Thursday, August 30, 2012

റണ്‍ ബേബി റണ്‍ (RUN BABBY RUN :Review )

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌....... തമ്പാനൂര്‍ ബസ്‌ സ്റ്റാണ്ടിനു സമീപം വെളുത്തു കൊഴുത്ത സുമാര്‍ നൂറു കിലോ തുക്കം വരുന്ന ഒരു വസ്തു കളഞ്ഞു കിട്ടിയിട്ടുണ്ട് ഉടമസ്ഥര്‍ തെളിവ് സഹിതം ബന്ധപ്പെടാന്‍ അപേക്ഷിക്കുന്നു .
..............................
...............................

എന്തുവാടെ പുറത്തൊരു ബഹളം?

അണ്ണന്‍ കുറച്ചു മുന്‍പേ ഒരു അറിയിപ്പ് കേട്ടില്ലായിരുന്നോ? ദീര്‍ഘ കാലമായി മലയാളികള്‍ക്ക് നഷ്ട്ടപെട്ടിരുന്ന ലാലേട്ടനെ രണ്ടു ദിവസം മുന്‍പ് തികച്ചു യദ്രിചികമായി തിരികെ കിട്ടി.അതിന്‍റെ ആഘോഷമാണ് ഈ കേള്‍ക്കുന്നത് .

തന്നേടെ? എപ്പോള്‍? എങ്ങനെ?

നിങ്ങള്‍ ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത് യുഗ പ്രഭാവനായ ജോഷി സംവിധാനം ചെയ്ത , സച്ചി - സേതുവിലെ സച്ചി കഥ എഴുതിയ,താര റാണി അമലാ പോള്‍ നായികയായ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് ലാലേട്ടന്‍ ഈ മഹാ അത്ഭുദം കാണിച്ചിരിക്കുന്നത്. നായക സ്ഥാനം അലങ്കരിക്കുന്നതിന്‌ പുറമേ ഒരു ഗാനം കൂടി പാടി നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു അദേഹം .

ജോഷി എന്ന സംവിധായകനില്‍ നിന്നും നല്ലൊരു തിരകഥ കൃത്ത് കൂടെയില്ലെങ്കില്‍ ഒന്നും പ്രതീക്ഷികണ്ട എന്നതാണ് എന്‍റെ സ്വന്തം അഭിപ്രായം.(ഭൂപതി മുതല്‍ സെവന്‍സ് വരെ നോക്കിയാല്‍ ഇതു മനസിലാകും) മോഹന്‍ലാലിന്‍റെ അവസാന നല്ല ചിത്രം എന്ന് പറയാവുന്ന നരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്നതാണ് ജോഷിയില്‍ ഞാന്‍ കാണുന്ന വിശേഷം .(അപ്പോളും തിരകഥകൃത്ത് രഞ്ജന്‍ പ്രമോദ് ആയിരുന്നു എന്നോര്‍ക്കുക).പിന്നെ ലാലേട്ടന്‍ .അദേഹം അടുത്ത കാലത്തായി തന്‍റെ ചിത്രങ്ങളില്‍ അഭിനയികുകയല്ലല്ലോ വേറെ എന്തോ ആണല്ലോ ചെയ്യുന്നത്.ചുരുക്കത്തില്‍ കളി സച്ചിയുടെ കൈയില്‍ ആണെന്ന് ചുരുക്കം.സിനിമ കാണുന്നതിനു മുന്‍പ് എനിക്ക് സത്യത്തില്‍ ബഹുമാനം തോന്നിയത് ഇവര്‍ ആരോടും അല്ല താപ്പാനയുടെ നിര്‍മാതാവ് മിലന്‍ ജലീല്‍ ആണ് ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോള്‍ ആണ് .ഒരു സൂപ്പര്‍ താര ചിത്രം തന്നെ റിസ്ക്‌ ആയ ഈ കാലത്ത് ഒരുമിച്ചു രണ്ടു സുപ്പര്‍ താര ചിത്രങ്ങള്‍ ......ധൈര്യം തന്നെ

നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കാമോ ?

ശരി,കഥ തുടങ്ങുന്നത് ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ്.പിച്ചയായ ഒരു ചാനല്‍.പിച്ച എന്ന് വെച്ചാല്‍ പരമ പിച്ച.ശമ്പളം കൊടുക്കാന്‍ ലേഡി സ്റ്റാഫിനെ ഉന്നതന്മാരുടെ വീട്ടിലേക്കയച്ചു അവരുടെ അശ്ലീല രംഗങ്ങള്‍ നേരത്തെ റെക്കോര്‍ഡ്‌ ചെയ്തത് (സംഗതി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതാണ്)കാണിച്ചു ബ്ലാക്ക്‌ മെയില്‍ ചെയ്തു കാശു വാങ്ങിയാണ് ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് തന്നെ.(ഉന്നതന്‍ എന്ന് വെച്ചാല്‍ ഡി വൈ എസ് പി യില്‍ കുറഞ്ഞൊന്നും ഇല്ല).ഋഷി (ബിജു മേനോന്‍) ആണ് പ്രസ്തുത ചാനല്‍ ഉടമ .നാട്ടിലെ പ്രധാന ചാനല്‍ ആണ് ഭാരത് വിഷന്‍ അവിടന്ന് ചാടിയാണ് ഋഷി പുതിയ ചാനല്‍ തുടങ്ങിയത്.ഇനി ഭാരത് വിഷനിലേക്ക് അവിടെ മുതലാളി കൃഷ്ണകുമാര്‍ ആണെങ്കിലും കാര്യങ്ങള്‍ മൊത്തം നിയന്ത്രിക്കുന്നത്‌ സീനിയര്‍ എന്തോന്നോ ആയ രേണുക (അമല പോള്‍ ) ആണ്.

എന്നിട്ട് ....

ഇനിയാണ് നമ്മുടെ നായകന്‍ വരുന്നത് .വേണു (മോഹന്‍ലാല്‍ ) എന്ന ക്യാമറമാന്‍ ആണ് സംഗതി .ഇദ്ദേഹത്തെ പറ്റി പറഞ്ഞാല്‍ (ലാലേട്ടന്‍ തെങ്ങ് കയറ്റക്കാരനോ,പട്ടിപിടുത്തക്കാരനോ ആയി അഭിനയിച്ചാല്‍ പോലും പ്രസ്തുത ജോലി ഇദ്ദേഹത്തെക്കാള്‍ നന്നായി ചെയ്യാന്‍ ഇന്ത്യയിലോ ഭൂമിയിലോ ചൊവ്വായിലോ പോലും ആരും ഉണ്ടാകില്ല എന്ന നിയമം എവിടെയും പാലിക്കപ്പെട്ടിട്ടുണ്ട് (അല്ല പിന്നെ !!)) അങ്ങേരൊരു സംഭവമാണ്.കാര്‍ഗില്‍ മുതല്‍.മുംബൈ ആക്രമണം വരെ അതി സാഹസികമായി ലൈവ് പിടിച്ചത് ഇങ്ങേര്‍ ആണ്.ഈ ലോകത്തെ ഏതു ക്യാമറമാനും മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കാശു ഇങ്ങേര്‍ ഒരൊറ്റ പരിപാടിയില്‍ ഉണ്ടാക്കും.രോയിട്ടെരിലെ സ്റ്റിംഗ് ഓപ്പറെഷന്‍ വിദഗ്ധനാണ് ഇദേഹം ഇപ്പോള്‍.ഒരു കേസിന്‍റെ ആവശ്യത്തിനായി കേരളത്തില്‍ എത്തുകയാണ് ഇദേഹം.ചുരുക്കത്തില്‍ പറഞ്ഞാല്‍ സംഗതി പഴയ ഷാജി - രഞ്ജിത് സംഭവം ഒരു ന്യൂ ജെനറെഷന്‍ കുപ്പിയില്‍ ഇറക്കാനുള്ള പരിപാടി ആണ് എന്ന് ചുരുക്കം.

അങ്ങനെ പറയരുത് .ലാലേട്ടന്‍ പണ്ട് ബാലേട്ടനായി വന്നപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചില്ലേ. അതില്‍ മീശ പിരിയും,തറവാട് ,ക്ഷേത്രം,ആന, കിണ്ടി, കുളം തുടങ്ങിയ ബിംബങ്ങളും ഇല്ലായിരുന്നു എന്നതല്ലേ കാരണം ?

ഉലക്കെടെ മൂട്.അനിയാ,ആ സിനിമയില്‍ ഉണ്ടായിരുന്നത് എന്ന് ഞാന്‍ കരുതുന്ന പുതുമ ഇതൊന്നുമല്ല മറിച്ചു, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനോടു അയാളുടെ സ്വന്തം നാട്ടില്‍ വെച്ച് "പോട്ടെഡാ ബാലേട്ടാ" എന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞു നടന്നു നീങ്ങുന്ന റിയാസ് ഖാന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ബാലേട്ടനാണ്.അത് പോട്ടെ കാടു കേറാതെ നമുക്ക് ഈ സിനിമയിലേക്ക് വരാം. പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് ഷൂട്ട്‌ ചെയ്തു മിടുക്കനാകാനും ഉള്ള നായകന്‍റെ കഴിവ് കാണിച്ചു കൊണ്ടാണ് വേണു ചിത്രത്തിലേക്ക് വരുന്നത്.(ആചാരത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ എല്ലാം അതിനു മുന്‍പ് "വേണു സാര്‍ ആണോ ഇതു കവര്‍ ചെയ്യുന്നത് ? എന്നാല്‍ ഇതൊരു സംഭവം ആകും അദേഹത്തെ കാണുന്നില്ലല്ലോ " എന്നൊക്കെ പറയുന്നുണ്ട്).മന്ത്രിയുടെ നേരെ ഒളിച്ചിരുന്ന് ഷൂ വലിച്ചെറിഞ്ഞു ലാത്തി ചാര്‍ജ് ഒരുക്കി അത് ഷൂട്ട്‌ ചെയ്തു മിടുക്കനകുന്ന നായകന്‍ ഇങ്ങനെയാണോ വലിയ സംഭവം ആകുന്നത്‌ എന്ന് നമുക്ക് തോന്നാം .പക്ഷെ അത് പുറത്തു കാണിക്കരുത് (അല്ലെങ്കിലും ജോഷിയും - ലാലും ഒക്കെ ആകുമ്പോള്‍ അങ്ങനെ പലതും കാണും അതിന്?)

ഇനി ഒരല്‍പം ഫ്ലാഷ് ബാക്ക്.കണ്ടാല്‍ രണ്ടു പിച്ചക്കാരെ പോലെ തോന്നിക്കുന്ന തിരകഥാ ക്രിത്തുക്കളായ ആള്‍ക്കാരോട് തന്‍റെ ഞെട്ടിക്കുന്ന ഫ്ലാഷ് ബാക്ക് പറയുകയാണ് നായകന്‍ .

സംഗതി ഇത്രയെ ഉള്ളു. പണ്ട് (അന്നും ഇങ്ങേര്‍ സംഭവം ആണ് ) രേണുകയെ പോലീസ് തടയുമ്പോള്‍ (അകത്തേക്ക് പോകാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാതെ തള്ളി കേറുന്നവരെ പിന്നെ എന്ത് ചെയ്യണം ആവൊ ?) ഇടപെട്ടു ഷൈന്‍ ചെയുന്ന നായകന്‍.പോലീസുമായി അടികൂടുന്നതിനിടയില്‍ അടി കൊണ്ട് ഒരു ചെവിയുടെ കേള്‍വി നഷ്ട്ടപ്പെടുന്നു.(ഈ കേള്‍വി ശക്തി പോകുന്നതിനു സിനിമയില്‍ എന്തെങ്കിലും പ്രസക്തി കാണും എന്ന് കരുതുന്നവന്‍ ദയവായി പേര് ശശി എന്ന് മാറ്റിയതിനു ശേഷം കാത്തിരിപ്പു തുടരുക!))അപ്പോള്‍ ഇനി നിങ്ങള്ക്ക് പ്രേമിക്കാമല്ലോ എന്ന് ബിജു മേനോന്‍ പറയുന്നത് കേട്ട് പുഞ്ചിരിക്കുന്ന ലാലിനെ കാണുമ്പോള്‍ രേണുകയ്ക്കു തനിക്കീ ഭാഗ്യം ലഭിച്ചല്ലോ എന്ന ഭാവം.പിന്നെ സ്വല്പ്പ നേരം മുടിഞ്ഞ പ്രണയമാണ്.ഒരു ഒഴിഞ്ഞ വീട്ടില്‍ കൊച്ചിനെ കൊണ്ട് പോയി ലാലേട്ടന്‍ ഉരുട്ടി പിടിക്കുന്നു പശ്ചാത്തലത്തില്‍ അദേഹം പാടിയ ഒരു പാട്ടും.(പഴയ ഉച്ചപടത്തിലെ പ്രതാപചന്ദ്രനേയും അഭിലാഷയെയും ഈ രംഗങ്ങളില്‍ നിങ്ങള്ക്ക് ഓര്മ വന്നില്ലങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ ആ കാലത്ത് ജനിച്ചിട്ടില്ല അല്ലെങ്കില്‍ ഉച്ച പടത്തിനു പോകാന്‍ പേടിയായിരുന്നു !!!).മുന്നറിയിപ്പ് : ഇവിടെ ഉദേശിക്കുന്നത് ജോഡി പോരുത്തമാണ്.മറ്റേതല്ല


അങ്ങനെ അതൊക്കെ വല്ല വിധേനയും കഴിഞ്ഞു ഇവരുടെ കല്യാണം തീരുമാനിക്കുന്നു.കല്യാണ തലേന്ന് രേണുകയുടെ ബന്ധുവായ അഡ്വ.മണിലാല്‍ (ഇങ്ങേര്‍ക്ക് കോടതിയിലോന്നും പോകണ്ട മൊത്തം എക്സ്ക്ലുസിവ് വാര്‍ത്തകളുടെ മൊത്ത വിതരണമാണ് ) രേണുകയെ വിളിച്ചു പ്രമുഖ നേതാവ് ഭരതന്‍ പിള്ള (സായി കുമാര്‍) രാജ്യസഭ സീറ്റ് വ്യവസായിയായ കര്‍ത്തക്ക് വിറ്റിട്ട് കാശു കൈ പറ്റുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ ക്ഷണിക്കുന്നു. കേട്ട പാതി രേണു - വേണുമാര്‍ ഓടിയെത്തി രംഗം ചിത്രീകരിക്കുന്നു (സ്വിസ് ബാങ്കും,വയര്‍ ട്രാന്‍സ്ഫറും ഒക്കെയുള്ള ഈ കാലത്തും ഭരതന്‍ പിള്ളയും കര്‍ത്തായും കാശു നേരിട്ട് എണ്ണി കൊടുത്താണ് കച്ചവടം !!)ഫ്രിഡ്ജിനകത്ത് കാശു കൊണ്ട് വരുന്ന രംഗങ്ങള്‍ ആരാധകരെ പുളകം കൊള്ളിക്കും എങ്കിലും ബാലിശം എന്നാണ് എനിക്ക് തോന്നിയേ. (ക്ഷമി !! അനിയാ.)സംഗതി കഴിഞ്ഞതോടെ രേണുക നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷ ആകുകയും പ്രസ്തുത ക്ലിപ്പും നോക്കി ചാനല്‍ ലോഞ്ച് ചെയനിരുന്ന ഋഷി,ശശി ആകുകയും ചെയുന്നു.സംഗതി ഭാരത് വിഷനില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.രേണുകയ്ക്കു അവിടെ കിടിലം ജോലിയും കിട്ടുന്നു.ചതി മനസിലാക്കുന്ന വേണു ഭാരത് വിഷനിലെത്തി നായികക്ക് ചെകിടത്ത് ഒരടി കൊടുത്തു ഡല്‍ഹിയിലേക്കു മടങ്ങി പോകുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഇപ്പോള്‍ നാട്ടില്‍ എത്തുന്നത്‌ .

അണ്ണാ ഇതു തന്നെയല്ലേ മറ്റേ ഗ്രാന്‍ഡ്‌ മാസ്റ്റെരിലും ...ചതിക്കുന്ന നായിക, തകരുന്ന ബന്ധം,സത്യം അവസാനം മനസിലാക്കി ഒന്നിക്കുന്ന ലൈന്‍

പക്ഷെ ഒരു വ്യത്യാസമുണ്ട്.ഇതില്‍ നായിക അദേഹത്തെ പോലെ ഒരു പുരുഷ സ്വരൂപത്തെ ഈ നാട്ടില്‍ കിട്ടാത്തതിനാല്‍ എനിക്കിനി ഈ ജീവിതത്തില്‍ വേറൊരു പുരുഷന്‍ ഇല്ല എന്ന് പ്രഖ്യപിക്കുന്നില്ല (എന്ന് കരുതി വേറെ ഒരുത്തനെയും ഒന്ന് നോക്കുന്നു പോലുമില്ല എന്നത് വേറെ)മാത്രമല്ല ഇതില്‍ പിന്നെ സത്യം സൗകര്യം ഒത്തു വന്നാല്‍ പറയാം എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി ഭാരത് വിഷന്‍ ചാനല്‍ രാജ്ഞജി ആയി വീര്‍പ്പു മുട്ടി കഴിയുകയാണ് നായിക .കണ്ടില്ലെടാ വ്യത്യസ്തത?

അതൊക്കെ ശരി കഥയിലേക്ക്‌ വന്നേ റണ്‍ എവിടെ ......

അതിലെക്കല്ലേ വരുന്നേ.അപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം നാട്ടിലെത്തുന്ന വേണുവിനു വേറൊരു ഓഫര്‍ ഒരു കൊലപാതകം നടക്കും അതും സ്ഥലം സമയം എല്ലാം കൃത്യമായി അറിയാം ചുമ്മാ ചെന്ന് ചിത്രീകരിച്ചാല്‍ മതി.ചെയേണ്ടത് ഭാരത് വിഷന്‍ ചാനലിനു വേണ്ടി .കൂടെ അവരുടെ ഒരു പ്രോഗ്രാം എക്സിക്യൂട്ടീവ് കൂടി ഉണ്ടാകും .എല്ലാം സമ്മതിച്ചു കഴിയുമ്പോള്‍ ആണ് പാവം ലാലേട്ടന്‍ അറിയുന്നത് കൂടെ വരുന്നത് രേണുക ആണെന്നത് .പിന്നെ വേറെ വഴിയില്ലാത്ത അദേഹം (വാക്ക് കൊടുത്തു പോയില്ലേ !!) പണ്ട് ചില സിനിമയിലൊക്കെ ശ്രീനിവാസന്‍ പറയുന്നത് പോലെ "ഇയാള്‍ എന്നെ നോക്കി ചിരിക്കാന്‍ പാടില്ല.കരയാന്‍ പാടില്ല" എന്ന മട്ടിലുള്ള കുറേ നിബന്ധനകള്‍ വയ്ക്കുന്നു.രേണുകയുടെ ഭാവം "തന്നെ ഞാന്‍ പണ്ട് പറ്റിച്ചെങ്കില്‍ അത് എന്‍റെ മിടുക്ക്" എന്നതാണ്.ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹക്കടല്‍ ഒളിച്ചു വെച്ച് ഈ ഭാവം കാണിക്കാന്‍ കൊച്ചു കുറേ പാട് പെട്ടിട്ടുണ്ടാകും ഉറപ്പു !! അവസാനം വല്ല വിധേനെയും ഇവര്‍ പോയി കൊലപാതകം ഷൂട്ട്‌ ചെയ്യുന്നു .ഭരതന്‍ പിള്ള നേരിട്ടാണ് കൊലപാതകം നിര്‍വഹിക്കുന്നത് .കൊല്ലുന്നത് തന്‍റെ അനുയായി ആയ സുഗുണനെ (അനില്‍ മുരളി ) ആണ് .അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഭരതന്‍ പിള്ളക്ക് മനസിലാകുന്നത് സുഗുനനത് കര്‍ത്താ ഫ്രിഡ്ജില്‍ കാശുമായി വരുന്നത് എന്ന വിവരം ഒറ്റിയത് എന്ന്.ചൂടോടെ സംഗതി സംപ്രേക്ഷണം ചെയ്തു കഴിയുപോളാണ് (ഇതിനിടെ രേണുക ലാലേട്ടന്‍റെ കണ്ണ് വെട്ടിച്ചു,"ഈ പരിപാടി നിങ്ങള്‍ക്കായി കാണിക്കുന്നത് രേണുകയും വേണുവും എന്ന സൈന്‍ ഔട്ട്‌ ഡയലോഗ് കാച്ചുന്നു ) ഇതെല്ലാം ഭരതന്‍ പിള്ളയും കര്‍ത്തായും ചേര്‍ന്ന് കളിച്ച നാടകം ആയിരുന്നു എന്ന് മനസ്സിലാകുന്നത്.പരിപാടി കണ്ടു കോപാക്രാന്തരായി വരുന്ന ജനങ്ങള്‍ക്ക്‌ ഭരതന്‍ പിള്ള സുഗുണന്‍ പയര് പോലെ നടക്കുന്നത് കാണിച്ചു കൊടുക്കുന്നു.ജനരോഷം രേണുകയുടെയും വേണുവിന്‍റെയും നേരെ.അവര്‍ ഓടി ഋഷിയുടെ ഫ്ലാറ്റില്‍ അഭയം തേടുന്നു,ഫ്ലാറ്റ് വരെ ഉള്ള ഓട്ടമാണ് ഈ പടത്തിന്‍റെ പേരില്‍ പറയുന്ന റണ്‍ ബേബി റണ്‍ !!!

ഭരതന്‍ പിള്ള മുഖ്യമന്ത്രി ആകുമോ? വേണുവും രേണുകയും രക്ഷപ്പെടുമോ? രേണുക അഞ്ചു വര്ഷം മുന്‍പ് ലാലേട്ടനെ ചതിച്ചത് എന്തിനു? അവരുടെ തെറ്റിധാരണ മാറുമോ? എന്നിങ്ങനെ ഉള്ള സംഭ്രമ ജനകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ നേരില്‍ കണ്ടു ആ അനുഭവം ഉള്‍ക്കൊള്ളുക .

അല്ല അങ്ങനെ അങ്ങ് പറഞ്ഞാലോ . ബാക്കി കാര്യങ്ങള്‍ ?

എന്തോന്ന് ബാക്കി കാര്യം ? മോഹന്‍ലാല്‍ : ഒരു നിമിഷം പോലും മാധ്യമ ലോകം മൊത്തം ബഹുമാനിക്കുന്ന ഒരു ക്യാമറമാന്‍ എന്ന നിലവാരത്തിലേക്ക് ഉയരുന്നില്ല.ഞാന്‍ ഇങ്ങനെ ഒക്കെയാണ് ബാക്കി എല്ലാരും പറയുന്ന കേട്ടില്ലേ അത് പോലെ എന്നെ അങ്ങ് ബഹുമാനിച്ചു കൊള്ളണം എന്നതാണ് അദേഹത്തിന്റെ ഒരു നയം. പ്രായം പറയുന്നില്ല (അത് പിന്നെ സൂപ്പര്‍ താരങ്ങള്‍ക്ക് രണ്ടിനും പ്രായം ഇല്ലല്ലോ ) എങ്കിലും ഒരു നിമിഷം എങ്കിലും ഒരു പക്വത വന്ന മനുഷ്യനായി ലാലിനെ കാണാന്‍ കഴിയില്ല ഈ ചിത്രത്തില്‍ .പലപ്പോഴും തികച്ചും ബാലിശം എന്ന് പറയാവുന്ന രീതിയില്‍ ആണ് ഈ കഥാപാത്രം പെരുമാറുന്നത്. ഋഷിയുടെ ഫ്ലാറ്റിലെ നായികയുമൊത്തുള്ള രംഗങ്ങള്‍ പോലുള്ളവ ഉദാഹരണം.ഇദേഹം മദ്യപാനത്തെ പ്രമോട്ട് ചെയ്യാനായി കാശു വാങ്ങിയിട്ടുണ്ടോ എന്ന സംശയം അദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ തോന്നിപ്പിക്കുന്നു.ചുരുക്കത്തില്‍ കഥാപാത്രമായല്ല മറിച്ചു സുപ്പര്‍ താരം മോഹന്‍ലാലായി ആണ് അദേഹം അഭിനയിക്കുന്നത് (അത് പിന്നെ കുറച്ചു കാലമായി അങ്ങനെ തന്നെയാണല്ലോ !!)

ഇനി നായികാ അമലാ പോള്‍ : മോഹന്‍ലാലും ആയുള്ള പൊരുത്തമില്ലയിമ്മ അവിടെ നില്‍ക്കട്ടെ ,ഈ റോള്‍നു നയന്‍താര പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് അഥവാ കുറേ കൂടി യോജിച്ചത് എന്നാണ് എനിക്ക് തോന്നിയത് .(വേറെ ആര്‍ക്കും തോന്നാത്തത് കൊണ്ട് അവര് രക്ഷപ്പെട്ടു !!) രേണുക എന്ന കഥാപാത്രം കണ കുണ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. (അതിപ്പോള്‍ എഴുതിയത് കൊച്ചല്ലല്ലോ !!!).യാതൊരു വ്യക്തിത്വും ഇല്ലാത്ത സമീപകാല ലാല്‍ നായികാ വേഷം

ബിജു മേനോന്‍ : ഈ ചിത്രത്തിലെ ഏക ആശ്വാസം ഈ മനുഷ്യനാണ്. നന്ദിയുണ്ട് മാഷെ ഒരായിരം നന്ദി !!!

ജോഷി : നേരത്തെ പറഞ്ഞത് പോലെ അദേഹം തികച്ചും നിര്‍ഗുണന്‍ ആണ് .പാവം

സായി കുമാര്‍ /സിദ്ധിക് : ഒരു സിനിമ ആകുമ്പോള്‍ വില്ലന്മാര്‍ വേണമല്ലോ.എന്നാലും ഇങ്ങനെ കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നതില്‍ എനിക്ക് വിഷമം ഉണ്ട്

സച്ചി : ഈ ചിത്രത്തിലെ യഥാര്‍ഥ വില്ലന്‍.പണ്ട് ശിക്കാര്‍ ഇറങ്ങിയപ്പോള്‍ ഒരു ചോദ്യം ആരോ ചോദിച്ചിരുന്നു . ഈ ലക്ഷ്മി ഗോപാല സ്വാമി മകന് ലാലിനെ കാണിച്ചു കൊടുത്തു കഴിഞ്ഞു സ്വയം വെടി വെച്ച് ആത്മഹത്യാ ചെയുന്നതിന് പകരം ലാലിനിട്ടു നേരെ അങ്ങ് വെടി വെച്ചാല്‍ പോരായിരുന്നോ എന്ന്.അത് പോലെ ഒന്ന് ചോദിച്ചോട്ടെ ? കൊലപാതകം (നാടകം) ചിത്രീകരിച്ചു കഴിഞ്ഞു നായികക്ക് നായകന്‍റെ കണ്ണ് വെട്ടിച്ചു സൈന്‍ ഓഫ്‌ ഡയലോഗ് പറയാന്‍ കഴിഞ്ഞില്ല എന്ന് ഇരിക്കട്ടെ.അങ്ങനെ എങ്കില്‍ ഈ പ്ലാന്‍ ചെയ്തത് മുഴുവന്‍ പാഴായി പോയില്ലേ? അങ്ങനെ എങ്കില്‍ ഇവരെ ഇതുമായി ലിങ്ക് ചെയ്യാന്‍ പോലും കഴിയില്ല എന്നതല്ലേ സത്യം? പിന്നെ ഈ സംഗതിയുടെ ഉത്തരവാദിത്വം ചാനല്‍ ഒഴിയുന്നത് ഏങ്ങനെ എന്ന് മനസിലായില്ല.ഇവര്‍ ഒരുതരത്തിലും അധികാരപ്പെടുത്താതെ ഒരാള്‍ ചുമ്മാ കേറി അങ്ങ് സംപ്രേക്ഷണം ചെയ്തു എന്ന് പറഞ്ഞാല്‍ ചിലവാകുമോ? അപ്പോള്‍ പിന്നെ ഉത്തരവാദിത്വം നായിക ആയ രേണുകയില്‍ വരുന്നു .തന്നെ ചതിച്ചു എന്ന വിശ്വസിക്കുകയും ആ കാരണം കൊണ്ട് വെറുക്കുകയും ചെയുന്ന നായകന് അതൊരു പ്രശ്നമേ അല്ല. അപ്പോള്‍ അയാള്‍ ഓടുന്നത് തടി കുറയ്ക്കാനാണോ? പിന്നെ ആദ്യം പിടിക്കപ്പെടുന്ന ആള്‍ പ്രതിയും രണ്ടാമത് പിടിക്കപ്പെടുന്ന ആള്‍ വേറെ എന്തോന്നോയും ആകുന്ന നിയമ വശം എനിക്കൊന്നു പറഞ്ഞു തരണേ സത്യമായും അറിയാത്തത് കൊണ്ടാണ്.ഫ്രിഡ്ജും,കാശു കെട്ടുകളായി കൈമാറുന്നതും ഒക്കെ മഹാ ബോര്‍ ആണെന്ന് പറഞ്ഞല്ലോ. ഒരൊറ്റ സംശയം കൂടി ഇങ്ങനെ ഒരാള്‍ക്ക് ഭരതന്‍ പിള്ളയുടെ വീടിലെ സാധനം പുറത്തു കൊണ്ട് വരാനും തിരിച്ചു വയ്ക്കാനും പറ്റുമെങ്കില്‍ പിന്നെ വേണുവിനും ഇത് പോലെ ഒരു ക്യാമറ അവിടെ കേറ്റിയാല്‍ പോരെ ? ഇത്രയും കഷ്ട്ടപ്പെടാണോ ?

