Wednesday, September 25, 2013

ഏഴാമത്തെ വരവ് (Ezhamathe Varavu Review)

അണ്ണൻ എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ ഇതിൽ കുറച്ചു പ്രതീക്ഷിക്കും

ഏതിലാ അനിയാ .........

ചുമ്മാ ജാഡ  ഇറക്കാതെ അണ്ണാ ഓണത്തിരക്കിൽ അണ്ണൻ നൈസ് ആയി എഴാമത്തെ വരവിനു കേറുന്നത് ഞാൻ കണ്ടല്ലോ . ഈ ചിത്രത്തിൽ എനിക്ക് ഭയങ്കര പ്രതീക്ഷയാണ് . മലയാള സിനിമയുടെ കുലപതികളായ എം ടി , ഹരിഹരൻ  എന്നിവര് ഒന്നിക്കുന്ന ചിത്രം പോരാത്തതിനു , നവയുഗ താരങ്ങളായ ഇന്ദ്രജിത്ത് , ഭാവന , വിനീത് (ഇതു തർക്ക  വിഷയമാണ്‌ ) ക്യാമറ എസ്  കുമാർ . ദീപക്  ദേവിന്റെ സംഗീതം  ഇതിലൊക്കെ കൂടുതൽ  എന്നാ വേണം .
 .
ഒന്നുംവേണ്ട പോരെ ? അനിയാ എഴുപതുകളുടെ തുടക്കത്തിൽ എം ടി എഴുതി ഹരിഹരൻ  സംവിധാനം ചെയ്തു ഷൂട്ടിംഗ് പൂർത്തി ആക്കിയ , എന്നാൽ സാങ്കേതിക കാരണങ്ങളാൽ  പുറത്തു വരാത്ത  ഒരു സിനിമ ഉണ്ടായിരുന്നു  "എവിടെയോ  ഒരു ശത്രു ". സുകുമാരൻ , വേണു നാഗവള്ളി  തുടങ്ങിയവർ പ്രധാന വേഷം ചെയ്ത  ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആണ്  വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ  പുതിയ താരങ്ങളെ വെച്ച്  എടുത്തിരിക്കുന്ന ഏഴാമത്തെ വരവ് . സുകുമാരൻ അഭിനയിച്ച ഗോപിനാഥ മേനോൻ  എന്ന  പരുക്കനായ  എസ്റ്റേറ്റ് ഉടമയായി ഇന്ദ്രജിത്ത് എത്തുമ്പോൾ  വേണു നാഗവള്ളിയുടെ പ്രസാദ്‌ എന്ന ആർക്കിയോളജിസ്റ്റ്ട്ടിന്റെ വേഷത്തിൽ വിനീത് എത്തുന്നു (നേരത്തെ ഈ റോളിൽ നരേയ്ൻ ആണ് എന്നാണ് കേട്ടിരുന്നത് ).ഗോപിയുടെ ഭാര്യ ഭാനുവായി അനുരാധ ചെയ്ത റോളിൽ ഭാവന എത്തുന്നു ..

അല്ല കഥ ......

പുരാവസ്തു ഗവേഷകൻ ആയ പ്രസാദ്‌ , ചേര വംശത്തിന്റെ തലസ്ഥാനം വയനാട് ആയിരിക്കാം എന്ന തിയറിയുടെ  സാധൂകരണത്തിനുള്ള അന്വേഷണത്തിലാണ് അയാൾ .ഗവേഷണ  ആവശ്യത്തിനായി വയനാട്ടിൽ എത്തുന്ന ഇയാൾക്ക് താമസം ഒരുക്കിയിരിക്കുന്നത് പരുക്കനായ അതേ  സമയം സരസനുമായ  എസ്റ്റേറ്റ്  ഉടമ ഗോപിനാഥ മേനോന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിലാണ് .അവിടേക്ക് പോകുന്നതിനു മുൻപ്  പരിചയപ്പെടാനായി ഗോപിയുടെ വീട്ടിലെത്തുന്ന  പ്രസാദ്  തന്റെ പഴയ കോളേജിലെ കാമുകി ഭാനു ആണ് പ്രസാദിന്റെ ഭാര്യ എന്നറിയുന്നു . അവിടെ നിന്ന്  എസ്റ്റേറ്റ്‌ ബംഗ്ലാവിൽ എത്തുന്ന പ്രസാദിന് സഹായി ആയി അവിടുത്തെ ജോലിക്കാരൻ  നാഗുവും (മാമുക്കോയ ) മകൾ മാലയും (കവിത ) ആണുള്ളത് . മാലയുമായി അടുക്കുന്ന പ്രസാദിന് മാല അവിടുത്തെ ആദിവാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്നു.മാലയുടെ മരിച്ചു പോയ അമ്മ ആദിവാസി ആണ്  . ഇതിനിടെ അവിടെ കട്ടിൽ നിന്നും നരഭോജി ആയ  നരി ഇറങ്ങുന്നു .ആദിവാസികളുടെ വിശ്വാസം അനുസരിച്ച് പണ്ട്  ഭാര്യയാൽ ചതി പറ്റി  സ്വന്തം രൂപത്തിൽ തിരിച്ചു വരാൻ കഴിയാത്ത പോയ ഒരു ഒടിയനാണ് ഈ നരി . ഏഴു വർഷത്തിൽ ഒരിക്കൽ വന്നു ഏഴു സ്ത്രീകളെ കൊന്നു തിന്നിട്ടെ അത് തിരികെ പോകു .വിശ്വാസം പോലെ അഞ്ചു സ്ത്രീകള് നരിയാൽ കൊല്ലപ്പെടുന്നു . വിവരം അറിഞ്ഞു ശിക്കാരിയായ ഗോപിനാഥ മേനോൻ  എസ്റ്റേറ്റ്‌  ബംഗ്ലാവിൽ എത്തുന്നു . പുറകെ ഭാനുവും .ഇതിനിടെ ആറാമത്തെ സ്ത്രീയെയും നരി കൊല്ലുന്നു . ഏഴാമത്തെ വരവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ  ക്ലൈമാക്സ്‌ .

ഏഴാമത്തെ വരവ് എന്ന പേര് ഈ ചിത്രത്തിന്  യോജിക്കുന്നത് ആണെങ്കിലും എവിടെയോ ഒരു ശത്രു എന്ന പേര്  കുറെ കൂടി ചേരുമായിരുന്നില്ലേ എന്നാ തോന്നൽ  ബാക്കി . സംവിധായകന്റെ അശ്രദ്ധ പലയിടത്തും കാണാനുണ്ട് . ആദ്യമായി പ്രസാദും ഗോപിയും ഭാനുവും മദ്യപിക്കുന്ന രംഗത്തിൽ ഭാനു കാട് നഗരത്തെ വിഴുങ്ങുന്നത്തിനെ പറ്റി പറയുന്നതു  പോലുള്ള  ഭാഗത്തൊക്കെ സംവിധായകന്റെ ശ്രദ്ധക്കുറവു കൊണ്ടുള്ള കിതൃമത്വം അനുഭവപ്പെടുന്നു.ഹരിഹരൻ എഴുതി സംഗീതം പകർന്ന ഗാനങ്ങളിൽ  ഈ നിലാവിൻ എന്ന ഗാനം  നന്നായി.കുമാറിന്റെ ക്യാമറ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് . ചിത്രത്തിന്റെ മൂഡിന് അനുസരിച്ച് നീങ്ങുന്ന ക്യാമറ കുറച്ചൊന്നുമല്ല ഈ സിനിമയെ സഹായിക്കുന്നത്

അതൊക്കെ നില്ക്കട്ടെ  അഭിനയം അതിലല്ലേ സംഗതി കിടക്കുന്നത് ..........

സത്യത്തിൽ ഒരിക്കലും ഞാൻ സുകുമാരൻ എന്ന നടനെ ഒരു ഭയങ്കര സംഭവം ആയി കണ്ടിരുന്നില്ല എന്നതാണ് സത്യം .അക്കാലത്തെ  സ്റ്റയിലൻ  ഡയലോഗുകൾ  തട്ടി വിടുന്ന പഴയ കാലത്തേ ഒരു സുരേഷ് ഗോപി മോഡൽ നടൻ  . ഇതായിരുന്നു സുകുമാരനെ കുറിച്ചുള്ള എന്റെ അഭിപ്രായം . അത് ഞാൻ അടിയോടെ തിരുത്തിയത് ഈ ചിത്രം കണ്ടപ്പോളാണ് . ഇതിനകം ഒരു നല്ല നടൻ എന്ന് പേരെടുത്ത ഇന്ദ്രജിത്തു  വരെ ഈ റോൾ ചെയ്യാൻ കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ , മുടങ്ങി പോയ ആദ്യ ചിത്രം സുകുമാരന് എത്ര വലിയ നഷ്ട്ടം ആണ് എന്ന് മനസിലാക്കുന്നു . ഒരു പക്ഷെ സുകുമാരൻ  എന്ന നടന്റെ അഭിനയ ജീവിതത്തിലെ ശരപന്ജരം ആയേനെ ഈ ചിത്രം .വേണു നാഗവള്ളിക്ക് സ്ഥിരം വേഷം ആണെങ്കിലും ക്ലൈമാക്സ്‌ രംഗങ്ങളിൽ ആ നടൻ  എങ്ങനെ അഭിനയിച്ചു കാണും എന്ന് കാണാൻ ഒരു കൌതുകം തോന്നുന്നു

അപ്പോൾ  ഇന്ദ്രജിത്ത്  ശരിയായില്ല  എന്നാണോ ...?

വ്യക്തമായി പറയാം . ഭരത് ചന്ദ്രൻ  ഐ പി എസ്  എന്ന തിരിച്ചു വരവ് ചിത്രത്തിന് മുൻപ്  ശ്രീ സുരേഷ് ഗോപി രംഗത്ത്‌ ഇല്ലാത്ത കാലത്ത് ഷാജി കൈലാസ്  ബിജു മേനോനെ നായകനാക്കി ശിവം എന്നൊരു ചിത്രം ചെയ്തിരുന്നു . സായി കുമാറിന്റെ മികച്ചൊരു വില്ലൻ വേഷം ഉൾപ്പെടെ  ഷാജി കൈലാസ്  വിജയ ചിത്രങ്ങളുടെ  സകല  ചേരുവകളും ഉണ്ടായിരുന്ന ആ ചിത്രത്തിലെ മിസ്‌  ഫിറ്റ്‌ എന്നത് ബിജു മേനോൻ  അവതരിപ്പിച്ച  നായകൻ  മാത്രമായിരുന്നു .ദോഷം പറയരുതല്ലോ  ബിജു മേനോൻ  തന്നാൽ കഴിയും വിധം നന്നായി, ആരെയും അനുകരിക്കാതെ , നായകനെ അവതരിപ്പിച്ചു എന്നതാണ് സത്യം . പക്ഷെ ഓരോ ഫ്രെയിമിലും നമുക്ക് സുരേഷ് ഗോപിയെ ഓർമ്മ   വരും അഥവാ ആ നടനെ മിസ്സ്‌ ചെയ്യുമായിരുന്നു.ഏറ്റവും സത്യമായി പറഞ്ഞാൽ ഇവിടെയും സംഭവിക്കുന്നത്‌ മറ്റൊന്നല്ല .(ഇന്നത്തെ തലമുറയിൽ എത്രപേർക്ക് സുകുമാരൻ എന്ന നടനെ നേരെ അറിയാം എന്നത് വേറെ കാര്യം ) ഭാനുവിന്റെ റോൾ ചെയ്യാൻ ഭാവനയെപോലെ ഉള്ള ഒരു നടിയെക്കാൾ നയൻ  താരയെ പോലെ കുറച്ചു കൂടി പക്വത തോന്നിപ്പിക്കുന്ന ഒരു നടിയായിരുന്നു നല്ലത് എന്ന് തോന്നുന്നു .ഭാവന കുട്ടിത്വം വിട്ടു എന്നാൽ മുതിർന്നുമില്ല എന്നൊരു മട്ടാണ് എനിക്ക് എപ്പോളും തോന്നാറ് ( കുഴപ്പം എന്റെയവാം ). വേണു നാഗവള്ളി ചെയ്ത വിനീത് അവതരിപ്പിക്കുന്ന പ്രസാദിന് എന്ന് നമുക്ക് വലിയ ചോയിസ് ഇല്ല എന്നതാണ് സത്യം (ഫഹദ് ഫാസിലിനു നോക്കാവുന്നതാണ് ).ഷൂട്ടിംഗ് പൂർത്തിയാക്കിയ സ്ഥിതിക്ക്   ഒറിജിനൽ ചിത്രത്തിന്റെ ഒരു വീഡിയോ റീലീസി നു എങ്കിലും ഉള്ള സാദ്ധ്യതകൾ ആരായുന്നതാണ്  എന്ന് തോന്നുന്നു .

