Friday, September 28, 2012

പുതിയ തീരങ്ങള്‍ (Review :Puthiya Theerangal)


അല്ല ഇതെവിടന്നു വരുന്നു ? ഈ ആഴ്ചയിലെ പുതിയ വിശേഷങ്ങള്‍ .....?

എന്തോന്ന് വിശേഷമെടെ? വന്നു വന്നു മൂത്രമൊഴിക്കാന്‍ പോലും നികുതി കൊടുകേണ്ടി  വരുമെന്നാ തോന്നുന്നേ .അങ്ങനെ ജീവിച്ചു പോകുന്നു

അണ്ണാ വെറുതെ വെയിറ്റ്  ഇടാതെ കാര്യം പറഞ്ഞേ. നിങ്ങള്‍ നമ്മുടെ  സത്യന്‍  അന്തിക്കാട്‌  സംവിധാനം  ചെയ്ത  പുതിയ  തീരങ്ങള്‍  കണ്ടിട്ട്  വരുന്ന  വഴിയാണ്  ശരിയല്ലേ ?  പടമെങ്ങനെ എന്ന് പെട്ടന്ന് പറഞ്ഞേ. കാളകൂടം പ്രസ്സില്‍ കേറാന്‍ ഇനി നിമിഷങ്ങളെ ബാക്കിയുള്ളൂ . സംഗതി ഓടുന്നത് തന്നെ എന്‍റെ ചിത്രവിദ്വേഷം എന്ന കോളം കൊണ്ടാണ് എന്നാണ് ഞാന്‍ മുതലാളിയെ പറഞ്ഞു വിശ്വസിപ്പിചിരിക്കുന്നത് .ജീവിക്കാനുള്ള ഓരോ പാടുകളെ ...
                                    അനിയാ, നീ വെറുതെ കേറി സത്യന്‍ അന്തിക്കാട്‌ എന്ന് മാത്രംപറയല്ലേ ജനം പേടിച്ചു പോകും . ഒരു സഹിക്കാവുന്ന ഭാഗ്യദേവത ഒഴിച്ചാല്‍ ചില്ലറയാണോ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിന് ശേഷം അങ്ങേര നമ്മളെ വെറുപ്പിച്ചിരിക്കുന്നത്.  അവസാനത്തെ  സ്നേഹ വീട് പോലും ഊ .........ജ്വലം അല്ലായിരുന്നോ . അത് കൊണ്ട് ഈ ചിത്രത്തിന് തിരകഥ സത്യന്‍ അല്ല എന്നതാണ് പ്രധാന ആകര്‍ഷണം എന്ന് പറയേണ്ട് വരും. എന്തൊക്കെയായാലും  ശക്തമായ  പൊതു  ജനാഭിപ്രായം   മാനിച്ചു  അദേഹം  പ്രസ്തുത  കലാപരിപാടി  (തിരകഥ രചന )  നിര്‍ത്തിയതില്‍ ഒരു  മലയാളി പ്രേക്ഷകന്‍  എന്ന  നിലയില്‍  എനിക്ക്  സന്തോഷം ഉണ്ട് .  നന്ദിയുണ്ട്  സത്യാ  ഒരായിരം നന്ദി . ഇവിടെ പ്രസ്തുത  കൃത്യം  നിര്‍വഹിച്ചിരിക്കുന്നത്  ബെന്നി  പി  നായരമ്പലമാണ്. . ക്യാമറ  വേണു,  സംഗീതം  ഇളയരാജ ,  അഭിനേതാക്കള്‍ നിവിന്‍പോളി , നമിതപ്രമോദ്,  നെടുമുടി  വേണു, ഇന്നസെന്‍റ്റ് ,ധര്‍മ്മജന്‍ , ചെമ്പില്‍ അശോകന്‍ തുടങ്ങിയര്‍  അഭിനയിക്കുന്നു .സത്യന്‍  അന്തിക്കാട്‌  ആദ്യമായി   കടലോര  പശ്ചാത്തലത്തില്‍  ഒരു  ചിത്രം  സംവിധാനം ചെയുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ പ്രത്യേകത (അതൊരു പ്രത്യേകത ആണെങ്കില്‍ ).

