Thursday, December 27, 2012

ഐ ലവ് മി (I Love Me : Movie Review )

അനിയാ നിന്‍റെ അന്ത്യം എങ്ങനെ ആയിരിക്കും എന്നാണ് നീ കരുതുന്നത് .


ഇതെന്തൊരു ചോദ്യം ? മ് മ് .... ഞാന്‍ മലയാളി ആയതു കൊണ്ടു മിക്കവരും വെള്ളമടി കാരണം ലിവര്‍ അടിച്ചു പോയിട്ടാകും . അല്ലെങ്കില്‍ ഈ       ബൂലോകത്ത്  ദിനവും കുത്തി വയ്ക്കുന്ന രാഷ്ട്രീയ /വര്‍ഗീയ  വിഷം    അടിച്ചായിരിക്കും . അല്ല ഇപ്പോള്‍ ചോദിയ്ക്കാന്‍ ?


അല്ല ഞാന്‍ എങ്ങനെ ആയിരിക്കും പണ്ടാരം അടങ്ങുന്നത് എന്നാലോചിക്കുകായിരുന്നു .

ഓ... അതിപ്പോള്‍ എന്തോന്ന് ആലോചിക്കാന്‍ സംഗതി മലയാളത്തിലെ പ്രബുദ്ധരായ താര ആരാധകരുടെ കൈ കൊണ്ട് തന്നെ ആയിരിക്കും. അല്ലെങ്കില്‍ മലയാളത്തിലെ ബുദ്ധി ജീവികള്‍ ആ ദൌത്യം നിര്‍വഹിചോളും പേടിക്കണ്ട .

അല്ല അനിയാ എന്‍റെ അന്ത്യം മിക്കവാറും ഒരു സിനിമശാലയില്‍ വെച്ച് തന്നെ ആയിരിക്കും എന്ന് തോന്നുന്നു . ഇങ്ങനത്തെ സിനിമകള്‍ തുടര്‍ച്ചയായി കണ്ടാല്‍ ആരായാലും അടിച്ചു പോകാന്‍ വലിയ താമസം കാണുന്നില്ല

അല്ല എപ്പോള്‍ ഇങ്ങനെ ഒരു ജീവിത വിരക്തി തോന്നാന്‍....

ഒന്നുമില്ല അനിയാ .. കര്‍മ്മ ഫലം അല്ലാതെ എന്ത് പറയാന്‍ ഇന്നലെ നമ്മുടെ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐ ലവ് മി എന്ന ചലച്ചിത്ര കാവ്യം കാണാന്‍ ഇടയായി .ശ്രീ വൈശാഖ് രാജന്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അനൂപ്‌ മേനോന്‍ , ആസിഫലി , ഉണ്ണി മുകുന്ദന്‍ , ഇഷ തല്‍വാര്‍ , ബിജു പപ്പന്‍ , വനിത തുടങ്ങിയവര്‍ അഭിനയിക്കുന്നു . ഈ സസ്പെന്‍സ് ത്രില്ലര്‍ കഷ്ട്ടപ്പെട്ടു എഴുതിയുണ്ടാക്കിയത് ശ്രീ സേതുവാണ്.കളി ബാങ്കോക്കില്‍ ആണ് എന്നതാണ് ഈ സിനിമയുടെ പഞ്ച് ലൈന്‍.ഇതൊന്നുമല്ല ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത

പിന്നെ ?

എടാ നമ്മുടെ ഉണ്ണികൃഷ്ണന്‍ സര്‍ ആദ്യമായി വേറൊരാളിന്‍റെ രചനയെ അധികരിച്ച് സംവിധാനം ചെയുന്ന ആദ്യ ചിത്രമാണ് ഈ ചിത്രം പുരിഞ്ചിതാ കണ്ണാ

അപ്പിടിയാ അണ്ണേ ... ച്ചെ ... അങ്ങനേയാണോ അണ്ണാ ?

പിന്നല്ലാതെ എന്‍റെ അഭിപ്രായത്തില്‍ അദേഹത്തിന് കഷ്ട്ടി അറിയാവുന്ന പണി തിരക്കഥ എഴുത്തു ആണ് . (ശിവം , ടൈഗര്‍ പോലുള്ള സിനിമകള്‍ എഴുതിയ കാലത്ത് രെന്ജി പണിക്കരുടെ പിന്‍ഗാമി ആയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്‌.(തെറ്റ് തന്നെ ക്ഷമി ! എന്ന് അദേഹം തന്നെ പില്‍ക്കാലത്ത് പറയിച്ചു എന്നതും സത്യം ) അത് കൂടെ ഇല്ലാതെ പടം ചെയ്തതിന്‍റെ സര്‍വ ഐശ്വര്യവും ഈ ചിത്രത്തിന് ഉണ്ട് എന്നതാണ് സത്യം .

അതെന്തു അണ്ണാ അങ്ങനെ അടച്ചു പറയുന്നേ ....

അനിയാ, കഥ നടക്കുന്നത് പറഞ്ഞത് പോലെ ബാങ്കോക്കില്‍ വ്യവസായ പ്രമുഖന്‍ ആണ് റാം മോഹന്‍ .(അനൂപ്‌ മേനോന്‍ ) ഒന്നുമില്ലായിമ്മയില്‍ നിന്നും തുടങ്ങിയ ഇദ്ദേഹം എന്ന് കോടികളുടെ വ്യവസായ സമ്രാജ്യത്തിനു ഉടമയാണ് (അല്ലാതെ പിന്നെ വെറുതെയാണോ ഇദ്ദേഹത്തെ പാവങ്ങളുടെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നേ) എന്നാല്‍ ഇന്നു ഇദ്ദേഹം ഗുരുതരമായ ഒരു സാമ്പത്തിക തകര്‍ച്ചയുടെ വക്കിലാണ് . അദ്ദേഹത്തിന് മുന്നിലുള്ള ഒരു വഴി ആത്മഹത്യ ആണ് മറ്റേ വഴി ... അതാണ് സസ്പെന്‍സ് ....അദ്ദേഹം ആ വഴി പോകാന്‍ തീരുമാനിക്കുന്നു.

ശരി എന്നിട്ട് ?


അദ്ദേഹം നേരെ കൊച്ചിക്ക്‌ വെച്ച് പിടിക്കുന്നു . ഈ ന്യൂ ജനറെഷന്‍ മലയാള ചിത്രങ്ങള്‍ മുടങ്ങാതെ കാണുന്നത് കൊണ്ടാകണം കൊച്ചിയിലെ അധോലോകത്തെ കുറിച്ച് നല്ല മതിപ്പാണെന്നു തോന്നുന്നു അദേഹത്തിന് . അവിടെ എത്തുന്ന അദ്ദേഹം നല്ലവരായ സാവി (ഉണ്ണി മുകുന്ദന്‍)  പ്രേമന്‍ (ആസിഫലി) എന്നീ ഗുണ്ടകളെ കണ്ടെത്തുന്നു.(ശ്രദ്ധിക്കുക നല്ലവരായ ഗുണ്ടകള്‍ ) .അവരെ രണ്ടു പേരെയും പരസ്പരം അറിയിക്കാതെ ഒരാളെ കൊല്ലാനുള്ള കൊട്ടേഷന്‍ നല്‍കി ബാങ്കോക്കിലേക്ക് കൊണ്ടു വരുന്നു .(ആരെയാണ് കൊല്ലേണ്ടത് എന്ന് പറയുന്നില്ല അത് സസ്പെന്‍സ് ). അവിടെയെത്തുന്ന രണ്ടു പേരെയും ഒരു വീട്ടില്‍ താമസിപ്പിക്കുന്നു .അവരുടെ കാര്യങ്ങള്‍ അന്വേഷിക്കാനായി സ്വന്തം സെക്രെട്ടറി സമാന്തയെ (ഇഷ തല്‍വാര്‍ ) നിയോഗിക്കുന്നു . എല്ലാരും ഭയങ്കര സൗഹൃദം . ഒരു ദിവസം റാം മോഹന്‍ രണ്ടു പേരോടും വേറെ വേറെ വിളിച്ചു കൊല്ലേണ്ടത് മറ്റവനെ ആണ് എന്ന് അറിയിക്കുന്നു ഞെട്ടലോടെ ഇടവേള .


ഹോ അന്യായം ....

അനിയ ഇടവേളക്കു പുറത്തിറങ്ങി ചായ കുടിച്ചു നിന്നപ്പോള്‍ ഞാന്‍ ശ്രീനിയെ വിളിച്ചു (പാതി രാത്രിക്കാണ് എന്നോര്‍ക്കണം) മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഇതു പോലെ പറഞ്ഞു . എന്നിട്ട് ചോദ്യം എന്തിനാണ് റാം മോഹന്‍ ഇങ്ങനെ ഒക്കെ
 ചെയ്യുന്നത് ? ശ്രീനി എന്നെ രണ്ടു പച്ച തെറിയും പറഞ്ഞു ശരി ഉത്തരവും തന്നു ഫോണ്‍ കട്ട്‌ ചെയ്തു. ഹാപ്പി ആയി അനിയാ ഹാപ്പി ആയി.   അല്ല , അണ്ണന്‍ എന്തിന്നാ അങ്ങനെ ചെയ്യാന്‍ പോയെ

അനിയാ ഈ റാം മോഹന്‍ എന്തിനാ എങ്ങനെ ചെയ്യുന്നത് എന്ന് അവര്‍ ബാങ്കോക്കില്‍ എത്തി കഴിഞ്ഞ ഉടന്‍ എനിക്ക് മനസ്സിലായി.ഞാന്‍ ആളു എങ്ങാനും

ഭയങ്കര ബുദ്ധിമാന്‍ ആയതു കൊണ്ടാണോ എനിക്ക് മനസിലായത് എന്നൊരു  സംശയം തോന്നിയത് കൊണ്ട് മാത്രമാണ് ശ്രീനിയെ മിനക്കെടുതിയത് . അവന്‍ അര ഉറക്കത്തില്‍ ഉത്തരം പറഞ്ഞതോടെ ഇതേതു പോലീസുകാരനും മനസിലാകുന്ന സംഗതി ആണെന്ന് മനസിലായി അത്ര തന്നെ .

അയ്യേ ...


അങ്ങനെ അങ്ങ് പറയാന്‍ വരട്ടെ .

ഈ സംഗതി അവര്‍ക്ക് മനസിലാകും എന്ന് അനൂപ്‌ മേനോന് നേരത്തെ അറിയാമായിരുന്നു (അങ്ങേരാരാ മോന്‍ !!!).അനുപ് മേനോന് അവര്‍ക്ക് മനസിലായി എന്നതു മനസിലാകും എന്ന് അവര്‍ക്കും അറിയാമായിരുന്നു. ഈ പറഞ്ഞ കാര്യം അറിയാമെന്നു അനൂപ്‌ മേനോനും അറിയാമായിരുന്നു . എങ്ങനെ ഒരു ആവശ്യവും ഇല്ലാത്ത കുറെ ട്വിസ്റ്റ്‌കള്‍ കഴിയുമ്പോള്‍ നമുക്ക് വീട്ടില്‍ പോകാം . ദുരിതം കഷ്ട്ടി രണ്ടു മണിക്കൂര്‍ കൊണ്ട് തീരും എന്നതാണ് ആകെയുള്ള ഒരു സന്തോഷം  . ക്ലൈമാക്സ്‌ ,  സസ്പെന്‍സ് ഒക്കെ എന്ന് പറഞ്ഞാല്‍ നമ്മള്‍ ഒക്കെ തല തല്ലി ചിരിക്കുന്ന രീതിയിലാണ്‌ എടുത്തിരിക്കുന്നത് .

അപ്പോള്‍ അഭിനയം ....

അനിയാ ദോഷം പറയരുതല്ലോ ഒരു വിധം എല്ലാരും അവരാല്‍ കഴിയുന്ന വിധം നന്നായി അവര്‍ അവരവരുടെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . എല്ലാമറിയുന്ന അനൂപ്‌ മേനോന്‍ ആ സ്ഥായീ ഭാവം മുഖത്ത് നിന്നും പോകാത്തതിനു അദേഹത്തെ കുറ്റം പറയാന്‍ പറ്റില്ലല്ലോ.പിന്നെ എഴുതി വെച്ചിരിക്കുന്നതല്ലാതെ കൈയില്‍ നിന്നും ഇട്ടു പറയാന്‍ പറ്റുമോ അവര്‍ക്ക് . പാവങ്ങള്‍ .


എന്നാലും നായികാ ഇഷ തല്‍വാര്‍ മോശമായി എന്നാണല്ലോ പൊതുവെ അഭിപ്രായം ?

അനിയാ ആ കൊച്ചു തട്ടത്തിന്‍ മറയത്തു എന്ന സിനിമയില്‍ അഭിനയിച്ച പോലെ ഇതിലും അഭിനയിച്ചിട്ടുണ്ട് . അത് ഭയങ്കര സംഭവം ആണേല്‍ ഇതും അങ്ങനെ തന്നെ.പിന്നെ ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തിന്‍റെ മസ്സിലും കുട്ടികളുടെ പോലുള്ള മുഖവും തമ്മിലുള്ള ചേര്‍ച്ചക്കുറവു ഈ ചിത്രത്തില്‍ വളരെ പ്രകടമാണ് . അതിനു എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരു ന്യൂ ജനറെഷന്‍ ഭീമന്‍ രഘു ആയി ഈ നടന്‍ ഭാവിയില്‍ അവസാനിച്ചേക്കാം . സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

പിന്നെ നീ പറഞ്ഞ ഒരു കാര്യത്തോട് പൂര്‍ണ യോജിപ്പ് ഈ പേര് എന്തിനാണെന്ന് അഥവാ അതിന്‍റെ റീലവന്‍സ് എന്താണ് എന്ന് എനിക്കും മനസ്സിലായില്ല്

അപ്പോള്‍ ചുരുക്കത്തില്‍


അനിയാ ഇത്രയും കാലം ഞാന്‍ കരുതിയിരുന്നത് ശ്രീ ഉണ്ണികൃഷ്ണനെ പോലുള്ള സംവിധായകര്‍ നല്ല സിനിമയെ സ്വപ്നം കാണുന്നവര്‍ ആണെന്നും ഈ സുപ്പര്‍ താരങ്ങളുടെ ഇടപെടലാണ് പ്രമാണിയും മാടബിയും ഒക്കെ സൃഷ്ട്ടിക്കുന്നതും എന്നായിരുന്നു .എങ്ങനെയാണു അദ്ദേഹം സിനിമയെ കാണുന്നത് എങ്കില്‍ സുപ്പര്‍ താരങ്ങള്‍ അല്ല വഴിയെ പോകുന്നവര്‍ പോലും അദ്ദേഹത്തിന്‍റെ സിനിമാ സംവിധാന പ്രക്രിയയില്‍ കൈ കടത്തി എന്ന് പറഞ്ഞാല്‍ ഞാന്‍ കുറ്റം പറയില്ല. 

നിയമ പ്രകാരമുള്ള  മുന്നറിയിപ്പ് :ജഗതിയുടെ വിടവ് നികത്താന്‍  പോയ  ബാബുരാജിന്‍റെ  വിടവ് നികത്താന്‍ ശ്രമിക്കുന്ന ബിജു പപ്പനും അദേഹത്തിന്‍റെ ഹസ്യാഭിനയവും ഈ സിനിമയുടെ എടുത്തു പറയേണ്ട പ്രത്യേകതയാണ് .

Tuesday, December 25, 2012

ദബങ്ങ് 2 - Dabangg 2

അനിയാ , ചുമ്മാ സ്ക്രീനില്‍ ആളെക്കണ്ടാല്‍ പടം ഹിറ്റ് ...അങ്ങനെ തല വരയുള്ള രണ്ടു നടന്മാര്‍ ഇന്ത്യയില്‍ ഉണ്ട് . അവര്‍ ആരൊക്കെ  എന്ന് അറിയാമോടെ ?

മമ്മൂട്ടി , മോഹന്‍ലാല്‍

പോസ്റ്ററില്‍ തല കണ്ടാല്‍ ജനം പിന്തിരി ഞ്ഞ് ഓടുന്ന ആളുകളുടെ കാര്യമല്ല ചോദിച്ചത് 

ജനത്തിനെ ആര്‍ക്കു വേണം അണ്ണാ ? മന്ദബുദ്ധികള്‍. നുമ്മ  പടം ഇറക്കും , ഒരു ഇരുപതു ദിവസം തട്ടി മുട്ടി ഓടിക്കും . പിന്നെ ഹിറ്റ് ഹിറ്റ് എന്ന് രണ്ടു വിളി വിളിക്കും ലവന്മാര്‍ അത് എട്ടു വിളിക്കും . അങ്ങനെ ഉള്ളവന്മാരെ ആര് വില വെയ്ക്കുന്നു ?

അത് ന്യായം . എന്നാലും നീ ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറ ?

ങാ പിടി കിട്ടി ഒന്ന് രജനികാന്ത് .

നിനക്ക് ഒരു ചായ . അടുത്തത്‌ കറക്റ്റ് ആയിട്ടു പറഞ്ഞാല്‍ കടിയും

വിജയ്‌ തന്നെ അണ്ണാ ?

വിജയ്‌ ക്രൌഡ് പുള്ളര്‍ ഒക്കെ തന്നെ പക്ഷെ ആ ലെവലില്‍ എത്തിയിട്ടില്ല .

പിന്നെ ആര് അണ്ണാ ?

സല്‍മാന്‍ ഖാന്‍ 

അണ്ണാ , നിങ്ങള്‍ വേറെ വല്ലതും ഉണ്ടെങ്കില്‍ പറ . എനിക്കീ മസിലും പെരുക്കി നടക്കുന്നവന്മാരെ കാണുന്നതെ കലിയാണ് .

തന്നെടാ , നാലു മണി പലഹാരമായിട്ട് വരെ ബീഫ് ഒലത്തിയതു  അടിച്ചു വയറും ചാടി കവിളും തൂങ്ങി നടക്കുന്ന നിന്നെ പോലെയുള്ള  മല്ലൂസ് ഇത് പറഞ്ഞില്ല എങ്കിലെ അത്ഭുതം ഉള്ളു .

നിങ്ങള് ഞാന്‍ വന്നു  തുടങ്ങിയ  പരിഹാസം  ആണല്ലോ .  കളിക്കാതെ ബി ഉണ്ണികൃഷ്ണന്‍ സാറിന്റെ പുതിയ പടം കണ്ടോ എന്ന് പറ ?

ഇല്ലടെ , മലയാളത്തിന്റെ സ്വന്തം സ്റ്റാന്‍സ്ലോവിസ്ക്കി സാറിന്‍റെ പടം ഇന്ന് കാണാന്‍ പോകുന്നതെ ഉള്ളു. ക്രൂശിത മരണം വരിച്ച കര്‍ത്താവ് ജനിച്ച അന്ന് തന്നെ ഞാന്‍ കുരിശില്‍ കയറുന്നതാണ് അതിന്റെ ഒരു ഇത്, ഏത് ?

അപ്പൊ ഇന്ന് പടം ഒന്നും ഇല്ലേ ?

നീ അടങ്ങു ചെല്ലാ .ഇടക്കാലത്ത് എന്നെ  ഇന്ന് വരെ നിന്നെ ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ടോ ? തത്കാലം ഇന്ന് നീ ഒരു ഹിന്ദി പടം കൊണ്ട് കാളകൂടം ഓടിക്ക് .ഉണ്ണികൃഷ്ണന്‍ സാറിന്റെ മഹാത്മ്യം നാളെ പാടിത്തരാം .

ഏതു ഹിന്ദി പടം അണ്ണാ ?

ദബങ്ങ് 2

ദബങ്ങ് ...ഓ  നമ്മുടെ മുന്നി പാട്ടുള്ള സിനിമ

ഹിന്ദീടെ   തറ, പറ  അറിഞ്ഞൂടെങ്കിലും അതൊക്കെ മനസിലാക്കി വെച്ചിട്ടുണ്ട് കള്ളന്‍ . നീ പറഞ്ഞ പാട്ടുള്ള പടത്തിന്റെ രണ്ടാം ഭാഗം ആണ് ദബങ്ങ് 2

സല്‍മാന്‍ ഖാന്‍ അല്ലെ നായകന്‍ ?

എന്തടെ പിടിച്ചില്ലേ?

വേസ്റ്റ്

കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി (അതിനും മേലെയായി എന്ന് തന്നെ പറയാം ) ഇറക്കുന്ന പടം ഒക്കെ ഒന്നിനൊന്നു റെക്കോര്‍ഡ് ഇടുന്ന സല്‍മാന്‍ വേസ്റ്റ് . പതിനൊന്നും പന്ത്രണ്ടും പടങ്ങള്‍ നിരപ്പില്‍ പൊട്ടി നില്‍ക്കുന്ന സാറന്മാര്‍ നാടിന് മസ്റ്റ് .കൊള്ളാമെടാ .

നിങ്ങള്‍ കാട് കയറും മുന്നേ കണ്ട പടത്തിനെ കുറിച്ച് പറ .

ഡാ , സത്യമായിട്ടും ഈ പടത്തില്‍ സല്‍മാന്‍ ഖാന്‍ എന്ന നടനല്ലാതെ വേറെ ആരെക്കുറിച്ചും ഒന്നും പറയാനില്ല . തുടക്കം മുതല്‍ അവസാനം വരെ സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ചുല്‍ബുല്‍ അഥവാ റോബിന്‍ഹുഡ് പാണ്ഡേ എന്ന പോലീസുകാരന്റെ ഷോ .അതാണ്‌ പടം 


ഓ ഷോ പടം ...അത് ബോര്‍ ആയിരിക്കുമല്ലോ , അല്ലെ ?

അതാണ്‌ ഞാന്‍ നേരത്തെ പറഞ്ഞ നടന്റെ കരിസ്മ . ഹിന്ദി സിനിമ ഉണ്ടാകുന്നതിനു മുന്നേ ഉണ്ടായ ഫോര്‍മുലയിലുള്ള കഥ .മുന്നോട്ടു മിനിമം നാല് സീനുകള്‍ വരെ മുന്നോട്ട് പ്രവചിക്കാന്‍ പറ്റുന്ന രീതിയിലുള്ള സിനിമയുടെ പോക്ക് . ഇതൊക്കെയാണെങ്കിലും കാശ് മുടക്കി ടിക്കറ്റ് എടുത്തു പടം കാണാന്‍ കയറുന്നവനെ സിനിമ തുടങ്ങി തീരും വരെ എന്റര്‍ടെയിന്‍ ചെയ്യാനുള്ള കഴിവ് അതും ലോകം വാഴ്ത്തിയ അഭിനയ പാടവം ഒന്നും ഇല്ലാത്ത സ്ഥിരം മാനറിസങ്ങള്‍ ഉള്ള ഒരു നടന്‍. അത് എന്തായാലും സല്‍മാന്‍ കുഞ്ഞിനു ഉണ്ട്

നമ്മുടെ ദുല്‍ക്കാര്‍ സല്‍മാനെ പോലെ അല്ലെ അണ്ണാ ?

അത്  ചാലൂട്ടി  സലിം ഖാന് ജനിച്ചാല്‍ പോലും നടക്കും എന്ന് എനിക്ക് വിശ്വാസം ഇല്ല .

 നിങ്ങള്‍ പടത്തിന്‍റെ  കഥ പറ , കഥ പറ

ചുല്‍ബുല്‍ പാണ്ഡേ പുതിയ ഒരു പോലീസ് സ്റ്റേഷന്‍ന്‍റെ ചാര്‍ജ് ഏറ്റെടുത്തു പുതിയ ഒരു പട്ടണത്തില്‍ എത്തുന്നു. അവിടുത്തെ ഗുണ്ടാ കം രാഷ്ട്രീയ നേതാവയാ പ്രകാശ് രാജുമായി മുട്ടുന്നു വില്ലന്റെ അനിയന്‍ കൊല്ലപ്പെടുന്നു. വില്ലന്‍ നായകനോട്  പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്നു . നായകന്‍ വില്ലനെ ഓടിച്ചിട്ട്‌ തള്ളി കൊള്ളുന്നു (ഫേക്ക് എന്‍കൌണ്‍ണ്ടര്‍) . ഇത് തന്നെ കഥ  

അയ്യേ

അതാണ്‌ . ഈ പറഞ്ഞു തേഞ്ഞ് നാശമായ കഥ, രണ്ടു മണിക്കൂറിന്  മേലെ സമയം എടുത്തു , ബോര്‍ അടിക്കാതെ ഇരുന്നു  കാണാന്‍ നമ്മളെ സഹായിക്കുന്ന ഒരേ ഒരു ഫാക്റ്റര്‍ ആണ് സല്‍മാന്‍ ഖാന്‍

ഓ നിങ്ങളുടെ സല്‍മാന്‍ വലിയ പുള്ളി തന്നെ. അയാള്‍ ഒറ്റയ്ക്ക് ഒന്നും അല്ലല്ലോ പടത്തില്‍ അഭിനയിക്കുന്നത്. പ്രകാശ് രാജ് ഒക്കെ ഇല്ലേ ? പുള്ളി എങ്ങനെയുണ്ട് ?

ഗില്ലി മുതല്‍ സിങ്കം (തമിഴ്/ഹിന്ദി ) വരെയുള്ള സിനിമകളില്‍ ചെയ്ത  വേഷങ്ങളുടെ ഒരു പകര്‍പ്പ്. അതാണ്‌ പ്രകാശ് രാജിന്റെ വില്ലന്‍. അങ്ങേര്‍ അത് കഴിവിനനുസരിച്ച് ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ കണ്ടിരിക്കുമ്പോള്‍ സ്ക്രീനില്‍  രഘുവരന്‍ എന്ന നടനെ ഞാന്‍ വല്ലാതെ മിസ്സ്‌ ചെയ്തു. ഒരേ തരത്തിലുള്ള വേഷങ്ങള്‍ ഓരോ സിനിമയിലുംആ മനുഷ്യന്‍ ചെയ്തപ്പോള്‍ ഒക്കെ ഓരോന്നും  വ്യത്യസ്തമായി തോന്നിയിരുന്നു . ആ ഒരു ഫീല്‍ തരാന്‍ പ്രകാശ് രാജിന് പറ്റുന്നില്ല . എന്ന് വെച്ചു ആ  റോള്‍ പ്രകാശ് രാജ് മോശമൊന്നും  ആക്കിയിട്ടില്ല കേട്ടോ 

പടത്തില്‍ നായിക ആര് അണ്ണാ?

സൊണാക്ഷി സിന്‍ഹ . കാര്യമായ റോള്‍ ഒന്നുമില്ല . എങ്കിലും കിട്ടിയ റോള്‍ ഭംഗിയാക്കിയിട്ടുണ്ട്. പിന്നെ ഭീകര ഗ്ലാമര്‍ ഒന്നും കാണിക്കാതെ തന്നെ നല്ല ഒരു അപ്പീല്‍ ഉള്ള നായികയാണ് കുട്ടി.

ബാക്കി നടന്മാര്‍, നടിമാര്‍?

വിനോദ് ഖന്ന , അര്‍ബാസ് ഖാന്‍, മാഹി ഗില്‍ അങ്ങനെ കുറെ പേരുണ്ട് .
എല്ലാവരും സപ്പോര്‍ട്ടിംഗ് കാസ്റ്റ് എന്ന രണ്ടു വാക്കുകളോട് നീതി പുലര്‍ത്തി വന്നു പോകുന്നു. സല്‍മാന്‍ ഷോ  തുടരുന്നു , തീര്‍ക്കുന്നു .

സംവിധാനം...

