Thursday, August 26, 2010

പാട്ടിന്‍റെ പാലാഴി (Pattinte Palazhi)

മലയാളത്തിന്റെ ആസ്ഥാന ബുദ്ധി ജീവിയും ഭരത- പത്മരാജന്‍ മാര്‍ ഒരുമിച്ചു ചേര്‍ന്ന പ്രതിഭയുമായ തിരകഥ കൃത്ത് കം സംവിധായകന്‍ ശ്രീ രഞ്ജിത്ത് ഉണ്ടാക്കി ഇറക്കിയ റോക്ക് ആന്‍ഡ്‌ റോള്‍ എന്നൊരു ചലച്ചിത്ര കാവ്യം ഉണ്ട് . അതില്‍ നായിക നായകനോട് നിഷ്കളങ്കമായി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. അത് ഇപ്രകാരം ആകുന്നു "ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് ഞാന്‍ . വലിയ ആഗ്രഹങ്ങളോ മോഹങ്ങളോ ഇല്ലാത്ത സാധാരണ പെണ്‍കുട്ടി . പിന്നെ അകെ ഉള്ള ഒരു ആഗ്രഹം ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു ചലചിത്ര പിന്നണി ഗായിക ആകണം എന്നത് മാത്രമാണ്".ഈ എളിമ മാത്രം കണ്ടിട്ടാകും ലാലേട്ടന്‍ വീണു പോയതും പിന്നെ നായികയെ സ്വന്തമാക്കാന്‍ മരണപരാക്രമം നടത്തുന്നതും.

ഇതു ആക്ഷേപഹാസ്യ സാഹിത്യം അല്ലെടാ. ബൂലോകത്തെ പുതിയ ട്രെന്‍ഡ് . നീയും തുടങ്ങിയോടെ? പോസ്റ്റ്‌ന്‍റെ അടിയില്‍ ഒരു വാചകവും കൂടി വെച്ചാല്‍ പൂര്‍ത്തിയായി.

ഹാ.. ഇങ്ങേരെ എവിടുന്നു കെട്ടിയെടുത്തു . ഒരു ജോലി ചെയ്യാന്‍ സമതിക്കില്ലേ?

എന്താണാവോ നീ ചെയ്യുന്ന ഈ ഭയങ്കര ജോലി ?

അണ്ണാ ഇന്നു പാട്ടിന്‍റെ പാലാഴി റിവ്യൂ എഴുതി കൊടുത്തില്ലെങ്കില്‍ എന്റെ പണി പോകും .എങ്ങനെ എങ്കിലും ഒന്ന് ശരിയാക്കണം.

അതിനു നീ റോക്ക് ആന്‍ഡ്‌ റോള്‍ എന്ന പടത്തെ പറ്റി ആണല്ലോ നീ ഏതാണ്ടൊക്കെ പറഞ്ഞോണ്ടിരുന്നത് ?

ചേട്ടാ ഞാന്‍ പറയാന്‍ ഉദേശിച്ചത്‌ പാട്ടിന്‍റെ പാലാഴി എന്ന പടത്തിലെ നായിക വീണ എന്ന കഥാപത്രത്തെ കുറിച്ചാണ്.ഏതാണ്ട് മുകളില്‍ പറഞ്ഞ അതേ ലൈന്‍ ആണ് ഇതിലെ നായികയുടെയും.ഒരാള്‍ അഭിനയ കല വളരെ അധികം ഇഷ്ടപ്പെടുന്നു എന്നിരിക്കട്ടെ.എങ്കില്‍ ആദ്യം മരിക്കുന്നതും പിന്നെ ജനിക്കുന്നതും ചിത്രീകരിക്കുന്ന,എന്നു വെച്ചാല്‍ ഒരു തുടര്‍ച്ചയും ഇല്ലാത്ത സിനിമ അഭിനയത്തെക്കാള്‍ നാടകമോ അത് പോലെയുള്ള മറ്റു എന്തെങ്കിലുമോ ആയിരിക്കും തിരഞ്ഞെടുക്കുക എന്നാണ് എന്റെ വിശ്വാസം. അല്ല സിനിമ താരം ആകണം എന്നാണ് ആഗ്രഹം എങ്കില്‍ അത് കുറഞ്ഞ പക്ഷം സിനിമ ലോകം നല്‍കുന്ന പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് എന്നു പറയാനുള്ള സത്യസന്ധത എങ്കിലും കാണിക്കണ്ടേ.

