Tuesday, April 30, 2013

ഓഗസ്റ്റ്‌ ക്ലബ്‌

വേനലിന്റെ കള നീക്കങ്ങൾ ......

എന്ന് വെച്ചാൽ .....

അനിയാ ഞാൻ മനസിലാക്കിയിടത്തോളം അതൊരു ചെറു കഥയുടെ പേരാണ്  പത്മരാജന്റെ മകൻ അനന്തപദ്മനാഭൻ ആണ് എഴുതിയിരിക്കുന്നത് . പ്രസ്തുത കഥ സിനിമ രൂപത്തിൽ അവതരിക്കുന്നതാണ്  ഓഗസ്റ്റ്‌ ക്ലബ്‌ . അദ്ദേഹം തന്നെയാണ്  തിരക്കഥയും . സംവിധാനം കെ ബി വേണുവാണ് സംവിധാനം .

അണ്ണൻ കഥ വായിച്ചിട്ടുണ്ടോ ?

ഭാഗ്യ വശാൽ ഇല്ല . . കഥ / നോവൽ വായിച്ചിട്ട് സിനിമ കണ്ടാൽ സംഗതി ഇഷ്ടപ്പെടില്ല എന്നാണ് ഇതു വരെയുള്ള അനുഭവം .ഏറ്റവും  അവസാനത്തെ ഉദാഹരണം ദൈവത്തിന്റെ വികൃതികൾ .(കാര്യം പറഞ്ഞാൽ രഘുവരൻ എന്ന നടന്റെ ഭയങ്കര ആരാധകൻ ആണ് ഞാൻ . മയ്യഴി പുഴയെക്കാളും എനിക്കിഷ്ടപെട്ടത്‌ ദൈവത്തിന്റെ വികൃതികളും ആണ് . എന്നിട്ടും ....... (ഫാർ എവേ ലുക്ക്‌ )).

ആരൊക്കെ ആണ് അണ്ണാ ഈ സിനിമയിൽ ? സംഗതി ന്യൂ ജനറേഷൻ തന്നേ ? അനൂപ്‌ മേനോൻ  ഉണ്ടോ ?

അടങ്ങേഡേ  മലയാളത്തിന്റെ  'മിടുക്കി ' റീമ കല്ലിംഗൽ , മുരളി ഗോപി , തിലകൻ , സുകുമാരി , ശശി കലിംഗ ,മാള , കെ പി എസ് സി ലളിത തുടങ്ങിയവർ അഭിനയിക്കുന്നു .പ്രതാപ്‌  നായർ  ക്യാമറ പോരെ . ശ്യാമ പ്രസാദ്‌ സംവിധാനം ചെയ്ത അരികെ എന്ന ചിത്രത്തിന് ശേഷം വരുന്ന മറ്റൊരു സ്ത്രീ കേന്ദ്രീകൃത ചിത്രം ആണ്  ഇതു എന്നാണ് വയ്പ്പ് . പറയുമ്പോൾ എല്ലാം പറയണമല്ലോ അരികെ എനിക്ക് ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ്  എഴുതാൻ പറ്റിയില്ല ക്ഷമി . ശ്രീ അനൂപ്‌ മേനോൻ അഭിനയിച്ചാൽ മാത്രമേ ന്യൂ ജനറേഷൻ ആകുകയുള്ളൂ എങ്കിൽ ഇതു അതല്ല

അല്ല നമ്മുടെ മലയാളത്തിൽ ഒരു സ്ത്രീ കേന്ദ്രീകൃത സിനിമ എന്ന് പറഞ്ഞാൽ  തന്നെ ഒരു പുതുമയല്ലേ ?

പിന്നെ അല്ലേ? സാവിത്രി  എന്ന ബോർഡ്  ഹൌസ് വൈഫ്‌ ആണ്  ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . ഇംഗ്ലീഷിൽ കവിത എഴുതുന്ന , വളരെ നന്നായി ചെസ്സ്‌ കളിക്കുന്ന, രണ്ടു കുട്ടികളുടെയും ഭർത്താവു നന്ദന്റെയും (മുരളി ഗോപി ) ലോകത്ത് സന്തോഷ്ടയായ സ്ത്രീ.  തിരക്കേറിയ ഔദ്യോദിക ജീവിതം നയിക്കുന്ന, വ്യത്യസ്തമായ താല്പര്യങ്ങൾ ഉള്ള  , എന്നാൽ ഭാര്യയോട്‌ പരമാവധി നീതി  പുലർത്താൻ  ശ്രമിക്കുന്ന ഭർത്താവു , (ചെസ്സും ഇംഗ്ലീഷ് കവിതയും അറിയാത്തത് അങ്ങേരുടെ കുറ്റം അല്ലല്ലോ ). ഇനി എന്ത് സംഭവിക്കും ?

എന്ന് ചോദിച്ചാൽ ......

എന്തോന്ന് സംഭവിക്കാൻ . ഇവരുടെ സകല താല്പര്യങ്ങളും അത് പോലെ പകർത്തി  വെച്ചപോലെ ഒരാൾ . അങ്ങേരുമായി ഭയങ്കര  സൗഹൃദം . ഈ രഞ്ജിത് സിനിമകളിലെ നായകനും ആയുള്ള ബൌധിക വേഴ്ചയും ഇതും ആയുള്ള ഏക (സത്യസന്ധമായ ) വ്യത്യാസം ഈ ബന്ധം ആത്യന്തികമായി തെറ്റിലേക്ക് നയിക്കുന്നതും അത് ഒഴിവക്കേണ്ടതും ആണെന്നും ഉള്ള തുടക്കം മുതലേ ഉള്ള തിരിച്ചറിവും അതുണ്ടാക്കുന്ന കുറ്റ ബോധവും ആണ്   . (അത് പിന്നെ രഞ്ജിത് ചിത്രങ്ങളിൽ നായിക അല്ലാതെ ഉള്ള ഏതു സ്ത്രീക്കും ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ നായകനുമായി ബൌധിക വേഴ്ച നടതുക  എന്നത് അവരുടെ കടമകളിൽ പെട്ടതാണ് ).  ഹിന്ദി സിനിമ പോലും കഹാനി പോലുള്ള ചിത്രങ്ങളുമായി വരുമ്പോൾ നമ്മൾ ഈ കുറ്റിക്ക് ചുറ്റും കറങ്ങുന്നത് കഷ്ട്ടമല്ലേ അനിയാ ? (ഒറ്റപ്പെട്ട അപവാദങ്ങളായി ഏതോ കാലത്ത് വന്ന  ടി വി ചന്ദ്രന്റെ ആലീസിന്റെ അന്വേഷണങ്ങളോ  മറ്റോ കാണും  )

അണ്ണൻ ഇങ്ങനെ കാടിനു ചുറ്റും കറങ്ങാതെ കാര്യം പറഞ്ഞേ ...

