Sunday, July 7, 2013

സിങ്കം 2

കേരളമാകെ പ്രകമ്പനം അണ്ണാ .....

എന്തിനാ അനിയാ പുതിയ വല്ല സോളാറോ , സിനിമ ഊരു വിലക്കോ  വന്നോടെ ?

ഇല്ലാ അണ്ണാ ഇതു സംഗതി വേറെ. മലയാളക്കരയെ  പ്രകമ്പനം കൊള്ളിച്ചു കൊണ്ട് സൂര്യയുടെ സിങ്കം 2  ഇറങ്ങിയത്‌ അറിഞ്ഞില്ലേ ? അതിരിക്കട്ടെ അണ്ണൻ എങ്ങനാ അന്യഭാഷാ ചിത്രങ്ങളോട് ?

അനിയാ ലോകത്തെ  ഏതു  ഭാഷയിലുള്ള സിനിമയായാലും അതൊക്കെ എനിക്ക് വേണ്ടിയാണെന്നും എന്നെ രസിപ്പിക്കാൻ ഉദ്ദേശിച്ചു ഉള്ളതാണെന്നും എനിക്കറിയാം .അതിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത് കിട്ടിയാൽ  ഞാൻ ഹാപ്പി ഇല്ലെങ്കിൽ എന്റെ കാശു പോയി അത്ര തന്നെ .വേറെ ആർക്കു എന്ത് സംഭവിച്ചു എന്നതു അവരുടെ താല്പര്യം പോലിരിക്കും .പലപ്പോഴും പറയാറുള്ളത് പോലെ അവര്ക്ക് കാശു പോയില്ല എങ്കിൽ സന്തോഷം .

അപ്പം നിരോധിക്കണ്ട ? ശരി എന്നാൽ ബാക്കി പറയാമോ

തമിഴിലെ വെട്ടരിവാൾ പടങ്ങളുടെ ആശാനായ ഹരിയാണ് സിങ്കം 2 എടുത്തിരിക്കുന്നത് . അഭിനയിക്കുന്നത്  സൂര്യ സൂര്യ ,സൂര്യ ,......... പിന്നെ അനുഷ്ക ഷെട്ടി , ഹൻസിക മോട്ട്വാനി , വിവേക് , സന്താനം  തുടങ്ങിയവരും .

എഴാം അറിവ് , മാട്രൻ  എന്നീ  വൻ ചിത്രങ്ങളുടെ വീഴ്ചക്ക് ശേഷം തന്റെ സമകലീനായ വിക്രത്തിനെ പോലെ പരുങ്ങലിൽ അകാതിരിക്കാൻ ആകണം സൂര്യ ഇത്തവണ വിജയ്‌ ശൈലിയിൽ ഉള്ള തന്റെ തന്നെ സിങ്കം  എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുന്നത്‌  .ദൊരൈ സിങ്കം എന്ന സാധാരണ തമിഴൻ  പോലീസുകാരനെ വീണ്ടും അവതരിപ്പിക്കുമ്പോൾ സിങ്കം 2 ന്റെ പിന്നണിക്കാർ നേരിടുന്ന വെല്ലുവിളികൾ പലതാണ്.

എന്ന്  വെച്ചാൽ ?

ശരിക്കും നമ്മൾ ഇന്ത്യക്കാർക്ക്  ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാൻ അറിയില്ല  എന്നാണ്  പലപ്പോഴും   തോന്നിയിട്ടുള്ളത് .  ജപ്പാനിൽ കൊണ്ട് പോയ കല്യാണരാമനും , പട്ടണത്തിലേക്കും പിന്നീടു അമേരിക്കയിലേക്കും പോയ ദാസ്സ വിജയന്മാരും , രാവണ പ്രഭുക്കളും, ജാക്കിമാരും  തെളിയിക്കുന്നത് മറ്റൊന്നല്ല .  ശരിക്കു പറഞ്ഞാൽ ഈ രണ്ടാം ഭാഗം എടുക്കുമ്പോൾ ആദ്യ ചിത്രം എന്ത് കൊണ്ട് വിജയിച്ചു എന്ന് മനസിലാക്കാനുള്ള കഴിവിന്റെ അഭാവമാണ് പലപ്പോഴും രണ്ടാം ഭാഗം എടുക്കുമ്പോൾ സംഭവിക്കുന്നത്‌ .എന്റെ ഓർമ്മയിൽ ഈ പണി ഒരു വിധം നന്നായി ചെയ്തത് നമ്മുടെ പാവം രെന്ജി പണിക്കരാണ്  (ഭരത്ചന്ദ്രനെ സുപ്പർ താരത്തിന്റെ പെട്ടി എടുക്കാൻ വിട്ടു പില്ക്കാലത്ത് അദ്ദേഹം തന്നെ അത് നശിപ്പിച്ചു എന്നത് വേറെ )

