Showing posts with label റോമ. Show all posts
Showing posts with label റോമ. Show all posts

Wednesday, August 17, 2011

കഥയിലെ നായിക

അനിയാ ആത്മഹത്യ ചെയ്യുന്നത് കുറ്റമാണോ?

പിന്നല്ലാതെ? ഭയങ്കര കുറ്റമല്ലേ .ഈ നാട്ടില്‍ നമ്മളെയൊക്കെ കണ്ട അവനും ഇവനും ഒക്കെ ഡെയിലി എടുത്തു ഉടുത്താലും സഹിച്ചു ജീവിച്ചോണം എന്നാ നിയമം പറയുന്നേ.

ശരി അപ്പോള്‍ ആത്മഹത്യ പ്രേരണയോ?

ഇവിടുത്തെ ഒരു വ്യവസ്ഥിതി പറയുന്നത് കുറ്റത്തെക്കാള്‍ വലിയ തെറ്റാണു അതിനു പ്രേരിപ്പിക്കുന്നത് എന്നാണ് . അതിരിക്കട്ടെ ചോദിക്കാന്‍ കാരണം ?

ഈയടുത്ത് ഒരു മലയാള ചിത്രം കണ്ടതിനു ശേഷം എന്താണെന്നു അറിയില്ല ആത്മഹത്യയെ കുറിച്ചുള്ള ചിന്ത എന്തെ മനസില്‍ ശക്തമാവുന്നു അനിയാ. ഇതൊരു രോഗം വല്ലതും ആണോ ?

എന്ന് ചോദിച്ചാല്‍ ... മലയാള സിനിമ കാണുന്നവരുടെ ഒക്കെ മാനസിക ആരോഗ്യം പഠന വിധേയം ആക്കേണ്ടത് തന്നെയാണ് . അതിരിക്കട്ടെ ഏതാ ഈ ചിത്രം ?

നവാഗതന്‍ (എന്ന് ഞാന്‍ കരുതുന്ന ) ശ്രീ ദിലീപ് സംവിധാനം ചെയ്ത കഥയിലെ നായിക എന്നതാണ് പ്രസ്തുത സംഭവം. സിനോജ് നെടുങ്ങോലം രചിച്ച സംഭ്രമജനകമായ കഥ തിരകഥ ഈ ചിത്രത്തിലെ ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്നാണ്.നോബി ശ്യാം എന്നിവര്‍ ആണ് ഈ ചിത്രം നിര്‍മിച്ചു നമ്മെ അനുഗ്രഹിച്ചിരിക്കുന്നത്.അഭിനയിക്കുന്നവര്‍ ഉര്‍വശി,റോമ,കലാഭവന്‍ പ്രചോദ്,സായി കുമാര്‍,ബോബന്‍ അലുമൂടന്‍,കോട്ടയം നസീര്‍,കെ പി എസ് സി ലളിത,സുകുമാരി,ശാരി എങ്ങനെ കുറെ പേര്‍ ഈ ചിത്രത്തില്‍ ഉണ്ട് .

ശരി പടം എങ്ങനെയുണ്ട്? സകുടുംബം ശ്യാമള,മമ്മി ആന്‍ഡ്‌ മി എന്നെ ചിത്രങ്ങളുടെ വിജയം ആയിരിക്കണം ഉര്‍വശിയെ കേന്ദ്ര കഥാപാത്രമാക്കി വീണ്ടും ഒരു കുടുംബകഥ ഒരുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് അല്ലിയോ?

അനിയാ നീ ഇതിനെ കുടുംബ കഥ എന്ന് മാത്രം വിളിച്ചു ഒതുക്കരുത്‌.മേല്‍പറഞ്ഞത്‌ കൂടാതെ ഒരു പ്രണയ - ത്രില്ലെര്‍ - ഹാസ്യ --സെന്റിമെന്റല്‍ - കുടുംബ ചിത്രം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം.ഈ ചിത്രം തുടങ്ങുന്നത് തന്നെ ഒരു നാലംഗ സംഘം മുഖം മൂടി ധരിച്ചു ഒരു വീട്ടില്‍ കയറി രണ്ടു പേരെ കൊല്ലുന്നതാണ് (ഈ കൊലപാതകത്തിന് മുന്‍പ് മര്‍മ്മപ്രധാനമായ വല്ലതും ഉണ്ടായിരുന്നോ എന്നറിയില്ല രണ്ടാമത്തെ കൊലപാതകം കഴിഞ്ഞപ്പോളാണ് ഞാന്‍ അകത്തു കേറിയത്‌ ) കൊലയും അത് കഴിഞ്ഞുള്ള കൊള്ളയും കഴിഞ്ഞു പുറത്തേക്കിറങ്ങാന്‍ തുടങ്ങുന്ന സംഘം കാണുന്നത് ഹാളില്‍ ഫോണ്‍ ഇന്‍ പരിപാടിയില്‍ വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ(രാധിക)ആണ് (കുട്ടി പരിപാടിയുടെ അവതാരകനുമായി പഞ്ചാര അടിക്കുന്ന തിരക്കില്‍ അകത്തു നടക്കുന്ന കൊലപാതകവും മോഷണവും ഒന്നും അറിയുന്നില്ല). അതിനെയും തലക്കടിച്ചു കൊന്നിട്ട് സംഘം ഇരുളില്‍ മറയുന്നു.

ഇതാണോ കുടുംബ കഥ ?

അനിയാ കുടുംബം വരുന്നതേ ഉള്ളു.ഇനിയുള്ള ഒരു മിനിറ്റ് ശ്വാസം പിടിച്ചിരുന്നാല്‍ ഈ സിനിമയില്‍ എനിക്ക് തോന്നിയ ഏക പുതുമ കാണാം.ടൈറ്റിലുകള്‍ കാണിക്കുന്നത് ഒരാള്‍ സൈക്കിളില്‍ നഗര കാഴ്ചകള്‍ കണ്ടു കൊണ്ട് നഗരത്തിന്‍റെ പലഭാഗത്തായി ഈ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതു കാണിക്കുന്നു എന്നിട്ട് ആ പോസ്റ്റര്‍കളുടെ ക്ലോസപ്പിലൂടെ ആണ് ടൈറ്റിലുകള്‍ കാണിക്കുന്നത്.

