വിക്രമാദിത്യന് പതിവ് പോലെ മരത്തില്‍ കയറി ശവമിറക്കി തോളത്തു വെച്ച് ശ്മശാനത്തിലേക്ക് യാത്രയായി .അപ്പോള്‍ ശവത്തില്‍ കുടി കൊണ്ടിരുന്ന വേതാളം ഇപ്രകാരം പറഞ്ഞു."രാജാവേ,താങ്കളുടെ നാട്ടില്‍ പൊതുജനം വൈകുന്നേരങ്ങളില്‍ വൈകിട്ടെന്താ പരിപാടി,പരദൂഷണം,റിയാലിറ്റി ഷോ/സീരിയല്‍ കാണല്‍ മുതലായ രസികന്‍ കലാപരിപാടികളുമായി ജീവിതത്തെ ആഘോഷമാക്കി മാറ്റുന്നു.എന്നാല്‍ താങ്കള്‍ ആകട്ടെ ആരോടെ വാശി തീര്‍ക്കുന്ന പോലെ ദിവസവും ഈ ശവം ചുമക്കല്‍ പരിപാടി നടത്തുന്നു.എന്തായാലും യാത്രയുടെ വിരസത മാറ്റാന്‍ ഞാനൊരു കഥ പറയാം".
പണ്ട് പണ്ട് അനന്തപുരി എന്നൊരു നഗരത്തില്‍, ഡോക്ടര്‍ പ്രേക്ഷകന് എന്ന് പേരായ ഒരു ബ്ലോഗര്‍ ജീവിച്ചിരുന്നു. ജാതകവശാല്‍,മുന്‍ ജന്മത്തു ചെയ്തു പോയ ചില കൊടിയ പാപങ്ങള്‍ തീരാനായി മലയാള സിനിമകള്‍ കണ്ടു അഭിപ്രായം ബ്ലോഗ് ചെയ്യുക എന്ന പരിഹാര കര്‍മമാണ് അയാള്‍ക്ക് വിധിക്കപ്പെട്ടത്.ഒരു മഴയുള്ള ദിവസം, പതിവുള്ള പാപ പരിഹാര കര്‍മങ്ങള്‍ നിര്‍വഹിക്കാനായി അയാള്‍ പുറത്തിറങ്ങി.ശ്രീ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്ത മൊഹബത്ത് എന്ന ചിത്രം കാണുക എന്നതായിരുന്നു യാത്രാ ഉദേശം.എന്നാല്‍ അവിടെ എത്തിയ അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത് പത്തു പേരെങ്കിലും ഇല്ലാതെ ഷോ നടത്താന്‍ ആവില്ല എന്ന അറിയിപ്പാണ്.പിടിച്ചതിലും വലുതാണ് മാളത്തില്‍ ഉള്ളത് എന്നറിയാതെ ,നിരാശനാകാതെ, അയാള്‍ തമിഴ് ചിത്രമായ കോ കാണാന്‍ വെച്ച് പിടിച്ചു .എന്നാല്‍ അവിടെ ഹൌസ് ഫുള്‍ ബോര്‍ഡു കണ്ട അയാള്‍ ധൈര്യം കൈവിടാതെ തൊട്ടടുത്ത തീയറ്റെരില്‍ ഓടിയിരുന്ന ലക്കി ജോക്കേഴ്സ് എന്ന ചിത്രം കാണാനായി ടിക്കറ്റ് വാങ്ങി . അവിടെ അയാളെ കാത്തിരുന്നത് അത്യഅത്ഭുതകരമായ അനേകം കാഴ്ചകള്‍ ആയിരുന്നു.
ആ കാഴ്ചകളെ കുറിച്ച് പറയുന്നതിന് മുന്‍പ് മറ്റു ചില കാര്യങ്ങള്‍ തങ്ങളുടെ അറിവിലേക്ക് വേണ്ടി പറയാം.ഈ ചിത്രത്തിന്റെ സംവിധാനം ശ്രീ സുനില്‍ എന്ന ആളാണ് (മാനത്തെ കൊട്ടാരം എന്ന ചിത്രമൊക്കെ എടുത്ത ഒരു സുനില്‍ ആണോ എന്നറിയില്ല .അദേഹം അവസാനം കേട്ടത് അനുസരിച്ച് സന്യാസത്തില്‍ ആയിരുന്നു.അദേഹം ആണ് ഇതെങ്കില്‍ പഴയ പരിപാടി തന്നെ ആയിരുന്നു ഭേദം) തിരകഥ സാജു കൊടിയന്‍,സംഘട്ടനം (അങ്ങനെയും ഉണ്ട് ഒരു സാധനം ഈ ചിത്രത്തില്‍ എന്ന് പറയപ്പെടുന്നു ) ബോക്സര്‍ നിത്യ. അഭിനേതാക്കള്‍ സുരാജ് *2 (ഡബിള്‍ റോള്‍),ജഗതി,ഇന്ദ്രന്‍സ്,അനൂപ് മേനോന്,അജ്മല്‍,മധു,സായി കുമാര്‍,സീനത്ത്,സാജു കൊടിയന്‍,ജഗദീഷ്,ഇടുക്കി ജാഫര്‍ ഇങ്ങനെയുള്ള ഒരു വന്‍ താര നിരയാണ് ഈ ചിത്രത്തില്‍ .(അതാണല്ലോ ട്രെന്റ്).
