Saturday, August 18, 2012

മിസ്റ്റര്‍ മരുമകന്‍ -Mr. Marumakan

അണ്ണാ നിങ്ങള്‍ മിസ്റ്റര്‍ മരുമകന്‍ എത്രയും പെട്ടെന്ന് ഒന്ന് കാണണം .റിവ്യൂ അത്യാവശ്യമാണ് എന്ന് കാളകൂടത്തില്‍ നിന്നും ഇപ്പൊ ഫോണ്‍ വന്നതേ ഉള്ളു.

ഞാന്‍ പടം കണ്ടിട്ട് വരുന്ന വഴിയാണ് ചെല്ലാ

അതാണ്‌.നിങ്ങള്‍ കണ്ടു കാണും എന്ന് എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു . ഞാന്‍ ഒരു തുടക്കം എഴുതി വെച്ചിട്ടുണ്ട് .ബാക്കി നിങ്ങള്‍ പറയുന്നതും ചേര്‍ത്ത് പൊലിപ്പിക്കാം

ആദ്യം നിന്റെ തുടകം കേക്കട്ട് , എന്നിട്ട് ഞാന്‍ പടത്തിനെപ്പറ്റി പറയാം.

ദാ പിടിച്ചോ ....സന്ധ്യ മോഹന്‍ സംവിധാനം ചെയ്തു , സിബി കെ തോമസ്‌ , ഉദയ്കൃഷ്ണ (സിബി-ഉദയ് ) തിരക്കഥ എഴുതി , ദിലീപ് നായകനായി പുറത്തിറങ്ങുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന നിമഷം മുതല്‍ ഒരു സാധാരണ പ്രേക്ഷകന്‍ ആ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ആധുനിക സമൂഹത്തില്‍ ഒരു മരുമകനും അമ്മായിയമ്മയും തമ്മിലുള്ള മാറുന്ന ബന്ധങ്ങളുടെ നേര്‍ക്കാഴ്ചയാണ്. സമകാലീന കുടുമ്പ വ്യവസ്ഥകളില്‍ കാണുന്ന നന്മ തിന്മകള്‍ കൊണ്ട് സമ്പന്നമാകും ഈ സിനിമയിലെ ഓരോ രംഗങ്ങളും എന്ന് അവന്‍ വ്യഥയോടെ പ്രതീക്ഷിച്ചു കളയും. അനുനിമിഷം രസിപ്പിക്കുന്ന അര്‍ത്ഥ സമ്പുഷ്ടമായ നര്‍മ്മ രംഗങ്ങളില്‍ കൂടി വികസിക്കുന്ന സിനിമ ഒടുവില്‍ ഒരു നല്ല സന്ദേശം നല്‍കി അവസാനിക്കില്ലേ എന്ന ആശങ്ക അവനെ നിരന്തരം വേട്ടയാടും .അപകടകരമായ സന്ദേശങ്ങള്‍ ഒന്നും സിനിമയില്‍ ഉണ്ടാവരുതേ എന്ന കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥന അവന്റെ ചുണ്ടുകളില്‍ എപ്പോഴും ഉണ്ടാകും.

അനിയാ സ്റ്റോപ്പ്‌!!! . പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ , ഹിറ്റ്ലര്‍ ബ്രദേര്‍സ് , മൈ ഡിയര്‍ കരടി ,കിലുക്കം കിലുകിലുക്കം തുടങ്ങിയ ക്ലാസിക്കുകള്‍ സംവിധാനം ചെയ്ത സന്ധ്യാ മോഹന്‍ സംവിധാനം ചെയ്യുന്ന പടം , പണ്ട് വായിച്ച മാ വാരിക കഥകളില്‍ , ബാലരമ ,ബാലമംഗളം , പൂമ്പാറ്റ സന്ദര്‍ഭങ്ങളും ,മേമ്പൊടിക്ക് അല്‍പ്പം വ്യംഗ്യം കലര്‍ന്ന തമാശകളും ചേര്‍ത്ത് എഴുതിയ നാലഞ്ച് കഥകള്‍ തിരിച്ചും മറിച്ചും അടിച്ചു കഞ്ഞി കുടിക്കുന്ന സിബി -ഉദയ് ടീമിന്റെ രചന, ദിലീപ് നായകനാകുന്ന സിനിമ , അതിന്റെ പേര് മിസ്റ്റര്‍ മരുമകന്‍ ...അതില്‍ നിന്നും നിന്റെ പ്രേക്ഷകന്‍ എന്തോന്ന് പ്രതീഷിക്കുന്നത് ? സമകാലീന കുടുമ്പബന്ധം , അര്‍ത്ഥ സമ്പുഷ്ടമായ കോമഡി , പിന്നെ നല്ല സന്ദേശം , അല്ലെ ?