ഇതൊക്കെ എപ്പോള്‍ പറയാന്‍ .....

ഈ ചിത്രത്തിലെ നായികക്ക് സംഗീതം ഉള്ളില്‍ കിടന്നു തിളയ്ക്കുകയാണ് പോലും . എന്നാല്‍ സിനിമ പിന്നണി ഗായിക ആകുക എന്നതാണ് ജീവിത ലക്‌ഷ്യം.അതിനു വേണ്ടി അച്ഛനും(ജഗതി) ഒത്തു മദിരാശിയില്‍ വന്നു താമസിക്കയാണ് വീണ.ബന്ധുവായ ജഗദീഷും കുടുംബവും അടുത്തുണ്ട്.ഒരു ഗുരു ലൈനില്‍ നെടുമുടിയെ അവതരിപ്പിക്കുന്നുണ്ട്.മകള്‍ റസിയ (രേവതി)ലണ്ടനില്‍ ഡോക്ടര്‍ ആണ്.ഒരവധിക്ക് വരുന്ന റസിയ വീണയെ പരിചയപ്പെടുന്നു.ആജന്മ സൌഹൃതം പ്രഖ്യാപിച്ചു മടങ്ങുന്നു.ഇതിനിടയില്‍ നെടുമുടിയുടെ പരിചയക്കാരന്‍ അമീര്‍ (മനോജ്‌ കെ ജയന്‍ )വീണയെ കാണുന്നു.ഇഷ്ടപ്പെടുന്നു.പറയാന്‍ മറന്നു.കൂടെ അവസരം തേടുന്ന ശ്രീ ഹരി എന്ന വയലിനിസ്റ്റ്മായി (ബാലഭാസ്കര്‍)വീണയ്ക്കു ഭയങ്കര സൌഹൃതമാണ്.അമീര്‍ വീണയെ കണ്ടു പ്രേമിക്കുന്ന കാര്യം പറയുന്നു .സംഗീത ലോകത്ത് ഉയരണം എങ്കില്‍ ആരെങ്കിലും ഒക്കെ പ്രൊമോട്ട് ചെയാന്‍ വേണമെന്നും അത് തനിക്കു കഴിയും എന്നും പറയുന്നതോടെ വീണ വീട്ടില്‍ നിന്നും ചാടിപ്പോയി അമീറിനെ കെട്ടുന്നു.അമീറിന്റെ പാര്‍ട്ട്‌ നേര്‍ അന്‍വറിന് (കൃഷ്ണ കുമാര്‍) ഈ ബന്ധം തുടക്കം മുതലേ ഇഷ്ടമല്ല.കല്യാണ പാര്‍ട്ടിക്ക് പോലും കഷായം കുടിച്ച പോലെയാണ് നില്‍പ്പ്.കല്യാണത്തിന് ശേഷവും വീണയ്ക്കു സംഗീതത്തെ കുറിച്ച് മാത്രമാണ് (അഥവാ സിനിമയില്‍ പാടുന്നതിനെ കുറിച്ചാണ്) ചിന്ത .

അതെന്താടെ നീ ഒരുമാതിരി മൂരാച്ചികളേ പോലെ സംസാരിക്കുന്നെ. കല്യാണം കഴിച്ചാല്‍ പിന്നെ പെണ്ണുങ്ങള്‍ക്ക്‌ സ്വന്തം താല്പര്യം,വ്യക്തിത്വം ഇതൊക്കെ .....

