Tuesday, July 31, 2012

ലവന്‍ മേഘരൂപന്‍ (Evan Megharoopan )

അനിയാ നില്‍.....

ഓഹോ അപ്പോള്‍ നിങ്ങള്‍ വീണ്ടും മനുഷ്യനായോ ? കഴിഞ്ഞ ന്യൂ ജനറേഷന്‍ ഭൂതം ഇറങ്ങിയോ ?

ചുമ്മതിരിയെടെ,ഒരു പുതിയ പടം കണ്ടിട്ട് വരുന്ന എന്നോട് ......

പുതിയ പടമോ? അണ്ണന്‍ വഴി തെറ്റി വല്ല ബാറ്റ്മാനോ മറ്റോ ...

നീയൊക്കെ എങ്ങനെ നന്നാകും?പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത (ആദ്യ ചിത്രമെന്ന് കരുതുന്നു.അല്ലെങ്കില്‍ ക്ഷമിക്കണം) സിലിക്കണ്‍ മേടിയയുടെ ബാനറില്‍ ഒരുക്കിയ ലവന്‍ മേഘരൂപന്‍ എന്ന ചിത്രത്തെ പറ്റി നീ കേട്ടിട്ടേ ഇല്ലേ? ഇല്ല എങ്കില്‍ മഹാ കഷ്ട്ടം.ഈ ചിത്രത്തിന്‍റെ പ്രമോ സാമാന്യം തെറ്റില്ലാതെ നടന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്‌. നമ്മുടെ നടി രമ്യ നബീശന്‍ ചിത്രത്തില്‍ പാടിയ പാട്ട് റോഡ്‌ ഷോ ആയോ മറ്റോ അവതരിപ്പിച്ചു വാര്‍ത്തയാക്കിയത് മുതല്‍ നിരവധി സ്ഥലങ്ങളില്‍ ഈ ചിത്രത്തെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.അഭിനേതാക്കള്‍,പ്രകാശ്‌ ബാരെ,പദ്മപ്രിയ,രമ്യ നബീശന്‍,ശ്രീരാമന്‍,ജഗതി എങ്ങനെ പോകുന്നു താര നിര.മലയാളത്തിലെ മഹാ കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ അധികരിച്ച് എടുത്ത ചിത്രമാണ് എന്നാണ് പറയപ്പെടുന്നത്‌ എങ്കിലും തുടക്കത്തില്‍ തന്നെ സംവിധായകന്‍ ഒന്നാതരം ഒരു ജാമ്യം എടുക്കുന്നുണ്ട്.സംഗതി ഇങ്ങനെ മഹാ കവി പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥയല്ല ഈ ചിത്രം.എന്നാല്‍ അങ്ങനെ ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം ഉണ്ടാകുകയും ഇല്ല .

അല്ല....... എന്ന് പറഞ്ഞാല്‍ . സംഗതി ഇതു കവിയുടെ കഥയാണ് എന്നാണോ അല്ല എന്നാണോ?

അത് നില്‍ക്കട്ടെ.ഈ മലയാളി മലയാളി എന്ന ഈ കാലഘട്ടത്തിലെ മഹാ ഓണ്‍ ലൈന്‍ ബുദ്ധി ജീവികള്‍ നാറാണത്ത്‌ ഭ്രാന്തന്‍ മുതല്‍ തുടങ്ങുന്ന ക്യാസറ്റ് കവിത മുതലാണ് കവിത കേട്ട് തുടങ്ങിയത് എന്നാണ് എന്‍റെ അഭിപ്രായം (കുറേ അധികം പേരെങ്കിലും).അങ്ങനെയുള്ള ഒരു പ്രേക്ഷക സമൂഹത്തോട് ഒരു കവിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമ എടുക്കുമ്പോള്‍ കാണിക്കേണ്ട ഏറ്റവും കുറഞ്ഞ ശ്രദ്ധ,പഠനം ഇവയൊന്നും സംവിധായകനായ ശ്രീ ബാലചന്ദ്രന്‍ നടത്തുന്നതിനെ പറ്റി ചിന്തിച്ചു പോലും ചെയ്ത ഒരു ലക്ഷണവും ഈ ചിത്രത്തില്‍ കാണാനില്ല.ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഇതു കാണുന്ന പ്രേക്ഷകന് മനസിലാവുക പണ്ട് പണ്ട് സ്ത്രീ ലമ്പടനും വിവാഹ തട്ടിപ്പുകാരനും പിന്നെ ഫ്രീ ടൈമില്‍ ചില്ലറ കവിതയും എഴുതുന്ന ആയ ഒരാള്‍ ജീവിച്ചിരുന്നു എന്നാണു അഥവാ എന്ന് മാത്രമാണ് .

അല്ല അതിപ്പോള്‍ സാഹിത്യകാരന്‍മാര്‍ ആകുമ്പോള്‍.ഈ ക്രിയേറ്റിവ് അയ ആള്‍ക്കാര്‍ എന്നൊക്കെ പറയുമ്പോള്‍ ....

അനിയാ,എല്ലാ വിഭാഗത്തിലും സമൂഹം അനുശാസിക്കുന്ന രീതിയില്‍ ജീവിക്കുന്നവരും അല്ലാത്തവരും ഉണ്ട്.സിനിമയുടെ കാര്യമെടുത്താല്‍ അക്ഷരങ്ങള്‍ എന്നൊരു ചിത്രത്തിലാണ് ഒരു സാഹിത്യകാരന്‍ അയാളുടെ സ്ത്രീകളുമായുള്ള ബന്ധം ഇവയൊക്കെ ഇതിനു മുന്‍പ് പ്രതിപാദിക്കപ്പെടുന്നത് (മറ്റൊന്നും തല്ക്കാലം ഓര്‍മ്മ വരുന്നില്ല).ആ ചിത്രത്തിലെ ജയദേവനും ഒന്നിലേറെ സ്ത്രീകളുമായി ബന്ധപ്പെടുന്നുണ്ട് പക്ഷെ ആ സിനിമ കാണുമ്പോള്‍,ആ വിഷയം ആ സാഹിത്യകാരന്‍റെ ജീവിതത്തിലെ പല കാര്യങ്ങളില്‍ ഒന്ന് മാത്രമാണ്.താരതമ്യേനെ അഭിനയശേഷി കുറഞ്ഞ മമ്മൂട്ടി അഭിനയിച്ച,വാണിജ്യ സിനിമകള്‍ (വൃത്തിയായി എന്ന് ചേര്‍ത്ത് വായിക്കണം) എടുത്തിരുന്ന ഐ വി ശശി സംവിധാനം ചെയ്ത ഒരു പതിനഞ്ചു ഇരുപതു വര്‍ഷം മുന്‍പിറങ്ങിയ അക്ഷരങ്ങള്‍ പോലും ഈ ചിത്രത്തിന് ബഹു ദൂരം മുന്നിലാണ് എന്ന് പറയുമ്പോള്‍ ബാക്കി ചിന്തിക്കവുന്നത്തെ ഉള്ളു.വേറൊരു രീതിയില്‍ ചിന്തിച്ചാല്‍,അന്‍വര്‍ എന്ന അമല്‍ നീരദ് ചിത്രം മികച്ച തുടക്കത്തിനു ശേഷം അത് നില നിര്‍ത്താന്‍ കഴിയാതെ പോയതിനു കാരണമായി ഞാന്‍ കാണുന്നത്.പ്രചാരണ വേളയില്‍ ആ സിനിമ പറയുന്നത് എന്ന് പ്രചരിപ്പിച്ചിരുന്നത് ആയിരുന്നില്ല സിനിമ കാണാന്‍ കേറിയവര്‍ക്ക് കിട്ടിയത് എന്നത് കൊണ്ടാണ്.(മദനിയെ ഓര്‍മിപ്പിക്കുന്ന ബാബുക്ക എന്ന കഥാപാത്രത്തിനു പകരം നമ്മുടെ കമ്മിഷണര്‍ ഫെയിം മോഹന്‍ തോമസ്‌ ആയിരുന്നു വില്ലന്‍ എങ്കിലും ആ കഥ അങ്ങനെ തന്നെ പോയേനെ).അത് പോലെ ഈ ചിത്രത്തില്‍ കവിയും,കുഞ്ഞിരാമനും ഒന്നും ഇല്ലാതെ,ആ കാലഘട്ടത്തില്‍ ജീവിച്ച സരസനായ ഒരു പോലീസുകാരന്‍ ആയിരുന്നെങ്കില്‍ ഈ കഥയ്ക്ക് എന്ത് മാറ്റം വരാന്‍ ആണ്? ഒന്നും വരില്ല എന്നിടത്താണ് ഈ ചിത്രം ചുമ്മാ പരാജയപ്പെടുന്നത്.

എല്ലാം പോട്ടെ ഏറ്റവും കുറഞ്ഞ പക്ഷം സ്ത്രീകളോടുള്ള അയാളുടെ താല്പര്യം അല്ലെങ്കില്‍ അവര്‍ ചെലുത്തുന്ന സ്വാധീനം എങ്കിലും നേരെ ചൊവ്വേ എടുക്കാന്‍ പറ്റുന്നുണ്ടോ? അതുമില്ല .നായകന്‍ ചുമ്മാ അലഞ്ഞു നടക്കുന്നു.കാണുന്നിടത്തെല്ലാം സ്ത്രീകള്‍ അങ്ങേരുടെ മേലേക്ക് ഉരുണ്ടു വീഴുന്നു (നമ്മുടെ ലാലേട്ടന് കാസനോവക്ക് ശേഷം കാണികള്‍ക്ക് ഒരു പണി കൂടെ കൊടുക്കാന്‍ പറ്റിയ അവസരം ആയിരുന്നു.ഇതു സംഗതി ബൌധികം ആയതു കൊണ്ട് ഒരു പ്രശ്നവും ഇല്ല). അങ്ങനെ അങ്ങനെ അങ്ങനെ അങ്ങേര്‍ ഒരു ദിവസം മരിക്കുന്നു.ദാ കിടക്കുന്നു ഇവന്‍ മേഘരൂപന്‍ !!!

അല്ല, അപ്പോള്‍ അഭിനയം, സംഗീതം ........

അനിയാ ഈ അടുത്ത കാലത്തായി ഇറങ്ങുന്ന പല സിനിമകളിലെയും പാട്ടുകള്‍ തീയറ്റെറില്‍ ഇരുന്നു കേള്‍ക്കുമ്പോള്‍ ഒട്ടും രസിക്കാറില്ല.പലതും പുറത്തു വെച്ച് കേള്‍ക്കുമ്പോള്‍ തികച്ചും വിപരീതമായ അഭിപ്രായം തോന്നാറും ഉണ്ട് . (സ്പിരിറ്റ്‌ ഒക്കെ ചെറിയ ഉദാഹരണമാണ്‌).പറഞ്ഞു വന്നത് ഈ സിനിമയിലെയും പാട്ടുകള്‍ സിനിമയുടെ കൂടെ കേള്‍ക്കുമ്പോള്‍ എനിക്ക് തീരെ രസിച്ചില്ല.ഒരു പക്ഷെ ഓഡിയോ മാത്രം കേള്‍ക്കുമ്പോള്‍ മറ്റൊരു അഭിപ്രയമാകാനും മതി.ക്യാമറ മാത്രമാണ് നിലവാരം പുലര്‍ത്തുന്ന ഏക ഘടകം .കല സംവിധാനം സൊ സൊ .സംഭാഷണം തെറ്റില്ലാതെ ബോറടിപ്പിക്കും.പിന്നെ അഭിനയം നായക കഥാപാത്രമായി എത്തുന്ന പ്രകാശ്‌ ബാരെ എന്ന നടന്‍ അവതരിപ്പിക്കുന്ന മാധവന്‍ നായര്‍ക്കാണ് എന്തെങ്കിലും ചെയ്യാനുള്ളത്.അത് ചെയ്യാന്‍ സംവിധായകന്‍ കം തിര കഥാകൃത്ത് ഒരു കാരണവശാലും സമ്മതിക്കാത്തത് കൊണ്ട് ആ രംഗത്ത് വേറെ പ്രശ്നമൊന്നുമില്ല.പിന്നെ ഇങ്ങേരുടെ മേലേക്ക് മറിഞ്ഞു വീഴാന്‍ വരി നില്‍ക്കുന്ന കുറെ സ്ത്രീകള്‍.പദ്മ പ്രിയ മുതല്‍ ശ്വേതാ മേനോന്‍ വരെ ഉള്ളവരില്‍ എല്ലാവരുടെയും മറിഞ്ഞു വീഴല്‍ എനിക്ക് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല .(ഇതൊക്കെ വായിച്ചിട്ട് വല്ലതുമൊക്കെ പ്രതീക്ഷിച്ചു ഈ പടത്തിനു പോയാല്‍ ഉണ്ടാകുന്ന നിരാശയ്ക്ക് ഞാന്‍ ഉത്തരവാദിയല്ല !!)

അപ്പോള്‍ ചുരുക്കത്തില്‍ ....

എന്തോന്ന് ചുരുക്കം ?? ഒരു നല്ല പേരല്ലാതെ (ക്യാമറയും) വേറൊരു കുന്തവും ഇല്ലാത്ത സിനിമ

Sunday, July 29, 2012

സിനിമാ കമ്പനി (Cenima Company )

അണ്ണാ ....

ഡ്യൂഡ്,കാലഘട്ടം ന്യൂജനറേഷന്‍,ഞരമ്പ് രോഗികള്‍ക്ക് വരെ മജ്നു സ്റ്റാറ്റസ് നിന്നെ പോലുള്ളവന്മാര്‍ ഫേസ് ബുക്കിലൂടെ ലൈക്കി കൊടുക്കുന്ന കാലം.അതിനിടയില്‍ ഒരിക്കലും വളരാത്ത ബോബനും മോളിയും പോലെ നമ്മുടെ ശൈലി വിമര്‍ശനത്തിനു വിധേയമാകുന്നു .

പിന്നെയും തുടങ്ങിയാ ?

ഇല്ലഡേ....പഴേ പോലെയില്ലാ എന്നാലും നവയുഗത്തിന് കരിന്തിരി കത്തിക്കാന്‍ ഇന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ ബ്രോ,നീ ഡ്യൂഡ്. ഓക്കേ?

ഡബിള്‍ ഒക്കേ . അപ്പൊ ബ്രോ,സിനിമാ കമ്പനി ...

പപ്പി അപ്പച്ചാ എന്നാ സിനിമയ്ക്ക് ശേഷം മി.മാമാസ് സംവിധാനം ചെയ്ത ഫ്ലിക്ക് ,അല്ലേ ?

അണ്ണാ !!! തെറി പറയാതെ.

തെറിയോ ? വാട്ട്‌ തെറി

അല്ല ഫ ചേര്‍ത്ത ആ ഇംഗ്ലീഷ് വാക്ക് ...

കണ്ട്രി ഗൂസ് . ഇത് ഫ്ലിക്ക് ...ന്യൂ ജനറേഷന്‍ ലിന്ഗോ ഫോര്‍ പടം അഥവാ ചലച്ചിത്രം.നീ ചോദിക്കും മുന്‍പേ പറഞ്ഞക്കാം ലിന്ഗോ എന്ന് വെച്ചാല്‍ ഭാഷ.

ഓ ...ഞാന്‍ വിചാരിച്ചു ...അത് പോട്ടെ. ബ്രോ ...ലാ ഫ്ലി .. ആ സംഭവം കണ്ടോ ?

മി.മാമാസ്...

ബ്രോ...മമാസ് എന്ന് പറയു മാമാസ് അല്ല .

പൂവര്‍ ബോയ്‌.സര്‍ക്കാസം മനസിലായില്ല ...ഒകെ മമാസ് സംവിധാനം ചെയ്ത സിനിമ ഞാന്‍ കണ്ടിരുന്നു.

എങ്ങനെയുണ്ട് ?

ഫേസ്ബുക്ക്‌ ഫെം ഫെയിറ്റല്‍ (കണ്ണ് കുത്തി അകത്തോട്ടിട് ...ഇത് നിനക്ക് മനസിലാവൂല ) ഭാഷയില്‍ പറഞ്ഞാല്‍ 'നില്‍'വാരം ഇല്ലാത്ത ഫിലിം .നമ്മുടെ കൊളോക്കിയല്‍ കൊളമാക്കലില്‍ വെറും കൂതറ പടം

"ഹോളി കൌ!!!"

"എന്തോന്നെടാ ?"

"തള്ളേ!!! എന്ന് ന്യൂ ജനറേഷനില്‍ വിളിച്ചതാണ് ബ്രോ ...ഇത്രയും ടാലെന്റ്റ്‌ ഹണ്ട് ഒക്കെ നടത്തി ഒന്‍പതോളം ന്യൂ ഫേസുകളെ പരിചയപ്പെടുത്തിയ സിനിമ കൊള്ളില്ല എന്നോ ? ഇമ്പോസിബിള്‍ "

"ഈ ടാലെന്റ്റ്‌ ഹണ്ട് എന്ന് പ്രാഞ്ഞത് കുറച്ചു കാലം മുന്‍പ് പരസ്യങ്ങള്‍ വഴി 'തലവര മാറ്റു താരമാകു' എന്ന് അലക്കിയ പരിപാടിയല്ലേ , ഡ്യൂഡ്?

ബിന്‍ഗോ,ബ്രോ .

ആ പരസ്യം നൂറു ശതമാനം സത്യമാണ് .തലവര മാറുന്നത് നമ്മള്‍ പ്രേക്ഷരുടെതാണ് എന്ന് മാത്രം

അത്ര ഹൊറിബിള്‍ ആണോ ?

അണ്‍സഹിക്കബിള്‍

പുതുമുഖങ്ങള്‍ ?

മെയിന്‍ നാല് പേര്‍ .പോളച്ചന്‍ എന്ന കഥാപാത്രമായി ആയി ബാസില്‍,പണിക്കര്‍ ആയി സഞ്ജീവ്,ഫാസില്‍ ആയി ബദ്രി,പാറു ആയി ശ്രുതി. ഇതില്‍ ബാസില്‍ ആണ് അഭിനത്തിലെ മിന്നും പ്രതിഭ .നിരന്തരം ഉള്ള വിവിധ ഭാവങ്ങളുടെ വെള്ളച്ചാട്ടം പോരാഞ്ഞ് ഇടയ്ക്കിടെ ദേഷ്യം വന്നു ക്യാമറയെ നോക്കി പഴയ നടി ലളിത ശ്രീക്ക് ശ്വാസം മുട്ടല്‍ വന്നത് പോലെ ക്യമാറയിലേക്ക് നോക്കി ഒരു പ്രകടനം നടത്തി സ്ലോമോഷനില്‍ ഒരു പോക്കുണ്ട് ...ഹോ!!! തലക്കിട്ട് അടിച്ചത് പോലിരിക്കും . പിന്നെ ബദ്രി ...പുള്ളി ഇടയ്ക്കിടെ മാത്രമേ അഭിനയിക്കു. അതും ഇമോഷണലായി . അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ നമ്മള്‍ കരഞ്ഞ് കാലു പിടിച്ചാലും നിറുത്തില്ല. പിന്നെ സഞ്ജീവ് , ശ്രുതി ...ഇവര്‍ വലിയ ക്യാമറാ ഫിയര്‍ ഒന്നും ഇല്ലാതെ അവരുടെ കഥാപാത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട് .എടുത്ത് പറയേണ്ടത് ശ്രുതിയുടെ ഡയലോഗ് ഡെലിവറി ആണ് . തകര്‍പ്പന്‍. സ്വന്തം ശബ്ദമാണെങ്കില്‍ ശ്രുതിക്കും അല്ലെങ്കില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും (ലിപ് സിങ്കിന് ശ്രുതിക്ക് ഷെയര്‍ കൊടുക്കണം ) ചായ സോറി ഒരു ബക്കറ്റ് കെ എഫ് സി .

സഞ്ജീവ്,ശ്രുതി,ഡയലോഗ്...ഇതൊക്കെ നല്ല കാര്യങ്ങള്‍ അല്ലേ ബ്രോ ? പിന്നെ സിനിമ കൊള്ളില്ല എന്ന് പറഞ്ഞത്...

അത് പുതുമുഖങ്ങളുടെ കുറ്റം അല്ല ഡ്യൂഡ്. കഥ , തിരക്കഥ,സംവിധാനം ഇതൊക്കെ ചെയ്ത മി.മമാസ് ആണ് വില്ലന്‍ .
അതെങ്ങനെ ?

റോക്ക് ഓണ്‍ എന്ന സിനിമയില്‍ ഫര്‍ഹാന്‍ അക്തര്‍ വൃത്തിയായി അവതരിപ്പിച്ച തീമിനെ കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്ത് സംഗീതത്തിന് പകരം സിനിമ തിരുകി നാല് സുഹൃത്തുക്കളില്‍ ഒന്നിനെ പെണ്ണാക്കി എല്ലാം കൂടി കസാട്ട (കോഞാട്ടയുടെ പുതു ശൈലി)ആക്കിയത് വഴി

വാട്ട്‌ ഈസ്‌ ദി കഥ ,ബ്രോ ?

സിനിമാ മോഹവുമായി കപ്പലണ്ടി കൊറിച്ച് നടക്കുന്ന നാല് സുഹൃത്തുക്കള്‍(മമാസ്,റോക്ക് ഓണിന്റെ ആത്മാവ് നിങ്ങളെ കാര്‍ന്ന് തിന്നും !!!)- പോളച്ചന്‍(നടന്‍),പണിക്കര്‍ (സംവിധായകന്‍ ),ഫൈസില്‍(എഴുത്തിസ്റ്റ് -സാഹിത്യ അക്കാദമി അവാര്‍ഡ്- കേന്ദ്രന്‍ ,ഒന്ന് പോക്കറ്റില്‍),പാറു (സംഗീത സംവിധായക).സിനിമ തുടങ്ങുമ്പോള്‍ ,ഇവരില്‍ പോളച്ചന്‍ ബംഗ്ലൂരില്‍,രണ്ടു മൂന്ന് ഡോക്യു ഫിക്ഷന്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റ് ,തനിക്കു വന്ന ഒരു കത്തിലേക്ക് നോക്കി കണ്ണുരുട്ടി ഭാവാഭിനയം കാണിക്കുന്നു.പിന്നെ കോഫീ മഗ്ഗില്‍ കാപ്പി കുടിച്ച്,ഹാഫ് സ്ലീവ് ഷര്‍ട്ട്,ടൈ ,ലാപ്‌ ടോപ്‌ ബാഗ് എന്നിവയുമായി രാവിലെ ഒരു തരക്കേടില്ലാത്ത ഫ്ലാറ്റ് കോമ്പ്ലെക്സില്‍ നിന്നും പുറത്തേക്കിറങ്ങുന്നു (ബംഗ്ലൂരില്‍ തരക്കേടില്ലാത്ത ജോലി - സിംബോളിക് ).പയ്യനെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ ആ ഫ്ലാറ്റ് കോമ്പ്ലെക്സില്‍ ഒരു അപകട മരണം നടക്കുന്നു.നാല് സുഹൃത്തുക്കളില്‍ ഒരാള്‍.മൂന്ന് പയ്യന്മാര്‍,ഒരു പെണ്‍കുട്ടി; അങ്ങനെയുള്ള ആ സുഹൃത്തുക്കളെ കാണുമ്പോള്‍ പോളച്ചന്‍ വീണ്ടും ക്യമറയിലേക്ക് നോക്കിനമ്മളെ പേടിപ്പിക്കുന്നു.പിന്നെ കൊച്ചിയിലേക്ക് കെട്ടിയെടുക്കുന്നു. ഇനി ഫ്ലാഷ്ബാക്ക്. പോളച്ചന്‍ അവന്റെ സുഹൃത്തുക്കളായ പണിക്കര്‍ , ഫൈസില്‍ ,പാറു എന്നിവരെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നു.അവര് തമ്മില്‍ ലോകമവസാനിച്ചാലും അവസാനിക്കാത്ത സൗഹൃദം ആണെന്ന് ഒരു പാട്ടിലൂടെ തെളിയിച്ചതിന് ശേഷം,സൌഹൃദത്തിലെ കുസൃതികള്‍,തമാശകള്‍ (കരഞ്ഞ് പോകും ) എന്നിവ കാണിക്കുന്നു,ബാസിലിന്റെ പ്രണയമായ പഞ്ചാബി കുട്ടി ദീപിക (കന്നഡ നടി സനം), ഫൈസിലിന്റെ കാമുകി കാശുകാരി റോഷ്നി (പുതുമുഖം ലക്ഷ്മി) എന്നിവരെയൊക്കെ നമ്മള്‍ കാണുന്നു.ഒരു പുതുമുഖ സംവിധായകനുമായി ഉണ്ടാകുന്ന വാഗ്വാദം സുഹൃത്തുക്കളുടെ സംഘത്തെ സ്വന്തമായി ഒരു സിനിമ എടുക്കാന്‍ പ്രേരിപ്പിക്കുന്നു.ഫൈസില്‍ കഥ എഴുതി തുടങ്ങന്നു.അവര്‍ നാല് സുഹൃത്തുക്കളുടെ കഥ തന്നെ.പണിക്കര്‍ സംവിധായകന്‍,നായകന്‍ പോളച്ചന്‍,സംഗീതം പാറു എന്നൊക്കെ തീരുമാനിക്കപ്പെടുന്നു. കഥയുടെ ക്ലൈമാക്സ് മാത്രം എഴുതാന്‍ ബാക്കി നില്‍ക്കെ അവര്‍ക്ക് നിര്‍മ്മാതാവിനെയും കിട്ടുന്നു.റോഷ്നിയുടെ അച്ഛന്‍ ലാലു അലക്സ്.

പിന്നെ അങ്ങോട്ട്‌ ട്വിസ്റ്റ്‌,ടേണ്‍ എല്ലാം കൂടി അകെ ബഹളമാണ്.നിര്‍മാതാവ് സ്വന്തം മകളെ നായികാ ആക്കുന്നു (നേരത്തെ പഞ്ചാബി കുട്ടി ആയിരുന്നു),പോളച്ചനെ മാറ്റി മാര്‍ക്കറ്റ് ഉള്ള ഒരുത്തനെ നായകന്‍ ആക്കുന്നു ...എന്നിട്ടും സുഹൃത്തുക്കള്‍ ധീരമായി മുന്നോട്ട് പോകുന്നു,പക്ഷേ ക്ലൈമാക്സ് ചിത്രികരിക്കാന്‍ ബാക്കിയുള്ളപ്പോള്‍ ലാലു അലക്സ് പേര്‍സണല്‍ ആയിട്ടു പറയുവ പിള്ളേരെ , കാശില്ല എന്ന് പറഞ്ഞു പിന്മാറുന്നു,ഉണ്ടാകുന്ന വാഗ്വാദത്തിനിടെ റോഷ്നിയെ പോളച്ചന്‍ തല്ലുന്നു,ലാലു അലക്സ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നു,സിനിമ പൂട്ടുന്നു,സുഹൃത്തുക്കള്‍ വേര്‍പിരിയുന്നു (റോക്ക് ഓണ്‍ എന്ന സിനിമ പല തവണ ആത്മഹത്യാ ചെയ്യുന്നു )

ഇനി ബാക്കി പകുതി,നാല് വര്‍ഷങ്ങള്‍ക്കു ശേഷം പോളച്ചന്‍ കൊച്ചിയില്‍ തിരികെ എത്തി സുഹൃത്തുക്കളെ വീണ്ടും കൂട്ടി യോജിപ്പിച്ച് മുടങ്ങിയ സിനിമ വീണ്ടും പൂര്‍ത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആണ്. തല്ലി കൊന്നാല്‍ താന്‍ അവരുമായി സഹകരിക്കില്ല എന്ന് പറയുന്ന ഫൈസില്‍ കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തുന്നില്ല എന്ന് റഷസ്സ് കണ്ടു മനസിലായത് കൊണ്ടാകണം,ഇടയ്ക്കിടെ മമാസ് പല കഥാപാത്രങ്ങളെയും കൊണ്ട് പറയിക്കുന്നുണ്ട് 'പോളച്ചന്‍ റോഷനിയെ തല്ലിയതും,ലാലു അലക്സ് മരിച്ചതും,പ്രേമം പൊട്ടിയതും ഒന്നുമല്ല,ഫാസിലിന്റെ അകല്‍ച്ച മറ്റെന്തോ ഭയങ്കര കാരണം കൊണ്ടാണ് എന്ന് . ഒടുക്കം ഫൈസില്‍ എല്ലാം തുറന്ന് പറയുമ്പോള്‍ സുഹൃത്തുക്കള്‍ ഞെട്ടിയില്ലെങ്കിലും ,നമ്മള്‍ ഞെട്ടും.എഴുതുന്നതൊക്കെ അറം പറ്റിയത് കൊണ്ടും,ക്ലൈമാക്സില്‍ പോളച്ചന്റെ കഥാപാത്രം മരിക്കുന്നത് കൊണ്ടുമാണ് ഫൈസില്‍ പിണങ്ങി നടന്നത് (ഈ ഒരൊറ്റ ത്രെഡ് ഒരു കിടിലം കഥയ്ക്കുള്ള സ്കോപ്പ് ആണ് എന്നത് കാര്യം വേറെ).ഒടുക്കം പടം പൂര്‍ത്തിയാകുമോ? പൂര്‍ത്തിയായാല്‍ അത് റിലീസ് ചെയുമോ ?റിലീസ് ചെയ്‌താല്‍ ഹിറ്റ് ആകുമോ? അവസാനത്തെ തിക്ക് റാപ്പിന്റെ കൂത്ത് കാണാന്‍ കാണികള്‍ ക്ഷമയോടെ ഇരിക്കുമോ ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ സസ്പന്‍സ് ആണ്

ബ്രോ,അപ്പൊ കഥയാണ്‌ പ്രോബ്ലം?

അതാണ്‌ പ്രോബ്ലത്തിന്റെ തുടക്കം.പിന്നെ കഥാപാത്രങ്ങള്‍ കോടീശ്വരരായ അച്ഛനമ്മമാരെ അവരുടെ വഴക്കില്‍ മനം നൊന്ത് ഉപേക്ഷിച്ച് പോയി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ബാനര്‍ എഴുതി ജീവിക്കുന്ന പണിക്കര്‍,ഗോദ്രയില്‍ നിന്നും വന്ന ഏതോ ഒരുത്തന്റെ പോയന്റ് ഓഫ് വ്യൂവില്‍ നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സ്ക്രിപ്റ്റ് എഴുതി അത് അറം പറ്റും എന്ന് പറഞ്ഞു കോപ്രായം കാണിക്കുന്ന ഫൈസില്‍,ലാലു അലക്ക്സിന്റെ ഹാര്‍ട്ട് അറ്റാക്കിന്റെ കൃത്യമായ കാരണം (ഡോക്ടര്‍ പറഞ്ഞു കൊടുത്തതാകും ) അയാള്‍ക്ക്‌ ബിസിനസ്സില്‍ പറ്റിയ ചതികള്‍ ആണ് എന്ന് തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുന്ന റോഷ്നി,പിന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ സുപ്പര്‍ താരത്തിനെ അശ്ലീല വീഡിയോയില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സാബു അണ്ണന്‍ (മലയാളത്തിന്റെ സ്വന്തം അഡ്വ ബാബുരാജ് ) അങ്ങനെ കുറെ വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത കഥാപാത്രങ്ങള്‍,മാരണം തീരുലേ എന്ന് ചോദിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ (എന്നാണ് ഭാവം ) അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങള്‍ നിറഞ്ഞ ഒരു പടം .അതാണ്‌ ഇത് .പടമെന്ന പേരിലെ വധത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി മമാസ് എന്ന സംവിധായക/എഴുത്തിസ്റ്റ് പ്രതിഭയുടെത്. പിന്നെ വേണമെങ്കില്‍ പാപ്പി അപ്പച്ചാ ഹിറ്റാക്കി മമാസിന് താനൊരു സംഭവമാണ് എന്ന തോന്നല്‍ ഉണ്ടാക്കിക്കൊടുത്ത നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ സ്വയം പത്ത് തെറി പറയാം.ഈ ചവറ് ഉണ്ടാക്കാന്‍ പ്രേരണന /പ്രചോദനം നല്‍കിയതിന് ഫര്‍ഹാന്‍ അക്തറിന് എതിരെ കേസും കൊടുക്കാം.

റോക്ക് ഓണ്‍ നല്ല പടമല്ലേ ബ്രോ ?

ഉഗ്രന്‍ സിനിമയാടാ. പക്ഷെ ആല്‍ഫ്രഡ്‌ നോബല്‍ ജനത്തിന് ഏതെങ്കിലും പ്രയോജനം ഉണ്ടാവട്ടെ എന്ന് കരുതി ഡയനമൈറ്റ് കണ്ടെത്തിയത് പോലെ ആയി ഫര്‍ഹാന്‍ റോക്ക് ഓണ്‍ എടുത്തെത്.ഡയനമൈറ്റ് കണ്ട അണ്ടനും അടകോടനും ഒക്കെ ആളെ കൊല്ലാന്‍ ഉപയോഗിച്ചത് പോലെ റോക്ക് ഓണില്‍ സുബ്രമണ്യപുരം താടികള്‍ മിക്സ് ചെയ്ത് ആദ്യം വിനീത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന പേരില്‍ പ്രേക്ഷകരുടെ കസേരയുടെ അടിയില്‍ വെച്ചു പൊട്ടിച്ചു. ഇപ്പൊ ദാ,മലയാളി ഐ ടി ഫീല്‍ഡില്‍ ചുമ്മാ ബ്ലോഗിലും,ഫെസ് ബുക്കിലും ഒക്കെ ചൊറി കുത്തി ഇരിക്കുന്നവരുടെ സ്വപ്നമായ നമുക്കൊരു സിനിമാ പിടച്ചാലോ എന്ന പെയിന്റ് അടിച്ച് മമാസ് ആ ഡയനമൈറ്റ് സിനിമ കമ്പനി എന്ന പേരില്‍ നമ്മുടെ സീറ്റിന്റെ അടിയില്‍ വെച്ച് കത്തിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍ ഒക്കെ വന്നത് ഇങ്ങനെ ഐ ടി ഫീല്‍ഡില്‍ നിന്ന് തന്നെയാണ് എന്ന് മറക്കരുത് ബ്രോ.

അയാളൊക്കെ ഇരുപത്തി നാല് മണിക്കൂറും വല്ല കൂതറ പ്രമോഷന്‍ പരിപാടികളിലും പറയുന്നത് കേട്ട് ആ പടം കലക്കി,ഈ പടത്തില്‍ തെക്കിന്റെ ഗന്ധം ആഞ്ഞു വീശുന്നു,ആ പടത്തില്‍ വടക്കിന്‍റെ വസന്തം ഉണ്ട് എന്ന് പറഞ്ഞു നടക്കുക അല്ലായിരുന്നു.ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയുള്ള ചള്ള് ചെക്കന്മാരെയാണ്.

അത് വിട്,അത് വിട് ....അപ്പൊ ചുരുക്കത്തില്‍ പടം സോറി നിങ്ങള്‍ നേരത്തെ പറഞ്ഞ ആ ഫ്ലീ... ?

ഫ്ലിക്ക് ഈസ്‌ ഫെയിക്ക് .

എന്ന് വെച്ച ?

പരമ കൂതറയായ ഒരു ചവറ് പടം എന്ന്

അങ്ങനെ മനസിലാവുന്ന ചേലുക്ക് പറ

Friday, July 20, 2012

ആകാശത്തിന്‍റെ നിറം (Aakashathinte Niram)

അണ്ണാ ഇതു എങ്ങോട്ടാ വെച്ച് പിടിച്ചു ?

നിന്‍റെ കാര്യത്തിന് തന്നെടെ.പുതിയ പടം ......

എന്തോന്ന് പടം അണ്ണാ? ഈ ആഴ്ച സംസ്ഥാന അവാര്‍ഡ്‌ വെച്ച് ഞാന്‍ തകര്‍ക്കും.

സംസ്ഥാന അവാര്‍ഡ്‌, കഴിഞ്ഞ വര്‍ഷം മലയാള സിനിമക്ക് ഉണ്ടായ മാറ്റത്തിനു ഒരു പ്രധാന പങ്കു വഹിച്ച ട്രാഫിക് എന്ന കൊച്ചു ചിത്രത്തെ വീതം വെക്കലിനു ഇടയില്‍ പങ്കു കൊടുക്കേണ്ട സാധനങ്ങളില്‍ ഒന്നാക്കി മാറ്റി എന്നൊരു പരാതി അവിടെ ഇരുന്നോട്ടെ. രാജേഷ്‌ പിള്ള ആയിരുന്നു ബ്ലെസ്സിയെക്കളും എന്ത് കൊണ്ടും ആ അവാര്‍ഡിന് അര്‍ഹന്‍ എന്നാണ് എന്‍റെ അഭിപ്രായം.സ്റ്റേറ്റ് അവാര്‍ഡ്‌ കൊട്ത്താല്‍ വേണ്ട എന്ന് പറയാന്‍ പറ്റാത്തത് കൊണ്ടാകും ധൈര്യമായി ജഗതിക്ക് അവാര്‍ഡ്‌ കൊടുത്തത് .

അതൊക്കെ നില്‍ക്കട്ടെ .പിന്നെ ആദ്യമെന്തോ സിനിമയുടെ കാര്യം പറഞ്ഞല്ലോ? സുപ്പര്‍ താരങ്ങളുടെ പടം വല്ലതും ഇറങ്ങിയോ? വല്ല താപ്പാനയോ,റണ്‍ ബേബിയോ മറ്റോ? പിന്നെ ഷാജിസാറിന്‍റെ പടം നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷം ആയതു കൊണ്ട് മലയാളിക്ക് അത്രയും സമാധാനം. അല്ല ഇനി അതെങ്ങാനും ..........?

അനിയാ , നീ പേടിക്കണ്ട എന്ന് ഞ്ഞാന്‍ കണ്ടത് ആകാശത്തിന്‍റെ നിറം എന്ന ചിത്രമാണ്.സംവിധാനം ഡോ ബിജു.അഭിനേതാക്കള്‍ ഇന്ദ്രജിത്ത്,അമലാ പോള്‍,നെടുമുടി വേണു,അനൂപ്‌ ചന്ദ്രന്‍ തുടങ്ങിയവരാണ്. അതിഥി താരമായി പ്ര്വിദ്ധ്വിരാജും ഉണ്ട്.ശ്രീ അനില്‍ കുമാര്‍ അമ്പലക്കര ഫിലിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം രബീന്ദ്ര ജെയിന്‍ ആണ്.പൂര്‍ണമായും ആന്‍ഡമാന്‍ ദ്വീപുകളില്‍ വെച്ച് ചിത്രീകരിച്ച ചിത്രം എന്നാണ് പോസ്റ്ററില്‍ കണ്ടത്

അണ്ണാ ഒരു നിമിഷം നിന്നേ. സംവിധായകന്‍ ആരാ എന്ന് പറഞ്ഞേ? ഡോ.ബിജു ..... ആ പേര് എവിടെയോ ?

ഓര്‍മ്മിച്ചു കഷ്ട്ടപ്പെടണ്ട.ഇതിനു തൊട്ടു മുന്‍പ് ഇദേഹം എടുത്ത ചിത്രമാണ് വീട്ടിലേക്കുള്ള വഴി .

ഓഹോ അപ്പോള്‍ ഇയാള്‍ അവാര്‍ഡ്‌ പട സംവിധായകനാണ് അല്ലെ.ചുമ്മാതല്ല ഞാന്‍ അറിയാതെ പോയെ.ഇതൊക്കെ പോയി കാണാന്‍ നിങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ലെ അണ്ണാ? ശരി എന്തായാലും കണ്ടതല്ലേ എന്താ സംഗതി ?

അനിയാ,ഈ സിനിമയില്‍ അഭിനയിക്കുന്ന ഒരു കഥാപാത്രത്തിന്‍റെയും പേര് പറയുന്നില്ല.കഥ ഇങ്ങനെ.പതിവായി എവിടെ നിന്നോ,ഒരു തുറമുഖ പട്ടണത്തില്‍,ബോട്ടില്‍ വന്നു,കരകൌശല വസ്തുക്കള്‍ വിറ്റു തിരിച്ചു പോകുന്ന ഒരു വൃദ്ധന്‍ (നെടുമുടി വേണു).ഇയാളെ ഒരു കള്ളന്‍ (ഇന്ദ്രജിത്ത്) നോട്ടമിടുന്നു.ഒരു ദിവസം വൃദ്ധനെ പിന്തുടര്‍ന്ന് ബോട്ടില്‍ കയറി പണം തട്ടാന്‍ ഭീഷണിപ്പെടുത്തുന്നു.എന്നാല്‍ വൃദ്ധന്‍ ഇയാളെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയില്‍ തന്‍റെ ദ്വീപില്‍ എത്തിക്കുന്നു.തികച്ചും വിജനമായ ആ ദ്വീപില്‍ ഈ വൃദ്ധനെ കൂടാതെ ഒരു മൂകയായ ഒരു പെണ്‍കുട്ടി (അമലാ പോള്‍) വേലക്കാരനെ പോലെയുള്ള ഒരാള്‍ (അനൂപ്‌ ചന്ദ്രന്‍) പിന്നെ ഒരു കുട്ടി (മാസ്റ്റര്‍ ഗോവര്‍ദ്ധന്‍) എന്നിവരാണ്‌.ഇവരെല്ലാവരും ഇയാള്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്നു എങ്കിലും വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഇവരുമായി സംസാരിച്ചു ഈ സ്ഥലം ഏതാണ്,ഇവരൊക്കെ ആരാണ്,എന്തിന്നു ഇയാളെ ഇങ്ങോട്ട് കൊണ്ട് വന്നു എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ പരുക്കനായ കള്ളനു കഴിയുന്നില്ല.തുടക്കത്തില്‍ ഉടക്കുകയും വൃദ്ധന്‍റെ വീടിലെ സാധനങ്ങള്‍ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയുന്ന കള്ളന്‍ പതിയെ ശാന്തനാകുന്നു.ഇടയ്ക്ക് ഇടയ്ക്ക് ദ്വീപില്‍ എവിടെയ്ക്കോ പോകുന്ന വൃദ്ധനെ പിന്തുടരാന്‍ പലപ്പോഴും ഇയാള്‍ നടത്തുന്ന ശ്രമങ്ങള്‍ വിഫലം ആകുന്നു.മറ്റൊരാളുമായി (പ്രിത്വിരാജ്)വൃദ്ധന്‍ ഒരു യാത്ര കഴിഞ്ഞു തിരിച്ചു വരുന്നതോടെ ചിത്രം ഇടവേള എത്തുന്നു.ഇയാള്‍ മുന്‍പ് എവിടെ വന്നിട്ടുള്ള ആളാണെന്ന് മനസിലാക്കുന്നു എങ്കിലും കള്ളനു ഇയാളില്‍ നിന്നും വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല.ഇങ്ങനെ കഥ പതിയെ മുന്നോട്ടു പോകുന്നു ....

അല്ല അപ്പോള്‍ ഇതെന്താ സസ്പെന്‍സ് ത്രില്ലെര്‍ ആണോ?

അല്ലല്ലോ . മാത്രമല്ല ഷാജി കൈലാസിന്‍റെ പോലുള്ള വളരെ സ്പീഡില്‍ പോകുന്ന ചിത്രങ്ങള്‍ ഇഷ്ട്ടപ്പെടുന്ന ആളാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്ക്ക് ഈ പതിയെ പോകുന്ന ചിത്രം ഇഷ്ട്ടപ്പെട്ടു എന്ന് പോലും വരില്ല.ഡോ ബിജുവി ന്‍റെ ചിത്രങ്ങളില്‍ (വീടിലേക്കുള്ള വഴിയും,ഈ ചിത്രവും മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു ) തീരെ പ്രകടമല്ലാത്ത (ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിന്‍റെ അത്ര പോലും പ്രകടമല്ലാത്ത),എന്നാല്‍ ചിത്രത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന നന്‍മ,മനുഷ്യ സ്നേഹം എന്ന ഭാവം ഈ ചിത്രത്തിലും കാണാം.അഭിനേതാക്കള്‍ എല്ലാവരും നന്നായിട്ടുണ്ട്.ഇന്ദ്രജിത്ത് എന്ന നടന്‍ ഒരല്‍പം കൂടുതല്‍ നന്നായി എന്ന് വേണം പറയാന്‍ അഭിനയിച്ചു മരിച്ചു എന്നല്ല മറിച്ചു കേന്ദ്ര കഥാപാത്രമായ കള്ളനെ തികച്ചും സ്വാഭാവികമായി അവതരിപ്പിച്ചത് ആ നടന്‍റെ മിടുക്കണോ അതോ സംവിധായകന്‍റെ കഴിവാണോ എന്ന് പറയാനുള്ള വിവരം എനിക്കില്ല.നെടുമുടി വേണുവിനെ സ്ക്രീനില്‍ കാണുമ്പോള്‍ സത്യത്തില്‍ ഒരു മലയാള പ്രേക്ഷകന്‍ എന്ന നിലയ്ക്ക് എനിക്ക് കുറ്റബോധം തോന്നാറുണ്ട്.ഇത്രക്കും കഴിവുള്ള ഈ നടന് മലയാള സിനിമ എത്ര ചുരുങ്ങിയ അവസരങ്ങള്‍ ആണ് മലയാള സിനിമ കൊടുത്തത്? തിലകന്‍ ദിവസവും ഓരോ വിവാദ പ്രസ്താവനയുമായി രംഗത്തുള്ളത് കൊണ്ട് ആകണം നമ്മള്‍ ഈ നടനെ പലപ്പോഴും മറന്നു പോകുന്നു.ബെസ്റ്റ് ആക്റ്റര്‍ എന്ന ചിത്രത്തിലെ ഡെന്‍വര്‍ ആശാന്‍ ആയിരുന്നു നെടുമുടിക്ക് അവസാനം കിട്ടിയ നല്ലൊരു വേഷം എന്നാണ് എന്‍റെ ഓര്‍മ്മ.വല്ലപ്പോഴും വരുന്ന ഒരു ധനമോ,ഒരു വീണ്ടും ചില വീട്ടു കാര്യങ്ങളിലോ അല്ലാതെ എവിടെയാണ് നമ്മള്‍ ഈ നടനെയൊക്കെ ഉപയോഗിച്ചത്? അനൂപ്‌ ചന്ദ്രന്‍ ആണ് നന്നായി എന്ന് പറയാവുന്ന മറ്റൊരു നടന്‍.സിനിമയുടെ തുടക്കത്തില്‍ പറയുന്ന ആകാശത്തിന്‍റെ നിറം എന്താണെന്നു അറിയാമോ എന്ന് തുടങ്ങുന്ന സംഭാഷണം നന്നായി തോന്നി .അനാവശ്യമായി സംഭാഷണം ചേര്‍ത്തിട്ടില്ല എന്നത് ചിത്രത്തിന്റെ മൂഡും ആയി ചേര്‍ന്ന് പോകുന്നതായി തോന്നിയ സിനിമകളില്‍ ഒന്ന് ഇതാണ്.പിന്നെ ചിത്രം ,കള്ളന്‍റെ വോയിസ്‌ ഓവറില്‍ നിന്ന് ചിത്രം തുടങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷെ തുടക്കം കുറച്ചു കൂടി നന്നയെന്നെ എന്നൊരു തോന്നല്‍.

ഇനി സാങ്കേതികം , ക്യാമറ ഒക്കെ നീ പറഞ്ഞാല്‍ മതി . നീയല്ലേ സാങ്കേതിക കിടു ? പക്ഷെ വീടിലേക്കുള്ള വഴിയില്‍ അവസാന ഷോട്ട് ആ ഡോക്റെറും കുട്ടിയും പന്ത് തട്ടി ഒരു വലിയ തുറസ്സായ താഴ്വാരം പോലുള്ള സ്ഥലത്ത് അകന്നു പോകുന്നത് കാണിക്കുന്ന ഷോട്ട് ഇപ്പോളും മനസിലുണ്ട് എന്നത് ആ ചിത്രത്തിലെ ക്യാമറയുടെ കഴിവല്ലേ? ഈ ചിത്രത്തിലും കുറെ നല്ല മനോഹരം എന്ന് പറയാവുന്ന ലോങ്ങ്‌ ഷോട്ടുകള്‍ (ആ സംഗതിയെ ഒക്കെ ഇങ്ങനെ തന്നെ ആണോ വിളിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ല).ഈ ചിത്രത്തിന്‍റെ ക്യാമറക്ക് അവാര്‍ഡ്‌ കിട്ടി എങ്കില്‍ എനിക്കൊരു പരാതിയും ഇല്ല

അപ്പൊ ചുരുക്കി പറഞ്ഞാല്‍ ?

കഥയില്‍ ഭയകര വേഗത വേണം എന്ന് വാശിയുള്ളവര്‍ക്ക് ഈ ചിത്രം എങ്ങനെ തോന്നും എന്ന് എനിക്കറിയില്ല.സുപ്പര്‍ താര പരാക്രമങ്ങളും നവയുഗ സിനിമയുടെ അനിവാര്യ ഘടകങ്ങള്‍ എന്ന് ലേബല്‍ ചെയ്തു പ്രചരിപ്പിക്കപ്പെടുന്ന ഘടകങ്ങളും പ്രതീക്ഷിച്ചു എത്തുന്നവര്‍ക്ക് ഈ സിനിമ തീരെ ദഹിക്കും എന്ന് എനിക്ക് തോന്നുന്നില്ല .പക്ഷെ നല്ല കഥ,അഭിനേതാക്കളുടെ നല്ല പ്രകടനം,നല്ല ക്യാമറ, സംഗീതം ഇവയൊക്കെക്കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ. ഇന്ദ്രജിത്തിന്റെ ഇന്നോളം ഞാന്‍ കണ്ടിട്ടുള്ള വേഷങ്ങളില്‍ ഏറ്റവും നല്ലവയുടെ കൂട്ടത്തില്‍ പെടുത്താവുന്ന കഥാപാത്രം . നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ട് നോക്കാവുന്ന ചിത്രം. ഇത്രയൊക്കെ പോരെ ?

മതി അണ്ണാ

Sunday, July 15, 2012

മുല്ലമൊട്ടും മുന്തിരിച്ചാറും

അണ്ണോ... .......................

എന്തുവാടെ രാവിലെ കതകു ചവിട്ടി പൊളിക്കുന്നേ. ഉറങ്ങാനും സമ്മതിക്കില്ലേ ?

അണ്ണാ പുതിയ പടം ...?

ഏതു പടം?

അണ്ണന്‍ ഈ ആഴ്ച ഇറങ്ങിയ മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തെ പറ്റി കേട്ടതേ ഇല്ലെ ? ഗ്രാമീണജീവിതത്തിന്‍റെ നിഷ്കളങ്കതയുടെ സുഗന്ധം വഴിഞ്ഞൊഴുകുന്ന സിനിമ ആണെന്നാണല്ലോ കേട്ടത്?

എടേ അങ്ങനെ വഴിഞ്ഞു ഒഴുകണമെങ്കില്‍ നായകനും സുഹൃത്തുക്കള്‍ക്കും സുബ്രമണ്യപുരം താടിയുണ്ടോ? സംവിധാനം വിനീത് ശ്രീനിവസനാണോ? നായകന്‍ ചാലു മോനാണോ? സംഗീതം അവിയല്‍ ബാന്‍ഡ് ആണോ? ഭക്ഷണ സാധനങ്ങളുടെ ക്ലോസ് അപ്പ്‌ ഷോട്ട് ഉണ്ടോ .(പണ്ട് രണ്‍ജി പണിക്കര്‍ ചിത്രങ്ങളില്‍ സ്ഥിരമായി കാണാറുള്ള മദ്യഗ്ലാസ്സിലേക്ക്‌ ഐസ് വീഴുന്ന ക്ലോസ് അപ്പ്‌ ഷോട്ട് പോലെ). ഇതൊന്നും ഇല്ലാതെ എന്തോന്ന് ഗ്രാമീണ നിഷ്കളങ്കത അനിയാ?

അണ്ണാ തമാശ കള. സംഗതി കണ്ടോ?

കണ്ടു അനിയാ മേല്‍ പറഞ്ഞ ഒരു സംഗതിയും ഇല്ലാതെ മനുഷ്യനെ രണ്ടര മണിക്കൂര്‍ പുല്ലു പോലെ സിനിമ തിയറ്റെരില്‍ ഇരുത്തി കൊന്നു തിന്നാമെന്നു സംവിധായകന്‍ (അതോ സംവിധയകാരോ ?) അനീഷ്‌ അന്‍വര്‍ തെളിയിച്ച ചിത്രമാണ് ഇതു.
അഭിനേതാക്കള്‍ ഇന്ദ്രജിത്ത്,തിലകന്‍ , അനന്യ, മേഘ്ന രാജ് , പ്രവീണ , അശോകന്‍ , റ്റിനി ടോം, കൊച്ചു പ്രേമന്‍ അങ്ങനെ പോകുന്നു താര നിര . കഥ -തിരകഥ - സംഭാഷണം ബിജു കെ ജോസഫ്‌ , സംഗീതം മോഹന്‍ സിത്താര. ഇത്രയും പോരെ ?

മതി ഇനി കഥ?

ഒരു മലയോര ഗ്രാമത്തിലാണ് കഥ നടക്കുന്നത്.ചുരുട്ട ജോസ് (ഇന്ദ്രജിത്ത്) എന്ന അനാഥന്‍ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.നരന്‍ എന്ന സിനിമയിലെ വേലായുധന്‍ എന്ന കഥാപാത്രത്തെ ബേസ് ക്ലാസ്സ്‌ ആക്കിയാണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നത്.അനാഥനായ ഇയാള്‍ ഈ ഗ്രാമത്തില്‍ അത്യാവശ്യം ഗുണ്ടാ പണിയൊക്കെ ചെയ്തു ജീവിക്കുന്നു . അകെ പേടിയുള്ളതു സ്ഥലം പള്ളി വികാരിയായ വഴക്കുലയച്ചനെ (തിലകന്‍).നരനിലെ നമ്പ്യാര്‍ (മധു) ).കുഞ്ഞിലെ അമ്മ മരിച്ചു പോയ ജോസിന്‍റെ അപ്പന്‍ പമ്പ് കടി കൊണ്ടാ മരിക്കുന്നേ.അതോടെ പമ്പുകളുടെ ആജന്മ ശത്രു ആയിത്തീരുന്ന ജോസിനെ ഒരു രാത്രി പാമ്പിനെ ഓടിക്കാന്‍ എന്ന വ്യാജേനെ കൂടി കൊണ്ട് വന്നു അജ്ഞാതനായ ഒരാള്‍ കുത്തി വീഴ്തുന്നിടതാണ് ചിത്രം തുടങ്ങുന്നേ. അവിടെ നിന്ന് ആറു മാസം പുറകോട്ടു പോയി ചിത്രം ആരംഭിക്കുന്നു.അവിടെ ജോസ് നേരത്തെ പറഞ്ഞ പോലെ അത്യാവശ്യം ഗുണ്ടാ പണികളുമായി കഴിയുന്നു.അടുത്ത സുഹൃത്തുക്കളും സ്ഥലം പലിശക്കാരുമായ ടോമിച്ചനും (അശോകന്‍ ) അനിയനും (റ്റിനി ടോം ).ഇവര്‍ക്ക് വേണ്ടി ഒരു വീട് ഒഴിപ്പിക്കാന്‍ പോകുന്ന ജോസിനു ഒരു പ്രത്യേക സാഹചര്യത്തില്‍ ആ വീട്ടില്‍ താമസിച്ചിരുന്ന സുചിത്രയുടെയും (മേഘ്ന രാജ് ) കുടുംബത്തിന്‍റെയും സംരക്ഷണ ചുമതല്‍ ഏറ്റെടുകേണ്ടി വരുന്നു.സൈഡ് ബിസ്നെസ്സ് ആയി ശകലം ഗള്‍ഫ്‌ based പെണ്‍ വാണിഭം ഉള്ള ടോമിച്ചനുമായി സുചിത്രയുടെ പേരില്‍ ജോസ് തെറ്റുന്നു.

ഇതിനിടെ രാത്രി പള്ളി വക നാടകത്തില്‍ പോലീസ് വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു ഗുണ്ട പണി ഏറ്റെടുത്തു നാടക വേഷം മാറാതെ വരുന്ന ജോസിനെ കണ്ടു പേടിച്ചു ഓടി കിണറ്റില്‍ വീണു കാലൊടിഞ്ഞ കുര്യച്ചന്‍റെയും (കൊച്ചു പ്രേമന്‍ ) മകള്‍ റാണി മോളുടെയും (അനന്യ) കുടുംബ ചെലവും ഇയാള്‍ക്ക് ഏറ്റെടുകേണ്ടി വരുന്നു. മുല്ലമൊട്ടായ സുചിത്രയും മുന്തിരിച്ചാറായ (ബഹളക്കാരി എന്നാ ഉദ്ദേശിക്കുന്നെ. ആരും തെറ്റിദ്ധരിക്കല്ലേ !!) റാണി മോളും ജീവിതത്തിലേക്ക് കടന്നു വരുന്ന ജോസ് ഇതില്‍ ആരെ തഴയും ആരെ കെട്ടും? ജോസിനെ ആദ്യം കാണിച്ച ക്ലൈമാക്സില്‍ കുത്തി വീഴ്ത്തുന്നത് ആരു?
ജോസ് ചാകുമോ രക്ഷപ്പെടുമോ ? ഇത്തരം ഉദ്യോഗജനകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഒരുത്തനും അങ്ങനെ ചുളുവില്‍ അറിയണ്ട. രണ്ടര മണിക്കൂര്‍ ഇരുന്നു അനുഭവിച്ചു അറിഞ്ഞാല്‍ മതി .(വിയര്‍പ്പു കൊണ്ട് അപ്പം ഭക്ഷിക്കാനല്ലേ ദൈവം പറഞ്ഞേക്കുന്നെ !!!).പറയാന്‍ മറന്നു ഇതിനിടയില്‍ വാഴക്കുലയച്ചന്‍ ജോസിന്‍റെ കല്യാണം ഏകപക്ഷീയമായി റാണി മോളുമായി ഉറപ്പിക്കുന്നു ഇതിനിടെ ദുരൂഹ സാഹചര്യത്തില്‍ ശ്രീ കുര്യച്ചന്‍ കൊല്ലപ്പെടുകയും.ഒരല്‍പം സമയത്തേക്ക് ജോസിനെ എല്ലാരും (റാണി മോളടക്കം)തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.

അല്ല അപ്പോള്‍ പടം ....

അനിയാ കണ്ട മാ വാരികയില്‍ കഷ്ണം കഷ്ണമായി കൊടുത്തു വായനക്കാരെ കോള്‍ മയിര്‍ കൊള്ളിക്കേണ്ട കഥയെടുത്ത് സിനിമ ആക്കിയതിന് ഞാന്‍ സംവിധായകനെ കുറ്റം പറയില്ല.ഹിറ്റായ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ മാ വാരികകളില്‍ നിന്നും എടുത്തതാണ്.പക്ഷെ കാലത്തിനൊത്തു എടുക്കാന്‍ അറിയണം എന്ന് മാത്രം.ഇങ്ങനത്തെ ഒര്‍ജിനല്‍ പടങ്ങള്‍ എടുക്കുന്നവരെക്കാള്‍ എനിക്കെന്നും ബഹുമാനം നല്ല വൃത്തിയായി അടിച്ചുമാറ്റി മനുഷ്യനെ കൊല്ലാതെ വിടുന്ന ഒരു പടം തരുന്നവരെയാണ്.

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോരല്ലോ . അഭിനയം..... . പ്രത്യേകിച്ചു ഭാവാഭിനയ ചക്രവര്‍ത്തി തിലകന്‍ ഒക്കെ അഭിനയിക്കുന്ന ഒരു ചിത്രം ....നായകന്‍ ഇന്ദ്രജിത്ത് എങ്ങനെ ?

അനിയാ, ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ക്ക് പ്രതേകിച്ചു എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല . അനന്യ ഒരല്‍പം മയത്തില്‍ അഭിനയിച്ചാല്‍ നന്നായിരുന്നു അനന്യ മീര ജാസ്മിനെ പോലെ ആയി വരുന്നു എന്ന് തോന്നുന്നു(പ്രത്യേകിച്ചു അപ്പന്‍ മരിച്ച രംഗത്തൊക്കെ).ഒരു മാതിരി അഭിനയിച്ചു തുടങ്ങിയാല്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ.പിന്നെ മീര ജാസ്മിനെ ഇടവേളക്കു ശേഷമാണു അഭിനയം തുടങ്ങുന്നത് എന്നൊരു സമാധാനമുണ്ട്.തിലകന്‍റെ ശാരീരികമായ അവശതകള്‍ മറച്ചു വെച്ച് ചിത്രീകരിച്ചു എന്നതാണ് ഉസ്താദ്‌ ഹോട്ടല്‍ എന്നാ മഹോത്തര ചിത്രത്തില്‍ ഞാന്‍ കണ്ട ഒരു നല്ല കാര്യം.ഈ ചിത്രത്തില്‍ ആ ഭാഗത്ത്‌ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു .പിന്നെ തിലകന്‍ വെറുതെ നിന്നാലും അത്യുജ്ജലം എന്നേ പറയാവു എന്ന് നിയമം ഉള്ളതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല .ഇന്ദ്രജിത്തിനേ പോലുള്ള നടന്‍മാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നന്നായിരുന്നു.മേഘ്ന രാജ് അവരുടെ റോള്‍ വലിയ കുഴപ്പമില്ലാതെ ചെയ്തു (ഭാവഭിനയത്തിനു സ്കോപ് ഇല്ലാത്തത് ഭാഗ്യം !!)

അപ്പോള്‍ ചുരുക്കത്തില്‍ ...

ഈ മാസം ഇറങ്ങിയ മിക്ക ചിത്രങ്ങളെയും പോലെ,കാണുന്നവനെ ബോറടിപ്പിച്ചു കൊന്നു കൊലവിളിച്ചു തീരുന്ന ചിത്രം, ഓണ്‍ ലൈന്‍ പബ്ലിസിറ്റിക്ക് വേണ്ടി അധികം കാശു ഇറക്കാത്തത് കൊണ്ടോ,വമ്പന്‍ പേരുകള്‍ ഇല്ലാത്തത് കൊണ്ടോ ഉദാത്തം മനോഹരം എന്ന് കുഴല്‍ ഊതുന്നില്ല എന്ന് മാത്രം

Saturday, July 14, 2012

ബില്ല 2- Billa 2

അനിയാ, നീ ഉനൈ പോല്‍ ഒരുവനെ കണ്ടിട്ടുണ്ടോ?

എന്നെ പോലെ വേറെ ഒരുത്തനെയോ? ഇല്ല അണ്ണാ.നമ്മ സിംഗിള്‍ പീസ്‌ അല്ലെ ?

അത് നയം .ഞാന്‍ ചോദിച്ചത് തമിഴ് സിനിമയായ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്നാണ് ?

ഓ ...കാര്യം മനസിലായി .അതിന്റെ സംവിധായകന്‍ ചക്രി ടോലെറ്റി സംവിധാനം ചെയ്ത ബില്ല 2 അണ്ണന്‍ കണ്ടു കാണും അല്ലെ ?

നീ പുത്തിയുടെ കാര്യത്തില്‍ സേതുരാമയ്യരുടെ അമ്മായിടെ മോന്‍ തന്നടാ.

അതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാ .പക്ഷെ , ദേ അണ്ണാ ഞാന്‍ വേറെ ഒരു കാര്യം പറഞ്ഞേക്കാം...

പറ ചെല്ലാ

കാര്യം നിങ്ങള്‍ പടം കണ്ടിട്ട് വന്നു പറയുന്ന പോയന്റുകള്‍ എഴുതിയും ,മുക്കിയും ഒക്കെയാണ് ഞാന്‍ കാളകൂടത്തില്‍ വിലസുന്നത്. പക്ഷെ നിങ്ങള്‍ സ്ഥിരം ചെയ്യുന്ന പരിപാടി ചെയ്യാനാണെങ്കില്‍ ബില്ല ഞാന്‍ കഷ്ടപ്പെട്ട് കാശ് മുടക്കി കണ്ട് എന്റെ പൊട്ട ബുദ്ധിയില്‍ തോന്നണ വല്ലതുമൊക്കെ എഴുതി കാലകൂടത്തിന് കൊടുത്തോളാം.

നീ കരയാതെ.എന്‍റെ എന്ത് സ്ഥിരം പരിപാടി ഒഴിവാക്കണം എന്നാണ് ?

ഉനൈ പോല്‍ ഒരുവന്‍ എന്ന സിനിമയില്‍ തുടങ്ങി മോഹന്‍ലാലിനെ പത്ത് തെറി പറഞ്ഞ് ബില്ലയില്‍ എത്തുന്ന സ്ഥിരം പരിപാടി. നിങ്ങള്‍ എഴുതി തന്ന സ്പിരിറ്റിന്റെ റിവ്യൂ ഒന്ന് വായിച്ചു പോലും നോക്കാതെ പബ്ലിഷ് ചെയ്തതിന്റെ തിക്തഫലം ഞാന്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ് .

ഇന്നത്തെ കാലത്ത് സത്യം പറയുമ്പോള്‍ അങ്ങനെ ചില പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവും അനിയാ.

തത്കാലത്തേക്ക് എനിക്ക് രാവിലെയും വൈകുന്നേരവും മുടങ്ങാതെ പൊതുക്ക് കിട്ടാനുള്ള സത്യങ്ങള്‍ ഒക്കെ നിങ്ങള്‍ കാരണം ഞാന്‍ ആള്‍റെഡി പബ്ലിഷ് ചെയ്തിട്ടുണ്ട്.മോഹന്‍ലാല്‍ ,മമ്മൂട്ടി , താടി രഞ്ജിത്ത് ഇവരെയൊന്നും സ്മരിക്കാതെ ബില്ല 2 വിന്റെ ഒരു മൊത്ത രൂപം തരാന്‍ നിങ്ങക്ക് പറ്റുവോ ഇല്ലേ ?

അനിയാ,ഡേ,നീ ഈ പറഞ്ഞവരൊക്കെയാണ് മലയാള സിനിമയുടെ നട്ടെല്ല് ,ആമാശയം,പിന്നെ വേറെ എന്തൊക്കെയോ എന്നൊക്കെയല്ലേ നീയും നിന്റെ ഓണ്‍ലൈന്‍ കൂതറകളും പറയുന്നത് ? നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ഒരു തമിഴ് സിനിമയെക്കുറിച്ച് പറയുമ്പോള്‍ മലയാള സിനിമയുമായി അതിനെ താരതമ്യം ചെയ്യുന്നത് സ്വാഭാവികം . അങ്ങനെ ചെയ്യുമ്പോള്‍ നിന്റെയൊക്കെ ഈ നട്ടെല്ലും,ആമാശയവും ഒക്കെ ഒഴിവാക്കുന്നത് എങ്ങനെ ?

അണ്ണാ ,നിങ്ങക്ക് പറ്റുവോ ഇല്ലേ ?

പിണങ്ങാതെ ചെല്ലാ. അല്ലെങ്കിലും ഞാന്‍ ഉനൈ പോല്‍ ഒരുവന്‍ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചത് നിന്റെയൊക്കെ ലാലേട്ടനെ കുറ്റം പറയാനല്ല. ആ സിനിമ കണ്ടപ്പോള്‍ എ വെനസ്ഡേ എന്ന സിനിമ റീമെയിക് ചെയ്ത് കുളമാക്കിയതിന്റെ ഉത്തരവാദിത്വം കമലഹാസനോ,ചക്രി ടോലെറ്റിക്കോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു.ബില്ല 2 കണ്ടപ്പോള്‍ എനിക്ക് മനസിലായി ആ ക്രൂരകര്‍മ്മത്തില്‍ കമല്‍ഹാസന് ഉള്ള പങ്കില്‍ ഒട്ടും കുറവല്ല ചക്രിയുടെ പങ്കും എന്ന് .

പടം കൊള്ളൂലേ അണ്ണാ ?

കാര്യങ്ങള്‍ ഇങ്ങനയെ പറയാവു എന്ന് നിന്‍റെ വിലക്ക് ഉള്ളത് കൊണ്ട് താരതമ്യം ആദ്യമേ തീര്‍ത്തേക്കാം.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇറങ്ങിയ ഇതൊരു മലയാളം പടങ്ങളെക്കാള്‍ (നമുക്ക് പാര്‍ക്കാന്‍ ഒഴികെ ) കണ്ട് കൊണ്ടിരിക്കാവുന്ന പടമാണ്.

അപ്പൊ കൊള്ളാം ?

ഹാ ...പറഞ്ഞ് തീരട്ട് ...പക്ഷെ തമിഴ് സിനിമയുടെ ഇപ്പോഴത്തെ ഒരു നിലവാരം വെച്ച് വെറും കൂറപ്പടം

അയ്യോ...ബില്ല നല്ല തകര്‍പ്പന്‍ പടമായിരുന്നല്ലോ അണ്ണാ ? അതിന്റെ തുടര്‍ച്ച മാത്രമല്ല അജിത് മങ്കാത്തയ്ക്ക് ശേഷം അഭിനയിക്കുന്ന പടവും. അത് മോശമാകുമോ ?

ഡേ ,ബില്ലയുടെ പ്രത്യേകത എന്തായിരുന്നു ?

നല്ല സ്റ്റൈലന്‍ പടമല്ലയിരുന്നോ ?

സ്റ്റൈല്‍. അതാണ്‌ ക്യാച്ച്.വിഷ്ണു വര്‍ദ്ധന്‍ എന്ന സംവിധായകന്‍ ആ padam അവതരിപ്പിച്ച രീതിയായിരുന്നു. അല്ലാതെ അത് ഒരു സാധാരണ ആക്ഷന്‍ സിനിമ.അവതരണത്തിലെ പുതുമ കൊണ്ട് ആളുകള്‍ക്ക് ഇഷ്ട്ടപ്പെട്ടു

ആ പുതുമ ബില്ല 2 വില്‍ ഇല്ലേ?

ചക്രി ടോലെറ്റി ഈ സിനിമയില്‍ ശ്രമിച്ചിരിക്കുന്നത് ബില്ലയില്‍ കണ്ട സ്റ്റൈല്‍ അതെ പടി കൊണ്ട് വരാനാണ്. കുറച്ച് കൊല്ലങ്ങള്‍ മുന്‍പ് പുതുമയായി തോന്നിയ സാധനം ഏകദേശം അതേപടി കണ്ടാല്‍ നമുക്ക് ബോറടിക്കില്ലേ ? അതാണ്‌ ഈ സിനിമയുടെ പ്രശ്നം

കുറച്ചു കൂടെ ക്ലിയറാക്ക് അണ്ണാ.

ഡേ, ബില്ല എങ്ങനെ ബില്ലയായി എന്നുള്ളതാണ് ഈ സിനിമയുടെ കഥ. അതായത് പാര്‍ട്ട്‌ വണ്ണിലെ ക്രൂരനായ അണ്ടര്‍വേള്‍ഡ് ഡോണ്‍ ബില്ല എങ്ങനെ ഉണ്ടായെന്നുള്ള പഴയ കഥ .അതാണ്‌ പാര്‍ട്ട്‌ 2.ശ്രീലങ്കയില്‍ നിന്നും അഭയാര്‍ത്ഥിയായ് തമിഴ് നാട്ടില്‍ എത്തുന്ന ഡേവിഡ്‌ ബില്ല (അജിത്‌ കുമാര്‍ ), ശ്രീലങ്കയില്‍ അച്ഛന്‍ ,അമ്മ,സഹോദരി എന്നിവരോടൊപ്പം സുഖമായി താമസിച്ചിരുന്ന കാലവും, ഒരു സൈനിക നടപടിയില്‍ ബീല്ലയുടെ അച്ഛനും,അമ്മയും കൊല്ലപ്പെടുന്നതും,ചോദിക്കാനും പറയാനും ആളില്ലാതെ ബില്ല തെറ്റുകളുടെ വഴിയിലേക്ക് തിരിയുന്നതും ഒക്കെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ഫോട്ടോഗ്രാഫുകളായി കാണിക്കുന്നുണ്ട് .തമിഴ്നാട്ടില്‍ എത്തുന്ന ബില്ല അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ച് വൈരങ്ങള്‍ കടത്തുന്ന ഒരു സംഘവുമായി ബന്ധപ്പെടുന്നു. ക്യാമ്പിന്റെ സൂപ്പര്‍ വൈസര്‍ രഘുബീര്‍ സിന്‍ഹയും (മലയാള നടന്‍ കൃഷ്ണകുമാര്‍), അയാളുടെ പങ്കാളിയും വൈരങ്ങള്‍ മറിച്ച് വില്‍ക്കാനുള്ള ഒരു ചതിയില്‍ ബില്ലയെപ്പെടുത്താന്‍ ശ്രമിക്കുന്നു. രക്ഷപ്പെടുന്ന ബില്ല വൈരങ്ങള്‍ യഥാര്‍ത്ഥ സ്ഥാനത്തു എത്തിക്കുന്നു, അവിടുത്തെ സംഘത്തിലെ അംഗവും ആകുന്നു. പിന്നെ പതുക്കെ മയക്കു മരുന്ന് , ആയുധങ്ങള്‍ എന്നിവയുടെ വ്യപരത്തിലേക്ക് ബില്ല കടക്കുന്നു . അബ്ബാസ്സി (സുദേഷ് ദേഷ് പാന്‍ഡേ ), കോടീശ്വര റാവു (മനോജ്‌ കെ ജയന്‍ ), ഡിമിത്രി (വിദ്യുത് ജമ്വ്വല്‍ ) എന്നിവര്‍ ആദ്യം സുഹൃത്തുക്കളായും പിന്നെ ശത്രുക്കളായും ബില്ലയുടെ ജീവിതത്തിലേക്ക് വരുന്നു. ബില്ലയുടെ സഹോദരിയ്ടെ മകള്‍ ജാസ്മിന്‍ (പാര്‍വ്വതി ഓമനക്കുട്ടന്‍), അബ്ബസ്സിയുടെ കാമുകി സമീര (ബ്രുണ അബ്ദുള്ള ) എന്നിവര്‍ ബില്ലയുടെ കാമുകിമാരായും.

കഥ കേട്ടിട്ട് നല്ല കലക്കനായി എടുക്കാവുന്ന സംഭവം ആണല്ലോ അണ്ണാ ?

അതാണ്‌ പ്രശ്നവും. കഥ പറഞ്ഞ് വന്നപ്പോള്‍ കൈ വിട്ടു പൊയ് . പാര്‍ട്ട്‌ വണ്ണിലെ ക്രൂരനും , ആരെയും വിശ്വസമില്ലാത്തവനുമായ ബില്ല എങ്ങനെ ഉണ്ടായി എന്ന് പറയുന്ന രീതിയില്‍ പോകേണ്ട കഥ പോകുന്നത് ഒരു അവരജെ ആക്ഷന്‍ സിനിമയുടെ മട്ടില്‍. ബില്ല ആദ്യം മുതലേ ക്രൂരനും,ആരെയും വിശ്വാസം ഇല്ലത്തതവനുമായ ഒരുത്തന്‍ തന്നെയാണ് ഈ സിനിമയിലും.പടം കഴിയുമ്പോള്‍,ബില്ലയുടെ സ്വഭാവം എങ്ങനെ രൂപപ്പെട്ടു എന്ന് പറയുന്നതിന് പകരം ചക്രി പറയാന്‍ ശ്രമിക്കുന്നത് ബില്ലയ്ക്ക് കോട്ടും, കൂളിംഗ്ഗ്ലാസും എവിടെ നിന്നൊക്കെ കിട്ടി എന്നാണ് എന്ന് തോന്നി പോകും. ചതികള്‍ ,ട്വിസ്റ്റുകള്‍ ഇതൊക്കെയാണെങ്കില്‍ പെട്ടെന്ന് പറഞ്ഞ് തീര്‍ത്തിട്ട് അടുത്ത സ്റ്റൈല്‍ ഇറക്കം എന്ന മട്ടില്‍ ധൃതി പിടിച്ചു കാണിച്ച് കുളമാക്കുകയും ചെയ്തിട്ടുണ്ട് .ആക്ഷന്‍ രംഗങ്ങള്‍ നന്നായി എന്ന് തോന്നി വരുമ്പോഴേക്കും ചക്രി സ്വന്തം ബുദ്ധി ഉപയോഗിച്ച ഒരു സീന്‍ ഇടയില്‍ തിരുകി ആ തോന്നല്‍ മാറ്റിത്തരും. ഉദാഹരണത്തിന് ടൈറ്റില്‍ കാണിക്കുന്നതിന് മുന്‍പുള്ള ആക്ഷന്‍ രംഗങ്ങള്‍ , പിന്നെ ഒന്നാം പകുതിയിലെ ഒട്ടു മിക്ക ആക്ഷന്‍ രംഗങ്ങള്‍ ഇതൊക്കെ കിടിലം എന്ന് മനസ്സില്‍ അങ്ങോട്ട്‌ തോന്നി വരുമ്പോഴേക്കും പോലീസുകാര്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ നിറഞ്ഞ ഒരു ട്രാക്ക് ബില്ല കടത്തിക്കൊണ്ടു പോകുന്ന ഒരു സീന്‍ വരും. കണ്ടിരിക്കുമ്പോള്‍ ചിരി നിറുത്താന്‍ പറ്റില്ല അനിയാ. അത് പോലെ തന്നെ വില്ലന്മാരുടെ കൈയ്യില്‍ നിന്നും ജാസ്മിനെ ബില്ല രക്ഷിക്കുന്ന രംഗവും. ക്ലൈമാക്സിലെ അടിയാണെങ്കില്‍ പ്രധാന വില്ലനായ ഡിമിത്രിയെ ആദ്യം കാണിക്കുന്ന സീനില്‍ കൊടുക്കുന്ന കിടലന്‍ ബില്‍ഡ് അപ്പ് (കുറെ ആളുകളെ അടിച്ചിടുന്ന ഒരു ഉഗ്രന്‍ ഫയിറ്റ് ) മൊത്തമായി നശിപ്പിക്കുന്ന ഒന്നും.

അജിത്‌ എങ്ങനെയുണ്ട് അണ്ണാ ?

പറഞ്ഞ പണി വൃത്തിയായിട്ട് ചെയ്തിട്ടുണ്ട്. പക്ഷേ വിജയുടെ ഒപ്പം തന്നെ താരമൂല്യമുള്ള അജിത്‌ ഇങ്ങനെ ഒന്നും നോക്കാതെ സംവിധായകന്‍/തിരക്കഥാകൃത്ത് പറയുന്ന തല്ലിപ്പൊളി സാധനങ്ങളില്‍ ഒക്കെ കയറി അഭിനയിക്കുന്നത് കഷ്ടമാണ്. ഇത്രയും കൊല്ലത്തെ അഭിനയത്തിലെ പരിചയം കൊണ്ടൊന്നും ഇങ്ങേര്‍ക്ക് ഒരു വെളിവും ഇതുവരെ വന്നില്ലേ എന്ന് ആളുകള്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ ഒക്കില്ല . വിജയ്‌ മിനിമം ഒരു സ്ഥിരം ഫോര്‍മുല ഫോളോ ചെയ്യാനാണ് ശ്രമിക്കുന്നത്. വിജയ്ടെ സിനിമയുടെ സ്ഥിരം പ്രേക്ഷകര്‍ ആ നടനില്‍ നിന്നും അത് തന്നെയാണ് പ്രതീക്ഷിക്കുന്നതും .പക്ഷെ അജിത്‌ വ്യതസ്തമായ പടങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന നടന്‍ എന്ന നിലയില്‍ കഥയും , തിരക്കഥയും ഒക്കെ കുറച്ചു കൂടി ശ്രദ്ധിച്ച് സിനിമകള്‍ തിരഞ്ഞെടുത്താല്‍ അയാള്‍ക്ക് കൊള്ളാം

പാര്‍വതി ഓമനക്കുട്ടന്‍ ?

എന്‍റെ അമ്മോ . ആ കൊച്ചിനെ പിടിച്ച് ക്യാമറയുടെ മുന്നില്‍ നിറുത്തി ചക്രി നമ്മളോട് ചില്ലറ പാതകം ഒന്നുമല്ല ചെയ്യുന്നത്. അകെ വരുന്നത് നാല് സീനില്‍.ഓരോ സീനിലും കഴിഞ്ഞ സീനിലെക്കാള്‍ ബോറായി അഭിനയിക്കും എന്ന വാശി ആ കൊച്ചിന് ഉണ്ടെന്ന് തോന്നുന്നു.

ബ്രുണ അബ്ദുള്ള ?

ആ കുട്ടി കാണാന്‍ കൊള്ളാം.പക്ഷേ പാര്‍ട്ട്‌ വണ്ണില്‍ നയന്‍‌താര ,നമിത എന്നിവര്‍ നല്‍കിയ ആ ഒരു ഗ്ലാമര്‍ കോഷ്യന്റ്റ് കൊണ്ടു വരാന്‍ പറ്റിയിട്ടില്ല. സംവിധായകന്‍ ചക്രി മറന്ന് പോയ ഒരു കാര്യവും അതാണ്‌ പാര്‍ട്ട്‌ വണ്ണിന്റെ വിജയത്തില്‍ നയന്‍‌താര ,നമിത എന്നിവരുടെ ഗ്ലാമര്‍ കോഷ്യന്റ്റ് വഹിച്ച പങ്ക്.

വില്ലന്മാര്‍ ?

മനോജ്‌ കെ ജയന്‍ ഒക്കെ വെറും ഹാസ്യം . വിദ്യുത് ജമ്മ്വല്‍ സ്റ്റൈലായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട് .പക്ഷേ ചക്രി അതില്‍ കൂടുതല്‍ സ്കോപ് ഒന്നും കൊടുക്കുന്നില്ല. പിന്നെ ദോഷം പറയരുതല്ലോ അനിയാ ,മലയാളി നടന്‍ കൃഷ്ണകുമാര്‍ പത്ത് മിനിട്ടേ ഉള്ളെങ്കിലും , രഘുബീര്‍ സിന്‍ഹ എന്ന വില്ലന്‍ പോലീസിനെ നന്നാക്കി.

അപ്പൊ ചുരുക്കത്തില്‍ ?

കിടിലം പടമാകാനുള്ള എല്ലാ ഘടകങ്ങളും ഉണ്ടായിട്ടും സംവിധായകന്‍ നശിപ്പിച്ച ഒരു സിനിമ .അതാണ്‌ ബില്ല ൨. ഉനക്കുള്‍ ഒരു മിരുഗം എന്നൊരു കിടിലന്‍ പാട്ട് ,സിന്‍ സിറ്റി സിനിമയുടെ വൃത്തികെട്ട അനുകരണമായി കോമിക് ബുക്ക്‌ രീതിയില്‍ എടുക്കാന്‍ ശ്രമിച്ച് കൂതറയാക്കിയ ഒറ്റ കാര്യമോര്‍ത്താല്‍ ചക്രിയുടെ ചക്രമൂരാന്‍ തോന്നും. അപ്പൊ ബാക്കി പടം പറയാനുണ്ടോ ?

Friday, July 13, 2012

ഈച്ച (Eecha )

അണ്ണാ ഒന്ന് നിന്നേ.എങ്ങോട്ടാ ഈ ധൃതി പിടിച്ചു? കയ്യിലെന്താ ?

അനിയാ ഇതു എന്‍റെ സ്ഥിരം വിമര്‍ശകരില്‍ ഒരാളും ക്രാന്തദര്‍ശിയുമായ ശ്രീ സുശീലനുള്ള ഒരു കത്താണ് .

കത്തോ? തെറിയായിരിക്കും അല്ലെ? അല്ലെങ്കിലെ നിങ്ങള്‍ മൊത്തത്തില്‍ ഉടക്ക് ലൈനാണല്ലോ അല്ലെ ?

ഒന്ന് പോടേ. ഇതു സത്യത്തില്‍ സുശീലന് നന്ദി പറഞ്ഞു കൊണ്ടുള്ള കത്താണ് .

നന്ദിയോ എന്തിനു ?

സത്യസന്ധമായി പറഞ്ഞാല്‍ സുശീലന്‍റെ ഒരു കമന്റ്‌ ആണ് ഈച്ച എന്ന ചിത്രം കാണാന്‍ ഇടയാക്കിയത് .

ഈച്ചയോ? ഇതെന്തു പടം.വല്ല പാതിരാ പടവുമാണോ ?

അല്ല അനിയാ തെലുങ്കിലെ രാജമൌലി എന്ന സംവിധായകന്‍ എടുത്ത ഈഗ എന്ന തെലുങ്ക് ചിത്രത്തിന്‍റെ മലയാളം പരിഭാഷയാണ് ഈച്ച .

അയ്യേ ഡ ബ്ബിംഗ് പടമോ ? നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ പേര് തന്നെ കേട്ടില്ലേ ഈച്ച പോലും ....?

അനിയാ ഒരു ഈച്ച കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന സിനിമക്ക് നരസിംഹം എന്നോ പൊറോട്ടയും ബീഫും എന്നോ പേരിടാന്‍ പറ്റില്ലല്ലോ നീ ക്ഷമി.

ഈച്ചയോ? അപ്പോള്‍ മനുഷ്യര്‍ ആരും ഇല്ലെ ഈ ചിത്രത്തില്‍ ?

താര നിര എന്നൊന്നും പറയാനില്ല.പ്രധാനമായും മൂന്ന് കഥാപത്രങ്ങള്‍ നാനി (നാനി),സുദീപ് (സുദീപ് ),ബിന്ദു (സാമന്ത).കഥയുടെ തുടക്കം പഴയ രീതില്‍ തന്നെ.പ്രണയബദ്ധരായ നാനിയും ബിന്ദുവും.അതേ നഗരത്തിലെ കോടീശ്വരനും സ്ത്രീ ലംബടനുമായ സുദീപ്.യാദ്രിചികമായി ബിന്ദുവിനെ കാണുകയും അവളില്‍ അനുരക്തനാവുകയും ചെയ്യുന്നു.എന്നാല്‍ ബിന്ദുവിനു വേറൊരു കാമുകന്‍ ഉണ്ടെന്നു മനസിലാക്കുന്ന അയാള്‍ കാമുകനായ നാനിയെ രഹസ്യമായി കൊലപ്പെടുത്തുന്നു.ഇതെല്ലാം വളരെ പെട്ടന്ന് തീരും .(ആദ്യത്തെ ഒരു ഇരുപതു- മുപ്പതു മിനിട്ടുകള്‍ക്കുള്ളില്‍ )

ഹോ ഇതാണോ വലിയ സംഭവം .. സ്ഥിരം കഥ

തോക്കില്‍ കേറി വെടി വയ്ക്കാതെ.കൊല്ലപ്പെടുന്ന നാനി ഒരു ഈച്ചയായി പുനര്‍ജനിക്കുന്നു.കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങള്‍ ഓര്‍മ്മ വരുന്ന ഈച്ച (നാനി)വില്ലനായ നനിയോടു പ്രതികാരം ചെയ്യാന്‍ തീരുമാനിക്കുന്നു ഒപ്പം നായികയെ വില്ലന്‍റെ കയ്യില്‍ നിന്നും രക്ഷിക്കാനും.ഇതിനായുള്ള ഈച്ചയുടെ ശ്രമങ്ങളും അതിന്‍റെ അവസാനവുമാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

ഇത്രയും പണക്കാരനായ ഒരാളെ ഒരു ഈച്ച എന്ത് ചെയ്യാനാണ്? ഗ്രാഫിക്സ് ഒക്കെ കുറച്ചു ഭേദം ആണെന്നാണല്ലോ കേട്ടത്.ഒള്ളത് തന്നേ ?

അനിയാ ഗ്രാഫിക്സിന്‍റെ വിജയമായി എനിക്ക് തോന്നുന്നത് ചിത്രത്തില്‍ ഉടനീളം അത് ഒട്ടും മുഴച്ചു നില്‍ക്കുന്നില്ല എന്നിടത്താണ്. ഈച്ചയുടെ ആത്മഗതങ്ങളോ സംസാരമോ ഉള്‍പ്പെടുത്തി വൃത്തികേടാക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് സംവിധായകന്‍.എന്നാല്‍ ഒരു നിമിഷം പോലും കാണികള്‍ക്ക് ബോര്‍ അടിക്കാതെ ഈ ചിത്രം കാണാന്‍ സാധിക്കും എന്നിടത്താണ് സംവിധായകന്‍റെ വിജയം.സാധാരണ ഡബ്ബിംഗ് ചിത്രങ്ങളില്‍ കാണാറുള്ള മലയാള സംഭാഷണത്തിലെ വൃത്തികെട് ഈ ചിത്രത്തില്‍ തീരെ തോന്നിയില്ല.നായകന്‍ ഈച്ചയായി പുനര്‍ജനിക്കുമ്പോള്‍ ഉള്ള ആദ്യ നിമിഷങ്ങള്‍,സര്‍വശക്തനായ നായകനെ ഈച്ച എതിരിടുന്ന രംഗങ്ങള്‍ ഇവയൊക്കെ മനോഹരമായി കാണി കളിലേക്ക് പകരാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നിടത്താണ് രാജമൌലി ശരിക്കും വിജയിക്കുന്നത് അഥവാ ഈ ചിത്രം വിജയിക്കുന്നത് .ഇനി ഒരു കാര്യം കൂടി പറഞ്ഞോട്ടെ, കോടികള്‍ മുതല്‍ മുടക്കുള്ള മഗധീര എന്ന ബ്രമാണ്ട ചിത്രമെടുത്ത അതേ സംവിധായകനാണ് കേവലം മൂന്ന് കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഈ ചിത്രം സംവിധാനം ചെയ്തത് എന്ന് പറഞ്ഞാല്‍ നീ വിശ്വസിക്കുമോ?നമ്മുടെ മലയാളത്തില്‍ മഗധീര പോലൊരു പടം വിജയിച്ചാല്‍ അതിനു പുറകെ മഗധീര സിംഹം (പില്‍കാലത്ത് ഇതാണ് ഈ സീരിയസിലെ അവസാന ചിത്രം എന്ന് പറഞ്ഞതായി രേഖയും ഉണ്ടാകും),മഗധീര പ്രഭു,മഗധീരഉത്സവം,മഗധീരപതി ഇങ്ങനെ ഒരു നൂറെണ്ണം വന്നു കഴിഞ്ഞിട്ടല്ലേ സംഗതി വേറൊരു കുപ്പിയില്‍ കെട്ടുന്ന കാര്യം പോലും ചിന്തിക്കൂ? അപ്പോള്‍ പിന്നെ നമുക്ക് ഈ രാജ മൌലിയോടൊക്കെ അസൂയ തോന്നാതെ വേറെ എന്ത് തോന്നാന്‍? (പത്മരാജന്‍റെ കഥയും പറഞ്ഞിരിക്കുന്നതിന് ഒരു പരിധിയില്ലേ?)

ഇതെഴുതുമ്പോള്‍ ഈ ചിത്രം സിനിമശാലകളില്‍ നിന്ന് പോയിട്ടുണ്ടാകും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ ആസ്വദിച്ച് കാണാന്‍ കഴിയുന്ന ഈ ചിത്രത്തെ കുറിച്ച് ആദ്യം തന്നെ എഴുതേണ്ടതായിരുന്നു എന്നൊരു കുറ്റ ബോധം ഇല്ലാതില്ല .ഈ കൊച്ചു ബ്ലോഗില്‍ എഴുതിയാല്‍ ഉടന്‍ മലയാള ജനത മൊത്തമായി ഈച്ച കാണാന്‍ കേറി കളയും എന്നൊരു മൂഡ വിശ്വാസം കൊണ്ടല്ല . മറിച്ചു നമ്മുടെ അഭിപ്രായം ആദ്യമേ പറഞ്ഞു എന്നൊരു സമാധാനം ഉണ്ടായേനെ എന്നാണു സൂചന.ഈ ചിത്രം സി ഡി വരുമ്പോള്‍ എങ്കിലും കാണാന്‍ ശ്രമിച്ചാല്‍ നല്ലൊരു ചിത്രം കാണാന്‍ കഴിഞ്ഞേക്കും.

അപ്പോള്‍ ഒരിക്കല്‍ കൂടി. നന്ദിയുണ്ട് സുശീലാ ഒരായിരം നന്ദി !!!! :)

Thursday, July 12, 2012

തട്ടത്തിന്‍ മറയത്ത് ( ഹൂറിയല്ലിത് വെറും ജിന്‍ )

ഡാ .. നിക്കെടാ അവിടെ ... എന്നെ വെറുതെ ഓടിക്കരുത്

അണ്ണന്‍ ആ ഉലക്ക ഒന്ന് താഴെയിട്ടെ. അല്ലാതെ ഞാന്‍ നിക്കുകേല . അല്ല പിന്നെ

എടാ മഹാപാപി നീ ഏതാണ്ട് ഹൂറിയാണ്‌ തേങ്ങാ കുലയാണ് എന്നൊക്കെ പറഞ്ഞിട്ടല്ലേ ഞാന്‍ ആ പടത്തിനു പോയി തല വെച്ചേ ?

അത് കൊണ്ടിപ്പം എന്നാ പറ്റിയെന്നാ ഇതിയാന്‍ ഈ പറയുന്നേ .ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായര് പയ്യന്‍റെ കഥ.ഹോ എന്തൊരു പടമായിരുന്നു . എത്രയും വിപ്ലവകരമായ . പുതുമയുള്ള പടം . പോരാത്തതിനു പ്രേമിച്ചവര്‍ക്ക് കുളിര് , പ്രേമിക്കാത്തവര്‍ക്ക് നഷ്ട്ടബോധം അങ്ങനെ പോകില്ലേ സംഗതി.ഈ വിനീത് ശ്രീനിവാസന്‍ ഒരു സംഭവം തന്നെ .

അതേടാ. മേലാല്‍ ഇത്തരം ഉഡായിപ്പുകളെ വഴിത്തി പാടി എന്റെ മുന്നില്‍ വന്നാല്‍ നിന്നെ പിടിച്ചു കെട്ടിയിട്ട് ഞാന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്ബും , കഥാ സംവിധാനം കുഞ്ചാക്കോയും ൫൧ ഇഞ്ചിന്റെ ടീവിയില്‍ തുടര്‍ച്ചയായി കാണിക്കും. ഒരാഴ്ചത്തേക്ക്.

അമ്മോ!!! അപ്പൊ നിങ്ങക്ക് ഈ പടവും പിടിച്ചില്ലേ?

മലയാളം അല്ലേഡേ ഞാന്‍ പറയുന്നത് ? എന്നാ കേട്ടോ.വെറും ഉഡായിപ്പ് പടം

ചുമ്മാ അങ്ങനെ പറയാതെ കാര്യാ കാരണങ്ങള്‍ കൂടി പറഞ്ഞേ,കേക്കട്ടെ ?

അനിയ , പതിവില്ലാതെ നീ ഈ പടം കാശ് മുടക്കി കയറി കണ്ടു എന്ന് എനിക്കറിയാം. അതുകൊണ്ട് ചിലപ്പോള്‍ നിനക്ക് ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ഒരു പൊടിക്ക് കൂടുതല്‍ മനസിലാകും.

നിന്നേ ,നിന്നേ. നിരൂപകനായ ഞാന്‍ പതിവില്ലാതെ ഒരു പടം കണ്ടു എന്ന് മതി.കാശ് എന്റെ പട്ടി മുടക്കും. അണ്ണാ ഫാന്‍സ്‌ , ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി,ഫേസ്ബുക്ക്‌ ജാള്‍റയടി സംഘം അങ്ങനെ ഓസിന് ടിക്കറ്റ് കിട്ടാനുള്ള ആയിരം വഹികള്‍ ഇക്കാലത്ത് ഉണ്ട് .നിങ്ങളെക്കൊണ്ട് കൊള്ളില്ലത്തത് കൊണ്ടാ.

ആയിക്കോട്ടെ . ഏതിനും നീ പടം കണ്ടല്ലോ.

പിന്നെ, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

ശോ , എനിക്ക് വയ്യ .എന്നിട്ട് നിനക്ക് പടം ഇഷ്ട്ടപ്പെട്ടോ?

കലക്കന്‍ പടമല്ലേ.

കാരണം ?

വിനീത് ശ്രീനിവാസന്റെ കെട്ടുറപ്പുള്ള തിരക്കഥ , സംവിധാനം .പിന്നെ അഭിനേതാക്കളുടെ തകര്‍പ്പന്‍ പ്രകടനം , ഉഗ്രന്‍ ക്യാമറ , പിന്നെ സുപ്പര്‍ ഹിറ്റ്‌ പാട്ടുകള്‍ . അങ്ങനെ എന്തെല്ലാം ഉണ്ട് ഈ പടത്തില്‍. അണ്ണാ ,മര്യാദയ്ക്ക് പോയിരുന്നു പടം കാണുകയാണേല്‍ എനിക്കും ഇതൊക്കെ മനസിലാകും,കേട്ടാ ?

നീ നിരൂപക രക്ഷസ്സ് തന്നെ ചെല്ലാ. സമ്മതിച്ചു. പക്ഷെ നീ പറഞ്ഞ ഈ ഉജ്ജ്വല ഘടങ്ങളെ കുറിച്ച് സ്വപ്പം സംശയങ്ങള്‍ ഉണ്ട് . ഒന്ന് തീര്‍ത്തു തരുവോ ?

പിന്നെന്ത്. ചുമ്മാ ഓരോന്നായിട്ട് ഇങ്ങോട്ട് ചോദിക്കണം . ഇപ്പം തീര്‍ത്ത്‌ തന്നൂന്ന് ചോദിച്ച പോരെ ?

ശരി.കെട്ടുറപ്പുള്ള തിരക്കഥയില്‍ നിന്നും തുടങ്ങാം.സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കാത്ത സന്ദര്‍ഭങ്ങള്‍ , ചക്ക് പോലെയാണ് എന്ന് പറഞ്ഞിട്ട് കൊക്ക് എന്ന് തോന്നിക്കാത്ത കഥാപാത്രങ്ങളും ഉള്ള സാധനമാണ് ഈ കെട്ടുറപ്പുള്ള തിരക്കഥ എന്നാണ് എന്റെ അറിവ് .ശരിയല്ലേ ?

അതിപ്പോ സാമാന്യ ബുദ്ധി എന്നത് ആപേക്ഷികമല്ലേ അണ്ണാ ? സുപ്പര്‍മാന്റെ സിനിമ കാണുമ്പൊള്‍ അത് ചിലപ്പോള്‍ നമുക്ക് സാമാന്യ ബുദ്ധി ഒക്കെ മാറ്റി വെച്ച് കാണേണ്ടി വരില്ലേ ?

നീ പുത്തകം നോക്കി കളി പഠിച്ചിട്ടു തന്നല്ലോഡേ ?

എന്റെ ബുദ്ധിപൂര്‍വ്വമായ മറുപടി കേട്ടിട്ട് എന്ത് തോന്നുന്നു ?

സന്തോഷം തോന്നുന്നു. ഞാന്‍ പറയാന്‍ വന്ന കാര്യം നിന്റെ തലയില്‍ കയറ്റാന്‍ ഇതിലും നല്ല ഉദാഹരണം വേറെ ഇല്ല.
ഡേ, സുപ്പര്‍മാന്റെ കഥ പറയുന്ന സിനിമ കാണുമ്പോള്‍, സിനിമയുടെ തുടക്കത്തില്‍ പ്രകാശത്തിന്റെ വേഗത്തില്‍ പറക്കാന്‍ കഴിവുണ്ടെന്ന് പറയപ്പെടുന്ന സുപ്പര്‍മാന്‍ വില്ലനുമായി ഇടി കൂടാന്‍ പോകുമ്പോള്‍ പ്രത്യേകിച്ച് കാരണം ഒന്നുമില്ലാതെ ടാക്സി പിടിച്ച്, ട്രാഫിക് ബ്ലോക്കില്‍ ഒക്കെ പെട്ട് അങ്ങേത്തുന്ന സീനുകള്‍ ആ സിനിമയില്‍ ഉണ്ടെങ്കില്‍ അതല്ലേ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കല്‍?

തന്നെ, തന്നെ .അതും നമ്മുടെ തട്ടവും ആയിട്ട് എന്ത് ബന്ധം ? അങ്ങനെ നമ്മുടെ സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ഒരു സീനോ , കഥാപാത്രമോ ഈ സിനിമയില്‍ ഉണ്ടോ ?

ലാവിഷ്.ഉദാഹരണം നായികയുടെ കഥാപാത്രം

ഹായ് ,കലക്കന്‍ നായിക അല്ലെ . ഇഷ തല്‍വാര്‍. കാണാന്‍ എന്താ ഭംഗി!!!

അത് ന്യായം.ഞാന്‍ പറഞ്ഞത് ഇഷാ തല്‍വാര്‍ ഈ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചാണ്.
കോണ്‍വെന്റ് സ്കൂളില്‍ പഠിച്ചു എന്ന് പറയപ്പെടുന്ന ,ഗിറ്റാര്‍ വായിക്കുന്ന , നട്ടപാതിരാ നേരത്ത് സിക്സ് പാക് ഇംതിയാസിന്റെ (ആളെ നേരെ സിനിമയില്‍ കാണിക്കുന്നില്ല ) വീട്ടില്‍ ഗാന മേളയുടെ റിഹേര്‍സലിന് പോയിയിട്ട് തിരികെ വീട്ടിലേക്കു പോകുന്ന വഴി , നടുറോട്ടില്‍ ഇറങ്ങി നായകനെയും കാണുന്ന പെണ്ണ്. ഇതാണല്ലോ ആദ്യ പകുതി ,അല്ലെങ്കില്‍ നായകനായ വിനോദിനോടുള്ള പ്രേമം തുടങ്ങുന്നതിന് മുന്‍പുള്ള ആയിഷ ?

തന്നെ. നല്ല ബോള്‍ഡ് ക്യാരക്ടര്‍ അല്ലെ ?

അങ്ങനെ തോന്നിയാ ? അങ്ങനെയാണേല്‍ നായകനെ പ്രേമിച്ച് തുടങ്ങിക്കഴിഞ്ഞ് വലിയുപ്പായും , ഉപ്പയും വെള്ളിയാഴ്ച്ച പള്ളിയില്‍ പോയിക്കഴിഞ്ഞ് ഒരു മണികൂര്‍ നേരം മാത്രം വീട്ടില്‍ നിന്നും ആരുമറിയാതെ പുറത്തേക്ക് ഇറങ്ങാന്‍ സ്വാതന്ത്ര്യമുള്ള ആയിഷ ആരെഡേ , ആദ്യ പകുതുയിയിലെ ലവളുടെ ഇരട്ടയാ ?

അല്ല ... ആലോചിച്ചാല്‍ , അവരുടെ പ്രേമം അപ്പോഴേക്കും വീട്ടില്‍ അറിഞ്ഞിട്ടില്ലേ ? അത് കൊണ്ടാകും ?

എങ്ങനെ അറിഞ്ഞു എന്ന് ? വിനോദ് ആയിഷയെ കാണാന്‍ ചെല്ലുന്ന സീനില്‍ ആയിഷയുടെ വലിയുപ്പയുടെ ആളുകള്‍ അവരുടെ എതിര്‍ പാര്‍ട്ടിക്കാരനാണ് എന്ന് പറഞ്ഞാണ് വിനോദിനെ എടുത്തിട്ട് ചളുക്കുന്നത്. ആയിഷ ജനാലക്കു അടുത്ത് നില്‍ക്കുന്നത് ശ്രീനിവാസന്‍ മാത്രമേ കാണുന്നുള്ളൂ .

ശ്രീനിവാസന്‍ രാമുവിനോട് പറഞ്ഞതാകും എങ്കിലോ ? അപ്പൊ ആയിഷക്കു വീട്ടില്‍ നിയന്ത്രണങ്ങള്‍ വന്നൂടെ ?

സ്വന്തം പെണ്‍കുട്ടികള്‍ക്ക് തന്റെ തന്നെ സഹോദരന്‍ കാരണം അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങള്‍ /വിലക്കുകള്‍ ഇതിലൊക്കെ മനസ്സ് വല്ലാണ്ട് വിഷമിച്ച് നടക്കുന്ന ഒരു മനുഷ്യനായിട്ടാണ് ശ്രീനിവാസന്റെ കഥാപാത്രത്തെ കാണിക്കുന്നത്. അപ്പൊ അങ്ങനെയുള്ള കാട്ടുപോത്തായ സഹോദരനോട് അയാള്‍ സ്വന്തം മകളെ പറ വെയ്ക്കുമോ ?അങ്ങനെ ചെയ്‌താല്‍ അവസാനം അയാള്‍ അടിക്കുന്ന ഡയലോഗിന്റെ മുഴുവന്‍ ഗ്യാസും ആ പാരയില്‍ തീര്‍ന്നില്ലേ ? ഇനി അങ്ങനെ പാര വെച്ചാല്‍ തന്നെ , സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ/മത സംഘടനയുടെ നേതാവായ രാമു , അന്യ മതസ്ഥനെ പ്രേമിക്കുന്ന അനന്തിരവളെ ഒറ്റയ്ക്ക് വീട്ടില്‍ ആക്കിയിട്ട് (ഒരു വാച്ച്മാന്‍ പോലും ഇല്ലാത്ത ഗേറ്റ് കാണിക്കുന്നുണ്ട് ) പള്ളിയില്‍ പോകുമോ ?

നിങ്ങള്‍ ഇങ്ങനെ തുടരെ തുടരെ ചോദ്യം ചോദിച്ചാല്‍ മനുഷ്യന്‍ വിഷമിച്ച് പോകുമല്ലോ ? ഓരോന്നായിട്ട് ചോദിക്ക് .

നീ വിഷമിക്കണ്ട . ആട്ടെ തത്കാലം ഞാന്‍ നിന്നോട് ഞാന്‍ എഴുതിയ ഒരു കഥ പറയാം. അത് കേട്ടിട്ട് നീ എങ്ങനെ ഉണ്ടെന്ന് പറ.മിനിമം വിനീത് ശ്രീനിവാസനോ , ഞാനോ നല്ല കഥാകാരന്‍ എന്ന് പറഞ്ഞാല്‍ മതി .

ശരി ...അങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്യ്.അപ്പോഴേ വിനീത് മോന്റെയൊക്കെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാകു.

ശരി. ആദ്യമേ പറഞ്ഞേക്കാം , കഥ സാങ്കല്‍പ്പികമാണ്‌

ഓ ശരി .പറയണം .
കഥ തുടങ്ങുന്നത് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലാണ്. ലോക്കപ്പില്‍ കിടക്കുന്ന യുത്ത് കോണ്ഗ്രസ് അംഗം മുസ്തഫയെ പോലീസുകാര്‍ ആദ്യം ഇടിക്കുന്നു.പിന്നെ തലശേരിക്കരനായ എസ ഐ പ്രേമാനന്ദന്‍ വന്ന് പോലീസുകാരെ പിടിച്ച് മാറ്റി രാജുവിനോട് ഒരു പ്രകോപനവുമില്ലാതെ അവന്റെ കഥ പറയാന്‍ ആവശ്യപ്പെടുന്നു .മുസ്തഫ സ്റ്റേഷനില്‍ എത്തിയത് ഭയങ്കര രാഷ്ട്രീയ ഭാവിയുള്ള ബി ജെ പിക്കാരനായ ബിസിനസ്‌മാന്‍ രാമസ്വാമിയുടെ വീട്ടില്‍ രാത്രില്‍ മതില് ചാടി ചെന്നതിനാണ് . പ്രേമാനന്ദന്റെ അവശ്യ പ്രകാരം മതില് ചാടി മുസ്തഫ സ്വന്തം കഥ പറയുന്നു .കൊച്ചിലെ മുതല്‍ നെറ്റിയില്‍ ചന്ദനമിട്ട പെണ്ണുങ്ങള്‍ വീക്നെസ് അയ മുസ്തഫ ഒരു കല്യാണ പാര്‍ട്ടിയില്‍ വെച്ച് സാവിത്രി എന്ന പെണ്‍കുട്ടിയെ കാണുന്നു (ഓടി വന്ന് ഇടിച്ച് തള്ളിയിട്ടു ആശുപത്രിയില്‍ ആക്കുന്നു ). പിന്നെ പെണ്ണിനെ അശുപത്രീല് കാണാന്‍ ചെല്ലുന്ന മുസ്തഫ , അതെ ആശുപത്രിയിലുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുടെ സഹായത്തോടെ രഹസ്യ ഭാഷയില്‍ എഴുത്തെഴുതാന്‍ പഠിക്കുകയും ആ ഭാഷയിലൂടെ സാവിത്രിയോട് ഐ അം സോറി പറയുകയും ചെയുന്നു (തമ്മില്‍ കാണുന്നില്ല.ശ്രദ്ധിക്കണം ഈ രഹസ്യ ഭാഷയിലെ കത്തുകള്‍ കഥയില്‍ വളരെ പ്രധാനമാണ് ). പിന്നെ സാവിത്രി രാമസ്വാമിയുടെ അനിയന്റെ മകളാണ് എന്ന് മുസ്തഫ അറിയുന്നു. മുസ്തഫ അംഗമായ യൂത്ത് കോണ്ഗ്രസ് അംഗങ്ങള്‍ രാമസ്വാമിയുടെ വകയായ ചവറു സംസ്കരണ ശാല പൂട്ടിക്കാനുള്ള സമരത്തിലും. അതൊന്നും കണക്കാക്കാതെ മുസ്തഫ സാവിത്രിയെ പ്രേമിക്കാന്‍ തീരുമാനിക്കുന്നു. അവള്‍ പിയാനോ വായന മത്സരത്തില്‍ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ വേണ്ടി തെയ്യം പഠിക്കുന്ന മുസ്തഫ യൂത്ത്ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് സാവിത്രിയെ ആദ്യമായി പരിചയപ്പെടുന്നു. പിന്നെ അവളുടെ പിന്നാലെ നടക്കുന്ന മുസ്തഫ , സാവിത്രിയുടെ കോളേജിലെ ഗായകനും സിക്സ്പാക്കുമായ അഞ്ജനേയനും സാവിത്രിയും തമ്മില്‍ നല്ല സുഹൃത്തുക്കളാണ് എന്നും അഞ്ജനേയന് സാവിത്രിയെ പൊടി നോട്ടമുണ്ട് എന്നും അറിയുന്നു. മുസ്തഫ , അവന്റെ നിലവാരം വെച്ച് സാവിത്രിയെ വിളിച്ച് അഞ്ജനേയന്‍ ഫ്രാഡ് ആണെന്നും , മയക്കു മരുന്നിന് അടിമയാണ് എന്നുമൊക്കെ പാര പണിയാന്‍ ശ്രമിക്കുന്നു .അത് കേട്ട പാടെ സാവിത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളയുടെ റിഹേര്‍സലിന് പോവുകയും , പാതിരാത്രി അഞ്ജനെയന്റെ കൂടെ തന്നെ കാറില്‍ പോകുന്ന രംഗം മുസ്തഫയെ വിളിച്ച് വരുത്തി കാണിക്കുകയും ചെയ്യുന്നു . സഹികെട്ട മുസ്തഫ സാവിത്രിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തോടെ അവളുടെ കോളേജില്‍ എത്തുന്നു. അവിടെ വെച്ച് മുസ്തഫയെ തനിക്ക്‌ ഇഷ്ടമാണ് എന്ന ഞെട്ടിപിക്കുന്ന സത്യം സാവിത്രി തുറന്നു പറയുന്നു.അഷ്ടിക്ക് വകയില്ലാത്ത , പ്ലസ്‌ ടൂ കഷ്ടിച്ച് പാസായ , കണ്ടാല്‍ മുഗാമ്പോയ്ക്ക് താടകയില്‍ ഏഴാം മാസം ഉണ്ടായ പുത്രനെ പോലെയിരിക്കുന്ന മുസ്തഫയുടെ ഗുണഗണങ്ങള്‍ തന്നെ ഹഠാ ആകര്‍ഷിക്കുന്നു എന്ന് പെണ്ണ് എഴുത്തിലൂടെ (രഹസ്യ ഭാഷ) അറിയിക്കുന്നു ,മാത്രമല്ല കൊന്വേന്റ്റ് സ്കൂളില്‍ പഠിച്ചു , പിയാനോ വായിക്കുന്ന , പാതിരാത്രി അഞ്ജനേയന്റെ വീട്ടില്‍ ഗാനമേളക്ക് പോകുന്ന കുട്ടി ശരിക്കും പറഞ്ഞാല്‍ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ ഇല്ലത്തില്‍ അമ്മയുടെ മരണശേഷം സ്നേഹം കിട്ടാതെ,വലിയച്ഛനായ രാമസ്വാമിയുടെ കര്‍ശന നിയന്ത്രണങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നവളാണ് എന്ന സത്യം മുസ്തഫ വലിയ താമസമില്ലാതെ മനസിലാക്കുന്നു.രാമസ്വാമിയുടെ അനിയന്‍(പെണ്ണിന്റെ അച്ഛന്‍) വായില്‍ കമ്പിട്ടുകുത്തിയാലും മിണ്ടാത്ത സ്വഭാവക്കാരനും .
രാമസ്വാമിയുടെ ചവറു ഫാക്ടറിക്ക് എതിരെ നടക്കുന്ന സമരത്തെ പൊളിക്കാന്‍ അങ്ങേരും , അനിയനും കൂടി ഒരു രഹസ്യ യോഗത്തിന് പോകുന്ന രാത്രി മുസ്തഫ സാവിത്രിയെ കാണാന്‍ രാമസ്വാമിയുടെ വീട്ടില്‍ എത്തുന്നു (കൊച്ചും, ചേച്ചിയും അച്ഛനും ഒക്കെ രാമസ്വാമിയുടെ കൂടെയാണ് താമസം. പതിനെട്ട് കഴിഞ്ഞ സ്പോട്ടില്‍ കൊച്ചിന്റെ ചേച്ചിയെ എവനെയോ കൊണ്ട് കെട്ടിച്ച് ഡിവോര്‍സ് ആക്കി കൈയ്യില്‍ കൊടുത്ത രാമസ്വാമിക്ക്‌ നോ ഫാമിലി. രാഷ്ട്രീയം , ഫാക്ടറി ,അനിയന്റെ മക്കളെ ആചാരം പഠിപ്പിക്കല്‍ ...ഇതിനായി ഉഴിഞ്ഞു വെച്ച തയാഗ പൂര്‍ണ്ണമായ ഒരു ജീവിതം ). രഹസ്യ യോഗത്തില്‍ വിവരം ചോര്‍ത്താന്‍ മുസ്തഫയുടെ സുഹൃത്തുക്കള്‍ നടത്തുന്ന ശ്രമം രാമസ്വാമി കണ്ടു പിടിക്കുന്നു, യോഗം പിരിച്ചു വിടുന്നു. യോഗത്തിന്റെ കാര്യം മുസ്തഫയോട് പറഞ്ഞ അതെ സുഹൃത്തുക്കള്‍ യോഗം കലങ്ങുന്നതും , രാമസ്വാമിയും അനിയനും പ്രതീക്ഷിച്ചതിലും നേരത്തെ വീട്ടിലേക്ക് തിരിക്കുന്നതും ഒളിഞ്ഞിരുന്ന് കാണുന്നുണ്ട്. പക്ഷെ കഥ ആവശ്യപ്പെടുന്നതനുസരിച്ച് അവര്‍ ആ വിവരം മാത്രം മുസ്തഫയെ അറിയിക്കുന്നില്ല. രാമസ്വാമിയും ,അനിയനും ആളുകളും വീട്ടില്‍ എത്തുന്നു ,മുറ്റത്ത് വയിന്നോക്കി നില്‍ക്കുന്ന മുസ്തഫയെ യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞു ചവിട്ടിക്കൂട്ടി പോലീസില്‍ ഏല്‍പ്പിക്കുന്നു. പക്ഷെ രാമസ്വാമിയുടെ അനിയന്‍ മാത്രം ജനാലയിലൂടെ മുസ്തഫയെ പ്രണയത്തോടെ നോക്കി നില്‍ക്കുകയും , അവനിട്ട് ചളുക്ക്‌ കിട്ടുമ്പോള്‍ കരയുകയും ചെയ്യുന്ന സാവിത്രിയെ കാണുന്നു. പക്ഷെ അയാള്‍ ഒന്നും മിണ്ടുന്നില്ല

ഇവിടെ കഥയുടെ ഇടവേള .

അണ്ണാ ....ഈ കഥ ...

മിണ്ടരുത് ...ബാക്കി കൂടി കേള്‍ക്കെടാ .അങ്ങനെ പോലീസ് സ്റ്റേഷനില്‍ എത്തുന്ന മുസ്തഫയുടെ കരളലിയിക്കുന്ന കദന കഥ കേട്ട് എസ ഐ പ്രേമാനന്ദനും , വട്ടിയൂര്‍കാവ് പോലീസ് സ്റ്റേഷനിലെ സകല ജന മൈത്രി പോലീസുകാരും മുസ്തഫയെ സഹായിക്കും എന്ന് തിരിവഞ്ചിയൂര്‍ രാധാകൃഷ്ണനെ പിടിച്ച് ആണയിടുന്നു. ജോലിയും കൂലിയും , വലിയ പഠിപ്പും ഇല്ലാത്ത മുസ്തഫയെ സഹായിക്കാന്‍ അവര്‍ അവനെക്കൊണ്ട് ഹെല്‍മറ്റ് കച്ചവടം തുടങ്ങിക്കുന്നു. അവന്‍ ഹെല്‍മറ്റ് തട്ട് വെയ്ക്കുന്നിടത്തോക്കെ പോലീസ് ചെക്കിംഗ് ,ആളുകളെ കൊണ്ട് നിര്‍ബന്ധമായി ഹെല്‍മെറ്റ്‌ വാങ്ങിപ്പിക്കല്‍. അങ്ങനെ മുസ്തഫ നല്ലൊരു തുക കാശായി ഉണ്ടാക്കുന്നു, ആ കാശ് കൊണ്ട് സ്വന്തമായി ചന്ദനം , ജപമാല, രുദ്രാക്ഷം എന്നിവ വില്‍ക്കുന്ന ഒരു കട (പേര് പൂജാ വേള്‍ഡ് ) തുടങ്ങുന്നു.ഇതിനിടെ മുസ്തഫയുടെ സുഹൃത്തുക്കള്‍ സാവിത്രിയുടെ അമ്മാവന്റെ മകനായ അനന്തുവിനെ മുസ്തഫ -സാവിത്രി പ്രണയം സഫലമാക്കാനുള്ള ഹംസമായി തിരഞ്ഞെടുക്കുന്നു. മുസ്തഫയുടെ പെങ്ങള്‍ ഫാത്തിമയെ ലൈന്‍ അടിക്കുന്ന അനന്തു റെഡിയായി ആ പണി ഏറ്റെടുക്കുന്നു . പിന്നെ ലവനാണ് ലവര്‍ക്കിടയില്‍ രഹസ്യ ഭാഷയിലുള്ള കത്തുകള്‍ കൈമാറുന്നത്.
കടയുടെ ഉത്ഘാടനം സാവിത്രിയുടെ സൌകര്യ പ്രകാരം വെള്ളിയാഴ്ച്ച ഉച്ചക്ക് രാമസ്വാമിയും ,അനിയനും ഉച്ച പൂജ തൊഴാന്‍ പോകുന്ന സമയത്ത് വെയ്ക്കുന്നു . കാരണം അപ്പോള്‍ മാത്രമേ ആ കുട്ടിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ സാധിക്കു . കടയുടെ ഉത്ഘാടനത്തിനു ശേഷം മുസ്തഫയും , സുഹൃത്തുമായി മുഴുവന്‍ കറുത്ത ഗ്ലാസ് ഇട്ട വണ്ടിയില്‍ വീട്ടിലേക്ക് തിരികെ പോകുന്ന സാവിത്രിയെ ആ നാട്ടിലെ ചില ബ്രാഹ്മണര്‍ കാണുന്നു .മുസ്തഫയുടെ കൂടെ രാമസ്വാമിയുടെ ഇല്ലത്തെക്കുട്ടി കാറില്‍ പോകുന്നത് സഹിക്കാനാവില്ല എന്ന് പറയുന്ന അവര്‍ മുസ്തഫയുടെ സുഹൃത്തായ സുപ്രു അയ്യര്‍ കാറില്‍ നിന്നുമിറങ്ങി അവരുടെ തന്തക്കു വിളിക്കുമ്പോള്‍ 'അല്ലെങ്കിലും ഞങ്ങളുടെ റോള്‍ കഴിഞ്ഞു .നിങ്ങള്‍ പോയിക്കൊള്ളു ഞങ്ങള്‍ രാമസ്വാമിയെ വിളിച്ച് വിവരം പറയാം ' എന്ന മട്ടില്‍ പിന്‍വാങ്ങുന്നു. വിവരമറിയുന്ന രാമസ്വാമി സാവിത്രിയെ ഉലക്കക്ക് അടിക്കുന്നു .അതിനിടെ ചവര്‍ ഫാക്ടറിയുടെ സംഭരണ ടാങ്ക് തകര്‍ന്ന് കുറെ നാട്ടുകാര്‍ ആശുപത്രിയിലാകുന്നു .കുപിതരായ യൂത്ത് കോണ്ഗ്രസ്കാര്‍ രാമസ്വാമിയുടെ അനിയനെ വഴിയിലിട്ടു ചവിട്ടുന്നു, മുസ്തഫ അയാളെ രക്ഷിക്കുന്നു.മുസ്തഫയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ശ്രമങ്ങള്‍ ,മുസ്തഫയുടെ സുഹൃത്തും,പഴയ കോണ്‍ഗ്രസ്സുകാരന്റെ മകനുമായ മനോജ്‌ ആ ശ്രമങ്ങളെ ഡയലോഗ് അടിച്ച് തോല്‍പ്പിക്കുന്നു.

യൂത്ത് കോണ്ഗ്രസ്സിന്റെ പ്രതിഷേധം കാരണം കരുത്തനായ രാമസ്വാമി ഡല്‍ഹിയിലേക്കു കുടുമ്പസമേതം താമസം മാറാന്‍ തീരുമാനിക്കുന്നു . വിവരമറിയുന്ന മുസ്തഫ രാത്രി സാവിത്രിയെ വിളിച്ച് ഇറക്കി കൊണ്ട് പോകാന്‍ ശ്രമിക്കുന്നു.പക്ഷെ മുസ്തഫയെ രാമസ്വാമി തട്ടും എന്ന് ഭയന്ന് സാവിത്രി പോകുന്നില്ല. പിറ്റേ ദിവസം കഥയില്‍ ട്വിസ്റ്റ്‌ . രാവിലെ എല്ലാവരെയും വിളിച്ച് കൊണ്ട് ഡല്‍ഹിക്ക് പോകാന്‍ റെഡിയാകുന്ന രാമസ്വാമിക്ക്‌ നേരെ അയാളുടെ അനിയന്‍ പൊട്ടിത്തെറിക്കുന്നു . തന്റെ മകള്‍ അവളുടെ ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിക്കും എന്നും , പെണ്ണിന്റെ വിശുദ്ധിയുടെ അടയാളമായിട്ടാണ് ചന്ദനം ഉപ്പയോഗിക്കേണ്ടത് അല്ലാതെ സ്വപ്നങ്ങളെ മൂടാനല്ല എന്നും പ്രഖ്യാപിക്കുന്നു . ശരി അനിയാ ,എന്നാല്‍ ഞാന്‍ പോയിട്ട് കത്തയക്കാം എന്ന മട്ടില്‍ അന്ന് വരെ ഉപയോഗിച്ചിരുന്ന കറുത്ത അമ്പാസിഡര്‍ കാര്‍ അനിയന് കൊടുത്ത് (അതോ വിറ്റോ- കഥയില്‍ ഇത് നമ്മള്‍ വ്യക്തമാക്കില്ല ) ഒരു ഇന്നോവയില്‍ കയറി രാമസ്വാമി യാത്രയാകുന്നു. പിന്നെ കുറച്ചു നേരം നാട്ടുകാര്‍ എല്ലാം കൂടി മുസ്തഫയെ അന്വേഷിച്ചുള്ള നടപ്പ്. ഒടുക്കം കടല്‍പാലത്തിന്റെ തുഞ്ചത്ത് ചെറുക്കനെ കണ്ടെത്തുന്നു. അത്തര്‍ മന്‍സിലില്‍ ഇബ്രാഹിം ഹാജിയുടെ (മുസ്തഫയുടെ വാപ്പ) വീട്ടില്‍ ഒരു പൂജ മുറി ഉണ്ടാക്കാന്‍ സൌകര്യം ഉണ്ടാകുമോ എന്ന് ചോദിച്ച് സാവിത്രി മുസ്തഫയുടെ കഴുത്തില്‍ തൂങ്ങുന്നു.

ലാസ്റ്റ് സീനില്‍ മുസ്തഫ പണ്ട് കുട്ടിക്കാലത്ത് ചന്ദനം തൊട്ട ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടിട്ട് അവളെ തെന്റെ ഭാര്യയായി കിട്ടണേ എന്ന് പടച്ചോനോട് പറഞ്ഞിരുന്നു എന്നും (ഈ സീന്‍ ആദ്യവും കാണിക്കും ) ആ കുട്ടി തെന്നെയാണ് സാവിത്രി എന്നും പറയുന്നു . ശുഭം .കഥയുടെ പേര് ചന്ദനത്തിന്റെ സുഗന്ധം , എങ്ങനെയുണ്ട് അനിയാ ?

വിവരക്കേടിന്റെ എട്ടു കളി തന്നെ അണ്ണാ കഥയില്‍ . നിങ്ങളൊക്കെ വിനീത് ശ്രീനിവാസന്റെ കൈയ്യില്‍ നിന്നും പിച്ച വാങ്ങണം.
ഉറപ്പാണോ ?

അതെ, എന്താ സംശയം

ഡേ ...ചന്ദനത്തിന്റെ ഗന്ധം മാറ്റി തട്ടത്തിന്‍ മറയത്ത് എന്നാക്ക്. മുസ്തഫയെ വിനോദും , സാവിത്രിയെ ആയിഷയും ആക്ക്. രാമസ്വാമിയെ അബ്ദുറഹ്മാന്‍ ആക്ക്, ആയിഷയുടെ അച്ഛനെ വപ്പയാക്ക് , പൂജ വേള്‍ഡ് പര്‍ദ്ദ വേള്‍ഡ് ആക്ക് . . അനന്തൂനെ അബ്ദുള്ള എന്നും , സുപ്രുവിനെ ഫൈസി എന്നും അഞ്ജനേയനെ ഇംതിയാസ് എന്നും വിളിച്ചോ . കഥ നടക്കുന്നത് തലശേരിയില്‍ , എസ ഐ പ്രേംകുമാര്‍ (നമ്മുടെ പ്രേമാനന്ദ് ) തിരുവനന്തപുരംകാരനും. ചവറു ഫാക്ടറി - ലെതര്‍ ഫാക്ടറി . യൂത്ത് കോണ്ഗ്രസ് -കമ്യൂണിസ്റ്റ് സംഘടന ,ബി ജെ പി- മുസ്ലീം ലീഗ് (അത് പോലെ ഒന്ന് ).പിയനോക്ക് പകരം ഗിറ്റാര്‍, തെയ്യത്തിന് പകരം ദഫ്മുട്ട്. ഇബ്രാഹിം ഹാജിയുടെ പുരയിലെ പൂജാ മുറിക്ക് പകരം ഗോപാലന്‍ മാഷുടെ വീട്ടില്‍ നിസ്കാര പായ് ഇത്രയുമായാല്‍ ചന്ദനത്തിന്റെ ഗന്ധം മാറിയാ ?

അണ്ണാ ...താത്വികമായി നോക്കിയാല്‍ അത് ശരിയാണ് .പക്ഷെ അങ്ങനെ റാഡിക്കലായുള്ള ഒരു മാറ്റമല്ല ഇവിടെ വേണ്ടത് .

നീ മാറ്റണ്ട .പക്ഷെ ഈ കോപ്പിലെ കഥയും സന്ദര്‍ഭങ്ങളും കെട്ടുറപ്പുണ്ട് എന്ന പേരില്‍ നിന്റെ ഓണ്‍ലൈന്‍ കമ്യൂണിറ്റിയിലെ തലക്കകത്ത് കാറ്റ് മാത്രമുള്ള അവന്മാര്‍ക്ക് വിളമ്പിയാല്‍ മതി

ഒക്കെ , തിരക്കഥ വിട് .സംവിധാനത്തിന് നമുക്ക് ഒരു എട്ടു മാര്‍ക്ക് ?

നൂറിലാ ? അത് തന്നെ കൂടുതലാടാ

ആക്കല്ലേ അണ്ണാ .സംവിധാനത്തിന് എന്താ കുഴപ്പം?

ചുരുക്കി പറഞ്ഞാല്‍ അറുപതുകളില്‍ പോലും തേഞ്ഞ പ്രമേയമായ ഒരു കഥയെടുത്ത് രണ്ടായിരത്തി പന്ത്രണ്ടിലെ ന്യൂ ജനറേഷന്‍ പാക്കേജില്‍ ഇറക്കാന്‍ ശ്രമിച്ച്, ഓലപ്പുരക്ക് നെറോലാക്ക് പെയിന്റടിച്ച് നശിപ്പിച്ച അവസ്ഥ.ഓലപ്പുരയുടെ ഭംഗി പോവുകയും ചെയ്തു , നെറോലാക്ക് എല്ലാം കൂടി ഓലയില്‍ ഒട്ടിപ്പിടിച്ചു വൃത്തികെട് ആവുകയും ചെയ്തു .ഇതാണ് സംവിധാനം

അഭിനയം നന്നയിട്ടില്ലേ ?

ദോഷം പറയരുതല്ലോ .നിവിന്‍ പോളി ആ പയ്യനോട് ചെയ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട് .പക്ഷേ ഇങ്ങനെ ഒരു ഉഡായിപ്പ് കഥയില്‍ അയാള്‍ എന്ത് ചെയ്യാന്‍ ? പിന്നെ തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന പോലീസുകാരനായി മനോജ്‌ കെ ജയന്‍ സുരാജിനെ അനുകരിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെടുന്നുണ്ട് .
ശ്രീനിവാസന്‍ കറണ്ട് അടിച്ചാല്‍ പോലും ഭാവം വരാത്ത മുഖവുമായി നാലച്ചു സീനുകള്‍ വന്ന് പോകുന്നു. രാമു വിനീത് ശ്രീനിവാസന്‍ ആവശ്യപ്പെട്ട വില്ലത്തരങ്ങള്‍ കാണിക്കുന്നു , നാട് ടു വിട്ടു പോകുന്നു.ആല്ലാതെ പിന്നെ പടത്തിന്റെ ആദ്യ പകുതി മുഴുവന്‍ അങ്ങേരുടെ വീട്ടില്‍ തന്നെ താമസിച്ച് , ഗിറ്റാര്‍ വായന , പാതിരാത്രി ഗാനമേള റിഹേര്‍സല്‍ എന്നൊക്കെ പറഞ്ഞ് പാറി പറന്നു നടക്കാന്‍ നായികയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുന്ന അങ്ങേര്‍ പെട്ടെന്ന് കയറി നായികയെ അടിക്കാനും ചവിട്ടാനും ഒക്കെ തുടങ്ങുന്നതിനെ എന്ത് പറയണം ? നായിക, കാണാന്‍ കൊള്ളാം...നോ സ്കോപ്പ് ഫോര്‍ ഫാവാഭിനയം .. അത് നമ്മുടെ ഭാഗ്യം ?

പാട്ടുകള്‍ ,ക്യാമറ എന്നിവയെങ്കിലും .

പാട്ടുകള്‍ കേള്‍ക്കാന്‍ കൊള്ളാം ,പടത്തില്‍ ബോറാണ് . ക്യാമറ തിരക്കേടില്ല.

അപ്പൊ ഈ പടത്തില്‍ കൊള്ളാവുന്ന ഒന്നും ഇല്ലാ എന്നാണ് നിങ്ങള്‍ പറയുന്നത് ?

നിവിന്‍ പോളി നല്‍കുന്ന പ്രതീക്ഷ ഒഴിച്ച് ഒന്നുമില്ല.

ഛെ, എന്നാലും മലയാളത്തിലെ ബുദ്ധിമാനായ കഥാകാരന്‍ ശ്രീനിവാസന്റെ മകന്റെ പടത്തിനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാമോ ?

എന്താടാ പറഞ്ഞാല്‍ ? ശ്രീനിവാസന്റെ അല്ലേ മോന്‍ , എന്റെ അല്ലല്ലോ ? പിന്നെ ഞാന്‍ ടിക്കറ്റിന് കൊടുത്ത കാശ് നഷ്ടമായത് ഇവരാരും തിരിച്ചു തരില്ലല്ലോ ?

എന്നാലും ശ്രീനിവാസന്‍ ...

അനിയാ, ശ്രീനിവാസന്‍ കുറേക്കാലം സത്യന്‍ അന്തിക്കാട്‌ -മോഹന്‍ലാല്‍ ടീമിനെ വിറ്റ് കഞ്ഞി കുടിച്ചു .പിന്നെ പൊക്കം , ബുദ്ധി , സൌന്ദര്യം ഇതൊന്നും ഇല്ലാത്തതില്‍ മലയാളിക്ക് ഉള്ള അപകര്‍ഷതാ ബോധം (ശ്രീനിവാസന് ഈ അപകര്‍ഷതാ ബോധം സ്വന്തമായി ഉണ്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ ഞാന്‍ ആളല്ല ) വടക്കുംനോക്കി യന്ത്രം മുതല്‍ വിറ്റ് കാശാക്കി .ഓവറായി പാവം പാവം രാജകുമാരനില്‍ ഒക്കെ എത്തിയപ്പോള്‍ ,മലയാളിക്ക് മടുത്തു .അടങ്ങു വേലായുധ പറഞ്ഞു. നായകനായുള്ള കത്തിക്കല്‍ അതോടെ കുറെക്കാലത്തേക്ക് ഇല്ലായിരുന്നു . ഇപ്പൊ അങ്ങേരുടെ മോനും ശ്രമിക്കുന്നത് മലയാളിയുടെ സ്വന്തം കുറവുകളില്‍ ഉള്ള അപകര്‍ഷതാ ബോധം മറച്ചു വെയ്ക്കാനുള്ള ശ്രമത്തെ വിറ്റ് കാശാക്കാന്‍ തന്നെയാണ്. പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത നായകന് കാശുള്ള വീട്ടിലെ മൊഞ്ചത്തി പെണ്ണിനെ പുല്ലു പോലെ കിട്ടും എന്ന പ്രതീക്ഷയാണ് വിനീത് ശ്രീനിവാസന്‍ മുന്നോട്ട് വെയ്ക്കുന്നത് എന്ന് മാത്രം (വടക്കുംനോക്കിയില്‍ പോലും ശ്രീനിക്ക് സുന്ദരിയായ പാര്‍വ്വതി യെ ഭാര്യയായി കിട്ടിയില്ലേ ?- അപകര്‍ഷതാ ബോധം ഒക്കെ നായകന് ഉണ്ടെങ്കിലും കരിവിളക്കും നെയ്‌ വിളക്കും തന്നെ അതും )

ആ പ്രതീക്ഷ ഇന്നത്തെ യുവജനങ്ങള്‍ക്ക്‌ കൊടുക്കുന്നത് തെറ്റാണോ ?

അനിയാ,ഇന്നത്തെ കാലത്ത് ഒരു പെണ്ണും പഠിത്തം , കാശ് , സൌന്ദര്യം ഇതൊന്നും ഇല്ലാത്ത തട്ടത്തിന്‍ മറയത്തിലെ നായകനെ പോലുള്ള ഒരുത്തനെ ടൈം പാസിന് പോലും പ്രേമിക്കില്ല. അങ്ങനെ പ്രേമിക്കും എന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞത് കേട്ട് നിന്റെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റിയിലെ കൂതറകള്‍ ആരെങ്കിലും ,മൊഞ്ചുള്ള പെണ്ണിനെ നോക്കി കാശുള്ള വീടിന്റെ മതില് ചാടിയാല്‍ ഫലം സിനിമയില്‍ കാണിക്കുന്ന ജനമൈത്രി പോലീസ് സ്റ്റേഷന്‍ ആവില്ല .പകരം ജനമൃതി പോലീസ് സ്റ്റേഷന്‍ ആകും. അത്രേയുള്ളൂ

എന്നാലും ഞാന്‍ റിവ്യൂ എഴുതുമ്പോള്‍ ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്ന ചില്ലറ രസക്കേട് ഒഴിവാക്കിയാല്‍ പടം ഏഴാം ബഹറിലെ ഹൂറിയാണ്‌ എന്നേ എഴുത്ത് അണ്ണാ . വിനീത് മോനെ അങ്ങനെ ഞാന്‍ കൈവിടില്ല

അപ്പൊ ഞാന്‍ പറഞ്ഞ പോയന്റുകള്‍ ഒക്കെ തെറ്റാണ് എന്നാണോ ?

അല്ല .പക്ഷെ അതൊന്നും ഞാന്‍ വെട്ടം കാണിക്കില്ല. വെറുതെ ഏതെങ്കിലും തെണ്ടിക്ക് എവിടേലും വെച്ച് ഞങ്ങള്‍ ജാള്‍റകളുടെ ഉത്തരം മുട്ടിക്കാനുള്ള വടി ഞാന്‍ തന്നെ കൊടുക്കണോ ? അത് വേണ്ട .

ശരി.എന്നാ പോണ പോക്കില്‍ ഇതൂടെ കേട്ടോ. നീ പറഞ്ഞല്ലോ ജനമൈത്രി പോലീസ് നായകനെ സഹായിക്കുന്നു എന്നത് ചില്ലറ രസക്കേടാണ് എന്ന് ?

അതെ ?

ഡാ , അവരുടെ സഹായമല്ലേ കഥ മുന്നോട്ട് കൊണ്ട് പോകുന്നത് ? പകരം ആദ്യമേ മനോജ്‌ കെ ജയന്‍ നായകനെ ചവിട്ടിക്കൂട്ടി , ജയില്‍ ഇടിഞ്ഞാലും പുറത്തു വരാത്ത നാല് കേസും ചാര്‍ജു ചെയ്‌താല്‍ , ഇപ്പോഴത്തെ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പോലും നായകനെ തള്ളി പറയാനാണ് സാധ്യത. തട്ടതിന്‍ മറയത്ത് എന്ന പേര് അതോടെ തല്ലി മയ്യത്താക്കി എന്ന് മാറ്റേണ്ടി വരുകയും കഥ ആദ്യത്തെ പത്തു മിനിറ്റില്‍ തീരുകയും ചെയുമോ?

അത് സംഭവിക്കും.

അങ്ങനെയാണെങ്കില്‍ , കഥയുടെ ആധാരശില ഈ ജനമൈത്രി പോലീസ് അല്ലേ ? അത് തന്നെ ഒരു ഉഡായിപ്പ് ഫീല്‍ കാണുന്നവര്‍ക്ക് നല്‍കുമ്പോള്‍ , ബാക്കി പടം നീ പറഞ്ഞത് പോലെ എങ്ങനെയാടാ ഹൂറിയാകുന്നത്, വൃത്തികെട്ടവനെ ?

അണ്ണാ, നിങ്ങള്‍ ശവത്തില്‍ കുത്തരുത്.

Sunday, July 8, 2012

നോട്ടി പ്രൊഫസര്‍ (Naughty Proffesser )

അനിയാ നിനക്ക് നിഷാദ് എന്ന സംവിധായകന്‍റെ മൊബൈല്‍ നമ്പരോ വിലാസമോ അറിയാമോ?

എന്തിനാ അണ്ണാ? മധുര ബസ്‌ എന്നാ സിനിമയെ പറ്റി പറഞ്ഞ തെറി പോരെ ?

അതല്ല അനിയാ ആ നല്ല മനുഷ്യനെ കുറ്റം പറഞ്ഞതോര്‍ത്തിട്ടു എനിക്ക് പശ്ചാത്താപം അടക്കാന്‍ പറ്റുന്നില്ല . എനിക്ക് അങ്ങേരോട് ഒന്ന് മാപ്പ് പറയണം .

എന്തെന്താ ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് എങ്ങനെ ഒരു മലക്കം മറിച്ചില്‍ ?

അത് കഴിഞ്ഞല്ലേ ഞാന്‍ ഈ ആഴ്ച ഇറങ്ങിയ ഹാസ്യ രസപ്രധാനമായ നോട്ടി പ്രൊഫസര്‍ എന്നാ കലാരൂപം കാണാന്‍ ഇടയായത് . സംഗതി ഹരിനാരായണന്‍ എന്നൊരു പേരാണ് സംവിധായകന്‍ എന്ന സ്ഥാനത്തു കണ്ടത്.ബാക്കി മൊത്തം മലയാളത്തിന്റെ എക്സ് ഫയല്‍വാന്‍,ഹാസ്യ രംഗത്തെ പുതിയ തരംഗം,മലയാളത്തിന്‍റെ സ്വന്തം ഡുന്‍ഡു മോന്‍ (അവസാന പ്രയോഗം സ്വന്തമല്ല.അടിച്ചു മാറ്റിയതാണ് ) അഡ്വ ബാബുരാജ് കഥ, തിരകഥ,സംഭാഷണം,അഭിനയം (ഗാനരചന രംഗത്ത്‌ പേര് കണ്‍ടോ എന്നൊരു സംശയം) എന്നിവ എല്ലാം ഒരുമിച്ചു നിര്‍വഹിക്കുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍.ഈ കലാരൂപം കണ്ടപ്പോളാണ് മധുര ബസ്‌ എടുത്ത നിഷാദിനോട് എനിക്ക് ബഹുമാനം കൂടിയത്.

അണ്ണാ കാടു കേറല്ലേ ഈ പടത്തെ പറ്റി...

അനിയാ ഒറ്റ നോട്ടത്തില്‍ ഇതൊരു ഹാസ്യ ചിത്രം ആണെന്ന് തോന്നാം (പേരും , ബാബുരാജിന്‍റെ ഇപ്പോളത്തെ ഇമേജും വെച്ച് ) എന്നാല്‍ സംഗതി അങ്ങനെ അല്ല.ഒട്ടേറെ സവിശേഷതകള്‍ ഉള്ള വിശ്വംഭരന്‍ എന്ന കെമിസ്ട്രി ഡിപ്പാര്ട്ട്മെന്‍റ് ഹെഡിനെയാണ് അഡ്വ ബാബുരാജ്‌ കഷ്ട്ടപ്പെട്ടു മെനഞ്ഞെടുത് അവതരിപ്പിക്കുന്നത്.ഇദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഒരു കാലത്ത് ദക്ഷിണ ഇന്ത്യയിലെ തന്നെ സുപ്പര്‍ താരമായിരുന്ന കാര്‍ത്തികയെയാണ് (ലക്ഷ്മി ഗോപാലസ്വാമി ), വിവാഹത്തോടെ അഭിനയം നിര്‍ത്തി, രണ്ടു കുട്ടികളെയും വളര്‍ത്തി,വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ വെര്‍ഷന്‍ ആയി കഴിയുകയാണ് കാര്‍ത്തിക. ഇനി വിശ്വംഭരന്‍ എന്ന കഥാപാത്രത്തിന്‍റെ സവിശേഷതകള്‍.സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുക ഉദാഹരണമായി ക്രീമുകള്‍,പ്രോട്ടീന്‍ പൌഡര്‍,ബാങ്ക് ലോണ്‍ എടുത്തു കിത്രിമ മുടി വെക്കല്‍ അങ്ങനെ .പിന്നെ വൈകിട്ടെന്താ പരിപാടി .

ഇത്രയെ ഉള്ളോ ? ഇതൊക്കെ ഈ കാലത്തേ ഇതു മലയാളിക്കും ഉള്ളതല്ലേ.

അത് മാത്രമല്ല.സുഹൃത്തായ ഫ്രാന്‍സിസുമൊത്തു (ഇന്നസെന്ന്റ്റ്) എല്ലാ ശനിയാഴ്ചയും വാടകയ്ക്കെടുത്ത സ്ത്രീകളുമായി (കാള്‍ഗേ ള്‍സ്) നൃത്തം വെച്ച് സന്തോഷിക്കുന്ന ഒരു അപൂര്‍വ രോഗം കൂടിയുണ്ട് ഇയാള്‍ക്ക്.സംഗതി മുഴുവന്‍ ശരിയല്ല .നൃത്തം ഫ്രാന്‍സിസ് മാത്രമേയുള്ളൂ.വിശ്വംഭരന്‍ പുറത്തിരുന്നു വെള്ളമടി .നിര്‍ബന്ധിച്ചാല്‍ പോലും അകത്തു കേറില്ല (നായകനല്ലേ !!)എന്ന് കരുതി ഫ്രാന്‍സിസ് മോശക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ.അയാള്‍ക്ക് പെണ്ണുങ്ങളുമായി ഇങ്ങനെ കൊഞ്ചാന്‍ ഇഷ്ടമാണ് പോലും .ഭാര്യ അമേരിക്കയില്‍ ഉള്ള അങ്ങേരു പിന്നെ എന്നാ ചെയ്യാനാന്നേ .

അപ്പൊ കഥ ...?

അത് വരുന്നതല്ലേ ഉള്ളു . ഇവരുടെ അയല്‍ക്കാരിയായി ഡി വൈ എസ് പി ചാക്കോയുടെ (റ്റിനി ടോം) ഭാര്യയായ ലെന വരുന്നു .ഭര്‍ത്താവു ആന്‍ഡമാനിലാണ്.പൊതുവേ മലയാളിക്ക് ഭര്‍ത്താവു അടുത്തില്ലാത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ സാദാ സമയവും ഒരൊറ്റ സംഗതിയെ പറ്റി മാത്രം ചിന്തിക്കുന്നവള്‍ ആണല്ലോ.അതിന്‍റെ കൂടെ ലെന ഇറുകിയ വസ്ത്രങ്ങളും ഇട്ടു ബാല്‍ ക്കണിയില്‍ (സ്വന്തം വീടിന്‍റെ ആന്നേ) നിന്ന് വ്യായാമവും ഒപ്പം രാവിലെ നടക്കാന്‍ പോകാന്‍ ബാബുരാജിനെ കൂട്ട് വിളിക്കുകയും കൂടെ ചെയ്താല്‍ അദേഹം എന്ത് ചെയും? ചാക്കോച്ചനു ഇതു വല്ലതും പിടിക്കുമോ? പോരാത്തതിനു പണ്ട് ഒരു പീഡന കേസില്‍ (നേരത്തെ പറഞ്ഞ നൃത്തം ) ഇവരെ ചാക്കോ പോക്കിയതുമാണ്.അത് തിരിച്ചു ചാക്കോയുടെ തലയില്‍ വെച്ച് മുങ്ങിയതിന്റെ നാണക്കേട്‌ വേറെയും . പ്രതികാരദാഹിയും അസൂയലുവും ആയ ചാക്കോ അവസരം നോക്കിയിരിക്കുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം ഇവരുടെ നൃത്ത പരിപാടി പോലീസ് റൈഡ് ചെയ്തു പൊക്കുന്നു.പണ്ടേ പെണ്ണ് കേസ് ഒഴികെയുള്ള എന്ത് കുസൃതിക്കും അനുമതി നല്‍കിയിട്ടുള്ള കാര്‍ത്തിക പ്രതികാരദാഹിനി ആകുന്നു.ഉടനെ അഭിനയത്തിലേക്ക് തിരിച്ചു പോവുകയും സീരിയല്‍ രംഗത്തേക്ക് ഇറങ്ങുകയും ചെയുന്നു.നായകന്‍ സുരേഷ് കൃഷ്ണ (ഇദേഹം നായകന്‍ ആണെങ്കിലും ഇതു നിമിഷവും വില്ലന്‍ ആക്കാം എന്നാ ഭാവത്തിലാണ് നില്‍പ്പ്).ഇതോടെ നായകന്‍ തികച്ചും നോട്ടി ആകുന്നു .

ആണോ..... ഏങ്ങനെ?

കുട്ടികളെ കുളിപ്പിക്കുന്നു,സ്വയം പാചകം ചെയുന്നു,(പശു ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ തൊഴുത്തും കഴുകിയേനെ!!! ) അങ്ങനെ ഗ്രഹഭരണം മൊത്തം ഏറ്റെടുത്തു തികച്ചും നോട്ടി ആയി മാറുന്നു നായകന്‍. പിന്നെ സുരേഷ് കൃഷ്ണയോട് നായികയെ മാറ്റാന്‍ ‍ ആവശ്യപ്പെടുന്നു.അത് നടക്കാത്തപ്പോള്‍ ഗുണ്ടകളെ വിടുന്നു,ഇതും കൂടെയായപ്പോള്‍ വിവാഹമോചനത്തിന് തീരുമാനിക്കുന്ന കാര്‍ത്തികയുടെ നീക്കം നായകനെ തളര്‍ത്തിക്കളയുന്നു.ആത്മഹത്യക്ക് പോലും തയാറെടുക്കുന്ന വിശ്വംഭരനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ അപ്പോളാണ് നമ്മള്‍ അറിയുന്നത്. അത് നമ്മെ അറിയിക്കുന്നത് ഡോക്ടര്‍ ആയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.അത് വരെ നായകന്‍ ഇയാളെ ഇടയിക്കിടെ കണ്ടു മുടി കൊഴിച്ചില്‍,വയറു കുറച്ചു സിക്സ് പായ്ക്ക് ഉണ്ടാക്കാനുള്ള വൈദ്യശാസ്ത്ര മാര്‍ഗം ഇവയൊക്കെ ആരായുന്നുണ്ട്.വിശ്വംഭരന്‍ അക്യുട്ട് ഡയബെറ്റിക് ന്യുറോപ്പോതി എന്നാ മാരകരോഗത്തിന് അടിമയാണ് എന്നും ഡോക്ടര്‍ ഇത്രയും കാലം അങ്ങേരെ ഈ രോഗത്തിന് ചികിത്സിക്കുക ആയിരുന്നു എന്നും മനസിലാക്കുന്നുന്നത്.ഈ രോഗത്തിന് ആകെയുള്ള കുഴപ്പം പുരുഷ ശരീരത്തില്‍ മുസിലി പവര്‍ എക്സ്ട്രാക്ക് സംഭവിക്കുന്ന ശേഷി കുറവാണു.അത് പുറത്തു അറിയാതിരിക്കാനാണ് പോലും ഇദേഹം ഇതെല്ലാം കാണിച്ചു കൂട്ടിയത് (എന്ത് കാണിച്ചു കൂട്ടി എന്ന് ചോദിക്കരുത്.അദേഹം അകെ ചെയ്യുന്നത് ശനിയാഴ്ച തോറുമുള്ള നൃത്ത പരിപാടിയാണ് . അതാകട്ടെ അതീവ രഹസ്യവും).ഇതിനിടെ വിശ്വംഭരന്‍റെയും ഫ്രാന്‍സിസിന്‍റെ യും നൃത്ത പരിപാടി ഒറ്റിയത് താന്‍ അല്ലെന്നും അത് വീടിലെ വേലക്കാരന്‍ കം കാര്‍ത്തികയുടെ പഴയ മേക്ക്അപ്പ്‌ മാന്‍ പയ്യന്‍ ത്രിവിക്രമന്‍ ആണെന്നും തെളിയിച്ചു ചാക്കോച്ചന്‍ മാന്യനാകുന്നു.ആറു മാസത്തിനു ശേഷം ഒരു ആശ്രമത്തില്‍ പ്രഭാഷണം നടത്തി കൊണ്ടിരിക്കുന്ന വിശ്വംഭരനെ സത്യമെല്ലാം മനസിലാക്കിയ ഈ സിനിമയിലെ സകല നടീ നടന്മാരെല്ലാം ചേര്‍ന്ന് കണ്ടു പിടിച്ചു തിരിച്ചു കൊണ്ട് വരുന്നതോടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹാസ്യ ചിത്രത്തിന് തിരശീല വീഴുന്നു.

അല്ല .. അതിപ്പോള്‍ ....

തീര്‍ന്നില്ല അനിയാ, ഒരു നടന്‍ എന്നാ നിലയ്ക്ക് അഡ്വ ബാബുരാജില്‍ നിന്നും വളരെയധികം ഇനി വരും നാളുകളില്‍ പ്രതീക്ഷിക്കാം എന്ന് ഷഫ്ന,മൈഥിലി,വിഷ്ണുപ്രിയ എന്നെ അഥിതി താരങ്ങളുടെ കൂടെ അദേഹം നടത്തുന്ന നൃത്തം മാത്രം കണ്ടാല്‍ മനസിലാകും (മലയാളി പ്രേക്ഷകന്‍ അനുഭവിച്ചേ ചാകു !!!).തിരകഥകൃത്ത് എന്ന നിലയ്ക്ക് നോക്കിയാല്‍ അദേഹം നമ്മുടെ ആസ്ഥാന ബുദ്ധിജീവി രന്‍ജിത്തിനെ പിച്ച വാങ്ങിപ്പിച്ചേ അടങ്ങു.കെമിസ്ട്രി വിഭാഗ തലവനായ ഇങ്ങേര്‍ ,സ്വന്തം വിദ്യാര്‍ത്ഥികളുടെ പ്രോജെക്റ്റില്‍ കിടപ്പറ രംഗം ഉള്‍പ്പെടുത്തുകയും അതില്‍ അഭിനയിക്കുകയും ചെയ്യുക (പറയുന്നതെ ഉള്ളേ!!) തുടങ്ങിയ തമാശകള്‍ പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കും ഉറപ്പു.ലക്ഷ്മി ഗോപാലസ്വാമി ഒന്നുകില്‍ ചിരിക്കാതെ അഭിനയിക്കണം അല്ലെങ്കില്‍ അവരുടെ പല്ലില്‍ കറ പോലെ തോന്നിക്കുന്ന ആ സാധനം കളയാന്‍ എന്തേലും ചെയ്യണം.ലെന ഉടനെ തന്നെ ശ്വേത മേനോന്‍റെ വിടവ് നികത്തുന്ന എല്ലാ ലക്ഷണവും കാണുന്നു (വാണി വിശ്വനാഥിന്‍റെ വിടവ് നികത്തിയാണ് ശ്വേത വന്നത് എന്ന് മറക്കുന്നില്ല )

അപ്പോള്‍ ചുരുക്കത്തില്‍ ....

ബാബുരാജ്‌ സംവിധാനം ചെയ്തു നമ്മെ അനുഗ്രഹിച്ച ബ്ലാക്ക്‌ ഡാലിയ,മനുഷ്യ മൃഗം എന്നെ ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ചിത്രവും . സംവിധാനം ഹരിനാരായണന്‍ എന്ന് എഴുതി കാണിച്ചു എന്ന് വെച്ച് ബാബു രാജിനെ ഒതുക്കാന്‍ ആവില്ല മക്കളെ എന്ന് വിളിച്ചു പറയുന്ന ചിത്രം

മതി അണ്ണാ വയറു നിറഞ്ഞു . അണ്ണന്‍ ഇങ്ങനെ അഴുക്ക പടങ്ങള്‍ കണ്ടു നടന്നാല്‍ മതിയോ ? യുവ തലമുറയെ ഇളക്കി മറിക്കാന്‍ വരുന്ന തട്ടത്തില്‍ മറയത് എന്ന സിനിമയെ കുറിച്ച് രണ്ടു വാക്ക്

ദേ പോയി ദാ വന്നു

Thursday, July 5, 2012

നമുക്ക് പാര്‍ക്കാന്‍ (Review Namukku Parkkan)

അണ്ണാ...

എന്താടെ പെട്ടന്ന് തിരിച്ചു വന്നത് ?വല്ലതും എടുക്കാന്‍ മറന്നോ ?

വന്നു വന്നു നിങ്ങള്‍ എന്തും ചെയ്യും എന്നായി അല്ലെ അണ്ണാ?

അതെന്തു അനിയാ നീ അങ്ങനെ പറയാന്‍ ?

അല്ല ഇന്നലെ ഇരുട്ടു വാക്കിന്നു നിങ്ങള്‍ നമുക്ക് പാര്‍ക്കാന്‍ എന്ന പടത്തിനു കേറുന്ന കണ്ടായിരുന്നു . നിങ്ങള്ക്ക് നാണമില്ലേ അനൂപ്‌ മേനോന്‍റെ പടത്തിനൊക്കെ കേറാന്‍? ഇതെങ്ങാനും ആ നിരൂപക ലോകം അറിഞ്ഞാല്‍ നിങ്ങളോട് സംസാരിച്ചു എന്ന കുറ്റത്തിന് എന്നെ വിലക്കികളയും .

ഒന്ന് പോടെ കാശും മാധ്യമ സ്വാധീനവും ഉണ്ടെങ്കില്‍ ശങ്കര്‍ രാമകൃഷ്ണന്‍റെ സ്പിരിറ്റിലെ ഊ .. ജ്വല പ്രകടനത്തെ കുറിച്ചു വാനോളം പുകഴ്ത്തിയ മാധ്യമങ്ങള്‍ വേട്ടക്കാരന്‍ വര്‍ക്കിയെ (മധുര ബസ്‌ )കുറിച്ചും അനൂപ്‌ മേനോനെ പറ്റിയും ഒക്കെ എഴുതിയേനെ.അത് ഏറ്റു വിളിക്കാന്‍ നിന്നെ പോലെയുള്ള നീര്‍ക്കോലികളും

അത് കള അണ്ണാ സിനിമയെ പറ്റി പറ.നിങ്ങള്‍ മുഴുവനും കണ്ടോ അതോ പകുതിക്ക് ഇറങ്ങി പോയോ .

അനിയാ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായകന്‍ എന്ന് ഞാന്‍ കരുതുന്ന (അല്ലെങ്കില്‍ ക്ഷമിക്കണം ) ശ്രീ അജി ജോണ്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ,തിരകഥ : ജയന്‍ - സുനോജ്.സംഗീതം രതീഷ്‌.തികച്ചും എണ്പതുകളിലെ ഫോര്‍മുല എന്ന് പറയാവുന്ന രീതിയില്‍ ഉള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്.ഉദാഹരണമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതിമാര്‍,സഹോദരങ്ങള്‍ക്ക്‌ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച നായകന്‍,ഒടുവില്‍ അവരെല്ലാം നല്ല നിലയില്‍ ആകുമ്പോളും സ്വന്തമായി ഒരു വീട് പോലും ഇല്ലാതെ എന്നാല്‍ ഇവരോട് ഒരു സഹായവും ചോദിക്കാത്ത അഭിമാനിയായ നായകന്‍,നായകന്‍റെ പുറകില്‍ ഉറച്ചു നില്‍ക്കുന്ന സര്‍വം സഹയായ നായിക,നല്ല നിലയില്‍ കഴിയുന്ന സഹോദരന്‍റെ വീടിലെ ചടങ്ങിനെത്തി അപമാനിക്കപ്പെടുന്ന നായകനും കുടുംബവും,നായകനെ ഒരു കാരണവും ഇല്ലാതെ സ്നേഹിക്കുന്ന വളരെ കുറച്ചു പേര്‍ .

ഇനി കഥ,വെറ്റിനറി ഡോക്ടര്‍ രാജീവന്‍ (അനൂപ്‌ മേനോന്‍) ഭാര്യ രേണുക ടീച്ചര്‍ (മേഘ്ന രാജ് ) രണ്ടു കുട്ടികള്‍ സന്തുഷ്ട്ട കുടുംബം.കുറെ കാലമായി ഇവര്‍ സ്വന്തമായി വീട് വെക്കാനുള്ള പ്ലാനിലാണ്.സുഹൃത്തും ഒരിക്കലും ഇഷ്ട്ടപെടാത്ത പ്ലാന്‍ സ്ഥിരമായി വരച്ചു കൊടുക്കുന്ന ആളായി ഐസക് ( ദേവന്‍).(സത്യമായും പടം തുടങ്ങിയപ്പോള്‍ ഇതു മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പി.ഓ എന്ന പടം തന്നെ അല്ലെ എന്ന് ചിന്തിച്ചു പോയതാ ).സഹോദരങ്ങളായി ടിനി ടോമും,സുധീഷും.അളിയനായി നന്ദു. തുടക്കത്തില്‍ ഈ പടത്തിനു എന്നെ വലിച്ചു കൊണ്ട് പോയ ശ്രീനിയെ ഞാന്‍ നാലു ചീത്തയും പറഞ്ഞു.സത്യമായും എനിക്ക് ഈ അനൂപ്‌ മേനോന്‍റെ സ്ഥായിയായ എല്ലാം അറിയുന്നവന്‍റെ ഭാവം തീരെ ഇഷ്ടമല്ല (താല്പര്യം വ്യക്തിപരം ). ഈ അടുത്ത കാലത്ത് എന്ന ചിത്രത്തില്‍ എനിക്ക് ആകെ ഇഷ്ടപ്പെടതിരുന്നത് അനൂപ്‌ മേനോനെ ആണ് ബൈജു പോലും ആ ചിത്രത്തില്‍ അനൂപ്‌ മേനോനെക്കാളും നന്നായി എന്ന് തന്നെയാണ് എന്‍റെ അഭിപ്രായം.

പിന്നെ അശോകന്‍,ജയസൂര്യ (അതിഥി താരം), ഗീതാ വിജയന്‍ അങ്ങനെ പോകുന്നു അഭിനേതാക്കളുടെ നിര.ഈ സിനിമ കണ്ടപ്പോള്‍ എന്നിക്ക് മനസ്സില്‍ കുറെ ചോദ്യങ്ങള്‍ ......

മതി ... മതി .. ഹോ ഇതു ഞാന്‍ തകര്‍ക്കും അണ്ണാ, സ്ഥിരം കഥ,വളിച്ച മെലോ ഡ്രാമ, എണ്പതുകളിലെ കഥാതന്തു അനൂപ്‌ മേനോന്‍റെയും മേഘ്ന രാജിന്‍റെയും വളിച്ച അഭിനയം ,വിവരമില്ലാത്ത സംവിധായകന്‍,ബോധമില്ലാത്ത തിരക്കഥാ കൃത്തുക്കള്‍ ആ ഒരു ലൈന്‍ പിടിച്ചാല്‍ പോരെ ?

അത് നീ എന്ത് വേണേലും ചെയ്തോ.ഒരു കാര്യം പറഞ്ഞാല്‍ ഞെട്ടരുത്.ഇതൊക്കെയാണെങ്കിലും ഈ സിനിമ എനിക്ക് ഇഷ്ട്ടപെട്ടു. ഒരു കഥാ വലിച്ചു നീട്ടാതെ,ബോര്‍ അടിപ്പിക്കാതെ പറഞ്ഞു തീര്‍ക്കുക എന്ന മിനിമം ആവശ്യമേ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കുള്ളൂ.ഒരു പുതിയ സംവിധായന്‍ എന്ന നിലയില്‍ (തിരക്കഥാകൃത്തുക്കള്‍,സംഗീത സംവിധായകന്‍ എന്നിവരും പുതുമുഖങ്ങള്‍ ആണെങ്കില്‍ ഒരു പുതിയ ടീം എന്ന് തന്നെ പറയാം) ആ പണി ശ്രീ അജി ജോണ്‍ നന്നായി നിര്‍വഹിച്ചു എന്നാണ് എന്‍റെ അഭിപ്രായം.ഒറ്റ വാക്കില്‍ പറഞ്ഞാല്‍ എല്ലാവരും അവരവരുടെ പണി വൃത്തിയായി ചെയ്ത ചിത്രം എന്ന് പറയാം. ഒരു ഫീല്‍ ഗുഡ് മൂവി എന്ന വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രം.

അല്ല അണ്ണന്‍ ചോദിയ്ക്കാന്‍ ഉദേശിച്ച ചോദ്യങ്ങള്‍?

അല്ല ബൂലോകത്തെ നിരൂപക സിംഹങ്ങള്‍ (അനിയാ,നീ അടക്കം) എന്തെടെ ഇങ്ങനെ ഒരു പാടത്തെ പറ്റി നല്ലതോ ചീത്തയോ ആയി ഒരു വാക്ക് പോലും പറയാത്തെ? നന്ദു എന്ന നടന്‍ സ്പിരിറ്റ്‌ എന്ന സിനിമയില്‍ കാണിച്ചു എന്ന് പറയപ്പെടുന്നതിനെക്കാള്‍ എത്രയോ നന്നായാണ് ഈ ചിത്രത്തില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഉസ്താദ്‌ ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാന്‍ഖാന്‍ അനായാസമായി അഭിനയിച്ചു എന്ന് മുറവിളി കൂട്ടുന്ന മാധ്യമലോകം ഈ ചിത്രത്തില്‍ പത്തു മിന്ട്ട് പോലുമില്ലാത്ത റോളില്‍ അതിഥി താരമായി എത്തുന്ന ജയസൂര്യയുടെ തകര്‍പ്പന്‍ പ്രകടനത്തിന് നേരെ എന്തിനു കണ്ണടക്കുന്നു? മമ്മുട്ടി പ്രാഞ്ചിയേട്ടന്‍ പോലുള്ള സിനിമകളില്‍ പ്രാദേശിക ഭാഷ എടുത്തു അലക്കി ഉടുത്തു എന്ന് ആര്‍ത്തു രോമാഞ്ചം കൊള്ളുന്നവര്‍ ഈ ചിത്രത്തില്‍ ഒട്ടും മുഴച്ചു നില്‍ക്കാതെ അതെ സംഗതി അനൂപ്‌ മേനോന്‍ ചെയുമ്പോള്‍ (മാധവന്‍ കുട്ടി നേമം പി .ഓ എന്ന ചിത്രത്തിലും ഈ സംഗതി എനിക്ക് തോന്നിയതാണ്) എന്തിനു മുഖം തിരിക്കണം? കൂട്ടത്തില്‍ പറഞ്ഞോട്ടെ സംഗതി മേക്ക്അപ്പ്‌മാന്‍റെ മിടുക്കാണോ,ക്യാമറമാന്‍ ആണോ പ്രതി,അതോ സംവിധായകന്‍ ആണോ ഉത്തരവാദി എന്ന് പറയാനുള്ള വിവരം എനിക്കില്ല.മേഘ്ന രാജിനെ,ഏറ്റവും കുറഞ്ഞ പക്ഷം ഗാനരംഗങ്ങളില്‍ എങ്കിലും,ഇതുവരെ വന്നതില്‍ ഏറ്റവും സുന്ദരിയായി തോന്നിക്കുന്ന ചിത്രവും ഇതാണ് എന്നാണ് എന്‍റെ അഭിപ്രായം.ഗാനങ്ങള്‍,ക്യാമറ ഇവ മുഴച്ചു നില്‍ക്കാത്ത വിധം വൃത്തിയായി ചെയ്തിട്ടുണ്ട് (അവിയല്‍ അല്ലെങ്കില്‍ ജനത്തിന് ഇപ്പോള്‍ പിടിക്കുമോ എന്നറിയില്ല ).സംഗതി പറഞ്ഞു പഴകിയ കഥയാണെങ്കിലും തികച്ചും ലൈവ് അയ സംഭാഷണങ്ങളിലൂടെ അത് പരമാവധി ഫീല്‍ ചെയ്യിപ്പിക്കാതെ ഇരിക്കുന്നിടതാണ് ഈ ചിത്രത്തിന്റെ പിന്നണിക്കാര്‍ വിജയിച്ചിരിക്കുന്നത്.ഒപ്പം വിജിലന്‍സ് റെയിഡ് പോലുള്ള രംഗങ്ങളില്‍ കാണികളുടെ കണക്കുകൂട്ടല്‍ തെറ്റിക്കാനും ഇവര്‍ക്ക് കഴിയുന്നുണ്ട്

ഈ ചിത്രം ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ഞാന്‍ കാണാന്‍ പോയത്. അത് തീര്‍ച്ചയായും ഈ ചിത്രത്തെ കുറിച്ചുള്ള എന്‍റെ അഭിപ്രായത്തിന് ഒരു ഘടകം ആയേക്കാം.ഇതു വായിച്ചു ആരും ഈ ചിത്രം തീയറ്റെറില്‍ പോയി കാണും എന്ന് ഞാന്‍ കരുതുന്നില്ല (തീയറ്റെറില്‍ ഉണ്ടായിട്ടു അല്ലെ കാണാന്‍ ???). ആദ്യ ആഴ്ച കഴിയുമ്പോള്‍ പുറം തള്ളപ്പെടുന്ന പരാജയ ചിത്രങ്ങളില്‍ ഒന്നായി തള്ളപ്പെടാനാകും ഈ ചിത്രത്തിന് വിധി എന്നും എനിക്ക് ബോധ്യമുണ്ട്.

അപ്പോള്‍ സംഗതി ചുരുക്കത്തില്‍ ..

ഒരു മസ്റ്റ്‌ വാച്ച് മൂവി ഒന്നുമല്ലെങ്കിലും കുടുംബസമേതം കാണാന്‍ കൊള്ളാവുന്ന,ബോറടിപ്പിക്കാത്ത വൃത്തിയുള്ളൊരു ചിത്രം

നമ്പര്‍ 66 മധുര ബസ്‌

മലയാള സിനിമയുടെ അവസ്ഥ നാലഞ്ച് വാക്കുകളില്‍ കുറയാതെ വിശദീകരിക്കുക എന്ന് ഒരു ചോദ്യം വന്നാല്‍ , അതിന് ഉത്തരം നീ എന്ത് എഴുതും അനിയാ?

അത് എളുപ്പമല്ലേ ? മാറ്റത്തിന്റെ കൊടുങ്കാറ്റില്‍ പാഴായ വന്മരങ്ങള്‍ കടപുഴുകി വീണ്, പുതു നാമ്പുകള്‍ തളിര്‍ക്കുന്ന അവസ്ഥ. പോരെ?

നിന്റെ ഭാഷയ്ക്ക്‌ ഒരു ചൊവ്വൊക്കെ വന്നിട്ടുണ്ട്

ഇപ്പം മലയാളം ട്യൂഷന്‍ ഉണ്ടണ്ണാ.കാളകൂടത്തിലെ കോളത്തില്‍ ഇപ്പൊ നര്‍മ്മ രസം തുളുമ്പുന്ന എന്റെ പഞ്ച് ലൈനുകള്‍ വലിയ ഹിറ്റല്ലേ ?

തന്നെ ? നന്നായിരിക്കട്ടെ.എന്നാലേ,ഞാന്‍ മലയാളം സിനിമയുടെ ഇന്നത്തെ അവസ്ഥ എങ്ങനെ വിശദീകരിക്കും എന്ന് അറിയാമോ ?"

അണ്ണന്‍ തന്നെ പറ .പുറത്തു പറഞ്ഞാല്‍ ചാലു മോന്റെ ഫാന്‍സ്‌ തല്ലുന്ന എന്തെങ്കിലും ഇടപാടായിരിക്കും .എന്നാലും കേള്‍ക്കട്ടെ.

അതാരടെ ചാലു മോന്‍ ?

എന്തോന്നണ്ണാ ? നമ്മുടെ മമ്മുക്കയുടെ സ്വന്തം ചാലു മോന്‍

കഷ്ടിച്ച് രണ്ട് പടം അഭിനയിച്ച ആ പയ്യനും ഫാന്‍സോ ?

ചാലു മോന്‍ മലയാള സിനിമയുടെ ആശയും നീരുമാണ് അണ്ണാ

അപ്പൊ നീ നേരത്തെ പറഞ്ഞ വാചകം പാഴ് മരങ്ങള്‍ സ്വന്തം പാഴ് വിത്തുകള്‍ ഈ മണ്ണില്‍ വിളയിക്കാന്‍ ശ്രമിക്കുന്നു എന്ന് മാറ്റി പറയേണ്ടേ?

നിങ്ങള്‍ അത് കള. സിനിമയുടെ അവസ്ഥ .അതാണല്ലോ വിഷയം .അത് പറ

ഡേ . എനിക്ക് തോന്നുന്നത് എങ്ങനെയെങ്കിലും പുതുമ വേണം എന്ന വാശിയില്‍ ഹിറ്റായ ഏതെങ്കിലും ട്രെന്‍ഡ് തന്നെ അനുകരിച്ച് അതിപുരാതനമായ സിനിമകള്‍ എടുക്കുന്ന ആളുകള്‍ക്കിടയില്‍ വല്ലപ്പോഴും മനുഷ്യനെ മക്കാര്‍ ആക്കാത്ത പടങ്ങളും ഇറങ്ങുന്ന അവസ്ഥയാണ് മലയാളത്തില്‍

ട്രെണ്ടുകളുടെ പുറകെ ആര് പോകുന്നു അണ്ണാ ?

ട്രെന്‍ഡ് എന്ന് ഉദ്ദേശിച്ചത് ഹിറ്റാകുന്ന പടങ്ങളാണ്. ഉദാഹരണത്തിന് സാള്‍ട്ട് & പെപ്പര്‍ , ഓര്‍ഡിനറി എന്നീ പടങ്ങള്‍ ഓടിയത് കണ്ടിട്ട് സംവിധായകന്‍ നിഷാദ് ഇപ്പൊ ഭക്ഷണം , യാത്ര ഇതൊക്കെയാണ് മലയാളത്തിന്റെ ട്രെന്‍ഡ് എന്ന് തെറ്റിദ്ധരിക്കുന്നു എന്ന് വെയ്ക്കുക .

നിഷാദോ ? അതാര് ?

ഡേ,പണ്ട് സുരേഷ് ഗോപിയെ നായകനാക്കി ആയുധം എന്നൊരു പടം സംവിധാനം ചെയ്ത ആളാണ്.

ഓ കെ . അപ്പൊ നിഷാദ് തെറ്റിദ്ധരിച്ചു ...എന്നിട്ട് ?

ഭക്ഷണം , യാത്ര ഇത് രണ്ടും കൂടിക്കലര്‍ത്തി ഒരു പടം ചെയ്യാം എന്ന് അങ്ങേര്‍ തീരുമാനിക്കുന്നു എന്ന് ഊഹിക്കുക . വെറും ഊഹം.പക്ഷെ തെറ്റാന്‍ ഇടയില്ല .അതിനിടക്ക് ദാണ്ടേ വരുന്നു കോട്ടയം ഫീമെയില്‍. ഓ ....പ്രതികാരവും ട്രെന്‍ഡ് ആണ് .അതും ലേറ്റസ്റ്റ് . സോ ഭക്ഷണം ഔട്ട്‌ , യാത്രയും പ്രതികാരവും ഇന്‍. അങ്ങനെ ഉണ്ടായ പടമായിരിക്കണം നമ്പര്‍ 66 മധുര ബസ്‌ .

അണ്ണന്‍ അതും പോയി കണ്ടോ ?

മലയാള സിനിമ എന്നെയും കൊണ്ടേ പോകു ,അനിയാ . അത് വിധിയാണ് .

അപ്പൊ യാത്രയും , പ്രതികാരവും ആണോ പടത്തിന്റെ കഥ ?

തന്നടെ . തന്റെ ജീവിതം തകര്‍ത്ത സഞ്ജയന്‍ (മാര്‍ക്കണ്ട് ദേശ്പാണ്‍ഡേ) എന്ന പഴയ സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ മൂന്ന് ദിവസത്തെ പരോളില്‍ ഇറങ്ങുന്ന വരദരാജന്റെ (പശുപതി) കഥയാണ്‌ നമ്പര്‍ 66 മധുര ബസ്‌. വരദരാജന്‍ പുനലൂരില്‍ നിന്നും മധുര ബസ്സില്‍ കയറുന്നിടത്ത് സിനിമ തുടങ്ങന്നു. ബസ്സിലെ യാത്രക്കാരിയായ സുര്യ പത്മത്തിനെ (പദ്മപ്രിയ ) സാഹചര്യവശാല്‍ ചില ഗുണ്ടകളില്‍ നിന്ന് രക്ഷിക്കുന്ന വരദരാജന്‍ അവളോട്‌ പറയുന്ന സ്വന്തം കഥ ഫ്ലാഷ്ബാക്ക് . അടിമ കച്ചവടം മോഡലില്‍ മയാണ്ടിക്കുപ്പം എന്ന സ്ഥലത്ത് വേട്ടക്കാരന്‍ വര്‍ക്കിയുടെ (തിലകന്‍ ) ജോലിക്കാരായി വരുന്ന വരദരാജന്‍ , സഞ്ജയന്‍ , ഭാവയാമി (മല്ലിക ) എന്നിവര്‍ ബാല്യകാല സുഹൃത്തുകള്‍ ആണ്. വരടരാജനും ,ഭാവയാമിയും ലവ് .സഞ്ജയന് അസൂയ .വരദന്‍ ഗുഡ്ബോയ്‌,സഞ്ജയന്‍ ബാഡ് ബോയ്‌.വരദന്‍ ഫോറസ്റ്റ് ഗാര്‍ഡ് (ഡി എഫ് ഓ യെ ആന കുത്താതെ രക്ഷിച്ചതിന്റെ പ്രതിഫലം),സഞ്ജയന്‍ കഞ്ചാവ് കടത്ത് (വില്ലനല്ലേ ?). ഇടയ്ക്കിടെ നാട്ടിലെ സുവിശേഷ പ്രചാരകനായ എസ ഐ (ജഗദീഷ് ) സഞ്ജയനെ അകത്താക്കുന്നു.വരദന്‍ എസ ഐയെ സോപ്പിട്ട് പുറത്തിറക്കുന്നു.വരദനും ഭാവയാമിയും വിവാഹം കഴിക്കുന്നു .സഞ്ജയന്‍ ഭാവയാമിയെ നോട്ടമിടുന്നു (പണ്ടേ ഉള്ള നോട്ടമാണ്.നിഷാദ് ആവശ്യപ്പെട്ടത് അനുസരിച്ച് വരദന്‍ കൊച്ചിനെ കല്യാണം കഴിച്ചതിനു ശേഷം കൂടുതല്‍ രൂക്ഷമായി നോക്കുന്നു ,അത്രേയുള്ളൂ ).സഞ്ജയന്‍ ചതിച്ച് പുതിയ ഡി എഫ് ഒയുടെ കൊലപാതകം (പഴയ ആന കുത്താത്ത ഡി എഫ് ഒയുടെ മകനാണ് ഈ ഡി എഫ് ഓ . ആ സെന്റിമെന്റ്സ് വേറെ ) വരദന്റെ തലയിലാകുന്നു. വരദന്‍ അകത്താകുന്നു, ഭാവയാമിയെ സഞ്ജയന്‍ കൊല്ലുന്നു (ആത്മഹത്യാ ചെയ്തതും ആകാം - ഉറപ്പില്ല ). പിന്നെ പറയാന്‍ മറന്നു പോയി .ഇടയ്ക്കു ഭാവയാമിക്കും വരദനും ഒരു ആണ്‍ കുട്ടി ജനിക്കുന്നു . വരദന്‍ ജയലില്‍ , ഭാവയാമി മരിച്ചു . സ്വാഭാവികമായി നിഷാദ് കുട്ടിയെ പനി പിടിപ്പിച്ച് കൊല്ലുന്നു (ഇനി കുട്ടിയുടെ കഥ കൂടി പറയുന്ന വമ്പ് എതുക്ക്‌ ? എന്ന് വിചാരിച്ചു കാണും ). അപ്പൊ അങ്ങനെ സഞ്ജയന്‍ എട്ടിന്റെ പണി കൊടുത്ത് അകത്താക്കിയ വരദന്‍ പരോളില്‍ ഇറങ്ങി സഞ്ജയന്റെ പരിപ്പെടുക്കാന്‍ പോകുന്ന വിവരം സൂര്യ പത്മത്തോട് പറയുന്നു. പെങ്ങളെ രക്ഷിക്കാന്‍ പെങ്ങളുടെ ഭര്‍ത്താവിനെ തലക്കടിച്ചു തളര്‍ത്തിയിട്ട് നാല് കൊല്ലം ജയിലില്‍ പോയി കിടന്ന തന്റെ സ്വന്തം പ്രൊഫൈല്‍ സൂര്യ പത്മ വരദനെയും കാണിച്ചു കൊടുക്കുന്നു.ഒടുക്കം പെങ്ങളാല്‍ തന്നെ തള്ളി പറയപ്പെട്ട് , മധുരയിലെ ചിറ്റിയുടെ (കേട്ടാല്‍ തന്നെ നമുക്ക് കുഴപ്പം പിടിച്ച കേസാണ് എന്ന് ഊഹിക്കാവുന്ന ചിറ്റി ) അടുത്തേക്ക്‌ പോകുന്ന യാത്രയിലാണ് സൂര്യ പത്മം . അതിനിടെ ബസ്സിലെ കണ്ടക്ടര്‍ പൈലി (ജഗതി ശ്രീകുമാര്‍ ) സര്‍വീസില്‍ നിന്നും വിരമിക്കുന്നത് അന്നാണ് .അന്ന് വൈകുന്നേരം ഭാര്യയുമായി പ്ലാന്‍ ചെയുന്ന വേളാങ്കണ്ണി ട്രിപ്പ്‌ , അവര്‍ക്ക് മക്കളില്ലത്തതിന്റെ സെന്റിമെന്റ്സ് ഇത് വേറെ . ജഗതിയുടെ കഥ കേള്‍ക്കാന്‍ ഉള്ള വിധി നമ്മളെ പോലെ തന്നെ ബസ്സില്‍ കയറുന്ന സ്വാമിയായി അഭിനയിക്കുന്ന ശശി കലിംഗ എന്ന നടനും .ഇനി പ്രധാന കഥയിലേക്ക്‌. വരദന്റെ കഥ കേട്ട സൂര്യ പത്മ ഉറപ്പായും അയാള്‍ സഞ്ജയനെ തട്ടുക തന്നെ വേണം എന്ന് പ്രഖ്യാപിക്കുന്നു .സഞ്ജയന്‍ എവിടെയുണ്ടെന്ന അവരുടെ ചോദ്യത്തിന് വരദന്‍ നല്‍കുന്ന മറുപടിയാണ് ഇടവേള. ദോഷം പറയരുതല്ലോ , ആ പോയന്റ് കുറച്ച് നന്നായിട്ടുണ്ട്. ഇടവേള കഴിഞ്ഞ് പിന്നെ ഒരു അപകടം , പല സസ്പെന്‍സുകള്‍ , ട്വിസ്റ്റുകള്‍ , പല കഥാപാത്രങ്ങളുടെ ഒടുക്കത്തെ സെന്റി , ഒടുക്കം വരദന്‍ ,സഞ്ജയനെ കാച്ചുന്നു തീര്‍ന്നു പ്രാരാബ്ദ്ധം

അണ്ണന്‍ നേരത്തെ പറഞ്ഞത് നേരാ .ഇതില്‍ ഭക്ഷണത്തിന് സ്കോപ്പില്ല . ഭക്ഷണം കഴിച്ച് കൊണ്ട് പ്രതികാരം ചെയ്യാന്‍ പറ്റില്ലല്ലോ, അല്ലെ ?

അല്ലെങ്കില്‍ എല്ലാം മിക്സ് ചെയ്യാന്‍ നിഷാദിന് അന്‍വര്‍ റഷീദിന്റെ ഐ ക്യൂ വേണം .

അതെന്തെര് അണ്ണാ അന്‍വര്‍ റഷീദിനെ ഒരു പുച്ഛം . ഭക്ഷണത്തെ കുറിച്ച് നല്ല പൊളപ്പന്‍ പടങ്ങള്‍ അല്ലെ എടുത്ത് വെച്ചിരിക്കുന്നത് ?

ആ ചവറിനെ കുറിച്ച് എന്റെ അഭിപ്രായം ഇന്നലെയോ മറ്റോ അല്ലെഡേ നിന്നോട് പറഞ്ഞത്. അതല്ല വിഷയം .മിക്സിങ്ങാണ് .സഞ്ചാരത്തിനും ഭക്ഷണത്തിനും കൂടി ഒരുമിച്ച് പടത്തില്‍ സ്കോപ്പില്ല എന്ന് കണ്ട അന്‍വര്‍ റഷീദ് ചെയ്തത് എന്താ ? നിന്റെയൊക്കെ ചാലു മോന്‍ ബിരിയാണി ഹോം ഡെലിവറി ചെയ്തു കഷട്ടപ്പെടുന്ന സീനില്‍ സഞ്ചാരി നീ ,സഞ്ചാരി ഞാന്‍ എന്ന പാട്ട് കേറ്റി. അത് പോലെ നിഷാദും ഈ പടത്തില്‍ യാത്രയുടെ സീനുകള്‍ കാണിച്ച് ബിരിയാണി നീ , പറോട്ട ഞാന്‍ എന്നൊരു പാട്ട് ഫിറ്റു ചെയ്തിരുന്നേല്‍ യാത്ര , പ്രതികാരം ,ഭക്ഷണം ഇതെല്ലം ഒരുമിക്കുന്ന പോസ്റ്റ്‌ മോഡേണ്‍ പടമൊന്ന് സ്വന്തം പേരില്‍ ഇരുന്നേനെ.

നിങ്ങള്‍ ചാലു മോനെ വിട്ടേ . ഈ പടത്തിന്റെ കാര്യം പറ

എന്തോന്ന് പറയാന്‍ ?. പ്രതികാരം , ഇര , വേട്ടക്കാരന്‍ ...ഈ ലൈനിലെ കഥകള്‍ മനോഹരമായി പറഞ്ഞിട്ടുള്ള ഇതാ ഇവിടെ വരെ , താഴ്വാരം അങ്ങനെയുള്ള പടങ്ങളെ അനുകരിച്ച് ഇറങ്ങിയ ശിക്കാര്‍ പോലുള്ള പടങ്ങളുടെ കൂട്ടത്തില്‍ അവസാനം ഇറങ്ങിയ പടം. അതാണ്‌ നമ്പര്‍ 66 മധുര ബസ്‌ . നിഷാദ് സംവിധാനം ചെയ്ത ഈ സിനിമ ആരെങ്കിലും ക്ലാസിക്ക് ആകും എന്ന പ്രതീക്ഷയില്‍ കയറി കാണും എന്ന് എനിക്ക് തോന്നുന്നില്ല .പിന്നെ എന്തെങ്കിലും നല്ലത് കണ്ടെങ്കിലോ (സലിം കുമാര്‍ പറഞ്ഞത് പോലെ ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ) എന്ന പ്രതീക്ഷയില്‍ ഈ ബസ്സിന് തല വെയ്ക്കുന്ന എന്നെ പോലെയുള്ള മണ്ടന്മാരെ രണ്ടു മണികൂര്‍ നിഷാദ് വൃത്തിയായി കൊന്നു കയ്യില്‍ തരുന്നുണ്ട് . ആകെ പടത്തില്‍ ഭേദം എന്ന് പറയാവുന്നത് പശുപതി ,മാര്‍ക്കണ്ട് ദേശ്പാണ്‍ഡേ എന്നിവരുടെ അഭിനയമാണ് . പക്ഷെ അഭിനേതാക്കള്‍ നല്ലതായിട്ട് കാര്യമില്ലല്ലോ ? അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ കുറച്ചെങ്കിലും സാമാന്യബോധം ഉള്ളവന്‍ എഴുതി ഉണ്ടാക്കിയതാവണ്ടേ ? അതുമില്ല. താഴ്വാരത്തിലെ സലിം ഗൌസ് അവതരിപ്പിച്ച വില്ലനും ,മോഹന്‍ലാലിന്റെ നായകനും ഒക്കെ തോന്നിപ്പിക്കുന്ന ആ ഒരു ജെനുവിനിറ്റി ഒന്നും ഈ സിനിമയില്‍ ഇല്ല. താഴ്‌വാരം സംവിധാനം ചെയ്ത ഭരതനേയും,നിഷാദിനേയും താരതമ്യം ചെയ്തതല്ല.പക്ഷെ വളരെ അലക്ഷമായ തിരക്കഥയും,അതിലും അശ്രദ്ധമായ സംവിധാനവും ഒക്കെ താഴ്വാരത്തിന്റെ കഥാതന്തുവിനെ ഓര്‍മിപ്പിക്കുന്ന ഈ പടത്തില്‍ കണ്ടത് കൊണ്ട് പറഞ്ഞു പോയതാണ്.

ജഗതി എങ്ങനെയുണ്ട് അണ്ണാ?

ചുമ്മാ വന്നു പോകുന്ന ഓര്‍ കഥാപാത്രം , ശബ്ദവും ഏതോ മിമിക്രിക്കാര്‍ ആണ് കൊടുത്തിരിക്കുന്നത് . അത് ആദ്യ സീനിലെ നമുക്ക് മനസിലാകും. പിന്നെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ആ നടന് വന്നു ഡബ്ബ് ചെയ്യാന്‍ ഒക്കില്ല എന്ന് ഓര്‍ക്കുമ്പോള്‍ വിഷമവും തോന്നും.

ശ്വേതാ മേനോന്‍ പടത്തില്‍ ഉണ്ടോ അണ്ണാ? പോസ്റ്ററില്‍ തല കണ്ടത് പോലെ ?

ജയിലിലെ വെല്‍ഫെയര്‍ ഓഫീസര്‍ എന്നൊരു അനാവശ്യ കഥാപാത്രം . അവരുടെ സെന്റി പതിനഞ്ച് മിനിട്ട് . അതോടെ തീര്‍ന്നു .

അപ്പൊ ചുരുക്കത്തില്‍ ?

വെറുതെ ഒരു ബോറ് പടം . രണ്ടു മണികൂര്‍ ഉറക്കം നഷ്ടം .

അപ്പൊ ഇനി മലയാള സിനിമയുടെ പ്രതീക്ഷ വീണ്ടും ചാലു മോനില്‍ തന്നെ,അല്ലെ അണ്ണാ ? പ്രണവ് മോനും കൂടി ഒന്ന് പെട്ടെന്ന് വന്നിരുന്നേല്‍ നമുക്ക് മലയാളം സിനിമ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയതായി പ്രഖ്യപിക്കമായിരുന്നു.

ഡേ...നീ തീരെ അപ്പ്‌ ടു ഡേറ്റ് അല്ല. ചാലവും , പ്രണവും ഒക്കെ വെറും അണലികള്‍. മലയാള സിനിമയെ രക്ഷിക്കാന്‍ രാജാ വെമ്പാല ഒരെണ്ണം മുഴുവന്‍ ഇറങ്ങിയിട്ടുണ്ട് .

അതാര് അണ്ണാ ?

മലയാളത്തിന്റെ സ്വന്തം എക്സ് ഫയലവാന്‍ ,ഇപ്പൊ ചിരിക്കുടുക്ക . സര്‍വ്വശ്രീ അഡ്വ :ബാബുരാജ് . അദ്ദേഹത്തിന്‍റെ ഹാസ്യരസ പ്രധാനങ്ങളായ പടങ്ങള്‍ പലതും വരാനുണ്ട് .മലയാള സിനിമ വല്യ താമസമില്ലാതെ ഒരു വഴിക്കാകും .നീ കണ്ടോടാ.

അണ്ണാ!!!

ബു ഹ ഹ ഹ (ശിവജി ഗണേശന്റെ ചിരി )

ഓഫ്‌ : മലയാളത്തില്‍ പുതുമുഖങ്ങള്‍ക്കും,പഴയ മുഖങ്ങള്‍ക്കും അഭിനയത്തിന്റെ എല്ലാ മേഖലയിലും അനുകരണീയമായ ഉദാഹരണമായ ജഗതി ശ്രീകുമാര്‍ ഇപ്പോഴും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. അദേഹം എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യത്തോടെ തിരികെ എത്തട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രം കണ്ടവര്‍ക്ക് അറിയാം,അതിലെ തൃശൂര്‍ ഭാഷ സംസാരിക്കുന്ന മാത്തന്‍ എന്ന കഥാപാത്രത്തിന് ജഗതി സ്വന്തം ശബ്ദം നല്‍കിയിരുന്നെങ്കില്‍ അത് എത്രമാത്രം ഉജ്ജ്വലമായ ഒരു പ്രകടനം ആയേനെ എന്ന് .ഈ നഷ്ടങ്ങള്‍ ശരിക്കും നല്ല പ്രേക്ഷകരുടെതാണ്