Sunday, June 30, 2013

ഗോഡ് ഫോർ സെയിൽ (വൻപിച്ച ആദായ വില്പ്പന !!!)


മുംബൈ മാർച്ച്‌ 12 , ലിസ്സമ്മയുടെ വീട്  എന്നീ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾക്ക് ശേഷം ഇതാ  ഒരിക്കൽ  കൂടി മലയാള സിനിമയുടെ പൊന്നോമന പുത്രൻ, തേങ്ങുന്ന മലയാള മനസ്സിന്റെ  മനസ പുത്രൻ , മലയാളത്തിന്റെ സ്വന്തം ബാബു ജനാർദ്ദനൻ .ഒപ്പം മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബനും പോരെങ്കിൽ ടിനി ടോം , സുരാജ് ,അനുമോൾ , ജ്യോതി കൃഷ്ണ,തിലകൻ ,മാള അരവിന്ദൻ , കൊച്ചു പ്രേമൻ......

അനിയാ അടങ്ങെഡേ ...  ഇതെന്നാ പറ്റി  നിനക്ക് ?

ഇല്ല അണ്ണാ മലയാള സമൂഹത്തെ ഇന്ന് കാർന്നു തിന്നുന്ന, മലയാളി സമൂഹത്തിന്റെ നേർ കാഴ്ച ആയ ഒരു സാമൂഹ്യ വിപത്തിനെ പറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംവിധായകൻ തുറന്നടിക്കുമ്പോൾ  ഒരു സാമൂഹ്യ പ്രതിബദ്ധത ഉള്ള പൌരൻ എന്ന നിലയ്ക്ക് വെറുതെ ഇരിക്കാനോ ? നെവർ .ജയ് ജവാൻ ജയ് കിസാൻ ...ലോകചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കപട സന്യാസിയുടെ കഥ പറയുന്ന ഈ ചിത്രം തീർച്ചയായും മലയാളികള് സ്വീകരികേണ്ടാതാണ് .

അയ്യോ അത് മറന്നു . ഇപ്പോൾ വന്നു വന്നു മലയാളി എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കരുത് എന്ന് തീരുമാനിക്കുന്നത്‌ അവനവൻ  അല്ലല്ലോ അല്ലേ ?   സ്വീകരിക്കാം അല്ലേ

എന്നാണ് അവസാനം കിട്ടിയ വിവരം.  ബൈ ദ  വേ അണ്ണൻ എഴുതി തന്ന  ലെഫ്റ്റ് റൈറ്റ് സംഗതി കാള കൂടം പത്രത്തിന്റെ ഗേറ്റ് കടക്കുന്നതിനു മുൻപ് തന്നെ ചില അജ്ഞാതർ പിടിച്ചു വാങ്ങി കീറി കളഞ്ഞു പകരം അവർ തന്ന സംഗതിയാ  ഇട്ടത് . അല്ലെങ്കിൽ പിന്നെ ഭവിഷ്യത്ത് ഞാൻ തന്നെ അനുഭവിച്ചു കൊള്ളണം പോലും

അനിയാ ഇതു , ഇതു മാത്രമല്ലേ ആ ചിത്രത്തിൽ കൈതേരി സഹദേവനും പറയുന്നുള്ളൂ .അതിരിക്കട്ടെ നീ  പറയാതെ തന്നെ  ഇതിലേക്ക് വരാം .ഈ ലോകചരിത്രത്തിൽ ആദ്യമായി കപട സന്യാസി എന്നത് വയറ്റിൽ പിഴപ്പിന്റെ ഭാഗമായി പറയുന്നതായി ഞാനങ്ങ് കണ്ടു . അതിരിക്കട്ടെ എന്താണ് അനിയാ ഈ കപട സന്യാസി ?

അതിപ്പോൾ ....

അനിയാ ഈ പടത്തിന്റെ തലകെട്ട് സത്യമാണ് ദൈവം അഥവാ മത വിശ്വാസം അത് ഏതു മതത്തിന്റെ ആയാലും എന്ന് അത് നന്നായി വിറ്റു  പോകുന്ന ചരക്കാണ്‌ .ഉദാരവൽക്കരണത്തിന്റെ ഇന്നത്തെ കാലത്ത് നന്നായി വിട്ടു പോകുന്ന ഏതു ചരക്കിനും ഇവിടെ ഉത്പാദകർ അഥവാ സപ്പ്ലയേർസ് ഉണ്ടാകുമല്ലോ .

അപ്പോൾ അണ്ണൻ ഈ കപട സന്യാസിമാരുടെയും മനുഷ്യ ദൈവങ്ങളുടെയും ഒക്കെ ആളാണ് അല്ലേ ?

അനിയാ പോട്ട ധ്യാന കേന്ദ്രം മുതൽ അമൃതാനന്ദമയിയോ സായിബാബയോ വരെയുള്ള ഒരിടത്തും ഞാൻ ഇന്നേ വരെ പോയിട്ടില്ല .പക്ഷെ ഈ സ്ഥലങ്ങളിൽ ഒക്കെ പോയി മനസമാധാനം നേടുന്ന ഒത്തിരിപ്പേരെ എനിക്കറിയാം ,അവരിൽ  ഒരാൾക്കു പോലും മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ അഥവാ വ്യക്തികളിൽ നിന്ന് കിട്ടുന്ന സമാധാനം എനിക്ക്  കൊടുക്കാൻ കഴിയില്ല എന്നിരിക്കെ  അവരെയൊക്കെ കുറ്റം പറയുന്നതിൽ ഒരു അർഥവും  ഞാൻ കാണുന്നില്ല .ഇനി ഇവർ  ആരെങ്കിലും നിയമം കുറ്റമാണ് എന്ന് പറയുന്ന എന്തെങ്കിലും ചെയ്താൽ ഇവരൊക്കെ എത്ര ജനസ്വാധീനം ഉള്ളവർ ആയാലും അവരെ  ശിക്ഷിക്കാൻ ശക്തിയുള്ള  നിയമവ്യവസ്ഥ കൂടി ഉണ്ടെങ്കിൽ ഒരു പൌരൻ എന്ന നിലയിൽ  ഞാൻ ഹാപ്പി .പിന്നെ എന്ത് കൊണ്ട് കപട സന്യാസിമാർ മാത്രം ഉണ്ടാകുന്നു അഥവാ എന്ത് കൊണ്ട് കപട അധ്യാപകരോ , കപട പോലീസുകാരോ ഉണ്ടാകുന്നില്ല എന്നതും ചിന്തനീയമല്ലേ അനിയാ ?

അങ്ങനെ അങ്ങ് പറഞ്ഞാലോ ഇവിടെ കപട സന്യാസികളുടെ തട്ടിപ്പിന് ഇരയാകുന്ന എത്ര കഥകൾ നമ്മൾ ദിവസവും വായിക്കുന്നു ....

അനിയാ സ്വന്തം ഉല്പ്പന്നം നടക്കാത്ത കാര്യങ്ങൾ ചെയും എന്ന് പരസ്യപ്പെടുതുന്നതിനു ഒരു വിധ വിലക്കും ഇല്ലാത്ത ഒരു നാടാണ്‌ നമ്മുടെ. കലക്കി കൊടുത്താൽ  ഉയരവും ബുദ്ധിയും വർധിക്കും എന്ന്  ഡോക്റ്റർ വേഷധാരി നമ്മോടു പറയുന്ന  പരസ്യം തുടങ്ങി വൈകിട്ട്  പരിപാടി നാലഞ്ച് സോഡാ  അടിക്കുന്നതാണ് എന്ന് പറയുന്ന താരം വരെ ചെയുന്നത് മറ്റൊന്നല്ല .ഭക്തി അടക്കം മേൽപ്പറഞ്ഞ  ഏതു കാര്യം ആയാലും സ്വന്തം   തല ഉപയോഗിക്കാതെ ഇവരൊക്കെ പറയുന്നതു    തൊടാതെ വിഴുങ്ങുന്നവരെ വേണ്ടേ പറയാൻ.

അപ്പോൾ അണ്ണൻ പറയുന്നത് ഇതൊന്നും എതിർക്കണ്ട എന്നാണോ ?