ശരി,അത് കഴിഞ്ഞു പടം നേരെ ചെന്ന് നില്‍ക്കുന്നത് വിധവയും രണ്ടു കുട്ടികളുടെ അമ്മയും അയ നന്ദിനി എന്ന മുന്‍സിപ്പാലിറ്റി ക്ലെര്‍ക്കിലാണ്.ശിവ (കലാഭവന്‍ പ്രചോദ്)എന്ന സഹോദരനും അമ്മയും പത്മാവതിയും (ലളിത)അമ്മായി അമ്മ അന്നാമ്മയും (സുകുമാരി) അടുങ്ങുന്ന കുടുംബം മുന്നോട്ടു കൊണ്ട് പോകുന്നത് നന്ദിനിയാണ്.ഇവര്‍ക്ക് എല്ലാ സഹായത്തിനു അയല്‍ക്കാരനും നന്ദിനിയുടെ ഓഫീസില്‍ ജോലി ചെയുന്ന ആളുമായ സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം (പേര് നമുക്ക് തല്ക്കാലം ശശി എന്ന് വിളിക്കാം .ചിത്രത്തില്‍ വിളിക്കുന്ന പേര് ഓര്‍മ്മയില്ല :))

ശിവ എന്ന് പറയുന്ന സഹോദരന്‍ നാളെ സൂപ്പര്‍ സ്റ്റാര്‍ ആകും എന്നും പറഞ്ഞു ചാനലില്‍ ഫോണ്‍ ഇന്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട് . ശ്രദ്ധിച്ചു കേട്ടോണം ഇനിയാണ് നേരത്തെ കണ്ട കൊലപാതകം എന്ന ത്രില്ലെര്‍ ഭാഗവും ഇതു വരെ കണ്ടു കുടുംബ ഭാഗവും ഒത്തു ചേരുന്ന മര്‍മ പ്രധാനമായ ഭാഗം.നാലംഗ സംഘം അവസാനം അടിച്ചു കൊന്ന പെണ്‍കുട്ടി ഫോണ്‍ ചെയ്തിരുന്നത് ശിവ അവതരിപ്പിക്കുന്ന പ്രോഗ്രാമിലേക്ക് ആയിരുന്നു.അപ്പോള്‍ വില്ലന്മാര്‍ ടെലിവിഷനില്‍ ശിവയുടെ മുഖം വ്യക്തമായി കണ്ടിരുന്നു !!!

ശെടാ അതിനെന്താ അവരല്ലേ ശിവയെ കണ്ടത് ശിവ അവരെ കാണുന്നില്ലല്ലോ പിന്നെന്താ?

എടേ ഇതേ ചോദ്യം ആ സംഘത്തില്‍ ഒരാള്‍ ചോദിക്കുന്നുണ്ട് പക്ഷെ എന്തോ സംഘത്തലവന് ഒരു തൃപ്തി വന്ന മട്ടില്ല .(കൊച്ചു ആ സമയത്ത് വല്ല ഇന്ത്യാവിഷനോ റിപ്പോര്‍ട്ടര്‍ ചാനലോ കാണാതിരുന്നത് നമ്മുടെ നികേഷ് കുമാറിന്റെ ഒക്കെ ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി )

ഇതില്‍ പ്രണയം എവിടെ അണ്ണാ?

ഇതേ ചോദ്യം ഇതിന്‍റെ സംവിധയകനോടോ മറ്റോ ആരോ ചോദിച്ചോ എന്ന് എനിക്ക് സംശയം ഉണ്ട്.ഒരു ദിവസം ശിവയുടെ പരിപാടിയിലേക്ക് അര്‍ച്ചന എന്ന പെണ്‍കുട്ടിയുടെ കാള്‍ വരുന്നു(ആരും വിളിക്കാത്തത് കൊണ്ട് സാധാരണ സുകുമാരിയും ലളിതയും ചെറുപ്പക്കാരികളുടെ ശബ്ദത്തില്‍ വിളിക്കുകയാണ്‌ പതിവ്.(കോമഡി ആണ് ഇവിടെ ഉദേശിച്ചത്‌ എന്ന് തോന്നുന്നു)) നേരത്തെ ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ചു മരിച്ച കുട്ടി ഇവളുടെ അടുത്ത സുഹൃത്തായിരുന്നു എന്നും അവള്‍ അവസാനമായി വിളിച്ചത് ഈ പരിപാടിയിലേക്ക് ആയതു കൊണ്ട് വിളിക്കുകയാണ്‌ എന്നും പറയുന്നു (ഇതെങ്ങനെ പിടി കിട്ടി എന്ന് എപ്പോളും മനസിലാകുന്നില്ല.നാലംഗ സംഘം കൊച്ചിനെ തട്ടി കഴിഞ്ഞു പ്രചോദിന്റെ പ്രകടനം സഹിക്കാനാവാതെ ആകണം ടി വി തകര്‍ക്കുന്നുണ്ട്).നേരില്‍ കാണണം എന്ന് പറയുന്ന അര്‍ച്ചനയുടെ അവശ്യപ്രകാരം പാര്‍ക്കില്‍ എത്തുന്ന ശിവ അര്‍ച്ചനയെ കണ്ടതും പ്രണയത്തില്‍ ആകുന്നു (ഒരു പാട്ടും ഉണ്ട്) .പോരെ സമാധാനം ആയോ ?

ശരി സെന്റിമെന്റ്സ് ..?

നീ പറഞ്ഞാല്‍ ഞെട്ടരുത്.സുരാജ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വെല്ലു വിളി ആയേക്കാവുന്ന ഒരു കഥാ പാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് .സാധാരണയായി അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ സഹിക്കുക എന്നതാണ് പ്രേക്ഷകര്‍ക്ക്‌ മുന്നിലുള്ള വെല്ലുവിളി.ഇയാളും ഭാര്യയും സ്ഥിരമായി വഴക്കാണ് (കോമഡി പറയാത്തപ്പോള്‍).കുട്ടികളില്ല. ആ വിഷമം ഭാര്യക്ക്‌ ഉണ്ടാകാതിരിക്കാനാണ് ഇയാള്‍ എന്നും മദ്യപിച്ചു വന്നു ഭാര്യയെ തല്ലുന്നത് എന്ന് വിളിപ്പെടുതുന്ന നിമിഷം !! ഹോ ഏതു ശിലാഹൃദയനും (ഉറക്കം അല്ലെങ്കില്‍ ) ഈ രംഗം എത്തുമ്പോള്‍ പൊട്ടിക്കരഞ്ഞു പോകും ഉറപ്പാ ..

എന്‍റെ അമ്മോ ?

