞാല്‍ നടന്നേക്കാവുന്ന ആഘോഷം ഓര്‍ക്കതെയല്ല ഈ പറയുന്നത് . ഇതൊക്കെ പറഞ്ഞാലും ഈ ചിത്രത്തില്‍ ഉന്നതമായ തത്വങ്ങള്‍ വിളമ്പി നമ്മെ ആനന്ദിപ്പിച്ച പുണ്യ കര്‍മ്മത്തിന് മോഹന്‍ലാലിന് ഒരു സംസ്ഥാന/സ്വകാര്യ ചാനല്‍ അവാര്‍ഡ്‌ കിട്ടിയാല്‍ മനസ് മരവിച്ച സാധാരണ പ്രേക്ഷകര്‍ക്ക്‌ ചുമ്മാ ഫ്രീ ആയി അഭിമാനിക്കാം എന്നല്ലാതെ ഒന്നും തോന്നണം എന്നില്ല.
പിന്നെ ,ഞാനെഴുതുന്നത് ആരും വായിക്കണ്ട എന്ന് പറയാന്‍ മാത്രം ബോധം ഇല്ലാതാവനല്ല ഞാന്‍.നിങ്ങള്‍ അത് വായിച്ചിട്ട് എന്ത് ചെയ്യണം എന്നത് നിങ്ങളുടെ മാത്രം ഇഷ്ടവും ആണ്.ദയവായി ഞാന്‍ എന്ത് പറയണം എന്ന് മാത്രം പറയാതിരിക്കുക.ഇതാരെങ്കിലും ഒക്കെ വായിക്കുന്നുണ്ട് എങ്കില്‍ ഇവരൊക്കെ എന്നോട് യോജിച്ചു കൊള്ളണം എന്നൊരു നിര്‍ബന്ധവും എനിക്കില്ല.ഈ ചിത്രം നിങ്ങള്ക്ക് കണ്ടപ്പോള്‍ എന്താണ് നിങ്ങള്ക്ക് ഇഷ്ടപെട്ടത്, എന്തൊക്കെ കൂടുതല്‍ നന്നാക്കാം ആയിരുന്നു, വേറെ എന്തൊക്കെ സാദ്ധ്യതകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാമായിരുന്നു എന്നൊക്കെയുള്ള നല്ലൊരു ചര്‍ച്ചയിലൂടെ പോസ്റ്റിനെകാളും നല്ലൊരു കമന്റ്‌ സെക്ഷന്‍ ഉണ്ടാകുമ്പോള്‍ ആണ് ഒരു നല്ല കൂട്ടം ആസ്വാദകര്‍ ഉണ്ടാകുന്നതു എന്നാണ് എന്റെ വിശ്വാസം . അല്ലാതെ ഈ ചിത്രം കണ്ടപ്പോള്‍ ആത്മാവില്‍ എന്തരോ കൊത്തി വലിച്ചു, തേങ്ങി, വിങ്ങി ഇങ്ങനെയുള്ള ക്ലീഷേ സാധനങ്ങളും അല്ലെങ്കില്‍ നീ ആരെടാ ഇതു പറയാന്‍ എന്നാ മട്ടിലുള്ള തെറി വിളിയും നടത്തുമ്പോള്‍ ഓര്‍ക്കുക നമ്മള്‍ തോല്‍പ്പിക്കുന്നത്‌ നമ്മളെ തന്നെയാണ്

ഇത്രയും എഴുതിയത് പ്രണയത്തെ കുറിച്ച് എഴുതിയ അഭിപ്രായത്തെ ഒരു ലോജിക്കും ഇല്ലാതെ വിമര്‍ശിച്ചവര്‍ നാളെ പഴയ ബാലചന്ദ്രമേനോന്‍ സിനിമയുടെ ക്ലൈമാക്സ്‌ പോലെ എന്നോട് വന്നു ക്ഷമ ചോദിക്കും എന്ന് കരുതിയിട്ടല്ല.അവരോടു പറയാന്‍ എനിക്കൊന്നെ ഉള്ളു.സ്വന്തമായി അഭിപ്രായം പറയാന്‍ ശ്രമിക്കുക.പലരും പറയുന്നത് ഏറ്റു പാടുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് സ്വന്തമായി ചിന്തിക്കാനുള്ള കഴിവാണ്.ജനഹൃദയങ്ങളുടെ അഭിപ്രായമല്ല മരിച്ചു സ്വന്തം വീക്ഷണം ആത്മാഭിമാനത്തോടെ പറയാന്‍, അത് എന്ത് കൊണ്ട് എന്ന് വ്യക്തമാക്കാന്‍ പഠിക്കു.

Thursday, September 1, 2011

മങ്കാത്ത

അണ്ണാ ....

ങ്ങാ, നീ രാവിലെ തന്നെ ഇങ്ങു പോന്നോ? ഞാന്‍ കരുതി ഇനി കുറെ ദിവസത്തേക്ക് നിന്നെ ഈ ഏരിയയില്‍ കാണാന്‍ കിട്ടില്ല എന്ന് .

അണ്ണാ,കാര്യം പ്രണയത്തിന് ഞാന്‍ എഴുതിയ റിവ്യൂവിന്റെ പേരില്‍ എന്നെ വെട്ടാന്‍ ഓടിച്ചതാണെങ്കിലും,നിങ്ങള്‍ എനിക്ക് എന്‍റെ സ്വന്തം ജേഷ്ഠനെ പോലെ അല്ലെ ?

മാത്രമല്ല,പുതിയ വല്ല പടത്തിന്റെയും നിരൂപണവുമായി അല്ലാതെ കാളകൂടത്തിന്റെ പടി കടക്കരുത് എന്ന് മുതലാളി പറഞ്ഞും കാണും അല്ലെ ?

അക്കാര്യത്തില്‍ നിങ്ങളെ ഒരു തവണ എങ്കിലും ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാന്‍ മങ്കാത്ത നേരിട്ട് പോയി കാണാന്‍ ശ്രമിച്ചതാണ് അണ്ണാ .

സുപ്പര്‍ താരങ്ങളുടെ പടത്തിനു ഓസിനു ടിക്കറ്റ് കിട്ടുമ്പോലെ ഇതിന് കിട്ടാന്‍ വകുപ്പില്ല അല്ലെ ?

തന്നെ അണ്ണാ.ഒരു രണ്ടു തിയറ്ററിനുള്ള ആളുണ്ട് അവിടെ.അടുക്കാന്‍ പറ്റിയില്ല .

ഇങ്ങനെ ആള്‍ക്കൂട്ടം ഒരു മലയാള സിനിമക്ക് കാണാന്‍ കൊതിയാവുന്നില്ലേ ചെല്ലാ ?

