Saturday, October 6, 2012

ബാങ്കിംഗ് അവേഴ്സ് 10 - 4 (Banking Hours 10 - 4 Review )

അനിയാ, നിര്‍ത്തി ....

എന്ത് നിര്‍ത്തി എന്നാ ... മലയാളികളുടെ ദേശീയ വിനോദമായ വെള്ളമടിയാണോ അതോ ധാര്‍മിക രോഷമാണോ ?

രണ്ടുമല്ല അനിയാ . ഈ സിനിമാക്കാരെ കുറ്റം പറയുന്നത് നിര്‍ത്തി . ഇനി ഞാനൊരു സിനിമ എടുത്തു കാണിക്കാന്‍ തീരുമാനിച്ചു .അല്ലെങ്കിലും പലരും എന്നെ കുറെ കാലമായി വെല്ലുവിളിക്കുന്നു ഇത്ര മൊടയാണെങ്കില്‍ നീ ഒരു പടം എടുത്തു കാണിക്കെടാ എന്ന് . ഇവനൊക്കെ ഒന്ന് കാണിച്ചു കൊടുത്തേക്കാം എന്താ . അതിനെ പറ്റി ഒന്ന് ചര്‍ച്ച ചെയ്യാനാണ് നിന്നെ കാണണം എന്ന് പറഞ്ഞേ. മനസ്സിലായോ ?

ഓക്കേ അണ്ണന്‍ ഏതു വരെ എത്തി ? സ്ക്രിപ്റ്റ് ഒക്കെ ശരിയായോ ?

ഇല്ലെടെ അതിനെ കുറിച്ച് ഒന്ന് പ്ലാന്‍ ചെയ്യാനാ നമുക്ക് ഇരിക്കാം എന്ന് പറഞ്ഞേ. അനിയാ ആദ്യമേ ഒന്ന് പറയാം തികച്ചും ഒരു ന്യൂ ജനറെഷന്‍ ചിത്രം ആയിരിക്കും ഇതു. എന്നെ കൊണ്ട് വയ്യാ ഈ കിളവന്മാരുടെ വീട്ടു പടിക്കലും കാരവന്‍ പടിക്കലും ഒക്കെ തെണ്ടാന്‍  വയ്യ അനിയാ. പിന്നെ ഇതാകുമ്പോള്‍ അത്യാവശ്യം ഓടുകയും ചെയ്യും ഏതു?

ഹോ ഈ അണ്ണന്റെ ബുദ്ധി .. അപ്പോള്‍ കഥ എങ്ങനെ ?
അനിയാ ഈ ന്യൂ ജ നറെഷ ന്‍ പടങ്ങള്‍ എങ്ങനെയാ ഉണ്ടാക്കുന്നേ നീ പറഞ്ഞു വരുമ്പോള്‍ സംഗതി നിരൂപകന്‍ അല്ലേ?

അതിപ്പോള്‍ ഫഹദ് ഫാസില്‍,നിക്കര്‍,അവിഹിതം, ബ്ലൂ ടൂത്ത് ,ലാപ്‌ ടോപ്പ് ലൈന്‍ ഒരെണ്ണം . വി കെ പ്രകാശ്‌ , ജയസൂര്യ , അനൂപ്‌ മേനോന്‍ , പച്ചക്ക് പറയല്‍ ലൈന്‍ വേറൊന്നു , ഇന്ദ്രജിത്ത് , ആസിഫലി , കുഞ്ചാക്കോ ബോബന്‍ (പാകത്തിന് )  എന്നിവ ഉള്‍പ്പെടുത്തി ത്രില്ലര്‍ ലൈന്‍  വേറെ . ഇതിലേതു ഉണ്ടാക്കാനാ  പരിപാടി?

അനിയാ നീ ഒന്ന് മറക്കുന്നു ഞാന്‍ അടിസ്ഥാനപരമായി മലയാളി ആണ് എനിക്ക് എല്ലാം വേണം . ഒറ്റ പടമേ എടുക്കു ...

അല്ല അതെങ്ങനെ ....?