ഓഗസ്റ്റ്‌ ക്ലബ്‌ എന്ന  ക്ലബിലെ  അംഗവും അവിടുത്തെ മികച്ച ചെസ്സ്‌ കളിക്കാരിയുമാണ്  സാവിത്രി . ഒരു ദിവസം അവിടെ വരുന്ന ഒരു ചെറുപ്പക്കാരനോട്‌ സാവിത്രി തോല്ക്കുന്നു . ജയിക്കാനുള്ള ഓരോ ശ്രമവും പരാജയത്തിൽ തന്നെ അവസാനിക്കുന്നു .ആ ചെറുപ്പക്കാരനെ തോല്പ്പിക്കുന്ന ലാസർ ആശാനെ പോലും തോല്പ്പിക്കുന്ന സാവിത്രിക്കു അയാളെ മാത്രം തോല്പ്പിക്കാൻ കഴിയുന്നില്ല . ഓരോ ശ്രമത്തിലും അവൾ കൂടുതൽ ദേനീയമായി പരാജയപ്പെടുന്നു . .കണ്ണ് കെട്ടി , ബോർഡ്‌ കാണാതെ കളിച്ചു പോലും അയാൾ സാവിത്രിയെ തോല്പ്പിക്കുന്നു .ഓരോ  പരാജയവും അവളെ അയാളുടെ മുന്നിൽ കൂടുതൽ കൂടുതൽ കീഴടക്കപ്പെടുന്നവൾ ആക്കി മാറ്റുന്നു .ഒടുവിൽ  അവൾ അയാളുടെ മുന്നിൽ പരിപൂർണ്ണമായും കീഴടങ്ങുമോ ഇല്ലയോ എന്ന ചോദ്യത്തിലേക്കാണ്  ഈ സിനിമ കാഴ്ചക്കാരനെ കൊണ്ട് പോകുന്നത് .

അപ്പോൾ കൊള്ളാമെന്നാണോ  കൊള്ളില്ല എന്നാണോ പറഞ്ഞു വരുന്നേ ?

അനിയാ നേരത്തെ പറഞ്ഞ അച്ചിൽ എടുത്ത ഈ ചിത്രത്തിന്റെ ഒരു മേന്മ ചെസ്സ്‌ എന്ന കളിയുമായി ഈ സിനിമയുടെ പ്രമേയത്തെ ബന്ധപ്പെടുത്തി കൊണ്ട് പോകുന്നു  എന്നിടത്താണ് . തിരക്കഥാകൃത്ത്  എന്ന നിലയ്ക്ക്  ശ്രീ അനന്തപദ്മനാഭൻ തുടക്കത്തിൽ കാണിക്കുന്ന മികവു രണ്ടാം പകുതിയിൽ പ്രത്യേകിച്ചു അവസാന രംഗങ്ങളിൽ തീരെ ഇല്ലാതാകുന്നു .പിന്നെ ഈ ചിത്രത്തിന് ഓഗസ്റ്റ്‌ ക്ലബ്‌ എന്ന് പേരിടാൻ മാത്രം പ്രാധാന്യം ഒന്നും കഥയിൽ  ആ ക്ലബിന് ഇല്ല എന്നതാണ് സത്യം. വേനലിന്റെ കള നീക്കങ്ങൾ എന്ന നല്ല പേരിനു പകരം ഈ പേരിട്ടത് കഷ്ട്ടമായി പോയി .പിന്നെ ഈ ഒന്നും ചെയ്യാനില്ലാത്ത ഒരു സമ്പന്ന ഭാര്യ എന്നത് ഒരു പഴകിയ സങ്കല്പം ആണെന്നാണ് എന്റെ അഭിപ്രായം . കാര്യം പറഞ്ഞാൽ അതിനു പുറത്താണല്ലോ ഈ കഥ മൊത്തം കെട്ടി പോക്കിയിരിക്കുന്നത്  .ഒരു ചെറിയ കാര്യത്തിൽ നിന്ന് വലിയ ഒരു തിരിച്ചറിവ് ഉണ്ടാകാം എന്നാ സത്യം അംഗീകരിക്കുമ്പോൾ തന്നെ ഈ ചിത്രത്തിൽ നായികക്ക് മനം മാറ്റം ഉണ്ടാകുന്ന കാരണങ്ങൾ ഒരു നിമിഷം  ആലോചിച്ചാൽ ബാലിശം ആണെന്ന് കാണാം .

അതിരിക്കട്ടെ അഭിനയമോ ?

റീമ കല്ലിംഗൽ മോശമായി എന്ന് ഞാൻ പറയില്ല .(പ്രത്യേകിച്ചു അഭിനയം മൊത്തവിതരണം നടത്തുന്നു എന്ന് മാധ്യമങ്ങൾ  അവകാശപ്പെടുന്ന മീര ജാസ്മിനെ പോലുള്ള ഒരു  നടി ഇതു ചെയ്യുന്ന അവസ്ഥ ഓർത്താൽ !!!). പാവങ്ങളുടെ അനൂപ്‌ മേനോൻ (അദ്ദേഹം പാവങ്ങളുടെ മോഹൻലാൽ എന്ന പദവിയിൽ നിന്നും മാറി കൊണ്ടിരിക്കുകയാണല്ലോ )  എന്ന് വിളിക്കാവുന്ന മുരളി ഗോപി തന്റെ വേഷം നന്നാക്കി . തിലകനെ വെറുതെ പേരിനു ഇട്ടിരിക്കുന്നു എന്നേ ഉള്ളു .തന്റെ  ചെറിയ വേഷം സുകുമാരി ഭംഗിയാക്കി .ഒoru പുതുമുഖ സംവിധായകൻ എന്ന നിലയ്ക്ക് വേണുവിനും പാസ്‌ മാർക്ക് കൊടുക്കാം (രണ്ടാം പകുതി മറന്നതല്ല !!!).വന്നു പോകുന്ന കഥാപാത്രങ്ങളിൽ സുനിൽ  സുഖദ നന്നായി എന്ന് പറയാം.

അരികെ എന്ന ചിത്രമാണ് ഇതിലും നന്നായത്  എന്ന് എനിക്ക് തോന്നിയത് എന്ന് കൂടി പറയട്ടെ

എന്നാലും പെണ്‍ ചിന്തകൾ നിറഞ്ഞൊരു ചിത്രം എന്നത് നോക്കിയാൽ .....

അനിയാ നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള വ്യത്യാസം കുറഞ്ഞു വരുന്നു എന്നാണ് ഞാൻ കരുതുന്നത്  (ഏറ്റവും കുറഞ്ഞ പക്ഷം മെട്രോ നഗരങ്ങളില എങ്കിലും ). ഒരു സമ്പന്നയായ സ്ത്രീയും അവളെ ചൂഷണം ചെയ്യുന്ന  മാതാ  പിതാക്കളും  ഭർത്താവും ഉൾപ്പെടുന്ന ലോകവും അവളനുഭവിക്കുന്ന വിരസതയും ഒക്കെ ഈ കാലഘട്ടത്തിൽ ബുദ്ധി ജീവി സംവിധയകന്മാരുടെ ഇക്കിളി ചിന്തകളിൽ ഉള്ള കഥാപാത്രം ആണെന്ന് ഞാൻ കരുതിയാൽ അങ്ങ് ക്ഷമിചേക്കണം .

അപ്പോൾ ചുരുക്കത്തിൽ .....

ഇമ്മച്ചന്മാരും , ജെന്റിൽമാനും , തോമയും ഒക്കെ വെറുപ്പിക്കുന്നതിനിടയിൽ സഹിക്കാവുന്ന ഒരു കൊച്ചു ചിത്രം . ഒരൽപം കൂടി രണ്ടാം പകുതിയിൽ ശ്രദ്ധിച്ചിരുന്നു എങ്കിൽ ഈ സീസണിൽ ആശ്വാസം ആകുന്ന  ചിത്രം ആയേനെ എന്ന് മാത്രം   

Tuesday, April 16, 2013

ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ ( കൊല്ലെടാ കൊല്ല് )

അനിയാ ഒരു ചിന്ന സംശയം ...

നിങ്ങള്ക്ക് സംശയവും തുടങ്ങിയോ ? മം എന്താണ് ?

ഈ ജെന്റിൽമാൻ എന്ന് വെച്ചാൽ എങ്ങനിരിക്കും അഥവാ അതിന്റെ അർഥം  എന്താണ് ?

