Saturday, October 27, 2012

ചക്രവ്യുഹ് (Chakravyooh : Review)

അണ്ണാ നിങ്ങള്‍ ഹിന്ദി സിനിമ ഒക്കെ കാണുമോ ?


കാണുമല്ലോ എന്താ ?


അല്ല എന്തരോ വ്യുഹം എന്നൊരു പടം വന്നു പോലും.കറിയാച്ചനു സംഗതി ഇപ്പം തന്നെ കളകൂടത്തില്‍  വേണം . എനിക്കാണേല്‍ ഹിന്ദി അറിയത്തുമില്ല . ഒന്ന് .....


പിന്നെ ... ഭാഷ അറിയുന്നതൊക്കെ നീ വെച്ച് കലക്കുന്നുണ്ടല്ലോ ചക്രവ്യുഹ് എന്ന    ഈ സിനിമയെ പറ്റി പറഞ്ഞാല്‍ പ്രകാശ് ജഹ എന്ന സംവിധായകനെ എനിക്കിഷ്ട്ടമാണ് . ഗംഗാജല്‍ എന്ന അജയ്ദേവ  ഗണ്ണ്‍ ചിത്രം മുതലാണ് ഈ സംവിധായകനെ  ഞാന്‍  ശ്രദ്ധിച്ചു  തുടങ്ങുന്നത് .   പിന്നീടു  വന്ന  ആരക്ഷണ്ണ്‍ ,  രാജ് നീതി  എന്നെ  ചിത്രങ്ങളെല്ലാം  എനിക്ക്  ഈ  സംവിധായകനോടുള്ള  ഇഷ്ട്ടം  വര്‍ദ്ധിപ്പിച്ചത്തെ ഉള്ളു . ഈ  സംവിധായകന്‍റെ  ചിത്രങ്ങളില്‍  വേദനിപ്പിക്കുന്ന  സത്യങ്ങള്‍  ഉണ്ടെന്ന  തോന്നല്‍  ആകാം (മലയാളത്തില്‍ കഴിഞ്ഞ ഒരു പത്തു വര്ഷം നോക്കിയാല്‍ ഒരു പക്ഷെ ഒരു അച്ഛന്‍ ഉറങ്ങാത്ത വീട് കാണും പറയാന്‍ !!)   ഇതിനു   കാരണം  .അല്ലെങ്കില്‍ സമകാലീന വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിലെ മിടുക്കാകാം. പ്രേക്ഷകരോട് സംവേദിക്കുന്ന സിനിമകള്‍ ആകാം. അതും അല്ലെങ്കില്‍ പച്ച മനുഷ്യരുടെ കഥ പറയുന്നതാകാം. അതിനു മുന്‍പ് എനിക്ക് ഇഷ്ടമായിരുന്ന ജെ പി ദത്തയുടെ ചിത്രങ്ങള്‍ പഴയ നിലവാരം പുലര്‍താത്തതും ഞാന്‍ പ്രകാശ്‌ ജ്ച്ചായുടെ ചിത്രങ്ങളിലേക്ക് തിരിയാന്‍ കാരണമായി.  

അല്ല ഇപ്പോള്‍ പറഞ്ഞ ഈ ദത്തയെ അല്ലേ  നമ്മുടെ   രഞ്ജിത് ഹിന്ദിയിലെ മേജര്‍ രവി എന്ന് വിളിച്ചതു .

വിവരക്കെടിനും വേണ്ടേ ഒരതിര്?  നീ ക്ഷമി

പതിവ് പോലെ കാടു കേറുന്നതിനു മുന്‍പ് തിരിച്ചു വരാം.ഈ    ചിത്രത്തില്‍ അഭിനയിക്കുന്നത് അഭയ് ഡിയോള്‍, അര്‍ജുന്‍ രാംപാല്‍ ,ഇഷാ ഗുപ്ത, കബീര്‍ ബേദി , മനോജ്‌ വാജ്പേയി, ഓം പുരി,അഞ്ജലി പാട്ടില്‍  തുടങ്ങിയവരാണ് സംവിധാനം പ്രകാശ് ജ്ച്ചാ , തിരകഥ അഞ്ജും രാജ്ബാലിയും സംവിധായകനും ചേര്‍ന്ന് നിര്‍വഹിക്കുന്നു.ഇറോസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് .

ശരി അപ്പോള്‍ കഥയോ?

കഥയിലേക്ക്‌ കടക്കുന്നതിനു മുന്‍പ് ഒരല്‍പം ഫ്ലാഷ് ബാക്ക് . പഴയ കാല സംവിധായകരില്‍ എനികേറ്റവും ഇഷ്ടമുള്ള സംവിധായകരില്‍ ഒരാളായ ഋഷികേശ് മുഖര്‍ജി . അദേഹം എടുത്ത കലക്കന്‍ ചിത്രങ്ങളില്‍ ഒന്നായ നമക്ക് ഹറാം. സുപ്പര്‍ താരങ്ങള്‍ രാജേഷ്‌ ഖന്നയും അമിതാബ് ബച്ചനും മത്സരിച്ചു അഭിനയിച്ച ചിത്രം . കൂടുതല്‍ നല്ല കഥാപാത്രം രാജേഷ്‌ ഖന്നയുടെ ആയിരുന്നു എങ്കിലും ഒരൊറ്റ രംഗത്തെ പ്രകടനത്തില്‍ രംഗം കൈയടക്കിയ അമിതാബ് .നല്ല ഗാനങ്ങള്‍ , സംഭാഷണം , അഭിനയം, പുതുമയുള്ള കഥ അങ്ങനെ പലതും ആ ചിത്രത്തിന്‍റെ പ്രത്യേകത ആയിരുന്നു. പിന്നിട് ഇതേ കഥ വള്ളി പുള്ളി വിടാതെ ഹരിഹരന്‍ അങ്കുരം എന്ന പേരില്‍ നസീറിനെയും സുകുമാരനേയും വെച്ച് ചെയ്തിട്ടുണ്ട്   .വര്‍ഷങ്ങള്‍ക്കു ശേഷം അദ്വൈതം എന്ന ചിത്രത്തില്‍ ശ്രീ പ്രിയദര്‍ശനും മോഹന്‍ലാല്‍ - ജയറാം ത്രെഡില്‍ കൂടി പറയാന്‍ ശ്രമിച്ചതും ഇതേ കഥ തന്നെ.  


അണ്ണന്‍ പൊതു വിജ്ഞാനം പ്രദര്‍ശിപ്പിക്കുവാണോ? ഇതൊക്കെ പറയാന്‍ ഇപ്പോള്‍ ....


അനിയ ശരിക്കും ഈ ചിത്രം നമ്മുടെ സംവിധായകര്‍ ഒരു പാഠപുസ്തകം ആക്കേണ്ടത് ആണ് . പ്രത്യേകിച്ചും മുകളില്‍ പറഞ്ഞ സംവിധായകര്‍ കൂടാതെ
 പഴയ സിനിമ പുനര്‍നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കാന്‍ ശ്രമിക്കുന്ന സംവിധായകര്‍ .(സിംഹാസനം എടുത്ത ഷാജിക്കും, ജാക്കി എടുത്ത നീരദിനും, ഇനി രാജാവിന്‍റെ മകന്‍ ഉണ്ടാക്കുന്ന തമ്പിച്ചായനും ഒക്കെ ഇതു ബാധകമാണ്) മുകളില്‍ പറഞ്ഞ അതേ കഥ തികച്ചും സമകാലീന പ്രസക്തിയുള്ള ഒരു വിഷയവുമായി കൂട്ടി കെട്ടി വൃത്തിയായി പറയുക എന്ന് പറഞ്ഞാല്‍ ചില്ലറ കാര്യമാണോ ?


അല്ല...... എന്ന് വെച്ചാല്‍.... എന്താ കഥ ?

