Saturday, August 31, 2013

കളിമണ്ണ് (കൂ ..കൂ ..കൂ ..കൂ ...)

അണ്ണാ കാണാൻ  ഇല്ലല്ലോ കുറച്ചായിട്ടു .

അനിയാ ഞാൻ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള  പ്ലാനിൽ ആയിരുന്നു ഇനി ഷൂട്ടിങ്ങ് തുടങ്ങണം . അതിനായി നമ്മുടെ പ്രശസ്ത നടി  വാഗമണ്‍ വാസന്തിയുടെ ഡേറ്റ് വാങ്ങാൻ പോയതാണ് .

അല്ല അതിനു അവർ കല്യാണം കഴിക്കാൻ പോകുവല്ലേ ? ഇനി അതൊക്കെ കഴിഞ്ഞു എപ്പോൾ  തുടങ്ങാനാ ഷൂട്ടിങ്ങ് ?

അതാണെടാ ഈ ചിത്രത്തിന്റെ വ്യത്യസ്തത . ഈ ചിത്രം വിഷയമാക്കുന്നത്  രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ  അവർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് . ഈ സിനിമ ഞാൻ മര്യാദക്ക് ജീവിക്കുന്ന സകല ഭാര്യ ഭർത്താക്കന്മാർക്കും സമർപ്പിക്കുകയും  ചെയ്യും 

അല്ല അതിലെന്തോന്നു പുതുമ അണ്ണാ . മലയാളത്തിൽ തന്നെ എത്ര സിനിമ വന്നിട്ടുണ്ട് ഇങ്ങനെ ?

പുതുമ അവിടെ അല്ലെടാ . ഈ ചിത്രത്തിൽ മലയാളത്തിൽ ആദ്യമായി ഒരാളുടെ ആദ്യ രാത്രിയും  മധുവിധുവും ലൈവ് ആയി ചിത്രീകരിക്കുന്നു .അതിനായി വാസന്തിയുമായി സംസാരിക്കനല്ലേ ഞാൻ ഇപ്പോൾ പോയത് .

എന്നിട്ട് അവർ എന്ത് പറഞ്ഞു ? ചെരുപ്പൂരിയോ ?

മം പിന്നേ  കുറെ പുളിക്കും . അനിയാ  കരിയർ ഏതാണ്ട്  തീരാറായി ഇരിക്കുന്ന സമയത്ത്  കുറച്ചു പബ്ലിസിറ്റി  വെറുതെ കിട്ടിയാൽ കൈക്കുമോ  ആർക്കേലും . എന്നെ പോലെ മഹാനായ ഒരു സംവിധായകന്റെ  സംരംഭത്തിൽ  ഇങ്ങനെ ഒരു അവസരം കിട്ടിയതിൽ അതീവ സന്തോഷം ഉണ്ടെന്നും ഇതൊരു ബഹുമതി ആയി കാണുന്നു എന്നുമാ അവർ പറഞ്ഞേ  അറിയാമോ ?

അപ്പൊ അണ്ണാ ഒരു സംശയം ഈ ആദ്യ രാത്രിയും മധുവിധുവും ഒക്കെ ലൈവ് ആയി എടുക്കണം എങ്കിൽ വാസന്തിയുടെ കെട്ടിയവനെയും കൂടെ അഭിനയിപ്പിച്ചാലല്ലേ പറ്റു 

ഇതു പൂർണമായും  സ്ത്രീ പക്ഷത് നിന്നും ചിന്തിക്കുന്ന ഒരു സിനിമയാണ് . എന്ന് വെച്ചാൽ ആ സമയത്ത് സ്ത്രീക്കുള്ള മാനസിക വ്യാപാരങ്ങൾ മാത്രമാണ് നമ്മുടെ വിഷയം . അതു കൊണ്ട് അവിടെ അവരുടെ ഭർത്താവു ആരാണ് എന്നത് പ്രസ്കതമല്ല .

അല്ല  അത് ....

അനിയാ  നീ വിചാരിച്ച പോലെ അല്ലല്ലോ? എന്ന് മുതൽ ആണേടെ  നീ ചിന്തിക്കാൻ തുടങ്ങിയത് ?  ശരി ഇനി ഉള്ള കാര്യം അങ്ങ് പറയാം. ഈ സിനിമയിൽ നായികയുടെ കല്യാണത്തിന്റെ അന്ന് തന്നെ അവരുടെ  ഭർത്താവ്  മരിക്കുന്നു അല്ലെങ്കിൽ ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ ആകുന്നു . പിന്നെ ഈ വിവാഹവും മധു വിധുവും എല്ലാം മാനസികമാണ് . അതൊന്നുമല്ല ഇവിടത്തെ പ്രശ്നം ലൈവ് ആദ്യരാത്രി ... അതിനു നമ്മൾ പരമാവധി പബ്ലിസിറ്റി കൊടുക്കണം .

അല്ല അങ്ങനെ ഒരു പ്രചരണം  കൊടുത്താൽ കുടുംബ പ്രേക്ഷകർ പടത്തിന് കേറുമോ ?

എടാ മണ്ടാ നിനക്ക് മലയാളത്തിലെ കുടുംബ പ്രേക്ഷകരേ  കുറിച്ച് എന്ത് കുന്തമാ  അറിയുന്നേ? അവർക്കിതൊന്നും  സകുടുംബം ആസ്വദിക്കാൻ ഒരു പ്രശ്നവും ഇല്ല . പിന്നെ എല്ലാത്തിനും ഒരു നല്ല കാരണം വേണം ഇവറ്റകൾക്ക്  അത്ര തന്നെ  . അതിനു  പടം ഇറങ്ങാറാകുമ്പോൾ ഞാൻ മറ്റേ ഗീർവാസീസ്  ആശാനെ പോലെ "ഈ പത്രക്കാരെ കൊണ്ട് തോറ്റു ........" എന്ന  ലൈൻ പിടിക്കും . അല്ലെങ്കിലും മഹത്തായ സിനിമകൾ മാത്രമെടുക്കുന്ന എനിക്ക് ഇങ്ങനെ ഒരു ചീപ്പ്  പബ്ലിസിറ്റി  വേണോ എന്ന് കൂടി ചോദിച്ചാൽ കഴിഞ്ഞില്ലേ (ഓസ്കാറിനു പോകാത്ത ഒരു പടവും ഞാൻ ഇതു വരെ എടുത്തിട്ടില്ല എന്ന് കേൾക്കുന്നവന് തോന്നണം) . കൂട്ടത്തിൽ ഏതെങ്കിലും പ്രമുഖർ ഇതിനെ പറ്റി ഒന്ന് പ്രതികൂലമായി പ്രതികരിച്ചു കിട്ടിയാൽ തികഞ്ഞു . സാറ്റ്ലൈറ്റ്  എപ്പോൾ തികഞ്ഞു എന്ന് ചോദിച്ചാൽ പോരെ ?

അല്ല ഈ ലൈവ് ആദ്യ രാത്രി എന്ന് പറഞ്ഞാൽ  നമ്മുടെ സെൻസർ ബോർഡ് ????

ഉലക്കേടെ മൂട് . എടാ ഈ പറയുന്നതല്ലേ ഉള്ളു ശരിക്കും വാസന്തി മണിയറയിലേക്ക് കേറി വരുന്ന ഒരു ഷോട്ട് .പിന്നെ ഏതേലും റിസോർട്ടിൽ അവരും ഭർത്താവും (ഒറിജിനലോ സിനിമയിലെ നടനോ ഏതേലും ) നടക്കുന്ന  ഒരു ലോങ്ങ്‌ ഷോട്ട് . ഇതു തന്നെ നമ്മുടെ ലൈവ് .( ആ സംഗതി നമ്മൾ ഒരു  പത്രക്കാരെ കൊണ്ടും എഴുതിക്കില്ല ) അത്ര തന്നെ .

അപ്പോൾ  പടം ഇറങ്ങുമ്പോൾ ...?

അതല്ലേ പറഞ്ഞത് നമ്മൾ ഈ ചെയ്യുന്ന മഹത്തായ സംരംഭത്തെ വൃത്തികെട്ട രീതിയിൽ മാത്രം കാണുന്ന അഥവാ കാണാൻ ശ്രമിക്കുന്ന ആളുകള്ക്ക് മാത്രമാണ് നിരാശപ്പെടേണ്ടി വരുന്നത്  എന്ന് കാച്ചിയാൽ പോരെ ?പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം ഈ ചിത്രത്തിൽ നമ്മുടെ നായിക ഒരു ബാർ ഡാൻസർ ആണ് എന്നതാണ് .

അതെന്തിന്നാ അണ്ണാ ? എപ്പോൾ നായിക ഒരു ബാങ്കിൽ ജോലി ചെയ്യുന്നു എന്നിരിക്കട്ടെ അല്ലെങ്കിൽ ഐ റ്റി . അങ്ങനെ ആണേലും നേരത്തെ പറഞ്ഞതൊക്കെ പ്രസ്കതമല്ലേ ? അവരാരും കല്യാണം കഴിക്കാറും ഹണി ബീ  സോറി ഹണി മൂണ്‍ ആഘോഷിക്കാറും  ഇല്ലേ ?

എടേ ഇവിടെ ബുദ്ധി ജീവി ഞാനോ നീയോ ? എടാ ആ പേരും പറഞ്ഞു രണ്ടു നൃത്ത രംഗങ്ങൾ കൂടി തിരുകി കയറ്റാൻ നോക്കുമ്പോൾ ആണ് അവന്റെ ഓരോ ചോദ്യങ്ങൾ .അതിപ്പോൾ .. തീവ്രമായ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലം ആകാൻ അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു എന്നങ്ങു പറയും . പോരെങ്കിൽ ആ ബാറിൽ വെള്ളമടിക്കാൻ വരുന്ന ഏതേലും വലിയ പണിയില്ലാത്ത ഒരു ഹിന്ദി  / തമിഴ് നടനെ കൂടി കിട്ടിയാൽ കലക്കി

പിന്നങ്ങോട്ട്‌   എനിക്ക്  സംസ്ഥാന / ദേശീയ / ഓസ്കാർ  അവാർഡ്‌  ,എന്റെ  പടത്തിനു  റെക്കോർഡ്‌ സാറ്റ്ലൈറ്റ് റൈറ്റ് , എന്റെ ഈ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുന്നു ,ഉമ്മൻ ചാണ്ടിയെ പോലെ ഇപ്പോൾ മലയാള സിനിമയുടെ  ബുദ്ധി ജീവിസ്ഥാനം രാജി വെക്കാൻ ഇരിക്കുന്ന താടിയുടെ കസേരയിലേക്ക്  ഒരു കുതിപ്പിന് ഞാൻ കേറി ഇരിക്കുന്നു  ഹോ ... .........സ്റ്റാർട്ട്‌ , ക്യാമറ ..അക് ഷൻ , നായികയോടൊപ്പം ക്യാമറയും വെള്ളത്തിലേക്ക്‌ ചാടട്ടെ ..............

..........................................................

'..........................................................


അണ്ണോ .. അണ്ണോ ....


ഏ ..... ഇല്ല .. ഈ അവാർഡ്‌ ഞാൻ അമേരിക്ക  സിറിയൻ  പ്രശ്നം ഞാൻ പറയുന്ന പോലെ  പരിഹരിച്ചാലേ  കൈപ്പ റ്റു ....എന്റെ  പ്രതിഷേധം .... അല്ല  നീ .......ഇവിടെ ?

അണ്ണാ.....  ഇവിടെ .. ഇതു ഞാനാ .... പെട്ടന്ന് വരാൻ പറഞ്ഞിട്ട് ഇരുന്നു ഉറങ്ങുന്നോ ?

അനിയാ  ഇന്നലെ രാവിലെ വന്നിറങ്ങിയെ ഉള്ളു . വന്ന മൂച്ചിന് നമ്മുടെ  ബ്ലെസ്സിയുടെ പ്രസവ ചിത്രത്തിന് കേറി . ആ വിവരം പറയാനാ നിന്നെ വിളിച്ചേ . ക്ഷീണം കാരണം  ഉറങ്ങി പോയി

അല്ലെങ്കിലും  ഈ യാത്രയൊക്കെ കഴിഞ്ഞാൻ ഭയങ്കര ക്ഷീണമാ 

ഒന്ന് പോടെ ഇതു  യാത്രയുടെ ഒന്നുമല്ല ബ്ലെസ്സിയുടെ ഈ ചിത്രം കഴിയുമ്പോൾ അഥവാ നമ്മൾ സഹിച്ചു കഴിയുമ്പോൾ സത്യത്തിൽ ഒന്ന് പ്രസവിക്കുന്നതാണ് ഇതിലും ഭേദം  എന്ന് തോന്നി പോകും . സത്യം

അണ്ണാ  മാതൃത്വത്തെ ഇങ്ങനെ കേറി ... ഒന്നുമില്ലങ്കിലും ഇതൊരു സ്ത്രീ പക്ഷ സിനിമയല്ലേ . അതിനെ ഇങ്ങനെ ഭാരതീയ സംസ്കാരം എന്നൊക്കെ പറഞ്ഞു ......