അനിയാ ഈ ഒരു വിഭാഗത്തിന്‍റെ അടിസ്ഥാന സ്വഭാവം നീ പറയുന്ന പോലെ അവിഹിതവും , പച്ചക്ക് പറയലും , ഫഹദ് ഫാസിലും ഒന്നും അല്ല . ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍ ആണ്  (പരസ്പര ബന്ധമില്ലാത്തത് ആണെങ്കില്‍ തികഞ്ഞു) . ഇതു ഇറങ്ങിയ കാലത്ത് ഈ സംഭവങ്ങള്‍ എല്ലാം ഒരു പൊതു  സംഭവുമായി കൂട്ടിയിണക്കുന്ന ഒരു പതിവുണ്ടായിരുന്നു  .പിന്നെ പിന്നെ അതില്ലാതായി .സത്യം പറഞ്ഞാല്‍ ആ സംഗതി ആദ്യം കൊണ്ട് വന്നത് ട്വന്റി - ട്വന്റി എന്ന സിനിമയുടെ വിജയം കണ്ടു അതിന്‍റെ ഒരു ബൌധിക പടപ്പിറക്കാന്‍ ശ്രമിച്ച ആചാര്യന്‍ ശ്രീ രഞ്ജിത് ആണ് (കേരള കഫേ).
പിന്നെ  അവനെ കൂടുതല്‍ കൊഴുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവിഹിതവും പച്ചക്ക് പറയലും ഒക്കെ ഉണ്ടായതു. (ഇതൊക്കെ  നല്ല രീതിയില്‍  സമൂഹത്തില്‍  ഉണ്ട് എന്നതും സത്യം) .എന്നാണ്   എന്‍റെ വിശ്വാസം .

ശരി കാടു കേറാതെ ബാക്കി പറഞ്ഞെ .

അനിയാ എം ജി റോഡില്‍  ഉള്ള ഒരു പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്‍ അഥവാ പണം കൊടുത്തു ഉപയോഗിക്കാവുന്ന മൂത്രപ്പുര. അതാണ് പശ്ചാത്തലം. പൊതു  സ്ഥലത്ത്  മലമൂത്ര  വിസര്‍ജനം  നിരോധിച്ചതില്‍  പിന്നെ അവിടെ ഭയങ്കര  തള്ളാണ് .ഒരു ദിവസം കോടികളാണ്  സര്‍ക്കാരിനു   അവിടുന്ന് പിരിഞ്ഞു കിട്ടുന്നത് . അവിടത്തെ ഒരു ദിവസം.അതാണ് കഥ . ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മുതല്‍ രാത്രി 8  മണിവരെയാണ്. എവിടെ ആ ദിവസം പല പ്രശ്നങ്ങളുമായി ആള്‍ക്കാര്‍ വരുന്നു, ഊഴം  കാത്തിരുന്ന് മൂത്രം  ഒഴിക്കുന്നു. പോകുന്നു  .ചിലരുടെ  ഒക്കെ പ്രശ്നം തീരുന്നു .ചിലരുടെ നടക്കുന്നില്ല . ആരേലും ഒക്കെ വണ്ടി ഇടിച്ചു ചാകുന്നു അങ്ങനെ ഒക്കെ . എങ്ങനെയുണ്ട് ? .

കൊള്ളാം പക്ഷെ പടം ന്യൂ ആയാലും ഓള്‍ഡ്‌ ആയാലും നായകന്‍ വേണ്ടേ? ഈ ചിത്രത്തില്‍ നായകന് എന്ത് പ്രസക്തി ?

അത് ന്യായം . ശരി നമുക്ക് ആ മൂത്രപ്പുരയിലെ കളക്ഷന്‍ അടിച്ചു മാറ്റാന്‍ കുറച്ചു  കള്ളന്മാര്‍ പ്ലാന്‍ ചെയുന്നു.കള്ളന്‍മാര്‍  ന്യൂ ജനറെഷന്‍  ആയിരിക്കും. അവരെ പിടിക്കാന്‍  എത്തുന്ന  പോലീസുകാര്‍ . പ്രധാന പോലീസുകാരനെ നമുക്ക് നായകനാക്കം  എങ്ങനെയുണ്ട് ?