ഈ ജെൻറ്റിൽ മാൻ എന്ന് വെച്ചാൽ മാന്യൻ എന്നല്ലേ അർഥം ?

ആണെന്നാണ് അനിയാ ഞാനും കരുതിയത്‌ പക്ഷെ നമ്മുടെ സംവിധായകൻ സിദ്ദിഖ് പറയുന്നത് അതല്ല .സദാ  മദ്യപിച്ചു സിനിമാല സ്റ്റൈൽ കോമഡി യും കാണിച്ചു നടക്കുന്ന , സ്വയം ജെൻറ്റിൽമാൻ ആണ് എന്ന് അവകാശപ്പെടുന്ന ഒരു തടിയനായ മധ്യ വയസ്കനെയാണ് സിദ്ദിക്കിന്റെ നാട്ടിൽ ഒക്കെ ജെൻറ്റിൽമാൻ എന്ന് പറയുന്നത് . അത്തരം ആണുങ്ങളെ കണ്ടാൽ ആ ദേശത്തെ പെണുങ്ങൾ എല്ലാം എന്നെ ആദ്യം പ്രേമിക്കണം എന്നിട്ട് മതി മറ്റവളെ എന്ന ഭാവത്തിൽ (ഒരു മാതിരി മലയാളി വിജയ്‌ പടത്തിന് തള്ളുന്ന പോലെ ) ഉന്തും തള്ളും നടത്തുന്നു . എപ്പിടി ?

അണ്ണാ ഇതു കാസനോവ അല്ലേ ?

പാവം റോഷൻ അന്ദ്രുസ് അങ്ങേരെ തെറി പറഞ്ഞതിൽ എനിക്ക് സങ്കടം ഉണ്ടനിയാ . ഈ മഹത്തായ കലരൂപവുമായി നോക്കുമ്പോൾ കാസനോവ ഭേദം ആണെന്ന് പറയേണ്ടി വരും .

അതിരിക്കട്ടെ അണ്ണന് എതിരെ എന്തോ കേസ് ഉണ്ടല്ലോ അതെന്തായി ?

അനിയാ , ഈ സിനിമയുടെ കഥകൾ ഞാൻ വിളിച്ചു പറയുന്നു എന്നതിനാൽ തീയട്ടെരിൽ പോയി ഈ ജാതി കലാരൂപങ്ങൾ ആസ്വദിക്കാൻ വെമ്പൽ കൊള്ളുന്നവർ അതിനു ഞാൻ തടസ്സം ആകുന്നു എന്നതാണ് കേസ് . ഇവിടെ മനുഷ്യനെ (കാണുന്നവനെ ) വടി ആക്കുന്ന രീതിയിൽ ഉള്ള സിനിമകളെ പട്ടി വിശദമായി പ്രതിപാദിക്കുന്നതാണ് . ബുദ്ധിമുട്ടുള്ളവർ ദയവായി വായിക്കരുത് .

ആദ്യമായി ഈ ചിത്രത്തെ  പറ്റി ബോഡി ഗാർഡ് എന്ന ചിത്രത്തിന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതു .

അതേ അതേ വർഷങ്ങള്ക്ക് ശേഷം ഏകദേശം പതിനഞ്ചു വര്ഷങ്ങള്ക്ക് ശേഷം ലാലും സിദ്ദിഖും ഒത്തു ചേരുമ്പോൾ പ്രതീക്ഷകൾ വാനോളം ......

നിറുത്തെടാ .... കേട്ടു കേട്ടു മടുത്തു. ഈ  വീയറ്റ്നാം കോളനി എന്ന ചിത്രം ഒരിക്കലും ലാലിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നല്ല പിന്നെ അന്നൊക്കെ ലാൽ എന്ത് ചെയ്താലും ജനത്തിന് ഇഷ്ടം ആകുമായിരുന്നു എന്നതിനാൽ ഓടി ഏന്നു  മാത്രം . അപ്പോൾ സംവിധാനം സിദ്ദിഖ്  (മാത്രമല്ല കഥ , തിരകഥ മുതലായ പാതകങ്ങളും അദ്ദേഹം തന്നെ) ,സംഗീതം രതീഷ്‌ വേഗ , പിന്നെ ബാക്കി എല്ലാം പഴയ പോലെ ആശീർവാദ് , മാക്സ് ലാബ് , കോണ്‍ഫിടെന്റ്  ഗ്രൂപ്പ്‌  അങ്ങനെ . അഭിനേതാക്കൾ സർവശ്രീ ലാലേട്ടൻ  നേരത്തെ പറഞ്ഞ ജെൻറ്റിൽമാനായും , മീരാ  ജാസ്മിൻ ,മംത മോഹൻദാസ്‌ , പദ്മ പ്രിയ , മിത്ര കുര്യൻ  എന്നിവർ  പ്രധാന ലേഡിസ്  ആയി  ലാലേട്ടനെ പ്രേമിക്കാൻ  ക്യു നിൽക്കുമ്പോൾ  (ബാക്കി എല്ലാ സ്ത്രീ ജനങ്ങൾക്കും , ശ്രീലത അടക്കം ഉള്ളവർക്ക് ഇയാളോട്  ഒരു അനുഭാവമാണ് !!!)  ഒത്തിരി സവിശേഷതകൾ ഉള്ള ഇയാൾക്ക് ഷൈൻ ചെയ്യാനും ഇയാളെ പുകഴ്ത്താനുമായി  കൃഷ്‌  ജെ സത്താർ , ഗണേഷ് കുമാർ , മനോജ്‌ കെ ജയൻ , ശിവജി ഗുരുവായൂർ ,കൃഷ്ണകുമാർ തുടങ്ങിയവർ എത്തുബോൾ ലാലേട്ടന്റെ  സിനിമാല തമാശകൾക്ക്  കലഭാവാൻ ഷാജോണ്‍ ശക്തമായ പിന്തുണ നല്ക്കുന്നു .

അടിച്ചു ഫിറ്റായി സിനിമാല തമാശ കാണിക്കുന്ന ലാലേട്ടനിൽ (ചന്ദ്രബോസ്സ് എല്ലാവരും ബോസ്സ് എന്ന് വിളിക്കും) നിന്ന് കഥ തുടങ്ങുന്നു . പതിവ് പോലെ ആത്മഹത്യക്ക് തയാറെടുത്തു നില്ക്കുന്ന ശരത്തിനെ  (കൃഷ്‌ ) നെ 'കാണുന്നു '. (ആ രംഗങ്ങളൊക്കെ നമ്മളെ ചിരിപ്പിച്ചു കൊല്ലുന്നതാണ് !!!) ഒറാക്കിളിൽ ക്യാമ്പസ്‌ സെലക്ഷൻ കിട്ടിയ ശരത് വൈവയിൽ തോല്ക്കുകയും എക്സമിനറെ ആക്രമിച് വകയിൽ ഡീ ബാർ ചെയ്യ എന്നതിനാലുമാണ് ആത്മഹത്യക്ക് മുതിരുന്നത് . . എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു  കൊണ്ട് ഇയാളെ വീട്ടിൽ എത്തിക്കുമ്പോൾ വിവരങ്ങൾ അറിഞ്ഞു ഇയാളുടെ സഹോദരി ജോ (പത്മ പ്രിയ ) ആത്മഹത്യക്ക് മുതിരുന്നു . സംഗതി ഏറ്റു  പോയത് കൊണ്ട് ലാലേട്ടൻ ഫിറ്റായി തന്നെ അന്വേഷണത്തിന് ഇറങ്ങുന്നു . ഞെട്ടിക്കുന്ന രഹസ്യങ്ങൾ വീണ്ടും (ഞെട്ടുക ചിരിക്കുക ഞെട്ടുക ചിരിക്കുക ഈ രണ്ടു ജോലി മാത്രമേ നമുക്കുള്ളൂ ) അവിടുത്തെ ഒരു ഐ റ്റി കമ്പനി ഉടമ മേനോൻ  (ഗണേഷ് കുമാർ ) ആണ് ഇതിന്റെ പിന്നിൽ . കാരണം ? അയാളുടെ മകള അനു (മംത )വിനോട്  പ്രേമാഭ്യർത്ഥന നടത്തി .കൊച്ചു  പോയി പണി നോക്കാനും പറഞ്ഞു . എന്നാലും അവൻ പണിയൊക്കെ കിട്ടി മിടുക്കനായി വന്നാലോ ? അതിനാണ് പണി കൊടുത്തത്  (ബുദ്ധി ).

ഇതറിയുന്ന അനു ശരത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു . പിറ്റേന്ന് നമ്മുടെ ബോസ്സ്  അനുവിന്റെ ഓഫീസിൽ എത്തി അഞ്ചു മണിവരെ സിനിമാല കാണിച്ചു (സത്യം !!) കഴിഞ്ഞു അകത്തു കേറി ഒരു ലിസ്റ്റ് വായിക്കുന്നു മാത്തച്ചൻ , പോത്തച്ചൻ , കദീജ , കേശവൻ ...... അങ്ങനെ . ഇവരെല്ലാം കേട്ട പാതി പെട്ടി പ്രമാണങ്ങളും ആയി അനുവിന്റെ നേത്രുത്വത്തിൽ കമ്പനി വിട്ടു വരുന്നു (വിളിക്കുന്നത്‌ ലാലേട്ടനല്ലേ പിന്നെ എന്തോന്നലോചിക്കാൻ !!!).അങ്ങനെ ഇവരെല്ലാം ചേർന്ന് ഒരു കമ്പനി തുടങ്ങാൻ തീരുമാനിക്കുന്നു .അതിനു ഒരു മൂന്ന് കോടി വേണം ലാലേട്ടൻ ? അദേഹത്തിന് അതൊന്നും പ്രശ്നമല്ല . പക്ഷെ വിവാഹ മോചനം ആവശ്യപ്പെട്ടു നിൽക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ അശ്വതി  (മീര  ജാസ്മിൻ ) പറഞ്ഞാലേ  അദ്ദേഹം ചെയ്യു.ലാലേട്ടൻ അവരെ  വിളിക്കുമ്പോൾ കുട്ടികൾ സ്വ പ്രയത്നം കൊണ്ട് കശുണ്ടാക്കിയാലെ ഒരു ശുഷ്കാന്തി വരൂ എന്നതിനാൽ അവരോടു സ്വയം പ്രയതിന്ക്കാൻ പറയുന്നു . സ്വയം പ്രയതിക്കാൻ തീരുമാനിച്ചു കുട്ടികൾ ഉള്ളതിൽ കാശുള്ള ഡാഡിയുടെ കൈയിൽ നിന്നും ഒരു മൂന്ന് കോടി വാങ്ങുന്നു (ഇതാണ് പ്രയത്നം !! .(അങ്ങേരും ലാലേട്ടനെ കണ്ടു ബോധിച്ചതിന് ശേഷമാണു കാശു കൊടുക്കുന്നത് അല്ല പിന്നെ !!!) പിന്നങ്ങോട്ട് സംഗതി തികച്ചും ഭയങ്കരമാണ് . അത് വരെ പാവമായിരുന്ന ശരത് വില്ലനാകുന്നു . മം തയും പദ്മ പ്രിയയും ലാലേട്ടനെ പ്രേമിക്കാൻ ക്യു .(ഇവർ  രണ്ടു പേരും ശരിയായില്ല എങ്കിൽ ഞാനാവാം  എന്ന ഭാവത്തിൽ മിത്ര കുര്യൻ )  . ശരത്   മേനോന്റെ കമ്പനിയുടെ സോഫ്റ്റ്‌വെയർ മോഷ്ട്ടിക്കുന്നു . മേനോൻ  തെണ്ടുന്നു (ഇങ്ങനെ ആണേൽ മൈക്രോസോഫ്ട്‌  ഒരു നൂറു പ്രാവശ്യം തെണ്ടേണ്ട സമയമായി !!!) സുഹൃത്തുക്കൾ അടിച്ചു പിരിയുന്നു . സിനിമാല തമാശയുമായി ലാലേട്ടനും കലാഭവൻ ഷാജൊനും  ഉഷാർ .(കാണികൾക്ക് ഞെട്ടുകയോ ചിരിക്കുകയോ ഇഷ്ട്ടം പോലെ ആകാം ). അപ്പോൾ ആണ് അനു ലാലേട്ടൻ ഈ നാഴികക്ക്  നാല്പ്പത് വട്ടം  വിളിക്കുന്ന ഭാര്യ പണ്ടേ  മരിച്ചു പോയതാണ്  എന്ന് അറിയുന്നത്  ഇവിടെ പ്രേക്ഷകർക്ക്‌ വിസ്തരിച്ചു ഞെട്ടാൻ ഇടവേള .

പിന്നെയോ ......

അനിയ നീ കൂടുതൽ ഒന്നും ചോദിക്കല്ലേ . ഇടവേളക്കു ശേഷം എന്തൊക്കെയോ സംഭവിക്കും . ലാലേട്ടൻ എന്ന മഹാ പ്രതിഭയെ നന്നാക്കാനായി മൂന്ന് പെണ്ണുങ്ങളും അദ്ദേഹത്തിന്റെ വീടിലേക്ക്‌ താമസം മാറുന്നു .(മിത്ര കുര്യനെ അച്ഛൻ നേരിട്ടാണ് കൊണ്ട് വിടുന്നേ . നല്ല  ബെസ്റ്റ് ഡാഡി....  സാദാ സമയം മദ്യപിച്ചു നടക്കുന്ന ഒറ്റയ്ക്ക് താമസിക്കുന്ന  ഒരാളുടെ കൂടെവേണം കൊച്ചിനെ കൊണ്ട് വിടാൻ !!!!). ചുരുക്കത്തിൽ  പിന്നെയും ഒന്ന് ഒന്നേകാൽ മണികൂര് കഴിഞ്ഞേ ദുരിതം തീരു . അപ്പോളേക്കും ഒരു പ്രകോപനവും ഇല്ലാതെ താഴെ പറയുന്നവ സംഭവിക്കുന്നു .
1) രണ്ടു രണ്ടര മണികൂർ പുറകെ നടന്നതല്ലേ എന്ന് കരുതി ലാലേട്ടൻ മംതയേ ദയാപൂർവ്വം  പ്രേമിക്കാൻ തീരുമാനിക്കുന്നു (കൊച്ചിന്റെ ഭാഗ്യം !!!!)

2) പദ്മപ്രിയ വേണമെങ്കിൽ ലാലേട്ടന്റെ ശിങ്കിടി മനോജ്‌ കെ ജയനെ പ്രേമിച്ചു കളയാം എന്ന ഭാവത്തിൽ കാൽ  വിരൽ  കൊണ്ട്  വിമാനത്തിന്റെ തറയിൽ ജാവ എന്നെഴുതി കളിക്കുന്നു ( ഈ പ്രയോഗം സ്വന്തമല്ല )

3) ഉള്ളത് കൊണ്ട് ഓണം പോലെ എന്ന നയത്തിൽ മിത്ര കുര്യൻ കൃഷ്‌ സത്താറിനെ പ്രേമിക്കുന്നു

മതി അണ്ണാ ഞാൻ തകർന്നു...... അഭിനയം ?