അനിയാ  അതിലേക്കു വരാം . അതിനു മുന്പൂര് ഈ സിനിമയുടെ അപൂർവമായ കഥയെ  പറ്റി  രണ്ടു വാക്ക് . മുംബൈ എന്നാ മഹാ നഗരം  അവിടെ ജോലി ച്വ്ഹൈതു ജീവിക്കുന്ന  മീര (ശ്വേതാ  മേനോൻ ) കാമുകൻ ചതിക്കുന്ന  ഗർഭിണി ആയ അവർ ആത്മഹത്യ ചെയാൻ ശ്രമിക്കുന്നു . രക്ഷപ്പെടുത്തുന്ന ടാക്സി ഡ്രൈവറുമായി ( ബിജു  മേനോൻ ) പ്രണയത്തിൽ ആകുന്നു.(ഗർഭം  അലസുന്നു ) . ഒരു വാഹന അപകടത്തിൽ  പെട്ടു  ബിജു മേനോൻ  ബ്രെയിൻ ഡെഡ് ആകുന്നു .കിതൃമമായി അയാളുടെ ബീജം സ്വീകരിച്ചു അമ്മയാകാൻ തീരുമാനിക്കുന്ന നായിക . അന്നന്നു  കടിച്ചു വലിക്കാനുള്ള വേറെ ഒന്നും കിട്ടാത്ത ചാനലുകൾ ഒന്നോ രണ്ടോ ദിവസത്തെ ചർച്ച ഈ വിഷയത്തെ കുറിച്ചാക്കുന്നു നായിക കോർട്ടിൽ പോയി അനുകൂലമായ വിധി സമ്പാദിക്കുന്നു .പ്രസവിക്കുന്നു . അത് ലൈവ് ആയി ടി വി യിലൂടെ  കാണിക്കുന്നു .സകലരെയും പ്രസവം കാണിക്കതതാണ്  സ്ത്രീകളോടുള്ള ഇന്നത്തെ ആണുങ്ങളുടെ മനോഭാവത്തിനു കാരണം എന്ന്  ഉല്ഘോഷിക്കുകയും  കുറേ പ്രശസ്തരെ കൊണ്ട് പറയിക്കുകയും ചെയ്യുന്നു (പല  പ്രശസ്തരും വായിൽ  തോന്നിയത് കോതക്ക് പാട്ട്  എന്ന രീതിയിൽ ആണ്  വെച്ച്  കാച്ചുന്നത്  എന്നാണ് എനിക്ക് തോന്നിയത് ) .ഒടുവിൽ ഒരു മാതിരി സർക്കാരിന്റെ പരസ്യ ചിത്രം പോലെ  .(ഗർഭകാലത്ത്  ഗർഭിണി  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നതിനെ പറ്റി  നായികയും സുഹൃത്തും ഒരു മാതിരി വനിത മാസികയിലെ ലേഖനം വായിക്കുന്ന രീതിയിൽ ഒരു വലിയ സാമൂഹ്യ പ്രവർത്തന പശ്ചാത്തലത്തിൽ നടത്തുന്ന  സംഭാഷണത്തോടെ) അവസാനിക്കുന്നു  . ഇതിനിടയിൽ  ഏതോ പ്രസവ ആശുപത്രിയുടെ പരസ്യവും കഥയ്ക്കിടയിലൂടെ തരുന്നുണ്ട്


ഇനി സംവിധായകനോട് ചോദിക്കാനുള്ളത്

1) ഇന്നത്തെ സമൂഹത്തിൽ  സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ ഒരു പ്രധാന കാരണം (ആണുങ്ങൾ പ്രസവം കണ്ടു വളരാത്തത് എന്ന ഒറ്റ കാരണം ആണ് എന്ന് പറയുന്നത് എന്റെ അഭിപ്രായത്തിൽ മണ്ടത്തരമാണ് ) സ്ത്രീയെ  ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്ന ഇന്നത്തെ ലോകം അല്ലേ ? ( പമ്പ് സെറ്റിന്റെ പരസ്യത്തിൽ പോലും  അർദ്ധ  നഗ്നയായ സ്ത്രീയെ കാണിക്കുന്ന  പരസ്യം പോലെ ). . ഈ ചിത്രത്തിൽ നായികയെ  ഒരു ഐറ്റം ഡാൻസർ ആയി കാണിച്ചു . ഒരു മാതിരി മിനി ഷക്കീലയെ പോലെ ഇരിക്കുന്ന നടിയെ കൊണ്ട് മൂന്നു മാദക
 നൃത്തങ്ങൾ  (ഒന്നൊന്നര മാദകം ആയി പോയി സംഭവം !!!!) ചെയ്യിക്കുമ്പോൾ  അത് സ്ട്രീത്വത്തോട്  താങ്കള്ക്ക് ഉള്ള ബഹുമാനം ആയി കണ്ടോളണം എന്ന് പറയുന്നത് കുറച്ചു കടന്ന കൈ അല്ലേ .

2) ഇനി ഈ ചിത്രത്തിൽ നായകന്റെ ബീജം തന്നെ ഉപയോഗിച്ച് ഗർഭിണി ആകാനുള്ള തീരുമാനം കാണിക്കുന്നത്  അയാളോടുള്ള സ്നേഹമാണോ  മാതൃത്വത്തിന്റെ മഹത്വമാണോ ?


3) പ്രിയദർശൻ എന്ന സംവിധായകനെ ഒരു പ്രകോപനവും ഇല്ലാതെ രണ്ടു രംഗങ്ങളിൽ കാണിക്കുന്നത്  വെറും ചീപ്പ്  പബ്ലിസിറ്റിക്ക്  അല്ല എന്ന് ഞങ്ങൾ വിശ്വസിച്ചു പോരെ ?

4) ഈ ചിത്രത്തിൽ നായിക നായകന്റെ ബീജം സ്വീകരിക്കാൻ നിയമ വ്യവസ്ഥയുടെ അനുമതി തേടുന്നതു വരെ ശരി . ഒന്നോ രണ്ടോ പേർ പ്രതികൂലമായി അഭിപ്രായം പറയുന്നതും ശരി .(ഏതു ചാനൽ  ചർച്ചക്കും രണ്ടു പക്ഷവും സംസാരിക്കാൻ ആളുകളെ ഒരുക്കുമല്ലോ ) . പിന്നെ അത് കഴിഞ്ഞു  നായികയും കൂട്ടരും കാണിക്കുന്ന ബഹളം എന്തിനായിരുന്നു ?(ഈ പ്രതികൂലമായി അഭിപ്രായം പറഞ്ഞു പോയവർ  ഒന്നും അതിനെ എതിർക്കാനായി പിന്നെ  ഒന്നും ചെയ്യുന്നത് കാണുന്നില്ല )

5) ഗർഭധാരണം നടന്നു കഴിഞ്ഞു അത് തൽ സമയം സംപ്രേക്ഷണം ചെയ്യാൻ മീര എന്ന കഥാപാത്രത്തിന് ഉള്ള പ്രകോപനം എന്തായിരുന്നു എന്ന് ഒരിടത്തും വ്യക്തമല്ല . ഇതു പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലേ  എന്ന ചോദ്യത്തിന്  വ്യക്തമായ ഒരു ഉത്തരം നല്കാതെ എന്തൊരു മണ്ടൻ ചോദ്യം എന്ന ഉത്തരം നല്കി അടിച്ചിരുത്തുകയാണ്  നായികയും സംവിധായകനും ചെയ്യുന്നത് .


6) ജയമാലിനി , അനുരാധ കാലഘട്ടത്തിനു ശേഷം തടിച്ചു കൊഴുത്ത ക്യാബറേ  നർത്തകികൾ  എന്ന വർഗം  കുറ്റി  അറ്റു  പോകുകയും എന്ന് മുൻനിര  നായികാമാർ  തന്നെ ആ ഭാഗം കൈകാര്യം ചെയുന്നു എന്നതാണ് സത്യം എന്നിരിക്കെ (അവശേഷിക്കുന്ന അപൂർവം  ഡാൻസ് ചെയ്യുന്നവർ  അവരുടെ ശരീരം നന്നായി സൂക്ഷിക്കുന്നവർ ആണ്  എന്നത് ഓർക്കുമല്ലോ )  ഈ റോളിനു കുറഞ്ഞ പക്ഷം മറ്റൊരു നായികാ ആയിരുന്നു അനുയോജ്യം എന്നത് താങ്കൾ സമതിക്കുമല്ലോ .


7)  സിനിമയിൽ ഇത്രയും കാലത്തേ പരിചയം ഉള്ള താങ്കൾ , ഒരു മധ്യ വയസ്കയായ ഐറ്റം ഡാൻസർ  നായിക ആകുന്ന ചിത്രത്തിന്  , ഏതാണ്ട് പഴശിരാജ റീ ലീ സ്  ചെയ്യുമ്പോൾ ഉള്ള ബഹളം  ആണ് കാണിക്കുന്നത്  എന്നത് ശ്രദ്ധിക്കുമല്ലോ .


8)  മാത്രുത്വം മൊത്തമായി ഉണ്ടാക്കുന്ന താങ്കളുടെ ഈ ചിത്രം പറയുന്നത്  പത്തു മാസം ചുമന്നു പ്രസവിച്ചാലേ അമ്മ ആകു എന്ന പഴയ തത്വമല്ലേ? ഭാരതത്തിലെ ജനസമുദ്രത്തിലേക്ക് ഒരാളെകൂടി  സംഭാവന ചെയ്യുന്നതിൽ എത്രയോ ഭേദമാണ്  ആരോരും ഇല്ലാത്ത ഒരു കുട്ടിയെ ദത്തെടുക്കുന്നത് ( അത് അവരുടെ സ്വാതന്ത്ര്യം തന്നെയാണ് .പക്ഷെ  ഒരാൾ പോലും ആ ചിത്രത്തിൽ ആ ഒരു മാർഗ്ഗം സൂചിപ്പിക്കാത്തത് കഷ്ടമായി . ഏതായാലും സംഗതി നമ്മെ നന്നാക്കാൻ പടച്ചതാണ് എന്നാ പറയുന്നേ )


9) ബ്രെയിൻ ഡെഡ് ആയ ഭർത്താവിൽ നിന്ന് ബീജം സ്വീകരിക്കുന്നത് ഇത്ര വലിയ പ്രശ്നവും വിവാദവും ആണെങ്കിൽ  മെഡിക്കൽ ആയി അന്യ പുരുഷന്റെ ബീജം സ്വീകരിക്കുന്നത് അവിഹിത  ബന്ധം  പോലെയല്ലേ ?

10) തന്റെ ഏറ്റവും അടുത്ത സുഹൃത്തിനോട്‌  "ഇന്നലെ രാവിലെ കാപ്പിക്ക് ദോശ ആയിരുന്നു " എന്ന് പറയുന്ന പോലെ  "ഇന്ന് വൈകുന്നേരം എന്റെ  ആദ്യ സിനിമയുടെ പ്രീമിയർ ആണ് " എന്ന് പറയുന്ന ഭാഗങ്ങൾ  എത്ര അശ്രദ്ധമായാണ് സംഭാഷണം പോലും എഴുതിയത് എന്നതിന് ഉദാഹരണമല്ലേ (പാവം വിനയൻ പോലും ഇതിലും ഭേദമാണ് )

-------------------------
-------------------------

ഇങ്ങനെ പറയാൻ തുടങ്ങിയാൽ തീരില്ല അനിയാ ...... കഴിഞ്ഞ  പടത്തെക്കാളും  ,മോശമായിരുന്നു ബ്ലെസ്സിയുടെ ഓരോ അടുത്ത ചിത്രങ്ങളും എന്നോർക്കുമ്പോൾ  സത്യത്തിൽ പേടി തോന്നുന്നു . ഇനി  എന്തൊക്കെ നമുക്ക് കാണേണ്ടി വരും എന്നോർക്കുമ്പോൾ

അപ്പോൾ ചുരുക്കത്തിൽ ......

തടിച്ചു കൊഴുത്ത ഒരു സ്ത്രീ ശരീരം കുലുക്കി നൃത്തം ചെയ്യുന്ന മൂന്ന് ഐറ്റം ഡാൻസ് ഉള്ള ചിത്രത്തിന്  എ  സർട്ടിഫിക്കറ്റ്  കൊടുക്കാത്തത് എന്തെന്ന് പാവം ഷാരൂഖ്‌ ഖാൻ ചോദിച്ചാൽ  അതിനു ബുദ്ധി വേണമെടാ ബുദ്ധി എന്നേ പറയാൻ പറ്റു (ചെന്നൈ എക്സ്പ്രസ്സ്‌ എന്നാ ചിത്രത്തിൽ കാണാൻ കൊള്ളാവുന്ന പ്രിയാമണി ചെയ്ത ഐറ്റം നൃത്തം റീ ഷൂട്ട്‌ ചെയ്തത് വായിച്ചതു ഓർക്കുന്നു )
ഇതൊക്കെ സഹിക്കുന്നതിലും  ഭേദം  നമ്മൾ ഓരോന്ന് വീതം പ്രസവിക്കുന്നതാ  എന്ന ശ്രീനിയുടെ വാചകത്തിന് ഒരു സല്യുട്ട് ......

