Monday, February 13, 2012

മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി ഓ

അങ്ങനെ അങ്ങേരും പ്രായശ്ചിത്തം ചെയ്തു .......

ആരുടെ കാര്യമാ അണ്ണന്‍ തനിയെ ഇരുന്നു പിറുപിറുക്കുന്നെ?

ഓ .. നമ്മുടെ അനൂപ്‌ മേനോന്‍റെ കാര്യം പറഞ്ഞതാ. ബ്യൂട്ടിഫുള്‍ എന്ന ഒരു നല്ല ചിത്രം നമുക്ക് തന്നതിന് പ്രായശ്ചിത്തമായി ജയസൂര്യ തൊട്ടു പുറകെ കുഞ്ഞളിയന്‍ ഇറക്കിയപ്പോള്‍ അനൂപ്‌ മേനോന് വെറുതെ ഇരിക്കാന്‍ പറ്റുമോ.ദാണ്ടേ കിടക്കുന്നു അദേഹത്തിന്‍റെ പ്രായശ്ചിത്ത ചിത്രം മുല്ലശ്ശേരി മാധവന്‍കുട്ടി നേമം പി ഓ.

അതും പിടിച്ചോ? അണ്ണന്‍ രണ്ടും കല്പ്പിച്ചാണല്ലോ ?

അനിയാ,ആഴ്ചയില്‍ ഒരു മലയാള സിനിമ കാണുന്നതെ വലിയ സാഹസമായി വരുന്നു.ഈ പോക്കാണെങ്കില്‍ ജീവിതശൈലീ രോഗങ്ങളുടെ കാരണമായി മലയാള സിനിമ കാണുന്നതും ഉള്‍പ്പെടുത്താന്‍ വലിയ താമസമില്ല .ഒന്നാലോചിച്ചു നോക്കിക്കേ ഡോക്ടര്‍ നമ്മളോട് പുക വലിക്കുമോ? എത്രയെണ്ണം വലിക്കും എന്നൊക്കെ ചോദിക്കുന്ന പോലെ മലയാള സിനിമ കാണുമോ? എത്രയെണ്ണം ഒരു ആഴ്ച കാണും? കുറച്ചേ പറ്റു എന്നൊക്കെ പറയുന്ന ഒരവസ്ഥ ....

അല്ല അത് നില്‍ക്കട്ടെ ഈ സിനിമയെ പറ്റി ..

അനിയാ സംവിധാനം കുമാര്‍ നന്ദ (ഈ ബ്ലോഗില്‍ ഇടയ്ക്ക് കമന്റ്‌ ഇടാറുള്ള നന്ദകുമാര്‍ വല്ല സംഖ്യാ ശാസ്ത്രം അനുസരിച്ച് പേര് തിരിച്ചിട്ടതാണോ എന്നറിയില്ല) കഥയും അദേഹം തന്നെ. പിന്നെ തിരകഥ സംഭാഷണം എന്നിവ സ്വാതി ഭാസ്കര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത് .

ഒരു നിമിഷം സ്വാതി ഭാസ്കര്‍ ... ആ പേര് എവിടെയോ കേട്ട പോലെ ഒരു തോന്നല്‍?

ആ പേര് എഴുതി കാണിച്ചപ്പോള്‍ എനിക്കും ഇതു തന്നെയാ അനിയാ തോന്നിയേ.പടം കുറച്ചു കഴിഞ്ഞപ്പോള്‍ എന്നിക്ക് സംഗതി കത്തി . തൊട്ടു മുന്‍പ് എഴുതിയ ഉന്നം എന്ന ചിത്രത്തിന്റെ തിരകഥയും ഇദേഹം തന്നെ ആയിരുന്നു.ഈ ചിത്രം കുറച്ചു കാലം പെട്ടിയില്‍ ഇരുന്നു എന്നാണ് ഞാന്‍ കരുതുന്നത്.കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഇത്ര നിലവാരം ഉള്ള രണ്ടു ചിത്രങ്ങള്‍ ഒരുമിച്ചു പ്രദര്‍ശനത്തിന് എത്തുക എന്നൊക്കെ പറഞ്ഞാല്‍ ലാലേട്ടന്‍ പറയുന്ന പോലെ അതൊക്കെ ഒരു നിയോഗമാണ് (പിലോസപ്പി).അഭിനേതാക്കള്‍ സര്‍വശ്രീ അനൂപ്‌ മേനോന്‍,ബാല,സുരാജ് ,ഇന്നസെന്‍റ്,ഹരിശ്രീ അശോകന്‍,നന്ദു,കെ പി എസ് സി ലളിത,സോണിയ തുടങ്ങിയവരാണ് .

അപ്പോള്‍ ഈ ചിത്രത്തില്‍ നായികയില്ലേ?

അനിയാ,ഈ ചിത്രത്തിലെ നായികയുടെ വേഷം അത്യന്തം സങ്കീര്‍ണവും വിവിധ ഭാവാധികള്‍ മിനിട്ടിനു രണ്ടെണ്ണം എന്ന നിരക്കിന്നു എടുത്തു വീശേണ്ട കഥാപാത്രവുമാണ്‌ .നമ്മുടെ ഈ കാവ്യക്കോ ഭാവനക്കോ മറ്റോ ഇതൊക്കെ സ്വപനം കാണാന്‍ പറ്റുമോ ? ആയതിനാല്‍ സംവിധായന്‍ വളരെ സുചിന്തിതമായി ഇറക്കിയ നായികയാണ് മോഡലും എന്തരോ മിസ്സ്‌ ഇന്ത്യ അവാര്‍ഡ്‌ ഒക്കെ കിട്ടിയ സൊനാല്‍ ദേവരാജ് .

ശരിക്കും അത്രക്ക് ഭയങ്കരമോ ?

ആണോ എന്നോ? ഇവരുടെ ജോലി വളരെ എളുപ്പമാണ് . വരുന്ന എല്ലാ സീനിലും സര്‍ഫിന്‍റെ പരസ്യത്തില്‍ വരുന്ന വീട്ടമ്മയുടെ അതേ ഭാവത്തില്‍ നില്‍ക്കുക ഡയലോഗ് പറയുക.തീര്‍ന്നു സംഗതി .

അണ്ണന്‍ കേറി അങ്ങ് അടച്ചു പറയല്ലേ.പണ്ട് ഇതു പോലെ സകല നിരൂപകരും കുറ്റം പറഞ്ഞ ഒരു പുതുമുഖം ഉണ്ടായിരുന്നു നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ എന്ന ചിത്രത്തില്‍.പിന്നീടു ആ കൊച്ചു പോയൊരു പോക്കേ.. ഓര്‍മയുണ്ടല്ലോ. അതിരിക്കട്ടെ അപ്പോള്‍ ഈ ചിത്രത്തിന്റെ കഥ ....

പറയാം . തലസ്ഥാനത്ത് ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മാധവന്‍കുട്ടി.ശാന്തസ്വഭാവി,നല്ലവന്‍.ഭാര്യ നേരത്തെ പറഞ്ഞ സര്‍ഫ്,അമ്മ കെ പി എസ് സി ലളിത,ഒരു മകള്‍.അത്യാവശ്യം സുഹൃത്തുക്കളും,സ്വന്തമായി ഒരു വീട് വയ്ക്കാനുള്ള പ്ലാനും ഒക്കെയായി ഒരു സാധാരണ മധ്യവര്‍ഗ ജീവിതം നയിക്കയാണ് ഇയാള്‍.ഇതു വരെ എങ്ങനെ ?

വലിയ കുഴപ്പം ഇല്ലല്ലോ പശ്ചാത്തലം.ഇനിയോ?

ഇനിയല്ലേ കഥയ്ക്ക് വഴിത്തിരിവാകുന്ന സംഭവം.ഈ മാധവന്‍ കുട്ടി പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഭയങ്കര മിടുക്കന്‍ ആയിരുന്നു.എല്ലാത്തിലും ഫസ്റ്റ് (അത് പിന്നെ അനൂപ്‌ മേനോനെ കണ്ടാല്‍ തന്നെ നമുക്കറിയില്ലേ പുള്ളി എല്ലാത്തിലും മുന്നില്‍ തന്നെ ആയിരിക്കും എന്ന്).ഇങ്ങേര്‍ ഉള്ളത് കൊണ്ട് എന്നും രണ്ടാം സ്ഥാനത് നില്‍കേണ്ടി വന്ന ഒരു സഹപാഠി (നിഷാന്ത് സാഗര്‍ ) അങ്ങേരിപ്പം ഒരു സിനിമ നിര്‍മാതാവാണ്.മാധവന്‍ കുട്ടിയെ കാണുമ്പോളെല്ലാം ഇങ്ങേര്‍ക്ക് സ്കൂളിലെ പരാജയങ്ങള്‍ ഓര്‍മ്മ വരികയും മാധവന്‍ കുട്ടിയെ ചൊറിയുകയും ചെയ്യുന്നു.ഒരു മര്യാദയുടെ പുറത്തു മാധവന്‍ കുട്ടി ഒന്ന് രണ്ടു വട്ടം സംഗതി സഹിക്കും.അവസാനം അദേഹം കേറി ഇന്നേക്ക് ആറു മാസത്തിനുള്ളില്‍ ഒരു സിനിമ പിടിച്ചു ഒരിക്കല്‍ കൂടി മറ്റവനെ തോല്‍പ്പിക്കും എന്ന് പ്രഖ്യാപിക്കുന്നു.കഥ ഒരു വഴിത്തിരിവിലേക്ക് .....