അതൊക്കെ അവരവരുടെ ഇഷ്ട്ടം .പക്ഷെ  ഈ കാലത്ത്  ഇതു പോലെയുള്ള   ഏതൊരു സാധനതിനെതിരെയും  വരുന്ന എതിർപ്പുകൾക്ക്  പിന്നിൽ  കുറച്ചു കൂടി സൂത്രശാലിയായ , കുറെ  കൂടി  വലിയൊരു  കച്ചവടക്കാരനെ സൂക്ഷിച്ചു  നോക്കിയാൽ കാണാം .വ്യാജ സി ഡി എന്ന് പറഞ്ഞു നാട്ടിലെ വീഡിയോ ലൈബ്രറികൾ  പൂട്ടിച്ചപ്പോൾ ശശി ആയതു പത്തു രൂപ കൊടുത്തു കണ്ടിരുന്ന സി ഡി , ഇന്നു നൂറു രൂപയ്ക്കടുത്തു കൊടുത്തു വാങ്ങുന്ന പൊതു ജനം തന്നെ അല്ലേ ? വിജയിച്ചതോ മോസർ ബെയർ എന്ന മിടുക്കനും 

അല്ല ഇതെന്തോന്ന്  സാമൂഹ്യ വിമർശനമോ ? അണ്ണാ  ഈ സിനിമയെ പറ്റി ?

അനിയാ ബാബു ജനാർദ്ദനൻ  തിരകഥകൃത്ത്  കം  സംവിധായകനെ കുറിച്ച് പറഞ്ഞാൽ  ഇതു വരെ ഉള്ള അദ്ദേഹത്തിന്റെ  പരിശോധിച്ചാൽ എനിക്ക്  വ്യക്തിപരമായ   അഭിപ്രായം ഇതാണ് . അദ്ദേഹത്തിന്  ആകെ  അറിയാവുന്ന പണി, തന്റെ  സിനിമ എങ്ങനെ ആയിരിക്കണം എന്ന്  വ്യക്തമായി ബോധമുള്ള  സംവിധായകർക്ക്  ഒരു വിധം   നന്നായി തിരകഥ ശരിയാക്കികൊടുക്കുക  എന്നതാണ് .അത്രയും മാത്രം അറിയാവുന്ന അവസ്ഥയിൽ  ഉള്ള അദ്ദേഹം സംവിധാനം  കൂടി ചെയ്യുമ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക , പണ്ടേ ദുർബല പോരാത്തതിനു ഗർഭിണിയും തുടങ്ങിയ പഴഞ്ചൊല്ലുകൾ   വരുന്നത് സ്വഭാവികം 

അല്ല  ഈ സിനിമ ....

അനിയാ സംവിധാനം എന്താണ് എന്ന് അറിയാവുന്ന വല്ലവരുടെയും കൈയ്യിൽ കിട്ടിയാൽ തകർപ്പൻ  ആക്കേണ്ട ഒരു ത്രെഡ്  എടുത്തു അന്തവും കുന്തവും ഇല്ലാത്ത പരുവത്തിൽ എടുത്തു വെച്ച  ഈ കലാ രൂപത്തെ പറ്റി എന്ത് പറയാൻ ?ചിത്രം തുടങ്ങുന്നത്  എന്തൊക്കെയോ സംഭവം നടക്കാൻ പോകുന്നു എന്ന രീതിയിലാണ്‌ .ഒരു കുട്ടിയെ ദൈവപ്രീതിക്കായി ബലികൊടുത്തു  കൊന്ന കേസിൽ  പ്രശസ്ത സന്യാസി പൂർണ്ണാനന്ദയെ (കുഞ്ചാക്കോ ബോബൻ ) അറസ്റ്റ് ചെയ്യാനുള്ള ഡി വൈ എഫ് ഐ ക്കാരുടെ സമരത്തിന്‌ നടുവിലേക്കാണ്  സിനിമ തുടങ്ങുന്നത്. റിമാൻഡിൽ ആയ , ചോദ്യം ചെയ്യലിന്റെ ഭാഗമായി ,നാർക്കോ അനാലിസിസിനിടയിൽ സ്വന്തം ജീവിതകഥ പറയുന്ന പ്രസന്നൻ നായർ എന്ന പൂർണ്ണാനന്ദയിലൂടെയാണ്  കഥ വികസിക്കുന്നത് .ചില ഭാഗങ്ങൾ ഇയാളുടെ ചേട്ടൻ മോഹനൻ (സുരാജ് ) പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട് .

ഒരു കുട്ടിയെ ബലി കൊടുതതുമായി ബന്ധപ്പെട്ടാണ്  പൂർണ്ണാനന്ദയെ പോലീസ്  അറസ്റ്റ്  ചെയ്തു  ചോദ്യം ചെയ്യുന്നത് . എന്നാൽ ആ സംഭവത്തെ പറ്റി  ആകെ പറയുന്നത്  രണ്ടു വാചകം മാത്രം .കുറച്ചു കഴിയുമ്പോൾ കാണികൾക്ക് ഈ പോലീസുകാർ ഇയാളെ കുറിച്ച് ഡോക്യു മെൻന്ററി  വല്ലതും എടുക്കാൻ വന്നതാണോ  എന്ന് തോന്നുന്ന രീതിയിലാണ്‌  സിനിമ പുരോഗമിക്കുന്നത് .

അല്ല അതിപ്പോൾ കഥ പറയാൻ ഉള്ള ഒരു രീതി എന്ന നിലയിൽ കണ്ടാൽ .....

അനിയാ  എന്തിനും  ഒരു മര്യാദ വേണ്ടേ ?. ഉദാഹരണമായി "കുട്ടിക്കാലത്ത് അച്ഛൻ തൂങ്ങി നില്ക്കുന്നത് കണ്ടപ്പോൾ എന്താണ് തോന്നിയത് സാറ് ചോദിച്ചത് കേട്ടില്ലേ പ്രസന്നൻ ഉത്തരം പറയണം " എന്ന് രഞ്ജിനി  ഹരിദാസ് മോഡലിൽ ഒരു പെങ്കൊച്ചു ചോദിക്കുന്നു എന്ന് വിചാരിക്കുക മനസ്സിൽ മുതിർന്ന ഒരാൾ ചെയ്ത ഒരു കൊലപാതകത്തെ കുറിച്ചുള്ള ചോദ്യം ചെയ്യൽ ആണോ അതോ എന്തോ ടി വി പരിപാടി ആണോ ഓർമ്മ  വരുക? ഇനി നായകന്റെ ജീവിതത്തിലേക്ക് നോക്കിയാൽ കഥ പറഞ്ഞു തീരുന്നതിനു 5 മിനിട്ടു മുൻപാണ്‌ ഒരു പ്രകോപനവും  ഇല്ലാതെ ഇദ്ദേഹം സന്യാസി ആകുന്നത്‌ . അതിനു മുൻപ് ആദ്യം അദ്ദേഹം ആർ എസ്സ്  എസ്സ് കാരനായിരുന്നു പിന്നീടു ലോ പഠിക്കാൻ പോകുമ്പോൾ സുഹൃത്തുക്കളായ സഖാക്കളുടെ കൂടെ കൂടി ഇടതുപക്ഷ പ്രവർത്തകനാകുന്നു . അതിനു ശേഷം  ക്രിസ്തുമത വിശ്വാസിയായ  (അനുഭാവിയായ എന്ന് പറയുന്നതാണ് ശരി ) സോമൻ മുതലാളിയുടെ മകളെ കല്യാണം കഴിച്ചു സമ്പന്നനായി ജീവിക്കുന്നു അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞു  അദ്ദേഹം ഒരു ക്രിസ്തു മത കേന്ദ്രത്തിൽ വചനം പറയുന്ന (മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മാർക്കെട്ടിംഗ് എക്സിക്യുട്ടിവ് ) ആയി പ്രവർത്തിക്കുന്നു .പിന്നീടു പ്രവർത്തനം തുടർന്ന് കൊണ്ട് തന്നെ  ഭാര്യയുമായി യോജിക്കുന്നു എങ്കിലും കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത തനിക്കു കുട്ടിയുണ്ടായത്‌ ദൈവ അനുഗ്രഹം ഒന്നും കൊണ്ടല്ല മറിച്ച്  വേറെ ആരോ കാരണം ആണ് എന്നു അറിയുന്നതോടെ എല്ലാം ഉപേക്ഷിച്ചു സമനില തെറ്റി ഇങ്ങേർ പോയി സ്വാമി ആകുന്നു .കഥ ഇന്നിലേക്ക്‌ വരുന്നു . ഡപ്പേന്നു  തീരുന്നു .ജനം ഇളിഭ്യരായി പുറത്തേക്കു.

അയ്യോ ... ഇതെന്തോന്ന്  സെയിൽ .....

