Sunday, May 29, 2011

ദി ട്രെയിന്‍ (The Train )

ഡോ അവിടെ നിന്നേ ...

അനിയ എന്നെയാണോ ?

പിന്നെ അല്ലാതെ ...തനിക്കെന്ത ഇത്ര ജാഡ ? അല്ല തന്‍ ആരുവാ ?

എന്താടെ ഒരു ജാതി ഇറ... ഇറ ..

ഇറവരെന്‍സ്.. ബഹുമാനക്കുറവു.. (ലേലം കണ്ടില്ല അല്ലിയോ?) തന്നെ ഒക്കെ ആശ്രയിക്കുന്നത് നിര്‍ത്തി .ഞാനേ ആ കാളകൂടം പത്രത്തില്‍ നിന്നും രാജി വെച്ചു.ഇനി ആ ചിത്രവിദ്വേഷം എന്ന കോളം എഴുതാന്‍ വേറെ ആളെ നോക്കാന്‍ പറഞ്ഞു.അല്ല പിന്നെ.അല്ലെങ്കിലും എന്നെ പോലെയുള്ള ഒരു ബുദ്ധി ജീവിക്ക് പറ്റിയ പണിയല്ല ഇതൊന്നും.

പിന്നെ നീ എന്തോ ചെയ്യാന്‍ പോകുന്നു ?

നിങ്ങളോട് ആയതു കൊണ്ട് പറയാം,ഞാന്‍ ഒരു പടം സംവിധാനം ചെയ്യാന്‍ പോകുന്നു . എന്‍റെ മേഖല അതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു മനസ്സിലായോ തനിക്കു?

ആന്നോ? ശരി അപ്പോള്‍ കാര്യങ്ങള്‍ ഒക്കെ എങ്ങനെയാ ?

സംവിധാനം,നിര്‍മാണം,കഥ,തിരകഥ സംഭാഷണം എല്ലാം ഞാന്‍ തന്നെ.സൂപ്പര്‍ താരങ്ങള്‍ ആകെ ഗതികേടില്‍ ആയതു കൊണ്ട് ഏതെങ്കിലും ഒരു അപ്പുപ്പന്റെ ഡേറ്റ് കിട്ടാന്‍ വലിയ പാട് ഉണ്ടാകില്ല എന്ന ലഭിച്ച വിവരം .ഇയാള്‍ വേണേല്‍ വന്നു കണ്ടു ഒരു അഭിപ്രായം ഇയാളുടെ ബ്ലോഗോ അങ്ങനെ ഏതാണ്ട് ഉണ്ടല്ലോ അവിടെ ഇട്ടോ. എന്താ ?

ശരി അതൊക്കെ പടം കഴിഞ്ഞല്ലേ.ആലോചിക്കാം.അതിരിക്കട്ടെ കഥയൊക്കെ ശരിയായോ ?

ഞാന്‍ ആളു ബുദ്ധിജീവി ആയതു കൊണ്ട് ഇപ്പോള്‍ ഇറങ്ങി കാശു വരുന്ന മണ്ടന്മാര്‍ക്കു വേണ്ടിയുള്ള മള്‍ടി താര/തറ ചിത്രങ്ങള്‍ ചെയ്യാന്‍ പാടാണ് .(വെയിറ്റ് പോകുന്ന ഒരു പരിപാടിക്കും എന്നെ കിട്ടില്ല ). ഒരു ആധുനിക സിനിമ അതാണ് എന്‍റെ ലക്‌ഷ്യം.അതായിത് കുറെ ആള്‍ക്കാര്‍, ഇവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല.അവസാനം വരെ ഇവര്‍ തമ്മിലൊന്നും ഒരു ബന്ധവും കാണില്ല.പരസ്പരം അറിയുന്നു പോലും ഇല്ല .അതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് (ഇതിലെ ഒരു പ്രധാന കഥാപാത്രവും പരസ്പരം കാണുന്നില്ല.കണ്ടാല്‍ തന്നെ തിരിച്ചറിയുന്നില്ല ).പറ്റിയാല്‍ ഇതു ഒരു മത്സരമാക്കും.ഈ രഹസ്യം കണ്ടു പിടിച്ചു ജയിക്കുന്ന പ്രേക്ഷകന് ഓരോ ചെവി തോണ്ടി സമ്മാനം.അണ്ണാ മാര്‍ക്കെറ്റ് ചെയ്യാന്‍ അറിയണം ഇക്കാലത്ത്.അണ്ണന്‍ നോക്കിക്കോണം ഈ പടം ഇറങ്ങുന്നതോടെ മലയാളത്തിന്‍റെ ആസ്ഥാന ബുദ്ധിജീവി താടി ഉണ്ടല്ലോ.അങ്ങേരു പിച്ച എടുത്തു പോകും . അല്ല പിന്നെ !!

ശരി നീ കഥ പറയെടെ.

ഒരു മലയോര കുടിയേറ്റ ഗ്രാമം അവിടെ നിന്നാണ് കഥ തുടങ്ങുന്നത്.കുറെ ആളുകള്‍ എന്ന് പറഞ്ഞല്ലോ അവര്‍ക്കെല്ലാം അവരുടെതായ പ്രശ്നങ്ങള്‍ ഉണ്ട് .(അത് പിന്നെ ആര്‍ക്കാ ഇല്ലാത്തെ എന്ന് ചോദിക്കരുത്). ഒരു ദിവസം രാവിലെ ഓരോരുത്തരും ഓരോ കാര്യങ്ങളുമായി പുറത്തിറങ്ങുന്നു.ഒരാള്‍ തലേന്ന് കിട്ടിയ കാശുമായി കുപ്പി വാങ്ങാനായി ബിവറേജസ് ലേക്ക് പോകാന്‍ ഇറങ്ങുന്നു വയസായ ഒരു അമ്മുമ്മ പെരുമല പള്ളിയില്‍ പോകാനായി ടിക്കറ്റ്‌ റിസര്‍വ് ചെയ്യാന്‍ ഇറങ്ങുന്നു.റേഷന്‍ വാങ്ങുവാനായി കുട്ടികളെ ഉറക്കി കിടത്തിയിട്ട് ഇറങ്ങുന്ന ഒരു വീട്ടമ്മ.(കുട്ടികള്‍ കുറച്ചു കഴിയുമ്പോള്‍ ഉണര്‍ന്നു അമ്മയെ ഫോണില്‍ വിളിച്ചു "അമ്മെ വേഗം വരണേ അമ്മ കൂടി പോയാല്‍ ഞങ്ങള്‍ക്ക് പിന്നെ ആരുണ്ട്" തുടങ്ങിയ കരള്‍ അലിയിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ടിരിക്കും).ഗ്യാസ് കുറ്റി വാങ്ങാന്‍ പോകുന്ന ഒരു ഗ്രഹനാഥന്‍ (ഇയാളെ ഭാര്യ ഇടയ്ക്കിടെ വിളിച്ചു "അച്ചായാ ദോശ മാവു പുളിച്ചു തുടങ്ങി എപ്പോളാ കുറ്റി കൊണ്ട് വരുന്നേ.കുട്ടികള്‍ വിശന്നു കരയുന്നു" എന്ന് ചോദിക്കും). ഇതിനിടെ കുപ്പി വാങ്ങാന്‍ ഇറങ്ങിയവന്‍ കൂട്ടുകാരനെ ഫോണില്‍ വിളിച്ചു കുപ്പിയുമായി എത്തുമ്പോള്‍ അച്ചാറും മറ്റു ടച്ചിംഗ്സും എടുത്തു വെക്കാന്‍ പറയുന്നു.ആ കാള്‍ തെറ്റി ഇപ്പോ ആത്മഹത്യ ചെയ്തു ചെയ്തില്ല എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ഫോണിലേക്ക് വരുന്നു.ഈ വിവരം അറിയുന്ന പെണ്‍കുട്ടി ആത്മഹത്യാ വേണ്ടെന്നു വെക്കുകയും ഒരു അര മണികൂറിനകം കുപ്പി വാങ്ങാന്‍ പോയവനെ പ്രേമിക്കുകയും ചെയുന്നു (ഇനി യുവ തലമുറക്ക്‌ പ്രേമം കണ്ടില്ല എന്ന് വേണ്ട ).അങ്ങനെ ആണ് പടം പോകുന്നത് .പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ എന്‍റെ ഭാര്യയുടെ ചേച്ചി അന്ന ചേടത്തിക്ക് ഒരു റോള്‍ വേണമെന്നു ഇപ്പോളെ ബുക്ക്‌ ചെയ്തിട്ടുണ്ട് . പാവം... കൊച്ചിലെ മുതലുള്ള ആഗ്രഹമാ സിനിമയില്‍ അഭിനയിക്കണം എന്ന്.ഒരു റോള്‍ കൊടുത്തേക്കാം

എന്തുവാടെ ഇതു? ആദിയും അന്തവും ഒന്നും ഇല്ലാലോ?

അതല്ലേ പറഞ്ഞു വരുന്നത്.കേശവന്‍ നമ്പൂതിരി ,ലൂക്കോസ്,ഷാജഹാന്‍ എന്നിവരുടെ നേത്രുത്വത്തിലുള്ള ഒരു വിശാല തീവ്രവാദ മുന്നണി (ഏതെങ്കിലും ഒരുത്തന്‍ മതിയായിരുന്നു .അപ്പോള്‍ എന്താ മറ്റേ ജാതിക്കാരനെ പറയാത്തത് എന്ന ചോദ്യം വരില്ലേ ?) ഇതേ ദിവസം വൈകുന്നേരം വരുന്ന തൊടുപുഴ - മൂലമറ്റം ഫാസ്റ്റില്‍ ബോംബ്‌ വെച്ചു നാടിനെ നടുക്കാന്‍ പ്ലാന്‍ ചെയുന്നു .എന്നാല്‍ അവിടെയാണ് നമ്മുടെ നായകന്‍ ഇടിവെട്ടു (ഇതാണ് പേര് ) രംഗത്ത് വരുന്നത്. ഇയാള്‍ക്കും ഉണ്ട് തികച്ചും വേദന നിറഞ്ഞ ഒരു കഥ .കുടുംബം ഏതാണ്ട് മുഴുവന്‍ തീവ്രവാദികള്‍ ബോംബ്‌ വെച്ചു കൊന്നതാണ്.അതിനു ശേഷം ആരെ കണ്ടാലും തീവ്രവാദി ആണോ എന്ന് സംശയം . തീവ്രവാദി സംഘത്തില്‍ ഒരുത്തനെ കണ്ടു പതിവ് പോലെ സംശയം തോന്നി ഓടിക്കുന്നു.ആ പകല്‍ ഏതാണ്ട് മുഴുവന്‍ തന്നെ ഇടിവെട്ടു ആ തീവ്രവാദിയുടെ പുറകെ ഓടുകയാണ്.ഇടയ്ക്കിടെ മേലുദ്യോഗസ്ഥന്‍ വിളിച്ചു വഴക്ക് പറയുന്നു ഇടിവെട്ടു തിരിച്ചു ചീത്ത വിളിക്കുന്നു .(നായകന്‍ വട്ടന്‍ മാത്രമല്ല ധീരനും കൂടിയാണെന്ന് അറിയിക്കണ്ടേ).മുകളില്‍ പറഞ്ഞ കഥാപാത്രങ്ങള്‍ എല്ലാം അവര്‍ ഇറങ്ങിയ കാര്യങ്ങള്‍ നടന്നും നടക്കാതെയും നമ്മുടെ തൊടുപുഴ മൂലമറ്റം ഫാസ്റ്റില്‍ കേറി വീട് പിടിക്കാന്‍ പ്ലാന്‍ ചെയുന്നു .ഒടുവില്‍ ആ ബോംബു ബസില്‍ പൊട്ടുന്നു.ഇടിവെട്ടും പരിസരത്ത് ഹാജര്‍ ആണ് .ആരൊക്കെ ചത്തു ആരൊക്കെ രക്ഷപ്പെട്ടു ഇതാണ് കഥയുടെ ക്ലൈമാക്സ്‌ . അത് നമ്മള്‍ കാണികളുടെ ഭാവനക്ക് വിട്ടു കൊടുക്കും എപ്പിടി ?

അനിയാ, ഒന്നും തോന്നരുത് . ഈ പടത്തിനു വേണ്ടി നീ ബുദ്ധി മുട്ടണം എന്നില്ല . മലയാള സിനിമയിലെ റിട്ടയേര്‍ഡ്‌ ബുദ്ധിജീവി എന്ന് ഞാന്‍ കരുതുന്ന ശ്രീ ജയരാജ്‌ തന്‍റെ ഏറ്റവും പുതിയ ദി ട്രെയിന്‍ എന്ന ചിത്രത്തിലൂടെ ഈ കൃത്യം നിര്‍വഹിച്ചു കഴിഞ്ഞു .നീ പറഞ്ഞതില്‍ നിന്നും ഉള്ള പ്രധാന വ്യത്യാസം സ്ഥാലം മുംബൈയും സംഗതി ട്രെയിനും ആണെന്നാണ്

അയ്യോ അന്നോ ?

പിന്നെ അല്ലാതെ ? നിനക്ക് പ്രായോഗിക ജ്ഞാനം കുറവായത് കൊണ്ട് ജയരാജ്‌ ചിന്തിച്ച പോലെയുള്ള ലോജിക് കൊണ്ട് വന്നിട്ടില്ല,പ്രത്യേകിച്ചു ക്ലൈമാക്സ്‌നോടടുത്ത് നായകന്‍ കേദാര്‍ (മമ്മൂടി) ഒരു തീവ്രവാദി മരിക്കുന്നതിനു മുന്‍പ് രക്തം കൊണ്ട് കാര്‍ ജന്നലില്‍ എഴുതിയ ഒരു കോഡ് വായിച്ചു മനസിലാക്കുന്നുണ്ട്‌. പ്രിയദര്‍ശന്‍ സാറിന്‍റെ ആദ്യ കാല പരമ കൂറ പടങ്ങളില്‍ പോലും ഇത്തരം കോമഡി രംഗം കാണാന്‍ കിട്ടില്ല (തീയറ്ററില്‍ കൂട്ട ചിരി ആയിരുന്നു ).സുഹാന എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് സബിത ജയരാജ്‌ ആണോ എന്നറിയില്ല.കണ്ടിട്ട് അത് പോലെ തോന്നുന്നു . ആന്നെങ്കില്‍ മഹാ കഷ്ട്ടം.ആയമ്മ മുംബയില്‍ ഏതോ സ്കൂളില്‍ പോയി അഭിനയം പഠിച്ചു വന്നതാണ്‌ എന്ന് വായിച്ചു എന്നാ ഓര്‍മ്മ.ശാസ്ത്രീയമായ അഭിനയം ആയതു കൊണ്ടാകും എന്നിക്ക് വല്ലാതെ ബോര്‍ അടിച്ചു.(ഇനി ഇവര്‍ ജയറാമിന്‍റെ നായികയായി അഭിനയിക്കുന്നു എന്നൊരു ഭീഷണിയും കണ്ടിരുന്നു.ജയറാമിന് അത്രയും കിട്ടിയാല്‍ പോര !!).ഇനി ഇതു സബിത ജയരാജ്‌ അല്ലെങ്കില്‍ ബോര്‍ അടിച്ചു എന്നതൊഴിച്ച് എല്ലാം പിന്‍വലിച്ചു മാപ്പും ചോദിച്ചു.

ഈ ചിത്രത്തിലെ ഏറ്റവും വലിയ പുതുമ ഫോണ്‍ ഉപയോഗിക്കാത്ത (അഥവാ ഫോണില്‍ സംസാരിക്കാത്ത)ഒരൊറ്റ കഥാപാത്രം പോലും ഈ ചിത്രത്തില്‍ ഇല്ല.(നാനോ വാങ്ങാന്‍ എവിടെ വരണം ?).അതിനു വേണ്ടി മാത്രം ആവണം ഒരു വേലക്കാരിയും അവരുടെ പുറകെ നടക്കുന്ന ഒരു ടാക്സി ഡ്രൈവറുടെയും സംഭാഷണം കൂടി കാണിക്കുന്നുണ്ട് .

എടെ നീ എങ്ങോട്ടാ ?

അണ്ണാ, ദൈവമേ.അറിവില്ലാതെ പറഞ്ഞതൊക്കെ ക്ഷമിക്കണം. കാളകൂടം മുതലാളി വരുന്നതിനു മുന്‍പ് രാജി കത്ത് എടുത്തു കീറി കളയണം.പിന്നെ പോയിരുന്നു ചിത്രവിദ്വേഷം എഴുതട്ടെ.പച്ചരി വാങ്ങണ്ടേ അണ്ണാ? ഇവന്മാര്‍ ഒക്കെ ഇങ്ങനെ തുടങ്ങിയാല്‍ ബാക്കിയുള്ളവന്‍ എങ്ങനെ പിഴച്ചു പോകും? ശരി ബാക്കി ഒക്കെ ഗാനങ്ങള്‍ ....

അനിയാ പാട്ടല്ല അത് കൊണ്ട് തള്ളുന്ന സ്ഥലമാണ്‌ ഉഗ്രന്‍.ഇവിടെ സംഭവങ്ങള്‍ ചൂട് പിടിച്ചു ഇരിക്കുമ്പോളാണ് നായകന്റെ ഫ്ലാഷ് ബാക്ക്. പോരാത്തതിനു ഒരു പാട്ടും!!!.(ഭഗവന്‍ എന്നാ ചിത്രത്തില്‍ സമാനസാഹചര്യങ്ങളില്‍ ലക്ഷ്മി ഗോപാല സ്വാമി ഒരു ഗാനം ആലപിക്കുന്നുണ്ട് ).ഇടവേള കൊണ്ട് നിര്‍ത്തുന്ന സ്ഥലമാണ്‌ ചിരി ഉണര്‍ത്തുന്ന വേറൊരു സ്ഥലം .(ശിക്കാരി ശംഭു പുലിയുടെ മേല്‍ ചാടി വീഴുന്ന പോലുള്ള രംഗം).നീല ഷര്‍ട്ട്‌ ധരിച്ചവന്റെ (പ്രഥമ ദ്രിഷ്ട്യ സംശയം തോന്നിക്കുന്ന തീവ്രവാദി)കൈയില്‍ ഐ ഡി ഇല്ല എന്ന് പറഞ്ഞു അവനെ ഇടിക്കുന്ന ഇടി!! പാവം തോന്നും .ശരിക്കും മമ്മുട്ടി ശിക്കാരി ശംഭു ആയി ജീവിക്കുകയാണ് ഈ ചിത്രത്തില്‍ തീയട്ടെരില്‍ വലിയ ജനം ഒന്നും ഇല്ലായിരുന്നു എങ്കിലും രണ്ടു മൂന്ന് ജീന്‍സ് ധാരിണികള്‍ ഉണ്ടായിരുന്നു. ഇവളുമാര്‍ക്ക് ഒക്കെ ഇങ്ങനെ തന്നെ വേണം !!!!

ചുരുക്കത്തില്‍ ...?

മമ്മുട്ടിയുടെ ഈ വര്‍ഷത്തെ ഹാട്രിക്ക് കൂറ ചിത്രം . ഈ മൂന്ന് ചിത്രങ്ങളില്‍ ഏതാണ് ഏറ്റവും കൂറ എന്ന് ചിത്രവിദ്വേഷത്തില്‍ നിനക്ക് ഒരു പോള്‍ നടത്താവുന്നതാണ്

Wednesday, May 25, 2011

രഘുവിന്‍റെ സ്വന്തം റസിയ

ഒരു ഷക്കീല ചിത്രം കണ്ടിട്ട് അതില്‍ അശ്ലീലം ഉണ്ട് എന്ന് പരാതിപ്പെടുന്നത് പോലെയാണ് ഒരു വിനയന്‍ ചിത്രത്തിന് നിലവാരം ഇല്ല എന്ന് പരാതി പറയുന്നത് .............

