Sunday, June 30, 2013

ഗോഡ് ഫോർ സെയിൽ (വൻപിച്ച ആദായ വില്പ്പന !!!)


മുംബൈ മാർച്ച്‌ 12 , ലിസ്സമ്മയുടെ വീട്  എന്നീ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾക്ക് ശേഷം ഇതാ  ഒരിക്കൽ  കൂടി മലയാള സിനിമയുടെ പൊന്നോമന പുത്രൻ, തേങ്ങുന്ന മലയാള മനസ്സിന്റെ  മനസ പുത്രൻ , മലയാളത്തിന്റെ സ്വന്തം ബാബു ജനാർദ്ദനൻ .ഒപ്പം മലയാളത്തിന്റെ സ്വന്തം കുഞ്ചാക്കോ ബോബനും പോരെങ്കിൽ ടിനി ടോം , സുരാജ് ,അനുമോൾ , ജ്യോതി കൃഷ്ണ,തിലകൻ ,മാള അരവിന്ദൻ , കൊച്ചു പ്രേമൻ......

അനിയാ അടങ്ങെഡേ ...  ഇതെന്നാ പറ്റി  നിനക്ക് ?

ഇല്ല അണ്ണാ മലയാള സമൂഹത്തെ ഇന്ന് കാർന്നു തിന്നുന്ന, മലയാളി സമൂഹത്തിന്റെ നേർ കാഴ്ച ആയ ഒരു സാമൂഹ്യ വിപത്തിനെ പറ്റി സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സംവിധായകൻ തുറന്നടിക്കുമ്പോൾ  ഒരു സാമൂഹ്യ പ്രതിബദ്ധത ഉള്ള പൌരൻ എന്ന നിലയ്ക്ക് വെറുതെ ഇരിക്കാനോ ? നെവർ .ജയ് ജവാൻ ജയ് കിസാൻ ...ലോകചരിത്രത്തിൽ തന്നെ ആദ്യമായി ഒരു കപട സന്യാസിയുടെ കഥ പറയുന്ന ഈ ചിത്രം തീർച്ചയായും മലയാളികള് സ്വീകരികേണ്ടാതാണ് .

അയ്യോ അത് മറന്നു . ഇപ്പോൾ വന്നു വന്നു മലയാളി എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കരുത് എന്ന് തീരുമാനിക്കുന്നത്‌ അവനവൻ  അല്ലല്ലോ അല്ലേ ?   സ്വീകരിക്കാം അല്ലേ

എന്നാണ് അവസാനം കിട്ടിയ വിവരം.  ബൈ ദ  വേ അണ്ണൻ എഴുതി തന്ന  ലെഫ്റ്റ് റൈറ്റ് സംഗതി കാള കൂടം പത്രത്തിന്റെ ഗേറ്റ് കടക്കുന്നതിനു മുൻപ് തന്നെ ചില അജ്ഞാതർ പിടിച്ചു വാങ്ങി കീറി കളഞ്ഞു പകരം അവർ തന്ന സംഗതിയാ  ഇട്ടത് . അല്ലെങ്കിൽ പിന്നെ ഭവിഷ്യത്ത് ഞാൻ തന്നെ അനുഭവിച്ചു കൊള്ളണം പോലും

അനിയാ ഇതു , ഇതു മാത്രമല്ലേ ആ ചിത്രത്തിൽ കൈതേരി സഹദേവനും പറയുന്നുള്ളൂ .അതിരിക്കട്ടെ നീ  പറയാതെ തന്നെ  ഇതിലേക്ക് വരാം .ഈ ലോകചരിത്രത്തിൽ ആദ്യമായി കപട സന്യാസി എന്നത് വയറ്റിൽ പിഴപ്പിന്റെ ഭാഗമായി പറയുന്നതായി ഞാനങ്ങ് കണ്ടു . അതിരിക്കട്ടെ എന്താണ് അനിയാ ഈ കപട സന്യാസി ?

അതിപ്പോൾ ....

അനിയാ ഈ പടത്തിന്റെ തലകെട്ട് സത്യമാണ് ദൈവം അഥവാ മത വിശ്വാസം അത് ഏതു മതത്തിന്റെ ആയാലും എന്ന് അത് നന്നായി വിറ്റു  പോകുന്ന ചരക്കാണ്‌ .ഉദാരവൽക്കരണത്തിന്റെ ഇന്നത്തെ കാലത്ത് നന്നായി വിട്ടു പോകുന്ന ഏതു ചരക്കിനും ഇവിടെ ഉത്പാദകർ അഥവാ സപ്പ്ലയേർസ് ഉണ്ടാകുമല്ലോ .