മതി അണ്ണാ വാചകമടി പടത്തിലോട്ടു വന്നേ ...

                              ദാ വന്നല്ലോ  ഒരു കടപ്പുറം, അമ്മയില്ലാത്ത ഒരു പെണ്‍കുട്ടി താമര പത്തു പതിമൂന്നു വയസയതോടെ അവളെ വീട്ടില്‍ ഒറ്റയ്ക്ക് ആക്കിയിട്ടു പോകാന്‍  ഇഷ്ടം   അല്ലാത്തത്  കൊണ്ട്  അച്ഛന്‍ ശങ്കരന്‍ (സിദ്ദിക്) പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ ഒപ്പം കൊണ്ട് പോകാന്‍ തുടങ്ങി . ഒരു ദിവസം കടലില്‍ പോയ അയാള്‍ മടങ്ങി വരാതെ ആകുന്നതോടെ തികച്ചും അനാഥ ആകുന്നു താമര .ഏഴ് എട്ടു കൊല്ലങ്ങള്‍ക്ക് ശേഷം കഥ തുടങ്ങുന്നു . ഇന്നു താമര (നമിത പ്രമോദ്) ആ കടപ്പുറത്ത് ഒറ്റയ്ക്ക് ജീവിക്കുന്നു. പുരുഷന്മാരോടൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചാണ്  അവളും  ജീവിക്കുന്നത്.  അയല്‍ക്കാരും  സുഹൃത്തുകളും  ഒക്കെയാണ്  ഇന്നു  അവള്‍ക്കു  തുണ . പ്രധാനമായും  അച്ഛന്‍റെ  സുഹൃത്തായ ഉണ്ണി കണ്ടന്‍റെ (ചെമ്പില്‍  അശോകന്‍ )  മകന്‍  മോഹനന്‍ (നിവിന്‍  പോളി ) , നാടക  നടനായ  ആലപ്പി   അപ്പച്ചന്‍  (സിദ്ധാര്‍ധ് ശിവ പുതുമുഖം) ,ധര്‍മജന്‍  തുടങ്ങിയവരാണ് .  അവിടുത്തെ  പള്ളി വികാരി  മൈക്കിള്‍  അച്ചനായി  ഇന്നസെന്‍ന്റ്റ്  വരുന്നു .മറ്റൊരു പ്രധാന കഥാപത്രം മോളി എന്ന നടി അവതരിപ്പിക്കുന്ന  വെറോണിക്കയാണ്. ലോക്കല്‍  തമാശ  (ചിലതൊക്കെ  നിലവാരം  ഇല്ലാത്തത്  എന്നു  പറയാം ) കളിലൂടെ  തുടങ്ങുന്ന ചിത്രം ഒരു വഴിത്തിരുവില്‍  എത്തുന്നത്‌  താമരക്ക്‌  കടലില്‍  നിന്ന്  മുങ്ങിച്ചകാറായ ഒരാളെ (നെടുമുടി വേണു) കിട്ടുന്നതോടെയാണ് .ആശുപത്രിയില്‍  ആക്കുകയും  പിന്നീടു വീട്ടില്‍ കൊണ്ട്  വരുകയും  ചെയ്യുന്ന   ഇയാളുടെ  സംരക്ഷണ  ചുമതല  താമര  സസന്തോഷം ഏറ്റെടുക്കുന്നു .എന്നാല്‍   പലപ്പോഴും  ഇയാളുടെ  വിചിത്രമായ പെരുമാറ്റം  താമരക്കും സുഹൃത്തുക്കള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.കുമാരപ്പണിക്കര്‍ എന്നും കുര്യന്‍ പൌലോ എന്നും മാറി മാറി പേരും മറ്റു വിവരങ്ങളും പറയുകയും ചെയ്യുന്ന ഇയാള്‍ ശരിക്കും ആരാണ് എങ്ങനെ കടലില്‍ പെട്ടു പലപ്പോഴും വിചിത്രം എന്നു മറ്റുള്ളവര്‍ക്ക് തോന്നുന്ന രീതിയില്‍ എന്ത് കൊണ്ട് പെരുമാറുന്നു എന്നാ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തലാണ് രണ്ടാം പകുതിയിലെ കഥ .

