Friday, March 25, 2011

അഗസ്റ്റ് 15 (August 15 )

അനിയാ ഈ ബ്ലോഗില്‍ പോള്‍ നടത്തുന്നത് എങ്ങനെയാണു? വലിയ അണ്ണന്‍മാരൊക്കെ ചെയ്യുന്നത് കണ്ടിട്ടുണ്ടല്ലോ.നിനക്കറിയാമോ സംഗതി?

അല്ല അണ്ണാ നിങ്ങള്‍ക്കെന്തിനാ എപ്പോള്‍ പോള്‍?മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം ഏതാണ് എന്നറിയാനാണോ?

പിന്നെ ... അതറിയാന്‍ എനിക്കെന്നല്ല ഒരു മലയാളിക്കും പോള്‍ നടത്തേണ്ട ആവശ്യമില്ല.ഇതു പിന്നെ അടുത്ത ആഴ്ച പ്രിത്വി രാജ് അഭിനയിക്കുന്ന ഉറുമി കൂടെ ഇറങ്ങി കഴിഞ്ഞു ഈ മാസം ഇറങ്ങിയ ഏറ്റവും കൂറ ചിത്രം ഏതാണ് എന്നറിയാനുള്ള ഒരു പോള്‍ നടത്താനാണ്.അത്രക്ക് വെറുത്തു ഈ മലയാള സിനിമ.അതിരിക്കട്ടെ കുറച്ചു മുന്‍പ് ആരോ ഇവിടെ പടക്കം പൊട്ടിച്ചു ആഘോഷിച്ചു എന്ന് കേട്ടല്ലോ.വല്ല രാഷ്ട്രീയക്കാരും ആണോടെ ?

അല്ല;ഒറ്റ നോട്ടത്തില്‍ അത് നമ്മുടെ തിരകഥ കൃത്ത് ശ്രീ എ കെ സാജനായിരുന്നു എന്നാ തോന്നിയേ.എന്തിനാ ആഘോഷം എന്ന് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല .പൊട്ടിച്ചിരിച്ചു അത്ര തന്നെ .

അതിനു അങ്ങേരെ കുറ്റം പറയാമോ.ദ്രോണ എന്നാ മഹാ ക്ലാസിക് ചിത്രം എട്ടു നിലയില്‍ പൊട്ടിയതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ആ മനുഷ്യന്റെ തലയില്‍ വെച്ചല്ലേ ബാക്കിയുള്ള മഹാന്മാര്‍ അടുത്ത പടത്തിലേക്കു നീങ്ങിയത്?

ഓഹോ അപ്പോള്‍ അഗസ്റ് 15 കണ്ടിട്ടുള്ള വരവ് ആണല്ലേ ?എങ്ങനെയുണ്ട് സൂപ്പര്‍ താരത്തിന്റെ ഒറ്റക്കുള്ള പ്രകടനം ?എന്നാലും ചങ്കൂറ്റം തന്നെ അല്ലെ അണ്ണാ ഈ മള്‍ട്ടി താര ചിത്രത്തിന് ഇടയിലേക്ക് ഒറ്റയ്ക്ക് ഒരു ചിത്രവുമായി ...... സിങ്കം സിംഗിളാ വരും എന്നോ മറ്റോ ഫാന്‍സ്‌ പറയുന്നത് കേട്ടു.

തന്നെടാ തന്നെ.... ഒരു പടം കൂടി കൊന്നു കൊലവിളിച്ചപ്പോള്‍ എല്ലാ സിംഹങ്ങള്‍ക്കും സിംഹആരാധകര്‍ക്കും സമാധാനം ആയി കാണുമല്ലോ ?

അതെന്താ അണ്ണാ പടം കൊള്ളുല്ലേ?

അനിയാ ഈ പടം മോശം ആക്കണം എങ്കില്‍ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.കൃത്യമായി കാണികള്‍ക്ക് എന്താണ് വേണ്ടത് അഥവാ അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമായി അറിയാവുന്ന ഒരു തീം.അത് ഉദാത്തമോന്നും ആക്കണ്ട മറിച്ചു,വൃത്തികേടാക്കാതെ കൊടുക്കുക എന്ന എളിയ ജോലി മാത്രം ഒന്ന് ചെയ്താല്‍ തന്നിരുന്നേല്‍.പൊതുജനം എന്ന കഴുത വേറൊന്നും ഇല്ലാത്ത ഇന്നത്തെ അവസ്ഥയില്‍ പടം വിജയിപ്പിക്കാന്‍ ഒരു മടിയും കാണിക്കും എന്ന് എനിക്ക് തോന്നുന്നില്ല.അത് പോലും ചെയ്യാന്‍ അറിയാത്ത ഈ ടീമിനെ എന്താ വിളിക്കേണ്ടേ ?

അല്ല അതിപ്പോള്‍ .. മലയാളിക്ക് അടുത്ത കാലത്തായി കൂറ ചിത്രങ്ങളോട് എന്തരോ ഒരു ആഭിമുഖ്യം വന്നിട്ടുണ്ടെന്നും ആയതിനാല്‍ കൂറ പടങ്ങള്‍ എടുക്കാന്‍ സംവിധായകര്‍ മത്സരം ആണെന്നും,സൂപ്പര്‍ താരങ്ങള്‍ പോലും നല്ല ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അഭിനിവേശം കടിച്ചു പിടിച്ചു കൂതറ ചിത്രങ്ങളില്‍ അഭിനയിച്ചു പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക ആണെന്നും പറഞ്ഞു കേട്ടു.ഇതു അങ്ങനെ ആയികൂടെ? അതിരിക്കട്ടെ പടത്തെക്കുറിച്ച് പറഞ്ഞെ.

എന്ത് പറയാനാടെ? മുഖ്യമന്ത്രിയും അങ്ങേരെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരു വാടക കൊലയാളിയും മന്ത്രിയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും ആണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ എന്ന് എല്ലാര്‍ക്കും അറിയാമല്ലോ. എസ് എന്‍ സ്വാമി എന്ന ഔട്ട്‌ ഡേറ്റ് അയ ഒരു തിരകഥകൃത്ത് എഴുതി,ഷാജി കൈലാസിനെ പോലെ ഒരു പ്രതിഭ സംവിധാനം ചെയ്തു,(ഇപ്പോളത്തെ) മമ്മൂടിയെ പോലെ ഒരു നടന്‍ അഭിനയിക്കുക കൂടി ചെയുമ്പോള്‍ വികൃതിയായ ഒരു കുരങ്ങന്‍ നിറയെ കള്ള് കുടിച്ചു കഴിയുമ്പോള്‍ ഒരു തേള് കുത്തുന്ന അവസ്ഥ ഈ ചിത്രത്തിന് ഉണ്ടാകുന്നു.കുരങ്ങന്‍,കള്ള്,തേള് ഇവ യഥാക്രമം ആരാണ് എന്ന് തീരുമാനിക്കാനുള്ള അവകാശം വായനക്കാര്‍ക്ക്‌.

അല്ല ഇങ്ങനെ കാടു അടച്ചു വെടി വെക്കാതെ എന്താ പ്രശ്നം എന്ന് പറഞ്ഞു കൂടെ ?

പറയാമല്ലോ. ആദ്യം തിരകഥ.യാതൊരു നിലവാരവും ഇല്ലാത്തതും ഒരു നൂറായിരം ഓട്ടകളും ഉള്ള തിരകഥ ആണ് ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.(പണ്ട് പണ്ട് സംവിധായകനും നടീ നടന്മാരും പ്രസ്തുത സംഭവം വായിച്ചു നോക്കുന്ന ഒരാചാരം നിലവില്‍ ഇരുന്നു എന്ന് പറയപ്പെടുന്നു).തിരകഥയിലെ ഹൈലൈറ്റ് കള്‍ പ്രധാനമായും രണ്ടാണ്.ഒന്ന് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്‌. കാണുന്ന ആരും ഞെട്ടി പോകുന്ന സംഭവം.രണ്ടാമതായി പാര്‍ട്ടി സെക്രടറിയും മുഖ്യ മന്ത്രിയും പരസ്പരം സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്ന രംഗങ്ങള്‍.പശ്ചാത്തലത്തില്‍ പാര്‍ട്ടി സൂക്തങ്ങളും.ഹാ.. എത്ര മനോഹരം !!!(ബൂലോകത്തെ ഇടത് പക്ഷ സിംഹങ്ങള്‍ വല്ല രമേശ്‌ ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ആണ് ഇങ്ങനെ കാണിച്ചിരുന്നതെങ്കില്‍ നടത്തുമായിരുന്ന പഠന പരമ്പരകള്‍ ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു !!)