അപ്പോൾ അണ്ണൻ ഈ കപട സന്യാസിമാരുടെയും മനുഷ്യ ദൈവങ്ങളുടെയും ഒക്കെ ആളാണ് അല്ലേ ?

അനിയാ പോട്ട ധ്യാന കേന്ദ്രം മുതൽ അമൃതാനന്ദമയിയോ സായിബാബയോ വരെയുള്ള ഒരിടത്തും ഞാൻ ഇന്നേ വരെ പോയിട്ടില്ല .പക്ഷെ ഈ സ്ഥലങ്ങളിൽ ഒക്കെ പോയി മനസമാധാനം നേടുന്ന ഒത്തിരിപ്പേരെ എനിക്കറിയാം ,അവരിൽ  ഒരാൾക്കു പോലും മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ അഥവാ വ്യക്തികളിൽ നിന്ന് കിട്ടുന്ന സമാധാനം എനിക്ക്  കൊടുക്കാൻ കഴിയില്ല എന്നിരിക്കെ  അവരെയൊക്കെ കുറ്റം പറയുന്നതിൽ ഒരു അർഥവും  ഞാൻ കാണുന്നില്ല .ഇനി ഇവർ  ആരെങ്കിലും നിയമം കുറ്റമാണ് എന്ന് പറയുന്ന എന്തെങ്കിലും ചെയ്താൽ ഇവരൊക്കെ എത്ര ജനസ്വാധീനം ഉള്ളവർ ആയാലും അവരെ  ശിക്ഷിക്കാൻ ശക്തിയുള്ള  നിയമവ്യവസ്ഥ കൂടി ഉണ്ടെങ്കിൽ ഒരു പൌരൻ എന്ന നിലയിൽ  ഞാൻ ഹാപ്പി .പിന്നെ എന്ത് കൊണ്ട് കപട സന്യാസിമാർ മാത്രം ഉണ്ടാകുന്നു അഥവാ എന്ത് കൊണ്ട് കപട അധ്യാപകരോ , കപട പോലീസുകാരോ ഉണ്ടാകുന്നില്ല എന്നതും ചിന്തനീയമല്ലേ അനിയാ ?

അങ്ങനെ അങ്ങ് പറഞ്ഞാലോ ഇവിടെ കപട സന്യാസികളുടെ തട്ടിപ്പിന് ഇരയാകുന്ന എത്ര കഥകൾ നമ്മൾ ദിവസവും വായിക്കുന്നു ....

അനിയാ സ്വന്തം ഉല്പ്പന്നം നടക്കാത്ത കാര്യങ്ങൾ ചെയും എന്ന് പരസ്യപ്പെടുതുന്നതിനു ഒരു വിധ വിലക്കും ഇല്ലാത്ത ഒരു നാടാണ്‌ നമ്മുടെ. കലക്കി കൊടുത്താൽ  ഉയരവും ബുദ്ധിയും വർധിക്കും എന്ന്  ഡോക്റ്റർ വേഷധാരി നമ്മോടു പറയുന്ന  പരസ്യം തുടങ്ങി വൈകിട്ട്  പരിപാടി നാലഞ്ച് സോഡാ  അടിക്കുന്നതാണ് എന്ന് പറയുന്ന താരം വരെ ചെയുന്നത് മറ്റൊന്നല്ല .ഭക്തി അടക്കം മേൽപ്പറഞ്ഞ  ഏതു കാര്യം ആയാലും സ്വന്തം   തല ഉപയോഗിക്കാതെ ഇവരൊക്കെ പറയുന്നതു    തൊടാതെ വിഴുങ്ങുന്നവരെ വേണ്ടേ പറയാൻ.

അപ്പോൾ അണ്ണൻ പറയുന്നത് ഇതൊന്നും എതിർക്കണ്ട എന്നാണോ ?