അപ്പോൾ ചുരുക്കത്തിൽ

 നമ്മൾ ഒക്കെ സ്കൂൾ വിട്ടു വരുന്ന സമയത്ത്  (പത്തു മുപ്പതു കൊല്ലം മുൻപ് ) വഴിയോരത്തെ  മുകളിലേക്ക് പൊക്കി തുറക്കുന്ന വലിയ ഇരുമ്പ് പൊതു പൈപ്പിലെ വെള്ളം കുടിക്കുമ്പോൾ  കിട്ടിയിരുന്ന ഒരു സുഖം . അതാണ് ഈ ചിത്രം . മിനറൽ വാട്ടറിന്റെയും കോളയുടെയും ഈ  കാലത്ത്  അത് എത്രപേർക്ക് ആസ്വാദ്യകരമാകും എന്നറിയില്ല . എങ്കിലും ........

Thursday, September 19, 2013

ഡി കമ്പനി (ഇവിടെയും രക്ഷയില്ല !!)

അണ്ണാ  ഈ പല സിനിമകളുടെ ഒരു സമാഹാരം  എന്ന് പറയുമ്പോൾ സംഗതി ആകെപ്പാടെ കിടിലം ആയിരിക്കും അല്ലേ ?

മനസിലായി നിനക്കിപ്പം ഡി കമ്പനിയുടെ വിശേഷങ്ങൾ  അറിയണം അല്ലിയോ ? അതിനല്ലേ ഈ തല ചൊരിഞ്ഞു നില്ക്കുന്നെ ? അനിയ നിനക്ക് പൊയി  പടം കണ്ടു കൂടെ ?

അണ്ണാ അതൊക്കെ അണ്ണൻ എന്നെകിലും ഒരു നിരൂപകൻ ആകുമ്പോൾ മനസിലാകും .അണ്ണൻ ഇവിടിരുന്നു ഈ തള്ളെ പിള്ളേ എന്ന് പറയുന്ന സാധനം ഒരു വ്യവസ്ഥാപിത ഭാഷയുടെ അത്യുന്നതങ്ങളിൽ എത്തിക്കാൻ ഞാൻ പെടുന്ന പാട് വല്ലത്തും  നിങ്ങൾക്ക്  അറിയണോ ?

ശരി ആ പാട്  നീ തന്നെ വെച്ചോ . രാം ഗോപാൽ വർമ്മയെ പോലുള്ളവരാണ്  ഈ ഒരു സംഭവം നമ്മുടെ നാട്ടിൽ എത്തിച്ചത് എന്നാണ് എന്റെ വിശ്വാസം .സംഗതി അടിസ്ഥാനപരമായി നമ്മുടെ ചെറുകഥ സമാഹാരത്തിന്റെ  ഒരു സിനിമാ രൂപമാണ്‌ .ട്വന്റി ട്വന്റി  എന്ന ചിത്രം മലയാളത്തിൽ നേടിയ ഭയങ്കര വിജയമാണ് ഇവിടെ ഈ സംഗതിയുടെ വിത്ത് പാകിയത്‌ എന്ന് ഞാൻ കരുതുന്നു .മുൻപ് പറഞ്ഞത് പോലെ ട്വന്റി ട്വന്റി  എന്ന ചിത്രത്തെ ഒരു ബൌധിക ഫോർമാറ്റിൽ ഇറക്കാനുള്ള ശ്രമമായിരുന്നു  കേരള കഫെ എന്ന് ഞാൻ വിശ്വസിക്കുന്നു . എന്നാൽ അപൂർവമായി മാത്രം തിരിച്ചറിവ് ഉണ്ടാകുന്ന ആൾ എന്ന്  ഞാൻ വിശ്വസിക്കുന്ന ഈ ലാലേട്ടൻ ഈ പരിപാടിയിൽ നിന്ന് സ്കൂട്ട് ആയതോടെ പണി പാളി  (അല്ലായിരുന്നെങ്കിൽ  ഇരുവരുടെയും ആരാധകർ , ലോക്കൽ ബുദ്ധിജീവികൾ അങ്ങനെ ആബാല വൃദ്ധം ജനങ്ങളും  ഇടിച്ചു കേറി കണ്ടു ഇന്നും ഓണ്‍ ലൈനിലും ഓഫ്‌  ലൈനിലും ലാലോ മമ്മൂട്ടിയോ മികച്ച അഭിനയം കാഴ്ച വെച്ചത് എന്ന് തർക്കിച്ചു  മരിച്ചേനെ !!!).മുഴുവൻ ഒറ്റയ്ക്ക് വിഴുങ്ങാതെ ഈ താരങ്ങളുടെ നിർമ്മാണ കമ്പനി കളുമായി സഹകരിച്ചു ഈ ചിത്രം നിർമ്മിച്ചിരുന്നു എങ്കിൽ മേല്പ്പറഞ്ഞത്‌ തന്നെ ഇവിടെ നടന്നേനെ .പറഞ്ഞിട്ടെന്താ പോയ ബുദ്ധി തിരിച്ചു കിട്ടുമോ ?

അല്ല കാട് കേറുന്നു .....

മനസിലായി . ദാ  വന്നു ..... ഇങ്ങനത്തെ സിനിമകളിൽ എനിക്കുള്ള താല്പര്യത്തിന്റെ ഒരു കാരണം സംവിധായകർക്ക്  വലിയ സമ്മർദ്ദം ഇല്ലാതെ പ്രവർത്തിക്കാം എന്നതാണ് .ഇവരൊക്കെ സ്ഥിരമായി പറയുന്നത് പോലെ മനസ്സിൽ ഉള്ള എന്നാൽ ഇവിടത്തെ നാറിയ പ്രേക്ഷകര കാരണം എടുക്കാൻ പറ്റാത്ത സിനിമയൊക്കെ എടുക്കാനുള്ള നല്ലൊരു സാധ്യത . വലിച്ചു നീട്ടി രണ്ടര മണികൂർ തികയ്ക്കേണ്ട ഗതികേട് ഇല്ലാത്ത അവസ്ഥ .(അതൊക്കെ കൊണ്ടാണ് ഒരു പക്ഷെ അഞ്ചു സുന്ദരിമാരിലെ  ഗൌരി പോലെ നമ്മെ എന്നും വേട്ടയാടുന്ന ചിത്രങ്ങൾ നമുക്ക് കിട്ടുന്നതും ).

അതൊക്കെ ശരി ഈ  സിനിമ ...?

അനിയാ മൂന്ന് സിനിമകളാണ് ഈ സംരംഭത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്  പദ്മകുമാർ  സംവിധാനം ചെയ്ത ജി എസ്  അനിൽ  എഴുതിയ ഒരു ബോളിവിയൻ ഡയറി 1995  (സമുദ്രക്കനി , ആസിഫലി , അനന്യ  തുടങ്ങിയവര അഭിനയിക്കുന്നു )  രണ്ടാമത്തേത്  ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  അനുപ് മേനോൻ  എഴുതി  ദീപൻ സംവിധാനം ചെയ്യുന്നു (അനൂപ്‌ മേനോൻ , ജയസൂര്യ ,ഉണ്ണി മുകുന്ദൻ  തുടങ്ങിയവർ  അഭിനയിക്കുന്നു ). ഉള്ളതിൽ  ഏറ്റവും വലിയ ചിത്രം മൂന്നമാത്തേതാണ്  ജഡ് ജ് മെന്റ്   ഡേ  (ഫഹദ് ഫാസിൽ , ഭാമ തുടങ്ങിയവര ഈ ചിത്രത്തിൽ അഭിനയിക്കുന്നു ) .

ഇനി വിശദമായി .ബൊളിവിയൻ ഡയറിയിൽ നിന്ന് തുടങ്ങാം .പൊതുവെ പത്മകുമാർ എന്ന സംവിധായകന്റെ ചിത്രങ്ങൾക്ക് ഒരു വരണ്ട പ്രതീതി ആണ് എനിക്ക് തോന്നാറ് (അദ്ദേഹത്തിന്റെ എനിക്കിഷ്ടപെട്ട ചിത്രങ്ങൾക്ക്  പോലും ) .അതിനെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ മിക്കവാറും അദ്ദേഹം ചെന്നെത്തുന്നത് പരുന്തിലും ഷിക്കാരിലും ഒക്കെയാണ് .പത്മകുമാർ എന്ന സംവിധായകനെ ഇഷ്ടപ്പെടുന്നവര്ക്ക് ഈ ചിത്രം നിരാശയായിരിക്കും സമ്മാനിക്കുക .ഒന്നാമതായി നെക്സലിസം പോലെയുള്ള കേരളത്തിൽ  എങ്കിലും കാലഹരണപ്പെട്ട ഒരു പ്രസ്ഥാനത്തിന്റെ കഥ നമ്മുടെ കാലഘട്ടത്തിൽ പറയുമ്പോൾ പ്രത്യേകിച്ചു ട്വിസ്റ്റ്‌ ഒന്നും തന്നെ ഇല്ലാ എങ്കിൽ ബോറടിക്കുന്നത് സ്വാഭാവികം .

അങ്ങനെ പറയാൻ പറ്റുമോ ? ഇന്നും നമ്മുടെ നാട്ടിലെ വയനാട് പോലുള്ള സ്ഥലങ്ങളിലെ ആദിവാസി ഉരുകളുടെ സ്ഥിതി പരമ ദേനീയം തന്നെ അല്ലേ .അപ്പോൾ ഇതു പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തി ....

ഉണ്ടയാണ് ..... അനിയാ നമ്മുടെ ഈ സമത്വ സുന്ദരമായ ഭരണകൂടം  ഉണ്ടല്ലോ അത് വന്നിട്ട് ആരെ സൌകര്യത്തിനു   കിട്ടിയാലും ചൂഷണം ചെയ്യും . (ഇവിടെ സൌകര്യത്തിനു കിട്ടിയാൽ എന്നതിന് സ്വന്തം അവകാശങ്ങളെ പറ്റി  ബോധം ഇല്ലാത്തവൻ എന്നും  ഭരണകൂടം എന്നതിന് മന്ത്രിമാരും ഉദ്യോഗസ്ഥരും ചേരുന്ന ഭരണ യന്ത്രം എന്നുമാണ് വിവക്ഷ ).ഇവരുടെ അവസ്ഥയിൽ വിഷമം ഉള്ളവർ ചെയ്യാൻ  അവർക്കു  വിദ്യാഭ്യാസം കൊടുക്കാൻ മുൻകൈ എടുക്കുക അവർക്ക് ഭരണകൂടം നല്ക്കുന്ന ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നവരെ നിയമം കൊണ്ട് നേരിടുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ ഉണ്ട് എന്നിരിക്കെ ഇവരുടെ അവസ്ഥ മുതലെടുത്ത്‌ ഇവരെ സായുധ വിപ്ലവത്തിന് പ്രേരിപ്പിക്കുന്നത് ഇവരോടുള്ള പ്രേമം കൊണ്ട് മാത്രമാണ് എന്ന് പറയുന്നത് നമ്മുടെ കാലത്തേ കേരളത്തിൽ  വിശ്വസിക്കാൻ പാടാണ് .