അങ്ങനെ വല്ലതും കൊതിച്ചാല്‍ നമ്മുടെ കഞ്ഞിയില്‍ പാറ്റ വീഴില്ലേ അണ്ണാ.അതൊക്കെ പോട്ടെ.നിങ്ങള്‍ മങ്കാത്ത കണ്ടോ ?

കണ്ടഡേ

ഒരു ലോക്കല്‍ വിവരണം ഇങ്ങു തന്നാല്‍ ....

ഉം...ഡേ , പടത്തിന് കുറച്ചു നീളം കൂടുതലാണ് . രണ്ടേ മുക്കാല്‍ മണികൂര്‍ അടുപ്പിച്ചുണ്ട് സംഭവം .

അപ്പം പൊളി തന്നെ അല്ലേ ?

നീ പൊടിക്ക് അടങ്ങ്‌. ഞാന്‍ മുഴുവന്‍ പറയട്ടെ . ആവശ്യമില്ലാത്ത ഒരു രണ്ടു മൂന്നു പാട്ടുകളും , ഒന്നോ രണ്ടോ സീനുകളും ഒഴിവാക്കുകയോ , വെട്ടോ ചുരുക്കുകയോ ചെയ്തു രണ്ടര മണികൂര്‍ ആക്കിയിരുന്നെങ്കില്‍ , അടുത്ത കാലത്ത് കണ്ട കൊള്ളാവുന്ന ഒരു മസാല ത്രില്ലര്‍ എന്ന് മങ്കാത്തയെ വിളിക്കാം

ബില്ല പോലെ നല്ല സ്റ്റൈല്‍ ഒക്കെ ഉണ്ടോ അണ്ണാ ?

തോക്കിനകത്തു കേറി വെടി വെച്ചാല്‍ നിന്നെ ഞാന്‍ ശരിപ്പെടുത്തും.ആദ്യം സിനിമയെ പറ്റി പറയാം.ചെന്നൈ 600028, സരോജ, ഗോവ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജ, ചിത്രം നിര്‍മിച്ചിരിക്കുന്നത് അല്‍പ്പകാലം മുന്‍പ് തമിഴ് സിനിമ ലോകം അടക്കി ഭരിച്ചിരുന്ന സണ്‍ ഗ്രൂപ്പ്‌ ആണ് . അഭിനേതാക്കള്‍ അജിത്ത്,അര്‍ജുന്‍,തൃഷ,ലക്ഷ്മി റായി,പ്രേംജി അമരന്‍ പിന്നെ പലരുടെയും പേര് എനിക്കറിയില്ല കഥാപാത്രങ്ങളുടെ പേര് ഉപയോഗിച്ച് നീ തടി തപ്പിക്കോ എന്താ ?

ശരി. ബാക്കി ..

പറയാം വിനായക് മഹാദേവന്‍ (അജിത്ത്)എന്ന സസ്പെന്‍ഷനില്‍ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.(വിജയ്‌ ചിത്രങ്ങളില്‍ കാണുന്നത് പോലെയുള്ള ഒരു രംഗത്തിലൂടെയാണ്‌ നായകനെ ആദ്യം കാണിക്കുന്നത്).മുംബയില്‍ ഉള്ള ഇയാള്‍ അവിടുത്തെ ബെറ്റിംഗ് ലോബിയുമായി അടുത്ത ബന്ധം ഉള്ള അറുമുഖ ചെട്ടിയാര്‍ എന്നയാളിന്റെ മകളായ സഞ്ജനയും (തൃഷ)ആയി പ്രണയത്തിലാണ്.ഇതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയെ തുടര്‍ന്ന് ബെറ്റിംഗ് ലോബിയെ ഒതുക്കാനായി പ്രിദ്ധ്വിരാജ് (അര്‍ജുന്‍)എന്ന ഉദ്യോഗസ്ഥന്റെ നേത്രുത്വത്തില്‍ ഒരു സംഘം രൂപീകരിക്കപ്പെടുന്നു. സഞ്ജന വഴി ചെട്ടിയാരെ പരിചയപ്പെടുകയും അയാളുടെ സിനിമാ തീയറ്റെറിന്‍റെ മറവില്‍ നടക്കുന്ന ചൂതാട്ട കേന്ദ്രം,മറ്റു ബിസ്നെസ്സുകള്‍ എന്നിവയെ പറ്റി കൂടുതല്‍ മനസിലാക്കുന്നു.ചെട്ടിയാരുടെ കൂടെ പ്രവര്‍ത്തിക്കുന്ന സുമന്ത്,ചെറുകിട ബാറുടമ മഹത്,സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ ഗണേഷ് (അശ്വിന്‍),കമ്പ്യൂട്ടര്‍ വിദഗ്തന്‍ പ്രേം (പ്രേംജി അമരന്‍ ) എന്നിവരോടൊത്ത് വിനായക് ഐ പി എല്‍ ഫൈനലിന് ഉള്ള ബെറ്റിങ്ങിനു വേണ്ടി എത്തുന്ന 500 കോടി രൂപയുടെ ഡോളര്‍ മോഷ്ട്ടിക്കാന്‍ ഉള്ള ശ്രമത്തില്‍ പങ്കാളി ആകുന്നു.പ്ലാന്‍ വിജയകരമായി നടപ്പാക്കുന്ന അവര്‍ മോഷണ മുതല്‍ ഒരിടത് ഒളിച്ചു വെച്ചിട്ട് ബഹളം അടങ്ങാന്‍ കാത്തിരിക്കുന്നു .ചെട്ടിയാരുടെ സംഘവും പ്രിദ്ധ്വിരാജിന്‍റെ പോലീസ് സംഘവും ഇവരെ തിരയുന്നുണ്ട് .പിന്നീടു പണം ഒറ്റയ്ക്ക് കൈക്കലാക്കാന്‍ ഇവര്‍ നടത്തുന്ന കുതികാല്‍ വെട്ടുകളിലൂടെ കഥ പുരോഗമിക്കുന്നു.പ്രത്യകിച്ചും അവസാന ഇരുപതു മിനിട്ടുകള്‍ ട്വിസ്ട്ടിന്റെ എട്ടു കളിയാണ്‌.പിന്നെ പണം മോഷ്ട്ടിക്കുന്ന രംഗങ്ങള്‍ കുറച്ചു കൂടി പിരി മുറുക്കം സൃഷ്ട്ടിക്കുന്നത് ആക്കാമായിരുന്നു. എല്ലാം പ്ലാന്‍ പോലെ നടക്കുന്നത് ഇത്തരം ചിത്രങ്ങളില്‍ ബോര്‍ ആണ് എന്നാണ് എന്റെ വിശ്വാസം . ജെയിംസ് ഹാര്‍ഡിലി ചെയ്സ് കഥകള്‍ ഇതിനു മാതൃക അക്കാവുന്നവ ആയിരുന്നു.

