Sunday, July 15, 2018

കൂടെ (ആരുടെ കൂടെ ?)







അണ്ണാ നിങ്ങൾ  തീരെ പോര .......



അതെന്താ അനിയാ നീ  ഒരുമാതിരി  പ്രതിപക്ഷ  ലൈനിൽ ?




മലയാള സിനിമയുടെ മാറ്റത്തിന്റെ  കാഹളവും  ഊതി പുതിയ വനിതാ  സംഘടനയുടെ അമരക്കാരും  അവര് പിന്തുണക്കുന്നവരും  ഒക്കെ ചേർന്ന്  ഒരു പൊളപ്പൻ  ചിത്രം ഇറക്കിയിട്ടു  നിങ്ങൾ ഒരു മാതിരി  റിട്ടയേർഡ്  നിരൂപകന്മാരെ  പോലെ നിർവികാരമായി  ഇരിക്കുന്നത് ? ഒരു  അഭിപായം  ഒരു പ്രതികരണം .....?




അനിയാ നിനക്ക്  മറ്റേ  പാതിരാപ്പടം  കോളവും  എഴുതി ജീവിച്ചാൽ പോരെ ? പത്രമുതലാളി  ആവശ്യത്തിന്  കാശൊക്കെ  തരുന്നില്ലേ  പിന്നെന്താ ?






അല്ല  അണ്ണാ  സാമൂഹ്യപരമായ  മറ്റേ  ബാധ്യത ? ധീരമായ  നിലപാടുകൾക്ക്ക്കുള്ള  ഒരു ധാർമിക  പിന്തുണ ..ആ ലൈൻ ?






കളഞ്ഞിട്ടു പോടെ  മുൻപ് പറഞ്ഞിട്ടുള്ളത് പോലെ  നമ്മളൊക്കെ സിനിമക്ക് പോകുന്നത്  ഒരു രണ്ടു രണ്ടര  മണിക്കൂർ മാനസിക  ഉല്ലാസത്തിനാണ്  അല്ലാതെ  പിന്തുണക്കു  ആണെങ്കിൽ  വഴിയിൽ കൂടെ മുദ്രാവാക്യം  വിളിച്ചാൽ പോരെ ?




അണ്ണാ അതല്ല




നിനക്കറിയേണ്ടത്  ശീമതി  അഞ്ജലി  മേനോൻ  സംവിധാനം  ചെയ്ത  ഇന്നലെ ഇറങ്ങിയ  കൂടെ  എന്ന ചിത്രത്തിനെ  പറ്റിയുള്ള  അഭിപായമാണ്  ശരിയല്ലേ ?




തന്നെ  അണ്ണാ  തന്നെ




ശരി  ഇന്നലെ മൂന്ന്  മണിക്കൂർ വരുന്ന  ആ മഹത്തായ ചിത്രം കണ്ടു പണ്ടാരം  അടങ്ങി  വരുന്ന  വരവാണ് അനിയാ




അണ്ണാ  എന്തു പറ്റി ഒരു അവഗണന /പുഛം  ലൈൻ  ഒരു  സ്ത്രീ  വിരുദ്ധ  സമീപനം ?




അനിയാ  പറ്റുമെങ്കിൽ  പുറകോട്ടു  പോയി നോക്കണം . ഇവരുടെ  ആദ്യ ചിത്രം  മഞ്ചാടിക്കുരു  എന്ന ചിത്രം  നല്ലതാണു എന്ന് പറഞ്ഞ  ഏക  വ്യക്തി  ഞാൻ  മാത്രമാണെന്ന് വിശ്വസിക്കുന്നു . എന്നാൽ കൊട്ടിഘോഷിക്കപ്പെട്ട  ബാംഗ്ലൂര്  ഡേയ്സ്  എന്ന ചിതം എനിക്ക് ഇഷ്ട്ടപ്പെടാത്ത ഫഹദ്  ഫാസിലിന്റെ  കഥാപാത്രത്തെ  അനാവശ്യമായി വലിച്ചു നീട്ടി  എന്നത് കൊണ്ടാണ്


അല്ല നമുക്ക് വിഷയത്തിലേക്കു വരാം ..ഒന്നുമില്ലെങ്കിൽ  നസ്രിയ  നസീമിന്റെ  ഒരു തിരിച്ചു വരവ്  എന്ന നിലയിൽ ?


അനിയാ  ആരൊക്കെ  തിരിച്ചു വന്നാലും  ഇല്ലെങ്കിലും  പടം കാണുന്നവനെ  കൊല്ലരുത് എന്നൊരു എളിയ  അഭിപ്രായം  ഉള്ള ആളാണ്  ഞാൻ .ഇനി സിനിമയെ പറ്റി കുടുംബത്തിന്  വേണ്ടി  വർഷങ്ങളായി  വിദേശത്തു  കഷ്ടപ്പെടുന്ന  നായകൻ  സഹോദരിയുടെ  മരണം  അറിഞ്ഞു  നാട്ടിൽ വരുന്നു . (കഷ്ടപ്പെടുകയാണ്  എന്ന് കാണിക്കാൻ  തിരക്കഥാകൃത്തു  വളരെയധികം  ബുദ്ധിമുട്ടുന്നുണ്ട് ) സഹോദരി ,മരണശേഷം നമ്മുടെ  വിസ്മയത്തുമ്പത്തെ  നയൻതാരയെ  പോലെ നായകനു മാത്രം കാണാവുന്ന രീതിയിൽ  , വീട്ടിൽ കിടക്കുന്ന  പഴയ , നായകൻ വന്നതിനു ശേഷം  ഉപയോഗിക്കുന്ന  ടെംപോ  വാനിനകത്തു  താമസം  ഉറപ്പിക്കുന്നു . നായകന്റെ  പ്രശ്നങ്ങൾ എല്ലാം  ഒരു രണ്ടര  മണിക്കൂർ  കൊണ്ട് സോൾവ്  ചെയ്തു  തിരിച്ചു  പോകുക  എന്നതാണ് .അങ്ങനെ വലിയ പ്രശ്നങ്ങൾ  ഒന്നും നായകനില്ല .ആകെയുള്ളത്  സ്കൂളിൽ  പഠിച്ചിരുന്ന  കാലത്തു ഉണ്ടായിരുന്ന  ഒരു വൺ  വേ,  ഇന്ന് ഡിവോഴ്സ്  ആയി വീട്ടിൽ  "കൊടിയ  പീഡനങ്ങൾ"  നേരിട്ട് ജീവിക്കുന്ന  സോഫിയെ  (പ്രതികരണ  പാർവതി ) സെറ്റ്  ആപ്പ്  ചെയ്തു  കൊടുക്കുക  എന്നതാണ് സംഗതി . അവസാനം  സഹോദരിയെ  കാണാതാകുമ്പോൾ  അവളുടെ പേര് ഉറക്കെ വിളിക്കുന്ന  നായകനെ  കാണുമ്പോൾ  ആണ് നായിക അടക്കം  എല്ലാവര്ക്കും  ഇയാൾക്ക് വട്ടാണ്  എന്ന് മനസ്സിലാകുന്നത് . പിന്നെ സംഗതി  തന്റേടിയും  ധീരനും  ആയ  സൂപ്പർ  സ്റ്റാർ  പ്രിത്വിരാജ്  ആയതു കൊണ്ട്  കിലുക്കത്തിലെ രേവതിയോട്  ചോദിക്കുന്നത് പോലെ  "വട്ടാണല്ലേ " എന്ന് ആരും ചോദിക്കുന്നില്ല  എന്ന് മാത്രം .നായികയെ കെട്ടി  ഒരു പെണ്കുഞ്ഞു  ഉണ്ടാകുകയും  അവൾക്കു  സഹോദരിയുടെ  പേര് ഇടുകയും ചെയ്യുന്നതോടെ  അസുഖത്തിന്  ഏതാണ്ട് കുറവ്  വന്നു  എന്ന  സൂചനയോടെ ചിത്രം അവസാനിക്കുന്നു