അതെന്തോ ആകട്ടെ എവിടെ ഈ സിനിമയിൽ മലയാളി അല്ലാത്ത, ഇന്ത്യൻ ഭരണകൂടം തിരയുന്ന  നെക്സലെറ്റ്  നേതാവ്  ചൌക്കീദാർ (സമുദ്രക്കനി ) അയാളെ പിടികൂടാനായി പോലീസ് കസ്റ്റഡിയിൽ എടുത്തു ഭേദ്യം ചെയ്യുപ്പെടുന്ന  ആദിവാസി ചിന്നൻ ( ആസിഫലി ) സ്വന്തം ജീവൻ അപകടത്തിൽ ആക്കികൊണ്ട് പോലും നേതാവിനെ രക്ഷിക്കുന്ന ചിന്നൻ .ചിന്നനെ ഭേദ്യം ചെയ്തു കൊല്ലുന്ന പോലീസെ ഉദ്യോഗസ്ഥന്  ഭരണ കൂടം മെഡൽ കൊടുക്കുന്ന വാർത്ത‍ വായിക്കുന്ന ചാനൽ പ്രവർത്ത കയുടെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത് . ഒരു വളിച്ച ക്ലൈമാക്സ്‌ കൂടെയാകുമ്പോൾ സംഗതി തികഞ്ഞു .

പക്ഷെ ഈ വക കുറവുകൾ ഒക്കെ ഉണ്ടെങ്കിലും പുറകെ വരുന്ന സാധനങ്ങൾ വെച്ച് നോക്കിയാൽ ഇതു ഭേദമാണ്  എന്ന് പറയേണ്ടി  വരും.അടുത്തത്   ഗ്യാങ്ങ്സ്  ഓഫ്  വടക്കുംനാഥൻ  പാവങ്ങളുടെ മോഹൻലാൽ എന്ന് അടിവരയിട്ടു പറയാവുന്ന ,എല്ലാമറിയുന്ന സർവ ശ്രീ അനൂപ്‌ മേനോനും ഒന്നുമറിയാത്ത ദീപനും ചേർന്നോരുക്കുന്ന ചിത്രം .മങ്കാത്ത പോലെ    എത്ര സിനിമയിൽ നിന്നും വെട്ടിയാണ്  ഇങ്ങനെ ഒരു സാധനം അദ്ദേഹം  ഒപ്പിച്ചെടുത്തത്  എന്ന് ദൈവത്തിനു അറിയാം (കോപ്പി അടിക്കുന്നവരോട് , ആ പണി വൃത്തിയായി ചെയുന്ന പക്ഷം എനിക്ക് യാതൊരു വിരോധവും  ഇല്ല എന്ന് കൂടി പറഞ്ഞോട്ടെ ). അദ്ദേഹത്തിന്  എല്ലാം അറിയാവുന്നത് കൊണ്ടാകണം , സിനിമ കഴിഞ്ഞും കാണികൾക്ക് മനസിലാകാത്ത കാര്യങ്ങൾ   നേരിട്ട് ചോദിച്ചാൽ മതി എന്ന ഭാവത്തിൽ ആണ് സിനിമ അവസാനിപ്പിക്കുന്നത് .(അവസാനം എന്തിനായിരുന്നു ഈ നടന്ന മൊത്തം  സർക്കസ്  എന്നൊരു ചോദ്യം മാത്രം കാണികളിൽ അവശേഷിക്കും ) . എടുത്തു പറയേണ്ടത് വരാൽ  ജയ്‌ സണ്ണ്‍  ആയി അഭിനയിക്കുന്ന ജയസൂര്യയുടെ പ്രകടനമാണ് (പക്ഷെ എന്ത് കാര്യം ).

പക്ഷെ മൂന്നാമത്തേത് ...... അവനല്ലേ താരം  ഫഹദ് ഫാസിലിന്റെ  ആ ക് ഷ ൻ  സൈക്കോ ത്രില്ലർ

അതെ അനിയാ രണ്ടാം പകുതി മൊത്തം നിറഞ്ഞു നിൽക്കുന്നത് ആ കലാസ്രിഷ്ട്ടിയാണ് . ഒരു ഡോക്ടർ ആയ  സുനിൽ  മാത്യു (ഫഹദ് ഫാസിൽ ) അയാളുടെ ചെറിയ തോതിൽ മാനസിക അസ്വസ്ഥത (ഡിപ്രഷൻ ) ഉള്ള ഭാര്യ ജീന (ഭാമ ) ഒരു ദിവസം  ബാൽക്കണിയിൽ നിന്ന് വീണു മരിക്കുന്നു  ഒന്ന് രണ്ടു ദിവസത്തിന് അകം അയാളുടെ ഭാര്യയുടെ  ഉടമസ്ഥതയിൽ ഉള്ള വില്ലയിൽ നിന്നും ഒരു ശവം കിട്ടുന്നു .ചോദ്യം ചെയ്യലിനായി  ഒരു ദിവസം വെളുപ്പിന് മുതൽ  രാത്രി വൈകി  ഉള്ള സമയം വരെ  പോലീസെ സ്റ്റേഷനിൽ  ചെലവഴിക്കുന്ന മണിക്കൂറുകളാണ് ഈ ചിത്രത്തിന്റെ പ്രമേയം . സംഗതി  മൊത്തത്തിൽ നായകന്റെ ഓർമ്മകളിലൂടെ വികസിക്കുന്നു .

പണ്ട് നമ്മുടെ മമ്മുട്ടി അഭിനയിച്ച ചരിത്രം മുതൽ ഇത്തരം പ്രമേയങ്ങൾ സിനിമ ആക്കിയിട്ടുണ്ട് . തുടക്കത്തിൽ  കാണുന്നവരിൽ എന്തോ സംഭവിക്കാൻ പോകുന്നു എന്ന പ്രതീതി ഉളവാക്കുന്നു എങ്കിലും ഏതാണ്ട് പകുതിയോടെ  ഈ പൊലിസ്സുകാർക്ക്  വേറെ ഒരു പണിയും ഇല്ലെ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ്‌ പടം കൊണ്ടുപോകുന്നത്  .ഇവിടെ പ്രായപൂർത്തി അകാത്ത പെണ്‍കുട്ടിയെ കെട്ടിക്കാനും ആണിനു  പീഡനം നടത്താൻ കഴിയുന്ന നാട്ടിൽ (ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു അഥവാ പൂച്ച ഏതു നിറമായാലും എലിയെ പിടിച്ചാൽ മതി .. ഇതാണ് ശരിക്കും മതേതരത്വം !!!) ഒരുത്തനെ  ഇല്ലാത്ത കാര്യം പറഞ്ഞു സമ്മർദത്തിൽ ആക്കിയിട്ടു അവസാനം അയാളോട് അടുത്ത ഒരാളെ കൊണ്ട് വഴക്കുണ്ടാക്കി അതിനിടയിൽ "നീയല്ലേടാ നിന്റെ ഭാര്യയെ കൊന്നത് " എന്ന് ചൊദിപ്പിച്ചു  കുറ്റം സമ്മതിപ്പിക്കുന്ന രീതി  ഒക്കെ കാണുന്നവരിൽ ചിരി ഉളവാക്കുന്നു എങ്കിൽ  അത് ഈ ചിത്രം ഒരുക്കിയവരുടെ മാത്രം കുറ്റമാണ് . ഇനി ഇതു കൊണ്ട് തീര്ന്നു എന്നും കരുതരുത് അവസാന നിമിഷം ഒരു കൊച്ചു അനൂപ്‌ മേനോൻ ആയി മാറുന്ന സുനിലിനു പ്രത്യേകിച്ചു ഒരു പ്രകോപനവും  ഇല്ലാതെ  എല്ലാം മനസിലാകുകയും  (അതായിതു  പോലീസ്സുകാരുടെ കയ്യിൽ നിന്നും സുഹൃത്തിന്റെ വീട്ടിനു മുന്നില് എത്തുമ്പോൾ അകത്തു പോലീസ്സുകാർ ഒളിക്യാമറയുമായി പതിയിരിപ്പുണ്ട്  എന്നും അവിടെ വെച്ച് സുഹൃത്തുമായി ഇടയിച്ചു  സൂത്രത്തിൽ കുറ്റം സമ്മതിപ്പിക്കാനാണ് പരിപാടി എന്നും അയാള്ക്ക് മനസിലാകുന്നു) . ഇനി നിങ്ങൾ ആണെങ്കിൽ എന്ത് ചെയ്യും ?

കൂൾ ആയി സുഹൃത്തിന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ സംസാരിച്ചു മടങ്ങും .ഒരു കാരണവശാലും  ഭാര്യയുടെ മരണത്തെ പറ്റി  പ്രതികൂലമായി ഒന്നും പറയാതിരിക്കും . പോലീസുകാർ  ശശി ......

പക്ഷെ അങ്ങനെ ചെയ്താൽ ഈ പണ്ടാരം തീർക്കണ്ടേ .... ഫഹദ്  കൂൾ ആയി "വണ്ടി ബസ്‌ സ്റ്റൊപ്പിലെക്കു  വിട് " എന്ന് ഡ്രൈവറോട്  പറയുന്നു ബസ്സിൽ രക്ഷപ്പെടുന്ന ഇയാളുടെ ഓർമ്മകൾ ആണ് ഈ ചിത്രം . കാണുന്നവനെ ശശി എന്നോ സോമൻ  എന്നോ നാട്ടു നടപ്പ് പോലെ വിളിക്കാം

അപ്പോ  ചുരുക്കത്തിൽ

ഒരു സിനിമയും കഴിയുമ്പോൾ മുൻപത്തേത് ഇതിലും ഭേദം ആയിരുന്നു എന്ന് തോന്നിപ്പിക്കുന്ന ചിത്ര സമാഹാരം

Monday, September 16, 2013

ശ്രംഗാരവേലൻ (ഇവനൊന്നും ഇത്രയും കിട്ടിയാൽ പോര !!!)

അണ്ണോ .. എന്തോന്നിത് അനക്കമില്ലല്ലൊ ?

എന്തോന്ന് അനങ്ങാൻ അനിയാ ഒന്ന് കണ്ടതിന്റെ ക്ഷീണം മാറിയിയില്ല

അങ്ങനെ പറയരുത് . മായാമോഹിനി എന്ന മെഗാ ഹിറ്റ്‌ ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒരുമിക്കുന്ന ശ്രംഗാരവേലൻ എന്ന സിനിമ മലയാളത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ശനിയാഴ്ച ഇറങ്ങിയത്‌ അറിഞ്ഞില്ലയോ ?

അറിഞ്ഞു അനിയാ .. ഒന്ന് കണ്ടതിന്റെ ക്ഷീണം ഒന്ന് തീർന്നോട്ടെ എന്ന് വിചാരിച്ചു എന്നേ ഉള്ളു

അത് പറഞ്ഞാൽ എങ്ങനാ എഴാം വരവ് , ഡി കമ്പനി ... അങ്ങനെ കിടക്കുവല്ലിയോ ? എന്റെ വിദ്വേഷം ..കാളകൂടം ...