അജിത്ത് അല്ലെ നായകന്‍? അപ്പോള്‍ അയാള്‍ക്ക് ഈ ചിത്രത്തില്‍ ഈ പണം അടിച്ചു മാറ്റാന്‍ എന്തെങ്കിലും കാരണം വേണമല്ലോ ? അമ്മയുടെ രോഗം,സൌജന്യ മെഡിക്കല്‍ കോളേജ് കെട്ടല്‍ അങ്ങനെ എന്തെങ്കിലും ?

ഈ ചിത്രത്തില്‍ എന്തൊക്കെ പാളിച്ചകള്‍ ഉണ്ടെങ്കിലും എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സംഗതി അനാവശ്യമായ ന്യായീകരണങ്ങള്‍ കൊടുത്തിട്ടില്ല എന്നതാണ്.അജിത്തിന് കുറെ അധികം കാശുണ്ടാകുന്നത് ഇഷ്ടമാണ് എന്ന ലളിതമായ സംഗതിയാണ് ഇതിനു അയാളെ പ്രേരിപ്പിക്കുനത്.തൃഷയും ആയുള്ള നായകന്‍റെ പ്രേമ ബന്ധത്തില്‍ പോലും അങ്ങനെ ഒരു ഏച്ചു കെട്ടല്‍ ഇല്ല എന്നത് സന്തോഷകരമാണ്

അപ്പോള്‍ അജിത്ത് വില്ലനാണോ ?

ഈ കഥ കേട്ടിട്ട് നിനക്ക് എന്ത് തോന്നുന്നു? എന്തായാലും ഏച്ചു കെട്ടലായ ഒരു ന്യായീകരണം ഈ ചിത്രത്തില്‍ ഒരിടത്തും ഇല്ല. ലോജിക്കല്‍ അയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടു പോലും ഈ ഒരു സംഗതി എനിക്കീ ചിത്രത്തില്‍ നന്നായി തോന്നി.

അപ്പോള്‍ സംഗതി കിടിലം എന്ന് പറയാമോ?

കിടിലം ആക്കാമായിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി.ഒരു സൂപ്പര്‍ താരം തന്‍റെ ചിത്രത്തില്‍ വരുന്നത് കൊണ്ടാകണം സംവിധായകന്‍റെ ശ്രദ്ധ കഥയിലും കഥാപാത്രങ്ങളിലും പകരം നായകനില്‍ കേന്ദ്രീകരിക്കുന്നത് പോലെ തോന്നി.പക്ഷെ അജിത്ത് എന്ന താരത്തെ /നടനെ ഈ ചിത്രത്തിന് വേണ്ടി എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതില്‍ വലിയവരെന്നു പറയുന്ന നമ്മുടെ പല സംവിധയകരെകാളും മൂന്നാമത്തെയോ നാലാമത്തെയോ ചിത്രം എടുക്കുന്ന ഈ യുവ സംവിധായകന്‍ ഭേദം ആണെന്ന് പറയാതെ വയ്യ.
സംഗീതത്തില്‍ ഉള്ള താല്പര്യം ആകണം ഈ ചിത്രത്തില്‍ പോലും പാട്ടുകള്‍ തിരുകി കയറ്റാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.നല്ലൊരു എഡിറ്റര്‍ ഉണ്ടായിരുന്നെകില്‍ മുന്‍പ് പറഞ്ഞ പോലെ പാട്ടുകള്‍ ഒഴിവാക്കി,ഒരു പക്ഷെ പല രംഗങ്ങളുടെയും ദൈര്‍ഖ്യം കുറച്ചു ഒരു മികച്ച ത്രില്ലര്‍ ആക്കാമായിരുന്നു ഈ ചിത്രം.പലയിടത്തും രക്ഷപെടാന്‍ ശ്രമിക്കുന്ന നായകനും കൂട്ടരും അവിടെയെത്തി വെടി വെപ്പ് തുടങ്ങുന്ന ചെട്ടിയാരുടെ ഗുണ്ടകള്‍ പുറകെ എത്തി വെടി വെപ്പില്‍ പങ്കു ചേരുന്ന പ്രിഥ്വിരാജിന്‍റെ പോലീസ് സംഘം എന്ന പാറ്റെണ്‍ ആവര്‍ത്തിക്കപ്പെടുന്നത് ഒഴിവാക്കാമായിരുന്നു .പ്രിഥ്വിരാജും വിനായക്മായുള്ള ഫോണ്‍ സംഭാഷണം രസകരമായി തോന്നി.കഥ കേള്‍ക്കുമ്പോള്‍ ബെറ്റിംഗ് മാഫിയ ഇതില്‍ ഒരു സുപ്രധാന സ്ഥാനത്തു ഉണ്ട് എന്ന് തോന്നും എങ്കിലും ആ പ്രതീതി ചിത്രത്തില്‍ ഒരിടത്തും വരുന്നില്ല

ശരി അപ്പോള്‍ അഭിനയമോ?

അജിത്ത് തന്‍റെ കഴിഞ്ഞ രണ്ടു മൂന്ന് ചിത്രങ്ങളിലെ ഉറക്കം തൂങ്ങി പ്രകടനം പാടെ ഒഴിവാക്കിയിട്ടുണ്ട് ഈ ചിത്രത്തില്‍. അദേഹത്തിന്റെ ആരാധകര്‍ക്ക് അതോരഘോഷം ആക്കാനുള്ള ചേരുവകള്‍ സംവിധായകന്‍ അദേഹത്തിന്റെ രീതിയില്‍ ചേര്‍ത്തിട്ടുണ്ട്.അര്‍ജുന്‍ തന്‍റെ റോള്‍ ഭംഗിയാക്കി.അജിത്തിന് തടിയും അര്‍ജുനു പ്രായവും ഒരല്‍പം കൂടുതല്‍ തോന്നുന്നില്ലേ എന്നൊരു സംശയം മാത്രം ബാക്കി.എന്ന് കരുതി ആക്ഷന്‍ രംഗങ്ങളില്‍ അതൊരു പ്രശ്നം ആകുന്നില്ല രണ്ടാള്‍ക്കും.അജിത്ത് എന്ന സുമുഖനായ നടന്‍ ക്ലീന്‍ ഷേവ് ചെയ്തു യുണിഫോര്‍മില്‍ കാണിക്കുമ്പോള്‍ പരമ ബോറാണ് എന്ന് കൂടി പറഞ്ഞോട്ടെ.നായികമാര്‍ ഈ ചിത്രത്തില്‍ തികച്ചും അനാവശ്യമാണ്.ഇതും പാട്ട് പോലെ വെങ്കട്ട് പ്രഭുവിന് ഈ ചിത്രത്തില്‍ ഒഴിവാക്കാവുന്ന ഒന്നാണ്.വിളയാട് മങ്കാത്ത എന്ന ഗാനം നന്നായി ചിത്രീകരിച്ചിട്ടുണ്ട് .കാണികളെ ഇളക്കി മറിക്കാന്‍ ഉദ്ദേശിചിട്ടുള്ളതാണ് സംഗതി.