അയ്യോ






കഴിഞ്ഞില്ല  അനിയാ . ഇത്രയും കാര്യം പറഞ്ഞു തീർക്കാൻ  ഏതാണ്ട് മൂന്ന് മണിക്കൂർ  അടുപ്പിച്ചു  എടുക്കുന്നു  എന്നതാണ് ഏറ്റവും വലിയ ക്രൂരത .ഇതിനിടയിൽ  സഹോദരിയുടെ  പറയാതെ പോകുന്ന പ്രണയം, അതിന്റെ  അനുസ്മരണ  ഗാനം  (തീയറ്ററിൽ  കൂട്ടച്ചിരി  ആയിരുന്നു ലവൻ  ഗിത്താര് വായിച്ചു  അവനെ കൊണ്ട് പറ്റുന്ന  അത്രയും  ഞരമ്പ്  പൊട്ടി  വികാരാധീനനായി  പാട്ടു  പാടുമ്പോൾ !!!) .ഇന്നത്തെ  ന്യൂ  ജനറേഷൻ ലൈനിൽ  നോക്കിയാൽ  മിക്കവാറും  സംഗതി സംവിധായക  കോളേജിൽ പഠിക്കുമ്പോൾ  ഉണ്ടായിരുന്ന  വല്ല  വൺ  വേ  പ്രണയത്തിന്റെ  പാവന  സ്മരണയിൽ  എഴുതിയത്  ആക്കാനാണ്  വഴി .






അപ്പോൾ മൊത്തതിൽ ..........






സത്യമായും  മൂന്ന്  മണിക്കൂർ  കഴിഞ്ഞപ്പോൾ  തീയറ്റർ  വിട്ടു  ഇറങ്ങി ഓടുകയായിരുന്നു






അല്ല  അപ്പോൾ  അഭിനയം ?






സൂപ്പർ  സ്റ്റാർ  ശ്രീ  പൃഥ്വിരാജ്  ഏതാണ്ട് മുക്കാൽ  സമയവും  കക്കൂസിൽ  പോകാൻ  മുട്ടി  നിൽക്കുന്ന  ഒരാളുടെ ഭാവവുമായി  മികച്ച  ഭാവാഭിനയം  കാഴ്ച വയ്ക്കുന്നു . ദോഷം  പറയരുതല്ലോ  വല്ലപ്പോഴും  ഒരു ചെയ്ഞ്ചിന്  വേണ്ടി അദ്ദേഹം  ചിരിയ്ക്കുന്നുമുണ്ട് !!!വ്യത്യസ്ത  കഥാപാത്രങ്ങളെ  അവതരിപ്പിച്ചു ശ്രദ്ധേയനായ  ഈ  നടൻ  കോക്കസുകളിൽ  പെട്ട് നശിക്കുന്നത് കാണുമ്പോൾ  ശരിക്കും സങ്കടം  തോന്നുന്നു  നസ്രിയ  മറ്റേ  ഓം  ശാന്തി ഓശാനയിലെ  അതെ കഥാപാത്രത്തെ  പുനർ അവതരിപ്പിക്കുന്നു ആ  ചിതം കഴിഞ്ഞു വർഷങ്ങൾ കടന്നു പോയെങ്കിലും  തുടക്കത്തിൽ  കുറച്ചു നേരം  നസ്രിയയുടെ കഥാപാത്രം ഇനി എന്തെങ്കിലും  സംഭവിക്കും  എന്ന തോന്നൽ  ഉളവാക്കുന്നുണ്ട് . അതിനു  കാരണം  പ്രസ്തുത നടിയുടെ  അഭിനയമാണോ അത് വരെ  ഉണ്ടായിരുന്ന  അവാർഡ് പടം  മൂഡ്  ആണോ എന്നത് മാത്രമാണ് സംശയം . പിന്നെ പാർവതി  പാർവതിയുടെ  ജീവിത  ദുഖങ്ങളെ  അവതിപ്പിക്കാൻ  വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്  തിരക്കഥാ കൃത്തു  / സംവിധായക . കുടുംബത്തിൽ  മൊത്തം വില്ലന്മാർ  ഒരാൾ  മൊട്ട  (മൊട്ടത്തല  എന്ന് പറഞ്ഞാലേ അറിയാമല്ലോ ആള്  ദുഷ്ടനാണെന്നു ) ഒരാൾ  എല്ലാ രംഗത്തും  തോളത്തു തൂക്കിയിട്ട  ഒരു തോക്കുമായി  നടക്കുന്നു  (എന്താ സംശയം  ദുഷ്ടൻ തന്നെ ) പിന്നെ ഒരു പയ്യൻ  പാർവതിയെ  കേറി പിടിക്കാൻ ശ്രമിക്കുന്നവൻ .മറ്റൊരാൾ  പാർവതി  അത് ചെന്ന് പറയുമ്പോൾ  "ഇന്ന്  അവൻ ...നാളെ  ഇവിടെയുള്ള മറ്റാരെങ്കിലും  " എന്ന ലൈൻ . ഇങ്ങനത്തെ  കൊടും  ഭീകരന്മാർ ആകട്ടെ  നായകന്റെ  വൃദ്ധനായ  അച്ഛൻ (സംവിധായകൻ  രഞ്ജിത് ) നമ്മുടെ  പിണറായി സ്റ്റൈലിൽ  കടക്കു  പുറത്തു  എന്ന് പറയുമ്പോൾ  പൂച്ചകുട്ടികളെ  പോലെ പോകുന്നുമുണ്ട് . ഡിവോഴ്സ്  ആയതൊന്നും  നോക്കണ്ട  നമുക്കിവളെ  ഭർത്താവിന്റെ  വീട്ടിൽ  കൊണ്ട് വിടാം  എന്ന പോലത്തെ  മണ്ടൻ  ഡയലോഗുകൾ  വേറെയും .ഇതൊന്നും  പോരാഞ്ഞിട്ട് മാല  പാർവതി  സജിതാ മഠത്തിൽ  തുടങ്ങിയ  "പ്രതിക്രിയാ വാദികളുടെ " അഭിനയ സംഭാവന  വേറെ




അപ്പോൾ  ഈ സിനിമയെ  പറ്റി  നല്ലതൊന്നും  പറയാനില്ലേ ?




എന്തോന്നെടെ  മൂന്ന്  മണിക്കൂർ  ഏതു സഹിച്ചതും പോരാ  ഇനി നല്ലതും പറയണോ ? ശരി  പിടിച്ചോ  നല്ല ക്യാമറ . നല്ല ലൊകേഷനുകൾ  ഇതിൽ കൂടുതൽ എന്തെങ്കിലും  സഹിക്കാൻ  പറ്റുന്നതായി എനിക്ക്  തോന്നിയില്ല . ക്ഷമി .....




