Wednesday, September 25, 2013

ഏഴാമത്തെ വരവ് (Ezhamathe Varavu Review)

അണ്ണൻ എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ ഇതിൽ കുറച്ചു പ്രതീക്ഷിക്കും

ഏതിലാ അനിയാ .........

ചുമ്മാ ജാഡ  ഇറക്കാതെ അണ്ണാ ഓണത്തിരക്കിൽ അണ്ണൻ നൈസ് ആയി എഴാമത്തെ വരവിനു കേറുന്നത് ഞാൻ കണ്ടല്ലോ . ഈ ചിത്രത്തിൽ എനിക്ക് ഭയങ്കര പ്രതീക്ഷയാണ് . മലയാള സിനിമയുടെ കുലപതികളായ എം ടി , ഹരിഹരൻ  എന്നിവര് ഒന്നിക്കുന്ന ചിത്രം പോരാത്തതിനു , നവയുഗ താരങ്ങളായ ഇന്ദ്രജിത്ത് , ഭാവന , വിനീത് (ഇതു തർക്ക  വിഷയമാണ്‌ ) ക്യാമറ എസ്  കുമാർ . ദീപക്  ദേവിന്റെ സംഗീതം  ഇതിലൊക്കെ കൂടുതൽ  എന്നാ വേണം .
 .
ഒന്നുംവേണ്ട പോരെ ? അനിയാ എഴുപതുകളുടെ തുടക്കത്തിൽ എം ടി എഴുതി ഹരിഹരൻ  സംവിധാനം ചെയ്തു ഷൂട്ടിംഗ് പൂർത്തി ആക്കിയ , എന്നാൽ സാങ്കേതിക കാരണങ്ങളാൽ  പുറത്തു വരാത്ത  ഒരു സിനിമ ഉണ്ടായിരുന്നു  "എവിടെയോ  ഒരു ശത്രു ". സുകുമാരൻ , വേണു നാഗവള്ളി  തുടങ്ങിയവർ പ്രധാന വേഷം ചെയ്ത  ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് ആണ്  വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ  പുതിയ താരങ്ങളെ വെച്ച്  എടുത്തിരിക്കുന്ന ഏഴാമത്തെ വരവ് . സുകുമാരൻ അഭിനയിച്ച ഗോപിനാഥ മേനോൻ  എന്ന  പരുക്കനായ  എസ്റ്റേറ്റ് ഉടമയായി ഇന്ദ്രജിത്ത് എത്തുമ്പോൾ  വേണു നാഗവള്ളിയുടെ പ്രസാദ്‌ എന്ന ആർക്കിയോളജിസ്റ്റ്ട്ടിന്റെ വേഷത്തിൽ വിനീത് എത്തുന്നു (നേരത്തെ ഈ റോളിൽ നരേയ്ൻ ആണ് എന്നാണ് കേട്ടിരുന്നത് ).ഗോപിയുടെ ഭാര്യ ഭാനുവായി അനുരാധ ചെയ്ത റോളിൽ ഭാവന എത്തുന്നു ..

അല്ല കഥ ......

