Saturday, February 27, 2010

വിണ്ണൈ താണ്ടി വരുവായാ

ഓഹോ നീ ജീവനോടെ തന്നെ ഉണ്ടോടെ . അടുത്തൊന്നും കാണാന്‍ ഇല്ലായിരുന്നല്ലോ ?

വന്നിട്ട് ഇപ്പം എന്തോന്ന് പറയാന്‍ . ദൈവം സഹായിച്ചു മലയാള സിനിമ മൊത്തം വിവാദത്തില്‍ ആണല്ലോ. തിലകനും , സൂപ്പര്‍ താരങ്ങളും , സുകുമാര്‍ അഴിക്കോടും ഹോ അകെ ഒരു ഓളം തന്നെ അല്ലെ അണ്ണാ?

ഡേ നീ കാടു കേറാതെ വന്ന കാര്യം പറ . പുതിയ പടം വല്ലതും കണ്ടോ? അതിനു പുതിയ മലയാള പടം ഏതു ഇറങ്ങിയത്‌ ...?

അണ്ണാ ഈ മലയാള പടം മാത്രം കണ്ടു കൊണ്ട് സംസാരിക്കാന്‍ നിന്നാല്‍ , ഈ പോക്കാന്നെങ്ങില്‍ വളരെ കുറച്ചു മാത്രമേ നമുക്ക് സംസാരിക്കേണ്ടി വരൂ .അതില്‍ ബഹു ഭുരിപക്ഷവും നല്ല തെറി വാക്കുകള്‍ ആയിരിക്കുകയും ചെയ്യും . അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക് . അത് കൊണ്ട് ഞാന്‍ ഇന്നു പോയി ഒരു തമിള്‍ പടം അങ്ങ് കാച്ചി .വിണ്ണൈ താണ്ടി വരുവായാ. നമ്മുടെ ഗൌതം മേനോന്റെ പടം .

എടാ അത് കാക്ക കാക്ക യും വേട്ടയാടു വിളയാടും ഒക്കെ എടുത്ത പുള്ളിയല്ലേ

വോ തന്നെ അത് കുടാതെ വരണം ആയിരം എന്നൊരു പടവും പുള്ളി എടുത്തിട്ടുണ്ട് .

ശരി ഈ പടം , അതെങ്ങനെ ഉണ്ട് ? എന്താ അഭിപ്രായം ?

ഒറ്റ വാചകത്തില്‍ പറയാം . സ്ലോ, realistic, ബ്യൂട്ടിഫുള്‍ .

ഡേ നീ കേറി സായിപ്പു കളിക്കാതെ . കാര്യം പറ.

ഒന്ന് സ്റ്റൈല്‍ ആക്കാമെന്ന് വെച്ചാല്‍ സമതിക്കില്ല അല്ലെ . ശരി ഇന്നാ പിടിച്ചോ . കഥയില്‍ , ക്ഷമിക്കണം കഥാ തന്തുവില്‍ (അതാണ് അതിന്റെ രീതി ) വലിയ പുതുമ ഒന്നും ഇല്ല. ഒരു മലയാളി ക്രിസ്ത്യാനി പെങ്കൊച്ചിനെ പ്രേമിക്കുന്ന ഹിന്ദു തമിള്‍ പയ്യന്റെ കഥ.പടം കാണുന്നവന്‍ ഒരു മുപ്പതു വയസ്സിനു മേല്‍ പ്രായം ഉള്ളവനും കൌമാരം ചുറ്റി കറങ്ങുന്ന കാലത്ത് ഒരല്‍പം നല്ല പ്രേമത്തിലുടെ കടന്നു പോയ ആളും അന്നെങ്കില്‍ ഈ പടം നിങ്ങള്ക്ക് ഇഷ്ടപ്പെടും. ഇപ്പോളത്തെ യുവ തലമുറയ്ക്ക് ഈ പടം ഒരുപക്ഷെ തികച്ചും ലോജിക് ഇല്ലാത്തതും വലിച്ചില്‍ ഉള്ളതായും തോന്നാം. അത് പ്രണയത്തിന്റെ രൂപ ഭാവങ്ങളില്‍ വന്ന മാറ്റം കൊണ്ടാവാം .

നീ എപ്പോളെടെ കേറി ബുദ്ധി ജീവി ആയതു? മര്യാദക്ക് കാര്യം പറയെടെ... ഇങ്ങനെ കൊല്ലാതെ .

ശരി , കഥ നേരത്തെ പറഞ്ഞത് പോലെ വലിയ പുതുമ ഒന്നും ഇല്ല .പക്ഷെ ഇവിടെ കഥയില്ലേ എന്നു കരഞ്ഞു നടക്കുന്ന പുങ്കന്‍ മലയാള സിനിമാകാര്‍ കണ്ടു മനസ്സില്‍ ആകേണ്ടതാണ് പ്രമേയത്തെ കൈകാര്യം ചെയ്തിരിക്കുന രീതി . മുകളില്‍ പറഞ്ഞത് പോലെ ഒറ്റ വക്കില്‍ കേട്ടാല്‍ "ഓ ഏതു എത്ര പ്രാവശ്യം പറഞ്ഞ കഥയാണ് " എന്നു തോന്നിപ്പിക്കുന്ന സാധനം കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും അങ്ങനെ തോന്നിപ്പികാതെ ഈ ചിത്രം സംവിധാനം ചെയ്ത ഗൌതം മേനോന്‍ പ്രശംസ അര്‍ഹിക്കുന്നു.എ ആര്‍ റഹ്മാന്‍ ഇന്റെ സംഗീതം ഒട്ടും മുഴച്ചു നില്‍ക്കുന്നില്ല.വടിവേലുവിനെ പോലെയുള്ളവരുടെ മന്പൂരവം ചിരിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഒന്നും ചിത്രത്തില്‍ ഇല്ലെങ്കിലും ഒരു ചെറു ചിരി പ്രേക്ഷകന് സമ്മാനിക്കുന്ന ഒത്തിരി മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.കാര്‍ത്തിയുടെയും ജെസ്സിയുടെയും പ്രണയം ഒരു പത്തു കൊല്ലം മുന്‍പ് ഉള്ള ചെന്നൈയില്‍ നടക്കുനതായ് കാണിച്ചിരുന്നെങ്ങില്‍ ഒരു പക്ഷെ ഈ ചിത്രം കുടുതല്‍ നന്നായേനെ.

പിന്നെ അഭിനയമോ ? അതിനെ കുറിച്ച് ....?

പോന്നു അണ്ണാ ചിബുവിനും തൃഷക്കും എന്നും അഭിമാനിക്കാവുന്ന കഥാ പാത്രങ്ങള്‍ ആയിരിക്കും ഇതിലെ കാര്‍ത്തിയും ജെസ്സിയും. അത്ര നന്നായി ഇരുവരും അഭിനയിച്ചിട്ടുണ്ട് . പ്രതേകിച്ചും ചിമ്പു. തന്റെ കഥാ പത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്തിയിട്ടുണ്ട്.പതിവായി കുട്ടി വസ്ത്രങ്ങള്‍ അണിഞ്ഞു നായകനോടൊപ്പം ആടിപ്പാടുന്ന ജോലി മാത്രം ഉണ്ടായിരുന്ന തൃഷ ഈ ചിത്രത്തില്‍ സാരിയില്‍ സുന്ദരിയായി തോന്നി . (വലിയ പ്രതീക്ഷ ഇല്ലാതെ പോയത് കൊണ്ടും ആകാം അങ്ങനെ തോന്നിയത് ) .പിന്നെ നായികാ മലയാളി ആയതു കൊണ്ട് കുറച്ചു ഭാഗം കേരളത്തില്‍ വെച്ചാണ്‌ ചിത്രീകരിച്ചിരിക്കുന്നത് . കുറച്ചു മലയാളം സംഭാഷണവും ഉള്‍പെടുത്തിയിട്ടുണ്ട് . പക്ഷെ ജെസ്സിയും കാര്‍ത്തിയും ആണ് പ്രേക്ഷകരുടെ മനസ്സില്‍ പടം തീരുന്നത് വരെ നിറഞ്ഞു നില്‍ക്കുനതു . ബാബു ആന്റണി കുറച്ചു കാലത്തിനു ശേഷം ഈ പടത്തില്‍ തൃഷയുടെ അച്ഛനായി അഭിനയിക്കുന്നുണ്ട്. പിന്നെ ക്ലൈമാക്സ്‌ലെ ചെറിയ ട്വിസ്റ്റും എന്നിക്ക് നന്നായി തോന്നി.പിന്നെ ചിമ്പു വിന്റെ സുഹൃത്ത്‌ ക്യാമറ മാന്‍ ആയി അഭിനയിക്കുന്ന നടനും ( അദേഹത്തിന്റെ പേര് എനിക്കറിയില്ല) നന്നായിട്ടുണ്ട്.സംഗീതം പോലെ തന്നെ ക്യാമറയും ഒട്ടും മുഴച്ചു നില്‍ക്കുന്നില്ല

അപ്പോള്‍ ചുരുക്കത്തില്‍ നിനക്ക് പടം ഇഷ്ട്ടപെട്ടോ ഇല്ലയോ ?

ചോദിയ്ക്കാന്‍ എന്തിരിക്കുന്നു അണ്ണാ ? എനിക്ക് പടം ഇഷ്ടപ്പെട്ടു. ഇവിടുത്തെ രാജാക്കന്മാര്‍ എല്ലാരും കൂടി അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കുനതിനു മുന്‍പ് ഓടി പോയി കണ്ടോ

Friday, February 12, 2010

ആഗതന്‍

ഡേ നീ എത്ര പറഞ്ഞാലും ഈ മലയാള പടം കാണല്‍ നിര്‍ത്തുക ഇല്ലെടെ?

അത് പിന്നെ അണ്ണാ ഈ പണ്ട് മുതലേ ശീലിച്ച (ഇപ്പോള്‍ വേണമെങ്കില്‍ ദുശീലം എന്നും പറയാം ) ഒരു പരിപാടി ആയതു കൊണ്ട് നിറുത്താന്‍ പറ്റുന്നില്ല.

ശരി അത് വിട്ടേ നീയൊന്നും നന്നാകില്ല . ശരി നീ ആഗതന്‍ കണ്ടോടെ ? എങ്ങനെ ഉണ്ട് പടം ?

അത് പിന്നെ ... സംവിധാനത്തിന് മാര്‍ക്ക്‌ ... ഏതാണ്ടൊരു ....

ഡാ നീ മാര്‍ക്കിട്ടു കളിക്കണ്ട . കാര്യം പറ. പടം നിനക്ക് ഇഷ്ട്ടപെട്ടോ ഇല്ലെ ?

അണ്ണാ സത്യം പറയാം പടം എനിക്ക് ഇഷ്ടപ്പെട്ടു .

ഓഹോ ഇപ്പോ എല്ലാം വ്യക്തമായി . നീ അല്ലേടാ ബോഡി ഗാര്‍ഡ് നല്ല പടം ആണെന്ന് പറഞ്ഞത് . അപ്പോള്‍ നീ ദിലീപ് ആരാധകനാണ് അല്ലെ .

പൊന്നു അണ്ണാ ആളെ വിട് . ഈ വര്‍ഷം ഞാന്‍ കണ്ട രണ്ടു ഭേദപ്പെട്ട രണ്ടു പടം ദിലീപ് അഭിനയിച്ചത് ആയി പോയി അത് എന്‍റെ തെറ്റാണോ?കഴിഞ്ഞ വര്ഷം കണ്ട അറുബോറന്‍ ചിത്രങ്ങള്‍ രണ്ടെണ്ണം (ക്യാറ്റ് ആന്‍ഡ്‌ മോസ് ,ക്രേസി ഗോപാലന്‍ ) എന്നിവ ആ മഹാന്‍ അഭിനയിച്ചവ ആയിരുന്നു

ശരി നമുക്ക് പിന്നെ തര്‍ക്കിക്കാം നീ ഈ പടത്തിന്റ്റെ കാര്യം പറ .

ശരി പടം തുടങ്ങുന്നത് കാശ്മീരില്‍ നിന്ന്. അവിടെ ജോലി ചെയ്യുന്ന ഒരു മലയാളി കുടുംബം തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാകുന്നു . അച്ഛനും അമ്മയും കൊല്ലപെടുമ്പോള്‍ മൂത്ത പെണ്‍ കുട്ടിയും അനുജനും രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ തീവ്രവാദികളുടെ മുന്നില്‍ അകപ്പെടുന്നു . പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ . പയ്യന്‍ രക്ഷപെടുന്നു . കുറച്ചു കാലത്തിനു ശേഷം ആശുപതിയില്‍ വെച്ച് തന്നെ ചേച്ചി മരിക്കുന്നു .പിന്നെ കഥ തുടരുന്നത് കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് .പയ്യന്‍ നമ്മള്‍ ഊഹിക്കുനത് പോലെ ദിലീപ് ആകുന്നു . ഗൌതം മേനോന്‍ എന്ന ഈ കഥാപാത്രം ബംഗ്ലൂരിലേക്ക് വരുന്നു .അയാള്‍ തേടുന്നത് സൈന്യത്തില്‍ നിന്നും റിട്ടയര്‍ ആയി വിശ്രമ ജീവിത നയിക്കുന്ന ജനറല്‍ ഹരീന്ദ്രനാഥവര്‍മയെ (സത്യരാജ്) യാണ് .ബംഗ്ലൂരില്‍ വെച്ച് അയാള്‍ ശ്രേയ (ചാര്‍മി) യെ കണ്ടുമുട്ടുന്നു .അടുക്കുന്നു . പ്രേമം ...അങ്ങനെ . ശ്രേയയുടെ അച്ഛനാണ് ഹരീന്ദ്രനാഥവര്‍മ.ശ്രേയയുടെ ബംഗ്ലൂരിലെ ബന്ധുകള്‍ക്ക് ഗൌതമിനെ ഇഷ്ടം ആയതിനെ തുടര്‍ന്ന് ഹരീന്ദ്രനാഥവര്‍മയുടെ ക്ഷണ പ്രകാരം അയാളുടെ മുന്തിരി തോട്ടത്തിലേക്ക് ഗൌതമും ശ്രേയയും മറ്റു ബന്ധുക്കളും (ശ്രേയയുടെ ) പോകുന്നു . അവിടെ വെച്ച് കശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ നിന്നും തന്നെ രക്ഷിച്ചത്‌ ഹരീന്ദ്രനാഥവര്‍മയുടെ നേത്രുത്വത്തിലുള്ള പട്ടാള സംഘം ആയിരുന്നു എന്ന് ഗൌതം വെളിപെടുത്തുന്നു. ഇതു കേള്‍ക്കുന്ന ഹരീന്ദ്രനാഥവര്‍മ ഞെട്ടുന്നു . പിന്നീടു ഗൌതമും ഹരീന്ദ്രനാഥ വര്‍മയും തമ്മിലുള്ള , പൂച്ച - എലി കളി (ക്യാറ്റ് ആന്‍ഡ്‌ മൗസ് ഗെയിം)ലുടെ രണ്ടാം പകുതി വികസിക്കുന്നു .

ഊ ഇതാണോ ഇത്ര സംഭവം?അതിരിക്കട്ടെ എന്തിനെടെ ഈ ഗൌതം ഹരീന്ദ്ര വര്‍മയെ തിരക്കുന്നത് ? ഹരീന്ദ്ര വര്‍മ എന്തിന്ടെ ഞെട്ടുനതു?പൂച്ച - എലി കളി എന്തിനാ ?

അണ്ണാ അതൊക്കെ വിസ്തരിച്ചാല്‍ പടത്തിന്റെ രസം പോകും .കാണുന്നവന്‍ കാണട്ടെ .
പിന്നെ എനിക്ക് ഇതു ഇഷ്ടപെടാന്‍ കാരണം സാധാരണ ദിലീപ് പടങ്ങളില്‍ കാണാറുള്ള (ഇതിപ്പോള്‍ വന്നു വന്നു സൂപ്പര്‍ സ്റ്റാര്‍ പടങ്ങളില്‍ വരെ കാണാറുണ്ട് ) ദ്വയാര്‍ഥ പ്രയോഗങ്ങളോ,തരം താണ തമാശകളോ ഇല്ല.നായകന്‍ സര്‍വ ഗുണങ്ങളുടെ വിള നിലമോ,സര്‍വ ശക്തനോ(നേരിട്ടുള്ള തല്ലില്‍ ഹരീന്ദ്രനാഥവര്‍മ നായകനെ അടിച്ചു പരത്തുന്നുണ്ട്) ലോകത്തെ ഏറ്റവും സുന്ദരനും യോഗ്യനും മിടുക്കനും ആണെന്ന് നാട്ടുകാരെ കൊണ്ട് മിനിടിനു മിനിട്ടിനു പറയിപ്പികാതവനും ആകുന്നു. ചുരുക്കത്തില്‍ ദിലീപ് താരം ആണെന്ന ബോധം ഒരിടത്തും പിടികുടാതെ അഭിനയിക്കുന്നു .മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന സത്യരാജ് തന്റെ റോള്‍ അദ്ദേഹത്തിനു കഴിയുന്നത്ര നന്നാക്കിയിട്ടുണ്ട് .ചാര്‍മിക്കും ബിജു മേനോന്‍ ,innocent തുടങ്ങിയവര്‍ക്കും കാര്യമായ പണിയൊന്നും തന്നെ പടത്തില്‍ ഇല്ല.എന്നാല്‍ പോലും അനാവശ്യമായ രംഗങ്ങള്‍ പരമാവധി കുറച്ചിടുണ്ട് . ശ്രേയ ഗൌതമുമായി അടുക്കുന്ന രംഗങ്ങള്‍ പോലും സ്വാഭാവികം ആയി ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ലാല്‍ തന്റെ റോള്‍ നന്നാക്കിയിടുണ്ട്. ക്യാമറ,ദ്രിശ്യ ഭംഗി എന്നിവ നന്നായിട്ടുണ്ട്.ഇപ്പോളത്തെ മലയാള സിനിമയുടെ നിലവാരം നോക്കുമ്പോള്‍ ഇതു ഒരു വളരെ ഭേദപെട്ട ചിത്രം അന്നെന് പറയേണ്ടി വരും . പിന്നെ ഒരു സീന്‍ ഇല്‍ പോലും കൂവാനുള്ള പഴുത് കാണികള്‍ക്ക് കൊടുക്കുന്നില്ല ഇതിന്റെ പ്രവര്‍ത്തകര്‍ .

ശരി ഇനി നിനക്ക് ഇഷ്ട്ടപെടാത്തത് വല്ലതും ഉണ്ടോ ഈ പടത്തില്‍ ?

ഉണ്ടല്ലോ.ഈ തിരകഥ രചിക്കുന്ന ചേട്ടന്മാരോട് ഒരു വാക്ക്.സ്വകാര്യ മേഖലയില്‍ സി ഇ ഓ (CEO) അല്ലാതെ വേറെ ഒത്തിരി കൊള്ളാവുന്ന ജോലികള്‍ ഉണ്ട് .ബംഗ്ലൂരില്‍ ഒക്കെ ഈ സി ഇ ഓ എന്ന് പറയുന്ന വര്‍ഗം സ്ഥിരം ബസ്സിലും , ഓട്ടോയിലും നടന്നും ഒക്കെയാണ് യാത്ര ചെയ്യുന്നത് എങ്കില്‍ എന്നോട് ക്ഷമിക്കുക.ഞാന്‍ ബംഗ്ലൂര്‍ കണ്ടിട്ടില്ല.(ദിലീപ് ഒരു സി ഇ ഓ അന്നെന്നു ഒരിടത്ത് പറയുന്നുണ്ട് ).പിന്നെ മര്യാദക്ക് ഒരു കഥ പറഞ്ഞുവന്ന സംവിധായകനും തിരകഥകൃതിനും അവസാന രംഗങ്ങളില്‍ ആ കയ്യടക്കം നഷ്ടം ആകുന്നത്‌ പോലെ തോന്നുന്നു.പിന്നെ ഹരീന്ദ്ര നാഥ വര്‍മയെ ഒരു പാലക്കാടന്‍ അര തമിഴന്‍ ആക്കി സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തിരുന്നെങ്ങില്‍ കുറച്ചു കൂടി നന്നായേനെ എന്നാണ് എനിക്ക് തോന്നിയത്.

ഡേ അതൊക്കെ നില്കട്ടെ . അതിമനോഹരമായ തുടക്കത്തിനു ശേഷം കാണികളെ നിരാശ പെടുതുന്നതാണ് ഈ ചിത്രം എന്നാണല്ലോ ബൂലോകത്തെ വലിയ അണ്ണന്മാര്‍ പറയുന്നേ ?

അവന്മാര്‍ക്ക് എന്താ പറയാന്‍ പാടില്ലാത്തത് ? ഇപ്പോളത്തെ മലയാള സിനിമ (അവസാനം കണ്ട ദ്രോണ അടക്കം ) കാണുന്ന ഒരുത്തന് ഈ പടം ആശ്വാസം മാത്രമേ തരു എന്നാണ് എന്നിക് തോന്നുന്നത്

അതല്ലെടാ ഈ പ്രവചനീയമായ കഥാഗതി എന്നൊക്കെ പറയുമ്പോള്‍ ......

താന്‍ എന്റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും . ഈ വര്‍ഷം ഇറങ്ങിയ പടങ്ങളില്‍ വെച്ച് ഏറ്റവും പ്രവചിക്കാന്‍ പാടുള്ള പടമായിട്ടാണ് എനിക്ക് തോന്നിയത് . (പിന്നെ അല്ലാതെ ദ്രോണയും, ചട്ടംബിനാടും,ഇവിടുത്തെ സ്വര്‍ഗ്ഗവും ഒക്കെ ഒരു വിധത്തിലും പ്രവചിക്കാന്‍ പറ്റാത്ത ചിത്രങ്ങള്‍ ആയിരുന്നല്ലോ ).പിന്നെ അവസാനം നായകന്‍ വിജയിക്കും എന്ന് ഏതു പോലീസുകാരനും മലയാള പടം കാണാന്‍ കേറുമ്പോള്‍ അറിയാം

എന്നാലും ചുരുക്കത്തില്‍ ഒരു അഭിപ്രായം പറഞ്ഞെ

കുടുംബ സമേതം പോയിരുന്നു കാണാന്‍ കൊള്ളാവുന്ന ഒരു ക്ലീന്‍ ചിത്രം .പോരെ
ഓ മതിയേ ധാരാളം

Monday, February 1, 2010

ദ്രോണ 2010 - പക വീട്ടി

ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ നിരന്തരമായി വിസ്മയിപ്പിക്കുന്ന ഒരാളാണ് . .....

എന്താടെ പതിവില്ലാതെ ഒരു ബുദ്ധി ജീവി ലൈന്‍ ?

ഛീ... തുലച്ചു. നിങ്ങളെ ഇപ്പോള്‍ ആരാ ഇങ്ങോട്ട് വിളിച്ചത് ? എന്നെ ഒന്ന് കര കേറാന്‍ സമ്മതിക്കില്ലേ?

അതിനു ഞാന്‍ എന്ത് ചെയ്തെന്നാ ?

അണ്ണാ, നിരുപക സംഘടനയുടെ തീരുമാനം സൂപ്പര്‍ താര ചിത്രങ്ങളെ ഒരു കാരണവശാലും തെറി പറയരുത് എന്നതാണ് .തീരെ സഹിക്കാന്‍ ഒക്കാത്ത പടമാണേല്‍ പടം കാണാന്‍ പറ്റിയില്ല , ആദ്യ ദിവസം കണ്ടില്ലേല്‍ റിവ്യൂ എഴുതില്ല , എല്ലാരും ആ പടത്തെ പറ്റി തെറി പറഞ്ഞത് കൊണ്ട് ഇനി ഒന്നും പറയുന്നില്ല തുടങ്ങിയ മുട്ട് ന്യായങ്ങള്‍ പറഞ്ഞു മിണ്ടാതിരിക്കുക എന്നതാണ്. ഞാന്‍ പിന്നെ നിരുപകനല്ല പ്രേക്ഷകനാണ് എന്നൊക്കെ പറഞ്ഞു തല്‍കാലം തടി തപ്പി. എന്നാലും എനിക്കും ഒന്ന് രക്ഷപെടെണ്ടേ അണ്ണാ?

അപ്പോള്‍ നീ അതും ചെയ്തു അല്ലെ ?

എന്ത് ?

ദ്രോണ 2010...?

അണ്ണാ, ഒരു ബുജി ലൈന്‍ല്‍ പറഞ്ഞു തുടങ്ങി എങ്കിലും സംഗതി സത്യമാണ് . ഈ ഷാജി സാറിന്റെ അടുത്തിട വന്ന ഓരോ പടം കാണുമ്പോളും വിചാരിക്കും ഇതിലും മോശമായി പടം എടുക്കാനേ പറ്റില്ലെന്ന്. ആ തോന്നല്‍ വെറും തോന്നല്‍ മാത്രം ആണെന്ന് അദേഹം അടുത്ത പടത്തില്‍ കുടി തെളിയിക്കും .എങ്ങനെ അണ്ണാ ഇതൊക്കെ സാധിക്കുന്നെ ?

എടെ, നിനക്ക് കുറ്റമേ പറയാന്‍ ഉള്ളോ ?

പിന്നെ എന്തോന്ന് പറയണമെന്നാ. ഈ പടത്തിന്റെ കാര്യം എടുത്താല്‍ നിര്‍മാതാവ്,സംവിധായകന്‍,നായകന്‍ ഇവരെല്ലാം തന്നെ ഏറ്റവും കുറഞ്ഞത്‌ 15 കൊല്ലം എങ്കിലും എക്സ്പീരിയന്‍സ് ഉള്ളവരാണ്.എന്നിട്ട് എടുത്തു വെച്ചിരിക്കുന്നതോ ലോകോത്തര സൃഷ്ടി.

അത്രക്ക് മോശമോടെ ?

മണിയന്‍കോട്,നെല്ലൂര്‍ എന്നീ മനകള്‍ തമ്മിലുള്ള പക.കഥ തുടങ്ങുമ്പോള്‍ മണിയന്‍കോട്കാര്‍ പരമ ശക്തരും ദുഷ്ടരും ( അത് അങ്ങനെ തന്നെ ആകണമല്ലോ) നെല്ലൂര്‍ മന ഏതാണ്ട് നശിച്ച നിലയിലും ആണ്.ഇതില്‍ രണ്ടിലും പെടാത്ത പട്ടാഴി എന്ന ഇല്ലം. അവിടെ ചേട്ടന്‍ മാധവന്‍ സംസ്കൃത കോളേജ് അധ്യാപകനും ഏതോ അമ്പലത്തില്‍ പൂജാരിയും. അനിയന്‍ കുഞ്ഞുണ്ണി റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവും.ഇടവേള വരെ ചെറുപ്പകാരനായ (?) കുഞ്ഞുണ്ണിയുടെ വീര പരാക്രമങ്ങള്‍. കാര്യസ്ഥന്റെ മകള്‍ കനിഹയും ആയുള്ള അര പ്രണയ രംഗങ്ങള്‍.( ഇവിടെയും ദ്വയാര്‍ത്ഥം ഉപേക്ഷിക്കാന്‍ സംവിധായകന് മടിയാണ് . മദ്യകുപ്പി മുറിയിലേക്ക് കൊണ്ടുവരാന്‍ മമ്മൂട്ടി കനിഹയോട് പറയുന്നത് കേട്ടാല്‍ ഒരു മാതിരി സംബന്ധത്തിനു വിളിക്കും പോലെയാണ് തോന്നുന്നത്/തോന്നിപ്പിക്കുന്നത്.) കൂടാതെ കനിഹയുടെ ഭാവാഭിനയം കണ്ടാല്‍ ചാടി ചവിട്ടാന്‍ തോന്നിപ്പോകും.

പണ്ട് കനിഹ കോളേജില്‍ പഠിക്കുമ്പോള്‍ പുള്ളിക്കാരിയെ കയറിപ്പിടിക്കാന്‍ പോയതുമായി ബന്ധപെട്ട് ഉണ്ടായ കശപിശയുടെ പേരില്‍ കഞ്ഞുണ്ണി (ചെറുപ്പക്കാരന്‍ മമ്മൂട്ടി) കൂളിംഗ്‌ ഗ്ലാസ്സും വെച്ചു തല്ലു കൂടി മനിയങ്കോട്ടെ ഒരു ചെക്കന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴെ പോകുന്നു, ശിഷ്ട കാലം ശരീരം തളര്‍ന്നുകിടക്കുന്നു. പകരം വീട്ടാന്‍ കഞ്ഞുണ്ണിയുമായി ഒന്ന് രണ്ടു റൌണ്ട് ഗുസ്തിയില്‍ പരാജയപെട്ട മണിയന്‍കോട്ടുകാര്‍ നെല്ലൂര്‍ മന വില്‍ക്കാന്‍ ആണെന്ന് പറഞ്ഞു അനിയന്‍ മമ്മൂട്ടിയെ കൊണ്ട് വരുന്നു ( ഇവിടെ മനോജ്‌ കെ ജയന്റെ തകര്‍പ്പന്‍ മിമിക്രി നമുക്ക് കാണാം) .ഇതൊന്നും പോരെങ്കില്‍ പഴയ ഒരു പ്രേത കഥ ഈ രണ്ടു മനകളെയും ചുറ്റി പറ്റി നില്‍പ്പുണ്ട് . പ്രേതം മണിയന്‍കോട്ട്കാരി ആണെങ്കിലും വാസം നെല്ലൂര്‍ മനയിലാണ്.ഏതായാലും മന നോക്കാന്‍ വന്ന അനിയന്‍ മമ്മൂട്ടി യക്ഷിയുടെ പിടിയില്‍ പെട്ട് കുളത്തില്‍ വീണു മരിക്കുന്നു . ഒന്ന് സമാധാനിക്കാന്‍ കഴിയുന്നതിനു മുന്‍പ് (പ്രേക്ഷകര്‍ക്ക്‌ ) ദാ വരുന്നു ചേട്ടന്‍ മമ്മൂട്ടി . ടി ദേഹത്തെ കുറിച്ച് ആദ്യം പറയുന്നത് അങ്ങേരു അസാമാന്യനനും ഭയങ്കരനും (ഇതൊന്നും അല്ലാത്ത ഷാജി കൈലാസ് നായകന്‍ നായകനല്ലല്ലോ ) ശിഷ്യന്മാര്‍ എന്ന പേരില്‍ കൊട്ടേഷന്‍ സംഘം പോലെ മൂന്ന് തടിമാടന്മാരെ ഒന്‍പത് ‍ലുക്കില്‍ കൂടെ കൊണ്ട് നടക്കുകയും , അവര്‍ ഇടയ്ക്കിടെ ടിയാനെ ആചാര്യന്‍ എന്ന് വിളിക്കുകയും ചെയ്യുന്നത് കൊണ്ട് മാത്രം അങ്ങേര്‍ എങ്ങനെ ദ്രോണന്‍ ആകും എന്നാണു എനിക്ക് പിടി കിട്ടാത്തത്.

അണ്ണാ, അണ്ണന്‍ പറ്റുമെങ്കില്‍ പോയി പടമൊന്നു കണ്ടിട്ട് മമ്മൂട്ടിയെ എന്ത് പണ്ടാരത്തിനാണ് ദ്രോണ എന്ന് വിളിക്കുന്നത്‌ എന്ന് എനിക്കൊന്നു പറഞ്ഞു താ.

ഡാ , നീ പറഞ്ഞാല്‍ ചിലപ്പോള്‍ ഞാന്‍ അലറിപ്പാഞ്ഞു വരുന്ന രാജധാനി എക്സ്പ്രസ്സിന് മുന്നിലേക്ക്‌ എടുത്തു ചാടി എന്ന് വരും. പക്ഷെ എല്ലാ സ്നേഹത്തിനും പരിധിയുണ്ട്. നിനക്ക് വേണ്ടി എന്നല്ല , ദൈവം തമ്പുരാന്‍ നേരിട്ട് വിളിച്ചു ഫ്രീ ടിക്കെറ്റ് തന്നാലും മമ്മൂട്ടി , ഷാജി കൈലാസ്, എ. കെ സാജന്‍ കൂട്ടായ്മയിലെ ഒരു പടം കാണാന്‍ എന്റെ വീട്ടിലെ പട്ടി പോലും പോകില്ല. ഇനി അഥവാ പോയാല്‍ ആ പട്ടിയെ ഞാന്‍ വീട്ടിന്ന് ഇറക്കി വിടും

ങ്ങാ , അത് പോട്ടെ. അപ്പൊ ഞാന്‍ പറഞ്ഞു വന്നത് മമ്മൂട്ടി ദ്രോണന്‍ .വില്ലനായ മനോജ്‌ കെ ജയന്‍ നായകന്റെ പി ആര്‍ ഓ റോളില്‍ സൂര്യ തേജസുള്ള ദ്രോണാ എന്നൊക്കെ പറഞ്ഞ് നാക്കെടുക്കും മുന്‍പേ നാല് ദിവസമായി വെള്ളം കാണാത്തകോലത്തില്‍ മമ്മൂട്ടി സ്ക്രീനില്‍ വന്നിറങ്ങും. ചലച്ചിത്ര വാരികകളിലും ഒക്കെ വായിച്ച ദ്രോനയിലെ മമ്മൂട്ടിയുടെ വ്യത്യസ്ഥ ലോക്ക് കണ്ടു അമ്മയാണെ അണ്ണാ കിടുങ്ങി പോയി.


മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന കോമാളി ലുക്ക് ടീംസ് പോരാഞ്ഞ്, തമാശ വാരി വിതറാന്‍ വേണ്ടിയാണെന്ന് തോന്നുന്നു സിറാജിനെയും ഇറക്കിയിട്ടുണ്ട് . അദ്ദേഹം ഈ നെല്ലൂര്‍മന പണിത തച്ചന്റെ പിന്മുറക്കാരന്‍ ആണത്രെ.അങ്ങനെ ഫുള്‍ കോറം തികഞ്ഞ നിലയ്ക്ക് മമ്മൂട്ടി തന്റെ ഗുണ്ടകളെ ഉപയോഗിച്ച് മന്ത്രവാദ കലാപരിപാടികളില്‍ മുഴുകുക,മണിയന്‍കോട് കാരണവര്‍ തിലകനെയും മകളെയും ഗ്വാ ഗ്വാ വിളിക്കുക , നെല്ലുരെ അന്യധീനപെട്ട സ്വത്തുക്കള്‍ ബലമായി പിടിച്ചെടുക്കുക മുതലായ കലാപരിപാടികളില്‍ ഏര്‍പ്പെടുന്നു . കുട്ടത്തില്‍ പറയാന്‍ മറന്നു. തിലകന്റെ ഒരു മകള്‍ നവ്യാ നായരേ പണ്ട് ദ്രോണന്‍ മമ്മൂട്ടിക്ക് വേണ്ടി കുഞ്ഞുണ്ണി മമ്മൂട്ടി അടിച്ചോണ്ട് പോയതാണ്.

എന്തൊക്കെയായാലും ക്ലൈമാക്സില്‍ ദ്രോണന്‍ മമ്മൂസ് നല്ല ഉഗ്രന്‍ ഡബ്ല്യു ഡബ്ല്യു എഫ് മോഡല്‍ അടിയിലൂടെ പ്രേത ബാധ ഒഴിപ്പിക്കുന്നു, മനോരോഗിയെ ഒതുക്കുന്നു , പ്രേക്ഷകരെകാച്ചുന്നു . അയ്യോ അമ്മെ....... തളര്‍ന്നു ഒരു സോഡാ ഇങ്ങു എടുത്തേ അണ്ണാ.

ഇന്നാ കുടിക്ക് . കേട്ടിട്ട് എനിക്ക് തന്നെ തല ചുറ്റുന്നു .

പൊന്നു അണ്ണാ ഇതൊന്നും ഒന്നുമല്ല .പടം കഴിയുമ്പോള്‍ കുറെയധികം ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ കിടക്കും.(നെല്ലൂര്‍ മനയും കുളവും ഒക്കെ പണിത തച്ചന് അവിടുത്തെ താമസക്കാരോട് വല്ല പൂര്‍വ വൈരാഗ്യവും ഉണ്ടായിരുന്നോ? കാരണം തച്ചന്‍ മന ഒരു അരക്കില്ലമായാണ് പണിഞ്ഞു വെച്ചിരിക്കുന്നത് എന്ന ഉജ്ജ്വല കണ്ടു പിടുത്തം ദ്രോണന്‍ ഇടയ്ക്കു നടത്തുന്നുണ്ട്.പിന്നെ, കുളത്തില്‍ മുങ്ങിയവരില്‍ നായകന്‍ മാത്രം എങ്ങനെ രക്ഷപെട്ടു ? നായകന്റെ ഗുണ്ട വിജയകുമാര്‍ സന്യാസി രണ്ടു വശത്ത് നിന്നും കുത്ത് കൊണ്ട് മരിച്ചത് എങ്ങനെ? വെള്ളത്തില്‍ വീണാല്‍ ഒഴുകി പോകുന്നത് മനസിലാക്കാം . കാല് വെള്ളതിനടുത്തു കൊണ്ട് വരുമ്പോളേക്കും വെള്ളം ഇങ്ങോട്ട് വാടാ എന്ന മട്ടില്‍ തിളച്ചു പൊന്തുന്ന മാതിരി വരുന്നത് ഒരു രസത്തിന് ആയിരിക്കുമല്ലോ? അങ്ങനെ വേണമെങ്കില്‍ പടത്തെപ്പറ്റി ഒരു ഇരുപത്തിയഞ്ച് ചോദ്യമെങ്കിലും കുറഞ്ഞത്‌ ചോദിക്കാം. പക്ഷെ അതൊക്കെ ചോദിയ്ക്കാന്‍ ആര്‍ക്കു നേരം ? പടം തീരും മുന്‍പേ തന്നെ ജനം ജീവനും കൊണ്ട് ഓടുകയല്ലേ?!!!
നിന്റെ സങ്കടം എനിക്ക് മനസിലാകുമാടെ.

എന്നാലും അണ്ണാ , ആ എ കെ സാജന്‍ എന്ന ദുഷ്ടനെ എന്നെങ്കിലും മുന്നില്‍ കിട്ടിയാല്‍ എനിക്ക് ചിലത് പറയാനുണ്ട്. അങ്ങേര ലോകോത്തര തിരക്കഥ ഒന്ന് എഴുതി മലയാളം സിനിമയെ രക്ഷിച്ചില്ലെങ്കിലും വേണ്ട. ഒരു തിരക്കഥ എഴുതുമ്പോള്‍, എഴുതി കൊണ്ടിരിക്കുന്ന പേജിനു നാലു പേജു മുന്‍പ് എന്താണ് രചിച്ചത് എന്ന് ഓര്‍ക്കാനുള്ള മനസ് കാണിച്ചാല്‍ ഇപ്പോളും മലയാളം പടം കാണാന്‍ കേറുന്ന മന്ദബുദ്ധികളോട് (ഞാനടക്കം ഉള്ള )ചെയ്യുന്ന വലിയൊരു ഉപകാരം ആയിരിക്കും.പിന്നെ കഥയിലെ പല ത്രെഡ്കള്‍ തമ്മില്‍ ബന്ധം ഉണ്ടാകുക എന്നത് അത്ര മോശപ്പെട്ട ഒരു സംഗതി അല്ല എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം .

അപ്പോള്‍ അഭിനയം ?

നായകനായ മമ്മൂട്ടി ഇരട്ട വേഷത്തില്‍ കസറുന്നു . കനിഹയോടുള്ള സല്ലാപ രംഗങ്ങളില്‍ വഴിഞ്ഞൊഴുകിയ ശ്രംഗാര രസത്തില്‍ വഴുക്കി വീണ് രണ്ടു മൂന്ന് പേര്‍ ആശുപത്രിയിലായി . ഒട്ടും വിട്ടു കൊടുക്കില്ല എന്നാ വാശിയില്‍ മനോജ്‌ കെ ജയനും ഉണ്ട് (കെട്ടിയിടുകയോ തല്ലികൊല്ലുകയോ ചെയ്താല്‍ പോലും അഭിനയിച്ചു കളയും എന്ന വാശിയിലാണ് അദേഹം ).പുട്ടിനു തേങ്ങ ഇടുന്നത് പോലെ കുറെ നായികമാരെയും ഉള്‍പെടുത്തിയിട്ടുണ്ട്.(ഒരു മോഡല്‍ ലുക്ക്‌ ഉള്ള യക്ഷി അടക്കം) നവ്യനായര്‍ ഒക്കെ ആരാണ് എന്ന് ജനത്തിന് മനസിലാകുന്നത് അവസാനത്തെ ഒരു മണിക്കുറില്‍ ആണ് . തിലകനും മക്കള്‍ക്കും നായകന്റെ ഗ്വാ ഗ്വാ വിളി കേള്‍ക്കുനതിനപ്പുറം വേറെ പണി ഒന്നും ഇല്ല.

അപ്പോള്‍ വ്യത്യസ്തമായി ഒന്നുമില്ലേ ഈ പടത്തില്‍?

ഉണ്ടല്ലോ നടന്‍ വിജയകുമാര്‍ ഈ പടത്തില്‍ പതിവ് പോലെ നായകനെ ചതിക്കുകയോ ,നായകന്റെ പെങ്ങളെ കെട്ടുകയോ ചെയുന്നില്ല എന്നതാണ് ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത . വേറെ ഒന്നും സത്യമായി ഞാന്‍ കണ്ടില്ല ചേട്ടാ .

എന്നാലും ഒരു സൂപ്പര്‍താര ചിത്രം അല്ലേടെ . മൊത്തത്തില്‍ പറഞ്ഞാല്‍ ...........?

ഇത്രയും വായിട്ടു അലച്ചിട്ടും ഇയാള്‍ക്ക് മനസിലായില്ലേ? എന്നാല്‍ കേട്ടോ " തുടക്കം ആറാം തമ്പുരാന്‍ (പുരഞ്ജയം) പോലിരിക്കും , കുറച്ചു കഴിയുമ്പോള്‍ മണിചിത്രതാഴു ആണെന്ന് തോന്നും, തോന്നണം . അവനെ (പ്രേക്ഷകനെ ) പറ്റിക്കാന്‍ അങ്ങനെയേ കഴിയു , ഒടുവില്‍ വെട്ടി വീഴ്ത്തുമ്പോള്‍ പറഞ്ഞു വെട്ടണം 'അന്യന്‍ ആണെടാ ഇതെന്ന്' " . ഇതാണ് അണ്ണാ സത്യമായിട്ടും സാധനം