അപ്പോൾ  ചുരുക്കത്തിൽ




പ്രിയപ്പെട്ട  അഞ്ജലി മേനോൻ  സ്ത്രീസുരക്ഷാ  നിയമങ്ങൾ  അത്യന്തം  ശക്തമായിട്ടുള്ള  ഈ  നാട്ടിൽ           ഇങ്ങനെ ഒരു ചിത്രം  സംവിധാനം  ചെയ്തു ഇറക്കിയാൽ  ഇതു കാണുന്ന ഞങ്ങൾക്ക്  നിങ്ങളെ നല്ല രണ്ടു തെറി  പറയാൻ  പോലും  അവകാശം  ഇല്ല എന്നറിയാമല്ലോ .എന്ന് കരുതി  നിങ്ങളെ പോലുള്ള സ്ത്രീകൾ  കൂടെയും  മൈ  ലൈഫും  പോലുള്ള പടങ്ങൾ  എടുത്തു  മനുഷ്യ  വർഗത്തെ  മൊത്തം  പീഡിപ്പിക്കുന്നത്  സാഡിസം  ആയി മാത്രമേ  കാണാൻ  കഴിയുന്നുള്ളു ദയവായി  അൽപ്പം  കരുണ ..............പ്ളീസ്

Saturday, June 30, 2018

സഞ്ജു മറ്റൊരു ബയോ പിക് കൂടി


പണ്ട് , കൃത്യമായി  ഓർത്തെടുത്തൽ  ഒരു പത്തു പതിനഞ്ചു  കൊല്ലം  മുൻപ്  കേരളത്തിലെ  പ്രശസ്തമായ  ഒരു വനിതാ  മാഗസിനിൽ  തിരുവനതപുരം  സ്വദേശിയായ  ഒരു ഗായകന്റെ   ഇന്റർവ്യൂ  കവർ സ്റ്റോറി ആയി  പ്രത്യക്ഷപ്പെട്ടു .  അതെ  ഞാൻ വിവാഹിതനാണ് എന്നോ മറ്റോ  ആയിരുന്നു  ആ വാർത്തയുടെ തലക്കെട്ടു . അതിൽ പറയുന്നത് പോലെ  അദ്ദേഹത്തിന്റെ  പ്രണയവും  അത് വിവാഹത്തിൽ എത്തിയതും ആയിരുന്നു  പ്രതിപാദന വിഷയം.   ആ ലേഖനം  ഏതാണ്ട്  ഈ  ഒരു ലൈനിൽ  ആയിരുന്നു . "ഞങ്ങൾ  ആദ്യമായി കാണുന്നത്  ഒരു ദിവസം  രാവിലെ ഞാൻ  കവിടിയാറിൽ  കൂടെ  കാർ  ഓടിച്ചു  പോകുമ്പോൾ ആയിരുന്നു. എതിരെ  നടന്നു വന്നിരുന്നു  ഇവളെ  അന്നാണ്  ഞാൻ ആദ്യമായി  ശ്രദ്ധിച്ചത്. അവളും  അന്നെന്നെ  ശ്രദ്ധിച്ചിരുന്നു  എന്ന് പിന്നീട്  മനസ്സിലായി  . ലവ്  അറ്റ്  ഫസ്റ്റ്  sight  എന്ന് പറയുന്നത് പോലുള്ള  ഒരു പ്രണയം  ആയിരുന്നു ഞങ്ങളുടേത് . പിന്നെ ഞങ്ങൾ  പരിചയപ്പെട്ടു  അടുത്ത് . ഒരുപാടു  പ്രശ്നങ്ങളെ  തരണം  ചെയ്തു ഞങ്ങൾ  ഒടുവിൽ  വിവാഹിതരായി " എന്ന  മട്ടിൽ  ഒരു ടീനേജ്  പ്രണയം  പോലെ  അവതരിപ്പിക്കുന്ന  ഈ  സംഭവത്തിൽ   ഒരിടത്തും  പരാമര്ശിക്കാത്ത  ഒരു കാര്യമുണ്ട്    മുകളിൽ  പറഞ്ഞ  പ്രശ്നങ്ങളിൽ  പ്രധാനം നായിക വിവാഹിതയും  പ്രായപൂർത്തിയായ  ഒരു പെൺകുട്ടിയുടെ  മാതാവും  ആയിരുന്നു  എന്നതാണ് . അതിനെന്തു  അങ്ങനെ ആണെങ്കിലും  മറ്റൊരാളോട്  പ്രണയം  തോന്നിക്കൂടെ  എന്ന് ചോദിക്കാം  തികച്ചും ന്യായവും  ആണ് ആ ചോദ്യം എന്ന് വിശ്വസിക്കുന്നു .തീർച്ചയായും  തോന്നാം  അത് അവരുടെ വ്യക്തിപരമായ  കാര്യം . എന്നാൽ  ഇതിനെ  വെള്ള  പൂശാൻ  കൂട്ട്  നിന്ന  "പ്രമുഖ : മാസിക  ചെയ്തത്  വായനക്കാരോട്  ചെയുന്നത് തികഞ്ഞ  വഞ്ചന  ആണെന്ന്  അക്കാലത്തു എനിക്ക്  ഒരു അഭിപ്രായം ഉണ്ടായിരുന്നു . ജഗതിയുടെ  രണ്ടാംഭാര്യയും  മകളും , പദ്മനാഭന്റെ  നിധി  എന്നിവയൊക്കെ പോലെ  ഈ  സംഭവവും  ഒർജിനൽ  തിരുവനന്തപുരംകാർക്ക്  പണ്ടേ  അറിയാവുന്ന കാര്യം ആയിരുന്നു  എന്ന്  ഒരു സുഹൃത്ത് തമാശയായി പറഞ്ഞത്  ഓർമ്മയിൽ ഉണ്ട് 
 
സഞ്ജു  എന്ന  രാജ്‌കുമാർ  ഹിരണിയുടെ  ചിത്രത്തിന്റെ  പോസ്റ്ററും  വെച്ചിട്ടു  ചലച്ചിത്ര  റിവ്യൂ  നടത്തുന്ന  (നടത്തിയിരുന്ന  എന്ന് മതി എന്ന് പൊതുജനം ) ഒരു മാധ്യമത്തിൽ  ഈ  പഴം കഥ  പറയുന്നത്  എന്തിനു  എന്നൊരു ചോദ്യം  വായനക്കാർക്ക്  (അങ്ങനെ  ഒക്കെ ആരെങ്കിലും  അവശേഷിക്കുന്നു  എങ്കിൽ ) ന്യായമായും  ഉണ്ടാക്കാം . അതിലേക്കു  വരാം
സഞ്ജയ്  ദത്ത് എന്ന  നടന്റെ സംഭവ ബഹുലമായ  ജീവിതം ഒരു സിനിമയിൽ  ഒതുക്കാൻ  പറ്റുമോ  ഏന് തന്നെ സംശയമാണ് .വ്യക്തി ജീവിതത്തിൽ  ഇത്രയധികം  തിരിച്ചടികളും  വെല്ലു വിളികളും  നേരിട്ട  മറ്റൊരു  നടൻ ബോളിവുഡിൽ വേറെ  ഉണ്ടോ  എന്ന് സംശയമാണ് .താര പദവിയെക്കാൾ  ഉപരി  വ്യക്തി ജീവിതത്തിൽ  അസാമാന്യമായ  ഔന്നത്യം  പുലർത്തിയിരുന്ന കഴുത്തറുപ്പൻ  ബോളിവുഡ്  ലോകത്തു  സകലരാലും  ബഹുമാനിക്കപ്പെട്ട   പിതാവ്  സുനിൽ  ദത്ത് , പേരുകേട്ട  നടി  നർഗീസ്  ഇവരുടെ  മകനായി ജനിച്ച  സഞ്ജയ്‌ക്കു  സിനിമയിൽ  എത്തിയതോടെ  അവരുടെ ഇമേജിന്റെ  ഭാരം ചുമക്കേണ്ടി വന്നു .ചീത്ത  കൂട്ട്  കെട്ടു  വഴി  മയക്കുമരുന്നിലേക്കു  മുങ്ങിത്താഴ്ന്ന  ഈ  നടൻ അതിൽ നിന്ന്  മോചനം നേടി തിരിച്ചെത്തി  മുൻനിര  നായകനായി  സ്ഥാനം  ഉറപ്പിച്ചപ്പോൾ  ആയിരുന്നു  അധോലോകവുമായി ബന്ധപ്പെട്ട  കേസ്  ഉയർന്നു വന്നത്  അവസാനിക്കാത്ത  കേസിന്റെ  പരമ്പരകളും  ജയിൽ വാസവും  ഒക്കെ കഴിഞ്ഞു തിരിച്ചെത്തിയ  ഈ  നടന്  ഇപ്പോളും  ഒരു സ്വീകാര്യത  ഉണ്ടെന്നത്  തികച്ചും  അത്ഭുദകരം  തന്നെയാണ്



