Wednesday, February 27, 2013

സെല്ലുലോയിഡ് (Celluloid : Review)

അണ്ണാ ഇതു വലിയ ചതിയായി പോയി.

എന്ത് പറ്റി ?

മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്‍റെ ജീവിത കഥ പറയുന്ന സെല്ലുലോയിഡ് ഇറങ്ങിയിട്ട് അണ്ണന് അനക്കമില്ല എന്ന് പറഞ്ഞാല്‍ .

ക്ഷമി അനിയാ തിരുവനന്തപുരത്തെ വളരെ ചെറിയ ഒരു തീയറ്ററില്‍ ആണ് പ്രസ്തുത പടം ഓടുന്നത്.സ്വതവേ ഉള്ള മടിയും പിന്നെ രണ്ടു ദിവസത്തെ പണിമുടക്കും ഒക്കെ ആയപ്പോള്‍ താമസിച്ചതാ.


അപ്പോള്‍ അണ്ണന്‍ പടം കണ്ടു അല്ലേ ?


കണ്ടു അനിയാ കമലും ഉബൈദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും കമലാണ് .ശ്രീ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ ജെ സി ഡാനിയലിന്‍റെ ആത്മകഥയും ഈ ചിത്രത്തിന് പ്രചോദനമാണ് .നഷ്ട്ടനായിക എന്ന കൃതിയെയും അവലംബിച്ചെടുത്ത ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്.ചായാഗ്രഹണം വേണു.പ്രൈം ടൈം സിനിമ ഒരുക്കുന്ന ഈ ചിത്രത്തില്‍ പ്രിദ്ധ്വിരാജ്, മംത മോഹന്‍ദാസ്‌,ചാന്ദിനി, ശ്രീനിവാസന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറെ കാലം മറഞ്ഞു കിടന്ന വിഗതകുമാരന്‍ എന്ന ചിത്രവും അതിന്‍റെ കര്‍ത്താവായ ജെ സി ഡാനിയേലിന്‍റെയും കഥയാണ് ഈ ചിത്രം എന്ന് ഒറ്റ വാക്കില്‍ പറയാം.

ശരി പിന്നെയോ?

സിനിമ തുടങ്ങുന്നത് ദാദ സാഹെബ് ഫാല്‍ക്കെയെ കാണാന്‍ വരുന്ന യുവാവായ ജെ സി ഡാനിയേലില്‍ നിന്നാണ്. ഈ സിനിമയെ രണ്ടു ഭാഗങ്ങളായി തിരിക്കാം ആദ്യ ഭാഗം കേരളത്തില്‍ ആദ്യമായി സിനിമ എടുക്കാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ കഥയും രണ്ടാം പകുതി ആ യുവാവിനു പിന്നീടു എന്ത് സംഭവിച്ചു എന്ന അന്വേഷണത്തിന്‍റെ കഥയുമാണ്.

അല്ല ഈ ആദ്യ പകുതി ഒരു ഡോക്യുമെന്‍റ്ററി പോലെയാണെന്നും രണ്ടാം പകുതി ആണ് ചലനാത്മകം എന്നും കേട്ടല്ലോ?


എനിക്ക് യോജിപ്പില്ല . രണ്ടു ഭാഗങ്ങളും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു എന്നാണ് എനിക്ക് തോന്നിയത് .ചില്ലറ കല്ലുകടികള്‍ ഒഴിച്ചാല്‍ കമല്‍ തന്‍റെ ഭാഗം വൃത്തിയായി ചെയ്തു എന്ന് തന്നെ പറയാം.ആദ്യ പകുതിയില്‍ മലയാളത്തില്‍ ആദ്യ ചലച്ചിത്രം എടുക്കാന്‍ ശ്രമിക്കുന്ന ഒരു ഉര്‍ജ്ജസ്വലനയ ചെറുപ്പക്കാരനെ കേന്ദ്രീകരിച്ചു നീങ്ങുബോളും മറ്റു കഥാപാത്രങ്ങള്‍ അയാളുടെ നിഴലില്‍ ആകുന്നില്ല എന്നത് സംവിധായക - തിരക്കഥാക്രിത്തുക്കളുടെ മികവായി കാണാം . ചാന്ദിനി അവതരിപ്പിച്ച റോസി എന്ന വിഗത കുമാരനിലെ നായിക എന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചതും പ്രശംസനീയമാണ്.അത് പോലെ ഇട വേള കൊണ്ട് നിര്‍ത്തുന്ന പോയിന്‍റ് , ഡാനിയേലിന്‍റെ മകന്‍ ഹാരിസ് 2000 ല്‍ ആരാധകര്‍ സിനിമ ഫിലിം പെട്ടി ആഘോഷമായി കൊണ്ടു വരുന്നതും മറ്റു ബഹളങ്ങളും കടന്നു പോകുന്ന ബസ്സില്‍ ഇരുന്നു കാണുന്ന ഷോട്ടും ഒക്കെ മനോഹരം എന്നേ പറയാന്‍ കഴിയു.അത് പോലെ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആദ്യമായി ഡാനിയേലിനോട് സംസാരിക്കുമ്പോള്‍ അയാളുടെ കാലുകള്‍ മാത്രം കാണിച്ചു കൊണ്ടുള്ള ചിത്രീകരണ രീതിയും വളരെ നന്നായിട്ടാണ് എനിക്ക് തോന്നിയത് പഴയ കാലം അവതരിപ്പിക്കുമ്പോള്‍ സകലതും കലാ സംവിധായകന്‍റെ പുറത്തു ചാരി മഹത്തായ ചിത്രം എടുക്കുന്നവര്‍ക്ക് ഈ ചിത്രം ഒരു പാഠ പുസ്തകം പോലും ആക്കാവുന്നതാണ്.

അല്ല അതിരിക്കട്ടെ ഈ സിനിമ ഉയര്‍ത്തുന്ന വിവാദങ്ങളെ കുറിച്ച് .....
മുന്‍പൊരിക്കല്‍ വിവാദങ്ങള്‍ എങ്ങനെ സിനിമയുടെ കച്ചവട വിജയത്തിന് നമ്മുടെ നാട്ടില്‍ ഉപയോഗിക്കാം എന്ന് വിശ്വരൂപം എന്ന സിനിമയിലൂടെ ശ്രീ കമലഹാസന്‍ കാണിച്ചു തന്നിട്ടുണ്ട്.(പാവം ബുദ്ധി ജീവികള്‍ ഇപ്പോളും അമേരിക്കന്‍ രംഗങ്ങളില്‍ ഹൈ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിലൂടെയും താലിബാന്‍ രംഗങ്ങളില്‍ ലോ ക്യാമറ ആംഗിള്‍ ഉപയോഗിച്ചതിന്‍റെയും പിന്നില്‍ ഒളിച്ചിരിക്കുന്ന സന്ദേശം ഡികോഡ് ചെയ്തു കഴിഞ്ഞില്ല !!!). സമാനമായ ഒരു പരിപാടി നമ്മുടെ കമലും അവതരിപ്പിച്ചു എന്ന് മാത്രം .അല്ല എനിക്ക് അറിയാത്തത് കൊണ്ട് ചോദിക്കുവാ. ഇങ്ങനെ ഉള്ള അവസരങ്ങളില്‍ ഈ സിനിമ നിരോധിക്കണം എന്ന് പറയുന്നതിന് പകരം ആരെയാണോ ഇതില്‍ പരാമര്‍ശിക്കുന്നത് അവരോടു അനുഭവം ഉള്ളവര്‍ ഈ സിനിമ അങ്ങ് ബഹിഷ്കരിച്ചാലോ? അതായിരിക്കില്ലേ കുറച്ചു കൂടി പ്രയോജനപ്രദമായ മാര്‍ഗം ?

അണ്ണന്‍ കാട് കേറാതെ ഈ സിനിമയുടെ കാര്യം പറയാമോ?

പറയാം അനിയാ മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്ന ഐ എ എസ് ഓഫീസറെ നേരിയൊരു വില്ലന്‍ പരിവേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.സിദ്ദിഖ് അവതരിപ്പിക്കുന്ന  ഈ കഥാപാത്രം , അയാളുടെ നിലപാടുകള്‍,ഇവയ്ക്കു കുറച്ചു കൂടി വ്യക്തത കൊടുക്കുന്നതിനു പകരം ശ്രീനിവാസന്‍റെ ഭാഗത്തേക്ക്‌ തിരക്കഥാകൃത്ത് പൂര്‍ണമായും നീങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്. എവിടെ കമല്‍ എന്ന സംവിധയകനിലെ പഴയ തലമുറക്കാരനെ നമുക്ക് കാണാം . ശ്രീ കരുണാകരനെ കുറിച്ച് എന്താണ് പറഞ്ഞത് എന്ന് സത്യത്തില്‍ എനിക്ക് മനസിലായില്ല .

ശരി അഭിനയം?

പ്രിഥ്വിരാജ് എന്ന നടന് എന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലെ ജെ സി ഡാനിയേല്‍. ഈ ലോക്കല്‍ സ്ലങ്ങ് കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് ശ്രീ മമ്മൂട്ടിക്ക് മാത്രം അറിയുന്ന ഒരു സംഗതി ആണെന്ന് അഭിമാനിക്കുന്ന അദേഹത്തിന്റെ ആരാധകരെ ബിജു മേനോന്‍ മുതല്‍ പ്രിഥ്വിരാജ് വരെ ഉള്ളവര്‍ നാണിപ്പിക്കുമ്പോള്‍ എനിക്കൊന്നും പറയാനില്ല.മൂന്ന് ജീവിത കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ജെ സി ഡാനിയേല്‍ എന്ന മനുഷ്യനെ ഈ നടന്‍ ഉജ്വലമാക്കി എന്ന് തന്നെ പറയാം വേഷപ്പകര്‍ച്ചയില്‍  മാത്രമല്ല സംഭാഷണത്തിലും ശരീര ഭാഷയിലും ഒക്കെ ആ വ്യതിയാനം കൊണ്ടുവരാന്‍ ഈ നാടനു കഴിഞ്ഞിട്ടുണ്ട് പ്രിത്വിരാജ് തന്റെ കഥാപത്രത്തെ നന്നായി അവതരിപ്പിക്കുമ്പോള്‍ ജാനെറ്റ് ആയി എത്തുന്ന മംതയും (പ്രത്യേകിച്ചു അവരുടെ വാര്‍ധക്യകാല രംഗങ്ങളില്‍ ) ചാന്ദിനി അവതരിപ്പിക്കുന്ന റോസിയും,ശ്രീജിത്ത്‌ രവി അവതരിപ്പിക്കുന്ന ഡാനിയേലിന്‍റെ ബന്ധുവും പില്‍ക്കാലത്ത് മാര്‍ത്താണ്ഡവര്‍മ്മ എന്ന കേരളത്തിലെ രണ്ടാമത്തെ ചിത്രം നിര്‍മ്മിച്ച സുന്ദര്‍രാജും ഒക്കെ നന്നായി എന്ന് തന്നെ പറയാം

1920 ലാണ് ഈ ചിത്രം ആരംഭിക്കുന്നത്. അവിടുന്ന് വിവിധ കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഒടുവില്‍ 2000 ല്‍ ജെ സി ഡാനിയേലിന്‍റെ അനുസ്മരണ സമ്മേളനത്തില്‍ മകന്‍ ഹാരിസ് ഡാനിയേലിന്‍റെ വാക്കുകളില്‍ അവസാനിക്കുന്നു. ഇതിനിടെ ജീവിച്ചിരുന്ന ഒത്തിരി ആളുകള്‍ വയലാര്‍ രാമവര്‍മ്മ മുതല്‍ ദാദാ സാഹേബ് ഫാല്‍ക്കെ , തമിഴ് നടന്‍ സുന്ദരയ്യ തുടങ്ങി നിരവധി പേര്‍ ഈ ചിത്രത്തില്‍ വന്നു പോകുന്നു.

അപ്പോള്‍ പഴയകാലത്തെ അനാചാരങ്ങളിലേക്ക് ഒരു ചൂണ്ടു പലകയാണ് ഈ ചിത്രം എന്ന് ഒരു ബുജി ലൈനില്‍ പറഞ്ഞാലോ?

എന്ത് പഴയ കാലം അനിയാ? ഈ സിനിമയില്‍ ഒരു ബ്രാഹ്മണ സ്ത്രീ മറക്കുടയും ഒക്കെയായി വയല്‍ വരമ്പിലൂടെ വരുമ്പോള്‍ കൃഷിപ്പണി കഴിഞ്ഞു വരുന്ന റോസിയും കൂട്ടുകാരിയും വഴി ഒഴിഞ്ഞു നില്‍ക്കുന്നുണ്ട് .അവരുടെ മുന്‍പേ നടക്കുന്ന ഒരാള്‍ വഴി ഒഴിയാന്‍ വിളിച്ചു പറയുന്നുണ്ട് . ഇന്നു നമ്മുടെ മന്ത്രിമാര്‍ റോഡിലൂടെ ചീറി പായുമ്പോള്‍ എസ്കോര്‍ട്ട് പോലീസുകാര്‍ ആ പണി ചെയ്യുന്നു . അന്നും ഇന്നും അധികാരം ഉള്ളവന്‍ വരുമ്പോള്‍ അധികാരം ഇല്ലാത്തവന്‍ ഒഴിഞ്ഞു നില്‍ക്കണം എന്ന തത്വം മുറ തെറ്റാതെ പാലിക്കപ്പെടുന്നു.പിന്നെ റോസി നേരിടുന്ന അതിക്രമങ്ങള്‍.സദാചാര പോലീസിന്‍റെയും ജാതീയമായി അവഹേളിച്ചു എന്ന പേരില്‍ നടത്തുന്ന അക്രമങ്ങളുടെയും പുതിയ എത്ര പതിപ്പുകള്‍ നമ്മുടെ ചുറ്റും ഇന്നു കാണാം . എവിടെ എന്ത് മാറി എന്നാ പറയുന്നേ ?

അത് കൊണ്ട് ..

അനിയാ സിനിമയെ സിനിമയായി കാണാതെ അത് എന്തോ സന്ദേശം ഉണ്ടാക്കാനുള്ള സംഗതി ആണെന്ന്  കരുതുന്ന,അതിന്‍റെ പുറകില്‍ എന്തോ നിഗൂഡമായ  അജണ്ട ഒളിഞ്ഞിരിക്കുന്നു എന്നും  വിശ്വസിക്കുന്ന മണ്ടന്മാര്‍ ജീവിക്കുന്ന കാലത്തോളം ഇങ്ങനെ പലതും കേള്‍ക്കേണ്ടി വരും.

അപ്പോള്‍ ചുരുക്കത്തില്‍

2013 ലെ മറ്റൊരു നല്ല ചിത്രം കൂടി

Saturday, February 23, 2013

ഷട്ടര്‍ (2013 ലെ ട്രാഫിക്‌ !) Shutter Review

ഷട്ടര്‍ - 2013 ലെ ട്രാഫിക്‌ .....പൊളപ്പന്‍ തലക്കെട്ടാണല്ലോ? ഉള്ളത് തന്നേ  അണ്ണാ ? അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ അഭിപ്രായം എഴുതാന്‍ ഞാനാരെടെ വല്ല പത്രത്തിലേയും സിനിമ ലേഖകനോ ?

