Thursday, August 30, 2012

റണ്‍ ബേബി റണ്‍ (RUN BABBY RUN :Review )

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌....... തമ്പാനൂര്‍ ബസ്‌ സ്റ്റാണ്ടിനു സമീപം വെളുത്തു കൊഴുത്ത സുമാര്‍ നൂറു കിലോ തുക്കം വരുന്ന ഒരു വസ്തു കളഞ്ഞു കിട്ടിയിട്ടുണ്ട് ഉടമസ്ഥര്‍ തെളിവ് സഹിതം ബന്ധപ്പെടാന്‍ അപേക്ഷിക്കുന്നു .
..............................
...............................

എന്തുവാടെ പുറത്തൊരു ബഹളം?

അണ്ണന്‍ കുറച്ചു മുന്‍പേ ഒരു അറിയിപ്പ് കേട്ടില്ലായിരുന്നോ? ദീര്‍ഘ കാലമായി മലയാളികള്‍ക്ക് നഷ്ട്ടപെട്ടിരുന്ന ലാലേട്ടനെ രണ്ടു ദിവസം മുന്‍പ് തികച്ചു യദ്രിചികമായി തിരികെ കിട്ടി.അതിന്‍റെ ആഘോഷമാണ് ഈ കേള്‍ക്കുന്നത് .

തന്നേടെ? എപ്പോള്‍? എങ്ങനെ?

നിങ്ങള്‍ ഈ ലോകതോന്നുമല്ലേ ജീവിക്കുന്നത് യുഗ പ്രഭാവനായ ജോഷി സംവിധാനം ചെയ്ത , സച്ചി - സേതുവിലെ സച്ചി കഥ എഴുതിയ,താര റാണി അമലാ പോള്‍ നായികയായ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് ലാലേട്ടന്‍ ഈ മഹാ അത്ഭുദം കാണിച്ചിരിക്കുന്നത്. നായക സ്ഥാനം അലങ്കരിക്കുന്നതിന്‌ പുറമേ ഒരു ഗാനം കൂടി പാടി നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്നു അദേഹം .

ജോഷി എന്ന സംവിധായകനില്‍ നിന്നും നല്ലൊരു തിരകഥ കൃത്ത് കൂടെയില്ലെങ്കില്‍ ഒന്നും പ്രതീക്ഷികണ്ട എന്നതാണ് എന്‍റെ സ്വന്തം അഭിപ്രായം.(ഭൂപതി മുതല്‍ സെവന്‍സ് വരെ നോക്കിയാല്‍ ഇതു മനസിലാകും) മോഹന്‍ലാലിന്‍റെ അവസാന നല്ല ചിത്രം എന്ന് പറയാവുന്ന നരന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ എന്നതാണ് ജോഷിയില്‍ ഞാന്‍ കാണുന്ന വിശേഷം .(അപ്പോളും തിരകഥകൃത്ത് രഞ്ജന്‍ പ്രമോദ് ആയിരുന്നു എന്നോര്‍ക്കുക).പിന്നെ ലാലേട്ടന്‍ .അദേഹം അടുത്ത കാലത്തായി തന്‍റെ ചിത്രങ്ങളില്‍ അഭിനയികുകയല്ലല്ലോ വേറെ എന്തോ ആണല്ലോ ചെയ്യുന്നത്.ചുരുക്കത്തില്‍ കളി സച്ചിയുടെ കൈയില്‍ ആണെന്ന് ചുരുക്കം.സിനിമ കാണുന്നതിനു മുന്‍പ് എനിക്ക് സത്യത്തില്‍ ബഹുമാനം തോന്നിയത് ഇവര്‍ ആരോടും അല്ല താപ്പാനയുടെ നിര്‍മാതാവ് മിലന്‍ ജലീല്‍ ആണ് ഈ ചിത്രവും നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടപ്പോള്‍ ആണ് .ഒരു സൂപ്പര്‍ താര ചിത്രം തന്നെ റിസ്ക്‌ ആയ ഈ കാലത്ത് ഒരുമിച്ചു രണ്ടു സുപ്പര്‍ താര ചിത്രങ്ങള്‍ ......ധൈര്യം തന്നെ

നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കാമോ ?

ശരി,കഥ തുടങ്ങുന്നത് ദുഃഖം തളം കെട്ടി നില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലാണ്.പിച്ചയായ ഒരു ചാനല്‍.പിച്ച എന്ന് വെച്ചാല്‍ പരമ പിച്ച.ശമ്പളം കൊടുക്കാന്‍ ലേഡി സ്റ്റാഫിനെ ഉന്നതന്മാരുടെ വീട്ടിലേക്കയച്ചു അവരുടെ അശ്ലീല രംഗങ്ങള്‍ നേരത്തെ റെക്കോര്‍ഡ്‌ ചെയ്തത് (സംഗതി ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതാണ്)കാണിച്ചു ബ്ലാക്ക്‌ മെയില്‍ ചെയ്തു കാശു വാങ്ങിയാണ് ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് തന്നെ.(ഉന്നതന്‍ എന്ന് വെച്ചാല്‍ ഡി വൈ എസ് പി യില്‍ കുറഞ്ഞൊന്നും ഇല്ല).ഋഷി (ബിജു മേനോന്‍) ആണ് പ്രസ്തുത ചാനല്‍ ഉടമ .നാട്ടിലെ പ്രധാന ചാനല്‍ ആണ് ഭാരത് വിഷന്‍ അവിടന്ന് ചാടിയാണ് ഋഷി പുതിയ ചാനല്‍ തുടങ്ങിയത്.ഇനി ഭാരത് വിഷനിലേക്ക് അവിടെ മുതലാളി കൃഷ്ണകുമാര്‍ ആണെങ്കിലും കാര്യങ്ങള്‍ മൊത്തം നിയന്ത്രിക്കുന്നത്‌ സീനിയര്‍ എന്തോന്നോ ആയ രേണുക (അമല പോള്‍ ) ആണ്.

എന്നിട്ട് ....

ഇനിയാണ് നമ്മുടെ നായകന്‍ വരുന്നത് .വേണു (മോഹന്‍ലാല്‍ ) എന്ന ക്യാമറമാന്‍ ആണ് സംഗതി .ഇദ്ദേഹത്തെ പറ്റി പറഞ്ഞാല്‍ (ലാലേട്ടന്‍ തെങ്ങ് കയറ്റക്കാരനോ,പട്ടിപിടുത്തക്കാരനോ ആയി അഭിനയിച്ചാല്‍ പോലും പ്രസ്തുത ജോലി ഇദ്ദേഹത്തെക്കാള്‍ നന്നായി ചെയ്യാന്‍ ഇന്ത്യയിലോ ഭൂമിയിലോ ചൊവ്വായിലോ പോലും ആരും ഉണ്ടാകില്ല എന്ന നിയമം എവിടെയും പാലിക്കപ്പെട്ടിട്ടുണ്ട് (അല്ല പിന്നെ !!)) അങ്ങേരൊരു സംഭവമാണ്.കാര്‍ഗില്‍ മുതല്‍.മുംബൈ ആക്രമണം വരെ അതി സാഹസികമായി ലൈവ് പിടിച്ചത് ഇങ്ങേര്‍ ആണ്.ഈ ലോകത്തെ ഏതു ക്യാമറമാനും മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന കാശു ഇങ്ങേര്‍ ഒരൊറ്റ പരിപാടിയില്‍ ഉണ്ടാക്കും.രോയിട്ടെരിലെ സ്റ്റിംഗ് ഓപ്പറെഷന്‍ വിദഗ്ധനാണ് ഇദേഹം ഇപ്പോള്‍.ഒരു കേസിന്‍റെ ആവശ്യത്തിനായി കേരളത്തില്‍ എത്തുകയാണ് ഇദേഹം.ചുരുക്കത്തില്‍ പറഞ്ഞാല്‍ സംഗതി പഴയ ഷാജി - രഞ്ജിത് സംഭവം ഒരു ന്യൂ ജെനറെഷന്‍ കുപ്പിയില്‍ ഇറക്കാനുള്ള പരിപാടി ആണ് എന്ന് ചുരുക്കം.

അങ്ങനെ പറയരുത് .ലാലേട്ടന്‍ പണ്ട് ബാലേട്ടനായി വന്നപ്പോള്‍ ജനങ്ങള്‍ സ്വീകരിച്ചില്ലേ. അതില്‍ മീശ പിരിയും,തറവാട് ,ക്ഷേത്രം,ആന, കിണ്ടി, കുളം തുടങ്ങിയ ബിംബങ്ങളും ഇല്ലായിരുന്നു എന്നതല്ലേ കാരണം ?

ഉലക്കെടെ മൂട്.അനിയാ,ആ സിനിമയില്‍ ഉണ്ടായിരുന്നത് എന്ന് ഞാന്‍ കരുതുന്ന പുതുമ ഇതൊന്നുമല്ല മറിച്ചു, നാട്ടുകാരുടെ കണ്ണിലുണ്ണിയായ ബാലേട്ടനോടു അയാളുടെ സ്വന്തം നാട്ടില്‍ വെച്ച് "പോട്ടെഡാ ബാലേട്ടാ" എന്ന് ഉറച്ച സ്വരത്തില്‍ പറഞ്ഞു നടന്നു നീങ്ങുന്ന റിയാസ് ഖാന് മുന്നില്‍ പകച്ചു നില്‍ക്കുന്ന ബാലേട്ടനാണ്.അത് പോട്ടെ കാടു കേറാതെ നമുക്ക് ഈ സിനിമയിലേക്ക് വരാം. പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് ഷൂട്ട്‌ ചെയ്തു മിടുക്കനാകാനും ഉള്ള നായകന്‍റെ കഴിവ് കാണിച്ചു കൊണ്ടാണ് വേണു ചിത്രത്തിലേക്ക് വരുന്നത്.(ആചാരത്തിന്‍റെ ഭാഗമായി നാട്ടുകാര്‍ എല്ലാം അതിനു മുന്‍പ് "വേണു സാര്‍ ആണോ ഇതു കവര്‍ ചെയ്യുന്നത് ? എന്നാല്‍ ഇതൊരു സംഭവം ആകും അദേഹത്തെ കാണുന്നില്ലല്ലോ " എന്നൊക്കെ പറയുന്നുണ്ട്).മന്ത്രിയുടെ നേരെ ഒളിച്ചിരുന്ന് ഷൂ വലിച്ചെറിഞ്ഞു ലാത്തി ചാര്‍ജ് ഒരുക്കി അത് ഷൂട്ട്‌ ചെയ്തു മിടുക്കനകുന്ന നായകന്‍ ഇങ്ങനെയാണോ വലിയ സംഭവം ആകുന്നത്‌ എന്ന് നമുക്ക് തോന്നാം .പക്ഷെ അത് പുറത്തു കാണിക്കരുത് (അല്ലെങ്കിലും ജോഷിയും - ലാലും ഒക്കെ ആകുമ്പോള്‍ അങ്ങനെ പലതും കാണും അതിന്?)