പിന്നെ സംഗതികള്‍ ചട പടേന്ന് നടക്കുന്നു പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ആയി ഹരിശ്രീ അശോകന്‍ രംഗത്ത് എത്തുന്നു.വെറും സാറ്റ്ലൈറ്റ്റൈറ്റ് കൊണ്ട് മാത്രം പടം ചെയമെന്നു വിശ്വസിപ്പിച്ചു ചിത്രീകരണം ആരംഭിക്കുന്നു.സംഗതികള്‍ വലിയ പിടി ഇല്ലാത്തത് കൊണ്ട് മാധവന്‍ കുട്ടി വീട് വൈക്കന്‍ ലോണ്‍ എടുത്ത കാശു,വീട് വെക്കാനുള്ള സ്ഥലം,ഭാര്യയുടെ ആഭരണങ്ങള്‍ അങ്ങനെ ഒന്നൊന്നായി പുളിശ്ശേരി വയ്ക്കുന്നു.ഒടുവില്‍ സിനിമ സമരത്തിന്‍റെ പേരില്‍ ഷൂട്ടിംഗ് മുടങ്ങുകയും പടം പെട്ടിയില്‍ ആകുകയും ചെയ്യുന്നു.ഇടവേള (പറയാന്‍ മറന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയതു കൊണ്ട് ഭാര്യയുടെ പേരിലാണ് സിനിമ പിടിത്തം എന്നതിനാല്‍ വൈകാതെ ചെക്ക് കേസില്‍ ഭാര്യ അകത്താകുന്നു.അമ്മ തകരുന്നു ആത്മഹത്യ ചെയ്യുന്നു )

ഇനി അങ്ങോട്ടാണ് നായകന്‍റെ തിരിച്ചു വരവ്.പണ്ട് സ്കൂളില്‍ നിഷാന്ത് സാഗര്‍ ഉപദ്രവിക്കുമ്പോള്‍ മധവന്‍ കുട്ടിയെ രക്ഷിച്ചിരുന്ന വേറൊരു സഹപാഠി (ബാല)ഗള്‍ഫില്‍ നിന്ന് വരുന്നു.ഒപ്പം പണ്ട് കുറെ പടമെടുത്തു ഒടുവില്‍ പൊളിഞ്ഞ ഒരു പഴയ നിര്‍മാതാവ് (ജനാര്‍ദ്ദനന്‍) മാധവന്‍ കുട്ടിക്ക് ഒപ്പം കൂടുന്നു.ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് നിന്ന് പോയ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ ശ്രമിക്കുന്നു.അതിനു കണ്ടെത്തുന്ന വഴികള്‍ താഴെ പറയുന്നവയാണ്.പടം നിന്ന് പോയ നിര്‍മാതാക്കള്‍ക്ക് മാര്‍ഗ രേഖ ആയി ഇവ ഉപയോഗിക്കാവുന്നതാണ് .

1) പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ആയി പ്രവര്‍ത്തിക്കുന്നത് പുരുഷന്മാര്‍ ആണെങ്കില്‍ അവരെ മാറ്റി നല്ല മോഡേണ്‍ ലുക്ക്‌ ഉള്ള രണ്ടു ആന്റ്ടിമാരെ നിയമിക്കുക

2) ഭക്ഷണം, നഗരത്തിലെ ഹോട്ടലുകളില്‍ ബാക്കി വരുന്ന ഭക്ഷണം ശേഖരിച്ചു ടെക്നോപാര്‍ക്ക്‌ പോലുള്ള സ്ഥലങ്ങളില്‍ വിതരണം ചെയുന്ന അള്‍ട്രാ മോഡേണ്‍ സെറ്റ്പ്പില്‍ നിന്നാക്കുക.(ഒരു സ്വതന്ത്ര libaratted സ്ത്രീ നടത്തുന്ന സ്ഥാപനം ആണെങ്കില്‍ അത്യുത്തമം )

3) ഒരു മണ്ടന്‍ പണചാക്കിന്‍റെ മന്ദ ബുദ്ധി മകനെ കണ്ടു പിടിച്ചു ഒരു റോള്‍ ഓഫര്‍ ചെയുക ബാക്കി കാശു അവന്‍റെ പിതാവ് കൊടുക്കും.
4) പഴയ നിര്‍മാതാവിന്‍റെ വ്യക്തി ബന്ധം വെച്ച് കുറെ ഫിലിം കടം വാങ്ങുക.(ഇപ്പോള്‍ ഈ സംഗതി ഡിജിറ്റല്‍ അല്ലെ ?)

ഇതൊക്കെ കഴിഞ്ഞാലും അവസാന നിമിഷം ഒരു രണ്ടു മൂന്ന് ലക്ഷം രൂപയുടെ കുറവ് വരും അത് കൊടുത്തയക്കുന്ന അജ്ഞാതനായ സുഹൃത്ത്‌ ആരു എന്നതാണ് ഈ ചിത്രത്തിന്‍റെ മര്‍മ്മ പ്രധാനമായ സസ്പെന്‍സ്.
ഒടുവില്‍,അവസാനം ആ സിനിമ പുറത്തിറങ്ങുന്നു.മാധവേട്ടനും സംഘവും ടെന്‍ഷന്‍ അടിച്ചു വീട്ടില്‍.ഇന്റര്‍വെല്‍ വരെ ജനം ഭയങ്കര കൂവല്‍ ആണെന്ന വാര്‍ത്ത‍ കേട്ട് ആ മഹാഅത്ഭുധം കാണാനായി മാധവന്‍ കുട്ടി നേരിട്ട് തീയറ്റര്‍ലേക്ക് നീങ്ങുന്നു.അവിടെയെത്തുമ്പോള്‍ .. ജനം അങ്ങനെ ഞങ്ങള്‍ കൂവുന്ന കാഴ്ച ഇയാള്‍ കാണണ്ട എന്ന മട്ടില്‍ ഇടവേളക്കു ശേഷം മുടിഞ്ഞ കയ്യടി .സത്യത്തില്‍ ഇടവേളക്കു മുന്‍പും ശേഷവും കാണിക്കുന്ന ഭാഗങ്ങളില്‍ നിലവാരത്തിന് വലിയ വ്യത്യാസം ഇല്ല എന്നതാണ് സത്യം.മാധവന്‍ കുട്ടിയുടെ ഈ വിജയത്തില്‍ പഴയ ചൊറിയനായ സഹപാഠി (നിഷാന്ത് സാഗര്‍ ),പറഞ്ഞു വിട്ട പ്രൊഡക്ഷന്‍ എക്സിക്യുട്ടിവ് ഹരിശ്രീ അശോകന്‍ തുടങ്ങി എല്ലാവരും അതിരറ്റു ആഹ്ലാദിക്കുകയും മാധവേട്ടനോട് മാപ്പ് ചോദിക്കുകയും ആ ദിവസം പൊതു ഒഴിവായി പ്രഖ്യാപിക്കണം എന്ന് നിവേദനം കൊടുക്കുകയും ചെയുന്നു.വിജയശ്രീലാളിതനായ മാധവേട്ടന്‍ ഭാര്യ വീട്ടില്‍ എത്തി അമ്മായി അപ്പനില്‍ നിന്ന് മാപ്പ് കൈപറ്റി ഭാര്യയെയും മകളെയും തിരിച്ചു കൊണ്ട് പോകുന്നു . ശുഭം

ഈ സിനിമയില്‍ എനിക്ക് നല്ലതായി തോന്നിയ (ഒരേ) ഒരു ഘടകം അനൂപ്‌ മേനോന്‍ എന്ന നടന്‍ ചെയുന്ന ഡയലോഗ് ഡെലിവറിയാണ്.സുരാജ് ഒക്കെ വൃത്തികേടാക്കുന്നത് പോലെ ചെയ്യാതെ ഒരു സാധാരണ തിരുവനന്തപുരംകാരന്‍ സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതു ആശ്വാസകരമാണ്.അതിനും വേണ്ടി അദേഹത്തിന്‍റെ അമ്മ മരിക്കുന്ന രംഗത്ത് ഒരു പ്രകടനം ഉണ്ട് . സുരജിനെ അനുകരിച്ചു പറഞ്ഞാല്‍ പെറ്റ തള്ള സഹിക്കൂല്ല അനിയാ.ബാക്കി ആര്‍ക്കും പ്രത്യേകിച്ചു കാര്യം ഒന്നും ഇല്ല
ഈ സിനിമയുടെ സകല വശങ്ങളെ പറ്റിയും നല്ല അറിവുണ്ട് എന്ന ഭാവത്തില്‍ സകല അഭിമുഖങ്ങളിലും തട്ടി മൂളിക്കുന്ന , ബാലചന്ദ്രമേനോനില്‍ രഞ്ജിത്തിനെ കലക്കി ഒഴിച്ച് രൂപപ്പെടുത്തിയിരിക്കുന്നു എന്ന ഭാവത്തില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീ അനൂപ്‌ മേനോന്‍ ഇത്ര ഉത്തരവാദിത്വം ഇല്ലാതെ ഈ ചിത്രത്തില്‍ അഭിനയിച്ചതില്‍ എനിക്ക് അത്ഭുതം ഉണ്ട്. പ്രത്യേകിച്ചു സന്തോഷ്‌ പണ്ടിട്റ്റ് പോലുള്ളവര്‍ ഒരു പരിചയവും ഇല്ലാതെ സിനിമയെടുത്തു വിജയിപ്പിക്കുന്ന ഈ കാലത്ത് , പൊതു ജനം എന്ന കഴുതകളെ എങ്ങനെ ഉപയോഗിച്ച് വിവരമുള്ള ആര്‍ക്കും എങ്ങനെ ചിത്രം എടുക്കാം അത് വിജയിപ്പിക്കാം എന്നൊക്കെ ഏതെങ്കിലും പുതുന്മയുള്ള രീതിയില്‍ പറഞ്ഞു വിജയിപ്പിക്കാന്‍ ഉള്ള അവസരമാണ് ഈ ചിത്രത്തി ന്‍റെ പിന്നണിക്കാര്‍ കളഞ്ഞു കുളിച്ചത്.നമുക്ക് സെക്കന്റ്‌ ഷോ സുപ്പെര്‍ ഹിറ്റ്‌,ദുല്‍ക്കര്‍ കേരളത്തിലെ കോളേജ് കുമാരികളുടെ ഉറക്കം കെടുത്തുന്നു, കുരുടി കലക്കി,ചാവേര്‍ സുപ്പര്‍ ഹിറ്റ്‌ (ഇതു ലേറ്റസ്റ്റ്.വേറൊന്നും ഏല്‍ക്കുന്നില്ല . ഇരിക്കട്ടെ ബാബുരാജിന്‍റെ തലയ്ക്കു) എന്നുള്ള പരസ്യ വാചകങ്ങള്‍ വായിച്ചു ആനന്ദ സാഗരത്തില്‍ ആറാടാം

അല്ല ഈ ചിത്രത്തെ കുറിച്ച് ... ചുരുക്കത്തില്‍

പണ്ട് നമ്മുടെ പ്രതിരോധ മന്ത്രിയെ പറ്റി ഏതോ നേതാവ് പറഞ്ഞത് ഓര്‍മവരുന്നു.ഗുണവും ഇല്ല മണവും ഇല്ല പിന്നെ പച്ച വെള്ളം പോലെ വെറുതെ കുടിച്ചു കൊണ്ടിരിക്കാം എന്നാണെന്നു തോന്നുന്നു ആ വിശേഷണം. അത് ശരിയാണെങ്കിലും അല്ലെങ്കിലും ആ വിശേഷണം തികച്ചും യോജിക്കുന്ന ഒരു ചിത്രം

Friday, February 10, 2012

ഉന്നം (Unnam )

അണ്ണാ .. നില്‍ .. ഒരു നിമിഷം .