പുരാവസ്തു ഗവേഷകൻ ആയ പ്രസാദ്‌ , ചേര വംശത്തിന്റെ തലസ്ഥാനം വയനാട് ആയിരിക്കാം എന്ന തിയറിയുടെ  സാധൂകരണത്തിനുള്ള അന്വേഷണത്തിലാണ് അയാൾ .ഗവേഷണ  ആവശ്യത്തിനായി വയനാട്ടിൽ എത്തുന്ന ഇയാൾക്ക് താമസം ഒരുക്കിയിരിക്കുന്നത് പരുക്കനായ അതേ  സമയം സരസനുമായ  എസ്റ്റേറ്റ്  ഉടമ ഗോപിനാഥ മേനോന്റെ എസ്റ്റേറ്റ്‌ ബംഗ്ലാവിലാണ് .അവിടേക്ക് പോകുന്നതിനു മുൻപ്  പരിചയപ്പെടാനായി ഗോപിയുടെ വീട്ടിലെത്തുന്ന  പ്രസാദ്  തന്റെ പഴയ കോളേജിലെ കാമുകി ഭാനു ആണ് പ്രസാദിന്റെ ഭാര്യ എന്നറിയുന്നു . അവിടെ നിന്ന്  എസ്റ്റേറ്റ്‌ ബംഗ്ലാവിൽ എത്തുന്ന പ്രസാദിന് സഹായി ആയി അവിടുത്തെ ജോലിക്കാരൻ  നാഗുവും (മാമുക്കോയ ) മകൾ മാലയും (കവിത ) ആണുള്ളത് . മാലയുമായി അടുക്കുന്ന പ്രസാദിന് മാല അവിടുത്തെ ആദിവാസികളുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിചയപ്പെടുത്തുന്നു.മാലയുടെ മരിച്ചു പോയ അമ്മ ആദിവാസി ആണ്  . ഇതിനിടെ അവിടെ കട്ടിൽ നിന്നും നരഭോജി ആയ  നരി ഇറങ്ങുന്നു .ആദിവാസികളുടെ വിശ്വാസം അനുസരിച്ച് പണ്ട്  ഭാര്യയാൽ ചതി പറ്റി  സ്വന്തം രൂപത്തിൽ തിരിച്ചു വരാൻ കഴിയാത്ത പോയ ഒരു ഒടിയനാണ് ഈ നരി . ഏഴു വർഷത്തിൽ ഒരിക്കൽ വന്നു ഏഴു സ്ത്രീകളെ കൊന്നു തിന്നിട്ടെ അത് തിരികെ പോകു .വിശ്വാസം പോലെ അഞ്ചു സ്ത്രീകള് നരിയാൽ കൊല്ലപ്പെടുന്നു . വിവരം അറിഞ്ഞു ശിക്കാരിയായ ഗോപിനാഥ മേനോൻ  എസ്റ്റേറ്റ്‌  ബംഗ്ലാവിൽ എത്തുന്നു . പുറകെ ഭാനുവും .ഇതിനിടെ ആറാമത്തെ സ്ത്രീയെയും നരി കൊല്ലുന്നു . ഏഴാമത്തെ വരവിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ  ക്ലൈമാക്സ്‌ .

ഏഴാമത്തെ വരവ് എന്ന പേര് ഈ ചിത്രത്തിന്  യോജിക്കുന്നത് ആണെങ്കിലും എവിടെയോ ഒരു ശത്രു എന്ന പേര്  കുറെ കൂടി ചേരുമായിരുന്നില്ലേ എന്നാ തോന്നൽ  ബാക്കി . സംവിധായകന്റെ അശ്രദ്ധ പലയിടത്തും കാണാനുണ്ട് . ആദ്യമായി പ്രസാദും ഗോപിയും ഭാനുവും മദ്യപിക്കുന്ന രംഗത്തിൽ ഭാനു കാട് നഗരത്തെ വിഴുങ്ങുന്നത്തിനെ പറ്റി പറയുന്നതു  പോലുള്ള  ഭാഗത്തൊക്കെ സംവിധായകന്റെ ശ്രദ്ധക്കുറവു കൊണ്ടുള്ള കിതൃമത്വം അനുഭവപ്പെടുന്നു.ഹരിഹരൻ എഴുതി സംഗീതം പകർന്ന ഗാനങ്ങളിൽ  ഈ നിലാവിൻ എന്ന ഗാനം  നന്നായി.കുമാറിന്റെ ക്യാമറ ആണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈ ലൈറ്റ് . ചിത്രത്തിന്റെ മൂഡിന് അനുസരിച്ച് നീങ്ങുന്ന ക്യാമറ കുറച്ചൊന്നുമല്ല ഈ സിനിമയെ സഹായിക്കുന്നത്

അതൊക്കെ നില്ക്കട്ടെ  അഭിനയം അതിലല്ലേ സംഗതി കിടക്കുന്നത് ..........