ഇപ്പോ ഉദാഹരണമായി നമ്മുടെ സാഗർ ജാക്കിയെ നോക്കാം ഇരുപതാം നൂറ്റാണ്ട് എന്നാ ചിത്രത്തിലെ സാഗർ ഒരിക്കലും ഒരു ദൈവം (അഥവാ അമാനുഷൻ ) ആയിരുന്നില്ല .മരിച്ചു ബുദ്ധിമാനായ ഒരു കള്ളക്കടത്തുകാരൻ മാത്രം ആയിരുന്നു .പിന്നെ ശേഖരൻ കുട്ടി എന്നാ ജാക്കിയോളം തന്നെ ശക്തനായ വില്ലനും ഏറ്റവും  ഒടുവിൽ തൊട്ടു മുന്നിൽ  വന്ന രാജാവിന്റെ മകൻ ഉയർത്തിയ തരംഗവും ഇത്രയുമാണ് ഇരുപതാം നുറ്റാണ്ട് എന്ന സാധാരണ ചിത്രത്തെ ഒരു വൻ വിജയമാക്കിയത് എന്നതാണ് എന്റെ അഭിപ്രായം . ഇതു മനസിലാക്കാൻ കഴിയാത്തതാണ് അമൽ നീരദ് എന്നാ സംവിധായകന്റെ അവിടത്തെ പരാജയവും .

അണ്ണാ  വിട്ടാൽ നിങ്ങൾ കാട് കേറുമല്ലോ ഈ പടത്തെ പറ്റി ....


ഈ പടത്തിൽ ദൊരൈ സിംഗം വീണ്ടും എത്തുമ്പോൾ അദ്ദേഹം ഒരു  അണ്ടർ കവർ കോപ്പ്  എന്ന് സായിപ്പു പറയുന്ന സംഗതിയാണ്  (റാങ്ക് ഡി ജി പി യോ മറ്റോ ആണ് ) .പുറം ലോകത്തിനു ( എന്ന് വെച്ചാൽ അഭ്യന്തര മന്ത്രിക്കും (വിജയകുമാർ ) അങ്ങേർക്കും ഒഴികെ ബാക്കി എല്ലാവർക്കും ഇയാൾ പോലീസ്  ജോലി രാജി വെച്ച് ഒരു സ്കൂളിൽ എൻ സി സി മാസ്റ്റർ ആയി ജോലി നോക്കുന്ന ആളാണ് . എന്നാൽ അങ്ങേരുടെ യഥാർത്ഥ ദൌത്യം തൂത്തുക്കുടി ഭാഗത്ത്‌ നടക്കുന്ന ആയുധ കടത്തിനെ കുറിച്ച്  രഹസ്യമായി അന്വേഷിക്കുക എന്നതാണ് .

അയ്യേ .. ഇതെന്തോന്ന്  അണ്ണാ  തനി പാണ്ടി പടം പോലുണ്ടല്ലോ ....

പിന്നെ പാണ്ടി പാണ്ടി പടമല്ലാതെ ഭോജ് പുരിയിൽ പടമെടുക്കണോ? പിന്നെ നിന്റെ ഈ പ്രബുദ്ധ മലയാളത്തിൽ  പണ്ട് എടുത്ത ഒളിമ്പ്യൻ അന്തോണി ആദം എന്ന പടത്തിലും നടക്കുന്നത് ഇതൊക്കെ തന്നെ അല്ലേ ?

ശരി ശരി അത് വിട്ടേ ബാക്കി പറഞ്ഞേ ....

അന്വേഷിച്ചു വരുമ്പോളാണ്  അവിടെ ആയുധ കടത്തല്ല മയക്കുമരുന്ന്  കടത്താണ് നടക്കുന്നത്  എന്ന് മനസിലാക്കുന്നത്‌  (ആയുധ കടത്താകുമ്പോൾ  തീവ്രവാദം വരും .പിന്നെ ബഹളമായി ഉപരോധമായി എന്തിന്നാ  വെറുതെ ) .അതിനു പുറകെ അന്വേഷിച്ചു പോകുന്ന ദൊരൈ സിംഗം ചെന്നെത്തുന്നത് ദക്ഷിണാഫ്രിക്ക വരെ നീളുന്ന ഒരു വൻ മാഫിയയുടെ നേരെയാണ് .അവസാനം സകലവനെയും റെഡിയാക്കി ദൊരൈ സിംഗം വിജയി ആകുന്നു ..