അതൊക്കെ അവരവരുടെ ഇഷ്ട്ടം .പക്ഷെ  ഈ കാലത്ത്  ഇതു പോലെയുള്ള   ഏതൊരു സാധനതിനെതിരെയും  വരുന്ന എതിർപ്പുകൾക്ക്  പിന്നിൽ  കുറച്ചു കൂടി സൂത്രശാലിയായ , കുറെ  കൂടി  വലിയൊരു  കച്ചവടക്കാരനെ സൂക്ഷിച്ചു  നോക്കിയാൽ കാണാം .വ്യാജ സി ഡി എന്ന് പറഞ്ഞു നാട്ടിലെ വീഡിയോ ലൈബ്രറികൾ  പൂട്ടിച്ചപ്പോൾ ശശി ആയതു പത്തു രൂപ കൊടുത്തു കണ്ടിരുന്ന സി ഡി , ഇന്നു നൂറു രൂപയ്ക്കടുത്തു കൊടുത്തു വാങ്ങുന്ന പൊതു ജനം തന്നെ അല്ലേ ? വിജയിച്ചതോ മോസർ ബെയർ എന്ന മിടുക്കനും 

അല്ല ഇതെന്തോന്ന്  സാമൂഹ്യ വിമർശനമോ ? അണ്ണാ  ഈ സിനിമയെ പറ്റി ?

അനിയാ ബാബു ജനാർദ്ദനൻ  തിരകഥകൃത്ത്  കം  സംവിധായകനെ കുറിച്ച് പറഞ്ഞാൽ  ഇതു വരെ ഉള്ള അദ്ദേഹത്തിന്റെ  പരിശോധിച്ചാൽ എനിക്ക്  വ്യക്തിപരമായ   അഭിപ്രായം ഇതാണ് . അദ്ദേഹത്തിന്  ആകെ  അറിയാവുന്ന പണി, തന്റെ  സിനിമ എങ്ങനെ ആയിരിക്കണം എന്ന്  വ്യക്തമായി ബോധമുള്ള  സംവിധായകർക്ക്  ഒരു വിധം   നന്നായി തിരകഥ ശരിയാക്കികൊടുക്കുക  എന്നതാണ് .അത്രയും മാത്രം അറിയാവുന്ന അവസ്ഥയിൽ  ഉള്ള അദ്ദേഹം സംവിധാനം  കൂടി ചെയ്യുമ്പോൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക , പണ്ടേ ദുർബല പോരാത്തതിനു ഗർഭിണിയും തുടങ്ങിയ പഴഞ്ചൊല്ലുകൾ   വരുന്നത് സ്വഭാവികം 

അല്ല  ഈ സിനിമ ....

അനിയാ സംവിധാനം എന്താണ് എന്ന് അറിയാവുന്ന വല്ലവരുടെയും കൈയ്യിൽ കിട്ടിയാൽ തകർപ്പൻ  ആക്കേണ്ട ഒരു ത്രെഡ്  എടുത്തു അന്തവും കുന്തവും ഇല്ലാത്ത പരുവത്തിൽ എടുത്തു വെച്ച  ഈ കലാ രൂപത്തെ പറ്റി എന്ത് പറയാൻ ?ചിത്രം തുടങ്ങുന്നത്  എന്തൊക്കെയോ സംഭവം നടക്കാൻ പോകുന്നു എന്ന രീതിയിലാണ്‌ .ഒരു കുട്ടിയെ ദൈവപ്രീതിക്കായി ബലികൊടുത്തു  കൊന്ന കേസിൽ  പ്രശസ്ത സന്യാസി പൂർണ്ണാനന്ദയെ (കുഞ്ചാക്കോ ബോബൻ ) അറസ്റ്റ് ചെയ്യാനുള്ള ഡി വൈ എഫ് ഐ ക്കാരുടെ സമരത്തിന്‌ നടുവിലേക്കാണ്  സിനിമ തുടങ്ങുന്നത്. റിമാൻഡിൽ ആയ , ചോദ്യം ചെയ്യലിന്റെ ഭാഗമായി ,നാർക്കോ അനാലിസിസിനിടയിൽ സ്വന്തം ജീവിതകഥ പറയുന്ന പ്രസന്നൻ നായർ എന്ന പൂർണ്ണാനന്ദയിലൂടെയാണ്  കഥ വികസിക്കുന്നത് .ചില ഭാഗങ്ങൾ ഇയാളുടെ ചേട്ടൻ മോഹനൻ (സുരാജ് ) പോലീസ് ഉദ്യോഗസ്ഥരോട് പറയുന്നുണ്ട് .