ലാലേട്ടൻ പതിവ് പോലെ പ്രേക്ഷകരെ വെറുപ്പിക്കുന്ന കലാപരിപാടി തുടരുന്നു . മീര ജാസ്മിനെ മെയ്‌ ക്കപ്പ് ചെയ്ത ആൾക്ക് അടുത്ത പടത്തിനു ഒരു ദേശീയ അവാർഡ്‌ പ്രതീക്ഷിക്കാം . മെയ്ക്കപ്പ് എന്ന കലയിൽ സാധ്യമായത് എല്ലാം ഇദ്ദേഹം ഈ ചിത്രത്തിൽ മീര ജാസ്മിന്റെ മുഖത്ത് പരീക്ഷിച്ചിട്ടുണ്ട് . ഈ പെയിന്റ് മുഴുവൻ അടിച്ചു വെച്ചിട്ട് അവരുടെ അഭിനയം കണ്ടാൽ സത്യമായും തലയ്ക്കു എന്തോ അസുഖം ഉള്ളത് പോലെ തോന്നും . ഉള്ളതിൽ ഭേദം മംതയാണ് .മിത്ര കുര്യൻ ഒക്കെ ഒരുമാതിരി കാവ്യാ മാധവന് ഷർട്ടും പാന്റ് ഉം ഇട്ടു കോർപ്പറേറ്റ്  കളിക്കുന്നതിന്റെ ചെറു പതിപ്പ് പോലെയുണ്ട് .പുരുഷ വിഭാഗത്തിൽ ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും അസഹിനീയം കൃഷ്ണകുമാർ ആണ്

പ്രിയപ്പെട്ട ലാലേട്ടാ ഈ പ്രായത്തിൽ മൂന്ന് നാല് പെണ്‍കുട്ടികള ആരാധിക്കുന്ന ഒത്തിരി സവിശേഷതകൾ ഉള്ള വ്യക്തി ആയി അഭിനയിക്കുന്നത് ഒരുമാതിരിപ്പെട്ട ഒരു മലയാളിക്കും സഹിക്കാൻ പാടാണെന്ന്  ഇതു വരെ മനസ്സിലാകാത്തതാണോ ?

അത്  പറഞ്ഞപ്പോളാ ഈ സിനിമയിൽ ഒത്തിരി സവിശേഷതകൾ ഉള്ള ഒരു കഥാപാത്രമാണ് ചന്ദ്രബോസ്സ് എന്ന് എവിടെയോ വായിച്ചല്ലോ ഉള്ളത് തന്നേ ?

ലാലേട്ടൻ അഭിനയിച്ചാൽ തന്നെ അറിയാമല്ലോ ആ കഥാപാത്രം സാധാരണക്കാരൻ ആയിരിക്കില്ല എന്ന്  ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും അറിയാവുന്ന സ്ഥിതിക്ക് അതൊക്കെ പറയാൻ സമയം കളഞ്ഞിട്ടില്ല . സാദാ സമയം വെള്ളമായ ഒരു കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് എന്ന് മാത്രം പറയുന്നു .തമാശ  എന്ന പേരിൽ അദ്ദേഹം കാണിക്കുന്ന ഗോഷ്ട്ടികൾ കടുത്ത ആരാധകർക്ക് പോലും സഹിക്കില്ല

ഇനി സംവിധാനം , തിരകഥ മുതലായ പാതകങ്ങൾ നിർവഹിച്ച  സിദ്ദിഖ് , വല്ല തമിഴന്റെ കൈയിൽ കിട്ടിയാൽ മര്യാദക്ക്  എടുക്കുമായിരുന്ന സംഗതി (ഈ മരിച്ച ഭാര്യയുടെ സംഗതി മാത്രം വെച്ച് എടുത്ത വേദം എന്നൊരു സിനിമയുണ്ട്  തമിഴിൽ . അഭിനയിക്കുന്നത് അവിടെ തല്ലു കൂടി ജീവിക്കുന്ന പാവം അർജുൻ ആണെന്നാണ് ഓർമ്മ . എത്രയോ  എത്രയോ ഭേദം ആയിരുന്നു  !!)  ഇങ്ങനെ ഉദാത്ത ചിത്രമാക്കി എടുത്തു ഈ ചിത്രം ഇറങ്ങുന്നതിനു മുൻപേ ലാഭമാണ് എന്നൊക്കെ അടിച്ചു വിടുന്നത് താങ്കളെ പോലുള്ള സംവിധായകരുടെ ഗതി കേടാണ് എന്ന് പറഞ്ഞാൽ  വിരോധം തോന്നരുത് .

അപ്പോൾ  ചുരുക്കത്തിൽ

കടുത്ത ആരാധകർക്ക് പോലും സഹിക്കുമോ എന്ന് സംശയം ഉള്ള ഒരു  ചിത്രം

വിഷുവിനു ഇറങ്ങിയ മൂന്ന് ചിത്രങ്ങളിൽ ഏറ്റവും കൂറ ഏതാണ് എന്ന് നിനക്ക് വേണേൽ വോട്ടെടുപ്പ് നടത്താവുന്നതാണ് . നീ അല്ലേലും അതിന്റെ ആളാണല്ലോ . ഇനി സൌണ്ട് തോമ എഴുതാൻ പറയല്ലേ പ്ലീസ് ..... ഈ രണ്ടു ചിത്രങ്ങളിൽ ഒട്ടും മോശമല്ല അതും . കണ്ടു  പോയി നീ ക്ഷമി  

Monday, April 8, 2013

ഇമ്മാനുവൽ

അണ്ണാ നിങ്ങളിങ്ങനെ നിരൂപകൻ ആണെന്നും പറഞ്ഞു നടന്നോ ?


അനിയാ നിരൂപകൻ നീയല്ലേ? നമ്മൾ പാവം പ്രേക്ഷകൻ . അത് നിൽക്കട്ടെ ഇതിപ്പോ പറയാൻ കാര്യം ?

അണ്ണാ മലയാളത്തിലെ സുപ്പർ, മെഗാ, പിന്നെതെന്തക്കെയോ ആയ ശ്രീ മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ഒരു മനുഷ്യനായി അഭിനയിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത‍ അണ്ണൻ വായിച്ചില്ലേ . ഇതല്ലേ അണ്ണാ ത്യാഗം . ഒരു നല്ല സിനിമക്ക് വേണ്ടി എത്ര വലിയ റിസ്ക്‌ ഇക്കാലത്ത് വേറെ ആരെടുക്കും?

അടുപ്പിച്ചു പത്തു പതിനഞ്ചു പടം വൻ - വിജയമായാൽ ആരും എടുത്തു പോകും അനിയാ ഏതു റിസ്കും .അല്ല ഇതു വരെ അദ്ദേഹം മനുഷ്യൻ അല്ലാതെ മറ്റു എന്തെങ്കിലും ആയാണോ അഭിനയിച്ചിരുന്നത് ?

തമാശ കള അണ്ണാ . ഇവിടെ മെഗാ സ്റ്റാർ മമ്മൂട്ടി ന്യു ജനറേഷൻ നായകരോടോത്തു മറ്റുരക്കുമ്പോൾ മലയാളികളുടെ പ്രതീക്ഷകൾ വാനോളം ഉയരുന്നു എന്ന് കാച്ചട്ടെ ?