കലക്കന്‍ തുടക്കം.അണ്ണാ അപ്പോള്‍ അതും കണ്ടു അല്ലെ? നിങ്ങളെ സമ്മതിക്കണം.പക്ഷെ ഇങ്ങനത്തെ കൂറ പടങ്ങള്‍ ഒക്കെ കണ്ടു നടന്നാല്‍ മതിയോ ?നിങ്ങള്‍ക്ക് ഇതൊക്കെ എഴുതുന്ന സമയത്ത് പോയി വല്ല ഹോളിവുഡ് പടങ്ങളുടെ അഭിപ്രായം പറഞ്ഞു കൂടെ?അതാ ഇപ്പോളത്തെ ഒരു ട്രെന്‍ഡ് .പോരാത്തതിനു ഇങ്ങനത്തെ പടങ്ങളൊക്കെ കണ്ടു എന്ന് നാലു പേര്‍ അറിയുന്നത് മോശമല്ലേ ?

അനിയാ മുകളില്‍ പറഞ്ഞ വാചകം സത്യത്തില്‍ എന്‍റെ അല്ല.മുന്‍പ് ഇവിടെ പറഞ്ഞിട്ടുള്ള ശ്രീ ജയകൃഷ്ണന്‍ വിനയന്‍റെ ഏതോ പടത്തെ പറ്റി പറഞ്ഞ വാചകമാണ് ഇതു.പിന്നെ കാണുന്ന പടങ്ങളെ പറ്റിയല്ലേ എഴുതാന്‍ പറ്റു? തല്ക്കാലം ക്ഷമി .

ശരി വെറുതെ വഴക്ക് കൂടണ്ട . സിനിമയെ പറ്റി എന്തെങ്കിലും ഒക്കെ ......

പറയമെടെ .ഒരു നഗരം .അവിടെ ഒരു ട്രെയിനില്‍ വന്നിറങ്ങുന്ന ഭ്രാന്തി (മേഘ്ന) . കൊച്ചിനെ പോലീസ്കാരും തെരുവ് ഗുണ്ടകളും ഒക്കെ പീഡിപ്പിക്കുന്നു/പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.സംഗതി വാര്‍ത്ത‍ ആകുന്നു.(എന്നിട്ടും കൊച്ചു ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കുന്നു).ആ നഗരത്തിലെ പണക്കാരനായ അബൂബക്കര്‍ (സ്ഫടികം ജോര്‍ജ്) ടി വി യില്‍ ഈ വാര്‍ത്ത‍ കാണുന്നു . കാറും എടുത്തു രാത്രി തന്നെ അദേഹം ആ ഭ്രാന്തിയെ അന്വേഷിച്ചു ഇറങ്ങുന്നു.അവസാനം കണ്ടെത്തുന്ന ഭ്രാന്തിയുമായി അദേഹം ഒരു സ്വകാര്യ ആശുപത്രിയില്‍‍ എത്തുന്നു.അതീവ രഹസ്യമായി കൊച്ചിനെ ചികിത്സിക്കാന്‍ ഏര്‍പ്പാട് ചെയ്യുന്നു .അവിടുത്തെ ഒരു ലേഡി ഡോക്ടര്‍ ഭയങ്കര അനുകമ്പയോടെ പറയുന്നത് സാറിനെ പോലെയുള്ളവര്‍ ഒരു വലിയ കാര്യമാണ് ഈ ചെയ്തത് എന്ന് .പിന്നെ കാണിക്കുന്നത് അതെ ഡോക്ടര്‍ ഭ്രാന്തിയെ ചുമ്മാ ഷോക്ക്‌ കൊടുത്തു തള്ളുന്നതാണ്. ഇങ്ങനെ കുറെ നേരം നടക്കുന്ന ഷോക്ക്‌ കൊടുക്കല്‍ പ്രക്രിയ പേരും മറ്റും ഒന്നും ഒരിടത്തും പറയാത്ത ഒരു പത്രപ്രവര്‍ത്തക ഒളിഞ്ഞു നോക്കുന്നുണ്ട്.കുറെ ഷോക്ക്‌ കൊടുത്തു കഴിയുമ്പോള്‍ കൊച്ചു കുറച്ചു മെച്ചപ്പെട്ടു എന്നും പേര് വിളിക്കു എന്നും ഡോക്ടര്‍ പറയുമ്പോള്‍ (സത്യമായും ഇതു ഇങ്ങനെ തന്നെയാണ് ) അബൂബക്കര്‍ റസിയ റസിയ എന്ന് വിളിക്കുന്നു.ഉടനെ സംഗതി ഫ്ലാഷ് ബാക്കിലേക്ക്‌ അപ്പോളാണ് ഞെട്ടിക്കുന്ന കുറെ കാര്യങ്ങള്‍ നമുക്ക് മനസിലാകുന്നത് .

1 റസിയ അബൂബക്കറിന്‍റെ മകളാണ് .(ദോഷം പറയരുതല്ലോ അത് പറയുന്ന നിമിഷം വരെ സ്ഫടികം ജോര്‍ജ്ന്‍റെ മുഖം കണ്ടാല്‍ വിനയന്‍ പോലും പറയില്ല അത് അങ്ങേരുടെ മകള്‍ ആണെന്ന് .അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിച്ച സലിം കുമാറിനെ കുനിച്ചു നിര്‍ത്തി ഇടിക്കണം.അഭിനയമാണ് പോലും അഭിനയം !! )

2 ഈ റസിയ ആ നഗരത്തില്‍ തന്നെ വളര്‍ന്ന കൊച്ചാണ്‌. (വളരെ അടുത്തറിയാവുന്ന ആളുകള്‍ വരെ അവരെ കാണുന്നുണ്ട് . ആകെയുള്ള വ്യത്യാസം ദേഹത്ത് കുറച്ചു മുറിവും കീറിയ വസ്ത്രവും അഴിഞ്ഞു ഉലഞ്ഞ മുടിയും.തീര്‍ന്നു സ്വന്തം അച്ഛന് പോലും സംശയം മാത്രമേ ഉണ്ടാകു !!)

ഞെട്ടി കഴിഞ്ഞു ഇനി ബാക്കി .........................

ബാക്കി എന്താ? രഘുവും റസിയയും അയല്‍ക്കാര്‍.പ്രേമത്തില്‍ ആണെന്ന് വേണമെങ്കില്‍ നമുക്ക് സംശയിക്കാം.സ്വതന്ത്രസമര സേനാനിയും, ഗായകനും,നാടകക്കാരനും ഒക്കെയായ ഇപ്പോള്‍ കുട നന്നാക്കിയും,ചെരുപ്പ് കുത്തിയും,പാട്ടു പാടിയും ഒക്കെ കുടുംബം പുലര്‍ത്തുന്ന കുട്ടപ്പ ഭാഗവതരുടെ കൊച്ചുമകനാണ് രഘു.അങ്ങേരുടെ കുടുംബത്തില്‍ ആണേല്‍ മകള്‍ക്ക് കിഡ്നി പ്രശനം, ഒരു കൊച്ചു കുട്ടിക്ക് കാലിനെന്തോ പ്രശ്നം അങ്ങനെ കുറേ. പ്രേമം വീട്ടില്‍ അറിയുമ്പോള്‍ (അറിയുന്നതാണ് തമാശ.റസിയയെ ഓട്ടോയില്‍ പോകുമ്പോള്‍ കൂടെ പഠിക്കുന്ന ഒരുത്തന്‍ കൂട്ടുകാരുമൊത്ത് വന്നു പിടിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു . അത് കണ്ടു വഴിയെ വരുന്ന രഘു ചെറിയ സ്റ്റണ്ട് നടത്തി റസിയയെ രക്ഷിക്കുന്നു.നമ്മുടെ അയല്‍പക്കത്തുള്ള ഒരു കൊച്ചിനെ വഴിയില്‍ കുറെയെണ്ണം പിടിച്ചു വലിക്കുന്നത് കണ്ടാല്‍ സ്റ്റണ്ട് ഒന്നും നടത്തിയില്ലെങ്കിലും എന്താ എന്ന് ചോദിക്കുകെങ്കിലും ചെയ്യില്ലേ ?)അതോടെ റസിയയുടെ വീട്ടുകാര്‍ക്ക് എല്ലാം പകല്‍ പോലെ വ്യക്തം.അബൂബെക്കര്‍ നല്ല ജോലിയുമായി വന്നാല്‍ റസിയയെ കെട്ടിച്ചു തരാം എന്ന് പറയുന്നു.ജമാല്‍ എന്ന ആളിന് ഒരു കത്ത് കൊടുത്തു ജോലിക്കായി അബൂബേക്കര്‍ രഘുവിനെ വിടുന്നു.പിന്നെ പഠിക്കാനായി ബംഗ്ലൂര്‍ എത്തുന്ന റസിയ കാണുന്നത് നല്ല ഉഗ്രന്‍ തീവ്രവാദിയായി നടക്കുന്ന രഘുവിനെ ആണ്. ജമാല്‍ ഭയങ്കരനായ ഒരു തീവ്രവാദിയാണ് എന്നും അയാള്‍ രഘുവിനെയും മറ്റുള്ളവരെയും ഉപയോഗിച്ച് മുംബൈ മോഡല്‍ ഒരു ആക്രമണത്തിന് തയ്യാര്‍ എടുക്കുകയനെന്നും നമ്മുക്ക് മനസിലാകുന്നു . നല്ലവനായ നായകന് ഇതില്‍ തീരെ താല്പര്യം ഇല്ല.രഘുവിന്‍റെ സുഹൃത്ത്‌/ സഹതീവ്രന്‍ റസിയയെ രക്ഷപ്പെടുത്തുന്നു എങ്കിലും വെടിയേറ്റ്‌ വീഴുന്നു.(കുറെ നേരം ജമാല്‍ നിരന്തരമായി വെടി വയ്ക്കുന്നു എങ്കിലും അവസാന നിമിഷം ആണ് സംഗതി കൊള്ളുന്നത്‌ !!) റസിയ ബോധം കെട്ടു ഒരു ലോറിയില്‍ വീഴുന്നു.ലോറിക്കാര്‍ റസിയയെ പീഡിപ്പിക്കുന്നു എന്നിട്ട് വഴിയില്‍ ഉപേക്ഷിക്കുന്നു.(സമയം രാത്രി,പടം വിനയന്‍റെ,വീഴുന്നത് മേഘ്ന ,ലോറിക്കാരെ എന്തിനാ വെറുതെ കുറ്റം പറയുന്നേ ).ഇതോടെ സമനില തെറ്റിയാണ് റസിയ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്.ഇതിനിടെ ജമാല്‍ പ്ലാന്‍ ചെയ്ത തീവ്രവാദി ആക്രമണത്തില്‍ പങ്കെടുത്ത ബാക്കി എല്ലാരേയും പോലീസ് വെടിവെച്ചു കൊല്ലുന്നു.രഘു മാത്രം ജീവനോടെ പിടിക്കപ്പെടുന്നു.ഒരു വെടി പോലും വെച്ചിട്ടില്ലെങ്കിലും രഘു ഇന്നു തൂക്കു ശിക്ഷ കത്ത് കിടക്കുകയാണ്.ഇതോടെ കുട്ടപ്പ ഭാഗവതും കുടുംബവും വഴിയാധാരം ആകുകയും ഒറ്റപ്പെടുകയും ചെയ്യുന്നു .ഇത്രയും ഫ്ലാഷ് ബാക്ക്.

അയ്യോ ഇതു വരെ ഫ്ലാഷ് ബാക്ക് കഴിഞ്ഞതേ ഉള്ളോ ? പിന്നെ ...

പിന്നെ അങ്ങോട്ട്‌ സംഭവങ്ങളുടെ ഒരു ബഹളമാണ് . ജമാലിന്‍റെ ആശുപത്രിയില്‍ ആണ് റസിയയെ ചികിത്സിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന സത്യം പഴയ വെടിയേറ്റ സഹതീവ്രന്‍ വഴി നമ്മള്‍ അറിയുന്നു.ജനലിലൂടെ സ്ഥിരം ഒളിഞ്ഞു നോക്കുന്ന പത്രക്കാരിയാണ്‌ ഈ സഹനെ നമ്മുടെ മുന്നില്‍ എത്തിക്കുന്നത്, ഇതിനിടെ റസിയയെ ചികിത്സിക്കാന്‍ വേറൊരു ഭയങ്കര സ്ത്രീ ഡോക്ടര്‍ വരുന്നുണ്ട് (പഴയ ഡോക്റ്റര്‍ കറന്റ്‌ അടിപ്പിച്ചു മടുത്തു എന്നു തോന്നുന്നു) ഒരു നിവര്‍ത്തിയും ഇല്ലാത്ത അഭിനയമാണ് ചേച്ചിയുടെ.ഈ അഭിനയം കണ്ടു പേടിച്ചാണോ എന്നറിയില്ല റസിയ ഭേദമാകുന്നു.അപ്പോളേക്കും വിവരം അറിഞ്ഞു ജമാലും ഒരു ഡോക്റെരും ചേര്‍ന്ന് വിഷം കുത്തിവെച്ചു റസിയയെ കൊല്ലാന്‍ ശ്രമിക്കുന്നു.സഹന്‍ (പഴയ സഹ തീവ്രവാദി) റസിയയെ രക്ഷിക്കുന്നു.ഇനി അങ്ങോട്ട്‌ സിനിമയുടെ നിര്‍ണായകമായ ചില വഴിത്തിരിവുകളും അവസാനവും ആണ്.സിനിമ കണ്ടു തന്നെ ഇതൊക്കെ അനുഭവിക്കണം എന്നു നിര്‍ബന്ധം ഉള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .

പോലീസ്നും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് നടത്തപ്പെടുന്ന ചില ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ആണ് ഇവയില്‍ പ്രധാനം.അവയില്‍ ചിലത് ഇപ്രകാരം
1 സമൂഹത്തില്‍ മാന്യനായി കഴിയുന്ന ജമാല്‍ ആണ് സകല തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ എന്ന് നമ്മുടെ സഹന്‍ ഉറക്കെ പ്രഖ്യാപിക്കുന്നു
2 തുടര്‍ന്ന്,രഘുവിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തനിക്കു വിറ്റത് അബുബേക്കര്‍ ആണെന്ന് ജമാല്‍ നിര്‍ഭയം വെളിപ്പെടുത്തുന്നു.
3 പോരാത്തതിനു ഒരു ആളിനെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആയിട്ടു വില്‍ക്കുമ്പോള്‍ നിലവിലുള്ള മാര്‍ക്കറ്റ്‌ വില (അമ്പതു ലക്ഷം )അബുബേക്കര്‍ കൈ പറ്റിയതായും ജമാല്‍ പ്രഖ്യാപിക്കുന്നു.രഘുവിന്‍റെ കാര്യത്തില്‍ അബുബേക്കര്‍ തനിക്കു യാതൊരു ഡിസ്കൌണ്ടും തന്നിട്ടില്ല എന്ന് ധാര്‍മികരോഷത്തോടെ കുറ്റപ്പെടുത്തുകയും ചെയുന്നു.
4 ഇതേ തുടര്‍ന്ന് അബൂ ബക്കറിന്റെ ബാപ്പ താന്‍ ഇവനെ അനാഥാലയത്തില്‍ നിന്നും എടുത്തു വളര്‍ത്തിയത്‌ ആണെന്നും.
അബുബക്കറിന്റെ ശരിയായ പേരോ ജാതിയോ അറിയില്ല എന്നും പ്രഖ്യാപിച്ചു തടി തപ്പുന്നു.(ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ കൊണ്ട് എന്താണ് ഉദേശിക്കുന്നത് എന്ന് മനസിലായില്ല.അബു ബേക്കര്‍ എന്നാ കഥാപാത്രം ഒരു മതഭ്രാന്തനോ മറ്റോ ആയിരുന്നെങ്കില്‍ അതിനു പിന്നെയും ഒരു കാര്യമുണ്ടായിരുന്നു.ഇവിടെ അബുബേക്കര്‍ തികഞ്ഞ ഒരു ബിസ്നെസ്സ്കാരനാണ്. അയാള്‍ മുസ്ലിം ആയാല്‍ എന്ത് അല്ലെങ്കില്‍ എന്ത് ?)

എത്രയും ആകുമ്പോള്‍ ഇനി സംഗതികള്‍ മുന്നോട്ടു പോയാല്‍ കണ്ടിരിക്കുന്നവര്‍ മുഴുഭ്രാന്തന്‍മാരായി ആകും പുറത്തു വരുക എന്ന് ഓര്‍ത്തിട്ടാണോ എന്തോ വിദേശ പര്യടനത്തില്‍ ആയിരുന്ന രാഷ്‌ട്രപതി യാത്ര റദ്ദാക്കി തിരിച്ചു വരുകയും.പുന പരിശോധനക്ക് സമര്‍പ്പിക്കപെട്ട ദയാഹര്‍ജി അനുവദിക്കുകയും ചെയ്യുന്നു.(തൂക്കി കൊല്ലുന്നതിനു തൊട്ടു മുന്‍പ് ഓര്‍ഡര്‍ കൈയില്‍ കിട്ടുകയും ചെയ്യുന്നു ). സര്‍വം ശുഭം

ഈ ചിത്രത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.എല്ലാ ഘടകങ്ങളും ശരാശരിയില്‍ നിന്നും വളരെ താഴെയാണ് . വിനയന്‍ ചിത്രങ്ങളില്‍ കാണാറുള്ള നിലവാര കുറവ് ചീപ്നെസ്സ് എന്നിവ മിക്ക ഫ്രെമുകളിലും തെളിഞ്ഞു കാണാന്‍ ഉണ്ട് .

അമ്മയോടും,സുപ്പര്‍ താരങ്ങളോടും ഉള്ള വാശി പകയായി വിനയന്‍ കാണികളോട് വീട്ടുകയാണ് എന്ന് ഈ ചിത്രം കണ്ടാല്‍ അമ്മയാണെ ആരും പറഞ്ഞ് പോകും.അങ്ങനെ പറയുന്നവരെ വിനയന്‍ സുപ്പര്‍ താരങ്ങളുടെ പിണിയാളുകള്‍ എന്ന് വിളിച്ചാല്‍ , അങ്ങേരെ ഈ പടം മുഴുവനായി ഒരു പത്തു തവണ കാണിക്കണം . സകല പ്രശ്നവും അതോടെ തീരും .പണ്ടാരം !!! ഒന്നുകില്‍ അങ്ങേര്‍ക്ക് വട്ടാകും,അല്ലെങ്കില്‍ ആത്മഹത്യ ചെയ്യും .രണ്ടായാലും പ്രേക്ഷകര്‍ക്ക്‌ രക്ഷ .