ചെലവ് ചുരുക്കാന്‍ വേണ്ടി ആകണം ഈ ചിത്രത്തില്‍ അഭിനയിക്കുന്ന ആര്‍ക്കും യാതൊരു വിധ കുടുംബബന്ധങ്ങളും ഇല്ല.സാധാരണ ലാലേട്ടന്‍ ചിത്രങ്ങളില്‍ അച്ഛന്‍,അമ്മ,ചേച്ചി ചേച്ചിയുടെ മകള്‍,മകളുടെ കൂട്ടുകാരി,അയല്‍ക്കാരന്‍,അയല്‍ക്കാരന്‍റെ മക്കള്‍ , അയല്‍ക്കാരന്‍റെ ഭാര്യയുടെ അനിയത്തി അങ്ങനെ ഒരു പട കാണാറുള്ളതാണ്

ചുരുക്കത്തില്‍ ...

എന്തോന്ന് ചുരുക്കം അനിയാ.ഈ പടം കഴിഞ്ഞപ്പോള്‍ ശ്രീനിക്കാകെ ഒരു താത്വിക മൂഡ്‌.തദവസരത്തില്‍ അദേഹത്തിന്‍റെ ഒരു ഡയഗോള്‍ എനിക്കങ്ങു ബോധിച്ചു.സംഗതി ഇപ്രകാരം "ഈ കാസനോവ എന്ന ചിത്രം ഒരര്‍ഥത്തില്‍ ലാലിന്‍റെ ഭാഗ്യമാണ്. അത് സഹിച്ച ആര്‍ക്കും പിന്നെ ഇങ്ങേരുടെ ഏതു കൂതറ പടം കണ്ടാലും ഇത്രയേ ഉള്ളല്ലോ എന്ന് തോന്നിപ്പോകും "!!! സത്യം അനിയാ സത്യം














Tuesday, August 28, 2012

ഒരു ഓണം കൂടി

ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാള സിനിമ പ്രേക്ഷകര്‍ക്ക്‌ കുമ്പിളില്‍ തന്നെയാണ് കഞ്ഞി എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്ന ഒരു ഓണക്കാലം കൂടി എന്നാലും വീണ്ടും പ്രതീക്ഷ അവശേഷിക്കുന്നു.അടുത്ത ഓണത്തിനെങ്കിലും സദ്യ കിട്ടിയാലോ?
(എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ !!!!).അത് വരെ കിട്ടിയ (പഴം) കഞ്ഞി വയറു നിറയെ കുടിച്ചു .സദ്യ കലക്കി.അടപായസം ഇതു പോലെ കഴിച്ച നാള്‍ മറന്നു,സാമ്പാര്‍ ഗ്രഹാതുരത്വം ഉണര്‍ത്തി എന്നൊക്കെ വെറുതെ അഭിനയിക്കാം .

നമ്മള്‍,മലയാള സിനിമ പ്രേക്ഷകര്‍ അനുഭവിച്ചേ ചാകൂ. പിന്നെ നരകത്തില്‍ പദ്മപ്രിയയുടെ ഐറ്റം ഡാന്‍സ് ഉണ്ടെന്നു അമല്‍ നീരദ് പറഞ്ഞത് മാത്രമാണ് ഒരു സമാധാനം !!!!


എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!

Monday, August 20, 2012

താപ്പാന (Thappana )

അനിയാ ആന നിന്നാലും ചരിഞ്ഞാലും കാശാണ് എന്നൊരു ചൊല്ലുണ്ട് , നീ കേട്ടിട്ടുണ്ടോ?

അത് പണ്ട് .ഇപ്പൊ ചരിഞ്ഞാ കേസാണ്. രണ്ടു ആനക്കൊമ്പിന്റെ പാപക്കറ ഇടയ്ക്കിടെ പാവം നമ്മുടെ ലാലേട്ടന്‍റെ ഷര്‍ട്ടില്‍ തേയ്ക്കാനുള്ള ശ്രമങ്ങള്‍ അണ്ണനും കാണുന്നതല്ലേ ?

പിന്നെ, പാവം ചുമ്മാ സൂക്ഷിക്കാന്‍ മേടിച്ചു വെച്ച ആ കാളക്കൊമ്പുകളുടെ മറ പിടിച്ച് നടക്കുന്ന ഗൂഡ ശ്രമങ്ങള്‍ അല്ലെ ? ഞാന്‍ കേട്ടിടുണ്ട്

നിങ്ങള്‍ ആളെ വടിയാക്കാതെ രാവിലെ എന്നെ എന്തിനാണ് വിളിച്ച് വരുത്തിയത് എന്ന് പറ .

നീ പറഞ്ഞതിന്‍ പ്രകാരം ആന നിന്നാല്‍ കാശ് വീട്ടില്‍ കൊമ്പായി ഇരുന്നാല്‍ കേസ് എന്നാണ് പുതിയ ചൊല്ലെങ്കില്‍ ഞാന്‍ അതിനെ വീണ്ടും ഒന്ന് പരിഷ്കരിക്കാന്‍ തീരുമാനിച്ചു

എന്തോന്ന് ???

ആന താപ്പാനയാകുമ്പോള്‍ പ്രേക്ഷകന്റെ കാശ് പരിന്തുകാലേല്‍ പോകും എന്നാണ് പുതിയ ചൊല്ല്

നിങ്ങള്‍ താപ്പാന കണ്ടാ ?

ഉവ്വെടാ , എന്നെ താപ്പാന കുത്തിയും ചവിട്ടിയും മൃതപ്രായനാക്കി

അത് നമുക്ക് സംസാരിക്കാം. ടിക്കറ്റ് എങ്ങനെ ഒപ്പിച്ചു ? ഫാന്‍സിനെ വല്ലവരെയും ചാക്കിട്ടാ ?

അനിയാ ഒരു അബദ്ധം പറ്റി.

എന്തോന്ന് ?

റിലീസ് ഡേ അല്ലെ,ആദ്യ ഷോ അല്ലേ എന്നൊക്കെ കരുതി ഇന്നലെ തന്നെ ബുക്ക്‌ ചെയ്തു. അത് കൊണ്ട് അഞ്ചു രൂപ കൂടുതല്‍ കൊടുക്കേണ്ടി വന്നു. രാവിലെ തിയറ്ററിന്റെ മുന്നില്‍ ഒരു പതിനൊന്നര അടുപ്പിച്ച് ചുമ്മാ ചെന്നിരുന്നെങ്കില്‍ ആളെ കയറ്റാന്‍ ഫാന്‍സ്‌ ചിലപ്പോള്‍ ടിക്കറ്റ് വെറുതെ തന്നേനെ. അത്രയ്ക്ക് ബുദ്ധി എനിക്ക് പോയില്ല.

ഓ പിന്നെ ...നിങ്ങള് ചുമ്മാ ....

ഡേ ...ആദ്യത്തെ ഷോ ...തിയറ്ററിന്റെ കാല്‍ ഭാഗം കാലിയടിച്ച് കിടക്കുകയായിരുന്നു

ഉം ...നിങ്ങള്‍ക്ക് സന്തോഷമായി കാണുമല്ലോ അത് കണ്ടപ്പോള്‍ ?

പടം കഴിഞ്ഞപ്പോള്‍ ആ ഒഴിഞ്ഞ സീറ്റുകളില്‍ ഇരുന്ന് പീഡനം സഹിക്കേണ്ടേയിരുന്ന കുറെ ആളുകള്‍ രക്ഷപെട്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ സന്തോഷം തോന്നി അനിയാ ,അവരോട് പൊടിക്ക് അസൂയയും

നിങ്ങള്‍ ഗീര്‍വാണം പറയാതെ പടം എങ്ങനെ എന്ന് പറ .

അനിയാ എന്‍റെ ഒരു ഊഹം അനുസരിച്ച് മിക്കവാറും ഈ പടം തുടങ്ങുന്നതിന് മുന്‍പേ മമ്മൂട്ടി സംവിധായകന്‍ ജോണി ആന്റണി , കഥ കൈകാര്യം ചെയ്ത എം സിന്ധുരാജ് എന്നിവരോട് ഒറ്റ ഡിമാന്‍ഡ് മാത്രമേ വെച്ച് കാണാന്‍ സാധ്യതയുള്ളൂ

എന്തോന്ന് ? നായികാ തെലുങ്ക്‌ നടി ചാര്‍മി വേണം എന്നോ? അണ്ണാ ഒരു അബദ്ധം പറ്റി അത് പുറത്തറിഞ്ഞു എന്ന് വെച്ച് നിങ്ങള്‍ ആളുകളെ ഇങ്ങനെ തേജോവധം ചെയ്യരുത്.

അതല്ലടാ വൃത്തികെട്ടവനെ, നിലവാരത്തില്‍ കോബ്രയുടെ മുകളില്‍ നില്‍ക്കുന്ന പടമാകണം താപ്പാന എന്ന ഡിമാന്‍ണ്ട് ആകും മമ്മൂട്ടി വെച്ചിട്ടുണ്ടാവുക . ജോണി ആന്റണി മോശക്കരനാണോ ? കോബ്ര മാത്രമല്ല പട്ടണത്തില്‍ ഭൂതം വരെ നാണിച്ചു പോകുന്ന നിലവാരത്തില്‍ ഒരു പടം എടുത്ത് കൈയ്യില്‍ കൊടുത്തു.എല്‍സമ്മ എന്ന ആണ്‍കുട്ടി ഒക്കെ എഴുതിയ സിന്ധുരാജും ഈ പാപത്തില്‍ പങ്കാളിയാണ് എന്ന് ഓര്‍ക്കുമ്പോള്‍ ആണ് അത്ഭുതം.

അണ്ണാ,നിങ്ങള്‍ സിനിമയുടെ കഥ പറ.കേട്ടിട്ട് ഞാന്‍ തീരുമാനിക്കാം നിങ്ങള്‍ ഇക്കയോടുള്ള വിരോധം വെച്ച് പറയുന്നതാണോ എന്ന് .

എന്നാ കേട്ടോ . ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന മോഷ്ടാവായ സാംസന്‍ (മമ്മൂട്ടി),പെണ്‍ ജയലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങുന്ന ,മല്ലികയെ (ചാര്‍മി ) ട്യൂണ്‍ ചെയ്യാന്‍ ശ്രമിക്കുന്നു. നടക്കുന്നില്ല. പക്ഷേ ഒരു അപകടത്തില്‍ പെടുന്ന മല്ലികയെ ആശുപത്രിയില്‍ ആക്കേണ്ടി വരുന്ന സാംസണ്‍ പിന്നെ അവളുടെ നാടായ കരിപ്പ എന്ന ഗ്രാമത്തില്‍ കൊണ്ട് വിടാനുള്ള ചുമതല ഏറ്റെടുക്കുന്നു.പിന്നെ അങ്ങോട്ട്‌ ഇന്റര്‍വെല്‍ വരെ റോഡ്‌ മൂവിയാണ് സംഭവം. മമ്മൂട്ടി ഓടി നടന്ന് കോമഡി കാണിക്കുന്നു.ഇടയ്ക്കിടെ സ ക്ക് പകരം ത ഉപയോഗിച്ച് തോത്ലാ തത്തമ്മയായി അദ്ദേഹത്തിന്‍റെ തന്നെ വിശാലമായ ലിങ്കുസ്റ്റിക്ക് ഡയലെക്ക്റ്റ് കഥാപാത്രങ്ങളുടെ ശ്രേണിയിലേക്ക് പുതിയ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കുന്നു , പിന്നെയും കോമഡി കാണിക്കാന്‍ ശ്രമിക്കുന്നു, കടമിഴി കോണുകളുടെയും, കയറുകളുടെയും സഹായത്തോടെ പലരെയും തല്ലി വീഴ്ത്തുന്നതായി കാണിക്കുന്നു (അങ്ങനെയൊക്കെ കാണിക്കാനല്ലേ പറ്റു.ഇങ്ങേര്‍ക്ക് വല്ല വാതത്തിന്റെ അസുഖവും ഉണ്ടോ ആവൊ?. ഓഗസ്റ്റ്‌ പതിനഞ്ചില്‍ ഉള്ള കയ്യും കാലും പതുക്കെ അനക്കാനുള്ള ശരീര വഴക്കം പോലും തപ്പാനയില്‍ കാണാനില്ല ), ഒടുക്കം ഓര്‍ഡിനറി മോഡല്‍ ബസ്സില്‍ കയറ്റി നായികയെ ഗവിയുടെ മുറിച്ച മുറിയായ കരിപ്പയില്‍ എത്തിക്കുന്നു (ബസ്സിലെ ഡ്രൈവര്‍ ആയി ബിജു മേനോന്‍,കണ്ടക്റ്റര്‍ ആയി കുഞ്ചാക്കോ ബോബന്‍,യാത്രക്കാരനായി ബാബുരാജ് എന്നിവര്‍ക്ക് ഗസ്റ്റ്‌ റോള്‍ കൂടി കൊടുക്കാമായിരുന്നു )

ബസ്സില്‍ കയറും മുന്നേ തന്നെ മല്ലിക തന്റെ കദന കഥ സാംസണെ അറിയിക്കുന്നുണ്ട് .കരിപ്പയിലെ കന്നു കാലി വ്യാപാരി ആയ മണിക്കുട്ടന്‍ അലിയാസ് കന്നുക്കുട്ടന്‍റെ (മുരളി ഗോപി ) വൈഫ്‌ ആണ് മല്ലിക (മമ്മൂട്ടിയുടെ ട്യൂണിംഗ് പ്രതീക്ഷകള്‍ തകര്‍ന്നു പക്ഷെ സ്റ്റില്‍ നന്മകള്‍ ഉള്ള നായകന്‍ ആണ് ഞാന്‍ എന്ന ഭാവങ്ങള്‍ ഈ രംഗത്ത് ഫ്രീ ...എന്‍ജോയ് ).കന്നുക്കുട്ടനും കരിപ്പയിലെ സമ്പന്നയായ നിര്‍മ്മലയുമായി(സജിതാ ബേട്ടി) ആയി അവിഹിതം ഉണ്ടെന്ന സംശയം നാട്ടില്‍ പരക്കുന്നതിനെത്തുടര്‍ന്ന് നിര്‍മ്മലയുടെ ഭര്‍ത്താവ് സുധാകരന്‍ (ഇര്‍ഷാദ് ) കന്നുക്കുട്ടനെ കൊല്ലാന്‍ ശ്രമിക്കുന്നു .സുധാകരനെ തലക്കടിച്ച് കൊന്നിട്ട് മല്ലിക ജെയിലില്‍ പോകുന്നു . അതാണ്‌ മല്ലികയുടെ കഥ.

നാട്ടില്‍ എത്തുന്ന മല്ലിക കന്നുക്കുട്ടന്‍ നിര്‍മ്മലയെ കെട്ടി ഒരു കുട്ടിയും ഒക്കെയായി ഹാപ്പിയായി കഴിയുകയാണ് എന്ന് കണ്ടു വയലന്റ് ആകുന്നു . കന്നുകുട്ടനെ കൊല്ലാന്‍ ശ്രമിക്കുന്നു.ആ ശ്രമത്തില്‍ പരാജയപ്പെടുന്ന മല്ലിക കന്നുകുട്ടനെ കൊല്ലാനുള്ള കൊട്ടേഷന്‍ സാംസണ് കൊടുക്കുന്നു.മോഷ്ടാവ്, കൂലിത്തല്ലുകാരന്‍ ഇവയ്ക്കു പുറമേ സൈക്കോളജിസ്റ്റ് കൂടിയ സാംസണ്‍ മല്ലികയുടെ മനസ്സിലെ പക കുറയാന്‍ വേണ്ടി മാത്രം കന്നുക്കുട്ടനെ സാമ്പത്തികമായും , ശാരീരികമായും തകര്‍ക്കുന്നു.പക്ഷേ കൊല്ലുന്നില്ല.ഒടുക്കം കമോണ്‍ ഗേള്‍ എന്ന് വിളിച്ചു മല്ലികയ്ക്ക് ഒരു ജീവിതവും കൊടുക്കുന്നു .ഇതാണ് പടത്തിന്റെ കഥ.ഇനി നീ തീരുമാനിക്ക്.

പഴഞ്ചന്‍ കഥ.പക്ഷേ ട്രീറ്റ്മെന്റിലെ വ്യത്യാസം ,കിടിലം അഭിനയം ഇതൊക്കെ കൊണ്ട് നല്ല പടം എടുക്കാന്‍ ഈ കഥ പോരെ അണ്ണാ ?

പണി അറിയാവുന്നവന് ഇതൊക്കെ ധാരാളം മതി ചെല്ലാ . സംവിധായകന്‍ ജോണി ആന്റണിയുടെ വ്യത്യസ്ത ട്രീറ്റ്മെന്റ്റ്,അഭിനേതാക്കളുടെ അഭിനയം ഇതൊക്കെ ഓരോന്നായി പറയാം .നീ ചുമ്മാ കേള്‍.

ഏതോ ഒരു പഴയ കെട്ടിടത്തിന് മുന്നില്‍ സെന്‍ട്രല്‍ ജെയില്‍ എന്നൊരു ബോര്‍ഡ് വെയ്ക്കുന്നിടത്ത് തുടങ്ങുന്നു ട്രീറ്റ്മെന്റിലെ വ്യത്യസ്തത ( ഹോസ്പിറ്റല്‍ ആണെന്ന് കാണിക്കാന്‍ ഫ്ലെക്സ് അടിച്ചു വെയ്ക്കുന്ന കലാസംവിധായകന്‍ മോഹന്‍ദാസ് ചിത്രത്തിലുടനീളം ജോണി ആന്റണിക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട് ).പിന്നെ ആദ്യ പകുതി റോഡ്‌ മൂവി എന്ന് വെച്ചാല്‍ ഇതാണ് എന്ന് തെറ്റിദ്ധരിച്ച്‌ സാംസന്‍ പഴയ കൂലിത്തല്ലുകാര്‍ കൂട്ടുകാരെ വഴിയില്‍ വെച്ച് കാണുന്നു,യാത്രയുടെ വഴി തിരിയുന്നു, കോമഡി എന്ന പേരില്‍ അവര്‍ എന്തൊക്കെയോ കാണിക്കുന്നു ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാണ് ഇങ്ങനെ തീര്‍ന്നത് എന്ന് നമ്മള്‍ പ്രേക്ഷകര്‍ സമാധാനിക്കുന്നു .പക്ഷേ ജോണി ആന്റണി നമ്മളെ വിടുന്നില്ല . വഴിയില്‍ ചുമ്മാ മമ്മൂട്ടിയെക്കൊണ്ട് സ്റ്റണ്ട് നടത്തിച്ച് അദേഹം നമ്മളെ ഭയങ്കരമായി ചിരിപ്പിക്കുന്നു . മമ്മൂട്ടിയുടെ ഫ്ലയിംഗ് കിക്ക് ഒക്കെ കണ്ടാല്‍ എന്റെ പൊന്ന് മോനെ മ്യൂസിയത്തിന്റെ സ്മാരക ശില വരെ തലക്കുത്തി നിന്ന് ചിരിച്ച് പോകും.ഒന്നാം പകുതി ഞാന്‍ പറഞ്ഞത് പോലെ ഓര്‍ഡിനറി ഹിറ്റായത് കൊണ്ട് അതില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട്ട സീനോടെ ജോണി ആന്റണി തീര്‍ക്കുന്നു . അടുത്ത ഒന്നോന്നെകാല്‍ മണിക്കൂര്‍ വില്ലനെ ഒതുക്കാനുള്ള നായകന്റെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ ആണ് . അവിഹതത്തിന് അകത്താക്കും എന്ന് പേടിപ്പിച്ച് കാശ് വാങ്ങുക , വില്ലന്റെ ഗുണ്ടയെ കോമഡി കാണിച്ചും തള്ളിയും ഒതുക്കുക , വില്ലന്റെ പുതിയ അവിഹിതം കണ്ടു പിടിച്ചയാളെ നാറ്റിക്കുക, ഒടുക്കം തല്ലി പഞ്ചറാക്കുക ഇതൊകെയാണ് ഭയങ്കര ബുദ്ധി . പിന്നെ എടുത്ത് പറയേണ്ട ഒരു സീന്‍ ഉണ്ട് . കന്നുക്കുട്ടന്റെ പ്രധാന ഗുണ്ട ചെട്ടിയാര്‍ ശിവന്‍ (സുരേഷ് കൃഷ്ണ ) നാട്ടില്‍ ഒരാളെ തല്ലി ആശുപത്രിയില്‍ ആക്കിയിട്ട് ഒളിവില്‍ പോകുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തി പ്രാപിക്കുന്നു. പോലീസ് അയാളെ തിരഞ്ഞു വശം കെടുന്നു. സാംസണ്‍ ചെട്ടിയാര്‍ ശിവന്റെ ഒളിത്താവളം കണ്ടെത്തുന്നു. അയാളെ പിടിക്കാന്‍ ഒളി സങ്കേതത്തിലേക്ക് പോലീസ് പോകുന്നത് നാല് കിലോമീറ്റര്‍ അപ്പുറം നിന്ന് കേള്‍ക്കാവുന്ന സൈറനും മുഴക്കിയാണ്. ഇതൊന്ന് പോരെ ജോണി ആന്റണി എന്ന പ്രതിഭയെ കാലു തൊട്ട് വന്ദിക്കാന്‍ ?

അയ്യോ !!!

ലേലത്തില്‍ സോമന്‍ പറഞ്ഞത് പോലെ ഹാ,കഴിഞ്ഞില്ല !!! നമ നിറഞ്ഞ കള്ളന്‍,അയാള്‍ പണ്ട് കൈ തല്ലി ഒടിച്ചിട്ടുണ്ടെങ്കിലും ഇപ്പൊ അയാളോട് ഭയം കലര്‍ന്ന സൌഹൃദം സൂക്ഷിക്കുന്ന പോലീസുകാരന്‍ (വിജയരാഘവന്‍).നിരാശ ,പക എന്നീ വികാരങ്ങള്‍ക്ക് അടിപ്പെടുന്ന നായികയെ മന:ശാസ്ത്ര പരമായ സമീപനത്തിലൂടെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരുന്ന മൂന്നാം ക്ലാസുകാരന്‍ നായകന്‍ .സാംസണ് തന്നെ ഒതുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടി മാത്രം നാട്ടില്‍ ഗീതാവിജയന്റെ സതി എന്ന കഥാപാത്രവുമായി പുതിയ അവിഹിത ബന്ധം കൂടി തുടങ്ങുന്ന കന്നുക്കുട്ടന്‍. മല്ലികയെ സിനിമയുടെ തുടക്കത്തില്‍ ഇടിച്ചിട്ടു പോയ വണ്ടിയും കന്നുക്കുട്ടനും തമ്മിലുള്ള നിഗൂഡ ബന്ധം സാംസന്‍ കണ്ടു പിടിക്കുമ്പോള്‍ , കന്നുക്കുട്ടനെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്തിട്ട് കൊടുത്തിട്ട് കുറച്ചു നാളുകള്‍ ആയെങ്കിലും'എന്നാലും അയാള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചല്ലോ' എന്ന് വിതുമ്പുന്ന മല്ലിക.കന്നുകുട്ടനും,നിര്‍മ്മലയും നിയമപരമായി വിവാഹിതര്‍ അല്ല എന്ന് മനസിലാക്കുന്ന സാംസണ്‍ അവിഹിത വേഴ്ചക്ക് അവരെ അകത്താക്കും എന്ന് ഭീഷണിപ്പെടുത്തെണ്ട താമസം മല്ലികയെ കെട്ടിയപ്പോള്‍ വാങ്ങിയ സ്ത്രീധനം ഏഴു ലക്ഷം രൂപ തിരികെ കൊടുക്കുന്ന കന്നുക്കുട്ടന്‍.സതിയോടുള്ള കന്നുക്കുട്ടന്റെ ബന്ധം മനസിലാക്കിയ സ്പോട്ടില്‍ അയാളെ പടിയടച്ചു പിണ്ഡം മരിച്ച പഴയ ഭര്‍ത്താവിന്റെ ഫോട്ടോയില്‍ നോക്കി എങ്ങലടിക്കുന്ന നിര്‍മ്മല; ഇതൊക്കെയാണ് കഥയിലെയും കഥാപാത്രങ്ങളിലെയും പുതുമകള്‍

അണ്ണാ ,എനിക്ക് തലകറങ്ങുന്നു.

നില്‍ക്കെടാ , അഭിനത്തികവുകളുടെ കാര്യം കൂടി കേട്ടിട്ടു ബോധം കെട്.

അണ്ണാ , അത് വേണോ ?

വേണം ...ഞാന്‍ ഇന്നലെ തിയറ്ററില്‍ ഇരുന്ന് അനുഭവിച്ചതിന്റെ പത്തിലൊന്ന് എങ്കിലും നീ അനുഭവിക്കണം .അടങ്ങിയിരുന്നു കേള്‍ക്കെടാ.മമ്മൂട്ടി നായകനാകുന്ന പടം എന്ന് കേള്‍ക്കുമ്പോഴേ അറിയാമല്ലോ മൊത്തം മുപ്പത്തി നാലു റീലുള്ള സിനിമയില്‍ നാല്‍പതു റീലുകളില്‍ അങ്ങേര്‍ കാണും എന്ന് . തുടക്കത്തില്‍ ചാര്‍മ്മിയെ ട്യൂണ്‍ ചെയ്യാനുള്ള ശ്രമം മുതല്‍ അങ്ങേര്‍ അഭിനയം തുടങ്ങും. ചാര്‍മ്മിയെ അങ്ങേര്‍ പ്രണയത്തോടെ നോക്കുന്നതൊക്കെ കണ്ടാല്‍ ഉണ്ടല്ലോ മോനെ,പട്ടിയെ പേടിച്ച് മരത്തില്‍ മരത്തില്‍ കയറി ഇരിക്കുന്ന പൂച്ചയുടെ മുഖഭാവം ആണ് നമുക്ക് ഓര്‍മ്മ വരിക.അത് പോരാഞ്ഞ് നായികയുടെ ഫോട്ടോ ഏതാണ്ട് പകര്‍ച്ചവ്യാധി പരത്തുന്ന വൈറസ്‌ കൈയ്യില്‍ പിടിക്കുന്നത്‌ പോലെ പിടിച്ചോണ്ട് ഒരു പാട്ടും മമ്മൂട്ടി സാര്‍ കാച്ചുന്നുണ്ട്.

പാട്ട് മാത്രമല്ല ഡാന്‍സും .

മതി അണ്ണാ മമ്മൂട്ടിയുടെ ഡാന്‍സ് ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട

ഡാന്‍സില്‍ തീരുന്നതാണ് മമ്മൂക്കയുടെ പടയോട്ടം എന്ന് നീ കരുതിയോ . തെറ്റി മോനെ തെറ്റി. പടത്തിന്റെ മുക്കാല്‍ ഭാഗവും നല്ല ശുദ്ധ മലയാളവും ,ഇടയ്ക്കിടെ പെട്ടന്ന് താന്‍ സ കാരത്തെ ത കാരാമായി പറയുന്ന കഥാപാത്രത്തെയാണ് അവതരിപിക്കുന്നത് എന്ന് ഓര്‍മ്മ വരുമ്പോള്‍ തൊത്തിയുള്ള സംസാരവും ഒക്കെയായി മമ്മൂട്ടി ഈ സിനിമയില്‍ നിറഞ്ഞാടുകയാണ്
.
അണ്ണാ ഇനി ഞാന്‍ കരയും . നിങ്ങള്‍ ബാക്കിയുള്ളവരുടെ കാര്യം പറ .മമ്മൂട്ടിയെ വിട്

വിട്ടു. മറ്റു കഥാപാത്രങ്ങളില്‍ ഏറ്റവും നന്നായത് മുരളി ഗോപിയാണ്.കാണാ കുണാ എന്ന് എഴുതിവെച്ചിരിക്കുന്ന കഥാപാത്രമായിട്ട് കൂടി കന്നുകുട്ടനെ അയാള്‍ നന്നാക്കിയിട്ടുണ്ട് .നായികാ ചാര്‍മിയുടെ കാര്യവും അത് പോലെ തന്നെ .പക്ഷേ നല്ല പാലപ്പത്തിന്റെ നിറമുള്ള ചാര്‍മിയെ കണ്ണുകള്‍ക്ക്‌ താഴെ സ്വല്‍പ്പം കറുപ്പും അടിച്ച് കോട്ടണ്‍ സാരിയും ഉടുപ്പിച്ച് ഇറക്കിയാല്‍ ഹൈറേഞ്ച് മധ്യവര്‍ത്തി കുടുമ്പത്തിലെ പെണ്ണായിക്കോളും എന്നുള്ള വിവരമേ ജോണി ആന്റണി,മേക്കപ്പ് മാന്‍ (കാട്ടാക്കട സജി ),വസ്ത്രാലങ്കാരകന്‍ (അഫ്സല്‍ മുഹമ്മദ്‌ ) എന്നിവര്‍ക്ക് ഉള്ളു എന്നതാണ് കഷ്ട്ടം.കോമഡി പോലീസ് ആയി വിജയരാഘവന്‍ (മൂന്നോ നാലോ സീനുകള്‍ - ജഗതിയായിരുന്നു ഈ റോളില്‍ എന്ന് ആശിച്ചു പോയി ) സാമന്യം തെറ്റില്ലാതെ ബോറാക്കിയിട്ടുണ്ട്.മാളാ അരവിന്ദന്‍,സാദിക്ക് അങ്ങനെ കുറെ പേരെ സിനിമയില്‍ എവിടെയൊക്കെയോ കണ്ടതായി തോന്നി.സുരേഷ്കൃഷ്ണ പഴയ ജയന്‍ സിനിമകളിലെ ജഗ്ഗുവിന്റെ ശിഷ്യന്‍ ആണെന്ന് തോന്നുന്നു. തലമുടി അത്രയും വരില്ല എങ്കിലും അഭിനയത്തില്‍ ജഗ്ഗു പിച്ച വാങ്ങുന്ന പെര്‍ഫോമന്‍സ് ആണ് .

അപ്പൊ ചുരുക്കത്തില്‍ താപ്പാന

താപ്പാന വെറും കൂതറ സിനിമയായി എന്ന് കരുതി നീ വിഷമിക്കേണ്ട . കോബ്ര കഴിഞ്ഞപ്പോള്‍ നീ വിചാരിച്ചില്ലെ ഇതിലും തറ നിലവാരത്തില്‍ പടമിറക്കാന്‍ ഇനി മമ്മൂട്ടിക്ക് പോലും കഴിയില്ല എന്ന്. ആ ധാരണ അദ്ദേഹം തപ്പാനയിലൂടെ പുല്ലു പോലെ തിരുത്തി കൈയ്യില്‍ തന്നില്ലേ ?. ഇനി ഇതിലും തറയായ സാധങ്ങള്‍ മദയാന,പിടിയാന,കുഴിയാന,തനാന,തന്നാന (വിനീത് മോന്‍ പറഞ്ഞത് പോലെ നെറ്റില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട പീസ്‌ ) എന്നൊക്കെയുള്ള പേരുകളില്‍ അദ്ദേഹം ഇറക്കിക്കൊള്ളും .നീ ധൈര്യമായിട്ട് ഇരി

Sunday, August 19, 2012

ഫ്രൈഡേ ( Friday )

മലയാള സിനിമയുടെ ചരിത്രത്തില്‍ എന്ന് അല്ല ലോകസിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായി ......

കിടിലം .,,,, പൊളപ്പന്‍ തുടക്കം . ഇതു ഏതായാലും താപ്പാന അല്ല .പിന്നെ ... ഓ..ഫ്രൈഡേ.ന്യൂജനറേഷന്‍........ പുതുമ . അതല്ലേ സംഗതി ?

തന്നെടെ തന്നെ.നിനക്കുള്ള സാധനം തന്നെ പടച്ചു കൊണ്ടിരിക്കുന്നത്.ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് കഥ തിരകഥ സംഭാഷണം എന്നിവ ഒരുക്കിയത് നജീം കോയ ആണ് .(ഇവര്‍ രണ്ടു പേരുടെയും ആദ്യ സംരംഭം ആണെന്നു കരുതുന്നു ). അഭിനേതാക്കള്‍ ഫഹദ് ഫാസില്‍,ആന്‍ അഗസ്റ്റ്യന്‍,നെടുമുടി വേണു,ടിനി ടോം, വിജയ രാഘവന്‍,ചെമ്പില്‍ അശോകന്‍ , ശശി കലിംഗ ഇങ്ങനെ പോകുന്നു താര നിര .

അത് ശരി അപ്പോള്‍ നേരത്തെ പറഞ്ഞ ലോക ചരിത്രം ,,,,, പുതുമ .. അതെന്താ സംഗതി?

ഈ ചിത്രത്തിലെ ഏറ്റവും വലിയ പുതുമ ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഫഹദ് ഫാസില്‍ നിക്കറിടാതെ അഭിനയിക്കുന്നു എന്നതാണ് !!!!!

അയ്യേ .. വൃത്തികെട് പറയാതെ അണ്ണാ. ഇതെന്തോന്ന്?

സത്യമാണ് അനിയാ. ഈ സിനിമയില്‍ ആണ് ന്യൂജനറേഷന്‍ നായകനായി മതം മാറ്റം നടത്തിയതിനു ശേഷം ബെര്‍മുഡയുടെ,മോഡുലാര്‍ അടുക്കളയുടെ,സ്മാര്‍ട്ട്‌ ഫോണിന്‍റെ,ലാപ്‌ ടോപ്പിന്‍റെ,എന്തിനേറെ ഒരു അവിഹിതത്തിന്‍റെ പോലും അകമ്പടി ഇല്ലാതെ ശ്രീ ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ഒരു ചിത്രം എന്ന് വേണമെങ്കില്‍ ഒന്ന് നീട്ടി പറയാം.മമ്മൂട്ടി ഒരു ആനയായി അഭിനയിക്കുന്ന ചിത്രം പുറകെ വരുന്നതിനാല്‍ ഇതൊക്കെ പിന്നെ പുതുമ തന്നെ അല്ലെ അനിയാ?

ശരി ശരി അണ്ണന്‍ സിനിമയെ പറ്റി പറഞ്ഞെ ?

ഈ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രം കാരണം ഉസ്താദ്‌ ഹോട്ടല്‍ സഹികേണ്ടി വന്ന ഹതഭാഗ്യര്‍ ആണ് മലയാളി പ്രേക്ഷകര്‍. രാജമാണിക്യം എന്നൊരു സിനിമ ആസ്വദിച്ചു എന്ന പാപത്തിനു പരിഹാരമായി സര്‍വശ്രീ മമ്മൂട്ടി സൃഷ്ട്ടിച്ച പോത്തന്‍ വാവ മുതല്‍ ഉള്ള പാതകങ്ങള്‍ ഇന്നും സഹിക്കുന്നു (സുരാജിനെ സഹിക്കുന്നത് വേറെ).ട്രാഫിക്‌ എന്ന ചിത്രം ആസ്വദിച്ചതിനുള്ള ശിക്ഷയാണ് അനിയാ ഈ ചിത്രം.

അങ്ങനെ പരത്തി പറയാതെ ഒന്ന് വിശദമാക്കാമോ ?

അനിയാ ഈ സിനിമയുടെ കഥ ഒറ്റ വാചകത്തില്‍ പറയാം.നമ്മള്‍ പത്രത്തില്‍ കാണാറില്ലേ ചിലപ്പോഴൊക്കെ .നഷ്ട്ടപ്പെട്ട സാധനം കണ്ടു കിട്ടിയ ആള്‍ തിരിച്ചേല്‍പ്പിച്ചു,ഓട്ടോ റിക്ഷയില്‍ മറന്നു വെച്ച പണവും സ്വര്‍ണവും സത്യസന്ധനായ ഓട്ടോ ഡ്രൈവര്‍ തിരിച്ചു ഏല്‍പ്പിച്ചു എന്നൊക്കെ.അത് തന്നെ കഥ.ഈ കഥ രണ്ടു മണികൂര്‍ കൊണ്ട് പറയാനുള്ള ഭഗീരഥ പ്രയത്നം ആണ് ഫ്രൈഡേ.ഒരു അപകടവും ഒരു ദിവസത്തെ കുറെ സംഭവങ്ങളും കൂടി കാണിച്ചാല്‍ മറ്റൊരു ന്യൂജനറേഷന്‍ വിജയം ആകും എന്നാ തോന്നല്‍ ആണ് ഈ ചിത്രത്തിന് അടിസ്ഥാനം എന്ന് തോന്നിപ്പോകും

നിങ്ങള്‍ ഇങ്ങനെ ഒരു മാതിരി ആക്കിയുള്ള സംസാരം? one day many stories എന്ന തലവാചകം കേട്ടാല്‍ അറിഞ്ഞു കൂടെ സംഗതി തകര്‍ക്കും എന്ന് .

ആദ്യമായി ഒരു കാര്യം,ഒരു സിനിമയില്‍ കുറേ അധികം ത്രെഡുകള്‍ ഉള്‍പ്പെടുത്തുന്നത് ഇതു ആദ്യമായോ ഈ ന്യൂ ജനറേഷന്‍ കാലത്തോ അല്ല.എന്‍റെ ഓര്‍മയില്‍ അങ്ങനെ എടുത്തിട്ടുള്ള ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് അങ്ങാടി എന്ന ചിത്രമാണ്.ഒരേ ഒരു ഡയലോഗ് മാത്രമുള്ള ഒരു പോലീസുകാരനുണ്ട് ആ ചിത്രത്തില്‍ (പപ്പുവിന്‍റെ അച്ഛനായി അഭിനയിക്കുന്ന നടന്‍. പേരറിയില്ല."എന്‍റെ പേരെഴുതിക്കോ സാറെ" എന്നതാണ് ആ നടന്‍ പറയുന്ന ഏക ഡയലോഗ്).അയാളുടെ കഥ പോലും വേണമെങ്കില്‍ പ്രസ്തുത ചിത്രത്തിലെ ഒരു ത്രെഡ് ആയി കാണാവുന്നതാണ്.അങ്ങാടിയില്‍ നിന്നും ട്രാഫിക്കില്‍ എത്തുമ്പോള്‍ കാണാവുന്ന വ്യത്യാസം ഒരു പ്രത്യേക സമയത്ത് നടക്കുന്ന ഒരു സംഭവം അതുമായി യാതൊരു ബന്ധവും ഇല്ലാത്ത കുറേ പേരുടെ ജീവിതങ്ങളെ എങ്ങനെ മാറ്റി മറിച്ചു എന്നതാണ്.എന്നാല്‍ ഈ ചിത്രത്തില്‍ ആകട്ടെ. ഒരു ദിവസം ഒരു നഗരത്തില്‍ (ആലപ്പുഴ) രാവിലത്തെ ബോട്ടില്‍ എത്തുന്ന കുറേപ്പേര്‍.അന്ന് നടക്കുന്ന കുറേ സംഭവങ്ങള്‍ (അതില്‍ ആ ബോട്ടില്‍ വന്നവരും അല്ലാത്തവരും ഉള്‍പ്പെട്ടതാണ്) എല്ലാം കഴിഞ്ഞു വന്നവരെല്ലാം തിരികെ പോകാനായി ബോട്ടില്‍ കേറുന്നു.വഴിയില്‍ കൊടും കാറ്റും,മഴയും , ബോട്ട് തകരുന്നു .സകലരും വെള്ളത്തില്‍ ചാടുന്നു (ലൈഫ് ബെല്‍റ്റ്‌ സഹിതം)ഒരാള്‍ മരിക്കുന്നു.ബാക്കി എല്ലാരും രക്ഷപ്പെടുന്നു.ഇതു തന്നെ കഥ.അവസാന ഭാഗം എങ്കെയും എപ്പോതും എന്ന പടത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടത്‌ ആകാന്‍ സാധ്യത ഉണ്ട് (ഒന്നൊന്നര പ്രചോദനം ആയി പോയേ !!!)

എന്നാലും ...

ശരി, നിനക്ക് ബോധിച്ചില്ലേല്‍ കേട്ടോ നടക്കുന്ന സംഭവങ്ങള്‍ ഇവയാണ് .

1) കൊച്ചു മകളുടെ കല്യാണത്തിന് സ്വര്‍ണം എടുക്കാന്‍ നഗരത്തിലേക്ക് ബോട്ടില്‍ വരുന്ന വൃദ്ധനും (നെടുമുടി) കുടുംബവും .ഓട്ടോയില്‍ മറന്നു വയ്ക്കുന്ന സ്വര്‍ണ്ണം നല്ലവനായ ഓട്ടോ ഡ്രൈവര്‍ ബാലു (ഫഹദ് ഫാസില്‍) തിരികെ കൊടുക്കുന്നു .

2) നഗരത്തിലുള്ള ഒരു പയ്യന്‍,ബോട്ടില്‍ വരുന്ന ഒരു പെങ്കൊച്ചിനെ (ആന്‍) വളച്ചു (അവര് ലൈന്‍ ആന്നേ)ബീച്ചില്‍ പോയി സോള്ളിയിരിക്കുമ്പോള്‍ പോലീസ് (സദാചാരം അല്ല ഒറിജിനല്‍ ) പിടിച്ചു വൈകുന്നേരം വരെ സ്റ്റേഷന്‍നില്‍ ഇരുത്തുന്നു.

3) കുട്ടിയെ ദത്തെടുക്കാന്‍ വന്ന ദമ്പതികള്‍ കുട്ടികള്‍ ഉണ്ടാവില്ല എന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ഒരു തട്ടിപ്പുകാരന്‍റെ സഹായത്തോടെ നാട് മുഴുവന്‍ ഓടി ഒടുവില്‍ ദത്തെടുത്തു തിരിച്ചു പോകുന്നു. തട്ടിപ്പുക്കാരന്‍ ബോട്ടില്‍ തിരികെ പോകുന്നു.

4) വെള്ളി മൂങ്ങയെ വില്‍ക്കാന്‍ വന്ന ബൈജു ഏഴുപുന്നയും ശിങ്കിടിയും. സംഗതി നടക്കാതെ തിരികെ പോകുന്നു.

5) പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍ ഒരാള്‍ ബോട്ടില്‍ വരുന്നു.തിരികെ പോകുന്നത് അയാളുടെ ഭാര്യയും കുട്ടിയുമാണ്. അങ്ങേരു വേറൊരു വഴിക്ക് പോയി .

ഇതില്‍ കൂടുതല്‍ രംഗങ്ങള്‍ ഉള്ളത് ആയതിനാല്‍ പ്രധാന കഥ എന്ന് പറയാവുന്നത് ആദ്യത്തേത് ആണ് .എന്നാല്‍ മറ്റു കഥകള്‍ പ്രത്യേകിച്ചു ഒന്നും പറയാത്തത് കൊണ്ട് അഥവാ പറയാന്‍ ഇല്ലാത്തത് കൊണ്ട് അവയെല്ലാം തന്നെ വെറുതെ ടൈം ഫില്ലേര്‍സ് ആയി ഇട്ടിരിക്കുന്ന പ്രതീതി ആണ് ഉണ്ടാകുന്നതു.ഈ കഥകളെല്ലാം ഒരു പൊതുവായ പോയിന്ന്റില്‍ സ്ഥലത്ത് എത്തിക്കാനായി ഇവരെ ബോട്ടില്‍ കയറ്റുന്നത് മുതല്‍ ഇതു തീരുന്നില്ലല്ലോ എന്ന തോന്നലാണ് ഉണ്ടാകുന്നതു.അത് വരെ ഇതെല്ലാം തമ്മില്‍ എങ്ങനെ എങ്കിലും ബന്ധപ്പെടും എന്ന പ്രതീക്ഷയില്‍ കണ്ടു കൊണ്ടിരിക്കാം.സിനിമ തുടങ്ങുന്ന ആദ്യ ഒരു പത്തു നിമിഷം സംസാരം മൊത്തം കൊങ്ങിണി ഭാഷയില്‍ ആയതിനാല്‍ സംഗതി ഊഹിക്കാനെ പറ്റു.കുറഞ്ഞ പക്ഷം അവിടെ sസബ് ടൈറ്റിലുകള്‍ ഇടാനുള്ള വകതിരിവ് പോലും സംവിധായകന്‍ കാണിക്കുന്നില്ല.

അപ്പോള്‍ അഭിനയം ...

ദോഷം പറയരുതല്ലോ എല്ലാ അഭിനേതാക്കളും എടുത്തു മറിച്ചു എന്നൊന്നും പറയാന്‍ ഇല്ലെങ്കിലും അവര്‍ അവരുടെ വേഷം വൃത്തിയായി ചെയ്തു. അന്തവും കുന്തവും ഇല്ലാത്ത ഒരു തിരകഥ ഉണ്ടായി പോയത് അവരുടെ തെറ്റല്ലല്ലോ .
ആന്‍ അഗസ്റ്റിന്‍ തടി സൂക്ഷിച്ചാല്‍ നല്ലത്(ഈയിടെയായി ഇറങ്ങുന്ന പടത്തിലെ കൊച്ചുങ്ങളെക്കുറിചെല്ലാം ഇത് പറയേണ്ടി വരുന്നത് ഗതികേടാണ് ) .പൊക്കം കുറവായത് കൊണ്ടാകണം നാള്‍ക്കു നാള്‍ കൊച്ച് ഒരു ഗോളാകൃതിയില്‍ ആയി വരുന്നു.ഗാനങ്ങളും (?) ഛായാഗ്രഹണവും നന്നായി.അതില്‍ തന്നെ വികാര വിക്ഷോഭം (ശോകം) അഭിനയിക്കുന്ന ആനിന്‍റെ മുഖത്തിനടുത്ത് പോലും ക്യാമറ കൊണ്ട് വരാതെ എടുത്ത ഔചിത്യത്തിനു നൂറു മാര്‍ക്ക്.ഓര്‍ഡിനറിക്ക് ശേഷം ആ കൊച്ച് അഭിനയിച്ചാല്‍ സത്യമായും എനിക്ക് പേടിയാ.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

തിരകഥയില്‍ ഒരല്‍പം ശ്രദ്ധിച്ചിരുന്നു എങ്കില്‍ നന്നായേകുമായിരുന്ന ഒരു ചിത്രം ഒന്നുകില്‍ തിരകഥകൃത്തിന് ബോധം വേണം ഇല്ലങ്കില്‍ സംവിധായകന് വെളിവ് വേണം എന്ന് വിളിച്ചു പറയുന്ന ചിത്രം .

അടിക്കുറിപ്പ് : തിരുവനന്തപുരത്തെ ഏറ്റവും ചെറിയ തിയറ്ററില്‍ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.വരിയില്‍ നിന്ന് ടിക്കറ്റ്‌ എടുത്തു വന്നപ്പോള്‍ കൂടെ വന്ന ശ്രീനി പടം കാണാന്‍ വന്ന ഒരു ഓട്ടോ ഡ്രൈവറുടെ വന്‍ ബൌധിക ചര്‍ച്ചക്ക് ഇരയാകുന്നു.ഡയലോഗ് ഇപ്രകാരം "ഇതൊക്കെ എവന്മാരുടെ ഒരു കളിയല്ലേ . ഇപ്പം ചെറിയ തിയറ്ററില്‍ ഇട്ടാല്‍ കുറെ ദിവസം ടിക്കറ്റിനു നല്ല ക്യു ആയിരിക്കും.വഴിയെ പോകുന്നവരെല്ലാം ഇതെന്തോ സംഭവം ആണെന്ന് വിചാരിക്കും.ടിക്കറ്റ്‌ കിട്ടാത്തവന്‍ വാശിക്ക് പിറ്റേ ദിവസം റിസര്‍വ് ചെയ്തു കാണും. എല്ലാത്തിനും പുറമേ ഇരുപത്തി അഞ്ചാം ദിവസം വരെ എല്ലാ ഷോയും ഹൌസ് ഫുള്‍ എന്ന് വെണ്ടയ്ക്ക നിരത്താം.സംശയം ഉണ്ടെങ്കില്‍ നോക്കിക്കേ ഈ ഡയമണ്ട് നെക്കലസ്,തട്ടത്തിന്‍ മറയത്തു ഒക്കെ എവിടെയാ റീലീസ് ആയതു എന്ന്. ഇതൊന്നും നമുക്ക് മനസിലാവില്ലല്ലോ ". പടം തുടങ്ങാന്‍ സമയം ആയതു കൊണ്ടും ആദ്യം പറഞ്ഞ പടം എനിക്ക് ഇഷ്ട്ടപെട്ടത്‌ കൊണ്ടും അങ്ങേരുടെ ധാര്‍മിക രോഷത്തില്‍ നിന്നും ശ്രീനിയെ മോചിപ്പിച്ചു അകത്തേക്ക് പോകുമ്പോള്‍ ആണ് ശ്രദ്ധിച്ചത് ശ്രീനിയുടെ മുഖത്ത് അകെ ഒരു ചമ്മല്‍.ചോദിച്ചപ്പോള്‍ ശ്രീനിയുടെ മറുപടി . "അണ്ണാ അയാള് പറഞ്ഞത് കുറെ ശരിയാണ്.തട്ടത്തിന്‍ മറയത്തു ഒക്കെ ഞാന്‍ കണ്ടത് അങ്ങനെ തന്നെയാണ് " (ഞാന്‍ അങ്ങനെ അല്ല കണ്ടത് എന്നത് കൊണ്ട് പ്രതികരിച്ചില്ല ) !!!!!

(മേല്‍പ്പറഞ്ഞ സംഭവം സത്യമായും നടന്നതാണ്. സൌകര്യമുള്ളവന്‍ വിശ്വസിച്ചാല്‍ മതി !!!!)

Saturday, August 18, 2012

മിസ്റ്റര്‍ മരുമകന്‍ -Mr. Marumakan

അണ്ണാ നിങ്ങള്‍ മിസ്റ്റര്‍ മരുമകന്‍ എത്രയും പെട്ടെന്ന് ഒന്ന് കാണണം .റിവ്യൂ അത്യാവശ്യമാണ് എന്ന് കാളകൂടത്തില്‍ നിന്നും ഇപ്പൊ ഫോണ്‍ വന്നതേ ഉള്ളു.

ഞാന്‍ പടം കണ്ടിട്ട് വരുന്ന വഴിയാണ് ചെല്ലാ

അതാണ്‌.നിങ്ങള്‍ കണ്ടു കാണും എന്ന് എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു . ഞാന്‍ ഒരു തുടക്കം എഴുതി വെച്ചിട്ടുണ്ട് .ബാക്കി നിങ്ങള്‍ പറയുന്നതും ചേര്‍ത്ത് പൊലിപ്പിക്കാം

ആദ്യം നിന്റെ തുടകം കേക്കട്ട് , എന്നിട്ട് ഞാന്‍ പടത്തിനെപ്പറ്റി പറയാം.

ദാ പിടിച്ചോ ....സന്ധ്യ മോഹന്‍ സംവിധാനം ചെയ്തു , സിബി കെ തോമസ്‌ , ഉദയ്കൃഷ്ണ (സിബി-ഉദയ് ) തിരക്കഥ എഴുതി , ദിലീപ് നായകനായി പുറത്തിറങ്ങുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന നിമഷം മുതല്‍ ഒരു സാധാരണ പ്രേക്ഷകന്‍ ആ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ആധുനിക സമൂഹത്തില്‍ ഒരു മരുമകനും അമ്മായിയമ്മയും തമ്മിലുള്ള മാറുന്ന ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയാണ്. സമകാലീന കുടുമ്പ വ്യവസ്ഥകളില്‍ കാണുന്ന നന്മ തിന്മകള്‍ കൊണ്ട് സമ്പന്നമാകും ഈ സിനിമയിലെ ഓരോ രംഗങ്ങളും എന്ന് അവന്‍ വ്യഥയോടെ പ്രതീക്ഷിച്ചു കളയും. അനുനിമിഷം രസിപ്പിക്കുന്ന അര്‍ത്ഥ സമ്പുഷ്ടമായ നര്‍മ്മ രംഗങ്ങളില്‍ കൂടി വികസിക്കുന്ന സിനിമ ഒടുവില്‍ ഒരു നല്ല സന്ദേശം നല്‍കി അവസാനിക്കില്ലേ എന്ന ആശങ്ക അവനെ നിരന്തരം വേട്ടയാടും .അപകടകരമായ സന്ദേശങ്ങള്‍ ഒന്നും സിനിമയില്‍ ഉണ്ടാവരുതേ എന്ന കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന അവന്റെ ചുണ്ടുകളില്‍ എപ്പോഴും ഉണ്ടാകും.

അനിയാ സ്റ്റോപ്പ്‌!!! . പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ , ഹിറ്റ്ലര്‍ ബ്രദേര്‍സ് , മൈ ഡിയര്‍ കരടി ,കിലുക്കം കിലുകിലുക്കം തുടങ്ങിയ ക്ലാസിക്കുകള്‍ സംവിധാനം ചെയ്ത സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന പടം , പണ്ട് വായിച്ച മാ വാരിക കഥകളില്‍ , ബാലരമ ,ബാലമംഗളം , പൂമ്പാറ്റ സന്ദര്‍ഭങ്ങളും ,മേമ്പൊടിക്ക് അല്‍പ്പം വ്യംഗ്യം കലര്‍ന്ന തമാശകളും ചേര്‍ത്ത് എഴുതിയ നാലഞ്ച് കഥകള്‍ തിരിച്ചും മറിച്ചും അടിച്ചു കഞ്ഞി കുടിക്കുന്ന സിബി -ഉദയ് ടീമിന്റെ രചന, ദിലീപ് നായകനാകുന്ന സിനിമ , അതിന്റെ പേര് മിസ്റ്റര്‍ മരുമകന്‍ ...അതില്‍ നിന്നും നിന്റെ പ്രേക്ഷകന്‍ എന്തോന്ന് പ്രതീഷിക്കുന്നത് ? സമകാലീന കുടുമ്പബന്ധം , അര്‍ത്ഥ സമ്പുഷ്ടമായ കോമഡി , പിന്നെ നല്ല സന്ദേശം , അല്ലെ ?

അപകടകരമായ സന്ദേശങ്ങള്‍ പാടില്ല താനും.

ഒവ്വ ...അനിയാ സമകാലീനം , അര്‍ത്ഥസമ്പുഷ്ടം ഇതൊക്കെ അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്ത കൂട്ടരാണ് സന്ധ്യാ മോഹന്‍, സിബി -ഉദയ് ഇവരൊക്കെ . ഇവര്‍ ദിലീപിനെ നായകനാക്കി മിസ്റ്റര്‍ മരുമകന്‍ എന്ന പേരില്‍ ഒരു സിനിമ ഇറക്കുമ്പോള്‍ തലയ്ക്കു വെളിവുള്ള ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ എന്തൊക്കെ എന്ന് കേട്ടോ അഹങ്കാരി ആയ നായിക , അതിനേക്കാള്‍ അഹങ്കാരിയായ അമ്മായിയമ്മ , പാവപ്പെട്ട പക്ഷെ തന്റേടിയായ നായകന്‍ . സാഹചര്യങ്ങള്‍ കൊണ്ട് നായകനെ കെട്ടാന്‍ നിര്‍ബ്ബന്ധിതയാകുന്ന നായിക. വിവാഹ ശേഷം നായികയെയും , അവളുടെ അമ്മയെയും വരച്ച വരയില്‍ നിറുത്തി കണ്ണുനീരോടെ മാപ്പ് പറയിച്ച് എല്ലാം ശുഭം ആക്കുന്ന നായകന്‍ . അമ്മായിയമ്മ മിക്കവാറും ഭര്‍ത്താവിനെ ചവിട്ടി പുറത്താക്കി കൊല വിളിച്ചു നില്‍ക്കുന്ന ടീം ആകും .നായകന്‍ ഇടപെട്ട് അമ്മായിയമ്മയെക്കൊണ്ട് അമ്മയിയപ്പനോടും ക്ലൈമാക്സില്‍ മാപ്പ് പറയിക്കും. ഇത്രയൊക്കെ ഈ പടത്തില്‍ കാണും എന്ന് പടം അനൌണ്സ് ചെയ്യുന്ന നിമിഷം മുതല്‍ സ്ഥിരമായി വാണിജ്യ സിനിമകള്‍ കാണുന്ന ബോധമുള്ള ഏതൊരുത്തനും അറിയാം. പിന്നെ അവനെ രസിപ്പിക്കുന്ന രീതിയില്‍ പടം എടുക്കുക എന്ന കാര്യം അതിന്റെ അണിയറക്കാര്‍ ചെയ്‌താല്‍ അത് നല്ല പടം .ഇല്ലെങ്കില്‍ കൂതറ .

എന്നിട്ട് നിങ്ങള്‍ പ്രതീക്ഷിച്ച് പോയത് പോലെ തന്നെ മിസ്റ്റര്‍ മരുമകന്റെ കഥ ?

പിന്നല്ലാതെ ? അഹങ്കാരിയായ അമ്മായിയമ്മക്ക്‌ കൂട്ടായി അവരുടെ സുപ്പര്‍ അഹങ്കാരി അമ്മ കൂടി ഉണ്ട് എന്നൊരു വ്യത്യാസം മാത്രം .

പടം എങ്ങനെ?

വെറും കച്ചറ. ഒന്നോ രണ്ടോ സീനുകള്‍ ഒഴിച്ച് ചിരി പോയിട്ട് പുഞ്ചിരി വരുന്ന രംഗങ്ങള്‍ പോലും ഇല്ല.

അങ്ങനെ ഫ്ലാറ്റ് ആയി പറഞ്ഞാല്‍ പോരാ .സംഗതികള്‍ വരണം.

എന്തോന്ന് സംഗതികളഡേ ?അതി പുരാതന കാലം തൊട്ടുള്ള തന്റേടിയായ നായകന്‍ വേര്‍സസ്സ് അഹങ്കാരികള്‍ അയ അമ്മായിയമ്മ പ്ലസ്‌ നായിക ടീമിന്റെ കഥ. നീ പറഞ്ഞത് പോലെ അര്‍ത്ഥസമ്പുഷ്ടം ഒന്നും അല്ലെങ്കിലും, സ്ലാപ് സ്റ്റിക്ക് ആണെങ്കിലും കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ , പിന്നെ ടിപ്പിക്കല്‍ മസാലയാണെങ്കിലും അല്‍പ്പ സ്വല്‍പ്പം ആളെ ഊശിയാക്കാത്ത ട്വിസ്റ്റുകളും ആണ് കാലാ കാലത്ത് ഇറങ്ങുന്ന ഇത്തരം സ്ഥിരം ഫോര്‍മുല സിനിമകളെ രക്ഷിക്കുന്നത് . മിസ്റ്റര്‍ മരുമകനില്‍ ഹാസ്യം നിറയ്ക്കാന്‍ സന്ധ്യാ മോഹന്‍,സിബി-ഉദയ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിലീപ് , ബിജുമേനോന്‍ സലീംകുമാര്‍, ബാബുരാജ്, സുരാജ് വെഞാറമ്മൂട്,ഹരിശ്രീ അശോകന്‍ വരെയുള്ള ഒരു നീണ്ട താരനിര തലകുത്തി ശ്രമിക്കുന്നുണ്ട്.വെവ്വേറെ നിലവാരം പറഞ്ഞാല്‍ ;
ദിലീപ് - ഏശിയില്ല ,
ബിജുമേനോന്‍ - അകെ അങ്ങേരെ കാണിക്കുന്ന മൂന്നു നാല് സീനുകളില്‍ ഒക്കെ ,
സലിംകുമാര്‍ -ദേശിയ അവാര്‍ഡ്‌ ഉടനെ മിക്കവാറുംനാട്ടുകാര്‍ തിരികെ വാങ്ങി സര്‍ക്കാരിന് കൊടുക്കും ,
ബാബുരാജ് - എന്റെ പൊന്നു ജഗതിയേട്ടാ പെട്ടന്ന് സുഖം പ്രാപിച്ച് വന്ന് ഈ ബാധയില്‍ നിന്നും ഞങ്ങളെ ഒന്ന് രക്ഷിക്കു. ,
സുരാജ് വെഞാറമ്മൂട് -തല്ലിക്കൊല്ലാത്തത് നേരിട്ട് കാണാത്തത് കൊണ്ടും ജയലില്‍ പോകും എന്ന പേടി കൊണ്ടും മാത്രമാണ് ,
ഹരിശ്രീ അശോകന്‍ -കണ്ണ് ചിമ്മിയാല്‍ മിസ്സാകുന്ന റോളില്‍ അങ്ങേര്‍ എന്ത് ചെയ്യാന്‍ ?
ഇനി ട്വിസ്റ്റ് ... അതിന്റെ കാര്യം പറഞ്ഞാല്‍ എടുത്തു പറയാവുന്ന ഒരേ ഒരു ട്വിസ്റ്റ്‌ വില്ലന്മാര്‍ ആയ സായികുമാര്‍ , റിയാസ്ഖാന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ ക്ലൈമാക്സില്‍ മറുകണ്ടം ചാടുന്നതാണ് . അത് തന്നെ പരമ ബോറാണ്.പിന്നെ കവിയൂര്‍ പൊന്നമ്മ ,ഷീല ,ഖുശ്ബു എന്നിവരുടെ കഥന കഥ വേറൊരു ട്വിസ്റ്റ് ആയിട്ട് ഉണ്ട് .പൊന്നനിയാ മാ വരികക്കാര്‍ സിബിക്കും ഉദയനും കപ്പം കൊടുക്കും.

അണ്ണന്‍ പറഞ്ഞല്ലോ ഹാസ്യ രംഗങ്ങളില്‍ ദിലീപ് ഏശിയില്ല എന്ന് .ബാക്കിയുള്ള സീനുകളിലോ?

നിന്റെ ചോദ്യം കേട്ടാല്‍ തോന്നും ഹാസ്യ രംഗങ്ങള്‍ അല്ലാതെ വികാരങ്ങള്‍ ഘനം തൂങ്ങുന്ന രംഗങ്ങള്‍ ഒരുപാട് ഈ സിനിമയില്‍ ഉണ്ടെന്ന്. അനിയാ ഏതാണ്ട് മുഴുവന്‍ സമയവും ഈ സിനിമ നമ്മളെ ചിരിപ്പിക്കാന്‍ ഉള്ള തീവ്ര ശ്രമമാണ് . പിന്നെ അത്യാവശ്യം ഉള്ള ഗൌരവ പൂര്‍ണ്ണം അല്ലെങ്കില്‍ കട്ട ഡയലോഗുകള്‍ പറയേണ്ട രംഗങ്ങള്‍ . ദിലീപിനോട് എനിക്ക് അകെ പറയാനുള്ളത് ജൂനിയര്‍ ആണെങ്കിലും ജയസൂര്യയെ പോലുള്ള നടന്മാര്‍ ഇത്തരം സീനുകളില്‍ ശരീര ഭാഷയിലും, ടോണിലും ഒക്കെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇംപ്രൊവൈസേഷന്‍ ഒന്ന് നിരീക്ഷിക്കുന്നത് ഉപകാരപ്പെടും .മിസ്റ്റര്‍ മരുമകനില്‍ ഉള്ള 'ഉടുക്കടി സാരി' മട്ടിലുള്ള സീനുകള്‍ ഒരുപാട് കണ്ടിരിക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് പറയുകയാണ്‌.അപേക്ഷയായി കൂട്ടിയാല്‍ മതി

ഭാഗ്യരാജ് ഒക്കെയില്ലേ അണ്ണാ സിനിമയില്‍ ?

ഉണ്ടല്ലോ . ദിലീപിന്റെ അമ്മായിയപ്പന്‍ ആയിട്ട്. തമിഴ് കലര്‍ന്ന മലയാളം പറയുന്നു ,ഇടയ്ക്കിടെ കുശ്ബുവിന്റെ ആട്ടും തുപ്പും കേള്‍ക്കുന്നു , ഇടയ്ക്ക് ഒരല്പം ഭാവാഭിനയം, ഒടുക്കം കുശ്ബു മാപ്പ് പറയുമ്പോള്‍ എല്ലാം ക്ഷമിക്കുന്നു ...തീര്‍ന്നു.

പിന്നെ അണ്ണാ പ്രധാന സംഭവം പറഞ്ഞില്ലല്ലോ .ഇതിലല്ലേ നമ്മുടെ ബേബി സനുഷ ബേബി പട്ടം കളഞ്ഞ് ബേബ് ആകുന്നത് ? നായികയായുള്ള സനൂഷയുടെ ആദ്യ ഫിലിം എന്ന നിലയ്ക്ക് അണ്ണന്‍ ആ കൊച്ചിനെ കുറിച്ച് ഇതുവരെ ഒന്നും പറയാത്തത് മോശമായിപ്പോയി.

കൊച്ച് കാണാന്‍ സുന്ദരി,തടി സൂക്ഷിച്ചാല്‍ കൊച്ചിന് കൊള്ളാം. അഹങ്കാരി ,നിഷേധി ,നായകനെ ഗുണ്ടകളെ വിട്ടു തല്ലിക്കാന്‍/ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവള്‍ ഒടുക്കം നായകന്‍ വേറൊരുത്തിയുടെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ അസൂയയായി തുടങ്ങുന്ന സോഫ്റ്റ്‌ കോര്‍ണര്‍ പ്രേമത്തിലേക്ക് വീഴ്ത്തുന്നവള്‍ അങ്ങനെയുള്ള മലയാളി മെയില്‍ ഫാന്റസി ഹീറോയിന്‍ കഥാപാത്രത്തെ കൊച്ച് ബോറക്കാതെ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. ഡബ്ബിംഗ് സ്വന്തം ശബ്ദമെങ്കില്‍ ഫുള്‍ മാര്‍ക്ക് . ഗ്ലാമറിലും പ്രതീക്ഷ നല്‍കുന്ന പെര്‍ഫോമന്‍സ് ,ഇത്രയും പോരെ ?

ഹോ അപ്പൊ മഴപ്പാട്ട് തകര്‍ത്തു അല്ലെ അണ്ണാ ?

വന്‍ പ്രതീക്ഷകളുമായി ഇടിച്ചു കയറിയിട്ട് ഒടുക്കം എന്നെ പറയരുത്.പക്ഷെ മലയാളം സിനിമ ഗ്ലാമര്‍ സോങ്ങ് നിലവാരത്തില്‍ ഭേദപ്പെട്ട ഒന്ന് . പാട്ടിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് സിനിമയില്‍ അതിന്റെ പ്ലേസ്മെന്റാണ് . ഏതാണ്ട് സിനിമ തീരാറാകുമ്പോള്‍ ആണ് ഈ പാട്ട് വരുന്നത്.പ്രമോകളില്‍ ഇതിന്റെ വാലും തുമ്പും പടങ്ങളും ഒക്കെ കണ്ട ഒറ്റയൊരുത്തന്‍ പോലുംആ പാട്ട് വരും വരെ സീറ്റ് വിട്ടു അനങ്ങാതെ കൊന്ന് കൊലവിളിക്കാന്‍ ധൈര്യപൂര്‍വ്വം ഇരുന്നു കൊടുത്തോളും.

കുശ്ബു എങ്ങനെ ഉണ്ട് അണ്ണാ ?

പഴയ ലക്ഷണ ശാസ്ത്രം വെച്ച് പ്രൌഡ സുന്ദരിയായ ഒരു മധ്യവയസ്ക (വീ കെ യെന്‍ /പയ്യന്‍ ഭാഷയിലെ തടിച്ചി ). ലാസ്റ്റ് മിനിറ്റ് വരെ അഹങ്കാരി .ഒടുക്കം ശീലാവതി . മോശമായില്ല എന്നാല്‍ തകര്‍ത്തു എന്ന് പറയാന്‍ തക്ക സന്ദര്‍ഭങ്ങള്‍ ഒന്നും കഥയിലും ഇല്ല , അവരുടെ അഭിനയത്തിലും ഇല്ല.

ബാക്കിയുള്ളവര്‍ ?

കുശ്ബുവിന്റെ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തില്‍ വരുന്ന ഷീലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം . എന്റെ അനിയാ അവര്‍ അഭിനയിച്ച് തുടങ്ങിയാല്‍ മുന്നില്‍ ഒരു മദയാനയെ കൊണ്ട് നിറുത്തിയാലും അത് വിരണ്ട് ഓടി വല്ല കുറ്റിക്കാട്ടിലും കയറി ഒളിച്ച് കളയും . അവരുടെ മുന്നില്‍ നിന്ന് അഭിനയിക്കുന്ന എക്സ്ട്രാ നടീ നടന്മാര്‍ക്ക് വരെ അങ്ങനെ ഓടാതെ പിടിച്ചു നില്‍ക്കുന്നതിന്റെ പേരില്‍ മാത്രം ഓരോ ഓസ്കാര്‍ കൊടുക്കേണ്ടതാണ് .

പിന്നെയുള്ളത് കവിയൂര്‍ പൊന്നമ്മയാണ് .നിസഹായയായ ജോലിക്കാരി /അമ്മ . സ്ഥിരം വേഷം. അവരോട് പറഞ്ഞ ജോലി അവര്‍ വൃത്തിയായി ചെയ്തു. അത്ര തന്നെ .കൂടുതലും ഇല്ല കുറവും ഇല്ല.

അണ്ണാ , നേരെ വാ നേരെ പോ ചോദ്യം.ഇത് ഒരു മോശം പടമായതിന്റെ പ്രധാന ഉത്തരവാദിത്വം ആര്‍ക്ക് ?

സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന തത്വം വെച്ച് സന്ധ്യാ മോഹന്‍ . തുല്യ പങ്കാളികള്‍ ആയി സിബി -ഉദയ് ടീം . ലോജിക്ക് ഒട്ടുമില്ലാത്ത കഥയും , സ്ലാപ് സ്റ്റിക്ക് കോമഡിയും ഒന്നും ഇത്തരം ഒരു പടത്തില്‍ കുഴപ്പമില്ല. പക്ഷേ പടം സാമാന്യം തെറ്റില്ലാതെ ബോറടിക്കുമ്പോള്‍ അതിലെ ലോജിക്ക് ഇല്ലായ്മ ഞാന്‍ തിരയുന്നതും, കോമഡിക്കുള്ള ശ്രമങ്ങള്‍ എന്നെ ചിരിപ്പിക്കത്തതും പ്രാഥമികമായി സംവിധയകന്‍ - തിരക്കഥാകൃത്തുക്കള്‍ എന്നിവരുടെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടാമതായി സംസ്ഥാന അവാര്‍ഡ് , ഒരു ബ്ലോക്ക് ബസ്റ്റര്‍ ഇതൊക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ഒരു പടം ഇറക്കിയ ദിലീപ് . (അവാര്‍ഡ്, ബ്ലോക്ക് ബസ്റ്റര്‍ ഇതിനൊക്കെ ഒരു പാട് മുന്‍പ് തട്ടില്‍ കയറിയ പടമാണ് മരുമകന്‍ എന്നത് മറക്കുന്നില്ല )

അപ്പൊ പടം കൂറ തന്നെ അല്ലെ അണ്ണാ ?

ഡേ , ഈ പടം കൂറ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കിട്ടിയാല്‍ ഇതിന്റെ നിര്‍മ്മാതാക്കളും ദിലീപും മിക്കവാറും രക്ഷപ്പെടം. മായാമോഹിനി പോലെ ഒരു തനി തറപ്പടത്തിനെ ബ്ലോഗിലെ അണ്ണന്‍മാര്‍ കൂറ , അശ്ലീലം , വൃത്തികേട്‌ എന്നൊക്കെ പറഞ്ഞ് ക്യൂവായി നിന്ന് കൂവി. ഫലമോ ? ഫാമിലികള്‍ ഇടിച്ചു കയറി ആ പടം ബ്ലോക്ക് ബസ്റ്റര്‍ . ഓണ്‍ലൈന്‍ പപ്പുണ്ണികള്‍ മൂക്കത്ത് വിരല്‍ വെച്ചു 'ഫാമിലിക്ക്‌ ഇപ്പൊ തറ നിലവാരവും, അശ്ലീലവും മതിയോ ?' എന്ന് തമ്മില്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി തള്ളിയത് ചരിത്രം. അത് കൊണ്ട് മിസ്റ്റര്‍ മരുമകന്‍ എന്ന ഈ പടത്തെ കൂറ എന്ന് വിളിക്കുന്നത്‌ സൂക്ഷിച്ചു വേണം .

എന്നാലും കാളകൂടത്തില്‍ കൊടുകുമ്പോള്‍ ഒരു കണ്‍ക്ലൂഷന്‍ വേണ്ട അണ്ണാ ?

ഡേ കണ്ക്ലൂഷന്‍ ഇത്രയേ പറയാനുള്ളൂ. തമിഴില്‍ ഇത്തരം ഫോര്‍മുലകളുടെ ഒരു സ്ഥിരം നടന്‍ ഉണ്ടായിരുന്നു (ആള്‍ ഇപ്പോഴും ഉണ്ട് ,പക്ഷെ നായക വേഷങ്ങള്‍ നിറുത്തി സപ്പോര്‍ട്ടിംഗ് റോളുകളിലേക്ക് മാറി എന്ന് മാത്രം ) പാണ്ഡ്യരാജന്‍ .അങ്ങേരുടെ നല്ല കാലം എന്പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ആയിരുന്നു.ആ നല്ല കാലത്ത് അങ്ങേര്‍ തമിഴില്‍ ചെയ്യേണ്ടി ഇരുന്ന പടമാണ് മിസ്റ്റര്‍ മരുമകന്‍. അത് ഇപ്പൊ ദിലീപ് അതേ പടി ചെയതു. അത്ര തന്നെ.

Thursday, August 16, 2012

ഏക്‌ ഥാ ടൈഗര്‍ : ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ

അണ്ണാ ഹിന്ദിയിലെ സുപ്പര്‍ താരം സല്‍മാന്‍ ഖാന്റെ പുതിയ സില്‍മ ഇറങ്ങിയ വിവരം നിങ്ങള്‍ അറിഞ്ഞോ?

മകനെ ,നല്ലതും ചീത്തയുമായ എല്ലാ സിനിമകളും കഴിയുന്നതും ആദ്യ ദിവസങ്ങളില്‍ തന്നെ തിയറ്ററില്‍ പോയി കണ്ടു പണ്ടാരമടങ്ങട്ടെ എന്നൊരു ശാപം എനിക്ക് കിട്ടിയിട്ടുണ്ട് .ശപിച്ചത്‌ ഓള്‍ കേരളാ സുപ്പര്‍ കൂഴലൂത് അസോസിയേഷന്‍ സെക്രട്ടറി ചെങ്കല്‍ചൂള സജിന്‍ . അതിനാല്‍ സിനിമയുടെ കാര്യത്തില്‍ വേണമെങ്കില്‍ നീ എന്നെ എല്ലാം അറിയുന്നവന്‍ എന്ന് വിളിച്ചോ.ഞാന്‍ വിളി കേള്‍ക്കാം.

അപ്പ നിങ്ങള്‍ പടം കണ്ട ?

കണ്ടു

എങ്ങനെയുണ്ട് ?

ഭയങ്കരമായ ഒരു നല്ല ഫീല്‍ ഉള്ള പടം

എന്ന് വെച്ചാ ?

ഡാ,തട്ടതിന്‍ മറയത്ത് എന്ന തേര്‍ഡ് റേറ്റ് പന്ന പടത്തിനെക്കുറിച്ച്,എനിക്ക് ആ പടം എന്ത് കൊണ്ട് ഇഷ്ടപ്പെട്ടില്ല എന്ന് കാര്യാ കാരണങ്ങള്‍ സഹിതം രണ്ടു പേജ് ഡയലോഗ് ഞാന്‍ അടിച്ചപ്പോള്‍ ഒടുക്കം നീ പറഞ്ഞിട്ട് പോയത് എന്താ ?

അത്...നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും നല്ല ഒരു ഫീല്‍ ഉള്ള പടമാണ് എന്ന്

എന്തായിരുന്നു ആ നല്ല ഫീല്‍ ? വിശദമായി പറ ?

അത്...അണ്ണാ ...

ബ യിബ്ബ ബാ യിബ്ബാ ബബ്ബ എന്നല്ലേ ഉത്തരം ?

പൊന്ന് അണ്ണാ , സത്യം പറയവല്ല്.ഫേസ്ബുക്കിലും,പരസ്യങ്ങളിലും ഒക്കെ കണ്ട വാചകം ഞാന്‍ എടുത്തു അലക്കി എന്നെ ഉള്ളു. സത്യമായിട്ടും എന്താണ് ആ ഫീല്‍ എന്ന് എനിക്ക് ഇത് വരെ മനസിലായിട്ടില്ല.

നിനക്ക് എന്നല്ല,ആ പടം കിടിലം എന്ന് പറഞ്ഞ ഒരു കുഞ്ഞിനും അത് മനസിലായിട്ടില്ല.അതാണ്‌ പറഞ്ഞത്, നിനക്കൊന്നും മനസിലാകാത്ത അതെ നല്ല ഫീല്‍ ഉള്ള പടമാണ് ഏക്‌ ഥാ ടൈഗര്‍

അങ്ങനെ ഒഴുക്കന്‍ മട്ടില്‍ ആണോ പെണ്ണോ എന്ന് അറിയിക്കാതെ പറയാന്‍ ഞങ്ങള്‍ ഒക്കെ ഇല്ലേ അണ്ണാ..നിങ്ങള്‍ കാര്യം വിശദമായി പറ.

വിശദമായി പറഞ്ഞാല്‍ സത്യം പുറത്തു വരും

എന്ത് സത്യം ?

ടൈഗര്‍ ഒരു പൂച്ച പോലും അല്ല വെറും എലിയാണ് എന്ന സത്യം

പടം കൊള്ളൂലെ ?

ഡേ ഞാന്‍ കണ്ട കഴിഞ്ഞ രണ്ടു പടങ്ങളുടെ കാര്യം പറഞ്ഞാല്‍ , രണ്ടിലും കിടിലന്‍ സിനിമ എടുക്കാന്‍ ഉള്ള സകല കോപ്പും ഉണ്ട് (ഇംഗ്ലീഷില്‍ സ്കോപ്പ് എന്നും പറയുമെന്ന് തോന്നുന്നു ).പക്ഷെ സംവിധായകന്റെ /തിരക്കഥകൃത്തിന്റെ കയ്യിലിരിപ്പ് കാരണം കൂതറ പടങ്ങള്‍ ആയി പോയവയാണ്

എന്നാലും യഷ് രാജ് ഫിലിംസ് ഭയങ്കര ബാനര്‍ അല്ലെ അണ്ണാ ?

അവര്‍ കൂറ പടം എടുത്താല്‍ എന്ത് പോലീസ് പെറ്റി അടിക്കുമോ ?

എന്നല്ല ...എന്നാലും

ഡേ പ്രശ്നം തിരക്കഥ (കബീര്‍ ഖാന്‍ /നീലേഷ് മിശ്ര ) ,സംവിധാനം (കബീര്‍ ഖാന്‍ )എന്നിവയിലാണ്

കഥ എന്തോന്ന് അണ്ണാ ?

ഉമ്മച്ചി സ്പൈയെ പ്രണയിച്ച നായര് സ്പൈയുടെ കഥ.ജനമൈത്രി പോലീസിന് പകരം റോയുടെ കുറച്ച് എജെന്റ്മാരും
റോയുടെ എജെന്റ്,ജന്മന കിടിലം , അനാഥന്‍ ഇതൊക്കെയായ ടൈഗര്‍ (സല്‍മാന്‍ ഖാന്‍ ) അന്‍വര്‍ ജമാല്‍ (റോഷന്‍ സേത്ത്) എന്നൊരു പ്രതിരോധ ശാസ്ത്രജ്ജന്‍ ശത്രു മിസൈലുകളെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യ പാകിസ്ഥാന് കൈമാറാന്‍ ശ്രമിക്കുന്നോ,അങ്ങേരുടെ കയ്യില്‍ നിന്നും പാകിസ്ഥാന്‍ ആ വിദ്യ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ എന്നൊക്കെയുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ അയര്‍ലന്‍ഡില്‍ എത്തുന്നു.ഉദ്ദേശം അന്‍വര്‍ ജമാലിനെ നിരീക്ഷിക്കുക.നിരീക്ഷണത്തിന്റെ ഒന്നാം ദിവസം അന്‍വറിന്റെ വീടിന്റെ പാര്‍ട്ട് ടൈം കെയര്‍ ടെയ്ക്കര്‍ അയ സോയ (കത്രീന കൈഫ്‌) എന്ന പെണ്‍കുട്ടിയെ ടൈഗര്‍ പരിചയപ്പെടുന്നു. സ്വീഡനില്‍ ആയതു കൊണ്ടും ,ദഫ് മുട്ട് കളിക്കാരന്‍ എന്ന് പറഞ്ഞാല്‍ കത്രീനയ്ക്ക് മനസിലാകാന്‍ വിഷമം ഉള്ളത് കൊണ്ടും അന്‍വര്‍ ജമാലിന്റെ ജീവിതം പുസ്തകമാക്കാന്‍ വന്ന എഴുത്തുകാരന്‍ എന്ന പേരില്‍ സോയയുമായും അവള്‍ വഴി അന്‍വറുമായും അടുക്കാന്‍ ശ്രമിക്കുന്നു.തുടര്‍ന്നുള്ള പാട്ടിലും തമാശകളിലും അന്‍വര്‍ വിസ്മരിക്കപ്പെടുന്നു.ടൈഗറും സോയയും പ്രണയത്തില്‍ ആകുന്നു. ഇന്റര്‍വെല്‍ അടുത്തു സോയ നല്ല ഒന്നാതരം ഐ എസ ഐ എജെന്റ് ആണെന്ന് ടൈഗര്‍ മനസിലാക്കുന്നു, ഞെട്ടുന്നു ,ലവളെ വെടി വെച്ച് കൊന്നു എന്ന് നമ്മളെ കാണിച്ചിട്ട് (ഓ പിന്നെ ...നമ്മളിത് എത്ര കണ്ടതാ ) ശാസ്ത്രജ്ജന്റെ ഹാര്‍ഡ് ഡിസ്ക് ഊരിയെടുത്ത് (സത്യമായിട്ടും ...ഹാര്‍ഡ് ഡിസ്ക് ഊറി കഴിഞ്ഞ ശേഷം അന്‍വര്‍ ജമാലിനെ ടൈഗര്‍,റോ എന്നിവര്‍ക്ക് പിന്നെ യാതൊരു സംശയവും ഇല്ല ) ഇന്ത്യയിലേക്ക്‌ വരുന്നു.

ഇന്റര്‍വെല്‍ കഴിയുമ്പോള്‍ ബോര്‍ഡറിന്‍ മറയത്തെ പെണ്ണായ സോയ (ലവളെ ടൈഗര്‍ കൊന്നിട്ടില്ല...ഫയങ്കര മ്യൂസിക്കിനുള്ള ക്യൂ ) ചാര സംഘടനകള്‍ പിടിച്ചെടുക്കുന്ന ശത്രുക്കളുടെ രഹസ്യ സന്ദേശം വഴി ടൈഗറിനെ ടര്‍ക്കിയിലേക്ക് ക്ഷണിക്കുന്നു .അവിടെ വെച്ച് ഏകദേശം തട്ടത്തിലെ കൊച്ച് തന്റെ പ്രേമം ആ പടത്തിലെ നായകനായ ഓന്തിനെ അറിയിക്കുന്ന അതെ ലൈനില്‍ സോയ ടൈഗറിനോട് എനിക്ക് നിന്നോട് ഒടുക്കത്തെ പ്രേമമാടാ ...ഐ ലവ് യു ഡാ 'എന്നൊക്കെ പറയുന്നു .പിന്നെ കുറച്ചു നേരം സിനിമ അത്യാവശ്യം താത്പര്യ ജനകമാണ്.ടൈഗര്‍ കൊല്ലാതെ വിട്ട സോയ അയാളെ ചതിക്കുമോ എന്നൊരു ചോദ്യമൊരു പത്തു പതിനെഞ്ചു മിനിറ്റ് കാണികളില്‍ ഒരല്‍പ്പം താത്പര്യം ജനിപ്പിക്കും. അപ്പോഴേക്കും സംവിധായകന്‍ നമ്മളോടും സോയ ടൈഗറിനോടും 'നോ ചതി ഒണ്‍ലി പ്രേമം ' എന്നും പറയുന്നു . രണ്ടാളും ഒളിച്ചോടുന്നു .റോ ,ഐ എസ് ഐ എന്നിവര്‍ രണ്ടിനെയും ജീവനോടെയോ അല്ലാതെയോ പൊക്കാന്‍ ഇറങ്ങുന്നു. ഇടയ്ക്കു പ്രണയികളെ സഹായിക്കാന്‍ പെറ്റി അടിച്ച് കാശുണ്ടാക്കാന്‍ ഉള്ള അധികാരം ജനമൈത്രി റോ എജെന്റ്മാര്‍ക്ക് ഇല്ലാത്തതിനാല്‍,അവര്‍ താങ്ങാല്‍ കഴിയുന്ന രീതിയില്‍ ഐ എസ് ഐയുടെ പിടിയില്‍ പെട്ട സോയയെ രക്ഷിക്കാന്‍ ടൈഗറിനെ സഹായിക്കുന്നു( സോയ അവരോടൊപ്പം ഇടയില്‍ എത്തി അവള്‍ക്കറിയാവുന്ന എല്ലാ രഹസ്യവും പറയും എന്ന് ടൈഗര്‍ പറയുന്ന വാക്ക് മാത്രം വിശ്വസിച്ചു . അത്രയും ഭാഗ്യം ).ടൈഗര്‍ തലശ്ശേരിക്കാരന്‍ അല്ലാത്തത് കൊണ്ടാണോ എന്ന് അറിയില്ല , സോയയെ രക്ഷിച്ച ഉടന്‍ റോക്കാരെയും പറ്റിച്ച് പെണ്ണുമായി മുങ്ങുന്നു.പിന്നെ റോ , ഐ എസ് ഐ സംയുക്ത ചേസ്. വെടി, അടി ,തൊഴി. ലവന്മാരുടെ കൈയ്യില്‍ നിന്നും പ്രണയ ജോടികള്‍ രക്ഷപ്പെടുമോ എന്നത് ക്ലൈമാക്സ് സസ്പെന്‍സ്

അയ്യേ ...ഇതെന്തോന്ന് കഥ?

അല്ലഡാ.ചിലപ്പോള്‍ ഞാനും നീയും ഡല്‍ഹി നിവാസികള്‍ അല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നതാകും . തലശ്ശേരിയുടെ ആത്മാവും,കരളും അടുത്തറിഞ്ഞവര്‍ക്ക് തട്ടത്തിന്‍ മറയത്ത് പോലൊരു ഫ്രോഡ് കഥ അവിടെ ദിവസേന നടക്കുന്നതാണ് എന്ന് അറിയാം എന്ന് നീയൊക്കെ കുഴലൂതിയില്ലേ ? അത് പോലെ നായകന്റെ സ്വന്തം സ്ഥലമായ ഡല്‍ഹിയില്‍ ഉമ്മച്ചി സ്പൈമാരെ പ്രണയിച്ച നായര് സ്പൈമാരുടെ എട്ട് കളിയായിരിക്കും. നമുക്ക് അറിഞ്ഞൂടല്ലോ?

പരിഹാസം അടിക്കാതെ നിങ്ങള്‍ കാര്യം പറ.കഥ ബോറാണ് സമ്മതിച്ചു .സല്‍മാന്‍ ഖാന്‍ എങ്ങനെയുണ്ട് .

എനിക്ക് ഇഷ്ടമുള്ള ഹിന്ദി നടന്മാരില്‍ ഒരാളാണ് സല്‍മാന്‍ കുഞ്ഞ്. അമീറിന്റെ അഭിനയമോ , ഷാരൂഖിന്റെ മാര്‍ക്കെറ്റിംഗ് തന്ത്രങ്ങലോ ഒന്നും ഇല്ലെങ്കിലും , ആവശ്യത്തില്‍ കൂടുതല്‍ ചീത്ത പേര് ഉണ്ടെങ്കിലും , കൈയ്യില്‍ ഉള്ള മിനിമം നമ്പരുകള്‍ വെച്ച് കാണികളെ എന്റര്‍ടെയിന്‍ ചെയ്യുന്ന ഒരു നടന്‍ . ഈ സിനിമയിലും അങ്ങേര്‍ അങ്ങേരോട് പറഞ്ഞ പണി വൃത്തിയായി ചെയ്തിട്ടുണ്ട്.പക്ഷെ റിയലിസം കൂടുതലുള്ള സിനിമകള്‍ എടുത്ത് ശീലിച്ച കബീര്‍ ഖാന്‍ (കാബുള്‍ എക്സ്പ്രസ്‌ , ന്യൂയോര്‍ക്ക്‌ ) പൂര്‍ണ്ണമായും ഒരു വാണിജ്യ സിനിമ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ പണി പാളിപ്പോയി.സല്‍മാന്‍ വൃത്തിയായി ചെയ്ത രണ്ടു മൂന്നു ഫയിറ്റ് , ചേസ് സീനുകളില്‍ അവസാന നിമിഷം രജനി എലമെന്റ്റ് കയറ്റുന്നത് സംവിധായകനെ ഇടിക്കാന്‍ ആളില്ലാഞ്ഞിട്ടാണ് .(ട്രെയിനിന്റെ വൈദ്യുതി ബന്ധം കോട്ട് ഉപയോഗിച്ച് മുറിക്കുന്ന സീന്‍,ബൈക്ക് ജമ്പിലൂടെ പ്ലെയിനില്‍ കയറുന്ന സീന്‍ ഇതൊക്കെ ചില ഉദാഹരണങ്ങള്‍ ).

കത്രീന ?

അഭിനയം കണക്കാണ് . ആക്ഷന്‍ രംഗങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട്.പക്ഷെ മുഖത്തു പ്രായം പിടിക്കുന്നോ എന്ന് സംശയം ഉണ്ട് .
ബാക്കിയുള്ളവര്‍?

ബാക്കി ആരും പടത്തില്‍ ഒന്നും പ്രത്യേകിച്ച് ചെയ്യുന്നില്ലഡേ .മുഴുവന്‍ സംവിധായകന്‍ കബീര്‍ ഖാന്റെ കളിയാണ്.അതിന്റെ കൂടെ യാതൊരു ത്രില്ലും ഇല്ലാത്ത , സാമന്യ ബോധ്യമുള്ളവന്‍ അയ്യേ എന്ന് പറയുന്ന നിരവധി സന്ദര്‍ഭങ്ങള്‍(ശാസ്ത്രജ്ജനെ നിരീക്ഷിക്കാന്‍ പോയി ഹാര്‍ഡ് ഡിസ്ക് ഊരി ക്കൊണ്ട് വന്ന ശേഷം അയാളെ മറക്കുക , തലേന്ന് വരെ വെടി വെച്ചിടാന്‍ നടന്നവര്‍ നായകന്റെ വാക്ക് മാത്രം വിശ്വസിച്ച് അയാളെ സഹായിക്കുക ഇതൊക്കെ ചില സാമ്പിളുകള്‍ മാത്രം ) നിറഞ്ഞ തിരക്കഥയും കൂടിയാകുമ്പോള്‍ സംഭവം ജോര്‍

അപ്പൊ യാഷ് രാജ് ഫിലിംസിന്റെ ഇത്ര വലിയ ഒരു പടം ആദ്യമായി പൊട്ടും അല്ലെ?

എന്ന് തീര്‍ത്തു പറയാതെ. വെറും ഉഡായിപ്പ് കഥയും,സ്വന്തം തലച്ചോര്‍ ഉപയോഗിച്ച് ചിന്തിക്കുന്ന ഏതൊരാളുടെയും സാമാന്യ ബുദ്ധിയെ വെല്ലു വിളിക്കുന്ന കഥാ സന്ദര്‍ഭങ്ങളും മാത്രമുള്ള തട്ടതിന്‍ മറയത്ത് എന്ന സിനിമയ്ക്ക് ഫെയിസ് ബുക്ക്‌ ,ഓണ്‍ ലൈന്‍,പരസ്യ കുഴലൂത്തിലൂടെ വിനീത് ശ്രീനിവാസന്‍ കുറെയധികം മക്കുണന്‍മാരെക്കൊണ്ട് കിടിലം എന്ന് പറയിച്ച് ആളെ കേറ്റിയില്ലേ? വിപണനത്തില്‍ മലയാളിയുടെ മുത്തപ്പന്‍മാരായ യാഷ് രാജും ചിലപ്പോള്‍ അതിനേക്കാള്‍ വലിയ തരികിടകള്‍ ഇറക്കി ഏക്‌ ഥാ ടൈഗര്‍ എന്ന ഈ കൂറ പടത്തിനും നൂറു കോടിക്ക് മുകളില്‍ കളക്ഷന്‍ ഉണ്ടാക്കി കൊടുക്കും. ഈ പടത്തിലും ഒരു പ്രണയ ഫീല്‍ ഉണ്ട് , സ്പൈയുടെ വിശുദ്ധിക്ക് മേലുള്ള കാവലാണ് വെടിയുണ്ട അല്ലാതെ അവളുടെ സ്വപ്നങ്ങളെ തകര്‍ക്കാന്‍ ഉള്ളതല്ല എന്ന കുറിക്കു കൊള്ളുന്ന ഡയലോഗ് ഉണ്ട് , ചെഗുവരെയുടെ പടം ചുമരില്‍ കാണിച്ച് ക്യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന നെഞ്ചില്‍ തൊടുന്ന സന്ദേശം ഉണ്ട് എന്നൊക്കെ ഫെയിസ് ബുക്കിലും ഓണ്‍ലൈന്‍ കുഴലൂത്തിലും കൂടി പറഞ്ഞാല്‍ , അതൊക്കെ ഏറ്റുപാടി കഥയറിയാതെ ആട്ടം കാണുന്ന കേരളത്തിലെ നവയുഗ മണ്ടന്മാര്‍ തന്നെ ഒരു പത്തു മുപ്പത് കോടി കൊണ്ട് കൊടുത്തോളും എന്നാണ് എനിക്ക് തോന്നുന്നത് .


നോട്ട് :തട്ടത്തിന്‍ മറയത്തില്‍ ഉള്ള കൊല്ലാം തോല്‍പ്പിക്കാന്‍ ആവില്ല എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വിശുദ്ധി ആന്‍ഡ്‌ തട്ടം സംഭാഷണം എന്നിവയൊക്കെ പോലെ ഏക്‌ ഥാ ടൈഗര്‍ എന്ന ചിത്രത്തില്‍ യുആന്‍ഡോ എല്‍ അമോര്‍ നോ എസ് എല്‍ ലോക്യൂറ, നോ എസ് അമോര്‍ (പ്രണയം ഭ്രാന്തമല്ലെങ്കില്‍ അത് പ്രണയമല്ല ) എന്ന ചെഗുവരെ പടം കാണിച്ചുള്ള സന്ദേശം , വെടിയുണ്ട വിശുദ്ധി സ്വപനങ്ങള്‍ മോഡല്‍ സംഭാഷണങ്ങള്‍ ഇതൊക്കെ ഏക്‌ ഥാ ടൈഗര്‍ എന്ന സിനിമയില്‍ ഉള്ളതാണ് .പിന്നെ പ്രണയത്തിന്റെ ഫീല്‍...അത് വേണമെങ്കില്‍ ഓണ്‍ലൈന്‍ വഴി പിന്നെ ഉണ്ടാക്കാം.മണ്ടന്മാര്‍ നേരെ ക്യൂവായി തിയറ്ററിലേക്ക് മാര്‍ച്ച്‌ ചെയ്യുക.കൌണ്ടറുകളില്‍ ഞാന്‍ പറഞ്ഞത് കേട്ടിട്ടാണ് വന്നത് എന്ന് പറഞ്ഞാല്‍ ഉപകാരം . വിപണന തന്ത്രത്തിന്റെ കമ്മീഷന്‍ യാഷ് രാജ് ഫിലിംസിന്റെ കൈയ്യില്‍ നിന്നും ഞാന്‍ വാങ്ങിച്ചോളാം


Tuesday, August 14, 2012

ചില സ്വാതന്ത്ര്യദിന ചിന്തകള്‍

അനിയാ,ഞാനിന്നലെ ഒരു സ്വപ്നം കണ്ടു .....

ഈ പ്രായത്തിലോ? കൊച്ചു പിള്ളേര് പോലും സ്വപനം കാണാന്‍ മിനക്കെടാതെ വൈ - ഫൈ യും, 3 ജി യും ഉപയോഗിക്കുന്ന കാലം.അതിരിക്കട്ടെ അണ്ണന്‍ എന്തോന്ന് സ്വപ്നം കണ്ടത്? വിശദമായി ഒന്ന് പറഞ്ഞേ

അനിയാ,നമ്മുടെ സ്വാതന്ത്യ ദിനം,വലിയൊരു ജാഥ,അതിങ്ങനെ റോഡ്‌ നിറഞ്ഞു കവിഞ്ഞു പോകുന്നു .

ഓ.. ഫ്രീഡം പരേഡ്. അതിനിപ്പോള്‍ സ്വപ്നം ഒന്നും കണ്ടു ബുദ്ധി മുട്ടണ്ട റോഡിലോട്ടു ഇറങ്ങി നിന്നാല്‍ മതി .അതിരിക്കട്ടെ ആരുടെ പരേഡാ കണ്ടേ ?

അനിയാ ഞാന്‍ കണ്ട പരേഡില്‍ സകലരും ഉണ്ടായിരുന്നു ചുവപ്പും, ത്രിവര്‍ണ്ണവും,കവിയും,വെള്ളയും,പച്ചയും , നീലയും,മഞ്ഞയും എല്ലാം .എല്ലാരും ഒരുമിച്ചു ഒന്നായി ഒരൊറ്റ ......

നിറുത്തണം അണ്ണാ ഇതെന്തോന്ന് രാഷ്ടീയ പ്രസംഗമോ? അതോ സ്വാതന്ത്ര്യദിന സന്ദേശമോ? ഇയാള്‍ക്ക് വേറെ ജോലിയില്ലേ? ഞാന്‍ കരുതി വല്ല നല്ല സ്വപ്നവും ആയിരിക്കും എന്ന് വെറുതെ ആശിപ്പിച്ചു .

അനിയാ നീ ക്ഷമി,തല്ക്കാലം ഇതു കൂടെ കേള്‍ക്കു.രാവിലെ എഴുനേറ്റു ഇതിനെ കുറിച്ച് വെറുതെ ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍.ഇന്നു നമ്മുടെ സ്വാതന്ത്ര്യ ദിനം.എന്ന് നമ്മള്‍ എന്താണ് ചെയ്യുന്നത്? ചേരി തിരിഞ്ഞു ഈ ദിനം ആഘോഷിക്കുന്നു . എന്നിട്ട് അവിടെ എന്താകും സ്വാഭാവികമായി പ്രസംഗിക്കപ്പെടുക? ഓരോ വിഭാഗവും നേരിടുന്ന വെല്ലുവിളികളെ പറ്റി,മറ്റു വിഭാഗങ്ങള്‍ അവരെ ഒതുക്കാന്‍ അഥവാ നശിപ്പിക്കാന്‍ നടത്തുന്ന രഹസ്യ അജണ്ടയെ പറ്റി,അതിനെതിരെ ഏങ്ങനെ ആഞ്ഞടിക്കാം എന്നും (മുകളില്‍ പറഞ്ഞ ഏതു നിറം ആയാലും ഇതൊക്കെ തന്നെയാണ് സംഗതി ശരിയല്ലേ ?).ഫലത്തില്‍ ഒരു സ്വാതന്ത്ര്യ ദിനത്തില്‍ പോലും നമ്മള്‍ നമ്മുടെ സഹോദരങ്ങള്‍ക്കെതിരെ വിഷം കുത്തി വൈക്കുന്നതില്‍ ഒരു ഉപേക്ഷയും കാണിക്കുന്നില്ല എന്നു ചുരുക്കം.പരസ്യമായി ചെയ്യാന്‍ അനുവാദം ഉള്ളവന്‍ പരസ്യമായി ചെയ്യും അല്ലാത്തവന്‍ അത് രഹസ്യമായി നടത്തും അത്രേയുള്ളൂ ആകെയുള്ള വ്യത്യാസം

അല്ല അതിപ്പോള്‍ ഒരാള്‍ ചെയ്യുമ്പോള്‍ മറ്റവന് വെറുതെ ഇരിക്കാന്‍ പറ്റുമോ? ഒരു ചെറുത്തു നില്‍പ്പ് അനിവാര്യമാകില്ലേ അവിടെ?

പിന്നെ അല്ല? മനുഷ്യനെ ജാതിക്കും മതത്തിനും അതീതമായി വെള്ളം കുടിപ്പിക്കുന്ന നൂറു പ്രശ്നങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് . അതിനൊന്നും ചെറുത്തു നില്‍പ്പും ഇല്ല തിരിച്ചടിക്കലും ഇല്ല.മറ്റൊരുവന്‍റെ വിശ്വാസത്തെ (രാഷ്ട്രീയമോ മതപരമോ എന്തോ ആയിക്കോട്ടെ ) തെറി പറയാന്‍ കാണിക്കുന്ന ഈ ഉത്സാഹം എന്ത് കൊണ്ട് പ്രയോജനം ഉള്ള ഒരു കാര്യത്തിലേക്കും നീളുന്നില്ല?നേരത്തെ എഴുതിയ ഒരു കമന്റ്‌ ആവര്‍ത്തിച്ചോട്ടെ .നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് കാശുള്ളവനും ഇല്ലാത്തവനും എന്നു രണ്ടു വര്‍ഗമേ ഉള്ളു.കാശുള്ളവന്‍,അവന്‍ ഏതു മത രാഷ്ട്രീയ വിശ്വാസത്തില്‍ പെട്ടവന്‍ ആയാലും അവനു സമുഹം മാന്യത കല്‍പ്പിക്കുന്നു .കാശില്ലാത്തവന്‍ എന്ത് തേങ്ങയായാലും അവനൊന്നും ഒരു വിലയുമില്ല എന്നതല്ലേ സത്യം? കാശില്ലാത്തവനെ എന്നും അങ്ങനെ തന്നെ നിര്‍ത്താന്‍ രണ്ടു വഴികള്‍ ഒന്ന് വല്ലപ്പോഴും ഓരോ എല്ലിന്‍ കഷ്ണം ഇവരില്‍ ചിലവര്‍ക്ക് എറിഞ്ഞു കൊടുക്കുക .(അപ്പോള്‍ കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ കടിപിടി കിട്ടിയവനും ഇനിയും കിട്ടും എന്ന പ്രതീക്ഷ.കിട്ടാത്തവര്‍ക്ക് കിട്ടിയവരോടുള്ള അസൂയ .ഇവിടെ കിട്ടിയവര്‍ എന്നത് കിട്ടി എന്നു പറയപ്പെടുന്നവര്‍ എന്നു വായിക്കണം).പിന്നെ രണ്ടാമത്തെ വഴി മറ്റവനെ പറ്റി പരമാവധി വിഷം കുത്തി വയ്ക്കുക എന്നതാണ് .അവന്‍ ഏതു നിമിഷവും ഇവനെ നശിപ്പിക്കാനുള്ള വലിയൊരു ഗൂഡാലോചനയില്‍ മുഴുകി ഇരിക്കുകയാണ് എന്നു ആവര്‍ത്തിച്ച്‌ പറയുക(എത്രത്തോളം അരക്ഷിതാവസ്ഥ അവന്‍റെ മനസില്‍ കയറ്റുന്നോ അത്രയും നല്ലത്) .അതിനെതിരെ സദാ ജാഗരുകന്‍ ആകാന്‍,അവന്‍റെ എന്നു പറയപ്പെടുന്ന വിശ്വാസകടയില്‍ നടക്കുന്ന എന്ത് മോശപ്പെട്ട കാര്യവും പരമാവധി മൂടി വയ്ക്കുക അല്ലെങ്കില്‍ ന്യായീകരിക്കുക.മറ്റവന്‍റെ എന്തെങ്കിലും മോശമായത് നടന്നാല്‍ മൈക്ക് എടുക്കുക (പറ്റുന്ന ഇടത്തെല്ലാം) ഇങ്ങനെ ഒക്കെ ചെയേണ്ടത് അവന്‍റെ കര്‍ത്തവ്യം ആണെന്ന് വിശ്വസിപ്പിച്ചാല്‍ സംഗതി എളുപ്പം.ഏതു ജാതി മത രാഷ്ട്രീയ വിശ്വാസത്തില്‍ പെട്ടയാളും ഒരു നിമിഷം സ്വന്തം മനസാക്ഷിയോട് ആത്മാര്‍ഥമായി ചോദിച്ചാല്‍ ഇതു സത്യം ആണെന്ന് മനസിലാകും.നമ്മളെ നമ്മള്‍ തന്നെ തോല്‍പ്പിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും. സംഗതി കൊള്ളാം അല്ലെ ?

അല്ല വിശ്വാസങ്ങളെ തൊട്ടു കളിക്കുക എന്നൊക്കെ വെച്ചാല്‍ ......

വിശ്വാസം,അത് രാഷ്ട്രീയമോ മതപരമോ ആകട്ടെ അത് അവനവന്‍റെ അടിവസ്ത്രതിന്‍റെ നിറം പോലെ വ്യക്തിപരമാണ് എന്നാണ് എന്‍റെ അഭിപ്രായം.നമ്മുടെ അതേ നിറമുള്ള അടിവസ്ത്രം ധരിക്കുന്നവന്‍ മാത്രമാണ് നമ്മുടെ സുഹൃത്ത്‌ എന്നത് എത്ര ബുദ്ധി പൂര്‍ണമാണ് അഥവാ ലോജിക്കല്‍ ആണ് എന്നു എനിക്കറിയില്ല.സത്യം.ഇനി നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ജീവശ്വാസത്തിന് തുല്യമാണ് എന്നിരിക്കട്ടെ (അങ്ങനെ ആയിരിക്കണം എന്നാണ് സകലവരും പഠിപ്പിക്കുന്നത്‌).അങ്ങനെ എങ്കില്‍ എന്ത് കൊണ്ട് എന്‍റെ വിശ്വാസത്തില്‍ പെടുന്ന ഓരോ ആളും ഈ സമൂഹത്തിനു മാത്രുക ആയിരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ല? മറ്റൊരുവന്‍റെ കുറ്റം പറയുന്നതിനെക്കാള്‍ എത്രയോ നല്ലതാണു അത്

അല്ല ഇവിടിപ്പോള്‍ സംഗതികള്‍ ഇങ്ങനൊക്കെ തന്നെയാണ് എന്നിരിക്കട്ടെ . അതിനിപ്പോള്‍ എന്ത് ചെയ്യാനാ ?

ഒന്നും ചെയ്യണ്ട അനിയാ.തമ്മില്‍ തല തല്ലി ചാകുക എന്നത് നമ്മെ പോലെയുള്ള വികസ്വര/അവികസിത രാജ്യങ്ങളിലെ ജനങളുടെ വിധിയാണ് .കൊള്ളാവുന്ന രാജ്യങ്ങളില്‍ ഒന്നും ഈ പരിപാടി ഇല്ല എന്നു ഓര്‍ക്കുമല്ലോ .ഏറ്റവും കുറഞ്ഞ പക്ഷം നമുക്കൊക്കെ ചെയ്യാവുന്നത്,സ്വന്തം സഹോദരരെ കുത്താന്‍ ഒരുക്കി വെച്ചിരിക്കുന്ന മൂര്‍ച്ചയേറിയ കത്തികള്‍ വര്‍ഷത്തില്‍ ഇന്നു ഒരേ ഒരു ദിവസത്തേക്ക് നമുക്ക് മറക്കാം (നാളെ വീണ്ടും ഓര്‍മ്മിച്ചു എടുത്തു ഉപയോഗിക്കാം എന്ന ഉറപ്പോടെ തന്നെ),അവന്‍റെ ഈ പറയപ്പെടുന്ന നീഗൂഡമായ ആലോചനകളെയും അവയെ പ്രതിരോധിക്കാന്‍ സ്വീകരികേണ്ട തന്ത്രങ്ങളെയും നമുക്ക് മറക്കാം. ഒരൊറ്റ ഇന്ത്യയായി ഒരൊറ്റ ജനതയായി ഒരു ദിവസം എങ്കിലും നമുക്ക് അഭിനയിക്കാം.ഏറ്റവും ദുഖകരമായ സത്യം അത് പോലും ചെയ്യാന്‍ നമ്മെ നയിച്ച്‌ നന്നാക്കുന്നവര്‍ സമ്മതിക്കില്ല എന്നതാണ്.കാരണം ഒരു ദിവസം നമ്മുടെ മനസിലുള്ള അരക്ഷിതാവസ്ഥ മറന്നു നമ്മുടെ സഹോദരനെ സ്നേഹത്തോടെ നോക്കാന്‍ കഴിഞ്ഞാല്‍,നമ്മെയെല്ലാം പൊതുവായി ബാധിക്കുന്ന ജനസംഖ്യ,വിലക്കയറ്റം,വ്യക്തിഗത സ്വയം പര്യാപ്തത ഇവയെ കുറിച്ചൊക്കെ ചര്‍ച്ചകള്‍ ഉണ്ടായാല്‍, ആ സമാധാനവും ശുഭാപ്തി വിശ്വാസവും നല്‍കുന്ന വീക്ഷണം നമുക്കൊക്കെ ഇഷ്ട്ടപെട്ടാല്‍,സ്നേഹവും,സമാധാനവും നമ്മള്‍ സ്വയം കണ്ടു പിടിക്കേണ്ടത് ആണ് അല്ലാതെ വിപ്ലവ - ആത്മീയ കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതല്ല എന്നും തോന്നിപ്പോയാല്‍,സ്വന്ത വിശ്വാസത്തിനു വേണ്ടി വാചകം കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മനസ്സു കൊണ്ടോ ധര്‍മയുദ്ധം / ജിഹാദ് / കുരിശുയുദ്ധം /വര്‍ഗ്ഗസമരം ഇവയെതെങ്കിലും നടത്തുക എന്നതല്ല നമ്മുടെ ഓരോരുത്തരുടെയും ആത്യന്തിക ലക്‌ഷ്യം എന്നും.അത് കൊണ്ട് നമ്മള്‍ ഒന്നും സ്ഥായിയായി ഒന്നും നേടുന്നില്ല എന്നും ഉള്ള തിരിച്ചറിവ് ഒരു നിമിഷം എങ്കിലും കടന്നു കൂടിയാല്‍ അത് ഒരു പക്ഷെ നമ്മെ വീണ്ടും വഴി തെറ്റിക്കാന്‍ ബുടിമുട്ടുണ്ടാക്കും എന്നത് കൊണ്ട് തന്നെ.

അല്ല അതൊക്കെ ഇരിക്കട്ടെ.സിനിമ വിശേഷങ്ങള്‍ മാത്രം പറയുന്ന ഈ ബ്ലോഗില്‍ ഈ വിഷയം എടുത്തിടാന്‍ .......?

അനിയാ അതല്ലേ നേരത്തെ പറഞ്ഞേ,വര്‍ഷത്തില്‍ ഈ ഒരു ദിവസം എങ്കിലും ഞങ്ങള്‍ അല്ലാതെ നമ്മള്‍ ആയി മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തോന്ന് സ്വാതന്ത്ര്യ ദിനം? എന്തെടെ നിനക്കൊരു ചിരി?

ഒന്നുമില്ല അണ്ണാ ഒരു വരി കവിത ഓര്‍മ്മ വന്നതാ ......

മധുസൂധനന്‍ സാറിന്‍റെ ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം .......അതല്ലെടെ?

തന്നെ അണ്ണാ തന്നെ .....

അടിക്കുറിപ്പ്

എല്ലാ മാന്യ വായനക്കാര്‍ക്കും ഈ ബ്ലോഗിന്‍റെ പേരിലും ഡോക്ടര്‍ പ്രക്ഷകന്‍റെ പേരിലും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

ജയ് ഹിന്ദ്‌






Sunday, August 12, 2012

ലാസ്റ്റ് ബെഞ്ച്‌ (Last Bench : Malayalam Movie Review )

അനിയാ ഈ മലയാളത്തില്‍ അഥവാ മലയാള സിനിമയില്‍ ഏറ്റവും നന്നായി ചെലവാകുന്ന സംഗതി എന്താണ്?

അത് പിന്നെ .. ഭക്ഷണം അഥവാ രുചി,പ്രാദേശിക സ്ലാഗ് ,...... എതെതെങ്കിലും ആണോ ?

അല്ല എന്നാണ് ഞാന്‍ കരുതുന്നത്.

പിന്നെ എന്തോന്ന് ? ഓ.... കിട്ടി പോയി ..നിക്കറിട്ട നായകന്‍,മോഡുലാര്‍ അടുക്കള,ഫ്ലാറ്റ്,സ്മാര്‍ട്ട്‌ ഫോണ്‍,അവിഹിതം എതെല്ലമുള്ള ന്യൂജനറേഷന്‍ പാക്കേജ് അല്ലേ? അല്ലല്ലോ..........കിട്ടിപോയി .... പുതു മുഖങ്ങളെ വെച്ചുള്ള പ്രണയ കഥ .. ശരിയല്ലേ?

അനിയാ എന്‍റെ അഭിപ്രായത്തില്‍ എക്കാലത്തും വിറ്റു പോകുന്ന ഒരു സാധനമാണ് നോസ്ട്ടാല്ജിയ.നീ അവസാനം പറഞ്ഞ പുതുമുഖ പ്രണയ കഥയും വിറ്റു പോകാനുള്ള ഒരു കാരണം മേല്‍പ്പറഞ്ഞ വികാരമാണ് .മലയാളിയുടെ ഈ വികാരം ശരിക്കും ചര്‍ച്ച ചെയ്യ പ്പെടെണ്ട ഒന്നാണ്.തല്ക്കാലം കേരള കഫെ എന്ന ചിത്രത്തില്‍ എന്നെ ഒരു നിമിഷം ചിന്തിപ്പിച്ച സാധനം ദിലീപ് അഭിനയിച്ച നോസ്ട്ടാല്ജിയ എന്ന ഹ്രസ്വ ചിത്രം ആയിരുന്നു എന്ന് മാത്രം പറഞ്ഞേക്കാം.ബാക്കി പിന്നെ എപ്പോളെങ്കിലും .

അതൊക്കെ ശരി.ഇതൊക്കെ ഇവിടെ എന്നോട് പറയാനുള്ള കാരണം ?

അനിയാ യുവ /പുതുമുഖ (രണ്ടും ഞാനങ്ങു ഊഹിക്കുന്നതു ആന്നേ .ഇനി തെറ്റി പോയാല്‍ ക്ഷമിക്കണം ) ജിജു അശോകന്‍ (ഇതു രണ്ടു പേര്‍ അല്ല എന്നും സങ്കല്‍പ്പിക്കുന്നു) സംവിധാനം ചെയ്ത ലാസ്റ്റ് ബെഞ്ച്‌ എന്ന ചിത്രം കണ്ടത്തിന്‍റെ അനന്തര ഫലമാണ്‌ ഇത്രയും നേരം നമ്മള്‍ തമ്മില്‍ ഉണ്ടായ ഡയഗോളിന് പ്രചോദനം.

അങ്ങനെ ഒരു പടമോ? എപ്പോള്‍ ഇറങ്ങിയതാ.

അനിയാ, കഴിഞ്ഞ ആഴ്ച . ഇന്നലെയ കാണാന്‍ പറ്റിയത് എന്ന് മാത്രം . അഭിനേതാക്കള്‍ എല്ലാരും പുതു മുഖങ്ങള്‍ (കുറഞ്ഞ പക്ഷം എനിക്ക്) അങ്ങാടി തെരുവ് എന്ന തമിഴ് ചിത്രം കണ്ട പ്രേക്ഷകര്‍ക്ക്‌ അതിലെ നായകന്‍ മഹേഷിനെ ഓര്‍മയുണ്ടാകും അയാളെ കൂടാതെ ഈ ചിത്രത്തിലെ അഭിനേതാക്കളില്‍ അറിയാന്‍ സാധ്യതയുള്ളത് പഴയ തമിഴ് -മലയാള നടി സുകന്യ മാത്രമാണ് .

കഥ എങ്ങനെ? പുതുമയുണ്ടോ ?പുതുമ ഇല്ലാത്ത ഒന്നും ഞങ്ങള്‍ പ്രബുദ്ധരായ മലയാള പ്രേക്ഷകര്‍ സ്വീകരിക്കില്ല.അപകടകരമായ ഒരു സന്ദേശവും അടങ്ങിയിട്ടില്ല എന്ന ഉറപ്പു വേറെയും വേണം അല്ല പിന്നെ ....

പൊന്നനിയാ,ഇതു നേരത്തെ പറഞ്ഞ നൊസ്ട്ടാല്‍ജിയ കച്ചവടം അടിക്കാനുള്ള മറ്റൊരു എളിയ ശ്രമം മാത്രമാണ് .കഥ ഇപ്രകാരം.സ്കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്ന പരമ ഉഴപ്പന്‍മാരായ നാലു പേര്‍ വളര്‍ന്നു വലുതായി ഇതില്‍ ഒരാളുടെ കല്യാണത്തിന് വേണ്ടി വീണ്ടും ഒത്തു കൂടാനായി വരുന്നു.ഈ യാത്രക്കിടയില്‍ ഇവരുടെ ഓര്‍മ്മകളിലൂടെ ഫ്ലാഷ് ബാക്ക്.(അത് പോലും ഫ്ലാറ്റ് ആയി അങ്ങ് പറഞ്ഞു പോകുകയാണ്.ഇടവേള വരെ പോകുന്ന ആ ഭാഗം നാല് ഭാഗങ്ങളാക്കി നാലു പേരുടെ വീക്ഷണത്തില്‍ പറഞ്ഞിരുന്നെങ്കില്‍ നന്നായേനെ).ഇടവേള വരെ പോകുന്ന ഈ സ്കൂള്‍ ജീവിത തിരിഞ്ഞു നോട്ടത്തില്‍ സാധാരണ ഒരു അധ്യാപക - വിദ്യാര്‍ഥി ചിത്രത്തില്‍ സംഭവിക്കുന്നതില്‍ കൂടുതല്‍ ഒന്നും നടക്കുന്നില്ല.പഠിക്കാത്ത പിള്ളേര്‍ അവരെ നന്നാക്കാന്‍ ശ്രമിക്കുന്ന കുട്ടികളില്ലാത്ത ടീച്ചര്‍.ശത്രുവായ ടീച്ചറെ കോണി പടിയില്‍ നിന്നും തള്ളിയിട്ടു പ്രതികാരം ചെയുന്ന ശിഷ്യന്മാര്‍.ആശുപതിയില്‍ കാല് തെറ്റി വീണതാണ് എന്ന് പറഞ്ഞു ശിഷ്യന്മാരെ പശ്ചാത്താപ വിവശരാക്കി നന്നാക്കുന്ന ടീച്ചര്‍.ബാലചന്ദ്രന്‍ ചുള്ളികാടിന്‍റെ ചിദംബര സ്മരണകള്‍ എന്ന ലേഖന സമാഹാരത്തിലെ ഒരു കഥ മുഖം പൊള്ളി വികൃതമായ ഷാഹിനയുടെ കഥ ഈ ചിത്രത്തിലെ ഒരു ത്രെഡ് ആണ്.(ഉദിഷ്ട്ട കാര്യത്തിന് ഉപകാരസ്മരണ എന്ന നിലയ്ക്ക് ചുള്ളിക്കാടിനു ഒരു റോളും കൊടുത്തിട്ടുണ്ട്‌.സ്കൂളിലെ ഒരു സാറായി)

എന്നിട്ട് .....

അപ്പോള്‍ ഇടവേളയോടെ ഓര്‍മ്മകള്‍ ഒക്കെ കഴിഞ്ഞു,(സ്കൂള്‍ ജീവിതം കഴിയുന്നതോടെയാണ്‌ ഫ്ലാഷ്ബാക്ക് തീരുന്നത്) കഥ ഇന്നില്‍ തിരിച്ചെത്തുന്നു.പറയാന്‍ മറന്നു.ഈ സംഘത്തിലെ അങ്ങാടി തെരുവ് നായകന്‍ മഹേഷിനു അതേ ക്ലാസ്സില്‍ പുതിയതായി പഠിക്കാനെത്തിയ പെണ്‍കുട്ടിയോട് ഭയങ്കര പ്രേമം.അതെ ക്ലാസ്സിലെ തന്നെ മനു ആന്റണി എന്ന പഠിപ്പിസ്റ്റ് പാര വെച്ച് കുളമാക്കുന്നു.അങ്ങനെ പ്രേമം പോട്ടിയവന്‍റെ കല്യാണത്തിന്നു ആണ് ഇവരെല്ലാം വരുന്നത്.(പറയുമ്പോള്‍ എല്ലാം പറയണമല്ലോ.ആ പാര വെച്ച മനുവിനോട് പ്രേമം പോട്ടിയവനെക്കാലും കലിപ്പ് ലവന്‍റെ സുഹൃത്തിനാണ് !!!). ഇനിയാണ് അനിയാ കഥ പുതിയൊരു വഴിത്തിരിവിലേക്ക് ഒടിഞ്ഞു കേറുന്നത്.(ഇനിയങ്ങോട്ട് ഇതു നിമിഷവും ഞെട്ടാന്‍ തയ്യാറായി വേണം മുന്നോട്ടു പോകാന്‍ )

കല്യാണത്തിന്‍റെ ഭാഗമായി നാല്‍വര്‍ സംഘം വിവാഹ തലേന്ന് വൈകിട്ടെന്താ പരിപാടിയില്‍ മുഴുകുന്നു.ഫിറ്റ്‌ ആയിക്കഴിഞ്ഞു എല്ലാവനും ഒടുക്കത്തെ നൊസ്ട്ടാല്‍ജിയ.എല്ലാവരും കൂടി രാത്രി അവരുടെ പഴയ സ്കൂളിലെ ക്ലാസ്സ്‌ റൂമിലേക്ക്‌ പോകുന്നു.അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ കല്യാണ ചെറുക്കന് പഴയ കാമുകിയെ ഇപ്പോള്‍ കാണണം (വെറുതെ അവള്‍ സന്തോഷമായി ജീവിക്കുനത് കണ്ടാല്‍ മതി).മഹേഷും,മഹേഷിന്‍റെ പ്രേമം പോട്ടിയതില്‍ മഹേഷിനെക്കാള്‍ കലിപ്പുള്ള ആളും കൂടി പഴയ നായികയുടെ വീടിലേക്ക്‌ നീങ്ങുന്നു (സമയം അര്‍ദ്ധ രാത്രി .നേരെ നൂല് പിടിച്ച പോലെയാണ് പോകുന്നത്).അവിടെ ചെന്ന് മഹേഷ്‌ തുറന്നു കിടന്ന പിന്‍ വാതിലിലൂടെ അകത്തു കയറി ഇരിക്കുമ്പോളാണ് നായികയുടെ ഭരത്താവ് ഒരു സംശയ രോഗി കം സാഡിസ്റ്റ് ആണെന്ന് മനസിലാക്കുന്നത്‌ (ഞെട്ടല്‍ 1).ഉടനെ ഭര്‍ത്താവിനെ അടികൊടുത്തു പിടിച്ചു കെട്ടിയിട്ടു നായികക്ക് പുതിയൊരു ജീവിതം ഓഫര്‍ ചെയ്യുന്നു.ആ വന്‍ ഓണം - റംസാന്‍ ഓഫര്‍ സ്വീകരിച്ചു നായിക പെട്ടിയുമായി ഇറങ്ങുന്നു. നേരെ റെയില്‍വേ സ്റ്റേഷന്ലേക്ക് .
ഇതിനിടെ നായകന്‍റെ കൂടെ വന്നവന്‍ ലക് ഷ്യം ഇല്ലാതെ അലയുമ്പോള്‍ പഴയ മനു കാറില്‍ വരുന്നു പഴയ തെറ്റിന് മാപ്പപേക്ഷിക്കുന്നു.ഒടുവില്‍ വഴിയില്‍ കണ്ട ബസ്‌സ്റ്റോപ്പില്‍ കിടന്നുറങ്ങുന്ന കൂട്ടുകാരന്‍ രാവിലെ എഴുനെല്‍ക്കുംപോളാണ് അത് മരിച്ചു പോയ മനുവിന്‍റെ സ്മാരകമായി ഉണ്ടാക്കിയ ബസ്‌സ്റ്റോപ്പ്‌ ആണ് എന്ന് മനസിലാക്കുന്നത്‌ (ഞെട്ടല്‍ 2 ) . (പഴയ ക്ലാസ്സ്‌ മേട്ടിനെ ഒന്ന് ഇംപ്രസ് ചെയ്യാന്‍ ആകണം പ്രേതം കിടിലം കാറില്‍ തന്നെ ഇറങ്ങിയത്‌ !!!).മൂന്നാമത്തെ കഥാപാത്രം വഴിയില്‍ വെച്ച് മുഖം പൊള്ളിയ ഷാഹിനയെ കണ്ടു ചുള്ളികാടിന്‍റെ കഥ പൂര്‍ത്തിയാക്കുന്നു(ഇവിടെ കഥ വായിച്ചിട്ടില്ലത്തവര്‍ക്ക് ഞെട്ടാം).അവസാനത്തവന്‍ (ഇയാളാണ് പണ്ട് ടീച്ചറെ തള്ളിയിട്ടത്‌ ) നേരെ ടീച്ചറിന്‍റെ വീടിലേക്ക്‌ വെച്ച് പിടിക്കുന്നു.അവിടെ ടീച്ചറും അവരുടെ സഹായി ആയി പണ്ട് അതെ സ്കൂളില്‍ ജോലി ചെയ്ത ഒരാളുമാണ് താമസം.രാത്രി പ്രേതമായി വന്നു പേടിപ്പിച്ചു അവസാനത്തവനെ കോണിപ്പടിയില്‍ നിന്ന് ചുമ്മാ തള്ളിയിട്ടു സഹായി പകരം വീട്ടുന്നു.ഒപ്പം ഒരു ഞെട്ടിക്കുന്ന സത്യവും .(ദേ പിന്നെയും ഞെട്ടല്‍) പണ്ട് തള്ളിയിടുമ്പോള്‍ ഒരിക്കലും ഗര്‍ഭിണി ആകാത്ത ടീച്ചര്‍ (അവരെ മച്ചി എന്ന് വിളിച്ചു കളിയാക്കുന്നുണ്ട് ) അന്ന് രാവിലെ ഗര്‍ഭിണി ആയിരുന്നു.ആ വീഴ്ചയോടെ അവരുടെ ഗര്‍ഭപത്രം പോയി ഒപ്പം ഭര്‍ത്താവും ഉപേക്ഷിച്ചു പോയി.(ഇതിലും ടീച്ചര്‍നെക്കാളും കലിപ്പ് സഹായിക്കാണ് !!! അത് വരെ അയാളാണ് ഇവരുടെ ഭര്‍ത്താവു എന്നാണ് ഞ്ഞാന്‍ കരുതിയത്‌ ).പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ കല്യാണ ചെറുക്കനെ കാണാതെ അന്വേഷിച്ചു കൂട്ടുകാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു .അവരുടെ സംസാരത്തില്‍ നിന്നും ഇന്നാണ് ഇവന്‍റെ കല്യാണം എന്ന് എന്ന് മനസിലാക്കുന്ന നായികാ ആത്മഹത്യക്ക് ഒരുങ്ങുന്നു എങ്കിലും സംവിധായകന്‍ തക്ക സമയത്ത് രംഗതെത്തി യു സില്ലി സ്റ്റുപ്പിഡ് ഗേള്‍ എന്ന് തുടങ്ങി രണ്ടു അലക്ക് അലക്കുമ്പോള്‍ കൊച്ചു പരിപാടി മാറ്റി വെച്ച് നായകന് ഒരു മംഗളവും നേര്‍ന്നു തിരിച്ചു പോകുന്നു.എല്ലാം കണ്ടു ബോധിച്ച സുഹൃത്ത് സംഘം ഹാപ്പി ആയി തിരിച്ചു പോകുന്നു .

കഴിഞ്ഞോ ? അതോ ഇനിയും ഉണ്ടോ ?

ഇല്ലെടെ ഇത്രയും തന്നെ.എന്ത് പോരെ ?

അല്ല അണ്ണാ.അപ്പോള്‍ ഇതു മറ്റൊരു കൂതറ ചിത്രം കൂടി എന്ന് പറഞ്ഞു കാച്ചിയാല്‍ പോരെ?

അതല്ലേ സങ്കടം ....ഒരു പുതു മുഖ സംവിധായകന്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാഞ്ഞല്ല. പക്ഷെ തിരകഥ എന്ന സംഗതിയില്‍ ഒരല്‍പം കൂടി ശ്രദ്ധിച്ചു എങ്കില്‍ ഒരു പക്ഷെ ഇപ്പോളത്തെ നോണ്‍ ലീനിയര്‍ ന്യൂ ജനറെഷന്‍ ചിത്രങ്ങളുടെ നിരയില്‍ അവയില്‍ ഒക്കെ ഉണ്ട് എന്ന് ആരോപിക്കപ്പെടുന്ന ചേരുവകള്‍ പരമാവധി കുറവുള്ള ഒരു നല്ല ചിത്രം കൂടി വന്നേനെ.

എന്ന് വെച്ചാല്‍ .. ഒന്ന് വിശദം ആക്കാമോ ?

നേരത്തെ പറഞ്ഞ പോലെ ഫ്ലാറ്റ് ആയി പറയാതെ ഫ്ലാഷ് ബാക്ക് നാലു ഭാഗമാക്കി മാറ്റി നാലു പേരുടെ വീക്ഷണത്തില്‍ അവതരിപ്പിക്കുക,ടീച്ചറുടെ സഹായി,കൂട്ടുകാരന്‍റെ പ്രേമം തകര്‍ത്തവനോടുള്ള ഒടുങ്ങാത്ത പക (തകര്‍ന്നവനില്ല അത്രയും ദേഷ്യം !!) ഇടവേളക്കു ശേഷം വെള്ളമടിച്ചു എന്ന പേരില്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുക,വൃത്തിയുള്ള ഒരവസാനം (അതായിത് ഈ ഒരു ദിവസത്തെ കൂടികാഴ്ച എല്ലാവരുടെയും ജീവിതം മാറ്റി മറിക്കുന്ന ഒരവസ്ഥ) എങ്ങനെ കുറച്ചു സാധനങ്ങള്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ മികച്ച ഒരു ചിത്രം ആയേനെ ഈ ലാസ്റ്റ് ബെഞ്ച്‌.

അതിരിക്കട്ടെ ഇപ്പോള്‍ ഉള്ള സംഗതി .

കഷ്ട്ടിച്ചു ശരാശരി എന്ന് പോലും പറയാന്‍ പറ്റാത്ത ഒരു ചിത്രം

Friday, August 10, 2012

സിംഹാസനം (Simhasanam : Review )

സീന്‍ ഒന്ന്

ഓഗസ്റ്റ്‌ പതിനഞ്ച് എന്ന റിലീസിംഗ്നു തൊട്ടു മുന്‍പത്തെ ദിവസം.തട്ട് കടയില്‍ നിന്നും ചായ കുടിക്കുന്ന ഞാനും ശ്രീനിയും ....

ഞാന്‍ : എനിക്ക് ഈ പടത്തെ പറ്റി പ്രതീക്ഷയുണ്ട് ...ചിലപ്പോള്‍ നന്നായേക്കാം.

ശ്രീനി : ദ്രോണക്ക് ശേഷം മമ്മൂട്ടി,ഷാജി ......... ഇയാള്‍ക്ക് വട്ടായോ ????

ഞാന്‍ : അതല്ലെടെ.ഓഗസ്റ്റ്‌ ഒന്ന് പുനര്‍സൃഷ്ട്ടിക്കാനുള്ള ഈ നീക്കം തികച്ചും ബുദ്ധിപരമായ ഒന്ന് തന്നെയാണ്.കൃത്യമായ ഫോര്‍മാറ്റിലുള്ള ചിത്രം.ആദര്‍ശധീരനായ നേതാവ്,കൊലയാളി,പോലീസ് ഉദ്യോഗസ്ഥന്‍ എന്നീ മൂന്ന് ബിന്ദുക്കളില്‍ കറങ്ങുന്ന ചിത്രം.രണ്ടു - മൂന്നു പ്രാവശ്യം മനസിരുത്തി ഓഗസ്റ്റ്‌ ഒന്ന് കാണുക എന്നത് മാത്രമാണ് ഈ ചിത്രത്തില്‍ ഇവര്‍ക്കെ ചെയ്യേണ്ട പ്രധാന പണി .അതെ സാധനം കാലഘട്ടത്തിനു അനുസരിച്ച് ഒന്ന് പൊടി തട്ടി എടുത്താല്‍ ഇന്നത്തെ നിലവാരം വെച്ച് ജനം തലയില്‍ വെച്ച് ഹിറ്റ്‌ ആക്കികൊള്ളും.....

ശ്രീനി :അകാര്യം ഓര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ട .ലോകത്തിലെ ഏറ്റവും നല്ല ത്രില്ലര്‍ എടുക്കാനുള്ള ഫോര്‍മുല ദൈവം നേരിട്ട് കൈയ്യില്‍ കൊണ്ട് കൊടുത്താലും എങ്ങനെ അതിന്റെ പരിപ്പെടുക്കണം എന്ന് ഷാജി സാര്‍ നാളെ നിങ്ങള്‍ക്ക് തിയറ്ററില്‍ കാണിച്ച് തരും .

ഞാന്‍ :നമുക്ക് കാണാമല്ലോ

സീന്‍ രണ്ടു .

പടം കണ്ടു കഴിഞ്ഞു തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കി നടന്നകലുന്ന ശ്രീനിയുടെ ലോങ്ങ്‌ ഷോട്ട് .

കട്ട ടു...സീന്‍ നൂറ്റി എത്രയോ (ഇത് സീരിയല്‍ സിനിമയാണ് )

രംഗം പഴയ തട്ടുകട .കഥാപാത്രങ്ങള്‍ ഞാനും ശ്രീനിയും തന്നെ .

ഞാന്‍ : :സിംഹാസനം അച്ഛനും മോനും വില്ലന്മാരും.ഗോഡ്ഫാദര്‍ മോഡലില്‍,മിനിമം ലേലം മോഡലില്‍ എങ്കിലും പടം എടുത്താല്‍ കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു ആക്ഷന്‍ സിനിമയ്ക്കുള്ള എല്ലാ സ്കോപ്പും ഞാന്‍ ഈ സിനിമയില്‍ കാണുന്നുണ്ട്

ശ്രീനി :ആ സ്കോപ്പിനും മേലെ മല പോലെ നില്‍ക്കുന്ന ഷാജി കൈലാസ് എന്ന പ്രതിഭയെ നിങ്ങള്‍ കാണുന്നില്ലേ ?

ഞാന്‍ :ഉണ്ടഡേ. അതിന്റെ ഒരു ചെറിയ പേടിയും ഉണ്ട് എന്ന് കൂട്ടിക്കോ

ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ നിരന്തരമായി വിസ്മയിപ്പിക്കുന്നത് ഇതൊന്നും കൊണ്ടല്ല.നിരന്തരമായി പല പല താരങ്ങളെ വെച്ച് പടമെടുക്കുകയും അവയില്‍ വെളിച്ചം കണ്ടവയൊക്കെ നിലം തൊടാതെ പൊട്ടുകയും (ഷാജിയുടെ അവസാനത്തെ കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേസ് ആയിരുന്നു )ചെയ്തിട്ടും പ്രസ്തുത സംവിധായകന് വീണ്ടും വീണ്ടും പടം കിട്ടുകയും അതില്‍ പകുതി എങ്കിലും വെളിച്ചം കാണുകയും ചെയ്യുന്നു എന്നതിനാല്‍ ആണ്.

അണ്ണാ,ലേഖനം മോഡലില്‍ ഒന്നും കാളകൂടത്തില്‍ സംഗതി ഓടൂല.പുതിയ മുതലാളി കുഞ്ഞൌസേപ്പ് പറയണത് അണ്ണാ തള്ളെ ഫോര്‍മാറ്റ്‌ ആണെങ്കില്‍ അതിനെ തെറി വിളിക്കാനും വായനക്കാര്‍ക്ക്‌ ഒരു ഇത് ഉണ്ടാകും എന്നാണ്. അത് കൊണ്ട് നമുക്ക് ആ ഫോര്‍മാറ്റ്‌ മതി.അപ്പൊ നിങ്ങള്‍ സിംഹാസനം കണ്ടോ?

കണ്ടു എന്ന് പറയുന്നത് ആ സിനിമയെ അപമാനിക്കുന്നതിന് തുല്യമാണ് അനിയാ. സിംഹാസനം അനുഭവിച്ചു എന്ന് വേണം പറയാന്‍
തള്ളേ, അത്ര കിടിലമാണോ പടം?

യെവന്‍ ആരെടാ ? ഡാ നമുക്കുണ്ടാവുന്ന കഠിനമായ വേദന കണ്ടു എന്ന് ആരെങ്കിലും പറയുമോ ? അത് അനുഭവമാണെഡാ അനുഭവം!!!

പടം കൊള്ളൂലെ ? നിങ്ങള്‍ പ്രിഥ്വിരാജ് ഫാന്‍ അല്ലെ അണ്ണാ ? നമ്മള്‍ കുഴലൂതുന്ന ആരുടെയെങ്കിലും പടം കൊള്ളൂലെങ്കില്‍ , മലയാള സിനിമ നേരിടുന്ന നിലവാര തകര്‍ച്ചയുടെ ബാക്കി പത്രമാണ്‌ ഈ ചിത്രം എന്ന് വിമര്‍ശിച്ചിട്ട് ആര്‍ക്കാണോ നമ്മള്‍ കുഴല്‍ ഊതുന്നത്‌ അയാള്‍ക്ക് ഈ സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറയണം.

ഡേ , ഒന്നാമത് ഞാന്‍ ആരുടെയും കുഴലൂത്ത്കാരനല്ല .കാശു മുടക്കി കാണുന്ന പടം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നും ഇല്ലെങ്കില്‍ കൂതറ എന്നും കാരണ സഹിതം പറയുന്ന ഒരു സാധാരണ പ്രേക്ഷകന്‍ .നീ പറഞ്ഞ അവിഞ്ഞ ആണും പെണ്ണും കെട്ട പരിപാടി നിന്റെ ഗുരുക്കന്മാര്‍ വെച്ച് നടത്തുന്നുണ്ടല്ലോ .അത് മതി.നമ്മളെ വിട്ടേരെ.

അല്ല ഈ ഷാജി കൈലാസിന്‍റെ പടം എന്നൊക്കെ പറയുമ്പോള്‍ ബിംബങ്ങള്‍ .........?

എന്തോന്ന് ബിംബം അനിയാ? ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവാ അയാള്‍ കംഫര്ട്ടബിള്‍ അയ ഒരു പശ്ചാത്തലത്തില്‍ പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.പിന്നെ അതിലെ കഥാപത്രങ്ങള്‍ തിരകഥ ഉണ്ടാക്കുന്ന ആളിന്‍റെ ജീവിത വീക്ഷണവും അനുഭവങ്ങളും അനുസരിച്ചിരിക്കും.ഉദാഹരണമായി ഒരു കമ്പനി നടത്തി പൊളിഞ്ഞ ഒരാളിന്‍റെ മകനാണ് തിരകഥാകൃത്ത് എന്നിരിക്കട്ടെ.അയാളുടെ വീക്ഷണത്തില്‍ തൊഴിലാളി നേതാവ് (നായകന്‍ അല്ലെങ്കില്‍) മിക്കവാറും ഒരു ജോലിയും ചെയ്യാതെ വെറുതെ സമരങ്ങള്‍ ഉണ്ടാക്കി ഉടമയെ മുടിപ്പിക്കുന്നവന്‍ ആയിരിക്കും.അതിനു പകരം അതേ തിരകഥാകൃത്ത് ഒരു പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അയാളുടെ കഥകളില്‍ തൊഴിലാളി നേതാവായ കഥാപാത്രം എപ്പോളും പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നവനും അവരെ സഹായിക്കുന്നവനും ആയിരിക്കും. എങ്ങനെ ഉള്ള ഒന്നോ രണ്ടോ കഥ പാത്രങ്ങളെ ഒരു ചിത്രത്തില്‍ കാണുമ്പോള്‍ അത് ലോകത്തുള്ള എല്ലാ തൊഴിലാളികളെയും പറ്റിയുള്ള വിശേഷണം ആണെന്ന നിഗൂഡ സന്ദേശം ആണെന്ന് വ്യാഖ്യാ നിക്കുന്നവന്‍റെ മനസിലല്ലേ യഥാര്‍ത്ഥ കുഷ്ട്ടം ? (ഒരു ഉദാഹരണമായി തൊഴിലാളിയെ കൊണ്ട് വന്നു എന്നെ ഉള്ളു രാഷ്ട്രീയ മത വിശ്വാസങ്ങള്‍ ആയാലും ഇതൊക്കെ തന്നെ സംഗതി) ചുരുക്കത്തില്‍ ബിംബം ഉണ്ടോ ഇല്ലയോ എന്നതാകരുത് പ്രശനം,മറിച്ചു ഒരു കൊള്ളാവുന്ന സിനിമ ആണോ അല്ലയോ എന്നതാകണം

നിങ്ങളെ വിട്ടാല്‍ അപ്പോള്‍ കാടു കേറുമല്ലോ ഒന്ന് തിരിച്ചു വന്നേ പ്ലീസ്.എന്നാ നിങ്ങളുടെ ശൈലിയില്‍ തന്നെ പറ.പടം കൊള്ളാമോ ,ഇല്ലയോ?

വെറും തറ പടം,അനിയാ.

പഴയ നാടുവാഴികള്‍ റീമെയ്ക്ക് ചെയ്ത പടം അല്ലെ അണ്ണാ? അത്രയ്ക്ക് അങ്ങ് മോശമാകുമോ ?

നീ നാടുവാഴികള്‍ കണ്ടിട്ടുണ്ടോ?

ഇല്ല .കേട്ടിട്ടുണ്ട്.

എന്നാലെ ഞാന്‍ കണ്ടിട്ടുണ്ട്.ഗോഡ്ഫാദര്‍ ഫോര്‍മുലയില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ആക്ഷന്‍ പടം.പക്ഷെ പ്രതാപിയായ അച്ഛന്റെ മിടുക്കനും പക്ഷെ അച്ഛന്റെ പരിപാടികളുമായി ഒരു ബന്ധവും ഇല്ലാത്ത മകന്‍ സാഹചര്യങ്ങള്‍ കാരണം അച്ഛന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഫോര്‍മുല കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് വേണ്ട ഘടകങ്ങള്‍ ചേര്‍ത്തു ഇറക്കിയാല്‍ എന്നും വിറ്റ് പോകുന്ന ഒന്നാണ്.മലയാളത്തില്‍ തന്നെ ഈ ലൈനില്‍ കൊള്ളാവുന്ന പടങ്ങള്‍ കുറെ ഇറങ്ങിയിട്ടുണ്ട്.അതില്‍ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയത് ലേലമാണ്.ഫസ്റ്റ് ഹാഫ് സോമന്‍ തകര്‍ക്കുകയും ,സെക്കണ്ട് ഹാഫ് സുരേഷ് ഗോപി സ്കോര്‍ ചെയുകയും.പിന്നെ കണ്ടിരിക്കുമ്പോള്‍ ബോറടിക്കാതെ ത്രില്ലിംഗ് ആയ കഥയുടെ പോക്കും.ഇതൊക്കെയാണ് ഇങ്ങനെയുള്ള സിനിമയ്ക്ക് വേണ്ട മിനിമം ഘടകങ്ങള്‍.അതെല്ലാം ലേലത്തില്‍ നല്ല മിക്സ് ആയിരുന്നു. ദോഷം പറയരുതല്ലോ , സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയില്‍ ഇതൊന്നുമില്ല.മാത്രമല്ല പത്തു മുപ്പത് സിനിമകള്‍ സംവിധാനം ചെയ്ത ഒരു മനുഷ്യനാണ് ഈ സിനിമയും സംവിധാനം ചെയ്തത് എന്ന് എഴുതി വെച്ചാല്‍ പോലും ആളുകള്‍ വിശ്വസിക്കാത്ത തരത്തിലെ കോമാളി സീനുകള്‍ /കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിംഹാസനം.പിന്നെ ഈ ചിത്രത്തി ന്‍റെ ആരംഭ വേളയില്‍ തിരകഥ ഷാജി കൈലാസ് എന്ന് ചുമ്മാ പേരിനു വെച്ചിരിക്കുകയാണെന്നും രെന്ജി പണിക്കര്‍ ഗോസ്റ്റ് write ചെയ്തതാണെന്നും ഒരു ആരോപണം ഉണ്ടായിരുന്നു.അത് വെറും ഒരു ആരോപണം ആണെന്ന് ഷാജി ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു .രെന്ജി പണിക്കര്‍ തലകുത്തി നിന്ന് എഴുതിയാല്‍ പോലും ഇങ്ങനൊരു സാധനം സ്വപ്നം കാണാന്‍ പറ്റില്ല

അപ്പൊ നാടുവാഴികളുടെ അത്ര പോര ?

ഡേ അച്ഛനും,മകനും വില്ലന്മാരും,അര്‍ജുന്‍ എന്ന പേര്,ബംഗ്ലൂരിലെ ഒരു സീന്‍,ഇത്രയും തന്നെ നാടുവാഴികളും സിംഹാസനവും തമ്മിലുള്ള സാമ്യം .ബാക്കി കഥയെല്ലാം ഷാജിയുടെ സ്വന്തം .

എന്ന് വെച്ചാല്‍ ?

അനിയാ ഇതിലെ അച്ഛന്‍ ഷാജിയുടെ സ്ഥിരം നായകന്റെ ഏട്ടന്‍/അച്ഛന്‍ കഥാപാത്രങ്ങളുടെ ഒരു നീട്ടല്‍ മാത്രമാണ്.നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാന്‍ മാത്രമായി ജീവിക്കുന്ന ധര്‍മ്മിഷ്ഠനായ മനുഷ്യന്‍.വാരിക്കോരി ചിലവഴിക്കാന്‍ ഇഷ്ടം പോലെ പണം (ശ്രോതസ്സ് വ്യക്തമല്ല ). ദുഷ്ടരായ വില്ലന്മാര്‍(ദേവന്‍,സിദ്ദിക്ക്,ജയകൃഷ്ണന്‍,ചേര്‍ത്തല ജയന്‍,സന്തോഷ്‌,രാമു പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പോകുന്ന ബാബു രാജിന്റെ ഒഴിവില്‍ വന്ന തസ്തികയില്‍ റിയാസ് ഖാനും),ധര്‍മ്മിഷ്ഠനായ,പ്രതാപിയായ അച്ഛന്റെ (സായികുമാര്‍ ) അനുസരണയുള്ള മകന്‍ (പ്രിഥ്വിരാജ്.അച്ഛനെ വില്ലന്മാര്‍ വീഴ്ത്തുമ്പോള്‍ മകന്‍ അവരെ എതിരിട്ടു ജയിച്ചു അച്ഛന്റെ സ്ഥാനം ഏറ്റെടുക്കുന്നു.

അല്ല അണ്ണാ ,ഇതൊക്കെ തന്നെയല്ലേ ശരിക്കുള്ള അച്ഛന്‍ മകന്‍ വില്ലന്മാര്‍ ആക്ഷന്‍ ഫോര്‍മുല ?

ഡേ,നാടുവാഴികള്‍ മുതല്‍ ലേലം വരെയുള്ള ഈ ഫോര്‍മുലയില്‍ ഇറങ്ങിയ പടങ്ങളില്‍ ജെനുവിനിറ്റി തോന്നിക്കുന്ന ഒരുപാട് ഘടകങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് ഉണ്ടായിരുന്നു (ബിസിനസ്സിലെ പക,മാര്‍ക്ക് തിരുത്തല്‍,കസ്റ്റംസ് റെയിഡ് ഇതൊക്കെ നാടുവാഴികളില്‍,കള്ള് കച്ചവടത്തിലെ കുടിപ്പക,കൂടെ നില്‍ക്കുന്നവരുടെ ചതി,ഉശിരന്‍ ഡയലോഗുകള്‍ ഇതൊക്കെ ലേലത്തില്‍ ). സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുകാരുടെ ഭൂമി കയ്യേറി സായികുമാറിന്റെ മനസ്സ്‌ വിഷമിപ്പിച്ച് അയാളെ ഉപദ്രവിക്കുന്ന മുപ്പത് കൊല്ലത്തെ കുടിപ്പക മനസ്സില്‍ സൂക്ഷിക്കുന്ന വില്ലന്മാരാണ് .പിന്നെ ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കുറിച്ചും ജാതകത്തിലെ കണ്ടക ശനിയെ ക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഹിംസയെ ഹിംസിച്ചു ഇല്ലാതാക്കുന്നതാണ് അഹിംസ എന്ന് ഉപദേശിക്കുന്ന ബിഷപ്പിനെ (തിലകന്‍ ) പോലെയുള്ള വിചിത്ര കഥാപാത്രങ്ങള്‍ ആണ് (ഇത്തരം വിചിത്ര സ്വഭാവമുള്ള ആളുകള്‍ ഇല്ല എന്ന് പറയുന്നില്ല. പക്ഷെ അങ്ങനെയുള്ളവരെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ വിശ്വാസ്യമായ രീതിയില്‍ അവതിരിപ്പിക്കേണ്ടത് സംവിധായകന്‍/തിരക്കഥാകൃത്ത് എന്നിവരുടെ ഉത്തരവാദിത്വം ആണ് )

നടുവാഴികളില്‍ മധുവിന്റെ അനന്തന്‍ കഥാപാത്രം ശരിക്കും പ്രതാപിയാണ് പക്ഷെ ഇപ്പോള്‍ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് .ഇനി ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ഒക്കെ സംഭവിക്കും എന്നൊരു ഫീല്‍ ചിത്രത്തില്‍ ഉടനീളം (ആ കഥാപാത്രം മരിക്കുന്ന നിമിഷം വരെ) ഉണ്ടായിരുന്നു.തന്നയുമല്ല തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ അര്‍ജ്ജുന്‍ എന്ന കഥാപാത്രം പതിയെ പതിയെ സാഹചര്യങ്ങള്‍ മനസിലാക്കി വില്ലന്മാരെ നേരിടുന്നത് വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.ലേലത്തില്‍ പിന്നെ പടം തുടങ്ങി അഞ്ചാം മിനിട്ട് മുതല്‍ അസ്ത്രം പോലെ പോകുന്ന കഥയില്‍ സോമനും,സുരേഷ് ഗോപിയും,വില്ലന്മാരുടെ സംഘവും ഒക്കെ പൊളിച്ചടുക്കുകയായിരുന്നു. ചുരുക്കത്തില്‍ കൊള്ളാവുന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു ഈ രണ്ടു പടങ്ങള്‍ക്കും.സംവിധാനം തന്നെ ശരിക്ക് അറിയാമോ എന്ന് എനിക്ക് ബലമായ സംശയം പലപ്പോഴും ഉണ്ടാക്കിയിട്ടുള്ള ഷാജി കൈലാസ് സ്ക്രിപ്റ്റ് കൂടി സ്വയം എഴുതിയ സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുപഞ്ചായത്ത്,നാട്ടാമൈ,രജനിയുടെ ഹീറോയിസം ഇതൊക്കെ തമിഴന്‍ കാണിച്ചാല്‍ കയ്യടിക്കുന്ന മലയാളി എനിക്കും കയ്യടി തരും എന്ന ഷാജിയുടെ മിഥ്യാധാരണ മാത്രമാണ്.മലയാളി പ്രേക്ഷകര്‍ നിലവാരം കൂടിയ ജാതിയാണ് എന്ന ധ്വനി ഇതിലില്ല -ആ വിഷയം പിന്നൊരിക്കല്‍ കൂടുതല്‍ വിശദമായി പറയാം )

പ്രിഥ്വിരാജ് എങ്ങനെയുണ്ട് അണ്ണാ?

അനിയാ ,നായക പദവി ഉറപ്പിക്കാന്‍ ആക്ഷന്‍ പടങ്ങള്‍ ആണ് ഇപ്പോഴും ഏറ്റവും നല്ല മാര്‍ഗ്ഗം .പക്ഷെ അതിനു ആക്ഷന്‍ മാത്രം വൃത്തിയായി ശരീരം അനങ്ങി ചെയ്‌താല്‍ പോര . ഒരു ആക്ഷന്‍ ഫിലിം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചുരുങ്ങിയ കാണികളെ ബോറടിപ്പിക്കാതെ(എന്തോന്നഡേ ഇത് എന്ന് ചോദിപ്പിക്കാതെ) മുന്നോട്ടു പോകുന്ന കഥ സന്ദര്‍ഭങ്ങള്‍ ഉള്ള ഒരു തിരക്കഥ ഉണ്ടോ എന്ന് നോക്കിയാല്‍ അയാള്‍ക്ക് കൊള്ളാം.ഇല്ലെങ്കില്‍ കരിയറിന്റെ ഒടുക്കം താന്തോന്നി,ത്രില്ലര്‍,സിംഹാസനം തുടങ്ങിയ കൂതറ പടങ്ങളില്‍ അഭിനയിച്ച് ആക്ഷന്‍ ഹീറോ ആയിക്കളയാം എന്ന് കരുതിയ ഒരു മണ്ടന്‍ എന്ന ചീത്തപ്പേര് മാത്രം ബാക്കിയാവും .ഇത് ഓര്‍ത്താല്‍ പ്രിഥ്വിരാജിന് കൊള്ളാം

സായികുമാര്‍,സിദ്ധിക്ക് ഇവരൊക്കെ?

പറഞ്ഞ പണി വൃത്തിയായി അവര്‍ ചെയ്തിട്ടുണ്ട്.പക്ഷെ പണി പറഞ്ഞു കൊടുത്തത് ഷാജി കൈലാസ് ആയത് കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ കോമാളിത്തരങ്ങള്‍ അവരെക്കൊണ്ടും കാണിപ്പിക്കുന്നുണ്ട് (ആറാം തമ്പുരാന്‍ മോഡല്‍ കളരിത്തറ തൊട്ടുവണങ്ങി വില്ലന്മാരെ കാണാന്‍ സായികുമാര്‍ എത്തുന്ന സീന്‍ ഉദാഹരണം .അങ്ങനെ ഒരു സീന്‍ തിരക്കഥയില്‍ കളരിയുടെ ബാക്ക് ഗ്രൌണ്ട് തിരക്കഥയില്‍ ഒപ്പിക്കാന്‍ ഷാജി (തിരക്കഥയും അദ്ദേഹം തന്നെ ആണല്ലോ) ചില്ലറ പാടൊന്നുമല്ല പെട്ടിരിക്കുന്നത് .ശരാശരി ചിത്രം എന്ന് പറയാവുന്ന നാടു വാഴികളില്‍ പോലും വില്ലന്മാരെ നോക്കിയാല്‍ എടുത്തു ചട്ടക്കാരനായ മുരളിയും,നേതാവായ ദേവനും,തന്ത്രശാലിയായ ബാബു നമ്പൂതിരി അങ്ങനെ വില്ലന്മാരില്‍ ഉണ്ടായിരുന്ന വ്യക്തിത്വത്തിലുള്ള വൈവിധ്യം പോലും ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല .ചേര്‍ത്തല ജയനോക്കെ ഹാസ്യ കഥാപാത്രമാണോ വില്ലന്‍ ആണോ സംവിധായകന്‍ കാണിക്കാന്‍ ഉദേശിച്ചത്‌ എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നും

നായികമാരോ?

ആറാം തമ്പുരാനിലെ മഞ്ജു വാരിയര്‍ പ്രിയാ രാമന്‍ കോമ്പിനേഷന്‍ വൃത്തികേടാക്കി അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ . നാടന്‍ പെണ്ണായി വന്ദന,മോഡേണ്‍ പെണ്ണായി ഐശ്വര്യാ ദേവ് എന്നീ പുതുമുഖങ്ങള്‍.അഭിനയിക്കാന്‍ അധികം അവസരങ്ങള്‍ കിട്ടുന്നില്ല രണ്ടാള്‍ക്കും.പക്ഷെ കിട്ടിയ ചുരുങ്ങിയ അവസരങ്ങള്‍ മാക്സിമം മുതലാക്കി രണ്ടാളും പ്രേക്ഷകരെ മത്സരിച്ച് കൊന്നു കൊല വിളിക്കുന്നുണ്ട്.ഇനി ഈ രണ്ടു നായികാ രത്നങ്ങള്‍ കൂടി നായകനായ പ്രിഥ്വിരാജിനെ ഓടിച്ചിട്ട്‌ പ്രേമിക്കുകയും ഒടുക്കം ഒരാള്‍ ത്യാഗി ആവുകയും ചെയ്യുന്ന സീനുകള്‍ ഒക്കെ ആണെങ്കിലോ,എഴുതി സംവിധാനം ചെയ്തത് ഏതോ മന്ദബുദ്ധിയാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ യാതൊരു സ്കോപ്പും നല്‍കാത്ത അത്ര ഭീകരവും.ക്ലൈമാക്സ്‌ രംഗങ്ങളുടെ മനോഹാരിത വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല

അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ ......?

കുറെ കാലം മുന്‍പ് വിനയന്‍ എന്ന സംവിധായകനെ പറ്റി ഒരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടു .ഒരു നല്ല തിരകഥ കൃത്ത് ഇല്ലങ്കില്‍ മലയാളത്തിലെ മിക്കവാറും എല്ലാ മുന്‍നിര സംവിധായകരും വിനയനെക്കാള്‍ മോശമാണ് എന്ന് പറഞ്ഞിരുന്നു പ്രസ്തുത പോസ്റ്റില്‍.സത്യന് ശേഷം വീണ്ടും ഒരാള്‍ കൂടി അത് ശരിയാണെന്ന് കൂടുതല്‍ ശക്തമായി തെളിയിച്ചിരിക്കുന്നു.അത്ര തന്നെ .

ഇതു കൊണ്ടൊന്നും ഷാജി കൈലാസിനെ തോല്‍പ്പിക്കാം എന്ന് ആരും (ഞാനടക്കം) കരുതണ്ട.ജയറാമിനെ നായകനാക്കി മദിരാശിയുമായി അദേഹം വീണ്ടും എത്തും . ചുരുക്കത്തില്‍.... ജനകൂട്ടം പിരിഞ്ഞു പോകരുത് ... പരിപാടി അവസാനിച്ചിട്ടില്ല .........

Tuesday, August 7, 2012

ആരെടാ വലിയവന്‍ - 2

അണ്ണാ എന്ത് പറ്റി ആകാശം നോക്കി ഇരിക്കുന്നേ?

ഒന്നുമില്ല അനിയാ നാട്ടിലേക്കു വരുന്ന വഴിക്ക് ഒരു സിനിമ പ്രവര്‍ത്തകനെ പരിചയപ്പെട്ടു.അയാള് പറഞ്ഞ ഒരു സംഭവം ഓര്‍ത്തതാ .

എന്തുവാ അണ്ണാ സംഗതി? നിത്യജീവിതത്തിന്‍റെ നൈരന്ത്രങ്ങളുടെ അന്തരാളങ്ങളിലൂടെ കടന്നു പോകുന്ന വല്ലോമാണോ?

നീ എന്‍റെ കയ്യീന്ന് മേടിച്ചേ പോകു.എടാ മര്യാദക്കുള്ള മലയാളമേ ഇവിടെ വായിക്കാന്‍ അറിയാത്ത ഒരു തലമുറയോട് തന്നെ വേണം ഈ ജാതി കൊലപാതകം .

ശരി ശരി അത് വിട് കാര്യം പറ .

സംഗതി കഥയാണോ അതില്‍ എത്ര അതിശയീകരണം ഉണ്ട് എന്നൊന്നും എനിക്കറിയില്ല.കഥ ഇപ്രകാരം. കുറെ കാലം മുന്‍പ് നമ്മുടെ സൂപ്പര്‍ താരങ്ങള്‍ക്ക് വേഷം കെട്ടലിനോട് കുറച്ചധികം താല്പര്യം ഉണ്ടായിരുന്ന ഒരു ഇടക്കാലം ഉണ്ടായിരുന്നു.മൃഗയ എന്ന നല്ലൊരു ചിത്രം ആയിരിക്കണം അതിനു തുടക്കം കുറിച്ചത്.അതിനു ശേഷം കുറച്ചു കാലം സുപ്പര്‍ താരങ്ങളുടെ ഫാന്‍സി ഡ്രസ്സ്‌ ബഹളമായിരുന്നു മലയാളത്തില്‍,ലാല്‍ അങ്കിള്‍ ബണ്‍ ചെയ്താല്‍ ഉടന്‍ മമ്മൂട്ടി പരമ്പര ഇറക്കികളയും.ആകെ മേളം.ആ നിരയില്‍ ഏതാണ്ട് അവസാനത്തോട് അടുത്ത് ഇറങ്ങിയ ചിത്രമാണ് സൂര്യമാനസം.വിജി തമ്പി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വ്യത്യസ്ത വേഷ ഭാവങ്ങളില്‍ (ഭാവം ചുമ്മാ ഒരു പ്രാസത്തിനു പറഞ്ഞതാ സംഗതി വേഷം മാത്രമേ ഉള്ളു )പുട്ടുറുമീസ് എന്നൊരു കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരുന്നു.ഉന്തിയ പല്ലും ഒക്കെയായി ഉള്ള മേക്ക് അപ്പ്‌ കഴിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് തമിഴ് നടന്‍ സത്യരാജിന്‍റെ ച്ഛായ തോന്നിക്കുന്നതായി സെറ്റില്‍ ഒരു സംസാരം ഉണ്ടായി അത്രെ.ഈ സംസാരം കാതില്‍ എത്തിയപ്പോള്‍ മമ്മൂട്ടി ഇങ്ങനെ പ്രതികരിച്ചു പോലും."മമ്മൂട്ടിക്ക് സത്യരാജ് ആകാം എന്നാല്‍ സത്യരാജിന് ഒരിക്കലും മമ്മൂട്ടി ആകാന്‍ പറ്റില്ല" എന്നായിരുന്നു പോലും ആ വന്‍ ഡയഗോള്‍ !!

ഓഹോ എന്നിട്ടോ?

ഇങ്ങേരു ഭയങ്കര മോഡയാണല്ലോ എന്നായിരുന്നു എന്നായിരുന്നു എന്‍റെ ആദ്യ പ്രതികരണം.അതിനു കിട്ടിയ മറുപടി ഒറ്റ നോട്ടത്തില്‍ സംഗതി അങ്ങനെ തോന്നും എങ്കിലും ശരിക്കും സ്വന്തം കഴിവില്‍ ഉള്ള ആത്മവിശ്വാസമാണ് അദേഹത്തെ കൊണ്ട് അങ്ങനെ ഒരു ഡയഗോള്‍ അടിപ്പിച്ചത് എന്നായിരുന്നു മറുപടി . ഈ ആത്മവിശ്വാസം മലയാളത്തില്‍ പിള്ളേര്‍ ആരേലും കാണിച്ചാല്‍ അവന്‍റെ ഒക്കെ പുറത്തു കേറി ആരൊക്കെ പൊങ്കാല ഇടും എന്നാലോചിച്ചതാ .

പിന്നല്ലാതെ............. വന്നതിനു മുന്‍പ് അഹങ്കാരം കാണിച്ചാല്‍ പ്രബുദ്ധനായ മലയാളി സഹിക്കുമോ ?

അത് വിട്.അത് കഴിഞ്ഞു ഞാന്‍ മേല്‍പ്പറഞ്ഞ മോശക്കാരനായ (അതയിത് ഒരിക്കലും ശ്രീ മമ്മൂട്ടിയെ പോലെ ആകാന്‍ എത്ര ശ്രമിച്ചാലും കഴിയാത്ത) സത്യരാജ് എന്ന നടനെ കുറിച്ച് ആലോചിക്കുകയിരുന്നു.

എന്താ ഇത്ര ആലോചിക്കാന്‍? സത്യരാജ് എന്നൊക്കെ പറഞ്ഞാല്‍ വെറും പാണ്ടി.അങ്ങേരെ പിടിച്ചു നമ്മുടെ ബെസ്റ്റ് ആക്ടര്‍ മമ്മുക്കയുമായി താരതമ്യം ചെയുക എന്ന് വെച്ചാല്‍.നിങ്ങള്ക്ക് വട്ടായോ അണ്ണാ?

അനിയാ, നീ എപ്പോള്‍ പറഞ്ഞത് പോയിന്റ്റ്.തമിഴ് സിനിമ വെറും പാണ്ടി പടം ആയിരുന്ന കാലത്തായിരുന്നു തമിഴില്‍ സത്യരാജിന്‍റെ ഏറ്റവും നല്ല സമയം (മണിരത്നത്തെ മറന്നതല്ല).എന്നാല്‍ മമ്മുട്ടിയുടെ കാര്യത്തില്‍ സംഗതി നേരെ തിരിച്ചാണ്.മലയാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് ആയിരുന്നു അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് എന്ന കാര്യം തല്ക്കാലം അവിടിരിക്കട്ടെ.നമ്മുടെ ഈ മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടി,മോഹന്‍ലാല്‍ ഇവരില്‍ ഒരാള്‍ ചെയ്യുന്ന റോള്‍ മറ്റെയാള്‍ ചെയ്യുന്ന കാര്യം ആലോചിക്കാന്‍ പോലും പറ്റില്ല എന്ന കാര്യം നീയെങ്കിലും സമ്മതിക്കുമല്ലോ.ഉദാഹരണമായി കിലുക്കം മമ്മൂട്ടി ചെയ്യുന്നതും,വടക്കന്‍ വീരഗാഥ ലാല്‍ ചെയ്യുന്നതും ഒന്നാലോചിച്ചു നോക്കിക്കേ.

അയ്യേ ......

പരമ ബോര്‍ ആണല്ലോ.എന്നാല്‍ മമ്മൂട്ടി അഭിനയിച്ച,അദേഹം അഭിനയിച്ച നല്ല ചിത്രങ്ങളില്‍ ഒന്നായ ആവനാഴിയും ശ്രീ മോഹന്‍ലാലിന്‍റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായ ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് എന്ന ചിത്രവും തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ നായക വേഷങ്ങള്‍ ചെയ്തത് സത്യരാജ് ആയിരുന്നു എന്നറിയാമോ? അദേഹം ഈ രണ്ടു വേഷങ്ങളും വൃത്തിയായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.അണ്ണാ നഗര്‍ മുതല്‍ തെരുവ്,കടമൈ ഗണിയം കട്ടപ്പാട് എന്നിവയാണ് ഈ ചിത്രങ്ങളുടെ പേര്.(പറയുമ്പോള്‍ എല്ലാം പറയണമല്ലോ,രാജാവിന്‍റെ മകന്‍,മക്കള്‍ എന്‍ പക്കം എന്ന പേരില്‍ ഒര്‍ജിനലിനു അടുത്ത് വരാത്ത ചിത്രത്തിലും അദേഹം അഭിനയിച്ചിട്ടുണ്ട് എന്ന കാര്യവും മറക്കുന്നില്ല)

കണ്ടോ കണ്ടോ ... നമ്മുടെ ലാലേട്ടന്‍ അനശ്വരം ആക്കിയ കഥാപാത്രത്തില്‍ കേറി കളിച്ചപ്പോള്‍ കൈ പൊള്ളിയത്‌ കണ്ടോ ? അങ്ങനിരിക്കും ....

അനിയാ എന്നാല്‍ ഒരു കാര്യം കൂടി പറയട്ടെ ഇതേ ലാലേട്ടന്‍ അഭിനയിച്ചു കഷ്ട്ടിച്ചു നിരങ്ങി പോയ ഒരു ചിത്രമുണ്ട് സൂര്യഗായത്രി.അതേ സാധനം മാരന്‍ എന്ന പേരില്‍ റീമേക്ക് ചെയ്തു സുപ്പര്‍ ഹിറ്റ്‌ ആക്കിയിട്ടുണ്ട് സത്യരാജ്.ഏതു നിലവാരം വെച്ച് നോക്കിയാലും മാരന്‍ എന്നത് സൂര്യഗായത്രിക്ക്‌ മുകളില്‍ നില്‍ക്കുന്ന ചിത്രമാണ്.അതിനു പ്രധാന കാരണം സത്യരാജിന്‍റെ അഭിനയവും ആണ്.പറ്റിയാല്‍ കണ്ടു നോക്ക്.

അത് പിന്നെ .....

ശരി തല്ക്കാലം നമുക്ക് ലാലിനെ വിടാം.സത്യരാജ് എന്ന നടന്‍ വില്ലന്‍ വേഷങ്ങളിലൂടെ ഉയര്‍ന്നു വന്നു നായകനായ താരമാണ് . സ്വാഭാവികമായും വില്ലന്‍ വേഷങ്ങള്‍ നായകനേക്കാള്‍ ജനപ്രീതി പിടിച്ചു പറ്റുന്നത് കൊണ്ടാകുമല്ലോ പിന്നീടു ഇയാളെ നായകനാക്കി പടമെടുക്കാം എന്ന് സംവിധായകരും നിര്‍മാതാക്കളും ചിന്തിച്ചു തുടങ്ങിയത്.നമ്മുടെ ശ്രീ മമ്മൂട്ടി ജീവിതത്തില്‍ ഒരൊറ്റ സിനിമയില്‍ ആണ് വില്ലന്‍ വേഷം കെട്ടിയത് എന്നാണ് എന്‍റെ അറിവ്.പടയോട്ടം എന്ന ആ ചിത്രത്തില്‍ ഏറ്റവും മോശം ഈ നടന്‍ ആയിരുന്നു എന്ന് മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.ആവര്‍ത്തനം ക്ഷമിക്കുക.

അത് പറയരുത് പലേരി മാണിക്യം എന്ന ചിത്രത്തില്‍ .........................

അത് മറന്നു മര്യാദക്ക് വല്ല സായി കുമാറിനോ മറ്റോ കൊടുത്തിരുന്നെങ്കില്‍ നന്നാകുമായിരുന്ന വേഷം,സുപ്പര്‍ താരം കയ്യാളിയ മറ്റു രണ്ടു വേഷങ്ങളില്‍ ഒരു പിണ്ണാക്കും ഇല്ലാത്തത് കൊണ്ട് മാത്രം അദേഹത്തിന് കൊടുത്ത ആ വേഷം,അതല്ലേ നീ ഈ പറഞ്ഞ സംഗതി.ദോഷം പറയരുതല്ലോ പറ്റുന്ന പോലെ അതും വൃത്തി കേടാക്കിയിട്ടുണ്ട് അദേഹം.

അത് പിന്നെ ......

ഇനി ഒരു കാര്യം കൂടി ഓര്‍ക്കണം മലയാള സിനിമയിലെ,അതിന്‍റെ ഏറ്റവും നല്ല കാലത്തെ ഒന്നാമത്തെ ചോയിസുകളില്‍ ഒന്നായിരുന്നു ശ്രീ മമ്മൂട്ടി.എന്നാല്‍ തമിഴ് സിനിമ വെറും പാണ്ടി പടം ആയിരുന്ന കാലത്ത് രജനീകാന്തും,കമലഹാസ്സനും,വിജയകാന്തും കാര്‍ത്തിക്കും ഒരു പക്ഷെ പ്രഭു പോലും കഴിഞ്ഞുള്ള ചോയ്സ് ആയിരുന്നു സത്യരാജ്,അഥവാ അത്രക്കേ ഉണ്ടായിരുന്നുള്ളു അദേഹത്തിന്‍റെ താരമൂല്യം എന്നും നമുക്ക് മറക്കാതിരിക്കാം.

അല്ല നമ്മുടെ മമ്മുക്ക സൊഷ്യല്‍ സര്‍ക്കാസ്റ്റിക് ആയി ചെയ്ത പ്രാഞ്ചിയേട്ടന്‍ ഒക്കെ നോക്കിയാല്‍ ..........

തമിഴ്നാട് പോലെ തീവ്രമായ താര ആരാധന ഉള്ള നാട്ടില്‍ (ഇവിടത്തെ പോലെ കാശു കൊടുത്തു കൂവാനും പൂ എറിയാനും ആളെ കേറ്റുന്ന പരിപടിയല്ലല്ലോ അവിടെ)സത്യരാജ് നായകനായ മഹാനടികന്‍ പോലെ ഒരു പടം നമുക്ക് ആലോചിക്കാന്‍ പറ്റുമോ? (തമിഴ് സിനിമ അവിടെ നിന്നും മുന്നേറി "തമിഴ് പടം" വരെ എത്തി എന്നാ കാര്യം വേറെ). ഇനി യുവ താരങ്ങളുടെ കൂടെ അഭിനയിക്കുന്ന കാര്യം ആണെങ്കില്‍ മമ്മൂട്ടി പ്രിഥ്വിരാജ് എന്ന നടനോടൊത്തു അഭിനയിച്ച പോക്കിരി രാജ എന്നാ ചിത്രവും സത്യരാജ് അതെ നടനോടൊത്തു അഭിനയിച്ച കണ്ണാം പൂച്ചി എനെടാ എന്ന ചിത്രത്തിലെയും റോളുകള്‍ ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.ഇനി പഴംകഥ കേള്‍ക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ ഏറ്റവും അവസാനം ശ്രീ മമ്മൂട്ടി അഭിനയിച്ച കോബ്ര എന്ന സാഹസിക ചിത്രവും പാവം സത്യരാജ് അഭിനയിച്ച ആയിരം വിളക്ക് എന്ന തമിഴ് പടവും കൂടി ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.ഇനി അതും പോരെങ്കില്‍ ശ്രീ മമ്മൂട്ടിയുടെ മെഗാ ഫാന്‍സി ഡ്രസ്സ്‌ പടം പരമ്പരയും (അച്ഛനും മകനുമായി അദേഹം ഉജ്വല അഭിനയം കാഴ്ചവെച്ച ചിത്രമാണ് സംഭവം).സത്യരാജ് വില്ലനായ അച്ഛനും നായകനായ മകനായും അഭിനയിച്ച അമൈതിപ്പടൈ എന്നീ രണ്ടു സമ്പൂര്‍ണ വാണിജ്യ സിനിമയിലെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു താരതമ്യ പഠനം രസകരം ആയിരിക്കും.ഇനി ചരിത്ര പുരുഷന്മാരെ നോക്കിയാല്‍ പഴശിരാജ ആയി നമ്മളെ ഹരം കൊള്ളിച്ച മമ്മുട്ടിയും പെരിയാര്‍ രാമസ്വാമി നയ്ക്കരായി അഭിനയിച്ച സത്യരാജും എടുത്തു നോക്കിയാല്‍ ആരു മുന്നില്‍ നില്‍ക്കും എന്നതും രണ്ടു പടങ്ങളും കണ്ടിട്ടുള്ള നിക്ഷ്പക്ഷ പ്രേക്ഷകര്‍ക്ക്‌ ചിന്തിക്കാവുന്നതാണ് .

ഇനി ഇതൊക്കെ ആണെങ്കിലും, ഈ ലോക്കല്‍ ലിന്‍ഗ്വിസ്റ്റിക് ഡയലെക്റ്റ എന്ന സംഗതി വരുമ്പോള്‍ .......

എന്തോന്ന് ????

സോറി...... ഒരിക്കല്‍ കൂടി പറഞ്ഞാല്‍ നാക്ക്‌ ഉളുക്കും സംഗതി രാജമാണിക്യത്തില്‍ തുടങ്ങി പ്രാഞ്ചിയേട്ടനില്‍ ബൌദ്ധികമായി അവതരിപ്പിക്കപ്പെട്ട, ഇന്നു സകലവനും കേറി അലക്കുന്ന,പ്രാദേശിക സംസാര രീതി ഉപയോഗിച്ചുള്ള ഡയഗോള്‍ ഡെലിവറി.....

അനിയാ മേല്‍പ്പറഞ്ഞ സംഗതി എത്രയോ സിനിമയില്‍ മനോഹരമായി ശ്രീ ജഗതി ശ്രീകുമാര്‍ പണ്ട് മുതലേ അവതരിപ്പിച്ചിട്ടുണ്ട് . സുരാജിനെ പോലുള്ളവര്‍ പാഠ പുസ്തകം ആകേണ്ടതാണ് ധിം ധരികിട തോം എന്ന പ്രിയദര്‍ശന്‍ തട്ടിക്കൂട്ട് പടത്തിലെ ശങ്കരന്‍ . അവിടന്ന് ഇന്ത്യന്‍ റുപ്പീ എന്ന സിനിമയിലെ ഗോള്‍ഡ്‌ പാപ്പച്ചന്‍ വരെ എത്ര കഥാപാത്രങ്ങള്‍. ആ നടനെ വിട്ടാല്‍ പിന്നെ സ്വാഭാവികമായി തോന്നിയത് ഓര്‍ഡിനറി എന്ന ചിത്രത്തിലെ ഡ്രൈവര്‍ സുകുവിനെയാണ്.അതൊക്കെ പോകട്ടെ നമുക്ക് പാവം സത്യരാജിലേക്ക് തന്നെ വരാം. കോയമ്പത്തൂര്‍ സ്വദേശിയായ ആ മനുഷ്യന്‍ ഒരിക്കലും ആ സ്ലാഗിളല്ല കടലോര കവിതകളില്‍ സംസാരിക്കുന്നതു .ഇതു രണ്ടുമല്ല വേദം പുതിത് എന്ന ചിത്രത്തിലെ ബാലു തേവര്‍ സംസാരിക്കുന്ന ഭാഷ.ഇനി ഇതൊന്നു പോരെങ്കില്‍ മലബാര്‍ പോലീസ് (മറ്റൊരു തമിഴ് -പാണ്ടി പടം) എന്ന ചിത്രത്തില്‍ ഒന്ന് രണ്ടു തലമുറ മുന്‍പ് പാലക്കാടു കുടിയേറിയ തമിഴനായ ചിന്ന സ്വാമി എന്ന കഥാപാത്രത്തെ സത്യരാജ് അവതരിപ്പിച്ചിരിക്കുന്നത് നോക്കുക.പാലക്കാട്ട് മലയാളം സ്ലാഗ് മാത്രമല്ല മലയാളികളുടെ തോണ്ടിയുള്ള സംസാരവും ശരീരഭാഷയും ആ നടന്‍ വൃത്തിയായി ചെയ്തിട്ടുണ്ട് എന്നാണ് എന്‍റെ എളിയ അഭിപ്രായം.(ഒരു കട്ടബൊമ്മന്‍ വസനം മലയാള സ്ലാങ്ങില്‍ കാച്ചുന്നു പോലുമുണ്ട് അങ്ങേര്‍ ആ ചിത്രത്തില്‍ !!!). സമാനമായ സംഗതികള്‍ മമ്മൂട്ടി ചെയ്യുന്നത് ഒന്ന് വെറുതെ ചിന്തിച്ചു നോക്കുക .

അയ്യോ .....

എന്നാലും ഈ പ്രായത്തിലും സ്വന്തം സൗന്ദര്യം ഇത്ര ഭംഗിയായി കാത്തു സൂക്ഷിക്കുന്ന ആ നടനെ പറ്റി.....

അനിയാ ഇതു ഡബിള്‍സ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ ആരാധകര്‍,വേറെ ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ പറഞ്ഞ പോലെ ഉണ്ടല്ലോ? നദിയമൊയ്തുവിനെ കണ്ടോ ഇത്ര പ്രായം ആയിട്ടും ഒരു വ്യത്യാസവും ഇല്ലല്ലോ.അത് പോലെ തന്നെ ഉണ്ട് എന്ന ലൈന്‍.ആ നടി പത്തു നാല്‍പ്പതു വയസു ആയിട്ടും ചെറുപ്പക്കാരിയെ പോലെ ആണ് ഇരിക്കുന്നത് എങ്കില്‍ അവരുടെ കുടുംബത്തിനു കൊള്ളാം (ഭര്‍ത്താവിനു എന്നു പറഞ്ഞാല്‍ സ്ത്രീ വിരുദ്ധം ആയിപ്പോകും).അവര്‍ ഒരു നല്ല സിനിമ എനിക്ക് തരാതെ ഇരിക്കുന്നിടത്തോളം കാലം അവര്‍ എങ്ങനെ ഇരുന്നാലും എനിക്കൊന്നുമില്ല.അത് തന്നെയാണ് ശ്രീ മമ്മൂട്ടിയുടെ കാര്യത്തിലും എനിക്ക് പറയാനുള്ളത്.

അല്ല അണ്ണാ മലയാളത്തില്‍ സത്യന്‍റെ സിംഹാസനത്തില്‍ ഇരിക്കുന്ന ഒരു നടനെയാണ് ഈ പറയുന്നത് എന്നു ഓര്‍ക്കണം.

മലയാള സിനിമയില്‍ നിന്ന് കാല് കിഴച്ച ആ നടനെ ഇരുത്താന്‍ ആകെപ്പാടെ അന്ന് രണ്ടു കസേരയെ ഉള്ളു.സത്യന്‍റെ സ്ലോട്ടും നസീറിന്‍റെ സ്ലോട്ടും.ഇരുത്തിയ കാലഘട്ടം കൂടെ വെച്ച് നോക്കിയാല്‍ നസീറിന്‍റെ സ്ലോട്ട് ആയിരുന്നു അദേഹത്തിന് ചേരുക.പക്ഷെ അവിടെ പ്രശ്നങ്ങള്‍ രണ്ടാണ്.ഒന്ന് നസീറിന്‍റെ ശക്തി എന്നു പറയാവുന്ന കാമുക ഭാവത്തില്‍ മമ്മൂട്ടി അന്നും ഇന്നും ഒരു പരാജയമാണ്.പിന്നെ ചുരുണ്ട മുടിയും സാന്‍ഡോ ബനിയനും (കൈകളില്ലാത്ത ചിത്രപണി ചെയ്ത ടി ഷര്‍ട്ട്‌.പില്‍ക്കാലത്ത് റെഹ്മാന്‍ ഒക്കെ ഉപയോഗിച്ചിരുന്ന സാധനം) ഒക്കെ ആയി നടന്ന മമ്മുട്ടി എന്ന നടനെ അന്ന് സുന്ദരന്‍ എന്നു വിളിച്ചാല്‍ അത് ദഹിക്കാന്‍ സ്വല്‍പ്പം പാടായിരുന്നു.(ഒരു നാല്‍പ്പതു - നാല്‍പ്പത്തി അഞ്ചു വയസ്സ് മുതലാണ് അദ്ദേഹത്തില്‍ മലയാളി സൗന്ദര്യം കണ്ടു തുടങ്ങിയത് എന്നാണ് എന്‍റെ അഭിപ്രായം).ഇപ്പോളുള്ള രണ്ടു മൂന്നു ഭാവം പോലും അന്ന് കയ്യില്‍ ഇല്ലാത്ത സ്ഥിതിക്ക് ഭാവാഭിനയ ചക്രവര്‍ത്തി എന്നോ മറ്റോ പറഞ്ഞാല്‍ പറഞ്ഞവന്‍റെ കുടുംബക്കാര്‍ തന്നെ കുതിരവട്ടത്തു കൊണ്ടാക്കും എന്നത് കൊണ്ട് അതും വിടാം.പിന്നെ വേറെ എന്താ ഒരു പോംവഴി?

അപ്പോള്‍ ചുരുക്കത്തില്‍ ....

ശ്രീ മമ്മൂട്ടി അവതരിപ്പിച്ച തനിയാവര്‍ത്തനം,വടക്കന്‍ വീരഗാഥ,മൃഗയ,അമരം തുടങ്ങിയ ഒരു പിടി നല്ല ചിത്രങ്ങളെ മറന്നല്ല ഇതെഴുതുന്നത്.മറിച്ചു എം ടി,ലോഹിതദാസ് എന്നീ രണ്ടു പ്രഗല്‍ഭരുടെ തോളില്‍ നിന്നും ഇറങ്ങാമെങ്കില്‍,അതായിത് സു ദീര്‍ഘമായ,നാനൂറോളം പടങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍,ഈ രണ്ടു പേര്‍ എഴുതിയ ഇരുപതോളം സിനിമകള്‍ മാറ്റിവെച്ചാല്‍ (അതില്‍ തന്നെ അദ്ദേഹം അഭിനയിച്ചു കുളമാക്കിയ തൃഷ്ണ,കുട്ടേട്ടന്‍ പോലുള്ള ചിത്രങ്ങളും നമുക്ക് മറക്കാം),വെറും ഒരു മൂന്നാം നിര തനിതമിഴ് നടനായ (തനി തമിഴ് എന്നുദ്ദേശിക്കുന്നത് തമിഴ് സിനിമയുടെ അത്ര നല്ലതല്ലാത്ത കാലം എന്നാണ് ) സത്യരാജ് എന്ന രംഗരാജ് സുബ്ബയ പോലും ഇദ്ദേഹത്തിനു ഏതാനും ചുവടുകള്‍ മുന്നില്‍ ആയേക്കാം എന്ന തിരിച്ചറിവാണ് ഈ കുറിപ്പിന് ആധാരം .

ആരെടാ വലിയവന്‍? - 1

Sunday, August 5, 2012

ടോട്ടല്‍ റീക്കാള്‍ -Total Recall

അനിയാ, നീ ആര്‍നോള്‍ഡ് ഷ്വാഷ്നാഗര്‍ അഭിനയിച്ച ടോട്ടല്‍ റീക്കാള്‍ കണ്ടിട്ടുണ്ടോ ?

ഇല്ല അണ്ണാ,ടെര്‍മിനേറ്റര്‍ ഒന്നും രണ്ടും മൂന്നും ഒക്കെ കണ്ടിട്ടുണ്ട്.എന്ത് ചോദിച്ചത് ?

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറില്‍ അങ്ങനെ ഒരു പടം ഇറങ്ങിയിട്ടുണ്ട്. ഷാരണ്‍ സ്റ്റോണ്‍ ഒക്കെ അഭിനയിച്ച സിനിമയാണ് .

ബേസിക് ഇന്‍സ്റ്റിന്‍ക്ക്റ്റ് ഷാരണ്‍ സ്റ്റോണ്‍ അല്ലെ അണ്ണാ ?

ഉം...അതൊക്കെ നല്ല നിശ്ചയമാണ്.അത് തന്നെ ആള്.

ആ പടത്തിന് ഇപ്പൊ എന്ത് സംഭവിച്ചു അണ്ണാ ? വീണ്ടും ഡി വി ഡി കണ്ടോ ?

ഇല്ല. രതിനിര്‍വേദം, ചട്ടക്കാരി ഇതൊക്കെ നമ്മള്‍ റീമേക്ക് ചെയ്തില്ലേ ? അത് പോലെ സായിപ്പും ഈ പടം റീമേക്ക് ചെയ്തു.

അരവിന്ദ് ശിവശങ്കരനും,ഷാരണ്‍ സ്റ്റോണും തന്നെ അണ്ണാ പുതിയ പടത്തിലും ?

അല്ലഡാ . ഇതില്‍ കോളിന്‍ ഫെരല്‍,കേറ്റ് ബെക്കന്‍സില്‍ എന്നിവരാണ് ആര്‍നോള്‍ഡ്,ഷാരണ്‍ സ്റ്റോണ്‍ എന്നിവര്‍ പണ്ട് ചെയ്ത വേഷങ്ങള്‍ ചെയ്തിരിക്കുന്നത് .

ഇവരൊക്കെ ആര് അണ്ണാ?

കോളിന്‍ ഫെരല്‍ അലക്സാണ്ടര്‍,ഫോണ്‍ ബൂത്ത്‌,മയാമി വൈസ് അങ്ങനെ കുറെ പടങ്ങള്‍ ഉണ്ട്.അതിലൊക്കെ അഭിനയിച്ച കക്ഷിയാണ് .അണ്ടര്‍വേള്‍ഡ് സീരിസ് ആണ് കേറ്റ് ബെക്കന്‍സില്‍ന്റെ ഏറ്റവും പ്രശസ്തമായ (വാണിജ്യ ) സിനിമകള്‍

എന്തരോ എന്തോ.പക്ഷെ സായിപ്പല്ലേ? കിടിലമായിരിക്കും.അല്ലെ അണ്ണാ ?

അനിയാ.സായിപ്പായത് കൊണ്ട് ഞാന്‍ കാണുന്ന ഏക ഗുണം എന്താണ് എന്ന് അറിയാമോ?

പറയണം
കാശ് മുടക്കി ഈ പടം കണ്ടിട്ട്,വല്യ ഗുണം ഇല്ല എന്ന് സ്വതന്ത്രമായിട്ട് പറഞ്ഞാല്‍ കോളിന്‍ ഫെരല്‍ ഫാന്‍സ്‌ അസോസിയേഷന്‍കാരും ഓണ്‍ലൈന്‍ ഓല പീപ്പികളും ഞാന്‍ കരിയര്‍ ഏതാണ്ട് തീരാറായ ആര്‍നോള്‍ഡ് ഷ്വാഷ്നാഗറിനെ എങ്ങനെയും രക്ഷിച്ചെടുക്കാന്‍ നടക്കുകയാണ് എന്ന് പറയില്ല.

നിങ്ങള് അതിനിടക്ക് ആളില്ലാത്ത പോസ്റ്റിലോട്ടു പന്ത് തട്ടാതെ.അപ്പൊ പടം കൊള്ളൂലെ?

ഒരു സാധാരണയില്‍ താഴെ നിലവാരമുള്ള ഇംഗ്ലീഷ് ആക്ഷന്‍ പടം എന്ന് പറയാം.

അണ്ണാ,എന്നെ പോലെ ഒരു നിരൂവണ സിംഗത്തിനോട് പറയുമ്പോ ഇങ്ങനെ പരത്തി പറയാതെ . വിശദമായിട്ട് പറയണം .
ഡാ ...ആര്‍നോള്‍ഡിന്റെ പഴയ സിനിമയും,ഇതും ഒക്കെ ശരിക്കും വീ ക്യാന്‍ റിമംബര്‍ ഇറ്റ്‌ ഫോര്‍ യു ഹോള്‍സെയില്‍ എന്നൊരു ചെറുകഥയില്‍ നിന്നും പ്രചോദനം ഉത്ക്കൊണ്ട് നിര്‍മിച്ച സിനിമകളാണ്.ആര്‍നോള്‍ഡിന്റെ സിനിമ അന്നത്തെ കാലത്ത് നല്ല പുതുമയായിരുന്നു.സയന്‍സ് ഫിക്ഷനും ,കഥയിലെ സസ്പെന്‍സും ഒക്കെ.പക്ഷെ പുതിയ ടോട്ടല്‍ റീക്കാള്‍ ആ സസ്പെന്‍സ് ഒന്നും ഇല്ലാത്ത ഒരു സാധാരണ പടമാണ്

കഥ ഒന്ന് തന്നെയല്ലേ? അപ്പൊ പിന്നെ എന്തര് സസ്പെന്‍സ് ?

നീ ഓഷ്യന്‍സ് ഇലവന്‍ കണ്ടിട്ടുണ്ടോ ?

ഞാന്‍ ആ ടൈപ്പ് ഒന്നും അല്ല.

ഡാ അങ്ങനെ ഒരു പടമുണ്ട്.അറുപതുകളില്‍ അതെ പേരില്‍ ഇറങ്ങിയ ഒരു പടത്തിന്റെ റീമേക്ക്.പക്ഷെ പുതിയ പടത്തില്‍ കഥയിലൊക്കെ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി കിടിലമാക്കി ഇറക്കിയ പടമാണ്

ഈ പുതിയ ടോട്ടല്‍ റീക്കാളില്‍ അങ്ങനെ ഒന്നും ഇല്ലേ ?

പഴയ പടത്തില്‍ നിന്നും ഇതിനുള്ള പ്രധാന മാറ്റങ്ങള്‍ രണ്ടാണ്. പഴയ സിനിമയില്‍ കഥ നടക്കുന്നത് ഭൂമിയിലും, ചൊവ്വയിലുമാണ്.പുതിയ സിനിമയില്‍ കഥ മൊത്തം ഭൂമിയില്‍ വെച്ച് തന്നെ നടക്കുന്നു.രണ്ടാമത്തെ മാറ്റം പ്രധാന കഥാപാത്രമായ ഡഗ്ളസ് ക്വൈഡ് വില്ലനാണോ,നായകനാണോ എന്നൊരു സംശയം സിനിമ തീര്‍ന്നാല്‍ പോലും കാണികളില്‍ നില്‍ക്കുന്ന തരത്തിലായിരുന്നു പഴയ സിനിമയുടെ കഥ.പുതിയത് കുറെക്കൂടെ നേരെ വാ നേരെ പോ ലൈനില്‍ ആക്കി ആ ഒരു സസ്പെന്‍സ് ഇല്ലാതാക്കി.

കഥ എന്തര് അണ്ണാ? നിരൂവിക്കുമ്പം അത് നാല് പേര് ചോദിച്ചാ പറയണ്ടേ ?

ഡേ കഥ നടക്കുന്നത് രണ്ടായിരത്തി എണ്‍പത്തിനാലിലാണ് . മൂന്നാം ലോക മഹായുദ്ധം കഴിഞ്ഞ് ലോകം മുഴുവന്‍ പണ്ടാരമടങ്ങി. മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റിയ രണ്ട് രാജ്യങ്ങള്‍ മാത്രമേ ലോകത്ത് ഉള്ളു .യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബ്രിട്ടനും പിന്നെ കോളനി എന്നൊരു രാജ്യവും (ഇപ്പോഴത്തെ ഓസ്ട്രേലിയയുടെ മാപ്പാണ് ഈ കോളനി എന്ന് പറഞ്ഞ് കാണിക്കുന്നത് ).ബ്രിട്ടന്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം.കോളനി പാവങ്ങളുടെ രാജ്യം.കോളനിയിലെ ജനങ്ങള്‍ ബ്രിട്ടനില്‍ പോയി പണിയെടുത്താണ് ജീവിക്കുന്നത്.രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലുള്ള ഏക കെ എസ് ആര്‍ ടീ സി ബസ്‌ ഭൂമിക്കടിയില്‍ കൂടി ഇവിടെ മുങ്ങി അവിടെ പൊങ്ങുന്ന ഒരു ലിഫ്റ്റ്‌ ആണ്.ദി ഫാള്‍ എന്ന് വിളിക്കുന്ന ഒരു സാധനം

കോളനിയില്‍ നിന്നും ബ്രിട്ടനില്‍ പോയി പണിയെടുത്ത് ജീവിക്കുന്ന ഒരു സാധാരണ ഫാക്ടറി തൊഴിലാളിയാണ് ഡഗ്ളസ് ക്വൈഡ് (കോളിന്‍ ഫെരല്‍). ജീവിതം ബോര്‍ അടിക്കുമ്പോള്‍ ഭാവനകള്‍ ശരിക്കുള്ള ഓര്‍മകളായി തലച്ചോറില്‍ കയറ്റി വിടുന്ന റീക്കാള്‍ എന്ന കമ്പനിയില്‍ അയാള്‍ പോകുന്നു. ഫാന്റ്സികള്‍ ശരിക്കുള്ള അനുഭവങ്ങള്‍ ആക്കി കൊടുക്കുന്ന ആ കമ്പനിയില്‍ ഡഗ്ളസ് തനിക്കായി ഒരു സീക്രട്ട് എജെന്റിന്റെ ഭാവന തിരഞ്ഞെടുക്കുന്നു.പക്ഷെ റീക്കാള്‍ കമ്പനിക്കാര്‍ ആരുടെയെങ്കിലും തലച്ചോറില്‍ എന്തെങ്കിലും ചെയും മുന്‍പ് സാധാരണ നടത്തുന്ന ടെസ്റ്റില്‍ ഡഗ്ളസ് പരാജയപ്പെടുന്നു.റീക്കാള്‍ കമ്പനിക്കാര്‍ ഡഗ്ളസ് ശരിക്കും ഒരു രഹസ്യാന്വേഷണ എജെന്റ് ആണ് എന്ന് പറഞ്ഞ് അയാളെ ആക്രമിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ അപ്പോഴേക്കും പോലീസ് ആ സ്ഥലത്ത് എത്തുന്നു. തുടര്‍ന്നുണ്ടാവുന്ന ഏറ്റുമുട്ടലില്‍ കമ്പനിയുടെ ആളുകളെ എല്ലാം പോലീസുകാര്‍ കൊല്ലുന്നു.അവര്‍ ഡഗ്ളസ്നെ അറസ്റ്റ് ചെയാന്‍ ശ്രമിക്കുമ്പോള്‍ താന്‍ പോലും അറിയാതെ കിടിലം സ്റ്റണ്ട് നടത്തി ഡഗ്ളസ് അവരെയെല്ലാം തട്ടുന്നു. അവിടുന്ന് രക്ഷപ്പെട്ട് അയാള്‍ വീട്ടില്‍ എത്തുമ്പോള്‍ ഏഴ് വര്‍ഷങ്ങളായി സ്വന്തം ഭാര്യ എന്ന് കരുതിയിരുന്ന ലോറി (കേറ്റ് ബെക്കന്‍സില്‍) അയാളെ കൊല്ലാന്‍ ശ്രമിക്കുന്നു.പിന്നെ അങ്ങോട്ട്‌ നിലം തൊടാതെയുള്ള ഓട്ടം , ബ്രീട്ടനിലെ ഭരണാധികാരി കൊഹാഗന്‍ കോളനിയിലെ ജനങ്ങളെ ഒക്കെ തട്ടി ആ സ്ഥലം പിടിച്ചെടുക്കാന്‍ നടത്തുന്ന റിയാല്‍ എസ്റ്റ്റ്റ് മാഫിയാ ശ്രമങ്ങള്‍, അതിനെ ചെറുക്കന്‍ ശ്രമിക്കുന്ന വിപ്ലവകാരികളുടെ സംഘം,മെലനി (ജെസ്സിക്ക ബേല്‍) എന്ന യുവതി ഇവരൊക്കെ ഡഗ്ളസ്ന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു . താന്‍ ഡഗ്ളസ് അല്ല കാള്‍ ഹ്യൂസര്‍ എന്ന ബ്രിട്ടന്‍ന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ ആണെന്ന് അയാള്‍ തിരിച്ചറിയുന്നു. കോളനി പിടിച്ചെടുക്കുന്നതില്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ വിജയിക്കുമോ,ഡഗ്ളസ് അഥവാ കാള്‍ ഹ്യൂസര്‍ കൊഹീഗന്റെ കൂടെ നില്‍ക്കുമോ അതോ വിപ്ലവകാരിയായ മത്തിയാസിന്റെ (ബില്ലി നെയ്‌ ) കൂടെയോ? ലോറിയോ അതോ മെലനിയോ? കാള്‍ ഹ്യൂസര്‍ ആയിരുന്ന മനുഷ്യന്‍ ഓര്‍മ്മ നഷ്ടപ്പെട്ട് എങ്ങനെ ഡഗ്ളസ് ആയി? ഈ ചോദ്യങ്ങള്‍ക്ക് ഒക്കെ ഉള്ള ഉത്തരങ്ങള്‍ തുടര്‍ന്നുള്ള ഓട്ടം, അടി , ഇടി , വെടി, ചതി ഇതിനിടയില്‍ നമുക്ക് കിട്ടുന്നു .ഒപ്പം ക്യാപ്പിറ്റലിസം,സാമ്പത്തിക ചൂഷണം എന്നിവയ്ക്ക് ഒക്കെ എതിരെയുള്ള സന്ദേശവും.നിന്റെ ഗുരു അണലി ഷാജിയുടെ കുഷ്ഠ മനസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ദി ഫാള്‍ ന്യൂനപക്ഷ കോണകത്തിന്റെ വാല്‍ ചവിട്ടി പിടിക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ബിമ്പങ്ങളുടെ പ്രതീകമാണ്.പിന്നെ ഈ സിനിമയില്‍ ആകെയുള്ള വ്യത്യാസം അണലി സാധാരണ നാല് പുക കഞ്ചാവിന്റെ ധമ്മില്‍ പറയുമ്പോലെ അജ്മല്‍ കസബിനെ വില്ലനാക്കി എടുക്കുന്ന സിനിമ മൊത്തം മുസ്ലീങ്ങളുടെ മുകളിലേക്കുള്ള കുതിരകയറ്റം ആകുന്നു എന്ന ആ ലൈന്‍ അല്ല.സത്യത്തില്‍ സാമ്പത്തിക ചൂഷണം,ചെറുത്ത് നില്‍പ്പ് ഇതൊക്കെ ഈ സിനിമയില്‍ കൊണ്ടു വരാന്‍ അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്എന്നതാണ്

രക്തസാക്ഷികള്‍ സിന്ദാബാദ് !!!

ഡാ,പൊടിക്ക് അടങ്ങ്‌.

അല്ല അണ്ണാ .അപ്പൊ സാമ്രാജ്യത്വ ശക്തികള്‍ക്ക് എതിരെയുള്ള ധീര വിപ്ലവകാരികളുടെ പോരാട്ടം ആണല്ലേ ഈ സിനിമ ?

എന്നാണ് വെയ്പ്പ്.പക്ഷെ ഒടുക്കം ഇത് സന്ദേശം നല്‍കാന്‍ എടുത്ത പടമാണോ അതോ ആക്ഷന്‍ പടമാണോ എന്ന് സംവിധായകന്‍ ലെന്‍ വൈസ്മാനും (അണ്ടര്‍വേള്‍ഡ് സീരിസ്,ഡൈ ഹാര്‍ഡ് സീരീസിലെ അവസാനത്തെ പടം ലിവ് ഫ്രീ ഓര്‍ ഡൈ ഹാര്‍ഡ് ഇതൊകെ സംവിധാനം ചെയ്ത കക്ഷി ),കണ്ടിരിക്കുന്ന നമ്മള്‍ക്കും മനസിലാവാത്ത അവസ്ഥയാണ് .മൊത്തത്തില്‍ സാമ്പാര്‍ ഉണ്ടാക്കി,കിച്ചടി എന്ന് പേരിട്ട് കരിഞ്ഞ അവിയല്‍ വിളമ്പിയ അവസ്ഥ.

അഭിനയം ?

ഡേ...ഇത് ഉനക്കേ കൊഞ്ചം ഒവറാ തെരിയലെ? എന്നാലും കേട്ടോ .നായകന്‍ കോളിന്‍ ഫെരല്‍ പഴയ പടം കണ്ടിട്ടുള്ളവര്‍ ആര്‍നോള്‍ഡുമായി താരതമ്യം ചെയ്യാത്ത രീതിയില്‍ വൃത്തിയായി തന്റെ രീതിയില്‍ ആ വേഷം ചെയ്തിട്ടുണ്ട്. കേറ്റ് ബെക്കന്‍സില്‍,ജെസ്സിക്ക ബേല്‍ എന്നിവര്‍ കാണാന്‍ കൊള്ളാവുന്ന ആളുകളാണ് .പക്ഷേ ആ ഒരു ഗ്ലാമര്‍ ഘടകം സിനിമയില്‍ അധികം ഇല്ല. അഭിനയം പണ്ടേ ഇല്ല.

അപ്പൊ ചുരുക്കത്തില്‍ ?

ഒരു ബിലോ ആവറേജ് തട്ടിക്കൂട്ട് സയന്‍സ് ഫിക്ഷന്‍ പടം.ആര്‍നോള്‍ഡിന്റെ ഒര്‍ജിനല്‍ സിനിമ തന്നെ ഇപ്പോഴും കിടിലം കുറ്റം സംവിധായകന്‍,തിരക്കഥ ഉണ്ടാക്കിയവര്‍ എന്നിവരില്‍ പൂര്‍ണ്ണമായും നിക്ഷിപ്തം.അഭിനേതാക്കള്‍ കഥ കണ്ടു ചാടി വീണതില്‍ ഒഴികെ മറ്റു കുറ്റങ്ങളില്‍ നിരപരാധികള്‍ . സംവിധായകന്റെ ഭാര്യ എന്ന നിലയ്ക്ക് കേറ്റ് ബെക്കന്‍സിന് പ്രത്യേക പരോള്‍ വേണേല്‍ അനുവദിക്കാം