മറ്റേ താരം ഉരച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല (റെഡ് വൈൻ ) .അപ്പോളാ .... ശരി ,നമ്മുടെ ലാൽ ജോസ് സംവിധാനം ചെയ്ത ,പ്രദീപ്‌ നായർ കഥയെഴുതി വിജീഷ് തിരകഥ രചിച്ച ,അഫ്സൽ യുസഫ് സംഗീതം പകർന്ന താരം സ്വന്തമായി കച്ചവടം നടത്തുന്ന (പ്ലേ ഹൌസ് ) ഇമ്മാനുവൽ എന്ന ചലച്ചിത്രം അല്ലിയോ ഇവിടെ നിന്റെ പ്രതിപാദന വിഷയം ?

തന്നെ അണ്ണാ സുപ്പർ താരത്തെ കൂടാതെ യുവ നായകൻ ഫഹദ് ഫാസിൽ ,റീനു മാത്യൂസ്‌ , നെടുമുടി , സലിം കുമാർ , മുകേഷ് തുടങ്ങിയ ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണി നിരക്കുന്നു .എന്നത് മറന്നോ ?

ഇതാണോ താര നിര? നീ ശ്രദ്ധിച്ചില്ല എങ്കിൽ ഒരു കാര്യം പറയാം ഈ അടുത്ത് ഇറങ്ങുന്ന ഒട്ടു മിക്ക സൂപ്പർ താര ചിത്രങ്ങളും ചെലവ് കുറച്ചു എടുക്കുന്നവയാണ് .ഇതിനു കാരണം എന്ന് ഞാൻ കരുതുന്നത് , ഇവരുടെ ഒറ്റക്കുള്ള ചിത്രങ്ങൾ ചെലവ് കുറച്ചു എടുത്തില്ല എങ്കിൽ ഇറക്കിയ കാശു പോലും കിട്ടില്ല എന്ന അവസ്ഥയിലാണ് എന്നതാകണം .പക്ഷെ ഉള്ള സത്യം പറയാമല്ലോ ഈ ചിത്രം കാണാൻ പോകുമ്പോൾ എനിക്ക് മുകളിൽ പറഞ്ഞ കാര്യങ്ങളെക്കാൾ കൂടുതൽ പേടി ഉണ്ടായിരുന്നത് സംവിധയകൻ ലാൽ ജോസിനെ ആയിരുന്നു .കൃത്യമായ ഇടവേളകളിൽ നല്ലതും മോശവുമായ സിനിമകൾ മാറി മാറി എടുക്കുന്ന ഈ സംവിധയകൻ സ്പാനിഷ്‌ മസാല എന്ന മെഗാ ചിത്രത്തിനു ശേഷം ചെയ്ത രണ്ടു ചിത്രങ്ങൾ നിലവാരം പുലർതുന്നവ ആയിരുന്നു , അടുത്ത അടി ഇതായിരിക്കുമോ എന്നതായിരുന്നു പേടിയുടെ അടിസ്ഥാനം.

അതിരിക്കട്ടെ ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് കേട്ടല്ലോ ശരി തന്നേ ? (ഞങ്ങൾ പ്രതീക്ഷകൾ വീണ്ടു വാനോളം ഉയർത്തട്ടെ )

നീ അത് മാനത്തു തന്നെ നിർത്തിക്കോ താഴോട്ടിറക്കണ്ട . എപ്പോളും എപ്പോളും ആകാശത്തേക്ക് ഉയർത്താൻ പാടല്ലേഡേ .ഈ സിനിമയെ കുറിച്ച് ആദ്യം കേട്ട കഥ പാല എന്ന സ്ഥലത്തിനപ്പുറം ലോകം കണ്ടിട്ടില്ലാത്ത ഒരു ധനാഡിയന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന കമിതാക്കളുടെ കഥ എന്നായിരുന്നു .അതാണിപ്പോൾ മാറ്റുക പുരുഷനായ ഇമ്മാനുവലിൽ എത്തി നില്ക്കുന്നത്

അണ്ണൻ ഇങ്ങനെ കാടടച്ചു വേടി വയ്ക്കാതെ കാര്യം പറ

കഥയാണോ ? പറയാം .കൊച്ചിയിൽ ജീവിക്കുന്ന ഒരാളാണ് ഇമ്മാനുവൽ ഇയാൾക്ക് ഒരിക്കലും ശമ്പളം കൊടുക്കാത്ത ഒരു പുസ്തക പ്രസാധകശാലയിലാണ് ജോലി .വില കുറഞ്ഞ സാരി ഉടുപ്പിച്ച മോഡലിനെപോലെ യുള്ള ഒരു ഭാര്യയും സ്കൂളിൽ പഠിക്കുന്ന ഒരു മകനും അല്ലാതെ ഇയാൾക്ക് ആരുമില്ല .ഭാര്യക്കും അങ്ങനെ തന്നെ .അങ്ങനെ ഇരിക്കെയാണ് ആ ദുരന്തം സംഭവിക്കുന്നത്‌ .

എന്ത് ദുരന്തം അണ്ണാ ? വല്ല അസുഖമോ മറ്റോ ?

ച്ചെ അതല്ലെടാ .ഇതു സംഗതി ഇമ്മാനുവൽ ജോലി ചെയ്തിരുന്ന സ്ഥാപന മുതലാളി കടം കേറി മുടിഞ്ഞു ഒളിച്ചോടുന്നു .സ്ഥാപനം പൂട്ടുന്നു .പോരെ ? (അൻപതിനായിരം രൂപ എന്ന ഭീമമായ തുക കടം കൊടുത്ത മുതലാളി വന്നു സ്ഥാപനം മൊത്തം കൊണ്ട് പോകുന്നുണ്ട് )

അല്ല ശമ്പളം തരാത്ത സ്ഥാപനം പൂട്ടിയാലെന്തു നിന്നാലെന്തു ?

അതോടെ ഇയാളുടെ ജീവിതം പ്രതി സന്ധിയിൽ ആയി എന്നാണ് സംവിധായകനും തിരകഥകൃത്തും പറയുന്നേ .പക്ഷെ വിടുമോ മമ്മൂട്ടി അല്ലെ മോൻ .ജീവിതത്തിൽ ഒരു പെൻസിൽ പോലും വിറ്റിട്ടില്ലാത്ത അദ്ദേഹം പെട്ടന്ന് തന്നെ ഒരു ന്യൂ ജനറേഷൻ ഇൻഷുറൻസ് കമ്പനിയിൽ പോളിസി വില്പ്പനക്കാരനായി ചേരുന്നു .(അതും പുതിയ ചെറുപ്പക്കാര് പിള്ളേരെ മലര്ത്തിയടിച്ചു !!).ആ ഇന്റർവ്യൂ ആണെങ്കില പരമ കോമഡി . ഒരു സെയിൽസ് മാനേ തിരഞ്ഞെടുക്കാൻ ഒരു വലിയ പാനൽ തന്നെയാണ് ഇരിക്കുന്നത് (അത് പിന്നെ വരുന്നത് മെഗാ താരം ആകുമ്പോൾ അത്രയെങ്കിലും വേണ്ടായോ !!!)

