Tuesday, July 30, 2013

101 ചോദ്യങ്ങൾ (101 Chodayangal)

അനിയാ അടിച്ചു .....എന്റെ സമയം എന്നല്ലാതെ എന്ത് പറയാൻ 

എന്ത് പറ്റി  അണ്ണാ വല്ല കാരുണ്യ ലോട്ടറിയും .........
ഒന്ന് പോടെ  കഴിഞ്ഞ വാരാന്ത്യത്തിൽ നമ്മുടെ സിദ്ധാർഥ്   ശിവ (പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ ആലപ്പി അപ്പച്ചൻ എന്ന ഏക ആശ്വാസം ) സംവിധാനം ചെയ്ത 101 ചോദ്യങ്ങൾ  എന്ന സിനിമ കണ്ട കാര്യമാ പറഞ്ഞെ ....

ഓ .. അതിനാണോ അണ്ണാ ഇത്ര സമയം എന്നൊക്കെ പറയാൻ ടിക്കറ്റ്‌ കിട്ടാൻ ഇത്ര പാടാണോ? റിസർവ്വ്  ചെയ്താൽ പോരെ ?

അനിയാ ഇതിനു ഒന്ന് രണ്ടോ ആഴ്ച മുൻപാ കുറെ മലയാളികള് എടുത്ത തമിഴ്‌നാട്ടിൽ നല്ല അഭിപ്രായവും ജനപ്രീതിയും ഉണ്ടാക്കിയ തീ കുളിക്കും പച്ചൈ മരം എന്ന ചിത്രം  പ്രദർശനത്തിന് എത്തുന്നത്‌.സിനിമ കാണാൻ പോയ എനിക്ക് നിരാശൻ ആകേണ്ടി വന്നു എന്ന് പറഞ്ഞാൽ  മതിയല്ലോ?

അതെന്താ അണ്ണാ  അത്രക്ക് ജനമായിരുന്നോ ? അല്ലെങ്കിലും ഈ വൈഡ്  റിലീസിന്റെ ഒക്കെ കാലത്ത് ഒരു തീയട്ടെരിൽ ഇറക്കിയാൽ ഇങ്ങനെ തന്നെ 

അനിയാ ഏറ്റവും കുറഞ്ഞത്‌ പത്തു പേരെങ്കിലും ഇല്ലാതെ ഷോ നടത്താൻ പറ്റില്ല എന്ന് പറഞ്ഞത് കൊണ്ടാ എനിക്കു  സിനിമ കാണാൻ കഴിയാത്തത് .ഞങ്ങൾ നാലഞ്ചു  പേർ നിരാശരായി ദുഃഖം പങ്കു വെച്ച് കുറെ നേരം കാത്ത് നിന്നു. ഒടുവിൽ ഞാൻ , ഇറങ്ങിയതല്ലേ എന്ന് കരുതി തൊട്ടടുത്ത്‌ ഓടിക്കൊണ്ടിരുന്ന ഹണി ബീ എന്ന ജനപ്രിയ ചിത്രം കാണാൻ കയറി . എന്തൊരു പടം അനിയാ! വെള്ളമടിയും തെറിയും അല്ലാതെ അതിൽ എന്ത് കുന്തമാണ് ഉള്ളത് എന്ന് എനിക്ക് ഇനിയും മനസിലായില്ല . രസകരമായി തോന്നിയത് സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബ പ്രേക്ഷകർ തൊക്കെ കുലുങ്ങിച്ചിരിയോടെ ആസ്വദിക്കുന്നു എന്നതാണ് .നമ്മൾ ആരെയാ അനിയാ ഈ സദാചാരം പഠിപ്പിക്കുന്നേ ? ഓരോ ദിവസം കഴിയുമ്പോളും അനൂപ്‌ മേനോനോട്  സഹതാപം കൂടി വരുന്നു .
അണ്ണാ എന്നാൽ ഇതു കൂടി കേട്ടോ ഈ ചിത്രം നേടിയ സാമ്പത്തിക വിജയവും ആ ചിത്രത്തിന്റെ പ്രവർത്തകർ ഷൂട്ടിംഗ് കഴിഞ്ഞു ഒത്തിരി പരസ്പരം മിസ്സ്‌ ചെയ്യുന്നു എന്നതും  കണക്കിലെടുത്ത് ഉടനെ തന്നെ ഇതിനൊരു രണ്ടാം ഭാഗവും ആലോചിക്കുന്നു അത്രേ ?

അയ്യോ .....എന്തൊക്കെ അനുഭവിക്കണം അനിയാ ?

അതൊക്കെ വിട്ടേ ഈ ചിത്രം ......
അനിയാ സത്യത്തിൽ ഈ സിനിമയെ കുറിച്ച് എഴുതണ്ട എന്ന് കരുതിയതാണ് .അത്രക്ക്  ആൾ കുറവായിരുന്നു തീയട്ടെരിൽ . ഒരു പടം ഇറങ്ങിയാൽ അത് നല്ലതാണോ എന്ന് അന്വേഷിക്കാൻ പോലും മനസില്ലാത്ത ഇവനെയൊക്കെ പ്രബുദ്ധ മലയാളി പ്രേക്ഷകൻ എന്ന് വിളിക്കുകയും വേണം .നല്ല ശിക്ഷ !!!