Tuesday, August 20, 2013

പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും (കണ്ണ് നിറയിക്കുന്ന പുതുമ !!!)

അണ്ണാ അണ്ണന് വല്ല നല്ല മാനസ്സിക രോഗ വിദഗ്ധന്മരെയും അറിയാമോ ?

എന്തിനാ അനിയാ ? ഒടുവിൽ  നീ സത്യം മനസിലാക്കി ചികിത്സ തേടാൻ തീരുമാനിച്ചോ ?

അല്ല അണ്ണാ ഒരു പടം കാണാൻ വേണ്ടി ആയിരുന്നു .ബുദ്ധി വളർച്ച ഇല്ലാത്തവർ മാത്രം ആ സിനിമ കാണാൻ വന്നാൽ മതി എന്നാ സംവിധായകൻ പറഞ്ഞേക്കുന്നെ .അത് കൊണ്ട്  ഡോക്ടർ  സർട്ടി ഫിക്കറ്റ് ഇല്ലാതെ കേറ്റത്തില്ല പടം കാണാൻ. അതാ

നമ്മുടെ ലാൽ ജോസിന്റെ പുതിയ പടം , സിന്ദുരാജ്  എഴുതിയ  പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും അല്ലേ സംഗതി ?  നീ കഷ്ടപ്പെട്ട് കാണണ്ട ഇന്നലെ ഞാൻ കണ്ടു ആ സാധനം .

ആണോ അണ്ണാ ? എങ്ങനെ അകത്തു കയറി ? വല്ല ശുപാർശയും ?

എന്തോന്ന് ശുപാർശ  അനിയാ ? നീ കാളകൂടത്തിൽ മുൻപ്  പടച്ചു വിട്ട ഇംഗ്ലീഷ് എന്ന ശ്യാമപ്രസാദ് സിനിമയുടെ നിരൂപണം പ്രിന്റ്‌  ഔട്ട്‌ എടുത്തോണ്ട് പോയി . ഇതു ഞാനാ  എഴുതിയതെന്നു പറയേണ്ട താമസം അവർ എന്നെ ആദരപൂർവ്വം അകത്തു കൊണ്ട് പോയി ഇരുത്തി . ഇടയ്ക്ക് വന്നു കുടിക്കാൻ വല്ലതും വേണോ എന്ന് പോലും ചോദിച്ചു അനിയാ ... താങ്ക്സ് നിന്നെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി .

അണ്ണൻ വെറുതെ കോമഡി അടിക്കരുത് .ലോകചരിത്രത്തിൽ തന്നെ ആദ്യമായി മനസ്സിൽ നന്മ ഉണ്ടോ എന്ന് പരിശോധിക്കുന്ന അഭ്രപാളികളിൽ ഒരുക്കിയ ലാൽ  ജോസിന്റെ പടത്തെ പറ്റിയാണ് ഈ പറയുന്നത് എന്ന് ഓർമ്മ വേണം.എൽസമ്മ എന്ന ആണ്‍കുട്ടി എഴുതിയ സിന്ധു രാജാണ് ഇതിനും എഴുതിയിരിക്കുന്നത് . കുട്ടനാടിന്റെ ഭംഗിയും കുഞ്ചാക്കോ ബോബന്റെ കഷണ്ടിയും വേറെ .വിദ്യാസാഗർ ലാൽ  ജോസിനോടൊപ്പം പിന്നെ ചായാഗ്രഹണം കുമാറും പോരെ അണ്ണാ .ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ഈ പറയുന്നേ?

പൊന്നനിയാ ഒരു സാധാരണ പ്രേക്ഷകൻ എന്ന നിലയ്ക്ക്  രണ്ടര മണികൂർ  എന്നെ കൊല്ലാത്ത ഒരു സിനിമ .അത്രയും മാത്രം തന്നാൽ  ഉപകാരം .ഈ ചിത്രത്തിൽ നായികയായി നമിത പ്രമോദ് എത്തുമ്പോൾ കൂടെ സുരാജ് , ബിന്ദു പണിക്കർ , ഇർഷാദ് , ഷമ്മി തിലകൻ ,കെ പി എസ് സി  ലളിത , അനുശ്രീ , ശിവജി ഗുരുവായൂർ ,പൊന്നമ്മ ബാബു , ഹരി ശ്രീ അശോകൻ , തെസ്നി ഖാൻ തുടങ്ങിയവരും അഭിനേതാക്കളിൽ ഉൾപ്പെടുന്നു.

അല്ല .. ഈ സിനിമ

അനിയാ  കുട്ടനാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് ഈ സിനിമ എടുത്തിരിക്കുന്നത് . മേരിക്കുണ്ടൊരു കുഞ്ഞാട്  മുതൽ പല സിനിമകളും സമം ചേർത്ത്  ആണ് ഈ ചലച്ചിത്ര കാവ്യം സൃഷ്ട്ടിച്ചിരിക്കുന്നത് .ഈ സിനിമയിൽ നമുക്ക് മേരിക്കുണ്ടൊരു..... വിലെ ദിലീപിനെ കാണാം കുടുംബ പ്രാരാബ്ദം കൊണ്ട്  വീർപ്പു മുട്ടുന്ന പല സിനിമയിലെ നായകന്മാരെ കാണാം അങ്ങനെ കണ്ടു മടുത്ത  പല നായകന്മാരുടെ ഒരു മിശ്രിതമാണ് ഈ സിനിമയിലെ ചക്ക ഗോപൻ (കുഞ്ചാക്കോ ) .(ഈ പറഞ്ഞതിന്റെ അർഥം  ഇതു വരെ കാണാത്ത നായകന്മാരെ മാത്രമേ എടുക്കു എന്നല്ല .സിനിമ ബോർ ആകുമ്പോൾ  ആണ് ജനം ഇതൊക്കെ ശ്രദ്ധിക്കുന്നതുഎന്നതാണ് സത്യം) വില്ലനായി അഭിനയിക്കുന്ന  തിലകന്   വരെ മീശ മാധവനിലെ ജഗതിയുടെ  ആണോ  , കൊച്ചിൻ ഹനീഫയുടെ റോൾ ആണോ അനുകരിക്കേണ്ടത് എന്നാ തീരുമാനം ആകാത്ത  പോലെയാണ് തോന്നുക  .മടിയന്മാരും തെമ്മാടികളും ആയ മൂന്നു ചേട്ടന്മാരെ ഒരു അല്ലലും അറിയിക്കാതെ പോറ്റി വളർത്താൻ രാവും പകലും പാട് പെടുന്ന നല്ലവനും  പേടിതൂറിയുമായ ഒരു അനിയന്റെ കദന കഥയാണ്  ലാൽ ജോസും സിന്ദുരാജും ഈ ചിത്രത്തിലൂടെ നമുക്ക് മുന്നിൽ  അവതരിപ്പിച്ചിരിക്കുന്നത് . ഈ റംസാൻ ചിത്രങ്ങളിൽ ഇറങ്ങിയ മറ്റൊരു കൂറ ചിത്രം എന്ന് മാത്രമേ സാമാന്യ ബുദ്ധിയുള്ളവർ പറയുകയുള്ളൂ

അത് കൊണ്ടല്ലേ സംവിധായകൻ ഇത്  ബുദ്ധി മാന്ദ്യം ബാധി ച്ച വർക്ക് മാത്രമുള്ള ചിത്രമാണെന്നു പ്രത്യേകം പറഞ്ഞത്  ....എന്നാലും കുടുംബ സമേതം കാണാവുന്ന ഒരു ക്ലീൻ ചിത്രം എന്ന നിലയ്ക്ക് ......

ചുമ്മാതിരി അനിയാ .. ഈ സ്ത്രീകളോട്  തരുമോ കൊടുക്കുമോ എന്നൊക്കെ ഒരു പ്രകോപനവും ഇല്ലാതെ ചോദിക്കുന്നതൊക്കെ അശ്ലീലമായി കാണാത്ത  രീതിയിൽ മലയാളി വളർന്നു എന്ന് മാത്രമല്ല ഹണി  ബീ പോലുള്ള സിനിമകൾ കുടുംബസമേതം ആസ്വദിച്ച് കാണുന്ന മലയാളിയോടാനോടാ  നിന്റെ ഈ സദാചാര പ്രസംഗം ?പിന്നെ പുതുമ, കുഞ്ചാക്കോ ബോബൻ തന്റെ കഷണ്ടി മറയ്ക്കാതെ അഭിനയിക്കുന്നു (മറച്ചിരുന്നു എങ്കിൽ കഥാപത്രത്തിനു ആ പൂർണത വരില്ല . എവിടുന്നു ?) അത്ര തന്നെ (ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടോളണം .അല്ല പിന്നെ ) പിന്നെ സകലരും കൂടി വലിയ കുഴപ്പമില്ലാത്ത  (കാണാൻ ) നമിത പ്രമോദ് എന്ന നടിയെ നിർഭാഗ്യ നായിക ആക്കിയേ അടങ്ങു എന്നാ തോന്നുന്നേ .ഹരിശ്രീ അശോകനും , സുരാജും അങ്ങനെ കുറെ പേർ  ഒക്കെ വന്നു പറഞ്ഞത് ചെയ്തിട്ടു പോകുന്നു ചിരിക്കേണ്ടാവർക്ക്  ചിരിക്കാം നിർവികാരരായി ഇരിക്കെണ്ടാവർക്ക് അങ്ങനെ ആകാം ഉറങ്ങേടവർക്ക് ഉറങ്ങാം എല്ലാം ഉങ്കൾ  ചോയിസ് !!!ചുരുക്കത്തിൽ ........

ചത്ത തിരക്കഥ , അതിനെ ഒരൽപം ജീവൻ ഉള്ളതാക്കാൻ ഒരു ശ്രമവും സംവിധായകന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായതായി തോന്നുന്നില്ല .പ്രകൃതി ഭംഗി ആസ്വദിക്കാൻ ഈ സിനിമ സഹിക്കുന്നതിലും ഭേദം മഴക്കാലത്ത്‌ കുട്ടനാട്ടിലേക്ക് വല്ല യാത്രയും പോകുന്നതാണ് എന്ന് തോന്നി പോകും . 

Saturday, August 17, 2013

മെമ്മറീസ് (Memories Review)

വലിയ പ്രതീക്ഷകൾ  ഒന്നുമില്ലാതെയാണ്  ജിത്തു ജോസഫ്‌  എന്ന സംവിധായകൻ  ഒരുക്കിയ പ്രിത്വിരാജ് , സുരേഷ് കൃഷ്ണ , വിജയ രാഘവൻ , വനിത കൃഷ്ണ ചന്ദ്രൻ , മേഘ്ന രാജ് , മിയ , പ്രവീണ തുടങ്ങിയവർ അഭിനയിക്കുന്ന
മെമ്മറീസ് എന്ന ചിത്രത്തിന് തല വെച്ചത് .

ഇല്ല അണ്ണാ ഇതൊരിക്കലും സമ്മതിക്കില്ല ഞാൻ . അണ്ണൻ മാനം മുട്ടുന്ന പ്രതീക്ഷകളുമായിട്ടാകും കയറിയിട്ടുണ്ടാകുക  ഉറപ്പല്ലേ ?

ആണോ അനിയാ ? എന്നേക്കാൾ  ഉറപ്പു നിനക്കണോ? അനിയാ ഈ വലിയ പ്രതീക്ഷ ഇല്ലായിരുന്നു എന്നതിന് ഏറ്റവും കുറഞ്ഞത്‌ രണ്ടു വ്യക്തമായ കാരണങ്ങൾ  ഉണ്ട്  എന്നതാണ് സത്യം

ആണോ എന്താ അത് കേൾക്കട്ടെ ?

ഭാഗ്യം നീ കേൾക്കാനെങ്കിലും സമ്മതിച്ചല്ലോ ? സാധാരണ ബുദ്ധി ജീവിയായ മലയാളി നേരെ മനശാസ്ത്രത്തിലേക്കാ കടക്കുക .

