Monday, September 6, 2010

ഇങ്ങനെയും ഒരാള്‍ (Enganeyum oraal)

അനിയാ, തിരുവന്‍തോരംകാരന്‍ ആയതില്‍ ഒരു അഭിമാനം ഒക്കെ തോന്നുന്നെടെ ....

എന്തിനാ അണ്ണാ? നിങ്ങളുടെ എം പി മൂന്നാമത് കെട്ടിയ വാര്‍ത്ത‍ കേട്ടിടാണോ?

ഛെ അല്ലെടെ ഈ നഗരത്തില്‍ വലിയ പരസ്യവും മറ്റു ബഹളവും ഇല്ലാതെ അങ്ങാടിതെരുവ് എന്ന തമിള്‍ പടം അമ്പതു ദിവസം ഓടി എന്ന വിവരം അറിഞ്ഞിട്ടു

ഉള്ളത് തന്നെ അണ്ണാ? പക്ഷെ റംസാന്‍ സീസണ്‍ ആയതു കൊണ്ട് പടം ഇറക്കിയാല്‍ ഓടില്ല എന്നു പറഞ്ഞു സൂപ്പര്‍ താരങ്ങള്‍ വരെ പടവും ഒതുക്കി പിടിച്ചു നില്‍ക്കുന്ന ഈ കാലത്തോ ? അത് കൊള്ളാമല്ലോ . പക്ഷെ അങ്ങാടിതെരു നല്ല പടം ആണെന്ന് അണ്ണന്‍ മുന്‍പൊരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മയുണ്ട്.അത് വീണ്ടും പറയാന്‍ ആയി ഇയാള്‍ ഈ വഴി വരില്ല എന്നു എനിക്ക് ഉറപ്പാ . അപ്പോള്‍ വേറെ എന്തോ വിശേഷമാ സംഗതി.

എടേ ഇതു പെട്ടന്ന് ഓര്‍മ വന്നപ്പോള്‍ പറഞു എന്നേ ഉള്ളു. ഇന്നലെ ശ്രീ കബീര്‍ റാവുത്തര്‍ സംവിധാനം ചെയ്ത ഇങ്ങനെയും ഒരാള്‍ എന്ന സിനിമ കാണാന്‍ ഇടയായി . ആ വിശേഷം ഒന്ന് പറഞ്ഞേക്കാം എന്നു കരുതിയാ ഇങ്ങോട്ട് ഇറങ്ങിയേ.

ആന്നോ നന്നായി എങ്ങനെയുണ്ട് പടം ? ആരാ ഈ സംവിധായകന്‍ ? പുതു മുഖം ആണോ ?

ആണെന്നാണ് ഞാനും കരുതിയത്‌ പക്ഷെ ഇന്നു ഏതോ ചാനല്‍ പരിപാടിയില്‍ കാണിച്ച ആളു ആണെങ്കില്‍ പുതുമുഖം ആകാന്‍ വഴിയില്ല (കുറച്ചു പ്രായം ഉള്ള ഒരാളെയാണ് കണ്ടത്) അഭിനയിക്കുന്നത് സായി കുമാര്‍, പ്രവീണ,വിനു മോഹന്‍,സരയു, മാമുക്കോയ, ശ്രീകുമാര്‍, KPAC ലളിത, ഇന്ദ്രന്‍സ് തുടങ്ങിയവരാണ്.

കഥയെ പറ്റി പറയുകയാണെങ്കില്‍ കോളേജ് അധ്യാപകന്‍ ആയ ബാലചന്ദ്ര മേനോന്‍(സായി കുമാര്‍)പെന്‍ഷന്‍ പ്രായത്തോട് അടുക്കുന്ന ഒരു അവിവാഹിതന്‍ ആണ്. തന്‍റെ സങ്കല്പത്തിന് യോജിക്കുന്ന ഒരു പെണ്‍കുട്ടിയെ കിട്ടാത്തത് കൊണ്ടാണ് ഇയാള്‍ അവിവാഹിതന്‍ ആയി തുടരുന്നത്.ജോലിക്കാരന്‍ അപ്പുപിള്ളക്ക് (മാമുക്കോയ) മേനോന്‍ വിവാഹിതന്‍ ആയി കാണണം എന്നു അതിയായ ആഗ്രഹം ഉണ്ട്.പക്ഷെ തന്‍റെ സങ്കല്പത്തില്‍ ഉള്ള രൂപം ക്യാന്‍വാസില്‍ വരച്ചു വെച്ചിരിക്കുന്ന മേനോന്‍ വേറൊരു വിവാഹത്തിന് തയാര്‍ ആകുന്നില്ല.മുറക്ക് പെണ്ണ് കാണല്‍ നടത്തുന്നുണ്ടെങ്കിലും ആരെയും മേനോന് ഇഷ്ടപെടുന്നില്ല . സഹോദരിക്കും(KPAC ലളിത )അളിയനും(ശ്രീ കുമാര്‍)മേനോന്‍ വിവാഹിതന്‍ ആകുന്നതില്‍ വലിയ താല്പര്യം ഒന്നും ഇല്ല. അവരുടെ മകനായ രാഹുല്‍ (വിനു മോഹന്‍)കര്‍ക്കശകാരനായ മേനോനോട് ഒപ്പമാണ് താമസം.കാമുകി മീര(സരയു) പരിസരത്ത് എവിടെയോ ആണ് താമസം.ഇതിനിടെ കോളേജില്‍ ട്രാന്‍സ്ഫര്‍ ആയി എത്തുന്ന അവിവാഹിതയായ ഷീല ദേവി (പ്രവീണ) എന്ന അധ്യാപികയെ മേനോന് ഇഷ്ടപ്പെടുന്നു . എന്നാല്‍ വിവാഹ ആലോചനയും ആയി ചെല്ലുന്ന മേനോനെ അവര്‍ മടക്കി അയക്കുന്നു . നിരാശനായി ഇനി വിവാഹമേ വേണ്ട എന്നു വയ്ക്കുന്ന മേനോന്റെ മുന്നില്‍ ഒരു പാവപെട്ട കുടുംബത്തിലെ പെണ്‍കുട്ടിയായ പ്രിയംവദയുടെ (വീണ്ടും പ്രവീണ) ഫോട്ടോയും ആലോചനയും ബ്രോക്കെര്‍ (പുജപ്പര രവി ) മുന്നോട്ടു വയ്ക്കുന്നു പ്രിയംവദയില്‍ തന്‍ വരച്ചിട്ട പെണ്‍കുട്ടിയുടെ രൂപം കാണുന്ന മേനോന്‍ വിവാഹ ആലോചനയുമായി പോകുന്നു .പ്രായ വത്യാസം മൂലം ആദ്യം മടിച്ചെങ്കിലും പിന്നീടു അവരുടെ സാമ്പത്തിക ബുദ്ധി മുട്ടുകള്‍ പ്രിയംവദയെയും അച്ഛനെയും (രാഘവന്‍) ഈ വിവാഹത്തിന് അനുകൂലം ആക്കുന്നു . അങ്ങനെ വിവാഹിതന്‍ ആകുന്ന മേനോന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ അവതരണത്തിലൂടെ രണ്ടാം പകുതി മുന്നോട്ടു പോകുന്നു.

ഒറ്റ നോട്ടത്തില്‍ എനിക്ക് വലിയ കുഴപ്പം തോന്നുന്നില്ലലോ.പടം എങ്ങനെ യുണ്ട് അണ്ണാ?

ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് കബീര്‍ റാവുത്തര്‍ തന്‍റെ ജോലി നന്നായി ചെയ്തു എന്നാണ് എനിക്ക് തോന്നിയത് . എന്നാല്‍ നല്ല ഒരു തിരകഥയുടെ അഭാവം സിനിമയുടെ ഒഴുക്കിനെ പ്രത്യേകിച്ചു രണ്ടാം പകുതിയുടെ രണ്ടാം പകുതിയേ നന്നായി ബാധിക്കുന്നു.ഈ ചിത്രം ഒരു സീരിയല്‍ നിലവാരത്തിലുള്ള അവസാനത്തിലും മെച്ചപെട്ടത്‌ അര്‍ഹിക്കുന്നു എന്നാണ് എന്‍റെ വിശ്വാസം.പിന്നെ എനിക്കുള്ള വേറൊരു പരാതി ഈ ചിത്രത്തിന്റെ പേരിനെ കുറിച്ചാണ് ഇങ്ങനെയും ഒരാള്‍ എന്നു പറയാന്‍ മാത്രമുള്ള സ്വഭാവ വൈചിത്രങ്ങള്‍ ഒന്നും സായികുമാര്‍ അവതരിപ്പിക്കുന്ന മേനോനില്‍ ഇല്ല.അതിനു പ്രധാനമായും ഉത്തരവാദി മേനോനെ ഏറ്റവും നന്നായി അവതരിപ്പിച്ച സായികുമാറാണ്.ശാരീരിക പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന തിലകനെ പോലെയുള്ള നടന്മാരുടെ വിടവ് നികത്താനുള്ള സായികുമാറിന്റെ ആദ്യ ചുവടുവയ്യിപ്പായി ഈ ചിത്രത്തെയും അതിലെ കഥപത്രത്തെയും കാണാവുന്നതാണ്.

അപ്പോള്‍ പടത്തിന്റെ ബാക്കി കാര്യങ്ങളോ?

അഭിനയം , സായി കുമാര്‍ അവതരിപ്പിച്ച കഥാപാത്രം ഒരു ടിപ്പിക്കല്‍ ബാലചന്ദ്ര മേനോന്‍ കഥാ പത്രം ആണ്. (അദേഹം എപ്പോള്‍ എങ്ങനെ ഒരു കഥാ പത്രം ചെയാന്‍ ശാരീരികമായി എത്രതോളം യോഗ്യന്‍ ആണ് എന്നറിയില്ല). സ്വയം സംവിധാനം ചെയ്യാത്ത ചിത്രങ്ങളില്‍ ബാലചന്ദ്ര മേനോന്‍ നന്നാകാറുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം . എന്നാല്‍ സായി കുമാറിന്റെ കൈയില്‍ ഈ കഥാ പത്രം തികച്ചും ഭദ്രമാണ്.എന്ത് കൊണ്ടാണ് ഈ നടനെ മലയാള സിനിമ കൂടുതലായി ഉപയോഗികാത്തത് എന്ന് നമ്മള്‍ ആലോചികേണ്ടി ഇരിക്കുന്നു.നേരത്തെ പറഞ്ഞത് പോലെ കെട്ടുറപ്പുള്ള ഒരു തിരകഥയുടെ അഭാവം ആണ് ഇന്ദ്രന്‍സിനെ പോലെ ആവശ്യം ഇല്ലാത്ത കഥാപത്രങ്ങളെ കൊണ്ട് വന്നു കോമാളിത്തരം കാണിക്കാന്‍ അവസരം ഉണ്ടാക്കുന്നത്. ഇടവേളക്കു പുറത്തിറങ്ങുന്ന പ്രേക്ഷകന് ഇനി കഥ എങ്ങോട്ട് പോകും എന്നൊരു ആകാംഷ ഉളവാക്കാന്‍ അല്ലാതെ പ്രവീണയുടെ ആദ്യ കഥാപാത്രം (ഷീലാ ദേവി ) കൊണ്ട് വേറെ കാര്യം ഒന്നും ഇല്ല . പ്രവീണ തന്‍റെ കഥാപാത്രത്തെ കുറ്റം പറയാത്ത രീതിയില്‍ അവതരിപ്പിച്ചു. യുവ ജോടികളായ വിനുമോഹനും സരയുവിനും പ്രത്യേകിച്ചൊന്നും ചെയാനില്ല. (സരയുവിന്റെ അച്ഛനായി വരുന്ന നടന്‍ (പേര് അറിയാത്തതിനാല്‍ അദേഹത്തെ നമുക്ക് പാവങ്ങളുടെ മാണി സി കാപ്പന്‍ എന്ന് വിളിക്കാം ) രണ്ടു രംഗങ്ങളിലെ ഉള്ളെങ്കിലും ഒരു മൂന്ന് ദേശീയ അവാര്‍ഡിനുള്ള അഭിനയം കാഴ്ച വയ്ക്കുന്നു) . മമ്മുക്കോയയും , ശ്രീകുമാറും,ലളിതയും തങ്ങളുടെ സ്ഥിരം ശൈലിയില്‍ തന്നെ.മോഹന്‍ സിത്താര ഈണം നല്‍കിയ ഗാനങ്ങള്‍ ശരാശരിയിലും മുകളിലാണ്.ഒപ്പം നല്ല വരികളും .

ശരി അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ....

കുറ്റങ്ങളും കുറവുകളും കുറെ പറയാന്‍ ഉണ്ടെങ്കിലും,താര മൂല്യം കുറഞ്ഞ, എന്നാല്‍ കഥാപാത്രം അവശ്യപ്പെടുന്ന താരങ്ങളെ അണി നിരത്തി ചെയ്ത ഒരു കൊച്ചു ചിത്രം ആണ് ഇതു. അവസാന കുറച്ചു ഭാഗങ്ങള്‍ ഒഴികെ വേറെ ഒരിടത്തും എനിക്ക് ബോര്‍ അടിച്ചില്ല . കുറെ കൂടി മെച്ചപ്പെടുത്താമായിരുന്നു എങ്കിലും ഇപ്പോള്‍ഇറങ്ങുന്ന ചിത്രങ്ങള്‍ വെച്ച് ഭേദപ്പെട്ട ഒരു ചിത്രം തന്നെയാണ് ഇതു .

4 comments:

  1. ഒടുവില്‍ വലിയ തെറ്റില്ലാത്ത ഒരു ചെറിയ ചിത്രം. അല്ലെ..

    ReplyDelete
  2. ...സ്വയം സംവിധാനം ചെയ്യാത്ത ചിത്രങ്ങളില്‍ ബാലചന്ദ്ര മേനോന്‍ നന്നാകാറുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം.....
    സത്യം.! പലപ്പോഴും തോന്നിയിട്ടുണ്ട്.

    “കഥാപാത്രം അവശ്യപ്പെടുന്ന താരങ്ങളെ അണി നിരത്തി ചെയ്ത ഒരു കൊച്ചു ചിത്രം“
    ഇങ്ങിനൊരു അഭിപ്രായം ബാല്‍ക്കണിയില്‍ നിന്നും ഉണ്ടാകുമെങ്കില്‍ തീര്‍ച്ചയായും കാണണമെന്നു കരുതുന്നു.

    ReplyDelete
  3. സ്വയം സംവിധാനം ചെയ്യാത്ത ചിത്രങ്ങളില്‍ ബാലചന്ദ്ര മേനോന്‍ നന്നാകാറുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം

    യൂ സെഡ് ഇറ്റ്. പണ്ടത്തെ ബാലചന്ദ്രമേനോന്‍ ഭയങ്കര ഇഷ്ടായിരുന്നു. പിന്നെ പുള്ളി മധുമോഹന്‍(പഴയ സീരിയല്‍) കളിക്കാന്‍ തുടങ്ങിയപ്പോള്‍ പരമ ബോറായി.....

    ReplyDelete