അപകടകരമായ സന്ദേശങ്ങള്‍ പാടില്ല താനും.

ഒവ്വ ...അനിയാ സമകാലീനം , അര്‍ത്ഥസമ്പുഷ്ടം ഇതൊക്കെ അക്ഷരത്തെറ്റ് കൂടാതെ എഴുതാന്‍ അറിയാത്ത കൂട്ടരാണ് സന്ധ്യാ മോഹന്‍, സിബി -ഉദയ് ഇവരൊക്കെ . ഇവര്‍ ദിലീപിനെ നായകനാക്കി മിസ്റ്റര്‍ മരുമകന്‍ എന്ന പേരില്‍ ഒരു സിനിമ ഇറക്കുമ്പോള്‍ തലയ്ക്കു വെളിവുള്ള ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ എന്തൊക്കെ എന്ന് കേട്ടോ അഹങ്കാരി ആയ നായിക , അതിനേക്കാള്‍ അഹങ്കാരിയായ അമ്മായിയമ്മ , പാവപ്പെട്ട പക്ഷെ തന്റേടിയായ നായകന്‍ . സാഹചര്യങ്ങള്‍ കൊണ്ട് നായകനെ കെട്ടാന്‍ നിര്‍ബ്ബന്ധിതയാകുന്ന നായിക. വിവാഹ ശേഷം നായികയെയും , അവളുടെ അമ്മയെയും വരച്ച വരയില്‍ നിറുത്തി കണ്ണുനീരോടെ മാപ്പ് പറയിച്ച് എല്ലാം ശുഭം ആക്കുന്ന നായകന്‍ . അമ്മായിയമ്മ മിക്കവാറും ഭര്‍ത്താവിനെ ചവിട്ടി പുറത്താക്കി കൊല വിളിച്ചു നില്‍ക്കുന്ന ടീം ആകും .നായകന്‍ ഇടപെട്ട് അമ്മായിയമ്മയെക്കൊണ്ട് അമ്മയിയപ്പനോടും ക്ലൈമാക്സില്‍ മാപ്പ് പറയിക്കും. ഇത്രയൊക്കെ ഈ പടത്തില്‍ കാണും എന്ന് പടം അനൌണ്സ് ചെയ്യുന്ന നിമിഷം മുതല്‍ സ്ഥിരമായി വാണിജ്യ സിനിമകള്‍ കാണുന്ന ബോധമുള്ള ഏതൊരുത്തനും അറിയാം. പിന്നെ അവനെ രസിപ്പിക്കുന്ന രീതിയില്‍ പടം എടുക്കുക എന്ന കാര്യം അതിന്റെ അണിയറക്കാര്‍ ചെയ്‌താല്‍ അത് നല്ല പടം .ഇല്ലെങ്കില്‍ കൂതറ .

എന്നിട്ട് നിങ്ങള്‍ പ്രതീക്ഷിച്ച് പോയത് പോലെ തന്നെ മിസ്റ്റര്‍ മരുമകന്റെ കഥ ?

പിന്നല്ലാതെ ? അഹങ്കാരിയായ അമ്മായിയമ്മക്ക്‌ കൂട്ടായി അവരുടെ സുപ്പര്‍ അഹങ്കാരി അമ്മ കൂടി ഉണ്ട് എന്നൊരു വ്യത്യാസം മാത്രം .

പടം എങ്ങനെ?

വെറും കച്ചറ. ഒന്നോ രണ്ടോ സീനുകള്‍ ഒഴിച്ച് ചിരി പോയിട്ട് പുഞ്ചിരി വരുന്ന രംഗങ്ങള്‍ പോലും ഇല്ല.

അങ്ങനെ ഫ്ലാറ്റ് ആയി പറഞ്ഞാല്‍ പോരാ .സംഗതികള്‍ വരണം.