ഇനി സിനിമയിലേക്ക് . ഒറ്റ  വാക്കിൽ  പറഞ്ഞാൽ  രൺബീർ  കപൂർ  എന്ന നടന്റെ  അഭിനയ ജീവിതത്തിലെ  ഏറ്റവും മികച്ച  പെർഫോമൻസ്  ആണ് ഈ ശരാശരി  ചിത്രത്തെ  താങ്ങി നിർത്തുന്ന  പ്രധാന ഘടകം . ശരിക്കും  ഈ  നടൻ  സഞ്ജയ്  ദത്ത്  ആയി ജീവിക്കുക  തന്നെയാണ് ചിത്രത്തിൽ. പരേഷ്  റാവൽ  അവതരിപ്പിക്കുന്ന  സുനിൽ  ദത്ത്  നായകന്  ഒപ്പം  നിൽക്കുന്നു  എന്നതാണ് സത്യം .വല്ലപ്പോഴും  എങ്കിലും  ആ മികച്ച  നടനെ  നല്ലൊരു വേഷത്തിൽ  കാണുന്നത് സന്തോഷകരമാണ് (ഈ  റോൾ  അമീർ ഖാന്  ഓഫർ  ചെയ്തിരുന്നു  എന്നും  ദംഗൽ  എന്ന ചിത്രത്തിൽ  ഒരു അച്ഛൻ  വേഷം ചെയ്തതിനാൽ  തുടർച്ചയായി  അച്ഛൻ വേഷം  ചെയ്യാനുള്ള  മടി മൂലം  ഇതു നിരസിച്ചു  എന്നും  വാർത്തയുണ്ട് ) . .സോനം  കപൂർ , ബോർമൻ  ഇറാനി , അനുഷ്ക  കോഹ്ലി , എങ്ങനെ കുറച്ചു  അധികം  അഭിനേതാക്കൾ  ഉണ്ടെങ്കിലും  കുറച്ചെങ്കിലും  ഓർത്തിരിക്കുന്ന  മറ്റൊരാൾ നർഗീസ്  ആയി എത്തുന്ന  മനീഷ  ആണ് .മനോഹരമായ  ക്യാമറ




ഇനി  ഈ  ചിത്രത്തെ  ശരാശരി  എന്ന് വിശേഷിപ്പിക്കപ്പെട്ടതിനെ  പറ്റി .മനോഹരമായ  ഒന്നാം പകുതി കഴിയുമ്പോൾ , (ഒന്നാം  പകുതിയിൽ  സഞ്ജയ്  ദത്ത്  എന്ന നടന്റെ  ജീവിതത്തിലെ  ആദ്യഘട്ടം  അതായത്  സിനിമയിലെ തുടക്കവും  മയക്കുമരുന്നുകളിലേക്കുള്ള  യാത്രയും  അതിൽ നിന്നുള്ള മോചനവും  ആണ് വിഷയം രണ്ടാം  പകുതിയെ  പറ്റി  ആകാംഷ  ജനിപ്പിക്കുന്ന  സൂചനകൾ  നൽകിയാണ്  ഇന്റർവെൽ  വന്നെത്തുന്നത് . എന്നാൽ  രണ്ടാം പകുതി  നനഞ്ഞ  പടക്കം  ആയി പോകുന്നതിന്റെ പ്രധാന  ഘടകം  മുകളിൽ  പറഞ്ഞ  ഉദാഹരണത്തിൽ  പറയുന്നത് പോലുള്ള  സത്യസന്ധത  ഇല്ലായിമ്മ  ആണ് . പ്രധാനമായും  ഈ  നടന്റെ  ബയോ  പിക്  എന്ന് പ്രചരിപ്പിക്കപ്പെടുന്ന  ഈ  ചിത്രത്തിന്റെ  രണ്ടാം  പകുതിയിൽ പാളിച്ച  ആകുന്നത്  താഴെ പറയുന്ന  കാര്യങ്ങൾ  ആണ്  എന്ന് വിശ്വസിക്കുന്നു .



1 ) സഞ്ജയ്  ദത്ത്  എന്ന നടന്റെ  വ്യക്തി ജീവിതം  തികച്ചും  അച്ഛനിൽ  ഒതുക്കി നിർത്തുന്നു .സഞ്ജയ് ദത്ത്  എന്ന നടന്റെ ജീവിതത്തിൽ  സുനിൽ ദത്ത്  എന്ന വലിയ മനുഷ്യന്റെ  സ്വാധീനം  ഒതുക്കി  നിർത്താവുന്നതല്ല  എങ്കിൽ പോലും  ബ്രെയിൻ  ട്യൂമർ  വന്നു മരിച്ച  ആദ്യ ഭാര്യ റിച്ച  ശർമ്മ  , ജയിലിൽ  ആയിരുന്നപ്പോൾ  പൂർണ  പിന്തുണ  കൊടുത്ത  കാമുകി /ഭാര്യ  ആയ , പിന്നീട് ഉപേക്ഷിക്കപ്പെട്ട  റിച്ച  റിയാ  പിള്ള  ആദ്യവിവാഹത്തിൽ  ഉള്ള മകൾ  തൃശ്ശള  എന്നിവരെ കുറിച്ച് ചിത്രം പരിപൂർണമായ  മൗനം  പാലിക്കുന്നു .അങ്ങനെ  ചില മനുഷ്യർ  ഈ  നടന്റെ  ജീവിതത്തിൽ ഇല്ലായിരുന്നു  എന്നാണ് ചിത്രം ഭാവിക്കുന്നത് . ഇപ്പോളത്തെ  ഭാര്യ മന്യത  ഒരു സുപ്രഭാതത്തിൽ  അവിടെ  ഉണ്ടായിരുന്നു  എന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്നു .സഹോദരിമാർ  പോലും  നമ്മുടെ ലാലേട്ടൻ കുടുംബ ചിത്രങ്ങളിൽ  'അമ്മ  കുഞ്ഞമ്മ  കുഞ്ഞമ്മയുടെ  മകൾ  ചേച്ചി  ചേച്ചിയുടെ  മകൾ  എന്ന പോലെ  പശ്ചാത്തതിൽ  വെറുതെ നിൽക്കുകയാണ് .തനിക്കു  മുന്പുള്ളവരുടെ തലമുറ , തന്റെ  തലമുറ  തനിക്ക്  ശേഷം  വന്നവരുടെ തലമുറ  എന്നിവരോട് ഒത്തു പ്രവർത്തിച്ച  ഈ  നടന്റെ  ജീവിതത്തിൽ അവരെ പറ്റിയുള്ള  പരാമർശങ്ങൾ  അവരെ ഓർമിപ്പിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ ഉണ്ടായിരുന്നെകിൽ കാലഗണന   പ്രേക്ഷകന് കുറച്ചു കൂടി വ്യക്തമായേനെ


