Wednesday, March 27, 2013

ആമേൻ (Aameen Review )

അനിയാ നീ സത്യൻ അന്തിക്കാട്‌ സാറിന്റെ സിനിമ കണ്ടിട്ടുണ്ടോ ?

പിന്നെയില്ലാതെ രസതന്ത്രം , ഇന്നത്തെ ചിന്താവിഷയം ,.....ബ്ഹാ .......

ഓക്കാനിക്കാതെടാ അതൊക്കെ നമ്മൾ മലയാളികളുടെ  ഒരു ഗതികേടല്ലേ . ഞാൻ ചോദിച്ചത് അതല്ല . ശ്രീ സത്യൻ അന്തിക്കാട്‌ അദേഹത്തിന്റെ നല്ല കാലത്തെടുത്ത സിനിമ വല്ലതും നീ കണ്ടിട്ടുണ്ടോ ?

അനിയാ ഈ സത്യൻ അന്തിക്കാട്‌  ഒരു പത്തിരുപതു കൊല്ലം കഴിഞ്ഞാണ് ജനിച്ചിരുന്നത് എങ്കിൽ അദ്ദേഹം എടുത്തിരുന്ന നല്ല ചിത്രങ്ങൾ എങ്ങനെ എടുക്കുമായിരുന്നു  എന്ന് ആലോചിച്ചിട്ടുണ്ടോ ?

അല്ല അങ്ങനെ ചോദിച്ചാൽ .....

ഉത്തരം പറയണം .അറിയില്ലങ്കിൽ പറഞ്ഞു തരാം .ലിജോ ജോസ് പല്ലി ശ്ശേരി സംവിധാനം ചെയ്ത ,പി എസ്  റഫീക്ക്  കഥ എഴുതിയ പ്രശാന്ത്‌ പിള്ള സംഗീതം പകർന്ന, ഫഹദ് ഫാസിൽ , ഇന്ദ്രജിത്ത് ,സ്വാതി ,രചന, ജോയ് മാത്യു  (ഷട്ടർ സംവിധായകൻ ) ,കലാഭവൻ  തുടങ്ങിയവരൊക്കെ അഭിനയിച്ച  ആമേൻ എന്ന ചിത്രം പോലെ ഇരുന്നേനെ സത്യൻ ചിത്രങ്ങൾ .

അപ്പോൾ അതും കണ്ടു . അതിനാണോ ഇത്രയും  ചുറ്റി വളയ്ക്കുന്നേ .പടമെങ്ങനെ ? ഈ ലിജോ ജോസ് അല്ലേ നായകൻ , സിറ്റി ഓഫ് ഗോഡ് തുടങ്ങിയ പടങ്ങൾ എടുത്തത്‌ ?

അത് അനിയാ , ആക് ഷ ൻ സ്വഭാവമുള്ള പ്രസ്തുത ചിത്രങ്ങൾക്ക്  ശേഷം അദ്ദേഹം ഒരുക്കുന്ന ഹാസ്യ ചിത്രമാണ് ആമേൻ .

അയ്യോ ....

എന്ത് പറ്റിയെടാ ...

അല്ല പെട്ടന്ന് നമ്മുടെ ഷാജി കൈലാസ് മദിരാശി എടുത്തത്‌ ഓർത്തു  പോയി. അത് പോലെ .....

ചുമ്മാതിരി അനിയാ ഈ ആഴ്ചയിൽ ഇറങ്ങിയതിൽ ഏറ്റവും ഭേദപ്പെട്ട ചിത്രം ഇതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം .കാലം ഏതെന്നു കൃത്യമായി പറയാതെ , ഒരു സാധാരണ നാട്ടിൻപുറത്തെ കഥയാണ് ആമേൻ , ടിപ്പുവിന്റെ പടയോട്ട കാലത്ത്  ഗീവർഗീസ് പുണ്യവാളൻ നേരിട്ട് വന്നു പള്ളി തകർക്കാൻ എത്തിയ സൈന്യത്തെ ഓടിച്ചു എന്നൊരു ഐതിഹ്യം  നിലവിലുള്ള പള്ളിയെ ചുറ്റി പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത് . പണ്ട് വളരെ നന്നായി നടന്നു പോകുകയും പിന്നീടു തകരുകയും ചെയ്ത പള്ളിയുടെ ബാൻഡ് സംഘമാണ് ഈ ചിത്രത്തിലെ കേന്ദ്ര  ഘടകം .മുൻപ് നിരവധി മത്സരങ്ങൾ ജയിച്ച ഈ ബാൻഡ് സംഘം,അവരുടെ പ്രധാന അംഗങ്ങളിൽ ചിലർ ബോട്ട് അപകടത്തിൽ മരിച്ചതിനെ തുടർന്ന് , ഇന്നു പതിവായി പരാജയപ്പെടുന്നവരുടെ പട്ടികയിലാണ് .ബാൻഡ് സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങളും അവരുടെ നേതാവ് ലുയി പപ്പനും (കലഭവൻ മണി ) ഇന്നു സ്ഥിരമായി അവഹേളിക്കപ്പെടാറുണ്ട് . ഇതിനിടെ ബാൻഡ് സംഘം പിരിച്ചു വിടണം എന്ന ആവശ്യവും ഒരു വിഭാഗത്തിനിടയിൽ ശക്തമാണ് .മാനസികമായി പള്ളിയിലെ പ്രധാന വികാരിയും ഇതിനു അനുകൂലമാണ് . ഈ ബാൻഡ് സംഘത്തിൽ ഉണ്ടായിരുന്ന മരിച്ചു പോയ പ്രധാനികളിൽ ഒരുവനായ എസ്തപ്പാന്റെ മകനാണ് സോളമൻ (ഫഹദ് ഫാസിൽ ). അവിടുത്തെ പണക്കാരനായ കോണ്‍ട്രാക് റ്റർ ഫിലിപ്പൊസിന്റെ (നന്ദു ) മകളായ ശോശന്നയുമായി സ്വാതി (സുബ്രമണ്യപുരം ) പ്രേമത്തിലാണ്  പാവപെട്ടവനായ സോളമൻ .കഥയിലെ പ്രധാന വഴിത്തിരിവ്  ആ ഇടവകയിലെ കൊച്ചച്ചനായി വിൻസെന്റ്‌  വട്ടോളി (ഇന്ദ്രജിത്ത് ) എത്തുന്നതോടെയാണ് പിന്നീടു ഉണ്ടാകുന്ന സംഭവ വികാസങ്ങൾ അടുത്ത ബാൻഡ് മത്സരത്തിൽ  ജയിക്കേണ്ടത്  ആ ഗ്രാമവാസികളുടെയും ഒപ്പം സോളമന്റെയും  ജീവൻ  മരണ പ്രശ്നം ആയി മാറുന്നു .ഛായാഗ്രഹണം സംഗീതം എന്നിവ ഉയർന്ന നിലവാരം പുലര്ത്തുന്നു എന്നാണ് എനിക്ക് തോന്നിയത് .

കഥ ഒറ്റ വാക്കിൽ പറഞ്ഞാൽ ഹിന്ദി സിനിമ ജോ ജീതാ വഹി സികന്ദർ എന്ന അമീർഖാൻ ചിത്രത്തിന് നന്ദനം ക്ലൈമാക്സ്‌ നല്കിയതാണ് . പക്ഷെ പ്രസ്തുത തീം തികച്ചും മനോഹരമായി മലയാളീകരിച്ചു എന്നതിനാണ്  ലിജോ ജോസും സംഘവും അഭിനന്ദനം അർഹിക്കുന്നത് . (പെട്ടന്ന് ഓർമമ  വരുന്ന സമാനമായ ഒരെണ്ണം കാലാപഥർ എന്ന ഹിന്ദി ചിത്രം  മലയാളീകരിച്ച  അങ്ങാടി (ജയൻ )  എന്ന മലയാള ചിത്രവും ആണ് ) ഈ ഗ്രാമത്തിലെ ബാൻഡ് സംഘത്തിന്റെ കഥ പറയുമ്പോൾ തന്നെ   അതിനിടയിൽ നമ്മുടെ മനസ്സിൽ നില്ക്കുന്ന ഒത്തിരി കഥാപാത്രങ്ങൾ കടന്നു പോകുന്നു. കപ്യാരും , ശോശന്നയുടെ സഹോദരൻ  മാത്തുക്കുട്ടിയും (സുധീർ കരമന),ബാൻഡ് മത്സരത്തിൽ എതിർ ടീമിന്റെ മുതലാളി ഡേവിഡും (അനിൽ  മുരളി),കുത്തിത്തിരിപ്പ്  സ്ഥിരമായി ഉണ്ടാക്കുന്ന പാൽക്കാരനും കൊച്ചച്ചൻ വിൻസെന്റ് വട്ടോളിയും (ഇന്ദ്രജിത്ത് ), സോളമന്റെ പെങ്ങൾ  ത്രേസ്യ (രചന ) എല്ലാം നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട് .ഒരു ചെറു ചിരി (പലപ്പോഴും പൊട്ടിച്ചിരിയും ) ഉണർത്തുന്ന ഒത്തിരി മുഹൂർത്തങ്ങൾ  തിരക്കഥാകൃത്ത് വിദഗ്ധമായി തുന്നി ചേർത്തിരിക്കുന്നു .(ഒന്ന് രണ്ടു വളിയൊക്കെ ഗ്രാമ്യതയുടെ പേരിൽ പറ്റെഴുതാം ).

അഭിനയം ? ഫഹദ് ഫസീലാണോ ഇന്ദ്രജിത്ത് ആണോ മുന്നിൽ ?

അനിയാ ഈ ചിത്രത്തിൽ ആര്  മോശമായി എന്ന് പറയുന്നതാണ് എളുപ്പം .എല്ലാവരും (ഒട്ടു മുക്കാൽ പേരും)  അവരവരുടെ റോളുകൾ ഭംഗിയാക്കി എന്നതാണ് സത്യം .ചുമ്മാ ഒരു ഭംഗിക്ക്  പറയുന്നതല്ല ഇതു

അപ്പോൾ അണ്ണൻ പറയുന്നത് ഒരു കുറ്റവും ഇല്ലാത്ത കിടിലം പടമാണ്‌ എതെന്നാണോ ?

ശരി എന്നാൽ അതും പറയാം ഇന്നാ പിടി .അല്ലെങ്കിലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇനി ചില ചില്ലറ കുറവുകളും കൂടെ പറഞ്ഞില്ല എങ്കിൽ കഷ്ട്ടമല്ലേ ?

1) ഇത്ര നന്നായി എടുത്ത ഒരു ചിത്രത്തിന്റെ അവസാനം ഒരു നന്ദനം മണക്കുന്ന രീതിയിൽ അവസാനിപ്പിക്കേണ്ടി  ഇരുന്നില്ല . അല്ലാതെ തന്നെ ഫാദർ വട്ടോളി ഫ്രെഞ്ചുകാരിയെ യാത്രയയച്ചു തിരിഞ്ഞു നടക്കുന്നിടത്ത് അവസാനിപ്പിച്ചിരുന്നെങ്കിലും ഇതിലും ഭേദമായേനെ എന്നാണ് എന്റെ അഭിപ്രായം .

2) നമ്മുടെ സിനിമാക്കാർ (മലയാളികള് മാത്രമല്ല ) മനസിലാക്കേണ്ട ഒരു അടിസ്ഥാന സംഗതി നൃത്തം , സംഗീതം , വാദ്യ ഉപകരണങ്ങൾ ഇവയുടെ മത്സരം ഒരിക്കലും ഒരു ഗുസ്തി മത്സരം പോലെയല്ല എന്നുള്ളതാണ് .അതായിത്  ഇരു  വിഭാഗക്കരുടെയും പ്രകടനം മൂന്നാമതൊരാൾ (ഒന്നിൽ  കൂടുതൽ ആൾക്കാർ ) വിലയിരുത്തി  വിജയിയെ നിർണയിക്കുകയാണ് ചെയ്യുന്നത് . എന്നാൽ പോലും കഥയെ മുന്നോട്ടു കൊണ്ട് പോകാൻ പലപ്പോഴും ഈ രീതിയിൽ ഉള്ള മത്സര സാഹചര്യം സൃഷ്ട്ടികേണ്ടത് ആവശ്യമാകാറുണ്ട് .ഇവിടെ ക്ലൈമാക്സ്‌ ബാൻഡ്  മത്സരം കാണിച്ചിരിക്കുന്നത്  ഒരു മാതിരി ഹിസ്‌ ഹൈനസ് അബ്ദുള്ളയിൽ ലാലും കൈതപ്രവും പാട്ടു മത്സരം നടത്തുന്ന പോലെയാണ് .(സംഗതി ബാൻഡ് ആണെന്ന് സംവിധയകൻ മറന്നോ എന്ന് സംശയം )

3) ഫാദർ എബ്രഹാം ഒറ്റപ്ലാക്കൽ  എന്ന സീനിയർ വികാരിയെ അവതരിപ്പിക്കുന്ന ജോയ് മാത്യു  ഒരു മാതിരി നരേന്ദ്രപ്രസാദിനു പഠിക്കുന്ന ലൈനിലാണ് .മര്യാദക്ക് ആ പി ബാലചന്ദ്രനോ (ട്രിവാൻട്രും ലോഡ്ഗ്ജ് ) മറ്റോ ചെയ്തിരുന്നേൽ മര്യാദക്ക് പോകേണ്ട കഥാപാത്രമാണ് ഇതു

4) മകരന്ദ് ദേശ്  പാണ്ടേ എന്ന കഴിവുറ്റ നടനെ കുറച്ചു കൂടി നന്നായി ഉപയോഗിക്കാമായിരുന്നു സംവിധായകന് .നടൻ  എന്ന നിലയിൽ ഇദ്ദേഹം നന്നായി എങ്കിലും എഴുതി വെച്ചിരിക്കുന്നത് അനുസരിച്ച് എന്ന് രണ്ടാം സ്ഥാനത്താകുന്നതിൽ അമർഷം പൂണ്ടു നടക്കുന്ന നമ്മുടെ മുണ്ടക്കൽ ശേഖരൻ ലൈനിലാണ് അയാളുടെ കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . അതിനു പകരം എസ്തപ്പനോസിനോടും ലുയി പാപ്പനോടും പലവട്ടം ഏറ്റുമുട്ടി മിക്കപ്പോഴും ജയിച്ച , ഒന്നോ രണ്ടോ പ്രാവശ്യം മാത്രം തോറ്റ ഒരാളായി തികഞ്ഞ ആത്മവിശ്വാസത്തോടെ അവതരിപ്പിച്ചിരുന്നു എങ്കിൽ കൂടുതൽ നന്നാകു മായിരുന്നില്ലേ എന്നൊരു സംശയം മാത്രം ബാക്കി  .

5) ഇനി പറയാൻ പോകുന്നത് കുറ്റമല്ല . ഫിലിപ്പോസ്സിനെ അവതരിപ്പിച്ച നന്ദു നന്നായിട്ടുണ്ട് . പക്ഷെ അടിസ്ഥാനപരമായി ഒരു സാധാരണ മലയാളി ആയതു കൊണ്ടാകണം ജഗതി ആണ് ആ റോൾ ചെയ്തിരുന്നതെങ്കിൽ എന്ന് അറിയാതെ ഓർത്തു  പോകുന്നു

അപ്പോൾ ചുരുക്കത്തിൽ .....

അടുത്തിടെ ഇറങ്ങിയ മറ്റൊരു നല്ല ചിത്രം . മേല്പ്പറഞ്ഞ കുറവുകൾ ഒന്നും തന്നെ ഈ ചിത്രത്തിന്റെ ആസ്വാദ്യത കുറക്കുന്നില്ല എന്നതാണ് സത്യം

Sunday, March 24, 2013

റെഡ് വൈൻ (ലാലേട്ടന്റെ ഫേസ് ടു ഫേസ് !!!)

 അങ്ങനെ അതും  കണ്ടു .... (നെടുവീർപ്പ് )   സഫലമീ യാത്ര ..............!!!

എന്ത് കണ്ടെന്നാ അന്ന രാവിലെ ഒരു ആത്മഗതം .

അനിയ നമ്മുടെ ലാലേട്ടൻ അഭിനയിക്കുന്ന ഒരു ന്യൂ  ജനറേഷൻ  ചിത്രം കാണണം എന്നുണ്ടായിരുന്നു. പ്രസ്തുത  ആഗ്രഹം ഇന്നലെ തീർന്നു .

ഓഹോ അണ്ണൻ റെഡ് വൈൻ കണ്ടോ ? അണ്ണൻ കാണത്തില്ല എന്ന് കരുതി ഞാൻ ഒരു നിരൂപണം ഇന്നലെ കാച്ചിയതെ  ഉള്ളു .

വായിച്ചു അനിയാ കാളകൂടത്തിലെ അനിയാ നിന്റെ സാഹിത്യം ഫഹദ് ഫാസിൽ കലക്കി. മോഹൻലാൽ ഗ്രാൻഡ്‌ മാസ്റ്റർ എന്ന ചിത്രത്തിലെ പോലെ (മിടുക്കൻ !!! പുകഴ്ത്തിയോ എന്ന് ചോദിച്ചാൽ  ഇല്ല!! ) പിന്നെ ആസിഫലി, അഹങ്കാരിയായ ആ  ചെറുക്കൻ മോശം ഇതല്ലേ നിന്റെ ലൈൻ .

അണ്ണാ  അത് പിന്നെ ജീവിച്ചു പോകണ്ടേ . പറ സംഗതി എങ്ങനുണ്ട് ?

ശരി നീ ആദ്യം പറ . സംവിധയകൻ ലാൽ  ജോസ് മലയാള സിനിമക്ക് നൽകിയ  ഏറ്റവും വലിയ സംഭാവന എന്താ ?

അതിപ്പോ .. അങ്ങനെ പെട്ടന്ന് ചോദിച്ചാൽ ......പൊതുവെ നന്നായി സംഭാവന ചെയുന്ന ആളാണല്ലോ  ശ്രീ ലാൽ ജോസ് ...

എടാ ഇ ങ്ങനെ കാടിനു ചുറ്റും തല്ലല്ലേ . അദ്ദേഹം ഇതുവരെ ഒതുക്കി വെച്ചിരുന്ന സഹ സംവിധായകരെ ഒന്നൊന്നായി അഴിച്ചു വിട്ടു മലയാള പ്രേക്ഷകരെ ഉപദ്രവിച്ചു കൊല്ലുകയാണ് എന്നതാണ് സത്യം .ജവാൻ ഓഫ് വെള്ളി മല കഴിഞ്ഞപ്പോൾ ദാ  വരുന്നു അടുത്തത് . ഇനി എത്രയെണ്ണം ഉണ്ടോ ആവോ സ്റ്റോക്കിൽ ?സംവിധാനം നേരത്തേ പറഞ്ഞ പോലെ ലാൽ ജോസിന്റെ മറ്റൊരു സഹനായ  സലാം  ബാപ്പു നിർമ്മാണം ഗിരീഷ്  ലാൽ തിരകഥ മാമ്മൻ കെ രാജൻ  കഥ ( നേരത്തേ  വെളിപ്പെടുത്താൻ മറന്നു പോയത് ) നൌഫൽ സംഗീതം ബിജിപാൽ , അഭിനേതാക്കൾ  സർവ ശ്രീ ലാലേട്ടൻ , ആസിഫലി , ഫഹദ് ഫാസിൽ , സുരാജ് ,ടി ജി രവി , മിയ (ചേട്ടായീസ്   ഫെയിം ) അനുശ്രീ (ഡയമണ്ട് നെക്ക്ലേസ്  ഫെയിം ) മേഘ്ന രാജ് ,മരിയ ജോണ്‍ (പുതുമുഖം ) സൈജു  കുറുപ്പ് , അനൂപ്‌ ചന്ദ്രൻ ,മീര നന്ദൻ , സുധീർ കരമന , പ്രിയനന്ദൻ തുടങ്ങിയ താരനിര

ഇതൊക്കെ എനിക്കറിയാം .അണ്ണൻ കഥയെ പറ്റി  പറയാമോ ?

പിന്നെന്താ വയനാട്ടിലെ ഒരു ലോക്കൽ കമ്മിറ്റി സെക്രട്ടറി അനൂപ്‌  (ഫഹദ് ഫാസിൽ ) നഗരത്തിലെ  ഒരു ലോഡ്ജിൽ വെച്ച് കൊല്ലപ്പെടുന്നു. അന്വേഷിക്കുന്നത്  രതീഷ്‌ വാസുദേവൻ‌ (മോഹൻലാൽ ).ഭയങ്കര ബുദ്ധി ഉപയോഗിച്ച്  (പിന്നെ ഉപയോഗിക്കാതെ ലാലേട്ടൻ അല്ലെ പുള്ളി !!) കൊലപാതകിയെ  കണ്ടു പിടിക്കുന്നതാണ് കഥയുടെ ചുരുക്കം .

അപ്പോൾ കുറ്റാന്വേഷണം ആണല്ലേ ലാലേട്ടൻ എങ്ങനെ കലക്കിയോ ?

ഈ ചിത്രത്തോടെ  അദ്ദേഹം അഭിനയ ജീവിതത്തിലെ മറ്റൊരു നാഴിക കല്ല്‌  കൂടി പിന്നിടുന്നു .രണ്ടര മണിക്കൂർ ഉള്ള ഒരു സിനിമ മുഴുവൻ ഒരൊറ്റ ഭാവത്തിൽ അഭിനയിക്കുക എന്ന മനുഷ്യനാൽ തികച്ചും ദുഷ്കരമായ കൃത്യം അദ്ദേഹം ഈ ചിത്രത്തിൽ പുല്ലു പോലെ നിർവഹിച്ചിരിക്കുന്നു. ഹോളിവൂഡ്‌ സിനിമ ലോകത്ത് ആർനോൾഡ് , ടെർമിനെറ്റർ  സീരീസിൽ  സമാനമായ ഒരു ശ്രമം  നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും വിജയിച്ചതായി തോന്നുന്നില്ല .പിന്നെ ഫഹദ് ഫാസിൽ അദ്ദേഹം നമ്മുടെ അനൂപ്‌ മേനോന്റെ കാര്യം പറഞ്ഞത് പോലെയാ ഫഹദ് പിച്ചക്കാരനായി അഭിനയിച്ചാലും അത് ഒരു ന്യൂ  ജനറേഷൻ  പിച്ചക്കാരൻ ആയിരിക്കും . ഈ സിനിമയിൽ തന്നെ നോക്കിയാൽ , ഒരു പാർട്ടി ലോക്കൽ സെക്രട്ടറി എന്ന് പറഞ്ഞാൽ  ഓർമ്മ വരുന്നത്  ബാലൻ  കെ നായരും, മുരളിയും , മമ്മൂട്ടിയും ഒക്കെ അവതരിപ്പിച്ച ബീഡി വലിക്കുന്ന,വെട്ടൊന്ന്  മുറി രണ്ടു എന്ന മട്ടിലുള്ള  പരുക്കൻ കഥാപാത്രത്തെ അല്ലേ ? എന്നാൽ ഇവിടെ അങ്ങനെയല്ല ഇഞ്ചിനീയറിംഗ്  കഴിഞ്ഞ തികഞ്ഞ ശാന്ത സ്വഭാവിയും  സമചിത്തതയോടെ കാര്യങ്ങൾ മനസിലാക്കാനും ഇംഗ്ലീഷ്  മ്യൂസിക്‌ , റെഡ് വൈൻ , ബൌധിക സൌഹൃദങ്ങൾ , സ്ത്രീ സുഹൃത്തുക്കൾ , നാടകാഭിനയം  ബിസ്നസ് സുഹൃത്തുക്കൾ  അവരുടെ കിടിലം പാർട്ടികൾ ഇവയോക്കെയുള്ള ഉള്ള ഒരു ഇടതുവിപ്ലവ  പാർട്ടി ലോക്കൽ സെക്രട്ടറിയെ ഒന്ന് സങ്കല്പ്പിച്ചു  നോക്കു .ഒരു ആധുനികത വരുന്നില്ലേ? അതാണ് ഈ സിനിമയിലെ ലോക്കൽ സെക്രട്ടറി അനൂപ്‌ (പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ ഉള്ളതിൽ ഭേദം  ഈ നടൻ  തന്നെയാണ് ).

അപ്പോൾ അസിഫലിയോ

പാവം, സ്ഥലം അഹങ്കാരി സ്ഥാനം ആർക്കെങ്കിലും ഒന്ന് കൈമാറുന്ന വരെ ആ നടൻ  ഇനി എന്തൊക്കെ സഹിക്കണോ ആവോ ?പിന്നെ മനുഷ്യനെ വെറുപ്പിക്കുന്നതിൽ ലാലേട്ടന്റെ തൊട്ടു പിന്നിൽ ഈ നടൻ  ഉണ്ട് എന്നതാണ് സത്യം .(ലാലേട്ടൻ വെറുപ്പിക്കുമ്പോൾ ആസിഫലി ബോറടിപ്പിക്കുന്നു എന്ന് മാത്രം ).അസിഫലി യുടെ കഥാപാത്രം ഒരിടത്തു പോലും ഇയാൾ ഒരു മുൻ  കോട്ടേഷൻ ആളായിരുന്നു എന്ന് തോന്നില്ല .(അഭിനയ മികവു തന്നെ.(ഏതോ ശാന്തിക്കാരനെ പിടിച്ചു കൊട്ടേഷൻ പണി എല്പ്പിച്ച പോലുണ്ട് ) )

ഇനി ഈ സിനിമ ആസ്വദിച്ച്  നിരൂവിച്ച നിന്നെ പോലെയുള്ള മഹാന്മാരോട് ചില ചോദ്യങ്ങൾ

നമ്മുടെ നാട്ടിൽ ഒരു വൻകിട പണമിടപാട് സ്ഥാപനം (ഫിൻ കോർപ്പ് ) ഒരു റിസോർട്ട്  തുടങ്ങാൻ പ്ലാൻ ചെയ്യുന്നു .സ്ഥലം പാർട്ടി ലോക്കൽ സെക്രട്ടറി ഇതിനു എതിരാണ് (പ്രശ്നം പരിസ്ഥിതി ). കമ്പനി എന്ത് ചെയ്യും ? ഇടഞ്ഞു നില്ക്കുന്ന സെക്രട്ടറിയെ വല്ലപാടും അനുനയിപ്പിക്കാൻ നോക്കും അല്ലെങ്കിൽ മുകളിലേക്ക് കാശുമായി പോകും .അതോ ഇതൊന്നും ചെയ്യാതെ  അവിടെ ലോണ്‍ എടുത്തു തിരിച്ചു അടയ്ക്കാൻ  നിവർത്തി ഇല്ലാതെ വിഷമിക്കുന്ന വല്ല മുൻ കോട്ടഷൻ തൊഴിലാളിക്ക് ലോണ്‍ എഴുതി തള്ളം  എന്ന ഓഫർ കൊടുത്തു സെക്രട്ടറിയെ കൊല്ലിക്കുമൊ ?

ഒരു ലോഡ്ജിൽ ഒരു കൊല നടക്കുന്നു . പോലീസ്  ആദ്യം തിരകേണ്ടത്  അവിടെ താമസിച്ചിരുന്ന വല്ലവരും അപ്രത്യക്ഷമാ യിട്ടുണ്ടോ .ഉണ്ടെകിൽ അവൻ കൊടുത്ത വിലാസം ചെക്ക്‌ ചെയ്യും അത് വ്യാജം ആണെങ്കിൽ അയാളെ കണ്ടെത്താൻ ശ്രമിക്കും അങ്ങനെ ഒക്കെയാണ് . എവിടെ അതൊക്കെ ചെയുന്നതിന് പകരം നിരവധി മണ്ടത്തരങ്ങളിലൂടെ (സംഗതി ഏതാണ്ട് വലിയ കാര്യം ആണെന്ന ഭാവത്തിലാ ചെയ്യുന്നെ എന്ന് മാത്രം ) ആണ് അന്വേഷണം കൊണ്ട് പോകുന്നത് .

പിന്നെ ഈ സിനിമയുടെ ഏറ്റവും വലിയ പുതുമ എന്ന് പറയുന്നത് .കൊലപാതകം ആര് ചെയ്തു എന്നുള്ളത്  ആദ്യ അര മണികൂരിനുള്ളിൽ നമുക്ക് മനസിലാകും . പിന്നെ അവസാനത്തെ ആ ചത്തവന്റെയും കൊന്നവന്റെയും ആത്മാക്കൾ ഒരുമിച്ചു ബൈക്ക് പിടിച്ചു ലാലേട്ടന്റെ മുന്നിലെത്തി രണ്ടു മിനിട്ട് ഒരു തത്വം പറച്ചിലുണ്ട് (ഭയങ്കരം തന്നെ അനിയാ !!!) ലാലേട്ടന് പിന്നെ കറന്റ്‌ അടിച്ചാലും സ്ഥായി ആയുള്ള  ഭാവത്തിനു ഒരു മാറ്റവും ഇല്ലാത്തത് കൊണ്ട് കൊള്ളാം .ഈ രണ്ടു സംഭവങ്ങൾക്കിടയിൽ കാണാൻ കേറുന്നവനെ പീഡിപ്പിച്ചു കൊല്ലാനായി നേരത്തെ പറഞ്ഞ സംഭവവുമായി ഒരു ബന്ധവും ഇല്ലാത്ത കുറെ കാര്യങ്ങൾ പറഞ്ഞു പോകുന്നു .ലാലേട്ടന്റെ കഴിവ് വെളിപ്പെടുത്താനായി ഉണ്ടാക്കി ഇറക്കിയിരിക്കുന്ന രണ്ടു രംഗങ്ങളും തെറ്റില്ലാതെ കാണുന്നവനെ വെറുപ്പിക്കും ( ബാങ്കിൽ വെച്ച്  ഉടമയെ അറസ്റ്റ് ചെയ്തു കൊട്നു പോകുമ്പോൾ ഒരു സി സി പിടിക്കുന്ന ഗുണ്ട വാറഡ്  ഉണ്ടോ എന്ന് ഗുണ്ടാ ഭാവത്തിൽ ചോദിക്കുന്നതും (അസി കമ്മിഷണറിനോടാന്നേ ) ലാലേട്ടൻ തന്റെ ഭാവം വിടാതെ അവനു ചെകിടത് കൊടുക്കുന്നതും , പിന്നെ വില്ലൻ അൽഷി മേഴ്സ്  അഭിനയിച്ചു കിടക്കുമ്പോൾ അത് പൊളിക്കുന്നതും (പ്രത്യേകിച്ചോന്നും ഇല്ലാ ലാലേട്ടൻ എന്തോ പാത്രം എടുത്തു അപ്രതീക്ഷിതമായി വില്ലന്റെ തലക്കടിക്കുന്നതായി അഭിനയിക്കുന്നു .വില്ലാൻ തടയുന്നു .തീർന്നില്ലേ ...ലാലെട്ടനോടാണോ കളി !!!) ).

മരിയ  ജോണ്‍, മേഘ്ന രാജ് ഇവരൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം സിനിമ കഴിയുമ്പോളും  അവശേഷിക്കും . (ഇവര് മാത്രമല്ല ഈ സിനിമയിലെ ബാക്കി ഒട്ടു മിക്ക കഥാപാത്രങ്ങളും ആ തോന്നൽ  ആണ് ഉളവാക്കുന്നത് )മേഘ്ന രാജ്  പിന്നെ ലാലേട്ടന്റെ കഴിവ് തെളിയിക്കാൻ ആണെന്ന്  വിചാരിക്കാം .(പുല്ലു പോലെയല്ലേ  മേഘ്ന ആണ്  അനൂപിന്റെ അഞ്ജാത  ചാറ്റ് ഫ്രണ്ട് എന്ന് ലാലേട്ടൻ വിളിച്ചു പറയുന്നത് അതും ഒരു തെളിവും കൂടാതെ !!!)

അല്ല അപ്പോൾ ചുരുക്കമായി പറഞ്ഞാൽ .

മനുഷ്യനെ മിനക്കെടുത്താൻ പടച്ചു വിട്ട ഒരു ഉരുപ്പടി .ഇവനൊക്കെ ദൈവം കൊടുത്തോളും .ഒരു ഗതി കേട്ട മലയാള സിനിമ പ്രേക്ഷകൻ വേറെ എന്ത് പറയാനാ അനിയാ

Thursday, March 21, 2013

ഇതു പാതിരാമണൽ (പാതിരാ ടണൽ !!)

അനിയാ , ഇതാ ഇവിടെ വരെ ...

പോയിട്ട് വരണം അണ്ണാ , ഞാൻ വെയിറ്റ് ചെയ്യാം

അതല്ലടാ , ഐ വി ശശി സംവിധാനം ചെയ്ത സിനിമ .

അണ്ണാ , ജോയ് മാത്യൂ സാറും ഞാനും ഒന്നും ഐ വി ശശിയെ ഒരു സംവിധായകനായി  അംഗീകരിക്കാറില്ല .

നിന്നെ എനിക്ക് അറിയാം. ആരെഡേ ഈ ജോയ് മാത്യൂ ?

അണ്ണാ , നിങ്ങൾ സണ്ണി വെയിനിനെയും , ആഷിക് അബുവിനെയും അറിയില്ല എന്ന് പറഞ്ഞത് ഞങ്ങൾ ന്യൂ ജനറേഷൻ ശിങ്കങ്ങൾ ചിലപ്പോ ക്ഷമിക്കും സഹിക്കും. പക്ഷെ ഷട്ടർ സംവിധാനം ചെയ്ത ജോയി സാറിനെ അറിയില്ല എന്ന് പറഞ്ഞാൽ നിങ്ങൾക്ക്  എതിരെ അറിവില്ലാത്ത കലീമുള്ള സാറിനെ ക്കൊണ്ട് ലേഖനം എഴുതിക്കും. പിന്നെ നിങ്ങക്ക് തല വെളിയില കാണിച്ചു  പുറത്തിറങ്ങാൻ പറ്റില്ല , പറഞ്ഞേക്കാം .

ഈ അറിവില്ലാത്ത കലീമുള്ള നിന്റെ ഗുരു  അണലി ഷാജി പോപ്പുലർ മുന്നണിയിൽ മെമ്പർഷിപ്പ് എടുത്തു പോയ ഒഴിവിൽ വന്ന പുതിയ കച്ചറക.ൾ നിരൂപക ജീവി അല്ലെ ?

അത് തന്നെ .

പൊന്ന്  അനിയാ ,അതിലും ഭേദം  നീ എന്നെ  എന്നെ മീൻ പാളക്ക് തല്ലുന്നതാണ്  . എന്നാലും നീ ഐ വി ശശിയെ അംഗീകരിക്കാത്ത ജോയ് മാത്യൂ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന് കണ്ഫ്യൂഷൻ ആയിപ്പോയി . ഞാൻ കരുതി ഐ വി ശശിയുടെ  അങ്ങാടി , വാർത്ത, ഉയരങ്ങളിൽ ഈ സിനിമകൾ ഒക്കെ പോലെ ഭയങ്കര വ്യത്യസ്തമായ സിനിമകൾ എടുത്ത് മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയ ജോയ് മാത്യൂ  വേറെ  ആരെങ്കിലും കാണും എന്ന് 

നിങ്ങൾ  പരിഹാസം തുടങ്ങി . ജോയി മാത്യൂ പറഞ്ഞത് വിവരക്കേടാണ് എന്ന് എനിക്കും അറിയാം. പക്ഷെ ഇതു നമുക്ക് വേറെ ഒരു ദിവസം ചർച്ച  ചെയാം. എനിക്ക് കാള കൂടത്തിൽ പുതിയ റിവ്യൂ കൊടുക്കേണ്ട  സമയമായി. വല്ല പുതിയ ഐറ്റവും  ഉണ്ടെങ്കിൽ നിങ്ങൾ അത് പറ .

അതാണ്‌ ഞാൻ നിന്നോട് ഇതാ ഇവിടെ വരെ എന്ന സിനിമയെക്കുറിച്ച് പറഞ്ഞു  തുടങ്ങിയത് ,

പഴയ ആ പടത്തിനു എന്തോന്ന് റിവ്യൂ ?  അപ്പൊ നിങ്ങൾ പുതിയ പടങ്ങൾ ഒന്നും കണ്ടില്ലേ ?

കണ്ടെടാ . പത്മകുമാർ സംവിധാനം ചെയ്ത ഇത് പാതിരാമണൽ.

നമ്മുടെ ഉണ്ണി മുകുന്ദൻ  നായകനായി അഭിനയിക്കുന്ന പടം .

ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നു എന്ന് മാത്രം നീ ദൈവദോഷം പറയരുത്. അദ്യാവസാനം ഉണ്ണി മുകുന്ദൻ മസിലുരുട്ടി നില്ക്കുന്ന സിനിമ എന്ന് വേണേൽ  പറ

അതും ഇതാ ഇവിടെ വരെ എന്നാ പടവും ആയിട്ട് എന്ത് ബന്ധം ?

വില്ലനോട്.സ്വന്തം അമ്മയെ നശിപ്പിക്കുകയും , അച്ഛനെ കൊല്ലുകയും ചെയ്യുന്ന  വില്ലനോട് പ്രതികാരംചെയുന്ന നായകൻ . ഇതാണ് രണ്ട് സിനിമകളുടെയും കഥ . അത് തന്നെ പാതിരാമണലും ഇതാ ഇവിടെവരെയും തമ്മിലെ  ബന്ധം

പ്രതികാർ കഥ , നമ്മുടെ പത്മകുമാർ സംവിധാനം  ചെയ്യുമ്പോൾ നല്ല റിയലിസ്റ്റിക്ക് ഫീൽ ഉള്ള പടം ആയിരിക്കുമല്ലോ അണ്ണാ ?

എന്നൊക്കെ  കരുതിയാണ് ഞാനും സിനിമ കാണാൻ കയറിയത് . പക്ഷേ പടം കൊന്നു കൊല വിളിച്ചു കളഞ്ഞു അനിയാ.

എന്തേ സംവിധാനം മോശമാണോ ?
സംവിധാനം മോശം എന്ന് പറയുന്നതിനേക്കാൾ ബാബു ജനാർദ്ധനൻ എഴുതിയ തിരക്കഥ  വളരെ മോശം എന്ന് പറയുന്നതാവും കൂടുതൽ  ചേരുക . പ്രതികാരം ചെയ്യാൻ പാതിരാമണലിൽ എത്തുന്ന നായകന് ഇടവേള വരെ വില്ലനെ മുന്നില് കിട്ടാൻ വേണ്ടി കാത്തിരിക്കും . ഇടവേള കഴിഞ്ഞാൽ ക്ലൈമാക്സ്  വരെ വില്ലന്റെ കൂടെ ചുമ്മാ തെക്ക് വടക്ക് നടക്കും  ( ഇടയ്ക്കു വില്ലന്റെ മോളുടെ കൂടെയും ) . ഇനിയും ഇവനെ ഇങ്ങനെ വിട്ടാൽ ഇവാൻ ചിലപ്പോൾ തന്റെ ശിങ്കിടിയായി സ്ഥിരമായി കൂടിയാലോ എന്ന് ഭയന്നിട്ടാണോ എന്ന് അറിയില്ല ക്ലൈമാക്സ് അടുപ്പിച്ചു വില്ലൻ നായകന്റെ കൂട്ടുകാരനെ തട്ടും , പിന്നെ സ്റ്റണ്ട് , വില്ലന്റെ മരണം , ശുഭം . രണ്ടര മണിക്കൂർ ഹര ഹരോ  ഹര ഹര .

ഉണ്ണി മുകുന്ദൻ എങ്ങനെയുണ്ട് അണ്ണാ ? ചാലു  മോൻ വരും വരെ ആസിഫ് അലി കിടിലം എന്ന് ഞങ്ങൾ വാഴ്ത്തിയത് പോലെ ഇനി പ്രണവ് മോൻ വരും വരെ ഞങ്ങൾക്ക്  വാഴ്ത്താൻ ഉള്ള ആളുകളുടെ പട്ടികയിൽ ടോപ്‌ ആണ് പുള്ളി . കലക്കിയിട്ടുണ്ടോ ?


തെങ്ങും തോപ്പിൽ വില്ലന്റെ  മോളെ കത്ത് നിൽക്കുമ്പോൾ തേങ്ങ ഇടീക്കാൻ വന്ന ഭാവവും, വില്ലനെ കാണുമ്പോൾ പ്രകൃതിയുടെ വിളി  ശങ്ക തീർക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന ഭാവവും, ഈ രണ്ടു ഭാവങ്ങൾ പുള്ളി നന്നാക്കിയിട്ടുണ്ട് . ബാക്കി ഫുൾ ടൈം മസിൽ ഉരുട്ടി മി. പോഞ്ഞിക്കര കളിക്കുകയാണ് .

നായിക???

രമ്യാ നമ്പീശൻ ...പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്ത ഒരു അഴ കൊഴമ്പൻ തന്റേടി റോൾ.കന്മദം മഞ്ജു വാ ര്യർ കഥാപാത്രത്തിന്റെ  ചീഞ്ഞ  കോപ്പി

അപ്പോൾ പടം മൊത്തത്തിൽ സ്വാഹ.

അകെ കൊള്ളാം  എന്ന് പറയാൻ സാധിക്കുന്നത് വില്ലനായി അഭിനയിച്ച പ്രദീപ്‌ റാവത്ത്  ആണ്. കഥാപാത്രത്തിന്റെ ശരീര ഭാഷ ശരിക്കും കലക്കിയിട്ടുണ്ട് (ഒരു അന്യ  ഭാഷാ നടനെ ഇങ്ങനെ അഭിനയിപ്പിച്ചതിൽ ചായ പതമാകുമാറിനും  കൂടി ഉള്ളതാണ് )

ചുരുക്കത്തിൽ ?

ഇതാ ഇവിടെ വരെ എന്ന നല്ല  ഒരു സിനിമയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട  വെറും ഒരു തല്ലിപ്പൊളി സിനിമ . 

Tuesday, March 19, 2013

പപ്പിലിയോ ബുദ്ധ അഥവാ ചെറിയച്ചന്റെ ക്രൂരകൃത്യങ്ങൾ

അണ്ണാ വിവാദ ചിത്രം ഇറങ്ങിയത്‌ അറിഞ്ഞില്ലേ ?

 അനിയാ നിന്റെ പ്രസ്താവനയിൽ ഒരു പ്രശ്നം ഉണ്ടല്ലോ , മലയാളത്തിൽ ഇപ്പോൾ ആഴ്ചതോറും വിവാദ ചിത്രങ്ങൾ അല്ലേ ? ഇതേതാ സംഗതി
 ഇവൻ കൂടിയവനാ പപ്പിലിയോ ബുദ്ധ .ഇറങ്ങുന്നതിനു മുൻപേ വിവാദമായ ... നമ്മുടെ ജാദു കണ്ടു പിടിച്ചു മലയാള സിനിമയെ രക്ഷിച്ച പ്രകാശ്‌ ബാരെ സാർ തമ്പി ആന്റണിയുമായി ചേർന്ന് നിർമ്മിച്ച പടമല്ലേ അത്

പിന്നെയും തെറ്റി അനിയാ അത് സിനിമ ആണെന്ന് ആരാ നിന്നോട് പറഞ്ഞേ .സത്യത്തിൽ അതൊരു നല്ല Documentary പോലും ആണെന്ന് എനിക്ക് അഭിപ്രായമില്ല .

പിന്നെ എന്താ അത് ?

ഈ സാധനം എനിക്ക് തോന്നുന്നത് ബുദ്ധിജീവികൾക്കും അഥവാ ബുദ്ധി ജീവികൾ എന്ന് സ്വയം കരുതുന്ന കൂതറ മലയാളികൾക്കും  കടിച്ചു വലിക്കാനുള്ള കുറെ എല്ലിൻ കഷ്ണങ്ങൾ മാത്രമാണ് എന്നാണ്

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയന് കെ ചെറിയാൻ (ബുദ്ധൻ  എങ്ങനാ ചെറിയാച്ചന്റെ ക്രൂരകൃത്യം ആയി മാറുന്നത് എന്ന് മനസിലായല്ലോ ) സംഗതി ആദിവാസികളുടെ ദുരിതം .സംഗതിക്ക് ഒരു ഒറ്റ മൂലിയും അദ്ദേഹം ബൌദ്ധികമായി മുന്നോട്ടു വയ്ക്കുന്നു .ഈ ചിത്രത്തിൽ അഭിനേതാക്കൾ പ്രകാശ്‌ ബാരെയും തമ്പി സാറും കൂടാതെ സരിത പദ്മപ്രിയ ശ്രീകുമാർ തുടങ്ങിയവര ഇതിൽ മുഖം കാണിക്കുന്നു .

ആദിവാസികളുടെ കഷ്ട്ടപ്പാട് എന്ന വിഷയത്തെ അധികരിച്ച്  ഒരു സാധനം (എന്തോ ആയിക്കോട്ടെ ) ചെയ്യുമ്പോൾ  ഒരു സാമാന്യ മര്യാദ എന്ന രീതിയിൽ  ചെയ്യേണ്ട അടിസ്ഥാന പഠനം പോലും  ചിത്രത്തിന് വേണ്ടി നടന്നിട്ടുണ്ട് എന്ന് തോന്നുന്നില്ല . എല്ലാ കുറ്റവും അൻപതിൽ പരം വര്ഷങ്ങള്ക്ക് മുൻപ് നിലവിൽ  ഇരുന്ന , ഇന്നു  കുറഞ്ഞ പക്ഷം കേരളത്തിൽ  എങ്കിലും ഒരിടത്തും നിലവിൽ  ഇല്ലാത്ത ജാതി വ്യവസ്ഥയുടെ ഉച്ച നീചത്വങ്ങളുടെ  തലയിൽ  വെറുതെ അങ്ങ് ചാരുകയാണ്  ഈ ബുദ്ധനിൽ .

ഉദാഹരണമായി ഓട്ടോ ഓടിക്കുന്ന ഒരു ദളിത സ്ത്രീ ക്രൂരമായി കൂട്ട ബലാൽസംഗം  ചെയ്യപ്പെടുന്നു .അവിടെ കാണിക്കുന്നത് സവർണ്ണർ അവരെ അങ്ങ് ചെയ്തു എന്നാണ് .(എന്നാൽ അങ്ങനെ ചെയ്യുന്നതിന് അവർക്ക്  എന്തെങ്കിലും പ്രത്യേക  കാരണം കാണിക്കുന്നുണ്ടോ അതുമില്ല ) പരുഷാധിപത്യം ഉള്ള ഒരു ലോകത്ത് തന്റേടത്തോടെ നില്ക്കുന്ന ആദ്യത്തെ ഏതു സ്ത്രീക്കും ഇന്നത്തെ കാലത്ത്  സംഭവിക്കാവുന്നത്‌ ആണിത്  എന്നതാണ് എന്റെ വിശ്വാസം .പിന്നെ ജാതി മത ഉച്ച നീചത്വങ്ങൾ ഒന്നുമില്ലാത്ത രണ്ടേ രണ്ടു മേഖലകൾ എന്ന് നമ്മുടെ കേരളത്തിൽ ഉണ്ടെങ്കിൽ അത് മദ്യപാനവും സ്ത്രീ പീഡനവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു .യോജിക്കാവുന്നവർക്ക് യോജിക്കാം .
തികച്ചും നെഗറ്റിവ് എന്ന് പറയാവുന്ന കുറെ കാര്യങ്ങൾ ഈ സൃഷ്ടിയിൽ പറയുന്നുണ്ട് . ജെ  എൻ യുവിൽ പഠിച്ചാലും , അമേരിക്കയിൽ പോയാലും ദളിതൻ എന്നും ദളിതൻ തന്നെ എന്നാണ് വിദ്യാഭ്യാസത്തിലൂടെ മുന്നോട്ട് വരാൻ പഠിപ്പിച്ച അയ്യങ്കാളിയെ പോലുള്ള നേതാക്കളുടെ  അനുയായികളോട് പറയുന്നത് . (അതായിത് നീ ഈ സൌകര്യങ്ങൾ ഒന്നും ഉപയോഗിക്കാതെ എന്നും ഇങ്ങനെ നരകിച്ചു ഞങ്ങളുടെ വോട്ട് ബാങ്ക് ആയി നിലകൊള്ളണം എന്ന് .) മഹാത്മാഗാന്ധി മുതൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വരെ ദളിതരെ വഞ്ചിച്ചു  എന്ന് പറയുമ്പോൾ അതെങ്ങനെ എന്ന് കൂടി പറയേണ്ട ബാധ്യത ഇവർക്ക് ഉണ്ടാകേണ്ടതല്ലേ .?പിന്നെ അയ്യൻ കാളിയെപോലെ സാമൂഹ്യ പരിഷ്കര്താവായ ഒരു നേതാവിന്റെ പടത്തിന് മുന്നിൽ ഇംഗ്ലീഷിൽ അയ്യൻ‌കാളി  യജമാനൻ എന്ന് എഴുതി വെച്ചിരിക്കുന്നത് കാണിക്കുന്നതിലൂടെ , ദളിതർക്കും ആദിവാസികൾക്കും എന്നും ഒരു യജമാനൻ വേണം എന്നാണ് ചെറിയാച്ചൻ പറയാൻ ശ്രമിക്കുന്നത് എന്ന് തോന്നുന്നു .(ആർക്കറിയാം ?)

ഒരു ചെറുപ്പക്കാരിയായ ബ്രാഹ്മണ സ്ത്രീ ദാരിദ്രം കൊണ്ട്  ഓട്ടോ ഓടിക്കുകയും ഈ ചിത്രത്തിലെ സ്ത്രീയുടെ അവസ്ഥയിലൂടെ കടന്നു പോകുകയും ചെയ്താൽ അവരുടെ ജാതി ഒന്ന് കൊണ്ട് മാത്രം അവര്ക്ക് ഈ അനുഭവം ഇന്നത്തെ കാലത്ത് വരില്ല എന്ന് പറഞ്ഞാൽ എനിക്ക് ദഹിക്കാൻ ബുദ്ധിമുട്ടാണ് . അത് പോലെ ദളിത നോ അല്ലാത്തവ ആളോ ആകട്ടെ സ്വജാതിയിൽ പെട്ട ഒരാളെ പീഡിപ്പിക്കാൻ ഉള്ള സാധ്യത മറ്റേതു ജാതിക്കാരനും ഉള്ളത് പോലെ തന്നെ ആണ് എന്നാണ് പത്രം വായിക്കുന്ന ആർക്കും മനസിലാകുന്നത് .

പിന്നെ ഈ ചിത്രത്തിൽ അവസാനം  കാണിക്കുന്നത് പോലെ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചാൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും തീരും എന്നാണോ .വേണ്ട തീരുന്ന ഒരു പ്രശ്നം എങ്കിലും  പറയാമോ ? (അതായിത്  നമ്മുടെ ഓട്ടോ ഓടിക്കുന്ന പെങ്കൊച്ചു നേരത്തെ ബുദ്ധ മതത്തിൽ ചേർന്നിരുന്നു  എങ്കിൽ സംഗികൾ വരുമ്പോൾ ബുദ്ധം ശരണം ഗച്ചാമി എന്ന് പറയുന്നു .സംഗികൾ ഭവ്യതയോടെ മാറി നില്ക്കുമായിരുന്നു എന്ന് ചുരുക്കം ).ഡിഗ്രി കഴിഞ്ഞ ഒരു ആദിവാസി യുവാവിനു ഈ നാട്ടിൽ സായിപ്പിന് വഴങ്ങി കൊടുത്തു (സ്വവർഗ്ഗം) മാത്രമേ ജീവിക്കാൻ കഴിയു എന്നാണ് പറയുന്നതെങ്കിൽ ഇതൊക്കെ കാണുന്നവരെ കുറിച്ച് ചെറിയാച്ചൻ എന്നതാ വിചാരിച്ചു വെച്ചിരിക്കുന്നത് എന്നത് ആലോചിക്കണം .

പിന്നെ സെൻസർ ചെയ്യാത്ത ചിത്രം പ്രദർശിപ്പിച്ചു, മലയാളിക്ക് മാത്രുക കാണിച്ച  ബാരെ സാറിന് നിയമം ഒന്നും ബാധകം അല്ല എന്നാണ് മനസിലാക്കുന്നത്‌ .(ജാദു മാത്രമാണ് സത്യം !!!). ഒരു രാജ്യത്തെ ദേശീയ ഗാനം , രാഷ്ട്രപതാക ,രാഷ്ട്രപിതാവ്  എന്നിവയൊക്കെ ഏതു ആവിഷ്ക്കാര സ്വാതത്ര്യത്തിന്റെ പേരിലായാലും അവഹേളിക്കുന്നത് നിരോധിക്കേണ്ടതാണ് എന്ന് ഞാൻ കരുതുന്നു . ഇതിനു പകരം മരിച്ചു പോയ (ജീവിച്ചിരിക്കുന്ന ശക്തനായ നേതാവായാലും മതി ) ഒരു രാഷ്ട്രീയ മത നേതാവിനെയാണ് ഇങ്ങനെ കാണിച്ചതെങ്കിൽ ആവിഷ്കാര  ഉണ്ടാപ്പിയെ പറ്റി  പറയാൻ ബാരെയും തമ്പി ച്ചായനും ഒക്കെ കാണുമോ എന്ന് മാത്രം ഒരു നിമിഷം  ആലോചിച്ചാൽ മതി .നിഭാഗ്യവശാൽ നമുക്ക് ഇന്നു  ഹിന്ദുവും  ക്രിസ്ത്യാനിയും മുസൽമാനും  ഇടതനും ഒക്കെയേ ഉള്ളു ഭാരതീയൻ ഇല്ലല്ലോ.

പിന്നെ മതങ്ങളിൽ വെച്ച് സമധാനത്തിനു ശാന്തിക്കും ഏറ്റവും ഊന്നൽ കൊടുക്കുന്ന ബുദ്ധമതം സ്വീകരിച്ച ഉടനെ ഈ സിനിമയിലെ ദളിത കഥാപാത്രങ്ങൾ  ചെയ്യുന്നത് ഇവരുടെ സമരം അവസാനിപ്പിക്കാനായി നിരാഹാരം അനഷ്ട്ടിക്കാൻ വരുന്ന ഗാന്ധിയനെ തടയുകയും ഭാരതം മുഴുവൻ ബഹുമാനിക്കുന്ന ഏറ്റവും കുറഞ്ഞ പക്ഷം നിരാഹാരം അനഷ്ട്ടിക്കാൻ എത്തുന്ന ഗന്ധിയന്മാർ ആരാധിക്കുന്ന വ്യക്തിയെ അഥവാ വ്യക്തിയുടെ പ്രതീകത്തെ/ചിത്രത്തെ   അവരുടെ മുന്നിലിട്ട്  അവഹേളിക്കുകയും ആണ് .നല്ല ബെസ്റ്റ് ബുദ്ധൻ (അങ്ങേർക്കു ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ )

പിന്നെ പറയുമ്പോൾ എല്ലാം പറയണമല്ലോ സംഗതി ബോൾഡ്  ആക്കാൻ ആവണം മുല , മയി*** മുതലായ വാക്കുകൾ ഇടയ്ക്കിടെ അലക്കുന്നുണ്ട് .ഇതു കൊണ്ട് തലയ്ക്കു പിടിക്കാത്തവന് ഹോമോ -ലെസ്ബിയൻ ബിംബങ്ങൾ വേറെയും.

അപ്പോൾ ഇതു ഒരു സവര്ന്ന വിരുദ്ധ ദളിത്‌ അനുകൂല ചിത്രം ആണെന്ന് പറയാമോ ?

അനിയാ ഈ കലാ സ്രിഷ്ടിയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം നീ എതു  ടൂൾ ഉപയോഗിക്കുന്നു എന്നത് പോലിരിക്കും സംഗതി .

അല്ല ഇതിനൊക്കെ ടൂൾ ഇറങ്ങിയോ ? എവിടെ വാങ്ങാൻ കിട്ടും അതൊക്കെ . എനിക്കും വേണമായിരുന്നു രണ്ടെണ്ണം .കഞ്ഞി കുടിക്കണ്ടേ .

എടാ ഈ ടൂൾ എന്നൊക്കെ ഒരു ജാടക്ക് പറയുന്നതല്ലേ .സംഗതി കണ്ണാടി ആണ് .നീ എപ്പോൾ ഇസ്ലാമിക കണ്ണാടി വെച്ച് നോക്കുന്നു എന്നിരിക്കട്ടെ സിനിമയിൽ നിനക്ക് കഥയോ കഥാപ്പാത്രങ്ങളോ  കാണാൻ  കഴിയില്ല അകെ കാണാൻ  പറ്റുന്നത് ഇസ്ലാമിക അനുകൂല ബിംബങ്ങളും വിരുദ്ധ ബിംബങ്ങളും ആണ് ഇങ്ങനെ കണ്ണാടി വെച്ച് നോക്കുമ്പോളാണ് ഈ വിശ്വരൂപമോക്കെ പത്തു രീതിയിൽ നിരൂവിച്ചു തള്ളുന്നത് . അത് കൊണ്ട് നിനക്ക്കൊക്കെ സൗകര്യം പോലെ ഇതു ദളിത്‌ അനുകൂലമായോ ദളിതരെ പരിഹസിക്കുന്ന ചിത്രമായോ കാണാം  അതൊക്കെ ടൂൾ പോലിരിക്കും .കമ്പ്ലീറ്റ്‌ ടൂൾ ആണ് അനിയാ 

ഏതൊക്കെ ഉണ്ടെങ്കിലും ഈ സാധനം സഹിക്കാൻ പാടാണ് എന്നതാണ് സത്യം ഒരിക്കലും അവസാനിക്കാത്ത ഷോട്ടുകളും എലിപ്പത്തായത്തെ ഓർമ്മിപ്പിക്കുന്ന സംഭാഷണവും ആകെപ്പാടെ ഒരു അനുഭവമാണ്‌ ഈ ചിത്രം .ഈ നാട്ടിൽ ആർക്കും ഏതു തീം എടുത്തും സിനിമ ചെയ്യാം ഒന്നുകിൽ അത് സത്യസന്ധം ആയിരിക്കണം അല്ലെങ്കിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത് ആയിരിക്കണം ഇതൊന്നും പറ്റില്ല എങ്കിൽ കുറഞ്ഞ പക്ഷം   കാണുന്നവനെ കൊല്ലുന്നത് എങ്കിലും ആകരുത് എന്നാണ് എന്റെ എളിയ അഭിപ്രായം .പിന്നെ നമ്മുടെ നാട്ടിൽ ഒട്ടും നല്ല ഉദ്ദേശത്തോടെ അല്ലാതെ, സത്യവുമായി വിദൂര ബന്ധം പോലും ഇല്ലാത്ത വിവരങ്ങൾ  "മതം അപകടത്തിൽ " പോലുള്ള തലകെട്ടുകളുമായി  ലഘു ലേഖകൾ പ്രചരിപ്പിക്കപ്പെടാറുണ്ട് . ഈ കലാ  രൂപത്തെയും ആ വിഭാഗത്തിൽ പെട്ട ഒരു ദൃശ്യ മാധ്യമ  പടപ്പായി ഞാൻ കാണുന്നുള്ളൂ

എന്നാലും ചെറിയാച്ചാ ഇങ്ങനൊരു  പണി ഞങ്ങൾ മലയാളികൾക്കിട്ട് വേണ്ടായിരുന്നു 

Sunday, March 10, 2013

റെബേക്ക ഉതുപ്പ് കിഴക്കേമല (ഒരു മാ പ്രസിദ്ധീകരണ തുടരന്‍ !!!)

അനിയാ , നീ റൊട്ടി എന്ന് കേട്ടിട്ടുണ്ടോ അല്ലെങ്കില്‍ അഞ്ചു സുന്ദരികള്‍ , ആലിപ്പഴം , ഹൌവ്വ ബീച്ച് ...

കേട്ടിട്ടുണ്ട് ... പക്ഷെ ... ഏതൊക്കെ തമ്മില്‍ എന്താ ബന്ധം ?

അനിയാ പണ്ട് പണ്ട് ... അതായിത്  നീയൊക്കെ ഇതു പോലെ ഓണ്‍ ലൈന്‍ സാഹിത്യവും 50 ഷേഡഡ്സ് ഓഫ് തേങ്ങാക്കുല കള്ള ഇ ബുക്കും ഒക്കെ വായിച്ചു കോള്‍ മയിര്‍ കൊള്ളുന്ന കാലത്തിനും ഒത്തിരി മുന്‍പ് മലയാളത്തിലെ ആബാല വൃദ്ധം ജനങ്ങളും വായിച്ചു അതെ വികാരം ഉണ്ടാക്കിയിരുന്ന മാ പ്രസിദ്ധീകരണങ്ങളില്‍ വന്ന ഹിറ്റ്‌ തുടരന്‍ സാധനങ്ങളുടെ പേരാണ് ഇവയൊക്കെ.

ആണോ ? ശരി അതിപ്പോള്‍ പറയാന്‍ ?

അത് വഴിയെ പറയാം . ഞാനിപ്പോള്‍  വന്നത് നമ്മുടെ സുന്ദര്‍ദാസ് സംവിധാനം ചെയ്ത റെബേക്ക ഉതുപ്പ് കിഴക്കേമല എന്ന സിനിമ റീലീസ്  ആയതു നീ അറിഞ്ഞാ യിരുന്നോ?

എവിടന്നു അണ്ണാ നമ്മുടെ പാവം രെജ്ഞന്‍ പ്രമോദിന്റെ പടം കാണാന്‍ പോലും സമയം കിട്ടിയില്ല അപ്പോളാ ....ഉതുപ്പ്

വി സി അശോക് തിരകഥ ഒരുക്കുന്ന ഈ ചിത്രത്തില് അഭിനേതാക്കള്‍ ആന്‍ അഗസ്റ്റ്ന്‍ റ്റൈറ്റില്‍ റോളില്‍ വരുമ്പോള്‍ കൂടെ സായികുമാര്‍, ശാരി , ശ്രീകുമാര്‍ , ഷാനവാസ്‌ , സുകുമാരി , സിദ്ധാര്‍ധ് ഭരതന്‍, ജിഷ്ണു, നിഖില്‍ ,കലാഭവന്‍ മണി,ശശി കലിംഗ,സുരാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു .സംഗീതം രതീഷ്‌ വേഗ.നിര്‍മ്മാണം ഉപാധ്യായ ഫിലിംസ്  .(വിധി കാണികളുടെ എന്ന് കൂടി ചേര്‍ക്കുന്നതാണ് ഒരു മര്യാദ!! ).

മതി മതി എന്ത് പറഞ്ഞാലും അണ്ണന് ഒരു പുച്ഛം !! ഒന്നുമല്ലെങ്കില്‍ മലയാളത്തില്‍ സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരു സിനിമ വന്നിട്ട് ഇങ്ങനെയാണോ പ്രതികരണം.

അതേടാ വെളുത്തു കൊഴുത്തു ഒരുമാതിരി പാലപ്പം പോലിരിക്കുന്ന ആനിനെ കൊണ്ട് തന്നെ വേണം ഒളിമ്പിക്സ്നു തയ്യാറെടുക്കുന്ന ഒരു ഓട്ടക്കാരിയുടെ റോള്‍ ചെയ്യിക്കാന്‍. എന്‍റെ അഭിപ്രായത്തില്‍ ആത് പോലത്തെ റോള്‍ ചെയ്യാന്‍ ഏറ്റവും പറ്റിയത് റീമ കല്ലിംഗല്‍ പോലുള്ള ഒരു നടിയാണ് എന്നാണ് . ഇവിടെ തുടങ്ങുന്നു സംവിധായകന്റെ ഒഴിവാക്കാവുന്ന പിഴവുകള്‍.(പണ്ട് ഇറങ്ങിയ, നടി  നമിത ഓട്ടക്കാരി ആയി അഭിനയിക്കുന്ന ഏതോ സത്യരാജ് ചിത്രം ഓര്‍മ്മ  വരുന്നു .കുറഞ്ഞ പക്ഷം ഗ്ലാമര്‍ ഉദ്ദേശിച്ചു നടത്തിയ ആ കാസ്റ്റിംഗിനെ സൌഹൃദ സദസ്സുകളില്‍  തെറി പറഞ്ഞ കാലമേ നിന്‍റെ മുന്നില്‍ നാലര അടി പൊക്കമുള്ള ഉരുണ്ട ഈ ഓട്ടക്കാരി നില്‍ക്കുമ്പോള്‍ എന്ത് പറയാനുണ്ട്‌ ?)

അല്ല മലയോര പശ്ചാത്തലത്തില്‍ ഹൃദയഭേദകമായ  ഒരു കുടുംബ പ്രണയ കഥ എന്നാണല്ലോ കേട്ടത്

എന്തിനാ അനിയാ  പ്രണയവും കുടുംബവും മാത്രം ആക്കിയത് .പ്രണയ കുടുമ്പ ആക്ഷന്‍ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് വിളിക്കാമല്ലോ? കഥ ഇതു വരെ എവിടെയൊക്കെയോ നല്ല ജോലി ചെയ്തു ജീവിക്കുന്ന മൂന്ന് സുഹൃത്തുക്കള്‍ അവധിക്കാലം അടിച്ചു പൊളിക്കാനായി അവര്‍ പണ്ട് പഠിച്ച കിഴക്കേമല എന്ന മലയോര ഗ്രാമത്തിലേക്ക് യാത്രയാകുന്നു .അവരുടെ  ഓര്‍മ്മകളിലൂടെ   കാലം പുറകോട്ടു  . ആ ഗ്രാമത്തില്‍ സമ്പന്ന കുടുംബത്തിലെ ശോശാമ്മയെ (ശാരി ) വിവാഹത്തലേന്നു ഒളിച്ചോടി കല്യാണം കഴിച്ച പാവപ്പെട്ട മലയോര കര്‍ഷകന്‍ ‍ ഉതുപ്പ് (സായി കുമാര്‍) . പള്ളിയിലെ നിന്ന് കൊണ്ട് പ്രവേശിക്കുന്ന അച്ചന്‍ (അഗസ്ട്ട്യന്‍ ) അവിടുത്തെ ഗുണ്ടയും പോലീസും എല്ലാമായ കൊച്ചച്ചന്‍ (കലാഭവന്‍ മണി ). ശോശാമ്മയുടെ സഹോദരങ്ങള്‍ മാത്തുക്കുട്ടിയും (ശ്രീകുമാര്‍ ) റാഫേലും (ഷാനവാസ്‌ ) ഇവരുടെ അമ്മ സുകുമാരി .മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിള (ജിഷ്ണു)  ഉതുപ്പിന്‍റെ അയല്‍ക്കാരന്‍ ജാതി കുശുബുകാരന്‍   രാമന്‍ നായര്‍  (ശശി കലിംഗ)  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍  .

സിനിമ തുടങ്ങുന്നത് തന്നെ റെബേക്ക ഏഷ്യാഡില് ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണ  മെഡല്‍ നേടുന്നിടതാണ് (സത്യമായും മീശ മാധവനില്‍ (ജഗതി - ദിലീപ് , ബുഷ്‌ -ഒബാമ ഭാഗം  പോലെ ) ഒക്കെ കാണിച്ച പോലെ ഇതു ആരുടെയോ സ്വപ്നം ആണെന്നാണ് ഞാന്‍ ആദ്യം കരുതിയത്‌. അത്രക്ക് സില്ലി ആയി ആണ് സംഗതി എടുത്തിരിക്കുന്നത്.സ്വര്‍ണം കിട്ടിയതോടെ ശോശാമ്മയുടെ ബന്ധുക്കള്‍  ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നു അത് ഉറപ്പിക്കാനായി മാത്തുക്കുട്ടിയുടെ അളിയന്‍ കുരുവിളയുമായി റെബേക്കയുടെ വിവാഹം നിശ്ചയിക്കുന്നു .ഒളിംപ്ക്സ് സ്വര്‍ണ്ണത്തിന്നായി കിട്ടിയ ജോലി പോലും വേണ്ട എന്ന് വെച്ചിരിക്കുന്ന കൊച്ചിന് കല്യാണ കാര്യത്തില്‍ ഒരു പ്രശ്നവും ഇല്ല (അതെല്ലാം അപ്പച്ചനും അമ്മച്ചിയും പറയുന്ന പോലെ  എന്ന ലൈന്‍ ) അങ്ങനെ  കല്യാണ നിശ്ചയവും ഒക്കെ കഴിഞ്ഞു നില്‍ക്കുന്ന റെബേക്കയുടെ ജീവിതത്തിലേക്ക് അടുത്തവന്‍ കൊച്ച് അര്‍ജുന്‍ (സിദ്ധാര്‍ധ് ഭരതന്‍ ) കടന്നു വരുന്നു . ഇവര് പഴയ ബാല്യകാല  ചങ്ങാതിമാരാണ് . അദ്ദേഹം പട്ടാളത്തില്‍ ‍ പോയി അവിടെ മികച്ച അത്ലറ്റ് ആയി ഉയര്‍ന്നു വരുമ്പോള്‍ പരിക്ക് പറ്റി , ലൈന്‍ പൊട്ടി  ആകെ ജീവിത കോഞ്ഞാട്ടയായി വരുന്ന വഴിയാണ്  .ഗുരുവും ശിഷ്യയും ഒരുമാതിരി എടാ പോടാ ലൈന്‍ . പിന്നെ സംഗതി സ്പോര്‍ട്സ് ആയതു കൊണ്ട് ഇവര്‍ ട്രാക്ക് സ്യുട്ടും  ഇട്ടു ഗ്രാമത്തിലെ ഇടവഴികളിലൂടെ ഓടിക്കളിക്കുന്നു (പരിശീലനം , പരിശീലനം).ഇനി  വേണ്ടത് ത്രികോണം അത് ഉണ്ടാക്കാനായി ഇന്ന് പഴയകാലത്തിലേക്ക്  കാര്‍ ഓടിച്ചു വരുന്ന മൂന്നു പേരെ റെബേക്കയുടെ വീട്ടിനടുത്ത് രാമന്‍ നായരുടെ വീട്ടില്‍ വാടകയ്ക്ക് താമസിപ്പിക്കുന്നു .അതിലൊരുത്തനും റെബേക്കയോട് പ്രേമം .

എന്നിട്ട്

പിന്നങ്ങോട്ട് ട്വിസ്ട്ടുകളുടെ ഒരു പെരു മഴക്കാലമാണ്. മൂന്നാമത്തവന് ഒരു സ്കോപ്പും ഇല്ലാത്തത് കൊണ്ട് അവനും സുഹൃത്തുക്കളും റെബേക്കയെയും അര്‍ജുനനെയും മുറിയില്‍ പൂട്ടിയിടുന്നു.നാട്ടുകാരെ വിളിച്ചു വരുത്തി നാറ്റിക്കുന്നു . രാഷ്ട്രീയവും റബ്ബറുമായി നടക്കുന്ന കുരുവിള അച്ചായന്‍ ഇതറിഞ്ഞു പാഞ്ഞെത്തി പട്ടാളക്കാരനും കായികതാരവും ഒക്കെ ആയ അര്‍ജുനെ പൊതുരെ തല്ലി നാട്ടില്‍ കണ്ടു പോകരുത് എന്ന് പറയുന്നു.ചീത്തപ്പേര് വന്നതിനാല്‍ റെബേക്കായുടേയും കുരുവിളയുടെയും കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിക്കുന്നു.

കല്യാണ തലേന്ന് അച്ചായന്‍ കുടുംബ സമേതം വന്നു കല്യാണം നടക്കണം എങ്കില്‍ ഉതുപ്പച്ചയന്റെ എട്ടു ഏക്കര്‍ റബ്ബര്‍ തോട്ടം എഴുതിത്തരണം എന്ന് പറയുന്നതോടെ ഉതുപ്പച്ചയന്‍ ഹാര്‌ട്ട്  അറ്റാക്ക്‌ വന്നു മരിക്കുന്നു (ഡിം .......) . ശോശാമ്മ ചേട്ടത്തി നല്ലവനായ അര്‌ജുനനു റെബേക്കയെ കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിക്കുന്നു .ജാതി മത വ്യത്യാസങ്ങള്‍ ഒന്നും പ്രശ്നം അല്ല  എന്ന് വിപ്ലവകാരിയായ കൊച്ചച്ചന്‍ (കലാഭവന്‍ മണി) പ്രഖ്യാപിക്കുന്നതോടെ ശുഭം


അല്ല അപ്പോള്‍ ആ പഴയ മൂന്നു പേര്‍ .. അവര് വന്നിട്ട് ....?


ഓ അവര് വരുന്നു . അര്‍ജുന്‍ -റെബേക്കമാരുടെ വീട്ടില്‍ എത്തുന്നു ഒരു കുഞ്ഞു പുറത്തും മറ്റേതു അകത്തും ആയി റെബേക്ക ഹാപ്പി

അപ്പോള്‍ ഒളിംപിക്സ് ......?

ഇതു അവന്മ്മാരും ചോദിക്കുന്നുണ്ട് . അപ്പോള്‍ റെ ബേ ക്ക കൂള്‍ ആയി കഴിഞ്ഞ ഒളിം പിക്സില് അവസാന റൌണ്ടില്‍ തോറ്റ ത്തില്‍ പിന്നെ പോയില്ല (ഒരുമാതിരി പത്താം ക്ലാസ്സ്‌ തോറ്റത്തില്‍ പിന്നെ പഠിച്ചില്ല എന്ന് പറയുന്ന പോലെ ).ലവന്മാര്‍ ചായയും കുടിച്ചു തിരികെ പോകുന്നു വീണ്ടും ശുഭം


എന്‍റെ അമ്മോ ഇതെന്തോന്ന്? ഇതിലും ഭേദം മനോരമയോ മംഗളമോ വാങ്ങി തുടരന്‍ വായിക്കുന്നതല്ലേ ?
അതല്ലേ പറഞ്ഞെ ആദ്യമേ .ഏറ്റവും കുറഞ്ഞ പക്ഷം ആ ശശി കലിംഗ ചെയ്ത റോള്‍ വല്ല നെടുമുടി വേണുവിനു വല്ലതും കൊടുത്തിരുന്നു എങ്കില്‍ അത്രയും ആശ്വാസം ആയേനെ (സംഗതി ജഗതി ചെയ്യേണ്ട സാധനമാണ് ) ആനിനെ കൊണ്ട് അധികം അഭിനയിപ്പിക്കാത്തതിനു സംവിധായകനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും.ബാക്കി ആരെ കുറിച്ചും പ്രത്യേകിച്ചു ഒനും പറയാനില്ല .സായി കുമാറിനെ പോലുള്ള നടന്മാര്‍ പഴാക്കപ്പെടുമ്പോള്‍ ഉള്ള വിഷമം മാത്രം ബാക്കി


അപ്പോള്‍ ചുരുക്കത്തില്‍

വേറെ ഒരു പണിയുമില്ല .ടി വി സീരിയല്‍ പോലും കാണാന്‍ ഇല്ലെങ്കില്‍ പൊയി

 കാണാവുന്ന ചിത്രം 

Friday, March 8, 2013

കിളി പോയി (കാശും !!!!) (Kili Poyi review)

    അണ്ണാ .. ഇതെന്താ ഒരനക്കവുമില്ലാതതു ....

എന്തോന്ന് അനങ്ങാന്‍ അനിയാ ഒന്ന് രണ്ടു നല്ല ചിത്രങ്ങള്‍ കണ്ടു പോയതിന്‍റെ ശിക്ഷ അനുഭവിച്ചു തീര്‍ക്കണ്ടേ

അല്ല ഇങ്ങനെ പ്രാകാന്‍ എപ്പോള്‍ എന്ത് സംഭവിച്ചു?

ഒന്നും പറ്റിയില്ല അനിയാ, നവാഗതനായ വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി എന്ന ചലച്ചിത്ര കാവ്യം കാണാനിടയായി അത്ര തന്നെ .

അയ്യോ .. അത് ചോദിയ്ക്കാന്‍ മറന്നതാ. നിങ്ങള്‍ പുതിയ ന്യൂ- ന്യൂ ജനറേഷന്‍  പടങ്ങളോട് കാണിക്കുന്ന അവഗണന നീ കൊ ഞാ ചാ എന്ന സിനിമയോട് കാണിച്ച രൂക്ഷമായ അവഗണ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ് .

എന്തോന്ന് അവഗണ അനിയാ? ഇതിപ്പോള്‍ വന്നു വന്നു ക്രിസ്തു മതത്തില്‍ നിന്നു പെന്തികൊസ്റ്റ് പോലുള്ള വിഭാഗങ്ങള്‍ ഉണ്ടാകുകയും പിന്നീടു അവയില്‍ നിന്നും കൂടുതല്‍ കടും വെട്ടു (കര്‍ക്കശമായ എന്നാണ് ഉദേശിച്ചത്‌) വിഭാഗങ്ങള്‍ ഉടലെടുക്കുന്നു എന്നത് പോലെയാണ് മലയാള സിനിമയുടെ അവസ്ഥ .അനൂപ്‌ മേനോന്‍, അമല്‍ നീരദ്  ഒക്കെ ഇറക്കിയ  ന്യൂ ജനറേഷന്‍ എത്ര  ഭേദം  ആയിരുന്നു എന്ന് ചിന്തിപ്പിക്കുന്നതാണ് ആ വകയിലെ പിന്മുറക്കാര്‍ .

അണ്ണന്‍  അങ്ങനെ  അടച്ചു   പറയല്ലേ . ഈ സിനിമക്ക് എന്താ ഒരു കുഴപ്പം ? പേരില്‍ പോലും പുതുമ വഴിഞ്ഞു ഒഴുകുകയല്ലേ.പിന്നെ നായകന്‍  സ്ഥലം അഹങ്കാരിയും മൊബൈല്‍  ഫോണ്‍ വിളിച്ചാല്‍  എടുക്കാത്തവനും ആയ  ആസിഫലി  (ദേ പിന്നെയും പുതുമ) . വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍  രവീന്ദ്രന്‍  ഡിസ്കോ ഡഗ്ലസ്സ് എന്നൊരു കഥാപാത്രമായി നമ്മുടെ മുന്നില്‍  എത്തുന്നു (പുതുമ + നൊസ്റ്റാല്‌ജിയ ) . രണ്ടു മിനിട്ട് കൂടുമ്പോള്‍  ഒരു കഥാപത്രം എങ്കിലും  മറ്റേ നാലക്ഷരം (ഫ**) പറഞ്ഞിരിക്കും .മദ്യം അത്ര പുതുമ അല്ലാത്തത് കൊണ്ട് കഞ്ചാവും ചരസ്സും ഒക്കെ മിനിട്ടിനു മിനിട്ടിനു . അവിഹിതം (പാകത്തിന് )  , മദ്യപാനം പോരാത്തതിന് കഞ്ചാവും അടിക്കുന്ന പെണ്ണുങ്ങള്‍ പടം നിറയെ (അണ്ണനെ ഇന്ന് പുതുമ കൊണ്ട് ഞാന്‍ കൊല്ലും!!) അഭിയിക്കാന്‍ ആസിഫലി, അജു വര്‍ഗീസ് , ശ്രീജിത്ത്‌ രവി ,സമ്പത്ത് പിന്നെ പേരറിയാത്ത ആരൊക്കെയോ . സംവിധായകന്‍ ആണെങ്കില്‍ വി കെ പ്രകാശിന്‍റെ ശിഷ്യന്‍. കഥയും തിരകഥയും ആണെകില്‍ മൂന്ന് പേരാണ് പണിഞ്ഞിരിക്കുന്നത് ജോസഫ്‌ കുര്യന്‍ ,വിവേക് രഞ്ജിത് , പിന്നെ സംവിധായകന്‍ നേരിട്ടും .ഇതില്‍ കൂടുതല്‍ ഇയാള്‍ക്ക് എന്നാ വേണം എന്നാ?

എനിക്കിതൊന്നും വേണ്ട അനിയാ , ഒരു കഥ , അത് മര്യാദക്ക് പറയണം . ഇത്രയേ ഉള്ളു

അതെന്താ ഇതില്‍ അതില്ലേ ?

എടേ യാദ്രിശ്ചികമായി സാമാന്യം നല്ല വിലപിടിപ്പുള്ള സാധനം കൈയ്യില്‍ കിട്ടുന്ന നായക കഥാപാത്രങ്ങള്‍ അവരെ പിന്തുടരുന്ന വില്ലന്മാരുടെ സംഘം ഒടുവില്‍ എല്ലാം ശുഭം ആയി അവസാനിക്കുന്ന സംഗതി എന്റെ ഓര്‍മയില്‍ ആദ്യം ഇറക്കിയത് റാം ഗോപാല്‍ വര്‍മയാണ്. ക്ഷണം ക്ഷണം പോലുള്ള ആദ്യത്തെ ഒന്ന് രണ്ടെണ്ണം നന്നായി എങ്കിലും , ദൗഡഡ് , അങ്ങനെ ഗോ വരെ പല പേരില്‍ ഈ സാധനം ഇറക്കി ചില്ലറയൊന്നുമല്ല അദ്ദേഹം ജനത്തെ മടുപ്പിച്ചത്.അങ്ങനെ പഴകി പുളിച്ച സാധനമാണ് ഇവിടെ ഈ ചിത്രത്തില്‍ ന്യൂ ജനറേഷന്‍ ലേബലില്‍ ഇറക്കി വെറുപ്പിക്കുന്നത് എന്നതാണ് സത്യം


ഒന്ന് വിശദമാക്കാമോ?

ബാംഗുളൂര് എന്ന മെട്രോ നഗരത്തില്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്തു ജീവിക്കുന്ന രണ്ടു സുഹൃത്തുക്കള്‍ ചാക്കോ (ആസിഫലി ) ഹരി (അജു വര്‍ഗ്ഗീസ്). രാവിലെ മുതല്‍ രാത്രി വരെ പണിയെടുക്കുകയും ബാക്കി സമയം മുറിയില്‍ ഇരുന്നു വെള്ളവും കഞ്ചാവും അടിച്ചു ജീവിക്കുകയാണ് ഇവര്‍ (അഥവാ അങ്ങനെയാണ് കാണിക്കുന്നത് ) ഓഫീസില്‍ ഇവരുടെ ബോസ്സ് ഒരു സ്ത്രീ സദാസമയവും ഇവരെ അസ്സോള്‍ , ഫ ***, ബാസ് **** എങ്ങനെയുള്ള വാക്കുകള്‍ ഉപയോഗിച്ച് അവഹേളിച്ചു കൊണ്ടിരിക്കും .ഇതില്‍ നിന്നെല്ലാം മോചനം തേടി ഒരാഴ്ച അവധിയെടുത്ത് ഇവര്‍ ഗോവയിലേക്ക് പോകുന്നു (മലയാള സിനിമയില്‍ ഹോളി ഡേ ആഘോഷം (ഭാര്യമാരില്ലാതെ ) എന്ന് പറഞ്ഞാല്‍ വെള്ളമടി, പിന്നെ പെണ്ണ് പിടി (നാട്ടില്‍ അല്ലെങ്കില്‍) എന്ന് മാത്രം ആണല്ലോ.ഈ സംഗതി ഇങ്ങനെ കെട്ടി പൊതിഞ്ഞു കൊണ്ട് നടക്കാതെ മുക്കിനു മുക്കിനു ആശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങുന്ന കാലത്തേ ദിവസേനെയുള്ള ഈ പീഡന ദിനാഘോഷം ഈ നാട്ടില്‍ അവസാനിക്കു എന്ന് ഞാന്‍ വിശ്വസിക്കുന്നു.പിള്ളേരെങ്കിലും സമധാനമായി കിടന്നു ഉറങ്ങട്ടെ!! ) )

അണ്ണാ കാട് കേറല്ലേ പ്ലീസ് .

ഇല്ല അങ്ങനെ ആഘോഷിക്കുന്ന വേളയില്‍ നേരത്തെ  പറഞ്ഞത് പോലെ ഇവര്‍ക്ക് ഒരു ബാഗ് നിറയെ മയക്കു മരുന്ന് കിട്ടുന്നു. വില്ലന്മാരുടെ രണ്ടു സംഘങ്ങള്‍ ഇവരുടെ പുറകെ. ഒടുവില്‍ രണ്ടു സംഘങ്ങളും പരസ്പരം വേടി വെച്ച് ചാകുന്നു . ശുഭം .കണ്ടിരുന്നവരുടെ കാര്യം അതിലും ശുഭം .

പിന്നെ ഈ സിനിമയുടെ വേറൊരു പ്രത്യേകത എന്താണ് എന്ന് വെച്ചാല്‍ ഒന്നര മണിക്കുറോ മറ്റോ ഉള്ളെങ്കിലും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഏറ്റവും കുറഞ്ഞത്‌ ഒരു മൂന്നു മണിക്കൂര്‍ കഴിഞ്ഞ പോലെ തോന്നും എന്നതാണ് .പാതി വെന്ത ഒരു കഥയും തിരകഥയും ഒട്ടും വേകാത്ത കുറെ കഥാപാത്രങ്ങളും കൂടെ ആകുമ്പോള്‍ തികഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ .രവീന്ദ്രന്‍ എന്ന നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒക്കെ അതിദേനീയം എന്ന് പറഞ്ഞാല്‍ മതിയല്ലോ.കുഴപ്പമില്ലാതെ അഭിനയിക്കുന്ന സമ്പത്തിനെ പോലുള്ള നടന്മാരെയും വെറുതെ വിടുന്നില്ല ഈ സിനിമയുടെ പിന്നണിക്കാര്‍


  അണ്ണാ അപ്പോള്‍ ഈ സിനിമയില്‍ നായിക ഇല്ലേ?

ആര്‍ക്കറിയാം പേരറിയാത്ത കുറച്ചു പെണ്‍പിള്ളേര്‍ ഇംഗ്ലീഷും രഞ്ജിനി ഹരിദാസ് മലയാളവും പറഞ്ഞു പോകുന്നുണ്ട് .ഇതില്‍ ആരാണ് നായിക എന്ന് നീ തന്നെ അങ്ങ് തീരുമാനിച്ചാല്‍ മതി .

മറ്റു ഘടകങ്ങള്‍ ?

കറന്റ് അടിച്ച പോലെ ഇരിക്കുന്നവരൊക്കെ എന്ത് ഘടകം കാണാനാ ഗാനങ്ങളും അവയുടെ ചിത്രീകരണവും ഒരു വിധം സഹിക്കാം (കഷ്ട്ടി) ബാക്കിയുള്ളത് സത്യം പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ല അനിയാ

Saturday, March 2, 2013

സണ്‍‌ഡേ 10.30 എ എം ലോക്കല്‍ കാള്‍ (sunday 10.30 a.m local call Review)

അനിയാ നീ സാന്‍വിച്ച് എന്ന സിനിമയെ പറ്റി  കേട്ടിട്ടുണ്ടോ ?

അതേതു പടം അണ്ണാ  ഇംഗ്ലീഷ് ആണോ ?

പോടേ നമ്മുടെ കുഞ്ചാക്കോ ബോബനൊക്കെ അഭിനയിച്ച നല്ല ഒന്നാന്തരം മലയാള ചിത്രം .

അതെപ്പോ ....? അല്ല  എപ്പോള്‍ പറയാന്‍ കാരണം ?

കാരണം നിസ്സാരം ആ സിനിമയുടെ സംവിധായകന്‍ മറ്റൊരു സിനിമയുമായി വീണ്ടും എത്തിയിരിക്കുന്നു .നിര്‍ഭാഗ്യവശാല്‍  ഞാന്‍ അത് കാണാനും ഇടയായി .

ഉള്ളതോ അണ്ണാ? ഏതു പടം

അതാണ് സണ്‍‌ഡേ 10.30 എ എം ലോക്കല്‍ കാള്‍. സംവിധാനം നേരത്തേ  പറഞ്ഞ സാന്‍വിച്ച് സംവിധായകന്‍ മനു സുധാകരന്‍ അഭിനേതാക്കള്‍ നിഷാന്‍, ലാല്‍ , ശ്രിത ശിവദാസ്‌  (ഓര്‍ഡിനറി ഫെയിം ), അനൂപ്‌ ചന്ദ്രന്‍, കൃഷ്ണ,കൈലാസ്  അങ്ങനെ കുറെ പേര്‍  ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.അരുണ്‍ -ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദും , മുരുകന്‍ കാട്ടാക്കടയും ഗാനങ്ങള്‍  എഴുതിയിരിക്കുന്നു .ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രിയ പിള്ളയാണ് .സ്ത്രീകള്‍ കൂടുതല്‍ സിനിമ നിര്‍മാണ രംഗത്തേക്ക് വരുന്നത് ഒരു നല്ല പ്രവണതയായി കാണാം

കഥ ...?

കൊച്ചി പോലൊരു (അതോ കൊച്ചിയാണോ?) മെട്രോ നഗരത്തില്‍ ജീവിക്കുന്ന യുവ ദമ്പതികള്‍ .അല്‍ബിയും (നിഷാന്‍ )  ആനും. റേഡിയോ ജോക്കി ആയ ആനും നിസ്സാന്‍ ഷോ റൂമിലെ കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥനും ആയ ഇവരുടെ ജീവിതം സന്തോഷപൂരവം മുന്നോട്ടു പോകുന്നു . ഒരു ദിവസം യദ്രിശ്ചികമായി ആല്‍ബി തന്‍റെ കോളേജ് കാലത്തെ പൂര്‍വ്വ കാമുകി നിമ്മിയെ (ശ്രിത ശിവദാസ്‌) കാണുന്നു.കണ്ട പാടേ ആല്‍ബി തന്‍റെ കോളേജ് സുഹൃത്തുക്കളും ഇപ്പോള്‍ നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥനായ റോയ് (കൃഷ്ണ ) ഹോട്ടല്‍ ഉടമ വാസു എന്ന വാസുദേവന്‍‌ നമ്പൂതിരി , രാഷ്ട്രീയ നേതാവ് ജയകൃഷ്ണന്‍ (അനൂപ്‌ ചന്ദ്രന്‍ ) എന്നിവരെ വിളിച്ചു വിവരം പറയുന്നു .അവരുമായുള്ള സംഭാഷണത്തില്‍ നിന്നും ഫ്ലാഷ് ബാക്കില്‍ നിന്നും ആല്‍ബിയും നിമ്മി യും കോളേജില്‍ പ്രണയിതാക്കള്‍ ആയിരുന്നു എന്നും അവസാന ദിവസം വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ പോയ നിമ്മിയുടെ വിവാഹ ക്ഷണക്കത്താണ് പിന്നെ ആല്‍ബി കാണുന്നത് എന്നും നമുക്ക് മനസിലാകുന്നു.പിന്നീടും തികച്ചും യദ്രിചികമായി ആല്‍ബിയും നിമ്മിയും കണ്ടു മുട്ടുന്നു.പരിചയം പുതുക്കുന്നു. അവളിന്ന് ബിസ്സ്നസ്സുകാരനായ വിഷ്ണുവിന്റെ (കൈലാസ് ) ഭാര്യയാണ്.സംശയരോഗിയായ വിഷ്ണുവിന്റെ അസന്തുഷ്ടയായ ഭാര്യയായ നിമ്മിയുമായി (സ്വാഭാവികം !!) ഒരു പ്രത്യേക സാഹചര്യത്തില്‍ ഹോട്ടല്‍ മുറിയില്‍ അന്തിയുറങ്ങുന്ന ആല്‍ബി രാവിലെ കാണുന്നത് കൊല്ലപെട്ടു കിടക്കുന്ന നിമ്മിയെയാണ് .അവിടെ നിന്ന് രക്ഷപെട്ടു വീട്ടില്‍  എത്തി പിറ്റേന്ന് ഓഫീസില്‍ എത്തുന്ന ആല്‍ബിയെ കാത്തു തലേ ദിവസത്തെ സംഭവങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത ഒരു സി ഡി കോറിയറില്‍ വരുന്നു.തൊട്ടു പുറകെ അതയച്ച അജ്ഞാതന്റെ ഫോണ്‍ കാള്‍.ഈ വിവരം വെളിപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്‍  അല്‍ബിയെ കൊണ്ട് പലതും ചെയ്യിക്കുന്നു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ പലതും നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വരുന്ന അല്‍ബിയിലൂടെ കഥ മുന്നോട്ടു പോകുന്നു.ഒടുവില്‍  എന്തിനായിരുന്നു ഇതെല്ലാം എന്ന് അജ്ഞാതന്‍ വെളിപ്പെടുത്തുന്നിടത്ത്  കഥ അവസാനിക്കുന്നു .

ഓഹോ അപ്പോള്‍ സംഗതി സസ്പെന്‍സ് ത്രില്ലര്‍ ആണല്ലേ ?

ആയിരുന്നെങ്കില്‍  എന്ന് ആശിക്കാന്‍ മാത്രമല്ലേ  നമുക്ക് പറ്റു? ചിക്കാബെറി , ടേബിള്‍ നമ്പര്‍ 27 പോലെയുള്ള  ഹിന്ദി ചിത്രങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഒന്നാം പകുതി കഴിയുമ്പോള്‍ തന്നെ പടം എങ്ങോട്ടാണ് പോകുന്നത് എന്ന് പറയാന്‍ പറ്റും .പിന്നെ ഈ ചിത്രത്തില്‍ പല രംഗങ്ങളും നായകന്‍ എങ്ങനെ പെരുമാറും എന്ന് കൃത്യമായി ഊഹിച്ച  പോലെയാണ് പ്ലാന്‍  ചെയ്തിരിക്കുന്നത്  . ഉദാഹരണമായി ഒരു ഹോട്ടലില്‍ മുറിയെടുക്കുന്ന നായികാ നായകര്‍ . രാവിലെ കൊല്ലപ്പെട്ടു കിടക്കുന്ന നായിക .നായകന്‍ ഇറങ്ങി ഓടിക്കോളും എന്ന് ഉറപ്പിച്ച രീതിയിലാണ്‌ പ്ലാന്‍ (ഈ ഹോട്ടലിനു പകരം ഒരു ഒഴിഞ്ഞ വീടും .പിന്നീടു ചെല്ലുമ്പോള്‍ ശവശരീരം  അവിടെ കാണാതിരിക്കുകയും ചെയുന്ന അവസ്ഥ ഇതിലും എത്രയോ ഭേദം )

അഭിനയം ....?

ലാല്‍ അടുത്ത കാലത്ത് നല്ല കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചു കണ്ടത് കൊണ്ടാകണം ഈ ചിത്രത്തില്‍ പരമ ബോര്‍ ആയി തോന്നുന്നു . നിഷാന്‍ ഇനിയും മലയാളി ആകാന്‍ ബാക്കി കിടക്കുന്നു .ശ്രിത ഓര്‍ഡിനറി എന്ന ചിത്രത്തിലെതിനെക്കാളും  സുന്ദരി ആയിരിക്കുന്നു .കൃഷ്ണയും അനൂപും ഒക്കെ സ്ഥിരം രീതി തന്നെ .സംവിധാനം .. ഒരു അനുഭവംകൊണ്ട്  കാര്യമായി   ഒന്നും പഠിച്ചില്ല എന്നതാണ്  സത്യം .നിലവാരം പഴയത് തന്നെ . മൂലകഥ പഴയതിനെക്കാളും
  ഭേദം ആയതു കൊണ്ട് അത്രക്ക് തോന്നില്ല എന്ന് മാത്രം .സാന്‍വിച്ച് എന്ന സാധനത്തിനു
അങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നില്ല എന്നാണു ഓര്‍മ്മ.പിന്നെ  അവസാനം ഇച്ചായന്റെ
'ചാരിതാര്‍ദ്ധ്യത്തിനു' ഒന്ന് പറ്റിയില്ല എന്ന് മനസിലാക്കി പിണങ്ങി പോയ ഭാര്യ തിരിച്ചുവരുന്നതും അതിനു മുന്‍പ് ,സന്തോഷ സൂചകമായി, പഴയ കാമുകിയെ കെട്ടി പിടിച്ചു നിന്ന് മൊബൈലില്‍ ഫോട്ടോ എടുക്കുന്നതും കലക്കി.

ഇതിന്റെ ഒരു ഫോര്‍മുല എന്ന് പറയുന്നത് സന്തോഷമായി ജീവിക്കുന്ന ഒരു കുടുംബം , അതിലേക്കു കയറി വരുന്ന മറ്റൊരാള്‍ , ഒരു പ്രലോഭനത്തിന് വഴങ്ങി തെറ്റിലേക്ക് നീങ്ങുന്ന ദമ്പതികളില്‍ ഒരാള്‍ അതോനോട് ചേരുന്നു ഉണ്ടാകുന്ന ദുരന്തം അന്വേഷിക്കുന്ന പോലീസ് , ഒളിപ്പിക്കാനുള്ള പാച്ചില്‍ , ഇതിനിടെ വരുന്ന ബ്ലാക്ക്‌ മെയിലര്‍ ... അങ്ങനെ തറ തൊടാതെ ത്രില്ല് അടിപ്പിക്കുന്ന രീതിയില്‍ എടുകേണ്ട പടമാണ് ഈ കാണിച്ചു വെച്ചിരിക്കുന്നത് . ഈ സമവാക്യം തന്നെ ഉപയോഗിക്കണം എന്ന് ഒരു നിര്‍ബന്ധവു ഇല്ല ഏറ്റവും കുറഞ്ഞത്‌ ഇതെങ്കിലും എന്നാണ് ഉദേശിച്ചത്‌ ....

ചുരുക്കത്തില്‍ ......

ഇംഗ്ലീഷ് പടമോ ഹിന്ദി പടമോ കൊറിയന്‍ പടമോ എന്ത് വേണേലും അടിച്ചു മാറ്റിക്കോ . പക്ഷെ ദയവായി സിനിമ കാണാന്‍ വരുന്ന പാവം പൊതു ജനത്തെ കൊല്ലരുത് .

ഇനി ....

കിടക്കുകല്ലേ അനിയാ .. പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലലോ