Monday, August 30, 2010

നിറക്കാഴ്ച (Nirakazcha)

വെറുതെയാണോ ഈ നാട്ടില്‍ മാവോവാദികളും നക്സലെട്ടുകളും ഒക്കെ ഉണ്ടാകുന്നതു ? ഈ നാട്ടില്‍ എന്തെങ്കിലും,എന്തിനെങ്കിലും ഒരു വ്യവസ്ഥയുണ്ടോ ?

അണ്ണന്‍ രാവിലെ ഒരു വിപ്ലവ മൂഡില്‍ ആണല്ലോ ? എന്താ ഒരു ധാര്‍മിക രോഷം?

അനിയാ ഈ നാട്ടില്‍ ഏതൊരു വ്യക്തിക്കും സിനിമ സംവിധാനം ചെയ്യാമെന്നും,സിനിമ നിര്‍മിക്കാമെന്നും ആയിട്ടുണ്ട്.ഇതിനൊന്നും ചോദിയ്ക്കാന്‍ ആരുമില്ലേ?

അണ്ണാ ഇതില്‍ എന്തോന്ന് ചോദിയ്ക്കാന്‍?കാശുള്ളവന്‍ അത് കൊണ്ട് പടം എടുക്കുന്നു.സൗകര്യം ഉള്ളവന്‍ കണ്ടാല്‍ മതി തീര്‍ന്നില്ലേ?

തന്നെടെ.എന്റെ ഒരു മനോവിഷമമം കൊണ്ട് പറഞ്ഞു പോയതാ.ഇന്നലെ നിറക്കാഴ്ച പോയി കണ്ടു.അതിന്റെ വിഷമം തീര്‍ത്തതാ.

നിറക്കാഴ്ച കണ്ടോ? സംഗതി ഒരു ഇന്‍ഡോ ഇറ്റാലിയന്‍ പ്രണയ കാവ്യം ആണെന്നും.ഭരതന്‍ ടച്ച്‌ ഉള്ള പടം ആണെന്നും ആണല്ലോ കേട്ടത്.ശരിയാണോ?

ഇവിടെയാണ് എന്റെ ശരിക്കുള്ള പരാതി.ഒരു പടം തല്ലി പൊളി ആണെങ്കില്‍ അത് ജനങ്ങളോട് വിളിച്ചു പറയേണ്ട ചുമതല ഇവിടത്തെ മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും ഇല്ലെ?

ഉണ്ടോന്നു ചോദിച്ചാല്‍ .......

ഉണ്ട് എന്നത് തന്നെയാണ് ഉത്തരം. അതിനാദ്യം ഈ നിരൂപകന്‍ എന്ന തെണ്ടിക്ക് (നീയടക്കം) സ്വന്തമായി ഒരു അഭിപ്രായം വേണം.മനസിലായോടാ?

ശരി അതിരിക്കട്ടെ പടം എങ്ങനെ ഉണ്ട്?

അനീഷ്‌ ജെ കരിനാട് എന്ന പുതു മുഖ സംവിധായകനാണ് ഈ സംഭവത്തിന്റെ കഥയും തിരകഥയും നിര്‍മിച്ചു സംവിധാനം ചെയ്തിരിക്കുന്നത് . ഇതൊന്നും പോരാത്തതിനു അദേഹം ഒരു കോമഡി കം വില്ലന്‍ കഥാപത്രത്തെയും അവതരിപ്പികുന്നുണ്ട്.നിര്‍മാണം എനിക്ക് മനസിലായത് സോമതീരത്തിന്റെ മുതലാളിയും പിന്നെ കുറെ ജര്‍മന്‍ NRI ആള്‍ക്കാരും ആണെന്നാണ്.

അപ്പോള്‍ കഥ?

കഥ എന്ന് പറയപ്പെടുന്ന സാധനം ഇതാണ്.ഒരു ഇറ്റാലിയന്‍ സായിപ്പു.ചിത്രകാരന്‍ ആണ്.രവിവര്‍മ വരച്ചു പൂര്‍ത്തി ആക്കാത്ത ഒരു ചിത്രം വരയ്ക്കുക എന്നതാണ് ലക്‌ഷ്യം.പടത്തിന്റെ മോഡല്‍ ആയി ഇയാള്‍ക്ക് തിരഞ്ഞെടുക്കുനത് ശില്പയെ (മമത മോഹന്‍ദാസ്‌ )ആണ്.ശില്പയുടെ മുറ ചെറുക്കനായ ശ്രീ കുട്ടന് (മനോജ്‌ കെ ജയന്‍)ഇതു തീരെ ഇഷ്ടമല്ല.അത് പിന്നെ അദേഹത്തെ കുറ്റം പറയുന്നത് എങ്ങനാ ? അങ്ങേരു കാണുമ്പോള്‍ ഒക്കെ മുറപെണ്ണ് സായിപ്പിന്റെ മുന്നില്‍ അര്‍ദ്ധ നഗനയായി നില്‍ക്കുന്നു . സായിപ്പാകട്ടെ പടം വരയ്ക്കാന്‍ ഒരു പരിപാടിയും ഇല്ലാത്തത് പോലെ മമതയുടെ ദേഹത്ത് വെള്ളം കോരി ഒഴിക്കുക,ദേഹത്ത് പിടിക്കുക മുതലായ കലാപരിപാടികളില്‍ മുഴുകുന്നതാണ് കാണുന്നത്.ഫലം ശ്രീ കുട്ടനും സായിപ്പും നേരില്‍ കണ്ടാല്‍ അപ്പോള്‍ ശ്രീ കുട്ടന്‍ സായിപ്പിന്റെ കുത്തിനു പിടിക്കുകയും തെറി വിളിയും സ്ഥിരം പരിപാടി ആക്കുന്നു . ശില്പ കാശു വാങ്ങിയതല്ലേ ജോലിയല്ലേ എന്നൊക്കെ പറയുകയും ശ്രീ കുട്ടന്റെ നെഞ്ചില്‍ ചാരി നിന്ന് കരയുകയും ഒക്കെ ചെയുന്നുന്ടെങ്കിലും ബാക്കി സമയം മുഴുവന്‍ സായിപ്പുമായി കെട്ടിമറിയല്‍ ആണ്. (മിടുക്കി ).ഇതിന്ടെ ശില്പയുടെ ലൈന്‍ (സായിപ്പും ആയുള്ള ) പൊട്ടുന്നു .കാരണം സിമ്പിള്‍. ഒരു ദിവസം ഹോട്ടല്‍ മുറിയില്‍ വെച്ച് ശില്പ സായിപ്പിന്റെ ലാപ്‌ ടോപ്‌ ഇല്‍ സായിപ്പു മറ്റൊരു മദാമ്മയും ആയി കെട്ടി മറിയുന്ന ചിത്രങ്ങള്‍ കാണുന്നു.അത് പഴയ കാമുകി ആണെന്നും ഒരു കൊല്ലമേ ഒരുമിച്ചു ജീവിച്ചുള്ളു എന്നും സായിപ്പു കരഞ്ഞു പറഞ്ഞിട്ടും ഒരു രണ്ടാം കേട്ടുകാരനെ കെട്ടാന്‍ വയ്യ എന്ന കാരണം പറഞ്ഞു (സത്യമായും പറയുന്നുണ്ട് ) ഹിസ്ടീരിയ ബാധിച്ചവളെ പോലെ ശില്പ സായിപ്പിനെ കളയുന്നു.പിന്നെ ഒരു കൊല്ലം കഴിഞ്ഞു കേരളത്തില്‍ രാജാ രവി വര്‍മയുടെ ഒരു ദമയന്തി ചിത്രം മോഷണം പോകുന്നു.മന്ത്രിസഭ കൂടി രവിവര്‍മ ചിത്രങ്ങള്‍ വരച്ചു പ്രശസ്തനായ നമ്മുടെ പഴയ സായിപ്പിനെ കൊണ്ടുവന്നു വേറൊരെണ്ണം വരപ്പിക്കാന്‍ തീരുമാനിക്കുന്നു.(നാളെ നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ കാണാതാകുന്നു എന്നും നിങ്ങള്‍ പരാതിപ്പെടുന്നു എന്ന് കരുതുക.രൂപ സാദൃശ്യം ഉള്ള ഒരാളെ ഉടനെ കൊണ്ട് വന്നു തന്നു നിങ്ങളുടെ പരാതി പരിഹരിക്കും!!!!)സായിപ്പു സ്റ്റേറ്റ് ഗസ്റ്റ് ആയി കേരളത്തില്‍ എത്തുന്നു.അയാള്‍ താമസിക്കുന്ന റിസോര്‍ട്ട്ലെ ടൂര്‍ മാനേജര്‍ ആണ് ശില്പ.കാര്യമായ പണി ഒന്നും ഇല്ലെങ്കിലും ശ്രീകുട്ടനെ അവിടെയൊക്കെ കാണാം.വീണ്ടും സായിപ്പു "വൈ ശില്പ വൈ " എന്ന് ചോദിച്ചു ശില്പയുടെ പുറകെ.ശ്രീകുട്ടന്‍ വീണ്ടും കണ്ണ് ഉരുട്ടലും സായിപ്പിന്റെ കുത്തിനു പിടിക്കലും ആയി പുറകെ.ഇതിനിടെ സായിപ്പിന്റെ അനിയത്തി അനാലിസ (എന്തൊരു പേര് !!!)റിസോര്‍ട്ടില്‍ എത്തുന്നു (ദോഷം പറയരുതല്ലോ നല്ല ഉഗ്രന്‍ ഒരു മദാമ്മ !!!!)വേറെ പണിയൊന്നും ഇല്ലാതെ റിസോര്‍ട്ടില്‍ കാണപ്പെടുന്ന മൂന്നാര്‍ മത്തായി എന്ന ഹാസ്യ (?) കഥാപാത്രം പറയുന്നത് അനുസരിച്ച് ശ്രീകുട്ടന്‍ അനാലിസയെ പ്രേമിക്കുനതായി അഭിനയിക്കുന്നു .(സായിപ്പിന് പണി കൊടുക്കാന്‍!!!).അവസാനം രണ്ടാം കെട്ട് എങ്കില്‍ രണ്ടാം കെട്ട്,ഉള്ളതാകട്ടെ എന്ന് കരുതി (ആകണം)ശില്‍പ്പ സായിപ്പുമായി യോജിപ്പില്‍ എത്തുന്നു.ഇതിന്ടെ മൂന്നാര്‍ മത്തായി സ്വപ്നത്തില്‍ കാണുന്ന,ശില്പയോടും അനാലിസയോടും ഒപ്പം ഉള്ള ഒരു നൃത്തവും ഉണ്ട് !!! ഇതിനിടെ സായിപ്പിനെ ആരോ തലക്ക് അടിച്ചു വീഴ്ത്തുന്നു.ശ്രീ കുട്ടനെ സംശയിക്കുന്നു എങ്കിലും അവസാനം അയളല്ല എന്ന് തെളിയുന്നു.ആരാണ് ആ സല്‍കര്‍മ്മം ചെയ്തത് എന്ന് കണ്ടു പിടിക്കുന്നതോടെ(ആരായാലും വലിയ വിശേഷം ഒന്നും ഇല്ല) സായിപ്പും ശില്‍പ്പയും തമ്മിലും ശ്രീകുട്ടനും അനാലിസയും കെട്ടുന്നതോടെ നിറക്കാഴ്ച എന്ന ചലചിത്ര മഹോത്സവം അവസാനിക്കുന്നു.

