Sunday, January 27, 2013

കമ്മത്ത് & കമ്മത്ത്

അനിയാ നീയിതു  എങ്ങോട്ടാ ?

 ഒട്ടും സമയമില്ല സമയമില്ല അണ്ണാ ആ കുടക് ഭാഗത്ത്‌ ഏതോ ആദിവാസി വിഭാഗം ഉണ്ടത്രേ . അവിടന്ന് ഒരു രണ്ടു തലമുറ മുന്‍പ് കേരളത്തില്‍ വന്നു താമസിക്കുന്ന ഒരു കുടുംബത്തിലെ ഒരു അതി സുന്ദരനായ ഒരു യുവാവിന്‍റെ കദന ഹാസ്യ കുടുംബ  ചിത്രമാണ് ഞാന്‍ പ്ലാന്‍  ചെയ്യുന്ന  ആദ്യ ചിത്രം . അവിടുത്തെ സംസാര രീതി പഠിപ്പിക്കാന്‍  രണ്ടു പേരെ വേണം . അത് തപ്പിയുള്ള പോക്കാ .

അത് കൊള്ളാമല്ലോ .  കഥ എന്താ ?

എന്തോന്ന്  കഥ ? അതൊക്കെ പിന്നെ .ഞാന്‍ തിരക്കിയപ്പോള്‍ അറിഞ്ഞത് കഥയല്ല പോലും ലോക്കല്‍ ലിംഗ്വിസ്റ്റിക്ക് ഡയലെക്റ്റ ആണ് സിനിമയുടെ വിജയത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം എന്നാണ് .നമ്മുടെ ഒരു സുപ്പര്‍ താരം മുഖ്യമായും ഇതാണ് ചോദിക്കുന്നതത്രേ . അത് ഓക്കേ  ആയാല്‍    ഡേറ്റ് വേഗം കിട്ടുമല്ലോ.പിന്നെ ഭക്ഷണം, അതിപ്പോള്‍ മലയാളിയുടെ ഒരു വീക്ക്‌ പോയിന്‍റ് ആണല്ലോ.വല്ല പുട്ടോ ഇടിയപ്പമോ വടയോ ഇറച്ചിക്കറിയോ അങ്ങനെ എന്തെങ്കിലും. അതിങ്ങനെ  ഒരു  ഭാഗത്ത്‌  ഇങ്ങനെ തിളച്ചു കൊണ്ടിരിക്കും .പിന്നെ ന്യൂ ജനറേഷ ന്‍  കാലമല്ലേ  അവര്‍ക്ക്  വേണ്ടി  ഒരു  പൊടിക്ക്  അശ്ലീലവും, അവസാനം തോരനോ , മെഴുക്കു പുരട്ടിയോ   അങ്ങനെ  ഏതാണ്ട്  ഒരു  ട്രൂപ്പ്  ഉണ്ടല്ലോ  അവരുടെ  ഒരു  അലര്‍ച്ചയും    ഇതെല്ലാം  ചേര്‍ത്ത്  നല്ല കിടിലം പബ്ലിസിറ്റി -  പ്രമോഷന്‍   കൂടെ   കൊടുത്താല്‍  ഈ  പടം  കാണുന്ന  കഴുതകള്‍  കഥയൊക്കെ തന്നെ വ്യഖാനിചോളും . മലയാളിയുടെ  കണ്ണ് തുറപ്പിക്കും  എന്ന്  പറഞ്ഞിറക്കിയ  ബാവൂട്ടിയുടെ  കഥാ വ്യഖ്യാനങ്ങള്‍  വായിച്ചു,  എഴുതിയവരുടെ  കണ്ണ് തള്ളിയില്ലേ  . അല്ലെങ്കില്‍ ഉസ്താദ് ഹോട്ടല്‍  അതിന്റെ കഥ എന്താണെന്നു ചോദിച്ചാല്‍  പറയുന്ന ഉത്തരങ്ങള്‍ കേട്ടാല്‍ സത്യമായിട്ടും സംവിധായകന്‍ പൊട്ടി ക്കരഞ്ഞു   പോകും അണ്ണാ  സത്യം


അനിയാ നീ വിധിയില്‍ വിശ്വസിക്കുന്നുണ്ടോ?

അണ്ണാ നമ്മളൊക്കെ ഇന്ത്യക്കാര്‍  അല്ലെ എന്തെങ്കിലും ഒന്ന് വേണ്ടേ വിശ്വസിക്കാന്‍ . അതല്ല ഇന്നെന്തു ഒരു തത്വ ചിന്ത ലൈന്‍  ?

ഒന്നുമില്ല അനിയ ഈ മലയാള സിനിമ കണ്ടു കണ്ടു മനുഷ്യന്‍ വിരക്തന്‍ ആയി പോയാല്‍  വലിയ അത്ഭുതം  ഇല്ല . അല്ല ഈ ഡല്‍ഹി  കേസിലെ പ്രതികളെ വധ ശിക്ഷ കൊടുക്കുന്നതിനു പകരം മലയാളത്തിലെ സുപ്പര്‍ താരങ്ങളുടെ  ഒരു  പത്തു വര്‍ഷത്തിനുള്ളില്‍ ഇറങ്ങിയ  ചിത്രങ്ങള്‍  ജീവപര്യന്തം കാണിക്കാന്‍ വിധിച്ചാല്‍ എത്ര നന്നായേനെ .

നിങ്ങള്  കാര്യത്തിലേക്ക് വന്നേ. ഇന്നു  ഏതു   ചിത്രമാ  കണ്ടേ ?

കാര്യസ്ഥന്‍ എന്ന ചിത്രത്തിന്   ശേഷം ശ്രീ തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് എന്ന ചിത്രമാണ്  ഇന്നലെ എനിക്ക് കാണാന്‍ ഭാഗ്യം സിദ്ദിചതു.മലയാള സിനിമയുടെ  സ്ഥലം ഹാസ്യ രചയിതാക്കളായ സിബി - ഉദയകൃഷ്ണ ജോടികള്‍ ആണ് ഇതിന്‍റെ തിരകഥ.നിര്‍മാണം  ആന്റോ ജോസഫ്‌.സംഗീതം ജയചന്ദ്രന്‍ (എന്തോന്ന് സംഗീതം ?).അഭിനേതാക്കള്‍   മമ്മുട്ടി , ദിലീപ് , റീമ കല്ലിങ്കല്‍ , കാര്‍ത്തിക' (തമിഴ് ) ,ഡുന്‍ഡു മോന്‍ ബാബുരാജ് (മമ്മുട്ടി ചെയ്യുന്ന ഹാസ്യം തികയാത്ത വരുന്നവര്‍ക്ക് വേണ്ടി സ്പെഷ്യല്‍ !!!)  റിസ ബാവ , സുരാജ് (അദ്ദേഹം  അധികം ഹാസ്യം ഇല്ല നമ്മുടെ ഭാഗ്യം ), നരേന്‍,തെസ്നി ഖാന്‍  തുടങ്ങിയവര്‍ . പറയാന്‍  മറന്നു തമിഴ് നടന്‍ ധനുഷ് ഈ ചിത്രത്തില്‍ അതി സങ്കീര്‍ണവും നിര്‍ണായകവും ആയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അത് മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ശ്രീ മമ്മൂട്ടി കുറെ ദോശകളുടെ  പേര് ഒറ്റ ശ്വാസത്തില്‍ പറയുന്ന ചിത്രം എന്നോരു  പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ടെന്നാണ് അദ്ദേഹം തന്നെ എവിടെയോ പറഞ്ഞതായി വായിച്ചതു . മലയാള പ്രേക്ഷകരുടെ ഒരു ഭാഗ്യമേ

എന്നിട്ട് ....ഇതു കലക്കുമല്ലോ . മമ്മുട്ടിയും ദിലീപും കൊങ്ങിണി സ്ലാങ്ങില്‍ ആണ് സംസാരിക്കുന്നതു എന്ന് കേട്ടു ഉള്ളത് തന്നെ ?


നില്ലെടെ പറഞ്ഞോട്ടെ.മൊത്തത്തില്‍   ഈ ചിത്രത്തിന്‍റെ  കഥ അതി സങ്കീര്‍ണവും വഴി തിരിവുകള്‍ നിറഞ്ഞതും ആണ്.ഹോട്ടല്‍ മുതലാളിമാരായ രണ്ടു സഹോരന്‍മാര്‍  രാജ രാജ കമ്മത്ത് (വേറെ ആര് )  ദേവ രാജ കമ്മത്ത് (ദിലീപ് ) ഒരു പുതിയ സ്ഥലത്ത് ഹോട്ടല്‍ തുടങ്ങുന്നു . അവിടുത്തെ മുന്‍സിപ്പല്‍ സെക്രട്ടറി മഹാലക്ഷ്മി (റീമ ) അവരുടെ അനുജത്തി സുരേഖയെ (കാര്‍ത്തിക)  അനിയന്‍ കമ്മത്തിന് വലിയ ഇഷ്ട്ടം.(ഏണി വെച്ച് വേണം ഇഷ്ടപ്പെടാന്‍ എന്നത് തല്ക്കാലം നില്‍ക്കട്ടെ). അപ്പോളാണ്  സുരേഖ അനിയത്തിയല്ല അനിയന്‍റെ  ഭാര്യയാണ്.(അനിയന്‍ (നരേന്‍  )കല്യാണം  കഴിഞ്ഞു  ആദ്യരാത്രിക്ക്   തൊട്ടു മുന്‍പ് മരിച്ചു പോയി ). ക്രിസ്ത്യാനിയാണ് , ഇതൊന്നും  പോരാത്തതിനു  ഊമയും  ആണെന്ന  ഞെട്ടിപ്പിക്കുന്ന  സത്യങ്ങള്‍  ഇവരും  നമ്മളും അറിയുന്നത്  .സഹോരന്‍മാര്‍ ഭര്‍ത്താവിനെ കൊന്ന വില്ലന്മാരെ  ഓടിച്ചിട്ട്‌ (ശരിക്കും ) പിടിച്ചു കൊടുത്തു കല്യാണം നടത്തുന്നു. .ശുഭം.

അല്ല ഇതില്‍ ധനുഷ് എവിടെ ?

ധനുഷ് ഇവരുടെ ഏതോ ഹോട്ടല്‍ ഉത്ഘാടനം ചെയ്യാന്‍ വരുന്ന ആളാണ് .പിന്നെ ദിലീപിന്‍റെ കല്യാണ നിശ്ചയത്തിനു രണ്ടു ഷോട്ട് വേറെ . ഇത്രയും  സങ്കീര്‍ണതയും വഴിത്തിരിവും ഒക്കെ പോരെ അനിയാ .പിന്നെ ഇപ്പോഴത്തെ പുതിയ ട്രെന്‍റ്  അനുസരിച്ച് നായകന്‍ കല്യാണപ്രായം കഴിഞ്ഞു പുര നിറഞ്ഞു നില്‍ക്കുവല്ല (അത് പറഞ്ഞാല്‍ ഫാന്‍സ്‌ പോലും കൂവും എന്ന അവസ്ഥ ആയിട്ടുണ്ട്‌ ). മറിച്ച്  ഭാര്യയുമായി വേര്‍ പിരിഞ്ഞു എപ്പോള്‍ നല്ല സുഹൃത്തുക്കളായി  (എന്ന് വെച്ചാല്‍ ഹായ്  ബൈ റിലേഷന്‍  ) കഴിയുക എന്നതാണല്ലോ.ഇവിടെയും  അങ്ങനെ തന്നെ.സ്വന്തം അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്ക് വന്നു ചാകാന്‍ കിടക്കുമ്പോള്‍  കൈയ്യില്‍ മെഹന്തി ഇട്ടു പോയി എന്ന കാരണം കൊണ്ട് തിരിഞ്ഞു നോക്കാത്ത സീരിയല്‍ നിന്ന് നേരിട്ട് ഇറങ്ങിവന്ന  ഭാര്യയെ ഉപേക്ഷിച്ചു അവരുമായി  ഹായ് - ബൈ  സൌഹൃതം പുലര്‍ത്തുകയാണ് മൂത്ത കമ്മത്ത്

അപ്പോള്‍ അഭിനയം ...?

ഈ പടത്തിലോ ? ശരി ഇനി അതും പറഞ്ഞേക്കാം . പതിവ് പോലെ വാമൊഴി വഴക്കം  എന്ന് പറഞ്ഞു ഈ സംഗതി വില്‌ക്കാമയിരുന്നു . രണ്ടു പ്രശ്നം . ഒന്ന് ഈ സംഗതി എപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ മടുത്തു തുടങ്ങി .രണ്ടു, മിമിക്രിയില്‍  നല്ല പരിചയമുള്ള ദിലീപ് അനായാസമായി തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍  മിമിക്രി അറിയില്ലാത്ത മമ്മുട്ടി പാട് പെടുന്നത് സ്വാഭാവികം .(അദ്ദേഹം പരമാവധി കഷ്ട്ടപ്പെട്ടിട്ടും സംസാരം ഒരല്‍പം നീട്ടി കല്യാണം കഴിച്ചോ എന്നാ ചോദ്യത്തിന് പകരം കല്യാണം കഴിക്കാന്‍ കൊടുത്തോ എന്നു ചോദിക്കുന്ന രീതിയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ). ഒരു നിലവാരവുമില്ലത്ത ചിത്രമായതിനാല്‍ ആര് അഭിനയിച്ചാലും വിശേഷം ഇല്ല എന്നത് കൊണ്ട് ഭാഗ്യം.തെസ്നിഖാന്‍   ഇങ്ങനെ   പോയാല്‍ ഒരു ബൌധിക ഷക്കീല ആകുന്ന മട്ടാണ് കാണുന്നത്  .(ഇതില്‍ ദയവായി അശ്ലീലം കാണരുത് .ആ നടി  ഒരിക്കലും ശരീര പ്രദര്‍ശനം നടത്തിയിട്ടില്ല).റീമ കല്ലിങ്കലിന്   ഭാവങ്ങളോ  കാര്‍ത്തികക്ക് സംഭാഷണമോ എല്ലാ എന്നുള്ളത് ഈ ചിത്രത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ ഇടയ്ക്ക് സ്ഫടികം   ജോര്‍ജ്ജിനെ കണ്ടപ്പോള്‍ ഉള്ളൊന്നു കത്തി .അവസാനം കിട്ടിയ വാര്‍ത്ത‍ അനുസരിച്ച് അദ്ദേഹവും കോമഡി ആണല്ലോ (ഭീമന്‍ രഘുവിന്‍റെ ഒരു കുറവ് കാണാന്‍ ഉണ്ടായിരുന്നു ). ഭാഗ്യത്തിന് അനിഷ്ട്ട സംഭവങ്ങള്‍  ഒന്നും ഉണ്ടായില്ല.

പിന്നെയും പ്രത്യേകതകള്‍ ഏറെയുണ്ട് ഈ ചിത്രത്തില്‍. മമൂട്ടിക്ക്  ശരീരം  അനങ്ങി അഭിനയിക്കാന്‍ വയ്യാതെ ആയിട്ട് കാലം കുറെ ആയി. അതിനു ഒരു പരിഹാരം എന്ന നിലയില്‍ അക്ഷരാര്‍ത്ഥത്തില്‍ ആളെ വെച്ച് സ്റ്റണ്ട് നടത്തി (ബാബു രാജിനെക്കൊണ്ട് തല്ലിച്ച്  ) കാലു മേല്‍ കാലും കയറ്റി ഇരിക്കുകയാണ് അദ്ദേഹം ഈ സിനിമയില്‍ മിക്ക തല്ലു രംഗങ്ങളിലും.  ഇത് ഒരു സ്ഥിരം പരിപാടി ആയി അദ്ദേഹത്തിനു ആലോചിക്കാവുന്നതാണ് . ശരീരം അനങ്ങണ്ട , എന്തൊരു പുതുമ എന്ന് ഫാന്‍സ്‌ മണ്ടന്മാരെക്കൊണ്ട് പറയിക്കുകയും ചെയ്യാം .പിന്നെ ക്ലൈമാക്സില്‍ ഒടുക്കത്തെ  ഒരു ട്വിസ്റ്റ്‌ ഉണ്ട്.

അത് എന്തര്  അണ്ണാ ?

അത് ഞാന്‍ പറയില്ല ചെല്ലാ. മമ്മുക്കയുടെ  ത്യാഗം ആണ് സംഗതി. അല്ലെങ്കില്‍ തന്നെ കഥ മുഴുവന്‍ പറയുന്നു എന്നൊരു ചീത്തപ്പേര് അല്ലെങ്കില്‍ തന്നെ എനിക്കുണ്ട്. അത് കൊണ്ട് ഈ ത്യാഗം നീയൊക്കെ  തിയറ്ററില്‍ നേരിട്ട് പോയി അനുഭവിച്ചാല്‍ മതി .

എന്നാലും പടം ഓടാന്‍ ചാന്‍സ് ഉണ്ടോ    അണ്ണാ ?

അനിയ അതൊക്കെ കാശിറക്കുന്നവരുടെ കാര്യം .എന്നോട് ചോദിച്ചാല്‍  ,ഈ  ദിലീപ് എന്ന നടന്‍റെ ഏതെങ്കിലും ചിത്രം കൂറയാണ് എന്നൊരു അഭിപ്രായം വന്നു കിട്ടിയാല്‍ പിന്നെ ആ പടത്തെ പിടിച്ചാല്‍ കിട്ടില്ല എന്നതാണ് അനുഭവം . (ഭാവിയില്‍ ഒരു നല്ല പടം ഈ നടന്‍റെ വന്നാല്‍ അദ്ദേഹം തന്നെ കാശു കൊടുത്തു ആളെ ഇറക്കി ഇതു കൂറ  പടം ആണെന്ന് പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ട് !!!) .പക്ഷെ ലോക റെക്കോര്‍ഡ്‌ ലക്‌ഷ്യം ആക്കി കുതിക്കുന്ന സുപ്പര്‍ താരത്തെ തളക്കാന്‍ ആ ഒരു ഘടകത്തിനെ കൊണ്ട് മാത്രം സാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം .

അപ്പോള്‍ ചുരുക്കത്തില്‍ ...

അനിയാ പണ്ട് മോഹന്‍ ലാല്‍ അഭിനയിച്ച ടി വി സീരിയല്‍ നിലവാരത്തില്‍  ഉള്ള മാമ്പഴക്കാലം എന്നാ ചിത്രത്തിന്‍റെ മമ്മുട്ടി -ദിലീപ് വേര്‍ഷന്‍

ഭക്ത ജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ : ഇടക്കാലത്ത് നിര്‍ത്തി വെച്ചിരുന്ന ശ്രീ മമ്മൂട്ടി കണ്ടു പിടിച്ച ശരീരം കുലുക്കുന്ന  ആ പ്രത്യേക കലാരൂപം ഈ ചിത്രത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് . ഇടവേള കഴിഞ്ഞു തിരക്ക് കൂട്ടാതെ വന്നിരുന്നാല്‍ പ്രസ്തുത കലാരൂപം ആസ്വദിക്കാവുന്നതാണ്

Saturday, January 26, 2013

റേസ് 2 - Race 2

അനിയാ അബ്ബാസ് മസ്താന്‍ എന്നിവരെക്കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?

കമല്‍ സാറിന്‍റെ വിശ്വരൂപം സിനിമയോട് അവന്മാര്‍ കാണിക്കുന്നത് പോക്രിത്തരമാണ് അണ്ണാ.

 ആര്? എന്ത് ? എപ്പ  ? നീ ആരെക്കുറിച്ചഡേ ഈ പറയണത് ?

അല്ല , അവന്മാരുടെ പേര് കേട്ടാല്‍ തന്നെ അറിഞ്ഞൂടെ . ഈ മസ്താന്‍ മജീദും ടീമും അല്ലെ വിശ്വരൂപത്തിനു എതിരെ പ്രശനം ഉണ്ടാക്കിയത് ?

എടാ മഹാപാപി !!! അബ്ബാസ് മസ്താന്‍ , ഹിന്ദി സിനിമ സംവിധായകര്‍ ആണെടാ . ഇന്നലെ ഇറങ്ങിയ റേസ് 2 സംവിധാനം ചെയ്തത് അവരാണ് .

തന്നെ? എനിക്ക് ഇവരെ ഒന്നും അറിഞ്ഞൂടാ . അണ്ണന് അറിയാമല്ലോ ഞാന്‍ ദീപ മേത്ത, യാന്‍ മാര്‍ട്ടല്‍ ഇവരൊക്കെ സംവിധാനം ചെയ്ത സിനിമകളെ കാണാറുള്ളു .

യാന്‍ മാര്‍ട്ടല്‍ എഴുത്ത് നിറുത്തി എന്നെടാ സംവിധാനം തുടങ്ങിയത് ?

"ഓ ..നിങ്ങള്‍ ചുമ്മാ എന്‍റെ ബുദ്ധി ജീവി പരിവേഷത്തെ ചോദ്യം ചെയ്യാതെ റേസ് 2നെ ക്കുറിച്ച് പറ. റേസ്  1 എന്തുവായിരുന്നു സംഭവം? അതും ഈ മസ്താനും മജീദും തന്നെ സംവിധാനം  ചെയ്തത് ?

ഈ പടത്തിന്‍റെ  ആദ്യ ഭാഗം വെറും റേസ്  . ആ സിനിമ സംവിധാനം ചെയ്തതും അബ്ബാസ് മസ്താന്‍ ജോഡികള്‍ തന്നെ. സൈഫ് അലിഖാന്‍ , അക്ഷയ ഖന്ന അനില്‍ കപൂര്‍, ബിപാഷ ബസു , കത്രീന കൈഫ്‌  എന്നിവരായിരുന്നു അതിലെ പ്രധാന അഭിനേതാക്കള്‍ . അല്ലറ ചില്ലറ  കത്തികള്‍ ഉണ്ടെങ്കിലും, ഒരുപാട് ട്വിസ്റ്റും , ത്രില്ല അടിപ്പിക്കുന്ന ക്ലൈമാക്സും ഉള്ള ആ പടം സുപ്പര്‍ ഹിറ്റ് ആയിരുന്നു.

രണ്ടാം ഭാഗത്തില്‍  ആരൊക്കെ അണ്ണാ അഭിനയിക്കുന്നത്?

സെയിഫ് അലി ഖാന്‍ , അനില്‍ കപ്പൂര്‍ എന്നിവര്‍ ഇതിലും ഉണ്ട്. പുതിയതായി ജോണ്‍  അബ്രഹാം , ദീപിക പദുകോണ്‍ , ജാക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും ഉണ്ട് 

ആദ്യ ഭാഗം പോലെ  ത്രില്ലര്‍ തന്നെ അണ്ണാ ഇതും ?

ഡേ, ആദ്യ ഭാഗത്തില്‍ ഉള്ളത് പോലെ പ്രതികാരം ചതി   ചതി ഇതൊക്കെ രണ്ടാം ഭാഗത്തിലും ഉണ്ട്. പക്ഷെ ഒരു പഞ്ച് പോരാ .പഞ്ച് പോരാ എന്നല്ല, പടം എനിക്ക് നന്നായി ബോറടിക്കുകയും ചെയ്തു.

ഉം ? എന്നാ പറ്റി പഞ്ചിന്‌ ?

പ്രധാന്‍ പ്രശ്നം വില്ലന്‍ ആണ് ആദ്യ ഭാഗത്തില്‍ അക്ഷയ് ഖന്ന വില്ലനായി തകര്‍ത്തതാണ് . ഇതില്‍ ജോണ് അബ്രഹാം അത്ര പോരാ. സ്ക്രീന്‍ പ്രസന്‍സ്  പുള്ളിക്ക് തീരെ ഇല്ല എന്ന് തോന്നി പോകും. പ്രത്യേകിച്ച് സൈഫ് അലി ഖാന്‍റെ  കൂടെ സ്ക്രീനില്‍ നില്‍ക്കുമ്പോള്‍

വില്ലന്‍ അത്ര പോരാ . അപ്പോള്‍ കഥയോ ?

കഥയില്‍ ട്വിസ്റ്റ് ഒക്കെ മുറയ്ക്ക് കൊണ്ടുവരാന്‍ സംവിധായകന്മാര്‍ ആഞ്ഞു ശ്രമിക്കുന്നുണ്ട് . പക്ഷെ പ്രധാനപ്പെട്ട പല സംഭവങ്ങളും വളരെ ബാലിശമായി നമുക്ക്  തോന്നും . ഉദാഹരണത്തിന് ഒരു വ്യക്തിയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ടുള്ള പ്രതികാരവും ഈ സിനിമയുടെ കാതലായ ഭാഗമാണ് പക്ഷെ ആ കൊലപാതകം എന്തിനു ചെയ്തു എന്ന് കേള്‍കുമ്പോള്‍ നമ്മള്‍ അറിയാതെ ചിരിച്ചു പോകും .

 ഹിന്ദി പടം അല്ലെ അണ്ണാ , ലാവിഷ് സെറ്റുകളും , ലൊക്കേഷനും ഒക്കെ ഉണ്ടോ ?

അതെല്ലാം ഉണ്ട് പക്ഷെ  കാശ് മുടക്കി എടുത്ത സിനിമയുടെ ക്ലൈമാക്സ് നമ്മുടെ മോഹന്‍ലാലിന്‍റെ    ഖാണ്ഡഹാര്‍ നാണിച്ചു പോകുന്ന തരത്തിലാണ്

ജോണ് ബാബ്രുവാഹനന്‍ കൊള്ളില്ല എന്ന് അണ്ണന്‍  പറഞ്ഞല്ലോ . ബാക്കി ഉള്ളവര്‍ ?

സൈഫ് , ദീപിക ഇവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് . പക്ഷെ അവര്‍ക്ക് ഈ സിനിമയെ രക്ഷിച്ചു എടുക്കാന്‍ പറ്റുമോ എന്ന് സംശയമാണ് . ബാലിശമായ കഥാഗതി സിനിമയെ അധോഗതിയില്‍ ആക്കുന്നു എന്നതാണ് സത്യം .സൈഫിനെയും , ദീപികയും  , ജോണിനെയും കൂടാതെ ബാക്കി ഉള്ളവരില്‍ അനില്‍ കപ്പൂര്‍ ഒരു കൊമേഡിയന്‍ റോളില്‍ ഒതുങ്ങി നില്‍ക്കുന്നു. ജാക്വലിന്‍ ഫെര്‍ണാണ്ടസ് , അമീഷ പട്ടേല്‍ (അവരും ഉണ്ട് ) എന്നീ  കുട്ടികള്‍ ബോര്.വന്ന  കാലത്ത് കാണാന്‍ നല്ല ഭംഗി ഉള്ളവര്‍ ആയിരുന്നു . ഇപ്പോള്‍ ഒരു മാതിരി നീര് വറ്റിയ മുന്തിരി പരുവത്തില്‍ ആയി രണ്ടാളും. അവരുടെ കഥാപാത്രങ്ങള്‍ ആകട്ടെ സ്റ്റീരിയൊ ടൈപ്പ് വില്ലത്തി, മണ്ടി എങ്ങനെ പോകും.  അമീഷ പട്ടേലിനെ ഒരു മാതിരി ഒരു വൃത്തികെട്ട തെസ്നി ഖാന്‍ മോഡല്‍ കഥാപാത്രം ആക്കി എന്നതാണ് സത്യം.(എങ്ങനെയിരുന്ന കൊച്ചാ !!)

പാട്ട് , ഡാന്‍സ് , വാള്‍  പയറ്റ് , കത്തി  ശണ്ടൈ .