അനിയാ നന്ദിഗാട്ട് എന്ന ഗ്രാമം. അവിടം കാലങ്ങളായി മാവോ വാദികളുടെ നിയത്രണത്തില്‍ ആണ് .അവിടെ ഒരു വമ്പന്‍ വ്യവസായി (കബീര്‍ ബേദി)  ഒരു പ്രൊജക്റ്റ്‌ ആരംഭിക്കാന്‍ തുടങ്ങുന്നു . സ്ഥലം ഒഴിപ്പിക്കാന്‍ സര്‍ക്കാരും ഭരണകൂടവും ഇവരുടെ പുറകില്‍ ഉണ്ട്.ഗ്രാമവാസികളില്‍ നിന്ന് ബലമായി ഭൂമി പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്ന  തീവ്രവാദി നേതാവ് രാജന്‍ (മനോജ്‌ ബാജ്പേയി) , തന്നെ പിടിക്കാന്‍ ശ്രമിക്കുന്ന പോലിസുക്കാരെ കൂട്ടകൊല നടത്തി
ഭീകര അന്തരീക്ഷം സൃഷ്ട്ടികുന്നതോടെ അവിടെ ചാര്‍ജ് ഏറ്റെടുക്കാന്‍ ഒരു
പോലീസ് ഉദ്യോഗസ്ഥനും തയ്യാര്‍ ആകുന്നില്ല.സാഹസികനായ ഓഫീസര്‍ ആതില്‍ ഖാന്‍ (അര്‍ജുന്‍ രാംപാല്‍ ) ആ ദൌത്യം ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന്റെ  ഭാര്യയും (ഇഷാ ഗുപ്ത)  പോലീസില്‍ ആണ്. ഇവരുടെ ഉറ്റ സുഹൃത്താണ്‌ കബീര്‍ (അഭയ് ഡിയോള്‍ )  ഇയാളും  പണ്ട് ഇവരോടൊപ്പം പോലീസ്  ട്രെയിനിങ്ങില്‍ പങ്കെടുത്തു എങ്കിലും ഇടയ്ക്ക്  വെച്ച് പുറത്താക്കാപ്പെടുകയായിരുന്നു . ഇവരുടെ രണ്ടു പേരുടെയും വിലക്ക് വക വെക്കാതെ ആണ്  ആതില്‍ പുതിയ ദൌത്യം ഏറ്റെടുക്കുന്നത് .നന്ദിഗാട്ടില്‍  എത്തുന്ന ആതില്‍ ചെറിയ വിജയങ്ങള്‍ കൈ വരിക്കുന്നു എങ്കിലും തീവ്രവാദികളെ കുരുക്കാനുള്ള ശ്രമം പരാജയപ്പെടുകയും പരുക്കേറ്റു ആശുപത്രിയില്‍ ആകുകയും ചെയ്യുന്നു.തികച്ചും impulsive ആയി പ്രവര്‍ത്തിക്കുന്ന കബീര്‍ സ്നേഹിതനെ സഹായിക്കാന്‍ തീരുമാനിക്കുന്നു . രണ്ടു പേരും ചേര്‍ന്ന് പ്ലാന്‍ ചെയുന്ന ഓപ്പറെഷന്‍ അനുസരിച്ച് കബീര്‍ വിപ്ലവകാരികളുടെ കൂട്ടത്തില്‍ തികച്ചും സ്വാഭാവികമായി  നുഴഞ്ഞു കയറുന്നു.കബീറില്‍ നിന്ന് ചോര്‍ത്തി കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ച് മുന്നേറുന്ന ആതില്‍ തീവ്രവാദികള്‍ക്കെതിരെ വന്‍ വിജയങ്ങള്‍ കൈ വരിക്കുന്നു .ഒരു ഘട്ടത്തില്‍ രാജന്‍ പോലും ആതിലിന്‍റെ പിടിയില്‍ ആകുന്നു .പരിപൂര്‍ണ വിജയത്തിന്‍റെ തൊട്ടടുത്ത്‌ എത്തി നില്‍ക്കുന്ന വേളയില്‍ കബീറിന് മനം മാറ്റം ഉണ്ടാകുന്നു.സര്‍ക്കാരില്‍ നിന്നും ഒന്ന് കിട്ടാത്ത ഗ്രാമീണനില്‍ നിന്ന് അവന്റെ അവസാന ആശ്രയമായ അവന്റെ കൃഷി ഭൂമി കൂടി പിടിച്ചെടുത്തു കുത്തക മുതലാളിമാര്‍ക്ക് അടിയറ വയ്ക്കുന്നതിനെ എതിര്‍ക്കുന്നത് തെറ്റാണോ എന്ന് അയാള്‍ സ്വയം ചോദിക്കുന്നു .തുടര്‍ന്ന് ആതിലുമായുള്ള സൌഹൃതം അവസാനിപ്പിച്ച്‌ കബീര്‍ ശരിക്കും വിപ്ലവകാരിയായി  മാറുന്നു .സാഹസികമായി പ്രവര്‍ത്തിക്കുന്ന കബീര്‍ രാജന്‍റെ സ്ഥാനം സംഘടനയില്‍ ഏറ്റെടുക്കുന്നു . ഭൂമി ഏറ്റെടുക്കാന്‍ ഉദേശിക്കുന്ന വ്യവസായ പ്രമുഖന്‍റെ  മകനെ തട്ടിയെടുത്തു വിലപേശി രാജനെ മോചിപ്പിക്കുന്നു .ഇതിനിടെ ആതില്‍ താനും കബീറും സുഹൃത്തുക്കള്‍ ആയിരുന്നു എന്നത് ഒരു പത്രം വഴി വെളിപ്പെടുത്തുന്നു .വിപ്ലവകാരികള്‍ കബീറിനെ ചോദ്യം ചെയ്യുമ്പോള്‍ ഇവരെ പിന്തുടര്‍ന്ന് പോലീസ് താവളം വളയുന്നു. അവസാന പോരാട്ടത്തില്‍ സഖാക്കളേ രക്ഷപ്പെടുത്തി കബീറും മറ്റൊരു  വിപ്ലവകാരിയായ ജുഹിയും (അഞ്ജലിപാട്ടീല്‍) വെടി കൊണ്ട് വീഴുന്നു. പോരാട്ടം  ഇനിയും  തുടരും  എന്ന സൂചന നല്‍കി ചിത്രം അവസാനിക്കുന്നു .

ഓ.... ഇതാണോ വലിയ സംഭവം? ഇതില്‍ ഇത്ര പറയാന്‍ എന്തിരിക്കുന്നു ? 


അനിയാ ഞാന്‍ നേരത്തെ പറഞ്ഞില്ലേ. അടിസ്ഥാനപരമായി ഈ ചിത്രത്തിന്‍റെ കഥ പലതവണ പറഞ്ഞു കഴിഞ്ഞതാണ് . പക്ഷെ തികച്ചും സമകാലീനമായ സംഭവങ്ങളും കാലഘട്ടവും ഉള്‍പ്പെടുന്ന ഒരു പാശ്ചാത്തലതിലേക്ക് പറിച്ചു നടുമ്പോള്‍ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും വല്ലാത്തൊരു മിഴിവും വ്യക്തിത്വവും ഉണ്ടാകുന്നു ഒപ്പം രണ്ടര മണികൂര്‍ നേരത്തെ നല്ലൊരു സിനിമ അനുഭവവും.കൂടെ ചിത്രത്തിന്‍റെ ഇതി വൃത്തതോട് ചേര്‍ന്ന് പോകുന്ന സംഗീതവും

അതിരിക്കട്ടെ അഭിനയമോ ?

ആതില്‍ ഖാനെ അവതരിപ്പിച്ച അര്‍ജുന്‍ റാം പാലാണോ കബീറിനെ അവതരിപ്പിച്ച അഭയ് ഡിയോള്‍ ആണോ അതോ രാജന്‍ എന്നാ വിപ്ലവ നേതാവിനെ അവതരിപ്പിച്ച മനോജ്‌ ബാജ് പേയി ആണോ കൂടുതല്‍ നന്നായത് എന്ന് തര്‍ക്കിക്കാന്‍ ഞാന്‍ ആളല്ല . മരിച്ചു ഇതില്‍ എല്ലാത്തിലും ഉപരി മികച്ച ഒരു സംവിധായകന്‍റെ കയോപ്പുള്ള ചിത്രം അതാണ് ചക്രവ്യൂഹ് .

ചുരുക്കത്തില്‍ .....

സ്വന്തം ആയിട്ടു ആലോചിക്കാന്‍ കഴിവില്ലെങ്കില്‍ അതുള്ളവന്‍ ചെയ്യുന്നത് കണ്ടു എങ്കിലും പഠിക്കാന്‍ നോക്ക് പ്ലീസ്.........



 

Sunday, October 21, 2012

അയാളും ഞാനും തമ്മില്‍ (Ayalum njanum thammil : Review )

ലോ.... ലയാളും ഞാനും തമ്മില്‍


മനസിലായില്ല

അല്ല അണ്ണാ അങ്ങനെ ഏതാണ്ട് പടം ഇറങ്ങിയില്ലേ?   മഹാപാപി.... ലാല്‍ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മില്‍ എന്ന പടത്തെ പറ്റിയാണോ ഈ പറയുന്നേ?

ഓ അത് തന്നെ

ശ്രീ പ്രേം പ്രകാശ്‌ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് . ബോബി സഞ്ജയ്‌ കഥ തിരകഥ അഭിനേതാക്കള്‍ പ്രതാപ്‌ പോത്തന്‍ , പ്രിത്വിരാജ് , നരേന്‍ , സംവൃത സുനില്‍ , രമ്യ നമ്പീശന്‍ , റീമ കല്ലിങ്ങല്‍, സുകുമാരി , അനില്‍ മുരളി അങ്ങനെ പോകുന്നു .സംഗീതം ഔസേപ്പച്ചന്‍

കഥ ..?

ഈ ചിത്രം പറയുന്നത് രവി തരകന്‍ (പ്രിത്വിരാജ്) എന്ന യുവ ഡോക്റ്ററും സാമുവല്‍ എന്ന സീനിയര്‍ ഡോക്റ്ററും ആയുള്ള ബന്ധത്തിന്റെ കഥയാണ്.ഒപ്പം ആ ബന്ധത്തിന്‍റെ കയറ്റ ഇറക്കങ്ങളില്‍ കൂടി തികച്ചും  കെയര്‍ ഫ്രീ ആയി ജീവിച്ചിരുന്ന രവി തരകനില്‍ കാലക്രമത്തില്‍ വരുത്തുന്ന മാറ്റങ്ങളും.ഏറ്റവും ചുരുക്കത്തില്‍  പറഞ്ഞാല്‍ ഇതാണ് ഈ ചിത്രത്തിന്‍റെ കഥ.

 ഇത്രയെ ഉള്ളോ ?

അനിയാ ആദ്യമായി ഇതൊരു സാരോപദേശ കഥയല്ല. നമ്മുടെ ലാലേട്ടനും രഞ്ജി
ത്തും  ചെയ്തത് പോലെ സമൂഹത്തെ മൊത്തത്തില്‍ ഉപദേശിച്ചു ഒരു വഴിക്കകാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിച്ചു എന്ന് തോന്നുന്നില്ല .മറിച്ചു രവി തരകന്‍ എന്ന മനുഷ്യന്‍ കേന്ദ്ര ബിന്ദു ആയ കഥയിലൂടെ ജീവിതം അയാളുടെ സീനീയര്‍ ആയ സാമുവെല്‍ ഉള്‍പ്പെടുന്ന ചുറ്റുപാടുകള്‍ അയാളെ പഠിപ്പിക്കുന്നതും അതൊക്കെ അയാളില്‍ ക്രമേണെ വരുത്തുന്ന മാറ്റങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രമേയം . മെഡിക്കല്‍ കോളേജില്‍ ഉഴപ്പി നടന്നു കോപ്പിയടിയും, കൂടെ പഠിക്കുന്ന സൈനു (സംവൃത സുനില്‍) വുമായുള്ള പ്രണയവും സുഹൃത്തുക്കളായ വിവേകും (നരേന്‍), ബാബുജിയും ഒക്കെ  ആയി  അടിച്ചു  പൊളിച്ചു  നടന്ന  കോളേജ്  ജീവിതത്തിനു  ശേഷം  നിര്‍ബന്ധിത  ഗ്രാമീണ  സേവനത്തിനായി  മുന്നാറില്‍   എത്തുമ്പോള്‍  അവിടെ തന്‍റെ ജോലി ഒരു സേവനമായി കാണുന്ന ഡോക്ടര്‍ സമുവലിനെയാണ് (പ്രതാപ്‌ പോത്തന്‍ ) രവി തരകന്‍ കണ്ടു മുട്ടുന്നത് .


അവിടെ ചെല്ലുമ്പോള്‍ അവിടുത്തെ ജനങളുടെ കഷ്ട്ടപ്പാട് കണ്ടു രവി ആകെ മാറി ഒരു നല്ല ഡോക്ടര്‍ ആയി മാറുന്നു ഇതല്ലേ സംഭവം?