നീ എന്റെ പുക കണ്ടിട്ടേ നിർത്തു  അല്ലിയോ? ശരി . ഇന്നലെ കണ്ട ചിത്രം അത് തന്നെ ജനപ്രിയ നായകൻ ദിലീപിന് വേണ്ടി സിബി -ഉദയൻ ടീം ഒരുക്കുന്ന ജോസ് തോമസ്‌ സംവിധാനം ചെയുന്ന ഈ ചിത്രത്തിൽ ദിലീപിനെ കൂടാതെ നായികയായി വേദിക എത്തുബോൾ കൂടെ  ലാൽ (താടി ),കലാഭവൻ ഷാജോണ്‍ , നെടുമുടി , ജോയ് മാത്യു (ഷട്ടർ  ഫെയിം ) , ബാബു നമ്പൂതിരി, പിന്നെ ഒരു ചെറിയ വേഷത്തിൽ മലയാളത്തിന്റെ ഡുണ്ടു മോൻ , ചിരിക്കുടുക്ക ബാബുരാജും എത്തുന്നു രാഹുൽ ദേവ് , ശരത് സക്സേന എന്നിവരും അതിഥി  താരങ്ങളായി എത്തുന്നു .ഷമ്മി തിലകൻ  നേരം എന്ന ചിത്രത്തിലെ ഊക്കൻ റ്റിൻറ്റു എന്ന  പോലീസുകാരനെ അവസാനഭാഗത്ത്‌  പുനരവതരിപ്പിക്കുന്നു 

ശരി അപ്പോൾ ഇവിടെയും നമ്മൾ വൻ താര നിര എന്ന് തന്നെ കാച്ചാം അല്ലേ ?

അതൊക്കെ നിന്റെ ഇഷ്ട്ടം പോലെ കാച്ചുകയോ കലക്കുകയോ എന്താണെന്നു വെച്ചാൽ ചെയ്തോ.ഒരു മൂന്നു മണിക്കൂർ കൊണ്ട് തികച്ചും ജീവിത ഗന്ധിയായ ഒരു കഥയാണ്  ഇത്തവണ  ശ്രീ സിബി ഉദയ് മാർ  പറയാൻ ശ്രമിക്കുന്നത് . പ്രസ്തുത ഗന്ധി  ഇപ്രകാരമാണ് . നെയ്ത്തുകാരുടെ ഒരു ഗ്രാമം . അവിടെ ഒരു നെയ്ത്തുകാരന്റെ  (ബാബു നമ്പൂതിരി ) മകനായ കണ്ണൻ (ദിലീപ് ) ഇയാൾ ഫാഷൻ ടെക്നോളജി  ഒക്കെ പഠിച്ചു വന്ന ആളാണ് .ഇയാളിൽ ആരോപിക്കപ്പെടുന്ന കുറ്റം (ബൈ ഡാഡി ) പഠനം  കഴിഞ്ഞു കുലത്തൊഴിൽ ചെയ്യാതെ പെട്ടന്ന് കാശുകാരൻ ആകാൻ ശ്രമിക്കുന്നു എന്നതാണ് .മലയാള ഹാസ്യ ചിത്രങ്ങളിൽ നായകന്  കോമഡി മാത്രം കാണിക്കുന്ന ഒരു സുഹൃത്ത്‌ വേണം എന്നതിനാൽ ആ ജോലി ഇത്തവണ കലഭവൻ ഷാജോണ്‍ ആണ് ചെയ്യുന്നത് .ഷാജോണ്‍  അത്രക്കങ്ങു ഏറ്റില്ല എങ്കിലോ എന്ന് തോന്നിയിട്ടാകണം ആകാശത്തു  നിന്നും യേശുദാസൻ എന്ന കോമഡി ഗുണ്ടയായി ലാലിനെ കെട്ടി ഇറക്കിയിട്ടുണ്ട് .ഇവർ   മൂന്നു പേരും ചേർന്ന്  നിരന്തരമായി കോമഡി കാണിച്ചു കൊണ്ട് കണ്ണനെ പെട്ടന്ന് സമ്പന്നൻ ആക്കാനുള്ള വഴികൾ  ആലോചിക്കുന്നു . അവസാനം അതീവ ബുദ്ധിപരമായി അവർ എത്തിച്ചേരുന്ന മാർഗം  ഒരു പണക്കാരിയെ (പണക്കാരന്റെ മകളെ പ്രേമിച്ചു കെട്ടുക എന്നതാണ് ) .നവീനമായ ഈ പദ്ധതിയുമായി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ്  കണ്ണന്  അച്ഛന്റെ ഒരാവശ്യത്തിന്  കുറച്ചു അകലെയുള്ള ഒരു കോവിലകം വരെ പോകേണ്ടി വരുന്നത് . അവിടുത്തെ  സമ്പന്നനായ കാരണവർ  (നെടുമുടി വേണു ) അയാളുടെ പണ്ട് പ്രേമിച്ചു കല്യാണം കഴിച്ചു ഇപ്പോൾ ജീവിചിരുപ്പില്ലാത്ത മകളുടെ (അഞ്ചു അരവിന്ദ്‌ ) മകൾ   ദേവു (വേദിക ) .

കണ്ണന്  ദേവുനെ കണ്ടപ്പോൾ തന്നെ പ്രേമം. അപ്പോൾ ആണ് ആ കൊച്ചിന് മറ്റൊരു കദന കഥ കൂടി ഉണ്ടെന്നു അറിയുന്നത് . ഈ ദേവുവിന്റെ അച്ഛൻ ഡി ജി പി (ജോയ് മാത്യു)  (കേട്ടാൽ പോലീസിൽ ആണെന്ന് തോന്നും അല്ല പുള്ളി മുംബയിലെ ഒരു സാധാരണ  അധോലോക രാജാവാണ് ). ഗാംഗ് വാറിന്റെ  ഭാഗമായി ശത്രുക്കൾ വേട്ടയാടുന്ന മകളെ സുരക്ഷിതമായി അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു അയക്കാൻ വേണ്ടിയാണ് അദ്ദേഹം തന്റെ തിരക്ക് പിടിച്ച അധോലോക ജീവിതത്തിനു ഇടയിൽ ഇവിടെ എത്തിയത് (ഇടയ്ക്ക്  ഇടയ്ക്ക് അദ്ദേഹം ഒരു തോൾ സഞ്ചിയുമായി അധോലോകത്തേക്ക് പോകും ).എന്തെങ്കിലും അനക്കം കേട്ടാൽ ചാടി വീണു തുരു തുരാ ആകാശത്തേക്ക് വെടിവൈക്കാൻ  അദ്ദേഹം ഇഷ്ടം പോലെ ആളുകളെ നിർത്തിയിട്ടുണ്ട്  (അധോലോക  രാജാവല്ലേ  ആളിനാണോ ക്ഷാമം !!)

ഇടവേള കഴിയുമ്പോൾ പിന്നെ എന്തൊക്കെയോ സംഭവിക്കുന്നു . ഡി ജി പി സ്വന്തം കദന കഥ വെളിപ്പെടുത്തുന്നു (പണ്ട് ഡി ജി പി  ശരത് സക്സെനയു ടെ സംഘത്തിൽ പ്രവർത്തിച്ചു കഴിയവേ വെടിയേറ്റ അയാളെ ചികിത്സിക്കാൻ തട്ടി കൊണ്ട് വരുന്ന മെഡിക്കൽ വിദ്യാർഥിനികളിൽ ഒരാൾ ആയിരുന്നു   മാളുവിന്റെ അമ്മയും .ചികിത്സ കഴിഞ്ഞു ഫ്രീ ടൈമിൽ ശരത് പീഡനം നടത്താൻ ഒരുങ്ങുമ്പോൾ അവളെ രക്ഷിച്ചു പ്രേമിച്ചു കെട്ടിയതാണ് പാവം ഡി ജി പി . പ്രതികാര ദാഹിയായി വർഷങ്ങൾ കഴിഞ്ഞു  ( അതായിത്  കൊച്ച് ഉണ്ടായി  അത് വളർന്നു  ഈ പരുവം ആയി കഴിഞ്ഞു ) ശരത് വന്നു ഡി ജി പി യുടെ ഭാര്യയെ കൊല്ലുന്നു പകരം ഡി ജി പി ശരത്തിന്റെ മകളെ കാച്ചുന്നു . അതിനു പ്രതികാരം ചെയ്യാനായി  ഡി ജി പിയുടെ മകളെ ശരത്തിന്റെ ആൾക്കാർ കൊല്ലും എന്ന് ഭയന്നാണ് മകളെ മുംബയിൽ നിന്ന് എവിടെ കൊണ്ടുവന്നതും അമേരിക്കയിലേക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചതും.

പിന്നെ അങ്ങോട്ട്‌  വളരെ സ്പീഡിൽ ആണ് കഥയുടെ പോക്ക് . എങ്ങോട്ടാണെന്ന് മാത്രം ചോദിക്കരുത് . കോമഡി പോരാത്തത് കൊണ്ട് മാളുനെ കിഡ് നാപ്പ് ചെയ്യാൻ കിഡ് നപ്പിംഗ് വിദഗ്ധനായ മഹാലിംഗം (ബാബുരാജ് ) രംഗത്ത് വരുന്നു .(പിന്നെയും ഭയങ്കര കോമഡി ) ലാൽ എന്ന യേശുദാസ ഗുണ്ട അപ്പൻ നമ്പൂതിരി ആയി മണി ചിത്രത്താഴു ഗെറ്റ് അപ്പിൽ എത്തുന്നു (അവിടെയും കോമഡി ) ഇതൊന്നും പോരാത്തതിനു ഷമ്മി തിലകൻ  ഊക്കൻ റ്റിൻറ്റു ആയി വന്നു ബാക്കിയുള്ള കോമഡിയും  കാണിക്കുന്നു . രാഹുൽ ദേവ് എന്ന മുംബൈ കൊലയാളി നായികക്കു നേരെ ടെ ലിസ് സ്കോപിക് തോക്ക് കൊണ്ട് ഇടയ്ക്കിടെ വേടി  വയ്ക്കുന്നു (സാഗർ ജാക്കിയിൽ പർവതം  പോലെ ഇരിക്കുന്ന ലാലേട്ടന് ഇട്ടു  ഇയാൾ   വേടി  വെച്ചിട്ട്  കൊണ്ടില്ല പിന്നെയാ കമ്പ് പോലത്തെ ഈ കൊച്ചിനിട്ടു !!!).അവസാനം വില്ലനെ ഡി ജി പിയെ കൊണ്ട് വേടി  വെച്ച് കൊല്ലിച്ചിട്ടു  ജയിലേക്ക് പറഞ്ഞയിച്ചു എല്ലാവരും സുഖമായി ജീവിക്കുന്നു 

  അപ്പോൾ കൂറ പടം എന്ന് ധൈര്യമായി കാച്ചാം  അല്ലേ

കൂറ എന്നതിനേക്കാൾ ബോറടിപ്പിക്കുന്ന പടം എന്നതാണ് ഈ സിനിമക്ക് ചേരുക . മേല്പ്പറഞ്ഞ കഥ ഒരു മൂന്നു മണിക്കുറിൽ പറഞ്ഞു തീർക്കുന്നത് ഒന്ന് ഓർത്ത്‌ നോക്കിക്കേ പിന്നെ ദിലീപിന്റെ ചിത്രങ്ങൾ കൂറ എന്നാരേലും ഒന്നു  പറഞ്ഞു കിട്ടിയാൽ പിന്നെ മലയാളി അതിനു ഇടിച്ചു കേറും എന്നതല്ലേ സത്യം ?

ഈ സിനിമയുടെ മുഖ്യ  വില്ലൻ എന്നത് തിരക്കഥയാണ് .മായാമോഹിനി എന്ന ചിത്രത്തെ  അഥവാ ചിത്രം നേടിയ വിജയത്തെ കവച്ചു വയ്ക്കണം എന്ന വാശി ആകണം ഈ പടത്തെ ഈ പരുവത്തിൽ ആക്കിയത്

അപ്പോൾ അഭിനയമോ ?