പാട്ടുകള്‍ ഒന്ന് രണ്ടെണ്ണം കൊല്ലം. റേസ് എഗൈന്‍  എന്ന പാട്ട് സിനിമയുടെ വേഗം കുറയ്ക്കുന്ന രീതിയിലാണ് വരുന്നത് എങ്കിലും, ചിത്രീകരിച്ചിരിക്കുന്നത് അത്യാവശ്യം ബെധപ്പെട്ട രീതിയില്‍ ആണ്‌ . പാര്‍ട്ടി ഓണ്‍ മൈ മൈന്‍ഡ് എന്നാ പാട്ടും കൊള്ളാം . ആക്ഷന്‍ രംഗങ്ങള്‍ പരമ ബോറാണ്. പ്രത്യേകിച്ച് ക്ലൈമാക്സ് . പിന്നെ വാള്‍  പയറ്റ്  മാസ്ക് ഓഫ് സോറോ യിലെ പഴയ നമ്പര്‍ കോപ്പിയടിച്ച ഒരു ഹാസ്യ സാധനം ഈ പടത്തില്‍ ഉണ്ട് . സംഗതി ഭയങ്കര വികാര തീവ്രം എന്നാ മട്ടിലാണ് സംവിധായകര്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. പക്ഷെ സിനിമയിലെ മറ്റു പല സീനുകളിലെയും പോലെ ഉദ്ദേശിക്കാത്ത ഹാസ്യം ആണ് ഫലം എന്ന് മാത്രം .

അപ്പൊ ചുരുക്കത്തില്‍ ?

ആദ്യ ഭാഗവുമായി റേസ് 2വിന് ഒരു താരതമ്യവുമില്ല എന്ന് മാത്രമല്ല പടം സാമാന്യം തെറ്റില്ലാതെ നമ്മളെ ബോറടിപ്പിക്കുകയും  ചെയ്യും

Sunday, January 20, 2013

റോമന്‍സ് (Romans Review )

അനിയാ ....

ഒന്ന് പോയെ... നിങ്ങളോട് കിന്നാരം പറഞ്ഞോണ്ട് നില്ക്കാന്‍ ഇപ്പോള്‍  സമയമില്ല . ഇവിടെ ഉരുള്‍ പൊട്ടിയ പോലെയാ സിനിമ . ന്യൂ ജനറേഷന്‍,  ഓള്‍ഡ്‌ ജനറേഷന്‍, എല്ലാം കൂടിയത് , അന്യഭാഷാ തമിഴ് , ഹിന്ദി എങ്ങനെ ദുരിതം എല്ലവശത്ത് കൂടിയും . കാളകൂടവും ചിത്ര വിദ്വേഷവും ഞാന്‍ എഴുതി നിറയ്ക്കും .നോക്കിക്കോ.

അനിയാ അടങ്ങെടെ ....ഞാന്‍  ഒരു സിനിമ കണ്ട   വിവരം പറയാന്‍ വന്നതാ . താല്പര്യം  ഇല്ലെങ്കില്‍  ഞാന്‍ പോയേക്കാം.

അയ്യോ ....ഒരു തമാശ പറഞ്ഞപ്പോ .. ഇങ്ങനെ തൊട്ടാവാടി ആയാലോ . പറ അണ്ണാ .ഏതു പടമാ  കണ്ടത്?

ജനപ്രിയന്‍  എന്ന ഭേദപ്പെട്ട സിനിമയെടുത്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ സംവിധാനം  ചെയ്ത റോമന്‍സ് എന്ന ചിത്രമാണ് ഇന്നു  ഞാന്‍ കണ്ടത്. രചന വൈ വി രാജേഷ്‌ .ചാന്ദ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ ഘോഷും ,ബിജോയ്‌ ചന്ദ്രനുമാണ്‌ ഈ ചിത്രം നിര്‍മ്മിച്ചത്‌ . സംഗീതം എം  ജയചന്ദ്രന്‍ .അഭിനേതാക്കള്‍  കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ , നിവേദിത തോമസ്‌ , ലാലു അലക്സ്‌ , വിജയ രാഘവന്‍,കൊച്ചു പ്രേമന്‍, ടി ജി  രവി തുടങ്ങിയവര്‍  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

മതി സുവിശേഷം പറച്ചില്‍ . ഇതൊക്കെ പോസ്റ്റര്‍ നോക്കിയാലും   മനസിലാകും . നിങ്ങള്‍ പടത്തെ പറ്റി  പറ .

പറയാമെടെ .   ആ അന്നയും റസൂലും എന്ന ഒരിക്കലും തീരാത്ത  ന്യൂ ജനറേഷന്‍
ദുരിതത്തെ പറ്റി നീ എന്തുവായിരുന്നു  പറഞ്ഞത്?

കുറച്ചു  വലിച്ചില്‍  ഉണ്ടെങ്കിലും , കഥയില്‍ പുതിയതായി ഒന്നും ഇല്ലങ്കിലും മനസില്‍  തട്ടുന്ന എന്തരോ ഉള്ളതിനാല്‍ കലക്കന്‍ . അതല്ലേ?

തന്നെ തന്നെ . ഈ ചിത്രത്തിന് ഞാന്‍ കേറുമ്പോള്‍ മണി കൃത്യം 11.30 സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ മണി 2.15 സത്യമായും എത്രയും സമയം എനിക്ക് ഒട്ടും ബോര്‍ അടിക്കാതെ കടന്നു പോയി എന്നതാണ് സത്യം. അപ്പോള്‍ ഇങ്ങനെയും പടമെടുക്കാം അല്ലെ ?

ഓഹോ അപ്പോള്‍ അത്രക്ക് പുതുമയുള്ള കഥയാണോ .?

എന്തോന്ന് പുതുമ? ഒറ്റ വാചകത്തില്‍ പറയാം ഈ ചിത്രത്തിന്‍റെ  കഥ . രണ്ടു കള്ളന്മാര്‍ ആള്‍  മാറാട്ടം  നടത്തി ഒരു മലയോര ഗ്രാമത്തില്‍  അച്ചന്മാരായി എത്തുന്നു

അയ്യേ .. ഈ ആള്‍ മാറാട്ടം ഒക്കെ നമ്മള്‍ എത്ര കാലമായി കാണുന്നതാ . ഇതൊന്നും മടുക്കില്ലേ ?

അതാ പറഞ്ഞെ എടുക്കാന്‍ അറിയണം എന്ന് ആകാശ് (കുഞ്ചാക്കോ ബോബന്‍) എന്നും ഷിബു (ബിജു മേനോന്‍) എന്നും പേരുള്ള,പോലീസ്  കസ് റ്റ ഡി യില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു കള്ളന്മാര്‍,  ഫാ പോളും,ഫാ . സെബാസ്റ്റിനും ആയി കേരളത്തിനും തമിഴ് നാടിനും ഇടയ്ക്ക് കിടക്കുന്ന പൂമാല ഗ്രാമത്തിലെ   വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന പള്ളിയിലെ പുരോഹിതരായി സന്ദര്‍ഭവശാല്‍ അഭിനയിക്കേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം .തല്ക്കാലം ഒരു ഇടത്താവളമായി  ഈ ഗ്രാമവും വേഷവും കണ്ടു അവിടെ പറ്റി കൂടുന്ന അവര്‍ക്ക്  അവിടെ ഒരു ദൌത്യം നിര്‍വഹിക്കേണ്ടി  വരുന്നു .തമാശകളിലൂടെ പോകുന്ന ആദ്യ പകുതി രണ്ടാം പകുതിയില്‍ എത്തുമ്പോള്‍ ഒരു ത്രില്ലെര്‍ ആയി മാറുന്നു .ഗ്രാമത്തിലെ പ്രധാനിയും പണക്കാരനുമായ തൊമ്മിച്ചനെ ലാലു അലക്സ്‌ അവതരിപ്പിക്കുമ്പോള്‍ നായികയായ തൊമ്മിച്ചന്റെ  മകള്‍   അലീനയെ നിവേദിത തോമസ്‌  അവതരിപ്പിക്കുന്നു. പിന്നെ സിനിമയില്‍ ഉള്ള കഥാപാത്രങ്ങള്‍ കപ്യാര്‍ (കൊച്ചു പ്രേമന്‍ ), ഗ്രാമത്തിലെ ഉപദേശി ഗീവര്‍ഗീസ്  (നെല്‍സണ്‍ ) പള്ളിക്കടുത്ത് കട നടത്തുന്ന പാപ്പി (ടി ജി രവി) തുടങ്ങിയവരും ഉണ്ട് .

അപ്പോള്‍ സംഗതി ...


ഈ ചിത്രത്തിന്റെ ഏറ്റവും മികവായി ഞ്ഞാന്‍ കാണുന്നത് ഓര്‍ഡിനറി എന്നാ വിജയ ചിത്രത്തിന്റെ ഫോര്‍മുല, ഒരിടത്ത് പോലും ആ ചിത്രത്തെ ഓര്‍മിപ്പിക്കാതെ പുനരവതരിപ്പിക്കാന്‍ ഈ ചിത്രത്തിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു എന്നതാണ് . ഓര്‍ഡിനറി പോലെ തന്നെ ഈ ചിത്രത്തിന്റെയും ക്ലൈമാക്സ്‌ ഒരല്‍പം ദുര്‍ബലമാണ് . എങ്കില്‍ പോലും സിനിമ കഴിഞ്ഞു ഇറങ്ങുമ്പോള്‍ നമുക്ക് ഒരു
പീഡനം കഴിഞ്ഞ പ്രതീതി ഇല്ലാതെ ഇറങ്ങാം .

ഒരല്‍പം കൂടി വ്യക്തമാക്കാമോ ..

അനിയാ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ , പ്രകൃതിഭംഗിയുള്ള ഒരു ഗ്രാമം രണ്ടു വഴിക്ക് നിന്നുംവന്നു, ഒരു പൊതുവായ കാരണം കൊണ്ട് ഈ പ്രദേശത്ത് എത്തുന്ന നായകന്മാര്‍ ഇതെല്ലാം ഓര്‍ഡിനറിയില്‍ ഉള്ള പോലെ ഈ ചിത്രത്തിലും ഉണ്ട് .പക്ഷെ ഒരിടത്ത് പോലും നമുക്ക് ഓര്‍ഡിനറി ഓര്‍മ്മ വരില്ല അത് സംവിധായകന്റെ മിടുക്ക്.

അഭിനയം ...


ബിജു മേനോനും കുഞ്ചാക്കോ ബോബനും കലക്കി കളഞ്ഞു അല്ലെങ്കില്‍ അവരവരുടെ വേഷങ്ങള്‍ നന്നാക്കി. (ആ കൂട്ട് കെട്ടിനെ ആവര്‍ത്തിച്ച്‌ ആവര്‍ത്തിച്ച്‌ മനുഷ്യനെ വെറുപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു ) ബിജു മേനോന്‍ എന്ന് സ്വന്തം നിലയ്ക്ക് ഒരു ഹാസ്യ താരമായി ഉയരുന്നുവോ അതിനു തൊട്ടു മുന്‍പ് വരെ ആ മനുഷ്യന്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ ഒരു ആശ്വാസമായിരിക്കും. നടീ   നടന്മാരില്‍  മോശം എന്ന് പറയാന്‍ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല . നെല്‍സണ്‍, ഗീവര്‍ഗീസ്  എന്ന ഉപദേശിയെ നന്നാക്കി എങ്കിലും ജഗതി ഉണ്ടായിരുന്നെങ്കില്‍ ആ കഥാപാത്രം ഒക്കെ എവിടെ പോയി നിന്നേനെ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം അത്ര തന്നെ .നായകന്റെ (കുഞ്ചാക്കോ) ഫ്ലാഷ് ബാക്ക് , പള്ളിയുടെ പഴയ കഥ ഇവയൊക്കെ വലിച്ചു നീട്ടാതെ ഒതുക്കത്തില്‍ പറഞ്ഞു തീര്‍ത്തത് തികച്ചും അഭിനന്ദനീയമാണ്.അനാവശ്യമായി പാട്ടുകള്‍ കുത്തി കേറ്റാത്തതും നന്നായി  . ഒരല്‍പം അശ്ലീലചുവയുള്ള എന്ന് ആരോപിക്കപ്പെടാവുന്ന  രംഗങ്ങള്‍ പോലും  വൃത്തി ക്കേടാക്കാതെ തികച്ചും ഹാസ്യാത്മകമായി  അവതരിപ്പിച്ചത്  തിരക്കഥാക്രിത്തിന്റെ മികവില്‍ പെടുത്താം എന്ന് തോന്നുന്നു.നായിക നിവേദിത തോമസിനും തന്റെ കഥാപാത്രം ഭംഗിയാക്കി എന്ന് അഭിമാനിക്കാം .

അപ്പോള്‍ ചുരുക്കത്തില്‍ ...

ഓര്‍ഡിനറി എന്ന ചിത്രം ഇഷ്ടപ്പെട്ടവര്‍ ആണ് നിങ്ങള്‍ എങ്കില്‍ ഈ ചിത്രവും നിങ്ങള്ക്ക് ഇഷ്ടപ്പെട്ടേക്കാം. സകുടുംബം കാണാവുന്ന ഒരു ലൈറ്റ് ചിത്രം എന്ന വിശേഷണം ആയിരിക്കും ഈ ചിത്രത്തിന് ചേരുക . ഒരു പക്ഷെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്‌ ചിത്രം ആയേക്കാം ഇതു .   

Monday, January 14, 2013

ഐസക് ന്യുട്ടന്‍ s / o ഫിലിപ്പോസ് (Issac Newton s /o Philipose Review )


അണ്ണാ .. ഇന്നു ഏതെങ്കിലും പടം ......


നിന്നെ എന്താ ഈ വെള്ളിയാഴ്ച കാണാത്തത് എന്ന് ഓര്‍ത്തതെ ഉള്ളു ഞാന്‍ .

പിന്നെ..... തള്ളല്ലേ ശനിയാഴ്ച രാവിലെ ഐശ്വര്യമായി സംഗതി വാങ്ങാന്‍ വന്ന ഞാന്‍ കണ്ടത് പൂട്ടി കിടക്കുന്ന വീടാ .. എന്നിട്ടാ ...