പിന്നെ പറയെന്നേ, പടത്തിനെ പറ്റി. ഏതോ പുതിയ സംവിധായകന്‍ ആണെന്ന് കേട്ടത് കൊണ്ട് ഞാന്‍ ആ വഴിക്കേ പോയില്ല. പിന്നെ അണ്ണന്‍ ഈ ജാതി തുരുമ്പ് പടമൊന്നും വിടില്ല എന്നെനിക്കു നന്നായി അറിയാം.സംഗതി ന്യു ജനറേഷന്‍ തന്നേ?  നിക്കര്‍ , കോഫി മഗ്,  1 ദിവസം നടക്കുന്ന 100 കഥകള്‍ , അവിഹിതം,മദ്യപിക്കുന്ന സ്ത്രീകള്‍, അശ്ലീലം എല്ലാം ഉണ്ടോ അണ്ണാ? ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം നല്ലൊരു ന്യൂ ജനറേഷന്‍  സിനിമ കണ്ടത് മറന്നു ..വി കെ പ്രകാശൊക്കെ ഇപ്പോള്‍ ഭയങ്കര ഡിസന്റ്  ആയെന്നേ.

ഡേ ... മര്യാദക്ക്  കേള്‍ക്കാമെങ്കില്‍ കേള്‍ക്ക്. നീ പറഞ്ഞത് പോലെ പുതുമുഖം ജോയ് മാത്യു ആണ് ഈ ചിത്രം സംവിധാനം ചെയ്തത് .സരിത ആന്‍ തോമസ്‌ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ ലാല്‍ (താടി ), ശ്രീനിവാസന്‍ ,സജിത മഠത്തില്‍ ,വിനയ് ഫോര്‍ട്ട്‌,റിയ സൈറ, പ്രേം കുമാര്‍  തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം ഹരി നായര്‍  .കോഴിക്കോടിന്റെ പാശ്ചാത്തലത്തില്‍ ചിത്രീകരിച്ച ഒരു കൊച്ചു ചിത്രമാണ് ഇതു .രണ്ടു പകലും ഒരു രാത്രിയും ആണ് ഈ കഥ നടക്കുന്നത്

ഇനി സിനിമയെ പറ്റി, കുറച്ചു കാലം മുന്‍പ് ഇറങ്ങിയതും നിരൂപകര്‍ എമ്പാടും പുകഴ്ത്തിയതും എന്നാല്‍ പ്രേക്ഷകര്‍ തിരിഞ്ഞു നോക്കാത്തതുമായ ഒരു സിനിമയുണ്ട്  ഫ്രൈഡേ. ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഈ രണ്ടു ചിത്രങ്ങളുടെയും കഥ ഒന്നാണ്.സത്യമായും ഈ എഴുതിയ വരിയുടെ പേരില്‍ ഈ ചിത്രം കണ്ടവര്‍ എന്നെ തല്ലാന്‍ സാധ്യതയുണ്ട്.അവിടെയാണ് ജോയി മാത്യു എന്ന തിരക്കഥാകൃത്ത്  ചുമ്മാ വിജയിക്കുന്നത് .പക്ഷെ രണ്ടിലും മറന്നു വെച്ച സാധനം തിരിച്ചു കൊടുക്കുന്ന നല്ലവനായ ഓട്ടോ ഡ്രൈവര്‍ ഒരു പ്രധാന കഥാപാത്രമാണ് .ഫ്രൈഡേ എന്ന സിനിമയില്‍ ഇല്ലാത്ത ഒരു സത്യസന്ധത എനിക്ക് ഈ ചിത്രത്തില്‍ കാണാന്‍ കഴിയുന്നു എന്ന് മാത്രം.

ഒരു ബ്രേക്കിന് ശ്രമിക്കുന്ന, സിനിമ ലോകത്ത് ബഹുമാനിക്കപ്പെടുന്ന, സംവിധായകന്‍ മനോഹരനില്‍ (ശ്രീനിവാസന്‍) നിന്നാണ് സിനിമ തുടങ്ങുന്നത് എങ്കിലും  ഗള്‍ഫ് മലയാളി ആയ ഹമീദില്‍ (ലാല്‍)  നിന്നാണ് കഥ തുടങ്ങുന്നത് . തികഞ്ഞ യാഥാസ്ഥിതികനായ  ഇയാള്‍ കൌമാരക്കാരിയായ പതിനേഴുകാരിയായ  മകളുടെ (റിയ സൈറ)  പഠനം അവസാനിപ്പിച്ച്‌ നിക്കാഹ് കഴിപ്പിക്കാനുള്ള  ഒരുക്കത്തിലാണ്.വീട്ടിനു മുന്നില്‍ ഇയാള്‍ക്ക് മൂന്ന് കട മുറിയുണ്ട്.രണ്ടെണ്ണം വാടകയ്ക്ക് കൊടുത്തിട്ടുള്ള ഇയാള്‍ ഒരെണ്ണം ഭാവിയിലെ  സ്വന്തം ആവശ്യത്തിനു സൂക്ഷിക്കുന്നു.ഇയാളുടെ സൌഹൃദ സംഘത്തിലെ ഒരു അംഗമാണ് സുര (വിനയ് ഫോര്‍ട്ട്‌)  എന്ന  ഓട്ടോ ഡ്രൈവര്‍ .ഒരു രാത്രി, മദ്യപാനത്തിനായി രഹസ്യമായി സ്വന്തം കട മുറിയില്‍ കൂടുന്ന ഹമീദും സംഘവും, ഓരോരുത്തരായി പിരിഞ്ഞു ഒടുവില്‍ ഹമീദും സുരയും മാത്രമാകുന്നു. ഒരു കുപ്പി കൂടി വാങ്ങാനായി സുരയുടെ ഓട്ടോയില്‍ പോകുന്ന ഹമീദ് വഴിയില്‍ കാണുന്ന ഒരു തെരുവ് വേശ്യയില്‍ (സജിത മഠത്തില്‍)  ആകൃഷ്ട്ടനാകുന്നു.അവളുമായി ഒരു ഹോട്ടലിലും മുറി കിട്ടാത്തത് കൊണ്ട് ഒടുവില്‍ സ്വന്തം കട മുറിയില്‍ എത്തുന്ന ഹമീദിന്, ഒരു പ്രത്യേക സാഹചര്യത്തില്‍ പുറത്തു നിന്ന് പൂട്ടപ്പെട്ട ആ കടമുറിയില്‍,ഇയാള്‍ വിളിച്ചു കൊണ്ട് വന്ന തെരുവ് വേശ്യയോടൊപ്പം  ആ രാത്രിയും പിറ്റേന്ന് പകലും കഴിയേണ്ടി വരുന്നു . ഇവിടെ ആ കടയുടെ ഷട്ടര്‍ രാത്രി അയാളുടെ ശത്രുവും പകല്‍ അയാളുടെ മിത്രവും ആകുന്നു എന്നിടത്താണ് ഷട്ടര്‍ എന്ന ഈ സിനിമയുടെ പേരിന്റെ പ്രസക്തി  എന്ന് തോന്നുന്നു.അടച്ചിട്ട ആ കടമുറിയുടെ ഷട്ടറിന്റെ വിടവിലൂടെ ,അയാള്‍ കാണുന്നത്, അറിയുന്നത്,അത് അയാളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇവയിലൂടെയാണ് ഷട്ടര്‍ എന്ന സിനിമ പുരോഗമിക്കുന്നത് . ഒരു ഷട്ടറിനു പിന്നില്‍ മാനവും അടക്കിപ്പിടിച്ചു ശ്വാസം വിടാന്‍ പോലും ഭയന്ന് അയാള്‍ ഇരിപ്പുണ്ട് എന്നറിയാതെ അയാളുടെ ലോകം അയാള്‍ക്ക് ചുറ്റും ജീവിക്കുന്ന ഒരു രാത്രിയും ഒരു പകലും. അതാണ് ഈ സിനിമ.

അതല്ലല്ലോ ഇതെന്തോ അവാര്‍ഡു പടം ആണെന്നാണല്ലോ കേട്ടത് ?


ഒന്ന് പോടെ. ഒരു നിമിഷം പോലും ബോര്‍ അടിക്കാതെ, അടുത്തത് എന്ത് സംഭവിക്കും എന്ന ആകാംഷയോടെ ഒരു മിനിട്ട് പോലും വലിച്ചില്‍ ഇല്ലാതെ പോകുന്ന ഒരു പടമാണ് അവാര്‍ഡ്‌ പടം എന്ന് നീ ഉദേശിച്ചത്‌ എങ്കില്‍ ഇതു ഒന്നൊന്നര അവാര്‍ഡ്‌ പടം തന്നെ .തുടക്കത്തില്‍ കഴിവുള്ള , എന്നാല്‍ അവസരം ലഭിക്കാത്ത സംവിധായകന്‍ എന്ന രീതിയില്‍ ശ്രീനിവാസനെ അവതരിപ്പിച്ചു കണ്ടപ്പോള്‍ ശരിക്കും ഞെട്ടി ."ആത്മ കഥാംശം " കേറി സംവിധായകന്‍ പടം കുളമാക്കും എന്ന് ശരിക്കും ഉറപ്പിച്ചതാ . പക്ഷെ അഭിനന്ദനങ്ങള്‍ ജോയ് മാത്യു .നിങ്ങള്‍ ശരിക്കും തകര്‍ത്തു .പിന്നെ ഈ ചിത്രത്തിന്റെ കഥ മേല്‍പ്പറഞ്ഞത്‌ ആണ്  എങ്കിലും അശ്ലീലമായി ഒരു വാക്ക് പോലും ഈ ചിത്രത്തില്‍ ഇല്ല എന്നത് എടുത്തു പറയേണ്ടത് ഉണ്ട്

അല്ല ജാതിമതപരമായി ഒരു അതിസാരത്തിനുള്ള സോറി അതി വായനക്കുള്ള സ്കോപ് ............

നിന്നെയും അണലി ഷാജിയെയും പോലുള്ള ശവം തീനികള്‍ക്ക് കടിച്ചു വലിക്കാനുള്ള വല്ല എല്ലിന്‍ കഷ്ണവും കിട്ടുമോ എന്ന് നോക്ക്.നിനക്കൊക്കെ അതല്ലേ ഇഷ്ട്ടം 

 അപ്പോള്‍ അഭിനയമോ?

കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡുകളില്‍ ഏറ്റവും വലിയ പാളിച്ച ആയി എനിക്ക് തോന്നിയത് മികച്ച നടിക്കുള്ള അവാര്‍ഡ്‌ ആണ് .റീമ കല്ലിംഗല്‍ എന്ന നടി 22 f കോട്ടയം എന്ന ചിത്രത്തില്‍ ചെയ്തതിനെക്കാള്‍ എത്രയോ മികച്ച പ്രകടനമായാണ് ഈ ചിത്രത്തില്‍ പേരില്ലാത്ത തെരുവ് വേശ്യയായി അഭിനയിച്ച സജിത മഠത്തില്‍ കാഴ്ച വെച്ചിരിക്കുന്നത് .ഒരു പക്ഷെ മലയാളിയുടെ നായികാ സങ്കല്പം അനുസരിച്ച് ഈ കഥാപാത്രം നായികയാണോ ഉപനായിക ആണോ എന്ന സംശയം ആകാം ആ തീരുമാനത്തിന് പിന്നില്‍ . ബാക്കി ആരും മോശമായി എന്ന് പറയാനില്ല വിനയ് ഫോര്‍ട്ടും , ലാലും എടുത്തു പറയേണ്ട രണ്ടു പേരുകള്‍ ആണെന്ന് മാത്രം .   

അപ്പോള്‍ ചുരുക്കത്തില്‍ ...

ഒരു ചുരുക്കവും ഇല്ല . ഒരു നല്ല പടം കാണണം എങ്കില്‍ പൊയി  കാണെടെ     

Sunday, February 17, 2013

ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ (Black Butterfly review )


അണ്ണാ പ്ലീസ് രക്ഷിക്കണം .....


എന്ത് പറ്റിയെടെ രാവിലെ ഓടി പിടിച്ചു .....

ചില്ലറ പ്രശ്നം ഒന്നും അല്ല അണ്ണാ ഒന്നും രണ്ടും ഒന്നുമല്ല മലയാള പടം മാത്രം നാലോ അഞ്ചോ എണ്ണം മഹാ പാപികള്‍ ഒരുമിച്ചു ഇറക്കിയാല്‍ ഞാന്‍ എന്ത് ചെയ്യും ? എന്‍റെ വായനക്കാര്‍ . എന്‍റെ ചിത്ര വിദ്വേഷം.......

ഡായ്...... ഉഴച്ചു വാഴൈ  കത്തുക്കോടാ .......


എന്ന് വെച്ചാല്‍ ?

പണിയെടുത്തു ജീവിക്കാന്‍ .

ശരി അതിനെന്തിനാ ഇപ്പോള്‍ തമിഴ് പറയുന്നേ?

എടാ നീ വഴക്ക് N ‍ 18/9 എന്ന ഒരു തമിഴ് ചിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?

എവിടുന്നു  അറിയാനാ? എന്താ സംഗതി ?

കഴിഞ്ഞ വര്‍ഷം  ഇറങ്ങിയ നല്ല തമിഴ് ചിത്രങ്ങളില്‍ ഒന്ന് . അവിടെ പിന്നെ നല്ല ചിത്രങ്ങള്‍ ഇറങ്ങുന്നത് വലിയ സംഭവം അല്ലാത്തത് കൊണ്ടാകും നീ ഒന്നും അറിയാത്തത് .പ്രസ്തുത ചിത്രത്തെ മലയാളത്തിലേക്ക് മൊഴി മാറ്റം ചെയ്തതാണ് ബ്ലാക്ക്‌ ബട്ടര്‍ഫ്ലൈ എന്ന മലയാള ചിത്രം. നിര്മ്മിച്ചിരിക്കുന്നത് നടന്‍ മണിയന്‍ പിള്ള രാജു ആണ് .സംവിധാനം രജപുത്ര രഞ്ജിത്.ശക്തിവേല്‍ ബാലാജി തമിഴില്‍ എഴുതിയ ഒറിജിനല്‍ തിരക്കഥക്ക് സംഭാഷണം എഴുതിയത് ജെ പല്ലശ്ശേരിയാണ്   .അഭിനേതാക്കള്‍ നിരഞ്ജന്‍, മിഥുന്‍ ‍മുരളി, സംസ്കൃതി ഷേണായി, മാളവിക, ജനാര്‍ധനന്‍, മണിയന്‍പിള്ള രാജു , സിതാര തുടങ്ങിയവരാണ് .ഈ കലാപരിപാടിക്ക്‌ ശ്രീ മണിയന്‍ പിള്ള രാജുവിനെ അഭിനന്ദിക്കണോ തെറി പറയണോ എന്ന് എനിക്ക് സത്യത്തില്‍ അറിയാന്‍ വയ്യ .