ഇപ്പോളാണ് ഓര്‍ത്തത്‌ അജിത്തിന്‍റെ പേരായിരിക്കും ഈ മങ്കാത്ത എന്നാണ് ഞാന്‍ കരുതിയത്‌.എന്താ ഈ വാക്കിന്റെ അര്‍ഥം ?

അനിയാ എനിക്ക് മനസിലായത് ഇതു ഏതാണ്ട് പന്നി മലര്‍ത്തു പോലെയുള്ള ചൂത് കളിയുടെ വിഭാഗത്തില്‍ പെടുന്ന ഒരു ചീട്ടു കളിയാണ്‌ എന്നാണ്.

അപ്പൊ പടം എങ്ങനെയുണ്ട് എന്ന് എഴുതണം അണ്ണാ? . ദൈവതിരുമകള്‍ക്ക് ഞാന്‍ എഴുതിയത് പോലെ വിക്രം തകര്‍ത്തു. കഥാപാത്രം യാഥാര്‍ത്ഥ്യത്തിന്റെ തപോഭൂവില്‍ നിന്നും എത്രത്തോളം മാറി നില്‍ക്കുന്നോ അത്രത്തോളം അഭിനയത്തില്‍ വിക്രം പോക്രിത്തരം കാണിച്ചിട്ടുണ്ട് എന്ന് പറയാം .ആ ഒരു ലൈന്‍ പോരെ ഇതിനും ?

ഡേ ,നീ ഈ എഴുതി വെയ്ക്കുന്നതിന്റെ അര്‍ത്ഥം മിനിമം നിനക്കെങ്കിലും മനസിലാവാറുണ്ടോ ?

ഇല്ല അണ്ണാ

നിന്‍റെ ആ വിനയം. അതാണ്‌ പോയന്റ് . ഡേ , മങ്കാത്തയെ നീ അങ്ങനെ കൊല്ലണ്ടാ . അനാവശ്യമായ പാട്ടുകള്‍ , ഒന്ന് രണ്ടു സീനുകള്‍ എന്നിവ കൊണ്ട് പടത്തിന് ഒരല്‍പ്പം നീളം കൂടുതലാണ്. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ചിന്ന പ്രശ്നങ്ങളും . ഇതൊക്കെയാണെങ്കിലും ഒരു മസാല എന്റര്‍ടെയ്നര്‍ എന്ന നിലയ്ക്ക് മങ്കാത്ത ബോറടിപ്പിക്കില്ല . തിയറ്ററില്‍ പോയി ഒരു തവണ കാണാം . ഒന്ന് കൂടി ട്രിം ആക്കി എടുത്തിരുന്നെങ്കില്‍ ഡി വി ഡി വാങ്ങി വെച്ച് വീണ്ടും വീണ്ടും കാണാവുന്ന ഒരു മികച്ച ത്രില്ലര്‍ ആയേനെ പടം

പ്രണയം

ഡോക്ടര്‍ ഡോക്ടര്‍ .....
യെസ് കടന്നു വരൂ . അകെ വിയര്‍ത്തിരിക്കുന്നല്ലോ എന്താ പ്രശ്നം?

സര്‍ ഞാന്‍ ചിത്ര ഗുപ്തന്‍ ഭട്ടതിരിപ്പാട് .ചിത്രു എന്നറിയപ്പെടുന്നു .മലയാളത്തിലെ അറിയപ്പെടുന്ന ഒരു നിരൂപകനാണ് ഞാന്‍.സര്‍ ഒരു പക്ഷെ കാളകൂടം അന്തിപത്രത്തില്‍ വരുന്ന എന്‍റെ ചിത്ര വിദ്വേഷം എന്ന കോളം വായിച്ചിരിക്കും.സംഗതി ആഗോള പ്രശസ്തം അല്ലെ .

ആണോ? ഞാന്‍ ഈ ജാതി ചവറുകള്‍ ഒന്നും വായിക്കാറില്ല.അതിരിക്കട്ടെ എന്താ തന്‍റെ പ്രശ്നം?

പ്രശ്നം എനിക്കല്ല എന്‍റെ അന്നദാതാവും സഹോദര തുല്യനുമായ ശ്രീ പ്രേക്ഷകനാണ്.ഇന്നലെ വരെ ചില്ലറ തെറി പറച്ചിലില്‍ ഒതുങ്ങി നിന്നതാ.ഇന്നലെ വൈകുന്നേരം അങ്ങേര്‍ ഒരു വെട്ടുകത്തിയും ആയിട്ടു എന്നെ ഈ നഗരം മുഴുവന്‍ ഓടിച്ചു.കഷ്ടിച്ച് ജീവന്‍ രക്ഷിച്ചാണ് അയാളെ ഇവിടെ കൊണ്ട് വന്നത്.

അല്ല എന്താ അയാളുടെ പ്രശ്നം ?

ഡോക്ടര്‍ .. ഒരു നിരൂപകന്‍ എന്ന നിലയില്‍ ഞാന്‍ ഈ കൂതറ മലയാളം സിനിമകള്‍ ഒന്നും കാണാറില്ല .(വേറെ പണിയില്ലേ എനിക്ക് ) അകെ അറിയാവുന്നത് കുറെ കൊറിയന്‍ ഇറാനിയന്‍ ലാറ്റിന്‍ അമേരിക്കന്‍ പടങ്ങളുടെ പേരുകളാണ്.അത് പിന്നെ ഗൂഗിളും വെച്ചാണ്‌ ഞ്ഞാന്‍ കഞ്ഞി കുടിക്കുന്നെ.ഇന്നലെ ഞാന്‍ സ്വന്തമായി എഴുതിയ പ്രണയം എന്ന ചിത്രത്തിന്റെ നിരൂപണം വായിച്ചതിനു ശേഷമാണു ഇങ്ങേര്‍ ഇങ്ങനെ അക്രമാസക്തന്‍ ആയതു .ഡോക്ടര്‍ എങ്ങനെ എങ്കിലും ഒന്ന് ....

ശരി ശരി . വിളിക്ക് ഞാന്‍ ഒന്ന് നോക്കട്ടെ .

ഡോക്ടര്‍ ഞാന്‍ ഇവിടെ ഇരുന്നാല്‍ അയാള്‍ വീണ്ടും വയലെന്‍റ്റ് ആയേക്കും .ഞാന്‍ ഇവിടെങ്ങാനും ഒളിച്ചിരുന്നോളാം.