വിട്ടു കള  അണ്ണാ .. ഈ സിനിമ 

ഒരു ഉൾനാടൻ  പ്രദേശത്ത്  മാതാപിതാക്കളോടും മാനസിക പ്രശ്നമുള്ള ഇളയ സഹോദരിയോടും ഒപ്പം ജീവിക്കുന്ന അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥി  അനിൽ കുമാർ ബൊക്കാറോ (മാസ്റ്റർ മിനോണ്‍ )   ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.ഒരു തൊഴിൽ  സമരത്തെ തുടർന്ന്  അനിൽ കുമാറിന്റെ അച്ഛന്റെ ഫാക്ടറിയിലെ  ജോലി നഷ്ടപ്പെട്ടതോടെ അവരുടെ കുടുംബം കഷ്ടപ്പാടിലാണ് . അമ്മ (ലെന ) തൊഴിലുറപ്പ് പദ്ധതി പോലുള്ള സംഗതികളിൽ നിന്നു നേടുന്ന വരുമാനത്തിലാണ്  അവർ ജീവിക്കുന്നത് . ആയിടെയാണ് അനിലിനു ഏറെ ഇഷ്ടമുള്ളൊരു  അധ്യാപകൻ (ഇന്ദ്രജിത്ത്)  അവനെ ഒരു ജോലി എല്പ്പിക്കുന്നത് . ട്രെയിനിൽ വില്ക്കാനായി അടിക്കുന്ന പുസ്തക പ്രസാധകർക്ക് വേണ്ടി 101 ചോദ്യങ്ങൾ  കണ്ടെത്തുക എന്നതായിരുന്നു ആ ജോലി . തനിക്കു ചുറ്റും ഉള്ള ലോകത്തിൽ   ചോദ്യങ്ങൾ  തിരയുന്ന അനിലിലൂടെ കഥ വികസിക്കുന്നു.നൂറ്റി ഒന്നാമത്തെ ചോദ്യവും കണ്ടെത്തി കഴിയുമ്പോൾ സിനിമ അവസാനിക്കുന്നു .

അല്ല എന്താ ഈ അനിൽ  കുമാർ ബൊക്കാറോ എന്ന പേര് .... ആരാ ഈ ബൊക്കാറോ ?

ആ  പേരിന്റെ പേരില് ക്ലാസ്സിൽ സ്ഥിരമായി പരിഹസിക്കപ്പെടരുണ്ട് അനിൽ . ഒരു അവസരത്തിൽ അനിലിന്റെ അച്ഛൻ തന്നെ അധ്യാപകനോട് ആ പേരിനെ പറ്റി  പറയുന്നുണ്ട് . തന്റെ മകൻ ഒരു ഫാക്ടറി ഉടമ ആകണമെന്ന് ആഗ്രഹിക്കുന്ന അയാൾ ബൊക്കാറോ സ്റ്റീൽ പ്ലാന്റ്  സ്ഥിതി ചെയുന്ന സ്ഥലത്തിന്റെ പേരാണ് മകന്റെ പേരിനൊപ്പം നല്കിയതത്രേ .

ഒരു നിമിഷം അണ്ണാ പ്രശസ്ത  ഇടതു പക്ഷ ബുദ്ധിജീവിയും ഓണ്‍ലൈൻ സിംഹവുമായ തീപ്പൊരി ടോമി ഇപ്പോൾ ലൈനിൽ ഉണ്ട് .പറയു ടോമിച്ചാ എന്താണ് താങ്കളുടെ അഭിപ്രായം ?