ചേട്ടാ മേല്പറഞ്ഞ സാധനങ്ങള്‍ ഒക്കെ കല്യാണം കഴിക്കുന്ന ആണുങ്ങള്‍ക്കും ഇല്ലെ?പാവം അമീര്‍.അയാള്‍ എന്തോന്ന് ചെയ്തെന്നാ സംവിധായകനും തിരകഥകൃത്തും ഈ പറയുന്നേ?സ്വന്തം ബിസ്നെസ്സ് തകരുമ്പോള്‍,വേറെ ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോള്‍ അയാള്‍ക്ക് അറിയുന്ന വഴിയായ സംഗീതസംവിധായകനെ വിരട്ടി കള്ളം പറയിച്ചു ഭാര്യയുടെ ഒരു അവസരം നഷ്ടപെടുതുന്നതോ? എന്നാല്‍ പരമപുണ്യവതിയായ ഭാര്യ ഒരിക്കല്‍ പോലും ഭര്‍ത്താവിന്റെ ഒരു കാര്യവും (അയാള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അയാളുടെ ഇഷ്ടം ഒന്നും) തിരക്കുന്നത് കാണിക്കുന്നില്ല.ഇനി എങ്ങാനും അമീറിനോട്‌ ആര്‍ക്കെങ്കിലും സഹതാപം തോന്നിയാലോ എന്നു കരുതി അയാളെ ചന്ദന കള്ളകടത്ത്കാരന്‍ ആക്കിയിട്ടുണ്ട്.(അയാള്‍ പലചരക്ക് കട നടത്തി ജീവിക്കുനവന്‍ ആയിരുന്നേലും ഇതൊക്കെ തന്നെയയേനെ സംഗതികള്‍ എന്നത് വേറെ).ഒരു അവസരം നഷ്ടപെടുത്തി എന്നറിയുന്നതോടെ വീണ മൊത്തത്തില്‍ violent ആയി മാറുന്നു. അമീര്‍ കാല് പിടിച്ചിട്ടും മാപ്പ് കൊടുക്കുന്നില്ല .അതിനിടയില്‍ ഗര്‍ഭിണി ആയതു കൊണ്ട് ഉപേക്ഷികാനും വയ്യ എന്നു സംവിധാന ഭാഷ്യം.കുട്ടി കാലിനു സ്വാധീനം ഇല്ലാതെയാണ് ജനിക്കുന്നത് എന്നത് വലിയ പ്രശ്നം ആകുന്നതേ ഇല്ല വീണ എന്ന അമ്മക്ക്. മറിച്ചു മകളെ എത്രയും പെട്ടന്ന് പാട്ടുകാരി ആക്കാനുള്ള ശ്രമമാണ് നമ്മള്‍ കാണുന്നത് . ഇതിനിടെ റസിയ തിരിച്ചു വരുന്നു.മകളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഡോക്ടര്‍ മദ്രാസില്‍ ഉണ്ടെന്നും അങ്ങോട്ട്‌ വരണം എന്നും പറയുന്നു .വഴിക്ക് അപകടത്തില്‍ പെട്ട് വീണയും കുടുംബവും ആശുപത്രിയില്‍ ആകുന്നു. ഉണരുന്ന വീണ മകള്‍ റസിയയുടെ അടുക്കല്‍ ഉണ്ടെന്നു അറിയുന്നു.ഇതിനിടെ അമീറിന്റെ ബിസ്നെസ്സ് പൂര്‍ണമായും തകരുകയും അന്‍വര്‍ മായുള്ള കേസ്ല്‍ തോറ്റ അമീറിന്റെ വീട് ജപ്തി ചെയ്യാന്‍ കോര്‍ട്ട് ഓര്‍ഡര്‍ വരുകയും ചെയുന്നു.ജപ്തി നടപടികള്‍ ആരംഭിക്കുമ്പോള്‍ വീണ ഹിസ്ടീറിയ ബാധിച്ച പോലെ ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ആശുപത്രിയില്‍ എത്തിച്ചു ഷോക്ക്‌ കൊടുക്കുന്ന വീണയെ അന്വേഷിച്ചെത്തുന്ന റസിയ പറഞ്ഞാണ് നമ്മള്‍ വീണക്ക് പണ്ടേ മനോരോഗം ഉണ്ടായിരുന്നെനും (ഭര്‍ത്താവു സിനിമയില്‍ പാടാനുള്ള അവസരം തുലച്ചത് മുതല്‍ )റസിയ അത് ചികിത്സിച്ചു കൊണ്ടിരിക്കയായിരുന്നു എന്നും.വീണയുടെ കുഞ്ഞും,മുന്‍പ് അച്ഛനും മരിച്ചത് അറിയിക്കതിരുനത് അത് കൊണ്ടായിരുന്നു എന്നും.അച്ഛന്‍ ഇടയ്ക്ക് വന്നു കാണുന്നതും,മറ്റു പലതും വീണയുടെ മാനസിക വിഭ്രാന്തി ആയിരുന്നു എന്നും നമ്മള്‍ മനസിലാക്കുന്നു .ഒടുവില്‍ ശ്രീ ഹരിയെ കൊണ്ട് വീണയുടെ ചുറ്റും നടന്നു വയലിന്‍ വായിപ്പിച്ചു റസിയ അതി വിദഗ്തമായി വീണയെ സുഖപെടുതുന്നു.കുറച്ചു കാലം കഴിയുമ്പോള്‍ നമ്മള്‍ കാണുന്നത് വീണ അതി പ്രശസ്ത ആയ ഒരു പിന്നണി ഗായിക ആയി മാറി എന്നും അമീര്‍ ഒരു ഫുള്‍ ടൈം സെക്രെടറിയായും സന്തോഷമായി ജീവിക്കുനതാണ് .ചുരുക്കമാ സോന്നാല്‍ ഈ പടം ഒരു Family കം Musical‍ കം Phycological കം Emotional Thriller ആകുന്നു !!!