സത്യത്തിൽ ഒരിക്കലും ഞാൻ സുകുമാരൻ എന്ന നടനെ ഒരു ഭയങ്കര സംഭവം ആയി കണ്ടിരുന്നില്ല എന്നതാണ് സത്യം .അക്കാലത്തെ  സ്റ്റയിലൻ  ഡയലോഗുകൾ  തട്ടി വിടുന്ന പഴയ കാലത്തേ ഒരു സുരേഷ് ഗോപി മോഡൽ നടൻ  . ഇതായിരുന്നു സുകുമാരനെ കുറിച്ചുള്ള എന്റെ അഭിപ്രായം . അത് ഞാൻ അടിയോടെ തിരുത്തിയത് ഈ ചിത്രം കണ്ടപ്പോളാണ് . ഇതിനകം ഒരു നല്ല നടൻ എന്ന് പേരെടുത്ത ഇന്ദ്രജിത്തു  വരെ ഈ റോൾ ചെയ്യാൻ കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ , മുടങ്ങി പോയ ആദ്യ ചിത്രം സുകുമാരന് എത്ര വലിയ നഷ്ട്ടം ആണ് എന്ന് മനസിലാക്കുന്നു . ഒരു പക്ഷെ സുകുമാരൻ  എന്ന നടന്റെ അഭിനയ ജീവിതത്തിലെ ശരപന്ജരം ആയേനെ ഈ ചിത്രം .വേണു നാഗവള്ളിക്ക് സ്ഥിരം വേഷം ആണെങ്കിലും ക്ലൈമാക്സ്‌ രംഗങ്ങളിൽ ആ നടൻ  എങ്ങനെ അഭിനയിച്ചു കാണും എന്ന് കാണാൻ ഒരു കൌതുകം തോന്നുന്നു

അപ്പോൾ  ഇന്ദ്രജിത്ത്  ശരിയായില്ല  എന്നാണോ ...?

വ്യക്തമായി പറയാം . ഭരത് ചന്ദ്രൻ  ഐ പി എസ്  എന്ന തിരിച്ചു വരവ് ചിത്രത്തിന് മുൻപ്  ശ്രീ സുരേഷ് ഗോപി രംഗത്ത്‌ ഇല്ലാത്ത കാലത്ത് ഷാജി കൈലാസ്  ബിജു മേനോനെ നായകനാക്കി ശിവം എന്നൊരു ചിത്രം ചെയ്തിരുന്നു . സായി കുമാറിന്റെ മികച്ചൊരു വില്ലൻ വേഷം ഉൾപ്പെടെ  ഷാജി കൈലാസ്  വിജയ ചിത്രങ്ങളുടെ  സകല  ചേരുവകളും ഉണ്ടായിരുന്ന ആ ചിത്രത്തിലെ മിസ്‌  ഫിറ്റ്‌ എന്നത് ബിജു മേനോൻ  അവതരിപ്പിച്ച  നായകൻ  മാത്രമായിരുന്നു .ദോഷം പറയരുതല്ലോ  ബിജു മേനോൻ  തന്നാൽ കഴിയും വിധം നന്നായി, ആരെയും അനുകരിക്കാതെ , നായകനെ അവതരിപ്പിച്ചു എന്നതാണ് സത്യം . പക്ഷെ ഓരോ ഫ്രെയിമിലും നമുക്ക് സുരേഷ് ഗോപിയെ ഓർമ്മ   വരും അഥവാ ആ നടനെ മിസ്സ്‌ ചെയ്യുമായിരുന്നു.ഏറ്റവും സത്യമായി പറഞ്ഞാൽ ഇവിടെയും സംഭവിക്കുന്നത്‌ മറ്റൊന്നല്ല .(ഇന്നത്തെ തലമുറയിൽ എത്രപേർക്ക് സുകുമാരൻ എന്ന നടനെ നേരെ അറിയാം എന്നത് വേറെ കാര്യം ) ഭാനുവിന്റെ റോൾ ചെയ്യാൻ ഭാവനയെപോലെ ഉള്ള ഒരു നടിയെക്കാൾ നയൻ  താരയെ പോലെ കുറച്ചു കൂടി പക്വത തോന്നിപ്പിക്കുന്ന ഒരു നടിയായിരുന്നു നല്ലത് എന്ന് തോന്നുന്നു .ഭാവന കുട്ടിത്വം വിട്ടു എന്നാൽ മുതിർന്നുമില്ല എന്നൊരു മട്ടാണ് എനിക്ക് എപ്പോളും തോന്നാറ് ( കുഴപ്പം എന്റെയവാം ). വേണു നാഗവള്ളി ചെയ്ത വിനീത് അവതരിപ്പിക്കുന്ന പ്രസാദിന് എന്ന് നമുക്ക് വലിയ ചോയിസ് ഇല്ല എന്നതാണ് സത്യം (ഫഹദ് ഫാസിലിനു നോക്കാവുന്നതാണ് ).ഷൂട്ടിംഗ് പൂർത്തിയാക്കിയ സ്ഥിതിക്ക്   ഒറിജിനൽ ചിത്രത്തിന്റെ ഒരു വീഡിയോ റീലീസി നു എങ്കിലും ഉള്ള സാദ്ധ്യതകൾ ആരായുന്നതാണ്  എന്ന് തോന്നുന്നു .