മതി മതി കാര്യം പറഞ്ഞേ

ഡിക്റ്ററ്റീവ്  എന്ന സുരേഷ് ഗോപി നായകനായ ചിത്രത്തിലൂടെയായിരുന്നു ഈ സംവിധായകന്റെ തുടക്കം .ഒരു തുടക്കക്കാരൻ എന്ന നിലയ്ക്ക്  ഭേദപ്പെട്ട ഒരു ചിത്രമായയാണ്‌ എന്നിക് അത് തോന്നിയത് . അത്രയും നിലവാരം പുലർത്തിയില്ല എങ്കിലും സമകാലീന പ്രസക്തിയുള്ളതും ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ ഒരു പ്രമേയവുമായി  മമ്മി ആൻഡ്‌ മീ  എന്ന രണ്ടാമത്തെ ചിത്രം .പ്രമേയങ്ങളിലെ ഈ വ്യതസ്തത ഒരു നല്ല പോസിറ്റിവ് വശമായി ആണ് എനിക്ക് തോന്നിയത്  . എന്നാൽ  ഈ രണ്ടു ചിത്രങ്ങളുടെ പകുതി പോലും നിലവാരം പുലർത്താത്തത് ആയിരുന്നു മൈ ബോസ്സ് എന്ന ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം .വെറും ഒരു മൂന്നാം കിട ചിത്രമായി ആണ് എനിക്ക് തോന്നിയത് .അത് കഴിഞ്ഞു വരുന്ന അടുത്ത ചിത്രം ബെൻഹർ ആയിരിക്കും എന്ന് പ്രതീക്ഷിക്കാൻ ഞാൻ ആരെടെ ?

പിന്നെ ഇതിലെ നായകൻ പ്രിത്വിരാജ് ഒരു പോലീസുകാരനായി ആണ് അഭിനയിക്കുന്നത് എന്ന് എവിടെയോ വായിച്ചതു ഓർക്കുന്നു .തൊട്ടു മുൻപ് ഈ നടൻ അഭിനയിച്ചതും ഒരു പോലീസ്  വേഷത്തിൽ ആയതിനാൽ ആവർത്തന വിരസത തോന്നും എന്ന് എനിക്ക് ഏതാണ്ട് ഉറപ്പായിരുന്നു ഈ ചിത്രം കാണാൻ കയറുമ്പോൾ .

എന്നിട്ട് .....

അനിയാ മുൻപ് ഒരു കമന്റിൽ പറഞ്ഞത് പോലെ ജിത്തു ജോസഫ്‌ എന്ന സംവിധായകന്റെ / തിരക്കഥാക്രിത്തിന്റെ  ഇതു വരെ ചെയ്തതിൽ  ഏറ്റവും മികച്ച ചിത്രം. ഒപ്പം  പ്രിത്വിരാജ് എന്ന നടൻ ഒരിടത്തു  പോലും മുൻ സിനിമയിലെ പോലീസ്  കഥാപാത്രത്തെ ഓർമ്മിപ്പിക്കാതെ തന്റെ  ഈ ചിത്രത്തിലെ കഥാപാത്രത്തെ ഭംഗിയായി  അവതരിപ്പിച്ചിരിക്കുന്നു . ഈ രണ്ടു പേരുടെയും ആണ് ഈ സിനിമ എന്ന് ഉറപ്പിച്ചു പറയാം

ശരി  ഈ സിനിമയെ പറ്റി.....

സംഗതി ഒരു മാതിരി ഇതൊരു കുറ്റാന്വേഷ ചിത്രവും പോലെ തന്നെ . ആദ്യം ഒരു പോലീസ്  ഓപ്പറേഷൻ.അതിൽ ഊർജസ്വലനായി പങ്കെടുക്കുന്ന സാം അലെക്സിനെ നമുക്ക് കാണാം . അവിടെ നിന്നും കഥ തുടങ്ങുന്നത് കുറേ കാലത്തിനു ശേഷമാണു . ഇന്നു  സാം അലക്സ്‌ ഒരു മുഴു മദ്യപാനിയാണ് .സ്വന്തം വ്യക്തി ജീവിതത്തിൽ ഉണ്ടായ ചില ദുരന്തങ്ങൾ കാരണം ജീവിതത്തിൽ ഏകനായ അയാൾ മദ്യത്തിൽ അഭയം പ്രാപിച്ചു അലസമായ ജീവിതം നയിക്കുന്ന ആളാണ്  .ഈ സമയത്ത് നഗരത്തിൽ നടക്കുന്ന ഒന്നിന് പുറകെ ഒന്ന് എന്ന രീതിയിൽ സമാന സ്വഭാവമുള്ള കൊലപാതകങ്ങൾ അന്വേഷിക്കുന്ന സംഘത്തിൽ ഇയാളെയും പോലീസ്  മേധാവി (വിജയ രാഘവൻ ) ഉൾപ്പെടുത്തുന്നു .തുടർന്ന് കുറ്റവാളിയെ കണ്ടെത്താനായി സാം നടത്തുന്ന അന്വേഷണങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.

ഓ അപ്പോൾ സംഗതി കുറ്റാന്വേഷണം .... അത്രെയല്ലേ ഉള്ളു

അത്രേയുള്ളൂ  അനിയാ . നല്ല പടം എന്ന് പറഞ്ഞാൽ  അതിനു അർഥം ഈ ചിത്രം ഒരു ലോക ക്ലാസ്സിക്‌ ആണെന്നല്ല .ആദ്യത്തെ പോലീസ് ഓപ്പറേഷൻ കഴിഞ്ഞു മരിക്കാതെ അവശേഷിക്കുന്ന ആൾ വല്ല കുറ്റിക്കാട്ടിലോ മറ്റോ ഒളിച്ചു രക്ഷപ്പെടുന്നതായി കാണിക്കാതെ പോയത് പോലെയുള്ള സംവിധായകന്റെ  ചില്ലറ കൈകുറ്റപ്പാടുകൾ ചിത്രത്തിൽ കാണാനുണ്ട് (അവസാന നിമിഷത്തിൽ പോലും എഡിറ്റ് ചെയ്തു  ശരിയാക്കാവുന്ന പിശകുകൾ ആണെന്നത് ആണ് കഷ്ട്ടം ). .പക്ഷെ ഈ ചിത്രം എന്നെ ഒരിടത്തു  പോലും ബോർ അടിപ്പിച്ചില്ല എന്നതാണ് സത്യം . പിന്നെ തിരക്കഥാകൃത്ത് എന്ന നിലയ്ക്ക് ശ്രീ ജിത്തു ജോസഫിനോട് എനിക്ക് നന്ദിയുള്ള ചില ഭാഗങ്ങൾ  ഇവയാണ്

1) നഗരത്തിൽ കൊലപാതകങ്ങൾ നടക്കുന്നു ."ഇനി ഈ കേസ് തെളിയിക്കാൻ ഇനി  ഒരാളെ കൊണ്ട് മാത്രമേ പറ്റു  ...." എന്ന മട്ടിൽ നായകനെ അവതരിപ്പിക്കാത്തതിനു

ഇവിടെ മറിച്ചു നായകനെ മദ്യത്തിൽ നിന്ന് മോചിപ്പിക്കാൻ ഉള്ള ഒരു മാർഗമായി ആണ് സാമിനോട് വാത്സല്യമുള്ള പോലീസ്  മേധാവി ഈ അവസരത്തെ കാണുന്നത് .

2)മദ്യപാനി ആയ നായകനെ വീട്ടിൽ വിലപിടിച്ച കുപ്പികൾ അടുക്കി വെച്ച് , വെള്ളമാണെങ്കിലും അങ്ങേരെ പോലെ ഒരു മിടുക്കൻ ... എന്ന് വില്ലന്മാർ പോലും വാഴ്ത്തുന്ന,കഴിവിന്റെ കാര്യത്തിൽ  ലോകം മുഴുവൻ ആരാധിക്കുന്ന സമാരാധ്യനായ  സ്പിരിറ്റ്‌  മോഡൽ മദ്യപാനി അക്കാത്തതിനു

ഇവിടെ നായകൻ രാവിലെ ബിവറേജസ്സിന്   കൈ നീട്ടം കൊടുക്കാനായി കടയുടെ തിണ്ണയിൽ  രാവിലെ വന്നു  കുത്തിയിരിക്കുന്ന ആളാണ് !!!!

3) കേസ് കൈയിൽ കിട്ടുബോൾ തന്നെ മദ്യ കുപ്പി വലിച്ചെറിഞ്ഞു പൊട്ടിച്ചു പുല്ലു പോലെ മദ്യസക്തിയിൽ നിന്ന്  മോചനം നേടുന്ന നായകനെ സൃഷ് ട്ടിക്കാത്തതിനു 

ഇവിടെ നായകൻ കേസ് അന്വേഷണത്തിൽ കൂടുതൽ മുഴുകുന്നതിനു അനുസരിച്ച് അയാളുടെ മദ്യപാന രംഗങ്ങൾ കുറയുകയും  .ഒടുവിൽ മദ്യപാനം നിറുത്താൻ ഡീ അഡിക്ക് ഷൻ സെന്ററിൽ പോകുന്നതിനു   പോലും യുക്തി ഭദ്രമായ കാരണങ്ങൾ കാണാൻ കഴിയും

 ഇതൊക്കെയാണോ അണ്ണാ എത്ര വലിയ കാര്യങ്ങൾ ?

ഒരു പത്തു പതിനഞ്ചു കൊല്ലം മുൻപാണ്‌ ഇതൊക്കെ കണ്ടതെങ്കിൽ ഞാനും ഇതു തന്നെ ചോദിച്ചേനെ . പക്ഷെ ഇന്നത്തെ നമ്മുടെ മലയാള സിനിമയിൽ ഇതൊക്കെ വലിയ കാര്യം തന്നെ അഥവാ വലിയ ആശ്വാസം തന്നെ എന്ന് ഞാൻ കരുതുന്നു

അപ്പോൾ അഭിനയം ...

പ്രിത്വിരാജ് അവതരിപ്പിക്കുന്ന സാം അലെക്സ് ആണ് ഈ ചിത്രത്തിന്റെ ജീവൻ . ഈ നടൻ ഈ ചിത്രത്തിൽ ഒരിടത്തും ഒരു താരമായി മാറുന്നില്ല  എന്നത് കുറച്ചൊന്നുമല്ല സിനിമയെ സഹായിക്കുന്നത്. അഭിനയത്തിലും ശരീരഭാഷ കൊണ്ടും സാം അലെക്സ് എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ ഈ നടൻ അവതരിപ്പിച്ചിരിക്കുന്നു  .മറ്റു കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല .എന്ന് വെച്ച് തുടക്കം മുതൽ നായകന്റെ ശിങ്കിടി ആയി നടക്കുക .നായകൻ  പ്രത്യക്ഷപ്പെടാത്ത രംഗങ്ങളിൽ അദ്ദേഹത്തെ ചുമ്മാ പുകഴ്ത്തുക തുടങ്ങിയ സ്ഥിരം പരിപാടി ഇവിടെ തീരെ ഇല്ല എന്നത് മറ്റൊരു സമാധാനം  .കേന്ദ്ര കഥാപാത്രതിനോടൊപ്പം സഞ്ചരിച്ചു നമ്മൾ കുറ്റവാളിയിലേക്ക് എത്തുന്ന രീതിയാണ്‌ ഈ ചിത്രത്തിൽ അവലംബിച്ചിട്ടുള്ളത് .നല്ല രീതിയിൽ ചെയുന്ന ഈ ആഖ്യാന രീതി ബോറടി ഇല്ലാതെ ഈ ചിത്രം കാണാൻ കുറച്ചൊന്നുമല്ല സഹായിക്കുന്നത്

ഈ ചിത്രം മറ്റാര് കണ്ടില്ല എങ്കിലും മലയാളത്തിന്റെ ദൊസ്തൊവിസ്കി എന്ന് ഞാൻ കരുതുന്ന ശ്രീ ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം കാണണം എന്ന് എനിക്കാഗ്രഹം ഉണ്ട് . അദ്ദേഹം കുറച്ചു കാലം മുൻപ് അവതരിപ്പിച്ചു ആരാധകരെ കോരിത്തരിപ്പിച്ച ഗ്രാൻഡ്‌ മാസ്റ്റർ എന്ന ചിത്രം എങ്ങനെ വൃത്തിയായി ചിത്രീകരിക്കാം എന്ന് ഈ ചിത്രത്തിലൂടെ ജിത്തു ജോസഫ്‌ കാണിച്ചു തരുന്നു .ഒപ്പം ഒരു ചെസ്സ്‌ ബോർഡും മുന്നില് വെച്ച് ഇപ്പോ ജോലിയിൽ താല്പര്യമില്ല എപ്പോ വേണമെങ്കിലും ആ മഹാ അത്ഭുദം  സംഭവിക്കാം എന്ന് സകല കഥാപാത്രങ്ങളെ കൊണ്ടും പറയിച്ചു ആത്മ സംതൃപ്തി നേടുന്ന ആ ചിത്രത്തിലെ നായക കഥാപാത്ര കെട്ടി കാഴ്ചകൾക്ക്   ഈ ചിത്രത്തിലെ  സാം അലെക്സ്  ഒരു  നല്ല മാതൃകയാണ്   .ഒരു ചിത്രത്തിന്റെ അതേ പറ്റേണി ൽ എടുക്കുന്ന അടുത്ത ചിത്രം ആദ്യത്തേതിലും ബഹുദൂരം മുന്നില് ആകുന്നത്‌ മലയാളത്തിൽ എന്റെ ഓർമയിൽ ആദ്യമായാണ് .

അല്ല അണ്ണൻ ഇങ്ങനെ നമ്മുടെ ലാലേട്ടനെ മാത്രം പരാമർശിക്കുന്നത്  ശരിയാണോ ?

ഒന്ന് എവിടെ ഞാൻ പറഞ്ഞത് ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിലെ കഥാപാത്രത്തെ  സൃഷ്ട്ടിച്ചു വെച്ചിരിക്കുന്നതിനെ പറ്റിയാണ് .രണ്ടാമതായി നിന്റെ സമാധാനത്തിനു വേണേൽ മറ്റേ സുപ്പർ മദ്യപാനി ആയ പോലീസുകാരനായി നടന വൈഭവത്തിന്റെ കൊടുമുടിയിൽ നിന്ന്  അഭിനയിച്ചു , ഇപ്പോൾ ഓസ്കാർ അവാർഡിന് പരിഗണിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഫേസ്  റ്റു  ഫേസിനെ പറ്റി  കൂടി രണ്ടു വാക്ക് പറഞ്ഞേക്കാം എന്താ പോരെ ?

അയ്യോ .. വേണ്ട .. തല്ക്കാലം ഇതു തന്നെ മതി അണ്ണാ  .....അപ്പൊ ചുരുക്കത്തിൽ?

ജിത്തു ജോസഫ്‌ എന്ന സംവിധായകന്  ഈ ചിത്രങ്ങളിലെ കുറവുകളിൽ  നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മലയാളത്തിനു ഒരു നല്ല സംവിധായകനെ കൂടി ലഭിച്ചേക്കും .അല്ലാതെ സ്വന്തം വിജയങ്ങളിൽ മതി മറന്നു എന്തും എടുത്തു വെച്ചിട്ട് കാണുന്നവന്റെ മനസ്സില് നന്മ ഇല്ലാത്തത് കൊണ്ടാണ് അവനൊക്കെ ചിത്രം ഇഷ്ടപ്പെടാത്തത് പോലുള്ള ഗീർവാണങ്ങളുമായി ഭാവിയിൽ  കാണേണ്ടി വരാതിരിക്കട്ടെ .

Wednesday, August 14, 2013

നീലാകാശം പച്ചകടൽ ചുവന്ന ഭൂമി (ഇനിയും തീരാത്ത ജീവിത പഠനം )

സഹൃദയരെ ,കലപ്രേമികളെ നിങ്ങൾക്കെന്റെ കൂപ്പു കൈ . പ്രഭാതം പൊട്ടി വിരിയുമ്പോൾ നമ്മൾ കാണുന്നത്  ചീറി പാഞ്ഞു  പോകുന്ന രണ്ടു ബൈക്കുകളാണ് . മുന്നിലത്തെ ബൈക്കിലെ ചെറുപ്പക്കാരൻ ആണ് നേതാവ് എന്നും പിന്നിലെ ചെറുപ്പക്കാരൻ ശിങ്കിടി ആണെന്നും ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാം . ഒറ്റ നോട്ടത്തിൽ തന്നെ ഒരു ദീർഘ യാത്രക്കുള്ള പുറപ്പാടാണ് രണ്ടു പേരുമെന്നു നമുക്ക് കാണാം . ആരാണവർ ? എങ്ങോട്ടാണ് അവരുടെ യാത്ര ?സുഹൃത്തുക്കളെ... ആ മുൻപേ കുതിക്കുന്ന യുവകോമളൻ ആണ് കസ്സി (ദുൽക്കർ സല്ലു ) ആരാണയാൾ ? ദുബായിൽ ജനിച്ചു  പ്ലസ്‌ ടു വരെ അവിടെ പഠിച്ച , ഇപ്പോൾ നാട്ടിലെ ഒരു  എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന , വിപ്ലവ പാർട്ടിയുടെ (SFI) മുന്നണി പോരാളിയും , തന്റെടിയും , സകല സമരത്തിനും മുൻ നിരയിൽ നില്ക്കുകയും ജല പീരങ്കി പുറം കൊണ്ട് തടുക്കുകയും ചെയ്യുന്ന ഈ ധീരൻ ഒരു യാഥാസ്ഥിതിക, സമുദായ സംഘടനയിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന  മുസ്ലിം തറവാട്ടിലെ അംഗം കൂടിയാണ് (ഒരുമാതിരി പച്ച ഷർട്ടും, ചുവന്ന പാന്റ്റ്റും , മഞ്ഞ തൊപ്പിയും പോലെ.(ഒന്നോർത്താൽ അതായിരുന്നു ഈ സിനിമക്ക് കൂടുതൽ  ചേരുന്ന പേര് !!!) )

ഇത്രയും ഭയങ്കരനായ കസ്സിക്ക് ഒരു കാമുകി ഉണ്ട് അതാണ് അസ്സി (സുർജ ബാല) നാഗാലാൻഡിൽ നിന്ന് ഇവിടെ വന്നു പഠിക്കുന്ന ഈ നാഗ സുന്ദരിക്കും ഒരു കദന  കഥയുണ്ട് . ബോംബെക്കാരനായ മേജർ അച്ഛൻ നാഗ അമ്മ . ഒരിക്കൽ ഒരു പട്ടാള ഓപ്പറേഷന് ഇടയിൽ ഒരു നാഗ പ്രമുഖന്റെ കുടുംബാഗം കൊല്ലപെട്ടു . ആ പ്രമുഖൻ പ്രതികാര ദാഹിയായി അസ്സിയുടെ മാതാ പിതാക്കളെ കാച്ചി കളഞ്ഞു സുഹൃത്തുക്കളെ കാച്ചി കളഞ്ഞു !!!എന്നിട്ടും പക തീരാതെ നമ്മുടെ പാവം അസ്സി തിരിച്ചു വരുന്നതും കാത്തു  ഇന്നും ഇരിക്കുകയാണ്  (ബോറടിക്കുമ്പോൾ കുറച്ചു കിടക്കും ).അങ്ങനെ കേരളത്തിന്റെ വിരിമാറിൽ വെച്ച് പ്രണയ ബദ്ധരായ ഇവരെ പറ്റി കസ്സിയുടെ തറവാട്ടിൽ അറിയുന്നു .കസ്സി അസ്സിയെയും കൂട്ടി തറവാട്ടിൽ എത്തുന്നു കസ്സിയുടെ ഉമ്മ (വനിത കൃഷ്ണചന്ദ്രൻ )ക്ക്  സങ്കടം , വാപ്പക്ക് (ജോയ് മാത്യു ) നിർവികാരത പ്രതിശ്രുത  വധുവും കളികൂട്ടുകാരിയുമായ ഫാത്തിമക്ക് തഴയപ്പെടുന്ന ഉപനായികയുടെ സ്ഥിരം ഭാവം എന്നിവ ഉണ്ടാകുന്നു . അസ്സിയെ മതം മാറ്റാൻ  ധീരനായ കസ്സിക്ക് താല്പര്യം ഇല്ല എന്നറിയുന്നതോടെ അവിടെ സമുദായം ഇളകി മറിയുന്നു . നമ്മുടെ സോളാർ കേസ്  മോഡൽ ഉപരോധം വരെ എത്തും എന്നാകുമ്പോൾ അസ്സി പെട്ടിയെടുത്തു യാത്രയാകുന്നു .കുറച്ചു ദിവസത്തെ ദുഖാച്ചരണത്തിന് ശേഷം നമ്മുടെ കസ്സി അതാ ബൈക്ക് എടുത്തു, തന്റെ പ്രണയിനിയെ കാണാൻ  നാഗാലാൻഡിലേക്ക് കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് ഒപ്പം ശിങ്കിടി സുനിയും (സണ്ണി വെയിൻ ).

അണ്ണോ എന്തോന്നിത് കഥാപ്രസംഗമോ ?

അല്ല അനിയാ നീ എപ്പോൾ വന്നു ? ഞാൻ നിനക്ക് വേണ്ടി നമ്മുടെ സമീർ  താഹിർ  സംവിധാനം ചെയ്ത നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന പടത്തെ പറ്റി ചിന്തിക്കുകയായിരുന്നു അല്പ്പം ഉറക്കെ ആയി പോയി ക്ഷമി .

നിങ്ങള്ക്ക് അല്ലെങ്കിലും ഈ സിനിമയുടെ കഥ മുഴുവനും പറഞ്ഞില്ലേൽ ഉറക്കം വരില്ലല്ലോ അല്ലേ

അനിയ ഇതു കഥയല്ല .കഥയുടെ പശ്ചാത്തലം മാത്രമാണ് .ഇനിയല്ലേ കഥ .


എന്ന് വെച്ചാൽ ?

അസ്സിയെ തേടി കസ്സി നടത്തുന്ന ബൈക്ക് യാത്ര .. ആ യാത്രയിൽ കണ്ടു മുട്ടുന്ന ആളുകൾ ,മനസിലാക്കുന്ന ജീവിത യാഥാർത്ഥ്യങ്ങൾ അതിലൂടെ കഥ മുന്നോട്ടു പോകുന്നു അഥവാ എന്നാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ഭാവം .

എന്ന് വെച്ചാൽ ? എന്താണ് അവർ മനസിലാക്കുന്നത്‌ ?

അതിപ്പോ ... അങ്ങനെ ചോദിച്ചാൽ ... അനിയാ ഈ ഉസ്താദ്‌ ഹോട്ടലിൽ ജീവിതം പഠിക്കാൻ പോയപ്പോൾ അദ്ദേഹം മനസിലാക്കിയതൊക്കെ തന്നെ (സധാരണക്കാരന്റെ  ഉസ്താദ്‌ ഹോട്ടൽ ഫൈവ് സ്റ്റാർ നിലവാരത്തിൽ ആക്കി വിലയും കൂട്ടി  കഴിക്കുന്നവന്റെ മനസ്സു നിറഞ്ഞില്ലേലും  നമ്മുടെ പോക്കറ്റ്   നിറയണം  എന്നാണല്ലോ അവസാനം അദ്ദേഹം പഠിച്ചത് ).പിന്നെ , കാമുകിയെ കാണാൻ ഉള്ള യാത്രയാണെന്ന്  സമ്മതിക്കാൻ ഭയങ്കര വിഷമം ഉള്ള നായകൻ പക്ഷെ  നൂല് പിടിച്ച പോലെ ആ വഴിക്ക് ആണ് പോകുന്നേ . എന്ന് കരുതി വല്ല തിടുക്കവും ഉണ്ടോ ? അതൊട്ടില്ല താനും. കണ്ടിടതെല്ലാം കേറി  ഇരുന്നു,ഉണ്ട് ഉറങ്ങി  താമസിച്ചു മടുക്കുമ്പോൾ ആണ് യാത്ര തുടരുന്നേ ,(ഇടയ്ക്ക്ക്കു  അടുത്തിരുന്നു ശ്രീനി പിറുപിറുത്തു  "ഇക്കണക്കിനു അവളുടെ രണ്ടാമത്തെ കൊച്ചിന്റെ കല്യാണ  ദിവസം പോലും ഇവൻ  അവിടെ എത്തും എന്ന് തോന്നുന്നില്ല ").പ്രതികാരം ചെയ്യാൻ നമ്മുടെ പ്രമുഖൻ കാത്തിരിക്കുന്ന കൊച്ചാണ് എന്ന് കൂടി ഓർത്തു കൊള്ളാൻ അപേക്ഷിക്കുന്നു .

അല്ല അണ്ണാ  ഈ യാത്രയിൽ നായകനും കൂട്ടുകാരനും നേരിടുന്ന ......

പറയാം  അതല്ലിയോ കഥ എന്ന് പറയപ്പെടുന്ന സംഗതിയുടെ മർമ്മം .നമ്മുടെ നായകൻ ആദ്യം പുരിയിൽ എത്തി ഒരു ബൈക്ക്  സംഘത്തോടൊപ്പം കളിച്ചു രസിച്ചു കഴിയുന്നു . പിന്നെ കൽക്കത്ത ഭാഗത്തെ ഖനന മാഫിയ വേട്ടയാടുന്ന ഒരു ഗ്രാമത്തിൽ കുറെ ദിവസം താമസിക്കുന്നു .ആദ്യത്തെ ഇടത്ത് നായകനെ ആരാധിക്കാൻ ഒരു ന്യൂ ജനറേഷൻ പെങ്കൊച്ചു ഉണ്ടായെങ്കിൽ രണ്ടാമത്തെ ഇടത്ത്  ഒരു ഗ്രാമീണ പെണ്‍കുട്ടിയാണ് സുധിയെ ആകർഷിക്കുന്നത് (അവനൊക്കെ കുറച്ചു ഗ്രാമീണം മതി !!!).പിന്നെ  ആ ഹൈവേയിൽ റോഡിൽ ആണി വിതറി ടയർ പഞ്ചർ ഒട്ടിക്കുന്ന ഒരു മലയാളിയെ കാണുന്നു.അയാളുടെ ഒപ്പം കുറച്ചു സമയം ചെലവഴിക്കുന്നു (ചുമ്മാ ) . പിന്നീടു ഒരു കലാപ ബാധിത പ്രദേശത്ത് ആളുകളെ കൊല്ലുന്നത്  കാണുമ്പോൾ എനിക്ക് അസ്സിയും വേണ്ട ഉസ്സിയും വേണ്ട ഉമ്മയെ കണ്ടാൽ  മതി എന്ന് പറഞ്ഞു കരഞ്ഞു തിരിച്ചു പോകാൻ ഒരുന്നുന്നു കസ്സി..

എന്നിട്ടോ ?

അവിടന്ന് വല്ല വിധേനയും കസ്സിയെ സമാധാനിപ്പിച്ചു അസ്സിയുടെ വീട്ടിലേക്ക്  പറഞ്ഞു വിടുന്നു അസ്സിയെ അവസാനം കണ്ടു മുട്ടുന്ന കസ്സി .. അപ്പോളേക്കും നമ്മുടെ പ്രതികാര ദാഹി  പ്രമുഖന്റെ ആൾക്കാർ അസ്സിയുടെ കതകിൽ മുട്ടുന്നു  .(അങ്ങേരു പാവം കൊച്ചിനെ വിട്ടേക്കാം എന്ന് കരുതിയതാ . അപ്പോൾ ദേ വരുന്നു അവളുടെ കാമുകൻ . ഇനി എന്തായാലും അയാൾ എങ്ങനെ ക്ഷമിക്കുമെന്നാ!! ).ജന്നൽ വഴി ചാടി അസ്സിയും കസ്സിയും ബൈക്കിൽ കയറി ഓടി രക്ഷപ്പെടുമ്പോൾ, പ്രമുഖന്റെ ഗുണ്ടകൾ നിര്വികരരായി നിൽക്കുമ്പോൾ  യാത്രയുടെയും പ്രണയത്തിന്റെയും ജീവിത പാഠ ങ്ങളുടെയും ബൈക്കിന്റെയും നീലാകാശം പച്ചക്കടൽ ചുവന്ന ആകാശം വട്ടായ കാണികൾ എന്ന ഈ ചിത്രം അവസാനിക്കുന്നു .(കുടുംബത്തു  കലിപ്പായപ്പോൾ അസ്സിയും കസ്സിയും ഇതു ചെയ്തിരുന്നേൽ നമുക്ക് ഈ രണ്ടര മണികൂർ  ദുരിതം അനുഭവിക്കാതെ കഴിയാമായിരുന്നു ).

അല്ല ഇങ്ങനെ അങ്ങ് അടച്ചു പറഞ്ഞാൽ ....

പിന്നെ എങ്ങനെ പറയണം അനിയാ ? ഈ സിനിമ കണ്ടപ്പോൾ ഞാൻ ജീവിതം തിരിച്ചറിഞ്ഞു എന്ന് പറയണോ ? സത്യത്തിൽ സഞ്ചാരം സി ഡി  കാണുന്ന പോലെയ എനിക്ക് തോന്നിയത് .വ്യക്തമായ ഒരു കഥയോ ആശയമോ ഈ ചിത്രത്തിൽ ഇല്ല .ഏറ്റവും കുറഞ്ഞ പക്ഷം ഈ സിനിമയിലൂടെ സംവിധായകനും തിരക്കഥാകൃത്തും പറയാൻ ഉദ്ദേശിച്ചത് എന്താണെന്നു അവർക്കെങ്കിലും അറിയാമെങ്കിൽ കൊള്ളാം . ചാപ്പാ കുരിശു എന്ന ചിത്രത്തിന്റെ പാളിച്ചകൾ രമ്യ നമ്പീശന്റെ ലിപ് ലോക്ക് പുതുമ കണ്ടു ഫ്ലാറ്റ് ആയ മലയാളി ചർച്ച  ചെയ്യാൻ മറന്നു എന്ന് വേണം കരുതാൻ അഥവാ  ഒരിടത്തും കാര്യമായി ചർച്ച  ചെയ്യപ്പെട്ടില്ല എന്നാണ്  എന്റെ വിശ്വാസം .തിരക്കഥാ കൃത്ത് ഹസിർ മൊഹമ്മദ്‌ ആയിരിക്കുമോ സമീർ  താഹിർ ആയിരിക്കുമോ ആദ്യം പണി പഠിച്ചു കഴിയുക എന്നാ കാര്യത്തിൽ നിനക്ക് വല്ല പ്രവചന മത്സരം നടത്താവുന്നതാണ് .നാഗാലാൻഡ്  വരെ ബൈക്കിൽ പോകുന്നത് ഏതാണ്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെ പോകുന്ന പോലെ ഉള്ളു എന്നാണ്  ഈ ചിത്രത്തിന്റെ പിന്നണിക്കാരുടെ ധാരണ എന്ന് പലപ്പോഴും തോന്നിപ്പോകും .എന്തിനാണ് ബൈക്കിൽ പോകുന്നത് വല്ല ട്രെയിനിൽ പോയി കൂടെ എന്ന ചോദ്യം ആരും ചോദിക്കാതിരിക്കാൻ ആകണം ആദ്യം തന്നെ ചോദിക്കുന്നുണ്ട് .അതിനു ഉത്തരം ഇല്ല  താനും !!

ദയവായി ആരേലും ഈ ദുൽക്കർ  സൽമാൻ  ഖാനെ കൊണ്ട് പോയി ഈ ജീവിതം എന്താണെന്നു ഒന്ന് ശരിക്കും പഠിപ്പിച്ചു വിട്ടാൽ വലിയ ഉപകാരമായിരുന്നു .കഴിഞ്ഞ മൂന്നു ചിത്രങ്ങളായി അദ്ദേഹം ജീവിതം പഠിക്കുകയാണ് .അത് സഹിക്കുകയും വേണം മരം പോലെ നില്ക്കുന്ന അദ്ദേഹത്തെ കൂൾ ആയ അഭിനയം എന്ന് പറയുകയും വേണം മലയാളിയുടെ ഓരോ ഗതികേട് നോക്കണേ .

അല്ല ഇതു പോലെ ഒരു ചിത്രത്തെ പറ്റി  വ്യത്യസ്ത മായ , പതിവ് ശീലങ്ങൾ , സഞ്ചാര ചിത്രം , മോട്ടോർ സൈക്കിൾ ഡയറീസ് .....


പിന്നെ ഒരു ബുദ്ധി ജീവി ലൈനിൽ കാസ്സി ഗ്രാമവാസികൾക്ക്‌ ഉണ്ടാക്കി കൊടുക്കുന്ന അരി പൊടിക്കുന്ന യന്ത്രം (അരി എങ്ങനെ പൊടിക്കും എന്നോർത്ത് കണ്ണീരും കൈയും  ആയി കഴിയുകയായിരുന്നു അവർ !!!!) അവിടുത്തെ പഴയ സ്കൂട്ടർ ഉപയോഗിച്ചാണ്‌  ഉണ്ടാക്കുന്നത് .സ്കൂട്ടർ വമിക്കുന്ന വിഷ പുകയുടെ മൂട്ടിൽ വെച്ച് അരി പൊടിക്കുമ്പോൾ ഉണ്ടാകുന്ന / ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ പറ്റി ആരും ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ സമീറും ഹാസിറും ഒന്നും സ്വപ്നത്തിൽ ചിന്തിച്ചു പോലും കാണാത്ത കാര്യങ്ങൾ അലക്കി ഇതൊരു ദാർശനിക ചിത്രമാക്കി  വിലയിരുത്താം .(പറഞ്ഞു വരുമ്പോൾ  മാത്തുക്കുട്ടി ഒക്കെ സാമൂഹ്യ ആക്ഷേപ ഹാസ്യ ചിത്രമാണല്ലോ !!!) .


അണ്ണാ ഇതിനൊരു അവസാനമില്ലേ ....

അത് തന്നെയാണ് അനിയാ ഈ സിനിമ കണ്ടപ്പോൾ എനിക്കും തോന്നിയത് .സത്യം

അല്ല ഈ സിനിമയുടെ ഭാഗമായി അല്ലെ നമ്മുടെ കേരള  സൽമാൻ ഖാൻ ഹെൽ മ റ്റ്  ഇല്ലാതെ നാട് റോഡിലൂടെ ബൈക്ക് ഓടിച്ചു കാണിച്ചത്‌ ?

അനിയ അതൊക്കെ അങ്ങനെ കിടക്കും .സാധാരണക്കാരനെ ഇടവഴിയിൽ നിന്ന് ചാടി വീണും എറിഞ്ഞു വീഴ്ത്തിയും  ഒക്കെ പിടിക്കുന്ന നിയമം (ഇങ്ങനെ ആൾക്കാർ മരിച്ചിട്ട് പോലും ഉണ്ട് എന്നാണ് ഓർമ്മ ) ഇതിനൊക്കെ മൌനം പാലിക്കും . ഈ നാട്ടിൽ നമ്മുടെ പ്രബുദ്ധ കേരളത്തിൽ ഒരു സാധാരണക്കാരൻ ഒരു മാസം മുൻപ്  ഒരു പ്രാവശ്യം ട്രാഫിക്‌ സിഗ്നൽ തെറ്റിച്ചാൽ അത് റെക്കോർഡ്‌ ചെയ്തു കൃത്യമായി പിഴ അടയ്ക്കാനുള്ള കല്പ്പന വീട്ടിൽ എത്തിക്കുമ്പോൾ . സോളാർ കേസിൽ ബന്ധപ്പെട്ട കക്ഷികൾ ഭരണാധികാരികളെ അവരുടെ ഓഫീസിൽ വന്നു കണ്ടതിന്റെ വീഡിയോ രേഖകൾ ഇല്ലാത്ത നാടാണ്‌ നമ്മുടെ . ഒരു മൊബൈൽ പോലുമില്ലാത്ത സുതാര്യ ഭരണം കാഴ്ച വെക്കുന്ന നാട്ടിൽ ഇതും ഇതിന്റെ അപ്പുറവും നടക്കും 

ചുരുക്കത്തിൽ .....

വാലും തലയും ഇല്ലാത്ത , കഥയുമായി (അങ്ങനെ  വല്ലതും ഉദ്ദേശിച്ചു എങ്കിൽ ) പ്രത്യേകിച്ചു ഒരു ബന്ധവും ഇല്ലാത്ത കുറെ സംഭവങ്ങൾ ചേർത്ത് വെച്ച് തട്ടി കൂട്ടിയ കുറെ ദ്രിശ്യങ്ങൾ .

എഴുതാൻ മറന്നത് :
റോഡ്‌ മൂവി അഥവാ ഒരു യാത്ര ആധാരമാക്കി എടുക്കുന്ന ചിത്രങ്ങൾ എന്ന് പറയുമ്പോൾ പെട്ടന്ന് ഓർമ്മ  വരുന്നത്  സിന്ദഗി ന മിലെഗി ദുബാരഹ്  എന്ന ചിത്രമാണ് .മൂന്ന് പേര്‍ നടത്തുന്ന യാത്രയും.ആ യാത്രയുടെ അവസാനം അവര്‍ ഓരോത്തര്‍ക്കും അവരവരുടെ ജീവിതത്തിലും ജീവിതവീക്ഷണത്തിലും വരുന്ന മാറ്റങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം..ഇവിടെ കുറെ ബൈക്ക് ഓടിക്കുന്നു എന്നല്ലാതെ ഈ യാത്ര ആ ഈ സിനിമയിലെ ആരുടെയെങ്കിലും ജീവിതത്തിനു എന്തെങ്കിലും മാറ്റം വരുത്തിയതായി എനിക്ക് തോന്നിയില്ല . അപ്പൊ പിന്നെ യാത്രക്ക് എന്താ പ്രസക്തി ? ഒന്നുമില്ല . കഷ്ട്ടം !!! ഇതിനൊക്കെ ഡോക്യുമെന്റ റി  നിലവാരമേ ഉള്ളു എന്ന് പറഞ്ഞാൽ നല്ല ഡോക്യുമെന്ററി എടുക്കുന്നവൻ എന്നെ വന്നു തല്ലും !!!

Monday, August 12, 2013

കടൽ കടന്നു ഒരു മാത്തുക്കുട്ടി (കൊല്ലണം സർ കൊല്ലണം)

മലയാള സിനിമയുടെ ഉത്സവ  കാലത്തിനു നടുനായകത്വം വഹിക്കാൻ ഇതാ നമ്മുടെ മുന്നിലേക്ക്‌ .....

അനിയാ നീ തലൈവാ കണ്ടോ ....

വെറുതെ ഇരിക്കണം അണ്ണാ ഇവിടെ മലയാള സിനിമയുടെ ഉത്സവത്തെ പറ്റി പറയുമ്പോൾ ആണ്  പടം

അത് ശരിയാ  തമിഴ്  താര ചിത്രങ്ങൾക്ക് കേരളത്തിൽ  റിസർവേഷൻ പോലും കിട്ടാത്ത അവസ്ഥ ആകുമ്പോൾ മലയാള സിനിമക്ക് തീയറ്റർ  കിട്ടാത്ത അവസ്ഥയും നിലവാരവും........ അത്രയേയുള്ളൂ .അതിരിക്കട്ടെ ഇവിടെ ഏതിനെ പറ്റിയാണ് സാഹിത്യം ?

അണ്ണാ .നിങ്ങൾ  എന്തായാലും ഈ കടൽ കടന്നു മാത്തുക്കുട്ടി കാണും എന്ന് എനിക്കറിയാം .മലയാള സിനിമയുടെ ഒത്തൊരുമയുടെ , സാഹോദര്യത്തിന്റെ പ്രതീകമാണ്‌ യുഗപ്രഭാവനായ (അത് പോരെ ?) ശ്രീ രഞ്ജിത്  സംവിധാനം ചെയ്തു  മമ്മൂട്ടി (മീശ ഉള്ളത് , ഇല്ലാത്തത്  (ഒരു മാതിരി മീൻ വറുത്തത് , കറി വെച്ചത് എന്ന് പറയും പോലെ ) ),ബാലചന്ദ്ര മേനോൻ , നെടുമുടി വേണു ,സിദ്ദിഖ് , മീര നന്ദൻ , സുരേഷ് കൃഷ്ണ , ഹരിശ്രീ അശോകൻ , പി  ബാലചന്ദ്രൻ, അലീഷ (പുതുമുഖം ) എന്നിവരൊക്കെ മർമ്മ പ്രധാനമായ വേഷങ്ങളിൽ എത്തുന്ന    ഈ ചിത്രം എന്ന് കാച്ചിയാലോ എന്ന് ആലോചിച്ചതാ പിന്നെ വേറെ ഒന്നും  പറയാൻ കിട്ടിയില്ലെങ്കിൽ കാച്ചാം  എന്ന്  വെച്ചു .


അല്ല  ഇതൊക്കെ എങ്ങനെ സാഹോദര്യത്തിന്റെ പ്രതീകമാകും ?

അപ്പോൾ അതറിഞ്ഞില്ലേ ഈ ചിത്രത്തിൽ അതിഥി താരങ്ങളായി മോഹൻലാൽ , ജയറാം ,ദിലീപ് തുടങ്ങിയവർ എത്തുന്നു .പോരാത്തതിനു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്  നടൻ പ്രിത്വിരാജിന് കൂടി പങ്കാളിത്തം ഉള്ള ഓഗസ്റ്റ്‌ സിനിമയാണ് .
ത്രയും പോരെ അണ്ണാ ഒത്തൊരുമ ? 

മതിയല്ലോ . അനിയാ  ഇവർക്കാർക്കും ഈ കച്ചവടത്തിൽ ഒരു നഷ്ടവും ഇല്ല എന്നതും ആത്യന്തികമായ നഷ്ട്ടം   സാധാരണ പ്രേക്ഷകരായ നമുക്ക് മാത്രം ആണെന്നിരിക്കെ തൊക്കെ ങ്ങനെ കൊട്ടിഘോഷിക്കാനും അഭിമാനം കൊള്ളാനും ഉണ്ടോ ?

അനിയാ, മോഹൻലാലിനു വേണ്ടി പ്രത്യേകം തുന്നിയ ആ പഴകിയ കുപ്പായം മമ്മൂട്ടിയെ ധരിപ്പിക്കാൻ പ്രജാപതി പോലുള്ള ചിത്രങ്ങളിലൂടെ  ഒന്നിലേറെ തവണ ദേനീയമായി പരാജയപ്പെട്ട  ആളാണ്  രഞ്ജിത് .അവിടുന്ന്  സംഗതി പ്രാഞ്ചിയേട്ടനിൽ എത്തുമ്പോൾ ആയിരിക്കണം   നേരത്തെ പറഞ്ഞ  നായകന്റെ ഒരു മണ്ടൻ വേർഷൻ ആണ്  ശ്രീ മമ്മൂട്ടിക്ക്  കൂടുതൽ ചേരുക അഥവാ മറ്റേത്തിനും കൂടുതൽ വിപണന സാധ്യത ഉള്ളതെന്നും തോന്നിയിട്ടുണ്ടാകുക .രാജമാണിക്യം എന്ന ചിത്രത്തിന് ശേഷം നിരവധി പോത്തൻ വാവമാരെയും ഗുലാന്മാരെയും ഒക്കെ സഹിക്കേണ്ടി  പോലെ ഉള്ളൂ  ഒരു  അനിയാ  ഇതും  ബാവൂട്ടിയും ഒക്കെ (രാജമാണിക്യം പിന്നെ ഒരു  മെഗാ വിജയം ആയിരുന്നു  എന്ന് എങ്കിലും പറയാം )

അണ്ണൻ ഈ കാട്  കയറ്റം നിർത്തി ഈ സിനിമയെ പറ്റി .

പഴയ ഐ വി ശശി എടുത്ത ഏഴാം കടലിനക്കരെ പോലെ ജെർമ്മനിയിലെ കുറെ ദ്രിശ്യങ്ങൾ കാണിച്ചു തുടങ്ങുന്നു (എന്റെ അടുത്തിരുന്ന ശ്രീനി ലേലത്തിലെ സോമനെ പോലെ ചോദിച്ചു " ജെർമ്മനാ അല്യോടാ "!!).അവിടെ പരദൂഷണവും പൊങ്ങച്ചവും ആയി കഴിയുന്ന കുറെ പ്രവാസി മലയാളികൾ . അവരുടെ അസോസിയേഷൻ സിൽവർ ജൂബിലി ആഗോഷങ്ങളുടെ ഭാഗമായി മോഹൻലാലിന്റെ നേത്രുത്വത്തിൽ ഒരു സ്റ്റാർ ഷോ നടത്തുന്ന കാര്യം ശരിയാക്കാനായി അവിടത്തെ  ഒരു പണിയും ഇല്ലാതെ നേഴ്സായ ഭാര്യയുടെ ചിലവിൽ ഒരു ജോലിയും ചെയ്യാതെ (പതിനഞ്ചു കൊല്ലമായിട്ടും ജർമൻ പിടി കിട്ടഞ്ഞിട്ടാ കേട്ടോ ) കഴിയുന്ന മാത്തുക്കുട്ടിയെ (മമ്മുട്ടി , മീശ ഇല്ലാത്തത് ) ഏല്പ്പിച്ചു കേരളത്തിലേക്ക് വിടുന്നു .ഇയാൾ ആണേൽ നാട്ടിൽ പോകാൻ മുട്ടി നിൽക്കുവാണ് (എന്തിനു വേണ്ടി ആണ് അഥവാ ആയിരുന്നു ഈ മുട്ടൽ എന്ന് സിനിമ തീർന്നിട്ടും  എനിക്ക് മനസിലായില്ല !) നാട്ടിൽ ഇയാളുടെ പൂർവ്വ  കാമുകി (അലീഷ) ഇപ്പോളും കെട്ടാതെ നില്പ്പുണ്ട്  ( അത്  പിന്നെ സുപ്പർ താരത്തെ പ്രേമിച്ചിട്ടു അയാളെ മറന്നു വേറെ കെട്ടണം എങ്കിൽ രഞ്ജിത് നായികമാർ വേറെ ജനിക്കണം ) ആയതിനാൽ ഭാര്യക്ക്‌ ഇയാളെ സംശയവും ആണ് ( പതിനഞ്ചു കൊല്ലമായിട്ടു ഒരിക്കൽ പോലും കാണാത്ത  കാമുകിയെ ചേർത്ത് ആണേ സംശയം !!! )


എന്നിട്ട് .....

എന്നിട്ട് കുന്തം .. മാത്തുകുട്ടി നാട്ടിലെത്തുന്നു . പഴയ കാമുകിയുടെ സഹോദരൻ കൊച്ചുണ്ണി (ബാലചന്ദ്രൻ ) ഇയാളെ വേടി വയ്ക്കുന്നു .തൊട്ടടുത്ത്‌ നിന്ന് വെടി  വെച്ചിട്ടും കൊള്ളുന്നത്‌  വഴിയിൽ നിന്ന ഒരാൾക്ക് (കൊള്ളുന്നില്ല തൊലി പുറത്തു കൂടി ഉരയുന്നത്തെ ഉള്ളു ).മാത്തു
ക്കുട്ടിയുമായി വിരോധമുള്ള സ്ഥലത്തെ ലോക്കൽ  ചാനൽക്കാരൻ (റ്റിനി ടോം )  ഈ സംഭവം കുത്തി പോക്കുന്നു (ഇത്ര ഭയങ്കര വിരോധം വിരോധം ഉണ്ടാകാനുള്ള കാരണം ഞാൻ പറയുന്നില്ല നേരിട്ട് കണ്ടാൽ  മതി) .കൊച്ചുണ്ണിയെ  കേസിൽ കുടുക്കും എന്ന് പറഞ്ഞു പോലീസും എം എൽ എ യും സ്ഥലം ഗുണ്ടകളും ചേർന്ന് മണ്ടനായ മാത്തുക്കുട്ടിയോട്  ഇരുപതു ലക്ഷം രൂപ പിടുങ്ങുന്നു. നന്മ നിറഞ്ഞവനും (മണ്ടനായ സുപ്പർ  താരങ്ങളെ വിളിക്കുന്ന പേരാണ് ഇതു ) പൂർവ്വ കാമുകിയുടെ സഹോദരനോട് വാത്സല്യവും ഉള്ള മാത്തുക്കുട്ടി ഷോ നടത്താൻ തന്ന രൂപ ഇറക്കി കൊച്ചുണ്ണിയെ രക്ഷിക്കുന്നു .കാശ് തന്നവർ മാത്തുക്കുട്ടിയെ ചീത്ത വിളിക്കുന്നു . എല്ലാം ഏറ്റു  വാങ്ങി അദ്ദേഹം ജെർമ്മനിയിൽ തിരിച്ചെത്തുന്നു .(കാശു നേഴ്സ് ഭാര്യ തിരികെ കൊടുത്തു ). തങ്ങളുടെ പ്രിയങ്കരനായ അച്ചായനെ ദ്രോഹിച്ച ചാനൽക്കാരന്റെ സ്റ്റുഡിയോ ആ നാട്ടിലെ സ്ത്രീകൾ സംഘമായി തല്ലി  തകർക്കുന്നു (അല്ല പിന്നെ !!) ഒടുവിൽ മാത്തു ക്കുട്ടിയുടെ ഗുരുനാഥനും ഗാന്ധിയനുമായ നെടുമുടി മരിച്ചു ജെർമനിയിൽ എത്തി സ്വപ്നത്തിൽ മാത്തുക്കുട്ടിയെ കണ്ടു ഏതാണ്ട് ഗിരി പ്രഭാഷണം നടത്തുന്നു .അവസാനം കാശെടുത്ത് തോന്നിയ പോലെ ചിലവഴിച്ച കുറ്റത്തിന് മാത്തുക്കുട്ടിയെ ചീത്ത പറഞ്ഞവരുടെ പരിപാടി വെറും വളിപ്പായി പോയി എന്ന് കൂടി കാണിക്കുമ്പോൾ മാത്രമേ സംവിധയകന് സമാധാനമാകു . ഇനി വേണേൽ നമുക്ക് പോകാം . ഇതാണ്  മലയാളികളുടെ  സ്വന്തം രഞ്ജിത് ഒരുക്കിയ മഹാ പാതകം 

അണ്ണാ ഇതെങ്ങനെ സഹിച്ചു ഇരുന്നു ?

നമ്മുടെ വിധിയെടെ .ഒരു കാര്യവും ഇല്ലാതെ പിന്നെയും കുറെ കഥാപാത്രങ്ങൾ  വന്നു പോകുന്നു ഈ പടത്തിൽ മീരാ  നന്ദൻ , ബാലചന്ദ്ര മേനോൻ , ദാ തടിയ നായകൻ,നന്ദു  അങ്ങനെ കുറെ പേർ പിന്നെ മമ്മൂട്ടി മറ്റേ (മീശയുള്ള ) മമ്മൂട്ടിയെ നോക്കി അയാള്ക്ക് ഭയങ്കര ജാട ആണെന്ന കേൾക്കുന്നേ എന്നൊക്കെ പറഞ്ഞു ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്നു 


അല്ല അതിരിക്കട്ടെ  ഈ രഞ്ജിത് ചിത്രങ്ങളിൽ കലക്കാനായി പ്രത്യേകം ഒരാളെ കാസ്റ്റ് ചെയ്യാറുണ്ടല്ലോ (സ്പിരിറ്റിൽ നന്ദു , ബാവുട്ടിയിൽ  ഹരിശ്രീ അശോകൻ ) ഈ ചിത്രത്തിൽ  അതാരാ അണ്ണാ ആ കൈകാര്യം ചെയ്യുന്നേ ?

അതാർക്കു വേണേലും ആകാം . ഒരൊറ്റ സാക്ഷി പോലും ഇല്ലാത്ത ഒരു സംഭവം , അത് വെടി ശരിക്ക് കൊണ്ടിട്ടു പോലും ഇല്ലാത്ത ഈ കേസിൽ നല്ലൊരു വക്കീലിന് കുറച്ചു കാശു കൊടുത്താൽ പുല്ലു പോലെ തീരാവുന്ന ഒരു സംഭവം , ലോകത്തെ സകലർക്കും ചോദിക്കുന്ന മുഴുവൻ കാശും എണ്ണി കൊടുക്കുന്ന നായകനെ വെറും മന്ദബുദ്ധി  എന്ന് മാത്രം വിളിച്ചാൽ മതിയോ എന്നാണ് എനിക്ക് ഇപ്പോളും സംശയം  

അല്ല അണ്ണാ  അഭിനയം .....

എങ്ങനെ ഏണേ കോണെ കിടക്കുന്ന കഥ തിരകഥ വെച്ച് എന്ത് കാണിക്കാനാ ? പിന്നെ പത്തു പതിനാലു വയസുള്ള പെണ്‍കുട്ടിയോട് സംസാരിച്ചു നില്ക്കുന്ന വിദേശി പയ്യൻ കൊച്ചിന്റെ അച്ഛനെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്ന രംഗം കലക്കി (ഹിറ്റ്ലർ എന്ന സിനിമയിലെ ജഗദീഷിനപ്പുറം ഇവർക്കൊന്നും മാനസിക വളർച്ച ഉണ്ടാകുന്നില്ലല്ലോ എന്നോർത്ത് പോയി ). പിന്നെ മമ്മൂട്ടി അദ്ദേഹത്തിന് സ്വന്തമായുള്ള രണ്ടു ഭാവങ്ങൾ മാറി മാറി വിതറി അഭിനയിച്ചു തകർക്കുന്നു രഞ്ജിത്തിന്റെ പടം ആയതു കൊണ്ട് മറ്റേ കലാരൂപം (അദ്ദേഹം സ്വന്തമായി വികസിപ്പിച്ചു എടുത്ത ശരീരം കുലുക്കുന്ന കലാവിദ്യ ) ഇല്ലാത്തതിൽ അത്ഭുദം തോന്നിയില്ല .ബാക്കി ആര്ക്കും പ്രത്യേകിച്ചു പണിയും ഇല്ലാത്തതിനാൽ പ്രശ്നവും ഇല്ല .

അപ്പോൾ ചുരുക്കത്തിൽ ........

കൊലപാതകം അനിയാ കാശ് പോയി കിട്ടി ....

Thursday, August 1, 2013

One (ഒന്നൊന്നര വണ്‍ !!!!)

അനിയാ നീ സ്കൊട്ട് ലൻഡ്‌  എന്ന് കേട്ടിട്ടുണ്ടോ ?

പിന്നെ കേൾക്കാതെ . ഇങ്ങേരു ഇംഗ്ലീഷ് പടവും തുടങ്ങിയോ കാണാൻ ? ഇനി വല്ല x men വല്ലതും കണ്ടോ ?

അതായിരുന്നു ഭേദം (സംഗതി x men സീരീസിലെ ഏറ്റവും മോശം എന്നതാണ് അഭിപ്രായം എങ്കിലും ) വരാനുള്ളത് വഴിയിൽ  തങ്ങുമോ ? ഇന്നലെ കണ്ടത് നവാഗത സംവിധാന പ്രതിഭ പാർത്ഥൻ മോഹൻ സംവിധാനം നിർവഹിച്ചു  (ഒന്നൊന്നര നിർവഹണം ആയി പോയി ) പുതുമുഖങ്ങൾ പ്രധാന റോളിൽ പ്രത്യക്ഷപ്പെടുന്ന ന്യൂ  ജനറേഷ ൻ  ഹൊറർ ചിത്രം one . അതിനാണ് അനിയാ  ഞാൻ തല വെച്ചത് .

അല്ല അതും ഈ പറഞ്ഞ സ്കൊട്ട് ലൻഡ്‌ മായുള്ള ബന്ധം ?

അനിയാ 2004 ലോ മറ്റോ അവിടെ നാലഞ്ച് പേര് ചേർന്ന് ഒരു ഉല്ലാസ യാത്രക്ക്  പോയി . ഒരു  വിജനമായ  സ്ഥലത്തുള്ള ഒഴിഞ്ഞ  കെട്ടിടത്തിൽ താമസിക്കുന്ന  ഇവരിൽ ഒരാളൊഴികെ ബാക്കി നാലു പേരുടെയും ശവശരീരങ്ങളാണ് രാവിലെ കാണുന്നത് .ബാക്കി ഒരാളെ കുറിച്ച് ഒരു വിവരവും എന്ന് വരെ ഇല്ല . ഈ സംഭവം നടക്കുമ്പോൾ ആരേലും ഓർത്തോ  ഇങ്ങു ദൂരെ സ്കൊട്ട് ലൻഡ്‌ എന്ന് കേട്ടാൽ  പോലീസുകാരെ പണി പഠിപ്പിക്കുന്ന സ്ഥലം എന്നും കള്ളപ്പണം  ഇടാനുള്ള സ്ഥലം എന്നും മാത്രം അറിയാവുന്ന പാവം മലയാളിക്ക് ആയിരിക്കും പണി കിട്ടുക എന്ന് .

പിന്നേ അതൊക്കെ അവിടെ . ഇവിടെ എങ്ങാനും ആയിരിക്കണം .സ്ഥലത്തെ സദാചാര പോലീസുകാരെ പിടിച്ചു രണ്ടു പൊട്ടിച്ചാൽ പോരെ മണി മണി പോലെ കുറ്റം വെളിച്ചത്തു  വരില്ലേ ? ഇനി അത് നടന്നില്ല എങ്കിൽ  ഇവരുടെ  ആരുടെയെങ്കിലും പഴയ പ്രേമം , പരീക്ഷക്ക്‌ മാർക്ക് കുറഞ്ഞ വിഷമം , ഹോട്ടൽ ഭക്ഷണം എങ്ങനെ എത്ര  ഐറ്റം കിടക്കുന്നു . ചുരുക്കത്തിൽ രാവിലെ എഴുനേറ്റു വര വരച്ചത് പോലെ പല്ല് തേച്ചു ,കുളിച്ചു,വീട്ടിലെ ഭക്ഷണം കഴിച്ചു   ഓഫീസിൽ / സ്കൂളിൽ / കോളേജിൽ പോയി വന്നു ടി വി കണ്ടു കിടന്നു ഉറങ്ങി ജീവിക്കുന്നവൻ  (വർഷങ്ങളായി ) അല്ലെങ്കിൽ ഒരു പ്രശ്നവുമില്ല അണ്ണാ കേസ് തെളിയിക്കാൻ .അതിരിക്കട്ടെ   ഈ ചിത്രത്തെ പറ്റി  പറഞ്ഞാൽ ഉപകാരമായിരുന്നു .

അനിയാ , നേരത്തെ പറഞ്ഞ സ്കോട്ട് ലാൻഡ്‌  കേരളത്തിൽ എത്തുമ്പോൾ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അഞ്ചു ഐ റ്റി കുട്ടികൾ (വിഷ്ണു ,ദേവിക , വിനോദ്  , സൌമ്യ , റോസിൻ ) ആകുന്നു . ഒരു വാരാന്ത്യത്തിൽ അവർ ഒരു ഉല്ലാസ യാത്രക്ക് പ്ലാൻ ചെയ്യുന്നു ,ഒപ്പം ഭാര്യ മരിച്ചു ആകെ മൂഡ്‌ ഓഫ്‌ ആയി കഴിയുന്ന അവരുടെ പ്രൊജക്റ്റ്‌ മാനേജരെയും (ജഗദീഷ് ) വിളിക്കുന്നു . പതിവ് പോലെ ഒരു വിജനമായ ബംഗ്ലാവിൽ  എത്തുന്ന അവർ അവിടെ  രാത്രി ചിലവഴിക്കുന്നു . അവിടെയുള്ള പൈശാചിക ശക്തി ഓരോരുത്തരുടെ ദേഹത്തിൽ കയറി ബാക്കിയുള്ളവരെ കൊല്ലുന്നു . അവസാനം ബാക്കി ആകുന്ന ആൾക്ക്  സ്വയം കൊല്ലാൻ  കഴിയാത്തത് കൊണ്ട്  (ആയിരിക്കണം ) കാണാതെ ആകുന്നു അഥവാ കാണാതെ ആയി എന്ന് പറയുന്നു .(ഇതിൽ ആരെയാണ് കാണാതെ ആയതു എന്ന് ഈ സിനിമ കണ്ട ആൾക്കാരുടെ ഇടയിൽ ഒരു മത്സരം സംഘടിപ്പിക്കാവുന്നതാണ് .പടം കണ്ട മിക്കവര്ക്കും ഒർക്കാനാകുമോ എന്ന് കണ്ടറിയണം !!!) . ശുഭം .പിന്നെ പണ്ട് ങ്ങനെ ഒരു സംഭവം സ്കോട്ട് ലാൻഡ്‌  ഭാഗത്ത്‌ നടന്നു എന്ന് എഴുതികാണിക്കും . കഴിഞ്ഞേ മഹനീയമായ ചിത്രം .

അങ്ങനെ കേറി കളിയാക്കിയാലോ ഒരു പുതു മുഖ സംവിധായകന്റെ പരീക്ഷണം എന്ന നിലയ്ക്ക് .....

അനിയാ ജീവിതത്തിൽ പല രീതിയിൽ ഉള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് ഒമൻ പോലെയുള്ള ക്ലാസ്സിക്‌ സീരീസ്‌  മുതൽ സായിപ്പു ഇറക്കുന്ന പല ഐറ്റം . മലയാളത്തിൽ ആദ്യമായി കാണുന്ന ഹൊറർ ചിത്രം ലിസ്സ ആണെന്നാണ് ഓർമ്മ കള്ളിയങ്കാട്ടു നീലി, കരിമ്പൂച്ച വരെയുള്ള സ്റ്റാന്റ് ഡേഡ്  സാധനങ്ങൾ , ചന്ദ്രകുമാർ മുതലായവരുടെ ഹൊറർ എന്ന പേരിൽ ഇറക്കിയിരുന്ന ഇക്കിളി പടങ്ങൾ .പിന്നെ കുറച്ചു വ്യത്യസ്തമായ ഫോർമാറ്റിൽ ചെയ്ത ആകാശഗംഗ .ചുരുക്കമാ സോന്നാൽ പല തരത്തിലുള്ള ഹൊറർ ചിത്രങ്ങൾ കണ്ടിട്ടുണ്ട് എന്നാൽ ആദ്യമായാണ് ബോർ അടിപ്പിക്കുന്ന ഒരു ഹൊറർ ചിത്രം കാണുന്നത്.

അങ്ങനെ പറയല്ലേ ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മുൻകൂട്ടി എഴുതി തയ്യാറാക്കിയ  ഡയലോഗുകൾ  ഇല്ലാ എന്നതാണ് . ചില്ലറ കാര്യമാണോ സംഗതി ?

നമ്മുടെ പാവം പ്രിയദർശൻ ചിത്രം  വരെ എടുത്തിരുന്ന ഒരു സിനിമക്കും അങ്ങനെ ഒരു സംഗതിയേ ഉണ്ടായിരുന്നില്ല എന്നത് അതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച  പലരും പറഞ്ഞത് വായിച്ചിട്ടുണ്ട് .പക്ഷെ എന്ന് വെച്ച് അതൊന്നും മനുഷ്യനെ ഇങ്ങനെ കൊല്ലുന്നത്‌ ആയിരുന്നില്ല .ഈ സിനിമയുമായി ബന്ധപ്പെട്ട ഒട്ടു മിക്ക പേരും പണി പഠിക്കാൻ ഇറങ്ങിയവർ ആണെന്ന് തോന്നിയതിനാൽ പ്രത്യേകം പ്രത്യേകം അഭിപ്രായം പറയുന്നില്ല .(അവിയൽ പുളിച്ചു , സാംബാർ വളിച്ചു ,...... എന്നിങ്ങനെ പറയുന്നതിലും എളുപ്പം ആണല്ലോ സദ്യ കഴിഞ്ഞപ്പോൾ ഓക്കാനം വന്നു എന്ന് പറയുന്നത് )

അപ്പോൾ ചുരുക്കത്തിൽ ....

ഒന്നാം പകുതി ഇനി എന്തെങ്കിലും സംഭവിക്കും എന്നാ പ്രതീക്ഷയിൽ തള്ളി നീക്കാം . രണ്ടാം പകുതി  ഒരൽപം കഴിയുമ്പോൾ അകെ പ്രതീക്ഷിക്കാനുള്ളത്‌ ഈ ദുരിതം തീർന്നു പുറത്തിറങ്ങു ബോൾ ലഭിക്കുന്ന മോചനം മാത്രം ആണെന്ന് വ്യക്തമാകും . കാണികളെ ബോറടിപ്പിച്ചു കൊല്ലുന്ന ആദ്യ ഹൊറർ ചിത്രത്തിന്റെ പിന്നണിക്കാർക്ക്  അഭിനന്ദനങ്ങൾ