Friday, September 28, 2012

പുതിയ തീരങ്ങള്‍ (Review :Puthiya Theerangal)


അല്ല ഇതെവിടന്നു വരുന്നു ? ഈ ആഴ്ചയിലെ പുതിയ വിശേഷങ്ങള്‍ .....?

എന്തോന്ന് വിശേഷമെടെ? വന്നു വന്നു മൂത്രമൊഴിക്കാന്‍ പോലും നികുതി കൊടുകേണ്ടി  വരുമെന്നാ തോന്നുന്നേ .അങ്ങനെ ജീവിച്ചു പോകുന്നു

അണ്ണാ വെറുതെ വെയിറ്റ്  ഇടാതെ കാര്യം പറഞ്ഞേ. നിങ്ങള്‍ നമ്മുടെ  സത്യന്‍  അന്തിക്കാട്‌  സംവിധാനം  ചെയ്ത  പുതിയ  തീരങ്ങള്‍  കണ്ടിട്ട്  വരുന്ന  വഴിയാണ്  ശരിയല്ലേ ?  പടമെങ്ങനെ എന്ന് പെട്ടന്ന് പറഞ്ഞേ. കാളകൂടം പ്രസ്സില്‍ കേറാന്‍ ഇനി നിമിഷങ്ങളെ ബാക്കിയുള്ളൂ . സംഗതി ഓടുന്നത് തന്നെ എന്‍റെ ചിത്രവിദ്വേഷം എന്ന കോളം കൊണ്ടാണ് എന്നാണ് ഞാന്‍ മുതലാളിയെ പറഞ്ഞു വിശ്വസിപ്പിചിരിക്കുന്നത് .ജീവിക്കാനുള്ള ഓരോ പാടുകളെ ...
                                    അനിയാ, നീ വെറുതെ കേറി സത്യന്‍ അന്തിക്കാട്‌ എന്ന് മാത്രംപറയല്ലേ ജനം പേടിച്ചു പോകും . ഒരു സഹിക്കാവുന്ന ഭാഗ്യദേവത ഒഴിച്ചാല്‍ ചില്ലറയാണോ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിന് ശേഷം അങ്ങേര നമ്മളെ വെറുപ്പിച്ചിരിക്കുന്നത്.  അവസാനത്തെ  സ്നേഹ വീട് പോലും ഊ .........ജ്വലം അല്ലായിരുന്നോ . അത് കൊണ്ട് ഈ ചിത്രത്തിന് തിരകഥ സത്യന്‍ അല്ല എന്നതാണ് പ്രധാന ആകര്‍ഷണം എന്ന് പറയേണ്ട് വരും. എന്തൊക്കെയായാലും  ശക്തമായ  പൊതു  ജനാഭിപ്രായം   മാനിച്ചു  അദേഹം  പ്രസ്തുത  കലാപരിപാടി  (തിരകഥ രചന )  നിര്‍ത്തിയതില്‍ ഒരു  മലയാളി പ്രേക്ഷകന്‍  എന്ന  നിലയില്‍  എനിക്ക്  സന്തോഷം ഉണ്ട് .  നന്ദിയുണ്ട്  സത്യാ  ഒരായിരം നന്ദി . ഇവിടെ പ്രസ്തുത  കൃത്യം  നിര്‍വഹിച്ചിരിക്കുന്നത്  ബെന്നി  പി  നായരമ്പലമാണ്. . ക്യാമറ  വേണു,  സംഗീതം  ഇളയരാജ ,  അഭിനേതാക്കള്‍ നിവിന്‍പോളി , നമിതപ്രമോദ്,  നെടുമുടി  വേണു, ഇന്നസെന്‍റ്റ് ,ധര്‍മ്മജന്‍ , ചെമ്പില്‍ അശോകന്‍ തുടങ്ങിയര്‍  അഭിനയിക്കുന്നു .സത്യന്‍  അന്തിക്കാട്‌  ആദ്യമായി   കടലോര  പശ്ചാത്തലത്തില്‍  ഒരു  ചിത്രം  സംവിധാനം ചെയുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത (അതൊരു പ്രത്യേകത ആണെങ്കില്‍ ).

മതി അണ്ണാ വാചകമടി പടത്തിലോട്ടു വന്നേ ...

                              ദാ വന്നല്ലോ  ഒരു കടപ്പുറം, അമ്മയില്ലാത്ത ഒരു പെണ്‍കുട്ടി താമര പത്തു പതിമൂന്നു വയസയതോടെ അവളെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍  ഇഷ്ടം   അല്ലാത്തത്  കൊണ്ട്  അച്ഛന്‍ ശങ്കരന്‍ (സിദ്ദിക്) പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ഒപ്പം കൊണ്ട് പോകാന്‍ തുടങ്ങി . ഒരു ദിവസം കടലില്‍ പോയ അയാള്‍ മടങ്ങി വരാതെ ആകുന്നതോടെ തികച്ചും അനാഥ ആകുന്നു താമര .ഏഴ് എട്ടു കൊല്ലങ്ങള്‍ക്ക് ശേഷം കഥ തുടങ്ങുന്നു . ഇന്നു താമര (നമിത പ്രമോദ്) ആ കടപ്പുറത്ത് ഒറ്റയ്ക്ക് ജീവിക്കുന്നു. പുരുഷന്മാരോടൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചാണ്  അവളും  ജീവിക്കുന്നത്.  അയല്‍ക്കാരും  സുഹൃത്തുകളും  ഒക്കെയാണ്  ഇന്നു  അവള്‍ക്കു  തുണ . പ്രധാനമായും  അച്ഛന്‍റെ  സുഹൃത്തായ ഉണ്ണി കണ്ടന്‍റെ (ചെമ്പില്‍  അശോകന്‍ )  മകന്‍  മോഹനന്‍ (നിവിന്‍  പോളി ) , നാടക  നടനായ  ആലപ്പി   അപ്പച്ചന്‍  (സിദ്ധാര്‍ധ് ശിവ പുതുമുഖം) ,ധര്‍മജന്‍  തുടങ്ങിയവരാണ് .  അവിടുത്തെ  പള്ളി വികാരി  മൈക്കിള്‍  അച്ചനായി  ഇന്നസെന്‍ന്റ്റ്  വരുന്നു .മറ്റൊരു പ്രധാന കഥാപത്രം മോളി എന്ന നടി അവതരിപ്പിക്കുന്ന  വെറോണിക്കയാണ്. ലോക്കല്‍  തമാശ  (ചിലതൊക്കെ  നിലവാരം  ഇല്ലാത്തത്  എന്നു  പറയാം ) കളിലൂടെ  തുടങ്ങുന്ന ചിത്രം ഒരു വഴിത്തിരുവില്‍  എത്തുന്നത്‌  താമരക്ക്‌  കടലില്‍  നിന്ന്  മുങ്ങിച്ചകാറായ ഒരാളെ (നെടുമുടി വേണു) കിട്ടുന്നതോടെയാണ് .ആശുപത്രിയില്‍  ആക്കുകയും  പിന്നീടു വീട്ടില്‍ കൊണ്ട്  വരുകയും  ചെയ്യുന്ന   ഇയാളുടെ  സംരക്ഷണ  ചുമതല  താമര  സസന്തോഷം ഏറ്റെടുക്കുന്നു .എന്നാല്‍   പലപ്പോഴും  ഇയാളുടെ  വിചിത്രമായ പെരുമാറ്റം  താമരക്കും സുഹൃത്തുക്കള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.കുമാരപ്പണിക്കര്‍ എന്നും കുര്യന്‍ പൌലോ എന്നും മാറി മാറി പേരും മറ്റു വിവരങ്ങളും പറയുകയും ചെയ്യുന്ന ഇയാള്‍ ശരിക്കും ആരാണ് എങ്ങനെ കടലില്‍ പെട്ടു പലപ്പോഴും വിചിത്രം എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ എന്ത് കൊണ്ട് പെരുമാറുന്നു എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് രണ്ടാം പകുതിയിലെ കഥ .

അല്ല അതൊക്കെ ശരി അപ്പോള്‍ ഈ ചിത്രം കൊള്ളാം എന്നാണോ പറഞ്ഞു വരുന്നേ ?
അനിയാ, സത്യന്‍റെ അച്ചുവിന്‍റെ അമ്മയും, ബെന്നിയുടെ മേരിക്കുണ്ടൊരു കുഞ്ഞാടും എടുത്താല്‍ രണ്ടിലും പ്രധാന കഥ പാത്രങ്ങള്‍ ഒരല്‍പം അസ്വഭാവികമായി പെരുമാറുന്നവരാണ് .ഉര്‍വശി അച്ചുവിനോട് അവളുടെ അച്ഛന്‍ ആരാണെന്നു പറയാത്തത് സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു അവിഹിതമോ പ്രണയ വഞ്ചനയോ ആണ് . അത് പോലെ   മേരിക്കുണ്ടൊരു കുഞ്ഞാടിലെ  ബിജു മേനോന്‍. ഈ രണ്ടു കഥാപാത്രങ്ങളുടെയും പെരുമാറ്റത്തിന് കൃത്യമായ വിശദീകരണം , അതും നമ്മള്‍ പ്രതീക്ഷിക്കാത്ത ഒന്ന്, തരുന്നു എന്നിടത്താണ് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ വിജയിക്കുന്നത് . അതെ സ്ഥലത്ത് തന്നെയാണ് പുതിയ തീരങ്ങള്‍ പരാജയപ്പെടുന്നത് . ഇതിലെ ക്ലൈമാക്സ്‌ ,അങ്ങനെ സംഭവിച്ചു കൂടെ എന്നു ചോദിച്ചാല്‍ സംഭവിക്കാം എന്നു തന്നെയാണ് ഉത്തരം.പക്ഷെ ക്ലൈമാക്സ്‌ തികച്ചും ഒരു മാതിരി തട്ടി കൂട്ട് പോലെയാണ് എനിക്ക് തോന്നിയത് .ഒരു പക്ഷെ അവതരണ രീതിയാകാം കാരണം  . താമരയും , മൈക്കിള്‍ അച്ചനും, ആലപ്പി അപ്പച്ചനും ഇമ്മാനുവലിനെ തേടി പോകുന്നത് മുതല്‍ (ഒരു അവസാന 15 - 20  മിനിട്ടുകളുടെ കാര്യമാണ് ഈ പറയുന്നേ) കഥയുടെ പാളം തെറ്റുന്നു അഥവാ അത് വരെ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ട്ടപ്പെടുന്നു.സത്യത്തില്‍ കുറച്ചു കൂടി കെട്ടുറപ്പുള്ള ഒരു അവസാനം ആയിരുന്നെകില്‍ തുടക്കത്തിലേ ചില്ലറ പാളിച്ചകള്‍ പോലും നമുക്ക് മറക്കാന്‍ പറ്റിയേനെ .(ഉദാഹരണമായി താമരക്ക്‌ പതിമൂന്നു വയസുള്ളപ്പോള്‍  പയറു പോലെ പണിയെടുത്തു കൊണ്ടിരുന്ന ചെമ്പില്‍ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഏഴ്  കൊല്ലം  കഴിയുമ്പോള്‍  കുഴിമടിയനായി  കാണിക്കുന്നതും.കുളിച്ചു  പൌഡര്‍  ഇട്ടു  ഉറങ്ങാന്‍  കിടക്കുന്നത് പോലുള്ള തമാശകളുമൊക്കെ ) .

അപ്പോള്‍ തല്ലിപ്പൊളി പടം അല്ലെ അണ്ണാ?

അല്ല അനിയാ ഈ അവസാനത്തെ കുറച്ചു മിനിട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , തികച്ചും ആസ്വാദ്യകരമാണ് ഈ ചിത്രം. നേരത്തെ  പറഞ്ഞത് പോലെയുള്ള ചില്ലറ അലോസരങ്ങള്‍ ഉണ്ടെങ്കില്‍ പോലും  ക്ലൈമാക്സ്‌ വരെ (അഥവാ അതിനു തൊട്ടു മുന്‍പ് വരെ)  ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇതു. കടപ്പുറത്തെ എല്‍സമ്മ ആകുന്ന നായികയും, അത് പോലെ കടപ്പുറത്തെ  മനസ്സിനക്കരയിലെ ജയറാം ആകുന്ന നിവിന്‍ പോളിയും അടിസ്ഥാന കഥയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാടുമായുള്ള  സാമ്യവും  ഒന്നും  നമ്മെ  ബോര്‍ അടിപ്പിക്കില്ല  എന്നിടത്താണ്  ഈ സിനിമയുടെ ശക്തി ..സത്യന്‍  തന്‍റെ  സ്ഥിരം  ടീമിന്‍റെ  സ്ഥാനത്ത്  വേറൊരു ടീമിനെ രൂപ്പപെടുത്തി  എടുക്കുന്നതിന്‍റെ  ലക്ഷണങ്ങള്‍  കാണാനുണ്ട് . ഭാഗ്യവശാല്‍  മിക്കവാറും  നല്ല  നടീ നടന്‍മാര്‍  ആണ് ഈ പുതിയ ഗ്രൂപ്പില്‍ എന്നത്  സന്തോഷകരം. സിദ്ധാര്‍ത് ശിവ  അവതരിപ്പിച്ച  ആലപ്പി അപ്പച്ചന്‍ എന്ന നടന്‍  നിവിന്‍  പോളിയെക്കാള്‍  നന്നായതായി തോന്നി .വെറോണിക്ക ആയി വരുന്ന മോളി എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ട മറ്റൊന്ന് .പുതുമുഖ നായിക വലിയ പതര്‍ച്ച  ഇല്ലാതെ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നു പറയുമ്പോളും വര്‍ഷങ്ങളായി കടലില്‍ പോയി മീന്‍ പിടിച്ചു വരുന്ന ഒരു സ്ത്രീയില്‍ കാണേണ്ട പാരുഷ്യം തീരെ ഇല്ല എന്നു പറയേണ്ടി വരും (റെഫര്‍ കന്മദം) . വലിയ പെര്‍ഫോര്‍മന്‍സ് സീനുകള്‍ ഒന്നും ഇല്ലാത്തത് കൊച്ചിന്റെ ഭാഗ്യം .(പിന്നെ   ആദ്യ  ചിത്രം  നോക്കിയാല്‍ നവ്യ  മുതല്‍ ഇങ്ങു ആന്‍ അഗസ്റ്റിന്‍ വരെ വലിയ  കുഴപ്പം ഇല്ലായിരുന്നു എന്നാണ് ഓര്‍മ്മ) പറഞ്ഞു വരുമ്പോള്‍ ആ കൊച്ചിന് സുമലതയുടെ ഒരു ലുക്ക്‌  ഉണ്ടോ എന്നു സംശയം (ശ്രീനി പറയുന്നേ 70 സുമലതയും 30  കനിഹയും ആണെന്നാണ് ).നിവിന്‍ പോളിയും തന്‍റെ റോള്‍ മര്യാദക്ക് ചെയ്തു .നെടുമുടി വേണുവാണ് ഈ  ചിത്രത്തിലെ നായകന്‍ .മലയാള സിനിമ നെടുമുടിയോട് നീതി കാണിച്ചില്ല എന്ന തോന്നല്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല വല്ലപ്പോഴും കൂടി  ആ നടന് ഒരു നല്ല റോള്‍ കിട്ടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വല്ലപ്പോഴും  വരുന്ന ഒരു  ധനമോ, വീണ്ടും  ചില  വീട്ടു  കാര്യങ്ങളോ  ഒക്കെ  അല്ലാതെ എവിടെയാണ് നമ്മള്‍ ആ നടനെ ഉപയോഗിച്ചിട്ടുള്ളത് ?ആ  നടന്‍ തന്‍റെ റോള്‍ നന്നായി ചെയ്തു എന്നു പറയുന്നത് വെറും ഭംഗി വാക്കായി പോകും . ഇളയരാജയുടെ സംഗീതവും വേണുവിന്റെ ക്യാമറയും അത് പോലെ തന്നെ

അപ്പോള്‍ ചുരുക്കത്തില്‍ .......
                      സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല  സാരോപദേശ ചിത്രങ്ങള്‍ വെച്ച് നോക്കിയാല്‍ വളരെ വളരെ ഭേദപ്പെട്ട ചിത്രം. അവസാന രംഗങ്ങള്‍ കുറച്ചു കൂടി  മനസിരുത്തി ചെയ്തിരുന്നു  എങ്കില്‍  ഒരു  പക്ഷെ  ഈ  വര്‍ഷത്തെ  നല്ല  സിനിമകളില്‍  ഒന്നായേനെ  എന്ന്  പറയാവുന്ന ചിത്രം 
 



Thursday, September 27, 2012

ഹസ്ബന്‍സ് ഇന്‍ ഗോവ (Review :Husbands in Goa)

ഭാരതത്തില്‍ ഏറ്റവും വിശ്വസിക്കാവുന്ന ഭര്‍ത്താക്കന്മാര്‍ ആരാണ് അഥവാ എവിടെയാണ് ഉള്ളത് ?

അങ്ങനെ ചോദിച്ചാല്‍ ....., ഇക്കാലത്ത് ഒക്കെ ആരെയാ അണ്ണാ കണ്ണടച്ച്  വിശ്വസിക്കുന്നെ? ഇവിടെ നിയമവും സദാചാര പോലീസും ഒക്കെ ഉള്ളത് കൊണ്ട് കാര്യങ്ങള്‍ ഒരു വിധം നടന്നു പോകുന്നു.

എടാ അറിയില്ല എങ്കില്‍ അത് പറയണം ഇങ്ങനെ കിടന്നു തപ്പാന്‍ നീ ആരു ചാനല്‍ റിപ്പോര്‍ട്ടര്‍ ആണോ ?

ശരി അറിയില്ല .പറഞ്ഞേ കേള്‍ക്കട്ടെ

അനിയാ, നമ്മുടെ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഭര്‍ത്താക്കന്മാരുള്ളത് കൃഷ്ണ പൂജപ്പര എഴുതി സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ ആണ്. എല്ലാവനും മുടിഞ്ഞ ആക്രാന്തം ആണെങ്കിലും അടിസ്ഥാനപരമായി  ഭാര്യമാരെ ഭയങ്കര സ്നേഹം ആയതു കൊണ്ട് എന്ത് സാഹചര്യം ഉണ്ടായാലും ഒന്നും ചെയ്യില്ല. ഇനി കറങ്ങി തിരിഞ്ഞു വല്ല കാള്‍ഗേളോ,ബാര്‍ ഡാന്‍സറോ മറ്റോ തടഞ്ഞാലോ അവള്‍ ഇങ്ങനെ ഉള്ളവരെ ഒരു പാഠം പഠിപ്പിക്കാന്‍ ശപഥം എടുത്തു ഇറങ്ങിയ പരമ പുണ്യവതിയും ആയിരിക്കും. സംശയം ഉണ്ടെങ്കില്‍ ഹാപ്പി ഹസ്ബന്‍സ് എന്ന ചിത്രത്തിലെ ഭാര്യയെ വെട്ടിച്ചു മറ്റു പെണ്ണുങ്ങളുമായി പഞ്ചാര അടിക്കാന്‍ വേണ്ടി മാത്രം പെടാ പാട് പെടുന്ന ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തെയും ലോകത്തെ സകല ആക്രാന്തം പിടിച്ച ഭര്‍ത്താക്കന്മാരെയും പാഠം പഠിപ്പിക്കാന്‍ ഇറങ്ങിയ പരമ പുണ്യവതിയായ റീമ കല്ലിങ്കല്‍ അവതരിപ്പിച്ച കഥാപാത്രത്തെയും  നോക്കിയാല്‍ മതി.  എനിക്കാകെ  അറിയാനുള്ളത്  ഇവര്‍  വിവാഹിതര്‍ ആയാല്‍ എന്ന  പടം  ഇവര്‍  എവിടുന്നു  പൊക്കി   എന്ന്  മാത്രമാണ്  .കുഞ്ഞളിയന്‍  സ്വന്തം സൃഷ്ടിയാണ് എന്ന് ഞാന്‍ നൂറു വട്ടം സമ്മതിക്കാം.പ്രസ്തുത ചിത്രത്തിന്‍റെ നിലവാരം കണ്ടാല്‍ അത് ആര്‍ക്കും മനസിലാകും

നിങ്ങള്‍ ഇങ്ങനെ കാടു കേറാതെ കാര്യം പറയാമോ ?

പറയാനെന്തോന്നു  അനിയാ? നമ്മുടെ പ്രിയദര്‍ശന്‍ സാറു ഹിന്ദിയില്‍ (മലയാളത്തിലും ?)  ചെയ്യുന്ന  അതേ  കലാ  പരിപാടി തന്നെയാണ്  ഇവരും ചെയ്യുന്നത്. ഉറവിടം അജ്ഞാതമായ, വിജയം കൈവരിച്ച , ഇവര്‍  വിവാഹിതര്‍  ആയാല്‍ എന്ന  സിനിമക്ക്  ശേഷം  വന്‍  വിജയം  കൈവരിച്ച ഹാപ്പി ഹസ്ബന്സ്  എന്ന ചിത്രത്തെ ഇവിടുത്തെ മാധ്യമ ലോകം പുല്ലു പോലെ അവഗണിക്കുകയും .പിന്നീടു വന്ന ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിന്‍റെ പരാജയം ഒരു ആഘോഷം ആക്കുകയും ചെയ്തത് നമുക്ക്  അറിയാമല്ലോ.  ഒറിജിനല്‍   അയ കുഞ്ഞളിയന്‍  എടുത്തു  പണി  മേടിച്ചു  പിടിച്ചു  വീണ്ടും  പഴയ  ഹാപ്പി  ഹസ്ബന്‍സിനെ  തിരിച്ചു  കൊണ്ട്  വന്നിരിക്കയാണ്‌  ഈ ചിത്രത്തില്‍ . ഫോര്‍ ഫ്രണ്ട് സ് , കുഞ്ഞളിയന്‍  എന്നിവയുടെ  പുതിയ  പതിപ്പുകള്‍ വരാന്‍ ഇരിക്കുന്നത്തെ ഉള്ളു എന്ന് ചുരുക്കം  

അല്ല ഇതിന്‍റെ കഥ ?


ഇത്രയും പറഞ്ഞിട്ടും നിനക്ക്  മനസ്സിലായില്ലേ?  ഭാര്യമാരുടെ  പീഡനം  സഹിച്ചു  കഴിയുന്ന  മൂന്ന്  ചെറുപ്പക്കാരായ  ഭര്‍ത്താക്കന്മാര്‍ ഓരോ കള്ളം പറഞ്ഞു ഗോവയില്‍ പോയി പത്തു ദിവസം അടിച്ചു പൊളിച്ചു കഴിയാന്‍ പ്ലാന്‍ ചെയ്യുന്നു .വഴിയില്‍ വെച്ച് കണ്ടു മുട്ടുന്ന കുറച്ചു  സീനിയര്‍  അയ ഒരാള്‍ ഇവരോടൊപ്പം ചേരുന്നു.ഗോവയില്‍ എത്തുന്ന ഇവര്‍ എത്തിപ്പെടുന്ന കുരുക്കുകളും അവയില്‍ നിന്നും ഇങ്ങനെ രക്ഷപ്പെടുന്നു എന്നുമാണ് ഈ സാരോപദേശ ചിത്രം പറയുന്നത്. ഒറിജിനല്‍ മസ്തി എന്ന ചിത്രം ആണെന്നാണ് ഓര്‍മ്മ .(പഴയ ഹാപ്പിയുടെ ഒറിജിനല്‍  നോ എന്‍ട്രി എന്ന ചിത്രമാണല്ലോ ).

അല്ല ഒരല്‍പം വിശദമായി ........
അനിയാ, ചാര്‍ട്ടെര്‍ഡ്  അക്കൗണ്ട്‌ഡാന്റ് ആയ ഗോവിന്ദ്   (ജയസൂര്യ)  അയാളുടെ ഭക്തി ഭ്രാന്തിയായ ഭാര്യ അഭിരാമി (ഭാമ) , വക്കീല്‍  ആയ  ജെറി (ഇന്ദ്രജിത്ത് )  വീട്ടു  ജോലി  ചെയ്യാന്‍  ഇഷ്ടമല്ലാത്ത, എല്ലാ  ജോലിയും  ജെറിയെ   കൊണ്ട് ചെയ്യിക്കുന്ന  ഭാര്യ ടീന (റീമ കല്ലിങ്കല്‍ ),  ഇന്‍ടീറിയര്‍  ഡിസൈനര്‍ അര്‍ജുന്‍ (ആസിഫലി )  , ഭര്‍ത്താവിനെ  ഐ എ എസ്  എഴുതിച്ചു  പാസ്സാക്കാന്‍ പാടുപെടുന്ന അയാളുടെ ഭാര്യ വീണ (രമ്യ നബീശന്‍)   ഇവരാണ് മൂന്നു ദമ്പതികള്‍ .സണ്ണി എന്ന ഇവര്‍ ട്രെയിനില്‍ വെച്ച് പരിചയപ്പെടുന്ന ക്യാമറമാന്‍ (ലാല്‍) അയാളുടെ ഭാര്യ ആനി (പ്രവീണ) .ഗോവയിലെപോലീസ്  ഇന്‍സ്പെക്ടര്‍  ഇമ്രാന്‍ഖാനോ  , ജാവേദ്‌ മിയാന്‍ദാദോ  ആരാണ്ടു  ആയിട്ടു  കലഭവന്‍   മണിയും   വരുന്നു .പറയുമ്പോള്‍  എല്ലാം  പറയണമല്ലോ  നോസ്ടല്ജിയക്ക്‌   വേണ്ടിയാകണം  no 20 മദ്രാസ്‌  മെയിലില്‍  അഭിനയിച്ച  ടി ടി ആര്‍ നാടാര്‍  (ഇന്നസെന്റ്‌ )  ഈ ചിത്രത്തില്‍ പുനര്‍ അവതരിക്കുന്നു .(അത് പിന്നെ പിച്ചക പൂങ്കാവുകള്‍ റീ മിക്സ്‌ ചെയാന്‍ ആണെന്ന് കരുതാം .അല്ലാതെ പറ്റില്ലല്ലോ ഏതു?).

അല്ല സിനിമയെ പറ്റി .....


അനിയാ ഈ കൃഷ്ണ പൂജപ്പരയെ പറ്റി എനിക്ക് തോന്നിയിട്ടുള്ളത് ആദ്യ പകുതി ഒരു വിധം കുഴപ്പം ഇല്ലാതെ എഴുതി കൊണ്ട് പോകുന്ന ആള്‍ എന്നും (അതിനു കാരണം ലൈറ്റ് ആയ ആദ്യ പകുതിയും അത് അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള അഭിനേതാക്കളും ആണ് എന്നത് ഇരിക്കട്ടെ ) എന്നാല്‍ രണ്ടാം പകുതി ആകുമ്പോള്‍ ടിയാന്‍റെ മൊത്തത്തില്‍ ഉള്ള നിയന്ത്രണം വിടുകയും സിനിമ അകെ മൊത്തം ചള കുളം ആകുകയും ചെയുന്നു എന്നതാണ് പൊതുവേയുള്ള അദേഹത്തിന്റെ രീതി . ഈ ചിത്രത്തിലും അതിനു വലിയ മാറ്റം ഒന്നും ഇല്ല. ആദ്യ പകുതി ചെറുതായി നമ്മെ ചിരിപ്പിച്ചു കടന്നു പോകുന്നു .അവിടെയും ചെയ്യാവുന്ന സംഗതികള്‍ / സാദ്ധ്യതകള്‍ ഇല്ല എന്നല്ല .ഉദാഹരണമായി ഒരാളെ ഐ ടി മേഖലയില്‍ നിന്നാക്കി അതിന്റെ സാദ്ധ്യതകള്‍ ഉപയോഗിക്കാവുന്ന ഒന്നായിരുന്നു . പിന്നെ പാചകവും ഭക്തിയും ശരി പഠിപ്പിക്കല്‍ കുറച്ചു കടന്നു പോയി കുറച്ചു കൂടി ജെനുവിന്‍ ആയ ഒരു പീഡന മുറ ആയിരുന്നു നല്ലത്.മൂന്നു ഭാര്യമാരും ഒരു മാതിരി കൃഷ്ണ പൂജപ്പര  പ്രത്യേകം പറഞ്ഞു ഏല്‍പ്പിച്ചതാണ് എന്ന ഭാവത്തില്‍ തികഞ്ഞ മന്ദ ബുദ്ധികളെ പോലെയാണ് ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കുന്നത് !(മനസാക്ഷി കുത്തു കൊണ്ടാകണം അഭിരാമിക്ക് വിദ്യാഭ്യാസം കുറവാണു എന്നൊരു സൂചന ഉണ്ട് ) . ഭക്തിയും ,  ഐ റ്റി വനിതകള്‍ക്ക്  പൊതുവേ പാചകം  ചെയാനുള്ള  മടിയും  ഒക്കെ ചേര്‍ത്ത്  ഇവിടെയൊക്കെ കുറച്ചു ജെനുവിനിട്ടി കൊണ്ടുവന്നിരുന്നു എങ്കില്‍ നന്നായേനെ (ഒന്നുമില്ലേല്‍ പടം നാലഞ്ചെണ്ണം ആയില്ലേ സാറന്മാരെ.  എന്താടോ  നന്നാകാത്തെ!!! )

പിന്നെ, ഇത്രയും പറഞ്ഞതെല്ലാം പാവം പിടിച്ച ഒന്നാം പകുതിയേ പറ്റിയാണ് . രണ്ടാം പകുതി ആകുമ്പോള്‍ സംവിധായകനും  തിരക്കഥാകൃത്തും തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുകയും അന്തവും കുന്തവും ഇല്ലാതെ സിനിമ പോയി  എവിടെയോ ചെന്ന് ഇടിച്ചു നില്‍ക്കുകയും ചെയ്യുന്നു. ശുഭം .ഇതിലും ഭേദം രണ്ടാംപകുതി ഒരു ത്രില്ലെര്‍ മോഡില്‍ പരീക്ഷിക്കുന്നതായിരുന്നു.
തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുത് എന്ന വാചകം  നമുക്ക് ഇതു പറയുമ്പോള്‍  തല്ക്കാലം മറക്കാം 

അപ്പോള്‍ അഭിനയം .....
ജയസൂര്യയും , ഇന്ദ്രജിത്തും അവരവരുടെ കഥാപാത്രങ്ങളെ നന്നാക്കിയപ്പോള്‍ ആസിഫലി അവര്‍ക്കൊപ്പം എത്താന്‍ പാടു പെടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. ലാല്‍  പതിവ് പോലെ . ബിജു മേനോനെ പോലൊരു നടനെ ഈ റോളില്‍ പരീക്ഷിക്കാവുന്നത് ആയിരുന്നു എന്ന് തോന്നുന്നു .  പ്രവീണയും  കലാഭവന്‍  മണിയും  ഒക്കെ  വന്നു  പോകുന്നു  എന്നതല്ലാതെ  വേറെ പണിയൊന്നും ഇല്ല.നായികമാര്‍ നേരത്തെ പറഞ്ഞത് പോലെ മൊത്തത്തില്‍ ഒരു മന്ദബുദ്ധി കളിയാണ്‌

അപ്പോള്‍ ചുരുക്കത്തില്‍ .....
ഉസ്താദ്‌ ഹോട്ടലും തട്ടത്തിന്‍ മറയത്തും ഒക്കെ വെറുതെ കണ്ടു  കൊണ്ടിരിക്കാം  എന്നഭിപ്രായപ്പെടുന്ന  ഒരു പ്രേക്ഷക സമൂഹത്തിനു ഇതൊന്നും വലിയ പ്രശ്നമാവില്ല എന്ന് കരുതുന്നു .എനിക്ക് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ പോലെ തന്നെ ഇതും പാടായിരുന്നു അനിയാ, സത്യം


Sunday, September 23, 2012

ട്രിവാന്‍ഡ്രം ലോഡ്ജ് (Trivandrum Lodge : Review )


ജയ് വേതാളം ചാനലിലേക്ക്  ഏവര്‍ക്കും  സ്വാഗതം  എന്ന് നമ്മുടെ അതിഥി ആയി എത്തിയിരിക്കുന്നത് മലയാളത്തില്‍ എന്നല്ല ആഗോള പ്രശസ്തനായ യുണിവെഴ്സല്‍ ബ്ലോഗ്ഗര്‍   ഡോ.  പ്രേക്ഷകനാണ്. തന്റെ വിലയേറിയ സമയത്തില്‍ കുറച്ചു ജയ് വേതാളം ചാനല്‍ പ്രേക്ഷകരുമായി പങ്കിടാന്‍ തയാറായ അദ്ദേഹത്തോട് നന്ദി പറഞ്ഞു കൊണ്ട് അദ്ദേഹത്തെ നമുക്ക് സ്വാഗതം ചെയ്യാം.സ്വാഗതം പ്രേക്ഷകന്‍
.
ശരി തങ്ങള്‍ അടുത്തിടെ കണ്ട ഒരു ചിത്രത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ ഞങ്ങളുടെ കാണികളുമായി പങ്കു വയ്ക്കുന്നതില്‍ എന്തെങ്കിലും വിരോധം ...?

ഒരു വിരോധവും ഇല്ല. ഇന്നലെ ഞാന്‍ കണ്ട ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്

വളരെ നല്ലത് പ്രേക്ഷകന്‍ . നമുക്കറിയാം മലയാള സിനിമയില്‍ മാറ്റത്തിന്റെ കാഹളം വിളി ഉയര്‍ത്തിയ സംവിധായകരില്‍ പ്രമുഖനായ വി കെ പ്രകാശ്‌ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ......

പോന്നു കൊച്ചെ  മലയാള സിനിമയില്‍ മാറ്റത്തിന്‍റെ കാഹളം വിളി കാരണം ചെവിതല കേള്‍ക്കാന്‍ വൈയ്യാത്ത അവസ്ഥയാണ് ഇന്നു. ഫഹദ് ഫാസിലിന്റെ നിക്കര്‍ കാഹളം വിളി ഒരു വശത്ത് ,അനൂപ്‌ മേനോന്റെ വക വേറെ വിളി,അമല്‍ നീരദിന്റെ സ്ലോ മോഷന്‍ കാഹളം വേറൊരിടത്ത്.വന്നു വന്നു ജോഷി പോലും കാഹളം മുഴക്കുവാന്നോ എന്നാ സംശയം . എല്ലാത്തിനും മുകളില്‍ രഞ്ജിത് വക സാരോപദേശ പെരുമ്പറ.  . എല്ലാരും ഭയങ്കര വാശിക്ക് ആണെന്നേ. എന്നാ പറയാനാ?

പ്രേക്ഷകന്‍ , നമ്മള്‍ വിഷയത്തില്‍ നിന്ന് വ്യതി ചലിക്കുന്നു.ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ അതെ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷ വാനോളം ഉയരുന്നത് തികച്ചും സ്വാഭാവികമാണല്ലോ . ഈ ചിത്രത്തിലും ജയസൂര്യ , അനൂപ്‌ മേനോന്‍ , വി കെ പ്രകാശ്‌ , തെസ്നി ഖാന്‍ എന്നിവരെ കൂടാതെ ഭാവന (അതിഥി താരം), ഹണി റോസ്, സൈജു കുറുപ്പ്, പി ബാലചന്ദ്രന്‍ , ജയചന്ദ്രന്‍ (ഗായകന്‍)  , ദേവി അജിത്‌ , ബാബു നമ്പൂതിരി , സുകുമാരി , ജനാര്‍ദ്ദനന്‍ , കൊച്ചു പ്രേമന്‍ , അരുണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട് . ഇതൊന്നും പോരെങ്കില്‍ അനൂപ്‌ മേനോന്‍ എഴുതുന്നു . എന്ത് സംഭവിച്ചാലും ഞങ്ങള്‍ പ്രതീക്ഷിക്കും. അല്ല പിന്നെ...

കുട്ടി ആവേശപ്പെടെണ്ട .റിലാക്സ്... ശരി പ്രതീക്ഷിച്ചു കൊള്ളൂ. ഞാന്‍ വേണ്ട എന്ന് പറഞ്ഞില്ലല്ലോ ?

അതല്ല ഇവിടുത്തെ ചോദ്യം ഞാന്‍ അതിലേക്കു വരുകയാണ് . ഈ ചിത്രം തികച്ചും സമ്മിശ്ര പ്രതികരണം ആണ് ഉണര്‍ത്തിയിട്ടുള്ളത്‌  എന്നാണ് അറിയുന്നത് . ചിലര്‍ ഇതിനെ ബോള്‍ഡ് എന്ന്  വിശേഷിപ്പിക്കുമ്പോള്‍ ചിലര്‍ ഇതിനെ അശ്ലീലം എന്നാണ് പറയുന്നത് .