അപ്പോൾ ചുരുക്കത്തിൽ

 നമ്മൾ ഒക്കെ സ്കൂൾ വിട്ടു വരുന്ന സമയത്ത്  (പത്തു മുപ്പതു കൊല്ലം മുൻപ് ) വഴിയോരത്തെ  മുകളിലേക്ക് പൊക്കി തുറക്കുന്ന വലിയ ഇരുമ്പ് പൊതു പൈപ്പിലെ വെള്ളം കുടിക്കുമ്പോൾ  കിട്ടിയിരുന്ന ഒരു സുഖം . അതാണ് ഈ ചിത്രം . മിനറൽ വാട്ടറിന്റെയും കോളയുടെയും ഈ  കാലത്ത്  അത് എത്രപേർക്ക് ആസ്വാദ്യകരമാകും എന്നറിയില്ല . എങ്കിലും ........

7 comments:

  1. ആർടിസ്റ്റു കാണാൻ പോയതാണ്. ശ്രീയിൽ അപ്പോൾ വേറെ പടം (കോടതി ഉത്തരവിനോക്കെ എന്ത് പറ്റി പോലും !). അങ്ങനെ ആണ് കൈരളിയിൽ കയറിയത്. എം ടി എഴുതി ഹരിഹരൻ സംവിധാനം ചെയ്യുമ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു. അതായിരിക്കും ഞാൻ നിരാശനാകാൻ കാരണം. പോസ്റ്റ്‌മൊർട്ടമല്ല, ചില സംശയങ്ങൾ !
    1. ഒരു പുലി വന്നു ആരുടെയോ പശുവിനെ പേടിപ്പിച്ചു എന്നും പറഞ്ഞു ഇവിടെ ഉണ്ടായ പുകിലും , ആ പുലിക്കുണ്ടായ അവസ്ഥയും എം ടി - ഹരിഹരൻ അറിഞ്ഞില്ലേ ?
    2. ആദിവാസികൾ എല്ലായ്പോഴും (വിറകുമായി കാട്ടിൽ നിന്നും തിരിച്ചു വരുമ്പോളും) തൂവെള്ള ഡ്രസ്സ്‌ ആണോ ധരിക്കുന്നത് ?
    3. വിനീത് ഒന്ന് മുഖം കഴുകി വന്നപ്പൊളത്തേക്കും, ഒരു റേപ് കഴിഞ്ഞു ?
    4. അഞ്ചു ബാറ്റെറിയുടെ ടോർച് കയ്യിലുണ്ട്, എങ്കിലും പന്തം വേണം ?
    5. എല്ലാവരും നല്ല സാഹിത്യ-അച്ചടി ഭാഷ ?

    ഇരുമ്പ് പൈപ്പിൽ നിന്നും വന്നത് വെള്ളമല്ല... വെറും കാറ്റ് മാത്രം...

    ReplyDelete
    Replies
    1. മുപ്പതു കൊല്ലം മുൻപെഴുതിയ ഒരു തിരക്കഥ സിനിമ ആക്കുമ്പോൾ തികച്ചും സമകാലീനം ആയിരിക്കണം എന്ന് വാശി പിടിക്കുന്നത്‌ ശരി അല്ല എന്ന് തോന്നുന്നു

      പോസ്റ്റിൽ പറഞ്ഞത് പോലെ ഗോപിയും ഭാനുവും മദ്യപിക്കുന്ന രംഗത്തിൽ ഭാനു കാട് നഗരത്തെ വിഴുങ്ങുന്നത്തിനെ പറ്റി പറയുന്നതു...... വളരെ വളരെ പെട്ടന്ന് ഫിറ്റ്‌ ആയ ഒരു പ്രതീതി ആണ് അവിടെ ഉണ്ടാകുക . അത് പോലെ ആണ് മുകളിൽ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ പോയിന്റ്‌

      ഇവിടെ എല്ലാം സംവിധായകന്റെ അശ്രദ്ധയാണ്‌ ഞാൻ കാണുന്നത്

      പൈപ്പിൽ നിന്ന് വന്നത് കാറ്റാണോ വെള്ളമാണോ എന്ന് തർക്കിക്കാൻ ഞാൻ ആളല്ല അതൊക്കെ ഓരോരുത്തരെ ആശ്രയിച്ചിരിക്കും

      Delete
    2. പുലി പലതിന്റെയും പ്രതീകം ആണ്

      Delete
  2. മലയാളത്തിൽ പ്രതീക്ഷ തരുന്ന ഒരേയൊരു നടൻ പൃഥ്വിരാജാണ്. അദ്ദേം കഴിഞ്ഞാൽ പിന്നെ അദ്ദേത്തിന്റെ ചേട്ടനായ ഇദ്ദേവും. ബാക്കിയെല്ലാരും തനി കൂതറ!!

    ReplyDelete
    Replies
    1. ശക്തമായ മുൻവിധികളോടെ വായിക്കുന്നതിന്റെ പ്രശ്നങ്ങൾ മുകളിലത്തെ കമന്റ്‌ ൽ കാണാൻ കഴിയും . ഇതിൽ ഒരിടത്തും ഇന്ദ്രജിത്ത് ഭയങ്കര അഭിനയം കാഴ്ച വെച്ചു എന്ന് ഞാൻ പറഞ്ഞിട്ടില്ല (.......ഈ റോൾ ചെയ്യാൻ കഷ്ട്ടപ്പെടുന്നത് കാണുമ്പോൾ) .

      ഓഫ്ഫ് : അയാളും ഞാനും തമ്മിൽ , സെല്ലുലോയിഡ് , മുംബൈ പോലീസ് , മെമ്മറീസ് എന്നിവ ഇഷ്ടപ്പെട്ടു എന്നത് സത്യമാണ് ഒപ്പം സിംഹാസനം , ത്രില്ലെർ , താന്തോന്നി എന്നിവ കണ്ടു പണ്ടാരമടങ്ങി എന്നതും സത്യം

      Delete
  3. Ithu oru superstar chithramayirunenkil pipe vellathinte sukham kittumayirunno?

    ReplyDelete