ഈ സിനിമ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ നേരെയുള്ള സിനിമ മാധ്യമങ്ങളുടെ കൂട്ടായ ആഗോള ഗൂഡാലോചനയുടെ ഒരു ഭാഗമാണ് എന്നാണ് എന്റെ ശക്തമായ അഭിപ്രായം . ഈ സിനിമയിൽ ഒറ്റ നോട്ടത്തിൽ തൊഴിലാളി പക്ഷം ആണെന്ന് തോന്നും എങ്കിലും ഒരു സൂക്ഷ്മ നിരീക്ഷണത്തിൽ അങ്ങനെ അല്ല എന്ന് കാണാം .അനിലിന്റെ അച്ഛനെ നോക്കു .ഒരു തൊഴിലാളി ആണെങ്കിലും അയാൾ മകനെ ഒരു ഒന്നാം കിട ബൂഷ്വ ആയി കാണണം  എന്നാണ് ആഗ്രഹിക്കുന്നത് . ഇങ്ങനെ ഉള്ളയാൾ എങ്ങനെ ഒരു നല്ല തൊഴിലാളി ആകും? അയാൾ മകനെ ഒരു നല്ല തൊഴിലാളി ആക്കണം എന്ന് മാത്രമേ അഗ്രഹിക്കാവു . പിന്നെ അയാളുടെ തൊഴിലാളി പ്രസ്ഥാനം അയാളുടെ നഷ്ടപ്പെട്ട ജോലി തിരികെ വാങ്ങി തരാം എന്ന് പറഞ്ഞു അയാളെ വെറുതെ നടത്തുന്നുണ്ട് . ഇതൊക്കെ കേരളത്തില നടക്കുന്നതാണോ ? തൊഴിൽ  സമരം മൂലം ആർക്കെങ്കിലും ജോലി നഷ്ട്ടപെട്ടിട്ടുണ്ടോ .ഇതൊക്കെ പച്ച കള്ളമാണ്  .ഒരു നിമിഷം....എന്നെ എന്റെ അമേരിക്കൻ ക്ലിയന്റ്റ്‌ വിളിക്കുന്നു അയാളുടെ തെറിക്കും തരവഴിക്കും മുഴുവൻ എസ് സർ പറഞ്ഞിട്ട് ഞാൻ അവലോകനം മുഴുമിപ്പിക്കാം നന്ദി  നമസ്ക്കാരം .

അല്ല അണ്ണനു ഒന്നും പറയാനില്ലേ ?

അനിയാ  എതു കഥയും കുട്ടികളുടെ വീക്ഷണത്തിൽ പറയുമ്പോൾ അതിനു ഒരു പുതുമയും കാണികളിൽ പെട്ടന്ന് സ്വാധീനവും ഉണ്ടാകും .മഞാടിക്കുരു , ഓർമ്മകൾ ഉണ്ടായിരിക്കണം എന്നിവയാണ് പെട്ടന്ന് ഓർമ്മ  വരുന്ന ഉദാഹരണങ്ങൾ  . ഈ ചിത്രത്തിലും സ്വീകരിച്ചിരിക്കുന്ന സമാനമായ സമീപനം സിനിമയുടെ സ്വീകാര്യതയെ കുറച്ചൊന്നുമല്ല  സ്വാധീനിച്ചിരിക്കുന്നത് .പക്ഷെ കഥയുടെ മര്മ്മ പ്രധാനമായ ചോദ്യങ്ങളിൽ എത്തുമ്പോൾ സംഗതി ആകെ മാറുന്നു

എന്ന് വെച്ചാൽ ...?

അനിയാ അനിൽ  കണ്ടെത്തുന്ന നൂറാമത്തെ ചോദ്യം എട്ടുകാലി എന്ത് കൊണ്ട് സ്വന്തം വലയിൽ കുരുങ്ങുന്നില്ല എന്നതാണ് ? നമുക്ക് ചുറ്റുമുള്ള ഇന്നത്തെ ലോകത്തിൽ  ഒത്തിരി രീതിയിൽ വ്യാഖ്യാനിക്കാവുന്ന ഒരു ചോദ്യമാണ് ഇതു .ഏറ്റവും കുറഞ്ഞത്‌ അവസാനത്തെ അഞ്ചോ പത്തോ ചോദ്യങ്ങൾ തനിക്കു ചുറ്റുമുള്ള ജീവിതത്തിൽ നിന്നും കണ്ടെത്തുന്ന , ഇതു പോലെ നിഷ്കളങ്കവും എന്നാൽ കാണികളെ ചിന്തിപ്പിക്കുന്നതും ഒപ്പം അവനെ തന്നെ ഒത്തിരി കാര്യങ്ങൾ പഠിപ്പിക്കുന്നതും ആയിരുന്നെങ്കിൽ ഒരു പക്ഷെ ഈ ചിത്രത്തിന്റെ നിലവാരം തന്നെ മറ്റൊന്നായേനെ .

അല്ല ഒരു പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് 

ആ നിലയ്ക്ക് നോക്കിയാൽ തീർച്ചയായും സിദ്ധാർഥ് ശിവ പ്രൊഹൽസാഹനം  അർഹിക്കുന്ന വ്യക്തി തന്നെയാണ് . അനിൽ കുമാറിന്റെ അച്ഛന്റെ നാടകീയമായ സംഭാഷണം (ചിലയിടത്തെങ്കിലും )  ഒഴിവാക്കി ഇരുന്നു എങ്കിൽ നന്നായേനെ എന്ന് മാത്രം ..കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ബാല നടൻ മാസ്റ്റർ മിനോണ്‍ മുതൽ ഇന്ദ്രജിത്തും നിഷാന്ത് സാഗറും വരെയുള്ള നടൻമാർ അവരവരുടെ ജോലി നന്നായി ചെയ്തു .