മം ശരി ശരി

ഡോക്ടര്‍ ....

നിങ്ങളാണോ പ്രേക്ഷകന്‍ ? ഇരിക്കു. നിങ്ങളുടെ കാര്യം എപ്പോള്‍ പറഞ്ഞതെ ഉള്ളു .

ആ പറഞ്ഞവനെ എനിക്കറിയാം ഡോക്ടര്‍ അവനെ ഉണ്ടല്ലോ ...?

ഛെ സമാധാനമായി ഇരിക്കു ഇനി പറയു എന്ത് പറ്റി?

ഒന്നും പറ്റിയില്ല ഡോക്ടര്‍ ഞാനൊരു സാധാരണ സിനിമ പ്രേക്ഷകനാണ് .ഇന്നലെ മലയാളത്തിലെ പ്രഗല്‍ഭ സംവിധായകന്‍ ശ്രീ ബ്ലെസി ഒരുക്കിയ പ്രണയം കാണാന്‍ ഇടയായി .

അത് ഭയങ്കര സിനിമ ആണെന്ന് നിങ്ങളുടെ ബൂലോകത്തെ വലിയ സാറന്മാര്‍ എല്ലാം ഒറ്റ സ്വരത്തില്‍ വിളിച്ചു കൂവുന്ന എന്ന് ഇന്നലെ വീട്ടില്‍ മോന്‍ പറയുന്നത് കേട്ടു .പിന്നെ എന്താ? പിന്നെ അത് ഏതോ കൊറിയന്‍ പടത്തിന്‍റെ കോപ്പി ആണെന്ന് ആര്‍ക്കോ പരാതി കിട്ടിയിട്ടുണ്ടെന്ന് കേട്ടല്ലോ ?

പിന്നെ ഇവനൊക്കെ ആരു വി എസ് അച്യുതാനന്ദനോ ഇങ്ങനെ രഹസ്യമായി പരാതി കൊടുക്കാന്‍ ? ശരി അത് പോകട്ടെ . ഈ ചിത്രത്തിന്റെ കഥ ഇപ്രകാരമാണ് .

ഷാര്‍ജയില്‍ ജോലി ചെയുന്ന സുരേഷ് (അനൂപ്‌ മേനോന്‍) എന്നയാളിന്‍റെ നാട്ടിലുള്ള ഒരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന കുടുംബം.സുരേഷിന്‍റെ ഭാര്യ അശ്വതിയും പ്ലസ്‌ ടു മകള്‍ മേഘ പിന്നെ സുരേഷിന്‍റെ അച്ഛന്‍ അച്ചുത മേനോനും (അനുപം ഖേര്‍)പഴയൊരു ഫുട് ബാള്‍ കളിക്കാരനായ അച്ചുത മേനോന്‍ പണ്ട് ലുധിയാനയില്‍ നേഴ്സിംഗ് പഠിക്കാന്‍ പോയ ഗ്രേസ് (നിവേദിത) മായി പ്രണയത്തില്‍ ആകുകയും ചെയ്തതാണ്.എന്നാല്‍ വ്യത്യസ്ത മതക്കാരായ ഇവര്‍ വിവാഹിതര്‍ ആയി ഒരു കുട്ടിയും ഉണ്ടായി (ഏതാണ്ട് മൂന്ന് നാലു കൊല്ലത്തിനു ശേഷം) വേര്‍പിരിയുന്നു.അതിനു ശേഷം അച്ചുത മേനോന്‍ ആണ് സുരേഷിനെ വളര്‍ത്തി വലുതാക്കുന്നത്.മകനുമായി അടുത്ത ആത്മബന്ധം ഉള്ള,അവന്‍റെ കുടുംബത്തോടൊപ്പം ശാന്തമായ ജീവിതം നയിക്കുന്ന അച്ചുത മേനോന്‍റെ അടുത്ത ഒരു ഫ്ലാറ്റിലേക്ക് മറ്റൊരു വിവാഹം കഴിഞ്ഞ,ഭര്‍ത്താവും (മോഹന്‍ലാല്‍)മകളും (ധന്യ മേരി വര്‍ഗീസ്) മരുമകനും അവരുടെ കുട്ടിയും അടങ്ങുന്ന കുടുംബവുമായി ഗ്രേസ് (ജയപ്രദ) താമസിക്കാന്‍ എത്തുന്നതോടെയാണ് പ്രണയത്തിന്റെ കഥ ശരിക്കും ആരംഭിക്കുന്നത്.ഇവരുടെ ഭര്‍ത്താവു മാത്യൂസ്‌,പഴയ ഫിലോസോഫി പ്രൊഫസര്‍‍,വലതു ഭാഗം തളര്‍ന്നു വീല്‍ചെയറില്‍ ആണ്.തന്നെ ഉപേക്ഷിച്ചു പോയ അമ്മ എന്ന നിലയില്‍ സുരേഷിന്, ഇതു വരെ കണ്ടിട്ടില്ല എങ്കില്‍ പോലും അമ്മയോട് വെറുപ്പാണ് . വീണ്ടും കണ്ടു മുട്ടുകയും അടുക്കുകയും ചെയ്യുന്ന അച്ചുത മേനോന്‍ - ഗ്രേസ് ബന്ധത്തെ സുരേഷ് മേല്‍പ്പറഞ്ഞ കാരണം കൊണ്ടും, ഗ്രേസിന്റെ മക്കള്‍ അവരുടെതായ കാരണങ്ങള്‍ കൊണ്ടും എതിര്‍ക്കുന്നു. എന്നാല്‍ മാത്യൂസ്‌ അച്ചുത മേനോനുമായി അടുക്കുകയും സൌഹൃതത്തില്‍ ആകുകയും ചെയ്യുന്നു (ഇദ്ദേഹത്തിനു ഇവരുടെ പഴയ ബന്ധം അറിയാം ). ആ ബന്ധം വളരുകയും മൂവരും ബന്ധുക്കളുടെ എതിര്‍പ്പിനെ അവഗണിച്ചു മുന്നോട്ടു പോകുകയും പിന്നീടുള്ള സംഭവങ്ങളിലൂടെ കഥ പുരോഗമിക്കുന്നു .

സംഗതി കൊള്ളാമല്ലോ സുഹൃത്തേ . എന്നാലും ആ കൊറിയന്‍ സംഗതി പറയാത്തത് മോശമായി അല്ലിയോ ?