ഹോ പുതുമ പുതുമ ...... .. ആലോചിച്ചിട്ട് എനിക്ക് സഹിക്കാന്‍ മേല. പക്ഷെ അപ്പോളും ഒരു പ്രശ്നം.കള്ളന്മാര്‍ കാശും കൊണ്ട് പോയാല്‍ പിന്നെ പോലീസിന് എപ്പോഴെങ്കിലും അവരെ പിടിച്ചാല്‍ പോരെ . അപ്പോള്‍ ഈ ഒരു പ്രത്യേക സമയത്തിനുള്ളില്‍ നടക്കുന്ന പരിപാടി ചീറ്റിയില്ലേ?

അത് ശരിയാ . അപ്പോള്‍ മോഷണം നടക്കാന്‍ പോകുന്ന വിവരം നേരത്തെ അറിഞ്ഞു പോലീസെ സംഭവ സ്ഥലത്ത് എത്തുന്നു.കള്ളനും പോലീസും എല്ലാം സാധാരണ  മൂത്രം  ഒഴിക്കാന്‍  വരുന്നവരുടെ ഭാവത്തില്‍ .അപ്പോള്‍ സ്ഥാപനം അടക്കുന്നതിനു മുന്‍പ് മോഷണം നടക്കും അത് നടന്നു കഴിഞ്ഞു കള്ളന്മാര്‍ പുറത്തിറങ്ങി പോയാല്‍ പിന്നെ അവരെ ഒരിക്കലും പിടിക്കാന്‍ പറ്റില്ല എന്ന് കൂടി പറഞ്ഞാല്‍ പിടിക്കുമോ ഇല്ലയോ എന്നും നോക്കി ഈ വൃത്തികെട്ട മലയാളി രണ്ടു മണികൂര്‍ ഇരുന്നോളും അല്ല പിന്നെ..പിന്നെ അവിടെ  വന്നിരിക്കുന്ന  ഒരോരുത്തന്‍റെയും   പ്രശ്നങ്ങള്‍  കാണിച്ചു  കുറെ സമയം  കളയാം  (പ്രത്യേകിച്ചു  കാര്യമൊന്നുമില്ല ) . ഒരു വീട്ടമ്മ  ഭര്‍ത്താവറിയാതെ  മൊബൈല്‍  വാങ്ങാന്‍  വരുന്നു.  വരുന്ന വഴിക്ക് ഇവിടെ കയറുന്നു. അങ്ങനെ കുറേ.

അണ്ണാ അപ്പോള്‍ വീണ്ടും പ്രശനം. ഇങ്ങനെ ഓരോരുത്തരുടെയും കഥ  കാണിക്കുമ്പോള്‍  ആരാണ് കള്ളന്‍  എന്ന്  എല്ലാവര്ക്കും  മനസിലാകും  പിന്നെ  എന്തോന്ന്  ത്രില്ലര്‍ ?
  
മം .. അത് പ്രശനമാണ് . ശരി സാരമില്ല . ഒരു ഇടവേള വരെ ഈ കളി . അത് കഴിഞ്ഞു പെട്ടന്ന് ഈ സ്ഥലത്ത് ഒരു  നിമിഷത്തേക്ക് കറന്റ്‌ പോകുന്നു . സംഗതി തിരിച്ചു വരുമ്പോള്‍   അവിടെ മൂത്രം ഒഴിക്കാന്‍ വന്ന ഒരാള്‍ മരിച്ചു കിടക്കുന്നു .കഥ പുതിയൊരു വഴിത്തിരിവിലേക്ക്.............സംഗതി വലിയ പ്രശ്നമൊന്നും ഇല്ല. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒന്ന് ഈ ചാകുന്നവന്‍ വിദേശത്തേക്ക് പോകാനായി വിമാനം കേറാന്‍ പോകുന്ന വഴിക്കാകണം ഇവിടെ കേറുന്നത് . രണ്ടു ഇവന്‍ മഹാ പെണ്ണ് പിടിയനും തല തെറിച്ചവനും ആയിരിക്കണം . അപ്പോള്‍ പിന്നെ നമ്മുടെ ലാലേട്ടന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ കാണിച്ചത്‌ പോലെ അവസാനം അവിടെ മൂത്രം ഒഴിക്കാന്‍ വന്ന ഏതെങ്കിലും ഒരുത്തനെ  കൊണ്ട് വന്നു  ഇവന്‍ പണ്ട് എന്‍റെ മകളെ/അമ്മയെ/ ഭാര്യയെ/ പെങ്ങളെ/ അമ്മുമ്മയെ / ആന്റിയെ അങ്ങനെ ആരെയെങ്കിലും (ലവന്റെ  പ്രായം പോലെ)  വശീകരിച്ചു പീഡിപ്പിച്ചു തഴഞ്ഞു ആത്മഹത്യ ചെയാന്‍ നിര്‍ബന്ധിത ആക്കി അന്ന് മുതല്‍ ഇവനെ ഞാന്‍ നോക്കി നടക്കുവായിരുന്നു എന്ന്  പറയിപ്പിച്ചാല്‍   മതിയല്ലോ.  സംഗതി  ശുഭം .ആരാണ് കൊന്നത്  എന്ന് നമുക്ക് ഇവന്റെ  ഒക്കെ ഡേറ്റ് നോക്കി തീരുമാനിക്കാം പോരെ ?


