Sunday, February 27, 2011

നാടകമേ ഉലകം (Nadakame Ulakam)

എന്താ അണ്ണാ ഒരു മ്ലാനഭാവം ?

ഓ ഒന്നുമില്ല .

ഹ.... ഇങ്ങേരു ഇക്കാലത്ത് മലയാള സൂപ്പര്‍ താരങ്ങള്‍ അവരുടെ ചിത്രത്തിന്റെ ക്ലൈമാക്സില്‍ അഭിനയിച്ചു തകര്‍ക്കുന്നത് പോലെ നിര്‍വികാരമായി നില്‍ക്കാതെ കാര്യം പറ .

എന്ത് പറയാന്‍? എനിക്ക് കിട്ടേണ്ടത് ഞാന്‍ ചോദിച്ചു വാങ്ങി.ഇന്നലെ നാടകമേ ഉലകം കണ്ടെടെ .

ഓ ഏപ്രില്‍ ഫൂളിന് ശേഷം നമ്മുടെ വിജി തമ്പി എടുത്ത പടം അല്ലെ?എങ്ങനെയുണ്ട് തകര്‍പ്പന്‍ കോമഡി തന്നേ?

ഒന്ന് പോടെ.വിജി തമ്പി സംവിധാനം ചെയുന്ന,മുകേഷ്,സുരാജ് ,ജഗദീഷ് എന്നിവര്‍ പ്രധാന വേഷം ചെയുന്ന ഒരു ചിത്രത്തില്‍ നിന്ന് ലോക നിലവാരത്തില്‍ ഉള്ള കോമഡി പ്രതീക്ഷിച്ചാണ് പോയതെങ്കില്‍ അത് പോയവന്റെ തെറ്റ് .അതാ ഞാന്‍ പറഞ്ഞെ എനിക്ക് കിട്ടേണ്ടത് ഞാന്‍ ചോദിച്ചു വാങ്ങി എന്ന്.

അണ്ണാ നിങ്ങള്‍ സിനിമയെ കുറിച്ച് പറഞ്ഞെ .

ഈ പടത്തെ കുറിച്ചൊക്കെ എന്ത് പറയാനാ? ശശീന്ദ്രന്‍ വടകരയാണ് കഥ തിരക്കഥ .പ്രസ്തുത സംഭവം ഇങ്ങനെ.പോക്കരങ്ങാടി എന്ന (കു)ഗ്രാമം .അവിടുത്തെ സഹകരണ ബാങ്കിലെ മാനേജര്‍ ആണ് ഓമനകുട്ടന്‍ (മുകേഷ് ) ഭാര്യ (സരയു ), മകള്‍.ഭാര്യ വീട്ടില്‍ താമസം . അമ്മായി അച്ഛന്‍ ലാഭം ലംബോദരന്‍ പിള്ള (ജഗതി ) . സ്വന്തം കുടുംബത്തില്‍ അച്ഛന്‍ സോഷ്യ ലിസ്റ്റ് കുമാരന്‍ , അനിയന്‍ വിനു മോഹന്‍ ( വിനു മോഹനെ കണ്ടപ്പോള്‍ സത്യമായും എനിക്ക് ചിരി വന്നു . ഈ ചെറുക്കനെ വരെ പേടിയാണല്ലോ സൂപ്പര്‍ താര ആരാധകര്‍ക്ക് എന്ന് !!).പിന്നെ സഹോദരി സോനാ നായര്‍ , ഭര്‍ത്താവു സലിം കുമാര്‍.ബാങ്കിലെ പ്യൂണ്‍ ജഗദീഷ്, ഗ്രാമത്തിലെ പാലുകാരി മില്‍മ ഗിരിജ (ബിന്ദു പണിക്കര്‍ )മകള്‍ ശരണ്യമോഹന്‍(വിനു മോഹനുമായി ലൈനാണ് ) സഹകരണ ബാങ്ക് തുടങ്ങിയതോടെ നഷ്ടത്തിലായ ബ്ലേഡ് ആണി കുറുപ്പ് (ജനാര്‍ധനന്‍ ). ഇത്രയും പേരൊക്കെ ഉണ്ടെന്നു കരുതി തെറ്റിധരികരുത് .ഇടവേള വരെ എന്തെങ്കിലും ഒക്കെ പറഞ്ഞു സമയം തള്ളി നീക്കുക എന്നല്ലാതെ ഇവര്‍ക്ക് മിക്കവര്‍ക്കും ഒരു പണിയും ഇല്ല. ഓമനകുട്ടന്‍ നാടകഭ്രാന്തനാണ്.ബാങ്ക് വാര്‍ഷികത്തിന് നടത്താനുള്ള നാടകത്തിനു വേണ്ടി നായികയായി ശരണ്യ മോഹനെ എടുക്കുന്നു.ഇത്ര താല്പര്യം എടുത്തു സൃഷ്ടിക്കുന്ന നാടകത്തിന്റെ ചില രംഗങ്ങള്‍ കാണിക്കുന്നുണ്ട് .തികച്ചും ഉദാത്തം !!!!!

അണ്ണാ കഥ ചോദിച്ചാല്‍ നിങ്ങള്‍ പശ്ചാത്തല വിവരണം ആണല്ലോ.കഥയിലേക്ക്‌ വരാമോ ?

അനിയാ ഇടവേള വരെ ഏതൊക്കെ തന്നെയേ ഉള്ളു. കഥ പോലെ ഒരു സാധനം വരുന്നത് ഇടവേളക്കു ശേഷമാണു.ആ ഗ്രാമത്തില്‍ എത്തുന്ന സുപ്രസിദ്ധ സംവിധായകന്‍ (?) എന്നവകാശപ്പെടുന്ന സുരാജ് . അദേഹം തന്റെ പുതിയ പടത്തിന്റെ കഥ തിരകഥ നായക വേഷം ഇവയെല്ലാം ഓമനക്കുട്ടന്‍ ചെയ്യണം എന്ന് നിര്‍ബന്ധിക്കുന്നു ഒപ്പം നിര്‍മാണവും !!!.അഞ്ചു ലക്ഷം രൂപയ്ക്ക് പടം തീര്‍ക്കാം എന്നൊക്കെ ആണ് അടിച്ചു വിടുന്നത്.(ജീവിതത്തില്‍ പത്തു മിനിട്ട് തികച്ചു നിന്ന് ഷൂട്ടിംഗ് കണ്ടിട്ടില്ലാത്ത എനിക്ക് പോലും അറിയാം അഞ്ചു ലക്ഷം രൂപ സൂപ്പര്‍ താരത്തിനു കൂളിംഗ്‌ ഗ്ലാസ്‌ വാങ്ങാന്‍ തികയില്ല എന്ന്) ഗ്രാമത്തില്‍ മൊത്തം നിഷ് കള ഗ്ഗര്‍ നിരഞ്ഞതായത് കൊണ്ട് (നായകന്‍ പ്രത്യേകിച്ചും) ഇതൊക്കെ വിശ്വസിച്ചു നായകന്‍ പ്രസ്തുത ചുമതലകള്‍ എല്ലാം ഏറ്റെടുക്കുന്നു.ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞാണ് സുരാജ് സംവിധായകനല്ല മരിച്ചു കൊടംബകത്തു ഒരു കസ്ടുമര്‍ ആയിരുന്നു എന്നറിയുന്നത്.നിവര്‍ത്തിയില്ലാതെ ഓമനക്കുട്ടന്‍ സംവിധാന ചുമതലയും ഏറ്റെടുക്കുന്നു .(തികഞ്ഞു !!) പല പ്രശ്നങ്ങളെയും നേരിട്ട് ഒരു വിധം പടം പൂര്‍ത്തിയാക്കുന്ന ഓമനക്കുട്ടന്‍ (ബാങ്കിലെ കാശു പോലും രഹസ്യമായി തിരിമറി നടത്തുന്നുണ്ട് ഇതിനായി) വിതരണക്കാരെ കിട്ടാതെ കുഴങ്ങുന്നു . ഒടുവില്‍ അകെ പ്രശ്നമായി വിതരണക്കാരനെ തേടി മദിരാശിക്കു പോകുന്ന ഓമനക്കുട്ടന്‍ ഒരു പ്രമുഖ നിര്‍മാതാവിന്റെ (സിദിക് )കാറിടിച്ച് ആശുപത്രിയില്‍ ആകുന്നു.ഓമനക്കുട്ടന്‍ രക്ഷപ്പെടുമോ ?പടം (എന്റെ കാശി ത്തുംബക്ക് എന്നോ മറ്റോ ആണെന്ന് തോന്നുന്നു പേര് ) പുറത്തിറങ്ങുമോ ? സുരാജിനും പിന്നെ ആകാശത്ത് നിന്നും പൊട്ടി വീണ മുടിയും താടിയും വളര്‍ത്തിയ ഗുണ്ടകള്‍ എന്ന് ഒറ്റ നോട്ടത്തില്‍ പറയാവുന്ന രണ്ടു മൂന്ന് പേര്‍ക്കും എന്ത് സംഭവിക്കും ? വിനു-ശരണ്യ മോഹന്മാരുടെ പ്രണയം പൂവണിയുമോ ? തുടങ്ങിയ ത്രസിപ്പിക്കുന്ന ചോദ്യങ്ങക്ക് ഉത്തരം കിട്ടാന്‍ ഉടനെ പോകുക നിങ്ങളുടെ തൊട്ടടുത്ത സിനിമ ശാലയില്‍ ( വേഗം ചെന്നില്ലേല്‍ മാറും പടം !!!). ഇതു തന്നെ കാര്യം . സമാധാനം അയോടെ നിനക്ക് ?

അന്നാണ് ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ട എന്തെങ്കിലും ?

മനപൂരവം ആണെന്ന് ഞാന്‍ കരുതുന്നില്ല . സിനിമയുമായി നേരിട്ട് ബന്ധവും ഇല്ല (അത് പിന്നെ ഈ ചിത്രത്തില്‍ കാണിക്കുന്ന മിക്ക സംഭവങ്ങള്‍ക്കും ഇല്ല ) . എങ്കില്‍ പോലും ഒരു രംഗത്തില്‍ പഴയ ഒരു മോഹന്‍ ലാല്‍ ആരാധകനോട് "നീ ലാലിനെ വിട്ടോടെ ?" എന്ന് ചോദിക്കുമ്പോള്‍ പറയുന്ന ഒരു മറുപടി ഉണ്ട് . അത് ഇങ്ങനെ ..." രാവിലെ ടി വി വെച്ചപ്പോള്‍ അതില്‍ ലാലേട്ടന്‍ പറയുന്നു beauty meets quality . പോയി സ്വര്‍ണം വാങ്ങാന്‍ .ലാലേട്ടന്‍ പറഞ്ഞതല്ലേ എന്ന് കരുതി പൊയ് കുറച്ചു സ്വര്‍ണം വാങ്ങി .തിരിച്ചു വീട്ടില്‍ വന്നു ടി വി വെച്ചപ്പോള്‍ പിന്നെയും ലാലേട്ടന്‍ പറയുന്നു വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തിനു നാട്ടില്‍ തേടി ....... പൊയ് കടല്‍പ്പുറം കമ്പനിയില്‍ പണയം വെക്കാന്‍ . ശരി ലാലേട്ടനല്ലേ അതും ചെയ്തു കാശുമായി വീട്ടില്‍ എത്തിയപ്പോള്‍ ടി വി യില്‍ വീണ്ടും ലാലേട്ടന്‍ ചോദിക്കുന്നു വൈകിട്ടെന്താ പരിപാടി? .കിട്ടിയ കാശു മുഴുവന്‍ അടിച്ചു തീര്‍ത്തു ..........." . സംഗതി തമാശ ആണെങ്കിലും ഒരു വലിയ സത്യം ആണ് ആ വരികളില്‍ ഉള്ളത് എന്നൊരു തോന്നല്‍ .

ഇതൊന്നും പത്രത്തില്‍ ഇടാന്‍ പറ്റില്ല പറ്റില്ല. അതിരിക്കട്ടെ ഇതു ഏതെങ്കിലും പടത്തിന്റെ അനുകരണം ആണോ ? ആണെങ്കില്‍ പ്രബുദ്ധരായ മലയാളികള്‍ സഹിക്കില്ല . അവര്‍ ഒറിജിനല്‍ മാത്രമേ നോക്കു, കാണു , ആസ്വദിക്കു

അനിയാ ഇങ്ങനെ ഒരു പടം എടുക്കാന്‍ മാത്രം മണ്ടന്മാര്‍ (കാണാനും ) ഈ ഭൂലോകത്ത് മലയാളികള്‍ മാത്രമേ ഉണ്ടാകു.ആയതിനാല്‍ നീ അത് പേടിക്കണ്ട .

ശരി എന്തെങ്കിലും സന്ദേശം ?

അത് പറഞ്ഞപ്പോളാണ് ഓര്‍ത്തത്‌.പ്രതിഭ എന്നാ സാധനം ഉണ്ടെങ്കില്‍ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്തവര്‍ക്കും നല്ല സിനിമ എടുക്കാന്‍ പറ്റും എന്നൊരു സന്ദേശം ഈ സിനിമ നല്‍കുന്നുണ്ട് . (കാശുള്ള ഒരു നിര്‍മ്മാതാവോ വിതരണക്കാരനോ കയ്യില്‍ വേണം എന്ന് മാത്രം.അതില്ലാത്തവര്‍ നല്ലൊരു നിര്‍മാതാവിന്റെ വണ്ടിക്കു മുന്നില്‍ ചാടുക).പ്രതിഭ അളക്കാന്‍ ഉപകരണം ഒന്നും ഇല്ലാത്ത സ്തിതിക്ക്,സംഗതി ഉണ്ട് എന്ന് വിശ്വസിക്കുന്ന എത്രപേര്‍ ഈ സന്ദേശം ഉള്‍ക്കൊണ്ട്‌ പുതിയ ഫിടിലും,ചാര്‍ സൗ ബീസും ആയി ഈ വര്‍ഷവും ഇറങ്ങുമോ ആവൊ ? ഈശ്വരോ രക്ഷതു ......

അപ്പോള്‍ ചുരുക്കത്തില്‍ ...

അതി ഭാവുകത്വം കുറച്ചു, വൃത്തിയായിട്ട് എഴുതിയിരുന്നെങ്കില്‍ ഒരു നല്ല സീരിയല്‍ ആക്കാമായിരുന്ന ഇതിവൃത്തം സിനിമ ആക്കി കൊന്ന സംവിധായകന് അഭിവാദനങ്ങള്‍

Wednesday, February 23, 2011

ലിവിംഗ് ടുഗെതെര്‍ (Living Together)

ഡാ നില്‍ക്കെടാ അവിടെ ..

മം എന്താ അണ്ണാ

എങ്ങോട്ടാടെ ഈ വിട്ടടിച്ചു .?

പ്രസ് ക്ലബിലേക്ക്‌.ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകന്‍ എന്നാ നിലയ്ക്ക് എന്നിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു . ഒരു പത്ര സമ്മേളനം ......

എടാ ഒരു സാധാരണ പ്രേക്ഷന്‍ പറയുന്നത് കേള്‍ക്കാന്‍ ആര്‍ക്കാടെ താല്പര്യം? എന്തായാലും പറ നിനക്കെന്താ പറയാനുള്ളത് ?

അണ്ണാ നേരത്തെ പറഞ്ഞത് പോലെ ഞാന്‍ ഒരു സാധാരണ മലയാള സിനിമ പ്രേക്ഷകനാണ്.മലയാളവും കുറച്ചു തമിഴും ഹിന്ദിയും പിന്നെ ഭയങ്കര ഓളവുമായി വരുന്ന ഇംഗ്ലീഷ് സിനിമകളും കണ്ടു ജീവിക്കുന്നവന്‍.ഈ നാട്ടില്‍ ഇതു മലയാള സിനിമ വന്നാലും അത് എന്നാ ലാറ്റിന്‍ അമേരിക്കന്‍,കൊറിയന്‍,ഹോളിവൂഡ്‌ പടത്തിന്റെ കോപ്പി അടി ആണ് എന്ന് ബഹളം വെക്കുന്ന ഒരു ജന വിഭാഗം ഉണ്ട് . അടുത്ത കാലത്ത് വന്ന ട്രെന്റ് ആണ് . ആ ഒരൊറ്റ കാരണം കൊണ്ട് ചിത്രം മോശം ആണെന്ന് വിധി എഴതി കളയും ഇവര്‍ ...

ശരി അതിനു? എടേ അത് കാണിക്കുന്നത് മലയാളിയുടെ പരന്ന സിനിമ കാഴ്ച അല്ലേടെ .മാത്രമല്ല അഭിപ്രായ- വ്യക്തി സ്വാ തന്ത്രങ്ങള്‍ നില നില്‍ക്കുന്ന ഈ നാട്ടില്‍ അങ്ങനെ പറയുന്നത് തെറ്റാണോ? പോരാത്തതിനു മണ്ണിന്റെ മണം, മലയാള തനിമ,യുവ തലമുറയുടെ സ്പന്ദനങ്ങള്‍ ഇതെല്ലമല്ലേ ഒരു നല്ല മലയാള സിനിമക്ക് വേണ്ടത് ?

അണ്ണാ ഏതെങ്കിലും കാര്യത്തില്‍ മലയാളി അഭിപ്രായം പറയുന്നത് കാര്യങ്ങള്‍ മുഴുവന്‍ അറിയാന്‍ ശ്രമിച്ചിട്ട് എങ്കിലും ആണോ .പകുതി പേരും അഭിപ്രായം പറയുന്നത് കോപ്പി അടിച്ചു എന്ന് പറയപ്പെടുന്ന ചിത്രം കണ്ടിട്ട് പോലും അല്ല എന്നാണ് ഞാന്‍ കരുതുന്നത് .. പിന്നെ വ്യക്തി സ്വാതന്‍ത്ര്യം.അത് ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു .പക്ഷെ മേല്‍പ്പറഞ്ഞ സംഗതി എന്നിക്കും ഉണ്ട് എന്നുള്ളത് കൊണ്ടാണ് എന്നിക്ക് ചില കാര്യങ്ങള്‍ പറയാന്‍ ഉള്ളത്

എന്താ അത് ?

മലയാള സിനിമ പ്രവര്‍ത്തകരോടാണ് എനിക്ക് പറയാനുള്ളത് .സുഹൃത്തുക്കളെ നിങ്ങള്ക്ക് ആശയങ്ങള്‍ ഇല്ലെങ്കില്‍ വല്ല ലാറ്റിന്‍ അമേരിക്കാനോ ,മെക്സിക്കണോ,കൊറിയന്‍ പടമോ,ഇറാന്‍ ചിത്രമോ അങ്ങനെ മലയാളികള്‍ കാണാന്‍ വലിയ സാധ്യത ഇല്ലാത്ത ഏതു ചിത്രം വേണമെങ്കിലും കോപ്പി അടിച്ചു കൊള്ളൂ.(നന്നായി കോപ്പി അടിച്ചാല്‍ സന്തോഷം. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നന്നാക്കിയാല്‍ അതിലേറെ സന്തോഷം).എന്ത് ചെയ്താലും കൊള്ളം കാശു കൊടുത്തു സിനിമ കാണാന്‍ കേറുന്ന പാവപ്പെട്ടവരെ (അല്ലാതെ നെറ്റ്ല്‍ നിന്ന് ഓസ്സിനു വലിച്ചും,വല്ലവനും പറയുന്നത് കേട്ടും അഭിപ്രായം എഴുന്നള്ളിക്കുന്നവനെ അല്ല)കൊല്ലരുത്.ഇതു ഒരു അപേക്ഷയാണ് .