അതെന്താ അങ്ങനെ ഒരു ആശയ കുഴപ്പം?

അനിയാ ഇങ്ങനെ ഒരു പടം വന്നില്ല എങ്കില്‍ ഒരിക്കലും ഈ ഇത്ര നല്ലൊരു തീം മലയാളിക്ക് മുന്നില്‍ എത്തില്ലായിരുന്നു എന്നത് സത്യം. എന്നാല്‍ ഇമ്പ്രോവൈസേഷനു എത്രയധികം സാദ്ധ്യതകള്‍ ഉള്ള ഒരു കഥ ഒറിജിനലിനേക്കാള്‍ ബോറായി അവതരിപ്പിച്ചതിന്.എനിക്ക് അദ്ദേഹത്തോട് ദേഷ്യം ഉണ്ടെന്നതും സത്യം .ഒറിജിനല് കണ്ടിട്ടുള്ള ഞാന്‍ അനുഭവിച്ച അത്രയും ബോറടി കണ്ടിട്ടില്ലാത്തവര്‍ക്ക്  തോന്നില്ല ഒരു പക്ഷെ ചിത്രം ഇഷ്ടപ്പെടാനും മതി.

ശരി കഥ ....

അനിയാ ഈ ചിത്രത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട് .രണ്ടു ഭാഗങ്ങളില്‍ രണ്ടു പ്രണയ കഥകളാണ് പറയുന്നത് .സമൂഹത്തിന്റെ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു ജോടികളുടെ പ്രണയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്  ഈ ചിത്രത്തില്‍ .തമിഴിലില്‍ തട്ട് കടയില്‍ ജോലി ചെയ്യുന്ന വേലുവും (ശ്രീ ) അടുത്തുള്ള ഫ്ലാറ്റില്‍ വീട്ടു  ജോലി ചെയ്യുന്ന ജ്യോതിയും (ഉര്‍മ്മിള) തമ്മിലുള്ള തികച്ചും  മൂകമായ പ്രണയവും. ജ്യോതി ജോലി ചെയുന്ന വീട്ടിലെ പെണ്‍കുട്ടി ആരതിയും(മനീഷ) അടുത്ത ഫ്ലാറ്റിലെ കാശുകാരന്‍ പയ്യന്‍ ദിനേശും (മിഥുന്‍ ‍മുരളി) ആയുള്ള അടി പൊളി ന്യൂ ജനറെഷന്‍  പ്രണയവും വിഷയമാകുമ്പോള്‍ . മലയാളത്തില്‍ പെട്രോള്‍ ബങ്കില്‍ ജോലി ചെയ്യുന്ന ബെന്നി (മിഥുന്‍ ‍മുരളി)യും വേലക്കാരി റീനയും (മാളവിക) ആദ്യ ജോടികള്‍ ആകുന്നു . മറ്റേ ജോഡി മേല്‍പ്പറഞ്ഞത്‌ തന്നെ നിരന്ജനും ,സംസ്കൃതി ഷേണായിയും ഇവിടെ ദിനേശനെയും  ആരതിയെയും അവതരിപ്പിക്കുന്നു.ഈ ചിത്രത്തില്‍ എനിക്ക് അനുഭവപ്പെട്ട ഏറ്റവും വലിയ പാളിച്ച കാസ്റ്റിംഗിലാണ് .തമിഴില്‍ പുഴുപ്പ ല്ലുമായി തികച്ചും ഒരു പാവപ്പെട്ട  തട്ടുകട ജോലിക്കാരനായ  വേലുവിന്‍റെ  നിഷ്കളങ്കത  സ്വാഭാവികമായി  അനുഭവപ്പെടുമ്പോള്‍  ബെന്നി വെറും കിത്രിമമായ  ഒരു  കെട്ടി കാഴ്ച മാത്രമാകുന്നു.വേലുവിന്‍റെയും തികച്ചും ഒരു സാധാരണ തമിഴ് വേലക്കാരി പെണ്ണായി വരുന്ന ജ്യോതിയുടെയും  ഏഴ്  അയലത്ത്  വരുന്നില്ല മലയാളത്തിലെ ബെന്നിയുടെയും റീനയുടെയും പ്രണയം .തമിഴില്‍ ദിനേശ് ആയി വേഷമിട്ട നടനെ ഈ ചിത്രത്തില്‍ ബെന്നി ആയി അവതരിപ്പിച്ച സംവിധകന്‍ കിടിലം . ചുരുക്കത്തില്‍ പടം പണ്ട് നസീര്‍ ഡബിള്‍ റോളില്‍ മുതലാളിയും തൊഴിലാളിയും ആയി അഭിനയിക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ചിത്രം പോലെയുണ്ട് .മുതലാളി ആയി അഭിനയിക്കുമ്പോള്‍ കോട്ടും . തൊഴിലാളി ആകുമ്പോള്‍ മുണ്ടും ബനിയനും എന്നത് ഒഴിച്ചാല്‍ ശരീരഭാഷയിലോ മെയ്ക്കപ്പിലോ  ഒരു വ്യത്യാസവും ഉണ്ടാകാത്ത ആ കാലത്തെക്കാളും കഷ്ട്ടമാണ് ഈ സിനിമയിലെ രണ്ടു നായകന്മാരുടെയും അവസ്ഥ .ശരിക്കും വിനീത് ശ്രീനിവാസന്‍ (അല്ലെങ്കില്‍ വിനായകന്)  ചെറുപ്പത്തില്‍ ഉണ്ടായിരുന്ന പോലെ ഉള്ള രൂപത്തിലുള്ള  ഒരു നടനായിരുന്നു ആ റോളിനു അനുയോജ്യം അത് പോലെ തന്നെ റീന എന്ന നായികയും നമ്മളിലെ ഭാവനയെ അവതരിപ്പിച്ച  പോലുള്ള ഒരു രൂപ മാറ്റത്തിനു ഉള്ള സാദ്ധ്യതകള്‍ പോലും ഇവിടെ ഉപയോഗിച്ചിട്ടില്ല .ഓരോരുത്തര്‍ കാണിച്ചു കൊടുത്താല്‍ പോലും മനസിലാക്കാത്ത വരെ പറ്റി എന്ത് പറയാനാ?  പിന്നെ ഈ തമിഴ് പടം മലയാളത്തില്‍ റീ മേക്ക് ചെയ്യുമ്പോള്‍ ഇവിടുത്തെ മഹാന്മാരായ സംവിധായകര്‍ക്കു അറിയാത്ത കാര്യങ്ങള്‍ ഇവനൊക്കെ എന്ന് പഠിക്കുമോ എന്തോ ?


എന്ന് വെച്ചാല്‍

നീ നാടോടികള്‍ എന്നാ ചിത്രം കണ്ടിട്ടുണ്ടോ ?

പിന്നെ പൊളപ്പന്‍ പടമല്ലേ ?

ഇനി നിന്നോട് ഞാന്‍ നടന്‍ അസിഫലിയെ പറ്റി ഒരു പക്ഷെ അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധുവിനു പോലും അറിയാത്ത ഒരു രഹസ്യം പറയട്ടെ ?

എന്താ അണ്ണാ വല്ല മഞ്ഞയും ........

അതല്ലെടാ .. നേരത്തെ പറഞ്ഞ നാടോടികളുടെ ഫ്രെയിം ടു ഫ്രെയിം കോപ്പിയില്‍ ആസിഫലി അഭിയിച്ചിട്ടുണ്ട് . ഇതു നമ്മുടെ കഥ എന്ന പേരില്‍ .പടം വന്നതും പോയതും ആരും അറിഞ്ഞില്ല എന്നത് മാത്രം സത്യം

അതെന്താ ആസിഫലി നന്നായി അഭിനയിക്കാത്തത് കൊണ്ടാണോ അത് സംഭവിച്ചത് ?

അനിയാ തമിഴില്‍ സുഹൃത്തിന്‍റെ പ്രണയം സാക്ഷാല്‍കരിക്കാന്‍ സ്വന്തം ജീവന്‍ പോലും പണയം വയ്ക്കാന്‍ തയ്യാറാകുന്ന സുഹൃത്തുക്കളെ  കാണിച്ചാല്‍ അവനു അത് സ്വഭാവികം ആയി തോന്നിയേക്കാം .മലയാളത്തില്‍ സംഗതി അത് പോലെ കാണിച്ചാല്‍ നമുക്ക് ചിരിവരും എന്നതല്ലേ സത്യം? സത്യത്തില്‍ സംഗതി തികച്ചും ലളിതം .മലയാളത്തില്‍ ഇങ്ങനെ ഒരു പടം വന്നത് നീയൊക്കെ അറിയാതെ പോയത് എന്ത് എന്ന് മനസിലായില്ലേ .അത്രക്കൊന്നും ഇല്ലങ്കിലും ഈ സിനിമയും പരാജയപ്പെടുന്നത് അവിടെ തന്നെയാണ്. ഒറിജിനല്‍  കണ്ടില്ല  എങ്കില്‍  പോലും  പല  രംഗങ്ങളിലും അബദ്ധങ്ങള്‍ കാണാന്‍ ഉണ്ട് . മാത്രമല്ല ഒറിജിനലിലുള്ള  രംഗങ്ങളില്‍  അനുഭവപ്പെടുന്ന പിരിമുറുക്കം കൊണ്ട് വരുന്നതില്‍  ഇവിടെ  സംവിധായകന്‍  ദേനീയമായി പരാജയപെട്ടിരിക്കുന്നു .

 ഒരിക്കല്‍ കൂടി പറഞ്ഞോട്ടെ മലയാളത്തില്‍ എടുക്കുമ്പോള്‍ ഒത്തിരി സാദ്ധ്യതകള്‍ ഉണ്ടായിരുന്ന ഈ ചിത്രത്തെ ഇങ്ങനെ എടുത്തു  നശിപ്പിച്ചത് കഷ്ട്ടമായി പോയി


അപ്പോള്‍ അഭിനയം ?

പാവം പിള്ളേര്‍ .അവരവര്‍ക്ക് കഴിയുന്നത്‌ പോലെ അഭിനയിച്ചിട്ടുണ്ട്.ഒറിജിനലി ലെ അഭിനേതാക്കള്‍ തികച്ചും സ്വാഭാവികം ആകുമ്പോള്‍ (നായകന്‍റെ സുഹൃത്ത്‌ ഉദാഹരണം)  മലയാളത്തിലെ കഥാപാത്രങ്ങള്‍ തികച്ചും ചോക്കളേറ്റ് ആയി നില്‍ക്കുന്നു 

ചുരുക്കത്തില്‍ ....

നിങ്ങള്ക്ക് തമിഴ് കേട്ടാല്‍ മനസിലാകില്ല എങ്കില്‍ മാത്രം ഈ ചിത്രം കാണുക  .ഇല്ലെങ്കില്‍  വഴക്ക് N ‍ 18/9 എന്നാ സിനിമ കാണാനാവും ഞാന്‍ നിങ്ങളെ ഉപദേശിക്കുക .

കുറിപ്പ്
മുന്‍പ് ഇവിടെ വന്ന ഒരു പോസ്റ്റിന്റെ പ്രതികരണമായി ആരോ ചോദിച്ചിരുന്നു ഒരു നല്ല തിരകഥ എങ്ങനെ മോശം സംവിധാനം കൊണ്ട് നശിപ്പിക്കാന്‍ പറ്റും എന്ന് അതിനു മറുപടി ആയി കാണിക്കാവുന്ന  ഏറ്റവും നല്ല ഉദാഹരണം ഈ ചിത്രമാണ്


Tuesday, February 12, 2013

നത്തോലി ഒരു ചെറിയ മീനല്ല (Natholi oru cheriya meenalla :Review)

അണ്ണാ അവസാനം അണ്ണന്‍ സ്വന്തം നിലവാരം കാണിച്ചല്ലോ?

മം.... എന്ത് പറ്റി ഇപ്പോള്‍?

ഈ പന്ന ഡ്രാക്കുളയെ കുറിച്ചുള്ള അഭിപ്രായം നിങ്ങള്ക്ക് പറയാം    .നവയുഗ സിനിമയുടെ മുന്നണി പോരാളി ആയ ശ്രീ വി കെ പ്രകാശ്‌ , നവയുഗ സിനിമയുടെ യുത്ത് ഐക്കണ്‍ ഫഹദ് ഫാസില്‍,നവയുഗ സിനിമയുടെ ആസ്ഥാന ബുദ്ധിജീവി ശങ്കര്‍ രാമകൃഷ്ണന്‍   എന്നിവര്‍ ഒന്നിക്കുന്ന നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തെ കുറിച്ച് നിങ്ങള്‍ ഒന്നും പറയാത്തത് എന്താ ?

പറയാം .അതിരിക്കട്ടെ നിന്റെ കൈയില്‍  എന്തോന്നാ ?
'
നിങ്ങളുടെ സഹായം ഇല്ലാതെ ഒരെണ്ണം എഴുതാമോ എന്ന് ഞാന്‍ ഒന്ന് നോക്കട്ടെ . ഇത് കണ്ടോ പ്രശസ്ത നിരൂപകന്‍ ജീവി ജറുസുലേം നടത്തുന്ന സ്പെഷ്യല്‍ ക്ലാസ്സില്‍ പോയി പഠിച്ചു എഴുതിയ പൊളപ്പന്‍ നിരൂപണം .

അപ്പോള്‍ നീ അണലി ഷാജിയെ വിട്ടോടെ ? മറ്റേ ജാതി സെന്‍സസ് നടത്തുന്ന മഹാന്‍ ...

അത് വിട് അണ്ണാ എപ്പോള്‍ ഞങ്ങളുടെ ലൈന്‍ ഏതു സിനിമയുടെ പിന്നിലും ഒരു രാഷ്ട്രീയ സാമുദായിക അജണ്ട ഉണ്ടെന്നതാണ് . അവിടെ ഞങ്ങള്‍ തകര്‍ക്കും   .അതിസാരം സോറി അതിവായന രാഷ്ട്രീയ വായന എന്നൊക്കെയാ നമ്മള്‍ ഇതിനെ വിളിക്കുന്നത്‌ .

അതിരിക്കട്ടു ഈ ഈ പുതിയ കടയില്‍ എന്താ കച്ചവടം ?

അണ്ണാ , സര് പറഞ്ഞത് ഈ സിനിമ കാണുന്ന ദരിദ്രവാസികള്‍ അടിസ്ഥാനപരമായി അഹങ്കാരികളാണ് ,ഇവനെ നിലയ്ക്ക് നിര്‍ത്തിയില്ലങ്കില്‍ അവസാനം നമുക്ക് പാരയാകും

അല്ല അനിയ അതിനിപ്പം നമുക്ക് എന്ത് ചെയ്യാനാ ?


അതിനുള്ള വഴികള്‍ നമുക്ക് പറഞ്ഞു തരും .ഒന്ന് രണ്ടു സാമ്പിള്‍ പിടിച്ചോ .ഒരു സിനിമ വലിഞ്ഞു നാശമായാണ് അവസാനിക്കുന്നത്‌ എന്നിരിക്കട്ടെ അണ്ണന്‍ എന്ത് പറയും

എന്ത് പറയാനാ? വലിഞ്ഞു നാശമായി ബോറടിപ്പിച്ചു എന്ന് പറയും .

തെറ്റി .. അവിടെ ഉപയോഗിക്കേണ്ട വാക്ക് അതിശയിപ്പിക്കുന്ന ഡിറ്റെയിലിംഗ് ആണ് ഈ ചിത്രത്തില്‍ എന്നതാണ് .

ഏവ തമ്മിലുള്ള വ്യത്യാസം ?

ഒന്നുമില്ല .പക്ഷെ രണ്ടാമത്തെ സാധനം കേള്‍ക്കുമ്പോള്‍ അണ്ണന് തോന്നുന്നില്ലേ ബോറടിച്ചത്തില്‍ കുറ്റം അണ്ണന്‍റെ ആണ് എന്ന് . ഇനി മറ്റൊന്ന് നായികയുടെ മുഖത്ത് ഒരു ഭാവം വരില്ല എന്നിരിക്കട്ടെ . എന്ത് പറയും ?

അഭിനയിക്കാന്‍ അറിയില്ല എന്ന് പറയും .പാവം അറിയാഞ്ഞിട്ടല്ലേ ?

ദേ .. പിന്നെയും പോയി .എവിടെ നമ്മള്‍ പറയേണ്ടത് നായിക തികച്ചും സട്ടില്‍ ആയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു തകര്‍ത്തു എന്നു പറയണം . ഇതെന്താണ് എന്ന് ആരേലും ചോദിച്ചു പോയാല്‍ അവനെ കുറെ ഇറാനിയന്‍ , കൊറിയന്‍ , ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍, സംവിധായകര്‍ ഇവരുടെ പേര് തിരിച്ചും മറിച്ചും പറഞ്ഞു പേടിപ്പിക്കണം .

ശരി എല്ലാം മനസിലായി ഇനി നിനക്ക് നത്തോലിയുടെ വിശേഷം കേള്‍ക്കണോ ?

ഓഹോ അപ്പോള്‍ സംഗതി കണ്ടല്ലേ .ശരി കേള്‍ക്കട്ടെ

നീ പറഞ്ഞത് പോലെ വി കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന , ശങ്കര്‍ രാമകൃഷ്ണന്‍ കഥ എഴുതുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലിനെ കൂടാതെ കമാലിനി മുക്കര്‍ജി ,റീമ കല്ലിംഗല്‌ , പി ബാലചന്ദ്രന്‍ ,ഐശ്വര്യ , സത്താര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു .ഇനി കഥ പ്രേമന്‍ (ഫഹദ് ഫാസില്‍ )  എന്ന, ഒരു പാര്‍പ്പിട സമുച്ചയത്തിലെ ഒന്നിനും കൊള്ളാത്ത കെയര്‍ ടേക്കര്‍ കഥാപാത്രമാണ് ഈ കഥയിലെ കേന്ദ്ര ബിന്ദു.ഇദ്ദേഹം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ നൂറാം ദിവസത്തെ ഷോക്കിടയില്‍ ആണ് പിറക്കുന്നത്‌ . ഇതിന്‍റെ പ്രസക്തി എന്നത് ഇയാള്‍ പില്‍ക്കാലത്ത് ശത്രു ആയി കാണുന്ന പെണ്‍കുട്ടിയുടെ പേര് പ്രഭ എന്നും അവരെ നേരിടാന്‍ നായകന്‍ എഴുതുന്ന നോവലിലെ വില്ലന്‍റെ പേര് നരേന്ദ്രന്‍ എന്നും ഇടാന്‍ ‍ ആകണം (ഭാഗ്യം ഇയാളെ വല്ല ആറാം തമ്പുരാന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ പ്രസവിച്ചിരുന്നു എങ്കില്‍ സ്വയം കൊളപ്പുള്ളി അപ്പന്‍ എന്നും നായികക്ക്  ഉണ്ണിമായ എന്നും പേരിട്ടേനെ!) അങ്ങനെ സകലരുടെയും പ്രത്യേകിച്ചു നായിക പ്രഭ തോമസിന്‍റെ (കമാലിനി മുഖര്‍ജി) അവഹേളനം സഹിച്ചു മതിയാകുമ്പോള്‍. അയാള്‍ ഒരു നോവല്‍ എഴുതാന്‍ തുടങ്ങുന്നു . ആ പാര്‍പ്പിട സമുച്ചയത്തിലെ  അന്തേവാസികളെ  കഥാപാത്രങ്ങളാക്കി  എഴുതുന്ന നോവലില്‍ അയാള്‍ ഒരു വില്ലനെ കൂടി സൃഷ്ടിക്കുന്നു നരേന്ദ്രന്‍ (ഫഹദ് ഫാസില്‍). തന്‍റെ നോവലിലൂടെ, അതിലെ വില്ലനായ നരേന്ദ്രനിലൂടെ, തന്നെ അവഹേളിച്ചവരോടെല്ലാം പ്രതികാരം ചെയ്തു സന്തോഷിക്കുകയാണ് പ്രേമന്‍.പക്ഷെ ഒരു ഘട്ടം കഴിയുബോള്‍ കഥാപാത്രം എഴുത്തുകാരന്‍റെ പിടിവിട്ടു പോകുന്നു. തുടര്‍ന്നുള്ള സംഭവങ്ങള്‍ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നു 

അപ്പോള്‍ സംഗതി എങ്ങനെയാ?

അനിയാ, ഈ കഥാപാത്രം കഥാകൃത്തിന്‍റെ കൈയില്‍ നിന്ന് ചാടി പോകുന്ന സംഗതി ഞാന്‍ ആദ്യമായി കാണുന്നത് ഫട്ടീച്ചര്‍ എന്ന രസികന്‍  സീരിയലില്‍ ആണ്.പങ്കജ് കപൂര്‍ അഭിനയിച്ച ആ സീരിയല്‍ തീര്‍ന്നപ്പോള്‍ സത്യത്തില്‍ സങ്കടം തോന്നി .

ഇനി ഈ സിനിമയിലേക്ക്. ആദ്യപകുതി നീ പറഞ്ഞത് പോലെ ഒടുക്കത്തെ ഡിറ്റെയിലിംഗ് ആണ്. ആ ഫ്ലാറ്റിലെ ഓരോരുത്തരെയും സമൂലം പരിചയപ്പെടുത്തിയിട്ടേ  പ്രകാശന്‍ സാറും ശങ്കര്‍ സാറും അടങ്ങു.സംഗതി നവയുഗ സിനിമ ആയതു കൊണ്ട് കഷ്ടിച്ച് സഹിച്ചിരിക്കാം.അങ്ങനെ ആ ദുരിതം മുഴുവന്‍ കഴിഞ്ഞു ഇടവേള എത്തുമ്പോളാണ് നേരത്തെ പറഞ്ഞ നോവല്‍ എഴുത്തും വില്ലനും ഒക്കെ ഉണ്ടാകുന്നതു.വില്ലന്‍ വന്നു കഴിഞ്ഞിട്ടു അയാള്‍ കഥാകൃത്തിന്‍റെ പിടിവിട്ടു തുടങ്ങുന്നത് ക്രമാനുഗതമായി അവതരിപ്പിക്കാന്‍ അഥവാ അത് കാണികളിലേക്ക് സംവേദിക്കാന്‍ തിരക്കഥാക്രിത്തിനു കഴിയുന്നില്ല എന്നിടത്തു  തുടങ്ങുന്നു ചിത്രത്തിന്‍റെ പരാജയം.പിന്നെ സിനിമ അവസാനിക്കുമ്പോള്‍ പ്രേമന്‍ ആത്മാഭിമാനമുള്ള ഒരു കെയര്‍ ടേക്കര്‍ ആയി  മാറി ജോലിയെടുക്കുന്നത്തായാണ് നമ്മള്‍ കാണുന്നത് . ഇതെങ്ങനെ സംഭവിച്ചു എന്നതിന് നല്ലൊരു വിശദീകരണം പോലും ഈ ചിത്രം നല്‍കുന്നില്ല എന്നതാണ് കഷ്ട്ടം.ഇനി നരേന്ദ്രന്റെ രണ്ടു നിമിഷത്തെ ഗിരിപ്രഭാഷണം ആണ് ആ മാറ്റം വരുത്തിയത് എന്ന് ആണ് പറയാന്‍ ശ്രമിക്കുന്നത് എങ്കില്‍ കഷ്ട്ടം എന്നല്ലാതെ മറ്റൊന്നും ഇവിടെ പറയാന്‍ ഇല്ല.

ഇനി ഒന്നാലോചിച്ചാല്‍ ഈ ഒരു സമീപനത്തിന് പകരം ഒരു
ഡോ ജെക്കിള്‍ മി .ഹൈഡ്  സമീപനം ആയിരുന്നു സ്വീകരിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ ഈ ചിത്രം തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയേനെ എന്നൊരു തോന്നല്‍.പിന്നെ സംഗതി ന്യു ജനറെഷന് ആയതു കൊണ്ട് നമ്മള് എന്ത് പറയാനാ .എല്ലാം സാറന്‍മാര്‍  പറയുന്ന പോലെ .തികച്ചും അബ്റപ്പ്റ്റ് എന്ന് പറയാവുന്ന ഒരു അവസാനം ആണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത് എന്ന് മാത്രം പറഞ്ഞോട്ടെ

അപ്പോള്‍ അഭിനയം ...

അനിയാ സകല നടീ നടന്മാരും അവരവരുടെ  ഭാഗം നന്നായി  ചെയ്തു . അപൂര്‍വമായി (വളരെ ) ഫഹദ് ഫാസില്‍ ഓവര്‍ ആകുന്നതിനു തൊട്ടു അടുത്ത്   എത്തി തിരിച്ചു വരുന്നു.

ചുരുക്കത്തില്‍ ...

ന്യു ജനറെഷന്‍  ചിത്രമല്ലേ ആസ്വദിച്ചില്ല എങ്കില്‍ മോശമല്ലേ എന്ന് കരുതി മനപൂര്‍വം ആസ്വദിക്കാന്‍ ശ്രമിച്ചാല്‍ ആസ്വദിച്ച് എന്ന് സ്വയം പറഞ്ഞു സമാധാനിക്കാന്‍ കഴിയുന്ന ഒരു ചിത്രം

Sunday, February 10, 2013

ഡ്രാക്കുള 2012 (Review : Dracula 2012)

അനിയാ ...

അണ്ണനോ ? ഞാന്‍ ഇപ്പം വന്നേക്കാം . ഇവിടെ വനിതാ ജാഗ്രതാ സമിതിയുടെ ഒരു യോഗം .ഡല്‍ഹി  സംഭവ പ്രതിഷേധമാ. കവര്‍ ചെയ്തേച്ചു  ദാ വന്നു .

നീയാരെടാ ദേ  പോയി ദാ  വരാന്‍ ..സുരേഷ് ഗോപിയോ? അത്  ഇരിക്കട്ട്  ഞാന്‍ അതല്ല ആലോചിക്കുന്നേ വന്നു വന്നു എവിടെ തിരിഞ്ഞാലും പീഡനമാണല്ലോ.  ഡ്രാക്കുളക്കെതിരെ പോലും പീഡന കേസ് കൊടുക്കുന്ന  കാലം .

അണ്ണന്‍ എന്തോ ഉദേശിച്ചു പറഞ്ഞതല്ലേ? നമ്മുടെ വിനയന്‍ സാറിന്‍റെ ഡ്രാക്കുളയെ പറ്റി  സമാനമായ ഒരു വാര്‍ത്ത‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്  ചെയ്തിരുന്നു അതാണോ ഇവിടെ വ്യംഗ്യം?  ആണെങ്കില്‍ അതിപ്പോള്‍ പറയാന്‍ കാരണം?

കാരണം ആ ചിത്രം ഇറങ്ങി അത് കാണുകയും ചെയ്തു ആയതിനാല്‍ സന്ദര്ഭവശാല്‍ ഓര്‍ത്തു പോയി എന്ന് മാത്രം .

കടവുളേ ........ഒള്ളതാ? എപ്പോള്‍? എന്ന് ? ഈ വിനയന്‍റെ ഒക്കെ പടം കാണാന്‍ പോകാന്‍ വേറെ ജോലിയില്ലേ?അതും നമ്മുടെ ന്യൂ ജനറേഷന്‍ നത്തോലി  കിടക്കുമ്പോ?

അനിയാ, വിനയന്‍ എന്ന സംവിധായകനെ പറ്റിയുള്ള അഭിപ്രായം ഞാന്‍ 
മുന്‍പ് ഒരിക്കല്‍  പറഞ്ഞിട്ടുള്ളതാണ് .ഒറ്റ വക്കില്‍ പറഞ്ഞാല്‍ ഒരല്‍പം പ്രതിഭ (പ്രതിഭ എന്നത് തിരകഥ എഴുതാനുള്ള കഴിവ് എന്ന് വായിച്ചാല്‍ മതി) കൂടി ഉണ്ടായിരുന്നെങ്കില്‍ മലയാളത്തിലെ റാം ഗോപാല്‍വര്‍മ്മ എന്ന് വിളിക്കാവുന്ന സംവിധായകനാണ് വിനയന്‍ എന്ന് ഞാന്‍ കരുതുന്നു .ഒരു കൈ കൊണ്ട് സിനിമ ഉണ്ടാക്കുകയും മറ്റേ കൈ കൊണ്ട് ലോകത്തോട്‌ മുഴുവന്‍ യുദ്ധം ചെയ്തു കൊണ്ട് ആ മനുഷ്യന്‍ ഉണ്ടാക്കി വിടുന്ന സിനിമകള്‍  ഈ വിധത്തിലുള്ള ഒരു പ്രശ്നവുമില്ലാതെ എടുക്കുന്ന ലോകപാല്‍ (ജോഷി), ലിവിംഗ് ടുഗദെര്‍ (ഫാസില്‍)  സ്പാനിഷ്‌ മസാല (ലാല്‍ ജോസ് ) തുടങ്ങിയ മഹാരഥന്‍ന്മാര്‍  എടുത്ത  മേല്‍പറഞ്ഞ   ഏതു ചിത്രങ്ങളെക്കാലും എങ്ങനെ മോശം ആകുന്നു എന്ന് എങ്ങനെ ആലോചിച്ചിട്ടും  എനിക്ക് മനസിലാകുന്നില്ല. വേറെ ഒന്നും വേണ്ട നല്ല ഒരു തിരക്കഥകൃത്തിനെ മാത്രം കിട്ടാതിരുന്നാല്‍ മൂക്കു കുത്തി വീഴുന്നവരാണ് ഈ ആചാര്യന്മാര്‍ എന്നത് വേറെ.

അണ്ണാ കാട് കേറാതെ ഈ ചിത്രത്തെ പറ്റി  ഒന്ന്.....

ആകാശ് ഫിലിംസിന്‍റെ   ബാനറില്‍ വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ സുധീര്‍ സുകുമാരന്‍,മോനാല്‍ ഗജ്ജാര്‍,ശ്രദ്ധ ദാസ് , പ്രിയ നമ്പ്യാര്‍,പ്രഭു, നാസ്സര്‍,കൃഷ്ണ, ആര്യന്‍, തുടങ്ങിയവരാണ്. സംഗീതം ബാബിത്  ജോര്‍ജ് ,ചായാഗ്രഹണം സതിഷ്  ജി .ഇങ്ങനെ കുറെ സഹസികര്‍ ആണ് ഈ ചിത്രത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചത്.റുമാനിയായിലെ ബ്രാന്‍ കൊട്ടാരത്തില്‍ (ഡ്രാക്കുളാ  കൊട്ടാരമായി കരുതപ്പെടുന്ന സ്ഥലം)  വെച്ച് ചിത്രീകരിച്ചു (പൂര്‍ണ്ണമായും  അല്ല ) എന്നതാണ് ഈ 3D  ചിത്രത്തിന് അവകാശപ്പെടാവുന്ന ഒരു പുതുമ.  

ട്രാന്‍സില്‍വാനിയയില്‍  മധുവിധുവിന് എത്തുന്ന റോയ് (ആര്യന്‍)  ലുസി (പ്രിയ) ദമ്പതികളില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത് .മന്ത്രവാദത്തില്‍ താല്പര്യം ഉള്ള , കുറേകാലം ഒരു മാന്ത്രികനായ സൂര്യന്‍ നമ്പൂതിരിയുടെ (നാസ്സര്‍) കീഴില്‍ മന്ത്രവാദം പഠിച്ച റോയി  ഡ്രാക്കുള കൊട്ടാരം സന്ദര്‍ശിക്കുന്നു .അവിടെ വെച്ച്  ഡ്രാക്കുളയുടെ ആത്മാവിനെ മന്ത്രപ്രയോഗത്തിലൂടെ  മോചിപ്പിക്കാനുള്ള ശ്രമത്തില്‍ റോയ് വിജയിക്കുന്നു .തന്നെ  മോചിപ്പിക്കുന്ന റോയിയെ വധിച്ചതിനു ശേഷം അയാളുടെ ശരീരത്തില്‍ പ്രവേശിക്കുന്നു കൌണ്ട്  ഡ്രാക്കുള.റോയിയുടെ  ശരീരത്തില്‍  പ്രവേശിച്ച് കേരളത്തില്‍ എത്തുന്ന ഡ്രാക്കുള  തന്‍റെ സഹായിയായി കണ്ടെത്തുന്നത് രാജു (ആര്യന്‍) എന്ന ചെറുപ്പക്കാരനെയാണ്. ഇയാള്‍ സൂര്യന്‍  നമ്പൂതിരിയുടെ ബന്ധുവും മകള്‍ മീനയുടെ  (മോനാല്‍ ഗജ്ജാര്‍)  കാമുകനും ആണ് .യദ്രിശ്ചികമായി മീനയുടെ ചിത്രം കാണുന്ന ഡ്രാക്കുള തന്‍റെ മനുഷ്യജന്മത്തിലെ കാമുകിയുമായുള്ള രൂപ സാദ്രിശ്യം അവളില്‍ കണ്ടു മീനയെ വശപ്പെടുത്താന്‍ ശ്രമിക്കുന്നു (സമാനമായ വെര്‍ഷന്‍  ഹോളിവൂഡില്‍  വന്നിട്ടുണ്ട്  എന്നാണ് ഓര്‍മമ ). ഇതിനായുള്ള ശ്രമങ്ങളില്‍ പലരും കൊല്ലപ്പെടുന്നു.ഇതിനിടെ എവിടെ നിന്നോ വരുന്ന (സത്യമായും) പീറ്റേഴ്സണ്‍ ‍ (പ്രഭു ) എന്നൊരു കഥാപാത്രവും ഡ്രാക്കുളക്കെതിരായ പോരാട്ടത്തില്‍ ചേരുന്നു. ഒടുവില്‍ സംഗതി ശുഭമായി അവസാനിക്കുന്നു .ഒരു വിധം തട്ടി മുട്ടി പോകുന്ന ചിത്രം അവസാനം ആകുമ്പോള്‍ തിരകഥ -സംഭാഷണ മികവു  കാരണം  മൂക്കിടിച്ചു  വീഴുന്നു എന്നതാണ് കഷ്ട്ടം   .

വിനയന്‍ തിരകഥ എഴുതുമ്പോള്‍ വരുന്ന പ്രശ്നം പലപ്പോഴും പല രംഗങ്ങളെയും സില്ലി ആക്കി എടുത്തു ആ ചിത്രത്തിന്‍റെ മൊത്തം ഫീലും ഇല്ലാതാക്കും  എന്നതാണ്. ദാദ സാഹിബ് എന്ന ചിത്രത്തില്‍ അച്ഛനും മകനും വേഷം മാറി രാജന്‌ പി ദേവിനെ പറ്റിക്കുന്ന രംഗം ഓര്‍ക്കുക.സമാനമായ പ്രശ്നങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. താരയുമായുള്ള ഡ്രാക്കുളയുടെ രംഗങ്ങള്‍ ഇരുവരുടെയും കഴിവുകള്‍ തമ്മിലുള്ള ഒരു ബലപരീക്ഷണം പോലെ ചിത്രീകരിച്ചു , അതിന്‍റെ ഒരു പ്രതീകാത്മകമായി നൃത്ത രംഗം കാണിച്ചിരുന്നു എങ്കില്‍ വരുമായിരുന്ന മാറ്റം വെറും ഒരു ചെറിയ ഉദാഹരണമാണ്‌. ഒറിജിനല്‍ ഡ്രാക്കുള മലയാളീകരിക്കാന്‍ വിനയന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മേല്പറഞ്ഞ പോലുള്ള സംഗതികള്‍ അത് നശിപ്പിക്കുന്നു 
   
ഇനി ഈ സിനിമയുടെ വിവിധ വശങ്ങളെ പറ്റി


സാങ്കേതികമായി ഈ ചിത്രം നല്ല നിലവാരം പുലര്‍ത്തുന്നു 3d യുടെ സാധ്യതതകള്‍ നന്നായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ചെലവ് കുറച്ചു എടുത്തതിന്‍റെ കുറവുകള്‍ കാണാന്‍ ഉണ്ടെങ്കിലും ഉള്ളത് കൊണ്ട് പരമാവധി പൊലിപ്പിച്ചിട്ടുണ്ട് .

അഭിനേതാക്കള്‍, ഒരു വിധം എല്ലാവരും അവരവരുടെ ഭാഗം നന്നാക്കിയിട്ടുണ്ട് .(ഡ്രാക്കുള ഉള്‍പ്പെടെ) . സംഭാഷണങ്ങള്‍ ഇടയ്ക്കിടെ ചിരി ഉളവാക്കുന്നു എന്നത് അവരുടെ കുറ്റമല്ലല്ലോ !!!

നായികയെ കാണാന്‍ നല്ല ഭംഗി.വിനയന്‍റെ നായികമാര്‍ പൊതുവെ സുന്ദരിമാരാണ് എന്നാണ് എന്‍റെ അഭിപ്രായം .

പ്രഭു എന്ന നടന്‍റെ കഥാപാത്രം തമാശയാണോ സീരിയസ് ആണോ എന്നത് അവസാനം വരെ ഒരു ചോദ്യചിഹ്നമായി നില നില്‍ക്കും .അദ്ദേഹത്തിന്‍റെ  മാത്രമല്ല പല  കഥാപാത്രങ്ങള്‍ക്കും വാലും തലയും  ഇല്ല

ഡ്രാക്കുള പ്രഭുവിന്‍റെ  പൂര്‍വകഥ കുറച്ചു കൂടി റിച്ച് ആയി എടുത്തിരുന്നു എങ്കില്‍ നന്നായേനെ (വിനയന്‍ ഇതെങ്ങാനും വായിച്ചാല്‍ എന്നെ തെറി പറയും.ഒരാഗ്രഹം പറഞ്ഞതാണെ !!) ഒറിജിനല്‍ അത് പോലെ അടിച്ചു മാറ്റിയാല്‍ മതിയായിരുന്നു .

തിരക്കഥയാണ് ഈ ചിത്രത്തിന്‍റെ മുഖ്യ ശത്രു .സംഗതി അദ്ദേഹത്തിന് അറിയില്ല .ആരെയും കിട്ടാത്തത് കൊണ്ടുള്ള ഗതികേടു കൊണ്ട് സ്വയം പ്രസ്തുത കൃത്യം നിര്‍വഹിക്കുന്നു എന്നാണ് എന്‍റെ വിശ്വാസം.ഒന്ന് നോക്കിയാല്‍ വിശ്വരൂപത്തിനും അതേ പ്രശനം തന്നെയാണ് ഉള്ളത് . നമുക്ക് ആ ചിത്രം കാണുമ്പോള്‍ അത് അത്ര തോന്നാത്തത് കമല്‍ എന്ന നടന് തിരകഥ വഴങ്ങില്ല എങ്കിലും സംഭാഷണം വളരെ നന്നായി എഴുത്തും എന്നത് കൊണ്ടാണ് (പലപ്പോഴും ഇതിനെ നല്ല തിരക്കഥ ആയി തെറ്റിധരിക്കാറും ഉണ്ട് ) അദ്ദേഹം പലപ്പോഴും തടി തപ്പുന്നത് .മാത്രമല്ല കമലഹാസന്‍ എന്ന താരമൂല്യം ഉള്ള നടനും അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ ഉണ്ട് എന്നതും ഓര്‍ക്കണം .എന്നാല്‍ വിനയന് ആകട്ടെ സംഭാഷണവും തീരെ വഴങ്ങില്ല എന്ന് ഞാന്‍ കരുതുന്നു ഈ ഘടകം അദേഹത്തിന്റെ സ്വതവേ വലിയ മെച്ചമില്ലാത്ത തിരക്കഥയെ നിലവാരമില്ലായിമ്മയിലേക്ക് നയിക്കുന്നു

അല്ല അണ്ണാ ഈ സിനിമയില്‍ ഡ്രാക്കുള ആയി അഭിനയിക്കുന്നത് ഏതോ സീരിയല്‍ നടനല്ലേ ?

അതിനെന്താ? നമ്മുടെ ജയസൂര്യ ഒക്കെ തന്‍റെ ആദ്യ ചിത്രത്തില്‍ (വിനയന്‍റെ) അഭിനയിക്കുമ്പോള്‍ അത് തന്നെ ആയിരുന്നു വിലാസം.പിന്നെ ഇതെങ്കിലും ഒപ്പിച്ച പാട് വിനയന് അറിയാം. അല്ലെങ്കില്‍ പിന്നെ വിനയന്‍ തന്നെ നേരിട്ട് ഡ്രാക്കുള ആയി അഭിനയികേണ്ടി വരും അതും ചെയ്യിക്കുമോ നീയൊക്കെ ആ മനുഷ്യനെ കൊണ്ട് .

അതിലിപ്പം ഇത്ര മോശം എന്താ? നമ്മുടെ ബാലചന്ദ്രമേനോന്‍ ഒക്കെ അഭിനയിചിട്ടില്ലേ  പ്രധാന കഥാപാത്രമായി ?

എന്നിട്ട് വേണം ഡ്രാക്കുളയെ കുരിശു കാണിച്ചാല്‍ കര്‍ത്താവു ആ കുരിശില്‍ നിന്ന് ഇറങ്ങി വന്നു അങ്ങേരോട് മാപ്പ് ചോദിച്ചിട്ട് തിരിച്ചു കുരിശില്‍ കേറി കിടക്കുന്ന രംഗം കൂടി കാണേണ്ടി വരുന്നത് . അതിലും ഭേദം അനൂപ്‌ മേനോന്‍ അല്ലെ .  എല്ലാമറിയുന്ന ഒരു ഡ്രാക്കുള.......... തകര്‍ത്തേനെ പുള്ളി !!!!ചുമ്മാ തമാശ പറഞ്ഞതാ അനിയാ വിട്ടുകള .

ശരി അപ്പോള്‍ ഈ ചിത്രം ......

സിനിമ ആലോചിച്ചു തുടങ്ങുന്നത് മുതല്‌ ലോകത്തോട്‌ മുഴുവന്‍ പൊരുതി  ഒടുവില്‍ ക്രിസ്റ്റഫര്‍ ലീ  ആകാന്‍  പറഞ്ഞവന്‍ കേറി  ടി ജി രവി ആയതു വരെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍ ഇടയില്‍ വാര്‍ത്തെടുത്ത ഈ കലാസൃഷ്ട്ടി ബെന്‍ഹര്‍ ആയിരിക്കും എന്ന പ്രതീക്ഷ ഒന്നും കാണാന്‍ പോകുമ്പോള്‍ എനിക്ക് ഉണ്ടായിരുന്നില്ല .പിന്നെ യക്ഷിയും ഞാനും, രഘുവിന്‍റെ സ്വന്തം റസിയ എന്നീ ചിത്രങ്ങളെക്കാള്‍ ഭേദമാണ് ഈ ഡ്രാക്കുള എന്ന് ഞാന്‍ കരുതുന്നു (സാങ്കേതികമായ്  വളരെ മുന്നിലും ) .

പറയുമ്പോള്‍ എല്ലാം പറയണമല്ലോ ,ആരും അംഗീകരിക്കില്ല എങ്കിലും തട്ടത്തിന്‍ മറയത്തു, അന്നയും റസൂലും പോലുള്ള ചിത്രങ്ങളുടെ അടിസ്ഥാന സംഗതി രഘുവിന്‍റെ റസിയ അല്ലേ അനിയാ ?

Monday, February 4, 2013

കടല്‍ (Kadal : Review)

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട .....

മനസിലായില്ല ......

കമ്മത്തും പാലവും ഒക്കെ കണ്ടു മനസ്സ് മടുത്തു തമിഴ് സിനിമ കാണാന്‍ കേറിയാല്‍ അവിടെ അലക്സ്‌ പാണ്ട്യന്‍ .....

ഇതാണ് അണ്ണാ വിവരമുള്ള എന്നെ പോലുള്ള ആളുകളെ സമീപിക്കണം എന്ന് പറയുന്നേ .അണ്ണന്‍ മണിരത്നം സംവിധാനം ചെയ്ത കടല്‍ ഇറങ്ങിയത്‌ അറിഞ്ഞില്ലേ ?

അറിഞ്ഞെടെ , ശനിയാഴ്ച തന്നെ സംഗതി കാണുകയും ചെയ്തു.

പിന്നെ എന്താ ഒരു അനക്കം ഇല്ലാത്തത് . അണ്ണന്‍ അല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളുടെ സ്വന്തം ആളല്ലേ?

അനിയാ നിനക്ക് മറ്റുള്ളവരെ ബ്രാന്‍ഡ്‌ ചെയ്യലല്ലാതെ വേറെ പണി ഒന്നും ഇല്ലേ ? ഇന്നലെ സ്ഥലത്ത് ഇല്ലായിരുന്നു എന്നതാണ് വൈകിയതിനുള്ള കാരണം..


ശരി അതൊക്കെ ഇരിക്കട്ടെ. ഈ പടം എങ്ങനെയുണ്ട്? മണിരത്നം, എ ആര്‍ റഹ്മാന്‍,രാജീവ്‌ മേനോന്‍ പ്രതിഭാ സംഗമം അല്ലിയോ. പിന്നെ അഭിനേതാക്കള്‍ വന്നിട്ട് അരവിന്ദ് സ്വാമി, അര്‍ജുന്‍, കാര്‍ത്തിക്ക് മകന്‍ ഗൗതം കാര്‍ത്തിക്ക്, രാധയുടെ മകള്‍ തുളസി നായര്‍, (കാര്‍ത്തിക്ക്, രാധ എന്നിവര്‍  അരങ്ങേറിയ അലയ്ക്കള്‍ ഒയിവതില്ലൈ എന്ന ചിത്ര ഓര്‍മ്മകള്)‍ , കടലോര പശ്ചാത്തലം, പ്രണയം.ഹോ..... ഓര്‍ത്തിട്ടു തന്നെ രോമാഞ്ചം.. ഇതിനൊന്നും ചോദിക്കാനില്ല എന്നറിയാം എന്നാലും ഒരു മര്യാദക്ക് ചോദിച്ചെന്നേ ഉള്ളു.

നല്ലൊരു കഥ ഇല്ല എങ്കില്‍ എന്ത് ഉണ്ടായിട്ടും കാര്യമില്ല എന്ന് നമുക്ക് മനസിലാക്കി തരാന്‍ ഒരു പക്ഷെ നീ ഈ പറഞ്ഞ കാര്യങ്ങള്‍ ഉപകരിച്ചേക്കും.

അതെന്താ ഈ സിനിമയുടെ കഥ കൊള്ളില്ലേ.

അനിയാ കഥ തുടങ്ങുന്നത് ഒരു സെമിനാരിയില്‍ നിന്നാണ് സമ്പന്ന കുടുംബത്തില്‍ നിന്ന് വൈദികന്‌ ആകാന്‍ ആഗ്രഹിച്ചു എത്തുന്ന സാം ഫെര്‍ണാഡോ (അരവിന്ദ് സ്വാമി) അവിടെ നേരത്തെ തന്നെയുള്ള, ദാരിദ്രം മുലം അവിടെ എത്തിയ ബര്‍ഗ്മാന്‍ (അര്‍ജുന്‍).ബര്‍ഗ്മാന്‍റെ ഒരു തെറ്റു മൂടി വയ്ക്കാന്  കൂട്ടാക്കാത്ത സാം കാരണം പുറത്തു പോകേണ്ടി വരുന്ന ബര്‍ഗ്മാനില്‍ നിന്ന് സിനിമ നേരെ പോകുന്നത് അവിഹിത ബന്ധത്തില്‍ ജനിച്ച, അമ്മ മരിച്ചു പോയ കടലോരത്ത് ജീവിക്കുന്ന ഒരു കൊച്ചു കുട്ടിയിലാണ്‌. അവന്‍റെ അച്ഛനായ ചെട്ടി (പൊന്‍വര്‍ണ്ണന്‍ ) അവനെ അംഗീകരിക്കുന്നില്ല.സമൂഹത്തില്‍ മിസ്‌ ഫിറ്റ്‌ ആയി വളര്‍ന്നു വരുന്ന ആ കുട്ടിക്ക് അവിടെ വികാരിയായി എത്തുന്ന ഫാ . സാമുമായി അടുക്കുമ്പോള്‍ മാറ്റം ഉണ്ടാകുന്നു .ഫാ സാമിന്‍റെ പ്രേരണയാല്‍  മീന്‍ പിടിത്തക്കാരുടെ കൂടെ ചേര്‍ന്ന് ജോലി ചെയ്തു വളരുന്ന കുട്ടി വലുതാകുന്നു (ഗൗതം കാര്‍ത്തിക്ക് ).യദ്രിശ്ചികമായി ഒരു നാള്‍ കണ്ടു മുട്ടുന്ന പെണ്‍കുട്ടിയോടുള്ള പ്രണയം. ഇതിനിടയില്‍ സാമിന്‍റെ ജീവിതത്തിലേക്ക് വീണ്ടും കടന്നു വരുന്ന ബര്‍ഗ്മാന്‍.വെടിയേറ്റ്‌ വീണു കിടക്കുന്ന അയാളെ സഹായിക്കുകയും ഒപ്പം ബര്‍ഗ്മാന്‍റെ ചതിയില്‍ ‍ അകപ്പെട്ടു എല്ലാം നഷ്ട്ടപ്പെട്ടു ജയില്‍ ശിക്ഷ അനുഭവികേണ്ടി വരുന്ന ഫാ സാം അങ്ങനെ സാമിന് സംഭവിക്കുന്ന  ദുരന്തങ്ങള്‍.സാമും ബര്‍ഗ്മാനും ദൈവത്തെയും ചെകുത്താനെയും പ്രതിനിധീകരിക്കുമ്പോള്‍ അവര്‍ ക്കിടയില്‍ ഊഞ്ഞാല്‌ ആടുന്ന സാധാരണ മനുഷ്യരെ നായകന്‍ ഗൗതം കാര്‍ത്തിക്ക് പ്രതിനിധാനം ചെയ്യുന്നു.

കിടിലം കഥയാണല്ലോ അണ്ണാ . ഇതാണോ നിങ്ങള്ക്ക് പിടിക്കാത്തത്?

ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ ഇത്രയും സാധ്യതകള്‍ ‍ ഉള്ള ഒരു ചിത്രത്തെ ഇത്ര ബാലിശമായി എടുത്തു നശിപ്പിച്ചു എന്നാണ്. ആ നായികയുടെ കഥാപാത്രത്തെ സൃഷ്ട്ടിച്ചവരെ കല്ലെടുത്തെറിയാന്‍ തോന്നും .(കൊച്ചു ആണെങ്കില്‍ പ്രസവം വരെ ഒറ്റയ്ക്ക് കൈകാര്യം ചെയ്യും .പക്ഷെ മനസ്സിന് രണ്ടു വയസ്സുകാരിയുടെ വളര്‍ച്ചയെ ഉള്ളു).പൊതുവായി പറഞ്ഞാല്‍ ധീരമായ രംഗങ്ങള്‍ ആണ് ഈ സിനിമ നിറയെ (കാണുന്നവര്‍ക്ക്  എന്ത് തോന്നും എന്നത് വക വെയ്ക്കാതെ ചെയ്യുന്നത് ധീരത ആയി കാണാറുണ്ടല്ലോ !!).അതായിത് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പ്രത്യേകിച്ചു പ്രകോപനം ഒന്നും വേണ്ട .കാണികള്‍ക്ക് എന്ത് തോന്നും എന്ന ചിന്ത തീരെയില്ല പോരെ അനിയാ ?ബര്‍ഗ്മാന്‍ ഇത്രയും കാലത്തിനു ശേഷം സമിനൊടു  പ്രതികാരം ചെയ്യാന്‍  ഉള്ള കാരണം രീതി ഇവയൊന്നും കാണികള്‍ക്ക് ദഹിക്കും എന്ന് കരുതാന്‍ പ്രയാസം . ക്ലൈമാക്സില്‍ ചെകുത്താന്‍ സ്വന്തം മകളെ കൊല്ലാന്‍  ശ്രമിക്കുന്നത് പോലും എന്തിന്‍റെ പേരില്‍ ആണെന്ന്  മനസിലാക്കാന്‍    ബുദ്ധിമുട്ടാണ് . നായകന്‍ ചെകുത്തനുമായി സൌഹൃദത്തില്‍ ആകുന്നതും തെറ്റുന്നതും പ്രത്യേകിച്ചു പ്രകോപനം ഒന്നും ഇല്ലാതെയാണ്


അത് ശരി, സംഗീതം , ചായാഗ്രഹണം തുടങ്ങിയവ ?

ഈ റഹിമാന്‍റെ ഒക്കെ പാട്ടുകള്‍ ഇഷ്ട്ട്ടപ്പെടണം  എങ്കില്‍ കുറെ പ്രാവശ്യം കേള്‍‍ക്കണം എന്നാണ് അനുഭവം. അങ്ങനെ കേള്‍ക്കുമ്പോള്‍ ഇഷ്ട്ടപ്പെടുമാ യിരിക്കും.സിനിമ കണ്ടിട്ട് എനിക്കൊന്നും തോന്നിയില്ല എന്നതാണ് സത്യം

അപ്പോള്‍ അഭിനയമോ ?

പുതിയ നായിക നിരാശപ്പെടുത്തുന്നു .നായകന്‍ ഒപ്പിച്ചു പോകും  .ദൈവവും ചെകുത്താനും അവര്‍ അവരുടെ റോളുകള്‍ കഴിയുന്നത്ര നന്നാക്കിയിട്ടുണ്ട് പക്ഷെ കഥ തിരകഥ മുതലായ  സാധനങ്ങള്‍ ഇല്ലാതെ ദൈവവും ചെകുത്താനും എന്ത് ചെയ്തിട്ടു എന്ത് കാര്യം? നല്ല ഒരു തുടക്കത്തിനു ശേഷം ഇങ്ങനെ ഒരിടത്തും എത്താതെ പരുവത്തില്‍ സിനിമ എത്തിക്കുന്നതില്‍ സംവിധായകന്‍ മണിരത്നം,കഥ എഴുതിയ ജയമോഹന്‍ എന്നിവരുടെ പങ്കു പ്രത്യേകം എടുത്തു പറയേണ്ടതാണ്‌ .കടലോരപ്രദേശത്ത് നടക്കുന്നു എന്നല്ലാതെ കടല്‍ എന്ന പേരിനു പോലും ഒരു അര്‍ഥവും ഇല്ല എന്നതാണ് സത്യം. ആലപ്പുഴ പോലുള്ള സ്ഥലങ്ങളില്‍ വെച്ചെടുത്ത രംഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നത് വേറെ . ക്ലൈമാക്സ്‌ ഒക്കെ എങ്ങനെ എങ്കിലും ഒന്ന് തീര്‍ന്നു കിട്ടിയാല്‍ വീട്ടില്‍ പോകാം എന്ന പരുവത്തില്‍ ആണ്  .

അല്ല ചുരുക്കമാ  ശോന്നാല്‍ ....?

മണിരത്നം നായകന് ശേഷം തൊട്ടു മുന്‍പത്തെ പടത്തെക്കാളും മോശമായെ അടുത്ത പടം ചെയ്തിട്ടുള്ളൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്  . ഈ ചിത്രവും അതിനൊരു അപവാദമല്ല .

Saturday, February 2, 2013

ലോക്പാല്‍ (Lokpaal Review)

തിരിച്ചു കിട്ടി .. കളഞ്ഞു കിട്ടി ....................

അനിയാ  നീ ഭയങ്കര ആവേശത്തില്‍ ആണല്ലോ  എന്ത് പറ്റി ?

അറിഞ്ഞില്ലേ അണ്ണാ  നമ്മുടെ പ്രിയങ്കരനായ ലാലേട്ടനെ മലയാളികള്‍ക്ക് തിരിച്ചു കിട്ടിയ വിവരം അറിഞ്ഞില്ലേ?  ഇന്നലെ ഉച്ചക്ക് ശ്രീ ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെയാണ്  ഈ മഹാ അത്ഭുദം സംഭവിച്ചത്.ഈ അഭിമാന മുഹൂര്‍ത്തം ആഘോഷിക്കാനായി ഇന്ന് എല്ലാ സ്ക്കൂളുകള്‍ക്കും  അവധി പ്രഖ്യാപിക്കണം എന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട് .
അനിയാ അറിയാന്‍ വയ്യാത്തത് കൊണ്ട്  മാത്രം ചോദിക്കുവാ . ഇതിനൊരു അവസാനം ഇല്ലേ? ഇങ്ങേരുടെ  ഏതു പടം ഇറങ്ങിയാലും ഇതു തന്നെയാണല്ലോ കേള്‍ക്കുന്നത്

അതെന്തു അണ്ണാ അങ്ങനെ അങ്ങ് ചോദിച്ചത്?  ഈ പടത്തില്‍ എന്താ ഇല്ലാത്തത്? ലാലേട്ടന് ലാലേട്ടന്‍, ജോഷിക്ക് ജോഷി, എസ് എന്‍ സ്വാമിക്ക് അത് പിന്നെ ഭക്ഷണം, സന്ദേശം, സാമൂഹ്യപ്രസക്തി,രതീഷ്‌ വേഗ , ഒരാവശ്യവുമില്ലാത്ത  നായികമാരുടെ നിര ഇതൊന്നും പോരെങ്കില്‍ ലാലേട്ടന്‍ പല ഗെറ്റപ്പില്‍ ദര്‍ശനം നല്‍കി നമ്മെ അനുഗ്രഹിക്കുന്നു. ഇതില്‍  കൂടുതല്‍ ഇപ്പോള്‍ എന്നാ വേണം എന്നാ ?

അനിയാ അടങ്ങ്‌ . നീ സിനിമ കണ്ടോ ?

അല്ല , അങ്ങനെ ചോദിച്ചാല്‍ .....

എടാ മഹാപാപി ആ പടം കാണാതെയാണ് ഈ വാചകമൊക്കെ അല്ലെ ?

അല്ല .. അത് പിന്നെ .. അതിരിക്കട്ടെ അണ്ണന്‍ പടം കണ്ടോ ?

പിന്നെ കാണാതെ?  ലാലേട്ടനെ കൂടാതെ ടി ജി രവി, മീര നന്ദന്‍, കാവ്യാ മാധവന്‍, സായി കുമാര്‍, മനോജ്‌ കെ ജയന്‍, കുംകി എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച തമ്പി രാമയ്യ,ഷമ്മി തിലകന്‍ അങ്ങനെ കുറെ പേര്‍ ഈ സിനിമയില്‍ വന്നു ഡയലോഗ് പറഞ്ഞു പോകുന്നു .

അല്ല തികച്ചും ഉദ്യോഗജനകമായ ഒരു പ്രമേയം ആണെന്നാണല്ലോ കേട്ടത് ?

പിന്നല്ലേ ഒരു ദിവസം കേരളത്തില്‍ പെട്ടന്ന് ലോകപാല്‍ എന്നൊരു സാധനം (സംഭവം ) ഉണ്ടാകുന്നു . അതിനു സ്വന്തമായി ഒരു വെബ്‌ സൈറ്റും മറ്റുമുണ്ട് അവിടെ ആര്‍ക്കും സങ്കടം പറയാം (പാട്ട്ഡഡിക്കേറ്റ് ചെയ്യാം. പോലീസുകാര്‍ അത് കാണുന്നതായി കാണിച്ചു നമ്മെ ഉപദ്രവിക്കാം ) .ആരെങ്കിലും കള്ളപ്പണം ഉണ്ടാക്കുന്നതായി ഉള്ള പരാതി കിട്ടിയാല്‍ ലോകപാലം അവിടെ കേറി ആ കാശു മോഷ്ട്ട്ടിക്കും.വേഷം മാറിയായിരിക്കും മോഷണം. ഒരിക്കല്‍ ഉപയോഗിച്ച വേഷം പിന്നൊരിക്കലും ഉപയോഗിക്കില്ല. ആര് ചോദിച്ചാലും അദ്ദേഹം താനാണ് പാലം എന്ന് സമ്മതിക്കും .(ചോദിക്കാത്തത് അദ്ദേഹത്തിന്റെ കുറ്റം അല്ലല്ലോ ).പക്ഷെ ആരാണ് ഈ ലോകപാലം എന്ന് ആര്‍ക്കും അറിയില്ല.

പിന്നെ ഒരു ഹോബി എന്ന നിലയ്ക്ക് ഇദ്ദേഹം നന്ദഗോപാല്‍ എന്ന പേരും ഫുഡ്‌ കോര്‍ട്ട് നടത്തുക എന്ന പണിയും സ്വീകരിച്ചിട്ടുണ്ട് . അവിടെ ജോലി ചെയ്യുന്നവര്‍ മുതല്‍ പലര്‍ക്കും ഇങ്ങേര്‍ ആണ് മറ്റേ പാലം ആണ് എന്നറിയാം (ചുരുക്കത്തില്‍ വില്ലന്മാര്‍ക്കൊഴികെ മിക്കവാറും എല്ലാവര്‍ക്കും  അറിയാം എന്ന് അര്‍ഥം) .ഇനി ഇദ്ദേഹം എന്തിനാണ് ഈ പാലമായി മാറിയത് എന്ന ചോദ്യത്തിന് ഉത്തരം കരള്‍ അലിയിക്കുന്ന ഒരു കദന കഥയാണ്

ഒരു മിനിട്ട് ഒന്ന് കര്‍ചീഫ് എടുത്തോട്ടെ....... ഇനി പറഞ്ഞോ.

പണ്ട് പണ്ട് ലാലേട്ടന്‍ കുട്ടിയായിരുന്നപ്പോള്‍ അച്ഛന് അസുഖം.സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍ ചികിത്സിക്കണം എങ്കില്‍ കാശു കൊടുക്കണം . ലാലേട്ടന്റെ പാവം അമ്മ കൈയില് ഉള്ളതൊക്കെ കൊടുത്തിട്ടും ഡോക്ടറിന്  പോര.അവിഹിതം കൂടി വേണം എന്നായി ആവശ്യം  .ബാലനായ ലാലേട്ടന്‍ ഡോക്ടറെ കുത്തി ദുര്‍ഗുണപരിഹാര കേന്ദ്രത്തിലേക്ക് പോകുന്നു. അന്ന് തീരുമാനിച്ചതാ താന്‍ ഒരു പാലമായെ അടങ്ങു എന്ന് .

പിന്നെ വേറെ ഏതാണ്ടൊക്കെയോ ഉണ്ട് . ലാലേട്ടനന്റെ  പഴയ പ്രണയം (കാവ്യ) (അത് അങ്ങേരാ പാലം ആകാന്‍ തീരുമാനിച്ചപ്പോള്‍ വേണ്ട എന്ന് വെച്ചതാ- വേര്‍പിരിഞ്ഞ ഭാര്യയായിരുന്നു ഒരു നാട്ടു നടപ്പ് !! )പുതിയ പ്രണയം (പ്രണയം ഒന്നും ഉണ്ടെന്നു പറയുന്നില്ല എന്നാലും ജെയിന്‍ എന്ന ചാനല്‍  പ്രവര്‍ത്തക അദ്ദേഹം എന്നെ ഒന്ന് പ്രണയിച്ചെങ്കില്‍ എന്‍റെ ഭാഗ്യം എന്ന മട്ടില്‍ നടക്കുന്നുണ്ട് സിനിമയില്‍ ) .യുവതലമുറയുടെ ഇടയില്‍ ആണെങ്കില്‍ പാലം ഒരു ഹരമാണ് (കേരളത്തിലെ സ്വാശ്രയ ബ്രോയിലര്‍ പിള്ളേരുടെ കാര്യമാ ഈ പറയുന്നേ).കുംകി എന്ന പടത്തില്‍ അഭിനയിച്ചു തകര്‍ത്ത തമ്പി രാമയ്യ എന്ന നടനെയൊക്കെ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് കണ്ടാല്‍ മലയാള സിനിമ എന്ത് കൊണ്ട് ഇങ്ങനെയായി എന്ന് പെട്ടന്ന് മനസിലാകും.മനോജ്‌ കെ ജയനും, കാവ്യയുമൊക്കെ എപ്പോളാണ് കേറി അഭിനയിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല .അഭിനയിച്ചു തുടങ്ങിയാലോ തിയറ്ററില്‍ ആളുകള്‍ തലകുത്തി നിന്ന് ചിരിയാണ്.

തള്ളെ , മനോജും കാവ്യയും  കോമഡിയാ ? കലക്കിയിട്ടുണ്ടോ അണ്ണാ ?

പിന്നെ . തകര്‍ത്തിട്ടുണ്ട് . നമുക്ക് ചിരി നിറുത്താന്‍ പറ്റില്ല . ആകെ ഒരു പ്രശ്നമുള്ളത് അവര്‍ നമ്മളെ ചിരിസിപ്പിച്ചു കൊള്ളുന്ന സീനുകള്‍ അവളെ സംഘര്‍ഷ  ഭരിതവും, വികാരനിര്‍ഭരവും ആണ് എന്നാ തെറ്റിദ്ധാരണയില്‍ ആന്നു ജോഷി സാറും, എസ എന്‍ സ്വാമി സാറും എടുത്തു വെച്ചിരിക്കുന്നത് എന്ന് മാത്രം

ഉള്ളതില്‍ ഭേദം മാനുവല്‍ എന്ന ബ്ലേഡ് സ്ഥാപന ഉടമ (സായി കുമാര്‍) യും പിന്നെ വിദ്യാസാഗര്‍ എന്ന സ്വാശ്രയ കോളേജ് ഉടമയായി വരുന്ന ഷമ്മി തിലകനുമാണ് (ഉള്ളതില്‍ ഭേദം  എന്നത് പ്രത്യേകം ശ്രദ്ധിക്കുക )

അല്ല അണ്ണാ, നേരത്തെ പറഞ്ഞതില്‍ ഒരു സംശയം. ഈ പാലം രഹസ്യമായി മോഷ്ട്ടിക്കുന്നു . മോഷ്ടിക്കപ്പെട്ടവര്‍ സംഗതി കള്ള പണം ആയതു കൊണ്ട് പരാതിപ്പെടുന്നില്ല .പിന്നെങ്ങനെ ഈ ലോക പാലം ഇത്രയും പ്രശസ്തനായി ?

നിന്നെയൊക്കെ .....എടാ ആരാണീ പാലം? സാക്ഷാല്‍ മോഹന്‍ ലാല്‍ .അദ്ദേഹം എങ്ങനെ യുവ ജനതക്കിടയില്‍ പ്രശസ്തനായി എന്ന് ചോദിയ്ക്കാന് തന്നെ ‍ നിനക്ക് എങ്ങനെ തോന്നി ?മോഹന്‍ലാല്‍ അഭിനിയിക്കുന്നത് പിച്ചക്കാരന്‍ ആയിട്ടാണെങ്കിലും    ആ പിച്ചക്കാരന്‍  ലോകത്തിലെ ഏറ്റവും പ്രശസ്തനായ  പിച്ചക്കാരന്‍ ആയിരിക്കും എന്ന് നിനക്ക് അറിയില്ലേ ?

സോറി , ഞാന്‍  അത് മറന്നു പോയി.

ഉം  ഇനി ആവര്‍ത്തിക്കരുത് .

അല്ല അണ്ണാ , ലാലേട്ടന്‍ ...

അനായാസം നമ്മളെ ബോറടിപ്പിക്കുന്നുണ്ട്

ബാക്കി പടം...

എന്തോന്ന് ബാക്കി പടം? ലാലേട്ടന്റെ കുറെ ഫാന്‍സി ഡ്രസ് , എല്ലാം അറിയുന്ന ഭാവങ്ങളുടെ ക്ലോസ്സപ്പ് ,മനോജ്‌ കെ ജയന്‍, കാവ്യ മാധവന്‍ തുടങ്ങിയവരുടെ മരണ കോമഡി ഇതൊക്കെ കഴിയുമ്പോള്‍ ലോകപാല്‍ അകത്താകുന്നു . ഉദയനാണു താരത്തില്‍ പറയുമ്പോലെ അദ്ദേഹം പിടി കൊടുക്കുന്നു എന്ന് പറയുന്നതാകും ശരി. ഒടുക്കം ജഡ്ജി ഉള്‍പ്പെടെ എല്ലാവരും അദ്ദേഹത്തോട് മാപ്പ് ചോദിക്കുന്ന രീതിയില്‍ ക്ലൈമാക്സ് . പത്തിരുപതു മിനിട്ട് കോടതി മുറിയില്‍ വെച്ചുള്ള ക്ലൈമാക്സ് ഉണ്ടല്ലോ മോനെ, നക്കില്ലത്തവാന്‍ തെറി ബാനര്‍ എഴുതി കാണിക്കും. അമ്മാതിരി ഐറ്റം ആണ്.

അപ്പോള്‍ പുതുമ ?

അത് നീ ചോദിച്ചത് നന്നായി  . ഈ പടത്തില്‍ ഭയങ്കര ഒരു പുതുമ ഉണ്ട്. സാധാരണ ഒരു  പടം തീരുമ്പോള്‍ കാണികള്‍ ഒന്നടങ്കം കൂവുന്നത് ഞാന്‍ കണ്ടിട്ടുണ്ട് (മലയാള സിനിമയല്ലേ .അതിനാണോ പ്രയാസം?). ഇടവേളക്കു പോലും അതെ ആവേശത്തോടെ കൂവുന്നത് ,അതും ആദ്യ ദിവസം ഞാന്‍ ആദ്യമായാണ് അനിയാ കാണുന്നത് .
അതാണ്‌ ലോകപാലത്തിന്റെ പുതുമ .

അപ്പൊ ചുരുക്കത്തില്‍ ?

ചുരുക്കത്തില്‍ മലയാളിയുടെ സമയം ബെസ്റ്റ്.വിഷം കുടിച്ചു ചാകണോ ട്രെയിനിനു തല വെക്കണോ എന്നത് പോലെ മമ്മുട്ടിയുടെ മിമിക്രി കണ്ടു പണ്ടാരമാടങ്ങണോ അതോ ലാലേട്ടന്റെ ഫാന്‍സി ഡ്രസ്സ്‌ കണ്ടു നിര്‍വൃതി കൊള്ളണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി .രണ്ടായാലും മരണം ഉറപ്പു !!!

Friday, February 1, 2013

വിശ്വരൂപം (Vishvaroopam :Review)

വിജയിച്ചേ  വിജയിച്ചേ  കമലഹാസന്‍  വിജയിച്ചേ .....


അണ്ണാ നിങ്ങള്ക്ക് എന്ത്  പറ്റി വട്ടായോ അതോ കേരളത്തിലെ സുപ്പര്‍ താരങ്ങളെ പോലെ കമല്‍  ഫാന്‍സ്‌ രൂപീകരിച്ചോ ? പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ

 ഇതു വളരെ മോശമാണ്.

എന്തുവാടെ  ?

നിങ്ങള്‍ ഈ റേസ് 2 , കമ്മത്ത് തുടങ്ങിയവയെ പറ്റി ഒക്കെ അങ്ങ് ചാടിക്കേറി  അഭിപ്രായം പറഞ്ഞു കളയും ഭാരതത്തിന്‍റെ തന്നെ അഭിമാനമായ കമലഹാസന്‍  എടുത്ത വിശ്വരൂപത്തെ പറ്റി ഇതു വരെ ഒരക്ഷരം പറഞ്ഞു കേട്ടില്ലല്ലോ  എന്ത് പറ്റി ?

അത് പറയാനല്ലേ ഇങ്ങോട്ട്  വന്നത്. അതിനു നീ സമ്മതിക്കണ്ടേ? സംവിധാനം , തിരകഥ എല്ലാം കമലഹാസന്‍  തന്നെ ..കമലഹാസനെ കൂടാതെ പൂജ കുമാര്‍  , അന്ദ്രിയ ജെര്‍മിയ (നമ്മുടെ അന്നയും റസൂലും എന്ന പടത്തിലെ അന്ന ), രാഹുല്‍ ബോസ് , ശേഖര്‍ കപൂര്‍ ഇവരൊക്കെയാണ്  എനിക്കറിയാവുന്ന, ഈ സിനിമയില്‍ അഭിനയിക്കുന്നവര്‍.

അമേരിക്കയില്‍  ജീവിക്കുന്ന ഡോക്ടര്‍ നിരുപമയില്‍ നിന്ന് ചിത്രം തുടങ്ങുന്നു. തന്‍റെ അത്രക്കൊന്നും സന്തോഷകരമല്ലാത്ത ദാമ്പത്യ ജീവിതത്തെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയുമായുള്ള അടുപ്പത്തെ പറ്റിയും സംസാരിക്കുന്ന നിരുപമ, വിശ്വനാഥ് എന്ന തന്‍റെ ഭര്‍ത്താവിനെ സ്വീകരിച്ചത് അമേരിക്കയില്‍ എത്താനുള്ള  സൌകര്യാഥം ആയിരുന്നു എന്ന് വെളിപ്പെടുത്തുന്നു ഇവര്‍ തമ്മിലുള്ള പ്രയവ്യത്യസവും ഒരു ഘടകമായി പറയുന്നുണ്ട്. ഡാന്‍സ് ക്ലാസ്സ്‌ നടത്തി  കഴിയുന്ന സ്ത്രൈണ സ്വഭാവിയായ വിശ്വനാഥിലേക്കാണ് പിന്നെ നമ്മെ ഈ ചിത്രം കൊണ്ടു പോകുന്നത്.

വിവാഹമോചനം കിട്ടാനുള്ള കാരണതിനായി തന്‍റെ ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഒരു സ്വകാര്യ ഡിക്റ്ററ്റിവിനെ ഏര്‍പ്പാട് ചെയുന്നു നിരുപമ. അവിടെ നിന്ന് നിരുപമയും നമ്മളും വിശ്വനാഥിന്‍റെ മറ്റൊരു മുഖം കാണുന്നു. വിഷി എന്ന് വിളിക്കപ്പെടുന്ന സൌമ്യനായ , സ്ത്രൈണ സ്വഭാവിയായ  വിശ്വനാഥ് ശരിക്കും റോയുടെ അണ്ടര്‍ കവര്‍  എജന്‍റ്റായ, അഫ്ഗാനില്‍ നിന്നും അമേരിയില്‍ എത്തിയ ഒമര്‍ (രാഹുല്‍ ബോസ് ) എന്ന താലിബാന്‍  തീവ്രവാദി നേതാവിനെ തേടുന്ന, നിസാം മുഹമ്മദ്‌ കാശ്മീരി എന്ന വ്യക്തിയാണ് എന്നും  മനസിലാകുന്നു.വിശ്വനാഥിന്‍റെ വിരലില്‍ എണ്ണാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും വിദ്യാര്‍ഥികളില്‍ ചിലരും എല്ലാം ഇയാളുടെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നവര്‍ ആണെന്നും വെളിവാകുന്നു.പിന്നീടു താലിബാന്‍ സംഘത്തില്‍ ചേരുന്ന നിസാമിന്‍റെ ഫ്ലാഷ് ബാക്ക് ആണ് . ഇടവേളക്കു ശേഷം കഥ വീണ്ടും അമേരിക്കയില്‍ നിന്നും തുടരുന്നു.അമേരിക്കയില്‍  ഒരു വന്‍ ബോംബ്‌ ആക്രമണത്തിനു പദ്ധതി ഒരുക്കുന്ന ഒമറിന്‍റെ പ്ലാന്‍  തകര്‍ത്തു, ഇന്ത്യയിലേക്ക്‌ രക്ഷപ്പെടുന്ന ഒമറിനെ പിന്തുടരുന്ന നായകനും കൂട്ടരെയും കാണിച്ചു, ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന സൂചനകള്‍  നല്‍കികൊണ്ട് ചിത്രം അവസാനിക്കുന്നു

ശരി അതിരിക്കട്ടെ സംഗതി എങ്ങനെ കലക്കിയോ ?

കമലഹാസന്‍ എന്ന നടന്  തിരകഥ എന്ന സംഗതി വഴങ്ങും എന്ന് എനിക്ക് ഇതു വരെ തോന്നിയിട്ടില്ല . അദ്ദേഹം ഒരു നല്ല നടന്‍ ആണ്. ഒരു ഭേദപ്പെട്ട സംവിധായകനാണ്. നന്നായി സംഭാഷണം എഴുതുന്ന ആളാണ് (ഇതാണ് പലപ്പോഴും നല്ല തിരകഥയായി തെറ്റിധരിക്കപ്പെടുന്നത്). തനിക്കു വഴങ്ങാത്ത തിരകഥയുടെ പാളിച്ചകള്‍ ഈ സിനിമയുടെ രണ്ടാം പകുതി ഒന്നുമില്ലാതെ ആക്കുന്നു എന്നതാണ് സത്യം. ബാക്കി പല രംഗത്തും മികവു പുലര്‍ത്തുന്ന ഈ ചിത്രം ഈ ഒരൊറ്റ കാരണം കൊണ്ട് ഒന്നുമില്ലാതെ ആവുന്നത് സത്യത്തില്‍ കഷ്ട്ടമാണ്.ഒരു ത്രില്ലര്‍ എന്ന നിലയിലേക്ക് ഉയരേണ്ട രണ്ടാം പകുതി തികച്ചും നിരാശജനകമാണ് .നല്ലൊരു ക്ലൈമാക്സ്‌ പോലും ഒരുക്കാന്‍ തിരകഥാകൃത്ത് എന്നാ നിലയ്ക്ക് കമലഹാസന് കഴിഞ്ഞിട്ടില്ല 

അപ്പോള്‍ അണ്ണന്‍  ആദ്യം കമലഹാസന്‍ വിജയിച്ചേ എന്ന് ആര്‍ത്തു വിളിച്ചതോ ?

കാരണം തികച്ചും ലളിതം. ഈ കളിയില്‍ അവസാന വിജയി ശ്രീ കമലഹാസന്‍ തന്നെ ആയിരിക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു . ഇതൊരു വെറും വില കുറഞ്ഞ  പബ്ലിസിറ്റി തന്ത്രം ആണെന്നല്ല പറയാന്‍ ഉദേശിക്കുന്നത്.മറിച്ചു അനാവശ്യ വിവാദങ്ങള്‍ ഒരു സിനിമയുടെ നിക്ഷ്പക്ഷമായ അവലോകനത്തിന് എങ്ങനെ തടസ്സമാകുന്നു എന്നതിന് ഉദാഹരണം ആണ് ഈ ചിത്രം എന്നാണ്.

അനാവശ്യമോ ? ചുമ്മാ വൃത്തികെട് പറയല്ലേ . ഇന്ത്യന്‍ മുസ്ലിം മതവികാരത്തെ മൊത്തമായി ......

അനിയാ ഈ ചിത്രത്തില്‍ ഇന്ത്യന്‍ മുസ്ലിമായ ഒരേ ഒരു കഥാപാത്രമേ  ഉള്ളു . അത് നായകനായ കമലഹാസന്‍  അവതരിപ്പിക്കുന്ന നിസാം/ വിശ്വനാഥ് ആണ്. ബാക്കി മുഴുവന്‍ മുസ്ലിം  കഥാപാത്രങ്ങളും താലിബാന്‍ തീവ്രവാദികളാണ് . ഇവരെ കുറിച്ച് ഞാന്‍ മനസിലാക്കിയിട്ടുള്ളത് ഖുറാന്‍  എന്ന മതഗ്രന്ഥം തെറ്റായി അഥവാ ദുര്‍വ്യാഖ്യാനം ചെയ്തു ലോകത്തില്‍ പലയിടത്തും (ഇന്ത്യയടക്കം) തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രുത്വം കൊടുക്കുന്ന ആള്‍ക്കാര്‍ ആണെന്നാണ്. (തെറ്റാണ് പറയുന്നതെങ്കില്‍ തിരുത്തുക .അജ്ഞത  ഒരു കുറ്റം അല്ലല്ലോ ) . തീവ്രവാദ പ്രവര്‍ത്തങ്ങള്‍, പ്രത്യേകിച്ചും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം നശിപ്പിക്കുന്ന ബോംബ്‌ ഇതു വരെ ആരും കണ്ടു പിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സമാധാന പൂര്‍ണമായ ജീവിതം വായിക്കാന്‍ ആഗ്രഹിക്കുന്ന എതൊരു സാധാരണക്കാരനും തീവ്രവാദത്തെ അനുകൂലിക്കയില്ല എന്ന് ഞാന്‍ കരുതുന്നു. സാങ്കേതികമായി ഈ ചിത്രത്തിലെ ഒരു പിഴവ്, അതായിത്  ഇടയ്ക്കിടെ അറബിയില്‍ ഉള്ള സംഭാഷണം തമിഴ് സബ് റ്റൈറ്റില്‍ കാണിക്കുന്നുണ്ട് . ആ ഭാഗത്ത്‌ എന്തെങ്കിലും അപമാനകരമായി ഉണ്ടോ എന്നെനിക്കറിയില്ല

ഇനി ഇതിനെതിരെ ഉയരുന്ന പ്രതിഷേധത്തെ പറ്റി. നമ്മുടെ നാട്ടില്‍ സെന്‍സര്‍ ബോര്‍ഡ്‌ എന്നൊരു സംഗതി ഉണ്ട് .വ്യക്തമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത് . ആ നിയമങ്ങള്‍ അപര്യാപ്തം ആണെന്ന് തോന്നുന്നു എങ്കില്‍ അത് തിരുത്താന്‍  കോടതിയെ സമീപിക്കാനുള്ള സ്വാതത്ര്യം നമുക്കുണ്ട്. ഇനി സെന്‍സര്‍ നിയമങ്ങള്‍ പാലിക്കപ്പെട്ടില്ല എങ്കില്‍ ബോര്‍ഡ്‌ അംഗങ്ങള്‍ക്കെതിരെ നടപടിക്കു ആവശ്യപ്പെടാം . ഇതൊന്നും ചെയ്യാതെ സെന്‍സര്‍ ചെയ്തു കഴിഞ്ഞ ഒരു സിനിമ റിലീസ്  ചെയ്യാന്‍ അനുവദിക്കില്ല എന്ന് പറയുന്നത് ഭരണ കൂടത്തോടും നിയമ സംഹിതയോടും ഉള്ള വെല്ലു വിളിയാണ്. ഒത്തിരി അനാരോഗ്യകരമായ പ്രവണതകള്‍ക്ക് ഇതിനെ ശക്തമായി നേരിടാത്ത സര്‍ക്കാര്‍ നയം വഴി തെളിച്ചെക്കാം.ഒരു ചിത്രം റീലീസ്  ചെയ്യുന്നതിന് മുന്‍പ് ഇത്ര  വ്യാപകമായ പ്രതിഷേധം ഉയരുന്നത് എങ്ങനെ എന്ന് നമ്മള്‍ ആലോചിക്കേണ്ടതാണ് എന്നാണ് എന്‍റെ എളിയ അഭിപ്രായം

ഇനി ഇത്തരം വിവാദങ്ങള്‍ എങ്ങനെ ചിത്രത്തിന്‍റെ അവലോകനത്തിന് തടസ്സം ആകുന്നു എന്ന് നോക്കാം. ഈ ചിത്രം കാണുമ്പോള്‍ തീവ്രവാദികള്‍ അമേരിക്കയില്‍ ബോംബ്‌ വെച്ചാല്‍ റോ എന്ന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനക്കു എന്താ  പ്രശനം  എന്ന് ചിന്തിക്കുന്നതിനു പകരം ചിത്രം കാണുന്നവരില്‍ ഉയരുന്ന ചോദ്യം താലിബാന്‍ തീവ്രവാദികളെ പറഞ്ഞാല്‍ ഇവിടുത്തെ മുസ്ലിങ്ങള്‍ എന്തിനു അപമാനിതര്‍ ആയതായി തോന്നണം എന്നതായിരിക്കും.ഫലത്തില്‍  ഈ  ബഹളത്തില്‍ സിനിമയുടെ  കുറവുകള്‍  വിസ്മരിക്കപെടുകയും  കാണികളുടെ  ശ്രദ്ധ  വേറൊരു ഘടകത്തില്‍  കേന്ദ്രീകരികപ്പെടുകയും ചെയ്യപ്പെടുന്നു.

ഇനി ഈ വിവാദം ഒക്കെ അവസാനിക്കുമ്പോള്‍  ഇതിന്‍റെ നിര്‍മാതാക്കള്‍ക്ക്  വേണ്ട  ലാഭം  കിട്ടുകയും  (ഇതേ വിവാദം ഉയര്‍ന്ന തുപ്പാക്കി എന്ന ചിത്രം  വന്‍ കച്ചവട വിജയം ആയിരുന്നു എന്ന് ഓര്‍ക്കുക) യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടേണ്ട സംഗതികള്‍  ഒരിക്കലും വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യും . ഇതു കൊണ്ടാണ് അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല എങ്കില്‍ ഈ കളിയിലെ അവസാന വിജയി കമലഹാസന്‍ തന്നെ ആകും എന്ന് പറയാന്‍ കാരണം. ഇവിടെ പറഞ്ഞ പോലെ എങ്ങാനും സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്വം കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന നമ്മള്‍ ഭാരതീയര്‍ക്കു മാത്രമാണ്. (മുസ്ലിമിന് പകരം ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാലും ഇതൊക്കെ തന്നെ സംഭവിക്കും എന്നത് റോമന്‍സ്  നമുക്ക് കാണിച്ചു തരുന്നു ) .

അങ്ങനെ അടച്ചു പറഞ്ഞാലോ ഈ ചിത്രത്തില്‍ നല്ലത് ഒന്നുമില്ലേ?.

അതല്ലേ നേരത്തെ പറഞ്ഞത് ബാക്കി ഒട്ടു മിക്ക ഘടകങ്ങളും നിലവാരം പുലര്‍ത്തുന്നു .പക്ഷെ നല്ലൊരു തിരകഥ ഒരുക്കുന്നതില്‍ കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍  കമലഹാസന് എന്നും
അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറിയേനെ ഇതു .

ശരി അപ്പോള്‍ മറ്റു ഘടകങ്ങളോ ?

 പറഞ്ഞില്ലെടെ . അഭിനേതാക്കള്‍ , ഗാനങ്ങള്‍  ചായാഗ്രഹണം എല്ലാം നന്നായിട്ടുണ്ട്. അന്ദ്രിയ ജെര്‍മിയ ഒക്കെ എന്തിനാണ് എന്നത് സത്യമായും എനിക്ക് മനസിലായില്ല.പിന്നെ എന്നും കമലഹാസന് ഒരു അര 'ബാലചന്ദ്ര മേനോന്‍ ' ആയതു കൊണ്ട്  (തന്‍റെ കഥാപാത്രം ഉയര്‍ന്നു നില്‍ക്കണം എന്ന ഭാവത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് )  ഉള്ള പ്രശ്നങ്ങള്‍  വേറെയും . ഈ രീതിക്ക് പകരം  ഒരു റിട്ടയേര്‍ഡ്‌ ചാരനായി അമേരിക്കയില്‍  ഒരു വ്യാജ
ഐഡെന്‍ഡിറ്റിയില്‍  ആള്‍കൂട്ടത്തില്‍ ഒരുവനായി ജീവിക്കുന്ന വിശ്വനാഥ യദ്രിചികമായി പഴയ കാലത്തെ തീവ്രവാദികളുടെ പുതിയ പ്രവര്‍ത്ത നങ്ങളും ആയി നേര്‍ക്ക്‌ നേര്‍ വരുന്ന രീതിയില്‍ ഉള്ള ഒരു ട്രീറ്റ്മെന്‍റ്റ്  ഒരു പക്ഷെ ഇതിലും നന്നായേനെ എന്ന് തോന്നുന്നു. 

ചുരുക്കത്തില്‍ ....

അനാവശ്യ വിവാദങ്ങള്‍ കൊണ്ട് അര്‍ഹിക്കുന്നതിലേറെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു ചിത്രം . ഒപ്പം നമ്മള്‍ കഴുതകള്‍ എന്ന് വിളിച്ചു പറയുന്ന ഒരു സംഭവവും

പിന്നെ പറയുമ്പോള്‍ എല്ലാം പറയണമല്ലോ.തിരുവനന്തപുരത്തെ  കൈരളി തീയറ്ററില്‍  വെച്ചാണ്‌ ഈ ചിത്രം കണ്ടത് . നവീകരിച്ചതിനു ശേഷം ആദ്യമായാണ് ഞാന്‍ അവിടെ പോകുന്നത് .നവീകരിച്ച തീയറ്ററില്‍ ഇരുന്നു സിനിമ കാണുന്നത് ഒരു മികച്ച അനുഭവമാണ്‌ .ഗണേഷ് കുമാറിന് നന്ദി