അണ്ണാ, പറയുമ്പോള്‍ ഒന്നും തോന്നല്ലേ . അണ്ണന്റെ  ഈ സംരംഭം നടക്കില്ല ....

അതെന്താടെ ? ഇതിനു എന്താ കുഴപ്പം ?

വേറെ കുഴപ്പം ഒന്നും ഇല്ല . ഒരല്‍പം ഓണ്‍ ലൈന്‍ കുഴല്‍ ഊത്ത്  കൂടെയുണ്ടെങ്കില്‍ സംഗതി ഓടിക്കോളും. പ്രശ്നം അവിടെയല്ല നമ്മുടെ പ്രശസ്ത സംവിധായകന്‍ കെ മധു സംവിധാനം ചെയ്ത ബാങ്കിംഗ് അവേഴ്സ് 10 - 4   എന്ന നയുഗ ത്രില്ലെര്‍ കുറ്റാന്വേഷണ ചിത്രത്തിന്റെയും കഥ ഏതൊക്കെ തന്നെ മൂത്രപ്പുരക്ക്  പകരം ബാങ്ക് ആണെന്ന വ്യത്യാസമേ  ഉള്ളു . കഥയും മറ്റു കിടു പിടികളും സുമേഷ് അമല്‍  ജോടികളാണ് നിര്‍വഹിച്ചിരിക്കുന്നത് .ലെമോ ഫ്ലിംസ് ചിത്രം നിര്‍മിച്ചിരിക്കുന്നു .താരനിരയില്‍ എല്ലാമറിയുന്ന അനൂപ്‌ മേനോന്‍ മുതല്‍ ഒന്നുമറിയാത്ത സുധീഷ്‌ വരെയുണ്ട് .ഇതിനിടയില്‍ ശങ്കര്‍ , ഷഫ്ന , കൈലാസ് , ജിഷ്ണു ,അശോകന്‍ , മേഘ്ന രാജ്  , വിഷ്ണു പ്രിയ അങ്ങനെ കുറെ പേര്‍ വേറെയും .

മഹാ പാപി , ശരിക്കും ഇതു തന്നെടെ കഥ ? എന്റെ  സ്വപ്നം ....... ഭാവന ...?