ഹാ ... തീര്‍ന്നില്ലന്നെ.പ്രധാനഭാഗം പറയാന്‍ വരുന്നതല്ലേ ഉള്ളു.നന്ദിനി എന്ന ഉര്‍വശി അവതരിപ്പിക്കുന്ന കഥാപാത്രം സാദാ വിലകയറ്റത്തെ കുറിച്ച് പരാതിപ്പെടുകയും കുടുംബത്തിലെ മറ്റു അംഗങ്ങളെ ചെലവു ചുരുക്കാത്തതിനു ശകാരിച്ചും കേരളത്തിലെ വീട്ടമ്മമാരുടെ മനസ്സിലേക്ക് ഇടിച്ചു കേറും എന്ന് പ്രതീക്ഷിക്കുന്നു.ജോലിക്ക് പുറമേ കല്യാണ ബ്രോക്കെര്‍ ആയുംഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട് (അത് കാശിനു വേണ്ടി എന്നതിലുപരി എന്തരോ സാമൂഹ്യ സേവനം ആണെന്നാണ് പറയുന്നത്) ഓഫീസില്‍ ഓരോ കാര്യത്തിന് (ഉദാ :വീടിന്‍റെ പ്ലാന്‍ അപ്രുവലിനു വേണ്ടി) വരുന്നവരോട് കല്യാണം കഴിഞ്ഞതാണോ? നാളെ വീടിന്‍റെ പ്ലാനും ഗ്രഹനിലയും ആയി വന്നോളു എന്ന് പറയുന്ന നന്‍മ നിറഞ്ഞ കഥാപാത്രം.അതാണ് ഈ ചിത്രത്തില്‍ ഉര്‍വശി അവതരിപ്പിക്കുന്ന നന്ദിനി.

ഇതിനു ഒരവസാനമില്ലേ ? അതോ ഭാരതീയന്‍റെ ഗതികേട് പോലെ ഇത് അവസാനമില്ലാതെ പോകുമോ ?

സിനിമ അവസാനം അടുക്കുമ്പോള്‍ ട്വിസ്റ്റ്‌ കള്‍ ചറ പറാ വരുന്നു (ഇനി അതില്ല എന്ന് വേണ്ട.ട്രാഫിക്‌ ഒക്കെ ഓടുന്ന കാലമല്ലേ.യേത് ) അര്‍ച്ചന എന്നാ കഥപാത്രം കൊല നടക്കുമ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നു എന്നും മുഖം മൂടി ധരിച്ച നാലംഗ സംഘത്തെ കണ്ടു മുറിയില്‍ കയറി കതകു അടച്ചത് കൊണ്ട് മാത്രം രക്ഷപ്പെട്ടത് ആണെന്ന ഞെട്ടിപ്പിക്കുന സത്യം പിന്നീടാണ് നമ്മള്‍ അറിയുന്നത് . അര്‍ച്ചനയുടെ അച്ഛന്‍ മേനോന്‍ (സായി കുമാര്‍ ) ഇടയ്ക്ക് വരുന്നു .(മകളുടെ പ്രണയത്തിനു ആദ്യം എതിര്‍ക്കാനും പിന്നീടു സമ്മതിച്ചു കല്യാണം നടത്തി കൊടുക്കാനും).ഒരു കോണ്‍ട്രാക്ടര്‍ അയ ഇയാള്‍ ഇടയ്ക്ക് എപ്പോളോ ബില്ല് മാറാന്‍ ഒക്കെയായി നന്ദിനിയെ കാണുന്നുണ്ട്.ഒരു അന്തവും കുന്തവും ഇല്ലാത്ത ഗുണ്ട ഫല്‍ഗുനന്‍ (കോട്ടയം നസീര്‍)ഇടയ്ക്ക് വന്നു പോകുന്നു.അര്‍ച്ചനയും ശിവയും പ്രേമത്തില്‍ ആയതു നാലംഗ സംഘത്തിന്റെ ഉറക്കം കെടുത്തുന്നു (എന്തിനാണാവോ ?) .അവസാനം ശിവയെ വിളിക്കുന്ന അവരുടെ കാള്‍ എടുക്കുന്ന നന്ദിനി നേരിട്ട് അവര്‍ പറഞ്ഞ സ്ഥലത്ത് ഒറ്റയ്ക്ക് വന്നു ഇവര്‍ ആരുമല്ല മരിച്ചു താന്‍ ആണ് ഈ സംഘം കൊല നടത്തി രക്ഷപ്പെടുന്നതിനു ദൃക്സാക്ഷി എന്ന് സ്വമേധയാ വെളിപ്പെടുത്തുന്നു.(ഞെട്ടിയോ ?)സംഘം നന്ദിനിയെ പിടിച്ചു കെട്ടിയിടുന്നു.ശിവ വരുന്നു.നാലംഗ സംഘത്തെ അടിച്ചിടുന്നു. പോലീസില്‍ ഏല്‍പ്പിക്കുന്നു.അര്‍ച്ചനയെ കെട്ടുന്നു,സുഖം സുഖകരം .

അണ്ണാ എത്രയും കേട്ടപ്പോള്‍ തന്നെ എനിക്കൊരു ആത്മഹത്യ തോന്നല്‍ ഉണ്ടാകുന്നോ എന്നൊരു സംശയം . അപ്പോള്‍ അഭിനയം ....?

നീ വാങ്ങും........ ഈ കഥയില്‍ എന്തോന്ന് അഭിനയം ? എന്ന് കരുതി ആര്‍ക്കും ഉത്സാഹകുറവ് ഒന്നും ഇല്ല. എല്ലാരും വാശിയോടെ ആണ് അഭിനയിച്ചിരിക്കുന്നത് പ്രചോദ് അഭിനയിച്ചു തകര്‍ക്കുന്ന പ്രേമ രംഗങ്ങള്‍,റോമയുടെ തടി,ഉര്‍വശിയുടെ സാധാരണക്കാരി ചമയല്‍ എന്നിവ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു എന്ന് മാത്രം.സുരാജിന്റെ പരാക്രമങ്ങള്‍ സഹിക്കാന്‍ ഒരു വിധം മലയാളി ശീലിച്ചു കഴിഞ്ഞത് കൊണ്ട് പ്രശ്നം ഇല്ല

അപ്പോള്‍ ചുരുക്കത്തില്‍ ..?

സ്വന്തം .. സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം ഇത്തരം ചിത്രങ്ങള്‍ കാണുക

Saturday, July 16, 2011

ചാപ്പാ കുരിശ് (Chappa Kurishu )

പുതുമ പുതുമ ......

എന്താടാ റാംജിറാവ് ലെ പാട്ടൊക്കെ പാടി പോകുന്നത് .