എടേ ഇതൊരു മാതിരി വലിഞ്ഞു നീണ്ടു ....

അണ്ണാ അതാ പറഞ്ഞെ.ആദ്യമായി, ഈ പടം എടുക്കേണ്ടത് ശ്രീ സിബി മലയില്‍നെ പോലെയുള്ള ഒരു സംവിധായകന്‍ ‍ ആയിരുന്നു എന്നാ എനിക്ക് തോന്നുന്നത്.(എങ്കില്‍ രണ്ടു പടം രക്ഷപെട്ടെനെ .അപൂര്‍വ രാഗവും,ഇതും).പിന്നെ മീര ജാസ്മിനെ പറ്റി ആണെങ്കില്‍,കുറച്ചു ഹെവി ആയുള്ള റോളുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നു എത്രയും ആയിട്ടും ഈ നടിക്ക് അറിയില്ല എന്നത് കഷ്ടം തന്നെയാണ്(പൊതുവേ മീര ജാസ്മിനെ ചിത്രങ്ങള്‍ക്ക് സംഭവിക്കുന്ന ഒരു ദുരന്തം ഇടവേള അടുപ്പിച്ചു അഭിനയിച്ചു തുടങ്ങുന്ന മീരയാണ്.രണ്ടാം പകുതി മുതല്‍ അഭിനയത്തിന്റെ ഡിഗ്രി കൂടി കൂടി അവസാനം ആകുമ്പോള്‍ ഒരു മാതിരി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ ആകുന്നതായാണ് തോന്നാറുള്ളത്).ഡോ.രാജേന്ദ്ര ബാബു രചിച്ച തകര്‍പ്പന്‍ തിരകഥയും നാടകീയം അഥവാ സീരിയല്‍ നിലവാരത്തിലുള്ള സംഭാഷണവും കൂടിയാകുമ്പോള്‍ പടം മൊത്തത്തില്‍ എവിടെയോ മുങ്ങിത്താഴുന്നു. കുറഞ്ഞ പക്ഷം കഥയുടെ മധ്യത്തില്‍ നിന്നും ആരംഭിച്ചു പിന്നീട് ഫ്ലാഷ് ബാക്കിലൂടെ പഴയ കാര്യങ്ങള്‍ പറയുന്ന രീതി ആയിരുന്നെങ്കില്‍ ചിത്രം കുറെ ഏറെ ഭേദപ്പെട്ടെനെ.ഒരു പക്ഷെ കുറച്ചു കൂടി വലിച്ചു നീട്ടി ഒരു സീരിയല്‍ ആക്കിയിരുന്നെങ്കില്‍ മറ്റൊരു മനസ പുത്രി ആക്കാമായിരുന്നു ഈ പാലാഴി.

അപ്പോള്‍ അഭിനയം ?

എനിക്ക് ഇതില്‍ ആകെ കൊള്ളാം എന്നു തോന്നിയത് മനോജ്‌ കെ ജയനെ മാത്രമാണ് . മീര ജാസ്മിന്‍ പതിവ് പോലെ അഭിനയിച്ചു കൊല്ലുന്നു.രേവതി പ്രത്യേകിച്ചു ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും അവസാന രംഗങ്ങളില്‍ ചിരി ഉളവാക്കുന്നു (കട്ട സീരിയസ് രംഗങ്ങള്‍ ആണ് അവസാനം!) .ജഗതി തന്റെ വേഷം നന്നാക്കി . നെടുമുടി വേണു തന്റെ സ്ഥിരം "അറിഞ്ഞില്ല ആരും പറഞ്ഞില്ല" എന്ന ലൈന്‍.ബാല ഭാസ്കര്‍ ഒരു മാതിരി മരം പോലെ നിന്ന് അഭിനയിക്കയാണ് (അറിയുന്ന പണി ചെയ്തു കൂടെ സുഹൃത്തേ !).ഗാനങ്ങള്‍ വലിയ കുഴപ്പമില്ല

മതിയെടെ ഇനി ചുരുക്കത്തില്‍ പറഞ്ഞാല്‍ .....

എടുത്തു നശിപ്പിച്ച സീരിയല്‍ നിലവാരത്തിലുള്ള ഒരു സിനിമ ...

2 comments:

  1. വഴിപോക്കന്‍August 26, 2010 at 8:16 PM

    നാട്യങ്ങളില്ലാതെ എന്നു തോന്നുന്ന രണ്ടോ മൂന്നോ മലയാളം സിനിമ ബ്ലോഗുകളില്‍ ഒന്ന്. രസകരമായ ഈ എഴുത്ത് തുടരൂ.

    കഥ മുഴുവനായും പറയണമായിരുന്നോ? ഒന്നാലോചിച്ചാല്‍ എന്ത്‌ കഥ, അല്ലേ? :)

    ReplyDelete
  2. സിനിമയില്‍ പാടാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ഒരു പെണ്‍കുട്ടി അതിനു അവസരം നഷ്ടപെട്ടപ്പോള്‍ വട്ടായി . ഒടുവില്‍ ഒരു ഡോക്ടര്‍ സിനിമയില്‍ പാടുന്ന അന്തരീക്ഷം കിത്രിമം ആയി സൃഷ്ടിച്ച് പട്ടു പാടിക്കുമ്പോള്‍ വട്ടു മാറുന്നു. കൊച്ചു ടപ്പനെ ഒരു പിന്നണി ഗായിക ആയി മാറി സുഖം ആയി ജീവിക്കുന്നു . ഇതു തന്നെ അല്ലെ സംഭവം ? എനിക്കും പോയി കാശു

    ReplyDelete