Thursday, September 16, 2010

പ്രാഞ്ചിയും ശിക്കാറും പിന്നെ ഞാനും .

ഇങ്ങോട്ട് മാറി നില്‍ക്കെടാ. നീ ആണല്ലേ പ്രേക്ഷകന്‍ .

അതെ സര്‍. ആ പേരില്‍ എഴുതുന്നത്‌ ഞാന്‍ ആണ് .എന്നോട് ഇങ്ങോട്ട് വരാന്‍ പറഞ്ഞത് .......

അതൊക്കെ പറയാം . നീ നിരൂപകന്‍ അണോടെ? സത്യം പറയണം ?

ഞാനോ ? ഇന്നോളം അങ്ങനെ ഒരു വൃത്തികെട് ഞാന്‍ ചെയ്തിട്ടില്ല.

അപ്പോള്‍ ബാല്‍ക്കണി 40 എന്ന ബ്ലോഗില്‍ എഴുതുന്നതോ ? അതിനെ പറ്റി ചില പരാതികള്‍ ഇവിടെ കിട്ടിയിട്ടുണ്ട് അത് ചോദിക്കാനാ തന്നെ ഇങ്ങോട്ട് വിളിപ്പിച്ചേ.

പോന്നു സാറെ ആ ബ്ലോഗില്‍ ഒരു പടം കണ്ടു കഴിഞ്ഞാല്‍ എനിക്ക് ആ ചിത്രം ഇഷ്ടപെട്ടോ. ഉണ്ടെങ്കിലോ ഇല്ലെങ്കിലോ എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം പറയുക ഇവ മാത്രമേ ഞാന്‍ ചെയ്യാര്‍ ഉള്ളു .

അത് മാത്രമല്ലോ . തനിക്കു പൊതുവേ സൂപ്പര്‍ താര ചിത്രങ്ങളെ ഒരു മാതിരി പുച്ഛം ആണെന്നും . അതിനെ തെറി പറയല്‍ ആണ് തന്റെ വിനോദം എന്നും ആണല്ലോ പരാതി.അനിയാ തനോടുള്ള സ്നേഹം കൊണ്ട് പറയുകയാ . ആദ്യം എന്തെങ്കിലും പറയുന്നതിന് മുന്‍പ് ഒന്ന് ശ്രദ്ധിക്കണം,ചുറ്റും നോക്കണം.പൊതുവേ ഉള്ള ഒരു ട്രെന്റ് എങ്ങോട്ടാണെന്ന് അത് മനസിലാക്കി കഴിഞ്ഞാല്‍ പിന്നെ ബാക്കിയുള്ളവന്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ പറഞ്ഞെന്നു വരുത്തി ഒരെണ്ണം കാച്ചിയാല്‍ പോരെ.പിന്നെ ചിത്രം ഹിറ്റ്‌ ആകുമോ എന്ന് ചെറിയൊരു സംശയം ഉണ്ടെങ്കില്‍ നമ്മള്‍ ഒരിക്കലും അടച്ചു തെറി പറയരുത് .ജനകൂട്ടത്തിലെ നാലാമത് നില്‍ക്കുന്ന കഷണ്ടിക്കാരന്‍ വളരെ മോശമായെങ്കിലും സൂപ്പര്‍ താരം തകര്‍ത്തു എന്ന ലൈന്‍.പിന്നെ ഒരു രക്ഷയും ഇല്ലെങ്കില്‍ സൂപ്പര്‍ താരത്തെ ഇതില്‍ പ്രയോജനപ്പെടുത്താന്‍ സംവിധായകന് കഴിഞ്ഞില്ല എന്നായി ക്കോണം കിടക്കട്ടെ അവന്റെ തലയില്‍ !!! ഇത്ര എളുപ്പമുള്ള ഒരു പണി വേറെ ഇല്ല.

അല്ല സാറെ പടം ഹിറ്റ്‌ ആകുന്നതും എനിക്ക് പടം ഇഷ്ടപ്പെടുന്നതും തമ്മില്‍ എന്താ ബന്ധം?

അതെന്താ എന്ന് ചോദിക്കല്ലേ. അതങ്ങനാ . നീ തന്നെ നിന്റെ കമന്റ്‌ നോക്ക് ശിക്കാര്‍ എന്ന ചിത്രത്തെ കുറിച്ച് ആള്‍ക്കാര്‍ പറയുന്നേ ഈ ചിത്രം ഒരു ഹിറ്റ്‌ ആണെന്നാണ് . പിന്നെ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ നഷ്ടപ്പെട്ടു എന്ന് പറയപ്പെടുന്ന ഇനിഷ്യല്‍ തിരിച്ചു പിടിച്ചു എന്നാണ് ഈ ചിത്രത്തിന്റെ വേറൊരു ഹൈ ലൈറ്റ്.ഇതൊക്കെ ഉണ്ടെങ്കില്‍ നീ പടം ഇഷ്ടപ്പെട്ടോണം.വേറെ ചോദ്യം ഒന്നും ഇല്ല.

അല്ല ഈ ഇനിഷ്യല്‍ തിരിച്ചു പിടിച്ചുഎന്ന് വെച്ചാല്‍ മോശപ്പെട്ട ഒരു ചിത്രം സൂപ്പര്‍ താരത്തിന്റെ പേര് കൊണ്ട് കുറെ ജനങ്ങളെ കയറ്റി മണ്ടന്‍മാര്‍ ആക്കുന്നതില്‍ ഈ ചിത്രം വിജയിച്ചു എന്നല്ലേ അര്‍ഥം ? സ്വയം മണ്ടന്മാര്‍ ആയിട്ടു അത് അഭിമാനത്തോടെ വിളിച്ചു പറയുന്നവര്‍ നമ്മള്‍ മാത്രമേ കാണു.

നിനക്ക് നന്നാകാന്‍ ഒരു ഉദ്ദേശവും ഇല്ലെടെ? പിന്നെ നിനക്ക് വിമര്‍ശിച്ചേ പറ്റു എന്നുണ്ടെങ്കില്‍ ഒരാളെ മാത്രം വിമര്‍ശിക്കു . അപ്പോള്‍ മറ്റേ താരത്തിന്റെ ആരാധകര്‍ നിന്നെ ഏറ്റെടുതോളും.

സാറിന് ഇതൊക്കെ എങ്ങനെ അറിയാം ?

എടേ നേരത്തെ പറഞ്ഞത് പോലെ ഏതൊക്കെ വളരെ എളുപ്പമുള്ള പണിയല്ലേ .ഏതു പോലീസ് കാരനും (സോറി ) ഈ പണി ചെയ്യാം . സ്വന്തമായി ഒരിക്കലും ഒരു ചിത്രത്തെ പറ്റി ഒരു അഭിപ്രായം ഇല്ലെങ്കില്‍ നീയാണ് പ്രതിഭ .ഉദാഹരണം ആയി ശിക്കാര്‍ എന്ന പടത്തെ കുറിച്ച് ഞാന്‍ എഴുതിയ നിരൂപണം ഇതാ പിടി വായിച്ചു പഠിക്കെടാ.....


മലയാള സിനിമയുടെ അഭിമാന സ്തംഭങ്ങളായ സര്‍വശ്രീ പത്മകുമാറും ഭരത് മോഹന്‍ലാലും ചേര്‍ന്നൊരുക്കുന്ന ചിത്രമാണ് ശിക്കാര്‍.പേര് സൂചിപ്പികുന്നത് പോലെ ഇതു ഒരു ത്രില്ലെര്‍ ചിത്രം ആണ്.ചിറ്റാഴ എന്ന മലയോര ഗ്രാമത്തില്‍ തന്‍റെ മനസ്സില്‍ എരിയുന്ന കനലുകള്‍ അടക്കിപ്പിടിച്ചു സാധാരണക്കാരനായി ജീവിക്കുന്ന ബലരാമന്‍ എന്ന കഥാപാത്രത്തെ തന്‍റെ സ്വസിദ്ധമായ അഭിനയ ശൈലിയിലൂടെ ശ്രീ ലാല്‍ അനശ്വരം ആക്കിയിരിക്കുന്നു.അദേഹത്തിന്റെ മികച്ച പത്തു കഥാപത്രങ്ങളുടെ പേര് എടുത്താല്‍ അതില്‍ ആദ്യത്തെ മൂന്ന് എണ്ണത്തില്‍ ഒരെണ്ണം ബലരാമന്‍ ആയിരിക്കും എന്ന് ഉറപ്പ്.നൃത്ത രംഗങ്ങളില്‍ അദേഹം പ്രകടിപ്പിക്കുന്ന അനായാസത മലയാളത്തിലെ മറ്റു നടന്മാര്‍ക്ക് മാതൃക ആകേണ്ടതാണ്. തുടക്കത്തില്‍ തന്നെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടികളില്‍ എത്തിക്കുന്ന ഒരു രംഗത്തോടെ ചിത്രത്തിലേക്ക് വരുന്ന ലാല്‍ അതെ അനായാസതയോടെ പ്രേക്ഷകരുടെ മനസ്സിലേക്കും കയറി പറ്റുന്നു .മനസിലെ കനലുകള്‍ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ പോലും മനസിലാകാത്ത രീതിയില്‍ അടക്കിപ്പിടിച്ചുള്ള നിയന്ത്രിത അഭിനയത്തിലൂടെ മുന്നേറുന്ന ലാല്‍ സംഘടന രംഗങ്ങളിലും ശോഭിക്കുന്നു.ജോണ്‍ കൊക്കന്‍ അവതരിപ്പിക്കുന്ന തമ്പി മുതലാളി എന്ന വില്ലനെ വിറപ്പിച്ചു ചിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷന്‍ ആക്കാന്‍ ലാലിന്‍റെ തീ പാറുന്ന അഭിനയ പാടവത്തിനു കഴിഞ്ഞിട്ടുണ്ട്.ഹസ്യാഭിനയത്തിനു പുതിയ ഭാഷ്യങ്ങള്‍ രചിക്കുന്ന ജഗതിയും സുരാജും ചിരിയുടെ മലപടക്കങ്ങള്‍ ഒന്നാം പകുതിയില്‍ ഉടനീളം പൊട്ടിക്കുന്നു.കഥയ്ക്ക് വേഗത കൂട്ടാന്‍ താടി ലാലിന്‍റെ നേത്രുത്വത്തില്‍ നടക്കുന്ന ഗാന നൃത്ത രംഗം ആ മലനാടിന്‍റെ പരുക്കന്‍ സൌന്ദര്യം പ്രേക്ഷകനെ കാണിച്ചു തരുന്നു.നൃത്തത്തിന്റെ അവസാനം അതില്‍ പങ്കെടുത്തു ചില ചുവടുകള്‍ വയ്ക്കുന്ന ലാലേട്ടന്‍ അല്‍പ്പം ഒന്ന് തഴോട്ടിറങ്ങിയ പ്രേക്ഷകനെ വീണ്ടും ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നു.നായകന് ആ ഗ്രാമവാസികളും ആയുള്ള ആത്മബന്ധത്തിന്റെ ഒരു സജീവ ചിത്രം സംവിധായകനും തിരകഥാകൃത്തും ചേര്‍ന്ന് തെളിവോടെ വരച്ചിട്ടിരിക്കുന്നു.മൈഥിലി അവതരിപ്പിക്കുന്ന രമണി എന്ന കഥാപാത്രത്തെ നായകന്‍ തന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുമോ ഇല്ലയോ എന്ന ആകാംഷ പ്രേക്ഷകര്‍ക്ക്‌ ചിത്രാവസാനം വരെ നില നിര്‍ത്തി കൊണ്ട് പോകാന്‍ തിരകഥക്രിത്തിനു കഴിഞ്ഞിട്ടുണ്ട്.ചിത്രം കഴിയുമ്പോളും ആ കഥാപാത്രം ഒരു തീരാനൊമ്പരവും ചോദ്യചിന്നവും ആയി അവശേഷിപ്പിക്കുനത് സംവിധായകന്റെ പാടവം വ്യക്തമാക്കുന്നു.കലാഭവന്‍ മണിയും ലാലു അലെക്സും കാമ്പുള്ള വേഷങ്ങളിലൂടെ തങ്ങളുടെ അഭിനയ തികവ് പ്രദര്‍ശിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ആകെ മുഴച്ചു നില്‍ക്കുന്ന കഥാപാത്രം സ്നേഹയുടെ ആണ്.ചില രംഗങ്ങളില്‍ പ്രായകൂടുതല്‍ കൊണ്ടാകണം ഈ നടിക്ക് ലാലേട്ടന്മായി ഒരു ചേര്‍ച്ച കുറവ് തോന്നി.ചെറുപ്പകാല രംഗങ്ങളില്‍ മെലിഞ്ഞു സുന്ദരനായി പ്രത്യക്ഷപ്പെടുന്ന ലാലേട്ടന്‍ എണ്‍പത്കളിലേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്നു.

ഇത്രയും ചടുലമായി പോകുന്ന ഒന്നാം പകുതി കഴിയുമ്പോള്‍ പിന്നെ ആണ് കഥ കൂടുതല്‍ ആഴങ്ങളിലേക്ക് ഊളിയിടുന്നതു.നായകന്റെ നിഗൂഡമായ ഭൂത കാലവും മനസ്സില്‍ കനലായി എരിയുന്ന കുറ്റ ബോധത്തിന്റെ നീറുന്ന കഥകളും പ്രേക്ഷകന്റെ മുന്നിലേക്ക്‌ കോരിയിടുന്നത് രണ്ടാം പകുതിയിലാണ്.ആന്ദ്ര പ്രദേശിലെ വരണ്ട മണ്ണില്‍ പൊട്ടി മുളൈക്കുന്ന തീവ്രവാദത്തിന്റെ വേരുകള്‍ ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ നോക്കി നില്‍ക്കുന്ന നായകന്റെ നിഷ്കളങ്കനായ പോലീസ് കോണ്‍സ്റ്റബിള്‍ ആരിലും കൌതുകം ഉണര്‍ത്തും. നായകനുമായി ജേഷ്ടന്റെ മകള്‍ക്കുള്ള ആത്മ ബന്ധം ഈ ചിത്രത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് . അവസാന രംഗങ്ങളില്‍ ഒരു ത്രില്ലെര്‍ ചിത്രത്തിന്റെ പൂര്‍ണതയില്‍ എത്തുന്ന ചിത്രം പ്രകൃതിയുടെ അത്യന്തം അപകടകരമായ മേഖലകളില്‍ വെച്ച് ചിത്രീകരിച്ചു പ്രേക്ഷകനെ ആവേശത്തിന്റെ കൊടുമുടിയില്‍ നിന്നും ഒരു തരത്തിലും ഇറങ്ങാന്‍ സമ്മതിക്കുന്നില്ല. .ജേഷ്ടന്റെ മകളെ സ്വന്തം മകളായി കണ്ടു സ്വന്തം ജീവിതം പോലും ശ്രദ്ധിക്കാതെ മുന്നോട്ടു പോകുന്ന ഈ ചിത്രത്തിലെ നായകനെ ലാലേട്ടന്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചു. മെഗാഹിറ്റിലേക്ക് കുതിക്കുന്ന ഈ ചിത്രം നല്ല ചിത്രങ്ങള്‍ മാത്രം എന്നും സ്വീകരിച്ചിട്ടുള്ള മലയാളി ഇതൊരു മികച്ച ചിത്രം ആണെന്ന് നല്‍കുന്ന അംഗീകാരം ആണ്.അവസാന രംഗങ്ങളില്‍ നായകന്‍ പോലീസ്കാരോട് നടത്തുന്ന വിലാപം അഥവാ ആത്മ രോദനം ഇതൊരു ശിലാഹൃദയന്റെയും മനസ് അലിയിക്കും..........

ഇനി ഇതു പോലെ പോയി പ്രാഞ്ചിയെ കുറിച്ച് ഒരു റിവ്യൂ എഴുതിയേ നോക്കട്ടെ .ആദ്യ ഒരു ചോദ്യം പ്രാഞ്ചി ഏട്ടന്‍ എന്ന ചിത്രത്തില്‍ ഏറ്റവും നല്ല ഘടകം എന്താണെന്നാ നിനക്ക് തോന്നിയത് ?