ആ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌ കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകന്‍ എന്ന നികൃഷ്ടജീവിയുടെ മനസ്സില്‍ വരുന്ന ആദ്യ ചോദ്യം കൊലയാളിക്ക് മുഖ്യമന്ത്രിയുമായി ഇത്ര അടുപ്പം ഉള്ളവരുമായി ബന്ധം ഉണ്ടെങ്കില്‍ എന്തിനായി അയാള്‍ പൂജപ്പര രവി അവതരിപ്പിക്കുന്ന സ്വാമി എന്ന ഉദ്യോഗസ്ഥന്റെ അടുത്ത് അച്ചന്‍റെ വേഷം കെട്ടി പോയി മുഖ്യമന്ത്രി എന്ന് മുതല്‍ ഓഫീസില്‍ എത്തും എന്നന്വേഷിക്കുന്നത് എന്തിനാണാവോ ?(അവിടം മുതലാണ് കൊലയാളിയെ കുറിച്ചുള്ള ആദ്യ തുമ്പ് കിട്ടുന്നത്).പിന്നെ സൈബര്‍ സെല്‍ലെ പോലീസ്കാരികളോട് മൊബൈല്‍ കമ്പനിലെ ചെക്കന്മാരെ പഞ്ചാര അടിച്ചു കാളുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ പറയുന്നത് കുറച്ചു കടുംകൈ ആയി പോയി.പിന്നെ അത്യന്തം പ്രൊഫഷണലും,ആഗോള പ്രശസ്തനുമായ (കൊലയാളി തന്നെ പറയുന്നുണ്ട്,പുറം നാടുകളില്‍ ഒരുപാട് ആളുകള്‍ പുള്ളിയുടെ ജോലിയുടെ ഫിനിഷ് നോക്കിയിരിക്കുകയാണ് എന്ന് )കൊലയാളി ഒരിക്കല്‍ ചെല്ലുമ്പോള്‍ വിസിറ്റെര്‍സ് രജിസ്റ്റര്‍ല്‍ ബ്രദര്‍ ..... എന്നും വേറൊരിക്കല്‍ ചെല്ലുമ്പോള്‍ ഫാദര്‍ ..... എന്ന് എഴുതുന്നത്‌ ആര്‍ക്കും വിശ്വസിക്കവുന്നത്തെ ഉള്ളു.പിന്നെ മൊത്തം മൂന്ന് വധശ്രമങ്ങള്‍ കൊലയാളി മുഖ്യമന്ത്രിക്ക് നേര്‍ക്ക്‌ നടത്തുന്നുണ്ട് . കശുവണ്ടിയില്‍ (അല്ലെങ്കില്‍ ഉണക്ക മുന്തിരിയില്‍.നാഷണല്‍ ലാബില്‍ നിന്നും റിപ്പോര്‍ട്ട് പടം തീരും വരെ വരാത്തതിനാല്‍ പെരുമാളിന് പോലും സംഭവം വ്യക്തമല്ല) വിഷം നിറച്ചു നല്‍കി (ഫാദര്‍ ആയിട്ടു വേഷം മാറി) പിന്നെ സ്നൈപ്പര്‍ തോക്ക് വെച്ചു വെടി വെച്ച്,ഒടുക്കം ഒരു തിയറ്ററില്‍ പൂട്ടിയിട്ടു തീവെച്ചും (ഇന്ഗ്ലോറിയസ് ബാസ്സ്റ്റര്‍ഡ്സ് എന്നാ പടത്തിന്റെ ക്ലൈമാക്സ് വൃത്തികേടായി മോഷ്ടിച്ച് വെച്ച ഒരു തട്ടിക്കൂട്ട് ) അങ്ങനെ മൊത്തം മൂന്ന് തവണ മുഖ്യമന്ത്രിയെ കൊല്ലാന്‍ സിദ്ദിക്ക് അവതരിപ്പിക്കുന്ന കൊലയാളി ശര്മിക്കുന്നുണ്ടുണ്ട് .പുള്ളിയുടെ ബുദ്ധിപൂര്‍വ്വമായ നീക്കങ്ങള്‍ കാണുന്നവര്‍,കമഴ്ന്നു കിടന്നു ചിരിച്ചു കഴിഞ്ഞ ശേഷം കില്ലറോടുള്ള സഹതാപം കൊണ്ട് ഒന്ന് 'ആത്മഹത്യ ചെയ്തു കൊടുത്തൂടെ സാര്‍ ' എന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതാന്‍ സാധ്യതയുണ്ട് .

പിന്നെ ക്ലൈമ്കസില്‍ ഒടുക്കത്തെ ഒരു സസ്പെന്‍സ് ഉണ്ട്.തത്കാലം അത് ഞാന്‍ പൊളിക്കുന്നില്ല. പക്ഷെ നീ പടം കണ്ടു ശേഷം ആ സസ്പെന്‍സ് കണ്ടു വാപോളികുന്നതിനു മുന്‍പേ (ഒവ്വ ഒവ്വ ) എന്റെ രണ്ടു മൂന്ന് ചോദ്യങ്ങള്‍ ഒന്ന് ഓര്‍ത്തെക്കണം.ഒന്ന് ഇത്രക്കും നല്ല ഒരു സോര്‍സ് കയ്യില്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രോഗ്രാം വിവരങ്ങള്‍ അറിയാന്‍ കില്ലര്‍ തുടക്കം മുതല്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ എന്തിനായിരുന്നു? രണ്ട് ക്ലൈമാക്സിനു തൊട്ടു മുന്‍പ് മുഖ്യമന്ത്രിയുടെ അന്നേ ദിവസത്തെ പരിപാടികളില്‍ വരുത്തിയ മാറ്റം രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ ഡി ജി പിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചറിയിക്കുന്നുണ്ട് .ശുദ്ധനായ പെരുമാളിനോട് ഡി ജി പി അത് പറയാന്‍ മറന്നു പോകുന്നുണ്ട് (ദുഷ്ടന്‍,വില്ലന്മാരുടെ സഹായി പോലുമല്ലാത്ത ആ ഡി ജി പി മോഹന്‍ലാല്‍ ഫാന്‍ ആയിരിക്കണം. മൂന്ന് തരം).എങ്കില്‍ കൂടി അവസാന നിമിഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ത് കോപ്പിനാ അതേ ഡി ജി പിയെ തന്നെ കണ്ടു പരിപാടിയിലെ മാറ്റം അറിയിക്കുന്നത്? മൂന്ന് മുഖ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും സര്‍വ്വ സ്വാതന്ത്ര്യവും ഉള്ള ആളുകള്‍ വരുതിക്കുള്ള ഉള്ള കില്ലര്‍ മുഖ്യമന്ത്രിയെ കൊല്ലാന്‍ കഷ്ട്ടപ്പെടുന്നത് കാണുമ്പോള്‍ ത്രില്‍ അടിക്കണോ അതോ കഥ,തിരക്കഥ എന്നിവ എഴുതിയവന്റെ മുഖത്തടിക്കണോ ?

സ്വാമിയെ വിട് അണ്ണാ. മമ്മുക്ക എങ്ങനെയുണ്ട് പടത്തില്‍. ഞെരിച്ചാ ?

ഞെരിച്ചെടാ,പ്രേക്ഷകന്റെ കൊരവള്ളി പിടിച്ച് ഞെരിച്ചു.അങ്ങേര് ആ പടത്തില്‍ നടക്കുന്നത് കണ്ടാല്‍ ഒരുമാത്രി മിസ്റ്റര്‍ യൂണിവേര്‍സ്‌ മത്സരത്തിന് റാമ്പില്‍ നടക്കുന്നത് മാതിരിയാണ്.ഫുള്‍ ടൈം കൂളിംഗ് ഗ്ലാസ്സും വെച്ചു (അഞ്ചു പേരോട് പൊരിഞ്ഞ ഇടി നടത്തുമ്പോഴും, കൊലയാളിയുടെ പിന്നാലെ ഓടുന്നത് പോലെ ഭാവിക്കുമ്പോഴും {അങ്ങേര്‍ക്കു അങ്ങനാന്‍ വയ്യ എന്നാ തോന്നുന്നത്} കൂളിംഗ് ഗ്ലാസ് മമ്മൂട്ടിയുടെ മുഖത്ത് തന്നെ സ്ഥാനം തെറ്റാതെ ഉണ്ട് ) മസിലും പെരുക്കി തേരാ പരാ നടപ്പാണ് അങ്ങേരുടെ അന്വേഷണത്തിന്റെ അമ്പതു ശതമാനം.ബാക്കി അമ്പതു ശതമാനം സിംഗിള്‍ സീറ്റ് ബുള്ളറ്റില്‍ തേരാ പാരാ പോവുക.കൂളിംഗ് ഗ്ലാസും, മസിലും അപ്പോഴും ഉണ്ട് .

അഭിനയം എങ്ങനെ?

അങ്ങേരെ കൊണ്ട് പറ്റുന്ന കാര്യം വല്ലതും പറയടെ . സെക്രട്ടേറിയെറ്റില്‍ അന്വേഷണത്തിന് പെരുമാള്‍ എത്തുമ്പോള്‍ കില്ലര്‍ ആണ് എന്നറിയാതെ സിദ്ദിക്കിനെ കടന്നു പോകുന്ന ഒരു രംഗം ഉണ്ട്. 'നീ ആണ് കില്ലര്‍ എന്ന് ഈ സീനില്‍ എനിക്കറിയില്ല എന്നാണ് എസ് എന്‍ സ്വാമിയും , ഷാജിയും പറഞ്ഞത്.അത് കൊണ്ട് നിന്നെ ഞാന്‍ നോക്കില്ല' ഭാവം മുഖത്തു നിറച്ചു സിദ്ദിക്കിനെ കടന്നു പോകുന്ന മമ്മൂട്ടിയെ കണ്ടാല്‍ അങ്ങേരെ 'ടൈറ്റന്‍ ഓഫ് ഇന്ത്യന്‍ സിനിമ' എന്ന് വിളിച്ചവന്മാരെ കുനിച്ചു നിറുത്തി കൂമ്പിനിടിക്കാന്‍ തോന്നും. പിന്നെ സംഘട്ടനം,പറഞ്ഞല്ലോ മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളുമായി വൃത്തികേടിന്റെ കാര്യത്തില്‍ താരതമ്യം ചെയ്യാന്‍ രണ്ടേ രണ്ടു കാര്യങ്ങളെ ഉള്ളു ഇന്ന്.മമ്മൂട്ടിയുടെ തന്നെ ഡാന്‍സും,(പുതിയ)മോഹന്‍ലാലിന്റെ പ്രണയ രംഗങ്ങളും .