ഇനി നമുക്ക് പ്രേക്ഷകന് അവിടെ കണ്ട വിചിത്ര ദ്രിശ്യങ്ങളിലേക്ക് നോക്കാം.പണ്ട് പണ്ട് നേപ്പാള്‍ രാജാക്കന്മാരും കേരളത്തിലെ വിഷ്ണുപുരം കൊട്ടാരത്തിലെ രാജാക്കന്മാരും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നു പോലും.ചെങ്കിസ്ഖാന്ന്റെ ആക്രമണം ഭയന്ന് നേപ്പാള്‍ രാജാവ് തന്റെ സര്‍വ ഐശ്യര്യങ്ങള്‍ക്കും കാരണമായ അമൂല്യ രത്നം വിഷ്ണുപുരം കൊട്ടാരത്തില്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു.ആ രത്നം തിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളും അത് അടിച്ചു മാറ്റാന്‍ വില്ലന്മാര് നടത്തുന്ന ശ്രമങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം.ഈ ചിത്രത്തില്‍ കാണിക്കുന്ന പകുതിയില്‍ അധികം കാര്യങ്ങള്‍ക്കും മുകളില്‍ പറഞ്ഞ കഥാതന്തുവുമായി ഒരു ബന്ധവും ഇല്ല.മധു ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും നമ്മെ ചിരിപ്പിച്ചു കൊല്ലും എന്ന വാശിയിലാണ് . നായകനായ അനൂപ് മേനോനെ പോലും കണ്ടാല്‍ ചിരി വരത്തക്ക വിധമാണ് ആ കഥാപാത്രത്തിന്റെ വിഗ് പോലും വെച്ചിരിക്കുന്നത് (വേറെ ഒരു രീതിയിലും ചിരിപ്പിക്കാന്‍ പറ്റില്ല എന്ന് വന്നാല്‍ പിന്നെ എന്ത് ചെയ്യും?.അനൂപ് മേനോന് ചെയ്യുന്ന കഥാപാത്രത്തിന് തച്ച് ശാസ്ത്രം, വാസ്തു, ആയുര്‍വേദം, കാക്ക പിടിത്തും തുടങ്ങിയ സകല കലകളും അറിയാം . എല്ലാം അറിയാവുന്നവന് ഞാന്‍ എന്നാ സ്ഥായിയായ ഒരു ഭാവം മുഖത്ത്ഉള്ളത് കൊണ്ട് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനൂപ് മേനോന് ഏറെ ഒന്നും ബുദ്ധിമുട്ടിക്കാണില്ല)
ചിത്രത്തിലെ ഗാനങ്ങള്‍ പോലും നമ്മെ കുടു കുടാ ചിരിപ്പിക്കും .ഒരു രീതിയിലും ചിരിക്കാത്ത ഗൌരവക്കാരെ പോലും ചിരിപ്പിക്കാന്‍ ആകണം സുരാജ് ഇരട്ട വേഷത്തില്‍ ആണ് വരുന്നത് .(ഒരു റോളില്‍ തന്നെ ആ മനുഷ്യനെ സഹിക്കാന്‍ പാടാണ് അപ്പോളാണ് ഇരട്ട വേഷം!!) . ഈ ചിത്രത്തിന്റെ ടൈറ്റില്‍ വേഷങ്ങളില്‍ വരുന്നത് ഇന്ദ്രന്‍സ് , ഹരി ശ്രീ അശോകന് , ജാഫര്‍ ഇടുക്കി, സാജു കൊടിയന്‍ എന്നിവരാണ്. ഇവര്‍ക്കാണ് ഈ ചിത്രത്തിന്റെ കഥ അഥവാ അങ്ങനെ സംശയിക്കപ്പെടുന്ന സാധനവുമായി ഏറ്റവും ബന്ധം കുറവ്. ഈ കോമാളി സംഘത്തെ നയിച്ചാണ് ശ്രീ അനൂപ് മേനോന് അഭിനയിക്കുന്ന വിഷ്ണു ശര്‍മ എന്ന തച്ചു ശാസ്ത്ര വിദഗ്ധന്‍ കം വൈദ്യന് കം വേറെ എന്തൊക്കെയോ .. രംഗതെത്തുന്നത് . നായികാ എന്ന് സംശയിക്കാവുന്ന ഒരു കൊച്ചു തമ്പുരാട്ടി യുടെ (വിദിശ) കാമുകനായി അജ്മല്‍ വരുന്നു .(ചുമ്മാ. അവസാനം ഒരു സ്റ്റണ്ട് നടത്താന്‍ ആണെന്ന് തോന്നുന്നു ) .നായികയുടെ സംസാരം ഒരു വഴിക്ക് ചുണ്ടുകളുടെ ചലനം വേറൊരു വഴിക്ക്.
മറ്റു പ്രധാന കഥാപാത്രങ്ങളും അവര്‍ എങ്ങനെ നമ്മെ ചിരിപ്പിക്കുന്നു എന്നതും താഴെ കൊടുക്കുന്നു .
ജഗതി : കൊട്ടാരത്തിലെ ഒരംഗം .ബ്രഹ്മചാരി.യക്ഷി പൂജ എന്ന പേരില്‍ രത്നം എന്ന തമിഴത്തിയെ മുറിയില്‍ ഒളിച്ചു താമസിപ്പിച്ചിരിക്കുന്നു .
സുരാജ് : തമിഴത്തിയുടെ മാമന് നരസിംഹ കൌണ്ടര്‍.(കുറച്ചേ ഉള്ളു ഭാഗ്യം).മറ്റേ കഥാപാത്രം തട്ടിപ്പുകളും ആയി നടക്കുന്ന ഒരാള്‍ (പേര് മറന്നു ).
മധു : വിഷ്ണുപുരത്തെ കാരണവര്‍
ജനാര്ദ്ദനന് : കാരണവരുടെ അസിസ്റ്റന്റ് കം ആക്ടിംഗ് കാരണവര്‍
ജഗദീഷ് : കൊട്ടാരത്തിലെ മറ്റൊരംഗം ബ്രഹ്മചാരി .പെണ് വേഷം കെട്ടിയ ജാഫര്‍ ഇടുക്കിയുടെ പുറകെ മണത്തു നടക്കുന്നു.
ഇന്ദ്രന്‍സ് : അനൂപ് മേനോന്റെ സംഘത്തിലെ അംഗം.മുന്‍പ് കൊട്ടാരത്തിലെ വേലക്കാരന്,തട്ടിപ്പ് സുരജിന്റെ ശിങ്കിടി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.ചൈന കാരനായി വേഷം മാറിയാണ് വരുന്നത് .
ഹരിശ്രീ അശോകന്: ഡ്രൈവര്‍ ആയി കൊട്ടാരത്തില്‍ കയറുന്നു.നായിക തന്നെയാണ് പ്രേമിക്കുന്നത് എന്ന് കുറച്ചു നേരം തെറ്റിധരിക്കുന്നു.
ഇടുക്കി ജാഫര്‍ : സ്ത്രീയായി വേഷം മാറി കൊട്ടാരത്തിലെ വേലക്കാരി ആയി അവിടത്തെ സകലരോടും ശ്രിംഗരിക്കുന്നു
സായികുമാര്‍ : കൊട്ടാരത്തിലെ വില്ലന്‍ അംഗം.ഐ പി എല്‍ ടീം ഉണ്ടാക്കാന്‍ രത്നം അടിച്ചുമാറ്റാന്‍ നടക്കുന്ന വ്യവസായി.
ചേര്‍ത്തല ജയന് : മറ്റൊരു വില്ലന്‍ അംഗം .പണ്ട് രത്നം അടിച്ചു മാറ്റാന്‍ ശ്രമിച്ചു കണ്ണ് പോയി . ഫുള്‍ ടൈം കൂളിഗ് ഗ്ലാസ് .
സാജു കൊടിയന്‍ : അടുക്കളക്കാരന് പട്ടരായി കൊട്ടാരത്തില്‍ എത്തുന്നു .ജഗതിക്ക് പരിക്ക് പറ്റുമ്പോള്‍ അയാള്‍ക്ക് പകരം യക്ഷി പൂജക്ക് പോകുന്നു
ഇത്രയും ആയാലും ചിരിക്കാത്ത ഏതെങ്കിലും കഠിനഹൃദയര്‍ ഉണ്ടെങ്കില്‍ അവര്‍ക്കായി ദ്വയാര്‍ഥ പ്രയോഗങ്ങള്‍ വരി വിതറി ശുദ്ധ ഹാസ്യം ഇറക്കിയിട്ടുണ്ട് ശ്രീ കൊടിയന്‍.(മലയാളി അല്ലെ ഇതില്‍ ഏതവനും വീഴും !).
ഒടുവില്‍ രത്നം അടിച്ചു മാറ്റാന്‍ ശ്രമിക്കുന്ന വില്ലന്‍ തമ്പുരാക്കന്മാരെ അജ്മല്‍ സ്റ്റണ്ട് നടത്തി ഒതുക്കി കഴിഞ്ഞു അനൂപ് മേനോനും കൂട്ടരും രത്നം കൊണ്ട് പോയി നേപ്പാളിലെ ലാമക്ക് കൊടുക്കുന്നു ശുഭം
ഇത്രയും കോള്മയിര് കൊള്ളിക്കുന്ന സംഭവങ്ങള്‍ക്ക് ശേഷം ഒടുവില്‍ പരിക്ഷീണിതനായി പുറത്തിറങ്ങിയ പ്രേക്ഷകന് മുന്നില്‍ ഒരു കടലാസ് വന്നു വീണു.അതില്‍ ഇപ്രകാരം എഴുതിയിരുന്നു .
"ഈ പീഡന അനുഭാവത്തോടെ നീ ചെയ്ത പാപങ്ങളുടെ പകുതി തീര്‍ന്നിരിക്കുന്നു .മലയാള സിനിമയുടെ അവസ്ഥ നോക്കിയാല്‍ ബാക്കി തീരാന്‍ വലിയ താമസം വരില്ല . ഓള് ദി ബെസ്റ്റ് . ദൈവം (ഒപ്പ്)".സന്തുഷ്ടനായ പ്രേക്ഷകന് കൂടുതല്‍ പ്രായശ്ചിത കര്‍മങ്ങള്‍ ചെയ്തു പാപങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചു വീടിലേക്ക് പോയി സസുഖം ജീവിച്ചു .
കഥ പറഞ്ഞു നിര്‍ത്തി വേതാളം ഇപ്രകാരം പറഞ്ഞു . "അല്ലയോ രാജാവേ ഈ കഥയില്‍ പറഞ്ഞ ചിത്രത്തെ കുറിച്ച് മനസിലായല്ലോ . തീര്‍ച്ചയായും ഇതൊരു കൂതറ ചിത്രം എന്നായിരിക്കുമല്ലോ താങ്കളുടെ അനുമാനം . ശരിയല്ലേ ?
വിക്രം : (ആത്മഗതം) പിന്നെ അല്ലാതെ ? ഇങ്ങനത്തെ ഒരു ചിത്രം ഒക്കെ കാണാന്‍ പോകാന്‍ ആ പ്രേക്ഷകന് വട്ടുണ്ടോ ?
അപ്പോള്‍ രാജാവേ എനിക്കൊരു ചോദ്യമുണ്ട്.ശരിയായ ഉത്തരം അറിഞ്ഞിട്ടു പറയാതെ ഇരുന്നാല്‍ തങ്ങളുടെ ശിരസു നൂറായി പൊട്ടി തെറിച്ചു പോകും ഓര്‍മ്മയിരിക്കട്ടെ.ചോദ്യം ഇതാണ്.ഈയടുത്ത് ഇറങ്ങിയ ചൈന ടൌണ്‍ എന്ന ചിത്രവുമായി ഈ ചിത്രത്തിന് എന്താണ് വ്യത്യാസം? നിലവാരം,ചിരിപ്പികാനുള്ള വ്രഥാ ശ്രമം എന്നിവയില്‍ ഈ ചിത്രങ്ങള്‍ രണ്ടും ഒരു പോലെയല്ലേ . കഥാപാത്രങ്ങളുടെ മിക്ക പ്രവര്‍ത്തികള്‍ക്കും മൂലകഥയുമായി ഒരു ബന്ധവും ഇല്ല എന്നതും രണ്ടു ചിത്രങ്ങളിലും ഒരു പോലെയല്ലേ? പിന്നെ എങ്ങനെ ഒരെണ്ണം അവധിക്കാലം അടിച്ചു പൊളിക്കാന്‍ ബുദ്ധി മസ്റ്റ് ആയി വീട്ടില്‍ വെച്ചിട്ട് വന്നു കാണേണ്ട ഉത്സവചിത്രവും മറ്റേതു നിലവാരം ഇല്ലാത്ത കോമഡിയും ആകുന്നു.റാഫി മെക്കാര്ടിന് എടുത്താല്‍,ലാലും,ദിലീപും ജയറാമും കാണിച്ചാല്‍ ഉദാത്ത ഹാസ്യവും,ബാക്കിയുള്ളവര്‍ ചെയ്താല്‍ തറ തമാശയും ആകുന്നതെന്തു ?
വിക്രമാദിത്യന് : പൊന്ന് വേതാളമേ സത്യമായും എനിക്കറിയില്ല.പിന്നെ അക്കെ പറയാനുള്ളത് സ്വന്തം തല കൊണ്ട് ചിന്തിക്കാതെ മാധ്യമങ്ങള്‍ പറയുന്നത് അത് പോലെ വിഴുങ്ങി . പലരെയും നിലനിര്‍ത്തേണ്ടത് ജീവിത ലക്ഷ്യം ആയി കണ്ടു മുന്നേറുന്ന പൊതു ജനം എന്ന കഴുയെയാണ് .ഇവനൊക്കെ എന്ന് പഴയ പ്രതാപ കഥകളും തിരിച്ചു വരവിന്റെ ഒരിക്കലും നടക്കാത്ത പ്രതീക്ഷകളും വിട്ടു, നമുക്ക് വേണ്ടിയാണു സിനിമ മറിച്ചു, നമ്മള് ഇവര്‍ക്ക് വേണ്ടിയല്ല എന്ന് ചിന്തിക്കുന്ന കാലത്ത് മാത്രമേ ഇതു അവസാനിക്കു .
വിക്രമാദിത്യന്റെ ഉത്തരത്തില്‍ സംതൃപ്തനായി വേതാളം വീണ്ടും പറന്നുയര്‍ന്നു മരത്തില്‍ കരയി തല കീഴായി കിടന്നു
പ്രേക്ഷകാ താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ ..താങ്കള്‍ക്ക് വേണ്ടി ഉടന്‍ ഒരു ക്ഷേത്രം തിരുവനന്തപുരത്ത് ഉയരുന്നതായിരിക്കും
ReplyDeleteഅമ്പിളി അമ്മാവനിലെ ആ പഴയ വേതാള കഥകളുടെ പടവും കൂടെ ഇട്ടിരുന്നേല്‍ തികഞ്ഞേനെ.ആദ്യമായാണ് ഇവിടെ.നല്ല പോസ്റ്റ് .ഇന്നലെ ചൈന ടൌണ്‍ കണ്ടു പോയി .എന്തൊരു കൂറ പടം ! മതിയായേ
ReplyDeletePrekshaka ur Great.......
ReplyDeleteപ്രേക്ഷകാ.. ഇതൊരു ഒന്നൊന്നര റിവ്യു ആയിപ്പോയി.. വേതാളം ആ പറഞ്ഞത് കറ കറക്ടാ!
ReplyDeleteവേതാളം : സ്വന്തം ആയി പതിമൂന്നു വിജയങ്ങള്‍ നേടിയ കുഞ്ചാക്കോ ബോബന് വെറും നടന് ആയും ..അഭിനയിച്ച അറുപത്തഞ്ചു ചിത്രങ്ങളില്‍ അഞ്ഞോ ആറോ ചിത്രങ്ങള്‍ വിജയിച്ച ( അതില്‍ തന്നെ സോളോ ഹീറോ ആയതു രണ്ടെണ്ണം ) പ്രിത്വിരാജ് സുപെര് താരവും ആയി അറിയപ്പെടുന്നത് എന്ത് കൊണ്ട് ?
ReplyDeleteപിന്‍ഗാമി എന്ന ചിത്രത്തില്‍ നിന്നും
ReplyDeleteപുനിത് ഇസാര്‍ : നിനക്ക് നൊന്തോടാ ജോര്‍ജേ?
ജോര്‍ജ് (സുകുമാരന്‍) : ഇല്ല അച്ചായ എന്നാലും ഒന്നമര്‍ന്നു !!!!
Hey anony..that was an an excellent standpoint... :)
ReplyDeleteകഴിഞ്ഞ പത്തു വര്‍ഷങ്ങളായി സഹിക്കാവുന്ന ഒരു പടം പോലും ഇറക്കാത്ത മോഹന്‍ലാലിനെ സുപ്പര്‍ ,യൂണിവേര്‍സ്സല്‍ എന്നൊക്കെ വിളിക്കാന്‍ ആളുള്ള കേരളത്തില്‍ പ്രിഥ്വിരാജ് അല്ല ബിജുക്കുട്ടന് വരെ സുപ്പര്‍ താരമായെന്നിരിക്കും .
ReplyDelete