അല്ല അതൊക്കെ ശരി അപ്പോള്‍ ഈ ചിത്രം കൊള്ളാം എന്നാണോ പറഞ്ഞു വരുന്നേ ?
അനിയാ, സത്യന്‍റെ അച്ചുവിന്‍റെ അമ്മയും, ബെന്നിയുടെ മേരിക്കുണ്ടൊരു കുഞ്ഞാടും എടുത്താല്‍ രണ്ടിലും പ്രധാന കഥ പാത്രങ്ങള്‍ ഒരല്‍പം അസ്വഭാവികമായി പെരുമാറുന്നവരാണ് .ഉര്‍വശി അച്ചുവിനോട് അവളുടെ അച്ഛന്‍ ആരാണെന്നു പറയാത്തത് സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിക്കുന്നത് ഒരു അവിഹിതമോ പ്രണയ വഞ്ചനയോ ആണ് . അത് പോലെ   മേരിക്കുണ്ടൊരു കുഞ്ഞാടിലെ  ബിജു മേനോന്‍. ഈ രണ്ടു കഥാപാത്രങ്ങളുടെയും പെരുമാറ്റത്തിന് കൃത്യമായ വിശദീകരണം , അതും നമ്മള്‍ പ്രതീക്ഷിക്കാത്ത ഒന്ന്, തരുന്നു എന്നിടത്താണ് മേല്‍പ്പറഞ്ഞ ചിത്രങ്ങള്‍ വിജയിക്കുന്നത് . അതെ സ്ഥലത്ത് തന്നെയാണ് പുതിയ തീരങ്ങള്‍ പരാജയപ്പെടുന്നത് . ഇതിലെ ക്ലൈമാക്സ്‌ ,അങ്ങനെ സംഭവിച്ചു കൂടെ എന്നു ചോദിച്ചാല്‍ സംഭവിക്കാം എന്നു തന്നെയാണ് ഉത്തരം.പക്ഷെ ക്ലൈമാക്സ്‌ തികച്ചും ഒരു മാതിരി തട്ടി കൂട്ട് പോലെയാണ് എനിക്ക് തോന്നിയത് .ഒരു പക്ഷെ അവതരണ രീതിയാകാം കാരണം  . താമരയും , മൈക്കിള്‍ അച്ചനും, ആലപ്പി അപ്പച്ചനും ഇമ്മാനുവലിനെ തേടി പോകുന്നത് മുതല്‍ (ഒരു അവസാന 15 - 20  മിനിട്ടുകളുടെ കാര്യമാണ് ഈ പറയുന്നേ) കഥയുടെ പാളം തെറ്റുന്നു അഥവാ അത് വരെ ഉണ്ടായിരുന്ന സ്വാഭാവികത നഷ്ട്ടപ്പെടുന്നു.സത്യത്തില്‍ കുറച്ചു കൂടി കെട്ടുറപ്പുള്ള ഒരു അവസാനം ആയിരുന്നെകില്‍ തുടക്കത്തിലേ ചില്ലറ പാളിച്ചകള്‍ പോലും നമുക്ക് മറക്കാന്‍ പറ്റിയേനെ .(ഉദാഹരണമായി താമരക്ക്‌ പതിമൂന്നു വയസുള്ളപ്പോള്‍  പയറു പോലെ പണിയെടുത്തു കൊണ്ടിരുന്ന ചെമ്പില്‍ അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു ഏഴ്  കൊല്ലം  കഴിയുമ്പോള്‍  കുഴിമടിയനായി  കാണിക്കുന്നതും.കുളിച്ചു  പൌഡര്‍  ഇട്ടു  ഉറങ്ങാന്‍  കിടക്കുന്നത് പോലുള്ള തമാശകളുമൊക്കെ ) .

അപ്പോള്‍ തല്ലിപ്പൊളി പടം അല്ലെ അണ്ണാ?

അല്ല അനിയാ ഈ അവസാനത്തെ കുറച്ചു മിനിട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , തികച്ചും ആസ്വാദ്യകരമാണ് ഈ ചിത്രം. നേരത്തെ  പറഞ്ഞത് പോലെയുള്ള ചില്ലറ അലോസരങ്ങള്‍ ഉണ്ടെങ്കില്‍ പോലും  ക്ലൈമാക്സ്‌ വരെ (അഥവാ അതിനു തൊട്ടു മുന്‍പ് വരെ)  ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഇതു. കടപ്പുറത്തെ എല്‍സമ്മ ആകുന്ന നായികയും, അത് പോലെ കടപ്പുറത്തെ  മനസ്സിനക്കരയിലെ ജയറാം ആകുന്ന നിവിന്‍ പോളിയും അടിസ്ഥാന കഥയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാടുമായുള്ള  സാമ്യവും  ഒന്നും  നമ്മെ  ബോര്‍ അടിപ്പിക്കില്ല  എന്നിടത്താണ്  ഈ സിനിമയുടെ ശക്തി ..സത്യന്‍  തന്‍റെ  സ്ഥിരം  ടീമിന്‍റെ  സ്ഥാനത്ത്  വേറൊരു ടീമിനെ രൂപ്പപെടുത്തി  എടുക്കുന്നതിന്‍റെ  ലക്ഷണങ്ങള്‍  കാണാനുണ്ട് . ഭാഗ്യവശാല്‍  മിക്കവാറും  നല്ല  നടീ നടന്‍മാര്‍  ആണ് ഈ പുതിയ ഗ്രൂപ്പില്‍ എന്നത്  സന്തോഷകരം. സിദ്ധാര്‍ത് ശിവ  അവതരിപ്പിച്ച  ആലപ്പി അപ്പച്ചന്‍ എന്ന നടന്‍  നിവിന്‍  പോളിയെക്കാള്‍  നന്നായതായി തോന്നി .വെറോണിക്ക ആയി വരുന്ന മോളി എന്ന നടിയുടെ പ്രകടനം ആണ് എടുത്തു പറയേണ്ട മറ്റൊന്ന് .പുതുമുഖ നായിക വലിയ പതര്‍ച്ച  ഇല്ലാതെ തന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചു എന്നു പറയുമ്പോളും വര്‍ഷങ്ങളായി കടലില്‍ പോയി മീന്‍ പിടിച്ചു വരുന്ന ഒരു സ്ത്രീയില്‍ കാണേണ്ട പാരുഷ്യം തീരെ ഇല്ല എന്നു പറയേണ്ടി വരും (റെഫര്‍ കന്മദം) . വലിയ പെര്‍ഫോര്‍മന്‍സ് സീനുകള്‍ ഒന്നും ഇല്ലാത്തത് കൊച്ചിന്റെ ഭാഗ്യം .(പിന്നെ   ആദ്യ  ചിത്രം  നോക്കിയാല്‍ നവ്യ  മുതല്‍ ഇങ്ങു ആന്‍ അഗസ്റ്റിന്‍ വരെ വലിയ  കുഴപ്പം ഇല്ലായിരുന്നു എന്നാണ് ഓര്‍മ്മ) പറഞ്ഞു വരുമ്പോള്‍ ആ കൊച്ചിന് സുമലതയുടെ ഒരു ലുക്ക്‌  ഉണ്ടോ എന്നു സംശയം (ശ്രീനി പറയുന്നേ 70 സുമലതയും 30  കനിഹയും ആണെന്നാണ് ).നിവിന്‍ പോളിയും തന്‍റെ റോള്‍ മര്യാദക്ക് ചെയ്തു .നെടുമുടി വേണുവാണ് ഈ  ചിത്രത്തിലെ നായകന്‍ .മലയാള സിനിമ നെടുമുടിയോട് നീതി കാണിച്ചില്ല എന്ന തോന്നല്‍ ഉള്ളത് കൊണ്ടാണോ എന്നറിയില്ല വല്ലപ്പോഴും കൂടി  ആ നടന് ഒരു നല്ല റോള്‍ കിട്ടുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. വല്ലപ്പോഴും  വരുന്ന ഒരു  ധനമോ, വീണ്ടും  ചില  വീട്ടു  കാര്യങ്ങളോ  ഒക്കെ  അല്ലാതെ എവിടെയാണ് നമ്മള്‍ ആ നടനെ ഉപയോഗിച്ചിട്ടുള്ളത് ?ആ  നടന്‍ തന്‍റെ റോള്‍ നന്നായി ചെയ്തു എന്നു പറയുന്നത് വെറും ഭംഗി വാക്കായി പോകും . ഇളയരാജയുടെ സംഗീതവും വേണുവിന്റെ ക്യാമറയും അത് പോലെ തന്നെ