സല്‍മാന്റെ അനിയന്‍ അര്‍ബാസ് ഖാന്‍ . സ്റ്റാന്‍സ്ലോവിസ്ക്കി നിലവാരം ഒന്നുമില്ല. പക്ഷെ സ്ഥിരം മസാല ഫോര്‍മുല ബോറടിപ്പിക്കാതെ, സല്‍മാന്റെ സ്ക്രീന്‍ പ്രസന്‍സ്സ് പരമാവധി ഉപയോഗിച്ച് പടം എടുത്തു വെച്ചതിന് അര്‍ബാസിനു ചായ  മേടിച്ചു കൊടുക്കണം . പിന്നെ സല്‍മാന്‍ സൊണാക്ഷി  റൊമാന്‍സ് ഹിന്ദി സിനിമയിലെ സ്ഥിരം ഭാര്യാ ഭര്‍ത്താക്കന്മാരുടെ തിങ്കളാഴ്ച വൃത്തം ലൈന്‍ ക്ലീഷേ ആക്കാതെ നര്‍മ്മം കലര്‍ത്തി അവതരിപ്പിച്ചതിനും .\

ഐറ്റം ഡാന്‍സ് ഒന്നുമില്ലേ അണ്ണാ ?

പിന്നെ !!! അതില്ലാതെ എന്ത് ദബങ്ങ്? ഇത് ദബങ്ങ് 2 ആയതു കൊണ്ട് രണ്ടു ഐറ്റം ഡാന്‍സ് ഉണ്ട്. കരീനാ കപ്പൂര്‍ , മലായിക്ക അറോറ എന്നിവര്‍ ഓരോന്നിലും .പോരെ ?

മതി ...ഇനി നിങ്ങള്‍  ഒരു ചുരുക്കം കൂടി ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോയി സംഗതി കചിയിട്ടു യു ട്യൂബില്‍ കരീനയുടെയും മലായിക്കയുടെയും പാട്ടുക്കള്‍ തപ്പാമായിരുന്നു .

ചുരുക്കം രണ്ടു വാക്കുകള്‍ സല്‍മാന്‍ ഖാന്‍. അധ്യാവസാനം അങ്ങേര തന്നെ പടത്തില്‍ . വേറെ ഒന്നുമില്ല. ദബങ്ങ് ഇഷ്ടപ്പെട്ട ഒരാളാണ് ഈ  പടം കാണുന്നത് എങ്കില്‍ അയാള്‍ക്ക്‌ ഇത്  ഇഷ്ടപ്പെടും

ഡാ തടിയാ... (Daa Thdiyaa Review)

ഒരു സിനിമ കാണാന്‍  പോകുമ്പോള്‍  മുന്‍ധാരണകള്‍ പാടില്ല എന്നാണ്  നിരൂപക മതം . ശരി തന്നേടെ ?

എന്നോടാണോ അണ്ണാ ചോദ്യം ?


പിന്നല്ലാതെ . അറിയാമെങ്കില്‍ പറയെടെ പറഞ്ഞു വരുമ്പോള്‍ നീയല്ലേ നിരൂപക സിംഹം .

ഈ പറഞ്ഞത് ഒരിക്കലും പാടില്ലാത്തതാണ്. മുന്‍ധാരണകള്‍ ഉണ്ടെങ്കില്‍ അത് സിനിമാ ശാലയ്ക്ക് പുറത്തു വെച്ചിട്ട് വേണം പടം കാണാന്‍ കേറാന്‍.  അതിരിക്കട്ടെ ഇപ്പോള്‍ ചോദിയ്ക്കാന്‍ കാരണം .

അല്ല ശ്രീ ആന്‍റ്റോ നിര്‍മ്മിച്ച്‌, നമ്മുടെ ന്യൂ ജെനഷന്‍ സിനിമയുടെ ഉപജ്ഞാതാക്കളില്‍ ഒരാളും പ്രമുഖനുമായ ശ്രീ അഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ കാണാന്‍ പോകുമ്പോള്‍ എനിക്കതുണ്ടയിരുന്നോ എന്നൊരു സംശയം .

മനസിലായില്ല വിശദമാക്കാമോ ? ഇതെന്തോന്ന് ....... നോണ്‍ ലീനിയര്‍ അഭിപ്രായമോ? അണ്ണനും ട്രെന്റ് പിടിച്ചു തുടങ്ങിയോ?

അടങ്ങേടെ . മലയാളത്തില്‍ എന്‍റെ ഓര്‍മ്മയില്‍ മലയാളികളുടെ അപകര്‍ഷതയെ സിനിമയില്‍ കച്ചവടം ചെയ്തു വിജയിച്ചതില്‍ പ്രമുഖന്‍ ശ്രീനിവാസനാണ്.അതിനു ശേഷം ഈ സിനിമയുടെ റ്റൈറ്റില്‍,പോസ്റ്റര്‍ ഇവയൊക്കെ കണ്ടപ്പോള്‍ അതേ  സാധ്യതയെ ഉപയോഗിക്കാനുള്ള ബുദ്ധിപൂര്‍വ്വമായ ഒരു ശ്രമം എന്നാണ് എനിക്ക് തോന്നിയത് . പ്രത്യേകിച്ചും ലിബറലൈസേഷന്‍ കാലഘട്ടത്തിലെ കോളയും ബര്‍ഗറും വാരി വിഴുങ്ങി , ദേഹം അനക്കാതെ കുടവയറും തടവി ശരീരം നോക്കുന്നവനെ കുറ്റം പറഞ്ഞു ജീവിക്കുന്ന ഇന്നത്തെ ബഹു ഭൂരിപക്ഷം വരുന്ന മലയാളി സമുഹത്തില്‍ ഇത്തരം ഒരു സിനിമക്കുള്ള വിപണന സാധ്യത ഒരുത്തനെങ്കിലും തിരിച്ചറിഞ്ഞല്ലോ എന്നൊരു ആശ്വാസത്തിലാണ് സിനിമക്ക് പോയത്.

എന്നിട്ട് എന്ത് പറ്റി? ഇഷ്ടപെട്ടില്ലേ ?


അനിയാ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഒരു വിഷയത്തെ തികച്ചും നിസ്സാരമായി അഥവാ സില്ലി ആയി സമീപിച്ചു എന്നാണ് എനിക്ക് തോന്നിയത് .കുറച്ചു കൂടി വ്യക്തമാക്കിയാല്‍ ചതിക്കപ്പെടുന്ന പെണ്ണിന്‍റെ പ്രതികാര കഥ സത്യന്‍ കാലം മുതല്‍ ഉള്ളതാണ് (ഒരു പെണ്ണിന്‍റെ കഥ എന്നാണ് ഓര്‍മ്മ ) അതെ സാധനം കൈയടക്കത്തോടെ അവതരിപ്പിക്കുമ്പോള്‍ ആണ് 22 f കോട്ടയം ഉണ്ടാകുന്നതു . അതെ പോലെ ഒരാളുടെ വൈകല്യം (മിക്കവാറും മന്ദ ബുദ്ധി  /നിഷ്ക്കളങ്കത ) പ്രേമം അഭിനയിച്ചു മുതലെടുക്കുകയും ഒടുവില്‍ അത് മനസ്സിലാക്കി നായകന്‍ തിരിച്ചടിക്കുന്നതും നേരത്തെ പറഞ്ഞത്രയും പഴക്കമുള്ള പ്രമേയം തന്നെയാണ് . ഇവിടെ  വൈകല്യം പൊണ്ണത്തടി ആകുന്നു എന്ന് മാത്രം.വലിച്ചു നീട്ടിയ ഒന്നാം പകുതി കൂടെയാകുമ്പോള്‍ തികഞ്ഞു .തടിയനായ ലൂക്ക് ജോണ്‍ പ്രകാശ്‌ (ശേഖര്‍ മേനോന്‍) ന്‍റെ ജീവിതത്തിലേക്ക് ആന്‍ മേരി താടിക്കാരന്‍ (ആന്‍ അഗസ്റ്റിന്‍ ) കടന്നു വരുന്നതോടെയാണ് കഥ തുടങ്ങുന്നത്.(ലൂക്കായുടെ കസിന്‍റെ വീക്ഷണത്തിലൂടെ ആണ് കഥ പറയാന്‍ ശ്രമിച്ചിട്ടുള്ളത്) .അത് വരെ ഒരിക്കലും തീരാത്ത ഒരു കഥാപത്രങ്ങളെ പരിചയപ്പെടുതലുണ്ട് .തടി കുറയ്ക്കാനായി വൈദ്യ ക്ലിനിക്കിലെ ഒരു നിശ്ചിത കാലത്തെ പ്രോഗ്രാമിന് ചേരാന്‍ ആന്‍ പ്രേരിപ്പിക്കുന്നതോടെ ലൂക്ക് അവിടെ ചേരുന്നു .സ്ഥാപനം നടത്തുന്ന രാഹുല്‍ വൈദ്യര്‍ (നവീന്‍ പോളി ). അവിടത്തെ ചിട്ടകളുമായി മുന്നോട്ടു പോകാന്‍ കഴിയാതെ ആകുമ്പോള്‍ ലൂക്ക് അവിടുന്ന് ചാടി വീട്ടില്‍ എത്തുന്നു ആനീനെ കാണാന്‍ എത്തുന്ന ലൂക്ക് രാഹുലിനെ അവിടെ കണ്ടു ഞെട്ടുന്നു . അപ്പോളാണ് ആന്‍ വൈദ്യ ക്ലിനിക്കിന്‍റെ മാര്‍ക്കെറ്റിംഗ് വിഭാഗത്തിലാണ്   എന്നറിയുന്നെ  .പോരാത്തതിനു ആനും രാഹുലും പ്രണയത്തിലും..മനസ്സു തകര്‍ന്ന ലൂക്ക് കുടുംബ പാര്‍ട്ടി ആയ പ്രകാശ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു നഗര പിതാവാകുന്നു (മേയര്‍ ). പിന്നങ്ങോട്ട് ലൂക്കിന്‍റെ പ്രതികാരമാണ് രാഹുല്‍ വൈദ്യര്‍ക്കെതിരെ.എന്തിനാണ് ഈ പ്രതിക്കാരം എന്ന് മനസിലാകുന്നില്ല.അവര്‍ക്ക് രണ്ടു പേര്‍ക്കും ഇഷ്ടമാണ്.പിന്നെ ലൂക്കിന് എന്താ പ്രശനം?  (സാമൂഹ്യമായി ചിന്തിച്ചാല്‍  ഇതിന്‍റെ ഒരു വലിയ രൂപമാണ്‌ പ്രേമ അഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ വീട്ടില്‍ കേറി വെട്ടുന്ന പുതിയ ട്രെന്‍റ് !!!)



സമൂഹത്തെ പറ്റി പറഞ്ഞപ്പോളാ ഓര്‍മ്മ വന്നേ .അതല്ലല്ലോ സംഗതി അണ്ണാ മികച്ച സാമൂഹ്യ പ്രസക്തി ഉള്ള സന്ദേശം ഉള്ള ചിത്രം എന്നാണല്ലോ കേട്ടത് . അതിനെ പറ്റി ....


അനിയ ഒരു നിമിഷം നമുക്ക് നേരത്തെ പറഞ്ഞ കഥയില്‍ ആന്‍ വൈദ്യ ക്ലിനിക്കിലെ മാര്‍ക്കെറ്റിംഗ് ആണ് ചെയുന്നത് എന്ന് മറക്കാം . അവള്‍ പറയുന്നതില്‍ എന്താണ് തെറ്റ്? ലൂക്കിന് തടി വളരെ കൂടുതലാണ് അത് രോഗങ്ങളെ ക്ഷണിച്ചു വരുത്തും ഈ തടി കുറക്കണം ഇതു ആരോഗ്യത്തിന്‍റെ ലക്ഷണമല്ല മറിച്ചു അനാരോഗ്യത്തിന്‍റെ ലക്ഷണമാണ് എന്നൊക്കെ.(ഇവിടുത്തെ സകല ആരോഗ്യ മാസികകളും   ഡോക്ടര്‍മാരുടെ  പേര് വെച്ച് പ്രസിദ്ധീകരിക്കുന്ന  ലേഖനങ്ങളില്‍  ഏതൊക്കെ തന്നെയല്ലേ പറയുന്നേ  !!!). കൊച്ചിലെ നല്ല തടിച്ചി ആയിരുന്ന അവള്‍ തടിയൊക്കെ കുറച്ചിട്ടാണ് ഇതൊക്കെ പറയുന്നത് എന്ന് കൂടി ഓര്‍ക്കണം.ശരി ഇനി വൈദ്യ ക്ലിനിക്‌ . അവിടത്തെ പ്രോഗ്രാം മുഴുവന്‍ ആക്കാന്‍ നില്‍ക്കാതെ ഓടി പോയിട്ട് ലൂക്ക് അതിനെ പറ്റി എന്ത് പറയുന്നതിനും പ്രസക്തി ഇല്ല എന്നതാണ് സത്യം. എന്നാല്‍ കഷ്ട്ടപ്പെട്ടു അത് മുഴുവിച്ചിട്ടു ഗുണം കിട്ടിയില്ല എന്ന് പറയുന്നതിന് കുറച്ചു കൂടി ന്യായീകരണം ഉണ്ടായിരുന്നേനെ.പിന്നെ ഒരു സംശയം വൈദ്യയില്‍ ഈ പരിപാടിക്ക് വരുന്ന ബാക്കി തടിയന്മാരെ എല്ലാം ആന്‍ പ്രേമം അഭിനയിച്ചു കൊണ്ടുവന്നത് ആണോ ആവൊ ? പിന്നെ രാഹുല്‍ ചെയുന്നു എന്ന് പറയുന്ന കാര്യങ്ങള്‍  ഹോര്‍ലിക്ക്സ് (അതോ കോമ്പ്ലാണോ) കഴിച്ചാല്‍ നിങ്ങളുടെ കുട്ടികള്‍ ഉയരം വെയ്ക്കും എന്ന പരമ സത്യം നമ്മെ നിത്യവും കാണിക്കുന്നത് അത്രയും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പിന്നെ മാര്‍ക്കറ്റിംഗ്. നിങ്ങളെ സമീപിക്കുന്ന ഓരോ മാര്‍ക്കറ്റിംഗ് എക്സ്സിക്യുട്ടിവും നിങ്ങളെ നന്നാക്കാന്‍ ആണ് വരുന്നത് എന്നാണോ കരുതുന്നത് ?



ഇനി ഈ പറയുന്ന ഘോഷപ്പെട്ട സന്ദേശം നിങ്ങള്‍ക്ക് അമിത ഭാരമോ, പ്രമേഹമോ, പൊണ്ണത്തടിയോ ഉണ്ടെന്നിരിക്കട്ടെ ,ആരെങ്കിലും മധുരം കഴിക്കരുത് എന്നോ ഭാരം കുറയ്ക്കണം എന്നോ പറയുകയാണെങ്കില്‍ അത് മൈന്‍ഡ് ചെയുകയെ വേണ്ട .നിങ്ങളുടെ മനസ്സ് നല്ലതായാല്‍ വേറെ ഒരു പ്രശ്നവും ഇല്ല .(വേണമെങ്കില്‍ ഞാന്‍ ഇങ്ങനെയാണ് ഭായീ എന്നാ വരികള്‍ മൂളുകയുമാവം !!).ഇത്ര മനോഹരമായ സന്ദേശം നല്‍കിയതിനു ഒരു ടാക്സ് ഫ്രീ കൊടുക്കാമോ പ്ലീസ് ..........അഡനാന്‍  സാമി  മുതല്‍ നമ്മുടെ മലയാളത്തിലെ നൂലുണ്ട വരെ ഉള്ളവര്‍ തടി കുറച്ച കഥകള്‍ വായിച്ചിട്ടുണ്ട് . അവരെല്ലാം വളരെയധികം കഷ്ട്ടപെട്ടിട്ടാണ് ഈ സംഗതി സാധിച്ചത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ . അവര്‍ക്ക്  ചുമ്മാ ഈ ഞാന്‍ ഇങ്ങനാണ്  ഭായി  എന്ന് പാടാന്‍ തോന്നാത്തത് കൊണ്ട്  ഇന്നു   ആരോഗ്യവാന്മാരായി ജീവിക്കുന്നു .ചുരുക്കത്തില്‍, ഈ  ചിത്രത്തില്‍  എന്തെങ്ങിലും  സന്ദേശം ഉണ്ടെങ്കില്‍  അതു  തികച്ചും തെറ്റും സമൂഹത്തെ ദോഷമായി ബാധിക്കുന്നതുമായ ഒരു സന്ദേശമാണ് തരുന്നത് എന്നാണ് എന്‍റെ  അഭിപ്രായം

 ഒത്തിരി പഴുതുകള്‍ ഉള്ള  ഒരു  തിരകഥ‍ ആണ്   ഈ ചിത്രത്തിന്‍റെ പ്രധാന ദൌര്‍ബല്യം . ശരിക്കും പറഞ്ഞാല്‍ ഒരു നാടക നടനെ രണ്ടു കൊല്ലം പൂട്ടിയിട്ടിട്ടു ഒരാളും അന്വേഷിക്കുന്നില്ല .അല്ലെങ്കില്‍  അയാളുടെ പടം വെച്ച് പരസ്യം കൊടുത്തിട്ട് ആരും തിരിച്ചറിയുന്നില്ല എന്നൊക്കെ പറയുന്നത് സത്യത്തില്‍  കാണികളെ പരിഹസിക്കലാണ് . ഈ ഒരു സാധനം ഒഴിച്ചാല്‍  രാഹുല്‍  വൈദ്യര്‍  എന്ന കഥാപാത്രത്തിന് എതിരെ ഒന്നും തന്നെ പറയാനില്ല ഈ ചിത്രത്തില്‍. (തടി  കുറയാനുള്ള  തൈലങ്ങള്‍  വരെ  ഇറങ്ങുന്ന  ഈ  കാലത്ത്  എന്തൊക്കെ  പറയാമായിരുന്നു എന്ന് കൂടി ആലോചിക്കണം ) .ചുരുക്കത്തില്‍ നാടക നടനെ  രണ്ടു കൊല്ലം പൂട്ടി ഇടുന്നതിനു  പകരം വിദേശത്ത് എങ്ങാനും ഒരു ജോലി കൊടുത്തിരുന്നു എങ്കില്‍  അല്ലെങ്കില്‍ പ്രസ്തുത നടന്‍റെ കുറച്ചു മേക്ക്  അപ്പ്‌ ഉള്ള പടം പരസ്യത്തിനു   ഉപയോഗിച്ചിരുന്നു എങ്കില്‍  രാഹുല്‍  തികച്ചും സേഫ്  ആയേനെ . രാഹുലിനെ പോലെ ബിസ്നെസ്സ് സെന്‍സുള്ള ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ഒരു ആന മണ്ടത്തരം കാണിക്കും എന്ന് പറയുന്നത് ആ കഥാപാത്രത്തിന്‍റെ മുഴുവന്‍ സാധ്യതതകളെയും ഇല്ലാതാക്കുന്നു .

ബാക്കി ഉള്ളവരുടെ അഭിനയമോ ?

നായകന്‍ ശേഖര്‍ മേനോന്‍ അയാളുടെ റോള്‍ നന്നാക്കിയിട്ടുണ്ട് . ഒരു പുതു മുഖം എന്ന നിലയ്ക്ക് പ്രത്യേകിച്ചും . അമേരിക്കയിലും മറ്റും പോയി  അഭിനയം പഠിച്ചു വന്ന നമ്മുടെ ലോക്കല്‍ സല്‍മാന്‍ ഖാനും, ഫഹദ് ഫാസിലും ഒക്കെ ഈ നടന്‍റെ ആരാധകര്‍ ആണ് എന്ന് പറയുന്നതില്‍  അതിശയോക്തി ഒന്നും ഞാന്‍ കാണുന്നില്ല . പൊതുവെ അഭിനയിച്ചു കുളമാക്കാറുള്ള  ആന്‍  അഗസ്റ്റിന്‍  പോലും അവരുടെ വേഷം വൃത്തിയായി ചെയ്തിട്ടുണ്ട് ഒഴിവാക്കാമായി രുന്നത്  ജയരാജ് വാര്യരുടെ  വി എസ്  അനുകരണമാണ് .നവീന്‍ പോളിയുടെ രാഹുല്‍ വൈദ്യര്‍ നിഷാന്ത് സാഗര്‍ പോലുള്ള ഒരു നടന്‍ ചെയുന്നത് ആയിരുന്നു നല്ലത് എന്നാണ് എന്‍റെ അഭിപ്രായം .ജോക്കര്‍ എന്ന ചിത്രത്തിലെ നല്ല പ്രകടനത്തിന് ശേഷം ഈ നടന്‍ കാര്യമായി ഉപയോഗിക്കപെട്ടില്ല എന്നത് സത്യമാണ് .നവീന്‍ പോളി പക്വത കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യമില്ലാത്ത ഒരു മസില്‍ പിടിത്തം തോന്നിക്കുന്നു.ശ്രീരാമന്‍ അവതരിപ്പിക്കുന്ന കഥാപാത്രം കോമാളിത്തരം കുറച്ചു ഒരല്‍പം കൂടി സീരിയസ് ആയി അവതരിപ്പിക്കാമായിരുന്നു 

അപ്പോള്‍ ചുരുക്കത്തില്‍ ....

തന്നെ തന്നെ അനുകരിക്കാതെ ... തുറന്ന മനസോടെ, യാഥാര്‍ത്ഥ്യ ബോധത്തോടെ ഒരു പ്രമേയത്തെ സമീപിച്ചാല്‍ നമുക്ക് ഈ സംവിധായകനില്‍ നിന്നും ഇനിയും നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കാനായെക്കും . അല്ലെങ്കില്‍ നല്ല പ്രമേയങ്ങളെ എടുത്തു നശിപ്പിച്ച ഒരു സംവിധായകന്‍ എന്ന പേരില്‍ ആയിരിക്കും അഷിഖ് അബു എന്ന വ്യക്തി ഭാവിയില്‍  അറിയപ്പെടുക .ഇനിയും ചുരുക്കിയാല്‍..... തടിയന്‍ പോര 

Sunday, December 23, 2012

കര്‍മ്മയോദ്ധ Karmayodha malayalam Movie Review



ഒരു മേജറും ലെഫ് കേണലും ഒന്നിച്ചാല്‍ എന്ത് സംഭവിക്കും?


ഇത്ര ബൌധിക മുഖവുര ഒന്നും വേണ്ട മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കര്‍മ്മയോദ്ധ കണ്ടു എന്നങ്ങു പറഞ്ഞാല്‍ പോരേ ?

എന്നാല്‍ സംഗതി മാറ്റി പിടിക്കാം യുണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും യുണിവേഴ്സല്‍ ബ്ലോഗ്ഗര്‍ പ്രേക്ഷകനും നേര്‍ക്ക്‌ നേരെ എന്നാക്കിയാലോ ?

ചുമ്മാ കളിക്കാതെ കാര്യം പറയാമോ .മലയാളം തന്നെ കഷട്ടപ്പെട്ടു എഴുതുന്ന നിങ്ങള്‍ യുണിവേര്സല്‍ ബ്ലോഗ്ഗര്‍ . ഇതെല്ലാം കൊഞ്ചം ഓവറാ തെരിയിലെയാ?

മലയാളമൊഴികെ വിരലില്‍ എണ്ണാവുന്ന അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച, പേരിനൊരു വിജയം പോലും സ്വന്തം നിലയ്ക്ക് അവിടൊന്നും ഇല്ലാത്ത ഒരു നടനെ യുണിവേര്സല്‍ സ്റ്റാര്‍ എന്ന് യാതൊരു നാണവും ഇല്ലാതെ നാട് മുഴുവന്‍ പോസ്റ്റര്‍ അടിക്കുന്നതിലും ഭേദമല്ലേ ഇതു ? പ്രേക്ഷകന്‍ ദി ബെസ്റ്റ് ബ്ലോഗ്ഗര്‍ എന്നൊരു പരിപാടി ഉടന്‍ ജയ് വേതാളം ചാനലില്‍ ആരംഭിക്കും എന്ന വാര്‍ത്ത‍ പറഞ്ഞയിരുന്നോ നിന്നോട് ?

മതി മതി വിഷയത്തിലേക്ക് വരാം

വന്നല്ലോ. നിരന്തരമായി പട്ടാള ചിത്രങ്ങള്‍ എടുത്തു കാണിച്ചു  നമുക്കൊക്കെ ഒരു വിധം രാജ്യസ്നേഹം ആയി എന്ന് തോന്നിയതിനാല്‍ ആകണം ശ്രീ മേജര്‍ ഇപ്രാവശ്യം പട്ടാളം ഇല്ലാത്ത (അല്ലാത്ത ) ഒരു പ്രമേയം ആണ് നമുക്കായി ഒരുക്കിയിരിക്കുന്നത് . രാജ്യ സ്നേഹം ആവശ്യത്തിനു ആയ സ്ഥിതിക്ക് ഇനി അല്‍പ്പം സാമൂഹ്യ ബോധം ആണ് നമുക്കാവശ്യം എന്ന് തോന്നിയതിനാല്‍ ആകണം ഇങ്ങനെ ഒരു പ്രമേയം നമുക്ക് നല്‍കാനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വേണം കരുതാന്‍ .ഈ ചിത്രത്തിന്‍റെ കഥ സംവിധാനം എന്നിവ പതിവ് പോലെ അദേഹം തന്നെയാണ് .സംഗീതം എം ജി ശ്രീകുമാര്‍ , റെഡ് റോസ് മുവീസ് ഒരുക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് മോഹന്‍ലാല്‍ , ആശ ശരത് , സായി കുമാര്‍,മുരളി ശര്‍മ്മ, ഐശ്വര്യ ദേവന്‍,സോന തുടങ്ങിയവരാണ്.

പ്ലീസ് കാര്യത്തിലേക്ക് വരാമോ


നീ കയറു പൊട്ടിക്കല്ലേ . പെണ്‍ വാണിഭ സംഘം / മാഫിയ ബലമായി കടത്തികൊണ്ടു പോകുന്ന പെണ്‍കുട്ടിയെ, പോലീസ് ഉദ്യോഗസ്ഥനായ അവളുടെ അച്ഛന്‍ പിന്തുടര്‍ന്ന് രക്ഷപ്പെടുത്തുന്നതാണ് ഒറ്റ വാചകത്തില്‍ ഈ സിനിമയുടെ കഥ . പിന്നെ ദോഷം പറയരുതല്ലോ inspired from true incidents & movies എന്ന് തുടക്കത്തില്‍ തന്നെ എഴുതി കാണിക്കുന്നുണ്ട് . ഈ ബുദ്ധി തോന്നാത്തത്‌ കാരണം ആ അമല്‍ നീരദൊക്കെ കേട്ട തെറിക്കു വല്ല കണക്കും ഉണ്ടോ?

അല്ല അണ്ണാ , ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതു തന്നെയല്ലേ Taken എന്ന ഇംഗ്ലീഷ് സിനിമയുടെയും കഥ ?