അപ്പോൾ ചുരുക്കത്തിൽ 

സിദ്ധാർഥ്  ശിവ ഒരൽപം കൂടി മനസ്സ് വെച്ചിരുന്നെങ്കിൽ മികച്ച ഒരു ചിത്രമാകേണ്ട ഒരു സംരംഭം ഒരു തുടക്കകാരന്റെ പങ്കപ്പാടുകൾ കൊണ്ട്  ശരാശരി ആയി പോയി എന്ന് കരുതാനാണ്‌ എനിക്കിഷ്ട്ടം . ഈ ചിത്രം എന്നെ ബോർ അടിപ്പിച്ചില്ല എന്ന് കൂടി പറഞ്ഞോട്ടെ 
   

Sunday, July 21, 2013

ഡി ഡേ (D - Day )

അണ്ണാ ഇനി വലിയ മലയാള പടം ഒന്നും ഇല്ലാലോ എന്താ പരിപാടി ? ഇങ്ങനെ ഇരുന്നാൽ മതിയോ .

ഒടുക്കത്തെ മഴയല്ലേ അനിയാ ആകെ മടി. പുറത്തിറങ്ങിയാലോ അന്യ ഭാഷ ചിത്രങ്ങളുടെ എട്ടു കളി .മരിയാൻ , തീ കുളിക്കും പച്ചമരം , ഡി ഡേ അങ്ങനെ പല ഐറ്റം നിരന്നു കിടക്കുന്നു . അതിനിടയിൽ എവിടെയോ ഒരു പാവം കുന്താപുര കിടക്കുന്നു മഴയും നനഞു അങ്ങോട്ട്‌ ചെന്നാൽ ഷോ ഇല്ല എന്ന് പറയുമോ എന്ന് പേടിച്ചു ആ വഴി പിടിച്ചില്ല (സമാനമായ ഒരു അനുഭവം പൈസ പൈസ എന്ന ചിത്രം കാണാൻ പോയപ്പോൾ ഉണ്ടായി എന്നത് ഇവിടെ പ്രസ്താവ്യ അർഹമാകുന്നു ).പിന്നെ പട്ടിയുടെ വാലു എത്ര കാലം കുഴലിൽ ഇട്ടാലും വളഞ്ഞേ കിടക്കു എന്നതിനാൽ ഞാൻ പൊയി ഡി - ഡേ കണ്ടു .

അയ്യേ , അതല്ലേ നമ്മുടെ ശ്രുതി ഹാസ്സന്റെ  തുണ്ട് പടം .കുട്ടി എത്രയും ഗ്ലാമർ ആയി ഇതു വരെ അഭിനയിച്ചിട്ടില്ല എന്നോ മറ്റോ അല്ലെ പരസ്യ വാചകം ? ഇതൊക്കെ ആണോ കാണാൻ പോകുന്നേ ?

അനിയാ  കഷ്ട്ടമാണ്  ഈ ചിത്രത്തെ കുറിച്ച് ഇങ്ങനെ പരസ്യം ചെയ്യുന്നത്.അതിലും നല്ലൊരു വിശേഷണം ഈ ചിത്രം അർഹിക്കുന്നു  എന്ന്    ഞാൻ വിശ്വസിക്കുന്നു.നിഖിൽ  അദ്വാനി  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഋഷി കപൂർ , അർജുൻ റാം പാൽ , ഇർഫാൻ ഖാൻ, ശ്രുതി ഹാസ്സൻ ,ഹുമാ ഖുറൈഷി , സന്ദീപ്‌ കുൽക്കർണി, നാസ്സർ   തുടങ്ങിയവർ  അഭിനയിക്കുന്നു.അമേരിക്കക്ക്  പാകിസ്ഥാനിൽ  കടന്നു ബിൻ ലാദനെ വധിക്കാം എങ്കിൽ എന്ത് കൊണ്ട് നമുക്കും അത് പോലെ അവിടെ അഭയം തേടിയിരിക്കുന്ന അധോലോക നായകൻ ദാവൂദിനെ നാട്ടിൽ എത്തിച്ചു കൂടാ എന്നാ ചിന്തയാണ് ഈ ചിത്രത്തിന്റെ പ്രമേയം .റോ യുടെ ചീഫ് അശ്വിനി കുമാർ (നാസ്സർ) വളരെ കാലമായി പ്ലാൻ ചെയുന്ന ഒരു ഓപ്പറേഷൻ ആണിത് . അതിനായി വാലി ഖാൻ എന്ന എജന്റ്  (ഇർഫാൻ ഖാൻ ) ഒപത് വർഷമായി  പാകിസ്ഥാനിലാണ് . അവിടെ ഒരു ബാർബർ ഷോപ്പ് നടത്തുന്ന ഇയാൾ അവിടെനിന്നു വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ പിതാവുമാണ് . കുടുംബത്തെ സ്വന്തം ജീവന് തുല്യം സ്നേഹിക്കുന്ന ഇയാളുടെ കുടുംബത്തിനു ഇയാളെ പറ്റിയുള്ള യാഥാർഥ്യം  അറിയില്ല . ക്യാപ്റ്റൻ രുദ്ര പ്രതാപ്‌ സിംഗ്  (അർജുൻ റാം പാൽ ) , സോയ റഹിമാൻ (ഹുമാ ഖുറൈഷി) എന്നീ  എജെന്റുകൾക്ക് പുറമേ നാട്ടിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിമിനൽ അസ്ലം എന്നയാളും ഈ മിഷനിൽ പങ്കാളികളാണ് .തികച്ചും  നോണ്‍  ലീനിയർ രീതിയിൽ കഥ പറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത് .