കൊച്ചേ അടിസ്ഥാനപരമായി ഇതു രണ്ടിന്റെയും അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ലോഡ്ജിന്‍റെ  കഥയാണ് പറയുന്നത് . കൊച്ചിയിലുള്ള ട്രിവാന്‍ഡ്രം ലോഡ്ജ് , അവിടെ താമസിക്കുന്ന കുറെ മനുഷ്യര്‍.അവിടെ സ്ഥിരം ജോലിയില്ലാത്ത അഥവാ എന്തെങ്കിലും ജോലി ഒക്കെ ചെയ്തു ജീവിക്കുന്ന അബ്ദുവുണ്ട് (ജയസൂര്യ ), ഒരു ലോക്കല്‍ സിനിമ വാരികയുടെ ലേഖകനായ ഷിബു വെള്ളായണിയുണ്ട് (സൈജു കുറുപ്പ് ). അഭിനയ മോഹവുമായി വന്നെത്തിയ സതീശന്‍ ഉണ്ട് . വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ , 999  സ്ത്രീകളെ പ്രാപിച്ച , 1000 മത്തെതു ഒരു യുണി ഫോം ധരിച്ച   വനിതാ പോലീസുകാരി ആയിരിക്കണം എന്നതാണ് ആഗ്രഹം എന്ന് പറഞ്ഞു നടക്കുന്ന കോര (പി ബാലചന്ദ്രന്‍ ) ഉണ്ട് . അവിടുത്തെ ഏറ്റവും പഴയ താമസക്കാരനായ പിയാനോ അധ്യാപകനായ ആര്‍തര്‍ റെല്‍ട്ടന്‍ (ജനാര്‍ദ്ദനന്‍ ) ഉണ്ട് . ഈ ലോഡ്ജിലെ താമസക്കാരിയും പാചകക്കാരിയും ആയ പെഗ്ഗി (സുകുമാരി) ഉണ്ട് . അങ്ങനെ പലരും . മിക്കവരും അമര്‍ത്തിപ്പിടിച്ച ലൈംഗിക ദാഹവുമായി  കഴിയുന്നവരാണ് . അവരുടെ ഒക്കെ ഇടയിലേക്കാണ്‌ വിവാഹമോചിതയും ചെറുപ്പക്കാരിയും ആയ ധ്വനി (ഹണി റോസ്) തന്റെ നോവല്‍ എഴുതാനായി താമസത്തിന് എത്തുന്നത്.ലോഡ്ഗിനു പുറത്തു ഇതിന്റെ ഉടമസ്ഥന്‍ രവിശങ്കര്‍ (അനൂപ്‌ മേനോന്‍ ) , അയാളുടെ മാനേജര്‍ കൊച്ചു പ്രേമന്‍ , മകനുമായി പിണങ്ങി ചായക്കട നടത്തി ജീവിക്കുന്ന രവിയുടെ അച്ഛന്‍ (ജയചന്ദ്രന്‍ ), ആ നഗരത്തിലെ വേശ്യയായ കന്യക (തെസ്നി ഖാന്‍ ) , ഒരു പിമ്പ് ആയ തങ്ങള്‍ (തൂവാന തുമ്പി കളിലെ കഥാപാത്രം. ബാബു നമ്പൂതിരി ) എങ്ങനെ കുറെ പേര്‍ ഉണ്ട് രവിശങ്കറിന്റെ മരിച്ചു പോയ ഭാര്യ മാളവികയായി ഭാവന എത്തുന്നു  .

അതൊക്കെ മനസിലായി, പ്രേക്ഷകന്‍ അപ്പോളും നമ്മുടെ ചോദ്യം അവശേഷിക്കുന്നു ഈ ചിത്രം ......

ഈ ചിത്രത്തിന്റെ പശ്ചാത്തലം വളരെ നന്നായിട്ടുണ്ട് . വ്യക്തിഗതമായി നോക്കിയാല്‍ ഓരോ സീനുകളും നല്ലതാണു ( അനൂപ്‌ മേനോന്‍ 'അഭിനയിക്കുന്ന ' രംഗങ്ങളെ ദയവായി ഒഴിവാക്കുക ) .രവിശങ്കര്‍ - ധ്വനി ഉള്‍പ്പെടുന്ന രംഗങ്ങളില്‍ ഇത്രയധികം ക്ലോസ് അപ്പ്‌ ഷോട്ടുകള്‍ കാണുന്നവരെ അലോസരപ്പെടുത്തും (സത്യമായും എനിക്കീ ഷോട്ടുകളെ പറ്റി കാര്യമായി ഒന്നും  അറിയില്ല . എന്നിട്ട് പോലും എനിക്കിങ്ങനെ തോന്നിയെങ്കില്‍ അത് സംവിധായകന്റെ പരാജയമാണ് ). അനൂപ്‌ മേനോനെ ഈ ചിത്രത്തോടെ പാവപ്പെട്ടവരുടെ മോഹന്‍ലാല്‍ എന്ന് വിളിക്കാം  എന്ന് തോന്നുന്നു .അനൂപ്‌ മേനോന്‍ ഒഴികെ ബാക്കി എല്ലാ അഭിനേതാക്കളും അവരവരുടെ വേഷം നന്നായി ചെയ്തു എന്നാണ് എന്റെ അഭിപ്രായം.ജയസൂര്യ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ ഏതാണ്ട് അതേ ടീം തന്നെ ഒരുമിക്കുന്ന ഈ ചിത്രത്തെ പ്രസ്തുത ചിത്രവുമായി താരതമ്യം ചെയുന്നതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. ബ്യൂട്ടിഫുള്‍ എന്ന ചിത്രം ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു കഥയും ഒപ്പം വിവാദം ആയേക്കാവുന്ന കുറെ സംഭാഷണവും ചേരുന്നതാണ്  .ഈ സംഭാഷണം ഒന്നും ഇല്ലെങ്കിലും ആ കഥയ്ക്ക്‌ ഒരു കുഴപ്പവും വരില്ല എന്നതാണ് സത്യം. പക്ഷെ ചിത്രം ചര്‍ച്ച ചെയ്യപെടില്ല എന്ന് മാത്രം.ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ നിന്നും ഈ ലോഡ്ജില്‍ എത്തുമ്പോള്‍ നേരത്തെ പറഞ്ഞ രീതിയില്‍ ഉള്ള സംഭാഷണങ്ങള്‍ കൂടികയും കഥ എന്നത് ഒരു ഉള്ളിത്തോലിയുടെ കനത്തില്‍ ആകുകയും ചെയ്യുന്നു .ആണുങ്ങള്‍ മാത്രം താമസിക്കുന്ന ലോഡ്ജില്‍ ഒരു ചെറുപ്പക്കാരി വന്നു താമസിക്കുക എന്നൊക്കെ പറഞ്ഞാല്‍ കുറച്ചു കഷ്ട്ടമല്ലേ എന്നത് പോലെയുള്ള കാര്യങ്ങള്‍   തല്ക്കാലം നമുക്ക് മറക്കാമെങ്കിലും ചുരുക്കത്തില്‍ പറഞ്ഞാല്‍ പെണ്‍കുട്ടി കൊള്ളാം പക്ഷെ പെങ്ങളായി പോയി എന്ന് പണ്ടാരോ പറഞ്ഞ പോലെയുണ്ട്  .

പ്രേക്ഷകന്‍ ഇതൊരു പ്രശസ്തമായ ചാനല്‍ ആണ് എവിടെ വന്നു താങ്കളുടെ  കൂതറ  നിലവാരത്തില്‍ ഉള്ള  അഭിപ്രായങ്ങള്‍ പറയുന്നതിനൊപ്പം ബൌധിക തലത്തില്‍ ഈ സിനിമയെ ഒന്ന് കാണാമോ? നിങ്ങള്ക്ക് അറിയുന്ന പണിയേ അല്ല  അത് എന്നറിയാം എന്നാലും ....

കൊച്ചു ഇപ്പോള്‍ പറഞ്ഞ വാചകത്തില്‍ പോലും കൂതറ എന്ന വാക്കും അതിലെ നിലവാരക്കുറവും ഇല്ലെ ?

ഉണ്ടായിരിക്കാം പക്ഷെ ഞാന്‍ പറയുമ്പോള്‍ അത് ലാലേട്ടന്റെ അമ്മിഞ്ഞയും നിങ്ങള്‍ പറഞ്ഞാല്‍ ബാച്ചിലര്‍ പാര്‍ട്ടിയിലെ തത്തയുടെ  കഥയും ആണെന്ന് മാത്രം. .പറഞ്ഞ കാര്യം ചെയ്താല്‍ മതി ഹേ. വെറുതെ ഷൈന്‍ ചെയ്യാതെ.

ഈ ബൌധിക തലം എന്ന് പറഞ്ഞാല്‍ ചിത്രത്തിലെ കഥാപത്രങ്ങളുടെ ജാതി സെന്‍സസ് എടുത്തു അകത്തു ഒളിച്ചിരിക്കുന്ന സന്ദേശം ഡി കോഡ് ചെയ്തു എടുക്കുന്ന ഒരു തരം സൂത്രവിദ്യ ആയിട്ടുണ്ട് ഈ കാലത്ത് (ഈ ബുദ്ധി ജീവികളുടെ ഓരോ ഗതികേടേ!!) . അതല്ലാതെ ഒരു സാധാരണ മനുഷ്യനായി നോക്കിയാല്‍  നോക്കിയാല്‍ ഈ ചിത്രത്തില്‍  മുടിഞ്ഞ സത്യസന്ധത മാത്രമേ കാണാന്‍ കഴിയു .നമ്മുടെ സമൂഹത്തിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം പഴയ ജന്മി കുടിയാന്‍ കാലഘട്ടത്തില്‍ നിന്നും എത്ര മാറി  അഥവാ എത്ര പുറകോട്ടു പോയി എന്ന് ഈ ചിത്രം വരച്ചു കാട്ടുന്നു. രവിശങ്കര്‍ എന്ന സമ്പന്നനെ തല്ക്കാലം ഒന്ന് മാറ്റി നിര്‍ത്തിയാല്‍, അബ്ദു ആദ്യം ജോലി ചെയ്യുന്ന സ്പായില്‍ പോലും വരുന്ന സമ്പന്നരായ ആവശ്യക്കാര്‍ക്ക് അവരുടെ എല്ലാ ശാരീരിക ആവശ്യങ്ങളും അനായാസം  സാധിച്ചു കിട്ടുന്നു എന്നതിന് വ്യക്തമായ സൂചനകളുണ്ട് . എന്തിനു രവിശങ്കറിന്റെ സ്കൂള്‍ വിദ്യാര്‍ഥി ആയ മകന് പോലും ക്ലാസ്സ്‌ മേറ്റിനെ വളച്ചെടുക്കാന്‍ കഴിയുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ അബ്ദുവിനാകട്ടെ  ഒരു വേശ്യയെ  പ്രാപിക്കാന്‍ പോലും അവളെയും കൊണ്ട്  സ്ഥലം അന്വേഷിച്ചു നാട് മുഴുവന്‍ ഓടേണ്ടി വരുന്നു . എന്നിട്ട് പോലും നടക്കുന്നുമില്ല . ഈ കാലഘട്ടത്തില്‍ ജാതി മത രാഷ്ട്രീയ വിശ്വാസങ്ങള്‍ എല്ലാം അപ്രസക്തം ആണെന്നും മറിച്ചു ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങള്‍ മാത്രമേ ഉള്ളു എന്നതും ഈ ചിത്രത്തില്‍ ഊന്നി പറയുന്ന കാര്യങ്ങളില്‍ ഒന്നാണ് .ഇതു പറയുമ്പോള്‍ എന്നെ തെറ്റിദ്ധരിക്കല്ലേ ഇല്ലാത്തവനെ "ഉണ്ടാക്കുന്ന" ഇടതു പക്ഷ പാര്‍ട്ടികളില്‍ പോലും ഈ സംഗതി പല രൂപത്തില്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒരു അവസ്ഥ വിശേഷത്തിന്റെ ഗുണം കാശില്ലാത്തവന്‍ അത് ഏതു വിധേനെ ഉണ്ടാക്കിയാലും അയാള്‍ക്ക് ഈ സമൂഹത്തില്‍ മാന്യത കിട്ടും എന്നതാണ് . ഉദാഹരണമായി പഞ്ചനക്ഷത്ര ഹോട്ടലില്‍ അബ്ദു കൊണ്ട് പോയ അതേ വേശ്യയുമായി പോകുന്ന ഷിബു വെള്ളായണിയെ നോക്കു. അയാള്‍ അവിടെ എന്തിനാണ് വന്നത് എന്ന് എല്ലാവര്‍ക്കും അറിയാം പക്ഷെ അയാള്‍ക്ക് ഒരു ബുദ്ധിമുട്ടും അവിടെ ഉണ്ടാകുന്നില്ല . ഇനി രവിശങ്കറിനെ നോക്കു. അയാളുടെ അമ്മ ഒരു വേശ്യയിരുന്നു എന്ന് അയാളുടെ അച്ഛന്‍ തന്നെ പറയുന്നു . പക്ഷെ കശുണ്ടായപ്പോള്‍ വേശ്യ എന്ന പദം കാസനോവ എന്നായി മാറുന്നു. ഇനി രവിയുടെ അമ്മ നേടിയെടുത്തതെല്ലാം നശിപ്പിച്ചിട്ടാണ് മരിച്ചത് എങ്കിലോ?  അപ്പോള്‍ അവരുടെ സ്ഥാനം വേശ്യ എന്നതായി തന്നെ തുടരും.ഇനി രവിശങ്കറിന്റെ അമ്മയുടെ ജീവിതത്തെ എതിര്‍ക്കുകയും അതില്‍ നിന്ന് ഒഴിഞ്ഞു സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന അയാളുടെ അച്ഛന്‍ പോലും കഷ്ട്ടകാലം വന്നാല്‍ ഉപയോഗിക്കാനായി അതിലൊരു ഭാഗം അപഹരിച്ചു വയ്ക്കുന്നു .ആദ്യം എനിക്ക് സംഗതി  എച്ച് കേട്ടലായി തോന്നി എങ്കിലും മലയാളിയുടെ തനി സ്വഭാവത്തെയാണ്‌ അത് കാണിക്കുന്നത് എന്ന്  പിന്നീടു തോന്നി .ഒരു പക്ഷെ അത് അവതരിപ്പിച്ച രീതി മോശമായത് കൊണ്ടാകണം ഏച്ചുകേട്ടലായി തോന്നുന്നത് .പിന്നെ ധ്വനിയും കൂട്ടുകാരി സറീനയും തികഞ്ഞ പ്രായോഗിക വാദികളായ ഈ തലമുറയിലെ സ്ത്രീകളാണ് . അതിങ്ങനെ വീണ്ടും വീണ്ടും കാണിച്ചു യാഥാസ്ഥിതികരായ  ആണുങ്ങളെ ചൊറിയാം എന്നതിനപ്പുറം ഒന്നുമില്ല. പക്ഷെ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ പ്രവീണയും ആയുള്ള സംസാരം പോലെ മുഴച്ചു നില്‍ക്കുന്നില്ല എന്ന് മാത്രം.


ശരി ബുദ്ധി അത്ര മതി .. ഇനി ഒരു കാര്യം തൂവാനത്തുമ്പികളിലെ തങ്ങള്‍ എന്ന കഥാപത്രത്തെ പുനര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു വികാരം . പ്രത്യേകിച്ചു ജയകൃഷ്ണനെ പറ്റിയുള്ള പരാമര്‍ശം .. അതൊക്കെ

തിരകഥയുടെ മൊത്തത്തിലുള്ള ഒരു ബലക്കുറവു മറച്ചു വെക്കാന്‍ ആകണം അങ്ങനെ ഒരു പഴയ കഥാപാത്രത്തെ ഇതില്‍ കൊണ്ട് വന്നത് . തൂവാനതുമ്പികള്‍ എന്ന ചിത്രത്തിന്റെ മൂലകഥ എടുത്ത ഉദകപ്പോള എന്ന നോവലില്‍ തന്നെ ശിഷ്യനായ ആന്റപ്പന്‍ പുതിയ രീതികളുമായി വളര്‍ന്നു വരുമ്പോള്‍ തകരുന്ന പഴയ രീതിക്കാരന്‍  തങ്ങളെ കാണിച്ചിട്ടുണ്ട് .അയാള്‍ ഇപ്പോളും ത്രിശൂര്‍ വിട്ടു കൊച്ചിയില്‍ എത്തി വെളുത്ത ഷര്‍ട്ടിന്റെ കൈമടക്കില്‍ കാശും തിരുകി പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഇടനാഴിയില്‍ ചുറ്റി തിരിയുന്നു എന്ന് പറഞ്ഞാല്‍ സാധാരണക്കാരനെ പരിഹസിക്കലല്ലേ പ്രകാശ്‌/ അനൂപേ?

അതൊക്കെ നില്‍ക്കട്ടെ അപ്പോള്‍ ഈ ചിത്രത്തെ പറ്റി ഒറ്റ വാചകത്തില്‍ .....

പൂര്‍ണമായ ഒരു കഥയുടെ അഭാവം  , അനൂപ്‌ മേനോന്‍റെ സംഗതികള്‍ എന്നിവയ്ക്ക് നേരെ കണ്ണടച്ചാല്‍ പ്രായപൂര്‍ത്തി ആയവര്‍ക്ക് ആസ്വദിച്ച് കാണാവുന്ന ചിത്രം .തല്‍ക്കാലം ഇത്രയും പോരെ?

മതി മതി നമ്മുടെ സമയം കഴിയാറായി . ഞങ്ങളുടെ പ്രേക്ഷകരോട് എന്തെങ്കിലും പ്രത്യേകമായി ........

കള്ളു ഷാപ്പുകള്‍ അടച്ചു പൂട്ടി കൂടെ എന്ന് ചോദിക്കുന്ന നിയമ സംവിധാനങ്ങളുടെയും . ഡീസ്സല്‍ ധനവാന്മാരുടെ കാറുകളില്‍ മാത്രം ഉപയോഗിക്കുന്നവ ആണെന്നും അതിന്റെ വില വര്‍ധന സാധാരണക്കാരനെ ബാധിക്കില്ല എന്നും  പ്രസ്താവന ഒരു ഉളുപ്പും ഇല്ലാതെ ഇറക്കുന്ന ഭരണ കര്‍ത്താക്കളുടെയും ഈ നാട്ടില്‍ , വരും കാലത്ത് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ പ്രസക്തം ആയേക്കാം . നമുക്ക്  അപ്പോളും അച്യുതാനന്ദന്‍ - പിണറായി , സവര്‍ണ്ണ ഫാസിസം vs ന്യുനപക്ഷ  തീവ്രവാദം  മുതലായവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്ന ഹൈ ടെക് വിനോദങ്ങളില്‍ മുഴുകി ജീവിക്കാം .യഥാര്‍ത്ഥ വിജയികളുടെ പോട്ടിച്ചിരികള്‍ക്ക് നേരെ കാതുകള്‍ അടച്ചു പിടിച്ചു നമുക്ക് അവസാന ശ്വാസം വരേക്കും പൊരുതാം . തോല്‍ക്കുകയും തോല്പ്പിക്കപ്പെടുകയും ചെയ്യുന്നത്  നമ്മള്‍ തന്നെയാകുമ്പോള്‍ പിന്നെ എന്ത് പേടിക്കാന്‍ ?


ജയ് ഹിന്ദ്‌



Friday, September 21, 2012

ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം (Bhoopadathil ellatha oridam : Review )




അനിയാ , ഈ മലയാള സിനിമ രംഗത്ത്‌ പുതു മുഖങ്ങള്‍ കുറവാണു എന്നൊരു പരാതി നിനക്കുണ്ടോ ? അല്ലെങ്കില്‍ ഉടനെ തന്നെ ക്ലാസ്സിക്‌ ആക്കാന്‍ പോകുന്ന മലയള സാഹിത്യത്തില്‍ നിന്നും നല്ല കൃതികള്‍ സിനിമ ആക്കുന്നില്ല എന്നുള്ള പരാതി .....?

അത് പിന്നെ ... അങ്ങനെ ചോദിച്ചാല്‍ ....പുതുമുഖങ്ങളുടെ കാര്യം എടുത്താല്‍   ഈ തമിഴ് സിനിമ  ഒക്കെ നോക്കുമ്പോള്‍  ഇവിടെ കുറച്ചു  കുറവല്ലേ സംഗതി. അതിരിക്കട്ടെ എപ്പോള്‍ ഇതു ചോദിയ്ക്കാന്‍ കാര്യം ? അണ്ണന് ഈ പരാതി ഇല്ലേ?

ഉണ്ടായിരുന്നു . ഇന്നലെ രാത്രി ഒന്‍പതരയോടെ ആ രണ്ടു  പരാതികളും തീര്‍ന്നു . ഇനി കുറച്ചു കാലത്തേക്ക് ഉണ്ടാകും എന്ന് തോന്നുന്നില്ല .


അല്ല അങ്ങനെ പെട്ടന്ന് തീരാന്‍ എന്തെങ്കിലും വിശേഷിച്ചു ....?

സാഹിത്യകാരന്‍ സേതു എഴുതിയ ദേശത്തിന്‍റെ വിജയം എന്ന ചെറുകഥ ആധാരമാക്കി ജോ ചാലിശ്ശേരി തിരകഥ എഴുതി സംവിധാനം ചെയ്ത ഡേവിഡ്‌ കാച്ചിപള്ളി നിര്‍മ്മിച്ച സര്‍വോപരി ശ്രീനിവാസന്‍ , നെടുമുടി വേണു , ഇന്നസെന്‍റ്, നവീന്‍ പോളി ,സുരാജ് ,ശശി കലിംഗ , രാജശ്രീ , ഇനിയ  എന്നിവരൊക്കെ അഭിനയിച്ചു നമ്മെ ധന്യര്‍ ആക്കിയ ഭൂപടത്തില്‍ ഇല്ലാത്ത ഒരിടം എന്ന ചിത്രം കണ്ടതോടെയാണ് എന്‍റെ ഈ വക സകല പരാതികളും തീര്‍ന്നത്.

അതും കണ്ടോ എന്നാല്‍ സിനിമയെ പറ്റി കുറച്ചു .....

വട്ടണ്ണാത്ര എന്നൊരു ഗ്രാമം . അവിടുത്തെ പഞ്ചായത്ത് പ്രസിഡണ്ട്‌ എഴുത്തച്ഛന്‍ (നെടുമുടി), ഇന്‍സ്പെക്ടര്‍ ഇടിക്കുള (ഇന്നസെന്‍റ് ) , പ്രതിപക്ഷ നേതാവ് സുഗുണന്‍ (സുരാജ് ) എന്നിവരുടെ കോമഡിയോടെ ചിത്രം ആരംഭിക്കുന്നു . (ഒരു മാതിരി പ്രഭാതം പൊട്ടിവിരിഞ്ഞു എന്നൊക്കെ പറയുന്ന പോലെ) .മറ്റൊരു സ്ഥലത്ത് നിന്നും ആ ഗ്രാമത്തിലെ സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന മാധവന്‍ കുട്ടിയാണ് (ശ്രീനിവാസന്‍) കേന്ദ്ര കഥാപാത്രം. ഭാര്യയും (രാജശ്രീ) കുട്ടികളും നാട്ടിലാണ്.ഇയാളുടെ സുഹൃത്താണ്‌ നവീന്‍ പോളി അവതരിപ്പിക്കുന്ന കഥാപാത്രം (പേര് മറന്നു.നമുക്ക്  ഇയാളെ വാസു എന്ന് വിളിക്കാം ).വാസുവിന്‍റെ കാമുകിയും മാധവന്‍ കുട്ടിയുടെ പാര്‍ട്ട്‌ ടൈം പാചകക്കാരിയും ആണ് ഭാമ (ഇനിയ) . മദ്യപാനിയായ  അച്ഛന്‍ (ശശി കലിംഗ ) ഉള്ളതുകാരണം ഭാമ സ്വന്തം കല്യാണം സ്വയം ഉണ്ടാക്കുന്ന കാശു കൊണ്ട് നന്നായി നടത്തും എന്ന വാശിയിലാണ്. ഇത്രയും വ്യക്തമായോ?  ഇനിയാണ് കഥ എന്ന് ആരോപിക്കപ്പെടുന്ന സാധനം ആരംഭിക്കുന്നത്.

അങ്ങനെ ഇരിക്കെയാണ് ആ ഗ്രാമത്തെ മൊത്തം ഞെട്ടിച്ച ഒരു സംഭവം ഉണ്ടാകുന്നത്
. അവിടുത്തെ ഒരു പണമിടപാട് സ്ഥാപനത്തില്‍ പട്ടാപകല്‍ മോഷണം നടക്കുന്നു .
വളരെ നാളുകള്‍ കൂടിയാണ് ആ നാട്ടില്‍ മോഷണം നടക്കുന്നത് . പഞ്ചായത്ത്
പ്രസിഡണ്ട്‌ രാജി വെക്കണം എന്നാ ആവിശ്യവുമായി പ്രതിപക്ഷം രംഗത്ത്
എത്തുന്നു. മുഖം രക്ഷിക്കാനായി ഈ കേസില്‍ മാധവന്‍ കുട്ടി കള്ളസാക്ഷി
പറയണം ഈ ആവശ്യവുമായി  പഞ്ചായത്ത് പ്രസിഡണ്ട്‌, ഇടിക്കുള എന്നിവര്‍
മാധവന്‍ കുട്ടിയെ വട്ടമിടുന്നു . സ്വതവേ കുറച്ചു പെടിത്തോണ്ടനായ  മാധവന്‍
കുട്ടി കള്ളസാക്ഷി പറഞ്ഞാല്‍ തടവ്‌ ശിക്ഷ ലഭിക്കും എന്ന് കൂടി കേള്‍ക്കുന്നതോടെ സാക്ഷി പറയാന്‍ വിസമ്മതിക്കുന്നു. ഇടവേള വരെ സാക്ഷി പറയുമോ .. ഇല്ല എന്നുള്ള കളിയാണ്‌ പ്രധാനമായും . ഇടവേള കഴിയുമ്പോള്‍ ഭാമയെ ആരാണ്ട് ബലാല്‍സംഗം ചെയ്യുന്നു.അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ആകുന്ന ഭാമ.ജനം വീണ്ടും ഇളകുന്നു . മാധവന്‍ കുട്ടിയോട് ഇതിനും സാക്ഷി പറയാന്‍ സമ്മര്‍ദ്ദം.വീണ്ടും വിസമ്മതം . ഒടുവില്‍ നാട്ടുകാര്‍ മാധവന്‍ കുട്ടിയെ വീട്ടു തടങ്കലില്‍ ആക്കുന്നു (കള്ള സാക്ഷി പറയാന്‍ !!) മാധവന്‍ കുട്ടിയെ പ്രതിപക്ഷ നേതാവ് രക്ഷപെടുത്തി ഒളിവില്‍ പാര്‍പ്പിക്കുന്നു.പക്ഷെ പ്രതിപക്ഷ നേതാവ് ഭരണം ഏല്‍ക്കുമ്പോള്‍ ഇതേ കള്ള സാക്ഷി പറയേണ്ടി വരും എന്നറിയുന്ന നായകന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നു .തക്ക സമയത്ത് അവിടെ എത്തുന്ന വാസു പ്രതിപക്ഷ നേതാവ് സുഗുണനുമായി ഗുസ്തി പിടിച്ചു ഒടുവില്‍ അയാളെ കുത്തി വീഴ്ത്തുന്നു.ഭാമയെ ബാലസംഗം ചെയ്തു എന്ന വിവരം മരിക്കുന്നതിനു മുന്‍പ് പുള്ളിക്കാരി വാസുവിനോട് പറഞ്ഞിരുന്നു എന്നും, അന്ന് മുതല്‍ പ്രതികാര ദാഹിയായി വാസു സുഗുണനെ ഒറ്റയ്ക്ക് കിട്ടാന്‍ നോക്കി നടക്കുകായിരുന്നു എന്നും നമ്മള്‍ അറിയുന്നു . ഒടുവില്‍ വാസുവിനെ കൊണ്ടുപോകാനായി പോലീസ് വരുമ്പോള്‍ ഇയാള്‍ അല്ല കൊന്നത് എന്ന കള്ള സാക്ഷി പറയാനായി മാധവന്‍ കുട്ടി പൊലീസിനോടൊപ്പം പോകുന്നതോടെ ഈ ചിത്രത്തിന് തിരശീല വീഴുന്നു .

അഭിനയം .. ഒക്കെ

അനിയാ . ഈ സിനിമക്ക് അടിസ്ഥാനമായ ചെറുകഥ ഞാന്‍ വായിച്ചിട്ടില്ല .
എങ്കില്‍ പോലും നാലോ അഞ്ചോ പേജുള്ള ഒരു ചെറുകഥ രണ്ടു മണിക്കൂര്‍ എങ്കിലും ഉള്ള ഒരു സിനിമ ആക്കുമ്പോള്‍ ആലോചിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഈ ചിത്രത്തില്‍ സംവിധായകന്‍ ആലോചിച്ചു കണ്ടില്ല . അതിനൊപ്പം പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത അഭിനേതാക്കള്‍ കൂടി ആകുമ്പോള്‍ ദുരന്തം പൂര്‍ത്തിയാകുന്നു .
തമാശകള്‍ ആണെങ്കില്‍ നായകന്‍ കതകടച്ചു ഫാന്‍ തുടക്കാനായി സ്ടൂളില്‍ കേറുമ്പോള്‍ സ്റ്റൂള്‍  മറിഞ്ഞു വീഴുകയും  ഫാനില്‍ തൂങ്ങി പിടിച്ചു നില്‍ക്കുന്ന നായകന്‍റെ അന്തരീക്ഷത്തിലെ കാലുകള്‍ കണ്ടു ഭാര്യയും മക്കളും അയ്യോ  ഇങ്ങേരു തൂങ്ങി ചത്തേ എന്ന് നിലവിളിച്ചു ആളെ കൂട്ടുമ്പോള്‍ നായകന്‍ ഇളിഭ്യനായി ഇറങ്ങി വരുന്ന പോലുള്ള രംഗങ്ങളാണ്

ചുരുക്കത്തില്‍  പറഞ്ഞാല്‍ ....

മര്യാദക്ക് എടുത്തിരുന്നെങ്കില്‍ പഞ്ചവടിപ്പാലം കഴിഞ്ഞാല്‍ ഏറ്റവും
മികച്ച ആക്ഷേപ ഹാസ്യചിത്രം ആയേനെ ഇതു . എന്നാല്‍ ഈ ചിത്രത്തിലെ
പ്രവര്‍ത്തകരുടെ മികവു (പ്രധാനമായും സംവിധാനം തിരകഥ എന്നിവ നിര്‍വഹിച്ച
ജോ ചാല്ലിശ്ശേരി ) കാരണം സംഗതി ഒരുമാതിരി സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍
ചെയ്യുന്ന സിനിമ പ്രോജെകറ്റ്  പോലെയുണ്ട് ഈ ചിത്രം

തീയറ്റെറില്‍ നിന്ന് പോയ അല്ലെങ്കില്‍ പോകാറായ ഒരു ചിത്രത്തെ പറ്റി വിസ്തരിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല എന്ന് അറിയാത്തത് കൊണ്ടല്ല .. പിന്നെ ഞാനൊരുത്തന്‍ അനുഭവിച്ച ദുരിതം പങ്കു വെച്ചില്ലങ്കില്‍ പിന്നെ എന്തോന്ന് ബാല്‍ക്കണി എന്തോന്ന് പ്രേക്ഷകന്‍ ?????  അല്ല പിന്നെ !!!

Wednesday, September 19, 2012

ബര്‍ഫി (Burfi : Review )


അനിയാ, രണ്ടു പടം എഴുതിയതോടെ നിന്‍റെ ഉത്തരവാദിത്വം തീര്‍ന്നോ ?

അതെന്തു അണ്ണാ ഒരുമാതിരി കുത്തിയുള്ള സംസാരം? .

അല്ല വെള്ളിയാഴ്ച ഓടിപ്പിടിച്ചു വരുന്ന നിന്നെ രണ്ടു പടത്തിന്‍റെ വിശേഷം കേട്ടതോടെ പിന്നെ കാണാന്‍ ഇല്ലല്ലോ?

വേറെ ഏതു പടം? ഓ.... ഏതാണ്ട് അവാര്‍ഡ്‌ പടങ്ങളൊക്കെ ഓടുന്നു എന്നു ആരോ പറഞ്ഞു. ഇതൊക്കെ കാണാന്‍ ആര്‍ക്കു നേരം ?

അനിയാ നീ പറഞ്ഞു വരുമ്പോള്‍ നിരൂപകന്‍ അല്ലെ? ഒരു പടം നല്ലതോ അല്ലയോ എന്ന് പറയേണ്ട ഒരു ചുമതല നിനക്കില്ലേടെ ?

ഉണ്ടയാണ്.ഈ പൊതു ജനം എന്നാ കഴുതകളെ പറ്റിക്കുന്നത് പോലെ എളുപ്പമുള്ള പണി വേറെ എന്താ ഉള്ളത് ? എത്ര പടമാ ഇവന്മാരെ കൊണ്ട് നമ്മള്‍ ഓടിച്ചത്?എന്നിട്ട് മലയാള സിനിമ മരിക്കുന്നേ എന്ന് ഇവനെ കൊണ്ട് തന്നെ നമ്മള്‍ കരയിക്കുകയും ചെയ്യും.അതിരിക്കട്ടെ എപ്പോള്‍ ഏതു പടമാ അണ്ണന്‍ കണ്ടേ ?

അനിയാ അനുരാഗ് ബസു സംവിധാനം ചെയ്ത രണ്ബീര്‍ കപൂര്‍,ഇല്യാന ഡിക്രൂസ്,പ്രിയങ്ക ചോപ്ര,ആശിഷ് വിദ്യാര്‍ഥി,സൌരഭ് ശുക്ല,രൂപ ഗാംഗുലി എന്നിവരൊക്കെ അഭിനയിച്ച ബര്‍ഫി എന്ന ചിത്രമാണ് ഞാന്‍ ഇന്നലെ കണ്ടത്.

അയ്യേ ... അന്യ ഭാഷ ചിത്രമോ ? ഈ വക ചവറൊക്കെ കേരളത്തില്‍ നിരോധിക്കണം എന്ന് ലാലേട്ടന്‍ പറഞ്ഞതില്‍ പിന്നെ എനിക്കതൊക്കെ കാണുന്നതെ അലര്‍ജിയാ. അല്ലെങ്കിലും എന്ത് ത്യാഗം സഹിച്ചും മലയാള സിനിമയെ വളര്‍ത്താന്‍ നമ്മളൊക്കെ കടപ്പെട്ടവരല്ലേ ?

തന്നെടാ തന്നെ ഇവനൊക്കെ കുഴച്ചു തരുന്ന അമേധ്യം നാലു നേരം വെട്ടി വിഴുങ്ങിയാലും പോര.അതിന്‍റെ മഹത്വത്തെയും രുചി കൂട്ടുകളുടെ വൈവിധ്യത്തെയും പറ്റി ഉപന്യസിക്കണം വേണം എന്നതല്ലേ ഇവരുടെ ഒക്കെ എളിയ ആവശ്യം ? നല്ലത് തന്നെ അനിയാ!!!

അത് വിട്ടേ . ഈ പടം ഇങ്ങനെ ഈ അനുരാഗ് ബസു മര്‍ഡര്‍ ഒക്കെ എടുത്ത ആളല്ലേ? അങ്ങേരുടെ പീസു പടം കാണാന്‍ പോകുക എന്ന് വെച്ചാല്‍ ...?

അനിയാ അതേ സംവിധായകന്‍ എടുത്ത ലൈഫ് ഇന്‍ എ മെട്രോ എന്ന ചിത്രം നീ കണ്ടിട്ടുണ്ടോ? എനിക്ക് വളരെ ഇഷ്ട്ടപെട്ട സിനിമകളില്‍ ഒന്നാണ് അത്.അത് പോലെ തന്നെ ഇതിലെ നായകന്‍ രണ്ബീര്‍ കപൂര്‍ അഭിനയിച്ച രാജനീതി,റോക്കറ്റ് സിംഗ് ,പിന്നെ ഇതും ഒക്കെ മിസ്സ്‌ ആക്കാന്‍ പാടില്ലാത്ത സിനിമകള്‍ ആണെന്ന് ആണ് എന്‍റെ എളിയ അഭിപ്രായം.

ഡാര്‍ജിലിങ്ങില്‍ ഒരു ഡ്രൈവറുടെ മകനായ മര്‍ഫി എന്ന ബധിരനും മൂകനുമായ യുവാവാണ് ഈ ചിത്രത്തിലെ നായകന്‍. തന്‍റെ പേര് കഷ്ട്ടിച്ചു ബര്‍ഫി എന്ന് ഉച്ചരിക്കാന്‍ മാത്രമേ ഇയാള്‍ക്ക് കഴിയു.അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ശ്രുതി ഘോഷ് (ഇല്യാന), ചില്‍മില്‍ ചാറ്റര്‍ജി (പ്രിയങ്ക ചോപ്ര) എന്നീ പെണ്‍ കുട്ടികളുമായുള്ള ബന്ധത്തിലൂടെ കഥ വികസിക്കുന്നു .1970 കളുടെ തുടക്കത്തിലൂടെ ആരംഭിക്കുന്ന കഥ 1976 വഴി ഇന്നത്തെ കാലഘട്ടത്തില്‍ എത്തി അവസാനിക്കുന്നു. മേല്‍പ്പറഞ്ഞ പെണ്‍കുട്ടികളില്‍ ശ്രുതി മറ്റൊരാളുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളും ചില്‍മില്‍ ബര്‍ഫിയുടെ ബാല്യകാല സുഹൃത്തും ഓട്ടിസം ബാധിച്ച വ്യക്തിയുമാണ്.ബര്‍ഫി ആദ്യം കണ്ടു മുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും ശ്രുതിയുമായാണ്.പ്രതിശ്രുത വരന്‍ രംഗത്തെത്തുന്നതോടെ ആ ബന്ധം മുറിയുകയും ബര്‍ഫിയുടെ ജീവിതത്തിലേക്ക് ചാറ്റര്‍ജി കുടുംബത്തിലെ ചില്‍മില്‍ കടന്നു വരുകയും ചെയ്യുന്നു.ചാറ്റര്‍ജി കുടുംബത്തിലെ ഡ്രൈവര്‍ ആണ് നായകന്‍റെ അച്ഛന്‍.ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രം ആ സ്ഥലത്തെ പോലീസ് ഇന്‍സ്പെക്ടറെ അവതരിപ്പിക്കുന്ന സൌരഭ് ശുക്ലയാണ് .

ഈ ചിത്രത്തില്‍ നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന രംഗങ്ങള്‍ ഉണ്ട്.സങ്കടം തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ ഉണ്ട്.സസ്പെന്‍സും,പ്രേമവും ത്യാഗവും ഉണ്ട്.ഇതിനു എല്ലാത്തിനും ഉപരിയായി ഇവയെല്ലാം ചേരുന്ന ഒരു നല്ല സിനിമയുണ്ട്.പ്രാദേശിക ഭാഷാ മിമിക്രിയും,അശ്ലീലവും ഒക്കെ കൊണ്ട് വാണരുളുന്ന നമ്മുടെ നായകന്മാര്‍ക്ക് ഒരുമാതിരി നായ്‌ ഒളിയിടുന്ന പോലെ ബര്‍ഫി എന്ന് മാത്രം പറയാന്‍ കഴിയുന്ന ഒരു നായകന്‍ അഭിനയിക്കുന്ന ചിത്രം മികച്ചതാകുന്നത് വെറും സ്വപ്നം മാത്രമായിരിക്കും.

അങ്ങനെ അടച്ചു പറയാന്‍ വരട്ടെ അണ്ണാ നമുക്കും ഉണ്ട് അങ്ങനെ ഒരു മികച്ച ചിത്രം.മലയാളത്തിലെ അനുരാഗ് ബസു,മലയാളത്തി ന്‍റെ രണ്ബീര്‍ കപൂര്‍ എന്നിവരായ അന്‍വര്‍ റഷീദ്,മമ്മൂട്ടി എന്നിവര്‍ ഒന്നിച്ച അണ്ണന്‍ തമ്പി എന്ന ചിത്രത്തിലും നായകന്‍ മൂകബധിരന്‍ ആയിരുന്നു എന്നത് മറക്കല്ലേ?

അതേടാ ഇനി അത് കണ്ടിട്ടാണ് അനുരാഗ് ബസുവിന് ഇങ്ങനെ ഒരു ഐഡിയ തോന്നിയത് എന്ന് കൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി.അത് വിട്.പിന്നെ എന്നെ ആകര്‍ഷിച്ച മറ്റൊന്ന് കഥ പറയുന്ന രീതിയാണ്‌.കാലഗണ മാറ്റി മറിച്ചു എന്നാല്‍ കണ്ടിരിക്കുന്നവര്‍ക്ക് തികച്ചും ആസ്വാദ്യകരമായി ഇങ്ങനെ ഒരു ചിത്രം ഒരുക്കിയ അനുരാഗ് ബസുവും സംഘവും അഭിനന്ദനം അര്‍ഹിക്കുന്നു.ഗാനങ്ങള്‍,ചായാഗ്രഹണം എന്നിവ മുഴച്ചു നില്‍ക്കാതെ ചിത്രത്തിനോത്തു ഒഴുകി നീങ്ങുന്നു.ഒരല്‍പം സ്ലോ ആണെന്ന് ഉള്ളത് ഒഴിച്ചാല്‍ (അത് തന്നെ കുറ്റം പറയാന്‍ വേണ്ടി മാത്രം പറയാവുന്നതാണ് ) തികച്ചും ആസ്വാദ്യകരമായ ചിത്രം.

ഇതൊക്കെ അവിടെ ഇരിക്കട്ടെ . അഭിനയം .. അതാണ് പ്രബുദ്ധരായ മലയാളികള്‍ക്ക് അറിയേണ്ടത്

ഈ ചിത്രത്തില്‍ ആരാണ് ഏറ്റവും നന്നായത് എന്നറിയാന്‍ നീ വല്ല അഭിപ്രായ വോട്ടെടുപ്പും നടത്തേണ്ടി വരും. ഓട്ടിസം ബാധിച്ച ചില്‍മില്‍ ചാറ്റര്‍ജി പ്രിയങ്ക ചോപ്രയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രമാണ് എന്നാണ് എന്‍റെ വിശ്വാസം.മൂകനും ബധിരനുമായ കഥാപത്രം ആണെങ്കിലും ജീവസുറ്റ ബര്‍ഫിയായി രണ്ബീര്‍ കപൂര്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.ഇല്യാന തന്‍റെ ഹിന്ദി അരങ്ങേറ്റം മനോഹരമാക്കി എന്ന് തന്നെ പറയാം .കാലഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോള്‍ രൂപത്തിലും ശരീര ഭാഷയിലും ശ്രദ്ധാ പൂര്‍വമായ വ്യതിയാനങ്ങള്‍ വരുത്തിയതില്‍ മറ്റു രണ്ടു പേരെ ക്കാളും നന്നായത് ഇല്യാന യാണ് . പഴയ മഹാഭാരതം സീരിയലിലെ ദ്രൗപതി ആയി അഭിനയിച്ച രൂപാ ഗാംഗുലി ഈ ചിത്രത്തില്‍ ശ്രുതിയുടെ അമ്മയായി എത്തുന്നു.പാരീഷ് രാവലിനെ പോലെയുള്ള നടന്മാര്‍ക്കിടയില്‍ സൌരഭ് ശുക്ലയെ പോലുള്ള നടന്മാര്‍ക്ക് വല്ലപ്പോഴും കിട്ടുന്ന നല്ല വേഷങ്ങളില്‍ ഒന്നാണ് ഈ ചിത്രത്തിലേത് .

പിന്നെ......... ഇതൊക്കെ അല്ലെ വലിയ കാര്യം ?

അനിയാ,ഹിന്ദിയില്‍ തന്നെ സഞ്ജീവ് കുമാറും,നാനാ പാട്ടേക്കറും പോലുള്ള മികച്ച നടന്‍മാര്‍ (രണ്ടു പേരും എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരും) ബധിരരും മൂകരും ആയ കഥാപത്രങ്ങളെ അനശ്വരമാക്കിയിട്ടുണ്ട്. താരതമ്യേനെ പയ്യനായ രണ്ബീര്‍ കപൂര്‍ അഭിനയിച്ച ഈ ചിത്രം മികച്ചതാക്കുന്നു എങ്കില്‍ അത് തീര്‍ച്ചയായും ഈ ചിത്രത്തിലെ അഭിനതാക്കളുടെയും പിന്നണിക്കാരുടെയും കൂട്ടായ മികച്ച പ്രകടനത്തിന്‍റെ ഫലമാണ്‌ . കഴിയുമെങ്കില്‍ തീയറ്റെറില്‍ നിന്ന് തന്നെ കാണേണ്ട പടം. ഒറ്റ വാചകത്തില്‍ അതാണ് ബര്‍ഫി



Sunday, September 16, 2012

മോളി ആന്‍റി റോക്സ് (Molly Aunty Rocks : Review )



നവ യുഗ സിനിമയുടെ അപ്പുപ്പനായ പാസ്സഞ്ചര്‍ (passenger ) സംവിധാനം ചെയ്ത ശ്രീ രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന മോളി ആന്‍റി റോക്സ് എന്ന ചിത്രം ..........

അണ്ണാ. ഒന്ന് നിന്നേ..... നവയുഗ സിനിമയുടെ അപ്പുപ്പനോ? അതെന്തോന്നു ?

അനിയാ, മേല്‍പ്പറഞ്ഞ ചിത്രമാണ് നവയുഗ സിനിമയുടെ അപ്പുപ്പന്‍ എന്നും ട്രാഫിക്‌ അതിന്റെ അച്ഛനും ആണെന്നാണ് എന്‍റെ എളിയ വിശ്വാസം .പിന്നെ സന്തതികളും അവിഹിത സന്തതികളും ഒക്കെയായി ഒത്തിരി നമ്മുടെ മുന്നിലൂടെ വന്നു പോയത്.

വലിയ വാചകം ഒന്നും വേണ്ട നിങ്ങളുടെ പഠനം ഒക്കെ കയ്യില്‍ വെച്ചിട്ട് സിനിമയെ പറ്റി പറഞ്ഞെ .....

ശരി കഥ തിരകഥ സംവിധാനം എല്ലാം രഞ്ജിത് ശങ്കര്‍ തന്നെയാണ്.രേവതി,പൃഥ്വിരാജ്,ലക്ഷ്മിപ്രിയ,കൃഷ്ണകുമാര്‍,കെ പി എസ് സി ലളിത എന്നിവര്‍ അഭിനേതാക്കളുടെ നിരയില്‍ ഉണ്ട് .കേരളത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് സകുടുംബം അമേരിക്കയില്‍ പോയി അവിടെ ജീവിക്കുന്ന മോളിയും (രേവതി)ഭര്‍ത്താവു ബെന്നിയും (ലാലു അലക്സ്‌).ഒരു പ്രത്യേക സാഹചര്യത്തില്‍ തന്‍റെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നഷ്ട്ടപെടതിരിക്കാന്‍ നാട്ടിലെത്തി പണ്ട് ജോലി ചെയ്ത ബാങ്കിന്‍റെ ഒരു ഗ്രാമപ്രദേശത്തുള്ള ശാഖയില്‍ ജോയിന്‍ ചെയ്യുകയാണ് മോളി.സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും , ഇഷ്ടമുള്ളതൊക്കെ ചെയ്യാനും അങ്ങനെ കുറെ കാലം അമേരിക്കയില്‍ ജീവിച്ച ഒരു നവയുഗ എന്‍ ആര്‍ ഐ മാതാവാണ് മോളി ആന്റി എന്ന് പറയാം കുടുംബ സുഹൃത്തുക്കളായ രാജേഷ്‌ (കൃഷ്ണ കുമാര്‍) ഉഷ (ലക്ഷ്മി പ്രിയ) ദമ്പതികളാണ് മോളിയുടെ അയല്‍പക്കക്കാരും സഹായികളും. ബാങ്കിലെ എല്ലാവരുമായും മോളിക്ക് നല്ല ബന്ധമാണ്.ബന്ധുകള്‍ക്കിടയില്‍ മോളിയെ പറ്റി ചില്ലറ കുശുമ്പും മുറുമുറുപ്പും ഒക്കെ ഉണ്ടെങ്കിലും അതൊന്നും അവര്‍ കാര്യം ആക്കുന്നില്ല .കുടുംബ സ്വത്തു വില്‍പ്പനയും വിരമിക്കല്‍ പരിപാടിയും കഴിഞ്ഞു തിരിച്ചു അമേരിക്കയിലേക്ക് പോകാന്‍ തയ്യാര്‍ എടുക്കുമ്പോളാണ് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് അവര്‍ക്ക് മുപ്പതിനായിരം രൂപ അടയ്ക്കാന്‍ ഉള്ള നോട്ടീസ് കിട്ടുന്നത്.അതിന്‍റെ വിവരങ്ങള്‍ തിരക്കാനായി ഇന്‍ കം ടാക്സ്‌ ഓഫീസില്‍ എത്തുന്ന മോളിയോടു അവിടുത്തെ ഉദ്യോഗസ്ഥന്‍ അടയ്കേണ്ട തുകയുടെ പകുതി കൈകൂലി ചോദിക്കുന്നു.കുപിതയായ മോളി അയാള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടുന്നു.പിന്നെ മോളിക്ക് കിട്ടുന്നത് ഒന്‍പതു ലക്ഷം രൂപ നികുതി അടയ്ക്കാനുള്ള നോട്ടിസ് ആണ്.വീണ്ടും ഓഫീസില്‍ എത്തുന്ന മോളി ഇന്‍കം ടാക്സ് കമ്മിഷണര്‍ പ്രണവ് റോയ് (പ്രിത്വിരാജ്)മായി ഉടക്കുന്നു.കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതോടെ ബെന്നിയും നാട്ടിലെത്തുന്നു.കുടുംബം വഴിയും പള്ളി വഴിയും നോക്കിയിട്ടും മോളിയും പ്രണവും തമ്മിലുള്ള വഴക്ക് തീരാതെ ആകുമ്പോള്‍ ഒടുവില്‍ പ്രശ്നങ്ങള്‍ തീരാന്‍ അഡ്വ സലീമിനെ (മാമുക്കോയ) സമീപിക്കുന്ന തോടെ ബോയിംഗ് ബോയിങ്ങില്‍ ജഗതി പറയുന്നത് പോലെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് .....

കേട്ടിട്ട് സംഗതി വലിയ കുഴപ്പം ഇല്ലല്ലോ അണ്ണാ .അപ്പ പടം കൊള്ളാം എന്ന് തന്നേ?

അനിയാ എനിക്ക് ഇനി സംസരിക്കാനുള്ളത് ശ്രീ രഞ്ജിത്ത് ശങ്കറിനോടാണ്.സുഹൃത്തേ താങ്കളുടെ ഈ ചിത്രത്തിന് പ്രധാനമായും രണ്ടു പോരായ്മകള്‍ ഉള്ളതായാണ് എനിക്ക് തോന്നുന്നത്.ആദ്യായി ചിത്രത്തിന്‍റെ ഒന്നാം പകുതി.മോളി മാമന്‍ എന്ന അമേരിക്കന്‍ ‍ റിട്ടേണ്‍ഡു വനിതയെയും അവരുടെ സ്വഭാവ വിശേഷങ്ങളെയും വരച്ചു കാണിക്കാന്‍ ഉപയോഗിക്കുന്നു. അതല്‍പ്പം നീണ്ടു പോയി എന്നത് ഇരിക്കട്ടെ.ശരിക്ക് ഉള്ള കഥ തുടങ്ങുന്നത് മോളി മാമ്മന് ഇന്‍കം ടാക്സ് വകുപ്പില്‍ നിന്ന് നോട്ടീസ് കിട്ടുന്നത് മുതല്‍ ആണല്ലോ.അത് മുതല്‍ തങ്ങള്‍ വളരെയധികം സമയം ചിലവാക്കി കെട്ടി പൊക്കിയ മോളി മാമന്‍ എന്നാ മധ്യ വയക്സ്കയായ ലോകം കണ്ടിട്ടുള്ള , തനിക്കെന്താണ് വേണ്ടത് എന്ന് തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ ചിന്തിക്കുന്ന അതനുസരിച്ച് ജീവിക്കുന്ന സ്ത്രീയില്‍ നിന്നും അന്തവും കുന്തവും ഇല്ലാത്ത ഒരു ദുര്‍വാശിക്കാരി ആയി മാറുകയാണ് അവര്‍.പ്രത്യേകിച്ചു പ്രണവ് റോയിയുമായി ഉണ്ടാകുന്ന ആദ്യ കൂടി കാഴ്ച മുതല്‍. ഉദാഹരണമായി ആദ്യ നോട്ടീസ് കിട്ടുമ്പോള്‍ ഒരു നല്ല സി എ ക്കാരനെ സമീപിച്ചു ഇതിനു എന്ത് ചെയ്യാം എന്ന് ചോദിക്കുകയാണ് ആദ്യം ആരും ചെയ്യുന്നത് . കുടുംബ സുഹൃത്തുക്കള്‍ അത് മോളിയോടു പറയുന്നുമുണ്ട് . പക്ഷെ മോളി മാമ്മന് സംഗതി നേരിട്ടറിയണം.(അതും അമേരിക്കയില്‍ പോകാന്‍ വിമാനം കയറാന്‍ നില്‍ക്കുമ്പോള്‍ ) ശരി അറിഞ്ഞോട്ടെ,അവിടെ എത്തുമ്പോള്‍ ഉദ്യോഗസ്ഥന്‍ കൈകൂലി ചോദിക്കുന്നു.മോളി മാമന്‍ ഞെട്ടി തെറിക്കുന്നു.(എന്ത് ...? കൈക്കൂലിയോ ..... ഇവര്‍ ചുരുങ്ങിയത് ഒരു ഇരുപതു കൊല്ലം എങ്കിലും ഭാരതത്തില്‍ അല്ലെ ജീവിച്ചത്?) ശരി അത് തെറ്റാണു എന്ന് തോന്നുന്നു എങ്കില്‍ അവര്‍ ചെയ്യേണ്ടത് ആ ഉദ്യോഗസ്ഥന്‍റെ മേലധികാരിക്ക് പരാതി നല്‍കുക എന്നതാണ് അല്ലെങ്കില്‍ നോട്ടില്‍ മഷി പുരട്ടി പിടിക്കുന്ന വിജിലന്‍സിന്‍റെ സഹായം തേടുക എന്നതാണ്.അല്ലാതെ എന്നെ ഒരുത്തന്‍ ബസില്‍ വെച്ച് തോണ്ടി എന്ന മട്ടില്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെടുക എന്നാ മണ്ടത്തരം അടിസ്ഥാന വിദ്യാഭ്യാസം പോലും ഉള്ളവര്‍ ചെയ്യില്ല എന്ന് ഞാന്‍ കരുതുന്നു.ശരി അതും പോകട്ടെ.ഇതെല്ലാം പോകട്ടെ പിന്നീടു ഒന്‍പതു ലക്ഷം അടയ്ക്കാന്‍ പറയുന്ന നോട്ടിസുമായി വരുന്ന മോളി ആന്റി നികുതി വെട്ടിപ്പ് നടത്തി എന്നത് വ്യക്തമായി തെളിയിക്കപ്പെടുമ്പോള്‍ അവര്‍ വെറുതെ നിന്ന് കണാ കുണ ന്യായം പറയുകയാണ്.അവിടം മുതല്‍ അവസാനം വരെ യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഒരു സ്ത്രീ ആയി മോളി ആന്റി എന്ന കേന്ദ്ര കഥാപാത്രം തുടരുന്നു.ഏറ്റവും കഷ്ട്ടം ഈ സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തികച്ചും സ്വാഭാവികമായാണ് പെരുമാറുന്നത്.മോളിയുടെ ഭര്‍ത്താവായ ബെന്നി പോലും പ്രണവ്മായി ആദ്യം സംസാരിക്കുന്ന രംഗം വിട്ടാല്‍ (ആ ടെന്നീസ് കോര്‍ട്ടിലെ രംഗം.സംഗതി പരമ ബോറായി പോയി) ഒഴിവാക്കിയാല്‍ ഒരു അനുസരണയുള്ള ഭര്‍ത്താവു എന്ന നിലയില്‍ തികച്ചും സ്വാഭാവികമായി ആണ് പെരുമാറുന്നത്.

അത് നില്‍ക്കട്ടെ.ഈ ചിത്രത്തില്‍ ചില അപ്രധാന കഥാപാത്രങ്ങള്‍ക്കും വിചിത്രമായ പേരുകള്‍ നല്‍കുന്നത് വഴി എന്താണ് ഉദേശിക്കുന്നത് (ഉദാഹരണം ഒരു സീനില്‍ വരുന്ന ഫ്ലെമിഗ് രാജ് എന്ന പയ്യന്‍ ) ? വിവാഹ മോചനം നേടിയ ഒരച്ചനെ കാണിക്കുന്നത് വഴി കാണികളെ ചിരിപ്പിക്കാന്‍ ആണോ അതോ വര്‍ധിച്ചു വരുന്ന വിവാഹ മോചനത്തെ കളിയാക്കനാണോ ഉദ്ദേശിച്ചേ ?