നിങ്ങളെ കാണാന്‍ തന്നെ ഇറങ്ങിയതാ അണ്ണാ . ഫിലിംസ്റ്റാര്‍നെ കുറിച്ച് പറഞ്ഞല്ലോ.പുതിയ സിനിമയുടെയും പുതുമയുടെയും കടുത്ത ആരാധകനായ നിങ്ങള്‍ ചാപ്പാ കുരിശു എന്നാ നവയുഗ സിനിമ കണ്ടില്ലേ.കാളകൂടം , ചിത്ര വിദ്വേഷം,മലയാള സിനിമയുടെ ബൂലോക നിരുപണ പ്രപഞ്ചം ഇവയെല്ലാം യുണി വേര്സല്‍ ബ്ലോഗ്ഗര്‍ ഡോ പ്രേക്ഷകന്‍ എന്ത് പറയുന്നു എന്നറിയാനായി കാത്തിരിക്കുന്നു . അതിരിക്കട്ടെ അണ്ണാ എന്തുവാ ഈ ചാപ്പാ കുരിശു?ആ പേരില്‍ തന്നെ ഇല്ലെ ഒരു പുതുമ ?

അനിയാ ചാപ്പാ എന്താണ് എന്ന് എനിക്ക് വലിയ പിടിയില്ല നീയടക്കം ബൂലോകത്തുള്ള ഉള്ള കുറേ കുരിശുകളെ ചുമക്കേണ്ടി വരുന്നു എന്നുള്ളതാണ് പഴയ കാലത്തേ ഒരു പീഡന (ഉപദ്രവിക്കുക എന്ന അര്‍ഥത്തില്‍ കാണുക. അടുത്തിടയായി ഈ വാക്കിന്റെ അര്‍ഥത്തില്‍ സമൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്)ഉപകരണം എന്ന അറിവ് കൂടാതെയുള്ള പരിചയം .ഹെഡ് ഓര്‍ ടെയില്‍ എന്നതിന് പകരം മധ്യ കേരളത്തില്‍ എവിടെയോ ഉപയോഗിക്കുന്ന വാക്കാണ്‌ പോലും ഇതു .(മര്യാദക്ക് ഹെഡ് ഓര്‍ ടെയില്‍ എന്ന് പേരിട്ടിരുന്നെങ്കില്‍ എത്ര ലളിതവും അര്‍ദ്ധവത്തും ആയേനെ എന്ന് ആരോര്‍ക്കാന്‍ ?)

അണ്ണാ, തുറന്നു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . നിങ്ങളുടെ ഈ നേരെ വാ നേരെ പോ എന്ന രീതി ഇക്കാലത്ത് പറ്റിയതല്ല.ഒരു നിരൂപകന് അംഗീകാരം വേണമെങ്കില്‍ ഒരു ബൌധിക ലൈന്‍ ആണ് നല്ലത് .അണ്ണന് അങ്ങനെ ഒന്ന് നോക്കികൂടെ ? എനിക്കും ഒരു ഉപകാരം ആയേനെ

മേല്‍പ്പറഞ്ഞ ലൈന്‍ ഇങ്ങനെ അണോടെ?ഒന്ന് കേട്ട് നോക്ക് .നമ്മുടെ സമൂഹത്തില്‍ പല നിലകള്‍ അഥവാ ഗ്രേഡുകള്‍ ഉണ്ടല്ലോ . അവയൊക്കെ എന്നും പല രൂപത്തില്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു അഥവാ ഉണ്ട് എന്നാണ് എന്‍റെ വിശ്വാസം.താഴത്തെ നിലയില്‍ ഉള്ള ഒരുത്തന് എന്ന് മുകളിലത്തെ നിലയില്‍ ഉള്ളവനോടുള്ള അസൂയ അഥവാ അമര്‍ഷം ഏതൊക്കെ പണ്ടേ ഉള്ളതാണ്. ഇതിനൊക്കെ മേലെ അവനെ ഭരിക്കുന്നത്‌ താന്‍ മോശക്കാരനാണ് എന്ന അപകര്‍ഷത ബോധം ആണ്.നമ്മുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു തെരഞ്ഞെടുപ്പു പോലും നേരിട്ടിട്ടു ഇല്ല എന്ന് പറയുമ്പോള്‍ അദേഹം നേടിയ ഡിഗ്രികളുടെ കണക്കു പറയുന്നത് ഈ മനോഭാവം ആണെന്ന് ആണ് പലപ്പോഴും തോന്നിയിട്ടുള്ളത്.താഴെക്കിടയില്‍ ജീവിക്കുന്ന ഒരാള്‍ സാഹചര്യവശാല്‍ ഉയര്‍ന്ന നിലയില്‍ ഒള്ള ഒരാളെ വരച്ച വരയില്‍ നിര്‍ത്താനുള്ള ഒരു അവസരം ലഭിക്കുന്നത് ഫലപ്രദമായി ഉപയോഗിക്കുകയും അതിലൂടെ തന്നിലെ അധമബോധത്തെ മറികടക്കുകയും ചെയ്യുന്നതാണ്‌ ലളിതമായി പറഞ്ഞാല്‍ ഈ ചിത്രത്തിന്റെ കഥ തന്തു. ഇതു പറഞ്ഞിരിക്കുന്നത് രണ്ടു കഥാ പത്രങ്ങളെ ഉപയോഗിച്ചാണ്‌. അന്‍സാരി (വിനീത് ശ്രീനിവാസന്‍ ) . പാവപ്പെട്ടവന്‍ . ഒരു നവയുഗ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാന്‍ ആയി ജോലി ചെയുന്നു.ബസില്‍ പോയി വരുന്നു.കൂടെ ജോലി ചെയുന്ന നഫീസയുമായി (നിവേദിത) അടുപ്പം (അവരുടെ കാഴ്ചപ്പാടില്‍ അത് പ്രേമമാകാം). അടുത്തത് അര്‍ജുന്‍,ഉന്നത വര്‍ഗം.അര്‍ജുനന് അന്‍സാരിക്ക് ഉള്ളതെല്ലാം ഉണ്ട് പക്ഷെ വളരെ കൂടുതല്‍ ആണെന്ന് മാത്രം. ഡ്രൈവര്‍ ഓടിക്കുന്ന കാറില്‍ ഓഫീസില്‍ പോകുന്ന,സമ്പന്നയായ പ്രതിശ്രുത വധു ആന്‍ (റോമ)യും ഓഫീസിലെ സ്റ്റാഫും കാമുകിയുമായ സോണിയ (രമ്യ നമ്പീശന്‍ ),ലക്ഷങ്ങളുടെയും കോടികളുടെയും constraction ബിസിനസ്‌ എന്നിവയെല്ലാം തന്നെ ഇവരുടെ ഫോണുകള്‍ പോലെ രണ്ടു ക്ലാസ്സില്‍ പെട്ടത് ആണ്.(അര്‍ജുന്‍ വിലപിടിച്ച ഐ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അന്‍സാരി റബ്ബര്‍ ബാന്‍ഡ് ഉപയോഗിച്ച് കൂട്ടി കെട്ടിയ,പലപ്പോഴും അപ്രതീക്ഷിതമായി ബാലെന്‍സ് തീരുന്ന സാധാരണ ഫോണ്‍ ആണ് ഉപയോഗിക്കുന്നത് ).