എന്ന് വെച്ചാൽ ...

ചിത്രം തുടങ്ങുന്നത്  പാകിസ്താനിൽ നിന്ന് പ്രവർത്തിക്കുന്ന , ഇന്ത്യയുടെ മോസ്റ്റ് വാണ്‍ഡഡ്  ആയ ഗോൾഡ്‌ മാൻ എന്ന് വിളിക്കപ്പെടുന്ന അധോലോക രാജാവിന്റെ (ഋഷി കപൂർ) മകന്റെ നിഖാഹ്  ദിവസത്തിലാണ് .ആഘോഷങ്ങൾ നടക്കുന്ന ഹോട്ടലിൽ എത്തുന്ന ഇന്ത്യൻ ഏജന്റുമാർ പ്രവർത്തനം ആരംഭിക്കുന്നു .ഒടുവിൽ ഇരയെ തോക്കിൻ മുനയിൽ ആക്കുന്ന നിമിഷത്തിൽ ഉടലെടുക്കുന്ന ആശയകുഴപ്പത്തിനിടയിൽ ആരുടേത് എന്നറിയാതെ മുഴങ്ങുന്ന ഒരു വെടിശബ്ദത്തോടെ  റ്റൈട്ടിലുകൾ ആരംഭിക്കുന്നു .പിന്നെ കഥ പുറകോട്ടു ഓപ്പറേഷൻ  ഗോൾഡ്‌ മാൻ നടക്കുന്നതിനു കുറെ ദിവസങ്ങൾക്കു മുൻപ് കഥ തുടങ്ങുന്നു . ഇടവേള എത്തുന്നത്‌  ഇവരുടെ ഓപ്പറേഷൻ  എങ്ങനെ പാളിപ്പോകുന്നു എന്ന് കാണിച്ചാണ് .പിന്നെ അവിടന്ന്  അങ്ങോട്ടുള്ള  രക്ഷപ്പെടാനും ലക്‌ഷ്യം നേടാനും ഉള്ള   മരണപ്പാച്ചിലിൽ,അതിനായി അവർ നേരിടുന്ന പ്രതിസന്ധി ഘട്ടങ്ങൾ,നല്കേണ്ടി  വരുന്ന വിലകൾ,വഴി മാറുന്ന ലക്ഷ്യങ്ങൾ അങ്ങനെ  രണ്ടാം പകുതി തീരുന്നത് അറിയില്ല .

അപ്പൊ പടം കൊള്ളാം എന്നാണോ ?

തകർപ്പൻ  അനിയാ  ഈ ദാവൂദ്  എന്ന കഥാപാത്രം പല ഹിന്ദി സിനിമയിലും വന്നിട്ടുള്ളതാണ് . കമ്പനി , വണ്‍സ്  അപ്പോണ്‍ എ ടൈം ഇൻ  മുംബൈ തുടങ്ങിയ ചിത്രങ്ങളാണ് പെട്ടന്ന് ഓർമ്മ വരുന്നത് . പക്ഷെ ഈ സിനിമയിലെ ഋഷി കപൂർ അവതരിപ്പിക്കുന്ന കഥാപാത്രം അതിലൊക്കെ മികച്ചു നില്ക്കുന്നു .രൂപത്തിലും സംഭാഷണത്തിലും എല്ലാം മറ്റു പലരും അവതരിപ്പിച്ച കഥാപാത്രത്തെ ഈ നടൻ വേറൊരു തലത്തിൽ എത്തിക്കുന്നു.എന്ന് വെച്ച്  മറ്റാരും മോശമായി എന്ന് അർഥമില്ല  എന്ന് മാത്രമല്ല എല്ലാവരും അവരവരുടെ റോളുകൾ പരമാവധി നന്നാക്കുകയും ചെയ്തു എന്നതാണ് സത്യം.ഒരു ചെറിയ റോളിൽ എത്തുന്ന ശ്രുതി ഹാസ്സൻ പോലും തന്റെ വേഷം കാണികളുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാക്കി .ഗാനങ്ങളിൽ അൽവിദാ  എന്ന ഗാനം നമ്മെ എന്നും വേട്ടയാടുന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത് .കഥയിലെ വഴിത്തിരിവുകൾ അഥവാ ട്വിസ്റ്റുകൾ തികച്ചു യാഥാർത്ഥ്യ ബോധത്തോടെ എടുത്തിട്ടുണ്ട്  .അർജുൻ രാം പാലും  ഇർഫാൻ ഖാനും ഒക്കെ നന്നായി അഭിനയിക്കും/ അഭിനയിച്ചു  എന്ന് ഞാൻ പറഞ്ഞിട്ട് വേണമല്ലോ അറിയാൻ .കുടുംബത്തെ അതിരറ്റു സ്നേഹിക്കുന്ന , എന്നാൽ സ്വന്തം കടമയെ കുറിച്ച് തികഞ്ഞ ബോധമുള്ള വാലി ഖാൻ , ഒന്നിനോടും പ്രത്യേകിച്ചു അടുപ്പമില്ലാത്ത രുദ്ര പ്രതാപ്‌ , അയാളുടെ മനസ്സിൽ തികച്ചും സ്വാഭാവികമായി ഇടം പിടിക്കുന്ന പാകിസ്താനി വേശ്യ സുരൈയ്യ  ഇവരൊക്കെ മനസ്സില് നിറഞ്ഞു നില്ക്കുന്ന വിധം അവതരിപ്പിച്ചതിൽ സംവിധയകൻ കാണിക്കുന്ന കയ്യടക്കം തികച്ചും അഭിനന്ദനീയം  തന്നെ    
 