ഒരു കുട്ടിയെ ബലി കൊടുതതുമായി ബന്ധപ്പെട്ടാണ്  പൂർണ്ണാനന്ദയെ പോലീസ്  അറസ്റ്റ്  ചെയ്തു  ചോദ്യം ചെയ്യുന്നത് . എന്നാൽ ആ സംഭവത്തെ പറ്റി  ആകെ പറയുന്നത്  രണ്ടു വാചകം മാത്രം .കുറച്ചു കഴിയുമ്പോൾ കാണികൾക്ക് ഈ പോലീസുകാർ ഇയാളെ കുറിച്ച് ഡോക്യു മെൻന്ററി  വല്ലതും എടുക്കാൻ വന്നതാണോ  എന്ന് തോന്നുന്ന രീതിയിലാണ്‌  സിനിമ പുരോഗമിക്കുന്നത് .

അല്ല അതിപ്പോൾ കഥ പറയാൻ ഉള്ള ഒരു രീതി എന്ന നിലയിൽ കണ്ടാൽ .....

അനിയാ  എന്തിനും  ഒരു മര്യാദ വേണ്ടേ ?. ഉദാഹരണമായി "കുട്ടിക്കാലത്ത് അച്ഛൻ തൂങ്ങി നില്ക്കുന്നത് കണ്ടപ്പോൾ എന്താണ് തോന്നിയത് സാറ് ചോദിച്ചത് കേട്ടില്ലേ പ്രസന്നൻ ഉത്തരം പറയണം " എന്ന് രഞ്ജിനി  ഹരിദാസ് മോഡലിൽ ഒരു പെങ്കൊച്ചു ചോദിക്കുന്നു എന്ന് വിചാരിക്കുക മനസ്സിൽ മുതിർന്ന ഒരാൾ ചെയ്ത ഒരു കൊലപാതകത്തെ കുറിച്ചുള്ള ചോദ്യം ചെയ്യൽ ആണോ അതോ എന്തോ ടി വി പരിപാടി ആണോ ഓർമ്മ  വരുക? ഇനി നായകന്റെ ജീവിതത്തിലേക്ക് നോക്കിയാൽ കഥ പറഞ്ഞു തീരുന്നതിനു 5 മിനിട്ടു മുൻപാണ്‌ ഒരു പ്രകോപനവും  ഇല്ലാതെ ഇദ്ദേഹം സന്യാസി ആകുന്നത്‌ . അതിനു മുൻപ് ആദ്യം അദ്ദേഹം ആർ എസ്സ്  എസ്സ് കാരനായിരുന്നു പിന്നീടു ലോ പഠിക്കാൻ പോകുമ്പോൾ സുഹൃത്തുക്കളായ സഖാക്കളുടെ കൂടെ കൂടി ഇടതുപക്ഷ പ്രവർത്തകനാകുന്നു . അതിനു ശേഷം  ക്രിസ്തുമത വിശ്വാസിയായ  (അനുഭാവിയായ എന്ന് പറയുന്നതാണ് ശരി ) സോമൻ മുതലാളിയുടെ മകളെ കല്യാണം കഴിച്ചു സമ്പന്നനായി ജീവിക്കുന്നു അവിടെ നിന്ന് തെറ്റിപ്പിരിഞ്ഞു  അദ്ദേഹം ഒരു ക്രിസ്തു മത കേന്ദ്രത്തിൽ വചനം പറയുന്ന (മനസിലാകുന്ന ഭാഷയിൽ പറഞ്ഞാൽ മാർക്കെട്ടിംഗ് എക്സിക്യുട്ടിവ് ) ആയി പ്രവർത്തിക്കുന്നു .പിന്നീടു പ്രവർത്തനം തുടർന്ന് കൊണ്ട് തന്നെ  ഭാര്യയുമായി യോജിക്കുന്നു എങ്കിലും കുട്ടികൾ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത തനിക്കു കുട്ടിയുണ്ടായത്‌ ദൈവ അനുഗ്രഹം ഒന്നും കൊണ്ടല്ല മറിച്ച്  വേറെ ആരോ കാരണം ആണ് എന്നു അറിയുന്നതോടെ എല്ലാം ഉപേക്ഷിച്ചു സമനില തെറ്റി ഇങ്ങേർ പോയി സ്വാമി ആകുന്നു .കഥ ഇന്നിലേക്ക്‌ വരുന്നു . ഡപ്പേന്നു  തീരുന്നു .ജനം ഇളിഭ്യരായി പുറത്തേക്കു.

അയ്യോ ... ഇതെന്തോന്ന്  സെയിൽ .....