ഭാവനയും മീര ജാസ്മിനും ഒക്കെ അവിടെ ഇരിക്കട്ടെ .അണ്ണാ നിങ്ങളീ പടം ഒന്ന് കാണണം . പെറ്റ തള്ള സഹിക്കില്ല . കാലഹരണപ്പെട്ടു എന്ന് ഒരു ഫ്രെയിമിലും എഴുതി വെച്ചിരിക്കുന്ന സംവിധായകന്‍ കെ മധു , കഥ അഥവാ അടിസ്ഥാന ആശയം കൊള്ളാം എന്നല്ലാതെ തിരകഥ ആനയാണോ ചേനയാണോ എന്നറിയാത്ത രണ്ടു പേര്‍ പ്രസ്തുത കര്‍മ്മം കൂടി നിര്‍വഹിക്കുമ്പോള്‍ എന്താകും അവസ്ഥ എന്നലോചിക്കാവുന്നതേ  ഉള്ളൂ. ഇതൊന്നും പോരാത്തതിനു അഭിനേതാക്കളെ കൂട്ടമായി അഴിച്ചു വിടുകയും കൂടിചെയ്യുമ്പോള്‍ സംഗതി പൂര്‍ത്തിയാകുന്നു . ത്രില്ലിംഗ് എന്ന് പറയേണ്ട /അഥവാ പറയിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പല രംഗങ്ങളും പൊട്ടി ചിരിപ്പിക്കുന്നവ ആണെന്ന് കൂടി വരുമ്പോള്‍ സംഗതി മനസിലാക്കവുന്നത്തെ ഉള്ളൂ .അശോകന്റെ വക ട്വിസ്റ്റ്‌ ഒക്കെ തകര്‍ത്തു കളഞ്ഞു അണ്ണാ !!!!കൈലാസ് അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് പറഞ്ഞാല്‍ ഒന്നൊന്നര സംഭവമാണ് .സിനിമ കണ്ടു കൊണ്ടിരുന്ന ആരെങ്കിലും ആണ് കറന്റ്‌  പോയപ്പോള്‍ സിനിമക്ക് അകത്തു കയറി  അയാളെ കൊന്നത്  എന്ന് പറഞ്ഞാല്‍ പോലും എനിക്ക് വലിയ അതിശയം  ഒന്നും ഇല്ല .അത്രക്കും മനോഹരം .

അഭിനയം ....?

നിങ്ങള്‍ കളഞ്ഞിട്ടു പോണം ഹേ.... അഭിനയം പോലും . ശങ്കറും , ജിഷ്ണുവും , എന്തിനു സത്താര്‍ പോലും മരിച്ചു അഭിനയിക്കുകയാണ് . ടിനി ടോം അത്യാവശ്യം അശ്ലീലം പറഞ്ഞു ഒരു ന്യൂ  ജനറെഷന്‍ ഫീല്‍ ഉണ്ടാക്കാന്‍ പരമാവധി  ശ്രമിക്കുന്നു . വലിയ കുഴപ്പമില്ലാതെ ഒപ്പിച്ചു പോകുന്ന മേഘ്ന രാജ് ഒക്കെ പോലും പരമ വൃത്തികേടായി തോന്നുന്നതിന്റെ ക്രെഡിറ്റ്‌ മൊത്തം സംവിധായകനാണ് . അനൂപ്‌ മേനോന്റെ ഒക്കെ നേരെ തോക്ക് ചൂണ്ടിയാല്‍ പോലും ഒരു കാര്യവുമില്ല . എല്ലാമറിയുന്ന അങ്ങേര്‍ അപ്പോള്‍ തന്നെ വല്ല പെന്‍സിലോ റബ്ബറോ ഒക്കെ എടുത്തെറിഞ്ഞു സംഗതി തെറുപ്പിച്ച് കളയും. ഇയാള്‍ ആരെടെ ഫാന്‍ന്റമോ? 

അപ്പോള്‍ ചുരുക്കത്തില്‍ ....
ഏതോ കൊള്ളാവുന്ന നിര്‍മാതാവിനെ ചാക്കിട്ടു പിടിച്ചു തട്ടി കൂട്ടിയ പടം. കാലഹരണപ്പെട്ട  ഒരു സംവിധായകന് പകരം കൊള്ളാവുന്ന പുതിയ വല്ല പിള്ളേരും ആയിരുന്നെങ്കില്‍ നല്ലൊരു ത്രില്ലെര്‍ അകുമായിരുന്ന പടം .

10 comments:

 1. പ്രേക്ഷകാ... സമ്മതിച്ചു കേട്ടോ.... ഇതു തന്നപ്പീ ലത്.... അമ്മേണ തീയേറ്ററിനകത്തിരുന്ന് ഇതുപോലെ ചിരിച്ചത് സന്തോഷണ്ണന്റെ കൃഷ്ണനും രാധയും കണ്ടപ്പോള്‍ മാത്രമാണ്......

  ReplyDelete
 2. സോണി ടിവി യില്‍ സി. ഐ. ഡി എന്നൊരു സീരിയല്‍ ഉണ്ട്. ഏകദേശം അതിന്റെ നിലവാരവും അതില്‍ കാണാറുള്ളത്‌ പോലത്തെ കഥയും. പടത്തിനിടക്ക് മേഘ്നാ രാജിനോട് അനൂപ്‌ "____ തരുമോ " എന്നോ മറ്റോ ചോദിച്ചിരുന്നെങ്കില്‍ നൂറു ശതമാനം ന്യൂ ജനറേഷന്‍ എന്ന് പറയാമായിരുന്ന ചിത്രം.

  ReplyDelete
 3. റിവ്യൂ നന്നായി...കെ. മധു മാത്രമല്ല, ഫാസില്‍ ,കമല്‍ , ഷാജി കൈലാസ് , വിനയന്‍ ,വി. എം. വിനു,രാജസേനന്‍ ,അനില്‍ ( ബാബു) ഇവരെല്ലാം ഔട്ട്‌ dated സംവിധായകര്‍ തന്നെ....!(ലിസ്റ്റ് അപൂര്‍ണ്ണം)

  ReplyDelete
 4. കൂവാന്‍ കിട്ടിയ ഒരവസരവും പാഴാക്കാതെ പ്രേക്ഷകര്‍ കൂവി കണ്ടു രസിച്ച ഫിലിം....അവിഹിതം ഇല്ലാ എന്ന കുറവ് മാത്രമേ ഈ പടത്തില്‍ ഉള്ളൂ...ഫഹദിന്‍റെ അത്രയും വരുമൊ അനൂപിന്‍റെ അവിഹിതം?..അല്ല പിന്നേ...

  ReplyDelete
 5. "സിനിമ കണ്ടു കൊണ്ടിരുന്ന ആരെങ്കിലും ആണ് കറന്റ്‌ പോയപ്പോള്‍ സിനിമക്ക് അകത്തു കയറി അയാളെ കൊന്നത് എന്ന് പറഞ്ഞാല്‍ പോലും എനിക്ക് വലിയ അതിശയം ഒന്നും ഇല്ല .അത്രക്കും മനോഹരം ."

  ഇതു വായിച്ചു ഓഫീസില്‍ ഇരുന്നു ചിരിച്ച എനിക്ക് വട്ടായോ എന്ന് സഹപ്രവര്‍ത്തകര്‍ കരുതി കാണും......
  :):):)

  ReplyDelete
 6. "അനൂപ്‌ മേനോന്റെ ഒക്കെ നേരെ തോക്ക് ചൂണ്ടിയാല്‍ പോലും ഒരു കാര്യവുമില്ല . എല്ലാമറിയുന്ന അങ്ങേര്‍ അപ്പോള്‍ തന്നെ വല്ല പെന്‍സിലോ റബ്ബറോ ഒക്കെ എടുത്തെറിഞ്ഞു സംഗതി തെറുപ്പിച്ച് കളയും. ഇയാള്‍ ആരെടെ ഫാന്‍ന്റമോ? "

  ദേ അടുത്തത് .... :):):)

  ReplyDelete
 7. നിങ്ങള്‍ ഉടനെങ്ങാനും ഇതുപോലെ(കൊള്ളാവുന്നതോ കൊള്ളാത്തതോ ആയ) നിര്‍മ്മാതാവിനെ ചാക്കിലാക്കി പടം പിടിക്കുമോ?

  ReplyDelete
 8. അപ്പൊ.. കാണണ്ട എന്ന് തന്നെ ഇല്ല്യേ?

  ReplyDelete
 9. അപ്പൊ.. കാണണ്ട എന്ന് തന്നെ ല്ല്യേ?

  ReplyDelete
 10. ഏതെങ്കിലും നല്ല പടം ഇറങ്ങ്ങിയാല്‍ അപ്പ ലതും പൊക്കി വന്നോളും - ഊപ്പയാനെന്നു പറയാന്‍. ഇവനൊന്നും വേറെ പണിയില്ലേ

  ReplyDelete