അപ്പോള്‍ കിടിലന്‍ പടം എന്നു ധൈര്യമായി പറഞ്ഞോട്ടെ .

എടേ നീ ഈ തോക്കില്‍ കേറി വെടി വെക്കല്ലേ. പശ്ചാത്തലം ഒക്കെ തകര്‍ത്തു . പിന്നെ കഥ പോകുന്നത് ഇപ്രകാരം. ആനുമായുള്ള കല്യാണം നിശ്ചയിച്ചത് അറിയുന്ന സോണിയ തനി ഭാരതീയ വനിതയായി പൊട്ടിത്തെറിക്കുന്നു.അവളെ സമാധാനിപ്പിക്കാനായി അര്‍ജുന്‍ നടത്തുന്ന ശ്രമത്തിനിടയില്‍ ഒരല്‍പം ഭീഷണിയുടെ സ്വരത്തില്‍ തങ്ങളുടെ ശാരീരിക ബന്ധം പകര്‍ത്തിയ ഒരു ക്ലിപ്പ് തന്‍റെ മൊബൈലില്‍ ഉള്ളത് കാണിക്കുന്നു.തുടന്നു തികച്ചും യാദ്രിസ്ചികമായി ആ മൊബൈല്‍,വേറൊരു ആവശ്യത്തിനു അവിടെ എത്തുന്ന,അന്‍സാരിക്ക് കിട്ടുകയും ചെയുന്നു.

ഇതു വരേക്കും സംഗതികള്‍ ഒരു വിധം ഓ കെ ആണ്‌. പിന്നെ അങ്ങോട്ട്‌ നമ്മള്‍ കാണുന്നത് തിരകഥ ക്രിത്തുക്കളായ സമീര്‍ താഹിറും ഉണ്ണിയും പിന്നെ ഫോണ്‍ കിട്ടിയ അന്‍സാരിയും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുന്ന കാഴ്ചയാണ്. പ്രധാനപെട്ട സംഗതികള്‍ (നേരത്തെ പറഞ്ഞ സംഗതികള്‍ കൂടാതെ അദ്ദേഹത്തിന്റെ പ്രൊജക്റ്റ്‌ സംബന്ധമായ സുപ്രധാന വിവരങ്ങള്‍ കൂടി ആ ഫോണില്‍ ഉണ്ട് ) ഉള്ള ഫോണ്‍ നഷ്ട്ടപ്പെടുന്ന,അത് തിരിച്ചു കിട്ടാന്‍ ശ്രമിക്കുന്ന അര്‍ജുന്‍ പിന്നീടു അങ്ങോട്ട്‌ ഒരു തികഞ്ഞ മന്ദ ബുദ്ധിയെ പോലെയാണ് പെരുമാറുന്നത് . അന്‍സാരി തുടക്കം മുതല്‍ അവസാനം വരെ നല്ലവന്‍ ആയിരിക്കണം എന്ന സംവിധായക - തിരകഥ ക്രിത്തുകളുടെ വാശി സംഗതികള്‍ ഒരു വഴിക്കും പോകില്ല എന്ന അവസ്ഥയില്‍ എത്തിക്കുന്നു .സിനിമ കാണാന്‍ പോകുന്ന പ്രേക്ഷ കരുടെ പ്രതീക്ഷ മറ്റൊരു ട്രാഫിക്‌ കൂടെ ആകുമ്പോള്‍ ദുരന്തം പൂര്‍ണമാകുന്നു .

അതെന്തിന്നാ അണ്ണാ ഈ പ്രേക്ഷകര്‍ മറ്റൊരു ട്രാഫിക്‌ പ്രതീക്ഷിക്കുന്നെ? അവര്‍ക്ക് ഇതു വേറൊരു സിനിമയായി കണ്ടു കൂടെ ?

ഇതു പണ്ട് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ എന്ന ചിത്രം എടുത്ത പോലെയാണല്ലോ.ഡോണ്‍ എന്ന പേര്,അതിലെ പഞ്ച് ഡയലോഗുകള്‍ , അതിലെ ഹിറ്റ്‌ ഗാനങ്ങള്‍ ഇതെല്ലാം എടുത്തിട്ട് ഇതിനെ പഴയ ഡോണ്‍ ചിത്രവുമായി താര തമ്യ പ്പെടുതരുത് എന്ന് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ ? From the producer of Traffic‌ എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇല്ല പോസ്റ്റിലും കാച്ചിയിട്ടു, ആ സിനിമയിലുള്ള കുറെയധികം താരങ്ങളെ വെച്ച് പടം ഇറക്കുമ്പോള്‍ പിന്നെ ഇത്തിക്കര പക്കി എന്ന നസീര്‍ ചിത്രം പോലൊന്ന് പ്രതീക്ഷിച്ചു വേണോ ജനം പോകാന്‍.

അല്ല അങ്ങനെ ചോദിച്ചാല്‍ ...

അനിയാ,ഈ ചിത്രത്തില്‍ അന്‍സാരിയുടെ റോള്‍ ചെയ്യേണ്ടത് വിനായകനെ പോലെയുള്ള ഒരു നടന്‍ ആണ്‌ എന്നാണ് എനിക്ക് തോന്നിയത് (ബിഗ്‌ ബി,ജാക്കി മുതലായ അമല്‍ നീരദ് ചിത്രങ്ങളില്‍ വന്നിട്ടുള്ള ആളാണ് കക്ഷി.പേരിത് തന്നെ ആണെന്നാണ് എന്‍റെ വിശ്വാസം) വിനീത് ശ്രീനിവാസന്‍ന്റെ കുറ്റി താടിയും എണ്ണ മിഴുക്കുള്ള മുഖവും കാണിച്ചാല്‍ സാധാരണക്കാരന്‍ ആയി എന്ന ധാരണ തിരുത്തപ്പെടേണ്ട ഒന്നായാണ് എന്നിക്ക് തോന്നുന്നേ.ഇടവേള ആകുന്ന സമയത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഓട്ടോയില്‍ കയറി പോകുന്ന അന്‍സാരി ഫോണിലുള്ള ക്ലിപ്പ് കണ്ടെന്നും അത് ഉപയോഗിച്ച് അര്‍ജുനെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനാണ് പരിപാടി എന്ന് കരുതുന്ന പ്രേക്ഷകര്‍ പിന്നെയും അന്‍സാരിയുടെ മന്ദ ബുദ്ധി കളി കണ്ടു കൂവിയില്ലെങ്കില്‍ അല്ലെ അതിശയിക്കേണ്ടത് ?അര്‍ജുന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് അറിയുമ്പോള്‍ സോണിയ തികഞ്ഞ ഭാരത സ്ത്രീ ആയി മാറുന്നത് (അതു വരെ സോണിയ തികഞ്ഞ ഒരു മെട്രോ വനിതയെ പോലെയാണ് പെരുമാറുന്നത്) തികച്ചും സിനിമാറ്റിക് ആയി തോന്നി.അത് പോലെ തന്നെ ക്ലിപ്പ് റെക്കോര്‍ഡ്‌ ചെയ്തു കഴിഞ്ഞു ഡിലീറ്റ് ചെയ്യണോ വേണ്ടേ എന്ന് ആലോചിക്കുന്ന അര്‍ജുന്‍. എന്ന് വെച്ചാല്‍ അയാള്‍ക്ക് സോണിയയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഒരു ഉദ്ദേശവും ഇല്ല എന്നും വെറും രസത്തിനാണ് ഷൂട്ട്‌ ചെയ്തത് എന്നും നമ്മളെ ബോധിപ്പിക്കുക എന്നതാവും ഉദേശം.