സത്യത്തിൽ നമ്മുടെ ഡി ജി പി ജോയ് മാത്യു  ഒഴികെ ബാക്കി എല്ലാരും അവരവരോട് പറഞ്ഞത് വൃത്തിയായി ചെയ്തിട്ടുണ്ട് (അശ്ലീലം എങ്കിൽ അശ്ലീലം ) .ഡി ജി പി ഇന്നും നരേന്ദ്ര പ്രസാദിന്റെ മോശപ്പെട്ട ഒരു കോപ്പി ആയി തുടരുന്നു എന്നതാണ് കഷ്ട്ടം .നായികാ നായകന്മാരെ കുറിച്ച് പ്രത്യേകിച്ചു ഒന്നും പറയാനില്ല .ലാലിനെയും ബിജു  മേനോനെയും പോലുള്ള താരങ്ങളെ  ഒക്കെ കോമഡിക്ക്  ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നൊരു പുസ്തകം ആരേലും ഇറക്കിയില്ല എങ്കിൽ മലയാളി  ഭാവിയിൽ ഇവരൊക്കെ കുതിരവട്ടം പപ്പു മോഡൽ ഹാസ്യം കാണിക്കുന്നത് കണ്ടു  സന്തോഷിക്കേണ്ടി  വന്നേക്കാം.ഒരു നല്ല സപ്പോർ ട്ടിംഗ് കാസ്റ്റ്നു പകരം ആകാശത്തു നിന്ന് കെട്ടിയിറക്കിയ താരങ്ങളുടെ ഒറ്റപ്പെട്ട കോമഡി കൂടെ ആകുമ്പോൾ ദുരന്തം പൂർത്തിയാകുന്നു  

അപ്പോൾ ചുരുക്കത്തിൽ

കേറുന്നവരെ ബോറടിപ്പിച്ചു  പച്ചക്ക് കൊല്ലുന്ന മറ്റൊരു മലയാള കലാസൃഷ്ട്ടി

Friday, September 13, 2013

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് (മറ്റൊരു കോപ്രായം !!!)

അണ്ണാ ... പുതുമ .. പുതുമ ....എങ്ങോട്ട്   തിരിഞ്ഞാലും പുതുമ

കളയെടെ .. കേട്ട് കേട്ട്   മടുത്തു ... നീ എപ്പോൾ ആരുടെ പുതുമയെ പറ്റിയാ  പറയുന്നേ

അണ്ണൻ ചുമ്മാ പൊട്ടാൻ കളിക്കാതെ .. ലാലേട്ടന്  ലോകപാലം  വലിച്ചതിന്  പകരമായി  മറ്റേ സുപ്പർ  താരത്തിന്റെ ഏതോ ആരാധക തലൈവൻ നിർമ്മിച്ച്‌ പുതുമുഖം മാർത്താണ്ടൻ സംവിധാനം ചെയ്യുന്ന  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്  ഇറങ്ങിയില്ലേ. പ്രസ്തുത പടത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്  സ്ഥലം യുഗപ്രഭാവനായ  ശ്രീ ബെന്നി പി  നായരമ്പലമാണ് എന്ന് അറിയാമല്ലോ   വേഗം അതിന്റെ വിശേഷം പറഞ്ഞാൽ എനിക്ക് സ്ഥലം അഹങ്കാരി പട്ടം കഴിഞ്ഞ ദിവസം അസിഫലിയിൽ നിന്നും എറ്റു  വാങ്ങിയ  ശ്രീ നിവിൻ പോളിയെ അപലപിച്ചു കൊണ്ട് ഉള്ള സമ്മേളനത്തിൽ പ്രസംഗിക്കാൻ ഉള്ളതാ. തീരെ സമയമില്ല അണ്ണാ . സമയം വൈകിയാൽ വേറെ ആരെങ്കിലും അഹങ്കാരി പട്ടം ഏറ്റെടുത്താലോ ?

എന്നാലും ഇവന്റെ ഒക്കെ അഹങ്കാരമേ .വന്നു വന്നു ലാലേട്ടന്റെ ഒക്കെ ഫോണ്‍ എടുക്കാതിരിക്കുക എന്നൊക്കെ പറഞ്ഞാൽ .......

ക്രിമിനൽ കുറ്റം തന്നെ അനിയാ ...പാവം അവൻ പേടിച്ചിട്ടായിരിക്കും എടുക്കാത്തത്  . ഫഹദ് ഫാസിലിനെ കണ്ടില്ലേ ഒരു വിധം തട്ടി മുട്ടി പോയികൊണ്ടിരുന്നതാ ആ റെഡ് വൈൻ എന്ന ഒറ്റ പടത്തോടെ ജനത്തിന് ആ നടനെന്ന് കേട്ടാൽ പേടിയായി തുടങ്ങി . സത്യത്തിൽ ആ പടത്തിൽ ഉള്ളതിൽ ഭേദം അയാളായിരുന്നു എന്നതാണ് വാസ്തവം .പറഞ്ഞു വരുമ്പോൾ നന്നായാൽ ക്രെഡിറ്റ്‌ സുപ്പറിനു ( അപ്പൊ l ഇവനൊക്കെ അഭിനയിച്ചു എന്നൊക്കെ വല്ല പത്രവും ഒരു വരിയോ മറ്റോ പറഞ്ഞാലായി ) പൊട്ടിയാൽ പഴി മൊത്തത്തിൽ  ഇവർക്കൊക്കെ . വിവരമുള്ള ആരും ഫോണ്‍ എടുക്കില്ല അനിയാ .

എന്നാലും അഹങ്കാരം ....

വിട്  അനിയാ .. നമ്മൾ പറഞ്ഞു വന്നത് .. ഓ  ക്ലീറ്റസ് ..

ആ അതേ

നേരത്തെ പറഞ്ഞ മഹാന്മാർ കൂടാതെ  നടീ  നടന്മാരായി മമ്മൂട്ടി , ഹണി റോസ് / ധ്വനി , പി  ബാലചന്ദ്രൻ , സുരാജ് , സനം ഷെട്ടി  (അംബുലി  ഫെയിം ), വിജയരാഘവൻ , സിദ്ദിഖ് ,തെസ്നിഖാൻ , കൈലാഷ് ... ഇങ്ങനെ ഒരു വമ്പൻ  താര നിരയാണ് ഈ ചിത്രത്തിൽ അണി  നിരക്കുന്നത് .

ഇതാണോ അണ്ണാ ഈ പറഞ്ഞ വൻ താര  നിര ?

ചുമ്മാതിരി .. എപ്പോൾ വന്നു വന്നു നായിക മുതൽ ഒന്നിനെയും കിട്ടാതെ ഈ കാലഹരണപ്പെട്ട സുപ്പർ താര ചിത്രങ്ങൾ തീർക്കുന്ന പാട്  അവർക്കറിയാം . ഈ സാറ്റ്ലൈറ്റ് റൈറ്റ് തീരുന്ന ദിവസം ഇവരുടെ കച്ചവടവും തീരും എന്നതാണ് സത്യം

അല്ല അപ്പോൾ ഈ സിനിമ

മോശപ്പെട്ട സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ ഒരു നല്ല കഥാപാത്രമായി ഒരു കലാരൂപത്തിൽ അഭിനയിക്കുന്നതും അഭിനയം പുരോഗമിക്കുന്നതോടെ അയാളിൽ വരുന്ന മാറ്റങ്ങളും എന്ന കൊള്ളാവുന്ന ഒരു ത്രെഡിൽ ആകണം ഈ സിനിമയുടെ ആലോചനയുടെ തുടക്കം .പറഞ്ഞു വന്നാൽ എങ്ങനത്തെ ഒരു സാധനം എങ്ങനെ എടുക്കണം എന്ന് രംഗ് ദേ ബസന്തി പോലുള്ള സിനിമകളിൽ കൂടി വിവരം ഉള്ളവര നമുക്ക് കാണിച്ചു തന്നിട്ടുണ്ട്


പിന്നങ്ങോട്ട്  സംഗതി പോകുന്ന വഴി ഇങ്ങനെ ആയിരിക്കാനാണ്‌ സാധ്യത .

ചോദ്യം എന്ത് കലാരൂപം ?
ഗ്രാമീണ പശ്ചാത്തലത്തിൽ ആകുമ്പോൾ നാടകമേ പറ്റു .
ശരി നാടകം എങ്കിൽ നാടകം .ഇപ്പോൾ ട്രെൻഡ് ഇടവക ,പള്ളി , അച്ചൻ , കപ്യാർ, പള്ളി കമ്മറ്റി   സെറ്റ് അപ്പിനായതിനാൽ ഒരു ഇടവകയിൽ പള്ളി വകയായി നടത്തുന്ന നാടകം .
അപ്പോൾ പിന്നെ വിപ്ലവം ഒന്നും പറ്റില്ല .
സാരമില്ല നമുക്ക് മിശിഹാ ചരിത്രം പിടിക്കാം പോരെ .
അപ്പോൾ നായകൻ കർത്താവായി  അഭിയിക്കട്ടെ അല്ലേ
പിന്നല്ലാതെ . പക്ഷെ നായകൻ ആദ്യമേ നല്ലവൻ ആകാൻ പാടില്ല  എങ്കിലല്ലേ കഥാപാത്രമായി അഭിനയിച്ചു നന്നാകാൻ പറ്റു
അതിനെന്താ നായകനെ ഒരു ഗുണ്ട ആക്കാം
അപ്പോൾ ഒരു പ്രശ്നം ഈ ഗുണ്ടയെ എന്തിനാ യേശു ക്രിസ്തു ആക്കാൻ വിളിക്കുന്നേ
അതിനു മാത്രം വേറെ ഒരു വഴിയും ഇല്ല . മമ്മുട്ടിയെ താടിയും വെച്ച്  നീണ്ട മുടിയുള്ള ഒരു വിഗ്ഗും വെച്ച്  ഇറക്കി ബാക്കി ഉള്ളവരെ കൊണ്ട് ഹോ  എന്തൊരു തേജസ്സ് , ശരിക്കും കർത്താവു തന്നെ എന്ന് പറയിക്കാൻ മാത്രമേ പറ്റു
അപ്പോൾ ഈ മമ്മൂട്ടി ഒരു ദ്രോണ ഗെറ്റ് അപ്പിൽ വന്നാൽ  യേശു ക്രിസ്തുവിനെ പോലിരിക്കും എന്നാണോ പറയുന്നേ
സത്യസന്ധമായി പറഞ്ഞാൽ പടങ്ങളിൽ നമ്മൾ കണ്ടു പരിചയിച്ച ലുക്ക്‌ വെച്ച് ക്രിസ്തുവായി അഭിനയിക്കാൻ പറ്റുന്ന നടൻ എന്ന് പറഞ്ഞാൽ  ബാബു ആന്റണിയെ പോലുള്ള ഒരാൾ ആകണം ശ്രീ മമ്മൂട്ടി ദ്രോണയിൽ അഭിനയിച്ച കോലം  കണ്ടാൽ ചില്ലറ മനോരോഗം  ഉള്ള  കുറെ നാളായി കുളിക്കാത്ത ഒരാൾ എന്നാണ് എനിക്ക് തോന്നിയത് . പക്ഷെ നമ്മടെ പ്രശ്നം സാറ്റ്ലൈറ്റ് റൈറ്റ് അല്ലെ ? അപ്പോൾ ഇതൊക്കെ വേണം

ശരി അതെന്തോ ആകട്ടെ . ഈ ഗുണ്ട എന്തിനു നാടകം കളിയ്ക്കാൻ സമ്മതിക്കണം ? ഗുണ്ടാ  പണി അല്ലെങ്കിലേ നല്ല വരുമാനമുള്ള പണി . സുപ്പർ താരം ആണെകിൽ പിന്നെ പറയുകയും വേണ്ട . അപ്പോൾ ......

ഹോ അതും പ്രശ്നം ...ശരി നായകന്റെ ദുർ നടത്തം കണ്ടു സഹിക്കാതെ അയാളെ ഉപേക്ഷിച്ച ഭാര്യയെയും കുട്ടിയേയും തേടുന്നതിന്റെ ഭാഗമായാണ് ഇയാൾ ഇവിടെ വരുന്നത് എന്നായാലോ ?

കൊള്ളാം  പക്ഷെ സുപ്പർ താരത്തെ ഭാര്യക്ക്‌ ഉപേക്ഷിക്കാൻ പറ്റില്ലല്ലോ .കേരളം നിന്ന് കത്തില്ലേ ?

