Saturday, October 29, 2011

ഏഴാം അറിവ്

അനിയാ അനിയാ .. നീ ഉറങ്ങിയോടെ ?

പിന്നെ ഉറങ്ങാതെ ? രാത്രി മൂന്ന് മണിക്ക് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ .. അല്ല അണ്ണന്‍ ഇതെന്തോന്ന് തലയില്‍ മുണ്ടൊക്കെ ഇട്ടു ..ഒരു മാതിരി ..

അനിയാ ഞാന്‍ ഒരു സിനിമ കണ്ടേച്ചു വരുന്ന വഴിയാ.നമ്മുടെ ഗജിനി തമിഴിലും ഹിന്ദിയിലും ഒക്കെ എടുത്ത മുരുകദാസ് സംവിധാനം ചെയ്ത ഏഴാം അറിവ് എന്ന സൂര്യ ചിത്രം കണ്ടിട്ട് നിന്നെ കണ്ടിട്ട് വീട്ടില്‍ പോകാം എന്ന് കരുതി .എന്താടാ കണ്ണ് നിറയുന്നല്ലോ ?

അല്ല അണ്ണാ.അണ്ണന് എന്നോടും കാളകൂടം പത്രത്തോടും,എന്‍റെ ചിത്രവിദ്വേഷത്തോടും ഉള്ള സ്നേഹം കണ്ടിട്ട് എന്‍റെ കണ്ണ് നിറഞ്ഞു പോയതാ .

കളയെടെ ഇതു സ്നേഹത്തിന്‍റെ പ്രശ്നം ഒന്നുമല്ല.പകല്‍ വെളിച്ചത്തില്‍ ഈ പടത്തെ കുറിച്ച് അഭിപ്രായം പറയുന്നത് കേട്ട് വല്ല തമിഴനും "അന്ത സന്തോഷ്‌ പണ്ഡിറ്റ്‌,മമ്മൂട്ടി -ലാല്‍ താത്താമാര്‍ ഇവര്‍കളെല്ലാം നടിക്കിറ പടമെല്ലാം പാരാട്ടി വാഴിറ ഉനക്കെല്ലാം ഇന്ത പേച്ചാ" എന്ന് ചോദിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ട് പോയാല്‍ തുടച്ചു കളഞ്ഞിട്ടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹരപ്പ - മോഹന്‍ജദാരോ സംസ്കാരം പോലെ ഇവിടെ നല്ല സിനിമ ഇഷ്ട്ടം പോലെ ഉണ്ടായിരുന്നു എന്ന് പറയാനല്ലേ പറ്റു?

അത് തികച്ചും ന്യായം . അതിരിക്കട്ടെ പടം എങ്ങനെ?

പറയാം.സണ്‍ പിക്ചേഴ്സ് വക ഉദയനിധി സ്റ്റാലിന്‍ നിര്‍മ്മിച്ചു ഹാരിസ് ജയരാജ്‌ സംഗീതം പകര്‍ന്ന,സൂര്യ,ശ്രുതി ഹാസ്സന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന (പറയുമ്പോള്‍ എല്ലാം പറയണമല്ലോ നമ്മുടെ ഉണ്ട (ഗിന്നസ്) പക്രുവും ഈ ചിത്രത്തില്‍ ഉണ്ട് .

ഹോ കേട്ടപ്പോള്‍ തന്നെ രോമാഞ്ചം .മുരുകദാസ്,സൂര്യ,ഹാരിസ് ജയരാജ്‌ ...മാരക കോമ്പിനേഷന്‍ ആണല്ലോ ?