ചിത്രം കഴിഞ്ഞു ഇറങ്ങുമ്പോള്‍ കേട്ട ഒരു കമന്റ്‌ രസമായി തോന്നി . "നല്ല നാലു തല്ലു കിട്ടിയാല്‍ തീരുന്ന പ്രശനമേ ഇവന് ഉള്ളായിരുന്നു എങ്കില്‍ അത് ആദ്യമേ കൊടുത്തിട്ട് നമ്മളെ വിട്ടു കൂടായിരുന്നോ " .

അപ്പോള്‍ അഭിനയം ...?

അനിയാ വിനീത് ശ്രീനിവാസന്‍ പിച്ചക്കാരന്‍ ആയി അഭിനയിച്ചാലും അംബാനിയുടെ മകന്‍ ആയി അഭിനയിച്ചാലും ഒരു പോലെ ഇരിക്കും എന്നാണ് ഞാന്‍ ഇതു വരെ കണ്ട ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കിയത്‌ .ഫഹദ് തന്‍റെ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു (കഥാപാത്രം ഇങ്ങനെയായത് അങ്ങേരുടെ കുറ്റം അല്ലല്ലോ ).ഭാവിയിലെ നവയുഗ സിനിമകളില്‍ ഉപയോഗിക്കാവുന്ന ഒരാള്‍ ആണെന്ന് തോന്നുന്നു ഫഹദ് എന്ന നടന്‍ . റോമയ്ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല (ഫോണ്‍ വിളിച്ചു പരിഭവം പറയുന്നത് ഒഴിച്ചാല്‍ ) രമ്യ നമ്പീശന്‍ , നിവേദിത എന്നിവര്‍ അവരുടെ റോള്‍ നന്നാക്കി .

ചുരുക്കത്തില്‍ ...

സംവിധായകനും തിരകഥകൃത്തും ഒഴികെ മിക്കവരും നന്നായ പടം .

Friday, July 1, 2011

ബോംബെ മാര്‍ച്ച്‌ 12

പത്മശ്രീ ഡോക്ടര്‍ മമ്മൂട്ടി എന്ന നടന്‍റെ ആത്മാര്‍ത്ഥത സമ്മതിച്ചേ പറ്റു .......

കണ്ടോ ഇന്നു അല്ലെങ്കില്‍ നാളെ അണ്ണന്‍ ഇതു പറയും എന്നു എനിക്ക് അറിയാമായിരുന്നു .അതിരിക്കട്ടെ എപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം ?

അനിയാ ഇന്നലെ ബോംബെ മാര്‍ച്ച്‌ 12 എന്ന സിനിമ കണ്ടു .

ആണോ? മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാഷനല്‍ അവാര്‍ഡ്‌ പടം എന്നു അങ്ങ് കാച്ചിയേക്കട്ടെ .

അനിയാ തന്‍റെ ഒരു ചിത്രത്തെ പറ്റിയും കാണികള്‍ മോശം പറയരുത് എന്നു നിര്‍ബന്ധം ഉള്ള ഒരു നടനാണ് ശ്രീ മമ്മൂട്ടി എന്നാണ് എനിക്ക് മനസിലാകുന്നത്.പക്ഷെ അങ്ങനെ പറയാതിരിക്കാന്‍ ആകണം അദേഹം കണ്ടെത്തുന്ന വഴി അടുത്ത പടം കൂടുതല്‍ കൂറ ആയി എടുക്കുക എന്നതാണ്.ഉദാഹരണമായി ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളും ഹോ ആ ട്രെയിന്‍ എത്ര ഭേദം ആയിരുന്നു എന്നു ഒരു നിമിഷം ചിന്തിക്കാതെ പോകില്ല.ചുമ്മാതാണോ അങ്ങേരെ ബെസ്റ്റ് ആക്ടര്‍ എന്നു അങ്ങേരു തന്നെ പറയുന്നേ.

അപ്പോള്‍ പടം മോശമാണോ അണ്ണാ?

നീ എന്‍റെ വായില്‍ നിന്ന് വല്ലതും കേള്‍ക്കും. മര്യാദക്ക് ഭേദപ്പെട്ട തിരക്കഥ എഴുതി ജീവിച്ചു പോയിട്ട് സംവിധാനം തുടങ്ങി നശിക്കുന്ന ആള്‍ക്കാരുടെ നിരയിലേക്ക് തന്‍റെ പേരും എഴുതി ചേര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് സംവിധായകന്‍ ശ്രീ ബാബു ജനാര്‍ദ്ദനന്‍ ഈ ചിത്രത്തിലൂടെ കൈവരിക്കുന്ന നേട്ടം .വാസ്തവം,തലപ്പാവ് മുതലായ നല്ല സിനിമകള്‍ക്ക്‌ വേണ്ടി തിരക്കഥ എഴുതിയ ബാബു ജനാര്‍ദ്ദനന്‍ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ സംവിധാനം ഏറ്റെടുക്കാമായിരുന്നു.

അതെന്താ ഇതു മത സൗഹാര്‍ദത്തെയും പിന്നെ തീവ്രവാദത്തിന്റെ കാണാപ്പുറങ്ങളെ പറ്റിയും ഒക്കെ പറയുന്ന ഒരു ചിത്രം ആണെന്ന് ആണല്ലോ കേട്ടത്.മമ്മുട്ടി തികച്ചും വ്യത്യസ്തമായ രണ്ടു വേഷങ്ങളില്‍ അഭിനയിച്ചു തകര്‍ക്കുന്നു എന്നും കേട്ടു.