2 ) അധോലോകത്തെ പരാമര്ശിക്കുന്നിടത്തു  വസ്തുതകൾ   വളരെയധികം  നിസ്സാരവൽക്കരിച്ചാണ്  കാണിക്കപ്പെടുന്നത് .ഉദാഹരണമായി  ടൈഗർ  മേമൻ  തന്റെ  ഓഫീസ്  കത്തിച്ചതിന്റെ  പ്രതികാരമായിട്ടാണ്  മുംബൈ.    സ്ഫോടനം  ആസൂത്രണം  ചെയ്തു നടപ്പാക്കിയത്  എന്ന് ഒഴുക്കൻ മട്ടിൽ പറയുന്നുണ്ട് .എന്നാൽ വസ്തുത  ഇതല്ല .ഒരു പരിധി  വരെ  അത് മുംബൈ സ്ഫോടനത്തെ  ന്യായീകരിക്കുകയും ആണ് ചെയുന്നത്  എന്ന് വിശ്വസിക്കുന്നു.അത്  പോലെ തന്നെ  അരുൺ  ഗാവ്ലിയെ  പോലുള്ള  ഒരു  കഥാപാത്രത്തിനൊപ്പമുള്ള   ആയുള്ള  ഒരു തമാശ  രംഗം  ഒഴിച്ചാൽ ദാവൂദോ  മറ്റു  അധോലോക  കേന്ദ്രങ്ങളുമായോ  ഉണ്ടായിരുന്ന  ബന്ധത്തെ പറ്റി  ഒഴുക്കൻ സൂചനകൾ  മാത്രമാണ് ചിത്രം നല്കുന്നത്



3 ) സഞ്ജയ് ദത്ത്  എന്ന നടന്റെ  സിനിമ ജീവിതത്തെ പറ്റി  അതിന്റെ  ഉയർച്ച താഴ്ചകളെ പറ്റി  ഉപരിപ്ലവമായ  കുറെ പരാമർശങ്ങൾ ഉണ്ട് എന്നതല്ലാതെ സിനിമ രംഗത്തു അദ്ദേഹത്തിന്  എന്തെകിലും സൗഹൃദങ്ങളോ വിരോധങ്ങളോ  ഉണ്ടായതായി സിനിമയിൽ പറയുന്നില്ല.ചരുക്കത്തിൽ  സിനിമാ  അനുസരിച്ചു സഞ്ജയ്  ദത്തു  എന്ന നടന് ആകെയുണ്ടായിരുന്ന സുഹൃത്ത് ഈ  സിനിമക്ക് വേണ്ടി സൃഷ്ട്ടിച്ച  ഒരു കഥാപാത്രം മാത്രമാണ് .അവര് തമ്മിൽ ഉണ്ടാകുന്ന തെറ്റിധാരണയും  അതിന്റെ  അവസാനവും  പി  കെ  യിലേതു പോലെ  തല്ലിപ്പൊളി  അഥവാ  ഫിലിമി  ആയിട്ടാണ് കാണിച്ചിട്ടുള്ളത് .



ചുരുക്കത്തിൽ  പറഞ്ഞാൽ  വ്യക്തി  ജീവിതത്തെ പറ്റിയും  സിനിമ ജീവിതത്തെ പറ്റിയും വ്യക്തതയുള്ള ഒരു ചിത്രം തരാതെ  തുടങ്ങി  തീരുന്ന  ഒരു ചിത്രം എങ്ങനെ ഒരു  ബയോ  പിക്  ആകും എന്നത് ഇന്നും  എനിക്ക് അജ്ഞാതം



ഇതിനിടെ  ശ്രദ്ധയിൽ പെട്ട ചെറിയൊരു കാര്യം കൂടി  സഞ്ജയ്  ദത്തിനെ  തിരിച്ചു കൊണ്ടുവന്ന  ചിത്രം മുന്നാ  ഭായി എന്ന  സ്വന്തം ചിത്രം  ആണെന്ന്  സംവിധായകൻ ഭംഗ്യന്തരേണ  പറഞ്ഞു വയ്ക്കുന്നുണ്ട് . എന്നാൽ  മഹേഷ് മഞ്ജരേക്കർ  സംവിധാനം  ചെയ്ത  വാസ്തവ്  എന്ന സിനിമയാണ്  ആ സ്ഥാനം അർഹിക്കുന്നത്  എന്ന് ദയവായി ഓര്മിപ്പിച്ചോട്ടെ .(താൻ  സഞ്ജയ്  ദത്തിനെ  ലാൻഡ്  ലൈനിൽ  ആണ് വിളിച്ചത് എന്ന് ഓർമിപ്പിക്കുന്ന  സംവിധായകന്റെ  റോളിൽ  മഹേഷ് മഞ്ജരേക്കറും  എത്തുന്നുണ്ട് ചിത്രത്തിൽ )



ചരുക്കം : രണ്ടാം പകുതി  സംവിധായകൻ /തിരക്കഥാകൃത്തു  എന്നീ  റോളുകളിൽ  പരാജയപ്പെട്ട  രാജ്‌കുമാർ ഹിരണി  നശിപ്പിച്ച വലിയ സാദ്ധ്യതകൾ  ഉണ്ടായിരുന്ന  ഒരു ചിത്രം

മലയാളത്തിൽ  ക്യാപ്റ്റൻ  കണ്ടപ്പോൾ  തോന്നിയ  കാര്യം അടിവരയിട്ടു  പറഞ്ഞോട്ടെ  ബയോ പിക്  എടുക്കാൻ  നമ്മൾ  ഇന്ത്യക്കാർ  വളർന്നിട്ടില്ല !!!! രൺബീർ  കപൂർ  പരേഷ്  റാവൽ  എന്നിവരുടെ പ്രകടനം  കൊണ്ട് ഈ ചിത്രം കോടികളുടെ ക്ലബ്ബിൽ  കേറിയാലും  ഇതാണ് സത്യമെന്നു വിശ്വസിക്കുന്നു

Monday, February 12, 2018

ആമിയുടെ മണം (മനമില്ല )








** "സിനിമ കാണാത്തവര്‍ക്ക് കഥയുടെ പലഭാഗങ്ങളും പോസ്റ്റില്‍ ഉണ്ട് എന്ന മുന്നറിപ്പ് "


ആമി എന്ന ചലചിത്രത്തിന്‍റെ തുടക്കത്തില്‍ കാണിക്കുന്ന നിയമപരമായ മുന്നറിയിപ്പ് പുകവലിക്കും , മദ്യപാനത്തിനുമെതിരെ ഉള്ളതല്ല . മറിച്ച് ഈ സിനിമ കമലാ ദാസ് എന്ന മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ ചലചിത്രാവിഷ്കാരമാണ് അല്ലാതെ മാധവിക്കുട്ടിയുടെ ആത്മകഥയായ എന്‍റെ കഥയുടെ ചലച്ചിത്രാവിഷ്കാരമല്ല എന്നാണ് . അങ്ങനെയുള്ള പല ഇച്ഛാപൂര്‍വ്വമല്ലാത്ത തമാശകള്‍ (unintentional comedies) ചിത്രത്തില്‍ ഉടനീളം കാണാം .


അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന അക്ബര്‍ അലി എന്ന കഥാപാത്രം (തലയില്‍ കമ്പളിത്തൊപ്പി , പിരിച്ച മീശ ...രണ്ടു ഭാര്യമാര്‍ ..മൊത്തത്തില്‍ ഒരു അബ്ദുള്‍ സമദ് സമദാനി രൂപം ) സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന മതമാണ്‌ ഇസ്ലാം എന്ന് പറയുമ്പോള്‍ തിയറ്ററില്‍ ഉയര്‍ന്ന ചെറുചിരി മഞ്ചു വാരിയരുടെ ആമി അയാളുടെ രണ്ടു ഭാര്യമാരെക്കുറിച്ച് ചോദിക്കുമ്പോള്‍ "ചില പ്രത്യേക സാഹചര്യങ്ങളില്‍ , രണ്ടു പേരെയും തൃപ്തിപ്പെടുത്താനുള്ള സമ്പത്തും , ആരോഗ്യവും പുരുഷനുണ്ടെങ്കില്‍ ഒന്നിലധികം വിവാഹം ഇസ്ലാം അനുവദിക്കുന്നു " എന്ന് പറഞ്ഞപ്പോള്‍ തിയറ്ററില്‍ കൂട്ടച്ചിരി ആയിരുന്നു . ഒപ്പം ഇരുട്ടില്‍ ഏതോ വിരുതന്‍ (ട്രോളന്‍ ആണെന്ന് തോന്നുന്നു ) "എന്തായിരുന്നു ആ പ്രത്യേക സാഹചര്യം ? മലപ്പുറത്ത് ബദര്‍ ജുദ്ധംനടന്ന് നാട്ടിലെ ബാക്കി ആണുങ്ങള്‍ ഒക്കെ ചത്തു പോയോ ?" എന്ന് വിളിച്ചു ചോദിച്ചപ്പോള്‍ തിയറ്ററിന്‍റെ മേല്‍ക്കൂര ഇളക്കുന്നത്ര ഉച്ചത്തിലായിരുന്നു കാണികളുടെ ചിരി .

ആമിയുടെ കഥ തുടങ്ങുന്നത് എഴുപതുകളിലേ മുബൈയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് . രോഗ ബാധിതയായി കിടക്കുന്ന കമലാ ദാസിനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ (ടോവിനോ ) കിടക്കയില്‍ നിന്നും എഴുന്നേല്‍പ്പിച്ചു ഒരു മേശയുടെ മുന്നില്‍ കൊണ്ടിരുത്തി എഴുതാന്‍ നിര്‍ബന്ധിക്കുന്നിടത്താണ് .

കടലാസില്‍ ആമി എന്‍റെ കഥ എന്ന് എഴുതുന്നിടത്ത് നമ്മള്‍ 1939 ല്‍ നാലപ്പാട്ട് തറവാട്ടില്‍ കല്‍ക്കട്ടയില്‍ നിന്നും അവധിക്കാലം ചിലവഴിക്കാനെത്തുന്ന കമലയുടെ കുട്ടിക്കാലത്തേക്ക് എത്തുന്നു . പ്രശസ്തയായ എഴുത്തുകാരിയായി ഉയര്‍ന്നു വരുന്ന അമ്മ ബാലാമണിയമ്മ , സ്വാതന്ത്ര്യ സമരത്തിനായി വീട്ടിലെ പൊന്നും പണ്ടവും എല്ലാം ഗാന്ധിജിക്ക് സ്വയമേ ദാനം ചെയ്ത തറവാട് , കൂടാതെ പ്രശസ്ത എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നാലപ്പാട്ട് നാരായണ മേനോന്‍ എന്ന തറവാട്ട് കാരണവര്‍ .വള്ളത്തോളും , ചങ്ങമ്പുഴയും ഒക്കെ തറവാട്ടിലെ നിത്യ സന്ദര്‍ശകര്‍ . അതിനിടെയില്‍ കമല പുസ്തകങ്ങള്‍ ഒന്നും വായിക്കുകയോ , സാഹിത്യത്തില്‍ എന്തെങ്കിലും താത്പര്യം കാണിക്കുകയോ ചെയ്യുന്നതായി സിനിമയില്‍ കാണുന്നില്ല . നീര്‍മാതള മരത്തിനോടും , കാവിനോടും , കുളത്തിനോടും ഒക്കെ ഇഷ്ടം കൂടുന്ന കമല പിന്നെ കല്‍ക്കട്ടയില്‍ ജോലി ചെയ്യുന്ന അച്ഛന്‍ വി എം നായര്‍ വരുമ്പോള്‍ അവധി നേരത്തെ അവസാനിപ്പിച്ച് നാലപ്പാട്ട് നിന്നും മടങ്ങുന്നു . കല്‍ക്കട്ടയില്‍ തിരികെ എത്തുന്ന കമലയുടെ ജീവിതം കോമഡി സിനിമകളെ വെല്ലുന്ന രീതിയിലാണ് പിന്നെ . വെള്ളക്കാരികള്‍ പഠിക്കുന്ന സ്കൂളില്‍ താന്‍ മാത്രം തവിട്ട് നിറത്തിലുള്ള തൊലിയുടെ ഉടമയാണ് എന്നുള്ള സങ്കടം കമല പങ്കുവെയ്ക്കുന്നത് കല്‍ക്കട്ടയിലെ വീട്ടിലെ കറുത്ത നിറമുള്ള ജോലിക്കാരോട് ...ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്ന വെള്ളക്കാരിയെ പഠിപ്പില്‍ ഒരു താത്പര്യവും ഇല്ല എന്ന ഭാവത്തില്‍ കളിയാക്കുന്ന കമല അച്ഛന്‍ ഏര്‍പ്പെടുത്തിയ ചിത്രംവരയുടെ അധ്യാപകനില്‍ ആകൃഷ്ടയാകുന്നു . പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കമലയ്ക്കു ആ ചെറുപ്പക്കാരനോട് തോന്നുന്ന വികാര വിക്ഷോഭങ്ങള്‍ വിദ്യാ ബാലന്‍ സിനിമയില്‍ നിന്നും ഒഴിവായതിനാല്‍ ലൈംഗികതയുടെ അതിപ്രസരത്തില്‍ നിന്നും രക്ഷപ്പെട്ട ആശ്വാസത്തില്‍ ആകണം , ഒരു ഇഞ്ച് മുകളിലേക്ക് പോയാല്‍ കിന്നാരത്തുമ്പികള്‍ എന്ന് തോന്നുന്ന രീതിയിലാണ് കമല്‍ ചിത്രീകരിച്ചു വെച്ചിരിക്കുന്നത് . മഴ നനഞ്ഞു വരുന്ന ആമിയുടെ തലയും കൈയ്യും ഒക്കെ തുവര്‍ത്തി കൊടുക്കുമ്പോള്‍ ഉള്ള ഭാവങ്ങള്‍ കണ്ടാല്‍ ഷക്കീല പിച്ച വാങ്ങിക്കും . ( മഞ്ചു വാരിയര്‍ അല്ല ..