നിറുത്തിയെടെ.ഈ നാട്ടില്‍ സ്വന്തം അഭിപ്രായം പറഞ്ഞു എന്ന കുറ്റത്തിന് കുരിശില്‍ തറച്ചിരിക്കുന്ന എന്നോട് നിനകെന്താ പറയാനുള്ളത് ?

അണ്ണാ ചുമ്മാ സെന്റി അടിക്കാതെ.ആ second show എന്ന ചിത്രത്തെ പറ്റി വെച്ച് കാച്ചുമ്പോള്‍ ഓര്‍ക്കണമായിരുന്നു.ഒന്നുമല്ലെങ്കില്‍ സഹിക്കാവുന്ന ഒരു ചിത്രം എന്നെങ്കിലും കാച്ചിയാല്‍ പോരായിരുന്നോ ഇയാള്‍ക്ക്

അനിയാ, എന്‍റെ വിശ്വാസം ഇന്നത്തെ കാലത്ത് സഹിക്കാവുന്ന ഒരു മലയാള സിനിമ വന്നാല്‍,ഇന്നു ലോകത്തെ ഏറ്റവും ഗതികെട്ട വര്‍ഗമായ മലയാള പ്രേക്ഷകര്‍ ആ ചിത്രത്തെ ആര്‍ത്തിയോടെ പോയി കണ്ടു അതിനെ ഒരു വന്‍ വിജയം ആകും എന്നതാണ്. ഏറ്റവും അവസാനത്തെ ഉദാഹരണം കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ആണ് .ശരിക്കും പറഞ്ഞാല്‍ ശരാശരി നിലവാരം ഉള്ള സിനിമ എന്നു പറയാവുന്ന ആ ചിത്രം പോലും കുടുംബ പ്രേക്ഷകര്‍ക്ക്‌ പ്രിയപ്പെട്ടത് ആകുന്നത്‌ ബാക്കി സിനിമകള്‍ അത്രക്ക് കൂറ ആകുന്നത്‌ കൊണ്ടല്ലേ?

അത് നമുക്ക് പിന്നെ തര്‍ക്കിക്കാം.അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍മ വന്നത് ഏതാണ്ട് അതെ ടീം (ലാല്‍,ശ്വേത,ആസിഫലി ) അണി നിരക്കുന്ന ഒരു ചിത്രം ഈ ആഴ്ച വരുന്നുണ്ടല്ലോ.ഉന്നം.സംഗതി കണ്ടായിരുന്നോ ?

കണ്ടു ഇന്നു പറഞ്ഞാല്‍ പോര.തികച്ചും സാഹസികമായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സമ്മേളനം വക ചെങ്കടല്‍ (അങ്ങനെയേ പറയാവു ഇന്നു ഞങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം ഉണ്ട്.സംഗതി അവരുടെ സത്വമോ പ്രേതമോ എന്തോ ആണ് പോലും) നീന്തി കടന്നാണ് അനിയാ ഇന്നലെ ആ പടം കണ്ടത് .

ആണോ നന്നായി? എന്നാല്‍ ബാക്കി പറഞ്ഞേ വേഗം.അല്ലെങ്കിലെ ഞാന്‍ ഈയിടെയായി കുറച്ചു പതുക്കെയാണ് എന്നാ കാളകൂടം കറിയാച്ചന്‍റെ പരാതി.ഇങ്ങനെ പോയാല്‍ ചിത്ര വിദ്വേഷം പൂട്ടി ഞാനും വല്ല ജാതി സെന്‍സസ് പരിപാടിയും തുടങ്ങേണ്ടി വരും . പറയുമ്പോള്‍ എല്ലാം പറയണമല്ലോ അതിനാ ഇപ്പോള്‍ മുട്ടന്‍ മാര്‍ക്കറ്റ്‌.

നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ സെന്‍റ്റിമെന്റ്റല്‍ ഭീഷ്മാചാര്യന്‍ ശ്രീ സിബി മലയിലാണ്.സ്വാതി ഭാസ്കര്‍ ആണ് കഥ (പൊക്കിയിരിക്കുന്നത്).റഫീക്ക് അഹമ്മദിന്‍റെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി ഈണം പകര്‍ന്നിരിക്കുന്നു അജയന്‍ വിന്‍സെന്റ് ചായാഗ്രഹണം കലാസംവിധാനം പ്രശാന്ത്‌ മാധവ്. അഭിനേതാക്കള്‍ നേരത്തെ പറഞ്ഞവരെ കൂടാതെ റീമ കല്ലുംഗല്‍,നെടുമുടി വേണു, ശ്രീനിവാസന്‍ തുടങ്ങിയവരാണ് .

ഒരു നിമിഷം...കഥ പൊക്കിയത് എന്നു വെച്ചാല്‍?ഏതെങ്കിലും ലാറ്റിന്‍ അമേരിക്കന്‍ ചിത്രത്തിന്‍റെ പകര്പ്പാണോ ഈ ചിത്രം ? അല്ലെങ്കില്‍ ഇറാന്‍, സ്പാനിഷ്‌ .....

അടങ്ങേടെ ഇവന്‍ നമ്മുടെ ഹിന്ദിയില്‍ തന്നെ ഇറങ്ങിയ ജോണി ഗദ്ദാര്‍ എന്ന ചിത്രത്തിനെ അവലംബിച്ചു എടുത്ത പടമാണ്. പക്ഷെ പുതുമ ചിത്രത്തിന്‍റെ തുടക്കത്തില്‍ തന്നെ സംഗതി വൃത്തിയായി എഴുതി കാണിക്കുന്നുണ്ട് എന്നതാണ്.വന്നു വന്നു ഒള്ള കാര്യം പറയുന്നത് പോലും പുതുമ ആകുന്ന കാലം.ഇതേ സത്യസന്ധത ജോണി ഗദ്ദാര്‍ എന്ന ഈ ചിത്രത്തിന്‍റെ ഒര്‍ജിനലിലും കാണാം (ആ പടം തുടങ്ങുന്നത് തന്നെ വിജയ്‌ ‍ ആനന്ദിനും ജെയിംസ്‌ ഹാര്‍ഡി ചേസിനും നന്ദി പറഞ്ഞു കൊണ്ടാണ്). നമ്മുടെ കോക്ക്ടൈല്‍ എന്ന ചിത്രത്തിന്‍റെ ഒറിജിനല്‍ ഇന്നേ വരെ കണ്ടിട്ടില്ല എന്നു ഗീര്‍വാണം അടിക്കുന്ന അനൂപ്‌ മേനോന്‍ ഒക്കെ കണ്ടു പഠിക്കേണ്ട മാതൃകയാണിത് .

അണ്ണന്‍ കട്ടില്‍ നിന്നിറങ്ങി ചിത്രത്തിന്റെ കഥ ചുരുകത്തില്‍ ഒന്ന് ...

ബാന്ഗ്ലൂരില്‍ സി ഐയായ ബാലകൃഷ്ണയുടെ (ശ്രീനിവാസന്‍ ) കൈയ്യില്‍ അഞ്ചു കോടി രൂപയിലേറെ വിലയുള്ള മയക്കുമരുന്ന് യാദൃശ്ചികമായി വന്നു പെടുന്നതോടെയാണ്‌ കഥ തുടങ്ങുന്നത് . ആ മയക്കുമരുന്ന് വില്‍ക്കാന്‍ ബാലകൃഷ്ണ , മുംബൈ അധോലോകത്തിലെ പഴയ അംഗമായിരുന്ന തന്റെ സുഹൃത്ത് സണ്ണി അങ്കിളിന്റെ (ലാല്‍ ) സഹായം തേടുന്നു .രണ്ടര കോടി രൂപയ്ക്ക് ബാലകൃഷ്ണയുടെ കൈയ്യില്‍ നിന്നും ആ മയക്കുമരുന്ന് വാങ്ങാം എന്ന് സണ്ണി അങ്കിള്‍ സമ്മതിക്കുന്നു .അത്തരം ഇടപാടുകള്‍ എല്ലാം നിറുത്തി ഫോര്‍ട്ട്‌ കൊച്ചിയില്‍ സ്വസ്ഥമായി താമസിക്കുന്ന സണ്ണി അങ്കിള്‍ ബാലകൃഷ്നയെ സഹായിക്കാന്‍ വേണ്ടി മാത്രമല്ല വീണ്ടും അതിനു ഒരുങ്ങുന്നത് .അങ്കിളിന്റെ സുഹൃത്തുക്കള്‍ (സുഹൃത്തുക്കളുടെ മക്കളും) ആയ അലോഷി (അസിഫ് അലി ),ടോമി (പ്രശാന്ത് നാരായണന്‍ ),മുരുകന്‍ (നെടുമുടി വേണു ),ബഷീര്‍ (നൌഷി) എന്നിവരെ സാമ്പത്തികം ആയി സഹായിക്കുക എന്ന ഉദ്ദേശം കൂടി അങ്കിളിന് ഉണ്ട്.ആ അഞ്ചംഗ സംഘം ഓരോരുത്തരും അമ്പതു ലക്ഷം രൂപ വെയ്ച്ച് ഇട്ടു ബാലകൃഷ്ണയുടെ കയ്യില്‍നിന്നും മയക്കുമരുന്ന് വാങ്ങാന്‍ തീരുമാനിക്കുന്നു. രണ്ടര കോടി രൂപയുമായി ബഷീര്‍ ബംഗ്ലൂരെക്ക് യാത്ര തിരിക്കുന്നു. പക്ഷെ ബാന്‍ഗ്ലൂര്‍ എത്തുന്നതിനു മുന്‍പ് ബഷീര്‍ കൊല്ലപ്പെടുന്നു,രണ്ടര കോടി രൂപ കാണാതാകുന്നു.പിന്നെ അങ്ങോട്ട്‌ ചതികളുടെയും ,കൊലപാതകങ്ങളുടെയും ഒരു പരമ്പരയാണ് .

കിടിലം കഥയാണല്ലോ അണ്ണാ.

ജോണി ഗദ്ധാറിന്റെ കഥ കിടിലം തന്നെ ആയിരുന്നു അനിയാ

അത് മലയാളത്തില്‍ ആക്കിയത് നിങ്ങള്‍ക്ക് പിടിച്ചില്ലേ ?

ശ്രമത്തില്‍ സന്തോഷമേ ഉള്ളു അനിയാ

പിന്നെ എന്തര് ഒരു പുച്ഛം പോലെ ?

പുച്ഛം അല്ല അനിയാ .സങ്കടമാണ് .

അതെന്തരിനു സങ്കടങ്ങള് ?

നല്ലൊരു ത്രില്ലര്‍ അതേ പടി മലയാളത്തില്‍ എടുത്തപ്പോള്‍ സീരിയല്‍ നിലവാരത്തില്‍ ഉള്ള സെന്റി ,പിന്നെ മിസ്‌കാസ്റ്റിംഗ് ഇത്രയും കൊണ്ട്‌ നശിപ്പിച്ചത് കൊണ്ട്

തിരിഞ്ഞില്ല .സ്ഫുടമായി പറയീന്‍ .

അനിയ ജോണി ഗദ്ധാര്‍ എന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റുകള്‍ രണ്ടാണ് .ഒന്ന് ഫിലിം നോയിര്‍ (ഈ ലോ കീ ലൈറ്റിംഗ് ഒക്കെ വെച്ച് പഴയ ക്ലാസിക് ക്രൈം ത്രില്ലറുകളുടെ അതേ ഫീലില്‍ കഥ പറയുന്ന രീതി. ബാക്ഗ്രൌണ്ട് മ്യൂസിക്കും ഒക്കെ ആ മൂഡിന് ചേരുന്ന തരത്തില്‍ ആയിരിക്കും ) രീതിയിലെ കഥ പറച്ചില്‍ .രണ്ടാമത്തത് പണം കാണാതാവുന്നത് തൊട്ട് ഓരോ സീനും പ്രേക്ഷകര്‍ക്ക്‌ തരുന്ന ഷോക്ക് . ഈ രണ്ടും ഉന്നത്തില്‍ ഇല്ല .കഥ പറയുന്ന രീതി അങ്ങ് പോട്ടെ എന്ന് വെയ്ക്കാം .പക്ഷെ ഇങ്ങനെ ഒരു ത്രില്ലറില്‍ ഈ പറഞ്ഞ ഷോക്ക് വാല്യൂ ഇല്ലെങ്കില്‍ അത് ഒരു നനഞ്ഞ പടക്കം പോലെ ആയി പോകും

അതെന്ത്,ഷോക്ക് വാല്യൂ ഇതില്‍ ഇല്ലാത്തത്? നിങ്ങള്‍ തന്നെ അല്ലെ പറഞ്ഞത് ജോണി അതേ പടി ആണ് ഉന്നം ആയത് എന്ന്.അതിലുള്ളത് ഇതില്‍ വന്നപ്പം കളവു പോയാ ?

കളവു പോയത് അല്ലടാ .സിബി മലയില്‍ സാര്‍ ചില സീനുകളില്‍ സ്വന്തം ബുദ്ധി, കഴിവ് എന്നിവ ഉപയോഗിച്ച് ചില കൂട്ടി ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട് .ഉദാഹരണത്തിന് ഇന്റര്‍വെല്‍ ആകുന്നതിനു തൊട്ട് മുന്‍പുള്ള സീനില്‍ ലാലും ആസിഫ് അലിയും മരിച്ച് കിടന്നുള്ള അഭിനയമാണ്.ആ സീന്‍ വലിച്ചു നീട്ടി,ആവശ്യമില്ലാത്ത കണ്ണ് തുറിക്കല്‍,ഞെട്ടല്‍,വികാര വിക്ഷോഭം എന്നിവ കൊണ്ട് കൊളമാക്കിയിട്ടുണ്ട്.പിന്നെയും ഉണ്ട് സിബി മലയില്‍ വക സംഭാവനകള്‍ .സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യയും അയാളും തമ്മില്‍ ഉണ്ട് എന്ന് പറയുന്ന അഭൌമമായ എന്തരോ ബന്ധം കാണിക്കാന്‍ സിബിയും സ്വാതി ഭാസ്ക്കറും കൂടി ചില സീനുകള്‍ എടുത്തു വെച്ചിട്ടുണ്ട്. അഭൌമം അല്ല നല്ല അശ്ലീലം ആണ് കാണികള്‍ക്ക് തോന്നുക (ആസിഫ് അലി കാപ്പി കൊണ്ട് വരുമ്പോള്‍ ലാല്‍ സ്വപ്നം കാണുന്ന സീന്‍ ഉദാഹരണം). ഈ പറഞ്ഞ അഭൌമ ബന്ധം രണ്ടോ മൂന്നോ സീനികളില്‍ നല്ല വൃത്തിയായി കാണികളുടെ മനസ്സില്‍ തൊടുന്ന രീതിയില്‍ ജോണി ഗദ്ധാറില്‍ ഉണ്ട്.(ഈ ചിത്രത്തില്‍ കുളമാക്കിയ പല രംഗങ്ങളും എങ്ങനെ നന്നായി എടുക്കാം എന്ന് ആണുങ്ങള്‍ കാണിച്ചു കൊടുത്താലും മനസിലാകില്ല എന്ന് പറഞ്ഞാല്‍ എന്ത് ചെയും ?)

ഓ അതിനിപ്പം എല്ലാ മലയാളികളും ജോണിയെ കണ്ടിട്ടില്ലല്ലോ അണ്ണാ .അത് കൊണ്ട് താരതമ്യം ഒന്നും അധികം ഉണ്ടാവില്ല .

അത് ഈ സിനിമക്ക് ഉഗ്രന്‍ പ്ലസ് ആയേനെ.ശരിക്കും പറഞ്ഞാല്‍ ജോണി ഗദ്ദാര്‍ എന്ന ചിത്രം മലയാളത്തില്‍ എടുക്കാന്‍ ഉള്ള തീരുമാനം തന്നെ തികച്ചും ബുദ്ധി പൂര്‍വ്വം ആണ് അത് പോലെ മണ്ടത്തരമായി പോയി ഇങ്ങനത്തെ ഒരു പടം എടുക്കാന്‍ സിബി മലയില്‍നെ ഏല്‍പ്പിക്കുന്നത് .എല്ലാവരെയും സഹായിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ ജീവിക്കുന്ന അധോലോക അങ്കിള്‍ ആയി ലാലിന്റെ കഥാപാത്രത്തെ മാറ്റുക, ബാല്യകാല സഖി/കാമുകി ആയ അന്യന്റെ ഭാര്യ ,കല്യാണം കഴിഞ്ഞിട്ടും അവള്‍ സ്വമനസാലെ തന്റെ അടുത്തു വരുന്നതു വരെ അവളെ ഒന്ന് തോടുക പോലും ചെയില്ല എന്ന് ഭീഷ്മ ശപഥം എടുത്തു നടക്കുന്ന ഒരു ഹൈക്ലാസ് പിമ്പ് (ചീത്ത വിളിച്ചതല്ല ---കഥാപാത്രത്തിന്റെ ജോലി അതാണ്‌ ), കിരീടത്തിലെ സേതുമാധവന്‍ പറയ്ന്നത് പോലെ 'എനിക്ക് ജീവിക്കണം ' എന്ന മട്ടില്‍ ഡയലോഗ് അടിച്ച് ആളുകളെ കൊല്ലുന്ന ആസിഫ് അലിയുടെ കഥാപാത്രം ...അങ്ങനെ പ്രേക്ഷകരുടെ മനം കുളിര്‍പ്പിക്കുന്ന ഒത്തിരി ഐറ്റംസ് സിബി സാര്‍ ഈ പടത്തില്‍ വാരി വിതറിയിട്ടുണ്ട്\.അത് കൊണ്ട് ജോണി കാണാതെ പോയാലും നീ ധന്യനാകും .

അഭിനയം ...
ദോഷം പറയരുതല്ലോ അനിയാ .പ്രശാന്ത് നാരായണന്‍ കലക്കിയിട്ടുണ്ട് .പക്ഷെ അയാളുടെ കഥാപാത്രത്തിന്റെ സീരിയസ്നെസ് പലപ്പോഴും സിബി സാറും സ്വാതി ഭാസ്ക്കറും കൂടി നശിപ്പിച്ച് കൈയ്യില്‍ കൊടുക്കും .എന്നിട്ട് പോലും അയാളെ ഏല്‍പ്പിച്ച പണി അയാള്‍ വൃത്തിയായി ചെയ്തിട്ടുണ്ട്

ബാക്കിയുള്ളവര്‍ ?

പറഞ്ഞല്ലോ മിസ്‌കാസ്റ്റിങ്ങിന്റെ എട്ട് കളിയാണ് ഈ പടത്തില്‍ . ഒന്നാമത്തെ എല്ലാവരെയും സഹായിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അധോലോക അങ്കിള്‍ എന്ന കഥാപാത്രം കണക്കാണ് .അത് ലാല്‍ അവതിരിപ്പിക്കുക കൂടി ചെയുമ്പോള്‍ പൂര്‍ത്തിയായി .അങ്ങേര്‍ അഭിനയിച്ച് തുടങ്ങിയാല്‍ പിന്നെ വെടി വെച്ച് കൊന്നാല്‍ പോലും നിറുത്തൂലഡേ. പിന്നെയുള്ളത് ആസിഫ് അലി . രണ്ടു മിനിട്ട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രം ആരെയും കൊല്ലുന്ന ലോല ഹൃദയനായ അലോഷി എന്ന കഥാപാത്രത്തെ ആ പരുവത്തില്‍ ആക്കിയ (ഒര്‍ജിനല്‍ സൃഷ്ടിച്ചത് വേറെ ആണുങ്ങള്‍ ) സിബി ,സ്വാതി ഭാസ്കര്‍ എന്നീ മഹത്തുക്കള്‍ കാണികളെ കൊന്നു കൊല വിളിക്കുന്നതില്‍ എന്തെങ്കിലും കുറവ് വെച്ചിട്ടുണ്ടെങ്കില്‍ അത് ആസിഫ് സ്വന്തം ഭാവാഭിനയത്തിലൂടെ നികത്തുന്നുണ്ട് . നെടുമുടി വേണു , ശ്രീനിവാസന്‍ എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങള്‍ക്ക് ഒട്ടും യോജിച്ചവര്‍ അല്ല . ശരിക്കും എന്റെ അഭിപ്രായത്തില്‍ നെടുമാടി വേണുവിന്റെ കഥാപാത്രം സിദ്ധിക്കും,ശ്രീനിവാസന്റെ കഥാപാത്രം ലാലും ചെയ്തിരുന്നെങ്കില്‍ ചിലപ്പോള്‍ നന്നായേനെ .

അപ്പൊ ലാലിന്റെ കഥാപാത്രം ആര് ചെയ്യണമായിരുന്നു എന്നാ നിങ്ങള്‍ പറയുന്നത് ?

സുരേഷ് ഗോപി ആ കഥപാത്രത്തിനു യോജിച്ച ഒരാള്‍ ആയേനെ എന്നാണ് എനിക്ക് തോന്നുന്നത് പക്ഷെ സംവിധായകന്‍ അദേഹത്തെ മര്യാദക്ക് ഉപയോഗിക്കണം എന്ന് മാത്രം.ആ കഥാപാത്രത്തെ ശരിക്കും സിനിമയില്‍ ഉപയോഗിക്കേണ്ടത് എല്ലാവര്‍ക്കും ഭയം കലര്‍ന്ന ബഹുമാനം ഉള്ള ഒരാളായിട്ടാണ്.ലാല്‍ കാണിക്കുന്ന കോമാളിത്തരങ്ങള്‍ ആ കഥാപാത്രത്തെ ചില്ലറയൊന്നുമല്ല ദുര്‍ബലമാക്കുന്നത്

മലയാള നവയുഗ പ്രതീക്ഷകള്‍ റീമാ കല്ലിങ്കല്‍,ശ്വേതാ മേനോന്‍ എന്നിവര്‍ എങ്ങനെ ?

അഭിനയത്തില്‍ കട്ടക്ക് കട്ട നില്‍ക്കും .ഒരു ഹാസ്യ വിഗ്ഗ് വെച്ച് റീമ സ്കോര്‍ ചെയ്യാന്‍ നടത്തുന്ന ശ്രമത്തെ നെടുമുടി വേണു മരിച്ച് കിടക്കുന്ന സീനിലെ ചക്രശ്വാസം വലിച്ചുള്ള അഭിനയം കൊണ്ട് ശ്വേത പ്രതിരോധിക്കുന്നുണ്ട് .പക്ഷെ ഒട്ടും വിട്ടു കൊടുക്കാതെ ആസിഫ് അലിയുമായുള്ള കോമ്പിനേഷന്‍ സീനുകളില്‍ 'എനിക്ക് മടുത്തു ...ഇനി വയ്യ 'തുടങ്ങിയ ക്ലീഷേകള്‍ വാരി വിതറി റീമ അഭിനയത്തിന്റെ കൂരമ്പുകള്‍ കാണികളില്‍ വര്‍ഷിക്കുന്നുണ്ട്.

അപ്പോള്‍ കഥാ ,തിരക്കഥാ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാം കൂറ...ക്യാമറ ,സംഗീതം ഇതൊക്കെ ...

തനി കൂതറ .ബഷീര്‍ എന്ന കഥാപാത്രത്തിനെ വേറെ ഒരാള്‍ രഹസ്യമായി പിന്തുടരുന്ന രംഗങ്ങള്‍ ക്യാമറമാന്‍ അയജന്‍ വിന്‍സെന്റ് മൊബൈല്‍ ക്യാമറ ഉപയോഗിച്ചെങ്കിലും ഇത്രയും മോശമായി സാഹചര്യത്തിന് യോജിക്കാത്ത രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. സീനുകളുടെ വലിച്ചില്‍ കണ്ടാല്‍ എഡിറ്റിംഗ് എന്ന ഒരു സാധനം ഈ പടത്തില്‍ നടന്നിട്ടുണ്ടെന്ന് അമ്മയാണെ ആരും പറയില്ല .പിന്നെ കലാസംവിധാനം ആണ് എടുത്തു പറയേണ്ട വേറെ ഒരു മേഖല .നാലു മേശ ,കസേരകള്‍,തലക്കുമുകളില്‍ പൊടി പിടിച്ച കളര്‍ ലൈറ്റ് ഇത്രയുമായാല്‍ ഗ്യാംബ്ലിംഗ് ക്ലബ് ആയി എന്ന് കാണികള്‍ വിശ്വസിക്കണം .ഇല്ലെങ്കില്‍ കലാ സംവിധായകന്‍ പ്രശാന്ത്‌ മാധവന്‍ ചിലപ്പോള്‍ പിണങ്ങും .സിനിമ മൊത്തം ഇത്തരത്തിലെ കലാ മേന്മ അങ്ങേര്‍ നില നിറുത്തുന്നുണ്ട്

ചുരുക്കത്തില്‍ ...

കൊള്ളാവുന്ന ഒരു കഥ /തിരക്കഥ എങ്ങനെ മലയാളത്തില്‍ അഡാപ്പ്റ്റ് ചെയ്തു നശിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നം.നമുക്കൊക്കെ വൃത്തിയായി അഡാപ്പ്റ്റ് ചെയ്തു കോടികള്‍ വരുന്ന അഗ്നീപത്ത് പോലുള്ള ചിത്രങ്ങളെ നോക്കി കൊതി കെറുവ് പറയണേ പറ്റു എന്നതാണ് സത്യം

Sunday, February 5, 2012

സെക്കന്റ്‌ ഷോ (Second Show )

അണ്ണാ ഇതു വളരെ മോശം ... അയ്യം എന്ന് തന്നെ പറയാം

എന്തുവാടെ രാവിലെ ?

മലയാള സിനിമയില്‍ മാറ്റത്തിന്‍റെ ടൊര്‍ണാഡോ വീശി അടിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം.മലയാള സിനിമയില്‍ വല്ലപ്പോഴും സംഭവിക്കുന്ന മഹാ അത്ഭുതം,പുതിയ താരോദയം ഇതൊക്കെ സംഭവിച്ചിട്ടും നിങ്ങള്‍ ഒരുമാതിരി .. കുരങ്ങു ചത്ത കുറവനെ കൂട്ട് ഇങ്ങനെ.....കഴിഞ്ഞ വര്‍ഷം ട്രാഫിക്‌ ഈ വര്‍ഷം ദാ സെക്കന്റ്‌ ഷോ

അനിയാ നില്‍.നീ ഇല്ല നമ്മുടെ പുതിയ നായകന്‍ സുപ്പര്‍ താരം ഡോക്ടര്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിച്ച പടത്തെ പറ്റി തന്നെ അല്ലെ ഈ പറയുന്നേ? എന്തായിരുന്നു ആ പയ്യന്‍റെ പേര് നിക്കര്‍ സല്‍മാനോ ദുഷ്ടന്‍ സല്‍മാനോ അങ്ങനെ ഏതാണ്ട് അല്ലേ ?

ഇതെന്തോന്ന് അണ്ണാ? നിങ്ങള് പത്രം വായിക്കാറില്ലേ .മകന് സുപ്പര്‍ താര സന്തതി എന്ന യാതൊരു പരിഗണനയും നല്‍കി പോകരുത് എന്ന സുപ്പര്‍ താരം വക കര്‍ശനമായ താക്കീതിനെ സാഹസികമായി മറികടന്നു ഇവിടുത്തെ മാധ്യമങ്ങള്‍ കുറച്ചു ദിവസമായി അദേഹത്തിന്‍റെ വിശേഷങ്ങള്‍ കാന്ധം കാന്ധമായി വിളമ്പുക അല്ലായിരുന്നോ? പേര് ദുല്‍ക്കര്‍ സല്‍മാന്‍ വീട്ടില്‍ ചാലു മോനെ എന്ന് വിളിക്കും.പിന്നെ ഈ പടം,ദയവായി നിങ്ങള്‍ പുതുമുഖ നായകന്‍ പയ്യനെ കേറി സുപ്പര്‍ താരം മമൂട്ടിയുമായി കേറി
താരതമ്യപ്പെടുതരുത്.

അനിയാ മമ്മൂട്ടി എന്ന നടനെ മര്യാദക്കുള്ള ഏതൊരു പുതുമുഖ നടനുമായി താരതമ്യപ്പെടുത്തിയാലും പുതുമുഖത്തിന്‌ മാര്‍ക്ക് കൂടുതല്‍ ആയിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ശ്രീ മമ്മൂട്ടി അടിയൊഴുക്കുകള്‍,ആവനാഴി എന്നെ ചിത്രങ്ങള്‍ ആകുന്ന കാലത്താണ് അദേഹം അഭിനയിക്കുമല്ലോ എന്നൊരു സംശയം പോലും കാണികള്‍ക്ക് വരുന്നത് എന്നാണ് എന്‍റെ ഓര്‍മ്മ,അത് വരെ അദേഹം അഭിനയിച്ചു തകര്‍ത്തിരുന്നത് ആര്‍ക്കും ചെയ്യാമായിരുന്ന ചിത്രങ്ങളോ (പെട്ടി കുട്ടി സീരീസ്‌ ) അല്ലെങ്കില്‍ അഭിനയിച്ചു കുളമാക്കിയ ചിത്രങ്ങളോ (പടയോട്ടം, തൃഷ്ണ പോലുള്ളവ) ആണ്.(ഈ പറഞ്ഞ എല്ലാ ചിത്രങ്ങളും റീലീസ് കാലത്ത് തീയറ്റെറില്‍ പോയി കണ്ട ആളാണ് ഈയുള്ളവന്‍.) പടയോട്ടം എന്ന ചിത്രം ഇപ്പോള്‍ സി ഡി ഇറങ്ങിയിട്ടുണ്ട് വാങ്ങി കണ്ടു നോക്കണം ആ ചിത്രത്തില്‍ ശ്രീ മമൂട്ടി ഒഴികെ എല്ലാരും (മുതിര്‍ന്ന താരങ്ങളായ നസീര്‍,മധു,ഗോവിന്ദന്‍കുട്ടി തുടങ്ങി അന്നത്തെ ഇളമുറക്കാരായ മോഹന്‍ലാലും (അതൊരു കാലം !!) ശങ്കറും വരെ) നന്നായിട്ടുള്ള ചിത്രമാണ്.

ശരി ശരി ..എന്നാലും പയ്യന്‍ നമ്മുടെ അഹങ്കാരി നായകന്മാരെ പോലെയല്ല. ഇത്ര നല്ല സെറ്റപ്പില്‍ നിന്ന് വന്നിട്ട് ഇത്ര എളിയ ഒരു ലോഞ്ച് .. അത് കണ്ടാല്‍ തന്നെ അറിയില്ലേ പയ്യന്‍ വിനയവാനും നല്ല സിനിമയെ സ്നേഹിക്കുന്നവനും.പോരാത്തതിനു പയ്യന്‍ സിനിമയെ പറ്റി,അഭിനയത്തെ പറ്റി ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടൊക്കെ തന്നെയാണ് ഈ പണിക്കിറങ്ങിയത്. പിന്നെ ഒന്നുമല്ലേലും ഇതൊരു നവയുഗ സിനിമയല്ലേ ?

എടാ, സ്ഥലം അഹങ്കാരി എന്ന സ്ഥാനം പ്രിഥ്വിരാജില്‍ നിന്നും ഇന്നലെ വരെ സല്‍ഗുണ സബന്നന്‍ ആയിരുന്ന ശ്രീ ആസിഫലിയിലേക്ക് നീങ്ങുന്നത്‌ കണ്ടപ്പോള്‍ തന്നെ ഞാന്‍ കരുതിയതാ ഈ സല്‍മാന്‍ വരാറായി എന്നത് (പറഞ്ഞു വരുമ്പോള്‍ ആസിഫലി ആണല്ലോ ഏറ്റവും ഇളയ താരം).പിന്നെ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത പേര്,കുറ്റി താടി നായകന്‍,വേറെ ഒന്ന് രണ്ടു താടികള്‍,ചെലവു കുറക്കാന്‍ കൊണ്ട് വന്ന കൈയില്‍ പിടിക്കാവുന്ന ക്യാമറ(ചാപ്പാ കുരിശുകാര്‍ കൈയ്യില്‍ കാശില്ലാതെ ഗതികേട് കൊണ്ട് ഉപയോഗിച്ച ആ ഐറ്റം) ,ക്രമം തെറ്റിച്ച കഥ പറച്ചില്‍(നോണ്‍ ലീനിയര്‍ കഥാകഥന സംവിധാനം കണ്ട് പിടിച്ചവന്റെ ആത്മാവ് കല്ലറയില്‍ കിടന്ന് മലയാളം സിനിമയുടെയും ചാലു മോന്റെയും ഡാഡിക്ക് വിളികാതിരുന്നാല്‍ ആത്മാക്കള്‍ ഇല്ല എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് ഉറപ്പിച്ചോ ),പിന്നെ അവിയല്‍ പോലെ ഒരു ബാന്‍ഡ്,ഒരല്‍പം മീഡിയ കുഴല്‍ ഊത്തു എത്രയും ചേര്‍ന്നാല്‍ നവയുഗ സിനിമ ആകുമോ അനിയാ ?

അണ്ണാ പ്ലീസ് കാടു കേറല്ലേ.അത് നമുക്ക് പിന്നൊരിക്കല്‍ ചര്‍ച്ച ചെയ്യാം.ഇപ്പോ പടത്തെ പറ്റി .... പുതുമുഖ സംവിധായകന്‍ , ബാക്കി പിന്നണി പ്രവര്‍ത്തകര്‍,നടീ നടന്‍മാര്‍ ... എന്നിട്ടും.

ശ്രീനാഥ് രാജേന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഥവാ അങ്ങനെ അവകാശപ്പെട്ടിരിക്കുന്നത്,തിരക്കഥ പണിതു പണി പഠിക്കാന്‍ എത്തിയിരിക്കുന്നത് ശ്രീ വിനുവിശാലാണ്, ക്യാമറ പപ്പു, സംഗീതം എന്ന പേരില്‍ ഒച്ചപ്പാട് ഉണ്ടാക്കുന്നത് റെക്സ് വിജയന്‍.സുരുക്കമാ ശൊന്നാല്‍ അറിയുന്ന മുഖങ്ങള്‍ ബാബുരാജ്,രോഹിണി,കുഞ്ചന്‍ എന്നിവരേ എന്‍റെ ഓര്‍മയില്‍ ഉള്ളു .

ഇനി കഥ..... മഴയുള്ള ഒരു രാത്രി ഒരു ബസ്‌ സ്റ്റോപ്പ്.അവിടെ ബസ്‌ കാത്തു നില്‍ക്കുന്ന ഹരിലാല്‍ എന്ന ലാലു (സല്‍മാന്‍) അവിടെ കണ്ട മറ്റൊരു ആളോട് തന്‍റെ ജീവിതകഥ പറയുന്നിടത്താണ് തുടക്കം .അവിടെ തന്നെ കല്ല്‌ കടിയാണ്.മറ്റേ ആള്‍ക്ക് സംസാരിക്കാന്‍ തീരെ താല്പര്യം ഇല്ല. അങ്ങേരെ ബലമായി തന്‍റെ ഫ്ലാഷ് ബാക്ക് കേള്‍പ്പിക്കയാണ് നായകന്‍.(സംഗതി പുതുമയ്ക്ക് വേണ്ടി ആകണം.മിണ്ടാതിരിക്കുന്ന നായകനോട് ഇടിച്ചു കേറി സംസാരിച്ചു കഥ പറയിക്കുന്നത് പഴമയല്ലേ)

ഒന്ന് വെറുതെ ഇരുന്നേ അണ്ണാ , പ്രേമവും,പ്രതികാരവും ,സ്നേഹവും,കുടുംബ ബന്ധങ്ങളുടെ ഹൃദയ സ്പര്‍ശിയ മുഹൂര്‍ത്തങ്ങളും ഇട കലര്‍ത്തി ആസ്വാദനത്തിന്‍റെ വേറിട്ട വഴികളിലൂടെ ഓടുന്ന ഈ ചിത്രം വ്യക്തിത്വം ഉള്ള കഥാപാത്രങ്ങളുടെ ഉന്തും തള്ളും ഉള്ള ഒരു സിനിമയാണ് എന്ന് ഏതു കണ്ണ് പൊട്ടനും അറിയാമല്ലോ .

ആണോ? ശരി . എന്നാ ഇതാണ് മേല്‍ പറഞ്ഞ സംഭവം,

എന്ത് തൊഴിലും ചെയ്തു (പ്രധാനമായും മണല്‍ മാഫിയക്ക് ലോഡ് കടത്തി കൊടുക്കുന്ന ഭരിച്ച പണി.ബാക്കി സമയം വെള്ളമടിയും തമാശയും) ജീവിക്കാന്‍ പാട്പെടുന്ന ലാലുവും സുഹൃത്തുക്കളും. ഇവര്‍ ചാവേര്‍ വാവച്ചന്‍ (ബാബുരാജ്‌ ) എന്ന പലിശക്കാരന്‍റെ ഗുണ്ട സംഘത്തില്‍ വണ്ടി സി സി പിടിക്കാന്‍ ചേരുന്നു.

ഈ ചാവേര്‍ വാവച്ചന്‍,പിന്നെ ചാവേര്‍ അന്തോണി എന്നെ ഇരട്ട വേഷം ബാബുരാജ്‌ വ്യത്യസ്തമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന് കേട്ടല്ലോ ഉള്ളതാണോ?

അനിയാ സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ എന്ന ചിത്രത്തിന് മുന്‍പ് ബാബുരാജ്‌ തുടക്കത്തില്‍ വന്നു നായകന്‍റെ കൈയില്‍ നിന്നും കിട്ടാനുള്ളത് വാങ്ങി പോകുന്ന കഥാപത്രങ്ങളെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.പ്രസ്തുത ചിത്രത്തിന് ശേഷം അദേഹം എന്ത് കാണിച്ചാലും നമ്മള്‍ ചിരിച്ചു കൊള്ളണം എന്ന അലിഖിത നിയമം ഉള്ളതിനാല്‍ ഇതില്‍ അദേഹം ഒരു കോമാളി വില്ലനെ ആണ് അവതരിപ്പിക്കുന്നത്. അദേഹത്തിന്‍റെ ചേട്ടന്‍ ചാവേര്‍ അന്തോണി എന്ന ഭീകരഗുണ്ട ഒരിക്കല്‍ ഒരു പയ്യന്‍ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഹൃദയസ്തംഭനം വന്നു മരിച്ചു പോലും.ആ പയ്യനെ തേടി കഴിഞ്ഞ പത്തിരുപതു കൊല്ലമായി പ്രതികാരദാഹിയായി നടക്കുകയാണ് അദേഹം.
നീണ്ട കാലത്തിനു ശേഷം ആ പയ്യനെ കിട്ടിയ വാവച്ചന്‍ ആശുപത്രിയില്‍ ആസന്ന മരണനായി കിടക്കുന്ന വലുതായ പയ്യനെ മാലപ്പടക്കം ചുറ്റി പൊട്ടിച്ചു കൊല്ലുന്നു.എന്നാല്‍ ആളു മാറി വാവച്ചന്‍ കൊല്ലുന്നത് അന്താരാഷ്ട്ര അധോലോക നേതാവായ വിഷ്ണുബുദ്ധന്‍ (സുരേഷ് ബെറി) എന്നയാളിന്‍റെ വലം കൈയെ ആണ് .(ഇത്ര വലിയ അധോലോക രാജാവിന്‍റെ വലം കൈ കിടക്കുന്നത് വേറെ കുറെ സാധാരണ രോഗികളുടെ കൂടെ !!).കുപിതനായ അധോലോക രാജാവ്‌ വാവച്ചനെ തട്ടുകയും നായകന്‍റെ വീരപരാക്രമം കണ്ടു സന്തുഷ്ടനായി അവരെ സംഘത്തില്‍ എടുക്കുകയും ചെയ്യുന്നു.(കൂട്ടത്തില്‍ പറഞ്ഞോട്ടെ ആക്ഷന്‍ രംഗങ്ങള്‍ തികച്ചും ബോറായി ആണ് ചിത്രീകരിച്ചിരിക്കുന്നത്,കാസനോവ പോലും ഇതിലും ഭേദം!!).ഇനി ആദ്യത്തെ വഴിത്തിരിവ് . കൂട്ടത്തില്‍ ഒരുത്തന്‍ നമ്മുടെ ബുദ്ധ രാജാവിന്‌ കൊടുകേണ്ട,മയക്കു മരുന്ന് വിറ്റു കിട്ടിയ കാശുമായി മുങ്ങുന്നു .നിവര്‍ത്തി ഇല്ലാതെ നായകനും സംഘവും കാശു വാങ്ങാന്‍ വരുന്ന രാജാവിന്‍റെ മകന്‍ സിദ്ധുവിനോട് (പാവം രാജാവ്‌ വേറെ ആരെയും വിശ്വാസം ഇല്ലാത്തത് കൊണ്ടാകണം പ്രീഡിഗ്രി പരുവത്തിലുള്ള മകനെയാണ് ഈ പരിപാടിക്ക് വിടുന്നത്).പോയി പണി നോക്കാന്‍ പറയുന്നു. രാജാവ്‌ സ്വാഭാവികമായും ഗുണ്ടകളെ വിടുന്നു.അവരുമായി ഉന്തും തള്ളും കഴിഞ്ഞു കുത്തും കൊണ്ട് ഓടുന്ന വഴിക്ക് തിരിഞ്ഞു നിന്ന് നായകന്‍ ബുദ്ധ രാജ ഗുണ്ടകളോട് ഇതിനു നിന്നോടൊക്കെ പകരം ചോദിക്കും എന്ന് വിളിച്ചു പറയുന്നുണ്ട് (അലറുന്നു എന്നാകണം സ്ക്രിപ്റ്റില്‍ പയ്യന്‍ അലറുന്നതുമുണ്ട്.പക്ഷെ പൂച്ച ഗര്‍ജ്ജിക്കുന്നു എന്ന് പറഞ്ഞത് പോലെയാണ് സംഭവം . എത്ര ശ്രമിച്ചാലും മ്യാവു തന്നെ ഫലം ). എന്തിനാണ് പകരം ചോദിക്കുന്നത് എന്ന് പടം തീരുന്നത് വരെ മനസിലായില്ല പാവം ബുദ്ധന്‍ !!!ഇതിനിടയില്‍ എപ്പോളോ നായകന്‍റെ അമ്മാവന്‍റെ (കുഞ്ചന്‍) മകളുമായി (നായിക ഗൌതമി നായര്‍) നായകന്‍റെ പ്രേമം വേറൊരു വഴിക്ക് (ആ ട്രാക്ക് അധികമില്ല.പാട്ടുമില്ല ഭാഗ്യം )

സംഘം നാട് വിട്ട് വേറൊരു സ്ഥലത്ത് ചെന്ന് ചായക്കട ഒക്കെ ഇട്ടു സമധാനമായി ജീവിക്കുമ്പോള്‍,അവരുടെ തന്നെ കൈയില്‍ ഇരുപ്പു കൊണ്ട് ബുദ്ധന്‍ ഇവരുടെ സ്ഥലം അറിയുകയും കട കത്തിക്കുകയും ചെയ്യുന്നു .കുപിതരായ സംഘം തിരിച്ചടിച്ചു ബുദ്ധന്‍റെ ബിസിനസ്‌ ചുമ്മാ പോയി പിടിച്ചടക്കുന്നു. ബുദ്ധന്‍റെ അധോലോകം സെക്കണ്ട് കൊണ്ട് പിടിച്ചടക്കി നായകന്‍ അധോലോക രാജാവായി ഒരു ഇരിപ്പുണ്ട്.കാണേണ്ടതാണ് സംഗതി.(പഴയ കടപ്പുറം സിനിമകളില്‍ ജനാര്‍ദ്ദനന്‍ അവതരിപ്പിക്കുന്ന കൊച്ചു മുതലാളി കഥാപാത്രത്തിന്റെ നൊസ്റ്റാള്‍ജിയ ആ ഇരുപ്പ് കണ്ടാല്‍ ഉറപ്പ്).അധോലോക രാജാവായി കഴിഞ്ഞു നായകന്‍ അസുരവിത്തില്‍ പാവം ആസിഫലി ചെയുന്നതെല്ലാം ചെയുന്നു കോട്ടും ഇട്ടു പെണ്ണുങ്ങള്‍ ഉള്‍പ്പെടുന്ന അധോലോക സംഘവുമായി നടക്കുക (ദോഷം പറയരുതല്ലോ ആരും കുട പിടിക്കുന്നില്ല ) ഇത്യാദി സംഗതികള്‍ .

അവസാനം തീരെ അനങ്ങാതെ ഇരുന്നാല്‍ മോശമല്ലേ എന്ന് കരുതി ബുദ്ധന്‍ നായകന്‍റെ സുഹൃത്ത്‌ കുരുടിയെ കൊല്ലുന്നു (മരിച്ചു കഴിഞ്ഞു നായകന്‍ മഴ പെയ്യുന്ന ആകാശത്തേക്ക് നോക്കി ഒരു അലര്‍ച്ച ഉണ്ട് !! ആരാധകര്‍ക്ക് കൈയടിക്കാം,വിവരമുള്ളവന് സ്വന്തം തലക്കും അടിക്കാം) അടുത്ത രംഗത്തില്‍ ബുദ്ധനു മുന്നില്‍ നായകന്‍ ഷേവ് ചെയ്തു കൊടുക്കാന്‍ ഇരിക്കുന്നത് പോലെ ഇരിക്കുന്നതാണ്.രണ്ടു പേരുടെയും മുഖം നിര്‍വികാരം (കണ്ടോ പുതുമ !!) നായകന്‍ ഉത്ഘാടനത്തിന് നാട മുറിക്കുന്നത് പോലെ ബുദ്ധന്‍റെ കഴുത്ത് മുറിക്കുന്നു.ബുദ്ധന്‍ നിര്‍വികാരമായി ചാകുന്നു.(ബുദ്ധം ശരണം ഗച്ചാമി എന്നൊരു ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ കൂടെ കൊടുക്കാമായിരുന്നു !! ചുമ്മാ ഒരു ഇതിനു )

അവിടെ കഥ തീരുമോ ?

എവിടെ ?ഇനിയല്ലേ ട്വിസ്റ്റ്‌ . ബുദ്ധന്‍ മരിച്ച ഉടനെ നായകനും സംഘത്തിനും ഒപ്പം കഞ്ചാവ് കടത്തലിന് കൂടു നിന്നിരുന്ന (പണ്ട് ബുദ്ധന്റെ സഹായി ആയിരുന്ന) കോണ്‍സറ്റബിള്‍ സച്ചിദാനന്ദന്‍ 'പറ്റിച്ചേ !!! ഞാന്‍ അണ്ടര്‍കവര്‍ കമീഷണര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണേ !!! എന്ന് കൂവിക്കൊണ്ട് നായകന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നു .നായകനെ തട്ടി ഉള്ളെ ആക്കുന്നു .അഞ്ചു വര്‍ഷങ്ങള്‍ അകത്തു കിടക്കുന്ന നായകന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി കഞ്ഞിയും പയറും ചമ്മന്തിയുമായി തന്നെ കാത്തിരിക്കുന്ന മമ്മിയെ കാണാന്‍ പോകുന്ന വഴിക്കാണ് , വഴിയില്‍ കണ്ട ഏതോ ഒരുത്തനോട്‌ ഫ്ലാഷ് ബാക്ക് ഭാണ്ഡം അഴിക്കുന്നത് .ആ വഴിയില്‍ കണ്ട ഏതോ ഒരുത്തന്‍ ബുദ്ധന്റെ മകന്‍ പഴയ പ്ലസ്‌ ടൂ പയ്യന്‍ പറഞ്ഞു വിട്ട കൊട്ടേഷന്‍ പാര്‍ട്ടിയാണ് എന്നത് ഒടുക്കത്തെ ട്വിസ്റ്റ്‌ .അയാളുടെ വെടിയേറ്റ്‌ പെരുവഴിയില്‍ വീഴുന്ന നായകന്റെ കൈ അനങ്ങുന്നിടത്ത് പ്രേക്ഷകരുടെ കഷ്ടകാലത്തിന് ഈ പടം ഓടിയാല്‍ രണ്ടാം ഭാഗം ഇറക്കും എന്ന ഭീഷണിയോടെ പടം തീരുന്നു

ഇനി നീ പറഞ്ഞ വ്യക്തിത്വം ഉള്ള കുറെ കഥാപാത്രങ്ങള്‍.

നായകന്‍ : പുഞ്ചിരിച്ചാലും പല്ല് ഞെരിച്ചാലും ഒരേ ഭാവം മുഖത്ത് വരുന്ന നടന്‍ .സ്ഥിരമായി ഒന്നോ രണ്ടോ ഭാവം. അഭിനയത്തിന് പ്രത്യേക ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വന്നു എന്നത് ശരിയാണെങ്കില്‍ വളരെ മോശപ്പെട്ട ഒരു നടന്‍ എന്ന് പറയേണ്ടി വരും,(രക്ഷപ്പെടാതെ പോയ പുതു മുഖങ്ങളെ എടുത്താല്‍ കൂടി,ഉദാഹരണമായി നമ്മള്‍ എന്ന ചിത്രത്തിലെ ജിഷ്ണുവും സിദ്ധാര്‍ദ്ധനും പോലും ഇതിലും എത്രയോ ഭേദം !!!)

നായിക : പ്രേമിച്ചാലും,പേടിച്ചാലും,നാണിച്ചാലും,വികരഭാരിതയായാലും,നായകനെ കളഞ്ഞു വേറെ കെട്ടിയാലും ഒരൊറ്റ ഭാവം ആണ് മുഖത്ത്.

നായകന്‍റെ അമ്മ (രോഹിണി ) : കവിയൂര്‍ പൊന്നമ്മയുടെ ചെറുപ്പം വേര്‍ഷന്‍

കുരുടി /നെല്‍സണ്‍ (സണ്ണി വെയിന്‍ ) : പഴശിരാജയില്‍ ശരത് കുമാര്‍ അവതരിപ്പിച്ച കുങ്കന്‍ കലക്കി എന്നതിന് കാരണമായി എനിക്ക് തോന്നിയത് ബാക്കിയുള്ളവര്‍ അത്രക്ക് ബോര്‍ ആയി എന്നതാണ് . സംഗതി ഇവിടെയും അത് തന്നെ . കഷ്ടിച്ച് സഹിക്കാം ഉള്ളതില്‍ ഭേദം.

നായകന്‍റെ അമ്മാവന്‍ (കുഞ്ചന്‍ ) : പഴയ പ്രിയദര്‍ശന്‍ സിനിമകളില്‍ ഉള്ള,ദരിദ്രരായ നായകനെയും അമ്മയെയും പുറം തള്ളുകയും നായകന് നല്ല ജോലി കിട്ടി എന്നറിയുമ്പോള്‍ മകളെ കെട്ടിച്ചു കൊടുക്കാന്‍ മുട്ടി നില്‍ക്കുകയും ചെയുന്ന മന്ദബുദ്ധി കഥാപാത്രം.

ചാവേര്‍ വാവച്ചന്‍ : നേരത്തെ പറഞ്ഞ വ്യത്യസ്ത കഥാപാത്രം.കാണുമ്പോള്‍ തന്നെ ചിരിച്ചു തുടങ്ങിക്കോണം

വില്ലന്‍ : ഇങ്ങേരെ പറ്റി എന്ത് പറയാന്‍ ?.പാവം മനുഷ്യന്‍ !!! ഒരു അധോലോക രാജാവിനും ഇത്ര ഗതികേട് വരാതിരിക്കട്ടെ.സ്വന്തം മോനെ ഇടി കൊടുത്ത് അവന്റെ വസ്ത്രവും സെല്‍ ഫോണും ഒക്കെ പിടിച്ച് പറിച്ച നായകന്റെയും കൂട്ടുകാരുടെയും ഹോട്ടലിനു തീ വെയ്പ്പിക്കുന്ന വില്ലന്‍ അത് കഴിഞ്ഞ ഉടന്‍ ചെയ്യുന്നത് മോന്റെ സെല്‍ ഫോണിലേക്ക് വിളിച്ച് 'മോനെ നമ്മുടെ കഞ്ചാവ് ലോറി മണക്കാട് ജങ്ങ്ഷന്‍ കഴിയാറായി .നിന്റെ ഒരു കണ്ണ് വേണം' എന്ന് പറയുകയാണ്‌ .ആ വിവരം വില്ലന്റെ മകന്റെ ഫോണിലൂടെ കേട്ട ശഷമാണ് നായകന്‍ ആ കഞ്ചാവ് ലോറി പിടിച്ച്, കച്ചവടമടിച്ചു വലിയ ആളാകുന്നത്.പിന്നെ നായകന്‍ ഒരാഴ്ച ലോക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ബോധമില്ലാതെ കിടകുമ്പോള്‍ ,നായകന് ബോധം തെളിഞ്ഞ ശേഷം കൊള്ളാന്‍ ആളെ വിടാം എന്ന് കരുതി പുള്ളി വെറുതെ ഇങ്ങനെ കസേരയില്‍ കാലും കയറ്റി ഇരിക്കും .സിനിമയില്‍ അങ്ങേരുടെ സീനുകള്‍ ഒട്ടുമുക്കാലും ഈ ഇരുപ്പ് തന്നെയാണ് ,അവസാനം ആ കസേരയില്‍ തന്നെ ഒരു ചെറു വിരല്‍ പോലുമാനക്കാതെ ഷേവ് ചെയ്യാന്‍ ഇരുന്നു കൊടുകുമ്പോലെ നായകന് തന്നെ കൊല്ലാന്‍ പാകത്തിന് പുള്ളി ഇരുന്നു കൊടുക്കുന്നതുമുണ്ട്

സച്ചി എന്ന പോലീസുകാരന്‍ : മുംബൈ മാര്‍ച്ച്‌ 21 എന്ന ചിത്രത്തിലെ ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിനു ശേഷം ഇത്രയും സങ്കീര്‍ണമായ കഥാപാത്രം മലയാളത്തില്‍ ആദ്യം . ഒര്‍ജിനല്‍ കഞ്ചാവ് കടത്ത്കാരെ പിടിക്കാന്‍ വരുന്ന പുള്ളിയുടെ ഹോബി അണ്ടര്‍കവറായി നിന്ന് പഴയ അധോലോക രാജാവിന്റെ ഗുണ്ടകളെയും വഴിയെ പോകുന്നവരെയും ഒക്കെ വലിയ കള്ളക്കടത്തുകാര്‍ ആകാനുള്ള എല്ലാ സഹായവും ചെയ്തു കൊടുക്കുക,അവര്‍ക്ക് കാറും കോട്ടും സ്യൂട്ടും,കൂളിംഗ് ഗ്ലാസും,സ്ലോമോഷനും ഒക്കെ ആയതിന് ശേഷം അവരെ അറസ്റ്റ് ചെയുക എന്നതുമാണ്‌ .തീര്‍ത്തും സങ്കീര്‍ണമായ മാനസിക വ്യാപാരങ്ങള്‍ ഉള്ള ഒരു കഥാപാത്രം തന്നെ.അല്ലെ ?

പിന്നെയുള്ളത് സിനിമയുടെ തുടക്കത്തില്‍ മഴയത്ത് ബസ്‌ സ്റ്റോപ്പില്‍ നായകന്‍ പരിചയപ്പെടുകയും ഇടിച്ച് കയറി സ്വന്തം കഥ മുഴുവന്‍ വിളമ്പുകയും ചെയ്യുന്ന കഥാപാത്രം.മുഴുവന്‍ കഥ കേട്ട ശേഷം കൊട്ടേഷന്‍ തൊഴിലാളിയായി മാറി നായകനെ വെടിവെച്ച് വീഴ്ത്തുന്ന ഈ കഥാപാത്രം പ്രേക്ഷരുടെ തന്നെ ഒരു പ്രതിനിധിയാണ് .പടം കണ്ട് കഴിഞ്ഞപ്പോള്‍ എനിക്കും അങ്ങനെ എന്താങ്ങിലും ഒക്കെ ചെയ്യാന്‍ തോന്നിപ്പോയി

മിനിമം തിരക്കഥയില്‍ എങ്കിലും ഒരു പുതുമ ഇല്ലേ അണ്ണാ ?

പിന്നെ,ഒന്നുമിലെങ്കിലും മമ്മി ഈസ്‌ മമ്മി കാമുകി ഈസ്‌ കാമുകി .മമ്മി വില്‍ ആള്‍വേസ് ലവ് ചാലു മോന്‍ ബട്ട്‌ കാമുകി വില്‍ ആള്‍വേസ് ലവ് പണം,കോട്ട് സ്യൂട്ട് ആന്‍ഡ്‌ ബെന്‍സ് കാര്‍ എന്ന മഹത്തായ സന്ദേശം തരുന്നു എന്നൊരു പുതുമയെങ്കിലും പറയാം.

അനിയാ ,കുറച്ചു കാലം മുന്‍പ് ഗോവിന്ദന്‍ കുട്ടി എന്നൊരുത്തന്‍ ത്രീ ചാര്‍സോബീസ് എന്നൊരു പടം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചിരുന്നു .ഇതേ കഥ,ഇതേ സന്ദര്‍ഭങ്ങള്‍ (വില്ലനും,അണ്ടര്‍കവറും ഒഴികെ).അതില്‍ മോഷണം,ഇതില്‍ കഞ്ചാവ് കടത്ത്.ഒടുക്കം എല്ലാം ഒന്ന് പോലെ തീരുന്നു.ആ നിലവാരം മാത്രമുള്ള ഒരു കൂറ പടം .അതാണ്‌ സെക്കണ്ട് ഷോ.

ഒരു വത്യാസം ഉണ്ട് അണ്ണാ

എന്തോന്നടെ ?

ഗോവിന്ദന്‍കുട്ടിയുടെ ഡാഡിയുടെ പേര്‍ സുപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി എന്ന് അല്ലല്ലോ .ടന്‍ ട ഡാങ്ങ് !!!

അത് ന്യായം .ആ ഒരു ഒറ്റ കാരണം കൊണ്ട് ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ ഗോവിന്ദന്‍ കുട്ടി ചെയ്തപ്പോള്‍ ങ്ങേ ഹേ !!! , ചാലു മോന്‍ ചെയ്തപ്പോള്‍ ഓ ഹോ !!!, അല്ലെഡേ ?

അതാണ്‌ പോയന്റ് .അണ്ണാ,നിങ്ങള്‍ ഒന്ന് ശ്രമിച്ചാല്‍ സോഷ്യല്‍ മീഡിയ രംഗത്തെ ആധുനിക കുഴലൂത്ത് കമ്മറ്റിയുടെ ചെയര്‍മാന്‍ ആകാം

വേണ്ടഡാ.ഇപ്പോ തന്നെ നീയും,ബാക്കി കുറെ കിടിലങ്ങളും ആ കര്‍മ്മം ഭംഗിയായി ചെയുന്നുണ്ടല്ലോ.അത് അങ്ങനെ തന്നെ പോട്ടെ .ചാലു മോന്‍,പ്രണവ് മോന്‍,ഇവരുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍,അത് കഴിയുമ്പോള്‍ അവര്‍ അവരുടെ
ഡാഡിമാരോടോത്തും,മറ്റവന്‍റെ ഡാഡിയോടോത്തും,അവര്‍ ഒരുമിച്ചും പിന്നെ അവരുടെ മോന്‍മാരോട് ഒന്നിച്ചും മലയാള സിനിമയില്‍ പുതുമയുടെ മാലപടക്കം പൊട്ടിക്കുമ്പോള്‍ ഇവര്‍ക്കൊക്കെ കുഴല്‍ ഊതാന്‍ നിങ്ങള്‍ തന്നെ ധാരാളം.