അനിയാ ഈ ചിത്രം ആരു കണ്ടാലും അവന്‍ തീവ്രവാദി ആയി പോകും.ശ്രീ മമ്മൂട്ടി സനാതന ഭട്ട്,സമീര്‍ എന്നീ പേരുകളില്‍ അഭിനയിക്കുന്നു .വേഷത്തിലും മുടിയിലും ഉള്ള വ്യത്യാസം ഒഴിച്ചാല്‍ ഈ രണ്ടു കഥാപത്രങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. നീ പണ്ട് നിന്‍റെ ചിത്രവിദ്വേഷത്തില്‍ കാച്ചിയല്ലോ ഉറുമി എന്ന പടത്തില്‍ പ്രിത്വിരാജ് ആ ചിത്രത്തില്‍ രൂപത്തിലോ ശരീര ഭാഷയിലോ ആ കഥാപാത്രമായി മാറുന്നില്ല എന്നു.ഈ ചിത്രത്തില്‍ ഏതു കഥാപാത്രമായാണ് ശ്രീ മമ്മുട്ടി മാറുന്നത് എന്നു പറഞ്ഞു തന്നാല്‍ ഉപകാരം .

അത് അണ്ണാ ... വെറുതെ.... പച്ചരി വാങ്ങിക്കാന്‍ ...... ജീവിച്ചു പോട്ടെ.അല്ല അപ്പോള്‍ ഈ ചിത്രത്തിന്‍റെ കഥ ....?

കഥ എന്നു പറയുന്ന സംഗതി ഒറ്റ വാചകത്തില്‍ ഇതാണ്.അറിയാതെയെങ്കിലും താന്‍ കാരണം കൊല്ലപ്പെട്ട ഒരു മുസ്ലിം യുവാവിന്‍റെ പെങ്ങളെ ഒരു ബ്രാഹ്മണ പൂജാരി കെട്ടുന്നു ആ കുടുംബത്തെ സംരക്ഷിക്കുന്നു.സംരക്ഷിക്കാനായി ബ്രാഹ്മണന്‍ മുസ്ലിം ആയി മതം മാറുന്നു എന്നതാണ് ഈ ചിത്രത്തിന്‍ ഹൈലൈറ്റ്.(അതും കൂടെ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് പുതുമ?)(ഈ കാലത്ത് വല്ലതും ആയിരുന്നേല്‍ മാധ്യമങ്ങള്‍ ഇതിനെ ത്യാഗജിഹാദ് എന്നു വിളിച്ചു ഒച്ചപ്പാട് ഉണ്ടാക്കിയേനെ മാധ്യമങ്ങള്‍ !!!).ഈ ഒരു മഹത്തായ സംഭവത്തെ വലിച്ചു നീട്ടി,സംഭവങ്ങളുടെ ഓര്‍ഡര്‍ മാറ്റി മറിച്ചു (ആധുനികമാക്കി) കാണുന്നവനെ വെറുപ്പിച്ചു, ഒടുക്കത്തെ അഭിനയവും ഒരു ബോധവും ഇല്ലാത്ത എഴുതി വെച്ച ഒരു തിരകഥയും ആകുമ്പോള്‍ പടം കാണാന്‍ കേറിയ പ്രബുദ്ധരായ കാണികളുടെ ദുരന്തം പൂര്‍ത്തിയാകുന്നു.

ഇത്ര മനോഹരമായ ഒരു ചിത്രത്തില്‍ കാണികളുടെ ഹൃദയം കവരാന്‍ ഒരുക്കിയിട്ടുള്ള മറ്റു ചില 'സംഗതികള്‍' ഇവയൊക്കെയാണ്

1)വളരെ ഭയങ്കരമായ രീതിയില്‍ മത സൌഹാര്‍ദം ഉള്ള ഒരു ഗ്രാമം.(ഭയങ്കരം എന്നു വെറുതെ പറഞ്ഞതല്ല.അവിടുത്തെ അമ്പലത്തിലെ പരിപാടിക്ക് തിരുവാതിര കളിക്കുന്നത് മുക്രിയുടെ മകളാണ് !!കുറച്ചു ഹിന്ദുക്കള്‍ റംസാന്‍ നോമ്പ് എടുക്കുന്നതും കൂടി കാണിക്കാമായിരുന്നു )പാവം വിനയനോക്കെ എത്ര ഭേദം

2)ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം : ഈ കഥാപാത്രം (പേര് പറയുന്നില്ല )പട്ടാള രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ ആണ് . ഇയാളുടെ ജോലി വളരെ ലളിതവും സൌകര്യമുള്ളതും ആണ് .ഒരു മുസ്ലിം സാധാരണകാരനായി വേഷം മാറുക.മര്യാദക്ക് ജീവിക്കുന്ന ഒരു മുസ്ലിമ്നോട് പോയി ഈ നാട്ടില്‍ മുസ്ലിം ആയി ജനിച്ചവര്‍ക്കു മൊത്തം പീഡനം ആണ് . ഇതൊക്കെ എതിര്‍ക്കേണ്ടതാണ് . ഞാന്‍ ചില ക്യാസെറ്റുകള്‍ തരാം അത് കേട്ടാല്‍ എല്ലാം മനസിലാകും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കുക.എന്നിട്ടും വലയില്‍ വീണില്ലെങ്കില്‍ പിടിച്ചു കൊണ്ട് പോയി ഇടിക്കുക. എന്തായാലും സംഗതി തീവ്രവാദി ആക്കിയെ പുള്ളി വിടു !!!

3) സമീര്‍ ആയി ജീവിക്കുമ്പോള്‍ കോയമ്പത്തൂര്‍ ഉള്ള ഷാജഹാന്‍റെ സഹോദരീ ഭര്‍ത്താവിനെ വിളിച്ചു എന്ന കുറ്റത്തിനാണ് ഇയാളെ എട്ടു പത്തു കൊല്ലം ജയിലില്‍ വിചാരണ ഇല്ലാതെ തടവില്‍ ഇടുന്നത്.ജയിലില്‍ കിടക്കുന്ന ഇയാളെ കാണാന്‍ ഈ സഹോദരീ ഭര്‍ത്താവു (ഇര്‍ഷാദ് )വരുന്നുണ്ട് കുടുംബ സമേതം !! (എന്നിട്ട് കുടുംബത്തിന്‍റെ മാനം നശിപ്പിച്ചു എന്ന ആക്രോശം വേറെയും )

4)ആന്ദ്രാപ്രദേശിലെ പോച്ചംപള്ളി എന്ന ഗ്രാമത്തില്‍ ദ്രോണ എന്ന സിനിമയിലെ അതേ ഗെറ്റപ്പില്‍ (കുളിച്ചിട്ടു വര്‍ഷങ്ങളായി എന്നു തോന്നിക്കുന്ന രീതിയില്‍) വന്നിറങ്ങുന്ന മമ്മൂട്ടിയെ കണ്ടു അവിടുള്ള ചെറുപ്പക്കാരി പെണ്‍പിള്ളേര്‍ മുഴുവന്‍ "ഇതാ സിനിമാ താരത്തെ പോലെ സുന്ദരനായ ഒരാള്‍ വന്നിരിക്കുന്നു" എന്നു പറഞ്ഞു പ്രേമിക്കാന്‍ ഉന്തും തള്ളും നടത്തുന്നത് . (ഇതൊക്കെ കളഞ്ഞിട്ടാണ് അങ്ങേരു പോയി മതം മാറി റോമയെ കെട്ടിയത് .കണ്ടില്ലേ ത്യാഗം !!!)