പതിനഞ്ചു വയസ്സുള്ള നീലാഞ്ചന എന്ന കണ്ണൂര്കാരി നടിയുടെ ചുമലിലാണ് ആമിയിലെ ലൈംഗികതയുടെ ഭാരം മുഴുവന്‍ ) . ഇടയക്ക് പനി പിടിച്ചു പിച്ചും പേയും പറയുന്ന നാളില്‍ കിടന്ന നാളില്‍ എപ്പോഴോ കൂടെ കൂടുന്ന താടി വെച്ച ശ്രീകൃഷ്ണന്‍ ആണ് ആ ചിത്രകാരന്‍ എന്ന് ആമിക്ക് തോന്നുന്നുണ്ട് (ആ ചിത്രകാരന്മാത്രമല്ല മറ്റുപലരും കൃഷ്ണനാണ് എന്ന് ഇടയ്ക്കിടെ ആ പാവത്തിന് തോന്നുന്നുണ്ട് ) . 1948 ല്‍ ഭാരതം വെട്ടി മുറിക്കപ്പെട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ ധാക്കയിലേക്ക് പോകുന്നതോടെ ആ ബന്ധം അവസാനിക്കുന്നു . വൈകാതെ പതിനഞ്ചകാരിയായ കമല മുപ്പത്തിയഞ്ച്കാരനായ മാധവദാസിനെ വിവാഹവും കഴിക്കുന്നു . ഇംഗ്ലീഷ് പഠനം , ചിത്ര രചന ഇവയില്‍ ഒക്കെ എന്നത് പോലെ ഇക്കാര്യത്തിലും കമലയ്ക്കു അഭിപ്രായം ഒന്നുമില്ല . അച്ഛന്‍ തീരുമാനിക്കുന്നു , അമ്മ സമ്മതം മൂളുന്നു , പുതിയ കളിപ്പാട്ടം കിട്ടിയ കൌതകത്തോടെ കുട്ടി അനുസരിക്കുന്നു . അത്ര മാത്രം .
റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം ബോംബെയിലേക്ക് താമസം മാറുന്ന കമലയുടെ ജീവിതത്തിലെ ഏക ലക്‌ഷ്യം പിന്നെ ഭര്‍ത്താവായ ദാസിനെ സ്നേഹിക്കുക എന്നതാണ് . അങ്ങനെ സ്നേഹിക്കാന്‍ വേണ്ടി കിടക്കയില്‍ പല അഭ്യാസങ്ങളും പഠിക്കുന്ന കമല പക്ഷെ എന്‍റെ കഥയില്‍ കിടക്കയിലെ അഭ്യാസങ്ങള്‍ക്കു ശേഷം ദാസേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചില്ല എന്ന് നെടുവീര്‍പ്പിടുന്നുണ്ട് . തന്നെ ഒരിക്കലും സ്നേഹിക്കാത്ത ദാസേട്ടനെക്കുറിച്ച് എന്‍റെ കഥയില്‍ പറയുന്ന കമല പിന്നീട് തന്നെ മനസിലാക്കുന്ന , സ്നേഹിക്കുന്ന ദാസേട്ടനെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തുന്നതുമുണ്ട് . അതിനിടെ തൂലികാ സുഹൃത്തായി ലഭിച്ച ഇറ്റലിക്കാരന്‍ കാര്‍ലോയോടൊപ്പം കടലില്‍ ചാടി തുള്ളുന്ന കമല ഇടയ്ക്ക് മറ്റു പല കൌതുങ്ങളും ജീവിതത്തില്‍ മടുത്തപ്പോള്‍ ഉപേക്ഷിച്ചത് പോലെ കാര്‍ലോയും മടുത്തു ഉപേക്ഷിക്കുന്നു . മാധവ ദാസിനോപ്പമുള്ള അസംതൃപ്തമായ , സ്നേഹം കൊതിക്കുന്ന ജീവിതത്തെക്കുറിച്ച് പെട്ടെന്നൊരു സുപ്രഭാതത്തില്‍ എഴുതി തുടങ്ങിയ എന്റെ കഥയില്‍ വാചാല ആകുന്ന കമല ആ അസംതൃപ്തി കാണിക്കാന്‍ മറ്റേ മഴയിലേക്ക്‌ വിരഹ ദുഖത്തോടെ നോക്കി ഇരിക്കുന്ന നീര്‍മാതളപൂവ് എന്ന പാട്ടിന്റെ (ഇടയ്ക്കിടെ സിനിമയില്‍ വരും അത് പോലുള്ള പാട്ടുകള്‍ ...അവയുടെ ...) ഇടയ്ക്ക് മാധവദാസില്‍ നിന്നും ഗര്‍ഭം ധരിച്ചു പ്രസവിക്കുന്നത് മൂന്നു തവണ .
എന്‍റെ കഥ എന്ന മലയാള നാട് വാരികയിലെ തുടര്‍ പ്രസ്സിദ്ധീകരണം പ്രശസ്തയാക്കിയ മാധവിക്കുട്ടിയുടെ പിന്നീടുള്ള കഥകള്‍ /കവിതകള്‍ എല്ലാം പ്രശസ്തി നേടുന്നു എന്ന് പറയുന്ന കമല്‍ ഒടുക്കം എന്റെ കഥ ഒരു അശ്ലീല പുസ്തകമാണ് , അത് എന്റെ കഥയല്ല ഭാവനയാണ് എന്നൊക്കെ മഞ്ചുവിന്റെ കമലയെക്കൊണ്ട് പറയിപ്പിച്ച് മാധവിക്കുട്ടിയുടെ പ്രശസ്തിയുടെ ശ്രേയസ്സ് മൊത്തമായി ഇക്കിളി സാഹിത്യത്തിനു നല്‍കുന്നുണ്ട് .


പിന്നെ കഥ എന്പതുകളിലേക്ക് നീങ്ങുമ്പോള്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് മത്സരിച്ചു കെട്ടി വെച്ച കാശ് പോകുന്ന കമലാദാസിനെയും , ഭര്‍ത്താവ് മാധവദാസ് മരിച്ചു കഴിഞ്ഞു ഒറ്റപ്പെടലില്‍ നെടുവീര്‍പ്പിടുന്ന സ്നേഹ സമ്പന്നയായ ഭാര്യയേയും കാണിക്കാന്‍ പെടാപ്പാട് പെടുന്ന സിനിമ പക്ഷെ കാവിനെയും കുളത്തെയും നീര്‍ മാതളത്തെയും സ്നേഹിച്ച ആയമ്മ എന്ത് കൊണ്ട് തിരുവനന്തപുരത്തും , പിന്നെ ഏറണാകുളത്തും പോയി താമസിക്കുന്നു എന്നത് പറയുന്നില്ല . ആവിഷ്കാര സ്വാതന്ത്ര്യം ആകും . മിണ്ടാന്‍ പറ്റുമോ ?


ഭര്‍ത്താവിന്റെ മരണശേഷം എറണാകുളത്തേക്ക് താമസം മാറി ഒരു ഫ്ലാറ്റില്‍ ഒരു ജോലിക്കാരിയോടൊപ്പം ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന കമലയുടെ മുന്നിലേക്കാണ് പണ്ഡിതനും , വാഗ്മിയും , ഗസലുകള്‍ ഇഷ്ടപ്പെടുന്നവനും , ചെറുപ്പക്കാരനും , രണ്ടു നിക്കാഹ് ആള്‍ റെഡി കഴിഞ്ഞവനുമായ അക്ബര്‍ അലി (മാധവ ദാസ് മുതല്‍ മുതല്‍ നാലപ്പാട്ട് നാരായണ മേനോന്‍ വരെയുള്ളവരുടെ പേരുകള്‍ അങ്ങനെ തന്നെ ഉപയോഗിച്ച കമല്‍ ഇവിടെ ഒന്ന് പതുങ്ങി .പക്ഷെ രൂപത്തില്‍ നൂറു ശതമാനം സമദാനി ലുക്ക് കൊണ്ട് വന്നു സത്യസന്ധത കാണിച്ചു ) . അവിടുന്നങ്ങോട്ട്‌ മുപ്പതുകാരനായ അക്ബറും , അറുപതുകാരിയാ കമലയും തമ്മിലുള്ള തീവ്രമായ പ്രണയം , അതിന്റെ സ്വാഭാവിക പരിണാമമായ ശാരീക ബന്ധം ഇവയിലെക്കൊക്കെ കഥ നീളുന്നു . ശാരീരിക ബന്ധം കഴിഞ്ഞ ഉടന്‍ സഹിക്കാൻ  കഴിയാത്ത  കുറ്റബോധം കൊണ്ട് വലയുന്ന അക്ബര്‍ അലി കമലയെ വിവാഹം ചെയ്യാം എന്ന് ഓഫര്‍ വെയ്ക്കുന്നു (അല്ലെങ്കിലും  അവിഹിതമായ  ലൈംഗിക  ബന്ധത്തിന്റെ  ഇന്ത്യൻ  പരിഹാരം കാലാ കാലങ്ങൾ  ആയി  വിവാഹം എന്നത് തന്നെയാണല്ലോ)  . പ്രഭാതനക്ഷത്രം അല്ലെങ്കില്‍ സുരയ്യ എന്ന് അവരെ വിളിക്കുകയും ചെയ്യുന്നു . പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് കമല മുന്നറിയിപ്പ് നല്‍കുമ്പോള്‍ "അള്ളാഹുവിന്റെ മുന്നിലല്ലാതെ ഞാന്‍ ആരുടേയും മുന്നില്‍ തല കുനിക്കില്ല " എന്ന് പഞ്ച് ഡയഗോളം ഉരുട്ടുന്ന അക്ബര്‍ , കമല കമാലാ സുരയ്യ ആയ ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടാതെ കമലയുടെയും , നാട്ടുകാരുടെയും ഒക്കെ മുന്നില്‍ തല കുനിച്ച് ഡല്‍ഹിക്ക് മുങ്ങുന്നു . ഹൈന്ദവ സംഘടനകളുടെ എതിര്‍പ്പിനും , കമലയുടെ സംരക്ഷകര്‍ ആയി കൂടെ കൂടുന്ന ഇസ്ലാമിക പണ്ഡിതന്മാര്‍ ഏര്‍പ്പെടുത്തുന്ന എഴുത്തിനു ഉത്പ്പടെ ഉള്ള വിലക്കുകള്‍ക്കും നടുവില്‍ കമല ഒറ്റപ്പെടുന്നു . നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഒക്കെ വള്ളി പുള്ളി വിടാതെ മഞ്ചേരിയിലും മറ്റുമൊക്കെ വന്നു പറഞ്ഞില്ലേ ഇനി എങ്കിലും എന്നെ വെറുതെ വിടു " എന്ന് മൊല്ലാക്കമാരോട് പൊട്ടിത്തെറിക്കുന്ന കമല പിന്നെ പൂനയില്‍ പോയി ഒറ്റപ്പെട്ടത് പോലെ മരണ ശയ്യില്‍ കിടക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു . ഒരു സ്ത്രീ പോലും ഖുറാനോ മറ്റോ വായിച്ചു കൊണ്ട് അവരുടെ മരണശയ്യക്ക് അരുകില്ലായിരുന്നു എന്ന് കാണിക്കുന്ന കമല്‍ സൂച്ചനാത്മകമായി എന്താണ് പറയാന്‍ ഉദ്ദേശിച്ചത് എന്നത് വായനക്കാരുടെ വിവക്ഷക്ക് വിടുന്നു
 .
പോസ്റ്റിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇച്ഛാപൂര്‍വ്വമല്ലാത്ത തമാശകള്‍ (unintentional comedies) സിനിമയില്‍ ഏറ്റവും വ്യക്തമായി നില്‍ക്കുന്ന ഒരു കാര്യം കൂടി പറഞ്ഞു ഉപസംഹാരത്തിലേക്ക് കടക്കാം .നേരത്തെ പറഞ്ഞത് പോലെ കുട്ടിക്കാലത്ത് പനി പിടിച്ചു പിച്ചും പേയും പറഞ്ഞു കിടന്നപ്പോള്‍ കമലയുടെ കൂടെ കൂടുന്ന ശ്രീകൃഷ്ണന്‍ സിനിമയില്‍ ഉടനീളം ഇടയ്ക്കിടെ കമലയ്ക്കു ധൈര്യം നല്‍കുവാന്‍ വരുന്നുണ്ട് . അക്ബര്‍ അലിയോടുള്ള ആഗ്രഹ പാരമ്യത്തില്‍ സുരയ്യ ആകുന്ന കമല കൃഷ്ണനോട് "ഇന്ന് മുതല്‍ ഞാന്‍ നിന്നെ കണ്ണന്‍ എന്നല്ലാതെ പ്രവാചകന്‍ എന്ന് വിളിക്കട്ടെ ?" എന്ന് ചോദിക്കുന്നു "ഭഗവത്ഗീതയില്‍ കണ്ടത് തന്നെ ഖുറാനിലും നീ കണ്ടുവെങ്കില്‍ അങ്ങനെ വിളിച്ചോളു" എന്ന് ശ്രീകൃഷ്ണനും മറുപടി നല്‍കുന്നു . പക്ഷെ അതിനു ശേഷവും കൃഷ്ണനെ പ്രവാചകന്‍ എന്നോ
മുഹമ്മദ്‌ എന്നോ വിളിക്കാതെ കണ്ണന്‍ എന്ന് തന്നെ വിളിക്കുന്ന കമലയ്ക്ക് ഭഗവത്ഗീതയില്‍ കണ്ടത് എന്തായാലും ഖുറാനില്‍ കാണുവാന്‍ സാധിക്കില്ല എന്ന സംവിധായകന്‍ കമലിന്റെ അബോധ മനസ്സിന്റെ തിരിച്ചറിവ് അദ്ദേഹം അറിയാതെ തന്നെ നമ്മളെ കാട്ടിത്തരുന്നു .
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആമിയില്‍ മഞ്ചു വാരിയര്‍ ഉത്പ്പടെ ആരുടേയും അഭിനയമോ , കമലിന്റെ സംവിധാനമോ ഒന്നും പരാമര്‍ശ യോഗ്യമായി തോന്നാത്തതിനാല്‍ സിനിമയില്‍ സാങ്കേതികമായി എന്നെ ആകര്‍ഷിച്ച ഏക കാര്യമായ ശ്രേയാ ഗോഷലിനെ നീര്‍മാതളപ്പൂവിനുള്ളില്‍ എന്ന ഗാനം മാത്രം പര്മാര്‍ശിച്ചു നിറുത്തുന്നു . മലയാളി ഗായകര്‍ക്ക് പോലും അപ്രാപ്യമായ അക്ഷര സ്ഫുടതയും , ഭാവവും ഉത്ക്കൊണ്ട് ആ ഗാനം പാടിയ ശ്രേയക്ക് ഒരു നമോവാകം


അടിക്കുറിപ്പ് : ജോലി  സംബന്ധമായ  തിരക്കുകളും  അനുബന്ധ  യാത്രകളും  കൊണ്ട് നിന്ന് പോയ  ഒരു ബ്ലോഗാണ്  ഇതു . ബ്ലോഗിന്റെ  കാലം  കഴിഞ്ഞു  എന്നറിഞ്ഞിട്ടും  എന്നെങ്കിലും  ഏതു പുനരാരംഭിക്കണം  എന്ന് കരുതി  സ്വന്തം "ശത്രൂ"ഘ്നൻ  സിൻഹയായ  മടിയുമായി  മൽപ്പിടുത്തം  നടത്തുന്നതിനിടയില ആണ്  ഒരു  സുഹൃത്ത്  ആമി  എന്ന സിനിമയെ  പറ്റി  അദ്ദേഹത്തിന്റെ  അഭിപ്രായം  ഈ  ബ്ലോഗിൽ  പ്രസിദ്ധീകരിക്കാമോ  എന്ന് ചോദിക്കുന്നത് .സംഗതി  രചന  അദ്ദേഹത്തിന്റെ  ആണെങ്കിലും  പ്രേക്ഷകന്റെയും  അഭിപ്രായം  സമാനമായതും കാര്യമായ   വിയോജിപ്പുകൾ  ഇല്ലാത്തതും ആണെന്ന് വിനയപൂർവം  സമ്മതിച്ചു കൊള്ളുന്നു