Friday, October 29, 2010

ഫോര്‍ ഫ്രണ്ട്സ് (4 friends)

മുളക് പാടം ഫിലിംമസ് അവതരിപ്പിക്കുന്ന മുളകുപാടം ടോമിച്ചന്‍ നിര്‍മ്മിക്കുന്ന ......

അണ്ണന്‍ എന്താ ചാനലില്‍ വാര്‍ത്ത‍ വായിക്കാന്‍ പോകുന്നോ? അതോ അതിനു പഠിക്കുന്നോ?

അനിയാ, സ്വന്തം അഭിപ്രായം വ്യക്തമായി (അത് എന്ത് തന്നെ ആയാലും ) പറയുന്ന ഒരു ബ്ലോഗ്‌ ആയിരിക്കണം എന്ന ആഗ്രഹത്തോടെയാണ് ഈ സാധനം ആരംഭിച്ചത്.പക്ഷെ ഈ നാട്ടിലെ പ്രബുദ്ധരായ താര ആരാധകര്‍ അതിനു സമ്മതിക്കും എന്ന് തോന്നുന്നില്ല .

അതിത്ര പറയാന്‍ എന്തിരിക്കുന്നു? സമാധാനമായി ഒരു പടം കാണാന്‍ പോലും ഇവനൊന്നും സമ്മതിക്കില്ല .പിന്നെയല്ലേ അഭിപ്രായം പറയുന്നത് . അതൊക്കെ (പടം കണ്ടു കൊണ്ടിരിക്കുമ്പോള്‍ കൂവുന്നതും ബഹളം വൈക്കുന്നതും ) അവരുടെ അവകാശം ആണെന്നല്ലേ ഒരു ആരാധക മാന്യന്‍ പറഞ്ഞിട്ട് പോയത് .

അപ്പോള്‍ കാശു കൊടുത്തു പടം കാണാന്‍ കേറുന്ന മറ്റുള്ളവരോ? അവനൊന്നും ഒരു അവകാശവും ഇല്ലെ ? ഇതു ഒരുമാതിരി നോക്ക് കൂലി പോലെ അല്ലെ? എന്നാല്‍ പോട്ടെ ഇവനൊക്കെ ധൈര്യം ഉണ്ടോ തമിഴ് നടന്‍ വിജയ്‌ പോലെയുള്ള ഒരു നടന്റെ മൂന്നാം കിട ചിത്രം ഇറങ്ങുമ്പോള്‍ പോലും ചെന്ന് ഈ പരിപാടി ഇറക്കാന്‍? ചെന്നാല്‍ മതി.മടുത്തെടെ എനിക്ക്.

അതൊക്കെ വിട്ടേ അണ്ണാ. കാര്യം പറ ഫോര്‍ ഫ്രണ്ട്സ് എങ്ങനെയുണ്ട് ?

ഈ വര്‍ഷത്തെ താര ചിത്രങ്ങളില്‍ (ജയറാം താരം ആണ് എന്നാണ് എന്റെ വിശ്വാസം ) ഏറ്റവും വലിയ വിജയം ആയ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിന്റെ പിന്നണി കാരായ സജി സുരേന്ദ്രനും,കൃഷ്ണ പൂജപ്പരയും വീണ്ടും ഒത്തു ചേരുന്ന ചിത്രമാണ് ഫോര്‍ ഫ്രണ്ട്സ് .കഴിഞ്ഞ ചിത്രത്തിലേത് പോലെ നായകനിരയില്‍ ജയറാമും,ജയ സൂര്യയും ഉണ്ട് പുതിതായി കുഞ്ചാക്കോ ബോബനും.നായിക ആയി മീരാ ജാസ്മിന്‍ . അഥിതി താരമായി കമലഹാസ്സനും അഭിനയിക്കുന്നുണ്ട് .സലിംകുമാര്‍,സുരാജ് ,സരയു,ലാലു അലക്സ്‌,സീമ എന്നിവര്‍ മറ്റു നടീ നടന്മാരില്‍ പെടുന്നു.സംഗീതം ജയചന്ദ്രന്‍ . ഇതാണ് സംഗതി ചുരുക്കത്തില്‍ .

ഹ....... എത്രയും പറഞ്ഞു നിര്‍ത്തിയാലോ . കഥ , അഭിനയം , പിന്നെ മാര്‍ക്ക്... ഇതൊക്കെ വേണ്ടേ .....

കഥ പറഞ്ഞാല്‍ ......... വ്യവസായ പ്രമുഖനായ റോയ് (ജയറാം ),കൊട്ടേഷന്‍ തൊഴിലാളി ആയ (ഗുണ്ട എന്നൊന്നും ഇപ്പോള്‍ പറഞ്ഞു കൂടാ )അമീര്‍ (ജയ സൂര്യ). കോളേജ് കുമാരന്‍ അമീര്‍ (കുഞ്ചാക്കോ) മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഗൌരി (മീര) എന്നിവര്‍ ആണ് ഈ ചിത്രത്തിലെ നാലു സുഹൃത്തുക്കള്‍.തികച്ചും വ്യത്യസ്തങ്ങളായ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്ന ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരുമിച്ചു കൂടുന്നതും പിന്നീടു അവര്‍ക്കിടയില്‍ സൌഹൃതം വളരുന്നതും പിന്നീടു അവര്‍ ഒരുമിച്ചു ജീവിതത്തില്‍ മുന്നോട്ടു നീങ്ങുനതും ആണ് ചിത്രത്തിന്റെ പ്രമേയം.

ഹോ അപ്പോള്‍ പതിവ് രീതിയില്‍ ഒരു തമാശ ചിത്രം തന്നെ അല്ലെ ?

അതാണ് ഞാനും പ്രതീക്ഷിച്ചത് .പക്ഷെ നേരത്തെ പറഞ്ഞ ഈ പ്രത്യേക സാഹചര്യം എന്നത് ഇവര്‍ എല്ലാവരും കാന്‍സര്‍ രോഗികള്‍ ആണെന്നും അതിനുള്ള ചികിത്സക്ക് വരുന്ന ആശുപത്രിയില്‍ വെച്ചാണ്‌ പരിചയപ്പെടുന്നത് എന്നും ആയാലോ ?

അപ്പോള്‍ ...

ഇവര്‍ നാലു പേരും കാന്‍സര്‍ രോഗികള്‍ ആണ് . മൂന്നു പേര്‍ക്കും (കുഞ്ചാക്കോ ഒഴികെ ) ഈ വിവരം നേരത്തെ അറിയുന്നവരാണ് . അത് മറച്ചു വെച്ച് രഹസ്യമായി ചികിത്സിച്ചു പോരുന്നവരാണ്‌ റോയ് യും അമീറും .ഗൌരി അവിടെ admitted ഉം കുഞ്ചാക്കോ പുതിതായി വരുന്ന ആളും ആണ് . അവിടെ വെച്ച് പരിചയപ്പെടുകയും സൈഹൃതത്തില്‍ ആകുകയും ചെയ്യുന്ന ഇവര്‍ ബാക്കിയുള്ള കാലം ആശുപത്രി മുറിയില്‍ ഒതുങ്ങാതെ ലോകം ചുറ്റി കാണാനും ഇഷ്ടം ഉള്ളതൊക്കെ ചെയ്യാനുമായി യാത്ര തിരിക്കുന്നു .ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വല്ല തമിഴിലെയും പുതിയ പിള്ളേര്‍ക്ക് സംവിധാനം ചെയ്യാന്‍ കൊടുത്തിരുന്നേല്‍ പൊളിച്ചു അടുക്കി തരുമായിരുന്ന സംഭവം.

അതെന്താ സജി സുരേന്ദ്രനും കൃഷ്ണ പൂജപ്പരയും മോശക്കരാണോ ?

എന്ന് പറയുന്നില്ല . പക്ഷെ കുറെയെങ്കിലും പ്രേക്ഷകര്‍ കണ്ട രണ്ടു ചിത്രങ്ങളിലെ അണിയറക്കാര്‍ എന്ന നിലയ്ക്ക് പ്രേക്ഷകര്‍ തങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുനത് എന്ന് തിരിച്ചറിയാനും അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് കൊടുക്കാന്‍ ആഗ്രഹിക്കുനതെങ്കില്‍ അത് എന്താണെന്നു ചിത്രത്തിന്റെ പ്രചാരണ വേളയില്‍ ജനങ്ങളിലേക്ക് പരമാവധി എത്തിക്കുക എന്നതല്ലേ ചെയേണ്ടത്. അത് എത്രത്തോളം നന്നായി ചെയ്തിട്ടുണ്ട് എന്ന് എനിക്ക് സംശയം ഉണ്ട്.പകരം കമലഹാസ്സന്‍ അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലുള്ള പ്രചരണം ആണ് കാണുന്നത് .

അതിരിക്കട്ടെ പിന്നെ എന്ത് സംഭവിക്കുന്നു ? യാത്ര തുടങ്ങിയിട്ട് ....

അവിടെയല്ലേ സംഗതി.പിന്നെ ഒന്നും സംഭവിക്കുന്നില്ല .അകെ സംഭവിക്കുന്നത്‌ അവരെല്ലാം കൂടി മലേഷ്യക്ക് പോകുന്നു . വിമാന തവത്തില്‍ വച്ച് കമലഹാസ്സനെ കാണുന്നു.മലേഷ്യയില്‍ എത്തി സൂര്യയുടെ പഴയ കാമുകിയെ (സരയു) കാണുന്നു.(അവള്‍ പൊയ് പണി നോക്കാന്‍ പറയുന്നു ).പിന്നെ ശൂ എന്നൊരു ക്ലൈമാക്സ്‌ ഉം

എന്നാലും ഈ കാന്‍സര്‍ പിടിച്ചു മറിക്കാന്‍ കിടക്കുന്നവര്‍ എല്ലാം കൂടി ലോക പര്യടനത്തിനു പോകുക എന്ന് ഒക്കെ പറഞ്ഞാല്‍ ....

അവിടെയാണ് സംവിധായകന്‍ ബുദ്ധിപൂര്‍വ്വം കമലഹാസ്സനെ കൊണ്ട് വന്നിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. പത്തു വര്‍ഷം കാന്‍സര്‍മായി മല്ലടിച്ച് നിരവധി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച സത്യനെ പോലെയുള്ള ഒരു നടന്റെ കാര്യം അത് നേരില്‍ കണ്ട വേറൊരു നടനില്‍നിന്നും കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും പ്രേക്ഷകരില്‍ വിശ്വസിനീയത ഉളവാക്കാന്‍ സഹായിച്ചേക്കും.
ചിത്രത്തിന്റെ തുടക്കം തന്നെ ഷോലേ എന്നാ ചിത്രത്തിലെ യെ ദോസ്തി ...... എന്ന പാട്ട് റീ മിക്സ്‌ ചെയ്തു കാണിച്ചു കൊണ്ടാണ്.(ഈ മഹാ പാപത്തിനു ജയചന്ദ്രന് ദൈവം മാപ്പ് തരട്ടെ !).എനിക്ക് കേടായ കാസ്സെറ്റ്‌ ല്‍ നിന്നും ആ പാട്ട് കേള്‍ക്കുന്നത് പോലെയാണ് തോന്നിയത് .മറ്റു പാട്ടുകള്‍ കഷ്ടിച്ചു സഹിക്കാം എന്നാണ് തോന്നുന്നത് .

അപ്പോള്‍ അഭിനയം ?

അത് ചോദിക്കാനുണ്ടോ ? സാക്ഷാല്‍ മീര ജാസ്മിന്‍ ഉള്ളപ്പോള്‍ വേറെ ആരു അഭിനയിച്ചാല്‍ ഏല്‍ക്കും? ഓരോ ഫ്രെയിമിലും അഭിനയിച്ചു തകര്‍ക്കുകല്ലേ പുള്ളിക്കാരി. കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ ഗുണവും ഇല്ല ദോഷവും ഇല്ല എന്ന രീതിയില്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് . ജയറാം ഈ ചിത്രത്തില്‍ കാണിക്കുന്ന നിലവാരത്തില്‍ ഉള്ള ഒരു പണക്കാരന്‍ ആയ റോയിയെ അവതരിപ്പിക്കാന്‍ (ആരാധകര്‍ കഷമിക്കുക )പോര.(കാണിക്കുന്ന നിലവാരം ഹെലികോപ്റെരില്‍ വന്നിറങ്ങി ലിമോസിന്‍ കയറി പോകുന്ന ഒരാളായാണ്).ആകെ ഭേദം ജയസൂര്യയാണ്. സിദ്ദികു കഴിഞ്ഞാല്‍ make up , appearence എന്നിവയില്‍ വ്യത്യസ്തത കൊണ്ട് വരാന്‍ ശ്രമിക്കുന്ന നടന്മാരില്‍ ഒരാള്‍ ജയസൂര്യയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . കോമഡി രംഗങ്ങളില്‍ ഉള്ള നല്ല ടൈം മിംഗ് ഈ നടനെ ചിത്രത്തില്‍ സഹായിക്കുന്നുണ്ട്. സലിം കുമാര്‍,സുരാജ് എന്നിവര്‍ പതിവ് വളിപ്പുകളും ആയി രംഗത്തുണ്ട്.ആരോ ഈ ചിത്രത്തിലെ നടന്മാര്‍ക്ക് സൌജന്യമായി വിഗ് കൊടുത്തോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു . ഗണേശന് വരെ ഉണ്ട് അരോചകമായ ഒരു വിഗ് !!!!

പിന്നെ ഇങ്ങനെ ഒരു ചിത്രം എടുക്കുമ്പോള്‍ .ഞങ്ങള്‍ ഒരു കഥ പറയാം എന്ന മട്ടിലുള്ള തുടക്കത്തിനും , ആദ്യമേ എല്ലാരും കാന്‍സര്‍ രോഗികള്‍ ആണെന്നുള്ള സത്യം പറയുന്നതിനും പകരം അവസാനത്തോട് അടുപ്പിച്ചു ഇതൊക്കെ പറഞ്ഞിരുന്നെങ്കില്‍ രണ്ടാം പകുതി കുറെ കൂടി നന്നായേനെ . പിന്നെ രണ്ടു ചിത്രം വിജയിച്ചു എന്ന് വെച്ച് സജി സുരേന്ദ്രനും ഇല്ലെ പരിമിതികള്‍ !!!

അവസാനിപ്പിക്കുനതിനു മുന്‍പ് ഒരു വാക്ക് കൂടി മലയാളത്തില്‍ ഒരിക്കലും സാമ്പത്തിക മാന്ദ്യം വരും എന്ന് ഞാന്‍ കരുതുന്നില്ല . ഒന്നും ഇല്ലാതായാല്‍ നിങ്ങള്ക്ക് ചെയ്യാന്‍ രണ്ടു തൊഴിലുകള്‍ ഉണ്ട്.രാവിലെ ജാഥക്ക് പോകാം.ഉച്ച കഴിഞ്ഞാല്‍ സിനിമക്ക് കൂകാന്‍ കേറാം.ഹാപ്പി ഹസ്ബന്‍സ് പോലെ തന്നെ നിലവാരം ഇല്ലാത്ത ചിത്രം ആണ് ഇതെങ്കിലും എന്തെങ്കിലും പൊട്ട ഭാഗ്യം കൊണ്ട് ഇതെങ്ങാനും ഓടിപ്പോയല്ലോ എന്ന് ഭയന്നാകണം തുടക്കം മുതലേ കൂവല്‍ തൊഴിലാളികള്‍ ആക്റ്റീവ് ആണ് .(ക്ഷമിക്കണം ചിത്രത്തിന്റെ തുടക്കം മുതല്‍ ഒരു പ്രകോപനവും ഇല്ലാതെ കൂവുന്നവനെ എന്ത് വിളിക്കണം എന്ന് എനിക്കറിയില്ല ).കാശു കൊടുത്തു സിനിമ കാണാന്‍ വരുന്നവരുടെ നേരെ ഉള്ള ഈ കുതിര കേറ്റം എന്ന അഭ്യാസത്തിനു തെമ്മാടിത്തരം എന്നേ പറയാനാവു.ഇങ്ങനെ ബഹളം വെച്ച് ജനങ്ങളെ സിനിമാശാലകളില്‍ നിന്നും അകറ്റുന്ന സിനിമ പ്രേമികളോട് ഒരു വാക്ക് ഇങ്ങനെ പോയാല്‍ നിങ്ങള്ക്ക് കൂകാന്‍ അധിക കാലം മലയാള സിനിമ ഉണ്ടായെന്നു വരില്ല.ബഹളം വെച്ചത് കൊണ്ട് ചിത്രീകരിച്ചു കഴിഞ്ഞ ഒരു പടം മാറാന്‍ പോകുന്നില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തു പോവുക എന്നതല്ലേ മാന്യമായ പരിപാടി?(ഇതൊക്കെ ആരോട് പറയാന്‍ ?)

Sunday, October 24, 2010

സദ്‌ഗമയ (Sadgamaya )

മനുഷ്യന് വന്നു വന്നു കാശിനു വേണ്ടി എന്തും ചെയ്യാം എന്നായിട്ടുണ്ട് ......

ഇതെന്തു പറ്റി ഒരു തത്വ ചിന്ത ലൈന്‍ ...?

അനിയാ ഇന്നലെ പോയി സദ്‌ഗമയ എന്ന ചിത്രം കണ്ടതിനു ശേഷം അങ്ങനാ. എന്ത് കണ്ടാലും ഒരു തത്വ ചിന്താപരമായ വീക്ഷണം ആണ് വരുന്നത്.ഒന്ന് രണ്ടു ദിവസത്തിനകം ശരിയായേക്കും.

മനസിലായില്ലലോ ഇതിപ്പോള്‍ പടം നല്ലതാണെന്നോ ചീത്ത ആണെന്നാണോ പറയുന്നേ?എന്നാലും അണ്ണന്റെ ഒരു ധൈര്യം സമ്മതിക്കണം.എങ്ങനെ ഇതിനൊക്കെ കേറുന്നു?

അത് അനിയാ ഫലം ആഗ്രഹിക്കാതെ കര്‍മം ചെയ്യണം എന്നല്ലേ വെപ്പ് ?

ഓഹോ അപ്പോള്‍ അണ്ണന്‍ ആളു ബി ജെ പി ആണല്ലേ ?

എടാ ഇതാണ് നമ്മുടെ ആളുകളുടെ കുഴപ്പം.എന്തെങ്കിലും പറഞ്ഞു പോയാല്‍ അപ്പോള്‍ ബ്രാന്‍ഡ്‌ ചെയ്തു കളയും. ഇടതു പക്ഷത്തെ കുറ്റം പറഞ്ഞാല്‍ അപ്പോള്‍ അവന്‍ കോണ്‍ഗ്രസ്‌ ആയി ഇല്ലേല്‍ വര്‍ഗീയ വാദി. അത് പോലെ തിരിച്ചും .ഇയാള്‍ പറയുന്നതെന്താ? അതില്‍ കാര്യം ഉണ്ടോ? ആര്‍ക്കു അറിയണം ? ഇന്‍ശ അള്ള എന്നത് പോലെ മനോഹരമായ ഒരു വാക്ക് (ദൈവഹിതം അങ്ങനെ ആണെങ്കില്‍ എന്നതാണ് ഞാന്‍ മനസിലാക്കുന്ന അര്‍ഥം. അക്ഷര തെറ്റ് ഉണ്ടെങ്കില്‍ ‍ ക്ഷമിക്കുക ) മറ്റൊരു മത വിഭാഗത്തിലും ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ മുസ്ലിം ആയി.മതം ഏതായാലും മനുഷ്യന്‍ നനായാല്‍ മതി എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ എസ് എന്‍ ഡി പി കാരന്‍ അല്ലാതെ മറ്റാര് ? ഇതൊക്കെ നോക്കിയാല്‍ എന്‍റെ ബ്ലോഗില്‍ വന്നു അലമ്പ് പറഞ്ഞു പോകുന്ന പാവങ്ങളെ ഞാന്‍ എന്തിനു ചീത്ത പറയണം?പാവങ്ങള്‍ അവരും ഈ ലോകത്തല്ലേ ജീവിക്കുന്നെ.

എന്‍റെ അമ്മോ .. ഒരു പടം കണ്ടാല്‍ ഇങ്ങനെ ഒക്കെ ആകുമോ ? എന്തായാലും കാടു കേറാതെ (പതിവ് പോലെ) സിനിമയെ പറ്റി പറയാമോ ?

അനിയാ ക്ഷമി .പറയാം.മന്ദാര്‍ ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.ഗോകുലം ഫിലിംസ് വിതരണം .സംവിധാനം ഹരി കുമാര്‍(ജാലകം,സുകൃതം തുടങ്ങിയ നല്ല ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് കക്ഷി.അവസാനം ചെയ്തത് പറഞ്ഞു തീരാത്ത വിശേഷങ്ങള്‍).കഥ,തിരകഥ (?) ശത്രുഘ്നന്‍.അഭിനയിച്ചു തള്ളുന്നവര്‍ സുരേഷ് ഗോപി,ശ്വേത മേനോന്‍,നവ്യ നായര്‍, ജഗതി,അംബിക,ശ്രീകുമാര്‍ തുടങ്ങിയവര്‍.കുറെ കാലം മുന്‍പ് സുരേഷ് ഗോപി,നവ്യനായര്‍ അഭിനയിക്കുന്ന അള്‍ട്രവയലെറ്റ് സൈക്കോ ത്രില്ലെര്‍ സിനിമയെ പറ്റി കേട്ടിരുന്നു.അത് തന്നെയാണോ ഇതു എന്നറിയില്ല.ഇതും മനശാസ്ത്രകഥയാണ് ഉദ്ദേശിച്ചിട്ടു ഉള്ളത്.ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയത് ചില ക്ലാസ്സിക്‌ എന്ന് പറയുന്ന ഹോളിവൂഡ്‌ ചിത്രങ്ങളില്‍ കാണുന്ന ഒരു പ്രതേകത, അതായതു ഒറ്റ നോട്ടത്തില്‍ വലിയ ബന്ധം ഒന്നും ഇല്ലാത്തത് എന്ന് തോന്നുന്ന കുറെ സംഭവങ്ങള്‍.അവസാനം ക്ലൈമാക്സ്‌ ആകുമ്പോള്‍ ആണ് കാണികള്‍ക്ക് ഈ രംഗങ്ങള്‍ ഒക്കെ എന്തിനായിരുന്നു എന്ന് മനസിലാകുന്നത്,അത് ഈ ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

അന്നോ? അപ്പോള്‍ മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടും കാറ്റു എന്ന് തന്നെ ആയികൊട്ടെ തലക്കെട്ട്‌ അല്ലെ? ശരി,ഇനി കഥയെ പറ്റി?

കല്യാണം നിശ്ചയിച്ചു ചെറുക്കനുമായി പഞ്ചാര അടിച്ചു കഴിയുന്ന യമുന (നവ്യ)എന്ന പെണ്‍കുട്ടി.ഒരു ദിവസം അവള്‍ക്കു ഉണ്ണി നെടുങ്ങാടി എന്നയാള്‍ അയച്ച,ഒന്ന് അവിടം വരെ വരണം എന്ന് അവശ്യ പ്പെടുന്ന കത്ത് കിട്ടുന്നു.ഡ്രൈവര്‍ നെ കൂടി പോകുന്ന യമുനയുടെ ഓര്‍മയിലൂടെ കഥ ചുരുള്‍ നിവരുന്നു.പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുമ്പോള്‍ നിലവിളിച്ചു കൊണ്ട് ഓടുന്നു യമുന (പഠിക്കുന്ന കാലത്ത് ചില ക്ലാസ്സ്കളില്‍ നിന്നും ഇതു പോലെ തന്നെ ഓടണം എന്ന് തോന്നിയിട്ടുള്ളത് കൊണ്ടാകണം എനിക്ക് അസ്വഭാവികം ആയി ഒന്നും തോന്നിയില്ല).പക്ഷെ അതിനു ശേഷം യമുനക്ക് ഇടയിക്ക് ഇടയിക്ക് തന്നെ ഒരു വലിയ കഴുകന്‍ ആക്രമിക്കാന്‍ വരുന്നതായി തോന്നുന്നു.എല്ലാത്തിനെയും പേടി.മൊത്തത്തില്‍ മനോരോഗം.ആശുപത്രി,ഷോക്ക്‌ കൊടുക്കല്‍,താത്കാലിക ശാന്തി,വീണ്ടും രോഗം അങ്ങനെ പോകുന്നു.റിട്ടയേര്‍ഡ്‌ പ്രൊഫസര്‍ (മനോരോഗം)തിലകന്‍ വരുന്നു .കൈ മലര്‍ത്തുന്നു.തന്റെ ശിഷ്യന്‍ രവിവര്‍മ (സുരേഷ് ഗോപി) ആണ് ഇതിനു പറ്റിയത് എന്ന് പറയുന്നു. അങ്ങോട്ട്‌ പോകുന്നു.മണിചിത്രത്താഴ് എന്ന ചിത്രത്തിന് ശേഷം മലയാള സിനിമയിലെ മനോരോഗവിദഗ്ദന്‍മാരെല്ലാം തന്നെ (നായകന്‍ ആണെങ്കില്‍) വിചിത്ര സ്വഭാവികള്‍ ആയിരിക്കണം എന്ന നിയമം ഉള്ളതിനാല്‍ ഇവിടെയും അങ്ങനെ തന്നെ.ഭാര്യ ജ്യോതി (ശ്വേത മേനോന്‍)ഭര്‍ത്താവിന്റെ വിചിത്ര സ്വഭാവത്തില്‍ ദുഖിച്ചു , ഇപ്പോള്‍ കളഞ്ഞിട്ടു പോകും എന്ന് വിരട്ടാന്‍ ശ്രമിച്ചു നടക്കുന്നവള്‍.വേലക്കാരന്‍ ഉണ്ണി നെടുങ്ങാടി (ജഗതി).യമുനയെ രവി വര്‍മയെ ഏല്‍പ്പിച്ചു വീട്ടുക്കാര്‍ മടങ്ങി പോകുന്നു.

കുറെ കഴിഞ്ഞു(ഈ സമയം കാണികള്‍ക്ക് പുറത്തു പോയി ചായ കുടിക്കുകയോ അകത്തു നടക്കുന്ന സുരേഷ് ഗോപിയുടെയും നവ്യ നായരുടെയും ഭാവാഭിനയം,ശ്വേത മേനോന്റെ വശീകരണ നൃത്തം,ബാക്കി കഥാപത്രങ്ങളുടെ തലങ്ങും വിലങ്ങും ഉള്ള നടത്തം ഇവ ആസ്വദിക്കുകയോ ചെയ്യാം. തികച്ചും ഉങ്കള്‍ ചോയ്സ് !!) യമുനയെ ഹിപ്നോടിസ് ചെയുന്ന രവിക്ക് യമുന കുട്ടികാലത്ത് സര്‍പ്പകാവില്‍ പോയപ്പോള്‍ ഒരു വലിയ കഴുകനെ കണ്ടു പേടിച്ചു എന്നും അതാണ് ഉപബോധ മനസ്സില്‍ കേറി കൂടി വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പ്രകോപനവും കൂടാതെ പുറത്തു വന്നു പേടിപ്പികുനത് എന്നും മനസിലാക്കുന്നു.ഉടനെ ഒരു സര്‍പ്പം പാട്ട് നടത്തി പുല്ലു പോലെ യമുനയെ സുഖപ്പെടുത്തുന്നു.ഇതിനിടെ യമുനയുടെ ചേച്ചിയുടെ കല്യാണത്തിന് (വട്ടയത് കൊണ്ട് അനിയത്തി ദൂരെ പഠിക്കാന്‍ പോയിരിക്കയാണ്‌ എന്നാണ് യമുനയുടെ വീടുകര്‍ പറഞ്ഞിരിക്കുന്നത് ) യമുനയുടെ നിര്‍ബന്ധ പ്രകാരം രവി വീടിലേക്ക്‌ കൊണ്ട് പോകുന്നു.പൂര്‍ണമായും സുഖപെടാത്ത മകളെ കൊണ്ട് വന്നതിനു യമുനയുടെ അച്ഛന്‍ പരസ്യമായി,യമുനയുടെ മുന്നില്‍ വെച്ച് കയര്‍ക്കുന്നു.(അയാള്‍ക്കും വട്ടായോ ആവൊ ?).
തിരിച്ചു രവിയുടെ വീട്ടില്‍ എത്തിയ യമുന രവിയെ കെട്ടി പിടിച്ചു പോട്ടികരയുന്നത് കണ്ടു വരുന്ന ജ്യോതി പിണങ്ങി പിരിയുന്നു.പൂര്‍ണമായും സുഖമായ യമുനയെ വീടുകര്‍ കൊണ്ട് പോകുന്നു.ഫ്ലാഷ് ബാക്ക് തീര്‍ന്നു . യമുന രവിയുടെ വീട്ടില്‍ എത്തുന്നു.അവിടെ രവി,താടിയും മുടിയും വളര്‍ന്നു,വട്ടായി ചങ്ങലക്കു ഇട്ടിരിക്കുന്നത് കാണുന്നു (ഭാര്യ പിരിഞ്ഞു വേറെ കെട്ടിയ ദുഃഖം ആണ് കാരണം.പിന്നെ മനോരോഗ വിദഗ്ദന്‍ ആയതു കൊണ്ട് എപ്പോള്‍ ഭ്രാന്ത് വരും എന്നറിയാവുന്നതു കൊണ്ട് വട്ടു വരുന്ന സമയം ആകുമ്പോള്‍ നെടുങ്ങടിയോടു ചങ്ങലക്കു ഇടാന്‍ പറയും അത്രെ !!പണ്ട് പരിചയം ഉള്ളവരെ കണ്ടാല്‍ കുറവുണ്ടാകുമോ എന്ന് നോക്കാനായി രവി ബോധം ഉള്ളപ്പോള്‍ പറഞ്ഞത് അനുസരിച്ചാണ് കത്തെഴുതിയത്.) ഇതു കാണുന്നതോടെ യമുന താന്‍ ഇനി തിരിച്ചു വരുന്നില്ല എന്ന് ഡ്രൈവെരോട് വീട്ടില്‍ പറയാന്‍ പറയുന്നു.ശുഭം .

കേട്ടിട്ട് തന്നെ പേടിയാകുന്നു ? ഇതെങ്ങനെ കണ്ടു കൊണ്ടിരുന്നു ? അഭിനയം എങ്ങനെ?

നവ്യ നായര്‍ മണിചിത്രത്താഴിലെ ശോഭനയെ പിച്ചചട്ടി എടുപ്പിക്കുന്ന അഭിനയം ആണ് കാഴ്ച വൈക്കുന്നത്.(മീരാ ജാസ്മിന്‍ ആയിരുന്നു നല്ലത് എങ്കില്‍ സംഗതി ഒന്ന് കൂടെ ഒന്ന് കൊഴുത്തെനെ!!!).അല്പം excentric എന്ന് ആദ്യമേ പറയുന്നത് കൊണ്ട് സുരേഷ് ഗോപിക്ക് ഇതില്‍ എന്തും ചെയ്യാന്‍ ഉള്ള ലൈസന്‍സ് കിട്ടിയിട്ടുണ്ട് .(കുരങ്ങന് കള്ള് കൊടുത്തു എന്നത് പോലെ ).എന്തായാലും കാണികള്‍ക്ക് രവിവര്‍മ്മക്കാണോ യമുനക്കണോ കൂടുതല്‍ ഭ്രാന്ത് എന്ന് തോന്നിയാല്‍ അത്ബുധം ഇല്ല.ഒരു ഗാന രംഗത്ത് ഒഴികെ ശ്വേത മേനോന് ചിത്രത്തില്‍ ഉടനീളം ഒരേ വേഷവും,ഭാവവും,സംഭാഷണവും ആണ് .

അല്ല.... അണ്ണന്‍ ആദ്യം പറഞ്ഞ ആ ഹോളി വുഡ് സംഗതി ..... അതെവിടെയാ ഇതില്‍ വരുന്നേ ?

അതല്ലേ രസം.ഈ ചിത്രത്തിന്റെ അവസാന രംഗം (താന്‍ തിരികെ പോകുന്നില്ല എന്ന് യമുന പ്രസ്താവന ഇറക്കിയതിനു ശേഷം ) പുറത്തു മഴ പെയുന്നു.രവിയുടെ വീടിന്റെ വരാന്തയില്‍ നില്‍ക്കുന്ന രവിയും യമുനയും. ഒന്നിന് പുറകെ ഒന്നായി രണ്ടു പേരും കൈ മഴ യിലേക്ക് നീട്ടുന്നു.മഴ നനയുന്ന രണ്ടു പേരുടെയും കൈകളുടെ ക്ലോസ് അപ്പ്‌.എന്‍റെ അടുത്തിരുന്നു സിനിമ കണ്ടിരുന്ന സുഹൃത്ത്‌ ശ്രീനിയുടെ നിലവിളി "മഹാ പാപി ...ബ്ലാക്ക്‌ എന്ന ഹിന്ദി ചിത്രം ആണെടാ ഇതു വരെ നമ്മളെ കാണിച്ചത്‌ ".പെട്ടന്നു ആണ് എനിക്കെല്ലാം പകല്‍ പോലെ വ്യക്തം ആയതു.രോഗം ബാധിച്ച പെണ്‍കുട്ടി,അവളെ സുഖപെടുത്താന്‍ ശ്രമിക്കുന്ന ഒരാള്‍, ഒടുവില്‍ പെണ്‍കുട്ടിക്ക് സുഖമാകുമ്പോള്‍ അയാള്‍ക്ക് ആ രോഗം പിടി പെടുന്നു.പെണ്‍കുട്ടി അയാളെ സഹായിക്കാന്‍ തീരുമാനിക്കുന്നു.ഇതു പറയാനാണ് സംവിധായകന്‍ ഈ കണ്ട/മേല്‍ വിവരിച്ച പരാക്രമം എല്ലാം കാണിച്ചത്‌ എന്ന് അവസാന രംഗത്താണ് കാണികള്‍ക്ക് മനസിലാകുന്നത്.ഇവിടെ സംവിധായകന്‍ നൂറില്‍ നൂറു മാര്‍ക്കും നേടുന്നു.അവസാന രംഗം വരെ ആര്‍ക്കും ഒരു സംശയവും തോന്നില്ല !!!

അപ്പോള്‍ ചുരുക്കമായി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞാല്‍ .....

ഇത്രയും പറഞ്ഞിട്ട് നിനക്ക് മനസിലായില്ലെങ്കില്‍ പൊയ് കണ്ടു തന്നെ അനുഭവിച്ചോ . അല്ലെങ്കിലും ചൊറിഞ്ഞാലും പഠിക്കാത്ത വര്‍ഗം ആണല്ലോ നമ്മള്‍ മലയാളികള്‍ .

Saturday, October 23, 2010

കോക്ക് ടെയില്‍ ( Cocktail )

എന്താ ഇതു? നിങ്ങളുടെ ബ്ലോഗില്‍ ആകെ തീയും പുകയും ആണല്ലോ?

എന്ത് പറയാനാ അന്‍വര്‍ എന്ന പടം എനിക്ക് കുഴപ്പം ഇല്ല എന്നാണ് തോന്നിയത് എന്ന് പറഞ്ഞു പോയി അനിയാ. അത് ഇന്ത്യന്‍ നിയമ പ്രകാരം വധ ശിക്ഷ അര്‍ഹിക്കുന്ന കുറ്റം ആണെന്ന് ഞാന്‍ അറിഞ്ഞില്ല.പിന്നെ ഒരാഴ്ചയായി ഭയങ്കര തിരക്കായിരുന്നു . അമല്‍ സാറിന്റെയും പ്രിത്വി രാജിന്റെയും വക ദുബായില്‍ വെച്ചൊരു സല്കാരം.അവരുടെ പടം വിജയിപ്പിച്ചത് ഞാനല്ലേ .അത് കഴിഞ്ഞു ഇറങ്ങുബോള്‍ ദേ ജോഷിയും ഷാജി കൈലാസും കാണാന്‍ കാത്തു നില്‍ക്കുന്നു.ഇപ്പോഴത്തെ കാലത്ത് ജോലിയും തൊഴിലും ഇല്ലാത്തവനെ മറ്റു നടന്മാരുടെ സിനിമക്ക് കൂകാനും സ്വന്തം പടങ്ങള്‍ക്ക് കടലാസ്സു മുറിച്ചു എറിയാനും ഇറക്കിയിട്ട്‌ വലിയ വിശേഷം ഒന്നും ഇല്ലെന്നു അവസാനം മനസിലായി എന്നാണ് തോന്നുന്നത്.പിന്നെ മലയാസിനിമ കാണാനോ വേണ്ടയോ എന്ന് ജനങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത്‌ ഈ ബ്ലോഗ്‌ വായിച്ചാണല്ലോ. അത് കൊണ്ട് എങ്ങനേലും ഒന്ന് എഴുതി അവരുടെ പടത്തെ ഒന്ന് രക്ഷിക്കണം എന്ന് അപേക്ഷിക്കനാ വന്നത്.ഞാന്‍ പിന്നെ നോക്കാം എന്ന് പറഞ്ഞു.വീട്ടില്‍ എത്തിയപ്പോള്‍ ജെയിംസ്‌ കാമറൂണ്‍ ഇന്റെയും ശങ്കറിന്റെയും വക ഈരണ്ടു മിസ്സ്‌ കാള്‍ (എന്തൊരു ശല്യം)!!! ഞാന്‍ പിന്നെ തിരിച്ചു വിളിക്കാന്‍ ഒന്നും പോയില്ല.വേണേല്‍ ഇനിയും വിളിക്കട്ടെ.അല്ല പിന്നെ !

അണ്ണാ ഇത്രക്ക് വേണോ? ഇതല്ല ഏതൊരു മലയാളം ബ്ലോഗും വായിക്കുന്നത്,വെള്ളമടിക്കാനും കോഡ് അടിക്കാനും കൂടെ സമയം തികയാത്ത ഐ റ്റി തൊഴിലാളി അല്ലെങ്കില്‍ ഭാരതം വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട വിദേശ മലയാളി.ഈ രണ്ടു വിഭാഗം ജന്തുകള്‍ക്കും എന്ത് തോന്നിയാലും അത് മലയാള സിനിമയെ ഒരു തരത്തിലും ബാധിക്കില്ലല്ലോ ?

അതൊക്കെ നീ എന്ത് വേണേല്‍ പറഞ്ഞോ അങ്ങനെ അല്ല സംഗതികള്‍ എന്ന് എനിക്ക് ഈ അടുത്താണ് മനസിലായത് .

ശരി അത് നമുക്ക് പിന്നെ തര്‍ക്കിക്കാം . എപ്പോള്‍ പറയാന്‍ വന്നത് ....

ഇന്നലെ കോക്ക് ടെയില്‍ എന്ന സിനിമ കണ്ടു ..

എന്നിട്ട് ...

സംവിധാനം പുതുമുഖം അരുണ്‍ കുമാര്‍.അഭിനയിക്കുനത് അനൂപ്‌ മേനോന്‍ ,സംവൃത സുനില്‍,ജയസൂര്യ .സംഭാഷണം അനൂപ്‌ മേനോന്‍.നിര്‍മാണം മിലന്‍ ജലീല്‍

അപ്പോള്‍ കഥ ..?

നഗരത്തിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്റ്റ്‌ മാനേജര്‍ ആണ് രവി എബ്രഹാം.സ്നേഹ സമ്പന്നനായ ഒരച്ഛനും ഭര്‍ത്താവും .ഭാര്യ പാര്‍വതി മകള്‍ അമ്മു എന്ന കുട്ടി. സന്തോഷ പൂരണമായ ജീവിതം.ജോലി കൂടാതെ സ്വന്തമായി റിയല്‍ എസ്റ്റേറ്റ്‌ കച്ചവടവും ഉണ്ട് രവിക്ക്.ഓഫീസില്‍ ബോസ്സിന്റെ കണ്ണിലുണ്ണി.സഹപ്രവര്‍ത്തകര്‍ക്ക് ഉള്ള ഒറ്റപെട്ട അസൂയ ഒഴിച്ചാല്‍ മൊത്തത്തില്‍ ഒരു മിടുക്കന്‍ ഇമേജ്.ഇങ്ങനെ സമാധാന പൂര്‍ണമായി ജീവിക്കുന്ന രവിയുടെയും പാര്‍വതിയുടെയും ജീവിതത്തിലേക്ക് വഴിയില്‍ വെച്ച് ലിഫ്റ്റ്‌ ചോദിച്ചു കയറുന്ന ഒരു അപരിചിതന്‍ കണ്ടന്നു വരുന്നു. മകളായ അമ്മുവിന്‍റെ ജീവന്‍ വെച്ച് വിലപേശുന്ന അയാളുടെ മുന്നില്‍ രവിയും പാര്‍വതിയും തളരുന്നു . പിന്നെ അയാള്‍ പറയുന്നത് അനുസരിക്കുക അല്ലാതെ വേറെ മാര്‍ഗമില്ലതായ അവര്‍ അയാള്‍ക്കൊപ്പം നീങ്ങുന്നു . പിന്നീടുള്ള കുറെ മണികൂറുകള്‍ കഥയെ മുന്നോട്ടു നയിക്കുന്നു. വര്‍ഷങ്ങളായി രവി നേടിയെടുത്തവ എല്ലാം (പണം,ജോലി , സല്പേര് അങ്ങനെ എല്ലാം )ഒന്നൊന്നായി നശിക്കുനത് അഥവാ നശിപ്പിക്കപെടുന്നത് രവിക്കും പാര്‍വതിക്കും നിസഹായരായി കണ്ടു നില്‍ക്കേണ്ടി വരുന്നു.എന്തായിരുന്നു ആ അപരിചിതന്റെ ഉദേശം അഥവാ എന്തിനായി അയാള്‍ ഇതൊക്കെ ചെയ്യിക്കുന്നു എന്ന ചോദ്യം ക്ലൈമാക്സ്‌ വരെ കാണികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും .

അപ്പോള്‍ പടം ഉഗ്രന്‍ ആണെന്നാണോ പറയുന്നേ ?

ഒരേ ഒരു കാര്യം ചെയ്തില്ലായിരുന്നെങ്കില്‍ പൂര്‍ണ തൃപ്തനായി ഞാന്‍ ഇറങ്ങി വന്നേനെ . shattered അല്ലെങ്കില്‍ butterfly on a wheel എന്നെ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് ചിത്രം കണ്ടിട്ടില്ലയിരുന്നെങ്കില്‍ കിടിലം പടം എന്ന് പറയാമായിരുന്നു.മേല്പറഞ്ഞ ചിത്രം കണ്ടിട്ടില്ലാത്ത ആര്‍ക്കും ഈ ചിത്രം ആസ്വദിച്ച് കാണാന്‍ കഴിയും എന്നാണ് എന്‍റെ വിശ്വാസം.വല്ലവന്റെയും കഥ മോഷ്ടിച്ച് കഥ,തിരകഥ എന്ന് വെച്ച് ഞെളിയാതെ മാന്യമായി സംഭാഷണം അനൂപ്‌ മേനോന്‍ എന്ന് എഴുതി കാണിക്കാനുള്ള വിവേകം ഇതിന്റെ അണിയറക്കാര്‍ കാണിച്ചിട്ടുണ്ട്.പിന്നെ ഒരു ഹോളിവൂഡ്‌ ചിത്രം മര്യാദക്ക് കോപ്പി അടിച്ചതിനു എനിക്ക് അരുണ്‍ കുമാറിനോട് നന്ദിയുണ്ട് .

അതെന്താ അങ്ങനെ ? ഫ്രെയിം ടു ഫ്രെയിം കോപ്പി അടിക്കുന്നത് എത്ര വലിയ കഴിവാണോ ?

അനിയാ, മേല്‍ പറഞ്ഞ ഹോളിവൂഡ്‌ ചിത്രം അത്ര പ്രശസ്തം ഒന്നും അല്ല.പഴയ ബോണ്ട്‌ Pierce Brosnan അഭിനയിക്കുന്നു എന്നതല്ലാതെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു കാര്യവും ഈ ചിത്രത്തില്‍ ഇല്ല.പിന്നെ ഈ ചിത്രം കാണാനുള്ള പ്രചോദനം കഴിഞ്ഞ വര്‍ഷം മലയാള പ്രേക്ഷകരുടെ മനസിനെ പിടിച്ചു കുലുക്കിയ ഭ്രമരം എന്ന ചിത്രം ഇതിന്റെ കോപ്പി ആണെന്ന് കേട്ട വാര്‍ത്തയാണ് .ഭ്രമരവും ഈ ചിത്രവും (അല്ലെങ്കില്‍ ഇതിന്റെ ഒറിജിനലോ) കണ്ടാല്‍ പണ്ട് നല്ല ചിത്രങ്ങള്‍ തന്നിരുന്ന നല്ല രണ്ടു നടന്‍മാര്‍ സൂപ്പര്‍ താരങ്ങളായി മാറിയതോടെ മലയാള സിനിമക്ക് എങ്ങനെ ഒരു ബാധ്യത ആയി മാറുന്നു എന്ന് മനസിലാകും. തീയറ്റര്‍ വിട്ടതിനു ശേഷം ഭ്രമരം എന്ന മഹാ സംഭവത്തെ പറ്റി ആരും അതിന്റെ സംവിധായകനോ,നടനോ,ആരാധകരോ,ദേശീയ അവാര്‍ഡ്‌ കാരോ ഒന്നും ഒരിടത്തും പറഞ്ഞു കണ്ടില്ല.ആയതിനാല്‍ മറന്നു പോയെങ്കില്‍ ഒന്ന് ഓര്‍ത്തു എടുത്തു കൊള്ളുമല്ലോ?സൂപ്പര്‍ താരത്തിന്റെ ഭാര്യക്ക്‌ വിവാഹേതര ബന്ധം ഉണ്ടെന്നു പറഞ്ഞാല്‍ ആരാധകര്‍ക്ക് സുഖിക്കുമോ എന്ന് പേടിച്ചു കാണിക്കുന്ന വളയം ഇല്ലാ ചട്ടങ്ങള്‍ ഓര്‍ക്കുമ്പോള്‍ ബ്ലെസി എന്ന സംവിധാന പ്രതിഭയോട് തോന്നുന്ന ആദരവു ഭീകരം!!!!(ഇതേ താരം പണ്ട് നടന്‍ ആയിരുന്നപ്പോള്‍ അമ്മയെ പോലെ കാണുന്ന ചേട്ടത്തി അമ്മയെ കേറിപ്പിടിക്കുന്ന കഥാപാത്രമായും (അട്ടകലാശം) ജേഷ്ടന്റെ ഭാര്യയും ആയി അവിഹിത ബന്ധം പുലര്‍ത്തുന്ന കഥാപാത്രമായും അഭിനയിച്ചിട്ടുണ്ട് (ലക്ഷ്മണ രേഖ, ജേഷ്ടന്‍ മമ്മൂടി ).എന്നിട്ട് ജനങ്ങള്‍ ഇങ്ങേരെ ഓടിച്ചിട്ട്‌ തല്ലിയോ? രണ്ടു ചിത്രങ്ങളും വന്‍ വിജയം ആയിരുന്നു എന്നാണ് ഓര്മ.

നിങ്ങള്‍ ഇനിയും പഠിച്ചില്ലേ .അതിരിക്കട്ടെ കാടു കേറാതെ ഈ ചിത്രത്തിലേക്ക് വരാം. അഭിനയം എങ്ങനെയുണ്ട് ?

പ്രധാനമായും മൂന്ന് കഥാ പാത്രങ്ങള്‍ ആണ് ഈ ചിത്രത്തില്‍ ഉള്ളത്. മൂന്ന് പേരും ഒന്നിനൊന്നു മെച്ചമയാണ് അഭിനയിച്ചിരിക്കുനത്. സംഭാഷണം എഴുതിയത് അനൂപ്‌ മേനോന്‍ ആയതു കൊണ്ടാകണം ഒരല്‍പം (ഒരു പൊടിക്ക് ) ചായവു ആ കഥാപത്രത്തിന് കൊടുത്തിണ്ട്‌.പ്രത്യേകിച്ചു അവസാന രംഗങ്ങളില്‍.അനൂപ്‌ മേനോന് അടിസ്ഥാനപരമായി മോഹന്‍ ലാലിന്‍റെ ശരീര പ്രകൃതി കൂടെ ആകുമ്പോള്‍ ഒരല്‍പം മോഹന്‍ലാല്‍ വന്നാല്‍ പോലും മിമിക്രി ആയി മാറും എന്ന് ഓര്‍ക്കുക.ജയസൂര്യ സ്വയം നന്നാകാന്‍ അത്മാര്തമായി ശ്രമിക്കുന്ന ഒരു നടന്‍ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ ചിത്രത്തിലും അദേഹം ഒരു പടി കൂടെ മുന്നോട്ടു നീങ്ങിയിരിക്കുന്നു.സംവൃത സുനില്‍ തന്റെ റോള്‍ നന്നാക്കി (ഏതെങ്കിലും നടിയെ പറ്റി എങ്ങനെ ഒക്കെ പറയാന്‍ പറ്റുന്നത് തന്നെ വലിയ കാര്യം).ചായഗ്രഹണവും ഗാനങ്ങളും ഒട്ടും മുഴച്ചു നില്‍ക്കാതെ ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ്‌മായി ചേര്‍ന്ന് പോകുന്നു.

അപ്പോള്‍ ഈ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ ഒരു വാക്ക്.

ഒറിജിനല്‍ ഇംഗ്ലീഷ് ചിത്രം കണ്ടിട്ടില്ലെങ്കില്‍ സുഖമായി ആസ്വദിച്ച് കാണാവുന്ന ഒരു ചിത്രം.

Friday, October 22, 2010

ആക്രോശ് (Aakrosh)

മിസിസിപ്പി ബേര്‍ണിംഗ് എന്ന ഹോളിവുഡ് ചലച്ചിത്രത്തില്‍ നിന്നും പ്രചോദനം (കോപ്പിയടി എന്ന് വേണേല്‍ പറഞ്ഞോ) പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആക്രോശ് കാണുമ്പോള്‍ സിനിമയോട് നല്ല താത്പര്യമുള്ള ഒരാള്‍ക്ക് കോപ്പിയടി എന്നതിനേക്കാള്‍ കൂടുതല്‍ ആ ചിത്രത്തില്‍ കാണാന്‍ സാധിക്കുക മൂന്ന് ആളുകളുടെ തിരോധാനം ഒരു സാമൂഹിക വ്യവസ്ഥിതിയുടെ നേര്‍കാഴ്ച്ച ആകുക എന്ന അടിസ്ഥാന പ്രമേയം , വല്യ പരിക്കുകള്‍ ഇല്ലാതെ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥകള്‍ പശ്ചാത്തലം ആക്കി അവതരിപ്പിക്കാന്‍ കഴിഞ്ഞ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ മിടുക്കാണ്.
രാംലീല ആഘോഷങ്ങള്‍ കാട്ടി തുടങ്ങുന്ന ചിത്രം, രണ്ടു നിമിഷങ്ങള്‍ക്കുള്ളില്‍ കഥയിലേക്ക് നമ്മെ നയിക്കുന്നു. ഡല്‍ഹിയിലെ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളെ അവരില്‍ ഒരാളായ ദീനുവിന്റെ നാട്ടില്‍ വെച്ചു കാണാതാകുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ ഇവരുടെ തിരോധാനം അന്വേഷിക്കാന്‍ സി ബി ഐ യെ ചുമതലപ്പെടുത്തുന്നു . സി ബി ഐ ഉദ്യോഗസ്ഥരായ സിദ്ധാന്ത് ചതുര്‍വേദിയും (അക്ഷയ് ഖന്ന ) , മേജര്‍ പ്രതാപ് കുമാറും (അജയ് ദേവ്ഗണ്‍ ) ദീനുവിന്റെ നാടായ ചാഞ്ചാറില്‍ എത്തുന്നു. അവരുടെ അന്വേഷണത്തില്‍ , മൂന്ന് വിദ്യാര്‍ഥികളുടെ തിരോധാനം , ഇന്ത്യയില്‍ പലയിടങ്ങളിലും നിലനില്‍ക്കുന്ന ഹോണര്‍ കില്ലിംഗ് (മകനോ , മകളോ താഴ്ന്ന ജാതിക്കാരുടെ കൂടെ ചാടിപ്പോയാല്‍ , കമിതാക്കളെ കുടുമ്പക്കാര്‍ തന്നെ തട്ടുന്ന കലാപരിപാടി ) എന്ന നീച്ച വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്ന് മനസിലാകുന്നു. ലോക്കല്‍ പോലീസ് , ചാഞ്ചറിലെ മന്ത്രിമാര്‍, എം എല്‍ എ മാര്‍ , കളക്ക്റ്റര്‍ പിന്നെ സാമൂഹിക പ്രമുഖര്‍ , ഇവരെല്ലാം തന്നെ ഈ നീച്ച വ്യവസ്ഥയുടെ സംരക്ഷകരാണ് എന്ന് താമസിയാതെ സിദ്ദാന്തിനും , പ്രതാപിനും ബോധ്യമാകുന്നു

തലമുറകള്‍ പിന്നിലേക്ക്‌ നീളുന്ന ഭയട്ടിനു അടിമകളായ ഗ്രാമവാസികള്‍ അന്വേഷണത്തില്‍ സഹകരിക്കാന്‍ വിസമ്മതിക്കുന്നു. എങ്കിലും സിദ്ധാന്തും , പ്രതാപും അന്വേഷണത്തില്‍ ചില പുരോഗതികള്‍ കൈവരിക്കുന്നു. അതോടെ ശൂല്‍ സേന എന്ന രഹസ്യ സംഘടന ചാഞ്ചാര്‍ ഗ്രാമത്തില്‍ അക്രമം അഴിച്ചു വിടുന്നു.

നിയമത്തിന്റെ പാത ഇപ്പോഴും നേര്‍ വഴി ആകണം എന്ന സിദ്ധാന്തിന്റെ (അക്ഷയ് ഖന്നയുടെ കഥാപാത്രമാണ് കഥയില്‍ വ്ന്വേഷണ സംഘത്തിന്റെ തലവന്‍) വിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടുന്നു. പ്രാതപിന്റെ ഇതു വഴിക്കും നീതി നടപ്പാക്കുക എന്ന പ്രമാണങ്ങളില്‍ കുറെയൊക്കെ ശരിയുണ്ട് എന്ന് അയാള്‍ മനസിലാക്കുന്നിടത്ത് കഥക്ക് വേഗതയേറി തുടങ്ങുന്നു.

സാങ്കേതികമായി ഒരു നല്ല ചിത്രം, ഒപ്പം മറ്റേതോ ലോകത്ത് നടക്കുന്നു എന്ന്, പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം വിശ്വസിക്കുന്ന ചില നീച്ച കൃത്യങ്ങള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നുഎന്ന യാഥാര്‍ത്ഥ്യം കാണിച്ചു തരുന്ന ഒരു ചിത്രം ; ഈ രണ്ടു കാര്യങ്ങള്‍ പ്രിയദര്‍ശന്‍ അത്യാവശ്യം വൃത്തിയായി തന്നെ ആക്രോശില്‍ ചെയ്തിട്ടുണ്ട്. ആദിത്യ ധാര്‍ രചിച്ച കൃത്യതയുള്ള സംഭാഷണങ്ങള്‍ തിരക്കഥയുടെ (ആകാശ് ഖുറാന, റോബിന്‍ ഭട്ട്) വേഗത്തിനും, ഒഴുക്കിനും ചേരുന്ന കൂട്ടാണ്. ക്യാമറ ചലിപ്പിച്ച തിരു ,ചിത്രത്തിന്‍റെ ഒരേ സമയം ആക്ഷന്‍ , റിയലിസം ഈ രണ്ടു മാനങ്ങളും കാണികളുടെ കണ്ണുകള്‍ക്ക്‌ അലോസരം ഇല്ലാതെ ചിത്രികരിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അരുണ്‍ കുമാറിന്റെ എഡിറ്റിംഗ് ചിത്രത്തിനെ വേഗത്തിന് മുതല്‍കൂട്ടാണ് എന്ന് സമ്മതിക്കാതെ വയ്യ.
അഭിനേതാക്കളില്‍ നായകന്മാരായ അക്ഷയ് ഖന്ന , അജയ് ദേവ്ഗണ്‍ എന്നിവരേക്കാള്‍ മികച്ചു നില്‍ക്കുന്നത് അജാത്ശത്രു സിംഗ് എന്ന ക്രൂരനും , ജാതി ഭ്രാന്തനുമായ പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന പരേഷ് റാവല്‍ ആണ്. ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന വില്ലന്‍ കഥാപാത്രം റാവല്‍ മികച്ച കയ്യടക്കത്തില്‍ അവതരിപ്പിക്കുമ്പോള്‍ , പ്രേക്ഷകര്‍ അജാത്ശത്രു സിംഗിനെ വെറുക്കും (പക്ഷെ ഒരു ചെറു ചിരിയോടെ ) എന്നത് ഉറപ്പ്
അജയ് ദേവ്ഗണ്‍ സ്വതസിദ്ധമായ ശൈലിയില്‍ നിമയമത്തെ വളച്ചു നിയമം നടപ്പാക്കുന്നതില്‍ തെറ്റില്ല എന്ന് വിശ്വസിക്കുന്ന മേജര്‍ പ്രാതപ് കുമാറിനെ തന്മയത്തത്തോടെ അവതരിപ്പിക്കുമ്പോള്‍ , അക്ഷയ ഖന്ന , എത്ര വലിയ താരങ്ങള്‍ക്ക് മുന്നിലായാലും താന്‍ അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് സിദ്ധാന്ത് ചതുര്‍വേദി എന്ന കഥാപാത്രത്തിനു നല്‍കുന്ന പക്വതയിലൂടെ തെളിയിക്കുന്നു.സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കഥയില്‍ പ്രാധാന്യം ഉണ്ടെങ്കിലും (കഥയുടെ ഗതി തിരിക്കുന്നതില്‍ ) സ്ക്രീനില്‍ ബിപാഷ ബസുവിനോ, റീമ സെന്നിനോ ഏറെയൊന്നും ചെയ്യാനില്ല.

പ്രീതമിന്റെ സംഗീതം പാട്ടുകള്‍ക്ക് വല്യ പ്രാധാന്യം ഒന്നും ഇല്ലാത്ത ചിത്രത്തില്‍ കാര്യമായിട്ട് ഒരു ചലനവും ഉണ്ടാക്കുന്നില്ല . എങ്കിലും 'ഇസക്ക് സെ മീട്ട' എന്ന ഐറ്റം ഡാന്‍സ് , നൃത്ത സംവിധാനം(പോണി വര്‍മ്മ , ജി.കല, സെല്‍വി ) കൊണ്ട് ശ്രദ്ധിക്കപ്പെടും.പിന്നെ അതിഥി താരമായി സമീരയുടെ ഗ്ലാമറും ആ പാട്ടിനു ബലമാണ്‌.

ബി ത്യാഗരാജന്‍ , ആര്‍ പി യാദവ് എന്നിവര്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ത്രസിപ്പിക്കുന്നതാണ് (കെട്ടിടങ്ങള്‍ക്ക് മുകളിലൂടെയുള്ള ഓട്ടം ബോണ്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കും എങ്കിലും ).

ചുരുക്കത്തില്‍, കൊള്ളാവുന്ന ആക്ഷന്‍ ത്രില്ലര്‍. ഒപ്പം ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ തീവ്രമായി ഇന്നും നിലനില്‍ക്കുന്ന ജാതി വ്യവസ്ഥയുടെ വികൃത മുഖങ്ങളില്‍ ഒന്ന് കാട്ടി തരുന്ന ഒരു ചിത്രം, ഇവ രണ്ടുമായി ആക്രോശിനെ കാണാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രിയദര്‍ശന്റെ പതിവ് കോമഡി (മലയാളത്തില്‍ നിന്നും അടിച്ചു മാറ്റുന്നത്) സാഹസങ്ങളില്‍ നിന്നും വേറിട്ട ഒരു അനുഭവമാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.

Saturday, October 16, 2010

അന്‍വര്‍ (Anwar)

അന്‍വര്‍ എന്ന ചിത്രം മലയാള സിനിമ ചരിതത്തിലെ ഏറ്റവും പന്ന, കൂതറ ....%%^$^%££

എന്തുവാടെ?രാവിലെ ആരോടാ ഈ കത്തിക്കുന്നെ?

അണ്ണാ ഇന്നലെ അന്‍വര്‍ എന്ന ചിത്രം ഇറങ്ങിയില്ലേ . അതിന്റെ നിരൂപണം എഴുതാന്‍ തയാര്‍ എടുക്കുകയായിരുന്നു?

അന്നോ ? എങ്ങനെയുണ്ട് പടം നിനക്ക് ഇഷ്ടപെട്ടോ?

എവിടുന്നു? തനി കൂതറ പടമല്ലേ ഇതു ? ഇംഗ്ലീഷ് ലെ traitor എന്ന് പേരുള്ള പടത്തിന്റെ കോപ്പി അടി അല്ലെ ഇതു. പോരാത്തതിനു അമല്‍ നീരദ് എന്ന സംവിധായകന്റെ സ്ഥിരം ശൈലിയും.മലയാളീ,മലയാള പടം എന്നൊക്കെ വെച്ചാല്‍ എന്താണെന്നാണ് ഇവന്റെ ഒക്കെ വിചാരം.(പുറത്തു പറയണ്ട ഈ ചിത്രത്തെ പരമാവധി നാറ്റിക്കണം എന്ന് രഹസ്യമായി ബൂലോക നിരൂപക സംഘടന ,പാര്‍ട്ടി സര്‍കുലര്‍/ ഇടയ ലേഖനം അയച്ചിട്ടുണ്ട് )

എന്താണീ സംഗതി? മലയാളീ മലയാള പടം എന്നൊക്കെ ഉള്ളത് ഒന്ന് വിശദം ആക്കാമോ?

അല്ല അത് പിന്നെ ഈ കിരീടം,മൃഗയ, ദശരഥം, വടക്കന്‍ വീരഗാഥ ...... എങ്ങനെ ഒക്കെയുള്ള നിലവാരത്തില്‍ ഒള്ള ചിത്രങ്ങള്‍ അല്ലെ നമുക്ക് വേണ്ടത്?

ശരി നീ ഈ പറഞ്ഞ ചിത്രങ്ങളൊക്കെ ഏതാണ്ട് പതിനഞ്ചു കൊല്ലത്തിനു മുന്‍പ് വന്നതാണ്‌. അതൊക്കെ കഴിഞ്ഞു മലയാള സിനിമ രാജ ഭരണത്തിന്‍ കീഴില്‍ ആയതും സിനിമ വിജയിപ്പിക്കാന്‍ പൊതു ജനം കേറേണ്ട എന്ന അവസ്ഥ ആയതും നീ അറിഞ്ഞില്ലേ.പിന്നെ ഇങ്ങനത്തെ കുറച്ചു പടങ്ങളില്‍ അഭിനയിച്ചിരുന്നു എന്ന ഒറ്റ പേരില്‍ ആണല്ലോ നമ്മള്‍ പാവം മലയാളികള്‍ രണ്ടു താര അപ്പുപ്പ രാജാക്കന്മാരെ ഇപ്പോഴും ചുമക്കുന്നത് . അതൊക്കെ ഇരിക്കട്ടെ ഒരൊറ്റ ചോദ്യം നീ ശരിക്കും അന്‍വര്‍ കണ്ടോ?

അത് പിന്നെ ....

പറയെടാ സത്യം *&**&%%^^$$...

പടം ഞാന്‍ കണ്ടില്ല പിന്നെ പൊതുവായുള്ള ഒരു അഭിപ്രായം വെച്ച് പറഞ്ഞതല്ലേ .

ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പേ തുടങ്ങിയതാ ഈ പൊതു അഭിപ്രായം. ഈ വിമര്‍ശിക്കുന്നവര്‍ ഒക്കെ അമല്‍ നീരദ് സാറിന്റെ സാഗര്‍ ജാക്കി ബാലെ ഇറങ്ങിയപ്പോള്‍ എവിടെ ആയിരുന്നു? പടം പെട്ടിയില്‍ കേറി കഴിഞ്ഞാണല്ലോ സിംഹങ്ങള്‍ക്ക് ധൈര്യം വെച്ചത് ? പിന്നെ മലയാളത്തില്‍ കൂവല്‍ തൊഴിലാളികള്‍ ഉണ്ട് എന്ന് ഇന്നലെ മനസ്സിലായി. പടം തുടങ്ങിയ നിമിഷം മുതല്‍ ഒരു ഭാഗത്ത്‌ നിന്നും നിറുത്താതെ കൂവല്‍.ഒരു മോശമായ രംഗം കണ്ടതിനു ശേഷമാണെങ്കില്‍ മനസിലാക്കാം . ചുമ്മാതാണോ മലയാളീ കുടുംബങ്ങള്‍ സിനിമ ശാലകളുടെ പരിസരത്തോടു അടുക്കാത്തത്.പടം കാണുന്നതിന്റെ രസം കുറച്ചൊന്നുമല്ല ഈ ..... കള്‍ നശിപ്പികുന്നത് .

അണ്ണാ കാടു കേറാതെ അണ്ണന്‍ കണ്ടെങ്കില്‍ പറ എന്താ അഭിപ്രായം ?

അനിയാ ഈ ചിത്രത്തെ കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ഉണ്ട്.ഒരു യുവ താരം നായകന്‍ ആയ ചിത്രം അല്ലെ, ആദ്യം നല്ലത് തന്നെ പറഞ്ഞേക്കാം.ആദ്യമേ പറയട്ടെ അമല്‍ നീരദ് എടുത്ത മൂന്ന് ചിത്രങ്ങളിലും വെച്ച് നല്ലത് ഇതാണ് .തികച്ചും സമകാലീനം എന്ന് പറയാവുന്ന ഒരു വിഷയം. അതും കേരളത്തില്‍ തീവ്രവാദത്തിന്റെ വേരുകള്‍ പടരുന്ന ഈ കാലത്ത് എടുക്കാന്‍ ധൈര്യം കാണിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവ്,സംവിധായകന്‍ ,നായകന്‍ എന്നിവരെ അഭിനന്ദികേണ്ടി ഇരിക്കുന്നു..അതും അറിയപ്പെടുന്ന ഒരു സമുദായ നേതാവുമായി ഈ ചിത്രത്തിലെ ലാല്‍ അവതരിപ്പിക്കുന്ന ബാബു സേട്ട് എന്ന കഥാപാത്രതിനുള്ള സാദൃശ്യം പരിഗണിക്കുമ്പോള്‍.(കുറെ കാലം മുന്‍പ് പ്ലാന്‍ ചെയ്ത ഈ ചിത്രത്തില്‍ ഈ വന്ന സമകാലീന പ്രസക്തി യദ്രിചികം ആകാനും മതി )തികച്ചും balanced ആയി എഴുതിയ തിരകഥയില്‍ അനാവശ്യമായ ഒരൊറ്റ കഥാപാത്രം പോലും ഇല്ല. ഉള്ള കഥാ പാത്രങ്ങളെല്ലാം വ്യക്തിത്വം ഉള്ളവയും ആണ്.ഒന്നോ രണ്ടോ രംഗത്ത് മാത്രം വരുന്ന കഥാപാത്രങ്ങള്‍ പോലും മനസ്സില്‍ നില്‍ക്കുനവയാണ്(സായി കുമാര്‍,ഗീത, പോലും ).മലയാള സിനിമയില്‍ ഈ ഒരൊറ്റ കാര്യം (അനാവശ്യ കഥാപത്രങ്ങള്‍ ഇല്ലാതിരിക്കല്‍ ) ഉണ്ടായിരുന്ന ഇതിനു മുന്‍പുള്ള സിനിമ ഏതായിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് നമ്മുടെ ഗതി കേടിന്റെ ഭീകര രൂപം നമുക്ക് മനസിലാകുന്നത്.ചിത്രത്തിലുള്ള രണ്ടു ഗാനങ്ങളും (അവസാനം കാണിക്കുന്ന നായകനും നായികയും നേരിട്ട് പാടിയ പാട്ടിനെ ഉപേക്ഷിച്ചു!)നന്നായി ചിത്രീകരിച്ചവ ആണ്.പിന്നെ പറയാനുള്ളത് പ്രിത്വിരാജ് എന്ന നടനെ പറ്റിയാണ് .നാളെയുടെ താരം താന്‍ ‍ആണെന്ന് സംശയാതീതമായി ഈ ചിത്രത്തിലൂടെ ഈ നടന്‍ തെളിയിച്ചിരിക്കുന്നു.താന്തോന്നി,പോക്കിരി രാജ എന്നെ ചിത്രങ്ങളോടെ പ്രിത്വിരാജിനെ ചെറുതായി പേടിച്ചു തുടങ്ങിയ മലയാളികള്‍ക്ക് ഈ ചിത്രം മറിച്ചു ഒരഭിപ്രായം ഉണ്ടാകാന്‍ സഹായിച്ചേക്കും.കല്യാണ പ്രായം കഴിഞ്ഞു പഴുത്തു പുരനിറഞ്ഞു നില്‍ക്കുന്ന അവിവാഹിതരായ സകലകലാവല്ലഭന്‍മാരെ കണ്ടു പ്രാന്തായ ആരെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ചിത്രവും അതിലെ നായകനും ഒരു ആശ്വാസം ആയേക്കും. എല്ലാ നടീ നടന്മാരും നന്നയിട്ടുന്ടെങ്കിലും പ്രിത്വിരാജ്,പ്രകാശ്‌ രാജ്,ലാല്‍ എന്നെ നടന്മാരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്‌.അതില്‍ തന്നെ ചിത്രം പൂര്‍ണമായും ചുമലില്‍ ഏറ്റി ഇരിക്കുന്നത് നായകന്‍ പ്രിത്വിരാജ് ആണ്.സംഘടന രംഗങ്ങള്‍ നന്നായി എടുത്തിട്ടുണ്ട് ഈ ചിത്രത്തില്‍.(ചെറുപ്പക്കാരനായ നായകന്‍ ഒരുപക്ഷെ അതിനെ നന്നകുന്നതില്‍ ഒരു ഘടകം ആയിരിക്കാം).

ഇനി ചീത്ത കാര്യങ്ങള്‍.അമല്‍ നീരദ് ഇന്റെ സ്ലോ മോഷന്‍ രംഗങ്ങളെ മലയാളികള്‍ക്ക് സാഗര്‍ ജാക്കിക്ക് ശേഷം ശരിക്കും പേടിയാണെന്ന സത്യം സംവിധായകന്‍ മനസിലാക്കണം.മറ്റു രണ്ടു ചിത്രങ്ങളെകാളും സ്ലോ മോഷന്‍ രംഗങ്ങള്‍ കുറവാണെങ്കിലും ഉള്ളത് തന്നെ ദാ ഇയാള്‍ പിന്നെയും തുടങ്ങി എന്ന തോന്നല്‍ ആണ് ഉണ്ടാക്കുന്നത്.കലാസംവിധാനം കുറച്ചു കൂടെ ശ്രദ്ധിക്കാവുന്ന ഒരു വിഭാഗം ആയിരുന്നു . മിക്ക രംഗങ്ങളിലേയും പശ്ചാത്തലം ഈ സംവിധായകന്റെ കഴിഞ്ഞ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. അടുത്തടുത്ത്‌ വരുന്ന രണ്ടു ഗാനങ്ങള്‍ കഥയുടെ ഒഴുക്കിനെ ബാധിക്കുന്നു.ട്രെയിലര്‍ കണ്ടിട്ട് ചിത്രം കാണാന്‍ വരുന്ന പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വൈവിധ്യം ചിത്രത്തിന്റെ കഥയില്‍ ഇല്ല .ഇതു പോലെ ഒരു ചിത്രത്തില്‍ കൊള്ളാവുന്ന ട്വിസ്റ്റ്‌ ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്നൊരു അഭിപ്രായം ഉണ്ട്.സാധാരണ അമല്‍ നീരദ് ചിത്രങ്ങളില്‍ ഉള്ളത് പോലെ തന്നെ ഇതിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ജോലി കുറവാണു .തിരകഥകൃത്ത് എന്ന നിലയില്‍ അമല്‍ നീരദ് നന്നായിട്ടുന്ടെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ ഒട്ടും പുരോഗമിച്ചിട്ടില്ല എന്ന് പറയേണ്ടി വരും

ഇത്രയേ ഉള്ളോ ഇതു പറ്റില്ല . എല്ലാവനും കൊട്ട കണക്കിന് തെറി എഴുതുമ്പോള്‍ ഞാന്‍ മാത്രം ..... അണ്ണാ എനിക്കും ഇല്ലെ ആഗ്രഹങ്ങള്‍ ?

എനിക്ക് ഇത്ര ഒക്കെയേ തോന്നിയുള്ളൂ. അനിയാ ഞാന്‍ കുറ്റം കണ്ടു പിടിക്കാന്‍ അല്ല സിനിമക്ക് പോകുന്നത് . എന്‍റെ അധ്വാനിച്ചുണ്ടാക്കിയ കാശു മുതലയോ . ഏതൊക്കെ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മുതല്‍ ആകുമായിരുന്നു എന്നത് മാത്രം ആണ് എന്‍റെ വിഷയം .

ഇനി കഥയെ പറ്റി രണ്ടു വാക്ക് .

കോയമ്പത്തൂര്‍ ഒരു തുണി കടയില്‍ ബോംബ്‌ പൊട്ടുന്നത് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്.അന്വേഷണം നടത്തുന്ന സ്റ്റാലിന്‍ മണിമാരന്‍ (പ്രകാശ്‌ രാജ് ) കേരളത്തിലെ സമുദായ പ്രമാണിയായ ബാബു സേട്ടിനെ (ലാല്‍)അറസ്റ്റ് ചെയ്യുന്നു.ജയിലില്‍ കഴിയുന്ന ബാബുസേട്ടും അനുയായികളും അതെ ജയിലില്‍ ഒരു ഹവാല കേസ്ല്‍ അകത്താക്കുന്ന അനാഥനായ അന്‍വര്‍നെ കാണുന്നു പരിചയപ്പെടുന്നു . അടുപ്പം വര്‍ധിച്ചു പുറത്തിറങ്ങുന്ന ബാബു സേട്ടിന്റെ വിശ്വസ്തനായി മാറുന്നു അന്‍വര്‍. രണ്ടാം പകുതി,പകുതിയോളം ആകുമ്പോള്‍ ആണ് അന്‍വര്‍ ഇന്‍റെ ഭൂത കാലം ചുരുള്‍ അഴിയുന്നത്. ഈ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു രംഗം പറഞ്ഞോട്ടെ (ചിത്രം കണ്ട ആരും ഒരു പക്ഷെ ശ്രദ്ധിച്ചു എന്ന് തന്നെ വരില്ല) തീവ്രവാദികള്‍ ആയുധം വണ്ടികളില്‍ കയറ്റുമ്പോള്‍ പോലീസ് രംഗത്ത് വരുന്നു.നോ പാര്‍ക്കിംഗ് സ്ഥലത്ത് വണ്ടി പാര്‍ക്ക്‌ ചെയ്തതിനു പെറ്റി അടിച്ചതിനു ശേഷം സാധനം കയറ്റാന്‍ സഹായിക്കുന്നു പോലും ഉണ്ട് പോലീസ് !!

പിന്നെ കൂട്ടായ എല്ലാ ആക്രമണത്തെയും അതിജീവിച്ചു ഈ ചിത്രം വിജയിച്ചാല്‍ സൂപ്പര്‍ താര ആരാധകര്‍ക്ക് ആശ്വസിക്കാനായി തുടക്കത്തില്‍ (അവസാനവും?) മമ്മൂടിയുടെ ഒരു വോയിസ്‌ ഓവര്‍ ഉണ്ട് . അതാണ് സംഗതി പറ്റിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ !!

അപ്പോള്‍ ചുരുക്കമായി പറഞ്ഞാല്‍ ...

ഇപ്പോളത്തെ മലയാള മുഖ്യ ധാര സിനിമകളില്‍ വെച്ച് കാണാന്‍ കൊള്ളാവുന്ന ഒരു ചിത്രം . ഒപ്പം സാമൂഹ്യ പ്രസക്തി ഉള്ള കഥയും അത് പകരുന്ന സന്ദേശവും .

Tuesday, October 12, 2010

ചേകവര്‍ (chekavar)

ഹലോ എങ്ങോട്ടാ അണ്ണോ?

മടുത്തെടെ ഈ നാട് ഒരു കാലത്തും നന്നാകില്ല . നന്നാകണം എന്നു ആര്‍ക്കും ആഗ്രഹവും ഇല്ല.

ഇതെന്തു പറ്റി ഒരു നിരാശ ലൈന്‍?

പിന്നെ എന്ത് പറയാനാ? ഒരു സൂപ്പര്‍ അപ്പുപ്പന്റെ ചിത്രം ഇഷ്ടപെട്ടില്ല എന്നു പറഞ്ഞാല്‍ അങ്ങേരുടെ ആരാധകരുടെ കണ്ണില്‍ നമ്മള്‍ മറ്റേ അപ്പുപ്പന്റെ ആളു ആയി. അല്ലെങ്കില്‍ തിരിച്ചും. പൊന്നനിയാ നീ തന്നെ പറ ഇവനൊക്കെ ഇഷ്ടപ്പെട്ടു എന്ന ഒരൊറ്റ കാരണം കൊണ്ട് ഇഷ്ടപെട്ടോണം എന്നു പറയുന്നത് കഷ്ടമല്ലേ .

അതൊക്കെ തന്നെ .പക്ഷെ മലയാളീ അടിസ്ഥാനപരമായി ബുദ്ധി ജീവികള്‍ അല്ലെ ? അപ്പോള്‍ ......

നീ എന്നെ കൊണ്ട് ബ്ലോഗില്‍ അശ്ലീലം പറഞ്ഞു എന്ന പഴി കൂടെ കേള്‍പ്പിക്കും . എടാ മലയാള സിനിമയുടെ നിലവാരം താഴോട്ടാണ് എന്നു എല്ലാരും സമ്മതിക്കുമല്ലോ ? അപ്പോള്‍ ഈ നിലവാര തകര്‍ച്ചക്ക് മുപ്പതും അന്‍പതും വര്‍ഷങ്ങളായി അഭിനയിച്ചു തകര്‍ക്കുന്നവര്‍ക്ക് ഒരു പങ്കും ഇല്ലെന്നും അല്ലെങ്കില്‍ ഇവര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നും ഉറച്ചു വിശ്വസിക്കുന്നവനെ ബുദ്ധി ജീവി എന്നല്ല വേറെ ചിലതാണ് വിളികേണ്ടത്.

ശരി അതൊക്കെ വിട്ടേ .ഇപ്പോള്‍ വന്നത് ..... ഇന്നലെ തിരക്കിട്ട് പോകുന്നത് കണ്ടല്ലോ ? ഇനി ഏതു പടം ബാക്കി?

ഒന്നുമില്ലേ?

ഇനി ... അന്‍വര്‍ ഇറങ്ങിയില്ലല്ലോ ?

എടാ ഇതൊക്കെ കൊണ്ടാണ് എവിടെ നല്ല സിനിമ ഉണ്ടാകാത്തത് .കഴിഞ്ഞ ആഴ്ച ചേകവര്‍ എന്നൊരു കൊച്ചു ചിത്രം ഇറങ്ങിയത്‌ അറിഞ്ഞയിരുന്നോ?സജീവന്‍ എന്ന പുതുമുഖ സംവിധായകനാണ് ഈ ചിത്രത്തിന് പിന്നില്‍.അഭിനയിക്കുന്നവര്‍ ഇന്ദ്രജീത്ത്,കലാഭവന്‍ മണി,സംവൃത സുനില്‍,സരയു,സുരാജ്,ജഗതി.നിര്‍മാണം പെന്റഗണ്‍ .

ശരി ഈ ഇന്ദ്രജീത്തിന്റെയും കലാഭവന്‍ മണിയുടെയും പടമൊക്കെ കാണാന്‍ ... വേറെ പണിയൊന്നുമില്ലേ ?

ഇതാണ് കുഴപ്പം .ഒരു പുതിയ സംവിധായകന്‍ അയാള്‍ എങ്ങനെ അയാളുടെ ജോലി ചെയ്തു എന്നറിയാന്‍ എവിടെ ആര്‍ക്കും താല്പര്യം ഇല്ല . പക്ഷെ മലയാള സിനിമ നന്നായേ പറ്റു. അതില്‍ ഒരു വിട്ടു വീഴ്ചയും ഇല്ല.അതിരിക്കട്ടെ പടം എങ്ങനെയുണ്ട്?

എനിക്ക് തോന്നിയത് ബന്ധപെട്ട എല്ലാവരും അവര്‍ അവരുടെ ജോലി വൃത്തിയായി ചെയ്ത ഒരു കൊച്ചു ചിത്രം എന്നു പറയാം .മുന്‍പ് പറഞ്ഞത് പോലെ താര മൂല്യം കുറഞ്ഞ നടന്മാരെ വെച്ച് ഒരു പടം ചെയാനുള്ള വിഷമതകളെ കുറിച്ച് അറിയുന്നത് കൊണ്ട് കണ്ണടച്ച് കുറ്റം പറയാന്‍ എന്തോ മനസാക്ഷി സമതിക്കുന്നില്ല.പിന്നെ കുറ്റം പറഞ്ഞെ പറ്റു വെങ്കില്‍ സ്ഥിരം കഥ, പ്രവചിക്കാവുന്ന അവസാനം,അഭിനേതാക്കളുടെ വിമ്മിഷ്ടം എങ്ങനെ ഒക്കെ പറയാം.

അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അണ്ണാ. പ്രബുദ്ധരായ മലയാളീ പ്രേക്ഷകരാണ് ഞങ്ങള്‍.കിരീടത്തിലും ഒരു വടക്കന്‍ വീരഗാഥയിലും കുറഞ്ഞ ഒരു പടവും നമ്മള്‍ സ്വീകരിക്കില്ല.പ്രതേകിച്ചും സൂപ്പര്‍ അല്ലാത്ത താരങ്ങളുടെ.അതിരിക്കട്ടെ കുറച്ചു കാലമായി ഞങ്ങള്‍ ശ്രദ്ധിക്കുന്നു പുതു മുഖങ്ങളുടെ ചിത്രങ്ങളോട് ഇങ്ങേര്‍ക്ക് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ ഉണ്ടല്ലോ?

എടേ ഒരു കൊച്ചു കുട്ടി പിച്ച വെച്ച് നടക്കുമ്പോള്‍ വീഴുന്നതും പ്രായ പൂര്‍ത്തിയായ ഒരുത്തന്‍ വെള്ളമടിച്ചു ആടിയാടി വീഴുന്നതും ഒരു പോലെ കാണണം എന്നാണെങ്കില്‍ ബുദ്ധിമുട്ടാണ്.

അത് ഇരിക്കട്ടെ സിനിമയെ പറ്റി....... കഥ ?

എടേ കാശിനാഥന്‍ എന്ന എസ് ഐ (ഇന്ദ്രജീത്ത്) ഗരുഡന്‍ രാഘവന്‍ എന്ന സെമി റിട്ടയേര്‍ഡ്‌ അധോലോക രാജാവ്‌ (കലാഭവന്‍ ‍മണി) ഇവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ .സ്വന്തം ജോലി മര്യാദക്ക് ചെയ്തു ജീവിച്ചു പോകുന്ന കാശിനാഥന്‍, ആ കഥാപാത്രത്തെ വളരെ സ്വാഭാവികമായാണ് വരച്ചു കാണിക്കുന്നത്. എന്നു വെച്ചാല്‍ ഭയങ്കര ധാര്‍മിക രോഷം ഉള്ളവനോ മഹാ പേടിച്ചു തൂറിയോ അല്ലാത്ത ഒരു സാധാരണ മധ്യ വര്‍ഗ കുടുംബത്തില്‍ നിന്നും വരുന്ന പോലീസുകാരന്‍. ട്രാന്‍സ്ഫര്‍ ആയി നഗരത്തില്‍ എത്തുന്ന കാശി തുടക്കത്തില്‍ തന്നെ ഗരുഡന്‍ രാഘവനുമായി പ്രശ്നത്തില്‍ ആകുന്നു.തികച്ചും യദ്രിചികം ആയി നടക്കുന്ന ആ സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കിലും.രാഘവന്‍റെ അനുജന്‍ അനുജന്‍ റോക്കി ജയിലില്‍ നിനും പുറത്തു എത്തുന്നതിനെ തുടര്‍ന്ന് കാശിക്കും രാഘവനുമിടയില്‍ പ്രശ്നങ്ങള്‍ കൂടുന്നു.റോക്കി കാശിയുടെ അനുജത്തി ഗൌരിയെ വിവാഹം കഴിക്കണം എന്നു വാശി പിടിക്കുകയും അത് നടത്തി കൊടുത്തു അനുജനും തന്നെ പോലെ അധോലോകം വിടുമെന്ന് കരുതുന്ന (രാഘവന്‍ വിവാഹത്തോടെ ആണ് അധോലോകം വിട്ടത്)രാഘവനും മുന്നിട്ടു ഇറങ്ങുമ്പോള്‍ അതിനെതിരെയുള്ള കാശിയുടെ ചെറുത്തു നില്‍പ്പുകളിലൂടെ ചേകവര്‍ പുരോഗമിക്കുന്നു.ക്ലീന്‍ action മൂഡില്‍ എടുത്ത നല്ലൊരു ചെറിയ ചിത്രം എന്നു ഈ ചിത്രത്തെ വിശേഷിപ്പിക്കാം.ഇതിനു തൊട്ടു മുന്‍പ് ഇന്ദ്രജിത്ത് അഭിനയിച്ചത് എല്‍സമ്മയിലെ കഥാപാത്രം ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ഈ നടന്‍ എത്ര മുന്നോട്ടു വന്നിരിക്കുന്നു എന്നു മനസിലാകു.

അനുജനോടുള്ള വാത്സല്യത്തിലും തെറ്റ് ചെയേണ്ടി വരുന്നതിനും ഇടയില്‍ വിഷമിക്കുന്ന രാഘവനെ കലാഭവന്‍ മണി തന്നാല്‍ ആകുന്ന വിധം നന്നാക്കിയിട്ടുണ്ട്.എങ്കിലും സായികുമാറിനെ പോലുള്ള ഒരു നടന്‍ ആയിരുന്നില്ലേ കുറച്ചു കൂടി ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ യോഗ്യന്‍ എന്നാണ് എനിക്ക് തോന്നിയത്.സരയു (ഗൌരി),സംവൃത സുനില്‍, ജഗതി,സുരാജ് ഇവര്‍ക്കൊന്നും കാര്യമായി അല്ലെങ്കില്‍ വലുതായി ചിത്രത്തില്‍ ഒന്നും ചെയ്യാന്‍ ഇല്ല.

ഒരു നാള്‍ വരും എന്ന ഒരിക്കലും തീരാത്ത പ്രതീക്ഷയും മായി ഇന്നും സൂപ്പര്‍ താര/സംവിധായകരുടെ കോപ്രായങ്ങള്‍ വാഴ്ത്തി പാടാന്‍ ഇവിടത്തെ മാധ്യമങ്ങളും മറ്റും നിരക്കുമ്പോള്‍,അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന ആരാധകവൃന്ദവും നിറഞ്ഞ ഈ നാട്ടില്‍ ഇതു പോലെ ഒരു കൊച്ചു ചിത്രത്തിന് ഏറെയൊന്നും പ്രതീക്ഷിക്കാന്‍ ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഇതിന്റെ സംവിധായകനോട് ഒരു വാക്ക് പറഞ്ഞോട്ടെ താങ്കള്‍ താങ്കളുടെ ജോലി വൃത്തിയായി ചെയ്തു. അഭിനന്ദനങ്ങള്‍ .ഒപ്പം ഇന്ദ്രജിത്തിനും മലയാള സിനിമയില്‍ ഒരു നല്ല ഭാവി നേരുന്നു.ഈ ചിത്രം ഒരു നല്ല തുടക്കം ആകട്ടെ

Sunday, October 10, 2010

ഒരിടത്തൊരു പോസ്റ്റ്‌മാന്‍ (oridathoru postman)

അനിയാ വണക്കം.

നിങ്ങള്‍ ജീവിചിരുപ്പുണ്ടോ?ഞാന്‍ കരുതി സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ നിങ്ങളെ കൊന്നു തിന്നു കാണും എന്ന്.

ഏതാണ്ട് അത് പോലെ ഒക്കെ തന്നെ അനിയാ .ചുമ്മാതിരുന്നു സ്വന്തം അഭിപ്രായം പറയുന്നവനെ വിട് .കാശു മുടക്കി പടം എടുക്കുന്ന നിര്‍മാതാവ് പോലും സൂപ്പര്‍ താരങ്ങളില്‍ നിന്നും അവര്‍ ഉദേശിച്ചത്‌ കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അവനെ തെറി പറഞ്ഞും കളിയാക്കിയും കൊല്ലാന്‍ മത്സരിക്കുന്ന യജമാനഭക്തി കൊണ്ട് മുട്ടി നില്‍ക്കുന്ന വാലാട്ടികള്‍ ആയി മാറിയിരിക്കുന്നു ഇവരുടെ ഒക്കെ ആരാധകരില്‍ നല്ലൊരു വിഭാഗം.പിന്നെ നമ്മുടെ ഒക്കെ കാര്യം പറയാനുണ്ടോ.

അത് നിങള്‍ വന്ദേമാതരം ഹെന്‍ട്രി ചേട്ടനെ കുറിച്ച് അല്ലിയോ പറഞ്ഞത്

ആണെങ്കില്‍ നീ എന്തോ ചെയ്യും ? എടാ നീയോ ഞാനോ ഒരു കുപ്പി ബൂസ്റ്റ്‌ വാങ്ങുന്നു . വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ അത് കേടു വന്നതാണ്‌.എന്നിക്ക് കിട്ടിയ ബൂസ്റ്റ്‌ കേടുവന്നതാണ് അഥവാ ഞാന്‍ വാങ്ങിയ ബൂസ്റ്റ്‌നു ഞാന്‍ കരുതിയ നിലവാരം ഇല്ല എന്ന് പറയാന്‍ ഉള്ള അവകാശം എനിക്കില്ലേ?(വെറുതെ പറയുന്നേ ഒള്ളു കാശു തിരിച്ചു തരണം എന്ന് ഒന്നുമല്ല പറയുന്നേ) അങ്ങനെ പറയുമ്പോള്‍ ബൂസ്റ്റ്‌ എന്നത് വര്‍ഷങ്ങളായി നമുക്ക് നല്ല സാധനം തരുന്നതാണ്.സച്ചിന്‍ ആണ് അതിന്റെ മോഡല്‍.അങ്ങനെ ഉള്ളതിനെ തെറി പറയാന്‍ നീ ആരെടാ എന്ന് ചോദിക്കുന്നത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം ആണ്.പോരാത്തതിനു നിന്റെ അടുക്കള ഇടിഞ്ഞു പൊളിഞ്ഞ ഒരു കുടിലില്‍ അല്ലെ.അവിടെ ഇനി ബൂസ്റ്റ്‌ ഇല്ലാത്ത കുറവേ ഉള്ളു എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി ദൈവമേ വെറുതെയാണോ മനുഷ്യന്‍ തീവ്രവാദി ആകുന്നത്‌ ?

അടങ്ങിക്കെ അണ്ണാ. നിങ്ങള്‍ പിന്നെയും ചൂടാവല്ലേ . അതിരിക്കട്ടെ വേറെ എന്തോ പറയാന്‍ ആണല്ലോ ഈ വരവ്? എന്താ അത്?

ഇന്നലെ ഒരിടത്തൊരു പോസ്റ്റ്‌മാന്‍ കണ്ടു .അത് തന്നെ സംഭവം.

അത് കുറെ കാലം പെട്ടിയില്‍ ഇരുന്ന പടമല്ലേ? ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ ആള്‍ക്കാര്‍ക്ക് പഴയത് പോലെ പേടിയില്ല എന്ന് തോന്നിയത് കൊണ്ട് ഇറക്കിയ സംഭവം അല്ലെ.

അതൊന്നും എന്നിക്കറിയില്ല. ഇനി പടത്തെ പറ്റി പറഞ്ഞാല്‍ സംവിധാനം ഷാജി അസീസ്‌ , നിര്‍മ്മാണം ഗിരീഷ്‌ കുമാര്‍, സംഗീതം മോഹന്‍ സിത്താര അഭിനയിക്കുന്നവര്‍ കുഞ്ചാക്കോ ബോബന്‍,ഇന്നസെന്റ്,ശരത് കുമാര്‍,മീര നന്ദന്‍,കലാഭവന്‍ മണി,സുരാജ് , സലിം കുമാര്‍ ഇങ്ങനെ പോകുന്നു .

ചിത്രത്തിന്റെ കഥ ..?

അത് ഒരു ഗ്രാമത്തിലെ പോസ്റ്റ്‌ മാനായ ഗംഗാധരന്‍ (ഇന്നസെന്റ്) ഉം മകന്‍ രഘു നന്ദനെയും കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത് . തികഞ്ഞ മടിയനായ ഗംഗാധരന്‍ തന്റെ ജോലി നേരെ ചെയ്യാതെ ഫുട്ബോള്‍ ക്ലബും ഉറക്കവും ആയി കഴിയുമ്പോള്‍ മകന്‍ കഠിന അദ്ധ്വാനിയും ലകഷ്യ ബോധം ഉള്ളവനും ആണ്.നാട്ടുകാരുടെ പരാതി സഹിക്കാനാകാതെ രഘു ചിലപ്പോള്‍ ഒക്കെ അച്ഛന്റെ ജോലി പോലും ചെയ്യാറുണ്ട്.രഘുവിനു കാമുകിയായി ഉഷ (മീര നന്ദന്‍ ).അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോള്‍ തനിക്കു വന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ പോലും അച്ഛന്റെ അലസതയുടെ ഫലമായി നഷ്ടപെട്ടു എന്നറിയുന്ന രഘു ഗംഗാധരനോട് കയര്‍ക്കുന്നു.അതിനെ തുടന്നു നന്നാകാന്‍ തീരുമാനിക്കുന്ന ഗംഗാധരന്‍ ഹ്രദയ ആഘാതം മൂലം ആശു പത്രിയില്‍ ആകുന്നു.(അപ്പോളാണ് ഇയാള്‍ മുന്‍പേ ഒരു ഹൃദ്രോഗി ആയിരുന്നെന്നും ഡോക്ടര്‍ ഉപദേശിച്ചത് അനുസരിച്ചാണ് മടിയന്‍ ആയതെന്നും ഉള്ള എല്‍സമ്മ സ്റ്റൈല്‍ സത്യം പുറത്തു വരുന്നത് ) മരണ കിടക്കയില്‍ കിടന്നു കൊണ്ട് ഗംഗാധരന്‍ തന്റെ പഴയ സുഹൃത്തും ഇപ്പോള്‍ തീവ്രവാദി എന്ന് മുദ്ര കുത്തപെട്ടു എവിടെയാണ് എന്നറിയാത്ത യാസിന്‍ മുബാറക് എന്ന വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫെര്‍ക്ക് കൊടുക്കാന്‍ അയാളുടെ മകള്‍ എഴുതിയ കുറെ കത്തുകള്‍ കൊടുക്കുന്നത്.അതോടെ വളരെ ലൈറ്റ് ആയി പോകുന്ന ഒന്നാം പകുതിക്ക് ശേഷം കുറച്ചു കൂടി ഗൌരവം ഉള്ള വഴികളിലൂടെ സിനിമ നീങ്ങുന്നു.

അപ്പോള്‍ പടം എങ്ങനെ ഉണ്ട്? കൊള്ളാമോ ?

കുറെ കൂടി നന്നാക്കി ഈ പടം എടുത്തിരുന്നെങ്കില്‍ എന്ന് പറയണം എന്നുണ്ട് രണ്ടു കാരണങ്ങള്‍ കൊണ്ട് അത് പറയുന്നില്ല . ഒന്ന് , ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയില്‍ ഒരു സൂപ്പര്‍ താര രഹിത ചിത്രം ഈ പരുവത്തില്‍ എങ്കിലും പുറത്തിറക്കാനുള്ള ബുദ്ധിമുട്ടുകള്‍ അറിയാവുന്നത് കൊണ്ട്. പിന്നെ ഈ ചിത്രത്തില്‍ പറയുന്ന സാമൂഹ്യ പ്രസക്തി ഉള്ള കുറെ കാര്യങ്ങളുടെ പേരില്‍ . കേരളീയരുടെ പുതിയതായി തുടങ്ങിയ ലോട്ടറി കമ്പം,സാമ്പത്തിക അച്ചടക്കം ഇല്ലാത്ത അവസ്ഥ , നിരപരാധികള്‍ തീവ്രവാദികള്‍ ആയി മുദ്ര ചാര്‍ത്തപ്പെടുന്ന അവസ്ഥ, അവരുടെ ഭാഗം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്ത സമൂഹം അങ്ങനെ കുറെ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.(തമിഴ് നാട്ടുകാരെ തെറി പറയുമ്പോള്‍ ഒരു തമിഴന്‍ കഥാപാത്രം പറയുന്നുണ്ട് മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം.മലയാളീ പോലും മലയാളീ ....(എന്നിട്ട് തൂ എന്നൊരാട്ടും ).സത്യമായിട്ടും മുഖം തുടച്ചു പോയി !!!!!!)


എന്നാലും ....

ഈ ചിത്രത്തിന് ആദ്യത്തെ അടികിട്ടുന്നത്‌ ഗംഗാധരന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ്.ദഹിക്കാന്‍ കുറച്ചു ബുദ്ധി മുട്ട് ഉള്ളതാണ് ആ പാത്ര സൃഷ്ടി. മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ ഗംഗധരനുമായി ബന്ധപെട്ടു ഉള്ളവര്‍ ആയതിനാല്‍ ഈ കഥാപാത്രത്തിന്റെ ബല കുറവ് മറ്റു കഥാപത്രങ്ങളിലും അതിലൂടെ ചിത്രത്തില്‍ ഉടനീളവും കാണാം.രണ്ടാം പകുതിയില്‍ പോലീസെകാരായി വരുന്ന സുരാജും(പി സി അഭിലാഷ് )കലാഭവന്‍ മണിയും (എസ് ഐ ഷാഹുല്‍ ഹമീദ് )രണ്ടാം പകുതിയില്‍ ഉണ്ടായിരിക്കേണ്ട ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നതില്‍ നല്ല വണ്ണം സഹായിച്ചിട്ടുണ്ട് .

ഹ അത് പിന്നെ സൂപ്പര്‍ താരങ്ങളോ ഇല്ല. പിന്നെ ശകലം കോമഡി എങ്കിലും ഇല്ലാതെ എങ്ങനാ ?

എന്നാല്‍ ഈ ചിത്രം ഇങ്ങനെ എടുതിരുന്നെങ്കിലോ ? ഒന്ന് ആലോചിച്ചു നോക്ക് . ഒരു ഗ്രാമം.ഒരു മകന്‍ മാത്രം ഉള്ള അത്മാര്തമായി ജോലി ചെയ്തു ജീവിക്കുന്ന ആ ഗ്രാമത്തിലെ പോസ്റ്റ്‌ മാന്‍ ഗംഗാധരന്‍. മകന്‍ രഘു പഠിത്തം കഴിഞ്ഞു ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചുമ്മാ നടക്കുന്നു.അച്ഛന്‍ മരിക്കുമ്പോള്‍ പെട്ടിയില്‍ നിന്നും എഴുത്തുകള്‍ കാണുന്നു.വെറും കൌതുകത്തിന് വായിക്കുന്ന രഘു നഷ്ടമില്ലാത്ത ഒരു ഉപകാരം എന്ന് കരുതി തുടങ്ങുന്ന സഹായം, പതുക്കെ പതുക്കെ യാസിന്‍ മുബാറക് എന്ന മനുഷ്യനെ മനസിലാക്കുകയും പിന്നീടു അയാളെ കണ്ടു പിടിച്ചു സഹായിക്കാന്‍ എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍ ആകുന്ന അവസ്ഥയും. ഒടുവില്‍ ഒരു ദുരന്തത്തില്‍ ചെന്ന് നില്‍ക്കുന്ന അവസാനവും ആയിരുന്നെങ്കില്‍ ഈ ചിത്രം ഒരു പക്ഷെ ഒരു സംഭവം ആയി മാറിയേനെ.മാത്രമല്ല തികച്ചും ലളിതമായി പറയുന്ന ഒത്തിരി സത്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞെനെ.ഒരു പക്ഷെ ഇങ്ങനെ ഒക്കെ തന്നെ പ്ലാന്‍ ചെയ്തു ആയിരിക്കും ഈ ചിത്രം ആരംഭിച്ചത്. പിന്നീടു compromiseകളുടെ ഒരു നീണ്ട നിര കഴിഞ്ഞപ്പോള്‍ ഈ പരുവം ആയതാകാനും മതി

അങ്ങനെ ഒക്കെ പറഞ്ഞാല്‍ ഒരു ചിത്രത്തിന് സാമ്പത്തിക വിജയം വേണ്ടേ . അവാര്‍ഡ്‌ വാങ്ങാന്‍ അല്ലലോ എല്ലാരും പടം എടുക്കുന്നത് ?

ഇങ്ങനെ ഒക്കെ ഒരു ചിത്രം എടുത്താല്‍ അത് ഓടില്ല എന്ന മുന്‍ വിധിയില്‍ നിന്നാണ് മലയാള സിനിമയുടെ അധപതനത്തിന് തുടക്കം കുറിക്കപെട്ടത്‌ എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എടുത്തിരിക്കുന്നത് പോലയുള്ള ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ക്കും എന്നാണ് പ്രതീക്ഷ എന്നാണെങ്കില്‍ എല്ലാ ആശംസകളും എന്നെ പറയാനുള്ളൂ .ഇതിന്‍റെ സംവിധായകനോട് ഒരു വാക്ക് കൂടി നിങ്ങള്‍ ,നിങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ അവസ്ഥക്ക് ഉത്തരവാദി,ഒരു നല്ല ചിത്രം എടുക്കാനുള്ള ആഗ്രഹം എങ്കിലും ഉണ്ടാകുന്നതു ഒരു വലിയ കാര്യം ആണെന്ന് കരുതുന്നത് കൊണ്ട് പറയുന്നു.ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ ഒരു നല്ല ചിത്രം വരും കാലത്ത് ഞങ്ങള്‍ക്ക് ലഭിച്ചേക്കാം

Saturday, October 2, 2010

യെന്തിരന്‍ (Yenthiran)

അനിയാ.... നീ എന്നെ ഒന്ന് സഹായിക്കണം

മം എന്താ കാര്യം?

നീയാണ് അഥവാ നിന്റെ ബ്ലോഗ്‌ ആണ് എല്ലാ സിനിമകളുടെയും വിജയ പരാജയങ്ങളെ നിശ്ചയിക്കുന്നത് എന്നാണല്ലോ പറയപ്പെടുന്നത്‌ .

അതെപ്പോള്‍? എന്ന് മുതല്‍ ?

നീ കമന്റ്‌ ഒന്നും വായിക്കാറില്ലേ അനിയാ . അതെന്തോ ആകട്ടെ .പറയാന്‍ വന്നത് അതല്ല .ഞാന്‍ ഒരു പടം ചെയ്യാന്‍ പോകുന്നു നീ അതൊന്നു എഴുതി വിജയിപ്പിക്കണം .

അപ്പോള്‍ നിങ്ങളും തുടങ്ങിയോ പരിപാടി ? ഇരിക്കട്ടെ എന്താ കഥ ? ഒന്ന് പറയാമോ ?

പിന്നെ എന്താ . പക്ഷെ സംഗതി രഹസ്യം ആയിരിക്കണം .കഥ രണ്ടു അധോലോകനേതാക്കളെ ചുറ്റി പറ്റിയാണ് .ചെറുപ്പക്കാരനും നല്ലവനും ആയ നായകന്‍ നയിക്കുന്ന ഒരു സംഘം . കുറച്ചു പ്രായം ചെന്ന ആളും ദുഷ്ടനുമായ വില്ലന്‍ നയിക്കുന്ന വേറൊരു സംഘം .മിടുക്കനായ നായകന്റെ മുന്നില്‍ ആദ്യം മുതലേ നിഷ്പ്രഭന്‍ ആകുന്ന വില്ലന്‍ .നായകന് ഒരു കാമുകിയും ഉണ്ട് . ഇനിയാണ് കഥയുടെ വഴിത്തിരിവ് നായകന്‍ ഒരു ദിവസം തികച്ചു യാദ്രിച്ചികമായി ഒരു ചേരിയില്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന ഉപനായകനെ കാണുന്നു ഒറ്റ നോട്ടത്തില്‍ തന്നെ ഇയാളില്‍ ഒത്തിരി കഴിവുകള്‍ ഉണ്ടെന്നു മനസ്സില്‍ ആക്കുന്ന നായകന്‍ ഉപനായകനെ സംഘത്തില്‍ ചേര്‍ക്കുന്നു ഉപനായകന്റെ കഴിവ് കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകുന്നു . അപ്പോളാണ് ഉപനായകന് നായികയോട് മുടിഞ്ഞ പ്രേമം .(വണ്ണ്‍ വേ.നായികക്ക് സൌഹൃതം മാത്രം ) നായകനോട് പ്രേമം തുറന്നു പറയുന്ന ഉപനായകനെ നായകന്‍ തല്ലി ചതച്ചു മരിച്ചു എന്ന് കരുതി ഉപേക്ഷിച്ചു പോകുന്നു .വില്ലന്‍ ഉപനായകനെ രക്ഷപെടുത്തുന്നു .പ്രതികാര ദാഹിയായ ഉപനായകന്‍ നായികയെ നേടാനും നായകനെ നശിപ്പിക്കാനും തുനിഞ്ഞിറങ്ങുന്നു . ഒരു ഘട്ടത്തില്‍ എതിര്‍ക്കുന്ന വില്ലനെ പോലും ഉപനായകന്‍ കാച്ചുന്നു .നായികയെ തട്ടി കൊണ്ട് പോകുന്ന ഉപനായകനെ ബുദ്ധിപരമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് കീഴടക്കുന്ന നായകന്‍ .അവസാനം ഉപനായകന്‍ പശ്ചാത്തപിച്ചു തെറ്റുകള്‍ ഏറ്റു പറഞ്ഞു പണ്ടാരം അടങ്ങുന്നു . എങ്ങനെ ഉണ്ട് കഥ ?

പോന്നു ചേട്ടാ ഒന്നും തോന്നല്ലേ ഈ കഥ ഒരു പതിനായിരം പ്രാവശ്യം പറഞ്ഞതാണ്‌.ഇതില്‍ എന്തോന്ന് പുതുമ ? കേട്ടിട്ട് തന്നെ മടുപ്പ് തോന്നുന്നു .

ഡേ നീ മലയാളി തന്നെ അല്ലെ ? ഇത്ര മൊട വേണോ? ശരി പുതുമ ഉണ്ടെങ്കിലെ നിനക്ക് ഇറങ്ങു എങ്കില്‍ എന്നാ പിടിച്ചോ പുതുമ . കഥ രണ്ടു അധോലോകനായകന്‍മാര്‍ എന്നത് മാറ്റി രണ്ടു ശാസ്ത്രന്ജ്ജര്‍ (scientists) എന്ന് ആക്കിയാലോ. പിന്നെ ഒരു പ്രശ്നം ഉള്ളത് ഉപനായകന് നായകന്റെ അത്രയും തന്നെ പ്രാധാന്യം ഉള്ളത് കൊണ്ട് ഒരു ഡബിള്‍ റോള്‍ ആകാനാണ് സാധ്യത . അപ്പോള്‍ നായകന് വില്ലന്‍ പരിവേഷം കൊടുക്കാന്‍ പറ്റുമോ ?

അപ്പോള്‍ ....

ഐഡിയ . ഉപനായകനെ നമ്മള്‍ നായകന്‍ ഉണ്ടാക്കിയ ഒരു യന്ത്ര മനുഷ്യന്‍ ആക്കുന്നു . എന്നിട്ട് മനുഷ്യരെ പോലെ അല്ലെങ്കില്‍ അതിനെക്കാളും ഒത്തിരി കഴിവുകള്‍ ഉള്ള ആ യന്ത്രത്തിന് ഒരു ഘടത്തില്‍ മനുഷ്യരെ പോലെ ഉള്ള വികാരങ്ങളും കൊടുപ്പിക്കുന്നു (നായകനെ കൊണ്ട് ) . അപ്പോള്‍ നായികയോട് പ്രേമം തോന്നാന്‍ ഉപനായകന് ഒരു കാരണവും ആയി .മാത്രമല്ല വില്ലന്‍ രക്ഷിക്കുന്ന ഉപനായകന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എളുപ്പമാണ് . യന്ത്രം അല്ലെ പ്രോഗ്രാം മാറ്റി എഴുതിയാല്‍ മതി .പോരെ? മനുഷ്യ സ്ത്രീയോട് യന്ത്രത്തിന് തോന്നുന്ന പ്രേമം ഹോ കോരി തരിക്കുന്നെടെ!!! എത്രയും പുതുമ പോരെ നിനക്ക് ?

അല്ല ഇതൊക്കെ കേട്ടിട്ട് എന്തോ പോലെ .....

അനിയാ ഇതാണ് ശങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്‍ എന്ന ബ്രമാണ്ട ചിത്രത്തിന്റെ കഥ . ഇതില്‍ സംവിധായകന്‍ ആകെ ചെയ്ത നല്ല കാര്യം ഇതിലെ നായക കഥാപാത്രത്തെ അഥവാ പാത്രങ്ങളെ രജനി കാന്ത് എന്ന നടനെ കൊണ്ട് ചെയ്യിച്ചു എന്നതാണ് . വേറെ ഏതു നടന്‍ ചെയ്താലും ഒരു ആഴ്ചയില്‍ കൂടുതല്‍ ഈ ചിത്രം ഓടുമെന്നു എന്നിക് തോന്നുന്നില്ല .ശങ്കര്‍ എന്ന സംവിധായകന്‍ പ്രേക്ഷക മനസുകളെ ഒരു നിമിഷം എങ്കിലും ചിന്തിപ്പിക്കുന്ന തിരകഥകള്‍ വിട്ടിട് കെട്ടി കാഴ്ചകള്‍ നിറഞ്ഞ ബ്രമാണ്ട സ്വഭാവത്തിലേക്കു കൂടുതല്‍ മുഴുകുന്ന കാഴ്ചയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത് .സംവിധായകന്‍ എന്ന നിലയില്‍ ശങ്കറിന്റെ താഴോട്ടുള്ള പോക്കിന് തുടക്കം ആകാതിരിക്കട്ടെ ഈ ചിത്രം എന്ന് അത്മാര്തമായി ആഗ്രഹിച്ചു പോകുന്നു .

അപ്പൊ ചിത്രം കൊള്ളില്ല എന്നാണോ പറഞ്ഞു വരുന്നത് .

തീര്‍ച്ചയായും പറഞ്ഞേനെ. നേരത്തെ പറഞ്ഞത് കൂടാതെ ആസ്ഥാനതുള്ളതും വലിയ രസമൊന്നും തോന്നാത്തതും ആയ ഗാനങ്ങള്‍ (ചിലപ്പോള്‍ കുറെ പ്രാവശ്യം കേള്‍ക്കുമ്പോള്‍ ഭേദമായി തോന്നിയേക്കാം),യുക്തിക്ക് നിരക്കാത്ത സംഭവങ്ങള്‍ അങ്ങനെ എന്തെല്ലാം.പക്ഷെ ഇതെല്ലാം ഉണ്ടായിട്ടും ഈ ചിത്രം താങ്ങി നിര്‍ത്തുന്നത് രജനികാന്ത് എന്ന നടന്റെ സാന്നിധ്യം മാത്രമാണ്.ഐശ്യര്യ റായിയെ പോലെയുള്ള ഒരു നായികയുടെ കാമുകനായ നായകനെ എത്ര സ്വാഭാവികമായാണ് അറുപതു കഴിഞ്ഞ അദേഹം അവതരിപ്പികുന്നത് .(സാഗര്‍ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തില്‍ രജനിയെകാള്‍ പ്രായം കുറഞ്ഞ ലാലേട്ടന്റെ പ്രണയ രംഗങ്ങള്‍ ജനം കൂകി തള്ളിയത് ഈ അവസരത്തില്‍ സ്മരണീയമാണ് ). മനുഷ്യനെകാളും വളരെ ബുദ്ധിമാനും മിടുക്കനും ആയ റോബോടിനെ പറ്റിക്കാനായി , ആ പ്രദേശത്തെ കറന്റ്‌ കട്ട്‌ ചെയ്തു കഴിഞ്ഞു,നായികയെ കൊണ്ട് റോബോട്ടിന്റെ ചാര്‍ജ് തീരുന്നത് വരെ മാദക നൃത്തം ചെയിക്കുന്ന നായകന്റെ തന്ത്രത്തെ നമിച്ചു പോകും.ഗ്രാഫിക്സ് (ആനിമട്രോണിക്സ് എന്നാണ് പറയേണ്ടത് എന്ന് ഒരു സുഹൃത്ത്‌ ) നിറഞ്ഞ ക്ലൈമാക്സ്‌ രംഗങ്ങള്‍ കുറച്ചു ഓവര്‍ ഡോസ് ആയില്ലേ എന്നാണ് എനിക്ക് തോന്നിയത്.ക്ലൈമാക്സ്‌ രംഗങ്ങളില്‍ നായകന്‍ യന്ത്രത്തെ തോല്‍പ്പിക്കാന്‍ ചെയുന്ന കാര്യങ്ങള്‍ ഒരു സാധാരണ തമിഴ് പ്രേക്ഷകന് മനസിലാകുമോ എന്ന് കണ്ടു തന്നെ അറിയാം.(അഥവാ എന്നാല്‍ ഇതൊക്കെ ഇയാള്‍ക്ക് ആദ്യമേ ചെയ്തു കൂടെ എന്ന് തോന്നിയാല്‍/ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?).പിന്നെ ശങ്കര്‍ തന്റെ പതിവ് ആശയം,ഒരാള്‍ സമൂഹത്തെ നന്നാകുക എന്ന സംഭവം ഈ ചിത്രത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു.ചില രംഗങ്ങള്‍ ഉദാഹരണമായി റോബര്‍ട്ട്‌ (ചിത്തി) കൊതുക്കളുമായി സംസാരിക്കുന്ന രംഗം പോലെയുള്ളവ ബോര്‍ അടിപ്പിച്ചു എന്ന് പറയാതെ വയ്യ . (ശങ്കറിന്റെ ചിത്രത്തില്‍ ഇങ്ങനെ തോന്നുന്നത് ആദ്യമായാണ്).കലാഭവന്‍ മണി ഒരു ചെറിയ വേഷത്തില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.കൊച്ചിന്‍ ഹനീഫയും ഒരു രംഗത്ത് പ്രത്യക്ഷ പ്പെടുന്നുണ്ട് . ഒരു പക്ഷേ ഇതു അദേഹത്തിന്റെ അവസാനത്തെ ചിത്രം ആവാനാണ് വഴി .


രജനികാന്ത് എന്ന നടനെ പറ്റി പറയുമ്പോള്‍ പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം അദേഹത്തിന്റെ വിജയ രഹസ്യം പ്രേക്ഷകര്‍ അദ്ദേഹത്തില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്ന് മനസിലാക്കി അത് കൊടുക്കാന്‍ കഴിയുന്നു എന്നതാണ് എന്നാണ് . ഈ ചിത്രത്തിലും അതിനു ഒരു മാറ്റവും ഇല്ല .ശങ്കര്‍ ,ഈ ചിത്രത്തിലൂടെ തനിക്കു അതിനു കഴിഞ്ഞോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

പക്ഷെ അണ്ണാ ഒരു രജനി ചിത്രം എന്ന നിലയ്ക്ക് കണ്ടാല്‍ ......

ഒരു രജനി ചിത്രം എന്ന നിലയക്ക്‌ കണ്ടാല്‍ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ ശക്തനായ ഒരു വില്ലന്‍ ഇല്ല എന്നതാണ് .ഡാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ശക്തമായ ഒരു വ്യക്തിത്വം നല്‍കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു . പിന്നെ റോബോടിനെ വില്ലനാക്കുമ്പോള്‍ ഒരു പരിധിയില്‍ കൂടുതല്‍ നെഗറ്റീവ് ആക്കാനുള്ള ധൈര്യം രജനികാന്ത് എന്ന നടന്റെ ഇമേജും ഇരുനൂറു കോടിയും ഓര്‍ക്കുമ്പോള്‍ ശങ്കറിനല്ല ആര്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നില്ല (ഇരുനൂറു കോടി രൂപ ചിലവാക്കാന്‍ പ്രേക്ഷകന്‍ പറഞ്ഞോ എന്ന ചോദ്യം ചോദിക്കല്ലേ പ്ലീസ്!). ഒരു രജനി ചിത്രം എന്ന നിലയിലും ചിത്രം ശരാശരി ആയിട്ടാണ് എനിക്ക് തോന്നിയത് . ( അപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ താര കെട്ടി കാഴ്ചകളെ എന്ത് വിളിക്കും എന്ന മനസാക്ഷിയുടെ ചോദ്യം എന്തെ മുന്നില്‍ ഉണ്ട് !!)


എന്നാലും ഇരുനൂറു കോടി മുടക്കി എടുത്ത ഒരു ചിത്രത്തെ പറ്റി ഇങ്ങനെ പറഞ്ഞാലോ ?

അനിയാ മുടക്കാന്‍ കൈയില്‍ കാശു ഉണ്ടായിട്ടാണ് സണ്‍ പോലെയുള്ള നിര്‍മാതാക്കള്‍ ഈ പടത്തിനു കാശു മുടക്കുനത് .അതിനു ഞാന്‍ എന്ത് വേണം ? എന്റെ അഭിപ്രായം ആണ് ഇവിടെ പറയുന്നത് .നിങ്ങള്ക്ക് യോജിക്കാം യോജിക്കാതിരിക്കാംനാളെ ഈ ചിത്രം ഒരു മഹാ വിജയം ആയാല്‍ ഉടനെ ഈ അഭിപ്രായം മാറ്റി ചിത്രത്തെ മഹത്തരവും ഉജ്വലവും ആയി വഴ്തിക്കോണം എന്ന് പറഞ്ഞാല്‍ പാടാണ് എന്നാണ് ഉത്തരം .

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ ......

മാനം മുട്ടുന്ന പ്രതീക്ഷകളും ആയി പോയാല്‍ നിങ്ങള്‍ക്ക് ഒരു പക്ഷെ നിരാശര്‍ ആകേണ്ടി വന്നേക്കാം.വലിയ പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ഒരു ശരാശരി entertainer ചിത്രം കണ്ടു വീട്ടില്‍ പോകാം