ശ്ഹെ .. നിങ്ങൾ പിന്നെയും ക്ലൈമാക്സ്‌ വെളിപ്പെടുത്തി ... ഇതു നിർത്തി എന്നല്ലേ പറഞ്ഞത് ?

പിന്നെ തമിഴ് മസാല  പടത്തിൽ അവസാനം നായകൻ  വിജയിക്കും എന്നതും ലാലേട്ടന്റെ പടത്തിൽ സകല സ്ത്രീ ജനങ്ങളും അങ്ങേരെ ഓടിച്ചിട്ട്‌   പ്രേമിക്കും എന്നും ഞാൻ പറഞ്ഞു വേണമല്ലോ ജനത്തിന് അറിയാൻ ?

അപ്പോൾ ബാക്കി ....

നായിക രണ്ടു പഴയ നായിക അനുഷ്ക ഇപ്പോളും നായകനെ കാത്ത് കഴിയുന്നു (പോലീസ്  ഉദ്യോഗം രാജി വെച്ചതിൽ പ്രതിഷേധി ച്ചു സിങ്കത്തിന്റെ അച്ഛൻ കല്യാണം നടത്തി കൊടുത്തില്ല ). പിന്നെ സ്കൂളിലെ എൻ സി സി അധ്യാപകനെ കേറി ഏകപക്ഷീയമായി പ്രേമിക്കുന്ന +2 വിദ്യാർഥിനി ആയി ഹൻസിക എത്തുന്നു (കണ്ടാൽ  നമിതയുടെ അനിയത്തിയെ പോലിരിക്കുന്ന ആ കൊച്ചിനെ +2 ക്കാരി ആക്കുന്നതിലും ഭേദം  നമ്മുടെ കാവ്യ ആയിരുന്നു !!) ഹാസ്യം സന്താനം (അസഹിനീയം ) വിവേക് (ഭേദം ) . വില്ലന്മാർ റെഹ്മാൻ , മുകേഷ് ഋഷി , രാജേന്ദ്രൻ , പിന്നെ ഒരു ആഫ്രിക്കക്കാരൻ ഡാനി തുടങ്ങിയവരാണ് .

അല്ല പടമെങ്ങനെ ?

അനിയാ ഒന്നാം ഭാഗത്ത്‌  ഏറ്റവും വലിയ ആകർഷണം നല്ലൂർ എന്ന ഗ്രാമത്തിലെ സാധാരണ പോലീസ്  ഇൻസ്പെക്ടർ ദൊരൈ സിങ്കവും  ചെന്നൈ അടക്കി വാഴുന്ന മയിൽവാഹനം എന്ന അധോലോക രാജാവും തമ്മിലുള്ള ബല പരീക്ഷണം ആണ് . എന്നാൽ രണ്ടാം  ഭാഗത്ത്‌ എത്തുമ്പോൾ നായകൻ കുറെ കൂടി വളർന്നു എന്ന് മാത്രമല്ല വില്ലന്മാർ വളരെയധികം പിന്നോട്ട് പോകുകയും ചെയ്തു . പ്രകാശ്‌ രാജ് പോലുള്ള നടന ചെയ്ത ,രഘുവരനെ  പോലുള്ള നടൻ ഒക്കെ ചെയ്യേണ്ട വില്ലൻ വേഷം (അങ്ങേരെ ഭയങ്കര ഇഷ്ട്ടം ആയതു കൊണ്ടാകണം ഇതൊക്കെ അങ്ങേർ  ചെയ്തിരുന്നെങ്കിൽ എന്ന് ഓർത്ത്  പോകുന്നത് ) റെഹ്മാൻ , മുകേഷ് ഋഷി എന്നിവർ  മോശമില്ലാതെ ബോർ ആക്കുന്നു. ആശിഷ് വിദ്യാർഥി പോലുള്ള നടന്മാരെ  പരിഗണിക്കാവുന്നതായിരുന്നു.വടി വേലു ഒക്കെ കാണിച്ചിരുന്നത്  നിലവാരമുള്ള ഹാസ്യ രംഗങ്ങൾ ആയിരുന്നു എന്ന് സന്താനത്തിന്റെ പ്രകടനം കാണുമ്പോളാണ് മനസിലാകുന്നത്.ഒരൽപം നിലവാരം ഉള്ള വിവേകിനാകട്ടെ അധികം ഒന്നും കൊടുത്തിട്ടില്ല താനും  .ഗാനങ്ങൾ  വലിയ കുഴപ്പം ഇല്ല അത് പലതും  ചിത്രത്തിൽ  പ്ലേസ് ചെയ്തിരിക്കുന്ന സ്ഥലങ്ങളുടെ പ്രശനം കാരണം ആകണം എത്രത്തോളം ആരാധകരെ ഇളക്കി മറിക്കും എന്നത് സംശയമാണ് . ഉദാഹരണമായി അച്ചമില്ലേ .. എന്ന് തുടങ്ങുന്ന ഗാനം ശരിക്കും തുടക്കത്തിൽ നായകന്റെ ഒരു ബിൽഡ് അപ്പ്‌  കഴിഞ്ഞു കാണിക്കാവുന്നതാണ്  (സംഗതി അത്ര മോശമൊന്നുമില്ല ജെയിംസ്‌ ബോണ്ട് പടം  മുതൽ വിജയ്‌  പടം വരെ ഒക്കെ അതാണ്‌ രീതി ).അതിനു പകരം കാണിക്കുന്ന വാലേ വാലെ  എന്ന അഞ്ജലിയുടെ ഐറ്റം ഡാൻസ്  തുടക്കത്തിലേ പഞ്ച്  ഉണ്ടാക്കാൻ ഒട്ടും സഹായിക്കുന്നുമില്ല .വെട്ടുകത്തി  ഏറ്റവും കുറവായ ഹരി ചിത്രം എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം .

അപ്പോൾ സൂര്യയോ .....?

ആ മനുഷ്യനാണ് പടം ഒറ്റയ്ക്ക് തോളിൽ താങ്ങി നിർത്തുന്നത്  .ദൊരൈ സിങ്കം ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്ന അതെ തീവ്രതയിൽ ഈ നടൻ അവതരിപ്പിക്കുന്നു (കൂടുതലുമില്ല കുറവുമില്ല ) . സിങ്കം ഡാൻസ്  എനിക്കിഷ്ട്ടപ്പെട്ടു .

അപ്പോൾ ചുരുക്കത്തിൽ ....

ഒന്നാം ഭാഗത്തിന്റെ അത്ര വരാത്ത മറ്റൊരു  രണ്ടാം ഭാഗം .സംവിധയകൻ ഒരൽപം കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ ഒന്നാം ഭാഗത്തെക്കാളും നന്നാക്കാൻ അകുമായിരുന്ന ചിത്രം .

9 comments:

 1. അമിത പ്രതീക്ഷയോടെ പോയാല്‍ നിരാശയായിരിക്കും ഫലം....സൂര്യ ഫാന്‍സിന്റെ പടം എന്ന് ഒറ്റവാക്കില്‍ പറയാം...

  ReplyDelete
 2. ലാലേട്ടന്റെ പടത്തിൽ സകല സ്ത്രീ ജനങ്ങളും അങ്ങേരെ ഓടിച്ചിട്ട്‌ പ്രേമിക്കും ::: വിടാറായില്ലേ മാഷേ ... വേറെ ആരുണ്ട്‌ വെള്ളിത്തിരയിലെ നല്ല കാമുകൻ ഇപ്പോഴും ;)

  ReplyDelete
  Replies
  1. നല്ല ചോദ്യം.പക്ഷെ അനിയാ കഴിഞ്ഞ പത്തു പതിനഞ്ചു വർഷമായി അദ്ദേഹം പ്രേമിക്കപ്പെടാൻ നിന്ന് കൊടുക്കുന്നല്ലേ ഉള്ളു പ്രേമിക്കുന്നില്ലല്ലോ .ഹിറ്റ്ലറിൽ നമ്മുടെ സോമൻ പറയുന്നത് പോലെ "തടയാമായിരുന്നില്ലേ അല്ലെങ്കിൽ ഒന്നുറക്കെ നിലവിളിക്കാമായിരുന്നില്ലേ ...."

   Delete
 3. നല്ല അവലോകനം..

  ReplyDelete
 4. good review.i think the most successfull second part in indian cinema is "lage raho munnabhai" from Rajkumar Hirani.

  ReplyDelete
 5. .ഹിറ്റ്ലറിൽ നമ്മുടെ സോമൻ പറയുന്നത് പോലെ "തടയാമായിരുന്നില്ലേ അല്ലെങ്കിൽ ഒന്നുറക്കെ നിലവിളിക്കാമായിരുന്നില്ലേ ...." HAHAHA LOL..... :P

  ReplyDelete