Monday, October 31, 2011

വേലായുധം (velayudham)

അണ്ണാ മിക്കവാറും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും .

അനിയന്‍ നിരൂപണം നിര്‍ത്തി എന്നല്ലേ പറയാന്‍ പോകുന്നത്? നന്നായി. മലയാള സിനിമ രക്ഷപ്പെടാന്‍ സാധ്യത ഉണ്ട് എന്ന് ചെല സൂചനകള്‍ രണ്ടായിരത്തി പതിനൊന്നില്‍ കിട്ടി തുടങ്ങിയിട്ടുണ്ട്.

ഒവ്വ .ഞാന്‍ നിരൂപണം നിറുത്താനോ ?അണ്ണാ ചിത്രവിദ്വേഷം,കാളകൂടം ഇതിനെയൊന്നം അണ്ണന്‍ വില കുറച്ച് കാണരുത്

പിന്നെ നീ എങ്ങനെ എന്നെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും എന്ന് പറഞ്ഞത്? എന്തരായാലും സ്വന്തമായി പടം കണ്ട് നിരൂപിക്കാനുള്ള ആമ്പിയര്‍ നിനക്കില്ല .പിന്നെ എങ്ങനെടെ ?

അണ്ണാ ,ഞങ്ങള്‍ ചില നിരൂപന്മാര്‍ സിനിമകളെ എങ്ങനെ നിരൂപിക്കാം എന്നതിനെക്കുറിച്ച് ഒരു ശില്‍പ്പശാല നടത്തി .

എന്നിട്ട് ?വല്ലതും നടന്നാ ? അതോ ചായയും കുടിച്ചു കപ്പലണ്ടി കൊറിച്ചു രാത്രി വെള്ളങ്ങളും കുടിച്ച് പിരിഞ്ഞാ ?

അണ്ണന് തമാശ.കേള്‍ക്കണം.ശില്‍പ്പശാലയില്‍ ചില സിംഹങ്ങള്‍ ഗര്ജ്ജിക്കുന്നത് കേട്ട് ഞാന്‍ കോള്‍മയിര്‍ കൊണ്ടു പോയി അണ്ണാ?ഇനി ഞാനും ആ സിംഹങ്ങളുടെ ലൈന്‍ പിടിച്ചാണ് നിരൂപിക്കാന്‍ പോകുന്നത് ?

ഒള്ളതാ? നല്ലത്.സാമ്പിള്‍ ഗര്‍ജ്ജനം വല്ലതും ഉണ്ടോടെ ഓര്‍മയില്‍? ഞാനും കൂടി ഒന്ന് കോള്‍മയിര്‍ കൊള്ളട്ട്.

ദാ പിടിച്ചോണം.തമിഴ്ക്കരയാകെ വീശിയടിച്ച മാറ്റത്തിന്റെ കത്രീന കൊടുങ്കാറ്റ് തമിഴ് സിനിമയിലെ ചില സുപ്പര്‍ താരങ്ങളെ മാത്രം ബാധിച്ച യാതൊരു ലക്ഷണവും ഇല്ല.രജനിക്കാന്ത് മുതല്‍ സത്യരാജ് വരെ അഭിനയിച്ച് കയ്യടി നേടിയ മസാല,സുപ്പര്‍ ഹീറോ വേഷങ്ങള്‍ അവര്‍ ഇപ്പോഴും കൊണ്ടാടുകയാണ്.കേരളത്തിലെ തിയറ്ററുകളില്‍ നിന്നും കോടികള്‍ വാരുന്ന ഇത്തരം ചിത്രങ്ങളെ മലയാളികള്‍ കയ്യടിച്ച് വിജയിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുകയാണ് സുഹൃത്തുക്കളെ.ഇതൊക്കെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം മലയാള സിനിമയുടെ നിലവാര തകര്‍ച്ചയാണോ അതോ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ മുതല കൂപ്പാണോ എന്ന് കയറി ചിന്തിക്കാന്‍ പോലും ഞാന്‍ മടിച്ചെന്ന് വരില്ല .

ഡാ നിറുത്തെടാ .പറയുന്നത് കേള്‍ക്ക് പ്ലീസ് .ടേക്ക് ഇറ്റ്‌ ഈസി.

അല്ല അണ്ണാ , തീര്‍ന്നില്ല...

ചോദിക്കട്ട് സഹോദരാ,വിജയുടെ വേലായുധം എന്ന സിനിമയെ കുറിച്ചല്ലേ ഈ അനാവിശ്യം ?

അതെ,ഉള്ളില്‍ തിളച്ചു മറിയുന്ന ആത്മവ്യഥ വാക്കുകള്‍ ആകുമ്പോള്‍ അത് അണ്ണനെ പോലുള്ള ഇരട്ടത്താപ്പ് ഇടവാടുകാര്‍ക്ക് അനാവിശ്യമാകും

ഡേ ...അല്ലാതെ വായില്‍ തോന്നിയത് കോതക്ക് സോങ്ങ് എന്ന മട്ടില്‍ നീ ഒന്നും വിളിച്ച് പറയുന്ന വിവരക്കേടുകള്‍ കുഴപ്പമില്ല,അല്ലെ?പണ്ട് നിന്നേ പോലെയുള്ള ഏതോ പ്രബുദ്ധ പ്രേക്ഷകന്‍ തീയറ്റെറില്‍ ഇരുന്നു സെന്‍സര്‍ ബോര്‍ഡ് സര്‍റ്റിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ നിര്‍ത്താതെ കൂകുന്നത് ആത്മ നിന്ദ കൊണ്ടാണെന്ന് പറഞ്ഞത് ഓര്‍മ്മ വരുന്നു

അത് നില്‍ക്കട്ടെ,അണ്ണന്‍ വേലായുധം കണ്ടോ?

കണ്ടഡേ

പരുത്തിവീരന്‍ തമിഴ് സിനിമയില്‍ കൊണ്ടു വന്ന മാറ്റത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുഖം അതിലുണ്ടോ? ചുരുങ്ങിയപക്ഷം തുള്ളാത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ ഉള്ള ലാളിത്യം ?

അനിയാ,നിരൂപകാ,വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഏതാണ്‌ എന്ന് അറിയാമോ ?

ചോദ്യത്തില്‍ തന്നെ ഉത്തരം അടങ്ങിയിരിക്കുന്നു . ഒരു നിരൂപകനായ ഞാന്‍ എങ്ങനെ അതൊക്കെ അറിയാനാ? വേണേല്‍ ഗൂഗിളില്‍ തപ്പി പറയാം

അത് ന്യായം.എന്നാ കേട്ടോ.ഗില്ലി.മാസ് മസാല പടം.ഇനി ഏറ്റവും വിജയുടെ ഏറ്റവും വലിയ ഫ്ലോപ്പ് ഫിലിമുകളില്‍ ഒന്ന് ഏതാണ്‌ എന്നൂടെ കേട്ടോ.നീ പറഞ്ഞ പോലെ പരുത്തിവീരന്‍ തമിഴ്സിനിമയെ ബലാത്സംഗം ചെയ്യുനതിനൊക്കെ ഒരുപാട് മുന്‍പ് തന്റേതായ രീതിയില്‍ ഒരു വ്യത്യസ്ത സിനിമ ചെയ്യാന്‍ വിജയ്‌ ശ്രമിച്ചിരുന്നു .പ്രിയമുടന്‍ എന്ന പേരില്‍.സാമാന്യം തെറ്റില്ലാതെ ഒരു നെഗറ്റീവ് വേഷം വിജയ്‌ ചെയ്ത പടമാണ്.പക്ഷെ തറ തൊടാതെ പൊട്ടി പോയി

ഉള്ളത് തന്നേ അണ്ണാ?

നീ നമ്പ് ...ഒള്ളത് തന്നെ . ഡേ ...തമിഴന്‍ പ്രേക്ഷകന് മലയാളിയുടെ ബുദ്ധിജീവി ഭാരം ഇല്ലാത്തത് കൊണ്ട് അവന് ആരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമായി അറിയാം .വിജയില്‍ നിന്നും അവന് വേണ്ടത് തിയറ്റര്‍ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗും,സുപ്പര്‍ മാസ് മസാലകളുമാണ്‌.അതൊക്കെ കണ്ടു മലയാളി തുള്ളാന്‍ നിന്നാല്‍ നിര്‍മാതാവ് ലാല്‍ പന്തയകോഴി എന്ന ചിത്രം എടുത്തത്‌ പോലെ ഇരിക്കും.മലയാള നടന്‍മാര്‍ വിജയ്‌ എന്ന നടനില്‍ നിന്നും ശരീരം,ചുറുചുറുക്കു എന്നിവയൊക്കെ ആ നടന്‍ തന്‍റെ നാല്‍പ്പതാം വയസിലും കാത്തു സൂക്ഷിക്കുന്നത് കണ്ടു പഠിക്കേണ്ടതാണ് എന്നാണ് എന്‍റെ അഭിപ്രായം.നാല്‍പ്പതോളം നായക നടന്‍മാര്‍ ഉള്ള,ദിനം പ്രതി പുതുമുഖനായകര്‍ തളളി കയറുന്ന തമിഴ് രംഗത്ത്,ഇന്നും ഗാന നൃത്ത രംഗങ്ങളില്‍ ആരാധകരെ ഇളക്കി മറിക്കാന്‍ വിജയ്‌യെ വെല്ലുന്ന ഒരു നടന്‍ ഇല്ല എന്നതും ശ്രദ്ധേയം


വേലായുധം ആ ഫോര്‍മാറ്റില്‍ ഉള്ള പടമാണോ? അതാണോ ഈ വിജയ കാരണം?

വിജയിച്ചു എന്ന് തീര്‍ത്ത്‌ പറയാന്‍ വരട്ടെ .വേലായുധത്തിന്റെ ഫോര്‍മാറ്റ് അത് തന്നെ .പക്ഷെ പഞ്ച് പോരാ .

മനസിലായില്ല .

എലമെന്‍ററി മൈ ഡിയര്‍ അനിയന്‍.വേലായുധത്തില്‍ പഞ്ച് ഡയലോഗുകള്‍ ഉണ്ട് .പക്ഷേ ഗില്ലിയിലെ 'ഇന്ത ഏരിയ,അന്ത ഏരിയ ...' പോലെ ഇഫെക്ക്റ്റീവ് അയ ആരാധകരെ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗുകള്‍ ഇല്ല.മാസ് സോങ്ങ് ഉണ്ട് .പക്ഷേ ഒരു പാട്ടിലും 'അര്‍ജുനര് വില്ലിന്റെ 'ത്രില്‍ ഇല്ല 'അപ്പടി പോട് ' എന്ന പാട്ട് പോലെ ജനത്തിനെ ഇളക്കി മറിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുന്ന പാട്ടുകളും വേലായുധത്തില്‍ ഇല്ല

എന്തോന്ന് അണ്ണാ വേലായുധത്തിന്റെ കഥ ?

നാഗാര്‍ജുന അഭിനയിച്ച ആസാദ്‌ (പേര് അതാണോ എന്നോര്‍മയില്ല ) എന്നാ ചിത്രത്തോട് സാമ്യമുള്ളതാണ് ഈ ചിത്രത്തിന്‍റെ കഥ .Assasin Creed എന്നാ ഗെയിമും ചിത്രത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ബാക്കിയൊക്കെ പഴയത് തന്നെ.ചെന്നൈ നഗരം . അവിടെ അടക്കി ഭരിക്കുന്ന നമ്മുടെ പതിവ് ഗുണ്ടകള്‍ .തീവ്രവാദ ബന്ധമുള്ള കുറെ ഗുണ്ടകള്‍ യാദൃശ്ചികമായി ഒരു അപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍,ഭാരതി (ജെനീലിയ)എന്നൊരു ജേര്‍ണലിസ്റ്റ് അവരെ കൊന്നത് വേലായുധം എന്നൊരു കഥാപാത്രമാണ് എന്ന് വരുത്തി തീര്‍ക്കുന്നു.നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ഭാരതി ഭാവനയില്‍ നിന്നും സൃഷ്ടിക്കുന്ന വേലായുധം എന്ന കഥാപാത്രം കുറെ യാദൃശ്ചിക സംഭവങ്ങള്‍ കാരണം പക്ഷെ പവനൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ചെന്നയില്‍ എത്തുന്ന വേലായുധം (വിജയ്‌) എന്ന പാല്‍ക്കാരനിലൂടെ ജീവന്‍ വയ്ക്കുന്നു.കുറെ ഗുണ്ടകള്‍ ചാകുന്നു ,നാട് മുഴുവന്‍ വേലായുധത്തെ ആരാധിച്ച് തുടങ്ങുന്നു .ഒടുവില്‍ പാല്‍ക്കാരന്‍ വേലായുധം സുപ്പര്‍ഹീറോ വേലായുധമായി മാറി വില്ലന്മാരെ എല്ലാം തട്ടുന്നു.ആവശ്യത്തിന് സഹോദരി-സഹോദര സെന്റിമെന്റ്സും.ഇത് തന്നെ കഥ.

അണ്ണാ ഇതെന്തോന്ന് കഥ ?

ഡേ പിന്നെ അഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍,വിജയ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ അണ്ടര്‍വേള്‍ഡില്‍ നിന്നും മടങ്ങി വരുന്ന ഇന്ഫോര്മാര്‍ കം അധോലോക നായകനോ ,അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും മടങ്ങി വന്നു നാട്ടില്‍ പാടശേഖരങ്ങള്‍ വാങ്ങുന്ന പൂക്കളില്‍ നിന്ന് തേന്‍ കുടിച്ച് പരാഗണം നടത്തി പറന്നു പോകുന്ന പൂമ്പാറ്റയോ ആയി അഭിനയിച്ചാല്‍ നീ കയ്യടിക്കുമോ ?

നിങ്ങള്‍ക്ക് പരിഹാസം . അണ്ണാ ഇന്ന് നിങ്ങള്‍ നയം വ്യക്തമാക്കിയേ പറ്റു. തത്കാലം മലയാള സിനിമയെ വിട് . നിങ്ങള്‍ക്ക് വേണ്ടത് പരുത്തിവീരന്‍ പോലുള്ള പടങ്ങളോ അതോ വിജയ്‌ ഈ പടച്ച് വിടുന്ന തട്ട്പൊളിപ്പന്‍ മസാലകളോ ?

രണ്ടും വേണം അനിയാ.സെല്‍വരാഘവന്‍ -ധനുഷ് എന്നിവര്‍ ചേര്‍ന്ന് എടുക്കുന്ന പടത്തിന് തട്ട് പൊളിപ്പന്‍ എലമെന്റുകള്‍ വേണമെന്നും,വിജയ്‌,ചിമ്പു തുടങ്ങിയവര്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് അങ്ങാടിത്തെരുവിന്റെ റിയലിസം വേണം എന്നും ഞാന്‍ പറയില്ല.ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ കാണുന്ന അതിമാനുഷ രംഗങ്ങള്‍ ഹാര്‍ട്ട് ലോക്കറില്‍ വേണമെന്നോ,തിരിച്ച് ഹാര്‍ട്ട് ലോക്കറില്‍ ഉള്ള റിയലിസം ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ വേണമെന്നോ ഞാന്‍ പറയില്ല.സുരുക്കമാ സൊന്നാ,ഓരോ സിനിമ/നടന്‍/സംവിധായകന്‍ എന്നിവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വത്യസ്ഥമാണ്‌.ആ പ്രതീക്ഷ അവര്‍ നില നിറുത്തിയാല്‍ ഞാന്‍ കയ്യടിക്കും ,

അപ്പൊ വേലായുധം അണ്ണന്റെ പ്രതീക്ഷകള്‍ കാത്തോ ?

ഫോര്‍മാറ്റ്‌ ഒക്കെ കൊള്ളാം.പക്ഷെ പറഞ്ഞില്ലേ,വേലായുധത്തിന് പഞ്ച് പോരാ.നാലഞ്ച് ഇളക്കി മറിക്കുന്ന പാട്ടുകള്‍, കുറേക്കൂടി ഫാസ്റ്റ് അയ ആക്ഷന്‍ (ഗില്ലിയില്‍ ത്രിഷയെയും കൊണ്ട് വിജയ്‌ മധുരയില്‍ നിന്നും രക്ഷപ്പെടുന്നത് വേണേല്‍ റെഫെറന്‍സ് ആയി എടുത്തോ.പക്ഷെ അതെ പോലെ കോപ്പി അടിക്കരുത്) ഇതൊക്കെ ഉണ്ടായിരുന്നെങ്കില്‍ വേലായുധം തകര്‍ത്തേനെ.പിന്നെ ശക്തനായ ഒരു വില്ലന്‍,തകര്‍ത്തു പൊളിക്കുന്ന ഗാനങ്ങള്‍ ഇവയുടെ അഭാവം ആയിരിക്കും വേലയുധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങള്‍.നേരത്തെ പറഞ്ഞ തെലുങ്ക് പടത്തില്‍ രഘുവരന്‍ ആയിരുന്നു പ്രധാന വില്ലന്‍ വേഷം എന്നും ഓര്‍ക്കുക.