ഡോക്ടര്‍,അതിനു ഈ കൊറിയയിലേക്കോ ഓസ്ട്രലിയയോ വരെ ഒന്നും പോകണ്ട.ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഈ സിനിമയുടെ തീം,വേര്‍പിരിഞ്ഞ ദമ്പതിമാര്‍ വര്‍ഷങ്ങള്‍ക്കു അപ്രതീക്ഷിതമായി കണ്ടു മുട്ടുകയും പിന്നീടു അവരുടെ ജീവിതത്തില്‍ ഈ കണ്ടു മുട്ടലിനു മുന്‍പും പിന്‍പും ഉണ്ടാകുന്ന സംഭവങ്ങള്‍ ആണല്ലോ പ്രതിപാദന വിഷയം.ഹിന്ദിയില്‍ ഗുല്‍സാര്‍ എന്നൊരു ആളുണ്ട് .ഗാന രചയിതാവ് എന്ന നിലയിലാണ് അദേഹം ഏറ്റവും പ്രശസ്തന്‍.എന്നാല്‍ കൊള്ളാവുന്ന കുറെ ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട് അദേഹം (ആന്ധി പോലെയുള്ളവ).അദേഹം സംവിധാനം ചെയ്ത നസിറുദീന്‍ ഷാ, രേഖ ,അനുരാധ പോഡ്വാള്‍ എന്നിവര്‍ അഭിനയിച്ച ഇജ്ജാസത്ത് (Ijjazath ) എന്നൊരു ചിത്രമുണ്ട്.എപ്പോളെങ്കിലും സമയം കിട്ടിയാല്‍ സി ഡി യോ മറ്റോ എടുത്തു കണ്ടു നോക്കണം (സാധനം കിട്ടും) മുകളില്‍ പറഞ്ഞ അതേ കഥാബീജം ഒരു മെലോഡ്രാമയും ഇല്ലാതെ എത്ര രസകരമായി ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ എടുത്തിരിക്കുന്നു എന്ന് മനസിലാകും.മഴയും കൊടും കാറ്റും ഉള്ള ഒരു രാത്രിയില്‍ ഒരു ചെറിയ റെയില്‍വേ സ്റ്റേഷന്‍ വെയിട്ടിംഗ് റൂമില്‍ രാത്രി ചെലവഴിക്കാന്‍ നിര്‍ബന്ധിതര്‍ ആകുന്ന, അവിടെ വെച്ച് ആകസ്മികമായി കണ്ടു മുട്ടുന്ന,പണ്ട് വേര്‍പിരിഞ്ഞ ദമ്പതികള്‍,ആ രാത്രിയില്‍ അവരുടെ സംഭാഷണങ്ങളിലൂടെ അവരുടെ പഴയ ജീവിതത്തിലേക്ക് നമ്മെ കൊണ്ട് പോകുന്ന ,ഒടുവില്‍ ആ രാത്രി അവസാനിക്കുമ്പോള്‍ അവസാനിക്കുന്ന ചിത്രം കണ്ടിരിക്കേണ്ടത് തന്നെയാണ് എന്നാണ് എന്‍റെ അഭിപ്രായം.

ശരി . അതിരിക്കട്ടെ ഈ ചിത്രം .. അതല്ലേ നമ്മുടെ വിഷയം ?

ഡോക്ടര്‍ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഈ ബ്ലെസി എന്ന സംവിധായകന് എന്തോ കാരണം കൊണ്ട് മോഹന്‍ലാല്‍ എന്ന താരത്തെ പേടിയാണ് എന്നാണ്.എന്നാല്‍ എന്ത് കൊണ്ടോ മമ്മുട്ടിയെ വെച്ച് പടം എടുക്കുമ്പോള്‍ ഈ പേടി കാണുന്നുമില്ല.(പളുങ്കിലും കാഴ്ചയിലും നായകന് സാധാരണത്വം കൂടുന്നതും തന്മാത്രയും ഭ്രമരത്തിലും നായകന് സവിശേഷതകള്‍/ പ്രത്യേകതകള്‍ കൂടുന്നതും ഇതിനു ഉദാഹരണമാണ്‌ ) ഭ്രമരം എന്ന ചിത്രം എടുക്കുമ്പോള്‍ സൂപ്പര്‍ താരത്തിന്‍റെ ഭാര്യക്ക്‌ അവിഹിതം എന്ന് പറഞ്ഞാല്‍ അത് ആരാധകര്‍ സഹിക്കുമോ എന്ന പേടിയാണ് ആ ചിത്രത്തെ ഈ നിലയില്‍ എത്തിച്ചത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.(അല്ലെങ്കില്‍ ഒരു പക്ഷെ കോക്ക്ടൈല്‍ എന്ന ചിത്രം ഉണ്ടാകുമായിരുന്നില്ല).ഈ പറഞ്ഞതിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രത്തില്‍ ലാലിന് കൊടുത്തിരിക്കുന്ന മാത്യൂസ്‌ എന്ന കഥാപാത്രം.നേരത്തെ പറഞ്ഞ ഹിന്ദി ചിത്രത്തില്‍ നായികയെ വിളിച്ചു കൊണ്ട് പോകാന്‍ രാവിലെ വരുന്ന (സിനിമ തീരുന്നതിനു അഞ്ചു മിനിട്ട് മുന്‍പ്) ശശി കപൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെയാണ് ലാലിന് കൊടുത്തിട്ടുള്ളത്. അവിടം മുതല്‍ തുടങ്ങുന്നു പ്രശ്നങ്ങള്‍.ലാലിന് ഒരു കുഴപ്പവും ഇല്ലാതെ പൂര്‍ണ ആരോഗ്യവാനായി കാണിച്ചാല്‍ സ്വഭാവികമായും കാണികളുടെ സഹതാപം അച്ചുതമേനോനില്‍ ആയിരിക്കുമല്ലോ? ആ ഒരൊറ്റ കാരണം കൊണ്ടാകണം മാത്യൂസ്‌നെ ശരീരം തളര്‍ത്തി വീല്‍ ചെയറില്‍ ഇരുത്തിയത്.(വേറെ ഒരു കാരണവും എനിക്ക് തോന്നുന്നില്ല).കുറഞ്ഞ പക്ഷം വളരെ കുറച്ചു സീനുകളില്‍ പ്രത്യക്ഷപ്പെട്ടു വലിയ ഒരു ഇംപാക്റ്റ് ഉളവാക്കുന്ന രീതിയില്‍ ലാലിന്‍റെ കഥാപാത്രത്തെ ഒരുക്കിയിരുന്നെങ്കില്‍ പോലും ഒരു പക്ഷെ എന്നും ഓര്‍ക്കാവുന്ന ഒരു ചിത്രം ആയേനെ ഇതു.(ഒന്ന് മുതല്‍ പൂജ്യം വരെ ഉദാഹരണം).ഇവിടെ സംഭവിക്കുന്നത്‌ ബ്ലെസി എന്ന സംവിധാന പ്രതിഭ കാരണം ചിത്രത്തില്‍ ഉടനീളം ഔട്ട്‌ ഓഫ് പ്ലേസ് എന്ന് പറയാവുന്ന രീതിയില്‍ മുഴച്ചു നില്‍ക്കുന്ന ഒരു കഥാപാത്രം ആകുന്നു മാത്യൂസ്‌.കുറഞ്ഞ പക്ഷം ഇവരെയൊക്കെ വെച്ച് ഒരു നല്ല പടം ചെയ്യാനാണ് ആഗ്രഹം എങ്കില്‍ കുറഞ്ഞ പക്ഷം മനുഷ്യര്‍ സംസാരിക്കുന്നതു പോലെയുള്ള വാചകങ്ങള്‍ എഴുതി കൊടുത്താല്‍ ഉപകാരം.മോഹന്‍ലാലിന്‍റെ ഒക്കെ നല്ല കാലത്ത് പോലും ഇങ്ങനെ ഒരു സിനിമയെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് എന്‍റെ ഉത്തരം

രണ്ടാമതായി എനിക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിയത് ജയപ്രദ എന്ന നടിയെയാണ് . അടിസ്ഥാനപരമായി സുന്ദരമായ ഒരു മുഖം ഉള്ള (ഉണ്ടായിരുന്ന) ഒരു നടി എന്നതൊഴിച്ചാല്‍ ഇന്നത്തെ ബോളിവുഡ് സിനിമയിലെ ഒരു കെ ആര്‍ വിജയ ആണ് ആ നടി എന്നാണ് എന്‍റെ അഭിപ്രായം.നേരത്തെ പറഞ്ഞ ഹിന്ദി ചിത്രം മനസ്സില്‍ കിടക്കുന്നത് കൊണ്ടാകണം ഹിന്ദി നടി രേഖയാണ് എനിക്ക് മനസില്‍ വരുന്ന ആദ്യ നടി.രേവതിയെ പോലെയുള്ള ഒരു നടി ഒക്കെ നന്നാക്കും ആയിരുന്ന വേഷം ശരാശരിയിലും താഴെ ആക്കാനെ ജയപ്രദയുടെ സാന്നിധ്യം ഉപകരിച്ചുള്ളൂ എന്ന് പറയേണ്ടി വരും.പിന്നെയുള്ളത് അച്ചുത മേനോന്‍റെയും ഗ്രേസും പ്രണയത്തില്‍ ആകുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങളാണ്.ഈ സംവിധയകന്മാരുടെ ഒക്കെ വിചാരം പെണ്ണുങ്ങള്‍ ആശ പരെക് സ്റ്റൈല്‍ മുടിക്കെട്ടും കണ്ണ് നീട്ടി എഴുതുകയും ആണുങ്ങള്‍ ഷര്‍ട്ട്‌നു തോളില്‍ പട്ടയും രണ്ടു പോക്കറ്റും വെച്ച് മുടിയും പഴയ മോഹന്‍ലാല്‍ സ്റ്റൈല്‍ ആക്കിയാല്‍ പഴയ കാലം ഇങ്ങു വന്നോളും എന്നാണ് .

അതെന്താ അന്നൊക്കെ അങ്ങനെ ആയിരുന്നില്ലേ ?

അല്ല എന്നല്ല പക്ഷെ അത് മാത്രം ആയാലോ.ആ കാലത്തേ ആളുകളുടെ ശരീര ഭാഷ,പെരുമാറ്റം ഇതിനൊന്നും ഒരു പ്രാധാന്യവും ഇല്ലേ? എനിക്ക് ആ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നതില്‍ വലിയ അഭിപ്രായം ഒന്നും ഇല്ല എന്നതാണ് സത്യം.അച്യുതന്‍ - ഗ്രേസ് എന്നിവരുടെ ചെറുപ്പം അവതരിപ്പിക്കുന്ന ആര്യന്‍ നിവേദിത എന്നിവരുടെ അഭിനയത്തിന് ഈ രംഗങ്ങളിലെ പാളിച്ചകളില്‍ നല്ലൊരു പങ്കുണ്ട്.ഇതൊന്നും പോരാത്തതിനു അവസാനം കുറെ വെളിപ്പെടുത്തലുകളും വേറെ.സകല പ്രശ്നങ്ങള്‍ക്കും കാരണം ഗ്രേസിന്‍റെ ദുഷ്ടനായ അപ്പനായിരുന്നു എന്നും(പുള്ളി ചത്ത്‌ പോയത് കൊണ്ടാകും സകലതും ഇവര് വഴക്ക് ഉണ്ടാക്കി വേര്‍പിരിഞ്ഞത് മുതല്‍ കൊച്ചു അമ്മയില്ലാതെ വളര്‍ന്നത്‌ വരെയുള്ള സംഭവങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം വരെ അദ്ദേഹത്തിന്റെ തലയിലാണ്.വല്ല നരേന്ദ്ര പ്രസാദിന്‍റെയോ മറ്റോ ഫോട്ടോ ഫ്രെയിം ചെയ്തു വെച്ച് കാണിക്കാമായിരുന്നു എന്ന് തോന്നി പോയി)ഈ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നതോടെ അനൂപ്‌ മേനോന്‍ കരഞ്ഞു അമ്മയോട് മാപ്പ് ചോദിക്കുന്നു.ഈ വെള്ള പൂശല്‍ ഇല്ലാതെ ഇല്ലാതെ ഒരു മലയാള സിനിമ എന്ന് കാണാന്‍ പറ്റുമോ ആവൊ?