ശ്രീ മമ്മൂട്ടി ആരാധകരെ ഹരം കൊള്ളിക്കാനായി കാലാ കാലങ്ങളായി ഇറക്കുന്ന ഒരു മോഹോതര കലാരൂപം (അദേഹത്തിന്റെ ഡാന്‍സ് )ഈ ചിത്രത്തില്‍ ഇല്ല .ശരിയല്ലേ

എടെ നീ നന്നാവില്ല എന്ന വാശിയില്‍ ആണോ ? നിനക്ക് ഇതാണോ എത്രയും പറഞ്ഞിട്ട് മനസിലായത് ?

സാറെ സാറു കടയില്‍ പോകുമ്പോള്‍ മനോഹരായ ഒരു മുട്ടായി പെട്ടി കാണുന്നു. പെട്ടിയുടെ ഭംഗിയില്‍ ആകൃഷ്ടനായ സര്‍ അത് വാങ്ങി വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ പുഴു അരിച്ച പഴകിയ ചോക്ലേറ്റ് ആണ് അകത്തു . സാറു ആ ചോക്ലേറ്റ് ദൂരെ കളഞ്ഞിട്ടു പെട്ടി വേറെ എന്തിനെങ്കിലും ഉപയോഗിക്കാം എന്ന് കരുതുന്നു . ഇതു തന്നെ അല്ലെ സാറെ ആ ചിത്രം?. പുണ്യ വാളനും ആയുള്ള സംസാരം എന്നാ മുട്ടായി പെട്ടി മാറ്റി നിര്‍ത്തിയാല്‍ പഴയ പുഴു അരിച്ച പരസ്പര ബന്ധം ഇല്ലാത്ത കുറെ സംഭവങ്ങള്‍ അല്ലെ ആ ചിത്രം?

ഇനി ശിക്കാറിനെ കുറിച്ച് ഒരു വാക്ക് കൂടി . ഒന്നാലോചിച്ചു നോക്കു. ചിറ്റാഴ എന്നാ ഗ്രാമത്തില്‍ ലോറി ഡ്രൈവര്‍ ആയി ജോലി നോക്കുന്ന ബലരാമന്‍ . ആരോടും അധികം അടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കി, (മിത ഭാഷിയായി ) ജീവിച്ചു പോകുന്ന അയാള്‍ക്ക് ആ ഗ്രാമത്തില്‍ അകെ അടുപ്പം ഉള്ളത് ലാലു അലക്സ്‌ അവതരിപ്പിക്കുന്ന ചായകടക്കാരനോട് മാത്രമാണ് .(പിന്നെ കിളിയായ കലാഭവന്‍ മണിയോടും ).അയാള്‍ക്ക് അകെ ഉള്ളത് നഗരത്തില്‍ പഠിക്കുന്ന മകളാണ് . ഇത്രയും ആദ്യത്തെ ഒരു പതിനഞ്ചു മിനിറ്റില്‍ പറഞ്ഞു തീര്‍ത്തിട്ട് കഥ ശരിക്കും തുടങ്ങുന്നത് നാട്ടിലേക്കു വരുന്ന മകളെ കാണാതെ ആകുന്നു എന്നിടത് നിന്നായാലോ ? മകളെ തിരക്കി അലയുന്ന നായകന് ഇടയ്ക്കിടെ വരുന്ന വില്ലന്റെ സന്ദേശങ്ങള്‍ . ആ തിരച്ചിലിനിടയില്‍ ചുരുള്‍ നിവരുന്ന അയാളുടെ ഭൂത കാലം . പിന്നെ വെട്ടയടപ്പെടുന്നവനും വേട്ടയാടുന്നവനും തമ്മിലുള്ള എലി പൂച്ച കളി . ഇതിനിടയില്‍ എവിടെയോ വെച്ച് വെട്ടയടപ്പെടുന്നവന്‍ വേട്ടക്കാരന്‍ ആകുന്നു . ... ഏതു പോലെ ഇത്ര സാദ്ധ്യതകള്‍ ഉള്ള ഒരു കഥയെയാണ് ഇങ്ങനെ സൂപ്പര്‍ താരത്തിന്റെ പതിവ് കോപ്രായം ആക്കി മാറ്റി ഇരിക്കുന്നത് ?

ഇത്ര അലക്ഷ്യമായി എടുത്ത ഈ ചിത്രങ്ങളെ വാഴ്ത്തുക വഴി മലയാള സിനിമയെ കുറെ കൂടി നശിപ്പികുക എന്നാ സല്‍കൃത്യം ചെയാന്‍ ഞാന്‍ ഉദ്ദേശി ക്കുന്നില്ല .

എടാ മമ്മൂടിയെയും മോഹന്‍ലാലിനെയും പോലുള്ള താരങ്ങള്‍ ഇത്ര മഹത്തായ ചിത്രങ്ങള്‍ അഭിനയിച്ചു വിജയിപിച്ചവര്‍ ആണ് .അവരെ ഒക്കെ കുറിച്ച് എങ്ങനെ പറയുക എന്ന് പറഞ്ഞാല്‍ .....

സാറെ ആ പടങ്ങള്‍ ഒക്കെ ഒന്നിലേറെ തവണ കണ്ടു സൂപ്പര്‍ ഹിറ്റും മെഗാ ഹിറ്റും ഒക്കെ അക്കിയവരില്‍ ഒരാളാണ് ഞാനും . ഇപ്പോളും അക്കാലത്തെ നല്ല ഒരു ചിത്രം ടി വി യില്‍ വന്നാല്‍ കാണാറും ഉണ്ട്.എന്ന് വെച്ച് ഇവരൊക്കെ പടച്ചു വിടുന്ന ഏതു കൊപ്രയത്തെയും വാഴ്ത്തണം എന്ന് പറഞ്ഞാല്‍ കുറച്ചു കഷ്ടം അല്ലെ ?

എന്നാലും സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ വെച്ച് നോക്കുമ്പോള്‍ .......

സമീപ കാലത്ത് ഇറങ്ങിയ ചിത്രങ്ങള്‍ (സൂപ്പര്‍ താരങ്ങളുടെതടക്കം) ഇത്ര തറ ആയതിനു പ്രധാന കാരണം അനവശ്യമായുള്ള സൂപ്പര്‍ താരങ്ങളെ വാഴ്ത്തി പാടാന്‍ മദ്യമങ്ങളും , മറ്റു നിരൂപക ബുദ്ധി ജീവികളും കാണിക്കുന്ന വെപ്രാളം ആണെന്നാണ് എന്റെ വിശ്വാസം.അത് പൂര്‍വാധികം ശക്തിയായി തുടരുന്ന പക്ഷം മലയാള സിനിമ വീണ്ടും താഴേക്ക്‌ തന്നെ പോകും

Sunday, September 12, 2010

ദബങ്ങ് (Dabangg)

പുതുമുഖമായ അഭിനവ് കാശ്യപിന്റെ സംവിധാനത്തില്‍ , സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച ദബങ്ങ് കാണാന്‍ പോകുമ്പോള്‍ മറ്റൊരു വാന്‍ടെഡ് പ്രതീക്ഷിച്ചാണ് തിയറ്ററിനുള്ളിലേക്ക് കാലെടുത്ത് വെച്ചത് . നല്ല ജനം. നോര്‍ത്തികള്‍ അല്ലേല്‍ ഹിന്ദിവാലകള്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഐ ടി തൊഴിലാളി വര്‍ഗ്ഗം ആകും മൊത്തം എന്ന് കരുതി.എവിടെ? പകുതിയില്‍ കൂടുതല്‍ നല്ല മുട്ടന്‍ മല്ലുസ്. ചുമ്മാതാണോ അന്യ ഭാഷ ചിത്രങ്ങള്‍ നിരോധിക്കണം എന്ന് സുപ്പര്‍ താരങ്ങള്‍ നിലവിളിക്കുന്നത്. കൊടുക്കുന്ന പൈസക്ക് മുതലാവുന്ന രീതിയില്‍ തട്ട് പൊളിപ്പന്‍ പടമാണേല്‍ അങ്ങനെ, അത് മര്യാദക്ക് കിട്ടണം എന്ന് വാശി പിടിക്കാന്‍ മലയാളി പ്രേക്ഷകന് എന്ത് അവകാശം? അടിക്കണ്ടേ അവനെയൊക്കെ?

അത് പോട്ടെ...പറഞ്ഞു വന്നത് ദബങ്ങ്. സത്യം പറഞ്ഞാല്‍ മലയാളം സുപ്പര്‍ ഫാനുകള്‍ പിണങ്ങരുത്.പ്ലീസ്.നല്ല ഒന്നാന്തരം തട്ട് പൊളിപ്പന്‍ മസാല .ആദ്യാവസാനം സല്‍മാന്‍ ഖാന്റെ പടം. കാര്യം ഇടയ്ക്കിടെ വെള്ളമടിച്ചു വല്ല പെമ്പിള്ളാരുടെ വീടിന്റെ പൈപ്പിലും വലിഞ്ഞു കയറുന്ന ബാഡ് ബോയ്‌ ഇമേജ് (വണ്ടി കയറ്റി ആളെ കൊല്ലല്‍. മാന്‍ വേട്ട തുടങ്ങിയ കേസുകള്‍ വേറെ ) ഉള്ള മനുഷ്യനാണേലും , ചില വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഒടുക്കത്തെ സ്ക്രീന്‍ പ്രസെന്‍സാണ് കക്ഷിക്ക് . ഈ ചിത്രത്തിലെ ചുല്‍ബുള്‍ പാണ്ടേ അഥവാ റോബിന്‍ഹൂഡ് പാണ്ടേ എന്ന കഥാപാത്രവും അത്തരത്തില്‍ ഒന്നാണ്.അഴിമതിക്കാരനായ പോലീസുകാരന്‍ , രണ്ടാനച്ഛന്‍ , രണ്ടാനച്ഛനില്‍ ജനിക്കുന്ന സഹോദരന്‍ , രണ്ടാനച്ഛനോടും പാതി സഹോദരനോടും അയാളുടെ പ്രശ്നങ്ങള്‍ , ആ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന പോലീസുകാരന്റെ ശത്രുവായ രാഷ്ട്രീയക്കാരന്‍ ; ഒടുക്കം സഹോദരങ്ങള്‍ ഒന്നിച്ചു വില്ലനെ തല്ലിക്കൊല്ലുന്നു. ഇത് തന്നെ കഥ.

പക്ഷെ പടം ഒരു മിനിട്ട് പോലും ബോറടിച്ചില്ല എന്ന് മാത്രമല്ല നന്നായി രസിക്കുകയും ചെയ്തു. അതിനു പ്രധാന കാരണം സല്‍മാന്‍ ഖാന്‍ തന്നെ. യു പിയിലെ നിയമമില്ലാത്ത ഗ്രാമത്തിലെ സ്വന്തം നിയമം നടപ്പാക്കുന്ന, ഇഷ്ടം തോന്നിപ്പിക്കുന്ന തെമ്മാടിയായി സല്‍മാന്‍ സ്ക്രീനില്‍ നിറയുമ്പോള്‍ , കഥ ,തിരക്കഥ ഇതൊക്കെ ഒരു മസാല ചിത്രത്തിന് ഉണ്ടേലും ഇല്ലേലും കുഴപ്പമില്ല എന്ന് മുന്‍നിര ആസ്വാദകര്‍ക്ക് തോന്നിയാല്‍ അതില്‍ യാതൊരു കുറ്റവുമില്ല .

ചിത്രത്തില്‍ സല്‍മാന്റെ നായികയായി എത്തുന്നത് ശത്രുഗന്‍ സിന്‍ഹയുടെ മകളായ സൊണാക്ഷി സിന്‍ഹയാണ്.ഒരു ആക്ഷന്‍ മസാല പടത്തിലെ നായികയാവുക എന്ന കര്‍മ്മം പുതുമുഖത്തിന്റെ അരിഷ്ടതകള്‍ യാതൊന്നും അനുഭവപ്പെടാത്ത വിധം സൊണാക്ഷി ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്.

സല്‍മാന്റെ അമ്മയായി ഡിമ്പിള്‍ കപാഡിയ , രണ്ടാനച്ഛനായി വിനോദ് ഖന്ന (മര്യാദക്ക് ഹിന്ദി സിനിമാക്കാര്‍ പ്രയോജനപ്പെടുത്തിയാല്‍ ,ഇന്ന് അമിതാബ് ബച്ചന്‍ ചെയ്യുന്ന ഏതു കഥാപാത്രവും പുഷ്പം പോലെ ചെയ്യാവുന്ന ഒരു നടനാണ്‌ കക്ഷി ), സഹോദരനായി അര്‍ബാസ് ഖാന്‍ തുടങ്ങിയവരൊക്കെ അവരവരുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട് . നായികയുടെ അച്ഛനായി സംവിധായകന്‍ മഹേഷ്‌ മഞ്ച്രേക്കര്‍ , വില്ലനെ ഒതുക്കാന്‍ ശ്രമിക്കുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാവായി അനുപം ഖേര്‍ എന്നിവരും സ്ക്രീനില്‍ മിന്നിമറയുന്നുണ്ട്‌.

സംവിധായകന്‍ അഭിനവ് കശ്യപ് സല്‍മാന്‍ ഖാനെ മനസ്സില്‍ക്കണ്ട് ഒരു ശരിയായ മസാലപ്പടം ഒരുക്കുന്നതില്‍ യാതൊരു പാളിച്ചയും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല മുന്‍ നിരക്കാരെ (ബാല്‍ക്കണിയിലെ മസില്‍ പിടുത്തം ഇപ്പൊ കുറഞ്ഞു വരുന്ന കാലമായത് കൊണ്ട് അവരെയും) സന്തുഷ്ടരക്കാനുള്ള ചേരുവകള്‍ ചിത്രത്തില്‍ കൃത്യമായി ചേര്‍ക്കാന്‍ മടിച്ചിട്ടുമില്ല.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ (വിജയന്‍ മാസ്റ്റര്‍) ചിലപ്പോഴൊക്കെ കയറും ,ഗ്രഫിക്ക്സും ഉണ്ടേലും നന്നായിട്ടുണ്ട്. പാട്ടുകളില്‍ ( സാജിദ് , വാജിദ് ,ലളിത് പണ്‍ഡിറ്റ് ) മുന്നി ബദ്നാം ഐറ്റം ഡാന്‍സ് നമ്പരുകളില്‍ പുതിയ ഹരമാകുമ്പോള്‍, ഉട് ദബങ്ങ് ചിത്രത്തിന്‍റെ ,പ്രത്യേകിച്ചു നായകന്റെ സ്വഭാവത്തോട് ഇഴുകിച്ചേരുന്ന ഒന്നാകുന്നു. പശ്ചാത്തല സംഗീതം (സന്ദീപ്‌ ഷിരോധ്ക്കര്‍ ) ചിത്രത്തിന്‍റെ വേഗത്തിന് ഒത്തു ഒഴുകുന്നുണ്ട്. ഫറാ ഖാനും , രാജു ഖാനും നൃത്ത സംവിധാനത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ പേരുകളായി വരുന്നുണ്ട്. പക്ഷെ ചിത്രത്തിലെ നൃത്ത രംഗങ്ങളില്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സല്‍മാന്റെ സ്വന്തം നമ്പരുകളാണ് കൂടുതല്‍. യു പിയുടെ ഉള്‍പ്രദേശങ്ങള്‍ (അവയുടെ സൗന്ദര്യവും, കാഠിന്യവും )നന്നായി പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിക്കാന്‍ ക്യാമറകൈകാര്യം ചെയ്ത മഹേഷ്‌ ലിമയെക്ക്സാധിക്കുന്നുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ടെക്നിക്കല്‍ പെര്‍ഫെക്ഷന്‍ ,തിരക്കഥയുടെ ഭദ്രത , പാത്ര സൃഷ്ടി , ഇതൊന്നും അന്താരാഷ്ട്ര നിലവാരത്തില്‍ വന്നിട്ടില്ല എങ്കിലും കൊടുക്കുന്ന കാശ് മുതലാവുന്ന ഒരു മസാല എന്റര്‍ടൈനര്‍ , അതാണ്‌ ദബങ്ങ്. ഹിന്ദിയോട് അലര്‍ജി ഇല്ലാത്തവര്‍ക്ക് പോയി കാണാം. കൂട്ടത്തില്‍ , ആദ്യാവസാനം, വെറും സ്റ്റാര്‍ പവര്‍ കൊണ്ട് ഒരു മസാല പടം എങ്ങനെ ബോറടിപ്പിക്കാതെ കൊണ്ട് പോകാം എന്നത് മനസിലാക്കാന്‍ മലയാളം സുപ്പര്‍ താരങ്ങള്‍ക്കും വേണേല്‍ ഈ പടം കാണാവുന്നതാണ്. വേണേല്‍ മതി ,നിര്‍ബന്ധം ഒന്നുമില്ല.

