Tuesday, July 5, 2011

ത്രീ കിംഗ്സ് -Three Kings

അണ്ണാ എങ്ങോട്ടാ ധൃതി പിടിച്ചു ....

ഒന്ന് പോടെ നിനക്കൊക്കെ വേണ്ടി കണ്ട കൂതറ പടങ്ങള്‍ കണ്ടു അഭിപ്രായം പറയുന്ന പരിപാടി നിര്‍ത്തി . ഇനി സ്വന്തമായി തിരക്കഥാ സംവിധാനം അതാണ് ഇനി എന്‍റെ ലക്ഷ്യം.

അല്ല അങ്ങനെ ഒരു കടുത്ത തീരുമാനം ഒക്കെ എടുക്കാന്‍ .. എപ്പോള്‍ എന്ത് പറ്റി?

എടേ എന്നും നിന്‍റെ കാളകൂടം പത്രത്തെയും ചിത്രവിദ്വേഷത്തിനെയും നന്നാക്കി കൊണ്ടിരുന്നാല്‍ മതിയോ എന്നിക്കും വേണ്ടേ ഒരു ജീവിതം ?

ശരി എങ്ങനത്തെ കഥയാണ് മനസ്സില്‍ .....പ്രേമം,പ്രതികാരം,ഹാസ്യം ഏതാ സംഗതി ?

അനിയാ നിന്നെ ഒക്കെ ഒരു നിരൂപകന്‍ എന്ന് വിളിക്കാന്‍ എനിക്ക് ലജ്ജ തോന്നുന്നു.എടാ ഈ കാലഘട്ടത്തില്‍ ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ചിത്രങ്ങള്‍ക്കാണ് മാര്‍ക്കറ്റ്‌

അതായിത് നമ്മുടെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവനെ മന്ദബുദ്ധി എന്നാണല്ലോ പറയുക (ജന്മനാ ഇല്ലാത്തതോ വീട്ടില്‍ വെച്ചതോ ഏതോ ആകട്ടെ). അപ്പോള്‍ ചുരുക്കത്തില്‍ മന്ദബുദ്ധികള്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രം.അതിനാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റ്‌.അത് കണ്ടിട്ട് ബുദ്ധി വീട്ടില്‍ വെച്ചിട്ട് വന്നു കണ്ടത് കൊണ്ട് ആ ചിത്രം ആസ്വദിച്ച് എന്ന് അഭിമാനത്തോടെ പറയുന്ന ജീവി ഈ ലോകത്ത് മലയാളീ മാത്രമേ കാണു.

അങ്ങനെ നോക്കിയാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവരുടെ ഈ വര്ഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ വകുപ്പില്‍പ്പെടുത്തമല്ലോ അല്ലെ ?

ചുമ്മാ പെടുത്തെടെ. ഈ ശ്രേണിയില്‍ ഉള്ള ഒരു ചിത്രം ഇന്നലെ കണ്ടതോടെയാണ് എനിക്ക് പൂര്‍ണ ധ്യൈര്യം വന്നത്. ത്രീ കിംഗ്സ് എന്ന വി കെ പ്രകാശ്‌ ചിത്രത്തോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.

എങ്ങനെ ഉണ്ട് പടം അണ്ണാ?

തകര്‍പ്പനല്ലേ. എടേ ഇതൊക്കെ വളരെ നിസാരം .ആദ്യം സകല നടന്മാരുടെയും അടുത്ത് പോയി ഡേറ്റ് ചോദിക്കുക.കുറെയെണ്ണം ഡേറ്റ് കൊടുക്കും . അതിനു ശേഷം മനോരമ വാരിക മുതല്‍ കളിക്കുടുക്ക വരെയുള്ള സാധനങ്ങളിലെയും തമാശകള്‍ എഴുതി എടുക്കുക.എല്ലാ നടീ നടന്മാര്‍ക്കുമായി വീതിക്കുക .ഇടയ്ക്ക് കഥ പോലെ ഒരു സാധനം ഉണ്ടെങ്കില്‍ നല്ലത്.(വേണമെന്ന് നിര്‍ബന്ധം ആണെങ്കില്‍ മാത്രം മതി).ഇങ്ങനെയായിരിക്കണം ഈ ത്രീ കിംഗ്സ് എന്ന ചിത്രം ഉണ്ടായതു .

പ്രകാശ്‌ - രാജേഷ്‌ (ഇദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥ എന്ന ഫലിത ബിന്ദുക്കള്‍ എഴുതി (ശേഖരിച്ചു ) നമ്മെ ധന്യര്‍ അക്കിയിട്ടുള്ളത്) എന്നിവരുടെ അക്ഷീണ പരിശ്രമ ഫലമായി ഉണ്ടായിപ്പോയ ത്രീ കിംഗ്സ് എന്ന ചിത്രത്തിന്റെ കഥ ഇപ്രകാരമാണ്

കേരളത്തിലെ ഒരു രാജകുടുംബം അവിടെ ഒരേ സമയം ജനിക്കുന്ന മൂന്നു കുട്ടികള്‍ . ജാതകവശാല്‍ ഇവര്‍ ഒരിക്കലും ചേര്‍ന്ന് പോകില്ല പോലും.ഭാസ്കരനുണ്ണി, രാമനുണ്ണി ,ശങ്കരനുണ്ണി എന്നീ രാജകുമാരന്മാര്‍ വളര്‍ന്നു യഥാക്രമം ഇന്ദ്രജിത്ത് , ചാക്കോച്ചന്‍,ജയസൂര്യ എന്നിവരായി മാറുന്നു.അപ്പോഴും പരസ്പരമുള്ള പാരകള്‍ക്ക് ഒരു കുറവും ഇല്ല.ഇതിനകം കൊട്ടാരം അടക്കം സകല സ്വത്തുക്കളും ജപ്തി ഭീഷണിയെ നേരിടുകയാണ്.ഇതു നിമിഷവും സ്വത്തുക്കള്‍ എല്ലാം നഷ്ട്ടപ്പെടും എന്ന അവസ്ഥ.(സ്വത്തു പിടിച്ചെടുക്കാന്‍ പഴയ ആശ്രിതന്‍ ദിവാകരന്‍ (ജഗതി) എന്ന പുതു പണക്കാരന്‍ രംഗത്തുണ്ട്).ഈ മൂന്നു പേരുടെയും ഓരോ ഒപ്പ് കൊണ്ട് എല്ലാ പ്രശ്നങ്ങളും തീരും എന്ന് പറയുന്നുണ്ടെങ്കിലും (എങ്ങനെയാണാവോ ?) പരസ്പരം പാരകളായ ഇവര്‍ അതിനു സമ്മതിക്കുന്നില്ല.പകരം ഒറ്റയ്ക്ക് കാശുണ്ടാക്കി എല്ലാം അടിച്ചെടുക്കാനാണ് ഇവരുടെ പ്ലാന്‍.പെട്ടന്ന് കാശുണ്ടാക്കാന്‍ (ഇല്ലെങ്കില്‍ കുടുംബം തെരുവില്‍ ആകുമല്ലോ) ഇവര്‍ കണ്ടെത്തുന്ന വഴികള്‍ ഇപ്രകാരം

ഇന്ദ്രജിത്ത് : ഐ പി എല്‍ മത്സരത്തില്‍ ഒരു ടീമില്‍ കയറി പറ്റി ലക്ഷങ്ങള്‍ ഉണ്ടാക്കുക

കുഞ്ചാക്കോ ബോബന്‍: റിയാലിറ്റി മത്സരത്തില്‍ പങ്കെടുത്തു വിജയിക്കുക

ജയസൂര്യ : സിനിമയില്‍ അഭിനയിച്ചു കാശുണ്ടാക്കുക .
(മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖ നടന്‍മാര്‍ അങ്ങോട്ട്‌ കാശു കൊടുത്താണ് അഭിനയം എന്ന് എവിടെയോ വായിച്ചു ).

ഇത്തരം ഉട്ടോപ്യന്‍ പദ്ധതികള്‍ പരസ്പരം ഉള്ള പാരകള്‍ മൂലം നടക്കാതെ വരുന്നു (പാര വെച്ചില്ല എങ്കില്‍ പോലും ഇതൊന്നും നടക്കില്ല എന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം).ഇത്രയും മിടുക്കന്മാരും നല്ലവരുമായ ഇവരെ പ്രേമിക്കുന്ന അഞ്ചു , മഞ്ജു,രഞ്ജു എന്നീ മൂന്ന് ബുദ്ധിശാലി പെണ്‍കുട്ടികള്‍ ആയി കാതല്‍ സന്ധ്യ,സംവൃത സുനില്‍,ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ അഭിനയിക്കുന്നു.(ഇതില്‍ ഏറ്റവും മന്ദ ബുദ്ധിയെ തിരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താവുന്നതാണ് ) പണക്കാരികളായ ഇവരെ പ്രേമിച്ചു കല്യാണം കഴിച്ചു കടം വീതം എന്ന രാജാക്കന്മാരുടെ സ്വപ്നം ഇവര്‍ ജഗതിയുടെ മക്കള്‍ ആണെന്ന് അറിയുമ്പോള്‍ തകരുന്നു. അങ്ങനെ ഒരു ഗതിയും ഇല്ലാതെ നില്‍ക്കുമ്പോളാണ് ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ പൂര്‍വികര്‍ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു നിധിയെ കുറിച്ച് ശശി കലിംഗ അവതരിപ്പിക്കുന്ന കഥാപാത്രം പറഞ്ഞു അറിയുന്നത് (വന്നു വന്നു എന്താണ് എന്നറിയില്ല എന്നിക്ക് അങ്ങേരെ കാണുന്നതെ പേടിയായി തീര്‍ന്നിരിക്കുന്നു).കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നു പേരും അപ്ന അപ്നാ കാമുകിമാരെയും കൂട്ടി നിധി കണ്ടു പിടിക്കാന്‍ ഇറങ്ങുന്നു.നിധിയുള്ളിടത് എത്താന്‍ ഉള്ള മാപ്പിന്‍റെ മൂന്ന് കഷ്ണം മൂന്ന് പേരുടെയും കൈയിലുണ്ട്. വേലക്കാരന്‍/ ഡ്രൈവര്‍ ഓടി വന്നു മുതലാളി ഗുഹയില്‍ നിധി എന്ന് പറയുന്നതും ജഗതിയും നിധി തേടി ഇറങ്ങുന്നു . നിധിയെ കുറിച്ച് ഒളിച്ചു നിന്ന് കേള്‍ക്കുന്ന അഞ്ചു വീട്ടില്‍ അച്ചന്‍കുഞ്ഞു (സുരാജ് ) ഉം നിധി തേടി ഉണ്ട് . ഒളിച്ചിരുന്ന് കേട്ട ശ്ലോകം അനുസരിച്ച് അയാള്‍ അഞ്ചു മഞ്ച് , മൂന്ന് കൊഞ്ചു ഇതൊക്കെ കൊണ്ട് വന്നു കുഞ്ചന്‍ എന്ന നടനെ തട്ടി കൊണ്ട് വന്നു നിധി എവിടെ എന്ന് ചോദിക്കുന്നു (ഒന്നും മനസിലായില്ലല്ലോ അല്ലെ. എനിക്കും!!! )

എന്‍റെ അമ്മോ ........

ഇതൊന്നും ഒന്നുമല്ല . നിധി തേടി പോകുന്ന ഇവര്‍ കാണിച്ചുകൂട്ടുന്ന / പറയുന്ന ഫലിത ബിന്ദുക്കള്‍, കോമാളിത്തരങ്ങള്‍ , കോപ്രായങ്ങള്‍,വളിപ്പുകള്‍ ഇവയാല്‍ സമ്പന്നമാണ് രണ്ടാം പകുതി. ഇന്ത്യാന ജോണ്‍സ് ചിത്രങ്ങളെ വെല്ലു വിളിക്കുന്ന സഹസികതയിലൂടെ നിധി തേടിയുള്ള യാത്രയില്‍ സുരാജും ജഗതിയും മത്സരിച്ചു നര്‍മ്മം വിതറുന്നു.ഒരു വിമാനത്തില്‍ കയറി നിധി ഇരിക്കുന്ന ഇടത്തേക്ക് പോകുന്ന ജഗതിയും വേലക്കാരനും. വഴിക്ക് വെച്ച് പൈലറ്റ്‌ വെള്ളമടിച്ചു മയങ്ങി വീഴുന്നു . വേലക്കാരനും ജഗതിയും കഷ്ട്ടപ്പെട്ടു വിമാനം പറപ്പിച്ചു നിലത്തു ഇറക്കുന്നു.സംഭവങ്ങളുടെ പിരിമുറുക്കം കുറയ്ക്കാന്‍ ആകണം.

അപ്പോള്‍ പടം തീരെ താങ്ങില്ല , അല്ലേ അണ്ണാ ?

ഇത്രയും നേരം ഞാന്‍ മലയാളം തന്നെയല്ലേഡാ പറഞ്ഞത് ? ശരി സ്വല്‍പ്പം കൂടി വിശദമാക്കാം. കേട്ടോ . അക്കുത്തിക്കുത്താന കളിക്കുന്ന കുട്ടികളെ ആ കളിയില്‍ പങ്കെടുപ്പിക്കാന്‍ അത്ര ശ്രമം വേണമോ , അത്രയും ശ്രമം വി കെ പ്രകാശിന്‍റെ ഭാഗത്ത് നിന്നും ഈ ചിത്രത്തില്‍ സംവിധായകന്‍റെ റോളില്‍ ഉണ്ടായിട്ടുണ്ട് . രണ്ട് മണികൂര്‍ ചില്ലറ (ഒരുപാട് കൂടുതല്‍ തോന്നിക്കും...അത് ഉറപ്പ് ) ഒന്നും ചെയ്യാനില്ലാതെ വെറുതെ കളയാന്‍ ഉണ്ടെങ്കില്‍ ....

ടൈം പാസ് പോലെ കാണാം അല്ലേ അണ്ണാ .

ഹാ ...മുഴുവന്‍ പറയട്ടെ .അത്രയും സമയം ഉണ്ടെങ്കില്‍ കടപ്പുറത്ത് പോയിരുന്നു തിര എന്നുന്നതാണ് ഈ പടം കാണാന്‍ കയറുന്നതിലും ഭേദം .

അപ്പൊ പടം പൊട്ടും .ഉറപ്പാണ് , അല്ലേ ?

പൊന്ന് മോനെ , ചൈനാ ടൌണ്‍ , സീനിയേര്‍സ് തുടങ്ങിയ സാധങ്ങള്‍ ഓടിയ (ഓടിയെന്നു പറയപ്പെടുന്ന ) ഈ നാട്ടില്‍ ചിലപ്പോള്‍ ഈ പടമാകും ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്.

അതിരിക്കട്ടെ അണ്ണാ ...അഭിനേതാക്കള്‍ ...

ബാലരാമയിലെ മായാവിയും, പൂമ്പാറ്റയിലെ കപീഷും ഒക്കെ എല്‍ പി സ്കൂള്‍ നാടകത്തില്‍ അവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ മാത്രം അവരോട് ആവശ്യപ്പെടുന്ന സിനിമയില്‍ , അവര്‍ എന്ത് ചെയ്യാനാടാ ? എങ്കിലും ഒന്ന് രണ്ട് സീനുകളില്‍ മൂന്ന് നായകന്മാരും ചില്ലറ ചിരികല്‍ക്കൊക്കെ വഴിയോരുക്കുന്നുണ്ട്. നായികമാര്‍ എല്ലാം കണക്കാ . ജഗതി, സുരാജ് , സലിം കുമാര്‍ ഒക്കെ പോസ്റ്ററില്‍ അവരുടെ തല കണ്ട് കേറുന്ന ആളുകളെ ഉദ്ദേശിച്ചു മാത്രം ഈ സിനിമയില്‍ എത്തിക്കപ്പെട്ടവരാണ്.

അപ്പോള്‍ ചുരുക്കത്തില്‍, അല്‍പ്പമെങ്കിലും ബോധാമുള്ളവന് ...

ചെയ്യാവുന്ന ഏക കാര്യം ഈ പടത്തിന്‍റെ പോസ്റ്റര്‍ പോലും കാണാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.

2 comments:

  1. ജയസൂര്യ ഒരിക്കല്‍ TV യില്‍ പറയുകയുണ്ടായി പ്രായോഗിക ബുദ്ധി വീട്ടില്‍ വെച്ചിട്ടുവേണം ഈ സിനിമ കാണാന്‍ പോകാന്‍, അതുകൊണ്ട് തന്നെ ആ സിനിമ അത് വേണ്ടി ആണ് നിര്‍മ്മിച്ചത്‌ എന്നത് വ്യക്തമാണ്. ഇതിനെ ഒരിക്കലും കുട്ടിസ്രാങ്ക് പോലത്തെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയില്‍ റിവ്യൂ ചെയ്യണ്ടാതില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. തമാശ എത്ര ക്വാളിറ്റി ഉണ്ട്, അത് കേട്ടാല്‍ ചിരി വരുമോ അത് സങ്ങടം വരുമോ എന്നൊക്കെ നോക്കി ആണ് ഒരു തമാശ കച്ചവട സിനിമ റിവ്യൂ ചെയ്യേണ്ടത് എന്നാണ് എനിക്ക് തോനുന്നത് തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക

    ReplyDelete
  2. @ sadique
    ""കുട്ടിസ്രാങ്ക് പോലത്തെ സിനിമ റിവ്യൂ ചെയ്യുന്ന രീതിയില്‍ റിവ്യൂ ചെയ്യണ്ടാതില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. തമാശ എത്ര ക്വാളിറ്റി ഉണ്ട്, അത് കേട്ടാല്‍ ചിരി വരുമോ അത് സങ്ങടം വരുമോ എന്നൊക്കെ നോക്കി ആണ് ഒരു തമാശ കച്ചവട സിനിമ റിവ്യൂ ചെയ്യേണ്ടത് എന്നാണ്""

    sadique, ആ രീതിയില്‍ പോലും ഈ സിനിമ താങ്കള്‍ക്ക് ആസ്വദിക്കാനാവുമെങ്കില്‍ ഞാന്‍ താങ്കള്‍ക്ക് എന്നും വിധേയനായിരിക്കും. ഷുവര്‍

    ReplyDelete