Tuesday, December 31, 2013

ദൃശ്യം (അവസാനം ....കുടുംബ ത്രില്ലറും കണ്ടു ...)

കിട്ടി കിട്ടി തിരിച്ചു കിട്ടി .......

എന്തുവാടെ ഇതു മുദ്രാവാക്യമോ ?

അല്ല അണ്ണാ ആനന്ദ പുളകിതനായ എന്നെ കണ്ടിട്ട് അണ്ണന് ഒന്നും തോന്നുന്നില്ലേ ? അണ്ണൻ ഇതെന്തോന്ന് ഉപരോധ സമരത്തിന്റെ പ്രതികരണം കണ്ട പാർട്ടി നേതാവിനെ പോലെ നില്ക്കുന്നെ ?

നീ കത്തിക്കേറാതെ കാര്യം പറയെടെ?

അറിഞ്ഞില്ലേ മലയാള സിനിമയ്ക്ക്  അഥവാ മലയാള സിനിമയുടെ പ്രേക്ഷകർക്ക്‌ അന്യമായി കൊണ്ടിരുന്ന ലാലേട്ടൻ ഇതാ ഒരു പച്ച മനുഷ്യനായി അഭിനയിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നു ജിത്തു ജോസഫ്‌ ഒരുക്കിയ ദൃശ്യം എന്നാ ചിത്രത്തിലൂടെയാണ്  അസൂയാവഹമായ ഈ നേട്ടം അദ്ദേഹം കൈവരിച്ചത് . സന്തോഷിക്കാതെ പിന്നെ എന്ത് ചെയ്യും ? മലയാള സിനിമയുടെ സുകൃതം ... അത്ര തന്നെ

അനിയാ നീ പടം കണ്ടോ ?

എന്തിനു കാണണം ? ഈ പോസ്റ്റർ തന്നെ കണ്ടാൽ  പോരെ ? ലാലേട്ടൻ , ലുങ്കി , സൈക്കിൾ , നാട്ടിൻ പുറം , എക്സ്പയറി  ഡേറ്റ് കഴിയാറായ നായിക , കുട്ടികൾ  ഹോ  ഈ കുടുംബ ചിത്രം  കുടുംബ പ്രേക്ഷകർക്ക്‌ ഒരു വിരുന്നാകും ഉറപ്പല്ലേ?പോരാത്തതിനു സംഗതി മലയാളി ഇതു വരെ കണ്ടിട്ടില്ലാത്ത കുടുംബ ത്രില്ലർ .ആന്റണി പേരുബാവൂരിന്റെ നിർമ്മാണ മികവും സുജിത് വാസുദേവന്റെ ക്യാമറയും അനിൽ ജോണ്‍സണ്‍ വിനു തോമസ്‌  ഒരുക്കുന്ന സംഗീതവും  പിന്നെ ജിത്തു ജോസഫ്‌ കഥയും സംവിധാനവും പിന്നെ താര നിര എന്ന് വെച്ചാൽ ലാലേട്ടൻ (പച്ച), മീന  , കലഭാവാൻ ഷാജോണ്‍ , സിദ്ദിഖ് , കുഞ്ചൻ, ആശ ശരത് ,ശ്രീകുമാർ , തുടങ്ങിയവർ .സകല ഓണ്‍ ലൈൻ സംഗതികളും മസ്റ്റ്‌ വാച്ച് സ്ഥാനമാണ് ഈ ചിത്രത്തിന്  നല്കിയിട്ടുള്ളത് എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ . ഇനി അണ്ണന്റെ അഭിപ്രായം കൂടി ....

എന്നാൽ ഞാനൊന്നു പറഞ്ഞോട്ടെ ഈ ചിത്രം കാണാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ . സത്യത്തിൽ പേടിച്ചു പേടിച്ചു ആണ് ഞാൻ ആ വഴിക്ക് പോയത് തന്നെ . മറ്റേ താരം പച്ച മനുഷ്യനായി അഭിനയിച്ച  ചിത്രം കണ്ടതിന്റെ ക്ഷീണം ഇതു വരെ മാറിയില്ല എന്നത് ആദ്യത്തെ പ്രശ്നം  . ഈ താരം കുറെ കാലമായി ഇറക്കി വിടുന്ന പടപ്പുകൾ കണ്ട ക്ഷീണം മറുവശത്ത് , ഇദ്ദേഹത്തിന്റെ തന്നെ ബാലേട്ടൻ മുതൽ മാബഴക്കാലം വരെയുള്ള കുടുംബ പടപ്പുകൾ വേറൊരു വഴിക്ക്

എന്നിട്ട് .. മടിക്കാതെ പറയണം ഈ ബൂലോകം മൊത്തം യുണി വെഴ്സൽസ്റ്റാർന്റെ ചിത്രത്തെ യുണിവെഴ്സൽ ബ്ലോഗ്ഗർ ആയ അണ്ണൻ എങ്ങനെ വിലയിരുത്തും എന്നറിയാൻ കാത്തിരിക്കുന്നു

അടങ്ങനിയാ ആദ്യം ചിത്രത്തിന്റെ കഥയെ പറ്റി.ഒരു മലയോര ഗ്രാമത്തിൽ ഒരു സാധാരണക്കാരനായ ജോർജ് കുട്ടി ഭാര്യ റാണിയും (മീന)  രണ്ടു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം നാലാം ക്ലാസ്സ്‌ വരെ പഠിച്ച അനാഥനായ ഇയാൾ സ്വപ്രയത്നം കൊണ്ട് എന്ന് സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ഇന്നു.റാണി കേബിൾ വിഷൻ എന്ന ആ ഗ്രാമത്തിലെ കേബിൾ ടിവി ഇയാളുടെ ആണ് . ആ ഗ്രാമത്തിലെ പോലീസ് കോണ്‍ സ്റ്റ ബിളും അഴിമതിക്കാരനും ആയ സഹദേവനും (കലാഭവൻ ഷാജോണ്‍) ആയി  ഇയാൾ ഉടക്കിൽ ആണെന്നത് ഒഴിച്ചാൽ ഇയാൾ നാട്ടുകാരുടെ കണ്ണിലുണ്ണി  ആണ്  (അല്ലാതെ പിന്നെ !!) . പത്താം  ക്ലാസ്സ്‌ വരെ പഠിച്ച റാണി (മീന ) ആണ് ഇയാളുടെ ഭാര്യ .പ്ലസ്‌ ടു വിദ്യാർഥിനി അഞ്ജുവും (അൻസിബ) എട്ടാം  ക്ലാസ്സിൽ പഠിക്കുന്ന  അനുവും (എസ്തേർ ) മക്കൾ . ശാന്തമായി ഒഴുകുന്ന ഇവരുടെ ജീവിതം മാറി മറിയുന്നത് ഒരു ക്യാമ്പിൽ വെച്ച് ഒളിച്ചു ചിത്രീകരിച്ച കുളി സീൻ ക്ലിപ്പ്മായി  ഐ ജി (ആശ ശരത് ) യുടെ മകൻ വരുണ്‍ (റോഷൻ) അഞ്ജുവിനെ ബ്ലാക്ക്‌ മെയിൽ ചെയ്തു വശംവദ ആക്കാൻ ശ്രമിക്കുന്നതോടെയാണ് .ജോർജ് കുട്ടി ഇല്ലാത്ത സമയത്ത്  (തികഞ്ഞ സിനിമ പ്രേമി ആയ ഇയാൾ രാത്രി ഇടക്കൊക്കെ പാതിരാ പടം കണ്ടു മൂഡ്‌ ആയാൽ മാത്രമേ രാത്രി വീട്ടില് വരാറുള്ളൂ !!!! അല്ലെങ്കിൽ ഓഫീസിൽ ഇരുന്നു സിനിമ കണ്ടു രസിക്കുമത്രെ !!) ഒരു രാത്രി, നേരത്തെ പറഞ്ഞതനുസരിച്ച്  വീട്ടില് എത്തുന്ന വരുണ്‍, അവസാന നിമിഷം മകളിൽ നിന്നും വിവരം അറിഞ്ഞു രംഗത്തെത്തുന്ന റാണിയുമായി വില പേശലിൽ ഏർപ്പെടുന്നു. അവസാനം മകൾ ഇല്ലങ്കിൽ അമ്മ മതി എന്ന നിലയിൽ നിൽക്കുമ്പോൾ  അഞ്ജു വരുണിന്റെ തലക്കടിക്കുന്നു .വരുണ്‍ തട്ടി പോകുന്നു.അപ്പോൾ തന്നെ റാണിയും അഞ്ജുവും ചേർന്ന് വരുണിന്റെ ശവം പറമ്പിൽ കുഴിച്ചിടുന്നു  .തന്റെ കുടുംബത്തെ ഈ കൊലപാതക കുറ്റത്തിൽ നിന്ന് രക്ഷിക്കാനായി ജോർജ് കുട്ടി നടത്തുന്ന ശ്രമങ്ങളിൽ കൂടിയാണ് രണ്ടാം പകുതി ഒരു ത്രില്ലർ ആയി നീങ്ങുന്നത്‌ .

അല്ല അപ്പൊ പടം .....

അനിയാ ആദ്യമേ ഒന്ന് പറഞ്ഞു കൊള്ളട്ടെ . ഈ വർഷം ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും മികച്ചത്  ഈ ചിത്രമാണ്  ( മറ്റു സാധനങ്ങളെ പറ്റി ഒർമ്മിപ്പിക്കല്ലെ പ്ലീസ് !!!!) ഒരു പക്ഷെ ഈ വർഷത്തെ മികച്ച പത്തു ചിത്രങ്ങൾ എടുത്താൽ അതിന്റെ രണ്ടാം പകുതിയുടെ രണ്ടാം പകുതിയിൽ  ഈ ചിത്രവും ഉൾപ്പെട്ടേക്കാം.ഇത്തരം ഒരു തീം പ്ലാൻ ചെയ്യുമ്പോൾ അഥവാ എങ്ങനെ ഒരു പ്രേമയം അടിസ്ഥാനമാക്കി ചെയ്ത ചിത്രം കാണുമ്പോൾ ഓർമ്മ വരുന്നത്  രാം ഗോപാൽ വർമ്മ ക്യാമ്പിൽ നിന്ന് പുറത്തു വന്ന My  Wife 's Murder  എന്ന ചിത്രമാണ് .ഈ ചിത്രത്തിലും നായകന്റെ കൈയിൽ  നിന്നും അബദ്ധത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകം (സാദാ സമയവും ശല്യപ്പെടുത്തുന്ന ഭാര്യയാണ് കൊല്ലപ്പെടുന്നത് എന്നു മാത്രം ) , അത് മറക്കാനുള്ള അയാളുടെ ശ്രമങ്ങൾ അതിൽ അയാള്ക്ക് പറ്റുന്ന പിഴവുകൾ , പയ്യെ പയ്യെ അയാളിലേക്ക് നടന്നെത്തുന്ന  പോലീസ്  ഈ ഒരു മോഡിൽ കഥ പോകുമ്പോൾ ആണ് ത്രില്ലർ എന്ന വിശേഷണത്തിന് കൂടുതൽ അർഹമാകുന്നതു അഥവാ കാണികളെ ത്രിൽ അടിപ്പിക്കുന്നത്  എന്നു ഞാൻ കരുതുന്നു


അല്ല അണ്ണാ എല്ലാ പടവും ഒരു പോലെ എടുക്കാൻ പറ്റുമോ ?

ഇല്ല അങ്ങനെ വേണം എന്നര് പറഞ്ഞു ? ഇവിടെ ഉദാഹരണമായി കൊല്ലപെട്ടത്‌ നൂറു തരികിടകൾ ഉള്ള പയ്യൻ (അങ്ങനെ ഉണ്ടെന്നു പറയുന്നില്ല എങ്കിലും  ഒരു കൊച്ചിന്റെ വീട്ടില് കയറിച്ചെന്നു അവൾ അല്ലെങ്കിൽ അവളുടെ അമ്മയായാലും മതി എന്നു കൂൾ ആയി പറയുന്നവാൻ ജീവിതത്തിൽ ആദ്യമായി  കുറ്റം ചെയുന്നവൻ ആകാൻ ഒരു വഴിയും ഇല്ല ) കൊല്ലപെട്ടാൽ അന്വേഷണം വഴി തിരിഞ്ഞു പോകാൻ ഒത്തിരി സാദ്ധ്യതകൾ ഉണ്ട് . എന്നാൽ ഇവിടെ അന്വേഷണം നൂല് പിടിച്ച പോലെ പോകുന്നത് ലാലേട്ടനും കുടുംബത്തിനും നേരെ . അതിനു ആകെ ഉള്ള കാരണം നായകനോട് വ്യക്തമായ വൈരാഗ്യം ഉള്ള സഹദേവൻ എന്ന പോലീസുകാരന്റെ ഒരു മഞ്ഞ കാറിൽ ഇയാൾ പോകുന്നത് കണ്ടു എന്ന മൊഴി (അതേ വഴിയിൽ ഒരാൾക്ക്‌ അതേ നിറത്തിൽ   ഉള്ള കാർ ഉണ്ട് എന്നും പറയുന്നുണ്ട് ). എങ്ങനെ ഉള്ള നിരവധി കാര്യങ്ങൾ ഉള്ളപ്പോൾ സംശയിക്കുന്നവരിൽ ഒരാൾ എങ്കിലും ആക്കാതെ ഇയാൾ തന്നെ പ്രതി എന്ന ഒരു ലൈൻ ആ സിനിമയുടെ ത്രില്ലിംഗ്  ആക്കുന്നതിൽ പരാജയപ്പെടുന്നു . അല്ലെങ്കിൽ നായകന് പറ്റുന്ന ഏതെങ്കിലും ഒരു പിഴവിലൂടെ അന്വേഷണം അയാളിലേക്ക് തിരിയണം (നടന്ന പോലെ തന്നെ !!! സംഗതി നാലാം ക്ലാസ്സ്‌ ഉം ഗുസ്തിയും ആണേലും ബുദ്ധിയിൽ ലാലേട്ടനെ ആര്ക്കും തോല്പ്പിക്കാൻ പറ്റില്ല) .ജീവിതത്തിൽ ഒരിക്കൽ പോലും ഒരു നിയമവിരുദ്ധമായ കാര്യം ചെയ്യാത്ത ഒരാൾ (അങ്ങനെ പറയുന്നുണ്ട് നായകൻ) ഒരു കൊലപാതകം നടന്നു കഴിഞ്ഞു രംഗത്തെത്തി അത് മറയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ കണ്ടാൽ ഇങ്ങേരു ഒരു ഭയങ്കര കുറ്റവാളി ആണെന്നേ ആരും പറയു .ഈ കേസിൽ സകല സാഹചര്യ തെളിവുകളും നായകന്  അനുകൂലമാണ്  നായകന് യാതൊരു ക്രിമിനൽ  പശ്ചാത്തലവും ഇല്ല . നായകനും സാക്ഷി സഹദേവനും  ആയി ശത്രുത ഉണ്ട് എന്നത്  ആ നാട്ടുകാർ മുഴുവൻ സമ്മതിക്കുന്നു . അങ്ങനെ ഉള്ളപ്പോൾ നായകന് നേരെ സംശയം തോന്നാൻ എന്തെങ്കിലും പ്രത്യേക കാര്യം ? അങ്ങനെ ഒന്നില്ല എന്നതാണ് സത്യം ( ഐ ജി ആശ ശരത് ഒരു മാതിരി സ്ക്രിപ്റ്റ് ആദ്യമേ വായിച്ച പോലെയാണു ഇയാൾ തന്നെയാണ് ആൾ എന്നു ഉറപ്പിച്ചു പറയുന്നത് ).തുടർച്ചയായി സിനിമ കണ്ടാൽ ഒരു വിധം ഭംഗിയായി എന്ത് കുറ്റ കൃത്യവും ചെയ്യാം എന്നാണ് ഈ ചിത്രം പറയുന്നത് . ഐ ജി  ഒക്കെ  സീരിയസ്  ആയി പറയുന്ന ചില കാര്യങ്ങൾ ഒക്കെ കേട്ടാൽ ഏതു പോലീസുകാരും ചിരിച്ചു പോകും


അല്ല അങ്ങനെ നോക്കിയാൽ ....

ഇങ്ങനെയുള്ള ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു പറയുകയല്ല എന്നതല്ല ഉദ്ദേശം . മറിച്ചു ആദ്യ ചിത്രം മുതൽ കണ്ടു വരുന്ന ഇത്തരം ചെറിയ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു എങ്കിൽ  (മൈ ബോസ്സ് ഒഴികെ ) പ്രസ്തുത ചിത്രങ്ങൾ എങ്ങനെ കൂടുതൽ മിഴിവുള്ളത് ആയേനെ എന്നു ചിന്തിച്ചു പോകുന്നു എന്നു മാത്രം . ഈ ചിത്രത്തിലെ പ്രശ്നം (ഒരു പക്ഷെ എന്റെ ശ്രദ്ധ കുറവാകാം) ആയി എനിക്ക് തോന്നിയത് , ഉദാഹരണമായി എന്നെ കാണാതാകുന്നു ഞാൻ ഈ വർഷം 31 നു രാത്രി നിങ്ങളുടെ വീട് ഉള്ള ടൌണിൽ നിന്നാണ് അവസാനം ഫോണ്‍ ചെയ്തത് . നിങ്ങളെ എന്തെങ്കിലും കാരണം കൊണ്ട് പോലീസ് സംശയിക്കുന്നു . നിങ്ങൾ പറയുന്നു ഒന്നാം തീയതി നിങ്ങൾ ധ്യാനം കൂടാൻ പോയി എന്നു .അതിനുള്ള തെളിവുകളും നിങ്ങളുടെ കൈയിൽ ഉണ്ട് . എനിക്ക് മനസിലാകാത്തത്  അത് സത്യം ആണെങ്കിൽ ഞാൻ  എങ്ങനെ സംശയത്തിന്റെ പരിധിയിൽ നിന്നും ഒഴിവാകും എന്നതാണ് .എന്നെ കാണാതായത്  തലേ ദിവസം രാത്രി മുതൽ  അല്ലേ? ഇവിടെ മൊത്തം രണ്ടാം പകുതി മുന്നോട്ടു പോകുന്നത്  ഇയാൾ പിറ്റേന്ന്  ധ്യാനത്തിനു  പോയോ ഇല്ലയോ എന്നതിനെ ചുറ്റി പറ്റിയാണ് .

അല്ല മറ്റു ഘടകങ്ങൾ ....

അനിയാ ഒരു ത്രില്ലർ ചിത്രത്തിന്റെ (ത്രില്ലർ എന്നു പേരിട്ടു ഇറക്കുന്ന കൊപ്രയങ്ങളെ അല്ല ഉദ്ദേശിച്ചേ ) പ്രധാന ഘടകം അതിന്റെ തിരകഥ ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .തിരകധയുടെ പ്രശ്നങ്ങളെ പറ്റിയാണ്  മുകളിൽ പറഞ്ഞത് . ലാലേട്ടനെ മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ഒരു മനുഷ്യനായി  (മുഴുവൻ സമയ കർഷകൻ അല്ലെങ്കിൽ കൂടി കഴിയുന്നതും ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ആളാണെന്ന്  സൂചനകൾ ഉണ്ട് )  അവതരിപ്പിക്കുമ്പോൾ മേക്ക്  അപ്പിൽ കുറച്ചു കൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കും എന്നു പലപ്പോഴും തോന്നാറുണ്ട് . ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല .(ജീവിതത്തിൽ എപ്പോളെങ്കിലും വെയിൽ കൊണ്ടിട്ടുണ്ട് എന്നു ആലുവ പോലെ വെളുത്തു തുടുത്തിരിക്കുന്ന ഇരിക്കുന്ന നായികാ നായകന്മാരെ കണ്ടാൽ പറയില്ല എന്നതാണ് സത്യം .ഷാമ്പൂ ചെയ്ത മുടിയും ത്രെഡ് ചെയ്ത പുരികവുമായി മീന ശരിക്കും ഒരു രാജാക്കാട്ടു പത്താം ക്ലാസ്സ്‌കാരിയായി (ഫെയിൽ)   ജീവിക്കുന്നു.) .ആശ ശരത്തിന്റെ ഐ ജി യുടെ പാത്ര സൃഷ്ട്ടി  കുറച്ചു കൂടി ഭേദം ആയിരുന്നെങ്കിൽ അത് ചിത്രത്തിന്റെ നിലവാരത്തെ കുറെയധികം പോസിറ്റിവ്  ആയി ബാധിച്ചേനെ (കാണുന്നവന് തോന്നുന്ന ചോദ്യങ്ങൾ ഭർത്താവു സിദ്ദിഖ് നെ കൊണ്ട് ചോദിപ്പിച്ചു അതിനു മുട്ടപോക്ക് ഉത്തരങ്ങളും വാങ്ങി വയ്ക്കുന്നുണ്ട് സംവിധായകൻ).ഈ പടത്തിൽ കലക്കാനായി നിർത്തിയിരിക്കുന്നത്‌ ഒരു അര വില്ലൻ വേഷത്തിൽ  കലാഭവൻ ഷാജോണിനെ ആണ്.ബാക്കി ആർക്കും അങ്ങനെ  കാര്യമായി ഒന്നും ചെയ്യാനില്ല


അപ്പോൾ ചുരുക്കത്തിൽ

അനിയാ 2010 ൽ ശിക്കാർ , 2011 ൽ പ്രണയം , 2012 ൽ റണ്‍ ബേബി റണ്‍ , എന്നത് പോലെ ലാൽ ആരാധകർക്ക്  പറഞ്ഞു മുഖം രക്ഷിക്കാൻ ഉള്ള ഈ വർഷത്തെ ചിത്രം .മുകളിൽ പറഞ്ഞ ചിത്രങ്ങൾ എപ്പോൾ ആരെങ്കിലും ഓർക്കുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല ഈ ചിത്രത്തിനും മറ്റൊരു അവസ്ഥ ആകാൻ വഴി ഇല്ല .

വാൽക്ഷണം : പടം കഴിഞ്ഞു ഇറങ്ങുമ്പോൾ എന്തോ ചിന്തിച്ചു ശ്രീനി അയ്യോ  എന്ന് വിളിച്ചു പോയി .കാരണം ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി " ഈ ഒരു പടത്തിന്റെ പേരിൽ ഇനി അടുത്ത വർഷം മൊത്തം നമ്മൾ , മലയാളീ പ്രേക്ഷകർ, എന്തൊക്കെ സഹിക്കേണ്ടി വരും എന്നോർത്ത് വിളിച്ചി പോയതാ അണ്ണാ"

കുറിപ്പ്  :  മുൻപ് പറഞ്ഞ പോലെ കുറച്ചു വ്യക്തി പരമായ ചില അസൗകര്യങ്ങൾ കാരണമാണ് ഈ പോസ്റ്റ്‌ വൈകിയത് .ക്ഷമിക്കുമല്ലോ .

എല്ലാ വായനക്കാർക്കും സഹ ബ്ലോഗ്ഗർമാർക്കും എന്റെയും ബാല്കണി 40 യുടെ പേരിലും ഹർദമായ പുതുവത്സര ആശംസകൾ !!!

Wednesday, December 25, 2013

ഒരു ഇന്ത്യൻ പ്രണയ കഥ (മറ്റൊരു സത്യൻ പടപ്പ് !!!)

അണ്ണാ  ഇതു അണ്ണൻ  എന്ത് പറഞ്ഞാലും സമ്മതിക്കില്ല  ഒന്നും പറയണ്ട ......

ശരി പറയുന്നില്ല

ഛെ .. അതല്ല അതൊരു പ്രാസത്തിനു പറഞ്ഞതല്ലേ ... ഞാൻ ഉദ്ദേശിച്ചത്  നമ്മുടെ കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സത്യൻ അന്തിക്കാടും , നവയുഗ (ന്യൂജനറേഷൻ)  നായകൻ ഫഹദ് ഫാസിലും , പിന്നെ പുതിയ താര  റാണി അമല പോൾ ഇതൊന്നും കൊണ്ട് തൃപ്തി ആയില്ലങ്കിൽ തകർപ്പൻ തിരക്കഥ മാത്രമെഴുതുന്ന ഡോ .ഇക്ബാൽ കുറ്റിപ്പുറം. പശ്ചാത്തലം ആണേൽ കോട്ടയവും .കോട്ടയം പ്രണയകഥ എന്നാ ടാഗ്  ലൈൻ വേറെ....ഇനിയും പുതുമ പോരെങ്കിൽ പാവം ഇളയ രാജയെ വിട്ടു വിദ്യാസാഗർ ആണ് സംഗീതം പ്രദീപ്‌ നായർ ചായാഗ്രഹണം ....   ഒന്നും പറയണ്ട മലയാള പ്രേക്ഷകന്റെ പ്രതീക്ഷ ആകാശവും കടന്നു ബഹിരാകാശത്ത് എങ്കിലും എത്തിയേ  നിൽക്കു  ഉറപ്പല്ലേ .

അനിയാ മലയാള സിനിമയിലെ മറ്റു പല വൻ തോക്കുകളെ പോലെ തന്നെ എനിക്ക് പേടിയുള്ള ഒരാളാണ് സത്യൻ അന്തിക്കാട്‌ തന്റെ കൈയില്ലേ സ്റ്റോക്ക്‌ തീർന്നു എന്ന് ആവർത്തിച്ചു തെളിയിച്ചിട്ടും എന്നും നിന്റെ ഒക്കെ പ്രതീക്ഷ തെങ്ങിന്റെ മുകളിൽ ആണെങ്കിൽ അതിനു വേറെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . അവസാനം അദ്ദേഹത്തിന്റെ സഹിക്കാവുന്ന ചിത്രം ഭാഗ്യദേവത    ആയിരുന്നു എന്നാണ ഓർമ്മ. അതിനു മുൻപും പിന്പുമായി അദ്ദേഹം എടുത്തു കൂട്ടിയ സാരോപദേശവും അല്ലാത്തതുമായ ചലച്ചിത്ര കാവ്യങ്ങൾ . ......ഹോ എനിക്ക് പേടിയാ അനിയാ ആ മനുഷ്യനെ . മോഹൻ  ലാലിനെ പറ്റിയൊക്കെ  പലപ്പോഴും പറയാറുള്ളത് പോലെ പണ്ട്   കുറെ നല്ല സിനിമകൾ തന്നു എന്നതിന്റെ പേരില് ഇയാളെ എത്ര കാലം കൂടി സഹികേണ്ടി വരും എന്ന് പല സിനിമകൾ കാണുമ്പോളും നമ്മെ കൊണ്ട് ചിന്തിപ്പിച്ച മനുഷ്യൻ ആണ് അദ്ദേഹം  എന്ന് ഞാൻ കരുതുന്നു .

നമുക്ക് പഴയ കഥ ഒക്കെ വിടാം അണ്ണാ . ഇവിടെ  നമ്മുടെ പ്രശ്നം ഒരു ഇന്ത്യൻ പ്രണയ കഥ എന്നാ പുതിയ ചിത്രമാണ് .

ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അയ്മനം സിദ്ധാർഥൻ ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രം .(സന്ദേശത്തിലെ ജയറാം അവതരിപ്പിക്കുന്ന ഖാദർ രാഷ്ട്രീയക്കാരന്റെ അതെ രൂപം  ) അയ്മനം മണ്ഡലം പ്രസിഡണ്ട്‌ കൂടെയായ ഇയാൾ അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ്‌ പ്രതീക്ഷിച്ചു ഇരിക്കുന്നു . അതിനായി അത്യാസന്ന നിലയില ഉള്ള സ്ഥലം എം എൽ എ  മരിച്ചോ എന്ന്  അന്വേഷിക്കുക്ക സ്വന്തം ഫ്ലെക്സ് വയ്ക്കുക തുടങ്ങിയ ചില്ലറ തരികിടകൾ (ഇതിനൊക്കെ ഇപ്പോൾ തരികിട എന്ന് പറയുമോ എന്നറിയില്ല ) ആയി കഴിയുന്ന പാവം ഖാദർ രാഷ്ട്രീയക്കാരൻ.ജീവിതം സുരക്ഷിതം ആക്കുന്നതിന്റെ ഭാഗമായി ഒരു കാശുകാരന്റെ മകളുമായി (ഷഫ്ന)  പ്രേമത്തിൽ ആണ് ഇദ്ദേഹം . (അതിനെ പുളികൊമ്പ് എന്ന് വിശേഷിപ്പിക്കുമ്പോൾ തന്നെ നമുക്ക് മനസിലാകും ഇതു എവിടെ പോയി നില്ക്കാനുള്ളത് ആണെന്ന്!!!) .എന്നാൽ ഒടുവിൽ എം എൽ എ മരിച്ചപ്പോൾ ഹൈക്കമാന്റ്  മുകളിൽ നിന്ന് കെട്ടിയിറക്കിയ ദേശീയ നേതാവിന്റെ മകൾക്ക്  (മുത്ത്‌ മണി ) സീറ്റ്‌ കൊടുക്കുന്നു .നിരാശനായ സിദ്ധാർഥൻ തല്ക്കാലത്തേക്ക് രംഗത്ത്‌ നിന്ന് പിന്മാറുന്നു . നേതാവായ ഉതുപ്പ്  വള്ളിക്കാടൻ (ഇന്നസെന്റ് ) നിര്ദേശം അനുസരിച്ച്  ഡോക്യമെൻറ്ററി  നിർമ്മിക്കാൻ ക്യാനഡായിൽ നിന്നും എത്തുന്ന ഐറിൻ ഗാഡനർ  (അമല പോൾ )  എന്ന പെണ്‍കുട്ടിയുടെ സഹായി ആയി മാറുന്നു.എന്നാൽ ഒന്നാം പകുതിയുടെ അവസാനം ആണ്  ഐറീൻ എവിടെ എത്തിയതിനു പിന്നിൽ മറ്റൊരു നിഗൂധമായ ഉദ്ദേശം ഉണ്ടെന്നു മനസിലാകുന്നത്  (ഡിം.. ഇടവേള !!!!!)

എന്നിട്ട് ....

എന്നിട്ടല്ലേ കഥ തുടങ്ങുന്നത് .. ഈ കൊച്ചിനെ മൂന്നാമത്തെ വയസിൽ കാനഡയിലെ വിദേശ ദമ്പതികൾ കേരളത്തിലെ അനാഥാലയത്തിൽ നിന്ന്  ദത്തെടുത്തതാണ്  . വലുതായി വളർത്തച്ചൻ - അമ്മ ഒക്കെ മരിച്ചു കഴിഞ്ഞപ്പോൾ സ്വന്തം വേരും പടലും  കണ്ടു പിടിക്കാൻ ഇറങ്ങിയതാണ് കൊച്ചു .

അല്ല അതിനു ഈ ഡോക്യമെൻറ്ററി പിടിത്തം എന്ന ലൈൻ ..... ?പിന്നെ അണ്ണനെ ന്താ ഒരു പരിഹാസം ലൈൻ ? പത്രത്തിൽ ഒക്കെ കാണാറില്ലേ അങ്ങനത്തെ സംഭവങ്ങൾ ?

ഇവിടെ സംഗതി വ്യത്യസ്തമാണ് . നായികക്ക് അറിയാം താൻ  അവിഹിത സന്തതി ആണെന്നും തന്റെ മത പിതാക്കൾ എപ്പോൾ വിവാഹം കഴിച്ചു അവരവരുടെ കുടുംബങ്ങളും ആയി സുഖമായി ജീവിക്കുകയയിരിക്കും എന്ന് . അതിനു ഒരു വിധത്തിലുള്ള ശല്യവും ഉണ്ടാക്കാതെ വെറുതെ ഒന്ന് കണ്ടു (പറ്റിയാൽ ഒന്ന് തൊട്ടു ) തിരിച്ചു പോകണം എന്ന ഒറ്റ ആഗ്രഹമേ ഉള്ളു നമ്മുടെ നായികക്ക്  . അതിനു വേണ്ടി ആണ് പാവം ഈ പകൽ ഒക്കെ  അമ്മി കൊത്താനുണ്ടോ എന്ന് ചോദിച്ചു നടന്നിട്ട്   പറ്റിയ വീട് കണ്ടു വെച്ച് , രാത്രി കേറി മോഷ്ട്ടിക്കുന്ന അന്യസംസ്ഥാന കള്ളന്മാരെ പോരെ ഈ ക്യാമറയും മറ്റു കിടുപിടികളും ഒക്കെ തൂക്കി നടക്കുന്നത് .(ഇനി അനാഥാലയത്തിൽ നേരിട്ട് ചെന്ന് തിരക്കിയാൽ അവർ മാതാപിതാക്കളെ വിളിച്ചു അറിയിച്ചാലോ തകര്ന്നില്ലേ എല്ലാം !!!!) (കുറ്റിപ്പുറം സാർ ഒന്നും ഡോക്ടർ ആയി ഒതുങ്ങേണ്ട ആളേ അല്ല ഏറ്റവും കുറഞ്ഞത്‌ ഒരു ന്യുക്ലിയർ  ശാസ് ത്ര ഞൻ എങ്കിലും .....)

പിന്നങ്ങോട്ട് സംഗതി വെടിയും പുകയും പോലെ നീങ്ങുന്നു .ബുദ്ധിമാനായ നായകൻ പുല്ലു പോലെ നായികയുടെ വിവരങ്ങൾ അന്വേഷിച്ചു പിടിക്കുന്നു . സ്കൂൾ ലെവലിൽ ഉള്ള ഒരു ആസാദ്‌ - തുളസി ബന്ധത്തിന്റെ പ്രോഡക്റ്റ് ആണ്  ഈ കൊച്ചു (ഹിന്ദു (അമ്മ) - മുസ്ലിം(അച്ഛൻ) - ക്രിസ്ത്യൻ (കൊച്ചു) !!  ഇതാണ് തികഞ്ഞ മത സൌഹാർദം) . അച്ഛനമ്മ മാർക്ക് എങ്ങനെ ഒരു കൊച്ചു ഉള്ളത് പോലും അറിയില്ല (അമ്മയോട് കൊച്ചു പ്രസവത്തിൽ മരിച്ചു എന്നാ പറഞ്ഞിരിക്കുന്നെ .അച്ഛന് ഗര്ഭ വിഷയം പോലും അറിയില്ല !) എന്തായാലും സിദ്ധാർഥനും ഐറീനും കേരളത്തില ആയുർവേദ ഡോക്ടർ ആയി ജോലി ചെയുന്ന തുളസിയെയും (ലക്ഷ്മി ഗോപാലസ്വാമി ) രാജസ്ഥാനിൽ അത്തർ കട ഡാഡി അസാദിനെയും (പ്രകാശ്‌ ബാരെ : നമ്മുടെ ജാദു കണ്ടു പിടിച്ചു മലയാള സിനിമയെ രക്ഷിച്ച ....) കണ്ടു പിടിച്ചു  തൊട്ടു രോമാഞ്ചം കൊണ്ട് തൃപ്തി അടഞ്ഞു തിരിച്ചു പോകുന്നു .(ഇതിനിടെ സിദ്ധാർഥന്റെ നടപ്പ് ലൈൻ പൊട്ടുകയും അദ്ദേഹം ഫ്രീ ആകുകയും ചെയ്യുന്നു ) .ഒരുമാതിരി  വെട്ടു പോത്തിനെ പോലെ നടക്കുന്ന അമ്മയ്ക്കും കുടുംബ പ്രരബ്ദവുമായി നടക്കുന്ന അച്ഛനും കൊച്ചിനെ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു വാത്സല്യം വേറെ !!! ((സ്വന്തം മകൾ ആണെന്ന് അറിയില്ല കേട്ടോ എന്നാലും ... ആ ഒരു സംഗതിയേ !!!പറഞ്ഞു വരുമ്പോൾ സത്യൻ കുടുംബ സദസ്സുകളുടെ സംവിധായകൻ ആണല്ലോ ഇപ്പോളും!!!)

കഴിഞ്ഞോ അണ്ണാ....?

എവിടെ ? അണ്ണൻ മൂത്താലും മരം കേറ്റം മറക്കില്ല എന്ന് പറഞ്ഞ പോലെ ഒരൽപം സാരോപദേശം ഇല്ലെങ്കിൽ എന്തോന്ന് സത്യൻ? പോകും മുൻപ് കൊച്ചു പുറത്തൊക്കെ വേറെ തൊഴിൽ ഉള്ളവരാണ്  രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതെന്നും അത് പോലെ വേണം എന്നും പറഞ്ഞു  സമയം പോലെ  ഇതു വായിച്ചു പഠിക്കു എന്ന് പറഞ്ഞു ഗാന്ധിജിയുടെ ആത്മകഥയുടെ ഒരു കോപ്പി കൊടുക്കുകയും ചെയ്തിട്ടാണ് പോകുന്നത് രണ്ടു കൊല്ലം കഴിഞ്ഞു കാണിക്കുന്നത്,തന്ന പുസ്തകം ഒക്കെ വായിച്ചു മനസിലാകി ആകണം , മുടങ്ങി പോയ നിയമ വിദ്യാഭ്യാസം പൂർത്തിയാക്കി  സന്ദേശത്തിലെ ജയറാമിൽ നിന്ന്  അതെ സിനിമയിലെ തന്നെ ഖദർ ഇട്ട ശ്രീനിവാസൻ ആയി മാറിയ സിദ്ധാർതനെയാണ്‌.കണ്ടു ബോധിച്ചു സംതൃപ്തയായ കൊച്ചു ശേഷമുള്ള കാലം ഇയാളുടെ കൂടെ ജീവിക്കും എന്ന സൂചനയോടെ ചിത്രം അവസാനിക്കുന്നു .

അണ്ണാ ഈ ചിത്രത്തിൽ അമല പോൾ കലക്കി എന്നാണല്ലോ വാർത്ത‍  ഉള്ളത് തന്നേ?

അനിയാ അവരുടെ കഥാപാത്രം ആണ് ഈ ചിത്രത്തിൽ ഏറ്റവും ദുര്ബലം എന്നാണ് എനിക്ക് തോന്നിയത് . മൂന്നാം വയസിൽ വിദേശികൾ ദത്തെടുത്തു കൊണ്ട് പോയ (കണ്ട കുരിയച്ചനും പാപ്പച്ചനും ഒന്നുമല്ല എന്നോർക്കണം ) അവിടെ വളർന്ന ഒരു കുട്ടിയുടെ ഒരു വിധ ശരീര ഭാഷയോ ചിന്താ രീതിയോ അല്ല ഐറീൻ എന്ന ഈ കഥാപാത്രത്തിനു. എനിക്ക് തോന്നിയത്  കേരളത്തിൽ നിന്ന്  ഡിഗ്രി ഒക്കെ കഴിഞ്ഞു ക്യാനഡായിൽ രണ്ടു മൂന്ന് വർഷം വല്ല നേഴ്സ്  ആയോ മറ്റൊ ജോലി ചെയ്തിട്ടു തിരിച്ചു വന്ന ആളേ പോലെയുണ്ട് അവരുടെ കഥാപാത്രം .പിന്നെ നായകന്റെ പൂർവ കാമുകിയുടെ ഒരു വേർപിരിയൽ  ഡയലോഗ്  ഉണ്ട് . "എനിക്ക് ആശിച്ചത് കിട്ടിയില്ല ഇനി മറ്റവന്റെ കൂടെ ഒരു യന്ത്രത്തെ പോലെ ഞാൻ ജീവിക്കും !!!!" എന്തോന്ന് അനിയാ ഇതു ? പഴയ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ്  ഷീല ചിത്രമോ ? പിന്നെ നായികയെ ഒരു ദിവസത്തേക്ക് വീട്ടിലേക്കു കൊണ്ട് വരുന്നുണ്ട് നായകൻ . വീട്ടുകാർ നിലവിളക്ക് എടുത്തു സ്വീകരിക്കുന്നില്ല എന്നേ ഉള്ളു .കുറച്ചധികം ഓവര  ആയി പോയി സംഗതി .പിന്നെ ന്യൂ ജനറേഷൻ പ്രേക്ഷകർക്ക്‌  ഒരു  ഇക്കിളിക്ക്  വേണ്ടി (പഴയവർക്കു ഇക്കിളി ആകില്ല എന്ന് അർഥമില്ല) നായകന്റെ ആത്മ നിയന്ത്രണം തിരക്കേറിയ ബസ്സിൽ വെച്ച് നായിക പരിശോധിക്കുന്ന രംഗങ്ങൾ വേറെ ( പരിശോധന കഴിയുമ്പോൾ എന്തോ കാരണത്താൽ നായകന് സീറ്റിൽ നിന്നും എഴുനെല്ക്കാൻ കഴിയുന്നില്ല !!! പാവം അനൂപ്‌ മേനോൻ ).കുറെ പകുതി വെന്ത കഥാപാത്രങ്ങൾ കൂടി ആകുമ്പോൾ തികഞ്ഞു !!!!

അപ്പൊ ചുരുക്കത്തിൽ ......

ആദ്യ  പകുതി കഷ്ട്ടിച്ചു ഒപ്പിക്കാം രണ്ടാം പകുതി പതിവ് പോലെ കൈവിട്ടു പോകുന്നു .ഒടുക്കത്തെ ഇഴച്ചിലും , കിതൃമമായ സംഭാഷണവും , നട്ടാൽ കിളിക്കാത്ത സംഭവങ്ങളും , എങ്ങും എത്താതെ പോയ  ക്ലൈമാക്‌സും കൂടെ ആകുമ്പോൾ തികഞ്ഞു .

സത്യൻ അന്തിക്കാട്‌  പ്രേമിച്ചു വിവാഹിതനായ ആൾ ആണെന്നാണ്  ഞാൻ മനസിലാക്കുന്നത്‌ .അത് ഒന്ന് എഴുതി കാണിച്ചിരുന്നു എങ്കിൽ പ്രണയത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് ഈ ചിത്രത്തിന്റെ സംവിധായകൻ എന്ന് പ്രേക്ഷകർക്ക്‌  മനസിലായേനെ ( വ്യക്തി പരമായ അധിഷേപം അല്ല ഉദ്ദേശിച്ചിട്ടുള്ളത്  എന്ന് കൂടി പറഞ്ഞോട്ടെ )


ഏഴ് സുന്ദര രാത്രികൾ (ഭാഗ്യം ഏഴേ ഉള്ളു !!!)

അനിയാ  ഹാട്രിക്ക്  ഹാട്രിക്ക് ........

അണ്ണാ നിങ്ങൾ  സിനിമ വിട്ടു കായികമായോ ?  ഇവിടെ നാട്ടിൽ സിനിമയുടെ എട്ട് കളി . സച്ചിൻ ദൈവം വിരമിച്ചതോടെ കായിക രംഗത്തിന് താങ്ങ് വില പ്രഖ്യാപിക്കേണ്ട അവസ്ഥ . അപ്പോളാണോ നിങ്ങൾക്ക് കായികജ്വരം?.

അനിയാ  .. ഇതാണ്  നീ ഉൾപ്പെടെയുള്ള  എന്നല്ല സകല മലയാളികളുടെയും കുഴപ്പം കാള പെറ്റെന്നു  കേട്ടാൽ കയർ  എടുക്കും ഞാനിവിടെ  പറഞ്ഞു വന്നത് മലയാളത്തിന്റെ യുഗപ്രഭാവനായ സംവിധായകൻ ലാൽ ജോസ് സമാന നിലവാരത്തിലുള്ള മൂന്നു ചിത്രങ്ങൾ അടുപ്പിച്ചു ചെയ്തു ഹാട്രിക് അടിച്ച കാര്യമാണ്  ഇമ്മാനുവൽ , പുള്ളിപുലി , ഇപ്പോളിതാ ഏഴു സുന്ദര രാത്രികൾ .

അതെന്താ അണ്ണാ ഒരു മാതിരി മുന വെച്ച സംസാരം ....

പിന്നെ എങ്ങനെ സംസാരിക്കണം അനിയാ .. ഇവിടെ മുഖ്യ ധാര പത്രങ്ങളിൽ പോലും ന്യൂസും പെയിഡ് ന്യൂസും തമ്മിലുള്ള വ്യത്യാസം ഇല്ലാതെ ആകുന്ന ഈ കാലത്ത് ആർക്കും സത്യസന്ധമായ അഭിപ്രായം എന്നൊന്ന് എല്ലതയിരുക്കുന്നു  എന്നതല്ലേ സത്യം ?

അങ്ങനെ അടച്ചു പറയാൻ പറ്റുമോ ? അന്നാണ് നല്ലത് എന്ന് തോന്നുന്നത് എല്ലാവർക്കും   തോന്നണം എന്ന് വാശി പിടിക്കുന്നത്‌ ശരിയാണോ ?

ഒരിക്കലും അല്ല അങ്ങനെ  പാടില്ല എന്നാണ് കാലാ കാലമായി ഈ ബ്ലോഗിൽ പറയാറുള്ളതും . എവിടെ പറഞ്ഞത് അതല്ല .ഉദാഹരണത്തിന് വീട്ടിൽ  വരുത്തുന്ന പത്രം മാത്രുഭൂമി ആണ് .ശനിയാഴ്ച സിനിമ സ്പെഷ്യൽ എന്ന് പറഞ്ഞു സിനിമ വാർത്തകൾ മാത്രം ഉൾകൊള്ളിച്ചു നാല് പുറം ഇവർ  എന്നിൽ അടിച്ചു ഏൽപ്പിക്കാറുണ്ട് . അതിൽ ആ ആഴ്ച ഇറങ്ങുന്ന സിനിമയുടെ ഒരു കോളം അഥവാ കോളങ്ങൾ ഉൾപ്പെടുത്താറുണ്ട് . ഇന്നേ വരെ ഒരു സിനിമ പോലും മോശം എന്ന് പറഞ്ഞു ഞാൻ കണ്ടിട്ടില്ല.എന്ന് മാത്രമല്ല ഇവയെല്ലാം തന്നെ ജനങ്ങളെ ആകർഷിച്ചു കൊല്ലുന്നതും രസിപ്പിക്കുന്നതും ആണ്  എന്നാണ് ഇവരുടെ പക്ഷം (കഴിഞ്ഞ ആഴ്ച സൈലൻസ് വരെ മികച്ച ചിത്രം ആയിരുന്നു !!) എന്നിട്ട്  ഇതേ ആൾക്കാരുടെ വാര്ഷിക അവലോകനത്തിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇവയൊന്നും കാണാറില്ല എന്നതും മറ്റൊരു തമാശ . ഇതു ഒരു പത്രത്തിന്റെ മാത്രം കഥയല്ല ബ്ലോഗുകൾ മുതൽ സകല മാധ്യമങ്ങളിലും ഈ പ്രവണത വ്യപകമല്ലേ അനിയാ ? പറഞ്ഞു വരുമ്പോൾ നിന്റെ കാളകൂടം വരെ !!!
 
അണ്ണാ കാട് കേറല്ലേ നമുക്ക് വിഷയത്തിലേക്ക് വരാം . ക്ലാസ്സ്‌ മേറ്റ്സ് എന്ന ചിത്രത്തിന് ശേഷം ജെയിംസ്‌ ആൽബെർട്ട് , ലാൽ  ജോസ് ടീം ചന്തു പൊട്ടും മീശ മാധവനും  തന്ന (രസികൻ , മുല്ല , സ്പാനിഷ്‌ മസാല  ഇതൊക്കെ നമുക്ക് തല്ക്കാലം  മറക്കാം ) ദിലീപ് - ലാൽ  ജോസ് ഇവർ  ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു  (അല്ലെങ്കിൽ നമ്മൾ ഉയർത്തുന്നു ). എങ്ങനെയുണ്ട് അണ്ണാ എന്റെ പഞ്ച് ലൈൻ .പോരെങ്കിൽ ആമേൻ ഫെയിം പ്രശാന്ത്‌ പിള്ളയുടെ സംഗീതം പ്രതീഷ് വര്മയുടെ ചായാഗ്രഹണം  ദിലീപിനെ കൂടാതെ നവയുഗ നായിക റീമ കല്ലിങ്ങൽ , പാർവതി നമ്പ്യാർ  (പുതു മുഖം), മുരളി ഗോപി , ഹരിശ്രീ അശോകൻ, പ്രവീണ,സുരാജ് , ശ്രീജിത്ത്‌ രവി ,വിജയരാഘവൻ , റ്റിനി ടോം , ഡാ തടിയാ ഫെയിം ശേഖർ അങ്ങനെ പോകുന്ന വമ്പൻ  താരനിര.ഇതിൽ കൂടുതൽ എന്ത് വേണമെന്നാ ഈ ദരിദ്രവാസി മലയാളി പ്രേക്ഷകർക്ക്‌?
 
അനിയാ ഇതൊന്നും ഞാൻ ചോദിച്ചതല്ല . എനിക്കാകെ ആവശ്യം ഇല്ലാത്ത കാശും കൊടുത്തു കേറുന്ന എന്നെ രണ്ടു രണ്ടര മണികൂർ പീഡിപ്പിക്കരുത് എന്ന് മാത്രമാണ്  (മറ്റേ പീഡനം അല്ല !!! പഴയ ലിപിയിൽ വായിക്കുക )
 
ശരി ഈ ചിത്രം .. കഥ ....
 
പരസ്യ ചിത്രങ്ങളുടെ സംവിധായകനായ എബിയുടെ വിവാഹ നിശ്ചയത്തോടെ ആണ് ചിത്രം തുടങ്ങുന്നത് . സിനി (റീമ കല്ലിങ്ങൽ ) എന്ന പെണ്‍കുട്ടിയുമായി  മുൻപ്  പ്രേമത്തിൽ ആയിരുന്നു  ഇയാൾ .വിവാഹ നിശ്ചയം വരെ എത്തിയ ആ ബന്ധത്തിൽ നിന്ന്  അവസാന നിമിഷം നിഗൂഡമായ സാഹചര്യത്തിൽ ആ പെണ്‍കുട്ടി പിൻവാങ്ങുകയായിരുന്നു. പിന്നീടു  ടൈസണ്‍ അലക്സ്‌ (മുരളി ഗോപി ) എന്ന ബോക്സറിനെ  കെട്ടി ബംഗ്ലൂരിലോ മറ്റോ കഴിയുകയാണ് സിനി . തന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വന്ന ആൻ (പാർവതി നമ്പ്യാർ ) എന്ന മോഡലുമായി വിവാഹ നിശ്ചയം കഴിഞ്ഞ എബി സിനി കുടുംബ സമേതം നാട്ടിൽ സ്ഥിര താമസം ആക്കി എന്നറിയുന്നത്.ബാച്ചിലർ പാർട്ടി കഴിഞ്ഞു അല്പ്പം മദ്യത്തിന്റെ പുറത്തു രാത്രിയിൽ പൂർവ്വ  കാമുകിയെ കല്യാണം ക്ഷണിക്കാൻ  പോകുന്ന നായകൻ .ഫ്ലാറ്റിൽ ഒറ്റക്കുള്ള , ഭർത്താവുമായി അത്ര സന്തുഷ്ടമല്ലാത്ത ദാമ്പത്യ ജീവിതം നയിക്കുന്ന പൂർവ്വ  കാമുകി ... ( ഈ സാഹചര്യം നമ്മുടെ അനൂപ്‌ മേനോന്റെ കയ്യിലോട്ട്  വല്ലതും കിട്ടണം. എഴുതി തകർത്തേനെ  അദ്ദേഹം !!!എന്ത് ചെയ്യാനാ എറിയാൻ അറിയുന്നവന്റെ കൈയ്യിൽ  ദൈവം കൊല് കൊടുക്കില്ലല്ലോ ) .അവിടുന്ന് തുടങ്ങുന്ന പ്രശ്നങ്ങളിൽ നിന്ന് സിനിമ മുന്നോട്ടു പോകുന്നു  എങ്ങോട്ട് പോകുന്നു എന്ന് മാത്രം ചോദിക്കരുത് .എങ്ങോട്ടൊക്കെയോ പോകുന്നു എന്നതാണ് ഉത്തരം .അവസാനം എല്ലാ ചോദ്യങ്ങള്ക്കും വ്യക്തമായി ഉത്തരം തന്നു (ഉത്തരങ്ങൾ ചിരിപ്പിക്കുന്നത് ആകുന്നത്‌  വിട്ടേക്കാം ) ശുഭമായി സിനിമ അവസാനിക്കുന്നു  .പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ പടം മൊത്തം സീരിയസ് ആണ് .(കുറഞ്ഞ പക്ഷം എന്നാണ്  സംവിധായക ൻ ഉൾപ്പെടെ കാണികൾ ഒഴികെയുള്ള സകലരുടെയും ഭാവം !!!!)
 
അല്ല അപ്പൊ ......
 
അനിയാ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി വരുത്തിയിട്ട് ഒന്നും സംഭവിക്കാതെ പോകുന്നത് മനസിലാക്കാം പക്ഷെ .മുകളിൽ പറഞ്ഞ ഘട്ടം മുതൽ (കല്യാണം ക്ഷണിക്കാൻ പോകുന്ന മുതൽ ) ഏതു  കഥപാത്രവും എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന അവസ്ഥയെ  തിരക്കഥാക്രിത്തിന്റെ അശ്രദ്ധ എന്നോ സംവിധായകന്റെ ഗതികേട് എന്നോ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ട്ടം
 
അപ്പൊ അഭിനയം
 
ദിലീപ് പതിവ് പോലെ  (കൂടുതൽ പറയണ്ടല്ലോ ) റീമ കല്ലിങ്കലിനു മിക്ക രംഗങ്ങളിലും നട്ടുച്ചയ്ക്ക് പൊരി വെയിലത്ത്‌   നടു  റോഡിൽ  നിന്ന്  ട്രാഫിക്‌  നിയന്ത്രിക്കുന്ന പോലീസുകാരിയുടെ ഒരു ഭാവമാണ് .(സാരമില്ല കുറച്ചു കൂടി കഴിഞ്ഞാൽ അതും ശീലമായി കൊള്ളും  മലയാളി പ്രേക്ഷകന് !!!)  പുതുമുഖം പാർവതി നമ്പ്യാർ  പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടാകണം അധികം ഉപദ്രവിക്കുന്നില്ല . മുരളി ഗോപിയുടെ ടൈസണ്‍ അലക്സ്‌  ഒരു വ്യക്തിത്വം ഇല്ലാത്ത ഒരു കഥാപാത്രം ആയതു കൊണ്ട് അദ്ദേഹത്തിന് തന്നെ അഭിനയിക്കണോ വെറുതെ നിന്നാൽ മതിയോ എന്ന് ഉറപ്പില്ലാത്ത പോലെയാണ് സംഗതികൾ . ചിത്രത്തിലെ  ഏറ്റവും മിസ്‌ കാസ്റ്റ്  റീമ കല്ലിങ്ങൽ ആണെന്ന് നിസംശയം  പറയാം . മുഖം ഇങ്ങനെ സകല രംഗത്തും  വലിച്ചു പിടിച്ചാൽ  ഈ നടി ഒരു സാധാരണ മലയാളി പെണ്‍കുട്ടി ആയിക്കോളും എന്നാ ധാരണ ആരേലും ഒന്ന് പറഞ്ഞു തിരുത്തി എങ്കിൽ നന്നായിരുന്നു.അടുത്ത കാലത്തായി ദിലീപ് ചിത്രങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം (സ്ഥിരം പ്രശ്നങ്ങ ൾ കൂടാതെ ) നല്ല ഒരു സപ്പോര്ടിംഗ്  കാസ്റ്റിന്റെ അഭാവമാണ്  എന്ന് തോന്നുന്നു 
 
.നടൻ ദിലീപിനോട് ഒരു വാക്ക് ഇത്തരം ചവറു സിനിമകൾ നല്കുന്ന താല്ക്കാലിക വിജയങ്ങളിൽ മതിമറ ന്നവരുടെ ഉദാഹരണങ്ങൾ താങ്കള്ക്ക് മുന്നിലുണ്ട് .അതിൽ നിന്ന് പാഠം ഉൾക്കൊണ്ടാൽ സ്വന്തം പരിമിതികളെ മറികടന്ന ഒരു നടനായി താങ്കളെ നാളത്തെ ചരിത്രം വിലയിരിത്തും അല്ലാത്ത പക്ഷം വന്നു പോയ അനേകം മുഖങ്ങളിൽ ഒന്നായി ചരിത്ര ത്തിന്റെ  ചവറ്റു കുട്ടയിൽ ആയിരിക്കും താങ്കളുടെ സ്ഥാനം ഗാനങ്ങൾ ആരുടെയെങ്കിലും മനസ്സിൽ തങ്ങി നിന്നാൽ അവർക്ക് കൊള്ളാം .(എനിക്കൊരെണ്ണം പോലും ഓര്മ വരുന്നില്ല ) പല സ്ഥലത്തും പാട്ടു ചുമ്മാ അങ്ങ് തിരുകുകയാണ്
 
അപ്പൊ ചുരുക്കത്തിൽ .....
 

മറ്റൊരു  നിലവാരം ഇല്ലാത്ത  ചിത്രം  നിലവാരം ഇല്ലാത്തത് എന്നതിനെക്കാൾ  ബോർ അടിപ്പിക്കുന്നത്തു  എന്ന വിശേഷണം ആയിരിക്കും ഈ ചിത്രത്തിന് ചേരുക ...... 

Friday, December 13, 2013

സൈലൻസ് (ത്രില്ലർ എങ്കിൽ ത്രില്ലർ ... ഇന്നാ )

അണ്ണാ ....സൈലൻസ്

ഞാൻ  ഇപ്പോളെ   സൈലന്റ് ആണല്ലോ ? ഇനിയെന്തോന്നു സൈലൻസ്

അതല്ല അണ്ണാ  നമ്മുടെ വി കെ  പ്രകാശ്‌  സംവിധാനം ചെയ്തു സുപ്പർ താരം ഡോ .മമ്മുട്ടി  യും ജോയി മാത്യു വും പിന്നെ അനൂപ്‌ മേനോനും ഒക്കെ അഭിനയിക്കുന്ന സൈലൻസ്  എന്ന പടത്തെ പറ്റിയാണ്  നായിക  പല്ലവി ചന്ദ്രൻ  സംഗതി ത്രില്ലർ  ആണ് എന്താ പോരെ അണ്ണാ ? കണ്ടില്ലങ്കിൽ മോശമല്ലേ

അത് നില്ക്കട്ടെ  അനിയ നീ മഹാഭാരതം വായിച്ചിടുണ്ടോ ?

ഇയാൾ എന്തോന്ന്  ആന എന്ന് പറഞ്ഞാല ചേന എന്നാണോ കേൾക്കുന്നേ? .. ശരി അത് ഇപ്പോ ചോദിയ്ക്കാൻ കാര്യം

 അതിൽ  ഈ മഹാഭാരത യുദ്ധത്തിനു മുൻപ്  പാണ്ഡവ - കൗരവ ഭാഗത്തുള്ള പ്രധാന യോദ്ധാക്കളെ പറ്റി പറയുമ്പോൾ പറയുന്ന ഒരു സംഗതിയുണ്ട് അത് അറിയാതെ ഓർമ്മിച്ചു പോയതാ  ......

അതെന്താ അത് ....

ഇവര ഓരോരുത്തരും മഹാ ധീരന്മാരും പരാക്രമികളും  ഒറ്റയ്ക്ക് ഒരു അക്ഷൗഹിണിയെ  നശിപ്പിക്കാൻ  പ്രാപ്തിയുള്ളവരും ആണ് എന്നതാണ്   പ്രസ്തുത സംഗതി

അല്ല അത് .... ഇവിടെ .....

പൊന്നനിയാ  ഈ മമ്മൂട്ടിയും  വി  കെ  പ്രകാശും  അനൂപ്‌ മേനോനും  ഒക്കെ ഒറ്റയ്ക്ക് തന്നെ  സിനിമ കാണാൻ വരുന്ന പാവങ്ങളെ വെറുപ്പിച്ചു കൈയിൽ  കൊടുക്കാൻ പ്രാപ്തരാണ്  എന്ന് ഇതിനോടകം പലതവണ  തെളിയിച്ചവരാണ് . എന്നി ഇവരെല്ലാം ഒത്തു ചേരുമ്പോൾ ആ സിനിമയുടെ അവസ്ഥ എന്തായിരിക്കും എന്നോർത്ത് പോയതാ .പിന്നെ ഇത്രയൊക്കെ ഉണ്ടെങ്കിലും സംവിധായകൻ വി കെ പ്രകാശിന് വേണ്ടത്ര ആത്മവിശ്വാസം ഇല്ല എന്ന് തന്നെ പറയേണ്ടി വരും . കാരണം എന്തും സഹിക്കുന്ന മലയാള പ്രേക്ഷകർ ഇനി ഇവരെ ഒക്കെ കേറി അങ്ങ് ഇഷ്ടപ്പെട്ടു കളഞ്ഞാലോ എന്ന് ഭയന്നാകണം ഒരു ധൈര്യത്തിന് തിരക്കഥ എഴുതാൻ ഏൽപ്പിച്ചിരിക്കുന്നത്  ശ്രീ വൈ  വി  രാജേഷിനെ ആണ്  (ഗുലുമാൽ , ത്രീ കിങ്ങ്സ്  ഫെയിം ) പോരെ ?

അണ്ണൻ  തമാശ വിട്ടു കാര്യം പറ പടമെങ്ങനെ ? തകർക്കുമോ ?

പിന്നെ തകർക്കാതെ ? അനിയ കഥയുടെ കാര്യം ആദ്യമേ പറയാം . ഹൈക്കോടതി   ജഡ്ജ്  ആയി ചാർജ്  എടുക്കാൻ ഇരിക്കുന്ന അഭിഭാഷകൻ  അരവിന്ദ്  (വേറെ ആര് )  ആണ് കേന്ദ്ര കഥാപാത്രം . ഇദ്ദേഹം നല്ലവനാണ് , മിടുക്കനാണ് , ആ മഹാനഗരത്തിലെ സകല പരിചയക്കാരുടെയും കണ്ണിലുണ്ണിയാണ് (ചില്ലറ അസൂയക്കാരെ ആദ്യ പത്തു മിനിറ്റിൽ തന്നെ മാപ്പ് പറയിച്ചു ഉണ്ണി ആക്കും !!!) , സാദാ സമയവും ഒരു പരസ്യചിത്രത്തിലെ ചിന്താവിഷ്ടനായി അഭിനയിക്കുന്ന മോഡലിനെ പോലെ നടക്കുന്ന ആളാണ്  (ഇവിടെ ആരാധകർക്ക്  "ഹോ എന്തൊരു അഭിനയം എന്ന് ആർത്തു  വിളിക്കാൻ ഒരു pause ), പതിവ് പോലെ  ഒരു കേസിലും പരാജയപ്പെട്ട ചരിത്രമേ ഇല്ല . മീശയിലെ  രണ്ടു ഇഴ നരപ്പിച്ചു എന്ന പാപത്തിനു പ്രായശ്ചിത്തം എന്ന വണ്ണം മുഴുവൻ സമയ മോഡലിംഗ് ആണ്  താരം  ഈ ചിത്രത്തിൽ .പരസ്യ ചിത്രങ്ങളിൽ നിന്ന് വന്ന , ചിലപ്പോളെങ്കിലും ഇന്നും അതിന്റെ കെട്ട് വിടാത്ത ആളെന്ന്   ഞാൻ കരുതുന്ന ശ്രീ വി കെ പ്രകാശ് കൂടെ ആകുമ്പോൾ കോറം തികയുന്നു .അദ്ദേഹത്തിന്റെ ഭാര്യയായി തെസ്നിഖാൻ ചെറുപ്പം ആയതു പോലെ ഉള്ള  പല്ലവി , സുഹൃത്തും ഭാര്യയുടെ പഴയ ആരാധകനും ആയ നീൽ എന്ന പോലീസ് ഉദ്യോഗസ്ഥനായി അനൂപ്‌ മേനോനും  പിന്നെ തൊഴിൽപരമായ അസൂയ ഉള്ള വക്കീൽ മാർക്കോസ്  ആയി ജോയി മാത്യുവും എത്തുന്നു (അസൂയ ഒക്കെ ആദ്യ പതിനഞ്ചു മിനിട്ട് അത് കഴിഞ്ഞാൽ തെറ്റ് മനസിലാക്കി ആരാധകനായി മാറുന്നു .. അല്ല പിന്നെ !!!!)

ആദ്യ  പകുതിയുടെ ആദ്യ പകുതി കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ആദ്യ പതിനഞ്ചു മിനിട്ട്  ഏതൊക്കെയോ നടക്കും എന്ന് സംശയം തോന്നും എന്നതാണ് ഈ ചിത്രത്തിന്റെ ഒരേ ഒരു നല്ല വശം . ജഡ്ജി ആകാൻ തയ്യാറെടുതിരിക്കുന്ന അരവിന്ദിന് ഒരു അജ്ഞാതന്റെ ഫോണ്‍ വരുന്നു . ഇനി മുതൽ സംഗതി പിടി വിട്ടു പോകുന്നു .. ഈ    അജ്ഞാതനു  എന്താണ് വേണ്ടത് എന്ന് നമുക്കും മനസിലാകുന്നില്ല (അരവിന്ദ് ഫുൾ ടൈം ചിന്തയിൽ  ആയതു കൊണ്ട് അങ്ങേർക്കു മനസിലായോ ഇല്ലയോ എന്ന് ആദ്യം ഒരു പിടിയും കിട്ടില്ല !!!)  നിങ്ങൾ ജഡ്ജി ആകാൻ യോഗ്യനല്ല എന്നു ആണ് നമുക്ക്  ആകെ മനസിലാകുന്നത് .

എന്നിട്ട് അതിനു വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ അതി ഭീകരവും . ഏതൊക്കെ ചെയ്യുന്നത്  പണ്ട്  ഒരു സ്ത്രീ പീഡന കേസിൽ അതിലെ പ്രതികൾ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതിന്റെ തൊട്ടടുത്ത്‌  പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി കൊല്ലപ്പെടുന്നു .പോലീസ്  ആ പെണ്‍കുട്ടിയുടെ ഭർത്താവിനെ അറസ്റ്റ്  ചെയ്യുന്നു . അയാൾ ആണെകിൽ പള്ളി വക കൌണ്‍സിലിംഗ് സെന്ററിലെ കൌണ്‍സിലർ  ആണ്  (ആയിരുന്നു ). കേസ് ഒക്കെ കഴിഞ്ഞു  പഴയ ജീവിതത്തിലേക്ക് മടങ്ങി വരുന്ന പെണ്‍കുട്ടി കൌണ്‍സിലിങ്ങിന് പോയപ്പോൾ ഇവർ  അടുക്കുകയും വിവാഹിതർ ആകുകയും ചെയ്തതാണ്. പോരാത്തതിനു പ്രതികൾ   പുറത്തിറങ്ങി കഴിഞ്ഞു ഒരുമിച്ചു കുട്ടിയെ കാണാൻ വരുന്നും ഉണ്ട്  . പക്ഷെ പോലീസ്  നേരെ  പോയി  കൊച്ചിന്റെ ഭർത്താവിനെ അങ്ങ് പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നു അതിനു കാരണം കേസ് അന്വേഷിക്കുന്ന പോലീസ്  ഉദ്യോഗസ്ഥൻ  സുധീർ കരമന പ്രതികളിൽ  ഒരാളുടെ ബന്ധു ആണെന്ന ന്യായവും!!!  (പണ്ട് മോർച്ചറി എന്നൊരു സിനിമ കണ്ടത് ഓർമ വരുന്നു .ജഡ്ജി  ശ്രീവിദ്യ , വിധി പറയുന്ന കൊലക്കേസിലെ പ്രതി മകൻ  രാമു , കേസ് അന്വേഷിച്ചു പ്രതിയെ അറസ്റ്റ്  ചെയ്തത്  ഉദ്യോഗസ്ഥൻ  ശ്രീവിദ്യയുടെ ഭർത്താവും  രാമുവിന്റെ അച്ഛനുമായ പ്രേംനസീർ ,പ്രതിഭാഗം വക്കീൽ ശ്രീവിദ്യയുടെ പഴയ കാമുകൻ മധു !! സംഗതി  അക്കാലത്തു  കുടുംബ പ്രേക്ഷകരെ കോരിത്തരിപ്പിച്ചു  എന്നാണ് ഓർമ്മ ).

ഇങ്ങനത്തെ തികച്ചും  ദുഷ്കരമായ കേസിൽ (?) അന്ന്  പ്രതിക്ക് വേണ്ടി ഹാജരായത്  അരവിന്ദ്  ആയിരുന്നു . തന്റെ  ബുദ്ധി ഉപയോഗിച്ച്  ബോഡി കിട്ടാത്തിടത്തോളം കാലം തന്റെ കക്ഷിയുടെ പേരില് കൊലകുറ്റം  ആരോപിക്കാൻ പറ്റില്ല എന്ന അതീവ ബുദ്ധിപൂർവമായ വാദത്തിൽ (അത് പറയാൻ കാണിക്കുന്ന സർക്കസ്  വേറെ ) കോടതി വീഴുന്നു .പ്രതിയെ വെറുതെ വിടുന്നു എന്ന് മാത്രമല്ല പഴയ പീഡക പ്രതികളുടെ  നേരെ  അന്വേഷണം തിരിയാനും ഇതു ഇടയായി (ഇതാണ് വക്കീൽ വക്കീൽ എന്ന് പറഞ്ഞാൽ ). തങ്ങളല്ല  പ്രസ്തുത കൃത്യം ചെയ്തത് എന്ന്  വക്കീലിനെ ബോധ്യപ്പെടുത്താനാണ് പോലും  പഴയ പ്രതികളുടെ അലുമിനി നേരത്തെ കാണിച്ച  അജ്ഞാതന്റെ നിങ്ങൾ യോഗ്യനല്ല എന്ന പരിപാടി സംപ്രേക്ഷണം  ചെയ്തത്  കാണിച്ചത്‌ . അവർ അന്ന് പീഡിപ്പിക്കപ്പെട്ട  കുട്ടിയെ കാണാൻ പോയതു വെറുതെ മാപ്പ് പറയാനും കുട്ടിക്ക് ഒരു സർക്കാർ ജോലി ഓഫർ ചെയാനും ആയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അപ്പോളാണ് നായകന അറിയുന്നത് . (സൂര്യനെല്ലി  കേസിലെ വാദിക്കു സർക്കാർ കിട്ടി എന്ന് വെച്ച് കേരളത്തിൽ സർക്കാർ ജോലി കിട്ടാനുള്ള കുറഞ്ഞ യോഗ്യത ഒരു പീഡന കേസിൽ എങ്കിലും വാദി ആയിരിക്കണം എന്നതായോ ആവോ ?)

ഇത്രയും സത്യങ്ങൾ അറിയുമ്പോൾ , ആ കേസ്  ഒന്ന് കൂടി സ്വയം അന്വേഷിച്ചു ശരിയായ പ്രതിയെ കണ്ടു പിടിക്കാൻ നായകൻ  തീരുമാനിക്കുന്നു (നായകനായി ജനിച്ചു  പോയാൽ എന്തൊക്കെ അനുഭവിക്കണം ) ജീവിതത്തിൽ  ഇതു  വരെ തെറ്റ് പറ്റാത്ത ഇദ്ദേഹത്തിനു ഒരു തെറ്റ് പറ്റി  എന്ന്  അറിഞ്ഞാൽ   ഉണ്ടാകുന്ന ഭീകരമായ റിസ്കിനെ പറ്റി സകലരും അദ്ദേഹത്തെ ഉപദേശിക്കുന്നു ഹൈകോടതി ജഡ്ജ് ആകാൻ പോകുന്ന ആൾക്ക്  ഇങ്ങനെ ഒരു തെറ്റ് പറ്റി (?)  എന്നറിഞ്ഞാൽ ....പോയില്ലേ സംഗതി ? ഇയാൾക്ക് പറ്റിയ തെറ്റ് എന്താണാവോ ?എങ്കിലും ധീരനായ അദേഹം അതൊക്കെ പുല്ലു പോലെ അവഗണിച്ചു അന്വേഷണത്തിന്   ഇറങ്ങുന്നു (അല്ല പിന്നെ ) .പൊട്ടിച്ചിരിപ്പിക്കുന്ന ആ അന്വേഷണത്തിന്റെ കരളയിപ്പിക്കുന്ന ക്ലൈമാക്സ്‌  ആണ്  ഒരു അവസാന ഇരുപതു മിനിട്ടോളം .(ചുമ്മാ പറയുന്നതല്ല അണ്ടർ വാട്ടർ  സ്ടുണ്ട്  ഒക്കെയാക്കി സംഗതി അങ്ങ് ആറുമാദിച്ചിരിക്കുവാ . ഇതിനിടെ  ശ്രീനി പറഞ്ഞ ഒരു കമന്റ്‌ എനിക്കങ്ങു ബോധിച്ചു  സുപ്പർ  താരം കരയിൽ  നിന്നിട്ടോ വലിയ അഭിനയം ഒന്നും കാഴ്ച വെയ്ക്കുന്നില്ല ഇനി വെള്ളത്തിൽ  ഇറക്കിയാൽ വല്ലതും നടന്നാലോ എന്ന് കരുതിയാകണം ക്ലൈമാക്സ്‌  വെള്ളത്തിൽ  ആക്കിയത്  എന്നായിരുന്നു അത് !!!!!)നായകൻ തികച്ചും ബുദ്ധിപരമായി സത്യം തെളിയിക്കുന്ന രംഗങ്ങൾ കാണുന്നവർ മനസുകൊണ്ടെങ്കിലും  സംവിധായകൻ വിനയനോട്  അങ്ങേരെ എത്രയും കാലം തെറി  പറഞ്ഞതിന്  മാപ്പ് ചോദിച്ചാൽ നന്ന് .നാട്ടിലൊക്കെ  കമ്പ്യൂട്ടർ ക്ലാസ്സിൽ പഠിക്കാൻ വന്നിട്ട് പഠിത്തം കഴിഞ്ഞു  അവിടെ തന്നെ അധ്യാപകൻ  ആയി മാറുന്ന പോലെ .മനോരോഗത്തിന് ചികിത്സ കഴിഞ്ഞു സൈക്യാട്രി സ്റ്റ്  കൌണ്‍സിലർ ആയി ജോലി എടുക്കുന്ന പോലെയുള്ള കോമഡി വേറെ

അഭിനയം

സുപ്പർ താരത്തെ പറ്റി പതിവ് പോലെ എന്ന് പറയാം അഭിനയിക്കുക എന്നതൊഴികെ  തന്നാൽ കഴിയുന്ന ബാക്കി എല്ലാം ചെയ്യുന്നുണ്ട്  അദ്ദേഹം.നായിക  പല്ലവി  നയൻ താരയുടെ ദേഹത്ത് കാവ്യാ മാധവന്റെ ആത്മാവ് പ്രവേശിച്ച പോലത്തെ സംഭവം , രണ്ടു മിനിട്ടത്തെ പരിഭവത്തിനും കുശുമ്പിനും ശേഷം ജോയ് മാത്യു  സ്തുതി പാഠക  വൃന്ദത്തിൽ പ്രവേശിക്കുന്നു പിന്നെ എങ്ങോ മറയുന്നു . അനൂപ്‌ മേനോൻ  ഗ്രാൻഡ്‌ മാസ്റ്റർ എന്ന സിനിമയിൽ ചെയ്ത നായകന് കുട പിടിക്കുന്ന പണി വൃത്തിയായി ചെയ്തു (ദോഷം പറയരുതല്ലോ ഉള്ളതിൽ ഉപദ്രവം കുറവ് അങ്ങേരെകൊണ്ടാണ് )

അപ്പോൾ ചുരുക്കത്തിൽ ....

പരസ്യ ചിത്രങ്ങളുടെത് പോലുള്ള പശ്ചാത്തലത്തിൽ മോഡലിംഗ്  നടത്തുന്ന മമ്മൂ ട്ടി , പാതി വെന്ത കുറെ സഹ കഥാപാത്രങ്ങൾ , പതിവ് പോലെ അന്തവും കുന്തവും ഇല്ലാത്ത തിരക്കഥ , പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലിംഗ് ക്ലൈമാക്സ്‌ , എന്തിനാണ്  എന്നാർക്കും  പടം കഴിഞ്ഞിറങ്ങുബോളും  മനസിലാക്കാത്ത കുറെ രംഗങ്ങൾ  ഇവയൊക്കെ ആസ്വദിക്കുന്ന ഒരാൾ ആണ് നിങ്ങൾ എങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് നിങ്ങള്ക്ക് വേണ്ടി മാത്രം ഉള്ളതാണ്  . A Real  Must Watch Movie !!!!