അതല്ലേ ഞാന്‍ പറഞ്ഞതു . ഈ ചിത്രത്തില്‍ എല്ലാവരും തികച്ചും സ്വാഭാവികമായാണ് നില കൊള്ളുന്നത്‌ .രവി തരകന്‍ എന്ന മനുഷ്യന്‍ ഒരിക്കലും നായക ഗുണങ്ങള്‍   ഉള്ള ഒരു മനുഷ്യനല്ല കുറഞ്ഞ പക്ഷം സിനിമയുടെ അവസാനം വരെ എങ്കിലും അയാള്‍ തികച്ചും ഒരു സാധാരണ മനുഷ്യനാണ് . തന്‍റെ പ്രണയം തകര്‍ക്കുന്ന പുരുഷോത്തമാനോടുള്ള പെരുമാറ്റത്തിലും , സുഹൃത്തായ സുപ്രിയയുമായി പ്രണയത്തില്‍ അകാതിരിക്കുന്നതിലും ഒക്കെ അയാളില്‍ കാണുന്നത് ആ സാധാരണ മനുഷ്യനെയാണ്‌.
പിന്നെ തിരകഥ ഒരുക്കിയിരിക്കുന്ന രീതി , ഫ്ലാഷ് ബാക്കിലൂടെ കഥ പറയുന്ന രീതി ക്ലാസ്സ്‌ മേറ്റ്ല്‍ ഒക്കെ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ നമുക്കൊരിക്കലും ആവര്‍ത്തന  വിരസത തോന്നിക്കില്ല. (
ഒരു രോഗി മരിച്ച കേസില്‍ എല്ലാരും തേടുന്ന ഡോ രവി  തരകനെ അന്വേഷിക്കുന്നതിനിടയിലാണ് ഫ്ലാഷ് ബാക്കിലൂടെ അയാളുടെ കഥ ഇതള്‍ വിരിയുന്നത് )പ്രണയം തകരുമ്പോളും, സമുവലുമായി അകലുബോളും അങ്ങനെ ആ ചിത്രത്തിലെ ഓരോ സംഭവത്തിലും തികച്ചും  സ്വാഭാവികമായി ആണ് ആ കഥാപാത്രം മാത്രമല്ല  മറ്റെല്ലാ കഥാപത്രങ്ങളും പെരുമാറുന്നത്.തീര്‍ച്ചയായും അത് തിരകഥ ക്രിത്തുക്കളുടെ വിജയമാണ്.നല്ല ഗാനങ്ങള്‍ നല്ല ചായാഗ്രഹണം എന്നിവയും എടുത്തു പറയേണ്ടതാണ്‌


എന്നാലും ആ ജവാന്‍ ഓഫ് വെള്ളിമാലയിലെ സാമൂഹ്യ പ്രസക്തി .. അത് ഈ ചിത്രത്തില്‍ കുറവല്ലേ ?

മന്ത്രി മണല്‍ മാഫിയ നടത്തി കാശുണ്ടാക്കുന്ന , എഞ്ചിനീയര്‍ ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത ടേപ്പ് കാണിക്കുമ്പോള്‍ രാജി വെച്ച് അറസ്റ്റ് വരിക്കുന്ന സാമൂഹ്യ പ്രസക്തി അല്ലെ ? അത് കുറവാ അനിയാ. നീ ക്ഷമി .

ശരി അതൊക്കെ ക്ഷമിക്കാം അഭിനയം അതാണല്ലോ സംഗതി . അവിടെ പ്രിത്വിരാജ് എന്തായാലും മോശമായി കാണും എനിക്ക് ഉറപ്പല്ലേ . സുപ്പെര്‍ താരങ്ങളുടെ മറ്റേ അനായാസമായ ശൈലി അത് കിട്ടാന്‍ എന്ത് ചെയ്യും ?


അനിയാ ഈ അഭിനയം അളക്കാനുള്ള ത്രാസ് ഒന്നും ഇതു വരെ കണ്ടു പിടിക്കാത്തത് കൊണ്ട് പറയട്ടെ . ഈ ചിത്രം പ്രിത്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒന്നാണ് . തന്‍റെ കരിയരിലെ മികച്ച ചിത്രങ്ങളുടെ  കൂട്ടത്തില്‍ ഒന്നായി ഇതിനെ ഈ നടന് നിസംശയം എണ്ണാവുന്നതാണ് .ഓരോ ജീവിതാനുഭവങ്ങളിലൂടെ മാറ്റം വരുന്ന രൂപത്തിലും ശരീരഭാഷയിലും ഉള്ള ചെറിയ കാര്യങ്ങള്‍ പോലും നന്നായി ഒരുക്കാന്‍ ആ നടനും ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകരും ശ്രദ്ധിച്ചു . വ്യകതിത്വം ഇല്ലാത്ത ഒരു കഥാപാത്രം പോലും എല്ലാ എന്നതാണ് എനിക്ക് തോന്നിയ മറ്റൊന്ന്


എന്നാലും പ്രണയത്തില്‍ പരാജയപ്പെടുന്ന നായകന്‍ നിസഹായനായി പെങ്കൊച്ചിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി പോകുന്ന രംഗം ഒരിക്കലും ഒരു നായക കഥാപാത്രത്തിന് ചേര്‍ന്നതല്ല .

അല്ലെടെ സത്യത്തില്‍ ആ രംഗം ചെയ്യേണ്ടത് ഇങ്ങനെയാണ് നായകന്‍ കൂളായി ആ യാഥാസ്ഥിതിക മുസ്ലിം തറവാടിന്‍റെ പൂമുഖത്തേക്ക് കയറി ചെല്ലുന്നു . ചുറ്റും നോക്കുന്നു . എന്നിട്ട് പറയുന്നു .
"നിങ്ങള്ക്ക്  ഇവിടെ   എല്ലാമുണ്ട് പക്ഷെ സ്നേഹം മാത്രം ഇല്ല. എന്‍റെ വീട്ടില്‍ സ്നേഹം ടണ്‍ കണക്കിന് വെറുതെ കിടക്കുന്നു .നിങ്ങള്‍ കുട്ടിയെ എന്‍റെ കൂടെ വിട് ആ സ്നേഹം മുഴുവന്‍ ഞാന്‍ അവള്‍ക്കു തിന്നാന്‍ കൊടുക്കാം " ഈ ഡയലോഗ് കഴിയുന്നതും ഓ അങ്ങനെയയിരുന്നോ കാര്യങ്ങള്‍ എന്നാ ഭാവത്തില്‍ വീട്ടുകാര്‍ വഴിമാറി കൊടുക്കുന്നു .നായകന്‍ നായികയുമായി സ്ലോ മോഷനില്‍ പോകുന്നു . എങ്ങനെയുണ്ട് ഇതു പോരേടാ ? നീയടക്കം സകല നാറികളും തകര്‍പ്പന്‍ എന്നെഴുതി ഒലത്തിയ ഒരു സിനിമയിലെ രംഗമാണ് .അത് പോലെ മതിയോ ?

അപ്പോള്‍ ചുരുക്കത്തില്‍ ....

ഈ വര്‍ഷം ഇറങ്ങിയ താര ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് . ഇനി അങ്ങനെ അല്ല എങ്കില്‍ ഈ വര്‍ഷം ഇറങ്ങിയ നല്ല ചിത്രങ്ങളില്‍ ഒന്ന്. ആര്‍പ്പു വിളികളോ ആഘോഷങ്ങളോ  ഇല്ലാതെ സമാധാനമായി സ്വസ്ഥമായി കണ്ടു വരാവുന്ന ഒരു നല്ല ചിത്രം.ഈ ചിത്രം കാണുന്നു എങ്കില്‍ കഴിയുമെങ്കില്‍ ആദ്യം മുതലേ കാണണം . ആദ്യ രംഗങ്ങള്‍ മിസ്സ്‌ ചെയാതിരുന്നാല്‍ നന്ന്

ജവാന്‍ ഓഫ് വെള്ളിമല (Jawan Of Vellimala : Review )

നിറഞ്ഞു കവിഞ്ഞ ജന കൂട്ടം ശ്വാസം അടക്കി പിടിച്ചു ആ ചരിത്ര മുഹൂര്‍ത്തത്തിനു  സാക്ഷി ആകാന്‍   കാതോര്‍ത്തിരിക്കുന്നു . ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന  നിശബ്ദത . ആദ്യ വിസില്‍ മുഴങ്ങികഴിഞ്ഞു . അതാ .. ആര്‍ത്തിരമ്പുന്ന ജനകൂട്ടത്തിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ സുപ്പര്‍  താരം പന്ത് കൈക്കലാക്കി കഴിഞ്ഞു.പന്ത്  കയ്യില്‍  കിട്ടിയാല്‍ പിന്നെ അദേഹത്തെ പിടിച്ചാല്‍ കിട്ടില്ല എന്നറിയാവുന്ന ജനകൂട്ടം ആര്‍ത്ത് ഇരമ്പി മറിയുന്നു . പന്തുമായി ഒരു ചാട്ടുളി പോലെ മുന്നോട്ടു നീങ്ങുന്ന താരത്തിന്‍റെ ഓരോ നീക്കത്തിലും തന്‍റെ ഉറച്ച നിശ്ചയ ദാര്‍ഡ്യം പ്രകടമാണ് .തികഞ്ഞ വൈദഗ്യത്തോടെ ഓരോ കളിക്കാരെയും വെട്ടിച്ചു അദേഹം പന്തുമായി കുതിക്കുകയാണ് സുഹൃത്തുക്കളെ കുതിക്കുകയാണ് . തന്‍റെ പ്രായത്തെ തെല്ലും വക വൈക്കാതെ ഉള്ള ഈ അസാമാന്യ പ്രകടനം  കണ്ടു ജനങ്ങള്‍ ഉന്മാദത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു . മറ്റു  കളിക്കാരെ  അത് ഭുദപ്പെടുത്തിക്കൊണ്ട് അദ്ദേഹം  ഇതാ ഒരു മിന്നല്‍ പിണര്‍ പോലെ ഗോള്‍ വലയത്തിനു മുന്നില്‍ എത്തികഴിഞ്ഞു . പേടിച്ചു വിറച്ചു നില്‍ക്കുന്ന ഗോളിയുടെ ഹൃദയമിടിപ്പ്‌ എനിക്ക് ഇവിടെ നിന്ന് കേള്‍ക്കാം . അതാ അദേഹം ഒരു ഉഗ്രന്‍ സിസ്സര്‍ കട്ടിലൂടെ അദ്ദേഹം  ആ മഹാ അത്ഭുദം വീണ്ടും കാണിച്ചിരിന്നുന്നു. ഗോ ഓഓഓഓഓഓഓഓ ള്‍ ........................... സ്വന്തം ഗോള്‍ പോസ്റ്റില്‍ തുടര്‍ച്ചയായ പത്താം ഗോളും അടിച്ചു അദേഹം ഒരു ലോക റെക്കോര്‍ഡ്‌ തന്നെ സ്ഥാപിചേക്കും എന്ന് കരുതുന്ന രീതിയിലുള്ള പ്രകടനമാണ് ഇവിടെ നമ്മള്‍ കണ്ടത്.
 അണ്ണാ ഇതെന്തോന്ന് . നിങ്ങള്‍ സിനിമ വിട്ടു കായിക രംഗത്തേക്ക് തിരിഞ്ഞോ ?