ക്ഷമിച്ചു കള അനിയാ . ഓരോ ആവശ്യങ്ങള്‍ ..

നിങ്ങള്‍ക്കിത് പറയാം.ലോകത്താകമാനം എന്‍റെ ചിത്ര വിദ്വേഷം   എന്ത് പറയുന്നു എന്ന് കാതോര്‍ത്തിരിക്കുന്ന ലക്ഷോപലക്ഷം വായനക്കാരോട് ഞാനെന്തു പറയും ?

അതിനു നീ സ്ഥിരമായി പ്രത്യേകിച്ചു ഒന്നും പറയാറില്ലലോ അനിയാ

നിങ്ങളോട് എത്ര പറഞ്ഞാലും ഒരു നിരൂപകന്‍റെ ധര്‍മ സങ്കടങ്ങള്‍ മനസ്സിലാകില്ല .ട്രെന്‍റ്നു അനുസരിച്ച് പോയില്ല എങ്കില്‍ കട പൂട്ടിയത് തന്നെ .അതിരിക്കട്ടെ ഏതു പടമാ കണ്ടേ ?


ശ്രീ മുരളീധരന്‍ നിര്‍മിച്ച,  ഐസക് ന്യുട്ടന്‍  s / o ഫിലിപ്പോസ് എന്ന സിനിമ
അഭിനയിക്കുന്നവര്‍  ലാല്‍ , നെടുമുടി വേണു , അഭിനയ , റ്റിനി ടോം,ധര്‍മജന്‍ , ചെമ്പില്‍ അശോകന്‍ , ശശി കലിംഗ തുടങ്ങിയവരാണ് . സംവിധാനം വി ബോസ്സ് (Bosse ശരിക്കും ബോസ്സേ എന്നാണ് വായിക്കേണ്ടത് ) ഹരിഷും ഉണ്ണിയും ചേര്‍ന്ന് കഥ എഴുതിയിരിക്കുന്നു . സംഗീതം ബാജിബാല്‍

കഥ ആരംഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ .ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടി സാറയുമായി ഒളിച്ചോടി കല്യാണം കഴിക്കുന്ന പാവപ്പെട്ട മൈക്ക്  സെറ്റുകാരന്‍   ഫിലിപ്പോസ്സില്‍  നിന്നും കഥ തുടങ്ങുന്നു .പ്രസവത്തോടെ മരിച്ച സാറയുടെ അവസാന ആഗ്രഹം (എന്ന് കൃത്യമായി പറയുന്നില്ല ) പോലെ മകനെ പഠിപ്പിച്ചു വലിയ ഒരാള്‍ ആക്കണം എന്നാണ് ഫിലിപ്പോസിന്‍റെ  മോഹം എന്നാല്‍  മകന്‍ ഐസക് ന്യൂട്ടന്‍  ആകട്ടെ പഠിക്കാന്‍ തീരെ മോശവും .ഒടുവില്‍ കുറഞ്ഞത്‌  പത്താം  ക്ലാസ്സ്‌ എങ്കിലും പാസ്സാക്കുക എന്ന മിനിമം ആഗ്രഹവുമായി ന്യൂട്ടനെ (ലാല്‍ ) പതിനേഴാമത്തെ പ്രാവശ്യവും പത്താം ക്ലാസ്സ്‌  പരീക്ഷ എഴുതിക്കാന്‍ വരുന്നിടതാണ് സിനിമ ട്ടൈയിറ്റിലുകള്‍ക്ക് ശേഷം ആരംഭിക്കുന്നത്  . സുഹൃത്തായ ഔസേപ്പിന്‍റെ (ടി ജി രവി)  മകള്‍ ആനിയു (അഭിനയ)  മായുള്ള കൊച്ചിലെ പറഞ്ഞുറപ്പിച്ച വിവാഹം പോലും പത്താം ക്ലാസ്സ്‌ പാസ്സാകാതെ നടത്തികൊടുക്കില്ല എന്ന വാശിയിലാണ് പീലിയാശന്‍ എന്ന ഫിലിപ്പോസ്.ന്യൂട്ടന്‍റെ സന്തഹ സാഹചരികളായി റ്റിനി ടോമും ധര്‍മമജനും  എത്തുന്നു 

ഇവിടുന്നു അങ്ങോട്ട്‌ പിന്നെ കഥ പോകുന്നത് സ്ഥിരം ട്രക്കിലൂടെയാണ് . ഗ്രാമത്തില്‍ കൂട്ടുകാരെ പോലെ കഴിയുന്ന അപ്പനും മകനും.അവിടുത്തെ ലോക്കല്‍ ശത്രുക്കളുമായി മല്ലടിച്ചും പരസ്പരം ഇണങ്ങിയും പിണങ്ങി യും സന്തോഷമായി കഴിയുമ്പോള്‍ വില്ലന്‍ വരുന്നു . അയാള്‍ക്ക് ആനിയെ കെട്ടണം . അതിനുള്ള തന്ത്രങ്ങള്‍ . അപ്പനും മകനും തെറ്റുന്നു . മകന്‍ കള്ള കേസില്‍ അകത്താകുന്നു .ഒടുവില്‍ പതിവ് പോലെ എല്ലാ സത്യവും അറിയുന്ന ഒരാള്‍ (ദൈവത്തെയല്ല . സിനിമയില്‍ അഭിനയിക്കുന്ന ഒരാളുടെ കാര്യമാ പറഞ്ഞത് !!!) ഉള്ളത് കൊണ്ട് മാത്രം എല്ലാം ശുഭമായി അവസാനിക്കുന്നു .


അപ്പോള്‍ മൊത്തത്തില്‍ ....

മര്യാദക്ക് എടുത്തിരുന്നു എങ്കില്‍ തൊമ്മനും മക്കളും എന്ന ചിത്രത്തെക്കാളും മികച്ച ഒന്നാകുമായിരുന്ന സംഗതി,സകലരും പണി പഠിച്ചു വന്നപ്പോള്‍ മോശപ്പെട്ട ഒരു  പപ്പി അപ്പച്ചാ ആയി മാറി എന്നതാണ് സത്യം.നെടുമുടി വേണു, ലാല്‍  കോംബിനേഷന്‍ പൊതുവേ  എനിക്ക് ഇഷ്ട്ടമാണ് . ബെസ്റ്റ് ആക്ടര്‍ എന്ന സിനിമയില്‍ ഞാനത് ആസ്വദിച്ചതും ആണ് .(ആ ചിത്രത്തില്‍ ശ്രീ മമ്മൂട്ടി ഒഴികെ എല്ലാവരും നന്നായി എന്ന് പറഞ്ഞാല്‍ അത് എന്‍റെ ഏതാണ്ട് പക കൊണ്ടാണ് എന്ന് പറയപ്പെടും എന്നതിനാല്‍  അത് പറയുന്നില്ല.  സന്തോഷമായല്ലോ ).എന്നാലും കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നത് സ്വാഭാവികം.പിന്നെ നമ്മളെ വിസ്മയിപ്പിക്കുന്നത് അഭിനയ എന്ന നടിയാണ് .(ഞാന്‍ അവരുടെ ആദ്യ ചിത്രമാണ് കാണുന്നത് ) മൂകയും ബധിരയുമായ ഒരു വ്യക്തിയായിട്ടും ആ പരിമിതികളെ എല്ലാം മാറി കടന്നു ആ നടി തന്‍റെ കഥാപാത്രത്തെ ഭംഗിയാക്കി (എടുത്തു മറിച്ചു അഭിനയിക്കാന്‍ മാത്രം ഒന്നും ഈ ചിത്രത്തില്‍ ഇല്ല എന്നിരിക്കെ ).ഗാനങ്ങള്‍ ശരാശരി . ടി ജി രവിയെ പോലുള്ള നടന്മാരെ കൊണ്ട് പോലും അശ്ലീലം പറയിപ്പിക്കുന്നത് സഹതാപാര്‍ഹമാണ് (പ്രായം ആണ് ഉദേശിക്കുന്നത് . മുന്‍കാല കര്‍മ്മങ്ങള്‍ അല്ല !!) .

അപ്പോള്‍ ചുരുക്കത്തില്‍


നേരത്തെ പറഞ്ഞത് തന്നെ. ഒരു മാതിരി അവിഞ്ഞ പപ്പി അപ്പച്ചാ.അത് സഹിച്ചവര്‍ പോലും പാട് പെടും എന്ന് ചുരുക്കം 

Tuesday, January 8, 2013

എന്‍റെ ... Ente : Movie Review


എന്‍റെ ......


 ഒരച്ഛന്‍ മഹാ നഗരത്തിന്‍റെ വാണിഭ ഇടനാഴികളില്‍  കാണാതായ മകളെ തിരയുന്ന കഥ ...

ഇതിനെന്താണ് പ്രത്യേകത ?

ഒന്നുമില്ല

ആദ്യമായി മലയാള സിനിമ  ആ അവസ്ഥയില്‍ ഒരച്ഛനെ കാണുന്നത് പ്രേംനസീറില്‍
ആണെന്നാണ്  ഓര്‍മ്മ. ബെക്കര്‍ സംവിധാനം ചെയ്ത ചാരം എന്ന ചിത്രത്തില്‍.
.അന്നത്തെ നസീറിന്‍റെ ഒരു ഇമേജ് വെച്ച് ശരിക്കും ഞെട്ടലായിരുന്നു ചാരം .
പിന്നീടു കാലാന്തരത്തില്‍ നമ്മള്‍ ജനകനും വൈരവും കണ്ടു .കര്‍മ്മയോധ 'അനുഭവിച്ചു' . ഒടുവില്‍ ഇതാ എന്‍റെ ..


ഈ സിനിമയുടെ പേരിനു പോലും പ്രസക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നു . എന്‍റെ
.. ആകുമ്പോള്‍ എന്തും നമുക്ക് വില പിടിച്ചതാണ് .എന്‍റെ  അല്ലെങ്കില്‍
എന്തിനു എന്ത് സംഭവിച്ചാലും നമുക്കൊന്നുമില്ല.ഈ പേര് പോലും ആ ഒരു ലളിതമായ എന്നാല്‍   ക്രൂരമായ സത്യം നമ്മെ ഓര്‍മിപ്പിക്കുന്നു.

                      ഒരു മഹാ നഗരത്തില്‍ വേട്ടയാടപ്പെടുന്ന ദുര്‍ഗ്ഗ (അഞ്ജലി പാട്ടീല്‍ ) എന്ന പെണ്‍കുട്ടിയില്‍  സിനിമ തുടങ്ങുന്നു.അവളെ കടിച്ചു കുടയാന്‍  വരി  നില്‍ക്കുന്ന   നിയമപാലകരും സമൂഹവും  ഒന്നും  താന്‍  അത്തരത്തില്‍  പെട്ട പെണ്‍കുട്ടി അല്ല എന്ന അവളുടെ  വിലാപം ശ്രദ്ധിക്കുന്നേ  ഇല്ല. അവിടെ  നിന്ന്  കുറച്ചു  കാലം  മുന്‍പ്  കേരള തമിഴ്നാട് അതിര്‍ത്തിയിലുള്ള അമലാപുരം  എന്ന ഗ്രാമത്തില്‍   സര്‍ക്കാര്‍ സ്കൂളില്‍  നിന്ന് ഉന്നത വിജയം നേടിയ ദുര്‍ഗയെ അഭിനന്ദിക്കുന്ന യോഗം . അവിടെ അഭിമാനത്തോടെ മകളെ ചേര്‍ത്ത് നിര്‍ത്തി സന്തോഷം കൊണ്ട് വീര്‍പ്പു മുട്ടുന്ന അച്ഛന്‍ ശ്രീനിവാസന്‍ (സിദ്ദിഖ് ) ,വീട്ടമ്മയായ അമ്മ (നീന കുറുപ്പ് ).അവിടെ നിന്നും റ്റൈറ്റിലുകള്‍  തുടങ്ങുന്നു.ഗ്രാമത്തില്‍ സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം.പൊതു കാര്യപ്രസക്തനും സര്‍വ്വ സമ്മതനുമായ ശ്രീനിവാസന്‍ ഹൈദ്രാബാദില്‍ ആണ്  ബിസ്നെസ്സ് ചെയ്യുന്നത്  .കൂട്ടുകാരിയുടെ കല്യാണത്തിന് വെച്ച് കണ്ടു ഇഷ്ട്ടപ്പെട്ടു, കല്യാണം ആലോചിച്ചു എത്തുന്ന ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ, കൂട്ടുകാരിയുടെ സഹോദരനോടും വീട്ടുകാരോടും തനിക്കു തുടര്‍ന്നും പഠിക്കണം എന്ന് മാത്രമാണ് ദുര്‍ഗ്ഗ പറയുന്നത്.ഗ്രാമത്തിലെ പെണ്‍കുട്ടികളോട് കാണിക്കുന്ന അപമര്യദയായ പെരുമാറ്റങ്ങളോട് ശക്തമായി പ്രതികരിക്കുന്നവളാണ് ദുര്‍ഗ്ഗ . ഒരു നായികയെയല്ല മറിച്ചു വ്യക്തിത്വമുള്ള ഒരു പെണ്‍കുട്ടിയെ ആണ് നമുക്ക് എവിടെ കാണാന്‍ കഴിയുന്നത്‌.വീടിനടുത്തുള്ള കോളേജില്‍ പഠിക്കാതെ ഹൈദ്രബാദില്‍ പഠിക്കാന്‍ ദുര്‍ഗ്ഗ തീരുമാനിക്കയും അവിടേക്ക് പോവുകയും ചെയ്യുന്നിടത്താണ് കഥയുടെ വഴിത്തിരിവ് .ഇനി നമ്മള്‍ പ്രതീക്ഷിക്കുന്നതെന്താണ് ? നഗരത്തില്‍ എത്തുന്ന ദുര്‍ഗ്ഗ സമ്പന്നരായ കുട്ടികളുമായി ചങ്ങാത്തത്തില്‍ ആകുന്നു കൂടെ കൂടി മനപൂര്‍വമോ ചതിയില്‍പ്പെട്ടോ പീഡനത്തിന് ഇരയാകുന്നു .ഒരിക്കല്‍ അങ്ങനെ സംഭവിച്ചു എന്നത് ജീവിതമേ നശിച്ചു എന്നു കരുതി എല്ലാ സ്വപ്നങ്ങളും ഉപേക്ഷിച്ചു അങ്ങനെയുള്ള ഒരു വഴിയേ  മുന്നോട്ടു പോകുന്ന പെണ്‍കുട്ടി. അവളെ തിരയുന്ന അച്ഛന്‍ . ഒടുവില്‍ മകളെ വാണിഭ ചന്തയില്‍ നിന്ന് കണ്ടു കിട്ടുമ്പോള്‍ ഞാന്‍ നശിച്ചു എന്ന് അലറിക്കരഞ്ഞു  ആത്മഹത്യ ചെയ്യുന്ന നായിക.