അതിനു Taken ഒരു സാരോപദേശ ചിത്രം അല്ലല്ലോ ? എവിടെ മുക്കിനു മുക്കിനു പറയുന്ന ഒരു ഡയഗോള്‍  എന്താണെന്നു വെച്ചാല്‍  അച്ഛനും അമ്മയും പണത്തിനു പിറകെ പായാതെ കുട്ടികളെ ശ്രദ്ധിക്കണം എന്നാണ് . ഈ സിനിമയില്‍ നടക്കുന്ന കാര്യങ്ങള്‍ക്കു ഈ ഡയലോഗുമായി വലിയ ബന്ധം ഒന്നും ഇല്ല എന്നതാണ് സത്യം . പ്രധാനമായും മൂന്ന് സെറ്റ് പെണ്കുട്ടികളെയാണ് സംഘം തട്ടുന്നത് ഒന്ന് നായകന്റെ മകള്‍  .ജോലിത്തിരക്ക് കാരണം ഒരല്‍പം വൈകുന്ന അമ്മയെ കാത്തു തിരക്കേറിയ  റോഡ്‌ സൈഡില്‍ നില്‍ക്കുന്ന കുട്ടിയെയാണ് തട്ടുന്നത്. ഇനി രണ്ടാമത്തെ കുട്ടി സ്ഥിരമായി മൊബൈലില്‍ വിളിച്ചു ഇഷ്ടമാണ് എന്ന് പറയുന്ന ആളോട് എനിക്കിതിലൊന്നും താല്പര്യം ഇല്ല ദയവായി ശല്യം ചെയ്യരുത്   എന്ന് ഒരു പൊതു സ്ഥലത്ത് വെച്ച് പറയാന്‍ പോക്കുന്ന കൊച്ചിനെയാണ് തട്ടി കൊണ്ട് പോകുന്നത് . മൂന്നാമത്തേത് ഗള്‍ഫിലേക്ക് പോകാന്‍  പോകുന്ന ഒരു 4-5 പേരുള്ള പെണ്‍കുട്ടികളുടെ സംഘം. ഇതില്‍  കഷ്ടിച്ച്  രണ്ടാമത്തെ  കുട്ടിയുടെ  കാര്യത്തിലാണ്  മേല്‍പ്പറഞ്ഞ  സംഭവം പ്രസക്തം ആകുന്നത്‌ എന്ന് പറയാം

ബോംബയില്‍  നിന്ന് പെണ്‍കുട്ടികളെ തട്ടിയെടുത്തു കണ്‍റ്റയ്നറുകളില്‍  അതീവ രഹസ്യമായി കേരളത്തിലേക്ക് കടത്തുന്ന ഒരു സംഘത്തെ  അന്വേഷിച്ചാണ് നമ്മുടെ നായകന്‍ മാഡ്   മാഡി അഥവാ മാധവ മേനോന്‍ കേരളത്തില്‍  എത്തുന്നത്‌  (ഒരു  മാതിരി  അമേരിക്ക  സോമാലിയയിലേക്ക്  കയറ്റുമതി ചെയുന്നു എന്ന് പറയുന്ന പോലെ ) ഏറ്റവും കഷ്ട്ടം ഒരു നല്ല ഇന്‍വെസ്റ്റിഗേഷന്‍  സ്റ്റോറി പോലും ആക്കാന്‍ ഉള്ള ശ്രമം , ഒരു എസ്  എന്‍ സ്വാമി വേണ്ട രെന്‍ജി  പണിക്കര്‍ -സുരേഷ് ഗോപി നിലവാരത്തിലുള്ള കുറ്റാന്വേഷണം പോലും നടക്കുന്നില്ല ഈ ചിത്രത്തില്‍ .നായകന് ആവശ്യം ഉള്ളപ്പോള്‍ എല്ലാം ഓരോരുത്തര്‍ വിളിച്ചു വേണ്ട വിവരം പറഞ്ഞു കൊടുത്തോളും.പിന്നെ നായകന്‍ , അദ്ദേഹം ഒരു സംഭവമാണ് (ആയിരിക്കണമല്ലോ ) ഇയാളെ മാഡ് എന്ന് ആള്‍ക്കാര്‍ വിളിക്കുന്നത്‌ മേജര്‍ രവി പറഞ്ഞത് കൊണ്ട്‌   ആവാനേ  വഴിയുള്ളൂ. എനിക്ക് ഇയാളില്‍ കണ്ട പ്രത്യേകതകള്‍ ഇവയാണ് . ഒന്ന് ഒരു encounter  specialist ആയ assistant കമ്മിഷണര്‍  ആയ ഇദ്ദേഹം  കുറ്റവാളികളെ ഓടിചിട്ടല്ല encounter നടത്തുന്നത് .മറിച്ചു  ഉയരമുള്ള കെട്ടിടങ്ങളുടെ  മുകളില്‍ കേറി സ്നൈപ്പര്‍  മോഡലില്‍   ആണ് പരിപാടി. (പാവം പ്രായവും തടിയും ഒക്കെ കാരണം ഓടാനുള്ള ബുദ്ധി മുട്ട് കാരണംആണെന്ന് കരുതി  ഞാന്‍ അങ്ങ്  ക്ഷമിച്ചു ).പിന്നെ ആരെ കണ്ടാലും (ചോദ്യം ചെയ്യേണ്ടാവരെ ) ഇദ്ദേഹം തോക്ക് ചൂണ്ടി ഒറ്റ പറച്ചിലാണ്‌ ഐ ആം മാഡി .ഞാന്‍ കൊല്ലും എന്ന്. ഈ ഒരൊറ്റ ഡയലോഗില്‍\ ഒരുമാതിരി പെട്ടവനോക്കെ സത്യം പറഞ്ഞു പോകും.സത്യസന്ധമായി പറഞ്ഞാല്‍ വൈരം ജനകന്‍ എന്നീ ചിത്രങ്ങളുടെ അത്ര പോലും നിലവാരമോ സത്യസന്ധതയോ ഇല്ലാത്ത, എന്നാല്‍ സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രമാണ് ഇതു എന്ന് പറയാം എന്ന് തോന്നുന്നു

അതല്ല അണ്ണാ ഈ ഡല്‍ഹി സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എങ്ങനെ ഒരു സിനിമയുടെ പ്രസക്തി........ ?

ഒന്ന് പോടെ.നിന്‍റെ ഒരു പ്രസക്തി ....... ആ  സംഭവം നമ്മുടെ കേരളത്തില്‍ എങ്ങാനും ആണ് നടന്നത് എങ്കില്‍ പ്രതികളുടെ ജാതിയും മതവും രാഷ്ട്രീയവും നോക്കി നൂറു നാറികള്‍ ചോദ്യങ്ങളുമായി ഇറങ്ങിയെനെ. ആ കുട്ടി എന്തിനു സിനിമക്ക് പോയി ? അത് സെക്കന്റ്‌ ഷോ കാണാന്‍ ? അത് ഒരു പുരുഷ സുഹൃത്തും ഒത്തു ? ആ കുട്ടിയുടെ വേഷം എന്തായിരുന്നു? ശരീരം മുഴുവന്‍ മറയുന്നത് ആയിരുന്നോ ? ആ കുട്ടിക്ക് ഒന്നാം ക്ലാസ്സ്‌ മുതല്‍ ഇന്നു വരെ എപ്പോളെങ്കിലും ലൈന്‍ ഉണ്ടായിരുന്നോ? കുട്ടി കേറിയ ബസ്‌ കൃത്യമായും അതിന്‍റെ താമസ സ്ഥലത്തിന് മുന്നില്‍  തന്നെ  നിര്‍ത്തുന്നത്  ആയിരുന്നോ  അല്ലെങ്കില്‍ എന്ത് കൊണ്ട് അങ്ങനത്തെ ബസ്സില്‍  കേറിയില്ല  ? ബസില്‍ സദാചാര വിരുദ്ധമായി പെരുമാറിയതിനെ ബസ്‌ ജീവനക്കാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലും ബസിനു പുറത്തു തെറിച്ചു വീണു ഉണ്ടായതാണ് കുട്ടിയുടെ പരിക്കുകള്‍ എന്ന് വരെ ഇവിടുത്തെ നാറികള്‍ പറഞ്ഞു കളയും. അത് വായിച്ചു ബാക്കി നാറികള്‍  രണ്ടു പക്ഷത്തു നിന്നും വാദ പ്രതിവാദം നടത്തും ഇത്ര തന്നല്ലോ നമ്മുടെ സാമൂഹ്യ ബോധം ... #$$$%%^^^&&^

ഈ സിനിമയുടെ അവസാനമാണ് നമ്മള്‍ മനസിലാക്കുന്നത്‌ ഇതെല്ലാം പണ്ട് നായകന്‍ 22 female കോട്ടയം മോഡല്‍ കട്ടിംഗ് നടത്തി വിട്ട വില്ലന്‍ നടത്തിയ പ്രതികാരം ആയിരുന്നു എന്നത് (വില്ലനെ ആദ്യം കാണിക്കുന്നത് അയാള്‍ സോനാ എന്ന നടിയുടെ മുകളില്‍ കിടന്നു എന്തോ കാണിക്കുന്നതാണ് . അതെന്തായിരുന്നു എന്ന് അവസാനം വരെ എനിക്ക് മനസിലായില്ല (ഇനി മുറിച്ചു കളഞ്ഞ വല്ലതും കിളിച്ചു വരുമോ എന്ന് നോക്കാനാണോ ആവോ ??)). ഉള്ളത് പറയണമല്ലോ ഉള്ളതില്‍ ഭേദം മുരളി ശര്‍മ്മ അവതരിപ്പിക്കുന്ന ഈ വില്ലന്‍ തന്നെയാണ് . സുധീര്‍ കരമനയെ പോലുള്ള നടന്‍മാര്‍ ഈ ചിത്രത്തില്‍ നമ്മെ ചിരിപ്പിച്ചു കൊല്ലും !!! നടന്‍ ബിനീഷ് കോടിയേരിയും ഈ ചിത്രത്തില്‍ ഉണ്ട് . (ആ കുരുക്ഷേത്ര എന്ന ചിത്രത്തില്‍ വഴിയില്‍ മുറിഞ്ഞു കിടക്കുന്ന കൈയിലെ വാച്ചു കണ്ടു കൈ സ്വന്തം ആണെന്ന് മനസിലാക്കുന്ന പട്ടാളക്കാരന്‍ !!!) ഈ പറഞ്ഞത് പോലുള്ള അതിക്രമങ്ങള്‍ ഒന്നും ഇപ്രാവശ്യം അദ്ദേഹത്തെ കൊണ്ട് കാണിപ്പിക്കുന്നില്ല .ഈ നായകനെ പതിവ് പോലെ പുകഴ്ത്തനായി രാജേഷ്‌ പിള്ള മുതല്‍ സായി കുമാര്‍ വരെയുള്ളവരുടെ ഒരു പട തന്നെയുണ്ട്‌ .മനസ്സിലാകാത്ത മറ്റൊന്ന് നായകന്‍ ബിനീഷും സുഹൃത്തുക്കളും   ആയി ആദ്യം കാണുന്ന രംഗമാണ് .സത്യമായും നായകന്‍ എങ്ങനെ അവിടെ എത്തി എന്നത് എനിക്ക് മനസിലായില്ല .ഇടയ്ക്ക് ഉറങ്ങി പോയോ ?

അല്ല ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ചിത്രങ്ങള്‍ സകുടുംബം കാണേണ്ടവ ആണെന്ന് ഒരഭിപ്രായം ഉണ്ടല്ലോ. ശരിയാണോ?

അനിയ അതിലും ഭേദം വല്ല വനിതയിലോ ഗ്രഹലക്ഷ്മിയിലോ വരുന്ന കൌമാരം വീഴുന്ന ചതിക്കുഴികള്‍ പോലുള്ള ലേഖനങ്ങള്‍ വായിച്ചു കേള്‍പ്പിക്കുന്നതാണ് എന്നാണ് എന്‍റെ അഭിപ്രായം.

അപ്പോള്‍ ചുരുക്കത്തില്‍

നിങ്ങള്‍ക്ക് രണ്ടു മണിക്കൂര്‍ ശ്രീ മോഹന്‍ലാലിനെ കണ്ടു കൊണ്ടിരിക്കുന്നത് ഇഷ്ടമാണെങ്കില്‍ (മാത്രം ) ഉറപ്പായും കണ്ടിരിക്കേണ്ട ഒരു ചിത്രം  

Friday, December 21, 2012

ബാവൂട്ടിയുടെ നാമത്തില്‍ (Bavootyude namathil Review)


അനിയാ......

ദൈവമേ നിങ്ങളോ? അണ്ണന്‍ പതിവ് പോലെ മുങ്ങി മടി പിടിച്ചു ഇരിക്കയാണ് എന്നാണ് ഞാന്‍ കരുതിയത്‌ . ഇതെങ്ങനെ .....?

അനിയാ ..ചില്ലറ പരീക്ഷ തിരക്കുകളില്‍ ആയിരുന്നു സംഗതി തീര്‍ന്നില്ല. പക്ഷെ മലയാള സിനിമയുടെ നിര്‍ണായകമായ സിനിമകള്‍ ഇറങ്ങുമ്പോള്‍ എന്നെ പോലെയുള്ള ഒരു സഹൃദയനു വെറുതെ ഇരിക്കാന്‍ പറ്റുമോടെ ?

എവിടുന്നു ? അതിനു അണ്ണന്‍ ആള് സഹൃദയന്‍ ആണെന്ന് ആര് പറഞ്ഞു

അത് പണ്ട് ഏതോ സിനിമയില്‍ സലിം  കുമാര്‍ പറഞ്ഞത് പോലെ മറ്റാരും പറയാത്തത് കൊണ്ട് ഞാന്‍ പറയുന്നു പോരെ ?

മതിയേ . അതിരിക്കട്ടെ ഇപ്പോള്‍  ഏതു  സിനിമയുടെ വിശേഷം പറയാനാ വന്നത് ? ഇവിടുത്തെ മുന്‍ നിര മാധ്യമങ്ങളുടെ പ്രതികരണം ഞാന്‍ നോക്കാന്‍ പോകുവായിരുന്നു. എന്നിട്ട് വേണം എനിക്ക് ചിത്ര വിദ്വേഷത്തില്‍ വെച്ചലക്കാന്‍ ...

കളയെടെ ഈ തീവ്രം എന്ന് പറയുന്ന ചിത്രം വര്‍ധിച്ചു വരുന്ന സ്ത്രീപീഡനത്തിന് എതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്‍റെ കഥയാണ് എന്ന് എഴുതി പിടിപ്പിക്കുന്ന മുന്‍ നിര മാധ്യമങ്ങളുടെ കാലമല്ലേ ? (സംഗതി മനോരമ ഓണ്‍ലൈനില്‍ കണ്ടതാണ് എന്നാണ് ഓര്‍മ്മ .ശരിയാണെങ്കില്‍ മാത്തുക്കുട്ടിച്ചായന്‍റെ ആത്മാവു അവനോടു ക്ഷമിക്കട്ടെ !!).

ദേ .....കാടു കേറി അതിരിക്കട്ടെ  ഇപ്പോള്‍  വന്ന കാര്യം ? ഇതെവിടുന്നു വരുന്ന വഴി ...?

അനിയ മലയാള സിനിമയുടെ ഇനി അവശേഷിക്കുന്ന ഏക പ്രതീക്ഷയായ ക്യപ്പിട്ടോള്‍ ഫിലിംസ് ഒരുക്കുന്ന മലയാള സിനിമയുടെ ആസ്ഥാന ബുദ്ധിജീവി ശ്രീ രഞ്ജിത് നിര്‍മിച്ചു കഥയും എഴുതി നമ്മെ അഥവാ മലയാള സിനിമയെ നന്നാക്കാനായി എടുത്ത ചിത്രം ബാവുട്ടിയുടെ നാമത്തില്‍ എന്ന ചലച്ചിത്രം കണ്ടു ബോധിച്ചു വരുന്ന വഴിയാണ് അടിയന്‍ . ജി എസ് വിജയന്‍ സംവിധാനം ചെയുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ സുപ്പര്‍ താരം, ഹിറ്റുകളുടെ സുല്‍ത്താന്‍
 മമ്മൂട്ടി, കാവ്യാമാധവന്‍ , ശങ്കര്‍ രാമകൃഷ്ണന്‍ , കനിഹ, റീമ കല്ലിങ്ങല്‍ , വിനീത് , ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.  

കഥ ?? ഈ ചിത്രത്തിലൂടെ പണത്തിനു പിറകെ പായാതെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പില്‍ ശ്രദ്ധിക്കണം എന്ന സന്ദേശമാണ് ശ്രീ രഞ്ജിത് അഞാനികളായ നമുക്ക് തരുന്നത് എന്ന് എവിടെയോ വായിച്ചു .ഉള്ളത് തന്നേ . ഇതിനും ഒരു ടാക്സ് ഫ്രീ ഒപ്പിക്കാന്‍ പറ്റുമോ അണ്ണാ?    

എനിക്ക് തോന്നിയിട്ടുള്ളത്  ഒരു രഞ്ജിത് ചിത്രം ഇറങ്ങി കഴിഞ്ഞാകണം അദേഹം ഉള്‍പ്പെടുന്ന  മലയാളത്തിലെ സകലമാന ബുദ്ധി ജീവികളും കൂടി ഇതിലെ സന്ദേശം എന്താണ് എന്ന് തീരുമാനിക്കുന്നത്‌ എന്നാണ് . ഈ ചിത്രത്തിലെ കഥ ഇതാണ് . (ഇനി കഥയാണ് . ഈ അനുഭവം നേരിട്ട് അനുഭവിക്കണം എന്നുള്ളവര്‍ ദയവായി വായിക്കരുത് .മര്യാദക്ക് പിരിഞ്ഞു പോയില്ലെങ്കില്‍ ആകാശത്തേക്ക് വെടി വെക്കുന്നതാണ് !!!). കഥ നടക്കുന്നത് മലപ്പുറത്താണ് . (ഇതു പറഞ്ഞത് നടന്‍ മമ്മൂട്ടി കാണിക്കുന്ന ലോക്കല്‍ ലിംഗ്വിസ്ടിക്കള്‍ ഡയലെക്ട്ട (അദേഹവും മറ്റേ  സുപ്പര്‍ ലാലും അല്ലാതെ  ഇതാര് കാണിച്ചാലും എഴുതാന്‍ എളുപ്പമാണ്. മിമിക്രി) ഏതാണ് എന്ന് മനസിലാക്കാനാണ് ).പിന്നെ നിയമപ്രകാരം ഉള്ള ഒരു മുന്നറിയിപ്പ് കൂടി ഇതൊരു ബുദ്ധിജീവി ചിത്രം ആയതിനാല്‍ അദ്ദേഹം പതിവായി അവതരിപ്പിച്ചു പോരുന്ന ദേഹം കുലുക്കിയുള്ള കലാരൂപം ഇതില്‍ ഉണ്ടായിരിക്കുന്നതല്ല !!!   മലപ്പുറത്ത്‌ അനാഥനായി ജനിച്ചു യത്തീം ഖാനയില്‍ വളര്‍ന്നു ഇപ്പോള്‍ സമ്പന്നനായ സേതു (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്ന ബിസ്നസ്സ്കാരന്‍റെ ഡ്രൈവര്‍ ആണ് ബാവൂട്ടി.ബാല്യം മുതല്‍ കൂടെയുള്ള സുഹൃത്താണ്‌ അലവി (ഹരി ശ്രീ അശോകന്‍) .ബാവൂട്ടി വെറും ഒരു ഡ്രൈവര്‍ മാത്രമല്ല (ആണെങ്കില്‍ പിന്നെ രഞ്ജിത് എവിടെ ???) സേതുവിന്‍റെ കുടുംബത്തിലെ ഒരംഗത്തേ പോലെ ആണ് അദേഹം . സേതുവിന്‍റെ ഭാര്യ വനജ (കാവ്യാ മാധവന്‍ ) നീലേശ്വരം ഭാഗത്തുള്ള ഒരു പാര്‍ട്ടി കുടുംബത്തിലെ അംഗമാണ് . ആ വീട്ടില്‍ വേലക്കാരിയായി മറിയംബി (കനിഹ) . സേതുവിന്‍റെ കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുക്കാന്‍ വരുന്ന നൂര്‍ജഹാന്‍  (റീമ കല്ലിങ്കല്‍  ) . നമ്മുടെ നായകനായ ബാവൂട്ടിയുടെ പ്രധാന ഹോബി ഹോം സിനിമകളില്‍ അഭിനയിക്കുക എന്നതാണ് .( പൊതുവെ രഞ്ജിത്തിന്‍റെ  പ്രധാന കഥാപാത്രങ്ങള്‍  അങ്ങനെയാണ് അവര്‍ക്ക് വലിയ ആഗ്രഹങ്ങള്‍ ഒന്നും കാണില്ല .ഉദാഹരണം റോക്ക് ആന്‍ഡ്‌ റോള്‍  എന്നാ ചിത്രത്തിലെ നായികയുടെ ഒരു ഡയലോഗ് ഓര്‍ക്കുക "ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച കുട്ടിയാണ് ഞാന്‍ എനിക്ക് പണ്ട് മുതലേ വലിയ ആഗ്രഹങ്ങള്‍  ഒന്നും ഉണ്ടായിരുന്നില്ല . പിന്നെ ആകെ ഉള്ള ഒരു ആഗ്രഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു പിന്നണി ഗായിക ആകണം എന്നത് മാത്രമാണ് "), ബാവൂട്ടി വന്നത് മുതലാണ് സേതുവിന് ഉയര്‍ച്ച തുടങ്ങിയത് (ആറാം തമ്പുരാനില്‍  ജഗന്നാഥനെ കിട്ടിയത് മുതലാണല്ലോ സായി കുമാര്‍ രക്ഷപ്പെടുന്നത് !!!). ആദ്യ പകുതിയില്‍  ഇപ്പോളത്തെ സ്ഥിരം പതിവ് പോലെ പ്രത്യേകിച്ചു  ഒന്നും  സംഭവിക്കുന്നില്ല ബാവൂട്ടിയുടെ ഹോം സിനിമയും നൂര്‍ജഹാനോടുള്ള വണ്ണ്‍  വേ   പ്രേമവും (ഇവിടെ  ഇടയ്ക്കിടെ അദേഹം പ്രേമഭാവം  അവതരിപ്പിക്കുന്നുണ്ട് .പ്രേംനസീര്‍  അവാര്‍ഡ്‌ ഇദ്ദേഹത്തിനു തന്നെ കൊടുക്കണം !!! ദൈവം അവരോടു ക്ഷമിക്കട്ടെ ) ഒക്കെയായി അതങ്ങ് തീരും . രണ്ടാം പകുതിയിലാണ് കഥ തുടങ്ങുന്നത് . ഇങ്ങനെ
 ഒരു കുടുംബം സന്തോഷമായി ജീവിച്ചു പോയാല്‍  നായകന്‍ എന്ത് ചെയും (അതും രഞ്ജിത്തിന്‍റെ നായകന്‍ ?) അപ്പോള്‍ പ്രശനം വേണം. എന്ത് പ്രശ്നം ? ശരി വനജയുടെ പൂര്‍വ കാമുകന്‍  (വിനീത്) രംഗത്തെത്തുന്നു . പണ്ട്  ഇവര് ഒളിച്ചോടിപ്പോയി കല്യാണം കഴിക്കുകയും പാര്‍ട്ടി ശത്രു കുടുംബത്തില്‍ പെട്ടയാള്‍  ആയതിനാല്‍ കല്യാണം  കഴിച്ച അപ്പോള്‍ തന്നെ വീട്ടുകാര്‍  എത്തി വനജയെ പിടിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു . ഈ ഭയങ്കര (നിഗൂഡ ) രഹസ്യം സേതുവിനോടു പറയും എന്ന് ഭീഷണിപ്പെടുത്തി സതീശന്‍ (വിനീത്) വനജയെ ബ്ലാക്ക്‌ മെയില്‍  ചെയ്യുന്നു .ബാവൂട്ടി  വിവരമറിഞ്ഞ്  സതീശന്‍റെ  കാല് പിടിക്കുന്നു അയാള്‍ ചോദിച്ച പത്തു ലക്ഷം രൂപ കൊടുക്കാം എന്ന് ഏല്‍ക്കുന്നു .അതിനായി സ്വന്തം സ്ഥലം വില്‍ക്കുന്നു.ഇതിനിടെ അലവിയും ഗുണ്ടകളും സതീശനെ തല്ലി  ചതക്കുന്നു (ബാവൂട്ടി അറിയാതെയാണ് കേട്ടോ ). അതോടെ  സതീശന്‍  സേതുവിന്‍റെ സാന്നിധ്യത്തില്‍ എല്ലാം വിളിച്ചുപറയുന്നു . സേതു  ഈ  ഞെട്ടിപ്പിക്കുന്ന രഹസ്യം കേട്ട് ഞെട്ടി തെറിക്കുന്നു . വീട്ടില്‍ വരാതെ ഹോട്ടലില്‍ റൂം എടുത്തു ചിന്തിക്കുന്നു .ബാവൂട്ടി  ഒടുവില്‍ ഇടപെട്ടു സേതുവിനെ കണ്ടു അയാളുടെ പല ചുറ്റിക്കളികളും തനിക്കറിയാം എന്നും താന്‍  ഡീസന്റ്റ്  ആയതു കൊണ്ട് മാത്രം അതേ പറ്റി ചോദിക്കുകയോ ആരോടും പറയുകയോ ചെയ്യാത്തതു  ആണെന്നും വെളിപ്പെടുത്തുന്നു . ഇതോടെ സേതു പഴയ ഇടപാടുകള്‍ (ചുറ്റിക്കളി ) എല്ലാം നിര്‍ത്തിയതായി  പ്രഖ്യാപിച്ചു, ഭാര്യക്ക്‌ മാപ്പ് കൊടുത്തു  ഭാര്യയും കുട്ടികളും  ഒത്തു ഉല്ലാസ  യാത്രക്ക് പോകുന്നു . ബാവൂട്ടി താന്‍ നല്ലവന്‍ ആണെന്ന് ഉറപ്പിക്കാന്‍ സതീശനെ കണ്ടു നേരത്തെ പറഞ്ഞ പത്തു ലക്ഷം രൂപ കൊടുത്തു എനിക്ക് ഈ ലോകത്തില്‍ സ്വന്തമായി ഒന്നും വേണ്ട (ആവശ്യത്തിനു കാശു ചാക്കില്‍ കൊണ്ട് തട്ടാന്‍  ഓരോ അഗസ്റ്റിനും സായി കുമാറും മാത്രം മതി ) എന്ന സ്ഥിരം രഞ്ജിത് ഡയഗോള്‍  അടിച്ചു നടന്നു നീങ്ങുമ്പോള്‍ പടം തീരുന്നു . ഇനി വേണമെങ്കില്‍ നിങ്ങള്ക്ക്  ഈ ചിത്രം തരുന്ന സന്ദേശത്തെ കുറിച്ച് ചിന്തിക്കാം (എനിക്ക് വേറെ പണിയുണ്ട് ).
ഇതില്‍ നിന്ന് എന്ത് മനസിലാക്കാം ?



എന്ത് ? മമ്മൂട്ടി ഏതോ ലോക റെക്കോര്‍ഡ്‌ സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് എന്നാണോ ?


അതല്ലെടാ കൊള്ളില്ല അല്ലെങ്കില്‍ തന്‍റെ ബുദ്ധിജീവി പരിവേഷത്തിന് ഗുണം ചെയ്യില്ല എന്ന് തോന്നിക്കുന്ന സാധനങ്ങള്‍ ശ്രീ രഞ്ജിത് പതുക്കെ മറ്റുള്ളവരുടെ തലയില്‍ വയ്ക്കുന്ന ഒരു ശീലം ഉണ്ടെന്നു ശ്രീനി പടം കഴിഞ്ഞിറങ്ങുമ്പോള്‍ ആരോപിച്ചു .രാജമാണിക്യം എന്ന ചിത്രം അന്‍വര്‍ റഷീദ്ന്‍റെ തലയില്‍ വന്നത് അങ്ങനെയാണ് (അത് കൊണ്ട് അദേഹത്തിന് ഒരു ജീവിതം ഉണ്ടായി എന്ന കഥ വേറെ) എന്നാണ് ശ്രീനി അവകാശപ്പെട്ടത്.അത് പോലെയാണ് ഈ ചിത്രത്തിന്‍റെ   അവസ്ഥയും  എന്നാണ് ശ്രീനിയുടെ പക്ഷം  .ഇതിന്‍റെ സത്യസ്ഥിതി സത്യമായും എനിക്കറിയില്ല .

ശരി നമുക്ക് പരദൂഷണം വിടാം അഭിനയം ...

സുപ്പര്‍ താരം എന്ത് കാണിച്ചാലും സംഗതി മഹത്തായ അഭിനയം ആണല്ലോ. ശങ്കര്‍ രാമകൃഷ്ണന്‍ ഒരല്‍പം വിധേയത്വം കൂടുതല്‍ കാണിക്കുന്ന അനൂപ്‌ മേനോന്‍ ആണെന്നാണ് എന്‍റെ അഭിപ്രായം. അനൂപ്‌ മേനോന് എത്രയായാലും ആ താഴ്മ (പ്രതേകിച്ചു നായകന് മുന്നില്‍ ) വരില്ല . അതേ സംഗതി എത്ര മനോഹരമായാണ് ശകര്‍ രാമകൃഷ്ണന്‍ സ്പിരിറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നോക്കു  .വേണമെങ്കില്‍ നായകന് മുന്‍ ഭാര്യയോടൊപ്പം നാലു ദിവസം താമസിച്ചിട്ട് പോയാല്‍ പോലും വിരോധം ഇല്ല എന്ന ഭാവമല്ലേ ആ മുഖത്ത്? (സ്പിരിറ്റില്‍) .മമ്മുട്ടിയുടെ മിമിക്രി കൊണ്ട് തൃപ്തി ആകാത്തവര്‍ക്കായി കാവ്യയുടെ നീലേശ്വരം ഭാഷ ഒരു പ്രത്യേക പാക്കേജ് ആയി അവതരിപ്പിച്ചിട്ടുണ്ട് .കനിഹയും, റീമ കല്ലിഗലും , മമ്മുട്ടി അഭിനയിപ്പിക്കുന്ന ഹോം സിനിമ പോലെ തന്നെ എന്തിനാണ് എന്ന് ആര്‍ക്കും അറിയില്ല (കുറെ സമയം കളയാന്‍  എന്നാണ് എനിക്ക് തോന്നിയത് ).പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഒരു ന്യൂ ജനറേഷന്‍ ഫീല്‍ കിട്ടാന്‍ വേണ്ടി ആകണം അയല്‍ക്കാരിയും, ഭര്‍ത്താവു ഗള്‍ഫിലുള്ള ,മക്കളെ ഒക്കെ കെട്ടിച്ചു വിട്ട ,മധ്യ വയസ്കയായ റംലത്തയുടെ (നടിയുടെ പേരറിയില്ല തെസ്നിഖാന്‍ ആയിരുന്നു ആ റോളിനു പറ്റിയത് അപ്പോളെ ഒരു ന്യൂ ജനറേഷന്‍ ഫീല്‍ പൂര്‍ണ്ണം ആകു ) അവിഹിത ബന്ധം അവരും വനജയും ചര്‍ച്ച ചെയ്യുന്നുണ്ട്.കുട്ടികള്‍ ഗര്‍ഭനിരോധന ഉറ ബലൂണ്‍ ആണെന്ന് കരുതി എടുത്തു കൊണ്ട് ഓടുന്നതും .വേലക്കാരി ഇതൊക്കെ  നിന്‍റെ അച്ഛനും അമ്മയും വേണ്ട സമയത്ത് ഉപയോഗിച്ചിരുന്നു എങ്കില്‍ എനിക്കീ പാട് വരില്ലായിരുന്നു എന്നൊക്കെ  പറയുന്ന ഭാഗങ്ങള്‍ നമുക്ക് ന്യൂ ജനറേഷന്‍ പറ്റില്‍ എഴുതാം (ഇതെങ്ങാനും ആ വി കെ പ്രകാശ്‌ ചിത്രത്തില്‍ ആയിരിക്കണം ആയിരുന്നു !!!!)  ഗാനങ്ങള്‍, അവതരണ ഗാനം നന്നായി ബാക്കി ഒന്നും ഓര്‍മയില്‍ പോലും നില്‍ക്കുന്നില്ല


അപ്പോള്‍ ചുരുക്കത്തില്‍ ...


ഉള്ളിത്തൊലി പോലുള്ള ഒരു തിരകഥയില്‍ കുറെ കഥാപാത്രങ്ങള്‍ വന്നു എഴുതി വെച്ചിരിക്കുന്ന സംഭാഷണം പറഞ്ഞിട്ട് പോകുന്ന ഒരു മഹത്തായ സോദേശ കുടുംബ ചിത്രം .. നടന്‍ മമ്മുട്ടിയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി .(ഈ കണക്കിനാ ണെങ്കില്‍ അദ്ദേഹം ഒരു രണ്ടു മൂന്ന് കിരീടം കൂടി വാങ്ങി വെക്കുന്നത് നന്നായിരിക്കും .തൂവല് എത്രയെന്നു വെച്ചാ ഒരു കിരീടത്തില്‍ വെക്കുന്നേ ?)

നാളെ പറ്റിയാല്‍ രണ്ടില്‍ ഏതെങ്കിലും ഒരു തടിയനെ പിടിക്കണം അതെന്തു പരുവമാണോ എന്തോ ? ഈശ്വരോ രക്ഷതു !!!!

Wednesday, December 5, 2012

പോപ്പിന്‍സ്‌ (Poppins :Movie Review )

അനിയാ നീ ഈ  സിനിമാ രംഗത്തെ വലിയ സംഭവമല്ലേ ? രണ്ടു പേരുടെ ഫോണ്‍ നമ്പര്‍ നീ വിചാരിച്ചാല്‍ കിട്ടുമോ ?

അല്ല അതിപ്പോള്‍      .......ആരുടെ നമ്പര്‍ ആണ്  വേണ്ടത് ?

നമ്മുടെ സംവിധായകരായ സത്യന്‍ അന്തികാടിന്‍റെയും  പിന്നെ നമ്മുടെ സംവിധായകന്‍ രഞ്ജിത്തിന്‍റെയും . എന്താ നടക്കുമോ ?

ദാ ......നിങ്ങള്‍ വീണ്ടും തുടങ്ങി .....അല്ലെങ്കിലേ നിങ്ങള്‍ക്ക് രഞ്ജിത്തിനോട് എന്തോ കലിപ്പ് ഉണ്ടെന്നാ  ജന സംസാരം . പിന്നെയും എന്തിനാ അങ്ങേരെ തെറി പറയുന്നേ ?

അനിയാ അടങ്ങേടെ ഇതു തെറി പറയാനല്ല .നേരത്തെ പറഞ്ഞ രണ്ടു പേരെയും ഒരു സിനിമ കാണാന്‍ വരുന്നോ എന്ന് ചോദിക്കാനാ?

ഏതു  സിനിമയാ ?

നമ്മുടെ വി കെ പ്രകാശ്‌ സംവിധാനം ചെയ്ത പുതിയ ചിത്രം പോപ്പിന്‍സ്‌ .

ഓഹോ........ ന്യൂ ജനറേഷന്‍  പടം ? എങ്ങനെയുണ്ട് ? ഫഹദ് ഫാസില്‍, നിക്കര്‍ , അവിഹിതം, അനൂപ്‌ മേനോന്‍, ബ്ലൂ ടൂത്ത് , ലാപ്‌ ടോപ്പ് , കോഫി മഗ്  ബോള്‍ഡ് ആയി അശ്ലീലം പറയുന്ന  ന്യൂ  ജനറേഷന്‍  സ്ത്രീകള്‍  ഇതെല്ലാം കൃത്യമായി ഇല്ലേ ?അതോ ഇതു ഒരു ദിവസം പല കഥകള്‍ എന്ന ലൈനോ ?  ഇതൊക്കെ  കാണിച്ചു ഇതു പോലെ പടമെടുക്കെടാ എന്ന് പറയാനല്ലേ ഇവരെ വിളിക്കുന്നത്‌ .അവര്‍ അവര്‍ക്ക് ഇഷ്ട്ടമുള്ളത് പോലെ പടമെടുത്തോട്ടെ ഇയാള്‍ക്ക് അതിനെന്താ ? ചുമ്മാതാണോ ആള്‍ക്കാര്‍ ഓരോന്ന് പറയുന്നേ ?

അനിയ വീണ്ടും അടങ്ങേടെ.നീ ഇപ്പോള്‍  പറഞ്ഞ ഒരു സംഗതിയും ഈ ചിത്രത്തില്‍ ഇല്ല . പിന്നെ മേല്‍പ്പറഞ്ഞ രണ്ടു പേരെ ഇതൊന്നു കാണിക്കണം എന്നാ ആഗ്രഹം ഉള്ളത് രണ്ടു കാര്യങ്ങള്‍ കൊണ്ടാണ് .വ്യത്യസ്തമായ കുറെ കഥകള്‍  ഒരു സിനിമയായി ഒരുക്കുന്ന രീതി ആദ്യം അവതരിപ്പിച്ചത് കേരള കഫെയില്‍    ആയിരുന്നു .(സംഗതി ഞാന്‍ കാണുന്നത് 20-20 ഒരു ബൌധിക ഫോര്‍മാറ്റില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമം ആയിരുന്നു എന്നാണ് .ശ്രീ മോഹന്‍ലാല്‍  അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ ആ സാധ്യത തീര്‍ന്നു ). സത്യന്‍ അന്തിക്കാട്‌ ആകട്ടെ ഇന്നത്തെ ചിന്ത വിഷയം എന്നാ ചിത്രത്തിലൂടെ വൈവാഹിക ജീവിതത്തില്‍  പാലിക്കേണ്ട  കാര്യങ്ങളെ കുറിച്ച് രണ്ടര മണിക്കൂര്‍ ലാലിനെ കൊണ്ട് ഗിരി പ്രഭാഷണം നടത്തിച്ച  ആളും (എപ്പോള്‍ ആയിരുന്നേല്‍  ആ പടത്തിനു  ഒരു ടാക്സ്  ഫ്രീ കൂടെ ഒപ്പിക്കാമായിരുന്നു .ആ .. പോയ ബുദ്ധി ...ആന പിടിച്ചാല്‍  ....). ഇവരെ രണ്ടു പേരെയും ഈ പരിപാടികള്‍ എങ്ങനെ വൃത്തിയായി ചെയ്യാം എന്ന് കാണിച്ചു കൊടുക്കാം എന്ന് കരുതിയാ  വിളിക്കാം എന്ന് കരുതിയേ  .


അപ്പോള്‍ പടം കൊള്ളാമോ . അല്ല കുടുംബമായി പോയി കാണാന്‍ .....

അനിയാ നീ ട്രിവാന്‍ഡ്രം ലോഡ്ജ് അല്ലെ പറയുന്നത്? ആ പടം കുട്ടികളും ഒത്തു കാണാന്‍ പാടാണ് എന്ന് ഞാന്‍ സമ്മതിക്കാം .മുതിര്‍ന്ന ആരുടെ കൂടെയും പോയി കാണാവുന്ന കാര്യമേ ഉള്ളു എന്നാണ് എന്‍റെ അഭിപ്രായം. ദിവസവും വീടുകാരുടെ മുന്നിലിരുന്നു പത്രം വായിക്കാമെങ്കില്‍ ഈ പടമൊക്കെ സുഖമായി കാണാം . അത് വിട് നീ എന്നെ കാട്ടിലോട്ടു  കേറ്റാതെ . ഈ ചിത്രം ... പരസ്യങ്ങളില്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്.ചിരിപ്പിക്കുകയും ഒപ്പം കുറച്ചു ചിന്തിപ്പിക്കുകയും ചെയ്യുന്ന  ഒരു ചിത്രം .

അഭിനേതാക്കള്‍ .....?

ശങ്കര്‍ രാമകൃഷ്ണന്‍, മൈഥിലി, ഇന്ദ്രജിത്ത് , പദ്മപ്രിയ, ജയസൂര്യ , മേഘ്നരാജ് , കുഞ്ചാക്കോ ബോബന്‍, നിത്യ മേനോന്‍, ആന്‍ അഗസ്റ്റിന്‍ , സിദ്ദിക്,തുടങ്ങിയവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ഓരോരുത്തരും അവരവരുടെ വേഷങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്.കുറെ കൊച്ചു കൊച്ചു കഥകള്‍, അവയൊക്കെ കൂടി ഹരി (ശങ്കര്‍ രാമകൃഷ്ണന്‍ ) എന്നൊരു സംവിധായക മോഹിയായ മനുഷ്യന്‍റെ ആശയങ്ങളും സ്വപ്നങ്ങളും ചിന്തകളും ഒക്കെയായി കൂട്ടിക്കെട്ടി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.സ്ത്രീ പുരുഷ ബന്ധങ്ങളിലെ വിവിധ ഘടകങ്ങള്‍ ഓരോ കഥയിലൂടെയും അവലോകനം ചെയ്യപ്പെടുകയാണ്. തും  സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിവാഹ മോചനങ്ങള്‍ക്ക് എതിരെ ഒരു കാഹളം വിളി എന്ന പോലുള്ള ഒരു അവകാശവാദവും ഇല്ലാതെ .

  പക്ഷെ ആ ആന്‍ അഗസ്റ്റിന്‍ ,സിദ്ദിക് ഭാഗം എനിക്ക്  തീരെ ദഹിച്ചില്ല എന്തിനായിരുന്നു അത് ?

അനിയാ  ഇതാണ് മലയാള സിനിമ നിരൂപണ ലോകത്തെ പല തന്തക്കു പിറന്ന സ്വഭാവം .(അശ്ലീലം ക്ഷമിക്കുക ). നേരത്തെ പറഞ്ഞ കേരള കഫെയില്‍ ബ്രിഡ്ജ് വിട്ടാല്‍  പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ/കഥ ഏതായിരുന്നു ?

ചോദിക്കാനുണ്ടോ നമ്മുടെ സുപ്പര്‍ താരം  അഭിനയിച്ച സാധനം (ഒടുക്കത്തെ വഴിയൊ യാത്രയുടെ അവസാനമോ ഏതാണ്ട് ) . തകര്‍പ്പന്‍ അല്ലായിരുന്നോ ? എന്താ ചോദിച്ചേ ?


അനിയാ അതും ഈ പറഞ്ഞ സാധനവും തമ്മില്‍ എന്താ വ്യത്യാസം? കഫെയില്‍ ലാല്‍ ജോസ് (ആണെന്നാണ് ഓര്‍മ്മ ) പറയുന്ന കഥ ഒരുമാതിരി എന്‍റെ പോസ്റ്റ്‌ മാതിരി കണ്ട കാട്ടിലൊക്കെ കേറിയിറങ്ങി ഒരു കഥ പറഞ്ഞു തീര്‍ക്കുമ്പോള്‍ .തികച്ചും ലളിതമായി അതെ സംഗതി ഈ കഥയില്‍ പറഞ്ഞിട്ടില്ലേ ?ഒന്ന് കൂടി .വ്യത്യസ്തമായ ഒരു നല്ല സിനിമ എടുക്കാനുള്ള ഒരു ആത്മാര്‍ത്ഥമായ ശ്രമം ഈ ചിത്രത്തിന് പിന്നില്‍ കാണാം. നന്ദിയുണ്ട് പ്രകാശേട്ടാ ഒരായിരം നന്ദി.ഒപ്പം തിരകഥ ഒരുക്കിയ ജയപ്രകാശിനും

അല്ല അപ്പോള്‍ കഥയെ പറ്റി  ഒന്നും പറഞ്ഞില്ലല്ലോ .

എന്ത് പറയാനാ അനിയാ എനിക്ക് ഒരുമാതിരി എല്ലാ കഥകളും ഇഷ്ട്ടപ്പെട്ടു . ഇങ്ങനത്തെ  സിനിമകളുടെ കഥ പറയുന്നതാണ് ശരിയല്ലാത്തത്  എന്നാണ് എന്‍റെ  എളിയ  അഭിപ്രായം

അപ്പോള്‍ ചുരുക്കത്തില്‍   .....

ലളിതം സുന്ദരം ....






Sunday, December 2, 2012

ഫേസ് ടു ഫേസ് (Face to Face )

മലയാള സിനിമയുടെ രക്ഷകരായ രണ്ടു പ്രതിഭകള്‍ ഒന്നിക്കുമ്പോള്‍ സ്വാഭാവികമായി അനിയാ നീ എന്താണ് പ്രതീക്ഷിക്കുക ?

അണ്ണന്‍  കോടിശ്വരന്‍ കളിക്കാതെ വേഗം സംഗതി പറയാമോ ? എനിക്ക് വേറെ പണിയുണ്ട് .

എന്തെടെ നിനക്കിത്ര  തിരക്ക് ?

അറിഞ്ഞില്ലേ ? ഏറ്റവും അവസാനം ഞാന്‍ സ്വന്തമായി അതായിത്  (ശ്രദ്ധിച്ചു കേട്ടോണം ) സ്വന്തം ബുദ്ധി ഉപയോഗിച്ച് എഴുതിയ തീവ്രം എന്ന ചിത്ര നിരൂപണത്തിന് എനിക്ക് നിക്ഷ്പക്ഷ നിരൂപക സിംഹം അവാര്‍ഡ്‌  കിട്ടിയത് ? അത് വാങ്ങാന്‍ പോണം . അത്രേയുള്ളൂ !!!

അഭിനന്ദനങ്ങള്‍  അനിയാ  നീ ആള്  പുലി തന്നെ .

ആണല്ലോ ഇപ്പോളെങ്കിലും അതൊക്കെ മനസിലായല്ലോ . ശരി നമുക്ക് നേരത്തേ  പറഞ്ഞ പ്രതിഭ കളിലേക്ക്  വരാം . ആരൊക്കെയാ അവര്‍ ?

ആദ്യത്തേതു ഇത്രയധികം വിജയ ചിത്രങ്ങള്‍ തുടര്‍ച്ചയായി നല്‍കിയ അപൂര്‍വ നേട്ടത്തിന്‍റെ പേരില്‍

 ഗിന്നസ്  ബുക്കില്‍ കയറാന്‍ സാധ്യതയുള്ള നമ്മുടെ സുപ്പര്‍ താരം മമ്മൂട്ടി . മറ്റെയാള്‍  ഒരു കാലത്ത് മോഹന്‍ലാലിനെ രക്ഷപ്പെടുത്തി മലയാളിക്ക് തിരിച്ചു കൊടുത്ത  വി എം  വിനു .

വി എം വിനു ..... ആ പേര്  എവിടെയോ കേട്ടിട്ടുണ്ടല്ലോ ? ഓ  ... സ്ഥിരമായി, അച്ഛന്‍റെ  അവിഹിത ബന്ധത്തില്‍ ഉണ്ടായ കുട്ടികളെ സംരക്ഷിക്കാന്‍  പാടുപെടുന്ന നായകന്‍റെ കഥ പറയുന്ന സിനിമകള്‍  എടുക്കുന്ന സംവിധായകനല്ലേ ?

നീ മോശമില്ലല്ലോ . അതിരിക്കട്ടെ ഇവര്‍ രണ്ടു പേരും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫേസ് ടു  ഫേസ് മനോജ്‌ പയ്യനൂര്‍ തിരകഥ ഒരുക്കുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് എം കെ നാസ്സര്‍ ആണ് .അല്‍ ഫോണ്‍ സ് ജോസഫ്‌ സംഗീതം ചായാഗ്രഹണം അജയനന്‍ വിന്‍സെന്റ് അഭിനേതാക്കള്‍  ഡോക്ടര്‍  മമ്മൂട്ടി , റോമ , രാഗിണി ദ്വിവേദി തുടങ്ങിയവര്‍  .പിന്നെ സിദ്ദിക് , മാമ്മുകോയ , വിജയരാഘവന്‍ , കലാഭവന്‍ മണി , വിനീത് കുമാര്‍ , നിഷാന്ത് സാഗര്‍  തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ വേറെയും

പിന്നേ ഇങ്ങേരു പറഞ്ഞിട്ട് വേണ്ടേ ഇതൊക്കെ അറിയാന്‍?  പടത്തെ പറ്റി  പറയാമോ ദയവായി ?

അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ .ഈ ചിത്രത്തില്‍ ബാലചന്ദ്രന്‍ എന്ന പോലീസ്  ഉദ്യോഗസ്ഥനെയാണ് അവതരിപ്പികുന്നത്.

പ്രത്യേകത ? അതെന്താ ? നമ്മുടെ സുപ്പര്‍ താരങ്ങള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ മാത്രമല്ലേ പിടിക്കു ?

അതൊക്കെ പറയാം .കഥ തുടങ്ങുമ്പോള്‍  ഇദേഹം വിവാഹ മോചിതനാണ് . മദ്യപാനം കാരണം ആണെന്ന് സൂചനയുണ്ട് . പക്ഷെ ഭാര്യ വേറെ വിവാഹം കഴിച്ചിട്ടില്ല .(പിന്നെ ദോഷം പറയരുതല്ലോ തന്‍റെ പുരുഷ സുഹൃത്തിനോട്‌ ബാലചന്ദ്രനെകാള്‍ സുന്ദരനും യോഗ്യനുമായ പുരുഷനെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ടാണ് നിന്നെ പോലെയുള്ള അവന്‍മാരെ പ്രേമിക്കാത്തത് എന്ന് പറയുന്നില്ല !!).ഭാര്യ പോയതോടെ സ്ഥിരം സസ്പെന്‍ഷനില്‍ അതോടെ അദേഹം റിയല്‍ എസ്റ്റെറ്റ് , ഷെയര്‍ മാര്‍ക്കറ്റ് രംഗത്തേക്ക് ഇറങ്ങി പോഷ് ആകുന്നു . (അല്ലെങ്കില്‍ കൂളിംഗ്‌ ഗ്ലാസ്‌ എങ്ങനെ വെക്കും ?)
  ചെസ്സും കളിക്കില്ല (അഥവാ കളിക്കും എന്ന ഭാവത്തില്‍  ചെസ്സ്‌ ബോര്‍ഡ്‌  നിവര്‍ത്തി വെച്ചിട്ടില്ല !!)


അങ്ങനെയൊക്കെ ഇരിക്കുമ്പോള്‍ ആ നാട്ടില്‍ ഒരു കൊലപാതകം നടക്കുന്നു .കൊലപാതകം എന്ന് വെച്ചാല്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ (അഭ്യന്തര മന്ത്രി വരെ ആയിട്ടുള്ള ) മകനെയാണ് പീഡിപ്പിച്ചു കൊന്നു കുരിശില്‍ തറച്ചു കൊന്നത് (മരിച്ചതിനു ശേഷമാണു കുരിശില്‍ തറച്ചത് ).മരിച്ചവന്‍ പതിവ് പോലെ തങ്കമാന സ്വഭാവമുള്ള പയ്യന്‍ (അവനു സ്കൂള്‍ പിള്ളേരെ മതി പോലും ).അന്വേഷണം പതിവ് പോലെ ബാലചന്ദ്രന്‍റെ പഴയ സുഹൃത്ത്‌ റാം ദാസിനു (സിദ്ദിക് ), അദേഹം കൂട്ടിനു ബാലചന്ദ്രനെ വിളിക്കുന്നു എങ്കിലും അദേഹം നിരസിക്കുന്നു .(താരം  സിദ്ദികിന്‍റെ  താഴെയോ? നെവര്‍ !!!!) എന്നാലും വെറുതെ ഇരിക്കുവല്ലേ എന്ന് കരുതി രഹസ്യമായി അദേഹം സിദിക്കിനെ സഹായിക്കുന്നുണ്ട് (പാവം തോന്നിയിട്ട്  !!).പിന്നെ രണ്ടാഴ്ചക്കു ശേഷം സിദ്ദിക് പ്രസ്താവിക്കുന്നു നമുക്ക് എല്ലാ തെളിവും കിട്ടി ഇനി അറസ്റ്റ് എന്ന് . പോലീസെ പോകുന്നു ബാലചന്ദ്രനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു (ഇതിനിടയില്‍  ഷൈന്‍ ചെയ്യാന്‍ ശ്രമിക്കുന്ന നിഷാന്ത് സാഗറിന് ഒരു ചവിട്ടു അഭിനയിച്ചു കാണിക്കുന്നുണ്ട് താരം ).

ഇനി ഇടവേള. അതിനു ശേഷം നമ്മെ കാണിക്കുന്നത് ഈ രണ്ടു ആഴ്ചക്കുള്ളില്‍ എന്ത് സംഭവിച്ചു എന്നാണ് . അപ്പോളാണ് നമുക്ക് മനസിലാകുന്നത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് ഒരു ന്യൂ ജനറേഷന്‍  നോണ്‍ ലീനിയര്‍ ചിത്രമാണെന്ന് (കൊല്ലെഡാ  കൊല്ല് !!!).

അണ്ണാ, സിനിമയുടെ കഥ മൊത്തമായി പറയുന്നു എന്നൊരു പരാതി ഉണ്ട് എന്നറിയാമല്ലോ അല്ലേ ?


ഞാന്‍ നിഷേധിക്കുന്നു . ഈ സിനിമയുടെ ഒന്നാം പകുതിയില്‍ അങ്ങനെ ഒരു സംഗതിയേ ഞാന്‍ കണ്ടിട്ടില്ല. എന്നിട്ട് വേണ്ടേ പറയാന്‍ . ഇനി രണ്ടാം പകുതി ആണെങ്കില്‍ അതീവ വിചിത്രമാണ് . കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ സംഭവിച്ച നാടകീയ സംഭവവികാസങ്ങളാണ് ഇനി നമ്മെ കാണിക്കുന്നത് .തന്‍റെ ബുദ്ധിപൂര്‍വമായ അന്വേഷണത്തിനിടയില്‍ ബാലചന്ദ്രന്‍ കണ്ടെത്തുന്ന സംഗതികള്‍ ഇവയാണ് . ആ നഗരത്തില്‍ മൂന്നു പ്ലസ്‌ വണ്ണ്‍ (കഷ്ട്ടിച്ചു) പരുവത്തില്‍ ഉള്ള മൂന്നു പയ്യന്മാര്‍ ഉണ്ട് , ഇവന്മാര്‍ക്കു മാതാപിതാക്കളുടെ സ്നേഹം ഒഴികെ ബാക്കി എല്ലാം ഉണ്ട് .എന്ന് വെച്ചാല്‍ ഇഷ്ട്ടം പോലെ കാശ്, ഗേള്‍ ഫ്രണ്ട് , മയക്കുമരുന്ന് , കൊട്ടാരം പോലത്തെ വീട് , പരിചരിക്കാന്‍ ജോലിക്കാര്‍ അങ്ങനെ (എനിക്ക് ഇത്രയും സെറ്റ് അപ്പ്‌ ഉണ്ടായിരുന്നേല്‍ ഞാന്‍ സത്യമായും ഉള്ള സ്നേഹം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു ഒരു പരാതിയും ഇല്ലാതെ ജീവിച്ചേനെ !!!!).അങ്ങനെ സ്നേഹം കിട്ടാതെ കഷ്ട്ടപെട്ടു ജീവിക്കുമ്പോള്‍ ആണ് അവരുടെ വേലക്കാരന്‍റെ സ്കൂള്‍ കുട്ടിയായ പെങ്ങളെ നമ്മുടെ എന്തോന്നോ കാടന്‍ പീഡിപ്പിച്ചു കൊല്ലുന്നത് .പ്രതികാരദാഹികളായ (?) സംഘം വേലക്കാരനുമായി ചേര്‍ന്ന് കാടനെ തട്ടി കൊണ്ടു മെര്‍ക്കാറയില്‍ കൊണ്ട് വന്നു പീഡിപ്പിച്ചു (മറ്റേ പീഡനമല്ല !!) കൊല്ലുന്നു എന്നിട്ട് തിരിച്ചു കൊണ്ട് വന്നു നഗരത്തിലെ കടപ്പുറത്തു വലിയൊരു കുരിശില്‍ തറച്ചു വെക്കുന്നു .

ഇതെല്ലാം ബുദ്ധിപരമായി അന്വേഷിച്ചു മനസിലാക്കുന്ന നായകന്‍ നേരെ പോയി പോലീസിന് സ്വയം കുറ്റം ഏറ്റെടുത്തു കീഴടങ്ങുന്നു .അതിനു വ്യക്തിപരമായ മറ്റൊരു കാരണം കൂടിയുണ്ട് . അത് കൊന്നാല്‍ ഞാന്‍ പറയില്ല . അവസാനം മദ്യപാനിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു മനസമാധാനമായി ജീവിച്ചു എന്ന തെറ്റിന് ജയിലില്‍ കിടക്കുന്ന നായകനെ അദേഹത്തിന്‍റെ എക്സ് ഭാര്യ പൊട്ടികരഞ്ഞു കൊണ്ട് മാപ്പ് ചോദിക്കുന്നു . വിശാല ഹൃദയനായ അദേഹം അവരോടു കഷമിക്കുകയും ശിക്ഷ കഴിഞ്ഞു ഇറങ്ങിയാല്‍ അവരോടൊപ്പം ജീവിക്കാം എന്ന ബംബര്‍ സമ്മാന ഓഫര്‍ നല്‍കുമ്പോള്‍ ഈ ചലച്ചിത്ര കാവ്യം അവസാനിക്കുന്നു.

ഇനി പറയാനുള്ളത് ഈ കേസ് ബുദ്ധിപരമായി അന്വേഷിക്കുന്നതിനെ പറ്റിയാണ് . ഒരു ഉന്തും തള്ളും നടന്നപ്പോള്‍ സഹായിച്ചു എന്നതിന്‍റെ പേരില്‍ മൂവര്‍ സംഘത്തില്‍ നായകനെ വിളിച്ചു സംസാരിക്കുന്ന രീതി കേട്ടാല്‍ അവനു നായകനോട് എന്തോ പ്രകൃതി വിരുദ്ധ താല്പര്യം ഉണ്ടായ പ്രതീതി ആണ് ഉളവാകുക!!! വൈകിട്ടെന്താ പരിപാടി എന്ന പരസ്യത്തിന്‍റെ പേരില്‍ മോഹന്‍ലാല്‍ എന്ന നടനെ വിമര്‍ശിച്ചവരില്‍ ഈയുള്ളവനും പെടും. ഈ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി അവതരിപ്പിക്കുന്ന സത്യസന്ധനായ നായകന്‍ സ്കൂള്‍ പിള്ളേര്‍ ഒളിച്ചു നടത്തുന്ന തണ്ണി പാര്‍ട്ടിയില്‍ ഒരു ഉളുപ്പും ഇല്ലാതെ പങ്കെടുക്കുന്നു.ഓസിനു അവരുടെ ഒപ്പം  അടിക്കുന്നുമുണ്ട് .ഇത്തരം രംഗങ്ങള്‍ അനുവദിക്കുന്ന സെന്‍സര്‍ ബോര്‍ഡിനെ പറഞ്ഞാല്‍ മതി (പാവങ്ങള്‍ ചിലപ്പോള്‍ ഉറങ്ങിപ്പോയതാകാന്‍ മതി).കഷ്ട്ടം അനിയാ . ഇവിടെ സൂര്യന്‍ ഉദിച്ചു വരുന്ന ഒരു ഷോട്ട് കാണിച്ചാല്‍ പോലും അതിലൊക്കെ ബിംബവും രഹസ്യ അജണ്ടയും സന്ദേശവും കണ്ടു കണ്ടു പിടിച്ചു പുരപ്പുറത്ത് നിന്ന് കൂവാന്‍ ഇഷ്ട്ടം പോലെ മ...ഹാന്മാര്‍ ഈ ബൂലോകത്ത് സുലഭമാണ് .ഇതിനെയൊന്നും വിമര്‍ശിക്കാന്‍ ഒരുത്തനെയും കാണില്ല .അവന്റെയൊക്കെ നിലപാട് തറയും,അതിവായനയും, നിത്യ ജീവിത നൈര്യന്തരങ്ങളും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പൂ .....


അണ്ണാ പ്ലീസ് തറയാകരുത് ഇതെന്തോന്ന് വി കെ പ്രകാശ് പടമോ ?

ശരി വിട്ടു , ഇനി എന്താ അറിയേണ്ടേ ?


അല്ല അഭിനയം ...?

സൂപ്പര്‍ താരം ഏതാണ്ട് "മേക്ക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ " എന്ന അവസ്ഥയിലേക്ക് അതിവേഗം നീങ്ങുന്നു.അദ്ദേഹത്തിന്‍റെ പോസ്റ്ററുകള്‍ ഭാവിയില്‍ ഫോട്ടോ ഷോപ്പ് പോലുള്ള സോഫ്റ്റ്‌ വയറുകള്‍ക്ക് പരസ്യത്തിനായി ഉപയോഗിക്കാവുന്നതാണ് .(ഉപയോഗത്തിന് മുന്‍പ് , ശേഷം എന്ന രീതിയില്‍ ) .റോമയുടെ റോള്‍ കവിയൂര്‍ പൊന്നമ്മ ചെയ്താലും ഒന്നും വരാനില്ല.ഈ ചിത്രത്തില്‍ മമ്മുട്ടി വില്ലന്‍ കാടനെയും മറ്റൊരു കാടനെയും അവരുടെ റിസോര്‍ട്ടില്‍ ചെന്നു കരണത്ത് അടിക്കുന്ന ഒരു രംഗമുണ്ട് .അത് എടുത്തു വെച്ചിരിക്കുന്നത് കണ്ടാല്‍ കൈ പൊക്കി ഒരാളെ അടിക്കുന്നത് ശേഷി കുറവ് കാരണം എങ്ങനെയോ അഡ്ജസ്റ്റ് ചെയ്തു എടുത്ത പോലെയുണ്ട് .വയസായി എന്ന് കരുതി ഇത്ര അവശതയായോ ????അദ്ദേഹത്തിന്‍റെ പതിവ് കലാരൂപം (നൃത്തം എന്ന് അദ്ദേഹം വിശ്വസിക്കുന്ന സംഗതി ഒരു ഗാനരംഗത്ത്‌ ഇരുന്നും നിന്നും അദ്ദേഹം കാണിക്കുന്നു )


അപ്പോള്‍ ചുരുക്കത്തില്‍ ....


ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ സ്പിരിറ്റ്‌ മുക്കി ചാലു മോന്‍റെ വാപ്പച്ചി ഒരുക്കിയ തീവ്രം . ഈ പ്രായത്തിലും അധ്വാനിച്ചു ചീത്തപ്പേര് വാങ്ങിക്കാനുള്ള ആ അര്‍ജവത്തിനു മുന്നില്‍ എനിക്ക് വാക്കുകളില്ല.

വാല്‍ കഷണം :


പടം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട സംസാരം

"അടുത്ത പടം എതാടെ ?"
"കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് "
"അതെന്തായാലും ഓടും ദിലീപ് ഉണ്ടല്ലോ"

അവസ്ഥ !!!!!! .

Sunday, November 18, 2012

തീവ്രം (Theevram : review )

അനിയാ വെറുതെ പറയുകല്ല ഈ തീവ്രം എന്നത് ഒരു സിനിമയല്ല

പിന്നെ എന്താ എന്താ അട്ടക്കഥയോ,
ദഫ്  മുട്ടോ, മാര്‍ഗം കളിയോ ?

നീ ഒരു മാതിരി പരിഹാസം അടിക്കരുത് . സംഗതി ഒരു അനുഭവമാണ്‌ . Experience തീവ്രം എന്നല്ലേ പോസ്റ്ററില്‍ പോലും ഏഴുതി വെച്ചിരിക്കുന്നത്.

 അതും കണ്ടു അല്ലേ .നന്നായി . ഇനി നിങ്ങളുടെ അഭിപ്രായം കൂടെ ഒന്ന് പറഞ്ഞാല്‍ ഉപകാരമായി .രൂപേഷ് പീതാംബരന്‍ എന്നാ പുതുമുഖ സംവിധായകന്‍ ആണ് ഈ ചിത്രം ഒരുക്കീയിരിക്കുന്നതു. ഓര്‍മ്മ ശരിയാണെങ്കില്‍ ഇദേഹം ലാസ് ജോസിന്‍റെ മറ്റൊരു സംവിധാന സഹായി ആയിരുന്നു .മലയാളികളുടെ പുതിയ രോമാഞ്ചവും കുടുംബപരമായി ഹിറ്റ്‌ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച പാരമ്പര്യം മാത്രമുള്ള ആളും സര്‍വോപരി അഹങ്കാരം എന്ന വാക്ക് കേട്ടിട്ട് പോലും ഇല്ലാത്ത നവയുഗ നായകന്‍ ചാലു മോന്‍ അഭിനയിക്കുന്ന ആദ്യ ആക്ഷന്‍  ചിത്രമല്ലേ സംഭവം അതുന്നും പറഞ്ഞു സമയം കളയണ്ട.വിഷയത്തിലേക്ക് കടന്നേ  വേഗം.

അനിയാ ആദ്യമായി , ഈ സിനിമയെ കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്ത‍ ഈ സിനിമക്ക് രണ്ടു പ്രത്യേകതകളാണ് ഉള്ളത് ആദ്യത്തേത് ചാലുമോന്‍ ആദ്യമായി ഹര്‍ഷവര്‍ദ്ധന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും പ്രസ്തുത നടന്റെ ആദ്യത്തെ ആക്ഷന്‍ ചിത്രം ആണ് ഇതു എന്നതും ആണ് .( സത്യമായും ഇതു ഞാന്‍ പറഞ്ഞതല്ല മുന്‍ നിര മാധ്യമങ്ങള്‍ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചത് പറഞ്ഞെന്നെ ഉള്ളു ) .

അതിനിപ്പം എന്ത് ഉണ്ടായി എന്നാ ഈ പറയുന്നേ ?


ആദ്യം പറഞ്ഞത് ശരിയാണ് നായകന്റെ പേര് ഹര്‍ഷവര്ധന്‍ എന്ന് തന്നെ പിന്നെ ആക്ഷന്‍ പോയിട്ട് അതിന്റെ ഒരു മൂഡ്‌ പോലും ഈ ചിത്രത്തില്‍ ഇല്ല . അതിനു ഞാന്‍ സംവിധായകനോട് എന്നും കടപ്പെട്ടിരിക്കും (തുമ്പിയെ കൊണ്ടു കല്ലെടുപ്പികാത്ത നല്ല മനസ്സിന്.ഇനി ഈ ചിത്രം ഭയങ്കര ത്രില്ലര്‍ ആണെന്ന പ്രചരണം വൈകാതെ തന്നെ തുടങ്ങും) .

മതി എങ്ങനെ കാടും പടലും തല്ലാതെ കഥയെ പറ്റി പറയാമോ


പിന്നെന്താ സിനിമ തുടങ്ങുന്നത് ഒരു ഹോട്ടലില്‍ യുവമിഥുനങ്ങളില്‍ നിന്നാണ് . ഇവര്‍ ഉടനെ വിവാഹിതര്‍ ആകാന്‍ പോകുന്നവര്‍ ആണെന്ന് സംസാരത്തി ല്‍ നിന്നും നമുക്ക് മനസിലാകുന്നു . പെങ്കൊച്ചിനു തീരെ താല്പര്യം ഇല്ലാത്ത മട്ടിലാണ്‌ ഇരുപ്പു. പോരാത്തതിനു പറ പറാ മെസ്സേജ് അയക്കലും . ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോള്‍ പെട്ടന്ന്‌ കൊച്ചിന് വിമാനം ലാന്‍ഡ്‌ ചെയുന്നത് കാണണം . അത് കാണാനായി രണ്ടു പേരും കൂടി വിജനമായ ഒരു  സ്ഥലത്ത്  നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരാള്‍ ബൈക്കില്‍ നിന്ന് വന്നു പയ്യനെ തലക്ക്കടിച്ചു വീഴ്ത്തുന്നു. പെട്ടന്ന് തന്നെ ബൈക്കില്‍ വന്ന വേറൊരുത്തന്‍ അടിച്ചവന്‍റെ  മേല്‍ ചാടി വീണു ആക്രമിച്ചു ഓടിക്കുന്നു , ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ തലക്കടി കൊണ്ട പ്രതിശ്രുത വരന്‍ മരിക്കുന്നു .

ഹോ കിടിലം തുടക്കമാണല്ലോ അണ്ണാ . എനിക്ക് കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു . ഇതു സംഭവം ന്യൂ ജനറെഷന്‍ തന്നെ . എന്നിട്ട് .......

എന്നിട്ട്... കുന്തം!!! നമ്മള്‍ വിചാരിക്കും ഇതെന്തോ സിനിമയുടെ മര്‍മ പ്രധാനമായ ഭാഗമാണെന്നു . ഈ കാണിച്ചതിന് സിനിമയുമായുള്ള ആകെ ബന്ധം അലക്സാണ്ടര്‍ (ശ്രീനിവാസന്‍ ) എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മിടുക്ക് കാണിക്കുക എന്നതിന് മാത്രമാണ് .ആദ്യമേ പറഞ്ഞോട്ടെ ശവം കണ്ടാല്‍ തല കറങ്ങി വീഴുന്ന മനുഷ്യനാണ് ഇദ്ദേഹം (ആ സമയത്തുള്ള ഗോഷ്ട്ടി മമ്മൂട്ടിയുടെ നൃത്തം പോലെ മലയാളിക്ക് ഒരു ശീലം ആയി പോയത് കൊണ്ട് നമുക്ക് സഹിക്കാം ) .ഇനി അദ്ദേഹം ബുദ്ധിപരമായി ഈ കേസ് അന്വേഷിക്കുന്നത് എങ്ങനെ എന്ന് കാണാം .ആദ്യമായി അടിച്ചവനെ അന്വേഷിച്ചു കണ്ടു പിടിക്കുന്നു .പക്ഷെ അവന്‍ കുറ്റം സമ്മതിക്കുന്നില്ല . എന്ത് ചെയ്യും ? അവിടെയാണ് ബുദ്ധി . പ്രതിശ്രുത വധുവിനെ വേറൊരു മുറിയില്‍ ഇരുത്തിയിട്ട് ഇയാള്‍ നേരെ ചെന്ന് പിടിയില്‍ ആയവനോട് പറയുന്നു അവള്‍ എല്ലാം ഏറ്റു പറഞ്ഞു .അത് കൊണ്ട് അവള്‍ രക്ഷപെട്ടു നിന്റെ കാര്യം പോക്കാണെന്നു . അതോടെ പിടിയിലയവാന്‍ പൊട്ടിത്തെറിച്ചു ആ ....മോള്‍ പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്തതു എന്ന് വിളിച്ചു പറയുന്നു (ബുദ്ധി ബുദ്ധി ..കണ്ടല്ലോ ).

ശരി ഇനി കഥ തുടങ്ങുന്നു . നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവര്‍ അയാള്‍ സ്ഥിരമായി ഒരു വിവാഹിതയായ സ്ത്രീയെ ഓഫീസില്‍ വിടുകയും വിളിച്ചു കൊണ്ട് പോകുകയും ചെയ്യുന്നു .അയാള്‍ ആകെ ചെയ്യുന്ന തെറ്റ് ആ സ്ത്രീ ഇറുകിയ വസ്ത്രങ്ങള്‍ക്ക് അകത്തു വീര്‍പ്പു മുട്ടുന്ന ശരീര ഭാഗങ്ങളെ അവരറിയാതെ നോക്കുന്നു എന്നതാണ് (അത് പിന്നെ മനുഷ്യനല്ലേ പോരെങ്കില്‍ മലയാളിയും !!!) .ഒരു ദിവസം പെട്ടന്ന് അത്യാവശ്യമായി വീട്ടില്‍ എത്താനായി ഓട്ടോയില്‍ കേറുന്ന അവര്‍ക്ക് പെട്ടന്ന് എത്തണം എന്ന് പറയുന്നു .ഡ്രൈവര്‍ മറ്റൊരു വഴി ഉണ്ടെന്നും ശകലം ദൂരകൂടുതല്‍ ഉണ്ടെങ്കിലും തിരക്ക് കുറവായത് കൊണ്ട് പെട്ടന്ന് ഓടിച്ചെത്താം എന്ന് പറയുന്നു ആ വഴിക്ക് പോകുന്നു .വഴി ആകെ വിജനം പെങ്കൊച്ചു പേടിച്ചിരിക്കുന്നു  .വഴിയില്‍ പെട്ടന്ന് ടയര്‍ പഞ്ചര്‍ ആകുന്നതോടെ പെങ്കൊച്ചു വണ്ടിയില്‍ നിന്ന് ചാടി ഓടുന്നു .ഡ്രൈവര്‍ പുറകെ മാഡം എന്ത്  പറ്റി എന്നും ചോദിച്ചു . പെട്ടന്ന് ഒരാള്‍ പുറകില്‍ നിന്ന് വന്നു ഡ്രൈവറെ അടിച്ചു വീഴ്ത്തുന്നു .അത് തീര്‍ന്നു


ഡാ വരുന്നു അടുത്ത സീനില്‍ നായകന്‍ ചാലു മോന്‍. അദേഹം ഒരു പിയാനോ ടീച്ചര്‍ ആണ് .നമ്മെ ആദ്യം കാണിക്കുന്നത് .നേരത്തെ കണ്ട ഡ്രൈവറിനെ കെട്ടിവലിച്ചു വീട്ടില്‍ കൊണ്ട് വന്നു പൂടിയിട്ടു  മയക്കു മരുന്ന് കൊടുത്തു ബോധം കെടുത്തി നഖം പറിച്ചെടുക്കുക,പല്ല് പിഴുതു എടുക്കുക തുടങ്ങിയ പരിപാടികള്‍ നിര്‍വഹിക്കുന്നതാണ് . ഇതെല്ലാം ചെയ്യുമ്പോള്‍ തികച്ചും അദേഹത്തിന്‍റെ നിര്‍വികാരമായ മുഖം കാണുമ്പോള്‍ ഞാന്‍ സത്യമായും വിചാരിച്ചത് ഇയാള്‍ ഏതോ കോള്‍ഡ്‌ blooded  കൊലപാതകി ആയിരിക്കും എന്നാണ് .സംഗതി അദേഹത്തിന്‍റെ കൂള്‍ ആയ അഭിനയം ആയിരുന്നു എന്ന് പിന്നെയാണ് മനസിലായത് . പ്രേമിച്ചാലും ,ഭാര്യയെ ആരേലും കൊന്നാലും,അതിനു  പ്രതികാരം ചെയ്താലും ഒക്കെ കൂള്‍ !!!!രണ്ടു ദിവസം കഴിഞ്ഞു ഓട്ടോ ഡ്രൈവറുടെ ഭാര്യ ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ വരുന്നു . തൊട്ടു പുറകെ തന്‍റെ  ഭാര്യയെ അപായപ്പെടുത്താന്‍ ശ്രമിച്ചു,ആ ഓട്ടോയില്‍  പേഴ്സും മറ്റും നഷ്ട്ടപെട്ടു എന്ന പരാതിയുമായി നേരത്തെ ഓട്ടോയില്‍ കയറുകയും ഓടുകയും ചെയ്ത പെങ്കൊച്ചും ഭര്‍ത്താവു ഡോക്റെരും എത്തുന്നു (ഇതു എന്തിനായിരുന്നു എന്ന് സിനിമ കഴിയുന്ന വരെ എനിക്ക് മനസിലായില്ല ).അന്വേഷണം ബുദ്ധിമാനായ ശ്രീനിവാസന്‍ ..ആദ്യം തന്നെ ഈ ഡോക്ടറും അപ്പുറത്ത് ഡ്രൈവറിന്‍റെ പല്ല് പറിച്ചു കളിക്കുന്ന ഹര്‍ഷവര്ധന ചാലു മോനും സുഹൃത്തുക്കള്‍ ആണെന്ന് നമുക്ക് മനസിലാക്കി തരുന്നുണ്ട് . പിന്നെ നമുക്ക് അകെ അറിയേണ്ടത് എന്തിനാണ് ഈ പല്ല് പറി എന്ന് മാത്രമാണ്.

          രണ്ടാം പകുതി മൊത്തം ആ ചോദ്യത്തിനുള്ള ഉത്തരമാണ് . ഒരു സംഗീത സംവിധായകന്‍ ആകാന്‍ വേണ്ടി മെഡിക്കല്‍ പഠനം ഉപേക്ഷിച്ച സംഗീത പ്രേമിയായ ചാലു മോന്‍, കാമുകി നാട്ടിന്പുറത്തുകാരിയായ നായിക മായ (രൂപത്തിലും ശരീരഭാഷയിലും ആ നാട്ടിന്‍ പുറത്വം തെളിഞ്ഞു കാണാം !!!!)  തലയ്ക്കു വല്ല അസുഖവും ഉണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന മായയുടെ അച്ഛനും മറ്റു ബന്ധുക്കളും ഇവരെല്ലാം ചേര്‍ന്ന് രണ്ടാം പകുതി സമ്പന്നം ആക്കുന്നു , (ഇതെല്ലാം കണ്ടു നമ്മുടെ ചാലു മോനെ പോലെ കൂള്‍ ആയി ഇരിക്കാന്‍ പറ്റിയെങ്കില്‍ എന്ന് സത്യമായും ആശിച്ചു പോയി അനിയാ !!!!). ഇവരുടെ മത്സരിച്ചുള്ള  പ്രകടനം പ്രകടനം കഴിഞ്ഞു യുവ മിഥുനനങ്ങള്‍ വിവാഹിതര്‍ ആകുന്നു . പ്രതിഭാശാലിയായ ഭര്‍ത്താവിനു അവസരം തേടാന്‍  വേണ്ടി മായ ഒരു കാള്‍ സെന്‍റ്ററില്‍  ജോലിക്ക് പോകുന്നു.അവിടത്തെ ഒരു ഡ്രൈവ റുമായി ഉടക്കില്‍ ആകുന്നു .മായ പരാതിപ്പെടുന്നതോടെ ഡ്രൈവര്‍ ഭയങ്കര കലിപ്പ് . ഒരു ദിവസം മായയെ പറ്റിച്ചു ഒരു വിജന സ്ഥലത്ത് കൊണ്ട് പോയി തല്ലി കൊല്ലുന്നു.(മറ്റേ കാള്‍ സെന്‍റ്റര്‍ ജീവനക്കാരിയെ ടാക്സി ഡ്രൈവര്‍ കൊന്ന സംഭവം . ഇവിടെ  കമ്പനി സ്റ്റാഫ്‌ ആണ് ഡ്രൈവര്‍ എന്നും ഓര്‍ക്കണം ). പിന്നെ നായകനും സുഹൃത്തും മത്സരിച്ചു ഒരു ദുഖിക്കലുണ്ട് .നായകന്‍റെ ദുഃഖം തികച്ചും കൂള്‍ ആയതിനാല്‍ കൂട്ടുകാരന്‍ (ഡോക്ടര്‍ ) ദുഃഖം ' മരിച്ചു ' അഭിനയിച്ചു കാണിക്കുമ്പോള്‍ നായകനെക്കാള്‍ സങ്കടം ഇവനാണോ എന്ന് സംശയം തോന്നുന്നത് സ്വാഭാവികം മാത്രം !!!!

അന്വേഷണം അപ്പോളും ബുദ്ധിമാനായ ശ്രീനിവാസന് .ഡ്രൈവര്‍ കൊലപാതകവും കഴിഞ്ഞു പിറ്റേന്ന് മുതല്‍ മിടുക്കനായി ഓഫീസില്‍ വരുന്നത് കൊണ്ട് കേസ് എളുപ്പത്തില്‍ കഴിയുന്നു . അയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കുന്നു ജീവപര്യന്തം ശിക്ഷ ലഭിച്ച ഇയാളെ ജയിലിലെ നല്ല നടപ്പിനും പിന്നെ ഇയാളുടെ കുടുംബത്തിന്‍റെ ദേനീയ സ്ഥിതിയെ പറ്റി  വന്ന ടി വി പരിപാടിയും കാരണം ശിക്ഷ ഇളവു ചെയ്തു വിടുന്നു.അയാള് നാട്ടുകാര്‍ പിരിവെടുത്തു കൊടുത്ത ഓടോയും ഓടിച്ചു കുടുംബം നോക്കി കഴിയുന്നു .ഇയാളോട് ചെയ്യുന്ന പ്രതികാരമാണ് ആദ്യ പകുതിയില്‍ കണ്ടത്.

 എന്നിട്ട് .....?


എന്നിട്ട് എന്തോന്ന് ....? ശരീര ഭാഗങ്ങള്‍ കിട്ടുന്നു പക്ഷെ തെളിവൊന്നും ഇല്ലാത്തത് കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല അത്രെ .ബുധുമാനായ ശ്രീനിവാസന്‍ പോലും തോല്‍വി സമ്മതിച്ചു കഴിയുമ്പോള്‍ എന്തരോ ഒരു തട്ട് പൊളിപ്പന്‍ പറ്റും കൂടെ കാണിച്ചു എ ഫിലിം ബൈ രൂപേഷ് പീതാംബരന്‍ എന്ന് എഴുതി കാണിച്ചതും വായിച്ചു കഴിഞ്ഞാല്‍ വല്ലതും ബാക്കി ഉണ്ടേല്‍ ഇറങ്ങി പോകാം

അല്ല ബാക്കി


എന്തോന്ന് ബാക്കി ഈ സിനിമയില്‍ എല്ലാരോടും മോശമയെ അഭിനയിക്കാവു എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടോ എന്ന് സംശയം ഉണ്ട് . (അല്ലെങ്കില്‍ ചാലു മോന്‍ മികച്ചു നിന്നു എന്ന് എഴുതാന്‍ പറ്റില്ലല്ലോ ).നായികാ ശിഖ നായര്‍ ആണെങ്കില്‍ ഒരു ഗ്രാമീണ കഥാപാത്രമായി ജീവിക്കയാണ് ഈ ചിത്രത്തില്‍ .നായികയുടെ അച്ഛനും (ശ്രീ കുമാര്‍ ) ബന്ധുക്കളും കുറഞ്ഞത്‌ രണ്ടു ഓസ്കാറിനു അഭിനയിച്ചിട്ടുണ്ട്


അല്ല ചുരുക്കത്തില്‍ പറഞ്ഞാല്‍ .....


തികച്ചും അമേച്വര്‍ എന്ന് പറയാവുന്ന ഒരു ചിത്രം.ഈ രൂപേഷ് പീതാംബരന്‍ നമ്മുടെ ലാല്‍ ജോസിന്‍റെ അസിസ്റ്റന്റ്‌ എന്ന് വായിച്ചു. ഈ ജവാന്‍ ഓഫ് വെള്ളിമലയും ഇതു പോലെ ലാല്‍ ജോസിന്‍റെ സംവിധാന സഹായി ആയിരുന്ന ആളാണ് എന്നാണ് ഓര്‍മ്മ . എനിക്കാകെ ശ്രീ ലാല്‍ ജോസിനോടും മമ്മുട്ടിയോടും ചോദിയ്ക്കാന്‍ ഒരേ ഒരു ചോദ്യം മാത്രം . ഇതു പോലെ ഇനി എത്രയെണ്ണം കൂടി സ്റ്റോക്ക്‌ ഉണ്ട് ?

വാല്‍ കഷ്ണം : ഈ ചിത്രം പറയുന്നത് ഇന്ത്യയിലെ ശിക്ഷ നിയമങ്ങള്‍ അപര്യാപ്തമാണ് ഇവിടെയൊക്കെ അറബി രാജ്യങ്ങളിലെ പോലുള്ള നിയമങ്ങള്‍ നടപ്പാക്കണം എന്നാണ് .അറബി അവിടെ നില്‍ക്കട്ടെ അപര്യാപ്തത എന്ന സംഗതിയോടു എനിക്കും യോജിപ്പുണ്ട് (ദിവസവും പത്രം വായിക്കുന്ന ഏതൊരു സാധാരണക്കാരനും യോജിക്കും എന്നാണ് വിശ്വാസം )  .പക്ഷെ ആ ചിത്രത്തില്‍ കാണിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമങ്ങള്‍ ഒരാളെ തിരുത്താന്‍ തികച്ചും പര്യാപ്തമാണ് എന്നല്ലേ ? ഈ വൈരുധ്യമാണ് ഈ സിനിമയെ ഒരു കോപ്രായം ആക്കി മാറ്റുന്നത് എന്ന് തോന്നുന്നു


Friday, November 16, 2012

മൈ .... ബോസ്സ് (My Boss : Review )

അനിയാ ജീവിതം ധന്യം ആയെടെ ......

ഓ .. നമ്മുടെ സിനിമാ സമരം സമരം പിന്‍വലിച്ചത്  കൊണ്ടാണോ?

അല്ല അനിയാ നമ്മുടെ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിച്ച്‌ ജിത്തു ജോസഫ്‌ സംവിധാനം ചെയ്ത മൈ .... ബോസ് എന്ന ചിത്രം കണ്ട വകയിലാണ് എന്‍റെ ഈ പാവം ജീവിതം ധന്യം  ആയതു. അഭിനേതാക്കള്‍ ദിലീപ് ,മംത , സായി കുമാര്‍ , സീത  തുടങ്ങിയവരാണ് .

അല്ല ആദ്യമേ ശ്രദ്ധിച്ചതാ എന്താ ആ പേര് പറയുമ്പോള്‍  ഒരു വലിച്ചില്‍ ? ഇയാള്‍ എന്താ ന്യൂ ജനറെഷന്‍ ആളാണോ അശ്ലീലം പറയാന്‍ ?

നീ പോയി കണ്ടു നോക്ക് ഞാന്‍ ആയതു കൊണ്ട് ഇത്രയെ പറയുന്നുള്ളൂ .
 
ഓര്‍മയുണ്ട്  ആ ജിത്തു ജോസഫ്‌ മമ്മി ആന്‍ഡ്‌ മി  ഒക്കെ എടുത്ത സംവിധയകനല്ലേ ?

തന്നെ അനിയാ തന്നെ ഡിക്ക്റ്ററ്റിവ്  എന്നാ ആദ്യ  ചിത്രത്തില്‍  നിന്നും മമ്മി ആന്‍ഡ്‌ മി എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ ഒരു സംവിധായകന്‍റെ ക്രമാനുഗതമായ വളര്‍ച്ചയാണ് ഞാന്‍ കണ്ടത് .(ഈ വളര്‍ച്ച എന്ന് പറഞ്ഞ സാധനം കണ്ടിട്ടില്ലാത്തവര്‍  ദയവായി എന്നെ കടിച്ചു തിന്നാന്‍ വരരുത് ). എന്നാല്‍ ഈ ചിത്രത്തില്‍ അദ്ദേഹം നമ്മളെ പാടേ  നിരാശര്‍  ആക്കുന്നു.

ഒന്ന് ചുമ്മാതിരി അണ്ണാ  ഒരു ഐ റ്റി പശ്ചാത്തലത്തില്‍ ഉള്ള ഒരു കോമഡി ചിത്രം ആണെന്ന് പോസ്റ്റര്‍ കണ്ടാല്‍ തന്നെ അറിയാമല്ലോ . അത് തന്നെ ഒരു പുതുമയല്ലേ ?

ആണെടെ ആണ് . ഞാന്‍  കഥ അങ്ങ് ചുരുക്കത്തില്‍  പറഞ്ഞേക്കാം.കൊല്ലം മുന്‍പ് ബി ടെക് കഴിഞ്ഞ (ഉന്നത വിജയം ) , അതിനു ശേഷം ആലപ്പുഴയില്‍  ഒരു ജോലിയും ഇല്ലാത്ത (മറ്റുള്ളവരുടെ കല്യാണത്തിന് പോകുന്ന പണി അല്ലാതെ  ) പ്രമാണിയായ അച്ഛനെ സഹായിച്ചു (?) ജീവിച്ച മനു ഒരു സുപ്രഭാതത്തില്‍ ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു .മുംബയില്‍ ഒരു കമ്പനിയുടെ സേല്‍സ് വിഭാഗം മേധാവി ആയ പ്രിയയുടെ  (മംത ) അസിസ്റ്റന്റ്‌ പണിയാണ്  ഇയാള്‍ക്ക് ജോലി കിട്ടുന്നത് . ഈ   പ്രിയ ആണെങ്കില്‍  മൊത്തം ഓഫീസിനെ വിറപ്പിക്കുന്ന ആളും മുടിഞ്ഞ കാര്യക്ഷമത ഉള്ള ആളും ആണ്.(എങ്കിലും മനു ആള്  ദിലീപ്  ആയതു  കൊണ്ട്  അത്യാവശ്യം  കോമഡി  ഒക്കെ  കാണിച്ചു  പിടിച്ചു  നില്‍ക്കുന്നു ) , കമ്പനിയില്‍  സി ഇ ഓ പോസ്റ്റ്‌ ഒഴിവു വരുന്നു .പരിഗണിക്കപ്പെടുന്ന രണ്ടു പേര്‍  ഒന്ന് പ്രിയയും മറ്റേതു സീനിയര്‍ ആയ മാത്യുവും ആണ് .സ്ഥാനം തനിക്കു  കിട്ടാനായി മാത്യു പല ബുദ്ധിപരമായ തന്ത്രങ്ങളും പയറ്റുന്നു . (എന്ന് വെച്ചാല്‍  കൊട്ടേഷന്‍ വിവരങ്ങള്‍ മറ്റു കമ്പനികള്‍ക്ക് ചോര്‍ത്തി കൊടുക്കുക തുടങ്ങിയ സ്ഥിരം കലാപരിപാടികള്‍ ) അങ്ങനെ ഇരിക്കുമ്പോളാണ് ആസ്ട്രേലിയന്‍ പൌരത്വം ഉള്ള പ്രിയയുടെ വിസ കാലാവധി തീരാറാകുന്നത്.ഭാരതം അഭ്യന്തര സുരക്ഷയ്ക്ക് അമിത പ്രാധാന്യം നല്‍കുന്ന ഒരു രാജം ആയതു കൊണ്ട് വിസ പുതുക്കാന്‍ ഒരു വഴിയും കാണാതെ പ്രിയ വിഷമിക്കുന്നു . !! കാലാവധി കഴിഞ്ഞാല്‍ ആസ്ട്രേലിയക്കുപറഞ്ഞു വിടുകയുംപിന്നെ എന്നെങ്കിലും നിയമത്തില്‍ അയവ് വന്നാല്‍ മാത്രമെ തിരിച്ചു വരാന്‍ പറ്റുഎന്നതാണ് അവസ്ഥ!!! എന്ത് ചെയുമെന്നു പറ ? അപ്പുറത്ത് ,മാത്യു സന്തോഷം കൊണ്ട് കുപ്പി പൊട്ടിക്കുന്നു(ഇവിടെ നാട്ടില്‍ കേറ്റരുത്‌ എന്ന് പറഞ്ഞ ഏതോ നീഗ്രോയെ തലസ്ഥാന നഗരത്തില്‍ പണ്ട്  ആഘോഷമായ് ആദരിച്ചു കൊണ്ടു വന്നു മൈതാനത്തില്‍ പ്രസംഗവും പാട്ടും നടത്തി തിരിച്ചു വിട്ടിട്ടു ഒരുത്തന്‍റെയും പൂട പോലും പറിക്കാത്ത മഹത് രാജ്യമാണ് നമ്മുടെ എന്ന് നമുക്ക് മറക്കാം ).

അത് നില്‍ക്കട്ടെ വിസ പുതുക്കി കിട്ടാന്‍ ഒരു വഴിയും കാണാതെ വരുമ്പോള്‍  ഗത്യന്തരമില്ലാതെ പ്രിയ ചെയര്‍മാനോട് താന്‍ മനുവുമായി പ്രണയത്തില്‍ ആണെന്നും ഉടനെ തന്നെ വിവാഹിതര്‍ ആക്കാന്‍ പോകുവനെന്നും പ്രഖ്യാപിക്കുന്നു .മുകേഷ് ആണ് ചെയര്‍മാന്‍ ആയി വരുന്നത് (കാണിക്കുന്ന ഷോട്ടില്‍ എല്ലാം അദേഹത്തിന്റെ നെഞ്ച് വരെയേ കാണിക്കുന്നുള്ളൂ .സത്യമായും താഴെ കൈലി ആണോ ഉടുത്തിരിക്കുന്നത് എന്ന് എനിക്ക് സംശയം ഉണ്ട്). പക്ഷെ  ചെയര്‍മാനെ  പറ്റിച്ചിട്ട് എന്ത് കാര്യം ? വിസ  പുതുക്കി  കൊടുക്കേണ്ടത്   സര്‍ക്കാരല്ലേ ? അവിടെ നമ്മുടെ ഗണേശ മന്ത്രി ആണ് അഭിനയിക്കുന്നത് . അദേഹത്തിന് ഇവരുടെ അഭിനയം കണ്ടു സംശയം തോന്നുന്നു  (ആര്‍ക്കായാലും തോന്നും !!) അത് കൊണ്ട് വിശദമായി ഇവരുടെ രണ്ടു പേരുടെയും വീടിലോക്കെ അന്വേഷിക്കും എന്ന് പറയുന്നു .ചുരുക്കത്തില്‍ അഭിനയം കുറച്ചു കൂടി തുടരണം എന്ന് ചുരുക്കം (ചിത്രം സിനിമ മുതല്‍ കണ്ടു വരുന്ന സ്ഥിരം സംഭവം ) .

ഇതിനിടെ മാത്യുവുമായി ധാരണയില്‍ എത്തുന്ന മനു കുറച്ചു കാലം പ്രിയയെ അകറ്റി നിര്‍ത്താനായി നാട്ടിലേക്കു കൊണ്ട് പോകുന്നു (വീട്ടുകാരെ പറ്റിക്കാന്‍ .എങ്ങാനും ഗണേഷ് കുമാര്‍  അന്വേഷിക്കാന്‍ വന്നാലോ !!!). അങ്ങനെ ഭാര്യ വേഷം കെട്ടി നാട്ടിലെത്തി കുറച്ചു നാളുകള്‍ക്കകം പ്രിയ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നു .

എന്താണത് അണ്ണാ ? ആര്‍ക്കെങ്കിലും വല്ല മാരക രോഗവും ...... വല്ല അക്യുട്ട് സെറിബ്രല്‍ ഡി .. അങ്ങനെ എന്തെങ്കിലും ...?

അതായിരുന്നു അനിയ ഭേദം . ഇതു അതൊന്നുമല്ല ഈ സ്നേഹം സ്നേഹം എന്ന് പറയുന്ന സാധനം ഉണ്ടല്ലോ . അത് ശരിക്കും കൊച്ചു ഇതു വരെ കൊച്ചു ഭാരതത്തിലും ആസ്ട്രേലിയയിലും കണ്ടതൊന്നുമല്ല . നല്ല ഉഗ്രന്‍ 916 പരിശുദ്ധി ഉള്ള സ്നേഹം കാണണം എങ്കില്‍ ആലപ്പുഴ -ചേര്‍ത്തല ഭാഗത്ത്‌ പോണം . അവിടെ തന്നെ വേറെ പണിയൊന്നുമില്ലാത്ത മുടിയും കറുപ്പിച്ചു നാട്ടുകാരുടെ കല്യാണത്തിന് പോയി നടക്കുന്ന ഗ്രഹനാഥന്മാരും ഗ്രഹഭരണവുമായി കഴിയുന്ന വീട്ടമ്മമാരും ചേരുന്ന ചുരുക്കത്തില്‍ പറഞ്ഞാല്‍ തിലകന്‍ - കവിയൂര്‍ പൊന്നമ്മ ലൈന്‍  ദമ്പതിമാര്‍ ഉള്ള വീടിലാണ് ശരിയായ സ്നേഹം കുടി കൊള്ളുന്നത്‌ എന്നതാണ് പ്രിയ മനസിലാക്കുന്നത്‌.പിന്നെ ഈ  മനു മനു എന്ന് പറയുന്നത് പൊന്നപ്പനല്ല  തങ്കപ്പനാണ് എന്ന സത്യം വേറെ . അപ്പോളേക്കും വിവരം അറിഞ്ഞു ചില കൂട്ടുകാരും ആയി എത്തുന്ന മാത്യുവിനെ (നല്ല ബെസ്റ്റ് കൂട്ടുകാര്‍ !!!) പെട്ടന്ന് അടിച്ചൊതുക്കി സംഗതി ക്ലീന്‍ ആക്കി മനു -  പ്രിയമാര്‍ സുഖമായി കല്യാണം കഴിക്കുന്നു .

ഇതെന്തോന്ന്? സീരിയലോ റിയാലിറ്റി ഷോ യില്‍ കാണിക്കുന്ന സ്കിറ്റോ ?

അനിയാ , അത് തന്നെയാണ് എനിക്കും തോന്നിയത് . ഈ ചിത്രത്തിലെ ഏറ്റവും വലിയ മിസ് കാസ്റ്റ് എന്ന് എനിക്ക് തോന്നിയത് നടന്‍ ദിലീപാണ് .തനിക്കു ഒരു തരത്തിലും ചേരാത്ത (പ്രായം കൊണ്ടും ശരീരഭാഷ കൊണ്ടും ) കഥാ പാത്രമായി എന്തൊക്കെയോ കാണിക്കുന്നു ഈ നടന്‍.ജയസുര്യ  മുതല്‍  താഴോട്ട്  ആരെങ്കിലും  ചെയ്തിരുന്നെങ്കില്‍  ഒരു  പക്ഷെ  ഇത്രയധികം   ഏച്ചു  കെട്ടലുകള്‍  ഒഴിവാക്കാമായിരുന്നു .ദിലീപ് കഴിഞ്ഞാല്‍ എടുത്തു പറയേണ്ട മറ്റൊരു വ്യക്തി മംതയാണ് .ആദ്യമായി ഈ നടി കോമഡി വേഷം ചെയ്യുന്നു എന്ന് പടം കണ്ടു കഴിഞ്ഞു പത്രത്തില്‍ വായിച്ചപ്പോളാണ് മനസ്സിലായത് .നന്നായിരിക്കട്ടെ !!!! ഐ റ്റി കമ്പനി അടിസ്ഥാനമാക്കി ഒരു  കഥ ചെയ്യുമ്പോള്‍, കോമഡി യോ സീരിയസോ ആകട്ടെ , ചെയ്യേണ്ട മിനിമം പഠനം പോലും ഈ ചിത്രത്തി ന്‍റെ പിന്നണിക്കാര്‍ നടത്തിയതായി തോന്നുന്നില്ല .(കണ്ട സായിപ്പിനെ ചുരണ്ടാന്‍ പോകുന്ന നേരത്ത്  യാരെടി നീ മോഹിനി എന്നാ ചിത്രം ഒന്ന് കാണുക എന്ന ഉപകാരം എങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായേനെ )


അണ്ണാ ഒന്നും തോന്നരുത് . നിങ്ങള്ക്ക് ഒരു വിവരവും ഇല്ല  എന്നതാണ് സത്യം . ഈ പടം എന്‍റെ കയ്യില്ലോട്ടു ഒന്ന് കിട്ടിയിരുന്നെങ്കില്‍ .. ഹോ ..ഞാന്‍    തകര്‍ത്തേനെ ...

ഈ പടത്തില്‍  ഇനി എന്തോന്ന് തകര്‍ക്കാന്‍ ?

അണ്ണാ ഈ പടം ഇങ്ങനെ ഒന്നുമല്ല എടുക്കേണ്ടത് .കഥ നടക്കുന്നത് കൊച്ചിയില്‍ .അവിടത്തെ ഐ റ്റി കമ്പനി അവിടെ ജോലിക്ക് ചേരുന്ന ക്ലീന്‍ ഷേവ്  ഫ്രെഷര്‍ പയ്യന്‍. നവീന്‍ പോളി മുതല്‍ താഴോട്ട് ആരുമാകാം .ബോസ്സ്,  നമ്മുടെ ശ്വേത  മേനോന്‍ പ്രസവ അവധിയില്‍ ആയതിനാല്‍ മംത മതി എന്ന് വെക്കാം.നായിക  നിര്‍ബന്ധമായും വിവാഹ മോചനം കഴിഞ്ഞത് ആയിരിക്കണം . ബംഗ്ലൂറിലെ ജീവിതവും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊച്ചിയില്‍ പുതിയൊരു അടിച്ചു  പൊളി   ജീവിതം ലക്‌ഷ്യം വെച്ച് വരുന്നവള്‍ ആയിരിക്കണം. അതിനു വേണ്ടി നായികയും കൊച്ചിയിലെ കൂട്ടുകാരിയുമായി  ഫോണിലോ നേരിട്ടോ ഉള്ള ഒരു സംഭാഷണ രംഗം .അതില്‍ മലയാളി പുരുഷന്‍മാരുടെ സകല തോട്ടിത്തരങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെടണം. ഒപ്പം സ്വന്തം ജീവിത വീക്ഷണവും.പയ്യന്‍  വെറും ആക്രാന്തം ചുറ്റും ഉള്ളവനെല്ലാം നടക്കുന്നു എനിക്ക് മാത്രം നടക്കുന്നില്ല എന്ന ലൈന്‍. കമ്പനി ചെയര്‍മാന്‍ അനൂപ്‌ മേനോന്‍ .പുള്ളി ഇടയ്ക്കിടെ നമ്മുടെ ലാലേട്ടന്‍ മോഡല്‍ തത്വജ്ഞാനം വിളമ്പി തരും. പിന്നെ  ഫഹദ്  ഫാസില്‍  മോഡല്‍ നിക്കര്‍ ഒന്ന് (സോറി രണ്ടു. ഒരെണ്ണം നായികക്കും ഇരിക്കട്ടെ ) . പിന്നെ കോഫി മഗ് , ലാപ്പ് ടോപ്പ് (സ്മാര്‍ട്ട്‌ ഫോണോ ടാബ്ലറ്റോ ആയാല്‍  ഉത്തമം ), ബ്ലൂ ടൂത്ത് ഹെഡ് ഫോണ്‍, മദ്യകുപ്പി , (നായികക്ക് വേണമെങ്കില്‍ സിഗറെട്ടും  ആകാം ) ഇവയെല്ലാം പാകത്തിന് .ഇടവേള കഴിഞ്ഞു ഇവര്‍ രണ്ടു പേരും നാട്ടിലെക്കൊന്നുമല്ല മറിച്ചു ഒരു ഓവര്‍സീസ് assignment ന്‍റെ  ഭാഗമായി  വിദേശത്തേക്ക്  ആണ് പോകേണ്ടത് .അവിടെ വെച്ച് ഒന്നും നടക്കരുത് .പക്ഷെ ഇപ്പം നടക്കും എന്നൊരു ഫീല്‍ കൊടുത്തു കൊണ്ടിരിക്കണം.അനൂപ്‌ മേനോന്‍ ഒഴികെ ഈ സിനിമയിലുള്ള സകല കഥാപാത്രങ്ങളും ലൈംഗിക ബന്ധങ്ങളെ (അതും അവിഹിതം ഓര്‍ ആഗ്രഹം  ഒണ്‍ലി ) കുറിച്ച് മാത്രമേ സംസാരിക്കാവു. പിന്നെ  ഒരു രണ്ടു മണികൂര്‍ കഴിയുമ്പോള്‍  ഇതുമായി വലിയ ബന്ധം ഒന്നുമില്ലാത്തഎന്തെങ്കിലുംപറഞ്ഞു  കഥ നിര്‍ത്തുക.ഇവിടെ വേണമെങ്കില്‍ പയ്യനെ ഗേ ആണെന്ന് കാണിച്ചു ഒരു ട്വിസ്റ്റ്‌ കൂടെ കൊടുക്കാം  . എന്നിട്ട് സംവിധാനം വി കെ പ്രശാന്ത് എന്ന് എഴുതി കാണിക്ക കൂടി ചെയ്താല്‍ അണ്ണാ ഈ പടം ഓടുന്ന ഓട്ടം ചില്ലറ വല്ലതും  ആയിരിക്കുമോ ? സംഗതി മുട്ടന്‍ ന്യൂ
ജനറെഷന്‍  ആയില്ലേ ..വിവരം വേണം  അണ്ണാ  വിവരം

അനിയാ നിന്നെ നമിച്ചു . ഇത്ര  കഴിവുള്ള നിന്നോട് സംസാരിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല.നീ ഇങ്ങനെ  റിവ്യൂ എഴുതി നശിക്കേണ്ടവനേ  അല്ല .എളുപ്പം പോയി ഒരു സിനിമ സംവിധാനം ചെയ്യെടാ . ഇപ്പോളുള്ള സംവിധായകരെകാളും  ദ്രോഹം നീ എങ്ങനെ വിചാരിച്ചാലും ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നില്ല

Note : ഒരു കാര്യം പറയാന്‍ വിട്ടു ഇതു എഴുതി ക്കഴിഞ്ഞപ്പോള്‍  ആണ് ശ്രീനിയെ കണ്ടത് .ആശാന്‍ ആദ്യ ദിവസം ആദ്യ ഷോ ക്ക് ഈ ചിത്രം കണ്ട ആളാണ്‌ .തിരുവനതപുരം ശ്രീകുമാര്‍ തീയറ്ററില്‍ ഈ സിനിമ കണ്ടു കൊണ്ട് ഇരിക്കുമ്പോള്‍ ഇടവേളക്കു എഴുതി കാണിച്ചു അത്രെ അടുത്ത പടം ഈ തീയറ്ററില്‍ 101 wedding എന്ന ചിത്രം എന്ന് . ആ സിനിമയുടെ പോസ്റ്ററുകള്‍ പോലും ഒട്ടിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഉടനെ പ്രതീക്ഷിക്കാവുന്നതും ആണ് . അപ്പോള്‍ ഇവര്‍ക്കൊക്കെ ഇറങ്ങുന്നതിനു മുന്‍പ് തന്നെ ഇതു പൊളിയാണ്  എന്നും ആധിക ദിവസം ഓടില്ല എന്നും അറിയാമായിരുന്നോ ? ആ ....ആര്‍ക്കറിയാം ?????
 



 

Saturday, October 27, 2012

ചക്രവ്യുഹ് (Chakravyooh : Review)

അണ്ണാ നിങ്ങള്‍ ഹിന്ദി സിനിമ ഒക്കെ കാണുമോ ?


കാണുമല്ലോ എന്താ ?


അല്ല എന്തരോ വ്യുഹം എന്നൊരു പടം വന്നു പോലും.കറിയാച്ചനു സംഗതി ഇപ്പം തന്നെ കളകൂടത്തില്‍  വേണം . എനിക്കാണേല്‍ ഹിന്ദി അറിയത്തുമില്ല . ഒന്ന് .....


പിന്നെ ... ഭാഷ അറിയുന്നതൊക്കെ നീ വെച്ച് കലക്കുന്നുണ്ടല്ലോ ചക്രവ്യുഹ് എന്ന    ഈ സിനിമയെ പറ്റി പറഞ്ഞാല്‍ പ്രകാശ് ജഹ എന്ന സംവിധായകനെ എനിക്കിഷ്ട്ടമാണ് . ഗംഗാജല്‍ എന്ന അജയ്ദേവ  ഗണ്ണ്‍ ചിത്രം മുതലാണ് ഈ സംവിധായകനെ  ഞാന്‍  ശ്രദ്ധിച്ചു  തുടങ്ങുന്നത് .   പിന്നീടു  വന്ന  ആരക്ഷണ്ണ്‍ ,  രാജ് നീതി  എന്നെ  ചിത്രങ്ങളെല്ലാം  എനിക്ക്  ഈ  സംവിധായകനോടുള്ള  ഇഷ്ട്ടം  വര്‍ദ്ധിപ്പിച്ചത്തെ ഉള്ളു . ഈ  സംവിധായകന്‍റെ  ചിത്രങ്ങളില്‍  വേദനിപ്പിക്കുന്ന  സത്യങ്ങള്‍  ഉണ്ടെന്ന  തോന്നല്‍  ആകാം (മലയാളത്തില്‍ കഴിഞ്ഞ ഒരു പത്തു വര്ഷം നോക്കിയാല്‍ ഒരു പക്ഷെ ഒരു അച്ഛന്‍ ഉറങ്ങാത്ത വീട് കാണും പറയാന്‍ !!)   ഇതിനു   കാരണം  .അല്ലെങ്കില്‍ സമകാലീന വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ മിടുക്കാകാം. പ്രേക്ഷകരോട് സംവേദിക്കുന്ന സിനിമകള്‍ ആകാം. അതും അല്ലെങ്കില്‍ പച്ച മനുഷ്യരുടെ കഥ പറയുന്നതാകാം. അതിനു മുന്‍പ് എനിക്ക് ഇഷ്ടമായിരുന്ന ജെ പി ദത്തയുടെ ചിത്രങ്ങള്‍ പഴയ നിലവാരം പുലര്‍താത്തതും ഞാന്‍ പ്രകാശ്‌ ജ്ച്ചായുടെ ചിത്രങ്ങളിലേക്ക് തിരിയാന്‍ കാരണമായി.  

അല്ല ഇപ്പോള്‍ പറഞ്ഞ ഈ ദത്തയെ അല്ലേ  നമ്മുടെ   രഞ്ജിത് ഹിന്ദിയിലെ മേജര്‍ രവി എന്ന് വിളിച്ചതു .

വിവരക്കെടിനും വേണ്ടേ ഒരതിര്?  നീ ക്ഷമി

പതിവ് പോലെ കാടു കേറുന്നതിനു മുന്‍പ് തിരിച്ചു വരാം.ഈ    ചിത്രത്തില്‍ അഭിനയിക്കുന്നത് അഭയ് ഡിയോള്‍, അര്‍ജുന്‍ രാംപാല്‍ ,ഇഷാ ഗുപ്ത, കബീര്‍ ബേദി , മനോജ്‌ വാജ്പേയി, ഓം പുരി,അഞ്ജലി പാട്ടില്‍  തുടങ്ങിയവരാണ് സംവിധാനം പ്രകാശ് ജ്ച്ചാ , തിരകഥ അഞ്ജും രാജ്ബാലിയും സംവിധായകനും ചേര്‍ന്ന് നിര്‍വഹിക്കുന്നു.ഇറോസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് .

ശരി അപ്പോള്‍ കഥയോ?

കഥയിലേക്ക്‌ കടക്കുന്നതിനു മുന്‍പ് ഒരല്‍പം ഫ്ലാഷ് ബാക്ക് . പഴയ കാല സംവിധായകരില്‍ എനികേറ്റവും ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളായ ഋഷികേശ് മുഖര്‍ജി . അദേഹം എടുത്ത കലക്കന്‍ ചിത്രങ്ങളില്‍ ഒന്നായ നമക്ക് ഹറാം. സുപ്പര്‍ താരങ്ങള്‍ രാജേഷ്‌ ഖന്നയും അമിതാബ് ബച്ചനും മത്സരിച്ചു അഭിനയിച്ച ചിത്രം . കൂടുതല്‍ നല്ല കഥാപാത്രം രാജേഷ്‌ ഖന്നയുടെ ആയിരുന്നു എങ്കിലും ഒരൊറ്റ രംഗത്തെ പ്രകടനത്തില്‍ രംഗം കൈയടക്കിയ അമിതാബ് .നല്ല ഗാനങ്ങള്‍ , സംഭാഷണം , അഭിനയം, പുതുമയുള്ള കഥ അങ്ങനെ പലതും ആ ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു. പിന്നിട് ഇതേ കഥ വള്ളി പുള്ളി വിടാതെ ഹരിഹരന്‍ അങ്കുരം എന്ന പേരില്‍ നസീറിനെയും സുകുമാരനേയും വെച്ച് ചെയ്തിട്ടുണ്ട്   .വര്‍ഷങ്ങള്‍ക്കു ശേഷം അദ്വൈതം എന്ന ചിത്രത്തില്‍ ശ്രീ പ്രിയദര്‍ശനും മോഹന്‍ലാല്‍ - ജയറാം ത്രെഡില്‍ കൂടി പറയാന്‍ ശ്രമിച്ചതും ഇതേ കഥ തന്നെ.  


അണ്ണന്‍ പൊതു വിജ്ഞാനം പ്രദര്‍ശിപ്പിക്കുവാണോ? ഇതൊക്കെ പറയാന്‍ ഇപ്പോള്‍ ....


അനിയ ശരിക്കും ഈ ചിത്രം നമ്മുടെ സംവിധായകര്‍ ഒരു പാഠപുസ്തകം ആക്കേണ്ടത് ആണ് . പ്രത്യേകിച്ചും മുകളില്‍ പറഞ്ഞ സംവിധായകര്‍ കൂടാതെ
 പഴയ സിനിമ പുനര്‍നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ .(സിംഹാസനം എടുത്ത ഷാജിക്കും, ജാക്കി എടുത്ത നീരദിനും, ഇനി രാജാവിന്‍റെ മകന്‍ ഉണ്ടാക്കുന്ന തമ്പിച്ചായനും ഒക്കെ ഇതു ബാധകമാണ്) മുകളില്‍ പറഞ്ഞ അതേ കഥ തികച്ചും സമകാലീന പ്രസക്തിയുള്ള ഒരു വിഷയവുമായി കൂട്ടി കെട്ടി വൃത്തിയായി പറയുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമാണോ ?


അല്ല...... എന്ന് വെച്ചാല്‍.... എന്താ കഥ ?

അനിയാ നന്ദിഗാട്ട് എന്ന ഗ്രാമം. അവിടം കാലങ്ങളായി മാവോ വാദികളുടെ നിയത്രണത്തില്‍ ആണ് .അവിടെ ഒരു വമ്പന്‍ വ്യവസായി (കബീര്‍ ബേദി)  ഒരു പ്രൊജക്റ്റ്‌ ആരംഭിക്കാന്‍ തുടങ്ങുന്നു . സ്ഥലം ഒഴിപ്പിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ഇവരുടെ പുറകില്‍ ഉണ്ട്.ഗ്രാമവാസികളില്‍ നിന്ന് ബലമായി ഭൂമി പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്ന  തീവ്രവാദി നേതാവ് രാജന്‍ (മനോജ്‌ ബാജ്പേയി) , തന്നെ പിടിക്കാന്‍ ശ്രമിക്കുന്ന പോലിസുക്കാരെ കൂട്ടകൊല നടത്തി
ഭീകര അന്തരീക്ഷം സൃഷ്ട്ടികുന്നതോടെ അവിടെ ചാര്‍ജ് ഏറ്റെടുക്കാന്‍ ഒരു
പോലീസ് ഉദ്യോഗസ്ഥനും തയ്യാര്‍ ആകുന്നില്ല.സാഹസികനായ ഓഫീസര്‍ ആതില്‍ ഖാന്‍ (അര്‍ജുന്‍ രാംപാല്‍ ) ആ ദൌത്യം ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന്റെ  ഭാര്യയും (ഇഷാ ഗുപ്ത)  പോലീസില്‍ ആണ്. ഇവരുടെ ഉറ്റ സുഹൃത്താണ്‌ കബീര്‍ (അഭയ് ഡിയോള്‍ )  ഇയാളും  പണ്ട് ഇവരോടൊപ്പം പോലീസ്  ട്രെയിനിങ്ങില്‍ പങ്കെടുത്തു എങ്കിലും ഇടയ്ക്ക്  വെച്ച് പുറത്താക്കാപ്പെടുകയായിരുന്നു . ഇവരുടെ രണ്ടു പേരുടെയും വിലക്ക് വക വെക്കാതെ ആണ്  ആതില്‍ പുതിയ ദൌത്യം ഏറ്റെടുക്കുന്നത് .നന്ദിഗാട്ടില്‍  എത്തുന്ന ആതില്‍ ചെറിയ വിജയങ്ങള്‍ കൈ വരിക്കുന്നു എങ്കിലും തീവ്രവാദികളെ കുരുക്കാനുള്ള ശ്രമം പരാജയപ്പെടുകയും പരുക്കേറ്റു ആശുപത്രിയില്‍ ആകുകയും ചെയ്യുന്നു.തികച്ചും impulsive ആയി പ്രവര്‍ത്തിക്കുന്ന കബീര്‍ സ്നേഹിതനെ സഹായിക്കാന്‍ തീരുമാനിക്കുന്നു . രണ്ടു പേരും ചേര്‍ന്ന് പ്ലാന്‍ ചെയുന്ന ഓപ്പറെഷന്‍ അനുസരിച്ച് കബീര്‍ വിപ്ലവകാരികളുടെ കൂട്ടത്തില്‍ തികച്ചും സ്വാഭാവികമായി  നുഴഞ്ഞു കയറുന്നു.കബീറില്‍ നിന്ന് ചോര്‍ത്തി കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നേറുന്ന ആതില്‍ തീവ്രവാദികള്‍ക്കെതിരെ വന്‍ വിജയങ്ങള്‍ കൈ വരിക്കുന്നു .ഒരു ഘട്ടത്തില്‍ രാജന്‍ പോലും ആതിലിന്‍റെ പിടിയില്‍ ആകുന്നു .പരിപൂര്‍ണ വിജയത്തിന്‍റെ തൊട്ടടുത്ത്‌ എത്തി നില്‍ക്കുന്ന വേളയില്‍ കബീറിന് മനം മാറ്റം ഉണ്ടാകുന്നു.സര്‍ക്കാരില്‍ നിന്നും ഒന്ന് കിട്ടാത്ത ഗ്രാമീണനില്‍ നിന്ന് അവന്റെ അവസാന ആശ്രയമായ അവന്റെ കൃഷി ഭൂമി കൂടി പിടിച്ചെടുത്തു കുത്തക മുതലാളിമാര്‍ക്ക് അടിയറ വയ്ക്കുന്നതിനെ എതിര്‍ക്കുന്നത് തെറ്റാണോ എന്ന് അയാള്‍ സ്വയം ചോദിക്കുന്നു .തുടര്‍ന്ന് ആതിലുമായുള്ള സൌഹൃതം അവസാനിപ്പിച്ച്‌ കബീര്‍ ശരിക്കും വിപ്ലവകാരിയായി  മാറുന്നു .സാഹസികമായി പ്രവര്‍ത്തിക്കുന്ന കബീര്‍ രാജന്‍റെ സ്ഥാനം സംഘടനയില്‍ ഏറ്റെടുക്കുന്നു . ഭൂമി ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന വ്യവസായ പ്രമുഖന്‍റെ  മകനെ തട്ടിയെടുത്തു വിലപേശി രാജനെ മോചിപ്പിക്കുന്നു .ഇതിനിടെ ആതില്‍ താനും കബീറും സുഹൃത്തുക്കള്‍ ആയിരുന്നു എന്നത് ഒരു പത്രം വഴി വെളിപ്പെടുത്തുന്നു .വിപ്ലവകാരികള്‍ കബീറിനെ ചോദ്യം ചെയ്യുമ്പോള്‍ ഇവരെ പിന്തുടര്‍ന്ന് പോലീസ് താവളം വളയുന്നു. അവസാന പോരാട്ടത്തില്‍ സഖാക്കളേ രക്ഷപ്പെടുത്തി കബീറും മറ്റൊരു  വിപ്ലവകാരിയായ ജുഹിയും (അഞ്ജലിപാട്ടീല്‍) വെടി കൊണ്ട് വീഴുന്നു. പോരാട്ടം  ഇനിയും  തുടരും  എന്ന സൂചന നല്‍കി ചിത്രം അവസാനിക്കുന്നു .

ഓ.... ഇതാണോ വലിയ സംഭവം? ഇതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു ? 


അനിയാ ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അടിസ്ഥാനപരമായി ഈ ചിത്രത്തിന്‍റെ കഥ പലതവണ പറഞ്ഞു കഴിഞ്ഞതാണ് . പക്ഷെ തികച്ചും സമകാലീനമായ സംഭവങ്ങളും കാലഘട്ടവും ഉള്‍പ്പെടുന്ന ഒരു പാശ്ചാത്തലതിലേക്ക് പറിച്ചു നടുമ്പോള്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വല്ലാത്തൊരു മിഴിവും വ്യക്തിത്വവും ഉണ്ടാകുന്നു ഒപ്പം രണ്ടര മണികൂര്‍ നേരത്തെ നല്ലൊരു സിനിമ അനുഭവവും.കൂടെ ചിത്രത്തിന്‍റെ ഇതി വൃത്തതോട് ചേര്‍ന്ന് പോകുന്ന സംഗീതവും

അതിരിക്കട്ടെ അഭിനയമോ ?

ആതില്‍ ഖാനെ അവതരിപ്പിച്ച അര്‍ജുന്‍ റാം പാലാണോ കബീറിനെ അവതരിപ്പിച്ച അഭയ് ഡിയോള്‍ ആണോ അതോ രാജന്‍ എന്നാ വിപ്ലവ നേതാവിനെ അവതരിപ്പിച്ച മനോജ്‌ ബാജ് പേയി ആണോ കൂടുതല്‍ നന്നായത് എന്ന് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല . മരിച്ചു ഇതില്‍ എല്ലാത്തിലും ഉപരി മികച്ച ഒരു സംവിധായകന്‍റെ കയോപ്പുള്ള ചിത്രം അതാണ് ചക്രവ്യൂഹ് .

ചുരുക്കത്തില്‍ .....

സ്വന്തം ആയിട്ടു ആലോചിക്കാന്‍ കഴിവില്ലെങ്കില്‍ അതുള്ളവന്‍ ചെയ്യുന്നത് കണ്ടു എങ്കിലും പഠിക്കാന്‍ നോക്ക് പ്ലീസ്.........



 

Sunday, October 21, 2012

അയാളും ഞാനും തമ്മില്‍ (Ayalum njanum thammil : Review )

ലോ.... ലയാളും ഞാനും തമ്മില്‍


മനസിലായില്ല

അല്ല അണ്ണാ അങ്ങനെ ഏതാണ്ട് പടം ഇറങ്ങിയില്ലേ?   മഹാപാപി.... ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന പടത്തെ പറ്റിയാണോ ഈ പറയുന്നേ?

ഓ അത് തന്നെ

ശ്രീ പ്രേം പ്രകാശ്‌ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബോബി സഞ്ജയ്‌ കഥ തിരകഥ അഭിനേതാക്കള്‍ പ്രതാപ്‌ പോത്തന്‍ , പ്രിത്വിരാജ് , നരേന്‍ , സംവൃത സുനില്‍ , രമ്യ നമ്പീശന്‍ , റീമ കല്ലിങ്ങല്‍, സുകുമാരി , അനില്‍ മുരളി അങ്ങനെ പോകുന്നു .സംഗീതം ഔസേപ്പച്ചന്‍

കഥ ..?

ഈ ചിത്രം പറയുന്നത് രവി തരകന്‍ (പ്രിത്വിരാജ്) എന്ന യുവ ഡോക്റ്ററും സാമുവല്‍ എന്ന സീനിയര്‍ ഡോക്റ്ററും ആയുള്ള ബന്ധത്തിന്റെ കഥയാണ്.ഒപ്പം ആ ബന്ധത്തിന്‍റെ കയറ്റ ഇറക്കങ്ങളില്‍ കൂടി തികച്ചും  കെയര്‍ ഫ്രീ ആയി ജീവിച്ചിരുന്ന രവി തരകനില്‍ കാലക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും.ഏറ്റവും ചുരുക്കത്തില്‍  പറഞ്ഞാല്‍ ഇതാണ് ഈ ചിത്രത്തിന്‍റെ കഥ.

 ഇത്രയെ ഉള്ളോ ?

അനിയാ ആദ്യമായി ഇതൊരു സാരോപദേശ കഥയല്ല. നമ്മുടെ ലാലേട്ടനും രഞ്ജി
ത്തും  ചെയ്തത് പോലെ സമൂഹത്തെ മൊത്തത്തില്‍ ഉപദേശിച്ചു ഒരു വഴിക്കകാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചു എന്ന് തോന്നുന്നില്ല .മറിച്ചു രവി തരകന്‍ എന്ന മനുഷ്യന്‍ കേന്ദ്ര ബിന്ദു ആയ കഥയിലൂടെ ജീവിതം അയാളുടെ സീനീയര്‍ ആയ സാമുവെല്‍ ഉള്‍പ്പെടുന്ന ചുറ്റുപാടുകള്‍ അയാളെ പഠിപ്പിക്കുന്നതും അതൊക്കെ അയാളില്‍ ക്രമേണെ വരുത്തുന്ന മാറ്റങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . മെഡിക്കല്‍ കോളേജില്‍ ഉഴപ്പി നടന്നു കോപ്പിയടിയും, കൂടെ പഠിക്കുന്ന സൈനു (സംവൃത സുനില്‍) വുമായുള്ള പ്രണയവും സുഹൃത്തുക്കളായ വിവേകും (നരേന്‍), ബാബുജിയും ഒക്കെ  ആയി  അടിച്ചു  പൊളിച്ചു  നടന്ന  കോളേജ്  ജീവിതത്തിനു  ശേഷം  നിര്‍ബന്ധിത  ഗ്രാമീണ  സേവനത്തിനായി  മുന്നാറില്‍   എത്തുമ്പോള്‍  അവിടെ തന്‍റെ ജോലി ഒരു സേവനമായി കാണുന്ന ഡോക്ടര്‍ സമുവലിനെയാണ് (പ്രതാപ്‌ പോത്തന്‍ ) രവി തരകന്‍ കണ്ടു മുട്ടുന്നത് .


അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ ജനങളുടെ കഷ്ട്ടപ്പാട് കണ്ടു രവി ആകെ മാറി ഒരു നല്ല ഡോക്ടര്‍ ആയി മാറുന്നു ഇതല്ലേ സംഭവം?

അതല്ലേ ഞാന്‍ പറഞ്ഞതു . ഈ ചിത്രത്തില്‍ എല്ലാവരും തികച്ചും സ്വാഭാവികമായാണ് നില കൊള്ളുന്നത്‌ .രവി തരകന്‍ എന്ന മനുഷ്യന്‍ ഒരിക്കലും നായക ഗുണങ്ങള്‍   ഉള്ള ഒരു മനുഷ്യനല്ല കുറഞ്ഞ പക്ഷം സിനിമയുടെ അവസാനം വരെ എങ്കിലും അയാള്‍ തികച്ചും ഒരു സാധാരണ മനുഷ്യനാണ് . തന്‍റെ പ്രണയം തകര്‍ക്കുന്ന പുരുഷോത്തമാനോടുള്ള പെരുമാറ്റത്തിലും , സുഹൃത്തായ സുപ്രിയയുമായി പ്രണയത്തില്‍ അകാതിരിക്കുന്നതിലും ഒക്കെ അയാളില്‍ കാണുന്നത് ആ സാധാരണ മനുഷ്യനെയാണ്‌.
പിന്നെ തിരകഥ ഒരുക്കിയിരിക്കുന്ന രീതി , ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്ന രീതി ക്ലാസ്സ്‌ മേറ്റ്ല്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ നമുക്കൊരിക്കലും ആവര്‍ത്തന  വിരസത തോന്നിക്കില്ല. (
ഒരു രോഗി മരിച്ച കേസില്‍ എല്ലാരും തേടുന്ന ഡോ രവി  തരകനെ അന്വേഷിക്കുന്നതിനിടയിലാണ് ഫ്ലാഷ് ബാക്കിലൂടെ അയാളുടെ കഥ ഇതള്‍ വിരിയുന്നത് )പ്രണയം തകരുമ്പോളും, സമുവലുമായി അകലുബോളും അങ്ങനെ ആ ചിത്രത്തിലെ ഓരോ സംഭവത്തിലും തികച്ചും  സ്വാഭാവികമായി ആണ് ആ കഥാപാത്രം മാത്രമല്ല  മറ്റെല്ലാ കഥാപത്രങ്ങളും പെരുമാറുന്നത്.തീര്‍ച്ചയായും അത് തിരകഥ ക്രിത്തുക്കളുടെ വിജയമാണ്.നല്ല ഗാനങ്ങള്‍ നല്ല ചായാഗ്രഹണം എന്നിവയും എടുത്തു പറയേണ്ടതാണ്‌


എന്നാലും ആ ജവാന്‍ ഓഫ് വെള്ളിമാലയിലെ സാമൂഹ്യ പ്രസക്തി .. അത് ഈ ചിത്രത്തില്‍ കുറവല്ലേ ?

മന്ത്രി മണല്‍ മാഫിയ നടത്തി കാശുണ്ടാക്കുന്ന , എഞ്ചിനീയര്‍ ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത ടേപ്പ് കാണിക്കുമ്പോള്‍ രാജി വെച്ച് അറസ്റ്റ് വരിക്കുന്ന സാമൂഹ്യ പ്രസക്തി അല്ലെ ? അത് കുറവാ അനിയാ. നീ ക്ഷമി .

ശരി അതൊക്കെ ക്ഷമിക്കാം അഭിനയം അതാണല്ലോ സംഗതി . അവിടെ പ്രിത്വിരാജ് എന്തായാലും മോശമായി കാണും എനിക്ക് ഉറപ്പല്ലേ . സുപ്പെര്‍ താരങ്ങളുടെ മറ്റേ അനായാസമായ ശൈലി അത് കിട്ടാന്‍ എന്ത് ചെയ്യും ?


അനിയാ ഈ അഭിനയം അളക്കാനുള്ള ത്രാസ് ഒന്നും ഇതു വരെ കണ്ടു പിടിക്കാത്തത് കൊണ്ട് പറയട്ടെ . ഈ ചിത്രം പ്രിത്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ് . തന്‍റെ കരിയരിലെ മികച്ച ചിത്രങ്ങളുടെ  കൂട്ടത്തില്‍ ഒന്നായി ഇതിനെ ഈ നടന് നിസംശയം എണ്ണാവുന്നതാണ് .ഓരോ ജീവിതാനുഭവങ്ങളിലൂടെ മാറ്റം വരുന്ന രൂപത്തിലും ശരീരഭാഷയിലും ഉള്ള ചെറിയ കാര്യങ്ങള്‍ പോലും നന്നായി ഒരുക്കാന്‍ ആ നടനും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ശ്രദ്ധിച്ചു . വ്യകതിത്വം ഇല്ലാത്ത ഒരു കഥാപാത്രം പോലും എല്ലാ എന്നതാണ് എനിക്ക് തോന്നിയ മറ്റൊന്ന്


എന്നാലും പ്രണയത്തില്‍ പരാജയപ്പെടുന്ന നായകന്‍ നിസഹായനായി പെങ്കൊച്ചിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം ഒരിക്കലും ഒരു നായക കഥാപാത്രത്തിന് ചേര്‍ന്നതല്ല .

അല്ലെടെ സത്യത്തില്‍ ആ രംഗം ചെയ്യേണ്ടത് ഇങ്ങനെയാണ് നായകന്‍ കൂളായി ആ യാഥാസ്ഥിതിക മുസ്ലിം തറവാടിന്‍റെ പൂമുഖത്തേക്ക് കയറി ചെല്ലുന്നു . ചുറ്റും നോക്കുന്നു . എന്നിട്ട് പറയുന്നു .
"നിങ്ങള്ക്ക്  ഇവിടെ   എല്ലാമുണ്ട് പക്ഷെ സ്നേഹം മാത്രം ഇല്ല. എന്‍റെ വീട്ടില്‍ സ്നേഹം ടണ്‍ കണക്കിന് വെറുതെ കിടക്കുന്നു .നിങ്ങള്‍ കുട്ടിയെ എന്‍റെ കൂടെ വിട് ആ സ്നേഹം മുഴുവന്‍ ഞാന്‍ അവള്‍ക്കു തിന്നാന്‍ കൊടുക്കാം " ഈ ഡയലോഗ് കഴിയുന്നതും ഓ അങ്ങനെയയിരുന്നോ കാര്യങ്ങള്‍ എന്നാ ഭാവത്തില്‍ വീട്ടുകാര്‍ വഴിമാറി കൊടുക്കുന്നു .നായകന്‍ നായികയുമായി സ്ലോ മോഷനില്‍ പോകുന്നു . എങ്ങനെയുണ്ട് ഇതു പോരേടാ ? നീയടക്കം സകല നാറികളും തകര്‍പ്പന്‍ എന്നെഴുതി ഒലത്തിയ ഒരു സിനിമയിലെ രംഗമാണ് .അത് പോലെ മതിയോ ?

അപ്പോള്‍ ചുരുക്കത്തില്‍ ....

ഈ വര്‍ഷം ഇറങ്ങിയ താര ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് . ഇനി അങ്ങനെ അല്ല എങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന്. ആര്‍പ്പു വിളികളോ ആഘോഷങ്ങളോ  ഇല്ലാതെ സമാധാനമായി സ്വസ്ഥമായി കണ്ടു വരാവുന്ന ഒരു നല്ല ചിത്രം.ഈ ചിത്രം കാണുന്നു എങ്കില്‍ കഴിയുമെങ്കില്‍ ആദ്യം മുതലേ കാണണം . ആദ്യ രംഗങ്ങള്‍ മിസ്സ്‌ ചെയാതിരുന്നാല്‍ നന്ന്

ജവാന്‍ ഓഫ് വെള്ളിമല (Jawan Of Vellimala : Review )

നിറഞ്ഞു കവിഞ്ഞ ജന കൂട്ടം ശ്വാസം അടക്കി പിടിച്ചു ആ ചരിത്ര മുഹൂര്‍ത്തത്തിനു  സാക്ഷി ആകാന്‍   കാതോര്‍ത്തിരിക്കുന്നു . ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന  നിശബ്ദത . ആദ്യ വിസില്‍ മുഴങ്ങികഴിഞ്ഞു . അതാ .. ആര്‍ത്തിരമ്പുന്ന ജനകൂട്ടത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ സുപ്പര്‍  താരം പന്ത് കൈക്കലാക്കി കഴിഞ്ഞു.പന്ത്  കയ്യില്‍  കിട്ടിയാല്‍ പിന്നെ അദേഹത്തെ പിടിച്ചാല്‍ കിട്ടില്ല എന്നറിയാവുന്ന ജനകൂട്ടം ആര്‍ത്ത് ഇരമ്പി മറിയുന്നു . പന്തുമായി ഒരു ചാട്ടുളി പോലെ മുന്നോട്ടു നീങ്ങുന്ന താരത്തിന്‍റെ ഓരോ നീക്കത്തിലും തന്‍റെ ഉറച്ച നിശ്ചയ ദാര്‍ഡ്യം പ്രകടമാണ് .തികഞ്ഞ വൈദഗ്യത്തോടെ ഓരോ കളിക്കാരെയും വെട്ടിച്ചു അദേഹം പന്തുമായി കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് . തന്‍റെ പ്രായത്തെ തെല്ലും വക വൈക്കാതെ ഉള്ള ഈ അസാമാന്യ പ്രകടനം  കണ്ടു ജനങ്ങള്‍ ഉന്മാദത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു . മറ്റു  കളിക്കാരെ  അത് ഭുദപ്പെടുത്തിക്കൊണ്ട് അദ്ദേഹം  ഇതാ ഒരു മിന്നല്‍ പിണര്‍ പോലെ ഗോള്‍ വലയത്തിനു മുന്നില്‍ എത്തികഴിഞ്ഞു . പേടിച്ചു വിറച്ചു നില്‍ക്കുന്ന ഗോളിയുടെ ഹൃദയമിടിപ്പ്‌ എനിക്ക് ഇവിടെ നിന്ന് കേള്‍ക്കാം . അതാ അദേഹം ഒരു ഉഗ്രന്‍ സിസ്സര്‍ കട്ടിലൂടെ അദ്ദേഹം  ആ മഹാ അത്ഭുദം വീണ്ടും കാണിച്ചിരിന്നുന്നു. ഗോ ഓഓഓഓഓഓഓഓ ള്‍ ........................... സ്വന്തം ഗോള്‍ പോസ്റ്റില്‍ തുടര്‍ച്ചയായ പത്താം ഗോളും അടിച്ചു അദേഹം ഒരു ലോക റെക്കോര്‍ഡ്‌ തന്നെ സ്ഥാപിചേക്കും എന്ന് കരുതുന്ന രീതിയിലുള്ള പ്രകടനമാണ് ഇവിടെ നമ്മള്‍ കണ്ടത്.
 അണ്ണാ ഇതെന്തോന്ന് . നിങ്ങള്‍ സിനിമ വിട്ടു കായിക രംഗത്തേക്ക് തിരിഞ്ഞോ ?

അല്ലെടെ ഇതു നമ്മുടെ പുതിയ സുപ്പര്‍ താര ചിത്രം ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ പറ്റി ഒരു കുറിപ്പ് എഴുതുകയായിരുന്നു.

ഓ അതും കണ്ടോ . എങ്ങനെയുണ്ട് സംഭവം ?

അനിയ ശ്രീ മമ്മൂട്ടി പ്ലേ ഹൌസ് എന്ന തന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനി വഴി നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്ന ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. പുതുമുഖ സംവിധായകന്‍ അനൂപ്‌ കണ്ണന്‍ ആണ് സംവിധായകന്‍ ജെയിംസ്‌ ആല്‍ബര്ട്ട് തിരകഥ , അഭിനേതാക്കള്‍ സുപ്പര്‍ താരം കൂടാതെ അപ്പ്‌ കംമിംഗ് ടെറര്‍ കടയാടി ആസിഫലി , മലയാളത്തിന്‍റെ  കുന്നേല്‍ ബാബുരാജ് , പിന്നെ മമത , ശ്രീനിവാസന്‍ അങ്ങനെ കുറേപ്പേര്‍ .വെള്ളിമല എന്ന ഗ്രാമം അവിടെ അടിക്കടി വെള്ളപൊക്കം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് നാട്ടുകാര്‍ സമരം ചെയ്തു അവിടെ ഒരു ഡാം ഉണ്ടാക്കി . അവിടുത്തെ പമ്പ്‌ ഓപ്പറേറ്റര്‍ ഗോപി കൃഷ്ണന്‍ (വേറെ ആര് ?)എന്ന വിമുക്ത ഭടനാണു നായകന്‍ .




നില്‍ക്കട്ടെ .. ഈ കഥാപാത്രത്തിന് ഉള്ള വ്യത്യസ്തത എന്താണ് ? പറഞ്ഞു വരുമ്പോള്‍ വ്യത്യസ്തമായ കഥാപത്രങ്ങളെ മാത്രമല്ലേ ഇവരൊക്കെ അവതരിപ്പിക്കാരുള്ളു. വല്ല പുതിയ വല്ല ലോക്കല്‍ ഡയലെക്ട്ടിക് .. മറ്റേ സാധനം ....? അതാണോ ?


അല്ല അനിയാ .പറഞ്ഞു വരുമ്പോള്‍ അതായിരുന്നു ഭേദം. ഇവിടെ  ഈ പട്ടാളക്കാരന്‍ ഭയങ്കര പേടിത്തൊണ്ടന്‍ ആണ് രാത്രി ഒറ്റക്കൊക്കെ ഇറങ്ങി നടക്കാന്‍ പേടിയാണ് ഇയാള്‍ക്ക് . പക്ഷെ അത് വെറും പേടിയല്ല ഇയാള്‍ക്ക് പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ ചിലപ്പോളൊക്കെ പ്രേതങ്ങളെ കാണാന്‍ കഴിയും !!! ഇയാള്‍ ജോലി ചെയുന്ന പമ്പ് ഹൌസ് ആകട്ടെ ആ നാട്ടിലെ ഒരു ആത്മഹത്യ സ്പോട്ടും പോരെ പൂരം !!!നാട്ടുകാര്‍ക്ക്‌   മുഴുവന്‍ ഇയാള്‍ ഒരു തമാശ കഥാപാത്രമാണ്. ഇയാള് പട്ടാളക്കാരന്‍  ആയിരുന്നോ  എന്ന്  പോലും  ആള്‍ക്കാര്‍ക്ക്  സംശയം ആണ്.അങ്ങനെ സംവിധായകനും നായകനും ചേര്‍ന്ന് നമ്മളെ ചിരിപ്പിച്ചു കൊല്ലും ബോളാണ് അവിടെ പുതിയ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വര്‍ഗ്ഗിസ് (ശ്രീനിവാസന്‍ ) ചര്‍ജെടുക്കുന്നത് .കണിശക്കാരനായ അദേഹം വന്ന ഉടന്‍ തന്നെ അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകയും ഗോപി കൃഷ്ണന്‍റെ സഹപാടി യുമായ (ദൈവം രക്ഷിക്കട്ടെ !!) അര്‍ച്ചന (മമത) യുമായി ചേര്‍ന്ന് അവിടുത്തെ അണകെട്ടിലെ ചോര്‍ച്ചയും അതിനു കാരണമായ ക്രമകെടുകളും കണ്ടു പിടിക്കുന്നു (കണ്ടു പിടിക്കുന്നതൊക്കെ പരമ രസമാണ് . ചോര്‍ച്ച കാണുമ്പോലെ ശ്രീനിവാസന്‍ തിരിഞ്ഞു ചീഫ് ഇഞ്ചിനീയര്‍ ഡുന്‍ഡു മോന്‍ ബാബു രാജിനോട് ഒരൊറ്റ ചോദ്യമാണ് "സിമന്റില്‍ കമ്പി ചെര്‍ക്കാതെയാണ് കോണ്‍ക്രീറ്റ് നടത്തിയതല്ലേ" എന്ന മട്ടില്‍ )   പാവം ബാബുരാജ് ആണെകില്‍ അത് വരെ നിരന്തരമായി കോമഡി കാണിച്ചു അവശ നിലയിലും !!!
  ഇതിനിടെ അച്ഛന്‍ കോണ്ട്രാക്റ്റ് എടുത്ത ബില്ല് മാറാന്‍ നടക്കുന്ന കോശി (ആസിഫലി ) വക ഉപദ്രവം വേറെ .പിന്നെ അങ്ങോട്ട്‌ കഥ സംഭവ ബഹുലമാവുകയാണ് .വര്‍ഗ്ഗിസിനെ കാണാതാകുന്നു .ഉരുള്‍  പൊട്ടാന്‍ സാധ്യത  ഉണ്ട് എന്ന് കേന്ദ്ര സംഘം  കണ്ടെത്തിയാതോടെ ഡാം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.  ബില്ല്  മാറി  കിട്ടാത്തത്  കൊണ്ട്   കോശി  ഡാമില്‍  നിന്ന് ചാടി ആത്മഹത്യ ചെയുന്നു .പക്ഷെ മരിക്കുന്നില്ല . അദേഹം കാട്ടില്‍ നീന്തി കയറി അവിടെ വില്ലന്മാര്‍ തടങ്ങളില്‍ വെച്ചിരിക്കുന്ന വര്‍ഗ്ഗിസിനെ കാണുന്നു ഗുണ്ടകള്‍ ഓടിക്കുന്നു . അകെ ബഹളം .പറയാന്‍ മറന്നു ഇവിടെ വില്ലന്മാര്‍ ഡുന്‍ഡു മോന്‍ മുതല്‍ അഭ്യന്തര മന്ത്രി വരെയുള്ള സംഘമാണ് .അവള്‍ അണകെട്ട് നിര്‍മാണ വെട്ടിപ്പ് മുതല്‍ മണല്‍ കടത്തു വരെ നടത്തും !!! പോരെ ഇതു കൈയില്‍  നില്‍ക്കില്ല എന്ന് മനസിലാക്കിയ കോശി സംഗതി ഗോപി കൃഷ്ണന്‍റെ അടുത്ത് എത്തിക്കുന്നു .പിന്നെയങ്ങോട്ട് ഗോപികൃഷ്ണന്‍ ബുദ്ധിയും ശക്തിയും മാറി മാറി ഉപയോഗിച്ചുള്ള ഒരു കളിയാണ്‌. ‍ താപ്പാനയില്‍ ഒക്കെ കാണിക്കുന്ന  ബുദ്ധിയൊക്കെ തന്നെ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ . നായകന് പ്രേതങ്ങളെ കാണാന്‍ കഴിയുന്നത്‌ പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഒരു ഞരമ്പ്‌ രോഗമാണ് എന്ന് ഡോക്ടര്‍ ശിവപ്രസാദ്‌ (രഞ്ജിത് -സംവിധായകന്‍ ) വന്നു സവിസ്തരം പറയുന്നുണ്ട് . അതും കൂടി കേള്‍ക്കുമ്പോള്‍ നായകന്‍ ഉഷാറായി കൂടുതല്‍ ബുദ്ധി ഉപയോഗിച്ച് നമ്മളെയും വില്ലമാരെയും പൊരുതി മുട്ടിക്കുന്നു .


പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒന്നുണ്ട് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് അത് കലക്കി.മമ്മുട്ടി എന്ന നടന്‍റെ എല്ലാ കഴിവുകളും മനസിലാക്കി ഒരുക്കിയതാണ് അത് .


അല്ല അതൊക്കെ പറയാന്‍ പാടുണ്ടോ ?

ഇനി ഈ രംഗങ്ങള്‍ നേരിട്ട് കണ്ടു ആസ്വദിക്കണം എന്നുള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .മര്‍മ പ്രധാന രംഗങ്ങള്‍ ആണ് വിശദീകരിക്കാന്‍ പോകുന്നേ.
  അതായിത് സംഘട്ടനത്തില്‍ പരിക്കേറ്റ നായകനെ കോശിയും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നു . ആകാംഷയോടെ പുറത്തു കത്ത് നില്‍ക്കുന്ന കോശിയും ബാക്കിയുള്ളവരും . ഡോക്ട്ട റും നേഴ്സും പുറത്തു വന്നിട്ട് കൂളായി ആര്‍ക്കെങ്ങിലും കാണണം എങ്കില്‍ കാണാം എന്ന് പറയുന്നു .അകത്തേക്ക് കേറുന്ന കോശിയും നായികയും അവരെ നോക്കി കിടക്കുന്ന നായകനെ ആണ് കാണുന്നത് . സത്യമായും ഞാന്‍ വിചാരിച്ചത് ഇങ്ങേര്‍ എന്തോ മരിച്ചു അഭിനയിക്കുക ആണെന്നു ആണ് .അപ്പോളാണ് ആരോ വെള്ള തുണി കൊണ്ട് ഇയാളുടെ മുഖം മൂടുന്നത് . ഒരു ഞെട്ടലോടെ നമ്മള്‍ അറിയുന്നു മരിച്ചയുള്ള അഭിനയമാണ് അവിടെ കാഴ്ച വെച്ചത് എന്ന് .ഹോ തകര്‍ന്നു പോയി അനിയാ ....


അപ്പോള്‍ തീര്‍ന്നോ ?

എവിടെ ? പിന്നീടു രക്ഷപെട്ട വര്‍ഗ്ഗിസ് എല്ലാം തുറന്നു പറയുന്നു .തെളിവായി ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത സി ഡി കാണിക്കുന്നു. ഈ തെളിവ് നശിപ്പിക്കാനാണ് വില്ലന്മാര്‍ പരക്കം പായുന്നത് . ചോര്‍ച്ച അവിടെ തന്നെ ഉണ്ടല്ലോ പിന്നെ റെക്കോര്‍ഡ്‌ ചെയ്തതിനെ പറ്റി ഇത്ര വിറളി പിടിക്കേണ്ട കാര്യം എന്താണാവോ?  വില്ലന്മാരെ എല്ലാം പിടിക്കുന്നു. പട്ടാളത്തില്‍ നിന്നും വന്ന ഗോപികൃഷ്ണന്‍റെ ഓഫീസര്‍ രാജഗോപാലന്‍ (ദേവന്‍ ) ഇദേഹം ഒരു ഭയങ്കര ധീരനായ പട്ടാളക്കാരന്‍ ആയിരുന്നു എന്നും .അദേഹം പല തീവ്രവാദികളെയും പിടിച്ച മഹാന്‍ ആയിരുന്നു എന്നും ആ തീവ്രവാദികളുടെ ഭാര്യമാര്‍ പോലും രഹസ്യമായി അദേഹത്തെ ആരാധിച്ചിരുന്നു എന്നുമുള്ള സത്യങ്ങള്‍ ഗോപികൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു .ഇത്ര മഹാനായ ഒരാളെ ആണല്ലോ തങ്ങള്‍ കളിയാക്കിയത് എന്നോര്‍ത്ത് ആ ഗ്രാമവാസികള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.മരിച്ചാലും ഗോപികൃഷ്ണന്‍ പ്രേതമായി അവിടെത്തന്നെ പമ്പ്‌ ഓപ്പറേറ്റര്‍ ആയി ജോലി ചെയും എന്ന് സംവിധായകന്‍ ഉറപ്പു കൊടുക്കുന്നത് കൂടെ കഴിഞ്ഞാല്‍ നമുക്ക് പോകാം 

അയ്യോ ഇതെന്തോന്ന് ...?


ശ്രീ മമ്മൂട്ടിക്ക് മലയാള പ്രേക്ഷകരോട് എന്തോ വ്യക്തി വൈരാഗ്യം ഉണ്ട് എന്നാണ് ശ്രീനിയുടെ അഭിപ്രായം സ്വന്തം കാശു മുടക്കി എങ്ങനെ ദ്രോഹിക്കാന്‍ മലയാള പ്രേക്ഷകര്‍ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തോളം ഇദ്ദേഹത്തെ സഹിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും ചെയ്തതായി എന്‍റെ ഓര്‍മയില്‍ ഇല്ല.

അണ്ണാ ഇതൊക്കെ നമുക്ക് പറയാം . പക്ഷെ കാളകൂടത്തില്‍ ഞാന്‍ ഇങ്ങനെയൊന്നും എഴുതില്ല ആസിഫലി ശരിയായില്ല (അവന്‍ നിക്കര്‍ സല്‍മാന്‍ വന്നതോടെ അനാഥനും അഹങ്കാരിയും ആണല്ലോ ) മമ്മുട്ടിയുടെ വ്യത്യസ്ത വേഷം കുളിംഗ് ഗ്ലാസ്‌ ഇല്ലാത്തത് കൊണ്ട് സാധാരണക്കാരന്‍ ആയി എന്നും കാച്ചാം


അതൊക്കെ നീ എന്ത് വേണേല്‍ ചെയ്തോ . ദൈവദോഷം കിട്ടും എന്ന് മാത്രം

ചുരുക്കത്തില്‍ ..

ജവാന്‍ ഓഫ് വെള്ളിമല ഒന്നും ചെയുന്നില്ല കാണാന്‍ വരുന്നവരെ ഇരുത്തി രണ്ടു രണ്ടര മണിക്കൂര്‍ വൃത്തിയായി  ബോര്‍ അടിപ്പിക്കുന്നു അത്ര മാത്രം  

Monday, October 15, 2012

അയ്യാ (Aiyyaa : Review)


അനിയാ ഈ സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ എന്താണ് ?


ഇതെന്തോന്ന് ചോദ്യം? ഒരു സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ നിസ്സഹയായ ഒരു സ്ത്രീ അവളെ വേട്ടയാടുന്ന സമുഹം. അല്ലെങ്കില്‍ ഉദാരവല്‍ക്കരണ കാലഘടത്തിലെ സ്വാതന്ത്ര്യയായ നവയുഗ വനിത വെള്ളമടി, പുകവലി, കോഫി മഗ്, ആണുങ്ങളെ കുറിച്ചുള്ള അശ്ലീല സംഭാഷണം .

ഇതൊന്നും ഇല്ലന്നോ വേണ്ടെന്നോ അല്ല പറയുന്നേ .ഇങ്ങനെ അല്ലാതെ ഒരെണ്ണം ഒരു സര്‍ക്കാസ്റ്റിക് -പ്രണയ ലൈന്‍?. സ്ത്രീ പക്ഷ സിനിമ എന്ന വാക്കിനോട് യോജിപ്പില്ലാത്തത് കൊണ്ട് ഒരു സ്ത്രീ കേന്ദ്ര കഥാപത്രം ആയുള്ള സിനിമ എന്ന് വായിച്ചോ?

ഇതിനൊക്കെ എപ്പോള്‍ എവിടെ പോകാനാ ? അല്ലെങ്കിലും മലയാളത്തില്‍ കഴിവുള്ള നടികള്‍ മഞ്ജു വാര്യരോടെ കഴിഞ്ഞില്ലേ . എപ്പോള്‍ ഉള്ളതെല്ലാം അഹങ്കാരികള്‍ അല്ലെ? പാവം നിര്‍മാതാക്കള്‍  വിളിച്ചാല്‍ വരാന്‍ മടി , കണ്ടാല്‍ എഴുനേല്‍ക്കില്ല , ഇരിക്കാന്‍ പറഞ്ഞാല്‍ നടക്കും, നടക്കാന്‍ പറഞ്ഞാല്‍ ഓടും,മാപ്പ് പറയാന്‍ പറഞ്ഞാല്‍ കെട്ടിപ്പിടിക്കും
ഇതിനെ ഒക്കെ വെച്ച് എങ്ങനെയാ ഈ പറഞ്ഞ പോലത്തെ പടം എടുക്കുന്നേ?


അനിയാ അതിനു ഞാന്‍ മലയാള സിനിമയെ പറ്റി അല്ലല്ലോ പറഞ്ഞേ

പിന്നെ വേറെ ഏതു പടം ? മാട്രന്‍ ..... അതിനു സൂര്യ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ആ പടത്തില്‍ എന്തോന്ന് നായികാ പ്രാധാന്യം?

സച്ചിന്‍ കുണ്ടാല്‍ക്കര്‍ സംവിധാനം ചെയ്ത ,അനുരാഗ് കശ്യപ് നിര്‍മിച്ച റാണി മുഖര്‍ജി മുഖ്യ കഥാപത്രത്തെ അവതരിപ്പിക്കുന്ന അയ്യാ എന്ന ചിത്രത്തെ പറ്റിയാടാ ഞാന്‍ പറഞ്ഞത് ഈ സിനിമയില്‍ ബാക്കി എല്ലാരും താരതമ്യേനെ പുതു മുഖങ്ങളാണ് .(മലയാളികള്‍ക്ക് നടന്‍ പ്രിഥ്വിരാജ് പരിചിതന്‍ ആണ് എന്നത് ഒഴിച്ചാല്‍ )


പ്രിഥ്വിരാജോ?  കൂ ....................................... 


എന്തിനാടാ കൂവുന്നേ ?


അതറിയില്ല . അയാളുടെ പേര് കേട്ടാല്‍ ഇരുട്ടു ആണെങ്കില്‍   അപ്പോള്‍ കൂവിക്കോണം എന്നാണ് ഞങ്ങളുടെ  ഒരു നിയമം .അറിയത്തില്ലയോ .കൂവാന്‍ പറ്റാത്ത സാഹചര്യം ആണേല്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ആ നടന്‍ വിഷമിച്ചു എന്ന ഒരു ലൈന്‍ . വായിച്ചില്ലായിരുന്നോ ഞാന്‍ മോളി ആന്റിയിലൊക്കെ എഴുതി തകര്‍ത്തത് .
.


ആയിക്കോട്ടെ . ഈ ചിത്രം തികച്ചും മീനാക്ഷി എന്ന മറാത്തി പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു ആര്‍ട്സ് കോളേജില്‍ ലൈബ്രറേറിയന്‍  ആയി ജോലി ചെയ്യുന്ന അവളുടെ വീട് ഒരു ഇടത്തരം കുടുംബമാണ് .മകളെ എങ്ങനെയെങ്കിലും വിവാഹിത ആയി കാണാന്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന വീട്ടമ്മയായ   അമ്മ , കേടായ പഴഞ്ജന്‍ ടെലി ഫോണുകള്‍ നന്നാക്കുന്ന അച്ഛന്‍, നായ്ക്കളോട് അമിതമായ താല്പര്യം പുലര്‍ത്തുന്ന ജോലിയില്ലാത്ത സഹോദരന്‍ എന്നിവരടങ്ങുന്ന ഒരു കുടുംബമാണ്  അവളുടേത്‌. ഒറ്റ നോട്ടത്തില്‍  വിചിത്രമായ  കുടുംബം  എന്ന്  തോന്നാമെങ്കിലും അവരെല്ലാം (മീനാക്ഷി ഒഴികെ ) അവരവരുടെ ലോകത്തില്‍ തികച്ചും  സംതൃപ്തരാണ് .എന്നാല്‍ മീനാക്ഷി ആകട്ടെ തന്‍റെ ഈ ജീവിതത്തില്‍  തികച്ചും അസംപ്തൃപ്തയും എങ്ങനെയും അവിടെ നിന്ന് രക്ഷപെട്ടാല്‍ മതി എന്ന ഭാവക്കാരിയും ആണ്.  പകുതി  സമയം  സ്വപ്നലോകത്തില്‍ ജീവിക്കുന്ന മീനാക്ഷി വൃത്തിയുള്ളതും ശാന്തവുമായ ആ ലോകത്ത് നിന്ന് ബഹളങ്ങളുടെ അലോസരപ്പെടുത്തുന്ന ലോകത്തിലേക്ക്‌ മടുപ്പോടെയാണ് പതിക്കുന്നത് .അവളുടെ വീട്ടിനു മുന്‍പിലെ ചവറു കൂന യുടെ നാറ്റം മുതല്‍ ഓരോ കാര്യങ്ങളും അവളെ ഉപദ്രവിക്കുന്നതാണ്  .മകളുടെ  വിവാഹ  സ്വപ്നങ്ങളുമായി  സദാ ഓടി നടക്കുന്ന അമ്മ , പെണ്ണ് കാണാന്‍ വരുന്ന  ആളുകളുടെ  മടുപ്പിക്കുന്ന  നിര , അങ്ങനെ അങ്ങനെ ......പിന്നെ  പറയുമ്പോള്‍  എല്ലാം  പറയണമല്ലോ   നമ്മുടെ  മലയാള  നായികമാരെ  പോലെ ഏതൊക്കെ  കൊണ്ട് സാദാ വിഷാദ  ഭാവത്തില്‍  നടക്കുന്ന ഒരു നായികയാണ് മീനാക്ഷി എന്ന് കരുതുന്നവര്‍ക്ക് തെറ്റി . ഇനി ജോലി സ്ഥലത്താകട്ടെ , പരിഷ്കാരിയായ സഹപ്രവര്‍ത്തക മൈന (അവരോരല്‍പ്പം ഓവറായി എന്നാ എനിക്ക് തോന്നിയേ) ,മീനാക്ഷിക്ക് താല്പര്യം തോന്നുന്ന സൂര്യ അയ്യര്‍ എന്ന  ചിത്രകാരനായ  വിദ്യാര്‍ഥി  (പ്രിത്വിരാജ്)  ആകട്ടെ ....


കൂ ..................

ഡാ ....

സോറി ഒരു നിമിഷം സിനിമ കാണുകയാണ് എന്ന് കരുതി പോയി ..ക്ഷമി അണ്ണാ ബാക്കി പറ .


 .......ആകട്ടെ അവളെ മൈന്‍ഡ് ചെയ്യുന്നില്ല (മൈന്‍ഡ് ചെയ്യാന്‍ മാത്രം അവളൊന്നും ചെയ്യുന്നില്ല എന്നതാണ് സത്യം). ഗന്ധങ്ങളോട് തികച്ചും സെന്‍സിട്ടിവ് ആയ മീനാക്ഷിയെ ആകര്‍ഷിക്കുന്നത് സൂര്യയുടെ ഗന്ധമാണ്. അവളുടെ സ്വപ്നങ്ങളില്‍ സാധാരണക്കാരനായ അവനു  പുരുഷശരീര സൌന്ദര്യത്തിന്‍റെ മുഴുവന്‍ ഭാവങ്ങളും ഉണ്ട്.ഇതിനിടെ മീനാക്ഷിയുടെ കല്യാണം  മാധവ്   (സുബൊധ് ഭാവേ ) എന്ന മധ്യ വര്‍ഗ എലിജിബിള്‍ ബാച്ചിലറുമായി തീരുമാനിക്കുന്നത്‌ . തന്‍റെ സ്വപ്ന ലോകത്തിനും യഥാര്‍ത്ഥ ജീവിതത്തിലൂടെയും  സമാന്തരമായി   ജീവിക്കുന്ന മീനാക്ഷി ഒടുവില്‍ ചെന്ന് നില്‍ക്കുന്നത് എവിടെയാണ്? അതാണ് ഈ ചിത്രം പറയുന്നത്

ഇതെന്തോന്ന് സൈക്കോ ത്രില്ലറോ ?

ഒരു തേങ്ങയുമല്ല അനിയാ.നമുക്കെല്ലാവര്‍ക്കും  ഉള്ള ഒരു സ്വപ്ന ലോകം. അവിടെ നമ്മള്‍ രാജക്കന്മാര്‍ ആണ് . അവിടെ സമയം ചെലവഴിക്കുന്നത് കൊണ്ട് നമ്മളാരും ഭ്രാന്തമാരോ മനോ രോഗികളോ ആകുന്നില്ലല്ലോ . അത് എന്ത് കൊണ്ടാണ് എന്ന് വെച്ചാല്‍ പ്രസ്തുത സംഭവം നമ്മുടെ ഭാവന ആണ് എന്ന് നമുക്ക് തന്നെ അറിയാം എന്നത് കൊണ്ടാണ് .മീനാക്ഷിയുടെ കാര്യങ്ങളും അത്രയേ ഉള്ളു .

അപ്പോള്‍ കിടിലം പടം എന്ന് പറയാമോ ?

പറയാമായിരുന്നു ആ അവസാനഭാഗം ഒന്ന് വൃത്തിയായി എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ . ഒറ്റ വാക്കില്‍  പറഞ്ഞാല്‍ ബോധം കെടുന്ന മീനാക്ഷിയെ എടുത്തു ശിശ്രൂഷിക്കുന്ന സൂര്യയുടെ രംഗം കഴിഞ്ഞു പത്തു മിനിട്ടിനുള്ളില്‍ ആ ചിത്രം തീര്‍ത്തിരുന്നു എങ്കില്‍ നല്ല പടം എന്ന്  ധൈര്യമായി പറയാമായിരുന്നു . അതിനു ശേഷം വലിഞ്ഞു നീളുന്ന അവസാന രംഗങ്ങള്‍  പ്രേക്ഷകരുടെ   ക്ഷമ   പരീക്ഷിക്കും. പൊതുവേ സ്ലോ ആയി പോകുന്ന ചിത്രത്തിന് ഈ രീതിയിലുള്ള  ഒരു അവസാനം ഭാഗം കൂടി ആകുമ്പോള്‍ രണ്ടാം പകുതി മൊത്തത്തില്‍ വലിയുന്നതായി തോന്നുന്നത് സ്വാഭാവികം . അത് വിട്ടാല്‍ ഒരു ചെറു ചിരിയോടെ കണ്ടു പോകാവുന്ന ഒരു ചിത്രമാണ് അയ്യാ.പഴയ ഫാറൂക്ക് ഷേക്ക്‌ - ദീപ്തി നവല്‍ ചിത്രങ്ങളുടെ ഒരു ന്യൂ ജനറെഷന്‍ വെര്‍ഷന്‍ എന്ന് പറയാം.

അപ്പോള്‍ അഭിനയം ?

റാണി മുഖര്‍ജിയാണ് ഈ പടത്തിന്‍റെ ജീവന്‍. എന്ന് കരുതി മറ്റു നടീ നടന്‍മാര്‍ ആരും മോശമായി എന്ന് എനിക്ക് അഭിപ്രായം  ഇല്ല. എല്ലാവരും അവരവരുടെ ഭാഗം വൃത്തിയായി ചെയ്ത ഒരു ചിത്രം .


അങ്ങനെ ചുളുവില്‍ രക്ഷപ്പെടാതെ . ഒരു മലയാള നടന്‍ എന്ന നിലയ്ക്ക് എങ്കിലും പ്രിഥ്വിരാജിനെ  പറ്റി ഒരു വാക്ക് .


അനിയാ, എല്ലാരേയും പറ്റി പറഞ്ഞതെ ആ നടനെയും പറ്റി പറയാനുള്ളൂ , തന്‍റെ ഭാഗം വൃത്തിയായി ആ നടന്‍ ചെയ്തിട്ടുണ്ട് . ഗാന രംഗങ്ങള്‍ അല്ലാത്ത ഭാഗത്ത്‌ തികച്ചും സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ഈ നടന്‍, ഗാന രംഗങ്ങളില്‍ , സ്വന്തം കുടവയര്‍ തടവി , മോഹന്‍ ലാലിന്‍റെയും ജയറാമിന്‍റെയും തുളുബുന്ന ശരീരം നോക്കി ആശ്വസിക്കുന്ന മലയാളിയുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ്‌ പ്രത്യക്ഷപ്പെടുന്നത് . (ഇവന്‍ ചില്ലറയല്ല തെറി കേള്‍ക്കാന്‍ പോകുന്നത് അഹങ്കാരി !!!)

എന്നാലും ഈ ഹിന്ദി പടം ഒക്കെ നല്ലത് എന്ന് ബുദ്ധി ജീവികളായ നമ്മള്‍ മലയാളികള്‍ക്ക് പറയാന്‍ കൊള്ളാമോ അണ്ണാ ?

 എന്തോന്ന് ബുദ്ധി ജീവി അനിയാ ? അമിതാബ് ബച്ചന്‍ അഭിനയിച്ച തട്ട് പൊളിപ്പന്‍ പടങ്ങള്‍ അരങ്ങു വാഴുന്ന ഹിന്ദി കാലത്ത് നമുക്ക് എവിടെ ഭരതനും പത്മരാജനും ഒക്കെ ഉണ്ടായിരുന്നു എന്ന് പഴയ പ്രതാപം പറഞ്ഞിരിക്കാം എന്നല്ലാതെ ഇന്നു നമ്മുടെ ഏതു ചിത്രം  കണ്ടാലും  അവനൊക്കെ  തല തല്ലി ചിരിച്ചു പോകും  എന്നതല്ലേ സത്യം?   വിനയ് പഥക് ,  രജത് കപ്പൂര്‍  തുടങ്ങി  നിരവധി പേര്‍ ഉള്ള അവരുടെ സമാന്തര സിനിമക്ക് പകരം വെക്കാന്‍ നമുക്ക് എന്താണുള്ളത് ? രഞ്ജിത് ഇറക്കുന്ന കോപ്രായങ്ങളോ? ഇനി മുഖ്യ ധാര ചിത്രങ്ങള്‍ നോക്കിയാല്‍ രാജ് നീതി , റോക്കറ്റ് സിംഗ് ,  ആരക്ഷന്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് അടുത്ത് നില്‍ക്കുന്ന ഒരു ചിത്രം  (നിലവാരത്തിലോ ,  കലാമൂല്യത്തിലോ,  അഭിനയത്തിലോ, സംവിധാനത്തിലോ ,തിരകഥയിലോ  ഏതെങ്കിലും ഒന്നില്‍ മികവു പുലര്‍ത്തുന്ന )   ഒരു മുഖ്യധാര ചിത്രം നമുക്കുണ്ടോ ? നമ്മുടെ മുന്‍ നിര നായകന്മാര്‍ക്കോ സംവിധയകന്മാര്‍ക്കോ അത് നല്കാന്‍ കഴിയുന്നുണ്ടോ?

കാടു കേറിയില്ല ഇന്നു എന്നു വിചാരിച്ചതെ ഉള്ളു അപ്പോളേക്കും കൊടും കാട്ടിലെത്തി . ഈ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ .....
റാണി മുഖര്‍ജിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം. ഒപ്പം ബാക്കി എല്ലാ നടീ നടന്മാര്‍ക്കും . അവസാന ഭാഗങ്ങളില്‍ കുറച്ചു കൂടി കൈയടക്കം കാണിച്ചിരുന്നു എങ്കില്‍ സംവിധായകനും ഒരു നല്ല ചിത്രം ചെയ്തു എന്നു അഭിമാനത്തോടെ പറയാമായിരുന്ന  ചിത്രം എന്നു കൂടി വായിക്കുക