ഇനി ക്ലൈമാക്സ്‌.ശരിക്കും മോളിയെ ഒരു സ്മാര്‍ട്ട്‌ ആയ ഒരു മധ്യവര്‍ഗ കുടുംബനാഥ ആയി കാണിച്ചിട്ട് ബോധ പൂര്‍വ്വം നടത്തിയ നികുതി വെട്ടിപ്പ് പിടിക്കും എന്നും വേറെ വഴി ഇല്ല എന്നാകുമ്പോള്‍ ഒടുവില്‍ പണ്ട് എപ്പോളോ ആരോ ചെയ്ത (അല്ലെങ്കില്‍ പണ്ട് എന്നോ ചെയ്ത) ചാരിറ്റി സ്വന്തം പേരിലാക്കി മാധ്യമ പ്രചരണം വഴി ഒരു സെലിബ്രിറ്റി ആയി മാറുകയും.അതോടെ ലോക്കല്‍ ഇന്‍കം ടാക്സ് വകുപ്പിനു അവരെ തൊടാന്‍ പറ്റാതെ ആകുകയും അവസാനം ഇളിഭ്യരായി നില്‍ക്കുന്ന പ്രണവിനും കൂട്ടര്‍ക്കും മുന്നിലൂടെ കൂള്‍ ആയി അമേരിക്കയ്ക്ക് പോകുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു പക്ഷെ ടൈറ്റിലുകള്‍ എഴുതി കാണിക്കുമ്പോള്‍ പശ്ചാത്തലമായി കാണിച്ച കാര്‍ട്ടൂണുകള്‍ക്ക് ഒരു അര്‍ഥം ഉണ്ടാകുക മാത്രമല്ല സിനിമയുടെ പേരിനും ഒരു അര്‍ഥം ഉണ്ടാകുക എന്നതിനോടൊപ്പം ചിത്രം ഒരു മികച്ച ആക്ഷേപഹാസ്യ ചിത്രം എങ്കിലും ആയേനെ എന്നാണ് എന്‍റെ അഭിപ്രായം.ഇനി വേറൊരു രീതി അമേരിക്കയില്‍ നിന്ന് തിരിച്ചു വന്നു ബാങ്കില്‍ ചേരുന്ന മോളി,അവരുടെ വിടപറയല്‍ പ്രസംഗത്തില്‍ നടത്തുന്ന സാരോപദേശം പ്രവത്തിയിലൂടെ കാണിച്ചു കൊടുത്തു (കസ്റ്റമേഴ്സ് നോട് പെരുമാറുന്ന രീതി,ജോലിയോടുള്ള സമീപനം അങ്ങനെയുള്ള കാര്യങ്ങള്‍ ) മൊത്തത്തില്‍ നന്നാക്കുന്ന സാമ്പ്രദായിക രീതി സത്യന്‍ അന്തികാടിന്‍റെ ഗിരി പ്രഭാഷണം ആക്കാതെ എടുത്താല്‍ പോലും ഇതിലും നന്നായേനെ

നേരത്തെ പറഞ്ഞതിന് ഉദാഹരണമായി പെട്ടന്ന് തോന്നുന്നത് ആദ്യ നോട്ടീസ് കിട്ടുബോള്‍ കുടുംബ സുഹൃത്തിന്റെ പ്രതികരണം തികച്ചും സ്വാഭാവികമാണ് . വഴക്ക് കൂടുമ്പോള്‍ പ്രണവ് പറയുന്നത് നോക്കു,നിങ്ങളുടെ അമേരിക്കയില്‍ ഇത്തരം കുറ്റങ്ങള്‍ക്ക് കിട്ടുന്ന ശിക്ഷ ഇതിലും വളരെ വലുതാണ് (സത്യം,ബ്ലേഡ് എന്ന ഹിറ്റ്‌ സീരീസ്‌ ചിത്രങ്ങളിലെ നായകന്‍ പോലും ഈ കുറ്റത്തിനു ജയിലില്‍ ആണെന്ന് ശ്രീനി എപ്പോളോ പറഞ്ഞത് ഓര്‍ക്കുന്നു ),അമ്മായി അമ്മയുടെ പെരുമാറ്റം,കുടുംബത്തിലെ മറ്റു ബന്ധുക്കളുടെ സമീപനം,(ആകെ കല്ല്‌ കടിയായി തോന്നിയത് ഓഫീസില്‍ ഒരാള്‍ക്ക് പോലും ഇവരോട് ഒരു അസൂയ ഇല്ല എന്നിടത്താണ്) ഇങ്ങനെ നോക്കിയാല്‍ മോളി എന്ന കഥാപാത്രം ഒഴികെ ബാക്കി എല്ലാരും ഈ ഭൂമിയില്‍ തന്നെ ഉള്ളവര്‍ ആണെന്ന് പറയേണ്ടി വരും .(ഇതൊരിക്കലും രേവതി എന്ന നടിയെ പറ്റിയല്ല മറിച്ചു മോളി എന്ന കഥാപാത്രമാണ് ഇവിടെ വിഷയം)

ഒരു ചെറിയ തമാശ കൂടി പറഞ്ഞു നിര്‍ത്തട്ടെ പണ്ട് പണ്ട് മലയാളത്തിലെ ഇന്നുള്ള എല്ലാ കുഴപ്പത്തിനും കാരണക്കാരനായ ഷാജി കൈലാസ് എന്നൊരു മനുഷ്യന്‍ ഉണ്ടായിരുന്നു . അങ്ങേര്‍ സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലെര്‍ ചിത്രത്തില്‍ ഒരു രംഗം.വക്കീലായ നായികയെ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ നായകന്‍ കോടതി മുറ്റത്ത്‌ വെച്ച് പരസ്യമായി കാരണത്തടിക്കുന്നു. കോടതിയോ വനിതാ കമ്മിഷനോ ഏതാണ്ട് കേസ് എടുക്കുന്നു.വിചാരണ ചെയ്യപ്പെടുമ്പോള്‍ നായകന്‍ കൂളായി കുറ്റം സമ്മതിക്കുന്നു എന്നിട്ട് പറയുന്നു എനിക്ക് അതിനുള്ള അധികാരം ഉള്ളത് കൊണ്ടാണ് അടിച്ചതു കാരണം പണ്ട് ഞങ്ങള്‍ ലൈന്‍ ആയിരുന്നു (ഇപ്പോള്‍ അല്ല). ഇതു കേട്ടതും വിചാരണ ചെയ്യുന്നവര്‍ അയ്യോ സോറി ഞങ്ങള്‍ അറിഞ്ഞില്ല എന്ന് പറഞ്ഞു നിരുപാധികം മാപ്പ് പറഞ്ഞു ലാലേട്ടനെ വിട്ടയക്കുന്നു.ചുരുക്കമാ സോന്നാല്‍ ചെയ്ത കുറ്റകൃത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു സംഭവത്തിന്റെ പേരില്‍ പ്രതിയെ വെറുതെ വിടുന്നു എന്നതാണ് മേല്പറഞ്ഞ സംഭവത്തില്‍ കാണുന്നത് . അങ്ങനെ തന്നെ അല്ലെ രഞ്ജിത് താങ്കളുടെ ഈ ചിത്രത്തിലും? ഇനി അവസാനം കോടതിയില്‍ മോളി നടത്തുന്ന പ്രഭാഷണം നോക്കു എന്ത് ബോറന്‍ ആണ് ആ രംഗം.ഈ നാട്ടില്‍ സ്വകാര്യമായി ചാരിറ്റി പ്രവര്‍ത്തനം നടത്താന്‍ എന്താ പ്രശ്നം? ഒന്നുമില്ല എന്നതല്ലേ സത്യം? അത് പോലെ ഈ നാട്ടില്‍ നികുതി കൊടുക്കുന്നവനു ഒരു തേങ്ങയും കിട്ടുന്നില്ല എന്നത് സത്യം.പക്ഷെ നികുതി വെട്ടിക്കുന്ന ഒരാള്‍ അത് പറയുമ്പോള്‍ അത് ഒരു നയീകരണത്തിന് അപ്പുറം ഒന്നുമാകുന്നില്ല.

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന് ശേഷം ഇത്രയും സമയം എടുത്തു ചെയ്ത ഒരു ചിത്രം എന്ന നിലയ്ക്ക് നോക്കിയാല്‍ വളരെ മോശം എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ വിഷമം ഒരൊറ്റ ആളുടെ അല്ലെങ്കില്‍ ഒരൊറ്റ കഥാപാത്രസൃഷ്ട്ടിയുടെ പാളിച്ച മൂലം ഒരു ചിത്രം മൊത്തത്തില്‍ മോശമാവുന്നു എന്നതിലാണ്. മൊത്തത്തില്‍ എന്തോന്ന് റോക്ക്സ് ????

Friday, September 14, 2012

ചട്ടക്കാരി (Chattakkari : Review )




അനിയാ , ഒന്ന് നില്ലെടെ ...ഇതെങ്ങോട്ട് ഈ വെട്ടുകത്തിയുമായി ...

അണ്ണാ എന്നെ തടയാന്‍ ശ്രമിക്കരുത് എന്ന് ഞാന്‍ അവനെ വക വരുത്തും ...അല്ല പിന്നെ .. കുറെയായി ഞങ്ങള്‍ ഇതൊക്കെ ക്ഷമിക്കുന്നു ....

അടങ്ങനിയാ,പണ്ട് ആരോ പറഞ്ഞത് പോലെ ദോ മിനിറ്റ് ശാന്തി ഉസ്ക്കേ ബാദ് ക്രാന്തി .... അല്ല എന്താ എപ്പോള്‍ പ്രശനം? നിന്നെ ബാച്ചിലര്‍ പാര്‍ട്ടി കണ്ടതിനു പോലീസ് പിടിച്ചോ? പറഞ്ഞു വരുമ്പോള്‍ കേരളത്തിലെ ഏറ്റവും ഗുരുതരമായ പ്രശനം അതാണല്ലോ.

ചുമ്മാതിരി അണ്ണാ നിങ്ങള്‍ക്കെല്ലാം തമാശ.രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ശ്രീ സുരേഷ് കുമാര്‍ നിര്‍മ്മിച്ച ചട്ടക്കാരി എന്ന സിനിമ കണ്ടതിന്‍റെ കലിപ്പാണ് നിങ്ങള്‍ ഇപ്പോള്‍ കണ്ടത്.അണ്ണനെയും കണ്ടല്ലോ പടം കാണാന്‍ വരി നില്‍ക്കുന്നത് ? നിങ്ങള്‍ക്ക് ഒന്നും തോന്നിയില്ലേ? ഈ ചിത്രത്തിന്‍റെ നിര്‍മാതാവിനെ ഒക്കെ വെറുതെ വിടാമോ

എന്ത് തോന്നാന്‍ അനിയാ? താപ്പാനയും,റണ്‍ ബേബിയും,സിംഹാസനവും,മരുമകനും ഒക്കെ കണ്ടത്തില്‍ കൂടുതലായി എനിക്കൊന്നും ഈ ചിത്രം കണ്ടപ്പോള്‍ തോന്നിയില്ല.ലാലേട്ടന്‍ മകളുടെ പ്രായമുള്ള നായികയോട് നിന്‍റെ അമ്മിഞ്ഞ എന്‍റെ ദേഹത്ത് തട്ടരുത് എന്ന് പറയുമ്പോള്‍ കടുത്ത സ്ത്രീ പക്ഷവാദികള്‍ക്ക് പോലും ഇക്കിളിയും കുലുങ്ങി ചിരിയും.പൂര്‍ണ്ണ എന്ന നടി മിനി സ്കര്‍ട്ട് ഇട്ടാല്‍ സംഗതി സദാചാര വിരുദ്ധവും അങ്ങനെയല്ലേ നാട്ടു നടപ്പ്

അതല്ലല്ലോ ഇവിടുത്തെ പ്രശ്നം ?സുരേഷ് കുമാര്‍ എന്ന സംവിധായകന്‍ തുടര്‍ച്ചയായി ഇങ്ങനത്തെ ചിത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുന്നു എന്നതല്ലേ ? എന്ത് കൊണ്ട് ഒരു നല്ല സിനിമ പുനര്‍നിര്‍മ്മിച്ചു കൂടാ?

അതൊക്കെ ഓരോരുത്തരുടെ ബിസ്നസ്സ് ഐഡിയ പോലിരിക്കും . ഇപ്പോള്‍ തെലുങ്ക് പടങ്ങള്‍ മൊഴി മാറ്റി എത്തിക്കുന്ന കാദിര്‍ ഹസ്സന്‍ (അങ്ങനെയാണ് പേര് എന്നാണ് ഓര്‍മ്മ)നോട് താങ്കള്‍ എന്ത് കൊണ്ട് നിലവാരമുള്ള ബംഗാളി ചിത്രങ്ങള്‍ മൊഴി മാറ്റി എത്തിക്കുന്നില്ല എന്ന് ചോദിക്കുന്ന പോലിരിക്കും അത് (എങ്ങാനും അങ്ങനെ എത്തിച്ചാല്‍ ഈ ചോദിക്കുന്നവര്‍ പോലും അതൊന്നും കാണാന്‍ പോകില്ല എന്നത് വേറെ ) .

അണ്ണാ കാടു കേറാതെ ഈ പടത്തിലേക്കു വന്നാല്‍ .....

നീയല്ലെടെ ഈ കാടു കേറ്റുന്നെ? ശരി ഈ പടം.സംവിധാനം സന്തോഷ്‌ സേതുമാധവന്‍,(പഴയ സംവിധായകന്‍ സേതു മാധവന്‍റെ മകനാണു എന്നാണ് അറിവ് ) അഭിനേതാക്കള്‍ പൂര്‍ണ്ണ (ഷംന),ഹേമന്ത് മേനോന്‍,ഇന്നസെന്റ്‌,സുവര്‍ണ്ണ മാത്യു,സംഗീതം ജയചന്ദ്രന്‍.പമ്മന്‍ എഴുതിയ ചട്ടക്കാരി എന്നാ നോവലിനെ അടിസ്ഥാനമാക്കി തോപ്പില്‍ ഭാസി എഴുതിയ അതെ പേരില്‍ തന്നെയുള്ള ചിത്രത്തെ പഴയ ചിത്രത്തെ പുന സൃഷ്ട്ടിക്കല്‍ ആണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്.ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പാശ്ചാത്തലമാക്കി എഴുതിയ നോവല്‍ ആണ് പേര് സൂചിപ്പിക്കുന്നത് പോലെ ചട്ടക്കാരി.നടി ലക്ഷ്മിയാണ് പഴയ സിനിമയില്‍ കേന്ദ്ര കഥ പാത്രമായ ജൂലിയെ എല്ലാ ഭാഷയിലും (ഹിന്ദിയടക്കം) അവതരിപ്പിച്ചത്.ചിത്രവും ഗാനങ്ങളും ആ കാലഘട്ടത്തില്‍ വന്‍ ഹിറ്റായിരുന്നു.

ഈ ചരിത്രമൊക്കെ എല്ലാവര്ക്കും അറിയാം അണ്ണന്‍ വിഷയത്തിലേക്ക് വന്നെ ....

പറയാം ആദ്യമായി ഒരു പഴയ ചിത്രം പുനര്‍നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍ മലയാള സിനിമയില്‍ ഒരു ആചാരം പോലെ ചെയ്യുന്നത് ആ സ്ക്രിപ്റ്റ് അത് പോലെ പുതിയ താരങ്ങളെ കൊണ്ട് അഭിനയിപ്പിക്കുക എന്നതാണ് .നീലത്താമര എടുത്ത ലാല്‍ ജോസ് പോലും ഇതിനു ഒരു അപവാദം ആകുന്നില്ല (പറഞ്ഞു വരുമ്പോള്‍ മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അദ്ദേഹം). അതിനു ഒരു ന്യായീകരണം എന്നാ മാതിരി പണ്ട് സിനിമ എടുത്ത അതെ കാലഘട്ടത്തില്‍ നടന്ന കഥ എന്ന് കൂടി പറഞ്ഞു കളയും (അപ്പോള്‍ പിന്നെ സ്ക്രിപ്റ്റില്‍ പണിയെടുക്കണ്ടല്ലോ).ലാല്‍ ജോസടക്കം പല സംവിധായകരും സാഭിമാനം പറയുന്ന ഒരു വാചകം ഞാന്‍ ഈ പഴയ ഒറിജിനല്‍ കണ്ടിട്ടേ എല്ലാ എന്നുള്ളതാണ്.ശരിക്കും ഒറിജിനല്‍ കാണുകയും അതിനെ മനസിലാക്കുകയും ചെയ്താലല്ലേ പ്രസ്തുത സിനിമയുടെ നല്ലൊരു വെര്‍ഷന്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റു?പഴയ ഒരു ഹിറ്റ് സിനിമ പുനര്‍നിര്‍മ്മിക്കുമ്പോള്‍ സംവിധായകന്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഒന്ന് കാലത്തിനു അനുസരിച്ച് അത് മാറ്റിയെടുക്കുക എന്നതാണ് രണ്ടാമതായി ഒരു വിജയ ചിത്രത്തിന് നൂറായിരം അനുകരണങ്ങള്‍ അതിനകം വന്നിട്ടുണ്ടാകും അപ്പോള്‍ എങ്ങനെ തന്‍റെ ചിത്രം അതില്‍ നിന്നും വ്യത്യസ്തം ആക്കാം എന്നാണ് ഓരോ സംവിധായകനും ചിന്തിക്കേണ്ടത് .ഉദാഹരണമായി ഷോലേ എന്ന ചിത്രമെടുത്താല്‍ അതിനു ഒരു നൂറായിരം അനുകരണങ്ങള്‍ പില്‍കാലത്ത് വന്നിട്ടുണ്ട്.സുഭാഷ്‌ ഗൈ സംവിധാനം ചെയ്ത കര്‍മ പോലുള്ളവ ഉദാഹരണം.എന്നാല്‍ ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു അനുഭവമാണ്‌ ശ്രീ രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്ത ചൈന ഗേറ്റ് എന്ന ചിത്രം നല്‍കുന്നത്.ഷോലെയുടെ ഏറ്റവും മികച്ച പുനര്‍ സൃഷ്ട്ടിയായി ഞ്ഞാന്‍ കാണുന്നത് ഈ ചിത്രമാണ്.

അല്ല നമ്മള്‍ എപ്പോള്‍ പറഞ്ഞു വരുന്നത് ഈ സിനിമയെ പറ്റിയാണല്ലോ.അണ്ണന്‍ ലോക സിനിമയിലോട്ടു കേറിയാല്‍ ....

അനിയാ,പറയാന്‍ ഉദ്ദേശിച്ചത് മലയാളത്തില്‍ പുനര്‍ നിര്‍മിക്കപ്പെടുന്ന ഏതൊരു ചിത്രത്തിന്‍റെയും പ്രശ്നങ്ങള്‍ ഈ പടത്തിനും ഉണ്ട് എന്നതാണ്.ആംഗ്ലോ ഇന്ത്യന്‍ ട്രെയിന്‍ ഡ്രൈവര്‍ മോറീസിന്‍റെ (ഇന്നസെന്‍റ്) മകള്‍ ജൂലി (പൂര്‍ണ്ണ/ഷംന) അവളുടെ കാമുകന്‍ ശശി (ഹേമന്ത്)ജൂലിയെ സ്നേഹിക്കുന്ന (വണ്ണ്‍ വേ)റിച്ചാര്‍ഡ്‌ എന്നിവരാണ്‌ പ്രധാന കഥ പാത്രങ്ങള്‍. ജൂലിയുടെ അമ്മയായി സുവര്‍ണ്ണ മാത്യു അഭിനയിക്കുന്നു.പ്രേം കുമാര്‍,സുകുമാരി,കലാശാല ബാബു എന്നിവരും ഈ ചിത്രത്തില്‍ ഉണ്ട്.