അടങ്ങേടെ.ആദ്യം ഈ ചിത്രത്തിന്‍റെ കഥ ചുരുക്കമായി പറയാം.ആറാം നൂറ്റാണ്ടില്‍ തമിഴ്നാട്ടിലെ പല്ലവരാജവംശത്തിലെ രാജാവായ ബോധിധര്‍മ്മന്‍ രാജ്യം ഉപേക്ഷിച്ചു സന്യാസം സ്വീകരിക്കുന്നിടതാണ് കഥ തുടങ്ങുന്നത്.നീണ്ട യാത്രക്ക് ശേഷം ചൈനയിലെ ഒരു ഗ്രാമത്തില്‍ എത്തി അവിടെ താമസിക്കുന്ന ഇയാള്‍ ജൂഡോ പോലുള്ള കായിക അഭ്യാസങ്ങളില്‍ അതീവവിദഗ്തനും മരുന്ന് ചെടികളെ പറ്റിയുള്ള അളവറ്റ അറിവും,സര്‍വോപരി മനശക്തി കൊണ്ട് മറ്റൊരാളുടെ മനസ്സ് നിയന്ത്രിക്കുക പോലുള്ള കഴിവുകള്‍ ഉള്ളവനും ആണ്.ആദ്യം ഗ്രാമവാസികള്‍ ഇയാളെ സംശയത്തോടെ വീക്ഷിക്കുന്നു എങ്കിലും തന്‍റെ കഴിവുകള്‍ ഉപയോഗിച്ച് ഗ്രാമവാസികളെ പകര്‍ച്ചവ്യാധികളില്‍ നിന്നും കൊള്ളക്കാരില്‍‍ നിന്നും ഒക്കെ രക്ഷിക്കുന്നതോടെ ബോധിധര്‍മ്മന്‍ അവിടെ ഉള്ളവര്‍ക്ക് സ്വീകാര്യനാകുന്നു.ചൈനയിലെ ഗ്രാമവാസികള്‍ക്ക്‌ തന്‍റെ കഴിവുകള്‍ പകര്‍ന്നു കൊടുത്തു അവിടെ ജീവിക്കുന്ന ഇയാള്‍ ഒടുവില്‍ അവിടെ വെച്ച് മരിക്കുകയും ശരീരം അടക്കപ്പെടുകയും ചെയ്യുന്നു .

(ഇവിടെയും പറയുമ്പോള്‍ എല്ലാം പറയണമല്ലോ മേല്‍പ്പറഞ്ഞ രംഗങ്ങള്‍ എല്ലാം വളരെ മര്യാദക്ക്,കാശു പൊടിക്കാതെ എന്നാല്‍ വൃത്തിയായി എടുത്തിട്ടുണ്ട് സംവിധായകന്‍.നമ്മുടെ കമലഹാസ്സന്‍ വല്ലതും ആയിരുന്നെങ്കില്‍ ഒരു അമ്പതു കോടി അവിടെ പൊട്ടിയേനെ !! ഒരു അമ്പലത്തിന്‍റെ പൂജാരിയെ പിടിക്കാനായി ഒരുമാതിരി മഹാഭാരതയുദ്ധത്തിനു വരുന്ന പോലെയല്ലേ ദശാവതാരത്തില്‍ രാജാവൊക്കെ വരുന്നേ!!!)

കഥ ഇന്നത്തെ കാലഘട്ടത്തിലേക്ക്.ചൈന ഭാരതത്തിനെതിരെ ഓപ്പറെഷന്‍ റെഡ് എന്നൊരു പദ്ധതി പ്ലാന്‍ ചെയുന്നു.സംഗതി നടപ്പാക്കാനും ഒപ്പം ഭാരതത്തില്‍ ജനിതക വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന ശ്രുതി ശ്രീനിവാസന്‍ (ശ്രുതിഹാസ്സന്‍) എന്ന പെണ്‍കുട്ടിയെ ഇല്ലാതാക്കുക (ശ്രുതി നടത്തുന്ന ചില ഗവേഷണങ്ങള്‍ ഓപ്പറെഷന്‍ റെഡിന്‍റെ വിജയത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് കാരണമായി പറയുന്നത്) എന്നീ രണ്ടു ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു ഡോങ്ക് ലീ എന്നയാളിനെ ഭാരതതിലെക്കയക്കുന്നു.ഇയാളും പഴയ ബോധിധര്‍മ്മനെ പോലെ കായിക മുറകളില്‍ വൈദഗ്ധ്യവും അപരന്‍റെ മനസ്സ് നിയന്ത്രിക്കുന്ന മാനസികശക്തികളും ഒക്കെ ഉള്ള ആളാണ് .

വീണ്ടും കഥ ഒരു തൊണ്ണൂറു ദിവസം പിന്നിലേക്ക്‌.ചെന്നയില്‍ വരുന്ന ഒരു സര്‍ക്കസ് കമ്പനി.അവിടെ ജോലി ചെയ്യുന്ന തമിഴനായ അരവിന്ദ് (സൂര്യ).ഗവേഷണ വിദ്യാര്‍ഥിനി അയ ശ്രുതിയെ യാദ്രിശ്ചികമായി പരിചയപ്പെടുന്നു .ശ്രുതിയുമായി അടുത്തിഴപഴകുന്ന ഇയാള്‍ ക്രമേണെ അവളോട്‌ പ്രണയത്തില്‍ ആകുന്നു.എന്നാല്‍ ഒന്നാം പകുതിയോടടുത്തു ശ്രുതി കുറച്ചു കാലമായി അരവിന്ദിനെ അന്വേഷിക്കുക ആയിരുന്നു എന്നും എന്തോ പ്രത്യേക ലക്‌ഷ്യം വെച്ചാണ്‌ ശ്രുതി സര്‍ക്കസ്കാരനായ അരവിന്ദും ആയി അടുത്തത് എന്നുള്ള സൂചനകള്‍ നമുക്ക് കിട്ടുന്നു .

തൊണ്ണൂറു ദിവസം കഴിഞ്ഞു കഥ ഇന്നില്‍ എത്തുന്നു.ഡോങ്ക് ലീ ഇന്ത്യയില്‍ എത്തി ശ്രുതിയെ തിരയുന്നു.ഓപ്പറെഷന്‍ റെഡ് എന്ന ബയോവാര്‍ ഭാരതത്തിന്‌ എതിരെ ചൈന എങ്ങനെ പ്ലാന്‍ ചെയ്തിരിക്കുന്നു എന്നും അതിന്റെ വിജയത്തിന് ശ്രുതിയുടെ ജനിതക ഗവേഷണം എങ്ങനെ തടസമാകുന്നു എന്നും അതിനു ബോധിധര്‍മ്മന്‍റെ പിന്‍തലമുറക്കാരനായ അരവിന്ദന് എന്ത് പങ്കാണുള്ളത് എന്നും രണ്ടാം പകുതിയില്‍ വ്യക്തമാകുന്നു തുടര്‍ന്ന് ശക്തനായ ഡോങ്ക് ലീയുമായുള്ള പോരാട്ടം ആരംഭിക്കുന്നു

അപ്പോള്‍ ....

നില്‍ക്കനിയാ ഒരൊറ്റ കാര്യം കൂടി പറഞ്ഞോട്ടെ.ഉറുമി എന്ന ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നാല്‍ ഏറ്റവും കുറച്ചു ചര്‍ച്ച ചെയ്യപ്പെട്ടത് ആ ചിത്രത്തിലെ സന്ദേശവും അതിന്‍റെ വര്‍ത്തമാന കാലത്തിലെ പ്രസക്തിയുമാണ്.ഈ ചിത്രത്തിന്‍റെ അവസാനം നായകന്‍ പറയുന്ന ചില കാര്യങ്ങള്‍ നമ്മളൊക്കെ ചിന്തിക്കെണ്ടാതാണെന്ന് എനിക്ക് തോന്നുന്നു . ഇതില്‍ പറയുന്ന മഞ്ഞള്‍ പോലുള്ളവ മാത്രമല്ല വര്‍ധിച്ച കോളസ്ട്രോള്‍ പോലുള്ള ജീവിതശൈലി രോഗങ്ങള്‍ കൂടുന്ന ഈ കാലത്ത് റംസാന്‍ നോമ്പ് പോലുള്ള കാര്യങ്ങള്‍,അന്തരീക്ഷ മലിനീകരണം വന്‍തോതില്‍ പെരുകുന്ന ഈ കാലത്ത് ആല്‍മരങ്ങള്‍ പോലുള്ളവ പരിപാലിക്കപ്പെടെണ്ട ആവശ്യകത ഇങ്ങനെ ഒരു സമൂഹം എന്ന നിലയില്‍ ഓരോ പൌരനും ആവശ്യമായ എത്ര കാര്യങ്ങള്‍ മതത്തിന്‍റെയും വിശ്വാസങ്ങളുടെയും പേരില്‍ നമ്മളൊക്കെ അവഗണിക്കുന്നു.പടം കണ്ടിറങ്ങിയപ്പോള്‍ തോന്നിയതാണ്.വെറുതെ പറഞ്ഞു എന്ന് മാത്രം

അതൊക്കെ ശരി.അപ്പോള്‍ ഈ ചിത്രം എങ്ങനെയുണ്ട് അതല്ലേ നമുക്ക് അറിയേണ്ടത് ?

അനിയ ഈ മുരുകദാസ് എന്ന സംവിധായകന്‍ കുറെയധികം ഓവര്‍ എസ്റ്റിമേറ്റ്‌ ചെയ്യപ്പെട്ട ഒരാള്‍ ആണെന്നാണ് എന്‍റെ വിശ്വാസം. ചിത്രത്തിന്‍റെ അവസാനം അടുക്കുമ്പോള്‍ അത് വരെ കാണിച്ച കയ്യടക്കം അദേഹത്തിന് അകെ നഷ്ട്ടപ്പെടുന്ന കാഴ്ചയാണ് ഗജനിയില്‍ (തമിഴ്) കാണാന്‍ കഴിയുന്നത്‌.അത് ഒരു പരിധിവരെ കുറിക്കാന്‍ ഒരു പക്ഷെ അമീര്‍ഖാന്‍ എന്ന നടന്‍റെ സന്നിധ്യമാകണം ഇതിന്റെ ഹിന്ദി പതിപ്പില്‍ സഹായിച്ചിട്ടുണ്ടാകുക എന്ന് വേണം കരുതാന്‍.അത്രക്ക് മോശം ആയിട്ടില്ല എങ്കിലും അവസാന രംഗങ്ങളില്‍ കയറിന്‍റെ ഉപയോഗം ഗജനി പോലെ ഇതിലും മുഴച്ചു നില്‍ക്കുന്നു.ചൈന പോലെയുള്ള ഒരു രാജ്യത്തു ആയോധന കലകള്‍ കൊണ്ടുവന്ന ഒരാള്‍ എന്ന നിലയില്‍ നോക്കിയാല്‍ സൂര്യ എന്ന നടന്‍ തന്‍റെ ബോധിധര്‍മ്മന്‍ എന്ന കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കേണ്ടി വരും.

അണ്ണാ എത്രയും വളച്ചു കെട്ടി ചോദിക്കുന്നത് എന്തിന്നു? സൂര്യ പോര എന്ന് പറഞ്ഞാല്‍ പോരെ?

അനിയാ ഈ ചിത്രത്തില്‍ ശാസ്ത്രീയമായി ആയോധന കലകള്‍ പഠിച്ചിട്ടുള്ള ആരെങ്കിലും ആയിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത് ഒരു പക്ഷെ വിക്രമോ,കുറച്ചു കാലം മുന്‍പ് അര്‍ജുനോ ഈ കഥാപാത്രത്തെ മനോഹരം ആക്കാമായിരുന്നു. ഇവിടെയാണ് ആദ്യഭാഗത്തിലും ക്ലൈമാക്സ്‌ രംഗങ്ങളിലും ശരീരഭാഷയുടെ പ്രാധാന്യം പ്രസക്തം ആകുന്നത്‌ ((വീല്‍ ചെയറില്‍ ഇരുന്നു കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഫിലോസഫി പറയുന്ന രംഗത്ത് ശരീരഭാഷ തിരയുന്ന പാവം മലയാള നിരൂപകരെ ഈ അവസരത്തില്‍ സാദരം സ്മരിച്ചു കൊള്ളുന്നു !!).എന്നാല്‍ സൂര്യ എന്ന നടന്‍ ഈ കഥാപാത്രത്തെ നന്നാക്കാനായി തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നും പറയാതെ വയ്യ.

ബാക്കിയുള്ളവര്‍?

ശ്രുതി ഹാസ്സനെ തമിഴിലെ സോനം കപൂര്‍ എന്ന് വിളിക്കാം എന്നാണ് എനിക്ക് തോന്നിയത്. ഇതു പ്രശംസയാണോ കളിയാക്കലാണോ എന്ന് നീ പോയി ഒരു പോള്‍ നടത്തി തീരുമാനിച്ചോ.സോനം കപൂറിനുള്ള ഏതാണ്ട് എല്ലാ ഗുണങ്ങളും പോരയ്മ്മകളും ശ്രുതിക്കും ഉണ്ട് .ഇനി വില്ലനായി അഭിനയിക്കുന്ന വിദേശിയായ നടന്‍.ആ നടനാണ് ഈ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ്.വലിയ ഭാവ പ്രകടനങ്ങളില്ലാതെ തന്‍റെ കഥാപാത്രം ആവശ്യപ്പെടുന്ന സംഗതികള്‍ കൃത്യമായി കൊടുക്കുന്ന വിഭാഗത്തില്‍ ഈ നടന്റെ കാര്യത്തില്‍ നൂറില്‍ നൂറും കൊടുക്കാം (നമുക്ക്,മലയാളികള്‍ക്ക് ഇവയും ഹരപ്പ -മോഹന്‍ജദാരോ ആണല്ലോ !!)

ഇനി പറയുന്ന രണ്ടു കാര്യങ്ങള്‍ മാത്രമെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഈ ചിത്രം മുരുകദാസിനു എന്നും അഭിമാനിക്കാവുന്ന ഒന്നായേനെ.

1. ആവശ്യത്തില്‍ കൂടുതല്‍ പാട്ടുകള്‍ തിരുകി കയറ്റി ഒരല്‍പം വലിയുന്ന ഒന്നാം പകുതി.പാട്ടുകള്‍ കുറച്ചു കൂടി നന്നാക്കാമായിരുന്നു.ഒപ്പം ഗാനചിത്രീകരണവും

2. രണ്ടാം പകുതിയില്‍ നായികാ നായകന്‍മാരെ ആക്രമിക്കുന്ന വില്ലന്‍ മനശക്തി കൊണ്ട് വഴിപോക്കരെ ഉപയോഗിച്ച് അക്രമിക്കുന്ന രംഗങ്ങളില്‍ കുറെ ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു.

അപ്പോള്‍ എങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിട്ടും എന്തിനാണ് അണ്ണന്‍ ഈ ചിത്രത്തെ ഇത്ര മൃദുവായി വിമര്‍ശിക്കുന്നത് ?

അനിയാ.അതിനു കാരണം ഞാന്‍ ഒരു മലയാളി ആയതു കൊണ്ട് .മുത്തശിക്കഥ പോലത്തെ ഈ കഥാതന്തു ഇത്രയെങ്കിലും നന്നായി അവതരിപ്പിച്ച ഒരു സംവിധയകനോടും അതു കാണാന്‍ തിരക്ക് കൂട്ടുന്ന ജനങ്ങളോടും നിങ്ങള്‍ക്കൊക്കെ ഇതു കാണാന്‍ ഒരു പ്രശ്നവും ഇല്ലല്ലോ.പണ്ട് ഇതു പോലത്തെ ഒരു തീം അവതരിപ്പിച്ച കാലചക്രം എന്ന മലയാള ചിത്രം കാണാന്‍ (അഡോള്‍ഫ് ഹിറ്റ്ലറുടെ ഡി എന്‍ എ കൊണ്ട് അയാളെ തിരികെ കൊണ്ട് വരുന്ന പ്രമേയമാണ് ആ ചിത്രത്തിലും പറയുന്നത്) ഈ ആവേശം കണ്ടില്ലല്ലോ എന്ന ചോദ്യം ചോദിക്കാനുള്ള വിവരകേടില്ലാത്തത് കൊണ്ട്.അത് അന്യ ഭാഷാ ചിത്രങ്ങള്‍ നമ്മുടെ അതിഥികള്‍ ആയതു കൊണ്ടല്ല മറിച്ചു ഒരു ചിത്രത്തില്‍ നിന്ന് എന്ത് പ്രതീക്ഷിക്കുന്നോ അത് കൊടുക്കാനുള്ള അവരുടെ കഴിവ് കൊണ്ടാണ് എന്ന് മനസിലാക്കാനുള്ള സാമാന്യ ബോധം ഉള്ളത് കൊണ്ടാണ്.

ചുരുക്കത്തില്‍ ....

കൊട്ടിഘോഷിക്കപ്പെട്ട റാ വണ്ണ്‍ എന്ന പടത്തെക്കാള്‍ വളരെ മേലെ നില്‍ക്കുന്ന ചിത്രം .അദ്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ല എങ്കില്‍ മിക്കവാറും ദീപാവലി ചിത്രങ്ങളില്‍ തമ്മില്‍ ഭേദം ഇതാവാന്‍ ആണ് സാധ്യത (വേലായുധം ഏതു വരെ പോകും എന്നൊരു ധാരണ ഉണ്ടല്ലോ). ചെറിയ ചില പാളിച്ചകള്‍ ഒഴിവാക്കി ഇരുന്നെങ്കില്‍ ദീപാവലി ചിത്രങ്ങളില്‍ ഏറ്റവും മികച്ച ചിത്രം എന്ന് നിസംശയം പറയാമായിരുന്ന ചിത്രം

5 comments:

 1. I started reading your blogs from August. After that I began reading all your older posts also due to your comic but criticizing language style (which I like very much). The way you criticize the Big M's, it was very interesting to read initially(we malayalees always like criticizing :)),
  But please note that in all your reviews (even other language films) you are criticizing the Big M's which is not fair. Now in this film you have criticized Kamal also for Dasavatharam. I think you can better avoid these comments and do the review of film (which is the purpose of this blog).
  Most of us agree that Big Ms don’t do the films which we expect from them. But for the sake of criticizing don’t do it in every post of yours. Even though they are doing worst films now, both of them were good actors and every people in Kerala love them. Please take care of these things, expecting more good reviews from you…

  Wellwisher

  ReplyDelete
 2. ഹിപ്നോടിസം കാണിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കിയിരുന്നെങ്ങില്‍ കുറച്ചുകൂടി നന്നായേനെ . . പിന്നെ DNA വഴി മറ്റൊരാളുടെ അറിവ് വേറെ ഒരാളിലേക്ക് മാറ്റാന്‍ പറ്റുമോ .

  ReplyDelete
 3. pratheekshicha onnum thane illa ennanu ariyan kazhinjath.DNA vazhi matoralude arivu vere oraalileku maatan patilenanu ente parimithamaya arivu.pine ithoru fiction matramanalo.china enna rajyam thaneyano ee operation red nadathunath?!!atho aviduthe eathenkilum terrorist organisation aano?oru rajyatheyoke ingine kuttapeduthan paadumo?ithinte first 15 minutes il thane 15 crores chilavaki ennanu director thane parayunath.pinne engineya dasavatharathe kuttam parayuka?

  ReplyDelete
 4. പഴയ കാലവും പുതിയ കാലവും...
  ഉറുമി, മഗധീര, ദശാവതാരം....
  ഇപ്പൊ ഇതും?

  ReplyDelete