ഇനി ഒരല്‍പം ഫ്ലാഷ് ബാക്ക്.കണ്ടാല്‍ രണ്ടു പിച്ചക്കാരെ പോലെ തോന്നിക്കുന്ന തിരകഥാ ക്രിത്തുക്കളായ ആള്‍ക്കാരോട് തന്‍റെ ഞെട്ടിക്കുന്ന ഫ്ലാഷ് ബാക്ക് പറയുകയാണ് നായകന്‍ .

സംഗതി ഇത്രയെ ഉള്ളു. പണ്ട് (അന്നും ഇങ്ങേര്‍ സംഭവം ആണ് ) രേണുകയെ പോലീസ് തടയുമ്പോള്‍ (അകത്തേക്ക് പോകാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ മൈന്‍ഡ് ചെയ്യാതെ തള്ളി കേറുന്നവരെ പിന്നെ എന്ത് ചെയ്യണം ആവൊ ?) ഇടപെട്ടു ഷൈന്‍ ചെയുന്ന നായകന്‍.പോലീസുമായി അടികൂടുന്നതിനിടയില്‍ അടി കൊണ്ട് ഒരു ചെവിയുടെ കേള്‍വി നഷ്ട്ടപ്പെടുന്നു.(ഈ കേള്‍വി ശക്തി പോകുന്നതിനു സിനിമയില്‍ എന്തെങ്കിലും പ്രസക്തി കാണും എന്ന് കരുതുന്നവന്‍ ദയവായി പേര് ശശി എന്ന് മാറ്റിയതിനു ശേഷം കാത്തിരിപ്പു തുടരുക!))അപ്പോള്‍ ഇനി നിങ്ങള്ക്ക് പ്രേമിക്കാമല്ലോ എന്ന് ബിജു മേനോന്‍ പറയുന്നത് കേട്ട് പുഞ്ചിരിക്കുന്ന ലാലിനെ കാണുമ്പോള്‍ രേണുകയ്ക്കു തനിക്കീ ഭാഗ്യം ലഭിച്ചല്ലോ എന്ന ഭാവം.പിന്നെ സ്വല്പ്പ നേരം മുടിഞ്ഞ പ്രണയമാണ്.ഒരു ഒഴിഞ്ഞ വീട്ടില്‍ കൊച്ചിനെ കൊണ്ട് പോയി ലാലേട്ടന്‍ ഉരുട്ടി പിടിക്കുന്നു പശ്ചാത്തലത്തില്‍ അദേഹം പാടിയ ഒരു പാട്ടും.(പഴയ ഉച്ചപടത്തിലെ പ്രതാപചന്ദ്രനേയും അഭിലാഷയെയും ഈ രംഗങ്ങളില്‍ നിങ്ങള്ക്ക് ഓര്മ വന്നില്ലങ്കില്‍ ഒന്നുകില്‍ നിങ്ങള്‍ ആ കാലത്ത് ജനിച്ചിട്ടില്ല അല്ലെങ്കില്‍ ഉച്ച പടത്തിനു പോകാന്‍ പേടിയായിരുന്നു !!!).മുന്നറിയിപ്പ് : ഇവിടെ ഉദേശിക്കുന്നത് ജോഡി പോരുത്തമാണ്.മറ്റേതല്ല


അങ്ങനെ അതൊക്കെ വല്ല വിധേനയും കഴിഞ്ഞു ഇവരുടെ കല്യാണം തീരുമാനിക്കുന്നു.കല്യാണ തലേന്ന് രേണുകയുടെ ബന്ധുവായ അഡ്വ.മണിലാല്‍ (ഇങ്ങേര്‍ക്ക് കോടതിയിലോന്നും പോകണ്ട മൊത്തം എക്സ്ക്ലുസിവ് വാര്‍ത്തകളുടെ മൊത്ത വിതരണമാണ് ) രേണുകയെ വിളിച്ചു പ്രമുഖ നേതാവ് ഭരതന്‍ പിള്ള (സായി കുമാര്‍) രാജ്യസഭ സീറ്റ് വ്യവസായിയായ കര്‍ത്തക്ക് വിറ്റിട്ട് കാശു കൈ പറ്റുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ ക്ഷണിക്കുന്നു. കേട്ട പാതി രേണു - വേണുമാര്‍ ഓടിയെത്തി രംഗം ചിത്രീകരിക്കുന്നു (സ്വിസ് ബാങ്കും,വയര്‍ ട്രാന്‍സ്ഫറും ഒക്കെയുള്ള ഈ കാലത്തും ഭരതന്‍ പിള്ളയും കര്‍ത്തായും കാശു നേരിട്ട് എണ്ണി കൊടുത്താണ് കച്ചവടം !!)ഫ്രിഡ്ജിനകത്ത് കാശു കൊണ്ട് വരുന്ന രംഗങ്ങള്‍ ആരാധകരെ പുളകം കൊള്ളിക്കും എങ്കിലും ബാലിശം എന്നാണ് എനിക്ക് തോന്നിയേ. (ക്ഷമി !! അനിയാ.)സംഗതി കഴിഞ്ഞതോടെ രേണുക നിഗൂഡ സാഹചര്യത്തില്‍ അപ്രത്യക്ഷ ആകുകയും പ്രസ്തുത ക്ലിപ്പും നോക്കി ചാനല്‍ ലോഞ്ച് ചെയനിരുന്ന ഋഷി,ശശി ആകുകയും ചെയുന്നു.സംഗതി ഭാരത് വിഷനില്‍ സംപ്രേക്ഷണം ചെയ്യപ്പെടുന്നു.രേണുകയ്ക്കു അവിടെ കിടിലം ജോലിയും കിട്ടുന്നു.ചതി മനസിലാക്കുന്ന വേണു ഭാരത് വിഷനിലെത്തി നായികക്ക് ചെകിടത്ത് ഒരടി കൊടുത്തു ഡല്‍ഹിയിലേക്കു മടങ്ങി പോകുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഇപ്പോള്‍ നാട്ടില്‍ എത്തുന്നത്‌ .

അണ്ണാ ഇതു തന്നെയല്ലേ മറ്റേ ഗ്രാന്‍ഡ്‌ മാസ്റ്റെരിലും ...ചതിക്കുന്ന നായിക, തകരുന്ന ബന്ധം,സത്യം അവസാനം മനസിലാക്കി ഒന്നിക്കുന്ന ലൈന്‍

പക്ഷെ ഒരു വ്യത്യാസമുണ്ട്.ഇതില്‍ നായിക അദേഹത്തെ പോലെ ഒരു പുരുഷ സ്വരൂപത്തെ ഈ നാട്ടില്‍ കിട്ടാത്തതിനാല്‍ എനിക്കിനി ഈ ജീവിതത്തില്‍ വേറൊരു പുരുഷന്‍ ഇല്ല എന്ന് പ്രഖ്യപിക്കുന്നില്ല (എന്ന് കരുതി വേറെ ഒരുത്തനെയും ഒന്ന് നോക്കുന്നു പോലുമില്ല എന്നത് വേറെ)മാത്രമല്ല ഇതില്‍ പിന്നെ സത്യം സൗകര്യം ഒത്തു വന്നാല്‍ പറയാം എന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി ഭാരത് വിഷന്‍ ചാനല്‍ രാജ്ഞജി ആയി വീര്‍പ്പു മുട്ടി കഴിയുകയാണ് നായിക .കണ്ടില്ലെടാ വ്യത്യസ്തത?

അതൊക്കെ ശരി കഥയിലേക്ക്‌ വന്നേ റണ്‍ എവിടെ ......

