Thursday, July 28, 2011

ഓര്‍മ്മ മാത്രം

അനിയാ....

നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ ?? ഒരാഴ്ചയായിട്ടു അനക്കമേ ഇല്ലല്ലോ?

സ്വല്‍പ്പം മാനുഷിക പരിഗണന താടെ.ജൂലൈയില്‍ മാത്രം കണ്ട കൂതറ പടങ്ങളുടെ എണ്ണം എടുക്കാന്‍ രണ്ടു കൈ വിരലും തികയാത്ത അവസ്ഥയാണ്‌.അപ്പോള്‍ ആണോടാ നീ ബാക്കി കൂതറ കാണാത്തത് എന്ന് ചോദിക്കുന്നെ?

ഹ.... ഒരു കുശലം ചോദിച്ചതല്ലേ അതിനു ഇങ്ങനെ ദേഷ്യപ്പെട്ടാലോ അണ്ണാ..അപ്പോള്‍ ചുരുക്കത്തില്‍ എന്നി സിനിമയുടെ വിശേഷങ്ങള്‍ ചിത്ര വിദ്വേഷത്തില്‍ എഴുതാന്‍ ഞാന്‍ വേറെ വല്ലോരെയും നോക്കണം എന്ന് ചുരുക്കം .

എന്നാലും സ്വയം കാണരുത് ....

ഏറ്റവും അവസാനം ഞാന്‍ പൊയ് കണ്ടു സ്വന്തമായി എഴുതിയ നിരൂപണവും ആയി കളകൂടത്തില്‍ കേറി ചെന്ന എന്നെ മുതലാളി തല്ലിയില്ല എന്നെ ഉള്ളു.അന്ന് തീരുമാനിച്ചതാ ഇനി ഈ പണി സ്വയം ചെയ്യില്ലെന്ന്.മാത്രമല്ല നിരൂപകന്മാര്‍ക്കിടയില്‍ എനിക്കുള്ള വെയിറ്റ് അതോടെ തീരില്ലേ.സ്വയം സിനിമ കണ്ട്‌ നിരൂപണം എഴുതുക എന്നൊക്കെ പറഞ്ഞാല്‍........

ശരി ശരി അതൊക്കെ നില്‍ക്കട്ടെ ഞാന്‍ ഇന്നലെ കണ്ട ഓര്‍മ്മ മാത്രം എന്ന ചിത്രത്തെ പറ്റി പറയാനാ ഇപ്പോള്‍ വന്നത്.

ഓ .മെമ്മറീസ് എലോണ്‍ . നന്നായി. ദിലീപ്ന്‍റെ പടമല്ലേ? എങ്ങനെയുണ്ട് ?

ആദ്യമേ തന്നെ വിവരക്കേട് പറയാതെ.ഓര്‍മ്മ മാത്രം എന്നതിന്റെ ശരിക്കുള്ള ആംഗലേയം ഒണ്‍ലി ആസ് എ മെമ്മറി എന്ന് വരും . പദാനു പദം തര്‍ജ്ജിമ വേണം എന്ന് വാശിയാണേല്‍ ഇന്‍ മെമ്മറി ഒണ്‍ലി എന്നല്ലേ വരൂ ?

നിങ്ങളാര് ഇംഗ്ലീഷ് എഴുത്തച്ഛനോ ?പടത്തിന്റെ കാര്യം പറ അണ്ണാ

അനിയാ മധു കൈതപ്രമാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ഏകാന്തം,മധ്യവേനല്‍ തുടങ്ങിയ ചിത്രങ്ങളാണ് ഇദേഹം മുന്‍പ് സംവിധാനം ചെയ്തിട്ടുള്ളത് .ഇതില്‍ ഏകാന്തത്തിനു ഇദ്ദേഹത്തിനു മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു എന്നാ ഓര്‍മ (അല്ലെങ്കില്‍ ക്ഷമിച്ചു കള).രാജന്‍ തളിപ്പറമ്പ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ കഥ റഹിം കടവത്തും തിരകഥ സംഭാഷണം എന്നിവ പ്രശസ്ത സാഹിത്യകാരനായ ശ്രീ സി വി ബാലകൃഷ്ണനും ആണ് .ദിലീപിനെ കൂടാതെ പ്രിയങ്ക,ധന്യ മേരി,ജഗതി,സലിം കുമാര്‍ നെടുമുടി തുടങ്ങിയവര്‍ അഭിനയിക്കുന്നു (സുരാജ് അഭിനയിക്കുന്നില്ല എന്നതും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് )

ഇതെന്തോന്ന് അണ്ണാ നോട്ടീസ് വായനയോ ? ഇതൊക്കെ അറിയാന്‍ ഒരു സിനിമ പോസ്റ്റര്‍ നോക്കിയാല്‍ പോരെ .അണ്ണന്‍ കാര്യത്തിലോട്ടു കടന്നേ

എന്നാല്‍ ശരി കഥയെ പറ്റി പറയാം,വാര്യര്‍ (ജഗതി)എന്ന വക്കീലിന്‍റെ ഗുമസ്തനായി ജോലി ചെയ്യുന്ന അജയന്‍ (ദിലീപ്).ഭാര്യ സഫിയ (പ്രിയങ്ക) അഞ്ചു വയസുള്ള മകന്‍ ദീപു.മിശ്ര വിവാഹിതരായ ഇവര്‍ ജൂത തെരുവ് പോലെയുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നത്.അയല്‍വാസികളായ പുരവസ്തുകളുടെ കട നടത്തുന്ന വൃദ്ധ ദമ്പതികള്‍ (നെടുമുടിയും ഭാര്യയും ).കുടുംബ സുഹൃത്തായ,ഇസ്രായേലിലേക്ക് പോയ കാമുകനെ കാത്തിരിക്കുന്ന കാതെറിന്‍ (ധന്യ മേരി) എങ്ങനെ കുറച്ചു പേര്‍ അവരുടെ ചുറ്റും ഉണ്ട്.സ്നേഹം പങ്കിടപ്പെടും എന്ന് കരുതി രണ്ടാമതൊരു കുട്ടി വേണ്ട എന്ന് വയ്ക്കുന്ന ഇവര്‍ രണ്ടാമത്തെ ഗര്‍ഭം അലസിപ്പിക്കാന്‍ വരുന്നിടതാണ് ചിത്രം തുടങ്ങുന്നത്.(സ്നേഹം പങ്കിടപ്പെടും എന്ന പഴഞ്ചന്‍ ന്യായത്തിന് പകരം ഇടത്തരക്കാരന്റെ പ്രായോഗിക സമീപനം കൊണ്ടുവന്നിരുന്നെകില്‍ നന്നായിരുന്നു എന്നൊരു അഭിപ്രായം എനിക്കിവിടെ ഉണ്ട് ).കാഴ്ചക്ക് ബുദ്ധിമുട് അനുഭവിക്കുന്ന അജയന്‍ തനിക്കു ക്രമേണെ കാഴ്ച ഇല്ലാതാകുന്ന രോഗമാണെന്ന് മനസിലാക്കുന്നു.അത് ഭാര്യയെ അറിയിക്കാതെ ഒരു വിധം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഒരു ബോംബ്‌ സ്ഫോടനത്തിന് ഇടയില്‍ ഉണ്ടാകുന്ന ബഹളത്തിനിടയില്‍ മകന്‍ ദീപുവിനെ കാണാതാകുന്നത്

വലിയ കുഴപ്പം ഇല്ലല്ലോ അണ്ണാ.ഇനിയോ?

ഇനിയല്ലേ തമാശ.ഇവിടുന്നു അങ്ങോട്ട്‌ കഥ ഒരു മാതിരി വീടിലെ സ്വീകരണ മുറിയില്‍ കയറി പറ്റിയ ആനയെ പോലെ എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്നതാണ്.ദിലീപിന് മകനെ അന്വേഷിച്ചു അലഞ്ഞു നടക്കുക.പ്രിയങ്കയക്ക്‌ കരയുക,മറ്റുള്ളവര്‍ക്ക് ഇവരെ ആശ്വസിപ്പിക്കുക ഇതു മാത്രമാണ് രണ്ടാം പകുതിയില്‍ ചെയ്യാനുള്ളത് .

അല്ല, അതിപ്പോള്‍ നമ്മുടെ വീട്ടില്‍ ഒരു കുട്ടിയെ കാണാതെ പോയാലും ഇതൊക്കെയല്ലേ ചെയ്യുക

അത് ന്യായം പക്ഷെ അത് മാത്രം ആയാലോ? ഇതു പോലെ ഒരു സിനിമ ആകുമ്പോള്‍ ചുരുങ്ങിയ പക്ഷം താഴെ പറയുന്നതില്‍ ഒന്നെങ്കിലും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നാണ് എന്‍റെ അഭിപ്രായം
1)ഇതു പോലെ ഒന്ന് നമുക്കും നാളെ സംഭവിച്ചേക്കാം എന്ന തോന്നല്‍ കാണികളില്‍ ഉണ്ടാക്കുക
(തന്മാത്ര എന്ന സിനിമയില്‍ ബ്ലെസി നന്നായി ചെയ്തതും റോഷന്‍ ആന്‍ഡ്രൂസ് ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ ചെയ്യാന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെട്ടതുമായ സംഗതി )

2)കാണാതെ പോയ കുട്ടിയെ കണ്ടെത്തുമോ ഇല്ലയോ എന്നറിയാന്‍ കാണികളില്‍ ഉണ്ടാകേണ്ട ആകാംഷ
കേരളത്തില്‍ ഉടനീളം കുട്ടികളെ കാണാതെ ആകാറുണ്ട് . അവര്‍ക്കൊക്കെ എന്ത് സംഭവിക്കുന്നു എന്നൊരു അന്വേഷണം .
3)നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന ഒരു ദുരന്തത്തില്‍ സമൂഹത്തിന്‍റെ നിര്‍ജീവമായ സമീപനം
(രണ്ടു ദിവസം കഴിഞ്ഞാല്‍ എല്ലാവരും അത് മറക്കുന്ന അവസ്ഥ )
............
............
ഇങ്ങനെ നിരവധി സംഗതികള്‍ ഇതിനകത്ത് കൊണ്ട് വരാമായിരുന്നു . പക്ഷെ ഇതിലൊന്ന് പോലും ഇതില്‍ കൊണ്ട് വരാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടില്ല .വേഷഭാവങ്ങളില്‍ ദിലീപില്‍ കാണിച്ച ശ്രദ്ധ പ്രിയങ്കയില്‍ കാണിക്കാത്തത് എന്ത് കൊണ്ട് എന്നൊരു ചോദ്യം ഈ ചിത്രം കാണുന്ന ആരിലും തോന്നിക്കും. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദേഹം നന്നായി എന്ന് എനിക്ക് തോന്നിയ രണ്ടു അവസരങ്ങള്‍ ഇടവേള കൊണ്ട് നിര്‍ത്തുന്ന പോയിന്റ്‌ ഉം ചിത്രത്തിന്റെ അവസാനവും (റെയില്‍ പാതയിലൂടെ നടന്നു നീങ്ങുന്ന രംഗം )ആണ് .

ശരി ബാക്കി ?

ഈ ചിത്രത്തിലെ പ്രധാന പ്രതി സംവിധായകന്‍ തന്നെയാണ് . അജയന്‍റെ കാഴ്ച മങ്ങുന്നതും മകനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷ മങ്ങുന്നതും ഒക്കെ സമന്വയിപ്പികാന്‍ ശ്രമിച്ചിട്ട് ഉണ്ടെങ്കിലും.അതൊന്നും പ്രേക്ഷകനിലേക്ക് (കാണികളിലേക്ക്)എത്തും എന്ന് തോന്നുന്നില്ല . ഒത്തിരി സാദ്ധ്യതകള്‍ ഉള്ള ഭാഗങ്ങളാണ് ഇവയൊക്കെ എന്നാണ് എനിക്ക് തോന്നിയത് തെറ്റില്ലാത്ത ഒരു പാട്ട് പോലും ഈ ലക്‌ഷ്യം ഇല്ലായ്മയില്‍ കാണികള്‍ക്ക് ബോര്‍ ആയി തോന്നിയാല്‍ അത്ഭുതം ഇല്ലാ.

അഭിനയം ..?

വേഷഭാവങ്ങളില്‍ ദിലീപ് ഒരു മധ്യവര്‍ഗ്ഗ കുടുംബനാഥനെ ഓര്‍മിപ്പിക്കുന്നു.പ്രിയങ്ക അടക്കം എല്ലാവരും തന്നെ ഈ ചിത്രത്തില്‍ വേസ്റ്റ് അക്കപ്പെട്ടിരിക്കയാണ് . ധന്യ മേരിയെ ഒക്കെ ഈ ചിത്രത്തില്‍ എന്തിനാണ് ഈ ചിത്രത്തില്‍ എന്ന് സംവിധായകന് പോലും അറിയുമോ എന്ന് സംശയം . ആശ്വസിപ്പിക്കല്‍ ജോലി ചെയ്യാന്‍ ജഗതി, നെടുമുടി, അങ്ങേരുടെ ഭാര്യ ആയി അഭിനയിച്ച നടി , സലിം കുമാര്‍ ഇങ്ങനെ കുറെ പേര്‍ ഉണ്ടല്ലോ .(പ്രിയങ്കക്കും ധന്യക്കും ഒക്കെ നല്ല ഒരു റോള്‍ പോലും കിട്ടാത്തത് കഷ്ട്ടം തന്നെയാണ്).

ചുരുക്കത്തില്‍ ....
ഇഴഞ്ഞു വലിഞ്ഞു എവിടെയൊക്കെയോ പോയി എങ്ങനെയൊക്കെയോ തീര്‍ന്നു രണ്ടു മണിക്കൂര്‍ കൊണ്ട് നമ്മെ ഒരു ആശ്വാസത്തോടെ പുറത്തു വിടുന്ന ചിത്രം

Tuesday, July 19, 2011

മനുഷ്യമൃഗം

ചാപ്പാ കുരിശു ..... ട്രാഫിക്‌ ....... ത്ഫൂ

ആരെയാ അണ്ണാ ഈ രാവിലെ ആട്ടുന്നത്‌?

വേറെ ആരെയാ? ന്യൂ ജെനറേഷന്‍ പടങ്ങള്‍,അവയിലെ പുതുമ അഥവാ പുതുമ കൊണ്ട് വരാനുള്ള ശ്രമം എന്നിവയൊക്കെ പറഞ്ഞു നടക്കുന്നവന്‍ ഉണ്ടല്ലോ ഇവനെയൊക്കെ ആട്ടാതെ ഇതു ചെയ്യും.പുതുമ പോലും പുതുമ....ഇവനൊക്കെ നാണമുണ്ടോ ? അല്ലെങ്കിലും ഈ നാട്ടില്‍ മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ.

ആരാ അണ്ണാ ഈ മുറ്റത്തെ മുല്ല?

വേറെ ആരെടെ നമ്മുടെ സ്വന്തം അഡ്വ.ബാബുരാജ്‌ തന്നെ.അദേഹം നിര്‍മാണം,സംവിധാനം, കഥ,തിരകഥ,പ്രധാന വേഷം ഇവയെല്ലാം തികച്ചും അനായാസമായി ചെയ്ത മനുഷ്യമൃഗം (The other side of a man) എന്ന ചിത്രത്തെ പറ്റി എന്താടെ ആരും എഴുതാത്തത്?

അങ്ങനെ ഒരു പടത്തിന്‍റെ പോസ്റ്റര്‍ കണ്ടതായി ഓര്‍ക്കുന്നു.അതിറങ്ങി അല്ലെ . അത് പിന്നെ അണ്ണാ ഹാരി പോര്‍ട്ടര്‍,ഹൃതിക് റോഷന്ന്‍റെ പുതിയ പടം ഇതൊക്കെ കിടക്കുമ്പോള്‍ ഈ കുതറ മലയാള സിനിമ ഒക്കെ ആരു കാണും.അല്ലെങ്കില്‍ പിന്നെ വല്ല സൂപ്പര്‍ താരചിത്രവും ആകണം .

അപ്പോള്‍ നീ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച കൂതറ പടങ്ങള്‍ മാത്രമേ കാണു അല്ലെ?

കാണുക മാത്രമല്ല അത് ലോകോത്തരം ആണെന്ന് വാഴ്ത്തുക കൂടെ ചെയ്യണം അണ്ണാ. ഇപ്പോള്‍ അങ്ങനെ പറഞ്ഞാല്‍ ഈ സൂപ്പര്‍ താരങ്ങളുടെ വീട്ടുകാര്‍ പോലും അടി തരും എന്നുള്ളത് കൊണ്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു ആസ്വദിക്കേണ്ട പടം എന്നാണ് പുതിയ ട്രെന്‍ഡ്.അതിരിക്കട്ടെ ഈ പടത്തെ പറ്റി പറഞ്ഞെ.പച്ചരി മേടിക്കാനുള്ള ഓരോ പാടേ.

അടിവാരം എന്ന മലയോര ഗ്രാമം.പ്രഭാതം പൊട്ടിവിരിയുമ്പോള്‍ ആ ഗ്രാമത്തെ നടുക്കിയ ഒരു വാര്‍ത്ത‍ കേട്ടാണ് ആ ഗ്രാമവാസികള്‍ ഉണരുന്നത് . ടിപ്പര്‍ ജോണി (ബാബുരാജ്) എന്ന ഡ്രൈവര്‍ തന്‍റെ ഭാര്യ ലിസ്സി (കിരണ്‍ ),മകള്‍,സഹോദരി സോഫി (പുതു മുഖം പേരറിയില്ല. നല്ല കൊച്ച്) (ഇതു ഇടയ്ക്ക് ജോണിയുടെ വകയിലുള്ള പെങ്ങളും ഇടയ്ക്ക് ഭാര്യയുടെ പെങ്ങള്‍ ആണെന്നും പറയുന്നുണ്ട്) എന്നിവരെ അതി ക്രൂരമായി കൊലപ്പെടുത്തി എന്ന വാര്‍ത്തയായിരുന്നു അത്. പോരാത്തതിനു തര്‍ക്ക വിഷയമായ സഹോദരിയേയും സ്വന്തം മകളെയും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരിക്കുന്നു ജോണി ...

ഇതെന്തോന്ന് അണ്ണാ,മനോരമ വാരികയിലെ തുടരനോ?മര്യാദക്ക് പറഞ്ഞെ ..

എടേ എങ്ങനെ പറഞ്ഞാലും ഇതു തന്നെയാണ് സംഗതി.പോലീസിനു സ്വയം കീഴടങ്ങുന്ന ജോണിയെ പോലീസുകാരും മറ്റു തടവുകാരും സ്ഥലത്തെ പൌരപ്രമണിമാരും എന്ന് വേണ്ട ആ സിനിമയില്‍ അഭിനയിക്കുന്ന ഏതാണ്ട് എല്ലാരും തല്ലി ഒരു വഴിക്ക് ആക്കുന്നു.അങ്ങനെ നാട്ടുകാര്‍ തല്ലു കൊടുത്തും ജോണി അത് സസന്തോഷം സ്വീകരിച്ചും കഴിയുന്ന അവസരത്തില്‍ ആണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നു കൈ മാറുന്നതും ഡേവിഡ് (പ്രിഥ്വിരാജ് ) എന്ന ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതും (കൊലപാതകം നടന്നു,പ്രതി കുറ്റം സമ്മതിച്ചു, നാട്ടിലും പോലീസിലും ആര്‍ക്കും ഇതില്‍ പരാതിയും ഇല്ല. എന്നാലും ഒന്ന് കൂടി അന്വേഷിക്കണ്ടേ . ഇല്ലെങ്കില്‍ പിന്നെ എന്തിന്ന പ്രിത്വിരാജ് ???).ഡേവിഡ്നു ആദ്യമേ സംഗതി ശരിയല്ല എന്ന് മനസിലാകുന്നു . ( അല്ല പിന്നെ ) അന്വേഷണം തുടങ്ങുന്നു.നാട്ടില്‍ പോയി അന്വേഷിക്കുമ്പോള്‍ (വേഷം മാറി പോയി എന്ന് വായിക്കണം .കാരണം ഗ്രാമത്തില്‍ വെച്ച് കാണിക്കുമ്പോള്‍ പ്രിത്വിക്കു മീശയില്ല.ഓഫീസില്‍ വെച്ച് കാണിക്കുമ്പോള്‍ നല്ല കട്ട മീശയും!!).അന്വേഷിച്ചു വരുമ്പോള്‍ ചുരുലഴിയുന്ന കഥ ഇപ്രകാരമാണ്.ജോണി ഒരു ദിവസം ഭാര്യയും,മകളും,ഈ അനിയത്തിയും ആയി ഈ ഗ്രാമത്തില്‍ താമസിക്കാന്‍ വന്നതാണ്‌.അവിടത്തെ ഗുണ്ട പാറ വാസുനെ അടിച്ചു തോല്‍പ്പിച്ചു അവിടെ ജീവിക്കുന്ന ഇയാള്‍ക്ക് സ്ത്രീകള്‍ ഒരു ദൌര്‍ബല്യമാണ്.(ദൌബല്യം എന്ന് പറഞ്ഞാല്‍ ചില്ലറ ഒന്നുമല്ല.ഇങ്ങേരുടെ പരാക്രമം കണ്ടാല്‍ ഇയാള് പ്രാതലിനും , അത്താഴത്തിനും,ചായക്കും എല്ലാം കൊട്ടക്കണക്കിന് വയാഗ്ര ആണോ കഴിക്കുന്നത് എന്ന് തോന്നിപ്പോകും). സോഫിയെ നോട്ടമുള്ള ഇയാള്‍ കൊച്ച് വളഞ്ഞു വരുന്നത് വരെയുള്ള സമയം വെറുതെ കളയാതെ അവിടുത്തെ പ്രമുഖ സ്ത്രീ രത്നങ്ങളായ ഷാപ്പ്‌ മേരി (ഐശ്വര്യ)തുടങ്ങിയവരുടെ അടുത്ത് പറ്റുപടി തുടങ്ങുന്നു(പിന്നെയും ബോറടിക്കുമ്പോള്‍ സ്ത്രീകള്‍ കുളിക്കുന്നിടത്ത് ഒളിഞ്ഞു നോക്കുക . രാത്രിയില്‍ വല്ലവരുടെയും കിടപ്പറയില്‍ ഒളിഞ്ഞു നോക്കുക ഇങ്ങനത്തെ ഗ്യാപ് ഫില്ലെര്‍സ് വേറെയും).പിന്നെ ജോണിയെ വലിയ കുറ്റം പറയാന്‍ പറ്റില്ല എന്നാണ് എന്‍റെ അഭിപ്രായം.സോഫിയുടെ കാര്യം തന്നെ നോക്കിയാല്‍,ജോണി സമീപിക്കുന്ന ഒരു രംഗത്തിലും ആ കൊച്ചിന് വലിയ എതിര്‍പ്പ് ഒന്നും ഉള്ളതായി തോന്നില്ല.(അത് പോലെ മൊത്തത്തില്‍ ആ നാട്ടിലെ സ്ത്രീകള്‍ക്ക് അയാളോട് ഒരു അനുകൂല മനോഭാവമാനുള്ളത്).
അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം ലിസ്സി ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുന്നത് കണ്ട ജോണി ഓടി വീട്ടില്‍ എത്തി സോഫിയെ പീഡിപ്പിച്ചു കൊല്ലുന്നു, തടസ്സം പിടിക്കാന്‍ വന്ന കൊച്ച് കുട്ടിയായ മകളെയും പീഡിപ്പിച്ചു കൊല്ലുന്നു .ലിസി തിരിച്ചു വരുമ്പോള്‍ മരിച്ചു കിടക്കുന്ന സോഫിയെയും മോളെയും കണ്ടിട്ട് ജോണിയുമായി വഴക്കുണ്ടാക്കുകയും ഒടുവില്‍ ലിസ്സിയെയും കുത്തി കൊല്ലുന്നു (ഭാര്യ ആയതു കൊണ്ടാവും പീഡിപ്പിക്കുന്നില്ല .ഭാഗ്യം !!)
ഇത്രയുമാണ് ആദ്യ റൌണ്ട് അന്വേഷണത്തില്‍ പറയപ്പെടുന്ന കഥ. അതില്‍ തൃപ്തനാകാതെ ഡേവിഡ്‌ നടത്തുന്ന തുടര്‍ അന്വേഷണത്തില്‍ പ്രേക്ഷകര്‍ ഞെട്ടിക്കുന്ന പല സത്യങ്ങളും അറിയുന്നു .