ഈ പടത്തിന്‍റെ ഒരു നല്ല വശം പറഞ്ഞു അവസാനിപ്പിച്ച്‌ കൂടെ എന്ന് ശ്രീനിയുടെ വക ഒരു നിര്‍ദേശം.ആലോചിച്ചപ്പോള്‍ ഓര്‍മ വന്നത് ഈ ചിത്രം കാണാന്‍ ഞാനുള്‍പ്പെടെ പല സമയത്തായി വന്ന മൂന്ന് പേരാണ് താഴെ ഉണ്ടായിരുന്നത് . ഇടവേള ആയപ്പോള്‍ ആണ് മറ്റു രണ്ടു പേര്‍ വളരെ കാലമായി കാണാതിരുന്ന കൂട്ടുകാര്‍ ആണ് എന്ന് മനസിലായത് (അവരുടെ സംഭാഷണത്തില്‍ നിന്നും മനസിലാക്കിയത്).ഇടവേളക്കു ശേഷം അവര്‍ രണ്ടു പേരും തകര്‍പ്പന്‍ കത്തി/വിശേഷം പറയല്‍ ആയിരുന്നു . ഈ ചിത്രം ആയതു കൊണ്ടല്ലേ അവര്‍ക്ക് വീണ്ടും കണ്ടു മുട്ടാന്‍ കഴിഞ്ഞത്? (വല്ല സീനിയേര്‍സും ആയിരുന്നെങ്കിലോ ?) ഒരു പക്ഷെ പേരറിയാത്ത അവര്‍ മാത്രമായിരിക്കും ഈ ചിത്രത്തിന് വിനയനെ തെറി പറയാതിരിക്കാന്‍ സാധ്യത ഉള്ളവര്‍

Sunday, May 22, 2011

ജനപ്രിയന്‍ (Janapriyan )

നിങ്ങള്ക്ക് നാണം ഉണ്ടോ ഹേ?

നീ എന്താടെ ഒരുമാതിരി സുപ്പര്‍ ആരാധകരെ പോലെ സംസാരിക്കുന്നെ ?

അല്ലാതെ പിന്നെ എങ്ങനെ പറയണം മലയാളത്തിനു അഭിമാനമായി സലിം കുമാറിന് ദേശീയ പുരസ്‌കാരം കിട്ടി.നിങ്ങള്‍ ഈ ബൂലോകത്ത് എന്തൊക്കെയോ പടച്ചു വിടുന്നുണ്ടല്ലോ . ഈ വന്‍ സംഭവത്തെ പറ്റി നാലു വരി എഴുതി ഇട്ടാല്‍ എന്താ ?

അനിയാ സമാധാനപ്പെട് ആദ്യമായി ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രം ഇവിടെ ഇറങ്ങിയിട്ടില്ല .കാണാത്ത ഒരു ചിത്രത്തിന് അവാര്‍ഡ്‌ കിട്ടി എന്ന് കരുതി വെറുതെ അഭിമാനിക്കാന്‍ എന്നിക്കിപ്പം സൌകര്യമില്ല തീര്‍ന്നില്ലേ.പിന്നെ സലിം കുമാര്‍ അഭിനയിച്ചതില്‍ നന്നായി എനിക്ക് തോന്നിയത് അച്ഛനുറങ്ങാത്ത വീടും, ഗ്രാമഫോണും ആണ് .അതില്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശ്രീ ഭരത് സലിം കുമാര്‍ ഈ അവാര്‍ഡ്‌ അര്‍ഹിച്ചിരുന്നു എന്നാണ് എന്നിക്ക് തോന്നിയിട്ടുള്ളത്

ശരി പുതിയ പടങ്ങളെ കുറിച്ച് ഒരു വാക്ക് ......

അനിയാ ഇന്നലെ തന്നെ പോയി കാണണം എന്ന് ഉണ്ടായിരുന്നു . എവിടെ നടക്കാന്‍? പിന്നെ ഇന്നു പോയി ജനപ്രിയന്‍ എന്ന ചിത്രം കണ്ടു .

ആണോ ശരി അതാ ജയസൂര്യയും ഭാമയും ഒക്കെ അഭിനയിക്കുന്ന പടമല്ലേ? കൂറ എന്ന് പറയാതെ തന്നെ അറിയാമല്ലോ . സംവിധായകന്‍ ആരാ?
പുതുമുഖ സംവിധായകന്‍ ബോബന്‍ സാമുവല്‍ അന്ന് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് കഥ തിരകഥ കൃഷ്ണ പൂജപ്പര .

ഹോ കേട്ടിട്ട് തന്നെ തല പെരുക്കുന്നു . ഏതൊക്കെ എങ്ങനെ കാണുന്നു ? ശരി കഥ എങ്ങനെ ?

ഒരു സംവിധായകന്‍ ആകാന്‍ ആഗ്രഹിച്ചു അവസരം തേടി അഥവാ നിര്‍മാതാവിനെ തേടി നടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വൈശാഖന്‍ (മനോജ്‌ കെ ജയന്‍) നിന്നാണ് കഥ തുടങ്ങുന്നത്.ജോലിയില്‍ സ്ഥിരം ഉഴപ്പനായ ഇയാളെ കൊണ്ട് നാട്ടുകാരും മേലുദ്യോഗസ്ഥരും ഒക്കെ പൊറുതി മുട്ടി ഇരിക്കുന്നു.കഥ പറയുന്ന രീതി കാരണമോ അതോ തിരകഥ കൊള്ളില്ലത്തത് കാരണമോ ആര്‍ക്കും ഇയാള്‍ പറയുന്ന കഥ ഇഷ്ട്ടപ്പെടുന്നില്ല.ഒടുവില്‍ മേലുദ്യോഗസ്ഥന്‍ (ലാലു അലക്സ്‌) ഇയാളെ നിര്‍ബന്ധിച്ചു കുറെ കാലത്തേക്ക് അവധി എടുപ്പിക്കുന്നു.ആ ഒഴിവില്‍ വരുന്ന, നാട്ടിന്‍പുറത്ത് നിന്നും വരുന്ന താല്‍ക്കാലിക ജോലിക്കാരന്‍ ആണ് പ്രിയദര്‍ശന്‍ (ജയസൂര്യ).ചുറുചുറുക്കുള്ളവനും എന്തും ആത്മാര്‍ഥമായി ചെയ്യുന്ന ഇയാള്‍ നാട്ടില്‍ പല ജോലികളും ചെയ്തു ജീവിച്ചിരുന്ന ഒരാളാണ് (ഒരു തൂവല്‍കൊട്ടാരം ജയറാം ലൈന്‍ ).പക്ഷെ ചെയ്യുന്ന ജോലികളില്‍ ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും ഒക്കെ ഉണ്ടെന്നല്ലാതെ എല്ലാ ജോലികളിലും മിടുക്കന്‍ ആണ് എന്ന് ഒരിടത്തും പറയുന്നില്ല .മാത്രമല്ല അങ്ങനെയല്ല ഇതു ചെയേണ്ടത് ഇങ്ങനെയാണ് എന്ന് പറഞ്ഞു മറ്റവനെ അമ്പരപ്പിക്കുന്ന ആ ഇടപാടും ഈ ചിത്രത്തില്‍ ഇല്ല(നന്ദി കൃഷ്ണേട്ടാ നന്ദി).ഓഫീസില്‍ എല്ലാവര്‍ക്കും പെട്ടന്ന് ഇയാളെ ഇഷ്ടമാകുന്നു വാ തോരാതെ സംസാരിക്കുകയും എല്ലാം നീട്ടി(വിസ്തരിച്ചു) പറയുകയും ചെയുന്ന ഇയാള്‍ താമസ സ്ഥലത്തിന് തൊട്ടടുത്ത വീടിലെ വേലക്കാരി എന്ന് ധരിക്കുന്ന പെണ്‍കുട്ടിയുമായി (ഭാമ) പ്രണയത്തിലാകുന്നു.ഇതിനിടെ നിര്‍മാതാവിനെ തേടി മടുത്ത വൈശാഖന്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ എത്തുന്നു.ജോലി നില നിര്‍ത്താനായി വൈശാഖന് ഒരു നിര്‍മാതാവിനെ കണ്ടു പിടിക്കുന്ന ജോലി പ്രിയന്‍ ഏറ്റെടുക്കുന്നു . അതിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ കഥ മുന്നോട്ടു പോകുന്നു.

അപ്പോള്‍ ധൈര്യമായി പന്ന പടം എന്ന് പറയാമല്ലോ അല്ലെ?

അനിയാ നീ തോക്കില്‍ കേറി വെടി വെക്കല്ലേ.ഈ ചിത്രം കാണുമ്പോളാണ് ഈ സൂപ്പര്‍ താരങ്ങള്‍ മലയാള സിനിമക്ക് എങ്ങനെ ഒരു ബാധ്യത ആയി മാറുന്നു എന്ന് മനസിലാകുന്നത്, ശ്രീ ഭരത് മമ്മൂട്ടി അവതരിപ്പിച്ച ലൌഡ് സ്പീക്കര്‍ എന്നൊരു സിനിമ ഓര്‍ക്കുന്നുണ്ടോ (എവിടെ?) അദേഹം ആ വര്‍ഷം തകര്‍ത്തു പൊളിച്ചു എന്നൊക്കെ അങ്ങേരുടെ ആരാധകരും ഈ ബൂലോകത്തിലെ വലിയ അണ്ണന്മാരും ഒക്കെ പാടി നടന്ന ഒരു സിനിമ ആയിരുന്നു പ്രസ്തുത സംഭവം,സ്പ്രിംഗ് തലമുടി,ട്രാന്‍സിസ്റ്റര്‍ റേഡിയോ,സുരാജ്, ഉച്ചത്തിലുള്ള (അരോചകമായ) സംഭാഷണം,മൈക്ക് എന്നൊരു സ്ഥാനപ്പേര് എന്നീ ഉപകരണങ്ങള്‍ ഉപയോഗിച്ച് അവതരിപ്പിക്കപെട്ട, നഗരത്തില്‍ വരുന്ന നാട്ടിന്‍പുറത്തുകാരനായ ശുദ്ധന്‍ പിലിപ്പോസ്നോട് വളരെ സാമ്യം ഉള്ളതാണ് ഈ ചിത്രത്തിലെ പ്രിയദര്‍ശന്‍.എന്നാല്‍ മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ,രൂപത്തിലോ വേഷവിധാനത്തിലോ ഒരു മാറ്റവും വരുത്താതെ പ്രിയദര്‍ശനെ അനായാസം അവതരിപ്പിച്ചു എന്ന കാര്യത്തില്‍ ജയസൂര്യക്ക് അഭിമാനിക്കാവുന്നതാണ്.മുന്‍പ് പറഞ്ഞിട്ടുള്ളത് പോലെ നന്നാകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹം ഉള്ളതും അതിനു വേണ്ടി നന്നായി ശ്രമിക്കുകയും ചെയ്യുന്ന ഒരു നടനാണ് ജയ സൂര്യ എന്ന് പല്ലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളതാണ് .(അറബിക്കഥ ,ഹാപ്പി ഹസ്ബന്‍സ് ,ഇവര്‍ വിവാഹിതര്‍ ആയാല്‍,കോക്ക് ടെയില്‍,ജനപ്രിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഈ നടന്‍ അവതരിപ്പിച്ച വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കണ്ടിട്ടും അങ്ങനെ തോന്നാത്തവര്‍ ക്ഷമിക്കുക). സംവിധായകന്റെയും തിരകഥകൃതിന്റെയും വിജയമായി എന്നിക്ക് കാണാന്‍ കഴിയുന്നത്‌ വലിയ പുതുമ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു കഥ വൃത്തിയായി രണ്ടു മണികൂര്‍ കൊണ്ട് പറഞ്ഞു തീര്‍ത്തു എന്നിടത്താണ് അതും കണ്ടിരിക്കുന്നവര്‍ക്ക് ഒട്ടും ബോര്‍ അടിപ്പിക്കാതെ.മാത്രമല്ല ഓവര്‍ ആക്കി ബോര്‍ ആക്കി എന്ന് നമുക്ക് ഒരു കഥാപാത്രത്തെ പറ്റി പോലും പറയാന്‍ കഴിയില്ല എന്നതും എന്നിക്ക് തോന്നിയ ഒരു കാര്യമാണ്.സലിം കുമാറും ജഗതിയും ഒക്കെ ഉണ്ടായിട്ടു പോലും അവരെ അമിതമായി സംവിധായകനോ തിരകഥക്രിത്തോ ആശ്രയിക്കുന്നില്ല എന്നതും ശ്രദ്ധേയം.(സുരാജിന്‍റെ തോളില്‍ ചാരി അയാളെ നശിപ്പിക്കുന്ന സംവിധാന പ്രതിഭകള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും ).മീര ജാസ്മിന്‍റെ (സത്യമായും അവരെ എനിക്ക് പേടിയാണ് ) വികലാനുകരണം എന്ന് പല സിനിമകളിലും എനിക്ക് തോന്നിയിട്ടുള്ള ഭാമ ഈ ചിത്രത്തില്‍ നന്നായിട്ടുണ്ട് .ജയസൂര്യ - ഭാമ ഒരു നല്ല ജോടിയായി ഉയര്‍ന്നു വരാവുന്നതാണ്. ഇവര്‍ തമ്മില്‍ ഒരു നല്ല കെമിസ്ട്രി ഉള്ളത് പോലെ ഒരു തോന്നല്‍ .കോമഡി ചെയ്തു കൊല്ലുന്ന ഭീമന്‍ രഘുവിനെ പോലും ഈ ചിത്രത്തില്‍ സഹിക്കാവുന്നത്തെ ഉള്ളു .

അപ്പോള്‍ ബുദ്ധി വീട്ടില്‍ വെച്ച് അവധിക്കാലം ആഘോഷിക്കാന്‍ ഒരു ഹോളിഡേ മൂഡില്‍ കാണാന്‍ പറ്റിയ ചിത്രം അന്ന് ഇതു എന്നാണോ പറയുന്നേ ?

അനിയാ, ഈ ബുദ്ധി എന്നത് കൊണ്ട് നടക്കാന്‍ ഇത്ര ബുദ്ധിമുട്ടുള്ള ഒരു സാധനം ആണെന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല .പിന്നെ എന്‍റെ നാട്ടില്‍ ബുദ്ധി ഇല്ലാത്തവരെ (വീട്ടില്‍ വെച്ചതായാലും , ജന്മനാ ഇല്ലാതായാലും) മണ്ടന്മാര്‍ എന്നാണ് വിളിക്കുന്നത്‌ . അത് കൊണ്ട് പറഞ്ഞോട്ടെ .ഇതു മണ്ടന്മാര്‍ക്കുള്ള സിനിമ അല്ല.

അപ്പോള്‍ കിടിലം പടം എന്നാണോ പറഞ്ഞു വരുന്നേ

അനിയാ ഇതില്‍ കുറവുകള്‍ ഇല്ലെന്നല്ല പ്രധാനമായും എനിക്ക് തോന്നിയത് മനോജ്‌ കെ ജയന്‍റെ കഥാപാത്രമാണ് . അതിനു കുറച്ചു കൂടി വ്യക്തത കൊടുത്തിരുന്നെങ്കില്‍ നന്നായേനെ .അതായിത് എന്ത് കൊണ്ട് ഇയാളുടെ തിരകഥ ആര്‍ക്കും ഇഷ്ട്ടപ്പെടുന്നില്ല. ട്രെന്‍റ് അനുസരിച്ച് എഴുതാന്‍ താല്പര്യമില്ലാത്ത സംവിധായകനും , ട്രെന്റിനും നല്ല സിനിമക്കും നടുവിലൂടെ ഒരു സിനിമയുടെ വഴി നിര്‍ദേശിക്കുന്ന പ്രിയനും എന്ന രീതി ഒരു പക്ഷെ കൂടുതല്‍ നല്ല ഒരു സമീപനം ആയേനെ . ആലോചിച്ചാല്‍, ഇന്നത്തെ മലയാള സിനിമയുടെ പോക്കിനെ പരിഹസിക്കാന്‍ കൂടി ആ ഭാഗത്തെ വ്യക്തത ഉപകരിച്ചേനെ.പ്രിയനേ ആദ്യം കാണിക്കുന്ന ഗാന രംഗം
എല്‍സമ്മ എന്ന ചിത്രത്തിലെ ആന്‍നെ ഓര്‍മിപ്പിക്കുന്നു.പാരലല്‍ കോളേജില്‍ ഒക്കെ പഠിപ്പിക്കുന്ന ഒരാള്‍ക്ക് നിര്‍മാതാവ് എന്താണ് എന്നറിയില്ല എന്നൊക്കെ പറയുന്നത് ഒരല്‍പം അതിശയീകരണം ആയിപ്പോയി.അതിനു പകരം വിതരണക്കാരനും നിര്‍മാതാവും ആയുള്ള വ്യത്യാസം എന്താണ് എന്നു അന്വേഷിക്കുന്നത് പോലെ വല്ലതും ഒക്കെ ആയിരുന്നേല്‍ കുറച്ചു കൂടി ഭേദം ആയേനെ.പിന്നെ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഈ കുറവുകള്‍ ഒക്കെ സഹിക്കവുന്നത്തെ ഉള്ളു എന്നതാണ് എന്‍റെ എളിയ അഭിപ്രായം.കുടുംസമേതം ആസ്വദിക്കാവുന്ന അശ്ലീല തമാശകള്‍ , സുരാജ് എന്നിവയൊക്കെ ആസ്വദിക്കുന്നവര്‍ ആ വഴിക്ക് പോകരുത്.ഒട്ടും ഇല്ല രണ്ടും .

അപ്പോള്‍ ചുരുക്കത്തില്‍ ....?

മലയാള സിനിമയുടെ സൂപ്പര്‍ താരപദവി യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത രണ്ടു വൃദ്ധന്മാരില്‍ (അല്ലെങ്കില്‍ ഒന്നോ രണ്ടോ പേരില്‍ ) ഒതുക്കി നിര്‍ത്താതെ, ഓരോ ആഴ്ചയും ഒരു സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവുകയും അവസാനിക്കുകയും ചെയ്യുന്ന കാലത്തേ നല്ല സിനിമകള്‍ ഇനി മലയാളത്തില്‍ ഉണ്ടാകു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഈ വര്‍ഷത്തെ ഭേദപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് നിസംശയം പറയാം . ആദ്യ ചിത്രങ്ങളിലെ പാളിച്ചകളില്‍ നിന്നും പാഠം ഉള്‍ ക്കൊണ്ടാല്‍ നമ്മുക്ക് ഒരു നല്ല സംവിധായകനെ കൂടി ലഭിച്ചേക്കും

Sunday, May 15, 2011

മഹാരാജാ ടാക്കീസ് (Maharaja Takies )

അണ്ണാ ഒരു ചെറിയ സഹായം ...

എന്തുവാടെ നിന്നെ സഹായിക്കാനായി ഈ കണ്ട കൂറ പടങ്ങളൊക്കെ കണ്ടു മനസിന്‍റെ സമനില തെറ്റാറായി . അത് പോരെ ?