അതിലെക്കല്ലേ വരുന്നേ.അപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം നാട്ടിലെത്തുന്ന വേണുവിനു വേറൊരു ഓഫര്‍ ഒരു കൊലപാതകം നടക്കും അതും സ്ഥലം സമയം എല്ലാം കൃത്യമായി അറിയാം ചുമ്മാ ചെന്ന് ചിത്രീകരിച്ചാല്‍ മതി.ചെയേണ്ടത് ഭാരത് വിഷന്‍ ചാനലിനു വേണ്ടി .കൂടെ അവരുടെ ഒരു പ്രോഗ്രാം എക്സിക്യൂട്ടീവ് കൂടി ഉണ്ടാകും .എല്ലാം സമ്മതിച്ചു കഴിയുമ്പോള്‍ ആണ് പാവം ലാലേട്ടന്‍ അറിയുന്നത് കൂടെ വരുന്നത് രേണുക ആണെന്നത് .പിന്നെ വേറെ വഴിയില്ലാത്ത അദേഹം (വാക്ക് കൊടുത്തു പോയില്ലേ !!) പണ്ട് ചില സിനിമയിലൊക്കെ ശ്രീനിവാസന്‍ പറയുന്നത് പോലെ "ഇയാള്‍ എന്നെ നോക്കി ചിരിക്കാന്‍ പാടില്ല.കരയാന്‍ പാടില്ല" എന്ന മട്ടിലുള്ള കുറേ നിബന്ധനകള്‍ വയ്ക്കുന്നു.രേണുകയുടെ ഭാവം "തന്നെ ഞാന്‍ പണ്ട് പറ്റിച്ചെങ്കില്‍ അത് എന്‍റെ മിടുക്ക്" എന്നതാണ്.ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹക്കടല്‍ ഒളിച്ചു വെച്ച് ഈ ഭാവം കാണിക്കാന്‍ കൊച്ചു കുറേ പാട് പെട്ടിട്ടുണ്ടാകും ഉറപ്പു !! അവസാനം വല്ല വിധേനെയും ഇവര്‍ പോയി കൊലപാതകം ഷൂട്ട്‌ ചെയ്യുന്നു .ഭരതന്‍ പിള്ള നേരിട്ടാണ് കൊലപാതകം നിര്‍വഹിക്കുന്നത് .കൊല്ലുന്നത് തന്‍റെ അനുയായി ആയ സുഗുണനെ (അനില്‍ മുരളി ) ആണ് .അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഭരതന്‍ പിള്ളക്ക് മനസിലാകുന്നത് സുഗുനനത് കര്‍ത്താ ഫ്രിഡ്ജില്‍ കാശുമായി വരുന്നത് എന്ന വിവരം ഒറ്റിയത് എന്ന്.ചൂടോടെ സംഗതി സംപ്രേക്ഷണം ചെയ്തു കഴിയുപോളാണ് (ഇതിനിടെ രേണുക ലാലേട്ടന്‍റെ കണ്ണ് വെട്ടിച്ചു,"ഈ പരിപാടി നിങ്ങള്‍ക്കായി കാണിക്കുന്നത് രേണുകയും വേണുവും എന്ന സൈന്‍ ഔട്ട്‌ ഡയലോഗ് കാച്ചുന്നു ) ഇതെല്ലാം ഭരതന്‍ പിള്ളയും കര്‍ത്തായും ചേര്‍ന്ന് കളിച്ച നാടകം ആയിരുന്നു എന്ന് മനസ്സിലാകുന്നത്.പരിപാടി കണ്ടു കോപാക്രാന്തരായി വരുന്ന ജനങ്ങള്‍ക്ക്‌ ഭരതന്‍ പിള്ള സുഗുണന്‍ പയര് പോലെ നടക്കുന്നത് കാണിച്ചു കൊടുക്കുന്നു.ജനരോഷം രേണുകയുടെയും വേണുവിന്‍റെയും നേരെ.അവര്‍ ഓടി ഋഷിയുടെ ഫ്ലാറ്റില്‍ അഭയം തേടുന്നു,ഫ്ലാറ്റ് വരെ ഉള്ള ഓട്ടമാണ് ഈ പടത്തിന്‍റെ പേരില്‍ പറയുന്ന റണ്‍ ബേബി റണ്‍ !!!

ഭരതന്‍ പിള്ള മുഖ്യമന്ത്രി ആകുമോ? വേണുവും രേണുകയും രക്ഷപ്പെടുമോ? രേണുക അഞ്ചു വര്ഷം മുന്‍പ് ലാലേട്ടനെ ചതിച്ചത് എന്തിനു? അവരുടെ തെറ്റിധാരണ മാറുമോ? എന്നിങ്ങനെ ഉള്ള സംഭ്രമ ജനകമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അറിയാന്‍ താല്പര്യമുള്ളവര്‍ നേരില്‍ കണ്ടു ആ അനുഭവം ഉള്‍ക്കൊള്ളുക .

അല്ല അങ്ങനെ അങ്ങ് പറഞ്ഞാലോ . ബാക്കി കാര്യങ്ങള്‍ ?

എന്തോന്ന് ബാക്കി കാര്യം ? മോഹന്‍ലാല്‍ : ഒരു നിമിഷം പോലും മാധ്യമ ലോകം മൊത്തം ബഹുമാനിക്കുന്ന ഒരു ക്യാമറമാന്‍ എന്ന നിലവാരത്തിലേക്ക് ഉയരുന്നില്ല.ഞാന്‍ ഇങ്ങനെ ഒക്കെയാണ് ബാക്കി എല്ലാരും പറയുന്ന കേട്ടില്ലേ അത് പോലെ എന്നെ അങ്ങ് ബഹുമാനിച്ചു കൊള്ളണം എന്നതാണ് അദേഹത്തിന്റെ ഒരു നയം. പ്രായം പറയുന്നില്ല (അത് പിന്നെ സൂപ്പര്‍ താരങ്ങള്‍ക്ക് രണ്ടിനും പ്രായം ഇല്ലല്ലോ ) എങ്കിലും ഒരു നിമിഷം എങ്കിലും ഒരു പക്വത വന്ന മനുഷ്യനായി ലാലിനെ കാണാന്‍ കഴിയില്ല ഈ ചിത്രത്തില്‍ .പലപ്പോഴും തികച്ചും ബാലിശം എന്ന് പറയാവുന്ന രീതിയില്‍ ആണ് ഈ കഥാപാത്രം പെരുമാറുന്നത്. ഋഷിയുടെ ഫ്ലാറ്റിലെ നായികയുമൊത്തുള്ള രംഗങ്ങള്‍ പോലുള്ളവ ഉദാഹരണം.ഇദേഹം മദ്യപാനത്തെ പ്രമോട്ട് ചെയ്യാനായി കാശു വാങ്ങിയിട്ടുണ്ടോ എന്ന സംശയം അദേഹത്തിന്‍റെ സമീപകാല ചിത്രങ്ങള്‍ തോന്നിപ്പിക്കുന്നു.ചുരുക്കത്തില്‍ കഥാപാത്രമായല്ല മറിച്ചു സുപ്പര്‍ താരം മോഹന്‍ലാലായി ആണ് അദേഹം അഭിനയിക്കുന്നത് (അത് പിന്നെ കുറച്ചു കാലമായി അങ്ങനെ തന്നെയാണല്ലോ !!)

ഇനി നായികാ അമലാ പോള്‍ : മോഹന്‍ലാലും ആയുള്ള പൊരുത്തമില്ലയിമ്മ അവിടെ നില്‍ക്കട്ടെ ,ഈ റോള്‍നു നയന്‍താര പോലെയുള്ള ഒരു നടിയായിരുന്നു നല്ലത് അഥവാ കുറേ കൂടി യോജിച്ചത് എന്നാണ് എനിക്ക് തോന്നിയത് .(വേറെ ആര്‍ക്കും തോന്നാത്തത് കൊണ്ട് അവര് രക്ഷപ്പെട്ടു !!) രേണുക എന്ന കഥാപാത്രം കണ കുണ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. (അതിപ്പോള്‍ എഴുതിയത് കൊച്ചല്ലല്ലോ !!!).യാതൊരു വ്യക്തിത്വും ഇല്ലാത്ത സമീപകാല ലാല്‍ നായികാ വേഷം

ബിജു മേനോന്‍ : ഈ ചിത്രത്തിലെ ഏക ആശ്വാസം ഈ മനുഷ്യനാണ്. നന്ദിയുണ്ട് മാഷെ ഒരായിരം നന്ദി !!!

ജോഷി : നേരത്തെ പറഞ്ഞത് പോലെ അദേഹം തികച്ചും നിര്‍ഗുണന്‍ ആണ് .പാവം

സായി കുമാര്‍ /സിദ്ധിക് : ഒരു സിനിമ ആകുമ്പോള്‍ വില്ലന്മാര്‍ വേണമല്ലോ.എന്നാലും ഇങ്ങനെ കഴിവുള്ള രണ്ടു നടന്മാരെ ഇങ്ങനെ പാഴാക്കുന്നതില്‍ എനിക്ക് വിഷമം ഉണ്ട്

സച്ചി : ഈ ചിത്രത്തിലെ യഥാര്‍ഥ വില്ലന്‍.പണ്ട് ശിക്കാര്‍ ഇറങ്ങിയപ്പോള്‍ ഒരു ചോദ്യം ആരോ ചോദിച്ചിരുന്നു . ഈ ലക്ഷ്മി ഗോപാല സ്വാമി മകന് ലാലിനെ കാണിച്ചു കൊടുത്തു കഴിഞ്ഞു സ്വയം വെടി വെച്ച് ആത്മഹത്യാ ചെയുന്നതിന് പകരം ലാലിനിട്ടു നേരെ അങ്ങ് വെടി വെച്ചാല്‍ പോരായിരുന്നോ എന്ന്.അത് പോലെ ഒന്ന് ചോദിച്ചോട്ടെ ? കൊലപാതകം (നാടകം) ചിത്രീകരിച്ചു കഴിഞ്ഞു നായികക്ക് നായകന്‍റെ കണ്ണ് വെട്ടിച്ചു സൈന്‍ ഓഫ്‌ ഡയലോഗ് പറയാന്‍ കഴിഞ്ഞില്ല എന്ന് ഇരിക്കട്ടെ.അങ്ങനെ എങ്കില്‍ ഈ പ്ലാന്‍ ചെയ്തത് മുഴുവന്‍ പാഴായി പോയില്ലേ? അങ്ങനെ എങ്കില്‍ ഇവരെ ഇതുമായി ലിങ്ക് ചെയ്യാന്‍ പോലും കഴിയില്ല എന്നതല്ലേ സത്യം? പിന്നെ ഈ സംഗതിയുടെ ഉത്തരവാദിത്വം ചാനല്‍ ഒഴിയുന്നത് ഏങ്ങനെ എന്ന് മനസിലായില്ല.ഇവര്‍ ഒരുതരത്തിലും അധികാരപ്പെടുത്താതെ ഒരാള്‍ ചുമ്മാ കേറി അങ്ങ് സംപ്രേക്ഷണം ചെയ്തു എന്ന് പറഞ്ഞാല്‍ ചിലവാകുമോ? അപ്പോള്‍ പിന്നെ ഉത്തരവാദിത്വം നായിക ആയ രേണുകയില്‍ വരുന്നു .തന്നെ ചതിച്ചു എന്ന വിശ്വസിക്കുകയും ആ കാരണം കൊണ്ട് വെറുക്കുകയും ചെയുന്ന നായകന് അതൊരു പ്രശ്നമേ അല്ല. അപ്പോള്‍ അയാള്‍ ഓടുന്നത് തടി കുറയ്ക്കാനാണോ? പിന്നെ ആദ്യം പിടിക്കപ്പെടുന്ന ആള്‍ പ്രതിയും രണ്ടാമത് പിടിക്കപ്പെടുന്ന ആള്‍ വേറെ എന്തോന്നോയും ആകുന്ന നിയമ വശം എനിക്കൊന്നു പറഞ്ഞു തരണേ സത്യമായും അറിയാത്തത് കൊണ്ടാണ്.ഫ്രിഡ്ജും,കാശു കെട്ടുകളായി കൈമാറുന്നതും ഒക്കെ മഹാ ബോര്‍ ആണെന്ന് പറഞ്ഞല്ലോ. ഒരൊറ്റ സംശയം കൂടി ഇങ്ങനെ ഒരാള്‍ക്ക് ഭരതന്‍ പിള്ളയുടെ വീടിലെ സാധനം പുറത്തു കൊണ്ട് വരാനും തിരിച്ചു വയ്ക്കാനും പറ്റുമെങ്കില്‍ പിന്നെ വേണുവിനും ഇത് പോലെ ഒരു ക്യാമറ അവിടെ കേറ്റിയാല്‍ പോരെ ? ഇത്രയും കഷ്ട്ടപ്പെടാണോ ?

ചെലവ് ചുരുക്കാന്‍ വേണ്ടി ആകണം ഈ ചിത്രത്തില്‍ അഭിനയിക്കുന്ന ആര്‍ക്കും യാതൊരു വിധ കുടുംബബന്ധങ്ങളും ഇല്ല.സാധാരണ ലാലേട്ടന്‍ ചിത്രങ്ങളില്‍ അച്ഛന്‍,അമ്മ,ചേച്ചി ചേച്ചിയുടെ മകള്‍,മകളുടെ കൂട്ടുകാരി,അയല്‍ക്കാരന്‍,അയല്‍ക്കാരന്‍റെ മക്കള്‍ , അയല്‍ക്കാരന്‍റെ ഭാര്യയുടെ അനിയത്തി അങ്ങനെ ഒരു പട കാണാറുള്ളതാണ്

ചുരുക്കത്തില്‍ ...

എന്തോന്ന് ചുരുക്കം അനിയാ.ഈ പടം കഴിഞ്ഞപ്പോള്‍ ശ്രീനിക്കാകെ ഒരു താത്വിക മൂഡ്‌.തദവസരത്തില്‍ അദേഹത്തിന്‍റെ ഒരു ഡയഗോള്‍ എനിക്കങ്ങു ബോധിച്ചു.സംഗതി ഇപ്രകാരം "ഈ കാസനോവ എന്ന ചിത്രം ഒരര്‍ഥത്തില്‍ ലാലിന്‍റെ ഭാഗ്യമാണ്. അത് സഹിച്ച ആര്‍ക്കും പിന്നെ ഇങ്ങേരുടെ ഏതു കൂതറ പടം കണ്ടാലും ഇത്രയേ ഉള്ളല്ലോ എന്ന് തോന്നിപ്പോകും "!!! സത്യം അനിയാ സത്യം














30 comments:

  1. തപ്പാനയെക്കാള്‍ സ്റാര്സും ചെലവും കുറവാണ് ഈ പടം , മിലാന്‍ ജലീലിനു കൈനഷ്ടം വരില്ല , കണ്ടെയിനരില്‍ വന്ന കാശ് കാണുമായിരിക്കും ഇങ്ങിനെ റിസ്ക്‌ എടുക്കാന്‍, ഏതായാലും ഈ പടം സ്പിരിടിനെക്കാള്‍ കളക്റ്റ് ചെയ്യും അത്രയും ബോറല്ല , സെക്കണ്ട് ഹാഫ് എങ്ങിനെ എടുക്കണം എങ്ങിനെ എഴുതണം എന്നതാണ് ഇപ്പോള്‍ മലയാളത്തില്‍ പ്രശ്നം ,എല്ലാ പടവും ഇന്റര്‍വെല്‍ വരെ കാണാം അതിനു ശേഷം ഞെരിപിരികൊള്ളും, ഇതും അങ്ങിനെ തന്നെ, പ്രതാപ ചന്ദ്രനും അഭിലാഷേം പോലെ ഒന്നുമല്ല , അമല പോള്‍ ലാലേട്ടന് ചേരും , മൂവായിരത്തി ഒന്നായി കാണും കണക്ക്, ഏതായാലും ലക്ഷ്മി റായി മാറി എന്ന് തോന്നുന്നു , മദ്യപാനികള്‍ ആര്‍ത്തു കയ്യടിക്കുന്നത് കേട്ടില്ലേ അണ്ണന്‍ കുപ്പികള്‍ തപ്പുന്നത് കാണുമ്പൊള്‍ ? അത് തന്നെ ലാലേട്ടന് വേണ്ടത് , കേരളം ഇപ്പോള്‍ മദ്യളം/ചവര്‍ അളം അല്ലെ ? മേഘ രൂപനെ പറ്റി ഒരു നല്ല വാക്ക് പറയാത്ത നിങ്ങള്‍ക്ക് ഇതൊക്കെ സഹിക്കാന്‍ എങ്ങിനെ കഴിഞ്ഞു?

    ReplyDelete
  2. Thanikkithinu divasakooliyano masakooliyano...

    ReplyDelete
    Replies
    1. അതൊക്കെ പഴയ സ്റ്റൈല്‍ അല്ലെ? ഇപ്പം മണിക്കൂറിനാ കൂലി :) Any problem?

      Delete
  3. അമലാ പോളിന്റെ സൈന്‍ ഓഫിനെക്കുറിച്ചുള്ള ആ ചോദ്യം പ്രസക്തമാണോ ?അല്ല എന്ന് എനിക്ക് തോന്നുന്നു .കാരണങ്ങള്‍ ബുള്ളറ്റ് പോയന്റുകള്‍ ആക്കി പറയുന്നതില്‍ പ്രശ്നമില്ല എന്ന് കരുതുന്നു .
    അമലാ പോള്‍ സൈന്‍ ഓഫ്‌ ചെയ്താലും ഇല്ലെങ്കിലും വില്ലന്മാരുടെ പ്ലാനിന് വലിയ പ്രശനമോന്നും ഉണ്ടാകില്ല .കാരണം അവരുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടും നേടിയെടുക്കുകയാണല്ലോ അവരുടെ പ്രധാന ഉദ്ദേശം . അതിന് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരും ഫോട്ടോയും വെച്ച് ടെലിക്കാസ്റ്റ് ചെയ്യുന്ന ന്യൂസും , ആ വീഡിയോ ക്ലിപ്പ് ചാനലിലേക്ക് അപ്പ്‌ലോഡ് ചെയ്ത ഐ പിയും മാത്രം പോരെ .സംപ്രേക്ഷണം ചെയ്ത ക്ലിപ്പിന്റെ വിശ്വാസ്യത പോകുന്നതിനോപ്പം തന്നെ പഴയ ക്ലിപ്പിന്റെ (ആദ്യം വില്ലന്മാര്‍ക്ക് പ്രശനം ഉണ്ടാക്കുന്ന ക്ലിപ്പിന്റെ വിശ്വാസ്യതയും നഷ്ട്ടപ്പെടില്ലേ ?). ബാക്കിയൊക്കെ പിന്നീട് തെളിയിക്കേണ്ട കാര്യങ്ങള്‍ അല്ലേ ?അപ്പോഴേക്കും സായികുമാര്‍ മുഖ്യമന്ത്രി ആയിട്ടുണ്ടാകും . മോഹന്‍ലാലും അമലാ പോളും അതുവരെ കുടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വില്ലന്മാര്‍ ശ്രമിക്കുന്നതുമുണ്ട് ഇനി അമലാ പോളിന്റെ കഥാപാത്രത്തിനെയും കൂടി കുടുക്കുക എന്ന വാശി വില്ലന്മാര്‍ക്ക് ഉണ്ടെന്ന് ഊഹിച്ചാല്‍ അമലാ പോളിന്റെ കഥാപാത്രം ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന ഒരാള്‍ , അമലയുടെ പേരോ സൈന്‍ ഓഫോ ഒന്നും ന്യൂസില്‍ പാടില്ല എന്ന കണ്ടീഷന്‍ മോഹന്‍ലാല്‍ പറയുന്ന സീനില്‍ ഉണ്ട് .അയാള്‍ വില്ലന്മാരുടെ ആളാണ് താനും . അമലയുടെ കഥാപാത്രത്തിന്റെ ഇന്വോള്‍മെന്റ് അയാള്‍ വാര്‍ത്ത ഷൂട്ട്‌ ചെയ്യുന്നതിന് മുന്‍പും ,അതിന് ശേഷവും ഉറപ്പാക്കിയതാവം .പിന്നെ സംഭവം നടന്നു എന്ന് പറയപ്പെടുന്ന ക്ലബ് ഹൌസിനടുത്ത് ചാനലിന്റെ വാനും , മോഹന്‍ലാലും ,അമലയും ഒരുമിച്ചു ചെല്ലുകയും , ആളുകള്‍ അവരെ കാണുകയും ചെയ്യുന്നുണ്ട് . പല വാര്‍ത്തകള്‍ ഇങ്ങനെ രഹസ്യമായി ചിത്രീകരിക്കുന്ന സമയത്തും അവര്‍ തമ്മില്‍ ഫോണില്‍ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നത്‌ സിനിമയില്‍ പലയിടത്തും കാണിക്കുന്നുണ്ട് . ഇത് തികച്ചും ഹൈപ്പോത്തെറ്റിക്കല്‍ ആയിട്ടുള്ള ഒരു ലോജിക് ആണേ . അമലയുടെ ഇന്വോള്‍വ്മെന്റ് ആ വാര്‍ത്തയില്‍ വേണം എന്ന് വില്ലന്മാര്‍ക്ക് വാശി ഉണ്ടെന്ന് സിനിമയില്‍ ഒരിടത്തും പറയാത്ത സ്ഥിതിക്കും (പ്രതികാരത്തിനല്ല ഇതൊക്കെ ചെയ്തത് എന്ന് വില്ലന്മാര്‍ തന്നെ പറയുന്നുണ്ട് ), വില്ലന്മാരുടെ ഉദ്ദേശം നടക്കാന്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ മാത്രം ഇന്വോള്‍വ്ഡ് ആയാല്‍ മതിയെന്നുമിരിക്കെ, അതിനുള്ള തെളിവുകള്‍ ഒക്കെ ഫ്രേം ചെയ്യുന്നതില്‍ വില്ലന്മാര്‍ വിജയിക്കുന്നുണ്ട് . അങ്ങനെ അമലയുടെ ഇന്വോള്‍വ്മെന്റ് ഉണ്ടായാലും ഇല്ലെങ്കിലും അവര്‍ക്കെതിരെ പണ്ട് ഉണ്ടായ ഒരു തെളിവിന്റെ വിശ്വാസ്യത ചോദ്യം ചെയ്യിക്കാന്‍ വില്ലന്മാര്‍ക്ക് കഴിയുകയും ചെയ്യും . അതുകൊണ്ടാണ് അമലയുടെ സൈന്‍ ഓഫിനെക്കുറിച്ചുള്ള പ്രേക്ഷകന്റെ ഹൈപ്പോത്തെറ്റിക്കല്‍ ചോദ്യത്തിന് എന്റെ ഭയങ്കര ബുദ്ധി ഉപയോഗിച്ച് ഹൈപ്പോത്തെറ്റിക്കല്‍ ലോജിക് പറഞ്ഞത് :)

    ആ സീനില്‍ ഹോട്ടലില്‍ മോഹന്‍ലാലിനെയും ,അമലാ പോളിനെയും നാട്ടുകാര്‍ ആദ്യം അഭിനന്ദിക്കുകയും പിന്നെ പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്ന സീന്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നത് മാത്രമാണ് എനിക്ക് തോന്നിയ ഒരു പ്രശനം . സിനിമയില്‍ കാണിച്ചിരിക്കുന്നത് പോലെയല്ലാതെ അമലാ പോള്‍ ഹോട്ടലില്‍ കയറിയ ശേഷം അമലയുടെ കഥാപാത്രത്തെ പുറത്തു നിന്ന് നിരീക്ഷിക്കുകയും , അവരെ ഫോളോ ചെയ്ത് ഹോട്ടലില്‍ കയറുകയും ചെയ്യുന്നവരായി ഈ നാട്ടുകാരെ കാണിച്ചിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു എന്ന് എനിക്ക് തോന്നി .

    ചുരുക്കത്തില്‍ റണ്‍ ബേബി റണ്‍ ഭയങ്കര ഇന്റെലിജെന്റ് ആയ സ്ക്രിപ്റ്റ് ഒന്നുമുള്ള സിനിമയല്ല .പക്ഷേ കണ്ടിരിക്കുന്നവരെ മണ്ടന്മാര്‍ ആക്കുന്ന തരത്തിലെ സ്ക്രിപ്റ്റും അല്ല ഈ സിനിമയുടേതു . ഒരു ഫണ്‍ എന്റര്‍ടെയ്നർ. അത്രയേ ഉള്ളു ഈ സിനിമ .പരസ്യത്തിലും പ്രമോകളിലും ഒക്കെ കണ്ട കാര്യങ്ങള്‍ വെച്ച് ഞാന്‍ അത്രയേ ഈ സിനിമയില്‍ നിന്നും പ്രതീക്ഷിച്ചുള്ളൂ എന്നതായിരിക്കണം എന്റെ ഇഷ്ടത്തിന് കാരണം :)

    ReplyDelete
    Replies
    1. ഈ സിനിമ ഇഷ്ട്ടപെടരുത് എന്നോ ഇതു ഭയങ്കര സാമൂഹ്യ വിപത്താണ് എന്നോ ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല .എനികിഷ്ട്ടപെട്ടില്ല അതിനാല്‍ ആരും ഇഷ്ട്ടപെടരുത് എന്ന് ഞാന്‍ പറഞ്ഞാല്‍ പിന്നെ ഈ ആരാധിക്കപ്പെടുന്ന ലാല്‍ കഥാപത്രങ്ങളും ഞാനും തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല,പല വട്ടം പറഞ്ഞതാണ്‌ എനിക്കിഷ്ട്ടം ആയില്ല കാരണം മേല്‍പ്പറഞ്ഞത്‌ ആണ് .താങ്കള്‍ക്ക് ആയെങ്കില്‍ സന്തോഷം .ആര്‍ക്കെങ്കിലും ഒക്കെ കാശു മുതലാകട്ടെ .

      മോഹന്‍ലാലിന്‍റെ പേര് വെച്ച് ടെലികാസ്റ്റ് ചെയ്യുന്നത് ചാനല്‍ ആണ് .അത് അവര്‍ക്ക് വെറുതെയും ചെയ്യാമല്ലോ.പ്രസ്തുത ഹോട്ടലില്‍ മുന്നില്‍ ഇവര്‍ നിര്‍ത്തുമെന്നും ടി വി കാണാന്‍ ലാല്‍ അകത്തു വരും എന്ന് അറിവുള്ളത് പോലെയാണ് സംഘം അവിടെ കാത്തിരിക്കുന്നത് .അകത്തേക്ക് വരരുത് എന്ന് പറയുന്ന അമല പോള്‍ അത് കേള്‍ക്കാതെ സൈന്‍ ഓഫ്‌ പറയുന്ന തന്‍റെ മുഖം ഒന്ന് കാണാനായി പുറകെ വരും എന്നും അവര്‍ക്കറിയാം .സൈന്‍ ഓഫ്‌ പറയും എന്ന് ഉറപ്പാണല്ലോ .പിന്നെ ഉടനെ നടക്കുന്ന സംഭവങ്ങള്‍ , പൊതു ജനം ഇടപെടല്‍ വണ്ടി കത്തിക്കല്‍ ഒറിജിനല്‍ ക്ലിപ്സ് നഷ്ട്ടപെടല്‍ ഇതെല്ലാം മേല്പറഞ്ഞ സംഭവങ്ങളുടെ തുടര്‍ച്ചയാണ് .സൈന്‍ ഓഫ്‌ പറയാതിരുന്നാല്‍ പിന്നെ ഇവരുടെ പങ്കാളിത്വം തീരുമാനിക്കാന്‍ സമയമെടുക്കും.നേരിട്ടുള്ള തെളിവുകള്‍ ഇല്ല എന്നര്‍ഥം. (ജനരോഷം ഇളകുന്നത് എപ്പോളും നേരിട്ടുള്ള തെളിവുകള്‍ കൊണ്ടാണ് .ഐസ്ക്രീം കേസ് ആണ് ഏറ്റവും വലിയ ഉദാഹരണം . ആ പെണ്‍കുട്ടി ചാനലില്‍ നേരിട്ട് വന്നു പറയുന്നതിന്‍റെ നൂറിലൊന്നു ഇഫക്റ്റ് പൊതു ജനങ്ങള്‍ക്കിടയില്‍ വേറെ എന്ത് നിയമനടപടിയിലൂടെയും ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല)

      പിന്നെ കണ്ടവനോക്കെ കേറി ചാനല്‍ലേക്ക് അപ്‌ലോഡ്‌ ചെയ്താല്‍ പിന്നെ കൊള്ളാമല്ലോ എന്നാണ് ഒരു സാധാരണക്കാരനായ നിയമം അറിയാത്ത ഒരു സാധാരണക്കാരനായ എനിക്ക് തോന്നുന്നത് .ഈ ബ്ലോഗില്‍ എന്‍റെ പാസ്സ്‌വേര്‍ഡ്‌ മോഷ്ട്ടിച്ചു ഒരാള്‍ കേറി മലയാള സിനിമ താരങ്ങളെ പറ്റി ശുദ്ധ അസഭ്യം പോസ്റ്റ്‌ ചെയ്താല്‍ അതിനു സമധാനം പറയേണ്ടി വരിക ഞാന്‍ തന്നെ അല്ലെ?

      വില്ലന്മാരെ ഏറ്റവും ബാലിശമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് തോന്നിയത് .passenger എന്നാ സിനിമയില്‍ പോലും (പുതുമുഖം) കൊണ്ടുവരാന്‍ കഴിഞ്ഞ ഇനി എന്ത് സംഭവിക്കും എന്നൊരു പിരിമുറുക്കം കഥാപാത്രങ്ങള്‍ക്കോ നമുക്കോ ഉണ്ടാക്കാന്‍ കഴിയുന്നതായി തോന്നുന്നില്ല ആദ്യം പിടിക്കപ്പെടുന്ന ആള്‍ പ്രതിയാകുന്നത് കൊണ്ട് കുറെ സമയം അവിടെയും എനിക്ക് ആസ്വദിക്കാന്‍ പറ്റി.നന്ദിയുണ്ട് പ്രിന്‍സി ഒരായിരം നന്ദി !!!

      അതൊക്കെ അവിടെ നില്‍ക്കട്ടെ . ഇത്തരം ചിത്രങ്ങള്‍ ആസ്വദിക്കുന്നവര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഇനിയും ഇത്തരം ചിത്രങ്ങള്‍ വരും .നിങളുടെ ഒക്കെ സമയം . അല്ല എന്നെ പോലെ ഇത്തരം സിനിമകള്‍ ഇഷ്ട്ടപെടാത്തവര്‍ ആണ് കൂടുതല്‍ എങ്കില്‍ ഇത്തരം സിനിമകള്‍ കാലക്രമേണെ കുറയും.രണ്ടായാലും അവനവന്‍റെ ഇഷ്ട്ടങ്ങള്‍ അവനവന്‍റെതു തന്നെ ആയി നില്‍ക്കട്ടെ.

      നമുക്കിങ്ങനെ സംസാരിക്കേണ്ടി വരുന്നത് തന്നെ തിരകഥക്രിത്തിന്‍റെ പരാജയമായാണ് എനിക്ക് തോന്നുന്നത് .ലാലിന്‍റെ തന്നെ നല്ല ചിത്രങ്ങള്‍ മണിച്ചിത്രത്താഴു വരെ ഉള്ള ഒരുമാതിരി മിക്ക നല്ല ചിത്രങ്ങളിലും എങ്ങനെ ഒരു സംസാരത്തിനു പോലും സ്കോപ്പ് ഇല്ല എന്നതല്ലേ സത്യം ?

      Delete
  4. ആ നാട്ടുകാര്‍ അല്ലെങ്കില്‍ വില്ലന്മാരുടെ ആളുകള്‍ അവിടെ കാത്തിരിക്കുന്നത് കല്ലുകടി തന്നെയാണ് . അത് ഞാന്‍ സൂചിപ്പിച്ചല്ലോ.പിന്നെ ആരെങ്കിലും അല്ലെല്ലോ , ചാനല്‍ അധികാരപ്പെടുത്തിയ ആള്‍ തന്നെയല്ലേ വീഡിയോ അപ്പ്‌ലോഡ് ചെയുന്നത് ? അവരുടെ സമ്മത പ്രകാരം ചെയ്ത ഒരു കാര്യം തന്നെ. പക്ഷെ അത് ബ്രേക്കിംഗ് ന്യൂസ് ആണ് എന്ന് അല്ലാതെ എന്താണ് എന്ന് ചാനലിനു അറിയില്ലായിരുന്നു എന്നും , അത് കള്ളമാണ് എന്നത് മറ്റുള്ളവരോടോപ്പമാണ് താനും അറിയുന്നത് എന്നരീതിയില്‍ ചാനലിന്റെ സി ഓ ഓ മോഹന്‍ലാല്‍ ,അമലാ പോള്‍ എന്നിവരെ തള്ളി പറയുന്നതും ഉണ്ട് . ആ ഹോട്ടല്‍ സീന്‍ ഒന്ന് കൂടെ നന്നായി ചെയ്തിരുന്നെങ്കില്‍ ഒരു ഫിനിഷ് വരുമായിരുന്നു എന്ന് മാത്രം

    പിന്നെ ആദ്യം പിടിക്കപ്പെടുന്നയാളുടെ കാര്യം പറയുന്നത് മണിലാല്‍ എന്ന കഥാപാത്രമാണ് .ടെക്ക്നിക്കലി അത് ശരിയായ ഉപദേശം ആകാന്‍ സാധ്യത കുറവാണ് :)
    പിന്നെ ഇങ്ങനെ സംസാരിക്കുന്നത് നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം . നല്ലതോ ചീത്തയോ , സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ വരുമ്പോള്‍ കാണികള്‍ അതില്‍ കൂടുതല്‍ ഇന്വോള്‍വ്ഡ് ആകുകയല്ലേ ? ജസ്റ്റ്‌ കണ്ടിരിക്കാവുന്ന ഫണ്‍ സിനിമയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കുന്നത്‌ വളരെ നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത്

    ReplyDelete
    Replies
    1. പ്രേക്ഷകന്‍ അറസ്റ്റില്‍ ....

      ചൂടുള്ള വാര്‍ത്ത‍ !! ബൂലോകത്തെ യുനിവേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകനെ ഇന്നലെ കഴകൂട്ടം പോലീസെ അറസ്റ്റ് ചെയ്തു. ബാല്‍ക്കണി 40 എന്ന തന്‍റെ ബ്ലോഗിലൂടെ സുപ്പര്‍ താരങ്ങളായ ശ്രീ മമ്മൂട്ടി , മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെ സദാചാര വിരുദ്ധമായ വാര്‍ത്തകള്‍ /ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഭവം.ചോദ്യം ചെയ്യലിന് ഒടുവില്‍, തനിക്കു ഒരു കിടലം പോസ്റ്റ്‌ തരാമെന്ന പ്രിയ എന്ന വ്യക്തിയുടെ വാക്ക് വിശ്വസിച്ചു, നിഷ്കളകനായ പ്രേക്ഷകന്‍ തന്‍റെ ബ്ലോഗില്‍ അക്സെസ്സ് നല്‍കുകയും ആ സൗകര്യം മുതലെടുത്ത്‌ പ്രിയ തനിക്കു സുപ്പര്‍ താരങ്ങളോട് മുന്‍പുണ്ടായിരുന്ന വൈരാഗ്യം തീര്‍ക്കാനായി (കാരണം വ്യക്തമല്ല .സ്വഭാവഹത്യയാണ്‌ എപ്പോള്‍ ചാര്‍ജ് ചെയ്തിരിക്കുന്ന കുറ്റം ) പ്രസ്തുത പോസ്റ്റ്‌ പബ്ലിഷ് ചെയുകയും ആണ് ഉണ്ടായതു എന്ന ഞെട്ടിപ്പിക്കുന്ന സത്യം പ്രേക്ഷകന്‍ പോലീസിനോട് വെളിപ്പെടുത്തി .തെളിവായി വിവാദമായ അശ്ലീല പോസ്റ്റിനു ചുവട്ടില്‍ എ പോസ്റ്റ്‌ ബൈ പ്രിയ എന്ന് എഴുതിയിരിക്കുന്നത് കാണിച്ചു കൊടുത്തത് കഴിഞ്ഞതോടെ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് കഴകുട്ടം സ്റ്റേഷന്‍ സാക്ഷി ആയി . പൊട്ടിക്കരഞ്ഞു കൊണ്ട് എസ് ഐ അടക്കമുള്ള സകല പോലീസുകാരും പ്രേക്ഷകനോട് മാപ്പ് ചോദിക്കുകയും അപ്പോള്‍ തന്നെ നിരുപാധികം വിട്ടയക്കുകയും ചെയ്തു. എത്ര ദുഷ്ട്ട ബുദ്ധിയായ പ്രിയ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ ഐ ജി ഉത്തരവിട്ടു

      റണ്‍ പ്രിയാ റണ്‍ !!!!

      വെറുതെ തമാശക്ക് എഴുതിയതാണേ

      പൊന്നു സുഹൃത്തേ ഇതു ഒരു ഫണ്‍ മൂവി ആയി എനിക്ക് തോന്നിയില്ല എന്ന് പറഞ്ഞു കഴിഞ്ഞല്ലോഎന്ന് മാത്രമല്ല എന്നിക്കീ ചിത്രം താപ്പാനയുടെ മോഹന്‍ലാല്‍ വെര്‍ഷന്‍ അല്ലാതെ മറ്റൊന്നുമായി തോന്നിയില്ല (ഒന്നില്‍ മമ്മൂട്ടി ക്ക് കൊഞ്ഞ മറ്റേതില്‍ ലാലിന് ഒരു ചെവി ഇല്ല.രണ്ടിനും കഥയുമായി ഒരു ബന്ധവും ഇല്ല .ഇതു പോലെയുള്ള നൂറു കാര്യങ്ങള്‍ രണ്ടിലും പോതുവായുണ്ട് എന്ന് ഞാന്‍ കരുതുന്നു ).ഇതിനെ കുറിച്ച് ഇങ്ങനെ അനന്തമായി തര്‍ക്കിക്കുന്നതില്‍ കാര്യമില്ല .താങ്കള്‍ക്ക് ചിത്രം ഇഷ്ട്ടപെട്ടത്‌ കൊണ്ടാണ് അതിലെ ഇല്ല കാര്യങ്ങള്‍ക്കും ന്യായീകരണം കണ്ടെത്താന്‍ കഴിയുന്നത്‌ എന്ന് തോന്നുന്നു (ആകാം അല്ലായിരിക്കാം) . എനിക്ക് ഈ ലോകത്തെ ഏറ്റവും മിടുക്കനായ ലാലിനെയും ഏറ്റവും സുന്ദരനായ മമ്മൂട്ടിയെയും കണ്ടു മടുത്തു. (അതും ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ ഒരുത്തനെയും അംഗീകരിക്കാത്ത മലയാളി തുടക്കം മുതല്‍ വാഴ്ത്തി പാടുന്ന മിടുക്കനും സുന്ദരനും ) .താങ്കളുടെ ഈ അഭിപ്രയങ്ങളെല്ലാം തങ്ങളുടെ ബ്ലോഗില്‍ ഞാന്‍ വായിച്ചതാണ് . ചെറിയ ചില ന്യുനതകള്‍ ഒഴിച്ചാല്‍ താങ്കള്‍ക്ക് ഈ ചിത്രം രസിച്ചു എന്നാണ് ഞാന്‍ മനസിലാക്കുനത് . അതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളു എന്ന മറുപടിയും ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ .വിട്ടു കളയെന്നേ !!!

      Delete
  5. തമാശയാണെങ്കിലും അതിലൊരു കാര്യമുണ്ട് . പ്രേക്ഷകന്റെ സ്ക്രിപ്റ്റില്‍ പേര് വരുകയും , പോസ്റ്റ്‌ അപ്പ്‌ലോഡ് ചെയുകയും ചെയ്ത പ്രിയയെ വിട്ടിട്ട് പ്രേക്ഷകനെ അറസ്റ്റ് ചെയ്ത പോലീസ് അല്ലെ ? പ്രേക്ഷകന്‍ സൈന്‍ ഓഫ്‌ പറഞ്ഞതുമില്ല :) സച്ചിയുടെ സ്ക്രിപ്റ്റില്‍ ആ ലോജിക് ഇല്ല .കുറച്ച കൂടി സ്ട്രെയിറ്റ് ആണ് കാര്യങ്ങള്‍ .മോഹന്‍ലാലിന്റെ പേര്, വീഡിയോ മോഹന്‍ലാല്‍ അപ്പ്‌ലോഡ് ചെയ്യുന്നു . സൈന്‍ ഓഫ്‌ പറഞ്ഞത് കൊണ്ട് കൊണ്ട് അമലാ പോളും അക്യൂസ്ഡ് ആകുന്നു . അത് കൂടുതല്‍ ലോജിക്കല്‍ അല്ലെ ? :)

    പിന്നെ മലയാളി അംഗീകരിക്കാത്തത് അവരുടെ അതെ ലെവലില്‍ ഉള്ള ആളുകളെയാണ്. വിദേശത്തു നിന്ന് ഡിഗ്രീ ,പി എച്ച് ഡി , അവാര്‍ഡുകള്‍ ഇതൊക്കെ കിട്ടുന്ന ആളുകളെ നമുക്ക് ഭയങ്കര റെസ്പെക്ക്റ്റ് അല്ലെ ? :) :)

    ReplyDelete
    Replies
    1. ദേ പിന്നെയും .. ഈ കൊച്ചിന് പറഞ്ഞാല്‍ മനസിലാവില്ലേ ? :)

      മോഹന്‍ലാലിന്റെ പേര് (കൊടുക്കുന്നത് ചാനല്‍),വീഡിയോ മോഹന്‍ലാല്‍ അപ്പ്‌ലോഡ് ചെയ്യുന്നു (എന്നാരു പറഞ്ഞു? വണ്ടി ചാനല്‍ വക.‌)

      എന്തായാലും ഞാന്‍ സൈന്‍ ഓഫ്‌ പറയാത്തത് ബുദ്ധിയായി .ഇല്ലേല്‍ കഴകൂട്ടത് കിടന്നു ഉണ്ട തിന്നേണ്ടി വന്നേനെ !!!:)

      Delete
  6. (ലാലിന്‍റെ തന്നെ നല്ല ചിത്രങ്ങള്‍ മണിച്ചിത്രത്താഴു വരെ ഉള്ള ഒരുമാതിരി മിക്ക നല്ല ചിത്രങ്ങളിലും എങ്ങനെ ഒരു സംസാരത്തിനു പോലും സ്കോപ്പ് ഇല്ല എന്നതല്ലേ സത്യം)
    ചേട്ടന്‍ മണിച്ചിത്രത്താഴ് റിവ്യൂ ഇപ്പള്‍ എഴുതിയാല്‍....

    )ലോകത്തെ മൂന്നാമത്തെ മനോരോഗ വിദഗ്ദന്‍...
    )ആ വീട്ടില്‍ വീണ്ടും താമസിക്കുന്നതിലെ യുക്തി...
    )76km സൈക്ലില്‍ പോകുന്നതിലെ യുക്തി / സൈക്ലില്‍ പോകുമ്പോള്‍ പട്ടു പടുന്നതിലെ യുക്തി...
    )സുധീഷിനോട് കിണ്ടി എന്ന് അസഭ്യം പറയുന്നത്

    ഇതയിരിക്കില്ലേ വിഷയം പ്ലീസ് ദയവു ചെയ്തു അതിനെ വിട്ടുകള...

    ReplyDelete
    Replies
    1. സുഹൃത്തേ സിനിമ ഇഷ്ടപ്പെടാതെ ആകുമ്പോള്‍ ആണ് നമ്മള്‍ അതില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്നത് .ഉദാഹരണമായി നരന്‍ എന്ന സിനിമയില്‍ ആ കാലത്തുള്ള ഏതൊരു മോഹന്‍ലാല്‍ ചിത്രത്തിലും ഉള്ളത് പോലെ മോഹന്‍ലാലിനു തടിയുണ്ട് അത് കൂടുതല്‍ പ്രകടമാണ് താനും.എന്നിട്ടും എന്തേ ആരും ആ ചിത്രത്തില്‍ മോഹന്‍ലാലിനെ തടിയനായി തോന്നുന്നു എന്ന് പറയാതെ .(ഇപ്പോള്‍ കണ്ടാലും നമുക്ക് തോന്നില്ല എന്നതാണ് സത്യം ) അതിനു കാരണം സിനിമ നുമുക്ക് ഇഷ്ട്ടപെടുന്നത് കൊണ്ടാണ്

      ലോകത്തിലെ മൂന്നാമത്തെ ... എന്നതും കിണ്ടി : എന്ന ദ്വയാര്‍ഥ പ്രയോഗവും ലാല്‍ ചിത്രങ്ങളില്‍ ഈ ചിത്രത്തില്‍ ആണെന്ന് തോന്നുന്നു ആദ്യമായി ഉപയോഗിക്കുന്നത് .പിന്നെടല്ലേ അത് എടുത്തു അലക്കി നശിപ്പിച്ചേ

      Delete
  7. സത്യത്തില്‍ താങ്കള്‍ എന്താണ് ഇവിടെ പറയാന്‍ ഉദ്ദേശിച്ചതെന്നു മനസിലായില്ല???

    ReplyDelete
    Replies
    1. സാദിഖ്‌,പോസ്റ്റില്‍ പറയാന്‍ ഉദ്ദേ ശിച്ചതാണോ മുകളിലത്തെ കമന്റില്‍ പറഞ്ഞതാണോ മനസിലാകാത്തെ ?
      പോസ്റ്റില്‍ ആണെങ്കില്‍ : ഈ സിനിമ തികച്ചും ബോറും കാണികളെ കളിയാക്കുനതും ആണ് എന്നാണു .
      താഴത്തെ കമന്റ്‌ ആന്നെങ്കില്‍ മണി ചിത്ര ത്താഴ് എന്നാ സിനിമയില്‍ ഒരു വട്ടന്‍ എന്നാ നിലയില്‍ നിന്നും ഇയാളെ കുറച്ചു കൂടി ഗൌരവമായി കാണാന്‍ തിലകന്‍ പറയുന്ന വിശേഷണങ്ങള്‍ സഹായിക്കുന്നു . ആ വീട്ടുകാരുടെ പിന്തുണ ഇല്ലാതെ അവസാന രംഗങള്‍ ചെയ്യാന്‍ പറ്റില്ല എന്നിരികെ അത്തരം ഒരു ബില്‍ഡ് അപ്പ്‌ ആ കഥാപാത്രത്തിനു അത്യാവശ്യമാണ് .അതാണ് പില്‍ക്കാലത്ത് ദുരുപയോഗപ്പെടുതപെട്ടത്‌ .കിണ്ടി എന്ന ദ്വയാര്‍ഥ പ്രയോഗം ഒരു നല്ല സിനിമയില്‍ ഒഴിവാക്കാമായിരുന്ന ഒന്നായിരുന്നു എന്ന് എഴുതാന്‍ എനിക്ക് ഒരു മടിയും ഇല്ല. അതുള്ളത്‌ കൊണ്ട് മാത്രം പ്രസ്തുത ചിത്രം നല്ലതല്ലാതെ ആകുന്നില്ല എന്ന് മാത്രം

      Delete
    2. പോസ്റ്റില്‍ പറഞ്ഞതാണ് മനസിലവാതിരുന്നത്..ഇപ്പോള്‍ OK...അത്ര വലിയ മഹാ സംഭവമൊന്നുമല്ലെങ്കിലും തരക്കേടില്ല എന്ന് പറയാം അത്രമാത്രം

      Delete
  8. ഒറ്റവാക്കില്‍ പറഞ്ഞാല്‍
    ഈ ഓണത്തിന് ഇറങ്ങിയ സിനിമകളില്‍ കണ്ടിരിക്കാം.അത്ര മാത്രം .

    ReplyDelete
    Replies
    1. യൂണിവേര്‍സല്‍ അനോണിSeptember 1, 2012 at 5:47 PM

      അല്ലാതെ തനിക്ക് എന്ത് ചെയ്യണം ? കേറി അഭിനയിക്കണോ? ഒന്നു പോ ഉവ്വ!!

      Delete
    2. തീര്‍ച്ചയായും സാദിക് ,കണ്ടിരിക്കാം നിങ്ങള്‍ ഒരു മമ്മൂട്ടി ആരാധകന്‍ ആണെങ്കില്‍ (മാത്രം ) തപ്പാന ആസ്വദിക്കാം ലാലാ ആരാധകന്‍ ആണെങ്കില്‍ (മാത്രം) റണ്‍ ബേബി നിങ്ങള്ക്ക് ഒരു ഫണ്‍ മൂവി ആയേക്കാം അല്ല ദിലീപ് ആണ് നിങ്ങളുടെ ആരാധനാ പത്രം എങ്കില്‍ മി മരുമകന്‍ നിങ്ങളെ ആനന്ദ പുളകിതര്‍ ആക്കിയേക്കാം പ്രിത്വിരാജ് ആരാധകന്‍ ആണെങ്കില്‍ (മാത്രം,മാത്രം ) സിംഹാസനം നിങ്ങളെ കോള്‍മയിര്‍ കൊള്ളിച്ചു എന്നിരിക്കാം .

      ചുരുക്കത്തില്‍ പറഞ്ഞാല്‍ സൈനേഡു കഴിക്കണോ,ട്രെയിനിനു തലവൈക്കണോ ,നൂറാം നിലയില്‍ നിന്ന് ചാടണോ, അതോ ഞരമ്പ്‌ മുറിക്കണോ എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്രയം ഈ ഓണക്കാലത്ത് ഒരു മലയാള സിനിമ പ്രേക്ഷകന്‍ എന്ന നിലയക്ക്‌ നിങ്ങള്‍ക്കുണ്ട്‌ .അല്ലെങ്ങില്‍ പിന്നെ എന്തോന്ന് ജനാധിപത്യം ???

      Delete
    3. ഞാന്‍ ആരുടേയും കടുത്ത ആരാധകനല്ല എല്ലാവരുടെയും നല്ല സിനിമകള്‍ മാത്രം പ്രോത്സാഹിപ്പിക്കും..
      തപ്പാന്‍ കണ്ടു തീരെ സഹിച്ചില്ല...(രാജമാണിക്ക്യം ഹിറ്റായതാണ് നമ്മള്‍ മമ്മൂക്കയുടെ വായക്കൊണ്ടുള്ള
      കോപ്രായം സഹിക്കേണ്ടി വന്നത്) തമ്മില്‍ ബേദം തൊമ്മന്‍ എന്നനിലക്ക്‌ RUN BABY RUN കൊള്ളാം പക്ഷെ നായകനെ ഇങ്ങനെ പുകഴ്ത്തുന്നത് International connection അണ്‍ സഹിക്കബിള്‍...

      Delete
  9. പ്രേക്ഷകന്‍ പറഞ്ഞത് ശരി തന്നെ താപ്പാനയും റണ്‍ ബേബി റണ്‍ നും ഏതാണ്ട് ഒരേ കഥ തന്നെ, അവിടെ ചാര്‍മി ഇവിടെ അമല പോള്‍, അതുപോലെ നായകനെ പൊക്കല്‍ അസഹ്യം ആകുന്നു, സ്പിരിടിലും ഇതുണ്ട് മധു മുതല്‍ എല്ലാരും അങ്ങ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പാടി പുകഴ്ത്തുന്നു എന്നാല്‍ നമ്മള്‍ കാണുന്ന പരിപാടിയോ ജീ എസ് പ്രദീപിന്റെ വികൃതമായ ഒരു അനുകരണം, ലെന പോലും ലാലേട്ടന്റെ വിഡ്ഢി ചോദ്യങ്ങള്‍ കേട്ട് മിണ്ടാതിരിക്കുന്നു, ലെനയില്‍ ലെസ്ബിയന്‍ അക്യൂസ് ചെയ്തിട്ടും അവള്‍ക്കു ഒരു പ്രതികരണവും ഇല്ല , കാരണം അപ്പുറത്ത് ഇരിക്കുന്നത് ലാലേട്ടന്‍ , ഇതുപോലെ ഡയലോഗില്‍ സൂപ്പറുകള്‍ ഇടപെട്ടത് കൊണ്ടാണ് മമ്മൂട്ടി, മോഹന്‍ ലാല്‍ ചിത്രങ്ങള്‍ അസഹ്യം ആകുന്നത് , നായകനെ വാനോളം പൊക്കിയാല്‍ അതനുസരിച്ചുള്ള പ്രതിഭ ആ കഥാ പാത്രത്തില്‍ കാണണം

    ഇതങ്ങിനെ അല്ല ആന്റണി പെരുമ്പാവൂര്‍ തിരക്കഥ വായിച്ചു ഈ ഡയലോഗ് മാറ്റ് അത് ലാലെട്ടനോടു പറ്റില്ല ഇത് പാടില്ല എന്ന് പറയും ദയലോഗ് വെട്ടും

    മമ്മൂട്ടിക്ക് ആണ് ഈ അസുഖം ആദ്യം തുടങ്ങിയത് , താപ്പനയില്‍ ഒരടി പോലും പുള്ളി കൊള്ളുന്നില്ല കാല്‍ പൊക്കുന്നു ആള്‍ക്കാര്‍ മൂന്നും നാലും ഡൈവ് അടിച്ചു പറക്കുന്നു സെയിം സ്ടുന്റ്റ് ആണ് ഉടനീളം

    മണി ചിത്ര താഴിലെ കിണ്ടി ഒക്കെ ചെറിയ ഒരു സ്ഥലത്ത് മാത്രം ഉപയോഗിക്കുന്ന സ്ലാംഗ് ആണ് , അത് സിദ്ദിഖ് ലാലിന്റെ സംഭാവന ആണ് , അതിലെ കോമഡി അവരാണ് ചെയ്തത് എനിക്ക് ആദ്യം കണ്ടപ്പോള്‍ അതിന്റെ അര്‍ത്ഥമേ പിടി കിട്ടിയില്ല

    പിന്നെ സച്ചി സേതു ഒക്കെ അത്രയും പ്രതീക്ഷിച്ചാല്‍ പോരെ?

    ReplyDelete
    Replies
    1. സുശീലാ ..... ഞാന്‍ ഫ്ലാറ്റ് ................സത്യമായും എനിക്ക് വാക്കുകള്‍ ഇല്ല :)

      Delete
    2. ഞാന്‍ പൂര്‍ണ്ണമായും യോചികുന്നു സുശീലാ

      Delete
  10. അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ .എന്തിനും കുറ്റം പറയുന്ന ചില ആള്‍ക്കാരുണ്ട് എന്റെ നാട്ടില്‍ അവരും ചിലതൊക്കെ നല്ലതെന്ന് പറയും .ഇത് പിന്നെ എന്ത് കണ്ടാലും സ്വാഹ .ഈ സ്വഭാവം മാറ്റണം കേട്ടോ

    ReplyDelete
    Replies
    1. "ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ", സത്യമായും ഇതു തന്നെയാണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ കുറിച്ച് പറയാന്‍ ശ്രമിച്ചത്

      Delete
  11. അഹങ്കാരം കുറച്ചൊക്കെ വേണം.ഞാന്‍ ആണ് വലിയവന്‍ എന്ന നിങ്ങളുടെ ഭാവം മഹാ ബോറാണ് മാഷെ .എന്തിനും കുറ്റം പറയുന്ന ചില ആള്‍ക്കാരുണ്ട് എന്റെ നാട്ടില്‍ അവരും ചിലതൊക്കെ നല്ലതെന്ന് പറയും .ഇത് പിന്നെ എന്ത് കണ്ടാലും സ്വാഹ .ഈ സ്വഭാവം മാറ്റണം കേട്ടോ

    ReplyDelete
  12. Innale aanu ente oru frnd paranju njan ee blog vayichu todangiye. ithile writing style othiri ishtapettu, though baaky 90% aalukale pole yojikkan pattunillankilum. ethu cinemakkum kuttangal kandupidikkan venamenkil pattum athinayi matram parisramichal. pakshe ningale kuttam parayunilla. ithu ningalde blog, ningalde ezhuthu, enthu venamenkilum ezhutham. ishtamullavar vayichal mathiyallo. actually oru karyam ariyan vendi comment idunnatha.. ningalkku ethenkilum oru cinema ishtapetto?? njan vayicha review atrayum istapedatha cinemakal aanu. ishtapetta ethelum cinemakal paranjirunankil athinte review onnu vayikkanam ennu oru agraham.

    btw.. ingane oru cinemayum ishtapedunnillenkil enthinu chetta veruthe adwanichundakkiya kashum vilapetta 2 manikoorum kalayan nikkunathu.. sorry, none of my bussiness :)

    ReplyDelete
    Replies
    1. പൊതുവായി ഈ ബ്ലോഗിനെ പറ്റി ഉയരുന്ന ഒരു ആരോപണമാണിത്. പെട്ടന്ന് തപ്പിയപ്പോള്‍ കിട്ടിയ ഒരു പതിനഞ്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു .ഇവയെല്ലാം ചിത്രം ഇറങ്ങിയതിന്‍റെ അന്നോ അടുത്ത ദിവസമോ പ്രസിദ്ധീകരിക്കപെട്ടത് ആണെന്ന് ശ്രദ്ധിക്കുമല്ലോ.നല്ല ചിത്രങ്ങള്‍ പൊതുവേ കുരവ്വായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്ന് സമ്മതിക്കുമല്ലോ . ഇടയ്ക്ക് ഒരു ഇടവേള വന്നതിനാല്‍ 22 f കോട്ടയം , ഈ അടുത്ത കാലത്ത് അങ്ങനെ നല്ലത് എന്ന് തോന്നിയ ചില ചിത്രങ്ങളെ പറ്റി എഴുതാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധിക്കുമല്ലോ .

      One

      Two

      Three

      Four

      Five

      Six

      Seven

      Eight

      Nine

      Ten

      Eleven

      Twelve

      Thirteen

      Fourteen

      Fifteen

      Delete
  13. കയ്യൊപ്പ്September 3, 2012 at 9:30 AM

    ഒരു 62 കാരന്‍ ഫോട്ടോയും പിടിച്ചു റോഡിലൂടെ പാട്ടും പാടി നടക്കുന്നത് പോലെയല്ല ഈ പടം,തീര്‍ച്ചയായും ഈ പടത്തിലെ മോഹന്‍ലാലിനു കുറച്ചു കൂടി പ്രായമുള്ള ഒരു നായികയെ കാസറ്റ്‌ ചെയ്യാം ആയിരുന്നു..ശരി തന്നെ പക്ഷെ ആ ഒരു കാര്യം വെച്ച് ഈ പടത്തെ അലക്കരുത്..ഇതൊരു പക്കാ കോമഡി ത്രില്ലെര്‍ ആണ്..ഈ വര്‍ഷത്തെ മികച്ച പടങ്ങളില്‍ ഒന്ന്..തീര്‍ച്ചയായും കാണേണ്ട ഒരു പടം..തപ്പാന പൊട്ടിത്തകര്‍ന്ന നിരാശയില്‍ ആണ്കാരണം മെഗാ താരത്തിന്റെ പരാജയകഥകള്‍ അടുത്തൊന്നും തീരും എന്നും തോന്നുന്നില്ല..

    ReplyDelete
    Replies
    1. ഒരാള്‍ റോഡിലൂടെ ഫോടോയുമായി പാടി നടക്കുമ്പോള്‍ മറ്റെയാള്‍ ഗസ്റ്റ് ഹൌസില്‍ കൊണ്ടിട്ടു ഉരുട്ടി പിടിക്കുന്നു.കുഴിയില്‍ ആകാറായ ഈ കിളവന്മാരുടെ പേക്കൂത്ത് കണ്ടു അവരവരുടെ ആരാധകര്‍ നിര്‍വൃതി കൊള്ളുന്നു.ഇതല്ലേ സത്യം ?

      Delete
  14. സൂര്യന്‍September 3, 2012 at 9:31 AM

    മികച്ച ചിത്രം.. തപ്പനയും,മരുമകനും ഒന്നും ഈ ചിത്രവുമായി ഒരു താരതമ്യം പോലും അര്‍ഹിക്കുന്നില്ല..congrats ലാല്‍,ബിജു,ജോഷി..ഈ ഓണത്തിനിറങ്ങിയ എന്നല്ല,ഈ വര്ഷം ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്ന്..തീര്‍ച്ചയായും കാണുക,മോഹന്‍ലാലിനു ഈ വര്ഷം മികച്ചത് തന്നെ..തുടര്‍ച്ചയായ മൂന്നാം പടവും ഹിറ്റ് ആയതോടെ അദ്ദേഹം സേഫ് ആയി നീങ്ങുകയാണ് കാരിയറില്‍..ഒപ്പം ഉണ്ടായിരുന്ന മെഗാ സ്ടരിന്റെ കാര്യം ആണ് കഷ്ട്ടം..

    ReplyDelete
    Replies
    1. ശ്രീ മോഹന്‍ലാലിന്‍റെ ശക്തി കേന്ദ്രം അഥവാ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്ക് ഏറ്റവും കളക്ഷന്‍ കിട്ടാറുള്ള തിരുവനന്തപുരത്ത്,ഒരൊറ്റ തീയറ്റെറില്‍ റിലീസ് ചെയ്തു അറുപതു - അറുപത്തി അഞ്ചു ദിവസം വീതം നിരങ്ങി ഓടി പോയ ഗ്രാന്‍ഡ്‌ മാസ്റ്റര്‍,സ്പിര്റ്റ് (ഇതിനു ടാക്സ് ഫ്രീ വേറെ) എന്നെ ചിത്രങ്ങളെ പറ്റിയാണല്ലോ ഈ കുഴല്‍ ഊത്തു?

      പിന്നെ ഈ ചിത്രം ഒരു കോമഡി ത്രില്ലെര്‍ ആണെന്നത് ശരിയാണോ റൊമാന്റിക്‌ കോമഡി ആക്ഷന്‍ സസ്പെന്‍സ് ത്രില്ലെര്‍ എന്ന് അരയുന്നതല്ലേ ശരി ? :)

      Delete