അത് ശരിയാ അപ്പോൾ ഇയാൾ പണ്ട് ബലാൽസംഗം ചെയ്ത സ്ത്രീയും അതിലുണ്ടായ കുട്ടിയും . അതെങ്ങനെ ?

കുഴപ്പമില്ല പക്ഷെ സുപ്പർ താരം  കേറി ബലാൽസംഗം എന്നൊക്കെ പറഞ്ഞാൽ ......കേരളം കത്തിയാലോ ?

അത് പിന്നെ ആ പെണ്ണ് പണ്ടേ ഇയാൾക്ക് എതിരെ പോലീസിൽ  പരാതി കൊടുത്ത വ്യക്തി ആണ് .പോരാത്തതിനു  ഇവളെ കല്യാണം കഴിക്കാൻ ഇരുന്ന ആള്  ആരെയെങ്കിലും പീഡനം നടത്തട്ടെ . അപ്പോൾ പകരത്തിനു പകരമായി  ഇയാൾക്ക് അവളെ ബാലസംഗം ചെയ്യാമല്ലോ .

എന്നാലും ....

ഒരു എന്നാലുമില്ല . പോരെങ്കിൽ പിറ്റേ ദിവസം തന്നെ ഇയാൾ പശ്ചാത്താപ വിവശനായി അവളെ കല്യാണം കഴിക്കാം എന്ന മെഗാ ഓഫർ വയ്ക്കുകയും ചെയും ഇതിൽ കൂടുതൽ എന്നാ വേണമെന്നാ ?. പക്ഷെ അന്ന് അവൾ അയാളെ ആട്ടിയിറക്കും എന്നാലും പിന്നെ ജീവിതത്തിൽ മറ്റൊരു കല്യാണം കഴിക്കാൻ പറ്റില്ല  (കേരളം പിന്നെയും കത്തും ) എന്നതിനാൽ കൊച്ചിനെയും വളർത്തി  ഇയാളുടെ വരവും കത്ത് ഇരിക്കുകയാണ് അവൾ .പിന്നെ സംഗതി ബാലൽസംഗമല്ലേ ആദ്യം കുറച്ചു മുഖം വെട്ടിക്കലും  ദുഖവും ഒക്കെ ഇരിക്കട്ടെ
'.......................................................................................................................
........................................................................................................................
........................................................................................................................

ഇങ്ങനെ നിരവധി ഉടായിപ്പ് ഒട്ടിച്ചു ചേർക്കലുകൾ കഴിയുമ്പോൾ നമുക്ക് മുൻപിൽ ഉണ്ടാകുന്ന മനോഹരമായ വിഭവമാണ്‌  ഈ ചിത്രം . മതി വരുവോളം കഴിച്ചു വയറിളക്കുക എന്നത് മാത്രമേ നമുക്ക് ചെയ്യാനുള്ളൂ  . സ്ത്രീകളുടെ ചന്തിക്കു ഒരു അടി വെച്ച് കൊടുത്താൽ അവർ ഉടനെ തന്നെ പ്രണയലോലുപർ ആയികൊള്ളും എന്നൊരു പാഠം  കൂടി ഈ ചിത്രം തരുന്നു .വികാരഭരിതമായ രംഗങ്ങൾ പൊട്ടിച്ചിരിപ്പിക്കുകയും ഹാസ്യ രംഗങ്ങൾ കണ്ണ് നനയിക്കുകയും ചെയുന്നു എന്നൊരു പ്രത്യേകത കൂടി ഈ ചിത്രത്തിന് അവകാശപ്പെടാം

നമ്മുടെ ലാലേട്ടന്റെ പടമില്ലാത്തതിന്റെ  കുറവ് മറ്റേ താരം കഴിഞ്ഞ മൂന്ന് ചിത്രങ്ങളിൽ കൂടെ തീർത്തു . അതിൽ തന്നെ ഏറ്റവും തല്ലിപൊളി ചിത്രം എന്ന ബഹുമതിയും  ഒരു പക്ഷെ ഈ ചിത്രത്തിന് അർഹതപ്പെട്ടതാവാം .

അല്ല അഭിനയം ....

അതിനെ പറ്റി എന്ത് പറയാനാ .. മമ്മൂട്ടി ക്ലീറ്റസ് ആയി അഭിനയിക്കുക അല്ല ജീവിക്കുകയാണ്  കൈയിലുള്ള ആ രണ്ടു ഭാവങ്ങളും പിന്നെ ആ ദ്രോണ വേഷവും   ഹോ .. തർക്കുകയല്ലെ  അദ്ദേഹം . ഹണി  റോസ്  തികച്ചും നിർവികാരം  സനം ഷെട്ടിയെ ഒക്കെ എന്തിന്നാണ് കൊണ്ട് വന്നത് എന്ന് ദൈവത്തിനു മാത്രമറിയാം .തമ്മിൽ ഭേദം സുരാജ് ആണെന്ന് പറയുമ്പോൾ ഊഹിക്കമല്ലൊ അല്ലേ


അപ്പോൾ സംവിധാനം തിരക്കഥ ....ഇവയോക്കെയോ

അവയെക്കുറിച്ച് ഒക്കെ ഓർക്കുമ്പോൾ എന്താന്നെന്നു അറിയില്ല പഴയൊരു സിനിമയിൽ നടൻ ഇന്നസെന്റ്‌  പറഞ്ഞ ഒരു ഡയലോഗ് ആണ് എനിക്ക് ഓർമ്മ  വരുന്നത് . " അവന്റെ അമ്മേടെ .. ....വീട്ടിനടുത്താണ്  എന്റെ വീട്  എന്നിട്ടും അവൻ എന്നോട് ഇതു ചെയ്തല്ലോ  "  എന്ന് . കാരണം വ്യക്തമാകുന്നില്ല.അന്തവും  കുന്തവും ഇല്ലാത്ത കഥയെയും തിരക്കഥയെയും  പിന്നെ വേറെ എന്ത് പറയാൻ ?

അപ്പോൾ ചുരുക്കത്തിൽ .....

പഴയ പുണ്യ പുരാണ ചിത്രങ്ങളിൽ സ്ഥിരമായി പറയാറുള്ള ഒരു ഡയലോഗ്  കൂടി പറഞ്ഞു അങ്ങ് അവസാനിപ്പിക്കട്ടെ  "ഇനിയും ഞങ്ങളെ പരീക്ഷിച്ചത് മതിയായില്ലേ പ്രഭു ?????????"

Friday, September 6, 2013

അരികിൽ ഒരാൾ (തകർത്തു ..... തകർന്നു ....)

അണ്ണാ രണ്ടും കൂടി പറയരുത് ....

എന്ത് പറ്റി  അനിയാ ......

അണ്ണൻ ഈ എഴുതിയത് ശുദ്ധ പോക്രിത്തരമാണ്  ഒന്നുകിൽ തകർന്നു  ഇല്ലെങ്കിൽ തകർത്തു  ഇങ്ങനെയല്ലേ ഒരു സിനിമയെ പറ്റി  പറയാൻ പറ്റു . ഇതൊരു മാതിരി നവയുഗ ബ്ലോഗർമാരെ പോലെ .........നമ്മുടെ ചാപ്ട്ടേ ഴ്സ്  എന്ന പടം എടുത്ത സംവിധായകൻ കഥയും തിരകഥ യും എഴുതി സംവിധാനം ചെയുന്ന രണ്ടാമത്തെ ചിത്രം അരുകിൽ ഒരാൾ എന്ന പടത്തിന് അണ്ണൻ തള്ളികയറുന്നത് ഞാൻ കണ്ടായിരുന്നു.ഇന്ദ്രജിത്ത് , നിവിൻ പോളി , രമ്യാ  നമ്പീശൻ , പ്രതാപ്‌ പോത്തൻ , ലെന ... ഹോ .. ന്യൂ ജനറേഷന്റെ എട്ട്  കളി ആണല്ലോ അണ്ണാ  .അവിഹിതം , സ്വവർഗം ,അശ്ലീലം , കോഫീ മഗ്  + നിക്കർ ........ ഇതിൽ എതിനത്തിൽ വരും സംഗതി.

പിടക്കാതെഡേ  പറയട്ടെ....  അഞ്ചു  അഞ്ചു പ്രധാന നടീ  നടന്മാരെ വെച്ചാണ്‌ ഈ ചിത്രം ശ്രീ അഷിഖ് ഉസ്മാൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .സംഗീതം ഗോപി സുന്ദർ . മലയാളത്തിൽ  മര്യാദക്ക് എടുത്തിട്ടുള്ള  സൈക്കോ ത്രില്ലർ പെട്ടന്ന് ഓർമ്മ വരുന്ന പേരുകൾ  യക്ഷിയും മണി ചിത്രത്താഴും ആണ് . ഫാസിൽ എടുത്ത മാനത്തെ വെള്ളിത്തേര്  പോലെ പരാജയപ്പെട്ട സംഗതികൾ നിരവധിയുണ്ട്‌  .ഹിന്ദി ചിത്രങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടന്ന് ഓർമ്മ  വരുന്ന ഒരു പേര് രാം ഗോപാൽ വർമ്മ  എടുത്ത കോൻ  എന്ന ചിത്രമാണ് . ഒരു ഫ്ലാറ്റും  ആകെ മൊത്തം  മൂന്നേ മൂന്ന് കഥാപാത്രങ്ങളും  ആയി അങ്ങേർ  നമ്മളെ രണ്ടര മണികൂർ പിടിച്ചിരുത്തുന്നത് സമ്മതിച്ചേ ഒക്കൂ  എന്നാണ് എന്റെ അഭിപ്രായം


ഒരു ഇന്ത്യയിൽ പലയിടത്തും ശാഖകൾ ഉള്ള ഒരു  ആഡ്  സ്ഥാപനം അവിടുത്തെ  ക്രീയേറ്റിവ്   ആഡ്  മേധാവി ആയി ജോലി ചെയ്തിരുന്ന ആളെ മാറ്റി  പകരം ബാം ഗ്ലൂർ ശാഖയിൽ ജോലി ചെയ്തിരുന്ന സിദ്ധാർഥ്  (ഇന്ദ്രജിത്ത് ) നെ നിയമിക്കുന്നിടതാണ് തുടക്കം .ഇയാളുടെ കാമുകിയും നർത്തകിയുമായ  വീണ (രമ്യ നമ്പീശൻ ) ആ നഗരത്തിലുണ്ട് . വീണയുടെ  ഗ്യാംഗ്  സ്ഥിരമായി പോകുന്ന റെസ്റ്ററണ്ടിലെ  വെയിറ്റർ  ഇച്ച (നിവിൻ പോളി ) യുമായി  വീണ സൌഹൃദത്തിലാണ് . സിദ്ധാർഥിനെ  ഇച്ചക്ക്  പരിചപ്പെടുത്തി കൊടുക്കുന്നതോടെ മൂന്നു പേരും സൌഹൃദത്തിൽ ആകുന്നു . താമസിക്കാൻ സ്ഥലം ആകുന്നത്‌ വരെ ഇച്ചയുടെ കൂടെ താമസിക്കാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു .നഗരത്തി നിന്നും മാറി  ഒരു വലിയ വീട്ടിൽ സൂക്ഷിപ്പുകാരനായി ഒറ്റയ്ക്ക് താമസിക്കുകയാണ് ഇച്ച .ഒരുമിച്ചു താമസിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ ഇച്ചയുടെ ചില അസ്വാഭാവികതകൾ  സിദ്ധാർഥിന്റെയും വീണയുടെയും ശ്രദ്ധയിൽ പെടുന്നു . അതിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചു ചെല്ലുന്ന ഇവർ  എത്തുന്നത്‌  ഇച്ച  എന്നയാളിന്റെ കൂടുതൽ നിഗൂഡം ആയ ഭൂതകാലത്തിലേക്കാണ് .തന്റെ  സ്ഥാപന മേധാവി ആയ ആരതി (ലെന ) വഴി പരിചയപ്പെടുന്ന , അതീന്ദ്രിയ കാര്യങ്ങളിൽ  താല്പര്യവും അതിൽ ഗവേഷണവും നടത്തുന്ന തരുണ്‍ ബോസ്  (പ്രതാപ്‌ പോത്തൻ ) എന്നയാളെ പരിചയപ്പെടുന്നതോടെ , അയാളുടെ സഹായവും ഇവര ഈ കാര്യത്തിൽ തേടുന്നു . അങ്ങനെ മുന്നോട്ടു പോകുന്ന ഇവർ  എവിടെ എത്തിച്ചേരുന്നു എന്നിടത്താണ്  ഈ സിനിമ നമ്മളെ കൊണ്ട് എത്തിക്കുന്നത് .