അതല്ല അണ്ണാ.കഴിഞ്ഞ ദിവസം നമ്മുടെ വിപ്ലവ പാര്‍ട്ടിയുടെ നേതാവിനെ കണ്ടു. അവരുടെ സിനിമ ലേഖകന്‍ അമേരിക്കയില്‍ നേഴ്സ് പണിക്കു വിസ കിട്ടി പോയത് കൊണ്ട് അത്യാവശ്യമായി ഒരാളെ വേണമത്രെ.ഞാന്‍ നമ്മുടെ ബ്ലോഗിന്റെ കാര്യമൊക്കെ പറഞ്ഞു ഒന്ന് മുട്ടി നോക്കി അങ്ങേര്‍ക്കു വലിയ വിവരം ഒന്നും ഇല്ല ഈ ബ്ലോഗ്ഗര്‍,ബ്ലോഗിങ്ങ് ഇവയെ പറ്റി.പിന്നെ അവരൊക്കെ സ്വന്തമായി കുറച്ചു ഈ സാധനം വാങ്ങി വെച്ചിട്ടുണ്ടെന്ന് ഏതോ രഹസ്യ പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞു കേട്ടിടുണ്ടാത്രേ .പിന്നെ അതൊക്കെ രാഷ്ട്രീയ ബ്ലോഗ്‌ ആണെന്നും ഇങ്ങനത്തെ സാധനം പാര്‍ടിക്ക് ഇല്ലെന്നും ഒക്കെ പറഞ്ഞു അയാളെ ബോധവല്‍ക്കരിച്ചു ഒരു മണിക്കൂര്‍ വായിലെ വെള്ളം വറ്റിച്ചു . അവസാനം അവസാനം ഇറങ്ങിയ പടത്തെ അഭിപ്രായം എഴുതി കൊണ്ട് വരാന്‍ പറഞ്ഞു.അണ്ണാ കിട്ടിയാല്‍ ഊട്ടി.പോന്നു അണ്ണാ അവിടെ ഒക്കെ ജോലി ചെയുമ്പോള്‍ മാത്രമല്ല പിരിഞ്ഞു പോയാല്‍ പോലും ഒടുക്കത്തെ ആനുകൂല്യങ്ങള്‍ ആണ്. നമ്മുടെ കാളകൂടം വാരിക മുതലാളി ഈപ്പച്ചന്‍ മര്യാദക്ക് ശമ്പളം പോലും തരുന്നില്ല.ഒന്ന് ഉത്സാഹിച്ചു ഒരു തകര്‍പ്പന്‍ സാധനം ഇങ്ങു തന്നേ..നമ്മുടെ വിപ്ലവ നേതാവ് മൂക്കും കുത്തി വീഴണം .

അനിയ നിന്‍റെ സമയം ആ പടം ഇന്നലെ പോയി കണ്ടതേ ഉള്ളു. എന്താണെന്നറിയില്ല ഇന്നലെ വരെ എന്നോട് രൂക്ഷമായി തര്‍ക്കിച്ചു കൊണ്ട് ഇരുന്ന ,എന്‍റെ കൂടെ സിനിമക്ക് കമ്പനി തരാറുള്ള ,സുഹൃത്ത്‌ ശ്രീനി,ഈ ചിത്രം കണ്ടത് മുതല്‍ തികഞ്ഞ ദയവോടെ ആണ് എന്നോട് പെരുമാറുന്നത് അവന്‍റെ തന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ,"നിന്‍റെ ഒക്കെ അവസ്ഥ ... ഈ ജാതി പടവും കാണണം . അഭിപ്രായവും എഴുതണം ...." എന്നാണ് .

അണ്ണാ അതൊക്കെ ശരി . ഈ സാധനം ....?

ശരി നിന്‍റെ കാര്യം അല്ലെ ഇന്നാ പിടിച്ചോ . താരാധനയുടെ നീര്‍ ചുഴിയില്‍ വട്ടം കറങ്ങുന്ന മലയാള സിനിമയില്‍ പുതുമയുടെ ഒരു നവജീവനായി കാണാവുന്ന ചിത്രമാണ് മഹാരാജാടാക്കീസ് .അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം നേരിടുന്ന പ്രതിസന്ധികളും സ്ത്രീ ശാക്തീകരണത്തിന്‍റെ ക്രിയാത്മക പ്രതിരോധവും ഈ ചിത്രത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.ഒരു സിനിമ തീയറ്റര്‍ നടത്തിക്കൊട്നു പോകുന്ന നാലു സഹോദരിമാരുടെ കഥ പറയുന്ന ഈ ചിത്രം ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ചിത്രം അന്നെന് തോന്നും എങ്കിലും അങ്ങനെ അല്ല . ഈ ചിത്രത്തിലൂടെ സംവിധായകന്‍ ദേവിദാസന്‍ പറയാന്‍ ശ്രമിക്കുന്നത് തൊഴിലാളി വര്‍ഗത്തെ എന്നും എതിര്‍ക്കാനും നശിപ്പിക്കാനും കിണഞ്ഞു ശ്രമിക്കുന്ന ബൂഷ്വ കുത്തക വര്‍ഗത്തെ അനാവരണം ചെയ്യാനാണ്.മൂര്‍ഖന്‍ പറമ്പില്‍ പാപ്പച്ചന്‍ എന്ന (പേര് കേട്ടാല്‍ തന്നേ മനസിലാകില്ലേ ദുഷ്ടനാണെന്ന്) കുത്തക മുതലാളിയെ വിജയരാഘവന്‍ അവതരിപ്പിക്കുന്നു. രണ്ടു തലമുറ മുന്‍പ് ഈ തീയറ്റര്‍ ഇവരുടേത് ആയിരുന്നു എന്ന പേരില്‍ അത് തിരിച്ചു പിടിച്ചു അവിടെ ഒരു എ സി, ഡി ടി എസ് തീയറ്റര്‍ ഉണ്ടാക്കാന്‍ ഇയാള്‍ നടത്തുന്ന ശ്രമങ്ങള്‍ സാമൂഹ്യ ബോധം ഉള്ള (ബോധം ഉണ്ടായിട്ടു വേണ്ടായോ സാമൂഹ്യ ബോധം ഇവനൊക്കെ !!) ഏതൊരു പൌരന്റെയും ചോര തിളപ്പിക്കുന്നതാണ്.എന്നും ബൂഷ്വ കുത്തക മുതലായിമാരുടെ പിണിയാളായി നിന്നിട്ടുള്ള മധ്യവര്‍ഗത്തിനെ ഹരി ശ്രീ അശോകന്‍ പ്രതിനിധീകരിക്കുന്നു (പാപ്പച്ചന്‍ മുതലാളിടെ ശിങ്കിടി).നായിക ഉര്‍വശി അവതരിപ്പിക്കുന്ന നായിക വിമല ഈ മുന്നണിയിലെ നമ്മുടെ പാര്‍ട്ടിയുടെ ശക്തമായ പ്രതീകമാണ്‌.ഏതു പ്രതിസന്ധിയും ധീരമായി നേരിടുന്ന വിമലയുടെ മൂന്ന് സഹോദരിമാര്‍ക്ക് നമ്മുടെ ഘടകകക്ഷികളുമായി ഉള്ള സാമ്യം ഒരിക്കലും യാദ്രിശ്ചികം ആണെന്ന് ഞാന്‍ കരുതുന്നില്ല. അതില്‍ ഏറ്റവും ഇളയ സഹോദരി ഊമയും കൂടിയാകുമ്പോള്‍ സദൃശ്യം തികച്ചും പൂര്‍ണം .ഒരു രംഗത്ത് മാത്രം വരുന്ന തമിഴ് അശ്ലീല സിനിമ വിതരണക്കാരന്‍ സാമ്രാജ്യത്വ കുത്തകകള്‍ പൊരുതുന്ന സമൂഹത്തിനു (ഇവിടെ സമൂഹത്തിനു മനസമാധാനമായി ഒരിടത്തു ഇരിക്കാന്‍ പറ്റുന്നില്ല അപ്പോളല്ലേ പൊരുതുന്നത് !!) കൊടുക്കുന്ന ഔട്ട്‌സോര്‍സിംഗ് പോലുള്ള അപ്പ കഷ്ണങ്ങള്‍ കൊണ്ട് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്‌ .മനോഹരം എന്നല്ലാതെ മറ്റൊരു വാക്ക് ഇതിനെ കുറിച്ച് പറയാനില്ല .
പിന്നെ ഈ കഥ നടക്കുന്ന ഗ്രാമത്തിലെ പഞ്ചായത്ത് ഭരിക്കുന്നത്‌ തികച്ചും വിപ്ലവ ബോധം ഇല്ലാത്ത ബൂഷ്വ പാര്‍ട്ടികള്‍ അന്നെന്നത് വ്യക്തമായി കാണികളിലേക്ക് സംവേദിച്ചിട്ടുണ്ട് .പേരെടുത്തു പറയാതെ തന്നെ ഇപ്പോളും അപവാദങ്ങള്‍ പോസ്റ്റര്‍ ആക്കി കവലയില്‍ ഒട്ടിക്കുന്ന പ്രാകൃതമായ രീതികള്‍ പിന്തുടരുന്ന പാര്‍ട്ടി ഏതാണെന്ന് ആര്‍ക്കും ഒരു സംശയും ഉണ്ടാകില്ല.ഇതിനു പകരം നായികയെ ഒരു പുരുഷനോടൊപ്പം രാത്രി,സംസാരിച്ചിരിക്കുമ്പോള്‍ വീട് വളഞ്ഞു പിടിച്ചു പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചാനല്‍ കൂടി തല്‍സമയ സംപ്രേക്ഷണം നടത്തി ആഘോഷിക്കുകയും ചെയുന്നതായി കാണിച്ചിരുന്നെങ്കില്‍ ‍ തീര്‍ച്ചയായും അത് കാണികളില്‍ ആശയകുഴപ്പം ഉണ്ടാക്കിയേനെ.ഇതൊന്നും ഒന്നുമല്ല ഏതാണ്ട് അവസാനം അടുക്കുമ്പോള്‍ ആണ് നമുക്ക് കുത്തക മുതലാളി പാപ്പച്ചന്‍ ഒരു ഉപകരണം മാത്രം ആണെന്നും പാപ്പച്ചന്റെ പിന്നില്‍ ഒളിഞ്ഞിരുന്നു പ്രവര്‍ത്തിച്ചിരുന്നത് സാമ്രാജ്യത്വ - പ്രതിലോമ ശക്തികളുടെ അന്തര്‍ധാരയുടെ മൂര്‍ത്തീഭാവമായ അമേരിക്കക്കാരന്‍ സിബിച്ചന്‍ (പാപ്പച്ചന്‍റെ അനിയന്‍ ) ആണെന്ന് അറിയുന്നത്. സിബിച്ചന്‍ വരുന്നതോടെ പാപ്പച്ചന്‍ അപ്രത്യക്ഷന്‍ ആകുന്നു എന്നത് തികച്ചും സ്വാഭാവികം (സാമ്രാജ്യത്വതിനു മുന്നില്‍ എന്തോന്ന് കുത്തക ?) ഒടുവില്‍ തന്‍റെ സ്വന്തം ഘടകകക്ഷിയെ ക്ഷമിക്കണം സഹോദരിയെ നശിപ്പിക്കാന്‍ പോലും ശ്രമിക്കുന്ന സാമ്രാജ്യത്വത്തെ ഒരു സംഹാരരുദ്രയായി മാറി ചുവന്ന ഒരു തൊട്ടി കൊണ്ട് അടിച്ചു അടിച്ചു കൊല്ലുന്ന വിമല അഥവാ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗം ഓരോ പ്രേക്ഷകനെ കൊണ്ടും മനസിലെങ്കിലും ഒരു ഇങ്ക്ലാബ്‌ സിന്ദാബാദ്‌ വിളിപ്പിക്കാതെ പുറത്തോട്ട് വിടും എന്ന് തോന്നുന്നില്ല .(പറയുമ്പോള്‍ എല്ലാം പറയണമല്ലോ അവസാന രംഗങ്ങളില്‍ (ബലാത്സംഗശ്രമ രംഗം ) നാലു പേര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ട് പോലും സാമ്രാജ്യത്വം ലക്‌ഷ്യം കൈവരിക്കാന്‍ നടത്തുന്ന ധീരമായ ശ്രമം സമതിക്കണം .എന്തൊരു നിശ്ചയദാര്‍ഡ്യം!!!!)

ഡാ...... ഇതു തന്നെ സാധനം. കൊണ്ട് കൊടുക്കെടെ പണി നിനക്ക് തന്നെ ..

ശരി ഇനി പറ പടം എങ്ങനെയുണ്ട് ?

രണ്ടു വരിയില്‍ ഈ പടത്തിന്റെ കഥ പറയാം . ഒരു ഗ്രാമത്തില്‍ ഒരു ബി ക്ലാസ്സ്‌ തീയറ്റര്‍. നടത്തുന്നത് നാലു സഹോദരിമാര്‍ .വില്ലന് ഈ തീയറ്റര്‍ വേണം അതിനു ചോദിക്കുന്ന വിലകൊടുക്കാനും അയാള്‍ തയാറാണ് . നായിക (ഉര്‍വശി ) അടുക്കുന്നില്ല .(അവര്‍ക്ക് ശകലം വട്ടുണ്ടോ എന്ന് സംശയമുണ്ട്‌ . സഹോദരിമാരെ ഒരു ജോലിക്കും വിടില്ല.എന്നിട്ട് ആ നാട്ടിലെ സകല അഭാസന്മാരും വരുന്ന സിനിമ ശാലയില്‍ ടിക്കറ്റ്‌ കൊടുക്കാനും ആളെ കയറ്റി വിടാനും നിര്‍ത്തും.പ്രബുദ്ധരായ ജനങ്ങള്‍ പിള്ളേരെ തോണ്ടിയതിന്റെ പേരിലുള്ള ബഹളം വേറേ).ഒരു ഹാസ്യ ചിത്രം അല്ലെങ്കിലും പൊട്ടിച്ചിരിപ്പിക്കുന്ന കുറെ രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട് . ഏറ്റവും മികച്ചത് പശ്ചാത്തല സംഗീതം ആണ് നാലേ നാലു കഷ്ണം സംഗീതം അത് മാറ്റി മാറ്റി ഈ ചിത്രത്തിന്റെ സംഭാഷണത്തിന് പിന്നണി ആയി കേള്‍പ്പിച്ചു കൊണ്ടിരിക്കും .ചെലവു കുറയ്ക്കാന്‍ സ്റ്റണ്ട്, സംവിധായകന്‍ നേരിട്ട് തകര്‍തെന്നാ തോന്നുന്നേ. സംഘട്ടന രംഗത്ത് ഇതാ എവിടെ അടിച്ചോ എന്നാ മട്ടില്‍ ഗുണ്ടകള്‍ തിരിഞ്ഞു നില്‍ക്കുന്നത് ഇടയ്ക്ക് ഇടയ്ക്ക് കാണാം.ഈ സിനിമ ശാലയിലെ ഏക പുരുഷ പ്രജയായ സ്വാമിനാഥന്‍ (ഇടുക്കി ജാഫര്‍) ഈ സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ഇടയ്ക്കിടെ മുണ്ട് മടക്കി കുത്തു അഴിച്ചു കൂടുതല്‍ പൊക്കി മടക്കി കുത്തുന്നത് ഹാസ്യം ആയിരിക്കാം. അവസാനം വില്ലനെ നേരിട്ട് തല്ലി കൊന്നു, സഹോദരിമാരെ ഒക്കെ ഓരോ വായിനോക്കികള്‍ക്ക് കെട്ടിച്ചു കൊടുത്തു നായിക പൂര്‍വകാമുകനും ഒത്തു സന്തോഷ ഭരിതമായ ഒരു ജീവിതത്തിലേക്ക് മന്ദം മന്ദം പോകുമ്പോള്‍ (ഉര്‍വശിക്ക് അത്രയെ പറ്റു ഭയങ്കര തടി !!) ചിത്രം അവസാനിക്കുന്നു

ചുരുകത്തില്‍ പറഞ്ഞാല്‍ ...

ഒരു നിലവാരവും ഇല്ലാത്ത ഈ ചിത്രത്തിന് മുകളിലത്തെ ഒരൊറ്റ പാരഗ്രാഫ് ധാരാളം . എന്നാലും എന്തിനെയും ജാതിയുടെയും മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും വര്‍ഗീയതയുടെയും കണ്ണിലൂടെ മാത്രം കാണുന്ന പുതിയ മലയാള ആസ്വാദനത്തിനും അതിനൊക്കെ തലയാട്ടുന്ന ബഹു ഭൂരിപക്ഷം മലയാളി കോന്തന്‍മാരെയും ഓര്‍ക്കുമ്പോള്‍ ഇങ്ങനെ ഒന്ന് എഴുതാതെ വയ്യ

Monday, May 9, 2011

സീനിയേഴ്സ്

നമസ്ക്കാരം മാന്യ പ്രേക്ഷകര്‍ക്ക്‌ ജയ് വേതാളം ചാനല്‍ അവതരിപ്പിക്കുന്ന ഇന്നത്തെ സിനിമ എന്നാ പരിപാടിയിലേക്ക് സ്വാഗതം . ഇന്നു നമ്മോടൊപ്പം ഉള്ളത് ബൂലോകത്തെ നവസിനിമയുടെ കണ്‍ കണ്ട ദൈവം , കോടികളുടെ ആരാധനാ പാത്രം, ബ്ലോഗ്ഗര്‍മാരുടെ ബ്ലോഗ്ഗര്‍, ഇതൊക്കെയും ,അതിലേറെയുമായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍ ഡോ.പ്രേക്ഷകനാണ്.സ്വാഗതം പ്രേക്ഷകന്‍ .

പ്രേക്ഷകന്‍ : നന്ദി

ആദ്യമായി മലയാള സിനിമ മുന്നോട്ടു പോകണം ഇന്നു ശക്തമായി വാദിക്കുന്ന താങ്കള്‍ ഇന്നത്തെ സിനിമയില്‍ കാണുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് ?

പ്രേക്ഷകന്‍ : മലയാള സിനിമ മുന്നോട്ടു പോകുന്നില്ല എന്നത് വെറും ഒരു കുപ്രചരണം മാത്രമാണ് .മുന്നോട്ടു കുതിക്കുന്ന ഒരു ബുള്ളറ്റ് ട്രെയിന്‍ ആണ് മലയാള സിനിമ

ഇത്ര ഉറപ്പിച്ചു പറയാന്‍ താങ്കള്‍ക്ക് എങ്ങനെ സാധിക്കും? ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാമോ ?

പ്രേക്ഷകന്‍ : ഏതാണ്ട് ഒരു പത്തു വര്‍ഷം മുന്‍പ് ആണെന്ന് തോന്നുന്നു.ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ അഭിനയിച്ച താണ്ടവം എന്നൊരു ചിത്രം ഇറങ്ങി.അന്ന് ആ ചിത്രത്തിലെ നായകനായ ലാല്‍ നായിക കിരണിനെ നോക്കി "ഈ കൊച്ചു എവിടെ ഗ്യാപ്പ് കണ്ടാലും വണ്ടി കേറ്റും" എന്നോ മറ്റോ പറഞ്ഞു പോലും.ആ കാലത്ത് പൊതുജനം ചില്ലറ പുകില്‍ വല്ലതും ആണോ ആ ചിത്രത്തെ കുറിച്ച് ഉണ്ടാക്കിയത്.രണ്ടു ദിവസം മുന്‍പ് ഇറങ്ങിയ സീനിയേഴ്സ് എന്ന ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്ന തവള തമ്പി എന്ന കഥാപാത്രം രാത്രി ചെറുപ്പക്കാരിയായ ഒരു വനിതാ അധ്യാപികയെ ഫോണ്‍ ചെയ്തു പറയുന്നത് "ടീച്ചറെ ഞാന്‍ കമ്പിയാ,സോറി തമ്പിയാ" എന്നാണ് .ഇതു മലയാള സിനിമയുടെ,സിനിമ പ്രേക്ഷകരുടെ മുന്നേറ്റം അല്ലെ ?

ശരി നമുക്ക് ആ സിനിമയിലേക്ക് വരാം. ചിത്രത്തെ കുറിച്ച് ചില വിവരങ്ങള്‍ ...

പ്രേക്ഷകന്‍ : പോക്കിരി രാജാ എന്ന ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സീനിയേഴ്സ് കഥ തിരകഥ രചിച്ചു നമ്മെ ധന്യര്‍ ആക്കിയിരിക്കുന്നത് സച്ചി സേതു ജോടിയാണ്.ഡബിള്‍സ് എന്ന കുടുംബ - സഹന ചിത്രത്തിന് ശേഷം (സഹനത്തിന്റെ വിജയം എന്നു ആ ചിത്രത്തിന്റെ പോസ്റ്ററില്‍ ഈയിടെ കണ്ടു !!) ഒരു വിജയം കണ്ടേ അടങ്ങു എന്ന വാശിയിലാണ് തിരക്കഥാകൃത്തുക്കള്‍ . ഇതിനായി ആവണം സിബി ഉദയകൃഷ്ണന്‍ മാതൃകയില്‍ ഒരു കൂറ ചിത്രം അവതരിപ്പിച്ചു വിജയം കണ്ടെത്തുക എന്ന ആശയം ആരാണ് അവര്‍ക്ക് കൊടുത്തത് എന്നറിയില്ല. എന്നാല്‍ കൂറ സ്ക്രിപ്റ്റ് എഴുതാന്‍ സിബി ഉദയന്‍ ടീമിന്റെ അടുത്ത് എത്താനുള്ള കഴിവില്ലാത്ത സച്ചി സേതു അതിനു ശ്രമിക്കുമ്പോള്‍ ഒരുമാതിരി മാര്‍ക്കോസ് (ഗായകന്‍) എം ജി ശ്രീകുമാറിനെ അനുകരിച്ചു പാടാന്‍ ശ്രമിക്കുന്നത് പോലെയുണ്ട് . ഒരു ദ്വയാര്‍ഥ പ്രയോഗം പോലുമില്ലാതെ തികച്ചും സ്വഭാവികമായി കൂറ തിരകഥകള്‍ എടുക്കുന്ന സിബി ഉദയ കൃഷ്ണന്‍മാരോട് മത്സരിക്കുന്നത് ബുദ്ധിയല്ല എന്നു സച്ചി സേതുമാര്‍ക്ക് മനസിലായി കാണണം.

കുറച്ചു കൂടി വിശദമായി പറയാമോ?

പ്രേക്ഷകന്‍ : ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ ജയറാം , മനോജ്‌ കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ , ബിജു മേനോന്‍ എന്നിവരാണ്‌ . ഒപ്പം പത്മപ്രിയ,അനന്യ,മീര നന്ദന്‍,രാധ വര്‍മ,ജ്യോതിര്‍മയി,ജഗതി,വിജയരാഘവന്‍,സിദ്ദിക്,ഷമ്മി തിലകന്‍ എന്നിവരും ഉണ്ട്. ഇതിന്റെ കഥ തുടങ്ങുന്നത് ഭാര്യയുടെ അവിഹിത ബന്ധം സഹിക്കാതെ ആത്മഹത്യ ചെയുന്ന ഒരാളില്‍ നിന്നും അതിനു സാക്ഷി ആകുന്ന അയാളുടെ മകനില്‍ നിന്നും ആണ് .(1981 ). പിന്നെ കഥ നേരെ ചെന്ന് നില്‍ക്കുന്നത് 1996 ലെ മഹാരാജാസ് കോളേജ് ഡേ ആഘോഷത്തിലാണ്‌ സുഹൃത്തുക്കളായ പപ്പു (ജയറാം ),റെക്സ് (കുഞ്ചാക്കോ ),മുന്ന (മനോജ്‌ കെ ജയന്‍),ഫിലിപ് ഇടിക്കുള (ബിജു മേനോന്‍) എന്നിവരും ലക്ഷ്മി (മീര നന്ദന്‍)ചേര്‍ന്ന് അവതരിപ്പിക്കുന്ന നാടകം.(പേടിക്കരുത് മീര നന്ദന്‍ ഒഴികെ ഉള്ള ആരുടെയും മുഖം കാണിക്കുന്നില്ല .മാസ്കിലാണ് എല്ലാരും ).നാടകം കഴിഞ്ഞു പിന്നീടു കാണുന്നത് ഒരു ഒഴിഞ്ഞ കോളേജ് മൂലയില്‍ കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്ന ലക്ഷ്മിയെയാണ് .കുറ്റം നാല്‍വര്‍ സംഘത്തിന്‍റെ തലയില്‍ വീഴും എന്നാകുമ്പോള്‍ ആ കൂട്ടത്തിലെ അനാഥനും നല്ലവനുമായ പപ്പു എന്ന പത്മനാഭന്‍ കുറ്റം ഏറ്റെടുക്കുന്നു.ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് നഷ്ടപ്പെട്ടത് തനിക്കു മാത്രം ആണെന്ന് മനസിലാകുന്നത് ( ഇതു ആ കഥാപാത്രം പറയുന്നതാണ്).ശിക്ഷ കഴിഞ്ഞെത്തുന്ന പപ്പു കൊലയാളിയെ കണ്ടു പിടിക്കാന്‍ തീരുമാനിക്കുന്നു.അതിനായി കൂട്ടുകാരോട് ഒരിക്കല്‍ കൂടി അതേ കോളേജില്‍ പി ജി ക്ക് ചേരാനുള്ള ആശയം അവതരിപ്പിക്കുന്നു.കുടുംബവും പ്രാരാബ്ദങ്ങ ഉള്ള സുഹൃത്തുക്കള്‍ ആദ്യം മടിക്കുന്നെങ്കിലും ഒടുവില്‍ സുഹൃത്തിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു.അങ്ങനെ വീണ്ടും കോളേജ് വിദ്യാര്‍ഥികള്‍ ആകുന്ന അവരുടെ കോളേജ് ജീവിതത്തിന്റെയും യഥാര്‍ഥ കൊലപാതകിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങളുടെ അവതരണവുമായി ചിത്രം മുന്നോട്ടു പോകുന്നു .

ഒരു നിമിഷം പ്രേക്ഷകന്‍,ഈ കഥയുടെ ത്രെഡ് നന്നായി തോന്നുന്നല്ലോ.കോമഡി,സസ്പെന്‍സ്,ഇമോഷന്‍ എല്ലാം ചേര്‍ന്ന് ഒരു നല്ല സിനിമക്കുള്ള എല്ലാ സ്കോപ്പും ഉണ്ടല്ലോ.

പ്രേക്ഷകന്‍ : എന്ത് പറയാനാ? ഈ സിനിമ ഇത്രക്ക് വൃത്തികേടക്കിയതിന്റെ മുഴുവന്‍ ക്രെഡിറ്റ്‌ തിരകഥ കൃത്തുക്കള്‍ക്കാണ്. പാവം വൈശാഖ്, അദേഹത്തിന് ഇപ്പോളും സൂപ്പര്‍ തിരക്കഥാകൃത്തുക്കള്‍ എഴുതി വെച്ചിരിക്കുന്നത് ക്യാമറയില്‍ പകര്‍ത്താന്‍ സഹായിക്കാനേ അറിയൂ. ഈ ചിത്രത്തിന് ഒരു ഭയങ്കര സസ്പന്‍സ് ഉണ്ടെന്നാണ് വെപ്പ് .ഒരു വിധം ബോധം ഉള്ളവന് ആദ്യ ഒരു മണികൂര്‍ കഴിയുമ്പോള്‍ സംഗതി കിട്ടും. കൊലപാതകിയെ പിടിക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു അതേ കോളേജില്‍ വരുമ്പോള്‍ ന്യായമായും മനസിലാക്കേണ്ടത് കൊലപാതകി ഇപ്പോളും അവിടെ ഉണ്ട് എന്നു പപ്പുവിനും കൂട്ടുകാര്‍ക്കും അറിയാം എന്നാണ് . അതെങ്ങനെ മനസിലായി ? ചുരുങ്ങിയ പക്ഷം വര്‍ഷങ്ങള്‍ക്കു ശേഷം അതേ പോലെ ഒരു കൊലപാതകം അവിടെ നടക്കുകയും അതില്‍ നിന്നും കൊലപാതകി അവിടെ തന്നെ ഉണ്ട് എന്നും മനസിലാക്കിയിരുന്നെങ്കില്‍ കുറച്ചു കൂടി ഭേദം ആയേനെ .(പിന്നെ ഉള്ള ഒരു വഴി അവര്‍ പഠിച്ച ബാച്ച്ന്‍റെ ഒരു റീയൂണിയന്‍ സംഘടിപ്പിക്കുക എന്നതാണ് (അപ്പോള്‍ സംഗതി ക്ലാസ്മേറ്റ്സ് ആയി കിട്ടുകയും ചെയും ))
ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഒരു നൂറു ലോജിക്കല്‍ പ്രശ്നങ്ങള്‍ ഈ ചിത്രത്തില്‍ കാണാം . അതൊക്കെ പോട്ടെ, അവിടെ ഇപ്പോളും ഉണ്ട് എന്നു ഒരു ഉറപ്പും ഇല്ലാത്ത കൊലയാളിയെ പിടിക്കാന്‍ പണ്ട് നടന്ന അതേ കാര്യങ്ങള്‍ വീണ്ടും അവതരിപ്പിക്കുക, മര്യാദക്ക് നടന്ന ഒരു പെങ്കൊച്ചിനെ പരീക്ഷണം നടത്താന്‍ വേണ്ടി അടി പൊളി ആക്കി മാറ്റി അതേ കോളേജില്‍ ഇറക്കുക ഈ ജാതി ബുദ്ധി വല്ല വിനയന്‍ ചിത്രത്തില്‍ ആണ് കണ്ടിരുന്നതെങ്കില്‍ അയാളെ വിളിക്കുമായിരുന്ന തെറി ..... ഹോ ഓര്‍ക്കാന്‍ പോലും വയ്യ.

അല്ല പ്രേക്ഷകന്‍ ഇതൊരു തമാശ ചിത്രമല്ലേ ഹാസ്യ രംഗങ്ങള്‍ ഈ ചിത്രത്തില്‍ എങ്ങനെയുണ്ട് ?

നേരത്തെ പറഞ്ഞ മാതിരിയുള്ള തമ്പി കമ്പി തമാശകള്‍ ഈ ചിത്രത്തില്‍ ഇഷ്ടം പോലെ കാണാം . കുട്ടികളെ കൊണ്ട് പോലും അത്തരം വൃത്തികെട്ട ശ്രമം നടത്തുന്നു എന്നതാണ് മറ്റു ചിത്രങ്ങളില്‍ നിന്നും ഈ ചിത്രത്തെ വേര്‍തിരിക്കുന്ന ഘടകം . ഒരു ഐറ്റം ഡാന്‍സ് ഈ ചിത്രത്തിനുള്ളില്‍ തിരുകി കയറ്റാന്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും പെടുന്ന പാട് കണ്ടാല്‍ ചിരി വരും.ഫാന്‍സി സ്റ്റോര്‍ലെ കച്ചവടം നന്നായി പോകാനായി ഭര്‍ത്താവു കടയില്‍ വരുന്ന പെണ്ണുങ്ങളുമായി കൊഞ്ചി കുഴയുന്നത് കണ്ടു ആസ്വദിക്കുന്ന ഭാര്യ (മുന്ന - ഫാത്തിമ ),പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി പിന്‍ഭാഗം കുലുക്കി നടത്തുന്ന മാര്‍ഗം കളി , നായകന്മാരുടെ ലേഡീസ് ഹോസ്റ്റല്‍ മതില് ചട്ടം, അടിവസ്ത്രത്തോട്‌ ഇടിക്കുളക്കുള്ള താല്പര്യ കുറവിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ (അങ്ങേരുടെ ഭാര്യ (ജ്യോതിര്‍മയി)മകനോട്‌ (ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന പയ്യന്‍)പറയുന്നതായാണ് കാണിക്കുന്നത്.( അമ്മയ്ക്കും മകനും പറയാന്‍ കണ്ട വിഷയമേ )). ഇങ്ങനെ കുറെയധികം തമാശകള്‍ ഈ ചിത്രത്തിലുണ്ട്.

അഭിനയമോ?

ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും നന്നായതായി തോന്നിയത് ബിജു മേനോന്‍ അവതരിപ്പിക്കുന്ന ഇടിക്കുള എന്ന കഥാപാത്രമാണ് .നല്ലത് എന്നു പറയാവുന്ന എല്ലാ തമാശകളിലും ഈ നടന്‍റെ / കഥാപാത്രത്തിന്‍റെ സാന്നിധ്യം കാണാം .തൊട്ടു പുറകില്‍ കുഞ്ചാക്കോ ബോബന്‍ ഉണ്ട് .അദേഹം തന്റെ കഥാപാത്രം ഒട്ടും വൃത്തികേടാക്കാതെ അവതരിപ്പിച്ചു എന്നതാണ് സത്യം .ഇടയ്ക്കിടെ ബോറാക്കുന്ന മനോജ്‌ കെ ജയനെക്കാളും ചാക്കോച്ചന്‍ വിജയിക്കുന്നത് അവിടെയാണ്. ഏറ്റവും ബോര്‍ ആരാണ് എന്ന ചോദ്യത്തിന് ജയറാമോ സുരാജോ എന്ന സംശയം കാണികളുടെ മനസ്സില്‍ ഏറെ കാലം നില്‍ക്കും.ജയറാമിന് ഉള്ള ഒരു സവിശേഷത അദേഹം പന്ത്രണ്ടു കൊല്ലം ജയിലില്‍ കിടന്നിട്ടു വന്നാലും. ഒരു മാസം വിദേശത്ത് സുഖ വാസത്തിനു പോയി വന്നാലും ഒരു പോലെ ഇരിക്കും (രൂപത്തില്‍ ,ഭാവത്തില്‍ , ശരീര ഭാഷയില്‍ , പെരുമാറ്റത്തില്‍) എന്നതാണ് .കൊലപാതകി ആണ് എന്നു അകെ കൂടി സംശയം ഒരു നാലോ അഞ്ചോ പേരെയാണ്.അവരില്‍ നിന്നും കൊലപാതകിയെ തിരിച്ചറിയുമ്പോള്‍ അദേഹം ഞെട്ടുന്ന ഒരു ഞെട്ടല്‍ !!! ആരും ഞെട്ടി പോകും അത് കണ്ടാല്‍.

ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ അവധിക്കാലത്ത്‌ ആഘോഷം ആയ മറ്റൊരു സിനിമയുടെ പടപ്പുറപ്പാടാണ് . ഇതുവരെ അവധി ആഘോഷിക്കാനായി ബുദ്ധിയും ലോജിക്കും മാത്രം വീട്ടില്‍ വെച്ച് വന്നാല്‍ മതിയെങ്കില്‍ ഇതോടെ അതിനൊപ്പം നാണവും മാനവും കൂടെ വീട്ടില്‍ വെച്ചിട്ട് തികച്ചും ഫ്രീ ആയി (ടിക്കറ്റ്‌ എടുക്കാതെ എന്നല്ല) ചിത്രം കണ്ടു ആഘോഷിക്കു.ഇത്ര സംത്രപ്തരായ പ്രേക്ഷകരെ നമ്മള്‍ ഇതു വരെ കണ്ടിട്ടുണ്ടാകില്ല . ഇത്തരം ചിത്രങ്ങള്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു കൂട്ടം സഹൃദയര്‍ ആണ് മലയാളികള്‍ എന്ന തിരിച്ചറിവാണ് ഈ ചിത്രം . പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ക്ക്‌ എല്ലാ ആശംസകളും.

നന്ദി നമസ്കാരം

Friday, May 6, 2011

മാണിക്യക്കല്ല്- Maanikkya Kallu

ഹലോ ഒന്ന് നിന്നേ ...

അനിയാ നീയോ ? എന്താടെ ?

അണ്ണാ, നിങ്ങള്‍ സിനിമ കാണല്‍ നിര്‍ത്തിയെന്നോ. വേതാള കഥ പോലെയുള്ള എന്തോ സീരിയല്‍ എടുക്കുവാന്നെന്നോ മറ്റോ കേട്ടല്ലോ ശരിയാണോ ?

ഒന്ന് പോടെ .സത്യം പറഞ്ഞാല്‍ മലയാള സിനിമ കാണുന്നത് വന്നു വന്നു ശകലം റിസ്ക്‌ ഉള്ള ഏര്‍പ്പടായിട്ടുന്ടെങ്കിലും, വിടുന്നില്ല . ഇന്നലെ പോയി മാണിക്യക്കല്ല് എന്ന പടം കണ്ടു .

ആ പടം ഇറങ്ങിയോ ? ഇറങ്ങുന്ന വാര്‍ത്ത‍ ഒന്നും കണ്ടില്ലല്ലോ .

ഞാനും രാവിലെ പത്രം കണ്ടപ്പോള അല്ലേ അറിഞ്ഞേ.തിരകഥ സംവിധാനം എം മോഹനന്‍.കഥ പറയുമ്പോള്‍ എന്ന ശ്രീനിവാസന്‍ ചിത്രത്തിന് ശേഷം അദേഹം സ്വന്തമായി കഥ തിരകഥ സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ചിത്രമാണ് ഇതു .പ്രിഥ്വിരാജ്, സംവൃത സുനില്‍ ,നെടുമുടി വേണു ,ജഗതി , സലിം കുമാര്‍, ജഗദീഷ്, അനില്‍ മുരളി തുടങ്ങിയവര്‍ ഒക്കെയാണ് ഈ ചിത്രത്തിലെ താരങ്ങള്‍ , ഗാനങ്ങള്‍ അനില്‍ പനച്ചൂരാന്‍ , രമേശ്‌ കാവില്‍ , സംഗീത സംവിധാനം എം ജയചന്ദ്രന്‍ .

അണ്ണാ. ഈ സ്ഥിതി വിവര കണക്കുകള്‍ കേള്‍ക്കാനല്ല ഞാന്‍ എങ്ങോട്ട് വന്നത്.പടം എങ്ങനെ ? അത് പറ .

പറയാമല്ലോ.ഈ ചിത്രം പറയന്ന കഥ, നശിച്ചു കൊണ്ടിരിക്കുന്ന, സ്ഥിരമായി നൂറു ശതമാനം പരാജയം ഏറ്റു വാങ്ങുന്ന , വണ്ണാന്‍മല എന്ന കുഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്കൂളും അവിടേക്ക് അധ്യാപകനായി വരുന്ന വിനയചന്ദ്രന്‍ എന്ന അധ്യാപകനെയും പറ്റിയുള്ളതാണ്.കുത്തഴിഞ്ഞു കിടക്കുന്ന ആ സര്‍ക്കാര്‍ വിദ്യാലയം വിനയചന്ദ്രന്‍ എന്ന അധ്യാപകന്‍ എങ്ങനെ നന്നക്കിയെടുക്കുന്നു എന്നതാണ് ഈ ചിത്രം രണ്ടര മണികൂര്‍ കൊണ്ട് പറയുന്നത്. ക്ലാസ്സെടുക്കുക എന്നതൊഴിച്ച് വേറെ ഒത്തിരി തൊഴില്‍ അഥവാ സൈഡ് ബിസ്നെസ്സ്കളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍.പഠിക്കാന്‍ ഒരു താല്‍പര്യവും ഇല്ലാത്ത വിദ്യാര്‍ഥികള്‍ . അങ്ങനെയുള്ള ഒരു ലോകത്തേക്കാണ്‌ വിനയചന്ദ്രന്‍ എത്തുന്നത്‌ .ഈ ചിത്രത്തിന്റെ കഥയുടെ വിശദാംശങ്ങള്‍ പലയിടത്തും വിവരിക്കപ്പെട്ടത് കൊണ്ട് കൂടുതല്‍ വിസ്തരിക്കുന്നില്ല

ഈ ചിത്രം വേറെ ആരു കണ്ടില്ല എങ്കിലും ശ്രീ സത്യന്‍ അന്തിക്കാട്‌ കണ്ടിരുന്നുവെങ്കില്‍ എന്ന് എനിക്ക് ആഗ്രഹം ഉണ്ട് . അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ എന്താണ് സമീപകാലത്ത് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത് എന്ന് മനസിലാക്കാന്‍ ഒരു പക്ഷെ ഈ കൊച്ചു ചിത്രം അദേഹത്തെ സഹായിച്ചേക്കാം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു പഴയ സത്യന്‍ അന്തിക്കാട്‌ ചിത്രം കണ്ടിറങ്ങുന്ന സുഖത്തില്‍ ഈ ചിത്രം കണ്ടിറങ്ങാന്‍ കഴിയും എന്നാണ് എന്‍റെ അഭിപ്രായം .ക്യാമറ അതി മനോഹരം , നല്ല പാട്ടുകള്‍ (നായകനും നായികയും നൃത്തം ചെയുന്ന ഗാനത്തിന്റെ കുളമാക്കിയ ചിത്രീകരണം ഞാന്‍ അങ്ങ് ക്ഷമിച്ചു !!!!) പിന്നെ ......

ഒന്ന് നിന്നേ....... ഒരു നിമിഷം ഈ ചിത്രം ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ചിത്രവുമായി ഭയങ്കര സാമ്യം ഉള്ളത് കൊണ്ട് സഹിക്കാന്‍ പറ്റില്ല എന്നാണല്ലോ വലിയ അണ്ണന്‍മാര്‍ ഒക്കെ പറയുന്നേ . അതിനേ പറ്റി.....

അനിയാ നീ സംഭവം ബുദ്ധി ജീവി തന്നെ സമ്മതിച്ചു . ഗാന്ധി നഗര്‍ സെക്കന്റ്‌ സ്രീറ്റ് എന്ന പടത്തിന്റെ ടെമ്പ്ലേറ്റ്ല്‍ ( തൊഴില്‍രഹിതന്‍ ഒരു കള്ളത്തരം കാണിച്ചു ഒരു പുതിയ സ്ഥലത്ത് ജോലിക്കായി എത്തുകയും പതുക്കെ പതുക്കെ അവിടുത്തെ പ്രശ്നങ്ങളില്‍ പങ്കാളി ആകുകയും ചെയുന്ന സംഭവം) എടുത്ത ഒരു ചിത്രമാണ് ഈ ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന ആ ചിത്രവും , അതിലെ സാള്‍ട്ട് മംഗോ ട്രീ തമാശയും ഒക്കെ അക്കാലത്തു നമ്മെ രസിപ്പിച്ചു എന്നതും സത്യമാണ് . എന്നാല്‍ ഈ ചിത്രം തികച്ചും സാമൂഹ്യ പ്രസക്തി ഉള്ള ഒരു വിഷയത്തെയാണ് അവതരിപ്പിക്കുനത് അല്ലെങ്കില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

എന്ന് വെച്ചാല്‍ ......

അനിയാ ,ദാഹജലം കുപ്പിയില്‍ ആക്കി വില്‍ക്കുന്ന നമ്മുടെ കാലത്ത് പതുക്കെ അപ്രത്യക്ഷം ആകുന്ന പൊതു പൈപ്പുകള്‍ പോലെ, സ്വകാര്യ സ്ക്കൂളുകളുടെ ഇരമ്പി കയറ്റത്തില്‍ കുട്ടികളെ കിട്ടാതെ പതിയെ പതിയെ അടച്ചു പൂട്ടപ്പെടുന്ന സര്‍ക്കാര്‍ സ്കൂളുകള്‍, അവയെ കുറിച്ച് എപ്പോളെങ്കിലും നമ്മള്‍ ഓര്‍ത്തിട്ടുണ്ടോ ? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ വാനോളം പുകഴ്ത്തുന്ന രാഷ്ട്രീയ നേതാക്കളുടെ മക്കളും കൊച്ചു മക്കളും പഠിക്കുന്നത് ഇതുമായി പുലബന്ധം പോലും ഇല്ലാത്ത സ്വകാര്യ വിദ്യാലയങ്ങളില്‍ . തങ്ങളുടെ രണ്ടു മക്കളെയും സര്‍ക്കാര്‍ സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരായ എന്‍റെ മാതാപിതാക്കള്‍ പോലും ഇന്നു എന്‍റെ കുട്ടികളെ സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിനു എതിരാണ്.ഒന്നാം ക്ലാസ്സില്‍, നഗരത്തില്‍ ഒരു ഇടത്തരം സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന എന്‍റെ കുട്ടിക്ക് ഞാന്‍ കൊടുക്കുന്ന ഫീസ്‌ വര്‍ഷം ഏതാണ്ട് ഇരുപതിനായിരം രൂപ വരും . ഈ ഫീസ്‌ എന്നിക്ക് കൊടുക്കാന്‍ കഴിയുന്നത്‌ അമേരിക്ക ഇന്ത്യയിലേക്ക്‌ സോഫ്റ്റ്‌വെയര്‍ കൂലിപ്പണി തരുന്നത് കൊണ്ടാണ്.നാളെ അത് ഇല്ലാതായാലോ? സര്‍ക്കാര്‍ സ്കൂളില്‍ വിടുന്നതിലും ഭേദം വല്ല തൊഴിലും പഠിക്കാന്‍ വിടുന്നതാണ് എന്നാണ് പൊതുവേയുള്ള ധാരണ .ചുരുക്കത്തില്‍ വെള്ളം വാങ്ങാന്‍ കാശില്ലാതെ ആകുന്ന കാലത്ത് (പണ്ടേ ഇല്ലാത്തവന്‍ പോയി ചാകട്ടെ നാശം !!) പൊതു പൈപ്പുകള്‍ ഇല്ലെങ്കില്‍ വെള്ളം കുടി മുട്ടും എന്ന് ചുരുക്കം .മാനസിക സമ്മര്‍ദം കൂടുന്നത് കൊണ്ടോ ഉച്ച കഞ്ഞിക്കു പിക്കിള്‍സ് ഇല്ലാത്തത് കൊണ്ടോ അല്ല സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ ഇല്ലാത്തത് .മറിച്ചു ഇന്നത്തെ സമൂഹത്തില്‍ ജീവിച്ചു പോകാനുള്ള സംഗതി (അതാണല്ലോ ഇപ്പോളത്തെ ഒരു വാക്ക് ) ഒരു സര്‍ക്കാര്‍ സ്കൂളില്‍ നിന്നും കിട്ടും എന്ന് ആളുകള്‍ക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടാണ്

അതൊക്കെ ശരി . എന്നാലും ഒരാള്‍ വന്നിട്ട് ഒറ്റയ്ക്ക് ഈ പൊളിഞ്ഞ സ്കൂള്‍ നന്നാകുക എന്നൊക്കെ പറഞ്ഞാല്‍ ......

അനിയാ , ഞാന്‍ പഠിച്ച SMV HS എന്ന സര്‍ക്കാര്‍ സ്കൂളില്‍ , ഹെഡ് മാസ്റ്റര്‍ടെ മുറിയില്‍ ഒരു പൂര്‍ണകായ ചിത്രം വെച്ചിട്ടുണ്ട് എണ്‍പതുകളില്‍ ആ സ്കൂള്‍ പ്രധാന അധ്യാപകന്‍ ആയിരുന്ന ശ്രീ വേലായുധന്‍ തമ്പി എന്ന അധ്യാപകന്‍റെ ആണ് ആ ചിത്രം . വളരെ മോശം ആയിരുന്ന (സാമൂഹ്യ വിരുദ്ധരെ വാര്‍ത്തെടുക്കുന്ന സ്കൂള്‍ എന്ന് പോലും അറിയപ്പെട്ടിരുന്ന) പ്രസ്തുത സ്കൂള്‍ വര്‍ഷത്തില്‍ എണ്പതു- തൊണ്ണൂറു ശതമാനം എങ്കിലും വിജയം നേടാന്‍ പ്രാപ്തം ആക്കിയ ഒരാള്‍ എന്ന നിലയില്‍ അദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നു. അപ്പോള്‍ ഇതൊക്കെ നടക്കും.നടത്തണം എന്ന് ഇച്ഛാശക്തിയുള്ള ഒറ്റ ഒരാള്‍ മതി എന്നാണ് എന്‍റെ അനുഭവം

അല്ല, എന്നാല്‍ ഈ സാറന്മാര്‍ക്ക്‌ ഒക്കെ സൈഡ് ബിസ്നെസ്സ് ഒക്കെ പണ്ടും കണ്ടതല്ലേ നമ്മള്‍ ?

കുട്ടികള്‍ ഇല്ലാത്ത , അധ്യയനം ഒരു വഴിപാട്‌ പോലെ നടക്കുന്ന ഒരു സ്കൂളില്‍ അധ്യാപകര്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ സ്കൂളില്‍ വന്നു ആകാശം നോക്കിയിരിക്കുന്നു എന്ന് വ്യത്യസ്തതക്ക് വേണ്ടി കാണിച്ചാല്‍, ഇവനൊക്കെ വേറെ ഒരു ജോലിയും ഇല്ലെ ? എന്ന് കണ്ടിരിക്കുന്ന നമ്മള്‍ തന്നെ ചോദിക്കില്ലേ.

അപ്പോള്‍ അഭിനയം ....?

എല്ലാവരും നന്നായിട്ടുണ്ട് . സലിം കുമാര്‍ പോലും തന്‍റെ റോള്‍ ( സ്കൂളിലെ പ്യൂണ്‍) നന്നായി ചെയ്തു എന്ന് പറയുമ്പോള്‍ ഊഹിക്കാമല്ലോ .പ്രിഥ്വിരാജ് തന്‍റെ റോള്‍ തികഞ്ഞ പക്വതയോടെ, ഒരു സാധാരണ മനുഷ്യനെ പോലെ, ചെയ്തു എന്നാണ് എന്നിക്ക് തോന്നിയത് . അഭിനയത്തില്‍ സംവൃതാ സുനിലിന്‍റെ പരിമിതികള്‍ ഈ ചിത്രത്തില്‍ വെളിവാകുന്നു എങ്കിലും ഒരു വിധം ഒപ്പിച്ചിടുണ്ട്.ജഗദീഷിനെ സഹിക്കാന്‍ പാടായി വരുന്നു

ഇനി ഈ ചിത്രത്തിന്റെ കുറവുകളെ പറ്റി.

ഒരു സംവിധായകന്‍ എന്ന നിലയില്‍ മോഹനന്‍ നിലവാരം പുലര്‍ത്തുന്നു എങ്കിലും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അദേഹം ഇനിയും മുന്നോട്ടു വരേണ്ടതുണ്ട് . നല്ല രീതിയില്‍ ഒരുക്കിയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ തിരക്കഥാകൃത്ത് എന്ന നിലയില്‍ മോഹന്‍ കാണിച്ച കൈയടക്കം നഷ്ടം ആകുന്ന പോലെയുണ്ട്. പല കഥാപാത്രങ്ങളുടെയും മാറ്റം വലിയ പ്രകോപനം ഇല്ലാതെയാണ് എന്നത് ഒരു ഉദാഹരണം . വിനയ ചന്ദ്രനും ചാന്ദ്നിയും തമ്മിലുള്ള ബന്ധ - പ്രണയത്തിനു അധികം സമയം കളയാതെ. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും വരുന്ന മാറ്റത്തിനു (കുറച്ചു പേര്‍ക്കെങ്കിലും ) കുറച്ചു കാരണങ്ങള്‍ കണ്ടെത്തിയിരുന്നു എങ്കില്‍ നന്നായേനെ .ഇന്നത്തെ സര്‍ക്കാര്‍ സ്കൂളുകള്‍ എന്ത് കൊണ്ട് വിജനം ആയിത്തീരുന്നു എന്ന ചോദ്യത്തിന് ഉള്ള ഉത്തരം കുറച്ചു കൂടി വ്യക്തത ഉള്ളത് ആക്കാമായിരുന്നു .ക്ലൈമാക്സ്‌ രംഗങ്ങളില്‍ ആദ്യമായി തിരകഥ എഴുതുന്ന ഒരാളിന്റെ കുറവുകള്‍ തികച്ചും പ്രകടമാണ്

പിന്നെ ചിത്രം തുടങ്ങുമ്പോള്‍ തന്നെ അവസാനം എങ്ങനെ ആകും എന്ന് ഊഹിക്കാന്‍ സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കഴിയും എങ്കില്‍ പോലും ഒടുവില്‍ അത് സംഭവിക്കുമ്പോള്‍ നമ്മുടെ (കുറഞ്ഞ പക്ഷം എന്‍റെ) മനസ്സില്‍ സന്തോഷത്തിന്‍റെ ഒരു ചെറു കണികയെങ്കിലും വിരിയുന്നു എങ്കില്‍ അത് ഈ സിനിമയുടെ വിജയമാണ്

അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

ഇപ്പോളത്തെ മലയാള സിനിമ നിലവാരം ഒക്കെ നോക്കിയാല്‍ വളരെ നല്ല സിനിമ എന്ന് പറയാവുന്ന , ഒരു നല്ല തിരക്കഥാകൃത്തിന്റെ സാന്നിധ്യം കൂടി ഉണ്ടായിരുന്നെങ്കില്‍ മികച്ച ഒരു ചിത്രമായി മറുമായിരുന്ന ഒരു പാവം ചിത്രം. ഈ ചിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉത്ക്കൊണ്ടാല്‍ ശ്രീ മോഹനനില്‍ നിന്നും നല്ലൊരു സംവിധായകനെ മലയാളത്തിനു ലഭിച്ചേക്കും

Wednesday, May 4, 2011

ലക്കി ജോക്കേഴ്സ് (Lucky Jockers )

വിക്രമാദിത്യന്‍ പതിവ് പോലെ മരത്തില്‍ കയറി ശവമിറക്കി തോളത്തു വെച്ച് ശ്മശാനത്തിലേക്ക് യാത്രയായി .അപ്പോള്‍ ശവത്തില്‍ കുടി കൊണ്ടിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു."രാജാവേ,താങ്കളുടെ നാട്ടില്‍ പൊതുജനം വൈകുന്നേരങ്ങളില്‍ വൈകിട്ടെന്താ പരിപാടി,പരദൂഷണം,റിയാലിറ്റി ഷോ/സീരിയല്‍ കാണല്‍ മുതലായ രസികന്‍ കലാപരിപാടികളുമായി ജീവിതത്തെ ആഘോഷമാക്കി മാറ്റുന്നു.എന്നാല്‍ താങ്കള്‍ ആകട്ടെ ആരോടെ വാശി തീര്‍ക്കുന്ന പോലെ ദിവസവും ഈ ശവം ചുമക്കല്‍ പരിപാടി നടത്തുന്നു.എന്തായാലും യാത്രയുടെ വിരസത മാറ്റാന്‍ ഞാനൊരു കഥ പറയാം".

പണ്ട് പണ്ട് അനന്തപുരി എന്നൊരു നഗരത്തില്‍, ഡോക്ടര്‍ പ്രേക്ഷകന്‍ എന്ന് പേരായ ഒരു ബ്ലോഗര്‍ ജീവിച്ചിരുന്നു. ജാതകവശാല്‍,മുന്‍ ജന്മത്തു ചെയ്തു പോയ ചില കൊടിയ പാപങ്ങള്‍ തീരാനായി മലയാള സിനിമകള്‍ കണ്ടു അഭിപ്രായം ബ്ലോഗ്‌ ചെയ്യുക എന്ന പരിഹാര കര്‍മമാണ് അയാള്‍ക്ക് വിധിക്കപ്പെട്ടത്.ഒരു മഴയുള്ള ദിവസം, പതിവുള്ള പാപ പരിഹാര കര്‍മങ്ങള്‍ നിര്‍വഹിക്കാനായി അയാള്‍ പുറത്തിറങ്ങി.ശ്രീ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത മൊഹബത്ത് എന്ന ചിത്രം കാണുക എന്നതായിരുന്നു യാത്രാ ഉദേശം.എന്നാല്‍ അവിടെ എത്തിയ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് പത്തു പേരെങ്കിലും ഇല്ലാതെ ഷോ നടത്താന്‍ ആവില്ല എന്ന അറിയിപ്പാണ്.പിടിച്ചതിലും വലുതാണ് മാളത്തില്‍ ഉള്ളത് എന്നറിയാതെ ,നിരാശനാകാതെ, അയാള്‍ തമിഴ് ചിത്രമായ കോ കാണാന്‍ വെച്ച് പിടിച്ചു .എന്നാല്‍ അവിടെ ഹൌസ് ഫുള്‍ ബോര്‍ഡു കണ്ട അയാള്‍ ധൈര്യം കൈവിടാതെ തൊട്ടടുത്ത തീയറ്റെരില്‍ ഓടിയിരുന്ന ലക്കി ജോക്കേഴ്സ് എന്ന ചിത്രം കാണാനായി ടിക്കറ്റ്‌ വാങ്ങി . അവിടെ അയാളെ കാത്തിരുന്നത് അത്യഅത്ഭുതകരമായ അനേകം കാഴ്ചകള്‍ ആയിരുന്നു.

ആ കാഴ്ചകളെ കുറിച്ച് പറയുന്നതിന് മുന്‍പ് മറ്റു ചില കാര്യങ്ങള്‍ തങ്ങളുടെ അറിവിലേക്ക് വേണ്ടി പറയാം.ഈ ചിത്രത്തിന്റെ സംവിധാനം ശ്രീ സുനില്‍ എന്ന ആളാണ് (മാനത്തെ കൊട്ടാരം എന്ന ചിത്രമൊക്കെ എടുത്ത ഒരു സുനില്‍ ആണോ എന്നറിയില്ല .അദേഹം അവസാനം കേട്ടത് അനുസരിച്ച് സന്യാസത്തില്‍ ആയിരുന്നു.അദേഹം ആണ് ഇതെങ്കില്‍ പഴയ പരിപാടി തന്നെ ആയിരുന്നു ഭേദം) തിരകഥ സാജു കൊടിയന്‍,സംഘട്ടനം (അങ്ങനെയും ഉണ്ട് ഒരു സാധനം ഈ ചിത്രത്തില്‍ എന്ന് പറയപ്പെടുന്നു ) ബോക്സര്‍ നിത്യ. അഭിനേതാക്കള്‍ സുരാജ് *2 (ഡബിള്‍ റോള്‍),ജഗതി,ഇന്ദ്രന്‍സ്,അനൂപ്‌ മേനോന്‍,അജ്മല്‍,മധു,സായി കുമാര്‍,സീനത്ത്‌,സാജു കൊടിയന്‍,ജഗദീഷ്,ഇടുക്കി ജാഫര്‍ ഇങ്ങനെയുള്ള ഒരു വന്‍ താര നിരയാണ് ഈ ചിത്രത്തില്‍ .(അതാണല്ലോ ട്രെന്‍റ്).

ഇനി നമുക്ക് പ്രേക്ഷകന്‍ അവിടെ കണ്ട വിചിത്ര ദ്രിശ്യങ്ങളിലേക്ക് നോക്കാം.പണ്ട് പണ്ട് നേപ്പാള്‍ രാജാക്കന്മാരും കേരളത്തിലെ വിഷ്ണുപുരം കൊട്ടാരത്തിലെ രാജാക്കന്മാരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു പോലും.ചെങ്കിസ്ഖാന്‍ന്‍റെ ആക്രമണം ഭയന്ന് നേപ്പാള്‍ രാജാവ്‌ തന്‍റെ സര്‍വ ഐശ്യര്യങ്ങള്‍ക്കും കാരണമായ അമൂല്യ രത്നം വിഷ്ണുപുരം കൊട്ടാരത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.ആ രത്നം തിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളും അത് അടിച്ചു മാറ്റാന്‍ വില്ലന്മാര്‍ നടത്തുന്ന ശ്രമങ്ങളും ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.ഈ ചിത്രത്തില്‍ കാണിക്കുന്ന പകുതിയില്‍ അധികം കാര്യങ്ങള്‍ക്കും മുകളില്‍ പറഞ്ഞ കഥാതന്തുവുമായി ഒരു ബന്ധവും ഇല്ല.മധു ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും നമ്മെ ചിരിപ്പിച്ചു കൊല്ലും എന്ന വാശിയിലാണ് . നായകനായ അനൂപ്‌ മേനോനെ പോലും കണ്ടാല്‍ ചിരി വരത്തക്ക വിധമാണ് ആ കഥാപാത്രത്തിന്റെ വിഗ് പോലും വെച്ചിരിക്കുന്നത് (വേറെ ഒരു രീതിയിലും ചിരിപ്പിക്കാന്‍ പറ്റില്ല എന്ന് വന്നാല്‍ പിന്നെ എന്ത് ചെയ്യും?.അനൂപ്‌ മേനോന്‍ ചെയ്യുന്ന കഥാപാത്രത്തിന് തച്ച് ശാസ്ത്രം, വാസ്തു, ആയുര്‍വേദം, കാക്ക പിടിത്തും തുടങ്ങിയ സകല കലകളും അറിയാം . എല്ലാം അറിയാവുന്നവന്‍ ഞാന്‍ എന്നാ സ്ഥായിയായ ഒരു ഭാവം മുഖത്ത്ഉള്ളത് കൊണ്ട് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനൂപ്‌ മേനോന്‍ ഏറെ ഒന്നും ബുദ്ധിമുട്ടിക്കാണില്ല)
ചിത്രത്തിലെ ഗാനങ്ങള്‍ പോലും നമ്മെ കുടു കുടാ ചിരിപ്പിക്കും .ഒരു രീതിയിലും ചിരിക്കാത്ത ഗൌരവക്കാരെ പോലും ചിരിപ്പിക്കാന്‍ ആകണം സുരാജ് ഇരട്ട വേഷത്തില്‍ ആണ് വരുന്നത് .(ഒരു റോളില്‍ തന്നെ ആ മനുഷ്യനെ സഹിക്കാന്‍ പാടാണ് അപ്പോളാണ് ഇരട്ട വേഷം!!) . ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ വേഷങ്ങളില്‍ വരുന്നത് ഇന്ദ്രന്‍സ് , ഹരി ശ്രീ അശോകന്‍ , ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍ എന്നിവരാണ്‌. ഇവര്‍ക്കാണ് ഈ ചിത്രത്തിന്‍റെ കഥ അഥവാ അങ്ങനെ സംശയിക്കപ്പെടുന്ന സാധനവുമായി ഏറ്റവും ബന്ധം കുറവ്. ഈ കോമാളി സംഘത്തെ നയിച്ചാണ് ശ്രീ അനൂപ്‌ മേനോന്‍ അഭിനയിക്കുന്ന വിഷ്ണു ശര്‍മ എന്ന തച്ചു ശാസ്ത്ര വിദഗ്ധന്‍ കം വൈദ്യന്‍ കം വേറെ എന്തൊക്കെയോ .. രംഗതെത്തുന്നത് . നായികാ എന്ന് സംശയിക്കാവുന്ന ഒരു കൊച്ചു തമ്പുരാട്ടി യുടെ (വിദിശ) കാമുകനായി അജ്മല്‍ വരുന്നു .(ചുമ്മാ. അവസാനം ഒരു സ്റ്റണ്ട് നടത്താന്‍ ആണെന്ന് തോന്നുന്നു ) .നായികയുടെ സംസാരം ഒരു വഴിക്ക് ചുണ്ടുകളുടെ ചലനം വേറൊരു വഴിക്ക്.

മറ്റു പ്രധാന കഥാപാത്രങ്ങളും അവര്‍ എങ്ങനെ നമ്മെ ചിരിപ്പിക്കുന്നു എന്നതും താഴെ കൊടുക്കുന്നു .

ജഗതി : കൊട്ടാരത്തിലെ ഒരംഗം .ബ്രഹ്മചാരി.യക്ഷി പൂജ എന്ന പേരില്‍ രത്നം എന്ന തമിഴത്തിയെ മുറിയില്‍ ഒളിച്ചു താമസിപ്പിച്ചിരിക്കുന്നു .
സുരാജ് : തമിഴത്തിയുടെ മാമന്‍ നരസിംഹ കൌണ്ടര്‍.(കുറച്ചേ ഉള്ളു ഭാഗ്യം).മറ്റേ കഥാപാത്രം തട്ടിപ്പുകളും ആയി നടക്കുന്ന ഒരാള്‍ (പേര് മറന്നു ).
മധു : വിഷ്ണുപുരത്തെ കാരണവര്‍
ജനാര്‍ദ്ദനന്‍ : കാരണവരുടെ അസിസ്റ്റന്റ്‌ കം ആക്ടിംഗ് കാരണവര്‍
ജഗദീഷ് : കൊട്ടാരത്തിലെ മറ്റൊരംഗം ബ്രഹ്മചാരി .പെണ്‍ വേഷം കെട്ടിയ ജാഫര്‍ ഇടുക്കിയുടെ പുറകെ മണത്തു നടക്കുന്നു.
ഇന്ദ്രന്‍സ് : അനൂപ്‌ മേനോന്‍റെ സംഘത്തിലെ അംഗം.മുന്‍പ് കൊട്ടാരത്തിലെ വേലക്കാരന്‍,തട്ടിപ്പ് സുരജിന്‍റെ ശിങ്കിടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ചൈന കാരനായി വേഷം മാറിയാണ് വരുന്നത് .
ഹരിശ്രീ അശോകന്‍: ഡ്രൈവര്‍ ആയി കൊട്ടാരത്തില്‍ കയറുന്നു.നായിക തന്നെയാണ് പ്രേമിക്കുന്നത് എന്ന് കുറച്ചു നേരം തെറ്റിധരിക്കുന്നു.
ഇടുക്കി ജാഫര്‍ : സ്ത്രീയായി വേഷം മാറി കൊട്ടാരത്തിലെ വേലക്കാരി ആയി അവിടത്തെ സകലരോടും ശ്രിംഗരിക്കുന്നു
സായികുമാര്‍ : കൊട്ടാരത്തിലെ വില്ലന്‍ അംഗം.ഐ പി എല്‍ ടീം ഉണ്ടാക്കാന്‍ രത്നം അടിച്ചുമാറ്റാന്‍ നടക്കുന്ന വ്യവസായി.
ചേര്‍ത്തല ജയന്‍ : മറ്റൊരു വില്ലന്‍ അംഗം .പണ്ട് രത്നം അടിച്ചു മാറ്റാന്‍ ശ്രമിച്ചു കണ്ണ് പോയി . ഫുള്‍ ടൈം കൂളിഗ് ഗ്ലാസ്‌ .
സാജു കൊടിയന്‍ : അടുക്കളക്കാരന്‍ പട്ടരായി കൊട്ടാരത്തില്‍ എത്തുന്നു .ജഗതിക്ക് പരിക്ക് പറ്റുമ്പോള്‍ അയാള്‍ക്ക് പകരം യക്ഷി പൂജക്ക്‌ പോകുന്നു

ഇത്രയും ആയാലും ചിരിക്കാത്ത ഏതെങ്കിലും കഠിനഹൃദയര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി ദ്വയാര്‍ഥ പ്രയോഗങ്ങള്‍ വരി വിതറി ശുദ്ധ ഹാസ്യം ഇറക്കിയിട്ടുണ്ട് ശ്രീ കൊടിയന്‍.(മലയാളി അല്ലെ ഇതില്‍ ഏതവനും വീഴും !).

ഒടുവില്‍ രത്നം അടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന വില്ലന്‍ തമ്പുരാക്കന്മാരെ അജ്മല്‍ സ്റ്റണ്ട് നടത്തി ഒതുക്കി കഴിഞ്ഞു അനൂപ്‌ മേനോനും കൂട്ടരും രത്നം കൊണ്ട് പോയി നേപ്പാളിലെ ലാമക്ക് കൊടുക്കുന്നു ശുഭം

ഇത്രയും കോള്‍മയിര്‍ കൊള്ളിക്കുന്ന സംഭവങ്ങള്‍ക്ക് ശേഷം ഒടുവില്‍ പരിക്ഷീണിതനായി പുറത്തിറങ്ങിയ പ്രേക്ഷകന് മുന്നില്‍ ഒരു കടലാസ് വന്നു വീണു.അതില്‍ ഇപ്രകാരം എഴുതിയിരുന്നു .
"ഈ പീഡന അനുഭാവത്തോടെ നീ ചെയ്ത പാപങ്ങളുടെ പകുതി തീര്‍ന്നിരിക്കുന്നു .മലയാള സിനിമയുടെ അവസ്ഥ നോക്കിയാല്‍ ബാക്കി തീരാന്‍ വലിയ താമസം വരില്ല . ഓള്‍ ദി ബെസ്റ്റ് . ദൈവം (ഒപ്പ്)".സന്തുഷ്ടനായ പ്രേക്ഷകന്‍ കൂടുതല്‍ പ്രായശ്ചിത കര്‍മങ്ങള്‍ ചെയ്തു പാപങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചു വീടിലേക്ക്‌ പോയി സസുഖം ജീവിച്ചു .

കഥ പറഞ്ഞു നിര്‍ത്തി വേതാളം ഇപ്രകാരം പറഞ്ഞു . "അല്ലയോ രാജാവേ ഈ കഥയില്‍ പറഞ്ഞ ചിത്രത്തെ കുറിച്ച് മനസിലായല്ലോ . തീര്‍ച്ചയായും ഇതൊരു കൂതറ ചിത്രം എന്നായിരിക്കുമല്ലോ താങ്കളുടെ അനുമാനം . ശരിയല്ലേ ?

വിക്രം : (ആത്മഗതം) പിന്നെ അല്ലാതെ ? ഇങ്ങനത്തെ ഒരു ചിത്രം ഒക്കെ കാണാന്‍ പോകാന്‍ ആ പ്രേക്ഷകന് വട്ടുണ്ടോ ?

അപ്പോള്‍ രാജാവേ എനിക്കൊരു ചോദ്യമുണ്ട്.ശരിയായ ഉത്തരം അറിഞ്ഞിട്ടു പറയാതെ ഇരുന്നാല്‍ തങ്ങളുടെ ശിരസു നൂറായി പൊട്ടി തെറിച്ചു പോകും ഓര്‍മ്മയിരിക്കട്ടെ.ചോദ്യം ഇതാണ്.ഈയടുത്ത് ഇറങ്ങിയ ചൈന ടൌണ്‍ എന്ന ചിത്രവുമായി ഈ ചിത്രത്തിന് എന്താണ് വ്യത്യാസം? നിലവാരം,ചിരിപ്പികാനുള്ള വ്രഥാ ശ്രമം എന്നിവയില്‍ ഈ ചിത്രങ്ങള്‍ രണ്ടും ഒരു പോലെയല്ലേ . കഥാപാത്രങ്ങളുടെ മിക്ക പ്രവര്‍ത്തികള്‍ക്കും മൂലകഥയുമായി ഒരു ബന്ധവും ഇല്ല എന്നതും രണ്ടു ചിത്രങ്ങളിലും ഒരു പോലെയല്ലേ? പിന്നെ എങ്ങനെ ഒരെണ്ണം അവധിക്കാലം അടിച്ചു പൊളിക്കാന്‍ ബുദ്ധി മസ്റ്റ്‌ ആയി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ഉത്സവചിത്രവും മറ്റേതു നിലവാരം ഇല്ലാത്ത കോമഡിയും ആകുന്നു.റാഫി മെക്കാര്‍ടിന്‍ എടുത്താല്‍,ലാലും,ദിലീപും ജയറാമും കാണിച്ചാല്‍ ഉദാത്ത ഹാസ്യവും,ബാക്കിയുള്ളവര്‍ ചെയ്താല്‍ തറ തമാശയും ആകുന്നതെന്തു ?

വിക്രമാദിത്യന്‍ : പൊന്ന് വേതാളമേ സത്യമായും എനിക്കറിയില്ല.പിന്നെ അക്കെ പറയാനുള്ളത് സ്വന്തം തല കൊണ്ട് ചിന്തിക്കാതെ മാധ്യമങ്ങള്‍ പറയുന്നത് അത് പോലെ വിഴുങ്ങി . പലരെയും നിലനിര്‍ത്തേണ്ടത് ജീവിത ലക്‌ഷ്യം ആയി കണ്ടു മുന്നേറുന്ന പൊതു ജനം എന്ന കഴുയെയാണ് .ഇവനൊക്കെ എന്ന് പഴയ പ്രതാപ കഥകളും തിരിച്ചു വരവിന്‍റെ ഒരിക്കലും നടക്കാത്ത പ്രതീക്ഷകളും വിട്ടു, നമുക്ക് വേണ്ടിയാണു സിനിമ മറിച്ചു, നമ്മള്‍ ഇവര്‍ക്ക് വേണ്ടിയല്ല എന്ന് ചിന്തിക്കുന്ന കാലത്ത് മാത്രമേ ഇതു അവസാനിക്കു .

വിക്രമാദിത്യന്റെ ഉത്തരത്തില്‍ സംതൃപ്തനായി വേതാളം വീണ്ടും പറന്നുയര്‍ന്നു മരത്തില്‍ കരയി തല കീഴായി കിടന്നു

Monday, May 2, 2011

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ (Bhaktha janangalude shradhakku )

അണ്ണാ ഒടുവില്‍ ഞാന്‍ അതങ്ങു ചെയ്തു ..

എന്താടെ?

നിങ്ങളുടെ കാല് പിടിക്കാതെ ജീവിക്കാന്‍ പറ്റുമോ എന്ന് ഒന്ന് നോക്കട്ടെ . ഇന്നാ പിടിച്ചോ സത്യസന്ധമായ ജീവിത ഗന്ധിയായ ഒരു നിരൂപണം .

ഇതു പടത്തിന്റെ ആണ് അനിയാ സംഗതി ?

ദാ കേട്ടോ ഒന്ന് വായിച്ചേക്കാം....

ഗദാമ എന്ന നായികാ പ്രാധാന്യമുള്ള ചിത്രത്തിന് ശേഷം വീണ്ടും അത്തരത്തിലുള്ള ഒരു ചലചിത്രമാണ് ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ . കാവ്യാ മാധവന്‍ വീണ്ടും നമ്മുടെ ഒക്കെ മനസ്സില്‍ വിങ്ങല്‍ ഉളവാക്കുന്ന ഒരു കഥാപാത്രമായി എത്തുന്നു.ഇന്നത്തെ സമൂഹത്തിലെ പ്രധാന വിപത്തുക്കളായ മദ്യത്തിനും,ഭക്തിക്കും എതിരെ സാമുഹ്യ വിമര്‍ശനത്തിന്റെ പടവാളായി അഞ്ഞടിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സമാന്തര സിനിമകളുടെ വക്താവായി അറിയപ്പെടുന്ന സംവിധായകന്‍ പ്രിയനന്ദനന്‍ ആണ് മലയാള സിനിമക്ക് എന്നും മാറ്റത്തിന്റെ അമരക്കാരനായി നിന്നിട്ടുള്ള യുഗപ്രഭാവനായ ശ്രീ രഞ്ജിത് ആണ് ഈ ചിത്രത്തിന്റെ കഥ.ആള്‍ ദൈവങ്ങള്‍ അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ ഇവരുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഈ ചിത്രം മനുഷ്യ മനസാക്ഷിക്ക് ഒരു ചൂണ്ടു പലകയാണ്.

ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന, രണ്ടു കുട്ടികള്‍ ഉള്ള, പ്രേമിച്ചു വിവാഹിതര്‍ ആയ വിശ്വനാഥന്‍ - സുമംഗല (ഇര്‍ഷാദ് ,കാവ്യ) ദാമ്പതിമാരിലൂടെയാണ് കഥ ഇതള്‍ വിരിയുന്നത് . സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിശ്വനാഥന്‍ നല്ലവനും ഭക്തനും ഒക്കെ ആണെങ്കിലും മദ്യത്തിനു അടിമയാണ് . വൈകുന്നേരം വൈകിട്ടെന്താ പരിപാടി കഴിഞ്ഞു എത്തുന്ന വിശ്വന്‍റെ ശമ്പളം ആ വഴിക്ക് തീരുകയാണ് പതിവ് . ചായക്കട നടത്തുന്ന സുമംഗലയുടെ വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്.ഭര്‍ത്താവിന്റെ മദ്യാസക്തി സഹിക്കുന്നതിനും അപ്പുറം എത്തിയപ്പോള്‍ സുമംഗല, ഭഗവതി തന്നില്‍ ആവേശിച്ചു എന്ന് അഭിനയിക്കുന്നു.താല്‍കാലികമായി സംഗതി വിജയിക്കുന്നു എങ്കിലും ആ കുടുംബത്തില്‍ എത്തിച്ചേരുന്ന വിശ്വന്‍റെ അമ്മാവന്‍ കുമാരന്‍ നായര്‍ (കലാഭവന്‍ മണി ) സംഗതികള്‍ ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ പതുക്കെ കൈ വിട്ടു തുടങ്ങുന്നു.സുമംഗലയെ ഒരു ആള്‍ ദൈവമാക്കി അവതരിപ്പിച്ചു തുടങ്ങുന്നത് നല്ലൊരു വരുമാനം ആകും എന്ന് മനസിലാകുന്ന കുമാരന്‍ നായര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നു . ചില യാദൃശ്ചിക സംഭവങ്ങള്‍ സുമംഗലയുടെ ദിവ്യശക്തിയെ പറ്റിയുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു .കൂടുതല്‍ കച്ചവടക്കണ്ണുള്ള ശിവരാമ പണിക്കരും (ശ്രീരാമന്‍) സംഘവും വന്നു ചേരുന്നതോടെ പൂര്‍ണമായും ഒരു ദൈവമായി സുമംഗല ഉയര്‍ത്തപ്പെടുകയും രക്ഷപെടാന്‍ ആകാത്ത വിധം ആശ്രമത്തില്‍ ദൈവമായി തടവില്‍ അക്കപ്പെടുകയും ചെയ്യുന്നു.

അവിടന്ന് രക്ഷപ്പെടാനും തന്‍റെ ദൈവീക പരിവേഷം ഉപേക്ഷിച്ചു ഒരു സാധാരണ സ്ത്രീയായി ഭര്‍ത്താവിനോടും കുട്ടികളോടും ഒപ്പം ജീവിക്കാനുമുള്ള സുമംഗലയുടെ ശരമാങ്ങളിലൂടെ ചിത്രം പുരോഗമിക്കുന്നു . ...... എങ്ങനെയുണ്ട് അണ്ണാ എന്‍റെ ലൈന്‍ രക്ഷപ്പെടുമോ ?

അനിയാ ഞാനും കണ്ടതാ ഈ ചിത്രം . എനിക്ക് തോന്നിയത് ഇന്നത്തെ കാലഘട്ടത്തില്‍ ഡിമാണ്ട് ഉള്ള ഏതു സാധനത്തിനും സമൂഹത്തില്‍ സപ്ലൈ ഉണ്ടാകും എന്നതാണ് . സ്വര്‍ണം മുതല്‍ മദ്യവും ശരീരവും വരെ ഇതിനു അപവാദമല്ല .അത് പോലൊരു ഘടകം മാത്രമാണ് നമ്മുടെ കാലത്ത് ഭക്തി . ഇനി മനുഷ്യ ദൈവങ്ങളുടെ കാര്യം നോക്കാം . എന്‍റെ അറിവില്‍പ്പെട്ടിടത്തോളം ഇവിടത്തെ വ്യവസ്ഥാപിത മതങ്ങള്‍ പരസ്പരം പരത്തുന്ന അവിശ്വാസം,ദൂഷണം,പരസ്പര വിദ്വേഷം എന്നിവയുടെ പത്തിലൊന്ന് ഒരു മനുഷ്യദൈവവും പറയുന്നില്ല.പിന്നെ മുതലെടുക്കല്‍, അനുയായികളെ ചൂഷണം ചെയ്യല്‍ എന്നിവ ,അത് വ്യവസ്ഥാപിത മതങ്ങളും മനുഷ്യ ദൈവങ്ങളും ഒരു പോലെ വെച്ച് നടത്തുന്നുണ്ട് . അപ്പോള്‍ പിന്നെ ആരെയാണ് കുറ്റം പറയേണ്ടത്.ആത്യന്തികമായി ഇവരൊക്കെ പറയുന്ന കാര്യങ്ങളില്‍ ഉള്ള നല്ലത് മാത്രം എടുക്കാനും ബാക്കിയുള്ളത് തള്ളികളയാനും കഴിയാതെ,സ്വന്തം തല എന്ന സാധനത്തെ ഒരു നിമിഷം പോലും ഉപയോഗിക്കാതെ ഇവരുടെ ഒക്കെ കാല്‍ ചുവട്ടില്‍ (രണ്ടു കൂട്ടരുടെയും)പോയി നായ്ക്കളെ പോലെ അനുസരണയോടെ ചുരുണ്ട് കിടക്കുന്ന പൊതു ജനം എന്ന കഴുതകള്‍ അല്ലെ ഉത്തരവാദികള്‍? ആ ഒരു വീക്ഷണത്തില്‍ ഈ ചിത്രം പോയിരുന്നെകില്‍ ഒരു പക്ഷെ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് ശേഷം വന്ന ഏറ്റവും മികച്ച സറ്റെയര്‍ ആയേനെ ഈ ചിത്രം.സമാന്തര സിനിമയുടെ വക്താവായി അറിയപ്പെടുന്ന പ്രിയനന്ദനന്‍ എന്ന സംവിധായകന് തന്‍റെ സ്ഥിരം ടെമ്പ്ലേറ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് കുറച്ചൊന്നും അല്ല ഈ ചിത്രത്തില്‍ കാണാനുള്ളത് . ഇങ്ങനത്തെ ചിത്രത്തില്‍ നേരെ കഥ പറയുന്ന ഒരു രീതിയെകാള്‍ വേറിട്ടൊരു സമീപനം ആയിരുന്നു നല്ലത് എന്ന് തോന്നുന്നു . പിന്നെ കാവ്യാ മാധവന് പകരം രേവതിയെ പോലെയുള്ള ഒരു നടിയായിരുന്നു സുമംഗല ആയിരുന്നത് എങ്കില്‍ കുറച്ചു കൂടെ നന്നായേനെ എന്ന് തോന്നി (രണ്ടു മക്കളുടെ അമ്മായി രേവതിയെ പോലെ ഒരു നടി ഇപ്പോളും നന്നാകും എന്നാണ് എന്‍റെ വിശ്വാസം).കഷ്ടപ്പെട്ട് ജീവിക്കുന്നു എന്ന് പറയപ്പെടുന്ന നായിക ഉടുക്കുന്ന സാരിയില്‍ പോലും ഒരു ബുദ്ധിമുട്ടും കാണാനില്ല എന്നത് സംവിധായകന്‍റെ മികവിന് ഉദാഹരണം ആണ്.മനോജ്‌ എഴുതിയ തിരകഥ ഈ പ്രമേയം അര്‍ഹിക്കുന്ന സര്‍കാസം ഒരിടത്തും പകര്‍ന്നു നല്‍കാന്‍ സഹായിക്കുന്നില്ല.നടെഷ് ശങ്കര്‍ ഒരുക്കുന്ന പാട്ടുകള്‍ ഒരെണ്ണം കുറച്ചു നന്നായി എന്നാ തോന്നിയേ.മലയാള സിനിമയില്‍ ചോദ്യം ചോദിക്കുന്നത് കുറ്റകരം ആയതു കൊണ്ട് ശിവരാമ പണിക്കര്‍ ഒക്കെ എവിടുന്നു വന്നു എന്ന് ചോദിക്കുന്നില്ല

അഭിനയം ?

സംവിധായകനും ഒരു പരിധി വരെ തിരകഥാകൃത്തും ഒഴികെ ബാക്കി എല്ലാരും തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . പിന്നെ ജഗദീഷ് അവതരിപ്പിക്കുനത് പോലുള്ള പോലെയുള്ള വാലും തലയും ഇല്ലാത്ത കഥാപാത്രങ്ങളെ കൊടുത്താല്‍ എന്ത് ചെയ്യാന്‍ പറ്റും ? പിന്നെ ഇര്‍ഷാദ് അവതരിപ്പിച്ച വിശ്വനാഥന്‍ ആ കഥാപാത്രം മലയാളിയുടെ ഒരു പരിചേദം ആയി ആണ് എനിക്ക് തോന്നിയത് .എല്ലാം ഉണ്ട് അയാളില്‍ . മദ്യപാന ശീലം , വ്യവസ്ഥിതിയോടുള്ള പ്രതിഷേദം, അതിനെതിരെ വാചകത്തില്‍ മാത്രമുള്ള പ്രതികരണം,സാഹിത്യം,പുച്ഛം ,വല്യവന്‍ ആകേണ്ടത് ആയിരുന്നു കഷ്ടകാലം കൊണ്ട് ആയില്ല എന്ന ഭാവം അങ്ങനെ മലയാളീ പേറ്റന്റ്‌ എടുത്ത കുറെ അധികം ഭാവങ്ങള്‍ ആ കഥാപാത്രത്തിന് കൊടുത്തിട്ടുണ്ട്‌ . പോലീസ് സ്റ്റേഷനില്‍ മദ്യപിച്ചു വണ്ടി ഓടിച്ചതിന് പിടിച്ചു കൊണ്ട് വരുന്ന വിശ്വനുമായി ഇന്‍സ്പെക്ടര്‍ സലിം കുമാര്‍ നടത്തുന്ന സംഭാഷണം എന്നിക് ശരിക്കും ബോധിച്ചു (സീരിയസ് ആയി പറഞ്ഞതാ )


അപ്പോള്‍ ചുരുക്കത്തില്‍ ....

സാമൂഹ്യ പ്രസക്തി ഉള്ള ഒരു പ്രമേയം , തികച്ചും നിരുത്തരവാദ പരമായി പൈങ്കിളി രീതിയില്‍ എടുത്തു നശിപ്പിച്ച ഒരു ചിത്രം. ഒത്തിരി സാദ്ധ്യതകള്‍ ഉള്ള ഈ ചിത്രത്തിന്റെ പ്രമേയം ഈ കുറവുകള്‍ ഒക്കെ ഉണ്ടെങ്കിലും ഇന്നത്തെ മലയാള സിനിമയുടെ ഒരു അവസ്ഥ വെച്ച്,ഗതികെട്ട പ്രേക്ഷകര്‍ ഏറ്റെടുത്താലും എനിക്ക് അദ്ഭുതം ഇല്ല

Sunday, May 1, 2011

മേല്‍വിലാസം (Melvilasam )

അതേ....... മനുഷ്യനായാല്‍ ഇത്ര അഹങ്കാരം പാടില്ല.

അനിയാ നീയോ? എന്താടെ രാവിലെ ഇത്ര ചൂടായി ...?

അണ്ണാ ദിവസം രണ്ടായി നിങ്ങളെ കാണാന്‍ ഞാന്‍ ഈ വീട്ടില്‍ കയറി ഇറങ്ങുന്നു . എപ്പോള്‍ വന്നാലും ഇയാള്‍ സ്ഥലത്തില്ല . അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുവാ... താന്‍ ആരുവാ ?

അടങ്ങേടെ .. ചില ഫാന്‍സ്‌ വക സ്വീകരണവും മറ്റുമായി തിരക്കിലായിരുന്നു.നീ കാര്യം പറ .

ഈ നാട്ടില്‍ ഇത്ര പടം ഇറങ്ങി എന്ന് വല്ല വിവരവും ഉണ്ടോ നിങ്ങള്‍ക്ക്? അപ്പീസില്‍ പത്രാധിപര്‍ ഇരുത്തി പോറുപ്പിക്കുന്നില്ല . ഏതിന്റെ എങ്കിലും റിവ്യൂ കൊടുത്തില്ലേല്‍ അങ്ങേര എന്നെ പറഞ്ഞു വിടും .

എന്നാല്‍ പിന്നെ നിനക്ക് പടം കണ്ടു റിവ്യൂ എഴുതികൂടെ ?

പിന്നെ എന്‍റെ പട്ടി വരും ഇക്കാലത്തെ മലയാള പടം കണ്ടു അഭിപ്രായം പറയാന്‍ .മാത്രമല്ല പടം കണ്ടാണ്‌ ഞാന്‍ അഭിപ്രായം പറയുന്നത് എന്ന് നിരൂപക വൃത്തങ്ങളില്‍ പുറത്തു അറിഞ്ഞാല്‍ എന്നിക്ക് ചില്ലറ ക്ഷീണം വല്ലതും ആണോ .അണ്ണന്‍ വെയിറ്റ് ഇടാതെ ഇന്നലെ കണ്ട പടത്തിന്റെ കാര്യം ഒന്ന് പറഞ്ഞെ .

അനിയാ ഇന്നലെ കണ്ടത് മേല്‍വിലാസം എന്ന ചിത്രമാണ്.

മേല്‍വിലാസമോ ....? അതേതു പടം ......? ഓ കിട്ടിപോയി നമ്മുടെ സുരേഷ് ഗോപിയുടെ പട്ടാള പടം .എങ്ങനെയുണ്ട് സംഭവം അണ്ണാ .പൊട്ടാസ് പടം തന്നെ ? തുടക്കം മുതല്‍ ഷിറ്റും ഇംഗ്ലീഷും ......അങ്ങനെ ?

അനിയാ ....പിടയ്ക്കാതെ . ഈ ചിത്രം മലയാളത്തിലെ മറ്റൊരു പുതിയ പരീക്ഷണം ആണ് .നല്ലൊരു പരീക്ഷണം എന്ന് കൂടി പറഞ്ഞു കൊള്ളട്ടെ .ഈ ചിത്രം ഒരു കോര്‍ട്ട് മാര്‍ഷല്‍ (കുറ്റം ചെയ്ത ഒരു പട്ടാളക്കാരനെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന പരിപാടി ) ലിന്റെ കഥയാണ് ഈ ചിത്രം പറയുന്നത് . സംവിധായകന്‍ നവാഗതനായ ശ്രീ മാധവ രാംദാസ് . ശ്രീ സൂര്യ കൃഷ്ണ മൂര്‍ത്തി യുടെ ഒരു നാടകം അവലംബിച്ചാണ് ഈ ചിത്രത്തിന്റെ തിരകഥ എഴുതിയിരിക്കുന്നത് .പൂര്‍ണമായും പട്ടാള കോടതിയുടെ നാലു ചുവരുകളുടെ അകത്താണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.തന്‍റെ രണ്ടു സുപ്പീരിയര്‍ പട്ടാള ഉദ്യോഗസ്ഥരെ വെടിവെച്ച , (അതില്‍ ഒരാള്‍ മരിക്കുകയും മറ്റെയാള്‍ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു ) ജവാന്‍ രാമചന്ദ്രനെ (പാര്‍ഥിപന്‍) വിചാരണ ചെയുന്ന കോര്‍ട്ട് മാര്‍ഷല്‍ ആണ് കഥാ സന്ദര്‍ഭം. ഈ ചിത്രത്തില്‍ സുരേഷ് ഗോപിയെ കൂടാതെ പാര്‍ഥിപന്‍ ,തലൈവാസല്‍ വിജയ്‌,കക്ക രവി,അശോകന്‍,കൃഷ്ണകുമാര്‍ എന്നിവരും ഉണ്ട് .മാര്‍ക്ക്‌ മൂവീസ്ന്റെ ബാനെര്‍ ല്‍ സലിം ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

അതൊക്കെ ഇരിക്കട്ടെ അണ്ണാ. ഈ ചിത്രത്തെ പറ്റി പറഞ്ഞെ . അവാര്‍ഡ്‌ സാധനം തന്നെ സംഗതി ? മുഴുവന്‍ സമയവും കോര്‍ട്ട് റൂമില്‍ തന്നെ? ഒരു ഫ്ലാഷ് ബാക്ക് പോലും ......?

എടേ ഇങ്ങനത്തെ പരീക്ഷണം ലോകത്തില്‍ ആദ്യമായൊന്നുമല്ല 12 Angry Men , ഏക്‌ രുക ഹുവ ഫൈസല,എന്നിവ പോലെ യുള്ള ചിത്രങ്ങള്‍ ഏതാണ്ട് ഈ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. (ശരിക്കും ഓര്‍മ പോര.ഈ ചിത്രങ്ങള്‍ കുട്ടിയായിരിക്കുമ്പോള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി വി യില്‍ കണ്ട ഓര്‍മയെ ഉള്ളു ).

ചിത്രം തുടങ്ങുമ്പോള്‍ (അഥവാ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിക്കുമ്പോള്‍) രാമചന്ദ്രന്‍ കുറ്റം സമ്മതിച്ച അവസ്ഥയിലാണ് . ഏതാണ്ട് എല്ലാവരും രാമചന്ദ്രനെ തൂക്കില്‍ ഏറ്റാനുള്ള ശിക്ഷ ഔപചാരികമായി പ്രഖ്യാപിച്ചാല്‍ മതി എന്ന പക്ഷക്കാരാണ് .ജഡ്ജിക്ക് തുല്യനായ പ്രേസൈടിംഗ് ഓഫീസര്‍ സൂരജ് സിംഗ് (തലൈ വാസല്‍ വിജയ്‌ ) അടക്കം . Govenment pleeder (അഥവാ വാദി ഭാഗം വക്കീല്‍)ക്യാപ്റ്റന്‍ അജയ് ശര്‍മയായി കക്കരവിയും പ്രതിഭാഗം വാദിക്കുന്ന ക്യാപ്റ്റന്‍ വികാസ് റായ് ആയി സുരേഷ് ഗോപിയും രംഗത്ത് വരുന്നു.ഏതാണ്ട് രണ്ടു മണികൂറോളം നീളുന്ന (ഒട്ടും ബോര്‍ അടിപ്പിക്കാതെ എന്ന് കൂടി പറഞ്ഞോട്ടെ ) വിചാരണയുടെ അവസാനം ചിത്രം അവസാനിക്കുന്നു.

ശരി അതൊക്കെ ഇരിക്കട്ടെ പടം എങ്ങനെയുണ്ട് ?

അനിയാ നല്ലൊരു ചിത്രം . ഈ വര്ഷം ഇതു വരെ മലയാള സിനിമയുടെ പോക്ക് നല്ലൊരു ദിശയിലേക്കാണ് എന്ന് പറയേണ്ടി വരുന്നു. നല്ലതായാലും ചീത്തയായാലും കുറെ നല്ല സിനിമകള്‍ നിര്‍മിക്കാനുള്ള ഒരു ശ്രമമെങ്കിലും ഈ വര്ഷം ഇതു വരെ നടക്കുന്നുണ്ട് . സങ്കടകരം നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഇതിന്‍റെ ഒന്നും ഒരു സ്പിരിറ്റും ഉള്‍ കൊള്ളാതെ തങ്ങളുടെ താരാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ പുതു വഴികള്‍ തേടുന്നു എന്നതാണ് .അതൊക്കെ പോട്ടെ ഈ ചിത്രത്തില്‍ ആദ്യമായി അഭിനടിക്കേണ്ടത് സംവിധായകന്‍ മാധവ് റാം ദാസിനെയാണ് . തുടക്കത്തില്‍ എവിടെയൊക്കെയോ നാടകത്തെ ഓര്‍മിപ്പിക്കുന്നു എന്നതും കപൂറും സിങ്ങും ശര്‍മയും ഒക്കെ മലയാളം എങ്ങനെ സംസാരിക്കുന്നു എന്നും മറ്റുമുള്ള ചില്ലറ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കിയാല്‍ രണ്ടു മണികൂര്‍ ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട് .കോര്‍ട്ട് മാര്‍ഷല്‍ എന്ന പരിപാടിയില്‍ സിനിമക്ക് വേണ്ടി ഒരല്‍പം അതിശയീകരണം വരുത്തിയിട്ടുണ്ട് എന്ന് ആദ്യം തന്നെ എഴുതി കാണിക്കുന്നത് സംവിധായകന്‍റെ ഔചിത്യം.നന്ദിയുട് സര്‍.ഏതൊക്കെ ഇന്നത്തെ മലയാളം സിനിമയില്‍ വലിയ കാര്യങ്ങള്‍ തന്നെയാണ് .

അപ്പോള്‍ അഭിനയമോ ? അഭിനയം എന്തായാലും മോശം ആയിരിക്കുമല്ലോ . സൂപ്പര്‍ താരങ്ങള്‍ അല്ലാതെ ആരിവിടെ അഭിനയിക്കാന്‍?

അനിയാ ഈ ചിത്രത്തില്‍ എല്ലാരും അവര്‍ അവരുടെ റോള്‍ ഭംഗിയാക്കിയിട്ടുണ്ട് . നടന്‍മാര്‍ മാത്രമല്ല പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും നന്നായി.ശബ്ദ വിന്യാസം , ക്യാമറ തുടങ്ങിയവ ചിത്രത്തിന് കൃത്യമായി ആവശ്യപ്പെടുന്നത് നല്‍കുന്നു . അത് പോലെ തന്നെ നടന്മാരും.സുരേഷ് ഗോപിയടക്കം എല്ലാരും നന്നായിട്ടുണ്ട് .പിന്നെ കുറച്ചെങ്കിലും ബോര്‍ ആയി തോന്നിയത് കൃഷ്ണ കുമാറാണ്. അദേഹത്തിന് പകരം റിയാസ് ഖാന്‍ ആയിരുന്നെകില്‍ പോലും നന്നായേനെ എന്ന് തോന്നുന്നു.

അപ്പോള്‍ ചുരുക്കത്തില്‍ ......

ആളൊഴിഞ്ഞ കസേരകളുടെ കൂടെയാണ് ഈ ചിത്രം ഇന്നലെ കണ്ടത് .ചിത്രങ്ങളുടെ ജയ പരാജയങ്ങള്‍ വിഷയമല്ല എന്ന് എന്നും അഹങ്കാരത്തോടെ പറയാറുണ്ടെങ്കിലും അറിയാതെ ആശിച്ചു പോകുന്നു , നല്ല സിനിമക്ക് വേണ്ടി ദാഹിക്കുന്നു എന്ന് അവകാശപ്പെടുന്ന മലയാള പ്രേക്ഷക സമൂഹമന്ദബുദ്ധികള്‍ , ടി ഡി ദാസന് വേണ്ടി (ആ ചിത്രം തിയറ്റെരില്‍ നിന്നും പോയി കഴിഞ്ഞു) ചന്ദ്രഹാസം ഇളക്കുന്നവര്‍ , ഇതു പോലെയുള്ള ചിത്രങ്ങള്‍ കണ്ടു അഭിപ്രായം പറയാനുള്ള സന്‍മനസ് കാണിച്ചെങ്കില്‍ എന്ന്.