ക്ലൈമാക്സില്‍ മമ്മുക്ക കലക്കി കടുക് വറുക്കും എന്നാണല്ലോ എവിടെയോ വായിച്ചത്?

ഉവ്വെടാ കടുക് വറുത്തു.പ്രേക്ഷകരുടെ സാമാന്യ ബുദ്ധിയെ കലക്കി കടക് വറുത്തു. ക്ലൈമാക്സില്‍ ആക്ഷന്‍ സീനുകള്‍ വൃത്തികേടാക്കിയത്‌ പോരാത്തതിന് ഒടുക്കം ഒരു രാജകീയ പോസ്സിലെ ഇരിപ്പും കാണിച്ചു തന്ന് അങ്ങേര്‍ കടുക് വറുക്കുന്നുണ്ട്. കൂവാനുള്ള ആരോഗ്യം പടം കഴിഞ്ഞപ്പോഴേക്കും നഷ്ടപ്പെട്ടത് കൊണ്ട് മാത്രം ഞാന്‍ കൂവീല.

അപ്പോള്‍ ഈ ചിത്രത്തിന് ഒരു പ്രത്യേകതയും ഇല്ലെന്നാണോ ?

അങ്ങനെ പറയാന്‍ പറ്റില്ല സുരാജ്,സലിം കുമാര്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നില്ല.പകരം ലാലു അലക്സ്‌ അവതരിപ്പിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ട് . അദേഹം മണ്ടന്‍ ആണോ,വില്ലന്‍ ആണോ,കോമാളിയാണോ എന്ന് സിനിമ തീരുന്നത് വരെ കാണികള്‍ക്ക് മനസിലാകില്ല.അത് പിന്നെ അദേഹം സീരിയല്‍ കില്ലര്‍ ആയി അഭിനയിച്ചാലും ഈ സംശയം കാണികള്‍ക്ക് ഉണ്ടാകും.

പിന്നെ അകെ പറയാനുള്ളത് സായികുമാര്‍ ആണ്.കൊടുത്ത വേഷം പുള്ളി ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ സ്വാമിയും , ഷാജിയും ആ വേഷത്തിനെ ഒരു അഴകൊഴമ്പന്‍ ലൈന്‍ ആക്കി നശിപ്പിച്ചു കൈയ്യില്‍ കൊടുത്ത്. പിന്നെ ഇടയ്ക്കു ഒരു സീനില്‍ കണ്ണൂര്‍ ഭാഷ പറയുന്ന ആ കഥാപാത്രം സിനിമയില്‍ മറ്റെല്ലായിടത്തും ആ ഭാഷ ഉപേക്ഷിച്ച ലക്ഷണമാണ്

സിദ്ദിക്ക് എങ്ങനെ ഉണ്ട് അണ്ണാ?

സിദ്ദിക്കും അയാള്‍ക്ക് കിട്ടിയ വേഷം ആത്മാര്‍ത്ഥതയോടെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ തിരക്കഥയും,സംവിധായക പ്രതിഭയും ചേര്‍ന്ന് ആ കില്ലരിനെ കൊണ്ട് കാണിപ്പിക്കുന്ന ശുദ്ധ മണ്ടത്തരങ്ങളും , അയാള്‍ക്ക് നല്‍കിയ വേഷ ഭൂഷാധികളും ആ കഥാപാത്രത്തെ വെറും ഹാസ്യമാക്കി കളഞ്ഞു.ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ തിരുവനന്തപുരം നഗരത്തില്‍ ജാക്കറ്റും,പി ക്യാപ്പും വെച്ചു നടക്കുന്ന,മണ്ടത്തരങ്ങള്‍ മാത്രം കാണിക്കുന്ന (മുഖ്യമന്ത്രിയെ വീടിന്റെ സുരക്ഷാ വലയത്തില്‍ നിന്നും പുറത്തു കൊണ്ട് വരാന്‍ അയാള്‍ കാണിക്കുന്ന ചാനലുകളിലെക്കുള്ള ഫോണ്‍ വിളി ഉദാഹരണം) കില്ലര്‍ വെറും തറയായി പോയി അനിയാ.പിന്നെ കില്ലറിനെക്കൊണ്ട് കോമാളിത്തരം കാണിപ്പിക്കുന്നത് ,അതിലും വലിയ അന്വേഷണ കോമാളിത്തരങ്ങള്‍ കാണിക്കുന്ന പെരുമാളിനോട് കട്ടക്ക് നില്‍ക്കാന്‍ വേണ്ടിയായിരിക്കും എന്ന് സമാധാനിക്കാം.മുഖ്യമന്ത്രിക്ക് അതിനൂതനമായ എന്തോ വിഷം ആണ് കൊടുത്തത് എന്ന് സംശയം കേള്‍ക്കുമ്പോള്‍ ഉടനെ വിക്കി പീടിയ യില്‍ poison എന്നാ വാക്ക് സെര്‍ച്ച്‌ ചെയ്തു പെരുമാള്‍ നിരവധി വിവരങ്ങള്‍ കണ്ടെത്തുന്നുണ്ട്.ശ്വേത മേനോന്‍,മേഘ്ന എന്നിവര്‍ ഈ ചിത്രത്തില്‍ എന്തിനാണ് എന്ന് ആലോചിച്ചാല്‍ ഈ ചിത്രം തന്നെ എന്തിനാണ് എന്നാ മറു ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും എന്നത് കൊണ്ട് ചോദിക്കുന്നില്ല.ഇതില്‍ മേഘ്നയും ആയി പെരുമാള്‍ ചില്ലറ മൂരി ശ്രീംങ്കാരവും നടത്തുന്നുണ്ട് (അതോ തിരിച്ചോ ?) എന്തായാലും ഉഗ്രന്‍ രംഗങ്ങള്‍ .കളയെടെ ഈ പുല്ലൊക്കെ പറഞ്ഞാല്‍ തീരില്ല

ജഗതി ?

പേരിനു വേണ്ടി ഉണ്ട്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഇന്റര്‍വെല്‍ കഴിയുമ്പോഴേക്കും വേറെ പടത്തിന്റെ ഷൂട്ടിങ്ങിന് പോയി എന്ന് തോന്നുന്നു .

അപ്പോള്‍ ഈ പടം കൊണ്ടും ഷാജി കൈലാസ് ദ്രോണ നല്‍കിയ തിരിച്ചടിയില്‍ നിന്നും കര കയറില്ല അല്ലേ?

എടാ ദ്രോണ കണ്ട അതേ തിയറ്ററില്‍,വീണ്ടും ഒരു ഷാജി,മമ്മൂട്ടി പടത്തിന് പോസ്റ്ററില്‍ 'ഹിസ്റ്ററി റിപ്പീറ്റ്സ്' എന്ന് എഴുതി വെച്ചിരിക്കുന്നത് കണ്ടിട്ട് കൂടി കയറിയ ഞാന്‍ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല . എന്നാലും പറയുകയാണ്‌ ഷാജി കൈലാസ് അപകടകാരിയാണ്...പ്രേക്ഷകര്‍ക്ക്‌ .

അത്ര ബോറാണോ സംവിധാനം ?

ഡേ ...ഈ പടം കണ്ടു കഴിഞ്ഞപ്പോള്‍ റെഡ് ചില്ലീസ് , ദ്രോണ തുടങ്ങിയ പദങ്ങളില്‍ കുഴപ്പം എ കെ സാജന്റെ അല്ല ഷാജി കൈലാസിന്റെ തന്നെയായിരുന്നു എന്ന് എനിക്ക് തോന്നി. കൂടുതല്‍ ഞാന്‍ പറയണോ?

വേണ്ട . അപ്പൊ ചുരുക്കത്തില്‍ പടത്തെ പറ്റി പറഞ്ഞാല്‍

സിങ്കം എന്ന് സ്വയം കരുതി സിങ്കിളാ വന്ന എന്തരോ ഒരു ജീവി ശവമായി.കൂട്ടത്തില്‍ പടം കാണാന്‍ കയറിയ നമുക്കിട്ട് എട്ടിന്റെ പണിയും തന്നു

Saturday, March 19, 2011

ക്രിസ്ത്യന്‍ ബ്രദേഴ്സ് (Christian brothers )

പുതിയ ചിത്രങ്ങള്‍ ഇല്ലാതെ വറ്റി വരണ്ടു കിടക്കുന്ന മലയാള സിനിമ പ്രേക്ഷകന്റെ മനസ്സിലേക്ക് പുതു മഴയുടെ ആരവമായി പെയ്തിറങ്ങുന്ന താര മാമന്‍മാരുടെ രാജാങ്കം .... ഛീ തെറ്റി .. താര രാജാക്കന്മാരുടെ മാമാങ്കം വരവായി .....

എന്തുവാടെ ഈ കാച്ചുന്നത് വല്ല രാഷ്ട്രീയ പ്രസംഗവും ...?