കഥയൊക്കെ അവിടെ ഇരിക്കട്ടെ അണ്ണാ . ഇതെങ്ങനെ  സംഗതി .

നല്ല പശ്ചാത്തലം തുടക്കം . പതുക്കെ തുടങ്ങുന്ന കഥ പതുക്കെ പതുക്കെ ചൂടുപിടിക്കുന്നു . ഇടവേള വരെ ഈ  പടം അങ്ങനെ കേറി കേറി പോകുന്ന കാഴ്ചയാണ് എനിക്ക് കാണാൻ കഴിഞ്ഞത് . ഇടവേള കൊണ്ട് നിരത്തുന്ന പോയിന്റ്‌  ഉഗ്രനായി എന്നാണ് എന്റെ അഭിപ്രായം .ഇനി എന്ത് സംഭവിക്കും എന്നറിയാനുള്ള ഒരു ആകാംഷ ഇടവേളക്കു പ്രേക്ഷകന് കൊടുത്താണ് ഇടവേള കൊണ്ട് നിർത്തുന്നത് .ഇടവേളക്കു ശേഷവും അതെ ടെമ്പോ നിലനിര്ത്തുന്ന ചിത്രം അവസാന നിമിഷങ്ങളിൽ ദേനീയമായി പരാജയപ്പെടുന്നത് കണ്ടപ്പോൾ സത്യത്തിൽ സങ്കടം  തോന്നി  അനിയാ .ആ  ചിത്രം അർഹിക്കുന്ന ഒരു ക്ലൈമാക്സ്‌  കൂടി നല്കിയിരുന്നു എങ്കിൽ ഒരു പക്ഷെ നേരത്തെ പറഞ്ഞ മലയാളത്തിലെ ഓരോ കാലഘട്ടത്തേ പ്രതിനിധികരിക്കുന്ന സൈക്കോ ത്രില്ലറുകളുടെ കൂട്ടത്തിൽ  എഴുതപ്പെടാവുന്ന ചിത്രമായേനെ ഇതും .മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തെ പോലെ നന്നായി തുടങ്ങിയിട്ട്    ക്ലൈമാക്സ്‌  ലോക കുളം ആക്കിയിട്ടില്ല എങ്കിൽ പോലും ഇതിലും മികച്ച ഒരു അന്ത്യം ഈ ചിത്രം അർഹിക്കുന്നു  എന്നാണ് എന്റെ അഭിപ്രായം .

അണ്ണന്റെ അഭിപ്രായം അവിടിരിക്കട്ടെ . അഭിനയം എങ്ങനെ  അത് പറ

അനിയാ പറഞ്ഞില്ലേ ഈ ചിത്രത്തിന്റെ അവസാനത്തെ പറ്റി  അല്ലാതെ മറ്റു ഒന്നിനെ പറ്റിയും എനിക്ക് പരാതിയില്ല . പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ദ്രജിത്തും നിവിൻ  പോളിയും കൃത്യമായി കഥാപാത്രങ്ങൾക്ക് വേണ്ടത് അഥവാ നിന്റെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ  കഥാപാത്രം ആവശ്യപ്പെടുന്നത് നല്കിയിട്ടുണ്ട് . എന്ത് കൊണ്ടാണ് എന്നറിയില്ല  പ്രതാപ്‌ പോത്തൻ  എല്ലാ സിനിമയിലും  ഒരു പോലെ അഭിനയിക്കുന്നതായാണ്  എനിക്ക് തോന്നാറുള്ളത് . രമ്യ നമ്പീശൻ പാടിയ ഒരെണ്ണം ഉൾപ്പെടെ  ഗാനങ്ങൾ ചിത്രത്തിന്റെ മൂഡുമായി ഒത്തു പോകുന്നതാണ് .

അല്ല ഇനി ഈ ചിത്രം എവിടെ നിന്നെലും അടിച്ചു മാറ്റിയതാണോ ?

അറിയില്ല അനിയാ .. ആണെങ്കിലും അല്ലെങ്കിലും  എനിക്കൊന്നുമില്ല പിന്നെ അങ്ങനെ ആണെങ്കിൽ  ആ ചിത്രത്തോട് ഒരു കടപ്പാട് എഴുതി വയ്ക്കുക എന്നത് അങ്ങനെ ചെയ്യുന്നവരുടെ സത്യസന്ധതയുടെ പ്രശ്നം . ഒരു പ്രേക്ഷകൻ എന്നാ നിലയ്ക്ക്  രണ്ടര മണിക്കൂർ  എ  സി  പോലും ഇടാത്ത ഹാളിൽ ഇരുത്തി എന്നെ കൊല്ലരുത് എന്നൊരു എളിയ ആവശ്യം മാത്രമേ ഉള്ളു   

അണ്ണാ അവസാനം നന്നായില്ല നന്നായില്ല എന്ന് പറയുമ്പോൾ പിന്നെ  എങ്ങനെ വേണമായിരുന്നു എന്നാ ......

അത് ഞാൻ  അല്ലല്ലോ അനിയാ  തീരുമാനികേണ്ടത് . പിന്നെ അവസാനത്തിനു തൊട്ടു മുൻപ് വരെ വളരെ നന്നായി പോയ ഈ ചിത്രം ഒരൽപം കൂടി നല്ല ക്ലൈമാക്സ്‌ അർഹിക്കുന്നു എന്നതാണ് എനിക്ക് തോന്നിയത് . ഒരു ലോ ബഡ്ജറ്റ്  ചിത്രം എന്നത് മുതലുള്ള പരിമിതികളെ അംഗീകരിച്ചു കൊണ്ട് പറയട്ടെ . ഈ വിഭാഗത്തിൽ പെട്ട ചിത്രങ്ങൾക്ക്  തുടക്കം മുതലേ ഉള്ള സാദ്ധ്യതകൾ രണ്ടാണ്  ഒന്നുകിൽ  മാനസിക വിഭ്രാന്തി  അല്ലെങ്കിൽ അതീന്ദ്രിയം .ഈ ചിത്രത്തിന്  ഒരു പക്ഷെ  ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത്‌ നില്ക്കുന്നതിലും നല്ലത്  ഒരു  ഭാഗത്തേക്ക്‌ കൊണ്ട് വന്നു അവസാനിപ്പിക്കുന്നതിന് തൊട്ടു മുൻപ് ഈ സകല കണ്ടെത്തലുകളെയും തകിടം മറിക്കുന്ന  പുതിയൊരു കണ്ടെത്തലിലൂടെ അതുമാവാം ഇതുമാ വാം  എന്നാ അവസ്ഥയിൽ നിർത്തുന്നതയിരുന്നു കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു . ആ രീതിയിൽ ഒരു ശ്രമം ഈ ചിത്രത്തിൽ  നടക്കുന്നില്ല എന്നല്ല പക്ഷെ സംഗതി തീരെ ദുർബലമായി പോയി  എന്ന് മാത്രം

അപ്പോൾ ചുരുക്കത്തിൽ .......

അവസാന പത്തു മിനിട്ടുകൾക്ക് മാപ്പ് കൊടുക്കാമെങ്കിൽ നിങ്ങള്ക്ക് ആസ്വദിച്ച്  കാണാവുന്ന ഒരു ചിത്രം . ക്ലൈമാക്സ്‌  കഴിയുന്നത്‌ അറിയുന്നതിന് മുൻപ് പോയി കണ്ടാല കാശു അത്രയും കൂടുതൽ മുതലായേക്കും  .സ്വന്തം പാളിച്ചകളിൽ നിന്ന്  പാഠം ഉൾക്കൊള്ളുന്ന  പക്ഷം  നമുക്ക് നല്ലൊരു സംവിധായകനെ കൂടി ലഭിച്ചേക്കാം 

Sunday, September 1, 2013

കുഞ്ഞനന്തന്റെ കട (ബോറൻ കട )

മലയാളത്തിന്റെ മഹാ നടൻ ശ്രീ മമ്മൂട്ടി ......

എല്ലാം മനസ്സിലായി അണ്ണാ ആമുഖം ഒന്നും വേണ്ട . അണ്ണൻ ആദമിന്റെ മകൻ അബു സംവിധാനം ചെയ്ത സലിം അഹമ്മദിന്റെ  രണ്ടാമത്തെ ചിത്രം കുഞ്ഞനന്തന്റെ കട കണ്ടു ഇഷ്ടപ്പെട്ടു . എത്രയും തന്നല്ലോ  സംഗതി ?

അനിയാ  ക്ഷമി. കണ്ടു  എന്നത് സത്യം . പക്ഷെ അഭിപ്രായം പറയാൻ  ഒന്ന് വിടെടെ

ശരി വിട്ടിരിക്കുന്നു  ദയവായി പറഞ്ഞാലും അടിയൻ  കേട്ട് മനസിലാക്കി സാഹിത്യം പടച്ചു പച്ചരി വാങ്ങിക്കോട്ടെ

ശരി ആയിക്കോ  ഈ ചിത്രത്തിൽ സുപ്പർ താരം  മമ്മൂട്ടിയെ കൂടാതെ നായിക നൈല ഉഷ , ബാലചന്ദ്ര മേനോൻ , സിദ്ദിഖ് , സലിം കുമാർ തുടങ്ങിയവര അഭിനയിക്കുന്നു . കഥ തിരക്കഥ സംഭാഷണം എന്നിവ  സലിം അഹമ്മദ് നേരിട്ട് നിർവഹിക്കുമ്പോൾ  സംഗീതം ജയചന്ദ്രനും , ക്യാമറ മധു അമ്പാട്ട്  എന്നിവരാണ്‌  ശബ്സ ലേഖനം റസൂൽ പൂകുട്ടി . ഏതൊക്കെ നിനക്കറിയാം എന്നാണ് എന്റെ വിശ്വാസം

പിന്നെ അറിയാതെ അണ്ണൻ സിനിമയെ പറ്റി  പറഞ്ഞേ.റമദാൻ പെരുനാൾ ആഘോഷമാക്കാൻ മാത്തുക്കുട്ടിയുമായി എത്തിയ ശ്രീ മമ്മൂട്ടി  ഇതാ വീണ്ടും ഓണപ്പൂവിളികളുമായി കുഞ്ഞനന്തന്റെ കടയുമായി എത്തുന്നു എന്നൊരു തുടക്കം ഇട്ടാലോ അണ്ണാ

അടിച്ചതിന്റെ വാള്  വെച്ചു  തീരും  മുൻപ് അടുത്ത ഫുൾ എത്തി എന്നത് പോലെ അല്ലേ  അനിയാ ?.ഈ  സംഭവം ഇങ്ങനെയാണ് .കണ്ണൂർ ഭാഗത്തുള്ള ഒരു കുഗ്രാമം അവിടുത്തെ അങ്ങാടിയിൽ ഒരു കട നടത്തുന്ന ആളാണ്  കുഞ്ഞനന്തൻ  ആ കട എന്ന് പറഞ്ഞാൽ അയാളുടെ അച്ഛൻ നടത്തി കൊണ്ടിരുന്നതാണ് പിന്നീടു ഇയാൾ അത് ഏറ്റെടുത്തു . ഇന്ന് ആ നാട്ടിൻ പുറത്തെ ഒരു ലാൻഡ്‌ മാർക്ക്‌ ആണ് ആ കട  ആ കടക്കാരൻ ആണെങ്കിൽ സുന്ദരനാണ് , നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്  ഇതു പ്രശ്നത്തിലും ധീരമായി ഇടപെടുന്നവനാണ്  (കടപ്പാട് ചിറകൊടിഞ്ഞ കിനാക്കൾ  ബൈ അംബുജാക്ഷൻ @ അഴകിയ രാവണൻ ). കട നടത്തുന്ന കുഞ്ഞനന്തൻ ഒഴികെ എല്ലാം അവിടുത്തെ പഴയതാണ് . പ്രേമിച്ചു കല്യാണം  കഴിച്ചതാതാണെങ്കിലും രണ്ടു കുട്ടികളുടെ അച്ഛനമ്മമാരായ കുഞ്ഞനന്തന്റെയും ഭാര്യ ചിത്തിരയുടെയും  (നൈല ഉഷ) ദാമ്പത്യ  ജീവിതം അത്ര സുഖമുള്ളതല്ല .ഭർത്താവു ഈ പഴയ കടയും കെട്ടിപ്പിടിച്ചു ഇരിക്കുന്നതിൽ ഭാര്യക്ക്‌  വലിയ താല്പര്യം ഇല്ല എന്നതാണ്  നമുക്ക് കഷ്ട്ടി മനസിലാകുന്ന കാര്യം .ഇത്രയും കഴിയുമ്പോൾ ഇടവേള . അവിടുന്നു ആണ്  ശരിക്ക് കഥ തുടങ്ങുന്നത്  , റോഡ്‌ വികസനത്തിന്റെ ഭാഗമായി ഇയാളുടെ കട ഇരിക്കുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കാൻ തീരുമാനിക്കുന്നു .കടയെ ജീവനേക്കാൾ ഏറെ  സ്നേഹിക്കുന്ന കുഞ്ഞനന്തൻ  സർക്കാർ ഓഫീസിൽ  കേറി ഇറങ്ങുന്നു . മെച്ചപ്പെട്ട മറ്റൊരു പ്ലാൻ വരച്ചു സമർപ്പിക്കുന്നു  ഒടുവിൽ  കടയ്ക്കെതിരെ  ഉള്ള ഒരു തറ ആരാധനലയമാക്കി വികസിപ്പിക്കാൻ ശ്രമിക്കുന്നു . ഇതിനിടെ ഇയാളുടെ മകൻ മാവിൽ നിന്ന് വീണു തല പൊട്ടുന്നു കാറ്‌ പിടിച്ചു ആശുപത്രിയിലേക്ക്  പോകുന്നതിനിടയിൽ വഴിയിൽ ഗതാഗത കുരുക്ക് , രാഷ്ട്രീയ പാർട്ടിയുടെ യോഗം  എങ്ങനെ പല വിധ തടസ്സങ്ങൾ നേരിടുബോളാണ് . റോഡ്‌ വികസനം നടന്നിരുന്നു എങ്കിൽ ഇതൊന്നും പ്രശ്നം ആകുമായിരുന്നില്ല  എന്ന്  അയാൾക്ക് മനസ്സിലാകുന്നത്‌ . അന്ന് രാത്രി തന്നെ ഒറ്റയ്ക്ക്  ഒരു പാര  കൊണ്ട് ആ കട  സ്വയം  ഇടിച്ചു മാറ്റി  റോഡു വികസനത്തിന്റെ ഭാഗമാകുന്നു  കുഞ്ഞനന്തൻ . പിന്നീടു രണ്ടോ മൂന്നോ  വർഷങ്ങൾക്കു  ശേഷം തിരക്കേറിയ ഒരു ഹൈവേ (പഴയ അങ്ങാടി ) അവിടെ മറ്റൊരു സ്ഥലത്ത് ഒരു കലക്കാൻ ഡിപ്പാർട്ട്മെന്റ്  ഷോപ്പ്  ഇട്ടു  ഹാപ്പി ആയി കുടുംബവുമോത്തു ജീവിക്കുന്ന കുഞ്ഞനന്തനെ കാണിച്ചു സിനിമ അവസാനിക്കുന്നു .

അല്ല ഇതു .....

അനിയാ ആദമിന്റെ  മകൻ എന്നാ സിനിമ പോലെ സാവധാനം മുന്നോട്ടു പോകുന്ന ഒരു ആഖ്യാന രീതിയാണ് ഈ ചിത്രത്തിലും സംവിധായകൻ അവലംബിച്ചിരിക്കുന്നത് . എന്നാൽ അബുവിലുള്ള ഒരൊറ്റ സംഗതിയേ  ഈ ചിത്രത്തിൽ ഇല്ലാതെ ഉള്ളു . അത്  ആദ്യ ചിത്രത്തിൽ നിറഞ്ഞു നിന്ന സത്യസന്ധത ആണ് . ആദ്യ സിനിമയുടെ ഭാരം  പേറുന്ന ഒരു സംവിധായകനെ ഈ ചിത്രത്തിൽ ഉടനീളം കാണാം . വിവരമുള്ള സംവിധായകർ ഈ പ്രശ്നത്തെ അതിജീവിക്കാൻ പലപ്പോഴും വ്യത്യസ്തമായ ഒരു വിഷയമാകും രണ്ടാമത്തെ ചിത്രത്തിനായി  തിരഞ്ഞെടുക്കുക .

ഏറ്റവും കുറഞ്ഞ പക്ഷം സലിം കുമാറിനെ കുഞ്ഞനന്തനാക്കി  ഈ ചിത്രം എടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി സംവിധയകന് സ്വാതന്ത്ര്യം ഉപയോഗിക്കാമായിരുന്നു എന്ന് തോന്നുന്നു . ആദ്യ പകുതിയിൽ ശരിക്കും നായകനും നായികക്കും തലയ്ക്കു എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് സംശയം തോന്നിയാൽ ഞാൻ തെറ്റു പറയില്ല .ഇപ്പോ ഉദാഹരണമായി  കേരളത്തിലെ നാട്ടിൻപുറത്തെ (കുഗ്രാമം ) അവിടത്തെ  ഒരു പലചരക്കു കടക്കാരന്റെ ഭാര്യ , ഭർത്താവുമായി ചില്ലറ പ്രശ്നങ്ങൾ . എന്ത് ചെയ്യും ?

അവര് അവരുടെ അല്ലെങ്കിൽ ഭർത്താവിന്റെ  അടുത്ത ബന്ധുക്കളോടോ മറ്റോ കാര്യം പറയും  .....

എന്നാൽ ഇവിടെ സംവിധയകൻ പറയുന്നത് കണ്ണൂർ ഭാഗത്തെ കുഗ്രമാങ്ങളിൽ ഇങ്ങനത്തെ പ്രശ്നങ്ങൾ \ ദുഃഖങ്ങൾ  അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള  ഭാര്യമാർ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു മൊബൈൽ ഫോണിലൂടെ ചാറ്റ് റൂമുകളിൽ പോയി പറയും ദുഃഖങ്ങൾ എന്നാണ് . അതും ഭർത്താവു  കണ്ണും മിഴിച്ചു അപ്പുറത്ത് കിടക്കുമ്പോൾ .... പോരാത്തതിനു "നിങ്ങൾ എന്റെ ദുഃഖങ്ങൾ കേൾക്കാൻ ഇരുന്നു തന്നിരുന്നു എങ്കിൽ എനിക്ക് ചാറ്റ് റൂം കളിലെ ഫെയിക് ഐ ഡി  കളോട്  അത് പറഞ്ഞു സമാധാനിക്കേണ്ടി വരില്ലായിരുന്നു " എന്ന സെന്റി ഡയലോഗ് വേറെയും സഹിക്കണം .മൊത്തത്തിൽ  ഒരു ന്യൂ ജനറേഷൻ  മണം .സുപ്പർ താരത്തെ കണ്ടതിന്റെ മുട്ട് ഇടി ആണോ കഥ പറയുന്ന പാശ്ചാത്തലത്തോടുള്ള പരിചയക്കുറവ് ആണോ കാരണം എന്നറിയില്ല എനിക്കീ  സിനിമ സാമാന്യം തെറ്റില്ലാതെ ബോറടിച്ചു . ഇടവേള വരെ അന്തവും കുന്തവും ഇല്ലാത്ത കുറെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തീർക്കാൻ സമയം  ചെലവാക്കുന്ന സംവിധയകൻ ചില്ലറ ദ്രോഹം ഒന്നുമല്ല ചെയ്യുന്നേ


അപ്പോൾ അവാർഡ്‌ പടമ അല്ലേ ? അതിരിക്കട്ടെ  അഭിനയം എങ്ങനെ നമ്മുടെ മമ്മൂട്ടിക്ക് മറ്റൊരു ദേശീയ അവാർഡ്‌ .........

ജീൻസും കൂളിംഗ്‌ ഗ്ലാസും ഇല്ലെന്നെ ഉള്ളു ,(അതും കൂടി ആകാമായിരുന്നു ) ബാക്കിയുള്ള  കടയുടമകൾ  വയസായി ക്ഷീണിച്ചു കാണപ്പെടുമ്പോൾ പ്രാരാബ്ദം പോരാത്തതിനു കുടുംബ ജീവിതം പോലും നേരെ നടക്കാക്കാത്ത മമ്മുട്ടി  സുമുഖനായി പ്രത്യക്ഷപ്പെടുന്നു . രാപ്പകൽ പോലുള്ള സിനിമകളിൽ അഭിനയിച്ച അതെ മേക്ക് അപ്പ് , അതേ  ഭാവം .ഉറ്റ സുഹൃത്തുക്കളായി  ഒരു മുസ്ലിം ഒരു ക്രിസ്ത്യാനി കട ഉടമകൾ (ഒരു മാതിരി ജോണ്‍ ജാഫർ  ജനാർദ്ദനൻ ലൈൻ . പറഞ്ഞു വരുമ്പോൾ ഇതാണല്ലോ എക്കാലത്തു മത സൗഹർദത്തിന്റെ മാനദണ്ഡം !!!).പിന്നെ ബുദ്ധി ജീവികള്ക്കു കടിച്ചു വലിക്കാനായി ഒത്തിരി എല്ലിൻ കഷ്ണങ്ങൾ വിതറിയിട്ടുണ്ട് . ഏതോ ഒരു ഓട്ട്സിന്റെ പരസ്യവും ഇതിനൊക്കെ  പുറമേ സഹിക്കണം .


അതിരിക്കട്ടെ അവസാനം എങ്ങനെ ഇയാൾ വലിയ കട ഉടമ ആയി ?

അത് സംവിധയകൻ പറയുന്നത് റോഡ്‌ വികസനം വരുമ്പോൾ അതിനെതിരെ പ്രതിഷേധിച്ചു നില്ക്കാതെ എന്തിനു  പൊളിക്കാൻ വരുന്നത് പോലും കാത്ത് നില്ക്കാതെ സ്വയം അങ്ങ് പൊളിച്ചു കൊടുക്കുക .നിങ്ങൾ പിന്നെ ഒന്നുമറിയണ്ട  തന്നെ രക്ഷപെട്ടോളും .


ചുരുക്കത്തിൽ ........

ഈയിടെ ആയി പഴശി രാജ എന്ന ചിത്രത്തിലെ പോലെ  "എന്റെ പടയോട്ടങ്ങൾ നീയൊക്കെ കാണാൻ ഇരിക്കുന്നത്തേ  ഉള്ളു " എന്ന ഡയലോഗ്  കഴിഞ്ഞ പല ചിത്രങ്ങളിലെ വേഷത്തിൽ വന്നു ശ്രീ മമ്മൂട്ടി എന്നോട് പറയുന്നതായി ഞ്ഞാൻ സ്വപ്നം കാണുന്നു . ഇത്തരം പേടി സ്വപ്നം സ്ഥിരമായി കാണുന്നത് ഒരു രോഗമാണോ ഡോക്ടർ ????