ഈ സിനിമയിൽ നോക്കിയാൽ അവസാന അഞ്ചു മിനിട്ട് വരെ നായകൻ  ചെയ്യുന്നതെല്ലാം തികഞ്ഞ ആത്മാർത്ഥതയോടെയാണ്.  സ്വാമി ആയതിനെ പറ്റി  പ്രത്യേകിച്ച് ഒന്നും പറയുന്നുമില്ല പിന്നെ ഇതെങ്ങനെ ഇവർ  തന്നെ പരസ്യത്തിൽ പറയുന്ന പോലെ ഒരു കപട സന്യാസിയുടെ കഥയാകും ?

ശരി  അഭിനയം ..

അതല്ലേ കഷ്ട്ടം .. കുഞ്ചാക്കോ ബോബൻ , സുരാജ്  എന്നിവർ  വളരെ നന്നായി അവരവരുടെ വേഷങ്ങൾ ചെയ്തു എന്നതാണ് സത്യം .(എന്ത് കാര്യം വാലും തലയും ഇല്ലാത്ത ഒരു ചിത്രത്തിൽ ആയി പോയത് കഷ്ട്ടമായി പോയി എന്ന് മാത്രം ). നായകന്റെ  പൂർവ കാമുകി ആയി അഭിനയിച്ച ജ്യോതി കൃഷ്ണയും ഭേദപ്പെട്ട അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത് . ബാക്കി എല്ലാരും ചിത്രത്തിന്റെ പൊതു സ്വഭാവത്തിന് ഒത്തു പോകുന്നു  (കണക്കാണ് എന്ന് ചുരുക്കം ) .

പിന്നെ മുംബായ്‌ ... എന്ന ചിത്രത്തിലേത് പോലെ അമ്പലത്തിലെ ഉത്സവത്തിന്‌  തിരുവാതിര കളിക്കുന്ന മുക്രിയുടെ മകളിൽ നിന്ന് മതേതരത്വം ക്ഷേത്രത്തിൽ നടക്കുന്ന  അയ്യപ്പൻ പാട്ട്  ഭക്ത ജനങ്ങളുടെ  മുൻനിരയിൽ നിന്ന് ആസ്വദിക്കുന്ന മുസ്ലിം വേഷധാരിയിലേക്ക് മാറിയിട്ടുണ്ട് .

അണ്ണാ നിങ്ങൾക്ക്  അല്ലേലും ഈ മത സൗഹാർദത്തെ  ഭയങ്കര പുഛമാണല്ലോ അല്ലേ ?

പൊന്നു സുഹൃത്തേ ഇവിടെ പണ്ട് മത സൌഹാർദം നില നിന്നിരുന്ന കാലത്ത് ഉണ്ടായിരുന്നതും ഇന്ന് ഇല്ലാത്തതുമായ ഒരേ ഒരു സംഗതി പരസ്പര ബഹുമാനം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു .നിന്റേതു പോലെ നിന്റെ സഹോദരന്റെ വിശ്വാസവും മഹത്തരവും ബഹുമാനിക്കപ്പെടെണ്ടതും ആണ് എന്ന് എല്ലാ മതങ്ങളും/വിശ്വാസങ്ങളും പഠിപ്പിക്കുന്ന അഥവാ ഓരോ വിശ്വാസിയും മനസ്സിലാക്കുന്ന  കാലത്ത് എനിക്കും നിങ്ങൾക്കും സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങാം എന്നുമാണ് ഞാൻ വിശ്വസിക്കുന്നത് .സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം രംഗങ്ങൾ ചിരി ഉണർ ത്തുക മാത്രമേ ഉള്ളു.പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ ഇന്നു ഈ  കച്ചവടം  കുറവ്  മുസ്ലിം സമുദായത്തിൽ തന്നെയാണ് .പിന്നെ  വിശ്വസികൾക്ക്  ഒക്കെ വിദ്യാഭാസം ഒക്കെ കൂടിയത്   കൊണ്ടാകണം ഇത്തരം ശ്രമങ്ങൾ  അവിടെയും മുള   പൊട്ടുന്നുണ്ട് .വൈകാതെ  ഇതര സമുദായങ്ങളുടെ തോളോട് തോൾ ചേർന്ന്  അവരും നീങ്ങും എന്ന് പ്രതീക്ഷിക്കാം 

ചുരുക്കത്തിൽ ....

മനുഷ്യൻ അറിയുന്ന  ചെയ്തു ജീവിച്ചില്ല എങ്കിൽ ഇങ്ങനെ പലതും മലയാള സിനിമ പ്രേക്ഷകർക്ക്‌ അനുഭവിക്കേണ്ടി വരും എന്നത് തന്നെ 

7 comments:

 1. INTERNATIONAL REVIEW....! ONNUM PARAYANILLA.

  ReplyDelete
  Replies
  1. ഇവിടെ മനസ്സിലായില്ല,അനിയനും സിനിമ ഇഷ്ടപ്പെട്ടില്ല എന്നാണോ അതോ ഇഷ്ടപ്പെട്ടു എന്നാണോ

   Delete
 2. കുട്ടിച്ചത്താൻസേവ കൊണ്ട് പ്രശ്ന പരിഹാരം തേടുന്നത് തട്ടിപ്പും അന്ധവിശ്വാസവും മധ്യസ്ഥ പ്രാർത്ഥനയിലൂടെ പ്രശ്ന പരിഹാരം തേടുന്നത് അടിയുറച്ച വിശ്വാസവും ആയ കാലത്ത് പത്തു പേര് ചേർന്ന് മാധ്യമങ്ങളെ സ്വാദീനിച്ചു നടത്തുന്ന ഏതൊരു തട്ടിപ്പിനും സമൂഹത്തിന്റെ അംഗീകാരം ഉണ്ടാകുന്നു എന്നതാണ് സത്യം വളരെയേറെ കാര്യങ്ങൾ പറയാൻ സാധ്യത ഉണ്ടായിരുന്ന ഒരു പ്രമേയം . ചിത്രം തികച്ചും നിരാശപ്പെടുത്തുന്നു

  ReplyDelete
  Replies
  1. ഗോലി സോഡയിലെ വെള്ളം എപ്പോളും ശുദ്ധമാണോ എന്ന് പരിശോധിക്കപ്പെടുകയും അതെ സമയം മക്ഡവൽസ് സോഡയിലെ വെള്ളം നൂറു ശതമാനം ശുദ്ധം ആണെന്ന് ചുമ്മാ കരുതപ്പെടുകയും ചെയ്യുന്ന കാലമല്ലേ അനിയാ ക്ഷമി.പൊതു ജനത്തെ പറഞ്ഞാൽ മതി

   Delete
 3. Annan 5 sundarikal kandille atho atho nirropikkanulla capacity ille? Ini njan kaalakudathil enthezhuthi kodukkum

  ReplyDelete
 4. "അവരിൽ ഒരാൾക്കു പോലും മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ അഥവാ വ്യക്തികളിൽ നിന്ന് കിട്ടുന്ന സമാധാനം എനിക്ക് കൊടുക്കാൻ കഴിയില്ല എന്നിരിക്കെ അവരെയൊക്കെ കുറ്റം പറയുന്നതിൽ ഒരു അർഥവും ഞാൻ കാണുന്നില്ല" - അപ്പോൾ മയക്കുമരുന്നിനു അടിമപ്പെട്ടവർ ,മദ്യപാനികൾ ,കൂട്ട ബലാൽസംഗികൽ -ഇവർകൊക്കെ ഇങ്ങനെയൊക്കെ മനസമാദാനം കിട്ടുന്നെകിൽ നമുക്ക് കുറ്റം പറയാൻ പറ്റില്ല അല്ലെ സാർ .

  ReplyDelete
  Replies
  1. അങ്ങനെ അല്ലല്ലോ സാർ . താങ്കൾ ഇവിടെ പറഞ്ഞ ഏതൊരു സംഗതിയും സമുഹത്തിലെ മറ്റുള്ളവർക്ക് ഉപദ്രവമാകുമ്പോൾ ഈ പോസ്റ്റിൽ പറയുന്ന ഒരു സ്ഥലത്തും (മേല്പ്പറഞ്ഞ സ്ഥലങ്ങളിൽ എന്ന് ഉദ്ദേശിച്ച ) പോകുന്ന ഒരാൾ സമൂഹത്തിലെ ഉപദ്രവം ആകുന്നില്ല എന്നതല്ലേ സത്യം .പിന്നെ ഏതൊരു സംഗതിയോടുമുള്ള അമിതമായ അടിമത്വം വിപരീതമായ ഫലം ആണ് ഉണ്ടാക്കുക എന്ന സത്യം എവിടെയും ഇവിടെയും ബാധകമാണ് എന്ന് മാത്രം

   Delete