അണ്ണാ,മലയാള സിനിമയുടെ ഗതികേടിനു ശാപമോക്ഷമായി അഥവാ ഏറ്റവും പുതിയ രക്ഷാമന്ത്രവുമായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുടെ നിരയിലേക്ക് ഈ വര്‍ഷത്തെ ആദ്യ ചിത്രം.കേരളത്തിലും വിദേശത്തുമായി നൂറ്റി അന്‍പതോളം സിനിമാ ശാലകളില്‍ റിലീസ്.യുഗപ്രഭാവനായ ജോഷി സംവിധായകനായി,താര രാജാക്കന്മാര്‍ (????) മോഹന്‍ലാല്‍,സുരേഷ് ഗോപി,ദിലീപ്,ശരത് കുമാര്‍ അഭിനയം.മമ്മൂടി ഇല്ല എന്നതൊഴിച്ചാല്‍ മറ്റൊരു ട്വന്റി ട്വന്റി.സിബി ഉദയ കൃഷ്ണ തിരകഥ.എത്രയും സവിശേതകള്‍ ഉള്ള ഒരു ചിത്രം വരുമ്പോള്‍ ഒരു ഓളം ഒക്കെ ഉണ്ടാക്കണ്ടേ ?

വേണം വേണം ആദ്യം ഒരു ചോദ്യം ? എന്താണ് ഈ മലയാള സിനിമയുടെ പ്രതിസന്ധി ? എല്ലായിടത്തും അലക്കുന്ന ഒരു വാക്കാണല്ലോ ഇതു?

അതിപ്പോള്‍ .. മലയാള പ്രേക്ഷകന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപകടകരമായ ഒരു മാറ്റമാണ് പ്രശ്നം.ചാനലുകള്‍,അവാര്‍ഡ്‌ നിശകള്‍, അന്യഭാഷ ചിത്രങ്ങളുടെ (നിലവാരമില്ലാത്ത) കടന്നു കയറ്റം, പൈറസി അങ്ങനെ മലയാളിയെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന ഒരു നൂറു കാര്യങ്ങള്‍ ഈ അടുത്ത് രൂപപെടുന്നുണ്ട്.തല്‍ഫലമായി കഴിവും പ്രതിഭയും ഉള്ള താരരാജാക്കന്മാര്‍ക്ക് പോലും നില നില്‍പ്പിനായി കോപ്രായങ്ങള്‍ കാണികേണ്ടി വരുന്നു (പാവങ്ങള്‍ !!). അഹങ്കാരികളായ പുതുമുഖങ്ങള്‍ വേറെ എത്രയൊക്കെ പോരെ അണ്ണാ? ഇതിനിടയിലാണ് ഒരാശ്വാസം പോലെ.....

നിറുത്തെടാ നിന്റെ ഗീര്‍വാണം. നീ ഈ ചീത്ത പറയുന്ന പൊതു ജനം ഒരു ശരാശരി പടം കൊടുത്താല്‍ പോലും സന്തോഷത്തോടെ കണ്ടു വിജയിപ്പിക്കുന്നവര്‍ ആണ്.കുഞ്ഞാടിന്റെയും,മേക് അപ്പ് മാന്‍ എന്നെ ചിത്രങ്ങളുടെയും വിജയം കാണിക്കുന്നത് മറ്റെന്താണ് ? ട്രാഫിക്‌ പോലയുള്ള വ്യത്യസ്ത ചിത്രങ്ങള്‍ വിട് എടുത്താല്‍ പൊങ്ങാത്ത ഇമേജ്മായി ഈ സൂപ്പര്‍ മാമന്മാര്‍ക്ക് അങ്ങനത്തെ പടതിലോന്നും അഭിനയിക്കാന്‍ പറ്റില്ല (കുറച്ചു കൂടി ഗതികേടു വരണം അതിനൊക്കെ).അതിരിക്കട്ടെ.ശരി നീ കണ്ടോ ഈ ചിത്രം ?

അണ്ണന്‍ ഇപ്പോഴും നിരൂപിക്കാന്‍ പടം കാണണം എന്നാ പഴയ രീതിയുടെ ആളാണല്ലോ? കാലം മാറിയില്ലേ . പോരാത്തതിനു മലയാള സിനിമയുടെ ഒരു അവസ്ഥ വെച്ചിട്ട് ഒരു മാതിരി ഏതു പടവും കാണാതെ തന്നെ ഒന്ന് ട്രെന്റ് നോക്കിയിട്ട് കാച്ചവുന്നത്തെ ഉള്ളു. കുറച്ചു സൂപ്പര്‍സ്റ്റാര്‍ സ്തുതി,മൃദുവായി തെറി പറഞ്ഞു മാര്‍ക്ക് കൂടിയിടല്‍ തുടങ്ങിയ സ്ഥിരം കലാപരിപാടികളുമായി കൊഴുപ്പിച്ചാല്‍ പോരെ ? അതിരിക്കട്ടെ അണ്ണന്‍ പടം കണ്ടെങ്കില്‍ രണ്ടു വാക്ക് ഈ ചിത്രത്തെ പറ്റി പറയാമോ? ഒരു നിമിഷം കിട്ടിയാല്‍ കാടു കേറി കളയും ഇയാള്‍ ആരുവാ വീരപ്പനോ ?

ശരിയാ പറഞ്ഞു വന്നപ്പോള്‍ അത് മറന്നു.ഇന്നലെ കണ്ടതെ ഉള്ളു പ്രസ്തുത ചിത്രം.എടാ ഇതു ഒരു സാധാരണ ചിത്രമല്ല.(അത് പിന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രവും അവങ്ങനെ അല്ലാലോ എല്ലാം ഒന്നിനൊന്നു വ്യത്യസ്തം അല്ലെ ?) മുംബൈ അധോലോകത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നു ചെല്ലുന്നതിനോടൊപ്പം തന്നെ ശക്തവും ഹൃദയ സ്പര്‍ശിയും അയ കുടുംബ ബന്ധങ്ങളുടെ പശ് ചാത്തലവും ഈ ചിത്രത്തിനുണ്ട് (ഇതു ദീപിക പറയുന്നതാണ് ഞാനല്ല !!) മഹാ സുബൈറും അനൂപും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ ഇറങ്ങുന്നു എന്നതിന്റെ പേരില്‍ മലയാളിക്ക് എന്നും അഭിമാനിക്കാം .(വേറെ പ്രത്യേകിച്ചു പണിയൊന്നും ഇല്ലല്ലോ?പോരാത്തതിനു എന്നും അഭിമാനിക്കാന്‍ ഒരു കാരണം വേണമല്ലോ നമുക്ക് ).

ട്വന്റി ട്വന്റി എന്ന ചിത്രം നേടിയ വിജയം പലരുടെയും ഉറക്കം കെടുത്തുകയും അത് എങ്ങനെയുങ്കിലും ഒന്ന് ആവര്‍ത്തിക്കാന്‍ പല രീതിയില്‍ ശ്രമിക്കുകയും ചെയുന്ന ഒരു പ്രവണത മലയാള സിനിമയില്‍ കണ്ടു വരുന്നതാണ്. ഒരു ബൌധിക ട്വന്റി ട്വന്റി ആയി നടത്തിയ ശ്രമം ആയിരുന്നു കേരള കഫെ.റാം ഗോപാല്‍ വര്‍മ്മ രീതിയില്‍ നടത്തിയ ആ ബൌധിക ചിത്രം ജനം തള്ളിയതോടെ മടങ്ങിയ ആ ട്രെന്റ് വീണ്ടും ഒന്ന് കൂടി ആവര്‍ത്തിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമാണ് ഈ ചിത്രം.സംഗതി സിബി ഉദയുടെ പഴയ ടെമ്പ്ലേറ്റ് തന്നെ.രാവണപ്രഭുവില്‍ നിന്നും ചന്ദ്രോസവത്തില്‍ എത്തി എന്ന് മാത്രം.ആവര്‍ത്തിച്ച്‌ ഉപയോഗിക്കുമ്പോള്‍ ഇതു ടെമ്പ്ലേറ്റ്നും പറ്റുന്ന സ്വാഭാവികമായ പ്രശ്നം .

അല്ല പടത്തിനെന്താ ഒരു പ്രശ്നം ?

അനിയാ കേരളത്തിലെ അഭ്യന്തര മന്ത്രി ശ്രീകോടിയേരി ബാലകൃഷ്ണന്‍(ഇടതു പക്ഷ വയനകര്‍ക്ക് ഉമ്മന്‍ ചാണ്ടി എന്ന് വായിക്കാം ന്റെ മകളെ അജ്ഞാതര്‍ തട്ടികൊണ്ട് പോകുന്നു.ഉടന്‍ അദേഹം എന്ത് ചെയ്യും? ബോധം ഉള്ളവന്റെ ഉത്തരം ഉന്നതരായ പോലീസ്കാരെ വിളിച്ചു അന്വേഷിക്കാന്‍ പറയും.എന്നാല്‍ ഈ ചിത്രത്തില്‍ അഭ്യന്തര മന്ത്രി (ദേവന്‍) വിളിക്കുന്ന ചീഫ് സെക്രടറി (ശ്രീകുമാര്‍) പറയുന്നത് എങ്ങനത്തെ കേസുകള്‍ കൈകാര്യം ചെയാന്‍ നമുക്ക് മുംബയില്‍ നിന്നും അതി പ്രശസ്തനായ ഒരു പോലീസ് informer നെ വരുത്തുക എന്നതാണ്.(കേന്ദ്ര ലെവല്‍ ലില്‍ പിടിചിട്ടാണ് സംഗതി നടക്കുനതു .വിളിക്കാന്‍ ബെന്‍സ് തന്നെ പോകണം എന്ന് പ്രത്യേകം പറയുന്നുണ്ട്.ഈ informer എങ്ങനെ പ്രശസ്തന്‍ ആകും അഥവാ പ്രശസ്തന്‍ ആയാല്‍ എങ്ങനെ പണി ചെയും എന്ന് മനസിലാകുന്നില്ല ).