അല്ലെടെ ഇതു നമ്മുടെ പുതിയ സുപ്പര്‍ താര ചിത്രം ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയെ പറ്റി ഒരു കുറിപ്പ് എഴുതുകയായിരുന്നു.

ഓ അതും കണ്ടോ . എങ്ങനെയുണ്ട് സംഭവം ?

അനിയ ശ്രീ മമ്മൂട്ടി പ്ലേ ഹൌസ് എന്ന തന്‍റെ സ്വന്തം നിര്‍മ്മാണ കമ്പനി വഴി നിര്‍മിച്ചു നമ്മെ അനുഗ്രഹീതര്‍ ആക്കിയിരിക്കുന്ന ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. പുതുമുഖ സംവിധായകന്‍ അനൂപ്‌ കണ്ണന്‍ ആണ് സംവിധായകന്‍ ജെയിംസ്‌ ആല്‍ബര്ട്ട് തിരകഥ , അഭിനേതാക്കള്‍ സുപ്പര്‍ താരം കൂടാതെ അപ്പ്‌ കംമിംഗ് ടെറര്‍ കടയാടി ആസിഫലി , മലയാളത്തിന്‍റെ  കുന്നേല്‍ ബാബുരാജ് , പിന്നെ മമത , ശ്രീനിവാസന്‍ അങ്ങനെ കുറേപ്പേര്‍ .വെള്ളിമല എന്ന ഗ്രാമം അവിടെ അടിക്കടി വെള്ളപൊക്കം പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നതു കൊണ്ട് നാട്ടുകാര്‍ സമരം ചെയ്തു അവിടെ ഒരു ഡാം ഉണ്ടാക്കി . അവിടുത്തെ പമ്പ്‌ ഓപ്പറേറ്റര്‍ ഗോപി കൃഷ്ണന്‍ (വേറെ ആര് ?)എന്ന വിമുക്ത ഭടനാണു നായകന്‍ .




നില്‍ക്കട്ടെ .. ഈ കഥാപാത്രത്തിന് ഉള്ള വ്യത്യസ്തത എന്താണ് ? പറഞ്ഞു വരുമ്പോള്‍ വ്യത്യസ്തമായ കഥാപത്രങ്ങളെ മാത്രമല്ലേ ഇവരൊക്കെ അവതരിപ്പിക്കാരുള്ളു. വല്ല പുതിയ വല്ല ലോക്കല്‍ ഡയലെക്ട്ടിക് .. മറ്റേ സാധനം ....? അതാണോ ?


അല്ല അനിയാ .പറഞ്ഞു വരുമ്പോള്‍ അതായിരുന്നു ഭേദം. ഇവിടെ  ഈ പട്ടാളക്കാരന്‍ ഭയങ്കര പേടിത്തൊണ്ടന്‍ ആണ് രാത്രി ഒറ്റക്കൊക്കെ ഇറങ്ങി നടക്കാന്‍ പേടിയാണ് ഇയാള്‍ക്ക് . പക്ഷെ അത് വെറും പേടിയല്ല ഇയാള്‍ക്ക് പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് രാത്രി കാലങ്ങളില്‍ ചിലപ്പോളൊക്കെ പ്രേതങ്ങളെ കാണാന്‍ കഴിയും !!! ഇയാള്‍ ജോലി ചെയുന്ന പമ്പ് ഹൌസ് ആകട്ടെ ആ നാട്ടിലെ ഒരു ആത്മഹത്യ സ്പോട്ടും പോരെ പൂരം !!!നാട്ടുകാര്‍ക്ക്‌   മുഴുവന്‍ ഇയാള്‍ ഒരു തമാശ കഥാപാത്രമാണ്. ഇയാള് പട്ടാളക്കാരന്‍  ആയിരുന്നോ  എന്ന്  പോലും  ആള്‍ക്കാര്‍ക്ക്  സംശയം ആണ്.അങ്ങനെ സംവിധായകനും നായകനും ചേര്‍ന്ന് നമ്മളെ ചിരിപ്പിച്ചു കൊല്ലും ബോളാണ് അവിടെ പുതിയ എക്സിക്യുട്ടിവ് എഞ്ചിനീയര്‍ വര്‍ഗ്ഗിസ് (ശ്രീനിവാസന്‍ ) ചര്‍ജെടുക്കുന്നത് .കണിശക്കാരനായ അദേഹം വന്ന ഉടന്‍ തന്നെ അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകയും ഗോപി കൃഷ്ണന്‍റെ സഹപാടി യുമായ (ദൈവം രക്ഷിക്കട്ടെ !!) അര്‍ച്ചന (മമത) യുമായി ചേര്‍ന്ന് അവിടുത്തെ അണകെട്ടിലെ ചോര്‍ച്ചയും അതിനു കാരണമായ ക്രമകെടുകളും കണ്ടു പിടിക്കുന്നു (കണ്ടു പിടിക്കുന്നതൊക്കെ പരമ രസമാണ് . ചോര്‍ച്ച കാണുമ്പോലെ ശ്രീനിവാസന്‍ തിരിഞ്ഞു ചീഫ് ഇഞ്ചിനീയര്‍ ഡുന്‍ഡു മോന്‍ ബാബു രാജിനോട് ഒരൊറ്റ ചോദ്യമാണ് "സിമന്റില്‍ കമ്പി ചെര്‍ക്കാതെയാണ് കോണ്‍ക്രീറ്റ് നടത്തിയതല്ലേ" എന്ന മട്ടില്‍ )   പാവം ബാബുരാജ് ആണെകില്‍ അത് വരെ നിരന്തരമായി കോമഡി കാണിച്ചു അവശ നിലയിലും !!!
  ഇതിനിടെ അച്ഛന്‍ കോണ്ട്രാക്റ്റ് എടുത്ത ബില്ല് മാറാന്‍ നടക്കുന്ന കോശി (ആസിഫലി ) വക ഉപദ്രവം വേറെ .പിന്നെ അങ്ങോട്ട്‌ കഥ സംഭവ ബഹുലമാവുകയാണ് .വര്‍ഗ്ഗിസിനെ കാണാതാകുന്നു .ഉരുള്‍  പൊട്ടാന്‍ സാധ്യത  ഉണ്ട് എന്ന് കേന്ദ്ര സംഘം  കണ്ടെത്തിയാതോടെ ഡാം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.  ബില്ല്  മാറി  കിട്ടാത്തത്  കൊണ്ട്   കോശി  ഡാമില്‍  നിന്ന് ചാടി ആത്മഹത്യ ചെയുന്നു .പക്ഷെ മരിക്കുന്നില്ല . അദേഹം കാട്ടില്‍ നീന്തി കയറി അവിടെ വില്ലന്മാര്‍ തടങ്ങളില്‍ വെച്ചിരിക്കുന്ന വര്‍ഗ്ഗിസിനെ കാണുന്നു ഗുണ്ടകള്‍ ഓടിക്കുന്നു . അകെ ബഹളം .പറയാന്‍ മറന്നു ഇവിടെ വില്ലന്മാര്‍ ഡുന്‍ഡു മോന്‍ മുതല്‍ അഭ്യന്തര മന്ത്രി വരെയുള്ള സംഘമാണ് .അവള്‍ അണകെട്ട് നിര്‍മാണ വെട്ടിപ്പ് മുതല്‍ മണല്‍ കടത്തു വരെ നടത്തും !!! പോരെ ഇതു കൈയില്‍  നില്‍ക്കില്ല എന്ന് മനസിലാക്കിയ കോശി സംഗതി ഗോപി കൃഷ്ണന്‍റെ അടുത്ത് എത്തിക്കുന്നു .പിന്നെയങ്ങോട്ട് ഗോപികൃഷ്ണന്‍ ബുദ്ധിയും ശക്തിയും മാറി മാറി ഉപയോഗിച്ചുള്ള ഒരു കളിയാണ്‌. ‍ താപ്പാനയില്‍ ഒക്കെ കാണിക്കുന്ന  ബുദ്ധിയൊക്കെ തന്നെ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ . നായകന് പ്രേതങ്ങളെ കാണാന്‍ കഴിയുന്നത്‌ പട്ടാളത്തില്‍ വെച്ച് ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഉണ്ടായ ഒരു ഞരമ്പ്‌ രോഗമാണ് എന്ന് ഡോക്ടര്‍ ശിവപ്രസാദ്‌ (രഞ്ജിത് -സംവിധായകന്‍ ) വന്നു സവിസ്തരം പറയുന്നുണ്ട് . അതും കൂടി കേള്‍ക്കുമ്പോള്‍ നായകന്‍ ഉഷാറായി കൂടുതല്‍ ബുദ്ധി ഉപയോഗിച്ച് നമ്മളെയും വില്ലമാരെയും പൊരുതി മുട്ടിക്കുന്നു .


പക്ഷെ എന്തൊക്കെ പറഞ്ഞാലും ഒന്നുണ്ട് ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് അത് കലക്കി.മമ്മുട്ടി എന്ന നടന്‍റെ എല്ലാ കഴിവുകളും മനസിലാക്കി ഒരുക്കിയതാണ് അത് .


അല്ല അതൊക്കെ പറയാന്‍ പാടുണ്ടോ ?

ഇനി ഈ രംഗങ്ങള്‍ നേരിട്ട് കണ്ടു ആസ്വദിക്കണം എന്നുള്ളവര്‍ ദയവായി മുന്നോട്ടു വായിക്കരുത് .മര്‍മ പ്രധാന രംഗങ്ങള്‍ ആണ് വിശദീകരിക്കാന്‍ പോകുന്നേ.
  അതായിത് സംഘട്ടനത്തില്‍ പരിക്കേറ്റ നായകനെ കോശിയും മറ്റും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നു . ആകാംഷയോടെ പുറത്തു കത്ത് നില്‍ക്കുന്ന കോശിയും ബാക്കിയുള്ളവരും . ഡോക്ട്ട റും നേഴ്സും പുറത്തു വന്നിട്ട് കൂളായി ആര്‍ക്കെങ്ങിലും കാണണം എങ്കില്‍ കാണാം എന്ന് പറയുന്നു .അകത്തേക്ക് കേറുന്ന കോശിയും നായികയും അവരെ നോക്കി കിടക്കുന്ന നായകനെ ആണ് കാണുന്നത് . സത്യമായും ഞാന്‍ വിചാരിച്ചത് ഇങ്ങേര്‍ എന്തോ മരിച്ചു അഭിനയിക്കുക ആണെന്നു ആണ് .അപ്പോളാണ് ആരോ വെള്ള തുണി കൊണ്ട് ഇയാളുടെ മുഖം മൂടുന്നത് . ഒരു ഞെട്ടലോടെ നമ്മള്‍ അറിയുന്നു മരിച്ചയുള്ള അഭിനയമാണ് അവിടെ കാഴ്ച വെച്ചത് എന്ന് .ഹോ തകര്‍ന്നു പോയി അനിയാ ....


അപ്പോള്‍ തീര്‍ന്നോ ?

എവിടെ ? പിന്നീടു രക്ഷപെട്ട വര്‍ഗ്ഗിസ് എല്ലാം തുറന്നു പറയുന്നു .തെളിവായി ചോര്‍ച്ച റെക്കോര്‍ഡ്‌ ചെയ്ത സി ഡി കാണിക്കുന്നു. ഈ തെളിവ് നശിപ്പിക്കാനാണ് വില്ലന്മാര്‍ പരക്കം പായുന്നത് . ചോര്‍ച്ച അവിടെ തന്നെ ഉണ്ടല്ലോ പിന്നെ റെക്കോര്‍ഡ്‌ ചെയ്തതിനെ പറ്റി ഇത്ര വിറളി പിടിക്കേണ്ട കാര്യം എന്താണാവോ?  വില്ലന്മാരെ എല്ലാം പിടിക്കുന്നു. പട്ടാളത്തില്‍ നിന്നും വന്ന ഗോപികൃഷ്ണന്‍റെ ഓഫീസര്‍ രാജഗോപാലന്‍ (ദേവന്‍ ) ഇദേഹം ഒരു ഭയങ്കര ധീരനായ പട്ടാളക്കാരന്‍ ആയിരുന്നു എന്നും .അദേഹം പല തീവ്രവാദികളെയും പിടിച്ച മഹാന്‍ ആയിരുന്നു എന്നും ആ തീവ്രവാദികളുടെ ഭാര്യമാര്‍ പോലും രഹസ്യമായി അദേഹത്തെ ആരാധിച്ചിരുന്നു എന്നുമുള്ള സത്യങ്ങള്‍ ഗോപികൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു .ഇത്ര മഹാനായ ഒരാളെ ആണല്ലോ തങ്ങള്‍ കളിയാക്കിയത് എന്നോര്‍ത്ത് ആ ഗ്രാമവാസികള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു.മരിച്ചാലും ഗോപികൃഷ്ണന്‍ പ്രേതമായി അവിടെത്തന്നെ പമ്പ്‌ ഓപ്പറേറ്റര്‍ ആയി ജോലി ചെയും എന്ന് സംവിധായകന്‍ ഉറപ്പു കൊടുക്കുന്നത് കൂടെ കഴിഞ്ഞാല്‍ നമുക്ക് പോകാം 

അയ്യോ ഇതെന്തോന്ന് ...?


ശ്രീ മമ്മൂട്ടിക്ക് മലയാള പ്രേക്ഷകരോട് എന്തോ വ്യക്തി വൈരാഗ്യം ഉണ്ട് എന്നാണ് ശ്രീനിയുടെ അഭിപ്രായം സ്വന്തം കാശു മുടക്കി എങ്ങനെ ദ്രോഹിക്കാന്‍ മലയാള പ്രേക്ഷകര്‍ കഴിഞ്ഞ ഒരു പത്തു വര്‍ഷത്തോളം ഇദ്ദേഹത്തെ സഹിച്ചു എന്നല്ലാതെ വേറെ ഒരു കുറ്റവും ചെയ്തതായി എന്‍റെ ഓര്‍മയില്‍ ഇല്ല.

അണ്ണാ ഇതൊക്കെ നമുക്ക് പറയാം . പക്ഷെ കാളകൂടത്തില്‍ ഞാന്‍ ഇങ്ങനെയൊന്നും എഴുതില്ല ആസിഫലി ശരിയായില്ല (അവന്‍ നിക്കര്‍ സല്‍മാന്‍ വന്നതോടെ അനാഥനും അഹങ്കാരിയും ആണല്ലോ ) മമ്മുട്ടിയുടെ വ്യത്യസ്ത വേഷം കുളിംഗ് ഗ്ലാസ്‌ ഇല്ലാത്തത് കൊണ്ട് സാധാരണക്കാരന്‍ ആയി എന്നും കാച്ചാം


അതൊക്കെ നീ എന്ത് വേണേല്‍ ചെയ്തോ . ദൈവദോഷം കിട്ടും എന്ന് മാത്രം

ചുരുക്കത്തില്‍ ..

ജവാന്‍ ഓഫ് വെള്ളിമല ഒന്നും ചെയുന്നില്ല കാണാന്‍ വരുന്നവരെ ഇരുത്തി രണ്ടു രണ്ടര മണിക്കൂര്‍ വൃത്തിയായി  ബോര്‍ അടിപ്പിക്കുന്നു അത്ര മാത്രം  

Monday, October 15, 2012

അയ്യാ (Aiyyaa : Review)


അനിയാ ഈ സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ എന്താണ് ?


ഇതെന്തോന്ന് ചോദ്യം? ഒരു സ്ത്രീ പക്ഷ സിനിമ എന്ന് വെച്ചാല്‍ നിസ്സഹയായ ഒരു സ്ത്രീ അവളെ വേട്ടയാടുന്ന സമുഹം. അല്ലെങ്കില്‍ ഉദാരവല്‍ക്കരണ കാലഘടത്തിലെ സ്വാതന്ത്ര്യയായ നവയുഗ വനിത വെള്ളമടി, പുകവലി, കോഫി മഗ്, ആണുങ്ങളെ കുറിച്ചുള്ള അശ്ലീല സംഭാഷണം .

ഇതൊന്നും ഇല്ലന്നോ വേണ്ടെന്നോ അല്ല പറയുന്നേ .ഇങ്ങനെ അല്ലാതെ ഒരെണ്ണം ഒരു സര്‍ക്കാസ്റ്റിക് -പ്രണയ ലൈന്‍?. സ്ത്രീ പക്ഷ സിനിമ എന്ന വാക്കിനോട് യോജിപ്പില്ലാത്തത് കൊണ്ട് ഒരു സ്ത്രീ കേന്ദ്ര കഥാപത്രം ആയുള്ള സിനിമ എന്ന് വായിച്ചോ?

ഇതിനൊക്കെ എപ്പോള്‍ എവിടെ പോകാനാ ? അല്ലെങ്കിലും മലയാളത്തില്‍ കഴിവുള്ള നടികള്‍ മഞ്ജു വാര്യരോടെ കഴിഞ്ഞില്ലേ . എപ്പോള്‍ ഉള്ളതെല്ലാം അഹങ്കാരികള്‍ അല്ലെ? പാവം നിര്‍മാതാക്കള്‍  വിളിച്ചാല്‍ വരാന്‍ മടി , കണ്ടാല്‍ എഴുനേല്‍ക്കില്ല , ഇരിക്കാന്‍ പറഞ്ഞാല്‍ നടക്കും, നടക്കാന്‍ പറഞ്ഞാല്‍ ഓടും,മാപ്പ് പറയാന്‍ പറഞ്ഞാല്‍ കെട്ടിപ്പിടിക്കും
ഇതിനെ ഒക്കെ വെച്ച് എങ്ങനെയാ ഈ പറഞ്ഞ പോലത്തെ പടം എടുക്കുന്നേ?


അനിയാ അതിനു ഞാന്‍ മലയാള സിനിമയെ പറ്റി അല്ലല്ലോ പറഞ്ഞേ

പിന്നെ വേറെ ഏതു പടം ? മാട്രന്‍ ..... അതിനു സൂര്യ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ആ പടത്തില്‍ എന്തോന്ന് നായികാ പ്രാധാന്യം?

സച്ചിന്‍ കുണ്ടാല്‍ക്കര്‍ സംവിധാനം ചെയ്ത ,അനുരാഗ് കശ്യപ് നിര്‍മിച്ച റാണി മുഖര്‍ജി മുഖ്യ കഥാപത്രത്തെ അവതരിപ്പിക്കുന്ന അയ്യാ എന്ന ചിത്രത്തെ പറ്റിയാടാ ഞാന്‍ പറഞ്ഞത് ഈ സിനിമയില്‍ ബാക്കി എല്ലാരും താരതമ്യേനെ പുതു മുഖങ്ങളാണ് .(മലയാളികള്‍ക്ക് നടന്‍ പ്രിഥ്വിരാജ് പരിചിതന്‍ ആണ് എന്നത് ഒഴിച്ചാല്‍ )


പ്രിഥ്വിരാജോ?  കൂ ....................................... 


എന്തിനാടാ കൂവുന്നേ ?


അതറിയില്ല . അയാളുടെ പേര് കേട്ടാല്‍ ഇരുട്ടു ആണെങ്കില്‍   അപ്പോള്‍ കൂവിക്കോണം എന്നാണ് ഞങ്ങളുടെ  ഒരു നിയമം .അറിയത്തില്ലയോ .കൂവാന്‍ പറ്റാത്ത സാഹചര്യം ആണേല്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ആ നടന്‍ വിഷമിച്ചു എന്ന ഒരു ലൈന്‍ . വായിച്ചില്ലായിരുന്നോ ഞാന്‍ മോളി ആന്റിയിലൊക്കെ എഴുതി തകര്‍ത്തത് .
.


ആയിക്കോട്ടെ . ഈ ചിത്രം തികച്ചും മീനാക്ഷി എന്ന മറാത്തി പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു ആര്‍ട്സ് കോളേജില്‍ ലൈബ്രറേറിയന്‍  ആയി ജോലി ചെയ്യുന്ന അവളുടെ വീട് ഒരു ഇടത്തരം കുടുംബമാണ് .മകളെ എങ്ങനെയെങ്കിലും വിവാഹിത ആയി കാണാന്‍ വീര്‍പ്പു മുട്ടി നില്‍ക്കുന്ന വീട്ടമ്മയായ   അമ്മ , കേടായ പഴഞ്ജന്‍ ടെലി ഫോണുകള്‍ നന്നാക്കുന്ന അച്ഛന്‍, നായ്ക്കളോട് അമിതമായ താല്പര്യം പുലര്‍ത്തുന്ന ജോലിയില്ലാത്ത സഹോദരന്‍ എന്നിവരടങ്ങുന്ന ഒരു കുടുംബമാണ്  അവളുടേത്‌. ഒറ്റ നോട്ടത്തില്‍  വിചിത്രമായ  കുടുംബം  എന്ന്  തോന്നാമെങ്കിലും അവരെല്ലാം (മീനാക്ഷി ഒഴികെ ) അവരവരുടെ ലോകത്തില്‍ തികച്ചും  സംതൃപ്തരാണ് .എന്നാല്‍ മീനാക്ഷി ആകട്ടെ തന്‍റെ ഈ ജീവിതത്തില്‍  തികച്ചും അസംപ്തൃപ്തയും എങ്ങനെയും അവിടെ നിന്ന് രക്ഷപെട്ടാല്‍ മതി എന്ന ഭാവക്കാരിയും ആണ്.  പകുതി  സമയം  സ്വപ്നലോകത്തില്‍ ജീവിക്കുന്ന മീനാക്ഷി വൃത്തിയുള്ളതും ശാന്തവുമായ ആ ലോകത്ത് നിന്ന് ബഹളങ്ങളുടെ അലോസരപ്പെടുത്തുന്ന ലോകത്തിലേക്ക്‌ മടുപ്പോടെയാണ് പതിക്കുന്നത് .അവളുടെ വീട്ടിനു മുന്‍പിലെ ചവറു കൂന യുടെ നാറ്റം മുതല്‍ ഓരോ കാര്യങ്ങളും അവളെ ഉപദ്രവിക്കുന്നതാണ്  .മകളുടെ  വിവാഹ  സ്വപ്നങ്ങളുമായി  സദാ ഓടി നടക്കുന്ന അമ്മ , പെണ്ണ് കാണാന്‍ വരുന്ന  ആളുകളുടെ  മടുപ്പിക്കുന്ന  നിര , അങ്ങനെ അങ്ങനെ ......പിന്നെ  പറയുമ്പോള്‍  എല്ലാം  പറയണമല്ലോ   നമ്മുടെ  മലയാള  നായികമാരെ  പോലെ ഏതൊക്കെ  കൊണ്ട് സാദാ വിഷാദ  ഭാവത്തില്‍  നടക്കുന്ന ഒരു നായികയാണ് മീനാക്ഷി എന്ന് കരുതുന്നവര്‍ക്ക് തെറ്റി . ഇനി ജോലി സ്ഥലത്താകട്ടെ , പരിഷ്കാരിയായ സഹപ്രവര്‍ത്തക മൈന (അവരോരല്‍പ്പം ഓവറായി എന്നാ എനിക്ക് തോന്നിയേ) ,മീനാക്ഷിക്ക് താല്പര്യം തോന്നുന്ന സൂര്യ അയ്യര്‍ എന്ന  ചിത്രകാരനായ  വിദ്യാര്‍ഥി  (പ്രിത്വിരാജ്)  ആകട്ടെ ....


കൂ ..................

ഡാ ....

സോറി ഒരു നിമിഷം സിനിമ കാണുകയാണ് എന്ന് കരുതി പോയി ..ക്ഷമി അണ്ണാ ബാക്കി പറ .


 .......ആകട്ടെ അവളെ മൈന്‍ഡ് ചെയ്യുന്നില്ല (മൈന്‍ഡ് ചെയ്യാന്‍ മാത്രം അവളൊന്നും ചെയ്യുന്നില്ല എന്നതാണ് സത്യം). ഗന്ധങ്ങളോട് തികച്ചും സെന്‍സിട്ടിവ് ആയ മീനാക്ഷിയെ ആകര്‍ഷിക്കുന്നത് സൂര്യയുടെ ഗന്ധമാണ്. അവളുടെ സ്വപ്നങ്ങളില്‍ സാധാരണക്കാരനായ അവനു  പുരുഷശരീര സൌന്ദര്യത്തിന്‍റെ മുഴുവന്‍ ഭാവങ്ങളും ഉണ്ട്.ഇതിനിടെ മീനാക്ഷിയുടെ കല്യാണം  മാധവ്   (സുബൊധ് ഭാവേ ) എന്ന മധ്യ വര്‍ഗ എലിജിബിള്‍ ബാച്ചിലറുമായി തീരുമാനിക്കുന്നത്‌ . തന്‍റെ സ്വപ്ന ലോകത്തിനും യഥാര്‍ത്ഥ ജീവിതത്തിലൂടെയും  സമാന്തരമായി   ജീവിക്കുന്ന മീനാക്ഷി ഒടുവില്‍ ചെന്ന് നില്‍ക്കുന്നത് എവിടെയാണ്? അതാണ് ഈ ചിത്രം പറയുന്നത്

ഇതെന്തോന്ന് സൈക്കോ ത്രില്ലറോ ?

ഒരു തേങ്ങയുമല്ല അനിയാ.നമുക്കെല്ലാവര്‍ക്കും  ഉള്ള ഒരു സ്വപ്ന ലോകം. അവിടെ നമ്മള്‍ രാജക്കന്മാര്‍ ആണ് . അവിടെ സമയം ചെലവഴിക്കുന്നത് കൊണ്ട് നമ്മളാരും ഭ്രാന്തമാരോ മനോ രോഗികളോ ആകുന്നില്ലല്ലോ . അത് എന്ത് കൊണ്ടാണ് എന്ന് വെച്ചാല്‍ പ്രസ്തുത സംഭവം നമ്മുടെ ഭാവന ആണ് എന്ന് നമുക്ക് തന്നെ അറിയാം എന്നത് കൊണ്ടാണ് .മീനാക്ഷിയുടെ കാര്യങ്ങളും അത്രയേ ഉള്ളു .

അപ്പോള്‍ കിടിലം പടം എന്ന് പറയാമോ ?

പറയാമായിരുന്നു ആ അവസാനഭാഗം ഒന്ന് വൃത്തിയായി എഡിറ്റ്‌ ചെയ്തിരുന്നെങ്കില്‍ . ഒറ്റ വാക്കില്‍  പറഞ്ഞാല്‍ ബോധം കെടുന്ന മീനാക്ഷിയെ എടുത്തു ശിശ്രൂഷിക്കുന്ന സൂര്യയുടെ രംഗം കഴിഞ്ഞു പത്തു മിനിട്ടിനുള്ളില്‍ ആ ചിത്രം തീര്‍ത്തിരുന്നു എങ്കില്‍ നല്ല പടം എന്ന്  ധൈര്യമായി പറയാമായിരുന്നു . അതിനു ശേഷം വലിഞ്ഞു നീളുന്ന അവസാന രംഗങ്ങള്‍  പ്രേക്ഷകരുടെ   ക്ഷമ   പരീക്ഷിക്കും. പൊതുവേ സ്ലോ ആയി പോകുന്ന ചിത്രത്തിന് ഈ രീതിയിലുള്ള  ഒരു അവസാനം ഭാഗം കൂടി ആകുമ്പോള്‍ രണ്ടാം പകുതി മൊത്തത്തില്‍ വലിയുന്നതായി തോന്നുന്നത് സ്വാഭാവികം . അത് വിട്ടാല്‍ ഒരു ചെറു ചിരിയോടെ കണ്ടു പോകാവുന്ന ഒരു ചിത്രമാണ് അയ്യാ.പഴയ ഫാറൂക്ക് ഷേക്ക്‌ - ദീപ്തി നവല്‍ ചിത്രങ്ങളുടെ ഒരു ന്യൂ ജനറെഷന്‍ വെര്‍ഷന്‍ എന്ന് പറയാം.

അപ്പോള്‍ അഭിനയം ?

റാണി മുഖര്‍ജിയാണ് ഈ പടത്തിന്‍റെ ജീവന്‍. എന്ന് കരുതി മറ്റു നടീ നടന്‍മാര്‍ ആരും മോശമായി എന്ന് എനിക്ക് അഭിപ്രായം  ഇല്ല. എല്ലാവരും അവരവരുടെ ഭാഗം വൃത്തിയായി ചെയ്ത ഒരു ചിത്രം .


അങ്ങനെ ചുളുവില്‍ രക്ഷപ്പെടാതെ . ഒരു മലയാള നടന്‍ എന്ന നിലയ്ക്ക് എങ്കിലും പ്രിഥ്വിരാജിനെ  പറ്റി ഒരു വാക്ക് .


അനിയാ, എല്ലാരേയും പറ്റി പറഞ്ഞതെ ആ നടനെയും പറ്റി പറയാനുള്ളൂ , തന്‍റെ ഭാഗം വൃത്തിയായി ആ നടന്‍ ചെയ്തിട്ടുണ്ട് . ഗാന രംഗങ്ങള്‍ അല്ലാത്ത ഭാഗത്ത്‌ തികച്ചും സാധാരണക്കാരനായി പ്രത്യക്ഷപ്പെടുന്ന ഈ നടന്‍, ഗാന രംഗങ്ങളില്‍ , സ്വന്തം കുടവയര്‍ തടവി , മോഹന്‍ ലാലിന്‍റെയും ജയറാമിന്‍റെയും തുളുബുന്ന ശരീരം നോക്കി ആശ്വസിക്കുന്ന മലയാളിയുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ്‌ പ്രത്യക്ഷപ്പെടുന്നത് . (ഇവന്‍ ചില്ലറയല്ല തെറി കേള്‍ക്കാന്‍ പോകുന്നത് അഹങ്കാരി !!!)

എന്നാലും ഈ ഹിന്ദി പടം ഒക്കെ നല്ലത് എന്ന് ബുദ്ധി ജീവികളായ നമ്മള്‍ മലയാളികള്‍ക്ക് പറയാന്‍ കൊള്ളാമോ അണ്ണാ ?

 എന്തോന്ന് ബുദ്ധി ജീവി അനിയാ ? അമിതാബ് ബച്ചന്‍ അഭിനയിച്ച തട്ട് പൊളിപ്പന്‍ പടങ്ങള്‍ അരങ്ങു വാഴുന്ന ഹിന്ദി കാലത്ത് നമുക്ക് എവിടെ ഭരതനും പത്മരാജനും ഒക്കെ ഉണ്ടായിരുന്നു എന്ന് പഴയ പ്രതാപം പറഞ്ഞിരിക്കാം എന്നല്ലാതെ ഇന്നു നമ്മുടെ ഏതു ചിത്രം  കണ്ടാലും  അവനൊക്കെ  തല തല്ലി ചിരിച്ചു പോകും  എന്നതല്ലേ സത്യം?   വിനയ് പഥക് ,  രജത് കപ്പൂര്‍  തുടങ്ങി  നിരവധി പേര്‍ ഉള്ള അവരുടെ സമാന്തര സിനിമക്ക് പകരം വെക്കാന്‍ നമുക്ക് എന്താണുള്ളത് ? രഞ്ജിത് ഇറക്കുന്ന കോപ്രായങ്ങളോ? ഇനി മുഖ്യ ധാര ചിത്രങ്ങള്‍ നോക്കിയാല്‍ രാജ് നീതി , റോക്കറ്റ് സിംഗ് ,  ആരക്ഷന്‍ ഇതില്‍ ഏതെങ്കിലും ഒന്നിന് അടുത്ത് നില്‍ക്കുന്ന ഒരു ചിത്രം  (നിലവാരത്തിലോ ,  കലാമൂല്യത്തിലോ,  അഭിനയത്തിലോ, സംവിധാനത്തിലോ ,തിരകഥയിലോ  ഏതെങ്കിലും ഒന്നില്‍ മികവു പുലര്‍ത്തുന്ന )   ഒരു മുഖ്യധാര ചിത്രം നമുക്കുണ്ടോ ? നമ്മുടെ മുന്‍ നിര നായകന്മാര്‍ക്കോ സംവിധയകന്മാര്‍ക്കോ അത് നല്കാന്‍ കഴിയുന്നുണ്ടോ?

കാടു കേറിയില്ല ഇന്നു എന്നു വിചാരിച്ചതെ ഉള്ളു അപ്പോളേക്കും കൊടും കാട്ടിലെത്തി . ഈ ചിത്രത്തെ കുറിച്ച് ചുരുക്കത്തില്‍ .....
റാണി മുഖര്‍ജിക്ക് അഭിമാനിക്കാവുന്ന ഒരു ചിത്രം. ഒപ്പം ബാക്കി എല്ലാ നടീ നടന്മാര്‍ക്കും . അവസാന ഭാഗങ്ങളില്‍ കുറച്ചു കൂടി കൈയടക്കം കാണിച്ചിരുന്നു എങ്കില്‍ സംവിധായകനും ഒരു നല്ല ചിത്രം ചെയ്തു എന്നു അഭിമാനത്തോടെ പറയാമായിരുന്ന  ചിത്രം എന്നു കൂടി വായിക്കുക

Saturday, October 6, 2012

ബാങ്കിംഗ് അവേഴ്സ് 10 - 4 (Banking Hours 10 - 4 Review )

അനിയാ, നിര്‍ത്തി ....

എന്ത് നിര്‍ത്തി എന്നാ ... മലയാളികളുടെ ദേശീയ വിനോദമായ വെള്ളമടിയാണോ അതോ ധാര്‍മിക രോഷമാണോ ?

രണ്ടുമല്ല അനിയാ . ഈ സിനിമാക്കാരെ കുറ്റം പറയുന്നത് നിര്‍ത്തി . ഇനി ഞാനൊരു സിനിമ എടുത്തു കാണിക്കാന്‍ തീരുമാനിച്ചു .അല്ലെങ്കിലും പലരും എന്നെ കുറെ കാലമായി വെല്ലുവിളിക്കുന്നു ഇത്ര മൊടയാണെങ്കില്‍ നീ ഒരു പടം എടുത്തു കാണിക്കെടാ എന്ന് . ഇവനൊക്കെ ഒന്ന് കാണിച്ചു കൊടുത്തേക്കാം എന്താ . അതിനെ പറ്റി ഒന്ന് ചര്‍ച്ച ചെയ്യാനാണ് നിന്നെ കാണണം എന്ന് പറഞ്ഞേ. മനസ്സിലായോ ?

ഓക്കേ അണ്ണന്‍ ഏതു വരെ എത്തി ? സ്ക്രിപ്റ്റ് ഒക്കെ ശരിയായോ ?

ഇല്ലെടെ അതിനെ കുറിച്ച് ഒന്ന് പ്ലാന്‍ ചെയ്യാനാ നമുക്ക് ഇരിക്കാം എന്ന് പറഞ്ഞേ. അനിയാ ആദ്യമേ ഒന്ന് പറയാം തികച്ചും ഒരു ന്യൂ ജനറെഷന്‍ ചിത്രം ആയിരിക്കും ഇതു. എന്നെ കൊണ്ട് വയ്യാ ഈ കിളവന്മാരുടെ വീട്ടു പടിക്കലും കാരവന്‍ പടിക്കലും ഒക്കെ തെണ്ടാന്‍  വയ്യ അനിയാ. പിന്നെ ഇതാകുമ്പോള്‍ അത്യാവശ്യം ഓടുകയും ചെയ്യും ഏതു?

ഹോ ഈ അണ്ണന്റെ ബുദ്ധി .. അപ്പോള്‍ കഥ എങ്ങനെ ?
അനിയാ ഈ ന്യൂ ജ നറെഷ ന്‍ പടങ്ങള്‍ എങ്ങനെയാ ഉണ്ടാക്കുന്നേ നീ പറഞ്ഞു വരുമ്പോള്‍ സംഗതി നിരൂപകന്‍ അല്ലേ?

അതിപ്പോള്‍ ഫഹദ് ഫാസില്‍,നിക്കര്‍,അവിഹിതം, ബ്ലൂ ടൂത്ത് ,ലാപ്‌ ടോപ്പ് ലൈന്‍ ഒരെണ്ണം . വി കെ പ്രകാശ്‌ , ജയസൂര്യ , അനൂപ്‌ മേനോന്‍ , പച്ചക്ക് പറയല്‍ ലൈന്‍ വേറൊന്നു , ഇന്ദ്രജിത്ത് , ആസിഫലി , കുഞ്ചാക്കോ ബോബന്‍ (പാകത്തിന് )  എന്നിവ ഉള്‍പ്പെടുത്തി ത്രില്ലര്‍ ലൈന്‍  വേറെ . ഇതിലേതു ഉണ്ടാക്കാനാ  പരിപാടി?

അനിയാ നീ ഒന്ന് മറക്കുന്നു ഞാന്‍ അടിസ്ഥാനപരമായി മലയാളി ആണ് എനിക്ക് എല്ലാം വേണം . ഒറ്റ പടമേ എടുക്കു ...

അല്ല അതെങ്ങനെ ....?

അനിയാ ഈ ഒരു വിഭാഗത്തിന്‍റെ അടിസ്ഥാന സ്വഭാവം നീ പറയുന്ന പോലെ അവിഹിതവും , പച്ചക്ക് പറയലും , ഫഹദ് ഫാസിലും ഒന്നും അല്ല . ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ നടക്കുന്ന കുറെ സംഭവങ്ങള്‍ ആണ്  (പരസ്പര ബന്ധമില്ലാത്തത് ആണെങ്കില്‍ തികഞ്ഞു) . ഇതു ഇറങ്ങിയ കാലത്ത് ഈ സംഭവങ്ങള്‍ എല്ലാം ഒരു പൊതു  സംഭവുമായി കൂട്ടിയിണക്കുന്ന ഒരു പതിവുണ്ടായിരുന്നു  .പിന്നെ പിന്നെ അതില്ലാതായി .സത്യം പറഞ്ഞാല്‍ ആ സംഗതി ആദ്യം കൊണ്ട് വന്നത് ട്വന്റി - ട്വന്റി എന്ന സിനിമയുടെ വിജയം കണ്ടു അതിന്‍റെ ഒരു ബൌധിക പടപ്പിറക്കാന്‍ ശ്രമിച്ച ആചാര്യന്‍ ശ്രീ രഞ്ജിത് ആണ് (കേരള കഫേ).
പിന്നെ  അവനെ കൂടുതല്‍ കൊഴുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് അവിഹിതവും പച്ചക്ക് പറയലും ഒക്കെ ഉണ്ടായതു. (ഇതൊക്കെ  നല്ല രീതിയില്‍  സമൂഹത്തില്‍  ഉണ്ട് എന്നതും സത്യം) .എന്നാണ്   എന്‍റെ വിശ്വാസം .

ശരി കാടു കേറാതെ ബാക്കി പറഞ്ഞെ .

അനിയാ എം ജി റോഡില്‍  ഉള്ള ഒരു പബ്ലിക്‌ കംഫര്‍ട്ട് സ്റ്റേഷന്‍ അഥവാ പണം കൊടുത്തു ഉപയോഗിക്കാവുന്ന മൂത്രപ്പുര. അതാണ് പശ്ചാത്തലം. പൊതു  സ്ഥലത്ത്  മലമൂത്ര  വിസര്‍ജനം  നിരോധിച്ചതില്‍  പിന്നെ അവിടെ ഭയങ്കര  തള്ളാണ് .ഒരു ദിവസം കോടികളാണ്  സര്‍ക്കാരിനു   അവിടുന്ന് പിരിഞ്ഞു കിട്ടുന്നത് . അവിടത്തെ ഒരു ദിവസം.അതാണ് കഥ . ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് രാവിലെ 7 മുതല്‍ രാത്രി 8  മണിവരെയാണ്. എവിടെ ആ ദിവസം പല പ്രശ്നങ്ങളുമായി ആള്‍ക്കാര്‍ വരുന്നു, ഊഴം  കാത്തിരുന്ന് മൂത്രം  ഒഴിക്കുന്നു. പോകുന്നു  .ചിലരുടെ  ഒക്കെ പ്രശ്നം തീരുന്നു .ചിലരുടെ നടക്കുന്നില്ല . ആരേലും ഒക്കെ വണ്ടി ഇടിച്ചു ചാകുന്നു അങ്ങനെ ഒക്കെ . എങ്ങനെയുണ്ട് ? .

കൊള്ളാം പക്ഷെ പടം ന്യൂ ആയാലും ഓള്‍ഡ്‌ ആയാലും നായകന്‍ വേണ്ടേ? ഈ ചിത്രത്തില്‍ നായകന് എന്ത് പ്രസക്തി ?

അത് ന്യായം . ശരി നമുക്ക് ആ മൂത്രപ്പുരയിലെ കളക്ഷന്‍ അടിച്ചു മാറ്റാന്‍ കുറച്ചു  കള്ളന്മാര്‍ പ്ലാന്‍ ചെയുന്നു.കള്ളന്‍മാര്‍  ന്യൂ ജനറെഷന്‍  ആയിരിക്കും. അവരെ പിടിക്കാന്‍  എത്തുന്ന  പോലീസുകാര്‍ . പ്രധാന പോലീസുകാരനെ നമുക്ക് നായകനാക്കം  എങ്ങനെയുണ്ട് ?

ഹോ പുതുമ പുതുമ ...... .. ആലോചിച്ചിട്ട് എനിക്ക് സഹിക്കാന്‍ മേല. പക്ഷെ അപ്പോളും ഒരു പ്രശ്നം.കള്ളന്മാര്‍ കാശും കൊണ്ട് പോയാല്‍ പിന്നെ പോലീസിന് എപ്പോഴെങ്കിലും അവരെ പിടിച്ചാല്‍ പോരെ . അപ്പോള്‍ ഈ ഒരു പ്രത്യേക സമയത്തിനുള്ളില്‍ നടക്കുന്ന പരിപാടി ചീറ്റിയില്ലേ?

അത് ശരിയാ . അപ്പോള്‍ മോഷണം നടക്കാന്‍ പോകുന്ന വിവരം നേരത്തെ അറിഞ്ഞു പോലീസെ സംഭവ സ്ഥലത്ത് എത്തുന്നു.കള്ളനും പോലീസും എല്ലാം സാധാരണ  മൂത്രം  ഒഴിക്കാന്‍  വരുന്നവരുടെ ഭാവത്തില്‍ .അപ്പോള്‍ സ്ഥാപനം അടക്കുന്നതിനു മുന്‍പ് മോഷണം നടക്കും അത് നടന്നു കഴിഞ്ഞു കള്ളന്മാര്‍ പുറത്തിറങ്ങി പോയാല്‍ പിന്നെ അവരെ ഒരിക്കലും പിടിക്കാന്‍ പറ്റില്ല എന്ന് കൂടി പറഞ്ഞാല്‍ പിടിക്കുമോ ഇല്ലയോ എന്നും നോക്കി ഈ വൃത്തികെട്ട മലയാളി രണ്ടു മണികൂര്‍ ഇരുന്നോളും അല്ല പിന്നെ..പിന്നെ അവിടെ  വന്നിരിക്കുന്ന  ഒരോരുത്തന്‍റെയും   പ്രശ്നങ്ങള്‍  കാണിച്ചു  കുറെ സമയം  കളയാം  (പ്രത്യേകിച്ചു  കാര്യമൊന്നുമില്ല ) . ഒരു വീട്ടമ്മ  ഭര്‍ത്താവറിയാതെ  മൊബൈല്‍  വാങ്ങാന്‍  വരുന്നു.  വരുന്ന വഴിക്ക് ഇവിടെ കയറുന്നു. അങ്ങനെ കുറേ.

അണ്ണാ അപ്പോള്‍ വീണ്ടും പ്രശനം. ഇങ്ങനെ ഓരോരുത്തരുടെയും കഥ  കാണിക്കുമ്പോള്‍  ആരാണ് കള്ളന്‍  എന്ന്  എല്ലാവര്ക്കും  മനസിലാകും  പിന്നെ  എന്തോന്ന്  ത്രില്ലര്‍ ?
  
മം .. അത് പ്രശനമാണ് . ശരി സാരമില്ല . ഒരു ഇടവേള വരെ ഈ കളി . അത് കഴിഞ്ഞു പെട്ടന്ന് ഈ സ്ഥലത്ത് ഒരു  നിമിഷത്തേക്ക് കറന്റ്‌ പോകുന്നു . സംഗതി തിരിച്ചു വരുമ്പോള്‍   അവിടെ മൂത്രം ഒഴിക്കാന്‍ വന്ന ഒരാള്‍ മരിച്ചു കിടക്കുന്നു .കഥ പുതിയൊരു വഴിത്തിരിവിലേക്ക്.............സംഗതി വലിയ പ്രശ്നമൊന്നും ഇല്ല. രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒന്ന് ഈ ചാകുന്നവന്‍ വിദേശത്തേക്ക് പോകാനായി വിമാനം കേറാന്‍ പോകുന്ന വഴിക്കാകണം ഇവിടെ കേറുന്നത് . രണ്ടു ഇവന്‍ മഹാ പെണ്ണ് പിടിയനും തല തെറിച്ചവനും ആയിരിക്കണം . അപ്പോള്‍ പിന്നെ നമ്മുടെ ലാലേട്ടന്‍ ഗ്രാന്‍ഡ്‌ മാസ്റ്ററില്‍ കാണിച്ചത്‌ പോലെ അവസാനം അവിടെ മൂത്രം ഒഴിക്കാന്‍ വന്ന ഏതെങ്കിലും ഒരുത്തനെ  കൊണ്ട് വന്നു  ഇവന്‍ പണ്ട് എന്‍റെ മകളെ/അമ്മയെ/ ഭാര്യയെ/ പെങ്ങളെ/ അമ്മുമ്മയെ / ആന്റിയെ അങ്ങനെ ആരെയെങ്കിലും (ലവന്റെ  പ്രായം പോലെ)  വശീകരിച്ചു പീഡിപ്പിച്ചു തഴഞ്ഞു ആത്മഹത്യ ചെയാന്‍ നിര്‍ബന്ധിത ആക്കി അന്ന് മുതല്‍ ഇവനെ ഞാന്‍ നോക്കി നടക്കുവായിരുന്നു എന്ന്  പറയിപ്പിച്ചാല്‍   മതിയല്ലോ.  സംഗതി  ശുഭം .ആരാണ് കൊന്നത്  എന്ന് നമുക്ക് ഇവന്റെ  ഒക്കെ ഡേറ്റ് നോക്കി തീരുമാനിക്കാം പോരെ ?


അണ്ണാ, പറയുമ്പോള്‍ ഒന്നും തോന്നല്ലേ . അണ്ണന്റെ  ഈ സംരംഭം നടക്കില്ല ....

അതെന്താടെ ? ഇതിനു എന്താ കുഴപ്പം ?

വേറെ കുഴപ്പം ഒന്നും ഇല്ല . ഒരല്‍പം ഓണ്‍ ലൈന്‍ കുഴല്‍ ഊത്ത്  കൂടെയുണ്ടെങ്കില്‍ സംഗതി ഓടിക്കോളും. പ്രശ്നം അവിടെയല്ല നമ്മുടെ പ്രശസ്ത സംവിധായകന്‍ കെ മധു സംവിധാനം ചെയ്ത ബാങ്കിംഗ് അവേഴ്സ് 10 - 4   എന്ന നയുഗ ത്രില്ലെര്‍ കുറ്റാന്വേഷണ ചിത്രത്തിന്റെയും കഥ ഏതൊക്കെ തന്നെ മൂത്രപ്പുരക്ക്  പകരം ബാങ്ക് ആണെന്ന വ്യത്യാസമേ  ഉള്ളു . കഥയും മറ്റു കിടു പിടികളും സുമേഷ് അമല്‍  ജോടികളാണ് നിര്‍വഹിച്ചിരിക്കുന്നത് .ലെമോ ഫ്ലിംസ് ചിത്രം നിര്‍മിച്ചിരിക്കുന്നു .താരനിരയില്‍ എല്ലാമറിയുന്ന അനൂപ്‌ മേനോന്‍ മുതല്‍ ഒന്നുമറിയാത്ത സുധീഷ്‌ വരെയുണ്ട് .ഇതിനിടയില്‍ ശങ്കര്‍ , ഷഫ്ന , കൈലാസ് , ജിഷ്ണു ,അശോകന്‍ , മേഘ്ന രാജ്  , വിഷ്ണു പ്രിയ അങ്ങനെ കുറെ പേര്‍ വേറെയും .

മഹാ പാപി , ശരിക്കും ഇതു തന്നെടെ കഥ ? എന്റെ  സ്വപ്നം ....... ഭാവന ...?

ഭാവനയും മീര ജാസ്മിനും ഒക്കെ അവിടെ ഇരിക്കട്ടെ .അണ്ണാ നിങ്ങളീ പടം ഒന്ന് കാണണം . പെറ്റ തള്ള സഹിക്കില്ല . കാലഹരണപ്പെട്ടു എന്ന് ഒരു ഫ്രെയിമിലും എഴുതി വെച്ചിരിക്കുന്ന സംവിധായകന്‍ കെ മധു , കഥ അഥവാ അടിസ്ഥാന ആശയം കൊള്ളാം എന്നല്ലാതെ തിരകഥ ആനയാണോ ചേനയാണോ എന്നറിയാത്ത രണ്ടു പേര്‍ പ്രസ്തുത കര്‍മ്മം കൂടി നിര്‍വഹിക്കുമ്പോള്‍ എന്താകും അവസ്ഥ എന്നലോചിക്കാവുന്നതേ  ഉള്ളൂ. ഇതൊന്നും പോരാത്തതിനു അഭിനേതാക്കളെ കൂട്ടമായി അഴിച്ചു വിടുകയും കൂടിചെയ്യുമ്പോള്‍ സംഗതി പൂര്‍ത്തിയാകുന്നു . ത്രില്ലിംഗ് എന്ന് പറയേണ്ട /അഥവാ പറയിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പല രംഗങ്ങളും പൊട്ടി ചിരിപ്പിക്കുന്നവ ആണെന്ന് കൂടി വരുമ്പോള്‍ സംഗതി മനസിലാക്കവുന്നത്തെ ഉള്ളൂ .അശോകന്റെ വക ട്വിസ്റ്റ്‌ ഒക്കെ തകര്‍ത്തു കളഞ്ഞു അണ്ണാ !!!!കൈലാസ് അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് പറഞ്ഞാല്‍ ഒന്നൊന്നര സംഭവമാണ് .സിനിമ കണ്ടു കൊണ്ടിരുന്ന ആരെങ്കിലും ആണ് കറന്റ്‌  പോയപ്പോള്‍ സിനിമക്ക് അകത്തു കയറി  അയാളെ കൊന്നത്  എന്ന് പറഞ്ഞാല്‍ പോലും എനിക്ക് വലിയ അതിശയം  ഒന്നും ഇല്ല .അത്രക്കും മനോഹരം .

അഭിനയം ....?

നിങ്ങള്‍ കളഞ്ഞിട്ടു പോണം ഹേ.... അഭിനയം പോലും . ശങ്കറും , ജിഷ്ണുവും , എന്തിനു സത്താര്‍ പോലും മരിച്ചു അഭിനയിക്കുകയാണ് . ടിനി ടോം അത്യാവശ്യം അശ്ലീലം പറഞ്ഞു ഒരു ന്യൂ  ജനറെഷന്‍ ഫീല്‍ ഉണ്ടാക്കാന്‍ പരമാവധി  ശ്രമിക്കുന്നു . വലിയ കുഴപ്പമില്ലാതെ ഒപ്പിച്ചു പോകുന്ന മേഘ്ന രാജ് ഒക്കെ പോലും പരമ വൃത്തികേടായി തോന്നുന്നതിന്റെ ക്രെഡിറ്റ്‌ മൊത്തം സംവിധായകനാണ് . അനൂപ്‌ മേനോന്റെ ഒക്കെ നേരെ തോക്ക് ചൂണ്ടിയാല്‍ പോലും ഒരു കാര്യവുമില്ല . എല്ലാമറിയുന്ന അങ്ങേര്‍ അപ്പോള്‍ തന്നെ വല്ല പെന്‍സിലോ റബ്ബറോ ഒക്കെ എടുത്തെറിഞ്ഞു സംഗതി തെറുപ്പിച്ച് കളയും. ഇയാള്‍ ആരെടെ ഫാന്‍ന്റമോ? 

അപ്പോള്‍ ചുരുക്കത്തില്‍ ....
ഏതോ കൊള്ളാവുന്ന നിര്‍മാതാവിനെ ചാക്കിട്ടു പിടിച്ചു തട്ടി കൂട്ടിയ പടം. കാലഹരണപ്പെട്ട  ഒരു സംവിധായകന് പകരം കൊള്ളാവുന്ന പുതിയ വല്ല പിള്ളേരും ആയിരുന്നെങ്കില്‍ നല്ലൊരു ത്രില്ലെര്‍ അകുമായിരുന്ന പടം .