Sunday, July 29, 2012

സിനിമാ കമ്പനി (Cenima Company )

അണ്ണാ ....

ഡ്യൂഡ്,കാലഘട്ടം ന്യൂജനറേഷന്‍,ഞരമ്പ് രോഗികള്‍ക്ക് വരെ മജ്നു സ്റ്റാറ്റസ് നിന്നെ പോലുള്ളവന്മാര്‍ ഫേസ് ബുക്കിലൂടെ ലൈക്കി കൊടുക്കുന്ന കാലം.അതിനിടയില്‍ ഒരിക്കലും വളരാത്ത ബോബനും മോളിയും പോലെ നമ്മുടെ ശൈലി വിമര്‍ശനത്തിനു വിധേയമാകുന്നു .

പിന്നെയും തുടങ്ങിയാ ?

ഇല്ലഡേ....പഴേ പോലെയില്ലാ എന്നാലും നവയുഗത്തിന് കരിന്തിരി കത്തിക്കാന്‍ ഇന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ ബ്രോ,നീ ഡ്യൂഡ്. ഓക്കേ?

ഡബിള്‍ ഒക്കേ . അപ്പൊ ബ്രോ,സിനിമാ കമ്പനി ...

പപ്പി അപ്പച്ചാ എന്നാ സിനിമയ്ക്ക് ശേഷം മി.മാമാസ് സംവിധാനം ചെയ്ത ഫ്ലിക്ക് ,അല്ലേ ?

അണ്ണാ !!! തെറി പറയാതെ.

തെറിയോ ? വാട്ട്‌ തെറി

അല്ല ഫ ചേര്‍ത്ത ആ ഇംഗ്ലീഷ് വാക്ക് ...

കണ്ട്രി ഗൂസ് . ഇത് ഫ്ലിക്ക് ...ന്യൂ ജനറേഷന്‍ ലിന്ഗോ ഫോര്‍ പടം അഥവാ ചലച്ചിത്രം.നീ ചോദിക്കും മുന്‍പേ പറഞ്ഞക്കാം ലിന്ഗോ എന്ന് വെച്ചാല്‍ ഭാഷ.

ഓ ...ഞാന്‍ വിചാരിച്ചു ...അത് പോട്ടെ. ബ്രോ ...ലാ ഫ്ലി .. ആ സംഭവം കണ്ടോ ?

മി.മാമാസ്...

ബ്രോ...മമാസ് എന്ന് പറയു മാമാസ് അല്ല .

പൂവര്‍ ബോയ്‌.സര്‍ക്കാസം മനസിലായില്ല ...ഒകെ മമാസ് സംവിധാനം ചെയ്ത സിനിമ ഞാന്‍ കണ്ടിരുന്നു.

എങ്ങനെയുണ്ട് ?

ഫേസ്ബുക്ക്‌ ഫെം ഫെയിറ്റല്‍ (കണ്ണ് കുത്തി അകത്തോട്ടിട് ...ഇത് നിനക്ക് മനസിലാവൂല ) ഭാഷയില്‍ പറഞ്ഞാല്‍ 'നില്‍'വാരം ഇല്ലാത്ത ഫിലിം .നമ്മുടെ കൊളോക്കിയല്‍ കൊളമാക്കലില്‍ വെറും കൂതറ പടം

"ഹോളി കൌ!!!"

"എന്തോന്നെടാ ?"

"തള്ളേ!!! എന്ന് ന്യൂ ജനറേഷനില്‍ വിളിച്ചതാണ് ബ്രോ ...ഇത്രയും ടാലെന്റ്റ്‌ ഹണ്ട് ഒക്കെ നടത്തി ഒന്‍പതോളം ന്യൂ ഫേസുകളെ പരിചയപ്പെടുത്തിയ സിനിമ കൊള്ളില്ല എന്നോ ? ഇമ്പോസിബിള്‍ "

"ഈ ടാലെന്റ്റ്‌ ഹണ്ട് എന്ന് പ്രാഞ്ഞത് കുറച്ചു കാലം മുന്‍പ് പരസ്യങ്ങള്‍ വഴി 'തലവര മാറ്റു താരമാകു' എന്ന് അലക്കിയ പരിപാടിയല്ലേ , ഡ്യൂഡ്?

ബിന്‍ഗോ,ബ്രോ .

ആ പരസ്യം നൂറു ശതമാനം സത്യമാണ് .തലവര മാറുന്നത് നമ്മള്‍ പ്രേക്ഷരുടെതാണ് എന്ന് മാത്രം

അത്ര ഹൊറിബിള്‍ ആണോ ?

അണ്‍സഹിക്കബിള്‍

പുതുമുഖങ്ങള്‍ ?

മെയിന്‍ നാല് പേര്‍ .പോളച്ചന്‍ എന്ന കഥാപാത്രമായി ആയി ബാസില്‍,പണിക്കര്‍ ആയി സഞ്ജീവ്,ഫാസില്‍ ആയി ബദ്രി,പാറു ആയി ശ്രുതി. ഇതില്‍ ബാസില്‍ ആണ് അഭിനത്തിലെ മിന്നും പ്രതിഭ .നിരന്തരം ഉള്ള വിവിധ ഭാവങ്ങളുടെ വെള്ളച്ചാട്ടം പോരാഞ്ഞ് ഇടയ്ക്കിടെ ദേഷ്യം വന്നു ക്യാമറയെ നോക്കി പഴയ നടി ലളിത ശ്രീക്ക് ശ്വാസം മുട്ടല്‍ വന്നത് പോലെ ക്യമാറയിലേക്ക് നോക്കി ഒരു പ്രകടനം നടത്തി സ്ലോമോഷനില്‍ ഒരു പോക്കുണ്ട് ...ഹോ!!! തലക്കിട്ട് അടിച്ചത് പോലിരിക്കും . പിന്നെ ബദ്രി ...പുള്ളി ഇടയ്ക്കിടെ മാത്രമേ അഭിനയിക്കു. അതും ഇമോഷണലായി . അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ നമ്മള്‍ കരഞ്ഞ് കാലു പിടിച്ചാലും നിറുത്തില്ല. പിന്നെ സഞ്ജീവ് , ശ്രുതി ...ഇവര്‍ വലിയ ക്യാമറാ ഫിയര്‍ ഒന്നും ഇല്ലാതെ അവരുടെ കഥാപാത്രങ്ങള്‍ നന്നാക്കിയിട്ടുണ്ട് .എടുത്ത് പറയേണ്ടത് ശ്രുതിയുടെ ഡയലോഗ് ഡെലിവറി ആണ് . തകര്‍പ്പന്‍. സ്വന്തം ശബ്ദമാണെങ്കില്‍ ശ്രുതിക്കും അല്ലെങ്കില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനും (ലിപ് സിങ്കിന് ശ്രുതിക്ക് ഷെയര്‍ കൊടുക്കണം ) ചായ സോറി ഒരു ബക്കറ്റ് കെ എഫ് സി .

സഞ്ജീവ്,ശ്രുതി,ഡയലോഗ്...ഇതൊക്കെ നല്ല കാര്യങ്ങള്‍ അല്ലേ ബ്രോ ? പിന്നെ സിനിമ കൊള്ളില്ല എന്ന് പറഞ്ഞത്...

അത് പുതുമുഖങ്ങളുടെ കുറ്റം അല്ല ഡ്യൂഡ്. കഥ , തിരക്കഥ,സംവിധാനം ഇതൊക്കെ ചെയ്ത മി.മമാസ് ആണ് വില്ലന്‍ .
അതെങ്ങനെ ?

റോക്ക് ഓണ്‍ എന്ന സിനിമയില്‍ ഫര്‍ഹാന്‍ അക്തര്‍ വൃത്തിയായി അവതരിപ്പിച്ച തീമിനെ കേരളത്തിലേക്ക് ഇമ്പോര്‍ട്ട് ചെയ്ത് സംഗീതത്തിന് പകരം സിനിമ തിരുകി നാല് സുഹൃത്തുക്കളില്‍ ഒന്നിനെ പെണ്ണാക്കി എല്ലാം കൂടി കസാട്ട (കോഞാട്ടയുടെ പുതു ശൈലി)ആക്കിയത് വഴി

വാട്ട്‌ ഈസ്‌ ദി കഥ ,ബ്രോ ?

സിനിമാ മോഹവുമായി കപ്പലണ്ടി കൊറിച്ച് നടക്കുന്ന നാല് സുഹൃത്തുക്കള്‍(മമാസ്,റോക്ക് ഓണിന്റെ ആത്മാവ് നിങ്ങളെ കാര്‍ന്ന് തിന്നും !!!)- പോളച്ചന്‍(നടന്‍),പണിക്കര്‍ (സംവിധായകന്‍ ),ഫൈസില്‍(എഴുത്തിസ്റ്റ് -സാഹിത്യ അക്കാദമി അവാര്‍ഡ്- കേന്ദ്രന്‍ ,ഒന്ന് പോക്കറ്റില്‍),പാറു (സംഗീത സംവിധായക).സിനിമ തുടങ്ങുമ്പോള്‍ ,ഇവരില്‍ പോളച്ചന്‍ ബംഗ്ലൂരില്‍,രണ്ടു മൂന്ന് ഡോക്യു ഫിക്ഷന്‍ നിലവാരത്തിലുള്ള രംഗങ്ങള്‍ സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റ് ,തനിക്കു വന്ന ഒരു കത്തിലേക്ക് നോക്കി കണ്ണുരുട്ടി ഭാവാഭിനയം കാണിക്കുന്നു.പിന്നെ കോഫീ മഗ്ഗില്‍ കാപ്പി കുടിച്ച്,ഹാഫ് സ്ലീവ് ഷര്‍ട്ട്,ടൈ ,ലാപ്‌ ടോപ്‌ ബാഗ് എന്നിവയുമായി രാവിലെ ഒരു തരക്കേടില്ലാത്ത ഫ്ലാറ്റ് കോമ്പ്ലെക്സില്‍ നിന്നും പുറത്തേക്കിറങ്ങുന്നു (ബംഗ്ലൂരില്‍ തരക്കേടില്ലാത്ത ജോലി - സിംബോളിക് ).പയ്യനെ ജോലിക്ക് പോകാന്‍ സമ്മതിക്കാതെ ആ ഫ്ലാറ്റ് കോമ്പ്ലെക്സില്‍ ഒരു അപകട മരണം നടക്കുന്നു.നാല് സുഹൃത്തുക്കളില്‍ ഒരാള്‍.മൂന്ന് പയ്യന്മാര്‍,ഒരു പെണ്‍കുട്ടി; അങ്ങനെയുള്ള ആ സുഹൃത്തുക്കളെ കാണുമ്പോള്‍ പോളച്ചന്‍ വീണ്ടും ക്യമറയിലേക്ക് നോക്കിനമ്മളെ പേടിപ്പിക്കുന്നു.പിന്നെ കൊച്ചിയിലേക്ക് കെട്ടിയെടുക്കുന്നു. ഇനി ഫ്ലാഷ്ബാക്ക്. പോളച്ചന്‍ അവന്റെ സുഹൃത്തുക്കളായ പണിക്കര്‍ , ഫൈസില്‍ ,പാറു എന്നിവരെ കാണികള്‍ക്ക് പരിചയപ്പെടുത്തുന്നു.അവര് തമ്മില്‍ ലോകമവസാനിച്ചാലും അവസാനിക്കാത്ത സൗഹൃദം ആണെന്ന് ഒരു പാട്ടിലൂടെ തെളിയിച്ചതിന് ശേഷം,സൌഹൃദത്തിലെ കുസൃതികള്‍,തമാശകള്‍ (കരഞ്ഞ് പോകും ) എന്നിവ കാണിക്കുന്നു,ബാസിലിന്റെ പ്രണയമായ പഞ്ചാബി കുട്ടി ദീപിക (കന്നഡ നടി സനം), ഫൈസിലിന്റെ കാമുകി കാശുകാരി റോഷ്നി (പുതുമുഖം ലക്ഷ്മി) എന്നിവരെയൊക്കെ നമ്മള്‍ കാണുന്നു.ഒരു പുതുമുഖ സംവിധായകനുമായി ഉണ്ടാകുന്ന വാഗ്വാദം സുഹൃത്തുക്കളുടെ സംഘത്തെ സ്വന്തമായി ഒരു സിനിമ എടുക്കാന്‍ പ്രേരിപ്പിക്കുന്നു.ഫൈസില്‍ കഥ എഴുതി തുടങ്ങന്നു.അവര്‍ നാല് സുഹൃത്തുക്കളുടെ കഥ തന്നെ.പണിക്കര്‍ സംവിധായകന്‍,നായകന്‍ പോളച്ചന്‍,സംഗീതം പാറു എന്നൊക്കെ തീരുമാനിക്കപ്പെടുന്നു. കഥയുടെ ക്ലൈമാക്സ് മാത്രം എഴുതാന്‍ ബാക്കി നില്‍ക്കെ അവര്‍ക്ക് നിര്‍മ്മാതാവിനെയും കിട്ടുന്നു.റോഷ്നിയുടെ അച്ഛന്‍ ലാലു അലക്സ്.

പിന്നെ അങ്ങോട്ട്‌ ട്വിസ്റ്റ്‌,ടേണ്‍ എല്ലാം കൂടി അകെ ബഹളമാണ്.നിര്‍മാതാവ് സ്വന്തം മകളെ നായികാ ആക്കുന്നു (നേരത്തെ പഞ്ചാബി കുട്ടി ആയിരുന്നു),പോളച്ചനെ മാറ്റി മാര്‍ക്കറ്റ് ഉള്ള ഒരുത്തനെ നായകന്‍ ആക്കുന്നു ...എന്നിട്ടും സുഹൃത്തുക്കള്‍ ധീരമായി മുന്നോട്ട് പോകുന്നു,പക്ഷേ ക്ലൈമാക്സ് ചിത്രികരിക്കാന്‍ ബാക്കിയുള്ളപ്പോള്‍ ലാലു അലക്സ് പേര്‍സണല്‍ ആയിട്ടു പറയുവ പിള്ളേരെ , കാശില്ല എന്ന് പറഞ്ഞു പിന്മാറുന്നു,ഉണ്ടാകുന്ന വാഗ്വാദത്തിനിടെ റോഷ്നിയെ പോളച്ചന്‍ തല്ലുന്നു,ലാലു അലക്സ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നു,സിനിമ പൂട്ടുന്നു,സുഹൃത്തുക്കള്‍ വേര്‍പിരിയുന്നു (റോക്ക് ഓണ്‍ എന്ന സിനിമ പല തവണ ആത്മഹത്യാ ചെയ്യുന്നു )

ഇനി ബാക്കി പകുതി,നാല് വര്‍ഷങ്ങള്‍ക്കു ശേഷം പോളച്ചന്‍ കൊച്ചിയില്‍ തിരികെ എത്തി സുഹൃത്തുക്കളെ വീണ്ടും കൂട്ടി യോജിപ്പിച്ച് മുടങ്ങിയ സിനിമ വീണ്ടും പൂര്‍ത്തിയാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ആണ്. തല്ലി കൊന്നാല്‍ താന്‍ അവരുമായി സഹകരിക്കില്ല എന്ന് പറയുന്ന ഫൈസില്‍ കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തുന്നില്ല എന്ന് റഷസ്സ് കണ്ടു മനസിലായത് കൊണ്ടാകണം,ഇടയ്ക്കിടെ മമാസ് പല കഥാപാത്രങ്ങളെയും കൊണ്ട് പറയിക്കുന്നുണ്ട് 'പോളച്ചന്‍ റോഷനിയെ തല്ലിയതും,ലാലു അലക്സ് മരിച്ചതും,പ്രേമം പൊട്ടിയതും ഒന്നുമല്ല,ഫാസിലിന്റെ അകല്‍ച്ച മറ്റെന്തോ ഭയങ്കര കാരണം കൊണ്ടാണ് എന്ന് . ഒടുക്കം ഫൈസില്‍ എല്ലാം തുറന്ന് പറയുമ്പോള്‍ സുഹൃത്തുക്കള്‍ ഞെട്ടിയില്ലെങ്കിലും ,നമ്മള്‍ ഞെട്ടും.എഴുതുന്നതൊക്കെ അറം പറ്റിയത് കൊണ്ടും,ക്ലൈമാക്സില്‍ പോളച്ചന്റെ കഥാപാത്രം മരിക്കുന്നത് കൊണ്ടുമാണ് ഫൈസില്‍ പിണങ്ങി നടന്നത് (ഈ ഒരൊറ്റ ത്രെഡ് ഒരു കിടിലം കഥയ്ക്കുള്ള സ്കോപ്പ് ആണ് എന്നത് കാര്യം വേറെ).ഒടുക്കം പടം പൂര്‍ത്തിയാകുമോ? പൂര്‍ത്തിയായാല്‍ അത് റിലീസ് ചെയുമോ ?റിലീസ് ചെയ്‌താല്‍ ഹിറ്റ് ആകുമോ? അവസാനത്തെ തിക്ക് റാപ്പിന്റെ കൂത്ത് കാണാന്‍ കാണികള്‍ ക്ഷമയോടെ ഇരിക്കുമോ ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ സസ്പന്‍സ് ആണ്

ബ്രോ,അപ്പൊ കഥയാണ്‌ പ്രോബ്ലം?

അതാണ്‌ പ്രോബ്ലത്തിന്റെ തുടക്കം.പിന്നെ കഥാപാത്രങ്ങള്‍ കോടീശ്വരരായ അച്ഛനമ്മമാരെ അവരുടെ വഴക്കില്‍ മനം നൊന്ത് ഉപേക്ഷിച്ച് പോയി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ബാനര്‍ എഴുതി ജീവിക്കുന്ന പണിക്കര്‍,ഗോദ്രയില്‍ നിന്നും വന്ന ഏതോ ഒരുത്തന്റെ പോയന്റ് ഓഫ് വ്യൂവില്‍ നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സ്ക്രിപ്റ്റ് എഴുതി അത് അറം പറ്റും എന്ന് പറഞ്ഞു കോപ്രായം കാണിക്കുന്ന ഫൈസില്‍,ലാലു അലക്ക്സിന്റെ ഹാര്‍ട്ട് അറ്റാക്കിന്റെ കൃത്യമായ കാരണം (ഡോക്ടര്‍ പറഞ്ഞു കൊടുത്തതാകും ) അയാള്‍ക്ക്‌ ബിസിനസ്സില്‍ പറ്റിയ ചതികള്‍ ആണ് എന്ന് തിരിച്ചറിഞ്ഞു പശ്ചാത്തപിക്കുന്ന റോഷ്നി,പിന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ സുപ്പര്‍ താരത്തിനെ അശ്ലീല വീഡിയോയില്‍ കുടുക്കി ബ്ലാക്ക് മെയില്‍ ചെയ്യുന്ന സാബു അണ്ണന്‍ (മലയാളത്തിന്റെ സ്വന്തം അഡ്വ ബാബുരാജ് ) അങ്ങനെ കുറെ വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാത്ത കഥാപാത്രങ്ങള്‍,മാരണം തീരുലേ എന്ന് ചോദിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ (എന്നാണ് ഭാവം ) അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങള്‍ നിറഞ്ഞ ഒരു പടം .അതാണ്‌ ഇത് .പടമെന്ന പേരിലെ വധത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായി മമാസ് എന്ന സംവിധായക/എഴുത്തിസ്റ്റ് പ്രതിഭയുടെത്. പിന്നെ വേണമെങ്കില്‍ പാപ്പി അപ്പച്ചാ ഹിറ്റാക്കി മമാസിന് താനൊരു സംഭവമാണ് എന്ന തോന്നല്‍ ഉണ്ടാക്കിക്കൊടുത്ത നമ്മള്‍ പ്രേക്ഷകര്‍ക്ക്‌ സ്വയം പത്ത് തെറി പറയാം.ഈ ചവറ് ഉണ്ടാക്കാന്‍ പ്രേരണന /പ്രചോദനം നല്‍കിയതിന് ഫര്‍ഹാന്‍ അക്തറിന് എതിരെ കേസും കൊടുക്കാം.

റോക്ക് ഓണ്‍ നല്ല പടമല്ലേ ബ്രോ ?

ഉഗ്രന്‍ സിനിമയാടാ. പക്ഷെ ആല്‍ഫ്രഡ്‌ നോബല്‍ ജനത്തിന് ഏതെങ്കിലും പ്രയോജനം ഉണ്ടാവട്ടെ എന്ന് കരുതി ഡയനമൈറ്റ് കണ്ടെത്തിയത് പോലെ ആയി ഫര്‍ഹാന്‍ റോക്ക് ഓണ്‍ എടുത്തെത്.ഡയനമൈറ്റ് കണ്ട അണ്ടനും അടകോടനും ഒക്കെ ആളെ കൊല്ലാന്‍ ഉപയോഗിച്ചത് പോലെ റോക്ക് ഓണില്‍ സുബ്രമണ്യപുരം താടികള്‍ മിക്സ് ചെയ്ത് ആദ്യം വിനീത് ശ്രീനിവാസന്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന പേരില്‍ പ്രേക്ഷകരുടെ കസേരയുടെ അടിയില്‍ വെച്ചു പൊട്ടിച്ചു. ഇപ്പൊ ദാ,മലയാളി ഐ ടി ഫീല്‍ഡില്‍ ചുമ്മാ ബ്ലോഗിലും,ഫെസ് ബുക്കിലും ഒക്കെ ചൊറി കുത്തി ഇരിക്കുന്നവരുടെ സ്വപ്നമായ നമുക്കൊരു സിനിമാ പിടച്ചാലോ എന്ന പെയിന്റ് അടിച്ച് മമാസ് ആ ഡയനമൈറ്റ് സിനിമ കമ്പനി എന്ന പേരില്‍ നമ്മുടെ സീറ്റിന്റെ അടിയില്‍ വെച്ച് കത്തിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍ ഒക്കെ വന്നത് ഇങ്ങനെ ഐ ടി ഫീല്‍ഡില്‍ നിന്ന് തന്നെയാണ് എന്ന് മറക്കരുത് ബ്രോ.

അയാളൊക്കെ ഇരുപത്തി നാല് മണിക്കൂറും വല്ല കൂതറ പ്രമോഷന്‍ പരിപാടികളിലും പറയുന്നത് കേട്ട് ആ പടം കലക്കി,ഈ പടത്തില്‍ തെക്കിന്റെ ഗന്ധം ആഞ്ഞു വീശുന്നു,ആ പടത്തില്‍ വടക്കിന്‍റെ വസന്തം ഉണ്ട് എന്ന് പറഞ്ഞു നടക്കുക അല്ലായിരുന്നു.ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയുള്ള ചള്ള് ചെക്കന്മാരെയാണ്.

അത് വിട്,അത് വിട് ....അപ്പൊ ചുരുക്കത്തില്‍ പടം സോറി നിങ്ങള്‍ നേരത്തെ പറഞ്ഞ ആ ഫ്ലീ... ?

ഫ്ലിക്ക് ഈസ്‌ ഫെയിക്ക് .

എന്ന് വെച്ച ?

പരമ കൂതറയായ ഒരു ചവറ് പടം എന്ന്

അങ്ങനെ മനസിലാവുന്ന ചേലുക്ക് പറ

4 comments:

 1. പ്രത്ഹ്വി രാജിന് പണി കൊടുത്തപ്പോള്‍ അറിയാം മാമസിനു പ്രേക്ഷകന്‍ ഇങ്ങിനെ പണി കൊടുക്കുമെന്ന്

  ReplyDelete
 2. shades of "stranger than fiction" 2006 movie Will Farrel Emma Thomson Dustin Hoffman
  :-D

  ReplyDelete
 3. prekshakaa thettipoyallo.rock on is directed by abhishek kapoor not farhan akthar.angu adichu vidukaanallo

  ReplyDelete
 4. Saleel: തെറ്റ് തെറ്റ് തന്നെ . അത് കൊണ്ട് റോക്ക് ഓണ്‍ നിര്‍മാതാവ് ഫര്‍ഹാന്‍ അക്തര്‍ ആയിരുന്നു എന്ന് വാദിക്കുന്നില്ല :)
  മറ്റുള്ളവര്‍ ദയവി ചെയ്ത് ഫര്‍ഹാന്‍ അക്തര്‍ /അഭിഷേക് കപൂര്‍ എന്ന് വായിക്കാന്‍ അപേക്ഷ

  ReplyDelete