അഭിനയം ?

ഒന്ന് പോടേ.എന്തോന്ന് അഭിനയം? വിജയ്‌ പതിവ് പോലെ.ഹന്‍സിക,ജനീലിയ എന്നിവര്‍ക്ക് ഗാന രംഗങ്ങള്‍ അപ്പുറത്ത് വലിയ പ്രസക്തി ഒന്നുമില്ല.(ജനീലിയ രംഗത്ത് വരുമ്പോള്‍ ഒന്ന് കരുതിയിരിക്കുക.അപ്രതീക്ഷിതമായി ചിലപ്പോള്‍ അഭിനയിച്ചു കളയും!!!). സന്താനം തികച്ചും പാഴാക്കപ്പെട്ടിരിക്കുന്നു .(വിവേക് ആണ് വിജയ്‌ ചിത്രങ്ങള്‍ക്ക് യോജിക്കുക എന്ന് പലപ്പോഴും തോന്നാറുണ്ട് )


പക്ഷെ അണ്ണാ വിജയ്‌ തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഈ സിനിമകളിലെ പോലെ ലാളിത്യം ഉള്ള വേഷങ്ങള്‍ ചെയ്യുന്നതല്ലേ നല്ലത് ?

ഡേ ,തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഇതൊക്കെ തൊണ്ണൂറുകളുടെ അവസാനം ഒരു ട്രെന്‍ഡ് ആയി വന്ന സിനിമകളാണ്.ഉന്നിടത്തില്‍ എനൈ കൊടുത്തേന്‍ എന്ന സിനിമ തുടങ്ങിയ ഒരു ട്രെന്‍ഡ്.ആ ട്രെന്‍ഡ് കഴിഞ്ഞപ്പോള്‍ അങ്ങനെയുള്ള സിനിമകളുടെ കാലവും കഴിഞ്ഞു.വിജയ്‌ ഒരിക്കലും ഒരു മഹത്തായ നടന്‍ ഒന്നുമല്ല .ഒരു സ്റ്റാര്‍ മെറ്റിരിയല്‍ ആണ്.അതിനു ചേരുന്ന വേഷങ്ങള്‍ ആണ് അങ്ങേര്‍ക്കു പറ്റിയത് എന്നാണ് എന്റെ അഭിപ്രായം.അല്ലാതെ ലാളിത്യം കോപ്പ് എന്ന് പറഞ്ഞു പോയാല്‍, അത് ചെയ്യാന്‍ നൂറ് ധനുഷും,ആര്യയും ഒക്കെ ഇല്ലേ എന്ന് ജനം ചിലപ്പോള്‍ ചോദിക്കും.പക്ഷെ സുപ്പര്‍താര പരിവേഷമുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ അതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണം എന്ന് മാത്രം.അല്ലാതെ തങ്കച്ചി സെന്റിമെന്റ്സ് സ്ഥിരമായി കച്ചവടം ചെയ്യാന്‍ നോക്കരുത്

ചുരുക്കത്തില്‍ വേലായുധം കൊള്ളാമോ , ഇല്ലയോ ?

വേലായുധം അത്ര പോരാ.പഞ്ച് കുറേക്കൂടി വേണം എന്ന് തോന്നി .വിജയുടെ സിനിമകള്‍ക്ക്‌ മിനിമം ഒരു പോക്കിരി ലെവലില്‍ എങ്കിലും പഞ്ച് വേണം.

അണ്ണാ അവസാനമായിട്ട് ഒനൂടെ ചോദിക്കട്ടെ.ഈ പടത്തില്‍ വിജയ്‌ ചീറി പായുന്ന ട്രെയിന്‍ ഡ്രൈവറുടെ സഹായം ഇല്ലാതെ നിറുത്തുന്നുണ്ടോ ?

ഉണ്ട് ചെല്ലാ ...അതിനിപ്പോ എന്ത് ?

അല്ലാ ...മോഹന്‍ലാല്‍ പ്ലെയിന്‍ ഒരു പാവം എയര്‍ഹോസ്റ്റസ് കൊച്ചിന്റെ നിര്‍ദേശ പ്രകാരം നിലത്തിറക്കിയ സീന്‍ ഒന്ന് കാരണം അല്ലെ വൃത്തികെട്ട മലയാളികള്‍ ഖാണ്ടാഹാര്‍ എന്ന സിനിമ കൂവി തോല്‍പ്പിച്ചത്?

പിന്നെ അല്ലാതെ . നാറികള്‍. ലാലേട്ടന്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ എഴാം സ്വര്‍ഗത്തില്‍ ഇരുന്നു ഉദാത്ത സിനിമ ആസ്വദിച്ചിരുന്ന ഈ പ്രേക്ഷക നാറികള്‍ ആ ഒരൊറ്റ രംഗത്തിന്റെ പേരില്‍ കൂകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അല്ലേ?

അണ്ണന്‍ പരിഹാസം അടിച്ചതാണ് അല്ലേ ?

പിന്നല്ലാതെ?എടാ ആദ്യ ദിവസം ആ ചിത്രം കണ്ടയാള്‍ ആണ് ഞാന്‍.ഫാന്‍സ്‌ എന്ന ഗുണ്ടകളെ പേടിച്ചു മിണ്ടാതിരുന്ന സാധാരണ പ്രേക്ഷകര്‍ നീ നേരത്തെ പറഞ്ഞ രംഗം ആയപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു തല തല്ലി ചിരിച്ചു എന്നത് സത്യം.എന്ന് പറഞ്ഞു ആ ഒരൊറ്റ കാരണം കൊണ്ട് ആയിരുന്നു ആ പടം ഉജ്ജ്വലം ആയതു എന്ന് പറയുന്നത് സിദ്ദിക്കുമായുള്ള ലാലേട്ടന്‍റെ നടുറോഡില്‍ വെച്ചുള്ള ഗുസ്തി ആന്റണി സാര്‍ പാഞ്ഞത് കൊണ്ട് മാത്രം ഉള്‍പ്പെടുത്തിയത് ആയിരുന്നു എന്നും അതില്ലായിരുന്നെങ്കില്‍ രാവണപ്രഭു എന്ന ചിത്രം കേറി ഉദാത്തം ആകുമായിരുന്നു എന്നും സംവിധായകന്‍ രഞ്ജിത് പറയുന്ന പോലെ അല്ലേ .

അപ്പോള്‍ ചുരുക്കത്തില്‍ ......

എത്ര ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയാലും ജയം രാജയെക്കാളും തമിഴ് നാട്ടില്‍ ഇന്നും വലിയത് വിജയ്‌ എന്ന താരം തന്നെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം

Saturday, October 29, 2011

ഏഴാം അറിവ്

അനിയാ അനിയാ .. നീ ഉറങ്ങിയോടെ ?

പിന്നെ ഉറങ്ങാതെ ? രാത്രി മൂന്ന് മണിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ .. അല്ല അണ്ണന്‍ ഇതെന്തോന്ന് തലയില്‍ മുണ്ടൊക്കെ ഇട്ടു ..ഒരു മാതിരി ..

അനിയാ ഞാന്‍ ഒരു സിനിമ കണ്ടേച്ചു വരുന്ന വഴിയാ.നമ്മുടെ ഗജിനി തമിഴിലും ഹിന്ദിയിലും ഒക്കെ എടുത്ത മുരുകദാസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന സൂര്യ ചിത്രം കണ്ടിട്ട് നിന്നെ കണ്ടിട്ട് വീട്ടില്‍ പോകാം എന്ന് കരുതി .എന്താടാ കണ്ണ് നിറയുന്നല്ലോ ?

അല്ല അണ്ണാ.അണ്ണന് എന്നോടും കാളകൂടം പത്രത്തോടും,എന്‍റെ ചിത്രവിദ്വേഷത്തോടും ഉള്ള സ്നേഹം കണ്ടിട്ട് എന്‍റെ കണ്ണ് നിറഞ്ഞു പോയതാ .

കളയെടെ ഇതു സ്നേഹത്തിന്‍റെ പ്രശ്നം ഒന്നുമല്ല.പകല്‍ വെളിച്ചത്തില്‍ ഈ പടത്തെ കുറിച്ച് അഭിപ്രായം പറയുന്നത് കേട്ട് വല്ല തമിഴനും "അന്ത സന്തോഷ്‌ പണ്ഡിറ്റ്‌,മമ്മൂട്ടി -ലാല്‍ താത്താമാര്‍ ഇവര്‍കളെല്ലാം നടിക്കിറ പടമെല്ലാം പാരാട്ടി വാഴിറ ഉനക്കെല്ലാം ഇന്ത പേച്ചാ" എന്ന് ചോദിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ട് പോയാല്‍ തുടച്ചു കളഞ്ഞിട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരപ്പ - മോഹന്‍ജദാരോ സംസ്കാരം പോലെ ഇവിടെ നല്ല സിനിമ ഇഷ്ട്ടം പോലെ ഉണ്ടായിരുന്നു എന്ന് പറയാനല്ലേ പറ്റു?

അത് തികച്ചും ന്യായം . അതിരിക്കട്ടെ പടം എങ്ങനെ?

പറയാം.സണ്‍ പിക്ചേഴ്സ് വക ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ചു ഹാരിസ് ജയരാജ്‌ സംഗീതം പകര്‍ന്ന,സൂര്യ,ശ്രുതി ഹാസ്സന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന (പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ ഉണ്ട (ഗിന്നസ്) പക്രുവും ഈ ചിത്രത്തില്‍ ഉണ്ട് .

ഹോ കേട്ടപ്പോള്‍ തന്നെ രോമാഞ്ചം .മുരുകദാസ്,സൂര്യ,ഹാരിസ് ജയരാജ്‌ ...മാരക കോമ്പിനേഷന്‍ ആണല്ലോ ?

അടങ്ങേടെ.ആദ്യം ഈ ചിത്രത്തിന്‍റെ കഥ ചുരുക്കമായി പറയാം.ആറാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ പല്ലവരാജവംശത്തിലെ രാജാവായ ബോധിധര്‍മ്മന്‍ രാജ്യം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്നിടതാണ് കഥ തുടങ്ങുന്നത്.നീണ്ട യാത്രക്ക് ശേഷം ചൈനയിലെ ഒരു ഗ്രാമത്തില്‍ എത്തി അവിടെ താമസിക്കുന്ന ഇയാള്‍ ജൂഡോ പോലുള്ള കായിക അഭ്യാസങ്ങളില്‍ അതീവവിദഗ്തനും മരുന്ന് ചെടികളെ പറ്റിയുള്ള അളവറ്റ അറിവും,സര്‍വോപരി മനശക്തി കൊണ്ട് മറ്റൊരാളുടെ മനസ്സ് നിയന്ത്രിക്കുക പോലുള്ള കഴിവുകള്‍ ഉള്ളവനും ആണ്.ആദ്യം ഗ്രാമവാസികള്‍ ഇയാളെ സംശയത്തോടെ വീക്ഷിക്കുന്നു എങ്കിലും തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് ഗ്രാമവാസികളെ പകര്‍ച്ചവ്യാധികളില്‍ നിന്നും കൊള്ളക്കാരില്‍‍ നിന്നും ഒക്കെ രക്ഷിക്കുന്നതോടെ ബോധിധര്‍മ്മന്‍ അവിടെ ഉള്ളവര്‍ക്ക് സ്വീകാര്യനാകുന്നു.ചൈനയിലെ ഗ്രാമവാസികള്‍ക്ക്‌ തന്‍റെ കഴിവുകള്‍ പകര്‍ന്നു കൊടുത്തു അവിടെ ജീവിക്കുന്ന ഇയാള്‍ ഒടുവില്‍ അവിടെ വെച്ച് മരിക്കുകയും ശരീരം അടക്കപ്പെടുകയും ചെയ്യുന്നു .

(ഇവിടെയും പറയുമ്പോള്‍ എല്ലാം പറയണമല്ലോ മേല്‍പ്പറഞ്ഞ രംഗങ്ങള്‍ എല്ലാം വളരെ മര്യാദക്ക്,കാശു പൊടിക്കാതെ എന്നാല്‍ വൃത്തിയായി എടുത്തിട്ടുണ്ട് സംവിധായകന്‍.നമ്മുടെ കമലഹാസ്സന്‍ വല്ലതും ആയിരുന്നെങ്കില്‍ ഒരു അമ്പതു കോടി അവിടെ പൊട്ടിയേനെ !! ഒരു അമ്പലത്തിന്‍റെ പൂജാരിയെ പിടിക്കാനായി ഒരുമാതിരി മഹാഭാരതയുദ്ധത്തിനു വരുന്ന പോലെയല്ലേ ദശാവതാരത്തില്‍ രാജാവൊക്കെ വരുന്നേ!!!)

കഥ ഇന്നത്തെ കാലഘട്ടത്തിലേക്ക്.ചൈന ഭാരതത്തിനെതിരെ ഓപ്പറെഷന്‍ റെഡ് എന്നൊരു പദ്ധതി പ്ലാന്‍ ചെയുന്നു.സംഗതി നടപ്പാക്കാനും ഒപ്പം ഭാരതത്തില്‍ ജനിതക വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ശ്രുതി ശ്രീനിവാസന്‍ (ശ്രുതിഹാസ്സന്‍) എന്ന പെണ്‍കുട്ടിയെ ഇല്ലാതാക്കുക (ശ്രുതി നടത്തുന്ന ചില ഗവേഷണങ്ങള്‍ ഓപ്പറെഷന്‍ റെഡിന്‍റെ വിജയത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണമായി പറയുന്നത്) എന്നീ രണ്ടു ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു ഡോങ്ക് ലീ എന്നയാളിനെ ഭാരതതിലെക്കയക്കുന്നു.ഇയാളും പഴയ ബോധിധര്‍മ്മനെ പോലെ കായിക മുറകളില്‍ വൈദഗ്ധ്യവും അപരന്‍റെ മനസ്സ് നിയന്ത്രിക്കുന്ന മാനസികശക്തികളും ഒക്കെ ഉള്ള ആളാണ് .

വീണ്ടും കഥ ഒരു തൊണ്ണൂറു ദിവസം പിന്നിലേക്ക്‌.ചെന്നയില്‍ വരുന്ന ഒരു സര്‍ക്കസ് കമ്പനി.അവിടെ ജോലി ചെയ്യുന്ന തമിഴനായ അരവിന്ദ് (സൂര്യ).ഗവേഷണ വിദ്യാര്‍ഥിനി അയ ശ്രുതിയെ യാദ്രിശ്ചികമായി പരിചയപ്പെടുന്നു .ശ്രുതിയുമായി അടുത്തിഴപഴകുന്ന ഇയാള്‍ ക്രമേണെ അവളോട്‌ പ്രണയത്തില്‍ ആകുന്നു.എന്നാല്‍ ഒന്നാം പകുതിയോടടുത്തു ശ്രുതി കുറച്ചു കാലമായി അരവിന്ദിനെ അന്വേഷിക്കുക ആയിരുന്നു എന്നും എന്തോ പ്രത്യേക ലക്‌ഷ്യം വെച്ചാണ്‌ ശ്രുതി സര്‍ക്കസ്കാരനായ അരവിന്ദും ആയി അടുത്തത് എന്നുള്ള സൂചനകള്‍ നമുക്ക് കിട്ടുന്നു .

തൊണ്ണൂറു ദിവസം കഴിഞ്ഞു കഥ ഇന്നില്‍ എത്തുന്നു.ഡോങ്ക് ലീ ഇന്ത്യയില്‍ എത്തി ശ്രുതിയെ തിരയുന്നു.ഓപ്പറെഷന്‍ റെഡ് എന്ന ബയോവാര്‍ ഭാരതത്തിന്‌ എതിരെ ചൈന എങ്ങനെ പ്ലാന്‍ ചെയ്തിരിക്കുന്നു എന്നും അതിന്റെ വിജയത്തിന് ശ്രുതിയുടെ ജനിതക ഗവേഷണം എങ്ങനെ തടസമാകുന്നു എന്നും അതിനു ബോധിധര്‍മ്മന്‍റെ പിന്‍തലമുറക്കാരനായ അരവിന്ദന് എന്ത് പങ്കാണുള്ളത് എന്നും രണ്ടാം പകുതിയില്‍ വ്യക്തമാകുന്നു തുടര്‍ന്ന് ശക്തനായ ഡോങ്ക് ലീയുമായുള്ള പോരാട്ടം ആരംഭിക്കുന്നു

അപ്പോള്‍ ....