എത്രയധികം പറയാന്‍ എന്ത് ഉണ്ടായെടെ?

എന്ത് ഉണ്ടാകാനാ?ഇന്നലെ ലിവിംഗ് ടു ഗെതെര്‍ എന്നാ പടം കണ്ടു അത്ര തന്നെ .

അതിനാണോ ഈ ബഹളം ? ഫാസില്‍ അല്ലെ സംവിധായകന്‍ ? പിന്നെ പുതുമുഖങ്ങളെ വെച്ചുള്ള പടവും . എങ്ങനെ ഉണ്ടെടെ സംഗതി ? മറ്റൊരു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തന്നെ?

നിങ്ങള്‍ ഇന്നു എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും .....

എടെ ഇതു യുവ തലമുറയുടെ,വിവാഹത്തിലും മറ്റുമോന്നും വിശ്വസിക്കാതെ ആത്മവിശ്വാസത്തോടെ ശരി എന്നു തോന്നുന്നത് ചെയ്യുന്ന യുവതലമുറയുടെ കഥയാണ് എന്നാണ് എവിടെയോ വായിച്ചു കണ്‍ടത്. പിന്നെ എന്താ ഒരു കുഴപ്പം ?

അണ്ണാ,അത് എഴുതിയവന്‍ ചെന്നപ്പോള്‍ ഫാസില്‍,ഷൂട്ടിംഗ് മുക്കാലും കഴിഞ്ഞു എങ്കിലും താന്‍ എടുക്കാന്‍ പോകുന്ന ചിത്രത്തിന്റെ കഥ എന്താണെന്നു തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ടാവില്ല.മറ്റവന്‍ കേട്ടത് വെച്ച് കാച്ചിയതകാനാണ് സാധ്യത.ഈ ചിത്രത്തില്‍ മുകളില്‍ പറഞ്ഞ ഒരു സാധനവും ഇല്ല.

എന്നാലും ഫാസിലിനെ പോലെയുള്ള ഒരു സംവിധായകന്‍ ....?

എന്തോന്ന് ഫാസില്‍? മണിച്ചിത്രതാഴു എന്ന ഒരൊറ്റ പടത്തിന്റെ പേരില്‍ (അതിന്റെ പകുതി വേറെ സംവിധായകരാണ് ചെയ്തത് എന്നു വായിച്ചതു ഓര്‍മ വരുന്നു) അതിനു ശേഷം ഇയാളുടെ എത്ര പാതകങ്ങള്‍ ജനം സഹിക്കണം ? തുടക്കകാലത്ത് മാമ്മാട്ടികുട്ടി അമ്മക്ക് പോലുള്ള പടങ്ങള്‍ എടുത്തു പെട്ടി-കുട്ടി ചിത്രങ്ങളുടെ തരംഗത്തിന് തുടക്കം കുറിച്ച് എന്ന പോലെയുള്ള ഉപകാരങ്ങള്‍ വേറെയും

അതൊക്കെ വിടെടെ നീ സിനിമയെ പറ്റി പറ .

ശരി. തുടക്കം .പ്രഭാതം പൊട്ടിവിരിയുന്നു (സത്യമായും പൊട്ടി വിരിയുന്ന ശബ്ദം കേള്‍ക്കാം ). ജെര്‍മനിയില്‍ നിന്നും വന്ന ഒരാള്‍ (ഇപ്പോളും വിദേശത്ത് നിന്ന് വരുന്നു എന്നു പറഞ്ഞാല്‍ കോട്ടും ടൈയും ആയി മാത്രമേ കാണിക്കൂ !!!) രണ്ടു കുട്ടികളോട് ഒരു കഥ പറയുനതാണ് സിനിമ .(തീരെ കൊച്ചു കുട്ടികളാണ്.ഇവരോടൊക്കെ ഇങ്ങനത്തെ കഥ പറയുന്നത് ബാല പീഡനത്തില്‍ ഉള്‍പ്പെടുതണ്ടാതാണ്).

കഥ ഇങ്ങനെ. ഒരു വീട് മൂന്ന് ചെറുപ്പക്കാര്‍ ഹേമന്ത് (automobile എഞ്ചിനീയര്‍ ) നിരഞ്ജന്‍ ,ബാവപ്പന്‍ (പത്രത്തില്‍ ജോലി.നല്ല മനുഷ്യന്‍.നല്ല ഭക്ഷണത്തിന് വേണ്ടി മാത്രം അടുത്ത വീട്ടിലെ വേലക്കാരിയെ പ്രേമിക്കുന്നു ).ഇവരുടെ അടുത്ത വീട്ടില്‍ നെടുമുടി വേണു (ജ്യോത്സ്യം,ആയുര്‍വ്വേദം,ഇന്റര്‍നെറ്റ്‌) അനിയന്‍ ഇന്നസെന്റ്‌ (electronics ആണ് താല്പര്യം. ഇടയ്ക്കിടെ മേശപ്പുറത്തു കുറെ പൊട്ടിത്തെറി / ചെറിയ തീ കാണിക്കും).പിന്നെ ഭാര്യ ബിന്ദു പണിക്കര്‍,അനൂപ്‌ ചന്ദ്രന്‍ (വേലക്കാരന്‍),ലക്ഷ്മിപ്രിയ (ഭാര്യ) അങ്ങനെ കുറെപ്പേര്‍.ഒരു പട പിള്ളേരും ഉണ്ട്.(എല്ലാം നിര്‍മ്മതാവിന്റെയോ സംവിധായകന്റെയോ ബന്ധുക്കളുടെ കുട്ടികള്‍ അകന്നു സാധ്യത.എല്ലാരും ഒരുമാതിരി സ്കൂള്‍ വാര്‍ഷികത്തിന് ചെയ്യുന്ന പോലെയാണ് അഭിനയം.ഇവര്‍ക്ക് അകെകൂടെ ഒരു കളി മാത്രമേ അറിയൂ.എല്ലാരും ചേര്‍ന്ന് ചുക്കൂ കൊക്കൂ .. എന്ന പോലെ ഒരു പാട്ട് പാടുന്നു നടുക്ക് ഒരാള്‍ കുരങ്ങന്റെ മുഖം മൂടി വെച്ച് തുള്ളുന്നു.കുരങ്ങന്റെ വാലില്‍ കുറെ ഒഴിഞ്ഞ ടിന്നുകളും .)

എന്നിട്ട് ....

ഇത്രയും പശ്ചാതലം.ഇനി കഥ.ദാ വരുന്നു നായികാ . ഇവരുടെ ഹോബി ആണുങ്ങളെ പ്രണയത്തില്‍ കുരുക്കി പറ്റിച്ചു നിരാശാ കാമുകര്‍ ആക്കി മാറ്റുക എന്നതാണ്. (ബെസ്റ്റ് ഹോബി !!)ഈ കൊച്ചിന്റെ വീട്ടുകാര്‍ ആകട്ടെ ഈ ഹോബിക്ക് പൂര്‍ണ സപ്പോര്‍ട്ടും (എത്ര നല്ല വീട്ടുകാര്‍).അങ്ങനെ നായകനും നായികയും പ്രണയിക്കാന്‍ തുടങ്ങുന്നു . ആദ്യം ഹോബിയുടെ ഭാഗമായി പിന്നെ കാര്യമായി.അപ്പോളാണ് ആ ഞെട്ടിക്കുന്ന സത്യം നായകന്‍ അറിയുന്നത് .....

എന്തെടെ നിറുത്തി കളഞ്ഞത് ?

ഒരു effectനു വേണ്ടിയാണു അണ്ണാ . അതായിത് നായികക്ക് എന്തെരോ ജാതകദോഷം ഉണ്ട് പോലും .എങ്ങാനും കെട്ടി പോയാല്‍ ഒന്നുകില്‍ കെട്ടുന്നവന്‍ തീരും അല്ലെങ്കില്‍ കൊച്ചു വടിയാകും. അത് കൊണ്ട് സന്യസിക്കാനാണ് കൊച്ചിന്റെ തീരുമാനം .

ഒന്ന് പോടേ സന്യസിക്കാന്‍ പോകുന്നവളുടെ ഹോബി ആണോ നേരത്തെ പറഞ്ഞത് ?

ഹ..... പറഞ്ഞോട്ടെ തീര്‍ന്നില്ല.ബോധമോ ഉപ ബോധമോ ഏതോ ഒന്നിനാണ് ഈ താല്പര്യം മറ്റേതിനു (സന്യാസം) തീരെ താല്പര്യം ഇല്ല .പോരാത്തതിനു പഠിക്കാന്‍ പോയിടത്ത് (ബംഗ്ലൂര്‍) സത്യമൂര്‍ത്തി എന്നൊരുത്തന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നത് മൊബൈലില്‍ പകര്‍ത്തി (മുഴുവന്‍ പകര്‍ത്തിയോ എന്തോ ?),മൂര്‍ത്തിയെ ജയിലില്‍ ആക്കിയിട്ടുണ്ട് .അങ്ങേര്‍ പരോളില്‍ ഇറങ്ങി ഈ കൊച്ചിനെ തേടി നടക്കുക ആണ് പോലും.(അല്ല് ചില്ലറകാരനല്ല പരാജയപ്പെട്ട അനുയായികളെ അപ്പോള്‍ വെടി വെച്ച് കൊന്നു കളയും കക്ഷി. അത് പോലീസ്കാരുടെ മുന്നില്‍ നടുറോഡില്‍ വെച്ച് ആണെങ്കിലും മാറ്റമൊന്നും ഇല്ല).അങ്ങനെ കൊച്ചു മൊത്തത്തില്‍ മാനസിക നില തെറ്റിയ (അല്ലെങ്കില്‍ തെറ്റാരായ) അവസ്ഥയില്‍ ആണെന്ന് ഉള്ളതാണ് ആ ഞെട്ടിപ്പിക്കുന്ന സത്യം (സത്യം പാര്‍ട്ട്‌ 2 ).

അതോടെ നായകന്‍ ഈ കൊച്ചിനെ സുഖപ്പെടുതിയിട്ടു തന്നെ കാര്യം എന്നു തീരുമാനിക്കുന്നു.കുറച്ചു കഴിഞ്ഞു നായികയെ കെട്ടുന്നു . എന്നിട്ട് തിരിച്ചു വീടിലെക്കയക്കുന്നു.ദൂരെയുള്ള ഒരിടത്തേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങി അവിടെ പ്രേതബാധ ഉണ്ടെന്നു പറയുന്ന ഒരു വീട്ടില്‍ പോയി താമസിക്കുന്നു .........നായകന്‍ നായികയെ സുഖപ്പെടുതുമോ ?അവര്‍ ഒരുമിച്ചു ജീവിക്കുമോ?ഇത്തരം കിടിലം കൊള്ളിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ നേരിട്ട് പോയി തല വയ്ക്കൂ ലിവിംഗ് ടുഗെതെര്‍ ..................

പിന്നെ .. വേറെ ജോലി ഇല്ലെ ? ഒരു കാര്യം കൂടി ചോദിച്ചോട്ടെ . പ്രശ്നം നയികകല്ലേ അപ്പോള്‍ നായകന്‍ പ്രേതം ഉള്ള വീട്ടില്‍ താമസിച്ചാല്‍ ......

അതാണ് പടത്തിന്റെ മര്‍മം (മനസിലായാല്‍ എനിക്കും കൂടി പറഞ്ഞു തരണേ ) ..

അപ്പോള്‍ ഇതില്‍ എവിടെയെടാ ഈ ലിവിംഗ് ടുഗെതെര്‍ ?

അത് ഞാന്‍ പടം തീരുന്നത് വരെ നോക്കിയിരുന്നു കണ്ടില്ല . ഇനി വില്ലന്‍ സത്യമൂര്‍ത്തി വല്ലവരുമായി ലിവിംഗ് ടു ഗെതെര്‍ ആണെന്നാണോ? (അതിനു അങ്ങേരുടെ അടുത്തൊന്നും ഒരു പെണ്ണിനെ പോലും കാണാന്‍ ഇല്ല ) ആര്‍ക്കറിയാം?

ശരി അഭിനയമോ ?

ഈ പടത്തില്‍ ആരു എന്ത് അഭിനയിക്കാനാണ് ? പുതിയ മൂന്ന് പയ്യന്മാരും വലിയ കുഴപ്പമില്ല, അതിനും വേണ്ടി നായിക .. ഒന്ന് ഒന്നര അഭിനയം ആണ് കാഴ്ച വയ്ക്കുന്നത്.(ശ്വാസം വിടുമ്പോള്‍ പോലും അഭിനയിച്ചു കളയും). നല്ല ബെസ്റ്റ് കഥയും അവതരണ രീതിയും കൂടീകുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.സംവിധായകന്‍ ഫാസില്‍ തന്നെയാണ് താരം.നടി മേനക നായകന്റെ അമ്മയായി അഭിനയിച്ചു കുറെ കാലത്തിനു ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തുന്നു.ബാക്കി എല്ലാവരും ഭയങ്കര അഭിനയം (നായികയോളം വരില്ല എങ്കിലും )

ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

പ്രിയപ്പെട്ട ഫാസില്‍ ഈ പണി അറിയില്ല എങ്കില്‍ ദയവായി ഇതു നിര്‍ത്തുക.പ്രേമ കഥയോ പ്രേത കഥയോ ഏതെങ്കിലും ഒന്നെടുക്കാന്‍ തീരുമാനിച്ചു അതിനൊരു ശ്രമം എങ്കിലും താങ്കള്‍ നടത്തിയതായി പോലും ഈ ചിത്രം കണ്ടാല്‍ തോന്നില്ല.ഒരു നിര്‍മ്മതാവായോ മറ്റോ താങ്കള്‍ ശോഭിചേക്കാം.പ്രേക്ഷകരുടെ ക്ഷമയ്ക്കും സഹന ശക്തിക്കും അതിരുകള്‍ ഉണ്ടെന്നു ദയവായി മനസിലാക്കുക

Sunday, February 20, 2011

നടുനിശൈ നായ്ക്കള്‍ (Nadunisai Naaykkal)

"അനിയാ"

"ബൌ ബൌ"

"നടുനിശൈ നായ്ക്കള്‍ കണ്ടോഡേ നീ ?"

"ഞാന്‍ അതിലെ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമത്തിലാണ് അണ്ണാ"

"എഡേ ...പട്ടിയുടെ സ്വഭാവം ഉള്ള ആളാണോ നായകന്‍"

"നായകന് മാത്രം അല്ല അണ്ണാ ...പടത്തിലെ കഥാപാത്രങ്ങളില്‍ പലരും പകല്‍ വളരെ മാന്യരും,രാത്രി തല തിരിഞ്ഞത് മുതല്‍ ആപത്കരം വരെയായ സ്വഭാവങ്ങള്‍ കാണിക്കുന്നവരാണ് .

അപ്പോള്‍ ഈ ചിത്രം മലയാളികളെ പറ്റി അഥവാ മലയാള സിനിമ പ്രേക്ഷകരെ പറ്റിയുള്ളതാണോ?

ചുമ്മാതിരി അണ്ണാ അതിനു രാത്രിയാവണ്ടല്ലോ.ഒരല്‍പം ഇരുട്ടു (അത് തീയറ്ററില്‍ എങ്കില്‍ അവിടെ) പോരെ സകലവനും നായയായി മാറാന്‍. ഇതു അങ്ങനെയല്ല ഉദാഹരണമായി മുഖ്യ സ്ത്രീ കഥാപാത്രങ്ങളില്‍ ഒരാളായ സുക്യന (സമീരാ റെഡ്ഢി )വരെ പകല്‍ അടക്കവും ഒതുക്കവും ഉള്ള നല്ല പെണ്ണും(സുകന്യയുടെ കാമുകന്റെ തന്നെ വാക്കുകള്‍) രാത്രി മതില്‍ ചാടി കാമുകന്റെ കൂടെ കറങ്ങാന്‍ പോകുന്ന ആളുമാണ്.നായകന്റെ അച്ഛനെ പറ്റി ഒക്കെയാണെങ്കില്‍ പറയുകയേ വേണ്ട അത്ര തങ്കപ്പെട്ട മനുഷ്യന്‍ "

"മൊത്തത്തില്‍ ഒരു വാശ പിശക് മണം. സമീരയുടെ കാമുകന്‍ തന്നെടെ പടത്തിലെ ഹീറോ ?"

"അല്ല അണ്ണാ ...പടത്തിലെ പ്രധാന കഥാപാത്രം സമര്‍/വീരാ (വീര ) എന്നൊരു ഭ്രാന്താണ് അയാളുടെ എട്ടു വയസ്സ് മുതല്‍ ഇരുപത് വയസ്സ് വരെയുള്ള ജീവിതകാലത്തില്‍, പെണ്‍കുട്ടികളെ അവരുടെ ശരീരത്തിനായി വേട്ടയാടുകയും, ഒടുവില്‍ കൊല്ലുകയും ചെയ്യുന്ന തരത്തിലെ മാനസികരോഗം അയാള്‍ക്ക് എങ്ങനെ പിടിപെട്ടു എന്നതാണ് കഥ. ഒരു രാത്രി കൊണ്ട് അയാളുടെ ജീവിതത്തില്‍,അവസാനത്തെ (ഉറപ്പില്ല എന്ന് അവസാന രംഗം പറയുന്നു ) ഇരയായ സുകന്യ കാരണം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ (വീരയുടെ തന്നെ വാക്കുകള്‍ ) ആണ് കഥയുടെ ക്ലൈമാക്സ് . കൂടുതല്‍ എന്തെങ്കിലും ഞാന്‍ പറഞ്ഞാല്‍ , അണ്ണന്‍ പടം കാണാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ,അതിന്റെ രസം കൊല്ലും "

"അപ്പൊ ഗൌതം മേനോന്‍ ഇത്തവണയും നിരാശപ്പെടുത്തിയില്ല അല്ലേഡേ?"

"എന്നങ്ങ് തീര്‍ത്ത്‌ പറയാന്‍ മനസ്സ് വരുന്നില്ല അണ്ണാ"

"അതെന്ത് അങ്ങനെ? നീ സാധാരണ വ്യക്തമായ അഭിപ്രായങ്ങളുടെ അപ്പോസ്തലന്‍ ആണെന്നാണല്ലോ സ്വയം പറഞ്ഞു നടക്കുന്നത്?"

"അതിപ്പോഴും അങ്ങനെ തന്നെ ...അല്ല്ലാതെ 'ക്യാമറ നന്നായെങ്കിലും, തിരക്കഥ പോരെങ്കിലും, സുപ്പര്‍താരം കലക്കിയെങ്കിലും , അദ്ദേഹത്തിന്‍റെ അപാരമായ അഭിനയസിദ്ധി സംവിധായകന്‍ മുഴുവനായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും പടത്തിന് പത്തില്‍ അഞ്ചേമുക്കാലര മാര്‍ക്ക് കൊടുക്കാം' എന്ന പരിപാടി ഇപ്പോഴും എനിക്കില്ല"

"ഡാ...തിരിച്ച് ഇറങ്ങെഡാ കാട്ടീന്ന്...നീ ഈ പടത്തിന്റെ കാര്യം പറ "

"അണ്ണാ...പശ്ചാത്തല സംഗീതം പോലുമില്ലാതെ കണ്ടിരിക്കുന്നവന്റെ രോമം എഴുന്നേറ്റ് നില്‍ക്കുന്ന തരത്തിലെ ഒരു ത്രില്ലര്‍ എന്ന ഗൌതം മേനോന്റെ പരീക്ഷണം ഒരളവു വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാം. പക്ഷെ തിരക്കഥയില്‍ ചില കുഞ്ഞു കുഞ്ഞു പ്രശ്നങ്ങള്‍ തോന്നി എനിക്ക്.ഉദാഹരണത്തിന് വീരയുടെ കെയര്‍ ടേക്കര്‍ ആയ വക്കീല്‍ ഏതു വഴി പോയി എന്ന് പടം കഴിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയം.ആ വക്കീലിന് വീരയുടെ ജീവിതത്തിനെ മാറ്റി മറിക്കുന്ന പ്രധാന സംഭവത്തിന്റെ (ഒരു അഗ്നിബാധ)സത്യം അറിയുകയും ചെയ്യാം.വീര തന്നെ പറയുന്നുണ്ട് കഥയുടെ സത്യങ്ങള്‍ അറിയാവുന്നവരില്‍ ഒരു ഡോക്റ്റര്‍ ഒഴികെ മറ്റാരും ജീവനോടെ ഇല്ല എന്ന്.പക്ഷേ എന്നാലും ആ വക്കീലിന്റെ കാര്യത്തില്‍ ഒരു അല്‍പ്പം കൂടി തെളിമയുള്ള വിശദീകരണം ആകാമായിരുന്നു എന്ന് എനിക്ക് തോന്നി . അത് പോലെ ചില്ലറ പ്രശ്നങ്ങള്‍ വേറെയും ഉണ്ട്. ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്ന് നമുക്ക് തോന്നുന്ന തരത്തിലെ ചില പൊടി രസം കൊല്ലികള്‍. അതില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചേനെ "

"പ്രഞ്ചിയേട്ടന്‍ ആന്‍ഡ്‌ പുണ്യാളന്‍ ക്ലാസിക്ക് ആണെന്നും ബോക്സ് ഓഫീസ് വിജയമാണെന്നും സമ്മതിക്കാതെ നീ ഏതു പടത്തിനെ ക്ലാസ്സിക്ക് എന്ന് വിളിച്ചാലും വിവരമറിയും , പറഞ്ഞേക്കാം "

"അത് ഒള്ളതാ...എന്നാലും അണ്ണാ ഞാന്‍ പറഞ്ഞേനെ "

"ശരി...പടത്തില്‍ അഭിനേതാക്കള്‍ എങ്ങനെ ഉണ്ടഡേ?"

പുതുമുഖമായ വീരയാണ് പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ചില സീനുകളില്‍ കമലഹാസന്റെ (ആയ കാലത്തേ കമലഹാസ്സന്റെ എന്ന് വായിക്കണേ പ്ലീസ്) ഒരു ആവേശം ഉണ്ടെന്നത് ഒഴിച്ചാല്‍ ഒരു പുതുമുഖത്തിന്റെ പരിഭ്രമമോ,പതര്‍ച്ചയോ ഇല്ലാതെ സമര്‍/വീര എന്ന കഥാപാത്ര(ങ്ങളെ) വീര (ആളുടെ യഥാര്‍ത്ഥ പേരും അത് തന്നെ) ഭംഗിയാക്കിയിട്ടുണ്ട് . പിന്നെ സമീരാ റെഡ്ഢി...ഈ പടത്തിലെ സുകന്യയെ പുള്ളിക്കാരിയുടെ കരിയറിലെ ഏറ്റവും നല്ല വേഷം എന്ന് തന്നെ പറയാം"

"അതിനു കരിയറില്‍ അവര്‍ എടുത്തു മറിക്കുന്ന വേഷങ്ങള്‍ ഒന്നും വേറെ ചെയ്തിട്ടില്ലല്ലോ?"

"അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ...ഭയം,സങ്കടം ,പക , നിസ്സഹായത ഈ നാല് ഭാവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് നാടക എഫെക്റ്റ് (ഞാന്‍ മീര ജാസ്മിന്‍ എഫെക്റ്റ് എന്നും പറയും) തോന്നിക്കാതെ സമീര സുകന്യയെ അവതരിപ്പിച്ചിട്ടുണ്ട് "

"ബാക്കിയുള്ളവര്‍ ..."

"അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ ...സിനിമയില്‍ മീനാക്ഷിയമ്മ എന്നൊരു കഥാപാത്രം ഉണ്ട് . അവതരിപ്പിച്ച നടിയുടെ പേരും മീനാക്ഷി എന്ന് തന്നെ . അവര്‍ കലക്കിയിട്ടുണ് .(അവരുടെ മേക്കപ്പ് ബോറായി തോന്നിയത് ഞാന്‍ ഗൌതം മേനോന്റെ തലയില്‍ വെച്ചു). പിന്നെ എ സി പിയെ അവതരിപ്പിച്ച കാര്‍ത്തിക് . കൊച്ചു പയ്യനെ പോലെ തോന്നിക്കുമെങ്കിലും ആളുടെ അഭിനയം നന്നായി. "

"അപ്പൊ പടം കുഴപ്പമില്ല. അല്ലേ ?"

"അതെ ...കുഴപ്പമില്ല .പക്ഷേ തകര്‍പ്പന്‍ എന്ന് കാണികളെക്കൊണ്ട് പറയിപ്പിക്കാനുള്ള ഒരവസരം ഗൌതം മേനോന്‍ മിസ്സാക്കി. എന്നാലും നമ്മളെ കൊന്നു കൊലവിളിക്കാതെ രണ്ടു മണികൂര്‍ പോകുന്ന ഒരു ത്രില്ലര്‍. പല പടങ്ങളിലും മുന്‍പ് വന്നിട്ടുള്ള ചില ആശയങ്ങള്‍ (വ്യക്തമായി പറഞ്ഞാല്‍ സസ്പെന്‍സ് പോകും) ആ പടങ്ങളുടെ ഫീല്‍ തരാതെ വൃത്തിയായി പറയുന്ന കഥാ രീതി.ഒരു നായക കഥാപാത്രത്തിന്റെ ഭാരം ഇല്ലാതെ ഗൌതം മേനോന്‍ ചെയ്ത ചിത്രമായത് കൊണ്ട് സംവിധയകന് പൂര്‍ണ സ്വാതത്ര്യം ഈ ചിത്രത്തില്‍ കിട്ടിയിട്ടുണ്ട് . (സുര്യയും ചിമ്പുവും ഒക്കെ ഗൌതം മേനോന്റെ പടം ചെയുമ്പോള്‍ താരങ്ങള്‍ തന്നെ ആണല്ലോ സൂപ്പര്‍ അല്ലെന്നല്ലേ ഉള്ളു ) കഥയുടെ ചുരുള്‍ നിവര്‍ത്തുന്ന രീതി,സംഭവങ്ങളുടെ ആഖ്യാന ഘടന എന്നിവ തികച്ചു ഒരു ത്രില്ലെര്‍ ചിത്രത്തിന് ചേരുന്നതാണ് (നമ്മുടെ സ്വന്തം ത്രില്ലെര്‍ സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ കേള്‍ക്കുന്നുണ്ടോ ?).പിന്നെ തോന്നിയ ഒരു കാര്യം അവസാനത്തെ ആ സമര്‍-വീര ബന്ധം പ്രധാന കഥാപാത്രത്തെ കൊണ്ട് പറയിക്കാതെ വേറെ എങ്ങനെ എങ്കിലും ആക്കിയിരുന്നെങ്കില്‍ നന്നായേ, ഉഗ്രന്‍ ക്യാമറ (പാരാനോര്‍മല്‍ ആക്റ്റിവിറ്റി ,ദി ഇന്‍സൈഡ് മാന്‍ എന്നീ ഇംഗ്ലീഷ് സ്വാധീനം ഉണ്ടെങ്കില്‍ പോലും),കലക്കന്‍ സൌണ്ട് മിക്സിംഗ്,പിന്നെ എഡിറ്റിങ്ങും.

"ഡേ...സാങ്കേതിക വിശകലനം നടത്താന്‍ നീ യാര്‍?"

"അല്ല അണ്ണാ ...ക്യാമറയും,എഡിറ്റിങ്ങും (യഥാക്രമം മനോജ്‌, ആന്റണി), പിന്നെ സൌണ്ട് മിക്സിങ്ങും (പൂക്കുട്ടി അല്ല ..പക്ഷേ ആളുടെ പേര് അറിയില്ല)ഈ പടത്തിന് കൊടുക്കുന്ന ഫീല്‍ ഒന്ന് വേറെ തന്നെയാണ് "

"അപ്പോള്‍ ചുരുക്കത്തില്‍ ..."

"കുടുംബ പടമല്ല ...കാരണം പല സീനുകളും ഫാമിലി വിഭാഗത്തിന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുമെന്ന് എനിക്ക് തോന്നി. സൈക്കോ ത്രില്ലര്‍ എന്ന് വിളിക്കാം. കണ്ടു കഴിയുമ്പോള്‍ കൊള്ളാം,കുഴപ്പമില്ല പക്ഷേ സംഗതി ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു എന്ന് തോന്നുന്നിയ പടം . പോരെ വ്യക്തത?"

"മതി...ബാക്കി കണ്ടിട്ട് പറയാം"

"അതാണ്‌ നല്ലത് "

"എന്നാലും ചുരുക്കത്തില്‍ പറഞ്ഞാല്‍ ..."

"അണ്ണാ പ്രാഞ്ചി ഏട്ടന്‍ ആണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം പ്രബുധരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം.എന്നാലും വല്ലവരുടെയും കുട്ടി ക്ലാസ്സില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോള്‍ നമ്മുടെ കുട്ടി(കള്‍) modaration വാങ്ങി എങ്കിലും പാസാകണം എന്ന് ആഗ്രഹിക്കുന്നത് ഒരു കുറ്റമല്ലല്ലോ "

Saturday, February 19, 2011

പയ്യന്‍സ് (Payyans)

എടേ രണ്ടു ചുവടു മുന്നോട്ടു വയ്ക്കുമ്പോള്‍ ഒരു ചുവടു പിന്നോക്കം വയ്ക്കുന്ന ഒരു ജീവിയുടെ പേര് പറയാമോ ?

അണ്ണന്‍ എന്താ ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ക്വിസ് മത്സരം വല്ലതും നടത്തുന്നുണ്ടോ ? അല്ല ഇന്നലെ രാത്രി പൊങ്കാല ഇടാന്‍ വന്നിരിക്കുന്ന ആളുകളുടെ ഇടയിലൂടെ പാഞ്ഞു പോകുനത് കണ്ടല്ലോ .ഞാന്‍ കരുതി .....

ഡേ നീ ഇതു പറ ... അറിയില്ലങ്കില്‍ ഞാന്‍ പറഞ്ഞു തരാം നടന്‍ ജയസൂര്യ .

എല്ലാം മനസിലായി എന്നാലെ പയ്യന്‍സ് കണ്ടു അല്ലെ ? ശരി ഞാന്‍ വിചാരിച്ചു നിങ്ങള്‍ ഇനി മലയാളം പടം കാണുകേ ഇല്ലാന്ന് .ശരി എന്തായാലും പറഞ്ഞേ വിശേഷങ്ങള്‍ .

അനിയാ , ഈ ചിത്രത്തിന്റെ സംവിധാനം,തിരകഥ,സംഭാഷണം എന്നിവ നിര്‍വഹിച്ചു നമ്മെയൊക്കെ ധന്യര്‍ അക്കിയിരിക്കുനത് ശ്രീ ലിയോ തദേവൂസ് ആണ് . ഇതിനു മുന്‍പ് ഇറങ്ങിയപ്പോള്‍ മലയാളത്തിലെ നിരൂപക സിംഹങ്ങള്‍ വാനോളം പുകഴ്ത്തിയതും പിന്നീടു ഒരിടത്തും കാണാതെ പോയതും അയ പച്ചമരതണലില്‍ എന്ന ശ്രീനിവാസന്‍ ചിത്രം ആണ് ഇതിനു മുന്‍പ് അദേഹം ഇറക്കിയത് .പ്രസ്തുത സംഭവം കാണാനുള്ള ഭാഗ്യം ലഭിക്കാത്തതിനാല്‍ സംവിധായകന്‍ ഈ ചിത്രത്തില്‍ മുന്നോട്ടു പോയോ ഇല്ലയോ എന്ന് പറയാന്‍ കഴിയുന്നില്ല .രണ്ടായാലും പച്ചമരതണലില്‍ എന്ന ചിത്രം കാണാന്‍ കഴിയാത്തത് എന്റെ ജീവിതത്തിലെ ഭാഗ്യങ്ങളില്‍ ഒന്നായി ഞാന്‍ കാണുന്നു .

ഓഹോ അല്ലെങ്കിലെ നിങ്ങള്ക്ക് ഈ മലയാള സിനിമകളെ പുച്ചമാണ് . പക്ഷെ ഈ ചിത്രം....

ഇതിനെ എന്തോന്ന് പറയണം എന്നാ?. അന്തവും കുന്തവും ഇല്ലാത്ത കഥ . ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്ന ചിത്രത്തിലെ തന്റെ തന്നെ കഥാ പാത്രത്തെ മരിച്ചു കിടന്നു അനുകരിക്കുന്ന നായകന്‍ . എന്ത് ചെയ്യണം എന്നറിയാത്ത മട്ടില്‍ പെരുമാറുന്ന ഒരു നടീ നടന്‍മാര്‍ . ഇതിനൊക്കെ കാശു കൊടുത്തു കേറുന്ന പാവം മലയാള പ്രേക്ഷകനെ പറഞ്ഞാല്‍ മതി .

കൊച്ചിയില്‍ ജീവിക്കുന്ന പത്മയും (രോഹിണി) മകന്‍ ജോസിയും (ജയസൂര്യ ) അമ്മ പകലന്തിയോളം കഷ്ടപ്പെട്ട് മോനെ പുലര്‍ത്തുന്നു.മോന്‍ പതിവ് പോലെ ഒരു ഉത്തരവാദിത്വവും ഇല്ലാതെ അടിച്ചു പൊളിച്ചു നടക്കുന്നു .(എന്താണ് ഈ അടിച്ചു പൊളി എന്ന് ചോദിക്കരുത് അകെ കാണിക്കുന്നത് കുറെ വിദേശ ടൂറിസ്റ്റ് കളുമായി സോള്ളുന്നതാണ്. ഇതു കണ്ടിട്ട് ചിരി വരാത്ത ഗൌരവക്കാരെ കുടു കൂടെ ചിരിപ്പിക്കാന്‍ ഗിന്നസ് പക്രുവിന്റെ ജപ്പാന്‍ ബാബു എന്ന കഥാപത്രം ഉണ്ട് .(ആരും പിരിഞ്ഞു പോകരുത് എന്ന് ചുരുക്കം ) കുറച്ചു നേരം നമ്മെ ആനന്ദ പുളകിതര്‍ ആക്കിയതിന് ശേഷം ആ കഥാപത്രം എങ്ങോ അപ്രത്യക്ഷം ആകുന്നു . സുരാജിന്റെ ആംഗ്ലോ ഇന്ത്യന്‍ കഥാ പത്രം ഏതാണ്ട് സിനിമയുടെ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു നിന്ന് തമാശ പറയുന്നുണ്ട് . സുരാജിന്റെ കുടുംബം എന്ന പേരില്‍ ജനാര്‍ധനനെയും , ശ്രീലതയെയും പിന്നെ രണ് പെണ്‍ പിള്ളേരെയും ഒരു വിഗ്ഗും വെച്ച് ഇറക്കുന്നുണ്ട് .ഇവര്‍ക്ക് ഈ സിനിമയില്‍ എന്താ കാര്യം എന്ന് ചോദിക്കരുത് പ്ലീസ് (കാണികള്‍ക്ക് ചിരിച്ചാല്‍ പോരെ ?).ജോസിയുടെ അച്ഛന്‍ ജോണ്‍ (ലാല്‍ ) നേവിയില്‍ ആയിരുന്നു ശ്രീലങ്കക്ക് പോയിട്ട് പിന്നെ മടങ്ങി വന്നില്ല (പുലികള്‍ തട്ടി ).മകന് എഞ്ചിനീയറിംഗ് രണ്ടു പേപ്പര്‍ കിട്ടാനുണ്ട് .(ഉത്തരവാദിത്വം ഇല്ല എന്ന് കാണിക്കാന്‍ ആകണം ) ജോസി വഴിയില്‍ കാണുന്ന സീമ (അഞ്ജലി അങ്ങടിതെരു ) എന്ന കൊച്ചുമായി ആദ്യം ഉടക്ക് പിന്നെ പ്രേമം .പറയാന്‍ മറന്നു ഇതിനു ഇടയ്ക്ക് പയ്യന് റേഡിയോ ജോക്കി ആയി പണി കിട്ടുന്നു .നായികാ സൌണ്ട് എഞ്ചിനീയര്‍ .(പിന്നെ പ്രേമിക്കയല്ലാതെ എന്തോ ചെയ്യും ?).ഇടവേള വരെ അങ്ങനെ ഇങ്ങനെ ഒക്കെ പോയിട്ട് രണ്ടാം പകുതി ആകുമ്പോള്‍ നായകന്റെ അച്ഛന്‍ ജോണ്‍ (ലാല്‍ ) തിരിച്ചു വരുന്നു .അദേഹം ഇത്ര നാളും (ഇരുപതു കൊല്ലം ) പുലികളുടെ തടവില്‍ ആയിരുന്നത്രെ .ജോണ്‍ എത്തുന്നതിനു മുന്‍പ് പത്മ മരിച്ചു പോകുന്നു . നായകനും അച്ഛനും ഒരുമിച്ചു ജീവിതം തുടങ്ങുന്നു .അച്ഛന്റെ പട്ടാള ഭരണം സഹിക്കാതെ നായകന്‍ അച്ഛനോട് ഇറങ്ങി പോകാന്‍ പറയുന്നു ലാല്‍ പോകുന്നു .അത് കഴിഞ്ഞു ആണ് നായകന്‍ ആ ഞെട്ടിപ്പിക്കുന്ന സത്യം അറിയുന്നത് .. അനിയാ നീ ഒരു കര്‍ചീഫ്‌ താടെ ഒന്ന് കണ്ണ് തു ടക്കട്ടെ.......

ഇന്നാ അണ്ണാ.. കണ്ണ് തുടച്ചേ ഇനി പറയു എന്ത് ആണ് ആ സത്യം ?

പത്മ തന്റെ ഡയറി യില്‍ മകനെ കുറിച്ചുള്ള സകല പരാതികളും എഴുതി വെച്ചിട്ടുണ്ടായിരുന്നു . അത് വായിച്ചു , മകനെ നന്നാക്കാന്‍ വേണ്ടിയാണു ജോണ്‍ എന്ന അച്ഛന്‍ തന്റെ മനസിലെ സ്നേഹം മറച്ചു വെച്ച് പട്ടാള ഭരണം നടത്തിയത് .ഒരു തെളിവിനാകണം ഡയറിയില്‍ പരാതി പറയുന്ന പേജുകളില്‍ എല്ലാം അദേഹം കൈവരിച്ച പുരോഗതി എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു (ദൈവത്തിനു സ്തുതി അങ്ങനെ തോന്നിയില്ലയിരുന്നെകില്‍ ജീവിതകാലം മുഴുവന്‍ ആ തങ്കപ്പെട്ട മനുഷ്യനെ നമ്മളെല്ലാവരും തെറ്റിധരിച്ചെനെ (നായകനടക്കം )). ആ മനുഷ്യനെയാണല്ലോ നായകനും നമ്മളും തെറ്റിദ്ധരിച്ചത് എന്നോര്‍ത്ത് നായകനും നമ്മളും ഒരുമിച്ചു തേങ്ങുന്നു . എടാ വീണ്ടും കര്‍ചീഫ്‌ ...... ഒടുവില്‍ വികാരഭരിതമായ ഒരു കൂടി ചേരലോടെ ചിത്രം അവസാനിക്കുന്നു

പിന്നെ പറയാന്‍ മറന്നു.ഇടവേളയോട് അടുപ്പിച്ചു ലാലു അലക്സ്‌ അവതരിപ്പിക്കുന്ന ഒരു കഥാപത്രം കൂടി ആകാശത്ത് നിന്നും വീണു ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .(വലിയ കാര്യമൊന്നുമില്ല ശികാറിലെ "രമണിയെ , മീന്‍ ചാറ് കൊണ്ട് വാടി" എന്ന ലൈന്‍ തന്നെ )

അപ്പോള്‍ അഭിനയം ?

എഴിച്ചു പോടെ........ പിന്നെ ഇത്രയും നേരം പറഞ്ഞതു എന്ത് വാഴ കുല യാ. ഇതിലെ കഥയും തിരകഥ യും എന്ന് പറഞ്ഞു ഇറക്കുന്ന സാധനം ആണ് താരം. ലാലും രോഹിണിയും ലൈന്‍ ആകുന്ന ഫ്ലാഷ് ബാക്ക് കാണിക്കുന്നുണ്ട്.എന്തൊരു പ്രേമം!!!!ഇങ്ങനെ പ്രേമിക്കാന്‍ വരുന്നവനെ പ്രേമികണം എങ്കില്‍ രോഹിണിയുടെ കഥാപാത്രം സമയബന്ധിതമായി ആരേലും പ്രേമിച്ചേ അടങ്ങു എന്ന വാശിയില്‍ ആയിരിക്കാനാണ്‌ സാധ്യത .കുറഞ്ഞ പക്ഷം ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ വേറെ ചെറുപ്പക്കാരെ എങ്കിലും ഉപയോഗിച്ച് പ്രേക്ഷകരോട് ദയവു കാണിക്കാമായിരുന്നു.എവിടെ? പിന്നെ ഇതില്‍ അങ്ങനെ അഭിനയം ഒന്നും ഇല്ല ജയസൂര്യ ഒഴികെ ബാക്കി എല്ലാരും കാശു വാങ്ങിയതല്ലേ എന്ന് കരുതി ഡയലോഗ് വൃത്തിയായി പറഞ്ഞു പോകുന്നു.ജയസൂര്യ മാത്രം ഇവര്‍ വിവാഹിതര്‍ ആയാല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു !!!(അഞ്ജലി എന്ന നായികയുടെ പ്രകടനം കണ്ടാല്‍ ഈ കൊച്ചാണോ അങ്ങാടി തെരു എന്ന ചിത്രത്തിലെ കനി എന്ന് സ്വയം ചോദിച്ചു പോകും .)

അപ്പോള്‍ ചുരുക്കത്തില്‍ ..

എന്തോന്ന് ചുരുക്കം? കണ്ടിറങ്ങുമ്പോള്‍ ലോകത്തോട്‌ തന്നെ ഒരുമാതിരി വെറുപ്പ്‌ തോന്നിക്കുന്ന ചിത്രം

യുദ്ധം സെയ് (Yudham Sei )

"അണ്ണാ"

"ങാ നീ എത്തിയോ...ഇന്നലെ ഓഫീസില്‍ കലിപ്പുകള്‍ വല്ലതും നടന്നോടെ ?"

"ഇല്ലണ്ണാ...എഡിറ്റര്‍ മൂപ്പീന്ന് ഇന്നലെ നല്ല സ്വരൂപത്തില്‍ ആയിരുന്നു"

"ഡേ ...അനിയാ നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിരിക്കുകയായിരുന്നു ഞാന്‍ രാവിലെ തന്നെ "

"എന്തിനാ അണ്ണാ?"

"നമ്മുടെ ഒരു സുപ്പര്‍ താരത്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍കാര്‍ എന്നെ കാണാന്‍ വന്നിരുന്നു. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഒരു നെടുങ്കന്‍ ലേഖനം എഴുതി അവര്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞു. നിന്‍റെ കുറച്ചു ചലച്ചിത്ര വിജ്ഞാനം എനിക്ക് വേണം "

"ഇതു താരത്തിന്റെ ഫാന്‍സ്‌ അണ്ണാ?"

'അത് രഹസ്യമാണ് "

"ഓ ...ഗതികെട്ട് പതാളത്തിലായി വിനൂമോഹനെ പോലെ ഒരു ഗതിയും ഇല്ലാത്തവരെ വരെ കളിയാക്കി സ്വന്തം മേല്‍ക്കോയ്മ തെളിയിക്കേണ്ടി വരുന്ന അമ്മാവന്മാരില്‍ ആരുടെ ശിങ്കിടികള്‍ ആണെങ്കില്‍ എന്താ അല്ലേ? എല്ലാം കണക്കാ. അല്ല അണ്ണാ , നിങ്ങള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ? ഈ ഫാന്‍സ്‌ ക്ണാപ്പന്‍മാര്‍ക്ക് ലേഖനം എഴുതിക്കൊടുക്കാന്‍ ? അതും അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യകതയെ കുറിച്ച് ?"

"ഡേ...കാവലന്‍ കണ്ട നൂറില്‍ ഒരാള്‍ പോലും ഖാണ്ടാഹാര്‍ കണ്ടില്ല . ചിരുതക്കുള്ള ഇടി ബെസ്റ്റ് അക്റ്ററിനും കണ്ടില്ല ...അപ്പോള്‍ മലയാള സിനിമയെ രക്ഷിക്കാന്‍ അന്യഭാഷാ ചിത്രങ്ങളുടെ കൊങ്ങക്ക്‌ പിടിക്കണ്ടേ ?"

"അണ്ണാ നിങ്ങള്‍ യുദ്ധം സെയ് എന്ന പടം കണ്ടോ?"

"ഇവിടെ ഇറങ്ങിയിട്ട് വേണ്ടെടെ കാണാന്‍?"

"നിരോധനം ഒന്നും ഇല്ലാതെ തന്നെ നല്ല തമിഴ് പടങ്ങള്‍ നാട്ടില്‍ സമയത്ത് ഇറങ്ങാത്തതിന്റെ വിഷമത്തിലാണ് ഞാന്‍ ."

"പിന്നെ യുദ്ദം സെയ് നല്ല പടം . ഒന്ന് പോടെ ...ആ ചേരനല്ലേ നായകന്‍ ? അവനെയൊക്കെ എങ്ങനെയാടെ തിയറ്ററില്‍ പോയിരുന്നു സഹിക്കുന്നത് ?"

"സത്യമായിട്ടും കോയമ്പത്തൂരില്‍ എന്‍റെ കൂട്ടുകാര്‍ ഈ പടത്തിനു വിളിച്ചോണ്ട് പോയപ്പോള്‍ ഇതേ ചോദ്യം ഞാനും ചോദിച്ചതാണ് അണ്ണാ. പക്ഷേ പടം കണ്ടപ്പോള്‍ 'തള്ളേ, കിടിലം' എന്ന് പറഞ്ഞു പോയി "

"ഒള്ളതാ ?"

"ഓ തന്നെ... നല്ല പടം അണ്ണാ "

"സംവിധായകന്‍ ആ മിസ്ക്കിന്‍ അല്ലേ ? ."

"തന്നെ അണ്ണാ . പടം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറും "

"അഞ്ചാതെ പോലെ അല്ലേ ?"

"അല്ല അണ്ണാ ...ഇത് സംഭവം വേറെയാണ് ."

"നീ കഥയൊന്നു ചുരുക്കി പറയഡേ "

'അണ്ണാ നഗരത്തില്‍ തിരക്കുള്ള ...പ്രത്യേകിച്ചും പ്രമുഖരുടെ ശ്രദ്ധ പതിയുന്ന ഭാഗങ്ങളില്‍ കാര്‍ഡ്‌ ബോര്‍ഡ് പെട്ടികളില്‍ ഇലക്ട്രിക് സ്വാ ഉപയോഗിച്ച് മുറിച്ചെടുക്കപ്പെട്ട നിലയില്‍ മനുഷ്യരുടെ ശരീരഭാഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു . വന്‍ കോളിളക്കം ഉണ്ടാക്കുന്ന ഈ സംഭവങ്ങളുടെ അന്വേഷണം സി ബി -സി ഐ ഡി ഓഫീസര്‍ ജെ കേയില്‍ (ചേരന്‍) നിക്ഷിപ്തമാകുന്നു.ട്രെയിനികളായി ക്രൈം ബ്രാഞ്ചില്‍ ചേര്‍ന്ന രണ്ടു പേരോടും, സന്തത സഹചാരിയായ കോണ്‍സ്റ്റബിള്‍ കിട്ടപ്പയോടും ഒപ്പം ജെ കേ കേസ് അന്വേഷണം ആരംഭിക്കുന്നു . മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ സ്വന്തം സഹോദരിക്ക് വേണ്ടിയുള്ള അന്വേഷണം ജെ കേ ഈ കേസിന് സമാന്തരമായി നടത്തുന്നുണ്ട്. സഹോദരിയുടെ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഒരു സാധാരണക്കാരനായ ഏട്ടനായും, തന്നില്‍ നിയമത്താല്‍ നിക്ഷിപ്തമായ അന്വേഷണം നടത്തുമ്പോള്‍ ഒരു സി ബി -സി ഐ ഡി ഉദ്യോഗസ്ഥനായിയും ചേരനെ സ്ക്രീനില്‍ കാണുമ്പോള്‍ ..."

"മിസ്ക്കിന് ചായ മേടിച്ചു കൊടുക്കാന്‍ തോന്നും ,അല്ലേ?"

"തന്നെ അണ്ണാ "

"ഉം...ബാക്കി പറ "

"കഥ ഈ അന്വേഷണങ്ങളും , അതിന്റെ ഭാഗമായുള്ള കണ്ടെത്തലുകളും , ട്വിസ്റ്റുകളും ഒക്കെയാണ് "

"സി ബി ഐ ഡയറിക്കുറിപ്പ്‌ സീരീസിലെ പോലെ ഞെട്ടിപ്പിക്കുന്ന സസ്പെന്‍സുകള്‍ ഉണ്ടോ പടത്തില്‍"

"ഇല്ലണ്ണാ ഒബാമ മുതല്‍ ബിന്‍ ലാദിന്‍വരയുള്ളവരെ വേണമെങ്കില്‍ സംശിയിച്ചോ എന്ന് പറഞ്ഞിട്ട് അവസാനം ചുമ്മാ വഴിയെ പോയോരുത്തനെ പിടിച്ചു നീയല്ലേടാ കൊലപാതകി എന്ന് ചോദിക്കുന്ന പരിപാടി ഈ പടത്തില്‍ ഇല്ല . ഈ പടത്തില്‍, ശരിക്കും ഒരു ക്രൈം ഇനവെസ്സ്റ്റിഗേഷനില്‍ മൂളയുള്ള ഒരു ഉദ്യോഗസ്ഥന്റെ കൂടെ നമ്മളും കേസ് അന്വേഷണത്തില്‍ ഉത്പ്പെട്ടത്‌ പോലെ തോന്നും ചിലപ്പോഴൊക്കെ"

"ഓ ഹോ ,മമ്മൂട്ടിയെക്കാള്‍ മിടുക്കനാണോ ചേരന്‍?"

"സി ബി ഐ ഡയറിക്കുറിപ്പ്‌ സീരിസ്സുമായി നിങ്ങള്‍ക്ക് ഇതിനെ താരതമ്യം ചെയ്യണം എന്ന് നിര്‍ബന്ധമാണെങ്കില്‍, അതെ ചേരന്‍ തന്നെയാണ് മിടുക്കന്‍. അണ്ണാ ഒള്ള കാര്യം പറയാമല്ലോ ...ചേരനെ സഹിക്കണമല്ലോ എന്ന് കരുതി പദത്തിന് കയറിയ ഞാന്‍ ക്ലൈമാക്സ് സീനില്‍ അങ്ങേരുടെ അഭിനയം കണ്ട് സത്യത്തില്‍ ആളുടെ ആരാധകനായിപ്പോയി . സഹോദരി ജീവിച്ചിരിക്കുന്നു എന്ന് അറിയുന്ന നിമിഷം തൊട്ട് പുള്ളി കേറിയങ്ങ് തകര്‍ത്തു എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ "

"എന്നാലും നമ്മുടെ ബെസ്റ്റ് ആക്ടര്‍ലെ പോലെ ഒരു ഇരട്ട ക്ലൈമാക്സ്‌ ഒന്നും ഇല്ലെങ്കില്‍ എന്തിനു കൊള്ളാം.... ശരി അതിരിക്കട്ടെ ബാക്കിയുള്ള അഭിനേതാക്കള്‍ ഒക്കെ എങ്ങനെയുണ്ടെന്ന് കേള്‍ക്കട്ടെ ?"

"തിരക്കഥയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വൃത്തിയായി ചെയ്തിട്ടുണ്ട് എല്ലാവരും .പക്ഷെ പടം കൊണ്ട് പോകുന്നത് ചേരനാണ്. ചെയ്ത മറ്റു പദങ്ങളില്‍ എല്ലാം ചെറിയ കഥാപാത്രങ്ങളെപ്പോലും കാണികളുടെ മനസ്സില്‍ നില്‍ക്കുന്ന വിധം അവതരിപ്പിച്ച മിസ്ക്കിന്‍ ഈ പടത്തില്‍ ചേരനില്‍ മാത്രമായി ഫോക്കസ് ഒതുക്കുന്നു എന്നതാണ് എന്റെ ഏക പരാതി.പക്ഷേ പടത്തിന്റെ പൂര്‍ണ്ണതക്കോ,കഥയുടെ ഒഴുക്കിനോ അത് കൊണ്ട് യാതൊരുവിധ കോട്ടവും തട്ടുന്നില്ല കേട്ടോ .എന്ന് തന്നെയല്ല ചേരനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ചില സീനുകള്‍ അടാറു സീനുകളുമായി . ഒരു പാലത്തിനു മേലെ വെച്ച് ഒരു ഫയിറ്റ് സീന്‍ ഉണ്ട് . അത് മാത്രം മതി ഉദാഹരണത്തിന് ."

"പാട്ടുകള്‍ ,ക്യാമറാ തുടങ്ങിയ സങ്കേതിക വിഭാഗം പഴശ്ശിരാജ പോലെ പൊലിപ്പിച്ചോ?"

"അത് പോലെ 'പൊളി'പ്പിച്ചില്ല. സത്യയുടെ ക്യാമറവര്‍ക്കും , കേ യുടെ (അതാണ്‌ പേര് ) പശ്ചാത്തല സംഗീതവും ശരിക്കും പടത്തിന് ബലമാണ്‌ അണ്ണാ. മിസ്ക്കിന്റെ എല്ലാ പടത്തിലും ഉള്ളത് പോലെ ഈ പടത്തിലും മഞ്ഞ സാരിക്കാരിയുടെ (ഇതില്‍ നീതു ചന്ദ്ര) ഡാന്‍സ് ഉണ്ട് . ആ പാട്ട് പോലും നന്നായിട്ടുണ്ട് "
"അപ്പോള്‍ പടം കൊള്ളാം അല്ലേഡേ ?"

"നല്ല ഒരു പടം കണ്ടിറങ്ങുമ്പോള്‍ നമുക്ക് ഒരു സന്തോഷം ഒക്കെ തോന്നില്ലേ. അതെന്തായാലും ഈ പടം കണ്ടിറങ്ങിയപ്പോള്‍ എനിക്ക് തോന്നി .ഇനി പറ അന്യ ഭാഷാ ചിത്രങ്ങള്‍ ..."

"ഫ്ഭാ ...പോകാന്‍ പറയടാ അമ്മാവന്മാരോടു അവന്മാരുടെ ഫാന്‍സ്‌ പുല്ലന്മാരോടും "

അപ്പോള്‍ ചുരുക്കത്തില്‍ .....

ദൈവത്തെ എവിടെ കിട്ടും എന്ന് അന്വേഷിച്ചു നടക്കുന്ന പ്രബുദ്ധനായ മലയാള പ്രേക്ഷകനോട് ഇതൊക്കെ എഴുനള്ളിച്ചിട്ടു വല്ല കാര്യവുമുണ്ടോ എന്നും, കേരളത്തില്‍ റീലീസ് ആകാത്ത ഇങ്ങനത്തെ ചിത്രങ്ങളെകുറിച്ച് എഴുതിയിട്ട് എന്ത് കാര്യം എന്നും ആലോചിക്കാതെ ഇല്ല. പക്ഷെ എന്നെങ്കിലും ഈ ചിത്രങ്ങള്‍ ഇവിടെ റീലീസ് ആകുകയോ കുറഞ്ഞ പക്ഷം സി ഡി ഇറങ്ങുകയോ ചെയുമ്പോള്‍ ഈ നാട്ടില്‍ ആര്‍ക്കെങ്കിലും ഈ ചിത്രങ്ങള്‍ കാണാന്‍ ഇതൊക്കെ ഒരു കാരണം ആകുകയാണെങ്കില്‍ സന്തോഷം അത്ര തന്നെ

Thursday, February 17, 2011

പയണം (Payanam)

"അണ്ണാ "

"ഡേ, നീ കോയമ്പത്തൂര്‍ പോയിട്ട് നീ എപ്പോ വന്നു?"

'ഇന്നലെ രാത്രി"

" ഫ്രണ്ടിന്റെ കല്യാണത്തിന് തല കാണിക്കാന്‍ എന്ന് പറഞ്ഞു പോയ നീ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞാണല്ലോടെ പൊങ്ങുന്നത്? നീ ജോലിയൊക്കെ രാജി വെച്ചാ?"

"ഇല്ല അണ്ണാ. കുറച്ചു ലീവ് ബാക്കി ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ പഴയ രണ്ടു മൂന്ന് ദോസ്തുക്കളെ കണ്ടു . പിന്നെ രണ്ടു ദിവസം അവന്മാരുടെ കൂടെ അവിടെ കൂടി "

"അപ്പൊ, വെള്ളമടി ഉഷാറായിക്കാണുമല്ലോ?"

"പിന്നെ കോയമ്പത്തൂര്‍ പോയി വെള്ളമടിക്കാന്‍ ഇവിടെ ബാറും,ബിവറേജസ്സും പൂട്ടിക്കിടക്കുകയല്ലേ? രണ്ടു തമിഴ് പടങ്ങള്‍ കണ്ടു. കുറെ കറങ്ങി "

"ഓ ...നീ അല്ലെങ്കിലും തമിഴ് പടങ്ങളുടെ ആരാധകന്‍ ആണല്ലോ .ഏതെഡേ കണ്ടത് , വല്ലഭനുക്ക് വല്ലഭനും , കട്ടബൊമ്മനും തന്നെ?"

"ഒവ്വ...ആ രണ്ടു പടങ്ങളും ഇപ്പൊ ഇറങ്ങുന്ന പല മലയാളം പടങ്ങളെക്കാള്‍ ഭേദമാണ് അണ്ണാ. പക്ഷേ ഞാന്‍ കണ്ടത് പയണം ,യുദ്ധം സെയ് ഈ രണ്ടു പടങ്ങളുമാണ്"

"പയണം ഏതാണ്ട് പ്ലൈന്‍ ഹൈജാക്കിംഗ് കഥ അല്ലേഡേ ? ഞാന്‍ നെറ്റില്‍ പ്രിവ്യൂ വായിച്ചിരുന്നു.ഖാണ്ടഹാറിന്റെ കോപ്പിയടി തന്നെ സാധനം?"

"നാഗാര്‍ജുന അഭിനയിച്ച പടത്തിനെ കുറിച്ച് പറയുമ്പോള്‍ അതുമായി താരതമ്യം ചെയ്തു നിക്കര്‍ , കൂളിങ്ങ്ഗ്ലാസ് താരങ്ങളെ കളിയാക്കിയാല്‍ അവരുടെ ഫാന്‍സ്‌ ചിലപ്പോള്‍ നാഗര്‍ജ്ജുനയുടെ കഞ്ഞികുടി മുട്ടിക്കും എന്നത് കൊണ്ട് മാത്രം ഞാന്‍ കാറി തുപ്പുന്നില്ല . അണ്ണാ ഖാണ്ടഹാര്‍ മുട്ടന്‍ കോമഡി പടമല്ലായിരുന്നോ. ക്ലൈമാക്സ് സീനില്‍ ഒക്കെ ജനം ഇങ്ങനെ കമഴ്ന്നു കിടന്ന് ചിരിച്ച വേരെയൊരു സിനിമ ഞാന്‍ അടുത്തകാലത്ത് കണ്ടിട്ടില്ല."

"ഡേ ...ഡേ മേജര്‍ രവി സാറിനെ നീ അങ്ങനെ വാരത്തെ...ഒരബദ്ധം ഒക്കെ ആര്‍ക്കും പറ്റും "

"അങ്ങേരുടെ നാല് പടങ്ങള്‍ തിയറ്ററില്‍ പോയി കണ്ടു നിരപ്പിന് അബദ്ധം പറ്റിയ എന്നോട് തന്നെ നിങ്ങള്‍ ഇത് പറയണം. പക്ഷെ ഒന്നുണ്ട് കേട്ടോ അണ്ണാ...മൊഴി , അഭിയും നാനും എന്നാ ഫാമിലീ ഡ്രാമകള്‍ ചെയ്തു പരിചയമുള്ള രാധാമോഹന്‍ എന്ന സംവിധായകന്‍ എടുത്ത ഈ ഹൈജാക്ക് /കമാന്‍ഡോ ഓപ്പറേഷന്‍ പടം മേജര്‍ രവി സാറിനെ ഒരു പത്തു വട്ടം കാണിക്കണം . "

"അത്രയ്ക്ക് കിടിലം പടമാണോഡേ?"

"അണ്ണാ , എനിക്ക് പടം ഇഷ്ടപ്പെട്ടു"

"കിടിലം ആക്ഷന്‍ സീനുകള്‍ ഒക്കെ ഉണ്ടോടെ ?"

"വൃത്തിയായിട്ട് എടുത്തു വെച്ചിരിക്കുന്ന ആക്ഷന്‍ സീനുകള്‍ ഉണ്ട് . പിന്നെ രാധമോഹന്റെ സ്ഥിരം ശൈലിയായ ഡ്രൈ ഹ്യൂമര്‍ ഈ ആക്ഷന്‍ മൂടുള്ള ഫിലിമില്‍ കിടിലമായിട്ട് കൂട്ടിച്ചേര്‍ത്തിട്ടുണ്ട് . പടത്തില്‍ തന്നെ പ്രിത്വി (രാജു മോന്‍ അല്ല) എന്ന നടന്‍ അവതരിപ്പിക്കുന്ന ഒരു സുപ്പര്‍ താരമുണ്ട്.സിനിമയില്‍ ഹെലികോപ്ടര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി പിടിച്ചു നിറുത്തുകയും,ബുള്ളറ്റ് പല്ലുകൊണ്ട് തടയുകയും ഒക്കെ ചെയ്യുന്ന ഒരാള്‍ ...പ്ലെയ്നില്‍ യഥാര്‍ത്ഥ തീവ്രവാദികളുടെ മുന്നില്‍ ഭയന്ന് വിറച്ചിരിക്കുന്ന ആ സൂപ്പര്‍താരം,അയാളുടെ കടുത്ത ഒരു ആരാധകന്‍, അങ്ങനെ പ്ലെയ്നിലെ ഓരോ യാത്രക്കാരുടെയും മാനസികാവസ്ഥ, തീവ്രവാദികളോടുള്ള അവരുടെ പ്രതികരണം (തിരിച്ചും) ഒക്കെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് സിനിമയില്‍ ."

"അതൊക്കെ നിക്കട്ടെ ...നാഗാര്‍ജ്ജുന എങ്ങനെ ? നീ അത് പറ ?"

"അണ്ണാ , അന്പത്തിയോന്നു വയസ്സുള്ള ആ മനുഷ്യനെ കണ്ടു നമ്മുടെ കേരളത്തിലെ പല അമ്മാവന്മാരും പഠിക്കണം എന്ന് ഞാന്‍ പറഞ്ഞാല്‍ അത് അഹങ്കാരമാകുമോ? "

"അത്രയ്ക്ക് കിടിലം അഭിനയമാണോഡേ?"

"ശരീരഭാഷ,സംസാരം ഇതിലൊക്കെ ഒരു പതം വന്ന എന്‍ എസ ജി കമാന്‍ഡോയെ അവതരിപ്പിക്കുക എന്നത് നന്നായി ചെയ്തതിനെ കിടിലം അഭിനയം എന്ന് പറയാമെങ്കില്‍ ...തന്നെയണ്ണാ കിടിലം അഭിനയം തന്നെ"

"ഖാണ്ടഹാറില്‍ അവസാന രംഗങ്ങളില്‍ മോഹന്‍ലാല്‍ അമിതാബ് ബച്ചനോട് വന്നു കാണുന്ന രംഗത്തിലെ പോലെ പോലെ ജന ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉണ്ടോഡേ നാഗന്റെ കയ്യില്‍ ?"

"ഇല്ല അണ്ണാ ...അറഞ്ഞുള്ള കൂവല്‍ ഒന്നും തിയറ്ററില്‍ കേട്ടില്ല . അപ്പോള്‍ എന്തായാലും നാഗാര്‍ജ്ജുന അണ്ണന്‍ പറഞ്ഞ അത്ര ജന ഹൃദയങ്ങളെ കയറി സ്പര്‍ശിച്ചു കാണില്ല "

"ഉം...ഉം...നീ പടത്തിന്റെ കഥ പറ ...കഥ പറ "

"ഹൈജാക്ക് ചെയ്യപ്പെടുന്ന ചെന്നൈ - ന്യൂ ഡല്‍ഹി വിമാനം . അഞ്ചു തീവ്രവാദികള്‍ . കേന്ദ്ര മന്ത്രി, സിനിമാ നടന്‍ തുടങ്ങിയ പ്രമുഖര്‍ മുതല്‍ ഇന്റര്‍വ്യൂവിന് ഡല്‍ഹിക്ക് പോകുന്ന സാധാരണക്കാരന്‍ (ഒരു അപ്പര്‍ മിഡില്‍ ക്ലാസ് ...വിമാനത്തില്‍ ഡല്‍ഹിക്ക് പോകാം ) വരെയുള്ള യാത്രക്കാര്‍. റാവല്‍പിണ്ടിക്ക് വിമാനം കടത്താനുള്ള തീവ്രവാദികളുടെ ശ്രമം എഞ്ചിന്‍ തകരാറ് മൂലം പാളുന്നു. തിരുപ്പതിയില്‍ ഇറങ്ങുന്ന വിമാനത്തിലെ യാത്രക്കാരെ മോചിപ്പിക്കാന്‍ തീവ്രവാദികളുമായി ചര്‍ച്ച നടത്താന്‍ എത്തുന്ന ഉന്നത തല സംഘത്തിലെ ഹോം സെക്രെട്ടറിയായി പ്രകാശ് രാജ്, കമാന്‍ഡോ ഒപരെഷന് തയാറായ എന്‍ എസ ജി സംഘത്തിന്റെ തലവനായി നാഗാര്‍ജ്ജുന . വിമാനം മോചിപ്പിചെടുക്കാനുള്ള ശ്രമങ്ങള്‍, യാത്രക്കാരുടെ അവസ്ഥ (തീവ്രവാദികളുടെയും) , ഇടയ്ക്കു ചില്ലറ ട്വിസ്റ്റുകള്‍ ...ഇത് തന്നെ കഥ. രണ്ടു മണികൂര്‍ പോകുന്നത് അറിയില്ല അണ്ണാ."

"കലക്കന്‍ ദേശഭക്തി ഗാനങ്ങള്‍ ഉണ്ടോഡേ ?"

"അണ്ണാ രാധാമോഹന്‍ എന്നൊരു പാവമാണ് പടത്തിന്റെ സംവിധായകന്‍ . രവിസാര്‍ അല്ല. പെരുമ്പാവൂര്‍ സാര്‍ ഓള്‍ നിര്‍മ്മാതാവ് പ്രകാശ് രാജാണ് . നായകന്‍ നഗാര്‍ജ്ജുനയും (കമ്പാരിസണ് ഇവിടുത്തെ നായകന്റെ പേര് ഞാന്‍ പറയില്ല. പാവം നാഗാര്‍ജ്ജുന , ജീവിച്ചു പൊയ്ക്കോട്ടെ). അതുകൊണ്ട് ദോശ ഭക്തി ഗാനങ്ങള്‍ ഇല്ല . കൊള്ളാവുന്ന ഒരു ടൈറ്റില്‍ സോങ്ങും, ഉഗ്രന്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും ഉണ്ട് "

"അപ്പൊ ചുരുക്കത്തില്‍ ..."

"പടം എനിക്ക് ഇഷ്ടപ്പെട്ടു അണ്ണാ.നല്ല ഒഴുക്കുള്ള കഥയും,സംവിധാന രീതിയും, നായകന്‍ തൊട്ടു എക്സ്ട്രകള്‍ വരെ അവരവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കിയ അഭിനയം,നല്ല ക്യാമറ ...മൊത്തത്തില്‍ നല്ല സിനിമ എന്ന് എനിക്ക് തോന്നി തിയറ്ററില്‍ എന്റെ കൂടെ ഇരുന്ന് പടം കണ്ടവര്‍ക്കും പടം ഇഷ്ടപ്പെട്ടു എന്നാണ് അവരുടെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. പിന്നെ തമിഴന്മാരുടെ അസ്വാധന നിലവാരം മലയാളികളുടെ (ഇന്നത്തെ ) പ്രേക്ഷകരുടെ ആ ഒരു ലെവലില്‍ അല്ലാത്തത് കൊണ്ട് ഇവിടെ ഉള്ള സാറന്മാര്‍ക്ക്‌ പടം കാണുമ്പോള്‍ ഇഷ്ടപ്പെടുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല.പക്ഷെ എനിക്ക് ഏതായാലും ഖാണ്ടഹാര്‍ കണ്ട ക്ഷീണം മാറി"

"ഇനി യുദ്ധം സെയ്യുടെ വിശേഷങ്ങള്‍ പറയഡേ"

"ഞാന്‍ പോയി ഒന്ന് ഓഫീസില്‍ തല കാണിച്ചിട്ട് വരാം അണ്ണാ.ലീവ് നമ്മുടെ സ്വന്തമാനെങ്കില് അയാളുടെ കുടുംബത്ത് നിന്നും എടുത്തോട് വന്നു തരുന്ന ഭാവമാണ് നമ്മുടെ എഡിറ്റര്‍ക്ക് .ലീവ് തീര്‍ന്ന ദിവസം അഞ്ചു മിനിട്ട് ലേറ്റായാല്‍ അങ്ങേരുടെ മുഖത്തു സുഗ്രീവന്‍ കയറും . ബാകി വിശേഷങ്ങള്‍ നാളെ പറയാം"

Tuesday, February 15, 2011

റേസ് (Race )

അണ്ണാ ഒന്ന് നിന്നേ.....

നീയോ? എങ്ങോട്ടാ അനിയാ ഈ നേരം കേട്ട നേരത്ത് .

ആ പത്രം ഓഫീസ് വരെ.ഇന്നെങ്കിലും ആ റേസ് എന്ന പടത്തിന്റെ നിരൂവണം കൊടുത്തില്ലേല്‍ പണി വേറെ നോക്കണം .ഇല്ലെങ്കില്‍ തന്നെ നിങ്ങളുടെ വാക്ക് കേട്ട് ഓരോന്ന് എഴുതി ഇപ്പോള്‍ തന്നെ പണി പോകാറായി.

ഒന്ന് പോടെ നിന്‍റെ പത്രാധിപരും നിക്കര്‍ -കൂളിഗ് ഗ്ലാസ്‌ ആരാധകന്‍ അണോടെ? അല്ല അന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന മാധ്യമ ലോകത്തിനെ പറ്റിപറഞ്ഞിട്ട് കാര്യമില്ല .എന്നിട്ട്, റേസ് കണ്ടിട്ട് എന്ത് തോന്നി ?

ഒന്ന് പോ അണ്ണാ . എനിക്ക് വേറെ പണിയില്ലേ ഈ പന്ന മലയാള സിനിമയൊക്കെ കാണാന്‍ . വല്ല തമിഴോ ,ഹിന്ദിയോ ഒക്കെ കണ്ടാല്‍ കൊടുക്കുന്ന കാശു എങ്കിലും മുതലാകും .എന്ന് കരുതി കഞ്ഞി കുടിച്ചു പോകണ്ടേ . അതിന നിരൂവണം.മനസ്സിലായോ .

ഇപ്പോള്‍ മനസിലായി . ശരി ഇനി പടത്തെ പറ്റി പറ . എന്താ കാചിയിരിക്കുന്നത്.

അണ്ണാ ഒരു വലിയ രഹസ്യം പറയാം ഞെട്ടരുത് . ഇതു ഒരു ഇംഗ്ലീഷ് സിനിമയുടെ കോപ്പി അടി ആണ് .Trapped എന്നോ മറ്റോ ആണ് പേര് .രണ്ടു ദിവസമായി ഇന്റര്‍നെറ്റ് പണി ആയതിനാല്‍ ഡൌണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റിയില്ല .എന്നാലും കോപ്പി അടി കോപ്പി അടി തന്നെ അല്ലെ കുക്കു സുരേന്ദ്രന്‍ ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ,(പണ്ട് വീരാളിപ്പട്ടു എന്നോ മറ്റോ ഒരു ചിത്രം എടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.ഓര്‍മയില്ല ആരോ പറഞ്ഞു കേട്ടതാണ് ).

എടേ നില്ല്.ഇന്നലെ ആ പടം ഞാന്‍ കണ്ടതെ ഉള്ളു. ഹിന്ദിയില്‍ ന്യൂ generation സിനിമ എന്ന് ഞാന്‍ വിളിക്കുന്ന ഒരു സ്ട്രീം ഉണ്ട്.വിനയ് പഥക്,രജത് കപൂര്‍,കൊങ്കണ സെന്‍,ഇര്‍ഫാന്‍ ഖാന്‍ എങ്ങനെ കുറെ ആള്‍ക്കാര്‍ ഒക്കെയാണ് ഇത്തരം സിനിമകളിലെ പതിവുകാര്‍.അക്കൂടത്തില്‍ പ്പെട്ട ഡെഡ് ലൈന്‍ എന്ന ചിത്രത്തിന്റെ ബാക്ക് ടു ബാക്ക് കോപ്പി ആയി ആണ് എനിക്ക് തോന്നിയത് (അഭിനയിക്കുന്നവര്‍ രജത് കപൂര്‍ (കുഞ്ചാക്കോ),കൊങ്കണ സെന്‍ (മമത),ഇര്‍ഫാന്‍ ഖാന്‍ (ഇന്ദ്രജീത്ത്)).ഒരു പക്ഷെ അവന്മാരും trapped നിന്ന് പോക്കിയതാകാനും മതി.കഥ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ആയ എബി ജോണ്‍ (കുഞ്ചാക്കോ) ഭാര്യ നിയയും (മമത)മകള്‍ അച്ചുവും അടങ്ങുന്ന സന്തുഷ്ട കുടുംബം.ഐ എം എ യുടെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ്‌ ലഭിക്കുന്ന എബി അവാര്‍ഡ്‌ വാങ്ങാന്‍ ആയി ബംഗ്ലൂര്‍ക്ക് പോകുന്നിടതാണ് കഥ ആരംഭിക്കുന്നത്.എബി പോയി കഴിഞ്ഞ ഉടന്‍ അയാളുടെ വീട്ടില്‍ പ്രത്യക്ഷപ്പെടുന്ന നിരഞ്ജന്‍ (ഇന്ദ്രജിത്ത്) എന്ന അജ്ഞാതന്‍ അച്ചുവിനെ തട്ടി എടുത്തു സഹായി ആയ എല്‍ദോയെ (ജഗതി) ഏല്‍പ്പിക്കുന്നു.ബാംഗളൂരില്‍ എബി, ശ്വേത (ഗൌരി മുഞ്ഞാല്‍ (പലേരി മാണിക്യം സരയു))എന്ന യുവതിയുടെ തോക്കിന്‍ മുന്നില്‍ ആകുന്നു.അങ്ങനെ എല്‍ദോയു ടെ നിയന്ത്രണത്തില്‍ അച്ചുവും,നിരഞ്ജന്‍ നിയന്ത്രിക്കുന്ന നിയയും,ശ്വേതയുടെ തോക്കിന്‍ മുന്നില്‍ അവളെ അനുസരിക്കുന്ന എബിയും എത്തുന്നു.മകളെ തിരിച്ചു കിട്ടാന്‍ നിരന്ജനും സംഘവും എബിയും നിയയും ആയി നടത്തുന്ന വില പെശലിലൂടെ കഥ പുരോഗമിക്കുന്നു .

അണ്ണാ ഒരു സംശയം.ഒരുത്തന്‍റെ ശാന്തമായ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വേറൊരുത്തന്‍ കണ്ടന്നു വന്നു മൊത്തം അലം കോലം അക്കുനതല്ലേ ഈ കഥയുടെ ചുരുക്കം? ഇതു തന്നെ അല്ലെ കോക്ക്ടൈല്‍,ഭ്രമരം എന്നെ ചിത്രങ്ങളില്‍ നമ്മള്‍ കണ്ടതു?

അങ്ങനെ ചിന്തിച്ചാല്‍ ഇതു മൂന്നിനെയും ഒരു വിഭാഗത്തില്‍ പെടുത്താം എന്ന് തോന്നുന്നു.പക്ഷെ എനിക്ക് തോന്നിയത് orginal ചിത്രം കണ്ടിട്ടില്ലെങ്കില്‍ ഒരു ബോറടിയും ഇല്ലാതെ ഈ ചിത്രം ഒരാള്‍ക്ക് കാണാന്‍ കഴിയും എന്നതാണ്.നാലോ അഞ്ഞോ പ്രധാന കഥാപാത്രങ്ങളും മുക്കാല്‍ പങ്കും നാലു ചുവരുകല്‍ക്കുള്ളിലും വെച്ച് നടക്കുന്ന കഥ ഒരിടത്തു പോലും ബോര്‍ അടിപ്പിക്കുന്നതായ് എനിക്ക് തോന്നിയില്ല.നടീ നടന്‍മാര്‍ എല്ലാരും അവരുടെ റോള്‍ ഭംഗിയാക്കിയപ്പോള്‍ പലരും മോശം ആയി എന്ന് ആരോപിച്ച എല്‍ദോ എന്ന വെപ്രാളകാരന്‍റെ റോള്‍ ജഗതി നന്നാക്കി എന്നാണ് എനിക്ക് തോന്നിയത്.ഓടി നടന്നു അഭിനയിക്കുന്ന ജഗതിയെ പോലയുള്ള ഒരാള്‍ക്ക് എങ്ങനെ ഈ കഥാപാത്രത്തിന്റെ സംസാര രീതിയും ശരീര ഭാഷയും ചിത്രത്തില്‍ ഉടനീളം ഒരു പോലെ കൊണ്ട് പോകാന്‍ കഴിയുന്നു എന്നത് (എനിക്ക്) അദ്ഭുതം ഉളവാക്കുന്നു .കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും അവര്‍ അവരുടെ റോളുകള്‍ ഒരുപോലെ ഭംഗിയാക്കി.ആരാണ് കൂടുതല്‍ നന്നായത് എന്ന് പറയാന്‍ വിഷമം

അപ്പോള്‍ പടം കിടിലം എന്നാണോ പറഞ്ഞു വരുന്നത് .

അനിയാ മറ്റു ഏതു ചിത്രത്തിലും ഉള്ളത് പോലെ ഇതിലും കുറ്റങ്ങള്‍ നമുക്ക് കണ്ടു പിടിക്കാനവും.കുറവുകള്‍ കണ്ടെതുന്നതിലോ പറയുന്നതിലോ ഒരു തെറ്റും ഇല്ല.പക്ഷെ അതിന്റെ ആത്യന്തികമായ ഉദേശം നല്ല സിനിമ ഉണ്ടാകണം എന്നതായിരിക്കണം .അല്ലാതെ ഈ ചിത്രത്തെ മൊത്തത്തില്‍ താര്‍ അടിക്കുക എന്നതാകരുത് എന്നാണ് എന്‍റെ എളിയ അഭിപ്രായം.ഏറ്റവും കുറഞ്ഞ പക്ഷം ഒരു നല്ല ചിത്രം ഉണ്ടാക്കാനുള്ള ആഗ്രഹം എങ്കിലും ഈ ചിത്രത്തിന് പിന്നില്‍ കാണാന്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു.പിന്നെ അഭിനേതാക്കളുടെ കാര്യം പറഞ്ഞാല്‍ ശ്വേതയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ഗൌരി മുഞ്ഞാല്‍ സാമാന്യം നനായി ബോര്‍ ആയി . വല്ല ജ്യോതിര്‍മയിയോ മറ്റോ ആയിരുന്നെങ്കില്‍ പോലും ഇതിലും നന്നായേനെ. നിരഞ്ജന്‍ എന്ന കഥാപാത്രത്തെ പേര് പോലും പറയാതെ ഒരു നിഗൂഡതയില്‍ ചിത്രത്തില്‍ ഉടനീളം അവതരിപ്പിചിരുന്നെകില്‍ ചിത്രം കൂടുതല്‍ Impact ഉണ്ടാക്കിയേനെ എന്നും തോന്നി. പിന്നെ ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന വിഷയം വ്യക്തിപരം എന്ന നിലയില്‍ നിന്നും ഒരു സമൂഹം നേരിടുന്ന പ്രശ്നവും അതിനെതിരെ പ്രതികരിക്കുന്ന സാധാരണകാരന്‍ എന്ന നിലയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ (A wednesday പോലെ) കൂടുതല്‍ സ്വീകാര്യത കൈ വന്നെനേനെ.

അപ്പോള്‍ ...

നല്ല ചിത്രങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ഉണ്ടാകട്ടെ. കേട്ട് പഴകിയ , തുടങ്ങി അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ എവിടെ ചെന്ന് നില്‍ക്കും എന്ന് പറയാന്‍ പറ്റുന്ന സ്ഥിരം വളിപ്പുകള്‍ പുറത്തിറങ്ങുന്ന മലയാള സിനിമയില്‍ ഒരു പക്ഷെ നല്ല സിനിമയുടെ , കാണുന്നവനെ കൊല്ലാത്ത സിനിമയുടെ പുതു നാമ്പുകള്‍ ആകാം ചില്ലപ്പോള്‍ ഇതൊക്കെ.അങ്ങനെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു ആശിക്കുന്നു

Saturday, February 12, 2011

മേക്കപ്പ്മാന്‍ (makeup man )

അനിയാ,......

ഹാ അണ്ണനോ നിങ്ങളെ എന്താ കാണാത്തത് എന്ന് ഓര്‍ക്കുവായിരുന്നു.ഈ ആഴ്ച പുതിയ പടം ഒക്കെ ഇറങ്ങിയത്‌ അറിഞ്ഞില്ലേ ?

അറിഞ്ഞല്ലോ . അതിരിക്കട്ടെ നീ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ . എന്തേലും കുഴപ്പം തോന്നുനുണ്ടോ ?

ഇങ്ങേരെന്താ മണിച്ചിത്ര താഴിലെ പപ്പുവും ഞാന്‍ സണ്ണി ഡോക്ട്ടെരും ആണോ ഇങ്ങനെ ചോദിയ്ക്കാന്‍? ഇതെന്തു പറ്റി?

അനിയാ എനിക്ക് 2011 ല്‍ ഇറങ്ങിയ ഒരു പടവും ഇതു വരെ മോശമായി തോന്നുന്നില്ല മാസം ഒന്നരയയില്ലെടെ ?

അപ്പോള്‍ നിങ്ങള്‍ rase കണ്ടു അല്ലെ ? ആ പോസ്റ്റര്‍ കണ്ടപ്പോലെ ഓര്‍ത്തതതാ നിങ്ങള്‍ ഇപ്പോള്‍ കൊടിയും പിടിച്ചു എത്തുമെന്ന് .അതിരിക്കട്ടെ rase എങ്ങനെയുണ്ട് ? തകര്‍പ്പന്‍ ആണോ ?

അനിയാ ഞാന്‍ കണ്ടത് race അല്ല ഷാഫി സംവിധാനം ചെയ്ത മേക്കപ്പ്മാന്‍ എന്നാ പടമാടെ കണ്ടത് .

ഓ ഇതാണോ നല്ല പടം? ആ ജയറാമും ഷീല കൌറും (മായ ബസാര്‍ , തതോന്നി ) അഭിനയിക്കുന്ന പടമല്ലേ .പിന്നെ സ്ഥിരം കൊമാളികളും നാണമില്ലല്ലോ ഈ പടമൊക്കെ കാണാന്‍ . ഇതൊക്കെ പൊട്ടുമെന്ന് ഉറപ്പല്ലേ ?

അനിയാ ഒരു പടം ആദ്യ ദിവസം മുതല്‍ വിജയമാണെന്നും പരാജയമാണെന്നും വാദിക്കുന്നവരോട് എനിക്ക് സഹതാപമേ ഉള്ളൂ.നമുക്ക് ഇഷ്ടപ്പെട്ട ഒരു പടം വിജയിച്ചാല്‍ അത് നമ്മുടെ വിജയം ആണെന്നും പരാജയപെട്ടാല്‍ അത് നമ്മുടെ പരാജയം ആണെന്നും ചിന്തിച്ചു തുടങ്ങുന്നിടതാണ് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നമ്മള്‍ ആദ്യം തോല്‍ക്കുന്നത് . ഒരു പന്നപടം അഥവാ നമുക്ക് ഇഷ്ടപ്പെടാത്ത ഒരു ചിത്രം മഹാ വിജയം ആണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു സ്വയം വിശ്വസിച്ചു നമ്മള്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത് ? നമ്മെ തന്നെ .

അണ്ണാ വിട്ടു കള. ഇതിന്റെ കാര്യം പറ .

രജപുത്ര ഫിലിംസ് ആണ് ഈ ചിത്രം ഒരുക്കിയിരിക്കുനത് .ചോക്ലേറ്റ് എന്ന ചിത്രത്തില്‍ ഷാഫിയോടൊപ്പം കൂടിയ സച്ചി - സേതു ആണ് ഇതിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് .സംഗീതം വിദ്യാസാഗര്‍..

ശരി പിന്നെ ....

അനിയാ,ബിസ്നെസ്സ് പൊളിഞ്ഞു അകെ കടത്തിലായ ബാലു അഥവാ ബാലചന്ദ്രന്‍ (ജയറാം) കാമുകി സൂര്യ (ഷീല കൌര്‍ )കല്യാണ തലേന്ന് ഒളിച്ചോടി കല്യാണം കഴിക്കുന്ന ഇവര്‍ക്ക് മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിന്നമാകുന്നു ബാലുവിന്റെ സുഹൃത്തും production controler മായ കിച്ചുവിനെ (സുരാജ് ) അഭയം പ്രാപിക്കുന്ന ഇവരെ,കിച്ചുവിന്റെ സംവിധായകന്‍ സിദ്ധാര്‍ധനും (സിദ്ദിക് )നിര്‍മാതാവും (ജനാര്‍ധനനും) അവര്‍ തിരയുന്ന,പുതുമുഖ നായിക ആകാന്‍ വന്നതാണെന്ന് തെറ്റിദ്ധരിക്കുന്നു.അപ്രതീക്ഷിതമായി നായികയായി തിരഞ്ഞെടുക്കപ്പെടുന്ന സൂര്യ , തല്‍കാലം അങ്ങനെ തുടരാന്‍ തീരുമാനിക്കുന്നു .വിവാഹകാര്യം പറയാത്തതിനാല്‍ ബാലു സൂര്യയുടെ മേക്കപ്പ്മാനായി അഭിനയിച്ചു അവിടെ കൂടുന്നു. ബാലു കാശു കൊടുക്കനുള്ളവരില്‍ പ്രധാനി കുന്തക്കാരന്‍ വറീതും (ജഗതി) ഗുണ്ടകളും പുറത്തുണ്ട്.സിനിമയുടെ ചിത്രീകരണം പുരോഗമികുന്നതോടെ ബാലു -സൂര്യ മാരില്‍ ഉണ്ടാകുന്ന അകല്‍ച്ച,സിദ്ധാര്‍തന് സൂര്യയോട്‌ തോന്നുന്ന അടുപ്പം,പിണങ്ങി പിരിയുന്ന സൂര്യയുമായി അടുക്കാനുള്ള ബാലുവിന്റെ ശ്രമങ്ങള്‍ ഒടുവില്‍ കോടതിയില്‍ വെച്ചുള്ള ഒത്തു ചേരല്‍ അങ്ങനെ പോകുന്നു പടം .

ഛെ ഇതാണോ പടം . ഇതിലെവിടെ പുതുമ അണ്ണാ ?

അനിയാ ഇതു അടുത്ത ബെന്‍ഹര്‍ ആണെന്ന് ഇവിടെ ആരും പറയുന്നില്ല.ഇതു കണ്ടിട്ട് റാഫി മെക്കാര്‍ടിന്‍ പണ്ടെങ്ങോ എഴുതി വെച്ച വണ്ണ്‍ ലൈന്‍ എടുത്തു സേതു-സച്ചിയെ കൊണ്ട് എഴുതിപ്പിച്ചത് ആകാനാണ് സാധ്യത. ഇങ്ങനത്തെ ഒരു കഥ (പറഞ്ഞു പഴകിയ എന്നത് തന്നെ) വലിയ ബോര്‍ ആകാതെ എടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഷാഫിയുടെ വിജയം.കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ മറ്റൊരു മേരിക്കുണ്ടൊരു കുഞ്ഞാട് ആയേനെ ഈ ചിത്രം.അതിന്റെ ഉത്തരവാദികള്‍ പ്രധാനമായും സച്ചി സേതുമാരാണ്

അതെന്താ അങ്ങനെ പറഞ്ഞത് ?

വലിയ കുഴപ്പമില്ലാതെ പറഞ്ഞു വെച്ച ഒന്നാം പകുതി (രാവിലെ വന്നു ഉടനെ വീട്ടില് ജപ്തി നടക്കും, കുടുംബം തെരുവില് നില്ക്കും എന്ത് ചെയ്യും , എന്ന് ചോദിക്കുന്ന സുഹുത്തിനോടു വാടാ നമുക്ക് ഇപ്പോള് തന്നെ ഐഡിയ സ്റ്റാര് സിങ്ങര് മത്സരത്തിനു പോകാം എന്ന് പറയുന്ന കൂടുകാരന്റെ സ്നേഹത്തിന്റെ കഥ പറയുന്ന സിനിമയൊക്കെ (അഥവാ അതിലെ പുതുമ ) തൊണ്ട തൊടാതെ വിഴുങ്ങിയ മലയാളി ഈ ചിത്രത്തിന്റെ ഒന്നാം പകുതി തകര്ത്തു എന്ന് പറയേണ്ടി വരും !!!),രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള് വലിച്ചില് അനുഭവപ്പെടുന്നു .അതിന്റെ പ്രധാന കാരണം തിരകഥയിലെ ശക്തിയില്ലയിമ ആണ് .രണ്ടാം പകുതിയിലാണ് ഈ നായികാ നായകന്മാര്‍ തമ്മിലുള്ള അകല്‍ച്ച തുടങ്ങുന്നത് .ഇതിന്റെ കാരണം നായകന്റെ കോംപ്ലെക്സ് ആണോ നായികയുടെ കരിയര്‍ മോഹങ്ങള്‍ ആണോ അതോ സംവിധയകന് നായികയോട് തോന്നുന്ന അടുപ്പമോ ഏതാണെന്ന് (പ്രധാന ഉത്തരവാദി ആരാണെന്നു)കൃത്യമായി പറയാന്‍ രണ്ടാം പകുതിയില്‍ കഴിയുന്നില്ല.ഫലം എല്ലാവരുടെ പ്രവര്‍ത്തികള്‍ക്കും ന്യായീകരണം കൊടുക്കേണ്ടി വരുന്നു.ഇതു കൊണ്ടാകണം രണ്ടാം പകുതി കുറച്ചു വലിഞ്ഞു പോയത് എന്നതാണ് എന്റെ അഭിപ്രായം.പിന്നെ ഈ ചിത്രത്തില്‍ ഇഷ്ടപ്പെട്ട ഒരു നിമിഷം,സൂര്യ ഡയലോഗ് പഠിക്കുമ്പോള്‍ അടുത്ത് നില്‍ക്കുന്ന ബാലുവിന്റെ പ്രതികരണം എങ്ങനെ "നീ ഇങ്ങനെയാണ് ഡയലോഗ് പറയാന്‍ പോകുന്നതെങ്കില്‍ (കാണികളുടെ നേരെ കൈ ചൂണ്ടി ) തീയറ്ററില്‍ കൂവാന്‍ വേണ്ടി മാത്രം വന്നിരിക്കുന്ന കുറെ പേരുണ്ട് അവന്മാര്‍ കൂവി നാറ്റിച്ചു കളയും. " പറഞ്ഞു നിര്‍ത്തിയതും തീയറ്ററില്‍ ഒന്നടങ്കം കയ്യടി !!!!!! ഇത്രയെങ്കിലും പ്രതികരിക്കണം എങ്കില്‍ എത്ര അസഹിനീയം ആണ് സംഗതി എന്ന് ഊഹിക്കാമല്ലോ.

ശരി അത് നില്കട്ടെ . നമ്മുടെ പ്രിത്വിരാജോ, കുഞ്ചാക്കോ ബോബനോ ഒക്കെ ഇതില്‍ ഉണ്ടല്ലോ . അവരെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ .

അനിയാ സിനിമ ഷൂട്ടിംഗ് പശ്ചാത്തലം ആകുന്ന കഥയ്ക്ക് കുറച്ചു സിനിമ താരങ്ങള്‍ ഒക്കെ വേണ്ടേ?കുഞ്ചാക്കോ ബോബനും,പ്രിത്വിയും ഒക്കെ അവരായി തന്നെ അഭിനയിക്കുന്നു .കാര്യമായി ഒന്നും ചെയാനില്ല.സംവിധായകന്‍ ചെയ്ത നല്ലൊരു കാര്യം ഈ ചിത്രത്തില്‍ ജയറാമിന്റെ പ്രണയ ഗാന രംഗങ്ങള്‍ ചേര്‍ത്തില്ല എന്നതാണ് പകരം ഗാനങ്ങള്‍ പ്രിത്വിക്കും ചാക്കോച്ചനും വിട്ടു കൊടുത്തിരിക്കുന്നു.അവര്‍ സംഗതി നന്നായി ചെയ്തിടുണ്ട് താനും . അതില്‍ തന്നെ കുഞ്ചാക്കോയുടെ ഗാന നൃത്ത രംഗം,കുംഭ കുലുക്കി തുള്ളുന്ന, മലയാളത്തിലെ മമ്മൂടി ഒഴികെയുള്ള അപ്പൂപ്പന്‍ താരങ്ങള്‍ക്ക് ഡാന്‍സ് എന്ന സംഭവം നിര്‍ത്താന്‍ പ്രേരിപ്പിക്കും എന്ന് കരുതുന്നു .(മമ്മൂടി ചെയുന്നത് ഡാന്‍സ് ആണെന്ന് ഞാന്‍ കരുതുന്നില്ല അത് മറ്റെന്തോ ഭീകര കലാരൂപമാണ്‌ !!!)

ശരി ശരി അതിരിക്കട്ടെ അഭിനയം ... നവരസങ്ങള്‍ .. എല്ലാം ഉണ്ടല്ലോ അല്ലെ ?

എഴിച്ചു പോടാ അവിടുന്ന് . അവന്റെ ഒരു നവ രസം .. ഉള്ള രസം കൊണ്ട് പറ്റുമെങ്കില്‍ കണ്ടാല്‍ മതി ഷീല കൌര്‍ നന്നായിട്ടുണ്ട് .(ഇതു വരെ ഒരു ചിത്രത്തിലും അവര്‍ ഭേദം എന്ന് പോലും എനിക്ക് തോന്നിയിട്ടില്ല) ,ജയറാം പാവം പറ്റുന്നത് പോലെ നന്നായി അഭിനയിച്ചു (തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചു രസിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടില്ല !!) .ഏറ്റവും അത്ഭുദം സുരജിനെ നന്നായി ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍ . ഒപ്പം സലിം കുമാറിനെയും അഴിച്ചു വിട്ടിടില്ല .ജഗതി നന്നായി എന്ന് പറയുന്നത് രഞ്ജിത് മിടുമിടുക്കനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചു എന്ന് പറയുന്നത് പോലെയാണ് (രണ്ടിലും ഒരു പുതുമയും ഇല്ല !!).സംവിധായകനായി സിദിക് നന്നായിട്ടുണ്ട് . ജഗദീഷ് ബോറായി എന്നത് വന്നു വന്നു ഒരു പുതുമ അല്ലാതായിട്ടുണ്ട്.പിന്നെ ചിത്രത്തിലെ ആദ്യ രംഗങ്ങള്‍,മാതൃക പോലീസ് സ്റ്റേഷന്‍ നെ കളിയാക്കിയിട്ടുള്ള രംഗങ്ങള്‍ നന്നായി എന്നാണ് എന്റെ അഭിപ്രായം.നായകന്റെ ഇപ്പോളത്തെ അവസ്ഥ അധികം വലിച്ചു നീട്ടാതെ അവതരിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ട്
.

അപ്പോള്‍ ചുരുക്കത്തില്‍ ?

കുഞ്ഞാടിനോളം എത്താത്ത മറ്റൊരു കുഞ്ഞാട്.സ്ഥിരം കഥയാണെങ്കിലും തിരകധയില്‍ ഒരല്‍പം കൂടി ശ്രദ്ധി ചിരുന്നേല്‍ മറ്റൊരു നല്ല വിജയം ആകാമായിരുന്ന ചിത്രം. എന്നാലും അത്യാവശ്യം കാണാം.വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ ഞാന്‍ ആള്‍ അല്ല

Tuesday, February 8, 2011

ആടുകളം (Aadukalam)

കാളപ്പോരുകളെ കുറിച്ച് ലോകത്തിലെ ആധികാരികമായ ഗ്രന്ഥങ്ങള്‍ നാല്‍പ്പതെണ്ണം എഴുതി കഴിഞ്ഞ് നാല്‍പ്പത്തിയൊന്നാം സൃഷ്ടിയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന പ്രതിഭയായ ഋഷികേശ് ഔക്കക്കാര്‍കുഞ്ഞ് (മമ്മൂട്ടി ) പാരീസിലെ തന്‍റെ ഭവനത്തില്‍ ഉറക്കം ഞെട്ടി ഉണരുന്നിടത്താണ് കഥ തുടങ്ങുന്നത് . വര്‍ഷങ്ങളായി തന്നെ വേട്ടയാടുന്ന കാളയുടെ മുഖം അയാള്‍ ഭീതിയോടെ ഓര്‍ത്തു. പാലക്കാട്ടെ പാലക്കരയില്‍ (അങ്ങനൊരു സ്ഥലം ഉണ്ട് , കട്ടായം ) പോകാതെ തനിക്കു ജീവിതത്തില്‍ മനസമാധാനം കിട്ടില്ല എന്ന് ഉറപ്പായ അയാള്‍ അടുത്തു കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയെ (ഭാര്യുടെ നഗ്നമായ തോളുകള്‍ മാത്രമേ കാണിക്കു , മുഖം നോ നോ ) ഉണര്‍ത്താതെ സെല്‍ ഫോണില്‍ സ്വന്തം ജാരയെ (നോര്‍ത്ത് ഇന്ത്യന്‍ ഇറക്കുമതി) വിളിക്കുന്നു .
കെട്ടിയോന്‍ ഇല്ലാത്ത രാത്രി കിടക്കയില്‍ സിഗരറ്റും വലിച്ചിരിക്കുന്ന ജാര ജഡായു ഫോണ്‍ എടുക്കുന്നു "എന്താടാ ഈ രാത്രിയില്‍ ?" (ആധുനിക പെണ്കിടാവേ നിനക്ക് വന്ദനം എന്ന ട്യൂണ്‍ ബാക്ക്ഗ്രൗണ്ടില്‍ )
"ജഡായു മ്മക്ക് പാലക്കാര വരെ ഒന്ന് പോയാലോ. അവിടെ മ്മന്റെ വാപ്പ ഔക്കാക്കാര്‍ കുഞ്ഞ് ഹാജി അലിയാസ് വേട്ടക്കാരന്‍ (പിന്നെയും മമ്മൂട്ടി) പണ്ട് കാണിച്ച ഹറാം പിറപ്പുകള്‍ കണ്ടു പിടിക്കാനാണ് എന്ന പേരില്‍? മ്മക്കും വേണ്ടേ നേരമ്പോക്കിന് കാരണങ്ങള്‍ "
"എന്നാല്‍ നീ കൂട് കുടുക്കയും എടുത്തോണ്ട് പോരെ . അപ്പോഴേക്കും ഞാന്‍ പാലക്കരയുടെ ഡിജിറ്റല്‍ മാപ്പ് ഒരെണ്ണം സംഘടിപ്പിക്കാം "
"നീ ബുദ്ധി ജീവിയായത് കൊണ്ട് മാത്രം പോണ വഴി ചോദിക്കാം എന്ന് ഞാന്‍ പറയുന്നില്ല. "
"പിന്നെ കാര്യമൊക്കെ ശരി . അവിടെ ചെല്ലുമ്പോള്‍ സര്‍പ്രൈസ് പാക്കേജ് ആയ കാളപ്പോര്കാരന്‍ കേ പരമേശ്വര കുറുപ്പ് അലിയാസ് കേ പി കുറുപ്പ് എന്ന കാള പോരുകാരനും നിന്റെ അവിഞ്ഞ മോന്തയാണെങ്കില്‍ ഞാന്‍ കളഞ്ഞിട്ടു പോകും , പറഞ്ഞില്ല എന്ന് വേണ്ട "
"എടി ഞാനൊരു സുപ്പര്‍ സ്റാര്‍ ആണെന്ന പരിഗണന എങ്കിലും താ എനിക്ക് ?"
"ഉം ശരി ശരി "

"അണ്ണാ ....അണ്ണാ "

"എന്തുവാടെ ...മഹാനായ രഞ്ജിത്തിന്റെ ക്യാപ്പിടോള്‍ സിനിമക്ക് ഒരു തിരക്കഥ എഴുതാനും സമ്മതിക്കില്ലേ?"

"അതായിരുന്നോ ഗീര്‍വാണം . അണ്ണാ കാളപ്പോര്കാരന്‍ കേ പി കുറുപ്പും , കോഴിപ്പോരുകാരന്‍ കേ പി കറുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?"

"ഡാ ...ഡാ...ഞാനും രഞ്ജിത്തും ഒക്കെ മെക്സികന്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉത്കൊള്ളും എന്നല്ലാതെ ആടുകളം പോലുള്ള ചീള് പടങ്ങള്‍ കാണാറ് പോലും ഇല്ല. "

" കേ പി കറുപ്പ് ആടുകളം പടത്തില്ലേ കഥാപാത്രമാണ് എന്ന് പടം കാണാതെ അണ്ണന്‍ എങ്ങനെ അറിഞ്ഞു ?"

"വിക്കിപീഡിയ പറഞ്ഞു "

"അണ്ണാ ഞാന്‍ റിവ്യൂ എഴുതുന്നതും വിക്കി വായിച്ചും, സൂര്യ കണ്ടും ഒക്കെയാണ് എന്നാണ് പ്രഗത്ഭന്മാര്‍ പറയുന്നത്"

"എന്നെയും , രഞ്ജിത്തിനെയും പോലുള്ള ബുദ്ധിജീവികളെ അവജ്ഞയോടെ കാണുന്ന നിനക്ക് അങ്ങനെ തന്നെ വേണം. അത് പോട്ടെ നീ ആടുകളം കണ്ടോ?"

"കണ്ടിട്ട് വരുന്ന വഴിയാണ് അണ്ണാ ?"

"പടം എങ്ങനെ? കൂറ തന്നേടെ?"

"അണ്ണാ ശരിക്കും ഞെരിപ്പന്‍ പടം"

"ഒള്ളതാ?"

"അമ്മച്ചിയാണേ തന്നെ... തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ നടക്കുന്ന കഥ . കോഴിപ്പോരാണ് പശ്ചാത്തലം"

"ക്ലൈമാക്സില്‍ തകര്‍പ്പന്‍ കോഴിപ്പോര്‍ ഉണ്ടോടെ?"

"അണ്ണാ അതാണ്‌ ഞാന്‍ പറഞ്ഞത് കോഴിപ്പോര്‍ പശ്ചാത്തലം മാത്രമാണ് . ഇടവേളയ്ക്കു ശേഷം ഒരു കോഴിപ്പോര്‍ സീന്‍ പോലുമില്ല. ഇടവേളക്ക് മുന്‍പ് കോഴിപ്പോര്‍ സീനുകള്‍ തകര്‍പ്പനായി ചെയ്തു വെച്ചിട്ടുമുണ്ട് . ഗ്രാഫിക്സ് ആണെങ്കില്‍ പോലും ചില സീനുകള്‍ കണ്ടാല്‍ എങ്ങി പോകും അണ്ണാ."

"നീ കഥ ഒന്ന് വിശദമായി പറയടെ?"

"തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കോഴിപ്പോരിന്റെ ഉസ്താദ് ആണ് പേട്ടൈക്കാരന്‍ (ജയബാലന്‍ ).നാല്‍പ്പതു വര്‍ഷങ്ങളായി കോഴിപ്പോരില്‍ പേട്ടൈക്കാരന്‍റെ അങ്കകോഴികളെ ആരും തോല്‍പ്പിച്ചിട്ടില്ല. പേട്ടൈക്കാരനെ ഒരിക്കലെങ്കിലും കോഴിപ്പോരില്‍ തോല്‍പ്പിക്കണം എന്നത് ജീവിത വൃതമായി കൊണ്ട് നടക്കുന്ന ആളാണ് സ്ഥലം പോലീസ് ഇന്‍സ്പെക്ടര്‍ (നാരിയന്‍).നിരപ്പിന് പേട്ടൈക്കാരനോട് തോല്‍ക്കുന്ന രത്നസ്വാമി അവസാനമായി ഒരു പന്തയത്തിന് കൂടി പേട്ടൈക്കാരന്‍റെ പോരുകോഴികളെ കളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നു . പേട്ടൈക്കാരന്‍ പക്ഷെ അതിനു തയ്യാറാവുന്നില്ല . ഭീഷണി , കൈകൂലി തുടങ്ങിയ പല മാര്‍ഗ്ഗങ്ങള്‍ രത്നസ്വാമി പേട്ടൈക്കാരനെക്കൊണ്ട് പന്തയത്തിന് ഇറക്കാന്‍ വേണ്ടി സ്വീകരിക്കുന്നു .പക്ഷേ ഒന്നും നടക്കുന്നില്ല . ഒടുവില്‍ പേട്ടൈക്കാരന്‍റെ നാല്‍പതു വര്‍ഷങ്ങള്‍ നീണ്ട കൂട്ടാളിയെ രത്നസ്വാമി ലോറി ഇടിച്ചു കൊല്ലിക്കുന്നു . സഹികെട്ട ആ കൂട്ടാളിയുടെ പേരില്‍ പേട്ടൈക്കാരന്‍ മരിച്ച കൂട്ടാളിയുടെ പേരില്‍ ഒരു കോഴിപ്പോരിന്റെ ടൂര്‍ണമെന്റ് വെയ്ക്കുന്നു. അതിലേക്ക് രത്നസ്വാമിയെ വെല്ലുവിളിക്കുന്ന അയാള്‍ വെയ്ക്കുന്ന പന്തയം തോല്‍ക്കുന്നയാള്‍ തലമുടിയും മീശയും വടിച്ച്‌ ,കോഴിപ്പോര്‍ നിറുത്തി എന്നന്നേക്കുമായി ആ നാട് വിട്ടു പോകണം എന്നതാണ്. ആദ്യം തെല്ല് മടിക്കുന്ന രത്നസ്വാമി ഒടുവില്‍ ആ പന്തയത്തിന് സമ്മതിക്കുന്നു ."

"ഡേ ...നിറുത്ത് ...നിറുത്ത് , ഇതില്‍ നായകന്‍ ധനുഷ് എവിടെ ?"

"അതല്ലേ അണ്ണാ രസം. ധനുഷിന്റെ കറുപ്പ് എന്ന കഥാപാത്രം കഥ തുടങ്ങുമ്പോള്‍ പേട്ടൈക്കാരന്‍റെ ഒരു ശിഷ്യന്‍ കം ശിങ്കിടി മാത്രമാണ് . ഇടയ്ക്ക് ഗുരുവിനു വേണ്ടി രത്നസ്വാമി കോഴികളെ വാങ്ങുന്ന സ്ഥലത്തെ കോഴി കുഞ്ഞുങ്ങളെ കൊല്ലാന്‍ പോകുന്ന വീട്ടില്‍ കാണുന്ന അന്ഗ്ലോ ഇന്ത്യക്കാരി ഐറീന്‍ (തപസീ പാനു) എന്ന പെണ്‍കുട്ടിയുടെ പ്രേമിച്ചു നടക്കുക , ഇടയ്ക്ക് രത്നസ്വാമിയുടെ ആളുകളുമായി ചില്ലറ ഉന്തും തള്ളും തല്ലും ഉണ്ടാക്കുക ഇതൊക്കെയാണ് പയ്യന്റെ പണി . കറുപ്പ് പോന്നു പോലെ നോക്കി വളര്‍ത്തുന്ന ഒരു പോരുകോഴിയെ ഒരു പരിശീലന പോരിനിടയ്ക്ക് പിന്തിരിഞ്ഞു ഓടുന്നത് കൊണ്ട് പേട്ടൈക്കാരന്‍ കൊല്ലാന്‍ പറയുന്നുണ്ട് . അതിനെ കൊല്ലാതെ തീറ്റിയും വെള്ളവും കൊടുത്ത് പരിശീലിപ്പിച്ച് കുതിരക്കുട്ടിയാക്കിയാണ് കറുപ്പ് പേട്ടൈക്കാരന്‍ കൂട്ടാളിയുടെ പേരില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ എത്തുന്നത് . രത്നസ്വാമി ബാംഗ്ലൂരില്‍ നിന്നും നല്ല ഉഗ്രന്‍ മരുന്നടിച്ച് കുട്ടപ്പന്മാരായ പോരു കോഴികളെ ഇറക്കുന്നു. പേട്ടൈക്കാരന്‍റെ ഒരു കോഴിയെ എങ്കിലും അയാളുടെ കോഴികള്‍ തോല്‍പ്പിച്ചാല്‍ പന്തയം പേട്ടൈക്കാരന്‍ തോറ്റതായി കണക്കാക്കും എന്നാണ് വ്യവസ്ഥ. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ രത്നസ്വാമിയുടെ കോഴികള്‍ക്ക് എതിരെ ഇറക്കാന്‍ കോഴികളെ തിരഞ്ഞെടുക്കാന്‍ പേട്ടൈക്കാരന്‍ വിഷമിക്കുമ്പോള്‍ കറുപ്പ് സ്വന്തം പോരു കോഴിയെ പേട്ടൈക്കാരന്‍ പറയുന്നത് കേള്‍ക്കാതെ കളത്തില്‍ ഇറക്കുന്നു . ആ പന്തയത്തിന്റെ തുകയായി രത്നസ്വാമി നല്‍കാമെന്നു ഏല്‍ക്കുന്ന ആയിരം രൂപ നായികയുടെ കൈയ്യില്‍ നിന്നും കടം വാങ്ങിയ (പിടിച്ചു പറിച്ച) കാശ് തിരികെ കൊടുക്കാനായി അവനു ആവശ്യം ഉണ്ട് താനും. കറുപ്പിന്റെ കോഴി തോല്‍ക്കും എന്ന് ഉറപ്പുള്ള പേട്ടൈക്കാരന്‍ പരിഭ്രാന്തനായി മൈക്കിലൂടെ കറുപ്പും താനുമായി യാതൊരു ബന്ധവും ഇല്ലെന്ന് വിളിച്ചു പറയുന്നു. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് കറുപ്പിന്റെ കോഴി പോരില്‍ ജയിക്കുന്നു , അത് കേള്‍ക്കുമ്പോള്‍ പേട്ടൈക്കാരന് സന്തോഷമാകുന്നുണ്ട് എങ്കിലും തുടര്‍ച്ചയായി അടുത്ത രണ്ടു മത്സരങ്ങളിലും കറുപ്പിന്റെ കോഴി ജയിക്കുകയും ആളുകള്‍ അവനെ അടുത്ത പേട്ടൈക്കാരന്‍ എന്ന് വാഴ്ത്തുകയും ചെയ്യുമ്പോള്‍ ഗുരുവിന്റെ സന്തോഷം അസൂയക്കും,പകയ്ക്കും വഴിമാറുന്നു. അതോടെ ആടുകളം മനുഷ്യന്റെ മനസ്സിലെ പകയുടെ ചോരക്കളിയും ആകുന്നു. ഇടവേളയ്ക്കു ശേഷം കറുപ്പിനെ എങ്ങനെയും നശിപ്പിക്കാനുള്ള പേട്ടൈക്കാരന്‍റെ തന്ത്രങ്ങളാണ് പടത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് . ക്ലൈമാക്സ് എത്തുമ്പോഴേക്കും ശരിക്കും നമ്മളും ആ നാട്ടില്‍ സംഭവങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോലെ തോന്നി പോകും"

"ധനുഷ് എങ്ങനെടെ ? സുപ്പര്‍ ഹീറോ കളി തന്നെ?"

"അതിനു ധനുഷ് മലയാളി നായകന്‍ അല്ലല്ലോ അണ്ണാ. പയ്യന്‍ കലക്കിയിട്ടുണ്ട്. ധനുഷിന്റെ ഒരുവിധം എല്ലാ പടങ്ങളും കണ്ടിട്ടുള്ള എനിക്ക് തോന്നുന്നത് പയ്യന്റെ ഇന്നുവരയുള്ളതില്‍ ഏറ്റവും കലക്കന്‍ കഥാപാത്രമാണ് കറുപ്പ് അഥവാ കേ പി കറുപ്പ് .കറുപ്പിനെ ധനുഷ് വളരെ നന്നായിട്ട് അവതരിപ്പിച്ചിട്ടുണ്ട് "

"ബാക്കിയുള്ളവരോ?"

"അണ്ണാ സത്യം പറഞ്ഞാല്‍ ധനുഷിനെക്കള്‍ കലക്കനായത് ജയബാലന്റെ പേട്ടൈക്കാരനും കിഷോര്‍ അവതരിപ്പിച്ച ദൊരൈ എന്ന കഥാപാത്രവുമാണ്. തപസീ പാനു കൊള്ളാം . കൊച്ചു കൊച്ചു കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ വരെ (പേ ട്ടൈ ക്കാരന്റെ ഭാര്യയെ അവതരിപ്പിച്ച മീനാല്‍ , ധനുഷിന്റെ അമ്മയെ അവതരിപ്പിച്ച നടി, ധനുഷിന്റെ സുഹൃത്തായി അഭിനയിച്ച ജി എം കുമാര്‍ എന്നിവര്‍ ഉദാഹരണം ) തിയറ്റര്‍ വിട്ടാലും നമ്മുടെ മനസ്സില്‍ തന്നെ നില്‍ക്കും. അത് അഭിനേതാക്കളുടെ കഴിവും പിന്നെ സംവിധായകന്‍ വെട്രിമാരന്‍റെ വിജയവുമാണ്‌ എന്നാണു എനിക്ക് തോന്നുന്നത്.വെട്രിമാരനെ കണ്ടാല്‍ അണ്ണാ സത്യത്തില്‍ ചായ മേടിച്ചു കൊടുക്കണം ഓരോ സീനും എടുത്ത് വെച്ചിരിക്കുന്ന കയ്യടക്കം കണ്ടാല്‍ ആളുടെ രണ്ടാമത്തെ പടമാണ് ഇതെന്ന് ആരും പറയില്ല . സംഘട്ടന രംഗങ്ങള്‍ കണ്ടാല്‍ നമുക്കും ആരെയെങ്കിലും പിടിച്ചിട്ടു തല്ലാന്‍ തോന്നി പോകും. കാറ്റും തീയും പുകയും, കയറു കെട്ടി പറക്കലും ഇല്ലാതെ സംഘട്ടനംനായകന്റെ കരുത്തു വെളിവാക്കുന്ന രീതിയില്‍ തന്നെ വിശ്വാസ്യ യോഗ്യമായി എടുക്കാം എന്ന് ബോധ്യപ്പെടുത്താന്‍ നമ്മുടെ യുവ സുപ്പര്‍സ്റ്റാര്‍ സാറന്മാരെ (രാജ് , പ്ര്ത്വിരാജ് അദ്ദേഹത്തെ തന്നെയാണ് ഉദ്ദേശിച്ചത് ) ഈ പടം പത്ത് വട്ടം കാണിക്കണം . പിന്നെ പടത്തില്‍ എടുത്ത് പറയേണ്ടത് പാട്ടുകളും,പശ്ചാത്തല സംഗീതവും,നൃത്ത സംവിദാനവുമാണ്.'യാത്തി യാത്തി ', 'പോര്‍ക്കളം' ഈ രണ്ടു പാട്ടുകള്‍ക്കും പിന്നെ കലക്കന്‍ പശ്ചാത്തല സംഗീതത്തിനും സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറിനും കൊടുക്കണം ചായ ഒന്ന്"

"മിക്കവാറും നീ ചായ തട്ട് വെക്കേണ്ടി വരും. പടത്തിന് ഒരു കുറവ് പോലും പറയാന്‍ ഇല്ലേടെ?"

"ആകെ എനിക്ക് തോന്നിയത് ഒരു പാട്ടില്‍ വസ്ത്രാലങ്കാരത്തില്‍ ഒരു കണ്ടിന്യുവിറ്റി കുറവും (എന്താണെന്ന് പറയൂല) പിന്നെ ടിപ്പിക്കല്‍ ഉള്‍നാടന്‍ തമിഴ് ഭാഷയുടെ ഉപയോഗവുമാണ് . എല്ലാ മലയാളീസിനും ഇത് മനസ്സിലാകുമോ എന്ന് എനിക്ക് സംശയം ഉണ്ട് "

"മലയാളിക്ക് മനസ്സിലായിലെങ്കില്‍ പോയില്ലേ? "

" തമിഴ്നാടിന്റെ ഉള്‍നാട്ടില്‍ നടക്കുന്ന കഥക്ക് വള്ളുവനാടന്‍ ഭാഷ ഉപയോഗിക്കാനും, ശുദ്ധീകരിച്ച ഭാഷ പറയുന്ന നായകനെ ജെ എന്‍ യൂവില്‍ നിന്നും ഇറക്കാനും പാവം വെട്രിമാരന്‍ ആറാം തമ്പുരാനും , നരസിംഹവും കണ്ടു കാണില്ല . ഒന്ന് ചുമ്മാതിരി അണ്ണാ ."

"അപ്പൊ പടം മൊത്തത്തില്‍ കൊള്ളാം , അല്ലെടെ?"

"ഉഗ്രന്‍ പടം അണ്ണാ "

"എന്നാലും നമ്മുടെ ബൌധിക നിലവാരത്തിന്..."

"ഇല്ല അണ്ണാ . മലയാളീസ് ബൌധിക നിലവാരത്തിന് ചേരൂല. അതിരിക്കട്ടെ വിക്കിയില്‍ നിന്നും കഥ പൊക്കി ഇതെങ്ങനെ മലയാളികരിക്കനായിരുന്നു അണ്ണന്റെ പ്ലാന്‍ ? കുറെ കേട്ട്. ബാക്കി കൂടി കേക്കട്ട് "

ജടായു എന്ന അഭിനവ ബുദ്ധിജീവിയുമായി പല ഹോട്ടലുകളിലും തങ്ങി, നേരമ്പോക്കുകള്‍ ഒത്തിരി കഴിഞ്ഞ് ഒടുവില്‍ ഋഷികേശ് ഔക്കാക്കാര്‍കുഞ്ഞ് ഒടുവില്‍ പാലക്കരയില്‍ എത്തുന്നു. അവിടെ വെച്ച് സ്ഥിരമായി ബുദ്ധി ജീവിയുടെ രക്തസാക്ഷി ഭാവം മുഖത്തുള്ള തയ്യല്‍ക്കാരന്‍ (ശ്രീനിവാസന്‍ ) ഗുരുവിനെ രക്ഷിക്കാന്‍ വേണ്ടി മെക്സിക്കന്‍ കാളകളെ പരിശീലിപ്പിക്കുന്ന ഉന്നത ജോലി ഉപേക്ഷിച്ച് പാലക്കരയില്‍ ചാണകം വരാന്‍ നില്‍ക്കുകയും ഫ്രീ ടൈമില്‍ ഗോവയില്‍ പോയി ആംഗ്ലോ ഇന്ത്യന്‍ നായികയെ ബൌധിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു വീഴ്ത്തുകയു ചെയ്യുന്ന അപൂര്‍വ കഥാപാത്രമായ കേ പി കുറുപ്പ് (ദാണ്ടേ പിന്നെയും മമ്മൂട്ടി ) എന്നൊരു അത്ഭുത കഥാപാത്രത്തിന്റെ കഥ പറയുന്നു . ചതിയുടെയും, വഞ്ചനയുടെയും , ബൌധിക കാര്യങ്ങളുടെയും,കഥകളിയുടെയും,സില്‍ക്ക് സ്മിതയുടെയും കഥ പറഞ്ഞു ഒടുവില്‍ ഔക്കക്കാര്‍കുഞ്ഞ് ഹാജി എന്ന വേട്ടക്കാരന്‍ ആത്മഹത്യ ചെയ്യുന്നു.ചുമ്മാ ഒരു രസത്തിന്, കൂടെ അയാളുടെ പോരു കാളയും . സ്വന്തം പോരുകാളയുമായി ഇന്നും കേ പി കുറുപ്പ് ഇപ്പോഴും പലക്കരയിലെ തെളിങ്കണ്ടത്തില്‍ അലഞ്ഞു നടക്കുന്നു എന്ന സന്തോഷത്തില്‍ ശ്രീനിവാസന്‍റെ തയ്യല്‍ക്കാരന് മികച്ച സഹനടനുള്ള അവാര്‍ഡും മമ്മൂട്ടിയുടെ ഔക്കക്കാര്‍ കുഞ്ഞ് ഹാജിക്ക് നല്ല നടനുള്ള അവാര്‍ഡും,താടി രഞ്ചിത്തിന് സര്‍വ്വജ്ഞപീഠവും കൊടുത്തിട്ട് ഋഷികേശ് ഔക്കാക്കാര്‍ കുഞ്ഞ് എന്ന ഔക്കക്കാര്‍ കുഞ്ഞിന്റെ ജാര സന്തതി ജഡായു എന്ന സ്വന്തം ജാരിയുമായി പാലക്കരയിലെ ഒരു ലോഡ്ജു മുറിയിലേക്ക് പോകുന്നു.നേരമ്പോക്കിനായിട്ട്‌ . അപ്പോള്‍ പശ്ചാത്തലത്തില്‍ 'പാലക്കാര കണ്ട പോരു കാളേ. കേ പി കുറുപ്പിന്റെ പോരു കാളേ ' എന്ന പാട്ട് ഉയരുന്നു"

"കലക്കി അണ്ണാ . നിങ്ങള്‍ തന്നെ അടുത്ത അഭിനവ ബൌധികന്‍"

"ബൌധിക താടി എന്ന് പറയെടാ"

Saturday, February 5, 2011

ഗദ്ദാമ (Gaddama )

അനിയാ നില്ലെടെ .

അണ്ണനെ കാണാനില്ലല്ലോ എന്ന് ഇന്നലെയും ഓര്‍ത്തതാ.എന്ന് ഏതായാലും പ്രത്യക്ഷപ്പെടും എന്നറിയാമായിരുന്നു.ഇന്നലെ സിറ്റിയി ലൂടെ പാഞ്ഞു പോകുന്നത് കണ്ടല്ലോ ?

അനിയാ ഇന്നലെ കമല്‍ സാറിന്‍റെ ഗദ്ദാമ എന്നാ പടം ഇറങ്ങിയില്ലേ . കൈയോടെ കണ്ടേക്കാം എന്ന് കരുതി.

ഓ ആഗതന്‍ എന്നാ ചിത്രത്തിന് ശേഷം കമല്‍ ഇറക്കുന്ന പടമല്ലേ .ഇതെന്താ ഈ ഗദ്ദാമ? തമിഴിലെ നാട്ടാമ പോലെ വല്ലതും ......?

പോടാ വിവരം ഇല്ലെങ്കില്‍ സംസാരിക്കരുത് .എടാ എനിക്ക് മനസിലായത് ഈ അറബി നാട്ടില്‍ വീട്ടുജോലിക്കായി അന്യ രാജ്യങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളെയാണ് ഈ ഗദ്ദാമ എന്ന് പറയുന്നത് എന്നാണ്.അനിതാ productions അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് കാവ്യാ മാധവന്‍,ശ്രീനിവാസന്‍,ബിജു മേനോന്‍,സുരാജ്,ലെന,സുകുമാരി തുടങ്ങിയവരാണ് അഭിനേതാക്കള്‍.ഈ ചിത്രത്തിന്റെ കഥ കെ യു ഇക്ബാലിന്റെതാണ്.തിരകഥ കമലും കെ ഗിരിഷ് കുമാറും ചേര്‍ന്നാണ് എഴുതിയിരിക്കുനത്.സംഗീതം ബെന്നെറ്റ് വീത്രാഗ്.

കഥ.... ?

പേര് കേട്ടാല്‍ തന്നെ ഊഹിക്കാന്‍ പറ്റുന്നതാണ് ഇതിന്‍റെ കഥ . ഭര്‍ത്താവു (ബിജു മേനോന്‍) മരിച്ച ദാരിദ്രവും കഷ്ടപ്പാടും ആയി കഴിയുന്ന അശ്വതി (കാവ്യ) ഒരു ഗദ്ദാമ ആയി സൌദിയില്‍ എത്തുന്നു.ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ മൃഗീയമായ പെരുമാറ്റം സഹിക്കാനാവാതെ അവിടന്ന് ഒളിച്ചോടുന്നു.നിരവധി കഷ്ടപ്പാടുകള്‍ സഹിച്ചു നാട്ടില്‍ എത്തുന്നു.ചുരുക്കമാ സോന്നാല്‍ ഇതാണ് സംഭവം .

ഓഹോ അപ്പോള്‍ പുതുമയില്ല അല്ലെ? ഇല്ല ഇതു ഞങ്ങള്‍ പ്രബുദ്ധരായ മലയാളി പ്രേക്ഷകര്‍ ഇതു ഒരിക്കലും പ്രോഹത്സാഹിപ്പിക്കില്ല. പോട്ടെ നവരസങ്ങള്‍?അതെങ്കിലും ഉണ്ടോ?എങ്കില്‍ ഒന്ന് ആലോചിക്കാം.ഒന്ന് കുറവ് ഉണ്ടെങ്കില്‍ പിന്നെ ന്യായവും പറഞ്ഞോണ്ട് വന്നേക്കരുത്.പറഞ്ഞേക്കാം .

എടാ നീ ഈ പറഞ്ഞ പ്രബുദ്ധനായ മലയാളി എന്നത്, ട്രെയിനില്‍ അടുത്ത കംപാര്‍ട്ട്‌മെന്റില്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ടിട്ട് മൈന്‍ഡ് ചെയ്യാതെ കുഞ്ഞാലികുട്ടിയുടെയും,പിണറായി വിജയന്റെയും,ഉമ്മന്‍ ചാണ്ടിയുടെയും പക്ഷം പിടിച്ചു ഒരു പ്രയോജനവും ഇല്ലാത്ത തര്‍ക്കത്തില്‍ മുഴുകി സമയം കളഞ്ഞു,വീടിലെത്തി ഒറ്റകയ്യന്‍ പീഡനം നടത്തുന്നതിന്‍റെ ലൈവ് ഉണ്ടെങ്കില്‍ കുടുംബ സമേതം കണ്ടു നെടുവീര്‍പ്പു ഇടുന്ന വര്‍ഗത്തെ അല്ലെ? ഞാനതില്‍ പെടില്ല അനിയാ.

ദേണ്ടേ കാട്ടിലോട്ടു കേറി .പോന്നു അണ്ണാ. ഈ പടത്തെ പറ്റി പറഞ്ഞെ.

ശരി തിരിച്ചു വരാം.നേരത്തെ പറഞ്ഞതാണ്‌ കഥ.കാവ്യയെ കൂടാതെ അശ്വതി ജോലിക്ക് നില്‍ക്കുന്ന അറബി വീട്ടിലെ ഡ്രൈവര്‍ ആയി സുരാജും നല്ലവനായ (ഭയങ്കര നല്ലവന്‍.ഒരു മന്ദബുദ്ധി എന്നതിന് തൊട്ടു അടുത്ത് വരെ എത്തുന്ന തരത്തില്‍ നല്ലവന്‍) സാമൂഹ്യ പ്രവര്‍ത്തകന്‍ ആയി ശ്രീനിവാസനും അഭിനയിക്കുന്നു.ഈ സിനിമയുടെ ഏറ്റവും നല്ല വശമായി എനിക്ക് തോന്നിയത് ഇതിന്‍റെ സാമൂഹ്യമായ വശമാണ് . അശ്വതിയോട്‌ ഈ ജോലിയെ പറ്റി പറയുന്ന ആള്‍ (വിജീഷ്)പറയുന്നത് "അറബിയുടെ വീട്ടില്‍ എല്ലാം യന്ത്രങ്ങള്‍ ആണല്ലോ.അതിനാല്‍ വലിയ പണിയൊന്നും കാണില്ല.പിന്നെ സ്വിച്ച് ഇടാനും ഓഫ്‌ ആക്കാനും ഒരാള്‍ അത്രേയുള്ളൂ" എന്ന് ആണ് . വലിയ ലോക പരിചയം ഇല്ലാത്ത ദാരിദ്രം അനുഭവിക്കുന്ന സ്ത്രീക്ക് ഇതു തികച്ചും ശരിയാണെന്ന് തോന്നാം . അതിന്റെ മറുവശം നമുക്ക് ഈ ചിത്രം കാണിച്ചു തരുന്നു എന്നതാണ് ഈ ചിത്രത്തില്‍ ഞാന്‍ കണ്ട സാമൂഹിക വശം.പിന്നെ തികച്ചും പ്രവചിക്കാവുന്ന ഒരു കഥയെ നല്ലൊരു തിരകഥയിലൂടെ എങ്ങനെ നല്ല രീതിയില്‍ അവതരിപ്പിക്കാം എന്ന് ഈ ചിത്രം കാണിച്ചു തരുന്നു.കഥയിലെ സംഭവങ്ങള്‍ നമുക്ക് മുന്നിലേക്ക്‌ എത്തിക്കുന്ന രീതി അല്ലെങ്കില്‍ seeqensing ഇത്തരം ഒരു ചിത്രത്തില്‍ നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു തരം വലിച്ചില്‍ (പെരുമഴകാലം എന്ന ചിത്രത്തിലേത് പോലെ) നമുക്ക് അനുഭവപ്പെടുന്നില്ല. അര്‍ജുനന്‍ സാക്ഷി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ രഞ്ജിത് ശങ്കര്‍ ഈ ചിത്രം കണ്ടാല്‍ അദേഹത്തിന് ഉള്ള പ്രധാന കുറവ് എന്താണെന്നു മനസിലാകും.(പലരും ഇതു മനസിലാക്കാനോ പരിഹരിക്കാനോ കഴിയാതെ കരിയെര്‍ മുഴുവന്‍ തള്ളി നീക്കിയിട്ടുണ്ട്.ഉദാഹരണം സ്വാഗതം എന്ന ഒറ്റ ചിത്രം ഒഴിച്ചാല്‍ ശ്രീ വേണു നാഗവള്ളിക്ക് തന്റെ ചിത്രങ്ങളുടെ രണ്ടാം പകുതി ഒരു പ്രശ്നം ആയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ).കാട്ടിലേക്ക് കേറുന്നില്ല. തിരിച്ചു വന്നു.പോരെ ?

സന്തോഷം . അപ്പോള്‍ സിനിമ മൊത്തത്തില്‍ ....

നല്ല വശങ്ങളെ കുറിച്ച് പറഞ്ഞാല്‍ നല്ല രണ്ടു പാട്ടുകള്‍ ഈ ചിത്രത്തില്‍ ഉണ്ട് (മലയാള സിനിമയില്‍ ഇല്ലാതാക്കുന്ന ഒരു സംഭവം).കാവ്യ മാധവന്‍ തന്‍റെ റോള്‍ നന്നാക്കിയിട്ടുണ്ട്.(മീര ജാസ്മിന്‍ന്‍റെ ഒക്കെ ഹിസ്ടീരിയ ബാധിച്ച പോലത്തെ അഭിനയവും ആയി നോക്കിയാല്‍ കാവ്യ ഈ റോള്‍ ഭംഗിയാക്കി എന്ന് തന്നെ പറയാം).ശ്രീനിവാസന്‍ ഒഴികെയുള്ള എല്ലാ കഥാപാത്രങ്ങളും നന്നായിട്ടുണ്ട് .റസാക് എന്ന ശ്രീനിവാസന്റെ കഥാപാത്രം വേണ്ട അത്ര ജെനുവിന്‍ ആകാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം തിരകഥ കൈകാര്യം ചെയ്ത ആളുകള്‍ക്കാണ്.(ഒരു പക്ഷെ ഗള്‍ഫില്‍ ഇങ്ങനത്തെ ആളുകള്‍ ഉണ്ടാവാം പക്ഷെ അത് കാണുന്നവര്‍ക്ക് വിശ്വസിനീയമായി എടുക്കുന്നതാണ് നല്ല തിരകഥാക്രിത്തുക്കളുടെ ലക്ഷണം എന്നാണ് ഞാന്‍ കരുതുന്നത്.ഉദാഹരണം നരന്‍ എന്ന ചിത്രത്തിലെ വേലായുധന്‍ എന്ന കഥാപാത്രം).സുരാജിന്റെ കഥാപാത്രത്തെ പോലും തികച്ചും ജനുവിന്‍ ആയി അവതരിപ്പിച്ചിരിക്കുന്ന (അത്ഭുതം !! സുരാജ് നന്നായിട്ടുണ്ട് ) തിരകഥകൃത്തുക്കള്‍ ശ്രീനിവാസന്റെ കഥാപാത്രം വരുമ്പോള്‍ തികച്ചും സിനിമാറ്റിക് ആയി പോയത് എന്ത് കൊണ്ടെന്നു മനസിലാകുന്നില്ല. സാമൂഹ്യ പ്രസക്തി ഉള്ള ഒരു ചിത്രം ആണെങ്കിലും അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന ചിത്രം പോലെ നമ്മെ സ്പര്‍ശിക്കുന്നില്ല ഈ ചിത്രം .

അപ്പോള്‍ ‍ ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

വലിഞ്ഞു നാശം ആകാമായിരുന്ന ഒരു കണ്ണീര്‍പുഴ തീം നല്ല അവതരണത്തിലൂടെ, നല്ല തിരകഥയില്‍ കൂടി രക്ഷപ്പെടുത്താം എന്ന് കാണിച്ചു തരുന്ന ചിത്രം