5)പടത്തിന്‍റെ ക്ലൈമാക്സ്‌ . വര്‍ഷങ്ങള്‍ക്കു ശേഷം സമീര്‍ /സനാതനന്‍ വേറെ വിവാഹം ഒക്കെ കഴിച്ചു സുഖമായി ജീവിക്കുന്ന തന്‍റെ ഭാര്യയെയും കുട്ടിയേയും ദൂരെ നിന്ന് കാണുമ്പോള്‍ പഴയ ലാല്‍ ആരെയോ പ്രലോഭിപ്പിച്ചു ത്വ്രവാദി ആക്കാനായി ഒരു ഗ്യാസ് കുറ്റിയും ചുമന്നു പോകുന്നത് കണ്ടു ഞെട്ടി നില്‍ക്കുന്നത്.

ഇങ്ങനെ പറയാന്‍ ആണെങ്കില്‍ ഈ സിനിമയുടെ തിരകഥ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടി വരും.വയ്യെടെ... കൂറ പടം എന്നു ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്താം .

അപ്പോള്‍ ഈ സിനിമയില്‍ നല്ലത് എന്നു പറയാന്‍ ഒന്നുമില്ലേ?

ടൈറ്റില്‍ സോങ്ങ് എന്നു പറയാവുന്ന ഗാനം നന്നായിട്ടുണ്ട്.ബാക്കി പാട്ടുകളും സാങ്കേതിക വിഭാഗവും ശരാശരിക്കു താഴെയാണ് . പിന്നെ ഇതൊക്കെ ആണെങ്കിലും ഈ സിനിമാ കഴിഞ്ഞു സന്തോഷത്തോടെയാണ് ഞാന്‍ പുറത്തിറങ്ങിയത് .

അതെന്താ അണ്ണാ.പുറത്തു അടുത്ത ഷോ കാണാന്‍ നില്‍ക്കുന്ന ജനത്തെ കണ്ടിട്ടാണോ ?

അല്ലടാ ഈ ചിത്രത്തില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ഒരു കാരണവും ഇല്ലാതെ പീഡിപ്പിക്കുന്നു എന്നൊരു സാധനം തുടര്‍ച്ചയായി പറയുന്നുണ്ട്.( സമീറിനെ ആദ്യം ചോദ്യം ചെയുന്ന രംഗം തന്നെ ഉദാഹരണം . (ഇങ്ങനെ മത വിദ്വേഷം വളര്‍ത്തുന്ന ചിത്രങ്ങള്‍ക്കൊക്കെ പ്രദര്‍ശന അനുമതി കൊടുക്കുന്നവരെ പറഞ്ഞാല്‍ മതി . അല്ലെങ്കില്‍ തന്നെ ഈ നാട്ടില്‍ എല്ലാ മത വിഭാഗങ്ങളും കൊള്ളുന്ന സ്നേഹത്തില്‍ ആണല്ലോ )).കേരളം എന്ന നമ്മുടെ സംസ്ഥാനത്തില്‍ എങ്കിലും അങ്ങനെ ഒരു സ്ഥിതി വിശേഷം ഇല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍.ചിത്രത്തില്‍ പല ഭാഗത്തും മുസ്ലിം കഥാപാത്രങ്ങളെ സമൂഹം വെറുതെ ഉപദ്രവിക്കുന്നു എന്ന സന്ദേശവും ഞങ്ങള്‍ ഈ മതത്തില്‍ ജനിച്ചു പോയി എന്ന തെറ്റാണോ ചെയ്തത് എന്നു വികാരഭരിതരായി ചോദിക്കുന്ന രംഗങ്ങളും ഉണ്ട് . ഈ വേളകളില്‍ തിയറ്ററില്‍ ഉയര്‍ന്ന ഒറ്റപ്പെട്ട കയ്യടികള്‍ മനുഷ്യ മനസിലേക്ക് വിഷം കുത്തി വെക്കുന്നതില്‍ ഇവരൊക്കെ വിജയിക്കുന്നല്ലോ എന്ന ചിന്തയാണ് എന്നില്‍ ഉണ്ടാക്കിയത്.എന്നാല്‍ പടം തീര്‍ന്ന നിമിഷം ഹിന്ദു - മുസ്ലിം - ക്രിസ്ത്യന്‍ ഭേദമില്ലാതെ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് കൂവിയപ്പോള്‍ എന്തോ.... മനസിന്നു വല്ലാത്തൊരു സന്തോഷം തോന്നി.

അഭിനയം ?

ദോഷം പറയരുതല്ലോ മമ്മൂട്ടി , അദേഹം അഭിനയിച്ചു എന്നൊരു ചീത്തപ്പേര്, ആദ്യം മുതലേ കഴിയുന്നതും വലിച്ചു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന ഒരാളാണ്. ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന ഷാജഹാന്‍ ആണ് ഉള്ളതില്‍ ഭേദം .(അതും പുതുമുഖം എന്ന നിലയില്‍ കണ്ടാല്‍ മാത്രം ) റോമ ഒരല്‍പം കൂടെ ശ്രദ്ധിച്ചാല്‍ മീര ജാസ്മിനെ പോലെ (പാട്ടിന്റെ പാലാഴിയിലെ) അഭിനയിക്കാം .എല്ലാ നടീ നടന്മാരും നിലാവത് അഴിച്ചു വിട്ട കോഴികളെ പോലെ നടക്കുന്നു എന്നു ഒറ്റ വാക്കില്‍ പറയാം .

ചുരുക്കത്തില്‍ ........?

പോടാ ££^^%&*&()))_()(()_$£%$£%$%$$%$££$£$%%"))@

മതി, ഇതാണ് കാശ് മുടക്കി സിനിമ കാണുന്നവന്‍റെ രോദനം എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പൊ നേരിട്ട് അനുഭവിച്ചു