Saturday, September 11, 2010

പ്രാഞ്ചിയേട്ടന്‍ & ദി സെയിന്റ് (Pranchiyettan & the Saint)

എടേ നമ്മുടെ മലയാള സിനിമയുടെ ആസ്ഥാന ബുദ്ധി ജീവിയായ സംവിധായകന്‍ രഞ്ജിത് ചിത്രങ്ങളിലെ കഥാ പാത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ ഒന്ന് പറയാമോ?

പിന്നെ ... വലിയ ഒരു ചോദ്യം ? അണ്ണാ നിങ്ങള്‍ പരിപാടി നിര്‍ത്തി കാണും എന്നാ ഞാന്‍ കരുതിയേ. അപ്പോള്‍ നിങ്ങള്‍ പ്രാഞ്ചിയും കണ്ടു അല്ലെ?

ഞാന്‍ പരിപാടി നിര്‍ത്തുന്നതും നിര്‍താത്തതും ഇരിക്കട്ടെ നീ ചോദ്യത്തിന് ഉത്തരം പറ.

ശരി എന്നാ പിടിച്ചോ . നായകന്‍: പണം പുല്ലു പോലെ കാണുന്ന ഒരാള്‍. അതിനു കാരണം അയാള്‍ക്ക് കശുള്ളതോ അയാള്‍ക്ക് വേണ്ടി കാശു ഇറക്കാന്‍ ആള്‍ ഉള്ളതോ ആകാം .അദേഹത്തിന് ചുറ്റും എപ്പോളും ഒരു കോക്കസ് (ആ വാക്കാ ഇപ്പോളത്തെ ഒരു ട്രെന്റ് ) ഉണ്ടായിരിക്കും .നായിക ആദ്യം ചിലപ്പോള്‍ ചില്ലറ ചവിട്ടും കുത്തും ഒക്കെ കാണിച്ചാലും (കൂടി പോയാല്‍ ഒരു ഇരുപതു മിനിട്ട് ) നായകന്റെ വ്യക്തിത്വത്തില്‍ മയങ്ങി പ്രേമിക്കുന്നവള്‍. മറ്റു സ്ത്രീ കഥാപത്രങ്ങള്‍ പ്രായം ആയവര്‍ ആണെങ്കില്‍ നായകന്റെ അമ്മക്ക് തുല്യം . അല്ലെങ്കില്‍ ചെറുപ്പകാരി/ മധ്യവയസ്ക ആണെങ്കില്‍ നായകനുമായി ബൌധിക വേഴ്ച നടത്തി തൃപ്തി അടയുന്ന new generation liberated lady. ഇനി ബുദ്ധിജീവി ആകാന്‍ ഒരു സാഹചര്യവും ഇല്ലാത്തവള്‍ ആണെങ്കില്‍ നായകനെ പ്രേമിക്കാന്‍ പറ്റാത്ത വിഷമം ഉള്ളിലൊതുക്കി പടം തീരുന്നത് വരെ ജീവിക്കുന്നവള്‍.പിന്നെ വില്ലന്‍ , വര്‍ഷങ്ങളായി രാവിലെ എഴുനെല്‍ക്കുന്നത് മുതല്‍ കിടന്നു ഉറങ്ങുന്നത് വരെ നായകനെ എങ്ങനെ പണിയാം എന്ന് ചിന്തിച്ചു നടക്കുന്ന പാവം (അതിനു കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് നടന്ന എന്തെങ്കിലും സംഭവത്തിന്റെ പേരില്‍ ).ശ്രീ രഞ്ജിത്ന്റെ ഇതു ചിത്രം എടുത്താലും ഇതില്‍ ഏതെങ്കിലും ഒക്കെ കാണും എന്നാണ് എന്റെ വിശ്വാസം .ഈ പടത്തിലും ഏതൊക്കെ തന്നെയാണോ?

നീ മോശമല്ലാലോ മോനെ . അത് നീ തന്നെ തീരുമാനിച്ചോ .അരി പ്രാഞ്ചി എന്നറിയപ്പെടുന്ന തൃശൂര്‍ക്കാരന്‍ ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്നയാള്‍ ആണ് ഇതിലെ കേന്ദ്രകഥാപാത്രം.ബിസ്നെസ്സ്കാരനും സമ്പന്നനും അയ ഇദേഹം അടിസ്ഥാനപരമായി ഒരു മണ്ടനായ മംഗലശ്ശേരി നീലന്‍ ആണ് അഥവാ അങ്ങനെയാണ് കാണുന്നവര്‍ക്ക് തോന്നുന്നത്.അദേഹത്തിന്റെ ചുറ്റും അനുയായികളുടെ ഒരു സംഘം പതിവ് പോലെ ഉണ്ട് .തന്ത്രശാലിയായ business കാരന്‍ എന്നൊക്കെ നാട്ടുകാരെ കൊണ്ട് ഇടയ്ക്കിടെ പറയിപ്പിക്കുന്നു എങ്കിലും പടത്തിന്റെ അവസാനത്തിനു ഒരു പതിനഞ്ചു മിനിട്ട് വരെ പ്രഞ്ചിയെ നാട്ടുകാര്‍ വരിക്കു നിന്ന് പറ്റിച്ചിട്ട് കാശും കൊണ്ട് പോകുന്നതാണ് കാണുന്നത്.രഞ്ജിത് ചിത്രത്തിലെ നായകന്‍ ആയതിനാലും കാശു പുല്ലായതിനാലും പ്രഞ്ചിക്ക് അതില്‍ തീരെ വിഷമം ഇല്ല.
ഹ ഇങ്ങനെ ചുമ്മാ കാടിളക്കാതെ കഥയെ പറ്റി എന്തെങ്കിലും പറഞ്ഞൂടെ ?

സമ്പന്നനായ പ്രാഞ്ചിയുടെ ഏക വിഷമം പണ്ട് സര്‍വകലാശാല എന്ന ചിത്രത്തില്‍ ഇന്ന സെന്റ് അണ്ടി പരിപ്പും മുന്തിരിങ്ങയും ഒക്കെയായി ചെന്ന് അടൂര്ഭാസിയോടു പറയുന്നതാണ് . ("എന്നിക്കിതിരി വെയിറ്റ് വേണം" ).ബാല്യ കാല സഖിയായ ഡോ ഓമനയെ (കുഷ് ബു ) അടിച്ചെടുത്ത കുട്ടികാലത്തെ എതിരാളി ഡോ. ജോണ്‍ (സിദ്ദിക് ) ആണ് ഇപ്പോളും പ്രധാന പാര. ഓമനയും പ്രാഞ്ചിയും ഇപ്പോളും സൌഹൃതത്തില്‍ ആണ് .പ്രാഞ്ചി ക്ലബ്‌ പ്രസിഡന്റ്‌ ആയി മത്സരിക്കുന്നു ഡോ ജോണ്‍ ജയിക്കുന്നു .പ്രാഞ്ചി ഓസ്കാര്‍ ജേതാവിന് സ്വീകരണം സ്പോണ്‍സര്‍ ചെയ്യുന്നു . അവസാനം വേദിയില്‍ ഇരിക്കാന്‍ പോലും പറ്റുന്നില്ല .കാശു കൊടുത്തു പത്മശ്രീ വാങ്ങാന്‍ ശ്രമിക്കുന്നു. നമ്പ്യാര്‍ (ബലചന്ദ്രന് ചുള്ളികാട്‌)എന്ന വന്‍തോക്ക് ഒന്നര കോടി രൂപ വാങ്ങി വീണ്ടും പ്രാഞ്ചിയെ പറ്റിക്കുന്നു (ഇടവേള )

ഇടവേളക്കു ശേഷം പത്മശ്രീ (പ്രിയാമണി) പൊട്ടി വീഴുന്നു . ഓമന സുഹൃത്താണെന്ന് പറഞ്ഞാണ് പരിചയ പെടുത്തുന്നത് . ബോംബയില്‍ നിന്നും വരുന്ന ഇവര്‍ ഒരു പെയിന്റിംഗ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യിക്കാന്‍ പ്രാഞ്ചിയെ ക്ഷണിക്കാന്‍ ആണ് വരുന്നത് . ഒരു രാഷ്ട്രീയ നേതാവിനേയോ,സിനിമ താരതെയോ കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല എന്ന് പറയുന്ന ഇവര്‍ക്ക് പ്രാഞ്ചിയുടെ സംഭാവനയോ, ചിത്രം വാങ്ങുകയോ വേണ്ട.(പിന്നെ എന്താണ് ഇയാളെ ക്ഷണിക്കാന്‍ ഉള്ള പ്രചോദനം എന്ന് ചോദിച്ചാല്‍ സൂപ്പര്‍ താരം ആണ് നായകന്‍ എന്നതാണ് ഉത്തരം).അത് കൊണ്ട് തീര്‍ന്നോ.കൊച്ചു നേരെ പ്രാഞ്ചിയുടെ വീട്ടില്‍ ഇടിച്ചു കേറി സ്വീകരണമുറി പെയിന്റ് അടിച്ചു അലങ്ങരിച്ചു ചെത്താക്കി കൊടുക്കുന്നു .(പുറകെ മൊത്തം വീടും സ്വന്തം കൈ കൊണ്ട് പെയിന്റ് അടിച്ചു കൊടുത്തു പ്രാഞ്ചിയുമായി ബന്ധം ബലപ്പെടുത്തുന്നു.അവസാനം കുടുംബ സ്വത്തു മറ്റു ബന്ധുക്കളില്‍ നിന്ന് വാങ്ങാനായി പ്രാഞ്ചിയില്‍ നിന്നും ധനസഹായം കൈപറ്റുന്ന കൊച്ചു കാര്യം കഴിഞ്ഞപ്പോള്‍ പ്രണയ അഭ്യര്‍ത്ഥന നടത്താന്‍ റെഡി ആയി ഇരിക്കുന്ന പ്രാഞ്ചിക്ക് നേരെ ഒരു പോസ്റ്റ്‌ ഡേറ്റ് ചെക്ക് ഉം കൊടുത്തു പഴയ ഒരു പ്രണയ കഥയും പറഞ്ഞു "നിങ്ങള്‍ എന്നെ ഇഷ്ടം ആണെന്ന് വല്ലതും പറഞ്ഞിരുന്നെങ്കില്‍ ആകെ ബോര്‍ ആയേനെ" എന്നൊരു ബുദ്ധിജീവി വാചകവും കാച്ചി രക്ഷപ്പെടുന്നു.പ്രാഞ്ചി വീണ്ടും വഴിയാധാരം .

അതൊക്കെ മറന്നു പ്രാഞ്ചി നാട്ടിലെ സ്കൂള്‍ ഹെഡ് മാസ്റ്ററുടെ പ്രശ്നം ഏറ്റെടുക്കുന്നു . ഈ വര്ഷം അദേഹത്തിന്റെ സ്ക്കൂളിനു നൂറു ശതമാനം റിസള്‍ട്ട്‌ വേണമെങ്കില്‍ ഒരു ഉഴപ്പനായ വിദ്യാര്‍ഥി പരീക്ഷ ജയിക്കണം . പ്രാഞ്ചി പ്രശ്നം ഏറ്റെടുക്കുകയും പയ്യനെ ഉടനെ വീട്ടില്‍ കൊണ്ട് പോകുകയും ചെയ്യുന്നു.പയ്യനെ പഠിപ്പിക്കാന്‍ മാസ്റ്റര്‍റെ (ജഗതി ) വയ്ക്കുന്നു . ആകെ ബഹളം . ഒടുവില്‍ റിസള്‍ട്ട്‌ വരുമ്പോള്‍ പയ്യന്‍ മാത്രം തോല്‍ക്കുന്നു .കുപിതനായ പ്രാഞ്ചി സ്ലോ മോഷനില്‍ നടന്നു പയ്യനെ പിടിക്കുബോള്‍ ആണ് ആ ഞെട്ടി പ്പിക്കുന്ന സത്യം അറിയുന്നത് .പയ്യന്റെ അച്ഛനായി വന്നയാള്‍ അവന്റെ വളര്‍ത്തു അച്ഛന്‍ ആണ് (ഇതിനിടെ അയാളും പ്രാഞ്ചി യോട് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങികളയുന്നു) .യഥാര്‍ത്ഥ അച്ഛന്‍ (ബിജു മേനോന്‍) കള്ളും കഞാവും അടിച്ചു ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഇപ്പോള്‍ കാന്‍സര്‍ ബാധിച്ചു ജയിലില്‍ കിടപ്പുണ്ട്.(ഈ മഹാ രഹസ്യം ആ നാട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു !!!)ജയിലില്‍ പോയി പയ്യന്റെ അച്ഛനെ കണ്ടു മടങ്ങുന്ന പ്രാഞ്ചി പയ്യനെ വളര്‍ത്തു മകനായി ദത്തു എടുക്കാന്‍ തീരുമാനിക്കുന്നു .അതോടെ പ്രാഞ്ചി മഹാനും വിശുദ്ദനും ആയി മാറുന്നു.

ഇതിലുള്ള ഒരു പുതുമ പ്രാഞ്ചി,പയ്യനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു വരുന്ന വഴി, രാത്രി പള്ളിയില്‍ കയറുന്നു .അവിടെ വെച്ച് പ്രാഞ്ചിയുടെ മുന്നില്‍ പ്രത്യക്ഷ പ്പെടുന്ന സെന്റ്‌ ഫ്രാന്‍സിസ് പുണ്യ വാളനോട് തന്റെ ജീവിത കഥ പറയുന്നതയിട്ടാണ് മുകളില്‍ പറഞ്ഞ കഥ കാണിച്ചിരിക്കുന്നത്.ഇവര്‍ രണ്ടു പേരും തമ്മില്‍ ഉള്ള സംഭാഷണം രചിച്ചിരിക്കുന്നിടത്ത് മാത്രമാണ് രഞ്ജിത്ത് തിരകഥ കൃത്ത് എന്ന നിലയില്‍ തന്റെ മികവു കാണിച്ചിരിക്കുന്നത് . ഇടവേള ക്ക് മുന്‍പ് നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നീടു എന്തെങ്കിലും ബന്ധം കാണും എന്ന് കരുതി എങ്കിലും അങ്ങനെ ഒന്നും ഉണ്ടായില്ല .

പറയാന്‍ മറന്നു അവസാനം പുണ്യവാളന്‍ പ്രാഞ്ചിയെ തോല്പ്പിച്ചു എന്ന് കരുതുന്നവര്‍ ആരും വിജയിചിടില്ല എന്ന് പറഞ്ഞു മൂന്ന് ദൃശ്യങ്ങള്‍ കാണിക്കുന്നു . ഒന്ന് . ഡോ.ഓമനയും ഡോ ജോണും പരസ്പരം വഞ്ചിച്ചാണ് ജീവിക്കുന്നത് .(രണ്ടു പേര്‍ക്കും ഓരോ അവിഹിതം ഉണ്ടെന്നു ചുരുക്കം ) രണ്ടു , പ്രാഞ്ചിയെ ഒന്നര കോടി (പത്മശ്രീ തരാം എന്ന് പറഞ്ഞു ) പറ്റിച്ച നമ്പ്യാരെ പോലീസെ അറസ്റ്റ് ചെയ്തു പോകുന്നു. മൂന്ന് പ്രാഞ്ചി പ്രേമിച്ച പത്മശ്രീ തിരിച്ചു വന്നു പ്രാഞ്ചിയെ പ്രേമിക്കാന്‍ തയ്യാര്‍ എടുക്കുന്നു .(നന്മ ചെയ്താല്‍ നല്ലത് വരും എന്ന് ചുരുക്കം ) .അങ്ങനെ ഒരു പൊളപ്പന്‍ സന്ദേശവും കൂടെ തന്നിട്ട് കൂടിയാണ് പടം തീരുന്നുതു.

തീര്‍ന്നോ ?

ഇല്ലല്ലോ.ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് മമ്മൂടി തൃശൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത് എന്നതാണ് .(ഇനി മലയാള ഭാഷയിലെ രണ്ടു മൂന്ന് സ്ലാഗ് കൂടെയേ ബാക്കിയുള്ളൂ എടുത്തു അലക്കാന്‍. അത് കൂടി കഴിഞ്ഞാല്‍ അദേഹം എന്ത് ചെയ്യുമോ ആവൊ?). പിന്നെ ലോക ചരിത്രത്തില്‍ ആദ്യമായി രഞ്ജിത് ചിത്രത്തിന്റെ നായകന്‍ പാരീസില്‍ പോയിട്ടില്ല, ജെ എന്‍ യു വില്‍ പഠിക്കുകയോ സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുകയോ ചെയ്യുന്നില്ല . ഇത്രയൊക്കെ പോരേടെ?

പിന്നെന്താ നല്ല സിനിമയിലേക്കുള്ള വഴികള്‍ മാത്രമാണ് സൂപ്പര്‍ ഉം അല്ലാത്തതും ആയ താരങ്ങള്‍ എന്ന് മനസിലാക്കാതെ ആ താരത്തിന്റെ പടത്തെകാല്‍ മികച്ചതാണ് ഈ താരത്തിന്റെ ചിത്രം എന്നും, മറിച്ചും പറഞ്ഞു തര്‍ക്കികുന്ന,നല്ലതായാലും ചീത്തയായാലും ഇവരുടെ ഒക്കെ പടങ്ങള്‍ വിജയിപ്പികേണ്ടത് ആരാധകര്‍ എന്ന നിലയില്‍ തങ്ങളുടെ ജീവിത ലക്‌ഷ്യം ആണെന്നും കരുതുന്ന അന്ധരായ താര ആരാധകര്‍ക്ക് ഇതൊക്കെ ധാരാളം മതി.ഇനി ഒരൊറ്റ ചോദ്യം കൂടി മലയാള സിനിമയുടെ ഏറ്റവും വലിയ ഗതികേട് എന്താണെന്നാ നീ കരുതുന്നെ ?

അത് പിന്നെ ..............

പറഞ്ഞു തരാം സൂപ്പര്‍ താരങ്ങളുടെ കാര്യം ആണെങ്കില്‍ കഴിവുള്ളവന് താല്പര്യം ഇല്ല.താല്പര്യം ഉള്ളവന് കഴിവ് പോര.വേറെ ആരും നിലവിലും ഇല്ല.

ഇനി ഈ ചിത്രത്തെ കുറിച്ച് ആണെങ്കില്‍ കുറെ സംഭവങ്ങള്‍ പരസ്പര ബന്ധം ഇല്ലാതെ അടുക്കി വച്ചിരിക്കുന്നു (നന്മ ചെയുന്നവന്‍ മാത്രമേ നന്നാകു എന്ന ലോക സിനിമയിലെ തന്നെ ഏറ്റവും പുതുമയുള്ള സന്ദേശം കാണിക്കാന്‍ ആണ് എന്ന് വേണമെങ്കില്‍ പറയാം).ശരിക്കും പ്രാഞ്ചി, പയ്യന്റെ പ്രശ്നം അറിയുന്നത് മുതലാണ് കഥ തുടങ്ങുന്നത് അത് എങ്ങനെ വലിച്ചു നീട്ടിയാലും അര മണിക്കൂറില്‍ കൂടുതല്‍ പറ്റുകയും ഇല്ല. മമ്മുട്ടിയുടെ തൃശൂര്‍ ഭാഷ ആദ്യ രംഗങ്ങളില്‍ ഇന്നസെന്റ്നെ അനുകരിക്കുനത് പോലെയാണ് തോന്നിയത്.ചുരുക്കത്തില്‍ ബുദ്ധിജീവിജാടയില്‍ പൊതിഞ്ഞ ഒരു തട്ടി കൂടു ചിത്രം ആയെ എനിക്ക് തോന്നിയുള്ളൂ .

പാവം പ്രേക്ഷകര്‍ ... അല്ലാതെ എന്ത് പറയാന്‍ ?

Friday, September 10, 2010

എല്‍സമ്മ എന്ന ആണ്‍കുട്ടി (Elsamma enna aankutty)

അണ്ണോ അണ്ണന്‍ ശിക്കാര്‍ എന്ന പടത്തെ കുറിച്ച് പറഞ്ഞ അഭിപ്രായം .....

മം .. അഭിപ്രായത്തിന് എന്താ കുഴപ്പം ?

അല്ല മാക്രികുട്ടന്‍ എന്ന വായനക്കാരന്‍ അണ്ണന്‍ ഉടനെ ഒരു പടം എടുത്തു മലയാള സിനിമയെ രക്ഷിക്കണം എന്ന് പറഞ്ഞിരിക്കുന്നു.

എടെ നീ ആരു? മലയാള പത്രപ്രവര്‍ത്തകനോ? ഉടനെ പ്രതികരണം അറിയാന്‍? എന്തായാലും പറയാം എന്നെ പോലെ തന്നെ മലയാള സിനിമയുടെ നിലവാര തകര്‍ച്ചയില്‍ വിഷമം ഉള്ള ഒരാള്‍ ആണ് അദേഹവും എന്നാണ് എനിക്ക് മനസിലായത് . പിന്നെ എന്നെ പോലെ ഒരു സാധാരണ ആസ്വാദകന് പടം എടുത്തു രക്ഷപെടുതെണ്ട ഗതി കേടു മലയാള സിനിമയ്ക്ക് വന്നിട്ടില്ല എന്ന് ഇന്നു എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും .ഇന്നലെ അത് പറ്റുമായിരുന്നില്ല.

അതെന്താ ഇന്നു രാവിലെ സ്പീല്‍ബെര്‍ഗ് അമ്മയില്‍ അംഗത്വം എടുത്തോ ?ഇത്ര ധൈര്യമായി പറയാന്‍ ?

അല്ലെടാ ഇന്നു രാവിലെ പോയി എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രം കണ്ടു.

അണ്ണന്‍ പ്രാഞ്ചി ഏട്ടന്‍ കാണുമെന്നാ ഞാന്‍ കരുതിയത്‌ . അതിരികട്ടെ പടം എങ്ങനെ ഉണ്ട് ?

രണ്ടു മലയാള സൂപ്പര്‍ താര ചിത്രങ്ങള്‍ അടുപ്പിച്ചു താങ്ങാനുള്ള ശേഷി ഇല്ലെടെ. പിന്നെ ഈ പടം .. എന്റെ പോന്നനിയ, കുറെ അധികം കാലത്തിനു ശേഷം സന്തോഷത്തോടെ ഒരു മലയാള ചിത്രം കണ്ടു ഇറങ്ങിയത്‌ ഇന്നാണ്.

അപ്പോള്‍ പടം കൊള്ളമെന്നാണോ അഭിപ്രായം?

കൊള്ളാമെന്നോ ? ഈ വര്ഷം ഇതു വരെ വന്ന മലയാള ചിത്രങ്ങളില്‍ വെച്ച് ഏറ്റവും നല്ല ചിത്രം ഇതാണെന്നാണ് എനിക്ക് തോന്നിയത് . (പ്രാഞ്ചി മാത്രം കണ്ടില്ല ) .

ചുമ്മാ തള്ളല്ലേ പുതുമുഖ നായികയും കുഞ്ചാക്കോ ബോബനും അഭിനയിക്കുന്ന പടം ഈ വര്‍ഷത്തെ ഏറ്റവും നല്ല ചിത്രം ആണെന്ന് പറഞ്ഞാല്‍ ......

എടേ നീ സമാധാനമായി ഒന്ന് കേള്‍ക്കു . ലാല്‍ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംഗീതം രാജാമണി. പേര് സൂചിപ്പിക്കുന്നത് പോലെ ഇതു എല്‍സമ്മ എന്ന തന്റെടിയായ കുടുംബ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമക്കുന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രമാക്കി മുന്നോട്ടു പോകുന്ന കഥയാണ് .ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രമം ആണ് പശ്ചാത്തലം . ഈ കഥയില്‍ പുതുമ ഉണ്ടെന്നു ഞാന്‍ പറയില്ല .സ്വപ്നകൂടിലെ മീരയും കന്മദം എന്ന ചിത്രത്തില്‍ മഞ്ജുവും ഒക്കെ ഇങ്ങനത്തെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് .പക്ഷെ ഇവിടെയാണ് ലാല്‍ ജോസ് എന്ന സംവിധായകന്റെ മികവു നമ്മള്‍ കാണുന്നത് . ഈ ചിത്രം കണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും മേല്‍ പറഞ്ഞ കഥാപാത്രങ്ങള്‍ മനസിലേക്ക് കടന്നു വരുന്നില്ല.തികച്ചും ഫ്രഷ്‌ എന്നു പറയാവുന്ന ഒരു ചിത്രം എന്നു ഒറ്റ വാക്കില്‍ പറയാം .ചായാഗ്രഹണം നിര്‍വഹിച്ച ശ്രീ വിജയ്‌ , ബാലന്‍ പിള്ള സിറ്റി എന്ന മലയോര ഗ്രാമം ഇത്ര മനോഹരമായി എങ്ങനെ ഒപ്പിയെടുത്തു എന്നു പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതാണ് ചായാഗ്രഹണം. ഗാനങ്ങള്‍ ഒരെണ്ണം(ഏറ്റവും അവസാനത്തെ ) ഒഴിവാക്കി ഇരുന്നെങ്കില്‍ നന്നായിരുന്നു.മറ്റെല്ലാം ഒട്ടും മോശം ആയിട്ടില്ല .

നല്ലൊരു ഗാനത്തോടെ (നന്നായി ചിത്രീകരിച്ച എന്നു കൂടി പറഞ്ഞോട്ടെ)ചിത്രം തുടങ്ങുന്നു.മലയോര ഗ്രാമത്തിലെ മരിച്ചു പോയ വാറ്റുകാരന്‍ പൂക്കുല വര്‍ക്കിയുടെ നാലു പെണ്മക്കളില്‍ മൂത്തവള്‍ ആണ് എല്‍സമ്മ (ആന്‍). പത്ര വിതരണം,പത്രത്തിന്റെ പ്രാദേശിക ലേഖിക,റബ്ബര്‍ ഷീറ്റ് അടിക്കല്‍ അങ്ങനെ കുറെ ജോലികള്‍ ചെയ്താണ് എല്‍സമ്മ കുടുംബം പുലര്‍ത്തുന്നത്.അടുത്തുള്ള സമ്പന്നനായ കുന്നേല്‍ പാപ്പന്‍ (നെടുമുടി വേണു)നും ഭാര്യയും എല്‍സമ്മ യുടെ കുടുംബവും നല്ല അടുപ്പത്തില്‍ ആണ്.പഞ്ചായത്ത് മെമ്പര്‍ രമണന്‍ (ജഗതി),സ്ഥലം അബ്‌കാരി കൊട്ടപ്പള്ളി സുഗുണന്‍ (വിജയ രാഘവന്‍)എന്നിവരുടെ കണ്ണിലെ കരടാണ് ആണ്‍കുട്ടിയുടെ തന്റെടമുള്ള എല്‍സമ്മ. ഇവര്‍ എല്‍സമ്മ യെ ഒതുക്കാന്‍ ശ്രമിക്കാറുണ്ട് എങ്കിലും സ്ഥാലം എസ് ഐ സുനന്ദപ്പന്‍ (മണിയന്‍ പിള്ള രാജു )ന്റെ പിന്തുണയോടെ എല്‍സമ്മ അതെല്ലാം നേരിടുന്നു.എല്‍സമ്മയുടെ ഒരേ ഒരു സുഹൃത്താണ്‌ ഗ്രാമത്തിലെ പാല്‍ വില്പനക്കാരന്‍ ആയ പാലുണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (കുഞ്ചാക്കോ ബോബന്‍).പാപ്പന്റെ മരുമകളുടെ മരണത്തെ തുടര്‍ന്ന് കൊച്ചു മക്കളായ എബിയും (ഇന്ദ്രജിത്ത് ) ഷെറിനും എറണാകുളത്തു നിന്നും മുത്തച്ഛന്റെ കൂടെ താമസിക്കാനായി ബാലന്‍ പിള്ള സിറ്റിയില്‍ എത്തുന്നതോടെ കഥ പുരോഗമിക്കുന്നു . പിന്നീടു എബിയുടെ മൂനംഗ സുഹൃത്തുക്കളായ ജെറി(മണിക്കുട്ടന്‍)യും സംഘവും മലയോര ഗ്രാമത്തില്‍ എത്തുന്നതോടെ എല്‍സമ്മ യുടെ ജീവിതത്തിലും ആ ഗ്രാമ വാസികളുടെ ജീവിതത്തിലും വരുന്ന മാറ്റങ്ങള്‍ ലൂടെ കഥ പുരോഗമിക്കുന്നു.ബാക്കി നീ നേരിട്ട് പോയി പടം കണ്ടു മനസില്ലാക്കിയാല്‍ മതി.

ശരി അങ്ങനെ ആയിക്കോട്ടെ .ചിത്രത്തിന്റെ ബാക്കി ഘടകങ്ങളോ ?

ആദ്യമായി ഈ ചിത്രത്തിന്റെ പേരില്‍ അഭിനന്ദിക്കേണ്ടത് സംവിധായകന്‍ ലാല്‍ ജോസിനെയാണ് .അനാവശ്യം എന്നു പറയാവുന്ന ഒരൊറ്റ കഥാപാത്രം ഈ ചിത്രത്തില്‍ ഇല്ല. നായിക പുതുമുഖം ആന്‍ Augustineനെ ഒരു പുതു മുഖത്തിന്റെ ഒരു പതര്‍ച്ചയും ഇല്ലാതെ ടൈറ്റില്‍ റോള്‍ നന്നാക്കി . ഇനി നടന്‍ Augustineനു മകളുടെ പേരില്‍ അറിയപ്പെടെണ്ടി വന്നേക്കും എന്നു തോന്നിപ്പിക്കുന്ന പ്രകടനം ആണ് ആന്‍ ഈ ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്.എന്നാല്‍ ഇവരൊന്നും അല്ല കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ ആണ് പ്രേക്ഷകരെ ശരിക്കും അബ്ബരപ്പികുന്നത് . പാലുണ്ണി എന്ന കഥാപാത്രമായി കുഞ്ചാക്കോ തകര്‍ത്തിരിക്കുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അധികം ആകില്ല.വേഷത്തിലും,രൂപത്തിലും ശരീര ഭാഷയിലും കാണിക്കുന്ന പുതുമ , കോമഡി രംഗങ്ങളിലെ കയ്യടക്കം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും ശോഭിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ . അദേഹത്തിന്റെ,ഇതു വരെ അഭിനയിച്ചതില്‍ ഏറ്റവും മികച്ച ചിത്രമായി ഈ ചിത്രത്തെ കാണുന്നതില്‍ തെറ്റില്ല.ബാക്കി നടീ നടന്‍ മാരെല്ലാം അവരവരുടെ കഥാ പാത്രങ്ങളെ ഭംഗിയാക്കി എങ്കിലും എടുത്തു പറയേണ്ട മറ്റൊരാള്‍ ജഗതി ശ്രീകുമാര്‍ ആണ് . പഞ്ചായത്ത് മെമ്പര്‍ രമണന്‍ ആയി അദേഹം ആദ്യന്തം നിറഞ്ഞു നില്‍ക്കുന്നു ,കുറെ കാലത്തിനു ശേഷം ജഗതിയെ ഒരു ചിത്രത്തില്‍ നന്നായി ഉപയോഗിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക്‌ മറ്റൊരു സന്തോഷത്തിനു വക നല്‍ക്കും . മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തില്‍ സലിം കുമാര്‍ നായക കഥാപാത്രങ്ങളോട് , ദൂരെ നിന്ന് നോക്കിയാല്‍ കയര്‍ക്കുകയാണ്‌ എന്നു തോന്നിപ്പികുകയും എന്നാല്‍ യദാര്‍ത്ഥത്തില്‍ കാല് പിടിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് . അത് പോലെ ഒരു രംഗം ഈ ചിത്രത്തില്‍ ജഗതി കൈകാര്യം ചെയുന്നത് കാണുമ്പോള്‍ ഇവര്‍ തമ്മിലുള്ള വ്യത്യാസം മനസിലാകും.സുരാജ് പോലും നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ ചിത്രം എത്ര നല്ലതാണു എന്നു ഊഹിക്കവുനത്തെ ഉള്ളു.കെ പി എസ് സി ലളിതയും നെടുമുടി വേണുവും തങ്ങളുടെ റോളുകള്‍ നന്നായി ചെയ്തു.ഇന്ദ്രജിത്ത് തന്റെ അഭിനയ ജീവിതത്തില്‍ ഒരു പടി കൂടെ മുന്നേറിയിരിക്കുന്നു

ഈ ചിത്രം ആദ്യം കാണേണ്ടത് ശ്രീ സത്യന്‍ അന്തിക്കാടാണ് എന്നാണ്‌ എനിക്ക് തോന്നുന്നത് . ഇതു കാണുമ്പോള്‍ അദേഹത്തിന് എന്താണ് തന്റെ ചിത്രങ്ങളില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുനത് എന്നു ഒരു പക്ഷെ മനസ്സില്‍ ആയേക്കും.സത്യന്‍ അന്തിക്കാടിന്റെ നല്ല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് ഈ ചിത്രം എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല

ശരി എങ്ങനെ ഒക്കെയുള്ള ഒരു പടം ഇറങ്ങിയിട്ട് പ്രേക്ഷകപ്രതികരണം എങ്ങനെ ഉണ്ട്? സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കില്‍ അല്ലെ initial കളക്ഷന്‍ കിട്ടുകയുള്ളൂ?

അനിയാ ഈ സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലെ ആദ്യ ദിവസങ്ങളില്‍ ആളു കയറു എന്നത് ബോധ പൂര്‍വ്വം പ്രച്ചരിപ്പിക്കപെടുന്ന ഒരു മിത്ത് ആണെന്നാണ് എനിക്ക് തോന്നുന്നത് . ഈ ചിത്രത്തിന്റെ കാര്യം പറയാം . മഴ ഉള്ള സമയത്ത് രണ്ടു മണിക്കുള്ള ഷോ ക്കാണ് ഞാന്‍ പോയത് .Balcony ഫുള്‍ ആയിരുന്നു ഞാന്‍ എത്തുമ്പോള്‍ .താഴെ ഏറ്റവും മുന്‍ നിരയില്‍ ഇരുന്നാണ് ഈ ചിത്രം കണ്ടത് എന്നു മാത്രമല്ല എന്റെ തൊട്ടു പിന്നിലത്തെ നിരയില്‍ പോലും സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുടുംബ പ്രേക്ഷകര്‍ ഈ ചിത്രം കാണുന്നുണ്ടായിരുന്നു. കൂവല്‍ തൊഴിലാളികള്‍ എന്നു കരുതാവുന്ന കുറച്ചു പേര്‍ ചിത്രം കാണാന്‍ എത്തിയിരുന്നു എങ്കിലും സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ അവരും മര്യാദക്ക് ഇരുന്നു ചിത്രം കണ്ടു തുടങ്ങി.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ?

തീര്‍ച്ചയായും കണ്ടിരികേണ്ട ചിത്രം പിന്നെ, അനിയാ ഈ മാസം അവസാന ആഴ്ചയാണ് എന്നു പറയപ്പെടുന്നു യന്തിരന്‍ എന്ന മെഗാ ചിത്രം റീ ലീസ് ചെയ്യപ്പെടുന്നത് . ആ കൊടുങ്കാറ്റില്‍,അല്ലെങ്കില്‍ ഓളത്തില്‍ മലയാളത്തിലെ താര രാജാക്കന്‍മാരുടെ കൊപ്പിരട്ടികള്‍ നിലം തൊടാതെ തെറിക്കുമ്പോള്‍ ഒരു കൊച്ചു ചിത്രം മാത്രം തല ഉയര്‍ത്തി, നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്നേക്കാം . അങ്ങനെ സംഭവിക്കുക ആണെങ്കില്‍ അതായിരിക്കും മലയാള സിനിമയുടെ,മലയാള പ്രേക്ഷകന്റെ യഥാര്‍ത്ഥ വിജയം അഥവാ അഭിമാന നിമിഷം

ശിക്കാര്‍ (Shikkar)

ആരുമില്ലേ .......

ആ .. ഇതാര് . കണ്ടിട്ട് ഏതോ വലിയ കായിക അധ്വാനം ചെയ്തിട്ടു വരുന്ന പോലെ ഉണ്ടല്ലോ അണ്ണാ?
തന്നെടെ തന്നെ സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടന്‍ നടിച്ച ശിക്കാര്‍ (The hunt begins) കണ്ടിട്ട് വരുന്ന വഴിയാണ്.

നന്നായി എന്നാല്‍ അതിന്റെ വിശേഷങ്ങള്‍ ചൂടോടെ ഒന്ന് പറഞ്ഞെ കേള്‍ക്കട്ടെ .

പിന്നെ അതിലെന്തോന്നു ഇത്ര അധ്വാനം ? നായകന്‍ ലാലേട്ടന്‍ , സംവിധാനം പദ്മകുമാര്‍ ഇതില്‍ ആരാ മോശക്കാര്‍ ?

ലാലേട്ടന്റെ കാര്യം അവിടെ നില്കട്ടെ . നമുക്ക് സംവിധായകന്‍ പദ്മകുമാറില്‍ തുടങ്ങാം . അദേഹത്തിന്റെ തൊട്ടു മുന്‍പത്തെ ചിത്രം പരുന്തു നീ കണ്ടായിരുന്നോ ?

കണ്ടോന്നോ എന്റെ അമ്മോ..... അത് എന്നെ ഓര്‍മിപ്പികല്ലേ.

ശരി ഇനി നിനക്കറിയാവുന്ന പണം പലിശയ്ക്കു കൊടുക്കുന്ന (പച്ചക്ക് പറഞ്ഞാല്‍ ബ്ലേഡ് ) ഒരാള്‍ക്ക് പരുന്തില്ലേ പുരുഷുവിനോടാണോ മാടമ്പിയിലെ ഗോപാലകൃഷ്ണ പണിക്കരോടാണോ സാദൃശ്യം കൂടുതല്‍ ?

അത് പുരുഷു തന്നെ.പണിക്കരെ പോലെയുള്ള ഒരു ബ്ലേഡ് ഉണ്ടായിരുന്നെങ്ങില്‍ അയാള്‍ ഇപ്പോള്‍ പൊട്ടി പൊളിഞ്ഞു അത്മഹത്യ ചെയടിട്ടുണ്ടാക്കും

ശരി അങ്ങനെ ആണെങ്കില്‍ എന്ത് കൊണ്ട് പരുന്തു തീരെ സഹിക്കാന്‍ വയ്യാത്ത പടവും മാടമ്പി കഷ്ടിച്ചു സഹിക്കാവുന്ന പടവും ആകുന്നു ?

അത്.... പിന്നെ ......

മുക്കണ്ട ഞാന്‍ പറഞ്ഞു തരാം പ്രധാനമായും സൂപ്പര്‍ താരത്തിനു വേണ്ടി നന്നായി എടുക്കാമായിരുന്ന കഥയിലും തിരകഥയിലും വരുത്തിയ വിട്ടു വീഴ്ചകളും ആണ് ആ ചിത്രത്തെ ഒരു പേടിപ്പിക്കുന്ന ഓര്‍മയാക്കി മാറ്റിയത്.എന്നാല്‍ ഏറ്റവും ദുഖകരം പദ്മകുമാര്‍ തന്റെ മുന്‍അനുഭവത്തില്‍ നിന്നും ഒരു പുല്ലും പഠിച്ചിട്ടില്ല എന്നതാണ് .

അണ്ണാ ഇങ്ങനെ കാടു കേറാതെ വിഷയത്തിലേക്ക് വാ.

അങ്ങോട്ട്‌ തന്നെയടെ വരുന്നത് . ഈ ചിത്രത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ ഇതിന്റെ പേര് കനല്‍ എന്നായിരുന്നു സംവിധാനം വിജി തമ്പി .ലോറി,ലോറി ഡ്രൈവര്‍ ബലരാമന്‍,ഈറ്റ ഇതു മൂന്നും അന്നേ കൂടെയുണ്ട്.പല കൈ മറിഞ്ഞു ഈ സാധനം അവസാനം പദ്മകുമാറിന്റെ കൈയില്‍ എത്തി . അദേഹം അതില്‍ നരസിംഹത്തിന്റെ മീശ(കൂടെ ആദ്യത്തെ തല്ലും),ഭ്രമരത്തിലെ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുനവന്റെ സെന്റിമെന്റ്സ്,നരനിലെ അപകടകരമായ അവസ്ഥയില്‍ പ്രകൃതിയും മനുഷ്യനും കൂടി നടത്തുന്ന ഉരുട്ടി പിടിത്തം (നരനില്‍ കാണിച്ചതിന്റെ വളരെ വികൃതമായ ഒരു അനുകരണമാണ്.പറയാതെ വയ്യ) പിന്നെ പവിത്രം എന്നാ പടത്തിലെ മരിച്ചു പോയ ചേട്ടന്റെ മകളോടുള്ള ആത്മബന്ധം ഇത്രയും വേണ്ട അനുപാതത്തില്‍ ചേര്‍ത്ത്,സുരേഷ് ബാബു എന്ന പ്രതിഭയെ കൊണ്ട് തിരകഥയും എഴുതിച്ചു ശികാര്‍ എന്ന് പേരും മാറ്റി ഇറക്കിയതാണ് ഈ സാധനം.എടേ ഈറ്റ വെട്ടുകാരുടെ പശ്ചാത്തലത്തില്‍ ഒരു പടം എടുക്കുമ്പോള്‍ സംവിധായകന്‍ ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട സിനിമയാണ് ശ്രീ ഐ വി ശശി സംവിധാനം ചെയ്ത ഈറ്റ എന്ന ചിത്രം. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത ആ ചിത്രത്തിന്റെ നിലവാരത്തിന്റെ ഏഴ് അയലത്ത് എത്തുന്നില്ല ഈ ശിക്കാര്‍.

അണ്ണന്‍ ഒരു മാതിരി ലാല്‍ ഏട്ടനോട് വ്യക്തി വൈരാഗ്യം ഉള്ളത് പോലെ പെരുമാറരുത്‌ .....

പിന്നെ.... വൈരാഗ്യം ഉണ്ടാകാന്‍ അദേഹം എന്താ എന്റെ കൈയില്‍ നിന്നും കാശു കടം വാങ്ങിയിട്ട് മുങ്ങിയോ? പിന്നെ പോസ്റ്ററില്‍ അദേഹത്തിന്റെ തല കണ്ടു പോയി തല വെച്ച വകയില്‍ എന്ന് പോയതടക്കം കുറെ കാശു പോയിട്ടുണ്ട് .അതിന്റെ പേരില്‍ എനിക്ക് കുറച്ചു ദേഷ്യവും ഉണ്ട്.പോരെ?

മതി മതി കഥയെ പറ്റി എന്തെങ്കിലും ......

ആദ്യ പകുതിയില്‍ സ്ഥിരം ഷാജി കൈലാസിന്റെ ചിത്രങ്ങളില്‍ കാണുന്നത് പോലെ ബലരാമനെ ഊതി വീര്‍പ്പിക്കല്‍ പരിപാടി . അല്ലെങ്കില്‍ തന്നെ ലാലേട്ടന്‍ ഇപ്പോള്‍ പൊട്ടും എന്ന മട്ടിലാണ്‌ നില്പ് !! മുളം കൊല്ലി (നരന്‍) എന്ന പ്രദേശത്തിന്റെ തനി പകര്‍പ്പായ ചിറ്റാഴ എന്ന ഗ്രാമം . അവിടെ കോമഡി കാണിക്കാനായി ജഗതിയും സുരാജും ഉണ്ട് (അഭിനയ മത്സരമാണ്‌, കൂടുതല്‍ വളിപ്പ്/ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ആരാണ് നടത്തുന്നതെന്ന് ).ജോണ്‍ കൊക്കന്‍ ലാലേട്ടന്റെ ഡയലോഗ് കേള്‍ക്കാനായി വന്നു പോകുന്ന രണ്ടു അതി മനോഹര രംഗങ്ങള്‍ ഈ സമയത്ത് പ്രേക്ഷകര്‍ക്ക്‌ കാണാന്‍ കഴിയും. ബലരാമന്റെ ശിങ്കിടികളായി കലാഭവന്‍ മണിയും ലാലു അലക്സ്‌ ഉം. താടി ലാല്‍ നേത്രുത്വം കൊടുക്കുന്ന ഒരു മാദക നൃത്തവും,പിന്നെ ലാലേട്ടന്റെ ഓര്‍മകളില്‍ (ഫ്ലാഷ് ബാക്ക് ) വിടരുന്ന സ്നേഹയും ആയുള്ള ഒരു പ്രണയ നൃത്തവും (ഫാന്‍സ്‌ തല്ലിയാലോ എന്ന് പേടിച്ചു മാത്രമാണ് ഞാന്‍ കൂകാതിരുന്നത്.അത്രക്ക് ബോര്‍ ആണ് സംഗതി) ആദ്യ പകുതിയിലെ പ്രത്യേക ആകര്‍ഷണങ്ങള്‍ ആണ്. ഇതില്‍ ഏതു ഗാന രംഗം ആണ് കൂടുതല്‍ കോമഡി എന്ന് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്താവുന്നതാണ്. ഭാര്യ മരിച്ചു പോയ ലാല്‍ ഏട്ടനെ ആരാധിക്കുക എന്ന പ്രത്യേക ദൌത്യവുമായി ചിത്രത്തിലെ മര്‍മ്മ പ്രധാനമായ ഒരു കഥാപാത്രമായി മൈഥിലി അഭിനയിക്കുന്നു.(സത്യം അറിയാന്‍ താല്പര്യം ഉള്ളവയ്ക്ക് ചുമ്മാ നില്‍ക്കുകയും നടക്കുകയും ചെയുന്നു എന്ന് വായിക്കാം ).ഇടവേളക്കു ശേഷം എന്തൊക്കെയോ സംഭവിച്ചു കളയും എന്നൊരു ഭീഷണി ഇടയ്ക്കിടെ സൂചിപ്പ്പിക്കപെടുന്നുണ്ട്.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒന്നാം പകുതിയില്‍ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല ഒടുക്കത്തെ വലിയല്‍ അല്ലാതെ !

രണ്ടാം പകുതിയില്‍ മര്‍മ പ്രധാനമായ ഇണ്ടാസു പുറത്തു വരുന്നു . (അത് നേരിട്ട് കണ്ടു ആസ്വദിച്ചേ അടങ്ങു എന്നുള്ളവര്‍ താഴോട്ടു വായിക്കല്ലേ പ്ലീസ്!)

ലാലേട്ടന്‍ ആന്ദ്ര പ്രദേശ്‌ ഇലെ ഒരു കോണ്‍സ്റ്റബിള്‍ ആയിരുന്നു പോലും.ഭാര്യ സ്നേഹ.മരിച്ചു പോയ ചേട്ടന്റെ കുട്ടി.അവിടെ ജനപ്രീതിയുള്ള ഒരു നക്സല്‍ നേതാവിനെ വിളിച്ചിറക്കി കൊണ്ട് വരാന്‍ ലാലേട്ടനെ ആണ് വിടുന്നത്.അദേഹം നേതാവിന്റെ വീട്ടില്‍ ചെന്ന്,അവിടന്ന് ശാപ്പാടും അടിച്ചു കള്ളം പറഞ്ഞു നേതാവിനെ വിളിച്ചിറക്കി കൊണ്ട് പോകുന്നു കൊണ്ട് വന്നു കഴിയുംബോളാണ് പാവം ലാലേട്ടന്‍ അറിയുന്നത് വിപ്ലവകാരിയെ കൊല്ലാനാണ് ഇവിടെ കൊണ്ട് വന്നത് കുറെ വാചക കസര്‍ത്തുകള്‍ക്ക് ശേഷം പോലീസുകാര്‍ (ലലേട്ടനല്ല) വിപ്ലവ നേതാവിനെ വെടി വെച്ച് കൊല്ലുന്നു.നേതാവിന്റെ ഭാര്യ (ലക്ഷ്മി ഗോപാല സ്വാമി ) ഭര്‍ത്താവിനെ കാണാനില്ല എന്ന പരാതിയുമായി വരുമ്പോള്‍ യുണിഫോംല്‍ നില്‍ക്കുന്ന ലാലേട്ടനെ കാണുന്നു. ഒന്ന് രണ്ടു ദിവസത്തിന് ശേഷം ഭര്‍ത്താവിന്റെ ശവം കിട്ടുമ്പോള്‍ കൊച്ചു പയ്യനായ മകനെയും കൊണ്ട് ലാലേട്ടന്റെ വീട്ടില്‍ എത്തി മകനു ലാലേട്ടനെ കാണിച്ചു കൊടുത്തതിനു ശേഷം സ്വയം വെടി വെച്ച് അത്മഹത്യ ചെയുന്നു.

അത് പിന്നെ ലാലേട്ടന് കുറ്റബോധം തോന്നാന്‍ എന്തെങ്കിലും വേണ്ടേ?

അത് കൊണ്ടൊക്കെ വല്ല കാര്യവും ഉണ്ടോ . നക്സലട്ടുകള്‍ പകരം വീടനായി ലലെടന്റെ ഭാര്യയെ കാച്ചുന്നു .പിന്നെ കുറെ കാലത്തേക്ക് അനക്കമൊന്നും ഇല്ല . എങ്കിലും ലാലേട്ടന്‍ ഒളിവില്‍ തന്നെ. കുറെ കൊല്ലങ്ങള്‍ക്ക് ശേഷം തീവ്രവാദിയുടെ മകന്‍ വളര്‍ന്നു സംഘടനയുടെ നേത്രുത്വം ഏറ്റെടുത്തു (ഇതെന്തോന്ന് കോണ്‍ഗ്രസ്‌ പാര്‍ട്ടി ആണോ?) പകരം വീടാന്‍ വരുന്നു. ഉന്നത ഉദ്യോഗസ്ഥന്മാരെ പുല്ലു പോലെ തട്ടി കളയുന്ന വില്ലന്മാര്‍ പാവം ലാല്‍ ഏട്ടനെ കൊല്ലാന്‍ ശ്രമിക്കുനത് ഏറ്റവും അവസാനം ആണ് . കഥ അനുസരിച്ചാണെങ്കില്‍ ആദ്യം വക വരുത്തേണ്ടത് ലാലേട്ടനെ ആണ്.(പിന്നെ അത് കൊറേ പുളിക്കും).തീവ്രവാദിയുടെ മകന്‍ ആരാണെന്നു ഞാന്‍ കൊന്നാല്‍ പറയില്ല . അത് സസ്പെന്‍സ് . (അത് സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ആണ് എന്ന് പറയാത്തത് നമ്മുടെ ഭാഗ്യം !!)

ഇതില്‍ എടുത്തു പറയാന്‍ എന്തെങ്കിലും .....

സമുദ്രകനി എന്ന സംവിധായകന്‍ ആണ് തീവ്രവാദി നേതാവിന്‍റെ വേഷത്തില്‍ വരുന്നത് . ഈ ചിത്രത്തില്‍ ഏറ്റവും അത്മാര്തമായി അഭിനയിച്ചതായി എനിക്ക് തോന്നിയത് അദേഹം ആണ് . തീരെ ചെറിയ റോള്‍ ആയിട്ടു പോലും തന്റെ കഥാപാത്രത്തിന്റെ ശരീര ഭാഷയും ഭാവവും ഉള്‍ക്കൊണ്ട്‌ അദേഹം അഭിനയിക്കുനത് രണ്ടാം പകുതിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയി അഭിനയിക്കുന്ന ലാലേട്ടന്‍ കണ്ടു പഠിക്കേണ്ടതാണ് . ലാല്‍ ആരാധകര്‍ക്ക് വിഷമം തോന്നില്ലെങ്കില്‍ പറഞ്ഞോട്ടെ ഒരു കഥകളി നടനെ പിടിച്ചു പോലീസ്ല്‍ ചേര്‍ത്തത് പോലെയാണ് എനിക്ക് തോന്നിയത്.(ആന്ദ്രയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഇങ്ങനെ ആണ് എന്ന് പറഞ്ഞാല്‍ എനിക്ക് ഉത്തരം ഇല്ല). പിന്നെ അന്തരിച്ച നടന്‍ ശ്രീനാഥ് ഈ ചിത്രത്തില്‍ ആണ് അവസാനം അഭിനയിച്ചത് എന്നാണ് എന്‍റെ അറിവ് . തുടക്കത്തില്‍ ഒരു സ്ലൈഡ് എങ്കിലും ഇടാമായിരുന്നു എന്ന് തോന്നി .( മിക്കവാറും ഈ ചിത്രത്തിന്റെ കഥ കേട്ടത് മൂലമുണ്ടായ മനോവിഷമം മൂലമാകാം അദേഹം അത്മഹട്യ ചെയ്തത് എന്ന് ഇപ്പോള്‍ തോന്നുന്നു ).ഒരു തീവ്രവാദി നേതാവ് തന്നെ കൊണ്ട് പോകുനത് പോലീസ്കാരനെന്നും കൊല്ലാന്‍ അന്നെന്നും അറിഞ്ഞിട്ടു പോലും രക്ഷപെടാന്‍ ഒരു ശ്രമവും നടത്തുന്നില്ല എന്നത് വിചിത്രമായി തോന്നി

ലാല്‍ ഏട്ടനും രണ്ടു ലോറി നിറയെ നായികമാരും (ഇദ്ദേഹത്തിനു മലയാളത്തിലെ എല്ലാ നയികമാരോട് ഒപ്പവും അഭിനയിച്ചു കൊള്ളാം എന്ന് വല്ല നേര്‍ച്ചയും ഉണ്ടോ?പല നായികമാര്‍ക്കും കഥയില്‍ വലിയ ആവിശ്യം ഒന്നും കണ്ടില്ല ) ഒരു ലോറി ആവശ്യമില്ലാത്ത നടന്മാരും ഈ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ക്കുന്നുണ്ട് .ലാലേട്ടന് ദേഹം അനങ്ങി തല്ലു കൂടാനോ ഗാന രംഗങ്ങളില്‍ അഭിനയിക്കണോ വയ്യ എന്നായിട്ടുണ്ട്.അതിനു അദേഹം നടത്തുന്ന ശ്രമങ്ങള്‍ ചിരി ആണ് ഉളവാക്കുന്നത് . ലെഫ് കെര്‍ണല്‍ ലാലേട്ടനെ പോലീസ് യുണിഫോര്‍മില്‍ ഒതുക്കുക എന്ന ധീര കൃത്യം (രണ്ടു രംഗങ്ങളില്‍ ആണെങ്കില്‍ കൂടി ) പ്രശംസ അര്‍ഹിക്കുന്നു . അവസാന രംഗങ്ങള്‍ , പ്രത്യേകിച്ചു പെട്ടന്ന് പൊട്ടി മുളയ്ക്കുന്ന വില്ലനുമായി ഉള്ള സംഘടനം (ഉന്തും തള്ളും എന്ന് പറഞ്ഞാല്‍ മതി ) ആവശ്യത്തിലും വളരെ നീണ്ടു പോയത് പോലെ തോന്നുന്നു.അത് കഴിഞ്ഞു പോലീസ്കാരോട് ലാലേട്ടന്‍ നടത്തുന്ന മോണോ ലോഗ് ശരിക്കും ചിരി മാത്രം ഉണര്തുന്നതാണ്.സ്നേഹക്കൊകെ ഒന്നും ചെയാനില്ല . എന്തോ അത്ഭുദം കാഴ്ച വെച്ചു എന്ന് പറയപ്പെടുന്ന അനന്യ എന്ന നടിയുടെ അഭിനയം കണ്ടിട്ട് ചിരിക്കുമ്പോള്‍ ഒഴികെ ബാക്കി എപ്പോഴും ഇപ്പോള്‍ കരയും എന്ന മട്ടില്‍ നടക്കുന്ന ഒരു നടി എന്നല്ലാതെ എന്നിക്കൊന്നും തോന്നിയില്ല.ഫിഡില്‍ എന്ന ചിത്രത്തിലും ഈ നടി ഇങ്ങനെ ഒക്കെ തന്നെയാണ് അഭിനയിച്ചിരുന്നത് . ഈ മൈഥിലി എന്ന നടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ബന്ധു അകന്നു സാധ്യത . അല്ലാതെ അവരെ കൊണ്ട് ഈ സിനിമയില്‍ ഒരു ആവശ്യവും ഇല്ല.ഗാനങ്ങള്‍ ശരാശരിയിലും താഴെയാണ് .ആവശ്യമില്ലാതെ പലയിടത്തും ഗാനങ്ങള്‍ തിരുകി കയറ്റിയിരിക്കുന്നു .(നീയല്ലേടാ തീവ്രവാദി കമ്മാന്‍ഡേര്‍ എന്ന മട്ടിലുള്ള ലാലേട്ടന്റെ ചോദ്യങ്ങള്‍ (ചോദിക്കുന്നത് യുവനടന്‍ കൈലഷിനോട് !!!) തിരകഥാകൃത്ത് ഒരു പുലിയാണെന്ന് വിളിച്ചു പറയുന്നു.അവസാനത്തെ മരണത്തെ മുഖാ മുഖം കണ്ടു കൊണ്ട് ചിത്രീകരിച്ച എന്ന് അവകാശപ്പെടുന്ന രംഗങ്ങള്‍ കണ്ടാല്‍ കലാ സംവിധായകന് ചുരുങ്ങിയത് മൂന്ന് ഓസ്കാര്‍ എങ്കിലും കൊടുക്കാന്‍ തോന്നും !!

അപ്പോള്‍ ഈ ചിത്രത്തിന് എടുത്തു പറയത്തക്ക ഒരു പ്രത്യേകതയും ഇല്ലെ ?

ഉണ്ടല്ലോ കുറച്ചു കാലം മുന്‍പ് വരെ ലാല്‍ ഏട്ടന്റെ ചിത്രങ്ങളില്‍ നായകന്‍ ഒഴികെ ഒരു കഥാപാത്രങ്ങള്‍ക്കും പ്രത്യേകിച്ച് വ്യക്തിത്വം ഒന്നും കൊടുക്കാറില്ല.എന്നാല്‍ ഈ സ്ഥിതിക്ക് മാറ്റം വരുന്നു എന്നത് ഈ ചിത്രത്തിലൂടെ കാണാം.വന്നു വന്നു ലാലേട്ടന്റെ കഥാ പാത്രത്തിനു പോലും വ്യക്തിത്വം വേണ്ട എന്നായിട്ടുണ്ട് . അത് പോരെ ? പിന്നെ ലാല്‍ ഏട്ടനോട് എളിയ ഒരപേക്ഷ . ജഗതി ലോട്ടറി പരസ്യങ്ങള്‍ അഭിനയിക്കുനത് നിര്‍ത്തിയത് പോലെ ദയവായി പ്രണയഗാന രംഗങ്ങള്‍ അഭിനയിക്കുനത് ഒഴിവാക്കാമെങ്കില്‍ മലയാള പ്രേക്ഷകര്‍ എന്നും അങ്ങയോടു കടപെട്ടിരിക്കും

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

അവനവനെ തന്നെ അനുകരിച്ചു അപഹാസ്യന്‍ ആകുന്ന ലാലേട്ടന്റെ മറ്റൊരു മഹാത്ഭുതം. ലാലേട്ടന്റെ ഒടുക്കത്തെ ആരാധകര്‍ക്ക് രസിചേക്കും.ഒരു അന്‍പതിനും അറുപതിനും ഇടക്ക് പ്രായമുള്ള ഒരു നടനെ കൊണ്ട് കഴിയുന്നതിനു ഒരു പരിധി ഉണ്ടെന്നു അറിയാഞ്ഞിട്ടല്ല. മറിച്ചു ഇവരൊക്കെ എന്ത് കാണിച്ചാലും അത് മഹാത്ഭുതം എന്ന മട്ടില്‍ നിരൂപണം നടത്തുന്ന മാധ്യമങ്ങളല്ലേ ശരിക്കും തെറി വിളി അര്‍ഹിക്കുനത് ?

Monday, September 6, 2010

നാന്‍ മഹാന്‍ അല്ല (Naan Mahhan Alla)

അണ്ണാ വീണ്ടും ഞാന്‍ ....

ഡേ നീ ഇത്ര പെട്ടന്ന് .....

ഇന്നലെ എനിക്ക് വേണ്ടി ഒരു പടം കണ്ടു. അതൊന്നു പറയാന്‍ വന്നതാ .

അതിനു പുതിയ പടമെല്ലാം രണ്ടു മൂന്ന് ദിവസം കൂടി കഴിഞ്ഞല്ലേ ഇറങ്ങൂ. നീ ഇതു കണ്ടത് ?

ഒരു തമിഴ് പടമാണ് സംഭവം നാന്‍ മഹാന്‍ അല്ല . .

ഓ നമ്മുടെ കാര്‍ത്തി അഭിനയിച്ച പടം .എടാ ഇതിനെ കുറിച്ച് സകലവനും കേറി അലക്കി കഴിഞ്ഞതല്ലേ ഇനി പുതിയതായി എന്ത് പറയാന്‍?

ഈ ചിത്രത്തില്‍ നായകന്‍, സൂപ്പര്‍ താരം ആകുന്നതിനു തൊട്ടു മുന്‍പുള്ള വിജയ്‌ ചിത്രങ്ങളിലെ ഉഴപ്പനായ നായകനെ ഓര്‍മിപ്പികുന്നതാണ്.(വെണ്ണില കബഡി കൂട്ടം എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം സുശീന്ദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു നടന്‍ എന്ന നിലയില്‍ വിജയ്‌യുടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് എനിക്ക് തോന്നിയത്.വിജയ്‌ നായകന്‍ ആയാല്‍ ഈ പടം ഇതു പോലെ കാണാന്‍ പറ്റുമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്‌.പക്ഷെ ഒരു താരം എന്ന നിലയില്‍ ഇടപെടലുകള്‍ നടത്താതെ ഇതേ ചിത്രം തന്നെ അഭിനയിച്ചിരുന്നെങ്കില്‍ വിജയ്‌യുടെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറിയേനെ ഈ ചിത്രം.കാര്‍ത്തി ഈ ചിത്രത്തില്‍ ഒട്ടും മോശമായി എന്നല്ല ഈ പറഞ്ഞതിന് അര്‍ഥം.) വില്ലന്മാര്‍ ആയി വരുന്ന പുതുമുഖ നടന്‍മാര്‍ ആകട്ടെ വേട്ടയാടു വിളയാട് എന്ന ചിത്രത്തിലെ വില്ലന്മാരെ ഓര്‍മിപ്പിക്കുന്നു.എന്നാല്‍ ഇതൊന്നും നമുക്ക് ഈ ചിത്രം കാണുമ്പോള്‍ തോന്നില്ല എന്നിടത്താണ് സംവിധായകന്‍റെ ആത്യന്തിക വിജയം .ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം സംവിധായകന്‍ സുശീന്ദ്രന്‍ ആണ്.പുതു മുഖങ്ങളെ വെച്ച് ചിത്രം എടുക്കുനത് എങ്ങനെ എന്ന് തൊട്ടു മുന്‍പത്തെ ചിത്രത്തിലൂടെ കാണിച്ചു തന്ന ഇദേഹം ഈ ചിത്രത്തിലൂടെ താരങ്ങളെ വെച്ച് ചിത്രം എടുക്കുന്നത് എങ്ങനെ എന്ന് കാണിച്ചു തരുന്നു .അകെ ഒരൊറ്റ സംഘട്ടനമേ ഈ ചിത്രത്തില്‍ ഉള്ളു.എന്നാല്‍ രണ്ടാം പകുതി മുഴുവനും ഒരു അക്ഷന്‍ മൂഡ്‌ല്‍ കാണികളെ പിടിച്ചിരുത്താന്‍ ഈ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പടം കൊള്ളാമെന്നു ആരൊക്കെയോ പറഞ്ഞതായി ഓര്‍ക്കുന്നു . നിനക്ക് എന്താ ഇഷ്ടപെട്ടത് അത് പറ?

കഥ , അതിലുപരി അത് ഒഴുക്കോടെ പറഞ്ഞു വരുന്ന രീതി,ഒരു ബന്ധവും ഇല്ലാത്തത് എന്ന് തോന്നിപ്പിക്കുന്ന രണ്ടു സംഭവങ്ങളെ ഒരു ബിന്ദുവില്‍ കൊണ്ട് മുട്ടിക്കുന്ന രീതി.നടന്മാരെ കഥ പാത്രങ്ങളായി,അഥവാ കഥയ്ക്ക്‌ വേണ്ടി ഉപയോഗിച്ചിരിക്കുന്ന സമീപനം.അങ്ങനെ പറയാനാണെങ്കില്‍ നമ്മുടെ മലയാളത്തിലെ ബുദ്ധിജീവി സംവിധായക പ്രതിഭകള്‍ വേദ പുസ്തകം ആക്കേണ്ട ഒത്തിരി കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.ഇതിലൊന്നും ഒരു കാര്യവും ഇല്ലെന്നും മലയാളത്തില്‍ ഇറങ്ങുന്ന അമ്മാവന്‍ സാഹിത്യം ആണ് മികച്ച സിനിമയെന്നും മേനി നടിച്ചു നടക്കാനല്ലാതെ നമ്മളെ എന്തിനു കൊള്ളാം? ലൈറ്റ് ആയി പോകുന്ന(ചില അക്രമ സ്വഭാവം ഉള്ള രംഗങ്ങള്‍ ഒഴിച്ചാല്‍ )ആദ്യ പകുതി.ആദ്യ പകുതിയില്‍ പ്രധാനമായും നായികാ നായകന്മാരുടെ കണ്ടു മുട്ടലും പ്രണയവും ഒക്കെയാണ് മുന്നിട്ടു നില്‍ക്കുനതു. ഒരു അപകട സൂചന പോലെ സമാന്തരമായി പോകുന്ന വില്ലന്മാരുടെ ഒച്ചപ്പടില്ലാത്ത ക്രൂരത ഇടയ്ക്കിടെ തല ഉയര്‍ത്തുന്നു എങ്കിലും ചെറുപ്പത്തിന്റെ ഉല്ലാസവും പ്രണയവും ഒക്കെ തന്നെയാണ് ആദ്യപകുതിയില്‍ മുന്നിട്ടു നില്‍ക്കുന്നത്.കാജല്‍ അഗര്‍വാള്‍ മഗധീരയില്‍ കണ്ടതിനെകാള്‍ സുന്ദരിയായിരിക്കുന്നു. ആദ്യ പകുതി ബോര്‍ അടിപ്പിക്കാതെ കൊണ്ട് പോകുന്ന ഉത്തരവാദിത്വം നായകന്റെ പ്രവചനാതീതമായ സ്വഭാവത്തിനും പെരുമാറ്റ രീതിക്കും ആണ് അത് കാര്‍ത്തി എന്ന നടന്‍ നല്ലൊരു സ്ക്രിപ്റ്റിന്റെ പിന്തുണയോടെ നന്നായി നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയില്‍ കഥ അകെ മാറുന്നു. ശാന്തമായി ഒഴുകുന്ന ഒരു നദി പെട്ടന്ന് അലറി പായുന്നത് പോലെ ചിത്രത്തിന് ഗതി വേഗം കൂടുകയും.കാഴ്ചക്കാരെ ആവേശഭരിതര്‍ ആക്കി ഓരോ നിമിഷവും ത്രില്ലിംഗ് എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയുന്നു.മുഖ്യ കഥാപത്രങ്ങള്‍ മാത്രമല്ല സഹ നടന്മാരും (കാര്‍ത്തിയുടെ അച്ഛനായി അഭിനയിക്കുന്ന കഥാപാത്രം,ഗുണ്ടയും കാര്‍ത്തിയുടെ സുഹൃത്തും ആയി അഭിനയിക്കുന്ന വ്യക്തി) പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കും.അത് പോലെ നായകന്‍ ആദ്യമായി നായികയുടെ അച്ഛനുമായി സംസാരിക്കുന്ന രംഗം,ബാറില്‍ വെച്ച് നായികയുടെ അച്ഛനും ഗുണ്ടയുമായി നായകന്‍ സംസാരിക്കുന്ന രംഗം ഏതൊക്കെ എത്ര സ്വഭാവികം ആയാണ് സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന് നോക്കുക. മനോഹരം എന്നല്ലാതെ വേറൊന്നും പറയാന്‍ തോന്നുന്നില്ല.

അവസാന സംഘടനം പോലും തികച്ചും സ്വാഭാവികം ആയിട്ടാണ് എടുത്തിട്ടുള്ളത് .(നാലു നരുന്ത് ചെറുക്കന്മാര്‍ നാലു തടിമാടന്‍മാരും മാരകആയുധങ്ങള്‍ കൈയില്‍ ഉള്ളവരുമായ ഗുണ്ടകളെ ഒന്നൊന്നായി കൊന്നൊടുക്കുന്നതും.ഒടുവില്‍ നായകന്‍ അവരെ ഒരുമിച്ചു ഇടിച്ചു തോല്‍പ്പിക്കുന്നതും ആണ് അവസാന രംഗം എന്ന് കൂടി ഓര്‍ക്കണം).ഇങ്ങനെ ഒരു രംഗം ഒട്ടും അതിശയീകരണം ഇല്ലാതെ എടുക്കുക അഥവാ കണ്‍വിന്‍സിംഗ് ആയി എടുക്കുക എന്ന കൃത്യം നിര്‍വഹിച്ചിരിക്കുന്ന സംവിധായകനെ നമിക്കാതെ പിന്നെ എന്ത് ചെയ്യാനാ ?വില്ലന്മാരായി അഭിനയിക്കുന്ന പുതു മുഖങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് നല്ലൊരു പങ്കു സംഭാവന ചെയ്യുന്നു. (പ്രത്യേകിച്ചും ആ സംഘത്തിന്റെ നേതാവ് )

ഗാനങ്ങളും അവയുടെ ചിത്രീകരണ രീതിയും ഒട്ടും മുഴച്ചു നില്കാതെ ചിത്രീകരിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട് . കലാസംവിധാനം, പ്രത്യേകിച്ചു സുനാമി മൂലം ഒഴിഞ്ഞു പോയ നശിച്ച വീടുകളുടെ പശ്ചാതലത്തില്‍ ചിത്രീ കരിച്ച രംഗങ്ങളുടെ മിഴിവ് അത് ഉദേശിക്കുന്ന വികാരം പ്രേക്ഷകരിലേക്ക് കടത്തി വിടുന്നു

ഇനി ഈ സിനിമയെ ഈ ചിത്രത്തിനെ കുറിച്ച് വേണ്ട നമ്മുടെ മലയാള സിനിമ ആചാര്യന്‍ മാരോട് ചുരുക്കത്തില്‍ ഒരു വാക്ക് ...

കണ്ടു പഠിക്കിനെടാ ............................................

ഇങ്ങനെയും ഒരാള്‍ (Enganeyum oraal)

അനിയാ, തിരുവന്‍തോരംകാരന്‍ ആയതില്‍ ഒരു അഭിമാനം ഒക്കെ തോന്നുന്നെടെ ....

എന്തിനാ അണ്ണാ? നിങ്ങളുടെ എം പി മൂന്നാമത് കെട്ടിയ വാര്‍ത്ത‍ കേട്ടിടാണോ?

ഛെ അല്ലെടെ ഈ നഗരത്തില്‍ വലിയ പരസ്യവും മറ്റു ബഹളവും ഇല്ലാതെ അങ്ങാടിതെരുവ് എന്ന തമിള്‍ പടം അമ്പതു ദിവസം ഓടി എന്ന വിവരം അറിഞ്ഞിട്ടു

ഉള്ളത് തന്നെ അണ്ണാ? പക്ഷെ റംസാന്‍ സീസണ്‍ ആയതു കൊണ്ട് പടം ഇറക്കിയാല്‍ ഓടില്ല എന്നു പറഞ്ഞു സൂപ്പര്‍ താരങ്ങള്‍ വരെ പടവും ഒതുക്കി പിടിച്ചു നില്‍ക്കുന്ന ഈ കാലത്തോ ? അത് കൊള്ളാമല്ലോ . പക്ഷെ അങ്ങാടിതെരു നല്ല പടം ആണെന്ന് അണ്ണന്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മയുണ്ട്.അത് വീണ്ടും പറയാന്‍ ആയി ഇയാള്‍ ഈ വഴി വരില്ല എന്നു എനിക്ക് ഉറപ്പാ . അപ്പോള്‍ വേറെ എന്തോ വിശേഷമാ സംഗതി.

എടേ ഇതു പെട്ടന്ന് ഓര്‍മ വന്നപ്പോള്‍ പറഞു എന്നേ ഉള്ളു. ഇന്നലെ ശ്രീ കബീര്‍ റാവുത്തര്‍ സംവിധാനം ചെയ്ത ഇങ്ങനെയും ഒരാള്‍ എന്ന സിനിമ കാണാന്‍ ഇടയായി . ആ വിശേഷം ഒന്ന് പറഞ്ഞേക്കാം എന്നു കരുതിയാ ഇങ്ങോട്ട് ഇറങ്ങിയേ.

ആന്നോ നന്നായി എങ്ങനെയുണ്ട് പടം ? ആരാ ഈ സംവിധായകന്‍ ? പുതു മുഖം ആണോ ?

ആണെന്നാണ് ഞാനും കരുതിയത്‌ പക്ഷെ ഇന്നു ഏതോ ചാനല്‍ പരിപാടിയില്‍ കാണിച്ച ആളു ആണെങ്കില്‍ പുതുമുഖം ആകാന്‍ വഴിയില്ല (കുറച്ചു പ്രായം ഉള്ള ഒരാളെയാണ് കണ്ടത്) അഭിനയിക്കുന്നത് സായി കുമാര്‍, പ്രവീണ,വിനു മോഹന്‍,സരയു, മാമുക്കോയ, ശ്രീകുമാര്‍, KPAC ലളിത, ഇന്ദ്രന്‍സ് തുടങ്ങിയവരാണ്.

കഥയെ പറ്റി പറയുകയാണെങ്കില്‍ കോളേജ് അധ്യാപകന്‍ ആയ ബാലചന്ദ്ര മേനോന്‍(സായി കുമാര്‍)പെന്‍ഷന്‍ പ്രായത്തോട് അടുക്കുന്ന ഒരു അവിവാഹിതന്‍ ആണ്. തന്‍റെ സങ്കല്പത്തിന് യോജിക്കുന്ന ഒരു പെണ്‍കുട്ടിയെ കിട്ടാത്തത് കൊണ്ടാണ് ഇയാള്‍ അവിവാഹിതന്‍ ആയി തുടരുന്നത്.ജോലിക്കാരന്‍ അപ്പുപിള്ളക്ക് (മാമുക്കോയ) മേനോന്‍ വിവാഹിതന്‍ ആയി കാണണം എന്നു അതിയായ ആഗ്രഹം ഉണ്ട്.പക്ഷെ തന്‍റെ സങ്കല്പത്തില്‍ ഉള്ള രൂപം ക്യാന്‍വാസില്‍ വരച്ചു വെച്ചിരിക്കുന്ന മേനോന്‍ വേറൊരു വിവാഹത്തിന് തയാര്‍ ആകുന്നില്ല.മുറക്ക് പെണ്ണ് കാണല്‍ നടത്തുന്നുണ്ടെങ്കിലും ആരെയും മേനോന് ഇഷ്ടപെടുന്നില്ല . സഹോദരിക്കും(KPAC ലളിത )അളിയനും(ശ്രീ കുമാര്‍)മേനോന്‍ വിവാഹിതന്‍ ആകുന്നതില്‍ വലിയ താല്പര്യം ഒന്നും ഇല്ല. അവരുടെ മകനായ രാഹുല്‍ (വിനു മോഹന്‍)കര്‍ക്കശകാരനായ മേനോനോട് ഒപ്പമാണ് താമസം.കാമുകി മീര(സരയു) പരിസരത്ത് എവിടെയോ ആണ് താമസം.ഇതിനിടെ കോളേജില്‍ ട്രാന്‍സ്ഫര്‍ ആയി എത്തുന്ന അവിവാഹിതയായ ഷീല ദേവി (പ്രവീണ) എന്ന അധ്യാപികയെ മേനോന് ഇഷ്ടപ്പെടുന്നു . എന്നാല്‍ വിവാഹ ആലോചനയും ആയി ചെല്ലുന്ന മേനോനെ അവര്‍ മടക്കി അയക്കുന്നു . നിരാശനായി ഇനി വിവാഹമേ വേണ്ട എന്നു വയ്ക്കുന്ന മേനോന്റെ മുന്നില്‍ ഒരു പാവപെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായ പ്രിയംവദയുടെ (വീണ്ടും പ്രവീണ) ഫോട്ടോയും ആലോചനയും ബ്രോക്കെര്‍ (പുജപ്പര രവി ) മുന്നോട്ടു വയ്ക്കുന്നു പ്രിയംവദയില്‍ തന്‍ വരച്ചിട്ട പെണ്‍കുട്ടിയുടെ രൂപം കാണുന്ന മേനോന്‍ വിവാഹ ആലോചനയുമായി പോകുന്നു .പ്രായ വത്യാസം മൂലം ആദ്യം മടിച്ചെങ്കിലും പിന്നീടു അവരുടെ സാമ്പത്തിക ബുദ്ധി മുട്ടുകള്‍ പ്രിയംവദയെയും അച്ഛനെയും (രാഘവന്‍) ഈ വിവാഹത്തിന് അനുകൂലം ആക്കുന്നു . അങ്ങനെ വിവാഹിതന്‍ ആകുന്ന മേനോന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ അവതരണത്തിലൂടെ രണ്ടാം പകുതി മുന്നോട്ടു പോകുന്നു.

ഒറ്റ നോട്ടത്തില്‍ എനിക്ക് വലിയ കുഴപ്പം തോന്നുന്നില്ലലോ.പടം എങ്ങനെ യുണ്ട് അണ്ണാ?

ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് കബീര്‍ റാവുത്തര്‍ തന്‍റെ ജോലി നന്നായി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് . എന്നാല്‍ നല്ല ഒരു തിരകഥയുടെ അഭാവം സിനിമയുടെ ഒഴുക്കിനെ പ്രത്യേകിച്ചു രണ്ടാം പകുതിയുടെ രണ്ടാം പകുതിയേ നന്നായി ബാധിക്കുന്നു.ഈ ചിത്രം ഒരു സീരിയല്‍ നിലവാരത്തിലുള്ള അവസാനത്തിലും മെച്ചപെട്ടത്‌ അര്‍ഹിക്കുന്നു എന്നാണ് എന്‍റെ വിശ്വാസം.പിന്നെ എനിക്കുള്ള വേറൊരു പരാതി ഈ ചിത്രത്തിന്റെ പേരിനെ കുറിച്ചാണ് ഇങ്ങനെയും ഒരാള്‍ എന്നു പറയാന്‍ മാത്രമുള്ള സ്വഭാവ വൈചിത്രങ്ങള്‍ ഒന്നും സായികുമാര്‍ അവതരിപ്പിക്കുന്ന മേനോനില്‍ ഇല്ല.അതിനു പ്രധാനമായും ഉത്തരവാദി മേനോനെ ഏറ്റവും നന്നായി അവതരിപ്പിച്ച സായികുമാറാണ്.ശാരീരിക പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന തിലകനെ പോലെയുള്ള നടന്മാരുടെ വിടവ് നികത്താനുള്ള സായികുമാറിന്റെ ആദ്യ ചുവടുവയ്യിപ്പായി ഈ ചിത്രത്തെയും അതിലെ കഥപത്രത്തെയും കാണാവുന്നതാണ്.

അപ്പോള്‍ പടത്തിന്റെ ബാക്കി കാര്യങ്ങളോ?

അഭിനയം , സായി കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഒരു ടിപ്പിക്കല്‍ ബാലചന്ദ്ര മേനോന്‍ കഥാ പത്രം ആണ്. (അദേഹം എപ്പോള്‍ എങ്ങനെ ഒരു കഥാ പത്രം ചെയാന്‍ ശാരീരികമായി എത്രതോളം യോഗ്യന്‍ ആണ് എന്നറിയില്ല). സ്വയം സംവിധാനം ചെയ്യാത്ത ചിത്രങ്ങളില്‍ ബാലചന്ദ്ര മേനോന്‍ നന്നാകാറുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . എന്നാല്‍ സായി കുമാറിന്റെ കൈയില്‍ ഈ കഥാ പത്രം തികച്ചും ഭദ്രമാണ്.എന്ത് കൊണ്ടാണ് ഈ നടനെ മലയാള സിനിമ കൂടുതലായി ഉപയോഗികാത്തത് എന്ന് നമ്മള്‍ ആലോചികേണ്ടി ഇരിക്കുന്നു.നേരത്തെ പറഞ്ഞത് പോലെ കെട്ടുറപ്പുള്ള ഒരു തിരകഥയുടെ അഭാവം ആണ് ഇന്ദ്രന്‍സിനെ പോലെ ആവശ്യം ഇല്ലാത്ത കഥാപത്രങ്ങളെ കൊണ്ട് വന്നു കോമാളിത്തരം കാണിക്കാന്‍ അവസരം ഉണ്ടാക്കുന്നത്. ഇടവേളക്കു പുറത്തിറങ്ങുന്ന പ്രേക്ഷകന് ഇനി കഥ എങ്ങോട്ട് പോകും എന്നൊരു ആകാംഷ ഉളവാക്കാന്‍ അല്ലാതെ പ്രവീണയുടെ ആദ്യ കഥാപാത്രം (ഷീലാ ദേവി ) കൊണ്ട് വേറെ കാര്യം ഒന്നും ഇല്ല . പ്രവീണ തന്‍റെ കഥാപാത്രത്തെ കുറ്റം പറയാത്ത രീതിയില്‍ അവതരിപ്പിച്ചു. യുവ ജോടികളായ വിനുമോഹനും സരയുവിനും പ്രത്യേകിച്ചൊന്നും ചെയാനില്ല. (സരയുവിന്റെ അച്ഛനായി വരുന്ന നടന്‍ (പേര് അറിയാത്തതിനാല്‍ അദേഹത്തെ നമുക്ക് പാവങ്ങളുടെ മാണി സി കാപ്പന്‍ എന്ന് വിളിക്കാം ) രണ്ടു രംഗങ്ങളിലെ ഉള്ളെങ്കിലും ഒരു മൂന്ന് ദേശീയ അവാര്‍ഡിനുള്ള അഭിനയം കാഴ്ച വയ്ക്കുന്നു) . മമ്മുക്കോയയും , ശ്രീകുമാറും,ലളിതയും തങ്ങളുടെ സ്ഥിരം ശൈലിയില്‍ തന്നെ.മോഹന്‍ സിത്താര ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരിയിലും മുകളിലാണ്.ഒപ്പം നല്ല വരികളും .

ശരി അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

കുറ്റങ്ങളും കുറവുകളും കുറെ പറയാന്‍ ഉണ്ടെങ്കിലും,താര മൂല്യം കുറഞ്ഞ, എന്നാല്‍ കഥാപാത്രം അവശ്യപ്പെടുന്ന താരങ്ങളെ അണി നിരത്തി ചെയ്ത ഒരു കൊച്ചു ചിത്രം ആണ് ഇതു. അവസാന കുറച്ചു ഭാഗങ്ങള്‍ ഒഴികെ വേറെ ഒരിടത്തും എനിക്ക് ബോര്‍ അടിച്ചില്ല . കുറെ കൂടി മെച്ചപ്പെടുത്താമായിരുന്നു എങ്കിലും ഇപ്പോള്‍ഇറങ്ങുന്ന ചിത്രങ്ങള്‍ വെച്ച് ഭേദപ്പെട്ട ഒരു ചിത്രം തന്നെയാണ് ഇതു .

Wednesday, September 1, 2010

ഫിഡില്‍ (Fiddle)

ഹാ ഹാ ഹാ ...

എന്താടെ എത്ര ചിരിക്കാന്‍ ? ഒന്ന് പറഞ്ഞിട്ട് ചിരിച്ചൂടെ?

ഹാ ഹാ ..... ഫിഡി..(ഹാ ഹാ .) ല്‍... ഹാ ഹാ ....

അനിയാ നീ ഫിഡില്‍ എന്നാ ചിത്രം കണ്ടു എന്ന് മനസിലായി .എത്രയും ചിരിക്കാന്‍ ഇതു അത്ര തമാശ ചിത്രമാണോ ? പോസ്റ്റര്‍ ഒക്കെ കണ്ടിട്ട് അത് എന്തോ ലവ് സ്റ്റോറി ആണെന്ന് ആണല്ലോ തോന്നിയത്?

ഹോ എന്‍റെ അണ്ണാ ഈ മലയാള സിനിമ പ്രേക്ഷകന്റെ ഒരു അവസ്ഥ ഓര്‍ത്തു ചിരിച്ചു പോയതാ.എന്നിട് ഇവനൊക്കെ അന്യഭാഷ ചിത്രങ്ങള്‍ക്ക് ആളു കേറുന്നതിനു പരിഭവവും .

ഹാ നീ ഒന്ന് തെളിച്ചു പറയെടെ.ഈ പടത്തില്‍ ആരൊക്കെയാ അഭിനയിക്കുന്നത് ......എന്ന് തുടങ്ങി കാര്യങ്ങള്‍ ഓരോന്നായി പോരട്ടെ.

പ്രഭാകരന്‍ മുത്താന എന്ന പ്രതിഭയാണ് ഈ പടത്തിന്റെ സംവിധായകന്‍. (വെറുതെ പ്രതിഭ എന്ന് പറഞ്ഞാല്‍ പോര ഓനൊന്നര പ്രതിഭയാണ് കക്ഷി ).അഭിനയിക്കുന്നവര്‍ മിക്കതും പുതു മുഖങ്ങളാണ്.(ഈ പുതു മുഖങ്ങളോട് വെറുപ്പ്‌ തോന്നാന്‍ വേണ്ടി സൂപ്പര്‍ താരങ്ങള്‍ സ്പോണ്‍സര്‍ ചെയുന്നതാണോ ഈ ജാതി പരിപാടി എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു ). അറിയാവുന്നത് ആയില്യ എന്ന നായിക പിന്നെ വരുണ്‍ ജെ തിലക് എന്ന നായകന്‍ . പിന്നെ പതിവ് പോലെ പോസ്റ്റര്‍ ല്‍ തല കാണിക്കാന്‍ വേണ്ടി ഒരു ആവശ്യവും ഇല്ലാതെ വന്നു പോകുന്ന ജഗതി,സലിം കുമാര്‍,ബിന്ദു പണിക്കര്‍,ജഗദീഷ്,ടെസ്നി ഖാന്‍ മുതലായവര്‍ . പിന്നെ ഈ ചിത്രത്തിന് എടുത്തു പറയാവുന്ന ഒരു പ്രത്യേകത കൂടി ഉണ്ട് .പിന്നെ കുറെ എങ്കിലും സഹിക്കാവുന്നതായി തോന്നിയത്

ഓഹോ അതെന്താ ?

ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ ഒരു പടം തീയറെര്‍ല്‍ ഒറ്റക്കിരുന്നു കാണുന്നത് . തുടക്കത്തില്‍ വേറെ ഒരു നിര്‍ഭാഗ്യവാനും അകത്തുണ്ടായിരുന്നു. ഒരു മണികൂര്‍ കഴിഞ്ഞു നോക്കിയപ്പോള്‍ അദേഹം അപ്രത്യക്ഷന്‍ ആയി കഴിഞ്ഞിരുന്നു . ബാക്കി ഞാന്‍ ഒറ്റക്കിരുന്നു ആണ് കണ്ടു തീര്‍ത്തത് .

അപ്പോള്‍ അത്ര ബോര്‍ ആണോ സംഗതി ?

അണ്ണാ കുറെ കാലം മുന്‍പ് പുതു മുഖങ്ങളെ വെച്ച് പടം തുടങ്ങുകയും പകുതി കഴിയുമ്പോള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം ചിത്രം നിന്ന് പോകുകയും കുറച്ചു കഴിഞ്ഞു അഭിനയിക്കുന്നവരുടെയും പുറത്തു നിന്ന് ഉള്ളവരുടെയും ബിറ്റുകള്‍ (അശ്ലീല രംഗങ്ങള്‍ ) തള്ളി കേറ്റി പ്രദര്‍ശനത്തിനു വരുന്ന ഉച്ച പടങ്ങള്‍ എന്ന് വിളിച്ചിരുന്ന ചിത്രങ്ങള്‍ ഓര്‍മ്മയുണ്ടോ? ആങ്ങനെ തുടങ്ങുന്ന ഒരു ചിത്രത്തിന് ഒരു സാമ്പത്തിക പ്രതിസന്ധിയും വന്നില്ല എന്ന് കരുതുക.(അത് കൊണ്ട് അശ്ലീലം ചേര്‍ക്കേണ്ടി വന്നില്ല) അങ്ങനെ ഉള്ള ഒരു ചിത്രത്തിന്റെ നിലവാരമേ ഇതിനുള്ളൂ .

അതായിത് രതി രംഗങ്ങളോ മേനി പ്രദര്‍ശനമോ ഇല്ലാത്ത ഒരു ഉച്ച പടം . അതാണോ സംഗതി ?

കറക്റ്റ് അത് തന്നെ .

അപ്പോള്‍ കഥ ...? അഥവാ എന്ന് പറയപ്പെടുന്ന സാധനം ?

ഒരുത്തന്‍ മുതലാളി.അയാള്‍ക്ക് സ്വന്തമായി സ്വത്തൊന്നും ഇല്ല.എല്ലാം മകളുടെ പേരില്‍ (അമ്പതു കോടി സ്ഥിര നിക്ഷേപം ബാങ്കില്‍) അവളുടെ അപ്പൂപന്‍ വെച്ചിട്ടുണ്ട്. മകള്‍ക്ക് ഇരുപത്തി ഒന്ന് വയസ്സായാല്‍ മാത്രമെ അത് എടുക്കാന്‍ പറ്റു. സ്വന്തം ആയി വേറെ സെറ്റ്അപ്പ്‌ ഉള്ള മുതലാളി മകളെ കൊല്ലാന്‍ പ്ലാന്‍ ഇടുന്നു (ഇരുപത്തി ഒന്ന് വയസ്സ് തികഞ്ഞാല്‍ ഉടനെ).ആ നാട്ടില്‍ ആറുമദിക്കാന്‍ എത്തിയ കുറെ ആണ്‍ -പെണ്‍ പിള്ളേര്‍ (ഗായക സംഘം ആണെന്നാ പറയുന്നേ) ഈ ഗൂഢാലോചന കേള്‍ക്കുന്നു. (അത് പിന്നെ തുറസ്സായ സ്ഥലത്ത് തീയും കൂടി പ്രസംഗം പോലെ കാര്യങ്ങള്‍ പറഞ്ഞാല്‍ വഴിയെ പോകുന്നവര്‍ കേള്‍ക്കില്ലേ !!)ഉടനെ മകളെ രക്ഷിക്കാന്‍ ശ്രമം . ജോഡി ഇല്ലാത്ത ഒരുത്തന് (നായകന്‍)രക്ഷിക്കാന്‍ ശ്രമിക്കുന്ന പെണ്ണിനോട് പ്രേമം.അവസാനം ആരോ മുതലാളിയെ വെടി വെച്ച് കൊല്ലുന്നു (ആരാണെന്നു കാണിക്കുന്നില്ല .കൂവല്‍ കാരണം കട്ട്‌ ചെയ്തതോ അതോ ഷൂട്ട്‌ ചെയ്യാന്‍ മറന്നതോ?) അടുത്ത രംഗത്തില്‍ (നായിക നായകന്മാരുടെ കല്യാണ രംഗം)എല്ലാവരും ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്.പോരെ?പിന്നെ ഒരു ആവശ്യം ഇല്ലാത്ത കുറെ കഥാപാത്രങ്ങളും .ഈ പടത്തിനു ഫിഡില്‍ എന്ന് എന്തിനു പേരിട്ടു എന്ന് ചോദികാതെ ഇരിക്കാന്‍ ആയിരിക്കണം ഒരു വൃദ്ധന്‍ എപ്പോളും വയലിന്‍ വായിച്ചു കൊണ്ടിരിക്കുനത് കാണിക്കുന്നുണ്ട് . ഇതല്ലാതെ അയാള്‍ക്ക് ഒരു സംഭാഷണമോ കഥയില്‍ ഒരു സ്ഥാനമോ ഇല്ല

എന്‍റെ അമ്മോ !! ഇതെങ്ങനെ സഹിച്ചിരുന്നെടെ നീ ?

എന്ത് പറയാനാ . ഈ പടത്തില്‍ സംവിധായകന്‍ കഴിഞ്ഞാല്‍ പിന്നെ ഉജ്വലം തിരകഥ,സംഭാഷണം എന്നിവയാണ് .പ്രസ്തുത ക്രൂര കൃത്യവും സംവിധായകന്‍ തന്നെ ആണെന്ന് കരുതുന്നു. വില്ലന്‍ മുതലാളിയുടെ രഹസ്യ കാമുകിയെ മദാലസ എന്നൊക്കെയാണ് ഗൗരവമുള്ള എന്ന് പറയപ്പെടുന്ന സംസാരത്തില്‍ മറ്റു കഥാപത്രങ്ങള്‍ വിശേഷിപ്പികുന്നത്.ഇത്തരം വാക്കുകള്‍ സാധാരണ ഹാസ്യ താരങ്ങള്‍ ആണ് ഉപയോഗിക്കാറ്.പിന്നെ "എന്ത് നല്ല സൌന്ദര്യം" മുതലായ കേട്ടാല്‍ വൃത്തികേടായി തോന്നുന്ന പ്രയോഗങ്ങള്‍ കുറേയുണ്ട്.

അപ്പോള്‍ അഭിനയം?

ജഗതി ശ്രീകുമാര്‍ കുറച്ചു എങ്കിലും പ്രേക്ഷകരോട് ദയവു കാണിക്കണം എന്നാണ് എനിക്ക് പറയാനുള്ളത് .ഇങ്ങനത്തെ പടങ്ങളില്‍ അഭിനയിച്ചു നാലാം കിട ദ്വയ അര്‍ദ്ധ പ്രയോഗങ്ങള്‍ നടത്തുന്നത് നിര്‍ത്തുന്നത് ആയിരിക്കും ലോട്ടറി മോഡല്‍ ആയി അഭിനയിക്കുനത് അവസാനിപ്പികുനതിലും ജനത്തിന് ഉപകാരം!!വില്ലനും വില്ലന്റെ ചേട്ടനും ഒരു അഭിനയ മത്സരം തന്നെ കാഴ്ച വെച്ചിരിക്കുന്നു (രണ്ടു പേരും വാശിയിലാണ് !!).നായകനെ സഹിക്കാം.പക്ഷെ നായകന്റെ സുഹൃത്തുക്കളെ സഹിക്കണമെങ്കില്‍ ഓണം ഓഫര്‍ പോലെ വല്ല LCD യോ,dvd player ഓ ഒക്കെ സൌജന്യമായി തരേണ്ടി വരും.(അതില്‍ തന്നെ ഒരു താടിക്കാരന്‍ അഭിനയിച്ചു തകര്‍ക്കുകയാണ്!!).നായികയും ബാക്കിയുള്ള സ്ത്രീ കഥാ പാത്രങ്ങളും കാശു വാങ്ങുന്നതല്ലേ എന്ന് കരുതി ഡയലോഗ് പറഞ്ഞിട്ട് പോകുന്നു .ഉള്ളതില്‍ കുറച്ചെങ്കിലും സഹിക്കാവുന്നത് രമേശ്‌ ബാലകൃഷ്ണയും ജയനും ചേര്‍ന്നൊരുക്കുന്ന സംഗീതമാണ്.

എടെ നിന്നെ സമതിക്കാതെ വയ്യ . അതിരികട്ടെ ഈ ചലചിത്ര കാവ്യത്തെ കുറിച്ച് ചുരുക്കമായി പറഞ്ഞാല്‍ .....

വന്നു വന്നു മലയാള സിനിമക്ക് ഒരു സീരിയല്‍ നിലവാരം എങ്കിലും പ്രതീക്ഷിക്കുന്നത് അത്യാഗ്രഹം ആണെന്ന് വിളിച്ചു പറയുന്ന ഒരു ചിത്രം