എന്തോന്ന് സംഗതികളഡേ ?അതി പുരാതന കാലം തൊട്ടുള്ള തന്റേടിയായ നായകന്‍ വേര്‍സസ്സ് അഹങ്കാരികള്‍ അയ അമ്മായിയമ്മ പ്ലസ്‌ നായിക ടീമിന്റെ കഥ. നീ പറഞ്ഞത് പോലെ അര്‍ത്ഥസമ്പുഷ്ടം ഒന്നും അല്ലെങ്കിലും, സ്ലാപ് സ്റ്റിക്ക് ആണെങ്കിലും കണ്ടിരിക്കുന്നവരെ രസിപ്പിക്കുന്ന ഹാസ്യ രംഗങ്ങള്‍ , പിന്നെ ടിപ്പിക്കല്‍ മസാലയാണെങ്കിലും അല്‍പ്പ സ്വല്‍പ്പം ആളെ ഊശിയാക്കാത്ത ട്വിസ്റ്റുകളും ആണ് കാലാ കാലത്ത് ഇറങ്ങുന്ന ഇത്തരം സ്ഥിരം ഫോര്‍മുല സിനിമകളെ രക്ഷിക്കുന്നത് . മിസ്റ്റര്‍ മരുമകനില്‍ ഹാസ്യം നിറയ്ക്കാന്‍ സന്ധ്യാ മോഹന്‍,സിബി-ഉദയ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിലീപ് , ബിജുമേനോന്‍ സലീംകുമാര്‍, ബാബുരാജ്, സുരാജ് വെഞാറമ്മൂട്,ഹരിശ്രീ അശോകന്‍ വരെയുള്ള ഒരു നീണ്ട താരനിര തലകുത്തി ശ്രമിക്കുന്നുണ്ട്.വെവ്വേറെ നിലവാരം പറഞ്ഞാല്‍ ;
ദിലീപ് - ഏശിയില്ല ,
ബിജുമേനോന്‍ - അകെ അങ്ങേരെ കാണിക്കുന്ന മൂന്നു നാല് സീനുകളില്‍ ഒക്കെ ,
സലിംകുമാര്‍ -ദേശിയ അവാര്‍ഡ്‌ ഉടനെ മിക്കവാറുംനാട്ടുകാര്‍ തിരികെ വാങ്ങി സര്‍ക്കാരിന് കൊടുക്കും ,
ബാബുരാജ് - എന്റെ പൊന്നു ജഗതിയേട്ടാ പെട്ടന്ന് സുഖം പ്രാപിച്ച് വന്ന് ഈ ബാധയില്‍ നിന്നും ഞങ്ങളെ ഒന്ന് രക്ഷിക്കു. ,
സുരാജ് വെഞാറമ്മൂട് -തല്ലിക്കൊല്ലാത്തത് നേരിട്ട് കാണാത്തത് കൊണ്ടും ജയലില്‍ പോകും എന്ന പേടി കൊണ്ടും മാത്രമാണ് ,
ഹരിശ്രീ അശോകന്‍ -കണ്ണ് ചിമ്മിയാല്‍ മിസ്സാകുന്ന റോളില്‍ അങ്ങേര്‍ എന്ത് ചെയ്യാന്‍ ?
ഇനി ട്വിസ്റ്റ് ... അതിന്റെ കാര്യം പറഞ്ഞാല്‍ എടുത്തു പറയാവുന്ന ഒരേ ഒരു ട്വിസ്റ്റ്‌ വില്ലന്മാര്‍ ആയ സായികുമാര്‍ , റിയാസ്ഖാന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ ക്ലൈമാക്സില്‍ മറുകണ്ടം ചാടുന്നതാണ് . അത് തന്നെ പരമ ബോറാണ്.പിന്നെ കവിയൂര്‍ പൊന്നമ്മ ,ഷീല ,ഖുശ്ബു എന്നിവരുടെ കഥന കഥ വേറൊരു ട്വിസ്റ്റ് ആയിട്ട് ഉണ്ട് .പൊന്നനിയാ മാ വരികക്കാര്‍ സിബിക്കും ഉദയനും കപ്പം കൊടുക്കും.

അണ്ണന്‍ പറഞ്ഞല്ലോ ഹാസ്യ രംഗങ്ങളില്‍ ദിലീപ് ഏശിയില്ല എന്ന് .ബാക്കിയുള്ള സീനുകളിലോ?

നിന്റെ ചോദ്യം കേട്ടാല്‍ തോന്നും ഹാസ്യ രംഗങ്ങള്‍ അല്ലാതെ വികാരങ്ങള്‍ ഘനം തൂങ്ങുന്ന രംഗങ്ങള്‍ ഒരുപാട് ഈ സിനിമയില്‍ ഉണ്ടെന്ന്. അനിയാ ഏതാണ്ട് മുഴുവന്‍ സമയവും ഈ സിനിമ നമ്മളെ ചിരിപ്പിക്കാന്‍ ഉള്ള തീവ്ര ശ്രമമാണ് . പിന്നെ അത്യാവശ്യം ഉള്ള ഗൌരവ പൂര്‍ണ്ണം അല്ലെങ്കില്‍ കട്ട ഡയലോഗുകള്‍ പറയേണ്ട രംഗങ്ങള്‍ . ദിലീപിനോട് എനിക്ക് അകെ പറയാനുള്ളത് ജൂനിയര്‍ ആണെങ്കിലും ജയസൂര്യയെ പോലുള്ള നടന്മാര്‍ ഇത്തരം സീനുകളില്‍ ശരീര ഭാഷയിലും, ടോണിലും ഒക്കെ കൊണ്ട് വരാന്‍ ശ്രമിക്കുന്ന ഇംപ്രൊവൈസേഷന്‍ ഒന്ന് നിരീക്ഷിക്കുന്നത് ഉപകാരപ്പെടും .മിസ്റ്റര്‍ മരുമകനില്‍ ഉള്ള 'ഉടുക്കടി സാരി' മട്ടിലുള്ള സീനുകള്‍ ഒരുപാട് കണ്ടിരിക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് പറയുകയാണ്‌.അപേക്ഷയായി കൂട്ടിയാല്‍ മതി

ഭാഗ്യരാജ് ഒക്കെയില്ലേ അണ്ണാ സിനിമയില്‍ ?

ഉണ്ടല്ലോ . ദിലീപിന്റെ അമ്മായിയപ്പന്‍ ആയിട്ട്. തമിഴ് കലര്‍ന്ന മലയാളം പറയുന്നു ,ഇടയ്ക്കിടെ കുശ്ബുവിന്റെ ആട്ടും തുപ്പും കേള്‍ക്കുന്നു , ഇടയ്ക്ക് ഒരല്പം ഭാവാഭിനയം, ഒടുക്കം കുശ്ബു മാപ്പ് പറയുമ്പോള്‍ എല്ലാം ക്ഷമിക്കുന്നു ...തീര്‍ന്നു.

പിന്നെ അണ്ണാ പ്രധാന സംഭവം പറഞ്ഞില്ലല്ലോ .ഇതിലല്ലേ നമ്മുടെ ബേബി സനുഷ ബേബി പട്ടം കളഞ്ഞ് ബേബ് ആകുന്നത് ? നായികയായുള്ള സനൂഷയുടെ ആദ്യ ഫിലിം എന്ന നിലയ്ക്ക് അണ്ണന്‍ ആ കൊച്ചിനെ കുറിച്ച് ഇതുവരെ ഒന്നും പറയാത്തത് മോശമായിപ്പോയി.

കൊച്ച് കാണാന്‍ സുന്ദരി,തടി സൂക്ഷിച്ചാല്‍ കൊച്ചിന് കൊള്ളാം. അഹങ്കാരി ,നിഷേധി ,നായകനെ ഗുണ്ടകളെ വിട്ടു തല്ലിക്കാന്‍/ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവള്‍ ഒടുക്കം നായകന്‍ വേറൊരുത്തിയുടെ കൂടെ ഐറ്റം ഡാന്‍സ് കളിക്കുന്നത് കാണുമ്പോള്‍ അസൂയയായി തുടങ്ങുന്ന സോഫ്റ്റ്‌ കോര്‍ണര്‍ പ്രേമത്തിലേക്ക് വീഴ്ത്തുന്നവള്‍ അങ്ങനെയുള്ള മലയാളി മെയില്‍ ഫാന്റസി ഹീറോയിന്‍ കഥാപാത്രത്തെ കൊച്ച് ബോറക്കാതെ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. ഡബ്ബിംഗ് സ്വന്തം ശബ്ദമെങ്കില്‍ ഫുള്‍ മാര്‍ക്ക് . ഗ്ലാമറിലും പ്രതീക്ഷ നല്‍കുന്ന പെര്‍ഫോമന്‍സ് ,ഇത്രയും പോരെ ?

ഹോ അപ്പൊ മഴപ്പാട്ട് തകര്‍ത്തു അല്ലെ അണ്ണാ ?

വന്‍ പ്രതീക്ഷകളുമായി ഇടിച്ചു കയറിയിട്ട് ഒടുക്കം എന്നെ പറയരുത്.പക്ഷെ മലയാളം സിനിമ ഗ്ലാമര്‍ സോങ്ങ് നിലവാരത്തില്‍ ഭേദപ്പെട്ട ഒന്ന് . പാട്ടിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത് സിനിമയില്‍ അതിന്റെ പ്ലേസ്മെന്റാണ് . ഏതാണ്ട് സിനിമ തീരാറാകുമ്പോള്‍ ആണ് ഈ പാട്ട് വരുന്നത്.പ്രമോകളില്‍ ഇതിന്റെ വാലും തുമ്പും പടങ്ങളും ഒക്കെ കണ്ട ഒറ്റയൊരുത്തന്‍ പോലുംആ പാട്ട് വരും വരെ സീറ്റ് വിട്ടു അനങ്ങാതെ കൊന്ന് കൊലവിളിക്കാന്‍ ധൈര്യപൂര്‍വ്വം ഇരുന്നു കൊടുത്തോളും.

കുശ്ബു എങ്ങനെ ഉണ്ട് അണ്ണാ ?

പഴയ ലക്ഷണ ശാസ്ത്രം വെച്ച് പ്രൌഡ സുന്ദരിയായ ഒരു മധ്യവയസ്ക (വീ കെ യെന്‍ /പയ്യന്‍ ഭാഷയിലെ തടിച്ചി ). ലാസ്റ്റ് മിനിറ്റ് വരെ അഹങ്കാരി .ഒടുക്കം ശീലാവതി . മോശമായില്ല എന്നാല്‍ തകര്‍ത്തു എന്ന് പറയാന്‍ തക്ക സന്ദര്‍ഭങ്ങള്‍ ഒന്നും കഥയിലും ഇല്ല , അവരുടെ അഭിനയത്തിലും ഇല്ല.

ബാക്കിയുള്ളവര്‍ ?

കുശ്ബുവിന്റെ കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തില്‍ വരുന്ന ഷീലയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം . എന്റെ അനിയാ അവര്‍ അഭിനയിച്ച് തുടങ്ങിയാല്‍ മുന്നില്‍ ഒരു മദയാനയെ കൊണ്ട് നിറുത്തിയാലും അത് വിരണ്ട് ഓടി വല്ല കുറ്റിക്കാട്ടിലും കയറി ഒളിച്ച് കളയും . അവരുടെ മുന്നില്‍ നിന്ന് അഭിനയിക്കുന്ന എക്സ്ട്രാ നടീ നടന്മാര്‍ക്ക് വരെ അങ്ങനെ ഓടാതെ പിടിച്ചു നില്‍ക്കുന്നതിന്റെ പേരില്‍ മാത്രം ഓരോ ഓസ്കാര്‍ കൊടുക്കേണ്ടതാണ് .

പിന്നെയുള്ളത് കവിയൂര്‍ പൊന്നമ്മയാണ് .നിസഹായയായ ജോലിക്കാരി /അമ്മ . സ്ഥിരം വേഷം. അവരോട് പറഞ്ഞ ജോലി അവര്‍ വൃത്തിയായി ചെയ്തു. അത്ര തന്നെ .കൂടുതലും ഇല്ല കുറവും ഇല്ല.

അണ്ണാ , നേരെ വാ നേരെ പോ ചോദ്യം.ഇത് ഒരു മോശം പടമായതിന്റെ പ്രധാന ഉത്തരവാദിത്വം ആര്‍ക്ക് ?

സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന തത്വം വെച്ച് സന്ധ്യാ മോഹന്‍ . തുല്യ പങ്കാളികള്‍ ആയി സിബി -ഉദയ് ടീം . ലോജിക്ക് ഒട്ടുമില്ലാത്ത കഥയും , സ്ലാപ് സ്റ്റിക്ക് കോമഡിയും ഒന്നും ഇത്തരം ഒരു പടത്തില്‍ കുഴപ്പമില്ല. പക്ഷേ പടം സാമാന്യം തെറ്റില്ലാതെ ബോറടിക്കുമ്പോള്‍ അതിലെ ലോജിക്ക് ഇല്ലായ്മ ഞാന്‍ തിരയുന്നതും, കോമഡിക്കുള്ള ശ്രമങ്ങള്‍ എന്നെ ചിരിപ്പിക്കത്തതും പ്രാഥമികമായി സംവിധയകന്‍ - തിരക്കഥാകൃത്തുക്കള്‍ എന്നിവരുടെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്. രണ്ടാമതായി സംസ്ഥാന അവാര്‍ഡ് , ഒരു ബ്ലോക്ക് ബസ്റ്റര്‍ ഇതൊക്കെ കഴിഞ്ഞു നില്‍ക്കുന്ന സമയത്ത് ഇങ്ങനെ ഒരു പടം ഇറക്കിയ ദിലീപ് . (അവാര്‍ഡ്, ബ്ലോക്ക് ബസ്റ്റര്‍ ഇതിനൊക്കെ ഒരു പാട് മുന്‍പ് തട്ടില്‍ കയറിയ പടമാണ് മരുമകന്‍ എന്നത് മറക്കുന്നില്ല )

അപ്പൊ പടം കൂറ തന്നെ അല്ലെ അണ്ണാ ?

ഡേ , ഈ പടം കൂറ എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു കിട്ടിയാല്‍ ഇതിന്റെ നിര്‍മ്മാതാക്കളും ദിലീപും മിക്കവാറും രക്ഷപ്പെടം. മായാമോഹിനി പോലെ ഒരു തനി തറപ്പടത്തിനെ ബ്ലോഗിലെ അണ്ണന്‍മാര്‍ കൂറ , അശ്ലീലം , വൃത്തികേട്‌ എന്നൊക്കെ പറഞ്ഞ് ക്യൂവായി നിന്ന് കൂവി. ഫലമോ ? ഫാമിലികള്‍ ഇടിച്ചു കയറി ആ പടം ബ്ലോക്ക് ബസ്റ്റര്‍ . ഓണ്‍ലൈന്‍ പപ്പുണ്ണികള്‍ മൂക്കത്ത് വിരല്‍ വെച്ചു 'ഫാമിലിക്ക്‌ ഇപ്പൊ തറ നിലവാരവും, അശ്ലീലവും മതിയോ ?' എന്ന് തമ്മില്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തി തള്ളിയത് ചരിത്രം. അത് കൊണ്ട് മിസ്റ്റര്‍ മരുമകന്‍ എന്ന ഈ പടത്തെ കൂറ എന്ന് വിളിക്കുന്നത്‌ സൂക്ഷിച്ചു വേണം .

എന്നാലും കാളകൂടത്തില്‍ കൊടുകുമ്പോള്‍ ഒരു കണ്‍ക്ലൂഷന്‍ വേണ്ട അണ്ണാ ?

ഡേ കണ്ക്ലൂഷന്‍ ഇത്രയേ പറയാനുള്ളൂ. തമിഴില്‍ ഇത്തരം ഫോര്‍മുലകളുടെ ഒരു സ്ഥിരം നടന്‍ ഉണ്ടായിരുന്നു (ആള്‍ ഇപ്പോഴും ഉണ്ട് ,പക്ഷെ നായക വേഷങ്ങള്‍ നിറുത്തി സപ്പോര്‍ട്ടിംഗ് റോളുകളിലേക്ക് മാറി എന്ന് മാത്രം ) പാണ്ഡ്യരാജന്‍ .അങ്ങേരുടെ നല്ല കാലം എന്പതുകളുടെ പകുതി മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ആയിരുന്നു.ആ നല്ല കാലത്ത് അങ്ങേര്‍ തമിഴില്‍ ചെയ്യേണ്ടി ഇരുന്ന പടമാണ് മിസ്റ്റര്‍ മരുമകന്‍. അത് ഇപ്പൊ ദിലീപ് അതേ പടി ചെയതു. അത്ര തന്നെ.

2 comments:

  1. I was wondering how Dileep got state award, so Bhagyaraj and Dileep were acting together and Bhagyaraj been bribed to give award earlier itself.
    May be both of them Kushbu connection, she is almost divorced with Sunder.C who is now after Angaditheru heroine.

    ReplyDelete
  2. പ്രേക്ഷകാ, ഇത്‌ ധനുഷ്‌ നായകനായ മാപ്പിളൈ എന്ന തമിഴ്‌ സിനിമയുടെ റീമേക്കാണോ ?

    ReplyDelete