അണ്ണാ അതല്ലിയോ ഈ ചിത്രം മികച്ച ഒരു entertainer ആണെന്ന് പറയുന്നേ . അതായിത് ചോദ്യം ഒന്നും പാടില്ല .ചുമ്മാതിരുന്നു കണ്ടിട്ട് ജയ് വിളിച്ചു ഇറങ്ങി പൊയ്ക്കോണം .

അനിയാ അതിനെ entertainer എന്നല്ല മലയാളത്തില്‍ ഗതികേട് എന്നാണ് പറയുക എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌ .അതെന്തോ ആകട്ടെ ഇന്‍ഫോര്‍മര്‍ ക്രിസ്റ്റി തന്റെ രണ്ടു ഗുണ്ടകളുമായി രംഗതെതുന്നു .അഭ്യന്തര മന്ത്രി,പോലീസ് കമ്മിഷണാര്‍,തുടങ്ങിയവരെ (അദ്ദേഹത്തോട് ആദരപൂര്‍വ്വം പെരുമാറാത്ത എല്ലാരേയും) തന്‍റെ താര പ്രഭ കാട്ടി പേടിപ്പിക്കുന്നു.അന്വേഷണം തുടങ്ങുമ്പോള്‍ തന്നെ ക്രിസ്റ്റിക്ക് മന്ത്രീ പുത്രിയെ തട്ടി കൊണ്ട് പോയത് മറ്റാരുമല്ല തന്‍റെ അളിയന്‍ ജോര്‍ജ് കുട്ടി (സുരേഷ് കൃഷ്ണ) ആണെന്ന് മനസിലാകുന്നു (ബുദ്ധി വേണം ബുദ്ധി .ഒറ്റ ചിരി കേട്ടപ്പോള്‍ തന്നെ മനസിലായില്ലേ സത്യങ്ങള്‍).മാനം മര്യാദക്ക് നാട്ടില്‍ കുറഞ്ഞത്‌ പത്തു മുപ്പതു വര്ഷം എങ്കിലും ജീവിച്ച മകന്‍ മുബൈയില്‍ എത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ മയക്കു മരുന്ന് കടത്തു കാരും അധോലോകമായും ബന്ധം സ്ഥാപിച്ചു മൂന്ന് നാല് പേരെ തട്ടി ജയിലില്‍ പോയി എന്ന് കേള്‍ക്കുമ്പോള്‍ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ മകനുമായുള്ള എല്ലാ ബന്ധവും വേര്‍പെടുത്തി വീടിനു പുറത്താക്കുന്ന മണ്ടന്‍ അപ്പന്‍ വര്‍ഗീസ് മാപ്പിള എന്നാ പഴയ പട്ടാള ക്യാപ്റ്റന്‍ (സായി കുമാര്‍).ക്രിസ്ടിയുടെ അനിയന്‍ ജോജി (ദിലീപ് ) സഹോദരിമാര്‍ സ്റ്റെല്ല (കനിഹ),ജെസ്സി (ലക്ഷ്മി ഗോപാല സ്വാമി),വര്‍ഗീസ് മാപ്പിളയുടെ അനിയാ കൊച്ചു തൊമ്മന്‍ (ജഗതി,വില്ലജ് ഓഫീസര്‍ പട്ടയം കൊടുക്കാത്തത് കൊണ്ട് വില്ലന്‍ തട്ടുന്നു) എന്നിവരോക്കെയാണ് പലോമാറ്റം തറവാട്ടിലെ മറ്റു അംഗങ്ങള്‍.ഇവരെ കൂടാതെ സുരേഷ് ഗോപിയുടെ പോലീസ് വേഷം ഇഷ്ടപ്പെടുന്നവരെ പിടിക്കാനായി ഉള്ള ടോം വടക്കന്‍ എന്നാ സ്ഥിരം കഥാപാത്രം. ക്രിസ്റ്റിയുടെ അധോലോക സുഹൃത്ത്‌ Andrews (ശരത് കുമാര്‍, ചുമ്മാ ഗസ്റ്റ് എന്ന് പറയാതിരിക്കാന്‍ കുറച്ചു സീന്‍ കൊടുത്തിട്ടുണ്ട്‌ ) പിന്നെ ഇവരെല്ലാം പടം തീരുവോളം ഗ്വാ ഗ്വാ വിളിച്ചിട്ട് അവസാനം എല്ലാ സത്യവും മനസിലാക്കി ഒന്നിക്കുമ്പോള്‍ തല്ലി കൊന്നിട്ട് സ്ലോ മോഷനില്‍ നടന്നു പോകാന്‍ വേണ്ടി വില്ലന്‍ കുന്നേല്‍ കുമാരന്‍ തമ്പിയും മക്കളും (വിജയ രാഘവന്‍ , ബിജു മേനോന്‍ ,......etc) .ഒരു മകന്‍ സുബൈര്‍ അവതരിപ്പിക്കുന്ന കഥാപാത്രം മരിച്ചു പോയത് കൊണ്ടാകണം അവസാനം വില്ലന് രണ്ടു മക്കളെ ഉള്ളു !!! (ആദ്യം മൂന്ന് പേരെന്ന് പറയുന്നു ഉണ്ട് ).ഇവരൊക്കെ ചേര്‍ന്ന് മൂന്ന് മണികൂര്‍ നേരം കാണികളെ entertain ചെയ്തു തള്ളുന്നതാണ് ചുരുക്കത്തില്‍ ഈ ചിത്രം.ദേവന്‍ അവതരിപ്പിക്കുന അഭ്യന്തര മന്ത്രിയുണ്ട് ഈ ചിത്രത്തില്‍.പാവം !! സ്വന്തം വേലക്കാരന് പോലും (സുരാജ്) ഒരു വിലയും ഇല്ല.ഭാര്യയും മകളും ഒരു വേലക്കാരനും ആയി താമസിക്കുന്ന ഇദ്ദേഹത്തിന്റെ വീട്ടിലേക്കു ഏതു അധോലോക ജീവിക്കും കയറി ചെല്ലാം കുടുംബത്തെ തട്ടികളയും എന്ന് ഭീഷണിപ്പെടുത്തി സുഖമായി താമസിക്കാം (അതിനുള്ള ബുദ്ധി ലാലേട്ടന് മാത്രമേ കാണു എന്ന് മാത്രം ).

ഹ ഇയാള്‍ക്ക് മനസിലകത്തില്ലേ . ഇത്തരം ചോദ്യങ്ങള്‍ ഒരു entertainer ചിത്രത്തില്‍ ചോദിയ്ക്കാന്‍ പാടില്ല . ജനത്തിന് അറിയേണ്ടത് ആരു എങ്ങനെ എന്നാണ് . ലാലേട്ടന്‍ സിംഹാസനം തിരിച്ചു പിടിക്കുമോ ഇല്ലയോ .. ആ ഒരു ലൈന്‍ ...

അനിയാ ഇന്നാ പിടിച്ചോ

സിബി ഉദയന്‍ : ട്വന്റി ട്വന്റി എന്നാ മുയല് ചത്ത ചക്ക വീണ്ടും ഇറക്കുന്നു. ട്രാഫിക്‌ എന്നാ ചിത്രം വന്നത് കൊണ്ടാക്കണം ഒട്ടും മോശമല്ല എന്ന് കാണിക്കാനായി ട്വിസ്റ്കള്‍ കൊണ്ട് വന്നിട്ടുണ്ട് .(ട്വിസ്റ്റ്‌ നു വേണ്ടി ഉള്ള ട്വിസ്റ്റ്‌ ആയി എന്ന് മാത്രം.ചുരുക്കത്തില്‍ തിര കഥയ്ക്ക് വിനയന്‍ ചിത്രങ്ങളുടെ നിലവാരം മാത്രം

ജോഷി : ജോഷിയല്ല ആരു ഈ ചിത്രം സംവിധാനം ചെയ്താലും ഇതില്‍ കൂടുതല്‍ മോശം ആകും എന്ന് തോന്നുന്നില്ല

മോഹന്‍ലാല്‍ : ചിത്രത്തിലെ ഏക സൂപ്പര്‍ താരം. അതിന്റെ അഹങ്കാരം ഒട്ടും കുറച്ചിട്ടില്ല . പതിവ് പോലെ ഏറ്റവും മിടുക്കന്‍. സകലരെയും പുച്ഛം.സര്‍വ വിജയി.ഒരൊറ്റ അപേക്ഷ.പറ്റുമെങ്കില്‍ ദയവായി പ്രണയ രംഗങ്ങളില്‍ അഭിനയിക്കരുത് (അഭിനയിച്ചു കാണികളെ കൊല്ലരുത്),താങ്കള്‍ക്ക് അതിനുള്ള പ്രായവും കഴിവും എന്നേ പോയി കഴിഞ്ഞു.ലക്ഷ്മി റായി എന്നാ നടിയെ വശ പിശകായി സാരി ഉടുപ്പിച്ചു ദേഹം മുഴുവന്‍ കുലുക്കി നൃത്തം ചെയിപ്പിച്ചിട്ടു പോലും നിങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് അഭിനയിച്ച ഗാന രംഗം ഭയങ്കര ബോര്‍ ആയിരുന്നു.ബാക്കി എല്ലാം പതിവ് പോലെ,വരുന്നു,ഡയലോഗ് പറയുന്നു (പ്രധാന മന്ത്രി വരെ ഓച്ചനിച്ചു നില്‍ക്കുന്നു), പോകുന്നു.കൈ അടിക്കേണ്ടതു ആരാധക തെണ്ടികളുടെ ഉത്തരവാദിത്വം

സുരേഷ്ഗോപി : സ്ഥിരം പോലീസ് വേഷം.എന്നാല്‍ ട്വന്റി ട്വന്റി എന്നാ ചിത്രത്തില്‍ നിന്നും ഉണ്ടാക്കിയ മൈലേജ് കിട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് .

ദിലീപ് : ട്വന്റി ട്വന്റി എന്നാ ചിത്രത്തിലെ അതെ വേഷം ഒട്ടും കുറവില്ല ഒട്ടും കൂടുതലും .തമ്മില്‍ ഭേദം .

ശരത് കുമാര്‍ : ചുമ്മാ ,ക്രിസ്റ്റിയുടെ അധോലോക സുഹൃത്ത്‌.ഭീമന്‍ രഘു ആ വേഷം ചെയ്താലും ഒന്നും വരാനില്ല

സുരാജ് : ദിലീപിന്റെ കഥാപത്രം ഭേദം എന്ന് തോന്നിപ്പിക്കാന്‍ ഉള്ള മുഖ്യ കാരണം . അത്രക്ക് പരിതാപകരമാണ് ആ ദേഹത്തിന്റെ തമാശകള്‍

കാവ്യ : ഗാന രംഗങ്ങളില്‍ കിട്ടാവുന്ന അത്ര ലൂസ് അയ വസ്ത്രം ധരിക്കുക.ഒരല്‍പം ലൂസ് കുറവാണെങ്കില്‍ നിങ്ങളെ കാണാന്‍ ഭയങ്കര വൃത്തികേടായിരിക്കും

കനിഹ ,ലക്ഷ്മി ഗോപാലസ്വാമി ,ലക്ഷ്മി റായി : പ്രത്യേകിച്ചു ഒന്നും പറയാനില്ല. (തുമ്പി (കള്‍) കല്ലെടുക്കണം എന്ന് വാശി പിടിക്കാന്‍ പാടില്ലല്ലോ )

പക്ഷെ അണ്ണാ, ലോക വ്യാപകമായ റീലീസും പിന്നെ ചാനല്‍ റൈറ്റ് ഉം ഒക്കെ ചേരുമ്പോള്‍ ഈ ചിത്രം ഒരു വിജയം ആയി തീരില്ലേ .

അനിയാ,നീ അത് മാത്രം ചോദിക്കരുത്.നല്ല ചിത്രം,സിനിമശാലകളില്‍ ഓടുന്ന ചിത്രമാണ്‌ വിജയ ചിത്രം എന്നാണ് എന്‍റെ അഭിപ്രായം. അല്ലാതെ ലോകം മുഴുവന്‍ ഇറക്കി നിലവാരം ഇല്ലാത്ത പടം ലാഭം ആക്കുന്നത് കോപ്പി അടിച്ചു പരീക്ഷ ജയിച്ചു എന്ന് അഭിമാനത്തോടെ പറയുന്നത് പോലെയാണ് എന്നാണ് എന്‍റെ അഭിപ്രായം.ഒരു മലയാളി പ്രേക്ഷകന്‍ അതില്‍ അഭിമാനിക്കുനത് സ്വയം വിഡ്ഢി അക്കപ്പെട്ടത്തില്‍ അഭിമാനിക്കുന്നത് പോലെയും .ഈ ചിത്രം ഇഷ്ടപ്പെട്ടില്ല,മോശമാണ് എന്നതാണ് എന്‍റെ അഭിപ്രായം

അപ്പോള്‍ ചുരുക്കത്തില്‍ ?

വര്‍ണ്ണപകിട്ട് എന്ന പഴയ മലയാള ചിത്രത്തില്‍ ട്വന്റി ട്വന്റി കലക്കി ഇറക്കിയ സാധനം എന്ന് ഒറ്റവാക്കില്‍ പറയാം.
മലയാള സിനിമയും അതിന്‍റെ തമ്പുരാന്‍മാരും നന്നാകാന്‍ ഇനിയും ഏറെ കാലം പിടിക്കും എന്ന് ഉറക്കെ വിളിച്ചു പറയുന്ന ചിത്രം

Tuesday, March 8, 2011

ആരെടാ വലിയവന്‍? (A Film By താടി & ടീം)

നമസ്കാരം മാന്യപ്രേക്ഷകര്‍ക്ക് ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന വാര്‍ത്തയും വ്യക്തിയും എന്ന പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മുടെ അഥിതി ആയി ഇവിടെ എത്തിയിട്ടുള്ളത് യുണി വെഴ്സല്‍ ബ്ലോഗ്ഗര്‍ ആയ ഡോ. പ്രേക്ഷകനാണ് . അദേഹത്തിന് സ്വാഗതം പറഞ്ഞു കൊള്ളുന്നു.

പ്രേക്ഷകന്‍ : നന്ദി

പ്രേക്ഷകന്‍, താങ്കളുടെ പേരിനോടൊപ്പം കാണുന്ന ഈ ഡോക്ടര്‍ എന്നത് നിരവധി ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു.വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ? ഞങ്ങളുടെ കാണികള്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

ഉട്ടോപ്യന്‍ സര്‍വകലാശാല,മലയാള സിനിമ രംഗത്തെ രണ്ടു സംവിധായകര്‍ തമ്മിലുള്ള താരതമ്യപഠനം എന്ന വിഷയത്തില്‍ ഞാന്‍ നടത്തിയ ഗവേഷണത്തിനാണ് ഈ ഡോക്ടറേറ്റ് എനിക്ക് സമ്മാനിച്ചത്‌. ഭാഷാ ഉന്നമനത്തിനു നടത്തിയ മഹത്തായ സേവനങ്ങള്‍ക്ക് അല്ല എന്നു ചുരുക്കം.

അത് നില്‍ക്കട്ടെ . പ്രേക്ഷകന്‍ തങ്ങള്‍ ഏതൊക്കെ സംവിധായകര്‍ തമ്മിലുള്ള താരതമ്യ പഠനം ആണ് നടത്തിയത്?

ഹ... ബഹളം വെക്കല്ലേ .പറഞ്ഞോട്ടെ.മലയാള ബൌധിക സിനിമ ലോകത്തെ അതികായനായ ശ്രീ രഞ്ജിത്നെയും ഇപ്പോള്‍ സിനിമ രംഗത്ത് സജീവം അല്ലാത്ത വാണിജ്യ സിനിമ സംവിധയകന്‍ (ബൌധിക ഭാഷയില്‍ നികൃഷ്ട ജീവി) ആയ ശ്രീ ഐ വി ശശിയെയും ആണ് ഞാന്‍ ഒന്ന് താരതമ്യപെടുത്തി നോക്കിയത്.

ഡോക്ടര്‍ പ്രേക്ഷകന്‍,ഇതു ഒരു ഒരു വല്ലാത്ത താരതമ്യപ്പെടുത്തല്‍ ആയി പോയില്ലേ.കുറഞ്ഞ പക്ഷം ഭരതന്‍ ,പത്മരാജന്‍ എന്നിവരൊക്കെ ആയിട്ടല്ലേ രഞ്ജിത് നെ താരതമ്യപെടുത്താവൂ?അല്ലെങ്കില്‍ ബൌധിക കേരളം താങ്കളോട് ക്ഷമിക്കുമോ? ഒരു വെറും വാണിജ്യ സംവിധായകനായ ഐ വി ശശിയുമായി അദേഹത്തെ താരതമ്യപ്പെടുത്തുക എന്നൊക്കെ പറഞ്ഞാല്‍ ............. അങ്ങനെ ചിന്തിക്കാന്‍ പോലും താങ്കള്‍ക്ക് എങ്ങനെ കഴിഞ്ഞു?

ചിന്തിക്കാന്‍ എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ഇന്നത്തെ കേരളത്തില്‍ തികച്ചും പ്രസക്തമാണ്‌.(സ്വന്തം തല ഉപയോഗിച്ച് ചിന്തിക്കാന്‍ അറിയാത്തവര്‍ ആണല്ലോ മലയാളികളില്‍ ബഹു ഭൂരിഭാഗവും.എന്നാല്‍ ഭാവമോ ലോക ബുദ്ധി ജീവി എന്നും !!). ഇനി എന്‍റെ കാര്യം.ശ്രീ രഞ്ജിത്ത് സംവിധാനം ചെയ്ത നവയുഗ സിനിമ തിരകഥ ഈ അടുത്താണ് കണ്ടത്.അതിനെ കുറിച്ച് കൂടുതല്‍ പറയുന്നില്ല.കുറെ നാളുകള്‍ക്ക് മുന്‍പ് വന്ന ജനങ്ങള്‍ ഏതാണ്ട് മറന്നു തുടങ്ങിയ ആ ചിത്രത്തെ കുറിച്ച് പറഞ്ഞിട്ട് പ്രത്യേകിച്ചു വിശേഷം ഒന്നും ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.പക്ഷെ അതില്‍ കണ്ട ഒരു അനീതിയാണ് ഈ ഗവേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്.

അനീതി ?അത് തമിഴ് സിനിമയിലെ ഒരു സൂപ്പര്‍ താരവും മരിച്ചു പോയ ഒരു നടിയുമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്ന ഒരു ഹൃദയ ബന്ധത്തിന്റെ കഥയല്ലേ .ഒപ്പം സമകാലീന മലയാള സിനിമയുടെ നേര്‍ കാഴ്ചയും .....

പൊന്നു സുഹൃത്തേ.എനിക്ക് അതില്‍ ദഹിക്കാതെ പോയതും ആരും പറഞ്ഞു കാണാത്തതും ആയ ഒരു സംഗതി ശ്രീ മണിയന്‍ പിള്ള രാജു അവതരിപ്പിച്ച കോമാളിയായ ഒരു സംവിധായകനാണ്.രൂപഭാവങ്ങളില്‍ ശ്രീ ഐ വി ശശിയെ അനുകരിക്കുന്നത് എന്നു എനിക്ക് തോന്നിയ ആ കഥ പാത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത് പറയാന്‍ ശ്രമിച്ചതാണ് ഈ ഗവേഷണത്തിന് എന്നെ പ്രേരിപ്പിച്ചത്.(പ്രത്യേകിച്ച് ആ കഥാപാത്രം ഉപയോഗിക്കുന്ന തൊപ്പി.എന്‍റെ അറിവില്‍ അത്തരം തൊപ്പി ഉപയോഗിക്കുന്ന സംവിധായകന്‍ ശ്രീ ഐ വി ശശി മാത്രമാണ്.പിന്നെ ആ കഥാപാത്രത്തിന്റെ ശരീര ഭാഷയും).

ശരി താങ്കളെ പ്രേരിപ്പിച്ച കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ .മലയാളത്തിലെ ബൌധിക സിനിമ രംഗത്തെ തിളങ്ങുന്ന സംവിധായകനും പോയ കാലത്തേ വെറും ഒരു വെറും ഒരു വാണിജ്യ സംവിധായകനും തമ്മില്‍ താരതമ്യം ചെയുമ്പോള്‍ താങ്കള്‍ കാണുന്നത് .....

ഉലക്കേടെ മൂട് ... രഞ്ജിത് എന്ന വ്യക്തിയെ മലയാളി അറിഞ്ഞു തുടങ്ങുന്നത് അഥവാ ഒന്നാം നിര തിരകഥാകൃത്തുക്കളില്‍ ഒരാളായി കാണാന്‍ തുടങ്ങുന്നത് ദേവാസുരം എന്ന ചിത്രത്തോടെയാണ്.(അതിനു മുന്‍പുള്ള പെരുവണ്ണാപുരം പോലെയുള്ള ചിത്രങ്ങള്‍ മറക്കുന്നില്ല ). ഐ വി ശശി എന്ന സംവിധായകന്‍ ഇല്ലാതെ ആ ചിത്രം ഇറങ്ങിയാല്‍ അതിനെ രാവണപ്രഭു എന്നു വിളിക്കാം.ഇത്രയേ ഉള്ളു ഇവര്‍ തമ്മിലുള്ള വ്യത്യാസം.(ആനയും എലിയും തമ്മിലുള്ള വ്യത്യാസം പോലെ എന്നും പറയാം)

ഡോക്ടര്‍ പ്രേക്ഷകന്‍ മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ..... പലേരി മാണിക്യം,റോക്ക് ആന്‍ഡ്‌ റോള്‍,ചന്ദ്രോത്സവം,പ്രജാപതി,നസ്രാണി ... ഹോ ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു.പോരാത്തതിനു കേരള കഫെ പോലുള്ള കിടിലന്‍ പരീക്ഷണങ്ങളും .കൂടുതല്‍ എന്തോ വേണം ?

സുഹൃത്തേ,ഐ വി ശശി സംവിധാനം ചെയ്ത സിനിമകളിലെ വ്യത്യസ്തത എവിടെ കിടക്കുന്നു ? രഞ്ജിത് ന്‍റെ സകലകലാവലഭ നായകന്റെ വിജയഗാഥയുടെ ബൌധിക പടപ്പുകള്‍ എവിടെ ?(അത് പ്രതികാരത്തിന്റെ കഥ പറയുന്ന "ഇതാ ഇവിടെ വരെ" ആയാലും ഒരു മാര്‍കറ്റ്ന്റെ കഥ പറയുന്ന "അങ്ങാടി" ആയാലും (ജയന്റെ ചിത്രമായി ആണ് ഇതു അറിയപ്പെടുന്നത് എങ്കിലും കേന്ദ്ര കഥാപാത്രം അങ്ങാടി തന്നെ ആണ് )."ഈ നാട് ,വാര്‍ത്ത‍" പോലയുള്ള സാമൂഹ്യ പ്രസക്തിയുള്ള ചിത്രങ്ങള്‍ ആയാലും .ബന്ധങ്ങളുടെ കഥ പറയുന്ന "അനുബന്ധം,ആരൂഡം" ഇവയൊക്കെ ആയാലും.വലിയ പശ്ചാത്തലത്തില്‍ പറഞ്ഞ ചരിത്ര പ്രസക്തിയുള്ള 1921 ആയാലും.ലാല്‍നെ ആന്റി ഹീറോ ആയി അവതരിപ്പിച്ച "ഉയരങ്ങള്‍" ആയാലും "അലവുദീനും അത്ബുധ വിളക്കും" പോലുള്ള ഫാന്‍ടസി ചിത്രങ്ങള്‍ ആയാലും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഐ വി ശശി ക്ക് മുഴുവന്‍ മാര്‍ക്കും കൊടുക്കാം എന്നാണ് ഞാന്‍ കരുതുന്നത്.പത്മരാജന്‍,എം.ടി,ടി ദാമോദരന്‍,ജോണ്‍ പോള്‍,ലോഹിത ദാസ്‌ .. എന്നിങ്ങനെ ഒരു വിധം പ്രതിഭാ ശാലികള്‍ എന്നു പറയാവുന്ന തിരകഥ ക്രിത്തുക്കളോട് ഒപ്പം മികച്ച രീതിയില്‍ സഹകരിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഭരതനെ,പത്മരാജനെ പോലുള്ള പ്രതിഭകള്‍ വാണിരുന്ന കാലത്തും എന്നും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു പിടി ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് ഐ വി ശശി.(കൂട്ടത്തില്‍ പറഞ്ഞോട്ടെ വാനപ്രസ്ഥം എന്ന ലോക ക്ലാസ്സിക്‌ ചിത്രത്തെ കാള്‍ എന്നികിഷ്ടം രംഗം എന്ന ഐ വി ശശി- മോഹന്‍ലാല്‍ ചിത്രമാണ്.ആസ്വാദന നിലവാരം അത്രേയുള്ളൂ ക്ഷമി!!).ആള്‍കൂട്ട സിനിമകളുടെ സംവിധായന്‍ എന്ന് ആ കാലത്ത് കളിയാക്കി ബുദ്ധി ജീവികള്‍ വിളിച്ചിരുന്നു എങ്കിലും ഐ വി ശശിയുടെ
ചിത്രങ്ങളില്‍ അനാവശ്യമായ ഒരൊറ്റ കഥാപാത്രത്തെ പോലും കാണാന്‍ കഴിയും ആയിരുന്നില്ല (വ്യക്തിത്വം ഇല്ലാത്ത അഥവാ മനസ്സില്‍ തങ്ങി നില്‍ക്കാത്ത ഒരു കഥാപാത്രം പോലും എന്നും വായിക്കാം).കോമാളി വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന പപ്പു എന്ന നടന്‍ ശശി ചിത്രങ്ങളില്‍ ചെയ്ത കഥാപാത്രങ്ങള്‍ മാത്രം മതി ഉദാഹരണമായി.പോരെങ്കില്‍ വേണു നാഗവള്ളി ജീവിതത്തില്‍ ചെയ്തത് എന്ന് ഞാന്‍ കരുതുന്ന വ്യത്യസ്തമായ വേഷം വാര്‍ത്തയിലെ രോഷാകുലനായ സാഹിത്യകാരന്‍ ദേവനാണ് .നായകനല്ലാതെ വേറെ ഒരു കഥാപാത്രത്തിനും വലിയ പ്രസക്തി ഇല്ലാത്ത അഥവാ ഉണ്ടെങ്കില്‍ തന്നെ നായക പ്രഭ വര്‍ധിപ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത രഞ്ജിത്ത് നായകേതര കഥാപാത്രങ്ങളെ ശശി ചിത്രങ്ങളിലെ കഥാപത്രങ്ങളുമായി കൂട്ടി തോടുവിക്കാതെ ഇരിക്കുക ആണ് ഭേദം.രഞ്ജിത് ഇപ്പോളും സൂപ്പര്‍ താരങ്ങളുടെ നിഴല്‍ വിട്ടു പുറത്തു കടക്കാന്‍ ധൈര്യം കാണിക്കാത്തപ്പോള്‍ ഐ വി ശശി താരങ്ങളെ ഉണ്ടാക്കുകയിരുന്നു ചെയ്തത്.നസീറിനെ വെച്ച് ശശി ഏതോ ഒരു ചിത്രം മാത്രമേ ചെയ്തിട്ടുള്ളൂ എന്നാണ് ഓര്‍മ.ശരിയല്ലെങ്കില്‍ തിരുത്തണം.തന്‍റെ വന്‍ വിജയങ്ങളായ ചിത്രങ്ങള്‍ രണ്ടാം നിര താരങ്ങളായ സോമന്‍,സുകുമാരന്‍,ജയന്‍ , പിന്നെ തുടക്ക കാലത്തേ മമ്മൂടി,ലാല്‍ തുടങ്ങിയവര്‍ ആയിരുന്നു അദേഹത്തിന്റെ പ്രധാന താരങ്ങള്‍.ഹരികൃഷ്ണന്‍സ് പോലത്തെ സിനിമകളില്‍ ഫാസില്‍ കാണിക്കുന്ന അഭ്യാസങ്ങള്‍ കാണുമ്പോള്‍ ഇവരെ ഒക്കെ വെച്ച് സുന്ദരമായി ഐ വി ശശി എത്ര പടം എടുത്തിരിക്കുന്നു എന്ന് ഓര്‍ത്തു പോകുന്നു.