ഈ സിനിമയിൽ നോക്കിയാൽ അവസാന അഞ്ചു മിനിട്ട് വരെ നായകൻ  ചെയ്യുന്നതെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെയാണ്.  സ്വാമി ആയതിനെ പറ്റി  പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല പിന്നെ ഇതെങ്ങനെ ഇവർ  തന്നെ പരസ്യത്തിൽ പറയുന്ന പോലെ ഒരു കപട സന്യാസിയുടെ കഥയാകും ?

ശരി  അഭിനയം ..

അതല്ലേ കഷ്ട്ടം .. കുഞ്ചാക്കോ ബോബൻ , സുരാജ്  എന്നിവർ  വളരെ നന്നായി അവരവരുടെ വേഷങ്ങൾ ചെയ്തു എന്നതാണ് സത്യം .(എന്ത് കാര്യം വാലും തലയും ഇല്ലാത്ത ഒരു ചിത്രത്തിൽ ആയി പോയത് കഷ്ട്ടമായി പോയി എന്ന് മാത്രം ). നായകന്റെ  പൂർവ കാമുകി ആയി അഭിനയിച്ച ജ്യോതി കൃഷ്ണയും ഭേദപ്പെട്ട അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത് . ബാക്കി എല്ലാരും ചിത്രത്തിന്റെ പൊതു സ്വഭാവത്തിന് ഒത്തു പോകുന്നു  (കണക്കാണ് എന്ന് ചുരുക്കം ) .

പിന്നെ മുംബായ്‌ ... എന്ന ചിത്രത്തിലേത് പോലെ അമ്പലത്തിലെ ഉത്സവത്തിന്‌  തിരുവാതിര കളിക്കുന്ന മുക്രിയുടെ മകളിൽ നിന്ന് മതേതരത്വം ക്ഷേത്രത്തിൽ നടക്കുന്ന  അയ്യപ്പൻ പാട്ട്  ഭക്ത ജനങ്ങളുടെ  മുൻനിരയിൽ നിന്ന് ആസ്വദിക്കുന്ന മുസ്ലിം വേഷധാരിയിലേക്ക് മാറിയിട്ടുണ്ട് .

അണ്ണാ നിങ്ങൾക്ക്  അല്ലേലും ഈ മത സൗഹാർദത്തെ  ഭയങ്കര പുഛമാണല്ലോ അല്ലേ ?

പൊന്നു സുഹൃത്തേ ഇവിടെ പണ്ട് മത സൌഹാർദം നില നിന്നിരുന്ന കാലത്ത് ഉണ്ടായിരുന്നതും ഇന്ന് ഇല്ലാത്തതുമായ ഒരേ ഒരു സംഗതി പരസ്പര ബഹുമാനം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു .നിന്റേതു പോലെ നിന്റെ സഹോദരന്റെ വിശ്വാസവും മഹത്തരവും ബഹുമാനിക്കപ്പെടെണ്ടതും ആണ് എന്ന് എല്ലാ മതങ്ങളും/വിശ്വാസങ്ങളും പഠിപ്പിക്കുന്ന അഥവാ ഓരോ വിശ്വാസിയും മനസ്സിലാക്കുന്ന  കാലത്ത് എനിക്കും നിങ്ങൾക്കും സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങാം എന്നുമാണ് ഞാൻ വിശ്വസിക്കുന്നത് .സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം രംഗങ്ങൾ ചിരി ഉണർ ത്തുക മാത്രമേ ഉള്ളു.പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ ഇന്നു ഈ  കച്ചവടം  കുറവ്  മുസ്ലിം സമുദായത്തിൽ തന്നെയാണ് .പിന്നെ  വിശ്വസികൾക്ക്  ഒക്കെ വിദ്യാഭാസം ഒക്കെ കൂടിയത്   കൊണ്ടാകണം ഇത്തരം ശ്രമങ്ങൾ  അവിടെയും മുള   പൊട്ടുന്നുണ്ട് .വൈകാതെ  ഇതര സമുദായങ്ങളുടെ തോളോട് തോൾ ചേർന്ന്  അവരും നീങ്ങും എന്ന് പ്രതീക്ഷിക്കാം 

ചുരുക്കത്തിൽ ....

മനുഷ്യൻ അറിയുന്ന  ചെയ്തു ജീവിച്ചില്ല എങ്കിൽ ഇങ്ങനെ പലതും മലയാള സിനിമ പ്രേക്ഷകർക്ക്‌ അനുഭവിക്കേണ്ടി വരും എന്നത് തന്നെ 

Saturday, June 22, 2013

ABCD (ഉസ്താദ്‌ ഹോട്ടൽ 2 !!!)


 ABCD ......

എന്ന്   വെച്ചാൽ ...? അണ്ണൻ  ഇംഗ്ലീഷിൽ ബ്ലോഗാൻ  തീരുമാനിച്ചോ ?

അനിയാ  നീ രാവിലെ എന്റെ വായിൽ  നിന്ന് കേൾക്കരുത്‌ . പിന്നെ ഒന്നോർത്താൽ അതാ ഭേദം . അതിരിക്കട്ടെ എപ്പോൾ പറഞ്ഞത് അമേരിക്കൻ ബോണ്‍ കണ്‍ഫ്യുസ്ഡഡ്  ദേശി സുരുക്കമാ ABCD .

ഓ.....  പിടി കിട്ടി  മലയാള യുവ മധ്യ  മുതു തലമുറകൾക്ക് ഒരു പോലെ ഹരമായ ചലുമോൻ വീണ്ടും ഒപ്പം യുവ സംവിധായകനായ മാർട്ടിൻ പ്രക്കാട്‌ (ബെസ്റ്റ് ആക്ടർ ) എത്തുമ്പോൾ പതിവ് പോലെ പാവം മലയാളികളുടെ പ്രതീക്ഷകൾ പതിവ് പോലെ വാനോളം ഉയര്ന്നു നില്ക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു.

പോരല്ലോ .....

ഇതു മാത്രമല്ല അക്കര കാഴ്ചകൾ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗ്രിഗറി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ജേക്കബ്‌ ഗ്രിഗറി ഈ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെ എത്തുന്നു .(ഇനി അങ്ങേരു വേറെ വല്ല പടത്തിലും അഭിനയിച്ചു എങ്കിൽ ദയവായി കൊല്ലരുത് എന്നെ പ്ലീസ് ...) ഇതൊന്നും പോര എങ്കിൽ പുതുമുഖ നായിക അപർണ്ണ  ഗോപിനാഥ് .പോരാത്തതിനു അമേരിക്കയിൽ ജനിച്ചു വളർന്ന ഒരു തലമുറയുടെ കദന കഥ.സംഗീതം ഗോപി സുന്ദർ (ഒരൽപം മുൻപ് രതീഷ്‌ വേഗ ആയിരുന്നല്ലോ താരം !!)  .ഇത്രയോക്കെയെ പറ്റു .

അണ്ണാ ഒരു കാര്യം കൂടി നിങ്ങളുടെ ഈ സുരാജ് മോഡൽ തള്ളേ തന്നേ ഈ ജാതി പരിപാടി ഇനി നടക്കത്തില്ല .സ്വല്പ്പം ബൗധികം കൂടി ഇടാതെ കറിയാച്ചൻ എന്നെ അങ്ങോട്ട്‌ കേട്ടതില്ല പ്ലീസ് ....

അനിയാ സമൂഹ്യപരമായി ചിന്തിച്ചാൽ അമേരിക്കൻ മലയാളികൾ ഈ പഴയ മുകുന്ദൻ  കഥാപാത്രങ്ങളെ പോലെ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്നവർ ആണെന്ന്  പോലും പലപ്പോഴും തോന്നിയിട്ടുണ്ട് .ഇവരെ തുടക്കത്തിൽ ഗൾഫ്‌ മലയാളികളെ പോലെയാണ് ആദ്യം ഇവിടുത്തെ മലയാളികൾ കണ്ടിരുന്നത്‌ .എന്നാൽ വൈകാതെ കുറച്ചു ചോക്കളേറ്റുകൾക്കും, അമേരിക്കൻ വിശേഷങ്ങൾക്കും, ഫോട്ടോകൾക്കും അപ്പുറം ഒന്നും ഒന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കണ്ട(ഗൾഫ് മലയാളിക്ക് മുന്നിൽ വിസ കിട്ടാനുള്ള വഴി എന്ന പ്രഭാവലയം വളരെക്കാലം ഉണ്ടായിരുന്നല്ലോ ) എന്ന് മനസിലായപ്പോൾ ഇവർക്കുള്ള താര  പദവി ഇടിഞ്ഞു .കൂനിന്മേൽ കുരു എന്ന പോലെ മലയാളി സോഫ്റ്റ്‌വെയർ കൂലിപണിക്കായി മീശ കിളുക്കാത്ത പിള്ളേർ കൂട്ടമായി അമേരിക്ക യൂറോപ്പ് എന്നിവിടങ്ങളിൽ പോകുകയും പ്രവാസികളെക്കാൾ ആധികാരികമായി അവിടുത്തെ കാര്യങ്ങൾ  സംസാരിച്ചു തുടങ്ങുകയും ചെയ്തതോടെ തികഞ്ഞു .ഇന്നു ഉദാരവൽക്കരണത്തിന്റെ ഒക്കെ ഭാഗമായി അവിടെ കിട്ടുന്ന ഇതു സാധനവും ഇവിടുത്തെ മുറുക്കാൻ കടയിൽ പോലും ലഭിക്കുന്ന അവസ്ഥ വന്നതോടെ എല്ലാം പൂർത്തിയാകുന്നു .

അല്ല അണ്ണാ ഇതു സിനിമയെ പറ്റിയുള  ഒരു .........

നീയല്ലേ പറഞ്ഞത് ബൗധികം വേണമെന്ന് ...അപ്പോൾ സിനിമയെ പറ്റി, പ്രത്യേകിച്ചും ഈ സിനിമയെ പറ്റി  വളരെ കുറച്ചു , അത് ഒരു മാതിരി ഔദാര്യം ചെയുന്ന പോലെ മാത്രമേ ആകാവു .

എന്നാലും ....

ശരി . എഴാം കടലിനക്കരെ പോലുള്ള മലയാളിയെ വിദേശ രാജ്യങ്ങൾ  കാണിക്കാൻ  എടുത്ത  സിനിമകൾ വിട്ടാൽ ആദ്യമായി പ്രവാസി മലയാളികളെ കുറിച്ച് ഗൌരവമായി വന്നത്  ചിത്രം ശ്രീ മധു ഒരുക്കിയ ഉദയം പടിഞ്ഞാറു എന്ന ചിത്രമാണ് എന്നതാണ് എന്നാണ് ഓർമ്മ . മധുവിനോടൊപ്പം നസീറും, ഗോപിയും ഒക്കെ അഭിനയിച്ച കാലം തെറ്റി വന്ന ഒരു നല്ല ചിത്രം എന്നാണ് ഇതിനെ കുറിച്ചുള്ള അഭിപ്രായം .പിന്നീടു ശ്യാമപ്രസാദ് ഒരുക്കിയ ഇംഗ്ലീഷ് വരെയുള്ള സിനിമകൾക്കിടയിൽ രണ്ടുമല്ലാത്ത ഉസ്താദ്‌ ഹോട്ടൽ പോലുള്ള ചിത്രങ്ങൾ ഉണ്ടെന്നതും വിസ്മയിക്കുന്നില്ല.

ഉസ്താദ് ഹോട്ടലിനെ കുറിച്ച് പറഞ്ഞപ്പോൾ ആണ് ഓർത്തത്‌ .ജനപ്രീതി നേടിയ ഉസ്താദ്നു ശേഷം ഒരിക്കൽ കൂടി നമ്മുടെ മലയാളികളുടെ സൽമാൻ ഖാൻ തിരിച്ചെത്തുമ്പോൾ ...പ്രേക്ഷകരുടെ പ്രതീക്ഷ ....

എടെ  അതിനിടയിൽ ചാലുമോൻ അഭിനയിച്ച ആക്ഷൻ എന്ന് പറയപ്പെട്ട ഒരു പല്ല് പറി ചിത്രം ഉണ്ടായിരുന്നല്ലോ തീവ്രം ????

അണ്ണാ അതിനെ പറ്റി  ഒന്നും അധികം മിണ്ടണ്ട ഈ ചിത്രം ....

അമേരിക്കയിൽ ജനിച്ചു വളർന്ന  ജോണ്‍സ് ( ദുൽക്കർ ) കോര (ഗ്രിഗറി ) എന്നിവരാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .ജനിച്ചു വളർന്നത്‌ അമേരിക്കയിൽ ആണെങ്കിലും ആ ഭാവം ഒന്നും ഇല്ലാ പിള്ളേർക്ക്. ഒരു മാതിരി പാലായിലെ സമ്പന്ന റബ്ബർ കുടുംബത്തിലെ ഒരു പത്താം  ക്ലാസ്സ്‌ വിദ്യാർഥികളുടെ നിലവാരത്തിലാണ് രണ്ടു പേരും. തുടക്കം  തന്നെ ചാലു മോൻ നേരിട്ട് ആലപിച്ച പപ്പാ ഭരണം വേണ്ടപ്പാ .. എന്ന് തുടങ്ങുന്ന ശ്രുതി മധുരമായ ഒരു ഗാനത്തോടെയാണ് . ഇതു കേൾക്കുന്ന നമുക്ക് തോന്നും ഇവന്റെ പപ്പ ഏതാണ്ട്  ഗോഡ് ഫാദർ അഞ്ഞൂറാനെ  പോലെ  കർക്കശനായ ഒരാളാണെന്ന് .(ആണെങ്കിൽ തന്നെ ഹൈസ്കൂൾ മുതൽ സ്വന്തമായി ജോലി ചെയ്തു കാശുണ്ടാക്കുന്ന നാട്ടിലെ കുട്ടികളോട് എന്ത് ചെയ്യാനാണ് എന്ന ചോദ്യം ന്യായവുമാണ് ). ചിത്രം പുരോഗമിക്കുമ്പോൾ നമുക്ക് മനസിലാകുന്നു കർക്കശൻ പോയിട്ട് മകന്റെ മുന്നിൽ വായ തുറക്കാത്ത പാവം ഡോക്ടർ കം  കോടീശ്വരൻ ഐസക് (ലാലു അലക്സ്‌ ) അന്ന് ഇദ്ദേഹത്തിന്റെ ഈ പരമാർശിച്ച ഡാഡി എന്ന്  .ഓസ്ട്രേലിയൻ കോളേജിൽ പഠിക്കാൻ പോകാൻ തയ്യാറെടുത്തു നില്ക്കുന്ന ജോണ്‍സിനെയും സുഹൃത്ത്‌ കൊരയെയും അച്ഛൻ ഒരു മാസത്തെ അവധിക്കാലം ആഘോഷിക്കാൻ  ഇന്ത്യയിലേക്ക്‌ വിടുന്നു . അവിടെ എത്തുമ്പോൾ ആണ്  ഇവർ മനസ്സിലാക്കുന്നത്‌ ഇവരെ ഇങ്ങോട്ട്  അയച്ചത് ജീവിതം പഠിക്കാൻ ഉള്ള ഒരു ബ്രഹത്തായ പദ്ധതിയുടെ ഭാഗമായി ആണെന്നത് ആണ് .ഒരൽപം റിബൽ ആയ ടീനേജ്  കുട്ടികൾ ഉള്ളവര്ക്ക് ഈ പഠന പദ്ധതി പരീക്ഷിക്കാവുന്നതാണ്  .അവർ  ചക്കര കുടങ്ങളായി വീട്ടിലിരുന്നു ഹല്ലേലുയ പാടിക്കോളും .

പദ്ധതി ഇപ്രകാരം ...

എന്തെങ്കിലും കാരണം പറഞ്ഞു മകനെ (ക്ഷമിക്കണം പെണ്‍  മക്കൾക്ക്‌ ഈ പദ്ധതി പറ്റില്ല ) വല്ല സോമാലിയയിലെക്കോ കെനിയ , ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യത്തേക്ക്  വിടുക അവിടെ എത്തി കഴിഞ്ഞു മാത്രമേ അവർ അറിയാവു അവരെ അവിടുത്തെ കോളേജിൽ ചേർക്കാൻ  ആണ് അയച്ചിരിക്കുന്നത് .(ടൂറിസ്റ്റ് വിസയും Student വിസയും തമ്മിലുള്ള വ്യത്യാസം , വിസ കാലാവധി തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ അറിയാത്ത മക്കൾ ആണെങ്കിൽ  തികഞ്ഞു) .പിന്നെ ജീവിക്കാൻ ഏറ്റവും വൃത്തി ഹീനമായ അന്യഭാഷാ തൊഴിലാളികൾ മാത്രം താമസിക്കുന്ന തരം  വീട് , ജീവിക്കാൻ കേരളത്തിന്റെ നിലവാരത്തിൽ മാസം  ഒരു 2500 രൂപ.ഇത്രയും മതിയെന്നേ . പിള്ളേര് ചെലവു ചുരുക്കി ജീവിക്കാനും ജീവിതത്തിൽ അച്ചടക്കം  പാലിക്കാനും പഠിച്ചോളും.

അന്നോ അണ്ണാ അതിരിക്കട്ടെ  അതിപ്പോൾ  പറയാൻ കാരണം ?

ഉസ്താദ്‌ ഹോട്ടലിലെ പോലെ ഇവിടെയും ഇങ്ങനെയാണു മകനെ ജീവിതം പഠിപ്പിക്കാൻ പപ്പ തീരുമാനിക്കുന്നത്‌ അഥവാ ഇതു  പോലെയാണ് അദ്ദേഹം ജീവിതം പഠിക്കുന്നത്  (ഇനി എത്ര പടം കൂടി സഹിച്ചാൽ ഈ പഠനം തീരുമോ ആവോ ?)  . ആ പടത്തിൽ അഭിനയിച്ച  ഉള്ള പരിചയം  കൊണ്ടാകണം   ചാലുമോൻ രണ്ടു ഷിറ്റ് ഒക്കെ വിളിച്ചിട്ട്  കഞ്ഞിയും പയറും കഴിച്ചു പഞ്ചാര ഇടാത്ത കട്ടൻ ചായയും  കുടിച്ചു ചെലവു ചുരുക്കി ജീവിക്കുന്നു .കോളേജിൽ പഠിക്കാൻ പോകുന്ന ഇവർ ഈ ദാരിദ്രം സ്വയം സ്വയം സ്വീകരിച്ചതാണ്‌  എന്ന് അടിച്ചു വിടുകയും അത് ഒരു കോളം  വാർത്തയായി പത്രത്തിൽ വരുകയും ചെയ്യുന്നതോടെ കേരളം മൊത്തം അവരുടെ ആരാധകരായി മാറുന്നു.

അതെങ്ങനെ ?

അറിയില്ല അനിയാ നമ്മളൊക്കെ പത്രത്തിൽ ദിവസവും ടെറസ്സിൽ കൃഷി ചെയ്യുന്നവരെ പറ്റി  മുതൽ പീഡന / അവഹേളന ശ്രമങ്ങളെ ചെറുത്ത പെണ്‍കുട്ടികളുടെ വരെ വാർത്തകൾ കാണുന്നു ഒരു ദിവസത്തെ ചായ ചർച്ചകൾക്കപ്പുറം ഇതൊക്കെ എവിടെ പോകാറുണ്ട് ?

അല്ല അതിപ്പോൾ അങ്ങനെ സംഭവിച്ചു കൂടെ ?

അനിയ മുൻപ് പറഞ്ഞതാണോ എന്നോർമ്മയില്ല .കുട്ടപ്പൻ എന്നോ കറിയാച്ചൻ എന്നാ പേരുള്ള ഒരാൾക്ക് ഭാരതീയ സേനയിൽ ചേരാനോ  ഒരു കമാൻഡോ ആകാനോ ഒരു നിയമതടസവും ഇല്ല . . എന്ന് വെച്ച് ഒരു സിനിമയിൽ ജനറൽ ഒരു നിർണായക രംഗത്ത്‌  ഈ പ്രശ്നം നേരിടാൻ ഇനി കമാൻഡോ കുട്ടപ്പന് / കറിയാച്ചനു മാത്രമേ കഴിയു എന്ന് പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കു . അത് പോലെയേ ഉള്ളു ഇതും .


അവസാനം കളിച്ചു കളിച്ചു കണ്ട സാമൂഹ്യ പ്രശ്നങ്ങളിൽ ചെന്ന് ചാടുന്നതോടെ ഇവരെ വിദേശ പൌരന്മാർ എന്ന നിലയ്ക്ക് ഭരണ കൂടം  ഡി പോർട്ട്‌ ചെയ്യുന്നു . ചുരുങ്ങിയ കാലത്തിനുള്ളിൽ ജീവിതം പഠിച്ച ഇവര അമേരിക്കയിൽ എത്തി നല്ല കുട്ടികളായി ജീവിക്കുന്നു

അനിയാ  കഥ പറയുന്നത്  കുറയ്ക്കാം എന്ന് വെച്ചതാ . പക്ഷെ ഒന്ന് ചോദിച്ചോട്ടെ ഈ കഥയിൽ എവിടെയാ നിങ്ങൾ കണ്‍ഫ്യുസ്ഡു ദേശിയെ കാണുന്നേ ? ശരിക്കും പറഞ്ഞാൽ ഒരു രംഗ് ദേ ബസന്തി ലെവലിൽ എടുക്കാവുന്ന ആശയത്തെ എത്ര നിസ്സരവല്ക്കരിച്ചു താര  പുത്രന്  കോപ്രായം കാണിക്കാനുള്ള അവസരമായി മാറ്റിയതിനു ഈ ചിത്രത്തിന്റെ പിന്നണിക്കാർ പ്രശംസ അർഹിക്കുന്നു

ശരി പിന്നെ .....

പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് കേട്ടതോ ?

 ദാ  പിടിച്ചോ ഒരു സാമ്പിൾ ഈ അമേരിക്കൻ പയ്യന്മാർ താമസിക്കുന്ന വീടിനു പുറമെയുള്ള ക ക്കുസ്സിൽ ഇടയ്ക്കിടെ കാര്യം സാധിച്ചു വെള്ളമൊഴിക്കാതെ  ഒരു സമീപവാസി ഇവർക്ക് ഇടയ്ക്ക് സഹായം വാഗ്ദാനം ചെയ്യുന്നു അത് നമ്മൾ തമ്മിലുള്ള ബന്ധത്തിന്റെ പേരില് ആണെന്ന  വാചകത്തിന് എന്ത്  ബന്ധം എന്ന ചോദ്യവും അതിനു ഉള്ള മലബന്ധം എന്ന ഉത്തരവും ഈ  ടൈപ്പ് സാധനങ്ങളാണ് നമ്മെ പൊട്ടി ചിരിപ്പിക്കാൻ ഒരുക്കിയിരിക്കുന്നത്  ,ചിരിക്കേണ്ടവർക്ക്  ചിരിക്കാം.സകുടുംബം ആസ്വദിക്കേണ്ടവർക്ക് അതുമാകാം .

അണ്ണാ വെളിയിൽ  പറയല്ലേ . പറയുമ്പോൾ എല്ലാം പറയണമല്ലോ ഇതൊരു സ്ഥിരം നമ്പർ  അല്ലേ . സെക്കന്റ്‌ ഷോവിൽ കുരുടി കലക്കി . ഉസ്താദ്‌ ഹോട്ടലിൽ തിലകൻ പൊളിച്ചടുക്കി .(തീവ്രം ശ്രീനിവാസൻ അല്ലെങ്കിൽ അല്ലെങ്കിൽ  പറിക്കപ്പടുന്ന ഓട്ടോ ഡ്രൈവർ ഇവരാരെങ്കിലും കലക്കി എന്ന് പറയാനാ ഉദേശിച്ചേ .നടക്കണ്ടേ ) ഇതിൽ ഗ്രിഗറി കലക്കി .ചാലുമോൻ എല്ലാ പടത്തിലും അനായാസമായ അഭിനയം .കുറച്ചു കഴിയുമ്പോൾ ഈ പന്ന മലയാളികൾക്ക് അതും  ശീലമായിക്കോളും.

അപ്പോൾ അഭിനയം ....

വാലും തലയും ഇല്ലാത്ത കഥ അന്തവും കുന്തവും ഇല്ലാത്ത ചിത്രീകരണം  ഇതെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ഒരു അഴകുഴബൻ  സാധനം അതാണ് ഈ ചിത്രം . ഇതിൽ ശരിക്കും കണ്‍ഫ്യുസ്ഡഡ് ആയി സംവിധായകൻ മാത്രമേ ഉള്ളു എന്നാ എനിക്ക് തോന്നിയത് . വലിയ കഴിവൊന്നും ഇല്ലാത്ത ഒരു താര  പുത്രന്റെ ഡേറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന ആശയക്കുഴപ്പത്തിനു അപ്പുറം മറ്റൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.നായകനും സുഹൃത്തും ആദ്യ രംഗങ്ങളിൽ കാണിക്കുന്ന വികൃതി ഒക്കെ കണ്ടാൽ ജീവിതത്തിൽ ആദ്യമായി അമേരിക്ക കണ്ടവരെ പോലെയാണ് തോന്നുക (സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ എന്നാ അക്കരെ അക്കരെ  അക്കരെ ഗാനം  പുനർ അവതരിപ്പിക്കുന്നതായിരുന്നു കൂടുതൽ ചേരുന്നത് !!!).നായികാ കഥാപാത്രം എന്തിനായിരുന്നു എന്ന് ചിത്രം കഴിഞ്ഞിട്ടും മനസിലായില്ല. ഭാവിയിൽ എങ്കിലും ഒരു വാഗ്ദാനമായി കാണുന്നത് വില്ലനായി (ആങ്ങനെയും  ഒരു സാധനം ഈ ചിത്രത്തിൽ ഉണ്ട് ) അഭിനയിച്ച റ്റൊവിനൊ തോമസ്‌ ആണ്. അദ്ദേഹത്തിന് നല്ല വേഷങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു .

അണ്ണാ ഉള്ള കാര്യം പറയാം എനിക്കിതൊന്നും പ്രശനമേ അല്ല . മര്യാദക്ക് എടുത്ത ചിത്രങ്ങളിൽ നായകന്  കാർ തടഞ്ഞിടുമ്പോൾ  എന്ത് കൊണ്ട് റെന്റ്  എ കാറിൽ വിളിച്ചില്ല ? തോക്ക് വാങ്ങിയതിന്റെ ബില്ലും ഗ്യാരണ്ടി കാർഡും എന്ത് കൊണ്ട് കാണിച്ചില്ല  ഇങ്ങനത്തെ പ്രശ്നങ്ങൾക്കിടയിൽ  ഇതൊക്കെ ആര് നോക്കുന്നു ? 

അതൊക്കെ നിന്റെ ഇഷ്ട്ടം .പച്ചരിയുടെ കാര്യമല്ലേ അനിയാ ഞാൻ ക്ഷമിച്ചു

ചുരുക്കത്തിൽ ....

കാസനോവ എടുത്തതോടെ തല്ക്കാലം എങ്കിലും അതിന്റെ സംവിധയകൻ  ഒരു പാഠം പഠിച്ചു എന്ന് വേണം മനസിലാക്കാൻ . ഇദ്ദേഹം അത് പഠിക്കാൻ ഇനി എത്ര പടം വേണോ ആവോ ?
പത്രപ്രവർത്തകയുടെ മാറിൽ കിടക്കുന്ന ഐ ഡി കാർഡിൽ പ്രസ്സ് എന്ന്  എഴുതിയിരിക്കുന്നത് വായിച്ചു "പ്രസ്സ് "? "ഞാനോ ?" മേ  ബി സം അദർ ടൈം എന്ന് പറഞ്ഞു നടന്നകലുന്ന നായകനിൽ ഒരസ്ലീലവും സ്ത്രീ വിരുദ്ധതയും നമുക്ക് കാണാൻ പറ്റില്ല . ഇതെങ്ങാനും ആ പാവം ഫഹദ് ഫസിലോ അനൂപ്‌ മേനോനോ ചെയ്യണം ആയിരുന്നു ? (അമേരിക്കക്കാരൊക്കെ അങ്ങനെ ആണെന്നേ  )

Saturday, June 15, 2013

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (Left Right Left Movie Review )

 അണ്ണാ ഈ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന് വെച്ചാൽ എന്തുവാ ?

അനിയാ അർഥങ്ങൾ ഓരോരുത്തർക്കും  ഓരോന്നാണ് .ഇപ്പോ ഉദാഹരണമായി  ഭരണകൂടത്തിനു അതിന്റെ അർഥം അച്ചടക്കം എന്നാണ് .ഒരു രാഷ്ട്രീയ നിരീക്ഷകന് അതിന്റെ അർഥം  അഞ്ചു വർഷത്തിൽ ഒരിക്കൽ വലത്തേക്കും ഇടത്തേക്കും ചായുന്ന മലയാളിയുടെ രാഷ്ട്രീയ വിധി എഴുത്താണ്. എന്നെ പോലെ ഒരു പാവം ചലച്ചിത്ര അഭിപ്രായ ബ്ലോഗ്‌ എഴുതുന്ന അക്ഷരവൈരിയായ ഒരാൾക്ക് ഇന്ന് ഈ വാക്കുകളുടെ അർഥം ഈ ആഴ്ച റിലീസ് ആയ ശ്രീ അരുണ്‍ കുമാർ അരവിന്ദ് സംവിധാനം ചെയ്ത മുരളി ഗോപി കഥ തിരകഥ എന്നിവ നിർവഹിച്ച, ഗോപി സുന്ദർ സംഗീതം പകർന്ന , ഇന്ദ്രജിത്ത് ,മുരളി ഗോപി, ഹരീഷ് ,  ലെന ,രമ്യ നമ്പീശൻ തുടങ്ങിയവർ അഭിനയിച്ച  ഒരു സിനിമയുടെ പേര് മാത്രമാണ് .

ഓഹോ ഞാൻ  കരുതിയത്‌ അണ്ണൻ ഈ പരിപാടി അവസാനിപ്പിച്ച്‌ എന്നാണ് .... അല്ല ഈ സംവിധയകാൻ ആരാ അണ്ണാ ? പുതു മുഖമാണോ ?

അല്ലെടെ ഈ അടുത്ത കാലത്ത്  എന്ന സിനിമ എടുത്ത സംവിധായകനാണ് കക്ഷി .

ഓഹോ അയാളോ? ആ സിനിമ പോളിറ്റിക്കലി ഇൻകറക്റ്റ് ആണെന്ന് പ്രശസ്ത ബുദ്ധിജീവി കരീം അബ്ദുള്ളയും ആ ചിത്രത്തിന് പിന്നിൽ ഒളിച്ചു വെച്ച ഒരു അജണ്ട ഉണ്ടെന്നു മറ്റൊരു ബുദ്ധി ജീവിയായ സഖാവ് തീപ്പൊരി തോമയും ഒരേ സ്വരത്തിൽ പറഞ്ഞത്‌ അണ്ണൻ അറിഞ്ഞില്ലേ ?

പിന്നെ അറിയാതെ ? അനിയാ നീ കരിം അബ്ദുല്ലയെ വിട് പാവം. ഇമ്മാനുവൽ എന്ന പടത്തിൽ നായകന്റെ പഴയ മുതലാളി ഗുജറാത്തിൽ പോയി കാശുകാരനായി തിരിച്ചു വന്നു എന്ന് പറയുന്നത് ആണ്  അന്തവും കുന്തവും ഇല്ലാതെ എടുത്ത  ആ ചിത്രത്തിലെ ഏക പ്രശ്നം എന്ന് പറയുന്ന ആളല്ലേ . പാവമെടെ ക്ഷമി .ജീവിക്കാൻ വേണ്ടി ഒരു സിനിമയെ കുറിച്ച് പത്തു രീതിയിൽ നിരൂപിച്ചു അഭിമാനിക്കട്ടെ പാവം . തീപ്പൊരി അതല്ല . അദ്ദേഹത്തിന്  പ്രശ്നം രണ്ടാണ് .ഒന്ന് പണ്ട് അദേഹത്തിന്റെ ആൾക്കാരാണ് കലാരൂപങ്ങളെ സ്വന്തം കച്ചവട പ്രചാരണത്തിന് വിജയകരമായി ആദ്യമായി ഉപയോഗിച്ച തുടങ്ങിയത്  (അന്നത് കച്ചവടം ആക്കാൻ ഉദ്ദേശിച്ചല്ല  തുടങ്ങിയത് എന്നത് വാസ്തവം) . അപ്പോൾ പുറകെ വരുന്ന എന്തിനെയും ആ സംശയത്തോടെ വീക്ഷിക്കുന്നത് സ്വാഭാവികമല്ലേ?പിന്നെ പാട് പെടുന്നവന്റെ രക്ഷകൻ എന്നും ഇടതു പക്ഷമാണ് എന്നാണല്ലോ വയ്പ്പ് , (മലയാള സിനിമയിൽ .അതും ഒരു ക്ലീഷേ ആയി ആർക്കും തോന്നാത്തത് അത്ഭുദം ) ആ റോളിൽ ഇനി മഹാത്മാ ഗാന്ധി  വന്നാലും തീപ്പൊരി സമ്മതിക്കുമോ ? പിന്നെയാ ഇവനൊക്കെ ?  നേരത്തെ പറഞ്ഞ പോലെ ആർ എസ് എസ് കാരുടെ ഇടയിലേക്ക് ഓടി കയറാതെ ആ സിനിമയിലെ നായകൻ  വിഷ്ണു  ഡി ഫി ഓഫീസിലേക്ക് കേറിയിരുന്നു എങ്കിൽ മാത്രമേ അത് നല്ല ചിത്രം ആകുമായിരുന്നു എന്നും എനിക്ക് അഭിപ്രായമില്ല . പിന്നെ പകലന്തിയോളം കുത്തകളുടെ കങ്കാണിപ്പണി ചെയ്തു കഴിഞ്ഞിറങ്ങുമ്പോൾ ഒരു സ്വയം പുച്ഛം തോന്നാതിരിക്കാൻ ഈ ജാതി വിർച്വൽ ചോരപ്പുഴകൾ നീന്തി കയറുന്നത് ഒരു ശരാശരി മലയാളിയുടെ (ദു) ശ്ശീലമാണ് . കളയെടെ. കൂട്ടത്തിൽ പറഞ്ഞോട്ടെ കഴിഞ്ഞ കൊല്ലം എനിക്കിഷ്ടപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു അത് എന്ന് കൂടി പറഞ്ഞോട്ടെ.

അണ്ണാ  പ്ലീസ് .. ഈ സിനിമ ...

പറയമെടെ നീ കിടന്നു പിടക്കാതെ . കേരളത്തിൽ മൂന്ന്  ഭാഗങ്ങളിൽ  ആയിട്ട്  കൃത്യമായി പറഞ്ഞാൽ   വടക്കൻ, കേരളം, മധ്യ കേരളം , തെക്കൻ കേരളം എന്നീ  സ്ഥലങ്ങളിൽ മൂന്നു കാലഘട്ടങ്ങളിൽ ആയി ജനിച്ച മൂന്നു കുട്ടികളുടെ ബാല്യ കാല ദുരന്തങ്ങളിലൂടെ ചിത്രം ആരംഭിക്കുന്നു . ഉത്തര കേരളത്തിൽ അറുപതുകളിൽ ജനിച്ച പാർട്ടി കുടുംബാംഗമായ  കൈനേരി സഹദേവൻ (ഹരീഷ് പേരടി ) ഇയാളുടെ അച്ഛനും ഇളയച്ചനും ജമ്ന്മിത്വത്തോട് ഏറ്റുമുട്ടി മരിക്കുന്നതു ഇവന്റെ കണ്‍ മുന്നിലാണ് . മധ്യകേരളത്തിൽ  അടിയന്തരാവസ്ഥക്കാലത്ത് ഗുണ്ടകളാൽ കൊല്ലപ്പെട്ട സഖാവിന്റെ മകൻ റോയ് (മുരളി ഗോപി ) .തെക്കൻ കേരളത്തിൽ എണ്‍പതുകളിൽ സർക്കാർ ആശുപത്രിയിൽ പണമില്ലാത്തതിനാൽ സഹോദരി മരിക്കുന്നതിനു സാക്ഷി ആകേണ്ടി വന്ന ജയൻ എന്ന വട്ടു ജയൻ (ഇന്ദ്രജിത്ത് ) .

സിനിമ ഇന്നിലേക്ക് . ഇന്നു കൈനേരി സഹദേവൻ ആർ എൽ പി എന്ന ചെങ്കൊടി പാർട്ടിയുടെ സർവ്വ ശക്തനായ നേതാവാണ്‌ .ഒരു കാലത്തേ തീപ്പൊരി നേതാവായിരുന്ന റോയ് എന്ന ചെഗുവേര റോയ്  എതിർ പാർട്ടിക്കാരുടെ ആക്രമണത്തിൽ ഒരു വശം ഭാഗികമായി സ്വാധീനം നഷ്ട്ടപ്പെട്ടു അച്ചടക്കമുള്ള ഒരു പാർട്ടി പ്രവർത്തകനായി കഴിയുന്നു. ജെ എൻ യു ഉല്പന്നമായ, ഇന്ന് അധ്യാപികയായ ഭാര്യ അനിത  (ലെന ) അയാളെ പൂർണമായി മനസിലാക്കുന്ന പഴയൊരു പാർട്ടി അനുഭാവിയാണ് .ബാല്യത്തിൽ സ്വന്തം സഹോദരിയുടെ മരണകിടക്കയിൽ വെച്ച് ജീവിക്കാൻ പണം വേണം എന്നും പോലീസ് ആകണമെന്നും തീരുമാനിച്ച വട്ടൻ ജയൻ ഇന്ന് പോലീസിൽ എസ്  ഐ ആണ് .തികഞ്ഞ കൈകൂലിക്കാരനും മുരടനും പെട്ടന്ന് മൂഡ്‌ മാറുന്ന ആളുമായ ജയൻ റോയിയുടെയും അനിതയുടേയും  വീടിന്റെ മുകൾ  നിലയിലാണ്  അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുന്നത് ആനിൽ  സ്വന്തം പെങ്ങളുടെ മുഖച്ചായ കണ്ടു അവരെ പെങ്ങളെ പോലെ കാണുന്നു  ഇയാൾ. വിവാഹിതയും എന്നാൽ സാഡിസ്റ്റ് ആയ ഭർത്താവിൽ നിന്നും രക്ഷപ്പെട്ടു  മകനുമൊത്തു ജീവിക്കുന്ന ജെന്നിഫർ (രമ്യ നമ്പീശൻ ) എന്ന നേഴ്സിനെ ബാല്യകാലത്ത്‌ കണ്ട ഒരാളുടെ മുഖച്ചായയുടെ പേരില് ഇയാൾക്ക് ഇഷ്ട്ടമാണ് . എന്നാൽ അവളാകട്ടെ കാനഡയിലേക്ക് രക്ഷപെടാൻ ഉള്ള സമയം ആകുന്നത്‌ വരെ ഉള്ള കാലം വരെ സഹിക്കേണ്ട  ഒരു രക്ഷാ കവചമായാണ് അവനെ കാണുന്നത് .

പല സാഹചര്യങ്ങളിൽ ഉള്ള ഇവരെല്ലാം ഇന്ന് തലസ്ഥാന നഗരിയുടെ ഭാഗമാണ്  . പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സുരേഷും (ശ്രീജിത്ത്‌ രവി ) അലിയാരും (സുധീര് കരമന ) കൈതേരി സഹദേവന്റെ ഒരു വലിയ അഴിമതി ആരോപണവും ആയി ബന്ധപ്പെട്ട രേഖകളും ആയി റോയിയെ സമീപിക്കുന്നതോടെ കഥയുടെ ഗതി മാറുന്നു

 അണ്ണാ പടം എങ്ങനാ കൊള്ളാമെന്നാണോ ?

നല്ല പടം എന്ന് മാത്രം പറഞ്ഞാൽ  പോര സത്യസന്ധമായ ചിത്രം എന്ന് കൂടി പറയാം എന്നാ  എനിക്ക് തോന്നിയത് .കണ്ടു മടുത്ത നായക വില്ലൻ സങ്കൽപ്പങ്ങളിൽ നിന്നുള രണ്ടു രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് മുംബൈ പോലീസിലും ഈ ചിത്രത്തിലും നമുക്ക് കാണാൻ കഴിയുന്നത്‌ . ഈ ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്തിത്വം ഉണ്ട് . ആരും അവരുടെ  ഭാഗം  മോശമാക്കി  എന്ന്  പറയാൻ പറ്റില്ല .നമുക്ക് പരിചിതരായ ഒരു പിടി ആളുകള് ഈ സിനിമയിലെ കഥാപാത്രങ്ങൾ ആയി എത്തുന്നു . എന്നാൽ അവരൊക്കെ പലരുടെയും രൂപ ഭാവങ്ങൾ അനുകരിക്കുമ്പൊലും ഒരു മിമിക്രിയുടെ നിലവാരത്തിലേക്ക് താഴാൻ ഒരു ഘട്ടത്തിലും സംവിധയകാൻ അനുവദിക്കുന്നില്ല

ഈ ചിത്രത്തിൽ മികച്ചു നില്ക്കുന്നത്  തിരക്കഥാ കൃത്ത് മുരളി ഗോപി ,  സംവിധായകൻ അരുണ്‍  നടൻ  ഇന്ദ്രജിത്ത്  എന്നിവരാണ്‌ . തന്റെ രണ്ടാമത്തെ ചിത്രം  ആദ്യ ത്തേ ത്തിലും  കനപ്പെട്ട ഒന്നായിട്ടു  കൂടി കൈ യടക്കത്തോടെ കൈകാര്യം ചെയ്ത അരുണ്‍ കുമാറ പ്രശംസ അർഹിക്കുന്നു . ഈ ചിത്രത്തോടെ മുരളി ഗോപി ഒരു ന്യൂ ജനറേഷൻ  രെന്ജി പണിക്കർ എന്ന് വിളിക്കാവുന്ന സ്ഥാനത്ത്  എത്തുന്നതിനോടൊപ്പം അനൂപ്‌ മേനോന് ഇനി ഒത്തിരി ദൂരം മുന്നിലേക്ക്‌ വരാൻ ഉണ്ടെന്നു വിളിച്ചു പറയുകയും ചെയ്യുന്നു .ഈ   ചിത്രത്തിൽ രെന്ജി പണിക്കര് പോലും തൊടാൻ മടിക്കുന്ന ഒരു വിഷയം അനായാസമായി തികഞ്ഞ സത്യസന്ധതയോടെ ഈ ചിത്രത്തിൽ കൈകാര്യം ചെയുന്നതിൽ ഈ ചിത്രത്തിന്റെ പിന്നണിക്കാർ വിജയിച്ചിരിക്കുന്നു .

അല്ല ഈ സത്യസന്ധത എന്നൊക്കെ അങ്ങ് പറഞ്ഞാൽ ......

അനിയാ നീ ഒരു രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാതെ . ഈ ചിത്രം സത്യം വിളിച്ചു പറയുന്നു എന്നല്ല ഞാൻ ഉദേശിച്ചത്‌ മറിച്ചു  ഈ ചിത്രത്തിലെ ഒരു കഥാപാത്രവും പുലർത്തുന്ന സത്യസന്ധത. ഈ ചിത്രത്തിൽ ജെന്നിഫറിനും  എന്തിനു പാർട്ടി അടക്കി ഭരിക്കുന്ന കൈതേരി സഹദേവനും അവരവരുടെ നിലപാടുകളും അതിന്റെതായ സത്യസന്ധതയും ഉണ്ട്  .

അതിലല്ലോ കാര്യം അണ്ണാ അഭിനയം  അതെങ്ങനെ ?

ഈ ചിത്രത്തിൽ തിരക്കഥയാണ്  താരം എന്നിരിക്കിലും അഭിനേതാക്കളിൽ ഇന്ദ്രജിത്ത് എന്ന നടന്റെ വളർച്ച ശ്രദ്ധി ക്കപ്പെടെണ്ടാതാണ് എന്ന് തോന്നുന്നു മുൻപൊരിക്കൽ ഇന്ത്യൻ റുപ്പി എന്ന ചിത്രത്തിൽ ജഗതിയുടെ കാര്യം പറഞ്ഞത് പോലെ ഇന്ദ്രജിത്ത് ആദ്യ ചിത്രം മുതൽ അവതരിപ്പിച്ചിട്ടുള്ളതാണ്  മുരടനായ കൈകൂലിക്കാരനായ പോലീസുകാരൻ . പക്ഷെ ഈ സിനിമയിൽ അതെ കഥാപാത്രം നമ്മെ ബോറടിപ്പിക്കുന്നില്ല എന്ന് മാത്രമല്ല  ആ കഥാപാത്രത്തെ മിക ച്ച രീതിയിൽ  അവതരിപ്പിക്കുകയും ചെയുന്നു ഈ നടൻ . എന്ന് കരുതി ഈ ചിത്രം ഒരിടത്തു പോലും ഒരു വണ്ണ്‍ മാൻ ഷോ ആകുന്നില്ല എന്നിടത്താണ് ഈ ചിത്രം വിജയിക്കുന്നത് . മറ്റു  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ഒരാൾ പോലും മോശം എന്ന് പറയാനാകില്ല. അതിൽ ത ന്നെ ഇന്ദ്രജിത്തിന്റെ അമ്മയെ അവതരിപ്പിച്ച നടി , കൈതേരി സഹദേവനെ അവതരിപ്പിച്ച ഹരീഷ്,ശ്രീജിത്ത്‌ രവി   എന്നിവർ  പ്രത്യേക  പരാമർശം  അർഹിക്കുന്നു.എടുത്തു പറയേണ്ട മറ്റൊരു ഘടകം ഈ ചിത്രത്തിലെ ഗാനങ്ങൾ ആണ് .കുറെ കാലത്തിനു ശേഷമാണെന്ന്  തോന്നുന്നു ഇത്തരം സിനിമകളിൽ മനസ്സിൽ    നില്ക്കുന്ന ഗാനങ്ങൾ .മുരളി ഗോപി പാടിയ കാൽ കുഴഞ്ഞു .. എന്ന ഗാനം മികച്ചു നിൽക്കുമ്പോൾ ഒപ്പം തന്നെ അകലേ എന്ന ഗാനവും ഒട്ടും പിന്നിൽ  ആകുന്നില്ല .ഈ രണ്ടു ഗാനങ്ങളും കൃത്യമായ സ്ഥലങ്ങളിൽ പ്ലേസ്  ചെയ്യപ്പെടുന്നു എന്നതാണ് ഗാനങ്ങളെ അകർഷണീയം ആക്കുന്നത്  .ഒടുവിൽ  നിലനിപ്പിനായി , ജീവിച്ചു പോകാനായി, പാടുപെടുന്ന സാധാരണക്കാരൻ  ആണ് ഇന്നത്തെ  യഥാർഥ  കമ്യുണ്ണിസ്റ്റ്  എന്ന് പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു

അല്ല അണ്ണാ    ഇങ്ങനെ നേരെ ചൊവ്വേ  പറയാതെ ഒരൽപം ബുദ്ധി ജീവി ലൈനിൽ പിടിച്ചൂടെ ? എന്റെ പച്ചരി ....?

ശരി ഇന്നാ പിടിച്ചോ ... ചെറുത്തു  നില്പ്പിന്റെയും പോരാട്ടങ്ങളുടെയും (ഇന്നു ഈ വാക്കുകൾ  ഉപയോഗിക്കപ്പെടുന്നത്   തികഞ്ഞ കച്ചവട സാദ്ധ്യതകൾ മാത്രം മുന്നില് കണ്ടു കൊണ്ടാണ് എന്നത് പറയണ്ട !!!) അറുപതുകളും ആദർശ കല്കരണത്തിന്റെ എഴുപതുകളും എങ്ങനെയും ജീവിത വിജയം എന്ന എണ്‍പതുകളുടേയും കേരളത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ ചിത്രം ഇടതു പക്ഷ വീക്ഷണത്തിൽ ആണ് മുന്നോട്ടു നീങ്ങുന്നതെങ്കിലും ഇന്നത്തെ കോണ്‍ഗ്രസിന്റെ ഫ്ലെക്സ് രാഷ്ട്രീയത്തെയും ഒപ്പം സാമുദായിക സംഘടനകളുടെ ക്യാമ്പസുകളിലെ ഫാസിസ്റ്റ് പ്രവണതകളെയും (ഈ പ്രവണത ഈ നാട്ടിൽ ആദ്യം കൊണ്ടുവന്നത് നമ്മുടെ എസ് എഫ് ഐ  കുട്ടി സഖാക്കൾ ആണെന്നതും നമുക്ക് മറക്കാം ) അടയാളപ്പെടുത്തുന്നു...  ഈ ഒരു ലൈൻ മതിയോടെ ??????

മതി അണ്ണാ സന്തോഷമായി .. അപ്പോൾ   ചുരുക്കത്തിൽ .....

നല്ലൊരു സിനിമ . കൂടുതൽ നല്ല സിനിമകൾ മലയാളത്തിൽ  ഉണ്ടാകുന്നതു തികച്ചു സന്തോഷം. എത്ര   കാലമെന്ന് വെച്ചാ ഈ  തമിഴനെ തെറി പറഞ്ഞു ജീവിക്കുന്നെ .... മറ്റൊരു ഹാർഡ്  ഹിറ്റിംഗ് മൂവി  

കുറിപ്പ്  : പ്രിയപ്പെട്ട വായനക്കാരെ ഈ ചിത്രത്തിന്റെ സംവിധായകൻ അരുണ്‍ കുമാറിന്റെ രണ്ടാമത്തെ ചിത്രമാണ് ഇതു എന്നൊരു അതീവ ഗുരുതരമായ തെറ്റ് ഈ പോസ്റ്റിൽ സംഭവിച്ചിട്ടുണ്ട് .ഓർമ്മ  പിശകും പിന്നെ എഴുതുമ്പോൾ ഗൂഗിൾ അധികം ഉപയോഗിക്കാത്തതും കൊണ്ട് വരുന്ന തെറ്റുകളിൽ ഒന്നാണ് ഇതു . ഈ തെറ്റ് കൊണ്ട് ഈ പോസ്റ്റ് വായിക്കുമ്പോൾ ഉണ്ടായ ആസ്വാദനത്തിനു ഉണ്ടായ  തടസത്തിനു ഞാൻ മാത്രമാണ് ഉത്തരവാദി .നിരുപാധികം മാപ്പ് ചോദിക്കുന്നു