അപ്പോൾ ചുരുക്കത്തിൽ ....

തികച്ചും റിയലിസ്റ്റിക്ക് ആയി എടുത്ത ഒരു കമ്മേഴ്സ്യൽ  സിനിമ .കാണുന്നവനെ ബോറടിപ്പിക്കുന്നില്ല മാത്രമല്ല ആവശ്യത്തിനു തൃല്ലടിപ്പിക്കുകയും ചെയ്യും എന്നതാണ് സത്യം
 

Saturday, July 20, 2013

ക്രോക്കഡയിൽ ലവ് സ്റ്റോറി

എന്ത് പറ്റി അണ്ണാ ഈയിടെ ആയി ചില്ലറ ഉഴപ്പുകൾ ആണല്ലോ ? ഇരുനൂറ്റി അമ്പതു പോസ്റ്റ്‌ ഒക്കെ കഴിഞ്ഞതിന്റെ മൊട തന്നേ ?

ജീവിച്ചു പോട്ടെ അനിയാ . അല്ല നീ ഈ വഴിക്ക് .....
ആഴ്ചവട്ടം എത്തുമ്പോൾ അണ്ണനെ കാണാനാൻ വരുന്നത് എന്തിനാ എന്ന് പറഞ്ഞാൽ അല്ലെ അറിയൂ . അണ്ണാ പുതിയ പടം വല്ലതും .....നമ്മുടെ പച്ചരി ....

അനിയാ .. ഇന്നലെ കണ്ട പടത്തെ പറ്റി ചിന്തിക്കയായിരുന്നു . അനുരാഗ്  പിക്ചേഴ്സ് ഒരുക്കുന്ന , അനൂപ്‌ രമേശ്‌ സംവിധാനം ചെയ്ത ,ശബരി ശങ്കർ എഴുതി യ  ക്രോക്കഡയിൽ  ലവ് സ്റ്റോറി എന്നതാണ് സംഭവം

കൊള്ളാമല്ലോ അണ്ണാ പേരില് തന്നെ ഒരു പുതുമ ഉണ്ടല്ലോ ? ആരൊക്കെയാ  അഭിനയിക്കുന്നേ ?

പ്രവീണ്‍  പ്രേം, അവന്തിക മോഹൻ, അശോകൻ, മണിക്കുട്ടൻ,പ്രേം കുമാർ,കലാഭവൻ മണി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ......

ശരി ശരി  ഇനി സിനിമയെ പറ്റി ....

കിരണ്‍ (പ്രവീണ്‍  പ്രേം) എന്ന ചെറുപ്പക്കാരനാണ് ഈ ചിത്രത്തിലെ നായകൻ . ഇനി എന്ത് ചെയ്യും എന്നറിയാതെ ഒരു ഉണങ്ങിയ മരത്തിനു മുകളിൽ നായികയുമൊത്തു അന്തം വിട്ടിരിക്കുന്ന കിരണിൽ നിന്നാണ്  ആണ് ചിത്രം ആരംഭിക്കുന്നത് .ഇനി കഥ പുറകിലേക്ക് . അവിടെ നമ്മൾ കാണുന്നത് ലോണ്‍ എടുത്തു സ്വാശ്രയ കോളേജിൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ആവശ്യത്തിനു ബാക്ക് പേപ്പേസ്സ്മായി അലസ ജീവിതം നയിക്കുന്ന കിരണിനെയാണ് .(സാമാന്യം  തെറ്റില്ലാത്ത ഒരു തടിയനും കൂടെയാകുമ്പോൾ കിരണിനു ഒരു സാധാരണ മലയാളിയുടെ ഫുൾ മാർക്കും പ്രതീക്ഷിക്കാം ).യോഗ ക്ലാസ്സിൽ വെച്ച് യദ്രിശ്ചികമായി കാണുന്ന നിത്യാ നബൂതിരി (അവന്തിക മോഹൻ) തന്റെ ബാല്യകാല ത്തെ  കളികൂട്ടുകാരി ആയിരുന്നു എന്ന് തിരിച്ചറിയുകയും അവർ സൌഹൃതത്തിൽ ആകുകയും പിന്നീടു പ്രേമത്തിൽ ആകുകയും ചെയ്യുന്നു . എന്നാൽ ബാങ്ക് മാനേജർ ആയ നിത്യയുടെ അച്ഛൻ നാരായണൻ നമ്പൂതിരിക്ക് (അശോകൻ ) ഈ ബന്ധം തീരെ ഇഷ്ടമല്ല .നിത്യ ഒരു  ഐ റ്റി കമ്പനിയിലും, കിരണ്‍ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ മാർക്കെറ്റിംഗ്  കം സർവീസ്  എഞ്ചിനീയർ ആയും ജോലിയിൽ പ്രവേശിക്കുന്നു .തട്ടി മുട്ടി മുന്നോട്ടു പോയിരുന്ന ഇവരുടെ പ്രണയം പ്രതിസന്ധിയിൽ ആകുന്നത്‌ കിരണിന്റെ കൂട്ടുകാരനും നിത്യയുടെ പഴയ കുടുംബ സുഹൃത്തുമായ ശ്രീരാജ് നമ്പൂതിരി (മണിക്കുട്ടൻ) നിത്യയെ കാണുന്നതോടെ ആണ് . രെൻജി  ട്രോഫി കേരള ക്രിക്കറ്റ് ടീം അംഗവും പിന്നീടു ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗവും ആയ ശ്രീരാജ്  നിത്യയുടെ കുടുംബത്തിനും സ്വീകര്യനാണ്.പെണ്ണുകാണൽ ചടങ്ങിനു അന്ന് , കുറേകാലമായി കാണാതിരുന്ന കാമുകനോട് കാര്യങ്ങൾ സംസാരിക്കാനായി അച്ഛന്റെ കണ്ണെത്താത്ത വിജനമായ  ഒരിടത്തേക്ക് മുങ്ങുന്ന ഈ കമിതാക്കളുടെ ജീവിതത്തിലേക്ക് അവൻ കടന്നു വരുന്നു .ആരാണു ഈ അവൻ ? അവന്റെ വരവ് എങ്ങനെ നമ്മുടെ കമിതാക്കളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ ഉണ്ടാക്കുന്നു ഇവക്കുള്ള ഉത്തരമാണ് രണ്ടാം പകുതിയിൽ നമുക്ക് കിട്ടുന്നത്
ഇടവേള  ആകുമ്പോൾ നായികാ നായകന്മാർ എങ്ങനെ മരത്തിനു മുകളിൽ  പകച്ചിരിക്കുന്ന അവസ്ഥയിൽ  എത്തി എന്ന് മനസിലാകുകയും അവിടെ നിന്നും അവരുടെ ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു എന്ന് പറയുന്നതുമാണ് രണ്ടാം പകുതി എന്ന് ചുരുക്കം

ശരി പടം ഇങ്ങനെ ?

അനിയാ ഉള്ളിത്തോലി പോലുള്ള ഒരു പ്രമേയം. അത് വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ പറഞ്ഞു തീർത്തതിൽ പുതുമുഖങ്ങളുടെ ഈ ടീം പ്രശംസ അർഹിക്കുന്നു.കഥയുടെ പശ്ചാത്തലം വിവരിക്കുന്ന ഒന്നാം പകുതിയെക്കാൾ കഥയിലെ വഴിത്തിരുവുകൾ ആകുന്ന രണ്ടാം പകുതി ആണ് നന്നായത് . ഒന്നാം പകുതിയിൽ നന്നാകാതെ പോയത്  പല സ്ഥലങ്ങളിലെയും യാഥാർഥ്യ ബോധം ഇല്ലായിമ്മയും (ഉദാഹരണമായി ഇന്നത്തെ ഒരു അണു  കുടുംബത്തിൽ , ഐ റ്റി യിൽ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ പ്രണയത്തെ ബ്രെയിൻ വാഷ്‌ ചെയ്യാനുള്ള സാധ്യത അല്ലാതെ മറ്റൊന്നും ഇന്ന് മാതാപിതാക്കളുടെ മുന്നിൽ ഇല്ല എന്നതാണ് സത്യം എന്നിരിക്കെ നിത്യയുടെ അച്ഛന്റെ പെരുമാറ്റം പലപ്പോഴും തമാശ ആയി മാറുന്നു ) പിന്നെ ശ്രീജിത്ത്‌ നമ്പൂതിരി എന്ന കഥാപാത്രത്തെ ശ്രീശാന്ത് എന്ന ക്രിക്കറ്ററും ആയി കൂട്ടി കെട്ടാനുള്ള വില കുറഞ്ഞ ശ്രമവും ആണ് ഒന്നാം പകുതിയുടെ പ്രധാന പ്രശ്നങ്ങൾ എന്ന് ഞാൻ കരുതുന്നു (മുൻപ് സിനിമ കമ്പനി എന്ന സിനിമയിൽ മാമൻസ്  ഒരു നടനെതിരെയും ,വലിയ സാറായ ആഷിഖ് അബു തന്റെ സാൾട്ട് ആൻഡ്‌ പെപ്പറിൽ ഒരു സംവിധായകനെതിരെയും സമാനമായ പോക്രിത്തരങ്ങൾ കാണിച്ചിട്ടുണ്ട്  എന്നാണ് ഓർമ്മ . പിന്നെ കേരളത്തിൽ സദാചാര പോലീസിംഗ് ആരംഭിച്ചത് നമ്മുടെ മുൻനിര തൊഴിലാളി വലിയേട്ടൻ പാർട്ടി ആണെന്നത് പോലെ ഈ പരിപാടിയുടെ ഉത്ഘാടനം നമ്മുടെ രഞ്ജിത് തിരകഥയിലൂടെ നിർവഹിച്ചതാണല്ലോ .( ഇനി അങ്ങേരെ പരാമർശിച്ചില്ല എന്ന് വേണ്ട ).
അപ്പോൾ ഈ പോരായിമ്മകൾ ചിത്രത്തെ മോശമാക്കുന്നു എന്ന് കാചിയേക്കട്ടെ അണ്ണാ .

ചുമ്മാതിരി അനിയാ ഒരു അമേരിക്കൻ പൌരൻ ഇന്ത്യയിൽ വന്നിട്ട് അയാളുടെ കാശു മുഴുവൻ നഷ്ട്ടപ്പെട്ടാൽ അയാൾ സ്വയം നന്നായിക്കോളും എന്ന് പറയുന്ന സിനിമയൊക്കെ കണ്ണടച്ച് വിഴുങ്ങുന്ന മന്ദബുദ്ധികളുടെ ഈ നാട്ടിൽ തൊക്കെ ഒരു പ്രശ്നമാണോ ? അല്ല എന്നാ എനിക്ക് തോന്നുന്നേ .

ശരി .. അഭിനയം .....

നമ്മൾ കണ്ടു പരിചയമുള്ള മുൻനിര നടന്മാർ കുറവാണു ഈ ചിത്രത്തിൽ ജഗതിയെ പോലുള്ള പ്രതിഭകൾ അരങ്ങൊഴിയുന്ന കാലഘട്ടത്തിൽ മണിയൻപിള്ള രാജു , പ്രേംകുമാർ പോലുള്ള നടൻമാരെ കൂടുതലായി ഉപയോഗിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു (ബാബുരാജും ഭീമൻ രഘുവുമാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്  ദുഖകരമായ സത്യം ). പ്രേംകുമാർ ഉൾപ്പെടെ ഉള്ള നടന്മാർ തങ്ങളുടെ വേഷം ഭംഗിയാക്കി . അശോകന്റെ കഥാപാത്രത്തിന്റെ കോമാളിത്തരവും കലഭാവൻ മണിക്ക് പകരം താടി ലാൽ ആ റോൾ ചെയ്തിരുന്നെങ്കിൽ നന്നായേനെ എന്ന തോന്നലും മാത്രമേ ഒരു കല്ല്‌ കടി ആയി ഉള്ളു . നായകൻ പ്രവീണ്‍ ഡാ തടിയാ നായകനെകാൾ സ്വാഭാവികത പുലർത്തുന്നു .കഥാപാത്രത്തിന് ചേരുന്ന നായികയും ഒരു പുതുമുഖം ആണെന്ന തോന്നൽ  ഉളവാക്കാതെ അഭിനയിച്ചു .നിഷാന്ത് സാഗർ എന്ന നടന് (ഇത്രയും നല്ല തുടക്കം കിട്ടിയ ഒരു നടനെ വേറെ പെട്ടന്ന് ഓർമ്മയിൽ വരുന്നില്ല )   ശേഷം അർഹിക്കുന്ന ബ്രേക്ക്‌ ലഭിക്കാതെ ഒരു ന്യൂ ജനറേഷൻ ബൈജു ആകുന്ന എല്ലാ സാധ്യതകളും  മണിക്കുട്ടനിൽ കാണുന്നു

അപ്പോൾ ചുരുക്കത്തിൽ 

ചില ചില്ലറ പോരയ്മ്മകൾ അവഗണിച്ചാൽ ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം .പൂർണ്ണമായും മലയാളത്തിൽ എടുത്ത നേരം മോഡൽ ചിത്രം എന്ന് വിശേഷിപ്പിക്കുന്നത് ഉചിതം  ആയിരിക്കും എന്നു  കരുതുന്നു.പടത്തിന്റെ പേരില് മാത്രമല്ല പുതുമ എന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു  ചിത്രം