അനുപംഖേറും ക്യാമറയും ആണ് ഈ ചിത്രത്തില്‍ ആശ്വാസമായി എനിക്ക് തോന്നിയ (തെറ്റ്,വളരെ നന്നായി എന്ന് തോന്നിയ ഘടകങ്ങള്‍).. മലയാളി അല്ലാത്ത ഒരു നടന്‍ തികഞ്ഞ ഒരു മലയാളി കഥാപാത്രത്തെ എത്ര നന്നായി അവതരിപ്പിക്കുന്നു എന്ന് കാണുമ്പോള്‍ തിലകന്‍ ഒക്കെ സജ്ജീവം അല്ലാത്തതില്‍ ഉള്ള നഷ്ട്ട ബോധം കുറയുന്നു.സൂപ്പര്‍ താരത്തിന്‍റെ ഭാര്യയെ മറ്റൊരു നടന്‍ കെട്ടിപ്പിടിച്ചാല്‍ ആ ഭാര്യ അപ്പോള്‍ തന്നെ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു അന്തരിച്ചോണം എന്ന നിയമം ഇവിടെ കൃത്യമായി പാലിക്കപ്പെടുന്നുണ്ട്.(പഴയ കാലത്ത് ബലാല്‍സംഗത്തിന് ഇരയായാല്‍ നായിക ക്ലൈമാക്സില്‍ നായകനെ രക്ഷിക്കാനായി വില്ലന്റെ കത്തിമുനയില്‍ തീരണം എന്ന നിയമത്തിന്റെ ബൌധിക പതിപ്പാണ്‌ സംഭവം ).ലാലിന്‍റെ ചെറുപ്പം കാണിക്കുന്ന രണ്ടു മൂന്നു രംഗങ്ങള്‍ ഉണ്ട്. കടല്‍ തീരത്ത് ജയപ്രദയോടൊത്ത് കെട്ടി മറിയുന്ന സംഗതി.തികച്ചും അനാവശ്യവും ബോറും ആണ് ഈ രംഗങ്ങള്‍. ബ്ലെസി ക്യാമറ ദൂരെ വെച്ച് ചിത്രീകരിക്കുന്നു എന്നത് കൊണ്ട് അധികം ഇല്ല എന്നതും ആശ്വാസം.ബ്ലെസി എന്ന തിരകഥകൃത്തും ബ്ലെസി എന്ന സംവിധായകനും രണ്ടു വഴിക്ക് പോകുന്ന തോന്നല്‍ പലയിടത്തും ഉണ്ടാകുന്നു.മാത്യൂസ്‌ അച്ചുത മേനോനെ ആദ്യം കാണുന്ന സമയത്ത് അയാളുടെ മുന്നില്‍ വെച്ച് ഭാര്യയോട്‌ അയാള്‍ നടത്തുന്ന സ്നേഹപ്രകടനം പോലുള്ളവ , അവയോടു ഭാര്യയുടെ പ്രതികരണം ഇവയൊക്കെ യാതൊരു യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്തവ പോലെയാണ് തോന്നിയത്.അഭിനേതാക്കളില്‍ ബാക്കിയുള്ള അനൂപ്‌ മേനോന്‍,ധന്യ മേരി വര്‍ഗീസ്,നവ്യ നടരാജന്‍,അപൂര്‍വ തുടങ്ങിയവര്‍ കാര്യമായ ദ്രോഹം ഒന്നും ചെയുന്നില്ല എന്നതാണ് സത്യം.ഒടുവില്‍ ഇതില്‍ ആര്‍ക്കു ആരോടാണ് പ്രണയം എന്നൊരു ചോദ്യം മാത്രം കാണികളില്‍ അവശേഷിക്കുന്നു.

ഡോക്ടര്‍, ഈ നിരൂപക ലോകത്ത് കൈയടി കിട്ടാന്‍ യുവതാരങ്ങളെ ചീത്ത പറയുകയും സൂപ്പര്‍ താരങ്ങളെ വാനോളം പുകഴ്ത്തുകയും ചെയ്യുകയാണ് വേണ്ടത് എന്നറിയാഞ്ഞും അല്ല. ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് ഇതൊന്നും ഒരു പ്രശ്നമേ അല്ല എന്നതും സത്യം.എലിപ്പത്തായവും,പൂച്ചക്കൊരു മൂക്കുത്തിയും, തൂവാനതുമ്പികളും,കിന്നാര തുമ്പികളും ഒരേ മനോഭാവത്തോടെ കാണാന്‍ പോകാന്‍ കഴിയാത്തതിന്‍റെ പ്രശ്നമാവാം ഇതു.ബ്ലെസിയുടെ മറ്റൊരു ബൌധിക സര്‍ക്കസ്സിനു അപ്പുറം മറ്റൊന്നുമായി ഈ ചിത്രത്തെ എനിക്ക് കാണാന്‍ കഴിയുന്നില്ല.

സുഹൃത്തെ , സത്യമായിട്ടും ഞാന്‍ ഈ പടം ഇന്നലെ കണ്ടതാണ് .ഇജാസത്തും കണ്ടിട്ടുണ്ട് . നിങ്ങള്‍ ഈ പറഞ്ഞ പല കാര്യങ്ങളും എനിക്കും തോന്നിയതാണ് . പക്ഷെ പുറത്തു മിണ്ടാന്‍ ഒക്കുമോ? ശവ സംസ്കാരത്തിന് സുപ്പര്‍ താരം വൈകി എത്തിയതിനെ വിമര്‍ശിച്ച ആളുടെ കൈ തല്ലി ഓടിച്ച ഫാന്‍സ്‌ ഉള്ള നാടാണ് ഇത്.

അത്തരം ഫാന്‍സ്‌ ക്ണാപ്പന്മാരെ എനിക്ക് പേടിയില്ല ഡോക്ടര്‍ .പക്ഷെ , ബ്ലെസ്സി മോഹന്‍ലാല്‍ ചിത്രം ഇറങ്ങി ആദ്യ ഷോ കഴിയും മുന്‍പേ ' ദാണ്ടേ പിടിച്ചോടാ കോപ്പന്മാരെ നിങ്ങളുടെ ലാലേട്ടനെ ' എന്ന് ആരാധകരുടെ മോന്തക്കിട്ട്‌ ലാലിനെ എടുത്തു പൂശുകയാണ് ബ്ലെസ്സി ; അനിര്‍വച്ചനീയവും , അവാച്ച്യവുമായ ദൃശ്യാ ഭംഗി പ്രേക്ഷകന്റെ കരളില്‍ കയറി ക്യാബറേ കളിക്കാത്ത ഒരു നിമിഷം പോലും ഈ സിനിമയില്‍ ഇല്ല ; എന്നൊക്കെ റിവ്യൂ എഴുതുന്ന വിഷ ജന്തുക്കളെ എനിക്ക് പേടിയാണ് ഡോക്ടര്‍ , പേടിയാണ് . അതില്‍ ഒരുത്തനെയെങ്കിലും ഇല്ലാതാക്കാനാണ് ഞാന്‍ ഇന്നലെ ശ്രമിച്ചത് .ഇവന്മാരെ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ ന്യൂക്ലിയര്‍ ബോംബ്‌ മതിയാകുമോ ഡോക്ക്?

സംശയമാണ് സുഹൃത്തേ. ന്യൂക്ലിയര്‍ ബോംബ്‌ രണ്ടെണ്ണം പൊട്ടിച്ചു കഴിഞ്ഞാലും നിവര്‍ന്നു നിന്ന് മൂത്രമൊഴിക്കുന്ന സുപ്പര്‍ സ്റ്റാറിന്‍റെ അടുത്തു മുട്ട് കുത്തി നിന്ന് മുകളിലേക്ക് നോക്കി മഹാത്ഭുതം തന്നെ അണ്ണാ !!! എന്ന് പറയാന്‍ ഇവന്മാര്‍ നാലഞ്ചെണ്ണം അപ്പോഴും ബാക്കി കാണും

മലയാളം സിനിമയുടെ വിധി .