മേല്‍പറഞ്ഞത്‌ കൂടാതെ താഴെ പറയുന്ന കഥ പത്രങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് . ഇവരൊക്കെ എന്തിനാണ് എന്ന് കാഴ്ചക്കാര്‍ തന്നെ കണ്ടു പിടിക്കുക

ജഗതി : പോലീസ് സീ ഐ.orginal ദമയന്തി ചിത്രം കണ്ടു പിടിക്കാന്‍ കുറച്ചു മണ്ടത്തരങ്ങള്‍ കാണിക്കുന്നു (വളിപ്പുകള്‍ എന്ന് വായിക്കുക)

കല്‍പ്പന : സായിപ്പിനെ മലയാളം പഠിപ്പിക്കാന്‍ വരുന്ന അക്ഷരവല്ലി. (വളിപ്പ് ഒരു പത്തു മിനിട്ട് സഹിച്ചാല്‍ മതി )

മാമുകോയ : ഇറ്റാലിയന്‍ പഠിപ്പിക്കുന്ന സര്‍ .ജഗതി സായിപ്പിനെ തെറി വിളിക്കാനായി ഇറ്റാലിയന്‍ പഠിക്കാന്‍ ഇവിടെ വരുന്നു.

സുരാജ് : പൂവാര്‍ പൂകുട്ടി. സായിപ്പിനെ പട്ടു പഠിപ്പിക്കാന്‍ വരുന്ന ഫ്രാഡ് (അസഹിനീയം)

ഇന്ദ്രന്‍സ് : ഒരു രംഗത്തില്‍ മാത്രം.(സ്ഥിരം വളിപ്പ് തന്നെ)

ബിജുകുട്ടന്‍ : ഏതെങ്കിലും മദാമ്മയെ കല്യാണം കഴിക്കാന്‍ വേണ്ടി റിസോര്‍ട്ടില്‍ താമസിക്കുന്ന ദരിദ്രവാസി .

അപ്പോള്‍ മറ്റു കഥാ പാത്രങ്ങളോ?
പാവം സായിപ്പു.അയാളെ കൊണ്ട് ചെയ്യിപ്പികാത്തത് ഒന്നുമില്ല (പുലി കളി,തെങ്ങ് കേറ്റം,നാട്ടുകാരുടെ മുഴുവന്‍ തെറി കേള്‍ക്കല്‍ ......). പടം വരക്കുന്നത് ഒഴികെ വേറെ എല്ലാത്തിലും അദേഹത്തിന് താല്പര്യം ഉണ്ട്.(പാട്ട് പഠിക്കല്‍, കളരി പഠിക്കല്‍, പ്രേമിക്കല്‍ , ... എന്ത് വേണം ?)

രണ്ടാം പകുതിയോടെ പടം വരക്കുന്നതിനെ പറ്റി ആരും സംസാരിക്കുന്നതു പോലും ഇല്ല (പാവം ദമയന്തി ചിത്രം!!) .മമത ലങ്കക്ക് ശേഷം ഇത്ര തുറന്നു അഭിനയിക്കുന്നത് ആദ്യമാണ്. പാവം ഇത്രയും "അഭിനയം" വല്ല തെലുങ്കിലോ തമിഴിലോ കാണിച്ചിരുന്നെങ്കില്‍ കൊച്ചു ഒരു നിലയ്ക്ക് ആയേനെ. സംവിധായകന്‍,സായിപ്പിനെ തലയ്ക്കടിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരെ പറ്റി സഭ്യതയുടെ പരിധിക്കുള്ളില്‍ നിന്നും എന്തെങ്കിലും പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല.
പിന്നെ എന്റെ അറിവില്‍ രവി വര്‍മ എന്നത് ഭാരതത്തില്‍ പോലും അത്ര ഭയങ്കര സംഭവം ആയി അറിയപ്പെടുന്ന ആളായിരുന്നില്ല എന്നാണ്.അദേഹത്തിന്റെ പടങ്ങള്‍ വരച്ചു ഒരാള്‍ ലോക പ്രശസ്തന്‍ ആവുക എന്നൊക്കെ പറഞ്ഞാല്‍ .... പിന്നെ പടം മൊത്തം കാണുന്നവനെ പരിഹസിക്കുനത് ആയതു കൊണ്ട് ഇതിനെ പറ്റി ഒന്നും പറയുന്നില്ല.മനോജ്‌ കെ ജയന്‍ സായിപ്പിനോട്‌ കളരി പയറ്റു പോലും നടത്തുന്നുണ്ട് (പാവം!!!).

എന്നാലും അണ്ണാ.ഇതെങ്ങനെ സഹിച്ചിരുന്നു?

ഉപദ്രവം രണ്ടു മണികൂര്‍ കൊണ്ട് തീരും എന്നൊരു ഉപകാരം ചെയുന്നുണ്ട് . (കൂടുതല്‍ ഹരം പകരുന്ന രംഗങ്ങള്‍ പ്രേക്ഷക പ്രതികരണം സഹിക്കാന്‍ വയ്യാതെ തീയറെര്‍ ഉടമകള്‍ വെട്ടി കളഞ്ഞത് ആണോ എന്ന് സംശയം ഉണ്ട്).

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

ഒരു തൊഴിലും അറിയാത്തവന് പരീക്ഷിച്ചു നോക്കാവുന്ന ഒന്നാണ് മലയാള സിനിമ എന്ന് അടിവര ഇട്ടു പറയുന്ന ഒരു ചിത്രം

Thursday, August 26, 2010

പാട്ടിന്‍റെ പാലാഴി (Pattinte Palazhi)

മലയാളത്തിന്റെ ആസ്ഥാന ബുദ്ധി ജീവിയും ഭരത- പത്മരാജന്‍ മാര്‍ ഒരുമിച്ചു ചേര്‍ന്ന പ്രതിഭയുമായ തിരകഥ കൃത്ത് കം സംവിധായകന്‍ ശ്രീ രഞ്ജിത്ത് ഉണ്ടാക്കി ഇറക്കിയ റോക്ക് ആന്‍ഡ്‌ റോള്‍ എന്നൊരു ചലച്ചിത്ര കാവ്യം ഉണ്ട് . അതില്‍ നായിക നായകനോട് നിഷ്കളങ്കമായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത് ഇപ്രകാരം ആകുന്നു "ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍ . വലിയ ആഗ്രഹങ്ങളോ മോഹങ്ങളോ ഇല്ലാത്ത സാധാരണ പെണ്‍കുട്ടി . പിന്നെ അകെ ഉള്ള ഒരു ആഗ്രഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ചലചിത്ര പിന്നണി ഗായിക ആകണം എന്നത് മാത്രമാണ്".ഈ എളിമ മാത്രം കണ്ടിട്ടാകും ലാലേട്ടന്‍ വീണു പോയതും പിന്നെ നായികയെ സ്വന്തമാക്കാന്‍ മരണപരാക്രമം നടത്തുന്നതും.

ഇതു ആക്ഷേപഹാസ്യ സാഹിത്യം അല്ലെടാ. ബൂലോകത്തെ പുതിയ ട്രെന്‍ഡ് . നീയും തുടങ്ങിയോടെ? പോസ്റ്റ്‌ന്‍റെ അടിയില്‍ ഒരു വാചകവും കൂടി വെച്ചാല്‍ പൂര്‍ത്തിയായി.

ഹാ.. ഇങ്ങേരെ എവിടുന്നു കെട്ടിയെടുത്തു . ഒരു ജോലി ചെയ്യാന്‍ സമതിക്കില്ലേ?

എന്താണാവോ നീ ചെയ്യുന്ന ഈ ഭയങ്കര ജോലി ?

അണ്ണാ ഇന്നു പാട്ടിന്‍റെ പാലാഴി റിവ്യൂ എഴുതി കൊടുത്തില്ലെങ്കില്‍ എന്റെ പണി പോകും .എങ്ങനെ എങ്കിലും ഒന്ന് ശരിയാക്കണം.

അതിനു നീ റോക്ക് ആന്‍ഡ്‌ റോള്‍ എന്ന പടത്തെ പറ്റി ആണല്ലോ നീ ഏതാണ്ടൊക്കെ പറഞ്ഞോണ്ടിരുന്നത് ?

ചേട്ടാ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ പാട്ടിന്‍റെ പാലാഴി എന്ന പടത്തിലെ നായിക വീണ എന്ന കഥാപത്രത്തെ കുറിച്ചാണ്.ഏതാണ്ട് മുകളില്‍ പറഞ്ഞ അതേ ലൈന്‍ ആണ് ഇതിലെ നായികയുടെയും.ഒരാള്‍ അഭിനയ കല വളരെ അധികം ഇഷ്ടപ്പെടുന്നു എന്നിരിക്കട്ടെ.എങ്കില്‍ ആദ്യം മരിക്കുന്നതും പിന്നെ ജനിക്കുന്നതും ചിത്രീകരിക്കുന്ന,എന്നു വെച്ചാല്‍ ഒരു തുടര്‍ച്ചയും ഇല്ലാത്ത സിനിമ അഭിനയത്തെക്കാള്‍ നാടകമോ അത് പോലെയുള്ള മറ്റു എന്തെങ്കിലുമോ ആയിരിക്കും തിരഞ്ഞെടുക്കുക എന്നാണ് എന്റെ വിശ്വാസം. അല്ല സിനിമ താരം ആകണം എന്നാണ് ആഗ്രഹം എങ്കില്‍ അത് കുറഞ്ഞ പക്ഷം സിനിമ ലോകം നല്‍കുന്ന പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് എന്നു പറയാനുള്ള സത്യസന്ധത എങ്കിലും കാണിക്കണ്ടേ.

ഇതൊക്കെ എപ്പോള്‍ പറയാന്‍ .....

ഈ ചിത്രത്തിലെ നായികക്ക് സംഗീതം ഉള്ളില്‍ കിടന്നു തിളയ്ക്കുകയാണ് പോലും . എന്നാല്‍ സിനിമ പിന്നണി ഗായിക ആകുക എന്നതാണ് ജീവിത ലക്‌ഷ്യം.അതിനു വേണ്ടി അച്ഛനും(ജഗതി) ഒത്തു മദിരാശിയില്‍ വന്നു താമസിക്കയാണ് വീണ.ബന്ധുവായ ജഗദീഷും കുടുംബവും അടുത്തുണ്ട്.ഒരു ഗുരു ലൈനില്‍ നെടുമുടിയെ അവതരിപ്പിക്കുന്നുണ്ട്.മകള്‍ റസിയ (രേവതി)ലണ്ടനില്‍ ഡോക്ടര്‍ ആണ്.ഒരവധിക്ക് വരുന്ന റസിയ വീണയെ പരിചയപ്പെടുന്നു.ആജന്മ സൌഹൃതം പ്രഖ്യാപിച്ചു മടങ്ങുന്നു.ഇതിനിടയില്‍ നെടുമുടിയുടെ പരിചയക്കാരന്‍ അമീര്‍ (മനോജ്‌ കെ ജയന്‍ )വീണയെ കാണുന്നു.ഇഷ്ടപ്പെടുന്നു.പറയാന്‍ മറന്നു.കൂടെ അവസരം തേടുന്ന ശ്രീ ഹരി എന്ന വയലിനിസ്റ്റ്മായി (ബാലഭാസ്കര്‍)വീണയ്ക്കു ഭയങ്കര സൌഹൃതമാണ്.അമീര്‍ വീണയെ കണ്ടു പ്രേമിക്കുന്ന കാര്യം പറയുന്നു .സംഗീത ലോകത്ത് ഉയരണം എങ്കില്‍ ആരെങ്കിലും ഒക്കെ പ്രൊമോട്ട് ചെയാന്‍ വേണമെന്നും അത് തനിക്കു കഴിയും എന്നും പറയുന്നതോടെ വീണ വീട്ടില്‍ നിന്നും ചാടിപ്പോയി അമീറിനെ കെട്ടുന്നു.അമീറിന്റെ പാര്‍ട്ട്‌ നേര്‍ അന്‍വറിന് (കൃഷ്ണ കുമാര്‍) ഈ ബന്ധം തുടക്കം മുതലേ ഇഷ്ടമല്ല.കല്യാണ പാര്‍ട്ടിക്ക് പോലും കഷായം കുടിച്ച പോലെയാണ് നില്‍പ്പ്.കല്യാണത്തിന് ശേഷവും വീണയ്ക്കു സംഗീതത്തെ കുറിച്ച് മാത്രമാണ് (അഥവാ സിനിമയില്‍ പാടുന്നതിനെ കുറിച്ചാണ്) ചിന്ത .

