Friday, August 10, 2012

സിംഹാസനം (Simhasanam : Review )

സീന്‍ ഒന്ന്

ഓഗസ്റ്റ്‌ പതിനഞ്ച് എന്ന റിലീസിംഗ്നു തൊട്ടു മുന്‍പത്തെ ദിവസം.തട്ട് കടയില്‍ നിന്നും ചായ കുടിക്കുന്ന ഞാനും ശ്രീനിയും ....

ഞാന്‍ : എനിക്ക് ഈ പടത്തെ പറ്റി പ്രതീക്ഷയുണ്ട് ...ചിലപ്പോള്‍ നന്നായേക്കാം.

ശ്രീനി : ദ്രോണക്ക് ശേഷം മമ്മൂട്ടി,ഷാജി ......... ഇയാള്‍ക്ക് വട്ടായോ ????

ഞാന്‍ : അതല്ലെടെ.ഓഗസ്റ്റ്‌ ഒന്ന് പുനര്‍സൃഷ്ട്ടിക്കാനുള്ള ഈ നീക്കം തികച്ചും ബുദ്ധിപരമായ ഒന്ന് തന്നെയാണ്.കൃത്യമായ ഫോര്‍മാറ്റിലുള്ള ചിത്രം.ആദര്‍ശധീരനായ നേതാവ്,കൊലയാളി,പോലീസ് ഉദ്യോഗസ്ഥന്‍ എന്നീ മൂന്ന് ബിന്ദുക്കളില്‍ കറങ്ങുന്ന ചിത്രം.രണ്ടു - മൂന്നു പ്രാവശ്യം മനസിരുത്തി ഓഗസ്റ്റ്‌ ഒന്ന് കാണുക എന്നത് മാത്രമാണ് ഈ ചിത്രത്തില്‍ ഇവര്‍ക്കെ ചെയ്യേണ്ട പ്രധാന പണി .അതെ സാധനം കാലഘട്ടത്തിനു അനുസരിച്ച് ഒന്ന് പൊടി തട്ടി എടുത്താല്‍ ഇന്നത്തെ നിലവാരം വെച്ച് ജനം തലയില്‍ വെച്ച് ഹിറ്റ്‌ ആക്കികൊള്ളും.....

ശ്രീനി :അകാര്യം ഓര്‍ത്ത്‌ നിങ്ങള്‍ വിഷമിക്കണ്ട .ലോകത്തിലെ ഏറ്റവും നല്ല ത്രില്ലര്‍ എടുക്കാനുള്ള ഫോര്‍മുല ദൈവം നേരിട്ട് കൈയ്യില്‍ കൊണ്ട് കൊടുത്താലും എങ്ങനെ അതിന്റെ പരിപ്പെടുക്കണം എന്ന് ഷാജി സാര്‍ നാളെ നിങ്ങള്‍ക്ക് തിയറ്ററില്‍ കാണിച്ച് തരും .

ഞാന്‍ :നമുക്ക് കാണാമല്ലോ

സീന്‍ രണ്ടു .

പടം കണ്ടു കഴിഞ്ഞു തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കി നടന്നകലുന്ന ശ്രീനിയുടെ ലോങ്ങ്‌ ഷോട്ട് .

കട്ട ടു...സീന്‍ നൂറ്റി എത്രയോ (ഇത് സീരിയല്‍ സിനിമയാണ് )

രംഗം പഴയ തട്ടുകട .കഥാപാത്രങ്ങള്‍ ഞാനും ശ്രീനിയും തന്നെ .

ഞാന്‍ : :സിംഹാസനം അച്ഛനും മോനും വില്ലന്മാരും.ഗോഡ്ഫാദര്‍ മോഡലില്‍,മിനിമം ലേലം മോഡലില്‍ എങ്കിലും പടം എടുത്താല്‍ കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു ആക്ഷന്‍ സിനിമയ്ക്കുള്ള എല്ലാ സ്കോപ്പും ഞാന്‍ ഈ സിനിമയില്‍ കാണുന്നുണ്ട്

ശ്രീനി :ആ സ്കോപ്പിനും മേലെ മല പോലെ നില്‍ക്കുന്ന ഷാജി കൈലാസ് എന്ന പ്രതിഭയെ നിങ്ങള്‍ കാണുന്നില്ലേ ?

ഞാന്‍ :ഉണ്ടഡേ. അതിന്റെ ഒരു ചെറിയ പേടിയും ഉണ്ട് എന്ന് കൂട്ടിക്കോ

ഷാജി കൈലാസ് എന്ന സംവിധായകന്‍ എന്നെ നിരന്തരമായി വിസ്മയിപ്പിക്കുന്നത് ഇതൊന്നും കൊണ്ടല്ല.നിരന്തരമായി പല പല താരങ്ങളെ വെച്ച് പടമെടുക്കുകയും അവയില്‍ വെളിച്ചം കണ്ടവയൊക്കെ നിലം തൊടാതെ പൊട്ടുകയും (ഷാജിയുടെ അവസാനത്തെ കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേസ് ആയിരുന്നു )ചെയ്തിട്ടും പ്രസ്തുത സംവിധായകന് വീണ്ടും വീണ്ടും പടം കിട്ടുകയും അതില്‍ പകുതി എങ്കിലും വെളിച്ചം കാണുകയും ചെയ്യുന്നു എന്നതിനാല്‍ ആണ്.

അണ്ണാ,ലേഖനം മോഡലില്‍ ഒന്നും കാളകൂടത്തില്‍ സംഗതി ഓടൂല.പുതിയ മുതലാളി കുഞ്ഞൌസേപ്പ് പറയണത് അണ്ണാ തള്ളെ ഫോര്‍മാറ്റ്‌ ആണെങ്കില്‍ അതിനെ തെറി വിളിക്കാനും വായനക്കാര്‍ക്ക്‌ ഒരു ഇത് ഉണ്ടാകും എന്നാണ്. അത് കൊണ്ട് നമുക്ക് ആ ഫോര്‍മാറ്റ്‌ മതി.അപ്പൊ നിങ്ങള്‍ സിംഹാസനം കണ്ടോ?

കണ്ടു എന്ന് പറയുന്നത് ആ സിനിമയെ അപമാനിക്കുന്നതിന് തുല്യമാണ് അനിയാ. സിംഹാസനം അനുഭവിച്ചു എന്ന് വേണം പറയാന്‍
തള്ളേ, അത്ര കിടിലമാണോ പടം?

യെവന്‍ ആരെടാ ? ഡാ നമുക്കുണ്ടാവുന്ന കഠിനമായ വേദന കണ്ടു എന്ന് ആരെങ്കിലും പറയുമോ ? അത് അനുഭവമാണെഡാ അനുഭവം!!!

പടം കൊള്ളൂലെ ? നിങ്ങള്‍ പ്രിഥ്വിരാജ് ഫാന്‍ അല്ലെ അണ്ണാ ? നമ്മള്‍ കുഴലൂതുന്ന ആരുടെയെങ്കിലും പടം കൊള്ളൂലെങ്കില്‍ , മലയാള സിനിമ നേരിടുന്ന നിലവാര തകര്‍ച്ചയുടെ ബാക്കി പത്രമാണ്‌ ഈ ചിത്രം എന്ന് വിമര്‍ശിച്ചിട്ട് ആര്‍ക്കാണോ നമ്മള്‍ കുഴല്‍ ഊതുന്നത്‌ അയാള്‍ക്ക് ഈ സിനിമയില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് ഒഴുക്കന്‍ മട്ടില്‍ പറയണം.

ഡേ , ഒന്നാമത് ഞാന്‍ ആരുടെയും കുഴലൂത്ത്കാരനല്ല .കാശു മുടക്കി കാണുന്ന പടം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു എന്നും ഇല്ലെങ്കില്‍ കൂതറ എന്നും കാരണ സഹിതം പറയുന്ന ഒരു സാധാരണ പ്രേക്ഷകന്‍ .നീ പറഞ്ഞ അവിഞ്ഞ ആണും പെണ്ണും കെട്ട പരിപാടി നിന്റെ ഗുരുക്കന്മാര്‍ വെച്ച് നടത്തുന്നുണ്ടല്ലോ .അത് മതി.നമ്മളെ വിട്ടേരെ.

അല്ല ഈ ഷാജി കൈലാസിന്‍റെ പടം എന്നൊക്കെ പറയുമ്പോള്‍ ബിംബങ്ങള്‍ .........?

എന്തോന്ന് ബിംബം അനിയാ? ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവാ അയാള്‍ കംഫര്ട്ടബിള്‍ അയ ഒരു പശ്ചാത്തലത്തില്‍ പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.പിന്നെ അതിലെ കഥാപത്രങ്ങള്‍ തിരകഥ ഉണ്ടാക്കുന്ന ആളിന്‍റെ ജീവിത വീക്ഷണവും അനുഭവങ്ങളും അനുസരിച്ചിരിക്കും.ഉദാഹരണമായി ഒരു കമ്പനി നടത്തി പൊളിഞ്ഞ ഒരാളിന്‍റെ മകനാണ് തിരകഥാകൃത്ത് എന്നിരിക്കട്ടെ.അയാളുടെ വീക്ഷണത്തില്‍ തൊഴിലാളി നേതാവ് (നായകന്‍ അല്ലെങ്കില്‍) മിക്കവാറും ഒരു ജോലിയും ചെയ്യാതെ വെറുതെ സമരങ്ങള്‍ ഉണ്ടാക്കി ഉടമയെ മുടിപ്പിക്കുന്നവന്‍ ആയിരിക്കും.അതിനു പകരം അതേ തിരകഥാകൃത്ത് ഒരു പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അയാളുടെ കഥകളില്‍ തൊഴിലാളി നേതാവായ കഥാപാത്രം എപ്പോളും പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നവനും അവരെ സഹായിക്കുന്നവനും ആയിരിക്കും. എങ്ങനെ ഉള്ള ഒന്നോ രണ്ടോ കഥ പാത്രങ്ങളെ ഒരു ചിത്രത്തില്‍ കാണുമ്പോള്‍ അത് ലോകത്തുള്ള എല്ലാ തൊഴിലാളികളെയും പറ്റിയുള്ള വിശേഷണം ആണെന്ന നിഗൂഡ സന്ദേശം ആണെന്ന് വ്യാഖ്യാ നിക്കുന്നവന്‍റെ മനസിലല്ലേ യഥാര്‍ത്ഥ കുഷ്ട്ടം ? (ഒരു ഉദാഹരണമായി തൊഴിലാളിയെ കൊണ്ട് വന്നു എന്നെ ഉള്ളു രാഷ്ട്രീയ മത വിശ്വാസങ്ങള്‍ ആയാലും ഇതൊക്കെ തന്നെ സംഗതി) ചുരുക്കത്തില്‍ ബിംബം ഉണ്ടോ ഇല്ലയോ എന്നതാകരുത് പ്രശനം,മറിച്ചു ഒരു കൊള്ളാവുന്ന സിനിമ ആണോ അല്ലയോ എന്നതാകണം

നിങ്ങളെ വിട്ടാല്‍ അപ്പോള്‍ കാടു കേറുമല്ലോ ഒന്ന് തിരിച്ചു വന്നേ പ്ലീസ്.എന്നാ നിങ്ങളുടെ ശൈലിയില്‍ തന്നെ പറ.പടം കൊള്ളാമോ ,ഇല്ലയോ?

വെറും തറ പടം,അനിയാ.

പഴയ നാടുവാഴികള്‍ റീമെയ്ക്ക് ചെയ്ത പടം അല്ലെ അണ്ണാ? അത്രയ്ക്ക് അങ്ങ് മോശമാകുമോ ?

നീ നാടുവാഴികള്‍ കണ്ടിട്ടുണ്ടോ?

ഇല്ല .കേട്ടിട്ടുണ്ട്.

എന്നാലെ ഞാന്‍ കണ്ടിട്ടുണ്ട്.ഗോഡ്ഫാദര്‍ ഫോര്‍മുലയില്‍ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ആവറേജ് ആക്ഷന്‍ പടം.പക്ഷെ പ്രതാപിയായ അച്ഛന്റെ മിടുക്കനും പക്ഷെ അച്ഛന്റെ പരിപാടികളുമായി ഒരു ബന്ധവും ഇല്ലാത്ത മകന്‍ സാഹചര്യങ്ങള്‍ കാരണം അച്ഛന്റെ കാല്പാടുകള്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഫോര്‍മുല കാലഘട്ടത്തിന്റെ മാറ്റം അനുസരിച്ച് വേണ്ട ഘടകങ്ങള്‍ ചേര്‍ത്തു ഇറക്കിയാല്‍ എന്നും വിറ്റ് പോകുന്ന ഒന്നാണ്.മലയാളത്തില്‍ തന്നെ ഈ ലൈനില്‍ കൊള്ളാവുന്ന പടങ്ങള്‍ കുറെ ഇറങ്ങിയിട്ടുണ്ട്.അതില്‍ ഏറ്റവും നല്ലത് എന്ന് എനിക്ക് തോന്നിയത് ലേലമാണ്.ഫസ്റ്റ് ഹാഫ് സോമന്‍ തകര്‍ക്കുകയും ,സെക്കണ്ട് ഹാഫ് സുരേഷ് ഗോപി സ്കോര്‍ ചെയുകയും.പിന്നെ കണ്ടിരിക്കുമ്പോള്‍ ബോറടിക്കാതെ ത്രില്ലിംഗ് ആയ കഥയുടെ പോക്കും.ഇതൊക്കെയാണ് ഇങ്ങനെയുള്ള സിനിമയ്ക്ക് വേണ്ട മിനിമം ഘടകങ്ങള്‍.അതെല്ലാം ലേലത്തില്‍ നല്ല മിക്സ് ആയിരുന്നു. ദോഷം പറയരുതല്ലോ , സിംഹാസനം എന്ന ഷാജി കൈലാസ് സിനിമയില്‍ ഇതൊന്നുമില്ല.മാത്രമല്ല പത്തു മുപ്പത് സിനിമകള്‍ സംവിധാനം ചെയ്ത ഒരു മനുഷ്യനാണ് ഈ സിനിമയും സംവിധാനം ചെയ്തത് എന്ന് എഴുതി വെച്ചാല്‍ പോലും ആളുകള്‍ വിശ്വസിക്കാത്ത തരത്തിലെ കോമാളി സീനുകള്‍ /കഥാ സന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിംഹാസനം.പിന്നെ ഈ ചിത്രത്തി ന്‍റെ ആരംഭ വേളയില്‍ തിരകഥ ഷാജി കൈലാസ് എന്ന് ചുമ്മാ പേരിനു വെച്ചിരിക്കുകയാണെന്നും രെന്ജി പണിക്കര്‍ ഗോസ്റ്റ് write ചെയ്തതാണെന്നും ഒരു ആരോപണം ഉണ്ടായിരുന്നു.അത് വെറും ഒരു ആരോപണം ആണെന്ന് ഷാജി ഈ ചിത്രത്തിലൂടെ തെളിയിച്ചിരിക്കുന്നു .രെന്ജി പണിക്കര്‍ തലകുത്തി നിന്ന് എഴുതിയാല്‍ പോലും ഇങ്ങനൊരു സാധനം സ്വപ്നം കാണാന്‍ പറ്റില്ല

അപ്പൊ നാടുവാഴികളുടെ അത്ര പോര ?

ഡേ അച്ഛനും,മകനും വില്ലന്മാരും,അര്‍ജുന്‍ എന്ന പേര്,ബംഗ്ലൂരിലെ ഒരു സീന്‍,ഇത്രയും തന്നെ നാടുവാഴികളും സിംഹാസനവും തമ്മിലുള്ള സാമ്യം .ബാക്കി കഥയെല്ലാം ഷാജിയുടെ സ്വന്തം .

എന്ന് വെച്ചാല്‍ ?

അനിയാ ഇതിലെ അച്ഛന്‍ ഷാജിയുടെ സ്ഥിരം നായകന്റെ ഏട്ടന്‍/അച്ഛന്‍ കഥാപാത്രങ്ങളുടെ ഒരു നീട്ടല്‍ മാത്രമാണ്.നാട്ടുകാര്‍ക്ക് നല്ലത് ചെയ്യാന്‍ മാത്രമായി ജീവിക്കുന്ന ധര്‍മ്മിഷ്ഠനായ മനുഷ്യന്‍.വാരിക്കോരി ചിലവഴിക്കാന്‍ ഇഷ്ടം പോലെ പണം (ശ്രോതസ്സ് വ്യക്തമല്ല ). ദുഷ്ടരായ വില്ലന്മാര്‍(ദേവന്‍,സിദ്ദിക്ക്,ജയകൃഷ്ണന്‍,ചേര്‍ത്തല ജയന്‍,സന്തോഷ്‌,രാമു പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പോകുന്ന ബാബു രാജിന്റെ ഒഴിവില്‍ വന്ന തസ്തികയില്‍ റിയാസ് ഖാനും),ധര്‍മ്മിഷ്ഠനായ,പ്രതാപിയായ അച്ഛന്റെ (സായികുമാര്‍ ) അനുസരണയുള്ള മകന്‍ (പ്രിഥ്വിരാജ്.അച്ഛനെ വില്ലന്മാര്‍ വീഴ്ത്തുമ്പോള്‍ മകന്‍ അവരെ എതിരിട്ടു ജയിച്ചു അച്ഛന്റെ സ്ഥാനം ഏറ്റെടുക്കുന്നു.

അല്ല അണ്ണാ ,ഇതൊക്കെ തന്നെയല്ലേ ശരിക്കുള്ള അച്ഛന്‍ മകന്‍ വില്ലന്മാര്‍ ആക്ഷന്‍ ഫോര്‍മുല ?

ഡേ,നാടുവാഴികള്‍ മുതല്‍ ലേലം വരെയുള്ള ഈ ഫോര്‍മുലയില്‍ ഇറങ്ങിയ പടങ്ങളില്‍ ജെനുവിനിറ്റി തോന്നിക്കുന്ന ഒരുപാട് ഘടകങ്ങള്‍ കാലഘട്ടത്തിന് അനുസരിച്ച് ഉണ്ടായിരുന്നു (ബിസിനസ്സിലെ പക,മാര്‍ക്ക് തിരുത്തല്‍,കസ്റ്റംസ് റെയിഡ് ഇതൊക്കെ നാടുവാഴികളില്‍,കള്ള് കച്ചവടത്തിലെ കുടിപ്പക,കൂടെ നില്‍ക്കുന്നവരുടെ ചതി,ഉശിരന്‍ ഡയലോഗുകള്‍ ഇതൊക്കെ ലേലത്തില്‍ ). സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുകാരുടെ ഭൂമി കയ്യേറി സായികുമാറിന്റെ മനസ്സ്‌ വിഷമിപ്പിച്ച് അയാളെ ഉപദ്രവിക്കുന്ന മുപ്പത് കൊല്ലത്തെ കുടിപ്പക മനസ്സില്‍ സൂക്ഷിക്കുന്ന വില്ലന്മാരാണ് .പിന്നെ ചക്രവ്യൂഹം ഭേദിച്ച അഭിമന്യുവിനെക്കുറിച്ചും ജാതകത്തിലെ കണ്ടക ശനിയെ ക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഹിംസയെ ഹിംസിച്ചു ഇല്ലാതാക്കുന്നതാണ് അഹിംസ എന്ന് ഉപദേശിക്കുന്ന ബിഷപ്പിനെ (തിലകന്‍ ) പോലെയുള്ള വിചിത്ര കഥാപാത്രങ്ങള്‍ ആണ് (ഇത്തരം വിചിത്ര സ്വഭാവമുള്ള ആളുകള്‍ ഇല്ല എന്ന് പറയുന്നില്ല. പക്ഷെ അങ്ങനെയുള്ളവരെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ വിശ്വാസ്യമായ രീതിയില്‍ അവതിരിപ്പിക്കേണ്ടത് സംവിധായകന്‍/തിരക്കഥാകൃത്ത് എന്നിവരുടെ ഉത്തരവാദിത്വം ആണ് )

നടുവാഴികളില്‍ മധുവിന്റെ അനന്തന്‍ കഥാപാത്രം ശരിക്കും പ്രതാപിയാണ് പക്ഷെ ഇപ്പോള്‍ കുഴപ്പത്തില്‍ പെട്ടിരിക്കുകയാണ് .ഇനി ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ഒക്കെ സംഭവിക്കും എന്നൊരു ഫീല്‍ ചിത്രത്തില്‍ ഉടനീളം (ആ കഥാപാത്രം മരിക്കുന്ന നിമിഷം വരെ) ഉണ്ടായിരുന്നു.തന്നയുമല്ല തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നത്‌ എന്ന് അറിയാതെ പകച്ചു നില്‍ക്കുന്ന മോഹന്‍ലാലിന്റെ അര്‍ജ്ജുന്‍ എന്ന കഥാപാത്രം പതിയെ പതിയെ സാഹചര്യങ്ങള്‍ മനസിലാക്കി വില്ലന്മാരെ നേരിടുന്നത് വിശ്വസനീയമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.ലേലത്തില്‍ പിന്നെ പടം തുടങ്ങി അഞ്ചാം മിനിട്ട് മുതല്‍ അസ്ത്രം പോലെ പോകുന്ന കഥയില്‍ സോമനും,സുരേഷ് ഗോപിയും,വില്ലന്മാരുടെ സംഘവും ഒക്കെ പൊളിച്ചടുക്കുകയായിരുന്നു. ചുരുക്കത്തില്‍ കൊള്ളാവുന്ന സ്ക്രിപ്റ്റ് ഉണ്ടായിരുന്നു ഈ രണ്ടു പടങ്ങള്‍ക്കും.സംവിധാനം തന്നെ ശരിക്ക് അറിയാമോ എന്ന് എനിക്ക് ബലമായ സംശയം പലപ്പോഴും ഉണ്ടാക്കിയിട്ടുള്ള ഷാജി കൈലാസ് സ്ക്രിപ്റ്റ് കൂടി സ്വയം എഴുതിയ സിംഹാസനത്തില്‍ ആകെയുള്ളത് നാട്ടുപഞ്ചായത്ത്,നാട്ടാമൈ,രജനിയുടെ ഹീറോയിസം ഇതൊക്കെ തമിഴന്‍ കാണിച്ചാല്‍ കയ്യടിക്കുന്ന മലയാളി എനിക്കും കയ്യടി തരും എന്ന ഷാജിയുടെ മിഥ്യാധാരണ മാത്രമാണ്.മലയാളി പ്രേക്ഷകര്‍ നിലവാരം കൂടിയ ജാതിയാണ് എന്ന ധ്വനി ഇതിലില്ല -ആ വിഷയം പിന്നൊരിക്കല്‍ കൂടുതല്‍ വിശദമായി പറയാം )

പ്രിഥ്വിരാജ് എങ്ങനെയുണ്ട് അണ്ണാ?

അനിയാ ,നായക പദവി ഉറപ്പിക്കാന്‍ ആക്ഷന്‍ പടങ്ങള്‍ ആണ് ഇപ്പോഴും ഏറ്റവും നല്ല മാര്‍ഗ്ഗം .പക്ഷെ അതിനു ആക്ഷന്‍ മാത്രം വൃത്തിയായി ശരീരം അനങ്ങി ചെയ്‌താല്‍ പോര . ഒരു ആക്ഷന്‍ ഫിലിം തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ ചുരുങ്ങിയ കാണികളെ ബോറടിപ്പിക്കാതെ(എന്തോന്നഡേ ഇത് എന്ന് ചോദിപ്പിക്കാതെ) മുന്നോട്ടു പോകുന്ന കഥ സന്ദര്‍ഭങ്ങള്‍ ഉള്ള ഒരു തിരക്കഥ ഉണ്ടോ എന്ന് നോക്കിയാല്‍ അയാള്‍ക്ക് കൊള്ളാം.ഇല്ലെങ്കില്‍ കരിയറിന്റെ ഒടുക്കം താന്തോന്നി,ത്രില്ലര്‍,സിംഹാസനം തുടങ്ങിയ കൂതറ പടങ്ങളില്‍ അഭിനയിച്ച് ആക്ഷന്‍ ഹീറോ ആയിക്കളയാം എന്ന് കരുതിയ ഒരു മണ്ടന്‍ എന്ന ചീത്തപ്പേര് മാത്രം ബാക്കിയാവും .ഇത് ഓര്‍ത്താല്‍ പ്രിഥ്വിരാജിന് കൊള്ളാം

സായികുമാര്‍,സിദ്ധിക്ക് ഇവരൊക്കെ?

പറഞ്ഞ പണി വൃത്തിയായി അവര്‍ ചെയ്തിട്ടുണ്ട്.പക്ഷെ പണി പറഞ്ഞു കൊടുത്തത് ഷാജി കൈലാസ് ആയത് കൊണ്ട് ആവശ്യത്തില്‍ കൂടുതല്‍ കോമാളിത്തരങ്ങള്‍ അവരെക്കൊണ്ടും കാണിപ്പിക്കുന്നുണ്ട് (ആറാം തമ്പുരാന്‍ മോഡല്‍ കളരിത്തറ തൊട്ടുവണങ്ങി വില്ലന്മാരെ കാണാന്‍ സായികുമാര്‍ എത്തുന്ന സീന്‍ ഉദാഹരണം .അങ്ങനെ ഒരു സീന്‍ തിരക്കഥയില്‍ കളരിയുടെ ബാക്ക് ഗ്രൌണ്ട് തിരക്കഥയില്‍ ഒപ്പിക്കാന്‍ ഷാജി (തിരക്കഥയും അദ്ദേഹം തന്നെ ആണല്ലോ) ചില്ലറ പാടൊന്നുമല്ല പെട്ടിരിക്കുന്നത് .ശരാശരി ചിത്രം എന്ന് പറയാവുന്ന നാടു വാഴികളില്‍ പോലും വില്ലന്മാരെ നോക്കിയാല്‍ എടുത്തു ചട്ടക്കാരനായ മുരളിയും,നേതാവായ ദേവനും,തന്ത്രശാലിയായ ബാബു നമ്പൂതിരി അങ്ങനെ വില്ലന്മാരില്‍ ഉണ്ടായിരുന്ന വ്യക്തിത്വത്തിലുള്ള വൈവിധ്യം പോലും ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല .ചേര്‍ത്തല ജയനോക്കെ ഹാസ്യ കഥാപാത്രമാണോ വില്ലന്‍ ആണോ സംവിധായകന്‍ കാണിക്കാന്‍ ഉദേശിച്ചത്‌ എന്ന് പലപ്പോഴും നമുക്ക് സംശയം തോന്നും

നായികമാരോ?

ആറാം തമ്പുരാനിലെ മഞ്ജു വാരിയര്‍ പ്രിയാ രാമന്‍ കോമ്പിനേഷന്‍ വൃത്തികേടാക്കി അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങള്‍ . നാടന്‍ പെണ്ണായി വന്ദന,മോഡേണ്‍ പെണ്ണായി ഐശ്വര്യാ ദേവ് എന്നീ പുതുമുഖങ്ങള്‍.അഭിനയിക്കാന്‍ അധികം അവസരങ്ങള്‍ കിട്ടുന്നില്ല രണ്ടാള്‍ക്കും.പക്ഷെ കിട്ടിയ ചുരുങ്ങിയ അവസരങ്ങള്‍ മാക്സിമം മുതലാക്കി രണ്ടാളും പ്രേക്ഷകരെ മത്സരിച്ച് കൊന്നു കൊല വിളിക്കുന്നുണ്ട്.ഇനി ഈ രണ്ടു നായികാ രത്നങ്ങള്‍ കൂടി നായകനായ പ്രിഥ്വിരാജിനെ ഓടിച്ചിട്ട്‌ പ്രേമിക്കുകയും ഒടുക്കം ഒരാള്‍ ത്യാഗി ആവുകയും ചെയ്യുന്ന സീനുകള്‍ ഒക്കെ ആണെങ്കിലോ,എഴുതി സംവിധാനം ചെയ്തത് ഏതോ മന്ദബുദ്ധിയാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ യാതൊരു സ്കോപ്പും നല്‍കാത്ത അത്ര ഭീകരവും.ക്ലൈമാക്സ്‌ രംഗങ്ങളുടെ മനോഹാരിത വര്‍ണിക്കാന്‍ എനിക്ക് വാക്കുകള്‍ ഇല്ല

അണ്ണാ അപ്പോള്‍ ചുരുക്കത്തില്‍ ......?

കുറെ കാലം മുന്‍പ് വിനയന്‍ എന്ന സംവിധായകനെ പറ്റി ഒരു പോസ്റ്റ്‌ ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടു .ഒരു നല്ല തിരകഥ കൃത്ത് ഇല്ലങ്കില്‍ മലയാളത്തിലെ മിക്കവാറും എല്ലാ മുന്‍നിര സംവിധായകരും വിനയനെക്കാള്‍ മോശമാണ് എന്ന് പറഞ്ഞിരുന്നു പ്രസ്തുത പോസ്റ്റില്‍.സത്യന് ശേഷം വീണ്ടും ഒരാള്‍ കൂടി അത് ശരിയാണെന്ന് കൂടുതല്‍ ശക്തമായി തെളിയിച്ചിരിക്കുന്നു.അത്ര തന്നെ .

ഇതു കൊണ്ടൊന്നും ഷാജി കൈലാസിനെ തോല്‍പ്പിക്കാം എന്ന് ആരും (ഞാനടക്കം) കരുതണ്ട.ജയറാമിനെ നായകനാക്കി മദിരാശിയുമായി അദേഹം വീണ്ടും എത്തും . ചുരുക്കത്തില്‍.... ജനകൂട്ടം പിരിഞ്ഞു പോകരുത് ... പരിപാടി അവസാനിച്ചിട്ടില്ല .........

20 comments:

 1. കൊടു കൈ , ഇതെങ്ങാനും നല്ലതാണെന്ന് നിരൂപിചെങ്കില്‍ താങ്കളുടെ വില പോയേനെ? എനിക്ക് തോന്നുന്നത് പ്രുത്വിക്കു തന്നെ പടം പൊളിയാണെന്നു പതുക്കെ മനസ്സിലായി എന്നാണു അതാണ്‌ പുള്ളി പതുക്കെ ഡിലെ ചെയ്തത് , ആദ്യമേ ഇവിടെ തിരക്കഥ ഒന്നും ഉണ്ടാവാറില്ല, സംവിധനിക്കുന്നതിന്റെ ഇടയില്‍ ഇരുന്നു സീന്‍ എഴുതുകയായിരുന്നു എന്നാണ് കേട്ടത് , താണ്ഡവം, ആറാം തമ്പുരാന്‍, നാടുവാഴികള്‍ എല്ലാം കൂടെ ചേര്‍ന്ന ഒരു മിക്സ് , മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്റാര്‍ പവര്‍ രാജപ്പനില്ലെന്നു അവന്‍ ഇനിയും മനസ്സിലാക്കിയാല്‍ കൊള്ളാം

  ReplyDelete
 2. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സ്റാര്‍ പവര്‍ രാജപ്പനില്ലെന്നു അവന്‍ ഇനിയും മനസ്സിലാക്കിയാല്‍ കൊള്ളാം...

  ഹ ഹ ഹ ... അത്രയും സ്റ്റാര്‍ പവര്‍ ആകണമെങ്കില്‍ കുറഞ്ഞത്‌ ഒരു പത്തു പടമെങ്കിലും നിരപ്പിന്നു പൊട്ടണം

  ReplyDelete
  Replies
  1. ഇപ്പം മൂന്നായി

   Delete
  2. അപ്പോള്‍ ഇതിന്‍റെ മുമ്പിറങ്ങിയ പടങ്ങളൊക്കെ വിജയമായിരുന്നോ(അത്ഭുധതോടെ)...???

   Delete
 3. "...കണ്ടിരിക്കാവുന്ന ചിത്രം ചിന്താമണി കൊലക്കേസ് ആയിരുന്നു."

  നമിച്ചു.

  ReplyDelete
  Replies
  1. അനോണി ,
   നമനം സ്വീകരിച്ചിരിക്കുന്നു . ആയുഷ്മാന്‍ ഭവ:

   Delete
 4. പിന്നെ പത്തു മിനിട്ട് മുഖം കാണിച്ച് തല്ലു കൊണ്ട് പോകുന്ന ബാബു രാജിന്റെ ഒഴിവില്‍ വന്ന തസ്തികയില്‍ റിയാസ് ഖാനും...ഹ ഹ ... വിനയന്റെ വാര്‍ & ലവ് കണ്ടു ഒരുപാട് ചിരിച്ചിരുന്നു... അത് പോലെ ചിരിക്കാന്‍ വല്ല സകോപും ഉണ്ടോ??

  ReplyDelete
 5. awesome ..
  തകര്‍ന്നു തരിപ്പണമായി തറയില്‍ കിടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കി നടന്നകലുന്ന ശ്രീനിയുടെ ലോങ്ങ്‌ ഷോട്ട് :)

  ReplyDelete
 6. ഷാജികൈലാസിന്‍റെ വര്‍ഗീയ ഒളിയമ്പുകള്‍ പണ്ടത്തെപ്പോലെ പലിക്കുന്നില്ല.....

  ReplyDelete
  Replies
  1. ഒരാള്‍ ഒരു കഥ പറയുമ്പോള്‍ അയാള്‍ക്ക് പരിചിതമായ അഥവാ അയാള്‍ കംഫര്ട്ടബിള്‍ അയ ഒരു പശ്ചാത്തലത്തില്‍ പറയുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.പിന്നെ അതിലെ കഥാപത്രങ്ങള്‍ തിരകഥ ഉണ്ടാക്കുന്ന ആളിന്‍റെ ജീവിത വീക്ഷണവും അനുഭവങ്ങളും അനുസരിച്ചിരിക്കും.ഉദാഹരണമായി ഒരു കമ്പനി നടത്തി പൊളിഞ്ഞ ഒരാളിന്‍റെ മകനാണ് തിരകഥാകൃത്ത് എന്നിരിക്കട്ടെ.അയാളുടെ വീക്ഷണത്തില്‍ തൊഴിലാളി നേതാവ് (നായകന്‍ അല്ലെങ്കില്‍) മിക്കവാറും ഒരു ജോലിയും ചെയ്യാതെ വെറുതെ സമരങ്ങള്‍ ഉണ്ടാക്കി ഉടമയെ മുടിപ്പിക്കുന്നവന്‍ ആയിരിക്കും.അതിനു പകരം അതേ തിരകഥാകൃത്ത് ഒരു പാര്‍ട്ടി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഒരാളാണ് അയാളുടെ കഥകളില്‍ തൊഴിലാളി നേതാവായ കഥാപാത്രം എപ്പോളും പാവങ്ങളുടെ കണ്ണീര്‍ ഒപ്പുന്നവനും അവരെ സഹായിക്കുന്നവനും ആയിരിക്കും. ഇങ്ങനെ ഉള്ള ഒന്നോ രണ്ടോ പാത്രങ്ങളെ ഒരു ചിത്രത്തില്‍ കാണുമ്പോള്‍ അത് ലോകത്തുള്ള എല്ലാ തൊഴിലാളികളെയും പറ്റിയുള്ള ഒളിയമ്പുകള്‍ ആണെന്ന നിഗൂഡ സന്ദേശം ആണെന്ന് വ്യാഖ്യാനിക്കുന്നവന്‍റെ മനസിലല്ലേ യഥാര്‍ത്ഥ കുഷ്ട്ടം ? (ഒരു ഉദാഹരണമായി തൊഴിലാളിയെ കൊണ്ട് വന്നു എന്നെ ഉള്ളു രാഷ്ട്രീയ മത വിശ്വാസങ്ങള്‍ ആയാലും ഇതൊക്കെ തന്നെ സംഗതി) ചുരുക്കത്തില്‍ ഒളിയമ്പുകള്‍ ഉണ്ടോ ഇല്ലയോ എന്നതാകരുത് പ്രശനം,മറിച്ചു ഒരു കൊള്ളാവുന്ന സിനിമ ആണോ അല്ലയോ എന്നതാകണം എന്നാണ് എന്‍റെ അഭിപ്രായം

   Delete
 7. ആരും സിംഹാസനത്തില്‍ കയറിയില്ലെങ്കിലും ഒരുകാര്യം ഉറപ്പായി. ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം റിലീസ് ചെയ്തതോടെ പൃഥ്വിരാജിനെ യുവാക്കള്‍ നെഞ്ചിലേറ്റിയ സിംഹാസനത്തില്‍ നിന്ന് ഇറക്കി വിടുമെന്ന്. സംവിധായകനോ നായകനോ ഒരു നേട്ടവും അവകാശപ്പെടാനില്ലാത്ത ചിത്രം കാണാതിരുന്നാല്‍ നഷ്ടമൊന്നും ഉണ്ടാകില്ല, നേട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്. ടിക്കറ്റ് കാശെങ്കിലും മിച്ചം നില്‍ക്കും.
  തുടര്‍ച്ചയായി പത്തോളം സിനിമകള്‍ പരാജയമാക്കി റെക്കോര്‍ഡിട്ട സംവിധായകനാണ് ഷാജി കൈലാസ്. ആ പരാജയങ്ങളില്‍ നിന്ന് ഷാജി ഒന്നും പഠിച്ചില്ല എന്ന് സിംഹാസനം കണ്ടാല്‍ മനസിലാകും.(Courtesy-Web Dunia)
  പത്തു പടങ്ങള്‍ അടുപ്പിച്ചു എട്ടുനിലയില്‍ പൊട്ടിയിട്ടും ഇദ്ദേഹത്തിനു വീണ്ടും വീണ്ടും പടങ്ങള്‍ കൊടുക്കുന്ന പ്രൊട്യൂസര്‍മാര്‍ക്കൊക്കെ വട്ടായിപോയോ എന്നാണു എന്റെ സംശയം...
  മലയാള സിനിമയുടെ കാലം മാറിയതൊന്നും ഇദ്ദേഹം അറിഞ്ഞില്ലേ...കഷ്ടം

  ReplyDelete
 8. @Sadique M Koya : കോപ്പി അടിച്ചു കമന്റ്‌ ഇടാന്‍ നാണം ഇല്ലേ?

  ReplyDelete
  Replies
  1. ജിമേഷ്: സാദിക്ക്‌ കേര്‍ട്ടസ്സി വെബ്‌ലോകം എന്ന് കൊടുത്തിട്ടുണ്ട് .കണ്ടില്ലേ ?ബാക്കി ഭാഗം അദ്ദേഹത്തിന്‍റെ സ്വന്തമാണെങ്കില്‍ അതില്‍ നാണിക്കേണ്ട കാര്യം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല

   Delete
  2. Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ്‌ കോപ്പി ചെയ്തു പോസ്റ്റുന്നുണ്ട് ... ഇവിടെ മാത്രമേ ഒരു കടപ്പാടെങ്കിലും വച്ചിട്ടുള്ളൂ...

   Delete
  3. Sadique M Koya പല നിരൂപണ സൈറ്റുകളിലും ഇതേ കമന്റ്‌ കോപ്പി ചെയ്തു പോസ്റ്റുന്നുണ്ട് ... ഇവിടെ മാത്രമേ ഒരു കടപ്പാടെങ്കിലും വച്ചിട്ടുള്ളൂ...

   Delete
 9. വ്യാജരക്തം രാജരക്തം ആണെന്നറിഞപ്പോള്‍ മാപ്പു കൊടുത്ത മലയാളികള്‍ 
  ഇപ്പോ ഒരു തിരിച്ചറിവിന്റെ പാതയിലാനൊ ? ഇനി അതു വല്ല റാവുത്തറുടെതുമായിരുന്നെങ്കില്‍ ,  ...
  (മാധവമെനൊന്‍ ന്റെ മകനല്ല എന്നറിയുന്ന സീന്‍ )

  ReplyDelete
  Replies
  1. മനുഷ്യ മനസ്സില്‍ വെറുതെ വിഷം കുത്തി വെക്കുന്ന കമന്റ്‌ ദയവായി ഇടാതിരിക്കുക .നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് കാശുള്ളവനും ഇല്ലാത്തവനും എന്ന് രണ്ടു വിഭാഗങ്ങളെ ഉള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.കാശുള്ളത് റാവുത്തര്‍ ആയാലും പൗലോസ്‌ ആയാലും മാധവ മേനോന്‍ ആയാലും അയാള്‍ക്കും അയാളുടെ കുടുംബത്തിനും മാന്യതയും ബഹുമാനവും ലഭിക്കും.കാശില്ലാത്തവന്‍ ഇതില്‍ ഏതായാലും ഒരു കാര്യവും എല്ലാ എന്നതാണ് സത്യം.ഇല്ലാത്തവനെ എന്നും അങ്ങനെ തന്നെ നിലനിര്‍ത്താന്‍ (എങ്കിലല്ലേ ഉള്ളവന് വിലയുള്ളൂ ) രണ്ടു വഴികള്‍ . ഒന്ന് അവനു ആനുകൂല്യം എന്നാ പേരില്‍ വല്ലപ്പോഴും ഓരോ എല്ലിന്‍ കഷ്ണങ്ങള്‍ എറിഞ്ഞു കൊടുക്കുക .അപ്പോള്‍ കിട്ടിയവനും കിട്ടാത്തവനും തമ്മില്‍ കടി പിടി ആയിക്കോളും.രണ്ടു മറ്റൊരു വിഭാഗത്തെ കുറിച്ച് പരമാവധി ദുഷിക്കുക.അവനെ സംശയ ദ്രിഷ്ട്ടിയോടെ കാണാന്‍ പ്രേരിപ്പിക്കുക.ഇങ്ങനെ ഒക്കെ ആകുമ്പോള്‍,അങ്ങനെ ഓരോ മനസ്സിലും ഒളിഞ്ഞോ തെളിഞ്ഞോ അരക്ഷിതാവസ്ഥ വളരുമ്പോള്‍ ,ശരിക്കുള്ള പ്രശ്നം ആരോര്‍ക്കാന്‍?

   (ഷാജി കൈലാസ് സിനിമയില്‍ രണ്ടാം മുണ്ട് കാണിക്കുന്നതോ . കിണ്ടി , കോളാമ്പി ഇവയൊക്കെ നിരതുന്നതോ അല്ല പ്രശനം മരിച്ചു പരമ ബോറന്‍ പടങ്ങള്‍ എടുക്കുന്നതാണ് . ഇതൊന്നും ഇല്ലാത്ത ഓഗസ്റ്റ്‌ പതിനഞ്ചു നല്ല ചിത്രമാണോ ? )

   Delete
 10. അതല്ല പ്രേക്ഷകാ
  കിണ്ടി കുളം കോളാമ്പി കാണിക്കുന്നതില്‍ കൂടി ചില പ്രേക്ഷകരുടെ മനസ്സിലേക്ക് കുത്തിവയ്കുന്ന വിഷം കാണാതെ പോകരുത്.
  ഒന്ന് അന്ധവിശ്വാസം, രണ്ട് മാടമ്പി സ്റ്റൈല്‍ ആന്റി സോഷ്യല്‍ ബിഹേവിയര്‍, ഏറ്റവും ഭീകരമായി തറവാടിത്വം എന്നത് ജന്‍മം കൊണ്ട് കിട്ടുന്നതാണെന്ന്.
  നക്ഷത്രഗുണവും തറവാട്ടില്‍ (ഇത് വീട് ആണ്) പിറന്ന നായകന്‍, പൂണൂലിന്റെ മഹത്വം etc.
  വേറെ ഏതെങ്കിലും രാജ്യത്താണെങ്കില്‍ പടം നിരോധിക്കാന്‍ ഇതൊക്കെ മതി. ഇതൊക്കെ മിസ്റ്റര്‍ കൈലാസ് സ്വന്തം വിവരക്കേടും ഭാവനാദാരിദ്ര്യവും കൊണ്ട് പടച്ചു വിടുന്നതാണെങ്കിലും അങ്ങേയറ്റം സാമൂഹികമായി ദോഷകരമാണ്.
  എല്ലാവരും പ്രേക്ഷകനെ പോലെയാണ് പടം കാണുന്നത്, ഇതൊക്കെ അര്‍ഹ്ഹിക്കുന്ന അവജ്ഞയോടെ കാണും എന്ന് ധരിക്കരുത്.

  ReplyDelete
  Replies
  1. അന്ധവിശ്വാസം എന്ന വാക്ക് തന്നെ ആപേക്ഷികമല്ലേ സുഹൃത്തേ? ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം ദൈവവുമായി ബന്ധപ്പെട്ട സകല സംഗതികളും അന്ധവിശ്വാസം തന്നെ അല്ലേ?

   Delete
  2. അനോണി : കിണ്ടി ,കുളം , കോളാമ്പി ഇതൊക്കെ കാണുമ്പോള്‍ അതില്‍ സന്ദേശങ്ങള്‍ വായിച്ചെടുക്കുന്ന പ്രേക്ഷകരാണ് ,അത് പടച്ചു വിടുന്ന ഷാജി കൈലാസിനെക്കാള്‍ വിവരം കെട്ടവന്മാര്‍ എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ എന്തെങ്കിലും ഒക്കെ ആരെങ്കിലും സിനിമയില്‍ കാണിച്ചാല്‍ ഉടന്‍ പ്രകോപിതര്‍/നിരാശര്‍ ആകുന്ന വിവരദോഷികള്‍ ഉണ്ടെകില്‍ അവര്‍ അര്‍ഹിക്കുന്ന കൂതറ നിലവാരത്തില്‍ ഉള്ള സിനിമകള്‍ തന്നെയാണ് ദ്രോണ , ഓഗസ്റ്റ്‌ പതിനഞ്ച്, സിംഹാസനം ഇതൊക്കെ . ഇങ്ങനെ കുറെ മക്കുണന്‍മാര്‍ അപകടകരമായ സന്ദേശങ്ങള്‍ ,ഒളിയമ്പുകള്‍ എന്നിവ നിറഞ്ഞതാണ്‌ ഷാജി കൈലാസിന്റെ സിനിമകള്‍ എന്ന് പറയാന്‍ മാത്രം അത് കാണാന്‍ കയറുകയും , ആ പേരില്‍ ഒരു വിവാദം ഉണ്ടാക്കി സിനിമ ഹിറ്റ് ആക്കാം എന്ന ഏക പ്രതീക്ഷയില്‍ ആണ് ഷാജി ഇപ്പൊ ഇത്തരം സിനിമകള്‍ വാശിക്ക് എടുക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. മക്കുണന്‍മാര്‍ എണ്ണത്തില്‍ കുറവായത് കൊണ്ട് സംഗതി ഇതുവരെ ഏറ്റിട്ടില്ല.കൂടുതല്‍ പേര്‍ സന്ദേശം/ഒളിയമ്പ് എന്നിവ തിരയാന്‍ തിയറ്ററില്‍ കയറുന്ന ദിവസം ഷാജി കൈലാസ് ജയിച്ചു . പ്രേക്ഷകരുടെ നിലവാരം മാറിയാല്‍ മതി സിനിമകളും താനെ മാറും എന്ന് വിശ്വസിക്കുന്ന കൂട്ടത്തില്‍ ആണ് ഞാന്‍ .അത് കൊണ്ടാവാം ഇങ്ങനെയുള്ള ചിന്തകള്‍

   Delete