ജൂലി - ശശി പ്രണയം . ഗര്‍ഭിണി ആകുന്ന നായിക,അതറിയാത്ത നായകന്‍ ,ഒടുവില്‍ വിവരം അറിഞ്ഞു നായികയെയും കുഞ്ഞിനേയും കൂട്ടി കൊണ്ട് പോകുന്ന നായകന്‍ ഇങ്ങനെ നമുക്കറിയാവുന്നത്‌ തന്നെയാണ് ഈ ചിത്രത്തിന്‍റെ കഥ.കാടു കയറുക ആണെന്ന് പറയല്ലേ പഴയ ഒരു സിനിമ.തഗോജ്വലമായ ജീവിതം നയിക്കുന്ന നായിക.നായികയുടെ പേര് ഷക്കീല ആണ് എന്നും ഇരിക്കട്ടെ.ഈ സിനിമ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ആദ്യം ചെയ്യേണ്ടത് ആ കഥാപാത്രത്തിന്‍റെ പേര് മറ്റു എന്തെങ്കിലും ആകുക എന്നതാണ്.(എപ്പോളും ഇതു നടക്കണം എന്നില്ല. നാളെ ഇതു പോലെ ഒരു കാരണം വെച്ച് വടക്കന്‍ വീരഗാഥ എടുത്താല്‍ നായകന്‍റെ പേര് പരമു എന്നാക്കാന്‍ പറ്റില്ലല്ലോ).പക്ഷെ ഈ ചിത്രത്തില്‍ അത് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു.നന്ദനത്തിലെ ജഗതിയാണോ,ചതിക്കാത്ത ചന്തുവിലെ സലിം കുമാര്‍ ആണോ അതോ തിരുവനന്തപുരം എം പി ആണോ ഈ പേരിനെ ഹാസ്യ വല്ക്കരിച്ചത് എന്നത് തര്‍ക്ക വിഷയമാണ്‌.പക്ഷെ ഈ ചിത്രത്തില്‍ ശശി എന്ന പേര് തീയറ്റെറില്‍ തെറ്റില്ലാതെ ചിരി ഉളവാക്കുന്നു.അഭിനേതാക്കളില്‍ ഇന്നസെന്‍റ് തികച്ചും അരോചകം ആയാണ് എനിക്ക് തോന്നിയത്.ജോക്കര്‍ എന്ന ലോഹിതദാസ് ചിത്രത്തിലെ സര്‍ക്കസ് കമ്പനി മുതലാളി ആയി അഭിനയിച്ച രാജു എന്ന നടന്‍ ആയിരുന്നെങ്ങില്‍ ഒരു പക്ഷെ നന്നായേനെ എന്ന് തോന്നി . (ഈയിടെ പല റോളുകളും കാണുമ്പോള്‍ ജഗതി എന്ന നടനെ ഓര്‍ക്കുന്നത് എന്തോ മനോരോഗമായി കണ്ടു ഞാനങ്ങു വിട്ടു!!!).
പിന്നെ നായിക,കുറച്ചു കാലത്തിനു ശേഷം ഒരു നായികാ പ്രാധാന്യം ഉള്ള ചിത്രം വഴി മലയാളത്തില്‍ തിരിച്ചെത്തുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധ കാണി ക്കാമായിരുന്നു എന്ന് തോന്നുന്നു.പല രംഗങ്ങളിലും കുട്ടിയുടെ ശരീര ഒതുക്കമില്ലയിമ്മ മറയ്ക്കാന്‍ വസ്ത്രാ ലങ്കാര വിഭാഗം പാട് പെടുന്നത് കാണാം.പഴയ രണ്ടു കാറുകള്‍ നിരത്തി നിര്‍ത്തിയാല്‍ കലാസംവിധായകന്‍റെ ജോലി തീര്‍ന്നു. വസ്ത്രാലങ്കാര വിഭാഗം പടം റീ ലീസ് ആകുന്ന ദിവസം ആണെന്ന് തോന്നുന്നു അറിഞ്ഞത് ഇതു പഴയ കാലഘട്ടത്തില്‍ നടക്കുന്ന കഥയാണെന്ന് !!! ഗാനങ്ങള്‍ വളരെ നന്നായി എന്ന് പ്രത്യേകം പറയാവുന്നതാണ്.എം ജയചന്ദ്രന് നിനക്ക് നല്ല മാര്‍ക്ക് ധൈര്യമായി കൊടുക്കാം

നടീ നടന്‍മാര്‍ എല്ലാവരും അവരെ ഒക്കെ കൊണ്ട് ആകുന്നത്‌ പോലെ നന്നായി ചെയ്തിട്ടുണ്ട് .പിന്നെ ഇന്നലെ വന്ന ഹേമന്ദ് ഒക്കെ കേറി എണ്പതുകളിലെ ലാലിനെ പോലെ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ കഷ്ടമല്ലേ . (മേല്‍പ്പറഞ്ഞ സംഗതി ഇപ്പോള്‍
ലാലേട്ടന് പോലും പറ്റുന്നില്ല എന്നതാണ് സത്യം !!)

അപ്പോള്‍ ചുരുക്കത്തില്‍ ......

വേണ്ടത്ര ഹോം വര്‍ക്ക് ചെയ്യാതെ ഒരു നവാഗത സംവിധായകന്‍ ചെയ്ത ചിത്രം.കണ്ടില്ല എങ്കില്‍ വലിയ നഷ്ട്ടവും ഉണ്ടാകാനില്ല മറിച്ചു കണ്ടു എന്ന് വെച്ച് വലിയ നേട്ടവും ഇല്ലാത്ത ഒരു ചിത്രം .

Friday, September 7, 2012

ഒഴിമുറി (Ozhimuri : Review )


മലയാളത്തിലെ പ്രത്യേകിച്ചു മലയാള സിനിമകളിലെ കാലഹരണപ്പെട്ട ബിംബ സാന്നിധ്യം വെളിവാക്കുന്നത് ഭീതിജനകമായ വര്‍ത്തമാന കാല യാഥാര്‍ത്യങ്ങളുടെ പാര്‍ശ്വവല്ക്കരിക്കപെട്ട നിത്യജീവിത നൈര്യന്തര്യങ്ങളില്‍ കൂടിയുള്ള മലയാള മനസ്സിന്‍റെ .......

അനിയാ നീ സിനിമ വിട്ടോടെ? ഇതെന്തോന്ന് പാര്‍ട്ടി സന്ദേശമോ ?

അല്ല അണ്ണാ ഇതു ഫ്രീലാന്‍സിംഗ് കറിയാച്ചന്‍ അറിയണ്ട .നമ്മുടെ അണലി സാറിന് തിരക്കായതിനാല്‍ കൊലയാളി പത്രത്തിലെ വിഷം കുത്തി വെക്കല്‍ പരിപാടി ഒന്ന് ചെയ്യാമോ എന്ന് ചോദിച്ചു. നമുക്കെന്തു? പച്ചരിയല്ലേ കാര്യം.ഒരു പിടി പിടിച്ചു നോക്കാം എന്ന് കരുതി .

അതിരിക്കട്ടു ഇതെന്തോന്ന് ? ഏതു സിനിമ?

അങ്ങനെ ഒന്നുമില്ല.ഇതൊക്കെ ഏതു സിനിമക്കും ഉപയോഗിക്കാം.ഇപ്പോള്‍ ഉപയോഗിക്കാന്‍ പോകുന്നത് കടമുറി എന്ന ചിത്രത്തിന് വേണ്ടിയാണു.അങ്ങനെ ഏതാണ്ട് പടം ഇറങ്ങി ഇല്ലായിരുന്നോ ഇന്നലെ ?

കടമുറിയോ ? ..... എടാ മഹാപാപി..... ഒഴിമുറി. വന്നു വന്നു നീ പോസ്റ്റര്‍ പോലും വായിക്കാതെ ആയോ പരിപാടി?

കളയണ്ണാ. ഇതിനൊക്കെ ആര്‍ക്കു നേരം ? നിങ്ങള്‍ കണ്ടോ സംഗതി ?

കണ്ടെടെ.തലപ്പാവ് എന്ന ചിത്രത്തിന് ശേഷം ശ്രീ മധുപാല്‍ ഒരുക്കുന്ന അഥവാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിമുറി.പി എന്‍ വി അസോസിയേറ്റ്സിന്‍റെ ബാനെറില്‍ പി‍ എന്‍ വേണുഗോപാലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തിരകഥ - സംഭാഷണം അങ്ങാടി തെരുവ്,നാന്‍ കടവുള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരകഥ എഴുതിയ ജയമോഹനാണ്.ചായാഗ്രഹണം അഴഗപ്പന്‍ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് ബിജിബാല്‍ ആണ്.അഭിനേതാക്കള്‍ ലാല്‍ ,ശ്വേതമേനോന്‍,മല്ലിക,ആസിഫലി,ഭാവന,ജഗദീഷ്,ഗോപകുമാര്‍,കൊച്ചു പ്രേമന്‍....

അസിഫലിയോ ? ആ അഹങ്കാരിയെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇഷ്ട്ടമല്ല .ഒരു ബഹുമാനമില്ലാത്തവന്‍ ........

കളയനിയാ,ഈ സെക്കന്റ്‌ ഷോ എന്ന മഹോത്തരമായ ചലച്ചിത്രകാവ്യം ഇറങ്ങുന്നതിന്‍റെ തൊട്ടു തലേ ദിവസമല്ലിയോ അന്ന് വരെ തങ്ക കുടമായിരുന്ന ആസിഫലി എന്ന നടന്‍ അഹങ്കാരിയും,വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തവനും,ക്രിക്കറ്റ്‌ കളിക്കാത്തവനും ഒക്കെ ആയി മാറിയത്.ഇതൊക്കെ അങ്ങനെ വന്നും പോയും ഇരിക്കും വിടെടെ.

ശരി തല്ക്കാലം വിട്ടു. ഈ പടം എങ്ങനെ അവാര്‍ഡ്‌ പടമാണോ ?

എന്തോന്നെടെ ഇതു? നല്ല പടമാണോ ഇഷ്ടപെട്ടോ എന്ന് ചോദിക്കെടെ.നീയൊക്കെ നിരൂപകരല്ലേ ?

തന്നെ അണ്ണന്‍ കാര്യം പറയണം .

അനിയാ ഈ പഴയ തിരുവിതാംകൂറിന് കീഴില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ തമിഴ്നാടിനു കീഴില്‍ വരുന്നതുമായ നഗര്‍കോവില്‍ കന്യാകുമാരി പോലുള്ള അതിര്‍ത്തി പ്രദേശമാണ് പശ്ചാത്തലം.ഈ ഒഴി മുറി എന്ന് പറയുന്നത് ആ കാലത്തേ നായര്‍ സമുദായത്തില്‍ നിലവിലിരുന്ന നിയമപരമായ വിവാഹമോചന രീതി ആണ്.തെക്കന്‍ തിരുവിതാംകൂറില്‍ ആണ് ഈ സമ്പ്രദായം പ്രധാനമായി നിലവില്‍ ഇരുന്നത് എന്നാണ് എനിക്ക് മനസിലായത് (അല്ലെങ്കില്‍ ക്ഷമിക്കണേ).അന്‍പത്തി അഞ്ചാം വയസ്സില്‍ ഭര്‍ത്താവായ താണു പിള്ള (ലാല്‍)യില്‍ നിന്നും ഒഴി മുറി വാങ്ങാനെത്തുന്ന മീനാക്ഷി (മല്ലിക)യില്‍ നിന്നാണ് കഥ ആരംഭിക്കുന്നത്.കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ താണുപിള്ളയുടെ വക്കീലിന്‍റെ ജൂനിയര്‍ ആയ ബാലാമണിയില്‍ (ഭാവന) നിന്നാണ് കഥ തുടങ്ങുന്നത്.ഈ ഒഴിമുറി കേസ് എടുക്കുന്ന ബാലയ്ക്ക് തുടക്കത്തില്‍ പഴയ നായര്‍ ആചാരങ്ങളും മറ്റും തികച്ചും വിചിത്രമായി തോന്നുന്നു.താണുപിള്ള - മീനാക്ഷി ദമ്പതിമാരുടെ മകനായ ശരത്തുമായി (ആസിഫലി) അടുക്കുന്ന ബാല അയാളിലൂടെ താണുപിള്ളയുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു.ശരത്തിനും അച്ഛനോട്,കുട്ടിക്കാലം മുതലുള്ള കര്‍ക്കശമായ പെരുമാറ്റം മൂലം,വെറുപ്പാണ്..താണുപിള്ളയുടെയും മീനാക്ഷിയുടെയും ദാമ്പത്യത്തിന്‍റെ എടുകളിലൂടെ കടന്നു പോകുമ്പോള്‍ തന്നെ അയാളുടെ അച്ഛന്‍ ശിവന്‍പിള്ള ചട്ടമ്പിയെയും (ലാല്‍) അമ്മ കാളിപിള്ള അമ്മച്ചിയെയും (ശ്വേത മേനോന്‍) കാണുന്നു അഥവാ ബാലയിലൂടെ ആ കഥാപാത്രങ്ങള്‍ അന്നത്തെ നായര്‍ സമുദായത്തിലെ സാമൂഹ്യ ജീവിതം ഇതൊക്കെ നമുക്ക് മുന്നിലെത്തുന്നു.ശരത്തും ആയിട്ടാണ് സംഭാഷണം എങ്കിലും കഥ മുന്നോട്ടു മുന്നോട്ടു പോകുന്നത് പൂര്‍ണമായും താണുപിള്ളയുടെ വീക്ഷണ കോണില്‍ കൂടെയാണ്.

കഥ പുരോഗമിക്കുമ്പോള്‍,അഥവാ പലരുടെ വീക്ഷണത്തിലൂടെ കഥ പുരോഗമിക്കുമ്പോള്‍,ഒരു കറ തീര്‍ന്ന വില്ലനില്‍നിന്നും ഒരു സാധാരണ മനുഷ്യന്‍റെ നന്മ തിന്മകള്‍ എല്ലാം ഉള്ള ഒരു മനുഷ്യനായി താണുപിള്ള നമുക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നു.ഈ മാറ്റം ശരത്തിനോടൊപ്പം കാണികള്‍ക്കും അനുഭവപ്പെടുന്നു എന്നിടത്താണ് ഈ ചിത്രത്തിന്‍റെ പിന്നണിക്കാരുടെ വിജയം. എനിക്ക് ഈ സിനിമയില്‍ അതിശയകരമായി തോന്നിയത് ഈ ചിത്രത്തിന്‍റെ തിരകഥ എഴുതിയത് അങ്ങാടിത്തെരു,നാന്‍ കടവുള്‍ പോലുള്ള ചിത്രങ്ങള്‍ എഴുതിയ അതെ ആളാണ് എന്നുള്ളതാണ് (മലയാള സിനിമക്ക്, തമിഴന്‍ അയാള്‍ ഗൌണ്ടാര്‍ ആയാലും,തേവര്‍ ആയാലും,ചെട്ട്യാര്‍ ആയാലും വേറെ എന്ത് കുന്തമായാലും വെള്ള ഷര്‍ട്ട്‌,വെള്ള മുണ്ട്,കുറെ സ്വര്‍ണ്ണ മാലകള്‍,കൊമ്പന്‍ മീശ, സ്ഥിരം വാചകങ്ങള്‍ എന്നിങ്ങനെ ഉള്ള ഒരു ഫോര്‍മാറ്റിനു അപ്പുറം ചിന്തിക്കാന്‍ കഴിയുന്നില്ല എന്നത് ഇരിക്കട്ടെ).തനി തമിഴ് സംസ്കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന മേല്‍പ്പറഞ്ഞ രണ്ടു ചിത്രങ്ങള്‍ എഴുതിയ അതെ മനുഷ്യന്‍ ഈ ചിത്രത്തില്‍ മലയാള തമിഴ് സംസ്കാരങ്ങള്‍ കൂടി കുഴഞ്ഞു കിടക്കുന്നിടത്തെ കഥ നന്നായി പറഞ്ഞു പോയിരിക്കുന്നു എന്നാണ് എന്‍റെ അഭിപ്രായം.ഒപ്പം തന്നെ തന്‍റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയുന്ന മധുപാലും തന്‍റെ ജോലി അഭിനന്ദനനീയമായി തന്നെ ചെയ്തിരിക്കുന്നു .അല്ലെങ്കിലും ചിലപ്പോള്‍ ഒക്കെ ഈ തമിഴന്‍ നമ്മളെ ഇങ്ങോട്ട് വന്നു വിസ്മയിപ്പിച്ചുകളയും (അവന്‍റെ സ്വന്തം നാട്ടില്‍ ഇരുന്നു വിസ്മയിപ്പിക്കുന്നത് വേറെ) പിച്ച വെച്ച് നടകുന്നകാലത്ത് ഉണരൂ എന്ന സിനിമ എടുത്ത മണിരത്നം ആണ് പെട്ടന്ന് ഓര്‍മ്മ വരുന്ന ഒരു ഉദാഹരണം.നമ്മള്‍ തിരിച്ചു വിസ്മയിപ്പിക്കുനതാകട്ടെ മൌനം സമ്മതം എടുത്തും !!!

അല്ല അങ്ങനെ പറഞ്ഞാല്‍ ....

ഹ പറഞ്ഞു തീരട്ടെ അനിയാ ഈ ചിത്രം ശരിക്കും താരതമ്യം ചെയ്യേണ്ടത് ഇവിടുത്തെ നിരൂപക ലോകം ഭയങ്കര സംഭവം ആണെന്ന് വാഴ്ത്തുന്ന പാലേരി മാണിക്യം എന്ന സിനിമയും ആയി ആണ് എന്ന് എനിക്ക് തോന്നുന്നു.പാലേരി മാണിക്യം എന്ന ചിത്രത്തില്‍ എന്തൊക്കെ ഇല്ലയോ അതെല്ലാം ഈ ചിത്രത്തില്‍ ഉണ്ട് എന്ന് ഒറ്റവാക്കില്‍ പറയാം.അക്കാലത്തെ സാമൂഹ്യജീവിതം , തലമുറകളിലൂടെ അതിനു വരുന്ന മാറ്റം.മാറ്റങ്ങള്‍ക്കൊപ്പം തന്നെ മാറാതെ നില്‍ക്കുന്ന ഘടകങ്ങള്‍,പച്ചയായ മനുഷ്യര്‍ ഇതല്ലാം പാലേരി മാണിക്യത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാതെ ഇരിക്കുമ്പോള്‍ ഇവയെല്ലാം ഈ ചിത്രത്തില്‍ മിഴിവോടെ ഒഴിമുറി എന്ന ചിത്രത്തില്‍ കാണാം.പതിഞ്ഞ താളത്തില്‍ പോകുന്നു എങ്കിലും തികച്ചും എനിക്ക് ആസ്വാദ്യകരമായി തോന്നിയ ചിത്രം.

എന്നാലും ഈ തെക്കൊട്ടൊക്കെ എന്തോന്ന് സംസ്കാരം അതെല്ലാം വടക്കല്ലേ?

പെട്ടന്ന് ഓര്‍മ വരുന്ന ഒരു ഉദാഹരണം പറഞ്ഞോട്ടെ ബ്രിട്ടിഷുകാര്‍ക്ക് അവരുടെ രാജ കുടുംബത്തോടുള്ള ബഹുമാനം പ്രസിദ്ധമാണ് . അതിനെ ബാക്കി എല്ലാരും മാനിക്കുന്നു.അതേ ബഹുമാനം രാജാവിനോട് കാണിക്കുന്ന തിരുവനന്തപുരംകാരനോട് നമുക്ക് പരമ പുച്ഛവും.ഇത്രയല്ലേ ഉള്ളു അനിയാ സംഗതികള്‍.ഇതു പറഞ്ഞത് തിരുവനതപുരംകാരന്‍ അഥവാ തെക്കന്‍ ഭയങ്കര സംഭവം ആണെന്ന് തെളിയിക്കാനല്ല മറിച്ചു,മറ്റേതൊരു ജനസമുഹത്തെയും പോലെ അവന്‍റെ സംസ്കാരത്തിലും നല്ലതും ചീത്തയും ഉണ്ട് എന്നതാണ്.ഈ ചിത്രത്തില്‍ നന്നായി എനിക്ക് തോന്നിയ മറ്റൊരുഘടകം ആരുടെയും പക്ഷം പിടിക്കാതെ,ഒന്നിനെയും മഹത്വവല്ക്കരിക്കാതെ കഥപറഞ്ഞു പോകുന്ന രീതിയാണ്‌.

അപ്പോള്‍ അഭിനയമോ ?

ഈ ചിത്രത്തില്‍ മോശമായത് ആസിഫലിയും ഭാവനയും ആണെന്ന് പറഞ്ഞാല്‍ സത്യമായും അത് അവരുടെ കുറ്റം കൊണ്ടാണ് എന്ന് ധരിക്കരുത്.അത്രയ്ക്ക് അന്യായം ആയാണ് ലാല്‍,ശ്വേത മേനോന്‍,മല്ലിക (ചെറിയ വേഷത്തില്‍ വരുന്ന നന്ദുവും ഒരൊറ്റ സീനില്‍ വരുന്ന ഗോപകുമാറും പോലും) അവരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.കുറ്റം പറയാന്‍ ആണെങ്കില്‍ ബാലയും ശരത്തുമായുള്ള സംഭാഷണത്തില്‍ ഇടയ്ക്കിടെ ലോക്കല്‍ സ്ലാഗ് വരികയും ഇടയ്ക്ക് ഇല്ലാതിരിക്കുകയും ചെയുന്നത് ഒരു കല്ല്‌ കടിയാകുന്നു (ഒരു പക്ഷെ അത് സംവിധായകന്‍ പുതുതലമുറയുടെ മാറ്റം കാണിക്കാന്‍ ശ്രമിച്ചതാകാം എന്ന് കരുതുന്നു). എന്നാല്‍ ബാക്കി ആരുടെയും സംഭാഷണത്തില്‍ ആ പ്രശ്നം ഇല്ല എന്നിടത്താണ് ഇങ്ങനെ ഒരു തോന്നല്‍ ഉണ്ടാകാന്‍ കാരണം. സുരാജിനെ പോലയുള്ളവര്‍ വികൃതവല്‍ക്കരിച്ച തിരുവനന്തപുരം ഭാഷ ഈ ചിത്രത്തില്‍ ഭംഗിയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.പാലേരി മാണി ക്യത്തിനും സാള്‍ട്ട് ആന്‍ഡ്‌ പെപ്പറിനും ഒക്കെ അവാര്‍ഡ്‌ കൊടുക്കാമെങ്കില്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ശ്വേതാമേനോന് രണ്ടു അവാര്‍ഡ്‌ എങ്കിലും കൊടുക്കേണ്ടി വരും.ലാല്‍,ശ്വേതാ എന്നിവരുടെ വസ്ത്രാലങ്കാരം,മെയ്‌ക്കപ്പ് എന്നിവയും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു . ഇവരുടെ ഓരോരുത്തരുടെയും ജീവിതഘട്ടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ (വസ്ത്രം ,ശരീര ഭാഷ , രൂപം എന്നിവയിലൊക്കെ ) ശരിക്കും കണ്ടു പഠിക്കേണ്ടതാണ്.(കുറഞ്ഞ പക്ഷം പുതിതായി ഈ രംഗത്ത് വരാന്‍ ആഗ്രഹിക്കുന്നവര്‍ എങ്കിലും).ജഗദീഷ് മാത്രമാണ് കുറച്ചു ബോര്‍ ആയി തോന്നിയത്

അപ്പോള്‍ ചുരുക്കത്തില്‍ പറഞ്ഞാല്‍

ഈ വര്‍ഷത്തില്‍ ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന് .ഈ സിനിമയിലെ മികച്ച ഘടകങ്ങളായി എനിക്ക് തോന്നിയവ : തിരകഥ-സംഭാഷണം,സംവിധാനം, ലാല്‍ - ശ്വേതമേനോന്‍ -മല്ലിക എന്നിവരുടെ അഭിനയം , വസ്ത്രാലങ്കാരം,മെയ്‌ക്കപ്പ്.മാര്‍ക്കൊക്കെ നീ തന്നെ ഇട്ടോ.

നിയമ പ്രകാരമുള്ള മുന്നറിയിപ്പ് : മായാമോഹിനിയും,തട്ടത്തിന്‍ മറയത്തും,ഉസ്താദ്‌ ഹോട്ടലും ഒക്കെ അരങ്ങു തകര്‍ക്കുന്ന ഈ കാലത്ത് ഇതു പോലെ ഒരു കൊച്ചു ചിത്രം എത്ര കാലം തീയട്ടറില്‍ തുടരും എന്നറിയില്ല.ഒരു നല്ല ചിത്രം കാണണം എന്നുള്ളവര്‍ വേഗം കണ്ടില്ല എങ്കില്‍ മോസര്‍ബെയര്‍ കനിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം .

Saturday, September 1, 2012

മുഖം മൂടി (Mukham Moodi : Review )

അനിയാ നീ മിസ്കിന്‍ എന്ന് കേട്ടിട്ടുണ്ടോ ?

എന്ത് മിക്സിയോ ?

മിക്സിയല്ലടാ മിസ്കിന്‍ മിസ്കിന്‍ തമിള്‍ സംവിധായകന്‍ .

ഇല്ല അണ്ണാ വേണേല്‍ ഗൂഗിള്‍ അപ്പുപ്പനോട് ചോദിച്ചിട്ട് പറയാം .പറഞ്ഞു വരുമ്പോള്‍ അതാണല്ലോ നമ്മുടെ ഒക്കെ ചോറ് .

വേണ്ട നീ ബുദ്ധിമുട്ടണ്ട എനിക്കറിയാവുന്നത് ഞാന്‍ പറയാം.ഭാവന,നരേയിന്‍ എന്നിവര്‍ അഭിനയിച്ച ചിത്തിരം പേശുതെടി,പ്രസന്ന,നരേയിന്‍ എന്നിവര്‍ അഭിനയിച്ച അഞ്ജാതെ എന്നിവ കൂടാതെ അദേഹം തന്നെ നായകനായി അഭിനയിച്ച നന്ദലാല എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട് . ആദ്യ രണ്ടും വിജയം ആയിരുന്നു .രണ്ടും ഞാന്‍ കണ്ടതുമാണ് . ഒട്ടും ബോര്‍ അടിക്കാതെ ആസ്വദിച്ച് കാണാവുന്ന ചിത്രങ്ങള്‍ .നന്ദലാല കാണാന്‍ കഴിഞ്ഞില്ല .

ശരി അതൊക്കെ എപ്പോള്‍ പറയാന്‍ ......

പ്രസ്തുത സംവിധായകന്‍ ഒരുക്കിയ മുഖം മൂടി എന്ന ചിത്രം ഇന്നലെ കണ്ടു .അഭിനയിക്കുന്നവര്‍ ജീവ,നരേയിന്‍,പുതുമുഖം പൂജ ഹേഗ്ഡേ,നാസ്സര്‍ എന്നിവരാണ്‌ അഭിനേതാക്കള്‍ .സംഗീതം കെ നിര്‍മാണം യു ടി വി .

ഓ മനസിലായി ഈ പടത്തിനു വേണ്ടിയല്ലേ നരേയിനെ കുറേക്കാലം ജൂഡോ പഠിപ്പിക്കാന്‍ വിട്ടത് .പടം എങ്ങനെ ?

കഥ തുടങ്ങുന്നത് മുഖം മൂടി ധരിച്ച,അത്യന്താധുനിക ഉപകരണങ്ങളുടെ സഹായത്തോടെ വീടുകള്‍ കൊള്ളയടിക്കുകയും അവിടുള്ള എല്ലാവരെയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘത്തെ കാണിച്ചു കൊണ്ടാണ്.തുടരെ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ സര്‍ക്കാര്‍ അന്വേഷണം അസി .കമ്മിഷണര്‍ ഗൌതമിനെ (നാസ്സര്‍)ഏല്‍പ്പിക്കുന്നു.ഇനി അടുത്ത ട്രാക്ക്.തൊഴില്‍ രഹിതനായ ആനന്ദ്‌ (ജീവ) എന്ന യുവാവും സുഹൃത്തുക്കളും.kung - fu ലുള്ള താല്പര്യം നിമിത്തം ബ്രുസ് ലീ എന്ന് അറിയപ്പെടുന്ന ആനന്ദിന് അതല്ലാതെ മറ്റൊന്നിലും താല്പര്യം ഇല്ല. അത് കൊണ്ട് വീട്ടില്‍ നിന്ന് നിരന്തരം ശകാരവും കിട്ടുന്നുണ്ട്‌.ഇയാളുടെ kung - fu സ്കൂളും മാസ്റ്റെറും സാംബത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്നുമുണ്ട് .ഇതിനിടെ ഗൌരവിന്‍റെ മകള്‍ ശക്തിയില്‍ (പൂജ ഹേഗ്ഡേ) ആനന്ദ്‌ ആക്രിഷ്ട്ടനാകുന്നു .അവള്‍ക്കാകട്ടെ തൊഴിലില്ലാത്ത,തല്ലും പിടിയുമായി നടക്കുന്ന നായകനെ പരമ പുച്ഛവും. തന്‍റെ കാമുകിയുടെ പ്രേമം പിടിച്ചു പറ്റാന്‍ ആഘോഷങ്ങള്‍ക്ക് ഉള്ള വേഷ വിധാനങ്ങള്‍ ഉണ്ടാകുന്ന അപ്പൂപ്പന്‍ ഉണ്ടാക്കി വെച്ചിരുന്ന ബാറ്റ് മാന്‍ - കൃഷ്‌ മോഡല്‍ വേഷവും ധരിച്ചു രാത്രി കാമുകിയെ കാണാന്‍ പോകുന്ന നായകന്‍ യദ്രിചികമായി നേരത്തെ പറഞ്ഞ സംഘത്തെ പിന്തുടരാന്‍ ഇടയാകുന്നു.അവരില്‍ ഒരാളെ പോലീസിന് പിടിച്ചു കൊടുത്തിട്ട് നിങ്ങള്‍ ആരാണ് എന്ന ചോദ്യത്തിന് മുഖം മൂടി എന്ന ഉത്തരവും നല്‍കി ആനന്ദ്‌ അപ്രത്യക്ഷനാകുന്നു.

കഥ വില്ലന്മാരിലേക്ക് .ഡ്രാഗണ്ണ്‍ kung - fu സ്കൂള്‍ നടത്തുന്ന അംഗ സ്വാമിയും (നരേയ്ന്‍)സംഘവും ആണ് ഈ കൊള്ള - കൊലകള്‍ക്ക് പിന്നില്‍.അന്വേഷണം കുറ്റവാളികളിലേക്ക് ഇതും എന്ന ഘട്ടത്തില്‍ വില്ലന്മാരുടെ വെടിയേറ്റ്‌ ഗൌരവ് അത്യാസന്ന നിലയിലാകുന്നു.കുറ്റം കാമുകിയെ കാണാന്‍ എത്തിയ ആനന്ദിന് മേല്‍ വീഴുന്നു.അവിടന്ന് രക്ഷപ്പെടുന്ന ആനന്ദ്‌ മുഖം മൂടിയായി തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതും വില്ലന്മാരെ അകത്താക്കുന്നതും ആണ് ശേഷമുള്ള കഥ .

അയ്യേ ഇതൊരുമാതിരി വിജയ്‌ ചിത്രം പോലെയുണ്ടല്ലോ ?

അനിയാ പല പ്രാവശ്യം പല ഉദാഹരണങ്ങള്‍ വെച്ച് എവിടെ പറഞ്ഞിട്ടുള്ള താണ് . ഒരു ചിത്രം അതിലെ പ്രേമയം കൊണ്ട് മാത്രമല്ല പുതുമ സൃഷ്ട്ടിക്കവുന്നത്.ഉദാഹരണം സിരുത്തൈ എന്ന കാര്‍ത്തി ചിത്രം നോക്കിയാല്‍ കഥ പല പ്രാവശ്യം പല ഭാഷകളിലായി പറഞ്ഞതാണ്‌ (മലയാളത്തില്‍ ശോഭരാജ്,പത്താമുദയം.ഹിന്ദിയില്‍ ഡോണ്‍ കാളിചരണ്‍) ഇതില്‍ നിന്നും ചിരുത എന്ന ചിത്രം അകെ വ്യത്യസ്തമാകുന്നത് കഥയിലെ സംഭവങ്ങളുടെ ഓര്‍ഡറില്‍ വരുന്ന മാറ്റമാണ്. ജീവിക്കാന്‍ 3 മാസം മാത്രം അവശേഷിക്കുന്ന ഉള്ള ഒരാളുടെ കഥ പറയുന്ന 180 എന്ന ചിത്രം മറ്റൊരു ഉദാഹരണമാണ്‌.

അപ്പോള്‍ പടം കിടിലം എന്നാണോ പറയുന്നേ ...

അതല്ലേ കഷ്ട്ടം ഒറ്റവാക്കില്‍ പറഞ്ഞാല്‍ സത്യന്‍ അന്തിക്കാട്‌, അങ്ങേരുടെ നല്ല കാലത്ത് ആറാം തമ്പുരാന്‍ എടുത്തത്‌ പോലെയുണ്ട് ഈ ചിത്രം.ചിത്രത്തിന്‍റെ ഒരു സ്വഭാവം വെച്ച് നോക്കിയാല്‍ ഗൌതം മേനോനെ പോലെ ഒരാള്‍ സംവിധാനം ചെയ്യേണ്ട ഒരു ചിത്രം ആയിരുന്നു ഇതു എന്ന് തോന്നുന്നു.ഗൌതം മേനോന്‍ സ്റ്റൈലില്‍ ഉള്ള ഒരു സമീപനം ചിത്രത്തെ മൊത്തത്തില്‍ കുറച്ചു കൂടി ഡാര്‍ക്ക്‌ ആക്കുകയും വില്ലന്മാര്‍ക്ക് കൂടുതല്‍ ഭീകരത കൈവരുകയും ചെയ്തേനെ എന്നാണ് എന്‍റെ അഭിപ്രായം .ഇവിടെ അത് ഇല്ല എന്ന് മാത്രമല്ല നല്ല ഫാസ്റ്റ് പേസില്‍ തറ തൊടാണ്ടെ പോകേണ്ടേ ചിത്രം സാവധാനം രണ്ടു മണികൂര്‍ മുക്കാല്‍ മിനിറ്റ് കൊണ്ട് തീരുമ്പോള്‍ (ഇഴഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ പതിഞ്ഞ താളത്തില്‍ എന്ന് പരുയുന്നതാണ് ശരി എന്ന് തോന്നുന്നു ) ഒരുമാതിരി പെട്ടവനോക്കെ ഹോ കഴിഞ്ഞല്ലോ എന്ന് പറഞ്ഞു പോകും.എടുത്തു പറയേണ്ട ഒന്ന് ഈ ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ മികവും അതിനായി അഭിനേതാക്കള്‍ നല്‍കുന്ന സംഭാവനകളും ആണ്.നരേയ്നും ജീവയും ഒക്കെ നല്ല ഉഗ്രനായി kung - fu രംഗങ്ങളില്‍ ശോഭിക്കുന്നുണ്ട് (എന്ന് വെച്ചാല്‍ സാധാരണക്കാര്‍ക്ക് കിടിലം എന്ന് തോന്നുന്ന രീതിയില്‍).എന്നാല്‍ ഈ kunf - fu രംഗങ്ങള്‍ സിനിമയുടെ ടോട്ടാലിറ്റിക്ക് പ്രയോജനം ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം.പ്രണയ രംഗങ്ങള്‍ മഹാ ബോര്‍.ആദ്യ പകുതിയില്‍ ഇതു മാത്രമേ ഉള്ളു ഉപദ്രവം എന്ന് തോന്നുന്നു .പിന്നെ പല രംഗങ്ങളും കുറച്ചധികം ഡീറ്റെയില്‍ ചെയ്തു എന്നും തോന്നി.നായികയുടെ ആദ്യ രംഗങ്ങളിലെ പ്രകടനം കണ്ടാല്‍ ഇവര്‍ക്ക് വല്ല മാനസിക രോഗവും ആണോ എന്ന് തോന്നിപ്പോകും .നായികയായി പുതുമുഖം കൂടി ആയപ്പോള്‍ തികഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.ക്ലൈമാക്സ്‌ രങ്ങള്‍ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു.ഗിരീഷ്‌ കര്‍ണ്ണാടിനെ പോലുള്ള നടന്മാരെ ഉപയോഗിച്ചിരിക്കുന്നതിലും അലക്ഷ്യമായി നടന്മാരെ ഉപയോഗിക്കാന്‍ മലയാള സംവിധായകര്‍ക്ക് മാത്രമേ കഴിയു എന്നാണ് തോന്നുന്നത് .നാസ്സര്‍ നന്നായിട്ടുണ്ട് എങ്കിലും രഘുവരന്‍ എന്ന നടന്‍ ജീവനോടെ ഉണ്ടായിരുന്നു എങ്കില്‍ എന്ന് തോന്നി പോയി

അപ്പോള്‍ വേണമെങ്കില്‍ പണി തമിഴ് നാട്ടില്‍ നിന്നും വരാം അല്ലെ ?

മിസ്ക്കിന്‍ എന്ന സംവിധായകന്‍ ഒരല്‍പം ഹോം വര്‍ക്ക്‌ ചെയ്തിരുന്നു എങ്കില്‍ തകര്‍പ്പന്‍ ആകുമായിരുന്ന ഒരു ചിത്രം.ആ ഒരൊറ്റ ആളുടെ കുഴപ്പം കൊണ്ട് നാശ കോടാലി ആകുന്നത്‌ കാണുന്നത് ഒരര്‍ഥത്തില്‍ സങ്കടം തന്നെ . ഒരു പക്ഷെ താന്‍ നായകനായി അഭിനയിച്ച, തൊട്ടു മുന്‍പ് അദേഹം സംവിധാനം ചെയ്ത നന്ദലാല കാണാന്‍ എത്താത്ത പ്രേക്ഷകരോടുള്ള മിസ്കിന്‍റെ ഒരു പ്രതികാരമായി ഈ ചിത്രം കാണുന്നതാണ് നല്ലത് എന്ന് തോന്നുന്നു !!!!