ഇതല്ലേ?

ഇവിടെയാണ് ഈ ചിത്രം വ്യത്യസ്തമാകുന്നത്. സംഗതി പീഡിപ്പിക്കപ്പെടുന്ന നിഷ്കളങ്കയായ പെണ്‍കുട്ടിയും അവളെ തേടി നടക്കുന്ന അച്ഛനും ഒക്കെ തന്നെ ആണെങ്കിലും കഥ നമ്മള്‍ പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ്‌  മുന്നോട്ടു പോയി അവസാനിക്കുന്നത്‌.ഒരു നിമിഷം പോലും ബോര്‍ അടിപ്പിക്കാതെ,തികച്ചും
റിയലിസ്റ്റ്ട്ടിക് ആയി , ചുരുങ്ങിയ കഥാപാത്രങ്ങളെ കൊണ്ട് വൃത്തിയായി ഈ കഥ പറഞ്ഞതിന് സംവിധായകന്‍ രാജേഷ്‌ റ്റച്റിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഒപ്പം നിര്‍മ്മാതാവ് സുനിത കൃഷ്ണനും.പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്തുന്നതില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. 3 ഇഡിയററ്സ് പോലുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ശന്തനു മോയിട്ര ആ ജോലി വൃത്തിയായി നിര്‍വഹിച്ചു .ചക്രവ്യൂഹ് പോലുള്ള സിനിമകളില്‍ അഭിനയിച്ച അഞ്ജലി പാട്ടീല്‍ ആണ് ഈ ചിത്രത്തിന്‍റെ ജീവന്‍ എന്ന് പറയാം. നടന്‍ സിദ്ദിഖ് തന്‍റെ  വേഷം തികച്ചും നന്നായി തന്നെ ചെയ്തു. (നടന്‍ പ്രകാശ്‌ രാജ് വില്ലനായി അഭിനയിക്കുന്ന പല വേഷങ്ങളും കാണുബോള്‍ അറിയാതെ നടന്‍ രഘുവരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുന്നത് പോലെ ഹെവി ആയ റോളുകള്‍ സിദ്ദിഖ് ചെയുമ്പോള്‍ സായി കുമാറിനെ ഓര്‍മവരുന്നത് എന്ത് കൊണ്ടാണ് എന്നിത് വരെ എനിക്ക് മനസിലായിട്ടില്ല എന്നതും സത്യം)

ഒരു വന്‍പിച്ച മെലോഡ്രാമ ചിത്രത്തിന്‍റെ അവസാനം പ്രതീക്ഷിക്കുന്നവര്‍ക്ക് നിരാശയാകും ഫലം. ഇത്ര കൈയ്യടക്കത്തോടെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് ശക്തമായ ഒരു അവസാനം സൃഷ്ട്ടിച്ച ഈ ചിത്രത്തിന്‍റെ അണിയറക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിന്റെ അവസാനം ഉമ്മറപ്പടിയിലിരുന്നു നിറയുന്ന കണ്ണുകളുമായി ഇരിക്കുന്ന ദുര്‍ഗ്ഗയുടെ ചുണ്ടില്‍ വിരിയുന്ന ചെറു ചിരി പുഛത്തിന്‍റെയോ നിസ്സഹായതയുടെയോ ആശ്വാസത്തിന്‍റെയോ എന്നൊരു ചോദ്യം നമ്മുടെ മനസ്സിലേക്ക് എറിഞ്ഞു തന്നാണ് ഈ ചിത്രം അവസാനിക്കുന്നത്‌ .

പറയുമ്പോള്‍ എല്ലാം പറയണമല്ലോ.തിരുവനന്തപുരത്ത് ഒരൊറ്റ ഷോ ആണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് . സിനിമ കാണാന്‍ വിരലില്‍ എണ്ണാവുന്ന ആളുകളുംചുരുക്കത്തില്‍ .....അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷം മനസ്സിനെ സ്പര്‍ശിക്കുന്ന ഒരു  കൊച്ചു ചിത്രം.
 

ഡാ പ്രേക്ഷകാ .. (1)

അനിയാ എങ്ങോട്ടാ എത്ര തിരക്കിട്ട് ?


നിര്‍ത്തി അണ്ണാ നിങ്ങളുമായുള്ള സകല പരിപാടിയും നിര്‍ത്തി . സണ്ണി വെയിനേയും അഷിഖ് അബുവിനെയും തിരിച്ചറിയാത്ത നിങ്ങള്‍ ഒരു മലയാളി ആണോ ?

അനിയാ നീ ക്ഷമി ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും .അതിരിക്കട്ടു നീ എപ്പോള്‍ എങ്ങോട്ടാ വെച്ച് പിടിച്ചു ?

പ്രസ്സ് ക്ലബില്‍ നിന്ന് വരുന്ന വഴിയാ.വാര്‍ത്ത‍ ചൂടോടെ കാളകൂടത്തില്‍ എത്തിക്കണം .

എന്തോന്ന് വാര്‍ത്ത‍ അനിയാ ? ഇവിടെയും വല്ല ബസ്സും .....‌

അണ്ണാ അതൊക്കെ അങ്ങ് ഡല്‍ഹിയില്‍ എവിടെ ട്രെന്റ് വേറെയാ. പ്രേമബന്ധത്തില്‍ നിന്നു പിന്മാറുക, അല്ലെങ്കില്‍ പ്രേമാഭ്യര്‍ഥന നിരസിക്കുക തുടങ്ങിയ മാരക കുറ്റങ്ങളുടെ പേരില്‍ പെണ്‍പിള്ളേരുടെ വീട്ടില്‍ കേറി കയ്യില്‍ കിട്ടുന്നവനെ എല്ലാം വെട്ടുക തട്ടുക എന്നതല്ലേ നമ്മുടെ ഒരു കറണ്ട് ട്രെന്‍റ് (റിലേ പീഡനവും വാണിഭവും ഒന്നും ഇല്ല എന്നല്ല ബട്ട്‌ ട്രെന്‍റ് ഇതാണ്)

പിന്നെ ഇതിപ്പം എന്തോന്ന് ?

നമ്മുടെ ഫോര്‍ട്ട്‌ കൊച്ചി ഭാഗത്തെ പത്തിരുപതു റെസിഡന്റ്റ് അസോസിയേഷനുകള്‍ യോജിച്ചു ഒരു പത്ര സമ്മേളനം . സംഗതി സിമ്പിള്‍ .മലയാളത്തില്‍ അടുത്തിടെ ഇറങ്ങുന്ന സിനിമകളില്‍, പ്രത്യേകിച്ചു ന്യൂജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന സിനിമകളില്‍ കൊച്ചിക്കാരെ ഗുണ്ടകളും, ആഭാസന്‍മാരും, മഹാ വൃത്തികെട്ടവരായും  ആയി ചിത്രീകരിക്കുന്നു.ഇങ്ങനെയുള്ള സിനിമകള്‍ ഇവരെ മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നത് ആയതിനാല്‍ മേലില്‍ ഇനി ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ഏതു ചിത്രവും ഈ പതിരുപതിനാല് സംഘടനകളുടെ നേതാക്കളെ കാണിച്ചു ബോധ്യപ്പെടുത്തി അവര്‍ നിര്‍ദേശിക്കുന്ന മാറ്റങ്ങളോടെ വേണം ഇറക്കാന്‍ എന്നതാണ് ഇവരുടെ അത്യാവശ്യം. ഇനി ഇവരുടെ കണ്ണ് വെട്ടിച്ചു വല്ല പടവും ഇറങ്ങി പോയാല്‍ അതിലെ നായകന്‍ നിര്‍ബന്ധമായും അടുത്ത സിനിമയില്‍ നല്ലവനായ ഒരു കൊച്ചിക്കാരനായി അഭിനയിച്ചിരിക്കണം. ഈ ആവശ്യം നടപ്പക്കിയില്ലങ്കില്‍ ഒരൊറ്റ ന്യൂ ജനറേഷന്‍ ചിത്രം ഈ കേരളത്തില്‍ ഇറങ്ങാന്‍ സമ്മതിക്കില്ല എന്ന് നേതാവ് ഊന്നി പറഞ്ഞു.മിക്കവാറും നമ്മുടെ അനൂപ്‌ മേനോന്‍ മുതല്‍  ഫഹദ് ഫാസില്‍  വരെയുള്ളവര്‍  തെണ്ടിയത് തന്നെ .കിടിലം തന്നെ അല്ലെ അണ്ണാ ?

ശരി നടക്കട്ടെ .

അതെന്തോന്നു അണ്ണാ ഒരു താല്പര്യം ഇല്ലാത്ത ലൈന്‍.അല്ല ഞാനൊന്നു ചോദിക്കട്ടെ ഈ കൊച്ചിയില്‍ മാത്രമേ അധോലോകം ഉള്ളോ ?

അല്ല അനിയാ കേരളം അങ്ങോളം ഇങ്ങോളം ഈ ലോകം ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു.  ലോകത്തെവിടെയും  പ്രതികരണ ശേഷി ഇല്ലാത്ത മന്ദബുദ്ധികള്‍ തിങ്ങി പാര്‍ക്കുന്നിടതെല്ലാം ഈ ലോകം പടര്‍ന്നു പന്തലിക്കുകയും ചെയ്യും. കൊച്ചി പോലെയുള്ള ഒരു സ്ഥലത്ത് അത് ഒരു തുറമുഖപട്ടണം ആയതിനാല്‍ സംഗതി കുറച്ചു കൂടി സ്ട്രോങ്ങ്‌ ആന്‍ഡ്‌ വെല്‍ ഓര്‍ഗനൈസഡ് ആയിരിക്കും എന്നേ ഉള്ളു .

അപ്പോള്‍ പിന്നെ എല്ലാ സിനിമയിലും എങ്ങനെ കൊച്ചിയെ കൊച്ചിക്കാരെ മോശമായി ചിത്രീകരിക്കുന്നത് ......


അതിനു എല്ലാ സിനിമയും എടുക്കുന്നത് ഒരാള്‍ അല്ലല്ലോ.ഓരോരുത്തര്‍ അവരവര്‍ക്ക് അറിയുന്ന സാഹചര്യങ്ങളും പരിചയമുള്ള വ്യക്തികളെയും അടിസ്ഥാനമാക്കിയാണ് കഥയെഴുതുന്നത്.ഈ അടുത്ത കാലത്ത് എന്ന ചിത്രം തിരുവനന്തപുരം പാശ്ചാത്തലമാക്കി ഉള്ളതല്ലേ .അതിലും അധോലോകം ഇല്ലേ . അതിനു കാരണം ആ സിനിമയുടെ കഥയെഴുതിയ ആള്‍ക്ക് പരിചയമുള്ള പാശ്ചാത്തലം തിരുവനന്തപുരം ആണ്  എന്നതാകണം . അതങ്ങനെ പാടില്ല എന്ന് പറയുന്നത് മോശമല്ലേ അനിയാ.പിന്നെ അങ്ങനെ കുറെ സിനിമകള്‍ വന്നു എന്ന് കരുതി എല്ലാ കൊച്ചിക്കാരും അങ്ങനെയാണ് എന്ന് ആരെങ്കിലും പറയും എന്ന് (നമ്മുടെ മന്ദബുദ്ധി പൊതുജനം പോലും) എനിക്ക് തോന്നുന്നില്ല . ബോംബെ പാശ്ചാത്തലമാക്കി എത്രയോ അധോലോക സിനിമകള്‍ വരുന്നു എന്ന് കരുതി ഈ ഐ റ്റി ബൂം ഇല്ലായിരുന്നു എങ്കില്‍ ഇന്നും മലയാളി പെട്ടിയും എടുത്തു  മുംബയ്ക്ക് വണ്ടി കേറിയേനെ.ശരിയല്ലേ ?

അല്ല മറ്റു സ്ഥലങ്ങളിലെ അധോലോകം .....?

അനിയാ നിന്നോട് കൊച്ചി മാത്രം കേന്ദ്രമാക്കിയെ അധോലോക ന്യൂ ജനറേഷന്‍ സിനിമകള്‍ എടുക്കാന്‍ പാടുള്ളൂ എന്ന് ആരെങ്കിലും പറഞ്ഞോ ഇല്ലല്ലോ . നീ പോയി കൊല്ലം, കിളിമാനൂര്‍ , ആറ്റിങ്ങല്‍ അധോലോകങ്ങള്‍ പാശ്ചാത്തലമാക്കി ന്യൂ ജനറേഷന്‍  പടം പിടിക്കെടെ. പക്ഷെ കാണുന്നവനെ കൊല്ലരുത് അത്രേയുള്ളൂ.
                                