അപ്പോള്‍ ചുരുക്കത്തില്‍ .......
                      സത്യന്‍ അന്തിക്കാടിന്‍റെ സമീപകാല  സാരോപദേശ ചിത്രങ്ങള്‍ വെച്ച് നോക്കിയാല്‍ വളരെ വളരെ ഭേദപ്പെട്ട ചിത്രം. അവസാന രംഗങ്ങള്‍ കുറച്ചു കൂടി  മനസിരുത്തി ചെയ്തിരുന്നു  എങ്കില്‍  ഒരു  പക്ഷെ  ഈ  വര്‍ഷത്തെ  നല്ല  സിനിമകളില്‍  ഒന്നായേനെ  എന്ന്  പറയാവുന്ന ചിത്രം 
 6 comments:

 1. കണ്ടിരിക്കാവുന്ന പടം. അല്ലെ?

  സിദ്ധാര്‍ത് ശിവ ഒരു പുതുമുഖം അല്ല കേട്ടോ.. ഒരുപാടു ചിത്രങ്ങളില്‍ ചെറിയ ചെറിയ റോളില്‍ കണ്ടിട്ടുണ്ട് ( ഋതു,തിരക്കഥ ഒക്കെ..)

  ReplyDelete
 2. സത്യന്റെ സിനിമകള്‍ ശ്രീനിവാസന്‍ വേര്‍പിരിഞ്ഞതോടെ ഒന്നിനും കൊള്ളാതായി..

  ReplyDelete
 3. ഞാന്‍ പടം കണ്ടു ..എനിക്കിഷ്ട്ടായില്ല..പുതുമ ഒന്നുമില്ലാത്ത ഒരു ബോറന്‍ പടം. സത്യന്‍ അന്തിക്കാട്‌ ഇനിയും ഒരുപാടു തീരങ്ങള്‍ കാണേണ്ടി ഇരിക്കുന്നു..കഥപ്പച്ച പറഞ്ഞപോലെ 'ശ്രീനിവാസന്‍ വേര്‍പിരിഞ്ഞതോടെ ഒന്നിനും കൊള്ളാതായി'..

  ReplyDelete
 4. തീരങ്ങള്‍ പുതിയ തീരങ്ങളൊക്കെത്തന്നെ പക്ഷേ അന്തിക്കാട് പഴയ സത്യന്‍ അന്തിക്കാട് തന്നെയാ ...!!!

  ReplyDelete
 5. പ്രേക്ഷക അണ്ണാ നമിത പ്രമോദ് , സുമലത ആണെന്ന് പറഞ്ഞത് ഉള്ളതാണോ?

  ReplyDelete
 6. സിദ്ധാര്‍ത്ഥ ശിവ പുതുമുഖമല്ല. പത്തിരുപതു സിനിമയിലെങ്കിലും അഭിനയിച്ചുകാണും. പിന്നെ, ഇപ്പോള്‍ സിനിമയും സംവിധാനം ചെയ്തു. ഇന്ദ്രജിത്ത് നായകനായ 101 ചോദ്യങ്ങള്‍. ഉടന്‍ റിലീസാകും. വേമ്പനാടും ഗൌരിയും ഭേരിയുമൊക്കെ സംവിധാനം ചെയ്ത കവിയൂര്‍ ശിവപ്രസാദ് എന്ന സംവിധായകന്‍റെ മകന്‍ കൂടിയാണു സിദ്ധാര്‍ത്ഥ്

  ReplyDelete