എന്നാലും കയ്യൊപ്പ് എന്നാ ഒറ്റ ചിത്രത്തിലൂടെ നമുക്ക് രഞ്ജിത് ന്‍റെ ബൌധിക നിലവാരം ....... അതൊക്കെ നോക്കുമ്പോള്‍ ഈ ഐ വി ശശി എന്ന സംവിധായകന്‍ ഒക്കെ ...?

സുഹൃത്തേ,അക്ഷരങ്ങള്‍ എന്നൊരു ചിത്രം കണ്ടിട്ടുണ്ടൊ? അതിലും കൈയോപ്പിലും ശ്രീ മമ്മൂട്ടിയാണ് നായക കഥാപാത്രമായ സാഹിത്യകാരനെ അവതരിപ്പികുന്നത്.വെറുതെ രണ്ടും ഒന്ന് കണ്ടു നോക്കു. കൂടുതല്‍ പറയേണ്ടി വരില്ല . അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്‌ ശ്രീ മമ്മൂട്ടി തന്‍റെ സുദീര്‍ഖമായ അഭിനയ ജീവിതത്തില്‍ നന്നാക്കിയ ആകെയുള്ള രണ്ടു പോലീസ് വേഷങ്ങളില്‍ ഒന്നാണ് ആവനാഴി (മറ്റേതു യവനികയും).കരിമ്പിന്‍ പൂവിനക്കരെ എന്ന തികഞ്ഞ വാണിജ്യ സിനിമ കണ്ടു നോക്കു ആദ്യത്തെ ഒരു മണിക്കൂര്‍ ഗോപിയാണ് ആ ചിത്രത്തില്‍ കേന്ദ്രം.നശിച്ചു കൊണ്ടിരിക്കുന്ന നടന്‍ മോഹന്‍ലാലിന്‍റെ ഏറ്റവും ശക്തമായ(ടഫ്)വേഷമായി ഞാന്‍ കാണുന്നത് വാര്‍ത്തയിലെ പരോള്‍ വാസുവും കരിമ്പിന്‍ പൂവിലെ ഭദ്രനും ഒക്കെയാണ്.മൃഗയ പോലുള്ള ഒരു ചിത്രത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും രഞ്ജിത് അടക്കമുള്ള എന്നുള്ള ഏതു സംവിധായകന് കഴിയും? ഈറ്റ എന്ന ചിത്രത്തില്‍ മധുവിനെകാളും കമലിനെകാളും തെളിഞ്ഞു നില്‍ക്കുനതു ഈറ്റ കാടുകളുടെ വന്യതയും അവിടുത്തെ ജീവിതവും അല്ലെ?പറഞ്ഞു തുടങ്ങിയാല്‍ തീരില്ല.നിര്‍ത്തി.

പക്ഷെ ഡോക്ടര്‍ പ്രേക്ഷകന്‍,നിലനില്‍പ്പിനു വേണ്ടി അദേഹം ചെയ്തു പോയി എന്ന് ശ്രീ രഞ്ജിത് തന്നെ പറഞ്ഞിട്ടുള്ള ചിത്രങ്ങളുടെ പേരില്‍ ഇങ്ങനെ പറയുന്നത് ശരിയാണോ ?

മലയാളത്തില്‍ ഈ ട്രെന്‍ഡ് കൊണ്ട് വന്നത് പ്രിയദര്‍ശന്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. താന്‍ അടിസ്ഥാനപരമായി ലോകോത്തര സംവിധായകനാണ് .മനസ്സില്‍ ഉള്ളത് ലോക ക്ലാസ്സിക്ക്കുകളെ വെല്ലുന്ന ചിത്രമാണ്‌.പക്ഷെ എടുക്കുന്നതെല്ലാം കൂറ പടമാകുന്നതിന്റെ കാരണം നിലനില്‍പ്പ്‌ എന്ന ഭാവം.(അതായിത് കൂറ ജനങ്ങള്‍ക്ക്‌ ഇതൊന്നും മനസിലാകില്ല എന്നും അവനൊക്കെ നൂറാം കിട ചിത്രങ്ങള്‍ മതി എന്നും വ്യംഗ്യം. അല്ലയിരുന്നെകില്‍ മലയാളത്തില്‍ ബെന്‍ഹര്‍ പോലുള്ള ചിത്രങ്ങളുടെ കളിയായേനെ!!!!).ഹരിഹരന്‍ എന്ന സംവിധായകന്‍ പ്രിയദര്‍ശന്‍ എടുതിടുള്ളതില്‍ ഏറെ ഹാസ്യ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് എന്ന് ഈ തലമുറയിലെ എത്രപേര്‍ക്കറിയാം?ഒരു അഭിമുഖത്തില്‍ പോലും അദേഹം ലേഡീസ് ഹോസ്റ്റല്‍ മുതലുള്ള ഹാസ്യ ചിത്രങ്ങളെ കുറിച്ച് അഭിമാനത്തോടെ അല്ലാതെ സംസാരിച്ചു കണ്ടിട്ടില്ല.നില നില്‍പ്പിനു വേണ്ടി ചിത്രം സംവിധാനം ചെയ്യേണ്ടി വരുന്ന സംവിധായകര്‍ ഈ ഭൂലോകത്ത് ആദ്യമായി ഇവര്‍ മാത്രം അല്ല.ഭരതന്‍ ചെയ്ത ഗുരുവായൂര്‍ കേശവന്‍ അത്തരത്തില്‍ പെട്ട ഒന്നാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌) പ്രിയന്‍ കാലഘട്ടത്തിനു മുന്‍പുള്ള ഒരു സംവിധായകനും ഇങ്ങനെ ഒരു ഗതികേട് ന്യായീകരണം ആയി പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയം.ചുരുക്കത്തില്‍ ദേവാസുരം എന്ന ചിത്രത്തിന്റെ Template ഇനി ഉപയോഗിക്കാന്‍ പറ്റാത്ത വിധം വികൃതം ആക്കിയ സംവിധായകന് നിലനില്‍ക്കാനുള്ള പേരില്‍ ഏതു കൂറ പടവും എടുക്കാം

ഡോക്ടര്‍ പ്രേക്ഷകന്‍,നമ്മുടെ സമയം അവസാനിക്കാറായി.താങ്കള്‍ക്ക് എന്തെങ്കിലും പറയാന്‍ .....

എനിക്ക് ആകെ പറയാനുള്ളത് ശ്രീ രഞ്ജിത്നോടാണ്.താങ്കളുടെ തിരകഥ എന്ന ചിത്രത്തില്‍ മേല്പറഞ്ഞ കഥാപാത്രം സംവിധായകന്‍ ഐ വി ശശിയെ അല്ല ഉദേശിച്ചത്‌ എങ്കില്‍,ഒരാള്‍ക്കെങ്കിലും അങ്ങനെ തോന്നിയത് ഒരു സംവിധായകന്‍ എന്ന നിലയില്‍ താങ്കളുടെ (മറ്റൊരു)പരാജയമാണ്.ഇനി അല്ല,താങ്കള്‍ അങ്ങനെ തന്നെയാണ് ഉദേശിച്ചത്‌ എങ്കില്‍,അന്ന് അന്ന് കാണുന്നവരെ പിതാവേ,ജനകാ,അച്ഛാ എന്നൊക്കെ മാത്രം വിളിച്ചു ശീലിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രത്യേകിച്ചു ഒന്നും പറയാന്‍ ഉണ്ടാവില്ല.പക്ഷെ അതിനെ ശുദ്ധ പോക്രിത്തരം,നാണം ഇല്ലായിമ്മ എന്ന് പറയുന്ന കുറച്ചു പേരെങ്കിലും ഈ കേരളത്തില്‍ ഉണ്ടായേക്കാം.

അടിക്കുറിപ്പ് : മലയാളത്തില്‍ ഇന്നു സജീവം അല്ലാത്ത,നല്ല കാലം കഴിഞ്ഞ,ഒരു സംവിധായകനെ കുറിച്ച് എഴുതിയിട്ട് കാര്യം ഇല്ല എന്നറിയാം.എന്നാലും മോശമായ ഒരു കാര്യം മോശമാണ് എന്ന് പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഈ ബൂലോകം എന്ന സാധനവും ഒരു കുഴല്‍ ഊതു മാധ്യമവും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ ?