Sunday, July 8, 2012

നോട്ടി പ്രൊഫസര്‍ (Naughty Proffesser )

അനിയാ നിനക്ക് നിഷാദ് എന്ന സംവിധായകന്‍റെ മൊബൈല്‍ നമ്പരോ വിലാസമോ അറിയാമോ?

എന്തിനാ അണ്ണാ? മധുര ബസ്‌ എന്നാ സിനിമയെ പറ്റി പറഞ്ഞ തെറി പോരെ ?

അതല്ല അനിയാ ആ നല്ല മനുഷ്യനെ കുറ്റം പറഞ്ഞതോര്‍ത്തിട്ടു എനിക്ക് പശ്ചാത്താപം അടക്കാന്‍ പറ്റുന്നില്ല . എനിക്ക് അങ്ങേരോട് ഒന്ന് മാപ്പ് പറയണം .

എന്തെന്താ ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് എങ്ങനെ ഒരു മലക്കം മറിച്ചില്‍ ?

അത് കഴിഞ്ഞല്ലേ ഞാന്‍ ഈ ആഴ്ച ഇറങ്ങിയ ഹാസ്യ രസപ്രധാനമായ നോട്ടി പ്രൊഫസര്‍ എന്നാ കലാരൂപം കാണാന്‍ ഇടയായത് . സംഗതി ഹരിനാരായണന്‍ എന്നൊരു പേരാണ് സംവിധായകന്‍ എന്ന സ്ഥാനത്തു കണ്ടത്.ബാക്കി മൊത്തം മലയാളത്തിന്റെ എക്സ് ഫയല്‍വാന്‍,ഹാസ്യ രംഗത്തെ പുതിയ തരംഗം,മലയാളത്തിന്‍റെ സ്വന്തം ഡുന്‍ഡു മോന്‍ (അവസാന പ്രയോഗം സ്വന്തമല്ല.അടിച്ചു മാറ്റിയതാണ് ) അഡ്വ ബാബുരാജ് കഥ, തിരകഥ,സംഭാഷണം,അഭിനയം (ഗാനരചന രംഗത്ത്‌ പേര് കണ്‍ടോ എന്നൊരു സംശയം) എന്നിവ എല്ലാം ഒരുമിച്ചു നിര്‍വഹിക്കുന്ന ചിത്രമാണ് നോട്ടി പ്രൊഫസര്‍.ഈ കലാരൂപം കണ്ടപ്പോളാണ് മധുര ബസ്‌ എടുത്ത നിഷാദിനോട് എനിക്ക് ബഹുമാനം കൂടിയത്.

അണ്ണാ കാടു കേറല്ലേ ഈ പടത്തെ പറ്റി...

അനിയാ ഒറ്റ നോട്ടത്തില്‍ ഇതൊരു ഹാസ്യ ചിത്രം ആണെന്ന് തോന്നാം (പേരും , ബാബുരാജിന്‍റെ ഇപ്പോളത്തെ ഇമേജും വെച്ച് ) എന്നാല്‍ സംഗതി അങ്ങനെ അല്ല.ഒട്ടേറെ സവിശേഷതകള്‍ ഉള്ള വിശ്വംഭരന്‍ എന്ന കെമിസ്ട്രി ഡിപ്പാര്ട്ട്മെന്‍റ് ഹെഡിനെയാണ് അഡ്വ ബാബുരാജ്‌ കഷ്ട്ടപ്പെട്ടു മെനഞ്ഞെടുത് അവതരിപ്പിക്കുന്നത്.ഇദേഹം വിവാഹം കഴിച്ചിരിക്കുന്നത് ഒരു കാലത്ത് ദക്ഷിണ ഇന്ത്യയിലെ തന്നെ സുപ്പര്‍ താരമായിരുന്ന കാര്‍ത്തികയെയാണ് (ലക്ഷ്മി ഗോപാലസ്വാമി ), വിവാഹത്തോടെ അഭിനയം നിര്‍ത്തി, രണ്ടു കുട്ടികളെയും വളര്‍ത്തി,വെറുതെ ഒരു ഭാര്യയിലെ ഗോപികയുടെ അപ്പര്‍ മിഡില്‍ ക്ലാസ്സ്‌ വെര്‍ഷന്‍ ആയി കഴിയുകയാണ് കാര്‍ത്തിക. ഇനി വിശ്വംഭരന്‍ എന്ന കഥാപാത്രത്തിന്‍റെ സവിശേഷതകള്‍.സൌന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുക ഉദാഹരണമായി ക്രീമുകള്‍,പ്രോട്ടീന്‍ പൌഡര്‍,ബാങ്ക് ലോണ്‍ എടുത്തു കിത്രിമ മുടി വെക്കല്‍ അങ്ങനെ .പിന്നെ വൈകിട്ടെന്താ പരിപാടി .

ഇത്രയെ ഉള്ളോ ? ഇതൊക്കെ ഈ കാലത്തേ ഇതു മലയാളിക്കും ഉള്ളതല്ലേ.

അത് മാത്രമല്ല.സുഹൃത്തായ ഫ്രാന്‍സിസുമൊത്തു (ഇന്നസെന്ന്റ്റ്) എല്ലാ ശനിയാഴ്ചയും വാടകയ്ക്കെടുത്ത സ്ത്രീകളുമായി (കാള്‍ഗേ ള്‍സ്) നൃത്തം വെച്ച് സന്തോഷിക്കുന്ന ഒരു അപൂര്‍വ രോഗം കൂടിയുണ്ട് ഇയാള്‍ക്ക്.സംഗതി മുഴുവന്‍ ശരിയല്ല .നൃത്തം ഫ്രാന്‍സിസ് മാത്രമേയുള്ളൂ.വിശ്വംഭരന്‍ പുറത്തിരുന്നു വെള്ളമടി .നിര്‍ബന്ധിച്ചാല്‍ പോലും അകത്തു കേറില്ല (നായകനല്ലേ !!)എന്ന് കരുതി ഫ്രാന്‍സിസ് മോശക്കാരന്‍ ആണെന്ന് തെറ്റിദ്ധരിക്കല്ലേ.അയാള്‍ക്ക് പെണ്ണുങ്ങളുമായി ഇങ്ങനെ കൊഞ്ചാന്‍ ഇഷ്ടമാണ് പോലും .ഭാര്യ അമേരിക്കയില്‍ ഉള്ള അങ്ങേരു പിന്നെ എന്നാ ചെയ്യാനാന്നേ .

അപ്പൊ കഥ ...?

അത് വരുന്നതല്ലേ ഉള്ളു . ഇവരുടെ അയല്‍ക്കാരിയായി ഡി വൈ എസ് പി ചാക്കോയുടെ (റ്റിനി ടോം) ഭാര്യയായ ലെന വരുന്നു .ഭര്‍ത്താവു ആന്‍ഡമാനിലാണ്.പൊതുവേ മലയാളിക്ക് ഭര്‍ത്താവു അടുത്തില്ലാത്ത സ്ത്രീ എന്ന് പറഞ്ഞാല്‍ സാദാ സമയവും ഒരൊറ്റ സംഗതിയെ പറ്റി മാത്രം ചിന്തിക്കുന്നവള്‍ ആണല്ലോ.അതിന്‍റെ കൂടെ ലെന ഇറുകിയ വസ്ത്രങ്ങളും ഇട്ടു ബാല്‍ ക്കണിയില്‍ (സ്വന്തം വീടിന്‍റെ ആന്നേ) നിന്ന് വ്യായാമവും ഒപ്പം രാവിലെ നടക്കാന്‍ പോകാന്‍ ബാബുരാജിനെ കൂട്ട് വിളിക്കുകയും കൂടെ ചെയ്താല്‍ അദേഹം എന്ത് ചെയും? ചാക്കോച്ചനു ഇതു വല്ലതും പിടിക്കുമോ? പോരാത്തതിനു പണ്ട് ഒരു പീഡന കേസില്‍ (നേരത്തെ പറഞ്ഞ നൃത്തം ) ഇവരെ ചാക്കോ പോക്കിയതുമാണ്.അത് തിരിച്ചു ചാക്കോയുടെ തലയില്‍ വെച്ച് മുങ്ങിയതിന്റെ നാണക്കേട്‌ വേറെയും . പ്രതികാരദാഹിയും അസൂയലുവും ആയ ചാക്കോ അവസരം നോക്കിയിരിക്കുന്നു .
അങ്ങനെ ഇരിക്കെ ഒരു ദിവസം ഇവരുടെ നൃത്ത പരിപാടി പോലീസ് റൈഡ് ചെയ്തു പൊക്കുന്നു.പണ്ടേ പെണ്ണ് കേസ് ഒഴികെയുള്ള എന്ത് കുസൃതിക്കും അനുമതി നല്‍കിയിട്ടുള്ള കാര്‍ത്തിക പ്രതികാരദാഹിനി ആകുന്നു.ഉടനെ അഭിനയത്തിലേക്ക് തിരിച്ചു പോവുകയും സീരിയല്‍ രംഗത്തേക്ക് ഇറങ്ങുകയും ചെയുന്നു.നായകന്‍ സുരേഷ് കൃഷ്ണ (ഇദേഹം നായകന്‍ ആണെങ്കിലും ഇതു നിമിഷവും വില്ലന്‍ ആക്കാം എന്നാ ഭാവത്തിലാണ് നില്‍പ്പ്).ഇതോടെ നായകന്‍ തികച്ചും നോട്ടി ആകുന്നു .

ആണോ..... ഏങ്ങനെ?

കുട്ടികളെ കുളിപ്പിക്കുന്നു,സ്വയം പാചകം ചെയുന്നു,(പശു ഇല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ തൊഴുത്തും കഴുകിയേനെ!!! ) അങ്ങനെ ഗ്രഹഭരണം മൊത്തം ഏറ്റെടുത്തു തികച്ചും നോട്ടി ആയി മാറുന്നു നായകന്‍. പിന്നെ സുരേഷ് കൃഷ്ണയോട് നായികയെ മാറ്റാന്‍ ‍ ആവശ്യപ്പെടുന്നു.അത് നടക്കാത്തപ്പോള്‍ ഗുണ്ടകളെ വിടുന്നു,ഇതും കൂടെയായപ്പോള്‍ വിവാഹമോചനത്തിന് തീരുമാനിക്കുന്ന കാര്‍ത്തികയുടെ നീക്കം നായകനെ തളര്‍ത്തിക്കളയുന്നു.ആത്മഹത്യക്ക് പോലും തയാറെടുക്കുന്ന വിശ്വംഭരനെ പറ്റി ചില ഞെട്ടിക്കുന്ന സത്യങ്ങള്‍ അപ്പോളാണ് നമ്മള്‍ അറിയുന്നത്. അത് നമ്മെ അറിയിക്കുന്നത് ഡോക്ടര്‍ ആയ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ്.അത് വരെ നായകന്‍ ഇയാളെ ഇടയിക്കിടെ കണ്ടു മുടി കൊഴിച്ചില്‍,വയറു കുറച്ചു സിക്സ് പായ്ക്ക് ഉണ്ടാക്കാനുള്ള വൈദ്യശാസ്ത്ര മാര്‍ഗം ഇവയൊക്കെ ആരായുന്നുണ്ട്.വിശ്വംഭരന്‍ അക്യുട്ട് ഡയബെറ്റിക് ന്യുറോപ്പോതി എന്നാ മാരകരോഗത്തിന് അടിമയാണ് എന്നും ഡോക്ടര്‍ ഇത്രയും കാലം അങ്ങേരെ ഈ രോഗത്തിന് ചികിത്സിക്കുക ആയിരുന്നു എന്നും മനസിലാക്കുന്നുന്നത്.ഈ രോഗത്തിന് ആകെയുള്ള കുഴപ്പം പുരുഷ ശരീരത്തില്‍ മുസിലി പവര്‍ എക്സ്ട്രാക്ക് സംഭവിക്കുന്ന ശേഷി കുറവാണു.അത് പുറത്തു അറിയാതിരിക്കാനാണ് പോലും ഇദേഹം ഇതെല്ലാം കാണിച്ചു കൂട്ടിയത് (എന്ത് കാണിച്ചു കൂട്ടി എന്ന് ചോദിക്കരുത്.അദേഹം അകെ ചെയ്യുന്നത് ശനിയാഴ്ച തോറുമുള്ള നൃത്ത പരിപാടിയാണ് . അതാകട്ടെ അതീവ രഹസ്യവും).ഇതിനിടെ വിശ്വംഭരന്‍റെയും ഫ്രാന്‍സിസിന്‍റെ യും നൃത്ത പരിപാടി ഒറ്റിയത് താന്‍ അല്ലെന്നും അത് വീടിലെ വേലക്കാരന്‍ കം കാര്‍ത്തികയുടെ പഴയ മേക്ക്അപ്പ്‌ മാന്‍ പയ്യന്‍ ത്രിവിക്രമന്‍ ആണെന്നും തെളിയിച്ചു ചാക്കോച്ചന്‍ മാന്യനാകുന്നു.ആറു മാസത്തിനു ശേഷം ഒരു ആശ്രമത്തില്‍ പ്രഭാഷണം നടത്തി കൊണ്ടിരിക്കുന്ന വിശ്വംഭരനെ സത്യമെല്ലാം മനസിലാക്കിയ ഈ സിനിമയിലെ സകല നടീ നടന്മാരെല്ലാം ചേര്‍ന്ന് കണ്ടു പിടിച്ചു തിരിച്ചു കൊണ്ട് വരുന്നതോടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹാസ്യ ചിത്രത്തിന് തിരശീല വീഴുന്നു.

അല്ല .. അതിപ്പോള്‍ ....

തീര്‍ന്നില്ല അനിയാ, ഒരു നടന്‍ എന്നാ നിലയ്ക്ക് അഡ്വ ബാബുരാജില്‍ നിന്നും വളരെയധികം ഇനി വരും നാളുകളില്‍ പ്രതീക്ഷിക്കാം എന്ന് ഷഫ്ന,മൈഥിലി,വിഷ്ണുപ്രിയ എന്നെ അഥിതി താരങ്ങളുടെ കൂടെ അദേഹം നടത്തുന്ന നൃത്തം മാത്രം കണ്ടാല്‍ മനസിലാകും (മലയാളി പ്രേക്ഷകന്‍ അനുഭവിച്ചേ ചാകു !!!).തിരകഥകൃത്ത് എന്ന നിലയ്ക്ക് നോക്കിയാല്‍ അദേഹം നമ്മുടെ ആസ്ഥാന ബുദ്ധിജീവി രന്‍ജിത്തിനെ പിച്ച വാങ്ങിപ്പിച്ചേ അടങ്ങു.കെമിസ്ട്രി വിഭാഗ തലവനായ ഇങ്ങേര്‍ ,സ്വന്തം വിദ്യാര്‍ത്ഥികളുടെ പ്രോജെക്റ്റില്‍ കിടപ്പറ രംഗം ഉള്‍പ്പെടുത്തുകയും അതില്‍ അഭിനയിക്കുകയും ചെയ്യുക (പറയുന്നതെ ഉള്ളേ!!) തുടങ്ങിയ തമാശകള്‍ പ്രേക്ഷകരെ പൊട്ടി ചിരിപ്പിക്കും ഉറപ്പു.ലക്ഷ്മി ഗോപാലസ്വാമി ഒന്നുകില്‍ ചിരിക്കാതെ അഭിനയിക്കണം അല്ലെങ്കില്‍ അവരുടെ പല്ലില്‍ കറ പോലെ തോന്നിക്കുന്ന ആ സാധനം കളയാന്‍ എന്തേലും ചെയ്യണം.ലെന ഉടനെ തന്നെ ശ്വേത മേനോന്‍റെ വിടവ് നികത്തുന്ന എല്ലാ ലക്ഷണവും കാണുന്നു (വാണി വിശ്വനാഥിന്‍റെ വിടവ് നികത്തിയാണ് ശ്വേത വന്നത് എന്ന് മറക്കുന്നില്ല )

അപ്പോള്‍ ചുരുക്കത്തില്‍ ....

ബാബുരാജ്‌ സംവിധാനം ചെയ്തു നമ്മെ അനുഗ്രഹിച്ച ബ്ലാക്ക്‌ ഡാലിയ,മനുഷ്യ മൃഗം എന്നെ ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ ചിത്രവും . സംവിധാനം ഹരിനാരായണന്‍ എന്ന് എഴുതി കാണിച്ചു എന്ന് വെച്ച് ബാബു രാജിനെ ഒതുക്കാന്‍ ആവില്ല മക്കളെ എന്ന് വിളിച്ചു പറയുന്ന ചിത്രം

മതി അണ്ണാ വയറു നിറഞ്ഞു . അണ്ണന്‍ ഇങ്ങനെ അഴുക്ക പടങ്ങള്‍ കണ്ടു നടന്നാല്‍ മതിയോ ? യുവ തലമുറയെ ഇളക്കി മറിക്കാന്‍ വരുന്ന തട്ടത്തില്‍ മറയത് എന്ന സിനിമയെ കുറിച്ച് രണ്ടു വാക്ക്

ദേ പോയി ദാ വന്നു

2 comments:

  1. enna parayaana...Nummeda babuchan udane tanne nammee mottamayi veruppikum... his roles in ordinary,manusha mrugam and saltnppr were excellent pulli anagnattu roles cheytaa mati oru full time nayakan role cheyyatirunnal nallatu :)

    ReplyDelete