അതെന്താടെ നീ ഒരുമാതിരി മൂരാച്ചികളേ പോലെ സംസാരിക്കുന്നെ. കല്യാണം കഴിച്ചാല്‍ പിന്നെ പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം താല്പര്യം,വ്യക്തിത്വം ഇതൊക്കെ .....

ചേട്ടാ മേല്പറഞ്ഞ സാധനങ്ങള്‍ ഒക്കെ കല്യാണം കഴിക്കുന്ന ആണുങ്ങള്‍ക്കും ഇല്ലെ?പാവം അമീര്‍.അയാള്‍ എന്തോന്ന് ചെയ്തെന്നാ സംവിധായകനും തിരകഥകൃത്തും ഈ പറയുന്നേ?സ്വന്തം ബിസ്നെസ്സ് തകരുമ്പോള്‍,വേറെ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോള്‍ അയാള്‍ക്ക് അറിയുന്ന വഴിയായ സംഗീതസംവിധായകനെ വിരട്ടി കള്ളം പറയിച്ചു ഭാര്യയുടെ ഒരു അവസരം നഷ്ടപെടുതുന്നതോ? എന്നാല്‍ പരമപുണ്യവതിയായ ഭാര്യ ഒരിക്കല്‍ പോലും ഭര്‍ത്താവിന്റെ ഒരു കാര്യവും (അയാള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അയാളുടെ ഇഷ്ടം ഒന്നും) തിരക്കുന്നത് കാണിക്കുന്നില്ല.ഇനി എങ്ങാനും അമീറിനോട്‌ ആര്‍ക്കെങ്കിലും സഹതാപം തോന്നിയാലോ എന്നു കരുതി അയാളെ ചന്ദന കള്ളകടത്ത്കാരന്‍ ആക്കിയിട്ടുണ്ട്.(അയാള്‍ പലചരക്ക് കട നടത്തി ജീവിക്കുനവന്‍ ആയിരുന്നേലും ഇതൊക്കെ തന്നെയയേനെ സംഗതികള്‍ എന്നത് വേറെ).ഒരു അവസരം നഷ്ടപെടുത്തി എന്നറിയുന്നതോടെ വീണ മൊത്തത്തില്‍ violent ആയി മാറുന്നു. അമീര്‍ കാല് പിടിച്ചിട്ടും മാപ്പ് കൊടുക്കുന്നില്ല .അതിനിടയില്‍ ഗര്‍ഭിണി ആയതു കൊണ്ട് ഉപേക്ഷികാനും വയ്യ എന്നു സംവിധാന ഭാഷ്യം.കുട്ടി കാലിനു സ്വാധീനം ഇല്ലാതെയാണ് ജനിക്കുന്നത് എന്നത് വലിയ പ്രശ്നം ആകുന്നതേ ഇല്ല വീണ എന്ന അമ്മക്ക്. മറിച്ചു മകളെ എത്രയും പെട്ടന്ന് പാട്ടുകാരി ആക്കാനുള്ള ശ്രമമാണ് നമ്മള്‍ കാണുന്നത് . ഇതിനിടെ റസിയ തിരിച്ചു വരുന്നു.മകളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഡോക്ടര്‍ മദ്രാസില്‍ ഉണ്ടെന്നും അങ്ങോട്ട്‌ വരണം എന്നും പറയുന്നു .വഴിക്ക് അപകടത്തില്‍ പെട്ട് വീണയും കുടുംബവും ആശുപത്രിയില്‍ ആകുന്നു. ഉണരുന്ന വീണ മകള്‍ റസിയയുടെ അടുക്കല്‍ ഉണ്ടെന്നു അറിയുന്നു.ഇതിനിടെ അമീറിന്റെ ബിസ്നെസ്സ് പൂര്‍ണമായും തകരുകയും അന്‍വര്‍ മായുള്ള കേസ്ല്‍ തോറ്റ അമീറിന്റെ വീട് ജപ്തി ചെയ്യാന്‍ കോര്‍ട്ട് ഓര്‍ഡര്‍ വരുകയും ചെയുന്നു.ജപ്തി നടപടികള്‍ ആരംഭിക്കുമ്പോള്‍ വീണ ഹിസ്ടീറിയ ബാധിച്ച പോലെ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചു ഷോക്ക്‌ കൊടുക്കുന്ന വീണയെ അന്വേഷിച്ചെത്തുന്ന റസിയ പറഞ്ഞാണ് നമ്മള്‍ വീണക്ക് പണ്ടേ മനോരോഗം ഉണ്ടായിരുന്നെനും (ഭര്‍ത്താവു സിനിമയില്‍ പാടാനുള്ള അവസരം തുലച്ചത് മുതല്‍ )റസിയ അത് ചികിത്സിച്ചു കൊണ്ടിരിക്കയായിരുന്നു എന്നും.വീണയുടെ കുഞ്ഞും,മുന്‍പ് അച്ഛനും മരിച്ചത് അറിയിക്കതിരുനത് അത് കൊണ്ടായിരുന്നു എന്നും.അച്ഛന്‍ ഇടയ്ക്ക് വന്നു കാണുന്നതും,മറ്റു പലതും വീണയുടെ മാനസിക വിഭ്രാന്തി ആയിരുന്നു എന്നും നമ്മള്‍ മനസിലാക്കുന്നു .ഒടുവില്‍ ശ്രീ ഹരിയെ കൊണ്ട് വീണയുടെ ചുറ്റും നടന്നു വയലിന്‍ വായിപ്പിച്ചു റസിയ അതി വിദഗ്തമായി വീണയെ സുഖപെടുതുന്നു.കുറച്ചു കാലം കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് വീണ അതി പ്രശസ്ത ആയ ഒരു പിന്നണി ഗായിക ആയി മാറി എന്നും അമീര്‍ ഒരു ഫുള്‍ ടൈം സെക്രെടറിയായും സന്തോഷമായി ജീവിക്കുനതാണ് .ചുരുക്കമാ സോന്നാല്‍ ഈ പടം ഒരു Family കം Musical‍ കം Phycological കം Emotional Thriller ആകുന്നു !!!

എടേ ഇതൊരു മാതിരി വലിഞ്ഞു നീണ്ടു ....

അണ്ണാ അതാ പറഞ്ഞെ.ആദ്യമായി, ഈ പടം എടുക്കേണ്ടത് ശ്രീ സിബി മലയില്‍നെ പോലെയുള്ള ഒരു സംവിധായകന്‍ ‍ ആയിരുന്നു എന്നാ എനിക്ക് തോന്നുന്നത്.(എങ്കില്‍ രണ്ടു പടം രക്ഷപെട്ടെനെ .അപൂര്‍വ രാഗവും,ഇതും).പിന്നെ മീര ജാസ്മിനെ പറ്റി ആണെങ്കില്‍,കുറച്ചു ഹെവി ആയുള്ള റോളുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നു എത്രയും ആയിട്ടും ഈ നടിക്ക് അറിയില്ല എന്നത് കഷ്ടം തന്നെയാണ്(പൊതുവേ മീര ജാസ്മിനെ ചിത്രങ്ങള്‍ക്ക് സംഭവിക്കുന്ന ഒരു ദുരന്തം ഇടവേള അടുപ്പിച്ചു അഭിനയിച്ചു തുടങ്ങുന്ന മീരയാണ്.രണ്ടാം പകുതി മുതല്‍ അഭിനയത്തിന്റെ ഡിഗ്രി കൂടി കൂടി അവസാനം ആകുമ്പോള്‍ ഒരു മാതിരി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ ആകുന്നതായാണ് തോന്നാറുള്ളത്).ഡോ.രാജേന്ദ്ര ബാബു രചിച്ച തകര്‍പ്പന്‍ തിരകഥയും നാടകീയം അഥവാ സീരിയല്‍ നിലവാരത്തിലുള്ള സംഭാഷണവും കൂടിയാകുമ്പോള്‍ പടം മൊത്തത്തില്‍ എവിടെയോ മുങ്ങിത്താഴുന്നു. കുറഞ്ഞ പക്ഷം കഥയുടെ മധ്യത്തില്‍ നിന്നും ആരംഭിച്ചു പിന്നീട് ഫ്ലാഷ് ബാക്കിലൂടെ പഴയ കാര്യങ്ങള്‍ പറയുന്ന രീതി ആയിരുന്നെങ്കില്‍ ചിത്രം കുറെ ഏറെ ഭേദപ്പെട്ടെനെ.ഒരു പക്ഷെ കുറച്ചു കൂടി വലിച്ചു നീട്ടി ഒരു സീരിയല്‍ ആക്കിയിരുന്നെങ്കില്‍ മറ്റൊരു മനസ പുത്രി ആക്കാമായിരുന്നു ഈ പാലാഴി.

അപ്പോള്‍ അഭിനയം ?

എനിക്ക് ഇതില്‍ ആകെ കൊള്ളാം എന്നു തോന്നിയത് മനോജ്‌ കെ ജയനെ മാത്രമാണ് . മീര ജാസ്മിന്‍ പതിവ് പോലെ അഭിനയിച്ചു കൊല്ലുന്നു.രേവതി പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും അവസാന രംഗങ്ങളില്‍ ചിരി ഉളവാക്കുന്നു (കട്ട സീരിയസ് രംഗങ്ങള്‍ ആണ് അവസാനം!) .ജഗതി തന്റെ വേഷം നന്നാക്കി . നെടുമുടി വേണു തന്റെ സ്ഥിരം "അറിഞ്ഞില്ല ആരും പറഞ്ഞില്ല" എന്ന ലൈന്‍.ബാല ഭാസ്കര്‍ ഒരു മാതിരി മരം പോലെ നിന്ന് അഭിനയിക്കയാണ് (അറിയുന്ന പണി ചെയ്തു കൂടെ സുഹൃത്തേ !).ഗാനങ്ങള്‍ വലിയ കുഴപ്പമില്ല

മതിയെടെ ഇനി ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

എടുത്തു നശിപ്പിച്ച സീരിയല്‍ നിലവാരത്തിലുള്ള ഒരു സിനിമ ...

Monday, August 23, 2010

ത്രീ ചാര്‍ സൗ ബീസ് (3 CHAR SAU BEES)

അനിയാ.... ഒന്ന് കണ്ണ് തുറക്കെടാ

ഏ... എവിടെയാ ഞാന്‍ ?

നീയിപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ആണ് . റോഡില്‍ ബോധം ഇല്ലാതെ കിടന്ന നിന്നെ നാട്ടുകാര്‍ ആരോ ആണ് ഇവിടെ എത്തിച്ചത് . നേരത്തെ തുടങ്ങിയോടെ ഓണാഘോഷം ? എന്തോന്ന് അടിച്ചു കേറ്റിയത്?

അടിച്ചു കേറ്റുന്നു. അതിനെവിടെ സമയം ? ഒരു നിരൂപകന്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകളെ പറ്റി തത്ത്വം പറഞ്ഞു നടക്കുന്ന ഇയാള്‍ക്ക് എന്തോന്നറിയാം ?

ഓഹോ അപ്പോള്‍ നീ പടം കണ്ടാണ്‌ ഈ പരുവത്തില്‍ ആയതല്ലേ? എടാ ഏതാ പറയുന്നേ നിനക്കീ പണി പറ്റിയതല്ല എന്ന് . കൊള്ളാവുന്ന ഒരു നിരൂപകനും എല്ലാ പടവും കണ്ടിട്ടാണ് ഈ കൃത്യം നിര്‍വഹിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.(അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക)പിന്നെ , സത്യത്തില്‍ എനിക്കീ ബിവറേജസ് കടയുടെ മുന്നില്‍ ക്യു നില്‍ക്കുന്നവരെ കാണുമ്പോലെ ചിരിവരും.മണ്ടന്മാര്‍.ഒരൊറ്റ മലയാള പടം കണ്ടാല്‍ പോരെ രണ്ടു ദിവസത്തേക്ക് കെട്ടു വിടത്തില്ല.വിലയോ തുച്ചം ഗുണമോ മെച്ചം എന്ന ലൈന്‍.അതിരിക്കട്ടെ നീ ഏതു പടം ആണ് കണ്ടത്? ആനമയക്കി, കാലാപാനി , മണവാട്ടി എന്നൊക്കെ പറയുന്നത് പോലെ കുറെ ഇനം ഉണ്ടല്ലോ വീര്യം കൂടിയതും കുറഞ്ഞതും ആയിട്ടു ഓണം റീലീസ്.

ത്രീ ചാര്‍ സൗ ബീസ് എന്ന മഹത്തായ കലാരൂപം ആണ് എന്നെ ഈ പരുവത്തില്‍ ആക്കിയത് അണ്ണാ.പടം കണ്ടു ഇറങ്ങി വന്നതേ ഓര്‍മയുള്ളൂ.പിന്നെ കണ്ണ് തുറക്കുമ്പോള്‍ ഇവിടെയാ.

ഇതു ഏതു പടം ? പേര് കേട്ടപ്പോള്‍ ഏതോ ഹിന്ദി പടം ആണെന്നല്ലേ വിചാരിച്ചത് ?

ഞാനും അങ്ങനെ ആണ് വിചാരിച്ചത് . അത് കൊണ്ട് മലയാളത്തിലെ പ്രതിഭ ശ്രീനിവാസന്റെ ആത്മഗദ കാണാനായി പോകുന്ന വസിക്കാന് ഒരു സാമദ്രോഹി ഇതു മലയാളം പടമാണെന്ന് പറഞ്ഞു വിളിച്ചു കേറ്റിയത് . ആ നാറി ഒരു കാലത്തും ഗുണം പിടിക്കുകേല #$%%^^&&*

അടങ്ങേടെ നീ കാര്യം പറ.

അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ആരു എന്ന ചോദ്യത്തിന് മലയാളത്തിന്റെ ഉത്തരമായ അടൂര്‍ ഗോവിന്ദന്‍ കുട്ടി സംവിധാനം ചെയുകയും ഒപ്പം നായകനായി അഭിനയിക്കുകയും ചെയുന ചിത്രം ആണ് ഇതു.ഇതൊന്നും പോരാത്തതിനു കഥ,തിരകഥ, സംഭാഷണം ഇവയും അദേഹം നേരിട്ടാണ് നിര്‍വഹിച്ചിരിക്കുന്നത്.ഒരു അഞ്ചു മിനിട്ട് താമസിച്ചു അകത്തു കേറിയത്‌ കൊണ്ട് ക്യാമറയും അദേഹം തന്നെയാണോ എന്ന് അറിയില്ല . ഭാഗ്യത്തിന് സംഗീത സംവിധാനവും (ജാസ്സി ഗിഫ്റ്റ് ) നിര്‍മാണവും (വിനോദ് നായര്‍) അദേഹം സദയം മറ്റുള്ളവര്‍ക്ക് വിട്ടു കൊടുത്തിട്ടുണ്ട്‌.ഏതായാലും ഏറ്റെടുത്ത എല്ലാ മേഖലയും ഒരു പോലെ വൃത്തികേടാക്കാന്‍ അദേഹത്തിന് വിജയപൂര്‍വം സാധിച്ചിരിക്കുന്നു എന്നാണ് എന്നിക്ക് തോന്നിയത് . ആ കാര്യത്തില്‍ അദേഹം ഏതെങ്കിലും ഒന്നിനോട് ഒരു പക്ഷാഭേദം കാണിച്ചു എന്ന് ശത്രുക്കള്‍ക്ക് പോലും പറയാന്‍ പറ്റില്ല .ചിത്രം അവസാനിക്കുന്നത്‌ എല്ലാ കുറ്റ ക്രിത്യങ്ങളുടെയും മാതാവ്‌ പണം ആണ് എന്ന് എഴുതി കാണിച്ചു കൊണ്ടാണ്. പത്തു കാശു ഉണ്ടാക്കാനായി കണ്ട വഴിയാണ് ഈ രണ്ടു മണികൂര്‍ നിങ്ങള്‍ കണ്ടു കൊണ്ടിരുന്നത് എന്ന കുറ്റ സമ്മതം ആയിരിക്കണം ഇതിലൂടെ സംവിധായകന്‍ ഉദേശിച്ചത്‌ .

എടേ നീ എങ്ങനെ കത്തി കേറാതെ കാര്യം പറ .ബാക്കി കാര്യങ്ങള്‍ എങ്ങനാ ഈ പടത്തിന്റെ.

ഈ പടത്തില്‍ എനിക്ക് ബഹുമാനം തോന്നിയത് ഇതിന്റെ നിര്‍മ്മാതവിനോടാണ്. ഒരു ബ്രമാണ്ടന്‍ സൂപ്പര്‍താര ചിത്രത്തിന്റെ നഷ്ടവും ഇങ്ങനത്തെ ഒരു പടത്തിന്റെ ചിലവും ഏതാണ്ട് ഒരു പോലെ വരും എന്നാണ് എനിക്ക് തോന്നുനത്.(നിലവാരം പിന്നെ രണ്ടിനും ഇല്ലല്ലോ) . ഒരുത്തന്റെയും മുന്നില്‍ ഒചാനിച്ചു നില്‍ക്കാതെ ചുളുവിനു നിര്‍മ്മാതാവ് ആകാം.ഞാനും ഒരു പടം പിടിച്ചല്ലോ എന്നാണ് ആലോചന അണ്ണാ ...

എടേ നീ കാടു കേറാതെ കഥ അഭിനയം ഇതിനെ പറ്റിയൊക്കെ ഒന്ന് പറഞ്ഞെ.

കഥ , എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ സെല്‍വന്‍,രാഹുല്‍,സുല്‍ഫി. ഇവര്‍ മൂന്ന് പേരും മോഷ്ടിച്ചാണ് ജീവിക്കുന്നത്. മോഷണം എന്നൊക്കെ പറഞ്ഞാല്‍ എ ടി എം കാര്‍ഡ്‌ അടിച്ചുമാറ്റല്‍ മുതല്‍ കോളേജിലെ സേഫ് ബോംബ്‌ വെച്ച് മതില്‍ പൊളിച്ചു അടിച്ചു മാറ്റുന്നു വരെയുണ്ട് ഇവര്‍.എന്നാല്‍ ഏതൊക്കെ ചിത്രീകരിച്ചിരിക്കുനത് സീരിയല്‍ നിലവാരം പോലും ഇല്ലാതെയാണ് എപ്പോളും പുതുമ ഉള്ള മേഖല തേടുന്ന ഇവര്‍ പണക്കാരനായ ചന്ദ്രന്‍ മുതലാളി യുടെ (സലിം കുമാര്‍) വീട് നോട്ടമിടുന്നു .മോഷ്ടിക്കാന്‍ വീട്ടില്‍ കേറുന്ന ഇവര്‍ കൊല്ലപ്പെട്ടു കിടക്കുന്ന ചന്ദ്രന്‍ മുതലാളിയെ ആണ് കാണുന്നത് .പിന്നെ പോലിസ്നെ പേടിച്ചുള്ള ഓട്ടവും കുറ്റവാളി ആരാണെന്നു കണ്ടു പിടിത്തവും പിന്നെ ഒരു തകര്‍പ്പന്‍ (കണ്ണ് നിറഞ്ഞു പോകുന്ന) ക്ലൈമാക്സ്‌ കൂടിയാകുമ്പോള്‍ ഈ ചലച്ചിത്ര കാവ്യം അവസാനിക്കുന്നു.ക്ലൈമാക്സ്‌ എന്നോട് ചോദിക്കല്ലേ പ്ലീസ്. എന്നെ കൊന്നാല്‍ ഞാന്‍ പറയില്ല .അത്രക്ക് കരള്‍ അലിയിപ്പികുനതാണ് സംഭവം.

പിന്നെ അഭിനയം . മുകളില്‍ പറഞ്ഞ മൂന്ന് പേര്‍ കൂടാതെ നായിക വേണമല്ലോ എന്ന് കരുതി അനു (എന്നാണെന്ന് തോന്നുന്നു ) എന്നൊരു പെങ്കൊച്ചിനെ കാസ്റ്റ്‌ ചെയ്തിട്ടു ഉണ്ട്. അത് പോലെ പോസ്റ്റര്‍ ഇല്‍ തല കാണിക്കാന്‍ മാത്രമായി ജഗതി , സിറാജ് ,സലിം കുമാര്‍,കലാഭവന്‍ മണി,സുകുമാരി ഇങ്ങനെ കുറച്ചു പേര്‍ . സിറാജും സലിം കുമാറും ഈ ചിത്രത്തില്‍ വളരെ നന്നായി അഭിനയിചിടുണ്ട് .പ്രേക്ഷകര്‍ എത്രയും സന്തോഷത്തോടെ കണ്ടിരിക്കുന്ന അവരുടെ മറ്റു ചിത്രങ്ങള്‍ കാണില്ല . അതിനു കാരണം ഈ ചിത്രത്തില്‍ അഭിനയിക്കുന്ന അറ്റ്ലസ് രാമചന്ദ്രന്‍ നടത്തുന്ന മികച്ച അഭിനയമാണ് .ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ മലയാള പ്രേക്ഷകരോട് ക്രൂരത കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല .ഇതില്‍ പക്ഷെ ഇവരെ ഒക്കെ കടത്തി വെട്ടിയിരിക്കുനത് വില്ലനും അദേഹത്തിന്റെ സഹായിയും ആണ്. ആദ്യം വില്ലനെ പറ്റി . അദേഹം ആയിരം കോടിയുടെ ആസ്തി ഉള്ള ഒരു ബിസ്നെസ്സ് രാജാവാണ് . ഈ സ്വത്തു അദേഹം സമ്പാദിച്ചത് ഇങ്ങനെ എന്നിടത്താണ് തമാശ . ആദ്യമായി അദേഹം ഒരു മണ്ടന്‍ മുതലാളിയെ കണ്ടു പിടിക്കുന്നു.(മണ്ടന്‍ ആണ് എന്ന് ഗേറ്റ് ഇല്‍ എഴുതി വയ്ക്കുന്ന മുതലാളി ആണെങ്കില്‍ പണി എളുപ്പമായി ). മണ്ടന്മാരായ മക്കള്‍ ഉള്ള മുതലാളി മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. അവരുമായി partnership ബിസ്നെസ്സ് തുടങ്ങുന്ന ഇദേഹം കുറച്ചു കഴിഞ്ഞു പങ്കാളിയായ മണ്ടന്‍ മുതലാളിയെ നേരിട്ട് പോയി കൊലപ്പെടുത്തി സ്വത്തു മുഴുവന്‍ അടിച്ചു മാറ്റുന്നു.(മക്കള്‍ മണ്ടന്മാര്‍ ആയതിനാല്‍ നോ പ്രോബ്ലം) വീണ്ടും അടുത്ത മണ്ടന്‍ മുതലാളിയെ തേടി പോകുന്നു.എങ്ങനെ ഉണ്ട് പരിപാടി?ഇയാളുടെ സഹായി ഒരുത്തന്‍ ഉണ്ട്. അദേഹം തല്ലു കൊണ്ട് അവശനായി കുറ്റ സമ്മതം നടത്തുന്നത് പോലും നാടകീയം ആയും അട്ടഹസിച്ചും ഒക്കെയാണ്.(അദേഹം വില്ലന്റെ HR മാനേജര്‍ ആണത്രേ !!!)ഒരു പോലിസ് ഉദ്യോഗസ്ഥനെ ആദ്യം വലിയ കൊലഹലതോടെ കാണിക്കുനത്,പകുതി കഴിഞ്ഞപ്പോള്‍ ആളു പിണങ്ങി പോയിട്ടാനെന്നു തോന്നുന്നു പിന്നെ കാണാന്‍ ഇല്ല.കോളേജ്ല്‍ വെച്ച് നടത്തുന്ന ഒരു ഡാന്‍സ് (എന്ന് ഗോവിന്ദന്‍ കുട്ടി ഉദേശിച്ച സാധനം) കാണുമ്പോള്‍ കൊറിയോഗ്രാഫിയും അടൂര്‍ തന്നെയാണോ നിര്‍വഹിച്ചത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.തമിഴ് ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന സെല്‍വനും കുടുംബവും മിക്കപോളും ശുദ്ധ മലയാളത്തില്‍ (വള്ളുവനാടന്‍ സ്ലാങ്ങില്‍)അന്ന് വെച്ച് കാച്ചുന്നത്

മതി അനിയാ തൃപ്തിയായി . ഇനി ചുരുക്കത്തില്‍ ഒരു വാചകം കൂടി .

ഓണത്തിന് വേറെ ഒരു ജോലിയും ഇല്ലെങ്കില്‍ പോയി മദ്യപിക്കുക .(അതാണല്ലോ മലയാളികളുടെ ദേശീയ വിനോദം ) വഴിയിലോ വീടിലോ കിടന്നുറങ്ങുക . അല്ലാതെ എന്നെ പോലെ ഇങ്ങനെ ...................

Saturday, August 21, 2010

യക്ഷിയും ഞാനും (Yakshiyum Njanum)

നേടിയെടുത്തെ നേടിയെടുത്തെ ഒടുവില്‍ ഞങ്ങള്‍ നേടിയെടുത്തെ .....

എന്തുവാടെ രാവിലെ മുദ്രാവാക്യം വിളി ? എന്തോന്ന് നേടി എടുത്തു എന്നാ .

പൊന്നു അണ്ണാ ഒടുവില്‍ ഞങ്ങള്‍ വിജയിച്ചു .അമ്മ എന്നാ മാഫിയ ഗുണ്ട സംഘടനയെയും അവരുടെ ഒക്കെ വിലക്കിനെയും മറി കടന്നു ഞങ്ങള്‍ ഒടുവില്‍ യക്ഷിയും ഞാനും എന്ന മഹത്തായ ചലച്ചിത്രം പുറത്തിറക്കി . മുട്ട് മടക്കി .. മുട്ട് മടക്കി . സൂപ്പര്‍ കള്‍ മുട്ടുമടക്കി ...

ഡേ അടങ്ങേടെ നീ ആരെടെ ? തിലകനോ അതോ ബൂലോകത്തെ ഏതെങ്കിലും വലിയ ഊതുകാരനോ ഇങ്ങനെ വികാരം കൊള്ളാന്‍ ? അതിരിക്കട്ടെ നീ പടം കണ്ടോ ?

മം പിന്നെ കാണുന്നു പടം കാണാതെ റിവ്യൂ എഴുതുന്ന വര്‍ഗമാ എന്റെ . വേറെ പണിയില്ലേ ?

എന്നാല്‍ ഞാന്‍ ആ പടം കണ്ടു ആദ്യ ദിവസം തന്നെ , നല്ല മഴ നനഞ്ഞാ പോയത്.

എന്നിട്ട് ? എങ്ങനെ ഉണ്ട് പടം ? കിടിലം അല്ലെ ?

അനിയാ ഒരു ഷക്കീല പടം കണ്ടിട്ട് അതില്‍ അശ്ലീലം ഉണ്ടെന്നു പരാതി പെടുനത് പോലെയാണ് വിനയന്‍ ചിത്രം കണ്ടിട്ട് അതിനു നിലവാരം ഇല്ലെന്നു പറയുന്നത്, വാചകം എന്റെയല്ല,മറിച്ച് ബൂലോകത്ത് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല ചലചിത്ര നിരൂപണങ്ങള്‍ എഴുതിയിരുന്ന ജയകൃഷ്ണന്‍ കാച്ചിയ വാചകമാണ് സംഭവം.പക്ഷെ ഒന്ന് പറഞ്ഞോട്ടെ വിനയന്‍ ചിത്രങ്ങളുടെ നിലവാരം കൂടിയിട്ടുണ്ട് .പക്ഷെ പ്രസ്തുത അപരാധത്തില്‍ ശ്രീ വിനയന്‍ എന്ന മാന്യദേഹത്തിനു ഒരു പങ്കും ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല മറിച്ചു മറ്റു മലയാള സിനിമകളുടെ നിലവാരതകര്‍ച്ചയാകാം അങ്ങനെ തോന്നിപ്പികുന്നത്.ശ്രീ റൂബന്‍ ജോസഫ്‌ ആണ് ഈ ചിത്രത്തിന്റെ നിര്‍മാതാവ് .

ഓ... മനസിലായി അണ്ണന്‍ അമ്മയുടെ ഭാഗമാ അല്ലെ ?

അനിയാ ഞാന്‍ ആരുടെയും ഭാഗമല്ല .ഒരല്‍പം പ്രതിഭ കൂടി ഉണ്ടായിരുന്നെങ്ങില്‍ നിസംശയം മലയാളത്തിന്റെ റാം ഗോപാല്‍ വര്‍മ എന്ന് വിളിക്കാവുന്ന ഒരു സംവിധായകന്‍ ആണ് ശ്രീ വിനയന്‍ എന്നാണ് എന്‍റെ അഭിപ്രായം,അദേഹത്തിന്റെ ചിത്രങ്ങളില്‍ എനിക്ക് തോന്നുന്ന ഏറ്റവും വലിയ കുറവ് ചില ബാലിശമായ രംഗങ്ങള്‍ വഴി ചിത്രത്തിന്റെ മുഴുവന്‍ സീരിയസ് നെസ് കളയുന്നു എന്നതാണ്. ഈ ചിത്രത്തിന്റെ ആദ്യരംഗം തന്നെ നോക്കു. അഭ്യന്തര മന്ത്രിയുടെ മകന്‍ ഒരു quotation സംഘത്തെ വിളിച്ചു ഒരു ജോലി പറയുന്നു .(മന്ത്രി (സ്പടികം ജോര്‍ജ് ) മഹാ അഴിമതിക്കാരനും കോടികള്‍ സമ്പാദിച്ചു കൂട്ടിയവനും ആണെന്ന് പറയുന്നുണ്ട് ).ജോലി മന്ത്രി പുത്രിയെ പ്രേമിക്കുന്ന പയ്യനെ കൊല്ലണം. സംഘം റെഡി പക്ഷെ കാശു അമ്പതു ലക്ഷം വേണം . പാവം മന്ത്രീ പുത്രനാകട്ടെ അകെ കൈയില്‍ ഉള്ളത് പത്തു ലക്ഷവും .ഗുണ്ട തലവന്‍ കൂള്‍ കൂളായി മന്ത്രീ പുത്രനോട് പൊയ് പണി നോക്കാന്‍ പറയുന്നു .അമ്പതു ലക്ഷം തികച്ചു തരാതെ ഒന്നും നടക്കില്ലത്രേ .ഇത്രയും ദാരിദ്രം പിടിച്ച ഒരു മന്ത്രീ പുത്രനും ഇത്രയും ചങ്കൂറ്റം ഉള്ള ഗുണ്ടയും കേരളത്തില്‍ വിനയന്‍ ചിത്രത്തില്‍ മാത്രമേ കാണാന്‍ പറ്റു.

അല്ല അത് പിന്നെ ...

തീര്‍ന്നില്ലെടെ അഭ്യന്തര മന്ത്രി,മന്ത്രി മന്ദിരത്തില്‍ നിന്നും മതിഭ്രമം ബാധിച്ചു റോഡിലുടെ ഓടുന്ന ഒരു രംഗമുണ്ട്.സ്പടികം ജോര്‍ജ് നെ പോലെയുള്ള ഒരാളെ കൊണ്ട് ഇങ്ങനെ കോമാളിത്തരം കാണിക്കുക എന്ന് വെച്ചാല്‍ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ .

അല്ല ഇത്രയും പുതു മുഖങ്ങളും പുതുമകളും ഉള്ള ഒരു ചിത്രത്തിന്റെ ചെറിയ കുറവുകള്‍ സഹിച്ചു കൂടെ ?

പിന്നെ എന്താ മലയാള സിനിമക്ക് വേണ്ടിയല്ലേ ?സഹിക്കാമല്ലോ . പക്ഷെ വിനയന്‍ സംവിധാനം ചെയുന്നത് കൊണ്ടും അഭിനയിക്കുനത് പുതു മുഖങ്ങള്‍ ആയതു കൊണ്ടും പുതുമ ആകുമോ ? തീയറ്റര്‍ ഇല്‍ ചെന്നപ്പോലെ പുതുമയാണ് വരവേറ്റത് . വിനയന്റെ ഒരു ഭീകര കട്ട്‌ ഔട്ട്‌. വിനയന്‍ ഫ്രണ്ട് അസോസിയേഷന്‍ വക (തമിഴ് പടം പോലെ കളിയാക്കല്‍ ആണോ ഉദേശം എന്ന് എനിക്കറിയില്ല ). ഇനി കഥ.സഹോദരിക്ക് ചികിത്സക്ക് വേണ്ടി ഗുണ്ട പണി ചെയുന്ന ബി ടെക് ബിരുദ ധാരിയായ നായകന്‍ (ഗൌതം) (വിനയനും ബി ടെക് ആണെന്ന് എവിടെയോ വായിച്ചതു ഓര്‍മ വരുന്നു) വിനയന് സംവിധാനം ചെയ്യാമെങ്കില്‍ നായകന് ഗുണ്ട പണി ചെയ്തു കൂടെ? തികച്ചും ന്യായം

നേരത്തെ പറഞ്ഞ പാവപെട്ട അഭ്യന്തര മന്ത്രിയുടെ quotation പണി ഏറ്റെടുക്കുന്ന നായകന്‍ കൃത്യം നിര്‍വഹിച്ച ശേഷം ഒളിവില്‍ പോകുന്നു . പരിപാടി കഴിഞ്ഞ ശേഷം മന്ത്രീ പുത്രന്‍ നേരിട്ട് വന്നാണ് കാശു കൊടുക്കുന്നത് . മന്ത്രീ പുത്രന്‍ അവരുടെ പഴയ എസ്റ്റേറ്റ്‌ ബംഗ്ലാവിലെക്കാന്നു നായകനെ ഒളിവില്‍ ഇരിക്കാന്‍ അയക്കുന്നത് .ബംഗ്ലാവില്‍ വെച്ച് കിട്ടുന്ന ഒരു മോതിരം നായകന്‍ ധരിക്കുന്നു . പിന്നെ പിറ്റേന്ന് രാവിലെ നായകന്‍ അവിടെ ഒക്കെ ഓടിനടക്കുന്ന ഒരു സുന്ദരിയെ (മേഘ്ന ) കാണുന്നു . ഈ യക്ഷി രാത്രി മാത്രമല്ല പകലും കറങ്ങി നടക്കും. (ഒന്നും വിചാരിക്കരുത് വിനയന്‍ യക്ഷികള്‍ അങ്ങനെയാണ്. അവര്‍ക്ക് അങ്ങനെ രാത്രിയോ പകലോ ഇല്ല).

അല്ല അത് പിന്നെ ..

തീര്‍ന്നില്ലെടെ . ഈ യക്ഷിക്ക് കാര്യമായ പരിപാടി ഒന്നും ഇല്ല .ഒരു മാതിരി കല്യാണ പ്രായം അറ്റം എത്തി നില്‍ക്കുന്ന പെണ്‍ പിള്ളേരെ പോലെ പാട്ട് പാടുക,ചുറ്റിനടക്കുക സമയം കൊല്ലുക അങ്ങനെ.നായകനെ കണ്ടപ്പോള്‍ തന്നെ ഒരു പ്രകോപനവും കൂടാതെ കേറി അങ്ങ് പ്രേമിക്കുന്നു.(യക്ഷികള്‍ അങ്ങനാ പ്രത്യേകിച്ചു ഈ കാലത്തേ. ആരാടാ ചോദിയ്ക്കാന്‍?). ഈ യക്ഷി ഒരു ഏകദേശം മുപ്പതു കൊല്ലം മുന്‍പ് ഇതേ എസ്റ്റേറ്റ്‌ല്‍ ജീവിചിരുന്നവള്‍ ആയിരുന്നു . ആ കാലത്തേ യക്ഷിയുടെ കാമുകന്‍ ചെറുക്കനെ ഒന്ന് കാണണം!! അവന്റെ ഹെയര്‍ സ്റ്റൈല്‍ന് മാത്രം കൊടുക്കണം കാശു. പിന്നെ ബാക്കിയെല്ലാം പതിവ് പോലെ വില്ലന്മാര്‍ , കൊല്ലപ്പെടുന്ന(ഒരുമിച്ചു)നായികാ നായകന്മാര്‍ , പ്രേതം ആകുന്ന നായിക, (അതെന്താ നായിക മാത്രം പ്രേതം ആകുന്നെ എന്ന് ചോദിക്കല്ലേ . പഴയ നായകനും കൂടി എഴുനേറ്റു വന്നാല്‍ പിന്നെ ഒരു ത്രികോണ പ്രേമ കഥയിലേക്ക്‌ പോകും എന്നത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നില്ല )പിന്നെ രണ്ടര മണികൂര്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു കഴിഞ്ഞു (മുപ്പതു കൊല്ലം സിനിമയിലെ മറ്റു കഥാ പത്രങ്ങളുടെയും)നായിക യക്ഷി ഭാഗികമായും ബാക്കി മനുഷ്യ നായകനും നിര്‍വഹിക്കുന്ന പ്രതികാരം.ഇത്രയും ആണ് ഈ പടം.യക്ഷി ചിത്രം ആകുമ്പോള്‍ മന്ത്രവാദി വേണമല്ലോ . ഇതില്‍ ആ ഇനം മൂന്ന് എണ്ണം ഉണ്ട് തിലകന്‍ അവതരിപ്പിക്കുന്ന നാരായണന്‍ എന്ന ഒരു വ്യക്തിത്വവും ഇല്ലാത്ത അഴകൊഴംബന്‍ മന്ത്രവാദി ,മാള അവതരിപ്പിക്കുന്ന വാല്മീകി എന്ന ആദിവാസി (ദുര്‍) മന്ത്രവാദി,പിന്നെ caption രാജു സുകുമാര സിദ്ധന്‍ എന്ന പ്രകൃതി സ്നേഹി കം വൈദ്യന്‍ കം മന്ത്രവാദി കം നായികയുടെ അച്ഛന്‍ .പോരെ?പിന്നെ കോമഡിക്ക് വേണ്ടി മൂന്ന് സീരിയല്‍ തമാശക്കാരെ ഇറക്കിയിട്ടുണ്ട് .(നഞ്ഞു എന്തിനു നന്നാഴി!!!?)

ഈ പടം കാണുന്ന പ്രേക്ഷകര്‍ ന്യായമായും ചോദിക്കുന്ന (ചോദിക്കാവുന്ന) ചില ചോദ്യങ്ങള്‍ ഇവയാണ്

രണ്ടു പേര്‍ ഒരുമിച്ചു കൊല്ലപെട്ടിടു ഒരാള്‍ മാത്രം പ്രേതമായി അവതരിക്കാനുള്ള പ്രകോപനം?അതോ ഈ സംഗതി വനിതാ സംവരണ സീറ്റ്‌ ആണോ ? (വിനയന്‍ ആരു യാഷ് ചോപ്രയോ? തികോണ പ്രേമകഥ പിടിക്കാന്‍ )
ജീവന് തുല്യം സ്നേഹിച്ചിരുന്ന ഒരുത്തന്‍ ചത്ത്‌ പോയിട്ട് വളരെ practical ആയി അടുത്തവനെ പ്രേമിക്കുന്ന യക്ഷി . (ഹ ജീവിതം ഒന്നല്ലേ ഉള്ളു ?)
പ്രതികാരം ചെയാന്‍ ഇത്രയും കാലം എടുത്തതിന്റെ കാരണം . (അത് പിന്നെ ഈ തിരക്ക് ഒക്കെ ഒന്ന് ഒഴിയണ്ടേ )
ഒരു (അന്ധനായ)വില്ലന്‍ വേലക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രേതം കുറെ അധികം നായ്കളായി ആക്രമിക്കുന്നുണ്ട് . എന്നാല്‍ അപ്പോള്‍ അങ്ങ് പ്രതികാരം നിര്‍വഹിച്ചു കൂടെ ?( അത് പിന്നെ നമ്മള്‍ മാക്സിമം നന്നാകുമോ എന്ന് നോക്കും .യക്ഷിയാണ് എങ്കിലും ഒരു മനസാക്ഷി ഒക്കെ വേണ്ടേ )

ചുരുക്കത്തില്‍ പറഞ്ഞാല്‍ ആകാശ ഗംഗ എന്ന ചിത്രത്തില്‍ ഉള്ള ഒരു ലോജിക് ഈ ചിത്രത്തില്‍ തീരെ ഇല്ല . (കൊള്ളാവുന്ന വല്ലോരെയും കൊണ്ട് തിരകഥ എഴുതിച്ചു ഇരുന്നെങ്കില്‍ ഇതു ഒഴിവാക്കാമായിരുന്നു )

അപ്പോള്‍ പടം താങ്ങില്ല അല്ലെ ?

അനിയാ ഈ വിലക്കുകളെയും മറ്റു പാര കളെയും ഒക്കെ അതിജീവിച്ചു ഈ ചിത്രം പ്രദര്‍ശനത്തിനു എത്തിച്ച വിനയന്റെ ചങ്കൂറ്റം അഭിനണ്ടിക്കാവുന്നതാണ് .നമ്മുടെ ഒരു മുന്‍ നിര സംവിധാന പ്രതിഭകളും ചെയാന്‍ ധൈര്യപ്പെടാത്തതും ആണ് ഈ സംഗതി .ചിത്രം മോശം ആയതിനു പൂര്‍ണ ഉത്തര വദിത്വം ശ്രീ വിനയന് മാത്രം ആണ് .

അപ്പോള്‍ അഭിനയം ?

പുതു മുഖങ്ങള്‍ എല്ലാം അവരാല്‍ കഴിയുന്ന പരമാവധി ശ്രമിച്ചു അഭിനയിചിടുണ്ട്.അവരെ ഇത്രയും ഭേദപെട്ട രീതിയില്‍ അഭിനയിപ്പിച്ചതിന്റെ ക്രെഡിറ്റ്‌ ശ്രീ വിനയന് മാത്രം ഉള്ളതാണ് .നായികയുടെ മുഖം എവിടെ ഒക്കെയോ നയന്‍ താരയെ ഓര്‍മിപ്പിക്കുന്നു. ഗ്ലാമര്‍ ഒരല്‍പം അധികം ആയോ എന്ന് തോന്നാം (നായിക സുന്ദരിയും ധരിക്കുന്ന വസ്ത്രങ്ങള്‍ ചേരുന്നതും ആയത് കൊണ്ട് എനിക്ക് വലിയ വൃത്തികേട് തോന്നിയില്ല.പക്ഷെ ഇങ്ങനത്തെ ഒരു റോള്‍ ചെയുമ്പോള്‍ ശരീരം ഒരല്‍പം കൂടി ഒന്ന് ഒതുക്കി എടുക്കാവുന്നത് ആയിരുന്നു).ആകെപ്പാടെ അറിയുന്ന നടന്‍മാര്‍ caption രാജു , തിലകന്‍ , മാള,സ്പടികം ജോര്‍ജ് ഇവരൊക്കെയാണ് .ഒരു വില്ലന്‍ അന്ധന്‍ ആയതിനാല്‍ വിനയന്റെ പതിവ് വികലാംഗ പ്രേമത്തിന് മുടക്കം വരുന്നില്ല. സാജന്‍ മാധവ അണിയിച്ചൊരുക്കുന്ന ഗാനങ്ങള്‍ കുഴപ്പമില്ല

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....
ഇത്രയും എതിര്‍പ്പുകളെ നേരിട്ട് ചെയ്ത ചിത്രം, കുറഞ്ഞ പക്ഷം ഒരു വിദേശ ചിത്രം അടിച്ചു മാറ്റി ചെയ്തിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ .

Saturday, August 14, 2010

പ്ലസ്‌ ടു (Plus two)

എടെ എന്തുവാടെ ഇതു ? ഈയിടെയായി എവിടെ അനക്കമൊന്നും ഇല്ലാലോ. കട പൂട്ടിയോ ?

മം .. പൂട്ടും .. ചില്ലപ്പോഴേ ഉള്ളു. മലയാള പടം എന്തെങ്കിലും വേണ്ടേ അണ്ണാ എഴുതാനായി ? പിന്നെ തസ്കര ലഹള എന്ന ചിത്രവും അഡ്വ ലക്ഷ്മണ്‍ Ladies only എന്ന ചിത്രവും ഒരു ആഴ്ച കഴിയുന്നതിനു മുന്നേ തിയേറ്റര്‍ വിട്ടത് എന്‍റെ തെറ്റാണോ ?

ശരി അടങ്ങേടെ . ഇപ്പോള്‍ എന്താ വിശേഷം ? പുതിയ പടം വല്ലതും ? നീ പിപ്പിലീ ലൈവ് കണ്ടു കാണും അല്ലെ .

അണ്ണാ . ഈ ബൂലോകത്ത് ആ പടം ഇറങ്ങുന്നതിനു മുന്‍പ് തന്നെ അഭിപ്രായം നിരൂപണം ആണെന്നും അല്ലെന്നും ഒക്കെ പറഞ്ഞു കാച്ചുന്ന മാന്യന്മാര്‍ ഈ ബൂലോകത്ത് തന്നെ ഉണ്ട് . പിന്നെ നമുക്ക് മലയളം കഴിഞ്ഞേ ഉള്ളു മറ്റു എന്തും.

അപ്പോള്‍ നീ ......

എന്തോന്ന് സംശയം ? അത് തന്നെ . പ്ലസ്‌ ടു എന്ന ചലച്ചിത്രം ഇന്നലെ കണ്ടു അണ്ണാ.

അന്നോ . നന്നായി . ശരി എന്നാല്‍ പിന്നെ താമസിക്കണ്ട. തെറി തുടങ്ങിക്കോ ? പുതിയ സംവിധയകന്‍ , പുതിയ തിരകഥാ കൃത്ത്, പുതു മുഖ നടീ നടന്‍മാര്‍ . ഹ്ഹോ തെറി പറഞ്ഞു കൊല്ലാം. ആരെ പേടിക്കാന്‍ ? ഗര്‍ജിക്കെടാ നിരൂപക സിംഹമേ ...?

അതെ അല്ലെങ്കിലും ചോദിക്കാനും പറയാനും ഇല്ലാതാവനോടൊക്കെ ആണല്ലോ നമ്മള്‍ നിരൂപക കഴുവേറികളുടെ (ഈ വാക്ക് ഇന്നലെ മുതല്‍ മാന്യം ആയി ഏതോ മന്ത്രി പ്രഖ്യാപിച്ചതായി പത്രത്തില്‍ കണ്ടു ) അട്ടഹാസം .

എടെ നീ അടങ്ങു എന്നിട്ട് കാര്യം പറ.

അണ്ണാ ഒരു എണ്പതുകളുടെ ആദ്യം മിഥുന്‍ ചക്രവര്‍ത്തി ഡിസ്കോ ഡാന്‍സര്‍,ഡാന്‍സ് ഡാന്‍സ് എന്നീ ചിത്രങ്ങളിലൂടെ യുവ തലമുറയുടെ ഹരമായി വാഴുന്ന കാലം.അപ്പോളാണ് ഗോവിന്ദ എന്ന നടന്‍റെ അരങ്ങേറ്റം.കുറെ കാലം അദേഹം അറിയപെട്ടിരുന്നത് പാവങ്ങളുടെ മിഥുന്‍ എന്നായിരുന്നു .

അതും ഈ ചിത്രവുമായി ആയി എന്താ ബന്ധം ?

മുകളില്‍ പറഞ്ഞ കാര്യം അതിന്റെ ശരിയായ അര്‍ഥത്തില്‍ മനസ്സില്‍ ആയാല്‍ എന്നി പറയുന്ന കാര്യം മനസ്സില്‍ ആകും . ഒറ്റ വാചകത്തില്‍ പ്ലസ്‌ ടു എന്ന ഈ ചിത്രത്തെ പാവങ്ങളുടെ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന് വിളിക്കാം .എന്ന് വെച്ചാല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന മഹത്തായ ചിത്രത്തിന് ഉള്ള എല്ലാ നല്ലതും ഈ ചിത്രത്തിനും ഉണ്ട് . അത് പോലെ എല്ലാ മോശ വശങ്ങളും ഈ ചിത്രത്തിനും ഉണ്ട്.പിന്നെ ഇല്ലാത്തത് മലര്‍വാടിക്കാര്‍ കാണിക്കുന്ന പ്രചാരണ പരിപാടികളും അവകാശ വാദങ്ങളും മാത്രം .

എടെ നീ എങ്ങനെ അടച്ചു പറയാതെ ഒന്ന് വിശദമാക്കാമോ ?

നേരത്തെ പറഞ്ഞത് പോലെ പുതുമുഖ സംവിധായകന്‍ സെബി ചാവക്കാട്,തിരകഥ ജയിന്‍ ജോര്‍ജ്,പുതുമുഖ നായകന്‍ റോഷന്‍,നായികാ ഷഫ്ന (കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ ശ്രീനിവാസന്റെ മൂത്ത മകളായി (കുചേലന്‍ ലും ) അഭിനയിച്ച കുട്ടി )പിന്നെ സായികുമാര്‍,ഗീതാ വിജയന്‍, മണിയന്‍പിള്ള രാജു,സോനാ നായര്‍,KPSC ലളിത,സിറാജ്,സലിം കുമാര്‍ എന്നിവരും അഭിനയിക്കുന്നു.

ഇനി കഥയെ പറ്റി..?

നായകന്‍ പ്രിന്‍സ്, പ്ലസ്‌ ടു വിനു പഠിക്കുന്ന , എന്‍ ആര്‍ ഐ മാതാപിതാക്കളുടെ ഏക മകന്‍ . മകനെ ഒറ്റയ്ക്ക് ഒരു വില്ല എടുത്തു കൊടുത്തു ഒരു വേലക്കാരനെയും കൊടുത്തു പഠിക്കാന്‍ വിട്ടിരിക്കുകയാണ് മാതാപിതാക്കള്‍.വേലക്കാരന്‍ ലാലപ്പന്‍ (സലിം കുമാര്‍) ഒരു സിനിമാ നടനാണെന്ന് അവകാശപ്പെടുന്ന ചാന്‍സ് അന്വേഷി ആണ്.വല്ലപ്പോഴുമേ വില്ലയില്‍ വരൂ .ചുരുക്കത്തില്‍ പ്രിന്‍സും ഒരു നാലു കൂട്ട് കാരും അടങ്ങുന്ന സംഘം അടിച്ചു പൊളിച്ചു കഴിയുന്നു.(പ്രതേകിച്ചു ഒന്നും ചെയുന്നതായ് കാണിക്കുന്നില്ല എന്നാലും പിള്ളാരല്ലേ അടിച്ചു പൊളിക്കും എന്ന് ഊഹിക്കവുന്നതല്ലേ ഉള്ളു !!). ഒരു രാത്രിയില്‍ ആ വില്ലയിലേക്ക് ഒരു അമ്മയും മകളും വരുന്നു അമ്മയുടെ (പ്രേമ) മൂത്ത മകളുടെ വിലാസം അന്വേഷിച്ചാണ് വരുന്നത്.പ്രഥമ ദര്‍ശനത്തില്‍ നായകന് ഉണ്ടാകുന്ന ഉഗ്രന്‍ ലവ് ( ഈ സാധനം മലയാള സിനിമയില്‍ നിന്നും ഒന്ന് നിരോധിക്കാമോ?അല്ലാതെ സിനിമയില്‍ പുക വലിച്ചു,മദ്യപിച്ചു എന്നോകെ പറഞ്ഞു പാവം നടന്മാര്‍ക്ക് എതിരെ കേസ് എടുക്കാതെ), അമ്മയുടെ മരണത്തോടെ അപരിചിതമായ നഗരത്തില്‍ ഒറ്റകാവുന്ന നായിക.സഹായിക്കാനായി അവളെ ഏറ്റെടുത്തു സ്വന്തം വീട്ടില്‍ രഹസ്യമായി താമസിപ്പിക്കുന്ന നായകന്‍ .വിവരം അറിയുന്ന പാടെ ഈ ബന്ധത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന കൂട്ടുകാര്‍ . കുറെ നാള് മുഖത്തോട് മുഖം നോക്കി മടുത്ത നായകന്‍ നായികയെ ചുംബിക്കാന്‍ ശ്രമിക്കുമ്പോള്‍ പിണങ്ങി പോകുന്ന നായിക. തെരുവില്‍ അലയുന്ന അവളെ പീഡകരില്‍ നിന്നും സ്ടണ്ട് നടത്തി രക്ഷിക്കുന്ന നായകനും കൂട്ടുകാരും (ഇവിടെ മാത്രം ഈ ചിത്രം മലര്‍വാടിയെ പിന്നിലാക്കുന്നു . നാലഞ്ചു ഗുണ്ടകളെ നേരിടുന്നത് നാല് ചള്ള് ചെറുക്കന്മാര്‍ !!!!) ഒടുവില്‍ പ്രണയിക്കുന്ന നായിക.പിന്നെ പ്രണയം വീട്ടില്‍ പിടിക്കുന്നതും,കമിതാക്കള്‍ വേര്‍പിരിയുന്നതും ഒടുവില്‍ ഒത്തു ചേരുന്നതും ഉള്‍പ്പെടെ ഉള്ള സ്ഥിരം ട്രാക്കില്‍ കൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്‌ . നായകന്റെ മാതാ പിതാക്കളായി സായി കുമാറും ഗീതാ വിജയനും വരുന്നു . അമൂമ്മയായി KPSC ലളിത , അയല്‍വാസിയായ ബന്ധുവും നായകന്റെ സുഹൃത്തിന്റെ മാതാപിതാക്കളും ആയി മണിയന്‍ പിള്ള രാജുവും സോനാ നായര്‍ ഉം അഭിനയിക്കുന്നു . നായകനെയും കൂട്ടുകാരെയും പഠിപ്പിക്കുന്ന അധ്യാപകനായി സിറാജ് വരുന്നു (അധികം ഇല്ലാത്തത് വലിയൊരു ഭാഗ്യം ആണു). ഇവര്‍ക്കാര്‍ക്കും തന്നെ ഈ ചിത്രത്തില്‍ വലുതായി ഒന്നും ചെയാനില്ല.

ശരി എന്നി പടത്തിന്റെ നാല് കുറ്റം പറഞ്ഞെ .

ഒരു പുതുമുഖ സംവിധായകനില്‍ നിന്നും പ്രതീക്ഷിക്കുന്ന പുതുമ നമുക്ക് ഈ ചിത്രത്തില്‍ ഒരിടത്തും കാണില്ല . (ശ്രീനിവാസനില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ചിത്രം അല്ല മലര്‍വാടി എന്നത് കൊണ്ട് മകന്റെ പേരില്‍ ഇറക്കിയതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ എന്നിക്ക് വലിയ ആശ്ചര്യം ഒന്നും തോന്നില്ല എന്നതാണ് സത്യം ). പുതുമുഖ നടീനടന്‍മാര്‍ അവരാല്‍ കഴിയുന്നത്‌ പോലെ അഭിനയിചിടുന്ടെങ്കിലും തിര കഥയിലെ ബലക്കുറവു അവരുടെ പ്രയത്നത്തിനു ഉദ്ദേശിച്ച പ്രയോജനം തരുന്നില്ല . (ഉദാഹരണമായി നായകന്റെ സുഹൃത്തുക്കളില്‍ മാത്യു എന്ന കോലന്‍ മുടിക്കാരനെ ഒഴിച്ചാല്‍ വേറെ ആരും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നു പോലും ഇല്ല.നായകനുമായി ഇടയ്ക്കിടെ ഫോണില്‍ വിളിച്ചു ഒരേ വാചകങ്ങള്‍ വള്ളി പുള്ളി വ്യത്യാസം ഇല്ലാതെ പറയുന്ന അമ്മൂമയും , ഒരിക്കല്‍ പോലും വിളിക്കാത്ത മാതാപിതാക്കളും ഒന്നും ഒരു ചലനവും പ്രേക്ഷകരില്‍ ഉണ്ടാക്കുന്നില്ല ). നായിക തന്‍റെ മുന്‍ ചിത്രങ്ങളിലെ അനുഭവ സമ്പത്ത് പൂര്‍ണമായും ഉപയോഗിച്ചിട്ടുണ്ട് . നായകനും ആയി അടുത്ത് നില്‍ക്കുമ്പോള്‍ പൊടിക്ക് പ്രായകൂടുതല്‍ തോന്നിക്കുന്നുണ്ടോ എന്ന സംശയം മാത്രം!! .സലിം കുമാര്‍ കുറെ നാളുകള്‍ക്ക് ശേഷം നന്നായി എന്ന് തോന്നിയ ചിത്രമാണ് ഇതു . സിരാജും തീരെ ബോര്‍ ആക്കിയില്ല .പ്രണയം എന്ന ഒരു ഒറ്റ കുറ്റിയില്‍ നിന്ന് കറങ്ങാതെ തിരകഥ ഉണ്ടാക്കിയിരുന്നെങ്കില്‍ നന്നായിരുന്നേനെ .ഗാനങ്ങള്‍ സംവിധാനം ചെയ്തിരിക്കുനത് പുതു മുഖമായ മനു രമേശന്‍ ആണ് . (പുതു മുഖം എന്ന പരിഗണയില്‍ നന്നായി എന്ന് തന്നെ പറയാം ) .ക്യാമറ കൈകാര്യം ചെയ്ത ദിലീപ് രാമന്‍ തന്‍റെ ജോലി വൃത്തിയായി ചെയ്തു .

അപ്പോള്‍ ചുരുക്കത്തി പറഞ്ഞാല്‍......?

മലര്‍വാടി ആര്‍ട്സ് ക്ലബ്‌ എന്ന ചിത്രം ഇഷ്ടപെട്ട ഒരു പ്രേക്ഷകന്‍ ആണ് നിങ്ങള്‍ എങ്കില്‍ ന്യായമായും ഈ ചിത്രവും നിങ്ങള്‍ക്ക് ഇഷ്ടപ്പെടെണ്ടത് ആണ് . എന്നിക്ക് രണ്ടും അത്ര സുഖിച്ചില്ല

Tuesday, August 3, 2010

അവന്‍ (ലവന്‍ !! )

എടാ നിനക്കിതു തന്നെ വേണം .

മനസിലായില്ല.എന്ന് വെച്ചാല്‍ ?

ഒരായിരം പ്രാവശ്യം പറഞ്ഞതാ പോയി Once upon a time in mumbai കാണാന്‍. നല്ല പടം ആണെന്നാ കേട്ടത്.അപ്പോള്‍ നിനക്ക് മലയാള സിനിമയെ ഉധരിച്ചേ പറ്റൂ അല്ലെ ?

അപ്പോള്‍ അണ്ണന്‍ ഞാന്‍ അവന്‍ കാണാന്‍ പോയത് അറിഞ്ഞു അല്ലെ ?

ശരി കണ്ടതോ കണ്ടു ഇനി പറ എങ്ങനെയുണ്ട് പടം ?

തകര്‍പ്പന്‍ അല്ലെ . ബാല, മുക്ത , വിജയ രാഘവന്‍ , റിയാസ് ഖാന്‍ ... അങ്ങനെ പ്രശശ്തര്‍ അണി നിരക്കുന്ന പടം അല്ലിയോ സംഭവം.സംവിധാനം മറ്റൊരു പുതു മുഖം ആണെന്ന് തോന്നുന്നു നന്ദഗോപന്‍ കാവില്‍ .

ഡേ നില്ല്... നില്ല്.... നീ ഈ പറഞ്ഞ താര നിരയില്‍ വിജയ്‌ യേശുദാസ്‌ന്‍റെ പേര് പറഞു കണ്ടില്ലല്ലോ ? പോസ്റ്റര്‍ മുഴുവന്‍ ബാലയും അങ്ങേരുമാണല്ലോ നിറഞ്ഞു നില്‍ക്കുന്നത് .

പോന്നു അണ്ണാ അത് ഈ വര്‍ഷത്തെ ഏറ്റവും വലിയ കബളിപ്പിക്കല്‍ ആണ് . പഴയ കാലത്തേ ജയന്‍ നസീര്‍ ചിത്രങ്ങളുടെ പോസ്റ്ററില്‍ രണ്ടുപേരും ഒരുമിച്ചു നില്‍ക്കുന്ന പോലെയല്ലേ ഇവരെയും കാണിച്ചിരിക്കുന്നത്.എന്നാല്‍ ഈ പടത്തില്‍ ശ്രീ വിജയ്‌ യേശുദാസ്‌ പ്രത്യക്ഷപെടുന്നത് ഒരു മൂന്നോ നാലോ സീനില്‍ മാത്രമാണ് പിന്നെ ഒരു പാട്ടും.ഇതിനാണ് ഈ ബഹളം ഉണ്ടാക്കിയിരിക്കുന്നത്.

നീ കത്തി കേറാതെ എന്താ പടത്തെ കുറിച്ചുള്ള അഭിപ്രായം അത് പറ?

ചേട്ടാ എല്ലാ പടത്തിലും പുതുമയുള്ള കഥ വേണം എന്ന് പറയുന്നതില്‍ ഒരു ന്യായവും ഇല്ല. ഇപ്പോള്‍ ഇറങ്ങുന്ന പടത്തില്‍ എല്ലാം ഒടുക്കത്തെ പുതുമ ആണോ എന്ന് ചോദിച്ചാല്‍ അല്ല / ഇല്ല എന്ന് തന്നെ ആണ് ഉത്തരം . പക്ഷെ പറഞ്ഞു പഴാകിയ ഒരു തീം വെച്ച് പടമെടുക്കുമ്പോള്‍ അവതരണത്തില്‍ എങ്കിലും കുറച്ചു പുതുമ കൊണ്ട് വന്നു കൂടെ എന്ന് ചോദിക്കുനത് ന്യായം മാത്രം ആയിരിക്കും .

അപ്പോള്‍ ഈ പടത്തിന്റെ തീം,അവതരണം ഇതില്‍ രണ്ടിലും ഒരു പുതുമയും ഇല്ലെ ?

ആദ്യം തീം.അച്ഛനില്ലാത്ത,ദുര്‍നടപ്പ് കാരിയായ അമ്മ,സംഗീതത്തില്‍ താല്പര്യമുള്ള രോഷാകുലനായ പയ്യന്‍ മകന്‍ .അടുത്ത വീട്ടിലെ ഭാഗവതരുടെ (ദേവന്‍)മകനായ അപ്പു ആണ് സുഹൃത്ത്‌.രോഷം മൂത്ത് അമ്മയുടെ കസ്റ്റമര്‍ ആയ പോലീസ്കാരനെ വെട്ടി ഓടി രക്ഷപെടുന്ന കൃഷ്ണന്‍ (അതാ മകന്റെ പേര് ) .നഗരത്തില്‍ എത്തുന്ന കൃഷ്ണന്‍ ധര്‍മന്‍ (റിയാസ് ഖാന്‍) മായി ചേര്‍ന്ന് വലിയ ഗുണ്ട ആകുന്നു . ഉയര്‍ന്നു വരുന്ന ഗായകന്‍ രാമാനുജത്തെ (വിജയ്‌ യേശുദാസ്‌) കൊല്ലാന്‍ കരാര്‍ ഉറപ്പിക്കുന്ന കൃഷ്ണന്‍ കൊല്ലുനതിനു തൊട്ടു മുന്‍പ് ആണ് രാമാനുജം പഴയ സുഹൃത്ത്‌ അപ്പു ആണെന്ന് മനസിലാക്കുന്നത്‌.അതും ചുമരിലെ ഫോട്ടോ കണ്ടിട്ട് !!!(കഥ നാടകീയമായ വഴിത്തിരിവില്‍ !!!).രാമാനുജത്തെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് കൃഷ്ണന്‍ അകത്താകുന്നു.(സത്യം സുഹൃത്തിനെ നേരില്‍ കണ്ടു ബോധിപ്പിക്കാന്‍ പോകുമ്പോള്‍ ആണ് സംഭവം ).അവസാനം എല്ലാര്‍ക്കും എല്ലാം മനസിലായി കഴിയുമ്പോള്‍ കൃഷ്ണനെ ആരോ വെടി വെച്ച് കൊല്ലുന്നു. ശുഭം .(വാളെടുത്തവന്‍ വാളാല്‍ എന്ന തത്വം ആകണം എവിടെ ഉദേശിച്ചത്‌.)

എന്റെ അമ്മോ ഇതു 2010ല്‍ ഇറങ്ങിയ സിനിമ തന്നെ അല്ലെ?

ആണ് എന്ന് മാത്രമല്ല ഇതു അവതരിപ്പിച്ചിരിക്കുന്ന രീതി ഇതിലേറെ കിടിലം ആണ് . ഒരു റിയാലിറ്റി ഷോ ക്രൈം ആന്‍ഡ്‌ മ്യൂസിക്‌ . ജയില്‍ പുള്ളികളാണ് ഇതില്‍ പങ്കെടുക്കുനത് . ഇതില്‍ പങ്കെടുക്കുനവര്‍ക്കെല്ലാം (മത്സരം ഒന്നും നടക്കുനതായ് കാണിച്ചിട്ടില്ല)പരോള്‍ കിട്ടുമത്രേ!! (അതിനു അഭ്യന്തര മന്ത്രിയോട് നന്ദിയും പറയുന്നുണ്ട്) . നീതി ന്യായ വ്യവസ്ഥയെ കളിയാക്കുക എന്നാണോ സംവിധായകന്‍ ഇതു കൊണ്ട് ഉദേശിച്ചത്‌ എന്ന് വ്യക്തമല്ല . ഈ പരിപാടിയില്‍ പങ്കെടുക്കുന്ന നായകന്‍ തന്റെ ജീവിത കഥ പറയുന്നതായിട്ടാണ് മേല്പറഞ്ഞ കഥ അവതരിപ്പിച്ചിരിക്കുന്നത്. ഇത്ര ബോറായ ഒരു കഥ കേട്ട് കഴിയുമ്പോള്‍ റിയാലിറ്റി ഷോയുടെ പ്രേക്ഷകര്‍ കരയുന്നു കണ്ണ് തുടൈക്കുന്നു ആകെ ബഹളം. സ്ഥിരം പ്രേക്ഷകനായ കോട്ടയം നസീര്‍ ഇത്രയും ദുഃഖ കഥകള്‍ താങ്ങാനുള്ള അമ്പിയെര്‍ ഇല്ലാത്തതിനാല്‍ ഇനി ഈ പരിപാടി ക്ക് വരുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. അത് മാത്രമോ നായകന്‍ പണ്ട് കൊന്ന ഒരു പയ്യന്റെ അച്ഛന്‍, നായകനെ കൊല്ലാനായി തോക്കുമായി,പ്രേക്ഷകനായി വന്നിരുപ്പുണ്ട്.അങ്ങേരു പോലും മനസ്സ് മാറി നായകന് കൈ കൊടുത്തു പോകുന്നു .(നായകന്റെ കഥ വെച്ച് നോക്കുമ്പോള്‍ സ്വന്തം മോന്‍ ചത്ത്‌ പോയത് എത്ര നിസ്സാരം !!!).എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ നായകനെ അഞ്ജതരായ ആള്‍ക്കാര്‍ വെടി വെച്ച് കൊല്ലുമ്പോള്‍ പടം തീരുന്നു

അപ്പോള്‍ അഭിനയമോ ?

ബാല തന്‍റെ സ്ഥിരം മാനറിസങ്ങള്‍ കൃത്യമായി കാണിച്ചു ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. വിജയ രാഘവന്‍ കഷ്ടിച്ച് സഹിക്കാം എന്ന അവസ്ഥ.പുലി ബിജു (അനൂപ്‌ എന്നല്ലേ പേര് ആ നടന്റെ ?) ആണ് ഉള്ളതില്‍ ഭേദം . പിന്നെ നായകന് ഒരു നായികാ വേണമല്ലോ എന്ന് കരുതി കോളനിലെ ഒരു പെണ്‍കുട്ടിയായി മുക്തയെ കാസ്റ്റ് ചെയ്തിടുണ്ട്. കഥാപാത്രത്തിന് വലിയ പ്രസക്തി ഒന്നും ഇല്ലെങ്കിലും മുക്ത മെലിഞ്ഞു കുറച്ചു കൂടി സുന്ദരിയായി കാണപ്പെടുന്നു എന്നുള്ളതാണ് പറയാവുന്ന ഒരു നല്ല കാര്യം. ജഗതി വീണ്ടും ഒരിക്കല്‍ കൂടി പാഴാക്കപെട്ടിരിക്കുന്നു.രണ്ടു സീനിലേക്ക്‌ ജഗതിയെ അഭിനയിക്കാന്‍ വിളിക്കുന്നവര്‍ പ്രേക്ഷകരെ കളിയാക്കുകയാണ് ചെയ്യുന്നത്. മറ്റു പലരെയും പോലെ തലൈവാസല്‍ വിജയ്ക്കും വേറെ പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല . റിയാസ് ഖാന് പോലും വിജയ്‌ യേശുദാസ്‌നെകാള്‍ റോള്‍ ഉണ്ട് ഈ ചിത്രത്തില്‍.

തിരകഥ എഴുതിയത് സംവിധായകന്‍ നേരിട്ട് ആണെന്നാണ് ഓര്‍മ (അല്ലെങ്കില്‍ ക്ഷമിക്കു ) അതിനെ പറ്റി ഇനി ഒന്നും പറയാനില്ല. മൊത്തത്തില്‍ ലവന്‍ ഒരു അനുഭവം ആയിരുന്നു.പിന്നെ ഗാനങ്ങള്‍ കുറച്ചു ഭേദം ആണെന്നാണ് തോന്നിയത് (ചിലതെങ്കിലും). പക്ഷെ പുട്ടിനു തേങ്ങ ഇടുന്നത് പോലെ പാട്ടുകള്‍ വരുന്നത് അതിന്റെ സുഖവും കളഞ്ഞു .സംഗതി റിയാലിറ്റി ഷോ ആയതു കൊണ്ട് എപ്പോള്‍ വേണേലും പാട്ട് ഇടാമല്ലോ ?

എന്നാലും ചുരുക്കത്തില്‍ ഒരു അഭിപ്രായം .....

തെറി പറയാന്‍ വയ്യ സഹോദരാ. എന്നാലും നിങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ കയറ്റിവിടാന്‍ പറ്റിയ പടം. ഇങ്ങനത്തെ പടങ്ങള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ .പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ നിരവധി സമ്മാനങ്ങള്‍ നറുക്കെടുപ്പിലുടെ വാഗ്ദാനം ചെയ്യുന്നുണ്ട് . ഒപ്പം അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരവും !! ഒരു ചിത്രം കാണാന്‍ സമ്മാനം കൊടുക്കുനത് ദേനീയമാണ്‌ . (ഫ്രീ ടിക്കറ്റ്‌ ഒക്കെ അത് തന്നെയാണ് അല്ലെന്നല്ല ) എങ്കിലും ഈ ചിത്രം കാണുന്ന എല്ലാര്‍ക്കും സമ്മാനം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം