Tuesday, August 14, 2012

ചില സ്വാതന്ത്ര്യദിന ചിന്തകള്‍

അനിയാ,ഞാനിന്നലെ ഒരു സ്വപ്നം കണ്ടു .....

ഈ പ്രായത്തിലോ? കൊച്ചു പിള്ളേര് പോലും സ്വപനം കാണാന്‍ മിനക്കെടാതെ വൈ - ഫൈ യും, 3 ജി യും ഉപയോഗിക്കുന്ന കാലം.അതിരിക്കട്ടെ അണ്ണന്‍ എന്തോന്ന് സ്വപ്നം കണ്ടത്? വിശദമായി ഒന്ന് പറഞ്ഞേ

അനിയാ,നമ്മുടെ സ്വാതന്ത്യ ദിനം,വലിയൊരു ജാഥ,അതിങ്ങനെ റോഡ്‌ നിറഞ്ഞു കവിഞ്ഞു പോകുന്നു .

ഓ.. ഫ്രീഡം പരേഡ്. അതിനിപ്പോള്‍ സ്വപ്നം ഒന്നും കണ്ടു ബുദ്ധി മുട്ടണ്ട റോഡിലോട്ടു ഇറങ്ങി നിന്നാല്‍ മതി .അതിരിക്കട്ടെ ആരുടെ പരേഡാ കണ്ടേ ?

അനിയാ ഞാന്‍ കണ്ട പരേഡില്‍ സകലരും ഉണ്ടായിരുന്നു ചുവപ്പും, ത്രിവര്‍ണ്ണവും,കവിയും,വെള്ളയും,പച്ചയും , നീലയും,മഞ്ഞയും എല്ലാം .എല്ലാരും ഒരുമിച്ചു ഒന്നായി ഒരൊറ്റ ......

നിറുത്തണം അണ്ണാ ഇതെന്തോന്ന് രാഷ്ടീയ പ്രസംഗമോ? അതോ സ്വാതന്ത്ര്യദിന സന്ദേശമോ? ഇയാള്‍ക്ക് വേറെ ജോലിയില്ലേ? ഞാന്‍ കരുതി വല്ല നല്ല സ്വപ്നവും ആയിരിക്കും എന്ന് വെറുതെ ആശിപ്പിച്ചു .

അനിയാ നീ ക്ഷമി,തല്ക്കാലം ഇതു കൂടെ കേള്‍ക്കു.രാവിലെ എഴുനേറ്റു ഇതിനെ കുറിച്ച് വെറുതെ ചിന്തിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍.ഇന്നു നമ്മുടെ സ്വാതന്ത്ര്യ ദിനം.എന്ന് നമ്മള്‍ എന്താണ് ചെയ്യുന്നത്? ചേരി തിരിഞ്ഞു ഈ ദിനം ആഘോഷിക്കുന്നു . എന്നിട്ട് അവിടെ എന്താകും സ്വാഭാവികമായി പ്രസംഗിക്കപ്പെടുക? ഓരോ വിഭാഗവും നേരിടുന്ന വെല്ലുവിളികളെ പറ്റി,മറ്റു വിഭാഗങ്ങള്‍ അവരെ ഒതുക്കാന്‍ അഥവാ നശിപ്പിക്കാന്‍ നടത്തുന്ന രഹസ്യ അജണ്ടയെ പറ്റി,അതിനെതിരെ ഏങ്ങനെ ആഞ്ഞടിക്കാം എന്നും (മുകളില്‍ പറഞ്ഞ ഏതു നിറം ആയാലും ഇതൊക്കെ തന്നെയാണ് സംഗതി ശരിയല്ലേ ?).ഫലത്തില്‍ ഒരു സ്വാതന്ത്ര്യ ദിനത്തില്‍ പോലും നമ്മള്‍ നമ്മുടെ സഹോദരങ്ങള്‍ക്കെതിരെ വിഷം കുത്തി വൈക്കുന്നതില്‍ ഒരു ഉപേക്ഷയും കാണിക്കുന്നില്ല എന്നു ചുരുക്കം.പരസ്യമായി ചെയ്യാന്‍ അനുവാദം ഉള്ളവന്‍ പരസ്യമായി ചെയ്യും അല്ലാത്തവന്‍ അത് രഹസ്യമായി നടത്തും അത്രേയുള്ളൂ ആകെയുള്ള വ്യത്യാസം

അല്ല അതിപ്പോള്‍ ഒരാള്‍ ചെയ്യുമ്പോള്‍ മറ്റവന് വെറുതെ ഇരിക്കാന്‍ പറ്റുമോ? ഒരു ചെറുത്തു നില്‍പ്പ് അനിവാര്യമാകില്ലേ അവിടെ?

പിന്നെ അല്ല? മനുഷ്യനെ ജാതിക്കും മതത്തിനും അതീതമായി വെള്ളം കുടിപ്പിക്കുന്ന നൂറു പ്രശ്നങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് . അതിനൊന്നും ചെറുത്തു നില്‍പ്പും ഇല്ല തിരിച്ചടിക്കലും ഇല്ല.മറ്റൊരുവന്‍റെ വിശ്വാസത്തെ (രാഷ്ട്രീയമോ മതപരമോ എന്തോ ആയിക്കോട്ടെ ) തെറി പറയാന്‍ കാണിക്കുന്ന ഈ ഉത്സാഹം എന്ത് കൊണ്ട് പ്രയോജനം ഉള്ള ഒരു കാര്യത്തിലേക്കും നീളുന്നില്ല?നേരത്തെ എഴുതിയ ഒരു കമന്റ്‌ ആവര്‍ത്തിച്ചോട്ടെ .നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് കാശുള്ളവനും ഇല്ലാത്തവനും എന്നു രണ്ടു വര്‍ഗമേ ഉള്ളു.കാശുള്ളവന്‍,അവന്‍ ഏതു മത രാഷ്ട്രീയ വിശ്വാസത്തില്‍ പെട്ടവന്‍ ആയാലും അവനു സമുഹം മാന്യത കല്‍പ്പിക്കുന്നു .കാശില്ലാത്തവന്‍ എന്ത് തേങ്ങയായാലും അവനൊന്നും ഒരു വിലയുമില്ല എന്നതല്ലേ സത്യം? കാശില്ലാത്തവനെ എന്നും അങ്ങനെ തന്നെ നിര്‍ത്താന്‍ രണ്ടു വഴികള്‍ ഒന്ന് വല്ലപ്പോഴും ഓരോ എല്ലിന്‍ കഷ്ണം ഇവരില്‍ ചിലവര്‍ക്ക് എറിഞ്ഞു കൊടുക്കുക .(അപ്പോള്‍ കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ കടിപിടി കിട്ടിയവനും ഇനിയും കിട്ടും എന്ന പ്രതീക്ഷ.കിട്ടാത്തവര്‍ക്ക് കിട്ടിയവരോടുള്ള അസൂയ .ഇവിടെ കിട്ടിയവര്‍ എന്നത് കിട്ടി എന്നു പറയപ്പെടുന്നവര്‍ എന്നു വായിക്കണം).പിന്നെ രണ്ടാമത്തെ വഴി മറ്റവനെ പറ്റി പരമാവധി വിഷം കുത്തി വയ്ക്കുക എന്നതാണ് .അവന്‍ ഏതു നിമിഷവും ഇവനെ നശിപ്പിക്കാനുള്ള വലിയൊരു ഗൂഡാലോചനയില്‍ മുഴുകി ഇരിക്കുകയാണ് എന്നു ആവര്‍ത്തിച്ച്‌ പറയുക(എത്രത്തോളം അരക്ഷിതാവസ്ഥ അവന്‍റെ മനസില്‍ കയറ്റുന്നോ അത്രയും നല്ലത്) .അതിനെതിരെ സദാ ജാഗരുകന്‍ ആകാന്‍,അവന്‍റെ എന്നു പറയപ്പെടുന്ന വിശ്വാസകടയില്‍ നടക്കുന്ന എന്ത് മോശപ്പെട്ട കാര്യവും പരമാവധി മൂടി വയ്ക്കുക അല്ലെങ്കില്‍ ന്യായീകരിക്കുക.മറ്റവന്‍റെ എന്തെങ്കിലും മോശമായത് നടന്നാല്‍ മൈക്ക് എടുക്കുക (പറ്റുന്ന ഇടത്തെല്ലാം) ഇങ്ങനെ ഒക്കെ ചെയേണ്ടത് അവന്‍റെ കര്‍ത്തവ്യം ആണെന്ന് വിശ്വസിപ്പിച്ചാല്‍ സംഗതി എളുപ്പം.ഏതു ജാതി മത രാഷ്ട്രീയ വിശ്വാസത്തില്‍ പെട്ടയാളും ഒരു നിമിഷം സ്വന്തം മനസാക്ഷിയോട് ആത്മാര്‍ഥമായി ചോദിച്ചാല്‍ ഇതു സത്യം ആണെന്ന് മനസിലാകും.നമ്മളെ നമ്മള്‍ തന്നെ തോല്‍പ്പിക്കുകയും അതില്‍ അഭിമാനം കൊള്ളുകയും. സംഗതി കൊള്ളാം അല്ലെ ?

അല്ല വിശ്വാസങ്ങളെ തൊട്ടു കളിക്കുക എന്നൊക്കെ വെച്ചാല്‍ ......

വിശ്വാസം,അത് രാഷ്ട്രീയമോ മതപരമോ ആകട്ടെ അത് അവനവന്‍റെ അടിവസ്ത്രതിന്‍റെ നിറം പോലെ വ്യക്തിപരമാണ് എന്നാണ് എന്‍റെ അഭിപ്രായം.നമ്മുടെ അതേ നിറമുള്ള അടിവസ്ത്രം ധരിക്കുന്നവന്‍ മാത്രമാണ് നമ്മുടെ സുഹൃത്ത്‌ എന്നത് എത്ര ബുദ്ധി പൂര്‍ണമാണ് അഥവാ ലോജിക്കല്‍ ആണ് എന്നു എനിക്കറിയില്ല.സത്യം.ഇനി നിങ്ങള്ക്ക് നിങ്ങളുടെ വിശ്വാസം ജീവശ്വാസത്തിന് തുല്യമാണ് എന്നിരിക്കട്ടെ (അങ്ങനെ ആയിരിക്കണം എന്നാണ് സകലവരും പഠിപ്പിക്കുന്നത്‌).അങ്ങനെ എങ്കില്‍ എന്ത് കൊണ്ട് എന്‍റെ വിശ്വാസത്തില്‍ പെടുന്ന ഓരോ ആളും ഈ സമൂഹത്തിനു മാത്രുക ആയിരിക്കണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നില്ല? മറ്റൊരുവന്‍റെ കുറ്റം പറയുന്നതിനെക്കാള്‍ എത്രയോ നല്ലതാണു അത്

അല്ല ഇവിടിപ്പോള്‍ സംഗതികള്‍ ഇങ്ങനൊക്കെ തന്നെയാണ് എന്നിരിക്കട്ടെ . അതിനിപ്പോള്‍ എന്ത് ചെയ്യാനാ ?

ഒന്നും ചെയ്യണ്ട അനിയാ.തമ്മില്‍ തല തല്ലി ചാകുക എന്നത് നമ്മെ പോലെയുള്ള വികസ്വര/അവികസിത രാജ്യങ്ങളിലെ ജനങളുടെ വിധിയാണ് .കൊള്ളാവുന്ന രാജ്യങ്ങളില്‍ ഒന്നും ഈ പരിപാടി ഇല്ല എന്നു ഓര്‍ക്കുമല്ലോ .ഏറ്റവും കുറഞ്ഞ പക്ഷം നമുക്കൊക്കെ ചെയ്യാവുന്നത്,സ്വന്തം സഹോദരരെ കുത്താന്‍ ഒരുക്കി വെച്ചിരിക്കുന്ന മൂര്‍ച്ചയേറിയ കത്തികള്‍ വര്‍ഷത്തില്‍ ഇന്നു ഒരേ ഒരു ദിവസത്തേക്ക് നമുക്ക് മറക്കാം (നാളെ വീണ്ടും ഓര്‍മ്മിച്ചു എടുത്തു ഉപയോഗിക്കാം എന്ന ഉറപ്പോടെ തന്നെ),അവന്‍റെ ഈ പറയപ്പെടുന്ന നീഗൂഡമായ ആലോചനകളെയും അവയെ പ്രതിരോധിക്കാന്‍ സ്വീകരികേണ്ട തന്ത്രങ്ങളെയും നമുക്ക് മറക്കാം. ഒരൊറ്റ ഇന്ത്യയായി ഒരൊറ്റ ജനതയായി ഒരു ദിവസം എങ്കിലും നമുക്ക് അഭിനയിക്കാം.ഏറ്റവും ദുഖകരമായ സത്യം അത് പോലും ചെയ്യാന്‍ നമ്മെ നയിച്ച്‌ നന്നാക്കുന്നവര്‍ സമ്മതിക്കില്ല എന്നതാണ്.കാരണം ഒരു ദിവസം നമ്മുടെ മനസിലുള്ള അരക്ഷിതാവസ്ഥ മറന്നു നമ്മുടെ സഹോദരനെ സ്നേഹത്തോടെ നോക്കാന്‍ കഴിഞ്ഞാല്‍,നമ്മെയെല്ലാം പൊതുവായി ബാധിക്കുന്ന ജനസംഖ്യ,വിലക്കയറ്റം,വ്യക്തിഗത സ്വയം പര്യാപ്തത ഇവയെ കുറിച്ചൊക്കെ ചര്‍ച്ചകള്‍ ഉണ്ടായാല്‍, ആ സമാധാനവും ശുഭാപ്തി വിശ്വാസവും നല്‍കുന്ന വീക്ഷണം നമുക്കൊക്കെ ഇഷ്ട്ടപെട്ടാല്‍,സ്നേഹവും,സമാധാനവും നമ്മള്‍ സ്വയം കണ്ടു പിടിക്കേണ്ടത് ആണ് അല്ലാതെ വിപ്ലവ - ആത്മീയ കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്നതല്ല എന്നും തോന്നിപ്പോയാല്‍,സ്വന്ത വിശ്വാസത്തിനു വേണ്ടി വാചകം കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ മനസ്സു കൊണ്ടോ ധര്‍മയുദ്ധം / ജിഹാദ് / കുരിശുയുദ്ധം /വര്‍ഗ്ഗസമരം ഇവയെതെങ്കിലും നടത്തുക എന്നതല്ല നമ്മുടെ ഓരോരുത്തരുടെയും ആത്യന്തിക ലക്‌ഷ്യം എന്നും.അത് കൊണ്ട് നമ്മള്‍ ഒന്നും സ്ഥായിയായി ഒന്നും നേടുന്നില്ല എന്നും ഉള്ള തിരിച്ചറിവ് ഒരു നിമിഷം എങ്കിലും കടന്നു കൂടിയാല്‍ അത് ഒരു പക്ഷെ നമ്മെ വീണ്ടും വഴി തെറ്റിക്കാന്‍ ബുടിമുട്ടുണ്ടാക്കും എന്നത് കൊണ്ട് തന്നെ.

അല്ല അതൊക്കെ ഇരിക്കട്ടെ.സിനിമ വിശേഷങ്ങള്‍ മാത്രം പറയുന്ന ഈ ബ്ലോഗില്‍ ഈ വിഷയം എടുത്തിടാന്‍ .......?

അനിയാ അതല്ലേ നേരത്തെ പറഞ്ഞേ,വര്‍ഷത്തില്‍ ഈ ഒരു ദിവസം എങ്കിലും ഞങ്ങള്‍ അല്ലാതെ നമ്മള്‍ ആയി മാറാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തോന്ന് സ്വാതന്ത്ര്യ ദിനം? എന്തെടെ നിനക്കൊരു ചിരി?

ഒന്നുമില്ല അണ്ണാ ഒരു വരി കവിത ഓര്‍മ്മ വന്നതാ ......

മധുസൂധനന്‍ സാറിന്‍റെ ഒക്കെ ഒരു വെറും ഭ്രാന്തന്‍റെ സ്വപ്നം .......അതല്ലെടെ?

തന്നെ അണ്ണാ തന്നെ .....

അടിക്കുറിപ്പ്

എല്ലാ മാന്യ വായനക്കാര്‍ക്കും ഈ ബ്ലോഗിന്‍റെ പേരിലും ഡോക്ടര്‍ പ്രക്ഷകന്‍റെ പേരിലും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.

ജയ് ഹിന്ദ്‌


3 comments:

 1. വായിച്ചിട്ടു കൊള്ളാമെന്ന് തോന്നുന്നു.ഈ പടം എന്തായാലും കാണണം. ;-)

  ReplyDelete
 2. എന്റെ അണ്ണാ..പൊളപ്പന്‍ പടം.
  ഞാനിന്നലെ കണ്ടു..സൂപ്പര്‍സ്റ്റാറുകളൊക്കെ വേസ്റ്റ്..ഇതാണു പടം..
  എന്താ ഒരു ക്ലൈമാക്സ്

  ReplyDelete
 3. "വര്‍ഗ്ഗസമരം" എന്ന പ്രയോഗത്തിലൂടെ കമ്യൂണിസത്തെ മതങ്ങളുടെ തൊഴുത്തില്‍ കെട്ടിയ നടപടി ഇഷ്ടമായി. അതാണ്‌ വാസ്തവം.

  ReplyDelete