Monday, October 31, 2011

വേലായുധം (velayudham)

അണ്ണാ മിക്കവാറും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും .

അനിയന്‍ നിരൂപണം നിര്‍ത്തി എന്നല്ലേ പറയാന്‍ പോകുന്നത്? നന്നായി. മലയാള സിനിമ രക്ഷപ്പെടാന്‍ സാധ്യത ഉണ്ട് എന്ന് ചെല സൂചനകള്‍ രണ്ടായിരത്തി പതിനൊന്നില്‍ കിട്ടി തുടങ്ങിയിട്ടുണ്ട്.

ഒവ്വ .ഞാന്‍ നിരൂപണം നിറുത്താനോ ?അണ്ണാ ചിത്രവിദ്വേഷം,കാളകൂടം ഇതിനെയൊന്നം അണ്ണന്‍ വില കുറച്ച് കാണരുത്

പിന്നെ നീ എങ്ങനെ എന്നെ ബുദ്ധിമുട്ടിക്കുന്നത് നിറുത്തും എന്ന് പറഞ്ഞത്? എന്തരായാലും സ്വന്തമായി പടം കണ്ട് നിരൂപിക്കാനുള്ള ആമ്പിയര്‍ നിനക്കില്ല .പിന്നെ എങ്ങനെടെ ?

അണ്ണാ ,ഞങ്ങള്‍ ചില നിരൂപന്മാര്‍ സിനിമകളെ എങ്ങനെ നിരൂപിക്കാം എന്നതിനെക്കുറിച്ച് ഒരു ശില്‍പ്പശാല നടത്തി .

എന്നിട്ട് ?വല്ലതും നടന്നാ ? അതോ ചായയും കുടിച്ചു കപ്പലണ്ടി കൊറിച്ചു രാത്രി വെള്ളങ്ങളും കുടിച്ച് പിരിഞ്ഞാ ?

അണ്ണന് തമാശ.കേള്‍ക്കണം.ശില്‍പ്പശാലയില്‍ ചില സിംഹങ്ങള്‍ ഗര്ജ്ജിക്കുന്നത് കേട്ട് ഞാന്‍ കോള്‍മയിര്‍ കൊണ്ടു പോയി അണ്ണാ?ഇനി ഞാനും ആ സിംഹങ്ങളുടെ ലൈന്‍ പിടിച്ചാണ് നിരൂപിക്കാന്‍ പോകുന്നത് ?

ഒള്ളതാ? നല്ലത്.സാമ്പിള്‍ ഗര്‍ജ്ജനം വല്ലതും ഉണ്ടോടെ ഓര്‍മയില്‍? ഞാനും കൂടി ഒന്ന് കോള്‍മയിര്‍ കൊള്ളട്ട്.

ദാ പിടിച്ചോണം.തമിഴ്ക്കരയാകെ വീശിയടിച്ച മാറ്റത്തിന്റെ കത്രീന കൊടുങ്കാറ്റ് തമിഴ് സിനിമയിലെ ചില സുപ്പര്‍ താരങ്ങളെ മാത്രം ബാധിച്ച യാതൊരു ലക്ഷണവും ഇല്ല.രജനിക്കാന്ത് മുതല്‍ സത്യരാജ് വരെ അഭിനയിച്ച് കയ്യടി നേടിയ മസാല,സുപ്പര്‍ ഹീറോ വേഷങ്ങള്‍ അവര്‍ ഇപ്പോഴും കൊണ്ടാടുകയാണ്.കേരളത്തിലെ തിയറ്ററുകളില്‍ നിന്നും കോടികള്‍ വാരുന്ന ഇത്തരം ചിത്രങ്ങളെ മലയാളികള്‍ കയ്യടിച്ച് വിജയിപ്പിക്കുന്നത് കാണുമ്പോള്‍ എനിക്ക് ലജ്ജ തോന്നുകയാണ് സുഹൃത്തുക്കളെ.ഇതൊക്കെ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം മലയാള സിനിമയുടെ നിലവാര തകര്‍ച്ചയാണോ അതോ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തിന്റെ മുതല കൂപ്പാണോ എന്ന് കയറി ചിന്തിക്കാന്‍ പോലും ഞാന്‍ മടിച്ചെന്ന് വരില്ല .

ഡാ നിറുത്തെടാ .പറയുന്നത് കേള്‍ക്ക് പ്ലീസ് .ടേക്ക് ഇറ്റ്‌ ഈസി.

അല്ല അണ്ണാ , തീര്‍ന്നില്ല...

ചോദിക്കട്ട് സഹോദരാ,വിജയുടെ വേലായുധം എന്ന സിനിമയെ കുറിച്ചല്ലേ ഈ അനാവിശ്യം ?

അതെ,ഉള്ളില്‍ തിളച്ചു മറിയുന്ന ആത്മവ്യഥ വാക്കുകള്‍ ആകുമ്പോള്‍ അത് അണ്ണനെ പോലുള്ള ഇരട്ടത്താപ്പ് ഇടവാടുകാര്‍ക്ക് അനാവിശ്യമാകും

ഡേ ...അല്ലാതെ വായില്‍ തോന്നിയത് കോതക്ക് സോങ്ങ് എന്ന മട്ടില്‍ നീ ഒന്നും വിളിച്ച് പറയുന്ന വിവരക്കേടുകള്‍ കുഴപ്പമില്ല,അല്ലെ?പണ്ട് നിന്നേ പോലെയുള്ള ഏതോ പ്രബുദ്ധ പ്രേക്ഷകന്‍ തീയറ്റെറില്‍ ഇരുന്നു സെന്‍സര്‍ ബോര്‍ഡ് സര്‍റ്റിഫിക്കറ്റ് കാണിക്കുമ്പോള്‍ മുതല്‍ നിര്‍ത്താതെ കൂകുന്നത് ആത്മ നിന്ദ കൊണ്ടാണെന്ന് പറഞ്ഞത് ഓര്‍മ്മ വരുന്നു

അത് നില്‍ക്കട്ടെ,അണ്ണന്‍ വേലായുധം കണ്ടോ?

കണ്ടഡേ

പരുത്തിവീരന്‍ തമിഴ് സിനിമയില്‍ കൊണ്ടു വന്ന മാറ്റത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത മുഖം അതിലുണ്ടോ? ചുരുങ്ങിയപക്ഷം തുള്ളാത മനവും തുള്ളും തുടങ്ങിയ ചിത്രങ്ങളില്‍ ഉള്ള ലാളിത്യം ?

അനിയാ,നിരൂപകാ,വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഏതാണ്‌ എന്ന് അറിയാമോ ?

ചോദ്യത്തില്‍ തന്നെ ഉത്തരം അടങ്ങിയിരിക്കുന്നു . ഒരു നിരൂപകനായ ഞാന്‍ എങ്ങനെ അതൊക്കെ അറിയാനാ? വേണേല്‍ ഗൂഗിളില്‍ തപ്പി പറയാം

അത് ന്യായം.എന്നാ കേട്ടോ.ഗില്ലി.മാസ് മസാല പടം.ഇനി ഏറ്റവും വിജയുടെ ഏറ്റവും വലിയ ഫ്ലോപ്പ് ഫിലിമുകളില്‍ ഒന്ന് ഏതാണ്‌ എന്നൂടെ കേട്ടോ.നീ പറഞ്ഞ പോലെ പരുത്തിവീരന്‍ തമിഴ്സിനിമയെ ബലാത്സംഗം ചെയ്യുനതിനൊക്കെ ഒരുപാട് മുന്‍പ് തന്റേതായ രീതിയില്‍ ഒരു വ്യത്യസ്ത സിനിമ ചെയ്യാന്‍ വിജയ്‌ ശ്രമിച്ചിരുന്നു .പ്രിയമുടന്‍ എന്ന പേരില്‍.സാമാന്യം തെറ്റില്ലാതെ ഒരു നെഗറ്റീവ് വേഷം വിജയ്‌ ചെയ്ത പടമാണ്.പക്ഷെ തറ തൊടാതെ പൊട്ടി പോയി

ഉള്ളത് തന്നേ അണ്ണാ?

നീ നമ്പ് ...ഒള്ളത് തന്നെ . ഡേ ...തമിഴന്‍ പ്രേക്ഷകന് മലയാളിയുടെ ബുദ്ധിജീവി ഭാരം ഇല്ലാത്തത് കൊണ്ട് അവന് ആരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് എന്ന് വ്യക്തമായി അറിയാം .വിജയില്‍ നിന്നും അവന് വേണ്ടത് തിയറ്റര്‍ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗും,സുപ്പര്‍ മാസ് മസാലകളുമാണ്‌.അതൊക്കെ കണ്ടു മലയാളി തുള്ളാന്‍ നിന്നാല്‍ നിര്‍മാതാവ് ലാല്‍ പന്തയകോഴി എന്ന ചിത്രം എടുത്തത്‌ പോലെ ഇരിക്കും.മലയാള നടന്‍മാര്‍ വിജയ്‌ എന്ന നടനില്‍ നിന്നും ശരീരം,ചുറുചുറുക്കു എന്നിവയൊക്കെ ആ നടന്‍ തന്‍റെ നാല്‍പ്പതാം വയസിലും കാത്തു സൂക്ഷിക്കുന്നത് കണ്ടു പഠിക്കേണ്ടതാണ് എന്നാണ് എന്‍റെ അഭിപ്രായം.നാല്‍പ്പതോളം നായക നടന്‍മാര്‍ ഉള്ള,ദിനം പ്രതി പുതുമുഖനായകര്‍ തളളി കയറുന്ന തമിഴ് രംഗത്ത്,ഇന്നും ഗാന നൃത്ത രംഗങ്ങളില്‍ ആരാധകരെ ഇളക്കി മറിക്കാന്‍ വിജയ്‌യെ വെല്ലുന്ന ഒരു നടന്‍ ഇല്ല എന്നതും ശ്രദ്ധേയം


വേലായുധം ആ ഫോര്‍മാറ്റില്‍ ഉള്ള പടമാണോ? അതാണോ ഈ വിജയ കാരണം?

വിജയിച്ചു എന്ന് തീര്‍ത്ത്‌ പറയാന്‍ വരട്ടെ .വേലായുധത്തിന്റെ ഫോര്‍മാറ്റ് അത് തന്നെ .പക്ഷെ പഞ്ച് പോരാ .

മനസിലായില്ല .

എലമെന്‍ററി മൈ ഡിയര്‍ അനിയന്‍.വേലായുധത്തില്‍ പഞ്ച് ഡയലോഗുകള്‍ ഉണ്ട് .പക്ഷേ ഗില്ലിയിലെ 'ഇന്ത ഏരിയ,അന്ത ഏരിയ ...' പോലെ ഇഫെക്ക്റ്റീവ് അയ ആരാധകരെ ഇളക്കി മറിക്കുന്ന പഞ്ച് ഡയലോഗുകള്‍ ഇല്ല.മാസ് സോങ്ങ് ഉണ്ട് .പക്ഷേ ഒരു പാട്ടിലും 'അര്‍ജുനര് വില്ലിന്റെ 'ത്രില്‍ ഇല്ല 'അപ്പടി പോട് ' എന്ന പാട്ട് പോലെ ജനത്തിനെ ഇളക്കി മറിച്ച് ഡാന്‍സ് ചെയ്യിപ്പിക്കുന്ന പാട്ടുകളും വേലായുധത്തില്‍ ഇല്ല

എന്തോന്ന് അണ്ണാ വേലായുധത്തിന്റെ കഥ ?

നാഗാര്‍ജുന അഭിനയിച്ച ആസാദ്‌ (പേര് അതാണോ എന്നോര്‍മയില്ല ) എന്നാ ചിത്രത്തോട് സാമ്യമുള്ളതാണ് ഈ ചിത്രത്തിന്‍റെ കഥ .Assasin Creed എന്നാ ഗെയിമും ചിത്രത്തിനെ സ്വാധീനിച്ചിട്ടുണ്ട്. ബാക്കിയൊക്കെ പഴയത് തന്നെ.ചെന്നൈ നഗരം . അവിടെ അടക്കി ഭരിക്കുന്ന നമ്മുടെ പതിവ് ഗുണ്ടകള്‍ .തീവ്രവാദ ബന്ധമുള്ള കുറെ ഗുണ്ടകള്‍ യാദൃശ്ചികമായി ഒരു അപകടത്തില്‍ പെട്ട് മരിക്കുമ്പോള്‍,ഭാരതി (ജെനീലിയ)എന്നൊരു ജേര്‍ണലിസ്റ്റ് അവരെ കൊന്നത് വേലായുധം എന്നൊരു കഥാപാത്രമാണ് എന്ന് വരുത്തി തീര്‍ക്കുന്നു.നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കാന്‍ ഭാരതി ഭാവനയില്‍ നിന്നും സൃഷ്ടിക്കുന്ന വേലായുധം എന്ന കഥാപാത്രം കുറെ യാദൃശ്ചിക സംഭവങ്ങള്‍ കാരണം പക്ഷെ പവനൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും ചെന്നയില്‍ എത്തുന്ന വേലായുധം (വിജയ്‌) എന്ന പാല്‍ക്കാരനിലൂടെ ജീവന്‍ വയ്ക്കുന്നു.കുറെ ഗുണ്ടകള്‍ ചാകുന്നു ,നാട് മുഴുവന്‍ വേലായുധത്തെ ആരാധിച്ച് തുടങ്ങുന്നു .ഒടുവില്‍ പാല്‍ക്കാരന്‍ വേലായുധം സുപ്പര്‍ഹീറോ വേലായുധമായി മാറി വില്ലന്മാരെ എല്ലാം തട്ടുന്നു.ആവശ്യത്തിന് സഹോദരി-സഹോദര സെന്റിമെന്റ്സും.ഇത് തന്നെ കഥ.

അണ്ണാ ഇതെന്തോന്ന് കഥ ?

ഡേ പിന്നെ അഭ്യന്തരമന്ത്രിയുടെ മകളെ രക്ഷിക്കാന്‍,വിജയ്‌ വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈ അണ്ടര്‍വേള്‍ഡില്‍ നിന്നും മടങ്ങി വരുന്ന ഇന്ഫോര്മാര്‍ കം അധോലോക നായകനോ ,അല്ലെങ്കില്‍ ഗള്‍ഫില്‍ നിന്നും മടങ്ങി വന്നു നാട്ടില്‍ പാടശേഖരങ്ങള്‍ വാങ്ങുന്ന പൂക്കളില്‍ നിന്ന് തേന്‍ കുടിച്ച് പരാഗണം നടത്തി പറന്നു പോകുന്ന പൂമ്പാറ്റയോ ആയി അഭിനയിച്ചാല്‍ നീ കയ്യടിക്കുമോ ?

നിങ്ങള്‍ക്ക് പരിഹാസം . അണ്ണാ ഇന്ന് നിങ്ങള്‍ നയം വ്യക്തമാക്കിയേ പറ്റു. തത്കാലം മലയാള സിനിമയെ വിട് . നിങ്ങള്‍ക്ക് വേണ്ടത് പരുത്തിവീരന്‍ പോലുള്ള പടങ്ങളോ അതോ വിജയ്‌ ഈ പടച്ച് വിടുന്ന തട്ട്പൊളിപ്പന്‍ മസാലകളോ ?

രണ്ടും വേണം അനിയാ.സെല്‍വരാഘവന്‍ -ധനുഷ് എന്നിവര്‍ ചേര്‍ന്ന് എടുക്കുന്ന പടത്തിന് തട്ട് പൊളിപ്പന്‍ എലമെന്റുകള്‍ വേണമെന്നും,വിജയ്‌,ചിമ്പു തുടങ്ങിയവര്‍ അഭിനയിക്കുന്ന പടങ്ങള്‍ക്ക് അങ്ങാടിത്തെരുവിന്റെ റിയലിസം വേണം എന്നും ഞാന്‍ പറയില്ല.ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ കാണുന്ന അതിമാനുഷ രംഗങ്ങള്‍ ഹാര്‍ട്ട് ലോക്കറില്‍ വേണമെന്നോ,തിരിച്ച് ഹാര്‍ട്ട് ലോക്കറില്‍ ഉള്ള റിയലിസം ജെയിംസ് ബോണ്ട്‌ പടങ്ങളില്‍ വേണമെന്നോ ഞാന്‍ പറയില്ല.സുരുക്കമാ സൊന്നാ,ഓരോ സിനിമ/നടന്‍/സംവിധായകന്‍ എന്നിവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വത്യസ്ഥമാണ്‌.ആ പ്രതീക്ഷ അവര്‍ നില നിറുത്തിയാല്‍ ഞാന്‍ കയ്യടിക്കും ,

അപ്പൊ വേലായുധം അണ്ണന്റെ പ്രതീക്ഷകള്‍ കാത്തോ ?

ഫോര്‍മാറ്റ്‌ ഒക്കെ കൊള്ളാം.പക്ഷെ പറഞ്ഞില്ലേ,വേലായുധത്തിന് പഞ്ച് പോരാ.നാലഞ്ച് ഇളക്കി മറിക്കുന്ന പാട്ടുകള്‍, കുറേക്കൂടി ഫാസ്റ്റ് അയ ആക്ഷന്‍ (ഗില്ലിയില്‍ ത്രിഷയെയും കൊണ്ട് വിജയ്‌ മധുരയില്‍ നിന്നും രക്ഷപ്പെടുന്നത് വേണേല്‍ റെഫെറന്‍സ് ആയി എടുത്തോ.പക്ഷെ അതെ പോലെ കോപ്പി അടിക്കരുത്) ഇതൊക്കെ ഉണ്ടായിരുന്നെങ്കില്‍ വേലായുധം തകര്‍ത്തേനെ.പിന്നെ ശക്തനായ ഒരു വില്ലന്‍,തകര്‍ത്തു പൊളിക്കുന്ന ഗാനങ്ങള്‍ ഇവയുടെ അഭാവം ആയിരിക്കും വേലയുധത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഘടകങ്ങള്‍.നേരത്തെ പറഞ്ഞ തെലുങ്ക് പടത്തില്‍ രഘുവരന്‍ ആയിരുന്നു പ്രധാന വില്ലന്‍ വേഷം എന്നും ഓര്‍ക്കുക.

അഭിനയം ?

ഒന്ന് പോടേ.എന്തോന്ന് അഭിനയം? വിജയ്‌ പതിവ് പോലെ.ഹന്‍സിക,ജനീലിയ എന്നിവര്‍ക്ക് ഗാന രംഗങ്ങള്‍ അപ്പുറത്ത് വലിയ പ്രസക്തി ഒന്നുമില്ല.(ജനീലിയ രംഗത്ത് വരുമ്പോള്‍ ഒന്ന് കരുതിയിരിക്കുക.അപ്രതീക്ഷിതമായി ചിലപ്പോള്‍ അഭിനയിച്ചു കളയും!!!). സന്താനം തികച്ചും പാഴാക്കപ്പെട്ടിരിക്കുന്നു .(വിവേക് ആണ് വിജയ്‌ ചിത്രങ്ങള്‍ക്ക് യോജിക്കുക എന്ന് പലപ്പോഴും തോന്നാറുണ്ട് )


പക്ഷെ അണ്ണാ വിജയ്‌ തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഈ സിനിമകളിലെ പോലെ ലാളിത്യം ഉള്ള വേഷങ്ങള്‍ ചെയ്യുന്നതല്ലേ നല്ലത് ?

ഡേ ,തുള്ളാത മനവും തുള്ളും,പൂവേ ഉനക്കാകെ ഇതൊക്കെ തൊണ്ണൂറുകളുടെ അവസാനം ഒരു ട്രെന്‍ഡ് ആയി വന്ന സിനിമകളാണ്.ഉന്നിടത്തില്‍ എനൈ കൊടുത്തേന്‍ എന്ന സിനിമ തുടങ്ങിയ ഒരു ട്രെന്‍ഡ്.ആ ട്രെന്‍ഡ് കഴിഞ്ഞപ്പോള്‍ അങ്ങനെയുള്ള സിനിമകളുടെ കാലവും കഴിഞ്ഞു.വിജയ്‌ ഒരിക്കലും ഒരു മഹത്തായ നടന്‍ ഒന്നുമല്ല .ഒരു സ്റ്റാര്‍ മെറ്റിരിയല്‍ ആണ്.അതിനു ചേരുന്ന വേഷങ്ങള്‍ ആണ് അങ്ങേര്‍ക്കു പറ്റിയത് എന്നാണ് എന്റെ അഭിപ്രായം.അല്ലാതെ ലാളിത്യം കോപ്പ് എന്ന് പറഞ്ഞു പോയാല്‍, അത് ചെയ്യാന്‍ നൂറ് ധനുഷും,ആര്യയും ഒക്കെ ഇല്ലേ എന്ന് ജനം ചിലപ്പോള്‍ ചോദിക്കും.പക്ഷെ സുപ്പര്‍താര പരിവേഷമുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ അതും കാലത്തിനനുസരിച്ച് പരിഷ്കരിക്കണം എന്ന് മാത്രം.അല്ലാതെ തങ്കച്ചി സെന്റിമെന്റ്സ് സ്ഥിരമായി കച്ചവടം ചെയ്യാന്‍ നോക്കരുത്

ചുരുക്കത്തില്‍ വേലായുധം കൊള്ളാമോ , ഇല്ലയോ ?

വേലായുധം അത്ര പോരാ.പഞ്ച് കുറേക്കൂടി വേണം എന്ന് തോന്നി .വിജയുടെ സിനിമകള്‍ക്ക്‌ മിനിമം ഒരു പോക്കിരി ലെവലില്‍ എങ്കിലും പഞ്ച് വേണം.

അണ്ണാ അവസാനമായിട്ട് ഒനൂടെ ചോദിക്കട്ടെ.ഈ പടത്തില്‍ വിജയ്‌ ചീറി പായുന്ന ട്രെയിന്‍ ഡ്രൈവറുടെ സഹായം ഇല്ലാതെ നിറുത്തുന്നുണ്ടോ ?

ഉണ്ട് ചെല്ലാ ...അതിനിപ്പോ എന്ത് ?

അല്ലാ ...മോഹന്‍ലാല്‍ പ്ലെയിന്‍ ഒരു പാവം എയര്‍ഹോസ്റ്റസ് കൊച്ചിന്റെ നിര്‍ദേശ പ്രകാരം നിലത്തിറക്കിയ സീന്‍ ഒന്ന് കാരണം അല്ലെ വൃത്തികെട്ട മലയാളികള്‍ ഖാണ്ടാഹാര്‍ എന്ന സിനിമ കൂവി തോല്‍പ്പിച്ചത്?

പിന്നെ അല്ലാതെ . നാറികള്‍. ലാലേട്ടന്‍ വിമാനത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത് വരെ എഴാം സ്വര്‍ഗത്തില്‍ ഇരുന്നു ഉദാത്ത സിനിമ ആസ്വദിച്ചിരുന്ന ഈ പ്രേക്ഷക നാറികള്‍ ആ ഒരൊറ്റ രംഗത്തിന്റെ പേരില്‍ കൂകേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ അല്ലേ?

അണ്ണന്‍ പരിഹാസം അടിച്ചതാണ് അല്ലേ ?

പിന്നല്ലാതെ?എടാ ആദ്യ ദിവസം ആ ചിത്രം കണ്ടയാള്‍ ആണ് ഞാന്‍.ഫാന്‍സ്‌ എന്ന ഗുണ്ടകളെ പേടിച്ചു മിണ്ടാതിരുന്ന സാധാരണ പ്രേക്ഷകര്‍ നീ നേരത്തെ പറഞ്ഞ രംഗം ആയപ്പോള്‍ എല്ലാ നിയന്ത്രണവും വിട്ടു തല തല്ലി ചിരിച്ചു എന്നത് സത്യം.എന്ന് പറഞ്ഞു ആ ഒരൊറ്റ കാരണം കൊണ്ട് ആയിരുന്നു ആ പടം ഉജ്ജ്വലം ആയതു എന്ന് പറയുന്നത് സിദ്ദിക്കുമായുള്ള ലാലേട്ടന്‍റെ നടുറോഡില്‍ വെച്ചുള്ള ഗുസ്തി ആന്റണി സാര്‍ പാഞ്ഞത് കൊണ്ട് മാത്രം ഉള്‍പ്പെടുത്തിയത് ആയിരുന്നു എന്നും അതില്ലായിരുന്നെങ്കില്‍ രാവണപ്രഭു എന്ന ചിത്രം കേറി ഉദാത്തം ആകുമായിരുന്നു എന്നും സംവിധായകന്‍ രഞ്ജിത് പറയുന്ന പോലെ അല്ലേ .

അപ്പോള്‍ ചുരുക്കത്തില്‍ ......

എത്ര ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയാലും ജയം രാജയെക്കാളും തമിഴ് നാട്ടില്‍ ഇന്നും വലിയത് വിജയ്‌ എന്ന താരം തന്നെയാണ് എന്ന് വിളിച്ചു പറയുന്ന ചിത്രം

9 comments:

 1. :)
  കാണാത്തത് കൊണ്ട് പടത്തെ പറ്റി അഭിപ്രായം പറയുന്നില്ല.
  പക്ഷെ "ഓരോ സിനിമ/നടന്‍/സംവിധായകന്‍ എന്നിവരില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ വത്യസ്ഥമാണ്‌.ആ പ്രതീക്ഷ അവര്‍ നില നിറുത്തിയാല്‍ ഞാന്‍ കയ്യടിക്കും " എന്ന അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.

  ReplyDelete
 2. ഇങ്ങേര്‍ ഇരുപത്തിനാല് മണിക്കൂറും മോഹന്‍ലാലിനെ ധ്യാനിച്ച്‌ ഇരിക്കുവാണോ ? ..അല്ല തമിഴ്‌ ചിത്രത്തിന്റെ രിവ്യുവിനും .തെലുങ്ക് ചിത്രത്തിന്റെ രിവ്യുവിനും ..എന്തിനേറെ ഇങ്ങേരുടെ മൊത്തം പോസ്റ്റിന്റെ തൊണ്ണൂറുശതമാനം പോസ്റ്റുകളിലും എവിടെയെങ്കിലും മോഹന്‍ലാളിനെയോ അദ്ദേഹത്തിന്റെ ചിത്രങ്ങളെയോ പരമാര്ശിക്കാതെ വിടുന്നില്ല ..എന്ത് അണ്ണാ ഇത് ?

  പിന്നെ ഞങ്ങടെ സന്തോഷ്‌ സാറിന്റെ ഒരു സിനിമ ഇറങ്ങിയിട്ട് പത്തിരുപത് ദിവസം ആയല്ലോ ..എവിടെ റിവ്യു ? തിരുവനന്തപുറത്തു റിലീസ്‌ ആയില്ല എന്നൊന്നും പറയരുത് ..കണ്ടു ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ പോസ്റ്റ്‌ മേശപ്പുറത്ത് ഇരിക്കണം .

  ReplyDelete
 3. hurt locker, realistic???? hahhaa... joke of the year.

  ReplyDelete
 4. ഹര്‍ട്ട് ലോക്കറില്‍ എന്തോന്ന് റിയലിസമെടേ? എവിടെ നോക്കിയിട്ടാ തള്ളി വിടുന്നത്? എഴുത്തിലെ ഹ്യൂമര്‍ സെന്‍സ് കൊള്ളാമെന്നല്ലാതെ ഇത് വായിച്ച് പടം കാണാന്‍ പോയാല്‍ ഉള്ള കാശ് പോയികിട്ടും!

  ReplyDelete
 5. പ്രേക്ഷകന്‍ പതിവായി എന്റെ കമന്റ് മുക്കുന്നു. കമന്റ് മുക്കി പ്രേക്ഷകന്‍ നീതി പാലിക്കുക ..!!

  ReplyDelete
 6. ഈ അനോണി എന്ന പേരില്‍ കമന്റ് ചെയ്യുന്നത് പ്രേക്ഷകന്‍ തന്നെ ആണെന് തോന്നുന്നല്ലോ ...എന്താ വേറെ കമന്റ്സ് ഒന്നും കിട്ടാത്തത് കൊണ്ടാണോ ..?
  വെറുതെ കമന്റ് ചെയ്യാനെങ്കിലും ഒന്ന് രണ്ടു പ്രൊഫൈല്‍ ഉണ്ടാക്കൂ മാഷേ..! വെറുതെ എപ്പോഴും അനോണി എന്ന പേരിടാതെ ..!

  ReplyDelete
 7. 2 weeks without movies?

  ReplyDelete
 8. ഹര്‍ട്ട് ലോക്കറില്‍ എന്തോന്ന് റിയലിസമെടേ???
  റിയലിസത്തിന് എന്തെ കുഴപ്പം ???? സിനിമ കണ്ടതാണോ നിങ്ങള്‍????

  ReplyDelete