ഇനി ഇതൊന്നും പോരെങ്കില്‍  ഇതൊക്കെ നോക്കാന്‍ സെന്‍സര്‍  ബോര്‍ഡ്‌  എന്നൊരു സാധനം നിലവിലുണ്ട്  (ഉണ്ടല്ലോ അല്ലെ?) . അവര്‍ കൃത്യമായ  നിയമങ്ങള്‍  അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് . ആ നിയമാവലി വാങ്ങി പഠിച്ചിട്ടു അതില്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍  അത് തിരുത്താന്‍  സര്‍ക്കാറിനോട്  ആവശ്യപ്പെടുക എന്നതല്ലേ ജനാധിപത്യപരമായ  മാര്‍ഗം?  ഇനി അതില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗരേഖകള്‍ സെന്‍സര്‍ ബോര്‍ഡ്‌ പാലിച്ചിട്ടില്ല എങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് എതിരെ നടപടിക്കു ആവശ്യപ്പെടുക എന്നതല്ലേ ന്യായം?

അല്ല അതിപ്പോള്‍  ഈ  ഭരണകൂടവും സെന്‍സര്‍  ബോര്‍ഡും  എല്ലാം മറ്റുള്ളവരുടെ കയ്യിലല്ലേ?  അവന്മാര്‍ക്ക് പാവം കൊച്ചിക്കാരെ എങ്ങനെ  താറടിക്കണം  എന്നല്ലേ ചിന്തയുള്ളൂ.

അപ്പോള്‍ നിയമ വ്യവസ്ഥയോ? എപ്പോള്‍ തമിഴ് നാട്ടില്‍ നിന്ന് ഒരുത്തന്‍ വന്നു ഒന്ന് രണ്ടു കൊല്ലം കള്ളപേരില്‍ കൊച്ചിയില്‍ താമസിച്ചു ഒരു അധോലോക സംഘം വളര്‍ത്തി എന്നുള്ള കഥ സിനിമയില്‍ കണ്ടാല്‍ കൊച്ചി മൊത്തം അങ്ങനാണ് എന്നാണ് പറയുന്നത് എന്ന് തോന്നി അങ്ങ് വൃണപ്പെടും എങ്കില്‍ സെന്‍സര്‍ നിയമങ്ങള്‍ പരിഷ്കരിക്കണം എന്നാവശ്യപ്പെട്ടു കോടതിയെ സമീപിച്ചു കൂടെ ?


ഓ .... അതിനൊക്കെ ആര്‍ക്കു സമയം?. ഇതാവുമ്പോള്‍ എളുപ്പം കാര്യം നടക്കും എല്ലാവനും ഒരു പേടിയും വരും .


അനിയാ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ഇതല്ലേ ഗുണ്ടായിസം അഥവാ ഫാസിസം? പിന്നെ ഈ ഒരു സഹിഷ്ണുതക്കുറവു എന്ന് നമ്മുടെ ചുറ്റും പലരീതിയില്‍ നമുക്ക് കാണാം.ജാതിയില്‍, രാഷ്ട്രീയത്തില്‍, തുടങ്ങി സിനിമയില്‍ , അതിന്‍റെ ആസ്വാദനത്തില്‍ വരെയുണ്ട് ഈ മനോഭാവം. ഭരണകൂടം എന്ന സംഗതി ഇത്തരം പ്രവണതകള്‍ മുളയിലേ നുള്ളാതെ കേവലം വിലകൂട്ടുന്ന യന്ത്രം മാത്രമായി അധപ്പതിക്കുമ്പോള്‍ ചിത്രം പൂര്‍ത്തിയാകുന്നു. പിന്നെ  വിഷം  നിരന്തരമായി  കുത്തി  വയ്ക്കുന്ന  നിന്‍റെ  അണലി  ഷാജിയെ  പോലുള്ള  ഓണ്‍  ലൈന്‍  സിംഹങ്ങള്‍  കൂടിയാകുമ്പോള്‍ തികഞ്ഞു .

അങ്ങനെ പറയല്ലേ .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിത്യജീവിതത്തിലെ നൈര്യന്തരങ്ങളിലെ അന്തരാളങ്ങളിലൂടെ അതിവായനയുടെ മഹാസാഗരത്തില്‍ ........


പ്ലീസെ അനിയാ ആകെക്കൂടെ ഉള്ളത് കുറച്ചു ക്ഷമയും സഹന ശക്തിയുമാണ് . നീ രണ്ടും ഇല്ലാതാക്കിയേ അടങ്ങുള്ളോ ...?

അല്ല അണ്ണാ ഒരു ചെറിയ സാമ്പിള്‍ .......

അനിയാ , ആയ കാലത്ത് പഠിക്കാന്‍ വിട്ടപ്പോള്‍ നാട്ടില്‍ ഗോലി  കളിച്ചും, പട്ടം പറത്തിയും  നടന്ന് , പട്ടാളത്തില്‍ ചേരുന്നതിനു പകരം    പ്രവാസികളായ ഒരു കൂട്ടം ടീമുകള്‍ ഉണ്ട് , നെറ്റും, ബ്ലോഗും , ഗൂഗിള്‍ ട്രാന്‍സിലേറ്ററും ഒക്കെ വന്നപ്പോള്‍ ലവനോക്കെ സ്വയം സാമൂഹ്യ പരിഷ്കര്‍ത്താക്കളും , വിമര്‍ശകരും ആണെന്ന് ഒരു തോന്നലും ഉണ്ടായി. അതിന്റെ എനക്കേടില്‍ നിന്നാണ് ഈ വിഷം കുത്തി വെയ്ക്കലിന്‍റെ തുടക്കം.ഇതിന്‍റെ ഒരു വലിയ വകഭേദം മാത്രമാണ് നീ നേരത്തെ പറഞ്ഞ ഈ കൊച്ചിക്കാരുടെ പ്രശ്നം

അങ്ങനെ പ്രവാസികളെ മാത്രം കുറ്റം പറയരുത് . നാട്ടിലും നല്ല കിടിലം വിമര്‍ശകര്‍ ഇല്ലേ ?

ഞാന്‍ നേരത്തെ പറഞ്ഞ  പ്രവാസി ടീമുകളെ പോലെ തലയില്‍ ആള്‍ താമസം ഇല്ലാത്ത, അല്ലെങ്കില്‍ മനസ്സില്‍ വീഷം സൂക്ഷിക്കുന്ന സൈസുകള്‍ വായനക്കാരായും  , ആരാധകരായും ഒക്കെ കിട്ടും എന്ന് മനസിലായപ്പോള്‍ ആണ് നാട്ടില്‍ അണലി ഷാജി തുടങ്ങിയ ഞാഞ്ഞൂലുകള്‍ക്ക് വിഷം വെച്ചത് 

അണ്ണാ അത് പിന്നെ ...അവര്‍ പറയുന്നതിലും ചില സത്യങ്ങള്‍ ഒക്കെ ഇല്ലേ ?

അനിയാ നീ ദേവാസുരം എന്ന സിനിമ കണ്ടിട്ടുണ്ടോ ?

പിന്നെ , ഉഗ്രന്‍ പടമല്ലേ ?

എന്നിട്ട് ആ സിനിമയെക്കുറിച്ച് നീ കഴിഞ്ഞയാഴ്ച ഫ്യൂഡല്‍  വ്യവസ്ഥിതിയില്‍ വാണരുളുന്ന മാടമ്പിയായ നായകനെ മലയാളിയുടെ മനസ്സില്‍ സിമന്‍റ്  ഇട്ടു ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ , ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായ ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നിനക്ക് മോര്‍ണിംഗ് സിക്ക്നസ്സും ഓക്കാനവും ഇപ്പോഴും വരാറുണ്ട് എന്ന് പ്രസംഗിക്കുന്നത് കേട്ടല്ലോ ?

അത് പിന്നെ അണ്ണാ , അണലി ഷാജി സാറിന്‍റെ 'നാന്‍ ഒരു സോമ്പേരി - ഗൊയ്യാ ക്ലാക്ലാവിസ്കി പറഞ്ഞത് ശരിയാണ് ' എന്ന സാമൂഹ്യ വിമര്‍ശന സര്‍ക്കാസ്റ്റിക്ക്   ലേഖനങ്ങളുടെ പ്രകാശനം ഉണ്ടായിരുന്നു .

പറഞ്ഞു വരുമ്പോള്‍ ചിനിമാ നിരൂബകന്‍ ആയ നിന്നോട് ദേവാസുരത്തെക്കുറിച്ച് പരാമര്‍ശിക്കാനും അതിനെ വിമര്‍ശിക്കാനും അണലിയും ടീമുകളും പറഞ്ഞു കാണും അല്ലെ ?

പ്രസംഗം വരെ എഴുതി തന്നു അണ്ണാ. 

 ദേവാസുരത്തില്‍  അണലിയും സ്റ്റീമും ഏറ്റവുമധികം കുറ്റം പറയുന്നത് ആ സിനിമയിലെ പ്രധാന കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠന്‍ വസ്തുവിന് വില ചോദിച്ചു വരുന്ന പഴയ ഒരു തേങ്ങക്കള്ളന്‍റെ മകനെ ഓടിച്ചു വിടുന്ന ഒരു സീനാണ്

തന്നെ  തന്നെ . അണ്ണാ, അത് ഓര്‍ക്കുമ്പോള്‍ എനിക്ക് ഇപ്പോഴും ചൊറിഞ്ഞ് വരുന്നു

എങ്കി നീ വല്ല മുള്ള് മുരിക്കിലും വലിഞ്ഞു കേറ് . ആശ്വാസം കിട്ടും. ഡാ , തന്‍റെ  ഇല്ലാത്ത പിതൃത്വത്തിന്‍റെയും , തറവാടിത്തത്തിന്‍റെയും   മഹത്വത്തില്‍ അഹങ്കരിച്ചു നടക്കുന്ന ഒരു കഥാപാത്രം അങ്ങനെ ഒരു സീന്‍ വരുമ്പോള്‍ പിന്നെ എങ്ങനെ പ്രതികരിക്കണം ? "അല്ല ഇതാര് തേങ്ങാ കള്ളന്‍ സുബൈറിന്‍റെ  മോന്‍ ഇസ്മയിലോ ? വരണം , അകത്തു കയറി ചാരുകസേരയില്‍ തന്നെ ഇരിക്കണം. ഗള്‍ഫില്‍ പോയി കുറെ കാശുണ്ടാക്കി അല്ലെ? തെങ്ങിന്തോപ്പ് തത്കാലം ഞാന്‍ കൊടുക്കുന്നില്ല. പോലീസ് കേസ് തലയിലായി നിവര്‍ത്തിയില്ലത്ത ഘട്ടത്തില്‍ ഞാന്‍ അത് കുറഞ്ഞ വിലയ്ക്ക് നിങ്ങള്ക്ക് തന്നെ തരാം. കുടിക്കാന്‍ കാപ്പിയോ, ചായയോ, സുലൈമാനിയോ ? " എന്ന് ചോദിക്കണോ. ഒരു പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് അതാകും കൂടുതല്‍ അരോചകമായി തോന്നുക

അല്ല അണ്ണാ , അങ്ങനെ ചുമ്മാ സിനിമ കണ്ടാല്‍ മാത്രം പോരാ . അതിലെ ഹിഡന്‍ അജണ്ടകളും നമ്മള്‍ കാണണം .


എന്തോന്ന് ഹിഡന്‍ അജണ്ട? കോടികള്‍ മുടക്കി സിനിമ എടുക്കുന്നവന് ഒന്നുകില്‍ പടം ഹിറ്റാക്കി രക്ഷപ്പെടണം അല്ലെങ്കില്‍ കറുപ്പ് വെളുപ്പിക്കണം ഈ രണ്ട് അജണ്ടകളില്‍ ഏതെങ്കിലും ഒന്ന് മാത്രമേ കാണു . ഹിഡന്‍ അജണ്ട ഉള്ളത് അണലി ഷാജി തുടങ്ങിയ ടീമുകള്‍ക്കാണ് . സവര്‍ണ്ണ വര്‍ഗ്ഗിയ ഫാസിസം, ന്യൂനപക്ഷ പീഡനം അല്ലെങ്കില്‍ ന്യുനപക്ഷ സര്‍വാധിപത്യം, സ്ത്രീ പക്ഷ ഉണ്ട  തുടങ്ങിയ കുറെ തേഞ്ഞു പഴകി അവനവനു  പോലും അര്‍ഥം അറിയാത്ത വാക്കുകളും എടുത്തു അവനൊക്കെ നിരൂപിക്കാന്‍ ഇറങ്ങിക്കൊള്ളും നമ്മുടെ ആള്  അല്ലെ പറഞ്ഞത് സിന്ദാബാദ് വിളിച്ചേക്കാം എന്ന് കരുതി അവനൊക്കെ ഒപ്പാരി പാടുന്ന സ്വന്തം തലയില്‍ ആള്‍ത്താമസം  ഇല്ലത്തവന്മാര്‍ ഇവനൊക്കെ വളവും ആകും 

അല്ല അണ്ണാ ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളെക്കുറിച്ച് അണലി സാര്‍ നടത്തിയ ചില  ഭൌതിക തലങ്ങള്‍ കടന്നു  അന്താരാളങ്ങളെ സ്പര്‍ശിച്ചു കളഞ്ഞു എന്ന് പരക്കെ അഭിപ്രായം ഉണ്ട് .

മുട്ട് കാല്‍ അവന്റെ അന്തരാളത്തില്‍ ആഞ്ഞു സ്പര്‍ശിച്ചാല്‍ തീരാവുന്ന കഴപ്പേ അണലിക്ക് ഉള്ളു.  എങ്കിലും ജനാധിപത്യ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ലവന് വരെ ഉള്ളത് കൊണ്ട് എന്റെ അഭിപ്രായം ഞാന്‍ പറയാം ഈ അടുത്ത കാലത്ത് എന്നാ സിനിമയെക്കുറിച്ച് അണലി നടത്തിയ ഏറ്റവും കിടിലം നിരീക്ഷണം അതിലെ ഒരു ബ്രാഹ്മണ കഥാപാത്രം നായകന് നിധി കിട്ടും എന്ന്   പ്രവചനം പോലെ   പറയുന്നതും ഒടുക്കം അത് സത്യമാകുന്നതിനെയും കുറിച്ചായിരുന്നു   ആയിരുന്നു . തീര്‍ത്തും മണ്ടനായ ഒരു കഥാപാത്രമായി അവതരിപ്പിക്കപ്പെട്ട ആ ബ്രാഹ്മണന്‍ അണലിയുടെ വിഷം നിറഞ്ഞ കണ്ണുകളില്‍ സവര്‍ണ്ണ മേധാവി. അനിയാ ഇതിനൊക്കെ പള്ളിവാസലില്‍ നിന്ന് ലൈന്‍ വലിച്ച് ഷോക്ക് കൊടുക്കണം എന്നല്ലാതെ എന്ത് പറയാന്‍ ?

അണ്ണാ നിങ്ങള്‍ കാട്ടിലോട്ട് കയറാതെ ഈ വിഷയത്തില്‍ ഞാന്‍ എന്ത് എഴുതണം എന്ന് പറ ?


അനിയ നീ എന്തെഴുതണം എന്ന് എന്നോടോ മറ്റ്  മറ്റ്  ആരോടെങ്കിലോടുമോ    ചോദിക്കുന്നതും,  നിന്‍റെ  ചിന്തയെ ഞങ്ങള്‍ മാസ്ക് ചെയ്യുന്നതുമാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശനം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സ്വന്തം തല ഉപയോഗിച്ച് ചിന്തിക്ക് . ഒരു ഉദാഹരണം വേണേല്‍ പറയാം കേട്ടോണ്ട്‌ പോ .

പറയണം

പലേരി മാണിക്യം എന്ന സിനിമയില്‍ ബാര്‍ബര്‍ ആയ  ശ്രീനിവാസനെ ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ അടിക്കാടും മേക്കാടും വെട്ടത്തതിനു മമ്മൂട്ടിയുടെ കഥാപാത്രം തള്ളക്കു വിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. ഈ സീനിനെ മനസ്സില്‍ വിഷമുള്ളവര്‍ക്ക്   ഫ്യൂഡല്‍ വ്യവസ്ഥ തിരിച്ചുവരണം എന്ന സംവിധായകന്‍ താടിയുടെ രഹസ്യമായ ആഗ്രഹത്തിന്റെ പ്രതിഫലനം ആണെന്ന് കാണാം പ്രചരിപ്പിക്കാം . ആ വിഷം മനസ്സില്‍ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ആളുകള്‍ പീഡിപ്പിക്കപ്പെട്ട ഒരു കാലത്ത് നിന്നുമാണ് ഇന്നത്തെ ഭേദപ്പെട്ട  നിലയില്‍ (അന്നുമായി താരതമ്യം ചെയുമ്പോള്‍ ) നമ്മള്‍ എത്തിയത് എന്നും കാണാം . ഇതില്‍ ഏതു വേണം എന്ന് തീരുമാനിക്കാനുള്ള സാമാന്യ ബുദ്ധി എല്ലാ മനുഷ്യര്‍ക്കും ഉണ്ട്. ആതൂ ഉപയോഗിക്കണം എന്ന് മാത്രം

അപ്പോള്‍ ചുരുക്കത്തില്‍........

ഒരുമാതിരിപ്പെട്ട സകലവനും വിലകയറ്റം മുതല്‍  നൂറു പ്രശ്നങ്ങളില്‍ കിടന്നു നട്ടം തിരിയുന്ന ഈ കാലത്ത് ഓരോ സാധാരണ മനുഷ്യനും രാവിലെ കണ്ണ് തുറന്നാല്‍ തന്നെ ദിവസം മുഴുവന്‍ കാത്തിരിക്കുന്ന കുരിശുകളെ അതിജീവിച്ചു എങ്ങനെ ഒരു ദിവസം കൂടി തള്ളി നീക്കാം എന്ന് ചിന്തിക്കുന്നവര്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.അല്ലാതെ ഇവനൊക്കെ രാവിലെ എഴുനേറ്റ പാടെ രണ്ടു പുതിയ അജണ്ടയുമായി ഇറങ്ങുകയാണ് എന്ന് നിങ്ങളെ ആര് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും , അത് വെള്ളയോ, പച്ചയോ , കാവിയോ, ചുവപ്പോ, ഖദറോ ആര് തന്നെ ആയാലും അവരൊന്നും  നമ്മുടെ ആരുടേയും മിത്രങ്ങള്‍ അല്ല മറിച്ചു ഈ സമൂഹത്തിന്‍റെ തന്നെ ശത്രുക്കള്‍ ആണ് എന്ന് നമ്മളൊക്കെ മനസിലാക്കുന്ന ദിവസം ഈ നാട് ജീവിക്കാന്‍ കൊള്ളാവുന്ന ഒന്നായി മാറിയേക്കും എന്ന് ചുരുക്കം .

ജയ്‌ ഹിന്ദ്‌

Saturday, January 5, 2013

അന്നയും റസൂലും (Annyum Rasoolum Movie Review )

അണ്ണന്‍ ആള് ഒരു സംഭവം ആണല്ലോ . എന്നാലും മോശമായി പോയി

 അതെന്താ അനിയാ നിനക്ക് ഇപ്പോള്‍ അങ്ങനെ തോന്നാന്‍?

അല്ല . അണ്ണന്‍റെ പേരില്‍ ഒരു പടം പോലും ഇറങ്ങുന്ന കാലമായി നമ്മളോട് ഒരു വാക്ക് ... ചിത്ര വിദ്വേഷത്തില്‍ ഒരു കലക്കന്‍ വാര്‍ത്തക്കുള്ള സ്കോപ് അല്ലെ നശിപ്പിച്ചത് .ആരാ അണ്ണാ ഈ റസുല്‍ ?


അനിയാ നീയാണോ ഞാനാണോ വെള്ളം? എനിക്ക് സത്യത്തില്‍ ഒന്നും മനസിലായില്ല .എന്‍റെ പേരില്‍ ഏതു പടം ?

ചുമ്മാ തള്ളല്ലേ ഞാന്‍ ഞാന്‍ ഇന്നും  കൂടി കണ്ടതല്ലേ പോസ്റ്റര്‍ .... അണ്ണനും റസൂലും എന്ന് വെണ്ടയ്ക്ക വലിപ്പത്തില്‍ എഴുതി വെച്ചിരിക്കുന്നത് .


അനിയാ നീയൊക്കെ മലയാളത്തിനു ശ്രേഷ്ട്ട ഭാഷാ പദവി വാങ്ങി കൊടുത്തേ അടങ്ങു അല്ലെ ? എടാ അത് വായിക്കേണ്ടത് അന്നയും റസൂലും എന്നാണു . ന്യൂ ജനറെഷന്‍ നായകന്‍ ഫഹദ് ഫാസില്‍ ഫ്രൈഡേ എന്ന ഉജ്വല ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി നിക്കര്‍ ഇടാതെ അഭിനയിക്കുന്ന ചിത്രം എന്നൊരു പ്രത്യേകത ആണ് ഈ ചിത്രത്തിന് ഉള്ളത് .

ഇങ്ങനെ അശ്ലീലം പറയാന്‍   നിങ്ങളാരു വി കെ പ്രകാശോ അനൂപ്‌ മേനോനോ? അണ്ണാ . സംവിധാനം  രാജീവ്‌ രവി.നിര്‍മാണം കെ മോഹന്‍  , വിനോദ് വിജയന്‍ , സന്തോഷ്‌ എച്ചിക്കാനം തിരകഥ എഴുതിയ ഈ ചിത്രത്തിന്‍റെ കഥ രൂപ പ്പെടുത്തിയിരിക്കുന്നത്  രാജീവ്‌ രവിയും , സന്തോഷ്‌ എച്ചിക്കാനവും പിന്നെ ഒരു  ജി  സുഗതനും  ചേര്‍ന്നാണ് .നായകന്‍ ഫഹദ് ഫാസിലിനെ കൂടാതെ ആന്‍ഡ്രിയാ  ജെര്‍മിയ മുതല്‍  നമ്മുടെ സ്വന്തം താടി രഞ്ജിത്  കസറുന്നുണ്ട്‌ ഈ ചിത്രത്തില്‍  .ഇത്രയും ഒക്കെ  എല്ലാവര്ക്കും അറിയാം . ബാക്കി പറഞ്ഞെ.

എന്നാല്‍ അറിയാത്ത  കാര്യം കൂടി പറയാം ഈ ചിത്രത്തില്‍ ഒരു ന്യൂ ജനറേഷന്‍  വേണു നാഗവള്ളി (ചില്ല് ) ആയി സണ്ണി വെയിന്‍ അഭിനയിക്കുന്നു..ഒപ്പം സംവിധായകന്‍ ശ്രീ അഷിഖ് അബു നായകന്‍റെ ചേട്ടന്‍ ഹൈദര്‍ ആയും വരുന്നു


 ആന്നോ പുള്ളി എന്തായാലും കലക്കും . അപ്പോള്‍ ഈ സിനിമ? ഒരിക്കലെങ്കിലും    പ്രണയിച്ചവര്‍ക്ക്   മാത്രം മനസിലാവുന്ന സാധനമാണോ അതോ    എല്ലാവര്‍ക്കും   മനസ്സിലാകുമോ ?
അനിയാ , ഈ മലയാളിയുടെ പ്രേമം പ്രേമം എന്നൊക്കെ പറയുന്നത് ഈ ജന്‍മിത്വം പോലെ പണ്ട് പണ്ട് നിലവിലിരുന്ന ഒരു സംഗതി ആയാണു ഞാന്‍ മനസിലാക്കുന്നത്‌ . ജന്മിത്വം പോലെ തന്നെ ഇന്നും ബുദ്ധിയുള്ളവര്‍ പ്രേമത്തിന്‍റെ പേര് പറഞ്ഞും മണ്ടന്മാരെ പറ്റിച്ചു ജീവിക്കുന്നു.

ചുമ്മാതിരി അണ്ണാ .വെറുതെ മലയാളിയുടെ പൌരുഷത്തെ ചോദ്യം ചെയ്താല്‍ ഉണ്ടല്ലോ ...ഇപ്പോളത്തെ .മലയാളിക്ക് പ്രേമം എന്താണ്  അറിയില്ല എന്നൊക്കെ പറഞ്ഞാല്‍ ......


അടങ്ങേടെ , മലയാളിയുടെ മൊത്തം കാര്യം അവിടിരിക്കട്ടെ . ഈ പ്രേമം എന്ന് പറഞ്ഞാല്‍ എന്താ .....


കണ്ടോ ഇതാ പറഞ്ഞേ അണ്ണന് ഇതിനെ പറ്റി ഒന്നും അറിയില്ല എന്ന് . ഇങ്ങനെ ഉള്ളവര്‍ക്ക് ഇതു മനസിലാകില്ല . അണ്ണാ ഈ പ്രേമം എന്നൊക്കെ പറഞ്ഞാല്‍ വിശദീകരിക്കാന്‍ പറ്റാത്ത ഒരു പ്രത്യേക സംഗതിയാണ് . അത് എപ്പോള്‍ തോന്നും ആരോടു തോന്നും എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല .മനസ്സിലായോ

ശരി സമ്മതിച്ചു.ഇന്നു  ഞാന്‍ കാണുന്ന എനിക്ക് ചുറ്റും നടക്കുന്ന പ്രേമം എന്താണെന്നു പറഞ്ഞോട്ടെ. ഒന്ന് പരിശുദ്ധമായ ജീവശാസ്ത്രപരമായ ആവശ്യങ്ങളില്‍ നിന്നും ഉടലെടുക്കുന്നത് രണ്ടു ജാതി മത സാമ്പത്തിക സാമൂഹ്യ എല്ലാം ഒത്തിണങ്ങിയ ആളെ കണ്ടു പിടിക്കുമ്പോള്‍ ഉണ്ടാകുന്ന തികച്ചും പ്രായോഗികമായ അഡ്ജസ്റ്റ്മെന്‍റ് പ്രണയം.ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇപ്പോളത്തെ പ്രേമം , അത് എന്ത് കൊണ്ട് എന്ന് ചോദിച്ചു നോക്ക് വ്യക്തമായ കാരണങ്ങള്‍  പ്രേമിക്കുന്നവര്‍ക്ക് പറയാന്‍ ഉണ്ടാകും  എന്നത് തന്നെ .

അപ്പോള്‍  സംഗതി എന്താണെന്നു വെച്ചാല്‍  , ഈ കാലഘട്ടത്തില്‍ നടക്കാന്‍ ഒരു  സാധ്യതയും ഇല്ലാത്ത ഒരു പ്രമേയം ന്യൂ ജനറേഷന്‍  കുപ്പിയില്‍  അടച്ചു ഇറക്കിയി രിക്കയാണ് ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ . ഒന്നിന് പകരം മൂന്ന് പേര്‍ ആഞ്ഞു പിടിച്ചിട്ടും കഥയില്‍  ,പ്രമേയത്തില്‍ , അവതരണത്തില്‍  ഒരു വ്യത്യസ്തതയും കൊണ്ട് വരാന്‍ കഴിഞ്ഞില്ല എന്നത് തികച്ചും സഹതാപം അര്‍ഹിക്കുന്ന കാഴ്ചയാണ്

ഒന്ന് വിശദമാക്കാമോ ?


അനിയാ പശ്ചാത്തലം പതിവ് പോലെ ഫോര്‍ട്ട്‌ കൊച്ചി .നായകന്‍ റസൂല്‍ (ഫഹദ് ഫാസില്‍ ) ടാക്സി ഓടിച്ചു ജീവിക്കുന്നു .ചേട്ടന്‍ ഹൈദര്‍ സിനിമ തീരുന്ന വരെ ഗള്‍ഫില്‍ പോകാന്‍ പാസ്‌ പോര്‍ട്ടിനു വേണ്ടി പോലീസ് സ്റ്റേഷനില്‍ കേറി ഇറങ്ങുന്നു. ഇതിനു കഥയുമായി ഒരു ബന്ധവും  ഇല്ല . (ഇവിടെ ഒരു പൂര്‍ണതയ്ക്ക് വേണ്ടി പോലീസുകാര്‍ക്ക് ഒരു ചന്ദന കുറിയും, കൊന്തയും കൂടി ആകാമായിരുന്നു . അപ്പോഴല്ലേ ആ സാമൂഹ്യ പ്രസക്തി തെളിയു !!). ഒരു ദിവസം യദ്രിശ്ചികമായി റസൂല്‍ അന്നയെ കാണുന്നു .(ഇവിടെ നായികക്ക് ഒരു കൊന്ത കൊടുത്തിട്ട് കൊന്ത ധരിച്ച പെണ്‍കുട്ടികള്‍ പണ്ടേ നായകന്‍റെ വീക്നെസ് ആണെന്ന് പറയാത്തത് മോശമായി പോയി .സിനിമക്ക് കൊന്തയുടെ മറയത്ത് എന്നൊരു പേരും !!!) .

പിന്നെ ...

പിന്നെ ഒരിക്കലും എത്താത്ത ഇടവേള വരെ പഴയ എഴുപതുകളിലെ നായകനെ പോലെ റസൂല്‍ അന്നയുടെ പിന്നാലെ മണത്തു നടക്കുന്നു സത്യമായും കളിയാക്കിയതല്ല മണത്തു നടക്കുക തന്നെയാണ് .ശരിക്കും പറഞ്ഞാല്‍ ഇയാള്‍ക്ക് അന്നയുമയി കാണാനും സംസാരിക്കാനുമുള്ള സാഹചര്യം ഉണ്ട് താനും.നായിക തികച്ചും നിര്‍വികാരം (വല്ലപ്പോഴും നായകനെ ഒന്ന് നോക്കും അത്ര തന്നെ ). അവസാനം നായകന്‍ വല്ല വിധേനയും നായികയോട് ഇഷ്ട്ടം ആണെന്ന് പറയുന്നു . കേള്‍ക്കേണ്ട താമസം താന്‍ വര്‍ഷങ്ങളായി സംസാരിക്കാത്ത അച്ഛനും ചുമ്മാ തല്ലുണ്ടാക്കി നടക്കുന്ന സഹോദരനും (അതില്‍ ഇപ്പോള്‍ എന്താണോ ഇത്ര പ്രശ്നം . ഈ സിനിമ അനുസരിച്ച് ഒരുമാതിരി എല്ലാ ഫോര്‍ട്ട്‌ കൊച്ചിക്കാരും ഗുണ്ടകളാണ് ) കാരണം താന്‍ റെഡി ആയി ഇരിക്കുവായിരുന്നു എന്നും റസൂലിനെ പോലെ ഒരാള്‍ ലൈന്‍ അടിക്കാന്‍ വന്നത് കൊണ്ട് തന്‍റെ ജീവിതം ധന്യം ആയി എന്ന ഭാവത്തില്‍
  കൊച്ചു മൂക്ക് കുത്തി വീഴുന്നു. പിന്നെ ആദ്യമേ കേറി സമ്മതിച്ചാല്‍ മോശമല്ലേ എന്ന് കരുതി മതം പ്രശനമാണ് നടക്കില്ല എന്നൊക്കെ പറയുന്നുണ്ട് . മതം മാറണ്ട അഥവാ മാറ്റില്ല എന്ന് ഉറപ്പു കൊടുക്കുന്നതോടെ എല്ലാം റെഡി.ഇടവേള കഴിഞ്ഞൂ പടം തുടങ്ങുമ്പോള്‍ ദാണ്ടേ സ്ലോ മോഷനില്‍ വരുന്നു നമ്മുടെ താടി രഞ്ജിത് . അദ്ദേഹം സംവിധാനത്തില്‍ കൂടി നമ്മുക്ക് ചെയ്യുന്ന സേവനങ്ങള്‍ പോരാത്തത് കൊണ്ടാകണം അഭിനയിക്കാന്‍ കൂടി ശ്രമിക്കുന്നത് എന്ന് കരുതുന്നു .(സംവിധായകരില്‍  ഒരു ലാല്‍ ഒഴിച്ച് നിര്‍ത്തിയാല്‍ (നല്ല കാലത്ത് ബാലചന്ദ്രമേനോനും ) ഈ അഭിനയം സംവിധായകര്‍ക്ക് പറ്റിയ പണിയാണ് എന്നു എനിക്ക് തോന്നിയിട്ടേ ഇല്ല ) .പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ ആഷിഖ് അബു ചെയുന്നതിന്‍റെ പത്തിലൊന്ന് ഉപദ്രവം ഇദ്ദേഹം ഈ പടത്തില്‍ ചെയ്യുന്നില്ല . നന്ദിയുണ്ട് ഗുരോ !!!!


സമകലീനമായി ചിന്തിച്ചാല്‍ യഥാര്‍ത്യ ബോധം തീരെ ഇല്ലാത്ത രീതിയിലാണ്‌ ഈ ചിത്രം മുന്നോട്ടു പോകുന്നത് . മതബോധം തലയ്ക്കു പിടിച്ച ഒരു ജനസമൂഹം അധിവസിക്കുന്ന നമ്മുടെ ഈ മനോഹര ദേശത്ത് രണ്ടു മതത്തില്‍ പെട്ട രണ്ടു പേര്‍ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിക്കയും പങ്കാളിയെ മതം മാറ്റില്ല എന്ന് തീരുമാനിക്കയും ചെയ്താല്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തികച്ചും നിസ്സരവല്‍ക്കരിചിരിക്കയാണ് ഈ ചിത്രത്തില്‍ നാഴികക്കു നാല്‍പ്പതു വട്ടം പറയുന്നു എന്നല്ലാതെ  മതത്തിന്റെ ഇടപെടലുകള്‍ വളരെ വളരെ നാമ മാത്രമാണ്.ഈ ചലച്ചിത്ര കാവ്യം ആന്നേല്‍ മുടിയാന്‍ ആയിട്ട് തീരുകയും ഇല്ല.വലിഞ്ഞു വലിഞ്ഞു പണ്ടാരം അടക്കിയെ നിര്‍ത്തു .

                            ഇതിനിടയില്‍ നമ്മുടെ ന്യൂ ജനറേഷന്‍ നാഗവള്ളിയുടെ ഒരു പ്രേമം ഉണ്ട് അത് അതിലും ഉഷാര്‍. കൊച്ചും നാഗവള്ളിയും  ബാല്യ കാല സുഹൃത്തുക്കള്‍. (നോ ജാതി മത പ്രശനം ) കോളേജില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് കാര്യം പറയാന്‍ നാണം . കൊച്ചിനെ ആണ്‍ പിള്ളേര്‍ അടിച്ചോണ്ട് പോയി. അപ്പോളും നാണം . അടിച്ചോണ്ട് പോയവന്‍ വഞ്ചിച്ചു അപ്പോളും ഇവന്  നാണം. പിന്നെ കൊച്ചു ജീവിതം വെറുത്തു കന്യാസ്ത്രീ ആകാന്‍ തീരുമാനിക്കുന്നു അപ്പോളും നമ്മുടെ അഭിനവ വേണുവിനു നാണം . അവസാനം സിനിമ തീരാന്‍ 1 മിനിറ്റുള്ള പ്പോള്‍ അദ്ദേഹം നാണം ഉപേക്ഷിച്ചു സംഗതി കന്യാസ്ത്രീയോട് പറയുന്നു .കേട്ട പാടെ കൊച്ചു നമ്മുടെ അന്നയെ പോലെ (അന്നയുടെ ചേച്ചിയാണ് ഈ കന്യാസ്ത്രീ ) ഇതു കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കയായിരുന്നു എന്ന ഭാവത്തില്‍ സഭാ വസ്ത്രം അലക്കി തേച്ചു മടക്കി തിരിച്ചു കൊടുത്തു ഒരു പോപ്പി കുടയും ചൂടി വരുന്നു. ബാക്കി കന്യാസ്ത്രീകള്‍ ഗേറ്റിനു അകത്തു നിന്ന് ട്ടാ ട്ടാ കാണിക്കുന്നു


ഇതിലും നമ്മുടെ മലയാളിയുടെ മനസ്സില്‍ കഴിഞ്ഞ വര്‍ഷം കുളിര് കോറിയിട്ട തട്ടത്തിന്‍ മറയത്തിലും ഒക്കെ നോക്കിയാല്‍ പ്രേമം തികച്ചും ഒരു One - Sided - affair ആണ്. ഇതിലൊന്നും പെണ്‍കുട്ടിക്കോ അവരുടെ വിചാര വികാരങ്ങള്‍ക്കോ ഒരു പ്രസക്തിയും ഇല്ല . എല്ലാത്തിലും നല്ല കാലത്ത് നോക്കിയും കണ്ടും നായകനെ പോലെ ഒരുത്തനെ പ്രേമിക്കാത്തത് കൊണ്ട് കഷ്ടപ്പെടുന്ന ഒരു മൂത്ത സഹോദരിയും ഉണ്ടാകും.ഇങ്ങനത്തെ സിനിമകളെ പറ്റിയൊന്നും,അതിലെ സ്ത്രീ കഥാപത്രങ്ങളെ പടച്ചു വെക്കുന്നതിനെ പറ്റി , ഇവിടുത്തെ സ്ത്രീ വിമോചന ബുദ്ധിജീവി നാറികള്‍ക്ക് ഒന്നും പറയാന്‍ ഇല്ലാത്തതാണ് കഷ്ട്ടം .സ്വല്‍പ്പം വിഷം കുത്തി വെക്കാന്‍ കാണിക്കുന്ന ആ ഒരു ഉത്സാഹം ഇതിനു കാണിച്ചത്‌ കൊണ്ട് ഗുണം ഇല്ലല്ലോ ?


  അഭിനയം ...?

ശ്രീ ഫഹദ് ഫാസില്‍ പെണ്ണ് പിടിയന്‍ ആയി അഭിനയിച്ചാലും കൊലപാതകി ആയി അഭിനയിച്ചാലും അദ്ദേഹത്തിന്‍റെ ഒരു സ്ഥായിയായ ഭാവം നിഷ്ക്കളങ്കതയാണ് .(അതേലും ഉണ്ടല്ലോ എന്ന് സമാധാനിക്കാം) .നായികയ്ക്ക് മിക്കവാറും ഈ മീര ജാസ്മിനൊക്കെ അങ്ങോട്ട്‌ എടുത്തിട്ട് അഭിനയം തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ശ്വാസം പിടിച്ചു ഒരു ഭാവമുണ്ട് . അതാണ്‌ മിക്കപ്പോഴും (അത് കൊണ്ട് നില്‍ക്കും ഭാഗ്യം )

ഗാനങ്ങള്‍ ചായാഗ്രഹണം എല്ലാം നമ്മുടെ ന്യൂ ജനറേഷന്‍ മാമൂലുകള്‍ അനുസരിച്ച് നിര്‍വഹിച്ചിട്ടുണ്ട്.സംവിധാനം , നമ്മുടെ ശ്രീനിവാസന്‍ പറഞ്ഞു എന്ന് പറയപ്പെടുന്ന ഒരു സംഗതി ഉണ്ട് . അതയിത് തന്‍റെ കരിയറിന്‍റെ ഒരു ഘട്ടം വരെ അദ്ദേഹം സാധാരണക്കാരെ നിരീക്ഷിക്കുകയും അതില്‍ നിന്ന് ഒത്തിരി ആശയങ്ങള്‍ കിട്ടുകയും ചെയ്യുമായിരുന്നു എന്നും ഒരുഘട്ടം കഴിഞ്ഞപ്പോള്‍ പഴയത് പോലെ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി നില്ക്കാന്‍ കഴിയാത്തവിധം പ്രശസ്തന്‍ ആയപ്പോള്‍ ആ അവസരം ഇല്ലാതാവുകയും അത് അദ്ദേഹത്തിന്‍റെ തിരക്കഥകളില്‍ പ്രതിഫലിക്കുകയും  ചെയ്തു   എന്നതാണ് സംഭവം . അത് വെച്ച് നോക്കിയാല്‍ ഈ ചിത്രത്തിന്‍റെ സംവിധായകന് സാധാരണക്കാരുമായി ജീവിതത്തില്‍ അടുത്തകാലത്ത്‌ ഒന്നും ബന്ധം ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും .

ചുരുക്കത്തില്‍ .....?


ഒരിക്കലും തീരില്ല എന്ന് തോന്നിപ്പിക്കുന്ന ന്യൂ ജെനറേഷന്‍ ദുരിതം !


മാന്യ വായനക്കാര്‍  ക്ഷമിക്കണം ഈ പോസ്റ്റില്‍ ഒരു തെറ്റു പറ്റിയിട്ടുണ്ട് .റസൂലിന്‍റെ  ഇക്ക ഹൈദര്‍   ആയി അഭിനയിക്കുന്നതാണ് ആശിക്  അബു. സണ്ണി വെയിന്‍ ആണ് അഭിനവ വേണു നാഗവള്ളിയുടെ റോള്‍ കൈകാര്യം ചെയ്യുന്നത് .അദ്ദേഹം സെക്കന്റ്‌ ഷോയില്‍  തടിയും മുടിയും ഒക്കെയായി ഉള്ള രൂപത്തിലാണ് എന്നതിനാലാണ് ഈ തെറ്റ് സംഭവിച്ചത് .ആഷിഖ് അബുവിന്‍റെ ചിത്രം ഞാന്‍ കണ്ടിട്ടും ഇല്ലായിരുന്നു .തെറ്റ് തെറ്റ് തന്നെയാണ് .ക്ഷമിക്കുക .ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാം .തെറ്റ് ചൂണ്ടി കാണിച്ച വായനക്കാരോട് നന്ദി പ്രകടിപ്പിച്ചു  കൊള്ളുന്നു.പറ്റുന്നത് പോലെ തിരുത്തിയിട്ടുണ്ട്(ആരെങ്കിലും ഇതൊക്കെ  വായിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം )