Sunday, October 10, 2010

ഒരിടത്തൊരു പോസ്റ്റ്‌മാന്‍ (oridathoru postman)

അനിയാ വണക്കം.

നിങ്ങള്‍ ജീവിചിരുപ്പുണ്ടോ?ഞാന്‍ കരുതി സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ നിങ്ങളെ കൊന്നു തിന്നു കാണും എന്ന്.

ഏതാണ്ട് അത് പോലെ ഒക്കെ തന്നെ അനിയാ .ചുമ്മാതിരുന്നു സ്വന്തം അഭിപ്രായം പറയുന്നവനെ വിട് .കാശു മുടക്കി പടം എടുക്കുന്ന നിര്‍മാതാവ് പോലും സൂപ്പര്‍ താരങ്ങളില്‍ നിന്നും അവര്‍ ഉദേശിച്ചത്‌ കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അവനെ തെറി പറഞ്ഞും കളിയാക്കിയും കൊല്ലാന്‍ മത്സരിക്കുന്ന യജമാനഭക്തി കൊണ്ട് മുട്ടി നില്‍ക്കുന്ന വാലാട്ടികള്‍ ആയി മാറിയിരിക്കുന്നു ഇവരുടെ ഒക്കെ ആരാധകരില്‍ നല്ലൊരു വിഭാഗം.പിന്നെ നമ്മുടെ ഒക്കെ കാര്യം പറയാനുണ്ടോ.

അത് നിങള്‍ വന്ദേമാതരം ഹെന്‍ട്രി ചേട്ടനെ കുറിച്ച് അല്ലിയോ പറഞ്ഞത്

ആണെങ്കില്‍ നീ എന്തോ ചെയ്യും ? എടാ നീയോ ഞാനോ ഒരു കുപ്പി ബൂസ്റ്റ്‌ വാങ്ങുന്നു . വീട്ടില്‍ ചെന്ന് തുറന്നു നോക്കുമ്പോള്‍ അത് കേടു വന്നതാണ്‌.എന്നിക്ക് കിട്ടിയ ബൂസ്റ്റ്‌ കേടുവന്നതാണ് അഥവാ ഞാന്‍ വാങ്ങിയ ബൂസ്റ്റ്‌നു ഞാന്‍ കരുതിയ നിലവാരം ഇല്ല എന്ന് പറയാന്‍ ഉള്ള അവകാശം എനിക്കില്ലേ?(വെറുതെ പറയുന്നേ ഒള്ളു കാശു തിരിച്ചു തരണം എന്ന് ഒന്നുമല്ല പറയുന്നേ) അങ്ങനെ പറയുമ്പോള്‍ ബൂസ്റ്റ്‌ എന്നത് വര്‍ഷങ്ങളായി നമുക്ക് നല്ല സാധനം തരുന്നതാണ്.സച്ചിന്‍ ആണ് അതിന്റെ മോഡല്‍.അങ്ങനെ ഉള്ളതിനെ തെറി പറയാന്‍ നീ ആരെടാ എന്ന് ചോദിക്കുന്നത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം ആണ്.പോരാത്തതിനു നിന്റെ അടുക്കള ഇടിഞ്ഞു പൊളിഞ്ഞ ഒരു കുടിലില്‍ അല്ലെ.അവിടെ ഇനി ബൂസ്റ്റ്‌ ഇല്ലാത്ത കുറവേ ഉള്ളു എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി ദൈവമേ വെറുതെയാണോ മനുഷ്യന്‍ തീവ്രവാദി ആകുന്നത്‌ ?

അടങ്ങിക്കെ അണ്ണാ. നിങ്ങള്‍ പിന്നെയും ചൂടാവല്ലേ . അതിരിക്കട്ടെ വേറെ എന്തോ പറയാന്‍ ആണല്ലോ ഈ വരവ്? എന്താ അത്?

ഇന്നലെ ഒരിടത്തൊരു പോസ്റ്റ്‌മാന്‍ കണ്ടു .അത് തന്നെ സംഭവം.

അത് കുറെ കാലം പെട്ടിയില്‍ ഇരുന്ന പടമല്ലേ? ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ ആള്‍ക്കാര്‍ക്ക് പഴയത് പോലെ പേടിയില്ല എന്ന് തോന്നിയത് കൊണ്ട് ഇറക്കിയ സംഭവം അല്ലെ.

അതൊന്നും എന്നിക്കറിയില്ല. ഇനി പടത്തെ പറ്റി പറഞ്ഞാല്‍ സംവിധാനം ഷാജി അസീസ്‌ , നിര്‍മ്മാണം ഗിരീഷ്‌ കുമാര്‍, സംഗീതം മോഹന്‍ സിത്താര അഭിനയിക്കുന്നവര്‍ കുഞ്ചാക്കോ ബോബന്‍,ഇന്നസെന്റ്,ശരത് കുമാര്‍,മീര നന്ദന്‍,കലാഭവന്‍ മണി,സുരാജ് , സലിം കുമാര്‍ ഇങ്ങനെ പോകുന്നു .

ചിത്രത്തിന്റെ കഥ ..?

അത് ഒരു ഗ്രാമത്തിലെ പോസ്റ്റ്‌ മാനായ ഗംഗാധരന്‍ (ഇന്നസെന്റ്) ഉം മകന്‍ രഘു നന്ദനെയും കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത് . തികഞ്ഞ മടിയനായ ഗംഗാധരന്‍ തന്റെ ജോലി നേരെ ചെയ്യാതെ ഫുട്ബോള്‍ ക്ലബും ഉറക്കവും ആയി കഴിയുമ്പോള്‍ മകന്‍ കഠിന അദ്ധ്വാനിയും ലകഷ്യ ബോധം ഉള്ളവനും ആണ്.നാട്ടുകാരുടെ പരാതി സഹിക്കാനാകാതെ രഘു ചിലപ്പോള്‍ ഒക്കെ അച്ഛന്റെ ജോലി പോലും ചെയ്യാറുണ്ട്.രഘുവിനു കാമുകിയായി ഉഷ (മീര നന്ദന്‍ ).അങ്ങനെ തട്ടിയും മുട്ടിയും പോകുമ്പോള്‍ തനിക്കു വന്ന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ പോലും അച്ഛന്റെ അലസതയുടെ ഫലമായി നഷ്ടപെട്ടു എന്നറിയുന്ന രഘു ഗംഗാധരനോട് കയര്‍ക്കുന്നു.അതിനെ തുടന്നു നന്നാകാന്‍ തീരുമാനിക്കുന്ന ഗംഗാധരന്‍ ഹ്രദയ ആഘാതം മൂലം ആശു പത്രിയില്‍ ആകുന്നു.(അപ്പോളാണ് ഇയാള്‍ മുന്‍പേ ഒരു ഹൃദ്രോഗി ആയിരുന്നെന്നും ഡോക്ടര്‍ ഉപദേശിച്ചത് അനുസരിച്ചാണ് മടിയന്‍ ആയതെന്നും ഉള്ള എല്‍സമ്മ സ്റ്റൈല്‍ സത്യം പുറത്തു വരുന്നത് ) മരണ കിടക്കയില്‍ കിടന്നു കൊണ്ട് ഗംഗാധരന്‍ തന്റെ പഴയ സുഹൃത്തും ഇപ്പോള്‍ തീവ്രവാദി എന്ന് മുദ്ര കുത്തപെട്ടു എവിടെയാണ് എന്നറിയാത്ത യാസിന്‍ മുബാറക് എന്ന വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫെര്‍ക്ക് കൊടുക്കാന്‍ അയാളുടെ മകള്‍ എഴുതിയ കുറെ കത്തുകള്‍ കൊടുക്കുന്നത്.അതോടെ വളരെ ലൈറ്റ് ആയി പോകുന്ന ഒന്നാം പകുതിക്ക് ശേഷം കുറച്ചു കൂടി ഗൌരവം ഉള്ള വഴികളിലൂടെ സിനിമ നീങ്ങുന്നു.

അപ്പോള്‍ പടം എങ്ങനെ ഉണ്ട്? കൊള്ളാമോ ?

കുറെ കൂടി നന്നാക്കി ഈ പടം എടുത്തിരുന്നെങ്കില്‍ എന്ന് പറയണം എന്നുണ്ട് രണ്ടു കാരണങ്ങള്‍ കൊണ്ട് അത് പറയുന്നില്ല . ഒന്ന് , ഇന്നത്തെ മലയാള സിനിമയുടെ അവസ്ഥയില്‍ ഒരു സൂപ്പര്‍ താര രഹിത ചിത്രം ഈ പരുവത്തില്‍ എങ്കിലും പുറത്തിറക്കാനുള്ള ബുദ്ധിമുട്ടുകള്‍ അറിയാവുന്നത് കൊണ്ട്. പിന്നെ ഈ ചിത്രത്തില്‍ പറയുന്ന സാമൂഹ്യ പ്രസക്തി ഉള്ള കുറെ കാര്യങ്ങളുടെ പേരില്‍ . കേരളീയരുടെ പുതിയതായി തുടങ്ങിയ ലോട്ടറി കമ്പം,സാമ്പത്തിക അച്ചടക്കം ഇല്ലാത്ത അവസ്ഥ , നിരപരാധികള്‍ തീവ്രവാദികള്‍ ആയി മുദ്ര ചാര്‍ത്തപ്പെടുന്ന അവസ്ഥ, അവരുടെ ഭാഗം കേള്‍ക്കാന്‍ താല്പര്യം ഇല്ലാത്ത സമൂഹം അങ്ങനെ കുറെ ചിന്തിപ്പിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ട്.(തമിഴ് നാട്ടുകാരെ തെറി പറയുമ്പോള്‍ ഒരു തമിഴന്‍ കഥാപാത്രം പറയുന്നുണ്ട് മലയാളികള്‍ക്ക് അത് വേണമെങ്ങില്‍ തമിഴന്‍ വേണം ഇതു വേണമെങ്ങില്‍ തമിഴന്‍ വേണം എന്തിനു ഒരു നല്ല സിനിമ കാണണം എങ്കില്‍ പോലും തമിഴന്‍ വേണം.മലയാളീ പോലും മലയാളീ ....(എന്നിട്ട് തൂ എന്നൊരാട്ടും ).സത്യമായിട്ടും മുഖം തുടച്ചു പോയി !!!!!!)


എന്നാലും ....

ഈ ചിത്രത്തിന് ആദ്യത്തെ അടികിട്ടുന്നത്‌ ഗംഗാധരന്‍ എന്ന കഥാപാത്രത്തില്‍ നിന്നാണ്.ദഹിക്കാന്‍ കുറച്ചു ബുദ്ധി മുട്ട് ഉള്ളതാണ് ആ പാത്ര സൃഷ്ടി. മറ്റു കഥാപാത്രങ്ങളെല്ലാം തന്നെ ഗംഗധരനുമായി ബന്ധപെട്ടു ഉള്ളവര്‍ ആയതിനാല്‍ ഈ കഥാപാത്രത്തിന്റെ ബല കുറവ് മറ്റു കഥാപത്രങ്ങളിലും അതിലൂടെ ചിത്രത്തില്‍ ഉടനീളവും കാണാം.രണ്ടാം പകുതിയില്‍ പോലീസെകാരായി വരുന്ന സുരാജും(പി സി അഭിലാഷ് )കലാഭവന്‍ മണിയും (എസ് ഐ ഷാഹുല്‍ ഹമീദ് )രണ്ടാം പകുതിയില്‍ ഉണ്ടായിരിക്കേണ്ട ഗൌരവ സ്വഭാവം ഇല്ലാതാക്കുന്നതില്‍ നല്ല വണ്ണം സഹായിച്ചിട്ടുണ്ട് .

ഹ അത് പിന്നെ സൂപ്പര്‍ താരങ്ങളോ ഇല്ല. പിന്നെ ശകലം കോമഡി എങ്കിലും ഇല്ലാതെ എങ്ങനാ ?

എന്നാല്‍ ഈ ചിത്രം ഇങ്ങനെ എടുതിരുന്നെങ്കിലോ ? ഒന്ന് ആലോചിച്ചു നോക്ക് . ഒരു ഗ്രാമം.ഒരു മകന്‍ മാത്രം ഉള്ള അത്മാര്തമായി ജോലി ചെയ്തു ജീവിക്കുന്ന ആ ഗ്രാമത്തിലെ പോസ്റ്റ്‌ മാന്‍ ഗംഗാധരന്‍. മകന്‍ രഘു പഠിത്തം കഴിഞ്ഞു ഒരു ഉത്തരവാദിത്വവും ഇല്ലാതെ ചുമ്മാ നടക്കുന്നു.അച്ഛന്‍ മരിക്കുമ്പോള്‍ പെട്ടിയില്‍ നിന്നും എഴുത്തുകള്‍ കാണുന്നു.വെറും കൌതുകത്തിന് വായിക്കുന്ന രഘു നഷ്ടമില്ലാത്ത ഒരു ഉപകാരം എന്ന് കരുതി തുടങ്ങുന്ന സഹായം, പതുക്കെ പതുക്കെ യാസിന്‍ മുബാറക് എന്ന മനുഷ്യനെ മനസിലാക്കുകയും പിന്നീടു അയാളെ കണ്ടു പിടിച്ചു സഹായിക്കാന്‍ എന്ത് വിലയും കൊടുക്കാന്‍ തയ്യാര്‍ ആകുന്ന അവസ്ഥയും. ഒടുവില്‍ ഒരു ദുരന്തത്തില്‍ ചെന്ന് നില്‍ക്കുന്ന അവസാനവും ആയിരുന്നെങ്കില്‍ ഈ ചിത്രം ഒരു പക്ഷെ ഒരു സംഭവം ആയി മാറിയേനെ.മാത്രമല്ല തികച്ചും ലളിതമായി പറയുന്ന ഒത്തിരി സത്യങ്ങള്‍ പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞെനെ.ഒരു പക്ഷെ ഇങ്ങനെ ഒക്കെ തന്നെ പ്ലാന്‍ ചെയ്തു ആയിരിക്കും ഈ ചിത്രം ആരംഭിച്ചത്. പിന്നീടു compromiseകളുടെ ഒരു നീണ്ട നിര കഴിഞ്ഞപ്പോള്‍ ഈ പരുവം ആയതാകാനും മതി

അങ്ങനെ ഒക്കെ പറഞ്ഞാല്‍ ഒരു ചിത്രത്തിന് സാമ്പത്തിക വിജയം വേണ്ടേ . അവാര്‍ഡ്‌ വാങ്ങാന്‍ അല്ലലോ എല്ലാരും പടം എടുക്കുന്നത് ?

ഇങ്ങനെ ഒക്കെ ഒരു ചിത്രം എടുത്താല്‍ അത് ഓടില്ല എന്ന മുന്‍ വിധിയില്‍ നിന്നാണ് മലയാള സിനിമയുടെ അധപതനത്തിന് തുടക്കം കുറിക്കപെട്ടത്‌ എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എടുത്തിരിക്കുന്നത് പോലയുള്ള ഒരു ചിത്രം കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ക്കും എന്നാണ് പ്രതീക്ഷ എന്നാണെങ്കില്‍ എല്ലാ ആശംസകളും എന്നെ പറയാനുള്ളൂ .ഇതിന്‍റെ സംവിധായകനോട് ഒരു വാക്ക് കൂടി നിങ്ങള്‍ ,നിങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിന്റെ അവസ്ഥക്ക് ഉത്തരവാദി,ഒരു നല്ല ചിത്രം എടുക്കാനുള്ള ആഗ്രഹം എങ്കിലും ഉണ്ടാകുന്നതു ഒരു വലിയ കാര്യം ആണെന്ന് കരുതുന്നത് കൊണ്ട് പറയുന്നു.ഈ ചിത്രത്തിലെ പാളിച്ചകള്‍ മനസിലാക്കി തിരുത്താന്‍ ശ്രമിച്ചാല്‍ ഒരു നല്ല ചിത്രം വരും കാലത്ത് ഞങ്ങള്‍ക്ക് ലഭിച്ചേക്കാം

3 comments:

 1. വന്നു വന്നു കഥ തിരുത്താന്‍ നോക്കുന്നോ? ഇത് ഞങ്ങള്‍ സമ്മതിക്കില്ല ! അമ്മച്ചിയണേ സമ്മതിക്കില്ല !

  ReplyDelete
 2. ചകൊച്ചന്‍ ഇതില്‍ വിഗ്ഗ് വക്കുന്നുണ്ട് ! ചകൊച്ചന്‍ , ഇന്ദ്രജിത്ത്, മണി , സിദ്ദിക്ക് , പ്രിത്വിരാജ്, എന്നിവര്‍ വിഗ് വച്ചാല്‍ പ്രശ്നമില്ല, മോഹന്‍ലാല്‍ വച്ചാല്‍ അതൊരു ആഗോള ബുലോക പ്രശ്നം തന്നെ ആണ് !

  ReplyDelete
 3. "ഇങ്ങനെ ഒക്കെ ഒരു ചിത്രം എടുത്താല്‍ അത് ഓടില്ല എന്ന മുന്‍ വിധിയില്‍ നിന്നാണ് മലയാള സിനിമയുടെ അധപതനത്തിന് തുടക്കം കുറിക്കപെട്ടത്‌."

  Hear, hear...

  ReplyDelete