Sunday, November 24, 2013

വിശുദ്ധൻ (മിയാ കുൽപ്പ , മിയാ കുൽപ്പ )


കക്ഷത്തിൽ ഇരിക്കുന്നത് പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം .......

അണ്ണൻ എന്തുവാ രാവിലെ പഴംചൊല്ലും പറഞ്ഞിരിക്കുന്നേ .. മലയാള സിനിമയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റു അടിക്കുന്നത് അറിഞ്ഞില്ലേ

അനിയാ അവസാനം കണ്ട മലയാള സിനിമ (ഗീതാഞ്ജലി ) അത്രക്ക് വെറുപ്പിച്ചു കളഞ്ഞു അനിയാ ഇന്നാണ് അടുത്തതിനു തല വയ്ക്കാൻ  ധൈര്യം വന്നത് .

അണ്ണൻ ഏതാ കണ്ടത് .....

അനിയാ സെൽവ രാഘവൻ കുറെ കാലമായി ബഹളം വെച്ചിരുന്ന  ഇരണ്ഡാം ഉലകം കാണാൻ വേണ്ടി ഇറങ്ങിയതാ അപ്പോളാ ഒരു ദ്രോഹി Feel the difference എന്നോ മറ്റോ  പറഞ്ഞു എന്നെ  ശ്രീ വൈശാഖ്  സംവിധാനം ചെയ്ത വിശുദ്ധനു  കൊണ്ട് കേറ്റിയത് . അവനോടു ദൈവം ചോദിച്ചോളും .....

അതെന്തു അണ്ണാ  ഒന്നാമത്  കുഞ്ചാക്കോ ബോബന്റെ  അടുത്ത ഭക്തി പടം (തൊട്ടു മുൻപത്തെ ഗോഡ് ഫോർ  സെയിൽ ആയിരുന്നു ). രണ്ടാമത്തേത്  പോക്കിരി രാജാ , സീനിയേഴ്സ്  തുടങ്ങിയ വൻ വിജയ ചിത്രങ്ങൾ എടുത്ത സംവിധായകൻ  സ്വന്തമായി ഒരു എട്ടു വരി പാത വെട്ടിയുണ്ടാക്കുന്നു . പിന്നെ  അച്ചൻ -കന്യാസ്ത്രീ പ്രണയം  വിവാദം , നായികാ നായകന്മാരുടെ  ഇഴുകിച്ചേർന്ന  രംഗങ്ങൾ അങ്ങനെ ഒരു ശരാശരി മലയാളി കൂതറ ബുദ്ധി ജീവിക്ക്  കടിച്ചു വലിക്കാൻ  ഉള്ള എല്ലിൻ  കഷ്ണങ്ങൾ  ലാവിഷ്  ഇതിൽ കൂടുതൽ എന്നാ വേണം എന്നാ . പിന്നെ അനൂപ്‌ മേനോൻ  ഇല്ലാത്തത് കൊണ്ട് ഒരു ക്ലീൻ ഫാമിലി entertainer  എന്ന് കാച്ചി കൂടെ ?
പിന്നെ പോരാത്തതിനു അണ്ണൻ ഈ പടത്തെ കുറിച്ചുള്ള വാർത്തകൾ വായിച്ചോ . കേന്ദ്ര കഥാപാത്രം മനുഷ്യൻ ദൈവം ചെകുത്താൻ തുടങ്ങിയ അവസ്ഥാ വിശേഷങ്ങളിലൂടെ ഓടി  നടക്കുന്നു എന്നാന്നു പറയുന്നത് . ഇതു പുതുമ അല്ലെങ്കിൽ പിന്നെ എന്താണ്  പുതുമ ?

അടങ്ങേടെ കേന്ദ്ര കഥാപാത്രമല്ല  കാണുന്നവൻ ആണ് ദൈവമായി തുടങ്ങി മനുഷ്യനായി അവസാനം ചെകുത്താനായി പുറത്തിറങ്ങുന്നത് . ആദ്യം ഇതിന്റെ കഥ പറയാം . ക്രിസ്ത്യാനികൾ മാത്രം തിങ്ങി പാർക്കുന്ന ഒരു ഗ്രാമം അവിടെ അച്ചനായി  ചാർജ്  എടുക്കുന്ന സണ്ണി  (കുഞ്ചാക്കോ )  അവിടുത്തെ സഭയുടെ നിയന്ത്രണത്തിലുള്ള സ്നേഹാലയം എന്ന വൃദ്ധ സദനം അവിടുത്തെ ജൂനിയർ കന്യാ സ്ത്രീ  സോഫി  (മിയ ജോർജ് ) അവിടുത്തെ പ്രമാണിയും റബ്ബർ - മെഡിക്കൽ കോളേജ്  ഉടമയുമായ  വാവച്ചൻ (ഹരീഷ് പേരടി ) എന്നിവർ യഥാക്രമം നായകൻ  , നായിക , വില്ലൻ എന്നിവരുടെ  കൈകാര്യം ചെയ്യുന്നു .കൂടാതെ ലാൽ , നന്ദു , കൃഷ്ണകുമാർ, ശ്രീലത  തുടങ്ങിയവരും അഭിനയിക്കുന്നു.ഇനി ബാക്കി കഥ സ്നേഹസമ്പന്നനായ അച്ചൻ അവിടെ വന്നു പ്രവര്ത്തനം തുടങ്ങുബോളാണ്  സോഫി സിസ്റ്റർ  അവരുടെ മനസ്സിനെ വേട്ടയാടിയിരുന്ന ഒരു ഭയങ്കര രഹസ്യം അച്ഛനോട് വെളിപ്പെടുത്തുന്നത് സ്നേഹാലയത്തിലെ  അന്തേവാസികൾ എല്ലാവരും  അനാഥരും വൃദ്ധരും ഒക്കെ തന്നെയാണ് പക്ഷെ അവരിൽ  പലരും വാവച്ചൻ  കള്ള പേരിൽ (ക്രിസ്തിയാനി പേരിൽ ) കൊണ്ട് വന്നു താമസിപ്പിച്ചിരിക്കുന്ന അന്യ മതസ്ഥർ ആണ് !!!!! വാവച്ചൻ എന്തിനു അങ്ങനെ ചെയ്യണം? അതിനു പിന്നിലും ഉണ്ട് ഒരു രഹസ്യം .വാവച്ചന്റെ മെഡിക്കൽ കോളേജിലെ കുട്ടികൾക്ക്  പഠിക്കാനായി ഇവിടുത്തെ അന്തേവാസികൾ മരിക്കുമ്പോൾ ബോഡി വിട്ടു കൊടുത്തു കൊള്ളാം  എന്ന കരാറിൽ  ഈ വൃദ്ധ സദനത്തിന്റെ ചെലവ് വഹിക്കുന്നത് അങ്ങേരാണ്‌ . (ഇനി ഇതൊക്കെ കൊണ്ട്  അങ്ങേർക്കു ഒരു വില്ലൻ ച്ഹായ വന്നില്ലങ്കിലോ എന്ന് കരുതി ആകണം, അങ്ങേരുടെ മെഡിക്കൽ കോളേജിൽ ചികിത്സക്ക് വന്ന ഒരു വൃദ്ധയെ ഒരു ബോഡി അത്യാവശ്യം  ആയതു കൊണ്ടാകണം വാവച്ചന്റെ ഡോക്ടർ  മകൻ (കൃഷ്ണകുമാർ ) തട്ടി കളയുന്നുണ്ട്) , എന്തായാലും ഈ ഞെട്ടിപ്പിക്കുന്ന രഹസ്യം അറിഞ്ഞതോടെ അത് വരെ കൂൾ കൂളായി  സ്വാശ്രയ കോളേജിനെ അനുകൂലിച്ചു പാവപ്പെട്ട സഭാ  വിശ്വാസികൾ  കുരിശു  യുദ്ധം നടത്തണം എന്ന ഇടയ ലേഖനവും വായിച്ചു നടന്ന സണ്ണി അച്ചൻ വാവച്ചനെതിരെ സട  കുടഞ്ഞു (കുഞ്ചാക്കോ ബോബനെ കൊണ്ട് എത്ര കുടയാൻ പറ്റുമോ അത്രയും )  എഴുനേൽക്കുന്നു .പാവം വാവച്ചൻ പിന്നെ എന്നാ ചെയ്യാനാ ? അദ്ദേഹം അച്ഛനെയും സോഫി സിസ്റ്റെരെയും ചേർത്ത് ആരോപണം അടിച്ചിറക്കുന്നു .സോഫിയെ സ്ഥലം മാറ്റുന്നു . പോകുന്നതിനു മുൻപ്  സ്നേഹാലയത്തിലെ അന്തേവാസികളുടെ ഒറിജിനൽ പേരുകളും ജാതിയും അടങ്ങുന്ന നിര്ണായക രേഖ അച്ഛന് കൈമാറാൻ രാത്രി അച്ചന്റെ  താമസ സ്ഥലത്ത് എത്തുന്ന സോഫിയെയും അച്ചനെയും വാവച്ചന്റെ നേത്രുത്വത്തിൽ അവിടുത്തെ സദാചാര പോലീസ് വളയുന്നു . വാവച്ചൻ ളോഹയിട്ടു നില്ക്കുന്ന അച്ചനെ കേറി തല്ലുന്നു പോലുമുണ്ട്  (കേരളത്തിലേ !!!! അവൻ  അന്നേ തല്ലത്തുള്ളൂ )

പിന്നെ സോഫിയെ മഠത്തിന് പുറത്താക്കുന്നു .സണ്ണി അച്ചൻ ളോഹ വൃത്തിയായി  അലക്കി മടക്കി തിരിച്ചു കൊടുത്തു സോഫിയെ കെട്ടുന്നു.പകരം വന്ന പോക്കിരിയച്ചൻ (ലാൽ ) മുണ്ട്  സോറി ളോഹ  മടക്കിക്കുത്തി  ഇവരെ കളിയാക്കുന്നവരെ അടിക്കുന്നു  . ഇതിനിടെയാണ് ആ സംഭവം നടക്കുന്നത് .
എന്താ അണ്ണാ

നമ്മുടെ സണ്ണി അച്ചൻ (ആയിരുന്ന കാലത്ത് ) അവിടുത്തെ പാവപ്പെട്ട കുഴി വെട്ടുകാരന്റെ (നന്ദു )  മകളെ  നേഴ്സിംഗ്  പഠിക്കാൻ ബാംഗ്ലൂർക്ക്  വിട്ടിരുന്നു .ഈ തിരക്കിനിടയിൽ ഫീസ്‌ ഒക്കെ അയച്ചു കൊടുക്കാൻ മറന്നു പോയത് കൊണ്ട്  കൊച്ചു സ്വന്തമായി വാണിഭം തുടങ്ങി  . അത്  കൊച്ചിന്റെ അച്ഛൻ അറിയുന്നതോടെ കോച്ചും കൊച്ചിന്റെ അച്ഛനും ഒന്നിന് പുറകെ ഒന്നായി ആത്മഹത്യ  ചെയ്യുന്നു . സണ്ണി  ഇവളെ ഏതോ  റിസോർട്ടിൽ ൽ വെച്ച് കണ്ടു എന്നതു കൊണ്ട് , ആത്മഹത്യക്ക് തൊട്ടു മുൻപ്  കൊച്ച്  അയാൾക്ക്  എഴുതിയ വാലും തലയും ഇല്ലാത്ത ഒരു കത്തിന്റെ പേരിൽ സണ്ണിയെ പോലീസ്  അറസ്റ്റ് ചെയ്യുന്നു .

ഇതിന്റെ എല്ലാം പുറകിൽ  പാവം വാവച്ചൻ ആണെന്ന്  ആരോപിച്ചു സോഫി പോലീസിനെ സമീപിക്കുന്നു . പഴയ  അത്യാവശ്യമായി ഒരു ശവത്തിനു വേണ്ടി അമ്മുമ്മയെ തട്ടിയ കാര്യം വിളിച്ചു പറയുമോ എന്ന് വാവച്ചൻ ഭയക്കുന്നു.(അതിനുള്ള ആകെ സാക്ഷി നമ്മുടെ വാണിഭം നടത്തി ആത്മഹത്യ ചെയ്ത കുട്ടിയാണ് ). സിനിമ എങ്ങനെ എങ്കിലും തീർക്കണം എന്നാ ഒറ്റ കാരണം കൊണ്ട് വാവച്ചൻ പേടി അഭിനയിച്ചു ഗർഭിണിയായ  സോഫിയുടെ വയറിൽ വെടി വെച്ച് ഗർഭം   കലക്കുന്നു .ചോര വാർന്നു  മരിക്കുന്നതിനു മുൻപ് സണ്ണിയോടു എല്ലാം പറയുന്നു സോഫി (വെടി  വെച്ചവരുടെ  അഡ്രസ്‌ , ഫോണ്‍ നമ്പർ (ലാൻഡ്‌ ആൻഡ്‌ മൊബൈൽ ), ഇമെയിൽ ഐ  ഡി  ഉൾപ്പെടെ ) . പ്രതികാര ദാഹിയായ സണ്ണി  വാവച്ചനെയും മകനെയും തട്ടുന്നു .ശുഭം

ഇതെന്തോന്ന് അണ്ണാ  മനോരമയിലെ തുടർക്കഥയോ ? അതോ സീരിയലോ ?

അടങ്ങേടെ ഇതു  ആദ്യം ഞാൻ ആ പഴംചൊല്ലു പറഞ്ഞത് എന്താണ്ട് ഇതു തന്നെയാണ് നമ്മുടെ സംവിധയകൻ വൈശാഖ്  ചേട്ടന്റെയും അവസ്ഥ

അതെന്താ അണ്ണാ  അങ്ങനെ

അനിയാ .. നമ്മുടെ ഇന്നത്തെ ലോകത്ത്, സംഘടന ശക്തി ഉണ്ടെങ്കിൽ  ആർക്കും  എന്തും ആകാവുന്ന ഭാരതം പോലെയുള്ള രാജ്യത്തു  ക്രിസ്തുമതം എന്നല്ല കൃത്യമായ ചട്ടകൂടിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയിലും വേലി ചാടുന്ന അംഗങ്ങൾക്ക് നല്ല ഉഗ്രൻ പണി കിട്ടിയ ചരിത്രമേ ഉള്ളു .കിട്ടാത്തവർ ഉണ്ടെങ്കിൽ അതവരുടെ കഴിവ് എന്ന് മാത്രമേ പറയാനുള്ളൂ .ചുരുക്കത്തിൽ ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ അത് സഭയെ ഒരു രീതിയിലും കുറ്റപ്പെടുത്താത്ത രീതിയിൽ ആകുമ്പോൾ സംഗതി പണ്ട് ബ്ലെസി ഭ്രമരം എടുത്ത പോലിരിക്കും .ഈ ചിത്രത്തിൽ ഉടനീളം സഭ മൊത്തം  ഒരുമാതിരി കവിയൂർ പൊന്നമ്മയുടെ അമ്മവേഷം പോലെ വിങ്ങി പൊട്ടി നില്ക്കുകയാണ് .സകല പഴിയും ഏറ്റു വാങ്ങാൻ പാവം വാവച്ചനും .ഇവിടെ സംവിധായകന് വ്യത്യസ്തമായ പടം ഉണ്ടാക്കുകയും വേണം എന്നാൽ സകലരുടെയും നല്ല കുട്ടി ആകുകയും വേണം .(ഇയാൾ ആരുവാ?  തട്ടത്തിൻ മറയത്തു  എടുത്ത വിനീത് ശ്രീനിവാസനൊ ?).കേരളത്തിൽ തന്നെ ഒരാൾ കന്യാസ്ത്രീയെ കെട്ടി എന്ന് പറഞ്ഞു അങ്ങേരെ ജയിൽ ഇടിഞ്ഞു വീണാൽ പോലും പുറത്തു വിടുന്നില്ല എന്ന് മാധ്യമങ്ങള മുറവിളി കൂട്ടുന്ന കാലത്താണ് ഈ ജാതി പടപ്പുകൾ എന്ന് കൂടി ഓർക്കണം

അപ്പോൾ അഭിനയം

ശ്രീ കുഞ്ചാക്കോ ബോബ്ബനു അഭിനയിക്കണം എന്നൊരു ആഗ്രഹം തോന്നുന്നത് സ്വാഭാവികം (എനിക്ക് മൈക്ക്  റ്റൈസനെ  ബൊക്സിങ്ങ് റിങ്ങിൽ ഇടിച്ചു വീഴ്ത്തണം എന്ന ആഗ്രഹം പോലെ ) പക്ഷെ അത്  തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത്‌ പോലെ ആകരുത്  എന്ന് മാത്രം. അദ്ദേഹത്തിന്  പറ്റുന്ന പണി  (അടുത്ത വീട്ടിലെ പയ്യൻ ) കുറേ  കാലം കൂടി ചെയ്താൽ അദ്ദേഹത്തിന് കൊള്ളാം  .മിയ കാര്യം പറഞ്ഞാൽ  വലിയ കുഴപ്പമില്ലാതെ കൊടുത്ത പണി ചെയ്തിട്ടുണ്ട് .സംഗതി ഒരു സീരിയൽ  ലൈൻ ആയതു കൊണ്ടാവാം അങ്ങനെ തോന്നുന്നത് . ബാക്കി എല്ലാരും ജോലി ആയി പോയില്ലേ എന്നാ മട്ടാണ് . പിന്നെ നമ്മുടെ പാവം വാവച്ചൻ..... തിലകൻ , നരേന്ദ്ര പ്രസാദ്‌ , രാജൻ  പി  ദേവ്   തുടങ്ങിയവരുടെ വിടവ് നികത്താൻ  ബാലചന്ദ്രൻ , ഹരീഷ് പേരടി  തുടങ്ങിയവരെ കൂടുതൽ ഉപയോഗപ്പെടുത്താവുന്നതാണ്  എന്ന് തോന്നുന്നു

അപ്പോൾ ചുരുക്കത്തിൽ

പ്രിയപ്പെട്ട വൈശാഖ് , താങ്കൾക്ക്  പറ്റിയത്  പോക്കിരി രാജയും , സീനിയേഴ്സ്  ഉം പോലുള്ള മഹത്തായ ചിത്രങ്ങളാണ്  എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം .റബേക്ക ഉതുപ്പ് മോഡൽ ചിത്രങ്ങൾ ആണ് താങ്കളുടെ ഫീൽ ദി difference  എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല .മാപ്പ് മാപ്പ് മാപ്പ്  മിയാ  കുൽപ്പ , മിയാ  കുൽപ്പ മിയാ മക്സിമ കുൽപ്പ  (എന്റെ പിഴ എന്റെ പിഴ എന്റെ ഏറ്റവും വലിയ പിഴ ) അല്ല പിന്നെ ....

Friday, November 15, 2013

ഗീതാഞ്ജലി (എന്നാലും ഇതു കടുത്തു പോയി ....)



പഴം തമിഴ് പാട്ടിഴയും ...........

അണ്ണോ ... ഇതാര് ? ഇതു എപ്പോ  ലാൻഡ്‌ ചെയ്തു ? എന്നെത്തി . അണ്ണാ? പച്ചരി വാങ്ങാൻ എന്ത് ചെയും എന്നോർത്ത് വിഷമിച്ചു ഇരിക്കയായിരുന്നു .

എത്തിയതെ  ഉള്ളു  അനിയാ , നാട്ടിൽ ഏതൊക്കെ വിശേഷം ?

എന്തോന്ന് വിശേഷം ? അഴുക്ക പയലുകൾ . പഴയത് പോലെ  ഡെയിലി ഓരോ ചാനൽ  വിവാദവും നൊട്ടി നുണച്ചു  കഴിയുന്നു . ദീപാവലിക്ക് അന്യഭാഷാ ചിത്രങ്ങൾ  കേറി പൊങ്കാല ഇട്ടു .
 പിന്നെ ഇതൊന്നും പോരെങ്കിൽ ശ്വേതാ മേനോനെ കൈയിൽ  പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്റെ പതിനാറടിയന്തരം  ചാനലിൽ ആഘോഷിച്ചു  തകർത്തു . അത് പിന്നെ ഞങ്ങൾ എല്ലാം കൂടി അങ്ങ് ആഘോഷമാക്കി.ഇത്രയൊക്കെ പോരെ?

വായിച്ചു അനിയാ ദേഹത്ത് തൊടാതെ അല്പ്പം നീങ്ങി നില്ക്കാമോ എന്ന് ചോദിച്ചു പോയാൽ വള്ളം കളി അലങ്കോലം ആകും എന്ന് ഭയന്ന് , നമ്മുടെ ഒക്കെ സന്തോഷത്തിനു വേണ്ടി  എല്ലാം സഹിച്ചു നിന്ന ആ സ്ത്രീയെ നാം ആദരിക്കേണ്ടത്ണ്ട ത് തന്നെ സംശയമില്ല .

അല്ല സിനിമ വിശേഷം .. അന്യ ഭാഷാ ചിത്രങ്ങൾ ക്ക്  തകർപ്പൻ മറുപടിയുമായി  മലയാള സിനിമ ജൈത്രയാത്ര തുടങ്ങിയത് അറിഞ്ഞില്ലേ . ഓൾഡ്‌ ആൻഡ്‌ ന്യൂ  ജന റേ ഷൻ ഒരുമിച്ചാ തിരിച്ചടി .

ഇതിൽ ഒരടി ഏറ്റു വാങ്ങി വരുന്ന വഴിയാ അനിയാ ഞാൻ .കരണം അടച്ചു ആയി പോയി അടി എന്ന് മാത്രം .

അത് ആ പാടു കേട്ടപ്പോലെ തോന്നി അണ്ണൻ ഗീതാഞ്ജലി കണ്ടു കാണും എന്ന് . പ്രിയദർശൻ മോഹൻലാലിന്റെ അഭേദ്യമായ കൂട്ട് കേട്ട് , മണിച്ചിത്രത്താഴിന്റെ  രണ്ടാം ഭാഗം മേനക സുരേഷിന്റെ മകളുടെ അരങ്ങേറ്റം , വർ ഷ ങ്ങള്ക്ക് ശേഷം വിദ്യാസാഗർ  ഇതിൽ കൂടുതൽ ഒക്കെ എന്ത് വേണം . അല്ല ഈ പടത്തിലെ ഏതോ മര്മ്മ പ്രധാനമായ റോൾ അഭിനയിക്കാൻ വിളിച്ചപ്പോൾ അല്ലേ നമ്മുടെ ഇപ്പോളത്തെ  സ്ഥലം അഹങ്കാരി നിവിൻ  പോളി ഫോണ്‍ എടുക്കാതിരുന്നത്

അത് തന്നെ ആ റോൾ നമ്മുടെ ഋതു പയ്യൻ നിഷാൻ ആണ് ചെയ്യുന്നേ .കൂടാതെ സർവശ്രീ ബ്ലാക്ക്‌  ബെൽറ്റ്‌ മോഹൻലാൽ , നാസർ , കീർത്തി സുരേഷ് , ഇന്നസെന്റ് , മധു . സീമ , ഗണേഷ് , സിദ്ദിഖ് , സ്വപ്ന മേനോൻ  തുടങ്ങിയവരാണ് താര നിരയിൽ  സുരേഷ് ഗോപി ഒരു സീനിൽ വരുന്നു . സെവൻ  ആർട്സ് ആണ് ഈ ചിത്രം വിതരണം ചെയ്യുന്നേ

അത്  ഇരിക്കട്ടെ  പടം എങ്ങനെ ? ഈ ചിത്രത്തോടെ ലാലേട്ടൻ ഒരു തിരിച്ചു വരവ് നടത്തി നമ്മെ അനുഗ്രഹിക്കാനുള്ള സാദ്ധ്യതകൾ ......

പൊന്നനിയാ  ലോകപാൽ വരെയൊക്കെ നമുക്ക് കൂകാനുള്ള ശേഷി എങ്കിലും ഉണ്ടായിരുന്നു . ഇതൊക്കെ ആകുമ്പോൾ പടം തീരുമ്പോൾ എത്രപേർക്ക് കൂകാൻ ഉള്ള ശേഷി ഉണ്ടാകും എന്ന് കണ്ടു തന്നെ അറിയണം

അല്ല അതെന്താ

അനിയാ ഇരട്ട പെണ്‍കുട്ടികൾ (ഗീത - അഞ്ജലി ) രണ്ടു പേരും ഒരാളെ പ്രേമിച്ചിരുന്നു . അഞ്ജലിയെ ആണ്  ലവൻ  പ്രേമിക്കുന്നത് എന്നറിഞ്ഞു ഗീത ആത്മഹത്യ ചെയ്യുന്നു . (രണ്ടു പേരും തമ്മിൽ ഗീതയ്ക്കു കണ്ണാടി ഉണ്ട് എന്ന വ്യത്യാസം മാത്രമേ ഉള്ളു ) അഞ്ജലിയുടെയും അനൂപിന്റെയും (ലവൻ -നിഷാൻ ) കല്യാണത്തിനായി  അവരുടെ പഴയ വീട്ടിൽ വരുന്ന യുവ മിഥുനങ്ങളെ  ഗീതയുടെ പ്രേതം വേട്ടയാടുന്നു . പിന്നെ സണ്ണി സാർ  വരുന്നു.കുറച്ചു അശ്ലീലം കുറച്ചു കോമാളിത്തരം പിന്നെ ഒരു . മുട്ടൻ ക്ലൈമാക്സ്  കൂടെ അസ്വദിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക്  പോകാം .(വേണമെങ്കിൽ അടുത്ത ഷോ ക്ക്  നിൽക്കുന്നവരെ നോക്കി മനസ്സിൽ സാഡിസ്റ്റിക്ക്  ആയി സന്തോഷിക്കാം .).നാദിയ കൊല്ലപ്പെട്ട രാത്രിയിൽ , ചാരുലത (പ്രിയാമണി ) ഇതൊക്കെ കണ്ടവർക്ക്  ഈ ചിത്രം എങ്ങോട്ടാണ് പോകുന്നത് എന്ന് ആദ്യ  പത്തു മിനിട്ടിനുള്ളിൽ മനസ്സിലാകും .പിന്നെ പഴയ മണിച്ചിത്രത്താഴിനെ  മൊത്തത്തിൽ ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിൽ എടുത്തു വെച്ചിട്ടുണ്ട്  (മണിച്ചിത്രത്താഴിനു  പകരം കൊന്തയും കുരിശും ആക്കിയാൽ പുതുമ ആകുമെങ്കിൽ  മലയാളത്തിൽ ഇത്രയും പുതുമയുള്ള ഒരു ചിത്രമില്ല .നെടുമുടിക്ക് പകരം ബേബിച്ചൻ (മധു ) തിലകന് പകരം കദളിക്കാട്ട്  തിരുമേനി (നാസ്സർ, ബിഷപ്പ് പോലെ എന്തോ ആണ് ).വിനയ പ്രസാദിന്  പകരം  സ്വപ്ന മേനോൻ . (ആ കൊച്ചു പാവം കഷ്ട്ടപ്പെട്ടു ഇരുന്നും നിന്നും ഒക്കെ അഭിനയിക്കുന്നുണ്ട് !!!).പിന്നെ ഭൂത്  (രാംഗോപാൽ വർമ്മ ) മുതൽ ഒരു നൂറു പടം വെട്ടിയിട്ടുണ്ട്.സ്വന്തമായി  ചെയ്യുന്ന പാതകങ്ങൾ പോരാത്തതിനു  സ്ക്രിപ്റ്റ് എഴുതാനായി  അഭിലാഷ് നായർ , സംഭാഷണം ഡെന്നിസ് ജോസഫ്‌  തുടങ്ങിയവരെയും ഇറക്കിയിട്ടുണ്ട്  കിം: ഫല :

പിന്നെ കഥാപാത്രങ്ങൾക്ക് വ്യക്തത വ്യക്തിത്വം ഇതൊന്നും പ്രിയദർശനു  പറഞ്ഞിട്ടുല്ലതല്ലല്ലോ .ഇതിലും സംഗതിക്കു മാറ്റമൊന്നുമില്ല . സാധാരണ കുറെ നല്ല തമാശകൾ ഉണ്ടാകുന്ന  (പണ്ട് ) പ്രിയൻ  ചിത്രങ്ങളിൽ  ഇതിൽ അശ്ലീലം കലര്ന്ന കുറെ വളിപ്പുകൾ മാത്രമാണ് ഉള്ളത് . പിന്നെ ക്ലൈമാക്സ്‌  ആക് ഷൻ  പാക്ക്ഡഡ്  എന്നൊക്കെ പറയാവുന്ന രീതിയിൽ ഉള്ള അവസാന രംഗങ്ങളിൽ  കൂട്ടച്ചിരിയും കൂകലും  കാരണം ആസ്വദിക്കാൻ പറ്റിയില്ല എന്നൊരു വിഷമം ബാക്കി.മുൻപോരു പോസ്റ്റിൽ പറഞ്ഞ പോലെ ഒരു നല്ല തിരകഥാകൃത്തിനെ കിട്ടിയാൽ അല്ലെങ്കിൽ ആ പണി സ്വയം ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവം വിനയൻ ഇവരെക്കളും ഒക്കെ നല്ല ചിത്രം എടുത്തേനെ എന്ന അഭിപ്രായത്തിനു അടിവര ഇടുന്നതാണ് ഈ ചിത്രം .നല്ലൊരു കഥയോ ഇല്ല .കുറഞ്ഞ പക്ഷം നെടുമുടിയും , കെ പി എ സി ലളിതയെയും പോലുള്ള ഒരു നല്ല സപ്പോര്ടിംഗ്  കാസറ്റ്‌ പോലും ഈ ചിത്രത്തിൽ ഇല്ല . ആകെ ഉള്ളത് ഇന്നസെന്റ്  കാണിക്കുന്ന കുറെ വളിപ്പുകൾ മാത്രം

അപ്പോൾ പതിവ് പോലെ ലാലേട്ടനെ ഉപയോഗിച്ചില്ല .അതിരിക്കട്ടെ പുതുമുഖം കീർത്തി എങ്ങനെ ?

ഒറ്റ വാചകത്തിൽ ബിലോ ആവറേജ് എന്ന വിശേഷണം ആകും ആ കുട്ടിക്ക്  ചേരുക .ഒരു പക്ഷെ ഒരു തുടക്കക്കാരിക്കു താങ്ങാൻ പറ്റുന്നതിലും വലിയൊരു പണിയാണ് ഇവിടെ ആ കുട്ടിക്ക് കിട്ടിയത് .എങ്കിൽ പോലും ഇരട്ട കുട്ടികളെ അവതരിപ്പിക്കുമ്പോൾ  ശരീരഭാഷയിലോ സംഭാഷണത്തിലോ  ഒരു വ്യത്യസ്തതയും കൊണ്ട് വരാൻ ഉള്ള ശ്രമം പോലും ആ കൊച്ചു കാണിക്കുന്നില്ല


അപ്പോൾ ചുരുക്കത്തിൽ

അടുത്തതായി  മലയാളത്തിൽ ലാൽ ചെയ്യുന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ആണോ ഈ ചിത്രം എന്ന് എനിക്ക് സംശയം ഉണ്ട് പടം കഴിഞ്ഞു ഇറങ്ങുമ്പോൾ ഇറങ്ങാൻ പോകുന്ന ആ  ചിത്രത്തിന്റെ പേര് മാത്രമേ മനസ്സിൽ തങ്ങി നിൽകു

ആണോ അതേതാ അണ്ണാ

കൂതറ !!!!!!