അതൊക്കെ പോകട്ടെ ഏറ്റവും വലിയ തമാശ , നിങ്ങൾ ഒരു ഇന്റർവ്യൂ നു പോകുന്നു അവിടെ നിങ്ങൾ നിങ്ങളെ ഇന്റർവ്യൂ ചെയ്യുന്നയാളുടെ പോക്കറ്റടിച്ചു കഴിവ് തെളിയിച്ചു ജോലി കൈക്കലാക്കുന്നു .എന്നിട്ട് നിങ്ങളെ ജോലിക്കെടുത്തയാൽ നിങ്ങളോട് മുതൽ മുതൽ ബസ്‌ സ്ടോപ്പിൽ പോയി പോക്കറ്റ് അടിക്കാൻ പറയുമ്പോൾ നിങ്ങൾ അയ്യോ പോക്കറ്റടി പാപമല്ലേ തെറ്റല്ലേ എന്നൊക്കെ പറയുന്നു എന്നിരിക്കട്ടെ അത് പോലെയാണ് ഇവിടെ നായകന്റെ പെരുമാറ്റം

മനസ്സിലായില്ല .ഒന്ന് വ്യകതമാക്കാമോ .

പിന്നെന്താ ഇന്റർവ്യൂ നു വരുന്ന നായകനോട് ഒരു മൊബൈൽ ഫോണ്‍ കവർ വിറ്റു കാണിക്കാൻ ആവശ്യപ്പെടുന്നു .നായകന പുല്ലു പോലെ നിങ്ങൾ ഇതു നൂറു രൂപയ്ക്കു വാങ്ങാമെങ്കിൽ ഞാനിതു ഇരുനൂറു രൂപയ്ക്കു വിറ്റു  കാണിക്കാം എന്ന് പറയുന്നു . ഈ അത്ഭുദം കാണാനായി ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്ന മാനേജർ ജീവൻ (ഫഹദ് ഫാസിൽ ) അത് വാങ്ങുന്നു .വാങ്ങി കഴിഞ്ഞതും നായകൻ  കൂൾ ആയിട്ട് ഏതൊക്കെ ഇരുനൂറു രൂപയ്ക്കു ആര് വാങ്ങാനാ സാറ് തന്നെ വെച്ചോ എന്ന് പറയുന്നു.ഇങ്ങനെയുള്ള മിടുക്കനായ ഒരാളെ എടുത്തതിൽ ഞാൻ തെറ്റ് പറയില്ല (അവര്ക്ക് അതാണ് ആവശ്യം എങ്കിൽ ) പക്ഷെ അതേ കാര്യം ജോലിയിൽ ചെയ്യാൻ പറയുമ്പോൾ ഇമ്മച്ചൻ  തനി ദൈവമായി മാറുന്നു.

ജോലിക്ക് കേറുന്ന ഇമ്മച്ചൻ  കാണുന്നത്  താൻ ഇന്റർവ്യൂ നു കാണിച്ച അതേ  പരിപാടി കമ്പനി നാട്ടുകാരോട് കാണിക്കുന്നതാണ് . തനിക്കങ്ങനെ പലതും ആകാം എന്ന് കരുതി കണ്ട അണ്ടനും അടകോടനും ഒക്കെ തുടങ്ങിയാലോ ? (പറയുമ്പോൾ എല്ലാം പറയണമല്ലോ ഇടയ്ക്ക് സഹപ്രവർത്തകരോടൊപ്പം ഒരു പബിൽ പോകുന്ന രംഗമുണ്ട് .അദേഹം മറ്റേ കലാരൂപം പ്രദർശിപ്പിക്കുമോ എന്ന് നല്ല പേടി ഉണ്ടായിരുന്നു ഭാഗ്യം!! ഇല്ലായിരുന്നു ). അദ്ദേഹം തന്റെ ബുദ്ധി ഉപയോഗിച്ച് ആളുകളെ സഹായിക്കുന്നു (പഴയ പ്രിയദർശൻ ചിത്രങ്ങളിലെ നമ്പർ തന്നെ .ഒരാളെ വേഷം കെട്ടിച്ചു പണക്കാരനാക്കി കോടികളുടെ പോളിസി എടുക്കാനായി  കൊണ്ടുവരുന്നു അയാൾ ഇരിക്കുമ്പോൾ പണം കിട്ടാനുള്ള ആളെ അകത്തേക് വിടുന്നു . ഈ കസ്റ്റമർ പോകാതിരിക്കാനായി മണ്ടനായ ജീവൻ അപ്പോൾ തന്നെ ചെക്ക്‌ എഴുതി കൊടുക്കുന്നു (പറ്റിച്ചേ !!!) ഈ ലൈൻ )
ജോലി കിട്ടിയ ഇമ്മച്ചൻ മോഡൽ ഭാര്യയുമൊത്ത് സ്കൂട്ടെർ , മറ്റു ഗ്രഹോപകരണങ്ങൾ , ഒക്കെ വാങ്ങി അടിച്ചു പൊളിച്ചു ജീവിക്കുന്നു (പോളിസി എങ്ങനെ വിൽക്കുന്നു എന്ന് ദൈവത്തിനറിയാം !!!) .ഓഫീസ്  മാനേജർ ജീവൻ (ഫഹദ് ഫാസിൽ ) .സൗജന്യ സമ്മാനം ഉണ്ടെന്നു പറഞ്ഞു വരുത്തുന്ന കസ്റ്റമേഴ്സ്  സമ്മാനം നാനോ കാർ അല്ല കുടയാണെന്ന് അറിയുമ്പോൾ (ഇവരോട് ആരും നാനോ തരാം എന്ന് പറയുന്നില്ല ) കേറി തല്ലിയിട്ടു പോകുന്നത്  ഇങ്ങേരെയാണ് .(ഇവിടെ ഹാസ്യമാണ് ഉദേശിക്കുന്നത് എന്ന് തോന്നുന്നു )കമ്പനി ചെലവു കുറയ്ക്കാനായി ക്ലെയിമുകൾ പരമാവധി കൊടുക്കാതിരിക്കാൻ നോക്കുന്നു . ഇമ്മച്ചൻ വിടുമോ? എപ്പോൾ മുക്ത അവതരിപ്പിക്കുന്ന കാൻസർ രോഗിക്ക് മെഡി ക്ലൈം കൊടുക്കാതിരിക്കാൻ ഡോക്ടർ (നന്ദു ) നെ സ്വാധീനിച്ചു പോളിസി എടുക്കുന്നതിനു മുൻപേ ഈ രോഗം ഉണ്ടായിരുന്നു എന്ന് വരുത്തുന്നു .ഇമ്മച്ചന്റെ ഒരൊറ്റ വിരട്ടിൽ ഡോക്ടർ പേടിച്ചു ശരിയായ സർട്ടിഫിക്കറ്റ് കൊടുക്കുന്നു .നന്മ വേണമെടാ നന്മ !!!

അങ്ങനെ പോകുമ്പോൾ ലോണ്ടെ വരുന്നു സാമ്പത്തിക മാന്ദ്യം .. അതോടെ കമ്പനിയിൽ കറുത്ത കോട്ട് ഇട്ട മൂന്ന് നാല് പേർ വരുന്നു .ഇവര് ആളെ പിരിച്ചു വിടാൻ വേണ്ടി പ്രത്യേകം വരുത്തിയതാണ് പോലും . അത് പിന്നെയും കോമഡി .രാവിലെ വന്നിരുന്നു "ഇന്നാരെയാ നമ്മൾ പറഞ്ഞു വിടുന്നത് ?" എന്ന ഡയലോഗ്  അടിച്ചാണ് തുടക്കം

അല്ല ഈ സാമ്പത്തിക മാന്ദ്യം എന്നൊരു കാര്യം വരുമ്പോൾ ഇങ്ങനെ ഒക്കെ നടക്കാറില്ലേ ?

അനിയാ , കുട്ടപ്പൻ എന്ന് പേരുള്ള ഒരാൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന്  ഭാരതത്തിലെ ഏറ്റവും മികച്ച കമാൻഡോ ആകാൻ ഒരു തടസവുമില്ല .എന്ന് വെച്ച് ഒരു സിനിമയിൽ ആ തീവ്രവാദികളെ പിടിക്കാൻ കമാൻഡോ കുട്ടപ്പന് മാത്രമേ കഴിയു എന്ന്  സൈനിക മേധാവി പറയുന്ന രംഗം ഒന്നാലോചിച്ചു നോക്കു .അത് പോലെ ആയി പോയി ഈ രംഗങ്ങളും എന്ന് മാത്രം .

അവസാനത്തെ ഒരു ക്ലൈമാക്സ്‌ ഉണ്ടനിയാ അതാണ് ശരിക്കും മാരകം . ആൾക്കാരെ  പിരിച്ചു വിടുന്ന കറുത്ത കോട്ട്  ധരിച്ച വ്യക്തികൾ പിന്നെയും വരുന്നു .ഫഹദ് ഫാസിൽ വിഷമിച്ചിരിക്കുന്നു കാരണം അങ്ങേര്ക്കും ടാർഗറ്റ്  ഉണ്ട് പോലും. അത് നെടാത്തത് കൊണ്ട് അങ്ങേരെ പിരിച്ചു വിടാനാണ് അവർ വരുന്നത് പോലും  (അത് ന്യായം ).ഇനിയാണ് ഈ സിനിമയുടെ ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സ്‌. ഇമ്മിച്ചൻ കുറച്ചു മുൻപ് തനിക്കു കിട്ടിയ അമ്പതു ലക്ഷത്തിന്റെ പോളിസിയുടെ ചെക്ക്‌ എടുത്തു ഫഹദ് ഫാസിലിനു കൊടുക്കുന്നു ഇതു സാർ ക്ലോസ്  ചെയ്തോളു എന്ന് പറയുന്നു . (ഫഹദ് മാനേജർ ആണെങ്കിൽ അയാളുടെ ടാർഗറ്റ്  അയാളുടെ കീഴിൽ ജോലി ചെയ്യുന്നവരുടെ അകെ തുക ആണെന്നിരിക്കെ ഈ അമ്പതു ലക്ഷം ഇമ്മിച്ചൻ അടച്ചാലും ഫഹദ് നേരിട്ട് അടച്ചാലും ഒരു വ്യത്യാസവും ഇല്ല എന്നതാണ് സത്യം) ഈ ത്യാഗം കണ്ടതോടെ ഇമ്മിച്ചനെ തന്റെ ഹീറോ ആയി പ്രഖ്യാപിച്ചു ജീവൻ (ഫഹദ് ) നല്ലവരിൽ ഒരാളായി മാറുന്നു .പിന്നെ കമ്പനി എന്ത് പരുന്തും കാലേൽ പോയാലും തനിക്കൊനും ഇല്ല എന്ന മട്ടിൽ വാശിയോടെ അവിടെ വരുന്നവരെ സഹായിച്ചു കൊല്ലുന്നു . ഇമ്മിച്ചൻ നേരത്തെ ഉപദേശിച്ച നന്ദു ഡോക്ടർ ഒട്ടും കുറയ്ക്കാതെ സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തുന്നു .അങ്ങനെ ഈ സിനിമയിലെ നല്ലവൻ ആകാൻ ബാക്കിയുള്ള സകലവരെയും നന്നാക്കി കഴിയുമ്പോൾ പഴയ ജോസഫ്‌ ചേട്ടൻ കാശുകാരനായി വന്നു പൂട്ടി പോയ സ്ഥാപനം വീണ്ടും തുറക്കുന്നു .അവിടത്തെ കിടിലൻ സെറ്റപ്പിൽ ഇമ്മിച്ച ൻ പഴയ ഓർഡർ ഫോം പോസ്റ്റ്‌ ചെയ്യുന്ന ജോലിയുമായി സന്തുഷ്ടനായി ഇരിക്കുമ്പോൾ സിനിമ തീരുന്നു.

അല്ല ഈ സിനിമയിൽ അഭിനയം ? മമ്മുട്ടിയാണോ ഫഹദ് ഫാസീലാണോ മുന്നിൽ ?

അനിയ വല്ല വിധവും ഈ ചിത്രം മുഴുവൻ സഹിച്ചിരുന്ന പാട് എനിക്കറിയാം ഫഹദ് ഫാസിലിന്റെ ഏറ്റവും മോശം ചിത്രം എന്ന് ഇതിനെ നിസംശയം വിളിക്കാം .മമ്മുട്ടി മോഹൻലാൽ  എന്നിവർക്കെതിരെ സംവിധായക തിരകഥ കൃത്തുക്കൾ  ചേർന്ന് ഗൂധലോചന നടത്തി ഒരു വിധത്തിലും അഭിനയിക്കാൻ സമ്മതിക്കാത്തത് കൊണ്ട് അവരെ കുറ്റം പറയാൻ പറ്റില്ലല്ലൊ .പാവങ്ങൾ പത്തു പതിനഞ്ചു കൊല്ലമായി അടുത്ത പടത്തിൽ എങ്കിലും ഇവന്മാരുടെ കണ്ണ് തെറ്റിയാൽ ഒന്ന്  അഭിനയിച്ചു കളയാം  എന്ന് കരുതി കാത്തിരിക്കുന്നു . മുകളില പറഞ്ഞ രണ്ടു പെര്ക്കല്ലാതെ ബാക്കി ആർക്കും വലിയ പ്രസക്തി ഒന്നുമില്ല എന്നതാണ് സത്യം . ഒരു പാട് സാദ്ധ്യതകൾ ഉള്ള ഒരു സിനിമയെയാണ് ഇങ്ങനെ നശിപ്പിച്ചത് എന്നോർക്കുമ്പോൾ സത്യത്തിൽ വിഷമം ഉണ്ട്  .

അണ്ണാ  ഒരൊറ്റ ചോദ്യം കൂടി , മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രമേ ഈ ചിത്രം ആസ്വദിക്കാൻ കഴിയു എന്ന് കേൾ ക്കുന്നത് ശരിയാണോ ?

മനസ്സിനു നന്മ ആല്ല മാനസിക വളർച്ച ഇല്ലാത്തവർക്ക് ഒരു പക്ഷെ ഈ ചിത്രം ആസ്വദിക്കാൻ പറ്റിയേക്കും എന്നാണ് എനിക്ക് തോന്നിയത് . ഇതു പുതിയ ഒരു നമ്പറാണ് .ആ തട്ടത്തിൻ മറയത് ഇറങ്ങിയപ്പോൾ മറ്റോ ആണെന്ന് തോന്നുന്നു ഇതിന്റെ തുടക്കം .മനസ്സിൽ പ്രണയം ഉള്ളവർക്കെ ഈ ചിത്രം ആസ്വദിക്കാൻ പറ്റു എന്ന് പറഞ്ഞത് പോലെ .ഓരോ മാർക്കെറ്റിംഗ് വിദ്യകളെ .

ചുരുക്കത്തിൽ .....

മറ്റൊരു ബോറൻ ചിത്രം . ഇതിന്റെ കേട്ടിറങ്ങണം എങ്കിൽ ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ കാണേണ്ടി വരും എന്നാ തോന്നുന്നേ .നാശം എന്തൊക്കെ അനുഭവിച്ചാൽ ഈ ജന്മം തീരും !!!!ഇതിലും ഭേദം പഴയ ഇംഗ്ലീഷ് ഇമ്മാനുവെൽ ആയിരുന്നു (ഹോ നൊസ്റ്റൽജിയ വരുന്നെടാ ....കാറ്റാടി തണലും തണലത്തൊരു ..........)