എന്തോന്ന് സത്യം ?

ടിപ്പര്‍ ജോണി സത്യത്തില്‍ ആള് വെറും പാവമാണ് എന്നും (ദൌര്‍ബല്യം സ്റ്റില്‍ ദേര്‍ ), നടന്നത് മൂന്ന് കൊലപാതകങ്ങള്‍ അല്ല നാലാണ് എന്നും ,കമാല്‍ പാഷ എന്നാ ബംഗ്ലൂരുകാരന്‍ (അനില്‍ ആദിത്യന്‍ ) ഈ സംഭവങ്ങളില്‍ ഒരു പ്രധാന കഥാപാത്രമാണ് എന്നുമൊക്കെ .ഒടുക്കം ടിപ്പര്‍ ജോണിയുടെ പ്രത്യേക അപേക്ഷ പ്രകാരം (ട്വിസ്റ്റ് , ട്വിസ്റ്റ് ഡേവിഡ് ജോണിക്ക് തൂക്കുകയര്‍ ഉറപ്പാക്കാനുള്ള ഒരു എസ് കത്തിക്കഥ കീഴുദ്യോഗസ്ഥന്‍ ജോര്‍ജിനെക്കൊണ്ട് എഴുതിച്ച് സ്ഥലം വിടുന്നു.തിയറ്ററില്‍ നിന്നും നമ്മളും. കമാല്‍ പാഷ ആരായിരുന്നു ? എങ്ങനെ അയാള്‍ കൊല്ലപ്പെട്ടു ? തനിക്കറിയാവുന്ന വിവരങ്ങള്‍ എന്തിനു ജോണി മറച്ചു വെച്ചു?ജോണിക്ക് സ്ത്രീകളോടുള്ള ആക്രാന്തം ഇത്ര മാരകം ആകാനുള്ള കാരണം എന്ത് ? (ഇതൊന്നും എന്നോട് ചോദിക്കല്ലേ .ചിരിച്ചു ചിരിച്ചു ഞാന്‍ ചാകും !!!) എന്നീ ഉദ്വേഗ ജനകമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ ഈ സംഭവം എന്ന് തന്നെ നേരില്‍ കാണുക

അണ്ണാ ....അപ്പൊ പടം ?

ഇത്രയും പറഞ്ഞിട്ടും നിനക്ക് കാര്യങ്ങള്‍ മനസിലായില്ലേ ? വെറും കൂറ എന്ന് പറഞ്ഞാല്‍ പോരാ. ഡേ ,കോടീശ്വരനായ അച്ഛന്റെ മകള്‍,ഒരു അവിഹിത ഗര്‍ഭത്തിന്റെ പേരില്‍ ഒരു ലോറിക്കാരനെ കല്യാണം കഴിച്ച് ഒരു ഓണം കേറാ മൂലയില്‍ വന്ന് മണല്‍ വാരല്‍ തൊഴിലാളിയായി ജീവിക്കുക.അത്തരം ഒരു കഥാപാത്രം സാമ്പിളായി എടുക്കാവുന്ന സിനിമയെ വിശേഷിപ്പിക്കാന്‍ വേറെ പദങ്ങള്‍ കണ്ടുപിടിക്കണം .ലിസ്സി എന്ന ഈ കഥാപാത്രം കൂടാതെ ജോണി വരുന്നതോടെ ഗുണ്ട സ്ഥാനം നഷ്ടപ്പെട്ട,നാട്ടില്‍ പോയി കുട്ടിയെ കളിപ്പിച്ചു ബാക്കി കാലം ജീവിക്കുന്ന പാററ വാസു,സല്‍ഗുണ സമ്പന്നനായ ജോണി ഉള്ള വീട്ടില്‍, അയാളുടെ മുന്നില്‍ നിന്ന് തികച്ചും നിഷ്കളങ്കമായി കുനിഞ്ഞു മുറ്റം അടിക്കുന്ന സോഫി ഇവരൊക്കെ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും

അണ്ണാ,ഒരു കാര്യം പറഞ്ഞാല്‍ തെറി വിളിക്കരുത്.

നീ പറ ചെല്ലാ.

അണ്ണാ ,ഈ ബാബുരാജ് ആള് മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ നല്ല പിടിപാടുള്ള ആളാണ്‌ എന്ന് തോന്നുന്നു .

അതുറപ്പല്ലേ ? അല്ലെങ്കില്‍ നാട്ടുകാര്‍ എങ്ങനെ എടുത്തുടുക്കണം എന്ന് അലോചിച്ചു നടക്കുന്ന സമയത്ത് പ്രിഥ്വിരാജ് ഒക്കെ ഇത്തരം ഒരു സിനിമക്ക് ഡേറ്റ് കൊടുക്കുമോ ?

അതാണ്‌. അപ്പോള്‍ അങ്ങേരുടെ നിര്‍മ്മാണ സംവിധാനത്തില്‍ പുറത്ത് വന്ന ഒരു സിനിമ കൂതറയാണ് എന്ന് ഞാന്‍ ചിത്രവിദ്വേഷത്തില്‍ പറഞ്ഞാല്‍...സംഗതി ഒരു സൈക്കോ ത്രില്ലെര്‍ ആണെന്ന് അടിച്ചാലോ ?

നിന്റെ വിഷമം എനിക്ക് മനസിലാകും അനിയാ ...ശരി നമുക്ക് ലൈന്‍ ഒന്ന് മാറ്റി പിടിക്കാം .

എങ്ങനെ ?

മനുഷ്യമൃഗം എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ടിപ്പര്‍ ജോണി ,സമീപകാലത്ത് മലയാള സിനിമ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും പ്രത്യേകതകള്‍ ഉള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് .പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയിന്റ് എന്ന ലോകോത്തര ക്ലാസ്സിക്കില്‍ ശ്രീ മമ്മൂട്ടി തൃശൂര്‍ ഭാഷ പറയുന്ന തിരുമണ്ടനായ അതെ സമയം സ്വന്തം ബുദ്ധി ഉപയോഗിച്ച് കോടികള്‍ ഉണ്ടാക്കിയ വ്യാപാരിയെ അവതരിപ്പിച്ച അതേ തന്മയത്ത്വത്തോടെയാണ് അഡ്വ: ബാബുരാജ് മനുഷ്യമൃഗത്തില്‍ ടിപ്പര്‍ ജോണിയെ അവതരിപ്പിച്ചിരിക്കുന്നത് പ്രാഞ്ചിയേട്ടന്റെ ഏറ്റവും വലിയ പ്രത്യേകത തൃശൂര്‍ ഭാഷ ആയിരുന്നെങ്കില്‍ , ജോണിയുടെ പ്രത്യേകത സ്ത്രീകളോടുള്ള അമിതാഭിനിവേശമാണ്.മണ്ടനായിട്ടും കോടികള്‍ ഉണ്ടാക്കുന്ന നിഷ്കളങ്കനായ ബുദ്ധിമാനായിരുന്നു പ്രാഞ്ചി എങ്കില്‍ ,മുപ്പതു മുപ്പത്തിയഞ്ച് വര്‍ഷം വളര്‍ത്തിയ മനുഷ്യന്റെ കോടിക്കണക്കിന് വരുന്ന സ്വത്ത് പുല്ലു പോലെ വേണ്ട എന്ന് വെച്ച് ടിപ്പര്‍ ഓടിച്ച്,കണ്ടവന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കിയും കുളിസീന്‍ കണ്ടും സന്തോഷത്തോടെ ജീവിക്കുന്ന നിഷ്കളങ്കനാണ് ജോണി.മലയാളിയുടെ വെള്ളമടി,ഒളിഞ്ഞു നോട്ടം,ചെറ്റപൊക്കല്‍ തുടങ്ങിയ വൃത്തികേടുകള്‍ക്ക് നേരെ ഒരു പരിഹാസ ചിരിയാണ് ഈ ചിത്രം .കടന്ന് പോയാല്‍ ചിലപ്പോള്‍ പഞ്ചവടിപാലം ഒന്നും ഒരു സറ്റയര്‍ എന്ന നിലയില്‍ മനുഷ്യമൃഗത്തിന്റെ വെട്ടത്ത് വരില്ല എന്ന് പറയാനും ഞാന്‍ മടിക്കില്ല .പ്രാഞ്ചിയേട്ടന്‍ കഷ്ടിച്ച് കട്ടക്ക് കൂടെ നില്‍ക്കും . മതിയാ ,അനിയാ ....

മതി അണ്ണാ ,മതി . ഇനി അഭിനേതാക്കള്‍ ,സംവിധാനം ഇതൊക്കെ ഒരു പൊടിക്ക് ഒന്ന് പറഞ്ഞാല്‍ ഞാന്‍ സംഗതി വെടിപ്പാക്കും.

അനിയാ, വേറെയാര്‍ക്കും അഭിനയിക്കാന്‍ ഒരവസരവും കിട്ടാത്ത രീതിയില്‍ ചിത്രത്തില്‍ ഉടനീളം മരിച്ചു അഭിനയിക്കുകയാണ് ശ്രീ ബാബുരാജ്‌ .കലാഭവന്‍ മണി അവതരിപ്പിച്ച പോലീസ് വേഷം ആ വാണി ചേച്ചിക്ക് കൊടുത്താല്‍ പോരായിരുന്നോ എന്നൊരു സംശയം. ബാക്കി ഉള്ള കിരണ്‍,പാറ,ജഗതി,ഇന്ദ്രന്‍സ്,അനില്‍ ആദിത്യന്‍,ഐശ്വര്യ,ദേവന്‍,സീമ എങ്ങനെ കുറെ പേര്‍ വന്നു എഴുതി വെച്ച ഡയലോഗ് ബാബുരാജിന്റെ തീവ്രമായ ഭവാഭിനയത്തിനു ഇടയിലൂടെ പറഞ്ഞിട്ട് പോകുന്നുണ്ട് .

അപ്പോള്‍ ചുരുക്കത്തില്‍ .....

ഇപ്പോളത്തെ ഒരു ട്രെന്റ് വെച്ച് ഈ വര്‍ഷം മനുഷ്യ മൃഗത്തിന് ദേശീയ പുരസ്‌കാരം കിട്ടിയില്ല എന്നറിയുമ്പോള്‍ നാം മലയാളികള്‍ ഈ ചിത്രത്തിന്റെ അണിയറക്കാരുടെ നേത്രുത്വത്തില്‍ ജൂറിയെ വിളിക്കാന്‍ പോകുന്ന തെറി ... ഹോ ഓര്‍ത്തിട്ടു തന്നെ രോമാഞ്ചം.

Sunday, July 17, 2011

കളക്ടര്‍ (Collector)

അനിയാ...... ഡേ.... എണീക്കെടെ നേരം ഉച്ചയായില്ലേ.

ഹാ.. ഇങ്ങേര്‍ക്ക് ഇതെന്തു വേണം .. ഇന്നലെ ഒരു പാര്‍ട്ടി ഒക്കെ കഴിഞ്ഞു വെളുപ്പിനാ വന്നു കിടന്നേ.

ശരി സമ്മതിച്ചു . എടെ നീ ഒരു നിരൂപകനല്ലേ (ആണെന്നാണല്ലോ നിന്‍റെ ഭാവം) മലയാളത്തില്‍ ഇത്രയും സിനിമ ഈ ആഴ്ച് ഇറങ്ങിയിട്ട് നിനക്കൊന്നും അറിയണ്ടേ .

അല്ല അതിനിപ്പോള്‍ ചാപ്പ കുരിശും , ഫിലിം സ്റ്റാര്‍ഉം ഞാന്‍ ചിത്രവിദ്വേഷത്തില്‍ കാച്ചിയല്ലോ.വേറെ ഏതു പടം?

എടാ കളക്ടര്‍ എന്നൊരു സിനിമ എവിടെ ഇറങ്ങിയത്‌ നീ അറിഞ്ഞില്ലേ ?

തള്ളെ ... തന്നെ അണ്ണാ? എപ്പോ ഇത്? ഞാന്‍ കരുതിയത്‌ ആ പടം പണ്ടേ വന്നു പോയി എന്നാണ് .

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയുടെ നാലാമത്തെ ചിത്രമായ രാഷ്ട്രം എന്ന സിനിമക്ക് ശേഷം അന്നൌന്‍സ് ചെയ്യപ്പെട്ട ചിത്രമാണ് ഇത് . കുറെ കാലം പെട്ടിയില്‍ ഇരുന്ന ശേഷം ഈ ആഴ്ചയാണ് സംഗതി വെളിച്ചം കണ്ടത് എന്ന് മാത്രം. രാഷ്ട്രം എടുത്ത അനില്‍ സി മേനോന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.കുറെ കാലം മുന്‍പ് ഷൂട്ട്‌ ചെയ്തത് കൊണ്ടാകണം സുരേഷ് ഗോപിയെ കാണാന്‍ കുറച്ചു ഭേദമാണ് ഈ ചിത്രത്തില്‍.

ഈ പടമൊക്കെ ആരെങ്കിലും കാണുമോ അണ്ണാ . ചുമ്മാ സമയം പാഴാക്കാന്‍ ....

അനിയാ വലിയ പരസ്യവും ബഹളവും ഇല്ലാതെ ഒരു നല്ല സിനിമ വന്നാല്‍ അത് ജനങ്ങളിലേക്ക് എത്തിക്കേണ്ട ഒരു മിനിമം ഉത്തരവാദിത്വം ഈ നിരൂപണം നടത്തുന്നു എന്ന് അവകാശപ്പെടുന്ന യോഗ്യന്മാര്‍ക്ക് ആര്‍ക്കും ഇല്ലേ? (നീയടക്കം ?).അല്ലാതെ ഈ കൊട്ടിഘോഷിക്കപ്പെടുന്ന പടങ്ങള്‍ മാത്രം കണ്ടാല്‍ നീയും ഈ ബൂലോകത്തെ കുഴല് ഊത്തുകാരും തമ്മില്‍ എന്താടെ വ്യത്യാസം?

അല്ല .. അത് പിന്നെ ... അപ്പോള്‍ ഈ പടം

എടേ മുന്‍പ് പറഞ്ഞതാണ്‌ ഹിന്ദി സിനിമയില്‍ എണ്‍പതുകളില്‍ മിഥുന്‍ ചക്രവര്‍ത്തി കത്തി നിന്ന കാലത്താണ് ഗോവിന്ദ എന്ന നടന്‍ വരുന്നത്. മിഥുന്‍ കാണിച്ചിരുന്ന സംഗതികള്‍ കുറച്ചു കൂടി ചെറിയ സെറ്റ്അപ്പില്‍ ചെയ്തു വന്ന ഗോവിന്ദയെ പാവപ്പെട്ടവരുടെ മിഥുന്‍ എന്നാണ് ആദ്യ കാലത്ത് വിളിച്ചു പോന്നത്.അങ്ങനെ നോക്കിയാല്‍ ഈ ചിത്രം മൊത്തത്തില്‍ ഒരു പാവപ്പെട്ടവരുടെ ചിത്രമായി കാണാം (കാശില്ലാത്തത്‌ കൊണ്ടുള്ള ദാരിദ്ര്യം വേറെ).പാവപ്പെട്ടവരുടെ ഷാജി കൈലാസായ അനില്‍ സി മേനോന്‍,പാവപ്പെട്ടവരുടെ മമ്മുട്ടി ആയ സുരേഷ് ഗോപി (മമ്മൂട്ടി - എം ടി = സുരേഷ്ഗോപി എന്നാണ് എന്‍റെ വിശ്വാസം ),പാവപ്പെട്ടവരുടെ ലക്ഷ്മി റായ് എന്ന് വിളിക്കാവുന്ന പുതുമുഖ നടി യാമിനി ശര്‍മ,പാവപ്പെട്ടവരുടെ ബാബുരാജ്‌ എന്ന് പറയാവുന്ന നല്ല തടിയുള്ള നടന്‍ (പേരറിയില്ല മാടമ്പി എന്ന സിനിമയില്‍ മോഹന്‍ലാലുമായി അടി കൂടുന്ന പോലീസ്.ലാലിനേക്കാള്‍ തടിയുള്ള ഒരു പക്ഷെ മലയാളത്തിലെ ഏക നടന്‍),പാവങ്ങളുടെ സിദ്ധിക്ക് ആയ അനില്‍ മുരളി,പാവങ്ങളുടെ സായികുമാറായ രാജീവന്‍ (എഫ് ഐ ആര്‍ലെ വില്ലന്‍ നരേന്ദ്രഷെട്ടി ),പാവങ്ങളുടെ ഭീമന്‍ രഘു അബു സലിം ഇങ്ങനെ കുറെ പാവങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.പിന്നെ മുഖ്യമന്ത്രി ആയി പതിവ് പോലെ ജനാര്‍ദ്ധനനും നായകന്‍റെ ചേട്ടനായി നെടുമുടി വേണുവും നായകന്‍റെ മരിച്ചു പോയ ഭാര്യ ആയി ലക്ഷ്മി ശര്‍മയും ഒക്കെ മിന്നി മറയുന്നുണ്ട്‌ ഈ ചിത്രത്തില്‍ .

അല്ല ഈ ചിത്രത്തിലെ കഥ ...?

സുരേഷ് ഗോപി ചിത്രത്തിന്റെ കഥ ചോദിക്കുന്ന നിന്നെയൊക്കെ ......എടാ സുരേഷ് ഗോപിയുടെ വിജയചിത്രങ്ങളുടെ എല്ലാം കഥ ഒന്ന് തന്നെയാണ്.അത് വേണ്ട പോലെ അവതരിപ്പിക്കാന്‍ അറിയാം എന്നതാണ് രണ്‍ജി പണിക്കരുടെ വിജയം,അത് കഴിയാതെ പോകുന്നതാണ് മറ്റു പല ചിത്രങ്ങളെ പോലെയും ഈ ചിത്രത്തിന്റെയും പരാജയ കാരണം.എന്‍റെ ഒരു ധാരണ, ഈ മലയാളി ചുമ്മാ തോക്ക് ഗോപി ഷിറ്റ് ഗോപി എന്നൊക്കെ പറയും എങ്കിലും അടിസ്ഥാനപരമായി മേലുദ്യോഗസ്തനോടും ഭരണകര്‍ത്താക്കളോടും ഫ്ഭ പുല്ലേ എന്ന് പറയുന്ന രോഷാകുലനായ നായകനെ ഇഷ്ടപ്പെടുന്നവരാണ്.മറ്റു പലരും, മമ്മൂട്ടി (ആവനാഴി വിട്ടേരെ) മുതല്‍ പ്രിഥ്വിരാജ് വരെയുള്ളവര്‍ നോക്കിയിട്ട് നടക്കാത്തതാണ് ആ സംഭവം എന്നത് പ്രത്യേകം സ്മരണീയം ആന്നേ,ഈ ചിത്രത്തില്‍ കൊച്ചി നഗരത്തെ വരിഞ്ഞു മുറുക്കുന്ന റിയല്‍ എസ്റ്റേറ്റ്‌ മാഫിയയും ജില്ല കലക്ടര്‍ അവിനാഷ് വര്‍മയും തമ്മിലുള്ള യുദ്ധമാണ് വിഷയം.റിയല്‍ എസ്റ്റേറ്റ്‌ മാഫിയ ആയി ന്യൂ ഇന്ത്യന്‍ ബില്‍ഡേഴ്സ് ഉടമ ജോണ്‍ വില്യംസ് (അനില്‍ ആദിത്യന്‍) കൊച്ചിയിലെ ഭൂ മാഫിയയുടെ തലവനാണ് .താത്പര്യമുള്ള ഭൂമി പണവും,കയ്യൂക്കും,മറ്റെന്തു മാര്‍ഗ്ഗവും കൊണ്ട് സ്വന്തമാക്കുന്ന വില്യംസിന് കൂട്ടായി ജലസേചന മന്ത്രി മാത്തച്ചന്‍ (കലാശാല ബാബു ),കൊച്ചിയുടെ പോലീസ് കമ്മീഷണര്‍ ജോര്‍ജ് മാത്യൂസ് (ബാബു രാജ് ), കൊച്ചി മേയര്‍ സീതാലക്ഷ്മി (മോഹിനി) എന്നിവര്‍ ഉണ്ട് .ഭൂമികള്‍ സ്വന്തമാക്കാനായി വില്യംസ് കൊലപാതങ്ങള്‍ പലത് ചെയ്യുന്നു .കൊച്ചിയില്‍ ആകെ മരണത്തിന്റെ ഗന്ധമാണ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി (ജനാര്‍ദ്ധനന്‍ ), അതിനു ഒരു പരിഹാരം കാണുവാന്‍ ഡല്‍ഹിയില്‍ നിന്നും അവിനാഷ് വര്‍മ്മ ഐ എ എസ് (സുരേഷ് ഗോപി) കൊച്ചിയിലെ കലക്ടര്‍ ആയി നിയമിക്കുന്നു .എ സി പി രേവതി (യാമിനി ശര്‍മ്മ ), സി ഐ സോമന്‍ (നേരത്തെ പറഞ്ഞ പാവങ്ങളുടെ ബാബു രാജ് ) , എന്നിവരുടെ സഹായത്തോടെ അവിനാഷ് വില്യംസ്സിന് എതിരെ നീക്കങ്ങള്‍ ആരംഭിക്കുന്നു.കൊല്ലപ്പെട്ട ഒരു നമ്പൂതിരി കുടുമ്പത്തിന്റെ ഇല്ലം സ്വന്തമാക്കാന്‍ വ്യാജ രേഖകള്‍ ചമയ്ക്കുന്ന വില്ല്യംസിനെ അവിനാശ് അറസ്റ്റ് ചെയ്യുന്നു .ലോക്കപ്പില്‍ വെച്ച് ആസ്ത്മാ രോഗിയായ വില്യംസ് മരിക്കുന്നു.പ്രതികാരത്തിനായി അയാളുടെ മൂത്ത സഹോദരന്‍ ജോണ്‍ ക്രിസ്റ്റഫര്‍ (രാജീവന്‍ ) കൊച്ചിയില്‍ എത്തുന്നു .പിന്നെ അവിനാശിന്റെ ജീവിതം കൂടുത സംഘര്‍ഷ ഭരിതവും,പ്രശ്ന സങ്കീര്‍ണ്ണവുമാകുന്നു .

അപ്പൊ പതിവ് പൊളിറ്റിക്കല്‍ മസാല എന്ന് എഴുതാം ,അല്ലെ അണ്ണാ ?

ഡേ , സുരേഷ് ഗോപി പൊളിറ്റിക്കല്‍ സിനിമകളില്‍ രണ്‍ജി പണിക്കര്‍ കൊണ്ട് വരാറുള്ള ഒരു ഫയര്‍ ഉണ്ട് .അതില്ലാത്ത , ചെറിയ ചെറിയ സ്പാര്‍ക്കുകള്‍ മാത്രമുള്ള ഒരു പൊളിറ്റിക്കല്‍ മസാല എന്ന് കാച്ചിക്കോ ?

ഡയലോഗുകള്‍ ?

തീ പാറുന്ന ഡയലോഗുകള്‍ ഒന്നുമില്ല.പക്ഷെ ജല ക്ഷാമം രൂക്ഷമാക്കി ,ഭൂമിയുടെ വില ഇടിച്ച് വന്‍തോതില്‍ അത് സ്വന്തമാക്കി ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉയര്‍ത്തുന്ന (ഫ്ലാറ്റുകളും വില്ലകളും വന്നു കഴിഞ്ഞാല്‍ പിന്നെ അവിടെ ജലക്ഷാമം തീരെ ഇല്ല ) പരിപാടി പോലുള്ള ചില സത്യങ്ങളെക്കുറിച്ച് നമ്മളെ ചിന്തിപ്പിക്കുവാന്‍ പോന്ന ഡയലോഗുകള്‍ പടത്തില്‍ അവിടിവിടെ ഉണ്ട് .

സുരേഷ് ഗോപി ?

സ്ക്രിപ്റ്റ് ആവശ്യപ്പെടുന്ന ഫയര്‍ അങ്ങേര്‍ അവിനാശ് വര്‍മ്മ എന്ന കഥാപാത്രത്തില്‍ കൊണ്ട് വന്നിട്ടുണ്ട് .സ്ക്രിപ്റ്റ് അത് ഒരുപാട് ആവശ്യപ്പെടാത്തത് അങ്ങേരുടെ കുറ്റം അല്ലല്ലോ.പിന്നെ അനിയാ , ഒരു പോലീസ് ഫോര്‍സ്സിനോട് "ഐ അം ദി ക്യാപ്ടന്‍ ഓഫ് ദി ടീം ആന്‍ഡ്‌ യു വില്‍ ഒബേ മൈ ഓര്‍ഡേര്‍സ് ' എന്ന് അജ്ഞാശക്തിയോടെ പറയുന്ന റോളുകള്‍ സ്ക്രീനില്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ ഇന്ന് സുരേഷ് ഗോപിയെ കഴിഞ്ഞേ മലയാളത്തില്‍ ആളുള്ളൂ .അത് ഒരു സത്യമാണ് . ഈ സിനിമയില്‍ ആ കഴിവ് പൂര്‍ണ്ണമായും ഉപയോഗിക്കാത്തത് അനില്‍ സി മേനോന്റെയും,തിരക്കഥയുടെയും കുഴപ്പം.

വില്ലന്‍ ?

സ്റ്റൈല്‍,ഡയലോഗുകള്‍ (വിജയ്‌ മേനോന്‍ ഡബ്ബിംഗ് ചെയ്യുന്നു ) എന്നിവയ്ക്ക് രാജീവന്‍ സ്ക്രീനില്‍ കൊള്ളാം .പക്ഷേ സുരേഷ് ഗോപി പടങ്ങളില്‍ വില്ലന്റെ അവതരണത്തിന് ചില രീതികള്‍ ഒക്കെയുണ്ട്.ഷാജി -രണ്‍ജി -സുരേഷ് ഗോപി പടങ്ങള്‍ ഒരു നാലെണ്ണം മര്യാദ്യക്ക് ഇരുന്ന് കണ്ടിരുന്നെങ്കില്‍ അനില്‍ സി മേനോന് ഒരു പക്ഷെ അത് മനസിലായേനെ.എഫ് ഐ ആര്‍ എന്ന സിനിമയില്‍ നരേന്ദ്ര ഷെട്ടി എന്ന വില്ലന്‍ സ്ക്രീനിലേക്ക് ആദ്യം വരുന്ന സീന്‍ പോലെ തന്നെയുള്ള ഒരു സീനാണ് ഇതില്‍ ജോണ്‍ ക്രിസ്റ്റഫറിന്റെ ആദ്യ വരവും.പക്ഷേ അതിനു മുന്‍പുള്ള ബിള്‍ഡ് അപ്പ്, ആ സീനിലെ സാഹചര്യങ്ങള്‍ ,ഇതൊക്കെ വീക്കാ.അങ്ങനെയുള്ള പ്രശങ്ങള്‍ ഈ പടത്തില്‍ ഉടനീളം ഉണ്ട് .ഒരല്‍പം സമകാലീന രാഷ്ട്രീയം പോലും ഇല്ലാതെ എന്തോന്ന് സുരേഷ്ഗോപി ചിത്രം ?

അവസാനം നായകനും വില്ലനും ബാബുരാജും കുറെ പുതിയ പിള്ളേരും ഒരു ഗ്രാഫിക്സ് ഹെലിക്കോപ്പ്റ്ററും ഒക്കെ ഉള്‍പ്പെട്ട ഒരു രംഗവും അതിനോടനോട് അനുബന്ധിച്ചുള്ള വെടിവെപ്പ് മത്സരത്തോടെയുമാണ് ആണ് ചിത്രം അവസാനിക്കുന്നത്‌ (വെടി വെക്കുമ്പോള്‍ തോക്കില്‍ നിന്നും തീ വരുന്നത് സ്പീല്‍ബെര്‍ഗ് ചിത്രങ്ങളെ വെല്ലുന്ന ഗ്രാഫിക്സ്ലൂടെ ആണ് കാണിച്ചിരിക്കുന്നത് ) .ഈ മലയാള സിനിമയിലെ വെടി വയ്പ്പ് മത്സരം (പ്രത്യേകിച്ചു ക്ലൈമാക്സ്‌ അടിപ്പിച്ചുള്ളത് ) ഈ സൂപ്പര്‍ താര പദവിയിലേക്കുള്ള യാത്ര പോലെ ആണെന്ന് പലപ്പോഴും തോന്നാറുണ്ട്.ആദ്യം കുറെ നേരം നായകനോ വില്ലനോ എത്ര നേരം ആര്‍ക്കിട്ട് വെടി വെച്ചാലും കൊള്ളില്ല.ഒരെണ്ണം എങ്ങാനും കൊണ്ട് കിട്ടിയാലോ പിന്നങ്ങോട്ട് മുകളിലോട്ടു വെടി വെച്ചാല്‍ പോലും ഒരുത്തന്‍ ചത്തു വീണു കളയും!!!
ഷൂട്ടിംഗ്നു ഇടയില്‍ നായികക്ക് കണ്ണ് ദീനം പിടിപെട്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . രാത്രി മുറിയില്‍ വെച്ച് നടക്കുന്ന രംഗങ്ങളില്‍ പോലും കൂളിംഗ്‌ ഗ്ലാസ്‌ ധരിക്കുന്നതിനു വേറെ കാരണമൊന്നും തോന്നുന്നില്ല.പാവം കൊച്ചു!! (നായിക) അത് ഏതാണ്ട് കടിച്ചു പൊട്ടിക്കുന്ന പോലെയാണ് ഡയലോഗ് പറയുന്നത് പോലും !!!!പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ക്ലൈമാക്സിലെ ഭീകരമായ ഒരു ട്വിസ്റ്റ്‌. അതുവരെ വില്ലന്മാരുടെ ഒപ്പം ഗ്വാ ഗ്വാ മുഴക്കി നിന്ന പോലീസ് കമ്മിഷണര്‍ ബാബുരാജ്‌(ഒര്‍ജിനല്‍ -പാവങ്ങളുടെ അല്ല ) രാഷ്ട്രീയക്കാരെ വെല്ലുന്ന രീതിയില്‍ കൂറ് മാറുകയും നായകനോടൊപ്പം അവസാനത്തെ വെടി വെപ്പ് മത്സരത്തില്‍ സ്വമേധയാ പങ്കെടുത്തു ഭീകര ഭാവാഭിനയതോടെ വീരചരമം പ്രാപിക്കുന്നും ഉണ്ട്‌ (ഇരിക്കട്ടെ നമുക്കും ഒരു ട്വിസ്റ്റ്‌).

അപ്പോള്‍ ചുരുക്കത്തില്‍ ....

സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ഏറെ കാലം പെട്ടിയിലിരുന്ന ഒരു പടത്തെ പറ്റി ലോകനിലവാരം പുലര്‍ത്തിയില്ല എന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ.വലിയ ഹിറ്റുകള്‍ ഒന്നും അടുത്തകാലത്തായി നല്‍കിയിട്ടില്ലാത്ത ഒരു താരം അഭിനയിക്കുന്ന കാലം തെറ്റി വന്ന, ഒരു ശരാശരി സുരേഷ്ഗോപി ചിത്രം എന്ന് ഒറ്റ വാക്കില്‍ ഈ ചിത്രത്തെ കുറിച്ച് പറയാം.പക്ഷെ ആദ്യ ദിവസങ്ങളില്‍ ആണെങ്കില്‍ പോലും തിയറ്ററില്‍ കണ്ട ജനവും (കൂട്ട ഇടി ആണെന്നല്ല ഈ പറഞ്ഞതിന് അര്‍ഥം) അവരുടെ പ്രതികരണവും ഇനിയും ഒരു ഷാജി - രണ്‍ജി - സുരേഷ് ഗോപി ചിത്രത്തിനുള്ള പ്രസക്തി വിളിച്ചു പറയുന്നതാണ്

Saturday, July 16, 2011

ചാപ്പാ കുരിശ് (Chappa Kurishu )

പുതുമ പുതുമ ......

എന്താടാ റാംജിറാവ് ലെ പാട്ടൊക്കെ പാടി പോകുന്നത് .

നിങ്ങളെ കാണാന്‍ തന്നെ ഇറങ്ങിയതാ അണ്ണാ . ഫിലിംസ്റ്റാര്‍നെ കുറിച്ച് പറഞ്ഞല്ലോ.പുതിയ സിനിമയുടെയും പുതുമയുടെയും കടുത്ത ആരാധകനായ നിങ്ങള്‍ ചാപ്പാ കുരിശു എന്നാ നവയുഗ സിനിമ കണ്ടില്ലേ.കാളകൂടം , ചിത്ര വിദ്വേഷം,മലയാള സിനിമയുടെ ബൂലോക നിരുപണ പ്രപഞ്ചം ഇവയെല്ലാം യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാനായി കാത്തിരിക്കുന്നു . അതിരിക്കട്ടെ അണ്ണാ എന്തുവാ ഈ ചാപ്പാ കുരിശു?ആ പേരില്‍ തന്നെ ഇല്ലെ ഒരു പുതുമ ?

അനിയാ ചാപ്പാ എന്താണ് എന്ന് എനിക്ക് വലിയ പിടിയില്ല നീയടക്കം ബൂലോകത്തുള്ള ഉള്ള കുറേ കുരിശുകളെ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് പഴയ കാലത്തേ ഒരു പീഡന (ഉപദ്രവിക്കുക എന്ന അര്‍ഥത്തില്‍ കാണുക. അടുത്തിടയായി ഈ വാക്കിന്റെ അര്‍ഥത്തില്‍ സമൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്)ഉപകരണം എന്ന അറിവ് കൂടാതെയുള്ള പരിചയം .ഹെഡ് ഓര്‍ ടെയില്‍ എന്നതിന് പകരം മധ്യ കേരളത്തില്‍ എവിടെയോ ഉപയോഗിക്കുന്ന വാക്കാണ്‌ പോലും ഇതു .(മര്യാദക്ക് ഹെഡ് ഓര്‍ ടെയില്‍ എന്ന് പേരിട്ടിരുന്നെങ്കില്‍ എത്ര ലളിതവും അര്‍ദ്ധവത്തും ആയേനെ എന്ന് ആരോര്‍ക്കാന്‍ ?)

അണ്ണാ, തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . നിങ്ങളുടെ ഈ നേരെ വാ നേരെ പോ എന്ന രീതി ഇക്കാലത്ത് പറ്റിയതല്ല.ഒരു നിരൂപകന് അംഗീകാരം വേണമെങ്കില്‍ ഒരു ബൌധിക ലൈന്‍ ആണ് നല്ലത് .അണ്ണന് അങ്ങനെ ഒന്ന് നോക്കികൂടെ ? എനിക്കും ഒരു ഉപകാരം ആയേനെ

മേല്‍പ്പറഞ്ഞ ലൈന്‍ ഇങ്ങനെ അണോടെ?ഒന്ന് കേട്ട് നോക്ക് .നമ്മുടെ സമൂഹത്തില്‍ പല നിലകള്‍ അഥവാ ഗ്രേഡുകള്‍ ഉണ്ടല്ലോ . അവയൊക്കെ എന്നും പല രൂപത്തില്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം.താഴത്തെ നിലയില്‍ ഉള്ള ഒരുത്തന് എന്ന് മുകളിലത്തെ നിലയില്‍ ഉള്ളവനോടുള്ള അസൂയ അഥവാ അമര്‍ഷം ഏതൊക്കെ പണ്ടേ ഉള്ളതാണ്. ഇതിനൊക്കെ മേലെ അവനെ ഭരിക്കുന്നത്‌ താന്‍ മോശക്കാരനാണ് എന്ന അപകര്‍ഷത ബോധം ആണ്.നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു തെരഞ്ഞെടുപ്പു പോലും നേരിട്ടിട്ടു ഇല്ല എന്ന് പറയുമ്പോള്‍ അദേഹം നേടിയ ഡിഗ്രികളുടെ കണക്കു പറയുന്നത് ഈ മനോഭാവം ആണെന്ന് ആണ് പലപ്പോഴും തോന്നിയിട്ടുള്ളത്.താഴെക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ സാഹചര്യവശാല്‍ ഉയര്‍ന്ന നിലയില്‍ ഒള്ള ഒരാളെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുകയും അതിലൂടെ തന്നിലെ അധമബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ തന്തു. ഇതു പറഞ്ഞിരിക്കുന്നത് രണ്ടു കഥാ പത്രങ്ങളെ ഉപയോഗിച്ചാണ്‌. അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) . പാവപ്പെട്ടവന്‍ . ഒരു നവയുഗ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയുന്നു.ബസില്‍ പോയി വരുന്നു.കൂടെ ജോലി ചെയുന്ന നഫീസയുമായി (നിവേദിത) അടുപ്പം (അവരുടെ കാഴ്ചപ്പാടില്‍ അത് പ്രേമമാകാം). അടുത്തത് അര്‍ജുന്‍,ഉന്നത വര്‍ഗം.അര്‍ജുനന് അന്‍സാരിക്ക് ഉള്ളതെല്ലാം ഉണ്ട് പക്ഷെ വളരെ കൂടുതല്‍ ആണെന്ന് മാത്രം. ഡ്രൈവര്‍ ഓടിക്കുന്ന കാറില്‍ ഓഫീസില്‍ പോകുന്ന,സമ്പന്നയായ പ്രതിശ്രുത വധു ആന്‍ (റോമ)യും ഓഫീസിലെ സ്റ്റാഫും കാമുകിയുമായ സോണിയ (രമ്യ നമ്പീശന്‍ ),ലക്ഷങ്ങളുടെയും കോടികളുടെയും constraction ബിസിനസ്‌ എന്നിവയെല്ലാം തന്നെ ഇവരുടെ ഫോണുകള്‍ പോലെ രണ്ടു ക്ലാസ്സില്‍ പെട്ടത് ആണ്.(അര്‍ജുന്‍ വിലപിടിച്ച ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അന്‍സാരി റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് കൂട്ടി കെട്ടിയ,പലപ്പോഴും അപ്രതീക്ഷിതമായി ബാലെന്‍സ് തീരുന്ന സാധാരണ ഫോണ്‍ ആണ് ഉപയോഗിക്കുന്നത് ).

അപ്പോള്‍ കിടിലന്‍ പടം എന്നു ധൈര്യമായി പറഞ്ഞോട്ടെ .

എടേ നീ ഈ തോക്കില്‍ കേറി വെടി വെക്കല്ലേ. പശ്ചാത്തലം ഒക്കെ തകര്‍ത്തു . പിന്നെ കഥ പോകുന്നത് ഇപ്രകാരം. ആനുമായുള്ള കല്യാണം നിശ്ചയിച്ചത് അറിയുന്ന സോണിയ തനി ഭാരതീയ വനിതയായി പൊട്ടിത്തെറിക്കുന്നു.അവളെ സമാധാനിപ്പിക്കാനായി അര്‍ജുന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഒരല്‍പം ഭീഷണിയുടെ സ്വരത്തില്‍ തങ്ങളുടെ ശാരീരിക ബന്ധം പകര്‍ത്തിയ ഒരു ക്ലിപ്പ് തന്‍റെ മൊബൈലില്‍ ഉള്ളത് കാണിക്കുന്നു.തുടന്നു തികച്ചും യാദ്രിസ്ചികമായി ആ മൊബൈല്‍,വേറൊരു ആവശ്യത്തിനു അവിടെ എത്തുന്ന,അന്‍സാരിക്ക് കിട്ടുകയും ചെയുന്നു.

ഇതു വരേക്കും സംഗതികള്‍ ഒരു വിധം ഓ കെ ആണ്‌. പിന്നെ അങ്ങോട്ട്‌ നമ്മള്‍ കാണുന്നത് തിരകഥ ക്രിത്തുക്കളായ സമീര്‍ താഹിറും ഉണ്ണിയും പിന്നെ ഫോണ്‍ കിട്ടിയ അന്‍സാരിയും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ്. പ്രധാനപെട്ട സംഗതികള്‍ (നേരത്തെ പറഞ്ഞ സംഗതികള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട് ) ഉള്ള ഫോണ്‍ നഷ്ട്ടപ്പെടുന്ന,അത് തിരിച്ചു കിട്ടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ പിന്നീടു അങ്ങോട്ട്‌ ഒരു തികഞ്ഞ മന്ദ ബുദ്ധിയെ പോലെയാണ് പെരുമാറുന്നത് . അന്‍സാരി തുടക്കം മുതല്‍ അവസാനം വരെ നല്ലവന്‍ ആയിരിക്കണം എന്ന സംവിധായക - തിരകഥ ക്രിത്തുകളുടെ വാശി സംഗതികള്‍ ഒരു വഴിക്കും പോകില്ല എന്ന അവസ്ഥയില്‍ എത്തിക്കുന്നു .സിനിമ കാണാന്‍ പോകുന്ന പ്രേക്ഷ കരുടെ പ്രതീക്ഷ മറ്റൊരു ട്രാഫിക്‌ കൂടെ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു .

അതെന്തിന്നാ അണ്ണാ ഈ പ്രേക്ഷകര്‍ മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിക്കുന്നെ? അവര്‍ക്ക് ഇതു വേറൊരു സിനിമയായി കണ്ടു കൂടെ ?

ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു, ആ സിനിമയിലുള്ള കുറെയധികം താരങ്ങളെ വെച്ച് പടം ഇറക്കുമ്പോള്‍ പിന്നെ ഇത്തിക്കര പക്കി എന്ന നസീര്‍ ചിത്രം പോലൊന്ന് പ്രതീക്ഷിച്ചു വേണോ ജനം പോകാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ...

അനിയാ,ഈ ചിത്രത്തില്‍ അന്‍സാരിയുടെ റോള്‍ ചെയ്യേണ്ടത് വിനായകനെ പോലെയുള്ള ഒരു നടന്‍ ആണ്‌ എന്നാണ് എനിക്ക് തോന്നിയത് (ബിഗ്‌ ബി,ജാക്കി മുതലായ അമല്‍ നീരദ് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആളാണ് കക്ഷി.പേരിത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം) വിനീത് ശ്രീനിവാസന്‍ന്റെ കുറ്റി താടിയും എണ്ണ മിഴുക്കുള്ള മുഖവും കാണിച്ചാല്‍ സാധാരണക്കാരന്‍ ആയി എന്ന ധാരണ തിരുത്തപ്പെടേണ്ട ഒന്നായാണ് എന്നിക്ക് തോന്നുന്നേ.ഇടവേള ആകുന്ന സമയത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത് (അതു വരെ സോണിയ തികഞ്ഞ ഒരു മെട്രോ വനിതയെ പോലെയാണ് പെരുമാറുന്നത്) തികച്ചും സിനിമാറ്റിക് ആയി തോന്നി.അത് പോലെ തന്നെ ക്ലിപ്പ് റെക്കോര്‍ഡ്‌ ചെയ്തു കഴിഞ്ഞു ഡിലീറ്റ് ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുന്ന അര്‍ജുന്‍. എന്ന് വെച്ചാല്‍ അയാള്‍ക്ക് സോണിയയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഒരു ഉദ്ദേശവും ഇല്ല എന്നും വെറും രസത്തിനാണ് ഷൂട്ട്‌ ചെയ്തത് എന്നും നമ്മളെ ബോധിപ്പിക്കുക എന്നതാവും ഉദേശം.

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ്‌ രസമായി തോന്നി . "നല്ല നാലു തല്ലു കിട്ടിയാല്‍ തീരുന്ന പ്രശനമേ ഇവന് ഉള്ളായിരുന്നു എങ്കില്‍ അത് ആദ്യമേ കൊടുത്തിട്ട് നമ്മളെ വിട്ടു കൂടായിരുന്നോ " .

അപ്പോള്‍ അഭിനയം ...?

അനിയാ വിനീത് ശ്രീനിവാസന്‍ പിച്ചക്കാരന്‍ ആയി അഭിനയിച്ചാലും അംബാനിയുടെ മകന്‍ ആയി അഭിനയിച്ചാലും ഒരു പോലെ ഇരിക്കും എന്നാണ് ഞാന്‍ ഇതു വരെ കണ്ട ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കിയത്‌ .ഫഹദ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു (കഥാപാത്രം ഇങ്ങനെയായത് അങ്ങേരുടെ കുറ്റം അല്ലല്ലോ ).ഭാവിയിലെ നവയുഗ സിനിമകളില്‍ ഉപയോഗിക്കാവുന്ന ഒരാള്‍ ആണെന്ന് തോന്നുന്നു ഫഹദ് എന്ന നടന്‍ . റോമയ്ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല (ഫോണ്‍ വിളിച്ചു പരിഭവം പറയുന്നത് ഒഴിച്ചാല്‍ ) രമ്യ നമ്പീശന്‍ , നിവേദിത എന്നിവര്‍ അവരുടെ റോള്‍ നന്നാക്കി .

ചുരുക്കത്തില്‍ ...

സംവിധായകനും തിരകഥകൃത്തും ഒഴികെ മിക്കവരും നന്നായ പടം .

Wednesday, July 13, 2011

ദി ഫിലിം സ്റ്റാര്‍ (Filim Star)

അവസാനം അതും കണ്ടു ....

എന്ത് കണ്ടു എന്നാ . മലയാള സിനിമയുടെ അന്ത്യമാണോ?

ഒന്ന് പോടെ. ഇതു നീ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ സമ്മതിച്ചേനെ.പക്ഷെ ഈ വര്‍ഷം പ്രതീക്ഷ നല്‍കുന്ന കുറച്ചു ചിത്രങ്ങള്‍ വന്ന വര്‍ഷമല്ലേ .(സൂപ്പര്‍ താരങ്ങളുടെ കൂതറകള്‍ പതിവ് പോലെ ഉണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല).ആരും കാണാത്ത ടി ഡി ദാസന്‍ ആയിരുന്നല്ലോ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ വെച്ചും ഏറ്റവും ഉജ്വലം. അതിരിക്കട്ടെ ഞാന്‍ ഇപ്പോള്‍ പറഞ്ഞത് കുറെ കാലമായി ദാ ഇപ്പോള്‍ വരും ഇപ്പോള്‍ വരും എന്ന് കേട്ടുകൊണ്ടിരുന്ന ഫിലിംസ്റ്റാര്‍ എന്ന ചിത്രത്തെ പറ്റിയാണ് . അവസാനം ഇന്നു സംഭവം കാണാന്‍ ഭാഗ്യം ഉണ്ടായി.കഥയുടെ വണ്ണ്‍ ലൈന്‍ കേട്ടപ്പോള്‍ ഈ വര്‍ഷത്തെ നല്ല സിനിമകളുടെ നിരയില്‍ ഒരെണ്ണം കൂടി വരുന്നു എന്ന് സത്യമായും എന്നിക്ക് തോന്നിയതുമാണ്

ഓ അത് അവസാനം ഇറങ്ങിയോ? കഴിഞ്ഞ ആഴ്ചയും ഇറങ്ങും എന്നു പറഞ്ഞു പേടിപ്പിച്ചതാണല്ലോ.ഞാന്‍ ഒരെണ്ണം എഴുതി തുടങ്ങി അണ്ണന്‍ ഇതൊന്നു കേട്ടിട്ട് എങ്ങനെ ഉണ്ടെന്നു പറഞ്ഞേ ഒരു "ഇതു" ഇല്ലെ ?
അറബികടലില്‍ തിരമാലകള്‍ ഇല്ലാതാകുന്ന നാള്‍,കേരളത്തിലെ യുവാക്കളുടെ ചുടു രക്തം വറ്റി വരളുന്ന നാള്‍ , അന്നാള്‍ വരെ മലയാളം സിനിമ ഞാന്‍ ഭരിക്കും.

തന്നെടാ ,തന്നെ. ഇന്ന് രാവിലെ ഫിലിംസ്റ്റാറിന് ക്യൂ നില്‍കുമ്പോള്‍ നിന്‍റെ വണ്ടി തിയറ്ററിന്‍റെ മുന്നില്‍ കൂടി പോകുന്നത് കണ്ടോ എന്ന് ഒരു സംശയം ഉണ്ടായിരുന്നു . ഇപ്പൊ ഉറപ്പായി . അല്ലഡേ ,പണ്ടൊക്കെ വല്ലവന്‍റെയും നിരൂപണം പൊക്കി എഴുതുന്ന പരിപാടി ഒക്കെ നിറുത്തി ഇപ്പൊ നീ സ്വന്തം നിലയ്ക്ക് പോസ്റ്റര്‍ നോക്കി സംഭവം എഴുതാന്‍ തുടങ്ങിയാ ?ഈ വാചകം ഞാന്‍ തീയറ്റര്‍നു മുന്നിലെ ഫാന്‍സ്‌ ബോര്‍ഡില്‍ വായിച്ചതു ആണല്ലോ

നിങ്ങള്‍ ആളെ വടിയാക്കാതെ പടത്തിന്‍റെ വിശേഷങ്ങള്‍ പറഞ്ഞേ. ആരാ അണ്ണാ ഇതിന്‍റെ സംവിധായകന്‍? ബാക്കി ആള്‍ക്കാര്‍? എനിക്ക് ദിലീപ് ഉണ്ടെന്നല്ലാതെ വേറെ ഒന്നും ഈ ചിത്രത്തെ പറ്റി അറിയില്ല .

പുതുമുഖം എന്നു ഞാന്‍ കരുതുന്ന സഞ്ജീവ് രാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .ക്യാമറ സാലു ജോര്‍ജ്. വൈഡ് സ്ക്രീന്‍ സിനിമയുടെ ബാനെറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ മണി ,സലിം കുമാര്‍,സുരാജ്,കോട്ടയം നസീര്‍,സാദിഖ്‌,ബാബുരാജ്‌,ദേവന്‍,രംഭ,മുക്ത തുടങ്ങിയവര്‍ അഭിനയിക്കുന്നു .

പടം എങ്ങനെ ?

നല്ലോരു കഥയായി പറയാമായിരുന്ന ഒരു സംഭവം . ശരാശരിക്കും താഴെ നിലവാരമുള്ള ഒരു പടമായി എടുത്തു വെച്ചിട്ടുണ്ട്

ജനപ്രിയ നായകന്‍ ദിലീപ് ...

ഡേ , ഈ സ്ഥാനപ്പേരുകളുടെ പിന്നാലെ പോയി ലയണ്‍, ഡോണ്‍ തുടങ്ങിയ പടങ്ങള്‍ ഇറക്കി കുത്തുപാള ഒരെണ്ണം സെറ്റപ്പ് ചെയ്തു വെച്ച നിലയില്‍ നിന്നും അത്യാവശ്യം ഒന്ന് പിടിച്ചു കയറി വരുന്നതെ ഉള്ളു അങ്ങേര്‍.നീയൊക്കെ കൂടി വീണ്ടും അങ്ങേരെ കുഴിയിലാക്കി കൊടി നാട്ടും, അല്ലെ ?

എന്നാല്‍ വെറും ദിലീപ് എങ്ങനെ ?

ദിലീപ് ഈ സിനിമയില്‍ സഹ നായകന്‍ ആണോ അതോ ഗസ്റ്റ് ആണോ എന്ന് സംവിധായകനും ,തിരക്കഥാകൃത്തിനും മാത്രമേ അറിയു.

അപ്പോള്‍ ദിലീപ് അല്ലെ ഈ പടത്തിലെ ഹീറോ ?

എവിടെ ? നല്ല ഒന്നാന്തരം പായുംപുലി മോഡല്‍ പടമാണ് മോനെ ഇത് .വിത്ത്‌ അവിടിവിടെ ദിലീപിന്‍റെ മിന്നലാട്ടം .

എന്നാലും , സ്ക്രീനില്‍ വരുന്ന സീനിലോക്കെ ദിലീപ് തകര്‍ത്തോ ?

ഡേ , ഒന്നാമത് ഒരു അവിഞ്ഞ കഥാപാത്രം , അതിനിടെ ചില സീനുകളില്‍ ദിലീപ് കയറി അഭിനയിച്ച് നമ്മളെ പേടിപ്പിക്കുകയും ചെയ്യും.എനിക്ക് ബോറായിട്ടാണ് തോന്നിയത് .

ഛെ , കളഞ്ഞില്ലേ . ങ്ങാ പോട്ടെ . കലാഭവന്‍ മണി എങ്ങനെയുണ്ട് ?

സുപ്പര്‍സ്റ്റാര്‍ സൂര്യകിരണ്‍ എന്നൊരു സിനിമാ നടന്‍റെ വേഷമാണ് പുള്ളിക്ക് ഇതില്‍ .പാവത്തം തോന്നിപ്പിക്കുന്ന സീനുകളില്‍ താന്‍ ഒരു നിഷ്കളങ്കനാണ് എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചേ അവരെ വിടു എന്ന വാശിയിലെ പെര്‍ഫോമന്‍സുകള്‍ ഒഴിച്ചാല്‍ വലിയ കുഴപ്പമില്ല.

കലാഭവന്‍ മണിയാണോ ഫിലിംസ്റ്റാര്‍ .അപ്പൊ ദിലീപോ ?

നന്ദഗോപന്‍ എന്ന തിരക്കഥാകൃത്ത് .ഓട്ടു കമ്പനിയില്‍ ദിവസക്കൂലിക്ക് കണക്കെഴുതുന്നതിനിടെ കഷ്ടപ്പെട്ട് എഴുതിയ അഭയാര്‍ത്ഥികള്‍ എന്ന തിരക്കഥ സൂര്യകിരണിനെ നായകനാക്കി ഒരു സിനിമയാക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ഒരു എഴുത്തുകാരന്‍ .

കിടിലം ത്രെഡ് ...ഒരു ഉദയനാണ് താരം ലൈന്‍ ആകാമായിരുന്നു അല്ലെ ?

അതല്ലേ സങ്കടം .ഉദയനാണ് താരത്തിന്‍റെ യാതൊരു ഫീലും ഇല്ലാതെ ഉഗ്രനായി പറയാവുന്ന കഥയാണ്‌ പടത്തില്‍.

അത് കഥ ബാക്കി കൂടി കേട്ടിട്ട് ഞങ്ങള്‍ നിരൂപകര്‍ തീരുമാനിക്കാം. ബാക്കി പറഞ്ഞേ.

നന്ദഗോപന്‍ എഴുതിയ തിരക്കഥ അയാളുടെയും,അയാളുടെ നാടായ ചിറ്റാരിവട്ടത്തെ ആളുകളുടെയും കഥയാണ്‌. അവരുടെ ദുരിതങ്ങളുടെയും , ത്യാഗങ്ങളുടെയും ആ കഥ സൂര്യകിരണോട് ഒന്ന് പറയാന്‍ തന്നെ അയാള്‍ക്ക് രണ്ടു വര്‍ഷങ്ങളുടെ അലച്ചില്‍ വേണ്ടി വരുന്നു .പക്ഷേ ഒടുവില്‍ കഥ പറയാന്‍ ലഭിക്കുന്ന അവസരത്തില്‍ , അയാള്‍ക്ക്‌ ആ കഥ ഫലപ്രദമായി സൂര്യകിരണോട് പറയുവാന്‍ സാധിക്കുന്നില്ല .സൂര്യകിരണ്‍ നന്ദഗോപനെ ഇറക്കി വിടുന്നു. പെട്ടന്നുള്ള വികാര വിക്ഷോഭത്തില്‍ തന്‍റെ തിരക്കഥ സൂര്യകിരണിന്‍റെ മുഖത്തേക്ക് വലിച്ചെറിഞ്ഞിട്ടാണ് നന്ദഗോപന്‍ പോകുന്നത് .പിന്നീട് ആ കഥ വായിക്കുന്ന സൂര്യകിരണ്‍ ചിറ്റാരത്തൊടി തന്നെ ലൊക്കേഷന്‍ ആക്കി ആ സിനിമ ചെയ്യുവാന്‍ തീരുമാനിക്കുന്നു .ഒപ്പം നന്ദഗോപനെ കണ്ടെത്താനും . തിരക്കഥ സിനിമയാക്കുന്നതിന് പിന്നില്‍ നന്ദഗോപനും, സൂര്യകിരണും അവരുടെതായ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നതാണ് കഥയിലെ വഴിത്തിരിവുകള്‍ . അഭയാര്‍ഥികള്‍ എന്നു പേരിടുന്ന ആ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത് ആ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സഖാവ് രാഘവന്‍ (തലൈവാസല്‍ വിജയ്‌ ) എന്ന വ്യക്തിയിലൂടെ ആ ഗ്രാമത്തിന്‍റെ കഥയാണ് . രാഘവന്‍റെ അനുയായികള്‍ ആയിരുന്ന തമ്പാന്‍ (ദേവന്‍) ഇന്നു മന്ത്രിയാണ് (ബാബു രാജ്, സാദിഖ്‌ പോലയുള്ള ശിങ്കിടികള്‍ വേറെയും ). ഏങ്ങനെ ഒരു സിനിമ ഇറങ്ങാന്‍ പോകുന്ന വാര്‍ത്ത‍ അറിഞ്ഞു അവര്‍ അസ്വസ്ഥരാകുന്നു.തുടന്നുള്ള സംഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു

നല്ല കഥ അല്ലെ അണ്ണാ ?

ഡേ,സിനിമയുടെ മുഴുവന്‍ കഥ ഞാന്‍ പറഞ്ഞതിലും നല്ലതാണ്.പക്ഷേ തൊണ്ണൂറുകളുടെ ആദ്യമെങ്ങാനും സ്വീകരിക്കേണ്ട ഒരു അവതരണ രീതി , ഒരു സെന്സുമില്ലാതെ വികസിപ്പിക്കപ്പെട്ട കഥാപാത്രങ്ങള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ കാലഘട്ടത്തിലെ ക്ലൈമാക്സ് (വിത്ത് ചില ഷാജി കൈലാസ് -രണ്‍ജി പണിക്കര്‍ നമ്പരുകള്‍ ) ഇതെല്ലാം ചേരുമ്പോള്‍ പടം കോഞ്ഞാട്ടയായി പോകുന്നുണ്ട്.

ചുമ്മാ നന്നാക്കാമായിരുന്നു എന്ന് പറഞ്ഞു തള്ളാതെ. എങ്ങനെ എന്ന് ഒന്ന് പറയാമോ ? ഉദാഹരണമായി സൂര്യ കിരണും നന്ദഗോപനും ആയി സൂപ്പര്‍ താരങ്ങള്‍ അവരുടെ അതുല്യ പ്രതിഭ കാഴ്ച വെച്ചിരുന്നു എങ്കില്‍ എന്നല്ലേ അണ്ണന്‍ ഉദേശിച്ചേ .

നീ എന്‍റെ കൈയില്‍ നിന്ന് വള്ളത് വാങ്ങിയിട്ടേ പോകു അല്ലെ . എടാ ഇങ്ങനെ ഒന്ന് ആലോചിച്ചു നോക്കിക്കേ . സൂര്യകിരണ്‍ എന്ന സൂപ്പര്‍ താരം. തികച്ചും വാണിജ്യ സിനിമകള്‍ ചെയ്തു മുന്‍നിരയില്‍ എത്തിയ ഇയാള്‍ക്ക് ഒരു നടന്‍ എന്ന നിലയില്‍ അംഗീകാരം നേടണം എന്നുണ്ട് . അങ്ങെനെ ഇരിക്കുമ്പോള്‍ നന്ദഗോപന്‍ കാണാന്‍ വരുന്നു .തിരകഥ വലിച്ചെറിഞ്ഞിട്ട്‌ പോകുന്നു. പോകുന്ന വഴിക്ക് അപകടം ആണോ കൊലപാതകം ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ അയാള്‍ കൊല്ലപ്പെടുന്നു.തിരകഥ വായിക്കുന്ന സൂര്യ കിരണ്‍ ഒരു അഭിനേതാവ് എന്ന നിലയ്ക്ക് കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായി കണ്ടു ഈ തിരകഥ ചലച്ചിത്രം ആക്കാന്‍ തീരുമാനിക്കുന്നു . സിനിമ എടുക്കാനായി ആ ഗ്രാമത്തില്‍ എത്തി ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ അവിടുത്തെ പ്രശ്നങ്ങളും ആള്‍ക്കാരുടെ ബുദ്ധിമുട്ടുകളും മനസിലാക്കി പതുക്കെ പതുക്കെ അവരില്‍ ഒരാളായി മാറുന്ന ഒരു രീതി ആയാലോ .തുടക്കത്തില്‍ തികഞ്ഞ വാണിജ്യ മനോഭാവത്തോടെ ആ ഗ്രാമത്തില്‍ എത്തുന്ന സൂര്യകിരണ്‍നു സംഭവിക്കുന്ന മാറ്റം സ്വാഭാവികമായി ചിത്രീകരിക്കാന്‍ കഴിഞ്ഞാല്‍ രംഗ് ദേ ബസന്തി പോലെ നമ്മള്‍ ഒക്കെ എന്നും ഓര്‍ക്കുന്ന ചിത്രം ആയേനെ ഇതും .(അത്യാഗ്രഹം ആണ് എന്നറിയാഞ്ഞല്ല!!)

അല്ല ഒരു സിനിമ നടന്‍ കേറി പൊതു ജനത്തിന്‍റെ പ്രശ്നങ്ങളില്‍ ഇടപെടുക എന്നൊക്കെ പറഞ്ഞാല്‍ .......

എന്താ കുഴപ്പം ? ഹല്ലാ ബോല്‍ എന്ന രാജ് കുമാര്‍ സന്തോഷി ചിത്രം പോലുള്ളവ ഇങ്ങനത്തെ തീം ഫലപ്രദമായി ഉപയോഗിച്ചിട്ടു ഉള്ളവയാണ്. പിന്നെ ഒരു ചെട്ടിയാര്‍ തുടങ്ങുന്ന സോപ്പ് കമ്പനി ആ ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം കുട്ടിച്ചോര്‍ ആക്കുന്നു എന്ന് പറയുന്നതിന് പകരം കൊക്കോ കോള പോലെയുള്ള ഒരു ബഹുരാഷ്ട്ര ഭീമന്‍ ആ ഗ്രാമത്തില്‍ ഉണ്ടാക്കുന്ന കുടി വെള്ള ക്ഷാമമോ എന്‍ഡോ സള്‍ഫാന്‍ പോലുള്ള പ്രശ്നങ്ങളോ ഒക്കെ കൊണ്ട് വന്നെങ്കില്‍ ഈ ചിത്രം കുറെ കൂടി ഗൌരവം ഉള്ള ഒന്നായി മാറിയേനെ. കലാഭവന്‍ മണിയും ദിലീപും പരസ്പരം റോളുകള്‍ വെച്ച് മാറുകയും .ചിത്രം ഒരു ദുരന്തപര്യവസാനി ആകുകയും ചെയ്തിരുന്നു എങ്കില്‍ തകര്‍ത്തേനെ.പിന്നെ അനിയാ ഇതൊക്കെ എനിക്ക് ചെയ്യാമായിരുന്നു എന്ന് തോന്നിയ കാര്യങ്ങള്‍. നിനക്കെന്തു തോന്നുന്നു എന്നത് നിന്‍റെ കാര്യം.പക്ഷെ ആദ്യത്തെ ഒരു അര മണിക്കൂറും പിന്നെ അവസാനത്തെ അഞ്ചു മിനിട്ടും പ്രത്യക്ഷപ്പെടുന്ന സുരാജ് മനുഷ്യന്‍റെ ക്ഷമയെ പരീക്ഷിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ എല്ലാരും യോജിക്കും എന്ന് ഉറപ്പാണ്‌.പിന്നെ ദേവനെ കുറഞ്ഞത്‌ ഒരു എം എല്‍ എ വരെ ഒകെ ആക്കിയാല്‍ (അല്ലെങ്കില്‍ പാര്‍ട്ടി ചാനല്‍ ചെയര്‍മാന്‍ പോലെ എന്തെങ്കിലും ) സഹിക്കാം . ഒരു മന്ത്രിയെ സൂപ്പര്‍ താരം ജനമധ്യത്തില്‍ ഇട്ടു തല്ലുക എന്നൊക്കെ പറഞ്ഞാല്‍ ..... കടുപ്പമല്ലേ

രംഭ,മുക്ത തുടങ്ങിയ നായികമാര്‍...അങ്ങനെ എന്തെങ്കിലും ആശ്വാസ വഴികള്‍ ?.

പായുംപുലിയിലെ മഴപ്പാട്ടിന്‍റെ ഓര്‍മ്മയായിരിക്കും അല്ലെ ? രംഭയുടെ (ഗസ്റ്റ് ആണ് ) ഒരു പാട്ട് ഉണ്ട്.പക്ഷെ അവരെ ഈ പടത്തില്‍ കണ്ടാല്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഐയഡിന്‍ മുക്കിയ പഞ്ഞി പോലെയുണ്ട്. മുക്ത,കുറെ കരഞ്ഞ് നിലവിളിച്ച് അലമ്പാക്കി നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്നു. വേറെ ഒരു പ്രയോജനവും ഇല്ല .

സംഗീതം ? ക്യാമറ ? ...

ഡാ!!!

അല്ല അണ്ണാ , മിനിമം സാങ്കേതികം പറയാതെ നിരൂപണം പാടില്ലെന്നാ കാളകൂടത്തിന്‍റെ പുതിയ പോളിസി. അതാ.

രണ്ടും ഒരു പത്തു കൊല്ലത്തെ പഴക്കം തോന്നിക്കുന്നത് അവഗണിച്ചാല്‍ പോലും ബോറാണ് .

അപ്പോള്‍ ചുരുക്കത്തില്‍ ...

നല്ലൊരു പടമാകാനുള്ള എലാ കോപ്പും ഉണ്ടായിട്ടും,നശിപ്പിക്കപ്പെട്ട ഒരു സിനിമ .

Monday, July 11, 2011

മര്‍ഡര്‍ 2- Murder 2

അണ്ണാ , നിങ്ങള്‍ ആള് കൊള്ളാമല്ലോ ?

അത് നിനക്ക് ഇപ്പോഴാണോ മനസിലായത് ?

അല്ല , രതിനിര്‍വ്വേദം കൊള്ളില്ല എന്ന് പറഞ്ഞിട്ട് , ഇന്നലെ രാത്രി വീണ്ടും തിയറ്ററിലോട്ട് കേറി പോണത് കണ്ടല്ലോ ?

ഓ അതാണോ .അത് ഒരു ഹിന്ദി രതിനിര്‍വ്വേദം കാണാന്‍ പോയതാഡേ .

എന്തോന്ന് ?

ഡേ, ആ കോമ്പ്ലക്ക്സിലെ രണ്ടാമത്തെ തിയറ്ററില്‍ മര്‍ഡര്‍ 2 ഓടുന്നുണ്ട് . നീ ഇതൊന്നുമറിയാതെ നിരൂപകന്‍ ആണെന്ന് പറഞ്ഞ് തെക്ക് വടക്ക് നടന്നോ.

അണ്ണാ , മലയാള സിനിമ കഴിഞ്ഞാല്‍ ഞങ്ങള്‍ പിന്നെ ഫിലിം ഫെസ്റ്റിവെലുകളില്‍ മാത്രമേ സാധാരണ താത്പര്യം കാണിക്കാറുള്ളു

ഫ്രീ ആയിട്ടു ഇക്കിളി സിനിമകള്‍ കാണാന്‍ അല്ലെ ?

നിങ്ങള്‍ ആളെ വടിയാക്കാതെ മര്‍ഡര്‍ ൨ ന്‍റെ വിശേഷങ്ങള്‍ പറ . മല്ലിക ഷെറാവത്ത് തകര്‍ത്ത് വാരിയ പടമല്ലേ മര്‍ഡര്‍? അപ്പോള്‍ രണ്ടാം ഭാഗവും മോശമാകാന്‍ വഴിയില്ല .

എന്നൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഞാനും പടത്തിന് പോയത് . പടം തുടങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസിലായി. മര്‍ഡര്‍ 2 വിന് പേരിലല്ലാതെ മര്‍ഡര്‍ എന്ന ഇമ്രാന്‍ ഹഷ്മി- മല്ലിക ഷെറാവത്ത് സിനിമയുടെ കഥയുമായി ബന്ധമൊന്നും ഇല്ല .

കഥയൊക്കെ വഴിയെ പറയാം .ആദ്യം മല്ലികയ്ക്ക് പകരം ഈ സിനിമയില്‍ അഭിനയിച്ച ജാക്വലിന്‍ ഫെര്‍ണാണ്ടെസ് എങ്ങനെ ഉണ്ടെന്ന് പറ .

നിങ്ങള്‍ പ്രൊ: നിരൂപകരുടെ വൃത്തികെട്ട ഭാഷയില്‍ പറഞ്ഞാല്‍ . മര്‍ഡറില്‍ മല്ലികയ്ക്ക് ലഭിച്ച അത്ര 'തുറന്ന് ' അഭിനയിക്കാനുള്ള അവസരങ്ങള്‍ ഈ ചിത്രം ജാക്വലിന് നല്‍കുന്നില്ല എന്നത് തികച്ചും നിരാശാജനകമാണ് .

അപ്പൊ പോയിട്ട് കാര്യമില്ല അല്ലെ ?

ഫാസ്റ്റ് ഹാഫില്‍ ചൂടന്‍ രംഗങ്ങള്‍ കുറച്ചൊക്കെ ഉണ്ട് . സെക്കണ്ട് ഹാഫ് മൊത്തം ക്രൈം ത്രില്ലര്‍ ആണ് എന്നാണ് സംവിധായകന്‍ മോഹിത് സൂരിയുടെ ഭാവം.

ഛെ , കളഞ്ഞില്ലേ. ആ പോട്ട് പുല്ല്. ത്രില്ലര്‍ എങ്കില്‍ ത്രില്ലര്‍, സംഭവം എങ്ങനെ ഉണ്ട് ?

ഡേ , മൊത്തത്തില്‍ ഒരു അലമ്പ് പടം .

അല്ല അപ്പൊ ത്രില്ലര്‍...

കുന്തം. അത് സംവിധാകന്‍റെ ആഗ്രഹം . പക്ഷെ അത് സ്ക്രീനില്‍ എത്തിയപ്പോള്‍ വെറും കൂറ പടമായി.

അഭിനേതാക്കള്‍ , സംഗീതം , ക്യാമറ , എഡിറ്റിംഗ് , ഇതൊക്കെ ?

എന്തിനാടാ നിറുത്തിയത് , വസ്ത്രാലങ്കാരം, കളറിംഗ് , ഗതാഗതം , പി ആര്‍ , ഫിനാന്‍സ് ഇതൊക്കെ കൂടി ചോദിക്ക് .

വേണ്ട അണ്ണാ. അഭിനേതാക്കള്‍ എങ്ങനെ ഉണ്ടെന്നെങ്കിലും ...

ഒരു ഹാസ്യ വിഗ്ഗും വെച്ച് , ലോകം മുഴുവന്‍ കൊച്ചിലെ പീഡിപ്പിച്ചത്(ദുഃഖങ്ങള്‍ നല്‍കിയത് കൊണ്ട്- തെറ്റിദ്ധരിക്കരുത് ) കൊണ്ട് പോലീസ് ജോലി രാജി വെച്ച് കള്ളക്കടത്ത്കാരുടെ ഗുണ്ടാപ്പണി ചെയുകയും , ഫ്രീ ടൈമില്‍ കള്ള് കുടിച്ചു പെണ്ണ് പിടിച്ച് നടക്കുകയും ചെയ്യുന്ന, വേദനിക്കുന്ന ഒരു ആത്മാവ് .അതാണ്‌ ഇമ്രാന്‍ ഹഷ്മിയുടെ ഈ ചിത്രത്തിലെ നായക കഥാപാത്രം. മസില്‍ പിടിച്ച് നടക്കുക, ക്യാമറയിലേക്ക് തുറിച്ചു നോക്കുക , നായികയെ ഉമ്മ വെയ്ക്കുക ...ഈ മൂന്നു കാര്യങ്ങള്‍ ഇമ്രാന്‍ ഹഷ്മി ഈ പടത്തില്‍ ചെയ്തിട്ടുണ്ട് .കൂടുതല്‍ ഒന്നും അങ്ങേരെ കുറിച്ച് പറയാനില്ല . നായികാ ജാക്വലിന്‍ ആദ്യ പകുതിയിലെ മേനി പ്രദര്‍ശനം കഴിഞ്ഞ് പിന്നെ കുറെ നേരത്തേക്ക് അപ്രത്യക്ഷയാകും(ഇടയ്ക്കിടെ മിന്നി മറയും എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) .ക്ലൈമാക്സില്‍ വീണ്ടും പ്രത്യക്ഷപ്പെടും. അത്ര തന്നെ .പ്രത്യേകിച്ച് അഭിനയം പോയിട്ട് ഒന്ന് നേരെ ചിരിക്കാന്‍ പോലുമുള്ള അവസരം ആ കൊച്ചിന് ഈ റോള്‍ നല്‍കുന്നില്ല .

അപ്പോള്‍ അഭിനേതാക്കള്‍ ആരും കൊള്ളില്ല, അല്ലേ ?

അല്ലഡേ , മാനസിക രോഗിയായ വില്ലനായി പ്രശാന്ത് നാരായണന്‍ തകര്‍ത്തിട്ടുണ്ട്. ഉഗ്രന്‍ പെര്‍ഫോമന്‍സ് .പക്ഷെ ഈ കൂറ പടത്തിലായിപ്പോയി എന്ന് മാത്രം .മോഹിത് സൂരി എന്ന സംവിധായകനോട് സത്യത്തില്‍ എനിക്ക് ദേഷ്യം തോന്നിയത് പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച ധീരജ് പാണ്ഡേ എന്ന കഥാപാത്രത്തെ കണ്ടപ്പോഴാണ് . സംവിധയാകാന്‍ , ക്രിയറ്റിവിറ്റി കാണിച്ചു ചളമാക്കാത്ത ഒരു സിനിമയില്‍ ആയിരുന്നു ഈ കഥാപാത്രമെങ്കില്‍ ഒരു പക്ഷേ ഹിന്ദി സിനിമ എന്നും ഓര്‍ക്കുന്ന ഒരു വില്ലന്‍ കഥാപാത്രം കൂടി ഉണ്ടായേനെ .പക്ഷെ പറഞ്ഞിട്ട് കാര്യമില്ല .

പാട്ടുകളും കൊള്ളില്ലേ അണ്ണാ ?

അതല്ലേഡേ മറ്റൊരു സങ്കടം . മര്‍ഡറില്‍ നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു. മര്‍ഡര്‍ 2 വില്‍ നല്ലത് പോയിട്ട്, സഹിക്കാവുന്ന ഒരെണ്ണം പോലുമില്ല .

അപ്പോള്‍ ചുരുക്കത്തില്‍ വലിയ പ്രതീക്ഷകള്‍ ഒന്നും വേണ്ടാ എന്ന് സാരം.

നിന്‍റെ പ്രതീക്ഷ മര്‍ഡറിലെ മല്ലികയെ ഓര്‍ത്താണ് എന്ന് എനിക്കറിയാം. അത് ഏതായാലും വേണ്ട . പിന്നെ നല്ല പടമായിരിക്കും എന്നാ പ്രതീക്ഷയില്‍ വേണേല്‍ പൊയ്ക്കോ .ഒന്നാന്തരം നിരാശയോടെ മടങ്ങി വരാം .

അണ്ണന്‍ ഇതു പ്രതീക്ഷയുമായിട്ടാണ് പോയത് ?

അണ്‍ഫെയിത്ത്ഫുള്‍ എന്ന നല്ല ഇംഗ്ലീഷ് സിനിമയുടെ വൃത്തികെട്ട അനുകരണമായിരുന്നു മര്‍ഡര്‍ എന്നാണ് എന്‍റെ അഭിപ്രായം. അപ്പോള്‍ മര്‍ഡര്‍ 2 വിന് ഞാന്‍ എന്ത് പ്രതീക്ഷയും കൊണ്ടായിരിക്കും പോയിരിക്കുക ? നിനക്ക് എന്ത് തോന്നുന്നു

നായിക...

ലത് തന്നെ .പക്ഷെ തിയറ്ററില്‍ നടന്നത് ചതിയാണ് അനിയാ കൊടും ചതി !!!

Saturday, July 9, 2011

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ (Salt & Pepper)

അണ്ണാ വിശന്നിട്ടു കൊടല് കരിയുന്നു. ഇവിടൊന്നും ഇരുപ്പില്ലേ?

ഇന്ന് എവിടെ ഒന്നും ഉണ്ടാക്കിയില്ല അനിയാ അല്ലാതെ തന്നെ വയറു നിറഞ്ഞു .

എന്ത് പറ്റി പെട്ടന്ന് ഇനി മലയാളത്തില്‍ സൂപ്പര്‍ താരങ്ങള്‍ അബദ്ധം പറ്റി വല്ല നല്ല പടവും എടുത്തോ ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്നാ ചിത്രം കണ്ടു . സംവിധാനം ആശിക് അബു .

എന്‍റെ അമ്മോ .... ആ ഡാഡി കൂള്‍ എടുത്ത മഹാന്‍ അല്ലെ ? കാര്യം ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ പടമായത് കൊണ്ട് മമ്മുട്ടിയുടെ അഭിനയശേഷി വിനിയോഗിച്ചില്ല എന്നൊക്കെ എഴുതി തടി തപ്പി എങ്കിലും ഡാഡി കൂള്‍ കണ്ടു വെന്തു പോയത് എനിക്കെ അറിയൂ .ഇതൊക്കെ എങ്ങനെ പോയി കാണുന്നു?

എടെ നീ തോക്കില്‍ കേറി വെടി വെക്കാന്‍ ആണ് പരിപാടി എങ്കില്‍ ഞാന്‍ ദാ നിറുത്തി

അയ്യോ ചതിക്കല്ലേ . ഒന്ന് പടത്തെ പറ്റി പറഞ്ഞെ . എന്‍റെ കാളകൂടം .... ഒരു നിരൂപകന്‍ എന്ന നിലക്കുള്ള എന്‍റെ സ്ഥാനം ...?

അനിയാ ഇതാ പിടിച്ചോ സംഗതി .. കഥ തിരകഥ സംഭാഷണം ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍ . അഭിനേതാക്കള്‍ താടി ലാല്‍ (ഈ രണ്ടു വാക്കുകളും ഒരുമിച്ചു വരുമ്പോള്‍ അത്ര പേടിക്കണ്ട.ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആകുമ്പോള്‍ സ്വന്തം റിസ്കില്‍ കാര്യങ്ങള്‍ കൈ കാര്യം ചെയുക ), അസിഫ് അലി ,ശ്വേത മേനോന്‍,മൈഥിലി (പലേരി മാണിക്യം),കല്‍പ്പന ,ബാബുരാജ് (നമ്മുടെ അഡ്വ ബാബുരാജ്‌ ),അര്‍ച്ചനകവി (ഗസ്റ്റ്‌) എന്നിവരോക്കെയാണ് അഭിനേതാക്കള്‍

ഈ സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്തത് കൊണ്ട് അഭിനയ മുഹൂര്‍ത്തങ്ങള്‍ കുറവായി ഇരിക്കുമല്ലോ അല്ലെ
.
നീയൊക്കെ എന്നാടെ നന്നാവുന്നെ? എടാ ഈ ചിത്രം സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ എടുത്തതിന്റെ എല്ലാ ഗുണവും കാണാനുണ്ട്.സുഖമായി രണ്ടു മണികൂര്‍ കണ്ടു പോകാവുന്ന ഒരു ചിത്രം അതാണ് സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍

അതെങ്ങനെ ശരിയാകും ? അഭിനയ മുഹൂര്‍ത്തങ്ങള്‍ , ഒരിക്കലും കേട്ടിട്ടില്ലാത്ത വിശ്വസിനീയമായ കഥ, അതിലെ പുതുമ എങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ടെങ്കിലെ മലയാളത്തിലെ പ്രബുദ്ധരായ പ്രേക്ഷകര്‍ ഒരു ചിത്രത്തെ അംഗീകരിക്കു

എഴുനേറ്റു പോടാ അവിടുന്ന് . മര്യാദക്ക് മനസമാധാനമായി രണ്ടു മണിക്കൂര്‍ കണ്ടു വരാവുന്ന ഒരു സിനിമയെ പറ്റി പറയുമ്പോള്‍ അതില്‍ നിനക്ക് ഇതൊക്കെ ഉണ്ടായാലേ പറ്റു അല്ലെ ?

ഞാനൊരു നിരൂപകന്‍ ആയി പോയില്ലേ. അണ്ണാ അപ്പോള്‍ ഇതിന്‍റെ കഥ ?

ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങള്‍ ,അതിലെ വിവിധ മേഖലകള്‍,ഇവയൊക്കെ കണ്ടെത്തി ആസ്വദിക്കാന്‍ ശ്രമിക്കുന്ന,ഭക്ഷണപ്രിയനായ അവിവാഹിതനായ, ആര്‍ക്കിയോളജിസ്റ്റ്‌ ആയി ജോലിചെയ്യുന്ന കാളിദാസന്‍ (ലാല്‍) ആണ് ഈ കഥയുടെ കേന്ദ്രബിന്ദു .ഇയാളുടെ കൂടെ പാചകക്കാരന്‍ ബാബുവും (ബാബുരാജ് ) ബന്ധുവായ മനുവും (ആസിഫലി) താമസിക്കുന്നു. അതെ നഗരത്തില്‍ താമസിക്കുന്ന,ചൊവ്വ ദോഷം മൂലം അവിവാഹിത ആയി തുടരുന്ന ,സിനിമാ ഡബ്ബിംഗ്‌ ആര്‍ട്ടിസ്റ്റായ മായ (ശ്വേതാ മേനോന്‍),കൂടെ താമസിക്കുന്ന മീനാക്ഷി (മൈഥിലി) ,വീട്ടു ഉടമയും ബ്യുടിപാര്‍ലര്‍ നടത്തുന്ന മരിയ (കല്‍പ്പന ) എന്നിവരും ഉണ്ട്. തികച്ചും യാദൃശ്ചികമായി (കൃത്യമായി പറഞ്ഞാല്‍ ഒരു റോങ്ങ്‌ നമ്പറില്‍ തുടങ്ങുന്ന കാളിദാസ് -മായ പരിചയം തുടക്കത്തില്‍ ഒരു ഉടക്ക് ലൈനില്‍ ആണെങ്കിലും പിന്നീടു അവരുടെ പാചക,ഭക്ഷണ കാര്യങ്ങളില്‍ ഉള്ള സമാന താല്പര്യങ്ങള്‍ ഒരു നല്ല ബന്ധത്തിന് വഴി ഒരുക്കുന്നു .(ഇവിടെയാണ് ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാ പരസ്യ വാചകത്തിന്‍റെ പ്രസക്തി .തട്ടിലെകുട്ടി ദോശ ഓര്‍ഡര്‍ ചെയ്യാന്‍ വിളിക്കുന്ന നായികയുടെ കാള്‍ ആണ് തെറ്റി കാളിദാസന്‍റെ ഫോണിലേക്ക് വരുന്നത് )
പരസപരം കാണാതെ ഫോണിലൂടെ വളരുന്ന ഈ ബന്ധം ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പരസ്പരം കാണാന്‍ തീരുമാനിക്കുന്ന ഇവര്‍ അവസാന നിമിഷം അതിനു ധൈര്യം വരാതെ മനുവിനെയും മീനാക്ഷിയെയുംഅവര്‍ക്ക് പകരം അയക്കുന്നു . കാളിദാസനും മായയും ആയി അഭിനയിച്ചു പരസ്പരം കാണുന്ന മനു - മീനക്ഷിമാര്‍ പരസപരം പ്രണയത്തില്‍ ആകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും ചിത്രത്തെ മുന്നോട്ടു നയിക്കുന്നു.

ഈ ചിത്രത്തില്‍ എടുത്തു പറയേണ്ട കഥാപാത്രം ബാബുരാജ്‌ അവതരിപ്പിച്ച ബാബു എന്ന കാളിദാസന്‍റെ പാചകകാരനെയാണ് . സ്ഥിരമായി ഗുണ്ട പോലീസെ വേഷങ്ങള്‍ ചെയുന്ന ഈ നടന്‍ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു . വേറെ ആരു കണ്ടില്ല എങ്കിലും ഇപ്പോള്‍ സ്ഥിരമായി കോമഡി ചെയുന്ന (ചെയ്തു കൊല്ലുന്ന) ശ്രീ ഭീമന്‍ രഘുനെ പോലെയുള്ളവര്‍ ഈ കഥാപാത്രത്തെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും,പ്രാഞ്ചിയേട്ടന്‍ എന്നാ ചലച്ചിത്ര കാവ്യത്തിലെ ശശി കലിംഗ അവതരിപ്പിച്ച പെണ്‍ പിള്ളേരെ കാണുമ്പോള്‍ ഇംഗ്ലീഷ് കവിത മാത്രം വരുന്ന ഈയപ്പനെ സൃഷ്‌ടിച്ച രഞ്ജിത് എന്ന പ്രതിഭയ്ക്ക് പോലും തികച്ചും സിമ്പിള്‍ എന്ന് പറയാവുന്ന ഈ പാത്രസൃഷ്ടിയില്‍ നിന്നും പഠിക്കുവാനുണ്ട്.ഒപ്പം ബാബുരാജ്‌ ഈ വേഷം നന്നായി ചെയ്തു എന്നും പറയാതെ വയ്യ.കാളിദാസന്‍ പണ്ട് പെണ്ണ് കാണാന്‍ പോയ വീടിലെ പാചകക്കാരനായിരുന്നു ബാബു ഉണ്ടാക്കിയ ഉണ്ണിയപ്പം ഇഷ്ട്ടപെട്ടു അയാളെ ഒപ്പം കൂട്ടിയതാണ് കാളിദാസ് .

അപ്പോള്‍ ഇതൊക്കെയാണ് സംഗതി . ചുരുക്കത്തില്‍ നല്ലൊരു ചിത്രം പോയി കാണണം എന്നുണ്ടെങ്കില്‍ പൊയ് കാണു .

അതല്ല അണ്ണാ ഒരു പൂര്‍ണത വരണമെങ്കില്‍ ......

മാര്‍ക്ക്‌ കൂടെ ഇടണം ആയിരിക്കും . അത്തരം കോമാളിത്തരങ്ങള്‍ നീ ചെയ്താല്‍ മതി

അയ്യോ അതൊക്കെ ഞാന്‍ തന്നെ ചെയ്തോളാം . ഇപ്പോളത്തെ പുതിയ ട്രെന്‍റ് മുഴുവന്‍ അഭിപ്രായവും എഴുതി കഴിഞ്ഞിട്ടു, പോരാത്തതിന് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും നമ്പര്‍ ഇട്ടു എഴുതുന്നതാണ്. അസാമാന്യമായ പ്രതിഭ ഉള്ളവര്‍ക്ക് മാത്രം പറ്റുന്ന പണിയാ അത്.ഞാന്‍ ഇതിനൊക്കെ എവിടെ പോകാനാ. അണ്ണന് ഒന്ന് ശ്രമിച്ചു നോക്കികൂടെ

നീ എന്‍റെ കയ്യില്‍ നിന്നും വാങ്ങും . എടേ പറ്റുലെങ്കില്‍ കളഞ്ഞിട്ടു പോടെ. എന്തായാലും ഇന്നാ പിടിച്ചോ

ഇഷ്ടപ്പെട്ടവ

1 )ലളിതമായ കഥ

2 )നല്ല ഒതുക്കമുള്ള അവതരണം /സംവിധാനം

3 )സ്വാഭാവികമായ ,എച്ചുകെട്ടില്ലാത്ത സംഭാഷണം ,പാത്രസൃഷ്ട്ടി

4 )എല്ലാ നടീ നടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു . അനാവശ്യമായ കഥാപാത്രങ്ങള്‍ തീരെയില്ല .(മലയാള സിനിമയില്‍ ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യമല്ലേ ?)

5 )ചില രംഗങ്ങള്‍ ചിത്രം തീരുമ്പോളും മനസ്സില്‍ നില്‍ക്കും

കാളിദാസനും ബാബുവും ആദ്യമായി കാണുന്ന രംഗം

ടെറസ്സില്‍ ഇരുന്നു ബീര്‍ അടിക്കുന്ന മായയും, മറിയയും ,മീനാക്ഷിയും തമ്മിലുള്ള സംഭാഷണം തുടങ്ങിയവ ഉദാഹരണം

6 )കേരളത്തിലെ പ്രസിദ്ധമായ ഭക്ഷണശാലകളിലൂടെ ഓട്ട പ്രദിക്ഷണം നടത്തുന്ന tittle song .

7 )വലിച്ചു നീട്ടി വൃത്തികേടാക്കാത്ത അവസാനം

8 )നല്ല രസികന്‍ ഛായാഗ്രഹണം

അപ്പോള്‍ ഇഷ്ട്ടപ്പെടത്തവയോ ?

1) മനുവും മീനാക്ഷിയും ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രേമത്തില്‍ ആകുന്നത്‌ .കാല് കുരുങ്ങിയ
ഒരാളെ ഓടയില്‍ നിന്നും എടുത്തു ആശുപത്രിയില്‍ എത്തിച്ചാല്‍ പ്രേമം നടക്കുമെങ്കില്‍ ,അനിയാ ഞാനൊക്കെ നല്ല കാലത്ത് വല്ല ഓടയുടെ അരികിലും സ്ഥിര താമസം ആക്കിയേനെ (ഫാര്‍എവേ ലുക്ക്‌ ) . അതിനു പകരം ഇവര്‍ക്കും മായ കാളിദാസ് പോലെ എന്തെങ്കിലും പൊതു ഇഷ്ടം/ഹോബി ഉണ്ടായിരുന്നെകില്‍ അത് കൂടുതല്‍ അടുക്കാന്‍ ഒരു വിശ്വസനീയമായ കാരണം ആയേനെ .

2) വിജയരാഘവന്‍റെ ട്രാക്ക് (വിശദീകരണ രംഗം) ഔട്ട്‌ ഓഫ് പ്ലേസ് ആയാണ് തോന്നിച്ചത്.

3) ചിത്രം കഴിഞ്ഞു അവിയല്‍ ട്രൂപ്പ് അവതരിപ്പിക്കുന്ന ആനക്കള്ളന്‍ എന്നൊരു ഗാനം കാണിക്കുന്നുണ്ട് .എനിക്ക് ശുദ്ധ ബോര്‍ ആയാണ് തോന്നിയത് .എന്തൊക്കെ കോപ്രായങ്ങള്‍ !!!

4) ഈ ചിത്രത്തില്‍ സ്ഥിരം ബ്യുട്ടി പാര്‍ലറില്‍ വരുന്ന ഒരു മുസ്ലിം വനിതയുണ്ട് . ബ്യുട്ടി പരിപാടികള്‍ കഴിഞ്ഞു , കണ്ണ് മാത്രം പുറത്തു കാണുന്ന ബുര്‍ക്ക എടുത്തു ധരിച്ചാണ് ആ സ്ത്രീ പോകുന്നത് .ചിത്രീകരിച്ചു കഴിഞ്ഞപ്പോള്‍ സംഗതി മത നിന്ദ അഥവാ പരിഹാസം ആയി വ്യഖനിക്കപ്പെടുമോ എന്ന് സംശയം തോന്നിയത് കൊണ്ടാകണം ആ സ്ത്രീ പുറത്തു കാത്തു നില്‍ക്കുന്ന ഭര്‍ത്താവിനെ മൂട് പടം ഉയര്‍ത്തി മുഖം കാണിക്കുകയും . അദേഹം അഭിനന്ദന സൂചകമായി എന്തോ പറഞ്ഞിട്ട് രണ്ടു പേരും പോകുന്നതും കാണിക്കുന്നുണ്ട് .കുറഞ്ഞ പക്ഷം ചെറുപ്പമായ ദമ്പതിമാര്‍ ആയിരുന്നെകില്‍ പോലും അതിനൊരു വൃത്തി വന്നേനെ . ഈ നമ്മുടെ കേരളത്തില്‍ ഒരു നാല്‍പ്പത്തി അഞ്ചു വയസ്സ് കഴിഞ്ഞ,സ്വന്തം ഭാര്യ (അന്യന്‍റെ അല്ല ) ബ്യുട്ടി പാര്‍ലറില്‍ പോയി സൌന്ദര്യം വര്‍ധിപ്പിച്ചു വരുമ്പോള്‍ "നീ എത്ര സുന്ദരി ആയിരിക്കുന്നു" എന്ന് പറയുന്ന ഭര്‍ത്താക്കന്മാര്‍ ( ഏതു മത വിഭാഗത്തില്‍ ആയാലും ) ഈ കേരളത്തില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിച്ചു. പോരെ ?

5)ഈ ചിത്രത്തില്‍ ഒരു സംവിധായകനെ കാണിക്കുന്നുണ്ട്,തികഞ്ഞ കോമാളിയും, മായയുടെ പുറകെ ഒലിപ്പിച്ചു നടക്കുന്ന (അവിഹിതം നടത്താന്‍ ക്ഷണിക്കുന്നു പോലും ഉണ്ട് ഇയാള്‍ ),മന്ദബുദ്ധിയെ പോലെ ഉള്ള ഇയാളുടെ രൂപ ഭാവങ്ങളില്‍ മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും ആയുള്ള പ്രകടമായ സാമ്യം,ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഗതി വെറും പോക്രിത്തരമാണ്. ശ്രീ ആഷിക് അബു, പച്ചിലകളും പഴുക്കും എന്നോര്‍ക്കുക.സംവിധായകന്‍ എന്ന നിലയില്‍ നിലവാരം ഇല്ലായ്മ തോന്നിപ്പിക്കുന്ന ഏക ഭാഗം ഇതു മാത്രമാണ് .

ഇത്രയുമേ തല്ക്കാലം ഓര്‍മ വരുന്നുള്ളൂ . നീ ഇതു കൊണ്ട് പോയി എന്തെങ്കിലുമൊക്കെ ചെയ്തു പച്ചരി മേടിച്ചു വീട്ടില്‍ കൊണ്ട് കൊട്. പടം കണ്ടിട്ടാണ് പോകുന്നത് എങ്കില്‍ പീഡനം അനുഭവിക്കാതെ,സമാധാനമായി , ഒരു മലയാള സിനിമ കണ്ടു സന്തോഷത്തോടെ വീട്ടില്‍ പോകാം .ഇങ്ങനത്തെ ചിത്രങ്ങള്‍ ഇനിയും ഉണ്ടാകട്ടെ.

Thursday, July 7, 2011

വേങ്കൈ

ഭരത് ധനുഷ് അഭിനയിക്കുന്ന ......

എന്തുവാ അണ്ണാ കണ്ട പാണ്ടികളെ ഒക്കെ കേറി ഇത്ര ബഹുമാനം കൊടുക്കണോ?

അനിയാ നീ പറഞ്ഞത് പറഞ്ഞു.ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥ വെച്ച് നോക്കിയാല്‍ നീ പറയുന്നതിന് അഹങ്കാരം എന്നല്ല അതില്‍ കൂടുതല്‍ വല്ലതും പറയേണ്ടി വരും.പിന്നെ ഭരത് എന്ന് പറഞ്ഞത് .... മികച്ച നടനുള്ള അവാര്‍ഡിനെ ഭരത് അവാര്‍ഡ്‌ എന്ന് പറയാറില്ല എന്ന് അറിയഞ്ഞല്ല.പക്ഷെ ഈ സൂപ്പര്‍ താരങ്ങള്‍ പേരിന്‍റെ മുന്‍പിലുള്ള അനേകം സാധനങ്ങളുടെ കൂടെ ഭരത് എന്ന വാക്കും ലാവിഷ് ആയി ഉപയോഗിക്കുന്നത് കണ്ടു പറഞ്ഞു പോയെന്നെ ഉള്ളു.ആടുകളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ധനുഷിന് ദേശീയ അവാര്‍ഡ്‌ കിട്ടിയതില്‍ നമ്മുടെ നാട്ടില്‍ പലര്‍ക്കും ഉള്ള വിഷമം മാറി കാണില്ല.(അതിലും വിഷമം കോമാളി കളിച്ചു നടന്ന സലിം കുമാറിനും കിട്ടിയത് ആണെന്ന് ഇവിടെ പറയണ്ട ).

ശരി എനിക്ക് വഴക്കുണ്ടാക്കാന്‍ വയ്യ . അപ്പോള്‍ അണ്ണന്‍ ധനുഷ് തമന്ന ജോഡി അഭിനയിച്ച വേങ്കൈ എന്ന പടം കണ്ടു അല്ലെ.അത് പറയാനാണോ എത്രയും ബില്‍ഡ് അപ്പ്‌ ?

തന്നെടെ തന്നെ ഇന്നലെ തന്നെ പോയി സംഭവം കണ്ടു . ഇവരെ കൂടാതെ പ്രകാശ്‌ രാജ്,രാജ് കിരണ്‍,ഉര്‍വശി,സുധാ ചന്ദ്രന്‍,ഗന്ജാ കറുപ്പ്,ലിവിംഗ്സ്റ്റണ്‍‍,ചാര്‍ലി തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ട് . സംവിധാനം ഹരി .

ആരു നമ്മുടെ സിംഗം എടുത്ത ഹരിയോ ?

തന്നെ എന്നാണ് തോന്നുന്നത് . ഇങ്ങേരുടെ പടത്തില്‍ നമ്മുടെ സത്യന്‍ അന്തിക്കാടിന്‍റെ പഴയ പടങ്ങളില്‍ കാണുന്ന ഗ്രാമവും, നിഷ്കളങ്കരും,ചായക്കടയും എന്ന പോലെ ആണ് കുഗ്രമവും,വലിയ,ഷര്‍ട്ട്‌നകത്ത് വയ്ക്കുന്ന നീളമുള്ള വെട്ടുകത്തിയും,പിന്നെ വെട്ടും കുത്തും.ഈ പടത്തിലും സംഗതി അതൊക്കെ തന്നെ .

അല്ല ധനുഷ് .....

ധനുഷ്നെ വെച്ച് തികഞ്ഞ ഒരു ഫോര്‍മുല മസാല ചിത്രമാണ് ഹരി ഇതിലൂടെ എടുത്തു വെച്ചിരിക്കുന്നത്.പാണ്ടിയപുരം എന്ന ഗ്രാമം,അവിടത്തെ എം എല്‍ എ രാജപണ്ടി (പ്രകാശ്‌ രാജ്,കണ്ടാല്‍ തന്നെ പറയും ആളു വില്ലന്‍ ആണെന്ന് ). ആ നാട്ടിലെ എല്ലാരും ബഹുമാനിക്കുന്ന വീരപാണ്ടി (രാജ് കിരണ്‍,മീശയുടെ കാര്യത്തില്‍ കട്ടക്ക് നില്‍ക്കും) മകന്‍ സെല്‍വം (ധനുഷ് ).സ്വന്തം നിലയ്ക്ക് തന്നെ നല്ലൊരു ഗുണ്ടയായ (എന്ത് കാര്യം? നല്ലവനായി പോയി ).(പാണ്ടിയപുരം, രാജപാണ്ടി , വീരപാണ്ടി ... ആ പാവം ദിലീപ് ഒരു പാണ്ടിപ്പട എടുത്തപ്പോള്‍ ഇവിടെ എന്തൊരു ബഹളം ആയിരുന്നു !!!!)
വീരപാണ്ടി ഉള്ളത് കൊണ്ട് രാജ പാണ്ടിക്ക് വലിയ തരികിടകള്‍ ഒന്നും കാണിക്കാന്‍ കഴിയുന്നില്ല.(പുള്ളിയെ എം എല്‍ എ ആക്കിയത് മറ്റും വീരപാണ്ടി ആണേ).എന്നാലും അദേഹം ആവും പോലെ ഒക്കെ ശ്രമിക്കുന്നുണ്ട് (ഒരു വില്ലനായി ജനിച്ചാല്‍ എന്തൊക്കെ പാടുകള്‍ !!!)പ്രശ്നങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനായി മകനെ വീരപാണ്ടി നഗരത്തിലേക്ക് അയക്കുന്നു.അവിടെ ചെല്ലുന്ന ശെല്‍വം പഴയ ക്ലാസ്സ്‌മേറ്റ്‌ രാധികയെ (തമന്ന)കാണുന്നു.ആദ്യത്തെ കുറച്ചു മസില് പിടിത്തം കഴിയുമ്പോള്‍,നായകന്‍റെ വീര പരാക്രമങ്ങള്‍ കാണുമ്പോള്‍, കൊച്ചു നേരെ പോയി സെല്‍വയെ പ്രേമിക്കുന്നു.ഇവിടെയാണ് ഹരി വ്യത്യസ്തനാകുന്നത്.കൊച്ചു പ്രേമിക്കുനത്.കുട്ടി ഉടുപ്പും ഇട്ടു രണ്ടു മൂന്ന് പട്ടു പാടാന്‍ വേണ്ടി മാത്രമല്ല (അത് ചെയുന്നില്ല എന്നല്ല ) മറിച്ച് പണ്ട് വീരപാണ്ടി കൊല ചെയ്തു എന്ന് പറയപ്പെടുന്ന അച്ഛന് വേണ്ടി പ്രതികാരം ചെയ്യാനാണ് !!! അവസാനം വീരപണ്ടിയല്ല കൊല ചെയ്തത് എന്നറിയുന്നതോടെ കൊച്ചു പശ്ചാത്താപ വിവശയായി ഒരു പാട്ടു കൂടി പാടി (വിത്ത്‌ കുട്ടി ഉടുപ്പ്) സംഗതി അവസാനിപ്പിക്കുന്നത്.ഇതിനിടയില്‍ പുട്ടിനു പീര ഇടുന്നത് പോലെ രാജപാണ്ടി ഓരോ നമ്പറുകള്‍ ഇറക്കുകയും സെല്‍വവും കൂട്ടരും ചേര്‍ന്ന് അതൊക്കെ പൊളിക്കുകയും തുടര്‍ന്നുള്ള ഗ്വാ ഗ്വാ യും വേറെ . എല്ലാം സഹിക്കാം ആ ഗന്ജ കറുപ്പ് എന്ന നടന്‍ അവതരിപ്പിക്കുന്ന കുറെ കോമഡി രംഗങ്ങള്‍ ഉണ്ട് ഈ ചിത്രത്തില്‍ .തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ല !!!(വടിവേലുവിനൊക്കെ ഇതു വെച്ച് നോക്കിയാല്‍ ഓസ്കാര്‍ രണ്ടെണ്ണം കൊടുക്കണം !!)

ശരി ബാക്കിയുള്ളവരോ ?

അനിയാ ഈ ചിത്രം നേരത്തെ പറഞ്ഞത് പോലെ സ്ഥിരം ഫോര്‍മുലയില്‍ ഉണ്ടാക്കിയെടുത്തതാണ് . അത്തരമൊരു ചിത്രം വിജയിപ്പിക്കാനുള്ള സ്ക്രീന്‍ പ്രസന്‍സ്സ് എന്ന സാധനം ധനുഷിന് ആവശ്യത്തിനു ആയോ എന്നതിന് ഉത്തരം ഈ ചിത്രത്തിന്‍ന്‍റെ വിജയ പരാജയങ്ങള്‍ പറയും. വിജയ്‌, സൂര്യ, വിക്രം എന്നിവര്‍ക്ക് നൂറു ശതമാനം ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇതിലെ ശെല്‍വം എന്ന് മാത്രം പറഞ്ഞോട്ടെ . ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ നല്ലവരോ ചീത്ത ആള്‍ക്കാരോ ആണ് .(ഹരിയുടെ എല്ലാ നാട്ടിന്‍ പുറങ്ങളിലും അങ്ങനെയാണ് ).സംഘട്ടന , ഗാന രംഗങ്ങള്‍ ധനുഷ് നന്നായി കൈകാര്യം ചെയുന്നു . ചില രംഗങ്ങളില്‍ കുറച്ചു രജനീകാന്തിനെ അനുകരിക്കുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു .മൊത്തത്തില്‍ ധനുഷ് എന്ന നടന്‍റെ താര മൂല്യം മാത്രമാണ് ഈ ചിത്രത്തെ രക്ഷിക്കാന്‍ സാധ്യത ഉള്ള ഏക ഘടകം .പ്രകാശ്‌ രാജ് തമാശ വില്ലന്‍ ചെയ്തു തുടങ്ങിയതിനു ശേഷം അദേഹം ഒരു സീരിയസ് വില്ലന്‍ വേഷം ചെയ്താല്‍ പോലും തമാശ ഭാവം കടന്നു വരുന്നതായി തോന്നുന്നു.ഗാനങ്ങള്‍ ഒന്ന് രണ്ടെണ്ണം ആരാധകരെ ഇളക്കി മറിക്കാന്‍ ഉദേശിച്ചു ഉള്ളവയാണ് .

അപ്പോള്‍ ചുരുക്കത്തില്‍......

തമിഴ് സിനിമ രംഗത്ത് പ്രതീക്ഷ നല്‍ക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ് .ഇമ്മാതിരി ചിത്രങ്ങള്‍ ഒന്നോ രണ്ടോ ഒക്കെ പ്രേക്ഷകര്‍ സഹിച്ചു എന്നിരിക്കും പക്ഷെ ദയവായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ പോലെ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നത് ഒരു ശീലം ആക്കാതിരിക്കുക.

Tuesday, July 5, 2011

ത്രീ കിംഗ്സ് -Three Kings

അണ്ണാ എങ്ങോട്ടാ ധൃതി പിടിച്ചു ....

ഒന്ന് പോടെ നിനക്കൊക്കെ വേണ്ടി കണ്ട കൂതറ പടങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി . ഇനി സ്വന്തമായി തിരക്കഥാ സംവിധാനം അതാണ് ഇനി എന്‍റെ ലക്ഷ്യം.

അല്ല അങ്ങനെ ഒരു കടുത്ത തീരുമാനം ഒക്കെ എടുക്കാന്‍ .. എപ്പോള്‍ എന്ത് പറ്റി?

എടേ എന്നും നിന്‍റെ കാളകൂടം പത്രത്തെയും ചിത്രവിദ്വേഷത്തിനെയും നന്നാക്കി കൊണ്ടിരുന്നാല്‍ മതിയോ എന്നിക്കും വേണ്ടേ ഒരു ജീവിതം ?

ശരി എങ്ങനത്തെ കഥയാണ് മനസ്സില്‍ .....പ്രേമം,പ്രതികാരം,ഹാസ്യം ഏതാ സംഗതി ?

അനിയാ നിന്നെ ഒക്കെ ഒരു നിരൂപകന്‍ എന്ന് വിളിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു.എടാ ഈ കാലഘട്ടത്തില്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ്‌

അതായിത് നമ്മുടെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവനെ മന്ദബുദ്ധി എന്നാണല്ലോ പറയുക (ജന്മനാ ഇല്ലാത്തതോ വീട്ടില്‍ വെച്ചതോ ഏതോ ആകട്ടെ). അപ്പോള്‍ ചുരുക്കത്തില്‍ മന്ദബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം.അതിനാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ്‌.അത് കണ്ടിട്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കണ്ടത് കൊണ്ട് ആ ചിത്രം ആസ്വദിച്ച് എന്ന് അഭിമാനത്തോടെ പറയുന്ന ജീവി ഈ ലോകത്ത് മലയാളീ മാത്രമേ കാണു.

അങ്ങനെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഈ വര്ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ വകുപ്പില്‍പ്പെടുത്തമല്ലോ അല്ലെ ?

ചുമ്മാ പെടുത്തെടെ. ഈ ശ്രേണിയില്‍ ഉള്ള ഒരു ചിത്രം ഇന്നലെ കണ്ടതോടെയാണ് എനിക്ക് പൂര്‍ണ ധ്യൈര്യം വന്നത്. ത്രീ കിംഗ്സ് എന്ന വി കെ പ്രകാശ്‌ ചിത്രത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.

എങ്ങനെ ഉണ്ട് പടം അണ്ണാ?

തകര്‍പ്പനല്ലേ. എടേ ഇതൊക്കെ വളരെ നിസാരം .ആദ്യം സകല നടന്മാരുടെയും അടുത്ത് പോയി ഡേറ്റ് ചോദിക്കുക.കുറെയെണ്ണം ഡേറ്റ് കൊടുക്കും . അതിനു ശേഷം മനോരമ വാരിക മുതല്‍ കളിക്കുടുക്ക വരെയുള്ള സാധനങ്ങളിലെയും തമാശകള്‍ എഴുതി എടുക്കുക.എല്ലാ നടീ നടന്മാര്‍ക്കുമായി വീതിക്കുക .ഇടയ്ക്ക് കഥ പോലെ ഒരു സാധനം ഉണ്ടെങ്കില്‍ നല്ലത്.(വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ മാത്രം മതി).ഇങ്ങനെയായിരിക്കണം ഈ ത്രീ കിംഗ്സ് എന്ന ചിത്രം ഉണ്ടായതു .

പ്രകാശ്‌ - രാജേഷ്‌ (ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന ഫലിത ബിന്ദുക്കള്‍ എഴുതി (ശേഖരിച്ചു ) നമ്മെ ധന്യര്‍ അക്കിയിട്ടുള്ളത്) എന്നിവരുടെ അക്ഷീണ പരിശ്രമ ഫലമായി ഉണ്ടായിപ്പോയ ത്രീ കിംഗ്സ് എന്ന ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്

കേരളത്തിലെ ഒരു രാജകുടുംബം അവിടെ ഒരേ സമയം ജനിക്കുന്ന മൂന്നു കുട്ടികള്‍ . ജാതകവശാല്‍ ഇവര്‍ ഒരിക്കലും ചേര്‍ന്ന് പോകില്ല പോലും.ഭാസ്കരനുണ്ണി, രാമനുണ്ണി ,ശങ്കരനുണ്ണി എന്നീ രാജകുമാരന്മാര്‍ വളര്‍ന്നു യഥാക്രമം ഇന്ദ്രജിത്ത് , ചാക്കോച്ചന്‍,ജയസൂര്യ എന്നിവരായി മാറുന്നു.അപ്പോഴും പരസ്പരമുള്ള പാരകള്‍ക്ക് ഒരു കുറവും ഇല്ല.ഇതിനകം കൊട്ടാരം അടക്കം സകല സ്വത്തുക്കളും ജപ്തി ഭീഷണിയെ നേരിടുകയാണ്.ഇതു നിമിഷവും സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപ്പെടും എന്ന അവസ്ഥ.(സ്വത്തു പിടിച്ചെടുക്കാന്‍ പഴയ ആശ്രിതന്‍ ദിവാകരന്‍ (ജഗതി) എന്ന പുതു പണക്കാരന്‍ രംഗത്തുണ്ട്).ഈ മൂന്നു പേരുടെയും ഓരോ ഒപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന് പറയുന്നുണ്ടെങ്കിലും (എങ്ങനെയാണാവോ ?) പരസ്പരം പാരകളായ ഇവര്‍ അതിനു സമ്മതിക്കുന്നില്ല.പകരം ഒറ്റയ്ക്ക് കാശുണ്ടാക്കി എല്ലാം അടിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.പെട്ടന്ന് കാശുണ്ടാക്കാന്‍ (ഇല്ലെങ്കില്‍ കുടുംബം തെരുവില്‍ ആകുമല്ലോ) ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ഇപ്രകാരം

ഇന്ദ്രജിത്ത് : ഐ പി എല്‍ മത്സരത്തില്‍ ഒരു ടീമില്‍ കയറി പറ്റി ലക്ഷങ്ങള്‍ ഉണ്ടാക്കുക

കുഞ്ചാക്കോ ബോബന്‍: റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുക

ജയസൂര്യ : സിനിമയില്‍ അഭിനയിച്ചു കാശുണ്ടാക്കുക .
(മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ നടന്‍മാര്‍ അങ്ങോട്ട്‌ കാശു കൊടുത്താണ് അഭിനയം എന്ന് എവിടെയോ വായിച്ചു ).

ഇത്തരം ഉട്ടോപ്യന്‍ പദ്ധതികള്‍ പരസ്പരം ഉള്ള പാരകള്‍ മൂലം നടക്കാതെ വരുന്നു (പാര വെച്ചില്ല എങ്കില്‍ പോലും ഇതൊന്നും നടക്കില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം).ഇത്രയും മിടുക്കന്മാരും നല്ലവരുമായ ഇവരെ പ്രേമിക്കുന്ന അഞ്ചു , മഞ്ജു,രഞ്ജു എന്നീ മൂന്ന് ബുദ്ധിശാലി പെണ്‍കുട്ടികള്‍ ആയി കാതല്‍ സന്ധ്യ,സംവൃത സുനില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.(ഇതില്‍ ഏറ്റവും മന്ദ ബുദ്ധിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താവുന്നതാണ് ) പണക്കാരികളായ ഇവരെ പ്രേമിച്ചു കല്യാണം കഴിച്ചു കടം വീതം എന്ന രാജാക്കന്മാരുടെ സ്വപ്നം ഇവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന് അറിയുമ്പോള്‍ തകരുന്നു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നില്‍ക്കുമ്പോളാണ് ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു നിധിയെ കുറിച്ച് ശശി കലിംഗ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു അറിയുന്നത് (വന്നു വന്നു എന്താണ് എന്നറിയില്ല എന്നിക്ക് അങ്ങേരെ കാണുന്നതെ പേടിയായി തീര്‍ന്നിരിക്കുന്നു).കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നു പേരും അപ്ന അപ്നാ കാമുകിമാരെയും കൂട്ടി നിധി കണ്ടു പിടിക്കാന്‍ ഇറങ്ങുന്നു.നിധിയുള്ളിടത് എത്താന്‍ ഉള്ള മാപ്പിന്‍റെ മൂന്ന് കഷ്ണം മൂന്ന് പേരുടെയും കൈയിലുണ്ട്. വേലക്കാരന്‍/ ഡ്രൈവര്‍ ഓടി വന്നു മുതലാളി ഗുഹയില്‍ നിധി എന്ന് പറയുന്നതും ജഗതിയും നിധി തേടി ഇറങ്ങുന്നു . നിധിയെ കുറിച്ച് ഒളിച്ചു നിന്ന് കേള്‍ക്കുന്ന അഞ്ചു വീട്ടില്‍ അച്ചന്‍കുഞ്ഞു (സുരാജ് ) ഉം നിധി തേടി ഉണ്ട് . ഒളിച്ചിരുന്ന് കേട്ട ശ്ലോകം അനുസരിച്ച് അയാള്‍ അഞ്ചു മഞ്ച് , മൂന്ന് കൊഞ്ചു ഇതൊക്കെ കൊണ്ട് വന്നു കുഞ്ചന്‍ എന്ന നടനെ തട്ടി കൊണ്ട് വന്നു നിധി എവിടെ എന്ന് ചോദിക്കുന്നു (ഒന്നും മനസിലായില്ലല്ലോ അല്ലെ. എനിക്കും!!! )

എന്‍റെ അമ്മോ ........

ഇതൊന്നും ഒന്നുമല്ല . നിധി തേടി പോകുന്ന ഇവര്‍ കാണിച്ചുകൂട്ടുന്ന / പറയുന്ന ഫലിത ബിന്ദുക്കള്‍, കോമാളിത്തരങ്ങള്‍ , കോപ്രായങ്ങള്‍,വളിപ്പുകള്‍ ഇവയാല്‍ സമ്പന്നമാണ് രണ്ടാം പകുതി. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളെ വെല്ലു വിളിക്കുന്ന സഹസികതയിലൂടെ നിധി തേടിയുള്ള യാത്രയില്‍ സുരാജും ജഗതിയും മത്സരിച്ചു നര്‍മ്മം വിതറുന്നു.ഒരു വിമാനത്തില്‍ കയറി നിധി ഇരിക്കുന്ന ഇടത്തേക്ക് പോകുന്ന ജഗതിയും വേലക്കാരനും. വഴിക്ക് വെച്ച് പൈലറ്റ്‌ വെള്ളമടിച്ചു മയങ്ങി വീഴുന്നു . വേലക്കാരനും ജഗതിയും കഷ്ട്ടപ്പെട്ടു വിമാനം പറപ്പിച്ചു നിലത്തു ഇറക്കുന്നു.സംഭവങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആകണം.

അപ്പോള്‍ പടം തീരെ താങ്ങില്ല , അല്ലേ അണ്ണാ ?

ഇത്രയും നേരം ഞാന്‍ മലയാളം തന്നെയല്ലേഡാ പറഞ്ഞത് ? ശരി സ്വല്‍പ്പം കൂടി വിശദമാക്കാം. കേട്ടോ . അക്കുത്തിക്കുത്താന കളിക്കുന്ന കുട്ടികളെ ആ കളിയില്‍ പങ്കെടുപ്പിക്കാന്‍ അത്ര ശ്രമം വേണമോ , അത്രയും ശ്രമം വി കെ പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഈ ചിത്രത്തില്‍ സംവിധായകന്‍റെ റോളില്‍ ഉണ്ടായിട്ടുണ്ട് . രണ്ട് മണികൂര്‍ ചില്ലറ (ഒരുപാട് കൂടുതല്‍ തോന്നിക്കും...അത് ഉറപ്പ് ) ഒന്നും ചെയ്യാനില്ലാതെ വെറുതെ കളയാന്‍ ഉണ്ടെങ്കില്‍ ....

ടൈം പാസ് പോലെ കാണാം അല്ലേ അണ്ണാ .

ഹാ ...മുഴുവന്‍ പറയട്ടെ .അത്രയും സമയം ഉണ്ടെങ്കില്‍ കടപ്പുറത്ത് പോയിരുന്നു തിര എന്നുന്നതാണ് ഈ പടം കാണാന്‍ കയറുന്നതിലും ഭേദം .

അപ്പൊ പടം പൊട്ടും .ഉറപ്പാണ് , അല്ലേ ?

പൊന്ന് മോനെ , ചൈനാ ടൌണ്‍ , സീനിയേര്‍സ് തുടങ്ങിയ സാധങ്ങള്‍ ഓടിയ (ഓടിയെന്നു പറയപ്പെടുന്ന ) ഈ നാട്ടില്‍ ചിലപ്പോള്‍ ഈ പടമാകും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്.

അതിരിക്കട്ടെ അണ്ണാ ...അഭിനേതാക്കള്‍ ...

ബാലരാമയിലെ മായാവിയും, പൂമ്പാറ്റയിലെ കപീഷും ഒക്കെ എല്‍ പി സ്കൂള്‍ നാടകത്തില്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ മാത്രം അവരോട് ആവശ്യപ്പെടുന്ന സിനിമയില്‍ , അവര്‍ എന്ത് ചെയ്യാനാടാ ? എങ്കിലും ഒന്ന് രണ്ട് സീനുകളില്‍ മൂന്ന് നായകന്മാരും ചില്ലറ ചിരികല്‍ക്കൊക്കെ വഴിയോരുക്കുന്നുണ്ട്. നായികമാര്‍ എല്ലാം കണക്കാ . ജഗതി, സുരാജ് , സലിം കുമാര്‍ ഒക്കെ പോസ്റ്ററില്‍ അവരുടെ തല കണ്ട് കേറുന്ന ആളുകളെ ഉദ്ദേശിച്ചു മാത്രം ഈ സിനിമയില്‍ എത്തിക്കപ്പെട്ടവരാണ്.

അപ്പോള്‍ ചുരുക്കത്തില്‍, അല്‍പ്പമെങ്കിലും ബോധാമുള്ളവന് ...

ചെയ്യാവുന്ന ഏക കാര്യം ഈ പടത്തിന്‍റെ പോസ്റ്റര്‍ പോലും കാണാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.

Saturday, July 2, 2011

ബുഡ്ഡാ ഹോഗാ തേരാ ബാപ്പ്

അമിതാബ് ബച്ചന്‍ .....
ഹിന്ദി സിനിമ ലോകത്തെ കിരീടം വെക്കാത്ത ചക്രവര്‍ത്തി .ദീവാര്‍, ത്രിശൂല്‍, സന്ജീര്‍ തുടങ്ങിയ ചിത്രങ്ങളിലെ അന്ഗ്രി യങ്ങ് മാന്‍ പില്‍കാലത്ത് പ്രായം കടന്നപ്പോള്‍ കാണ്ടേ, അന്ഖേം, ചീനി കം,അലാദിന്‍ പോലെയുള്ള ചിത്രങ്ങളിലൂടെ പ്രായത്തിനു ഒത്ത വേഷങ്ങള്‍ ചെയ്തു മുന്നേറുകയും ചെയുന്ന ബോധമുള്ള താരം.

എന്തുവാടെ ഈ കുത്തികുറിക്കുന്നെ?

അല്ല അണ്ണാ ഞാന്‍ നമ്മുടെ കാളകൂടം പത്രത്തിന് വേണ്ടി ബച്ച‍നെ പറ്റി ഒരു ലേഖനം എഴുതുകയായിരുന്നു.ഈ നിരൂപണം പഴയ പോലെ ഏല്‍ക്കുന്നില്ല എന്നാ മുതലാളി പറയുന്നേ.

ശരി നടക്കട്ടെ അപ്പോള്‍ നീ ഇതില്‍ അങ്ങേരുടെ പഴംപുരാണം മാത്രം വിളംബാനാണോ ഭാവം അതോ അങ്ങേരുടെ പുതിയ പടം ബുഡ്ഡാ ഹോഗാ തേരാ ബാപ്പിന്റെ വിശേഷങ്ങളും ഉണ്ടോ?

തള്ളെ .. അങ്ങനെ ഒരു പടം ഇറങ്ങിയോ ? ശ്രദ്ധിച്ചില്ല അണ്ണാ . എന്തായാലും അണ്ണന്‍ കണ്ടു കാണുമല്ലോ വിശേഷങ്ങള്‍ ഒക്കെ പറ . ഇന്നത്തെ ചായകാശു ഇതില്‍ നിന്ന് തന്നെ

അനിയാ, പുരി ജഗന്നാഥ് എന്നയാളാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.കഥ ഇപ്രകാരം അധോലോക നായകന്‍ (പ്രകാശ്‌ രാജ് ) നഗരത്തെ പിടിച്ചു കുലുക്കുന്ന സ്ഫോടനങ്ങള്‍ നടത്തുന്നു .നഗത്തിലെ എ സി പി കരന്‍ (സോനു സൂദ് ) ഈ സ്ഫോടനത്തിനു പിന്നിലുള്ളവരെ ഉടനെ കണ്ടു പിടിക്കും എന്ന് പ്രഖ്യാപിക്കുന്നു .ഒന്ന് രണ്ടു പേരെ പോലീസ് പൊക്കുന്നതോടെ വിരണ്ടു പോകുന്ന അധോലോക നായകന്‍ എ സി പി യെ കൊലപ്പെടുത്താനായി വിദേശത്ത് നിന്നും വരുന്ന വാടക കൊലയാളി ആണ് അഥവാ അങ്ങനെ തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് അമിതാബ്നെ വിജ്ജു എന്ന കഥാപാത്രമായി അവതരിപ്പിക്കുന്നത്‌ .യഥാര്‍ത്ഥത്തില്‍ അങ്ങേര പഴയ ഒരു അധോലോക അംഗവും ഇപ്പോള്‍ സമാധാനമായി പാരീസില്‍ ഒരു പബ് നടത്തി ജീവിക്കുന്ന ആളും ആകുന്നു .(ഈ രണ്ടു കാര്യങ്ങളും അല്ലാതെ അയാള്‍ക്ക് വേറെ ഒന്നും അറിയില്ല . അല്ലയിരുന്നെകില്‍ പാരീസ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ വരുന്നത് രഞ്ജിത് പടച്ചു വിടുന്ന സംഗതികളാണ് ).എന്നാല്‍ കഥ പുരോഗമിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നു വിജ്ജു , വാടക കൊലയാളി അല്ല മറിച്ചു കൊലയാളികള്‍ ചെറുപ്പത്തിലെ വേര്‍പിരിഞ്ഞ സ്വന്തം മകനെ കൊല്ലാന്‍ ശ്രമിക്കുന്നത് അറിഞ്ഞു അത് തടയാന്‍ എത്തിയ ആള്‍ ആണ് എന്നത്.(മിമിക്രിക്കാര്‍ കാണിക്കുന്നത് പോലെ സോപ്പ് പെട്ടിയുടെ ഒരു ഭാഗം കൊണ്ടല്ല മകനും അച്ഛനും തിരിച്ചറിയുന്നത്‌ എന്നൊരു ഉപകാരം ജഗന്നാഥന്‍ ചെയ്തു തന്നിട്ടുണ്ട് . സന്തോഷം ) . കര‍നെ അധോലോകക്കാരില്‍ നിന്നും നിന്ന് രക്ഷിക്കാന്‍ വിജ്ജു നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഉം .... കഥ കേട്ടിട്ട് ഒരു പഴഞ്ജന്‍ മണം.എങ്ങനെയുണ്ട് സംഗതി ?

ഈ പടത്തിന്റെ ഏക കുഴപ്പം അമിതാബ് ബച്ചനെ ചാരിയാണ് പടത്തിന്റെ നില്‍പ്പ് എന്നതാണ്.സംവിധായകനും തിരകഥകൃത്തും ആദ്യം ഒരു സീരിയസ് പടമാണോ തമാശ പടമാണോ എടുക്കാന്‍ ഉദേശിക്കുന്നത് എന്ന് തീരുമാനിച്ചിട്ടു തുടങ്ങുന്നത് ആയിരുന്നു ഭേദം.പ്രകാശ്‌ രാജ് അവതരിപ്പിക്കുന്ന വില്ലന്‍ തനി മന്ദബുദ്ധിയോ കോമാളിയോ ആയി ആണ് ചിത്രത്തില്‍ ഉടനീളം തോന്നിപ്പിക്കുന്നത് ആയി.(അവസാന രംഗങ്ങള്‍ ചിരി ഉയര്‍ത്തുന്നതില്‍ പ്രകാശ്‌രാജ് വിജയിച്ചു എന്ന് പറയാതെ വയ്യ . അതിഥി താരമായി വരുന്ന രവീണ ടണ്‍ഠന്‍ ആണ് അലോരസം ഉളവാക്കുന്ന മറ്റൊരു കഥാപാത്രം.ചാര്‍മി,നായികയുടെ (മനീഷാ ലാമ്പ ആണെന്ന് തോന്നുന്നു) കൂട്ടുകാരി ആയി അഭിനയിക്കുന്നുണ്ട് .നായികക്ക് തന്നെ ഇതില്‍ നായകനെ പ്രേമിക്കുന്ന പണിയെ ഉള്ളു പിന്നെയാണ് നായികയുടെ കൂട്ടുകാരി!!!ഇതു പോലെ പകുതി വെന്ത കഥാപാത്രങ്ങള്‍ പിന്നെയും ഉണ്ട് ഈ ചിത്രത്തില്‍ (പ്രേമത്തെ ഒരു കാരണവും ഇല്ലാതെ എതിര്‍ക്കുന്ന നായികയുടെ അച്ഛന്‍ ഒരു ഉദാഹരണം .വലിയ പ്രകോപനം ഒന്നും കൂടാതെ അദേഹം നയം മാറ്റുന്നുമുണ്ട്).

ഇതൊക്കെ ആണെങ്കിലും അമിതാബ് ബച്ചന്‍ എന്ന താരത്തെ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങള്‍ എങ്കില്‍ ഒരു പക്ഷെ നിങ്ങള്ക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ സാധ്യതയുണ്ട് .ആ നടന്‍റെ പഴയ കാലത്തേ ഹിറ്റ്‌ ഡയലോഗുകള്‍,ഹിറ്റ്‌ ഗാനങ്ങളുടെ റീമിക്സ് , ഹേമമാലിനി (വിജ്ജുവിന്‍റെ ഭാര്യയും എ സി പിയുടെ അമ്മയും) യോടൊത്തുള്ള രംഗങ്ങള്‍,അവയുടെ പശ്ചാത്തലമായി ആ ജോഡിയുടെ പഴയ ഹിറ്റ്‌ ഗാനങ്ങള്‍, ഇങ്ങനെ ആരാധകരില്‍ പഴയ കാലത്തിന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കുറെ സംഗതികള്‍ ഈ ചിത്രത്തില്‍ ഉണ്ട്.സോനു സൂദ് എന്ന നടന്‍ നന്നായിട്ടുണ്ട് . ഒരു നല്ല ബ്രേക്ക്‌ കിട്ടിയാല്‍ ഒരു പക്ഷെ നായക നിരയിലേക്ക് ഉയരാവുന്ന നടനാണ് ഇദേഹം എന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു .(വലിയ കാര്യമായി ഒന്നും ഈ ചിത്രത്തില്‍ ചെയാന്‍ ഇല്ല എന്ന കാര്യം വേറെ )

ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ്‌ പോലെ മോശമായ ഒന്ന് ഈ അടുത്ത കാലത്ത് ഹിന്ദി സിനിമയില്‍ കണ്ടിട്ടില്ല.ഈ ചിത്രം എടുക്കുന്നതിനു മുന്‍പ് ഇതിന്‍റെ സംവിധായകന്‍ അത്യാവശ്യം കാണേണ്ട ചിത്രം സത്തെ പേ സത്ത എന്ന അമിതാബച്ചന്‍ ചിത്രം ആയിരുന്നു.(കഷ്ടം എന്ന് പറഞ്ഞാല്‍ മതിയല്ലോ അതൊഴിച്ചു എല്ലാം ഇഷ്ട്ടന്‍ കണ്ട ലക്ഷണം ഉണ്ട്).മറ്റൊരു പഴയ കാല നായകന്‍ ധര്‍മേന്ദ്ര തന്‍റെ പുത്രന്‍മാരായ സണ്ണി,ബോബി എന്നിവരോടൊപ്പം അഭിനയിച്ച യമല പഗല ദീവാന എന്ന ചിത്രം നേടിയ വിജയം ആയിരിക്കണം ഇത്തരത്തില്‍ ഒരു ചിത്രം എടുക്കാന്‍ എടുക്കാന്‍ ഇതിന്‍റെ അണിയറക്കാരെ പ്രേരിപ്പിച്ചത് .

സംഗീതം ...?

ബച്ചന്‍ തന്നെ പാടിയ tittle song എന്നികിഷ്ട്ടപ്പെട്ടു . അത് അമിതാബ് ബച്ചനെ ഇഷ്ട്ടപ്പെടുന്ന ആര്‍ക്കും ഇഷ്ട്ടപ്പെടും എന്നതാണ് സത്യം. ബച്ചന്‍ അഭിനയിച്ച പഴയ ഹിറ്റ്‌ ഗാനങ്ങളുടെ ഒരു റീ മിക്സ്‌ വെര്‍ഷന്‍ ഉണ്ട്. അത് വളരെയധികം നന്നാക്കാമായിരുന്നു (നശിപ്പിച്ചു എന്ന് ചുരുക്കം) . സ്റ്റൈല്‍ എലെമെന്റ് പലയിടത്തും കൊണ്ട് വരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊത്തത്തില്‍ ഒരു തമാശ മൂഡ്‌ ആയതിനാല്‍ അവക്കൊക്കെ അര്‍ഹമായ സീരിയസ് നെസ് വരുന്നുണ്ടോ എന്ന് സംശയം

ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

പഴയ അമിതാബ് ബച്ചന്‍ ചിത്രങ്ങളുടെ പാരഡി എന്ന് വേണമെങ്കില്‍ ഈ ചിത്രത്തെ നിങ്ങള്‍ക്ക് വിശേഷിപ്പിക്കാം .പക്ഷെ ഈ പാരഡി തീരെ നിലവാരം കുറഞ്ഞ ഒന്നായി പോയി എന്ന് മാത്രം

Friday, July 1, 2011

ബോംബെ മാര്‍ച്ച്‌ 12

പത്മശ്രീ ഡോക്ടര്‍ മമ്മൂട്ടി എന്ന നടന്‍റെ ആത്മാര്‍ത്ഥത സമ്മതിച്ചേ പറ്റു .......

കണ്ടോ ഇന്നു അല്ലെങ്കില്‍ നാളെ അണ്ണന്‍ ഇതു പറയും എന്നു എനിക്ക് അറിയാമായിരുന്നു .അതിരിക്കട്ടെ എപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ?

അനിയാ ഇന്നലെ ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമ കണ്ടു .

ആണോ? മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ്‌ പടം എന്നു അങ്ങ് കാച്ചിയേക്കട്ടെ .

അനിയാ തന്‍റെ ഒരു ചിത്രത്തെ പറ്റിയും കാണികള്‍ മോശം പറയരുത് എന്നു നിര്‍ബന്ധം ഉള്ള ഒരു നടനാണ് ശ്രീ മമ്മൂട്ടി എന്നാണ് എനിക്ക് മനസിലാകുന്നത്.പക്ഷെ അങ്ങനെ പറയാതിരിക്കാന്‍ ആകണം അദേഹം കണ്ടെത്തുന്ന വഴി അടുത്ത പടം കൂടുതല്‍ കൂറ ആയി എടുക്കുക എന്നതാണ്.ഉദാഹരണമായി ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളും ഹോ ആ ട്രെയിന്‍ എത്ര ഭേദം ആയിരുന്നു എന്നു ഒരു നിമിഷം ചിന്തിക്കാതെ പോകില്ല.ചുമ്മാതാണോ അങ്ങേരെ ബെസ്റ്റ് ആക്ടര്‍ എന്നു അങ്ങേരു തന്നെ പറയുന്നേ.

അപ്പോള്‍ പടം മോശമാണോ അണ്ണാ?

നീ എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും. മര്യാദക്ക് ഭേദപ്പെട്ട തിരക്കഥ എഴുതി ജീവിച്ചു പോയിട്ട് സംവിധാനം തുടങ്ങി നശിക്കുന്ന ആള്‍ക്കാരുടെ നിരയിലേക്ക് തന്‍റെ പേരും എഴുതി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്‍ ശ്രീ ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തിലൂടെ കൈവരിക്കുന്ന നേട്ടം .വാസ്തവം,തലപ്പാവ് മുതലായ നല്ല സിനിമകള്‍ക്ക്‌ വേണ്ടി തിരക്കഥ എഴുതിയ ബാബു ജനാര്‍ദ്ദനന്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ സംവിധാനം ഏറ്റെടുക്കാമായിരുന്നു.

അതെന്താ ഇതു മത സൗഹാര്‍ദത്തെയും പിന്നെ തീവ്രവാദത്തിന്റെ കാണാപ്പുറങ്ങളെ പറ്റിയും ഒക്കെ പറയുന്ന ഒരു ചിത്രം ആണെന്ന് ആണല്ലോ കേട്ടത്.മമ്മുട്ടി തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളില്‍ അഭിനയിച്ചു തകര്‍ക്കുന്നു എന്നും കേട്ടു.

അനിയാ ഈ ചിത്രം ആരു കണ്ടാലും അവന്‍ തീവ്രവാദി ആയി പോകും.ശ്രീ മമ്മൂട്ടി സനാതന ഭട്ട്,സമീര്‍ എന്നീ പേരുകളില്‍ അഭിനയിക്കുന്നു .വേഷത്തിലും മുടിയിലും ഉള്ള വ്യത്യാസം ഒഴിച്ചാല്‍ ഈ രണ്ടു കഥാപത്രങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. നീ പണ്ട് നിന്‍റെ ചിത്രവിദ്വേഷത്തില്‍ കാച്ചിയല്ലോ ഉറുമി എന്ന പടത്തില്‍ പ്രിത്വിരാജ് ആ ചിത്രത്തില്‍ രൂപത്തിലോ ശരീര ഭാഷയിലോ ആ കഥാപാത്രമായി മാറുന്നില്ല എന്നു.ഈ ചിത്രത്തില്‍ ഏതു കഥാപാത്രമായാണ് ശ്രീ മമ്മുട്ടി മാറുന്നത് എന്നു പറഞ്ഞു തന്നാല്‍ ഉപകാരം .

അത് അണ്ണാ ... വെറുതെ.... പച്ചരി വാങ്ങിക്കാന്‍ ...... ജീവിച്ചു പോട്ടെ.അല്ല അപ്പോള്‍ ഈ ചിത്രത്തിന്‍റെ കഥ ....?

കഥ എന്നു പറയുന്ന സംഗതി ഒറ്റ വാചകത്തില്‍ ഇതാണ്.അറിയാതെയെങ്കിലും താന്‍ കാരണം കൊല്ലപ്പെട്ട ഒരു മുസ്ലിം യുവാവിന്‍റെ പെങ്ങളെ ഒരു ബ്രാഹ്മണ പൂജാരി കെട്ടുന്നു ആ കുടുംബത്തെ സംരക്ഷിക്കുന്നു.സംരക്ഷിക്കാനായി ബ്രാഹ്മണന്‍ മുസ്ലിം ആയി മതം മാറുന്നു എന്നതാണ് ഈ ചിത്രത്തിന്‍ ഹൈലൈറ്റ്.(അതും കൂടെ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് പുതുമ?)(ഈ കാലത്ത് വല്ലതും ആയിരുന്നേല്‍ മാധ്യമങ്ങള്‍ ഇതിനെ ത്യാഗജിഹാദ് എന്നു വിളിച്ചു ഒച്ചപ്പാട് ഉണ്ടാക്കിയേനെ മാധ്യമങ്ങള്‍ !!!).ഈ ഒരു മഹത്തായ സംഭവത്തെ വലിച്ചു നീട്ടി,സംഭവങ്ങളുടെ ഓര്‍ഡര്‍ മാറ്റി മറിച്ചു (ആധുനികമാക്കി) കാണുന്നവനെ വെറുപ്പിച്ചു, ഒടുക്കത്തെ അഭിനയവും ഒരു ബോധവും ഇല്ലാത്ത എഴുതി വെച്ച ഒരു തിരകഥയും ആകുമ്പോള്‍ പടം കാണാന്‍ കേറിയ പ്രബുദ്ധരായ കാണികളുടെ ദുരന്തം പൂര്‍ത്തിയാകുന്നു.

ഇത്ര മനോഹരമായ ഒരു ചിത്രത്തില്‍ കാണികളുടെ ഹൃദയം കവരാന്‍ ഒരുക്കിയിട്ടുള്ള മറ്റു ചില 'സംഗതികള്‍' ഇവയൊക്കെയാണ്

1)വളരെ ഭയങ്കരമായ രീതിയില്‍ മത സൌഹാര്‍ദം ഉള്ള ഒരു ഗ്രാമം.(ഭയങ്കരം എന്നു വെറുതെ പറഞ്ഞതല്ല.അവിടുത്തെ അമ്പലത്തിലെ പരിപാടിക്ക് തിരുവാതിര കളിക്കുന്നത് മുക്രിയുടെ മകളാണ് !!കുറച്ചു ഹിന്ദുക്കള്‍ റംസാന്‍ നോമ്പ് എടുക്കുന്നതും കൂടി കാണിക്കാമായിരുന്നു )പാവം വിനയനോക്കെ എത്ര ഭേദം

2)ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം : ഈ കഥാപാത്രം (പേര് പറയുന്നില്ല )പട്ടാള രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആണ് . ഇയാളുടെ ജോലി വളരെ ലളിതവും സൌകര്യമുള്ളതും ആണ് .ഒരു മുസ്ലിം സാധാരണകാരനായി വേഷം മാറുക.മര്യാദക്ക് ജീവിക്കുന്ന ഒരു മുസ്ലിമ്നോട് പോയി ഈ നാട്ടില്‍ മുസ്ലിം ആയി ജനിച്ചവര്‍ക്കു മൊത്തം പീഡനം ആണ് . ഇതൊക്കെ എതിര്‍ക്കേണ്ടതാണ് . ഞാന്‍ ചില ക്യാസെറ്റുകള്‍ തരാം അത് കേട്ടാല്‍ എല്ലാം മനസിലാകും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുക.എന്നിട്ടും വലയില്‍ വീണില്ലെങ്കില്‍ പിടിച്ചു കൊണ്ട് പോയി ഇടിക്കുക. എന്തായാലും സംഗതി തീവ്രവാദി ആക്കിയെ പുള്ളി വിടു !!!

3) സമീര്‍ ആയി ജീവിക്കുമ്പോള്‍ കോയമ്പത്തൂര്‍ ഉള്ള ഷാജഹാന്‍റെ സഹോദരീ ഭര്‍ത്താവിനെ വിളിച്ചു എന്ന കുറ്റത്തിനാണ് ഇയാളെ എട്ടു പത്തു കൊല്ലം ജയിലില്‍ വിചാരണ ഇല്ലാതെ തടവില്‍ ഇടുന്നത്.ജയിലില്‍ കിടക്കുന്ന ഇയാളെ കാണാന്‍ ഈ സഹോദരീ ഭര്‍ത്താവു (ഇര്‍ഷാദ് )വരുന്നുണ്ട് കുടുംബ സമേതം !! (എന്നിട്ട് കുടുംബത്തിന്‍റെ മാനം നശിപ്പിച്ചു എന്ന ആക്രോശം വേറെയും )

4)ആന്ദ്രാപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ദ്രോണ എന്ന സിനിമയിലെ അതേ ഗെറ്റപ്പില്‍ (കുളിച്ചിട്ടു വര്‍ഷങ്ങളായി എന്നു തോന്നിക്കുന്ന രീതിയില്‍) വന്നിറങ്ങുന്ന മമ്മൂട്ടിയെ കണ്ടു അവിടുള്ള ചെറുപ്പക്കാരി പെണ്‍പിള്ളേര്‍ മുഴുവന്‍ "ഇതാ സിനിമാ താരത്തെ പോലെ സുന്ദരനായ ഒരാള്‍ വന്നിരിക്കുന്നു" എന്നു പറഞ്ഞു പ്രേമിക്കാന്‍ ഉന്തും തള്ളും നടത്തുന്നത് . (ഇതൊക്കെ കളഞ്ഞിട്ടാണ് അങ്ങേരു പോയി മതം മാറി റോമയെ കെട്ടിയത് .കണ്ടില്ലേ ത്യാഗം !!!)

5)പടത്തിന്‍റെ ക്ലൈമാക്സ്‌ . വര്‍ഷങ്ങള്‍ക്കു ശേഷം സമീര്‍ /സനാതനന്‍ വേറെ വിവാഹം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്ന തന്‍റെ ഭാര്യയെയും കുട്ടിയേയും ദൂരെ നിന്ന് കാണുമ്പോള്‍ പഴയ ലാല്‍ ആരെയോ പ്രലോഭിപ്പിച്ചു ത്വ്രവാദി ആക്കാനായി ഒരു ഗ്യാസ് കുറ്റിയും ചുമന്നു പോകുന്നത് കണ്ടു ഞെട്ടി നില്‍ക്കുന്നത്.

ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഈ സിനിമയുടെ തിരകഥ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടി വരും.വയ്യെടെ... കൂറ പടം എന്നു ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്താം .

അപ്പോള്‍ ഈ സിനിമയില്‍ നല്ലത് എന്നു പറയാന്‍ ഒന്നുമില്ലേ?

ടൈറ്റില്‍ സോങ്ങ് എന്നു പറയാവുന്ന ഗാനം നന്നായിട്ടുണ്ട്.ബാക്കി പാട്ടുകളും സാങ്കേതിക വിഭാഗവും ശരാശരിക്കു താഴെയാണ് . പിന്നെ ഇതൊക്കെ ആണെങ്കിലും ഈ സിനിമാ കഴിഞ്ഞു സന്തോഷത്തോടെയാണ് ഞാന്‍ പുറത്തിറങ്ങിയത് .

അതെന്താ അണ്ണാ.പുറത്തു അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ജനത്തെ കണ്ടിട്ടാണോ ?

അല്ലടാ ഈ ചിത്രത്തില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ഒരു കാരണവും ഇല്ലാതെ പീഡിപ്പിക്കുന്നു എന്നൊരു സാധനം തുടര്‍ച്ചയായി പറയുന്നുണ്ട്.( സമീറിനെ ആദ്യം ചോദ്യം ചെയുന്ന രംഗം തന്നെ ഉദാഹരണം . (ഇങ്ങനെ മത വിദ്വേഷം വളര്‍ത്തുന്ന ചിത്രങ്ങള്‍ക്കൊക്കെ പ്രദര്‍ശന അനുമതി കൊടുക്കുന്നവരെ പറഞ്ഞാല്‍ മതി . അല്ലെങ്കില്‍ തന്നെ ഈ നാട്ടില്‍ എല്ലാ മത വിഭാഗങ്ങളും കൊള്ളുന്ന സ്നേഹത്തില്‍ ആണല്ലോ )).കേരളം എന്ന നമ്മുടെ സംസ്ഥാനത്തില്‍ എങ്കിലും അങ്ങനെ ഒരു സ്ഥിതി വിശേഷം ഇല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.ചിത്രത്തില്‍ പല ഭാഗത്തും മുസ്ലിം കഥാപാത്രങ്ങളെ സമൂഹം വെറുതെ ഉപദ്രവിക്കുന്നു എന്ന സന്ദേശവും ഞങ്ങള്‍ ഈ മതത്തില്‍ ജനിച്ചു പോയി എന്ന തെറ്റാണോ ചെയ്തത് എന്നു വികാരഭരിതരായി ചോദിക്കുന്ന രംഗങ്ങളും ഉണ്ട് . ഈ വേളകളില്‍ തിയറ്ററില്‍ ഉയര്‍ന്ന ഒറ്റപ്പെട്ട കയ്യടികള്‍ മനുഷ്യ മനസിലേക്ക് വിഷം കുത്തി വെക്കുന്നതില്‍ ഇവരൊക്കെ വിജയിക്കുന്നല്ലോ എന്ന ചിന്തയാണ് എന്നില്‍ ഉണ്ടാക്കിയത്.എന്നാല്‍ പടം തീര്‍ന്ന നിമിഷം ഹിന്ദു - മുസ്ലിം - ക്രിസ്ത്യന്‍ ഭേദമില്ലാതെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൂവിയപ്പോള്‍ എന്തോ.... മനസിന്നു വല്ലാത്തൊരു സന്തോഷം തോന്നി.

അഭിനയം ?

ദോഷം പറയരുതല്ലോ മമ്മൂട്ടി , അദേഹം അഭിനയിച്ചു എന്നൊരു ചീത്തപ്പേര്, ആദ്യം മുതലേ കഴിയുന്നതും വലിച്ചു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരാളാണ്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ഷാജഹാന്‍ ആണ് ഉള്ളതില്‍ ഭേദം .(അതും പുതുമുഖം എന്ന നിലയില്‍ കണ്ടാല്‍ മാത്രം ) റോമ ഒരല്‍പം കൂടെ ശ്രദ്ധിച്ചാല്‍ മീര ജാസ്മിനെ പോലെ (പാട്ടിന്റെ പാലാഴിയിലെ) അഭിനയിക്കാം .എല്ലാ നടീ നടന്മാരും നിലാവത് അഴിച്ചു വിട്ട കോഴികളെ പോലെ നടക്കുന്നു എന്നു ഒറ്റ വാക്കില്‍ പറയാം .

ചുരുക്കത്തില്‍ ........?

പോടാ ££^^%&*&()))_()(()_$£%$£%$%$$%$££$£$%%"))@

മതി, ഇതാണ് കാശ് മുടക്കി സിനിമ കാണുന്നവന്‍റെ രോദനം എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ നേരിട്ട് അനുഭവിച്ചു