നില്‍ക്കനിയാ ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.ഉറുമി എന്ന ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാല്‍ ഏറ്റവും കുറച്ചു ചര്‍ച്ച ചെയ്യപ്പെട്ടത് ആ ചിത്രത്തിലെ സന്ദേശവും അതിന്‍റെ വര്‍ത്തമാന കാലത്തിലെ പ്രസക്തിയുമാണ്.ഈ ചിത്രത്തിന്‍റെ അവസാനം നായകന്‍ പറയുന്ന ചില കാര്യങ്ങള്‍ നമ്മളൊക്കെ ചിന്തിക്കെണ്ടാതാണെന്ന് എനിക്ക് തോന്നുന്നു . ഇതില്‍ പറയുന്ന മഞ്ഞള്‍ പോലുള്ളവ മാത്രമല്ല വര്‍ധിച്ച കോളസ്ട്രോള്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടുന്ന ഈ കാലത്ത് റംസാന്‍ നോമ്പ് പോലുള്ള കാര്യങ്ങള്‍,അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ പെരുകുന്ന ഈ കാലത്ത് ആല്‍മരങ്ങള്‍ പോലുള്ളവ പരിപാലിക്കപ്പെടെണ്ട ആവശ്യകത ഇങ്ങനെ ഒരു സമൂഹം എന്ന നിലയില്‍ ഓരോ പൌരനും ആവശ്യമായ എത്ര കാര്യങ്ങള്‍ മതത്തിന്‍റെയും വിശ്വാസങ്ങളുടെയും പേരില്‍ നമ്മളൊക്കെ അവഗണിക്കുന്നു.പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണ്.വെറുതെ പറഞ്ഞു എന്ന് മാത്രം

അതൊക്കെ ശരി.അപ്പോള്‍ ഈ ചിത്രം എങ്ങനെയുണ്ട് അതല്ലേ നമുക്ക് അറിയേണ്ടത് ?

അനിയ ഈ മുരുകദാസ് എന്ന സംവിധായകന്‍ കുറെയധികം ഓവര്‍ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട ഒരാള്‍ ആണെന്നാണ് എന്‍റെ വിശ്വാസം. ചിത്രത്തിന്‍റെ അവസാനം അടുക്കുമ്പോള്‍ അത് വരെ കാണിച്ച കയ്യടക്കം അദേഹത്തിന് അകെ നഷ്ട്ടപ്പെടുന്ന കാഴ്ചയാണ് ഗജനിയില്‍ (തമിഴ്) കാണാന്‍ കഴിയുന്നത്‌.അത് ഒരു പരിധിവരെ കുറിക്കാന്‍ ഒരു പക്ഷെ അമീര്‍ഖാന്‍ എന്ന നടന്‍റെ സന്നിധ്യമാകണം ഇതിന്റെ ഹിന്ദി പതിപ്പില്‍ സഹായിച്ചിട്ടുണ്ടാകുക എന്ന് വേണം കരുതാന്‍.അത്രക്ക് മോശം ആയിട്ടില്ല എങ്കിലും അവസാന രംഗങ്ങളില്‍ കയറിന്‍റെ ഉപയോഗം ഗജനി പോലെ ഇതിലും മുഴച്ചു നില്‍ക്കുന്നു.ചൈന പോലെയുള്ള ഒരു രാജ്യത്തു ആയോധന കലകള്‍ കൊണ്ടുവന്ന ഒരാള്‍ എന്ന നിലയില്‍ നോക്കിയാല്‍ സൂര്യ എന്ന നടന്‍ തന്‍റെ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരും.

അണ്ണാ എത്രയും വളച്ചു കെട്ടി ചോദിക്കുന്നത് എന്തിന്നു? സൂര്യ പോര എന്ന് പറഞ്ഞാല്‍ പോരെ?

അനിയാ ഈ ചിത്രത്തില്‍ ശാസ്ത്രീയമായി ആയോധന കലകള്‍ പഠിച്ചിട്ടുള്ള ആരെങ്കിലും ആയിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത് ഒരു പക്ഷെ വിക്രമോ,കുറച്ചു കാലം മുന്‍പ് അര്‍ജുനോ ഈ കഥാപാത്രത്തെ മനോഹരം ആക്കാമായിരുന്നു. ഇവിടെയാണ് ആദ്യഭാഗത്തിലും ക്ലൈമാക്സ്‌ രംഗങ്ങളിലും ശരീരഭാഷയുടെ പ്രാധാന്യം പ്രസക്തം ആകുന്നത്‌ ((വീല്‍ ചെയറില്‍ ഇരുന്നു കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഫിലോസഫി പറയുന്ന രംഗത്ത് ശരീരഭാഷ തിരയുന്ന പാവം മലയാള നിരൂപകരെ ഈ അവസരത്തില്‍ സാദരം സ്മരിച്ചു കൊള്ളുന്നു !!).എന്നാല്‍ സൂര്യ എന്ന നടന്‍ ഈ കഥാപാത്രത്തെ നന്നാക്കാനായി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും പറയാതെ വയ്യ.

ബാക്കിയുള്ളവര്‍?

ശ്രുതി ഹാസ്സനെ തമിഴിലെ സോനം കപൂര്‍ എന്ന് വിളിക്കാം എന്നാണ് എനിക്ക് തോന്നിയത്. ഇതു പ്രശംസയാണോ കളിയാക്കലാണോ എന്ന് നീ പോയി ഒരു പോള്‍ നടത്തി തീരുമാനിച്ചോ.സോനം കപൂറിനുള്ള ഏതാണ്ട് എല്ലാ ഗുണങ്ങളും പോരയ്മ്മകളും ശ്രുതിക്കും ഉണ്ട് .ഇനി വില്ലനായി അഭിനയിക്കുന്ന വിദേശിയായ നടന്‍.ആ നടനാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ്.വലിയ ഭാവ പ്രകടനങ്ങളില്ലാതെ തന്‍റെ കഥാപാത്രം ആവശ്യപ്പെടുന്ന സംഗതികള്‍ കൃത്യമായി കൊടുക്കുന്ന വിഭാഗത്തില്‍ ഈ നടന്റെ കാര്യത്തില്‍ നൂറില്‍ നൂറും കൊടുക്കാം (നമുക്ക്,മലയാളികള്‍ക്ക് ഇവയും ഹരപ്പ -മോഹന്‍ജദാരോ ആണല്ലോ !!)

ഇനി പറയുന്ന രണ്ടു കാര്യങ്ങള്‍ മാത്രമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ചിത്രം മുരുകദാസിനു എന്നും അഭിമാനിക്കാവുന്ന ഒന്നായേനെ.

1. ആവശ്യത്തില്‍ കൂടുതല്‍ പാട്ടുകള്‍ തിരുകി കയറ്റി ഒരല്‍പം വലിയുന്ന ഒന്നാം പകുതി.പാട്ടുകള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.ഒപ്പം ഗാനചിത്രീകരണവും

2. രണ്ടാം പകുതിയില്‍ നായികാ നായകന്‍മാരെ ആക്രമിക്കുന്ന വില്ലന്‍ മനശക്തി കൊണ്ട് വഴിപോക്കരെ ഉപയോഗിച്ച് അക്രമിക്കുന്ന രംഗങ്ങളില്‍ കുറെ ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അപ്പോള്‍ എങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിട്ടും എന്തിനാണ് അണ്ണന്‍ ഈ ചിത്രത്തെ ഇത്ര മൃദുവായി വിമര്‍ശിക്കുന്നത് ?

അനിയാ.അതിനു കാരണം ഞാന്‍ ഒരു മലയാളി ആയതു കൊണ്ട് .മുത്തശിക്കഥ പോലത്തെ ഈ കഥാതന്തു ഇത്രയെങ്കിലും നന്നായി അവതരിപ്പിച്ച ഒരു സംവിധയകനോടും അതു കാണാന്‍ തിരക്ക് കൂട്ടുന്ന ജനങ്ങളോടും നിങ്ങള്‍ക്കൊക്കെ ഇതു കാണാന്‍ ഒരു പ്രശ്നവും ഇല്ലല്ലോ.പണ്ട് ഇതു പോലത്തെ ഒരു തീം അവതരിപ്പിച്ച കാലചക്രം എന്ന മലയാള ചിത്രം കാണാന്‍ (അഡോള്‍ഫ് ഹിറ്റ്ലറുടെ ഡി എന്‍ എ കൊണ്ട് അയാളെ തിരികെ കൊണ്ട് വരുന്ന പ്രമേയമാണ് ആ ചിത്രത്തിലും പറയുന്നത്) ഈ ആവേശം കണ്ടില്ലല്ലോ എന്ന ചോദ്യം ചോദിക്കാനുള്ള വിവരകേടില്ലാത്തത് കൊണ്ട്.അത് അന്യ ഭാഷാ ചിത്രങ്ങള്‍ നമ്മുടെ അതിഥികള്‍ ആയതു കൊണ്ടല്ല മറിച്ചു ഒരു ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നോ അത് കൊടുക്കാനുള്ള അവരുടെ കഴിവ് കൊണ്ടാണ് എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം ഉള്ളത് കൊണ്ടാണ്.

ചുരുക്കത്തില്‍ ....

കൊട്ടിഘോഷിക്കപ്പെട്ട റാ വണ്ണ്‍ എന്ന പടത്തെക്കാള്‍ വളരെ മേലെ നില്‍ക്കുന്ന ചിത്രം .അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ മിക്കവാറും ദീപാവലി ചിത്രങ്ങളില്‍ തമ്മില്‍ ഭേദം ഇതാവാന്‍ ആണ് സാധ്യത (വേലായുധം ഏതു വരെ പോകും എന്നൊരു ധാരണ ഉണ്ടല്ലോ). ചെറിയ ചില പാളിച്ചകള്‍ ഒഴിവാക്കി ഇരുന്നെങ്കില്‍ ദീപാവലി ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രം എന്ന് നിസംശയം പറയാമായിരുന്ന ചിത്രം

Thursday, October 27, 2011

റാ വണ്‍

ശൂ .............ശു .....

എന്താ അണ്ണാ ദീപാവലി ആയിട്ടു പടക്കം പൊട്ടിക്കയാണോ?

അല്ല അനിയാ ദീപാവലി ആഘോഷങ്ങളില്‍ ആദ്യ പടം ഇന്നലെ കണ്ടു . അത്രേയുള്ളൂ സംഗതി.

ഏതാ പടം? അണ്ണന്‍റെ സ്വന്തം അന്യ ഭാഷ ചിത്രങ്ങളാണല്ലോ ഇറങ്ങി തകര്‍ക്കുന്നത് .

സിനിമയെ പറ്റി പറയുന്നതിന് മുന്‍പ്,പ്രേക്ഷകര്‍ സിനിമാശാലകളില്‍ നിന്ന് അകലുന്നു,അതിന്‍ കാരണം പൈറസി,സ്റ്റേജ് ഷോ/താര നിശ,സിനിമ ശാലകളിലെ സൌകര്യ കുറവുകള്‍,പൂവാല ശല്യം എങ്ങനെ നൂറായിരം കാരണങ്ങള്‍ നിരത്തുന്ന മലയാള സിനിമ പ്രമുഖരെയും അതിനൊക്കെ ഓശാന പാടുന്ന മാധ്യമ രംഗത്തെയും ബൂലോകത്തെയും കുഴല്‍ ഊത്തുകാരെയും ഇന്നലെ റീലീസ് അയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന സിനിമാശാലകള്‍ കൊണ്ട് കാണിക്കാന്‍ എനിക്ക് ആഗ്രഹം തോന്നുന്നെടെ.സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനകൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് തികയാതെ വരുന്ന അവസ്ഥയായിരുന്നു ഇന്നലെ.ഒന്നിനെയും വളരാന്‍ സമ്മതിക്കാതെ, അന്‍പതാം ദിവസം (അറുപതാം ദിവസത്തിന്റെ പോസ്റ്റര്‍ഉം അടിച്ചിറക്കി )തിരുവനതപുരത്ത് പോലും എടുത്തു മാറ്റപെട്ട പ്രണയം പോലൊരു സൂപ്പര്‍ സ്റ്റാര്‍ കെട്ടി കാഴ്ചയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ചലച്ചിത്ര അനുഭവം എന്ന് ചുമ്മാ അഭിമാനിച്ചു പഴയ പ്രതാപവും പറഞ്ഞു കോള്‍മയിര്‍ കൊണ്ട് നടക്കുന്ന ഇവനോടൊക്കെ എന്ത് പറയാനാ ?ഏറ്റവും കുറഞ്ഞ പക്ഷം ഇവനൊക്കെ പറയുന്നതിനും യാഥാര്‍ത്ഥ്യത്തിനും പുലബന്ധം പോലുമില്ല എന്ന് നിനക്ക് മനസിലായോ അനിയാ ?

അണ്ണാ സംഗതി കാട്ടിലെത്തി.ഒന്ന് തിരിച്ചു വരാമോ പ്ലീസ്.കണ്ട പടമേതു ?

അനിയാ കിംഗ്‌ ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖ്‌ ഖാന്‍ സ്വന്തം കാശുമുടക്കി എടുത്ത ബ്രമാണ്ട ചിത്രം റാ വണ്‍ എന്ന ഹിന്ദി ചിത്രമാണ് ആണ് ഇന്നലെ ജനപ്രളയതിനിടയിലൂടെ നീന്തി കയറി കണ്ടത്.ക്യാഷ്,ദസ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ അനുഭവ് സിന്‍ഹയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഷാരൂഖ്‌ ഖാന്‍,കരീന,അര്‍ജുന്‍ രാംപാല്‍ അതിഥി താരങ്ങളായി എത്തുന്ന രജനികാന്ത്,സഞ്ജയ്‌ ദത്ത്,പ്രിയങ്ക ചോപ്ര ഇങ്ങനെ പോകുന്നു താര നിര.ചിത്രത്തിന്‍റെ സംവിധായകന്‍റെ മുന്‍ ചിത്രങ്ങളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത്,വണ്‍ ലൈന്‍ കഥ കേള്‍ക്കുകയോ ട്രെയിലര്‍ കാണുകയോ ചെയ്താല്‍ വന്‍ പ്രതീക്ഷകളോടെ സിനിമ കാണാന്‍ പോകുകയും തികച്ചും നിരാശര്‍ ആയി തിരിച്ചു വരുകയും ചെയ്യേണ്ടി വരും എന്നതാണ്.

അത് ശരി അപ്പോള്‍ ഈ ചിത്രത്തിലോ ?

പറയാം.ആദ്യമായി ഇതിന്‍റെ കഥ ഒന്ന് പറഞ്ഞോട്ടെ.ശേഖര്‍ സുബ്രമണ്യന്‍ (ഷാരൂഖ്‌ ഖാന്‍) എന്ന ലണ്ടന്‍ വാസിയായ തമിഴന്‍ ഗെയിം പ്രോഗ്രാമര്‍ ,വടക്കേഇന്ത്യക്കാരിയായ ഭാര്യ സോണിയ (കരീന) മകന്‍ പ്രതീക് എന്നിവരടങ്ങുന്ന കുടുംബം.ശേഖറിനു മകനെ വളരെ ഇഷ്ടമാനെങ്ങിലും ഒരു പരിഷ്കൃത സമൂഹത്തില്‍ കോമാളിയെ പോലെ പെരുമാറുന്ന അച്ഛനോട് മകന് തീരെ മതിപ്പില്ല. മകനെ സന്തോഷിപ്പിക്കാന്‍ വേണ്ടി തന്‍റെ കമ്പനി നിര്‍മിക്കുന്ന അടുത്ത ഗെയിമില്‍ നായകനേക്കാള്‍ അതി ശക്തനായ ഒരു വില്ലനെ സൃഷ്ടിക്കുന്നു റാ വണ്‍ എന്ന് പേരിടുന്ന ഈ വില്ലനെ നേരിടാനായി ഒരുക്കുന്ന വില്ലനെക്കാള്‍ ശക്തി കുറഞ്ഞ നായകന്‍ ജി വണ്‍ ‍(ശേഖര്‍ തന്‍റെ കമ്പനി ഒരുക്കുന്ന ഗെയിമുകളില്‍ എല്ലാം പതിവായി നായകന്മാര്‍ക്ക് സ്വന്തം മുഖം ആണ് കൊടുക്കരുള്ളത് എന്നാണ് നമുക്ക് മനസ്സിലാകുന്നത്‌ ).പ്രശ്നങ്ങള്‍ ആരംഭിക്കുന്നത് വില്ലനായ റാ വണ്‍ ഗെയിമിനു പുറത്തു വരുന്നതോടെയാണ് . ശേഖറിനെ കൊലപ്പെടുത്തുന്ന റാ വണ്ണില്‍ നിന്നും പ്രതീകിനെ രക്ഷിക്കാനായി ജി വണ്ണിനെ പുറം ലോകതെത്തിക്കുന്നതോടെ വേട്ടക്കാരനും രക്ഷകനും തമ്മിലുള്ള പോരാട്ടത്തിനു അരങ്ങൊരുങ്ങുന്നു .

കേട്ടിട്ട് കൊള്ളാമല്ലോ ഇതിനെന്താ പ്രശ്നം ?

അതല്ലേ നേരത്തെ പറഞ്ഞത്.ഈ സംവിധായകന്റെ പതിവ് പ്രശ്നം ഈ ചിത്രത്തിനും വിട്ടു മാറുന്നില്ല.ടെര്‍മിനേറ്റര്‍ പോലുള്ള ചിത്രങ്ങളും ആയുള്ള സാദൃശ്യം അവഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ശരിക്കും ഹോളിവൂഡ്‌ നിലവാരം ഉള്ളത് എന്ന് പറയാവുന്ന ഒരു ചിത്രമാണ് ഇങ്ങനെ എടുത്തു നശിപ്പിച്ചു വെച്ചിരിക്കുന്നത്.

അല്ല നശിപ്പിച്ചു എന്ന് പറഞ്ഞാല്‍ ....

അനിയാ ആദ്യമായി ശേഖര്‍ എന്ന കഥാപാത്രം . മെഹമൂദ് എന്ന നടന്‍ എഴുപതുകളില്‍ അവതരിപ്പിച്ചിരുന്ന ചില തമിഴന്‍ കഥാപാത്രങ്ങള്‍ ഉണ്ട് . അയ്യോ......അമ്മാ.... കോന്ജം എന്നിങ്ങനെ ചില്ല നുള്ള് നുറുങ്ങു തമിഴ് വാക്കുകളും നീട്ടി വലിച്ചു വൃത്തികേടാക്കിയ ഹിന്ദിയും സംസാരിക്കുന്ന കഥാപത്രങ്ങള്‍. ഇന്നും ഹിന്ദിക്കാര്‍ക്ക് ദക്ഷിണ ഇന്ത്യാക്കാരന്‍‍ എന്ന് പറഞ്ഞാല്‍ ഇതു തന്നെയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ മനസിലാക്കാം.(ഇനി മലയാളി ആണ് വേണ്ടത് എങ്കില്‍ ഗുരുവായുരപ്പാ,അല്ലെങ്കില്‍ കര്‍ത്താവെ എന്ന് ചേര്‍ക്കും മേല്‍ വിവരിച്ചത് കൂടാതെ എന്ന് മാത്രം.നമുക്ക് പിന്നെ ഹിന്ദിക്കാരന്‍ എന്ന് വെച്ചാല്‍ അധോലോകനായകന്‍ മാത്രമാണല്ലോ.വിക്രം ഖോര്‍പ്പഡേ എന്നൊക്കെ നമ്മളെ പേടിപ്പിക്കില്ലേ ?).ഷാരൂഖ്‌ ഖാന്‍ എന്ന നടന്‍ സുരജിനു പഠിക്കയാണോ എന്ന് തോന്നിപ്പിക്കുന്ന കുറെ രംഗങ്ങള്‍ കൂടി കഴിയുമ്പോള്‍ തികഞ്ഞു എന്ന് ചുരുക്കം.അനാവശ്യമായ സെന്റിമെന്റ്സ് കുത്തി നിറച്ചു വൃത്തികേടാക്കിയ ആദ്യ പകുതി കഴിയുമ്പോള്‍ എങ്കിലും പടം വേഗത കൂടും എന്ന് ധരിച്ച എനിക്ക് തെറ്റി. പിടിച്ചതിലും വലുതാണ് അളയില്‍ ഉള്ളത് എന്നതാണ് സത്യത്തില്‍ അവസ്ഥ.ഇങ്ങനത്തെ ഒരു ചിത്രത്തില്‍ ലോജിക് അന്വേഷിക്കുന്നതില്‍ വലിയ കാര്യം ഇല്ല എങ്കിലും ആദ്യത്തെ ഏറ്റുമുട്ടലില്‍ പരാജയപ്പെടുന്ന വില്ലന്‍ പിന്നെ കുറെ കാലത്തിനു ശേഷം ഒരു പ്രകോപനവും ഇല്ലാതെ തിരിച്ചു വരുന്നത് എങ്ങനെ പോലുള്ള ചോദ്യങ്ങള്‍ കൊച്ചു കുട്ടികള്‍ പോലും ചോദിച്ചു പോകില്ലേ ? (എങ്ങാനും ചോദിച്ചാല്‍ വില്ലന്‍ കുറേക്കാലം കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ചികിത്സയില്‍ ആയിരുന്നു എന്നോ മറ്റോ പറയാനേ പറ്റു!!!).അന്തവും കുന്തവും ഇല്ലാതെ എഴുതി വെച്ചിരിക്കുന്ന ഒരു തിരക്കഥയും തികച്ചും ബാലിശം എന്ന് പറയാവുന്ന ഒരു ക്ലൈമാക്സ്‌ഉം ചേരുമ്പോള്‍ റാ വണ്‍ എന്ന ബ്രമാണ്ട ചിത്രത്തിന്‍റെ ദുരന്തം പൂര്‍ത്തിയാകുന്നു.

അയ്യോ....

അനിയാ ഒരു വാണിജ്യ സിനിമയില്‍,അത് ഏതു ഭാഷയില്‍ ആയാലും ശരി വില്ലന്‍ എത്രത്തോളം ശക്തന്‍ ആകുന്നോ അത്രത്തോളം നായക കഥാപാത്രത്തിനും അത് വഴി ചിത്രത്തിന് മൊത്തത്തിലും ശക്തി ഉണ്ടാകുന്നു എന്നതാണ് സത്യം(ഹൈദര്‍ അലി അല്ലെങ്കില്‍ മോഹന്‍ തോമസ്‌ ഇല്ലെങ്കില്‍ എന്തോന്ന് ഭരത്ചന്ദ്രന്‍ എന്ന പോലെ)ലളിതമായ ഈ സത്യം മനസിലാക്കാത്തതാണ് ഈ ചിത്രത്തിന്‍റെ അടിസ്ഥാന പരാജയം.അര്‍ജുന്‍ രാംപാല്‍ എന്ന സ്റ്റൈല്‍ലിഷ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടനെ കിട്ടിയിട്ടും കാണികളില്‍ ഒരിടത്തും ഒരു ആകാംഷ ഉണ്ടാക്കാന്‍ ആ കഥാപാത്രത്തിനു കഴിയുന്നില്ല.തുടക്കത്തില്‍ പ്രതീകിനെ കൊല്ലുക എന്ന ലകഷ്യ വുമായി എത്തുന്ന വില്ലന്‍ കുറെ കഴിയുമ്പോള്‍ അതൊക്കെ മറന്ന മട്ടാണ് . രജനീകാന്ത് വരുന്ന ഒരു രംഗം പോലും വൃത്തിയായി എടുക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടില്ല .(പ്രത്യക്ഷപ്പെടുന്ന കഥാപാത്രം റോബോ എന്ന ചിത്രത്തിലെ ചിത്തി എന്ന കഥാപാത്രമാണോ രജനീകാന്ത് എന്ന നടന്‍ ആണോ എന്ന് രണ്ടു അഭിപ്രായം ഉണ്ട് !!!!)

അപ്പോള്‍ അഭിനയം ..?

ഷാരൂക് ശേഖര്‍ ആയി സാമാന്യം തെറ്റില്ലാതെ ബോര്‍ അടിപ്പിക്കുന്നു.അര്‍ജുന്‍ രാംപാല്‍ പാവം സുന്ദരമായി വേസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഉള്ളതില്‍ ഭേദം കരീന കപൂര്‍ ആണെന്ന് പറഞ്ഞാല്‍ അനിയാ നീ ഞെട്ടരുത് ..പക്ഷെ അതാണ് സത്യം.

അപ്പോള്‍ ചുരുക്കത്തില്‍...... .

ഈ ചിത്രത്തിന് കൊടുക്കുന്ന പബ്ളി സിറ്റിയും വേറെ ചിത്രങ്ങള്‍ ഇല്ലാത്ത അവസ്ഥയും പിന്നെ വിദേശ കളക്ഷന്‍ നും ഒക്കെ ചേര്‍ത്ത് ഈ ചിത്രവും ഒരു വിജയമായി വാഴ്ത്തപ്പെട്ടെക്കാം എന്നാലും കുട്ടികള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രമാണോ , അതോ ഹോളിവൂഡ്‌ നിലവാരത്തില്‍ ടെര്‍ മി നേ റ്റര്‍ പോലുള്ള ഒരു ച്ത്രമാണോ വേണ്ടത് എന്ന ആശയ കുഴപ്പം ഓരോ ഫ്രെയിമിലും നിറഞ്ഞു നില്‍ക്കുന്ന ചിത്രം എന്നേ ഇതിനെ പറ്റി പറയാന്‍ പറ്റു. ഒറ്റ വാക്കാണ്‌ വേണ്ടത് എങ്കില്‍ ശു ......................... (ചീറ്റി പോയ ഒരു ശ്രമം ).

ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കാണിച്ച ട്രെയിലര്‍ കളുടെ കൂട്ടത്തില്‍ ഒരു ഭോജ്പുരി ചിത്രത്തിന്‍റെ ട്രെയിലറും കാണാന്‍ ഇടയായി .ഇനി വന്നു വന്നു ഭോജ്പുരി റിലീസും നോക്കി വേണോ ആവൊ മലയാളം പടം ഇറങ്ങാന്‍?. ഈ മഹാന്മാരൊക്കെ കൂടി നമ്മളെ ആ കാലവും കാണിച്ചാല്‍ ഒരു അത്ഭുതവും ഇല്ല.ഇപ്പോഴത്തെ മലയാള സിനിമകളെ കാല്‍ ഭേദവും ചിലപ്പോള്‍ അതാവും

Saturday, October 15, 2011

സാന്‍വിച്ച് - Sandwich

അണ്ണാ നിങ്ങളിതെന്തോന്നു ഒരു മാതിരി അനക്കമില്ലാതെ .. പുതിയ പടങ്ങള്‍ ഇറങ്ങിയിട്ട് എന്താ ഒരു അനക്കമില്ലത്തെ ... എങ്ങനെ പോയാല്‍ എന്‍റെ കാളകൂടം ... ചിത്രവിദ്വേഷം ... ഇതിന്‍റെ ഒക്കെ ഭാവി ...

അടങ്ങനിയാ .. ഇന്നലെ നല്ലൊരു പടം കണ്ടു അതിന്തെ കാര്യങ്ങള്‍ തന്നെ ചൂടോടെ പറഞ്ഞേക്കാം പോരെ

ശരി പോരട്ടെ സംഗതി ഏതാ ചിത്രം ? വീരപുത്രന്‍ ആയിരിക്കും ? ശരിയല്ലേ ?

പിന്നെ എനിക്ക് വേറെ ജോലിയില്ലേ ഈ സ്വാതന്ത്ര സമരം കാണാന്‍ ? അങ്ങനെ സഹിക്കാന്‍ വൈയ്യാത്ത രാജ്യ സ്നേഹം തോന്നിയാല്‍ ഞാന്‍ പോയി ഒരു ഇന്ത്യ പാക്‌ ക്രിക്കറ്റ്‌ മത്സരം കാണും.പോരെ? പോരെങ്കില്‍ ഇന്നത്തെ പത്രം നോക്കി ഇന്നു ഞാന്‍ അഭിമാനിക്കാനുള്ള കാരണം എന്താണെന്നു മനസിലാക്കി ചുമ്മാ പത്തു മിന്ട്ട് അഭിമാനിക്കും.അല്ലെങ്കില്‍ തന്നെ സായിപ്പിന് അടിമപ്പണി ചെയ്തു ഭൂരിപക്ഷവും കഞ്ഞി കുടിക്കുന്ന, അന്‍പതിനായിരം നീയും ഞാനും ഉള്ള ഈ നാട്ടില്‍ ആരാടെ ഇന്ത്യക്കാരന്‍ ?

അയ്യോ ക്ഷമി അണ്ണാ.ഇപ്പം കണ്ട പടം ഏതാ? അത് പറ ..

പുതുമുഖം എം എസ്‌ മനു സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍,അനന്യ,റിച്ച പാലോട്,ലാലു അലക്സ്‌,ശാരി,ശ്രീകുമാര്‍, സുരാജ്,വിജയകുമാര്‍ തുടങ്ങിയവര്‍ അണി നിരക്കുന്ന സാന്‍വിച്ച് എന്ന മലയാള ചിത്രമാണ് ഇന്നലെ കണ്ടു ഞാന്‍ ധന്യന്‍ ആയതു.

അതെന്താ അണ്ണന്‍ ഒരുമാതിരി അര്‍ഥം വെച്ച് സംസാരിക്കുന്നതു ? പടം കൊള്ളില്ലേ ? സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിന്‍റെ വിജയമാണ് ഇങ്ങനെ ഓരോ പേരിടാന്‍ കാരണം എന്നു പറയുന്നതിനെ പറ്റി അണ്ണന്‍റെ അഭിപ്രായം.

എടെ നീ വല്ല ബ്ലോഗിലും വായിച്ചതു വെച്ച് കാച്ചുന്ന മലയാള പത്ര പ്രവര്‍ത്തകന്‍റെ പരിപാടി എന്നോട് എടുത്താല്‍ ഉണ്ടല്ലോ ...?

ഇല്ല.

മം ശരി. ഈ പടത്തിനു വേറെ എന്ത് കുഴപ്പം ഉണ്ടെങ്കിലും ആ പേര് ഇട്ടതിനു ഞ്ഞാന്‍ കുറ്റം പറയില്ല. ഇത്ര കൈയടക്കത്തോടെ ഇങ്ങനെ ഒരു ചിത്രം ഒരുക്കിയതിനു ഈ നവാഗത സംവിധായകനെ എത്ര പുകഴ്ത്തിയാലും മതിയാവില്ല.

ഒന്ന് നോക്കിയാല്‍ ഈ ചിത്രത്തില്‍ ഇല്ലാത്തത് എന്താണ്? ഒരു ചെറിയ സംഭവം നിങ്ങളുടെ ജീവിതം മാറ്റി മറിക്കും എന്ന ആധുനിക സിനിമയുടെ വിഷയം മുതല്‍,കുടുംബ ബന്ധങ്ങളുടെ തീവ്രത തുടങ്ങി ഉദാത്ത ഹാസ്യം ഇഷ്ടപ്പെടുന്നവര്‍ക്കായി സുരാജിന്‍റെ തകര്‍പ്പന്‍ തമാശകള്‍ (1 )ഇതു എന്‍റെ അപ്പുപ്പന്‍, കമ്പിയടിച്ചാ മരിച്ചത് . ( 2 ) പേരെന്താ ? വത്സന്‍ . ജോലിയല്ല പേരാണ് ചോദിച്ചത് ? ).എല്ലാത്തിനും ഉപരി ഗുണ്ട സംഘങ്ങളുടെ ഇടയില്‍ പെട്ട് കഷ്ട്ടപ്പെടുന്ന സാധാരണക്കാര ന്‍റെ ജീവിത വ്യഥകള്‍ , മക്കളോട് സ്നേഹിതരെ പോലെ പെരുമാറുന്ന മാതാപിതാക്കളുടെ ഹൃദയ വ്യഥകള്‍ , ആധുനിക കാലത്തേ യുവ മിധുനങ്ങളുടെ പ്രണയ തീവ്രത,ഐ റ്റി രംഗത്തെ സൌഹൃതങ്ങളുടെ ആഴം,തമിഴ് - മലയാള സംസ്ക്കാരങ്ങളിലൂടെ പെയ്തിറങ്ങുന്ന ഒരു ത്രികോണ പ്രണയ കഥ (?) ഇങ്ങനെ നിരവധി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ പ്രതി പാദി ക്കുന്നുണ്ട്.എല്ലാത്തിനും പുറമേ മദ്യപിച്ചു വണ്ടി ഓടിച്ചാല്‍ വരുന്ന ദുരന്തങ്ങള്‍ എന്ന സാമൂഹിക പ്രശ്നം ഉയര്‍ത്തുന്ന അടിത്തറയില്‍ ആണ് കെട്ടി പൊക്കിയിട്ട് ഉള്ളത് എന്നും ശ്രദ്ധേയം ആണ് .പക്ഷെ ഇതിലൊക്കെ വലിയ ഒരു പാഠം ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് .

ഏതൊക്കെ പോരാതെ വേറെയും പാഠം? എന്താ അത് ?

രണ്ടു മണിക്കൂര്‍ എത്ര നീണ്ട ഒരു കാലയളവ്‌ ആണെന്നും ആ സമയം കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാമായിരുന്നു എന്നു ഈ സിനിമ കാണുന്ന ഓരോരുത്തനും ചിന്തിച്ചു പോകും.സമയത്തിന് ഒരു വിലയും കൊടുക്കാത്ത യുവ തലമുറയ്ക്ക് ഇതിലും നല്ല ഒരു സന്ദേശം വേറെ എന്തുണ്ട് കൊടുക്കാന്‍ ?

അണ്ണാ കാടു കേറാതെ ഈ സിനിമ അതിന്‍റെ കഥ തുടങ്ങിയവയെ പറ്റി.

ശരി പറയാം.നായകന്‍ സായികൃഷ്ണ (കുഞ്ചാക്കോ).സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍,അച്ഛന്‍ ബാങ്ക് മാനേജര്‍ രാമചന്ദ്രന്‍ (ലാലു അലക്സ്‌ )അമ്മ ശ്രീദേവി (ശാരി.)മകനുമായി എടാ പോടാ ലൈനിലുള്ള മാതാപിതാക്കള്‍. സന്തുഷ്ട്ട കുടുംബം.കുടുംബ സുഹൃത്തായ ഭദ്രന്‍ (ശ്രീകുമാര്‍)അയാളുടെ മകളും സായിയുടെ കളികൂട്ടുകാരി കം സഹപ്രവര്‍ത്തക അയ ശ്രുതിയുമായി (റിച്ച പാനായി)സായിയുടെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.അങ്ങനെ എല്ലാരും സന്തോഷമായി കഴിയുബോള്‍ ആണ് ആ സംഭവം നടക്കുന്നത് (ഇടയ്ക്ക് സന്തോഷം പോര എന്ന് തോന്നുമ്പോള്‍ സായിയും ശ്രുതിയും വേറെ മൂന്ന് നാല് ഐ റ്റി സുഹൃത്തുക്കളോടൊപ്പം മദാമ്മമാര്‍ ഡാന്‍സ് ചെയുന്ന ഒരു ഹാള്‍ പോലത്തെ സ്ഥലത്ത് പോയി നിന്ന് ഗാനമേളക്ക് പാടുന്നത് പോലെ മൈക്കിനു മുന്നില്‍ നിന്നും പാടി സന്തോഷിക്കുന്നുണ്ട്‌ !!! സംഗതി പബ് ആണ് ഉദേശിച്ചത്‌ എന്ന് തോന്നുന്നു.ഇവരൊക്കെ ജോലി ചെയ്യുന്ന സ്ഥലമായി കാണിച്ചിരിക്കുന്നത് ടെക്നോപാര്‍ക്ക്‌ ആണ്.ചുമ്മാതാണോ നാട്ടുകാര്‍ക്ക്‌ ഇവിടെ ഉള്ളവരോട് ഒടുക്കത്തെ കലിപ്പ് !!!!)

ഒരു ദിവസം രാത്രി ശകലം വെള്ളപ്പുറത്ത് (നായകനല്ലേ രണ്ടു പെഗ് ) മൊബൈലില്‍ വീട്ടുകാരോട് കൊഞ്ചി വണ്ടി ഓടിച്ചു പോകുന്ന സായി നഗരത്തിലെ ഒരു ഗുണ്ടാ തലവന്‍ ഓടിക്കുന്ന വണ്ടിയില്‍ ചെന്നിടിക്കുന്നു .അനന്തന്‍ എന്ന ഗുണ്ടാ തലവന്‍ അപ്പോള്‍ തന്നെ മരിക്കുന്നു.കൂടെയുണ്ടായിരുന്ന അനിയന്‍ മുരുകന്‍ (വിജയകുമാര്‍) പ്രതികാര ദാഹിയായി നായകനെ വേട്ടയാടുന്നു.(നിന്നെ കൊണ്ട് ഇത് ചെയ്യിച്ചത് ആണ് എന്നാണ് ആരോപണം).അങ്ങനെ കഥ സംഘര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ആണ് മറ്റൊരു അധോലോക നായകനായ ആണ്ടിപ്പെട്ടി നായ്ക്കരും (സുരാജ്) സംഘവും രംഗത്തെത്തുന്നത്‌.തന്‍റെ എതിരാളിയായ അനന്തനെ കൊന്നതിന്‍റെ പേരില്‍ സായിയെ സഹായിച്ചേ (മുരുകനില്‍ നിന്നും സംരക്ഷിച്ചേ) അടങ്ങു എന്ന വാശിയിലാണ് ഇദേഹം. പോരാത്തതിനു സായിയെ ബലമായി പിടിച്ചു കൊണ്ട് വന്നു സ്വന്തം മകളായ കണ്മണിയെ (അനന്യ) പെണ്ണ് കാണിച്ചു കല്യാണം ഉറപ്പിക്കുന്നും ഉണ്ട് ഇയാള്‍ .കണ്മണി സായിയെ കണ്ടതോടെ ചക്ക കൂട്ടാന്‍ കണ്ട ഗ്രഹണി പിടിച്ച കുട്ടിയെ പോലെ തുള്ളി ചാടുന്നു.രണ്ടു ഗുണ്ട സംഘങ്ങള്‍ക്കിടയില്‍ പെട്ട് സാന്‍വിച്ച് ആകുന്ന സായിയുമായുള്ള വിവാഹ തീരുമാനത്തെ ശ്രുതിയുടെ അച്ഛന്‍ എതിര്‍ക്കുന്നു എങ്കിലും കല്ല്‌ പോലെ നിന്ന് കൊച്ചു കാച്ചുന്ന ഡയലോഗ്നു മുന്നില്‍ പിന്‍വാങ്ങുന്നു.(ഇതിനു മുന്‍പ് ഇത്തരം ഭരിച്ച ഡയലോഗ് കേട്ടത് ഭ്രമരം എന്ന ചിത്രത്തില്‍ ഭൂമിക പറയുന്നതായിരുന്നു എന്നാണ് ഓര്‍മ്മ)

പക്ഷെ കണ്മണിയുമായുള്ള സായിയുടെ ബന്ധത്തില്‍ സംശയം തോന്നുന്ന ശ്രുതി സ്കൂട്ട് ആക്കാന്‍ തീരുമാനിക്കുന്നു. തക്ക സമയത്ത് കണ്മണി ഫോണ്‍ ചെയ്തു താന്‍ വെറുതെ അഭിനയിക്കുകയായിരുന്നു എന്നും (ഒന്നൊന്നര അഭിനയം ആയിപ്പോയി !!) . അല്ലായിരുന്നെങ്കില്‍ നായ്ക്കര്‍ അന്ന് തന്നെ സായിയെ കൊന്നേനെ എന്നും വെളിപ്പെടുത്തുന്നു,ഒടുവില്‍ ഈ ഗുണ്ടകളുടെ ശല്യം സഹിക്കാന്‍ വൈയ്യാതെ സായിയും മൂന്ന് ഐ ടി സുഹൃത്തുക്കളും ചേര്‍ന്നൊരുക്കുന്ന തികച്ചും ബുദ്ധിപരമായ നീക്കത്തിലൂടെ രണ്ടു സംഘങ്ങളെയും കേന്ദ്ര പ്രതിരോധ മന്ത്രിയെ കൊല്ലാന്‍ ശ്രമിച്ച കുറ്റം ആരോപിച്ചു അകത്താക്കുന്നു .(ആ തന്ത്രം എന്താണെന്നു ഞാന്‍ കൊന്നാല്‍ പറയില്ല. അത്രയ്ക്ക് ഭയങ്കര സംഭവമാണ് സംഗതി )

അല്ല ഇതൊരു മാതിരി ......
എന്താടെ നിര്‍ത്തി കളഞ്ഞത് ?
ഈ ചിത്രം കാണാന്‍ പോയപ്പോള്‍ കണ്ട പുതുമയുള്ള കാര്യങ്ങള്‍ താഴെ പറയുന്നവ
തീയട്ടെര്നു പുറത്തു കണ്ട അനന്യ ഫാന്‍സ്‌ അസോസിയേഷന്‍ വക ഫ്ലെക്സ്
സുരജിനു ആണ്‍കുട്ടി ഉണ്ടാകാന്‍ വൈദ്യര്‍ പറഞ്ഞു കൊടുക്കുന്ന വഴി
വിജയ കുമാറിന്‍റെ തകര്‍പ്പന്‍ കോമഡി (പുള്ളി സുരാജിന് വെല്ലു വിളി ആയെ അടങ്ങു എന്ന മട്ടാണ്)
അനന്ന്യയുടെ മാരകമായ അഭിനയം
ശ്രുതിയും അച്ഛനുമായുള്ള വികാരഭരിതമായ രംഗങ്ങള്‍
ഇടവേളക്കു കുടുംബങ്ങള്‍ കൂട്ടമായി വന്ന വാഹനങ്ങളില്‍ കയറി സിനിമശാലയ്ക്ക് പുറത്തേക്കു രക്ഷപ്പെടുന്ന കാഴ്ച ( ഭാഗ്യവാന്മാര്‍ ക്ലൈമാക്സ്‌ കാണേണ്ടി വന്നില്ലല്ലോ )

ഈ ചിത്രത്തില്‍ അനന്യ പറയുന്ന ഒരു വാചകമുണ്ട് "എന്‍റെ അപ്പ ഒരു സോഷ്യല്‍ ന്യുയി സെന്‍സ് ആണ് ". അപ്പ സുരാജ് ആയതു കൊണ്ട് ഈ ചിത്രത്തിലെ ഏറ്റവും സത്യസന്ധമായ വാചകം ഇതാണെന്ന് പറയാം.


ശരി ഇനി അഭിനയത്തെ പറ്റി കൂടെ പറഞ്ഞാല്‍ ....

കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ സുപ്പര്‍ താരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള അല്ലെങ്കില്‍ ഏറ്റവും മികച്ച തുടക്കത്തോടെ ആരംഭിച്ച നടനായിരുന്നു രംഗത്ത് വന്ന കാലത്ത് (ഇന്നു പ്രിഥ്വിരാജിനൊക്കെ ഉള്ളതിലും ഒക്കെ എത്രയോ അധികം യുവ ആരാധകര്‍ ഉണ്ടായിരുന്ന നടനായിരുന്നു വന്ന കാലത്ത് ചാക്കോച്ചനു).ചിത്രങ്ങള്‍ തെരഞ്ഞെടുത്ത രീതി കാരണം കുഞ്ചാക്കോയ്ക്ക് കിട്ടിയ സ്വപ്ന തുടക്കം ലഭിക്കാത്ത ദിലീപ് മുതല്‍ ഉള്ളവര്‍ ഇന്നു എവിടെ നില്‍ക്കുന്നു എന്ന് ഒരു നിമിഷം ഈ നടന്‍ ആലോചിക്കേണ്ടതാണ്.എല്‍സമ്മ പോലുള്ള ചിത്രങ്ങളിലൂടെ ഈ നടന് ലഭിച്ച രണ്ടാം ജന്മം വേണ്ട പോലെ ഉപയോഗിച്ചില്ല എങ്കില്‍ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകാന്‍ വലിയ താമസം വരില്ല എന്നാണ് തോന്നുന്നത്.ഈ ചിത്രത്തിലും അറിയുന്ന പണി (ഗാന ചിത്രീകരണ രംഗങ്ങളില്‍) അദേഹം നന്നായിട്ടുണ്ട് (കൂടുതല്‍ ഒന്നും ചോദിക്കല്ലേ).പിന്നെ അനന്യ എന്ന നടിയില്‍ ഞാന്‍ മറ്റൊരു മീര ജാസ്മിനെയാണ് കാണുന്നത് .തല്ക്കാലം ഇത്രയേ പറയാനുള്ളൂ

ബാക്കിയുള്ളതില്‍ റിച്ച പാനായി എന്ന നടിയെ മലയാള നടിമാരിലെ മോഹന്‍ലാല്‍ എന്നു വിളിക്കുന്നതില്‍ ഒരു തെറ്റും ഇല്ല എന്നാണ് എന്‍റെ അഭിപ്രായം.കാരണം പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അല്ലാതെ കറന്റ്‌ അടിച്ചാല്‍ പോലും രണ്ടു പേരുടെയും മുഖത്ത് ഒരു ഭാവവും വരാറില്ല എന്നതാണ്.ബാക്കി എല്ലാരും സ്ഥിരം ലൈനില്‍ തന്നെ.പിന്നെ മന്ത്രി ആയതു കൊണ്ട് എന്തെങ്കിലും ഒക്കെ ഗുണം ഉണ്ടായേക്കും എന്നു കരുതിയാകണം ഗണേശനെ ഒക്കെ കാസ്റ്റ് ചെയ്തിരിക്കുന്നത് . കോട്ടയം നസീര്‍ പോലെ കുറെ പേരെ വെറുതെ കൊണ്ട് നിരത്തിയിട്ടുണ്ട്

അപ്പോള്‍ സുരാജോ?

അനിയാ സുരാജ് ഈ സിനിമയിലും അസഹിനീയം തന്നെയാണ്.പക്ഷെ അടുത്തിടെ ഇറങ്ങിയ ഒരു സിനിമ വാരികയുടെ കവര്‍ സ്റ്റോറി സുരാജ് അശ്ലീലം നിര്‍ത്തു പ്ലീസ് എന്നതാണ്.അത് വായിച്ചാല്‍ തോന്നുന്നത് സുരാജും ഒരു സംഘം ഗുണ്ടകളും ഷൂട്ടിംഗ് സ്ഥലത്തേക്ക് വരുന്നു.സുരാജ് നേരെ ക്യാമറക്ക് മുന്നിലെത്തി കുറെ അശ്ലീല രംഗങ്ങള്‍ അഭിനയിക്കുന്നു.കൂടെയുള്ള ഗുണ്ടകളുടെ ഭീഷണിക്ക് മുന്നില്‍ വേറെ നിവര്‍ത്തിയില്ലാതെ സംവിധായകന്‍ അതൊക്കെ ചിത്രീകരിക്കുന്നു എന്നാണ്.ശരിക്കും യഥാര്‍ത്ഥ കുറ്റവാളികള്‍ സുരാജിന് മനോധര്‍മം പോലെ എന്തെകിലും ഒക്കെ ചെയ്യാന്‍ സ്ക്രിപ്റ്റില്‍ സ്ഥലം ഒഴിച്ചിടുന്ന തിരകഥാകൃത്തും സംവിധായകനും അല്ലെ? (ഏറ്റവും തല മൂത്ത സംവിധായകന്‍ ജോഷി പോലും ഇതിനൊരു അപവാദം അല്ല എന്നോര്‍ക്കുക )

അപ്പോള്‍ ചുരുക്കത്തില്‍ ?

അനിയാ എം എസ് മനു എന്ന നവാഗത പ്രതിഭ ഇനിയും ഇതു പോലെ നിലവാരം ഉള്ള ചിത്രങ്ങള്‍ എടുത്തു നമ്മെ ധന്യര്‍ ആക്കട്ടെ എന്നാശംസിക്കുന്നു.നിസംശയം ഇദേഹം ആണ് ഈ ചിത്രത്തിലെ താരം എന്നു പറയാം.എന്നാലും നിര്‍ബന്ധം ആണേല്‍ കഥ -തിരകഥ എന്നിവ ഒരുക്കിയ രതീഷ്‌ സുകുമാരനാണോ സംവിധായകന്‍ മനുവാണോ കൂടുതല്‍ മിടുക്കന്‍ എന്നറിയാന്‍ നിനക്ക് ഒരു പോള്‍ നടത്താവുന്നതാണ്.(രതീഷ്‌ ഒട്ടും മോശക്കാരന്‍ അല്ല എന്നു ചുരുക്കം).ഇതു പോലെ കുഞ്ചാക്കോയെ വെച്ച് ഒരു കൂറ പടം എടുത്ത രാജേഷ്‌ പിള്ളയാണ് അടുത്തതായി ട്രാഫിക്‌ എടുത്തത്‌ എന്നോര്‍ക്കുമ്പോള്‍ അടച്ചു തെറി പറയാനും ഒരു മടി.എന്നാലും പറയുകയാ പറ്റുമെങ്കില്‍ നന്നാകാന്‍ നോക്ക് .

Monday, October 10, 2011

എങ്കേയും എപ്പോതും

അനിയാ ....

അണ്ണന്‍ ഈ നാട്ടില്‍ തന്നെ ഉണ്ടായിരുന്നോ? ഞാന്‍ കരുതി കുപിതരായ സുപ്പര്‍ താര ആരാധകര്‍ താങ്കളെ തല്ലി കൊന്നു കടലില്‍ താഴ്ത്തി കാണും എന്ന് .

ഇനി അതും കൂടെയേ ബാക്കിയുള്ളൂ അനിയാ.അതിരിക്കട്ടെ ഇത്തരം നൂറാം കിട ജന്മങ്ങളെ പറ്റി സംസാരിക്കാതെ നമുക്കെന്തെങ്കിലും നല്ല കാര്യം സംസാരിച്ചു കൂടെ?ആ ...... അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ .ഇന്നലെ ഒരു തമിഴ് പടം കണ്ട കാര്യം പറഞ്ഞായിരുന്നോ? എങ്കേയും എപ്പോതും .

ഇല്ല അണ്ണാ. അങ്ങനെയും ഒരു പടമുണ്ടോ? ആരൊക്കെയാ ആള്‍ക്കാര്‍ ?

അനിയാ ക്ഷമി, പറയട്ടെ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശരവണന്‍ എന്നാ പുതു മുഖ സംവിധായകനാണ് എം ആര്‍ മുരുകദാസ്‌ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അഭിനയിക്കുന്നവര്‍ അഞ്ജലി (അങ്ങാടിതെരു ഫെയിം),മലയാള നടി അനന്യ , ജയ്‌ (സുബ്രമണ്യ പുരം,ഗോവ ഫെയിം ) തുടങ്ങിയവരാണ്.ഇനിയങ്ങോട്ട് പറയുന്നതിന് മുന്‍പ് ഒരു കാര്യം പറഞ്ഞോട്ടെ . നമ്മളൊക്കെ പാണ്ടി എന്ന് വിളിച്ചു പുച്ചിക്കും എങ്കിലും ഇന്നത്തെ തമിഴ് സിനിമ നമ്മുടെ പ്രബുദ്ധ മലയാള സിനിമയെ ക്കാളും ബഹു ദൂരം മുന്നില്‍ ആണെന്ന് അറിയാമല്ലോ. ഇതിനു കാരണമായി ഇവിടുത്തെ സംവിധാന - സൂപ്പര്‍ താര മഹാന്മാരുടെ വിലാപം ഇവിടെ നല്ല കഥ അഥവാ തിരകഥകൃത്തുക്കള്‍ ഇല്ല എന്നുള്ളതാണ് . ഈ ചിത്രം ഉള്‍പ്പെടെ അടുത്തിടെ കണ്ട കുറച്ചു ചിത്രങ്ങള്‍ എടുത്താല്‍ (പെട്ടന്ന് ഓര്‍മ്മ വരുന്ന വേറൊരു ഉദാഹരണം 180 എന്ന ചിത്രമാണ് ) അതിലൊന്നും ലോകത്തൊരിടത്തും ഇല്ലാത്ത അത്യപൂര്‍വമായ കഥകള്‍ അല്ല പറയുന്നത് മറിച്ചു പലവട്ടം പറഞ്ഞ കഥകളുമാണ്‌ .എന്നാല്‍ ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ഒരു നിമിഷം പോലും നമുക്ക് ബോര്‍ അടിക്കില്ല എന്നതാണ് പണി അറിയുന്നവന്‍ പണി ചെയ്യുമ്പോള്‍ ഉള്ള ഗുണമായി എനിക്ക് തോന്നുന്നത് .തികഞ്ഞ മസാല പടങ്ങള്‍ ഇവയ്ക്കൊപ്പം ഇറങ്ങുന്നുണ്ട് പക്ഷെ ആ ചിത്രങ്ങള്‍ കാണാന്‍ വരുന്നവര്‍ എന്താണ് തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാക്കി അത് കൃത്യമായി നല്‍കുന്നു എന്നതാണ് രജനീകാന്ത് മുതലുള്ള താരങ്ങളുടെ വിജയം.എന്നാല്‍ ഇവിടെയാകട്ടെ ഇവരൊക്കെ പടച്ചു വിടുന്ന സാധനങ്ങള്‍ ആണ് നമ്മള്‍ കാത്തിരുന്നത് എന്ന് നമ്മളെ ഇവരും,മാധ്യമങ്ങളും കുറെ ആരാധക നാറികളും ചേര്‍ന്ന് വിശ്വസിപ്പിക്കുന്നു .മണ്ടന്മാരായ നമ്മള്‍ പലപ്പോഴും അത് തൊണ്ട തൊടാതെ വിഴുങ്ങുന്നു.ഇതല്ലേ അനിയാ സത്യം ?

അണ്ണാ കാടു കേറല്ലേ ? ഈ സിനിമ ......

അനുജാ അടിസ്ഥാന പരമായി ഈ ചിത്രത്തിന്റെ കഥ ഇത്രയെ ഉള്ളു.ചെന്നയില്‍ നിന്നും ട്രിച്ചിയിലേക്ക് പോകുന്ന ഒരു ബസ്‌ .ട്രിച്ചിയില്‍ നിന്നും ചെന്നയിലേക്ക് വരുന്ന മറ്റൊരു ബസ്‌.വഴിക്ക് വെച്ച് രണ്ടു ബസും കൂട്ടിയിടിക്കുന്നു.കുറെ പേര്‍ മരിക്കുന്നു കുറെ പേര്‍ രക്ഷപ്പെടുന്നു .

എന്നിട്ട് ...

എന്നിട്ട് സിനിമ തീരുന്നു.നമ്മള്‍ ഒരു നല്ല സിനിമ കണ്ട സന്തോഷത്തോടെ പുറത്തേക്കു വരുന്നു .

ചുമ്മാ തമാശ അടിക്കല്ലേ.എത്രയും ചെറിയ ഒരു കഥ പറയാന്‍ എന്തിനാ ഇത്രയധികം റീലും രണ്ടര മണിക്കുറും? ഒരു പ്രബുദ്ധനായ മലയാളി എന്ന നിലയില്‍ ഞാന്‍ യോജിക്കുന്നില്ല .

നീ ഒരു മാതിരി ബൂലോകത്തെ കൂറ ആരാധകരെ പോലെ സംസരിക്കല്ലേ.നിങ്ങള്‍ ആരെയെങ്കിലും ദ്രോഹിച്ചാല്‍ നിങ്ങള്ക്ക് പണി കിട്ടിയിരിക്കും ഈ ഒരു ചെറിയ കാര്യം പറയാന്‍ എന്തിനാണ് ഈ സിപ്പികള്‍ എന്ന നിര്‍മാതാക്കള്‍ പണ്ട് കാലത്ത് കോടികള്‍ മുടക്കി ഷോലേ എന്ന സിനിമ എടുത്തത്‌ എന്ന് ചോദിക്കാത്തത് അന്ന് ഇവനൊന്നും ജനിക്കാത്തത് കൊണ്ടായിരിക്കാം എന്ന് ആശ്വസിക്കാം .

അനിയാ അടിസ്ഥാനപരമായി ഇതൊരു പ്രണയ കഥയാണ് .ഒന്നല്ല രണ്ടു പ്രണയ കഥകള്‍ സമാന്തരമായി പറഞ്ഞു പോകുന്നു ഈ ചിത്രത്തില്‍ ചെന്നയില്‍ നേഴ്സ് ആയ മണിമേഖല (അഞ്ജലി) അവിടെ തന്നെ ഒരു ഫാക്ടറിയില്‍ ജോലി ചെയുന്ന ട്രിച്ചിക്കാരന്‍ കതിരേശന്‍ (ജയ്‌ ) എന്നിവരുടെ പ്രണയ കഥ ഒരു ട്രാക്ക് ആയി പോകുമ്പോള്‍.ചെന്നയില്‍ ആദ്യമായി ഇന്റര്‍വ്യൂ നു വരുന്ന അമുദം എന്ന ട്രിച്ചിക്കാരിയും അവിടെ വെച്ച് പരിചയപ്പെടുന്ന പേര് ചോദിയ്ക്കാന്‍ മറന്നു പോകുന്ന ചെറുപ്പക്കാരനും ആയുള്ള പ്രണയവും ആണ് ഇവിടെ പ്രതിപാദിക്കുന്നത് .ഈ രണ്ടു പ്രണയങ്ങളും തന്നില്‍ ഒരു സാദൃശ്യവും ഇല്ല . ഇവിടെ ഓരോ സംവിധായകരുടെ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ പോലും വ്യത്യാസം ഇല്ലാതിരിക്കുമ്പോള്‍ ഒരു ചിത്രത്തില്‍ തന്നെ വ്യത്യസ്തമായ രണ്ടു പ്രണയ കഥകള്‍ പറയുക എന്നത് ഒരല്‍പം വലിയ കാര്യം തന്നെയാണ് . (സമാനമായ ഒരു ചെറിയ ശ്രമം എങ്കിലും വളരെ പണ്ട് മലയാളത്തില്‍ നടന്നത് സുഖമോ ദേവി എന്ന ചിത്രത്തിലാണ് ).ഈ നാലു കഥാ പാത്രങ്ങളും ഈ രണ്ടു ബസ്സിലായി ഓരോ ഉദ്ദേശങ്ങളോടെ സഞ്ചരിക്കുന്നുണ്ട് . ഇതു കൂടാതെ ഈ രണ്ടു ബസിലും യാത്ര ചെയുന്ന കുറെയാളുകള്‍ , അവരുടെ ഒക്കെ ജീവിതത്തിലേക്ക് തൊട്ടു തൊട്ടു പോകുന്നുണ്ട് ഈ സിനിമ . ഒടുവില്‍ അപകടം നടന്നു കഴിയുമ്പോള്‍ ഓരോ ആള്‍ക്കാരെയും കാണുമ്പോള്‍ കാണികള്‍ക്ക് ആശ്വാസവും ,ദുഖവും ഒക്കെ തോന്നുന്നു എങ്കില്‍ അത് തീര്‍ച്ചയായും തിരകഥ ക്രിത്തിന്റെ വിജയമാണ് .

ഈ ചിത്രത്തിലെ ബസ്‌ അപകടം ചിത്രീകരിച്ചിരിക്കുന്നത് മാത്രം മതി ഈ ചിത്രത്തിന്റെ സംവിധായകന് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാന്‍.ശരിക്കും ഒരു ബസ്‌ അപകടം ലൈവ് ആയി കണ്ടാല്‍ പോലും എത്രയും ഒറിജിനാലിട്ടി കിട്ടുമോ എന്ന് സംശയിക്കണം

അഭിനയം ?ഹീറോ , ഹീറോയിന്‍ ഒക്കെ ...

അഭിനയിക്കുന്നവരില്‍ ഹീറോ സീറോ ഒന്നും ഇതില്‍ ഇല്ലഡേ .ജയ് , ശര്‍വ്വാനന്ദ് ,അനന്യ ,അഞ്ജലി എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്. ശരിക്കും പടത്തിലെ ഹീറോ കഥയും, തിരക്കഥയും ,സംവിധാനവും കൈകാര്യം ചെയ്ത എം ശരവനനാണ്. പുതുമുഖം ,പക്ഷെ ആള് പുലി. ഇനി നീ ചോദിയ്ക്കാന്‍ പോകുന്നത് ക്യാമറ ,കോപ്പ് ഒക്കെ ആണെന്ന് എനിക്കറിയാം . അത് കൊണ്ട് പറയുകയാ , അനിയ ഈ പടത്തിന്റെ സാങ്കേതിക മേന്മ നമ്മുടെ മലയാളം ചിനിമക്ക് സ്വപ്നം കാണാന്‍ കാലം ഇനിയും പോണം

നിങ്ങള് മലയാളികളെ അങ്ങനെ ഊശിയാക്കാതെ

ഊശിയല്ലടാ നീയും ,ഞാനുമൊക്കെ ദ്രോണ, ഓഗസ്റ്റ്‌ പതിനഞ്ച് ഇതൊക്കെ കണ്ടിട്ടും പിന്നെയും ടിക്കറ്റ് എടുത്ത് , ഡബിള്‍സ് , ട്രെയിന്‍ ,മുംബൈ മാര്‍ച്ച് എന്തരോ കോപ്പ് ഒക്കെ കാണാന്‍ കയറുന്നുണ്ടെങ്കില്‍ നമ്മളൊന്നും ഊശികള്‍ അല്ല ജഗതി പറഞ്ഞ ഉജ്ജ്വലന്മാര്‍ ആണ് . ഈ കഴിഞ്ഞ രണ്ടാഴ്ച തന്നെ നോക്ക്...യാതൊരു പ്രതീക്ഷയും ഇല്ലാതെ പോയിക്കണ്ട രണ്ടു തമിഴ് പടങ്ങള്‍ മുറനും, എങ്കെയും എപ്പോതും .രണ്ടും നല്ല പടങ്ങള്‍ .കൊട്ടിഘോഷിച്ച സുപ്പര്‍ അമ്മാവന്റെ അത്ഭുതവീട് കണ്ടിട്ട് സ്വന്തം വീടിന് ആരൊക്കെയോ തീയിട്ടു എന്നാണ് കേട്ടത് . അകെ കണ്ട ഒരു നല്ല മലയാളം പടം ഇന്ത്യന്‍ റുപ്പി. അതിനെക്കുറിച്ച് നല്ലത് പറഞ്ഞപ്പോള്‍ സുപ്പര്‍ കിളവന്മാരുടെ അടിവസ്ത്ര സ്നേഹികള്‍ (ഇവനെയൊന്നും ഇനി ഫാന്‍സ്‌ എന്ന് വിളിക്കുന്നില്ല ) ഓരോ ഉഡായിപ്പുകളുമായി ഇറങ്ങിയിട്ടുണ്ട് . ഒരു കിളവന്‍ മുഖത്ത് ബോട്ടെക്സ് അടിച്ചു കയറ്റി ഇപ്പൊ കരണ്ട് അടിച്ചാല്‍ പോലും യാതൊരു ഭാവവും മുഖത്ത് വരില്ല എന്ന മട്ട്. മറ്റെയാള്‍ കാണാന്‍ കൊള്ളാം .പക്ഷെ അനങ്ങാന്‍ വയ്യാ . അങ്ങനെയുള്ളവരുടെ അടിവസ്ത്ര പ്രേമികള്‍ക്ക് കണ്ടിരിക്കാവുന്ന ഒരു പടം വേറെ വല്ലവനും നായകനായി പുറത്തിറങ്ങിയാല്‍ ഉടനെ റീല് കൂടുതല്‍ , കഥ പോരാ, അങ്ങനെ നൂറ് പ്രശ്നങ്ങളാണ് . മമ്മൂട്ടിയും ,മോഹന്‍ലാലും ആകാന്‍ ഇനിയും ദൂരങ്ങള്‍ സഞ്ചരിക്കണം എന്ന് വേറൊരുത്തന്‍ .ചെല്ലാ , ആ ദൂരം ഇപ്പഴത്തെ പുതിയ പിള്ളാര്‍ ഒരിക്കലും സഞ്ചരിച്ച് തീരരുതെ എന്നാണ് എന്റെ ഏക പ്രാര്‍ത്ഥന. പ്രിഥ്വിരാജും , ആസിഫലിയും, കുഞ്ചാക്കോ ബോബനും ഒക്കെ സുപ്പര്‍ അമ്മാവന്മാരുടെ അതെ പോലെ ആയാല്‍ , മലയാളം സിനിമയുടെ ഗതി ഓര്‍ത്തിട്ട് എനിക്ക് പേടിയാകുന്നു. ബോജ്പുരി സിനിമാക്കാര്‍ കൂടിയേ ഇനി നമ്മുടെ സുപ്പറുകളുടെ പടങ്ങളെക്കാള്‍ നിലവാരമുള്ള സിനിമകള്‍ എടുക്കാന്‍ ബാക്കിയുള്ളൂ .

അണ്ണാ , നിങ്ങള്‍ കാട് കയറി കഴിഞ്ഞു കടലും നീന്താതെ .എങ്കെയും എപ്പോതും ...അതാണ്‌ ടോപ്പിക്

തന്നഡേ .ആ കൊള്ളാവുന്ന പടം കണ്ടേച്ചു വന്ന വഴിയാണ് ചില സുപ്പര്‍ അടിവസ്ത്ര പ്രേമികളുടെ അഫിപ്രായങ്ങള് കണ്ടത് .ആ കലിപ്പില്‍ പറഞ്ഞതാ . പിന്നെ എങ്കെയും എപ്പോതും,നല്ല പടമാണ് ചെല്ലാ. നീ കാണാന്‍ പോവുകയാണേല്‍ ഒരു ചെറിയ ടിപ്പ് കൂടെ തരാം .മമ്മൂട്ടിയുടെ ദ്രോണയോ, ഓഗസ്റ്റ്‌ പതിനഞ്ചോ ഡി വി ഡി എടുത്ത് ഒന്നുമുഴുവാന്‍ ഇരുന്നു കണ്ടിട്ട് ഈ പടത്തിന് പോ. എം ശരവണന് നീ ചായയും കടിയും വാങ്ങിച്ച് കൊടുക്കും

Friday, October 7, 2011

ഇന്ത്യന്‍ റുപ്പീ

അണ്ണാ അണ്ണാ ഒന്ന് കതകു തുറന്നേ...

അരാടെ ഈ വെളുപ്പാന്‍ കാലത്ത് .ഉറങ്ങാനും സമ്മതിക്കില്ലേ.അല്ല ഇതെന്താ ഒരു പൂരത്തിനുള്ള ആളുണ്ടല്ലോ.ഇതെന്താ വല്ല പിരിവുമാണോ?

അല്ല മിസ്റ്റര്‍ പ്രേക്ഷകന്‍,ഞങ്ങള്‍ ഇവിടത്തെ മാധ്യമ പ്രവര്‍ത്തകരാണ്.താങ്കളുടെ വിലയേറിയ അഭിപ്രായം അറിയാന്‍ വന്നതാണ് . കേരളത്തിലെ ആബാലവൃധം ജനങ്ങളും താങ്കളെ ഉറ്റു നോക്കുകയാണ് എന്ന സത്യം.താങ്കള്‍ക്ക് അറിയാമോ?

അനിയന്മാരെ വല്ലവന്റെയും അഭിപ്രായം അറിയാന്‍ നില്‍ക്കാതെ സ്വന്തം തല ഉപയോഗിച്ച് ചിന്തിക്കാനും അഭിപ്രായം ഉണ്ടാക്കാനും കഴിയുന്ന കാലത്തേ ഈ നാട് രക്ഷപ്പെടു എന്നാണ് എന്റെ അഭിപ്രായം.അല്ലെങ്കില്‍ വെറുതെ പ്രബുദ്ധ കേരളം എന്നൊക്കെ പറഞ്ഞു ആത്മരതി നടത്താം എന്ന് മാത്രം..ശരി എന്താണ് നിങ്ങള്‍ക്കറിയേണ്ടത്?

മലയാളത്തിന്‍റെ അഭിമാനമായ ശ്രീ രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം ഇന്നലെ റീലീസ് ആയല്ലോ.അതിനെ പറ്റി കുറച്ചു വാക്കുകള്‍ .....

വെറുതെ അഭിമാനം എന്ന് പറഞ്ഞാല്‍ പോരല്ലോ.കഴിഞ്ഞ വര്‍ഷത്തെ ബ്ലോക്ക്‌ ബസ്റ്റെര്‍ മാധ്യമ ഹിറ്റ്‌, കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കിടിലം ക്ലൈമാക്സ്‌ ഉള്ള ചിത്രം, ശക്തമായ തിരകഥ, പോരാത്തതിനു നടീ നടന്‍മാര്‍ കാശു വാങ്ങാതെയും കാശു കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ അടിയും കടിയും ഒക്കെ സഹിച്ചു രഞ്ജിത്ത് പുറത്തിറക്കിയ ചിത്രം ഇങ്ങനെ ഒക്കെയുള്ള നിരവധി വ്യത്യസ്തതകള്‍ നിറഞ്ഞ പ്രാഞ്ചിയേട്ടന്‍ എന്ന ചിത്രത്തിന് ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന് കൂടി പറയണം.

ശരി ഈ ചിത്രം .....?

അനിയന്‍മാരെ സത്യന്‍ അന്തിക്കാട്‌ എന്ന സംവിധയകന്‍ ചെയ്ത രണ്ടു ചിത്രങ്ങള്‍ ഭാഗ്യദേവത,സ്നേഹവീട് എന്നിവ ഒന്ന് കണ്ടു നോക്കിയാല്‍ ബോധമുള്ള ഏതൊരു മലയാളിക്കും (അങ്ങനെ ഒരു വസ്തു ഈ നാട്ടിലുണ്ടോ എന്ന് സംശയമാണ്) സൂപ്പര്‍ താരങ്ങള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുന്ന സംവിധായകര്‍ മലയാള സിനിമക്ക് എങ്ങനെ ഒരു ഭാരമാകുന്നു എന്ന് മനസിലാകും.ആദ്യ ചിത്രത്തില്‍ ശ്രീ സത്യന് സൂപ്പര്‍ താരങ്ങള്‍ എന്നൊരു ബാധ്യത ഇല്ലാതെ മുന്നോട്ടു പോകാന്‍ കഴിയുമ്പോള്‍ രണ്ടാമത്തെ ചിത്രത്തില്‍ ഓരോ നിമിഷവും സൂപ്പര്‍ താരത്തെ ന്യായീകരിക്കേണ്ട ബാധ്യത അങ്ങേര്‍ക്കു വന്നു ചേരുന്നു.സ്നേഹ വീടിന്‍റെ ഫോട്ടോ കഥയും,ബോറടിപ്പിക്കുന്ന നായക വീരവാദങ്ങളും,ഉജ്ജ്വല ക്ലൈമാക്സും ഒക്കെ ഇതിന്‍റെ ഭാഗമാണ് എന്നാണ് എന്‍റെ വിശ്വാസം.ഏതാണ്ട് അത് തന്നെയാണ് ഈ ചിത്രത്തിന്‍റെയും അവസ്ഥ.

അല്ല ഒന്ന് വിശദമാക്കാമോ .

മാധ്യമങ്ങളിലൂടെ പലയിടത്തും ഈ ചിത്രത്തിന്‍റെ കഥ വന്നത് കൊണ്ട് ഇനിയും അത് പറയുന്നതിന് പ്രസക്തിയില്ല എന്നറിയാം . എന്നാലും ചുരുക്കത്തില്‍ പറഞ്ഞാല്‍ ഈ കാലഘട്ടത്തില്‍ ഏറ്റവും എളുപ്പത്തില്‍ കാശുണ്ടാക്കാനും,പ്രത്യേകിച്ചു വിദ്യാഭ്യാസ യോഗ്യത ഒന്നും വേണ്ടാത്തതുമായ റിയല്‍ എസ്റ്റേറ്റ്‌ രംഗം കേന്ദ്രീകരിച്ചാണ് ഈ ചിത്രം മുന്നോട്ടു പോകുന്നത്.ജയപ്രകാശ്‌ എന്ന ജെ പി (പ്രിഥ്വിരാജ്) സുഹൃത്തും പങ്കാളിയുമായ സി എച് (ടിനി ടോം) എന്നിവര്‍ ഈ രംഗത്തെ ചെറുകിട കക്ഷികളാണ്.വന്‍കിട റിയല്‍ എസ്റ്റേറ്റ്‌ താപ്പാനകളുടെ പിണിയാളുകളായി തുടങ്ങുന്ന ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അച്യുതമേനോന്‍(തിലകന്‍)എന്ന വ്യക്തിയാണ് അഥവാ അയാളുടെ ഉപദേശങ്ങളാണ് ഇവരുടെ ജീവിതം മാറ്റി മറിക്കുന്നത്.അവിടുന്ന് തുടങ്ങുന്ന ഇവര്‍ എളുപ്പത്തില്‍ പണക്കാരാകാനുള്ള ആഗ്രഹത്തില്‍ മുന്നേറുകയും അതെ തുടര്‍ന്ന് ഇവരുടെ ജീവിതത്തില്‍ പതുക്കെ പതുക്കെ റിസ്ക്‌ കൂടുതലാകുകയും ഒടുവില്‍ എല്ലാം നശിക്കുന്നതിനു തൊട്ടു മുന്‍പ്,പണത്തിനു പുറകെയുള്ള പാച്ചിലില്‍ നഷ്ടമാവുന്നത് സ്വന്തം ജീവിതമാണ്‌ എന്ന് മനസിലാക്കി എല്ലാം ഉപേക്ഷിച്ചിട്ട് സമാധാനമായി ജീവിക്കാന്‍ തീരുമാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.അവസാനിക്കുന്നു എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല,ഇവരുടെ വഴിയിലേക്ക് പുതിയ ആള്‍ക്കാര്‍ വരുനതായി കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്.

ഈ ചിത്രത്തെ പറ്റി പറയുകയാണെങ്കില്‍ പത്താം ക്ലാസ്സ്‌ തോറ്റ,വേറെ ഒരു പ്രത്യേകതയും ഇല്ലാത്ത ഒരു നായകനെ രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തില്‍ കാണുന്നത് തന്നെ മലയാളിക്ക് ഒരു അപൂര്‍വ സംഭവമായിരിക്കും.ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുനവയാണ്.ഈ സിനിമ കണ്ടിരുന്നപ്പോള്‍ ഇടവേളക്കു ശ്രീനിയുമായി സംസാരിക്കുമ്പോള്‍ അച്ചുത മേനോനെ അവതരിപ്പിച്ച തിലകന്‍ ഒട്ടും മോശമായില്ല എങ്കിലും ശാരീരികമായ അവശതകള്‍ ഉള്ള അദേഹത്തിന് പകരം ജഗതിയെ പോലെയുള്ള ഒരു നടനെ ഉപയോഗിക്കാമായിരുന്നു എന്നും ഒരു വാസ്തവം ഫീല്‍ ഒഴിവാക്കാനാകും അങ്ങനെ ചെയ്യാതിരുന്നത് എന്ന് സമാധാനിച്ചു രണ്ടാം പകുതിക്ക് കയറിയ ഞങ്ങള്‍ ജഗതി അവതരിപ്പിച്ച ഗോള്‍ഡന്‍ പാപ്പന്‍ എന്ന കഥാപാത്രത്തെ കണ്ടു പറഞ്ഞതെല്ലാം നിരുപാധികം പിന്‍വലിച്ചു മാപ്പും ചോദിച്ചു!!!ഒരു സ്ഥിരം കഥാപാത്രമായ,ജഗതി തന്നെ നൂറു കണക്കിന് ചിത്രങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള പിശുക്കനായ പണക്കാരനെ വീണ്ടും അവതരിപ്പിക്കുമ്പോള്‍ ശരീര ഭാഷയിലും സംസാരത്തിലും അഭിനയത്തിലും ഒക്കെ വരുത്തുന്ന മാറ്റങ്ങള്‍ മലയാളത്തിലെ ലോകോത്തര താരങ്ങള്‍ക്ക് ഒരു പാഠപുസ്തകം ആക്കാവുന്നതാണ് (പറഞ്ഞു വരുമ്പോള്‍ ഒരു ഭരത് അവാര്‍ഡോ,ഡോക്റെരട്ടോ,പട്ടാള പദവിയോ ഒന്നും ഇല്ലാത്ത നടനാണ് ജഗതി).റീമ കല്ലിങ്ങല്‍,ലാലു അലക്സ്‌ എന്നിവരെ ഒക്കെ എനിക്ക് സത്യത്തില്‍ പേടിയാണ് (എപ്പോളാ അഭിനയിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല).പക്ഷെ ഈ ചിത്രത്തില്‍ അവരൊക്കെ പോലും നന്നായിട്ടുണ്ട്.കൂവല്‍ തൊഴിലാളികള്‍ പതിവ് പോലെ ഹാജര്‍ വെച്ചിട്ടുണ്ടായിരുന്നു (സിനിമ തുടങ്ങുമ്പോള്‍,ചുമ്മാ കിടന്നുറങ്ങുന്ന നായകനെ ആദ്യമായി കാണിക്കുമ്പോള്‍ ഇങ്ങനത്തെ അവസരങ്ങളില്‍ ഒക്കെ ചുമ്മാ കൂവുന്നവരെ വേറെ എന്താ വിളികേണ്ടത് എന്നറിയില്ല) പക്ഷെ സിനിമ തുടങ്ങി ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ സകലവനും സ്വമേധയാ എല്ലാം നിര്‍ത്തി മര്യാദക്ക് സിനിമ കണ്ടിരുന്നു എന്നതിന് കുറഞ്ഞ പക്ഷം ഞാന്‍ ദ്രിക്ക്സക്ഷിയാണ്.പാട്ടുകള്‍ നന്നായിട്ടുണ്ട്.

അപ്പോള്‍ രഞ്ജിത് തകര്‍ത്തു അല്ലെ?

സുപ്പര്‍ താരങ്ങളുടെ ബാധ്യത ഇല്ലെങ്കില്‍ തനിക്കും കാണുന്നവന്റെ കോമണ്‍സെന്സിനെ പരിഹസിക്കാത്ത തിരക്കഥ എഴുതി നല്ല സിനിമ സംവിധാനം ചെയ്യാം എന്ന് രഞ്ജിത് തെളിയിച്ച ചിത്രം.അതാണ്‌ ഇന്ത്യന്‍ റുപ്പി. അത് അങ്ങേര്‍ കൂടി ഒന്നു തിരിച്ചറിഞ്ഞാല്‍ അങ്ങേരില്‍ നിന്നും പുതിയ തലമുറയെ വെച്ച് (പ്രിഥ്വിരാജിന് പകരം ആസിഫ് അലിയായാലും ഞാന്‍ പടം കാണും .ഇഷ്ടപ്പെട്ടാല്‍ കൊള്ളാം എന്ന് തന്നെ പറയും) അങ്ങേരില്‍ നിന്നും കൂടുതല്‍ നല്ല പടങ്ങള്‍ പ്രതീക്ഷിക്കാന്‍ വകുപ്പുണ്ട്.അങ്ങനെ തന്നെ സംഭവിക്കട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു .
തന്‍റെ കഴിഞ്ഞ ചിത്രത്തിലേത് പോലെ കെട്ടുറപ്പില്ലാത്ത ഒരു തിരകഥയല്ല ഈ ചിത്രത്തിന് അദേഹം ഒരുക്കിയിരിക്കുന്നത്.എങ്കിലും ചില കാര്യങ്ങള്‍ എന്തിനായിരുന്നു എന്ന് എനിക്ക് മനസിലായില്ല .(ജഗതിയെ ആദ്യം കാണിക്കുന്ന രംഗത്ത് അദേഹം കുറെ നേരം സ്കൂട്ടര്‍ തിരിച്ചും വളച്ചും ഓടിക്കുന്നുണ്ട്.എന്താണ് അത് കൊണ്ട് പറയാന്‍ ഉദേശിക്കുന്നത് ? അച്യുതമേനോന്‍ മരിച്ചു കിടക്കുന്ന രംഗത്ത് ഗാന്ധിയെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തല സംഗീതം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവരു തമ്മില്‍ എന്താ ബന്ധം? രണ്‍ജിത്തിനു കാശുകാര്‍ ലയന്‍സ് ക്ലബ്ബില്‍ പോകുമ്പോള്‍ കോട്ട് മാത്രമാണ് ധരിക്കാറുള്ളതു എന്ന് പറഞ്ഞു കൊടുത്തവനെ നേരില്‍ കണ്ടെങ്കില്‍ രണ്ടു കൊടുക്കാമായിരുന്നു).ഇതു പോലുള്ളവ ഒക്കെ ഉണ്ടെങ്കിലും ഈ ചിത്രം എനിക്ക് ബോര്‍ അടിച്ചില്ല.തിരകഥകൃത്ത് എന്ന നിലയ്ക്ക് രഞ്ജിത് നന്നായ ചില നിമിഷങ്ങള്‍ ജെ പി ക്ക് കിട്ടുന്ന ആദ്യത്തെ ഇരുപത്തി അഞ്ചു ലക്ഷം രൂപ കറങ്ങി തിരിഞ്ഞു അത് കൊടുത്ത ഡോ ഷീല കോശിയുടെ (രേവതി) അടുത്ത് തന്നെ എത്തുന്ന രംഗം.സ്വന്തമായി ഒത്തിരി സാമ്പത്തിക പ്രാരാബ്ദങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും ഒരു ന്യായീകരണം അക്കാതെയുള്ള നായക കഥാപാത്ര സൃഷ്ട്ടി .അച്യുതമേനോന്‍ എന്ന ഗ്രേ (പൂര്‍ണമായും നല്ലതോ ചീത്തയോ എന്ന് പറയാനാവാത്ത) കഥാപാത്ര സൃഷ്ട്ടി എന്നിവയൊക്കെ മലയാള സിനിമയുടെ സ്ഥിരം പാത വിട്ടു സഞ്ചരിക്കുന്നവയാണ്.

ശരി അതൊക്കെ ഇരിക്കട്ടെ.ഈ ചിത്രത്തിലെ നായകന്‍ .. മലയാളികള്‍ ഏറ്റവും വെറുക്കുന്ന ശ്രീ പ്രിഥ്വിരാജ്.അദ്ദേഹം ഈ ചിത്രത്തില്‍ എങ്ങനെയുണ്ട്? ബോര്‍ ആയിരിക്കുമല്ലോ?

അനിയന്മാരെ ഈ ചിത്രം കാണുന്ന ആരും തന്നെ ആ നടനെ കുറ്റം പറയും എന്ന് തോന്നുന്നില്ല.ജെ പി എന്ന ഈ ചിത്രത്തിലെ കഥാപാത്രം ആവശ്യപ്പെടുന്നത് കൃത്യമായ് നല്‍കിയിട്ടുണ്ട് ഈ നടന്‍,ചില നിമിഷങ്ങള്‍ കൂടുതല്‍ നന്നായിട്ടുണ്ട് എന്നും തോന്നി.മറ്റൊരു നല്ല ചിത്രത്തിന്റെ ഭാഗം ആയതിന്‍റെ പേരില്‍ ഈ നടനു തീര്‍ച്ചയായും അഭിമാനിക്കാം.പ്രിഥ്വിരാജ് എന്ന നടന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ എണ്ണാം എന്നെനിക്കു തോന്നുന്നു

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ...

നല്ലൊരു ചിത്രം.ഇതു പോലെ നല്ല ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.രണ്ടു വൃദ്ധന്മാര്‍ക്കു പകരം ഒരായിരം നായകന്മാര്‍ വരട്ടെ.കാണികള്‍ ദൈവങ്ങള്‍ ആകുന്ന കാലം വരട്ടെ . അങ്ങനെ ഒരു കാലം ഒരു നാള്‍ വരും എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ട്ടം .

Sunday, October 2, 2011

മുറന്‍

അണ്ണാ എങ്ങോട്ടാ ? നിങ്ങള്‍ ഇന്നലെ കണ്ട ചിത്രത്തിന് ശേഷം അടുത്തകാലത്ത്‌ ഒന്നും സന്തോഷമായി പുറത്തിറങ്ങില്ല എന്നാണല്ലോ കരുതിയത്‌. മുഖത്ത് അകെ ഒരു സന്തോഷം ...?

പിന്നെ സന്തോഷം ഇല്ലാതെ. വേറൊരു പടം കണ്ടു അതോടെ അദ്ഭുതവീട് സോറി സ്നേഹവീട് കണ്ട വിഷമം തീര്‍ന്നു കിട്ടി.

അതിനു വേറെ ഏതു പടം അണ്ണാ?ഭാരതറുപ്പി ഇറങ്ങിയില്ലല്ലോ ?

അനിയ ഗതികെട്ട മലയാള സിനിമയുടെ കാര്യം തല്ക്കാലം വിടാം.തീരാറായ പഴയതും പുതിയതുമായ കുറെ സുപ്പറും അല്ലാത്തതുമായ താരങ്ങള്‍ ഇവരെ ചുറ്റിപറ്റി ഇത്തിള്‍ കണ്ണികളെ പോലെ ഔട്ട്‌ഡേറ്റഡ് എന്ന് പറയാവുന്ന കുറെ സംവിധായകരും നിര്‍മാതാക്കളും ഇവരൊക്കെ എന്ത് കാണിച്ചാലും ജയ് വിളിക്കുന്ന ആരാധകരും മാധ്യമങ്ങളും ഇതല്ലേ അനിയ മലയാള സിനിമ.ഞാന്‍ കണ്ടത് ഒരു തമിഴ് സിനിമയാണ് .മുറന്‍.

ഇതേതു പടം? ആരുടെ പടം? കേട്ടിട്ടില്ലല്ലോ ?

അത് കൊണ്ട് ആണെടെ ഈ പറയുന്നത്. പറ്റിയാല്‍ പൊയ് കാണു ഒരു നല്ല പടം കണ്ട സന്തോഷത്തില്‍ പടം കണ്ടിറങ്ങി വരാം.ഈ ചിത്രത്തിന്റെ സംവിധാനം പുതുമുഖമായ ശ്രീ രാജന്‍ മാധവ് ആണ് . എന്റെ കൂടെ പടം കാണാന്‍ വന്ന ശ്രീനി പറഞ്ഞ രണ്ട് കാര്യങ്ങള്‍ നിന്നോട് പറഞ്ഞേക്കാം ഇതൊന്നും ‌ ശരി അല്ലെങ്കില്‍ എന്നെ കൊല്ലാന്‍ വരരുത് . ശ്രീനി എന്നെ പോലെയല്ല ആളു ബുദ്ധിജീവിയും അന്താരാഷ്ട്ര ചിത്രങ്ങള്‍ ഒക്കെ കാണുന്നവനും ആണ് .

1 ഈ ചിത്രത്തിന്റെ സംവിധായകന്‍ മലയാളി ആണ്.അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്റെ മകനാണ് ആളു.മിഷ്കിന്‍ എന്ന സംവിധായകന്റെ സഹസംവിധായകന്‍ ആയി പ്രവര്‍ത്തിച്ച ആളാണ് കക്ഷി .

2.ഹിച്കോക്ക് പണ്ട് സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ (Strangers on a Train) ഇതിവൃത്തമാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.മലയാളിയുടെ ഭാഷയില്‍ അടിച്ചു മാറ്റിയത് ഹിച്കോക്കിന്‍റെ പടം ആണെന്ന് ചുരുക്കം.

ഓഹോ , അപ്പോള്‍ മോഷണമാണ് സാധനം .ഒര്‍ജിനാലിറ്റിയില്‍ നീന്തി തുടിക്കുന്ന ബ്ലെസ്സി മുതല്‍ സിബി മലയില്‍ വരെയുള്ള മലയാള സിനിമ കണ്ടു വളര്‍ന്ന ...

ഒന്നൂടി ആലോചിച്ചിട്ട് ആ വാചകം പൂര്‍ത്തിയാക്ക് മോനെ.

പോട്ടെ,മലയാളം സിനിമയെക്കുറിച്ച് കേട്ട് വളര്‍ന്ന ഞാന്‍ ഉത്പ്പെടുന്ന നിരൂപക സമൂഹം ഈ മോഷണം എങ്ങനെ ക്ഷമിക്കും അണ്ണാ ?

അനിയാ നില്‍ ആന്‍ഡ്‌ കേള്‍..ഈ ചിത്രം ഒരു ഇംഗ്ലീഷ് അടിച്ചു മാറ്റല്‍ ആണെങ്കില്‍ മലയാളത്തിലെ സംവിധായകര്‍ പുതുയുഗവും പഴയവരും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് മുറന്‍.കാരണം ,ഒരു വിദേശ ചിത്രത്തിന്‍റെ കഥയെ എങ്ങനെ വൃത്തിയായി ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അവതരിപ്പിക്കണം എന്നതിന് ഈ സിനിമ നല്ല ഒരു ഉദാഹരണമാണ്

അണ്ണാ അപ്പൊ പടം കൊള്ളാം എന്നാണോ ?

കൊള്ളാം എന്ന് ചുമ്മാ പറഞ്ഞാല്‍ പോരഡേ . നല്ല ഒരു ത്രില്ലര്‍ ആണ് സംഭവം

അപ്പൊ കഥ ?

കഥ പറയുന്നത് നിരൂപണ/ആസ്വാദക എത്തിക്ക്സിന് ചേരാത്തത് കൊണ്ട് എനിക്ക് വിലക്ക് വരുമോഡേ ?

പിന്നെ , നിങ്ങളെ വിലക്കാന്‍ നിങ്ങളാരു ന്യൂ ജനറേഷന്‍ നടിയോ ? ചുമ്മാ പറയണം അണ്ണാ .

നീ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ലല്ലോ ചെല്ലാ . ദാ പിടിച്ചോ കഥ . നന്ദ (ചേരന്‍) എന്നാ പരസ്യ ചിത്രങ്ങളുടെ സംഗീത സംവിടായകന്‍ , അയാള്‍ക്ക് ലഭിക്കുന്ന ആദ്യ സിനിമ ഓഫറിന്‍റെ ചര്‍ച്ചകള്‍ക്കിടയിലാണ് അര്‍ജുനെ (പ്രസന്ന) ആദ്യമായി കാണുന്നത് .ഒറ്റ നോട്ടത്തില്‍ തന്നെ കാശുകാരനായ മുഴുക്കുടിയനും,വട്ടനും ആണെന്ന് തോന്നിപ്പിക്കുന്ന ഒരാളാണ് അര്‍ജുന്‍.സാഹചര്യങ്ങള്‍ സിനിമാ ചര്‍ച്ചകള്‍ക്ക് ശേഷം ചെന്നയിലെക്കുള്ള നന്ദയുടെ മടക്കയാത്ര തികച്ചും യദ്രിചികമായി അര്‍ജുനു ഒപ്പമാക്കുന്നു . ത്രില്ലുകള്‍ക്കായി കൊച്ചു കൊച്ചു സാഹസങ്ങള്‍ മുതല്‍ മരണക്കളികള്‍ വരെ ചെയ്യുന്ന അര്‍ജുന്‍,ആ യാത്രക്കിടയില്‍ സ്വതവേ പാവമായ നന്ദയുമായി സൌഹൃദത്തിലാകുന്നു. മാത്രമല്ല അര്‍ജുന്റെ ത്രിലുകളില്‍ ഇടയ്ക്കിടെ നന്ദയും ആ യാത്രക്കിടെ പങ്കാളിയാകുന്നുണ്ട് . അസംതൃപ്തമായ ദാമ്പത്യ ജീവിതം നയിക്കുകയും, ഭാര്യ (നിഖിത ) ഒരിക്കലും വിവാഹമോചനം നല്‍കാത്ത തരത്തില്‍ , മറ്റൊരു യുവതിയോടുള്ള (ഹരിപ്രിയ) മൌനാനുരാഗം ഉള്ളില്‍ ഒതുക്കി,തന്നെക്കാള്‍ പരിഷ്കാരിയായ, വിദ്യാഭ്യാസം ഉള്ള സുന്ദരിയായ ഭാര്യയുടെ ആടും തുപ്പുമേറ്റ് ജീവിക്കേണ്ടി വരുന്ന നന്ദയും,സ്വന്തം പിതാവിന്റെ (ജയപ്രകാശ്) ക്രൂരതയില്‍ ജീവിതം തകര്‍ന്ന അര്‍ജുനും അവരവരുടെ കഥകള്‍,ആ യാത്രക്കിടെ പരസ്പരം പറയുന്നു. രസകരമായ ആ യാത്രക്ക് ഒടുവില്‍ നന്ദയുടെ ഭാര്യ,സ്വന്തം പിതാവ് എന്നിവരെക്കൊണ്ട് ഉള്ള പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഒരു പരിഹാരം അര്‍ജുന്‍ നന്ദയ്ക്ക് മുന്നില്‍ വെയ്ക്കുന്നു,അത് കേട്ടയുടന്‍ നന്ദ അര്‍ജുനു വട്ടാണ് എന്ന് പറഞ്ഞിട്ട് അയാളുമായി പിരിയുന്നു. പക്ഷെ ഏതാനം മാസങ്ങല്‍ക്കുല്‍ നടക്കുന്ന ഒരു അപകട മരണം നന്ദയുടെ മുന്നില്‍ അര്‍ജുനെ വീണ്ടും കൊണ്ട് വരുന്നു.തുടര്‍ന്ന് അങ്ങോട്ട്‌ പടത്തില്‍ മുഴുവന്‍ ത്രില്ലുകളും ,സസ്പെന്‍സും,ട്വിസ്റ്റുകളും ആണ്. മുഴുവന്‍ പറഞ്ഞാല്‍ , ഈ പടം കാണാന്‍ നിനക്ക് ഉദ്ദേശമുണ്ടെങ്കില്‍ അതിന്റെ രസം പോകും,

അതെന്താ ,നിങ്ങള്‍ മലയാളം സുപ്പര്‍ താരങ്ങളുടെ സിനിമയുടെ കഥ മാത്രമേ മുഴുവന്‍ വള്ളി പുള്ളി വിടാതെ പറയു?

ഡേ , സ്നേഹവീട് പോലുള്ള സുപ്പര്‍താര ,കുടുമ്പ വധങ്ങളാണ് നീ ഉദ്ദേശിച്ചതെങ്കില്‍ , തുടങ്ങും മുന്‍പേ എങ്ങനെ തീരും എന്ന് അറിയാവുന്ന , ഒരു ലോജിക്കും ഇല്ലാത്ത കഥകളും , കൊള്ളാവുന്ന രീതിയില്‍ ഉള്ള ഒരു ത്രില്ലറിന്റെ കഥയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാനുള്ള സാമാന്യബോധം എനിക്ക് സ്വല്‍പ്പം കൂടുതല്‍ ഉണ്ടെന്നു കൂട്ടിക്കോ .

ഓ , ശരി ശരി ...നിങ്ങള്‍ ഈ പടത്തിന്റെ ബാക്കി കാര്യങ്ങള്‍ പറ. അഭിനയം ,സംവിധാനം , ആര്‍ട്ട് ,ലൈറ്റ് ,ക്യാമറ , വസ്ത്രാലങ്കാരം ....

ഡേ ,ഡേ ...സംവിധാനം ,അഭിനയം ഇതിനെക്കുറിച്ച്‌ പറയാം . ബാക്കി ഒന്നും അറിയാതെ നീ അമ്പതു രൂപ മുടക്കില്ലെങ്കില്‍ വേണ്ട.

ശരി ...ഒള്ളതാവട്ടെ .ബാക്കി ഞാന്‍ എവിടുന്നെങ്കിലും അടിച്ചുമാറ്റി കാച്ചാം

സംവിധായകന്‍ രാജന്‍ മാധവ് ആണ് ഈ പടത്തിലെ ശരിക്കുള്ള സ്റാര്‍ എന്ന് പറയാം.ഒരു മിനുട്ട് പോലും കണ്ടിരിക്കുന്നവരെ ബോറടിപ്പിക്കാതെ നല്ലൊരു ത്രില്ലര്‍ ഒരുക്കിയതിന് അങ്ങേര്‍ക്കു ഫുള്‍മാര്‍ക്ക്

മാര്‍ക്കിടാന്‍ ഞങ്ങള്‍ പ്രൊഫഷണല്‍ നിരൂവികള്‍ ഇവിടെ ഉണ്ടെന്ന് മറക്കരുത്

ഇല്ലെടാ ചെല്ലാ , അണ്ണനോട് ഒന്ന് ക്ഷമി .

ഉം ...ബാക്കി ?


അപ്പൊ സംവിധാനത്തിന് ഒരു ഏഴര , എട്ടേമുക്കാലര ഒക്കെ കൊടുക്കാം അല്ലെ ?

ചവുട്ടിക്കൂട്ടി കായലില്‍ കളയും നിന്നെ ഞാന്‍.ഇത്രയും വൃത്തിയുള്ള ഒരു സിനിമ ഒരു പുതുമുഖ സംവിധായകന്‍ എടുക്കുമ്പോള്‍ സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന്‍ അയാള്‍ക്ക്‌ നല്ല ഹൃദയം നിറഞ്ഞ കയ്യടിയും , ഫുള്‍ മാര്‍ക്കും കൊടുക്കും .

നിങ്ങള്‍ ചൂടാവാതെ . ബാക്കി പറ ...അഭിനയം ?

ചേരന്‍ ,പ്രസന്ന എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് . വെണ്ണയും , ചോക്കും തമ്മിലുള്ള വൈരുധ്യം സ്വഭാവത്തിലുള്ള നന്ദ , അര്‍ജുന്‍ എന്നീ കഥാപാത്രങ്ങളെ ചേരനും ,പ്രസന്നയും മനോഹരമാക്കിയിട്ടുണ്ട് .ഒപ്പം ചേരന്റെ ഭാര്യ ഇന്ദുവായി നിഖിത ,കാമുകി ലാവണ്യയായി ഹരിപ്രിയ , അര്‍ജുന്റെ കാമുകി ലിണ്ടയായി സുമ ഭട്ടാചാര്യ , അര്‍ജുന്റെ അച്ഛനായി ജയപ്രകാശ് , ഇന്ദുവിന്റെ ബന്ധുവായ പോലീസുകാരനായി അഭിനയിച്ച നടന്‍ (പേര് അറിയില്ല ) ഇവരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിട്ടുണ്ട്

അണ്ണാ കഥാ തിരക്കഥ...അത് കൂടിയില്ലെങ്കില്‍ ഒരു ഫിനിഷ് ഇല്ല . അത് കൊണ്ടാണ് .പ്ലീസ്.

ഇത് രണ്ടും രാജന്‍ മാധവ് തന്നെ.നല്ല ഒരു ത്രില്ലര്‍ , ആ വേഗത്തിലും മുറുക്കത്തിലും അങ്ങേര്‍ അവതരിപ്പിച്ചിട്ടുണ്ട് .ആവശ്യമില്ലാത്ത ഒരു കഥാപാത്രം പോലുമില്ലാതെ. ഒരു ത്രില്ലര്‍ സിനിമയില്‍ സീരിയസ്സായ രംഗങ്ങള്‍ നടക്കുന്നതിനിടെ സ്വാഭാവികമായ കഥാപാത്രങ്ങളുടെ പെരുമാറ്റം കാണികള്‍ സ്വാഭാവികമായ ചിരി ഉണര്‍ത്തുക,ലോജിക്കിന് പ്രശ്നമൊന്നും തോന്നിക്കാതെ നല്ല രീതിയില്‍ തന്നെ കഥ പറഞ്ഞു അവസാനിപ്പിക്കുക എന്നീ കാര്യങ്ങളും ഈ സിനിമയില്‍ കാണാം .

ക്യാമറ,എഡിറ്റിംഗ് ഇതൊക്കെ ശരാശരി എന്ന് കാച്ചട്ടോ ?

നിന്നെ ഞാന്‍ മിക്കവാറും കാച്ചും.എടാ നീ പറഞ്ഞ ഈ രണ്ടു കോപ്പുകളും പടത്തിന്റെ മൂഡിനെ നല്ലത് പോലെ സഹായിക്കുന്നുണ്ട് .ഇനി കിണ്ടി കിണ്ടി ലൈറ്റിങ്ങും ,മേക്കപ്പും , ഫിനാസ് കണ്ട്രോളും ഒക്കെ നീ ചോദിച്ചാല്‍ നിന്റെ അവസാനമാണ്

അതൊന്നും വേണ്ട .ഇനി ചുരുക്കത്തില്‍ ഉള്ള വാചകം കൂടി കിട്ടിയാല്‍ എനിക്ക് പോയി പണി തുടങ്ങാം ...

നല്ല വേഗത്തിലുള്ള,കണ്ടിരിക്കുന്നവനില്‍ അവസാന നിമിഷം വരെ ആകാംഷ ഉണര്‍ത്തുന്ന ഒരു ചിത്രം,അതാണ്‌ മുറന്‍.