Friday, April 16, 2010

പാപ്പി അപ്പച്ചാ

പുതുമുഖ സംവിധായകനായ മാമാസ് സംവിധാനം ചെയ്ത .......

രാവിലെ എഴുനേറ്റു ഇരുന്നു എന്തോന്നെടെ ഈ രചിക്കുന്നത്‌ ?

ഛെ ഇയാളെ കൊണ്ട് ശല്യം ആയല്ലോ ഞാന്‍ ഒന്ന് ഗതി പിടിക്കുന്നത്‌ തനിക്കു സഹിക്കില്ലേ .

എന്തിനാടെ വെറുതെ ചൂടാവുന്നെ .ഞാനിപ്പോള്‍ പാപ്പി അപ്പച്ചാ കണ്ടേച്ചു വരുന്ന വഴിയാ.അപ്പോള്‍ ആണ് നിന്നെ കണ്ടേച്ചു പോകാം എന്ന് ഓര്‍ത്തത്‌.

ആണോ? രക്ഷപെട്ടു ആ പടത്തെ കുറിച്ച് ഒരു റിവ്യൂ കാച്ചാന്‍ ഇരിക്കുവായിരുന്നു. ഇനിയേതായാലും അണ്ണന്‍ കാര്യങ്ങള്‍ അങ്ങ് പറഞ്ഞാല്‍ മതി ഞാന്‍ വെടിപ്പിനു കാച്ചി കൊള്ളം.

ഓഹോ ആദ്യം ചൂടായിട്ടു എപ്പോള്‍ ആവശ്യത്തിനു നമ്മളൊക്കെ വേണം അല്ലെ ?

അണ്ണന്‍ അങ്ങനെ കേറി വെയിറ്റ് ഇടാന്‍ വരട്ടെ . പുതു മുഖ സംവിധായകന്‍ , നായകന്‍ ദിലീപ്, എങ്ങനെ കാച്ചണം എന്നുള്ളത് എന്നെ ആരും പഠിപ്പികണ്ട . സ്ഥിരം കഥ , സംവിധാകന്റെ പരിചയക്കുറവു, ദിലീപിന്റെ അഭിനയ ശേഷി കുറവും (അല്ലെങ്ങില്‍ വിമ്മിഷ്ടം എന്നതാ ലേറ്റസ്റ്റ് വാക്ക് . സംഗതി സുരേഷ് ഗോപിക്കാ ഞങ്ങള്‍ നിരൂപകര്‍ സ്ഥിരമായി ഉപയോഗിക്കുനത് ദിലീപിനിട്ടും ഇരിക്കട്ടെ ).കാര്യം പറഞ്ഞാല്‍ ഇതൊക്കെ ഇതു മലയാള പടത്തിനും കണ്ണടച്ച് എഴുതാവുന്നതാണ് . എന്നാലും ഒരു മര്യാദയുടെ പേരില്‍ സൂപ്പര്‍സ്റ്റാര്‍ പടങ്ങളെ കുറിച്ച് ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ അങ്ങനെ എഴുതാന്‍ പാടില്ല എന്നാണ് അസോസിയേഷന്‍ തീരുമാനം. ബക്കിയുള്ളവനെ ഒക്കെ നമുക്ക് കൊല്ലാം.

എടെ മതിയാക്കെടെ . പടത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ആദ്യമേ പറയാം.പടം വലിയ കുഴപ്പമില്ല . എന്ന് കരുതി നീ ഉടന്‍ കേറി വടക്കന്‍ വീര ഗാഥ , മൃഗയ, കിരീടം , ദശരഥം തുടങ്ങിയ പടങ്ങളുമായി താരതമ്യപെടുതല്ലേ .നിനക്ക് മീശ മാധവന്‍ ഇഷ്ടപ്പെട്ടു എങ്കില്‍ ഇതും ഇഷ്ടപെടും. അത്ര തന്നെ .

എന്നാലും മാര്‍ക്ക്‌ ഇട്ടാല്‍ എത്ര വരെ കൊടുക്കാം ?

എഴുനേറ്റു പോടാ .അവന്‍ മാര്‍ക്കിടാന്‍ നടക്കുന്നു . അത് നീ നിരൂവണം നടത്തുമ്പോള്‍ മതി .

ഓ ശരി എന്നാല്‍ കാര്യം പറ .

ഇത്തിരി കണ്ടം എന്ന കൊച്ചു ഗ്രാമത്തിലെ പ്രമാണിമാരായ നിരപ്പേല്‍ മത്തായിയും മകന്‍ നിരപ്പേല്‍ പപ്പിയെയും ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.ഈ ഗ്രാമത്തിലെ പ്രധാനപെട്ട എല്ലാം (സ്കൂള്‍ , ചന്ത ,സിനിമശാല ......) നടത്തുന്നത് ഇവരാണ് . അപ്പനും മകനും കൂട്ടുകാരെ പോലെയാണ് .ഒരു ചെറിയ ഇടവേളക്കു ശേഷം തിരിച്ചെത്തുന്ന കാവ്യാ മാധവന്‍ ആണ് നായിക. ആനി ടീച്ചര്‍ എന്ന കഥാ പത്രത്തെ അവതരിപ്പിക്കുന്ന കാവ്യ നിരപ്പേല്‍ വക സ്കൂളില്‍ ജോലി ചെയുകയാണ് .
പാപ്പിക്ക് പണ്ട് തൊട്ടേ അനിയോടു ഇഷ്ടം ആണെങ്കിലും പഠിപ്പില്ലാത്ത, തല്ലിപൊളിയായി നടക്കുന്ന പപ്പിയോടു ആനിക്ക് പുച്ഛവും ദേഷ്യവും ആണ് .(ആലോചിച്ചാല്‍ ഇവിടെയൊക്കെ മീശ മാധവന്‍ എന്ന ചിത്രത്തിന്റെ സ്വാധീനം നിനക്ക് ആരോപിക്കാവുന്നതാണ് .ചുമ്മാ ചെലവാകും .കാരണം മലയാള സിനിമ പ്രേമികള്‍ ഒറിജിനല്‍ മാത്രമല്ലേ ഇപ്പോള്‍ എടുക്കു !!!!)ഇവരുടെ എതിരാളി ആയി ശശാങ്കന്‍ മുതലാളി എന്ന കഥാപാത്രത്തെ അശോകന്‍ അവതരിപ്പിക്കുന്നു.പിന്നെ കുടുതല്‍ ശക്തനായ വില്ലന്‍ മാണിക്കുഞ്ഞു രംഗത്ത്‌ വരുന്നതോടെ കാര്യങ്ങള്‍ കൊഴുക്കുന്നു . ഒന്നാം പകുതി അവസാനിക്കുന്നിടത്ത് അപ്പനും മകനും തെറ്റുന്നു .പ്രശ്നങ്ങള്‍ എല്ലാം കലങ്ങി തെളിയുന്നിടത് പടം തീരുന്നു

മതി ഒരു തുടക്കത്തിനു ഇതൊക്കെ ധാരാളം. പടം ദിലീപിന്റെ അല്ലെ. കുറെ കുറ്റങ്ങള്‍ പറഞ്ഞെ .വായനക്കാരെ ഒന്ന് ഹരം കൊള്ളിക്കട്ടെ .

ശരി ഇതാ പിടിച്ചോ.രണ്ടാം പകുതി കുറച്ചു കൂടി കെട്ടു ഉറപ്പോടെ ചെയ്യാമായിരുന്നു .സംഘട്ടന രംഗങ്ങളിലെ കാറ്റു, പൊടി, അതിമാനുഷ ഭാവം (സംഗതി കുറച്ചേ ഉള്ളു).അത് പിന്നെ സംഘട്ടന സംവിധായകന്‍ സ്റ്റൈല്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്‌ ആകാനാണ് വഴി .കൂവല്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ സംഗതി നിര്‍ത്തുന്നത് ഭാഗ്യം.സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന മാണികുഞ്ഞു എന്ന കഥാ പാത്രത്തിനു വേഷത്തില്‍ നല്‍കിയിരിക്കുന്ന പുതുമ വേറെ ഒന്നിലും (ശരീര ഭാഷയിലോ സംസാരതിലോ ഒന്നും) കാണുന്നില്ല.അത് സുരേഷ് കൃഷ്ണ എന്ന നടന്റെ പരാജയമായാണ് എനിക്ക് തോന്നുന്നത്.പിന്നെ കഥ തികച്ചും പ്രവചിക്കാന്‍ കഴിയുന്നതാണ്.അപ്പനും മകനും തമ്മില്‍ തെറ്റാനുള്ള കാരണം കുറച്ചു കുടി യാഥാര്‍ത്ഥ്യ ബോധത്തോടെ ആകാമായിരുന്നു.നിരപ്പേല്‍ മത്തായിയുടെ ഡൈ കുറയ്ക്കുകയോ മേക് അപ്പ്‌ നന്നാക്കുകയോ ആകാമായിരുന്നു .

ഹോ തകര്‍ത്തു .. അണ്ണന്‍ ഇങ്ങനെ പോയാല്‍ നിരൂപക ലോകത്തിനു തന്നെ ഒരു ഭീഷണി ആകുമല്ലോ .നീ എന്തെങ്കിലും നല്ലത് വല്ലതും ....?

ഉണ്ടല്ലോ . ദിലീപ് തന്റെ ബലവും ബലഹീനതയും അറിഞ്ഞു ഈ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണക്കാരന്‍ എന്ന ഇമേജ് ആണ് ഈ നടനു സൂപ്പര്‍ താര പരി വേഷത്തെ കാലും യോജിക്കുന്നത് എന്ന് മനസിലായ മട്ടാണ് ഈ ചിത്രത്തില്‍ കുടി മനസ്സില്‍ ആകുന്നത്‌ .ആദ്യ പകുതി ബോര്‍ അടിപ്പികാതെ കൊണ്ട് പോകുന്നതില്‍ ദിലീപിന്റെ പങ്കു വളരെ വലുതാണ്.അടുത്തിടെ മലയാള സിനിമയില്‍ സ്ഥിരമായി കാണാറുള്ള തറ വളിപ്പുകള്‍, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഇതൊന്നും ഈ പടത്തില്‍ കാണാന്‍ ഇല്ല. അതിന്റെ ക്രെഡിറ്റ്‌ ഹരി ശ്രീ അശോകനേയും സിറാജിനെയും പിന്നെ സലിം കുമാറിനെയും കാസ്റ്റ് ചെയാതിരുന്ന സംവിധായകന് ഉള്ളതാണ് .പിന്നെ നായകന്‍ എന്തെങ്കിലും ഒന്നില്‍ പരാജയപ്പെടുന്നത് കുറെ ഏറെ കാലത്തിനു ശേഷം മലയാള സിനിമയില്‍ കണ്ടിട്ട് കണ്ണ് നിറഞ്ഞു പൊയ് അനിയാ. ജഗതി കുടി ഉണ്ടായിരുന്നെങ്ങില്‍ എന്ന് കാണുന്നവന്‍ ആഗ്രഹിച്ചു പോകും. innocentനെ കുറച്ചു കുടി നന്നായി ഉപയോഗിക്കാമായിരുന്നു . കാവ്യാ മാധവന്‍ തന്റെ കഥാ പാത്രത്തെ നന്നാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . രണ്ടാം പകുതിയില്‍ കുറച്ചു കുടി പ്രാധാന്യം ആ കഥാപാത്രത്തിനു നല്‍കിയിരുന്നെങ്കില്‍ പടം നന്നായേനെ.ദിലീപ് കഴിഞ്ഞാല്‍ ഈ പടത്തില്‍ ഏറ്റവും നന്നായത് ശശാങ്കന്‍ മുതലാളി ആയി വരുന്ന അശോകന്‍ ആണ് (ആ കഥാപാത്രത്തെ നെടുമുടി വേണുവിനു നല്‍കിയിരുന്നെങ്കില്‍ ചിലപ്പോള്‍ പൊളിച്ചു അടുക്കിയേനെ !!!)

അപ്പോള്‍ ചുരുക്കമാ ശോന്നാല്‍ ....?

സംവിധായകന്‍ തന്റെ ആദ്യ സംരംഭത്തില്‍ നിന്നും വീഴ്ചകള്‍ മനസിലാക്കി മുന്നോട്ടു പോയാല്‍ ഒരു പക്ഷെ നമുക്ക് ഒരു നല്ല സംവിധായകനെ കിട്ടിയേക്കും . ഇപ്പോളത്തെ മലയാള സിനിമ നിലവാരം വെച്ച് ആസ്വദിച്ച് കാണാവുന്ന ഒരു പടം തന്നെയാണ് പപ്പി അപ്പച്ചാ .ഇതു കാണാന്‍ മോസര്‍ ബെയര്‍ കനിയുന്നത് വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല

Tuesday, April 13, 2010

ജനകന്‍

അണ്ണാ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഞാന്‍ അത് ചെയ്തു .....

എന്തോന്നെടെ എത്ര വലിയ ഒരു ധീരകൃത്യം ?

ഇന്നലെ ജനകന്‍ കണ്ടു .

നന്നായി പോയി . എടാ നിനക്കിതു തന്നെ വേണം . ഈ ബൂലോകത്തെയും പുറത്തും ഉള്ള സകല നിരൂപക സിംഹങ്ങളും ഒരേ സ്വരത്തില്‍ തെറി വിളിച്ചിട്ടും കേള്‍ക്കാതെ നീ ആ പടം കാണാന്‍ പോയെങ്ങില്‍ അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും എന്നെ എനിക്ക് പറയാനുള്ളൂ .നീ ആ പടത്തെ പറ്റി കുടുതല്‍ വിശേഷം ഒന്നും പറയണ്ട . നമ്മുടെ ലാലേട്ടന്‍ ഉള്ളത് കൊണ്ട് കണ്ടു കൊണ്ട് ഇരിക്കാം അല്ലെ. ഇതു തന്നെ അല്ലെടെ എല്ലാവനും പറയുന്നേ.പിന്നെ ലാലേട്ടന്‍ ഒഴികെ ഉള്ളവരെ രണ്ടു ലോഡ് തെറിയും.ഇതു തന്നെ അല്ലെടെ നിനക്കും പറയാന്‍ ഉള്ളത് ?

പൊന്നു സഹോദരാ ഒന്ന് പറയാനുള്ളത് കേള്‍ക്കാമോ ? തോക്കില്‍ കേറി വെടി വയ്ക്കാന്‍ വന്നാല്‍ പിന്നെ എന്ത് പറയാനാ ?
ഓ ശരി എന്താ നിനക്ക് പറയാന്‍ ഉള്ളത്?

അണ്ണാ ഈ പടത്തെ കുറിച്ച് നല്ലതും ചീത്തയും അയ കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്‌.ആദ്യം നല്ല കാര്യങ്ങള്‍ . ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ വൈരം എന്ന പടത്തിന്റെയും ജനകന്‍ എന്ന പടത്തിന്റെയും മൂലകഥ ഒന്ന് തന്നെയാണ്.(മാത്രമല്ല മുന്‍പ് പല പടങ്ങളിലും സൈഡ് ട്രാക്ക് ആയും അല്ലാതെയും സമാന സാധനങ്ങള്‍ വന്നിട്ടും ഉണ്ട് ).എന്നാല്‍ വൈരത്തില്‍ നിന്നും വ്യത്യസ്തമായ ഒരു അവതരണ ശൈലി ഈ പടത്തിനു നല്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.അതില്‍ നല്ലൊരു പരിധി വരെ വിജയിച്ചിട്ടും ഉണ്ട് പുതുമുഖ സംവിധായകന്‍ എന്‍ ആര്‍ സഞ്ജീവ് .പിന്നെ ഗാനങ്ങള്‍,ഗാന ചിത്രീകരണം, സംഘട്ടനം എന്നിവ നിലവാരം പുലര്‍ത്തുന്നു. പിന്നെ ചുരുക്കം ചില അപ്രധാന കഥാപാത്രങ്ങള്‍ ഒഴികെ എല്ലാവരും നന്നായി അഭിനയിചിടുണ്ട് .

എടെ അത് വിട് . സുരേഷ്ഗോപി ഭയങ്കര ബോര്‍ ആയി എന്നാണല്ലോ എല്ലാ നിരൂപക സിംഹങ്ങളും ഒറ്റ സ്വരത്തില്‍ ഗര്‍ജിക്കുന്നത്.അത് വെറുതെയാണോ ?

പടത്തിന്റെ തുടക്കം മുതല്‍ ഒരൊറ്റ ഭാവത്തില്‍ , ഒരേ താളത്തില്‍ അതായിത് വോയിസ്‌ modulation എന്നൊരു സാധനമേ ഇല്ലാതെ ഡയലോഗ് പറഞ്ഞിട്ട് പോകുന്ന ലാലേട്ടന്റെ അഭിനയത്തെകാള്‍ എനിക്ക് നന്നായിതോന്നിയത് അമിതാഭിനയം ഇല്ലാത്ത സുരേഷ് ഗോപിയുടെ പെര്‍ഫോര്‍മന്‍സ് ആണ്.തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ സുരേഷ്ഗോപി ഈ ചിത്രത്തില്‍ അഭിനയത്തിന്റെ കാര്യത്തില്‍ ലാലേട്ടനെ മറികടന്ന ചിത്രമാണ് ജനകന്‍ എന്നാണ് എനിക്ക് തോന്നുന്നത് .

ഡേ നീ ഈ പറയുന്നതൊന്നും ഫാന്‍സ്‌ കേള്‍ക്കണ്ട . ശരി ബാക്കി പറ ..

ഇനി ചീത്ത കാര്യങ്ങള്‍ . a brain bank story, in & as മുതലായ മണ്ടത്തരങ്ങളെ പറ്റി പലരും പറഞ്ഞതാണല്ലോ . പടത്തിന്റെ ഏറ്റവും വലിയ ബലഹീനത എസ്. എന്‍ സ്വാമിയുടെ തിരകഥയും മോഹന്‍ലാലിന്‍റെ കഥാപാത്രവും ആണ് . ആദ്യമായി ലാലിന്‍റെ കഥാപാത്രത്തെ പറ്റി . ഇവിടെ സിനിമക്ക് വിനയാകുന്നത് ലാലിന്‍റെ സൂപ്പര്‍ താരഇമേജ് ആണ് . അത് മറികടക്കാന്‍ ഒരു ശ്രമവും അദേഹത്തിന്റെയോ എസ്. എന്‍ സ്വാമിയുടെയോ സംവിധായകന്റെയോ ഭാഗത്ത്‌ നിന്നും ഉണ്ടാകുന്നില്ല.ഫലം സംസ്ഥാനത്തെ പോലീസ് മുഴുവന്‍ അണി നിരന്നിട്ടും ഒരു വിധത്തിലുള്ള ടെന്‍ഷനും ആര്‍ക്കും അനുഭവപെടുന്നില്ല.( പിന്നേ ... ലാലേട്ടന്റെ അടുത്തല്ലേ ചീള് പോലീസ് ) ലാലിന് പകരം പ്രകാശ്‌ രാജ്നെ പോലെയുള്ള ആരെയെങ്കിലും ഉപയോഗിചിരുന്നെകില്‍ സൂര്യ നാരായണന്‍ എന്ന കഥാപാത്രം കുറച്ചു കൂടി ചിത്രത്തിന് പ്രയോജനം ചെയ്തേനെ.ഇത്രയും പ്രമാദമായ ഒരു കേസ് ആയിട്ടു കൂടി അതെങ്ങനെ പരിഹരിക്കണം എന്ന് തനിക്കറിയാം എന്ന മട്ടിലാണ്‌ തുടക്കം മുതല്‍ അദേഹത്തിന്റെ നില്‍പ്പ്.!!!

ഇനി എസ് എന്‍ സ്വാമിയുടെ തിരകഥ . നിരവധി സിനിമകള്‍ക്ക്‌ തിരകഥ സംഭാഷണം രചിച്ച അദേഹം രചിച്ച ഒരു വാചകം ലാല്‍ അവതരിപ്പിക്കുന്ന വക്കീല്‍ പ്രതികളോട് പറയുന്നുണ്ട് . "ഈ കുറ്റത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ തൂക്കുമരം ആണ് ." പ്രിയ സുഹൃത്തെ ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച് നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷയാണ് തൂക്കി കൊല്ലല്‍ എന്നാണ് എന്റെ അറിവ് !!! പിന്നെ ഒരു വക്കീല്‍ അഭ്യന്തര മന്ത്രിയെയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയും വീട്ടില്‍ വിളിച്ചു വരുത്തുക.വരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ കതകു അടയ്ക്കാന്‍ സമ്മതിക്കാതിരിക്കുക (പുറത്തു പോലീസ് സേന നില്‍ക്കുമ്പോള്‍ ആണെന്ന് ഓര്‍ക്കണം ).പിന്നെ ലാലേട്ടന്റെ വീടിലേക്ക്‌ അന്നെങ്കില്‍ ജഡ്ജി സെര്‍ച്ച്‌ വാറന്റ് ഒപ്പിടില്ലായിരുന്നു (അതും പോലീസ് തേടുന്ന മൂന്ന് പ്രതികള്‍ ഒളിച്ചിരിക്കുമ്പോള്‍ ) എന്ന് പറയുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കോടതിയെ അപമാനിക്കലാണ് .ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഒത്തിരി ഉണ്ട് . ഒരൊറ്റ കാര്യം കുടി, പീഡനത്തെ കുറിച്ച് ഇപ്പോളും
എസ് എന്‍ സ്വാമിക്ക് ഒരു പഴയ കോണ്‍സെപ്റ്റ് (ബാലന്‍ കെ നായര്‍ , ടി ജി രവി ലൈന്‍ )
ആണ് ഉള്ളത്. നായികയുമായി WWF നടത്തുന്ന ബലാല്‍സംഗം എന്ന ഐറ്റം ഇപ്പോളും കൊണ്ട് നടക്കാന്‍ ഒരു ഉളുപ്പും ഇല്ലെ ഇവര്‍ക്കൊന്നും? ഈ നാട്ടില്‍ നടക്കുന്ന പീഡനങ്ങളില്‍ ഏറിയ പങ്കും ഇങ്ങനെ ഗുസ്തി നടത്തി ചെയ്യുന്നത് ആണെന്നാണോ ഇവരുടെ ഒക്കെ വിചാരം? അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രം നോക്കു അതില്‍ ആരും നായികയുമായി ഗുസ്തി കൂടിയല്ല നശിപ്പികുന്നത്. മറിച്ചു പ്രലോഭനവും ഭീഷണിയും ഒക്കെ ചേര്‍ത്ത് പതുക്കെ പതുക്കെ നാശത്തിലേക്ക് തള്ളി വിടുകയല്ലേ ചെയുന്നത് .പിന്നെ അതൊക്കെ പോകട്ടെ കേരളത്തിലെ ഇപ്പോളത്തെ ഒരു അവസ്ഥ വെച്ചിട്ട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും , രാഷ്ട്രീയ സ്വാധീനം (എന്ന് വെച്ചാല്‍ അഭ്യന്തര മന്ത്രി ഉള്ളം കൈയില്‍ ഇരിക്കുന്ന) ഉള്ള ഒരു പണക്കാരനും അവിഹിതം നടത്താന്‍ ഒരു പെണ്‍കുട്ടിയെ പറഞ്ഞു പറ്റിച്ചു കൊണ്ടുവന്നു ഗുസ്തി കൂടി കാര്യം സാധികേണ്ട ഗതി കേടു ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇങ്ങനെ കാണിക്കുമ്പോള്‍ കാണുന്നവന്‍ വെറും കഴുത ആണെന്ന ധൈര്യം ആണ് ഇവരെ കൊണ്ട് ഇങ്ങനെ എഴുതിക്കുന്നത് .എന്നിട്ട് ചെയ്യുന്നതോ . ഗുസ്തി കഴിഞ്ഞു ചാകാറായ കൊച്ചിനെ വഴിയില്‍ വലിച്ചെറിയുന്നു!!!
ശൂ.... എന്ന് പറഞ്ഞൊരു ക്ലൈമാക്സ്‌ കുടിയാകുമ്പോള്‍ ജനകന്റെ ദുരന്തം പൂര്‍ത്തിയാകുന്നു.

അപ്പോള്‍ പടത്തെ പറ്റി മൊത്തത്തില്‍ പറഞ്ഞാല്‍ ....

ഈ പറയുന്നത്ര മോശം ഒന്നുമല്ല ജനകന്‍ . പ്രത്യേകിച്ചു ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമയുടെ നിലവാരം വെച്ച് നോക്കിയാല്‍ . (ദ്രോണ,ചട്ടമ്പിനാട് , താന്തോന്നി,Angel ജോണ്‍ ..... ഈ വക പടപ്പുകളെകാലും ഭേദം ). സഹിക്കാം എന്ന് ചുരുക്കം .

Saturday, April 10, 2010

കടാക്ഷം

അണ്ണന്‍ ആള് കൊള്ളാമല്ലോ

മം എന്ത് പറ്റിയേടെ.

ഞാന്‍ കണ്ടു ......

എന്തോന്ന് കണ്ടെന്നാ ?

സത്യം പറയണം ഇന്നലെ ഇരുട്ടു വാക്കിന്നു അണ്ണന്‍ കടാക്ഷം എന്ന പടത്തിനു ഇടിച്ചു കേറുന്നത് ഞാന്‍ കണ്ടല്ലോ . നിങ്ങള്ക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ ?

ഛെ നീ ഒരുമാതിരി മനുഷ്യനെ വടിയാക്കാതെ.നീ ഏപ്രില്‍ ഫൂള്‍ വരെ കണ്ടു അഭിപ്രായം പറയുമ്പോള്‍ ഞാന്‍ ഇത്ര എങ്കിലും ചെയന്ടെടെ .ഇടിച്ചു കേറി എന്ന പ്രയോഗം പിന്‍വലിക്കണം(മാപ്പും പറയണം).കഷ്ടിച്ചു ഇരുപതു പേര് കാണാനുള്ള ഷോ ക്ക് എന്തോന്ന് ഇടിക്കാന്‍?പിന്നെ നിനക്ക് അങ്ങനെ തോന്നിയതില്‍ ഒരു തെറ്റും ഇല്ല. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരു 95 കാലഘട്ടത്തിലെ മലയാള സിനിമയുടെ വസന്ത കാലത്തേക്കുള്ള മടക്കയാത്ര എന്നേ തോന്നു .

അവസാനം പറഞ്ഞത് മാത്രം മനസിലായില്ല ഒന്ന് വിശദമാക്കാമോ? ഈ 95 കാലഘട്ടത്തിലെ മലയാള വസന്ത സിനിമയുടെ .... എന്തോന്ന് ?

എടാ വിഡ്ഢി.. ഇതാണ് വിവരം ഉള്ളവരോട് മാത്രം സംസാരിക്കണം എന്ന് പറയുന്നത് . 95 കാലഘട്ടത്തിലെ മലയാള സിനിമ എന്ന് പറഞ്ഞാല്‍ ഷക്കീല പടം.ഈ പടത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ തുണ്ട് പടം ആണെന്നെ പറയു.

എന്നാല്‍ പിന്നെ അതിങ്ങു നേരെ പറഞ്ഞാല്‍ പോരെ .ഇയാള്‍ ആരുവാ ബൂലോക നിരൂപകനോ അതോ ബുജിയോ ...?

ചൂടാവല്ലേ നിനക്ക് പടത്തെ പറ്റി ഒന്നും അറിയണ്ടേ ?

പിന്നെ വേണ്ടാതെ? പറയണം അണ്ണാ എങ്ങനെയുണ്ട് സംഭവം ?

സുരേഷ് ഗോപി അവതരിപ്പിക്കുന്ന നാഥന്‍ എന്ന കഥാപാത്രം ഒരു ചിത്രകാരന്‍ ആണ് .ഈ റോളിനു സുരേഷ് ഗോപിയെ തിരഞ്ഞെടുത്തവരെ അഭിനന്ദിക്കാതെ പറ്റില്ല.പണ്ടേ അദേഹത്തിന്റെ ശരീരഭാഷ ഒരു ചിത്രകാരന്റെ (ബൂലോകത്തെ ചിത്രകാരനല്ല ) ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഭാര്യ രേവതി (ശ്വേത മേനോന്‍ ) ലണ്ടനില്‍ ഗവേഷണം. വല്ലപ്പോഴും വരും.ഒരു മകള്‍ മാളു .രണ്ടുപേര്‍ക്കും മകളെ ജീവനാണ്.രണ്ടുപേരും തമ്മില്‍ അകല്‍ച്ചയില്‍ ആണെങ്കിലും സംഭാഷണം മൊത്തം നാടകീയം ആണ്. എന്തെരോ ഒരു ബ്ലോക്ക്‌ കാരണം നാഥന് കുറെ കാലമായി പെയിന്റ് ചെയ്യാന്‍ സാധിക്കുന്നില്ല.അതിനാല്‍ അദ്ദേഹം കമ്പ്യൂട്ടറില്‍ കണക്കുകള്‍ നോക്കുന്ന എന്തോ ഒരു തരം ജോലി ചെയുകയാണ്.ഇയാളുടെ ബ്ലോക്കിന് കാരണം ദാബത്യ ജീവിത തകര്‍ച്ചയാണെന്ന് കാണുന്നവന്‍ മനസിലാക്കിക്കോണം . അതിന്റെ കാരണം ആണ് രസം . ഭാര്യക്ക്‌ പണ്ട് ഒരു ലൈന്‍ ഉണ്ടായിരുന്നു പോലും (വിവാഹ പൂര്‍വ്വം ) സംഗതി ഭര്‍ത്താവിനും അറിയാം . ഇവര്‍ കല്യാണം ഒക്കെ കഴിഞ്ഞു ഒരു കുട്ടിയും ആയി കഴിഞ്ഞു ഒരു ദിവസം സ്നേഹ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങുമ്പോള്‍ ഭാര്യ പഴയ കാമുകന്റെ പേര് പറഞ്ഞു പോലും !!! അത് കൊണ്ട് ഭര്‍ത്താവിനു അസ്വസ്ഥത തോന്നുനത് സ്വാഭാവികം. പക്ഷെ ഈ ഒരൊറ്റ കാരണത്തിന്റെ പേരില്‍ ഒരു നൂറു വട്ടം മാപ്പ് ചോദിച്ചിട്ടും ക്ഷമിക്കാതെ ഭാര്യയുമായി അണ്‍ ഒഫീഷ്യല്‍ വിവാഹ മോചനം നടത്തുന്ന ഭര്‍ത്താവിനെ എന്ത് പറയണം.മാത്രമല്ല അഞ്ചു വര്ഷം കഴിഞ്ഞിട്ടു പോലും ഈ കൊടും പാതകത്തിന് ഭാര്യയോട്‌ ക്ഷമിക്കാന്‍ ഇയാള്‍ തയാറാകുന്നില്ല.എടെ,വിശ്വാസ വഞ്ചന എന്നൊക്കെ സുരേഷ് ഗോപിയുടെ കഥാപാത്രം തട്ടി വിട്ടപ്പോള്‍ ഒരു അവിഹിതം എങ്കിലും പ്രതീക്ഷിചെടെ. ചുമ്മാ .
ഇനി നിന്നോട് ഒരു ചോദ്യം . ഇത്രയും പറഞ്ഞത് ഈ പടത്തിന്റെ കഥ ആണെന്നാണോ നിന്റെ വിചാരം ?

അല്ലെ ......

അല്ലെടെ ഇതു വെറും പശ്ചാത്തലം .കഥ വരാന്‍ ഇരിക്കുന്നത്തെ ഉള്ളു. ഈ വീട്ടിലെ വേലക്കാരി ആണ് മുഖ്യ കഥാപാത്രം . ശ്വേത വിജയ്‌ എന്നാണെന്ന് തോന്നുന്നു ആ നടിയുടെ പേര് . എടെ നിനക്ക് ഈ പടം കാണാന്‍ പരിപാടി ഉണ്ടെങ്കില്‍ ഇനി സംസാരിക്കണ്ട .ചിലപ്പോള്‍ കഥയുടെ വിശദാംശങ്ങള്‍ എന്നിക് പറയേണ്ടി വരും .

കുഴപ്പം ഇല്ല അണ്ണന്‍ പറയണം .

ഈ പടത്തെ കുറിച്ച് ആരു എന്ത് കുറ്റം പറഞ്ഞാലും കടാക്ഷം എന്ന പേര് എന്തിനിട്ടു എന്ന് ആരും ചോദിക്കരുത് എന്ന് സംവിധായകന് നിര്‍ബന്ധം ഉണ്ടെന്നു തോന്നുന്നു.പടം തുടങ്ങുന്നത് മുതല്‍ ഇതില്‍ അഭിനയിക്കുന്ന എല്ലാ പുരുഷ കഥാപാത്രങ്ങളും (സുരേഷ് ഗോപി അടക്കം) ഈ വേലക്കാരിയെ കടാക്ഷിച്ചു തള്ളുകയാണ് . അത് കൊണ്ട് ക്യാമറ പടത്തിന്റെ പകുതി സമയവും വേലക്കാരിയുടെ ശരീരത്തിലുടെ ഒഴുകി നടക്കുകയാണ് . ഇനി ഇവരുടെ പശ്ചാത്തലം, ഭര്‍ത്താവു മാധവന്‍ (ജഗതി) നാടക നടന്‍,സ്ത്രീ ലബടന്‍,ഭാര്യപീഡകന്‍. ഒരു മകള്‍ ഉള്ളതിനെ ഇയാള്‍ നാടകത്തിനും സിനിമക്കും ഒക്കെ വിട്ടു നശിപ്പിക്കും എന്ന് ഉറപ്പായപ്പോള്‍ അയല്‍ക്കാരായ കുടുംബത്തിന്റെ ബന്ധുക്കളുടെ കൂടെ ബാഗ്ലൂരില്‍ കുട്ടിയെ നോക്കാന്‍ അയക്കുന്നു .(കുട്ടിയെ അവര്‍ പഠിപ്പിച്ചു കൊള്ളും എന്ന ഉറപ്പില്‍ ). പിന്നീടു മകള്‍ ഇവരെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്യുന്നില്ല. അവള്‍ക്കു അവിടെ സുഖം ആണെന്ന് എല്ലാരും പറയുന്നുണ്ട് .ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ കുട്ടി ഇവരോട് ആദ്യം ശത്രുത മനോഭാവത്തോടെ ആണ് പെരുമാറുന്നത് (കാരണം ദൈവത്തിനറിയാം) എന്നാല്‍ വയസ്സ് അറിയുക്കുന്നതോടെ കുട്ടി വേലക്കാരിയുമായി ഭയങ്കര സ്നേഹത്തില്‍ ആകുന്നു . ( ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് അമ്മയുടെ സ്നേഹം , അതിനുള്ള ദാഹം .... ആ ഒരു ലൈന്‍ ).വേലക്കാരി ഡ്രസ്സ്‌ മാറുന്നത് കാണുന്ന സുരേഷ് ഗോപി മറ്റൊരു പ്രകോപനവും കുടാതെ അവരെ പിടിച്ചു നിര്‍ത്തി ചിത്രം വരക്കുന്നു (വെറുതെ ആശിക്കണ്ട, ഫുള്‍ ഡ്രസ്സ്‌ ഇല്‍ ഉള്ള പടമാ വരക്കുന്നെ !!!) ബ്ലോക്ക്‌ തീര്‍ന്ന അദ്ദേഹം ഹാപ്പി ! (ഇത്രയെ പ്രശ്നം ഉണ്ടായിരുന്നു എങ്കില്‍ ശ്വേത മേനോന് ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് ഒന്ന് ഡ്രസ്സ്‌ മാറി കൂടായിരുന്നോ എന്നാരോ പുറകില്‍ ചോദിക്കുനത് കേട്ടു).
ഇതിനിടെ ഇവരുടെ നല്ലവരായ അയല്‍ക്കാരുടെ മകളെ ആരോ പീഡിപ്പിച്ചു കൊല്ലുന്നു. മകളെ കുറിച്ചുള്ള ആധിയില്‍ കഴിയുന്ന ജാനകിക്ക് (പറയാന്‍ മറന്നു അതാ ഈ വേലക്കാരിയുടെ പേര് ) ഉടനെ മകളെ കാണാന്‍ ബംഗ്ലൂര്‍ക്ക് പോകണം.ഭര്‍ത്താവു മാധവന്‍ കാശും പിടിച്ചു വാങ്ങി പോകുമ്പോള്‍ ജാനകി സഹികെട്ടു അയാളെ വെട്ടു കത്തി കൊണ്ട് വെട്ടി വീഴ്ത്തുന്നു. (അടിച്ചമര്‍ത്ത പ്പെട്ട സ്ത്രീത്വം സട കുടഞ്ഞു എഴുനേറ്റു എന്ന ലൈന്‍ ). പിന്നെയും ഓടുന്ന ജാനകി സുരേഷ് ഗോപിയുടെ കാറിനു മുന്നില്‍ വീഴുന്നു . ഇനിയാണ് കഥയിലെ വഴിത്തിരിവ് .

എന്റെ അമ്മോ ... ഇതു കഴിഞ്ഞില്ലേ . വഴിത്തിരിവ് ആയതേ ഉള്ളോ ?

പേടിക്കതെടെ വഴിത്തിരിവ് കം ക്ലൈമാക്സ്‌ . പിന്നെ കാണിക്കുനത് നാഥന്‍ രേവതിയെ വിളിച്ചു വരുത്തി ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കുനതാണ്.ഇതു കേട്ട പാടെ ഐസ് ക്രീം കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ ഓടിവരുന്ന ഭാര്യ.എന്താ ഈ മാറ്റത്തിനു കാരണം എന്ന് ചോദിക്കുന്ന രേവതിയോട് ചില അത്ഭുതങ്ങള്‍ കാണിച്ചു തരാന്‍ ഉണ്ടെന്നു പറയുന്ന നാഥന്‍.പിന്നെ നമ്മള്‍ കാണുന്ന അദ്ഭുതങ്ങള്‍ ഇവയൊക്കെയാണ് .
1) ഇതു വരെ നായികയെ (വേലക്കാരിയെ) കടക്ഷിക്കുകയും,അശ്ലീല സംഭാഷണം നടത്തുകയും, ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന സകല പുരുഷന്മാരും (ഭര്‍ത്താവു ജഗതി അടക്കം ) പരമ യോഗ്യരും സത്വികരും ആയി നില്‍ക്കുന കാഴ്ച.

2) ജാനകിയുടെ കുട്ടിയുടെ വിവരം അന്വേഷിക്കാനായി അവര്‍ പോയിരുന്ന വീട് കാടു പിടിച്ചു ആള്‍ താമസം ഇല്ലാതെ കിടക്കുന്നു.
3) ജാനകിയുടെ കുട്ടി അഞ്ചു വയസ്സുള്ളപ്പോള്‍ ഒരാള്‍ പീഡിപ്പിച്ചു കൊന്നു എന്നും തന്മൂലം സമനില തെറ്റിയ ജാനകിയുടെ ഭാവന ആയിരുന്നു ഇതു വരെ കാണിച്ചതെല്ലാം എന്നും പറയുന്നു .

ഈ അത്ഭുതങ്ങള്‍ കണ്ടു മനസ് മാറിയാണ് നാഥന്‍ രേവതിയും ആയുള്ള പ്രശ്നങ്ങള്‍ മറന്നു അവരെ ജീവിതത്തിലേക്ക് തിരികെ വിളിക്കുനത്‌. എല്ലാരും ചേര്‍ന്ന് മാനസിക രോഗ ആശുപത്രിയില്‍ ചെന്ന് സുഖം പ്രാപിച്ചു വരുന്ന ജാനകിയെ കണ്ടു മടങ്ങുന്നതോടെ പടം തീരുന്നു ശുഭം .

അപ്പോള്‍ പടം സഹികൂല്ലേ അണ്ണാ?

ഒരു തല്ലി പൊളി പടം എന്ന് എഴുതി തള്ളുനതിനെ കാള്‍ എടുത്തു നശിപ്പിച്ച പടം എന്ന് പറയുന്നതാവും ഭേദം. ഈ പടത്തെ നശിപ്പിക്കുനത് സുരേഷ് ഗോപി ശ്വേത മേനോന്‍ ത്രെഡ് ആണ് . രണ്ടു പേരുടെയും ഈഗോയും അതില്‍ നിന്നും ഉണ്ടായ പ്രശ്നങ്ങളും എന്ന സ്ഥിരം ലൈന്‍ പോലും ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നും . പിന്നെ സുരേഷ് ഗോപി ശ്വേത മേനോന്‍ ത്രെഡ് പശ്ചാത്തലത്തില്‍ ഇട്ടിട്ടു ജാനകിയിലേക്ക് കഥ കേന്ദ്രീകരിചിരുന്നെങ്ങില്‍ സ്ത്രീ പീഡനങ്ങള്‍ പെരുകി വരുന്ന ഈ കാലത്ത് തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഒരു ചിത്രം ആയി മാറിയേനെ ഇതു.

തിരകഥ കൃത്ത് എന്ന നിലയില്‍ ശ്രീ ശശി ഒരു വന്‍ പരാജയമായാണ്‌ എനിക്ക് തോന്നുനത് .പിന്നെ ഗാനങ്ങള്‍ .. പ്രാണ നാഥന്‍.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സാംഗത്യം എന്താണെന്നു എനിക്ക് മനസിലായില്ല .നാഥന്‍ ജാനകിയെ പെയിന്റ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക്‌ ബോര്‍ അടിക്കണ്ട എന്ന് കരുതി ഇട്ടത് ആകാന്‍ ആണ് സാധ്യത .

പിന്നെ അഭിനയം... ശ്വേത വിജയ്‌ എന്ന നടി നന്നയിട്ടുടുണ്ട് . ജഗതി പതിവ് പോലെ തന്റെ ജോലി ഭംഗിയായി ചെയ്തു ബാക്കി എല്ലാര്ക്കും ഡയലോഗ് പറയുക എന്ന പണി മാത്രമേ ഉള്ളു . സുരേഷ് ഗോപി എന്ന നടന്‍ ശരീരം സൂക്ഷിക്കുക , makeup ഇല്‍ ശ്രദ്ധിക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ ഭാവിയില്‍ പോലീസ് വേഷങ്ങള്‍ ചെയ്തു എങ്കിലും അദേഹത്തിന് ജീവിക്കാം .

അപ്പോള്‍ ഈ പടം കൊള്ളമെന്നാണോ അല്ലെന്നാണോ അണ്ണന്റെ അഭിപ്രായം .

പടം മോശം ആണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത് .പക്ഷെ ശ്രമിചിരുന്നെങ്ങില്‍ മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും സാമൂഹ്യ പ്രസക്തി ഉള്ളതും കലാമൂല്യം ഉള്ളതുമായ പടം ആയേനെ കടാക്ഷം

Saturday, April 3, 2010

ഏപ്രില്‍ ഫൂള്‍

പണ്ടു പണ്ടു വായിച്ച ഒരു ബോബനും മോളിയും കാര്‍ട്ടൂണ്‍ ഓര്‍മ വരുന്നു. അപ്പി ഹിപ്പി എന്ന കഥാപാത്രത്തിന് ഡിഗ്രി പരീക്ഷ പാസാകണം . പിറ്റേന്നാണ് പരീക്ഷ . ബിറ്റ് ഉണ്ടാക്കാന്‍ പുസ്തകം എവിടെയാണെന്ന് പോലും അറിയില്ല . അവസാനം പരീക്ഷ ഹാളില്‍ കേറുന്ന അപ്പി പരീക്ഷ കഴിഞ്ഞു തുള്ളി ചാടി പുറത്തു വരുന്നു. എന്തായാലും ജയിച്ചിരിക്കുമെന്നു ഉറപ്പിച്ചു പറയുന്ന ഹിപ്പിയോടു കാരണം ചോദിക്കുമ്പോള്‍ പറയുന്നത് അടുത്തിരുന്ന ജോര്‍ജ് കുട്ടിയുടെ ഉത്തര കടലാസ്സ്‌ അത് പോലെ താന്‍ പകര്‍ത്തി വെച്ചു എന്നതായിരുന്നു . അപ്പോളാണ് ഞെട്ടിക്കുന്ന ആ വിവരം അപ്പി ഹിപ്പി അറിയുന്നത് ജോര്‍ജ് കുട്ടി പി ജി കാണു പരീക്ഷ എഴുതിയതെന്നു !!!!!!

ഏതാണ്ട് ഇതു പോലെയാണ് ശ്രീ വിജി തമ്പി സംവിധാനം ചെയ്ത ( അഥവാ ചെയ്തതായി എഴുതി കാണിക്കുന്ന ) ഏപ്രില്‍ ഫൂള്‍ എന്ന ചിത്ര ത്തിന്റെ അവസ്ഥ. കുറച്ചു കാലം മുന്‍പ് സാഗര്‍ ബല്ലാരി എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ ഭേജ ഫ്രൈ എന്ന ഹിന്ദി ചിത്രത്തിന്റെ ഈച്ച കോപ്പി (ഈച്ച എന്ന് പറയുന്നത് തെറ്റാണ് കാരണം ഫ്രെയിം ബൈ ഫ്രെയിം അടിച്ചു മറ്റിയിരിക്കയാണ്) ആണ് ഈ ചിത്രം. ശരിക്കും പറഞ്ഞാല്‍ എല്ലാ സിനിമ പ്രേമികളും ഏപ്രില്‍ ഫൂള്‍ എന്ന ചിത്രം കാണണം എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . അതിനു ശേഷം ഭേജ ഫ്രൈ കൂടെ ഒന്ന് കണ്ടാല്‍ എന്ത് കൊണ്ട് മലയാള സിനിമയുടെ നിലവാരം താഴേക്ക്‌ പോകുന്നു എന്ന് മനസിലാകും . ഭേജ ഫ്രൈ എന്ന പടം ഒരു ഫ്രഞ്ച് Le Diner De Cons (The Dinner Game)(ആണെന്ന് തോന്നുന്നു ) പടത്തിന്റെ ഇന്ത്യന്‍ വെര്‍ഷന്‍ ആണെന്ന് കുടി അറിയുമ്പോഴാണ്, കോപ്പി അടിക്കാന്‍ പോലും അറിയാത്തവരാണ് നമ്മള്‍ എന്ന് മനസിലാകുന്നത്.

വിറ്റ്നെസ് , ന്യൂ ഇയര്‍ , സത്യമേവ ജയതേ മുതലായ ത്രില്ലെര്‍ , ആക്ഷന്‍ പടങ്ങള്‍ സാമാന്യം തെറ്റില്ലാതെ ചെയ്ത വിജി തമ്പി കുണുക്കിട്ട കോഴി എന്ന പടം വിജയിച്ചതോടെ ആണ് ഹാസ്യ ചിത്രങ്ങളും തനിക്കു വഴങ്ങും എന്നൊരു തെറ്റിധാരണ ഉണ്ടായതു . പിന്നെ സിംഹവാലന്‍ മേനോന്‍ വരെ ഹാസ്യ ചിത്രങ്ങളുടെ ഒരു ഒഴുക്കായിരുന്നു (മലയാളികളുടെ ഭാഗ്യം !!!!) .ഗോല്‍മാല്‍ എന്ന ഒരു നല്ല സിനിമയെ സിംഹവാലന്‍ മേനോന്‍ ആക്കി അവതരിപ്പിച്ചതില്‍ (വികൃതവല്കരിച്ചതില്‍ എന്ന് തിരുത്തണം എന്ന് ഒരു അഭിപ്രായം ഉണ്ട് ) നിന്നും ഏറെ മുന്നോട്ടു പോയിരിക്കുന്നു ശ്രീ വിജി തമ്പി ഈ ചിത്രത്തില്‍.

ഇനി ചിത്രത്തിന്റെ കഥയെപറ്റി . ഓഡിയോ രംഗത്തെ പ്രമുഖനായ രാകേഷ് മേനോന്‍ ( സിദ്ദിക് ) ഉള്‍പ്പെടുന്ന ഒരു ക്ലബ്ബിന്റെ പ്രധാന വിനോദം ആണ് വെള്ളിയാഴ്ച ദിവസം വൈകുന്നേരം ഏതെങ്കിലും ഒരു പാവത്തിനെ വിളിച്ചു കുരങ്ങു കളിപ്പിക്കുക എന്നത് .രാകേഷിന്റെ ഭാര്യ ഒരു പിന്നണി ഗായികയാണ് . അവര്‍ക്ക് ഇതു ശരിയല്ല എന്നാണ് അഭിപ്രായം. വഴക്കൊനും ഇല്ലെങ്കിലും അവര്‍ തമ്മില്‍ ചില്ലറ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട് ഇതിന്റെ പേരില്‍ . ഒരു വെള്ളിയാഴ്ച തങ്ങളുടെ പരിപാടി അവതരിപ്പികാന്‍ രാകേഷ് തിരഞ്ഞെടുക്കുനത് ഇന്‍കം ടാക്സ് ഉദ്യോഗതനായ കൃഷ്ണന്‍ ഉണ്ണിയെയാണ്.
ജഗതീഷ് അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഹിന്ദിയില്‍ വിനയ് പഥക് അവതരിപ്പിച്ച ഭരത് ഭൂഷന്‍ എന്ന കഥാപാത്രം ആണ് . വിനയ് തന്റെ കഥാ പാത്രത്തെ തികച്ചും സ്വാഭാവികമായി , ഉജ്വലമായി അവതരിപ്പിച്ചപ്പോള്‍ ജഗതീഷിന്റെ കഥാപത്രം ആ പഴയ എച്യുസ് മി നിലവാരത്തില്‍ തന്നെ .ഈ സിനിമയെ കൊന്നു കൊലവിളിക്കുനത്തില്‍ ഈ നടനുള്ള പങ്കു പറയവുന്നതിലും അധികം ആണ് .

ഇനി കഥ തുടരാം പറഞ്ഞുറപ്പിച്ച വെള്ളിയാഴ്ച രാകേഷ് മേനോന്‍ കൃഷ്ണന്‍ ഉണ്ണിയെ വീട്ടില്ലേക്കു ക്ഷണിക്കുന്നു. അവിടുന്ന് ക്ലബില്ലേക്ക് പോക്കാനാണ് പരിപാടി . എന്നാല്‍ അതിനു തൊട്ടു മുന്‍പ് നടു വെട്ടിയ രാകേഷ് മേനോന് വീട്ടില്‍ തന്നെ ഇരിക്കേണ്ടി വരുന്നു. അവിടേക്ക് വരുന്ന കൃഷ്ണന്‍ ഉണ്ണിയുമായി ചിലവഴിക്കുന്ന കുറെ മണിക്കൂറുകള്‍ രാകേഷിന്റെ ജീവിതത്തിലും ജീവിത വീക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ഏപ്രില്‍ ഫൂള്‍ എന്ന ഈ ചലച്ചിത്ര കാവ്യത്തിന്റെ (ഭേജ ഫ്രൈ എന്ന കൊള്ളാവുന്ന പടത്തിന്റെയും) പ്രമേയം .

തികച്ചും ഒരു പ്രൈവറ്റ് ഗ്രൂപ്പ്‌ ഇന്റെ വിനോദമായാണ് (ഏറിയാല്‍ ഒരു പത്തു പുരുഷന്മാര്‍ ) ഭേജ ഫ്രൈയില്‍ ഈ കലാ പരിപാടി കാണിക്കുന്നത്. എന്നാല്‍ നമ്മുടെ പ്രബുദ്ധ മലയാളത്തില്‍ ആകട്ടെ ഇതു നടക്കുന്നത് റോട്ടറി ക്ലബ്‌ പോലെയുള്ള ഒരു ജന സമൂഹത്തിനു മുന്നിലും. കച്ചേരി നടത്താന്‍ വരുന്ന ക്ലാരെറ്റ് വിദ്വാന്‍ (ഇന്ദ്രന്‍സ് ) വായിക്കുന്ന ക്ലാരെറ്റില്‍ പേപ്പര്‍ തിരുകി വെച്ചിട്ട് അപസ്വരം വരുമ്പോള്‍ ക്ലബ്‌ അംഗങ്ങള്‍ തല കുത്തി നിന്ന് ചിരിക്കുന്ന രംഗം കണ്ടാല്‍ കാണുന്നവന് ഇവനൊക്കെ വട്ടാണോ എന്ന് തോന്നും .അത് പോലെ ജഗദീഷ്നെ ആദ്യമായി അവതരിപ്പിക്കുന്ന രംഗം എത്ര ബോര്‍ ആയിട്ടാണ് ചിത്രീകരിചിരിക്കുനത്. (സത്യമായും സംവിധായകനോട് അറിയുന്ന പണി ചെയ്തു ജീവിച്ചു കൂടെ എന്ന് ചോദിയ്ക്കാന്‍ തോന്നും )


അനാവശ്യ കഥാപാത്രങ്ങള്‍ എന്ന് നമുക്ക് തോന്നിയേക്കാവുന്ന കുറെ കഥാപത്രങ്ങള്‍ ഏപ്രില്‍ ഫൂള്‍ എന്ന ഈ ചിത്രത്തില്‍ ഉണ്ട് . എന്നാല്‍ അവരുടെ ഒക്കെ ആവശ്യം എന്താണ് എന്ന ചോദ്യം ഒരിക്കല്‍ പോലും ഭേജ ഫ്രൈ കാണുമ്പോള്‍ നമുക്ക് ചോദിക്കേണ്ടി വരുന്നില്ല. പിന്നെ മലയാളത്തിനു വേണ്ടി വരുത്തിയ ചില ചില്ലറ മാറ്റങ്ങള്‍ (കൃഷ്ണന്‍ ഉണ്ണിയുടെ ഭാര്യ , ഞെട്ടിപ്പിക്കുന്ന (അഥവാ ഞെട്ടിപ്പികും എന്ന് ഉറച്ചു വിശ്വസിച്ചു ചെയ്ത) ക്ലൈമാക്സ്‌ , അവസാന രംഗം ) ഇതൊക്കെ ഈ സിനിമയെ സഹിക്കാന്‍ പറ്റുന്നതിലും അപ്പുറം ആക്കുന്നു. കഴിവുള്ള ജഗതിയെ പോലുള്ള നടന്‍മാര്‍ പോലും ഇങ്ങനെ പഴാക്കപെടുമ്പോള്‍ സങ്കടം അല്ലാതെ മറ്റെന്തു തോന്നാന്‍. പിന്നെ ഏപ്രില്‍ ഫൂള്‍ എന്ന പേര് ഈ ചിത്രത്തിന് ഇട്ടതിന്റെ ഉദേശം ഇനിയും മനസിലായില്ല (കാണുന്നവനെ ഫൂള്‍ ആക്കി എന്നാണോ . അതോ ഏപ്രില്‍ ഫൂള്‍ ദിവസം പടം ഇറങ്ങി എന്നത് കൊണ്ടാണോ ).

പിന്നെ ജഗദീഷ് നായകനായ ഒരു ലോകോത്തര സിനിമ കാണാനാണോ താന്‍ പോയത് എന്നൊരു ചോദ്യം തികച്ചും ന്യായം ആണ് . ഉത്തരം ഈ ആഴ്ച ഇറങ്ങിയ പയ്യ എന്ന തമിള്‍ പടത്തിനു ടിക്കറ്റ്‌ കിട്ടാത്തത് കൊണ്ടാണ് ( പോരാത്തതിനു ക്ലാഷ് ഓഫ് titans വന്നതും ഇല്ല) ഈ സാഹസം കാണിക്കേണ്ടി വന്നത്.നിലവാരം കുറഞ്ഞ ഒരു ചിത്രം എന്നതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചതും ഇല്ല . പക്ഷെ നിലവാരം കുറഞ്ഞ ഒരു ഒര്‍ജിനല്‍ (കുറഞ്ഞ പക്ഷം ഒരു നല്ല വിവര്‍ത്തനം ) ആയിരുന്നെങ്ങില്‍ ഭേദം ആയിരുന്നു.

നല്ല വിവര്‍ത്തനം എന്നത് കൊണ്ട് ഉദേശിച്ചത്‌ മനസിലയില്ലെങ്ങില്‍ ഷോലേ എന്ന പടം കണ്ടിട്ടുള്ളവര്‍ രാജ് കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചൈന ഗേറ്റ് എന്ന പടം കണ്ടു നോക്കു. അര്‍ഥം മനസിലാകും .

പിന്നെ സല്യൂട്ട് ആണല്ലോ ഇപ്പോളത്തെ ഒരു ഫാഷന്‍ (ലാലേട്ടന്‍ കേണല്‍ ആയതിനു ശേഷം ). ആയതിന്നാല്‍ ഈ പടത്തിന്റെ സംവിധായകന്‍ എന്ന് എഴുതി കാണിക്കുന്ന ശ്രീ വിജി തമ്പിക്കും .തിരകഥ ഉണ്ടാക്കിയ മഹാന്മാര്‍ക്കും (ജഗദീഷ് ഉണ്ടെന്നാ തോന്നുന്നേ ) നീട്ടി ഒരു സല്യൂട്ട്
ജയ് ഹിന്ദ്‌ . ജയ് മലയാള സിനിമ !!!!